Showing posts with label 40. Show all posts
Showing posts with label 40. Show all posts

24 Aug 2013

നല്ല മരുന്ന്‌ തീർച്ചയായും ഉണ്ട്‌



സി.രാധാകൃഷ്ണൻ

അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്നാണ്‌ പഴമൊഴി. പക്ഷെ, ഏതു കഷണ്ടിയിലും മുടി നട്ടു കിളിർപ്പിക്കാമെന്ന്‌ ഇപ്പോൾ ഉറപ്പായിട്ടുണ്ട്‌. അതുപോലെ അസൂയയ്ക്കും നല്ല മരുന്നുള്ളതായി നിശ്ചയമായിട്ടുമുണ്ട്‌. അപ്പോൾ പഴഞ്ചൊല്ലിൽ പതിരുണ്ടായിരുന്നു എന്നാണോ? അല്ല, ഈ രണ്ട്‌ പന്തികേടുകൾക്കും പരിഹാരം പ്രയാസമാണെന്നേ പഴമൊഴി പണ്ടേ ഉദ്ദേശിച്ചിരിക്കൂ. അത്‌ ശരിയുമാണ്‌. ചികിത്സ അത്ര എളുപ്പമല്ല, എന്തു കൊണ്ടെന്നാൽ എവിടെയാണൊ കോറു കേട്‌ പ്രത്യക്ഷപ്പെടുന്നത്‌ അവിടെയല്ല അതിന്റെ ഉറവിടം!
    കഷണ്ടിയെ തൽക്കാലം സൗന്ദര്യവർദ്ധനവുകാർക്കു വിട്ടുകൊടുത്ത്‌ നമുക്ക്‌ അസൂയയിലേക്ക്‌ ശ്രദ്ധ തിരിക്കാം. ആത്മനാശകരമായതിനാൽ സത്വരപരിഹാരം ആവശ്യപ്പെടുന്ന ഒരു അസുഖമാണത്‌. നമ്മുടെയും ഒപ്പം അന്യരുടെയും സൃഷ്ടിപരതയെ അത്‌ നശിപ്പിക്കുന്നു. ഭൗതികമായും അത്‌ വലിയ നഷ്ടങ്ങൾ വരുത്തുന്നു. ഓർക്കുന്നില്ലേ, ഈ അടുത്ത കാലംവരെ അതുവാങ്ങിയവനോട്‌ അതു വാങ്ങാത്തവനുള്ള അസൂയയുടെ വാലിന്റെ കൂർപ്പ്‌ മുതലെടുത്തുകൊണ്ടായിരുന്നു.
    മികച്ച പ്രകടനത്തെ ഇപ്പോഴും പുകഴ്ത്തുന്നത്‌ അസൂയാവഹം എന്നാണല്ലോ. ആരിലും അസൂയയുണ്ടാക്കാൻ മതിയായത്ര ഗംഭീരം എന്നർത്ഥം. ദേവന്മാരിൽപോലും ഉണ്ടാകാമെന്ന്‌ പുരാണകഥകൾ സൂചിപ്പിക്കുന്നു. ആരെങ്കിലും കഠിനമായി തപസ്സു ചെയ്യാൻ തുടങ്ങിയാൽ അയാൾക്ക്‌ കിട്ടാവുന്ന സിദ്ധികളോർത്ത്‌ ദേവേന്ദ്രൻ അസൂയാവുവാകുന്നു! അയാളുടെ ശ്രദ്ധ തിരിക്കാൻ പാട്ടുമാട്ടവുമായി തനിക്കു പ്രിയപ്പെട്ട നർത്തകിമാരെത്തന്നെ അയയ്ക്കുന്നു.
    കുന്തി ലക്ഷണയുക്തരായ കുട്ടികളെ പ്രസവിച്ചതു കണ്ട്‌ ഗാന്ധാരി അസൂയാലുവായി സ്വന്തം ഗർഭസ്ഥജീവനെ ഇടിച്ചും തൊഴിച്ചും പീഡിപ്പിച്ച്‌ പെറ്റത്‌ ഒരു മാംസപിണ്ഡത്തെ! ഒരു വേദവ്യാസൻ വേണ്ടി വന്നു അതിനെ നൂറായി നുറുക്കി മൺകുടങ്ങളെന്ന ടെസ്റ്റ്‌ ട്യൂബുകളിലിട്ട്‌ വളർത്തി ആളുകളാക്കാൻ. അടിയും പൊടിയും അടിച്ചുകൂട്ടി നൂറ്റൊന്നാമത്തെ മൺകുടത്തിലും വളർത്തി. അസൂയയുടെയും അക്ഷമയുടെയും ഈ കുഞ്ഞുങ്ങളും അസൂയാലുക്കളായി വളർന്നു. പാണ്ഡുവിന്റെ മക്കളുടെ കഴിവുകൾ കണ്ടുണ്ടായ അസൂയയാണ്‌ അവരെ ആക്രമങ്ങൾക്കു പ്രേരിപ്പിച്ചതു. സ്വന്തം കഴിവുകളെക്കാളേറെ അവരെ ഭരിച്ചതു മറ്റുള്ളവരോടുള്ള അസൂയയാണ്‌ എന്നർത്ഥം. കർണ്ണനും, സ്വായത്തമായ എല്ലാ കഴിവുകൾക്കും വിനയായത്‌ അർജുനന്റെ കഴിവുകളോടുള്ള അസൂയയാണ്‌. ചുരുക്കത്തിൽ, മഹാഭാരതയുദ്ധത്തിന്റെ അടിത്തറ പടുത്തിരിക്കുന്നത്‌ മഹാരോഗമായ അസൂയയുടെ കല്ലുകൾകൊണ്ടാണ്‌.
    ഇന്നും ലോകത്തുള്ള സംഘർഷങ്ങളിൽ ണല്ലോരു പങ്ക്‌ അസൂയയുടെ സന്തതിയാണ്‌. സർവവ്യാപിയായ മത്സരബുദ്ധിയുടെ പ്രധാന ഉറവിടവും അസൂയതന്നെ. അയൽക്കാരന്‌ ഉള്ളതിനേക്കാൾ വലിയ വീട്‌, അവൻ ഓടിക്കുന്നതിനേക്കാൾ വിലയുള്ള കാറ്‌, അവന്റെ ഭാര്യയേക്കാൾ സുന്ദരിയായ പെണ്ണ്‌, അവനുള്ളതിനേക്കാൾ ബാങ്ക്‌ ബാലൻസ്‌, അവനേക്കുറിച്ച്‌ പറയുന്നതിലേറെ തന്നെക്കുറിച്ചാവണം ആളുകൾ പുകഴ്ത്തിപ്പറയുന്നത്‌ - ഇങ്ങനെ പോകുന്നു അസൂയയുടെ സന്തതികളായ വികാരങ്ങളുടെ നിര. ഇപ്പറഞ്ഞതൊക്കെയും അതിലേറെയും ശരിയാക്കാൻ രണ്ടു വഴികളുണ്ട്‌. ഒന്ന്‌, ഞാൻ യഥാർഥത്തിൽ ഇതൊക്കെ അയാളേക്കാൾ അധികമായി നേടുക. രണ്ട്‌, അയാളുടെ നേട്ടങ്ങളെ ഞാൻ എവ്വിധമെങ്കിലും ഇല്ലാതാക്കുക. രണ്ടാമത്തേതാണ്‌ എളുപ്പമെന്ന കണ്ടെത്തലും അതിനുള്ള ശ്രമവുമാണ്‌ ദുരിതങ്ങളുടെ ഈറ്റില്ലം.
    കൊടുക്കില്ല കോങ്കണ്ണിക്ക്‌ തേങ്ങാമുറി എന്ന എന്റെ ശാഠ്യത്തിന്‌ ആധാരം, തേങ്ങാച്ചമ്മന്തി അരച്ചു രുചിക്കാൻ എനിക്കുള്ള ആഗ്രഹത്തിലേറെ ആ തേങ്ങാമുറി ആ കോങ്കണ്ണിക്കു കിട്ടിയാൽ അവർക്കുണ്ടാക്കാവുന്ന സന്തോഷത്തിൽ എനിക്കുള്ള അസൂയയാണ്‌. നല്ല കണ്ണുകളുള്ള അവരെ കോങ്കണ്ണി എന്നു വിളിക്കാനുള്ള പ്രചോദനവും അസൂയതന്നെ!
    മനുഷ്യർക്കു മാത്രമേ ഈ കുഴപ്പമുള്ളൂ. താൻ പുല്ലു തിന്നുകയില്ല, തൊഴുത്തിലെ പശുവിനെ പുല്ലുതിന്നാൻ അനുവദിക്കയുമില്ല എന്ന്‌ അസൂയാരോഗം ബാധിച്ചൊന്നുമല്ല ഒരു പട്ടിയും ഒരു പുല്ലുവട്ടിയിലും കിടക്കുന്നത്‌. കിടക്കാൻ പതുപതുപ്പും സുഖവും തോന്നുന്നത്‌ പുല്ലുവട്ടിയിൽ ആയതിനാലാണ്‌. തനിക്കു കിട്ടാത്ത ഇര മറ്റൊരു മൃഗത്തിനും കിട്ടുന്നതു തടയാൻ ഒരു മൃഗവും ലോകചരിത്രത്തിൽ ഇന്നോളം ശ്രമിച്ചിട്ടില്ല! ഇനിയൊരിക്കലും ശ്രമിക്കയുമില്ല!
    മറ്റൊരാളുടെ സ്ഥാനത്ത്‌ സ്വയം പ്രതിഷ്ഠിക്കാനും തന്റെ സ്ഥാനത്ത്‌ മറ്റൊരാളെ പ്രതിഷ്ഠിക്കാനും മനുഷ്യനേ കഴിയൂ എന്നതിനാലാണ്‌ ഈ വ്യത്യാസം. ഇതിൽ ആദ്യം പറഞ്ഞ കാര്യത്തിൽ നിന്ന്‌ അസൂയ ഉണ്ടാകുന്നില്ല. ഉദാഹരണം, സച്ചിൻ ടെൻഡുൽക്കറോടൊ, മറഡോണയോടൊ ത്യാഗരാജഭാഗവതരോടൊ ഒന്നും ഈ കളികളിലും സംഗീതത്തിലും ഒട്ടും കഴിവില്ലാത്ത ആർക്കും അസൂയ തോന്നുന്നില്ല. ഇവരുടെ സ്ഥാനത്ത്‌ സ്വയം അവരോധിച്ച്‌ തൃപ്തരാകാൻ ഒരു വിഷമവും ഇല്ലാത്തതിനാലാണിത്‌. നേരെമറിച്ച്‌ പാടാൻ എനിക്കൽപ്പം കൊതിയും നേരിയ വാസനയും ഉണ്ടെങ്കിൽ യേശുദാസിനോട്‌ എനിക്കസൂയയായി.  എന്തുകൊണ്ടെന്നാൽ യേശുദാസനെ എന്റെ സ്ഥാനത്ത്‌ പ്രതിഷ്ഠിച്ച്‌ താരതമ്യം ചെയ്യാതിരിക്കാൻ എനിക്കു കഴിയാതെ വരുന്നു. എന്നിട്ടൊ, യേശുദാസനോടുള്ള അസൂയ വർദ്ധിച്ച്‌ കാലുഷ്യമായിത്തീരുന്ന മുറയ്ക്ക്‌ എന്റെ പാടാനുള്ള കഴിവ്‌ നശകുശയാവുന്നു. പാടാൻ തുടങ്ങുമ്പോഴേ അസൂയയാണല്ലോ മുൻനിൽക്കുക! പിന്നെ രാഗമെവിടെ, താളമെവിടെ?
    രോഗത്തിന്റെ കാരണവും അതുവരുന്ന വഴിയും കണ്ടുകിട്ടിയ സ്ഥിതിക്ക്‌ പരിഹാരം എളുപ്പമാണ്‌. എപ്പോഴും മറ്റൊരാളുടെ സ്ഥാനത്ത്‌ സ്വയം പ്രതിഷ്ഠിച്ചു ശീലിക്കണം. ഒരിക്കലും മറ്റൊരാളെ എന്റെ സ്ഥാനത്തു കൊണ്ടുവന്നു കുടിവെച്ച്‌ കുഴപ്പമുണ്ടാക്കരുത്‌. പാടാൻ ഇരിക്കുമ്പോൾ കർശനമായും ഓർക്കുക-ഞ്ഞാൻ യേശുദാസ്‌ തന്നെയാണ്‌. ക്രിക്കറ്റ്‌ ബാറ്റ്‌ കയ്യിലെടുക്കുമ്പോൾ ഉറപ്പിക്കുക-ഞ്ഞാൻ സച്ചിൻ ടെൻഡുൽക്കറാണ്‌. കാലുകൊണ്ട്‌ വഴിയിലെ കല്ലിൻതുണ്ട്‌ തട്ടാൻ പുറപ്പെടുമ്പോഴേ ഓർക്കുക-ഞ്ഞാൻ മറഡോണയും പേലെയും ആകുന്നു!
    ചുരുക്കത്തിൽ, തന്നേക്കാൾ കഴിവുള്ള ആരെ കാണുമ്പോഴും ഓർക്കുക-ഞ്ഞാൻ അയാൾതന്നയാണ്‌. ഇത്‌ വേദാന്തവിധിപ്രകാരം സത്യവുമാണ്‌. കാരണം, എല്ലാവരിലും സമവർത്തിതമാണ്‌ ഈശം. അതിനാൽ, ആർക്കുമുള്ള കഴിവ്‌ ഐശ്വര്യമാണ്‌. എന്റേതുമാണ്‌.
    അസൂയയ്ക്കുള്ള ഒറ്റമൂലിയാണ്‌ ഗീതയിലെ വിഭൂതിയോഗം. കഴിവ്‌ ഈശ്വരസാന്നിധ്യത്തിന്‌ നിദർശനമാകയാൽ കഴിവുള്ള എല്ലാതും ഈശ്വരന്റെ വിഭൂതിയാണ്‌. അതായത്‌, തന്റേതന്നെ ആത്മാംശം. തൊട്ടെണ്ണിയാൽ കണക്കില്ലാത്തത്ര കാണും. ഹിമാലയം മുതൽ മഹാപ്രവാഹമായ ഗംഗവരെയും  എല്ലാ തുറകളിലുമുള്ള കഴിവുള്ളവർ വരെയും ആ പട്ടിക നീളും. താൻതന്നെ എല്ലാം എന്നു തിരിച്ചറിയുക. അതിന്റെ കൂടെ തനിക്കുള്ള വിഭൂതിയുടെ അംശം കണ്ടെത്തി അതും ഈ മുതൽക്കൂട്ടിലേക്ക്‌ ചേർക്കുക. അതിനു മത്സരിക്കാം. ഹിമാലയത്തിന്റെ ഉയരം നമ്മിൽ ജനിപ്പിക്കേണ്ടത്‌ അസൂയയല്ല, കുറച്ചെങ്കിലും ഉയരാനുള്ള പ്രചോദനമാണ്‌.
    ഇങ്ങനെയായാലേ സുന്ദരമായ ഒരു വസ്തു എന്നേയ്ക്കുമുള്ള പരമാനന്ദമായി ഭവിക്കൂ. കാണുന്നതിലല്ല, കാണുന്ന നമ്മിലാണ്‌ സൗന്ദര്യം ഇരിക്കുന്നതെന്ന്‌ നാം ഓർക്കാറില്ല. കണ്ടാലറിയുന്നത്‌ അകത്തുള്ള ആൾ ഉണരുന്നതിനാലാണ്‌. അകത്തുള്ള സൗന്ദര്യവും പുറത്തുള്ളതും ഒന്നാണെന്നറിയാവുന്നതിനാൽക്കൂടി

യാണ്‌ പുറത്തെ സൗന്ദര്യം വേറെയാരും കൈക്കലാക്കരുതെന്ന അസൂയാജന്യമായ ശാഠ്യം നമുക്കുണ്ടാകുന്നതും. ഈ അറിവിനെത്തന്നെ ഉപയോഗിച്ചു വേണം ഈ അസൂയയെ മറികടക്കാൻ എന്നതാണ്‌ ഇവിടത്തെ വിഷമവും സുഖവും. വാരിപ്പിടിച്ചാൽ പിടിയിൽ ഒതുങ്ങുന്നതല്ല ഒരു സൗന്ദര്യവുമെന്ന തിരിച്ചറിവ്‌ ഉണ്ടാകണം. അത്രയേ വേണ്ടൂ.
    മനുഷ്യർക്കു മാത്രമേ സ്വന്തം സർഗ്ഗവാസനയെ നശിപ്പിക്കുന്ന അസൂയയുള്ളൂ എന്നു നേരത്തെ നാം കണ്ടു. ഇണയെ സ്വന്തമാക്കാൻ മൃഗങ്ങൾ കടിപിടി കൂടുന്നത്‌ അസൂയയാലല്ല, കൂടുതൽ ശക്തനായവന്റെ വിത്തു വിളയിക്കാൻ പ്രകൃതി ഒരുക്കിയ രംഗവേദിയിലാണ്‌. അതിനൊന്നും പോകാതെ, സൃഷ്ടിപരത നന്നായി അവതരിപ്പിച്ചുകൊണ്ട്‌ അർഹത തെളിയിക്കാൻ മനുഷ്യർക്കു കഴിയും. അതേ ചെയ്യാവൂ, 
    എപ്പോഴെങ്കിലും എന്തിന്റെ പേരിലെങ്കിലും ആരോടെങ്കിലും അൽപ്പം അസൂയ തോന്നുന്നെങ്കിൽ ഉടനെ സ്വയം ചോദിക്കുക- എന്നിൽ അസൂയ ജനിപ്പിക്കുന്ന കഴിവ്‌ ഐശ്വര്യമല്ലേ, ഞാനും അതും ഒന്നുതന്നെ അല്ലേ, പിന്നെ എന്തിന്‌ ഈ അന്യത്വവും അസഹ്യതയും
?

19 Jul 2013

കറന്റ് എപ്പൊ വരും?

സുനിൽ എം എസ്

ഒരു ദിവസം ഇലക്ട്രിസിറ്റി ബോർഡുമായും ഏതാനും ദിവസം കഴിഞ്ഞപ്പോൾ വാട്ടർ അതോറിറ്റിയുമായും ഞാൻ സമാനമായ കാരണത്തിന്നായി വഴക്കടിച്ചു.
എനിയ്ക്ക് ഓഹരിക്കമ്പോളവുമായി ബന്ധമുണ്ട്. ഓഹരിക്കമ്പോളത്തിൽ വ്യാപാരം നടക്കുന്നത് തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ, രാവിലെ ഒൻപതുമുതൽ മൂന്നര വരെയാണ്. ഈ ആറര മണിക്കൂർ സമയം മുഴുവനും എന്റെ കമ്പ്യൂട്ടർ നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഒരു ട്രേഡിങ്ങ് ടെർമിനലായി മാറുന്നു. ഈ ആറര മണിക്കൂറിന്നിടയിൽ കറന്റു പോകുന്നത് എനിയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ട് അതെന്നെ ശുണ്ഠി പിടിപ്പിയ്ക്കാറുണ്ട്.
അടയ്ക്കാമരം, തെങ്ങ്, പരുത്തി, ആഞ്ഞിലി, പിന്നെ മാവ്, പ്ലാവ്, കടപ്ലാവ്, ഇങ്ങനെ വിവിധ മരങ്ങളുടെ ഇടയിലൂടെ വലിച്ചിരിയ്ക്കുന്ന ഇലക്ട്രിക് കമ്പികളാണ് ഞങ്ങളുടെ നാട്ടിലെ മിയ്ക്ക വീടുകളിലും വൈദ്യുതി എത്തിയ്ക്കുന്നത്. കാറ്റൊന്നു വീശിയാൽ ഇവയിൽ നിന്നുള്ള ഓലയോ കൊമ്പോ ഇലക്ട്രിക്ക് കമ്പികളിൽ വീഴുന്നതു സാധാരണയാണ്. മഴക്കാലമാണെങ്കിൽ ഈ മരങ്ങൾ തന്നെ മറിഞ്ഞു വീണ് കമ്പികൾ പൊട്ടുന്നതും പോസ്റ്റ് ഒടിയുന്നതും അസാധാരണമല്ല. “മഴയൊന്നു പെയ്താൽ കെ‌എസ്‌ഈ‌ബിയ്ക്കു ജലദോഷം പിടിയ്ക്കും’ എന്നു തമാശരൂപേണയെങ്കിലും പറയേണ്ടി വരാറുണ്ട്.
ഇതിനൊക്കെപ്പുറമേ, ദേശീയപാത നമ്പർ പതിനേഴിന്റെ പറവൂർ മുതൽ ഞങ്ങളുടെ മൂത്തകുന്നം വരെയുള്ള ഭാഗം ദേശീയപാത എന്ന പദവിയ്ക്ക് തീരെ അർഹതയില്ലാത്ത വിധം ഇടുങ്ങിയതാണ്. റോഡരികിൽ ഉടനീളമുള്ള ഇലക്ട്രിക് പോസ്റ്റുകളിൽ നിന്ന് ഇഞ്ചുകൾ മാത്രം അകന്നാണ് വലിയ കണ്ടെയിനറുകളും ട്രെയിലറുകളും പരക്കം പായുന്ന ബസ്സുകളും പൊയ്ക്കൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് “വണ്ടി പോസ്റ്റിലിടിച്ചു” വൈദ്യുതിവിതരണം നിലയ്ക്കുന്നത് ഞങ്ങളുടെ നാട്ടിൽ പതിവാണ്.
വാസ്തവത്തിൽ മൂത്തകുന്നം ഇലക്ട്രിക്കൽ സെക്ഷനിലുള്ളവരുടെ ജോലി ദുഷ്കരമാണ്. എന്നിരുന്നാലും, അവരത് വളരെ, വളരെ ഭംഗിയായി നിർവ്വഹിയ്ക്കുന്നുണ്ടു താനും. അതിന്നൊരുദാഹരണം പറയാം. വടക്കേക്കര സബ്സ്റ്റേഷനിൽ നിന്നാണ് ഞങ്ങൾക്ക് വൈദ്യുതി ലഭിയ്ക്കുന്നത്. ചിലപ്പോൾ സബ്സ്റ്റേഷൻ അവരുടേതായ ചില പണികൾക്കായി വൈദ്യുതി ഓഫു ചെയ്യുന്നു. ഉടൻ മൂത്തകുന്നം സെക്ഷൻ കൊടുങ്ങല്ലൂരിൽ നിന്നും ചേന്ദമംഗലത്തു നിന്നും മറ്റുമായി വൈദ്യുതി വരുത്തിത്തന്ന് ഞങ്ങളുടെ കാര്യങ്ങൾക്കു മുടക്കം വരാതെ നോക്കുന്നു. സമീപത്തുള്ള പല ഇലക്ട്രിക്കൽ സെക്ഷനുകളെപ്പറ്റിയും ഇടയ്ക്കിടെ പത്രത്തിൽ വരാറുള്ള പരാതികൾ മൂത്തകുന്നം സെക്ഷനെപ്പറ്റി പറഞ്ഞുകേട്ടിട്ടില്ല, അനുഭവിച്ചിട്ടുമില്ല.
ഇതൊക്കെയാണെങ്കിലും, ഒരു ദിവസം മൂത്തകുന്നം ഇലക്ട്രിക്കൽ സെക്ഷനുമായി എനിയ്ക്കു കലഹിയ്ക്കേണ്ടി വന്നു.
ഒരു തിങ്കളാഴ്ച രാവിലെ ഒൻപതു മണിയായതേയുള്ളു, കറന്റു പോയി. കൃത്യം ഒൻപതു മണിയ്ക്കു തന്നെ പോയതുകൊണ്ട് കെവി ലൈനിൽ പണിയുള്ളതുകൊണ്ട്  ലൈൻ ഓഫു ചെയ്തതാണോ എന്നു സംശയമായി. അത്തരം പണികളുണ്ടെങ്കിൽ അതേപ്പറ്റിയുള്ള മുന്നറിയിപ്പ് പത്രത്തിലുണ്ടാകാറുണ്ട്. അന്നത് പത്രത്തിലുണ്ടായിരുന്നില്ല. ഞാനുടൻ വിളിച്ചു ചോദിച്ചു. ഒരിടത്തൊരു പണി നടക്കുന്നുണ്ട്, അതുകൊണ്ട് ഓഫു ചെയ്തതാണ് എന്ന മറുപടി കിട്ടി. “കറന്റെപ്പോ വരും?” ഞാൻ ചോദിച്ചു. “ആ പണി തീർന്നു കഴിയുമ്പോ വരും” എന്നായിരുന്നു, മറുപടി. “കറന്റിപ്പൊത്തന്നെ തരണംന്നല്ല ഞാൻ പറയുന്നത്. കറന്റെപ്പോ തരും എന്നു മാത്രമാണ് ഞാൻ ചോദിയ്ക്കുന്നത്. പണി എത്ര മണിയ്ക്കു തീരും?” എന്നായി ഞാൻ. “പണി എപ്പൊഴാ തീരുകാന്ന് എങ്ങനെയാ പറയുകാ, ചേട്ടാ” എന്ന മറുപടി എന്നെ ചൊടിപ്പിച്ചു.
“ഇപ്പൊ നടക്കുന്ന പണി ഈ സെക്ഷനിൽ ഇതാദ്യമായൊന്നുമല്ലല്ലോ നടക്കുന്നത്. ഇതുപോലുള്ള പണികൾ ഇതിനു മുൻപ് ഒരുപാടു തവണ നടന്നിട്ടുള്ളതുമായിരിയ്ക്കും. ഇത്തരം പണികൾക്ക് ഏകദേശം എത്ര സമയം വേണ്ടി വരും എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ കഴിയേണ്ടതല്ലേ?”
“അങ്ങനത്തെ വെളിച്ചോന്നും ഇവിടില്ല. പണി തീർന്നാൽ ലൈൻ ചാർജ്ജു ചെയ്യും.”
“കറന്റെപ്പൊ വരുംന്ന് അറിയാൻ ഒരുപഭോക്താവിന്ന് അവകാശമില്ലെന്നാണോ പറയുന്നത്?” എന്നു ഞാൻ തർക്കിച്ചു.
“അതാ മലയാളത്തിൽ‌പ്പറഞ്ഞത്, പണിതീർന്നാൽ ചാർജ്ജു ചെയ്യുംന്ന്.”
“ഏ ഈയുടെ നമ്പറൊന്നു തരിൻ.”
“ഏ ഈയെ വിളിച്ചിട്ടെന്താ കാര്യം. ഞാമ്പറഞ്ഞതു തന്നെ ഏ ഈയും പറയും.”
ഞാൻ നിർബന്ധിച്ചപ്പോൾ അസിസ്റ്റന്റ് എഞ്ചിനീയറുടെ മൊബൈൽ നമ്പർ കിട്ടി. അദ്ദേഹവും ഇതൊക്കെത്തന്നെയാണു പറഞ്ഞു തുടങ്ങിയത്. ‘സാറു ചെയ്യുന്ന പണിയെപ്പറ്റി സാറിനു തന്നെ നിശ്ചയമില്ലെന്നാണോ ഞാൻ മനസ്സിലാക്കേണ്ടത്’ എന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം ഉഷാറായി.
പണിയുടെ വിശദാംശങ്ങൾ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായി അദ്ദേഹമെനിയ്ക്കു തന്നു. റോഡരികിലെ ഒരു പോസ്റ്റ് ‘ഡാമേജ്ഡ്’ ആയി നിൽക്കുകയാണ്. തൽക്കാലം അതിനെ ‘ഒരു തരത്തിലൊക്കെയൊന്ന്’ കെട്ടി നിർത്തിയിരിയ്ക്കുകയാണ്. അതൊന്നു മാറ്റാൻ പ്ലാനുണ്ട്. പോസ്റ്റ് രണ്ടു ദിവസം മുൻപ് അവിടെ കൊണ്ടുവന്നിട്ടിട്ടുണ്ട്. ഗതാഗതം തടയണം. കമ്പികൾ അഴിച്ചു മാറ്റണം. പഴയ പോസ്റ്റ് ഒടിഞ്ഞു വീഴാതെ പറിച്ചു മാറ്റണം. പുതിയ പോസ്റ്റിടാൻ പാകത്തിന്, അല്പം കൂടി അരികിലേയ്ക്കു മാറ്റി കുഴി കുഴിയ്ക്കണം. പോസ്റ്റ് ബലത്തിൽ നാട്ടണം. കമ്പികൾ കെട്ടണം. പണിസ്ഥലം വൃത്തിയാക്കണം. ലൈൻ ചാർജ്ജു ചെയ്യണം. ഗതാഗതം അനുവദിയ്ക്കണം. ഇതൊക്കെയാണു ചെയ്യാനുള്ളത്.
ഒരു കൂട്ടായ ശ്രമമായതുകൊണ്ട് പുറത്തുനിന്നുള്ള ലേബർ കൂടി വേണം. പുറത്തുനിന്നുള്ള ലേബർ ഏർപ്പാടു ചെയ്തിട്ടുണ്ട്, അവർ സ്ഥലത്തു വന്നു കിട്ടണം. അതിൽ അല്പമൊരനിശ്ചിതത്വമുണ്ട്. ആ അനിശ്ചിതത്വം നീങ്ങാൻ, അതായത് രണ്ടിലൊന്നറിയാൻ, ഒരു ഫോൺ കാൾ മതി. ആരെയാണു വിളിയ്ക്കേണ്ടതെന്നു വച്ചാൽ ആ ആളുടെ നമ്പർ തരൂ, ഞാൻ വിളിയ്ക്കാമെന്നു പറഞ്ഞപ്പോൾ, അതു വേണ്ട, ഞാൻ തന്നെ വിളിച്ചോളാം എന്ന് ഏ ഈ പറഞ്ഞു. തുടർന്ന്, മുൻപു വിവരിച്ച പണിയുടെ ഓരോ ഭാഗത്തിനും എത്ര സമയം വീതം വേണം എന്ന് എന്റെ സ്നേഹപൂർവ്വമായ നിർബ്ബന്ധത്തിനു വഴങ്ങി ഞങ്ങൾ കണക്കാക്കിയെടുത്തു. അങ്ങേയറ്റം രണ്ടര മണിക്കൂറാണ് ആ പണിയ്ക്കായി ആവശ്യം വരിക. ഒരരമണിക്കൂറു കൂടി കൂട്ടിക്കോളിൻ, എന്ന എന്റെ അഭിപ്രായം സ്വീകരിച്ച് ആകെ മൂന്നു മണിക്കൂർ ആവശ്യമുണ്ട് എന്നു തീരുമാനമായി. പണി തുടങ്ങിക്കഴിഞ്ഞ നിലയ്ക്ക്, ഇനി രണ്ടു മണിക്കൂർ കൂടി മതിയാകണം എന്നു കണക്കുകൂട്ടി. ഇപ്പോൾ സമയം ഒൻപതര. പതിനൊന്നരയ്ക്ക് ലൈൻ ചാർജ്ജു ചെയ്യാൻ സാധിയ്ക്കും, സാധിയ്ക്കണം എന്നു ഞങ്ങൾ അനുമാനിച്ചു.
‘കറന്റ് എപ്പോൾ വരും’ എന്നു വിളിച്ചു ചോദിയ്ക്കുന്ന ഉപഭോക്താക്കളോട് ‘പതിനൊന്നരയ്ക്കു വരും” എന്നറിയിയ്ക്കാൻ ഓഫീസിലെ ഫോണെടുക്കുന്നയാളെ ഇപ്പോൾത്തന്നെ ചുമതലപ്പെടുത്താമെന്ന് ഏ ഈ ഉറപ്പു നൽകി. പതിനഞ്ചു മിനിറ്റു കഴിഞ്ഞ് ഞാൻ സെക്ഷൻ ഓഫീസിലേയ്ക്കു വിളിച്ചു ചോദിച്ചപ്പോൾ ‘പണി തീർന്നാൽ ഉടൻ ചാർജ്ജു ചെയ്യും‘ എന്ന പതിവു മറുപടിയ്ക്കു പകരം, “പതിനൊന്നരയ്ക്കു ചാർജ്ജു ചെയ്യും” എന്ന മറുപടി കിട്ടി! എനിയ്ക്കു തൃപ്തിയായി.
ആകാംക്ഷയോടെ, ഒരുപക്ഷേ ഉത്കണ്ഠയോടെ വിളിച്ചുചോദിയ്ക്കുന്ന ഉപഭോക്താക്കളോട് കറന്റു വരാൻ സാദ്ധ്യതയുള്ള ഏകദേശസമയം പറഞ്ഞു കൊടുക്കാനുള്ള സ്ഥിരസംവിധാനമുണ്ടാക്കണം എന്ന എന്റെ അഭിപ്രായവും ഏ ഈ സ്വീകരിച്ചിരുന്നു. അതു മിയ്ക്കവാറുമൊക്കെ നടപ്പാകുകയും ചെയ്തു. മരംവീണെന്ന റിപ്പോർട്ടു കിട്ടി, അതു സ്പോട്ടിൽച്ചെന്നു കാണുന്നതു വരെയുള്ള അനിശ്ചിതത്വം മാത്രമേ ഇപ്പോഴുണ്ടാകാറുള്ളു. നാശനഷ്ടങ്ങൾ വിലയിരുത്തിയ ഉടനെ എത്ര മണിയ്ക്കു വൈദ്യുതിവിതരണം പുനരാരംഭിയ്ക്കാൻ സാധിയ്ക്കുമെന്ന വിവരം ഇപ്പോൾ റെഡി. ചെറുപ്രശ്നങ്ങൾ മാത്രമാണെങ്കിൽ അവർ പറയും, “ദാ, ഇപ്പൊത്തന്നെ വരും. ഒരു പത്തു മിനിറ്റ്. ഏറിയാലൊരു പതിനഞ്ചു മിനിറ്റ്.” മതി, ഒരുപഭോക്താവിന്ന് അത്രയും കേട്ടാൽ മതി.
പറവൂരിനപ്പുറത്ത് മന്നത്തുള്ള സബ്സ്റ്റേഷനാണ് 110 കെവി ലൈൻ നിയന്ത്രിയ്ക്കുന്നത്. ഇടയ്ക്ക് മന്നംകാർ ലൈൻ ഓഫു ചെയ്യും. ഉടൻ മൂത്തകുന്നം സെക്ഷൻ‌കാർ കറന്റ് എപ്പൊഴാ വരികയെന്ന് മന്നത്തേയ്ക്കു വിളിച്ചു ചോദിച്ച് ഞങ്ങൾ ഉപഭോക്താക്കൾക്കുള്ള മറുപടി മുൻ‌കൂട്ടി അറിഞ്ഞു വയ്ക്കും.
മഴക്കാലത്ത് മഴവെള്ളവും വേനൽക്കാലമൊഴികെയുള്ള മാസങ്ങളിൽ കിണർവെള്ളവും കുടിയ്ക്കാനുപയോഗിയ്ക്കുന്നു. മറ്റു വീട്ടാവശ്യങ്ങൾക്കായി കുളവുമുണ്ട്. വേനൽമാസങ്ങളിൽ അല്പമകലെയുള്ള ചെറുറോഡിന്റെയരികിലെ പൊതുടാപ്പിൽ നിന്നാണ് കുടിവെള്ളമെടുക്കാറ്. ഒരു ദിവസം വൈകുന്നേരം വെള്ളമെടുക്കാൻ കുടവുമായി ചെന്നപ്പോൾ ടാപ്പിൽ വെള്ളമില്ല. പതിവായി ചെല്ലാറുള്ള സമയത്തു തന്നെയാണു ചെന്നത്. മുൻ ദിവസങ്ങളിൽ ആ സമയത്ത് വെള്ളം വരാറുണ്ടായിരുന്നു.
ഒഴിഞ്ഞ കുടങ്ങളുമായി മടങ്ങിവരേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് ഉടൻ വാട്ടർ അതോറിറ്റിയുടെ ഓഫീസിലേയ്ക്കു വിളിച്ചു.
ഒരിടത്ത് പണി നടക്കുന്നുണ്ട്, ആ പണി തീർന്ന ശേഷം മാത്രമേ ജലവിതരണം പുനരാരംഭിയ്ക്കുകയുള്ളുവെന്നു  മറുപടി കിട്ടി. എത്ര മണിയോടെ വെള്ളം വരും എന്നു ചോദിച്ചപ്പോൾ അതറിയില്ലഎന്നായിരുന്നു നേരിയ നിസ്സംഗതയോടെയുള്ള ഉത്തരം.
നിങ്ങൾ ചെയ്തുകൊണ്ടിരിയ്ക്കുന്ന പണി തീർക്കാൻ എത്ര സമയം വേണമെന്നു കണക്കാക്കി നോക്കിക്കൂടേ?” എന്നു ഞാൻ ചോദിച്ചു. അതു പറയാൻ പറ്റില്ല, പണി തീർന്നു കഴിഞ്ഞയുടനെ വെള്ളം തുറന്നു വിടുംഎന്നായി മറുപടി. ഇന്നോ നാളെയോ മറ്റെന്നാളോ, ഇതിലേതു ദിവസമാണ് ജലവിതരണം പുനരാരംഭിയ്ക്കുകയെന്നു പറഞ്ഞു തന്നേ പറ്റൂ,“ ഞാൻ പറഞ്ഞു. ‘ഇപ്പൊത്തന്നെ തരണം എന്നല്ല പറയുന്നത്. എപ്പൊത്തരും എന്നു പറയണം എന്നേ ഞാൻ പറയുന്നുള്ളു, അതു പറയാനുള്ള ബാദ്ധ്യത നിങ്ങൾക്കും, അതറിയാനുള്ള അവകാശം എനിയ്ക്കുമുണ്ട് എന്നും ഞാൻ പറഞ്ഞു.
അത്ര നിർബന്ധമാണെങ്കിൽ  അസിസ്റ്റന്റ് എഞ്ചിനീയറോടു ചോദിയ്ക്ക് എന്ന നിർദ്ദേശം കിട്ടി. അദ്ദേഹത്തിനു ഫോൺ കൊടുക്കാൻ ഞാനാവശ്യപ്പെട്ടു. പകരം ഏ ഈയുടെ ഫോൺ നമ്പർ കിട്ടി. ഫോൺ വിളിച്ചപ്പോൾ ഏ ഈ പറഞ്ഞു, “ഞാൻ ഇവിടെ പണിസ്ഥലത്തെ കുഴിയിൽ ഇറങ്ങിയിരുന്നുകൊണ്ടാണു സംസാരിയ്ക്കുന്നത്.“ പണിയിൽ അദ്ദേഹം നേരിട്ടു വ്യാപൃതനാണ് എന്നർത്ഥം. ഞാനതിനു നന്ദി പറഞ്ഞു.
എപ്പോൾ വെള്ളം വരും എന്നറിയാൻ വേണ്ടിയാണു ഞാൻ വിളിച്ചത് എന്നു ഞാനദ്ദേഹത്തെ അറിയിച്ചു. “പണി തകൃതിയായി നടക്കുന്നുണ്ട്, പണി തീർന്നാലുടൻ വെള്ളം വിട്ടേയ്ക്കാം” എന്നദ്ദേഹം ഉറപ്പു നൽകി. എങ്കിലും, അതെപ്പോഴത്തേയ്ക്കാകും എന്നറിഞ്ഞാൽ കൊള്ളാമെന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം തിരിച്ചു വിളിയ്ക്കാമെന്നു പറഞ്ഞു. വിളി വന്നില്ല. അക്ഷമ കാരണം പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും വിളിച്ചു. ആറര മണി, അങ്ങേയറ്റം ഏഴു മണി, അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഓഫീസ് ഫോണിൽ വീണ്ടും വിളിച്ചു. അതെടുത്ത ആളെ ഏ ഈ പറഞ്ഞ കാര്യം ഞാനറിയിച്ചു. ഇതുപോലെ ഒരേകദേശസമയം എപ്പോഴും അറിഞ്ഞു വയ്ക്കണം എന്ന എന്റെ അഭിപ്രായം ഫോണെടുത്ത വ്യക്തിയും ശരിവച്ചു.
പിന്നീടു പലപ്പോഴും വാട്ടർ അതോറിറ്റിയിൽ വിളിച്ചു ചോദിയ്ക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം ജലവിതരണം പുനരാരംഭിയ്ക്കുന്ന ഏകദേശസമയം അറിയാൻ മിയ്ക്കപ്പോഴും കഴിഞ്ഞിട്ടുണ്ട്.
വൈദ്യുതി, കുടിവെള്ളം എന്നിവയുടെ വിതരണം അല്പസമയത്തേയ്ക്കു പോലും തടസ്സപ്പെടാതിരിയ്ക്കുകയാണു അഭികാമ്യം. പക്ഷേ നമ്മുടെ നാട്ടിൽ അതിപ്പോഴും ആഗ്രഹിയ്ക്കാറായിട്ടില്ല.
പഴയ തലമുറയിൽ‌പ്പെട്ട സ്വകാര്യബാങ്കിലെ അല്പം ‘പവറുള്ള‘ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് ഈ ഞാനും കെ‌എസ്‌ഇ‌ബിയുടേയും വാട്ടർ അതോറിറ്റിയുടേയും നുകത്തിൽത്തന്നെ കെട്ടേണ്ടുന്ന തരം വ്യക്തിയായിരുന്നു. “സാറേ, ലോണെപ്പൊക്കിട്ടും” എന്ന അപേക്ഷകരുടെ ചോദ്യം തന്നെ അക്കാലത്ത് അരോചകമായിത്തോന്നിയിരുന്നു. ‘അതൊക്കെയാകുമ്പൊത്തരും’ എന്ന ധാർഷ്ട്യത്തോടെയുള്ള പ്രഖ്യാപനമായിരുന്നു പതിവ്. എന്നാൽ പിൽക്കാലത്തൊരു ബീപിഓയിൽ ചെലവഴിച്ച ഏതാനും വർഷക്കാലം കാര്യങ്ങളോടുള്ള സമീപനത്തിൽ മാറ്റം വരുത്തി. ഉപഭോക്താക്കളുടെ ഇംഗിതം അറിയാനുള്ള ആകാംക്ഷയുണർന്നു.
എപ്പോൾ, എപ്പോൾ, എപ്പോൾ എന്ന ചോദ്യം മാത്രമായിരുന്നു, ബീപീഓയിൽ. സമയത്തിന് ഇത്രത്തോളം വിലകൽ‌പ്പിച്ചിരുന്ന മറ്റൊരു സേവനരംഗം അന്നുണ്ടായിരുന്നോ എന്നു സംശയമാണ്. എത്രമണിയ്ക്കു റെഡിയാകും അതായത് പണി തീരും അല്ലെങ്കിൽ തീർക്കും എന്നായിരുന്നു അവിടുത്തെ ചോദ്യം മുഴുവനും. നാം തന്നെ പറഞ്ഞുകഴിഞ്ഞിരിയ്ക്കുന്ന സമയത്തിന് പിന്നീടൊരു നീക്കുപോക്കു പാടില്ല താനും. പറഞ്ഞ വാക്കു മാറ്റിപ്പറയുന്നതിലും അഭികാമ്യം മരിയ്ക്കുകയായിരിയ്ക്കണം എന്ന അർത്ഥം കൂടി കാണാവുന്ന “ഡെഡ്‌ലൈനുകൾ” മാത്രമായിരുന്നു ബീപിഓയിൽ.
ഇത്തരം പ്രതിബദ്ധതയ്ക്ക് അവരവരുടെ ജോലികളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് അനിവാര്യമാണ്. ചെറിയൊരുദാഹരണം ഓർമ്മയിൽ നിന്നു പറയാം. പറവൂര് ബൈക്കു നന്നാക്കിയിരുന്ന അതിസമർത്ഥനായ ഒരു മെക്കാനിക്കുണ്ടായിരുന്നു. ഒരു ബുള്ളറ്റ് ഏതെങ്കിലും വിധേന നന്നാക്കിയെടുക്കാവുന്നതാണെങ്കിൽ അതയാൾ നന്നാക്കിയിരിയ്ക്കും, സംശയം വേണ്ട. ചെറിയൊരു കുഴപ്പം മാത്രം: നാലോ അഞ്ചോ തവണ അതിന്നായി നാം അയാളുടെ അടുത്തു ചെന്നു മടങ്ങിപ്പോരേണ്ടി വരും. “നാളെ വരട്ടേ” എന്നു ചോദിച്ചാൽ “വന്നോളൂ” എന്നു ഭവ്യതയോടെ പറയും. പല നാളെകൾ കഴിഞ്ഞെങ്കിൽ മാത്രമേ ബൈക്കു നന്നാക്കിക്കിട്ടുകയുള്ളു.
എന്നാൽ തൃശ്ശൂരുണ്ടായിരുന്ന ഒരു മെക്കാനിക്ക് ഇക്കാര്യത്തിൽ വ്യത്യസ്തനായിരുന്നു. “നാളെ ഉച്ചയ്ക്കൂണു കഴിഞ്ഞ് സാറ് ഒന്നിറങ്ങിൻ. ബൈക്കു റെഡിയായിരിയ്ക്കും.” പറഞ്ഞ സമയത്ത് ചെല്ലുമ്പോൾ ബൈക്ക് മിന്നിത്തിളങ്ങിക്കൊണ്ടു നമ്മെ കാത്തിരിപ്പുണ്ടാകും.
‘സർക്കാരു കാര്യം മുറ പോലെ നടക്കും’ എന്നായിരുന്നു സർക്കാർ സേവനത്തെപ്പറ്റി പൊതുവിലുണ്ടായിരുന്ന അഭിപ്രായം. സർക്കാരാപ്പീസുകളിൽ ഓരോരോ കാര്യങ്ങൾ എപ്പോൾ ചെയ്തുകിട്ടും എന്നതേപ്പറ്റിയുള്ള അനിശ്ചിതത്വം ഒരുകാലത്തു നിലനിന്നിരുന്നു. കാര്യനിർവ്വഹണത്തിന്നൊരു നിശ്ചിതത്വം വേണം എന്നൊരു ചിന്ത വന്നതോടെയാണ് സർക്കാർ ഓഫീസുകളിൽ ഓരോ സേവനവും നിശ്ചിത ദിവസങ്ങൾക്കുള്ളിൽ നൽകിയിരിയ്ക്കണം എന്ന നിഷ്കർഷ നിലവിൽ വന്നത്. വില്ലേജാപ്പീസിൽ നിന്നു നൽകാനുള്ള സർട്ടിഫിക്കറ്റുകളെല്ലാം എത്ര ദിവസത്തിനകം നൽകിയിരിയ്ക്കണം എന്ന് എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. അത്ര പോലും ദിവസം മൂത്തകുന്നം വില്ലേജാപ്പീസ് എടുക്കാറില്ലെന്നതാണ് എന്റെ അനുഭവം.
കൊടുക്കുന്ന അപേക്ഷകളെല്ലാം ഒരു റജിസ്റ്ററിൽ രേഖപ്പെടുത്തുകയും അവയോരോന്നും ഏതു ദിവസത്തേയ്ക്കു തയ്യാറാകുമെന്ന തീയതി അതിൽത്തന്നെ രേഖപ്പെടുത്തുകയും ചെയ്യുന്ന പതിവ് പറവൂർ താലൂക്കാപ്പീസിൽ നിലവിലുണ്ട്. അതനുസരിച്ച് വീണ്ടും സന്ദർശിയ്ക്കാനുള്ള നിർദ്ദേശം അപേക്ഷകന്നു ലഭിയ്ക്കുന്നു. താലൂക്കാപ്പീസിൽ പോകേണ്ടി വന്നപ്പോഴൊക്കെ ഈ സമ്പ്രദായം നേരിട്ടു കാണാനും അതിന്റെ ഗുണം അനുഭവിയ്ക്കാനും ഇട വന്നിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസിലും അങ്ങനെ തന്നെയായിരുന്നെന്നും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഏറ്റെടുത്തിരിയ്ക്കുന്ന ഓരോ ചുമതലയും ഏതു ദിവസം, എത്ര മണിയ്ക്കകം ചെയ്തു തീർത്തിരിയ്ക്കും എന്ന ഉറപ്പു നൽകുകയും, അതനുസരിച്ചതു ചെയ്തു തീർക്കുകയും ചെയ്യുന്നൊരു വ്യക്തിയുടെ മൂല്യം ക്രമേണ ഉയർന്നു വരും. ‘നോക്കട്ടെ‘, ‘ശ്രമിയ്ക്കാം’ എന്നെല്ലാമുള്ള വാക്കുകൾക്കു വിലയില്ല. നോക്കട്ടെ, ശ്രമിയ്ക്കാം എന്ന വാക്കുകളേക്കാൾ കൂടുതൽ മൂല്യം സാദ്ധ്യമല്ല എന്ന ഉറപ്പിച്ചു പറയലിലുണ്ട്. “പറ്റില്ലെങ്കിലതു തെളിച്ചു പറയ്” എന്നു ചില ഇടപാടുകാർ ആവശ്യപ്പെടും. എന്നാൽ “പറ്റില്ല“ എന്നു പറയുന്നതു പതിവാക്കിയാലോ, ആ സേവനദാതാവിന്റെ വില ഇടിഞ്ഞതു തന്നെ.
നാമേറ്റിരിയ്ക്കുന്നൊരു ജോലി അതിന്റെ ഏറ്റവും നല്ല രൂപത്തിൽ ചെയ്യണമെങ്കിൽ ആ ജോലിയെപ്പറ്റി നാം ആഴത്തിൽ അറിഞ്ഞിരിയ്ക്കണം. അറിഞ്ഞുകൂടാത്തൊരു ജോലി ചെയ്യാൻ നാം മടിയ്ക്കുന്നു. നാം ചെയ്യേണ്ട ജോലിയാണത്, ചെയ്തേ തീരൂവെങ്കിൽ, അതേപ്പറ്റി എത്രത്തോളം പഠനം നടത്തുന്നുവോ അത്രത്തോളം നല്ലത്. ഒറ്റനോട്ടത്തിൽ ഭാരിച്ചത് എന്നു തോന്നുന്ന ജോലിയാണെങ്കിൽ‌പ്പോലും അതിനെ പല ചെറുജോലികളായിത്തിരിച്ചാൽ അവയോരോന്നും എളുപ്പത്തിൽ ചെയ്തു തീർക്കാൻ സാധിയ്ക്കും. അവയെല്ലാം ചെയ്തു കഴിയുമ്പോൾ ഭാരിച്ചതെന്ന് ആദ്യം തോന്നിപ്പിച്ചിരുന്ന ജോലി വാസ്തവത്തിൽ അത്ര ഭാരിച്ചതായിരുന്നില്ലെന്നു മനസ്സിലാകും.
കുറച്ചുകാലം മുൻപ് ആകെയുള്ളൊരു വീടിനു നേരേ ചാഞ്ഞു വന്നൊരു മാവ് ഖേദത്തോടെയാണെങ്കിലും വെട്ടേണ്ടി വന്നു. വലിയൊരു മാവ്. നാലു പാടും ശിഖരങ്ങളുള്ള മാവ്. ചില ശിഖരങ്ങൾ വീടിനു മുകളിലും സമീപത്തുമായി പടർന്നിരിയ്ക്കുന്നു. അതു വെട്ടുമ്പോൾ ശിഖരങ്ങളിൽ ചിലതെങ്കിലും വീടിന്മേൽ വീഴുമോയെന്ന ശങ്കയുണ്ടായിരുന്നു.
ശിവദാസനാണു മാവു വെട്ടിയത്. ആദ്യം തന്നെ വീടിനു മുകളിലേയ്ക്കു നീണ്ടു നിന്നിരുന്ന ശിഖരങ്ങളിലെ ചെറുചില്ലകൾ ഓരോന്നോരോന്നായി വെട്ടിമാറ്റിയശേഷം ഓരോ ശിഖരവും വെട്ടി, കയറുകെട്ടി മെല്ലെ, വീടിനെ സ്പർശിയ്ക്കപോലും ചെയ്യാതെ താഴെയിറക്കി. മറ്റു ദിശകളിലേയ്ക്കു പടർന്നിരുന്ന ശിഖരങ്ങളും ഓരോന്നായി വെട്ടി മാറ്റി. ഒടുവിൽ അവശേഷിച്ച, കുത്തനെ ഉയർന്നു നിന്ന മരം പല ഭാഗങ്ങളായി മുറിച്ചിട്ടു. ദുഷ്കരമെന്നും ആപത്തു നിറഞ്ഞതുമെന്നു ഞാൻ ഭയപ്പെട്ടിരുന്നൊരു ജോലി അങ്ങനെ സുരക്ഷിതമായി, ശാന്തമായി, സമയബന്ധിതമായി നിർവ്വഹിയ്ക്കപ്പെട്ടു.
സമയബന്ധിതമായി എന്നെടുത്തുപറയാൻ കാരണമുണ്ട്. പണിയ്ക്കിടയിൽ ശിവദാസന് മൊബൈലിൽ പല കാളുകൾ വന്നിരുന്നു. സമാനമായ പണികൾക്കായി അന്നു തന്നെ ഇത്രമണിയ്ക്കെത്തിക്കോളാമെന്ന് ശിവദാസൻ ഉറപ്പുകൊടുക്കുന്നതു ഞാൻ കേട്ടിരുന്നു. മറ്റവരോടു പറഞ്ഞ സമയത്തിനു മുൻപു തന്നെ ഇവിടുത്തെ പണി തീർത്ത് ശിവദാസൻ ഇറങ്ങിയിരുന്നു. ഏറ്റ പണികളെല്ലാം ഏറ്റ സമയങ്ങളിൽത്തന്നെ ശിവദാസൻ അന്നു ചെയ്തുതീർത്തിരിയ്ക്കണം. ഇന്നാട്ടിലെ മരംവെട്ടു രംഗത്ത് വിലപിടിപ്പുള്ളയാളാണ് ശിവദാസൻ. മരം വെട്ടാനുണ്ടെങ്കിൽ “നമ്മുടെ ശിവദാസനെ വിളിച്ചാൽ മതിയല്ലോ” എന്നാണു പൊതുവിൽ പറഞ്ഞു കേൾക്കുക.
നമ്മിൽ‌പ്പലരും – ഞാനുൾപ്പെടെ – പല ജോലികളും നിർവ്വഹിയ്ക്കാൻ തയ്യാറാണ്. എന്നാൽ സമയബന്ധിതമായി ജോലികൾ ചെയ്തു തീർക്കാൻ മുന്നോട്ടു വരുന്നവർ താരത‌മ്യേന കുറവായിരിയ്ക്കും. ജോലി തുടങ്ങുക പോലും ചെയ്യും മുൻപേ അത് എന്നത്തേയ്ക്കു ചെയ്തു തീർത്തു തരും എന്ന ചുമതല പ്രതിബദ്ധതയോടെ ചുമലിലേറ്റാൻ തയ്യാറാകുന്നവർ തീർത്തും വിരളമായിരിയ്ക്കും. സമയബന്ധിതമായ കാര്യനിർവഹണശേഷിയുള്ളവർ എന്ന് ഇക്കൂട്ടരെ നമുക്കു വിശേഷിപ്പിയ്ക്കാം. ഇന്ത്യയിലെ മെട്രോമാൻ എന്നറിയപ്പെടുന്ന പത്മവിഭൂഷൺ ഡോക്ടർ ഇ ശ്രീധരൻ തന്നെ ഉത്തമോദാഹരണം.
ഡോക്ടർ ശ്രീധരനും നാമും തമ്മിൽ ശാരീരികമായോ മാനസികമായോ എന്താണു വ്യത്യാസം? ഒരു വ്യത്യാസവുമില്ലെന്നതാണു വാസ്തവം. അദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യതകളും അനുഭവസമ്പത്തും മാറ്റിനിർത്തി നോക്കിയാൽ അദ്ദേഹവും നാമും തമ്മിൽ വ്യത്യാസമൊന്നുമുണ്ടാവില്ല. പക്ഷേ നാം ചെയ്യാത്ത ചില കാര്യങ്ങളും അദ്ദേഹം ചെയ്യുന്നുണ്ടാകണം. ചുമതലകൾ ഏറ്റെടുക്കും‌മുൻപേ തന്നെ അദ്ദേഹം അവയെപ്പറ്റി ആഴത്തിൽ പഠിയ്ക്കുന്നുണ്ടാവണം, അഥവാ പഠിച്ചു കഴിഞ്ഞിട്ടുണ്ടാവണം. സ്കൂളിൽ പഠിച്ച ഒരു പദ്യം നാം ചൊല്ലുന്നയത്ര ലാഘവത്തിൽ അദ്ദേഹം താനേറ്റെടുത്തിരിയ്ക്കുന്ന ബൃഹത്താ‍യ നിർമ്മാണപ്രവർത്തനങ്ങളെപ്പറ്റി പറയാൻ, അഥവാ പദ്യം ചൊല്ലുന്നത്ര അനായാസേന ‘ചൊല്ലാൻ‘, അദ്ദേഹത്തിന്നാകുന്നുണ്ടാകണം. തന്റെ ജോലികളിലെ സങ്കീർണ്ണതകളേയും സന്ദിഗ്ദ്ധതകളേയും കുറിച്ചു പോലും അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടാകും. ഈ അറിവുകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഏതെല്ലാം കാലയളവിനുള്ളിൽ എത്രത്തോളം ജോലികൾ തീർക്കാൻ കഴിയുമെന്ന് അദ്ദേഹം കണക്കുകൂട്ടിയെടുക്കുന്നു. പ്രതിസന്ധികളെ നേരിടുക മാത്രമായിരിയ്ക്കില്ല അദ്ദേഹം ചെയ്യുന്നത്; പ്രതിസന്ധികളെ അദ്ദേഹം മുൻ‌കൂട്ടിക്കാണുന്നുമുണ്ടാകണം. പ്രതിസന്ധികളെ നേരിടാനുള്ള ഏറ്റവും നല്ല മാർഗ്ഗം പ്രതിസന്ധികൾ ഉടലെടുക്കാതെ നോക്കലാണ്. പ്രിവെൻഷൻ ഈസ് ബെറ്റർ ദാൻ ക്യുവർ.
പണം നഷ്ടപ്പെട്ടാൽ വീണ്ടുമുണ്ടാക്കാം, പോയതിലേറെയുമുണ്ടാക്കാം. എന്നാൽ സമയം നഷ്ടപ്പെട്ടാലോ? നഷ്ടപ്പെട്ടുപോയ സമയം തിരികെപ്പിടിയ്ക്കുക അസാദ്ധ്യമാണ്. അതുകൊണ്ടു തന്നെയായിരിയ്ക്കണം സമയമാണ് ലോകത്ത് ഏറ്റവും വിലപ്പെട്ടത് – ടൈം ഈസ് പ്രെഷ്യസ് – എന്ന ചൊല്ലുതന്നെ ഉണ്ടായിരിയ്ക്കുന്നത്. സ്വാതന്ത്ര്യലബ്ധി സമയത്ത് ഭാരതീയരുടെ ശരാശരി ആയുസ്സ് ഏകദേശം നാൽ‌പ്പതു വർഷത്തിൽ താഴെയായിരുന്നുവത്രെ. ഇന്നത് അറുപത്താറിന്നടുത്ത് എത്തിയിരിയ്ക്കുന്നു. ഏകദേശം ഇരട്ടി. നൂറു ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്നു സന്തോഷിയ്ക്കാമെങ്കിലും, ഭൂമി 450 കോടി കൊല്ലങ്ങളായി നിലനിൽക്കുന്നുവെന്നു ചിന്തിയ്ക്കുമ്പോൾ അറുപത്താറുവർഷം മാത്രം നീണ്ടുനിൽക്കുന്ന ഈ ശരാശരി മനുഷ്യായുസ്സ് എത്രയേറെ ഹ്രസ്വം എന്നും ചിന്തിയ്ക്കേണ്ടി വരുന്നു. ഭൂമിയെ ഒരു വ്യക്തിയായി സങ്കൽ‌പ്പിയ്ക്കുകയാണെങ്കിൽ ആ വ്യക്തിയൊന്നു കണ്ണു ചിമ്മാനെടുക്കുന്ന സമയത്തോളം പോലും ഒരു മനുഷ്യായുസ്സു നീണ്ടുനിൽക്കുന്നില്ലെന്നതാണു യാഥാർത്ഥ്യം.
ഇത്ര ഹ്രസ്വമായ മനുഷ്യായുസ്സിന്നിടയിൽ ‘ശ്രമിയ്ക്കാം’, ‘നോക്കാം’, ‘പാർക്കലാം’ എന്നൊക്കെപ്പറഞ്ഞ് ചുമതലകളിൽ നിന്നൊഴിയുകയും, ഏറ്റെടുത്ത ചുമതലകൾ നിർവ്വഹിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നത് വാസ്തവത്തിൽ നാം നമ്മെത്തന്നെ ജനക്കൂട്ടത്തിന്നടിയിലേയ്ക്കു ചവിട്ടിത്താഴ്ത്തുന്നതിനു സമമാണ്. പ്രാധാന്യമുള്ളതെന്നു തോന്നുന്ന ചുമതലകൾ ശങ്ക കൂടാതെ ഏറ്റെടുക്കുകയും ഏറ്റെടുത്തവ സമയബന്ധിതമായി നിർവ്വഹിയ്ക്കുകയും അതൊരു പതിവാക്കുകയും ചെയ്താൽ അതിലൂടെ ജനക്കൂട്ടത്തിനു മുകളിലുയരാനുള്ള വഴിയാണ് മുന്നിൽ മലർക്കെത്തുറന്നു കിട്ടുന്നത്. അതിന്നൊരുമ്പെടാത്തതിനാലാണ് ഞാനും നിങ്ങളും ഇങ്ങനെയൊക്കെത്തന്നെ കഴിഞ്ഞുകൂടേണ്ടി വരുന്നത്! നമ്മുടെ ഭാവി നമ്മുടെ തന്നെ കൈകളിലാണ്.
ഇരുപത്തിനാലു മണിക്കൂറുണ്ട് ഒരു ദിവസത്തിൽ. അതിൽ പന്ത്രണ്ടു മണിക്കൂറെടുക്കുക. ആ പന്ത്രണ്ടു മണിക്കൂറിൽ ഓരോന്നിലും പ്രധാനപ്പെട്ട ഓരോ കാര്യം – ജോലി, ചുമതല - വീതമെങ്കിലും ചെയ്യുന്നുവെന്നു കരുതുക. ഉപജീവനത്തിനു വേണ്ടവയുൾപ്പെടെ. ഒരു കാര്യം കൂടി. നാളത്തെ പന്ത്രണ്ടു മണിക്കൂറിൽ ചെയ്യാനുള്ള കാര്യങ്ങൾ, അവയുടെ പ്രാധാന്യമനുസരിച്ചുള്ള ക്രമത്തിൽ ഇന്നു തന്നെ തീരുമാനിച്ചുറപ്പിച്ചു വയ്ക്കുകയും, എന്തുവന്നാലും അവ നിശ്ചയിച്ച സമയങ്ങളിൽത്തന്നെ ചെയ്തു തീർക്കുകയും ചെയ്യുന്നുവെന്നും വയ്ക്കുക. ഇതിന്ന് 24 മണിക്കൂർ ആസൂത്രണം – പ്ലാനിംഗ് - എന്നു പറയാം.
24 മണിക്കൂർ പ്ലാനിംഗ് പതിവായിക്കഴിയുമ്പോൾ, അതായത് 24 മണിക്കൂർ പ്ലാനിംഗ് കൈപ്പിടിയിലൊതുങ്ങിക്കഴിയുമ്പോൾ, ക്രമേണ 48 മണിക്കൂർ പ്ലാനിംഗിലേയ്ക്കു കടക്കുക. നാളത്തെ പന്ത്രണ്ടു മണിക്കൂറിൽ മാത്രമല്ല, മറ്റെന്നാളത്തെ പന്ത്രണ്ടു മണിക്കൂറിൽ‌പ്പോലും ചെയ്യാൻ പോകുന്ന കാര്യങ്ങളും ഇന്നു തന്നെ തീരുമാനിച്ചുറപ്പിയ്ക്കുന്ന രീതി സ്വായത്തമാക്കുക. ക്രമേണ, സാവധാനത്തിൽ, അടുത്ത ഒരു മാസത്തെ ഓരോ ദിവസത്തിലുമുള്ള പന്ത്രണ്ടു മണിക്കൂറിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളും ഇന്ന്, ഇപ്പോൾ തീരുമാനിച്ചുറപ്പിയ്ക്കുന്ന തരത്തിൽ കാര്യങ്ങൾ പുരോഗമിപ്പിയ്ക്കുക. ഇക്കാര്യങ്ങളിലെടുത്ത മുഴുവൻ  തീരുമാനങ്ങളും കർക്കശമായി നടപ്പാക്കുക. ഇടയ്ക്കിടെ ലിസ്റ്റു പുനഃപരിശോധിയ്ക്കുകയും ആവശ്യാനുസരണം പരിഷ്കരിയ്ക്കുകയും വേണം.
പ്രധാനമായ പന്ത്രണ്ടു കാര്യങ്ങൾ നാം ദിവസേന ചെയ്യുന്നെങ്കിൽ ഒരു വർഷം നാലായിരത്തിലേറെ കാര്യങ്ങൾ നാം ചെയ്തു തീർത്തിരിയ്ക്കും. പ്രധാനമായ നാലായിരം കാര്യങ്ങൾ ഒരു വർഷം കൊണ്ടു ചെയ്തു തീർക്കുന്ന ഒരാൾക്കുണ്ടായേയ്ക്കാവുന്ന ഉയർച്ച അസൂയാവഹമായിരിയ്ക്കും, സംശയം വേണ്ട.
ഇതിൽ ഒരു കാര്യം ശ്രദ്ധിയ്ക്കാനുള്ളത്, ഈ ആസൂത്രണങ്ങൾ നടത്തുന്നത് യാഥാർത്ഥ്യബോധത്തോടെയായിരിയ്ക്കണം. യുട്ടോപ്യൻ സ്വപ്നങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ചിട്ടു കാര്യമില്ല. ചെയ്യാൻ സാധിയ്ക്കുന്ന കാര്യങ്ങൾ മാത്രം ആസൂത്രണത്തിൽ ഉൾപ്പെടുത്തുക. തികച്ചും അസാദ്ധ്യമായ കാര്യങ്ങൾക്കായി സമയം കളയാതിരിയ്ക്കുക. എന്നാൽ സാദ്ധ്യം, അസാദ്ധ്യം - ഈ നിർണ്ണയങ്ങൾ പലപ്പോഴും സ്വന്തം ഉത്സാഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചെയ്യാൻ ഉത്സാഹക്കുറവു തോന്നുന്ന കാര്യങ്ങൾ അസാദ്ധ്യമെന്ന പട്ടികയിൽ കടന്നു കൂടുന്നു. ഇത്തരം ജോലികളെപ്പറ്റി കൂടുതൽ പഠനം നടത്തുന്നതിലൂടെ അവ കൂടുതൽ എളുപ്പമുള്ളതായിത്തീരും. നന്നായി പഠിച്ചിട്ടുള്ളവ നമുക്കെളുപ്പമുള്ളവയാണ്, അവ നാം എളുപ്പം ചെയ്തു തീർക്കുകയും ചെയ്യും. നാമെഴുതിയ നിരവധി പരീക്ഷകളിൽ നമ്മുടെ പൊതുസമീപനവും അതു തന്നെയായിരുന്നു. ആ സമീപനം ജീവിതകാലം മുഴുവനും പ്രസക്തവുമായിരിയ്ക്കും. പറഞ്ഞുവന്നത് ഇതാണ്: അസാദ്ധ്യമെന്നു കരുതുന്ന പലതും യഥാർത്ഥത്തിൽ അസാദ്ധ്യമായിക്കൊള്ളണമെന്നില്ല.
“തീരെ സമയമില്ല!“ – ഇതു നാം ഇടയ്ക്കിടെ കേൾക്കാറുള്ളതാണ്. നാമും അതിടയ്ക്കിടെ പ്രയോഗിയ്ക്കാറുള്ളതാണ്. വെറും അരമണിക്കൂർ കൊണ്ടു ചെയ്തു തീർക്കാവുന്നൊരു കാര്യമായിരിയ്ക്കാം. അതു ചെയ്യാനുള്ള അനിഷ്ടമാണ് തീരെ സമയമില്ലെന്ന ഒഴികഴിവായി അവതരിയ്ക്കുന്നത്. തീരെ സമയമില്ല എന്ന ഒഴികഴിവു പ്രയോഗിയ്ക്കുമ്പോഴൊക്കെ ടൈം മാനേജ്മെന്റിനെപ്പറ്റിയുള്ളൊരു ക്ലാസ്സിൽ ഒരു ട്രെയിനർ പറഞ്ഞ ഒരുദാഹരണമാണ് ഓർത്തുപോകാറ്.
ഒരാൾക്ക് ഒരു വിഷയം പഠിച്ചെടുക്കാൻ സാധിച്ചാൽ അത് ഉദ്യോഗക്കയറ്റം ലഭിയ്ക്കാൻ സഹായകമാകും. പക്ഷേ അതു പഠിച്ചെടുക്കാൻ ദൈനംദിനത്തിരക്കുകൾക്കിടയിൽ അയാൾക്ക് തീരെ സമയം കിട്ടുന്നില്ല, ഇതായിരുന്നു അയാളുടെ പരാതി. ട്രെയിനർ ചോദിച്ചു, എത്ര നാൾ വേണം ആ വിഷയം പഠിച്ചെടുക്കാൻ? ഒരുപാടു നാൾ വേണമെന്നായിരുന്നു, മറുപടി. ഒരുപാടു നാൾ എന്നൊരു കാലയളവില്ല. മിയ്ക്ക കറിക്യുലത്തിലും ഓരോ വിഷയം പഠിയ്ക്കാൻ ഇത്ര മണിക്കൂർ എന്നാണു നിഷ്കർഷ. ഒരു വിഷയം പഠിയ്ക്കാൻ ആകെ നൂറു മണിക്കൂർ വേണമെങ്കിൽ, മറ്റൊന്നിന് അൻപതു മണിക്കൂർ മതിയാകും. അങ്ങനെ എത്ര മണിക്കൂർ വേണ്ടി വരും, ട്രെയിനർ ചോദിച്ചു. അൻപതു മണിക്കൂർ മതിയോ? “വിദ്യാർത്ഥി”യ്ക്കു അതു മതിയാകുമോയെന്ന സംശയം. 75 മണിക്കൂറായാലോ? പോട്ടെ, 100 മണിക്കൂറായാലോ? അതു മതിയാകും, വിദ്യാർത്ഥി ആത്മവിശ്വാസത്തോടെ പറഞ്ഞു.
ദിവസേന ഒരു പതിനഞ്ചു മിനിറ്റ് ഈ പഠനത്തിന്നായി മാറ്റി വയ്ക്കാനാവില്ലേ? പതിനഞ്ചു മിനിറ്റോ, പിന്നെന്താ! എങ്കിൽ ദിവസേന പതിനഞ്ചു മിനിറ്റ് ഇതിന്നായി മാറ്റി വയ്ക്കുക. ആകെ നാനൂറു ദിവസം. ഒരു വർഷവും 35 ദിവസവും. ദിവസേന പതിനഞ്ചു മിനിറ്റു വീതം ചെലവഴിച്ചാൽ 400 ദിവസം കൊണ്ട് 100 മണിക്കൂർ ചെലവഴിയ്ക്കാം. എത്ര ഗഹനമായ വിഷയത്തിലും ആധികാരികമായ അറിവു നേടാൻ 100 മണിക്കൂർ പഠനം മതിയാകും. കഴിഞ്ഞുപോയ വർഷങ്ങളിൽ ദിവസേന പതിനഞ്ചു മിനിറ്റു വീതം ഈ പഠനത്തിന്നായി നീക്കിവച്ചിരുന്നെങ്കിൽ നിങ്ങൾ ആ വിഷയത്തിലൊരു “അതോറിറ്റി” തന്നെയായിത്തീർന്നേനേയെന്ന് ട്രെയിനർ ഉറപ്പിച്ചു പറഞ്ഞു. “തീരെ സമയമില്ല” എന്ന ഒഴികഴിവിൽ കഴമ്പുണ്ടാകാറില്ല എന്ന് അദ്ദേഹം ഒരൊറ്റ ഉദാഹരണത്തിലൂടെ തെളിയിച്ചു.
ഇത്തരം ഒന്നല്ല, പല പതിനഞ്ചു മിനിറ്റുകൾ നാം ദിവസേന പാഴാക്കിക്കളയുന്നുണ്ടാവണം. നമ്മുടെ ഒരു പതിനഞ്ചു മിനിറ്റ് ദിവസേന പാഴായിപ്പോകുമ്പോൾ നാനൂറു ദിവസം കൊണ്ട് നമ്മുടെ നൂറു മണിക്കൂറാണു പാഴായിപ്പോകുന്നത്. ദിവസേന ഒരു മണിക്കൂർ വീതം നാം പാഴാക്കിക്കളയുമ്പോൾ നാനൂറു ദിവസംകൊണ്ടു നാം 400 മണിക്കൂറാണു പാഴാക്കിക്കളയുന്നത്. അത്യന്താപേക്ഷിതമായ ഉപജീവനത്തിനും ഊണിനും ഉറക്കത്തിനും ചെലവഴിയ്ക്കുന്ന മണിക്കൂറുകൾ മാറ്റിനിർത്തിക്കൊണ്ടു നോക്കിയാലും, “തീരെ സമയമില്ല” എന്നു പറയുന്നതിന്നിടെ നമ്മിൽ പലരും – ഞാനുൾപ്പെടെ - വർഷം തോറും അല്ലെങ്കിൽ നാനൂറു ദിവസത്തിന്നിടെ നൂറും ഇരുന്നൂറും മുന്നൂറും മണിക്കൂറുകൾ പാഴാക്കിക്കളയുന്നുണ്ടാകണം. ഇതിലൊരു ഭാഗമെങ്കിലും ഫലപ്രദമായി നാമുപയോഗിച്ചിരുന്നെങ്കിൽ, ഉപയോഗിയ്ക്കുന്നെങ്കിൽ, നാം ഉയരങ്ങളിൽ നിന്നുയരങ്ങളിലേയ്ക്കു പോയേനെ, പൊയ്ക്കൊണ്ടിരുന്നേനെ.
ചെറിയൊരു കാര്യം കൂടി. നമുക്കു ചെയ്യേണ്ടി വരുന്ന ജോലികളെ പൊതുവിൽ നാലു തരങ്ങളായി തിരിയ്ക്കാം. ഒന്ന്, പ്രധാനപ്പെട്ടതും ഉടൻ ചെയ്യേണ്ടതുമായവ. രണ്ട്, പ്രധാനപ്പെട്ടത്, പക്ഷേ ഉടൻ ചെയ്യേണ്ടതില്ലാത്തവ. മൂന്ന്, അപ്രധാനം, പക്ഷേ ഉടൻ ചെയ്യേണ്ടവ. നാല്, അപ്രധാനവും ഉടൻ ചെയ്യേണ്ടാത്തവയുമായവ.
ഇവയിൽ നാലാമത്തെ ഗ്രൂപ്പിൽ പെടുന്നവയെ ആദ്യംതന്നെ അവഗണിയ്ക്കുക. കിട്ടുന്ന സമയം മുഴുവനും ഒന്ന്, രണ്ട്, മൂന്ന് എന്നീ ഗ്രൂപ്പുകളിൽ പെടുന്നവയ്ക്കായി വിനിയോഗിയ്ക്കുക. പ്രധാനപ്പെട്ട ഒരു ജോലി പോലും, അതായത്, ഒന്ന്, രണ്ട് എന്നീ ഗ്രൂപ്പുകളിൽ‌പ്പെടുന്ന ഒരു ജോലിപോലും അവഗണിയ്ക്കപ്പെട്ടു പോകരുതെന്നതാണ് ഏറ്റവുമധികം ശ്രദ്ധിയ്ക്കേണ്ടത്. കാര്യനിർവ്വഹണത്തിന്നിടയിൽ ഈ നാലു ലിസ്റ്റുകളും ഇടയ്ക്കിടെ പരിശോധിയ്ക്കുകയും പരിഷ്കരിയ്ക്കുകയും വേണം. നമ്മുടെ മൂല്യം, അതേതു തരത്തിലുള്ളതായാലും, ഇത്തരത്തിൽ, ക്രമേണ, വർദ്ധിയ്ക്കുക തന്നെ ചെയ്യും, സംശയമില്ല.

21 Jun 2013

കേരളത്തിന്റെ കാർഷിക സമ്പട്‌വ്യവസ്ഥയ്ക്ക്‌ ഊർജ്ജം പകരാൻ നീര


കെ.എം. ചന്ദ്രശേഖർ
വൈസ്‌ ചെയർമാൻ, കേരള സംസ്ഥാന ആസൂത്രണ ബോർഡ്‌

ആമുഖം
കേരളത്തിലെ തനതു കാർഷികവിളകളിൽ പരമപ്രധാനസ്ഥാനമാണ്‌ തെങ്ങുകൃഷിക്കുള്ളത്‌. ഏതാണ്ട്‌ 42 ലക്ഷം കർഷക കുടുംബങ്ങളുടെ ജീവസന്ധാരണമാർഗ്ഗം. കേവലം തേങ്ങ ലഭിക്കുന്ന ഒരു വിളയായിട്ടല്ല മലയാളി തെങ്ങിനെ കാണുന്നത്‌. തങ്ങളുടെ സാമൂഹിക- സാംസ്ക്കാരിക-സാമ്പത്തിക തലങ്ങളിൽ ഒഴിച്ചു നിർത്താനാവാത്ത, ഓരോ മലയാളിയും നെഞ്ചോടു ചേർത്തു നിർത്തിയിരിക്കുന്ന ഇഷ്ട വിള-പോയ പ്രതാപം വീണ്ടു കിട്ടി ഒരു നല്ല വരുമാനമാർഗ്ഗമായാൽ മറ്റേതു വിളയെക്കാളും മലയാളി തെങ്ങിനെ സ്വീകരിക്കുമെന്നുറപ്പാണ്‌. കൽപവൃക്ഷത്തിന്റെ അക്ഷയ ഖാനിയിൽ നിന്നും ഏറ്റവുമൊടുവിൽ ഏവരുടേയും സംസാരവിഷയമായി, ശ്രദ്ധാകേന്ദ്രമായി,  കലവറയില്ലാത്ത സാദ്ധ്യതകളുമായെത്തിയിരിക്കുന്ന ഒരുൽപന്നമാണ്‌ നീര.
എന്താണ്‌ നീര ?
തെങ്ങിൻ പൂക്കുലയിൽ നിന്നുത്പാദിപ്പിക്കുന്ന, മദ്യാംശം തീരെയില്ലാത്ത പ്രകൃതിദത്ത ജ്യൂസ്‌ ആണ്‌ നീര.  അമിനോ അമ്ലങ്ങളുടേയും, വിറ്റാമിൻ, കാത്സ്യം, ഇരുമ്പ്‌ തുടങ്ങിയ ധാതുക്കളുടേയും കലവറയാണ്‌ ഈ ഉൽപന്നം. കാർബോളിക്‌ അമ്ലമായ ഫിനോളിന്റെ സാന്നിദ്ധ്യവും ഏറ്റവും കുറഞ്ഞ ഗ്ലൈസെമിക്‌ ഇൻഡക്സും (ഏക 35) ഉള്ള ഈ ഉൽപന്നത്തെ ആരോഗ്യരംഗവും ഉറ്റുനോക്കുന്നു.
തെങ്ങ്‌ സസ്യശാസ്ത്രത്തിൽ ഏക ബീജപത്രവിഭാഗത്തിലും, തെങ്ങിന്റെ പൂക്കുല ആൺപൂക്കളും പെൺപൂക്കളും പ്രത്യേകം പ്രത്യേകം ഒരേ പൂക്കുലയിൽ കാണുന്ന മൊണീഷ്യസ്‌ വിഭാഗത്തിലും പെടുന്നു. കൊതുമ്പ്‌ എന്ന കട്ടിയുള്ള ആവരണത്തിൽ പൊതിഞ്ഞിരിക്കുന്ന പൂക്കുല, വിരിയുന്നതിനുമുമ്പ്‌ കെട്ടിപരുവപ്പെടുത്തി അഗ്രം ചെത്തിയാണ്‌ ഊറിവരുന്ന നീര ശേഖരിക്കുന്നത്‌. പൂക്കുല വിടർന്ന്‌ കഴിഞ്ഞാൽ ആൺപൂവുകൾ പൊഴിയുകയും പെൺപൂക്കൾ കാറ്റ്‌ മൂലമോ പരാദങ്ങൾ വഴിയോ പരാഗണം നടന്ന്‌ കായ്പിടുത്തം നടക്കുകയും ചെയ്യുന്നു. വിരിയാത്ത പൂങ്കുല അഗ്രം ചെത്തുമ്പോൾ മുറിവേൽക്കുന്ന ഭാഗത്തെ ഫ്ലോയം (​‍ുവഹീലാ) കോശങ്ങളിലൂടെ ഊറിവരുന്ന ദ്രാവകമാണ്‌ നീരയായി ശേഖരിക്കുന്നത്‌. ആരോഗ്യമുള്ള ഓരോ തെങ്ങിൻ ഓലക്കവിളിലും ഓരോ പൂങ്കുല വിരിയുന്നതിനാൽ നീര ചെത്താൻ പ്രത്യേക കാലക്രമമില്ല. അതിനാൽ ഒരേ തെങ്ങിലോ അഥവാ വിവിധ തെങ്ങുകളിലോ ഒരേസമയം നീര ചെത്താം. എന്നിരുന്നാലും നവംബർ മുതൽ മാർച്ച്‌ വരെയുള്ള ശൈത്യകാല ടാപ്പിംഗ്‌, ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള വേനൽക്കാല ടാപ്പിംഗ്‌, ഇങ്ങനെ രണ്ട്‌ ടാപ്പിംഗ്‌ സീസൺ നിലനിൽക്കുന്നുണ്ട്‌.
പൂങ്കുല കെട്ടി മൂന്നാഴ്ചയ്ക്കകം നീര ഊറിത്തുടങ്ങും. നീരയുടെ അളവിൽ പൂക്കുലകൾ തമ്മിലും തെങ്ങുകൾ തമ്മിലും സീസൺ അനുസരിച്ചും ഏറ്റക്കുറച്ചിലുണ്ടായിരിക്കും. ശരാശരി ഒരു തെങ്ങ്‌ 2.1 ലിറ്റർ നീര ഉത്പാദിപ്പിക്കുമെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്‌ 4.5 ലിറ്റർ മുതൽ 5 ലിറ്റർ വരെ ലഭിക്കുന്ന തെങ്ങുകളുമുണ്ട്‌.
നീരയിൽ അൽപം പോലും മദ്യാംശമില്ലെന്നുള്ള കാര്യം അധികമാർക്കും അറിയില്ല. ഉയർന്ന പോഷക മൂല്യം നീരയെ നല്ല ആരോഗ്യ പാനീയമെന്ന ഗണത്തിലുൾപ്പെടുത്തുന്നു. ഒരു സമ്പൂർണ്ണ ശീതള പാനീയമായും- വിറ്റാമിൻ, ഇരുമ്പ്‌ എന്നിവയുടെ അഭാവം പരിഹരിക്കുന്നതിന്‌ ശുപാർശ ചെയ്യുന്ന ഫുഡ്‌ സപ്ലിമന്റ്‌ ആയും, ആസ്ത്മ, ക്ഷയം, ശ്വാസംമുട്ടൽ, അർശ്ശസ്‌ എന്നീ അസുഖങ്ങൾക്ക്‌ ഔഷധമായും നീര ശുപാർശ ചെയ്യപ്പെടുന്നു. മൂത്ര തടസ്സത്തിനും മഞ്ഞപ്പിത്തത്തിനും നീര ഔഷധമാണെന്ന്‌ പറയപ്പെടുന്നു. ശരീരത്തിലെ പ്രോട്ടീൻ നിർമ്മാണത്തിന്‌ സഹായിക്കുന്ന ഗ്ലൂട്ടാമിക്‌ ആസിഡ്‌ എന്ന അമിനോ ആസിഡ്‌ ഉയർന്ന അളവിൽ നീരയിൽ അടങ്ങിയിരിക്കുന്നു. നേത്രരോഗങ്ങൾക്കും എക്സിമ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കുമുപയോഗിക്കുന്ന ഇനോസിറ്റോൾ? ധാരാളമായി നീരയിൽ അടങ്ങിയിരിക്കുന്നുവേന്ന്‌ കണ്ടിട്ടുണ്ട്‌.

കേരളത്തിൽ നീരയുടേയും നീര ഉൽപന്നങ്ങളുടേയും സാദ്ധ്യതകൾ
കേരളത്തിൽ നീരയുത്പാദനത്തിനും മൂല്യവർദ്ധനവിലൂടെ നിരവധി നീര ഉൽപന്നങ്ങൾ നിർമ്മിക്കുവാനും വിറ്റഴിക്കുവാനും വലിയ സാദ്ധ്യതകളാണുള്ളത്‌. കേരളത്തിൽ ഏകദേശം 18 കോടി തെങ്ങുകളുള്ളതായിട്ടാണ്‌ കണക്ക്‌. ഇതിൽ 10 ശതമാനമെങ്കിലും നീര ചെത്താൻ ഉപയോഗിച്ചാൽ പത്ത്‌ ലക്ഷത്തോളം പേർക്ക്‌ നേരിട്ട്‌ പുതിയ തൊഴിലവസരങ്ങളും, കർഷകർക്ക്‌ കുറഞ്ഞത്‌ ഒരു തെങ്ങിൽ നിന്ന്‌ പ്രതിമാസം 1200 രൂപ വരുമാനവും ലഭ്യമാക്കാൻ കഴിയും.
മറ്റു രാജ്യങ്ങളിലെല്ലാം നീര ഒരു ആരോഗ്യപാനീയമായിട്ടാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. ആരോഗ്യപാനീയമെന്നതിനുപരി പാം ജാഗറി, പാം ഷുഗർ, ഐസ്ക്രീം, ബിസ്ക്കറ്റ്‌, മിഠായി തുടങ്ങിയ നിരവധി ഉൽപന്നങ്ങളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായും നീര ഉപയോഗിക്കപ്പെടുന്നു.
ഒരു വർഷം തെങ്ങിലുണ്ടാകുന്ന പന്ത്രണ്ടു പൂക്കുലകളിൽ മൂന്നു പൂക്കുലകൾ നീര ടാപ്പു ചെയ്യുവാൻ ഉപയോഗിച്ചാൽ ലഭിക്കുന്ന പ്രയോജനങ്ങൾ കണക്കാക്കാം. നീര, നീരയെ അടിസ്ഥാനമാക്കിയുള്ള മറ്റുൽപന്നങ്ങൾ, വിപണിയിൽ കൊപ്രയുടെ കുറഞ്ഞ വരവ്‌ ഇതെല്ലാം ആത്യന്തികമായി നാളികേരത്തിന്റെ വില വർദ്ധനവിനും  കേര കർഷകരുടെ വരുമാന വർദ്ധനവിനും വഴിയൊരുക്കും. ഒരു ഹെക്ടറിലെ 175 തെങ്ങുകളിൽ 80 എണ്ണത്തിൽ നിന്നും പ്രതിദിനം ഒരു ലിറ്റർ നീരയുത്പാദനം നടന്നാൽ പ്രതിവർഷം ഒരു ഹെക്ടറിൽ നിന്നുള്ള അധികവരുമാനം 3.6 ലക്ഷം രൂപയാണ്‌. ദിവസം തെങ്ങോന്നിന്‌  മൂന്ന്‌  ലിറ്ററാണ്‌ ഉത്പാദനമെങ്കിൽ, ഇത്‌ 10.8 ലക്ഷം രൂപവരെ പോകാം. ഒരു ലിറ്റർ നീര ലഭിക്കുകയും അതു പാം ഷുഗറായി മാറ്റുകയും ചെയ്താൽ ലഭ്യമാകു ന്നത്‌  9 ലക്ഷം രൂപയുടെ അധിക വരുമാനമാണ്‌. നല്ല പരിചരണം ലഭിക്കുന്ന തെങ്ങുകൾ 3.00-4.5 ലിറ്റർ വരെ നീര നൽകും. ഇങ്ങനെ സമ്പത്ത്‌ ഒളിഞ്ഞിരിക്കുന്ന ഒരു അക്ഷയഖനിയായി തെങ്ങിനെ കണക്കാക്കാം. തെങ്ങ്‌ കർഷകന്റെ  ഉടമസ്ഥതയിലാണ്‌. നീര ടെക്നീഷ്യന്മാരുടെ സഹായത്തോടെ ചെത്തിയെടുക്കുന്ന നീരയ്ക്ക്‌ ഒരു നിശ്ചിത അനുപാതത്തിൽ വരുമാനം കർഷകരും  ടെക്നീഷ്യന്മാരും  പങ്കിട്ടെടുക്കുന്ന ഒരു ഉത്പാദന മാതൃകയാണ്‌ ഇന്തോനേഷ്യയിൽ പിൻതുടരുന്നത്‌. കേരളത്തിന്‌ ഈ മാതൃക അനുയോജ്യമാണ്‌.
നീരയുത്പാദനം വിദേശ രാജ്യങ്ങളിൽ
പല വിദേശരാജ്യങ്ങളും നീര ഉത്പാദനത്തിലും വിപണനത്തിലും അതുവഴി വിദേശനാണ്യം നേടിയെടുക്കുന്നതിലും മുൻപന്തിയിലാണ്‌. ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌, തായ്‌ലന്റ്‌, മലേഷ്യ, ശ്രീലങ്ക, വിയറ്റനാം തുടങ്ങിയ രാജ്യങ്ങൾ ഈ ഗണത്തിൽപ്പെടും. വൻതോതിൽ നീര ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ അമേരിക്ക, കാനഡ, നോർവേ, ഫ്രാൻസ്‌, ഗൾഫ്‌ രാജ്യങ്ങൾ, തെക്കൻ കൊറിയ, ജപ്പാൻ, ആസ്ത്രേലിയ, ന്യൂസിലാന്റ്‌ എന്നിവയാണ്‌.
ഇന്തോനേഷ്യ 2006ൽ കേവലം 11.5 മെട്രിക്‌ ടൺ പാം ഷുഗർ ഉത്പാദിപ്പി ച്ചുകൊണ്ട്‌ തുടങ്ങി, 2011ൽ ആറ്‌ ലക്ഷം മെട്രിക്‌ ടൺ പാം ഷുഗർ ഉത്പാദിപ്പിച്ചു. 2012ൽ ഇത്‌ 10 ലക്ഷം മെട്രിക്‌ ടൺ കടന്നിരിക്കുന്നു എന്നാണ്‌ ആദ്യ സൊ‍ാചനകൾ. ഇൻഡോഫുഡ്‌, യൂണിലിവർ തുടങ്ങിയ കമ്പനികൾ അവരുടെ സോയാ സോസ്‌ ഉൽപന്നത്തിന്‌ ചേരുവയായി 30,000 മെട്രിക്‌ ടൺ വീതം ഉൽപന്നമാണ്‌ ഇവരിൽ നിന്നും വാങ്ങുന്നത്‌.
കേരളത്തിലെ സാഹചര്യങ്ങൾ
ഇന്ത്യയിൽ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്‌, ആൻഡമാൻ ദ്വീപ്‌ സമൂഹത്തിലും നീര ടാപ്പിംഗ്‌ അനുവദനീയമാണ്‌.  കർണ്ണാടകത്തിൽ ഹോർട്ടികൾച്ചർ വകുപ്പ്‌ പരീക്ഷണാടിസ്ഥാനത്തിൽ നീര ഉത്പാദനം തുടങ്ങിയിട്ടുണ്ട്‌.
കേരളത്തിൽ നീര ഉത്പാദന രംഗത്തെ നിക്ഷിപ്ത താൽപര്യക്കാർ പ്രകടിപ്പിക്കുന്ന ചില ആശങ്കകൾ കൃഷിക്കാരെ ഈ രംഗത്തേക്ക്‌ കടന്നുവരാൻ അനുവദിക്കുന്നില്ല.
1967-ലെ കേരള അബ്കാരി നിയമമനുസരിച്ച്‌ ?വൈൻ, ചാരായം, കള്ള്‌, ബിയർ എന്നിങ്ങനെ ആൽക്ക ഹോൾ അടങ്ങിയിരിക്കുന്ന എല്ലാ  ദ്രാവകങ്ങളും?മദ്യത്തിന്റെ നിർവചന ത്തിൽ പെടുന്നു. എന്നാൽ കള്ളിന്റെ നിർവചനത്തിൽ തെങ്ങ്‌, പന, ഈന്തപ്പന എന്നീ ജാനസ്സുകളിൽപ്പെട്ട വൃക്ഷങ്ങളുടെ പൂങ്കുലയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പുളിച്ചതും പുളിയ്ക്കാത്തതുമായ എല്ലാ പാനീയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതായത്‌ മദ്യാംശം ഇല്ലാത്ത പുളിക്കാത്ത ദ്രാവകവും കള്ളിൽ ഉൾപ്പെടുത്തി യിരിക്കുന്നു.
പുളിക്കാത്ത ജ്യൂസ്‌ ആയ നീര അബ്കാരി നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആയതിനാൽ അബ്കാരി നിയമത്തിന്‌ കീഴിൽ ലൈസൻസുള്ള അംഗീകൃത ചെത്തു തൊഴിലാളികൾക്ക്‌ മാത്രമേ ഇന്നത്തെ നിലയിൽ നീര ചെത്തുവാൻ അനുവാദമുള്ളൂ.
അബ്കാരി നിയമ പ്രകാരം കർഷകർക്ക്‌ നീര ടാപ്പു ചെയ്യാനാവില്ല. അബ്കാരി നിയമത്തിലെ വ്യവസ്ഥകളെ ക്കുറിച്ച്‌ പഠിക്കാൻ ഒരു സമിതിയെ കേരള ഗവണ്‍മന്റ്‌ നിയോഗിച്ചിട്ടുണ്ട്‌. എക്സൈസ്‌ കമ്മീഷണർ അദ്ധ്യക്ഷണായുള്ള കമ്മിറ്റിയെ നീര ചെത്ത്‌ കർഷകർക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താം, നീരയുടെ വ്യവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം, നീര ചെത്തുകൊണ്ട്‌ കള്ള്‌ ചെത്ത്‌  പ്രതിസന്ധിക്ക്‌ പരിഹാരം കാണാ നാകുമോ, നീരയിലെ ആൽക്കഹോളിന്റെ അളവ്‌, നീരയുടെ ഉത്പാദനം, വിപണനം, വിപണന ഏജൻസി, കയറ്റുമതി സാദ്ധ്യതകൾ, നീരയിൽ മായം ചേർക്കാനുള്ള സാദ്ധ്യതകൾ എന്നീ വിഷയങ്ങൾക്കൊപ്പം കേരളത്തിലെ കള്ള്‌ ചെത്ത്‌ വ്യവസായം നേരിടുന്ന പ്രതിസന്ധി, ശുദ്ധമായ കള്ളിന്റെ ലഭ്യത എന്നിവയെപ്പറ്റിയും പഠനം നടത്തി റിപ്പോർട്ട്‌  സമർപ്പിക്കുന്നതിന്‌ ഉത്തരവാദിത്വപ്പെടുത്തിയിരിക്കുന്നു. നീരയുത്പാദനം സംബന്ധിച്ച പഠന റിപ്പോർട്ട്‌ സമർപ്പിക്കുന്നതനുസരിച്ചായിരിക്കും സർക്കാരിന്റെ നയപ്രഖ്യാപനമുണ്ടാകുക.
കള്ളിന്‌ പകരക്കാരൻ നീരയോ നീരയ്ക്ക്‌ പകരക്കാരൻ കള്ളോ അല്ല. രണ്ടുൽപന്നങ്ങളും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നു. അതിനാൽ ഉത്പാദനത്തിനും സംസ്ക്കരണത്തിനും വിപണ നത്തിനും പ്രത്യേകം പ്രത്യേകം നിയമം കൊണ്ടു വരികയും രണ്ടു തലങ്ങളിൽ ഇവയെ പ്രതിഷ്ഠിക്കുകയും വേണം. അങ്ങനെയായാൽ ഈ സംശയങ്ങളും, ആശങ്കകളും ദൂരീകരിക്കാം.
കർഷകർക്ക്‌ ന്യായമായ വരുമാനം ലഭ്യമായാൽ ചെത്താൻ ലഭിക്കുന്ന തെങ്ങുകളുടെ ദൗർലഭ്യവും കുറയും. നീര ടെക്നീഷ്യന്മാർക്ക്‌ പ്രത്യേകം പരിശീലനം നൽകാനും സംവിധാനം ഒരുക്കണം.
കർഷക കൂട്ടായ്മകളിലൂടെ നീര ?
കഴിഞ്ഞ രണ്ടുവർഷങ്ങളായി ചിന്നിചിതറിക്കിടക്കുന്ന ചെറുകിട, നാമമാത്ര കേരകർഷകരുടെ കൂട്ടായ്മകൾ നാളികേര ബോർഡ്‌ രൂപീകരിച്ചു വരികയാണ്‌. നീരയുടെ ശേഖരണവും സംസ്ക്കരണവും നാളികേര വികസന ബോർഡിന്റെ ഉത്പാദകസംഘങ്ങളും സംസ്ഥാന കൃഷിവകുപ്പ്‌ രൂപീകരിച്ചിട്ടുള്ള ക്ലസ്റ്ററുകളും വഴി നടപ്പിലാക്കാവുന്നതാണ്‌.
നീര ഉത്പാദനത്തിനുള്ള സാങ്കേതിക പരിജ്ഞാനവും പരിശീലനവും നാളികേര ബോർഡും, കൃഷിവകുപ്പും, കേരള കാർഷിക സർവ്വകലാശാലയും നൽകുന്നതായിരിക്കും. നീര ഉത്പാദനം മാത്രമല്ല, അതിന്റെ സംസ്ക്കരണവും, സംഭരണവും മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണവുമെല്ലാം പ്രായോഗികമാക്കുന്നതിന്‌ ബോർഡ്‌ സാങ്കേതിക വിദ്യകൾ ലഭ്യമാക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.
നീര സംസ്ക്കരണത്തിൽ വിജയകരമായ ഗവേഷണഫലങ്ങൾ ഉണ്ടായിട്ടുണ്ട്‌. പ്രാഥമിക ഗവേഷണങ്ങൾ കേരള കാർഷിക സർവ്വകലാശാലയും, സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടും, ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലബോറട്ടറിയുമെല്ലാം വിജയകരമായി നടത്തിക്കഴിഞ്ഞിരിക്കുന്നു.
വിപണന സാദ്ധ്യത
കേരളത്തിനകത്തും പുറത്തും വിദേശത്തും വിപണന സാദ്ധ്യത യേറെയുള്ള ഉൽപന്നമാണ്‌ നീരയെന്ന്‌ മറ്റ്‌ നീരയുത്പാദക രാജ്യങ്ങളുടെ അനുഭവം വ്യക്തമാക്കുന്നുണ്ട്‌. കരിക്കിൻവെള്ള ത്തിന്‌ ആരോഗ്യ പാനീയമെന്ന നിലയ്ക്ക്‌ അടുത്തിടെ ലഭിച്ച അംഗീകാരത്തേക്കാൾ കൂടുതൽ പ്രചാരം നീരക്കും ലഭ്യമാകുമെന്നതിൽ ആശങ്ക വേണ്ട. കൂടുതൽ സ്വാദിഷ്ടമായ പോഷക പാനീയമെന്ന നിലയ്ക്ക്‌ നീരയുടെ സ്വീകാര്യത ഏറിയിരിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌.
സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ
നീര ഉത്പാദനവും, മൂല്യവർദ്ധനവും, വിപണനവും വഴി കേരളത്തിലെ തെങ്ങുകൃഷിക്കാർക്കും നീര ടെക്നീഷ്യൻമാർക്കും കേരവ്യവസായ രംഗത്തിനുമുണ്ടാകുന്ന നേട്ടങ്ങളെപ്പറ്റി സൂചിപ്പിച്ചു കഴിഞ്ഞു. കേരളത്തിലെ സാമ്പത്തിക നിലയിൽ ആശാവഹമായ ഉയർച്ച ഇതുവഴി ഉണ്ടാകും. തെങ്ങോന്നിന്‌ ഒരു ലിറ്റർ നീര ലഭിക്കുമ്പോൾ ഉപഭോക്തൃ വിലയുടെ 50 ശതമാനം കർഷകനും, 25 ശതമാനം നീര ടെക്നീഷ്യൻമാർക്കും, ബാക്കി 25 ശതമാനം സംസ്ക്കരണത്തിനും വിപണനത്തിനുമെന്നു കരുതാം.
സംസ്ഥാനത്തെ 10 ശതമാനം തെങ്ങുകളിൽ നിന്നും നീര ടാപ്പ്‌ ചെയ്ത്‌ ലിറ്ററിന്‌ നൂറു രൂപ വച്ച്‌ കണക്കാക്കിയാൽ സംസ്ഥാനത്തിന്‌ ലഭ്യമാകുന്ന പ്രതിവർഷ വരുമാനം 54000 കോടി രൂപയാണ്‌. ഇതിൽ കർഷകന്‌ ലഭിക്കുന്നത്‌ 27000 കോടിയും ടെക്നീഷ്യൻസിന്‌ 13500 കോടിയും സംസ്ഥാനത്തിന്‌ അധിക നികുതി വരുമാനമായി 4050 കോടിയും കണക്കാക്കാം (പട്ടിക-1 കാണുക). നീരയുത്പാദനത്തിൽ നിന്നും കർഷകർക്ക്‌ ലഭിക്കുന്ന വരുമാനം സംസ്ഥാനത്തിന്റെ ജി.ഡി.പി.യിലേക്കു മുതൽക്കൂട്ടാകുമെന്നതാണ്‌ പ്രത്യേകത. കർഷകരുടെ സാമ്പത്തിക നേട്ടത്തിനു പുറമേ ഗ്രാമീണ പുരോഗതിയും സാമൂഹ്യ നേട്ടങ്ങളും ഒപ്പമുണ്ടാകും. സുസ്ഥിര കാർഷികാദായവും അതുവഴി ജീവിതനിലവാര ഉയർച്ചയും നമ്മുടെ കൃഷിക്കാരേയും തൊഴിലാളികളേയും തേടിയെത്തും.
ഉത്പാദിപ്പിക്കുന്ന നീര സംസ്ക്കരിക്കുന്നതിനും പായ്ക്ക്‌ ചെയ്യുന്നതിനുമെല്ലാം വിവിധ തലങ്ങളിൽ സൗകര്യമൊരുക്കേണ്ടതുണ്ട്‌. ടെക്നീഷ്യൻമാരെ പരിശീലിപ്പിക്കണം. ഉത്പാദന മേഖല കേന്ദ്രീകരിച്ച്‌ സംഭരണ കേന്ദ്രങ്ങൾ തുടങ്ങണം. കൂടാതെ ജില്ലാടിസ്ഥാനത്തിലും ഇതേ സജ്ജീകരണങ്ങൾ വിപുലമായ തോതിൽ വേണ്ടിവരുന്നു. ഇവിടെയെല്ലാം സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ നിരവധിയാണ്‌. ഗ്രാമീണമേഖലയിൽ പുരോഗതിയുടെ, പുത്തനുണർവിന്റെ  നാന്ദി കുറിക്കുവാൻ നീരയുത്പാദനത്തിന്‌ കഴിയും. ഗാന്ധിജി വിഭാവനം ചെയ്ത വികസനം ഗ്രാമങ്ങളിൽ നിന്നാകട്ടെയെന്ന തത്വത്തിൽ സുഷുപ്തിയിലായിരിക്കുന്ന കേരളത്തിലെ കേര കർഷകരെ മുന്നേറ്റത്തിന്റെ പാതയിലേക്ക്‌ നയിക്കാൻ നീരയിലൂടെ സാദ്ധ്യമാകുമെന്ന്‌ പ്രത്യാശിക്കുന്നു.
ആരോഗ്യരംഗത്തെ മെച്ചപ്പെട്ടൊരു മുന്നേറ്റത്തിനും നീര വഴിയൊരുക്കുമെന്നാണ്‌ ഇതിന്റെ പോഷക നിലവാരം സൂചിപ്പിക്കുന്നത്‌. കൊച്ചുകുട്ടികൾ തുടങ്ങി, ഏതു പ്രായക്കാരിലും ആരോഗ്യസംരക്ഷണ വസ്തുക്കളെന്ന നിലയിൽ പരിഗണിക്കപ്പെടുമ്പോൾ, മാറുന്നത്‌ നമ്മുടെ സാമൂഹ്യരംഗം അപ്പാടെയാണ്‌. ഭക്ഷ്യസംരക്ഷണവും ആരോഗ്യ സുരക്ഷയും സാമൂഹ്യവളർച്ചയ്ക്ക്‌ നാന്ദി കുറിക്കും.
ഇപ്രകാരം നാളികേര വികസന ബോർഡിന്റേയും, കൃഷി വകുപ്പിന്റേയും ശ്രമങ്ങൾ ഏകോപിപ്പിച്ച്‌ കേരളത്തിന്റെ സമ്പട്‌വ്യവസ്ഥയേയും, കേരകൃഷിയുടെ വികസനവും മെച്ചപ്പെടുത്തുകയും അതുവഴി കേരകർഷകന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും പ്രാപ്തിയുള്ള ഒരു ഉൽപന്നമായി നീരയെ ഉയർത്തി ക്കൊണ്ടു വരേണ്ടതാണ്‌.

24 May 2013

തന്നത്താന്‍കൊത്തി


ശ്രീകൃഷ്ണദാസ് മാത്തൂര്‍.

വീടിന്റെ എല്ലാ ജന്നലുകള്‍ക്കും
കണ്ണാടിവാതിലിട്ടു കൊടുത്തു
സ്വയം പ്രതിഫലിക്കുന്നതു കണ്ടു`
ചുറ്റുവട്ടത്തിന് ലാസ്യമായി.
തിരുത്തല്‍ ത്വര കലശലായി.

വലിച്ചു കീറിപ്പിടിച്ച വായ്‌
അടച്ചു വയ്ക്കാന്‍ ടിപ്പറുകള്‍
വളഞ്ഞുപോകും വഴി പണിപ്പെട്ടു.
രണ്ടായ` പിരിയും വഴി
താനെവിടെത്തിയെന്നു` ഒളിഞ്ഞു നോക്കി.

കുടിയന്‍ താന്‍ വളയുന്നതിന്റെ
കോണളന്നു തെല്ലുനേരം നിന്നു.
ചാഞ്ഞും ചരിഞ്ഞും നിന്ന്
ഘനീഭവിക്കുന്ന മുഖം നോക്കി
മേഘങ്ങള്‍ തങ്ങളില്‍ മഴ തിരഞ്ഞു.

ആറ` കുറുകി കിളിയായ` മാറിയത്
ഒഴുക്കിന്റെ ചരിത്രം കൂടെയുണ്ടോഎന്ന്,
തൂവലുകളില്‍ തിരയുണ്ടോ എന്ന`
താണുവീണു കണ്ണാടിയോട് ചോദിച്ചു.

കണ്ണാടിപ്പാടിയിട്ടതിന്‍ ശേഷം
വീടും ചുറ്റുപാടും ഒരു കുടുംബം.

ഒരു കിരീടം വച്ച കിളി മാത്രം
തന്നെപ്പോലോരുത്തനെ കണ്ടു`
കണ്ണാടിയോട് കൊത്തു കൂടുന്നു.
അവനൊരു പുരാതന ക്ഷത്രിയ ഛായ ,
അവന്റെ കൊത്ത് തന്നോടു തന്നെ,
അവന്‍ തന്നത്താന്‍കൊത്തി,
മരംകൊത്തി...

27 Apr 2013

മുന്നൊരുക്കം.


11:55pm Apr 10


ശ്രീകൃഷ്ണദാസ് മാത്തൂര്‍
ഉണങ്ങാത്ത ചോര തികട്ടി
ചുണ്ടത്ത് വച്ച് ചെമ്പരത്തി
വസന്തത്തില്‍ പങ്കെടുത്ത്
നിലം നോക്കി നില്‍ക്കുന്നു.

ജീര്ന്നതയില്‍ നിന്നൂറ്റിക്കുടിച്ച
മഞ്ഞച്ചലം പുരണ്ട ചെമ്പക-
പ്പൂമണത്തെ ചുറ്റിപ്പറ്റി
ചോപ്പ് നാവ് ഇതളായ് പുറത്തിട്ട്
മറ്റൊരു ചെടി മനപ്പൂര്‍വ്വം...

പഞ്ചമഹാ പാതകീ, നിന്റെ
ചുറ്റുവട്ടത്തെ ക്ഷുദ്രപുഷ്പങ്ങളില്‍
മൃത്യു നിറം പുരട്ടുന്നു.
മുഖപ്രസാദം മാഞ്ഞ പകലിന്റെ
പിണങ്ങാനുള്ള മുന്നൊരുക്കത്ത്തില്‍
മഴയുടെ കാറ്റ് മരം പിഴുന്നു.
****

23 Feb 2013

മഹാകവി കുട്ടമത്തിന്റെ ഒരു കേരകവിത


പായിപ്ര രാധാകൃഷ്ണൻ

കേരസംസ്ക്കാരത്തെ പോഷിപ്പിക്കുന്ന കാവ്യാനുഭവങ്ങൾ മലയാളത്തിലേറെയുണ്ട്‌. ചങ്ങമ്പുഴ, ഇടശ്ശേരി, വൈലോപ്പിള്ളി എന്നിവരുടെ സംഭാവനകൾ ശ്രദ്ധേയമാണ്‌. മഹാകവി കുട്ടമത്തിന്റെ 'ഇളം തളിരുകൾ' എന്ന ബാലസാഹിത്യകൃതിയിൽ ഉൾപ്പെടുന്ന 'കിളിയോല മാറി' എന്ന കവിത അതീവ ഹൃദ്യമാണ്‌.
ഒരു തൈത്തെങ്ങിനെ പ്രകൃതി എവ്വണ്ണമാണ്‌ മാതൃച്ഛായയിൽ ലാളിച്ച്‌ വളർത്തുന്നതെന്ന്‌ അതീവ ചാരുതയോടെ കുട്ടമത്ത്‌ അവതരിപ്പിക്കുന്നു. അത്യുത്തര കേരളത്തിൽ നിന്ന്‌ ഉദിച്ചുയർന്ന്‌ കൈരളിക്കാകെ കൗമുദിയായി ഭവിച്ച മഹാകവി കുട്ടമത്ത്‌ കുന്നിയൂര്‌ കുഞ്ഞിക്കൃഷ്ണക്കുറുപ്പിന്‌ ശ്രദ്ധാഞ്ജലി കൂടിയാകട്ടെ ഈ കവിത.




കിളിയോല മാറി
മഹാകവി കുട്ടമത്ത്‌

കിളിച്ചഞ്ചുപോലവേ വളഞ്ഞൊരങ്കുര-
ക്കളി ശൈശവത്തിൽ നിലകൊണ്ടുമെല്ലാം
തെളിവാർന്നുയർന്നു തൊഴുകയ്യുയർത്തി നീ-
യൊളി ചിന്നിവാണു ചെറുനാളികേരമേ!
കഴുകുന്നു നിന്നെ മഴവന്നു, നിത്യവും
തഴുകുന്നു നല്ല കുളിർ വായു സാദരം
മുഴു തിങ്കളും, രവിയുമൊന്നുപോലെ നിൻ -
തൊഴുകൈ വിടർത്തവേ വളർന്നിടുന്നു നീ.
കിളിയോല മാറിയിളതായ കോമള-
ത്തളിർ മാല കോർത്ത പല കൈകൾ കൊണ്ടു നീ
മിളിത പ്രഭം കുഴിയിൽ നിന്നു പൊങ്ങിവൻ
തെളിവാർന്ന ചക്രവലയം ച്ചറുക്കയായ്‌.
കനകക്കരിമ്പു തടിപോലെ നീണ്ടു നി-
ന്നനഘക്കരത്തിലിളകും ദളങ്ങളാൽ
ജനമാണസത്തിലെഴുതുന്നു ഭാവിയാ-
യിനി നീ തരുന്ന ശുഭമാം ഫലോദയം.
ശിശുവായ നിന്നെ ദുരപൂണ്ടശിക്കുവാൻ
പശുപാളിയുണ്ടു ബഹുവൈരിയെങ്കിലും
സ്വശുഭാശപൂണ്ട നരനുണ്ടു നിൻ യശ:
പിശുനാർത്ഥിയായ്‌ കൊടിയവേലി കെട്ടുവാൻ.
ബലമേകിടുന്നൊരമൃതം നിറഞ്ഞപൊൻ
കലശങ്ങളെത്ര ഹൃദയത്തിൽ വെപ്പു നീ
തല നീർന്നു കൽപതരുവായ്‌ വരുന്ന നിൻ
നിലനിൽപ്പു മുന്നിൽ നിഖിലോപകാരകം.

24 Jan 2013

തലയിലെ തീ



മോഹൻ ചെറായി



    തലയിലായ്‌ തീ കത്തുന്നു
    മലയിലും തീ കത്തുന്നു
    ഉള്ളിലും  തീ കത്തുന്നു:
    വെള്ളമോ തുള്ളിയുമില്ല!!

    പലവട്ടം ആഞ്ഞു പിടിച്ചേ
    തലയിലെ തീയണച്ചീടാൻ .....
    അലമുറകൾ വ്യർത്ഥമതാകെ
    മലയിലെ തീ കണ്ടെന്നേ!

    മലയിലെ തീ കെടുത്താനായ്‌
    മാലോകർ വന്നതുമില്ല;
    മലയിലെ വൻതീ കണ്ട്‌
    തലയിലെ തീ മറന്നെന്നേ!

    മലനാടിൻ തോടും ചാടി
    പല നാടിൻ ഇടയും താണ്ടി
    തലയിലെ തീയാളിച്ച്‌
    മലയിലെ തീയ്ക്കലുമെത്തി

    മലയിലെ തീ കെടുത്തീടാൻ
    തലമറന്നാഞ്ഞു പിടിക്കേ,
    പന്തംപോലെൻ തലകത്തുമ്പോൾ
    എന്തേ ഞാനും ഞാനും  മാത്രം ???

    ഉള്ളുരുകി വെള്ളമൊലിപ്പൂ,
    വെള്ളത്തിനു തീ പിടിക്കുന്നു
    "തലയിലായ്‌ തീ കത്തുമ്പോൾ
    മലയിലെ  തീ കാണരുത്‌ !!"

22 Dec 2012

മൃതിസംക്രമണം


എം.കെ.ജനാർദ്ദനൻ

ഇവിടെ നെടുവീർപ്പുകൾ മരവിച്ചൊരുണ്മകൾ
ഇവിടെ സംസ്കൃതികളെരിയുന്നിതഗ്നിയിൽ
ഇവിടെ പുരാസ്മൃതികളിൽ പീതാകാശ
മുരുവിട്ട വേദങ്ങൾ ചിതലരിക്കുന്നു
ഇവിടെ നിഷാദ പർവ്വങ്ങൾ ജയിപ്പു
പ്രിയെ-പ്രണയനിനവിന്നു കാതോരമീ
ല്ലാകയാൽ നിനക്കായ്മൊഴിയുന്നതീയഗ്നിയെ
ഇതുനമ്മൾതൻ യാത്രമൊഴി
ഇവിടെ തളിരുകൾ കരിയുന്നു പൂക്കൾ
മരിക്കുന്നു, സുഗന്ധങ്ങളെല്ലാം
വിടചൊല്ലീടുന്നു ശ്മശാന-
ശവംനാറികൾ പൂക്കുന്നു ഗതിയ-
ടാത്മാക്കളലയുന്നു ഗൃഹാതുരതകൾ
ശവമടങ്ങുന്നു ഇവിടെകനക്കുന്ന
മൗനത്തിലൊരുകോടി സങ്കടം
ശപിത ജന്മങ്ങൾ നാമെങ്കിലും
പ്രണയമഗാധം എനിക്കുള്ള
തവിഛിന്ന സാഗരം നിൻ
രുചിരമാകാശ വിസ്തൃതം
നമ്മളൊന്നായി ഭുവിലെ വരിക്കുകിൽ
ഭൂമിയനവദ്യസുരഭിലമതിലലിയവൊ
ഉലകിനാദിമൂലങ്ങളിൽനാമദ്വൈത സുന്ദരം
നാം കറതീർന്ന പ്രേമസായൂജ്യം
പ്രിയേ കാൺക നീ നഗരനീശിഥത്തിൽ
വഴിതെറ്റിവന്നൊരുകന്യകയാരോ
ചതിച്ചമാൻകിടാവിന്‌ രാക്ഷസ
ക്കനിവിന്റെ യക്ഷയഖനികൾ
കഴുകന്റെ കൊക്കുകൾ കാമവെറി
യന്റെ പാപാസകൾ ദംശനം!
പുലരിപുതമഞ്ഞിലവൾതൻജഡം
മൃതിവണ്ടിയിൽ യാത്രപോകുന്നിതാ!
വീണ്ടും കാണുക നടവഴിയിൽ പട്ടാപ്പകൽ
തീർത്തക്കുരുതിക്കളം രാഷ്ട്രീയ
യുവാവുതൻ ഗളമറ്റ ശിരസ്സ്‌
ചാരെ, 'കുരുതിപ്പണം'കൊണ്ടെതി-
രാളിതീർത്തമണിമന്ദിരം അവ-
നുതുണ, യനുസാരിവൃന്ദങ്ങൾ കപട
വേതാള നരസഞ്ചയം നിത്യസ്തുതികൾ
മിഴികൾ ചുടുനീരണിയുമ്പോൾ
നമുക്കെന്തു സമാധാനം, പ്രണയിച്ചു
കാമിച്ചു പ്രസവിച്ചൊരമ്മക്കുതന്നുണ്ണി
യീവീതം...! കരൾ ശമിക്കുന്നതെങ്ങിനെ?
പ്രിയേ വേണമോ നിനക്കു സുമംഗല്യം?
ചുടുനെടുവീർപ്പുകൾ കൊണ്ട്‌ കൊടു-
ങ്കാറ്റുതീർക്കുവാൻ
കണ്ണീർ ചുരന്നുള്ള കടലുകൾ തീർക്കുവാൻ
നമുക്കു തുണയേകുകില്ല പ്രത്യയശാസ്ത്രങ്ങൾ
രാമരാജ്യങ്ങളും നമ്മളഭയമില്ലാത്തവർ
സഖി നമ്മെ മാടി വിളിക്കുന്നതാത്മഹത്യാമുമ്പുകൾ
ഇനിയെന്തുള്ളൂ? ഒരുപുണരൽ
ചുടുചുംബനം ചുംബനവർഷങ്ങൾ
ഘനമൗനം പിന്നെയമൃതമൃത്യുവിൽ നിത്യശാന്തികൾ
എത്രശ്രമിച്ചു നാമെത്ര ശയിച്ചുനാമി-
ചപലസമൂഹത്തിലൊത്തു
ജീവിക്കുവാൻ -ഒരു പൂവിരിയിക്കുവാൻ!
കാലംബധിരം ധരയുടെ യാർദ്രശ്രവണ
പുടങ്ങളുടഞ്ഞുപോയ്‌
സകല സത്യത്തിനും,സകല,
നീതിസാരത്തിനും, സ്വത്വത്തിനും
സകല ദൈവത്തിനുമാധാരമായ
'പണം' രാജസിംഹാസനംവാഴുന്നു
പ്രിയേ നമ്മൾ പ്രണവം സാനന്ദ-
പ്രണയപനിനീർസുഗന്ധഹൃദയങ്ങൾ!
ഇത്‌ നരകസ്ഥലി നമ്മൾ തൻ നമുക്കു-
പിറക്കാനിരിക്കുമുണ്ണികൾ തൻ-
ജീവനിഷേധനരകലോകം!
നമുക്കിവിടെ സങ്കടക്കൂനകൾ!
ഇവിടമസുരപാതാളലോകം!
നല്ലോരുഭൂമിയെയുയിർപ്പിക്കുവാൻ
നവഭാവനതുളുമ്പുമൊരു ദേവനെ
പ്രാർത്ഥിച്ചിടാം യാത്രാമൊഴി
നമുക്കിനി മൃതിസംക്രമണങ്ങൾ

23 Nov 2012

തെരുവിലെ കൗമാരം

 പ്രിയ സയൂജ്

ഒരു നോവിന്റെ തീപ്പന്തമെറിഞ്ഞവള്‍
ദൈന്യമായെന്നോടു കൈനീട്ടവെ 
കണ്ടു ഞാനവളുടെ വാടിയ കണ്‍കളില്‍ 
ചിതറിത്തെറിച്ചോരു   ജീവിതം !

ഒരു വാക്കുമുരുവിടാതവള്‍ തന്റെ 
ഉദരത്തില്‍ കൈചേര്‍ത്തു കെഞ്ചവേ
അവള്‍ക്കായി നീട്ടിയ ചില്ലറത്തുട്ടുകള്‍
എന്തിനോ വേണ്ടിയെന്‍ കരം പൊള്ളിച്ചു .

അവളുടെ വിശപ്പകറ്റാന്‍ നല്‍കി ഞാന്‍
നല്ലരിച്ചോറും ഏറെക്കറികളും
ആര്‍ത്തിയോടതു വാരിത്തിന്നുന്ന കാഴ്ച്ചയില്‍ 
നിര്‍വൃതി കൊള്ളുകയാണിന്നെന്‍  മാനസം !

ഏറിയാല്‍ പതിനാറു വയസേ വരൂയവ -
ളേറ്റുന്ന ദുരിതങ്ങളേറെയാണ് 
ഏറെ മുഷിഞ്ഞൊരു  കുപ്പായത്തില്‍  തന്റെ 
ഏറുന്ന താരുണ്യം സൂക്ഷിക്കുന്നു .

കാലം ശരിയല്ല, അവളെപ്പൊതിയുവാന്‍
അമ്മതന്‍ വാത്സല്ല്യമില്ലയെന്നോ?
തെരുവിന്‍ അനാഥമാം ജീവിതം നല്‍കിയി -
ന്നെവിടെക്ക്  മാഞ്ഞുപോയ്‌  ആയമ്മ ?

അബലയാമവളുടെ പൂവുടല്‍ കണ്ട -
ങ്ങെത്തിടാമധമരാം  മനുഷ്യജന്മം
മകളേ, കരുതുക ആയുധമൊന്നു നീ  
മാനം രക്ഷിക്കുവാന്‍ വേണ്ടി മാത്രം !

തെല്ലൊന്നടങ്ങിയോ അവള്‍തന്‍ വിശപ്പ്‌ ?
ആ മിഴി നന്ദിയോടെന്‍ നേര്‍ക്ക്‌ നീളവേ, 
നല്‍കി ഞാന്‍ നല്ലൊരു വസ്ത്രമവള്‍ക്കായി
നഗ്നത തെല്ലൊന്നു ചേലോടെ മൂടുവാന്‍ .

യാത്ര പറഞ്ഞവള്‍ നന്ദിയോടെ ,വിളര്‍ത്തയാ
കണ്‍കളില്‍ കണ്ടു ഞാന്‍ താരമൊന്ന്
വെയിലില്‍ പൊരിഞ്ഞ നിന്‍ ചൊടിയില്‍ വിരിഞ്ഞയാ 
പുഞ്ചിരി കാണുവാനെത്ര ഹൃദ്യം!

അവള്‍ പോകും വഴിനീളെയേറെ നേരമെന്‍ 
മിഴിയും മൊഴികളും യാത്ര ചെയ്കെ,
നേര്‍ന്നു ഞാന്‍ മനസ്സാലവള്‍ക്കത്മാര്ഥമായ്
നന്മയും , നാളെതന്‍ സൌഭാഗ്യവും !

23 Oct 2012

ദൈവത്തിന്റെ മറ്റു ചില വിക്യതികൾ


സുമേഷ് വാസു

എയർപോർട്ടിലിരിക്കുമ്പോളാണവന്റെ മുഖം വീണ്ടും കാണുകയുണ്ടായത്.
അല്ല.
അതവനല്ല.
ആ  മുഖഭാവം അവൻ തന്നെയെന്ന് ഒരു നിമിഷം തോന്നിച്ചതാണു.
വീൽചെയർ തള്ളികൊണ്ട് പോയ സ്ത്രീ അമ്മയാവും, മുഖം തുളച്ചിറങ്ങുന്ന നോട്ടവുമായവൻ കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോഴേക്കും മനസ്സ്,  മൈസൂരിലെത്തിയിരുന്നു.

ഒരു വർഷം മുൻപാണത്,

മുറിയിൽ സഹമുറിയന്മാരുടെ വെള്ളിയാഴ്ച ആഘോഷം.ബിയർ  ബോട്ടിലുകൾക്കപ്പുറമിരുന്ന് സുഹ്യത്ത് ചുരുട്ടി വിടുന്ന സിഗരറ്റ്പുക ചുറ്റും  വലയം ചെയ്തുയരുന്നതിനൊപ്പിച്ച് ശിരസ്സ് കൂടി കറങ്ങാൻ തുടങ്ങുമ്പോഴാണു രണ്ട് പേർക്കും തത്വചിന്തകൾ ഉണരാറു.

ചിയേഴ്സിനു ശേഷം തുടങ്ങുന്ന ചർച്ചകളിൽ ഓഫീസ് വിഷയങ്ങൾ, വീടു പണി, വിലക്കയറ്റം, അഴിമതി,  ആഗോളവൽക്കരണം, കാശ്മീർ, പലസ്തീൻ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞ് , ബീഫ് ഫ്രൈയിൽ അവശേഷിച്ചിരിക്കുന്ന ഒരൽപ്പം ഉള്ളിയും, ചിക്കൻകറിയുടെ ചാറും മൽസരിച്ച്  വടിച്ച് നക്കി, ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഗുരുതരവിഷയവുമായ പ്രണയം അഥവാ ലൈനടിയിൽ എത്തിച്ചേരും,

"എടാ!"
"പറയ്"
"എന്നാലുമവൾ!!"
"പോട്ടെ നീ വിട്ടു കളയ്"
 പരസ്പരമുള്ള ആശ്വാസവാക്കുകൾ പകർന്ന്  ഒടുവിൽ എഞ്ചിൻ ഓഫാകാറാണു പതിവ്.

എപ്പോഴോ വായിച്ച പോസറ്റീവ് തിങ്കിങ്ങ് ബുക്കുകളിലും, ചില മാനേജ്മെന്റ് സെഷനിലും കിട്ടുന്ന ജ്‌ഞാനവും അജ്ഞാനവുമൊക്കെ അവന്മാരുടെ മേൽ പ്രയോഗിക്കുന്നത് ഈ ഒരു സമയത്താണു.മലയാളത്തിലാകുമ്പോൾ അത്രയ്ക്കങ്ങ് ബുദ്ദിമുട്ടില്ല!

"ഡേ, എന്നാലും അവൾ"    അവൻ വീണ്ടും തുടങ്ങി.

" മിണ്ടാതിരിയെടാ "
" എന്നെ കാണാൻ ഒരു ലുക്കില്ല അല്ല്യോ ? അതല്ലേ ആർക്കും വേണ്ടാത്തെ ?"

" ശ്ശെ ഇങ്ങനെ പറയാതെ മച്ചൂ, ലുക്കിലെന്താ കാര്യം ? സത്യത്തിൽ നമുക്കെന്താ ഒരു കുറവ് ?!!"
" എന്താ ഉള്ളേ ?"

" ബുദ്ദിക്ക് ബുദ്ധി ഇല്ലേ ? പഠിപ്പില്ലേ ? ആരോഗ്യമില്ലേ? ഭേദപ്പെട്ട ജോലി ഇല്ലേ ? ചെറുതെങ്കിലും വണ്ടി ഇല്ലേ ? സ്നേഹമുള്ള വീട്ടുകാരില്ലേ ?, പിന്നെ ഗ്ലാമർ !, അതിന്നു വരും നാളെ പോകും, 
എവിടെയോ വായിച്ചിട്ടുണ്ട്, നമ്മളുടെ സൗഭാഗ്യമറിയണമെങ്കിൽ, നമ്മേക്കാൾ കഷ്ടപെടുന്നവരെ നോക്കണം, എത്രയോ ആളുകൾ, ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ! ശാരീരികവും മാനസീകവുമായ വൈകല്യങ്ങൾ ഉള്ളവർ!,അനാഥർ!, ഈ ലോകത്ത് ജീവിക്കുന്നു ? അവരെ വച്ച് നമ്മൾ ഭാഗ്യവാന്മാർ അല്ലേ ?  അല്ലേ ?"

മൗനം! ( ഹൊ , അതിനിടേൽ ഞാനൊരു പിന്റ് മടുമടാന്ന് തീർത്തു)
" ശരിയാ  ശരിയാ"
വീണ്ടും മൗനം!
 "നമുക്കവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം , അല്ലേൽ മനുഷ്യനായിട്ട് ജീവിച്ചിട്ടെന്താ ?"
" അതേ, ഞാനുമതിനേപ്പറ്റി ചിന്തിക്കാറുണ്ടായിരുന്നു"

ഓഫീസിൽ അറുമുഖം കുറച്ച് നാൾ മുൻപ് സൂചിപ്പിച്ച  ഓർഫനേജായിരുന്നു മനസ്സിൽ, എല്ലാവരും കൂടി ഒരു ദിവസം അവിടം വ്യത്തിയാക്കുന്നതിനേക്കുറിച്ചും, ഫയലുകൾ ഒക്കെ കമ്പ്യൂട്ടറൈസ്ഡ് ആക്കി കുറച്ച് സാമ്പത്തിക സഹായവും ചെയ്യുന്ന ഒരു സജഷനോടെ ഒരു ഇ മെയിൽ കണ്ടിരുന്നു. കൂർഗിൽ ട്രിപ്പ് പ്ലാൻ ചെയ്തത് കൊണ്ട് മറ്റ് അത്യാവശ്യതിരക്കുകളുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു.

സത്യത്തിൽ ഒരവിശ്വാസം പണ്ടേ ഉണ്ട്. അനാഥാലയങ്ങളുടെ മറവിൽ എന്തൊക്കെ തട്ടിപ്പാ നടക്കുന്നത് എന്നാസമയത്ത് ഓർക്കുകയും ചെയ്തു.
ബാപുജി സെന്റർ  ഇവിടെ അടുത്താണു. ഇവൻ പറഞ്ഞ സ്ഥിതിക്ക് അവിടം വരെ പോയി നോക്കികളയാം. ഉദ്ദേശശുദ്ധിയുള്ള കൂട്ടരാണെങ്കിൽ എന്തെങ്കിലും സംഭാവന കൊടുക്കയുമാവാം,റസീറ്റ് വാങ്ങിയാൽ ടാക്സ് ബെനഫിറ്റ് കൂടി ഉണ്ടെന്ന് ഗണേഷ് പറഞ്ഞതും ഓർമ്മ വന്നു.

കള്ളിൻപുറത്തെ വാക്കുകൾ മറന്ന് പോകാറാണു പതിവ്. ഉടുമുണ്ട് തല വഴി മൂടിപുതച്ചുറങ്ങുന്ന എന്നെ, ഞായറാഴ്ച പള്ളിയിൽ പോയിവന്നവൻ കാലുകൊണ്ട് തലോടി ഉണർത്തും വരെ അതു സീരിയസ്സായെടുത്തെന്ന് ഞാൻ കരുതിയിരുന്നില്ല.

പോകുന്ന വഴിക്കൊരു പാക്കറ്റ് മിഠായിയും ബിസ്കറ്റുകളും കൂടി വാങ്ങി. കുട്ടികളുള്ളതല്ലേ.
ബാപുജി സെന്ററിന്റെ കരയുന്ന ഇരുമ്പ് ഗേറ്റ് കടന്ന് ഉള്ളിൽ കടന്നപ്പോൾ കുറച്ച് കൊച്ച് കുട്ടികൾ ഒരു വശത്ത് കളിക്കുന്നത് കാണായി.മറ്റൊരു വശത്തെ ഷെഡിൽ കുറച്ച് കുട്ടികൾ അവരവരുടെ വസ്ത്രങ്ങൾ അലക്കുന്നുണ്ട്. 
ഓർമ്മ വന്നത് എന്റെ  കുട്ടിക്കാലമാണു. ഹൈസ്കൂൾ പഠനകാലത്ത് വരെ അടിവസ്ത്രങ്ങൾ പോലും അമ്മ കഴുകിതന്നേ ഇട്ടിട്ടുള്ളു.
കഷ്ടം തോന്നുന്നു.

ഓഫീസ് എന്നെഴുതിവച്ചിടത്തേക്ക് കയറി ചെന്നു. രണ്ട് കുട്ടികൾ ചെയറിൽ ഇരിക്കുന്നുണ്ട്, തല ഒരു വശത്തേക്ക് കോടിയിരിക്കുന്നു.ശരീരത്തിൽ അനക്കമില്ല. എന്തോ കളിപ്പാട്ടം കൈക്കരുകിലുണ്ട്. അവരുടെ നോട്ടം തീക്ഷ്ണമായിരുന്നു.

"യാരു ? "

കുട്ടികളിൽ നിന്ന് കണ്ണെടുത്ത് നോക്കി, വെള്ള സാരിയണിഞ്ഞ ഒരു സ്ത്രീയാണു.
"നിനക്കല്ലേ കന്നഡ അറിയുക നീ പറയ്" അവൻ എന്നെ തോണ്ടി.
ഇതിനു മുൻപ് ഇത്തരം സ്ഥലങ്ങൾ പരിചയമില്ല. കന്നഡ ഒക്കെ ചിലപ്പോൾ കണക്കാണു. ഒന്നു മുരടനക്കി ആരംഭിച്ചു

" ഏനോ ഹെൽപ്പ് മാഡക്കാഗത്താ ? അധിഗെ ബന്തിതെ " *

അവരൊന്നു പരിഭ്രമിച്ചെന്നു തോന്നുന്നു.
പറഞ്ഞത് തിരിഞ്ഞു പോയെന്നു ഒന്നു റിവൈൻഡ് ചെയ്തെടുത്തപ്പോൾ വ്യക്തമായി. ചുമ്മാതല്ല അവർ പരിഭ്രമിച്ചത് , അനാഥാലയത്തിൽ ആദ്യമായായിരിക്കും ഒരു കൂട്ടർ വന്ന് അവരോടു ഹെൽപ്പ് തരുമോയെന്ന് ചോദിച്ചിട്ടുണ്ടാവുക!!
" നാനു വിപ്രോദല്ലി കെല്സാ മാഡ്ത്തായിദേ,   കാൻ ഐ ഡൂ സം ഹെല്പ് ഹിയർ ?"

അവർ സ്വീകരിച്ചിരുത്തിയപ്പോൾ  മിഠായിപൊതി കൈമാറി , നന്ദി പറഞ്ഞെങ്കിലുംഅവർ സൗമ്യമായി വ്യക്തമാക്കി
" അവിടെ വരുന്നവരൊക്കെ തന്നെ ഇത്തരം പൊതികൾ കൊണ്ട് വരാറുണ്ടത്രെ, പക്ഷേ ഭക്ഷണത്തിനും കുട്ടികളുടെ വിദ്യഭ്യാസത്തിനും മറ്റ് ദൈനംദിന കാര്യങ്ങൾക്കും കൂടുതൽ ഉപകരിക്കുക സാമ്പത്തിക സഹായമാവും, പിന്നെ അരിയും പച്ചക്കറിയുമാവാമെന്ന് "

സംസാരിച്ച് വന്നപ്പോൾ അവിടുത്തെ അന്തേവാസികളുടെ ജീവിതചിത്രം വ്യക്തമായി. ഗവണ്മെന്റിന്റെ ചെറിയ ഗ്രാന്റും, ഉദാരമതികളുടെ സഹായങ്ങളും കൊണ്ട് കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നു പോകുന്നു. കുട്ടികൾ പഠിക്കുന്നുണ്ട്.

അതിനിടയിൽ ഒരു ചീവീടിന്റെ ശബ്ദം പോലെ ഒരലർച്ച.ഒരു മൂന്നു വയസ്സുകാണും ആ കരച്ചിലിന്റെ ഉടമയ്ക്ക്. അവന്റെ ആവലാതികൾ മുഴുവൻ രത്നമ്മ കേട്ടു, തലയിൽ തലോടി ആശ്വസിപ്പിച്ച് പുറത്തേക്ക് നോക്കി, ഒരു പെൺകുട്ടിയുടെ പേരു വിളിച്ചതും ഓടിയെത്തി. ഏട്ടുഒൻപത് വയസ്സു തോന്നിക്കുന്ന അവളവനെ ചേർത്ത് പിടിച്ച്, ഏതോ കഥ പറഞ്ഞ് കളിക്കാൻ കൂട്ടി കൊണ്ട് പോകുന്നതു കണ്ടപ്പോൾ വാത്സല്യം തോന്നി.
ചേച്ചിയുടെ കുട്ടിയെപറ്റിയാണു ഓർമ്മ വന്നത്. ഭക്ഷണം കഴിക്കില്ല. കുസ്യതിയും, നിർബന്ധിച്ച് മടുക്കുമ്പോൾ അവൾ ചൂടാകും, രണ്ട് തല്ലും കൊടുക്കും. എത്ര ശാന്തതയോടെ കുട്ടികളുടെ അടുത്തിരിന്നാലും ക്ഷമയുടെ നെല്ലിപ്പലക കടക്കുന്ന അവസ്ഥ കണ്ടിട്ടുണ്ട്.
ഇത്രയധികം കുട്ടികളെ ഒരുമിച്ച് പരിപാലിക്കുന്നതത്ര എളുപ്പമല്ല.
എൺപത്തെട്ടിലോ മറ്റോ ആണത്രേ രത്നമ്മ അവിടെ  ഹൗസ് മദറായി പ്രവർത്തിക്കാൻ തുടങ്ങിയത്.ഇവിടെയിവർ എത്രയെത്ര കുട്ടികളുടെ വാശിയും, കുരുത്തക്കേടും കണ്ടിരിക്കാം. എനിക്കവരോടു ബഹുമാനം തോന്നി.
നിശബ്ദതയിൽ  ഇതെനിക്ക് പരിചിതമായ അവസ്ഥയല്ലെന്ന് തിരിച്ചറിഞ്ഞു. ഒരു തരം മടുപ്പ് ബാധിച്ചിരിക്കുന്നു.
ഇത്രയും നേരം എന്നെ ചൂഴ്ന്ന് നോക്കി, വീൽ ചെയറിലിരിക്കുന്ന കുട്ടിയിലേക്ക് ശ്രദ്ധ പോയി. കോടിയ വായിൽ നിന്ന് ഒരൽപ്പം തുപ്പൽ ഒലിച്ചിറങ്ങുന്നുണ്ട്.

"സിവിയർ സെറിബ്രൽ പൾസി" രത്നമ്മയാണു പറഞ്ഞത്. ആ ഇരുപ്പിൽ നിന്നനങ്ങാനാവില്ല.

അവനെന്നെ തന്നെ സൂക്ഷിച്ച് നോക്കുന്നത് പോലെ. കണ്ണുകൾ കടന്ന് ആ നോട്ടം തലച്ചോറിലേക്ക് തുളച്ച്കയറുന്നെന്ന് ഭയപ്പെട്ടു. വല്ലാത്ത ഒരസ്വസ്ഥത എന്നെ പിടികൂടിയിരിക്കുന്നു.!
കൊണ്ട് വന്ന പണം ആ സ്ത്രീയെ ഏൽപ്പിച്ച് മടങ്ങാൻ ഞാൻ തിടുക്കം കൂട്ടി.

"റസീറ്റ് ബുക്ക് കാലിയാഗിതെ , അഡ്രസ്സ് കൊഡി , നാവു മെയിൽ മാഡ്ത്തിനി"**
റസീറ്റ് തീർന്നത്രെ, അതൊന്നും വേണമെന്നില്ലെന്ന് പറഞ്ഞിട്ടും അവർ അഡ്രസ്സ് എഴുതി വാങ്ങി.
പുറത്ത് കടന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു. ഞങ്ങൾ രണ്ടും പരസ്പരം ഒന്നും സംസാരിച്ചില്ല. വരുമ്പോൾ ഉള്ള ഉത്സാഹങ്ങളൊക്കെ എപ്പോഴോ ചോർന്ന് പോയിരിക്കുന്നു.
"പാവം കുട്ടികൾ അല്ലേടാ ?"
"ഉം"
" റസീറ്റ് ഇല്ലാത്തത് ഇനി അടവായിരിക്കുമോ"
" എന്തോ ആവട്ടെ നമ്മൾ അത് കൊടുക്കാനുദ്ദേശിച്ച പണമല്ലേ ?" അവൻ

രണ്ട് ദിവസമായിട്ടും അസ്സ്വസ്ഥത എന്നെ ചുറ്റിപറ്റിനിന്നു. വല്ലാത്ത തലവേദന!

അന്ന് , വൈകുന്നേരം ബൈക്ക് സ്റ്റാൻഡിൽ വച്ച് അകത്തേക്ക് കടക്കുമ്പോൾ ആ കവറു കണ്ടു, ഒരു  മഞ്ഞ കടലാസ്, ബാപുജി സെന്ററിന്റെ റസീറ്റാണു, അതിൽ എഴുതിയിരിക്കുന്നു. " താങ്ക്സ്, മേ ഗോഡ് ബ്ലസ്സ് യു"
എന്നെ ദൈവം അനുഗ്രഹിക്കുമോ ?
ഒന്നു കിടക്കണം.
 കിടന്നു.
ഉറക്കത്തിലെപ്പഴോ ആ തീക്ഷണനോട്ടം വീണ്ടുമെന്റെ കണ്ണുകൾ തുളച്ചത് ഞാനറിഞ്ഞു.

എനിക്കവനെ കാണാമായിരുന്നു. അത്ഭുദം !.വീൽചെയറിൽ നിന്നെഴുനേറ്റ് അവൻ മുന്നിലേക്ക് വന്നു. എന്റെ നേരേ കൈചൂണ്ടിയപ്പോൾ ഒരു പുച്ഛരസം തെളിഞ്ഞു കാണായി.
" കഷ്ടം ! എന്തോ വലിയ കാര്യം ചെയ്തുവെന്നാണോ കരുതിയത് ? ?
അമ്പലത്തിൽ പൂജാരിക്ക് നൂറും,ഹോട്ടലിൽ വെയ്റ്റർക്ക് ഇരുപതും  ടിപ്പ് കൊടുത്തിറങ്ങി, വഴിവക്കിൽ കൈനീട്ടിയ യാചകനു ഒരു രൂപാ തിരഞ്ഞ് അഥവാ കൈതടഞ്ഞില്ലെങ്കിൽ ആട്ടിയോടിച്ച് കൈവീശി നടക്കുന്നൊരുവൻ!
സ്റ്റാറ്റ്സ് സിംബലുകളുടെയും പൊങ്ങച്ചങ്ങളുടെയും കൂട്!

നിന്റെ സ്വാർത്ഥതയ്ക്ക്  വേണ്ടി മാത്രം, നിന്നേക്കാൾ കീൾത്തട്ടിലുള്ളവരെന്ന്  കരുതുന്നവരെ കണ്ടാസ്വദിച്ച് നിന്റെ  നിസാര പ്രശ്നങ്ങൾക്കാശ്വാസം തേടാൻ മാത്രം പടി കടന്ന് വന്നതല്ലേ നീ ?
 പ്രണയവും, പ്രമോഷനും, അപ്രൈസലുകളും , ഇൻവസ്റ്റ്മെന്റുമൊക്കെയല്ലേ നിന്റെ വലിയ ലോകത്തെ വലിയ പ്രശ്നങ്ങൾ ?
കണ്ടിരുന്നു ഞങ്ങളുടെ അന്തരീക്ഷത്തിൽ ശ്വാസം മുട്ടുന്നത്!. യാഥാർത്ഥ്യത്തെ കണ്ടപ്പോൾ പകച്ച് പോയല്ലേ ?
 പണമല്ല!
ഒരു നിമിഷം ഞങ്ങളിലൊരാളായി നിന്ന് ഞങ്ങളെ മനസ്സുകൊണ്ട് സ്നേഹിക്കുവാൻ കഴിയുമോ നിങ്ങൾക്ക് ?
ഇല്ലെങ്കിൽ മാന്യതയുടെ പുറംപൂച്ചുകൾക്ക് വേണ്ടി ഇനിയുമവിടെ വരാതിരിക്കുകയെങ്കിലും ചെയ്ക!"

എന്റെ നെഞ്ച് പൊള്ളിച്ചു കൊണ്ട് അവൻ പറഞ്ഞു കൊണ്ടിരുന്നു.
എപ്പോഴാണവൻ പോയതെന്നറിഞ്ഞില്ല.
എഴുനേറ്റിരുന്നപ്പോൾ വിയർത്ത് കുളിച്ചിരിക്കുന്നു.
പിറ്റേന്നൊന്ന്കൂടി അവിടെ പോകണമെന്ന് തോന്നി..
ഒറ്റയ്ക്കാണു പോയത്.നിറയെ നിറങ്ങളുള്ള ഒരു ചെറിയ കളിപ്പാട്ടം വാങ്ങിയിരുന്നു

വണ്ടി പുറത്ത് നിർത്തി അവനരികിലേക്കെത്തിയപ്പോൾ കണ്ടു, ആ നോട്ടത്തിലെ സൗമ്യത! , ഒരു വശം ചേർന്നിരുന്നു ആ നിറുകയിൽ തൊട്ടപ്പോൾ അവന്റെ കണ്ണുകളിൽ ഭൂമിയിലെ നക്ഷത്രതിളക്കം കാണാനായി.

കാഴ്ച മൂടൽ പോലെയാവുന്നതിനിടയ്ക്ക് രത്നമ്മ മുറിയിലേക്ക് നടന്നു വരുന്നതറിഞ്ഞു. പുറത്തിറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ മനസ്സിൽ ഒരുഭാരമില്ലാതായി.

ഇന്ന്, പ്രവാസത്തിനിടയ്ക്ക് വീണ്ടുമോർക്കാൻ വൈകി. മൈസൂർ പോകണം. ഇനിയുമൊന്നവനെ കാണുവാൻ.


----------------------------------------
* -  എന്തെങ്കിലും സഹായം ചെയ്യാമോ ? അതിനാണു വന്നത്
** - റസീറ്റ് ബുക്ക് തീർന്നു പോയി, അഡ്രസ്സ് തരൂ , ഞങ്ങൾ തപാലയക്കാം.

Read more: http://sumeshvasu.blogspot.com/#ixzz29jklcXsS

20 Sept 2012

രചനാ മത്സരങ്ങളുടെ സമ്മാനദാനവും പ്രതിഭാസംഗമവും



നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ സാഹിത്യമൽസരം സംഘടിപ്പിച്ചു.

"കുട്ടികൾ കേരളത്തിന്റെ കൽപവൃക്ഷങ്ങളാണ്‌. കൽപവൃക്ഷമായ
തെങ്ങിനെപ്പോലെയാകാൻ ശ്രമിക്കണം. ചിന്തയിൽ, വാക്കുകളിൽ, പ്രവൃത്തിയിൽ,
വളവും തിരിവുമില്ലാതെ, മറ്റുള്ളവർക്ക്‌ പ്രയോജനപ്പെടുന്ന വ്യക്തിയാകണം.
തെങ്ങിനെ വ്യക്തിത്വത്തിലേക്ക്‌ ആവാഹിക്കണം", പ്രശസ്ത കവി ശ്രീ. ചെമ്മനം
ചാക്കോ വിദ്യാർത്ഥിനി, വിദ്യാർത്ഥികളോട്‌ ആഹ്വാനം ചെയ്തു.
കേരസംസ്ക്കാരത്തെ പുതുതലമുറയിലേക്ക്‌ വിനിമയം ചെയ്യുക എന്ന
ഉദ്ദേശ്യത്തോടെ നാളികേര വികസന ബോർഡും മുവാറ്റുപുഴയിലെ അക്ഷയ
പുസ്തകനിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിലെ
സമ്മാനജേതാക്കൾക്കുള്ള സമ്മാനദാനവും പ്രതിഭാസംഗമവും ഇക്കഴിഞ്ഞ ജൂലായ്‌
28-​‍ാം തീയതി എറണാകുളം എസ്‌ആർവിഹയർ സെക്കണ്ടറി സ്കൂൾ ആഡിറ്റോറിയത്തിൽ
ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. "നേരെ ചൊവ്വേയാണ്‌
തെങ്ങിന്റെ പോക്ക്‌. വളവും തിരിവുമില്ല, ശാഖകളുമില്ല. ഉത്തമ മനുഷ്യനായി
എങ്ങനെ ജീവിക്കാം എന്ന്‌ കാണിക്കുന്ന വൃക്ഷമാണ്‌ തെങ്ങ്‌. പ്രകൃതിയിൽ
നിന്ന്‌ സ്വീകരിക്കാവുന്ന നല്ല മാതൃകയാണ്‌, മാതൃകവൃക്ഷമാണ്‌ കൽപവൃക്ഷം,"
അദ്ദേഹം പറഞ്ഞു.
"ഇന്ന്‌ കർമ്മഭക്തി തീരെക്കുറവാണ്‌. ശബ്ദമുണ്ടാക്കുവാനാണ്‌ ആളുകൾക്ക്‌
താൽപര്യം. പക്ഷേ, ഏറ്റവും മഹത്തായ ശബ്ദമാണ്‌ കേൾപ്പിക്കേണ്ടത്‌. ഏറ്റവും
വലിയ ശബ്ദമല്ല. മഹത്തായ ശബ്ദം കേൾപ്പിക്കുവാൻ മഹത്തായ വൃക്ഷത്തെ നിങ്ങൾ
മാതൃകയാക്കുക. തെങ്ങുപോലെ, അക്രമത്തിനും അഴിമതിയ്ക്കുമായി കൈകൾ നീട്ടാതെ,
ആദർശം ഉൾക്കൊണ്ട്‌ വളരുക. മനസ്സാക്ഷിയ്ക്കനുസരിച്ച്‌ വളരുക, അതിനുള്ള
ശക്തി വളർത്തിയെടുക്കുക", എന്ന്‌ ശ്രീ ചെമ്മനം ചാക്കോ കുട്ടികളോട്‌
ആവശ്യപ്പെട്ടു. സമ്മാനജേതാക്കൾക്കെല്ലാം ഓരോ തെങ്ങിൻതൈ നൽകണമെന്ന ആവശ്യം
അദ്ദേഹം മുന്നോട്ടുവച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌
ഐഎഎസ്‌ അദ്ധ്യക്ഷണായിരുന്നു. പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി
മുൻ സെക്രട്ടറിയുമായ ശ്രീ. പായിപ്ര രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.
ബോർഡ്‌ അംഗം അഡ്വ. വർക്കല ബി. രവികുമാർ ആശംസകൾ അർപ്പിച്ചു.
"പൊതുസമൂഹത്തിലും അദ്ധ്യാപക സമൂഹത്തിലും വിദ്യാർത്ഥികളുടെ ഇടയിലും
നാളികേരത്തിന്റേയും കേരവൃക്ഷത്തിന്റേയും നന്മകളും അത്‌ സമൂഹത്തിന്‌
നൽകുന്ന ആശയങ്ങളും ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നതിനുള്ള എളിയ
ശ്രമമായിരുന്നു രചനാ മത്സര"മെന്ന്‌ ശ്രീ. ടി. കെ. ജോസ്‌ ഐഎഎസ്‌
അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. "ചിന്തിക്കുമ്പോൾ മാത്രമേ ആശയങ്ങൾ രചനകളിൽ
കൊണ്ടുവരാൻ കഴിയൂ. കേരളവും മഹത്തായ ഭാഷയും ചിന്തകളിലും പ്രവൃത്തികളിലും
ഉണ്ടാകണം. കേരവും കേരളവും മലയാള ഭാഷയും പ്രതിസന്ധിയിലൂടെ കടന്ന്‌
പൊയ്ക്കൊണ്ടിരിക്കുകയാണ്‌. കേരമില്ലെങ്കിൽ കേരളമില്ല, കേരളമില്ലായെങ്കിൽ
മലയാള ഭാഷയുമില്ല", ചെയർമാൻ ഓർമ്മിപ്പിച്ചു.
"പ്രകൃതിയിലേക്കും കൃഷിയിലേക്കും മറ്റ്‌ ജീവജാലങ്ങളിലേക്കും കുട്ടികളുടെ
ശ്രദ്ധ തിരിച്ചുവിടാൻ അദ്ധ്യാപകർക്കാവും, പ്രത്യേകിച്ച്‌ ജീവശാസ്ത്രം
അദ്ധ്യാപകർക്ക്‌. അതുകൊണ്ടാണ്‌ അദ്ധ്യാപകർക്കും ജീവശാസ്ത്രം
അദ്ധ്യാപകർക്കുമായി പ്രത്യേകം മത്സരം നടത്തിയത്‌". ചെയർമാൻ വ്യക്തമാക്കി.
പരീക്ഷ വരെ മാത്രം അറിവ്‌ സമ്പാദിക്കുന്ന രീതി മാറണം. ആർജ്ജിക്കുന്ന
അറിവിനെ മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്ന വിദ്യാഭ്യാസ സംസ്ക്കാരത്തിലേക്ക്‌
മാറാൻ ഈ അവസരം സഹായകരമാകുകയാണെങ്കിൽ സംഘാടകർ കൃതാർത്ഥരായിയെന്നും ചെയർമാൻ
പറഞ്ഞു.
"എല്ലാ സമ്മാനജേതാക്കൾക്കും നല്ല ഇനം തെങ്ങ്‌, സ്വന്തം അദ്ധ്വാനവും
മനസ്സും നൽകിയാൽ വർഷത്തിൽ 300 തേങ്ങ വരെ ലഭിക്കുന്ന തെങ്ങിൻ തൈ നൽകും."
വളവും വെള്ളവും മാത്രമല്ല, സ്നേഹവും ശുശ്രൂഷയും അതിന്‌ നൽകണമെന്നും
അദ്ദേഹം പറഞ്ഞു.
"പ്രകൃതിയും മനുഷ്യനുമായി ഇണങ്ങിയുള്ള ജീവിതത്തിലേക്കാണ്‌ ലോകം
തിരിയുന്നത്‌.  തെങ്ങ്‌ പ്രകൃതി സംരക്ഷണത്തിന്‌ മറ്റ്‌ വൃക്ഷങ്ങളെ
അപേക്ഷിച്ച്‌ കൂടുതൽ സഹായകരമാണ്‌. ഏറ്റവും കൂടുതൽ കാർബൺ ഡയോക്സൈഡ്‌
ആഗിരണം ചെയ്ത്‌ ഏറ്റവുമധികം ഓക്സിജൻ പുറത്തുവിടുന്ന വൃക്ഷമായ തെങ്ങ്‌,
സഹവർത്തിത്ത്വത്തിന്റെ വിളയുമാണ്‌. കേരളത്തിനുമാത്രം അവകാശപ്പെട്ട
പൈതൃകവും  പാരമ്പര്യവുമാണ്‌ തെങ്ങ്‌. ക്രിയാത്മകവും സർഗ്ഗാത്മകവുമായ
ആശയങ്ങൾ കൊണ്ട്‌ തെങ്ങ്കൃഷി നേരിടുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം
കണ്ടെത്താൻ സാധിക്കും" ശ്രീ. ടി. കെ. ജോസ്‌ വ്യക്തമാക്കി.
ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയ ശ്രീ. പായിപ്ര രാധാകൃഷ്ണൻ തെങ്ങിനെ
നന്മയുടെ പ്രതീകമായി വിശേഷിപ്പിച്ചു. തെങ്ങ്‌ പ്രതിനിധാനം ചെയ്യുന്നത്‌
ഒരു സമൂഹത്തെയാണ്‌. നാളികേര വികസന ബോർഡ്‌ നാളികേരത്തിനുവേണ്ടി
നിൽക്കുന്നതിനാലാണ്‌ അതിന്റെ സാന്നിദ്ധ്യം പ്രകടമാകുന്നത്‌", അദ്ദേഹം
പറഞ്ഞു.
സർഗ്ഗാത്മകത ഏറ്റവും സജീവമായിക്കണ്ടത്‌ അപ്പർ പ്രൈമറി വിഭാഗത്തിൽപെട്ട
കുട്ടികളിലാണെന്ന്‌ മത്സരത്തിന്‌ ലഭിച്ച രചനകള വിലയിരുത്തിക്കൊണ്ട്‌
അദ്ദേഹം പറഞ്ഞു. "മത്സരത്തിന്റെ യാന്ത്രികതയിലൂടെ കടന്ന്‌ സർഗ്ഗാത്മകത
ശുഷ്കിച്ച്‌ പോകുന്നു. ജന്മസിദ്ധമെന്ന്‌ പറയുന്ന വിശുദ്ധി
സർഗ്ഗാത്മകതയിലുണ്ട്‌. ഈ പരിശുദ്ധി കാത്തുസൂക്ഷിച്ചവരെ ആദരിക്കുന്നു.
വാസ്തവത്തിൽ ഒരു മത്സരത്തിനപ്പുറത്ത്‌ നമ്മുടെ നാടിന്‌ മുഴുവൻ തണലായി
വളർന്ന്‌ വരേണ്ട സർഗ്ഗാത്മകതയുടെ സൊ‍ാചനകൾ ഇവിടെയുണ്ടാകട്ടെയെന്ന
പ്രത്യാശയാണ്‌ ഇതിലുള്ളത്‌. സമ്മാനം കിട്ടിയവർ കഴിവുകൾ കൂടുതൽ മികവോടെ
നിലനിർത്തണം. പരാജയപ്പെട്ടവരുടെ വ്യഥയാണ്‌ അവർക്ക്‌ പിന്നിലുള്ളത്‌. അവർ
കൂടുതൽ കരുത്തോടെ മുന്നേറും", അദ്ദേഹം പറഞ്ഞു.
"കൽപ്പവൃക്ഷത്തെക്കുറിച്ച്‌ അറിയുവാനും പഠിക്കുവാനുമുള്ള ജിജ്ഞാസ
പുതുതലമുറയിൽ വളർത്തുവാനുള്ള ചുവടുവെയ്പ്പാണ്‌ നാളികേര വികസന ബോർഡ്‌
നടത്തുന്നത്‌. കൽപ്പവൃക്ഷത്തെ ആദരിക്കാനും ബഹുമാനിക്കുവാനും, തെങ്ങ്‌
ചതിക്കില്ലയെന്ന പഴഞ്ചൊല്ലിലേക്ക്‌ തിരിച്ചുപോകാനുള്ള ഒരു മാനസികാവസ്ഥ
കുട്ടികളിൽ വളർത്തുകയുമാണ്‌ വേണ്ടത്‌", ചടങ്ങിൽ ആശംസാപ്രസംഗം നടത്തിയ
അഡ്വ. വർക്കല ബി. രവികുമാർ പറഞ്ഞു.
ചടങ്ങിൽ ബോർഡ്‌ ഡെപ്യൂട്ടി ഡയറക്ടർ ഡോ. രമണി ഗോപാലകൃഷ്ണൻ സ്വാഗതം
ആശംസിച്ചു. ബോർഡ്‌ പബ്ലിസിറ്റി ആഫീസർ  മിനി മാത്യു കൃതജ്ഞത
പ്രകാശിപ്പിച്ചു.
രചനാമത്സരങ്ങളിലെ സമ്മാനജേതാക്കൾക്ക്‌ ശ്രീ. ചെമ്മനം ചാക്കോ സമമാനദാനം
നടത്തി. യു.പി, ഹൈസക്കൂൾ വിദ്യാർത്ഥികൾക്കും  അദ്ധ്യാപകർക്കും
പൊതുജനങ്ങൾക്കുമായി പതിമൂന്ന്‌ വിഭാഗങ്ങളിലായാണ്‌ കവിത, കഥ,ലേഖന
മത്സരങ്ങൾ നടത്തിയത്‌. ലേഖന മത്സരത്തിൽ ബയോളജി അദ്ധ്യാപകർക്കായി
പ്രത്യേകം വിഭാഗമുണ്ടായിരുന്നു. മൊത്തം അറുപത്തിമൂന്ന്‌
സമ്മാനജേതാക്കളാണ്‌ ഉണ്ടായിരുന്നത്‌.

*coconut jounal

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...