Showing posts with label 99. Show all posts
Showing posts with label 99. Show all posts

27 Apr 2013

സുമിത്രേ മുകുന്ദേട്ടൻ വിളിക്കുന്നു



ഇന്ദിരാ  തുറവൂർ 

നാട്ടിൻ പുറത്തുക്കാരി സുമിത്രയുടെ ഏറ്റവും വലിയ ആഗ്രഹം ആണ് ദുബായ്ക്കാരനെ കല്യാണം കഴിക്കുക എന്നത് . ദുബായിൽ പോണം കുട്ടികളുമായി ഇടയ്ക്കു നാട്ടിൽ വരണം ബന്ധുക്കാരുടെ വീടുകളിൽ ഗമക്കു പോകണം അതൊക്കെ ആയിരുന്നു സുമിത്രയുടെ സ്വപ്‌നങ്ങൾ. അതു കൊണ്ട് നാട്ടിൽ നിന്നു വരുന്ന എല്ലാ കല്യാണ ആലോചനകളും സുമിത്ര വേണ്ടന്നു പറഞ്ഞു വാശി പിടിക്കുമായിരുന്നു . അങ്ങനെ ഇരിക്കുമ്പോഴാണ് കൃഷിക്കരെന്റെ മകനായ ദുബായിൽ സൂപ്പർ വൈസർ ആയി ജോലിയുള്ള മുകുന്ദന്റെ ആലോചന വരുന്നത് . സുമിത്രയുടെ നിർബ്ന്ധത്തിനു വഴങ്ങി ആ കല്യാണം നടന്നു .

മധുവിധുവും ലീവും കഴിഞ്ഞു മുകുന്ദൻ തിരിച്ചുപോയി . മുകുന്ദേട്ടന്റെ വിളിയും പ്രതീക്ഷിച്ചു സുമിത്ര കാത്തിരിക്കാൻ തുടങ്ങി ദുബായ്ക്കു പോകുവാൻ. കത്തിരുന്നു കത്തിരുന്നു മുകുന്ദേട്ടന്റെ വിളി വന്നു.

സുമിത്രേ ഞാൻ നാട്ടിലേയ്ക്ക് വരുന്നു .

മുകുന്ദേട്ടൻ തന്നെ കൊണ്ടുപോകുവാൻ വരുന്നു. സന്തോഷം കൊണ്ട് മതിമറന്നു നിൽക്കുമ്പോൾ ആണ് മുകുന്ദേട്ടൻ പിന്നെ പറയുന്നത് കേൾക്കുന്നത്.

അറബി എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഒട്ടകങ്ങളുടെ സൂപ്പർ വൈസർ ആയ ജോലി ആയിരുന്നല്ലോ എനിക്ക് . ഇനി നാട്ടിൽ വന്നു വീട്ടിലെ പശുക്കളെ നോക്കി കൃഷി എല്ലാം ചെയ്തു കഴിയാം.

സ്വപ്‌നങ്ങൾ തകർന്നു മരവിച്ചു നില്ക്കുന്ന സുമിത്ര കണ്ടു തൊഴുത്തിൽ നിന്ന് അച്ഛൻ പശുക്കളെയും കൊണ്ട് പുല്ലു തീറ്റിക്കുവാൻ പാടത്തേയ്ക്കു പോകുന്നു .

ഇനി ഈ ജോലി മുകുന്ദേട്ടന്റെ . . . . . . .

26 Mar 2013

ആർക്കും തടയാൻ കഴിയില്ല വാർദ്ധക്യം .. സ്വയം ആനന്ദകരമാക്കണം .

കെ. ഡി സ്കന്ദൻ 
പ്രായം കൂടുന്നത്  ആർക്കും  തടയാൻ കഴിയില്ല . പ്രകൃതിയുടെ പരിണാമം ആണ്...അതോടൊപ്പം നീങ്ങുകയെ നിർവാഹമുള്ളൂ...എന്നാൽ വയസ്സ് കൂടുന്നത്  മറന്നു  കൊണ്ട് വാക്ക് കൊണ്ടും  കർമ്മം   കൊണ്ടും  വളരെ ബുദ്ധി പൂർവമായി കൈകാര്യം ചെയ്യുവാൻ മുതിർന്നവർക്ക്  സാധിച്ചാൽ   ജീവിതം ആനന്ദകരമായിരിക്കും  എന്ന കാര്യത്തിൽ  സംശയം ഇല്ല. 
 മക്കളുടെ സമീപനം എങ്ങനെ ആയാലും ശരി,   മരണ ശയ്യയിലും    മാതാപിതാക്കളുടെ  ചിന്ത മക്കളെക്കുറിച്ച് തന്നെ ആയിരിക്കും.  അതുകൊണ്ട്, വയസ്സുകാലത്ത് മക്കളെ ആവശ്യമുള്ള സമയത്ത് മാതാപിതാക്കളെ ഒരു  ബാധ്യത  ആയി മക്കൾ കാണരുത്.  സ്നേഹത്തോടെ ഒരു തുള്ളി വെള്ളം എങ്കിലും കൊടുക്കുക.  സ്നേഹത്തോടെ ഉള്ള പെരുമാറ്റം മാത്രം മതി മാതാപിതാക്കളുടെ ജീവിതം സാഹല്യമാക്കുവാൻ. 
ചെറുപ്പത്തിൽ ആഗ്രഹിക്കുകയും പിന്നീട്  വളർന്നു വലുതാവുമ്പോൾ   മാതാപിതാക്കളോട്  പുറം തിരിഞ്ഞു നിൽക്കുകയും  ചെയ്യുന്ന  മക്കളെ, ഒന്ന് ഓർക്കുക  നിങ്ങളുടെ മക്കളും ഇതെല്ലം നോക്കി കാണുകയാണ്.  നാളെ നിങ്ങൾക്കും  ഇത്തരം അനുഭവം ഉണ്ടായാൽ ദുഖിക്കരുത് .
ജന്മം നൽകി വളർത്തി  വലുതാക്കിയ മാതാപിതാക്കളോട് മക്കൾക്ക്‌ അങ്ങേ അറ്റത്തെ കടപ്പാടും, ഉത്തരവാദിത്വവും കാണിക്കേണ്ടതായിട്ടുണ്ട്.  അതാണ്‌   ഭാരതീയ സംസ്കാരം.  അച്ഛനമ്മമാർ  " Excess Luggage " മാറുകയും  മക്കളുടെ  വിവാഹശേഷം അവരുടെ ഭാര്യയും കുട്ടികളും ഒത്തു സുഖജീവിതം  നയിക്കുവാനുള്ള താല്പര്യം വർധിച്ചതും  മുതിർന്നവരെ   ഒറ്റപ്പെടുത്താനുള്ള  വേഗതക്ക് കൂട്ടായി.   അതോടൊപ്പം പ്രായംചെന്നവർക്ക് ഗ്രാമ പ്രദേശങ്ങളിൽ പഴക്കം ചെന്ന " കുടുംബ  വീടുകൾ "സംരക്ഷിക്കേണ്ട ചുമതലയും വന്നു ചേർന്നു .
" ഞാനും എന്റെ ഭാര്യയും  കുട്ടികളും " എന്ന ഇടുങ്ങിയ ചിന്താഗതിയിലേക്ക് സമൂഹം അതിവേഗം നീങ്ങി കഴിഞ്ഞു.  കുട്ടികൾക്ക്  നമ്മുടെ പഴമയുടെ സംസ്കാരം പകർന്നു  നൽകുവാൻ മുതിർന്നവർ ഇല്ലാതായി.  പുതിയ തലമുറയിലെ മാതാ പിതാക്കൾക്ക്    ഒന്നിനും സമയം ഇല്ല.... രണ്ടു പേർക്കും ജോലിക്ക്  പോകണം . കുട്ടികളെ നോക്കാൻ വീട്ടില് വേലക്കാർ.  അടിസ്ഥാനപരമായി ലഭിക്കേണ്ട പലതും അവര്ക്ക് ലഭിക്കുന്നില്ല ..പുതിയ ലോകത്തിലേക്കുള്ള സഞ്ചാരം !!  ഈ നില തുടർന്നാൽ നമ്മൾ എവിടെ എത്തും സാംസ്കാരികമായി ?

22 Feb 2013

സ്നേഹം



ടി ജെ. വര്‍ക്കി 

പോകപോകെ
ഞാനറിഞ്ഞു വന്നു
നിന്നില്‍ ഞാന്‍
പടര്‍ന്നുപോയെന്ന്...
നീയിത്രമേല്‍
ആഞ്ഞെന്നെ
പുണര്‍ന്നിരുന്നെന്ന്...

ഇനിയും നാം
കണംതിരിച്ച്
നിന്റേതെന്റേതെന്ന്
വകഞ്ഞുമാറ്റാമൊ..
ഇനംതിരിച്ച്
ഞാനായ് നീയായ്
വെവ്വേറെ
പകുത്തെടുക്കാമൊ..

കാറ്റല മൂളും വഴി..
വെയ്ലല നെയ്യും വഴി..
മെയ്യല തേങ്ങിതേങ്ങി തോരും വഴി...
കാലകുന്നത്തൊരു
കബറിന്‍ കൂമ്പാരമായി
ചേര്‍ന്നിരിപ്പുണ്ട്..
ഞാനിന്നും
ചേര്‍ന്നിരിപ്പുണ്ട്....

24 Jan 2013

ഒരു പെണ്ണ് കാണല്‍


 അല്‍ഗീന ശശിധരന്‍ 

ഓഫീസില്‍ ഇരുന്നു കണക്കു നോക്കുകയായിരുന്ന ശിവദാസിന്റ്റെ അടുത്ത് ഒരാള്‍ വന്നു സ്വയം പരിചയപെടുത്തി , ഞാന്‍ ബാലന്‍ . ഒരു പെണ്‍ കുട്ടിയുടെ കാര്യം പറയാന്‍ വന്നതാണ്‌, ഞാന്‍ അറിയുന്ന ഫാമിലി ആണ്. ശിവദാസിനുചേരും കാണാനും കൊള്ളാം. നല്ല കുടുംബം, പതിവു ബ്രോക്കര്‍ മാരുടെ ശൈലിയില്‍ ബാലനും പറഞ്ഞു, നമുക്കൊന്ന്. പോയി കണ്ടാലോ !!!
ഈ ഞായറാഴച്ച സമയമുണ്ടെങ്കില്‍ പോയി കാണാമായിരുന്നു മുപ്പത്തിഏഴാമത്തെ സ്വന്തമായിട്ടുള്ള പെണ്ണുകാണലും ( കൊച്ചച്ചന്‍മാരുടെയും പെങ്ങമാരുടെയും അളിയന്മാരുടെയും വക വേറെ പെണ്ണു കാണലും ) കഴിഞ്ഞിരിക്കുന്ന ആളെ ആണ് പെണ്ണു കാണാന്‍ വിളിച്ചത്. അതുകൊണ്ട് തന്നെ ഈ പറഞ്ഞതും തള്ളികളഞ്ഞു , ശിവദാസിന്റ്റെ അടുത്ത് കാര്യം നടക്കില്ലന്നു മനസിലായ ബാലന്‍ നേരെ ശിവദാസിന്റ്റെ വീട്ടിലേക്ക് ചെന്നു.
ശിവദാസിന്റ്റെ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. മാറ്റി വെയ്ക്കണ്ട, ഞായറാഴച്ച തന്നെപോയിക്കളയാം. പക്ഷെ ശിവദാസു സമ്മതിച്ചിട്ടില്ല പോകുന്ന കാര്യം, ബാലന്‍ അതു കാര്യമാകേണ്ട അവനേം കൊണ്ടു വരുന്ന കാര്യം ഞാന്‍ ഏറ്റു. ബാലന്‍ രാവിലെ ഇങ്ങു പോരെ ഞങ്ങള്‍ റെഡിയായിട്ടിരുന്നോളാം. ഞായറാഴച്ച അച്ഛന്റ്റെയും അമ്മേടെയും അളിയന്റ്റെയും നിര്‍ബബ്ധത്തിനു വഴങ്ങി മനസ്സില്ലാ മനസ്സോടെ.  ഒരുങ്ങി ഇറങ്ങി പെണ്ണുകാണാനായി. ഇടവ പാതിയിലെ ആദ്യത്തെ പെണ്ണു കാണല്‍ , നല്ല തെളിഞ്ഞ പ്രഭാതം, എന്തു കൊണ്ടാണെന്നറിയില്ല മനസിനൊരു പതിവില്ലാത്ത സന്തോഷം.
വീട്ടില്‍ നിന്നും ഇരുപതു കിലോമിറ്റര്‍ കഴിഞ്ഞപോള്‍ ബ്രോക്കര്‍ പറഞ്ഞ പെണ്ണിന്‍റ്റെ വീടെത്തി. പെണ്ണിന്‍റ്റെ അച്ഛന്‍ വന്നു സ്വയം പരിചയ പെടുത്തി. അകത്തേക്ക് വിളിച്ചു കൊണ്ട് പോയി സ്വികരിച്ചിരുത്തി. അകത്തുനിന്നു വന്ന പെണ്ണിന്‍റ്റെ അമ്മയോട് ചേച്ചി ഇതാണ് ഞാന്‍ പറഞ്ഞ “ശിവദാസന്‍” ശിവദാസിനെ നോക്കി സ്വയം ത്ര്യപ്തിയായതു കൊണ്ടായിരിക്കാം മനസു തുറന്നു നന്നായി ചിരിച്ചു ബാലന്‍ ബാക്കിയുള്ളവരെയും പരിചയ പെടുത്തി.
സാധാരണ പെണ്ണു കാണലിന്റ്റെ ബഹളങ്ങള്‍ ഒന്നും ഇല്ലാത്ത അന്തരിഷം ചെറിയൊരു മഴയും പെയ്യാന്‍ തുടങ്ങി. പെണ്ണിന്റ്റെ അച്ഛന്റ്റെയും അമ്മയുടെയും സംസാരത്തില്‍ നിന്നു മനസിലായി അവരുടെ ആദ്യത്തെ ചെറുക്കന്‍ കാണല്‍ ആണെന്നു, അപരിചിതത്വത്തിന്റെ തിരശ്ശീല. മാറിയപ്പോള്‍ പെണ്ണിന്‍റ്റെ അമ്മ പെണ്ണിനെ വിളിക്കാനായി അകത്തേക്കു പോയി. അടുത്തു വരുന്ന കൊലസിന്റ്റെ ശബ്ദമാണ് ആദ്യം കാതില്‍ പതിച്ചത്. അറിയാതെ തലയുയര്‍ത്തി അലസമായി പെണ്ണിനെ നോക്കി. സ്വന്തം കണ്ണുകളെ വിശ്വസിക്കാനകാതെ കണ്ണുചിമ്മി ശെരിക്കും നോക്കി. ആ നിമിഷം തന്നെ പെണ്ണും ശിവദാസിനെ നോക്കിയത് ശിവദാസിന്റ്റെ കണ്ണുകളിലെ വിസ്മയം കണ്ടിട്ടു പെണ്ണിനും ചിരിവന്നു. ശിവദാസിനെ നോക്കി അവളും ചിരിച്ചു കൊണ്ട് ചായ നീട്ടി. നിനക്കുയെന്തെങ്കിലും പെണ്ണിനോട് ചോദിക്കാന്‍ ഉണ്ടോ എന്ന അച്ഛന്റ്റെ ചോദ്യമാണ് ആ മുഖത്തു കണ്ണുപറിക്കാന്‍ കാരണമായത്. ഇല്ലാ എന്ന് വെപ്രളതോടെ പറഞ്ഞു കാതില്‍ . എന്താണ് അവരോടു പറയേണ്ടത് ?? നാളെത്തന്നെ വന്നോളാന്‍ പറഞ്ഞേക്ക് എന്ന മറുപടി കേട്ടിട്ടാവണം അച്ഛന്റ്റെ മുഖത്തും ഒരു തെളിഞ്ഞ ചിരി വന്നു.
അവരോടു അടുത്ത ഞായറാഴച്ച വീട്ടിലേക്ക്  വരാന്‍ പറഞ്ഞിട്ട് എല്ലാവരും എഴുനേറ്റു. പുറത്തേക്കു കടക്കുനതിനു മുന്‍പ് തിരിഞ്ഞു നോക്കി ആ മുഖം ഒന്നും കൂടി കാണുവാന്‍ , ഇല്ലാ നിരാശ ആയിരുന്നു ഫലം. വീട്ടില്‍ വന്നതേ അമ്മ പിടി കൂടി. എങ്ങനെയുണ്ടെടാ പെണ്ണ് ഇഷ്ട്ടയോ ?
കുഴപ്പമില്ല എന്ന എന്റ്റെ ഒഴുക്കന്‍ മറുപടിയില്‍ ത്ര്പ്തി ഇല്ലാതെ അച്ഛന്റ്റെ അടുത്തേക്ക് ചെന്നു.
നിങ്ങളേന്താ ഒന്നും പറയാത്തത് , എങ്ങനെയുണ്ട് പെണ്ണിന്‍റ്റെ വീട്ടുകാര്‍ നല്ല കുട്ടരാണോ ?
കണ്ടിട്ട് കുഴപ്പമില്ല.
അപ്പോള്‍ പെണ്ണിനാണോ കുഴപ്പം ????
ഇല്ലാ പെണ്ണിനും കുഴപ്പമില്ല  !!!!!
പിന്നെന്താ നിങ്ങളാരും. ഒന്നും പറയാത്തത്?
എന്ത് പറയാന്‍ ? അവര്‍ അടുത്ത ഞായറാഴച്ച ഇങ്ങോട്ട് വരും.
അതു കേട്ടതും അമ്മ ഉഷാറായി. എടാ ശിവദാസാ എന്താ പെണ്ണിന്‍റ്റെ പേര് അപ്പോളാണ്. അവനും അതിനെ പറ്റി ആലോചിച്ചത്. എനിക്കറിയില്ല  അളിയനോട് ചോദിക്ക്, മരുമകനും കൈയിമലര്‍ത്തി. എനിക്കറിയില്ല അച്ഛനോട് ചോദിക്ക് !  നാളെ ആ ബ്രോക്കര്‍ വരുമ്പോള്‍ ബ്രോക്കറോട് ചോദിക്കാം എന്ന അച്ഛന്റ്റെ മറുപടി കേട്ടതും അമ്മക്ക് ദേഷ്യം വന്നു  ഇതു പട്ടി ചന്തക്കു പോയപ്പോലെ ആണല്ലോ. പെണ്ണിന്‍റ്റെ പേര് പോലും അറിയാതെ ആണോ അവരോടു വരന്‍ പറഞ്ഞത്.
പിറ്റേ ദിവസം രാവിലെ തന്നെ ബ്രോക്കര്‍ ഹാജരായി. ഇനി എല്ലാവരെക്കാളും ഉത്സാഹം അയാള്‍ക്കായിരിക്കുമല്ലോ. അയാള്‍ വന്നതും മുറ്റത്തു നിന്നും കയറുന്നതിനു മുന്പേ അമ്മ പെണ്ണിന്‍റ്റെ പേരാണ് ആദ്യം ചോദിച്ചത്. പെണ്ണിന്‍റ്റെ പേരോ അത് ചോദിച്ചില്ലേ. “ഛെ” നാവിന്റ്റെ തുമ്പിലുണ്ടായിരുന്നു. എന്റ്റെ ഭാര്യാ ശാന്തയോട് ചോദിച്ചിട്ടു വൈകുന്നേരം ശിവദാസിന്റ്റെ അടുത്ത് പറയാം നാലുമണി കഴിഞ്ഞപ്പോള്‍ ബാലന്‍ ശിവദാസി നെ കാണാന്‍ ചെന്നതും ഒരു കടലാസ് നിട്ടി അതില്‍ പെണ്ണിന്‍റ്റെ ശരിക്കുള്ള  പേരും വിളി പേരും എഴുതി ഇരിക്കുന്നു  “ശോ” പേര് കണ്ടതും അറിയാതെ തലയില്‍ കൈയ്യിവെച്ചു  ഈ വായില്‍ കൊള്ളാത്ത പേര് എങ്ങനെ വിളിക്കും ?????

22 Dec 2012

നവദർശനത്തിന്റെ നവനീതം


ഫാ. ഡോ.കെ.എം.ജോർജ്ജ്‌

ആധുനിക ശാസ്ത്രീയ സംസ്കാരത്തിന്റെ തലതൊട്ടപ്പന്മാരിൽ പ്രമുഖനാണ്‌ ഇംഗ്ലീഷുകാരനായ തത്ത്വചിന്തകൻ ഫ്രാൻസിസ്‌ ബേക്കൺ (1561-1626). പരീക്ഷണ പ്രധാനമായ 'ശാസ്ത്രീയരീതി'യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളാണ്‌ നാച്ചുറൽ സയൻസിന്റെ 'രീതിശാസ്ത്രം' ഉരുത്തിരിച്ചെടുക്കാൻ സഹായിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങളെ അദ്ദേഹം രണ്ടായി തിരിച്ചു. ഫലദായകമായ പരീക്ഷണങ്ങളും (experimenta fructifera), പ്രകാശവാഹിയായ പരീക്ഷണങ്ങളും (experimenta lucifera). ആദ്യത്തേത്‌ മനുഷ്യരുടെ അനുദിനാവശ്യത്തിന്‌ ഉപകരിക്കുന്ന പ്രായോഗിക ഫലങ്ങൾ ഉള്ളവ. നാം ഉപയോഗിക്കുന്ന യന്ത്രങ്ങളെല്ലാം ഇത്തരം ഫലങ്ങളാണ്‌. മറ്റേത്‌ മനുഷ്യന്റെ മാനസിക ചക്രവാളങ്ങളെ വികസിപ്പിക്കാനുതകുന്ന ഉൾക്കാഴ്ച്ചകളും പുതിയ വീക്ഷണങ്ങളും നമുക്ക്‌ നൽകുന്നവയാണ്‌. അത്‌ താത്ത്വികവിചിന്തനമാണ്‌. അതിന്‌ പ്രായോഗിക പ്രയോജനമൊന്നും പെട്ടെന്ന്‌ കാണുകയില്ല. പക്ഷേ അത്‌ മനോമണ്ഡലത്തെ പ്രകാശിപ്പിക്കുന്നു. ആ പ്രകാശം ആത്യന്തികമായി പ്രായോഗികഫലങ്ങൾ ഉളവാക്കുന്നു.
പുരാതനകാലം തൊട്ട്‌ എല്ലാ ദാർശനിക വിചിന്തനങ്ങളും നമ്മുടെ ബോധത്തെ ഓരോ തരത്തിൽ പ്രകാശിപ്പിക്കുകയോ ഉണർത്തുകയോ ചെയ്യുന്നതാണ്‌.

പ്രശസ്ത സാഹിത്യനിരൂപകനും ചിന്തകനുമായ ശ്രീ.എം.കെ.ഹരികുമാർ കുലീനമായ ഈ വിചാരധാരയിലാണ്‌ നിലകൊള്ളുന്നത്‌. അദ്ദേഹത്തിന്റെ സാഹിതീ മനനങ്ങൾക്ക്‌ സവിശേഷാർത്ഥം നൽകുന്നത്‌ തന്റെ ദാർശനിക പരിപ്രേക്ഷ്യമാണ്‌. മനുഷ്യാസ്തിത്വത്തെ അതിന്റെ ആകെത്തുകയിലും ആഴമായ തലങ്ങളിലും സ്പർശിക്കുന്നതാണ്‌ നല്ല സാഹിത്യമെങ്കിൽ, സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ വിചാരങ്ങൾ അസ്തിത്വസമസ്യയുടെ അന്തരാഗാരത്തിലേക്ക്‌ നമ്മെ നയിക്കുമെന്ന യുക്തിയാണ്‌ ഹരികുമാറിന്റെ സൗന്ദര്യ ശാസ്ത്രപരമായ ചിന്തകളിൽ കാണുന്നത്‌. ഇവിടെ സാഹിത്യാസ്വാദനവും സൗന്ദര്യശാസ്ത്രവിചാരവും സവിശേഷമായ ദാർശനിക വീക്ഷണങ്ങളും ഒരു സമ്യഗ്സംശ്ളേഷത്തിൽ പരസ്പരപൂരകങ്ങളായിത്തീരുന്നു.

നമുക്ക്‌ അനുഭവേദ്യമാകുന്ന യാഥാർത്ഥ്യത്തിന്റെ മൗലിക തത്ത്വങ്ങളെക്കുറിച്ചുള്ള വിചിന്തനവും വിശകലനവുമാണ്‌ പാശ്ചാത്യർക്ക്‌ തത്ത്വചിന്ത. സർവ്വത്തിന്റെയും ആദികന്ദം അഥവാ സ്രോതസ്സ്‌ [principium) ആയി വർത്തിക്കുന്ന തത്ത്വങ്ങൾ [principles)നിർദ്ധാരണം ചെയ്തെടുക്കുന്ന സങ്കീർണ്ണമായ ധൈഷണിക പ്രക്രിയയുടെ ഫലമായി ഉരുത്തിരിയുന്നതാണ്‌ ജ്ഞാനം (Sophia). ആ ജ്ഞാനത്തെ സ്നേഹിക്കുന്നവനാണ്‌ ഫിലോസഫർ അഥവാ 'ജ്ഞാനപ്രിയൻ'. തർക്കവും വിതർക്കവും സംവാദവും സമവായവും ഖണ്ഡനവും മണ്ഡനവും മനനവും ധ്യാനവും എല്ലാം ഉൾക്കൊള്ളുന്നതാണ്‌ ഈ സത്യാന്വേഷണ പ്രക്രിയ.

ഏതാണ്ട്‌ സമാനമായ ശൈലി തന്നെയാണ്‌ ഭാരതീയ തത്ത്വചിന്താപാരമ്പര്യത്തിലും ഉണ്ടായിരുന്നത്‌. അടുത്തകാലത്ത്‌ നൊബേൽ ജേതാവായ അമർത്യാസെൻ തന്റെ പുസ്തകത്തിൽ (The Argumentative Indian ) വ്യക്തമാക്കിയതുപോലെ നമ്മുടെ ദർശനധാരകൾ രൂപമെടുത്തതിനുപുറകിൽ സജീവമായൊരു സംവാദശൈലി ഉണ്ടായിരുന്നു. സകല വിജ്ഞാനത്തിന്റെയും ചെങ്കോലേന്തിയ യാജ്ഞവൽക്യനോട്‌ സംവദിക്കുന്ന വിദുഷികളായ ഗാർഗിയും മൈത്രേയിയും മറ്റും തെളിയിക്കുന്നത്‌ സ്ത്രീ-പുരുഷ ഭേദമില്ലാതെ പണ്ഡിതസദസ്സുകളിൽ തത്ത്വനിർദ്ധാരണ പ്രക്രിയ നടന്നു എന്നാണ്‌.

പുരാതന ഗ്രീസിലും ഭാരതത്തിലും ഈ പ്രക്രിയ 'ദർശന'മായി മാറുന്നുണ്ട്‌. സത്യദർശനമാണിത്‌. ഏകമായ സത്യത്തെ, വിവിധ കാഴ്ചപ്പാടുകളിലൂടെ ഷഡ്ദർശനങ്ങൾ വ്യാഖ്യാനിക്കുന്നു എന്നു പറയാമല്ലോ. പക്ഷേ ഭൗതികപ്രയോജനം എന്ന ഏക മാനദണ്ഡത്തിൽ ഊന്നിയ യാന്ത്രിക സംസ്കാരം മേൽക്കോയ്മ പ്രാപിച്ച ആധുനിക കാലഘട്ടത്തിൽ കിഴക്കും പടിഞ്ഞാറും ദാർശനികപാരമ്പര്യത്തിനു മങ്ങലേറ്റു. എന്നാൽ ഇപ്പോൾ തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റേയും സൂചനകൾ പാശ്ചാത്യ ചിന്തയിൽ തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്‌. ആത്യന്തിക സത്യത്തെക്കുറിച്ചുള്ള താത്ത്വിക വിചിന്തനങ്ങൾ, ചിലപ്പോൾ കുറെ അമൂർത്തമാണെങ്കിൽപ്പോലും, പ്രകാശദായകമാണെന്നുള്ള തിരിച്ചറിവ്‌ പുതിയൊരു മൂല്യവ്യവസ്ഥയ്ക്കും സാമൂഹിക ക്രമത്തിനും വഴിതെളിച്ചേക്കാം. ഹരികുമാറിന്റെ ദാർശനിക മനനങ്ങൾ ഇത്തരുണത്തിലും വളരെ സംഗതമാണ്‌. മലയാളത്തിൽ, മനശ്ശാസ്ത്രത്തിന്റെയും പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തിലുള്ള സാഹിത്യവിമർശനം കുറച്ചൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും, ഏതെങ്കിലുമൊരു ദാർശനിക പദ്ധതിയുടെ പിൻബലത്തിലുള്ള വിമർശനം കാര്യമായി ഉണ്ടായിട്ടില്ല എന്നു തോന്നുന്നു. (മാർക്ക്സിസ്റ്റ്‌ സൗന്ദര്യശാസ്ത്രചിന്തകളെ മറക്കുന്നില്ല)
ഖസാക്കിന്റെ ഇതിഹാസത്തിന്റെ പുനർവായനയിലൂടെ തന്റെ സാഹിത്യമാനിഫെസ്റ്റോ ആവിഷ്കരിക്കാനുള്ള ശ്രമം ഹരികുമാർ നടത്തുന്നുണ്ട്‌ ചില ലേഖനങ്ങളിൽ . ഈ ശ്രമത്തിന്റെ ഭാഗമായാണ്‌ മറ്റു ലേഖനങ്ങളും തന്റെ തിരഞ്ഞെടുത്ത മൊഴികളും ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്‌.

ഏതൊരു ഉദാത്തമായ ആശയവും മൗലികവാദമായി മാറാനുള്ള ഭീഷണ്യമായ സാധ്യത നിലനിൽക്കുന്നതുകൊണ്ട്‌, സ്വയം നിരാസത്തിലൂടെ മാത്രമേ ആശയങ്ങൾക്ക്‌ സ്നേഹസാക്ഷാത്ക്കാരമുണ്ടായി, 'വലിയ ലോകങ്ങളുടെ പൊരുളുകൾ' തേടാൻ കഴിയൂ എന്നാണ്‌ ഹരികുമാർ വാദിക്കുന്നത്‌. ഖസാക്കിന്റെ ഇതിഹാസ' ത്തിൽ ഏതെങ്കിലും ഒരാശയം മറ്റുള്ളവയെക്കാൾ പ്രസക്തമാവാൻ നോവലിസ്റ്റ്‌ അനുവദിക്കുന്നില്ല. കാരണം ഓരോ ആശയവും അതിന്റെ ആന്തരികവൈരുദ്ധ്യം കൊണ്ടും, അതിനെതിരെ നിൽക്കുന്ന ബദലുകളുടെ ബാഹുല്യം കൊണ്ടും അസ്തവീര്യമായിത്തീരുന്നു. അതുകൊണ്ടുതന്നെ ഒരാശയത്തിനും മൗലികവാദമായിത്തീരാനുള്ള സാദ്ധ്യത ഇല്ലാതാവുന്നു.
സാഹിത്യകൃതികൾ ഈ സ്വയംനിരാസത്തിന്റെ മാർഗ്ഗം സ്വീകരിക്കുമ്പോൾ, അവയ്ക്കുമുൻപിൽ അർത്ഥങ്ങളുടെ പ്രപഞ്ചം തുറക്കപ്പെടുകയായി. സൗന്ദര്യാത്മകമായ അതീന്ദ്രിയതയിലേക്കും മതാതീതമായ ആത്മീയതയിലേക്കും അവ വായനക്കാരെ ആനയിക്കുന്നു എന്നാണ്‌ ഹരികുമാറിന്റെ വാദം. ഇത്‌ എല്ലാ സ്വത്വവാദങ്ങളെയും നിഷേധിക്കുന്നു. അതിരുകവിഞ്ഞ സ്വത്വബോധം ചലനരഹിതമായ ജഡതയിലേക്കാണ്‌ നമ്മെ നയിക്കുന്നത്‌. മൗലികവാദം അതിന്റെ എല്ലാ ഭീകരതയോടും കൂടി അതിൽ കുടിയേറും. എന്നാൽ സ്വയംനിരാസം നിരന്തരമായ സ്വയം നവീകരണത്തിലൂടെ ആത്മവിമർശനത്തിലൂടെ, സർഗ്ഗപ്രവണമായ കർമ്മമാർഗ്ഗങ്ങൾ കണ്ടെത്തുന്നു.

ഈ ആശയത്തെ കൂടുതൽ വ്യക്തമാക്കുന്ന മനോഹരമായ മനനമാണ്‌ വെള്ളത്തെക്കുറിച്ച്‌ ഹരികുമാർ നടത്തുന്നത്‌. (ജലാത്മകത). വെള്ളത്തിന്റെ സ്വത്വം എന്നത്‌ ഒഴുക്കാണ്‌. ഒഴുക്കിലൂടെ എല്ലാ യാഥാസ്ഥിതികത്വത്തെയും പാരമ്പര്യത്തെയും ജലം തുടർച്ചയായി നിഷേധിക്കുന്നു. വെള്ളത്തിന്റെ അതിജീവന മന്ത്രമാണ്‌ ഒഴുക്ക്‌.
ഒഴുക്ക്‌ നിരാസമാണ്‌. നിശ്ചലതയെ നിരസിച്ചുകൊണ്ട്‌, ഭാവിയിലേക്കാണ്‌ വെള്ളം ഒഴുകുന്നത്‌. ചരിത്രമുണ്ടെങ്കിലും ആ "ചരിത്രത്തിന്റെ ചരിത്രാത്മകതയെ പരിഹസിച്ചുകൊണ്ട്‌ ഭാവിയെ നിർമ്മിച്ചുകൊണ്ടിരിക്കും" ഒഴുകുന്ന ജലം എന്നാണ്‌ ഹരികുമാറിന്റെ നിലപാട്‌.

ഇത്‌ മറ്റൊരു തരത്തിൽ വിശദമാക്കുകയാണ്‌ 'പത്രം ഒരൊഴുക്ക്‌', 'വഴികൾ' എന്നീ സുന്ദരമായ ലഘുലേഖനങ്ങൾ. നാം ദിവസവും നിവർത്തിവായിക്കുന്ന പത്രവും, അനുദിനം നടക്കുന്ന വഴികളും പെട്ടെന്നൊരു അർത്ഥദീപ്തിയിൽ തിളങ്ങിനിന്ന്‌ നമ്മുടെ ബോധത്തിന്റെ അന്തർമണ്ഡലങ്ങളിൽ ചൂടും വെളിച്ചവും പകരുന്നു. വാർത്തകളോടും വായനക്കാരോടും അവരുടെ ഇഷ്ടാനിഷ്ടങ്ങളോടും ഒരേസമയം വിശ്വസ്തതയും നിസ്സംഗതയും പുലർത്തുന്ന പത്രവും ഒരു പ്രവാഹമാണ്‌. വെള്ളം അതിരിക്കുന്ന പത്രത്തോട്‌ രൂപപരമായി കാണിക്കുന്ന വിശ്വസ്തതയും, പാത്രം തകർന്നാൽ ഒഴുകിപ്പോകുന്ന വെള്ളം അതിനോടു കാണിക്കുന്ന നിസ്സംഗതയും ,പത്രത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. "പത്രവും വെള്ളവും ഓരോ നിമിഷവും സ്വയം ഇല്ലാതാവുകയും മറ്റൊന്നായി മാറുകയും ചെയ്യുന്നു."

വഴിയും ഇതുപോലെത്തന്നെ. വാക്കു സൂചിപ്പിക്കുന്നതുപോലെത്തന്നെ, വഴി വഴി മാത്രം. അത്‌ നമുക്കൊരു ലക്ഷ്യമല്ല. വഴികൾ ഉണ്ടാകുന്നതു തന്നെ വഴിക്കുവേണ്ടിയല്ല. വഴിക്ക്‌ അതിൽത്തന്നെ സ്ഥായീഭാവമോ സ്ഥിര സ്വത്വമോ ഇല്ല. നാം യാത്രചെയ്യുമ്പോഴെ വഴി വഴിയാകുന്നുള്ളൂ. യാത്രതന്നെയാണ്‌ വഴി, വഴി തന്നെയാണ്‌ യാത്ര. ഇതാണു വഴിയുടെ മിഥ്യ എന്നു ഹരികുമാർ എഴുതുമ്പോൾ നാം ഇതുവരെ താണ്ടിയ എണ്ണമറ്റ വഴികൾ അതിസങ്കീർണ്ണമായ യാത്രകളായി. ചിദാകാശപര്യവേഷണങ്ങളായി, ആത്മാവിന്റെ തീർത്ഥാടനങ്ങളായി, ജീവന്റെയും മരണത്തിന്റെയും നിഗൂഢ സ്ഥലികളിലേക്കുള്ള നിരന്തര പ്രയാണമായി നമുക്കു മുൻപിൽ തെളിയുന്നു. നമ്മെ ഒരുനിമിഷം വിശ്വപഥികരാക്കാൻ പോന്ന ചിന്തകളാണ്‌ അവ.

പ്രകൃതിയിൽ അനുനിമിഷം നടക്കുന്ന മാറ്റങ്ങളെ കലയിലും സാഹിത്യത്തിലും ഉചിതമായി സന്നിവേശിപ്പിക്കുമ്പോഴാണ്‌ അവയ്ക്ക്‌ രസാനുഭൂതി ഉണർത്തുന്ന ചലനാത്മകത കൈവരുന്നത്‌. ഈ സത്യത്തെ 'ഓരോ വസ്തുവും പുതുതായി ജനിക്കുന്നു' എന്നു ചെറുലേഖനത്തിൽ ഹരികുമാർ വ്യക്തമാക്കുന്നു. എഴുത്തുകാരൻ ഏതുവസ്തുവിനെയും രൂപാന്തരപ്പെടുത്തുന്നു. വസ്തുവിനെ അതിൽ നിന്ന്‌ തന്നെ മോചിപ്പിക്കുക എന്ന 'കലാപ'ത്തിലാണ്‌ എഴുത്തുകാർ ഏർപ്പെടുന്നത്‌. മൗലികവാദത്തിൽ നിന്നും വ്യാജസ്വത്വത്തിൽ നിന്നുമാണ്‌ ഈ വിമോചനം. "ഏത്‌ വസ്തുവിനെയും അതിന്റെ മൗലികവാദത്തിൽ നിന്ന്‌, അതായിരിക്കുന്ന അവസ്ഥയിൽ നിന്ന്‌ മാറ്റി, അതിനു പ്രത്യക്ഷത്തിൽ പരിചിതമല്ലാത്ത വിതാനത്തിലേക്ക്‌ ഉയർത്തുമ്പോഴാണ്‌ കലയുണ്ടാകുന്നത്‌".

ഇങ്ങനെ പ്രകൃതിവസ്തുക്കളെ നിരന്തരം പുനർജനിപ്പിക്കാനും, ആന്തരികമായി പരിവർത്തനം ചെയ്യാനും സഹായിക്കുന്ന പ്രക്രിയയെ "നവാദ്വൈതം" എന്നാണ്‌ ഹരികുമാർ വിശേഷിപ്പിക്കുന്നത്‌. അദ്വൈതചിന്ത അതിന്റെ പരമ്പരാഗതമായ അർത്ഥത്തിൽ, വിശ്വത്തിൽ വിവിധങ്ങളായ നാമരൂപങ്ങൾ ഉള്ള സകലത്തെയും ഒന്നായി കണ്ട്‌ 'ഏകം ഏവം അദ്വിതീയം' എന്ന ഏകതത്ത്വത്തിൽ വിലയിപ്പിക്കുകയാണല്ലോ. അതിൽനിന്ന്‌ വ്യത്യസ്തമായി ഓരോന്നും അതാതിന്റെ വ്യക്തിഗതമായ സ്വത്വം വിട്ട്‌, നിരന്തരം പരിവർത്തനവിധേയമായി, അനുസ്യൂതമായ കർമ്മധാരയിൽ സഹപ്രയാണം ചെയ്യുകയും പുതിയ സാഹചര്യങ്ങളും വലിയ ലോകങ്ങളുമായി താദാത്മ്യം പ്രാപിക്കയും അതേസമയം, മുൻനിർണ്ണയിക്കപ്പെട്ട ഏതെങ്കിലുമൊരു സ്വത്വത്തിൽ അതിന്റെ പ്രയാണം അവസാനിപ്പിക്കാതിരിക്കയും ചെയ്യുന്ന പ്രക്രയയെയാണ്‌ നവാദ്വൈതം എന്ന്‌ ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നതെന്ന്‌ തോന്നുന്നു. ഈ പ്രക്രിയ പുനർനിർമ്മാണമാണ്‌. പുതിയ അർത്ഥങ്ങളുടെ പ്രകാശനമാണ്‌. പുതിയ പ്രപഞ്ചോൽപ്പത്തിയുടെ മഹാവിസ്ഫോടനമാണ്‌.

ഹരികുമാറിന്റെ നവാദ്വൈതത്തിലും സാക്ഷാത്ക്കാരമുണ്ട്‌. ഏകീഭാവമുണ്ട്‌. ഇല്ലെങ്കിൽ അദ്വൈതം എന്ന വാക്കുപയോഗിക്കാനാവില്ലല്ലോ. പക്ഷേ അത്‌ കർമ്മത്തെയും വ്യാവഹാരികലോകത്തെയും അവഗണിച്ചുകൊണ്ടല്ല, ആയിത്തീരലിന്റെ അനന്തസാധ്യതകൾ അനാവരണം ചെയ്തുകൊണ്ടാണ്‌ അനുസ്യൂതമായ സ്വത്വനിരാസത്തിലൂടെ ജനിമൃതികളെ ഒന്നാക്കുന്ന പ്രക്രിയയാകുന്നത്.

ഹരികുമാറിന്റെ നിരാസവാദം പ്രകൃതിയിലെ സ്വാഭാവികമായ പരിണാമ ഭാവവുമായി താരതമ്യം ചെയ്യാവുന്നതാണ്‌. ജീവജാലങ്ങളുടെ വളർച്ചയിൽ ഒരേസമയം നിരാസവും സ്വീകരണവുമുണ്ട്‌. പഴയകോശങ്ങളെ പുറന്തള്ളിയും പുതിയ കോശങ്ങളെ ഉൾക്കൊണ്ടുമാണല്ലോ ജീവൻ പരിണമിക്കുന്നത്‌. ഒരു മനുഷ്യശിശു പൂർണ്ണവളർച്ചയിലെത്തുമ്പോഴേക്കും എത്രയോ വട്ടം അതിന്റെ കോടാനുകോടി കോശങ്ങൾ മാറിക്കഴിഞ്ഞിരിക്കും. ഇത്‌ ജീവന്റെ മഹാരഹസ്യമാണ്‌. ജീവചൈതന്യമില്ലാത്തിടത്ത്‌ ഈ തള്ളലും കൊള്ളലും ഉണ്ടാവുകയില്ല. പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ്‌ ഈ പ്രക്രിയ നടക്കുന്നത്‌. സവിശേഷമായ ഒരു രൂപം അഥവാ ഡിസൈൻ പ്രാപിക്കാനുള്ള ലക്ഷ്യബോധം ജീവിക്കുള്ളിൽ അനന്തശയനം കൊള്ളുന്നതുകൊണ്ടാണല്ലോ ആ രൂപമാതൃകയിലേക്ക്‌ അത്‌ പരിണമിക്കുന്നത്‌. ഇവിടെ സ്വത്വബോധത്തിന്‌ പരിവർത്തനം വരുന്നുണ്ടെങ്കിലും അന്തർലീനമായ സ്വത്വത്തിന്റെ അനുസ്യൂതത നഷ്ടപ്പെടുന്നില്ല. ശിശു യൗവ്വനയുക്തനായാലും വൃദ്ധനായാലും ആൾ ഒന്നുതന്നെയാണല്ലോ. ജീവജാലങ്ങളുടെയും വസ്തുക്കളുടെയും വൈയക്തികസ്വത്വത്തെ പ്രപഞ്ചക്രമത്തിന്റെ അനിഷേധ്യഭാഗമായി കണക്കാക്കിയാൽ വളർച്ചയ്ക്കുവേണ്ടി അതിലുണ്ടാകുന്ന നിരാസ-സ്വീകരണങ്ങളെ സമഷ്ടിബോധവുമായി ബന്ധപ്പെടുത്താനാവും. വലയിലെ കണ്ണികൾ പോലെ, ജീവന്റെ വ്യക്തിസ്വത്വവും വിശ്വത്തിന്റെ സമഗ്രബോധവും ചേതനയുടെ ഒരു മഹാപാരസ്പര്യത്തിൽ സംസർഗ്ഗം ചെയ്യുന്നു. ഭൗതികശാസ്ത്രജ്ഞനും ദാർശനികനുമായ ഫ്രിറ്റ്ജോഫ്‌ കാപ്രയുടെ Web of Life തുടങ്ങിയ ഗ്രന്ഥങ്ങൾ ഈ വഴിക്ക്‌ ചിന്തിപ്പിക്കുന്നവയാണ്‌. ആധുനിക ഹൈ എനർജി ഫിസിക്സിലും, 'കണികകൾ' (particles) എന്ന്‌ ദ്രവ്യമാത്രകളെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, അവയ്ക്ക്‌ ഒറ്റതിരിഞ്ഞ്‌ സ്വത്വമില്ല. അനിർവചനീയമായ, അപ്രവചനീയമായ പരിഭ്രമണത്തിൽ ഏർപ്പെട്ടിരിക്കുന്ന കണികകളുടെ പരസ്പരബന്ധത്തിലാണ്‌ ഊർജ്ജസംബന്ധിയായ ധർമ്മങ്ങൾ നടക്കുന്നത്‌. തലച്ചോറിലെ ന്യൂറോൺ കോശങ്ങളാണെങ്കിലും, അവയുടെ ബന്ധങ്ങൾ [synapses)ആണ്‌ മസ്തിഷ്ക്കധർമ്മത്തിന്‌ ആധാരം. ഇത്തരമൊരു ആന്തരിക ബാന്ധവബോധം ബയോളജിയിലും ഫിസിക്സിലും മറ്റു ശാസ്ത്രങ്ങളിലും അടുത്തകാലത്തുണ്ടായതിനു സമാന്തരമായിട്ടാണ്‌ web,net,global തുടങ്ങിയ പ്രയോഗങ്ങൾ ഉരുത്തിരിഞ്ഞത്‌. മനുഷ്യന്റെ സാധാരണ ഭാഷയിൽ ശാസ്ത്രങ്ങൾക്ക്‌ പ്രകടിപ്പിക്കാൻ ആവാത്ത ചിലബോധത്തെയും അറിവുകളെയുമാണ്‌, അറിഞ്ഞോ അറിയാതെയോ എട്ടുകാലിയുടെ മാറാലയും മുക്കുവന്റെ വലയും കളിക്കാരുടെ പന്തുമെല്ലാം പ്രകടിപ്പിക്കുന്നത്‌.

ഈ പുതിയ ബോധത്തെ സാഹിത്യവിമർശനത്തിലേക്കും സൗന്ദര്യശാസ്ത്ര വിചിന്തനത്തിലേക്കും എങ്ങിനെ ആവാഹിക്കാം എന്നത്‌ പ്രസക്തമായ ഒരു ചോദ്യമാണ്‌. കവിത, നോവൽ, ചെറുകഥ, നാടകം, തുടങ്ങിയ പാരമ്പര്യ സാഹിത്യരൂപങ്ങളും, ചിത്രകല, ശിൽപ്പകല, നൃത്തം തുടങ്ങിയ സാമ്പ്രദായിക സുകുമാരകലകളും പുതിയ സിനിമയും ഇലക്ട്രോണിക്‌ മാധ്യമവും ഇന്റർനെറ്റും തുറന്നുതരുന്ന വിസ്മയകരമായ സൗന്ദര്യാനുഭൂതികളും എല്ലാം തമ്മിലുള്ള ബാന്ധവങ്ങളും സംഗമസംഘാതങ്ങളും സുപ്രധാനമാണ്‌. അവയെ പുതിയ ഭാവുകത്വത്തിന്റെ ഭാഗമായി പലരും സ്വീകരിച്ചു തുടങ്ങി. എങ്കിലും സാഹിത്യവിമർശനത്തിന്റെ മുഖ്യധാരയിൽ ഈ പുതിയ ബാന്ധവവിചാരം എത്തിയിട്ടില്ല എന്നുതോന്നുന്നു.

ഭാരതീയ കാവ്യശാസ്ത്രത്തിൽ സ്ഥായിഭാവവും സഞ്ചാരി (വ്യഭിചാരി) ഭാവങ്ങളും തമ്മിൽ വേർതിരിക്കുന്നുണ്ടല്ലോ .ഒന്നിലും സ്ഥായീഭാവമില്ല എന്ന നിലപാടെടുത്താൽ സഞ്ചാരി ഭാവങ്ങൾക്ക്‌ പ്രസക്തിയില്ലാതാവുകയും സൗന്ദര്യഭംഗം വരികയും ചെയ്യും. അതുപോലെ തന്നെ സ്ഥായീഭാവം അതിൽത്തന്നെ ചലനാത്മകമല്ലെങ്കിൽ ഭാവമേളനം അസാദ്ധ്യമായിത്തീരും. സഞ്ചാരിഭാവങ്ങളെ എത്രയും വിശാലമായ അർത്ഥത്തിലും സ്വാതന്ത്ര്യത്തിലും കണക്കിലെടുത്താൽ മേൽപ്പറഞ്ഞ വിവിധ മാധ്യമങ്ങളെയും ഭാവുകത്വങ്ങളെയും അവയുടെ സ്വകീയത നഷ്ടപ്പെടാതെ തന്നെ സർഗ്ഗസമന്വയത്തിലേക്ക്‌ നയിക്കാൻ കഴിയും. സൂര്യൻ സ്ഥായിയായി നിൽക്കുന്നു. ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനുചുറ്റും സഞ്ചരിക്കുന്നു എന്നാണല്ലോ കോപ്പർനിക്കസിനുശേഷം നാം പഠിച്ച പുതിയ ശാസ്ത്രം. എന്നാൽ ഇതൊരു താൽക്കാലിക സങ്കൽപമാണെന്ന്‌ ഇപ്പോൾ നമുക്കറിയാം. സൂര്യനും സൗരയൂഥവും അതുൾപ്പെടുന്ന ഗാലക്സിയും എല്ലാംതന്നെ പ്രപഞ്ചത്തിന്റെ വികസ്വരചലനത്തിന്‌ വിധേയമാണ്‌. ഏതെല്ലാം ആന്ദോളനങ്ങൾക്കും വികാസ-വികേന്ദ്രീകരണങ്ങൾക്കും അവ വിധേയമാണ്‌ എന്ന്‌ പൂർണ്ണമായും നമുക്കറിഞ്ഞുകൂടാ. അപ്പോൾ സ്ഥായി-സഞ്ചാരി ഭാവങ്ങളെയും ആകെത്തുകയിലുള്ള ചലനത്തിന്‌ വിധേയമാക്കുമ്പോൾ, നമ്മുടെ സൗന്ദര്യശാസ്ത്രത്തിന്‌ പുതിയ മാനങ്ങൾ കൈവരും. ഹരികുമാറിന്റെ നവാദ്വൈതചിന്തയും അനസ്യൂതനിരാസ-നവീകരണവാദവും ഇക്കാര്യങ്ങളെ കണക്കിലെടുക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.
ഹരികുമാറിന്റെ സാഹിതീ ദർശനത്തെ ചൂഴ്‌ന്ന്‌ നിൽക്കുന്നത്‌ ഒരു പ്രവാഹബോധമാണ്‌. നിരന്തരമായ ഈ ധാരാത്മകത എല്ലാ സ്ഥാപനവൽക്കരണങ്ങളെയും സിദ്ധാന്തവാശികളെയും കടപുഴക്കിയെറിയുന്നു. ഈ പ്രവാഹത്തിന്റെ ഭാഗമായിട്ടാണ്‌ ആത്മികതയും സൗന്ദര്യവും സർഗ്ഗാത്മകതയും അദ്ദേഹം കാണുന്നത്‌. ഇത്‌ ഒരളവിൽ സോക്രട്ടീസിനും മുൻപുള്ള ആദിയവന ദാർശനികരിൽ ഒരാളായ ഹെറാക്ലീറ്റസിന്റെ ചിന്തയെ ഓർമ്മിപ്പിക്കുന്നു. " ആർക്കും ഒരേ നദിയിൽ രണ്ടുപ്രാവശ്യം കാൽവയ്ക്കാനാവില്ല" എന്നവാക്യം പ്രസിദ്ധമാണല്ലോ. ഭൗതിക യാഥാർത്ഥ്യത്തെ പ്രവാഹമായി (flux) കാണുന്ന ഈ വീക്ഷണം വളരെ ആധുനികവുമാണ്‌. 20-നൂറ്റാണ്ടിൽ ബ്രട്ടീഷ്‌ ദാർശനികനും ഗണിതജ്ഞനുമായിരുന്ന ആൽഫ്രഡ്‌ നോർത്ത്‌ വൈറ്റ്‌ ഹെഡ്‌ (1861-1947) രൂപം കൊടുത്ത 'പ്രോസ്സസ്‌ ഫിലോസഫി' ധാരാവാദത്തിന്റെ വളരെ പരിഷ്കൃതമായ രൂപമാണെന്ന്‌ പറയാം. അനുനിമിഷമുള്ള ആയിത്തീരലുകളുടെ ആകെത്തുകയാണ്‌ പ്രപഞ്ചം. ഓരോ ആയിത്തീരൽ സംഭവവും ഒറ്റപ്പെട്ട്‌ നിൽക്കാതെ തുടർച്ചയായ മാറ്റത്തിന്റെയും പുതുമയുടെയും ഭാഗമായി നമുക്ക്‌ അനുഭവവേദ്യമാകുന്നു. പാശ്ചാത്യ തത്ത്വവിചാരത്തിൽ പ്രബലമായിരുന്ന സത്ത. സ്ഥിരത, ഏകതാനത എന്നിവയെ എല്ലാം നിഷേധിച്ച്‌ ഈ ദർശനം ചരിത്രപരമായിത്തന്നെ ഭൂതകാലത്തിൽ നിന്ന്‌ പുതിയ ഭാവയിലേക്ക്‌ നിരന്തരം പരിണമിക്കുന്ന യാഥാർത്ഥ്യത്തെയാണ്‌ ഊന്നിപ്പറഞ്ഞത്‌. ഈ പ്രക്രിയയുടെ ചലനാത്മകതമൂലം, പരമ്പരാഗതവും സ്ഥാവരവുമായ മാനദണ്ഡങ്ങൾ കൊണ്ട്‌ ഇതിനെ അളക്കാനും അറിയാനും ആവില്ല എന്നായിരുന്നു വൈറ്റ്‍ഹെഡിന്റെ പക്ഷം.

പാശ്ചാത്യ ദർശനത്തിലും വേദശാസ്ത്രത്തിലുമെല്ലാം അനുരണനങ്ങൾ സൃഷ്ടിച്ച ഈ ദാർശനിക വീക്ഷണത്തെ, ഹരികുമാറിന്റെ പ്രവാഹവാദവുമായി ബന്ധിപ്പിച്ച്‌ കാണുന്നത്‌ പ്രയോജനപ്രദമാണ്‌.
നിരന്തരചലനം നമ്മെ വിഭ്രമിപ്പിക്കും. നമ്മുടെ പരിചിതമായ ദിഗ്ബോധങ്ങളെ അത്‌ മായിച്ചുകളയും. സ്ഥലജലഭ്രമത്തിന്‌ വിധേയരാകും നാം. അതുകൊണ്ടാണ്‌ മനുഷ്യർ ഇളകാത്ത കുറ്റികൾ സ്ഥാപിക്കുന്നത്‌. അതിർക്കല്ലുകളിടുന്നത്‌. കാലത്തെ മണിക്കൂറായും മിനിറ്റായും സെക്കൻഡായും കീറിമുറിച്ച്‌ അടയാളപ്പെടുത്തി കൈത്തണ്ടയിൽ കൊണ്ടുനടക്കുന്നത്‌. സ്ഥലത്തെ അളന്ന്‌, അറകളായി തിരിച്ച്‌ കെട്ടിടം പണിത്‌ അതിൽ കയറി വാതിലടച്ച്‌ പാർക്കുന്നത്‌, എങ്കിലും ധൈര്യമുള്ളവർ ഇടയ്ക്കിടെ, അറകൾ തുറന്ന്‌, അടയാളങ്ങൾ പറിച്ചെറിഞ്ഞ്‌, വസ്ത്രമുരിഞ്ഞ്‌ സ്ഥലകാലങ്ങളുടെ അനന്തവിസ്തൃതികളിൽ നഗ്നരായി അലയുന്നു. അനുച്ചരണീയമാണ്‌ അവരുടെ അനുഭവം.

കപടവേഷങ്ങളണിഞ്ഞ നമ്മെ ഹരികുമാറിന്റെ ചിന്താസ്ഫുലിംഗങ്ങൾ വിവസ്ത്രരാക്കുന്നു. നമ്മുടെ ആടയാഭരണങ്ങൾക്ക്‌ തീ കൊളുത്തുന്നു. കലയിലും സാഹിത്യത്തിലും പുതിയൊരു സൗന്ദര്യ ചിന്താസരണിയുടെ സമാരംഭമാവട്ടെ നമുക്ക്‌ ലഭിച്ചിരിക്കുന്ന ഈ ദർശനസുകൃതം. 




*എന്റെ മാനിഫെസ്റ്റോ
ഗ്രീൻ ബുക്സ്
ത്രിശൂർ

22 Nov 2012

ഞാന്‍ ഒരു മെഡിക്കല്‍ അണ്‍ഫിറ്റ്‌ ആണ് എന്ന് റിപ്പോര്‍ട്ട്‌ ചെയ്യാവോ ?

ദീപു ജോർജ് 



ഇന്ന് പതിവില്‍ കവിഞ്ഞു തിരക്ക് ഉള്ള ഒരു ദിവസം ആയിരുന്നു. അത്യാവശ്യം ജോലികള്‍ തീര്‍ത്തിട്ട് ഭക്ഷണം കഴിക്കാന്‍ ഉള്ള തയ്യാറെടുപ്പായിരുന്നു ഞാന്‍ . നല്ലത് പോലെ വിശക്കുന്നുണ്ട്. രാവിലെ കഴിച്ച രണ്ടു ഇഢലിക്ക് ഇത്രയും മൈലേജ് കിട്ടിയത് തന്നെ ഭാഗ്യം. കഴിക്കാന്‍ തുടങ്ങിയതെ ഉള്ളു, അപ്പോഴതാ എമെര്‍ജെന്‍സി ഫോണിന്റെ വൃത്തികെട്ട ശബ്ദം ഉറക്കെ മുഴങ്ങി. പാതി മയക്കത്തില്‍ ആയിരുന്ന െ്രെഡവറും ചാടി എണീക്കുന്ന എണീക്കുന്ന ശബ്ദവും കേട്ടു. മനസ്സില്‍ ഒരു നൂറു തെറി വിളിച്ച് ഫോണ്‍ എടുത്തു.
അപ്പോഴതാ ഫോണില്‍ അനോന്‍സ്‌മെന്റ്‌റ് ‘എമെര്‍ജെന്‍സി എമെര്‍ജെന്‍സി കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് ബില്‍ഡിംഗ് നമ്പര്‍ 510 രേസ്‌പോണ്ട് ഇമ്മിഡിയേറ്റ്’ അത്യാവശ്യം വേണ്ട ഉപകരണങ്ങളും റേഡിയോയും മറ്റും എടുത്തു ആംബുലന്‍സില്‍ കയറുമ്പോള്‍ മുന്‍പില്‍ മുന്‍പില്‍ ഫയര്‍ ട്രക്കും മറ്റു ഫയര്‍ വാഹനങ്ങളും പാഞ്ഞു പോകുന്നത് കണ്ടു.


 ‘ഇന്നും ഫയര്‍ അലാം അടിച്ചു കാണും’ െ്രെഡവര്‍ പിറുപിറുത്തു. ഉറക്കം നഷ്ടം നഷ്ടം ആയതിന്റെ നിരാശ അവന്റെ അവന്റെ മുഖത്ത് വായിച്ചെടുക്കാം. പൊടിക്കാറ്റടിച്ചാല്‍ ഫയര്‍ അലാം അടിക്കും അത് സാധാരണം ആണ്, പക്ഷെ പക്ഷെ പ്രധാന സ്ഥലങ്ങള്‍ ആയതിനാല്‍ ഫയറും, മെഡിക്കല്‍ , സെക്യൂരിറ്റി ആള്‍ക്കാര്‍ അവിടെ എത്തിയിരിക്കണം എന്നാണ് നിയമം. പോയിട്ട് വന്നാല്‍ വന്നാല്‍ പോര പോയ കഥകള്‍ മേലുധ്യോഗസ്തരെ അറിയിക്കണം, റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പിടിപ്പത് പണിയാണ്. ഇങ്ങനെ പലവിധ ചിന്ദകളും ആയി ഇരിക്കുമ്പോഴേക്കും സംഭവ സ്ഥലത്ത് എത്തി. പുറത്ത് ഇറങ്ങിയപ്പോഴേക്കും സെക്യൂരിറ്റി ക്കാര്‍ ഒരാളെ താങ്ങിപിടിച്ച് കൊണ്ട് വരുന്നത് കണ്ടു. ഒറ്റ നോട്ടത്തില്‍ തന്നെ അറബി ആണ് എന്ന് മനസിലായി.
അവര്‍ തന്നെ അയാളെ ആംബുലന്‍സ്ന്റെ അകതോട്ടു കിടത്തി. ഇന്നത്തെ കാര്യം ഗോവിന്ദ എന്ന് മനസ്സില്‍ കരുതിക്കൊണ്ട് ഞാന്‍ അയാളുടെ അടുത്തോട്ടു ചെന്നു ‘എന്ത് പറ്റി ‘ നെഞ്ച് വേദന എടുക്കുന്നു ‘ എപ്പോഴാ തുടങ്ങിയത് കുറെ നേരേം ആയി, ഇപ്പോഴാ കൂടിയത് വേഗം തിരിച്ചു പോകാന്‍ െ്രെഡവെരോട് പറഞ്ഞിട്ട്. പതിവ് ചോദ്യങ്ങളും മറ്റും ആയി ഞാന്‍ ഇരുന്നു.
അങ്ങനെ തിരിച്ചു എത്തി വേഗം, അയാളെ ബെഡ് ലോട്ട്മാറ്റി. ഇ സി ജി യും, മറ്റു അത്യാവശ്യം, കാര്യങ്ങളും തന്നെ ഒരുകാര്യം മനസിലായി. ഇയാള്‍ നമ്പര്‍ അടിച്ചതാണ് പണി എടുക്കാന്‍ ഉള്ള മടി തന്നെ ആയിരിക്കും കാരണം. ഐ ഡി കാര്‍ഡ് വാങ്ങി പേര് വിവരങ്ങള്‍ നോക്കുന്ന കൂടെ. അയാളുടെ നാഷ്ണലിറ്റി ഞാന്‍ ശ്രദ്ധിച്ചു, പലസ്തീന്‍ . ഇപ്പോള്‍ വാര്‍ത്തകളില്‍ ആ രാജ്യം നിറഞ്ഞു നില്‍ക്കുന്നത് കാരണം അയാളെ ഒരിക്കല്‍ കൂടി നോക്കി, 55 വയസ് ഐ ഡി യില്‍ എങ്കിലും അറുപതിനു മുകളില്‍ പറയും. ഒരു സംശയം ഇയാള്‍ കരയുവാണോ ?

എന്തിനാ കരയുന്നത്. നിങ്ങള്ക് ഒരു കുഴപ്പവും ഇല്ല എല്ലാം നോര്‍മലാണ്. കുറച്ചു നേരം കിടന്നിട്ടു ജോലിക്ക് തിരിച്ചു പോകാം. അയാള്‍ ഒന്നും മറുപടി പറഞ്ഞില്ല. കണ്ണ് നിറഞ്ഞു വരുനതിനു ഇടയില്‍ ഇടയ്ക്കു ഇടയ്ക്കു എന്നോട് പറഞ്ഞു ‘ എനിക്ക് നെഞ്ച് വേദന ഒന്നും ഇല്ലാരുന്നു ‘ പിന്നെ കുറച്ചു മുന്‍പ് നിങ്ങള്‍ പറഞ്ഞതോ. ഞങ്ങളെ എല്ലാം പൊട്ടന്മാര്‍ ആക്കുവാ രുന്നോ ? മറുപടി ഒന്നും ഇല്ല, രണ്ടു നിമിഷത്തെ നിശബ്ദതക്കു ശേഷം അയാള്‍ വാ തുറന്നു.
‘എനിക്ക് കുറച്ചു ദിവസം മെഡിക്കല്‍ ലീവ് തരാവോ, അല്ല ഞാന്‍ ഒരു മെഡിക്കല്‍ അണ്‍ഫിറ്റ് ആണ് എന്ന് റിപ്പോര്‍ട്ട് ചെയ്യാവോ ?’
ഒരു കുഴപ്പവും ഇല്ലാത്ത നിങ്ങള്ക് ഞാന്‍ എങ്ങനെ തരും, നിങ്ങള്‍കെന്താ വട്ടാണോ. കണ്ണീരോടെ അയാള്‍ പറഞ്ഞ മറുപടി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട് . ‘എനിക്ക് കമ്പനിയില്‍ നിന്ന് ലീവ് തരുന്നില്ല. നിര്‍ത്തി പോകണം എങ്കില്‍ വലിയൊരു തുക കൊടുക്കണം, എന്റെ അനുജന്റെ രണ്ടു മക്കളും കഴിഞ്ഞദിവസത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചു. എന്റെ മക്കളെ അവര്‍ക്ക് എന്തേലും പറ്റുന്നതിനു മുന്‍പ് എനിക്ക് കാണണം ‘ നിസ്സഹായതയോടെ ഞാന്‍ ആ കണ്ണിലോട്ട് നോക്കുമ്പോള്‍ അവിടെ എന്നില്‍ ഉള്ള ഒരു പ്രതീക്ഷയുടെ തിളക്കം ഞാന്‍ കണ്ടു.

22 Oct 2012

"ശുനക പുരാണം"


മോഹൻ ചെറായി

ഭാര്യയ്ക്കു ജോലി വേണ്ട!
ഇനി, ഭാര്യക്കു ജോലി ഉണ്ടെന്നു വക്കുക. ഭാര്യക്കും ഭർത്താവിനും ജോലി ഒരു ഓഫീസിലായിക്കൂടാ!!
അഥവാ, ഒരേ ഓഫീസിൽ ആണെങ്കിൽ തന്നെ ഭാര്യ ഉയർന്ന തസ്തികയിലായിക്കൂടാ!!!
എന്തു ചെയ്യാം.... അയാളുടെ കാര്യത്തിൽ എല്ലാം വിപരീതമായിപ്പോയി. ഓഫീസിൽ അവൾ ആജ്ഞാപിച്ചു; കീഴുദ്യോഗസ്ഥനായ അയാൾ അനുസരിച്ചു - നിവൃത്തികേടു കൊണ്ട്‌ .
പക്ഷെ വീട്ടിലും.......
ഒരു ദിവസം അയാൾ പറഞ്ഞു:
"വീടായാൽ ഒരു പട്ടി വേണം "
ഉടൻ അവളെതിർത്തു : "വേണ്ട!"
'വേണം - വേണ്ട' കുറെ നേരം തുടർന്നു. ഒടുവിലയാൾ പറഞ്ഞു:
"എന്റെ വീട്ടിൽ ഒരു പട്ടിയെ വളർത്താൻ നിന്റെ അനുവാദം വേണ്ട!"
അവിടെ അവൾ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു:
"ഇതേയ്‌ ..... എന്റെ  പേരിലുള്ള വീടാ, ഇവിടെ പട്ടിയെ വളർത്താൻ എന്റെ അനുവാദം വേണം."
ശരിയാൺ​‍്‌ ലോൺ എടുക്കുന്നതിനു വീടും പുരയിടവും അവളുടെ പേരിലാക്കിയിരുന്നു....
ബധിരത നടിച്ചു.
കല്ലും കട്ടയുമിറക്കി പട്ടിക്കൂടിന്റെ പണി തുടങ്ങി.
അവൾ കുരച്ചു കൊണ്ടിരുന്നു. കൂടിന്റെ പണി പൂർത്തിയായ ഉടൻ ഒരു പട്ടിയേയും സംഘടിപ്പിച്ചു. പട്ടിയ്ക്ക്‌ അവരുടെ ഓഫീസറുടെ പേരിട്ടു
അവൾക്കു പ്രിയങ്കരനായ  ഓഫീസറുടെ പേര്‌!
പൂർവ്വാധികം ശബ്ദത്തിൽ അവൾ കുരച്ചു. അതു കേട്ട്‌ ഒരു കാര്യവുമില്ലാതെ  അയാൾ പട്ടിയെ തല്ലി.
അവളുടെ കുരയ്ക്കു മീതെ പട്ടിയുടെ കരച്ചിൽ മുഴങ്ങി (പട്ടിയെ തല്ലുമ്പോൾ ഓഫീസറെ തല്ലുന്ന സുഖം!) ഒരു ദിവസം ഓഫീസറും അയാളുടെ നേരെ കുരക്കുന്നു.പട്ടിയുടെ പേര്‌ അയാളറിഞ്ഞിരിക്കുന്നു. വാഗ്വാദം മൂത്തു.
അതവസാനിച്ചപ്പോൾ  വെളുത്ത ഓഫീസറുടെ തുടുത്ത   കവിളിൽ ചുവന്ന പാടുണ്ടായിരുന്നു.
ഓഫീസ്‌ ക്ലോക്കിലെ സെക്കന്റ്‌   സൂചി അൽപ നേരം നിശ്ചലമായി. സസ്പെൻഷൻ ഓർഡർ ഡ്രാഫ്റ്റ്‌  ചെയ്തത്‌   അവൾ തന്നെയായിരുന്നു: സാക്ഷാൽ ഭാര്യ!
അതു വാങ്ങാൻ നിൽക്കാതെ അയാളിറങ്ങി നടന്നു..........
അടുത്ത ശമ്പളം കിട്ടാതെ വന്നപ്പോൾ കടം വാങ്ങി. കടം കിട്ടാതെ വന്നപ്പോൾ........
ശരിക്കും കുടുങ്ങിപ്പോയി. ഒടുവിൽ വിശന്നുവലഞ്ഞപ്പോൾ അവളോടു തന്നെ ഇരക്കേണ്ടി വന്നു.
"ഞാൻ പറയുന്നത്‌ അനുസരിയ്ക്കാമോ?"
 വയറ്റിൽ, വൻകുടൽ  ചെറുകുടലിനെ തിന്നു തുടങ്ങിയിരുന്നതു കൊണ്ട്‌ നിഷേധിക്കാൻ കഴിഞ്ഞില്ല.
"അപ്പുറത്തേയ്ക്കുവാ" അകത്തു കടക്കാൻ ഭാവിച്ചു
"ഛീ പുറത്തൂടെ" അവൾ പുറത്തേക്കു  വിരൾ ചൂണ്ടി.
പുറത്തുകൂടെ അടുക്കള ഭാഗത്തേക്കു നടന്നപ്പോൾ ഒഴിഞ്ഞ പട്ടിക്കൂട്‌! (പട്ടിയെ ഇതിനോടകം അവൾ വിഷം കൊടുത്ത്‌ കോന്നിരുന്നു) അടുക്കള വാതിൽക്കൽ പട്ടിക്കു തീറ്റി  കൊടുത്തിരുന്ന പ്ലേറ്റിൽ ഭക്ഷണം!   കൂടിക്കുഴഞ്ഞ തണുത്ത ചോറിനും  മീൻ ചാറിനും ഉശിരൻ സ്വാദ്‌.!! തിന്നു കഴിഞ്ഞപ്പോൾ നട്ടെല്ലിന്‌ താഴെ ചലനം! എന്തോ വളരുന്നതു പോലെ.....
കയ്യിലെ എച്ചിൽ നക്കിക്കൊണ്ടു മുൻ ഭാഗത്തേയ്ക്കു ചെന്നു. ഓഫീസറുടെ വിലപിടിച്ച ഷൂ സിറ്റൗട്ടിൽ! ദേഷ്യം കൊണ്ട്‌ അറിയാതെ വിറച്ചു. ഒരിയ്​‍്ക്കലെങ്കിലും ജയിക്കണം! നശിപ്പിക്കാൻ മറ്റൊരായുധവുമില്ലാത്തതു കൊണ്ട്‌ കടിച്ചു തന്നെ ഷൂ കീറി പല കഷ്ണങ്ങളാക്കി. പിന്നെ നിന്നു കിതച്ചു. അനന്തരം സാവധാനം  തണുത്ത്‌ തിരിഞ്ഞു നടന്നു. വല്ലാത്ത തളർച്ച...... ഒന്നു കിടക്കണം.
പട്ടിക്കൂട്‌ ഒഴിഞ്ഞു കിടക്കുന്നു.
പെട്ടെന്ന്‌ ഒരുൾ വിളി! തിരിഞ്ഞ്‌ അടഞ്ഞു കിടന്ന വാതിലിനു നേരെ നോക്കി ഉറക്കെ പറഞ്ഞു.
"വീടായാൽ ഒരു പട്ടി വേണം"
പട്ടിക്കൂടിന്റെ  വാതിൽ തുറന്ന്‌ സാവധാനം അകത്തു കടന്ന്‌   ചുരുണ്ടു കിടന്നു........

19 Sept 2012

നിന്നെ കവിതയാക്കി മാറ്റുന്നവൻ /നിസാർ കബ്ബാനി

പരിഭാഷ: ജ്യോതിർമയി ശങ്കരൻ



 നിന്റെ ഓരോ അംഗത്തേയും
നിന്റെ ഓരോ മുടിനാരിഴകളേയും
കവിതയാക്കി മാറ്റുന്നവനെ
കണ്ടെത്തുകയാണെങ്കിൽ,
എന്നെപ്പോലെ
കവിതയാൽ നിന്നെ
കുളിപ്പിയ്ക്കാനും അലങ്കരിയ്ക്കാനും
കഴിയുന്നവനെ കണ്ടെത്തുകയാണെങ്കിൽ,
നിസ്സംശയം അവനെ പിന്തുടരുക!

*Nizar Qabbani,


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...