Showing posts with label 59. Show all posts
Showing posts with label 59. Show all posts

27 Apr 2013

അമ്മ

പ്രമോദ്കുമാർ 

“പെട്ടെന്ന് ഈ മരുന്ന് വാങ്ങി വരണം .ഇവിടെ കിട്ടിയില്ലെങ്കില്‍ പുറത്തു നിന്നും വാങ്ങി കൊണ്ട് വരണം .”
നേഴ്സ് ശീട്ട് നീട്ടികൊണ്ട് പറഞ്ഞു.അയാള്‍ അതും കൈപറ്റി കൊണ്ട് താഴേക്കു ഓടി .ഇത് എത്ര ദിവസമായി ഈ ഓട്ടം തുടങ്ങിയിട്ട് ..ഇനി എത്ര നാള്‍ ഓടണം.ആര്‍ക്കും ശരിയായി ഒരു അഭിപ്രായം ഇല്ല.അമ്മയെ ഇവിടെ ആക്കിയിട്ടു രണ്ടു ആഴ്ചകള്‍ ആയി.അതിനു മുന്‍പ് വേറെ ആശുപത്രിയില്‍ ആയിരുന്നു.അവിടുന്നാണ് ഇവിടേയ്ക്ക് ആക്കുവാന്‍ പറഞ്ഞത്.പ്രായം ഉണ്ട് ..ഒരു എഴുപതുവരും.പ്രായത്തിന്റെ എല്ലാ അസുഖങ്ങളുംഒന്നിച്ചു തന്നെ ഉണ്ട്.അതിനിടയിലാണ് മുറ്റത്തു വീണത്. അതോടെ എല്ലാ അസുഖങ്ങളും ഒന്നിച്ചു ആക്രമിച്ചു.ഇപ്പോള്‍ തീരെ വയ്യ.ഒന്നും പറയാന്‍ പറ്റില്ല എന്നാണ് വന്ന അന്ന് ഇവിടുന്നു പറഞ്ഞു കൊണ്ടിരുന്നത്.അത് തന്നെ ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു.
മക്കളുടെ അഭിപ്രായത്തില്‍ അമ്മ കുറച്ചു കാലം ആയി എല്ലാവരെയും വിഷമിപ്പിക്കുകയാണ്. രോഗവും ആശുപത്രിവാസവും തന്നെ കാരണം.ഇപ്പോള്‍ ഇത് കുറെ പ്രാവശ്യമായി.ആശുപത്രിയും വീടുമായി.അത് കൊണ്ട് തന്നെ എല്ലാവര്ക്കും അമ്മയെ മടുത്തു. വെറുത്തും തുടങ്ങിയോ?
ആറ് മക്കള്‍ ഉണ്ട് എന്ന് പറഞ്ഞിട്ടെന്തു കാര്യം.സ്വത്തുകള്‍ ഒക്കെ വീതിച്ചു കഴിഞ്ഞപ്പോള്‍ അമ്മയെ ആര്‍ക്കും വേണ്ടാതായി.അത് മാത്രമല്ല കാര്യം .അമ്മ എപ്പോഴും സ്വന്തം കാര്യങ്ങള്‍ക്കാണ് പ്രാധ്യാനം കൊടുത്തിട്ടുള്ളത്.അങ്ങിനത്തെ ഒരു കുടുംബത്തില്‍ ജനിച്ചതിനാല്‍ ആ തറവാടിത്തം നിലനിര്‍ത്തുവാന്‍ ജീവിതവും അങ്ങിനെ ആയിരുന്നു.മക്കള്‍ക്ക്‌ അച്ഛനോടായിരുന്നു അതുകൊണ്ടുതന്നെ താല്പര്യം കൂടുതല്‍.അച്ഛന്‍ പലപ്പോഴും അമ്മക്ക് മുന്നില്‍ ഒതുങ്ങി കൂടുവാനാണ് ആഗ്രഹിച്ചതും.അച്ഛന്‍ പോയപ്പോള്‍ അമ്മ ഒന്ന് ഒതുങ്ങി എന്ന് പറയാം.
നാല് പെണ്മക്കള്‍ ഉണ്ട് .പക്ഷെ അവരവരുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ അമ്മയെ നോക്കാന്‍ ആര്‍ക്കും സമയം ഇല്ല.ആദ്യം ഒക്കെ ചേച്ചിമാര്‍ വന്നു നിന്നിരുന്നു.ആശുപത്രി വാസം നീണ്ടപ്പോള്‍ അവര്‍ക്കും മടുത്തു.മരുമക്കള്‍ ആരും വരില്ല കാരണം അമ്മ അവരെ മക്കളായി ഒരിക്കലും കണ്ടിരുനില്ല മരുമക്കള്‍ ആയി മാത്രമേ കണ്ടുള്ളൂ.അതിന്റെ ഒരു ദേഷ്യം എല്ലാവര്ക്കും ഉണ്ട്.ഭാര്യയോട് ഒന്ന് രണ്ടു ദിവസം നില്ക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ ഈ കാര്യം സൂചിപ്പിച്ചു.പിന്നെ നിര്‍ബന്ധിച്ചുമില്ല.എല്ലാവര്ക്കും അമ്മ മരിക്കുന്നതായിരുന്നു താല്പര്യം.ബുദ്ധിമുട്ടണ്ടല്ലോ .ചില അവസരങ്ങളില്‍ ഞാനും അങ്ങിനെ ആഗ്രഹിച്ചു പോയോ ?എന്തിനു ഇങ്ങിനെ മറ്റുള്ളവരെ കഷ്ട്ടപെടുതുന്നു എന്ന്.
ചേട്ടന്മാര്‍ ഒക്കെ വല്ലപ്പോഴും വരും.അവരുടെ തിരക്കുകളും പരാധീനതകളും പറഞ്ഞു തിരിച്ചു പോകും.സഹികെട്ടപ്പോള്‍ ഒരിക്കല്‍ പറഞ്ഞു പോയി.
“എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം .നിങ്ങള്‍ ഇങ്ങിനെ ഇവിടെ വന്നു കഷ്ട്ടപെടെണ്ട ”
അത് അവര്‍ക്കും ഒരു ആശ്വാസം ആയി കാണും.പിന്നെ ഇപ്പോള്‍ വരാറെയില്ല .എല്ലാറ്റിനും ഞാന്‍ മാത്രം.അങ്ങിനെയാണല്ലോ പലപ്പോഴും.അമ്മയോട് എനിക്കെന്നും സ്നേഹമായിരുന്നു.അമ്മയില്‍ നിന്നും വേണ്ടത്ര സ്നേഹം കിട്ടിയില്ലെങ്കില്‍ കൂടി എനിക്ക് മാത്രം എങ്ങിനെ അമ്മയെ സ്നേഹിക്കുവാന്‍ പറ്റുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .പലരും ചോദിചിട്ടുമുണ്ട്..അതുകൊണ്ട് എനിക്ക് വിഷമം ഒന്നും തോന്നിയില്ല.എന്റെ അമ്മയെ ഞാനല്ലേ നോക്കേണ്ടത് എന്ന് കരുതി. ജോലി ചെയ്യുന്ന സ്ഥലത്തെ മുതലാളി കാര്യം പറഞ്ഞപ്പോള്‍ വേണ്ടത്ര ലീവ് അനുവദിച്ചത് കൊണ്ട് അത്തരം ഒരു ടെന്‍ഷന്‍ ഇല്ല.എന്നാലും അവര്‍ ഇനി എത്ര നാള്‍ ഇതുപോലെ എന്നെ കാണും ?പ്രൈവറ്റ് ആയതിനാല്‍ അവരുടെ ചിന്തകള്‍ എപ്പോള്‍ വേണമെങ്കിലും മാറാം.
ഒന്ന് രണ്ടു മെഡിക്കല്‍ ഷോപ്പ് കയറേണ്ടി വന്നു.അതുമായി ഓടി പിടിച്ചു എത്തിയപ്പോഴേക്കും കുറച്ചു വൈകിയിരുന്നു.താമസിച്ചാല്‍ എപ്പോഴും വഴക്ക് പറയുമായിരുന്ന നേഴ്സ് ഒന്നും പറഞ്ഞില്ല . അവര്‍ ശാന്തമായി പറഞ്ഞു
“ഇനി ഇതിന്റെ ആവശ്യം ഇല്ല .അവര്‍ പോയി.”
എവിടെയോ ഒരു ആളല്‍ .എന്റെ അമ്മ പോയി.ഈ ലോകത്തുനിന്നും…ഇനി ആരും ബുദ്ധിമുട്ടേണ്ട .ഇനി അമ്മ ആര്‍ക്കും ഒരു ഉപദ്രവം ആകില്ല.
വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു.മരുമക്കളും മക്കളും ഒക്കെ നാട്ടുകാര്‍ക്ക് മുന്നില്‍ നന്നായി അഭിനയിച്ചു.അവര്‍ അമ്മയെ പുകഴ്ത്തി പാടി.ചേട്ടന്മാര്‍ ഒക്കെ എല്ലാറ്റിനും ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു.നാട്ടുകാര്‍ക്ക് മുന്‍പില്‍ അവര്‍ നല്ല മക്കള്‍ ആയി.ഞാന്‍ മാത്രം ഒതുങ്ങികൂടി.
ശവമടക്കു കഴിഞ്ഞു.നാട്ടുകാര്‍ ഒക്കെയും പിരിഞ്ഞുപോയി.വീട്ടുകാര്‍ മാത്രം ആയി.പിന്നെ പിന്നെ അവരും കുറഞ്ഞു തുടങ്ങി.എല്ലാവര്ക്കും പോകുവാന്‍ ഓരോരോ കാരണങ്ങള്‍ .ആരും ആരെയും തടഞ്ഞില്ല.കാരണം അവരും ഇന്നലെങ്കില്‍ നാളെ ഇതേപോലെ പോകേണ്ടവര്‍ ആയിരുന്നു. അകലങ്ങളില്‍ ഉള്ളവര്‍ മാത്രം അവിടെ തങ്ങി.അന്ന് പോകുവാന്‍ പറ്റാത്തവര്‍ മാത്രം
മനസ്സില്‍ എല്ലാവരാലും വെറുക്കപെട്ട അമ്മയുടെ മുഖം വന്നു.ഞാനും ആഗ്രഹിച്ചു പോയി അമ്മെ ….അമ്മയുടെ മരണത്തിനു ….എന്നോട് ക്ഷമിക്കൂ അമ്മെ ….ഉറക്കം വരാതെ തിരിഞ്ഞുമറിഞ്ഞു കിടക്കുന്നതിനിടയില്‍ പ്രാര്‍ഥിച്ചു
“ദൈവമേ ആരെയും വിഷമിപ്പിക്കാതെ എന്നെ ജീവിക്കുവാന്‍ അനുവദിക്കണം.ആര്‍ക്കെങ്കിലും ഭാരം ആവും എന്ന് തോന്നിയാല്‍ എന്നെ അങ്ങോട്ട്‌ വിളിക്കണമേ ……”

23 Feb 2013

ബ്ലാക്ക്മാന്‍

ഹരി കോവിലകം 

രണ്ടു കൂട്ടുകാരുമൊത്ത് അവിചാരിതമായി രാത്രിയില്‍ നടക്കേണ്ട സാഹചര്യമുണ്ടായി . അതില്‍ ഒരുവന്‍ എവിടേയോ വച്ച് വഴിമാറി നടന്നു. ഞങ്ങള്‍ നടന്നു ഒരു ഇറക്കത്തിന്റെ ആരംഭത്തില്‍ എത്തി. ആ ഇറക്കത്തിന്റെ മധ്യത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ നടന്നു പോകുന്നു. തൊട്ടു പിന്നില്‍ നരച്ചു വലിയ മീശയോട് കൂടിയ, കുടവയര്‍ ഉള്ള , കറുത്ത കോട്ടുകൊണ്ട് ശരീരം മുഴുവന്‍ മറച്ച ഒരു വലിയ രൂപം അവരെ പിന്തുടരുന്നു . സംഭവം അറിയാന്‍ ഞാനും സുഹൃത്തും വലിഞ്ഞു നടന്നു . അവന്റെ കയ്യിലെ വലിയ ടോര്‍ച്ചിന്റെ മൂട് കണ്ടതുകൊണ്ടാവണം ആ കറുത്ത രൂപം തിരിഞ്ഞു നടന്നു. അവന്‍ പെണ്‍കുട്ടികളെ അന്വേഷിച്ചു വീണ്ടും വലിഞ്ഞു നടന്നു. ഒപ്പം ഞാനും!
പക്ഷെ ആ കറുത്ത രൂപം എന്നെ കടന്നു പോയശേഷം എന്നില്‍ എന്തോ സംഭവിക്കുന്ന പോലെ തോന്നി. ഞാനും കൂട്ടുകാരനെ അനുഗമിക്കാന്‍ ശ്രമിച്ചു. പക്ഷെ രണ്ടടി നടന്നപ്പോള്‍ ചലന ഗതിമാറി ചെറു വരമ്പിലേക്കിറങ്ങി . വല്ലാത്ത തളര്‍ച്ചയും, ബോധം നഷ്ടപ്പെടുന്ന ഒരനുഭവമാണ് തോന്നിയത് . കുറച്ചു നീങ്ങിയപ്പോള്‍ തളര്‍ച്ച കാരണം വീണുപോയി. കുറേശെ സ്വബോധവും നഷ്ടമാകുന്നുണ്ടായിരുന്നു… കൂട്ടുകാരന്‍ വിളിപ്പടിന്റെ സീമയ്ക്കപ്പുറത്തെക്കായിരുന്നു. പക്ഷെ ആ ഇരുണ്ട രൂപം തിരിച്ചു പോയ ഭാഗത്ത് നിന്ന് വളരെ വേഗത്തിലുള്ള കാല്‍ പെരുമാറ്റം എനിക്ക് കേള്‍ക്കാമായിരുന്നു. അതുകൊണ്ട് തന്നെ അവിടെ നിന്നും എണീക്കണം. ഭയത്തിന്റെ ചെണ്ടാകോലുകള്‍ എന്റെ മനസ്സില്‍ ആസുര താളം തീര്‍ത്തുകൊണ്ടിരുന്നു. നഷ്ടപ്പെടുന്ന ഓര്‍മ തിരിച്ചു പിടിക്കാന്‍ വേണ്ടി എന്റെ പേര് ഞാന്‍ ഓര്‍ത്തു .
വളരെ പണിപ്പെട്ടു ഓര്‍ത്തെടുത്ത എന്റെ പേര് കയ്യില്‍ കിട്ടിയ എന്തോ കൊണ്ട് തറയില്‍ കോറി. അപ്പോള്‍ സ്വബോധം തിരിച്ചുവരവിന്റെ യാത്രക്ക് വളരെ വേഗം ഒരുങ്ങി . വളരെ പണിപ്പെട്ടു കൊണ്ടു അവിടെ നിന്ന് എണീറ്റ്‌ ആ വരമ്പിലൂടെ ഒരു കുളത്തിന്റെ അരികിലൂടെ വീണ്ടു പ്രധാന പാതയിലേക്ക്. ഞാന്‍ അവിടെ എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ കൂട്ടുകാരനും അവിടെ എത്തി. ” എത്ര ശ്രമിച്ചിട്ടും ആ പെണ്‍കുട്ടികളുടെ പൊടിപോലും കാണാന്‍ കഴിഞ്ഞില്ല” ഞാന്‍ ഒന്നും പറഞ്ഞില്ല. ഞങ്ങള്‍ തിരികെ നടന്നു; വീട്ടിലേക്ക് . പോകുംവഴി അവന്‍ പറഞ്ഞു “അയാള്‍ ഇനി വല്ല കടവരാന്തയില്‍ കിടക്കുമോ? നമ്മള്‍ പോയിട്ട് എണീറ്റ്‌ പോകാന്‍ വേണ്ടി ?” “ഇല്ല, അമ്പലത്തില്‍ ഉത്സവമല്ലേ നമുക്ക് പെട്ടെന്ന് കണ്ടെത്താനാകില്ലേ? അതുകൊണ്ട് ഒരിക്കലുമില്ല”
പക്ഷെ മറ്റൊരു രൂപത്തെ ഇടയ്ക്ക് എവിടെയോ കണ്ടു! ചിലപ്പോള്‍ വീണു കിടന്നിടത്തായിരിക്കും! നല്ല പൊക്കം പക്ഷെ മെലിഞ്ഞിട്ടാ അപ്പൊ അയാളോ ?നേരം പുലര്‍ന്നു. നീറ്റിയ ഉമി ഇടതു കൈ കുമ്പിളിലും പച്ചീക്കില്‍ ചെവിയുടെ മുകളിലും വച്ച് കുളിക്കനായ്‌ നടന്നു ഒപ്പം രണ്ടു കൂട്ടുകാരും.പല്ലുതേച്ച് കുളത്തിലേക്ക് ചാടി നിവര്‍ന്നപ്പോള്‍ എന്തോ നല്ല സുഖം തോന്നി! തലേന്ന് നടന്നത് അല്പം വിശദമായിത്തന്നെ അവരോടു വിവരിച്ചു.ജിജ്ഞാസയുടെ ഭാവം അവരില്‍ അലയടിച്ചു. അത് മറയ്ക്കാന്‍ ഒരുവന്‍ പറഞ്ഞു സ്വബോധം നഷ്ടപ്പെടുമ്പോള്‍ സ്വന്തം പേര് ഓര്‍ത്തെടുക്കനാകുമെങ്കില്‍ സ്വബോധം തിരികെ വരുമല്ലേ? ആ കറുത്ത രൂപത്തിന്റെ നിഗൂഡതയിലേക്ക് ഊളിയിടാന്‍; നിജസ്ഥിതി അറിയാന്‍ മൂവരും തീരുമാനിച്ചു. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ രാത്രിക്കുവേണ്ടി കാത്തിരുന്നു.
പതുങ്ങി ഇരിക്കുകയായിരുന്ന ഞങ്ങള്‍ക്ക് മുന്നിലൂടെ വീണ്ടും ആ കറുത്ത രൂപങ്ങള്‍ കടന്നുപോയി ! ഞങ്ങള്‍ ആര്‍ത്തു വിളിച്ചു കൊണ്ടു അവയെ ഓട്ടിച്ചു. ആ രൂപങ്ങള്‍ ഒരു കൊടുങ്കാറ്റുപോലെ പിടിതരാതെ റബ്ബര്‍ തോട്ടങ്ങളും വയലുകളും താണ്ടി കാണാമറയത്തേയ്ക്ക് . ഞങ്ങളും പിന്തുടര്‍ന്നു . ആ ഓട്ടം ഒരു കുന്നിന്‍ ചെരുവിലാണ് അവസാനിച്ചത്. കിഴക്ക് വെള്ളി മേഘങ്ങള്‍ താലപ്പൊലിയേന്തി സൂര്യോദ്യത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍കുന്നു.
വളരെ തളര്‍ച്ചയില്‍ ആയിരുന്നു ഞാന്‍ . കൂട്ടുകാര്‍ വഴികെവിടെയോ കൊഴിഞ്ഞു. ക്ഷീണത്താല്‍ മിഴിയടഞ്ഞുപോയി. തിരിച്ചറിവിന്റെ ഒരു നറുതിരി തെളിഞ്ഞു. ഞാന്‍ തേടിയ ബ്ലാക്ക്മാന്‍ എന്റെ ഉള്ളില്‍ തന്നെയാണ്. കൂടെ വന്നവര്‍ നേരത്തെ മനസിലാക്കിയാതാണോ അതോ തിരിച്ചറിവില്‍ എന്റെ ഉള്ളില്‍ അസ്തമിച്ച ഞാനറിയാത്ത ഞാന്‍ ആണോ ഈ കൂട്ടുകാര്‍ ?
***************
ഈ ചിന്തകള്‍ അവസാനിക്കുന്നത് അമ്മയുടെ വിളിയോടെയാണ് “മോനെ നേരം വെളുത്തു എണീക്ക്”

/

24 Jan 2013

സർപ്പപുരാണം-1


ഡോ.വേണു തോന്നയ്ക്കൽ

നാം പാമ്പിനെ കണ്ടിരിക്കുന്നു. നേരിട്ട്‌ കാണാൻ കഴിയാത്തവർ പാമ്പിന്റെ ചിത്രങ്ങൾ എങ്കിലും കണ്ടിരിക്കും. നമ്മെ ഏറെ സ്വാധീനിച്ചിട്ടുള്ള ജീവികളാണ്‌ പാമ്പുകൾ. പാമ്പുകളോട്‌ നമുക്ക്‌ വെറുപ്പും ഭയവുമാണ്‌. അതിനാൽ നാം അവയെ എവിടെ കണ്ടാലും കൊല്ലാൻ താൽപര്യം കാണിക്കുന്നു.
    പാമ്പിന്റെ ആകൃതിയും സ്വഭാവ ഗുണങ്ങളും അവയെക്കുറിച്ച്‌ കേട്ട്‌ വളർന്ന കഥകളുമാവാം നമുക്കവയോട്‌ തോന്നുന്ന ഭയത്തിനാധാരം. പാമ്പിനെ പിടികൂടി കൊന്ന്‌ തുകൽ ശേഖരിച്ച്‌ വിൽക്കുന്നവരും പാമ്പിൻവിഷമെടുക്കുന്നവരുമുണ്ട്

‌. പാമ്പിൻവിഷം. പാമ്പിൻവിഷം ഔഷധനിർമ്മാണത്തിനു ഗവേഷണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു.
    പാമ്പുകളെ ആഹാരമാക്കുന്നവർ ചൈന തുടങ്ങിയ രാജ്യങ്ങളിലുണ്ട്‌. പാമ്പുകളോട്‌ ഭയവും വെറുപ്പുമില്ലാത്തവരും അവയെ സ്നേഹിക്കുന്നവരുമുണ്ട്‌. പാമ്പുകളെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ഹെർപെറ്റോളജി.
    പാമ്പുകളോട്‌ നമുക്കുള്ള ഭയം ചൂഷണം ചെയ്യുന്നവരും പാമ്പുകളെ ആരാധിക്കുന്നവരും അവയെകുറിച്ചുള്ള അന്ധവിശ്വാസ പ്രചരണവുമായി കഴിഞ്ഞു കൂടുന്നവരും അനവധി.
    പാമ്പിനെ ചൂഷണം ചെയ്യുന്നവരാണ്‌ പാമ്പാട്ടികൾ. വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പിനെ ഉപദ്രവിക്കുന്നത്‌ കുറ്റകരമാണ്‌. എന്നു കരുതി ആരും പാമ്പിനെ കൊല്ലുകില്ലായെന്ന്‌ ധരിക്കേണ്ടതില്ല. പാമ്പാട്ടികളുടെ പ്രവർത്തിയും ന്യായമായും കുറ്റകരം തന്നെ. എന്നാൽ അത്‌ ഒരു വിഭാഗം ആളുകൾ പരമ്പരാഗതമായി ഉപജീവനാർത്ഥം ചെയ്തുപോരുന്ന ഒരു തൊഴിലും അതൊരു കലയും വിനോദവുമാകയാലും അവർ പാമ്പുകളെ ഉപദ്രവിക്കുന്നില്ലയെന്നതിനാലും പാമ്പാട്ടികൾക്കെതിരെ അധികൃതർ കണ്ണടയ്ക്കുന്നു.
    അതിക്രൂരവും നിന്ദ്യവും പൈശാചികവുമായ എത്രയോ പീഡനങ്ങളെ അധികൃതർ കണ്ടില്ലായെന്നു കരുതുന്നു. ആനയോട്‌ കാണിക്കുന്നതരത്തിലുള്ള പീഡനം ലോകത്ത്‌ ഒരു ജനതയും ഒരു ജീവിയോടും കാണിക്കുന്നില്ലായെന്നു വേണം കരുതുവാൻ. പിന്നെയാണോ പാമ്പാട്ടിയുടെ ഈ ചെറിയ വിനോദ പ്രകടനം പാമ്പാട്ടിയുടെ ഈ പ്രകടനം മൂലം കാണികൾക്ക്‌ പാമ്പിനോടുള്ള അറപ്പും വെറുപ്പും ഭയവും കുറയുകയാണ്‌. അങ്ങനെ നോക്കുമ്പോൾ പാമ്പാട്ടിയുടെ ഈ തൊഴിൽ വലിയൊരു ധർമ്മമാണ്‌.
    എന്നിരുന്നാലും പാമ്പാട്ടി ചെയ്യുന്നത്‌ ഒരുതരം പറ്റിപ്പാണ്‌. പാമ്പാട്ടി കാഴ്ചക്കാരെ വിഡ്ഢികളാക്കുകയാണ്‌. പാമ്പാട്ടി പാമ്പിനെ കളിപ്പിക്കുന്നത്‌ നേരിട്ട്‌ കണ്ടിട്ടില്ലാത്തവർ സിനിമകളിലെങ്കിലും കണ്ടിരിക്കും. കണ്ടിട്ടില്ലായെങ്കിൽ ഇനി കാണാൻ ശ്രമിക്കുക.
    പാമ്പാട്ടി മകുടി ഊതുന്നതിനൊത്ത്‌ പാമ്പ്‌ പത്തിയുയർത്തി ആടുകയാണ്‌. അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തുന്ന ശബ്ദം കേൾക്കാനാവാത്ത പാമ്പുകൾ എങ്ങനെയാണ്‌ മകുടി സംഗീതം കേൾക്കുന്നത്‌.
    മകുടി ഊതുന്നതിനൊത്ത്‌ പാമ്പാട്ടി തലയും മകുടിയും ആട്ടുന്നു. പാമ്പ്‌ അതാണ്‌ ശ്രദ്ധിക്കുന്നത്‌. നിശ്ചലദൃശ്യങ്ങളേക്കാൾ ചലിക്കുന്ന ദൃശ്യങ്ങളാണ്‌ പാമ്പുകളുടെ കണ്ണുകളിൽ കൂടുതൽ തെളിയുന്നത്‌.
    കൂടാതെ സ്വന്തം കാൽപാദങ്ങൾകൊണ്ട്‌ പാമ്പാട്ടി തറയിൽ താളം പിടിക്കുന്നുണ്ടാവും പ്രതലത്തിലുള്ള നേരിയ പ്രകമ്പനം കൂടി പാമ്പുകൾക്ക്‌ തിരിച്ചറിയാനാവും. അതും പാമ്പുകളുടെ നൃത്തചലനങ്ങളെ സ്വാധീനിക്കുന്നു. അപ്പോൾ പിന്നെ മകുടി സംഗീതമെന്തിനെന്ന്‌ നിങ്ങൾ ചോദിക്കാം. അത്‌ തനിക്കു ചുറ്റിലും നിൽക്കുന്ന ആൾക്കൂട്ടത്തെ സ്വാധീനിക്കാൻ.
    സംഗതി എന്തുതന്നെയായാലും പാമ്പ്‌ പാമ്പാട്ടിയുടെ ഇച്ഛയ്ക്കൊത്ത്‌ ചലിക്കുന്നുണ്ടല്ലോ. പാമ്പാട്ടി പാമ്പിനെ നിയന്ത്രിക്കുന്നു. ജീവിയ്ക്കാനായി ചില കള്ളങ്ങളൊക്കെ പാമ്പാട്ടി പറയും. എങ്കിലും സർപ്പവുമായി ബന്ധപ്പെട്ട്‌ പ്രചരിപ്പിയ്ക്കുന്ന അന്ധവിശ്വാസങ്ങളേക്കാൾ എത്രയോ ഭേദം.
    പാമ്പ്‌ പാലും പഴവും കഴിക്കുമെന്ന്‌ വിശ്വസിക്കുന്ന സാധാരണ ജനം ഇന്നുമുണ്ട്‌. സർപ്പക്കാവുകളിൽ പാമ്പിനെ ആരാധിക്കുകയും അതിന്‌ പാലും പഴവും നിവേദിക്കുകയും ചെയ്യുന്നു. പാമ്പുകളേയും അവയുടെ ജീവിതരീതിയേയും കുറിച്ച്‌ ധാരാളം ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും ആചാരങ്ങളും നിലവിലുണ്ട്‌.
    പാമ്പിനെ തല്ലിയാൽ കൊല്ലണം. ചതിച്ചുവിടരുത്‌. ഇതൊരു പഴയ വിശ്വാസമാണ്‌. നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഇന്നും ഇത്തരം വിശ്വാസങ്ങൾ പച്ചപ്പിട്ടു കിടക്കുന്നു. പാമ്പ്‌ വൈരാഗ്യപൂർവ്വം മടങ്ങി വന്ന്‌ പാമ്പിനെ തല്ലിയ ആളെ കടിക്കും. അത്രകണ്ട്‌ ഓർമശേഷിയും പ്രതികാരബോധവുമുള്ള ജീവിയത്രേ സർപ്പം. പാമ്പിനെ തല്ലുക തന്നെ വേണമെന്നില്ല. ഏതെങ്കിലും തരത്തിൽ ഉപദ്രവിച്ചാൽ മതിയത്രേ ഈ ധാരണ ശുദ്ധഭോഷത്തരമെന്നതിനു തെളിവ്‌ അതിന്റെ മസ്തിഷ്കം തന്നെയാണ്‌. തീരെ ചെറുതും വളർച്ച കുറഞ്ഞതുമായ മസ്തിഷ്കത്തിൽ ഓർമ്മ, വൈരാഗ്യം തുടങ്ങിയ ഉന്നത മസ്തിഷ്ക പ്രവർത്തനങ്ങളില്ല. എന്റെ കുട്ടിക്കാലത്ത്‌ ഞാൻ കേട്ടുവളർന്നത്‌. തന്നെ ശല്യം ചെയ്ത ഒരാളെ സർപ്പം വൈരാഗ്യപൂർവ്വം പിൻതുടരുകയും പറന്നു കൊത്താൻ ശ്രമിക്കുകയും ചെയ്തു. അയാൾ പ്രാണരക്ഷാർത്ഥം സ്വന്തം മുണ്ടുരിഞ്ഞ്‌ വീശിയിട്ട്‌ ഓടി രക്ഷപ്പെട്ടു. പാമ്പ്‌ മുണ്ടിൽ കൊത്തി സംതൃപ്തിയടഞ്ഞുവത്രേ.
    പത്തി അറുത്തുമാറ്റിയാൽ കൂടി മൂർഖൻ പറന്നുവന്നു കടിക്കും. ഇത്‌ മനുഷ്യമനസ്സിൽ രൂഢമൂലമായ മറ്റൊരു അബദ്ധധാരണയാണ്‌. പറക്കാൻ കഴിയാത്ത പാമ്പിന്റെ തലമാത്രമായെങ്ങനെയാണ്‌ പറക്കുന്നത്‌. ഭാവനയിൽ നെയ്തെടുത്ത ഭീകരകഥകളാണവ. എന്നാൽ തലമുറിച്ചുമാറ്റിയാലും വിഷമുറയാത്ത പക്ഷം കുറേനേരത്തേക്ക്‌ വിഷത്തിന്‌ ശക്തിയുണ്ടായിരിക്കും.
    ദേവനാഗത്തിന്‌ സ്വർണ്ണനിറമാണ്‌. ഇതിന്‌ അപൂർവ്വ സിദ്ധികളുണ്ടെന്നും ഇതിന്റെ വായിലാണ്‌ ആപൂർവ്വരത്നമായ മാണിക്യകല്ല്‌ ഇരിക്കുന്നതെന്നും വിശ്വസിക്കുന്നു.
    പാമ്പുകൾക്ക്‌ പലതരം മാസ്മരികശക്തിയുള്ളതായി ചിലർ വിശ്വസിക്കുന്നു. പാമ്പുകൾ മനുഷ്യസ്ത്രീയിൽ പ്രേമബദ്ധരാവുമത്രെ. പാമ്പിന്റെ ഫണവും ലിംഗോദ്ധാരണവും തമ്മിലുള്ള താരതമ്യമാവാം ഇക്കഥയ്ക്ക്‌ പിന്നിൽ. മൂർഖനെ ആൺപാമ്പായും മറ്റുള്ള പാമ്പുകളെ പെണ്ണായും കരുതുന്നവരുമുണ്ട്‌. ഇവിടെ മൂർഖന്റെ ഫണത്തെ ഉദ്ധരിച്ചുവരുന്ന പുരുഷലിംഗസമാനമായി കരുതുന്നതാവാം ഈ അജ്ഞതയുടെ രഹസ്യം.
    ചിലയിനം സർപ്പങ്ങളെ ഉപദ്രവിച്ചാൽ സർപ്പശാപമേൽക്കുമെന്നും തന്മൂലം കുടുംബനാശമുണ്ടാവുമെന്നും വിശ്വസിക്കുന്ന ആളുകളുമുണ്ട്‌. അത്തരം ധാരണകളുമായി ജീവിച്ചുപോരുന്ന തറവാടുകളുണ്ട്‌. നാഗക്കാവും നാഗപ്പാട്ടും നാഗത്തറയും പാമ്പിൻ നൃത്തവുമൊക്കെ ഇത്തരം വിശ്വാസങ്ങളുമായി ബന്ധപ്പെട്ടവയാണ്‌. ഈവക മൂഡവിശ്വാസങ്ങളുടെ നിഴൽപറ്റി രചിച്ച സാഹിത്യകൃതികളും നിർമ്മിച്ച സിനിമകളുമുണ്ട്‌.
    പാമ്പുകടിയെകുറിച്ചും പാമ്പുകടിക്കുന്ന ചികിത്സാരീതിയെകുറിച്ചുമുണ്ട്‌ അനവധി മണ്ടത്തരങ്ങൾ. എത്ര ഉഗ്രവിഷമുള്ള പാമ്പുകടിച്ചാലും അതിനെ തിരിച്ചുകടിച്ചാൽ മതിയത്രേ കടിച്ചവിഷം ഇറങ്ങും. എന്നാൽ മറ്റൊരു സംഗതിയുണ്ട്‌ പാമ്പിനെ കടിച്ചയാളുടെ വായിൽ പല്ലുകളൊന്നുമുണ്ടാവില്ല. ഒക്കെയും ഒരു കഥയാണ്‌. തെളിവിനായി മുഴുവൻ പല്ലും കൊഴിഞ്ഞ ഒരപ്പൂപ്പനുമുണ്ടായിരുന്നു.
    വിഷചികിത്സയ്ക്കുമുണ്ട്‌ അനവധി പ്രാകൃതവും ക്രൂരവുമായ അന്ധവിശ്വാസ ജഡിലവുമായ മാർഗ്ഗങ്ങൾ. പാമ്പുകടിച്ച കോൾവായിൽ വിഷക്കല്ല്‌ പിടിപ്പിച്ച്‌ വിഷമിറക്കുന്ന പരിപാടിയുണ്ട്‌. കോൾവായിൽ കോഴിയുടെ ഗുദം ചേർത്തുവച്ച്‌ വിഷമിറക്കുന്ന വിദ്യ ഏറെ വാർത്താപ്രാധാന്യം ലഭിച്ചതാണ്‌. ഇതൊക്കെ സഹിയ്ക്കാം. ഇതേക്കാൾ അവിശ്വസനീയമായ വേലകൾ വേറെയുമുണ്ട്‌. കടിച്ചപാമ്പിനെ വരുത്തി വിഷമിറക്കും. അതുകഴിഞ്ഞാൽ പിന്നെ പാമ്പു ജീവിച്ചിരിക്കില്ല. ഏതെങ്കിലും നാഗത്തറയിൽ പോയി തലതല്ലിച്ചാവും. നാഗത്തറയില്ലേൽ നല്ല കല്ലുകൾ ഏതെങ്കിലും മതിയാവും. മടങ്ങിവന്ന്‌ വിഷമിറക്കിയതിൽ അഭിമാനക്ഷതമേറ്റ്‌ മനംനൊന്താവും അത്തരത്തിൽ ചെയ്യുന്നത്‌. മനുഷ്യർക്കു കൂടിയില്ലാത്ത ദുരഭിമാനബോധം മസ്തിഷ്കം അധികം വികസിച്ചിട്ടില്ലാത്ത ഒരു പാവം ജീവിയെകുറിച്ചുള്ള കെട്ടുകഥകളാണിതൊക്കെയും.
    ഇത്തരം അന്ധവിശ്വാസങ്ങളും അബദ്ധ ധാരണകളും നമുക്ക്‌ മാത്രമായുള്ളതല്ല. ലോകമെമ്പാടുമുള്ള ജനത ജാതിമതഭേദമന്യേ പാമ്പിനെ ഭയക്കുകയും അന്ധവിശ്വാസം പ്രചരിപ്പിക്കുകയും കഥകൾ മെനയുകയും ആരാധിക്കുകയും ചെയ്യുന്നു. ഇതിനോക്കെ ഒരു പ്രധാന കാരണം പാമ്പുകളോട്‌ നമുക്കുണ്ടായ ഭീതിയും അങ്ങനെ അവയ്ക്ക്‌ ലഭിച്ച അംഗീകാരവും ആദരവുമാണ്‌. പാമ്പിന്റെ ആകൃതിയും ജീവിതരീതികളും മറ്റൊരു ഘടകമാണ്‌. പാമ്പുകളോട്‌ നമുക്കുണ്ടായ ഭീതിയുടെ അടിസ്ഥാനം അവയുടെ വിഷശക്തിയാണ്‌. പാമ്പുകടിയേറ്റ്‌ എത്രയോ മരണങ്ങൾ. മരണബോധം അനവധി കഥകൾക്ക്‌ പ്രചോദനമായി. കാലനും പോത്തിന്റെ മേൽ കയറുമായി വരുന്ന രൂപവും പ്രേതാത്മക്കളും ഭൂതപ്രേത പിശാചുകളുമൊക്കെ മരണഭയത്തിന്റെ പ്രോഡക്ടുകളാണ്‌. ജീവിയ്ക്കാനുള്ള ഒരു ജീവിയുടെ ആഗ്രഹത്തിൽ നിന്നാണ്‌ മരണഭയം ഉടലെടുക്കുന്നത്‌. ജീവിതം വെറുക്കുന്നവരിൽ മരണഭയം ഇല്ലാതാവുകയും അവർ മരണത്തെ സ്നേഹിക്കുകയും മരണത്തിന്റെ വഴി സ്വീകരിക്കുകയും ചെയ്യുന്നു. നമുക്കുള്ള ഒരു കഴുത്തും അതിൽ കുരുക്കിയാൽ മരിക്കുമെന്ന ബോധവുമാണ്‌ കാലന്‌ കയറുനൽകിയത്‌. കാണാൻ അത്ര ചന്തമില്ലാത്ത ഒരു സാധാരണമൃഗമാണ്‌ പോത്തും അതിന്റെ ഇണയായ എരുമയും. കൊലനടത്താൻ കയറുമായി പോവുന്ന കാലന്‌ സഞ്ചരിക്കാൻ പോത്തിനെ നൽകിയത്‌ പോത്തിന്റെ പൗരുഷമോർത്താണ്‌.
    പാമ്പിനോടുള്ള ഭയം അതിന്റെ രൂപവുമായി കോർത്ത്‌ വായിയ്ക്കാൻ തുടങ്ങി. പാമ്പിന്റെ വിഷത്തിന്റെ ശക്തി നമ്മിലുണ്ടാക്കിയ അങ്കലാപ്പ്‌ കാർക്കോടകനും കാളിയനും ജന്മമേകി. കാളിയനെ മർദ്ദിച്ചു കൊന്ന ശ്രീകൃഷ്ണനിലൂടെയും വാസുകി ഛർദ്ദിച്ച വിഷം ഏറ്റുവാങ്ങി സ്വന്തം കണ്ഠത്തിൽ നിറുത്തി നീലകണ്ഠനായ ശിവനിലൂടെയും നാം സർപ്പഭയത്തിൽ നിന്നും മോചിതരാവാൻ ശ്രമിച്ചു. കൃതികൾക്ക്‌ ജീവൻ നൽകിയ കവിയും സാഹിത്യകാരനും പിന്നെ സഹൃദയരായ വായനക്കാരും പരമാനന്ദം പൂകിയപ്പോൾ സാധാരണക്കാർ സർപ്പക്കാവുകൾ ഉണ്ടാക്കി സർപ്പാരാധനയും നടത്തി മനഃസമാധാനം തേടി. അതിദുരൂഹമായ മനുഷ്യമനസ്സ്‌ ഇന്നും ഇത്തരം അനവധി അന്ധവിശ്വാസങ്ങളുടേയും അബദ്ധപഞ്ചാംഗങ്ങളുടെയും തണലിൽ ഉറങ്ങാനാഗ്രഹിക്കുകയാണ്‌.
    സർപ്പക്കാവുകൾ അന്ധവിശ്വാസത്തിന്റെ പ്രോഡക്ട്‌ ആണെങ്കിലും സർപ്പങ്ങളെ അകാരണമായി കൊന്നൊടുക്കുന്ന ജനത്തിൽ നിന്നും അവയെ രക്ഷിയ്ക്കാൻ ഒരുപാധിയായി കാണാം. കാടുകൾ ഇല്ലാതാക്കി പരിസ്ഥിതി നാശം വരുത്തുമ്പോൾ ഒരു കൊച്ചുകാടായ മിനി ആവാസവ്യവസ്ഥയായ സർപ്പക്കാവുകളെ സംരക്ഷിച്ച്‌ പ്രകൃതിയോട്‌ കടപ്പാട്‌ കാട്ടാം. പാമ്പിനോടുള്ള വെറുപ്പുപോലെ സ്നേഹവും ബഹുമാനവും നമുക്കുണ്ടായിരുന്നു. ശ്രീകൃഷ്ണനെക്കൊണ്ട്‌ കാളിയനെ കൊല്ലിച്ചവർ തന്നെയാണ്‌ ഒരേ ശക്തിയായ വിഷ്ണുവിന്‌ പാലാഴിയിൽ അനന്തശയനമൊരുക്കിയതും. നാഗപഞ്ചമി ദിവസം മറാത്തികൾ മൂർഖനെ നെയ്യും പഴങ്ങളും കൊണ്ട്‌ ആരാധിക്കുന്നതും. പാമ്പിൽ നമുക്ക്‌ വിശ്വാസം ജനിച്ചാൽ അത്‌ നമ്മെ ഉപദ്രവിക്കില്ലായെന്ന്‌ അമേരിക്കയിലെ ചില ക്രിസ്ത്യൻ വിഭാഗക്കാർ വിശ്വസിക്കുന്നു.
    ഈ വിശ്വാസങ്ങൾക്ക്‌ ഒരു കാലത്ത്‌ ഒരു പ്രദേശത്ത്‌ താമസിച്ചിരുന്ന ഒരു വലിയ വിഭാഗം ജനതയുടെ സാംസ്കാരികമായ തലമുണ്ടായിരുന്നു. അവരുടെ ചിന്തയ്ക്കും ജീവിതസാഹചര്യങ്ങൾക്കും ഭാവനയ്ക്കും പങ്കുണ്ടായിരുന്നു. ആ വിശ്വാസങ്ങളുടെ നാഡിപിടിച്ച്‌ അക്കാലത്തെ ജീവിതത്തിന്റെ സ്പന്ദനമറിയാമായിരുന്ന വെറും അന്ധവിശ്വാസങ്ങൾ മാത്രമായിരുന്നുവേന്നു തിരിച്ചറിഞ്ഞിട്ടും യഥാർത്ഥ്യ​‍െമെന്തെന്നറിയാൻ ഇന്ന്‌ ശാസ്ത്രം നമുക്കൊപ്പം ശയിച്ചിട്ടും അന്ധവിശ്വാസ പ്രചരണം ഒരുവാശിപോലെ എടുത്ത്‌ സാധാരണ ജനതയെ ചൂഷണം ചെയ്യുന്നത്‌ എന്തിന്റെ പേരിലാണ്‌.
    അതവിടെ നിൽക്കട്ടെ. നമുക്ക്‌ പാമ്പിനെ പരിചയപ്പെടാം. ഇങ്ങനെ തുടങ്ങാം. ഈ പറഞ്ഞതും കേട്ടതൊന്നുമല്ല പാമ്പ്‌. അത്‌ ഒരു റെപ്ടിലിയയാണ്‌. സ്ക്വമേറ്റ ഗോത്രത്തിലെ ഒഫീഡിയെ അഥവാ സർപ്പെന്റസ്‌ ഉപഗോത്രത്തിൽ ആണ്‌ സർപ്പങ്ങൾ ഉൾപ്പെടുന്നത്‌. പതിനഞ്ച്‌ കുടുംബങ്ങളിലായി 456 ജെയിനെറകൾ. ആകെ 2900 ഇനം പാമ്പുകൾ. അതിൽ 236 ജാതികൾ ഇന്ത്യയിൽ. ബാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. അന്റാർട്ടിക്കയൊഴിച്ച്‌ ലോകമെമ്പാടും പാമ്പുകളുണ്ട്‌. ഇവ പല വലിപ്പത്തിലുണ്ട്‌. വിഷപാമ്പുകളും വിഷമില്ലാത്തവയുമുണ്ട്‌. കരയിൽ കഴിയുന്നവയും മരത്തിൽ കഴിയുന്നവയും പിന്നെ ജലത്തിൽ കഴിയുന്നവയുമുണ്ട്‌. അങ്ങനെ വിവിധതരത്തിൽ വിവിധ വലിപ്പങ്ങളിൽ വ്യത്യസ്ഥ സ്വഭാവരീതികളോടെ നീണ്ടുരുണ്ട ഒരു ജീവി. അതാണ്‌ സർപ്പം. പാമ്പ്‌.
    ക്രട്ടേഷ്യസ്‌ കൽപത്തിലാണ്‌ ഇവയുടെ ജനനം. അക്വാട്ടിക്‌ ലിസാർഡുകളിൽ നിന്നും ഉണ്ടായതാവണം പാമ്പുകളെന്നു കരുതുന്നു. ആധുനിക കാലത്തെ പാമ്പുകൾ പാലിയോസീൻ തൽപത്തിലാണ്‌ ജനിച്ചതു. കൈകാലുകൾ ചുരുങ്ങി ഇല്ലാതായി നീണ്ടുരുണ്ട്‌ ഒരു ജീവിയുടെ സൗഭാഗ്യങ്ങളോടെ അവൻ പിറന്നു. അതൊരു പരിണാമമായിരുന്നു. തന്റെ ഉപയോഗ നിരുപയോഗ സിദ്ധാന്തത്തിലൂടെ ലാമാർക്ക്‌ അതിനെ ന്യായീകരിച്ചു. കൈകാലുകൾക്കുപയോഗമില്ലാതെ ലോപിച്ചില്ലാതായപ്പോൾ ആവശ്യമുള്ള ശരീരഭാഗങ്ങൾ പൂർവ്വാധികം ശക്തിയോടെ നിലനിന്നു. അങ്ങനെ അതൊരു പാമ്പായി. നാഗമായി. നാടുമുഴുവൻ ഇഴഞ്ഞ്‌ നീളവും വീതിയുമളന്നു. കൈകാലുകളില്ലാതെ മണ്ണിൽ യാത്രചെയ്യാമെന്ന്‌ തെളിയിച്ചു. അതിലേക്ക്‌ വേണ്ട അനുകൂലനങ്ങളോടെ മണ്ണിന്റെ രാജാവായി.

22 Dec 2012

സ്വപ്നം


മായ  ഷാജി

എങ്ങുപോയ്‌ മറഞ്ഞെൻ പ്രിയ സ്വപ്നം
ഏറെ തിരഞ്ഞു ഞാനേറെ വിഷണ്ണയായ്‌
ദുഃഖമേറെയുണ്ടെനിക്കതിൽ, കൈവിട്ടു-
പോയരെൻ പ്രിയസ്വപ്നത്തെയോർത്ത്‌
    മഴവില്ലിന്നേഴു നിറങ്ങളും ചേർന്നൊരു
    മയിൽപ്പീലിത്തുണ്ടായിരുന്നെൻ സ്വപ്നം
    നനുത്ത കുളിർചൊരിയുമൊരു ചാരു
    മഴനീർക്കണമായിരുന്നെൻ സ്വപ്നം
കിലുകിലെ കിലുങ്ങിടുമൊരു പൊന്നിൻകൊലുസിൻ
അരിയമുത്തുമണികളായിരുന്നെൻ സ്വപ്നം
നിറയെ പൂത്തുലഞ്ഞൊരു അരിമുല്ലതൻ
സുരഭിപേറുമൊരു മാരുതനായിരുന്നെൻ സ്വപ്നം
    എങ്കിലും കളഞ്ഞുപോയെവിടെയോ
    ഞാനേറെ സ്നേഹിച്ചിരുന്നെൻ പ്രിയ സ്വപ്നം.
    കൊതിക്കുന്നുണ്ടു,  ഒരു കുളിർത്തെന്നലായി,
    എന്നെ പുൽകിടുവാൻ, പ്രിയ സ്വപ്നത്തെ.

22 Nov 2012

ഒരു നുണക്കഥ

ഗോകുൽ ഉണ്ണിത്താൻ

ഇന്നലെ ഇറങ്ങിയപ്പോഴേ പറഞ്ഞതാണ് രാവിലെ മീറ്റിംഗ് ഉണ്ട് നേരത്തെ വരണം എന്ന്... നേരത്തേ പറഞ്ഞത് കൊണ്ടോ എന്തോ ഇന്ന് നന്നായി താമസിച്ചാണിറങ്ങിയിരിക്കുന്നത്. എന്തെങ്കിലും ഒരു കാരണം പറഞ്ഞേ ഒക്കു, അല്ലാതെ വേറെ വഴിയില്ല. മനസ്സ് നിറയെ  ഓഫീസില്‍ പറയുവാന്‍ വേണ്ടി പഴുതുകളില്ലാത്ത കള്ളങ്ങള്‍ ഒരുക്കുന്നതിന്‍റെ ചിന്തകളാണ്... ഇത് കേട്ട നിങ്ങള്‍ വിചാരിക്കും ഓഫീസില്‍ ആദ്യമായ് താമസിച്ചു ചെല്ലുന്നതായിരിക്കും എന്ന്. എന്നാല്‍ അങ്ങനെയല്ല.... ഇതൊരു പതിവ് രീതി തന്നെയാണ്, അതുകൊണ്ട് പറയുന്ന കള്ളം ഓഫീസിലുള്ളവര്‍ അപ്പാടെ വിശ്വസിച്ചു കളയും എന്ന ഒരു പ്രതീക്ഷയും ഇല്ല... എങ്കിലും രാവിലെ എഴുന്നേല്‍ക്കാന്‍ താമസിച്ചു, കിടന്നുറങ്ങിപ്പോയ്, വണ്ടി ലേറ്റ് ആയ്, എന്നൊക്കെ ഉള്ള സ്ഥിരം പല്ലവികള്‍ ഏറ്റു പറയുന്നതിലും ഭേദം എന്തെങ്കിലും സാഹസിക കഥകള്‍..., അല്ലെങ്കില്‍ വല്ല രക്ഷപെടുതലുകളുടെയും കഥകള്‍..., അതുമല്ലെങ്കില്‍ അങ്ങനെ വല്ല ഹീറോയിസവും തുളുമ്പുന്ന കഥകള്‍ പറയുന്നതല്ലേ എന്ന ഒരു വെടക്കുചിന്ത എന്‍റെ മനസ്സില്‍ ഉണ്ടായ്‌. ഒരല്‍പം ഫ്രീ ലാന്‍സിങ്ങും മറ്റു ചില പ്രോജെക്ടുകളുടെ ക്ലൈന്‍സിനേം ഒക്കെ കൈകാര്യം ചെയ്തിട്ടുള്ളതുകൊണ്ട് നാവിനിപ്പോള്‍ നന്നായി കളവു വഴങ്ങും ഒപ്പം മുഖത്തിനും... ഇപ്പൊ വന്നു വന്നു ചിന്തിക്കുന്നതിലും അത് പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു....
 

ഒരഞ്ചു മിനുട്ടില്‍ കൂടുതല്‍ കാക്കേണ്ടി വന്നു ഓഫീസിലേക്കുള്ള ബസ്‌ കിട്ടാന്‍. പതിവ് ബസ്‌ അല്ല, ഏതോ സമയം തെറ്റി വന്ന ബസ്‌.! എന്നെ പോലെ തന്നെ എന്തൊക്കെ വന്നാലും, ഈ ഭൂമി തന്നെ ഇല്ലാതായാലും ശരി കൃത്യ സമയം എന്നൊന്നുണ്ടെങ്കില്‍ അതണുവിട പാലിക്കാത്ത ഒരു പാവം ബസ്‌ .... പുറകിലുള്ള ഏതോ ഒരു ബസ്സിനിട്ടു പണിയും കൊടുത്തു കൊണ്ടുള്ള വരവാണ് എന്ന് റോഡ്‌ നിറഞ്ഞുള്ള അതിന്‍റെ വരവും വേഗതയും കണ്ടാലെ അറിയാം....

 അധികം ആളുകളില്ല രണ്ടു മൂന്നു സീറ്റുകള്‍ കാലി ആണ്. സൈഡ് സീറ്റു നോക്കി ഞാനിരുന്നു. അങ്ങിനെ റോഡിലും റോഡ്‌ സൈഡിലുമായ് ഉള്ളവരെ വിറപ്പിച്ചു കൊണ്ട് ആ പാവം സമയം തെറ്റി വന്ന  ബസ്‌ യാത്ര തുടങ്ങി. ടിക്കറ്റെടുത്തത്തിനു ശേഷം ഞാന്‍ എന്‍റെ അതിസങ്കീര്‍ണമായ ചിന്തകളിലേക്കും വ്യാപ്രതനായ്.. സങ്കീര്‍ണത എന്ന് പറയുമ്പോള്‍, ഒരു കള്ളം മെനഞ്ഞെടുക്കുവാന്‍ വേണ്ടി എന്‍റെ ജീവിതത്തില്‍ ഇത്രയും സര്‍ഗ വേദന അനുഭവിച്ചിട്ടുള്ള ഒരു സന്ദര്‍ഭവും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും..

ഓഫീസിലേക്കുള്ള സമയവും ദൂരവും കുറഞ്ഞു കുറഞ്ഞു വരുന്നു... പാവം ഭ്രാന്ത് പിടിച്ച ബസ്‌ ആണെങ്കില്‍ ഒടുക്കത്തെ സ്പീടിലും.... അതിനനുസരിച്ച് എന്‍റെ ചിന്തയുടെ വേഗതയും കൂടി.... മനസ്സ്,  പഴയ സിനിമാക്കഥകളിലും വായിച്ച പുസ്തകങ്ങളിലുമൊക്കെയ്യായ് അരിച്ചു പെറുക്കുകയാണ് ഒരു കാരണത്തിന് വേണ്ടി... വയറിളക്കം, തലവേദന, ചേട്ടന് വയ്യ, അമ്മൂമ്മേം കൊണ്ട് ഹോസ്പിറ്റലില്‍, അച്ഛന് മരുന്ന് വാങ്ങല്‍ എന്ന് വേണ്ട കൂട്ടുകാരന്‍റെ ചേട്ടന്‍റെ അമ്മാവന്‍റെ ഉപ്പൂപ്പാന്‍റെ  അനുജത്തീടെ കല്യാണം വരെ കാരണമാക്കിട്ടുണ്ട്.... എന്തെങ്കിലും പുതിയതൊന്നു  കണ്ടു പിടിച്ചേ പറ്റു.... അത്രയും ശക്തമായതോന്നു.... കാരണം അത്രയ്ക് താമസിച്ചേ!!!  ഇപ്പൊ മനസ്സിലായില്ലേ.... ആ സര്‍ഗ വേദന..... അതെത്ര ആഴത്തിലുള്ളതാണ് എന്ന്....

പെട്ടന്നായിരുന്നു ആ ബ്രയ്ക്!!! ആലോചിച്ചു തലനിറച്ചു വച്ചിരിക്കുന്ന കള്ളങ്ങളുടെ ഭാരം കൊണ്ടോ എന്തോ ചെന്നിടിച്ചത് മുന്നിലെ സീറ്റിന്‍റെ ഹാന്‍ഡില്‍ബാറില്‍.... ചുറ്റുപാടും ചെറുതായൊന്നു കറങ്ങി എന്ന് തോന്നുന്നു... ചില നക്ഷത്ര പകര്‍ച്ചകളും കണ്ടു (എണ്ണാന്‍ പറ്റിയില്ല ). നെറ്റിയും തിരുമ്മിക്കൊണ്ട് നേരെ അടുത്തിരുന്നവനെ നോക്കി... ഹൊ! സമാധാനം! ആശ്വാസം! അവനും നെറ്റി തിരുമ്മുകയാണ്, എനിക്ക് മാത്രമല്ല അവനും കിട്ടി... ! എന്താണ് സംഭവിച്ചതെന്നറിയുന്നതിനു മുന്‍പ് ഒരു കുട്ടിയുടെ കരച്ചിലും കേട്ടു. കരച്ചിലിന്‍റെ ശബ്ദം ഉയര്‍ന്നുയര്‍ന്നു വരുന്നു ഒപ്പം ആ അമ്മയുടെയും.... ബ്രയ്കിന്‍റെ ആഘാതത്തില്‍ മുന്‍ സീറ്റിലെ ഒരമ്മയുടെ ഒക്കത്തിരുന്ന  കൈ കുഞ്ഞ് വഴുതി വീണു.... സീറ്റിനു ചുറ്റും കൂടി നിന്ന ആളുകളെ വകഞ്ഞു മാറ്റി ഞാന്‍ നോക്കുമ്പോള്‍ അമ്മയുടെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞിന്‍റെ നെറ്റി പൊട്ടി ചോര ഒഴുകുന്നു.

കുട്ടി ഏങ്ങലടിച്ചു കരയുന്നു... ചുറ്റും കൂടി നില്‍ക്കുന്നവര്‍ പരസ്പരം നോക്കുകയാണ്... പെട്ടന്ന് ആ കുട്ടിയെ ആശ്പത്രിയിലെത്തിക്കണം അതെല്ലാവര്‍ക്കും അറിയാം പക്ഷെ ആര് കൊണ്ട് പോകും ? അതാണ്‌ ആ നോട്ടത്തിന്‍റെ അര്‍ത്ഥം. എല്ലാവര്‍ക്കും അവരവരുടെ തിരക്കുകള്‍... അവരവരുടെ ലോകം... അവരവരുടെ ജീവിതം... വേറെ ആരുമില്ലല്ലോ അതില്‍.... ദാ... അങ്ങനെയൊരു നോട്ടം എന്‍റെ മുഖത്തേക്കും. അതി വിദഗ്ദ്ധമായ് ആ നോട്ടത്തില്‍ നിന്നും ഞാനും എന്‍റെ മുഖം മാറ്റി... നോക്കിയത് ചോരയില്‍ കുളിച്ചു ഏങ്ങലടിച്ചു കരയുന്ന ആ കൈകുഞ്ഞിന്‍റെയും, കുഞ്ഞിനെ വാരിയെടുത്ത് എന്ത് ചെയ്യണം എന്നറിയാതെ അങ്കലാപ്പോടെ, വെപ്രാളത്തോടെ കരയുന്ന ആ ആമ്മയുടെയും മുഖത്തെക്ക്.. മനസ്സൊന്നു പിടഞ്ഞു.... "ഡാ വേഗം അവരെ അശ്പത്രിയിലെത്തിക്ക് " എന്ന് മനസ്സ് പറയുന്നു... പക്ഷെ ശരീരം അനങ്ങിയില്ല... ഞാന്‍ അവിടെ തന്നെ നിന്നു... ഒരു തരം അപകടകരമായ നിസ്സംഗത... എന്ത് ചെയ്യണം എന്നറിയാത്ത ഒരുപക്ഷെ അറിയുമെങ്കിലും ഒന്നും ചെയ്യാനാവാതെ നില്‍ക്കുന്ന ഈ ഒരു നിമിഷം. ഇത് പുതുതല്ല പല സന്ദര്‍ഭങ്ങളില്‍...  ഒരിക്കലെങ്കിലും ഈ ഒരു നിമിഷത്തെ പൊട്ടിച്ചെറിയാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഞാനുമൊരു മനുഷ്യനായേനെന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോള്‍... ഇക്കൂട്ടത്തില്‍ മനുഷ്യരാരുമില്ലെ...?

പക്ഷെ അങ്ങിനെ  അധിക സമയം കാക്കേണ്ടി വന്നില്ല മനുഷ്യന്മാരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.. കണ്ടക്ടറും യാത്രക്കാരനായ ഒരു ചെറുപ്പക്കാരനും. കണ്ടക്ടര്‍ ആ അമ്മയുടെ കയ്യില്‍ നിന്നും കുട്ടിയെ വാങ്ങി,ഉടന്‍ തന്നെ ചെറുപ്പക്കാരന്‍ ചാടി ഇറങ്ങി ഒരു കാര്‍ കൈ കാട്ടി നിര്‍ത്തിച്ചു... ഒരു പുത്തന്‍ ഫിയസ്റ്റ!  ആ കാറില്‍ ഉള്ളതും മനുഷ്യന്‍ തന്നെ.... ആ ചെറുപ്പക്കാരനും കാറുകാരനും കൂടി അമ്മയെയും കുട്ടിയേയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു....

നിമിഷ നേരങ്ങള്‍ കൊണ്ട് ആ സീന്‍ അവസാനിച്ചു.... കൂടി നിന്നവര്‍ ഡ്രൈവറുടെയും കുറുക്കു ചാടിയവന്‍റെയും അശ്രദ്ധയെ പഴിച്ചു കൊണ്ടും പിറുപിറുത്തുകൊണ്ടും തങ്ങളുടെ സീറ്റുകളിലേക്ക് മടങ്ങി, കൂടെ ഞാനും. പക്ഷെ അപ്പോഴും എന്‍റെ അന്ധാളിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല... സീറ്റിലെത്തി ഒരല്പം സമയം എടുത്തു പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുവാന്‍. അതുവരെ അവ്യക്തമായ്‌ കേട്ടിരുന്ന പിറുപിറുക്കലുകളും വണ്ടിയുടെ ശബ്ദവും ഒക്കെ പതുക്കെ എന്‍റെ ബോധത്തിലേക്ക്‌ തിരിച്ചെത്തി.

ബസ്‌ വീണ്ടും യാത്ര തുടങ്ങി, യാത്രക്കാര്‍ കൈകാര്യം ചെയ്യും എന്ന് പേടിച്ചിട്ടോ എന്തോ!  ഇപ്പോള്‍ പഴയ ആ വേഗത ഇല്ല. എന്‍റെ ചിന്ത വീണ്ടുമാസംഭവത്തിലേക്കെത്തി, കട്ടി മീശയും നിറയെ താടിയും ഉള്ള ആ ചെറുപ്പക്കാരന്‍റെ മുഖവും  പ്രവൃത്തിയും മനസ്സില്‍ പതിഞ്ഞുപോയിരികുന്നു. ആര്‍ക്കും ആദരവ് തോന്നുന്ന  പ്രവൃത്തി .

ഹോണ്‍ മുഴക്കി പാഞ്ഞു പോയ ട്രെയിനിന്‍റെ ശബ്ദം കേട്ടാണ് ഞാന്‍ വീണ്ടും ചിന്തയില്‍ നിന്നുണര്‍ന്നത്‌. ഓവര്‍ ബ്രിഡ്ജ് എത്തിയിരിക്കുന്നു. വരുന്ന മൂന്നാമത്തെ സ്റ്റോപ്പില്‍ ഇറങ്ങി ഒരു 250 മീറ്റര്‍ നടന്നാല്‍ ഓഫിസായ്. ദൈവമേ!! ഓഫീസ് എത്താറയ്‌! ഇനിയും എന്ത് കള്ളം പറയണം എന്ന് കിട്ടുന്നില്ല. വീണ്ടും ടെന്‍ഷന്‍.. എന്തെങ്കിലും കാര്യമായ കാര്യം പറഞ്ഞേയോക്കു അല്ലാതെ  നില്‍ക്കകള്ളി ഇല്ലാത്ത അവസ്ത്ഥ! മനസ്സ് വീണ്ടും കള്ളത്തരങ്ങളുടെ പറുദീസയും തേടി യാത്ര പുറപ്പെടുവാന്‍ ഒരുങ്ങി പക്ഷെ വേണ്ടി വന്നില്ല! തൊട്ടു മുന്‍പ് നടന്ന സംഭവത്തില്‍ അവന്‍ ഉടക്കി. അതില്‍ രക്ഷപെടുത്തിയ ചെറുപ്പക്കാരന്‍ എന്ന കഥാപാത്ത്രത്തെ മാറ്റി എന്നെ തന്നെ പ്രതിഷ്ട്ടിച്ച് യജമാന സ്നേഹം കാട്ടി.

ആ പിഞ്ചു കുഞ്ഞിനെ രക്ഷിക്കാന്‍ സമയോജിതാമായ് ഇടപെട്ടത് കൊണ്ട് മാത്രം താമസിച്ചു വന്ന എനിക്ക് നേരെ നീളുന്ന കണ്ണുകളില്‍ ഞാന്‍ കണ്ടത് ആദരവും ബഹുമാനവും പക്ഷെ എന്നെ അടുത്തറിയുന്ന കണ്ണുകളില്‍ ഞാന്‍ കണ്ടത് സംശയവും! ചെറുതായ് ഒന്ന് ചൂളിപ്പോയ് പക്ഷെ ഞാന്‍ അത് മുഖത്ത് കാട്ടിയില്ല... ഓഫീസില്‍ എന്‍റെ പ്രവൃത്തി സംസാരമായ്. ആ കള്ളം അങ്ങനെ പടരുന്നത്‌ എന്നെ ലേശം ആലോസരപ്പെടുത്തിയെങ്കിലും മറ്റുള്ളവരുടെ ബഹുമാനത്തോടെ ഉള്ള നോട്ടം കാണുമ്പോള്‍ ഞാന്‍ എവറസ്റ്റ് കീഴടക്കിയോ എന്നൊരു സംശയം എന്‍റെയുള്ളില്‍ അറിയാതെ തോന്നിപ്പോയ്‌... എല്ലാവരും അഭിനന്ദിക്കുന്നു എന്തോ നല്ല കാര്യം ഞാന്‍ ചെയ്തത്രേ...
അങ്ങനെ വെയിലുറച്ചുകഴിഞ്ഞിട്ടും എവറസ്റ്റ് കൊടുമുടിയില്‍ നിന്നിറങ്ങാന്‍ ഞാന്‍ കൂട്ടാക്കിയില്ല.. സമയം  പതിനൊന്നരയോടടുത്തു. ഞങ്ങളുടെ CEO -യും എത്തി. അപ്പോഴാണ്‌ ആ വിവരം എന്‍റെ ചെവിയിലെത്തിയത്. എല്ലാവരും കൂടി ച്ചേര്‍ന്നു ഒരു മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് എന്നെ അഭിനന്ദിക്കാന്‍ പോവാത്രേ ! ദൈവമേ ഞാന്‍ പറഞ്ഞത് മൊത്തം കള്ളം! ദെ അതിന്റെ പേരില്‍ പത്ത് നൂറ്റമ്പത് പേരെ വിളിച്ചു ചേര്‍ത്ത് മീറ്റിങ്ങും അഭിനന്ദനവും! ഒന്ന് വിറച്ചു! അതൊഴിവാക്കാന്‍ ഞാനാവുന്നത്ര ശ്രമിച്ചു. പക്ഷെ നടന്നില്ല, മണ്ണാങ്കട്ട! എങ്ങാനും, ആ സംഭവം കണ്ട ആരെങ്കിലും ഉണ്ടെങ്കില്‍ തീര്‍ന്നു... പരസ്യമായ് അതവര്‍ മീടിങ്ങിനിടയില്‍ പറഞ്ഞാല്‍... പിന്നെ.... ഓര്‍ക്കാന്‍ കൂടി വയ്യ...

മടിച്ചു നിന്ന എന്നെയും വലിച്ചു കൊണ്ട് അവര്‍ കോണ്‍ഫറന്‍സ് റൂമില്‍ എത്തി. എല്ലാവരും അവിടെയുണ്ട് CEO യും, PM ഉം, TL ഉം, സഹ പ്രവര്‍ത്തകരും എല്ലാവരും.എനിക്കുള്ള അഭിനന്ദനവും, ഇത്തരം പ്രവൃത്തികള്‍ ആലോചിച്ചു നില്‍ക്കാതെ ചെയ്യേണ്ടതിന്‍റെ ആവശ്യകതയും ജീവന്‍റെ വിലയും ഒക്കെ പറഞ്ഞു ഒരു  പത്ത് മിനിറ്റ് മീറ്റിംഗ്. ജീവന് വിലയുണ്ടോ?  പിന്നേ... മാര്‍കെറ്റില്‍ പല വിലയല്ലെ.. കോഴി ജീവന് കിലോ ഇത്ര! ആട് ജീവന് കിലോ ഇത്ര! ഓ..! അപ്പൊ ജീവന് കിലോ കണക്കാണല്ലേ! എനിക്കെന്‍റെയോരോ നിമിഷത്തിനും മണിക്കൂറുകളുടെ വിലയായിരുന്നു. ഒടുവില്‍ CEO യും സംസാരിച്ചു കഴിഞ്ഞു, മീറ്റിംഗ് പിരിഞ്ഞു, ഓരോരുത്താരായ് കോണ്‍ഫറന്‍സ് റൂമിന് വെളിയിലേക്കിറങ്ങിത്തുടങ്ങി... ഒന്നും സംഭവിച്ചില്ല...

കോണ്‍ഫറന്‍സ് റൂം രണ്ടാം നിലയിലാണ്, ഞങ്ങള്‍ റൂമില്‍ നിന്നു വെളിയില്‍ ഇറങ്ങി വരാന്തയില്‍ എത്തി. ഓഫീസ് ബോയ്‌ ഒരു ട്രേയില്‍ ലഡ്ഡു വിതരണം നടത്തുന്നുണ്ട്. അവിടെ നിന്നു നോക്കിയാല്‍ താഴെ ഓഫീസിനു മുന്‍വശവും റോഡും ഒക്കെ കാണാം.  ഇറങ്ങി വരുന്നവരില്‍ പലരും  എന്നെ നോക്കി ചിരിക്കുന്നു, കൈതരുന്നു, ചിലര്‍ തോളത്തു തട്ടി അഭിനന്ദിക്കുന്നു. ശരിക്കും പറഞ്ഞാല്‍ കള്ളം പറഞ്ഞതിന്‍റെ കുറ്റബോധമൊക്കെ ഇപ്പോളെന്നെവിട്ടു പോയ്പ്പോയ്. അങ്ങനെ ഒരു കള്ളം പറഞ്ഞില്ലായിരുന്നു എങ്കില്‍ ഇന്നൊന്നും സംഭാവിക്കില്ലായിരുന്നു പക്ഷെ പറഞ്ഞത് കൊണ്ട് എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടായ്‌. ഓ അല്ലേലും ഇക്കാലത്ത് കള്ളത്തരങ്ങള്‍ ഒന്നും ഇല്ലാതെ ജീവിക്കാന്‍ പറ്റുകേല എന്ന് പറയുന്നത് നെരാന്ന തോന്നണേ... അല്ലെ... ഇതെങ്ങനെ കള്ളമാകും നടന്നതല്ലെ... പിന്നെ ഒരു കഥാപാത്രത്തെ മാറ്റി പകരം ഞാന്‍ ആണെന്ന് പറഞ്ഞു അതത്ത്ര വല്യ തെറ്റൊന്നുമല്ലല്ലോ ...

ഇങ്ങനെ ഓരോന്നാലോചിച്ച്, ചെയ്ത വൃത്തികേടിനേയും ന്യായികരിച്ചു കൊണ്ട്   ഞാന്‍ നിന്നപ്പോള്‍, ഒരു ഷേക്ക്‌ ഹാന്‍ഡ്‌, നനുത്ത മൃദുത്വമാര്‍ന്ന കൈകള്‍. ആരാണെന്നറിയാന്‍ ആകാംഷയോടെ  ഞാന്‍ ആ കൈകളുടെ ഉടമസ്ഥന്‍റെ മുഖത്തേക്ക് നോക്കി. ഞങ്ങളുടെ CEO. ചിരിച്ചു സന്തോഷമാര്‍ന്ന മുഖത്ത് നിന്നും ചോരത്തുള്ളികള്‍ പോടിയുന്നുണ്ടോ എന്ന് തോന്നി പോകും അത്രയും ഉര്‍ജ്വസ്വല്ലതയാര്‍ന്ന മുഖം. ആരെയും കീഴടക്കാന്‍ കെല്‍പ്പുള്ള നോട്ടം... തൂവെള്ള ഷര്‍ട്ടും കറുത്ത പാന്‍സും ഷൂവും, ആര്‍ക്കും ബഹുമാനം തോന്നി പോകുന്ന കാഴ്ച്ച. വളരെ ഫോര്‍മലായ് തന്നെ ഞാന്‍ ഒരു നന്ദി പറഞ്ഞു!

 "രാവിലെ ഇറങ്ങിയപ്പോള്‍ താടിം മീശേം ഒക്കെ ഉണ്ടായിരുന്നല്ലോ ഇവിടെ വന്നു കഴിഞ്ഞു ക്ലീന്‍ ഷേവ് ചെയ്തോ ?" ചിരിച്ചു കൊണ്ടുള്ള ആ ചോദ്യം കേട്ട് , മനസിലായില്ല എന്ന ഭാവത്തില്‍ ഞാനാമുഖത്തേക്ക് നോക്കിയപ്പോള്‍, ചിരിച്ചുകൊണ്ടുതന്നെ കണ്ണുകള്‍ അടച്ചു കാണിച്ചിട്ട് കാബിനിലേക്ക്‌ കയറിപ്പോയ്. എനിക്കൊന്നും മനസ്സിലായില്ല... എന്താണങ്ങനെ പറഞ്ഞത്? എന്തോ ഉന്നം വെച്ച് പറഞ്ഞതാണ് അതുറപ്പ്‌! 

എന്താണ് പറഞ്ഞതെന്ന് മനസ്സിലാകാതെ നില്‍ക്കുമ്പോള്‍ ഓഫീസ് ബോയ്‌ കാലിയാകാറായ ട്രേയില്‍ ലഡ്ഡുവുമായ് എത്തി.  ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി. പറഞ്ഞു മടുത്തു ഇനിയുമെന്നെക്കൊണ്ട് പറയിപ്പിക്കല്ലേ എന്ന ദയനീയ സ്വരത്തില്‍ അയാള്‍ "CEO പുതിയ കാര്‍ എടുത്തു അതിന്‍റെ ചിലവാ... ദെ അതാ വണ്ടി.  " അയാള്‍ ചൂണ്ടി കാട്ടിയടത്തെക്ക് ഞാന്‍ നോക്കി... രണ്ടാം നിലയില്‍ നിന്നു ഓഫീസ്  മുറ്റത്തേക്ക്‌ നോക്കിയപ്പോള്‍ എനിക്ക് ശരിക്കും ഒരു വിറയല്‍ അനുഭവപ്പെട്ടു.... ഭൂമി മൊത്തത്തില്‍ കറങ്ങുന്നതുപോലെ, വെയില്‍ ഇല്ലഞ്ഞിട്ടു പോലും ഞാന്‍ വിയര്‍ത്തു. B P കൂടിയതോന്നുമല്ല ഓഫീസ് മുറ്റത്തു ദെ കിടക്കുന്നു ഒരു പുത്തന്‍ ഫിയസ്റ്റ!  ആ കുട്ടിയേയും കൊണ്ട് പോയ അതെ കാര്‍!! . മനസ്സില്‍ വെട്ടിയത് വെള്ളിടിയാണോ കണ്ണൂരിലെ വടിവാളാണോ എന്നൊന്നും എനിക്കറിയില്ല... എന്തായാലും കൊണ്ടത്‌ സ്ഥാനത്ത് തന്നെയാ... ആ അമ്മയുടെയും കുട്ടിയുടെയും താടിയുള്ള ചെറുപ്പക്കാരന്‍റെയും ഒക്കെ മുഖം ആ ഒരു നിമിഷത്തില്‍ മനസ്സില്‍ നിറഞ്ഞു.കുറച്ചു നേരത്തേക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ! ബസ്സില്‍ വച്ചുണ്ടായ അതെ അവസ്ഥ!.

എന്തൊക്കെ ആയാലും ശരി  ഈ ഒരു സംഭവത്തിനു ശേഷം കുറെ ഗുണങ്ങള്‍ ഉണ്ടായ്‌. താമസിച്ചു ഓഫീസില്‍ ചെല്ലുന്നത് നിര്‍ത്തി,  സത്യസന്ധന്‍ ആയില്ലെങ്കിലും! വെറുതെ കള്ളം പറയുന്നതു നിര്‍ത്തി, ഒരപകടം ഉണ്ടായാല്‍ സഹായിക്കാന്‍ പഠിച്ചു. പക്ഷെ കാര്യമിതിപ്പോ ഇങ്ങനൊക്കെയാണെങ്കിലും എന്നെ അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ പറയുന്നതു ഇത് ഇങ്ങനെ എത്ര നാള്‍ ഉണ്ടാകും എന്നത്  കണ്ടറിയാം എന്നാണ്!

23 Oct 2012

branded പ്രണയം

ക്രിസ്റ്റി

അന്നാ പാര്‍ക്കിന്റെ ഇരു മൂലക്കിരുന്നപ്പോള്‍
നമ്മുടെ ഫോണില്‍ നിന്നും ഉതിര്ന്നതു
ഒരേ ringtoneപരിചയത്തിനു കാരണം വേണ്ടാത്ത കാലത്ത്
നീ എന്നെ പരിചയപ്പെട്ടത്‌ ഒരു ringtone -ഇല് നിന്ന്.
:-)
മറ്റൊരു മൂലയ്ക്ക്,
ഇതേ ringtone കേട്ടിരുന്നെങ്കില്‍……
മറ്റൊരു പരിചയ ഭാവം ഉടലെടുക്കുമാരുന്നോ….
??
വേണ്ട..
കവിതയില്‍ ചോദ്യം ഇല്ല… ;-) ringtone -നു അപ്പുറം
ഞാന്‍ ശ്രദ്ധിച്ചത്
നിന്റെ branded shirt- ഉം
wood land shoe- ഉം .;-)
നീ ശ്രധിച്ചതെന്റെ
fastrack watch ഉം
branded jeans ഉം..
മറ്റൊരു branded partner- എ കണ്ടിരുന്നെങ്കില്‍,
നീയും ഞാനും
ringtone സൌന്ദര്യത്തെ തള്ളി പറഞ്ഞു
അങ്ങോട്ട്‌ പോകുമായിരുന്നോ ???
വേണ്ട
കവിതയില്‍ ചോദ്യം ഇല്ല…. ;-)
jeans- ഇന്റെ pocket- ഇല്
പൊങ്ങി നിന്ന purse- നു ഭാരം പോര…
credit cards ആവണം ..:-)
സ്വയം അശ്വസിക്കെ
എന്റെ mexican purse- ഇന്മേല്‍
നിന്റെ കണ്ണുകള്‍ വലം വെക്കുകയായിരുന്നു .
purse- നു ഭാരം കൂടിയ മറ്റാരേലും
അന്നവിടെ ഉണ്ടായിരുന്നെങ്കില്‍ ……..?????
വേണ്ട .
കവിതയില്‍ ചോദ്യം ഇല്ല ..;-)
ringtone സാദൃശ്യത്തില്‍ പിടിച്ചു കയറി
ഞാനും നീയും ഒരുപാടു സംസാരിച്ചു.
നീയില്ലായിരുന്നെങ്കില്‍ ഞാനും
ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നീയും
മറ്റൊരു branded partner- എ കണ്ടെതില്ലയിരുന്നോ ??
വേണ്ട ….
കവിതയില് ചോദ്യം ഇല്ല
പ്രനയികാന്‍ കാരണം വേണ്ടാത്ത കാലത്ത്
ഒരു ringtone സാദൃശ്യത്തില്‍
ഒരു മണിക്കൂര്‍ ദൈര്ഖ്യത്തില്‍
നാം പ്രണയികള്‍ ആയി… :-)
പിരിയാന്‍ കാരണം വേണ്ടാത്ത കാലത്ത്
എന്റെയും നിന്റെയും
0 bank balance- ഇന്റെ സാദൃശ്യത്തില്‍
നാം ഒരു നാള്‍ പിരിയും..
പിന്നെ എന്തിനി നാടകം ?
ആഖോഷിക്കാന്‍ മാത്രമോ??
അതോ നേരം പോക്കിനോ?
വേണ്ട….
കവിതയില്‍… അല്ല… പ്രണയത്തില്‍ ചോദ്യം ഇല്ല…
നമുക്ക് പ്രണയം തുടരാം.
പിരിയാന്‍
ഇല്ലാത്ത കാരണങ്ങള്‍ തേടും വരെ..

20 Sept 2012

നാളികേരോത്പാദക സംഘങ്ങളുടെ ഫെഡറേഷനുകൾ


കെ. എസ്‌. സെബാസ്റ്റ്യൻ

ഒരു ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമീപസ്ഥങ്ങളായ
സിപിഎസുകൾ ചേർന്ന്‌ രൂപീകരിക്കുന്നതും, ചാരിറ്റബിൾ സോസൈറ്റി ആക്ട്‌
അനുസരിച്ച്‌ പ്രവർത്തിക്കുന്നതുമായ ഒരു സംവിധാനമാണ്‌ സിപിഎഫ്‌
(കോക്കനട്ട്‌ പ്രോഡ്യൂസേഴ്സ്‌ ഫെഡറേഷൻ). സ്വതവേ ചെറിയ കർഷക കൂട്ടായ്മയായ
സിപിഎസുകൾക്ക്‌ സംഭരണ, സംസ്ക്കരണ, വിപണന പ്രക്രീയയിൽ ഏർപ്പെടുമ്പോൾ
ഉണ്ടായേക്കാവുന്ന പരിമിതികളും പരാധീനതകളും തരണം ചെയ്യുവാനുള്ള സംവിധാനം
കൂടിയായാണ്‌ ഫെഡറേഷനുകളെ ബോർഡ്‌ അവതരിപ്പിക്കുന്നത്‌. വിവിധ ജില്ലകളിലായി
150ൽ കുറയാത്ത സിപിഎഫുകൾ രൂപീകരിക്കുകയും ചുരുങ്ങിയത്‌ 100
സിപിഎഫുകളിലെങ്കിലും 10,000 നാളികേരം ഒരു ബാച്ചിൽ കൊപ്രയാക്കുവാൻ
കഴിയുന്ന ആധുനിക കൊപ്രഡ്രയറുകൾ സ്ഥാപിക്കുകയും ചെയ്യുവാനാണ്‌ ബോർഡ്‌ ഈ
സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത്‌. വിവിധ ജില്ലകളിലായി 50 ഓളം സിപിഎഫുകൾ
ഇതിനോടകം രൂപീകൃതമായിക്കഴിഞ്ഞു.
ഓരോ ഫെഡറേഷനുകളും കൊപ്ര ഡ്രയറുകൾക്കായി തയ്യാറാക്കേണ്ട പദ്ധതിയുടെ മാതൃക
ബോർഡിന്റെ വെബ്സൈറ്റായ ംംം.രീരീ​‍ി​‍ൗയ്മൃറ.ഴീ​‍്‌.ശി ൽ ലഭ്യമാണ്‌. ഓരോ
ഫെഡറേഷനും അവരുടെ അംഗങ്ങളായ സിപിഎസുകളെ സംബന്ധിച്ചും ഫെഡറേഷന്റെ
പ്രവർത്തന പരിധിയിലുള്ള നാളികേര ലഭ്യതയുടെയും വിശദാംശങ്ങളും പദ്ധതി
രൂപരേഖയിൽ ചേർക്കേണ്ടതുണ്ട്‌. ഡ്രയറിന്റേയും, ഡ്രയർ സ്ഥാപിക്കുവാൻ
ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റേയും നിർമ്മാണച്ചെലവിൽ ഏറ്റക്കുറച്ചിൽ
ഉണ്ടാകാനിടയുള്ളതിനാൽ ഓരോ ഫെഡറേഷനും അവ കൃത്യമായി നിർണ്ണയിച്ച്‌ ആവശ്യമായ
മാറ്റം പദ്ധതി രൂപരേഖയിൽ വരുത്തേണ്ടതാണ്‌.
ഫെഡറേഷൻ രൂപീകരണത്തിനുള്ള നിബന്ധനകൾ


1.      ഫെഡറേഷനിൽ ഏറ്റവും കുറഞ്ഞത്‌ നാളികേര വികസന ബോർഡിൽ രജിസ്റ്റർ
ചെയ്തിട്ടുള്ള 8 സിപിഎസുകൾ എങ്കിലും തുടക്കത്തിൽ അംഗങ്ങൾ ആയിരിക്കുകയും ഈ
സിപിഎസു കളിൽ എല്ലാം കൂടി ഏറ്റവും കുറഞ്ഞത്‌ 40,000 കായ്ക്കുന്ന തെങ്ങുകൾ
ഉണ്ടായിരിക്കുകയും വേണം.
2.      ഒരു ഫെഡറേഷനിൽ 20 മുതൽ 25 വരെ സിപിഎസുകൾ അംഗങ്ങളാകു കയും അവയുടെ
പരിധിയിൽ ഏകദേശം ഒരു ലക്ഷം കായ്ക്കുന്ന തെങ്ങുകൾ ഉണ്ടായിരിക്കേണ്ടതും
അഭിലക്ഷണീയമാണ്‌.
3.      ഒന്നിലധികം ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സിപിഎസുകൾ ചേർന്ന്‌
ഫെഡറേഷനുകൾ രൂപീകരിക്കാവുന്നതാണ്‌. എന്നാൽ വ്യത്യസ്ത ബ്ലോക്ക്‌
പഞ്ചായത്തു കൾക്ക്‌ കീഴിലുള്ള സിപിഎസുകൾ ചേർന്ന്‌ ഫെഡറേഷനുകൾ
രൂപീകരിക്കുവാൻ പാടില്ല.
4.      ഫെഡറേഷനുകൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലാത്തവയും തികച്ചും
ജനാധിപത്യപരമായി പ്രവർത്തി ക്കുന്നവയും ആയിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണ
സമിതിയായിരിക്കും ഫെഡറേഷന്റെ പ്രവർത്തന പരിപാടികൾ നടത്തേണ്ടത്‌.
രജിസ്ട്രേഷൻ
ഫെഡറേഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും ഭരണ നിർവ്വഹണവും വ്യക്തമായി
പ്രതിപാദിക്കുന്ന മാതൃക നിയമാവലി നാളികേര വികസന ബോർഡിന്റെ വെബ്സൈറ്റായ
ംംം.രീരീ​‍ി​‍ൗയ്മൃറ.ഴീ​‍്‌.ശി ൽ കൊടുത്തിട്ടുണ്ട്‌. ഇങ്ങനെ
രൂപീകരിക്കുന്ന ഫെഡറേഷനുകൾ നാളികേര വികസന ബോർഡിൽ രജിസ്റ്റർ
ചെയ്യേണ്ടതാകുന്നു. നിയമാവലിയിൽ ഭേദഗതികൾ വരുത്തുന്നതിന്‌ ബോർഡിന്റെ
മൂൻകൂർ അനുമതി വാങ്ങേണ്ടതാണ്‌. നിശ്ചിത ഫോറത്തിൽ  (അനുബന്ധം-2) താഴെ
പറയുന്ന രേഖകളോടൊപ്പമാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്‌.
ബോർഡിന്റെ സൂക്ഷ്മ പരിശോധന യിൽ രജിസ്ട്രേഷനു യോഗ്യമായി കാണുന്ന
ഫെഡറേഷനുകൾ രജിസ്ട്രേഷൻ ഫീസായ 500 രൂപ ചെയർമാൻ, നാളികേര വികസന ബോർഡിന്റെ
പേരിൽ എറണാകുളത്ത്‌ മാറാവുന്ന ഡിമാന്റ്‌ ഡ്രാഫ്റ്റായി ബോർഡിൽ
അടയ്ക്കേണ്ടതാണ്‌. രജിസ്ട്രേഷന്റെ കാലാവധി 2 വർഷമായി
നിജപ്പെടുത്തിയിരിക്കുന്നു. കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക്‌ ഫെഡറേഷ
നുകൾ രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്‌. രജിസ്ട്രേഷൻ പുതുക്കുന്നതിന്‌ 250രൂപ
(2 വർഷത്തിൽ ഒരിക്കൽ) ഫീസ്‌ നൽകേണ്ടതാണ്‌.
അപേക്ഷയോടൊപ്പം രജിസ്ട്രേഷനു വേണ്ടി നാളികേര വികസന ബോർഡിൽ സമർപ്പിക്കേണ്ട രേഖകൾ
1.      ഫെഡറേഷനുകൾ ചാരിറ്റബിൾ സോസൈറ്റിയായി രജിസ്റ്റർ ചെയ്തിട്ടുള്ള
സർട്ടിഫിക്കറ്റിന്റെ അസ്സൽ പകർപ്പ്‌.
2.      ഫെഡറേഷന്റെ നിയമാവലിയുടെയും, മെമ്മോറാണ്ടം ഓഫ്‌ അസ്സോസിയേഷന്റെയും പകർപ്പ്‌.
3.      നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്യുവാൻ തീരുമാന മെടുത്ത
പൊതുയോഗത്തിന്റെ മിനിറ്റ്സ്‌.
4.      അംഗങ്ങളായ സിപിഎസുകളെ സംബന്ധിക്കുന്ന വിവരങ്ങൾ, അനുബന്ധം-3ൽ
നൽകിയിരിക്കുന്ന പട്ടിക പ്രകാരം.
അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം:
ചെയർമാൻ
നാളികേര വികസന ബോർഡ്‌,
കേരഭവൻ, കൊച്ചി-682 011.




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...