Showing posts with label manoj. Show all posts
Showing posts with label manoj. Show all posts

21 Aug 2015

ചിങ്ങപ്പെണ്ണ്‌



മേട്ടുംപുറത്ത്‌  മനോജ്

ചിങ്ങപ്പെണ്ണ് ചിരിച്ചു,തൊടിയിൽ പലവർണ്ണപ്പൂക്കൾ വിരിഞ്ഞു
പൂക്കളിറുക്കാൻ കുട്ടികൾവന്നുപൂമ്പാറ്റകളെപ്പോലെ
തെച്ചിപ്പൂവുംചേമന്ദീയും വട്ടികൾനീളെനിറച്ചു
നന്ത്യാർവട്ടംചിണുങ്ങിനിന്നുനാണങ്കുണുങ്ങിയെപ്പോലെ
തുമ്പപ്പൂവും പിച്ചിപ്പൂവും ഓരോവരികൾതീർത്തു
കൃഷ്ണതുളസി ഗർവ്വ്വ്നടിച്ചു ഔഷധരാജ്ഞിയെന്നോർത്ത്‌
ചിങ്ങത്തുമ്പിചിത്തിരത്തുമ്പി എങ്ങോട്ടാണീയാത്രാ
അമ്പലക്കുളത്തിലെത്താമരപ്പെണ്ണിന്റെപൊന്നുംകുടത്തിന്‌ ചോറൂണ്‌
അമ്പലക്കുളവുംആൽത്തറയും ഇനിയൊരു പഴങ്കഥയാവും
മുത്തശ്ശിയമ്മപറഞ്ഞുകൊടുക്കുംകുട്ടികൾകേട്ടുചിരിയ്ക്കും
പുത്തനുടുപ്പുംപൂവടയുംഇന്നെന്തൊരുസുന്ദരസ്വപ്നം
പട്ടിണിമരണംപതിവാക്കിയത്കേരളമാണെന്നോർക്കേണം
കുഞ്ഞിച്ചുണ്ടിൽവിരിഞ്ഞീടുംപുഞ്ചിരിപ്പൂക്കളെകാക്കേണം
കുഞ്ഞുങ്ങൾക്കുതുണയാകാൻനാംഓരൊനാളുംഒരുങ്ങേണം
നാളെനമുക്ക്കണികാണാൻ ഈ പൂക്കൾ ബാക്കിയാകേണം.

19 Aug 2012

അഭിമുഖം


മനോജ്‌

നിശ്ശബ്ദനായിരിക്കുന്നതിന്റെ മാനങ്ങൾ വെളിപ്പെടുത്തുകയാണ് കഥാകൃത്ത്
നിശ്ശബ്ദതയുടെ പ്രക്ഷുബ്ധതകൾ
മനോജ്‌: അവസരം കിട്ടിയാൽ യാത്ര ചെയ്യുന്നവനാണ്‌ ഞാൻ. യാത്രകളെ
ഉല്ലാസയാത്രകളാക്കിത്തീർക്കാതി
രിക്കാൻ ശ്രമിക്കാറുണ്ട്‌. യാത്രകൾ
സ്വകാര്യതയിൽ നിന്നുള്ള മോചനമാണ്‌. യാത്ര ചെയ്യുമ്പോൾ പ്രാരബ്ധങ്ങളുടെ
ഭാരം മറക്കുന്നു. പല യാത്രകളും എന്റെ ജീവിതബോധത്തെ
വർദ്ധിപ്പിച്ചിട്ടുണ്ട്‌. കാഴ്ചയുടെ പരിധിയെ വിശാലമാക്കാൻ യാത്രകൾ
സഹായിച്ചിട്ടുണ്ട്‌.
എം.സുകുമാരൻ: യാത്ര ചെയ്യാൻ ഇഷ്ടപ്പെടുകയും തീരെ യാത്ര ചെയ്യാത്ത
വ്യക്തിയുമാണ്‌ ഞാൻ. രോഗങ്ങൾ നൽകുന്ന അവസ്ഥ വാക്കുകൾക്ക്‌ അപ്പുറത്താണ്‌.
രോഗി ഏതുസമയത്തും പരസഹായം അർഹിക്കുന്നു. അയാൾക്ക്‌ എവിടെയും പ്രത്യേക
പരിഗണനകൾ വേണം. മനസ്സ്‌ സജീവമാണെങ്കിലും ശരീരം തളരുമ്പോൾ ആർക്കും ഒന്നും
ചെയ്യാനാവില്ല.
        ചെറുപ്പത്തിൽ മനോജിനെപ്പോലെ ബസുയാത്രയാണ്‌ ഞാനും ഇഷ്ടപ്പെട്ടിരുന്നത്‌.
സൗകര്യങ്ങൾ കൂടുതലാണെങ്കിലും ട്രെയിൻ യാത്ര വിരസമാണ്‌.
മനുഷ്യജീവിതത്തിൽക്കൂടെയല്ല. ആവർത്തന വിരസമായ കാഴ്ചകളിൽക്കൂടെയാണ്‌
ട്രെയിൻ കടന്നുപോകുന്നത്‌. ബസ്സ്‌ യാത്ര ജീവിതത്തിന്റെ വൈവിധ്യങ്ങളെ
വെളിപ്പെടുത്തുന്നു. നമ്മൾ യാത്രചെയ്യുകയല്ല. ആൾക്കൂട്ടത്തിന്റെ
നടുക്കുതന്നെ ജീവിക്കുകയാണ്‌.
        തിരുവനന്തപുരത്ത്‌ നിന്ന്‌ ചിറ്റൂരിലേക്ക്‌ കുടുംബസഹിതമുള്ള യാത്ര കനത്ത
സാമ്പത്തിക ബാധ്യതയാണ്‌. അമ്മയും അച്ഛനും ജീവിച്ചിരുന്നപ്പോൾ
നാട്ടിലേക്കുള്ള യാത്രയെ ഒഴിവാക്കാനായില്ല. പ്രായം കൂടുന്തോറും യാത്രകൾ
അസഹനീയമായ അനുഭവങ്ങളായി. എത്തിയ ഇടത്തെല്ലാം രോഗം ബാധിച്ചു
കിടക്കേണ്ടിവരുന്നു. നിരന്തരം കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായി
ഇയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരുന്നു. അത്യാവശ്യമായ യാത്രകൾ പോലും ചെയ്യാൻ
കഴിയാത്ത അവസ്ഥയാണ്‌. റെയിൽമാപ്പുനോക്കി നീണ്ടയാത്രകളെക്കുറിച്ച്‌
വ്യാമോഹത്തോടെ ചിന്തിക്കാമെന്നു മാത്രം.
        എഴുത്തുകാരന്‌ യാത്രകൾ അത്യാവശ്യമാണ്‌. അവന്റെ മനസ്സിൽ ഭൂപ്രദേശങ്ങളുടെ
ബിംബങ്ങൾ നിറയും. ജീവിതത്തിന്റെ വൈവിധ്യത്തേയും യാത്രകൾ
ബോധ്യപ്പെടുത്തും. യാത്ര ആന്തരികാനുഭവമാക്കി തീർക്കാൻ കഴിയണം.
ഉൾക്കാഴ്ചയാണ്‌ യാത്രക്കാരന്റെ ശക്തി. ഉൾക്കാഴ്ചയുള്ള
യാത്രക്കാരനുമാത്രമേ യാത്ര തിരിച്ചറിവാകുകയുള്ളൂ.
മനോജ്‌: പണം മാനദണ്ഡമായ സമൂഹത്തിൽ മനുഷ്യബന്ധങ്ങൾക്ക്‌
പ്രസക്തിയില്ലല്ലോ. കോടിരൂപ ഉണ്ടെങ്കിൽ ആർക്കും കോടീശ്വരനാകാം. പുതിയ
ഈശ്വരനാകാം. സാമ്പത്തികവിഷമം മൂലമുള്ള അവഹേളനകൾ താങ്കൾ
അനുഭവിച്ചിട്ടുണ്ടോ?
എം.സുകുമാരൻ: ഓരോ വ്യക്തിയും വ്യത്യസ്ത സാഹചര്യങ്ങളിലാണ്‌
ജീവിക്കുന്നത്‌. ഒരേ അനുഭവത്തെ രണ്ടുപേർ വ്യത്യസ്തമായാണ്‌
അനുഭവിക്കുന്നത്‌. അധികാരവും സമ്പത്തും മാനദണ്ഡമാക്കിയ സമൂഹത്തിൽ
ജീവിക്കുന്ന വ്യക്തികളും ഇവയുടെ പ്രണേതാക്കൾ തന്നെയാണ്‌. മിക്ക
മനുഷ്യരുടേയും ഇടപെടലുകളുടെ ലക്ഷ്യം സ്വകാര്യമായ നേട്ടങ്ങൾ തന്നെയാണ്‌.
ഇത്‌ എല്ലാ ബന്ധങ്ങൾക്കും ബാധകമാണ്‌.
        അവഗണിക്കപ്പെട്ട, എഴുത്തുകാരനാണല്ലോ താങ്കൾ. അതുകൊണ്ട്‌ അവഗണന
സ്വാഭാവികമാണ്‌. എന്റെ അവസ്ഥ കുറെക്കൂടി ഭേദപ്പെട്ടതാണ്‌. അറിയപ്പെടുന്ന
എഴുത്തുകാരനായതുകൊണ്ട്‌ സമൂഹവും സുഹൃത്തുക്കളും ബന്ധുക്കളും
ആദരിക്കുന്നുണ്ട്‌. നന്മകൂടുതലുള്ള സുഹൃത്തുക്കളും ബന്ധുക്കളുമാണ്‌ എന്റെ
ചുറ്റിലുമുള്ളത്‌.
        അവഗണനയും അപമാനവും അസഹ്യമായ അനുഭവങ്ങളാണ്‌. എവിടെയും അർഹിക്കുന്നത്‌
കിട്ടണം. വളരെ കുറിച്ച്‌ എഴുതി ഒരുപാടു നേട്ടങ്ങൾ ഉണ്ടാക്കിയ ആളാണ്‌ ഞാൻ.
അനർഹമായ പലതും എനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. അത്‌ നൽകുന്നവരുടെ
മഹാമനസ്ക്കത. എഴുത്ത്‌ ജീവരക്തത്തെ വാക്കുകളിൽ നിക്ഷേപിക്കലാണ്‌.
ശാരീരികവും മാനസികവുമായ പീഢനം. മറ്റൊരു തരത്തിൽ പറഞ്ഞാൽ എഴുത്തുകാരന്റെ
പീഢനങ്ങളെ സമൂഹം ആദരിക്കുമ്പോൾ എഴുതപ്പെട്ട ഓരോ വാക്കുകളും
ജീവസാന്നിദ്ധ്യമായി തുടരുന്നു.
        തിന്മനിറഞ്ഞ ലോകത്തിൽ നന്മയുടെ ഇടം കണ്ടെത്തുക പ്രയാസമാണ്‌.
മനോജ്‌: സുഖങ്ങൾ മാത്രമുള്ള സ്വർഗ്ഗത്തെ അല്ല ദുരിതങ്ങൾ നിറഞ്ഞ
നരകത്തെയാണ്‌ എനിക്കിഷ്ടം. ദുരിതങ്ങളും ദുഃഖങ്ങളുമാണ്‌ ജീവിതത്തെ
സംബന്ധിച്ച തിരിച്ചറിവു നൽകുക. ജീവിതത്തെ സംബന്ധിച്ച താങ്കളുടെ
നിരീക്ഷണങ്ങൾ എന്താണ്‌?
എം.സുകുമാരൻ: എന്റെ എഴുത്തിന്റെ നല്ല നാളുകളിൽ അസ്തിത്വവാദമാണ്‌
ധൈഷണികതയെ, സാഹിത്യമണ്ഡലത്തെ ഭരിച്ചിരുന്നത്‌. കമ്മ്യൂണിസ്റ്റ്‌
പ്രത്യയശാസ്ത്രം സാഹിത്യത്തിൽ അവഗണിക്കപ്പെട്ട പ്രസ്ഥാനമാണ്‌. അതിനു
കാരണം സോഷ്യലിസ്റ്റ്‌ റിയലിസത്തിന്റെ സമൂഹത്തോടുള്ള കാഴ്ചപ്പാടാണ്‌.
വർഗ്ഗീയമായി സമൂഹത്തെ വിഭജിക്കുമ്പോൾ വ്യക്തികൾ അപ്രസക്തമാകുന്നു. അവരുടെ
മനോവിചാരങ്ങൾ, സ്വകാര്യ അനുഭവങ്ങൾ, എല്ലാം അവഗണിക്കപ്പെടുന്നു.
സ്ഥലത്തേയും കാലത്തേയും സാമാന്യവൽക്കരിക്കുമ്പോൾ വ്യക്തിത്വങ്ങളും
യാന്ത്രികമാകുക സ്വാഭാവികമാണ്‌. യാഥാർത്ഥ്യത്തെ അല്ല അയഥാർത്ഥ്യത്തെയാണ്‌
സോഷ്യലിസ്റ്റ്‌ റിയലിസം പെരുപ്പിച്ചുകാട്ടിയത്‌.
        ദാരിദ്ര്യം കണ്ടുവളർന്ന ഞാൻ യാഥാർത്ഥ്യത്തെയാണ്‌ എപ്പോഴും ഉൾക്കൊണ്ടത്‌.
ദാരിദ്ര്യമാണ്‌ എന്റെ ജീവിതാവബോധത്തിന്റെ വികാസപരിണാമകേന്ദ്രം.
ദൈവത്തിന്റെ അനീതിയെ ദാരിദ്ര്യത്തിൽ നിന്നാണ്‌ ഞാൻ തിരിച്ചറിഞ്ഞത്‌.
ദൈവമല്ല ഭക്ഷണമാണ്‌; ഭൗതികസാഹചര്യമാണ്‌; പ്രാധാന്യമെന്ന്‌ ഞാൻ
തിരിച്ചറിഞ്ഞത്‌ ദരിദ്രരിൽ നിന്നാണ്‌. എന്റെ തലമുറയിലെ എല്ലാ
എഴുത്തുകാരും ദാരിദ്ര്യം എന്താണെന്ന്‌ അറിഞ്ഞവരാണ്‌. വ്യത്യസ്ത ദിശയിൽ
സഞ്ചരിച്ചെങ്കിലും ഞങ്ങൾക്കെല്ലാം ജീവിതത്തെ സംബന്ധിച്ച്‌ വ്യക്തമായ ധാരണ
ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞു.
മനോജ്‌: നിരൂപണത്തേയും സർഗ്ഗാത്മസാഹിത്യത്തേയും താങ്കൾ എങ്ങനെയാണ്‌ കാണുന്നത്‌?
എം.സുകുമാരൻ: നമ്മുടെ നിരുപണരംഗം പൊതുവെ മലിനമാണ്‌. മൗലികമായ ചിന്തകൾ
യാതൊന്നും തന്നെ ഇല്ല. എല്ലാവരും പാശ്ചാത്യരെ കടമെടുത്താണ്‌ ഉപജീവനം
നടത്തുന്നത്‌. സർഗ്ഗാത്മകത സ്വന്തം മണ്ണിനെക്കുറിച്ചു പറയുമ്പോൾ നിരൂപണം
അന്യന്റെ അളവുകോലുമായി രചനയെ സമീപിക്കുകയാണ്‌. ആധുനിക സാഹിത്യസൃഷ്ടികളുടെ
അടിത്തറ പാശ്ചാത്യം തന്നെയാണ്‌. പക്ഷേ ഇവിടത്തെ എഴുത്തുകാരൻ ഇവിടത്തെ
ജീവിതത്തെക്കുറിച്ചാണ്‌ പറയുന്നത്‌. മാധ്യമരീതി പാശ്ചാത്യമാണെന്നു
മാത്രം. നിരൂപണത്തിന്റെ സ്ഥിതി ഇതല്ല. അത്‌ പാശ്ചാത്യ ധൈഷണികതയുടെ
അന്ധമായ പകർപ്പാണ്‌. മൗലികമായ ഒരു നിരീക്ഷണം പോലുമില്ല.
        മനുഷ്യജീവിതത്തെക്കുറിച്ചു പറയുന്ന സാഹിത്യകാരന്‌ എവിടെ എങ്കിലും നന്മ
കാണും. ജീവിതവുമായി നേരിട്ടു ബന്ധമില്ലാത്ത നിരൂപകനിൽ നിന്ന്‌ നന്മ
പ്രതീക്ഷിക്കരുത്‌. നിരൂപകന്റെ മാർദ്ദവമായ തലോടൽ വളരെയധികം ഞാൻ
അനുഭവിച്ചിട്ടുണ്ട്‌. എന്റെ നേർക്കുള്ള നിരൂപകരുടെ സമീപനങ്ങൾക്ക്‌
സാഹിത്യബാഹ്യമായ അനേകം കാരണങ്ങൾ കാണും.
മനോജ്‌: താങ്കളുടെ കഥകൾ സിനിമ ആക്കിയിട്ടുണ്ടല്ലോ? ഇത്‌ എന്തനുഭവമാണ്‌
നൽകിയത്‌? സാമ്പത്തിക നേട്ടമുണ്ടായോ?
എം.സുകുമാരൻ: എന്റെ കഥകളുടെ പ്രമേയം രാഷ്ട്രീയമാണ്‌. എന്റെ കഥകളെ സിനിമ
ആക്കിയവരും രാഷ്ട്രീയ പ്രതിബന്ധതയെയാണ്‌ നിർവ്വഹിച്ചതു. സാഹിത്യം
കാലഘട്ടത്തിന്റെ പ്രതിച്ഛായ ഉൾക്കൊള്ളുന്നതുപോലെ അവരും കാലത്തെ
ഉൾക്കൊണ്ടു പ്രതിബദ്ധതയ്ക്ക്‌ സംഭവിക്കുന്ന ദുരന്തം തന്നെ അത്തരം
സിനിമകൾക്കുമുണ്ടായി.  കലയും ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളും അവരുടെ
സിനിമകളിൽ നിന്ന്‌ ചോർന്നുപോയി. മാറിയ കാലത്ത്‌ അവ വീണ്ടും കാണുമ്പോൾ
അസഹനീയമായ അനുഭവങ്ങളായി. പ്രതിബദ്ധതയ്ക്ക്‌ അപ്പുറത്തുള്ളതും
പ്രതിബദ്ധതകൊണ്ട്‌ ഇല്ലാതാകുന്നതുമാണ്‌ ജീവിതം. കല. ഇവയെ സൂക്ഷ്മമായി
കൈകാര്യം ചെയ്യണം. ആശയത്തെയും കാലികാവസ്ഥയേയും ഒഴിവാക്കിയാലും
സർഗ്ഗസൃഷ്ടി നിലനിൽക്കണമെങ്കിൽ കല വേണം. പ്രതിബദ്ധതാസാഹിത്യത്തിലും
അത്തരം സിനിമകളിലും കലയുടെ നിരാസമാണ്‌ സംഭവിച്ചതു. പ്രമേയത്തേയും
വാക്കുകളേയും ഗൗരവമായി സമീപിച്ച എനിക്ക്‌ സാഹിത്യത്തിൽ രചനാശിൽപത്തെ
സംരക്ഷിക്കാനായി.
        ശേഷക്രിയയും സംഘഗാനവും ഉണർത്തുപാട്ടും, പിതൃതർപ്പണവും, തിത്തുണ്ണിയും
സിനിമയാക്കിയിട്ടുണ്ട്‌. സിനിമയ്ക്കുവേണ്ടി പിതൃതർപ്പണം 'മാർഗ്ഗ'മായി.
തിത്തുണ്ണി 'കഴക'മായി. ശേഷക്രിയയാണ്‌ ഒരിക്കലും മറക്കാത്ത
അനുഭവമായിത്തീർന്നത്‌. കുറച്ചു ചെറുപ്പക്കാർ ചേർന്നാണ്‌ ശേഷക്രിയ
സിനിമയാക്കുന്നത്‌. രാഷ്ട്രീയ പ്രതിബദ്ധത ഉണ്ടെങ്കിലും സാധാരണ
സിനിമാക്കാരുടെ ജീവിതശൈലിയാണ്‌ അവർ തുടർന്നത്‌. യാതൊരു ചിട്ടയുമില്ല.
ലൊക്കേഷൻ സ്ക്രിപ്റ്റ്‌ ഇല്ലാത്തതുകൊണ്ട്‌ ചില ഭാഗങ്ങളുടെ ചിത്രീകരണത്തിൽ
പശ്ചാത്തലമാകെ മാറി. ശേഷക്രിയ തീയറ്ററുകളിൽ എത്താതെ അവസാനിച്ചു.
        പിന്നീട്‌ മാസങ്ങൾ കഴിഞ്ഞ്‌ നിർമ്മാതാക്കളിൽ ഒരാൾ അടിവസ്ത്രവുമായി എന്റെ
വീട്ടിലേക്ക്‌ ഓടിക്കയറിവന്നു. പിന്നാലെ അയാളെ അന്വേഷിച്ച്‌ മറ്റു പലരും.
നിർമ്മാതാവ്‌ ഭ്രാന്തിനു ചികിത്സയിലാണെന്ന്‌ അറിയാൻ കഴിഞ്ഞു.

        ബക്കറുമായുള്ള സൗഹൃദത്തെ ഇപ്പോഴും അഭിമാനത്തോടെ ഞാൻ ഓർക്കുന്നു. തികഞ്ഞ
മാന്യൻ. സിനിമാക്കാരന്റെ ജാഡയില്ല. എം.പി.സുകുമാരൻനായരും വിജയരാഘവനും
ആശ്വാസം നൽകുന്ന അനുഭവമാണ്‌. കഥ എന്റേതാണെങ്കിലും സിനിമാ നിർമ്മാണവുമായി
ഞാൻ ഗാഢമായി ബന്ധപ്പെടാറില്ല. അനാവശ്യമായ മാനസിക സംഘർഷങ്ങളെ
ഒഴിവാക്കാനുള്ള മാർഗ്ഗമാണ്‌. വായനക്കാരന്റെ ആസ്വാദനത്തെ എഴുത്തുകാരന്‌
നിയന്ത്രിക്കാനാവില്ല. അതുകൊണ്ട്‌ സിനിമാ നിർമ്മാണത്തിൽ അനാവശ്യമായ
ഇടപെടലുകൾ നടത്താതെ ഞാൻ മാറിനിന്നു.
മനോജ്‌: ജീവിത വീക്ഷണത്തിന്‌ ദാമ്പത്യം എന്തു മാറ്റങ്ങളാണ്‌ ഉണ്ടാക്കിയത്‌?
എം.സുകുമാരൻ: നഗരജീവിതം സുഖകരമാകണമെങ്കിൽ ധാരാളം പണം വേണം. എന്റേയും
ഭാര്യയുടേയും അവസ്ഥ മറിച്ചാണ്‌. ഞങ്ങളുടെ ജീവിതം ആരംഭിച്ചതുതന്നെ
ദാരിദ്ര്യത്തിന്റെ മേൽത്തട്ടിലാണ്‌. അനാവശ്യങ്ങളെ പരമാവധി ഒഴിവാക്കി,
ലൈൻമുറിയിലെ താമസം ഭാരിച്ച വാടക ഒഴിവാക്കി, ലാളിത്യത്തിന്റെ സൗന്ദര്യം
എന്താണെന്ന്‌ അറിയാൻ എനിക്ക്‌ അവസരമുണ്ടായി.
        രോഗങ്ങളാണ്‌ ജീവതാരംഭം തൊട്ടേ എന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്‌.
വിട്ടുമാറാത്ത ശ്വാസംമുട്ടൽ, ആസ്തമ പിന്നെ പുതുതായിവന്ന രോമം
കൊഴിച്ചിലും. ശരീരത്തിലെ എല്ലാ രോമങ്ങളും നഷ്ടപ്പെട്ടു. രോമങ്ങൾ ഇല്ലാത്ത
മനുഷ്യൻ വികൃതസ്വരൂപമാണ്‌. എന്റെ സർഗ്ഗശേഷിയേയും മനസ്സിനേയും
ഇഷ്ടപ്പെട്ടതുകൊണ്ട്‌ ഭാര്യ എന്റെ എല്ലാത്തരം അവസ്ഥകളോടും
പൊരുത്തപ്പെട്ടു നീങ്ങി. ദാമ്പത്യം സൗഭാഗ്യവും പീഢനവുമാകുന്ന
അവസ്ഥയുണ്ട്‌. ദമ്പതികൾ പരസ്പരം കുറ്റപ്പെടുത്താനുള്ള കാരണങ്ങളും
കണ്ടെത്താം. പരിമിതികളുടെ തിരിച്ചറിവും പാരസ്പര്യം ആവശ്യമാണെന്ന ബോധവും
ഓരോരുത്തർക്കും ഉണ്ടാകണം. ഇക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്‌. വലിയ
കുഴപ്പങ്ങൾ ഇല്ലാത്തത്താണ്‌ എന്റെ ദാമ്പത്യം.
        രജനിയുടെ ജനനത്തോടെയാണ്‌ എന്റെ ജീവിതം സ്വകാര്യമായി പ്രസക്തമാകുന്നത്‌.
മീനാക്ഷി സോസൈറ്റിയിലേക്കു പോയിക്കഴിഞ്ഞാൽ വീട്ടിൽ ഞാൻ തനിച്ചാണ്‌. മകൾ
ജനിച്ചതോടെ സഹായത്തിന്‌ ഭാര്യയുടെ അമ്മയും എത്തി. മക്കൾ നമ്മുടെ എല്ലാം
ജീവിതത്തിന്റെ തുടർച്ചയാണ്‌. ജീവിതത്തിന്റെ പ്രാഥമികമായ പരിപൂർണ്ണത
മക്കളിൽ തന്നെയാണ്‌.
എം.സുകുമാരൻ

        പ്രണയ വിവാഹമാണെങ്കിലും സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഞങ്ങൾ
ബഹിഷ്കൃതരായിട്ടില്ല. എന്റെ വീട്ടുകാരുമായും അവളുടെ ബന്ധുക്കളുമായും
ആദ്യം മുതൽക്കെ നല്ല ബന്ധമാണുള്ളത്‌. അതിന്നും തുടരുന്നു. ഏതുതരം
ബന്ധത്തേയും സൗഹൃദങ്ങളേയും പരമാവധി നിലനിർത്താൻ ഞാൻ ശ്രമിക്കാറുണ്ട്‌.
അവയാണ്‌ എന്റെ ശക്തി. പാരമ്പര്യ ധനസ്രോതസ്സുകൾ ഇല്ലാത്ത എനിക്ക്‌
സുഹൃത്തുക്കളും ബന്ധുക്കളുമാണ്‌ സാമ്പത്തിക സഹായികൾ. എന്റെ കഷ്ടപ്പാടുകളെ
പങ്കുവെയ്ക്കുന്നതും ഇവർ തന്നെയാണ്‌.
മനോജ്‌: സുഖം, സംതൃപ്തി, സുരക്ഷിതത്വം ഇവയാണ്‌ സ്ത്രീ. എന്റെ
അനുഭവനിഷ്ഠമായ ഇത്തരം വീക്ഷണത്തിന്‌ താങ്കളുടെ ജീവിതത്തിൽ എന്തു
പങ്കാണുള്ളത്‌?
എം.സുകുമാരൻ: മനോജിന്റെ നിരീക്ഷണത്തോട്‌ ഭാഗികമായി ഞാൻ യോജിക്കുന്നു.
അനുഭവങ്ങളാണ്‌ ചിന്തയ്ക്ക്‌ ആധാരം. എനിക്ക്‌ വ്യത്യസ്തമായ
അനുഭവങ്ങളാണുള്ളത്‌. എങ്കിലും ഒന്ന്‌ എനിക്ക്‌ ഉറപ്പിച്ചു പറയാൻ കഴിയും
സ്ത്രീ നവീനതയുടേതല്ല, പാരമ്പര്യത്തിന്റെ വക്താവാണ്‌. അവൾ ലോകത്തെ
സൃഷ്ടിക്കുന്നില്ല; മാറ്റിപ്പണിയുന്നില്ല, സംരക്ഷിക്കുക മാത്രമാണ്‌
ചെയ്യുന്നത്‌.
        പരപ്രേരണകൊണ്ടല്ല ഞാൻ ഭൗതികവാദിയായത്‌. സ്വന്തം കണ്ടെത്തലാണ്‌ എന്നെ
ഇവിടെ എത്തിച്ചതു. എന്റെ പ്രിയപ്പെട്ടവരാണെങ്കിലും ഭാര്യയും മകളും
ദൈവവിശ്വാസികളാണ്‌. മതാചാരങ്ങളെ അവർ മുറപോലെ തുടരാറുണ്ട്‌. അന്വേഷണങ്ങൾ
സ്വന്തം അവസ്ഥയെ അപകടത്തിലാക്കും. ആരും പ്രതിസന്ധികളെ ഇഷ്ടപ്പെടുന്നില്ല.
ജീവി എന്ന നിലയിൽ എല്ലാ മനുഷ്യരും സുഖത്തെയാണ്‌ ഇഷ്ടപ്പെടുന്നത്‌. ചില
വിചിത്രജീവികൾ മാത്രം ദുഃഖത്തെ ഏറ്റുവാങ്ങുന്നു.
മനോജ്‌: താങ്കളുടെ ആരോഗ്യസ്ഥിതി എങ്ങനെ? ദൈവസാന്നിദ്ധ്യമില്ലാതെ
ജീവിതത്തെ കുറിച്ചു ചിന്തിക്കാൻ താങ്കൾക്ക്‌ കഴിയുന്നുണ്ടോ?
എം.സുകുമാരൻ: രോഗം ശൈശവം തൊട്ടേ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
അസ്മയാണ്‌ എന്നെ ഏക്കാളത്തും വിഷമിപ്പിക്കുന്നത്‌. പിന്നെ മരുന്നുകൾ
നൽകിയ അനുബന്ധരോഗങ്ങളുമുണ്ട്‌. ഇടയ്ക്ക്‌ അപൂർവ്വമായ ഒരു രോഗവും
ബാധിച്ചു. ശരീരത്തിലെ രോമങ്ങളെല്ലാം കൊഴിഞ്ഞുപോയി. രോമങ്ങളുടെ
ആവശ്യത്തേയും അവയുടെ ധർമ്മത്തേയും കുറിച്ച്‌ ബോധ്യമുണ്ടായത്‌ രോമങ്ങളുടെ
നഷ്ടത്തോടെയാണ്‌. പുരികങ്ങൾ സൗന്ദര്യം വർദ്ധിപ്പിക്കുക മാത്രമല്ല
കണ്ണിലേക്ക്‌ നേരിട്ടുവീഴുന്ന പ്രകാശത്തെ തടുക്കുന്നുമുണ്ട്‌. അതുപോലെ
കൺപോളകളിലെ രോമങ്ങളാണ്‌ പൊടിപടലങ്ങളിൽ നിന്ന്‌ കണ്ണിനെ
സംരക്ഷിക്കുന്നത്‌. ഇതെല്ലാം ഞാൻ മനസ്സിലാക്കുന്നത്‌ രോമങ്ങൾ
നഷ്ടപ്പെട്ടപ്പോഴാണ്‌. അവയവങ്ങളുടെ അഭാവമാണ്‌ അവയവങ്ങളെ കുറിച്ച്‌
നമുക്ക്‌ ബോധ്യമുണ്ടാക്കുക. നഷ്ടമാണ്‌ സാമീപ്യത്തിന്റെ
മഹത്വത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്തുക.
        തിമിര ശസ്ത്രക്രിയയിൽ നടന്ന പിഴവുമായാണ്‌ ഞാൻ ഇപ്പോൾ ജീവിക്കുന്നത്‌.
ഒരു കണ്ണിന്റെ കാഴ്ച വല്ലാതെ കുറഞ്ഞിട്ടുണ്ട്‌. പരിഹാര ചികിത്സയും
മുമ്പിലുണ്ട്‌. രോഗം ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു.
        ശരീരം ആരോഗ്യത്തോടെ ഇരിക്കുമ്പോൾ മനസ്സ്‌ ശക്തമാണ്‌. ഒന്നിന്റെ നഷ്ടം
മറ്റൊന്നിനെ തളർത്തുന്നു. മനസ്സ്‌ ശക്തമാണെങ്കിലും പ്രവർത്തിക്കാൻ
ആരോഗ്യം വേണമല്ലോ.
        പരമ്പര്യവും മതബദ്ധവുമായ സാഹചര്യത്തിലാണ്‌ ഞാനും വളർന്നത്‌. രോഗങ്ങൾ
ബാധിക്കുമ്പോൾ മതാചാരപ്രകാരമുള്ള പല ചികിത്സകളും അമ്മ ചെയ്തിട്ടുണ്ട്‌.
വിവാഹം കഴിഞ്ഞ്‌ വർഷങ്ങൾക്കു ശേഷം ഉണ്ടായ കുട്ടിയായതുകൊണ്ട്‌ വളരെ
കരുതലോടെയാണ്‌ അമ്മ എന്നെ വളർത്തിയത്‌. അമിതമായ സ്നേഹവാത്സല്യങ്ങൾ അവർ
എനിക്ക്‌ നൽകി. എനിക്കു പനി വരുമ്പോൾ അമ്മ അതീവ ഉത്കണ്ഠയോടെ
ഉറക്കമൊഴിച്ചു. മരുന്നുകളും മന്ത്രചരടുകളും രോഗപ്രതിവിധിയായി.
        അമ്മയുടെ അനാവശ്യമായ വേവലാതികൾ എന്റെ ജീവിതത്തിന്റെ
ഭാഗമായിത്തീർന്നിരിക്കുന്നു. മകൾക്ക്‌ രോഗം വരുമ്പോൾ ഭാര്യയല്ല ഞാനാണ്‌
കൂടുതൽ വിഷമിക്കുക. മരുന്നുകൾ തീൻമേശയുടെ ഭാഗമായതോടെ, ജീവിത വീക്ഷണം
കൂടുതൽ വികസിച്ചതോടെ രോഗത്തെ ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കാൻ
കഴിയുന്നുണ്ട്‌. രോഗത്തെയും മരണത്തേയും ദൈവീകതയുമായി ബന്ധിപ്പിക്കാൻ
കഴിഞ്ഞിട്ടില്ല. ജീവിതത്തിന്‌ ദൈവം അനാവശ്യമാണെന്ന്‌ ഇപ്പോഴും
വിശ്വസിക്കുന്നു. പ്രായം കൂടുന്തോറും ദൈവവിശ്വാസത്തിന്റെ അനാവശ്യകത
വർദ്ധിക്കുകയാണ്‌.
        ഭൗതിക കേന്ദ്രീകൃതമായ അധ്യാത്മികതയെയാണ്‌ ഞാൻ അന്വേഷിക്കുന്നത്‌.
ജീവിതത്തിന്റെ പ്രസക്തിയും ജീവിതം തന്നെയും ചോദ്യവിഷയങ്ങളാണ്‌.
പ്രപഞ്ചവും സഹജീവികളും ചോദ്യചിഹ്നങ്ങളായി എന്റെ മുമ്പിലുണ്ട്‌. ചോദ്യങ്ങൾ
ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി തുടരുകയും ചെയ്യുന്നു. ചോദ്യം ചെയ്യാനുള്ള
മനസ്സുണ്ടാകുന്നത്‌ തന്നെ മഹാഭാഗ്യം. ഒരു ജീവിതം കൊണ്ട്‌ എല്ലാ
ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനായില്ല.
മനോജ്‌: താങ്കൾ എഴുത്തിനിർത്തി നിശ്ശബ്ദനായിരിക്കുന്നു. എഴുതാത്ത അവസ്ഥയെ
എങ്ങനെ നേരിടുന്നു?
എം.സുകുമാരൻ: ഓരോ എഴുത്തുകാരനും അയാളുടേതായ രചനാപരിസരമുണ്ട്‌. ചിലർ
യൗവ്വനകാലത്തെ കേന്ദ്രീകരിച്ച്‌ വാർദ്ധക്യത്തിലും
എഴുതിക്കൊണ്ടിരിക്കുന്നു. അവരുടെ വിഷയം പ്രണയവും സ്വകാര്യ
വ്യക്തിത്വവുമാണ്‌. മറ്റു ചിലർ ഗാർഹിക പരിസരത്തെ കേന്ദ്രീകരിക്കുന്നു.
വൈയക്തികമായ തിരഞ്ഞെടുപ്പുകൾ എഴുത്തുകാരന്‌ ഒരുപാട്‌ സുരക്ഷിതത്വം
നൽകുന്നു. അയാൾ അധികാരത്തോടും വ്യവസ്ഥിതിയോടും ഏറ്റുമുട്ടുന്നില്ല.
അതുകൊണ്ട്‌ ഭരണകൂടത്തിന്റെ ഔദാര്യങ്ങൾ അയാൾക്ക്‌ ലഭിക്കുന്നു. അലോസരത
ഇല്ലാത്ത എഴുത്ത്‌ എഴുത്തുകാരനെ മാധ്യമങ്ങളുടെ പ്രിയപ്പെട്ടവനാകുന്നു.
        എന്റെ ആദ്യകാലത്തെ ഗൗരവമായ രചനകളിൽ വിശപ്പാണ്‌ കേന്ദ്രവിഷയം.
വിശപ്പിന്റെ ആധിക്യം മൂലം ജീവിതം നഷ്ടപ്പെട്ടവരെക്കുറിച്ചാണ്‌ ഞാൻ
എഴുതിയത്‌. വിശപ്പ്‌ എല്ലാ മൂല്യങ്ങളേയും അവസാനിപ്പിക്കുന്നു.
വിശക്കുന്നവന്‌ ഭക്ഷണത്തിന്‌ അപ്പുറം യാതൊരു ചിന്തയുമില്ല.
തത്വശാസ്ത്രവുമില്ല. വിശപ്പ്‌ അടങ്ങുമ്പോഴാണ്‌ മനുഷ്യനെക്കുറിച്ചും
പരിസരത്തെക്കുറിച്ചും ബോധവാനാകുന്നത്‌. അത്തരമൊരു സാമൂഹ്യപരിസരമാണ്‌
അന്നത്തെ ചിറ്റൂരിൽ ഉണ്ടായിരുന്നത്‌. എന്റെ വീടിന്‌ അടുത്തുതന്നെയാണ്‌
തമിഴ്‌ നെയ്ത്തുകാരുടെ തെരുവുകൾ. കമ്പനി തുണിത്തരങ്ങൾ വിപണി
കീഴടക്കിയതോടെ അവരുടെ ഉൽപാദനം തോർത്തുകൾ മാത്രമായി. തോർത്തുകൾക്കുപോലും
ശ്രദ്ധേയമായ വിപണി ഇല്ല. അവ വിറ്റാൽ പോലും അവർക്ക്‌ ഭക്ഷണത്തിനുള്ള
വകകിട്ടില്ല. അവരുടെ വിശപ്പിന്റെ നിലവിളികൾ കേട്ടുവളർന്ന ഞാൻ
മറ്റെന്തിനെക്കുറിച്ചാണ്‌ എഴുതുക? വിശപ്പ്‌ എന്റെ ആദ്യകാലകഥകളിലെ
കേന്ദ്രവിഷയമായത്‌ സ്വാഭാവികമാണ്‌. സർഗ്ഗാത്മകത സ്വകാര്യമായ നിലവിളിയല്ല.
മറ്റുള്ളവരുടെ ദുഃഖത്തെ അവസ്ഥയെ ഉൾക്കൊള്ളലാണ്‌ നല്ല രചനയുടെ
ആന്തരികസത്ത. എഴുത്ത്‌ മനുഷ്യത്വവിരുദ്ധതയുടെ നേർക്കുള്ള പ്രതിഷേധമാണ്‌.
പ്രതിഷേധിക്കാത്ത, ആരേയും അലോസരപ്പെടുത്താത്ത കല അവസരവാദിയുടെ
സ്വാർത്ഥതയാണ്‌.
        വിശപ്പിന്റെ കാര്യകാരണങ്ങളെ കണ്ടെത്തലാണ്‌ എന്റെ പിൻകാല കഥകൾ
നിർവ്വഹിച്ചതു. രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥിതിയാണ്‌ അനീതികൾക്ക്‌
കാരണമെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. എന്നെ സംഘടനാ പ്രവർത്തകനും രാഷ്ട്രീയ
വാദിയുമാക്കിയത്‌ തിരുവനന്തപുരവും ഔദ്യോഗിക ജീവിതവുമാണ്‌. വിശപ്പും
അതിന്റെ തുടർച്ചയായ രാഷ്ട്രീയവുമാണ്‌ എന്റെ രചനാ പശ്ചാത്തലം.
അവസ്ഥയോടുള്ള പ്രതികരണമാണ്‌ എന്റെ രചനകളെന്നും പറയാം. മാനുഷികത നിറഞ്ഞ
ഒരു ലോകത്തെയാണ്‌ ഞാൻ സ്വപ്നം കണ്ടത്‌. ആ സ്വപ്നത്തെ സഫലമാക്കുന്നതിന്‌
വേണ്ടി ഞാൻ എഴുതി. സ്വപ്നശൂന്യമായ സാഹചര്യത്തിൽ എനിക്ക്‌ എഴുത്തു
നിർത്തേണ്ടിവന്നു.
        പ്രതീക്ഷകളും സ്വപ്നങ്ങളുമില്ലാത്ത ജീവിതം ഭീകരമാണ്‌. അത്തരമൊരു
സന്നിദ്ധാവസ്ഥയെയാണ്‌ ഞാൻ നേരിടുന്നത്‌. കൃത്രിമമായി സ്വപ്നങ്ങളെ,
പ്രത്യാശകളെ സൃഷ്ടിക്കാനാവില്ലല്ലോ. അതുകൊണ്ട്‌ നിശ്ശബ്ദനാകേണ്ടി വന്നു.
വ്യാജമായ രചനകൾ സൃഷ്ടിക്കാൻ എനിക്ക്‌ കഴിയില്ല. സ്വകാര്യതയെ
പ്രമേയമാക്കാനും എനിക്കു കഴിയില്ല. എന്റെ രചനാ പശ്ചാത്തലം രാഷ്ട്രീയ
സാമൂഹ്യപരിസരമാണ്‌. പ്രത്യേകിച്ച്‌ കമ്മ്യൂണിസം. കമ്മ്യൂണിസവും
നവമുതലാളിത്തവും വേർതിരിക്കാനാവാത്ത വിധം ഒന്നായ കാലഘട്ടത്തിൽ എന്റെ
രാഷ്ട്രീയ വിശ്വാസങ്ങൾക്ക്‌ പ്രസക്തിയില്ല. അല്ലെങ്കിൽ എന്റെ നിശ്ശബ്ദത
താത്വികമായ രാഷ്ട്രീയ അവബോധത്തിന്റെ നിശ്ശബ്ദതയാണെന്ന്‌ പറയാം.
യൗവ്വനത്തിന്റെ തീവ്രതനൽകിയ രാഷ്ട്രീയ പ്രമേയങ്ങൾ എനിക്കു പോലും
ഇക്കാലത്ത്‌ അസഹ്യമായിത്തീർന്നിരിക്കുന്നു. രാഷ്ട്രീയ രചനയുടെ,
പ്രമേയപരമായ തിരഞ്ഞെടുപ്പിന്റെ പരിമിതിയാണ്‌ ഞാൻ അനുഭവിക്കുന്നത്‌.
        എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത്‌ ശാരീരികമായും മാനസികമായും ക്ലേശം
നൽകുന്ന അധ്വാനമാണ്‌. ഞാൻ എഴുത്തു നിർത്തിയതല്ല. മാറിയ കാലത്തിൽ
നിശ്ശബ്ദനായതാണ്‌.
        എഴുത്തുകാരനും മനുഷ്യനാണല്ലോ? എല്ലാ മനുഷ്യർക്കുമുള്ളതുപോലെ അനേകം
പ്രശ്നങ്ങളും എനിക്കുണ്ട്‌. കുടുംബബന്ധങ്ങൾ നൽകിയ ചുമതലയുമുണ്ട്‌. എന്റെ
സാന്നിധ്യം എന്റെ പ്രിയപ്പെട്ടവർക്കു ആവശ്യമാണ്‌. അതുകൊണ്ട്‌ ജീവിതം
തുടരാൻ ഞാൻ നിർബന്ധിതനാണ്‌. കാലഘട്ടത്തിന്റെ സർഗ്ഗാത്മകമായ ആവശ്യമാണ്‌
ഞാൻ നിർവ്വഹിച്ചതു. ലാഭനഷ്ടങ്ങൾ എന്റെ ചിന്താപരിസരത്തിലില്ല.
പരാജിതനല്ലാത്തതുകൊണ്ട്‌ അവസരവാദി അല്ലാത്തതുകൊണ്ട്‌ ഞാൻ സംതൃപ്തനാണ്‌.
ആത്മാവിനെ വഞ്ചിച്ചിട്ടില്ലെന്നു എനിക്ക്‌ ആരോടും ധീരതയോടെ പറയാം.

13 Jan 2012

ദർശനം


മനോജ്

യോഗ-വിയോഗം


അറിവാണ് മനുഷ്യന്റെ മഹത്വം
കണ്ടറിവിൽ നിന്നും
 കേട്ടറിവിൽ നിന്നും
തിരിച്ചറിവിലേക്കാണ്
മനുഷ്യൻ എത്തിച്ചേരേണ്ടത്

മനുഷ്യനെ അറിയുക
പ്രപഞ്ചത്തെയും സഹജീവികളെയും
ജകാലത്തെയും അറിയലാണ്.

ആത്മീയത ഇല്ലാത്ത ശാസ്ത്രം , സാങ്കേതികവിദ്യ
പ്രകൃതിവിരുദ്ധമാണ്.

14 Aug 2011

ഒരിക്കലും അവസാനിക്കാത്ത മതപാഠങ്ങൾ



മനോജ്‌


നവകൊളോണിയലിസത്തിന്റെ കാലഘട്ടത്തിലാണല്ലോ നമ്മുടെ ജീവിതം. ആഗോളവത്ക്കരണം ഗ്രാമാന്തരങ്ങളെപോലും ബാധിച്ചു കഴിഞ്ഞു. നമ്മുടെ ചിന്താക്രമങ്ങളേയും ജീവിതരീതികളേയും പ്രയോജനവാദം കീഴടക്കിയിരിക്കുന്നു. ഉപരിതലത്തിൽ രമിക്കുന്ന മനസ്സുകൾ ജീവിതത്തെ ആഘോഷമാക്കി തീർക്കുകയാണ്‌. നാഗരികമായി നമ്മൾ ഏറെ പരിഷ്കരിക്കപ്പെട്ടുവേങ്കിലും സാംസ്കാരികമായി നമ്മുടെ സ്ഥാനം എവിടെയാണ്‌?
 ആധുനികകളയായ സിനിമയെ പരിശോധിക്കുമ്പോൾ സാംസ്കാരികമായ നമ്മുടെ അവസ്ഥയെ കണ്ടെത്താൻ കഴിയും.


 മതദർശനങ്ങൾക്ക്‌ എല്ലാം പ്രമാണങ്ങളാണ്‌ ദിശാബോധം നൽകുന്നതും മാർഗ്ഗരേഖ നിർണ്ണയിക്കുന്നതും മതങ്ങൾക്ക്‌ ബാഹ്യമായ അനേകം മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും അവയെല്ലാം പ്രമാണങ്ങളുടെ ചട്ടക്കൂട്ടിൽ ഒതുങ്ങുന്നു. ചുരുക്കത്തിൽ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മതങ്ങളുടെ യാഥാസ്ഥിതികത്തം നശിക്കുന്നില്ലെന്നു പറയാം. മതങ്ങളുടെ അധീശത്വം സമൂഹത്തിൽ പ്രത്യക്ഷമായും പരോക്ഷമായും തുടരുന്നു.


 ഇന്ത്യൻസിനിമയെ പരിശോധിക്കുമ്പോൾ ഹൈന്ദവതയും സിനിമയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ നമുക്ക്‌ തിരിച്ചറിയാൻ കഴിയും. ഓരോ ഇന്ത്യാക്കാരനും ജീവിതത്തെ വിധിനിശ്ചയമായി അനുഭവിക്കുകയാണ്‌. ഇച്ഛ, സ്വാതന്ത്ര്യം, സ്വത്വം ഇവമിക്കവർക്കും അപ്രസക്തമായ ചിന്തയാണ്‌. പൂർവ്വജന്മാർജ്ജിതമായ കർമ്മഫലങ്ങളെയാണ്‌ ഓരോ ഇന്ത്യൻ പ്രേക്ഷകനും അനുഭവിക്കുന്നത്‌. അധഃകൃതാവസ്ഥ പൂർവ്വജന്മാർജ്ജിതമായ കർമ്മഫലമാണ്‌. അതുകൊണ്ട്‌ വിധിനിശ്ചയമായ ജീവിതത്തെ ഏറ്റുവാങ്ങുകയാണ്‌ ഓരോ ഇന്ത്യാക്കാരനും ചെയ്യുന്നത്‌. സ്വാതന്ത്ര്യവും വിമോചനവും ഭാരതീയ ചിന്തയിൽ അപ്രസക്തമാണ്‌. മാറ്റങ്ങൾ നിശ്ചയിക്കേണ്ടതും നടപ്പിലാക്കേണ്ടതും ദൈവങ്ങളാണ്‌. മനുഷ്യന്റെ വ്യാവഹാരികകർമ്മങ്ങൾക്ക്‌ പരിവർത്തനം സൃഷ്ടിക്കാനാവില്ല.
 പരിത്യാഗികൾക്ക്‌ മോക്ഷത്തിലേക്ക്‌ എത്തിച്ചേരാൻ കഴിയും. എന്നാൽ അതിന്‌ അർഹരായവർ ബ്രാഹ്മണൻ മാത്രമാണ്‌. മറ്റു ജാതിക്കാർ-ശൂദ്രരും അവർണ്ണരും-മായയായ വ്യവഹാരകാലത്തിൽ തന്നെ  ജീവിക്കണം. പൂർവ്വജന്മാർജ്ജിതമായ കർമ്മഫലം അനുസരിച്ച്‌ എന്തെങ്കിലും ജാതിയിൽ ജനിക്കുന്ന ഓരോരുത്തരും ജാതീയമായ ഉൽപാദനധർമ്മത്തെ പാലിക്കണം. ഉൽപാദനവും ഉപഭോഗവും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അതെല്ലാം പൂർവ്വനിശ്ചയ പ്രകാരം സംഭവിക്കുന്നതാണ്‌. അപ്പോൾ ഓരോ ഭാരതീയനും ഫലം ഇച്ഛിക്കാതെ അദ്ധ്വാനിക്കണമെന്നു മാത്രം.


 ഇത്തരമൊരു മതാത്മക സാഹചര്യത്തിലേക്കാണ്‌ ആധുനിക കളയായ സിനിമ കടന്നുവരുന്നത്‌.
 ഫ്യൂഡൽ, അർദ്ധഫ്യൂഡൽ സാമൂഹ്യഘടനയുള്ള ഭാരതീയാവസ്ഥ കർമ്മവിധിയും വിധിനിശ്ചയങ്ങളുമായി വ്യക്തിയെ നിസ്സാഹായനാക്കി തീർക്കുന്നു. ഓരോ സ്ത്രീയും മറ്റുള്ളവരുടെ ഉടമയുടെ-ഉപകരണം മാത്രമാണ്‌. യുവാക്കളും ജാതീയമായ തരംതാഴ്ത്തലോടെ അടിമത്തം അനുഭവിക്കുന്നു. മാതൃത്വവും പിതൃത്വവും പ്രായോഗികമല്ലാത്ത സങ്കൽപങ്ങൾ മാത്രമാണ്‌. സാമൂഹ്യാവസ്ഥയോട്‌ പ്രതികരിക്കുമ്പോൾ ജീവൻപോലും അപകടത്തിലാകും. ഇത്തരമൊരു മതാത്മക സാഹചര്യത്തിൽ മനുഷ്യജീവിതത്തെ-സാമൂഹ്യഘടനയെ-
മാറ്റിതീർക്കേണ്ട ചുമതല ദൈവത്തിനു തന്നെയാണ്‌.


 ഇത്തരമൊരു സവിശേഷമായ സാഹചര്യത്തിലാണ്‌ മുഖ്യധാര സിനിമകൾ നായകനെ രക്ഷകനും അവതാരപുരുഷനുമാക്കി തീർക്കുന്നത്‌. രക്ഷകനായ അവതാരപുരഷനാണ്‌ സ്ത്രീത്വത്തേയും സ്ത്രീയുടെ കാമനകളേയും സംരക്ഷിക്കേണ്ടത്‌. അതുപോലെ മാതൃത്വത്തേയും പിതൃത്വത്തേയും നഷ്ടപ്പെട്ട ധാർമ്മികതയേയും സ്ഥാപിക്കേണ്ടതും മേൽപറഞ്ഞ ദിവ്യപുരുഷൻ തന്നെയാണ്‌. യുവത്വത്തിന്റെ പ്രണയാഭിലാഷങ്ങളേയും പരിവർത്തനത്വരയേയും വരുത്തിതീർക്കേണ്ടത്‌ രക്ഷകനായ അവതാരപുരുഷനാണ്‌. മതാത്മക പരിസരത്തെ ഉൾക്കൊണ്ട ഓരോ ഇന്ത്യൻ പ്രേക്ഷകനും സിനിമ കാണുമ്പോൾ അവസ്ഥയിൽ നിന്ന്‌ വിടുതൽ നേടുകയാണ്‌. മതിമറക്കലായി സിനിമ കാണുന്ന ഓരോ ഇന്ത്യൻ പ്രേക്ഷകനേയും മതാത്മക ചിന്തകൾ നിസ്സാഹായനാകുന്നു. വിമോചന സങ്കൽപത്തെ ആത്മരതിക്കായി അയാൾ തീയേറ്ററിൽ വച്ച്‌ അനുഭവിക്കുന്നു.
 നഗരത്തിലെ സിനിമാപ്രേക്ഷകൻ മറ്റൊരു അവസ്ഥയെയാണ്‌ അഭിമുഖീകരിക്കുന്നത്‌.
 നഗരം മധ്യവർഗ്ഗക്കാരുടേയും സമ്പന്നരുടേയും അധിവാസകേന്ദ്രമാണ്‌. അധികാരത്തിനും സമ്പത്തിനും വേണ്ടി വ്യക്തികൾക്ക്‌ ധാർമ്മിക മൂല്യങ്ങളെ ബലികഴിക്കേണ്ടി വരുന്നു. ജാതി, മതം, സാമ്പത്തിക ഘടകങ്ങൾ ഇവയ്ക്ക്‌ പ്രാധാന്യം നൽകുന്ന വ്യക്തികൾ ജൈവവികാരങ്ങളെപോലും നിലനിപ്പിന്റെ ന്യായവാദങ്ങളോടെ നിഷേധിക്കുന്നു. പ്രണയം, ത്യാഗം, മാതൃത്വം, പിതൃത്വം, സാഹോദര്യം എന്നീ വിശുദ്ധ സങ്കൽപങ്ങളെ ഉപേക്ഷിക്കുമ്പോഴാണ്‌ നഗരവ്യക്തികൾക്ക്‌ ഉന്നതമായ സാമൂഹ്യാവസ്ഥയിൽ എത്തിച്ചേരാനാവുക. അപ്പോൾ തീയേറ്ററുകളിൽ എത്തുന്ന നഗരമനുഷ്യർ ആത്മരതിയായി വിശുദ്ധസങ്കൽപങ്ങളെ അനുഭവിക്കുന്നു. മനുഷ്യബന്ധങ്ങളെ പ്രയോജനവാദത്തിൽ ഊന്നികണക്കു കൂട്ടലുകൾ നടത്തുന്ന അയാൾ തന്റെ ജീവിതസാഹചര്യങ്ങളിൽ നിന്ന്‌ വിടുതൽ നേടി സിനിമകാണുന്നു. മതിമറക്കലിൽ മുഴുകുന്ന അയാൾ വിശുദ്ധസങ്കൽപങ്ങളുടെ പൂർത്തീകരണത്തെയാണ്‌ അനുഭവിക്കുന്നത്‌. ലൈംഗീകതയുടെ അതിപ്രസരമുള്ള സിനിമ കാണുന്ന പ്രേക്ഷകനും അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ പൂർത്തീകരണമാണ്‌ അനുഭവിക്കുന്നത്‌.


 വ്യവസ്ഥിതിയും അധികാര സ്ഥാപനങ്ങളും വ്യക്തിയെ നിസ്സാഹായനാക്കുന്ന സാഹചര്യമാണ്‌  ഇന്ന്‌ നമ്മുടെ മുന്നിൽ ഉള്ളത്‌. അപ്പോൾ അധികാരസ്ഥാപനങ്ങളെ തകർക്കുന്ന ധീരനായകൻ പ്രേക്ഷകനെ നിരന്തരം ആകർഷിക്കുന്നു. നഗരത്തേയും ഗ്രാമത്തേയും കേന്ദ്രീകരിച്ച സിനിമകളുടെ ആന്തരീകഘടനയെ നമ്മൾ പരിശോധിച്ചുവല്ലോ. കേരളത്തിന്റെ പൊതുസ്വഭാവം നഗരസമാനമാണ്‌. രക്ഷക അവതാര സങ്കൽപങ്ങളിൽ ഊന്നിയ സിനിമകൾക്ക്‌ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലാണ്‌ കൂടുതൽ പ്രസക്തിയുള്ളത്‌.


 കച്ചവട സിനിമ കാണുന്ന പ്രേക്ഷകൻ മതിഭ്രമത്തിൽ അകപ്പെട്ട്‌ പരിസരബോധത്തിൽ നിന്ന്‌ പിന്മാറുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ വ്യക്തിയുടെ തിരിച്ചറിവിനേയും സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പ്രവർത്തനങ്ങളേയും നിഷേധിക്കുന്നു. യാഥാർത്ഥ്യത്തിൽ കച്ചവട സിനിമ ചെയ്യുന്നത്‌ അവസ്ഥയെ പരിവർത്തനങ്ങളില്ലാതെ നിലനിർത്തുകയാണ്‌.


 കച്ചവട സിനിമയുടെ വിജയരഹസ്യം നിർമ്മാതാക്കൾക്കും സംവിധായകർക്കും തിരക്കഥാരചയിതാക്കൾക്കും ഇതുവരെ മനസ്സിലായിട്ടില്ല. നല്ല സിനിമയെ ജനങ്ങൾ ഒഴിവാക്കുന്നതിനെ കുറിച്ചും വ്യക്തമായ ധാരണയൊന്നുമില്ല. സംഘം ചേരാനും ചൂഷണത്തിന്‌ എതിരെ സമരം ചെയ്യാനും ആഹ്വാനം ചെയ്ത സിനിമയെ കമ്മ്യൂണിസ്റ്റുകൾപോലും അവഗണിക്കുകയാണ്‌. ഇതിന്റെ കാരണം സിനിമയുടെ ഉൽപത്തി ചരിത്രവുമായും മതം, സാമൂഹ്യഘടന എന്നീ സംവിധാനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.


 സിനിമയുടെ ഉത്ഭവം തൊട്ടെ പ്രേക്ഷകർ പ്രധാനഘടകമായിരുന്നു. പ്രേക്ഷകർക്ക്‌ സുപരിചിതമായ പുരാണകഥകളും ഇതിഹാസങ്ങളുമാണ്‌ നിശബ്ദ സിനിമ പ്രമേയമായി സ്വീകരിച്ചതു. ആഢ്യ സദസ്സുകളിൽ മാനസികോല്ലാസത്തിനുവേണ്ടി ലൈംഗികതയും ഹാസ്യവും പ്രദർശിപ്പിക്കുകയുണ്ടായി. കച്ചവട സിനിമ തുടർന്ന്‌  വികസിക്കുന്നത്‌ സാമൂഹികവും മതപരവുമായ വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ചാണ്‌ ചുരുക്കത്തിൽ അവസ്ഥയ്ക്ക്‌ അടിമപ്പെട്ടവരുടേയും ആത്മവഞ്ചന നടത്തുന്നവരുടേയും നിഗോ‍ൂഢാഭിലാഷങ്ങളെയാണ്‌ കച്ചവട സിനിമ പ്രതിനിധാനം ചെയ്തത്‌. തിരിച്ചറിവും അവബോധവുമല്ല സ്വപ്നങ്ങളുടെ മായിക ദർശനമാണ്‌ കച്ചവട സിനിമ അവതരിപ്പിക്കുന്നത്‌.


 നല്ല സിനിമ ജീവിതത്തോടും സമൂഹത്തോടും വ്യക്തമായ നിലപാടുകളെ സ്വീകരിക്കുന്നു. പാലായനത്തിന്റെ മായികതയും മതിഭ്രമവും പങ്കിടാത്ത നല്ല സിനിമ മനുഷ്യജീവിതാവസ്ഥയെ വെളിപ്പെടുത്തുകയും വ്യാഖ്യാനിക്കുകയുമാണ്‌. പലായനമല്ല പരിസരബോധമാണ്‌ ഇവിടെ സിനിമ പകർന്നു നൽകുന്നത്‌.


 ഭാരതീയ സമൂഹം മതവും ആദ്ധ്യാത്മികതയും സൃഷ്ടിച്ച വികാസപരിണാമങ്ങളും പ്രത്യാശകളും ഇല്ലാത്ത അടഞ്ഞ അവസ്ഥയിലാണ്‌ നിലനിൽക്കുന്നത്‌. മതവും അധീശത്വ കേന്ദ്രങ്ങളും വ്യക്തിയേയും സമൂഹത്തേയും പരിവർത്തന രഹിതമാക്കുന്നു. സാമൂഹ്യാവസ്ഥയുടെ ഭീരകരതയും മതാത്മകപരിസരവുമാണ്‌ ഇന്ത്യൻ പ്രേക്ഷകനെ മതിമറക്കലിൽ എത്തിക്കുന്നത്‌.
 തികച്ചും വ്യത്യസ്തമായ ചലനാത്മകമായ അവസ്ഥയിൽ കൂടെ ഇന്ത്യൻ സിനിമ കടന്നുപോകുന്നതിനെ നമുക്ക്‌ ചരിത്രത്തിൽ നിന്ന്‌ കണ്ടെത്താനാകും. സമൂഹം പരിവർത്തത്വം പ്രകടിപ്പിക്കുന്ന കാലഘട്ടത്തിൽ കച്ചവട സിനിമ പരിസരത്തിലേക്ക്‌ ഇറങ്ങി വരുന്നതിനെ നമുക്ക്‌ കാണാം. ദൈവിക പരിവേഷത്തെ ഉപേക്ഷിച്ച്‌ നാൽപതുകളിലും അമ്പതുകളിലും ഇന്ത്യൻ കച്ചവട സിനിമ സാമൂഹികാവബോധത്തെ ദൃശ്യവൽക്കരിക്കുകയുണ്ടായി. സ്വാതന്ത്ര്യപൂർവ്വകാലവും സ്വാതന്ത്ര്യാനന്തര കാലവും പ്രതീക്ഷകൾ നിറഞ്ഞതായിരുന്നുവല്ലോ. അത്തരം സാമൂഹ്യാവസ്ഥകളെ കച്ചവട സിനിമയും ഉൾക്കൊണ്ടു പ്രതീക്ഷാഭരിതമായ സാമൂഹ്യാവസ്ഥയിൽ ജീവിച്ച അന്നത്തെ പ്രേക്ഷകൻ കാൽപനിക പരിവേഷമുള്ള യാഥാർത്ഥ്യത്തെ ഹാർദ്ദമായി സ്വീകരിച്ചു.


 കേരളം ചുവപ്പൻ സൈദ്ധാന്തികതയുടെ സമത്വവാദം കേട്ടുകൊണ്ടാണ്‌ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. കമ്മ്യൂണിസം സമൂഹത്തിന്റെ പ്രത്യാശ ആയപ്പോൾ പരിവർത്തനങ്ങൾക്ക്‌ ആക്കം കൂട്ടാൻ വേണ്ടിയുള്ള സിനിമകളും ഉണ്ടായി. ഈ സിനിമകളുടെ എല്ലാം പ്രമേയം അന്നത്തെ മനുഷ്യത്വരഹിതമായ സാമൂഹ്യാവസ്ഥയായിരുന്നു.
 ഭരണാധികാരികളായി മാറിയ കമ്മ്യൂണിസ്റ്റുകാർ പരിവർത്തന വിരുദ്ധരായതോടെ പ്രേക്ഷകർ വീണ്ടും മതിമറക്കലിലേക്കും സ്വപ്നങ്ങളുടെ മായികമായ പൂർത്തീകരണങ്ങളിലേക്കും മടങ്ങിപോയി. ജീവസന്ധാരണത്തിനായി മൂല്യങ്ങളേയും സ്വപ്നങ്ങളേയും ത്യജിക്കാൻ സന്നദ്ധരായ വ്യക്തികളുടെ മുമ്പിൽ മതിമറക്കലും സാമൂഹ്യമായ പലായനവും മാത്രമാണ്‌ ശേഷിക്കുക.
 എൺപതുകളിൽ നക്സലൈറ്റുകളും ജനകീയ സാംസ്കാരികവേദിയും സാമൂഹിക പരിവർത്തനത്തിന്‌ സന്നദ്ധരായപ്പോൾ കേരളീയ കച്ചവടസിനിമ വീണ്ടും യാഥാർത്ഥ്യത്തേയും പരിസരബോധത്തേയും ഉൾക്കൊണ്ടു. അതിഭാവുകത്വമില്ലാതെ ജീവിതത്തിന്റെ നേർപ്പകർപ്പിനെ അവതരിപ്പിച്ച സിനിമകളെ അന്നത്തെ യുവത്വം ഹാർദ്ദമായി സ്വീകരിച്ചു.


 തൊണ്ണൂറുകളിൽ സമൂഹം വീണ്ടും പ്രത്യാശാരാഹിത്യം കൊണ്ടുനിറയുന്നു. ഭരണകൂടം കൂടുതൽ രൗദ്രമാകുകയും അതിജീവനത്തിനുവേണ്ടി ജനസാമാന്യം എന്തിനും തയ്യാറാകുകയുമാണ്‌. അപ്പോൾ പ്രേക്ഷകൻ വീണ്ടും മതിമറക്കലിലേക്കും പലായനബോധത്തിലേക്കും മടങ്ങുന്നു.
 സിനിമപ്രേക്ഷകന്റേതു പോലെ സമൂഹത്തിന്റേയും ആന്തരികഘടനയെ പ്രദർശിപ്പിക്കുന്നു. സിനിമയുടെ നിലപാടുകൾ നിഷേധാത്മകവും ക്രിയാത്മകവുമാകാം. സാമൂഹ്യാവസ്ഥയും രാഷ്ട്രീയവും പ്രത്യാശനൽകുമ്പോൾ വ്യക്തികൾക്ക്‌ ജീവിതത്തെയും ഭാവിയേയും സംബന്ധിച്ച്‌ പ്രതീക്ഷകൾ ഉണ്ടാകുന്നു. അപ്പോൾ വിപണി സാധ്യത കണ്ട്‌ കച്ചവട സിനിമയും പരിവർത്തനത്തിന്റെ വക്താവാകുന്നു.
 നല്ല സിനിമ യാഥാർത്ഥ്യത്തിനും ജീവിതാവബോധത്തിനും ഊന്നൽ നൽകുന്നു. മതിഭ്രമമല്ല പരിസരബോധത്തെയാണ്‌ നല്ല സിനിമ പ്രേക്ഷകനു നൽകുന്നത്‌. അന്ധന്റെ ലോകവിചാരത്തെപോലെ അസത്യത്തിൽ നിലനിന്നുകൊണ്ടാണ്‌ നല്ല സിനിമക്കാരും കച്ചവടസിനിമക്കാരും സഞ്ചരിക്കുന്നത്‌.
 ആയുധത്തിന്റെ ശക്തിയും ദൗർബ്ബല്യവും തിരിച്ചറിയാത്തത്താണ്‌ നമ്മുടെ എല്ലാം പരിമിതികൾ.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...