Showing posts with label deepthi r. Show all posts
Showing posts with label deepthi r. Show all posts

27 Apr 2013

വെളിച്ചെണ്ണയുടെ മണമുള്ള ഡബിൾ ബെൽ


ദീപ്തി ആർ

ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി
കെഎസ്‌ആർടിസി അഥവാ കേരളത്തിന്റെ സ്വന്തം 'ആന വണ്ടി'! യാത്രയ്ക്കായി ഒരിക്കലെങ്കിലും ഈ സർക്കാർ വാഹനത്തെ ആശ്രയിക്കാത്തവർ ചുരുക്കം. തിരുവിതാംകൂർ സ്റ്റേറ്റ്‌ ട്രാൻസ്പോർട്ട്‌ വകുപ്പിന്റെ കീഴിൽ ആരംഭിച്ച സ്റ്റേറ്റ്‌ മോട്ടോർ സർവ്വീസുകൾക്ക്‌ കേരള സംസ്ഥാന രൂപീകരണത്തേക്കാൾ പഴക്കമുണ്ട്‌. സ്റ്റേറ്റ്‌ മോട്ടോർ സർവ്വീസിന്റെ ആദ്യ ബസ്‌ 1938ൽ കവടിയാറിലെ നിരത്തിലിറങ്ങിയപ്പോൾ യാത്രക്കാരിൽ ഒരാളായത്‌ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു. 1960 കാലഘട്ടത്തിൽ കെഎസ്‌ആർടിസി (കേരള സ്റ്റേറ്റ്‌ റോഡ്‌ ട്രാൻസ്പോർട്ട്‌ കോർപ്പറേഷൻ) രൂപീകൃതമായപ്പോൾ മൊത്തം ബസ്സുകളുടെ എണ്ണം 33ൽ നിന്ന്‌ 61 ആയി വളർന്നിരുന്നു. കൂടുതൽ സർവ്വീസുകളും ദീർഘദൂര ഷെഡ്യൂളുകളുമായി മലയാളിയോടൊപ്പം കെഎസ്‌ആർടിസിയും വളർന്നു. നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണം കൂടിയപ്പോഴും കെഎസ്‌ആർടിസിയെ കൈവിടാൻ മലയാളി മടിച്ചു. കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും അവസ്ഥ ഇതുതന്നെയായിരുന്നു. സർക്കാർ ബസ്സുകളിലാത്ത നാട്ടിൻപുറങ്ങൾ ഈ സംസ്ഥാനങ്ങളിൽ വിരളമായി. ദിനംപ്രതി കുതിക്കുന്ന ഡീസൽവില ആനവണ്ടിയുടെ താളംതെറ്റിച്ചു. കുതിക്കുന്ന ഡീസൽ വിലയിൽ ബസ്സുകൾ കട്ടപ്പുറത്തേക്ക്‌ കയറുകയാണ്‌. ഇതേ തുടർന്നുള്ള പ്രശ്നങ്ങളും കോലാഹലങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞാടുന്നത്‌ നമുക്കറിയാം.
കെഎസ്‌ആർടിസിയ്ക്ക്‌ ഇന്നു 6143 ബസ്സുകളാണുള്ളത്‌. ഓർഡിനറിയും, ഫാസ്റ്റും, ലോഫ്ലോറും എ.സി. ലോ ഫ്ലോറുമായി നിരവധിയിനം ബസ്സുകൾ പല ജില്ലകളിലേയും ഉൾനാടൻ വഴികളിലൂടെ കുതിക്കുന്ന ഓരോ നിമിഷവും ഡീസൽ ഇനത്തിൽ മാത്രമായി കോർപറേഷന്റെ കട ബാധ്യത ടോപ്‌ ഗിയറിലാണ്‌ കുതിക്കുന്നത്‌. ഒരു ദിവസം 4.3 ലക്ഷം ഹൈസ്പീഡ്‌ ഡീസലാണ്‌ കെഎസ്‌ആർടിസിയ്ക്ക്‌ വേണ്ടത്‌. അതായത്‌ വർദ്ധിച്ച ഡീസൽ വിലയുടെ സാഹചര്യത്തിൽ ഒരു മാസം 15 കോടിയുടെ അധിക ചെലവ.​‍്‌ ഇതേ അവസ്ഥ തുടർന്നാൽ കേരള ട്രാൻസ്പോർട്ട്‌ കോർപറേഷൻ ഒരു ഓർമ്മ മാത്രമാകും.

വെളിച്ചെണ്ണ ഡീസലിനു പകരം ഉപയോഗിക്കുവാനുള്ള സാധ്യതകൾ ഇന്നുണ്ട്‌. എന്നാൽ വെളിച്ചെണ്ണക്കു നമ്മുടെ ഗതാഗത കോർപറേഷനുകളെ രക്ഷിക്കുവാൻ സാധിക്കുമെന്ന്‌ ആരും സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. ജൈവ ഇന്ധനം ഉപയോഗിച്ച്‌ അതും വെളിച്ചെണ്ണയുപയോഗിച്ച്‌ വാഹനമോടിക്കാമെന്ന്‌ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്‌. മാത്രമല്ല  ഇത്‌ പ്രാവർത്തികമാക്കുന്ന പല വിദേശ രാജ്യങ്ങളും ധാരാളമുണ്ട്‌. എന്തിനധികം കർണ്ണാടക സ്റ്റേറ്റ്‌ ബയോ ഫ്യൂവൽ ഡെവലപ്പ്‌മന്റ്‌ ബോർഡിന്റെ സഹായത്തോടെ  കർണ്ണാടകത്തിലെ ഗതാഗത കോർപറേഷൻ ഇതു പ്രാവർത്തികമാക്കിയിരിക്കുകയാണ്
‌.
ജൈവ ഇന്ധനം ഉപയോഗിക്കുന്ന കർണ്ണാടക സർക്കാർ ബസ്സുകൾ
കർണ്ണാടക സ്റ്റേറ്റ്‌ റോഡ്‌ ട്രാൻസ്പോർട്ട്‌ കോർപറേഷന്റെ ബസ്സുകളാണ്‌ ജൈവ ഇന്ധനം ഉപയോഗിച്ച്‌ വിജയകരമായി നിരത്തിലോടുന്നത്‌. ഏകദേശം 7000 ബസ്സുകളുള്ള കോർപറേഷൻ ഒരു വർഷം 181.56 ദശലക്ഷം ലിറ്റർ ഹൈസ്പീഡ്‌ ഡീസലാണ്‌ ഉപയോഗിക്കുന്നത്‌. മലിനീകരണം കുറയ്ക്കുക, ഇന്ധനക്ഷമത വർദ്ധിപ്പിക്കുക, കാർബൺ പുറന്തള്ളുന്നത്‌ കുറയ്ക്കുകഎന്നീ ലക്ഷ്യങ്ങളോടെയാണ്‌ ബയോ ഡീസൽ ഉപയോഗം കർണ്ണാടക ഗതാഗ കോർപറേഷൻ ആരംഭിച്ചതു. എത്തനോൾ ഡീസൽ മിശ്രിതവും ജൈവ ഇന്ധനവുമാണ്‌ ഉപയോഗിച്ചതു. ജൈവ ഇന്ധനം ഉപയോഗിച്ച്‌ ഓടുന്ന ബസ്സുകൾ കർണ്ണാടകത്തിലെ ദൊഡ്ഡബല്ലാപുര ഡിപ്പോയിൽ നിന്നുമാണ്‌ ആദ്യം ഓടി തുടങ്ങിയത്‌. മാണ്ഡ്യ, മൈസൂർ, കോളാർ തുടങ്ങിയ 10 ഡിപ്പോകളും ഇതിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുകയാണ്‌. പ്രകൃതിയോടു ഇണങ്ങിയ ഇന്ധനം എന്നതിലുപരി 40 ശതമാനത്തോളം ലൂബ്രിസിറ്റി വർദ്ധനവ്‌, എൻജിനുകളുടെ വർദ്ധിച്ച ലൈഫ്‌ എന്നിവയും ജൈവ ഇന്ധനത്തിന്റെ പ്രത്യേകതയാണ്‌. ടൺ കണക്കിന്‌ പൊടിപടലം, നൈട്രജൻ ഓക്സൈഡ്‌, കാർബൺ മോണോക്സൈഡ്‌ എന്നിവയെ അന്തരീക്ഷത്തിൽ പുറം തള്ളുന്നതും കുറയ്ക്കാനാകും. കർണ്ണാടക  ഗതാഗത കോർപറേഷന്റെ കണക്കുകൾ പ്രകാരം 14.94 കോടി രൂപ ലാഭമുണ്ടാക്കുവാൻ ജൈവ ഇന്ധനത്തിലേക്കുള്ള ഈ ചെറിയ ചുവട്‌ വെയ്പ്‌ സഹായിച്ചു. മാത്രമല്ല ഡീസൽ ഉപയോഗിക്കുന്ന ബസ്സുകളെക്കാൾ 5 കിലോമീറ്ററിൽ കൂടുതൽ ഓടിയെത്താൻ ജൈവ ഇന്ധന ബസ്സുകൾക്കു കഴിഞ്ഞു.
അഞ്ഞുറോളം ജൈവ ഇന്ധന ബസ്സുകളും ജൈവ ഇന്ധന ഔട്ട്ലെറ്റുകളും ഇന്ന്‌ കർണ്ണാടകത്തിലുണ്ട്‌. മുഴുവൻ ബസ്സുകളെയും ജൈവ ഇന്ധനത്തിലോടിക്കുവാൻ കർണ്ണാടക ഗതാഗത കോർപറേഷൻ തയ്യാറെടുക്കുകയാണ്‌. കർണ്ണാടകത്തിലെ മാതൃക കേരളത്തിനും, തമിഴ്‌നാടിനും പൈന്തുടരാവുന്നതേയുള്ളു. ജൈവ ഇന്ധനത്തിനായി മറ്റു എണ്ണക്കുരുകൾ ഉപയോഗിക്കുന്നതോടൊപ്പം സുലഭമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നത്‌ വഴി സർക്കാർ ബസ്സുകളുടെ കടബാധ്യത ഇല്ലാതെയാക്കാം. വെളിച്ചെണ്ണയുടെ ഉപയോഗം കൂടുവാനും കർഷകന്‌ നല്ല വില ലഭിക്കുവാനും പരോക്ഷമായി ഇതു സഹായിക്കും.
വെളിച്ചെണ്ണയിൽ ഓടുന്ന സർക്കാർ ബസ്സുകൾ രാജകീയ പ്രൗഢിയോടെ നമ്മുടെ നിരത്തുകളിൽ നിറയുന്ന നാൾ വരുമെന്നു പ്രതീക്ഷിക്കാം. കട്ടപ്പുറത്തേറാതെ വെളിച്ചെണ്ണയുടെ മണമുള്ള ഒരു ഡബിൾ ബെൽ മുഴങ്ങുന്ന കാലം ഇനി അകലെയല്ല.

26 Mar 2013

കേരളത്തിന്റെ ദേശീയ വിളയായ തെങ്ങ്‌


ദീപ്തി ആർ
ടെക്നിക്കൽ ആഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി

ഏതൊരു മലയാളിയുടേയും അഭിമാനമാണ്‌ "നാളികേരത്തിന്റെ നാട്ടുകാർ" എന്ന വിളിപ്പേര്‌. നാളികേരത്താൽ സമൃദ്ധമായ കേരളത്തിൽ നാളികേരമില്ലാതെ ഒരു ആഘോഷവുമില്ല. എന്തിന്‌ ഒരു ദിവസം പോലുമില്ല. അത്രയ്ക്ക്‌ മലയാളിയുടെ ജീവിതചര്യയുമായി ഇഴുകിചേർന്നിരിക്കുന്നു തെങ്ങും തെങ്ങിന്റെ വിവിധ ഉൽപന്നങ്ങളും. കേരളത്തിന്റെ കാർഷിക വ്യവസ്ഥയിലും തെങ്ങിന്‌ പ്രാധാന്യമുണ്ട്‌. കേരളത്തിൽ എണ്ണക്കുരു കൃഷി ചെയ്യപ്പെടുന്നത്‌ ഏതാണ്ട്‌ 7,73,847 ഹെക്ടറിലാണ്‌. ഇതിൽ 7,70,473 ഹെക്ടറിലും തെങ്ങാണ്‌ മുഖ്യവിള. അതായത്‌ കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന എണ്ണക്കുരുക്കളിൽ 99.6 ശതമാനവും നാളികേരമാണ്‌. എണ്ണക്കുരുക്കളുടെ കാര്യത്തിൽ മാത്രമല്ല മറ്റെല്ലാ വിളകളുടേയും കാര്യമെടുത്താലും കേരളത്തിന്റെ മുഖ്യവിള തെങ്ങു തന്നെയാണ്‌. 2010-11 വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കേരളത്തിലെ മൊത്തം തെങ്ങുകൃഷിയുടെ വിസ്തീർണ്ണം 770473 ഹെക്ടറും ഉത്പാദനം 52870 ലക്ഷം നാളികേരവുമാണ്‌. ഒരു ഹെക്ടറിൽ നിന്നു ലഭിക്കുന്നതാകട്ടെ 6862 നാളികേരവും. എന്നാലിത്‌ ഇന്ത്യയുടെ ശരാശരി ഉത്പാദനക്ഷമതയായ 8303നേക്കാൾ താഴെയാണ്‌. പ്രായാധിക്യം വന്ന തെങ്ങുകളും വർദ്ധിച്ച രോഗ, കീടാക്രമണവും ഇതിന്‌ കാരണങ്ങളായി.
സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ കേരകൃഷി ഉള്ളത്‌ കോഴിക്കോട്‌ ജില്ലയിലും ഉത്പാദനമുള്ളത്‌ മലപ്പുറം ജില്ലയിലുമാണ്‌ (പട്ടിക 1 കാണുക). 1,21,688 ഹെക്ടർ കേരകൃഷിയുമായി ഒന്നാമത്‌ നിൽക്കുന്ന കോഴിക്കോട്‌ ജില്ലയിലാണ്‌ മൊത്തം കേരകൃഷിയുടെ വിസ്തീർണ്ണത്തിൽ 16 ശതമാനവും. യഥാക്രമം 13 ശതമാനവും 10 ശതമാനവുമായി മലപ്പുറവും കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലുമുണ്ട്‌. കേരളത്തിലെ കേരകൃഷിയുടെ കണക്കുകൾ നോക്കിയാൽ നാളികേര മേഖലയിൽ കേരളം കുതിയ്ക്കുകയാണോ കിതയ്ക്കുകയാണോ എന്ന സംശയം ഉടലെടുക്കും.
1975-76 കാലഘട്ടത്തിൽ തെങ്ങുകൃഷിയുടെ മൊത്തം വിസ്തീർണ്ണം 6.93 ലക്ഷം ഹെക്ടറായിരുന്നു. 1985-86 ആയപ്പോൾ ഇത്‌ 7.2 ലക്ഷം ഹെക്ടറായി വർദ്ധിച്ചു. 2000-01 കാലഘട്ടത്തിൽ ഇത്‌ 9.25 ലക്ഷം ഹെക്ടറിലെത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ തെങ്ങുകൃഷി വ്യാപിച്ച കാലവും ഇതായിരുന്നു. 2000-01 ന്‌ ശേഷം തെങ്ങുകൃഷിയുടെ വിസ്തീർണ്ണം കുറഞ്ഞ്‌ വരുന്നതായാണ്‌ കണ്ടിട്ടുള്ളത്‌. 9.25 ലക്ഷം ഹെക്ടറിൽ നിന്നും 7.70 ലക്ഷം ഹെക്ടറിലേക്ക്‌ തെങ്ങുകൃഷി ചുരുങ്ങി. ഏതാണ്ട്‌ 16 ശതമാനം കുറവാണ്‌ പത്ത്‌ വർഷംകൊണ്ട്‌ സംഭവിച്ചതു.
ഉത്പാദനത്തിന്റെ കാര്യത്തിലും  അവസ്ഥ വ്യത്യസ്തമല്ല. പത്ത്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ 2000-01ൽ 55360 ലക്ഷം തേങ്ങയായിരുന്നു കേരളത്തിലെ മൊത്തം ഉത്പാദനം. എന്നാലിന്നത്‌ 52870 ലക്ഷം തേങ്ങയാണ്‌. 2490 ലക്ഷം തേങ്ങയുടെ കുറവാണ്‌ സംഭവിച്ചിരിക്കുന്നത്‌. അതായത്‌ 4.49 ശതമാനം കുറഞ്ഞിരിക്കുന്നു (പട്ടിക 2 കാണുക).
കേരളത്തിലെ കേരകൃഷി മേഖലയിലെ സ്ഥിതിവിവരക്കണക്ക്‌ നോക്കുമ്പോൾ തന്നെ, നമ്മുടെ തൊട്ട്‌ അയൽസംസ്ഥാനമായ തമിഴ്‌നാടിന്റെ കൂടി കണക്കുകൾ കാണേണ്ടതാണ്‌. കേരളത്തിൽ നിന്ന്‌ തികച്ചും വ്യത്യസ്തമായി കേരകൃഷി വിസ്തീർണ്ണവും ഉത്പാദനവും വർദ്ധിക്കുന്നതായാണ്‌ കണ്ട്‌ വരുന്നത്‌. 2000-01ൽ 3.23 ലക്ഷം ഹെക്ടറായിരുന്ന തമിഴ്‌നാട്ടിൽ ഇന്നത്‌ 4.1 ലക്ഷമായിരിക്കുന്നു. ഉത്പാദനമാകട്ടെ 31920 ലക്ഷം നാളികേരത്തിൽ നിന്ന്‌ 58940 ലക്ഷമായിരിക്കുന്നു. തമിഴ്‌നാട്‌ ഇക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തേക്കാൾ കേരോത്പാദനം ഇന്ന്‌ തമിഴ്‌നാടിനാണ്‌. കേരോത്പാദനത്തിൽ വർഷങ്ങളായി കേരളം കൈയടക്കിവെച്ചിരുന്ന ഒന്നാംസ്ഥാനം നഷ്ടമാകുമ്പോൾ ഇത്രയധികം ഭൂമി കേരളത്തിനായി ഉണ്ടെങ്കിലും എന്തുകൊണ്ട്‌ നമ്മുടെ ഉത്പാദനക്ഷമത 6862ൽ  നിന്നും 14371 (തമിഴ്‌നാട്‌)ലേക്ക്‌ എത്തുന്നില്ല എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.
കേരകൃഷി - സാദ്ധ്യതകളും കടമ്പകളും
കൃഷിഭൂമിയുടെ ലഭ്യത, നല്ലയിനം തെങ്ങുകൾ, അനുയോജ്യമായ കാലാവസ്ഥ, വർഷത്തിൽ പഞ്ഞമില്ലാത്ത മഴ തുടങ്ങിയവയാൽ അനുഗൃഹീതമാണ്‌ കേരളം. ഈ സൗകര്യങ്ങൾ ഉണ്ടായിരിക്കേ കേരത്തിന്റെ നാട്ടിൽ കേരത്തിന്‌ ദുരവസ്ഥ വരാതിരിക്കാൻ എല്ലാ കേരകർഷകരും കാർഷികമേഖലയിലുള്ളവരും ഉണർന്ന്‌ പ്രവർത്തിക്കണം.
പോയവർഷം വിപണിയിലുണ്ടായ വിലയിടിവും കുറഞ്ഞ സംഭരണ വിലയും മറ്റും കേരകർഷകന്റെ ആത്മവിശ്വാസത്തെ തകർത്തെങ്കിലും ഉൽപന്ന​‍െവൈവിദ്ധ്യവൽക്കരണത്തിലൂടെയും കയറ്റുമതിയിലൂടെയും കേരവിപണി തിരിച്ച്‌ പിടിക്കേണ്ടതാണ്‌. ഇതിന്‌ മുന്നോടിയായി ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കേണ്ടത്‌ അത്യാവശ്യം. ഇതിനായി ശാസ്ത്രീയമായ കൃഷിരീതികൾ സംഘടിതമായ രീതിയിൽ ചെയ്യുക, നല്ലയിനം തെങ്ങിൻ തൈകൾ വെച്ച്‌ പിടിപ്പിക്കുക, ജൈവികവും ലാഭകരവുമായ മണ്ണിര കമ്പോസ്റ്റ്‌/ജൈവവള യൂണിറ്റുകൾ തെങ്ങിൻതോപ്പിൽ ആരംഭിക്കുക, തെങ്ങിൻ തടത്തിൽ പയർ വർഗ്ഗ വിളകൾ കൃഷി ചെയ്യുക തുടങ്ങിയവ ആർക്കും എളുപ്പത്തിൽ ചെയ്യാനാവും. നാളികേരോത്പാദക സംഘങ്ങൾ രൂപീകരിച്ച്‌ ഓരോ പ്രദേശത്തേയും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കാർഷികവൃത്തിയും ഇടവിളക്കൃഷിയും ആരംഭിക്കണം. കൂടാതെ രോഗ, കീട ബാധ ചെറുക്കാനായി ഇടയ്ക്കിടെ തെങ്ങിൻ മണ്ട തെളിക്കലും മറ്റു​‍്‌ സസ്യസംരക്ഷണപ്രവർത്തനങ്ങളും ചങ്ങാതികളെ ഉപയോഗപ്പെടുത്തി ചെയ്യേണ്ടതാണ്‌. ചെറിയ തുടക്കങ്ങളിലൂടെ മാത്രമേ കേരോത്പാദനം വർദ്ധിപ്പിക്കാനാവൂ.
"കേരളം എന്നു കേട്ടാൽ എന്നും കേരകൃഷിയിലും ഉത്പാദനത്തിലും ഒന്നാമത്‌" എന്നതായിരിക്കണം ഇനി ഓരോ മലയാളിയുടേയും ലക്ഷ്യം. അതിനായി പ്രിയ കേരകർഷക സുഹൃത്തുക്കളെ നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം.

19 Aug 2012

ചില മലേഷ്യൻ ഹൈബ്രിഡ്‌ വിശേഷങ്ങൾ


ദീപ്തി ആർ.
ടെക്നിക്കൽ ഓഫീസർ,
നാളികേര വികസന ബോർഡ്‌ കൊച്ചി -11


മാതൃ പിതൃ വൃക്ഷങ്ങളേക്കാൾ മികച്ച വിളവും രോഗപ്രതിരോധശേഷിയുമുള്ള
തെങ്ങിനങ്ങളാണ്‌ ഹൈബ്രിഡുകൾ (സങ്കരയിനങ്ങൾ). മലേഷ്യയിലെ ചില ഹൈബ്രിഡുകളെ
നമുക്ക്‌ പരിചയപ്പെടാം. എപിസിസിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ വെച്ച്‌
നടന്ന കൊക്കോടെക്‌ സമ്മേളനത്തിൽ പങ്കെടുത്ത ക്രിസ്റ്റഫർ ജോൺ ബിയായിയാണ്‌
മലേഷ്യൻ ഹൈബ്രിഡുകളെ പരിചയപ്പെടുത്തിയത്‌. മലേഷ്യയിലെ കൃഷിവകുപ്പിനെ
പ്രതിനിധീകരിച്ചെത്തിയ അദ്ദേഹം വർഷങ്ങളായി തെങ്ങ്‌ കൃഷി മേഖലയിൽ പുതിയ
ഹൈബ്രിഡുകളുടെ രൂപീകരണത്തിൽ പങ്ക്‌ വഹിക്കുന്നു.
മലേഷ്യയിൽ പന്ത്രണ്ടോളം തെങ്ങിനങ്ങളാണ്‌ സാധാരണ കൃഷി ചെയ്തു വരുന്നത്‌.
മലേഷ്യൻ നെടിയയിനം, മലയൻ കുറിയ മഞ്ഞ, മലയൻ  കുറിയൻ പച്ച, വെസ്റ്റ്‌
ആഫ്രിക്കൻ നെടിയയിനം, താഗ്നാൻ, റെന്നൽ മുതലായവ അവയിൽ ചിലതാണ്‌.
MATAG യും MAWA യും മലേഷ്യയിലെ പ്രധാനപ്പെട്ട ഹൈബ്രിഡ്‌ തെങ്ങിനങ്ങളാണ്‌.
മലയൻ കുറിയ മഞ്ഞയുടെയും താഗ്നാൻ പച്ച കുറിയയിനത്തിന്റേയും
വർഗ്ഗസങ്കരണത്തിലൂടെ ഉരുത്തിരിച്ചെടുത്ത ഹൈബ്രിഡാണ്‌ MATAG .
മാതൃവൃക്ഷമായ മലയൻ കുറിയ മഞ്ഞയിനം മലേഷ്യയിലെത്തന്നെ പ്രാദേശിക
തെങ്ങിനമാണ്‌. എന്നാൽ പിതൃവൃക്ഷമായ താഗ്നാൻ ഇനം ഫിലിപ്പൈൻസിൽ നിന്നും
ഉത്ഭവിച്ചതാണെന്ന്‌ കരുതപ്പെടുന്നു.

പിതൃവൃക്ഷത്തിൽ നിന്നും ശേഖരിക്കുന്ന പരാഗം മാതൃവൃക്ഷത്തിലെ പെൺപൂക്കളുടെ
കീലാഗ്രത്തിൽ നിക്ഷേപിച്ച്‌ പരാഗണം നടത്തുന്നു. കൃത്രിമ പരാഗണം നടത്തിയ
പെൺപൂക്കളെ നേർത്ത പ്ലാസ്റ്റിക്‌ ഉപയോഗിച്ച്‌ കെട്ടിവെയ്ക്കും.
വിജയകരമായി പെൺപൂക്കൾ പിടിച്ചുകിട്ടിയെന്ന്‌ ഉറപ്പായിക്കഴിഞ്ഞ്‌ ആ ആവരണം
നീക്കം ചെയ്യാം. മാതൃവൃക്ഷത്തിന്റെ ആരോഗ്യം, കൃത്യസമയത്ത്‌ നടത്തുന്ന
പരാഗണം, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ്‌ മുതലായവ പരാഗണത്തിന്റെ
വിജയശതമാനത്തെ തീരുമാനിക്കുന്ന ഘടകങ്ങളാണെന്ന്‌ ഈ ശാസ്ത്രജ്ഞൻ
അഭിപ്രായപ്പെടുന്നു.

MAWA എന്നത്‌ മറ്റൊരു പ്രധാന ഹൈബ്രിഡാണ്‌. MATAG  യിൽ നിന്നും
വ്യത്യസ്തമായി, പിതൃവൃക്ഷമായി തെരഞ്ഞെടുക്കുന്നത്‌ വെസ്റ്റ്‌ ആഫ്രിക്കൻ
നെടിയ ഇനത്തെയാണ്‌. ഈ രണ്ട്‌ ഹൈബ്രിഡുകളും നട്ട്‌ നാലാംവർഷം മുതൽ വിളവ്‌
നൽകിത്തുടങ്ങും. ഇവ വികസിപ്പിച്ചെടുത്ത മലേഷ്യയിലെ യൂണൈറ്റഡ്‌
പ്ലാന്റേഷന്റെ കണക്കുകൾ അനുസരിച്ച്‌ 36-​‍ാം മാസത്തിൽ ഈ തെങ്ങുകൾ പൂക്കാൻ
ആരംഭിക്കും. 48-​‍ാം മാസം മുതൽ സ്ഥിരമായി വിളവെടുപ്പും നടത്താനാകും.
ഇളനീരായും വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങളായ തൂൾതേങ്ങ, തേങ്ങപ്പാലും
ക്രീമും മുതലായവയുടെ നിർമ്മാണത്തിനും ഈ ഹൈബ്രിഡുകളെ ഉപയോഗപ്പെടുത്താം.
പൊതിച്ചെടുത്ത MATAG  ഹൈബ്രിഡ്‌ തേങ്ങയ്ക്ക്‌ ശരാശരി 1085 ഗ്രാം
തൂക്കമാണുള്ളത്‌. MAWA ഇനത്തിന്‌ ഇത്‌ 750 ഗ്രാം ആണ്‌. 66 മുതൽ 67.5
ശതമാനം വരെ എണ്ണയുടെ അളവുമുണ്ട്‌.
ഇന്ന്‌ മലേഷ്യയിൽ ഏറെ പ്രചാരത്തിലുള്ള ഈ ഇനങ്ങൾക്ക്‌ ആവശ്യക്കാരും
ഏറെയാണ്‌. മലേഷ്യൻ മാർക്കറ്റിൽ ഈ തെങ്ങിൻ തൈകൾക്ക്‌ 210 രൂപ മുതൽ 280 രൂപ
വരെ വിലയുണ്ട്‌.

18 Mar 2012

ഏലക്കാടുകളിലെ കേരവസന്തം


ദീപ്തി. ആർ

ഇടുക്കിയെന്നാൽ മനസ്സിലെത്തുന്നത്‌ ഏലക്കാടുകളും
തേയിലത്തോട്ടങ്ങളുമാണെങ്കിലും കേരകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന
കർഷകരുമുണ്ടെന്ന്‌ തെളിയിക്കുകയാണ്‌  തൊടുപുഴയ്ക്കടുത്ത്‌ കോടികുളത്തെ
തോട്ടുപാട്ടു വീട്ടിൽ ലൂക്കയെന്ന കർഷകൻ. നാലേക്കറോളം വരുന്ന കൃഷിയിടത്തിൽ
തെങ്ങും റബ്ബറും പ്രധാനവിളകൾ. കുരുമുളകും കവുങ്ങും കൊക്കോയുമൊക്കെയായി
ഇടവിളകൾ സമൃദ്ധം. അതിരുകളിൽ നല്ലയിനം തീറ്റപ്പുല്ലും
വളർത്തിയിരിക്കുന്നു. തെങ്ങിൻതോപ്പിലെ ചെറിയ കുളങ്ങളിൽ നിറയെ വിവിധയിനം
മീനുകളേയും വളർത്തുന്നു. കാർപ്പ്‌, കട്ല, രോഹു, സിൽവർ തുടങ്ങിയ
മീനുകളോടാണ്‌ ലൂക്കായ്ക്ക്‌ പ്രിയം. പൂർണ്ണ വളർച്ചയെത്തിയാൽ വിപണിയിൽ
ഇവയ്ക്ക്‌ വൻ ഡിമാന്റാണ്‌. ഇതിനു പുറമെ, ഇപ്പോൾ തേനീച്ചക്കൃഷി കൂടി
പരീക്ഷിക്കുകയാണ്‌ ലൂക്ക.

രാസവളങ്ങളുടെ അമിതോപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ആകുലതകളും
വർദ്ധിക്കുന്ന ഈ കാലത്ത്‌ ജൈവകൃഷിരീതികൾ പിൻതുടരേണ്ടതിന്റെ ആവശ്യകത ലൂക്ക
തറപ്പിച്ചു പറയുന്നു. കഴിഞ്ഞ പതിനഞ്ചുവർഷമായി ജൈവകൃഷിരീതികൾ മാത്രം തന്റെ
കൃഷിയിടത്തിൽ അവലംബിക്കുന്ന ഇദ്ദേഹം ഇൻഡോസർട്ട്‌ അംഗീകാരമുള്ള ജൈവകർഷകൻ
കൂടിയാണ്‌. വർഷങ്ങൾക്കു മുമ്പ്‌ ഡോ. എ.പി.ജെ അബ്ദുൽ കലാം തൊടുപുഴയിൽ
വന്നപ്പോൾ ജൈവ രീതിയിൽ വിളയിച്ച ഭക്ഷണം കഴിക്കണമെന്ന ആഗ്രഹം
പ്രകിടിപ്പിക്കുകയുണ്ടായി. പൂർണ്ണമായും ജൈവ രീതിയിൽ കൃഷി ചെയ്യുന്ന
ലൂക്കാചേട്ടന്റെ പാടത്ത്‌ നിന്നായിരുന്നു അന്ന്‌ ജൈവിക അരിയെത്തിച്ചതു.
ഇന്നും ഈ അനുഭവം പങ്കുവെയ്ക്കുമ്പോൾ അദ്ദേഹം വാചാലനാകുന്നു.
പൂർണ്ണമായും പ്രകൃതിയോടിണങ്ങി ചേർന്ന്‌ പ്രകൃതി വിഭവങ്ങളുടെ പൂർണ്ണ
ഉപയോഗം സാദ്ധ്യമാക്കുന്ന കൃഷി     രീതിയാണ്‌ അദ്ദേഹത്തിന്റേത്‌. വീട്ടിൽ
വളർത്തുന്ന നാടൻ പശുവിന്റെ ചാണകവും ഗോമൂത്രവുമാണ്‌ തെങ്ങുകളുടെ പ്രധാന
വളം. കൂടാതെ അടുപ്പിൽ നിന്നും പുകപ്പുരയിൽ നിന്നും ശേഖരിക്കുന്ന ചാരവും
കക്കയും എല്ലുപൊടിയും ആവശ്യാനുസരണം നൽകുന്നു. തൊഴുത്തിൽ നിന്നുമുള്ള അധിക
ജലം പൈപ്പ്‌ വഴി തെങ്ങിൻ തടങ്ങളിൽ എത്തിക്കുവാനുള്ള ശ്രമത്തിലാണിപ്പോൾ.
നാടൻ പശുവിന്റെ ചാണകം വളമായി ഉപയോഗിക്കുമ്പോൾ തേങ്ങയ്ക്ക്‌ കൂടുതൽ തൂക്കം
ലഭിക്കുമെന്ന്‌ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വീട്ടിൽ നാടൻ
പശുവില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. പശുവിന്‌ അധികം കാലിത്തീറ്റ
കൊടുക്കാതെ തീറ്റപ്പുൽ കൂടുതലും ശുദ്ധമായ വെള്ളവും ധാരാളം നൽകിയാൽ
മതിയെന്നാണ്‌ അദ്ദേഹത്തിന്റെ ഉപദേശം. തൊഴുത്തും പരിസരവും എപ്പോഴും
വൃത്തിയായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്താറില്ല. ചാണകക്കുഴിയിൽ
പെരിങ്ങലത്തിന്റെ ഇലകൾ ഇടുന്നത്‌ കൊമ്പൻ ചെല്ലിയുടെ പുഴുക്കളെ കൊല്ലാൻ
സഹായിക്കുന്നു. ട്രൈക്കോഡെർമ, സ്യൂഡോമോണാസ്‌ തുടങ്ങിയ സൂക്ഷ്മാണുക്കളെയും
രോഗനിയന്ത്രണത്തിനായി ഉപയോഗിക്കുന്നു
.
    കാർഷികരംഗത്തേക്കുള്ള കടന്നുവരവ്‌ എങ്ങനെ യായിരുന്നു?
പരമ്പരാഗതമായി കൈമാറി വന്ന കൃഷിയിടമാണ.​‍്‌ കഴിഞ്ഞ 55 വർഷക്കാലമായി
കൃഷിയിൽ സജീവമാണ്‌. അന്നൊക്കെ പ്രധാന വിള തെങ്ങ്‌ മാത്രമായിരുന്നു.
തൊടുപുഴയിലെ തെങ്ങുകൾ വിളവിന്റെ കാര്യത്തിൽ വളരെയധികം
മുൻപന്തിയിലായിരുന്നു. നാളികേരത്തിനുമുണ്ടായിരുന്നു സവിശേഷ ഗുണങ്ങൾ.
തേങ്ങയുടെ അകക്കാമ്പിന്‌ കനം കൂടുതലുണ്ടായിരുന്നു. ഇത്‌ കൂടുതൽ
കൊപ്രയുണ്ടാക്കാൻ സഹായിച്ചു.

    ഇപ്പോൾ പ്രധാനമായി ഏതെല്ലാം വിളകളാണ്‌ കൃഷി ചെയ്യുന്നത്‌?
തെങ്ങും റബ്ബറുമാണ്‌ പ്രധാന വിളകൾ. ഇടവിളയായി കുരമുളകും കൊക്കോയും
കവുങ്ങുമുണ്ട്‌. ചെറിയ രീതിയിൽ തീറ്റപ്പുൽകൃഷിയും ഒരേക്കറോളം വരുന്ന നെൽ
പാടവുമുണ്ട്‌. എന്നാൽ 25 സെന്റോളം സ്ഥലത്ത്‌ മാത്രമേ നെല്ല്‌
വിതയ്ക്കാറുള്ളൂ. തൊഴിലാളികളെ ലഭിക്കാനുള്ള പ്രയാസമാണ്‌ കാരണം.
    ഈ പ്രദേശം കൃഷിക്ക്‌ എത്രത്തോളം ഉപയുക്തമാണ്‌?
താരതമ്യേന ചരിവുള്ള പ്രദേശത്താണ്‌ കൃഷിസ്ഥലം. ഈ ഭാഗത്ത്‌ റബ്ബറും
താഴ്‌വാരത്തോടടുത്ത്‌ തെങ്ങുമാണ്‌ കൃഷി ചെയ്യുന്നത്‌. താഴ്‌ന്ന
ഭാഗത്താണ്‌ മൂന്ന്‌ പൂവ്‌ കൃഷിയിറക്കാൻ സാധിക്കുന്ന നെൽപാടം.
ജൈവാവശിഷ്ടങ്ങൾ അഴുകി ചേർന്ന വളക്കൂറുള്ള മണ്ണായതിനാൽ വിളകൾ തഴച്ചു
വളരുന്നു.

    എന്തെല്ലാമാണ്‌ പ്രധാന പരിചരണ മുറകൾ?
എല്ലാ വിളകൾക്കും വെവ്വേറെ ശാസ്ത്രീയ പരിചരണമുറകൾ ലഭ്യമാക്കുന്നതിന്‌
ശ്രദ്ധിക്കാറുണ്ട്‌. രാസവളങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.
വേപ്പിൻ പിണ്ണാക്ക്‌, ചാണകം, പച്ചിലകൾ എന്നിവയാണ്‌ പ്രധാന വളങ്ങൾ. മണ്ണിൽ
ജൈവവളമുണ്ടെങ്കിൽ രാസവളത്തിന്റെ ആവശ്യമില്ല എന്ന അഭിപ്രായക്കാരനാണ്‌
ലൂക്ക. രാസവളപ്രയോഗത്തിൽ    വിളവിൽ പ്രകടമായ വർദ്ധന കാണുമെങ്കിലും
സ്ഥായിയായ വിളവ്‌ ലഭിക്കാൻ സഹായകമല്ല.
     തോട്ടത്തിൽ രോഗങ്ങളെയും കീടങ്ങളെയും എങ്ങനെയാണ്‌ നിയന്ത്രിക്കുന്നത്‌?
പൊതുവെ രോഗകീടങ്ങൾ കുറവാണ്‌. അടുത്തിടെ ചില തെങ്ങുകളിൽ ചെല്ലിശല്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ട്‌. ചെല്ലിക്കോൽ ഉപയോഗിച്ചും വേപ്പിൻ പിണ്ണാക്ക്‌
-മണൽ മിശ്രിതം നിറച്ചുമാണ്‌ നിയന്ത്രിക്കുന്നത്‌.
    ഒരു ജൈവകർഷകനെന്ന നിലയിൽ ഈ കൃഷിരീതിയുടെ മികവിനെപ്പറ്റി വിശദീകരിക്കാമോ?
പൂർണ്ണമായും രാസവളങ്ങൾ ഉപയോഗിക്കുന്ന തോട്ടത്തിൽ നിന്ന്‌ ജൈവകൃഷി
രീതിയിലേക്ക്‌ മാറുമ്പോൾ ആദ്യത്തെ രണ്ട്‌ മൂന്ന്‌ വർഷം വിളവ്‌
കുറവായിരിക്കും. എന്നാൽ ക്രമേണ ഇത്‌ മികച്ച വിളവ്‌ ലഭിക്കാൻ സഹായിക്കും.
25-30 കിലോ തൂക്കമുള്ള കപ്പയും 18-20 കിലോ തൂക്കമുള്ള വാഴക്കുലയും സാധാരണ
വിളവെടുക്കാറുണ്ട്‌. ജൈവ രീതിയിൽ കൃഷി ചെയ്തെടുക്കുന്ന ഉൽപന്നങ്ങൾ കൂടുതൽ
കാലം കേടു കൂടാതെയിരിക്കുമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഉൽപന്നങ്ങളെല്ലാം തന്നെ നേരിട്ട്‌ വിപണനം ചെയ്യാറാണ്‌ പതിവ്‌.
     കേരകൃഷി ലാഭകരമല്ലെന്ന അഭിപ്രായം ഇന്ന്‌ മിക്ക കർഷകർക്കുമുണ്ട്‌.
ഇതിനെക്കുറിച്ച്‌ താങ്കൾക്ക്‌ എന്താണ്‌ പറയാനുള്ളത്‌?
തെങ്ങ്‌ മാത്രം മനസ്സിൽ കണ്ടല്ല തെങ്ങ്‌ കൃഷി നടത്തേണ്ടത്‌. അതിനോടൊപ്പം
ഇടവിളകൾ കൂടി കൃഷി ചെയ്താൽ ഒരിക്കലും കേരകൃഷി ലാഭകരമല്ലാതാവുന്നില്ല.
തേങ്ങയ്ക്ക്‌ വിലയിടിയുമ്പോൾ ഇടവിളകൾ ലാഭമുണ്ടാക്കാൻ സഹായിക്കുന്നു.
എന്റെ തെങ്ങുകൾ മിക്കവയും വർഷത്തിൽ നൂറിലധികം കായ്ഫലം നൽകുന്നുണ്ട്‌.
ഇളനീരിനായി ഒന്നോ രണ്ടോ കുലകൾ വെട്ടുകയാണെങ്കിൽ വിളവ്‌ ഇനിയും കൂടും.
ശാസ്ത്രീയ പരിചരണമുറകളും അൽപം ശ്രദ്ധയും ചെലുത്തിയാൽ ഏതൊരാൾക്കും കേരകൃഷി
ലാഭകര മാക്കാവുന്നതേയുള്ളു.
     കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ നിന്ന്‌
ഏതെങ്കിലും തരത്തിൽ സഹായം ലഭിച്ചിട്ടുണ്ടോ?
തീർച്ചയായും. നാളികേര വികസന ബോർഡ്‌ നടപ്പിലാക്കുന്ന സമഗ്രകേര വികസന
പദ്ധതിയുടെ ഭാഗമായി മുൻ വർഷങ്ങളിൽ വളവും മറ്റ്‌ സഹായങ്ങളും
ലഭിച്ചിട്ടുണ്ട്‌.
     നാളികേര വികസന ബോർഡ്‌ നടപ്പിലാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച്‌
താങ്കൾക്ക്‌ അറിയാമോ?
ചങ്ങാതിക്കൂട്ടത്തെപ്പറ്റിയും ഉത്പാദക സംഘങ്ങളെപ്പറ്റിയും പത്രങ്ങളിലും
നാളികേര ജേണലിലും വായിച്ചറിഞ്ഞിരുന്നു. ഇടുക്കി ജില്ലയിലെ
ചങ്ങാതിക്കൂട്ടം പരിശീലനത്തിന്‌ വരുന്നവർ തെങ്ങിൻ തോപ്പിലെ പരിചരണമുറകൾ
കാണാനും പഠിക്കാനും എന്റെ തോട്ടത്തിൽ വരാറുണ്ട്‌. തെങ്ങുകയറ്റ
തൊഴിലാളികളെ ലഭ്യമാക്കാൻ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതി അഭിനന്ദനാർഹമാണ്‌.
നാളികേര ഉത്പാദക സംഘങ്ങൾ ഭാവിയിലേക്കുള്ള മുതൽക്കൂട്ടാണ്‌.
കൃഷിയിൽ നിന്നും വൻ ലാഭം കൊയ്യുന്നതിലുപരി വരും തലമുറകളുടെ ആരോഗ്യ
സംരക്ഷണത്തിലും പ്രകൃതി വിഭവങ്ങളുടെ ബുദ്ധിപൂർവ്വമായ ഉപയോഗത്തിലും ശ്രദ്ധ
ചെലുത്തുകയാണ്‌ സാമൂഹിക പ്രതിബദ്ധതയുള്ള ഈ കർഷകൻ. ഇടവിളകളാൽ സമൃദ്ധമായ
കൃഷിയിടത്തിലൂടെ പ്രായാധിക്യത്തെ വെല്ലുന്ന ആവേശവുമായി നടന്നു നീങ്ങുന്ന
ലൂക്ക ഇടുക്കിയിലെ മുഴുവൻ കേരകർഷകർക്കും ഉദാത്ത മാതൃകയാണ്‌.
മേൽവിലാസം: ഇ.എൽ. ലൂക്ക, തോട്ടുപാട്ട്‌ കൊടിക്കുളം പി.ഒ, തൊടുപുഴ,
ഇടുക്കി, ഫോൺ: 0486-2264646.
ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌

14 Jan 2012

മുറ്റത്തെ തെങ്ങിൽ ധനമുണ്ട്‌


*ദീപ്തി ആർ.

കാ​‍ർഷികവിളകൾ പലതുണ്ടെങ്കിലു വർഷത്തിലുടനീളം കായ്ഫലം തരുന്ന വിളകൾ നാമമാത്രമാണ്‌. ഈയൊരു വിശേഷ ഗുണമുള്ള വിളയാണ്‌ തെങ്ങ്‌. മലയാളനാട്‌ അതിനാൽ അനുഗൃഹീതവും.  നാളികേരമോ നാളികേരോൽപന്നങ്ങളോ ഇല്ലാത്ത ഒരു ജീവിതശൈലി മലയാളിക്ക്‌ ചിന്തിക്കാൻകൂടി സാദ്ധ്യമല്ല. ദിനംപ്രതി നാളികേരത്തിന്റേയും മറ്റ്‌ ഉൽപന്നങ്ങളുടേയും
ആവശ്യകത വർദ്ധിച്ചുവരികയാണ്‌. എന്നാൽ കേരകൃഷി കുതിച്ചുയരേണ്ട ഈ അവസരത്തിൽ
ഭൂരിഭാഗം കർഷകരും കേരകൃഷി ലാഭകരമല്ല  എന്ന ചിന്താഗതിക്കാരായി
മാറിയിരിക്കുന്നു.


മറ്റ്‌ വാണിജ്യമേഖലകളിലെന്നപോലെ അസംസ്കൃത വസ്തുക്കളുടെ
വിലക്കയറ്റം ഇന്ന്‌ കാർഷികമേഖലയിലും പ്രബലമാണ്‌. അതിനാൽ കേരകൃഷിയെന്നത്‌
തേങ്ങയും വെളിച്ചെണ്ണയും എന്നതിൽ മാത്രം ഒതുങ്ങി നിൽക്കാതിരിക്കേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു; മറ്റ്ചില നൂതന ആശയങ്ങൾക്ക്‌ കൂടി സ്ഥാനം
കൊടുക്കേണ്ടതുണ്ട്‌. മുറ്റത്തെ തെങ്ങിൽ ധനമുണ്ട്‌ എന്ന വസ്തുത നാം
മനസ്സിലാക്കേണ്ടിയിരിക്കുന്നു. പരമ്പരാഗത കൃഷിരീതികളുടേയും നൂതന
ആശയങ്ങളുടേയും സമന്വയത്തിലൂടെ കേരകർഷക കുടുംബങ്ങളുടെ ജീവിതനിലവാരം
ഉയർത്താൻ സാധ്യമാണ്‌. കൃത്യമായ ആസൂത്രണവും വിപണിയുടെ ആവശ്യങ്ങൾ മുൻകൂട്ടി
കണ്ട്‌ പ്രവർത്തിക്കാനും കഴിയുമെങ്കിൽ ആർക്കും അനായാസേന ലാഭകരമായ ഒരു
സംരംഭത്തിനുടമയാകാം. തെങ്ങിനെ കേന്ദ്രീകരിച്ച്‌ ആരംഭിക്കാവുന്ന ചില സംരംഭങ്ങളെ പരിചയപ്പെടുത്തട്ടെ.

വൃക്ഷം ഒന്ന്‌, ഉൽപന്നങ്ങൾ പലത്ത്‌
കൊപ്രയും വെളിച്ചെണ്ണയും അല്ലാതെ മറ്റ്‌ നിരവധി നാളികേരോൽപന്നങ്ങൾ ഇന്ന്‌
വിപണിയിലെ താരങ്ങളാണ്‌. തേങ്ങാപ്പാൽ സംസ്കരിച്ചെടുക്കുന്ന നാളികേരക്രീം,
തേങ്ങാപ്പാൽപ്പൊടി, സംസ്കരിച്ച്‌ പാക്ക്‌ ചെയ്ത ഇളനീർ, നാളികേര വിനാഗിരി,
തൂൾത്തേങ്ങ, നാളികേര ജാം മുതലായവ ഇവയിൽ പ്രധാനപ്പെട്ടത്‌ മാത്രം.
തിരക്കേറിയ ജീവിതശൈലിയും മാറിയ ഭക്ഷണരീതികളും അതിലുപരി ആരോഗ്യദായകമായ
ഭക്ഷ്യവസ്തുക്കളെക്കുറിച്ച്‌ വർദ്ധിച്ചുവരുന്ന അവബോധവും ഇത്തരം
ഉൽപന്നങ്ങളെ പ്രാധാന്യമുള്ളതാക്കുന്നു. അനായാസേനയുള്ള പാചകവും സമയലാഭവും
നാളികേര ക്രീമിനേയും തേങ്ങാപ്പാൽ പൊടിയേയും വീട്ടമ്മമാർക്ക്‌
പ്രിയങ്കരമാക്കുന്നു. തെങ്ങിൻ തോപ്പ്‌ സ്വന്തമായുള്ള ഒരു കർഷകനോ കർഷക
കൂട്ടായ്മയ്ക്കോ ഒരു സംസ്ക്കരണയൂണിറ്റ്‌ തുടങ്ങുന്ന തിനെക്കുറിച്ച്‌
ചിന്തിക്കാവുന്നതാണ്‌. വെർജിൻ കോക്കനട്ട്‌ ഓയിലോ, നാളികേരവിനാഗിരിയോ,
തൂൾതേങ്ങയോ എന്തുമാകട്ടെ ആ യൂണിറ്റിൽ ഉത്പാദിപ്പിക്കുന്നത്‌, കർഷകർക്ക്‌
അധിക വരുമാനത്തിനുള്ള ഒരു മാർഗ്ഗം തന്നെയാണത്‌.

അതിഥികളെ സ്വീകരിക്കൂ - തെങ്ങിൻ തോപ്പുകളിൽ
ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്ന ഒരു തെങ്ങിൻതോപ്പ്‌ നിങ്ങൾക്കുണ്ടോ?
അതിലുപരി അതിഥികളെ സ്വീകരിക്കുവാൻ നിങ്ങൾ തൽപരരാണോ? എങ്കിൽ നിങ്ങളെ
കാത്തിരിക്കുന്നത്‌ ഫാം ടൂറിസത്തിന്റെ അനന്തസാധ്യതകളാണ്‌. ഫാം ടൂറിസം
അഥവാ കൃഷിയിടത്തിലെ ടൂറിസം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌
മറ്റൊന്നുമല്ല, സാധാരണയായി കൃഷിയിടത്തിൽ ചെയ്ത്‌ വരാറുള്ള കൃഷി രീതികൾ,
അത്‌ ആസ്വദിക്കാൻ വരുന്ന സഞ്ചാരികൾക്ക്‌ മുൻപിൽ ആകർഷകമായി അവതരിപ്പി
ക്കുക എന്നത്‌ മാത്രമാണ്‌. വർഷം തോറും നിരവധി വിനോദസഞ്ചാരികൾ
കേരളത്തിലെത്തുന്നുണ്ട്‌. കണ്ട്‌ മടുത്ത കാഴ്ചകൾക്ക്‌ പകരം ചില സഞ്ചാരികൾ
തേടിയെത്തുന്നത്‌ കൃഷിയിടത്തിലെ പ്രകൃതിദൃശ്യങ്ങളാണ്‌.  തോട്ടത്തിലെ
കൃഷിരീതികൾ, വിളവെടുപ്പ്‌, സംസ്കരണം എന്നിവ അവരിൽ കൗതുകം
ജനിപ്പിക്കാറുണ്ട്‌. ഇത്തരം സഞ്ചാരികൾക്കായി താമസസൗകര്യം തെങ്ങിൻതോപ്പിൽ
തന്നെ ഒരുക്കാൻ പറ്റിയാൽ നല്ല ഒരു ടൂറിസം യൂണിറ്റ്‌ തുടങ്ങാനാകും.
കേരടൂറിസം എന്നോ കോക്കനട്ട്‌ ടൂറിസം എന്നോ അതിന്‌ പേരിടാം. കഴിക്കാൻ
തേങ്ങാപ്പാൽ ചേർത്ത വിഭവങ്ങളും, കരിക്ക്‌ പ്രഥമനും, കുടിക്കാൻ ഇളനീരും
കൂടി നൽകുകയാണെങ്കിൽ വിനോദസഞ്ചാരിയുടെ മനസ്സ്‌ നിറയും, സംരഭകന്‌ കൈനിറയെ
പണവും. അത്‌ ജൈവകൃഷിയും ജൈവോൽപന്നങ്ങളുമാണെങ്കിലോ സാദ്ധ്യതകൾ വീണ്ടും
വർദ്ധിക്കുകയാണ്‌.

നല്ല നടീൽ വസ്തുക്കളുടെ ഉത്പാദനം
നല്ല ആദായകരമായ ഒരു തെങ്ങിൻതോപ്പ്‌ ഉണ്ടാക്കണമെങ്കിൽ ആദ്യം വേണ്ടത്‌ നല്ല
നടീൽ വസ്തുക്കളാണ്‌. എന്നാൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ആവശ്യത്തിന്‌
ലഭ്യമല്ല.  തെങ്ങിൻ തോപ്പിൽ ലക്ഷണമൊത്ത മാതൃവൃക്ഷങ്ങൾ ഉണ്ടെങ്കിൽ
വിത്തുതേങ്ങ സംഭരണവും വിപണനവും നടത്താവുന്നതാണ്‌.  ഭക്ഷ്യ ആവശ്യങ്ങൾക്ക്‌
ഉപയോഗിക്കുന്ന തേങ്ങയേക്കാൾ കൂടുതൽ വില വിത്ത്‌ തേങ്ങയ്ക്ക്‌
ലഭിക്കുമെന്നതും, വിപണിയിലെ വിത്തുതേങ്ങ ദൗർലഭ്യവും ഈ സംരഭത്തെ
ലാഭകരമാക്കും. അടുത്തപടിയായി തെങ്ങിൻതൈ ഉൽപാദനത്തിന്‌ മാത്രമായി ഒരു
നഴ്സറി തുടങ്ങുകയാണെങ്കിൽ വരുമാനം കൂടുതൽ വർദ്ധിപ്പിക്കാം. ഇത്തരം
നഴ്സറികൾ തുടങ്ങാനുള്ള ധനസഹായം ബോർഡിൽ നിന്നും ലഭ്യമാണ്‌.
പലവിളകൾ ഒരു കുടക്കീഴിൽ
ശാസ്ത്രീയമായ രീതിയിൽ നിർദ്ദിഷ്ട അകലത്തിൽ നട്ടുപിടിപ്പിച്ചിട്ടുള്ള ഒരു
തെങ്ങിൻ തോപ്പിൽ മറ്റ്‌ വിളകൾക്ക്‌ വളരാനും സ്ഥലം ലഭ്യമാണ്‌. ഇത്തരത്തിൽ
ലഭ്യമായ സ്ഥലത്ത്‌ മറ്റ്‌ വിളകൾ കൃഷി ചെയ്യാം. പച്ചക്കറികൾ, കിഴങ്ങ്‌
വർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പഴവർഗ്ഗങ്ങൾ, ഔഷധസസ്യങ്ങൾ തുടങ്ങി ഏതിനം
വിളകളുടെ കൂടെയും പൊരുത്തപ്പെട്ട്പോകാൻ കഴിയുമെന്ന സ്വഭാവഗുണം
തെങ്ങിനുണ്ട്‌. ഇടവിളകൃഷി വരുമാനവർദ്ധനവിനുള്ള മാർഗ്ഗമാണെന്ന്‌ പൊതുവേ
അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കി
ലും തന്ത്രപരമായി ഇടവിളയെ
നിശ്ചയിക്കുന്നതിലാണ്‌ ഒരു യഥാർത്ഥകർഷകന്റെ വിജയം. വിപണന സാധ്യതകൾ
മുൻകൂട്ടികണ്ട്‌ വിപണിയിൽ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ
മനസ്സിലാക്കി വേണം ഇടവിളയെ തെരഞ്ഞെടുക്കാൻ. കുരുമുളക്‌, ജാതി, ഗ്രാമ്പു
തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും വാഴയും പൈനാപ്പിളും ചേനയും മറ്റും വിപണി
സജീവമാകുമ്പോൾ നല്ല വില ലഭിക്കുന്ന വിളകളാണ്‌. ജൈവകൃഷിരീതികൾ
പൈന്തുടരുന്ന തോട്ടങ്ങളിൽ വളർത്തുന്ന ചെത്തിക്കൊടുവേലി, തിപ്പലി, കച്ചോലം
തുടങ്ങിയ ഔഷധസസ്യങ്ങൾക്ക്‌ വിപണനസാധ്യതകൾ ഏറെയാണ്‌. ഇത്തരത്തിൽ ബഹുവിളകൾ
കൃഷി ചെയ്യുന്നതിലൂടെ തെങ്ങിൻ തോപ്പുകളിൽ നിന്ന്‌ അധികവരുമാനം
ഉറപ്പാക്കാം.
കുപ്പയിലെ മാണിക്യം
തെങ്ങിൻ തോപ്പിലെ വിളവെടുപ്പ്‌ കഴിയുന്നതോടെ ധാരാളം ഓലകളും മറ്റ്‌
ജൈവാവശിഷ്ടങ്ങളും ഉണ്ടാകാറുണ്ട്‌. എന്നാൽ ഇത്തരം പാഴ്‌വസ്തുക്കളെ അപ്പാടെ
അവഗണിക്കുന്നവർ നിരവധിയാണ്‌. ഓലപോലുള്ള ജൈവാവശിഷ്ടങ്ങൾ വിലയേറിയതും
സസ്യപോഷകസമ്പുഷ്ടവുമായ കമ്പോസ്റ്റ്‌ വളങ്ങൾ നിർമ്മിക്കാൻ
ഉപയോഗിക്കാവുന്നതാണ്‌. യൂഡ്രില്ലസ്‌ യൂജിനെപോലെയുള്ള മണ്ണിരകളെ
ഉപയോഗിച്ച്‌ ഇത്തരം അവശിഷ്ടങ്ങളെ നമുക്ക്‌ മേന്മയേറിയ ജൈവവളമാക്കി
മാറ്റാം. ചകിരിച്ചോറിൽ നിന്നും ഇത്തരം വളനിർമ്മാണം സാദ്ധ്യമാണ്‌. രാസവള
ഉപയോഗം ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത്‌ ജൈവവളങ്ങൾക്കുള്ള പ്രസക്തി
അവയുടെ വിപണനസാധ്യത ഉയർത്തുന്നു.
മറ്റ്‌ ചെറുകിട സംരംഭങ്ങൾ
തെങ്ങിൻതോപ്പുകളിൽ തേനീച്ചകൃഷി നടത്തുന്ന തിലൂടെ അധികവരുമാനത്തോടൊപ്പം
തെങ്ങിൽ നിന്ന്‌ ഉയർന്നവിളവും പ്രതീക്ഷിക്കാം. പൂങ്കുലകളിൽ പൂമ്പൊടിയും
തേനും ശേഖരിക്കാനെത്തുന്ന തേനീച്ചകൾ തെങ്ങിലെ പരാഗണത്തേയും അതുവഴി
കായ്പിടുത്ത ത്തേയും ത്വരിതപ്പെടുത്തുന്നു. ഇടവിളയായി തീറ്റപ്പുല്ലും
ചെറിയ രീതിയിൽ തുടങ്ങി പിന്നീട്‌ വലിയ രീതിയിലേക്ക്‌ മാറാവുന്ന ഒരു
ക്ഷീരോത്പാദക യൂണിറ്റും നല്ല വരുമാനമാർഗ്ഗങ്ങളാണ്‌. പാൽ, പാലുൽപന്നങ്ങൾ
എന്നിവയ്ക്ക്‌ മോശമല്ലാത്ത വില ലഭിക്കുന്ന സാഹചര്യമാണുള്ളത്‌. അതോടൊപ്പം
തെങ്ങിനാവശ്യമായ കാലിവളവും ലഭ്യമാകും
.
തെങ്ങിനെ മാത്രം ആശ്രയിച്ചുള്ള കൃഷിരീതിയിൽ നിന്ന്‌ മാറി, തെങ്ങിനെ
കേന്ദ്രബിന്ദുവാക്കി ചുറ്റിലുമുള്ള വിഭവങ്ങൾകൂടി ഉൾപ്പെടുത്തിയാവണം
ഇനിയങ്ങോട്ടുള്ള കേരകൃഷി. കേരകൃഷി ലാഭകരമല്ല എന്ന പൈന്തിരിപ്പൻ
ചിന്താഗതിയെ മാറ്റേണ്ടത്‌ അനിവാര്യമാണ്‌. ഓരോ വീട്ടുമുറ്റത്തുമുളള
തെങ്ങുകളെല്ലാം ധനം കായ്ക്കുന്ന വൃക്ഷങ്ങളാക്കാൻ ഓരോ കർഷകസുഹൃത്തും
മുന്നിട്ടിറങ്ങേണ്ടതാണ്‌.

*ടെക്നിക്കൽ ആഫീസർ,
നാളികേര വികസന ബോർഡ്‌, കൊച്ചി-11

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...