Showing posts with label 105. Show all posts
Showing posts with label 105. Show all posts
26 Mar 2013
22 Feb 2013
കാലം
കാവിൽ രാജ്
നരനായ് ജനിച്ചാൽ നരവീഴും പ്രായം
നരകത്തിലാക്കും ജരവീഴും കായം
പരലോകമെന്തെന്നുരയ്ക്കുന്ന കാലം
മരണം വരിയ്ക്കുവാൻ കാക്കുന്ന കോലം.
പടിവരെ പോകാൻ കൊതിക്കുന്ന ദേഹം
അടിതെറ്റി വീഴുവാൻ പോകുന്ന മോഹം
കൊടിയേന്തിയൂർജ്ജം കളഞ്ഞോരു ഹസ്തം
വടിയൂന്നിയിന്നോ നടത്തുന്നു വ്യർത്ഥം.
എഴുന്നേറ്റു നിൽക്കുവാനാവാത്ത രൂപം
മുഴുനേരം മൂകമായ് തൂങ്ങുന്ന കോപം
തഴുകുന്നൊരോർമ്മകൾ പൂവിടും കാമം
നെടുലാന്റെ കൂവൽ മുഴങ്ങുന്ന യാമം.
വൃദ്ധരെ സദനത്തിലാക്കുന്ന കാലം
മക്കൾ പ്രവാസികളാകുവാൻ യോഗമോ?
ലക്ഷങ്ങൾ നൽകിടാൻ മക്കൾക്കു ദാഹമോ?
ലക്ഷ്വറിക്കൂട്ടിലേക്കുന്തിടാൻ മോഹമോ?
സ്വച്ഛമാം ശാന്തിയും സ്നേഹവും പുണ്യവും
ഇച്ഛിപ്പതെല്ലാം ലഭിക്കുമോ,സംശയം?
മക്കൾതൻ കാരുണ്യമല്ലയോ ശിക്ഷയും
മർത്യജന്മം തരും സ്വർല്ലോക മോക്ഷവും.
----------
1.നെടുലാൻ-കാലൻകോഴി.അതിന്റെ ശബ്ദം മൃത്യുഭയമുണ്ടാക്കുന്നു.
2.ലക്ഷ്വറിക്കൂട്-സദനത്തിൽതാ
നൽകിയ ലക്ഷങ്ങൾ അവകാശികൾക്കു തിരികെ
നൽകുന്ന ചാരിറ്റിബിൾ സ്ഥാപനങ്ങളുണ്ട്.

22 Nov 2012
സ്നേഹപൂർവ്വം വിശ്വരൂപ്
ശരത് ജി.മോഹൻ
മീനാക്ഷിയേടത്തിക്ക്, ജയിലഴിക്കിപ്പുറത്തു നിൽക്കുമ്പോളെനിക്കു നമ്മുടെ വള്ളി പടർപ്പുകയറിയ വേലി ഓർമ്മ വരുന്നു. അഴികൾ കടന്നു മതിൽക്കെട്ടിനു പുറത്തേക്ക് കത്ത് എത്തുമോ, എന്നെനിക്കറിയില്ല എന്നാലും എന്റെ സമാധാനത്തിനു മീനാക്ഷിയേടത്തി മാത്രമറിയുവാൻ വേണ്ടി എഴുതുകയാണ്. പണ്ട് ഇറയത്തിരുന്നു അവിടുത്തെ മുത്തശ്ശി ഭൂതങ്ങളുടെ കഥ പറയുമ്പോൾ ആനണ്ട് ഭയന്ന് മീനാക്ഷിയേടത്തിയോടൊട്ടിയിരിക്കും. ഞാൻ വൃഥാ ധൈര്യം ഭാവിക്കും.
എന്നാലും ഇടയ്ക്കിടെ ഇടതുവശത്തെ ഇരുളിലേക്ക് കണ്ണോടിക്കുകയും ചെയ്യും. പിന്നൊരിക്കൽ ഏടത്തിയുടെ ?ബാഗലെ?വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ മുത്തശ്ശിയുടെ കുടീരത്തിൽ ഒന്നുതൊട്ടു നമസ്കരിച്ചു. ഒരുപാട് വർഷങ്ങളുടെ നല്ലയോർമ്മകൾ നമ്മുടെ അയൽപക്ക ബന്ധത്തിലുണ്ടെങ്കിലും ഏടത്തിയുടെ മനസ്സിൽ ആനന്ദിന്റെ കുഴിമാടം ഉറയ്ക്കുന്നതിനു മുൻപ് അവന്റെ ലാപ്ടോപ്പും, മൊബെയിലും മോഷ്ടിച്ച ഒരാളായിട്ടായിരിക്കുമല്ലോ ഞാനിപ്പോഴുള്ളത്. പോലീസെന്നേ അറസ്റ്റ് ചെയ്തു കൊണ്ടു വന്നപ്പോൾ നാട്ടുകാരുടെ കൂക്കുവിളിക്കിടയിൽ ഏടത്തിയുടെ ഒരു നോട്ടം; ഒരുപക്ഷേ അതാണീ കത്തെഴുതാൻ എന്റെ കാരണവും.
ആനന്ദിന്റെ ആത്മാവ് പൊറുക്കുമായിരിക്കും. ഞാൻ വാക്ക് തെറ്റിക്കുകയാണ്. ഏടത്തിയുടെ കഥകളിൽ മാത്രമല്ല ആനന്ദിന്റെ ഉള്ളിലും ഒരു ഭൂതമുണ്ടായിരുന്നു. ഒരു പക്ഷേ ഒരുപാട് കൗമാരക്കാരുടെ നിഴലുപോലെ അതുണ്ടാകും. അതവരെ ഏതറ്റംവരെ കോലംതുള്ളിക്കും എന്നത് മറ്റാർക്കും അറിയാൻ കഴിയുന്നില്ല. കാരണം ആ ഭൂതം രംഗവേദിയാക്കുന്നതും, അഴിഞ്ഞാടുന്നതും സ്വപ്നം സ്വരുക്കൂട്ടുന്നതുമെല്ലാം അവരുടെ മനസ്സുകളിലാണ്. ഞാനും ആനന്ദും സുഹൃത്തുക്കളും സഹപാടികളുമായിരുന്നെങ്കിലും അവനിലെ ഭൂതത്തെ തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല. ആനണ്ട് തുറന്നു പറയുമ്പോഴേക്കും വളരെ വൈകിയിരുന്നു. സ്വാമിനാഥനങ്കിൾ അവനു വാങ്ങിക്കൊടുത്ത ലാപ്ടോപ്പോ, മൊബെയിലോ നമുക്കാർക്കുമന്നു ഉപയോഗിക്കാനത്ര പരിചയമില്ലായിരുന്നല്ലോ.
ഞാൻ മലയാളം എം. എ. യ്ക്കു പുറകെ ഓടുമ്പോൾ അവൻ ബിസിനസ്സ് മാനേജ്‌മന്റ് പൂർത്തീകരിക്കാനുള്ള ശ്രമത്തിനു പിന്നാലെ അല്ലായിരുന്നോ. എവിടെയാണ് കാഴ്ചപ്പാടുകൾ കാൽതെറ്റി വീഴുന്നത്? അവൻ തന്റെ ഹോസ്റ്റലിലെ സ്വർഗ്ഗാനുരാഗികളെക്കുറിച്ചും മദ്യപാനാസക്തിയെക്കുറിച്ചും വാചാലനാകുമ്പോൾ എനിക്കറപ്പും ഭയവും തോന്നിത്തുടങ്ങി. എങ്ങുമെത്താതെ നെട്ടോട്ടമോടുമ്പോൾ അവനെ കണ്ടു പഠിക്കാൻ അച്ചമ്മ പോലും ഉപദേശിച്ചു. അച്ഛനും അമ്മയും ഒക്കെയായ അവരെ ഇക്കാര്യത്തിൽ മാത്രമെ ഞാൻ അനുസരിക്കാതിരിന്നിട്ടുള്ളു. പുതിയ ലോകവും പുതിയ ഭൂതവും മീനാക്ഷ്യേടത്തിക്കെന്നപോലെ എന്റെ അച്ചമ്മയ്ക്കും അജ്ഞാതമാണ്.
ഞാനിങ്ങനെ പഴമയ്ക്കും പുതുമയ്ക്കുമിടയിൽ ആശയക്കുഴപ്പത്തിൽപ്പെട്ട ഒരാളായിട്ടു അങ്ങനെ നിന്നു. ഒരുക്കലവൻ തന്റെ സഹപാഠി ഒരു പെൺകുട്ടി ഉടുപ്പുമാറുന്ന വീഡിയോ മൊബെയിലിൽ എന്നെ കാണിച്ചു. ഞാനൊരുപാട് അവനെ ശകാരിച്ചു. അവൻ ചിരിച്ചോണ്ടു പറഞ്ഞു. ?നീയൊരു നാട്ടിൻപുറത്തുകാരൻ; ചില പെമ്പിള്ളേരെ പോലെ എടാ പട്ടണത്തിൽ ഇതൊക്കെ പതിവാ? അത്ഭുതപ്പെടുത്തിയ മറ്റൊന്നു ആ വീഡിയോയുടെ കാര്യം ആ പെൺകുട്ടിക്കും അറിയാം എന്നതായിരുന്നു. അറിഞ്ഞപ്പോൾ എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി കാരണം. ഏഴാം ക്ലാസ്സു മുതൽ നിങ്ങളാരുമറിയാതെ ഞാൻ മനസ്സിൽ കൊണ്ടു നടന്ന ശ്രീലക്ഷ്മിയും പട്ടണത്തിലേക്കാണു പഠിക്കാൻ പോയിരിക്കുന്നത്. മീനാക്ഷിയേടത്തിക്കറിയില്ല ഭൂതങ്ങളിന്നുമുണ്ട് . അതൊടുവിൽ ശരീരത്തെ നശിപ്പിച്ച് ആത്മാവാവിനെ പിടിച്ചുകൊണ്ട് പോകും. നമ്മുടെ ആനന്ദിനെയും അവർ അതാണ് ചെയ്തിരിക്കുക. മുത്തശ്ശി മരിച്ചതിനു ശേഷം മീനാക്ഷിയേടത്തിക്കു തുണനിന്ന ആ തമിഴത്തി കമലം ഒരു സന്ധ്യയ്ക്ക് ഒന്നും മിണ്ടാതെ മടങ്ങിയതു ഓർമ്മയില്ലേ?
ഭൂതങ്ങൾ ആനന്ദിനെ അവരുടെ നഗ്നത ആവശ്യപ്പെടാൻ പ്രേരിപ്പിച്ചിരിക്കും. ഒടുവിലന്നു അവസാനത്തെ ദിവസങ്ങളിൽ ആനന്ദിന്റെ കൂടെ ആശുപത്രിയിൽ ഞാനാണല്ലോ നിന്നത്. എയ്ഡ്സ് എന്ന മഹാരോഗത്തെക്കുറിച്ച് ഡോക്ടറും ഞാനും ആനന്ദും കുറേ സംസാരിച്ചു. പാസ്‌വേർഡിലായിരുന്നു അവന്റെ രഹസ്യങ്ങൾ.
ഒരു ഏറ്റുപറച്ചിലിനിടയിൽ അവനെന്നോടു ആവശ്യപ്പെട്ട ഒന്നായിരുന്നു ലാപ്ടോപ്പിലെ അശ്ലീല ചിത്രങ്ങൾ മൊത്തം നശിപ്പിക്കണമെന്നു. പ്രതീക്ഷിക്കാത്ത സമയത്ത് മരണത്തെ വിളിച്ചുവരുത്തി (?) ആനണ്ട് മടങ്ങി. ദൗർഭാഗ്യവശാൽ അവന്റെ പാസ്‌വേർഡ് ഞാൻ മറന്നുപോയി. ഒരുപക്ഷേ അതു തുറക്കാൻ മറ്റുവഴികൾ അറിയാവുന്ന ആരെങ്കിലും അവന്റെ ഭൂതത്തെ കണ്ടെത്തുന്നതിനു മുൻപ് എനിക്കെന്റെ സുഹൃത്തിന്റെ മാനം രക്ഷിക്കണമായിരുന്നു. നമ്മുടെ വേലിക്കെട്ടവസാനിക്കുന്നിടത്തെ പാറകളിൽ ഞാനാ ലാപ്ടോപ്പും, മൊബെയിലും എറിഞ്ഞുടച്ചു; തീയിട്ട്. പക്ഷേ ഭൂതങ്ങളുടെ പ്രതികാരമായിരിക്കാം, പിറ്റേന്നത്തെ പത്രങ്ങളിൽ മരിച്ച സുഹൃത്തിന്റെ ലാപ്ടോപ്പ് മോഷ്ടിച്ച നീചനായി എന്റെ പടം ഉണ്ടായത്. എനിക്കതിൽ വിഷമമില്ല. ആനണ്ട് സന്മനസ്സുള്ളവനായി നാട്ടുകാരിലുണ്ടല്ലോ. ആ ഡോക്ടറും നല്ലയാളണ്. അദ്ദേഹം രഹസ്യം സൂക്ഷിക്കും.
അവസാനമായി മീനാക്ഷിയേടത്തിയോടു അടുത്ത വർഷം ഞാനിറങ്ങിയാലും ജീവിതാവസാനം വരെ നിന്ദ അനുഭവിക്കും. നാട്ടുകാർക്കു മനസ്സാക്ഷിയില്ലാത്ത ഒരുത്തനായി ചിത്രീകരിക്കാൻ ഒരാളാകും. എങ്കിലും ഏടത്തി എന്നെ മനസ്സിലാക്കുക. ഒരിക്കലും ആനന്ദിനെ വെറുക്കയുമരുത്. ഏടത്തി കഥകളിൽ പറയാത്ത ഭൂതങ്ങളാണു തെറ്റുകാർ. നമ്മുടെ വേലിക്കെട്ടിൽ ഇനിയും പടർപ്പുണ്ടാകും.
20 Sept 2012
പ്രണയ കുളിരായി അബഹ
സൗദി
അറേബ്യയിലെ അസീര്‍ പ്രവശ്യയുടെ തലസ്ഥാന നഗരിയാണ് അബഹ. മരുഭൂമിക്ക്
പ്രകൃതി നല്‍കിയ വരദാനം. സറാവത്ത് മലനിരക്കുകള്‍ക്കിടയില്‍ മണലാരണ്യത്തിലെ
കുളിരായി അബഹയെന്ന കൊച്ചു നഗരം.
94 ലാണ് ഞാന്‍ അബഹയില്‍ എത്തുന്നത്. വിവാഹം കഴിഞ്ഞു ഒരു വര്‍ഷത്തിനു
ശേഷം. ജിദ്ദയിലാണ് ആദ്യം വിമാനമിറങ്ങിയത്.
ഒറ്റയ്ക്കുള്ള ആദ്യത്തെ വിമാന യാത്രയുടെ അമ്പരപ്പും, വിരഹത്തിന്‍റെ ചൂടും
ആറി തണുപ്പിക്കാന്‍ എന്നത് പോലെ ഉച്ചതിരിഞ്ഞ് അബഹയുടെ കുളിരിലേക്ക്...
തണുപ്പിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാത്തത് പല്ലുകള്‍
വെളിപ്പെടുത്തി തുടങ്ങി. രാത്രി ആയതിനാല്‍ തണുപ്പിനു ശക്തി കൂടിയിരുന്നു.
പുറത്തു കാത്തു നിന്ന ഭര്‍ത്താവിനൊപ്പം റൂമില്‍ എത്തുമ്പോള്‍ ഞങ്ങളെ
വരവേല്‍ക്കാന്‍ കുറച്ചു സുഹൃത്തുകള്‍. ,. അവിടെ നിന്ന് സ്ഥലം മാറ്റം വാങ്ങി
പോരുന്നത് വരെ ഈ സൗഹൃദങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
അടുക്കളയില്‍ സുലൈമാനിയും, കുറച്ചു ഈത്തപ്പഴവും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. മധുരമില്ലാത്ത സുലൈമാനിയോടും ഈത്തപ്പഴത്തിനോടും ഉള്ള മുഹബ്ബത്ത് അന്ന് തുടങ്ങിയതാണ്.
രാത്രി ഭക്ഷണം "മന്തി ചോറായിരുന്നു". സുഹൃത്ത് കൊണ്ട്
വന്നതാണ്. ഇനി അവനെ വിഷമിപ്പിക്കണ്ട എന്ന് കരുതി, ഉമ്മാടെ ചോറും കറികളും
മനസ്സില്‍ ഓര്‍ത്തു കുറച്ച് "മന്തി" വാരി വിഴുങ്ങി. പിറ്റേന്നു ഞാന്‍
ഉണര്‍ന്ന് എണീക്കുമ്പോഴേക്കും വീട് പോലെ തന്നെ അടുക്കളയും കാലി. അടച്ചു
പൂട്ടിയ ബാല്‍കണിയില്‍ നിന്ന് റോഡിനപ്പുറം കണ്ട കടയില്‍ പോയി സാധനങ്ങള്‍
വാങ്ങി വരാം എന്ന് കരുതി ഞാന്‍ അബായയും ഷാളും എടുത്തിട്ടു. അടുക്കളയിലേക്കു
ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉമ്മ എഴുതി തന്നിരുന്നത് ബാഗില്‍
ഭദ്രമായി സൂക്ഷിച്ചിരുന്നു. കൈവശം ഉണ്ടായിരുന്ന കുറച്ചു റിയാലുമായി ഞാന്‍ ആ
കടയില്‍ എത്തി. വഴിയില്‍ കണ്ടവരും, കടയില്‍ ഉള്ളവരും എന്നെ വല്ലാത്ത ഒരു
നോട്ടം നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. കടയുടമ മലയാളിയായിരുന്നു. അദ്ദേഹം
സാധനങ്ങള്‍ എടുത്തു തരാന്‍ ധൃതി വെക്കുകയും, പെട്ടെന്ന് വീട്ടിലേക്കു
പോകാനും പറഞ്ഞു. ഉച്ചക്ക് എനിക്ക് ഭക്ഷണവും ആയി വന്ന ഹുസൈന്‍ അടുക്കളയിലെ
വിഭവങ്ങള്‍ കണ്ടു അമ്പരന്നു. കടയില്‍ പോയതും , ആളുകളുടെ വിചിത്രമായ
നോട്ടത്തെ കുറിച്ചും പറഞ്ഞപ്പോള്‍ മറുത്തു ഒന്നും പറയാതെ മൂളുക മാത്രം
ചെയ്തു. ഗള്‍ഫില്‍ എത്തിയാല്‍ ആളുകള്‍ ഒക്കെ ഇങ്ങിനെയായിരിക്കും എന്ന്
കരുതിയ എനിക്ക്, ഈ പെരുമാറ്റ വൈകല്യത്തിന്റെ രഹസ്യം വൈകാതെ മനസിലായി.
ഒന്നുരണ്ടാഴ്ചക്കു ശേഷം ഒരു വൈകീട്ട് ഞങ്ങള്‍ പുറത്തു ഇറങ്ങിയപ്പോള്‍,
"മുത്ത്വവ്വ" എന്ന സൗദി മതകാര്യ പോലീസിന്റെ സാന്നിധ്യം ഞാന്‍ അറിഞ്ഞു.
എന്നോട് മുഖം മറക്കാന്‍ ആവശ്യപ്പെട്ടു ഹുസൈന് പുറകില്‍ ചൂരലുമായി
നില്‍ക്കുന്ന ഒരു സൗദി! പിന്നീട് അബഹയില്‍ നിന്ന് പോരുന്നത് വരെ ഞാന്‍
ഒറ്റയ്ക്ക് പുറത്തിറങ്ങിയിട്ടില്ല...അദൃശ് യമായി രണ്ടു കണ്ണുകള്‍ എപ്പോഴും എന്നെ പിന്തുടരുന്നതായി തോന്നിയിരുന്നു. നാലു
മുറി ഫ്ലാറ്റില്‍ പകലന്തിയോളം ഒറ്റക്കായ ഞാന്‍ ബുക്കുകളും, പാചക
പരീക്ഷണങ്ങളുമായി ദിനങ്ങള്‍ നീക്കി. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചാണ്
ഞാന്‍ കടല്‍ കടന്നത്. പരീക്ഷ എഴുതാന്‍ നാട്ടിലെത്താം എന്ന നിബന്ധനയുമായി.
ബാത്ത്റൂമിലേക്ക്
ഒരു ബക്കെറ്റും, കപ്പും വേണമെന്ന് ചെറുകരയില്‍ ഉള്ള ഒരു സുഹൃത്ത്
വന്നപ്പോള്‍ പറഞ്ഞു. അന്ന് ഞങ്ങള്‍ക്ക് വണ്ടിയുണ്ടായിരുന്നില്ല. പുറത്തു
പോകാനും സാധനങ്ങള്‍ വാങ്ങാനും സുഹൃത്തുക്കള്‍ തന്നെയാണ് സഹായിക്കുന്നത്.
എന്തായാലും ഞാന്‍ അവരോടു
ബക്കെറ്റും , മഗും (Mug), വേണം എന്ന് പറഞ്ഞപ്പോള്‍ ഒന്നും പറയാതെ
തലകുലുക്കി ഇറങ്ങി പോയി. വഴിയില്‍ വെച്ച് അവന്‍ ഹുസൈനോട്, " ഇജ്ജ് അന്‍റെ
ഓളോട് ഇബടെ തേങ്ങയൊന്നും പൊളിക്കാന്‍ കിട്ടൂല്ല എന്ന് പറഞ്ഞു
കൊടുത്തിട്ടില്ലേ? തേങ്ങ പൊളിക്കാനുള്ള മഗ്ഗ് (മഴു എന്നതിന് മലപ്പുറം
ഭാഗത്ത് പറയുന്നത്) വാങ്ങി വരാനാണ് ഓള് പറഞ്ഞുക്കുന്നത്" ഭാഷയുടെ പ്രയോഗം
ഉണ്ടാക്കിയ ചിരിയുടെ മാലപടക്കം പൊട്ടാന്‍ പിന്നെ അധികം താമസം ഉണ്ടായില്ല.
വിരസമായ ദിനങ്ങള്‍ എന്നില്‍
ഞാന്‍ അറിയാതെ മടിയുടെ വിത്ത് പാകി തുടങ്ങിയിരുന്നു. പഠിക്കാനുള്ള
പുസ്തകകെട്ടുകള്‍ കൊണ്ട് വന്മതില്‍ തീര്‍ത്തു ഞാന്‍ സുഖമായി ഉറങ്ങി.
അങ്ങിനെ ഒരു ദിവസം പഠനത്തിനിടയില്‍ സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങിയ ഞാന്‍
വാതിലില്‍ ശക്തിയായ മുട്ട് കേട്ട് ഞെട്ടിയുണര്‍ന്നു. വാതില്‍ തുറക്കാതെ
പുറത്തു ആരാണെന്നു നോക്കിയ ഞാന്‍ കണ്ടത് കറുത്ത ബുര്‍ഖ അണിഞ്ഞ ഒരു
സ്ത്രിയെയാണ്. മുഖം മറച്ചിരിക്കുന്നതിനാല്‍ ആരാണെന്നു തിരിച്ചറിയാനും വയ്യ.
എന്തായാലും വാതില്‍ തുറക്കിലെന്നു ഉറപ്പിച്ചു ഞാന്‍ ശ്വാസം വിടാതെ നിന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വീണ്ടും വാതിലില്‍ മുട്ടലും ദയനീയമായി
നിലവിളിയും അടിയുടെ ശബ്ദവും! ആ സ്ത്രീയെ ചൂരല്‍ വെച്ച് തോപ്പിട്ട ഒരുത്തന്‍
അടിക്കുന്നു. അവര്‍ രക്ഷയ്ക്കായി എന്റെ വാതിലില്‍ ആണ് മുട്ടുന്നത്. ഒരു
വാതിലിന്‍ അപ്പുറവും ഇപ്പുറവും ജീവിതത്തിന്‍റെ രണ്ടറ്റങ്ങള്‍, .. ആരെയും
സഹായത്തിനു വിളിക്കാന്‍ അന്ന് ഫോണ്‍ എന്ന സംവിധാനവും വീട്ടില്‍
ഇല്ലായിരുന്നു. വ്യാഴാഴ്ച രാത്രി സുഹൃത്തുക്കള്‍ വന്നപ്പോള്‍ ആണ് അറിഞ്ഞത്
ആ സ്ത്രീ തൊട്ടു മുന്നില്‍ താമസിക്കുന്ന യെമനിയുടെ ആദ്യ ഭാര്യയാണെന്നും,
അവര്‍ ഇവിടെ വന്നത് അയാള്‍ക്കിഷ്ടപ്പെടാത്തത് കൊണ്ടാണ് അടിച്ചെതെന്നും...
ഇതൊരു സ്ഥിരം കാഴ്ചയാണ് ശ്രദ്ധിക്കാന്‍ നില്‍ക്കണ്ട എന്ന ഉപദേശവും കിട്ടി.
നീതിയേക്കാള്‍ അനീതിയും, ശരിയേക്കാള്‍ തെറ്റുമാണ് പ്രവാസ ജീവിതത്തിന്‍റെ അടിത്തറ ബലപ്പെടുത്തുന്നത് എന്നത് എനിക്ക് തോന്നിയതാകാം...നാട്ടിലേക്ക്
ഒന്ന് ഫോണ്‍ ചെയ്യാന്‍ നീണ്ട ക്യൂവില്‍ നിന്നു തളരുന്ന ബാച്ചിലര്‍മാര്‍,
ഫാമിലി കൂടെയുണ്ടെങ്കില്‍ പെട്ടെന്ന് ഫോണ്‍ ചെയ്തു പോരാം. അത്യാവശ്യ
ഘട്ടങ്ങളില്‍ സുഹൃത്തുക്കള്‍ ഞങ്ങളുടെ സഹായം തേടാറുണ്ടായിരുന്നു. ഇക്കാമ
ബൂത്തിലിരിക്കുന്ന സൗദിയുടെ കൈയില്‍ കൊടുക്കണം, എന്നാലെ ഫോണ്‍ ചെയാന്‍
പറ്റൂ. ഫോണ്‍ ചെയുക എന്ന കര്‍മ്മ പരിപാടിയേക്കാള്‍ ഞാന്‍ കാത്തിരുന്നത്
വിശേഷങ്ങള്‍ കുത്തിനിറച്ച് നാട്ടില്‍ നിന്നെത്തുന്ന കത്തുകളെയായിരുന്നു.
മഷി പടര്‍ന്ന മഞ്ഞകടലാസ്സില്‍ പെരുന്നാളും, ഓണവും, വിഷുവും, കല്യാണവും,
ജനനവും, മരണവും എന്നെ തേടിയെത്തി.
പ്രവാസത്തോട്
ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകുന്നതിനിടക്കാണ് ഞങ്ങള്‍ക്ക് കൂട്ടായി
ഒരാള്‍ കൂടെ എത്തും എന്ന് ഡോക്ടര്‍ പറഞ്ഞത്. കടുപ്പമേറിയ സുലൈമാനിയിലും
മധുരമൂറുന്നത് ഞാന്‍ അറിഞ്ഞു. അബഹയുടെ കുളിരില്‍ അലിഞ്ഞ പ്രണയത്തിന്‍റെ
ചൂട്. അടിവയറ്റില്‍ ഞങ്ങളുടെ ജീവന്‍റെ തുടിപ്പ്, അമ്മയുടെ കാവലായി അറിയാതെ
ഉദരത്തിലേക്ക് നീളുന്ന കൈകള്‍, ലോകം ഞങ്ങളുടേത് മാത്രമായി.. ഒറ്റക്കുള്ള
താമസവും, പഠനവും എന്‍റെയും കുഞ്ഞിന്റെയും ആരോഗ്യത്തെ സാരമായി ബാധിച്ചു
തുടങ്ങിയപ്പോള്‍ താമസിയാത ഞാന്‍ അബഹയോടു യാത്ര പറഞ്ഞു. ആറു മാസത്തെ
ഇടവേളയ്ക്കുശേഷം കുഞ്ഞുമായി ഞാന്‍ തിരിച്ചു വന്നത് സൗദിയുടെ തലസ്ഥാന
നഗരിയായ റിയാദിലേക്കാണ്. പ്രണയത്തിന്‍റെയും, വിരഹത്തിന്റെയും ഒരു
തുരുത്തായിരുന്നു അബഹ. പതിനഞ്ചു കൊല്ലത്തിലേറെ സൗദിയില്‍ താമസിച്ചിട്ടും, ഒരിക്കല്‍ പോലും എനിക്കാ പ്രണയ തുരുത്തിലേക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞിട്ടില്ല...മനസ്സില്‍ അബഹയിലെ സുന്ദരമായ പ്രണയ ദിനങ്ങള്‍ മാത്രം മങ്ങാതെ നിറഞ്ഞു നില്‍ക്കുന്നു....
Subscribe to:
Posts (Atom)
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...



