Showing posts with label SREEPARVATHI. Show all posts
Showing posts with label SREEPARVATHI. Show all posts

21 Jan 2014

നിലാവിന്റെ വഴി




ശ്രീപാർവ്വതി


 അപൂര്‍ണമായ ഒരു സായംസന്ധ്യയുടെ കഥ

രണ്ട് കളിക്കൂട്ടുകാരുടെ മൌനം എന്തുമാത്രം വാചാലമായിരിക്കാം? അവനും അവളും ബാല്യകാല സുഹൃത്തുക്കളായിരുന്നു. കന്യാകുമാരിയിലെ അലയാഴിയ്ക്കു മുന്നില്‍ എത്രയിരുന്നാലും കൊതി തീരാത്തവര്‍ , എത്ര സംസാരിച്ചാലും മതിവരാത്തവര്‍ . കാലം അവരെ രണ്ടു വഴിയിലേയ്ക്കു പറിച്ചു നടുമ്പോള്‍ പിന്നെയും എന്തൊക്കെയോ പറയാന്‍ ബാക്കിയായിരുന്നു, അതാവാം പിന്നെയും ആ കടവിലേയ്ക്ക് ഒരുമിച്ചെത്താന്‍ കാലം അവര്‍ക്കായി നിയോഗമൊരുക്കിയത്,

"പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ
സൌന്ദര്യതീര്‍ത്ഥക്കടവില്‍
നഷ്ടസ്മൃതികളാം മാരിവില്ലിന്‍ വര്‍ണപ്പൊട്ടുകള്‍ തേടി
നാം വന്നു..."
അതേ വരാതിരിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ലല്ലോ. അസ്തമയസൂര്യന്‍റെ കതിരുവീണു ചുവന്ന പാറക്കൂട്ടത്തില്‍ ചാരിയിരിക്കുമ്പോള്‍ രണ്ടിലൊരാള്‍ കഥ പറയുകയായിരുന്നു. മറ്റേയാള്‍ കേട്ടിരിക്കയും.


"ഒന്നു പിണങ്ങിയിണങ്ങും നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും
പൂം പുലര്‍ക്കണി പോലെയേതോ പേരറിയാപ്പൂക്കള്‍
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം"

പാതിവഴിയിലെവിടെയോ ഉപേക്ഷിച്ചു പോയ കൂട്ടുകാരനെ വളരെ വൈകിയാണ്, ജീവിതത്തിന്‍റെ മദ്ധ്യവഴിയില്‍ വച്ച് നന്ദിത കണ്ടെത്തുന്നത്. അപ്പോഴേയ്ക്കും അവര്‍ രണ്ടു പേരും രണ്ടു വഴികളില്‍ യാത്ര തുടങ്ങിയിരുന്നു. ഒരാള്‍ വക്കീലിന്‍റെ കറുത്ത ഗൌണിലും മറ്റേയാള്‍എഴുത്തിന്‍റേയും അക്ഷരങ്ങളുടേയും വിഷാദലോകത്തും പേരുറപ്പിച്ചിരുന്നു. മാസികയില്‍ അച്ചടിച്ചു വന്ന അവളുടെ ഏതോ കഥയില്‍ അവന്‍ തിരിച്ചറിഞ്ഞു, തന്നിലെ അപൂര്‍ണമായ ഏതോ ഒരു വരി ആ എഴുത്തുകാരിയ്ക്ക് പൂരിപ്പിയ്ക്കാനാകുമെന്ന്. പക്ഷേ എത്ര തിരഞ്ഞിട്ടും അയാള്‍ക്ക് അവളെ മനസ്സിലാക്കാനായില്ല.  


മേഘമല്‍ഹാര്‍ എന്നത് ഒരു രാഗമാണ്. അപൂര്‍വ്വസുന്ദരമായ ഒരു രാഗം. പണ്ട് ഈ രാഗം പാടി താന്‍സെന്‍ മഴപെയ്യിച്ചുവെന്നൊരു മോഹിപ്പിക്കുന്ന കഥയുണ്ട്. ഇവിടെയുമുണ്ട് ഒരു മഴ മേഘമല്‍ഹാര്‍ എന്ന പ്രണയമഴ, അത് പൊഴിയുന്നതാവട്ടെ നന്ദിതയുടേയും അവളുടെ കളിത്തോഴനായ രാജീവന്‍റേയും ഹൃദയത്തിലും. 

"തീരത്തടിയും ശംഖില്‍ നിന്‍ പേരു കോറി വരച്ചു ഞാന്‍
തീരത്തടിയും ശംഖില്‍ നിന്‍ പേരു കോറി വരച്ചു ഞാന്‍
ശംഖു കോര്‍ത്തൊരു മാല നിന്നെ ഞാനണിയിക്കുമ്പോള്‍
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം"

ഓരോ ശംഖിലും അവളുടെ പേരെഴുതുമ്പോള്‍ രാജീവിനു ഉള്ളിലെവിടെയോ ഒരു ചെമ്പകം പൂക്കുന്നുണ്ടായിരുന്നു. രേഖ എന്ന സ്വന്തം ഭാര്യയോടുള്ളതു പോലെയല്ല വളരെ വ്യത്യസ്തമായൊരു അനുഭവപകര്‍ച്ച രാജീവനു നന്ദിതയോട് തോന്നിയത് യാദൃശ്ചികമാകുമോ?  നന്ദിതയുടെ കഥയിലെ ചില വരികളില്‍ താനുണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും രാജീവന്‍ നന്ദിതയോട് പറയുമ്പോള്‍ അവള്‍ തിരിച്ചറിയുന്നുണ്ട് അന്ന് അപൂര്‍ണമായിപ്പോയ ഒരു സൌഹൃദകഥ ഇവിടെ പുനരവതരിക്കാന്‍ പോകുന്നുവെന്ന്. പക്ഷേ അവള്‍ മൌനത്തിലായിരുന്നു. അതിലൂടെ അവള്‍ രാജീവനോട് സംവദിച്ചു. പ്രണയിച്ചു.


"മേഘമല്‍ഹാര്‍  പെയ്തിറങ്ങിയത്‌ ആ തെരുവുകളിലായിരുന്നില്ല , 
വരണ്ടുണങ്ങിയ ഏകാന്ത ഗലികളിലായിരുന്നു ".
അതേ പ്രണയത്തിനും മേഘമല്‍ഹാറിനും ഏകാന്തതയെ ഇഷ്ടമാണ്, പക്ഷേ രണ്ടിലും ഏകാന്തത പുറമേയ്കില്ലാ താനും, എങ്കിലും അവയില്‍ ഏകാന്തത അന്വേഷിക്കുന്നവര്‍ക്ക് അത് നിറയെ കിട്ടും. ഒന്നു കണ്ട കണ്ണുകള്‍ക്ക് വീണ്ടും കണ്ട് നെഞ്ച് നീറി വിങ്ങിയിരിക്കാന്‍ പാകത്തിനാണ്, "മേഘമല്‍ഹാര്‍" എന്ന സിനിമയിലെ കഥാഗതി. പ്രിയപ്പെട്ട ഒരു കൂട്ടുകാരനെ പിരിഞ്ഞ് പിന്നീട് ജീവിതത്തിന്‍റെ മറ്റൊരു കോണില്‍ വച്ച് കാണേണ്ടി വരുന്ന നിയോഗം ഏറെ കരയിക്കും. അതില്‍ നിന്ന് ആര്‍ക്കും മോചനമില്ല.


"ഒരു നറുപുഷ്പമായ് എൻ‌നേർക്ക് നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷമായ് എന്നിൽത്തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം"


മാരന്‍റെ ശരം പോലെയായിരുന്നില്ല, മറിച്ച് അനുരാഗത്തിന്‍റെ വളരെ നേര്‍ത്ത വലക്കണ്ണികളായിരുന്നു അവരിരുവര്‍ക്കുമിടയില്‍ . അതങ്ങനെ തന്നെ നില നില്‍ത്താന്‍ വേണ്ടിയിട്ടാകാം സുനിശ്ചിതമായ ആ പിരിയലിലേയ്ക്ക് അവര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത്. പ്രണയം അകന്നിരുന്നാലും കത്തിമുള്ളു കൊള്ളിച്ചു കൊണ്ടേയിരിക്കും എന്ന് നന്ദിതയ്ക്കും രാജീവനും അറിയാത്തതല്ല, പക്ഷേ ജീവിതം കയ്യില്‍ വച്ചു തന്ന ചില നന്‍മകളെ കണ്ടില്ലെന്നു വയ്ക്കാന്‍ അവര്‍ക്കാകുമായിരുന്നില്ലല്ലോ. അതുകൊണ്ടു തന്നെ അവര്‍ അകന്നു. അപൂര്‍ണ്ണമായതിനെ അതിന്‍റെ പുതുമ നഷ്ടപ്പെടുത്താതെ അങ്ങനെ തന്നെ നിര്‍ത്തി അവര്‍ ചുവന്ന ചക്രവാളത്തിലേയ്ക്ക് ഒന്നുകൂടി ചേര്‍ന്നിരുന്നു. സായം സന്ധ്യ അപ്പോഴും പാടുന്നുണ്ടായിരുന്നു,

"മഴയുടെ തന്ത്രികൾ മീട്ടിനിന്നാകാശം
മധുരമായാർദ്രമായ് പാടി
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ്വ
പ്രണയത്തിൻ സംഗീതം പോലെ
പുഴപാടി തീരത്തെ മുളപാടി
പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി"

പാട്ടുപാടി കൂട്ടു കൂടി അവര്‍ പുതിയ കാലത്തിലേയ്ക്ക് നടന്നു മറഞ്ഞു. ഓര്‍മ്മകളുണരുമ്പോള്‍ അവര്‍ പിന്നെയും പലതവണ ആ കടല്‍ത്തീരത്ത് വന്നു അവര്‍ സ്വയമല്ല, കൈപിടിച്ച പ്രിയപ്പെട്ടവര്‍ക്കൊപ്പം. പാതിനിര്‍ത്തിയ പാട്ടു പോലെയുള്ള ആ പ്രണയത്തിന്‍റെ അഗാധമായ തേടലുള്ളതുകൊണ്ടായിരിക്കാം അവര്‍ വീണ്ടും വീണ്ടും ആ കടല്‍ക്കരയില്‍ വന്നിട്ടു പോയത്. വെള്ളിക്കെട്ടു വീണ മുടിയിഴയുമായി വീണ്ടുമൊരു കണ്ടുമുട്ടലിന്, കാലം ഒരു സന്ധ്യയെ കൂടി ഒരുക്കുമെന്നോ കാണാത്ത ഭാവത്തില്‍ അറിയാത്ത മുഖത്തില്‍ ചിരപരിചതരുടെയൊപ്പം അപരിചിതരായി നില്‍ക്കേണ്ടി വരുമെന്നോ രാജീവനും നന്ദിതയും എപ്പോഴെങ്കിലും ഓര്‍ത്തു കാണുമോ?

കാലം എന്ത് വികൃതിയാണല്ലേ...
"ഒരുനിർവൃതിയിലീ ഭൂമിതൻ മാറിൽ വീണുരുകും
ത്രിസന്ധ്യയും മാഞ്ഞു
നെറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു

ശരപഞ്ജരത്തിലേ പക്ഷീ
ഒരു നറുപുഷ്പമായ് എൻ‌നേർക്ക് നീളുന്ന
മിഴിമുനയാരുടേതാവാം"
ഇനിയുമുണ്ടാകാം നീളുന്ന മിഴികളുടെ നോവ്... അതു കൊള്ളിക്കുന്ന മധുര ഭാവം. അതോര്‍ത്തിരിക്കുന്ന മിഴികള്‍ ...

24 Nov 2013

നിലാവിന്റെ വഴി ശ്രീപാർവ്വതി


ശ്രീപാർവ്വതി
മരണദേവനെ പ്രണയിച്ചവള്‍

"ഞാന്‍ പുനര്‍ജ്ജനിക്കുന്നു, ഈവയായി.

വംശീയഹത്യാധിപനായ ഹിറ്റ്ലറുടെ ഹൃദയമണിഞ്ഞ ഈവ ബ്രൌണ്‍ ആയി. ഒരു നഗരത്തിനെ ചുട്ടെരിക്കാനുള്ള അഗ്നി എന്നിലില്ല, പക്ഷേ അതേ ചൂട് ഉള്ളില്‍ വഹിക്കുന്ന ഒരുവനെ അകമേ പേറുന്ന ഒരുവളുടെ നിസ്സഹയാവസ്ഥയിലല്ല ഞാന്‍ .കാരണം ഞാനൊരു പ്രണയിനിയാണ്. പ്രണയത്തിന്‍റെ അഹങ്കാരത്തില്‍ അഭിരമിക്കുന്നവള്‍ .ലോകം വിറപ്പിക്കുന്ന ഒരുവന്‍റെ ദുര്‍ബലത എന്നില്‍ അവസാനിക്കുമ്പോള്‍ എനിക്ക് അഹങ്കരിക്കാം.


നിനക്കെന്നെ ഇഷ്ടമല്ലെന്നു പറയാം. ശ്രദ്ധിച്ചില്ലെന്നു പറയാം, എന്നിരുന്നാലും പ്രിയനേ നീ എന്നെ നോക്കുന്ന ഒരു കാഴ്ച്ചയ്ക്കു വേണ്ടിയാണ്, ഒരു അഗ്നിഗോളം ഞാന്‍ സ്വയമുതിര്‍ത്തത്. ഒരേ നഗരത്തിലെ രണ്ട് വ്യത്യസ്ത വ്യക്തികള്‍ . സാമൂഹിക വ്യതിയാനങ്ങളില്‍ വേറിട്ടു ജീവിക്കുന്നവര്‍. നിന്‍റെ രാഷ്ട്രീയത്തിന്, ഞാനൊരിക്കലും എതിരു നിന്നിട്ടുമില്ലല്ലോ.
എങ്കിലും നീയുമെന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ഞാനറിഞ്ഞിരുന്നു.
നിന്‍റെ നഗരം നിന്നെ ശപിക്കുന്നത് കാണുവാനുള്ള മനോബലം ഇല്ലാത്തതു കൊണ്ടു മാത്രമല്ല, ഞാനൊരിക്കലും അവിടേയ്ക്ക് നിന്നോടൊപ്പം വരാഞ്ഞത്, പ്രിയനേ നിന്‍റെ അഹങ്കാരങ്ങളില്‍ എനിക്ക് അഭിമാനമുണ്ട്, അത് ഒരിക്കലും തകര്‍ന്നു പോകരുതെന്നുള്ള മോഹം. ആ അഭിമാനം നമ്മുടെ മരണം കൊണ്ട് നീ സംരക്ഷിച്ചു നിര്‍ത്തി. മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം നീയെനിക്കു നല്‍കിയ അധികാരപ്പട്ടത്തിന്‍റെ നീര്‍ക്കുമിള പോലെയുള്ള ആയുസ്സ് നിന്നില്‍ തന്നെ പിടഞ്ഞു തീരുന്നത് ഉള്ളില്‍ സങ്കടത്തോടെയെങ്കിലും ആനന്ദത്തോടെ ഞാന്‍ അനുഭവിച്ചു...
 പ്രിയ ഹിറ്റ്ലര്‍ ഞാനിവിടെ പുനര്‍ജ്ജനിച്ചിരിക്കുന്നു. "

പ്രണയത്തിന്‍റെ അന്ധത ബാധിക്കപ്പെട്ട ചില ആത്മാവുകളുണ്ട്. അതിങ്ങനെ അലഞ്ഞു തിരിഞ്ഞുകൊണ്ടേയിരിക്കും, തന്‍റെ മറുപാതിയെ കിട്ടുന്നിടത്തു വച്ച് അവരുടെ സഞ്ചാരം ഒടുങ്ങും. ഈവ ബ്രൌണ്‍ എന്നാ സ്ത്രീ അതിഭ്രാന്തമായി അലഞ്ഞു നടന്നവളായിരുന്നു. ഹിറ്റ്ലര്‍ എന്ന നാസിസ്റ്റ് പ്രഭു സൈനിക സേവനം മതിയാക്കി മ്യൂണിച്ചില്‍ വന്ന താമസമുറപ്പിച്ചത് എന്തിനായിരുന്നുവെന്ന് ഈവയ്ക്കറിയം, അതുകൊണ്ടാണല്ലോ ഹിറ്റ്ലറുടെ പ്രണയത്തെ തന്നിലേയ്ക്കാകര്‍ഷിക്കാന്‍ വേണ്ടി അവള്‍ സ്വയം വെടിയുതിര്‍ത്ത് ഹത്യയ്ക്ക് ശ്രമിച്ചത്.  അതൊരു വൈകരിക അവസ്ഥയാണ്. പ്രണയിക്കുന്നവനു വേണ്ടി ജീവനെ പോലും കളയാന്‍ മടിയില്ല എന്ന ഉന്‍മാദ ചിന്ത അതേ അവസ്ഥയിലുള്ള ഒരുവള്‍ക്ക് ഉണ്ടാകാന്‍ എളുപ്പമാണ്. അതുകൊണ്ടു തന്നെ മാര്‍ക്സിസ്റ്റുകള്‍ പറയുന്നതു പോലെ ഹിറ്റ്ലര്‍ എന്ന താരത്തിനോടുള്ള ഭയവും ആരാധനയും കലര്‍ന്ന ഒരിഷ്ടം മത്രമയിരുന്നില്ല അത്. 

ആരാലും ആരാധിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ട ഒരു തുരുത്തില്‍ ഏകാകിനിയായി കഴിഞ്ഞ ഈവ എന്ന സ്വര്‍ണ മത്സ്യം ആനന്ദിക്കുന്നത് പ്രിയപ്പെട്ടവനായ ഹിറ്റ്ലര്‍ അരികിലുള്ളപ്പോള്‍ മാത്രമായിരുന്നു. ബീഥോവന്‍റെ പിയാനോ സൊണാറ്റകളില്‍ അവള്‍ തന്‍റെ ഹൃദയത്തെ കോര്‍ത്തിട്ടു, അതിലൂടെ ഒഴുകിയെത്തുന്ന താളത്തില്‍ അവള്‍ പലപ്പോഴും പ്രിയനുമായി സംവദിച്ചു. ഉന്‍മത്തതയുടെ അനാദൃശമായ ഒരു ലോകം. അവളുടെ മുന്നില്‍ മാത്രം ഹിറ്റ്ലര്‍ ഒരു പുരുഷനായി. അല്ലാത്തപ്പോള്‍ അയാള്‍ അണിഞ്ഞിരുന്ന അഹങ്കാരത്തിന്‍റെ കാക്കി നിറം ഉടലില്‍ നിന്ന് വേര്‍പെടുന്നതു വരെ ഈവ അയാളില്‍ നിന്ന് അധികാരത്തിന്‍റെ ഗന്ധം മണത്തു കൊണ്ടിരുന്നു. 

ഒരിക്കല്‍ പോലും അവള്‍ എന്തുകൊണ്ട് പ്രിയപ്പെട്ടവനോട് "നീയെന്തിന്, ഇത്തരത്തില്‍ സാധാരണക്കാരനോട് പെരുമാറുന്നു" ചോദിച്ചില്ല. അവനിലെ ദേശ്ശീയതയുടെ ഉറച്ച ചുവടിനെ അവള്‍ വിശ്വസിച്ചിരുന്നു. അവന്‍, ശരിയാണെന്നും അവന്‍ മാത്രമാണ്, ശരിയെന്നും അവള്‍ ധരിച്ചു. പ്രണയിനികള്‍ അങ്ങനെയാണല്ലോ ആത്മാവിലും ശരീരത്തിലും ആധിപത്യം നേടുന്നവനെ അവനിലെ എല്ലാ ഗുണങ്ങളോടും ദോഷങ്ങളോടും എടുത്തണിയും. പിന്നെ ഒരു വേര്‍പെടുത്തലില്ല. ഉണ്ടെങ്കിലോ അത് മരണത്തിലൂടെ


ഈവയിലും അങ്ങനെ തന്നെ കാലം സംഭവിപ്പിച്ചു. പ്രണയത്തിന്‍റെ അവസാന നിമിഷങ്ങളില്‍ അധികാരത്തിനു വേണ്ടിയല്ലെങ്കിലും പ്രിയപ്പെട്ടവന്‍റെ പേരിനെ സ്വന്തമാക്കാനുള്ള അടങ്ങാത്ത ഉള്‍മോഹം കൊണ്ട് അവള്‍ ഹിറ്റ്ലറോട് തന്‍റെ മോഹം പറഞ്ഞു, " അങ്ങ് എന്നെ ഭാര്യയാക്കണം"

മരണത്തിന്‍റെ കാലൊച്ച അടുത്ത് വരുന്നത് അറിഞ്ഞിട്ടും റഷ്യന്‍ സൈന്യത്തിന്‍റെ കാലൊച്ചകളുടെ ഭീകരത തിരിച്ചറിഞ്ഞിട്ടും ഈവയുടെ ആ മോഹത്തെ പത്തു മിനിറ്റിന്‍റെ ദൈര്‍ഘ്യത്തില്‍ ഹിറ്റ്ലര്‍ സാധിച്ചു കൊടുത്തു. പിന്നെ പതിയെ പതിയെ അടുത്തു വന്ന മരണത്തിലേയ്ക്ക് ഇരുവരും ഒന്നിച്ച് നടന്നു കയറുമ്പോള്‍ ഈവ ആഗ്രഹിച്ചിട്ടുണ്ടാവുക ഇനിയുള്ള ജന്‍മത്തിലും തന്‍റെ പ്രണയം ഇവനായിരിക്കണേ എന്നു തന്നെയല്ലേ? അധികാരത്തിന്‍റെ ഭ്രം കയറിയ ഹിറ്റ്ലര്‍ അല്ല, പക്ഷേ ദേശ്ശീയതയെ കവിഞ്ഞ് മറ്റൊന്നും ഉയിരില്‍ കൊണ്ടു നടക്കാത്ത ആ പഴയ ഹിറ്റലര്‍ തന്നെ. അവന്‍റെ ഒറ്റപ്പെടല്‍ തനിക്കേ കാണാനായുള്ളൂ എന്ന് മരണ സമയത്തും അവള്‍ ഉറക്കെ പറഞ്ഞ് അവനോട് വിലപിച്ചിട്ടുണ്ടാകാം. ആ ഒറ്റപ്പെടലില്‍ ഔഷധമാകാനാണ്, തനിക്കിഷ്ടം എന്നും അവള്‍ മനസ്സിലോര്‍ത്തിരിക്കാം. 


അതുകൊണ്ടു തന്നെ പ്രണയങ്ങളുടെ പുനര്‍ജ്ജന്‍മമുണ്ടായാലും മൃത്യുദേവതയുടെ പുനരവതാരം ഉണ്ടാകില്ല. അവന്‍ പലരിലൂടെ മരിച്ചു ജീവിക്കും. അവളോ അവനെ അന്വേഷിച്ച് കാടായ കാറ്റും മലയായ മലയും തിരയും. ഒരിക്കല്‍ അവള്‍ അവനെ കണ്ട് തിരിച്ചറിയുമ്പോള്‍ ആ പുനരവതാരം കാശ്ച്ചയില്ലാതെ മലയുടെ തണുപ്പില്‍ ഏകാന്ത വാസത്തിലായിരിക്കും, പണ്ട് അവള്‍ കഴിഞ്ഞതു പോലെ. പിന്നീട് അവളും അവനോടൊപ്പം ചേര്‍ന്ന് ഒരു പുതിയ പിറവിയുണ്ടാക്കും. സമാധാനത്തിന്‍റെ ശാന്തിയുടേയും മതങ്ങള്‍ പറഞ്ഞ് ആ കുഞ്ഞുങ്ങള്‍ നഗരങ്ങളില്‍ പാടി നടക്കും. പക്ഷേ ഹിറ്റ്ലര്‍ ജനിച്ചു മരിച്ച തെരുവുകളില്‍ അവന്‍റെ ഇരകള്‍ കലാപ നൃത്തത്തിലായിരിക്കും. അവിടെ പ്രണയമില്ലാതെയാവുമെന്ന് ചരിത്രം കുറിക്കപ്പെടട്ടെ

24 May 2013

നിലാവിന്റെ വഴി




ശ്രീപാർവ്വതി 

ഒരു പുസ്തകവായനയില്‍ തിരിച്ചറിയപ്പെടുന്നത്
എനിക്കു മുന്നില്‍ ഒരു നിഴല്‍ പോലെ അവളുണ്ട്, സായ. അവള്‍ക്കു ജീവശ്വാസം കൊടുത്ത ഫര്‍സാനയുണ്ട്. പലപ്പോഴും എഴുത്തുകാര്‍ താദാത്മ്യം പ്രാപിക്കുന്നത്  അപരന്‍റേ എഴുത്തിലേയ്ക്കായിരിക്കും. വരികളും വിധിയും ഒന്നാകുന്നതു പോലെ ചിലത്. ഫെമിന ജബ്ബാര്‍ എന്ന ന്യൂ ജനറേഷന്‍ എഴുത്തുകാരിയുടെ സുന്ദരമുഖം അവരുടെ പുതിയ നോവല്‍ "സായ" വായിച്ചപ്പോഴൊക്കെ എന്നെ അലോസരപ്പെടുത്തി. ഫര്‍സാനയുടെ മതിഭ്രമം അവരേയും പിടികൂടിയിരുന്നോ എന്നാലോചിച്ച് വെറുതേ വിഷമിച്ചു. വെറുതേ ഒരു സങ്കടം.
എഴുത്ത് ആത്മരോദമാകുന്ന നിമിഷമേതാണ്? പ്രത്യേകിച്ച് ഒരു നോവലിന്‍റെ വിശാലമായ ക്യാന്‍വാസില്‍ എത്ര മായിച്ചു കളഞ്ഞാലും വരികളില്‍ അമര്‍ത്തിവയ്ക്കപ്പെട്ട എഴുത്തുകാരനുണ്ടാകാം. ഒരുപക്ഷേ എന്‍റെ മാത്രം തോന്നലാകാം. മറ്റു ചിലപ്പോള്‍ അടുത്തു കണ്ട പ്രിയ ജീവിതത്തെ തന്‍റേതാക്കി സ്വയം നോവനുഭവിച്ച് എഴുതി തീരുന്നതു വരെ ആത്മനിന്ദകളനുഭവിച്ച് വിഷാദത്തിന്‍റേ, ഉന്‍മാദത്തിന്‍റെ ചില നേരങ്ങളില്‍ സ്വയം ജീവിതം മടുത്ത് ഫര്‍സാനയുടെ ജീവിതം പോലെ കാരണമില്ലാതെ ഒരു സ്വയം അവസാനിപ്പിക്കല്‍ .
ചില ജീവിതങ്ങള്‍ അങ്ങനെയാണ്, സന്തോഷത്തിന്‍റെ നിറകുടങ്ങള്‍ . സ്നേഹിക്കപ്പെടാന്‍ ചേര്‍ത്തു പിടിച്ച് താലോലിക്കാന്‍ ഇഷ്ടമുള്ള കൂട്ട്, ജോലിയുടെ ആനന്ദം, പക്ഷേ അത്യധികമായ മൌനത്തില്‍ അകപ്പെട്ട് പലപ്പോഴും തളര്‍ന്നു പോകാം. കാരണങ്ങളിലാതെ തല കുമ്പിട്ട് പകുതിയെഴുതിയ അക്ഷരങ്ങള്‍ക്കു മുന്നില്‍ ചാരിക്കിടക്കാം. വിങ്ങുന്ന തലയുടെ പിടപ്പു മാറ്റാന്‍ പ്രിയപ്പെട്ടവനെ കൊണ്ട് മസാജ് ചെയ്യിക്കാം. പകുതി വഴിയില്‍ കവിതയുപേക്ഷിച്ചു ആഴങ്ങള്‍ തേടിപ്പോയ സില്‍വിയ പ്ലാത്തിന്‍റെ സ്വയം ഹത്യയ്ക്ക് കാരണങ്ങള്‍ ചികഞ്ഞ് ഒടുവില്‍ സ്വയം അതിലേയ്ക്ക് ഫര്‍സാന എത്തിപ്പെടുമ്പോള്‍ തിരിച്ചറിയുന്നു, രാജലക്ഷ്മിയും നന്ദിതയുമൊക്കെ വലിച്ചെറിഞ്ഞത് എന്തായിരുന്നു എന്ന്.
ചില നിമിഷങ്ങളില്‍ നിലതെറ്റിയുണരുന്ന ഒരു തുടിപ്പായി വരും വിങ്ങലുകള്‍ , അകം നിറഞ്ഞു കവിഞ്ഞ് പൊട്ടിയൊഴുകാന്‍ ഇനിയിടമിലലതെ മനസ്സിനേയും ശരീരത്തേയും തളര്‍ത്തുന്ന പീഡനത്തിന്, നിന്നു കൊടുകകന്‍ എത്ര പേര്‍ക്ക് കഴിയും. രണ്ടാം ഭര്‍ത്താവായിരുന്നിട്ടും കാസ്സിമിന്, ഫര്‍സാനയോടുണ്ടായിരുന്നത് അതിലോലമായ സ്നേഹമായിരുന്നു. ആദ്യ ഭാര്യയോടുള്ല സ്നേഹം ബാക്കി വച്ചാണ്, ഫര്‍സാനയെ സ്വീകരിച്ചതെങ്കിലും അയാള്‍ ഒരു നല്ല ഭര്‍ത്താവായിരുന്നു. സ്നേഹിക്കപ്പെടാന്‍ ,ഇടയ്ക്ക് വെറുക്കാന്‍ ഒരു മകളുണ്ടായിരുന്നു. പിറക്കാതെ പോയ മകള്‍ക്കു വേണ്ടി നന്ദിത കുറിച്ച് വരികള്‍ എന്‍റെ മുന്നിലുണ്ട്...
നോവാന്‍ ഓരോരുത്തര്‍ക്ക് ഓരോ കാരണങ്ങള്‍ .
ചിലപ്പോഴൊക്കെ ആത്മഹത്യ ചെയ്യാനും.അത് മറ്റുള്ളവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.
* സായ - ഫെമിന ജബ്ബാറിന്‍റെ ഏറ്റവും പുതിയ നോവല്‍

27 Apr 2013

നിലാവിന്റെ വഴി


 ശ്രീ പാർവ്വതി 

രമണന്‍ : ലോകം അറിയാത്ത വിങ്ങലുകള്‍

"ഇല്ല, ഞാനെന്നെ നശിപ്പിക്കയില്ലൊരു
      പുല്ലാങ്കുഴലിനുവേണ്ടിയൊരിക്കലും.
      എന്നെ ഞാനാക്കാൻ തപസ്സുചെയ്തീടിനോ-
      രെന്നച്ഛനമ്മമാരെന്നിഷ്ടദേവകൾ;
      ഇന്നവർതന്മുന്നിലെൻ മാർത്തടത്തിലെ-
      ച്ചെന്നിണംകൊണ്ടു കുരുതികൂട്ടില്ല ഞാൻ!"
ആവര്‍ത്തിച്ചുള്ള ആയിരാമത്തെ വായനയ്ക്കിടയില്‍ അവള്‍ മോഹാലസ്യപ്പെട്ടു വീണു. ഇടനാഴിയുടെ ഏറ്റവുമൊടുവിലത്തെ മുറിയില്‍ അവള്‍ തനിച്ചായിരുന്നു. തണുത്ത തറയുടെ ഏകാന്തതയില്‍ കിടക്കുമ്പോള്‍ എപ്പോഴോ നഷ്ടപ്പെട്ട ബോധത്തെ ഉണര്‍ത്തിയെടുക്കാന്‍ അബോധമനസ്സ് ആവര്‍ത്തിച്ച് ശ്രമിച്ചു കൊണ്ടേയിരുന്നു. എപ്പോഴോ അത് വിജയിച്ചപ്പോഴാണ്, കണ്ണു തിരുമ്മി അവള്‍ എഴുന്നേറ്റതും ചാടി കസേരയില്‍ കയറിയിരുന്ന് അവസാനം വായിച്ച ചന്ദ്രികയുടെ വിതുമ്പല്‍ വീണ്ടൂം വായിക്കാന്‍ ആരംഭിച്ചതും. ഇനിയും ഈ അധിക്ഷേപം സഹിക്കണോ? വര്‍ഷങ്ങളുടെ പഴക്കമുള്ളൊരു കഥയ്ക്ക് തന്‍റെ ജീവിതത്തോളം തന്നെ പഴക്കമുണ്ടെന്ന് അവള്‍ ഓര്‍ത്തു.
എഴുതാനായി എടുത്തു വച്ച വെള്ളപേപ്പറില്‍ അവള്‍ ഒരു തുറന്ന കത്തെഴുതാന്‍ തുടങ്ങി.
എന്നെയറിയാത്ത മാധ്യമങ്ങള്‍ക്ക്,

ഞാന്‍ ചന്ദ്രികയാണ്. കാലം അതി തീവ്രമായി ആവശ്യപ്പെടുന്ന കഥയ്ക്ക് ഒരു പൊളിച്ചെഴുത്താണ്, എന്‍റെയീ കത്ത്. 
ഞാന്‍ ചന്ദ്രിക. കവികളും അക്ഷരസ്നേഹികളും പ്രണയികളും സ്ഥാനത്തും അസ്ഥാനത്തും വാഴ്ത്തി പാടിയ രമണന്‍റെ പ്രണയിനി. നിങ്ങളെന്നെ അറിയില്ല. നിങ്ങളെന്നല്ല ആരും എന്നെ അറിഞ്ഞിട്ടില്ല എന്നേ എനിക്ക് പറയാനാകൂ. ഇപ്പോള്‍ ജീവിതത്തോടു തന്നെ മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു, ഇതൊരു മുന്നൊരുക്കമാണ്, വിധി ആവശ്യപ്പെടുന്ന ഒരു യാത്രയുടെ തയ്യാറെടുപ്പ്. എന്‍റെ ചുറ്റുമുള്ള പ്രകൃതി പോലും അതിന്, വട്ടം കൂട്ടുന്നു. 

"ഇല്ല, ഞാനെന്നെ നശിപ്പിക്കയില്ലൊരു
      പുല്ലാങ്കുഴലിനുവേണ്ടിയൊരിക്കലും.
      എന്നെ ഞാനാക്കാൻ തപസ്സുചെയ്തീടിനോ-
      രെന്നച്ഛനമ്മമാരെന്നിഷ്ടദേവകൾ;"
നാലു വരികളില്‍ നിങ്ങള്‍ എന്നെ കണ്ടു, പഴിച്ചു, പിഴച്ചവളെന്ന് മുദ്രകുത്തി, അഹങ്കാരി എന്നു വിധിയെഴുതി. പക്ഷേ ലോകം ഒരിക്കലും എന്‍റെ കണ്ണിലൂടെ കാണാന്‍ ആഗ്രഹിച്ചില്ല. പക്ഷേ ആരൊക്കെയോ എന്നെ സമീപിച്ചിരുന്നു സത്യമറിയാന്‍ . പക്ഷേ ആരോട് പരയാന്‍ ?
സത്യങ്ങള്‍ പലപ്പോഴും തീവ്രമാണ്. അത് നിശബ്ദതയിലിരിക്കുമ്പോള്‍ മാത്രമാണ്, ഭംഗി അല്ലെങ്കില്‍ ലാവ പോലെയാണ്. എല്ലാറ്റിനേയും ഉരുക്കിയെടുത്ത് തന്നില്‍ ലയിപ്പിക്കും.
ഞാനദ്ദേഹത്തെ എന്‍റെ രമണനെ ആദ്യമായി കാണുന്നത് എന്‍റെ വീട്ടില്‍ വച്ചാണ്. തലേന്നു രാത്രിയിലെ മുഷിഞ്ഞ വായന കണ്ണുകളിലേല്‍പ്പിച്ച മരവിപ്പ് ആ മിഴികളുടെ സ്വാഭാവികമായ വിഷാദഭാവത്തെ കൂട്ടുന്നതായിരുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ സ്വപ്നങ്ങളിലൊക്കെ എന്നെ കരയിപ്പിക്കാറുള്ള, ചിരിപ്പിക്കാറുള്ള കള്ളകൃഷ്ണനാണോ എന്നു തോന്നി. ഞാനാണ്, ആദ്യം അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങിയത്. അച്ഛന്‍റെ പുസ്തകപ്രേമം അദ്ദേഹത്തെ എന്‍റെ വീടുമായി കൂടുതല്‍ അടുപ്പിച്ചപ്പോള്‍ ആ വരവ് അദ്ദേഹത്തിലേയ്ക്ക് എന്നെയും ഒരുപാട് ചേര്‍ത്തു.
പിന്നെ എപ്പോഴോ ഞാന്‍ ആരും കാണാതെ നല്‍കിയ എന്‍റെ ചുവന്ന ഹൃദയത്തിന്, അദ്ദേഹം തന്ന മറുകുറിപ്പ് കരഞ്ഞു നീലിച്ച എന്‍റെ രമണന്‍റെ ഹൃദയമായിരുന്നു. ഒരുപാട് വിഷാദം ഉള്ളിലൊളിപ്പിച്ച് അദ്ദേഹം പിന്നീട് എന്നെ കാണുമ്പോള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. പലപ്പോഴും ഞങ്ങളുടെ സംസാരത്തില്‍ അകാരണമായി അദ്ദേഹം പരാമര്‍ശിക്കാറുള്ള മരണത്തെ എനിക്ക് എന്നും ഭയമായിരുന്നു. പക്ഷേ ആ പദം അദ്ദേഹത്തിന്, നല്‍കിയിരുന്ന ഊര്‍ജ്ജം പലപ്പോഴും എന്നെ അതിശയിപ്പിച്ചു. ഞങ്ങളുടെ പ്രണയം എപ്പോഴും മനോഹരമായൊരു കായല്‍ പോലെയായിരുന്നു. ഒഴുക്കിലാതെ ശാന്ത്മായി രമണന്‍ എന്നെ പ്രണയിച്ചു. അഗാധമായ കടല്‍ പോലെ അടങ്ങാത്ത തിരയൊഴിയാത്ത മനസ്സുമായി ഞാന്‍ അദ്ദേഹത്തേയും. 
എന്നിട്ടുമൊരിക്കല്‍ വീട്ടില്‍ നിന്ന് അമ്മയുടെ കത്ത് വന്ന ദിവസം അദേഹം എന്തോ ഓര്‍ത്ത് മുഖം നിറയെ കാര്‍മേഘം നിറച്ച് പക്ഷേ ഒരു തുള്ളി മിഴിനീരു പെയ്യികാതെ ഇരുന്നു. അന്നു രാത്രിയില്‍ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പക്ഷേ പരാജയപ്പെട്ട ആ മുഖം എനിക് സഹികകനാകുന്നതിലം അപ്പുറമായിരുന്നു. നിര്‍വ്വികാരതയോടെ തലതാഴ്ത്തി രമണന്‍ എന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തില്‍ ആഴത്തില്‍ തടഞ്ഞിരിക്കുന്ന പുറത്തേയ്ക്കു വരാനാകാത്ത ഏതോ വൈകരികതയെ ഞാന്‍ ഭീതിയോടെ നോക്കി കണ്ടു.
അല്ലെങ്കിലും എന്നെ പോലെ അദ്ദേഹത്തെ മനസ്സിലാക്കാന്‍ പ്രിയ സുഹൃത്തിനു പോലും കഴിഞ്ഞിട്ടില്ല എന്നു ഞാന്‍ തറപ്പിച്ചു പറയും.
അദ്ദേഹത്തെ വിട്ട് ഞാന്‍ എങ്ങും പോകുമായിരുന്നില്ല ഒരുപക്ഷേ എന്‍റെ അച്ഛന്‍ ഒരു സ്വയം ഹത്യക്ക് മുതിരാതിരുന്നുവെങ്കില്‍ ...
ഇത് കഥയുടെ ആരും അറിയത്ത ഒരേടു മാത്രം. പറയണമെന്ന് ആഗ്രഹിച്ചതല്ല, പക്ഷേ കാലം എന്നോറ്റതിന്, ആവ്ശ്യപ്പെടുന്നു. നിരാകരികകന്‍ വയ്യ. അച്ഛന്‍റെ മിടിപ്പിനു മുന്നില്‍ എന്‍റെ പ്രിയ രമണനെ ഞാന്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു. ജനിപ്പിച്ച് ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ അല്ലലില്ലാതെ വളര്‍ത്തിയ കുടുംബത്തിനോടുള്ള കടമ മാത്രമായിരുന്നു അത്, അതിന്, ഞാനൊടുക്കേണ്ട നഷ്ടം എന്‍റെ രമണന്‍റെ ജീവനായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ.........

ഞാനിന്നും ജീവിക്കുന്നു. ഒരു ഇരയുടെ മനസ്ഥിതിയോടെ...
ആരും അറിയാതെ കടലാല്‍ ചുറ്റപ്പെട്ട് ഭാഷയറിയാത്ത ഈ ദ്വീപില്‍ എന്‍റെ പ്രണയത്തെ ഓര്‍ത്ത് വിലപിച്ച് ജന്‍മം തീര്‍ക്കുന്നു. രമണന്‍റെ വിഷാദം അദ്ദേഹം ഇല്ലാതായ നാള്‍ മുതല്‍ ഞാനേറ്റെടുത്തിരിക്കുന്നു. മറ്റൊരുവന്‍റെ കിടക്കയില്‍ അവന്‍റെ ശരീരത്തെ സ്വീകരിക്കുമ്പോഴും അവന്‍റെ കുഞ്ഞുങ്ങളെ അമ്മയുടെ കടമകളോര്‍ത്ത് ചെയ്ത് വളര്‍ത്തുമ്പോഴും ഒരിക്കലും എന്നെ തൊടാത്ത നിശബ്ദമായി നോക്കിയിരുന്ന രമണന്‍റെ കണ്ണുകളാണ്, നെഞ്ചില്‍ .
ആര്‍ക്കു കഴിയും അത്തരമൊരവസ്ഥയില്‍ ഒഎഉ ജീവിത കാലം മുഴുവന്‍ ജീവിച്ചു തീര്‍ക്കാന്‍ .പിന്നെയും പിന്നെയും ഓര്‍മ്മിപ്പിക്കാന്‍ അദ്ദേഹത്തിനായി ഇറങ്ങിയ പ്രിയ സുഹൃത്തിന്‍റെ നൊമ്പരം ചാലിച്ച വരികളും.
നിങ്ങള്‍ ഇതൊരു ജനപ്രിയ വാര്‍ത്തയാക്കും എന്നെനിക്കറിയാം. കാഴ്ച്ചക്കാര്‍ എന്നെ വീണ്ടും പഴിക്കും, ചിലര്‍ സഹതപിക്കും, ഒരു ഭ്രാന്തനെ പ്രണയിച്ചതിന്. ചിലര്‍ മുഖത്തു തുപ്പും മഹാനായ ഒരു നായകനെ വിഷാദരോഗിയാക്കിയതിന്...

ഞാനെന്തു പറയാന്‍ ...
എന്നില്‍ നിന്ന് ഓരോ വാക്കുകലായി മരിച്ചു വീഴുകയാണ്, ഒപ്പം പ്രാണന്‍ പിടഞ്ഞു തീരുമ്പോഴുള്ള സങ്കടവും. ഈ സങ്കറ്റമാവില്ലേ കുരുക്കിയ കയറിനു മുന്നില്‍ നിന്നപ്പോള്‍ എന്‍റെ രമണനും അനുഭവിച്ചിട്ടുണ്ടാവുക......

എന്നും എപ്പൊഴും രമണന്‍റെ മത്രമായ ചന്ദ്രിക.

.................

ക്കി കത്തെഴുതി മടപോസ്റ്റല്‍ കവറില്‍ തിരുകി കയറ്റുമ്പോള്‍ അവളില്‍ ബാക്കിയായത് വെറുമൊരു നെടുവീര്‍പ്പിന്‍റെ സമയം മാത്രമായിരുന്നു. ജീവന്‍ പോകാനല്ല ജീവനുള്ള ജഡമായി മാറാനുള്ള സമയം. വീണ്ടും കയ്യില്‍ തടഞ്ഞ പുസ്തകം എടുത്ത് വായിക്കുമ്പോള്‍ മൂടിപ്പോകുന്ന കാഴ്ച്ചയെ വരികളില്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട് അവള്‍ ചന്ദ്രിക കട്ടിലിലെ പരുപരുത്ത മെത്തയില്‍ അമര്‍ന്നു കിടന്നു.
എത്രയോ രാത്രികളിലെ കണ്ണുനീരു വീണ്, പരുക്കനായ തലയിണകളെ അവള്‍ നെഞ്ചിലേയ്ക്ക് ചേര്‍ത്തു വച്ചു.
വരാന്‍ പോകുന്ന ദിവസങ്ങളില്‍ താനുറങ്ങുന്ന ഈ കുഞ്ഞു വീടിന്‍റെ മരപ്പലകകള്‍ കരഞ്ഞ് ബഹളം വയ്ക്കുമെന്നും വെള്ളിവെളിച്ചത്തിന്‍റേയും കാഴ്ച്ചയുടേയും ലോകം തന്നെ വിലയം ചെയ്യുകയും ചെയ്യും എന്നറിയാതെ ഒറ്റപ്പെട്ട തണുത്ത മുറിയില്‍ കട്ടിലിന്‍റെ അഗാധതയിലേയ്ക്ക് അവള്‍ വീണ്ടും വീണ്ടും അമര്‍ന്നു കിടന്നു.

...........................

പലപ്പോഴും ആലോചിച്ചു രമണനു ഇങ്ങനെയുമൊരു ട്വിസ്റ്റിനെ കുറിച്ച്. ചന്ദ്രികയുടെ വാക്കുകള്‍, ഇതുവരെ ആരും കേട്ടിട്ടില്ലാത്ത വാക്കുകള്‍ ഉള്ളിലിരുന്നു മുറിവേല്‍പ്പിക്കുന്നു, പറയാതെ വയ്യെന്നായപ്പോള്‍ സ്വയം ചന്ദ്രികയായി രമണന്‍റെ ദുഖത്തെ സ്വയമുള്ളിലേയ്ക്കാവാഹിച്ച് ചന്ദ്രികയില്‍ മനസ്സലിയിച്ച് അങ്ങനെ അങ്ങനെ......

23 Feb 2013

നിലാവിന്റെ വഴി

 ശ്രീപാര്‍വ്വതി  
ഒരു ആനക്കഥ 


പുതിയ വര്‍ഷം കടന്നു വന്നു, മാസങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു. ഉത്സവദിനങ്ങളാണ്‍ കടന്നു പോകുന്നത്. ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് വര്‍ഷങ്ങള്‍ക്കു പിറകിലാണ്. എടുപ്പു കുതിരകളുടേയും വര്‍ണവിസ്മയമൊരുക്കുന്ന ബലൂണുകളുടേയും വിവിധതരം ഐസ്ക്രീമുകളുടേയും അത്ഭുതലോകം. നെഞ്ചില്‍ നിറഞ്ഞു തുളുമ്പുന്ന ആഹ്ലാദം. ഒഴുകി നീങ്ങുന്ന നിരവധി ഫ്ലോട്ടുകള്‍ കാണാം , ബലൂണ്‍ വാങ്ങി അപ്പൂപ്പാ-അമ്മൂമ്മാ എന്ന് നീട്ടി വിളിക്കാം, രാത്രിയില്‍ നാടകം കാണാം പിന്നെ എപ്പൊഴും എന്നെ തന്നെ നോക്കിയിരിക്കുന്ന രണ്ട് കണ്ണുകള്‍ കാണാം. ഏറ്റവ്മൊടുവില്‍ കുണുങ്ങി പോകുന്ന തലയെടുപ്പുള്ള കൊമ്പന്‍റെ മസ്തക പെരുമ കാണാം. അല്ലെങ്കിലും പണ്ടു മുതലേ ആനകളോട് വളരെയധികം ഇഷ്ടവുമായിരുന്നല്ലോ.


ഇപ്പോഴും എനിക്കു മുന്നില്‍ ഉത്സവങ്ങളുണ്ട്, കെട്ടുമേളങ്ങളില്ലാത്ത എന്നാല്‍ പുതിയ അനുഭവങ്ങളുടെ തീരങ്ങള്‍ .എങ്കിലും എന്‍റെ കണ്ണുകള്‍ തിരഞ്ഞത് തലയെടുപ്പുള്ള ഒരു കൊമ്പനെ. പക്ഷേ ഇവിടുത്തെ അമ്പലത്തില്‍ ഉത്സവത്തിന്, ആനയെ എഴുന്നെള്ളിക്കുകയില്ലത്രേ. എങ്കിലും കണ്ണിന്, ആഘോഷമേകി അടുത്ത അമ്പലങ്ങളില്‍ നിന്നും ആനകള്‍ നെറ്റിപ്പട്ടം കെട്ടി മുന്നിലൂടെ നടന്നു പോയി. കണ്ടാല്‍ തൊടാന്‍ തോന്നുന്നു നല്ല കറുത്ത് മിനുത്ത നിരവധിയാനകള്‍ ...


അസാധാരണ വലിപ്പമുള്ള ആ കൊമ്പന്‍ എന്‍റെ മുന്നില്‍ വന്നു പെട്ടതും ഒരു ഉത്സവക്കാഴ്ച്ചയുടെ അനുഭവം. നെറ്റിപ്പട്ടം കെട്ടി ഭഗവതിയുടെ തിടമ്പേറ്റി അവന്‍ എന്‍റെ മുന്നില്‍ നിറഞ്ഞു നിന്നു. തന്‍റെ മുതുകത്തിരിക്കുന്ന പയ്യനെ അവന്‍ നന്നായി കെയര്‍ ചെയ്യുന്നുണ്ട്. അടുത്തു നിന്ന ആനപാപ്പാന്‍ തോട്ടി കൊണ്ട് കാലില്‍ ഒന്ന് ഉരസിയപ്പോഴും അവന്‍ പ്രതിഷേധിച്ചില്ല, ശീലമുള്ളവനെ പോലെ അനുസരണയുള്ള നായെ പോലെ പാപ്പാന്‍ പറയുന്ന ദിക്കിലേയ്ക്ക് പതുക്കെ കാലെടുത്തു വച്ചു. പക്ഷേ നെറ്റിപ്പട്ടത്തിന്‍റെ മറവിലൂടെ അവന്‍റെ കണ്ണുകള്‍ എനിക്കു മുന്നില്‍ സമുദ്രങ്ങളായിരുന്നു. അതിവൈകാരികതയുടെ രണ്ട് ഗര്‍ത്തങ്ങള്‍ പോലെ രണ്ട് കണ്ണൂകള്‍ . ആനകളുടെ കണ്ണുകള്‍ക്ക് ഇത്ര ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം. ആ ഒരു നേരത്ത് മനസ്സിലേയ്ക്കോടി വന്ന വൈലോപ്പിള്ളിയുടെ "സഹ്യന്‍റെ മകന്‍ ".



"ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-
ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!
എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ" എന്നും കേള്‍ക്കുമ്പോള്‍ കണ്ണു നിറയുന്ന വരികള്‍ .മോഹങ്ങളുടെ ഭ്രാന്തിനെ മനസ്സിന്‍റെ തടവറയ്ക്കുള്ളിലാക്കി കഴിയാന്‍ വിധിക്കപ്പെട്ട സഹ്യന്‍റെ മകന്‍ . കല്‍പ്പിക്കപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് വലിപ്പമറിയാതെ കാല്‍പൊക്കമുള്ള മനുഷ്യന്‍റെ അടിമയായി ജീവിതം തീര്‍ക്കുന്ന സഹ്യന്‍റെ മകന്‍ . മൃഗങ്ങള്‍ക്ക് കോടതിയുണ്ടായിരുന്നെങ്കില്‍ നീതി നിഷേധിക്കപ്പെട്ട ആയിരക്കണകിന്, ആനകള്‍ മനുഷ്യര്‍ക്കെതിരേ നിയമയുദ്ധം നടത്തിയേനേ. ചട്ടം പഠിപ്പിക്കലിനിറ്റയില്‍ അവയവഭം വന്നവര്‍ , കാഴ്ച്ച പോയവര്‍ , കേള്‍വി നഷ്ടപ്പെട്ടവര്‍ , വൃണത്തില്‍ പുഴുവരിച്ച്  ചരിഞ്ഞു പോയവര്‍ . എന്നിട്ടും ഒരെതിര്‍പ്പുമില്ലാതെ ചങ്ങലയ്ക്കുള്ളില്‍ ജന്‍മമെരിക്കുന്നവര്‍ .


ഇല്ല.... ഇനിയും അവന്‍റെ മുഖത്തു നോക്കാനുള്ള ശക്തിയെനിക്കില്ല. എന്‍റെ മനുഷ്യനെന്നുള്ള ധാര്‍ഷ്ട്യം മണ്ണില്‍ വീണ്‍ തകരുന്നു. അവന്‍റെ മുന്നില്‍ ഞാന്‍ ചുരുങ്ങി പോകുന്നു. മാനവരുടെ ദൈവം തിടമ്പേറ്റ്യാലും നിന്‍റെ വിളി കേട്ടില്ലെങ്കിലും വളര്‍ത്തച്ഛനായ സഹ്യനറിയുന്നുണ്ടാകാം നിന്‍റെ ആത്മാവുയര്‍ത്തുന്ന നൊമ്പരം.

24 Jan 2013

നിലാവിന്റെ വഴി



ശ്രീപാര്‍വ്വതി 

നഗരത്തില്‍ അലയുമ്പോള്‍ ...
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. യാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എത്ര ചെറിയ ദൂരം പോലും ഊര്‍ജ്ജം പകരും എന്നതില്‍ സംശയമില്ല. ഒരു യാത്ര പോകണമെന്നു തോന്നിയാല്‍ ഏറ്റവും മികച്ച ടൂറിസ്റ്റ് സ്ഥലത്തിന്‍റെ മാപ്പ് അന്വേഷിക്കുന്നവരാണ്, പലരും. പക്ഷേ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട്, വഴിയറിയാതെ ,ദിക്കറിയാതെ ,ലക്ഷ്യമില്ലാതെ ഒന്നു നടന്നു നോക്കൂ, ഏറ്റവും മികച്ച ഒരു യാത്രാനുഭവം ആയിരിക്കുമത്.

വളര്‍ച്ചയുടെ പടവുകളില്‍ എപ്പൊഴോ ഒറ്റയ്ക്കായിപ്പോയത് വേദനയായി തോന്നിയത് അവിടെ വച്ചായിരുന്നു. അതു വരെ പറമ്പിലെ പൂക്കളോടും മരങ്ങളോടും വിശേഷങ്ങള്‍ പറഞ്ഞ്, സൌഹൃദങ്ങളോട് ഒത്തു നടക്കുമ്പോള്‍ ഒറ്റയാകുന്നതാണ്, ഏറെ മനോഹരമെന്നു തോന്നി.പക്ഷേ അസ്ഥിരമായ ജീവിതം യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കുള്ള ചൂണ്ടു പലകയായപ്പോള്‍ മടുപ്പിന്‍റെ ആവരണം പുതച്ച മനസ്സിനെ വഴിയില്‍ വെറുതേ വിരിച്ചിട്ടു. എന്നാലും ഉടലിനെ പൊള്ളിച്ച പനിക്കാലവും ,ആഗ്രഹം ഒരുക്കിത്തന്ന ചെറിയ സന്തോഷങ്ങളും ഇടയ്ക്കൊക്കെ വഴിയില്‍ പൂക്കാലമൊരുക്കിത്തന്നു. പക്ഷേ അന്നൊന്നും ആ വഴികളില്‍ ഞാന്‍ ലക്ഷ്യമില്ലാതെ നടന്നിട്ടില്ല. മൌനത്തിന്‍റെ ഇതള്‍ക്കൂട്ടില്‍ തനിച്ചിരുന്നിട്ടില്ല. പക്ഷേ എന്നിട്ടും അന്നു ഞാന്‍ ആരുമില്ലാത്തവളായിരുന്നു.

അയല്‍വക്കത്തെ ചായമിളകിയ ഭിത്തിയില്‍ പതുക്കെ പിടിച്ചു കയറിയും ഇറങ്ങിയും ജീവിതം തീര്‍ക്കുന്ന കണ്ണുകാണാത്ത മുത്തശ്ശിയെ നോക്കിയിരിക്കുമ്പോള്‍ മറ്റാരുമില്ലാതെ ആ സാമാന്യം വലിയ വീട്ടില്‍ ആ മുത്തശ്ശി എങ്ങനെ ജീവിക്കുന്നു എന്നറിയാന്‍ തോന്നിയ കൌതുകം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. കാഴ്ച്ചകള്‍ നയിക്കുന്നത് ആത്യന്തികമായ ഇരുട്ടിലേയ്ക്കാണെന്ന് ആരോ ഓര്‍മ്മിപ്പിക്കുന്നു. കാഴ്ച്ചയില്ലാത്തവന്, ജീവിതം വെളിച്ചത്തിലേയ്ക്കുള്ള അടയാലപ്പെടുത്തലുകളുമാണത്രേ. പക്ഷേ ഇല്ലാത്ത കാഴ്ച്ചയേക്കാളും എന്നില്‍ കൌതുകമുണര്‍ത്തിയത് ഒറ്റപ്പെട്ട് നടക്കുന്ന ആ മുത്തശ്ശി തന്നെ. ചില നേരങ്ങളില്‍ ഞാന്‍ ആഗ്രഹിക്കുകയും എന്നാല്‍ എനിക്ക് കഴിയാതെ പോകുന്നതുമായ ഒരു കൌതുകം.

ഇത്തവണത്തെ കോഴിക്കോട് യാത്ര ഒരു ഓര്‍മ്മ പുതുക്കലായ്രുന്നു. കൌതുകങ്ങളിലേയ്ക്കുള്ള ഒരു വഴിയൊരുക്കല്‍ . മലബാറിന്‍റെ രുചിക്കൂട്ടുകളെ എന്നും സുഹൃത്തുക്കള്‍ നിരത്തുമ്പോഴും വെറും രണ്ടു വര്‍ഷത്തെ അടുപ്പം മാത്രമുള്ള ആ മഹാ നഗരത്തോട് ഒരിഷ്ടവും തോന്നിയിട്ടില്ല. പക്ഷേ ഇത്തവണ രുചിക്കൂട്ടൊരുക്കി അപരിചിതമായ എന്‍റെ നാട് ഭക്ഷ്ണപ്രിയയായ എന്നെ ആനന്ദിപ്പിച്ചു. രണ്ടു വര്‍ഷമായിട്ടും യഥാര്‍ത്ഥ കോഴിക്കോടന്‍ ഹല്‍വയുടെ രുചിയറിഞ്ഞിട്ടില്ലാത്ത എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് ശങ്കരേട്ടന്‍റെ നെയ്യ് ഹല്‍വയുടെ രുചി പകര്‍ന്നു കൊടുത്തു(ഞാനും ആദ്യാണുട്ടോ..). പിന്നെ എനിക്കപരിചിതമായ മിഠായിത്തെരുവിന്‍റെ തിരക്കിലൂടെ വഴിയറിയാതെ വെറുതേ നടന്നു. ചിന്തിക്കാന്‍ ഒന്നും ഇല്ലായ്കയല്ല, പക്ഷേ ചിന്തകളെയൊക്കെ പടിയ്ക്കു പുരത്തിരുത്തി ലോകത്തിലേയ്ക്ക് സ്വയം തുറന്നു കൊടുത്ത് എന്നാല്‍ സമൂഹത്തിനു മുന്നില്‍ കാഴ്ച്ചയില്ലാത്തവളായി ഒരു അലച്ചില്‍ . അതിന്ടയില്‍ എന്നെ കടന്നു പോയ നിറങ്ങളുടെ പ്രദര്‍ശനങ്ങള്‍ , സൌഹൃദങ്ങളുടെ നൂലിഴകള്‍ ...

ഒരു യാത്ര മനോഹരമാകുന്നത് അതിന്‍റെ അവസാനം വരെ നിലനില്‍ക്കണം. ഈ യാത്രയില്‍ മനസ്സിനെ അടുക്കിപ്പിടിച്ച മറ്റൊന്ന്, എന്‍റെ ആദ്യ പുസ്തകത്തിന്‍റെ പബ്ലിഷര്‍ മുന്നില്‍പെട്ടു എന്നതു തന്നെ. എന്‍റെ പ്രണയക്കുറിപ്പുകളുടെ പ്രിയ പുസ്തകം "പ്രണയപ്പാതി" പുസ്തകങ്ങളുടെ നഗരമായ കോഴിക്കോട് വച്ച് അതിന്‍റെ അവസാന മിനുക്കു പണികളിലേയ്ക്കു കടക്കുമ്പോള്‍ ഒരു നിര്‍വൃതി. എഗ്രിമെന്‍റ്, ഒപ്പിട്ടു കൊടുക്കുമ്പോള്‍ വെറുതേ ഹൃദയം ഒന്നു തുടിച്ചു ചാടി , ഇത്ര നാളത്തെ എന്‍റെ എരിച്ചില്‍ , ഞാനെരിഞ്ഞ ചിത , എന്‍റെ പ്രിയപ്പെട്ടവന്‍ നടന്ന വഴികള്‍ ,അത് ലോകത്തിനു മുന്നില്‍ തുറക്കാന്‍ കാത്തു നില്‍ക്കുന്നു.
പ്രിയ നഗരത്തിനു തല്‍ക്കാലം വിട...
ഇത്ര നാളും ഈ നഗരം എന്നിലുണ്ടായിരുന്നില്ല. ആകസ്മികമായി വന്നുപെട്ട് വിഭ്രാന്തിയിലായിപ്പോയ ആട്ടിന്‍കുഞ്ഞിനേ പോലെ പേറ്റിയോടെ കണ്ട കടലായിരുന്നല്ലോ എനിക്കീ നഗരം. ഇപ്പോള്‍ ഞാനിതിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഒരു പകല്‍ മുഴുവന്‍ അലഞ്ഞു നടന്ന നഗരം എന്ന പേരില്‍ മാത്രമല്ല, എന്‍റെ പ്രിയനെ എനിക്കു പരിചയപ്പെടുത്തിയ ഇടമൊരുക്കിയത് എന്നതു കൊണ്ടു മാത്രവുമല്ല, എന്‍റെ ഹൃദയം അക്ഷരങ്ങളാക്കിയൊരുക്കുന്ന നഗരം ആയതുകൊണ്ടും കൂടി. 
പ്രിയ നഗരമേ നിന്നെ ഇതാ ഞാന്‍ സ്നേഹിച്ചു തുടങ്ങുന്നു...

22 Dec 2012

നിലാവിന്റെ വഴി


ശ്രീപാർവ്വതി
പ്രിയ ഡിസംബര്‍ ,

നിന്നോടെനിക്ക് എന്നും പ്രിയമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തണുത്ത രാത്രിയിലായിരുന്നല്ലോ എന്‍റെ അമ്മയ്ക്ക് ഈശ്വരന്‍ എന്നെ കൊടുത്തത്. എന്‍റെ പ്രിയപ്പെട്ടവനേയും. അന്നു തൊട്ടേ തുടങ്ങിയതാവണം മഞ്ഞിനോടുള്ള എന്‍റെ അനുരാഗം. മഞ്ഞു പൊഴിയുന്ന യൂറോപ്പിലെ ചിത്രങ്ങള്‍ കണ്ട് അവിടെ ജനിക്കാന്‍ എന്തുമാത്രം കൊതിച്ചെന്നോ. 
നിന്നോടെനിക്കുള്ള ഇഷ്ടം മഞ്ഞിനോടൊപ്പം.
ഡിസംബറിലെ തണുത്ത രാവില്‍ കാലിത്തൊഴുത്തില്‍ പിറന്നു വീണ ലോകനാഥനും എന്‍റെ പ്രിയങ്ങളില്‍ എന്നുമുണ്ട്. അത്ര കരുണ വഴിയുന്ന കണ്ണുകള്‍ മറ്റൊരു ചിത്രത്തിലും ഞാന്‍ കണ്ടിട്ടില്ല. പൊള്ളുന്ന പനിയില്‍ കയ്യുയര്‍ത്തി അനുഗ്രഹം ചൊരിയുന്ന ഈശോയുടെ മുഖം സ്വപ്നമായിരുന്നോ... പക്ഷേ അതിന്നും എന്നില്‍ മായാതെയുണ്ട്. 
ഓരോ ഡിസംബറും കടന്നു പോകുമ്പോള്‍ ഞാനറിയും  പ്രിയപ്പെട്ടതെന്തൊക്കെയോ എനിക്ക് നല്‍കിയിട്ടാനല്ലോ ഇത്തവണയും നീ പോയതെന്ന്. എന്‍റെ കലാലയത്തിന്‍റെ നിറമുള്ള ഓര്‍മ്മകളില്‍ അത്തരം ഒരു ഓര്‍മ്മ എപ്പോഴും ജ്വലിച്ചു നില്‍ക്കുന്നു. 
വിറയ്ക്കുന്ന തണുപ്പില്‍ സ്വെറ്റര്‍ പോലുമില്ലാതെ കൊഡൈക്കനാലിലെ കുളിരില്‍ തണുത്ത തറയില്‍ കമ്പിളി വിരിച്ചു കിടന്ന് കൂട്ടുകാരോടൊപ്പം ഉറങ്ങിയത്. അതിരാവിലെ എഴുന്നേറ്റ് ഐസ് തണുപ്പില്‍ പച്ചവെള്ളത്തില്‍ നീരാടിയത്, പിന്നെ നനുത്ത മഞ്ഞു വീഴ്ച്ച ആസ്വദിച്ച് നിന്നിലലിഞ്ഞ് വെറുതേ നടന്നത്. ഒക്കെയും പ്രിയ ഡിസംബര്‍ തന്ന സുഖമുള്ള ഓര്‍മ്മകള്‍ .
പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഡിസംബറില്‍ മൂന്നാറിലെ തണുപ്പില്‍ പ്രിയപ്പെട്ടവനോടൊപ്പം ദൂരേ നോക്കിയാല്‍ മഞ്ഞലലതെ മറ്റൊന്നും കാണാനില്ലാത്ത ചെറിയ അരുവിയുള്ള വില്ലയില്‍ രണ്ട് ദിവസം.
"മഞ്ഞിനോടുള്ള നിന്‍റെ പ്രണയം എന്നാ തീരുക" എന്ന് ചോദിച്ചപ്പോള്‍ "ഈ മഞ്ഞല്ലേ എനിക്ക് നിന്നെയും തന്നത്" എന്ന് പറയാതെ പറഞ്ഞ മൌനം.

പ്രിയ ഡിസംബര്‍ നീയെനിക്കു തന്നത് നിന്നെ തന്നെയായിരുന്നില്ലേ... നഷ്ടങ്ങളുടെ കണക്കുകള്‍ ബാക്കി വയ്ക്കാതെ നന്‍മയുടെ വിളക്കുമായി നിന്‍റെ യാത്ര തുടരട്ടെ. മരവിപ്പിന്‍റെ ചൂളയിലെരിയാതെ ആത്മവിശുദ്ധിയുടെ തണുപ്പ് എന്നിലേയ്ക്കിറ്റിച്ച് നീ യാത്ര തുടരുക. മഞ്ഞിലൂടെ , എന്‍റെ പിറന്നാള്‍ ദിനങ്ങളിലൂടെ , പുലരും വരെ തുടരുന്ന തിരുവാതിര രാത്രിയിലൂടെ, ഞാന്‍ നിന്നിലഞ്ഞുതീരട്ടെ...
എനിക്കുറങ്ങാന്‍ കമ്പിളിപ്പുതപ്പുകള്‍ വേണ്ട, തണുത്ത പ്രഭാതത്തിലെ ആവി പൊന്തുന്ന കോഫ്ഫീ ബൌളും വേണ്ട, മഞ്ഞായി എന്നെ പൊതിയുന്ന നിന്‍റെ നിശ്വാസങ്ങള്‍ മതി.

പ്രിയ ഡിസംബറിന്, സ്നേഹത്തോടെ...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...