Showing posts with label 76. Show all posts
Showing posts with label 76. Show all posts

27 Apr 2013

എഴുത്താശാന്‍.

സി വി പി നമ്പൂതിരി 


എഴുത്താശാന്‍ മരിച്ചെന്നു മഴ....
മരച്ചീനി,നടവഴി,നാട്ടുമാമ്പൂമണം
....

അക്ഷരങ്ങള്‍ അടിതൊട്ടു മുടിയോളം
വിയര്‍ക്കുന്നു....

ആദ്യാക്ഷരരമെഴുതിയ മണലില്‍ നിന്നൊരു പുഴ
മനസ്സിന്‍റെ മറുകരെ കൈകാട്ടി വിളിക്കുന്നു....
എഴുത്തോല പറയുന്നു എഴുത്താശാന്‍ പോയെന്ന്...
എഴുത്താണി വിതുമ്പുന്നു ഇനിയാരും വരില്ലെന്ന്...

കശുമാവ് കിതക്കുന്നു....
കാറ്റിലാരോ പുലമ്പുന്നു...
ഞാറ്റുവേല ഇടറുന്നു...
നട്ടുച്ചക്കെഴുത്താശാന്‍
നാരായ മുനകൊണ്ടെന്‍ നാവിലെന്തോ കുറിച്ചെന്നെന്‍
നിഴല്‍ നീറിപ്പുകയുന്നു.....

പലമട്ടില്‍ ജ്വലിച്ചതും
പലനേരം പിഴച്ചതും
അര്‍ഥവുമനര്‍ഥവും
അറിയാതെ കുഴഞ്ഞതും
എഴുത്താശാന്‍ തന്ന വാക്ക്
തന്ന നോക്ക്
തന്ന നോവ്‌......

ഒരു കുടുക്ക മണലില്‍ ഞാന്‍
ഇരിക്കുന്നു,നടക്കുന്നു,വി യര്‍ക്കുന്നു,
വിളിക്കുന്നു---വാക്കെന്ന വരദയെ,

ഇനിയുമാ വഴിയൊന്നു നടക്കുവാന്‍.......

പുകയായി പടരുന്നു എഴുത്താശാന്‍.....

26 Mar 2013

നരബലി

സലിം കുലുക്കലൂർ 


ഊഷരതയില്‍ വിരിയുന്ന
സ്വപ്നങ്ങളുടെ പൂവുകള്‍ക്ക്
സൗന്ദര്യമേയില്ല.
മരുക്കാറ്റില്‍ ഉലഞ്ഞാടി
മരിച്ചു വീഴും വരെ
ആരെയും ആകര്‍ഷിക്കുന്നുമില്ല.
ജീവിതത്തിന്‍റെ
പുറന്തോടിനു മുകളില്‍
കുമിളുകള്‍ പോലെ മുളച്ചു പൊന്തി
ആരാരും ശ്രദ്ധിക്കാതെ
മരിച്ചു വീഴുന്നു അവ.
മഴയേല്‍ക്കാതെ മഞ്ഞു കൊള്ളാതെ
ശീതക്കാറ്റടിക്കാതെ
തണുത്ത് മരവിച്ച്
നാല് ചുമരുകള്‍ക്കുള്ളില്‍
വീര്‍പ്പുമുട്ടി ,
അന്യന്‍റെ സ്വപ്‌നങ്ങള്‍
ഗര്‍ഭം ധരിച്ചു പ്രസവിച്ച്
വീണ്ടും പ്രവാസജന്മങ്ങള്‍
നിര്‍വൃതിയടയുന്നു.
രക്തബന്ദങ്ങളുടെ ഓര്‍മ്മകള്‍
നിത്യവും നിദ്രയില്‍ വിരിഞ്ഞ്‌
ആര്‍ക്കും വേണ്ടാതെ
ഒരു പിടി ബലിച്ചോറിന്
കൈ നീട്ടിയിരിക്കുന്നു .
ഇത് കാലം കണ്ണ് കെട്ടി നടത്തുന്ന
നരബലി …..

23 Feb 2013

അവിശ്വാസികളുടെ ആള്‍ക്കൂട്ടം




 ചന്തുനായര്‍ 

1. എങ്ങനെ ഞെട്ടാതിരിക്കും
രണ്ടാഴ്ചക്ക് മുമ്പുള്ള ഒരു മദ്ധ്യാഹ്നം. ഭാര്യക്ക് ഒരു പട്ട് സാരിവാങ്ങണം.ജേഷ്ടന്റെ മകന്റെ വിഹാഹ നിശ്ചയത്തിനു ഉടുത്തൊരുങ്ങാന്‍. പൊതുവേ കാര്‍ യാത്ര എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ബുദ്ധിമുട്ടുള്ളകാര്യമാണു. ഭാര്യയുടെ അപേക്ഷ നിരസിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് ഞാന്‍ സമ്മതംമൂളി. ഭാര്യയും, ഭാര്യാ സഹോദരിയും കൂട്ടി വീട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുള്ള സാക്ഷാല്‍ അനന്ത പത്മനാഭന്‍ വാണരുളുന്ന തിരുവനന്തപുരം സിറ്റിയിലെ ജയലക്ഷ്മി സില്‍ക്സ്‌ വ്യാപാരശാലയുടെ മുന്നിലെത്തി. സൂര്യന്‍ ഉരുക്കിട്ട ടാര്‍ റോഡിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളര്‍ത്തിയിരുന്നൂ.സാരി തിരഞ്ഞെടുക്കാന്‍ അവരെ രണ്ട് പേരേയും വിട്ടിട്ട്.ഞാന്‍ കാറില്‍തന്നെയിരുന്നൂ.
ഏ.സീക്കും ഇത്ര തണുപ്പ് കുറവോ? അതുണ്ടാക്കിയവനെ പ്രാകി. എപ്പോഴോ നോട്ടംവശത്ത് കിടന്നകാറില്‍ ചാരിനില്‍ക്കുന്ന പെണ്‍കുട്ടിയിലായി. നല്ല പൊക്കം അതിനൊത്തവണ്ണം. ഒരുസുന്ദരിയായ 22 കാരി. ആ കുട്ടിയും എന്നെ ശ്രദ്ധിക്കുന്നത് കണ്ട് ഞാന്‍ നോട്ടം മാറ്റി…
ഇരുപത് വയസ്സില്‍ തുടങ്ങിയ വെറ്റിലമുറുക്ക് നിര്‍വിഘ്‌നം തുടരുന്ന ഞാന്‍ വെറ്റിലക്കട തേടി ഡോര്‍ തുറന്ന് പുറത്തിറങ്ങി. ആ സുന്ദരി എന്റെ മുന്നില്‍ വഴി മുടക്കിയത്‌പോലെ നില്‍ക്കുന്നൂ.
‘അങ്കിള്‍, എനിക്കൊരു ഉപകാരം ചെയ്യുമോ’
‘എന്താ കുഞ്ഞിനു വേണ്ടത്’
ഔപചാരിതകളൊക്കെ വിട്ട് ആ കുട്ടിയുടെ ചോദ്യം ‘എനിക്ക അഞ്ഞൂറു രൂപ തരുമോ?
‘എന്തിനാ?’
‘തരുമോ?’
ചോദിക്കുന്നത് വശ്യസുന്ദരിയായ ഒരു പെണ്‍കുട്ടി ഏതോ നല്ല കുടുംബത്തിലേതാണെന്ന് തോന്നുന്നൂ. എന്തോ അത്യാവശ്യം കാണും. അല്ലെങ്കില്‍ കയ്യിലുണ്ടായിരുന്ന കാശ് കൈമോശം വന്നിരിക്കും. ഞാന്‍ പോക്കറ്റില്‍ നോക്കി. കാറിനുള്ളിലെ പേഴ്‌സിലാണു രൂപ. ഞാന്‍ കാര്‍ തുറന്ന് അകത്ത് കയറി. എന്നോട് ചോദിക്കാതെ തന്നെ ആ കുട്ടിയും ഇടത് വശത്തെ ഡോര്‍ തുറന്ന് അകത്ത് കയറി കതകടച്ചു. ഞാന്‍ രൂപ കൊടുത്തു.
‘കുഞ്ഞിന്റെ കാശ് ആരെങ്കിലും മോഷ്ടിച്ചോ…എന്തിനാ ഇപ്പോള്‍ ഈ രൂപ’
‘അതോ…എന്റെ ഫോണിലെ ചാര്‍ജ്ജ് തീര്‍ന്നൂ പ്രീപൈഡാ….അച്ഛനും അമ്മയും ഗള്‍ഫിലാ..അച്ഛനെ വിളിച്ച് ഒരു കാര്യം പറയാനുണ്ടായിരുന്നൂ’
എന്നിലെ ഞാന്‍ ഉണര്‍ന്നു.
‘ഈ രൂപ ഞാന്‍ തന്നില്ലെങ്കില്‍ കുഞ്ഞ് എന്ത് ചെയ്യുമായിരുന്നു’…അവള്‍ ചിരിച്ച്….
‘മറ്റൊരാളുടെ കൈയ്യില്‍ നിന്നും വാങ്ങിക്കും’
‘തിരുവനന്തപുരത്തുകാര്‍ക്ക് അത്രക്കങ്ങ് വിശാലഹൃദയമുണ്ടോ’
‘ഒട്ടുമില്ലാ…അവര്‍ കാശ് തരും പക്ഷേ മറ്റു ചിലത് ചോദിക്കും’
‘എന്ത് ചോദിക്കുമെന്നാ’
അവള്‍ വീണ്ടും ചിരിച്ചൂ
‘ഈ കാറിന്റെ ഡോര്‍ ഗഌസുകളില്‍ ഒട്ടിച്ചിരിക്കുന്ന പേപ്പര്‍ നല്ല കട്ടിയാ അല്ലേ അങ്കിള്‍? അകത്ത് നടക്കുന്നതൊന്നും പുറത്ത് ണില്ലാ…അല്ലേ?’
അവള്‍ സീറ്റിന്റെ ലിവര്‍ പിടിച്ച് വലിച്ചു.തലഭാഗം താണു അവള്‍ ഇപ്പോള്‍ കിടക്കുന്നപോലത്തെ അവസ്ഥയിലാണു
‘അങ്കിള്‍…ആയിരം രൂപകൂടിതന്നാല്‍….എന്നില്‍ നിന്നും എന്ത് വേണമോ എടുക്കാം…ഐ.പില്‍ ഗുളികയും കഴിച്ചിട്ടുണ്ട്…പിന്നെ കാര്യം കഴിഞ്ഞാല്‍ ‘മുത്തൂറ്റ് പഌസ്സയിലെ ‘ബൊഫേയിലും’ പങ്കേടുക്കണം നല്ല വിശപ്പുണ്ട്…..
സത്യത്തില്‍ ഞാന്‍ സംയമനം പാലിച്ചു ഒരു പൊട്ടനെപ്പോലെ ചോദിച്ച്
‘കുഞ്ഞിന്റെ നാടെവിടെയാ’
‘ കോട്ടയം’
‘പിന്നെ ഇവിടെ?’
‘ടെക്‌നോ പാര്‍ക്കില്‍ ജോലി ചെയ്യുന്നൂ’
‘എഞ്ചിനിയറാ…?’
‘എന്ന് പറയാം ഒരു പൊളിഞ്ഞ കമ്പനിയാ സാലറിയൊന്നുംനേരെ കിട്ടില്ലാ. എനിക്കെന്റെതായ ജീവിതരീതിയുണ്ട് അത് മാറ്റാന്‍ പറ്റില്ലാ…’
‘ അതിനു തിരഞ്ഞെടുത്ത ഈ രീതി ശരിയാണോ’
‘എന്താ തെറ്റ് ..ഇപ്പോള്‍ തന്നെ നോക്കൂ ഇത്രയും പബഌക്കായ സ്ഥലത്ത് ആരുമറിയാതെ..ഒരു പ്രായമുള്ള വ്യക്തിയില്‍ (അത്ര പ്രായം തോന്നിക്കില്ലാ, ഹെയര്‍ടൈ വളരെ സൂഷ്മതയോടെ അടിച്ചിട്ടുണ്ട്, പിന്നെ അങ്കിള്‍ സുന്ദരനുമാണു കേട്ടോ) നിന്നും ഇങ്ങനെ കാശ് വാങ്ങുന്നതില്‍ ഞാനൊരു തെറ്റും കാണുന്നില്ലാ..എനിക്ക് സുഖവും കിട്ടും ക്യാഷും കിട്ടും…എന്താ..അങ്കിളിനു സെക്‌സില്‍ താല്പര്യമില്ലേ?
‘ഇല്ലാ…താല്പര്യമില്ലെന്നല്ലാ അതിനു സമയവും, സന്ദര്‍ഭവും ഒക്കെയുണ്ട്. കുഞ്ഞ് ഒരു കാര്യം ചിന്തിക്കണം ഇത് അച്ഛനും അമ്മയും അറിഞ്ഞാല്‍.കെട്ടാന്‍ പോകുന്ന പയ്യന്‍ അറിഞ്ഞാല്‍…’
‘ഞാന്‍ അങ്കിളിനോട് ഒരു ചോദ്യം ചോദിക്കട്ടേ…കുറച്ച് മുന്‍പ് ഈ കാറില്‍ നിന്നും ഇറങ്ങിപ്പോയ താങ്കളുടെ ഭാര്യ മറ്റൊരാളുമായി ബന്ധപ്പെട്ടിട്ടില്ലാന്ന്‌നുറപ്പിച്ച് പറയാന്‍ കഴിയുമോ? അങ്കിളിന്റെ പെണ്‍ മക്കള്‍ വിവാഹത്തിനു മുന്‍പ് പരപുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടില്ലാ എന്ന് അങ്കിളിന്‍ ഉറപ്പ് തരാന്‍ സാധിക്കുമോ?’
എന്റെ നാവ് വായ്ക്കകത്ത് ഉടക്കി കിടന്നു……
‘ഇല്ലാ ഉറപ്പിച്ച് പറയാന്‍ പറ്റില്ലാ’ തെളിവില്ലാ, തെളിവുകള്‍കിട്ടാനും സാധിക്കില്ലാ. എല്ലാം വിശ്വാസമാണു. അതിനെ ചൂഴ്‌ന്നെടുക്കേണ്ട കാര്യമില്ലാ. ഞാനും സന്യാസിയൊന്നുമല്ലായിരുന്നൂ. ചെറുപ്പകാലത്ത് ഞാനും വേലികള്‍ ചാടിയിട്ടില്ലേ അത് ഭാര്യക്കറിഞ്ഞികൂടാ. അപ്പോള്‍ പിന്നെ?
‘എന്നാല്‍ ഞാന്‍ പോയ്‌ക്കോട്ടെ………’
അവള്‍ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി. ആള്‍ക്കൂട്ടത്തില്‍ അവള്‍ അലിഞ്ഞ് ചേര്‍ന്നു. അവിശ്വാസികളൂടെ ആള്‍ക്കൂട്ടം. എന്റെ ചിന്തക്ക് ചിതലരിക്കുന്നൂ. ഞാന്‍ തലകുമ്പിട്ടിരുന്നൂ.
*****************************************
2 . ഗതകാല സ്മരണയില്‍
ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണു. മുകളിലെഴുതിയ സത്യം തന്ന പ്രേരണയില്‍ ഇതും ഞാന്‍ കുറിക്കുന്നൂ. ഒരു സിനിമയുടെ തിരക്കഥയെഴുതാന്‍ മദ്രാസിലെ ഭാരത് ഹോട്ടലില്‍ രാത്രിയെ പകലാക്കിയും, പകലിനെ രാത്രിയാക്കിയും ചിന്തയുമായി ദ്വന്ദയുദ്ധം നടത്തുകയാണു ഞാന്‍. ഇത് വായിക്കുന്ന പലരും കണ്ടിട്ടുള്ള ഒരു ചിത്രം. അതിലും ഞാന്‍ പേരു വച്ചിട്ടില്ലാ. ഇവിടേയും ഞാനാ ചിത്രത്തിന്റെ പേര്‍ എഴുതുന്നില്ലാ. (എത്രയോ ചിത്രങ്ങള്‍ ഞാനിങ്ങനെ പേരു വയ്ക്കാതെ എഴുതിയിട്ടുണ്ട്. ഇപ്പോള്‍, ചിലപ്പോഴൊക്കെ അങ്ങനെ ചെയ്തത് ശരിയായില്ലാ എന്നൊരു തോന്നലുണ്ടാകുന്നുണ്ട്. അത് കൊണ്ട് തന്നെ ഇനിയുള്ള ചിത്രങ്ങളിലും,സീരിയലുകളിലും ഞാന്‍ പേരു വച്ച് തന്നെ എഴുതുവാന്‍ തീരുമാനിച്ചതും. പ്രശസ്തിക്ക് വേണ്ടിയിട്ടല്ലാ. അടുത്ത തലമുറ എന്നേയും കൂടി ഓര്‍മ്മിക്കട്ടേ എന്ന് വിചാരിച്ചത് കൊണ്ട്.
ഒരിക്കല്‍ കുസുമം ആര്‍ പുന്നപ്ര എഴുതിക്കണ്ടൂ. അദ്ദേഹത്തിന്റെ പല കഥകളും മോഷ്ടിച്ച് ചിലര്‍ സിനിമയും സീരിയലും ഒക്കെ ആക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ബ്ലോഗില്‍ ഇടുന്നതിനു മുന്‍പ് അദ്ദേഹം, മിക്ക കഥകളും പ്രസിദ്ധീകരിക്കാറുണ്ട്. ഈയിടെ ഭാരതീയം എന്ന മാസികയില്‍ എന്റേയും, ശ്രീമതി. കുസുമത്തിന്റേയും കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നൂ. അതുകൊണ്ട് തന്നെ സിനിമക്കായി ഉദ്ദേശിക്കുന്ന പല കഥകളും ഞാനും ബ്ലോഗില്‍ ഇടാത്തത്…) പറഞ്ഞ് വന്നത് കഥയുടെ കാര്യമല്ലല്ലോ. ഇനി വിഷയത്തിലേക്ക് കടക്കാം. രാത്രി 8 മണിയായിക്കാണും. ഡോറില്‍ ആറോ തട്ടുന്നൂ. കുറ്റിയിട്ടില്ലാ.
‘യെസ് കമിംഗ്’
കിടക്കയില്‍ കിടന്ന് കൊണ്ട് ഞാന്‍ വിലിച്ച് പറഞ്ഞു. സാധാരണ എന്റെ എഴുത്ത് രീതി അങ്ങനെയാ. കിടക്കയില്‍ ചാരിക്കിടന്നാണു എഴുത്ത്. പതിനെട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ മുറിക്കക്ത്‌തേക്ക് കടന്ന് വന്നു.
‘ആരാ’
ആ ശല്യ പ്പെടുത്തലിന്റെ നീരസം എന്റെ വക്കുകളില്‍ ഇഴതുന്നിയത് ഞാനറിഞ്ഞൂ. അത് ആ പയ്യനും മനസ്സിലാക്കി. ‘കമിക്കണം സര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രാഭകരന്‍ സാര്‍ പറഞ്ഞിട്ടാ ഞാന്‍ വന്നത്. സാറിന്റെ അടുത്ത ചിത്രത്തില്‍ ഒരു ചാന്‍സ്’..
‘നിങ്ങള്‍ക്കോ…. അത്തരം ഒരു കഥാപാത്രം ഇതില്‍ ഇല്ലല്ലോ’
‘എനിക്കല്ല സര്‍’
‘പിന്നെ ..?.’
‘സര്‍…പഌസ്..ഞാനിപ്പോള്‍ വരാം’
തിരികെ വന്നപ്പോള്‍ അയ്യാളുടെകൂടെ വെളുത്തസുന്ദരിയായ ഒരു പെണ്‍കുട്ടികൂടി ഉണ്ടായിരുന്നൂ, കയ്യില്‍ ഒരു ആല്‍ബവും. ഞാന്‍ ഇരിക്കാന്‍ പറഞ്ഞൂ. അവള്‍ മടിച്ച് നിന്നു. നിര്‍ബ്ബന്ധം ശക്തമായപ്പോള്‍ അവള്‍ ഇരുന്നു. കയ്യിലെ ആല്‍ബം എനിക്ക് തന്നു. ഞാനത് മറിച്ച് നോക്കി തുടങ്ങുമ്പോഴേക്കും പയ്യന്‍ മുറിവിട്ട് ഇറങ്ങിപ്പോയി. പിന്നെ സംസാരത്തിനിടയില്‍ അത് ആ കുട്ടിയുടെ ഇളയ സഹോദരന്‍ ആണെന്നറിഞ്ഞു.
ഒരു നായികയുടെ എല്ലാ ഭാവങ്ങളും ആ കുട്ടിയില്‍ ഉണ്ടായിരുന്നൂ. ഞാന്‍ അഭിനയിപ്പിച്ച് നോക്കി. എന്റെ ചിന്തകള്‍ക്കപ്പുറമായിരുന്നൂ അവളുടെ അഭിനയ പാഠവം. എന്റെ ആ സിനിമയില്‍ വേറേ നായികക്ക് അഡ്വാന്‍സ് കൊടുത്ത്തിരുന്നൂ. ആ കാര്യം പറഞ്ഞപ്പോള്‍ ആ കുട്ടിയുടെ മിഴികള്‍ നിറയുന്നത് ഞാന്‍ കണ്ടു. കുട്ടി ആന്ധ്രാക്കാരിയാണു. സിനിമയില്‍ അഭിനയിക്കണം എന്ന മോഹവുമായി മദ്രാസില്‍ വന്നതാണു. അനുജന്‍ മദ്രാസില്‍ പഠിക്കുന്നൂ. നന്നേ ചെറുപ്പത്തില്‍ അവര്‍ക്ക് അച്ഛനും അമ്മയും നഷ്ടപ്പെട്ടൂ.ഇപ്പോള്‍ താമസിക്കുന്ന വീടിനു വാടക കൊടുത്തിട്ട് നാലു മാസമായി. അനിയനും ഫീസ് കൊടുത്തിട്ടില്ലാ. രണ്ട് ദിവസമായി അവര്‍ ആഹാരം കഴിച്ചിട്ട് എന്നറിഞ്ഞപ്പോള്‍ എന്റെ മനസ്സ് തേങ്ങി.
മൂന്ന് നാള്‍ക്ക് മുന്‍പ് ഒരു സംവിധായകനെ ആ കുട്ടി സന്ദര്‍ശിച്ചിരുന്നൂ. അവളില്‍ നിന്നും നേടാനുള്ളതെല്ലാം നേടിയിട്ട് അയ്യാള്‍ കുട്ടിയെ പറഞ്ഞയച്ചു. ചിത്രത്തില്‍ അവസരം കൊടുത്തില്ലാന്ന് മാത്രമല്ലാ ഒരു രൂപപോലും നല്‍കിയില്ലാ. അപ്പോള്‍ എന്റെ കൈവശം അയ്യായിരം രൂപ മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഞാനത് ആകുട്ടിക്ക് കൊടുത്തു. പിന്നെ, എനിക്ക് വളരെ പരിചയമുള്ളതും ഉടനെ ഒരു ചിത്രം എടുക്കാന്‍ പോകുന്ന, പുതുമുഖങ്ങളെ തേടുന്ന ഒരു സംവിധായകനു ഞാന്‍ ഒരു എഴ്ത്തും കുട്ടിയുടെ കൈവശം കൊടുത്തു. അവള്‍ പിന്നേയും കാത്തിരുന്നു. ആ കാത്തിരിപ്പ് എന്തിനാണെന്ന് എനിക്ക് മനസ്സിലായി.
‘ഇല്ല കുഞ്ഞേ ഞാന്‍ അത്തരക്കാരനല്ലാ. സ്ത്രീ എനിക്കൊരു ദൌര്‍ബല്ല്യമല്ലാ. എനിക്കും സഹോദരിമാരുണ്ട്. കുട്ടി പൊയ്‌ക്കോളൂ. ഞാന്‍ ആ സംവിധായകനോട് വിളിച്ച് പറയാം. തീര്‍ച്ചയായും ആ സിനിമയില്‍ കുട്ടിക്കൊരു വേഷമുണ്ടാകും.’
അവള്‍ എണീറ്റ് എന്റെ കാല്‍ തൊട്ട് വണങ്ങി നിവരുമ്പോള്‍ ആ കുട്ടിയുടെ മിഴികള്‍ നിറഞ്ഞ് കവിഞ്ഞിരുന്നൂ.
‘സര്‍ ഇത്തരത്തില്‍ ഒരാളെ ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ലാ. എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ലാ……’
ഞാനാ കുട്ടിയുടെ നിറുകയില്‍കൈ വച്ച് അനുഗ്രഹിച്ചൂ.
പിന്നീട് ആ കുട്ടി മലയാളത്തിലും, തമിഴിലും തെലുങ്കിലും മറ്റ് ഭാഷാ ചിത്രങ്ങളിലും നായികയായി പടര്‍ന്ന് പന്തലിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ബാംഗഌരിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലെ ഇടനാഴിയില്‍ വച്ച് ആ കുട്ടിയെ കണ്ട് മുട്ടാന്‍ ഇടയായി. പരിവാരസമേതം നടന്ന് വന്ന ആ കുട്ടി എന്നെ കണ്ടതും ഓടി അടുത്തെത്തി എന്റെ കാല്‍ തൊട്ടു വണങ്ങി.
‘സര്‍ മദ്രാസിലെ………… ലൈനിലുള്ള എന്റെ ഒരു വീട് ഒഴിഞ്ഞ് കിടപ്പുണ്ട്. അത് സാര്‍ എടുത്തുകൊള്ളൂ. ഇനിയും തിരക്കഥകള്‍ എഴുതാന്‍ വരുമ്പോള്‍ ഹോട്ടലുകളില്‍ താമസിക്കണ്ടല്ലോ?’
ഞാന്‍ ചിരിച്ചു. അല്പം ഉറക്കെ തന്നെ. ആ ചിരിയുടെ അര്‍ത്ഥം ആകുട്ടിക്ക് മനസ്സിലായി. അവള്‍ ഷമ ചോദിച്ചൂ.
ഇവിടെ ഞാന്‍ എന്റെ രണ്ട് അനുഭവങ്ങളാണു എടുത്തെഴുതിയത്. നല്ല പിള്ളചമയാനോ ഞാന്‍ പുണ്യവാളന്‍ എന്ന് സമര്‍ത്ഥിക്കാനോ അല്ല ഇതു ഇവിടെ എഴുതിയത്. ശരാശരി ഒരു പുരുഷന്റെ എല്ലാ ദൌര്‍ബല്ല്യങ്ങളും എനിക്കുമുണ്ട്. പക്ഷേ കാലഘട്ടത്തിന്റെ മാറ്റം എന്നെ അമ്പരപ്പിക്കുന്നൂ.
ആദ്യം എഴുതിയ അനുഭവത്തിലെ പെണ്‍കുട്ടിയില്‍ ഞാന്‍ ദര്‍ശിച്ചത് അഹങ്കാരമാണു. രണ്ടാമത്തതില്‍ ആവശ്യവും. രണ്ട് പേരും സാമ്പത്തികമായി ഇന്ന് എന്നെക്കാള്‍ എത്രയോ ഉയരത്തിലായിരിക്കും. ഇവിടെ രണ്ടിടത്തും ഞാന്‍ അവലംബിച്ച രീതി നല്ലതാണെന്ന് തന്നെയാണ് ഇപ്പോഴും എന്റെ മനസ്സ് പറയുന്നത്. സെക്‌സ് പരിപാവനമായ ഒരു അവസ്ഥാ വിശേഷമാണു. അത് വേണ്ടിടത്ത് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തണം. ഒന്നാമത്തെ അനുഭവത്തില്‍ ഞാനാ കുട്ടിയുമായി രമിച്ചിരുന്നെങ്കില്‍ ഇന്നും എന്റെ മനസ്സില്‍ വല്ലാത്തൊരു അപകര്‍ഷതാ ബോധം നിലനില്‍ക്കുമായിരുന്നൂ. എന്റെ മകളാകാന്‍ പ്രായമുള്ളകുട്ടി.
രണ്ടാമത് പറഞ്ഞ അനുഭവം എനിക്ക് ഇപ്പോഴും ഉള്‍കുളിരേകുന്നു. അന്ന് ഞാന്‍ ഇതിലും ചെറുപ്പമായിരുന്നു. ചെറുപ്പത്തിന്റെ തീഷ്ണത എന്നെക്കൊണ്ട് ആ കുട്ടിയെ കിടപ്പറയിലേക്ക് ക്ഷണിച്ചിരുന്നെങ്കില്‍. ആ കുട്ടി പിന്നെ കണ്ടപ്പോള്‍ എന്റെ കാല്‍ തൊട്ട് വന്ദിക്കുമായിരുന്നോ?
ആണും പെണ്ണും തമ്മിലുള്ള ബന്ധത്തില്‍ ലൈംഗികത മാത്രമേ ഉള്ളൂ എന്ന ചിന്ത വെടിഞ്ഞാല്‍ നമ്മള്‍ ധന്യരായി. ബൂലോകത്തും ലൈംഗികതയുടെ അലയൊലികള്‍ കേട്ട് തുടങ്ങി ഷെറിഫ് കൊട്ടാരക്കര എഴുതിയ ബൂലോഗത്ത് കാളകള്‍ മേയുന്നു ലേഖനവും അതിലെ കമന്റുകളും വായിച്ചപ്പോള്‍ ഞാനൊന്ന് ഉറക്കെ ചിന്തിച്ച് പോയതാണു.

24 Jan 2013

അതിരുകളില്ലാത്ത തടവറകള്‍

കരിയാച്ചൻ
കാണുന്നു ഞാന്‍ പലവിധ തടവറകള്‍
കുമ്മായം തേച്ച മൂന്നു ചുമരുകളില്ല
കാരിരുമ്പിന്‍ തുരുമ്പിച്ച അഴികളില്ല
കാണാനാകാത്ത അതിരുകളുള്ള തടവറകള്‍
കാണാനാകുമോ നിങ്ങള്‍ക്ക് ഞാന്‍ തീര്‍ത്ത തടവറ
കാണാത്ത പോലെ നടിക്കുന്നു നീയെനിക്കായി തീര്‍ത്തതും
തടവറയേതുമാകട്ടെ കാണാം നിങ്ങള്‍ക്കാ തടവുപുള്ളിയെ
ഒരേ ഒരു തടവുപുള്ളി മാത്രം എവിടെയും
എന്റെ തടവറയിലും നിന്റെ തടവറയിലും
ഒരേ ഒരു തടവുപുള്ളി മാത്രം
ഒരേ ഒരാള്‍ മാത്രം , ഈ ഞാന്‍ മാത്രം
എന്തിനെന്നെ തടവറയിലാക്കി നീ
ഒരു ചങ്ങലയ്ക്കിത്ര വിലയോ?
എന്തിനു ഞാനുമെന്നെ തടവിലാക്കി
നിന്റെ തടവറയെ മറയ്ക്കാനോ ?

22 Dec 2012

വിലപേശലിന്റെ അര്‍ത്ഥവ്യത്യാസങ്ങള്‍

 ഗോപകുമാർ
ചെളികുഴച്ചുണ്ടാക്കിയ
ശില്‍പ്പമാണെങ്കിലും
ചേലയുടുപ്പിച്ച് ,പൊട്ടുകുത്തി
നിറം കൊടുത്ത് കഴിയുമ്പോള്‍
വില്‍ക്കുവാന്‍ മടിയാണ് .
ഓമനത്തമുള്ള ബൊമ്മകളെ
വിട്ടുകൊടുക്കാന്‍ മടിയുള്ളതുകൊണ്ടാണ്
അവര്‍ വിലപേശുന്നത്.
ചില അച്ഛനമ്മമാര്‍ അങ്ങനെയും
ചെയ്യുന്നില്ലല്ലോ…! അതോ അവരും
വിലപേശിയാകുമോ വിറ്റത്..?

22 Nov 2012

ക്ലിയോപാട്രയുടെ കാമുകര്‍

ലിജീഷ് കുമാര്‍ 


നിങ്ങള്‍ ക്ലിയോപാട്രയെ കണ്ടിട്ടുണ്ടോ ? തൊട്ടാല്‍ ചോര പൊടിയുന്ന തിരശീലയില്‍ ആടയാഭരണങ്ങള്‍ക്കും നക്ഷത്രവിളക്കുകള്‍ക്കും മധുചഷകങ്ങള്‍ക്കുമിടയില്‍, കൂര്‍ത്ത നോട്ടവും പഞ്ഞിയുടലുമായി.. !
പില്‍ക്കാലങ്ങളില്‍ അവളെ കണ്ടെത്തിയ വാരികപ്പുറങ്ങളില്‍ അവള്‍ക്കു പേര് എലിസബത്ത് എന്നായിരുന്നു; എലിസബത്ത് ടൈലര്‍. ജയഭാരതിയെയും സ്മിതയെയും കണ്ടു തളര്‍ന്ന കണ്ണുകള്‍ ക്ഷീണമേതും കാണിക്കാതെ എത്ര പാതിരാവുകളില്‍ അവളെയും കാത്തിരുന്നു കാണും. ഉറക്കം തെറ്റിയ കൌമാരം വിട്ട് ഉണര്‍ന്നപ്പൊഴാണറിഞ്ഞത് റൊണാള്‍ഡ് റീഗന്‍ മുതല്‍ ജോണ്‍ എഫ് കെന്നഡി, റോബോര്‍ട്ട് സ്റ്റാക്ക്, പോള്‍ ന്യൂമാന്‍, ഫ്രാങ്ക് സിനട്ര, പീറ്റര്‍ ലാഫോര്‍ഡ്, എരോള്‍ ഫ്‌ളെയിം, ടോണി കര്‍ത്ത്‌സ്, അങ്ങനെയങ്ങനെ അവളോടൊപ്പം ഉറങ്ങിയത് കൊണ്ട് മാത്രം ഉറങ്ങാതായ ഒത്തിരിപ്പേര്‍ ഉണ്ടായിരുന്നുവത്രേ.

 കണ്ണേ നിന്റെ യോഗം / എന്റെയും. മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് റീഗനെ പ്രണയിക്കുമ്പോള്‍ അവള്‍ക്കു പ്രായം 15. അന്ന് ഞാനില്ല. ഇന്നവളും. മണ്ണെടുത്തിട്ടും കാമം വമിക്കുന്ന അവളുടെ ഉടല്‍ രഹസ്യത്തിന്‍റെ കഥകളുമായി എഴുത്തുകാരായ ഡാന്‍ഫോര്‍ത്ത് പ്രിന്‍സും ഡാര്‍വിന്‍ പോട്ടറും വീണ്ടുമെത്തുന്നു. ‘എലിസബത്ത് ടെയ്‌ലര്‍ : ദെയര്‍ ഈസ് നത്തിംഗ് ലൈക്ക് എ ഡെയിം’ എന്ന പുസ്തകവുമായി.

23 Oct 2012

മാവോയുടെ പൂച്ച


സി.പി.ചന്ദ്രൻ

മ്യാവു മ്യാവു കരയാതെ
മാവോ മാവോ ചൊല്ലി
കണ്ണടച്ചിരുട്ടാക്കി
പാലുകുടിക്കും ചെമ്പൻപൂച്ച
വൻമതിൽ ചാടി
പുതുങ്ങിപതുങ്ങി
നമ്മുടെ തൊടിയിലും
അടുക്കളമുറ്റത്തും
എത്തിയിട്ടുണ്ട്‌, സൂക്ഷിക്കുക!
നാടായ നാടും
നഗരങ്ങളുംതാണ്ടും
ചുവന്നപാണ്ടൻപൂച്ച
കൺകെട്ട്‌ വിദ്യകൾക്കാട്ടും
ചതിയനാണ്‌ സൂക്ഷിക്കുക!
തനതും വ്യാജനും
അറിയാത്തോർ
വഞ്ചിതരാവും തീർച്ച!
എല്ലായിടത്തും
പാലുവെളുത്തിട്ടും
ചോരച്ചുവന്നിട്ടുമാണെന്ന്‌
അറ്റകൾക്കറിയാം!
നാട്ടുമര്യാദകൾ
കെട്ടുപോയ
ചുവപ്പാണവയുടെ ചുവപ്പ്‌!

19 Sept 2012

അമ്മേ, ഒന്നു കൂടി….

സുനിൽ എം.എസ്

(ഈ കഥ ഒരല്‍പം നീളമുള്ളതാണ്, ദയവായി ക്ഷമിയ്ക്കുക.)
ഒരു ദിവസം നിങ്ങളൊന്നു ഗുരുവായൂരു പോയി വരണം എന്ന് അമ്മ നിര്‍ദ്ദേശിച്ചെന്നു ശാരദ പറഞ്ഞു.
എണ്‍പതു കിലോമീറ്റര്‍ അങ്ങോട്ട്‌. അത്ര തന്നെയിങ്ങോട്ടും. ആകെ നൂറ്ററുപതു കിലോമീറ്റര്‍ . ചിലപ്പോഴൊന്നങ്ങോട്ടു തിരിച്ചു, ഒന്നിങ്ങോട്ടു തിരിച്ചു, നൂറ്ററുപത് ഇരുന്നൂറായെന്നും വരാം. അങ്ങോട്ടു രണ്ടു മണിയ്ക്കൂര്‍ . തിരിച്ചും രണ്ടു മണിയ്ക്കൂര്‍ . നാലു മണിക്കൂര്‍ ഡ്രൈവു ചെയ്യണം.
കാറോടിയ്ക്കല്‍ ഒരു പ്രശ്നമല്ല. സ്റ്റിയറിംഗിനു വേണ്ടിയുള്ള വടംവലി നടക്കുമ്പോള്‍ പ്രത്യേകിച്ചും. അവളെത്ര മണിക്കൂറു വേണമെങ്കിലും ഡ്രൈവു ചെയ്തോളും.
ഞാന്‍ ഡ്രൈവു ചെയ്യുമ്പോള്‍ തോളത്തവള്‍ കവിളമര്‍ത്തിയിരുന്നായിരുന്നു തുടക്കം. അവള്‍ മുട്ടിയുരുമ്മിയിരിയ്ക്കുമ്പോള്‍ കാറോടിയ്ക്കാന്‍ ഒരസാധാരണസുഖമുണ്ടെന്നു കാറു വാങ്ങി അധികം കഴിയും മുമ്പു തന്നെ മനസ്സിലാക്കിയിരുന്നു.
ഇടയ്ക്കെപ്പോഴോ അവള്‍ സ്റ്റിയറിംഗില്‍ സ്പര്‍ശിയ്ക്കാന്‍ തുടങ്ങി.
അതങ്ങനെ തുടര്‍ന്നു. കുറച്ചു കാലം കൊണ്ട് ഞങ്ങളറിയാതെ തന്നെ അവള്‍ സ്റ്റിയറിംഗ് തനിയെ പിടിയ്ക്കാനുള്ള കഴിവു നേടിക്കഴിഞ്ഞിരുന്നു.
ഇടയ്ക്കെപ്പോഴോ ഞാന്‍ ക്ലച്ചു ചവിട്ടുമ്പോള്‍ അവള്‍ ഗിയര്‍ മാറ്റിത്തരാന്‍ തുടങ്ങി.
ഒരു ദിവസമവള്‍ പറഞ്ഞു, “നീ മാറ്, ഞാനോടിയ്ക്കാം.”
ഞാന്‍ സാകൂതം അരികില്‍ നോക്കിയിരിയ്ക്കെ, അവള്‍ വണ്ടി ഗേയ്റ്റു കടത്തി ഇടത്തോട്ടു വളച്ചെടുത്ത്, റോഡിന്‍റെ ഇടതുവശം ചേര്‍ത്ത് മെല്ലെ മുന്നോട്ടു കൊണ്ടു പോയി.
ഞാനോടിയ്ക്കുമ്പോള്‍ അവളതൊക്കെ ശ്രദ്ധിച്ചിരുന്നിരിയ്ക്കണം, ഗിയറും ക്ലച്ചും ആക്സിലേയ്റ്ററും ബുദ്ധിമുട്ടുകൂടാതെയവള്‍ കൈകാര്യം ചെയ്തു.
ശബ്ദകോലാഹലമുണ്ടാക്കിക്കൊണ്ടു ബസ്സുകള്‍ പുറകില്‍നിന്നു വന്നപ്പോളവള്‍ കാര്‍ സൈഡിലൊതുക്കി നിറുത്തിക്കൊടുത്തു. ധൃതിയുള്ളവര്‍ കടന്നു പോകട്ടെ.
അപൂര്‍വം ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്തതൊഴിച്ചാല്‍ , ബാക്കിയെല്ലാം അവള്‍ തന്നെ സ്വയം ചെയ്തു.
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സും കിട്ടി. അതോടെ കാറോടിയ്ക്കുന്നത് ഞങ്ങള്‍ ഫിഫ്റ്റി ഫിഫ്റ്റിയാക്കി.
അവളോടിയ്ക്കുമ്പോള്‍ അപകടഭീതി കുറവാണ്. അവള്‍ അമ്പത്‌, അമ്പത്തഞ്ച്, അതിനപ്പുറം അവളുടെ നിഘണ്ടുവിലില്ല. ഞാനോടിയ്ക്കുമ്പോള്‍ തുറന്നു കിടക്കുന്ന ചിലയിടങ്ങളിലെങ്കിലും സൂചി എണ്‍പതു സ്പര്‍ശിയ്ക്കും.
“നീയെവിടെയ്ക്കാണീ പാഞ്ഞു പോകുന്നത്?” അവള്‍ ചോദിയ്ക്കും.
കുറേയേറെ സ്ഥലങ്ങളില്‍ ഞങ്ങള്‍ പോയിട്ടുണ്ട്. പക്ഷെ ഗുരുവായൂര്‍ പോയിട്ടില്ല. കാറോടിച്ചു പോയിട്ടില്ല എന്നു വിവക്ഷ.
ഞാനൊരു ഭക്തനല്ല, എനിയ്ക്കായി ഞാന്‍ അമ്പലത്തിനകത്തു കടക്കാറില്ല, തൊഴാറില്ല.
അവള്‍ എന്നോളം അവിശ്വാസിയല്ല. അവളുടെയമ്മയ്ക്ക് വിട്ടുവീഴ്ച്ച തീരെയില്ല. പ്രധാനമായും അമ്മയുടെ സമ്മര്‍ദ്ദം കൊണ്ട്, അമ്മയുടെ സമാധാനത്തിന്നായി അവള്‍ അമ്പലത്തില്‍ പോകാറുണ്ട്, തൊഴാറുണ്ട്, ഒരേയൊരു നിബന്ധനയില്‍ : അവളുടെ ബോഡീഗാര്‍ഡായി കൂടെ ഞാനുണ്ടായിക്കോളണം.
ആ ഉത്തരവു നിലവിലുള്ളതുകൊണ്ട് അവളുടെ അമ്മ നിര്‍ദ്ദേശിയ്ക്കുന്ന അമ്പലങ്ങളില്‍ അവള്‍ പോകുന്നു, അവള്‍ കയറുന്ന അമ്പലങ്ങളിലെല്ലാം ഞാനും കയറുന്നു. അവള്‍ ഈശ്വരന്മാരെ നോക്കുമ്പോള്‍ എനിയ്ക്കവളെ നോക്കാനുള്ളതുകൊണ്ട് ഞാന്‍ ഈശ്വരന്മാരെ നോക്കില്ല, ഈശ്വരന്മാര്‍ – ഈശ്വരിമാരും – സദയം ക്ഷമിയ്ക്കുക.
ഗുരുവായൂരും അങ്ങിനെ തന്നെ ചെയ്യേണ്ടി വരും. മൂന്നും നാലും മണിക്കൂറോളം ക്യൂവില്‍ കാത്തുനില്‍ക്കാന്‍ എനിയ്ക്കു തീരെ താത്പര്യമില്ല. പക്ഷെ നില്‍ക്കാതെ നിവൃത്തിയില്ല.
നേരം വെളുത്തു വരുന്നേയുള്ളു. പോരാത്തതിന് ഞായറാഴ്ചയും. വാഹനഗതാഗതം വളരെക്കുറവ്. സാരഥി അവള്‍ തന്നെ.
കൊടുങ്ങല്ലൂരെത്തിയപ്പോള്‍ നേരെ വടക്കോട്ട്, ഗുരുവായൂര്‍ക്കു പോകേണ്ടതിനു പകരം അവള്‍ കിഴക്കോട്ടു തിരിഞ്ഞു. ഞാന്‍ ചോദിയ്ക്കുംമുമ്പേ തന്നെ അവള്‍ വിശദീകരിച്ചു: “തൃശൂര്‍ വഴി പോകാം.”
തൃശ്ശൂര്‍ അവള്‍ക്കു സുപരിചിതമാണ്. എനിയ്ക്കും. ആ വഴി പോയിട്ടും കുറേയേറെ നാളായി. തൃശ്ശൂരൊന്നു കൂടി കാണാമല്ലോ.
ഹൃദയത്തിന്ന്‍ ഏറെ അടുപ്പമുണ്ട്, തൃശ്ശൂരിനോട്.
റോഡു വിജനമായിരുന്നു. കൊക്കാലയിലെത്തിയത് അറിഞ്ഞില്ല.
കൊക്കാലയില്‍ നിന്ന് ശക്തനിലേയ്ക്കു വളച്ച് എമ്മോ റോഡു വഴി അവള്‍ സ്വരാജ് റൌണ്ടില്‍ക്കയറി. പത്തന്‍സിന്‍റെ കാര്‍ പാര്‍ക്കിംഗിലേയ്ക്ക് കാറു തിരിച്ച്, മെല്ലെ താഴേയ്ക്കിറക്കി, പുറത്തേയ്ക്കുള്ള ഗേയ്റ്റിനടുത്ത് സൈഡിലൊതുക്കി നിറുത്തി.
സെക്യൂരിറ്റി ഓടി വന്നപ്പോളവള്‍ സമാധാനിപ്പിച്ചു: ചായ കുടിയ്ക്കണം, പത്തു മിനിറ്റ്, അത്രയേ വേണ്ടൂ. സെക്യൂരിറ്റി വിനയത്തോടെ തല കുനിച്ചു.
അകത്ത് തിരക്ക് തീരെയില്ല. അവള്‍ തന്നെ ഓര്‍ഡര്‍ കൊടുത്തു: മസാലദോശ, ചായ.
പത്തന്‍സിന്‍റെ മസാലദോശയും ചായയും പണ്ടും എനിയ്ക്കിഷ്ടമായിരുന്നിട്ടില്ല. എങ്കിലും, പത്തന്‍സിനും അവരുടെ ചായയ്ക്കും മസാലദോശയ്ക്കും ഒരു പ്രത്യേകതയുണ്ട്. എനിയ്ക്കു മാത്രമുള്ള ഒരു പ്രത്യേകത. ഇവളോട് ഞാനതെന്നോ പറഞ്ഞിട്ടുണ്ട്.
അമ്മയും ഞാനും കൂടി രണ്ടു മൂന്നു തവണ ഇവിടെ വന്നിരുന്ന് മസാലദോശയും ചായയും കഴിച്ചിട്ടുണ്ട്. അമ്മ അവ ആസ്വദിച്ചു കഴിയ്ക്കുകയും ചെയ്തിരുന്നു.
ഇതേ കസേരകളിലൊക്കെത്തന്നെയായിരിയ്ക്കണം അന്നൊക്കെ ഇരുന്നിട്ടുള്ളതും.
അവസാനത്തെത്തവണ ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ അമ്മയ്ക്കുള്ള മസാലദോശയില്‍ ഓയില്‍ വളരെക്കുറച്ചേ ആകാവൂ എന്ന നിര്‍ദ്ദേശം കൊടുത്തിരുന്നതും ഓര്‍മ്മ വന്നു. ഇന്നലെയെന്നപോലെ.
അന്നു മസാലദോശ വന്നപ്പോള്‍ അതിലെ എണ്ണയുടെ തിളക്കം കണ്ട് അസ്വസ്ഥനായി. ‘ഓയിലും ഉപ്പും….’ ഡോക്ടറുടെ താക്കീത് മനസ്സില്‍ മുഴങ്ങി.
മുഖത്തെ അസ്വസ്ഥത കണ്ട് അമ്മ ആശ്വസിപ്പിച്ചു: “സാരമില്ല കുട്ടീ; അല്‍പ്പമൊക്കെയാവാം.”
അമ്മയെപ്പറ്റി ഓര്‍ത്തപ്പോള്‍ ഹൃദയം ആര്‍ദ്രമായി. കുറെയേറെ വര്‍ഷങ്ങളായി അമ്മയെപ്പറ്റി ഓര്‍ത്തിട്ട്.
ശാരദ ജീവിതത്തിലേയ്ക്കു കടന്നു വന്നയുടനെ എന്‍റെ മനസ്സിലും ഹൃദയത്തിലും ഓരോ രോമകൂപത്തിലും സ്വയം നിറയ്ക്കുകയാണ് അവള്‍ ചെയ്ത ഇന്ദ്രജാലം. അതോടെ അമ്മയുടെ ആകസ്മികനിര്യാണം എന്നിലേല്‍പ്പിച്ചിരുന്ന ആഘാതം അലിഞ്ഞില്ലാതായി. അമ്മയെ മറന്നു, മറന്നതറിഞ്ഞുമില്ല.
ശാരദയുടെ മൃദുസ്പര്‍ശം വര്‍ത്തമാനകാലത്തിലേയ്ക്കു തിരികെക്കൊണ്ടു വന്നു. മസാലദോശ വന്നിരിയ്ക്കുന്നു.
“നീ കഴിയ്ക്കുന്നില്ലേ?” അവള്‍ ചോദിച്ചു.
മസാലദോശയുടെ മിനുക്കത്തില്‍ അമ്മയുടെ മുഖം. അതിലേയ്ക്കു ശ്വാസമടക്കി നോക്കിയിരുന്നു. മസാലദോശ കൈകൊണ്ടു സ്പര്‍ശിയ്ക്കാന്‍ മടിഞ്ഞു.
കുറേക്കാലമായി ആ മുഖത്തെ മറന്നു കളഞ്ഞിരുന്നു. കുറ്റബോധം തോന്നി.
മസാലദോശ വികലമാക്കാതെ കൈകഴുകി. ശാരദ ഒന്നും ചോദിച്ചില്ല. അവള്‍ ചോദിയ്ക്കില്ല. അവളെല്ലാമറിയുന്നു. ചില നോട്ടങ്ങള്‍ കൊണ്ട് അവളെല്ലാം വായിച്ചെടുക്കുന്നു.
ബില്ലടയ്ക്കുമ്പോള്‍ കാഷ്യറുടെ പിന്നില്‍ , ചുവരില്‍ തൂക്കിയിരുന്ന, ദിവസേന കീറിക്കളയുന്ന കലണ്ടര്‍ പാഡിലെ വലിയ അക്ഷരത്തിലുള്ള തീയതി കണ്ടു: സെപ്റ്റംബര്‍ 21.
അമ്മ മരിച്ച തീയതി. എത്ര വര്‍ഷമായി? കണക്കു കൂട്ടാതെ തന്നെ ഉത്തരം കിട്ടി. കൃത്യം പത്തു വര്‍ഷം. ഞാന്‍ ശാരദയെ നോക്കി.
പുറത്തിറങ്ങിയ ഉടനെ അവള്‍ തന്നെ സ്റ്റിയറിംഗ് കയ്യടക്കി. സെക്യൂരിറ്റി റോഡിലിറങ്ങിനിന്ന്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞു നിറുത്തി ശാരദയ്ക്ക് വഴി ക്ലിയര്‍ ചെയ്തു കൊടുത്തു. വണ്ടി റൌണ്ടിലേയ്ക്കു തിരിച്ചു കയറ്റുന്നതിനിടെ ഒരു ചെറു മന്ദഹാസത്തിലൂടെ അവള്‍ നന്ദി പ്രകാശിപ്പിച്ചപ്പോള്‍ സെക്യൂരിറ്റി സല്യൂട്ടു ചെയ്തു. ഞാനവളെ ആരാധനയോടെ നോക്കി.
റൌണ്ട് വെസ്‌റ്റില്‍നിന്ന് എം ജി റോഡിലേയ്ക്കു തിരിഞ്ഞ് ശങ്കരയ്യര്‍ റോഡു കടന്ന് പടിഞ്ഞാറേക്കോട്ടയില്‍ സിഗ്നലിന്നായി കാത്തു കിടക്കുമ്പോള്‍ വെസ്റ്റ്‌ഫോര്‍ട്ട്‌ ഹോസ്പിറ്റല്‍ കാണാറായി. എന്‍റെ ഹൃദയമിടിച്ചു.
ഞാന്‍ ശാരദയെ നോക്കി. എന്താണിവളുടെ പ്ലാന്‍ ?
അമ്മയുടെ നിര്യാണത്തെപ്പറ്റി അവളോട് അധികം സംസാരിച്ചിട്ടില്ല. സ്വകാര്യദുഃഖങ്ങള്‍ പറഞ്ഞ് സഹതാപം പിടിച്ചു പറ്റാന്‍ തോന്നിയിട്ടില്ല. എങ്കിലും അമ്മയുടെ ശ്വാസം നിലച്ചത് വെസ്റ്റ്‌ഫോര്‍ട്ടില്‍ വച്ചായിരുന്നുവെന്ന് അവള്‍ക്കറിയാം.
ഗുരുവായൂര്‍ക്കുള്ള തീര്‍ത്ഥാടനം അവള്‍ തൃശൂര്‍ വഴിയാക്കിയത് ആര്‍ക്കു വേണ്ടി? എന്തായാലും അവള്‍ക്കു വേണ്ടിയല്ല.
ഞങ്ങളുടെ നോട്ടങ്ങള്‍ കൂട്ടി മുട്ടി.
സിഗ്നല്‍ കിട്ടിയപ്പോള്‍ ശാരദ വണ്ടി വടക്കോട്ടു തിരിച്ചു. വെസ്റ്റ്‌ഫോര്‍ട്ട്‌ ഹോസ്പിറ്റലിന്‍റെ മുന്നിലെത്തിയപ്പോള്‍ ഗേയ്റ്റിലൂടെ അകത്തേയ്ക്കു കടത്തി. സെക്യൂരിറ്റി ചൂണ്ടിക്കാട്ടിയ സ്ഥലത്ത് കാര്‍ പാര്‍ക്കു ചെയ്ത് അവളെന്‍റെ മുഖത്തേയ്ക്കു നോക്കി.
അവള്‍ നീട്ടിയ കൈ ഞാന്‍ മുറുക്കിപ്പിടിയ്ക്കുമ്പോള്‍ അവള്‍ പറഞ്ഞു: “അമ്മ പോയിട്ടിന്നു പത്തുവര്‍ഷം. നിന്‍റെ തീര്‍ത്ഥാടനം ഇവിടെയാകട്ടെ. ഇന്നെങ്കിലും നിന്നെയിവിടെ കൊണ്ടുവന്നില്ലെങ്കില്‍ എനിയ്ക്കു പാപം കിട്ടും.”
വര്‍ഷങ്ങളായി മറന്നു കളഞ്ഞിരുന്ന തീര്‍ത്ഥാടനം. ഭാര്യയില്‍ മതിമയങ്ങി അമ്മയെ മറന്നു.
ഡോര്‍ തുറന്നു പതുക്കെ ഞാനിറങ്ങി. പെട്ടെന്ന്‍ കാലുകള്‍ക്കു ഭാരം കൂടിയതു പോലെ.
ആശുപത്രിയ്ക്ക് ചില മാറ്റങ്ങള്‍ വന്നിരിയ്ക്കുന്നു. ഉയരം കൂടിയിരിയ്ക്കുന്നു. പുതിയ കെട്ടിടങ്ങളുയര്‍ന്നിരിയ്ക്കുന്നു. എങ്കിലും മറ്റെല്ലാം പരിചിതം.
ഇവിടെയാണ് അന്നു ടാക്സി വന്നു നിന്നത്. അമ്മ സീറ്റില്‍ ചാരിക്കിടക്കുകയായിരുന്നു. വലതുകൈ നെഞ്ചില്‍ അമര്‍ന്നിരുന്നു, കണ്ണുകള്‍ അടഞ്ഞിരുന്നു.
കാറില്‍ നിന്ന്‍ ഓടിയിറങ്ങിച്ചെന്നത് ദാ, അവിടേയ്ക്കാണ്. “എന്‍റെ അമ്മ…, ഒന്നു വരൂ. ഒന്നു നോക്കൂ…” എന്ന്‍ ആരോടൊക്കെയോ ഭീതിയോടെ അഭ്യര്‍ത്ഥിച്ചതോര്‍ക്കുന്നു.
അമ്മയെ സ്ട്രെച്ചറില്‍ കിടത്തുന്നതിന്നിടയില്‍ “അമ്മയ്ക്കൊന്നൂല്യ, കുട്ടി പേടിയ്ക്കണ്ട…” എന്ന്‍ അമ്മ കണ്ണു തുറന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞത് ദാ ഇവിടെ വച്ചാണ്. അതു കേട്ടതോടെ ചുറ്റുമുള്ളവരെ വിസ്മരിച്ചു കൊണ്ട് കണ്ണീര്‍പ്പുഴയൊഴുകി.
പള്‍സു നോക്കിയ ഡോക്ടര്‍ ഐ സി യു എന്നു പറഞ്ഞത് ഇവിടെ വച്ചായിരുന്നു. ലിഫ്റ്റു കാത്തു നിന്നിരുന്നവര്‍ ഇരുവശങ്ങളിലേയ്ക്കും ഒതുങ്ങി നിന്ന്‍ സ്ട്രെച്ചറിന്നു വഴി തുറന്നു തന്നത് ദാ ഇവിടെയായിരുന്നു.
ലിഫ്റ്റില്‍ വച്ച് അമ്മ കൈ പിടിച്ചമര്‍ത്തിക്കൊണ്ടു ശിരസ്സു മെല്ലെയനക്കി പറയാന്‍ ശ്രമിച്ചത് “ഒന്നുമില്ല കുട്ടീ…” എന്നായിരുന്നിരിയ്ക്കണം. അവ അമ്മയുടെ അവസാനവാക്കുകളാകുമെന്നു നിരീച്ചിരുന്നില്ല.
ഇത്തവണ കോണിപ്പടവുകള്‍ നടന്നു കയറി. ഒടുവില്‍ ഐസിയുവിന്‍റെ ഇടനാഴി, ഇടനാഴിയുടെയറ്റത്ത് ഐ സി യു.
കോണി കയറിയതു കൊണ്ടാവണം, ഹൃദയമിടിപ്പ് ഉച്ചത്തിലായിരിയ്ക്കുന്നു. ഓരോ ചുവടും വയ്ക്കാന്‍ ബുദ്ധിമുട്ട്. പാദങ്ങളില്‍ ഭാരം.
വര്‍ഷങ്ങളുടെ ഭാരം.
അഞ്ചു മുറികള്‍ക്കപ്പുറത്തുള്ള ഐ സി യു വിന്‍റെ മുന്നിലെത്താന്‍ മണിക്കൂറുകള്‍ എടുത്തപോലെ.
അതാ, അവിടുന്നാണ് ഓഫീസിലേയ്ക്കു ഫോണ്‍ ചെയ്തത്. ഗദ്ഗദം കാരണം വാക്കുകള്‍ ഉച്ചരിയ്ക്കാന്‍ ബുദ്ധിമുട്ടിയിരുന്നു.
“ഷീ ഈസ്‌ ഇന്‍ എ ക്രിററിക്കല്‍ സ്റ്റേജ്. വീ ആര്‍ ട്രൈയിംഗ് അവര്‍ ബെസ്റ്റ്‌. യൂ നീഡ്‌ റ്റു ബി ഹിയര്‍ .” ഇതാ ഇവിടെ വച്ചാണ് ഡോക്ടര്‍ അതു പറഞ്ഞത്‌. ഇവിടെ പകപ്പോടെ മരവിച്ചു നിന്നു.
ഐ സി യു വിന്‍റെ മുന്നില്‍ , തളര്‍ന്ന്, ചുവരില്‍ച്ചാരി നിന്നിരുന്നത് ഇവിടെയാണ്.
രാത്രി ഇടയ്ക്ക് ചുവരില്‍ച്ചാരി നിലത്തിരിയ്ക്കും.
കുറച്ചുനേരം ഇരുന്നു കഴിയുമ്പോള്‍ പെട്ടെന്നു ചാടിയെഴുന്നേല്‍ക്കും. അമ്മ വിളിച്ചോ. സംശയം, വിളിച്ചില്ലേ ? സിസ്റ്ററുറങ്ങിപ്പോയിട്ടുണ്ടാകുമോ?
ഐ സി യു വിന്‍റെ വാതിലിലൂടെ ഉറ്റു നോക്കും.
അമ്മ കണ്ണു തുറന്നു നോക്കുന്നുണ്ടോ? ശിരസ്സു മെല്ലെ ചലിപ്പിച്ച് അകത്തേയ്ക്കു വിളിയ്ക്കുന്നുണ്ടോ?
ഇന്ന് അകത്തേയ്ക്കു നോക്കാന്‍ ധൈര്യം വരുന്നില്ല.
ഇന്ന്‍ അകത്ത് അമ്മയില്ല. കട്ടിലുകളില്‍ മറ്റാരെങ്കിലുമൊക്കെയായിരിയ്ക്കും.
ഉറപ്പ്.
ഉറപ്പോ?
ഉറപ്പ്. അകത്ത്‌ അമ്മയില്ല. അമ്മയുണ്ടായിരുന്നു. പത്തു വര്‍ഷം മുന്‍പ്. പക്ഷെ ഇന്നില്ല.
ഇന്നുമുണ്ടെങ്കിലോ?
ഇല്ല, ഇന്നില്ല. ഇന്നുണ്ടാവില്ല.
കത്തുന്ന ചൂട്ട് പുറം തിരിഞ്ഞു നിന്നു കൊണ്ട് ചിതയ്ക്കടിയില്‍ വച്ചതും, ആളിക്കത്തുന്ന ചിത നിര്‍ദ്ദയം അമ്മയുടെ ശരീരത്തിലേയ്ക്കു പടരാന്‍ തുടങ്ങുന്നതു കാണാന്‍ ധൈര്യപ്പെടാതെ അകത്തു കയറി കട്ടിലില്‍ കമഴ്ന്നു കിടന്നതും ഞാന്‍ തന്നെയായിരുന്നു.
എങ്കിലും….യേശുക്രിസ്തു തിരിച്ചു വന്നില്ലേ.
അമ്മ യേശുക്രിസ്തുവായിരുന്നില്ല. അമ്മ മനുഷ്യസ്ത്രീയായിരുന്നു.
എന്നാലും….യേശുക്രിസ്തുവോളം വാത്സല്യമുള്ള ഒരു മനുഷ്യസ്ത്രീയായിരുന്നില്ലേ അമ്മ…ഒരു തവണ കൂടി പുറത്തു വരാന്‍ അമ്മയ്ക്കു പറ്റില്ലേ?
ഒരൊറ്റത്തവണ കൂടി കുട്ടീയെന്ന വിളി കേള്‍ക്കാന്‍ ….
പത്തു വര്‍ഷം അമ്മയെ മറന്നു….അമ്മേ….
‘സാരമില്ല കുട്ടീ’ എന്നു കേള്‍ക്കാന്‍ കാതോര്‍ത്തു.
ഐ സീ യുവിന്‍റെ അടഞ്ഞ വാതിലിന്‍റെ നേരേ കൈകൂപ്പി, കണ്ണുകളടച്ചു ധ്യാനിച്ചുകൊണ്ടു നിന്നു.
“ഏതു പേഷ്യന്‍റിനെക്കാണാനാ?” കണ്ണു തുറന്നു നോക്കുമ്പോള്‍ ഒരു സിസ്റ്റര്‍ . ഐ സി യു വിന്‍റെ വാതില്‍ ഒരല്‍പം തുറന്നിരിയ്ക്കുന്നു. പരിചയമില്ല. എല്ലാവരും മാറിക്കാണും. വര്‍ഷങ്ങളേറെ കഴിഞ്ഞുവല്ലോ..
“അല്ല” എന്നു പറയാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തു വന്നില്ല. ഈറനായ കണ്ണുകള്‍ മറയ്ക്കാന്‍ വേണ്ടി ചരിച്ചു പിടിച്ച ശിരസ്സ് നിഷേധാര്‍ത്ഥത്തില്‍ കുലുക്കിക്കൊണ്ട്, വിമ്മിഷ്ടത്തോടെ തിരിഞ്ഞു നടന്നു.
അമ്മയുടെ തഴുകുന്ന കരങ്ങളെ സങ്കല്‍പിച്ച്, കോണിയുടെ കൈവരിയില്‍ സ്പര്‍ശിച്ചു കൊണ്ട് ഓരോ പടവും ഇറങ്ങി.
ആശുപത്രിയുടെ ഗെയ്റ്റിലൂടെ പുറത്തു കടന്ന കാര്‍ മടക്കയാത്ര ആരംഭിച്ചു.
കാറിന്നകത്തെ ഘനീഭവിച്ച നിശബ്ദത ശാരദ ശ്രദ്ധിച്ചു കാണണം. അവളറിയാത്ത കാര്യങ്ങളില്ലല്ലോ.
കാര്‍ ഒരു വശത്തൊതുക്കി നിറുത്തിയിട്ടവളെന്നെ നോക്കി.
നിറഞ്ഞ കണ്ണുകള്‍ കണ്ടാവണം, അവളെന്‍റെ നേരെ രണ്ടു കൈകളും നീട്ടി.
ഞാനവളുടെ ചുമലില്‍ തല ചായ്ച്ചു കുട്ടിയെപ്പോലെ വിങ്ങി വിങ്ങിക്കരഞ്ഞു.
_________________________________

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...