Showing posts with label rajanandini. Show all posts
Showing posts with label rajanandini. Show all posts

19 Aug 2012

മലയാളിയുടെ ലൈംഗികതൃഷ്ണ


രാജനന്ദിനി

        മലയാളക്കരയിലെ ഇന്നത്തെ സാമൂഹ്യ ജീർണ്ണതയ്ക്കും ലൈംഗിക അതിപ്രസരത്തിനും
കാരണമെന്ത്‌ എന്ന അന്വേഷണമാണ്‌ ഇങ്ങനെയൊരു കുറിപ്പെഴുതാൻ
പ്രേരിപ്പിച്ചതു. വീണ്ടും ഒരു കുരുന്നുകൂടി കാമത്തിന്റെ
ബലിയാടായിരിക്കുകയാണ്‌ ആര്യ എന്ന പെൺകുട്ടിയെ മരണശേഷവും പീഡിപ്പിക്കാൻ
ശ്രമിച്ചു എന്നതിൽ നിന്ന്‌ നാമെന്താണ്‌ മനസ്സിലാക്കേണ്ടത്‌. കാമം
മറ്റെല്ലാ ആലോചനകളെയും തൂത്തെറിയുന്നു. ഇനിയും ചികിത്സ നൽകിയില്ലെങ്കിൽ
സമൂഹമനസ്സ്‌ മുഴുഭ്രാന്തിലേക്ക്‌ മൂക്കുകുത്തി വീഴുമെന്ന്‌ തീർച്ചയാണ്‌.
        നരവംശ പരിണാമ ചരിത്രത്തിൽ രതി വിവിധ കാലഘട്ടങ്ങളിലായി
വിവരിയ്ക്കപ്പെട്ടിട്ടുണ്ട്‌. ജയദേവരുടെ ഗീതാഗോവിന്ദം, കാളിദാസന്റെ
കുമാരസംഭവം എന്നീ പ്രാചീന ഇന്ത്യൻ ഇതിഹാസങ്ങളിൽ ഏറ്റവും സൗന്ദര്യാത്മകമായ
രീതിയിൽ ലൈംഗികതയെ പ്രതിപാദിച്ചിട്ടുണ്ട്‌.
        സമകാലീന കേരളം നേരിടുന്ന ഏറ്റവും ദയനീയമായ യാഥാർത്ഥ്യം ലൈംഗിക
ദാരിദ്ര്യമാണ്‌. ഇന്ന്‌ നല്ലൊരു ശതമാനം കുടുംബങ്ങളിലും
ദാമ്പത്യജീവിതത്തിൽ ഇഷ്ടമില്ലാത്ത ലൈംഗിക ബന്ധങ്ങളാണ്‌ നടക്കുന്നത്‌.
ഒന്നുകിൽ ഒരു വലിയ വഴക്കിനൊടുവിലുള്ള കോംപ്രമൈസ്‌. അല്ലെങ്കിൽ ടെൻഷൻ
പിടിച്ച ആലോചനകളിൽ നിന്നും മുക്തി നേടാനൊരു ഉറക്കമരുന്ന്‌. അതുമല്ലെങ്കിൽ
ഏതെങ്കിലും മനസ്സിനിണങ്ങിയ ഇണയെ ഓർത്തു കൊണ്ടൊരു വേഴ്ച.
        അമിത മദ്യപാനവും, രക്തസമ്മർദ്ദവും പ്രമേഹവും ലൈംഗികതയെ ബാധിക്കുന്ന
പ്രശ്നങ്ങളാണ്‌. ഇത്തരം പ്രശ്നങ്ങൾ കൊണ്ട്‌ വിഷാദരോഗിയോ അക്രമാസക്തരോ ആയി
മാറുന്ന സ്ത്രീകളും ഇന്ന്‌ കേരളത്തിൽ കൂടുതലാണ്‌. മറ്റൊരു വിഭാഗം
പലകാരണങ്ങൾകൊണ്ട്‌ ലൈംഗിക വിരക്തിയിലെത്തിയ സ്ത്രീകളാണ്‌. ഇവരുടെ
രൂക്ഷമായ നിയന്ത്രണത്തെ ശപിച്ചു കഴിയുന്ന പുരുഷത്വങ്ങൾ. ഇങ്ങനെ പോകുന്നു
മലയാളിയുടെ ലൈംഗികത.
        അറിവ്‌ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പാതയാണ്‌. അത്‌ നേടുന്തോറും സ്ത്രീ
സ്വതന്ത്രയാവാൻ ആഗ്രഹിക്കുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ ഇത്തരക്കാരുടെ
കുടുംബജീവിതങ്ങൾ പൊതുവെ ശിഥിലമാകുന്നതാണ്‌ കണ്ടുവരുന്നത്‌. കുടുംബമെന്ന
വ്യവസ്ഥയിൽ നിന്നുകൊണ്ടുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച്‌ അധികമാരും
ചിന്തിച്ചു കാണുന്നില്ല. അല്ലെങ്കിൽ അതിനു മറ്റു കുടുംബാംഗങ്ങൾ
തയ്യാറാകുന്നില്ല  എന്നു വേണം കരുതാൻ. ഇങ്ങനെ വരുന്ന അസ്വാതന്ത്ര്യം,
അടിച്ചമർത്തൽ, അസംതൃപ്തി എന്നിവയ്ക്കിടയിൽപെട്ട്‌ സംഘർഷാവസ്ഥയിൽ എത്തുന്ന
കുടുംബങ്ങളിൽ നിന്ന്‌ ലൈംഗികത അപ്രത്യക്ഷമാകുന്നു. വൈകാരികതയ്ക്ക്‌ പുതിയ
മാനങ്ങൾ തേടുന്നു. ഈ വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യാനോ പരിഹാരം തേടാനോ
മലയാളി തയ്യാറല്ല. ഒരു "നോർത്തി" പെൺകുട്ടി മലയാളിയുടെ കണ്ണുകൊണ്ടുള്ള
ഉഴിച്ചിൽ കണ്ടാൽ ഉടൻ പറയും "യെ മല്ലു ഹെ" ,ഇതിന്റെ കാരണങ്ങൾ ഈ
അടക്കിവയ്ക്കൽ തന്നെയാണ്‌. ഇത്‌ അർബുദം പോലുള്ള മാരകമായ രോഗങ്ങൾക്ക്‌
ഇടയാക്കുന്നു. സ്ത്രീകൾക്ക്‌ സ്തനാർബുദം, ഗർഭാശയ രോഗങ്ങൾ,
പുരുഷന്മാർക്ക്‌ കരൾ, മസ്തിഷ്ക രോഗങ്ങൾ, രക്താർബുദം എന്നിവയൊക്കെയായി ഈ
സമ്മർദ്ദം പരിണമിക്കുന്നു.
        ശരീരത്തിനുള്ളിലെ ഊർജ്ജ സ്രോതസ്സുകളെ തടഞ്ഞു നിർത്തിയാൽ അത്‌ ദുഷിച്ചു
പൊട്ടും. ദേഷ്യമായാലും സങ്കടമായാലും രതി ചിന്തയായാലും അത്‌ പുറത്തേക്ക്‌
ഒഴുകിപോവുകതന്നെ വേണം. മാനസികമായും ശാരീരികമായും എന്ത്‌
അടക്കിവയ്ക്കുന്നുവോ അത്‌ മാരകമായ രോഗമായി മാറുമെന്ന്‌ മെഡിക്കൽ സയൻസ് പറയുന്നു. അഷ്ടാംഗഹൃദയത്തിലും അത്‌ തന്നെയാണ്‌ പറയുന്നത്‌. സ്വയംഭോഗം
ശീലമായതു കൊണ്ടാണ്‌ എന്റെ തല പൊട്ടിത്തെറിക്കാത്തതെന്ന്‌ ഈ
ലേഖനമെഴുതുന്നതിനായുള്ള അന്വേഷണത്തിനിടെ എന്റെ ഒരു സുഹൃത്ത്‌
പറയുകയുണ്ടായി. ഇദ്ദേഹം അതിപ്രശസ്തനും മാന്യനുമാണ്‌. സമൂഹം ഈ മാന്യവേഷം
കൽപിച്ചു നൽകിയതുകൊണ്ടു കൂടിയായിരിക്കും തന്റെ കാമനകൾ അദ്ദേഹം സ്വയം
പരിഹരിക്കേണ്ടി വരുന്നത്‌.
        കേരളമാണ്‌ ഇന്ന്‌ ഇന്ത്യയിൽ ഏറ്റവും കൂടുതൽ, സംഭോഗസമയം കൂട്ടാനും
മറ്റുമുള്ള മരുന്നുകളുടെ കമ്പോളം എന്നു കൂടി അറിയേണ്ടതുണ്ട്‌.
ശീഘ്രസ്ഖലനം എന്നത്‌ ബാല്യകാലത്തു തന്നെ പിടികൂടുന്ന ഒരു മാനസിക
അവസ്ഥയാണെന്ന്‌ മനഃശാസ്ത്രജ്ഞർ ചൂണ്ടികാണിക്കുന്നുണ്ട്‌. അതിന്‌
ശാസ്ത്രീയമായി തയ്യാറാക്കിയ ചില ഉപാധികളൊക്കെ ഉണ്ടെന്നിരിക്കെ
കമ്പോളത്തിലെ വ്യാജമരുന്നുകൾ തേടി മലയാളി അലയുന്നു. അത്തരം മരുന്നുകൾ
കഴിച്ച്‌ രോഗിയായി തീർന്ന ചില മധ്യവയസ്കരെ പ്രകൃതി ചികിത്സാലയത്തിൽ
വച്ച്‌ കണ്ടുമുട്ടാനിടയായിട്ടുണ്ട്‌. ലൈംഗികബന്ധം വെറും ശാരീരികമായ വേഴ്ച
മാത്രമല്ല മാനസികതലം കൂടി പരിഗണിക്കേണ്ടതുണ്ട്‌ എന്ന്‌ നമ്മിൽ പലർക്കും
അറിയില്ല.
ഇണയുടെ അഭിരുചികൾ എന്താണെന്നുപോലും നോക്കാതെ തങ്ങളുടെ ഇഷ്ടങ്ങൾ
അടിച്ചേൽപിക്കുന്നതും അനാരോഗ്യകരമായ ലൈംഗികതൃഷ്ണ വളർന്നു വരാൻ
കാരണമാകുന്നുണ്ട്‌. ഇറച്ചിയോടുള്ള ആക്രാന്തം പോലെ തന്റെ ഇണയോടു
പെരുമാറുന്നതോടു കൂടി മാനസിക വൈകല്യമുള്ള പ്രകൃതക്കാരായി ഇണ ചേരുന്ന
സ്ത്രീയും പുരുഷനും മാറുന്നു. ഇത്‌ പ്രകൃതിവിരുദ്ധ ലൈംഗികതയിലേയ്ക്കുള്ള
ഒരു ചവിട്ടു പടി കൂടിയാണ്‌.
        പണ്ട്‌ വടക്കൻ കേരളത്തിൽ മാത്രം ധാരാളമായി കണ്ടിരുന്ന ഹോമോസെക്സികൾ
ഇന്ന്‌ കേരളത്തിന്റെ ഏത്‌ മുക്കിലും മൂലയിലും ധാരാളമായുണ്ട്‌ എന്നത്‌
സെക്സിന്റെ അതിപ്രസരത്തിന്‌ തെളിവാണ്‌. കൂടുതൽ റിസ്ക്കുള്ള സ്ത്രീ-പുരുഷ
ബന്ധങ്ങൾ ഒഴിവാക്കി പുരുഷൻ പുരുഷനെയും സ്ത്രീ സ്ത്രീയെയും
തെരഞ്ഞെടുക്കുന്ന പുതിയ ട്രെൻഡ്‌ ഭയാനകം തന്നെ. പുരുഷശുക്ലം ഭക്ഷിക്കുന്ന
പുരുഷന്‌ സൗന്ദര്യവും പൗരുഷവും ദീർഘകാലം നിലനിർത്താൻ കഴിയും എന്നൊരു
പ്രചരണം പുരുഷന്മാർക്കിടയിലുണ്ട്‌. ഇത്‌ മൂലം ഈ ദിവ്യ ഔഷധം  തേടിയും
പുരുഷന്മാർ സ്വവർഗ്ഗ രതിയിലേക്ക്‌ ആകർഷിക്കപ്പെടുന്ന അപകടാവസ്ഥയും ഈ
കലികാല കേരളത്തിന്റെ ഉൽപന്നമാണ്‌. മലയാളിയുടെ കപടസദാചാരം അമ്മയുടേയും
സഹോദരിയുടെയും നഗ്നത വരെ വിറ്റു കാശാക്കുന്ന നിലയിൽ
അധഃപതിച്ചിരിക്കുന്നു. മക്കളുടെ മാംസത്തിന്‌ വില പറയുന്ന അച്ഛനമ്മമാരേയും
നാം കണ്ടു കഴിഞ്ഞു. വമ്പിച്ച ഉപഭോക്തൃസംസ്കാരം എങ്ങനെയോ ചേക്കേറിയതോടെ
വൻ വിലകൊടുത്ത്‌ ഉൽപന്നങ്ങൾ വാങ്ങിക്കൂട്ടുന്നതിനായി പണമുണ്ടാക്കാൻ
ഏതുമാർഗ്ഗവും സ്വീകരിച്ചു തുടങ്ങി മലയാണ്മയുടെ നന്മനിറഞ്ഞവർ എന്നു വേണം
കരുതാൻ. ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ ഇവിടെയാണ്‌ തുടങ്ങുന്നത്‌. ഒന്ന്‌
പണത്തോടുള്ള ആർത്തി. മറ്റൊന്ന്‌ ആഡംബരത്തോടുള്ള പ്രിയം.
        ഈ മാനസികാവസ്ഥയിൽ എത്തിചേരാൻ മാത്രം സത്യത്തിൽ എന്താണ്‌ മലയാളിക്ക്‌
സംഭവിച്ചതു എന്ന്‌ ആഴത്തിൽ പഠിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്‌.
എന്നാൽ ഇതെല്ലാം മറച്ചുവച്ചുകൊണ്ട്‌ ഏയ്‌, ഞങ്ങളുടേത്‌ സംതൃപ്ത
കുടുംബമാണ്‌ എന്ന്‌ വീമ്പിളക്കി എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന
മട്ടിലുള്ള ഒരു അഗ്നിപർവ്വതമായി കേരളത്തിലെ മധ്യ  ഉപരി വർഗ്ഗങ്ങൾ കാലം
കഴിക്കുകയാണ്‌.
        മൊബെയിലിൽ ഒരു  സെക്സ് വീഡിയോ എങ്കിലും ഇല്ലാത്ത യുവതലമുറയെ ഇന്ന്‌ കാണാൻ
പ്രയാസമാണ്‌. കോപ്പൺ ഹേഗൺ ആസ്ഥാനമായി നിർമ്മിക്കപ്പെടുന്ന സെക്സ് വീഡിയോ ഇന്ന്‌
ഇന്റർനെറ്റിൽ സുലഭമാണ്‌. ലിംഗവ്യത്യാസമില്ലാതെ ഏതു പ്രായക്കാരും ഈ
കാഴ്ചാനുഭവം ഗൗരവമായി തന്നെ ആസ്വദിക്കുന്നു. ഏറ്റവും വലിയ ബ്ലൂഫിലിം
മാർക്കറ്റും കേരളം തന്നെയാണ്‌. മനുഷ്യൻ അന്യോന്യം അറിയുവാൻ, തന്റെ
ശരീരത്തിന്റെ സൗന്ദര്യവും വൈരുദ്ധ്യവും തിരിച്ചറിയുന്നതിന്‌ നഗ്നത
ഉപാധിയാക്കി ക്ഷേത്രങ്ങളുടെ പുറം ചുവരുകളിൽ രതിശാസ്ത്രങ്ങൾ മനോഹരമായ
ശിലാരൂപങ്ങളാക്കി പ്രതിഷ്ഠിച്ചതു മനുഷ്യന്റെ ലൈംഗികതൃഷ്ണ ക്ഷേത്രത്തിനു
പുറത്തുള്ള ഈ രതി സാമ്രാജ്യത്തിലൂടെ തൂത്തെറിഞ്ഞതിനു ശേഷം ശാന്തനും
നിർമ്മനുമായി ശ്രീകോവിലിൽ ഈശ്വരനു മുന്നിൽ എത്തിച്ചേരുക എന്ന
ഉദ്ദേശ്യത്തോടെയാണ്‌.
        പീഡനമോ ബലാത്സംഗമോ ഇല്ലാത്ത ഒരു സാമൂഹ്യക്രമം കുറഞ്ഞ നൂറ്റാണ്ടുകൾക്ക്‌
മുമ്പുവരെ ഉണ്ടായിരുന്നു. അന്നത്തെ വസ്ത്രധാരണ രീതികളിൽ സൗന്ദര്യത്തിന്റെ
സുതാര്യതയും മനോഹാരിതയുമുണ്ടായിരുന്നു. ഒരേ കുളത്തിന്റെ രണ്ടു കടവുകളിൽ
സ്ത്രീയും പുരുഷനും സ്നാനം നടത്തിയിരുന്നതും, തോട്ടുവക്കിലും വഴിയോര
നീരുറവകളിലും ദേഹശുദ്ധിവരുത്തുന്നതും ഈ അടുത്തകാലംവരെ നമുക്ക്‌ കാണാൻ
കഴിഞ്ഞിരുന്നു. സൗന്ദര്യവും രതിയും ഒരേ പാതയിലെ സഞ്ചാരികളാണ്‌. ഇത്തരം
കാഴ്ചകളും സമീപനങ്ങളും രതി തൃഷ്ണകൾക്കുള്ള ശമന ഔഷധങ്ങളായി നാമറിയാതെ
നമുക്കുള്ളിൽ പ്രവർത്തിച്ചിരുന്നു എന്നു വേണം കരുതാൻ. ഇന്ന്‌ മനുഷ്യൻ
പരസ്പരം മതിൽകെട്ടി കൂടുതൽ ഉൾവലിയുകയും വികല  വസ്ത്രധാരണങ്ങളും
ഹിജഡ വേഷങ്ങളും കട്ടിയുള്ള ആവരണങ്ങൾ പാദം മുതൽ തലവഴി മൂടിയും ഇന്ത്യൻ
സ്ത്രീകളെ നമ്മുടെ സൗന്ദര്യലഹരി പോലുള്ള അലങ്കാര ശാസ്ത്രഗ്രന്ഥങ്ങളിൽ
നിന്നും ഒന്നും ഉൾക്കൊള്ളാനാവാതെ എങ്ങനെയോ എത്തിച്ചേരുന്ന
പ്രേതവേഷഭൂമികയാക്കി. നേരത്തെ സൂചിപ്പിച്ച മലയാളിയുടെ കപടസദാചാരത്തിന്‌
പിരിമുറുക്കം കൂട്ടുന്ന ഇത്തരം പ്രവണതകൾ രതിവൈകൃതങ്ങളിലേയ്ക്കും അതുമായി
ബന്ധപ്പെട്ട മറ്റ്‌ അതിക്രമങ്ങളിലേയ്ക്കും നമ്മളെ നയിച്ചുകൊണ്ടിരിക്കുകയാണ്‌.

        ഫെർട്ടിലിറ്റി ക്ലിനിക്കുകൾക്കും, സെക്സ്തെറാപ്പിസ്റ്റുകൾക്കും ഈ
കെട്ടകാലം കൊയ്ത്തുകാലമാണ്‌. അൽപകാലം ജീവിതം സുഖിച്ചു ജീവിക്കുക എന്ന
പുതിയ മുദ്രാവാക്യം വ്യാപകമായി നടപ്പാക്കി വരുന്നു. എന്റെ സുഹൃത്തിന്റെ
ഒരനുഭവം പങ്കുവച്ചതിങ്ങനെയാണ്‌. ഒരു ദീർഘയാത്രയ്ക്കിടയിൽ കർത്താവിന്റെ
മണവാട്ടിയായ ഒരുവൾ ക്ഷീണം ഭാവിച്ച്‌ മടിയിൽ തല ചായ്ക്കുകയും ഒടുവിൽ
വദനസുരതത്തിൽ ആർത്തിയോടെ ഇടപെടുകയും ചെയ്തുവെന്നതാണ്. ഈ വിവരണം സെക്സ്‌
എന്ന ജൈവപരമായ കാമനയെക്കുറിച്ച്‌ എന്നെ ഏറെ ചിന്തിപ്പിച്ച വിഷയമാണ്‌.
ഹിന്ദുപുരാണത്തിൽ ഒരു വിവരണമുണ്ട്‌. ശിവലിംഗപ്രതിഷ്ഠയോട്‌ സാമ്യപ്പെടുന്ന
ആ വിവരണം ഇങ്ങനെയാണ്‌. സ്ത്രീയുടെ യോനി ഒരു തടമായും ലിംഗം തടത്തിൽ
പ്രതിഷ്ഠിക്കുന്ന വിഗ്രഹമായും പ്രാണൻ അതിന്റെ പ്രതിഷ്ഠയായും സ്നേഹം
പൂക്കളായും രതിക്രീഢകൾ അർച്ചനയായും സങ്കൽപിക്കുന്നു.
        വാത്സ്യായനൻ കാമസൂത്രം എഴുതുന്നത്‌ ഭിത്തിയിലെ ഒരു ചെറിയ ദ്വാരത്തിലൂടെ
നോക്കി താഴെ നിൽക്കുന്ന തന്റെ ശിഷ്യന്‌ അപ്പപ്പോൾ റണ്ണിംഗ്‌ കമന്ററിയായി
പറഞ്ഞുകൊടുത്ത്‌ എഴുതിച്ചതാണ്‌. 64 ഭോഗരീതികളെക്കുറിച്ച്‌ പറയുന്ന
വാത്സ്യായനൻ 64മത്തെ സുരതക്രിയയിൽ ഇണചേരുന്ന രണ്ടുപേരും വായുവിൽ
നിന്നുകൊണ്ട്‌ ഭോഗിക്കുന്നതായാണ്‌ കാണുന്നത്‌. ഈ അത്യത്ഭുതകരമായ
കാഴ്ചയിലാണ്‌ കാമസൂത്രത്തിന്റെ അവസാന അധ്യായം എഴുതിത്തീർക്കുന്നത്‌.
ഭോഗത്തിനു മുമ്പുള്ള രതികളിൽ നീണ്ട നേരം കഴിഞ്ഞ്‌ ശരീരഭാരം കുറഞ്ഞ
രണ്ടാത്മാക്കൾ വായുവിലേക്ക്‌ ഉയരുന്നത്‌ മനോഹരമായി കാമശാസ്ത്രത്തിലും
രതിശാസ്ത്രത്തിലും കുമാരസംഭവത്തിലും തെളിച്ചെഴുതിയിട്ടുണ്ട്‌.
(നാലപ്പാട്ട്‌, കുട്ടികൃഷ്ണമാരാർ എന്നിവരുടെ തർജ്ജമ) ഇത്ര ഉദാത്തമായ ഒരു
പ്രക്രിയയെയാണ്‌ കേവലം ശാരീരികമായ ആവശ്യം മാത്രമാക്കി മാറ്റി
വൈകൃതവത്കരിച്ചിരിക്കുന്നത്‌.
        കേരളത്തിലെ സെക്സ്‌ അതിപ്രസരത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ വെളിപ്പെട്ട
മറ്റൊരു സംഭവം (ഒരു മനഃശ്ശാസ്ത്രജ്ഞനിൽ നിന്നും ലഭ്യമായതാണ്‌​‍ാമൂന്നു
പുരുഷന്മാരുടെ അണ്ടർവെയറിന്റെ പരസ്യകട്ട്‌ഔട്ട്‌ കണ്ട ഒരു പെൺകുട്ടി
ചാഞ്ഞു കിടക്കുന്ന ഒരു തെങ്ങിൽ രണ്ടു വശത്തും കാൽ വിടർത്തിയിരുന്ന്‌
താഴോട്ടും മേലോട്ടും ആടി സ്വയംഭോഗം ചെയ്തുവേന്നാണ്‌.
        മധ്യവയസ്സിലെത്തിയവരും അറുപതു കഴിഞ്ഞ മുതിർന്നവരും ലൈംഗികശേഷി
നഷ്ടപ്പെട്ടവർ വരെ (ശേഷിയില്ലെങ്കിലും മനസ്സിൽ തൃഷ്ണ നിലനിൽക്കുമെന്നാണ്‌
അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്‌) ബാഹ്യകേളികൾക്കായി തിരിച്ചറിവില്ലാത്ത
കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ഇക്കാര്യത്തിൽ പുരുഷന്മാരെ മാത്രം
അടിസ്ഥാനപ്പെടുത്തി കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ശതമാനത്തിൽ ഒരു പക്ഷെ
കൂടുതലായിരിക്കാമെങ്കിലും സ്ത്രീകൾ വളരെ ഗോപ്യമായി ലൈംഗികത
ആസ്വദിക്കുന്നവരാണെന്ന്‌ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്‌. ഏതൊരു
പുരുഷനോടും നിങ്ങളുടെ ആദ്യത്തെ ലൈംഗികബന്ധം എന്നായിരുന്നു,
ആരുമായിട്ടായിരുന്നു എന്നു ചോദിക്കുമ്പോൾ 98 ശതമാനം പുരുഷന്മാരും 12
വയസ്സിനും 18 വയസ്സിനും ഇടയിൽ അത്‌ സംഭവിച്ചവരാണ്‌. അതിൽ ഒരു ശതമാനം
കഴിച്ചുള്ളവരെല്ലാം തന്നെക്കാൾ പത്തും ഇരുപതും വയസ്സിന്‌ മൂപ്പുള്ള
സ്ത്രീകളുടെ പ്രേരണയാൽ രതിയിലേർപ്പെട്ടവരാണ്‌.
        ഇതിൽ നിന്നും എന്താണ്‌ മനസ്സിലാക്കേണ്ടത്‌? പുരുഷന്മാർക്ക്‌
ചാരിത്ര്യബോധമോ പാതിവ്രത്യനഷ്ടബോധമോ ഇല്ലാത്തതുകൊണ്ടും ലൈംഗികതയെ ഏതൊരു
സാഹചര്യത്തിലും അവർ സ്വാഗതം ചെയ്യുന്നതുകൊണ്ടുമാണ്‌ പുറംലോകം
അതറിയാത്തത്‌. ഈ അനുഭവം തിരിച്ചാണെങ്കിൽ അതായത്‌ ഒരു ചെറിയ പെൺകുട്ടിയെ
മുതിർന്നൊരു പുരുഷൻ ലൈംഗികമായി ഉപയോഗപ്പെടുത്തിയാൽ എന്തെല്ലാം
ഭൂകമ്പമാണ്‌ സംഭവിക്കുന്നത്‌? സ്ത്രീക്ക്‌ കന്യാകത്വവും വിവാഹശേഷം
പാതിവ്രത്യവും കൽപിച്ചു നൽകുന്ന സമൂഹം അവളെ എന്നും ചങ്ങലയ്ക്കിടാൻ
ശ്രമിക്കുമ്പോൾ, രക്തബന്ധത്തിനോ ആത്മബന്ധത്തിനോ പോലും വിലകൽപിക്കാതെ അവൾ
തന്റെ മുന്നിൽ എത്തിപ്പെടുന്ന ബാലനെപോലും ലൈംഗികതയ്ക്ക്‌
പ്രേരിപ്പിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണ്‌? ഇത്തരം
ബാലന്മാർ മുതിരുമ്പോൾ കൊച്ചുപെൺകുട്ടികളെ കടന്നു പിടിച്ചാൽ
അതിശയിക്കാനെന്തിരിക്കുന്നു? ലൈംഗികച്ചോദനകളെ അടിച്ചമർത്തുകയും സ്ത്രീയും
പുരുഷനും അനാവശ്യമായ വേർതിരിവുകൾ കൽപിക്കുകയും ചെയ്യുമ്പോൾ ആരും ഓർക്കാതെ
പോകുന്നത്‌, ഏതൊരു ജീവിയുടേയും ജന്മാവകാശമായ ലൈംഗികതയെ എത്ര
അടിച്ചമർത്തിയാലും ഏതെങ്കിലും വിധത്തിൽ അവരത്ത്‌ പൂർത്തീകരിക്കും
എന്നുള്ളതാണ്‌.

        നിഷേധിക്കുന്നതിനെ സ്വന്തമാക്കാനുള്ള തൃഷ്ണ ഏതൊരു മനുഷ്യനിലുമുണ്ട്‌.
നാമിപ്പോൾ നിൽക്കുന്നത്‌ ഒരു ട്രാൻസിഷ്യൻ പിര്യേഡിലാണ്‌. അമേരിക്കൻ
സംസ്കാരം ഉൾക്കൊള്ളാൻ വെമ്പുന്ന ഒരു വിഭാഗം ജനതയും, മലയാളിയുടെ തനതായ
സംസ്കാരവും മൂല്യങ്ങളും മുറുകെ പിടിക്കാൻ നിർബന്ധിക്കുന്ന വേറൊരു
വിഭാഗവും. ഈ രണ്ടു മാനസികതലങ്ങളിലെ സംഘർഷങ്ങളും അടിച്ചമർത്തലുകളും ,
പൊട്ടിച്ചെറിയാനുള്ള ത്വരയും ഒരു കുരുക്ഷേത്രയുദ്ധത്തിലകപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്‌
എത്തിച്ചിരിക്കുന്നത്‌. കാലത്തിനൊത്തുള്ള മാറ്റങ്ങൾ അനിവാര്യമാണ്‌.
ലാസ്റ്റ്‌ ടെമ്പ്റ്റേഷൻ ഓഫ്‌ ക്രൈസ്റ്റ്‌ എന്ന്‌ പ്രശസ്ത നോവലിൽ കസാൻ
സാക്കിസ്‌ പറയുന്നത്‌ സംഭോഗം ആവശ്യമായ ഒരു മനുഷ്യനും, അത്‌ സ്ത്രീയായാലും
പുരുഷനായാലും നിഷേധിക്കരുത്‌, കൊടുംപാപമാണ്‌ എന്നാണ്‌. പ്രത്യേകിച്ച്‌
വിധവകൾക്കും ഭാര്യമാരില്ലാത്ത പുരുഷന്മാർക്കും.
        ഈ തിരിച്ചറിവിൽ നിന്ന്‌ പുതിയൊരാശയം. ജൈവമനുഷ്യന്റെ വിശപ്പ്‌ എന്ന അവസ്ഥ
തരണം ചെയ്തു കഴിഞ്ഞാൽ പിന്നെ ഭോഗമാണ്‌ ഏറ്റവും അത്യാവശ്യമായിട്ടുള്ളത്‌.
(ഇന്നത്തെ സാഹചര്യത്തിൽ ഭോഗമാണ്‌ വിശപ്പിനേക്കാൾ പ്രധാനം എന്നു തോന്നും).
        പാമ്പുകൾ പണ്ടുകാലം മുതൽക്കേ നമ്മുടെ രതി സങ്കൽപങ്ങളിൽ ഇടംപിടിച്ച
ഇറോട്ടിക്ക്‌ സിംബൽ ആണ്‌. രാജവെമ്പാലയിലെ പെൺവർഗം, ആയിരക്കണക്കിന്‌
പാമ്പുകളെ തമ്മിൽ തല്ലി കൊന്നിട്ടുള്ള  ആണിനെയാണ്‌ സംഭോഗത്തിന്‌
തിരഞ്ഞെടുക്കുന്നത്‌. ഈ വീരശൂരപരാക്രമിയായ ആൺ രാജവെമ്പാലയുമായി 18
മണിക്കൂർ നീണ്ടു നിൽക്കുന്ന മനോഹര വേഴ്ചയാണ്‌ സംഭവിക്കുന്നത്‌. അതിനായി
വൃത്തിയും വെടിപ്പുമുള്ള ഒരു സ്ഥലം അവർ തിരഞ്ഞെടുക്കുന്നു. മൃഗങ്ങളായാലും
പക്ഷികളായാലും ഉരഗങ്ങളായാലും ഇണ ചേരുക എന്നത്‌ ഏറ്റവും പരിപാവനമായ ഒരു
പ്രക്രിയായി കരുതുന്നത്‌ നിരീക്ഷണത്തിൽ വ്യക്തമാകുന്നുണ്ട്‌.
        പതിനഞ്ചാം നൂറ്റാണ്ടിലെ കേരളത്തിൽ അഞ്ചു ഭർത്താക്കന്മാരുള്ള സ്ത്രീ,
കളരിയും മറ്റു കായികാഭ്യാസങ്ങളും കലകളും അറിയുന്ന ഈ അഞ്ചു
ഭർത്താക്കന്മാരും കൂടി ഭാര്യയുടെ ഇരുവശത്തുമായി രണ്ടുപേർ വീതവും മുമ്പിൽ
ഒരാളുമെന്ന നിലയിൽ നീലേശ്വരം അങ്ങാടിയിൽ ഷോപ്പിംഗിന്‌
ഇറങ്ങിയിരുന്നതെന്ന്‌ ഡച്ച്‌ ചരിത്രകാരനായ ലോർഡ്‌ ഗിബ്ബോൺ
രേഖപ്പെടുത്തിയിട്ടുണ്ട്‌. സ്ത്രീക്ക്‌ എത്ര കായബലമുള്ള പുരുഷന്മാരുണ്ടോ
അത്‌ അലങ്കാരമായി കണ്ടിരുന്നു നമ്മൾ. ഒരു വീട്ടിലെ എല്ലാ പുരുഷന്മാർക്കും
കൂടി ഒരു ഭാര്യ എന്ന ചരിത്രവും നമുക്കുണ്ട്‌.
        ഇത്‌ കേരളത്തിന്റെ ചെന്തെണ്ടു പോലുള്ള പെണ്ണിന്റെ മുലകൾ മറയ്ക്കാത്ത
കാലത്തെ ചരിത്രം. അന്ന്‌ മണ്ണിന്റെ നിറമുള്ള കുശവസ്ത്രീകൾ മൺകലങ്ങൾ
തലയിലേറ്റി വരുമ്പോൾ നിറകുടങ്ങൾ പോലുള്ള മുലകളുടെ ചാഞ്ചാട്ടം നോക്കി
നിന്നിട്ടുള്ള അച്ഛന്റെ കഥ അഭിമാനത്തോടെയാണ്‌ അമ്മ എനിക്കു പറഞ്ഞു
തന്നിട്ടുള്ളത്‌. അന്നത്തെ സ്ത്രീകൾക്ക്‌ ഭർത്താവിന്റെ അത്തരം ലീലകളിൽ
പ്രതിഷേധമില്ലായിരുന്നു. അത്‌ പൗരുഷത്വത്തിന്റെ അടയാളമായി അവർ
കണ്ടിരുന്നു. അന്ന്‌ ബലാത്സംഗവും ഇത്രമേൽ ഇല്ലായിരുന്നു. ഇന്നതല്ല
സ്ഥിതി. ഭർത്താവിന്റെ നോട്ടം പോലും ഒന്നു പിഴച്ചാൽ ഇരുതലമൂർച്ചയുള്ള
വാളുമായി ഭാര്യ ചാടി വീഴും. അതോടെ അവന്റെ പുരുഷത്വം കാപട്യത്തിന്റെ മുഖം
മൂടി ധരിക്കും എന്നത്‌ എത്ര  ഭാര്യമാർക്ക്‌ തിരിച്ചറിയാൻ കഴിയും? ഈ
തിരിച്ചറിവ്‌ പരസ്പരം ഉണ്ടാകുമ്പോൾ ഇവിടെ മാനസിക സംഘർഷങ്ങൾ കുറയും.
അക്രമങ്ങൾ കുറയും. പെൺവാണിഭങ്ങളിൽ കുടുങ്ങുന്നവർ പ്രലോഭനങ്ങളിൽപെട്ടു
പോകുന്നതിന്റെ പിന്നിലും അസംതൃപ്തിയുടെ ദയനീയവസ്ഥയാണെന്ന്‌
തിരിച്ചറിയേണ്ടതുണ്ട്‌. പെൺവാണിഭം നടക്കുന്നതു തന്നെ ഈ ദരിദ്രാവസ്ഥ
മുതലെടുത്തുകൊണ്ടാണല്ലോ? ഫോണിൽ ഒരു മിസ്ഡ്‌ കോൾ വന്നതിന്‌ വഴക്കടിച്ച്‌
14 ദിവസത്തോളം സ്വന്തം ശരീരം പങ്കുവയ്ക്കാൻ ഭർത്താവിനെ അനുവദിക്കാതിരുന്ന
ഒരു ഭാര്യയെ എനിക്കറിയാം.
വ്യക്തി ഒരു വസ്തുവല്ലെന്നും ഇഷ്ടാനുസരണം
എടുത്തു മാറ്റിവയ്ക്കാനോ രൂപാന്തരം വരുത്തുവാനോ കഴിയുന്നതല്ലെന്ന്‌
ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്‌. ഭാര്യാഭർത്തൃബന്ധങ്ങൾ കുറെക്കൂടി
വിശാലവും സുദൃഡവുമാക്കേണ്ടത്‌ അത്യാവശ്യമാണ്‌.
        സ്ത്രീകൾ പിഡനം ഒരു ലാഭക്കച്ചവടമായി കാണുന്ന പുതിയ ട്രെന്റും അറിയാൻ
കഴിഞ്ഞിട്ടുണ്ട്‌. അവിവാഹിതനായ ഒരു മുതിർന്ന പുരുഷനെ ലൈംഗികമായി
ഉപയോഗിക്കുകയും പണം കൈപ്പറ്റുകയും ചെയ്തിരുന്ന ഒരു സ്ത്രീ അവർ
പ്രായപൂർത്തിയായ രണ്ട്‌ ആൺമക്കളുടെ അമ്മയുമാണ്‌. വർഷങ്ങൾക്കു ശേഷം ഈ
പുരുഷൻ വേറെ വിവാഹം കഴിക്കാനൊരുങ്ങിയപ്പോൾ പിഡനത്തിന്‌
കേസ്സുകൊടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയത്‌ എനിക്ക്‌
നേരിട്ടറിയാവുന്നതാണ്‌. സ്ത്രീപിഡനത്തിന്‌ നൽകുന്ന വമ്പിച്ച ആനുകൂല്യം
കച്ചവടമാക്കാനും ഈ കലികാലം ഒരുങ്ങുന്നു.
        അന്വേഷണത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു സംഭവം 80 വയസ്സുകഴിഞ്ഞ
വൃദ്ധ സുഹൃത്തിന്റെ വിവരണമാണ്‌. 40 വർഷങ്ങൾക്കുമുമ്പുള്ള സംഭവം.
അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ്‌ ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ
അദ്ദേഹത്തിന്‌ ലൈംഗിക ബന്ധത്തോടുള്ള താൽപര്യം കുറഞ്ഞുവന്നു.
പുസ്തകവായനയിലായി കമ്പം. ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത അയാൾ ഒരിക്കൽ
അക്കാര്യം പങ്കാളിയോട്‌ ചർച്ച ചെയ്തു. ഭാര്യയുടെ അസംതൃപ്തി അടുക്കളയിലെ
പാത്രങ്ങളിലും കുട്ടികളുടെ പുറത്തും തീർത്തുവരുന്ന അവസരത്തിലായിരുന്നു
അത്‌. അയാൾ ഭാര്യയോട്‌ ആവശ്യപ്പെട്ടത്‌ മറ്റൊരാളെ ഇതിനായി
ഉപയോഗിക്കാനായിരുന്നു. ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട്‌
അവർ ശാരീരികാവശ്യത്തിന്‌ മറ്റൊരാളെ കൂടി ജീവിതത്തിൽ കൂട്ടി.
പിന്നോട്ടുള്ള അവരുടെ ജീവിതം അത്യാഹ്ലാദകരമായിരുന്നുവത്രെ. ഭർത്താവിന്റെ
ഇഷ്ട വിഭവങ്ങൾ പാചകം ചെയ്യുന്നതു മുതൽ എല്ലാ കാര്യങ്ങളിൽ ചുറുചുറുക്കും
സാമർത്ഥ്യവും വന്നു. സ്നേഹത്തിന്റെയും സംതൃപ്തിയുടേയും വർഷങ്ങളായിരുന്നു
പിന്നീട്‌ . ഇതുകേട്ടപ്പോൾ ഞാനൊരു ചോദ്യമെറിഞ്ഞു. നിങ്ങൾക്ക്‌ സങ്കടം
തോന്നിയില്ലേ? ഭാര്യയെ മറ്റൊരാൾ? എന്തിനാണത്‌? അവൾ എന്റേതാണ്‌. പക്ഷെ
അത്‌ ഞാൻ വാങ്ങിയ വസ്തുവല്ല. സ്നേഹിക്കുന്ന വ്യക്തിയാണ്‌. അവളുടെ ഏത്‌
സങ്കടവും പരിഹരിക്കുകയെന്നത്‌ എന്റെ കർത്തവ്യമാണ്‌. ഞാനാ സുഹൃത്തിന്റെ
കണ്ണുകളിൽ അത്ഭുതത്തോടെ നോക്കി. എത്രയോ വർഷങ്ങൾക്കു മുമ്പു തന്നെ ഇത്ര
ഉദാത്തമായി ചിന്തിക്കാൻ കഴിഞ്ഞ ഒരാളെന്ന നിലയിൽ എനിക്ക്‌ ബഹുമാനം തോന്നി.
        ഇത്‌ ഞാനെഴുതിയത്‌ ഒരു ഓപ്പൺ സെക്സ്‌ വേണമെന്ന്‌
ചിന്തിക്കുന്നതുകൊണ്ടല്ല. ഓരോരുത്തർക്കും  അവരവരുടേതായ
പ്രത്യേകതകളുണ്ടാവും. അത്‌ മറ്റൊരാൾക്ക്‌ അടിയറവച്ചുകൊണ്ട്‌ ജീവിതം നരക
തുല്യമാക്കാൻ ശ്രമിക്കരുത്‌ എന്ന ഉദ്ദ്യേശത്തോടെയാണ്‌. ആരേയും
വേദനിപ്പിക്കാതെ, ദ്രോഹിക്കാതെ സംതൃപ്തമായി കഴിഞ്ഞുപോയ ആ വൃദ്ധ സുഹൃത്ത്‌
എന്തെങ്കിലും തെറ്റായി ചെയ്തുവെന്ന് എനിക്കു തോന്നുന്നില്ല. നല്ല
സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുകയും എല്ലാ ബന്ധങ്ങളും ലൈംഗികപരമല്ല എന്ന്‌
തിരിച്ചറിവുണ്ടാവുകയും വേണം. വേർതിരിവുകൾ പരസ്പരം ആകർഷിക്കപ്പെടാനുള്ള
സാധ്യത കൂടും. യാത്രാസ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം,
വ്യക്തിസ്വാതന്ത്ര്യം എന്നിവ ക്രിയാത്മകതയെ വളർത്തുന്നതാണ്‌.
അസ്വാതന്ത്ര്യം കാപട്യത്തെയും അക്രമത്തെയും സൃഷ്ടിക്കുന്നു.
        ലൈംഗികത തൊഴിലാക്കിയ ഒരു സ്ത്രീയുടെ പ്രസംഗം ഈയിടെ കേൾക്കാനിടയായി. അവർ
പുസ്തകമെഴുതിയതു തന്നെ കസ്റ്റമറെ കൂടുതൽ കിട്ടാനാണെന്ന്‌ പറയുകയുണ്ടായി.
ഓരോ പുരുഷന്റെ പ്രത്യേകതയും ലൈംഗിക ആസക്തിയും വരെ വിവരിക്കുന്നതു കേട്ടു.
അവരെ ഏർപ്പാടാക്കുന്നവർക്കാണ്‌ അവരേക്കാൾ കൂടുതൽ വരുമാനമെന്നും തുച്ഛമായ
സംഖ്യയാണ്‌ യഥാർത്ഥ തൊഴിലാളിക്ക്‌ ലഭിക്കുന്നതെന്നും പരാതിപ്പെട്ടു.
ഇത്തരം സ്ത്രീകളെ ലൈംഗിക തൊഴിലാളിയാണെന്ന്‌ പറയാൻ മടിക്കാത്തവരെ ഒരു
കുടക്കീഴിൽ കൊണ്ടുവരാൻ ഏതെങ്കിലും ഒരു സന്നദ്ധ സംഘടന തയ്യാറാവുകയും
സർക്കാർ തലത്തിൽ നിന്നും ചെറിയ ഗ്രാന്റോടു കൂടി ഒരു 'ലൈംഗിക ആശ്വാസ
കേന്ദ്രം' ആരംഭിക്കുകയും ചെയ്യേണ്ടതാണ്‌. കേരളത്തിലെ അക്രമാസക്തരായ
ലൈംഗിക അത്യാവശ്യക്കാർക്ക്‌ അതുപകരിക്കും. ബുദ്ധിപരവും ആസുത്രിതവുമായ
നിയമാവലികളും ആരോഗ്യബോധവത്കരണവും ശുചിത്വനടപടികളുമൊക്കെയുള്ള
മാഫിയക്കാർക്ക്‌ കൈകടത്താൻ കഴിയാത്തവിധം കർശനമായ നിയന്ത്രണങ്ങളുമുള്ള ഒരു
ആശ്വാസശാല, കേരളത്തിലെ മൂന്നു പ്രധാന നഗരങ്ങളിൽ തുറന്നു പ്രവർത്തിച്ചാൽ
സ്ത്രീ സാമീപ്യമില്ലാതെ സംഘർഷമനുഭവിക്കുന്നവർക്ക്‌ ഉപകരിക്കും.

ഇത്തരക്കാരെ വച്ച്‌ കച്ചവടം ചെയ്യുന്ന പിമ്പുകളുടെ ചൂഷണം
അവസാനിപ്പിക്കാനും ഒരു പരിധിവരെ ഇതുകൊണ്ട്‌ സാധിക്കും. കപടസദാചാരികൾ
കൊടിപിടിച്ച്‌ കൊണ്ട്‌ ഇവിടെ വ്യഭിചാരം നടക്കാതിരിക്കുന്നില്ല. കൂടുതൽ
വഷളായികൊണ്ടിരിക്കുന്ന സെക്സ്‌ ഉപഭോക്താക്കൾക്കു വേണ്ടി ഈ സ്ഥാപനം
അത്യാവശ്യമാണ്‌. കേരളത്തിന്‌ പുറത്ത്‌ പല നഗരങ്ങളിലും അത്തരം
സ്ഥാപനങ്ങളുണ്ടെന്നുള്ളത്‌ നമുക്കറിയാവുന്നതാണ്‌. പ്രധാനപ്പെട്ട ഒരു
ക്ഷേത്രത്തിന്റെ പരിസരത്തു താമസിക്കുന്ന എനിക്ക്‌ ലൈംഗികകച്ചവടങ്ങളും
പിമ്പും പോലീസിന്റെ പങ്കും നന്നായറിയാവുന്നതുകൊണ്ടുകൂടിയാ
ണ്‌
ഇതെഴുതുന്നത്‌. പൊതുസ്ഥലങ്ങളിലുള്ള ഇത്തരം ഏർപ്പാടുകളെ കർശനമായി
തടയാനുള്ള സംവിധാനവും ഇതോടൊപ്പം ഉണ്ടാവേണ്ടതാണ്‌.
        ഭക്ഷ്യദാരിദ്ര്യം പോലെ തന്നെ നിർമ്മാർജ്ജനം ചെയ്യേണ്ട ഒന്നാണ്‌ ലൈംഗിക
ദാരിദ്ര്യം എന്നത്‌ ഗൗരവമായി ചിന്തിക്കേണ്ട കാലം കഴിഞ്ഞു.
ആ അവസ്ഥ ഇനിയും
തുടർന്നാൽ പൊതുനിരത്തിൽ സ്ത്രീകൾ ഇനിയും ആക്രമിക്കപ്പെട്ടു
കൊണ്ടിരിക്കും. എത്രയൊക്കെ പ്രതിരോധങ്ങൾ ഏർപ്പെടുത്തിയാലും സമൂഹമനസ്സിന്‌
സംഭവിച്ച ഈ വൈകല്യത്തിന്‌ ചികിത്സ നൽകിയില്ലെങ്കിൽ ഗുരുതരമായ
പ്രത്യാഘാതങ്ങൾ ഇനിയും നാം അനുഭവിക്കേണ്ടി വരും.
        നമുക്ക്‌ കാലത്തിനൊത്ത്‌ ചുവടു വയ്ക്കാം. അടച്ചു വച്ച കൂട്ടിൽ നിന്നും
അസംതൃപ്തിയുടെ കിളികളെ തുറന്നു വിടാം. മനസ്സ്‌ ശാന്തമായാൽ ശരീരവും
ശാന്തമാകും. ശരീരം ശാന്തമാകുന്നതോടെ  ബുദ്ധിയും ബുദ്ധിശാന്തമാവുമ്പോൾ
പ്രവൃത്തിയും പ്രവൃത്തി ശാന്തമായ കുചേല സമൂഹവും സമൂഹം ശാന്തമാകുമ്പോൾ ആ
പ്രദേശം ശാന്തമാകും. ചിന്തിച്ചു നോക്കൂ...

19 Jul 2012

പാട്ടെഴുത്തിന്റെ ശനിദശ



രാജനന്ദിനി

നമ്മുടെ പാട്ടെഴുത്ത്‌ മേഖലയ്ക്ക്‌ ഇപ്പോൾ കണ്ടകശനിയാണെന്ന്‌ തോന്നുന്നു.
ഈയിടെ ഇറങ്ങിയ ബ്യൂട്ടിഫുൾ എന്ന സിനിമയിലെ 'മഴനീർത്തുള്ളികൾ
നിൻതനുനീർമുത്തുകൾ' എന്ന പാട്ടും അതിനെ തുടർന്നുള്ള കോലാഹലവും കണ്ടപ്പോൾ
അങ്ങനെയാണ്‌ തോന്നിയത്‌.
അനൂപ്‌ മേനോന്റെ ഇന്റർവ്യൂ ഒരു ആഴ്ചപതിപ്പിൽ വായിക്കാനിടയായി. അദ്ദേഹം
മറ്റൊരു സിനിമയ്ക്കു വേണ്ടി മൂന്നു പാട്ടുകൾ കൂടി എഴുതി എന്നു
വായിച്ചപ്പോൾ ഞെട്ടിപ്പോയി. ഞാൻ മാത്രമായിരിക്കില്ല മലയാളത്തെ അറിയുന്നവർ
മുഴുവൻ ഞെട്ടിക്കാണും. ബ്യൂട്ടിഫുൾ എന്ന പടത്തിലെ 'ഹിറ്റു' ഗാനം എഴുതി
സംഗീതപ്രേമികളെ ധർമ്മസങ്കടത്തിലാക്കിയ അനൂപ്മേനോൻ ആദ്യം മലയാളം ശരിക്ക്‌
പഠിക്കേണ്ടതാണ്‌. ജീവിതത്തിൽ ഒരിക്കൽപോലും ഒരു കവിതയെങ്കിലും
എഴുതിയിട്ടില്ലാത്ത അനൂപിനെ കൊണ്ട്‌ ഈ പാതകം ചെയ്യിക്കുന്നവർക്കും
മലയാളഭാഷയെ അറിയേണ്ടതില്ലെന്ന്‌ തോന്നുന്നു. ഗിരീഷ്‌ പുത്തഞ്ചേരിയെന്ന
അതുല്യഗാനരചയിതാവിനു ശേഷം ഒരു നല്ല അർത്ഥസമ്പുഷ്ടമായ പാട്ടെഴുത്ത്‌
മലയാളി കണ്ടില്ലെന്നുള്ളതാണ്‌ സത്യം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തെന്ന
നിലയിൽ ഞാൻ പലപ്പോഴായി മനസ്സിലാക്കിയിട്ടുള്ളത്‌ ഗാനരചനയിൽ അടിസ്ഥാനമായി
അറിഞ്ഞിരിക്കേണ്ട ചിലതുണ്ടെന്നുള്ളതാണ്‌. ഒരു മാലയിൽ കൊരുത്തെടുക്കുന്ന
പൂക്കൾപോലെ വാക്കുകൾ വ്യന്യസിപ്പിച്ച അർത്ഥതലങ്ങൾ ഒന്നിനോടൊന്ന്‌
ചേർന്നുപോകുമ്പോഴാണ്‌ സംഗീതത്തിന്റെ അനുഭൂതിയോടൊപ്പം അർത്ഥങ്ങളുടെ
മാസ്മരികതയും കൂടി ശ്രോതാക്കളെ സംഗീതത്തിന്റെ ധ്യാനാത്മകമായ
ലോകത്തെത്തിക്കുന്നത്‌. ഇത്‌ അനൂപ്‌ മേനോന്‌ വശമില്ലാതെ പോയി. വീണ്ടും
അദ്ദേഹത്തെ ഈ പാതകത്തിന്‌ ഒരുക്കിയത്‌ മഴനീർത്തുള്ളികൾ
"ഹിറ്റാ"യതിനാലാണ്‌. എന്തു കിട്ടിയാലും വെട്ടിവിഴുങ്ങന്നത്‌ ഈ
കാലഘട്ടത്തിന്റെ ജീർണ്ണതയാണ്‌. മലയാളത്തെ അറിയാനാഗ്രഹിക്കാത്തവരുടെ
അറിവില്ലായ്മയും കൂടിയാണ്‌. അല്ലെങ്കിൽ 'മഴനീർത്തുള്ളികളെ ആരും
ചുണ്ടിലേറ്റില്ലായിരുന്നു. ഒന്ന്‌ സമ്മതിക്കാതെ തരമില്ല. ഈ ഗാനത്തിന്റെ
സംഗീതം അതിഗംഭീരമായിരിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ ഗാനങ്ങളുടെ
വികളവെപ്രാളങ്ങളിൽ തലകുനിച്ചിരിയ്ക്കുന്ന സംഗീതപ്രേമികളുടെ നെറുകയിലൂടെ
ഒരുതണുമഴയായ്‌ പെയ്തിറങ്ങിയ സംഗീതം. രതീഷിന്‌ അഭിനന്ദനം. എന്നാൽ ആ ഗാനം
വാക്കുകളിലൂടെ പുറത്തേക്ക്‌ ഒഴുക്കാൻ പറ്റാത്തവിധം മലയാള ത്തെ
സ്നേഹിക്കുന്നവരുടെ ചുണ്ടിൽ അതു തടഞ്ഞു നിന്നത്‌ ഈ അർത്ഥവൈകല്യം
ഒന്നുകൊണ്ടുമാത്രമാണ്‌.

ഇനി ഗാനത്തിലേക്കു കടക്കാം. പല്ലവി: "മഴനീർത്തുള്ളികൾ നിൻതനുനീർമുത്തുകൾ"
മഴത്തുള്ളികൾ അവളുടെ വിയർപ്പുകണങ്ങൾ, ഓകെ. അടുത്തത്‌ തണുവാപ്പ്യ്തിടും
കനവായ്‌ തോന്നിടും. തണുവായ്‌ പെയ്യുന്നത്‌ എങ്ങനെയാണ്‌. കനവായ്തോരുന്നത്‌
എന്ന്‌ മനസ്സിലായില്ല. തണുവേന്നാൽ തണുപ്പ്‌ ഒരനുഭവമാണ്‌. കനവ്‌ ഒരാളുടെ
സ്വപ്നമാണ്‌ പ്രതീക്ഷയാണ്‌. അതും തണുപ്പും തമ്മിലെന്തു ബന്ധം? ഇനി
വെൺശംഖിലെ ലയ ഗാന്ധവർമ്മായ്‌ നീയെന്റെ സാരംഗിയിൽ- ലയമെന്നാൽ
നൃത്തസംഗീതാതികളുടെ സമന്വയം എന്നർത്ഥവും വരുന്നത്‌. ഗാന്ധർവ്വം ഒരു
വിവാഹരീതി, സംഗീതകല സാമവേദത്തിന്റെ ഉപവേദം, കുതിര എന്നിങ്ങനെ പോകുന്നു.
ഏതാണ്ട്‌ ഒരേ അർത്ഥം വരുന്ന ലയവും ഗാന്ധർവ്വവും ഒന്നിച്ചുവേണോ? സാരംഗി
-ഒരിനം വീണ, മാൻപേട തുടങ്ങിയ അർത്ഥങ്ങളുണ്ട്‌. വീണയിൽ ഇതളിടുന്ന
വാനത്തിന്റെ തേൻതുള്ളിയെ കുറിച്ച്‌ സങ്കൽപിച്ചു നോക്കൂ. വീണയിൽ മഴ
പെയ്യുന്നുവേന്നാണോ പറഞ്ഞുവരുന്നത്‌? മോഹത്തിൻ തേൻതുള്ളിയെങ്ങനെയാണ്‌
കതിരിടുന്നത്‌? കതിരിടുക എന്നതിന്റെ മറ്റൊർത്ഥം പ്രകാശിക്കുക എന്നതാണ്‌.
ഇതിലേതാണ്‌ അനൂപ്‌ ഉദ്ദേശിച്ചതു?
അനൂപ് മേനോൻ

രാ മേഘംപോൽ വിൺ താരംപോൽ നീ എന്റെ അകലെ നിൽപൂ. നല്ല വരികൾ അതിഗംഭീരം.
പക്ഷെ, അടുത്ത വരിയാണ്‌ മനസ്സിലാകാത്തത്‌. രാ മേഘംപോലെയും വിൺതാരം
പോലെയുമുള്ള അവളുടെ ചുണ്ടിൽ ഒരു സന്ധ്യയുള്ളത്‌ രസകരം തന്നെ.
ഇനിയുള്ളതാണ്‌ അതിലും രസം. ചന്ദ്രലേഖയെന്തിനോ കാത്തുനിന്നതോർത്തുഞ്ഞാൻ.
ആരെ കാത്തുനിന്നു? എന്തിന്‌? മുമ്പുള്ള വരികളിലൊന്നും ചേരാതെപോയി ഈ
കാത്തുനിൽപ്‌. ഇനി ചരണം. 'തൂമഞ്ഞിലെ വെയിൽനാളംപോൽ നിൻകണ്ണിലെൻ ചുംബനം.
നല്ല വരികൾ. തൂവലായ്പൊഴിഞ്ഞൊരീ ആർദ്രമാം നിലാക്കുളിർ പൂക്കളായാലും
തൂവലായാലും പൊഴിയുക എന്നുവച്ചാൽ നേഗറ്റീവ്‌ ഫീലിംഗ്‌ ആണ്‌ നമ്മിൽ
ഉണ്ടാക്കുക എന്നോർക്കണം. പോട്ടെ, സഹിക്കുന്നു. തൂവലായ്‌ പൊഴിഞ്ഞൊരീ
ആർദ്രമാം നിലാക്കുളിരിന്‌ പിന്നീടെന്തുസംഭവിച്ചു എന്നറിയില്ല. ഈ വരികൾ
പാടെ മറന്നതുപോലെയാണ്‌ അടുത്ത വരികൾ. "അണയും ഞാറ്റുവേലയെന്തിനോ ഒരു മാത്ര
കാത്തെന്നോർത്തുഞ്ഞാൻ". എവിടെ അണഞ്ഞു? ആരെ കാത്ത്‌? എന്തിന്‌?
ഒരുപിടിയുമില്ല. കണ്ണിലെ ചുംബനത്തിലാണ്‌ ആർദ്രമാം നിലാക്കുളിർ
പൊഴിഞ്ഞതെന്നു വിചാരിക്കാം. എന്നാൽ ഞാറ്റുവേലയ്ക്ക്‌ എന്ത്‌
ഇതിൽക്കാര്യം?
അനൂപ്‌ മേനോനെയും പറഞ്ഞിട്ടുകാര്യമില്ല. പിടിച്ചുകെട്ടി എഴുതിച്ചതല്ലേ?
അദ്ദേഹം ഭാഗ്യമുള്ള വ്യക്തി തന്നെ. അതുകൊണ്ടല്ലേ നല്ല സംഗീതത്തിനെ
വരികളെഴുതാൻ കിട്ടിയത്‌. ഇനിയും ആരും തുമ്പിയെക്കൊണ്ട്‌
കല്ലെടുപ്പിക്കരുത്‌. പാട്ടെഴുതിക്കോളൂ, പക്ഷെ ചേരുംപടി ചേർത്തെഴുതണം.
മറഞ്ഞിരിക്കുന്ന എത്രയോ കഴിവുള്ളവർ നമ്മുടെ മലയാളത്തിലുണ്ട്‌. അവരെ
കൈപിടിച്ചുയർത്താൻ ആരുമില്ലാതെപോയ്‌. പകരം സിനിമാരംഗത്ത്‌ പരസ്പരം
അറിയുന്നവർ ഇങ്ങനെയുള്ള കടുംകൈയ്ക്കു പ്രേരിപ്പിക്കും. അനൂപിന്‌
തിരക്കഥയും അഭിനയവും പോരെ? ശ്രോദാക്കൾ ക്ഷമിക്കുന്നതിനും ഒരു
പരിധിയില്ലേ?
മഴനീർത്തുള്ളികളെ എന്റെ രീതിയിൽ ചിട്ടപ്പെടുത്തിയത്‌ താഴെ
കൊടുക്കുന്നു. അനൂപ്‌ മേനോനും മഴനീർത്തുള്ളികളെ പിൻതാങ്ങുന്നവരും
നിരുപാധികം ക്ഷമിക്കുക.
മഴനീർത്തുള്ളികൾ നിൻ
തനുനീർമുത്തുകൾ
കനവായ്‌ പെയ്തിടും
നിനവായ്‌ തോർന്നിടും
വെൺശംഖിലെ
തുളസീ തീർത്ഥമോ
നീയെന്റെ ആത്മാവിനെ
തഴുകിടും മോഹത്തിൻ
തേൻ തുള്ളിയോ
തുളുമ്പിടും രാഗത്തിൻ
പൊന്നോളമോ... (മഴനീർ)
രാമേഘം പോൽ
വിൺതാരം പോൽ
നീയെന്തെ അകലെ നിൽപൂ
കാതരേ നിൻ ചുണ്ടിലെ
സന്ധ്യയിൽ അലിഞ്ഞിടാം
കവിളിൽ പൂത്തുനിൽക്കുമാതിരാ
നിലാവേണിക്കെന്നോർത്തു ഞാൻ (മഴനീർ)
തൂമഞ്ഞിലെ വെയിൽനാളം പോൽ
നിൻകണ്ണിലെൻ ചുംബനം
തൂവലായ്‌ പറന്നൊരെൻ
ആർദ്രമാം കിനാവുകൾ
ഇനിയെൻ സ്വന്തമാണെന്നെന്തിനോ
ഒരു മാത്ര നേരമോർത്തു ഞാൻ (മഴനീർ)

18 Mar 2012

Moments....


Raja nandini

These moments...
These precious moments
Burn loneliness
Turn the whole see and sky red
From where we sit
To the distant horizon

Unconsciously
I throw fishing net,
To catch dreams that float in your eyes
But aptly you keep them
from being caught

Deep inside that heart
Emotions burn to expel
Darkness of uncertainly
As the first star smiles
At our innocence.

14 Jan 2012

കൈലാസം വിളിക്കുമ്പോൾ


രാജനന്ദിനി

ലോകത്തിലെ ഏറ്റവും സാഹസികമായ പുണ്യതീർത്ഥാടനമാണ്‌ കൈലാസമാനസ സരോവർ യാത്ര. എന്നാൽ ഏറ്റവുമധികം ശാന്തിലഭിക്കുന്നതും, ഇവിടെനിന്നാണ്‌ എന്നതാണ്‌
സത്യം. ഇന്നത്തെ കാലഘട്ടത്തിൽ ഏറെപേരും അശാന്തരാണ്‌. അതുകൊണ്ടുതന്നെയാണ്‌
ദേവാലയങ്ങളിലും മനുഷ്യദൈവങ്ങൾക്കരികിലും സംഘപ്രാർത്ഥനകളിലും ഇത്രയധികം
ജനത്തിരക്ക്‌ അനുഭവപ്പെടുന്നത്‌. എന്നാൽ ഈശ്വരൻ പ്രകൃതിയിലാണ്‌. നമ്മളിൽ
തന്നെയാണ്‌ എന്ന തിരിച്ചറിവ്‌ നൽകാൻ പ്രേരകമാണ്‌, അതിമനോഹരമായ ഈ
പ്രകൃതിയിലൂടെയുള്ള യാത്ര. ജാതിമതഭേദമന്യേ ആർക്കും കടന്നുചെല്ലാവുന്ന ഒരു
ശാന്തിതീരം. എന്നതാണ്‌ കൈലാസത്തിന്റെ പ്രത്യേകത.
നെടുമ്പാശ്ശേരിയിൽനിന്നും ഡൽഹി അവിടെനിന്ന്‌ കാഠ്മണ്ഡു അതായിരുന്നു
ഷെഡ്യൂൾ. എന്റെ കന്നി വിമാനയാത്രയാണ്‌. പ്രപഞ്ചത്തിന്റെ ഊർജ്ജസ്രോതസ്സായ
സൂര്യനാണ്‌ ഏറ്റവും വലിയ ചിത്രകാരൻ എന്നുതോന്നിപ്പോകും.ആകാശത്തിന്



ക്യാൻവാസിൽ അവൻ വരയ്ക്കുന്ന മനോഹരചിത്രങ്ങൾ എത്രകണ്ടാലും മതിയാവില്ല.
       കാഠ്മണ്ഡുവിൽ നിന്ന്‌ ഓരോ ദിവസത്തെ യാത്രയായി ന്യാലം, സാഗ, പരിയാംങ്ങ്‌,
മാനസസരോവർ, ടർച്ചൻ എന്നിങ്ങനെയാണ്‌ യാത്ര. ടർച്ചനാണ്‌ കൈലാസ
പരിക്രമണത്തിന്റെ ബെയ്സ്‌ ക്യാമ്പ്‌. ഓരോ ക്യാമ്പിലേയ്ക്കും ഉള്ള
ഭക്ഷണസാധനങ്ങൾ എല്ലാംകൂടി ഒരു ട്രക്കിലാക്കി ഞങ്ങളുടെ വാഹനങ്ങൾക്ക്‌
മുമ്പേ പോകും. കോടാരിയിലെത്തിയപ്പോൾ ഫ്രണ്ട്ഷിപ്പ്‌ പാലംവരെ മാത്രമേ
നേപ്പാളിലെ വണ്ടിവരൂ-പാലം കടക്കില്ല. പാലത്തിനപ്പുറം ചൈനയുടെ വാഹനങ്ങളും
ഡ്രൈവറുമായിരിക്കും. ഞങ്ങളുടെ ഭക്ഷണസാധനങ്ങളും പാത്രങ്ങളും മറ്റും
തലച്ചുമടായാണ്‌ ഇപ്പുറത്തെത്തിക്കുന്നത്‌. പുരുഷന്മാരേക്കാൾ സ്ത്രീകളാണ്‌
ഇത്‌ കൂടുതലും ചെയ്യുന്നത്‌. പല സ്ത്രീകളുടെയും തോളിൽ ഒരു കുഞ്ഞും കാണും.
ഒട്ടിയ വയറും ദയനീയമുഖവുമുള്ള സ്ത്രീകളും കുഞ്ഞുങ്ങളും നമ്മുടെ
കരളലിയിക്കുന്ന കാഴ്ചയാണ്‌. എടുത്താൽ പൊങ്ങാത്തത്ര ഭാരമാണ്‌
അവർകൊണ്ടുപോവുന്നത്‌.


ക്ലിയറൻസിനുവേണ്ടി കാത്തുനിൽക്കുന്ന ഞങ്ങൾക്കും
കുറച്ച്‌ അകലെയായി ഇവരും സാധനങ്ങളുമൊക്കെയായി ഇരിക്കുന്നുണ്ടായിരുന്നു.
ഒരു ഉദ്യോഗസ്ഥൻ വന്ന്‌ എന്തോപറഞ്ഞുകൊണ്ട്‌ അവിടെ ഇരിക്കുന്ന അവരെ ഒരു
വലിയ വടിയെടുത്ത്‌ അടിച്ച്‌ ഓടിക്കുന്നതുകണ്ടു. ഈ അടിമത്തം
ആത്മാഭിമാനമുള്ളവർ സഹിക്കുന്നതല്ല. സമത്വസുന്ദരമെന്ന്‌ പ്രഘോഷിക്കുന്ന
ചൈനയുടെ സോഷ്യലിസ്റ്റ്‌ ഭരണകൂടം ക്രൂരമായ ഒരുമുഖമാണ്‌ നമുക്ക്‌
കാണിച്ചുതരുന്നത്‌. ദാരിദ്ര്യം അതിന്റെ ഭീകരമുഖം വരച്ചുകാട്ടുന്ന
തിബറ്റിൽ അരച്ചാൺ വയറിനുവേണ്ടി മാനം വിൽക്കുന്നവരേയും കാണാം. അപ്പോൾ
എം.ടിയുടെ നാലുകെട്ടാണ്‌ ഓർമ്മവരിക. മാതൃത്വത്തിനുവേണ്ടി പാതിവ്രത്യം
ബലികഴിക്കുന്ന ആ അമ്മയുടെ ദയനീയമുഖം. അതേ ദയനീയാവസ്ഥതന്നെയാണ്‌ ഓരോ
മുഖങ്ങളിലും കാണാൻകഴിയുക.

       മാനസസരസ്സിനെക്കുറിച്ച്‌ എന്റെ സുഹൃത്തായ ഗിരീഷ്‌ പുത്തഞ്ചേരി പറഞ്ഞത്‌
മറ്റൊരു കഥയാണ്‌. പാർവ്വതീദേവിക്ക്‌ തന്റെ പതിയായ ഭഗവാണ്‌ തന്നോട്‌
എത്രത്തോളം പ്രണയമുണ്ടെന്നറിയാൻ വലിയ ജിജ്ഞാസതോന്നി. ചുടലഭസ്മം പൂശുന്ന
മൃഗവുരിധാരിയുമായ ഭഗവാന്റെ ചില നേരത്തെ കഠിനതപസ്സും മറ്റും ദേവിയിൽ
സന്ദേഹമുണർത്തി.

അങ്ങനെ ഒരുനാൾ ശൈലനന്ദിനി പതിയോട്‌ അതേക്കുറിച്ച്‌
ചോദിക്കുകതന്നെ ചെയ്തു. കഠിനതപസ്സിനാൽ പ്രീതനാക്കി തന്റെ പതിയായിത്തീർന്ന
പരമേശ്വരന്‌ സത്യത്തിൽ തന്നോട്‌ കലശലായ പ്രണയം തന്നെയാണോ
എന്നാണറിയേണ്ടത്‌. ചോദ്യം കേട്ട ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു. ദേവി
അൽപനിമിഷം കണ്ണടച്ചുനിന്നുകൊള്ളുക. ഭഗവാൻ തന്റെ കരങ്ങൾകൊണ്ട്‌ ദേവിയുടെ
കണ്ണുകൾ പൊത്തുകതന്നെചെയ്തു. അൽപനിമിഷത്തിനുള്ളിൽ മിഴികളിലെ
മറനീങ്ങിയപ്പോൾ ദേവി അത്ഭുതസ്തംബ്ധയായി നിന്നുപോയി.  മുന്നിൽ
അതിമനോഹരമായൊരു നീലത്തടാകം. അതോ നീലമേലാപ്പ്‌ ഭൂമിയിലേയ്ക്ക്‌
ഊർന്നുവീണതോ? മന്ദപവനന്റെ തലോടലിൽ താളത്തിലുലയുന്ന സ്ഫടികജലത്തിൽ
കണ്ണാടിനോക്കുന്ന കൈലാസപർവ്വതം. ഹിമനന്ദിനിക്ക്‌ ആഹ്ലാദം അടക്കാനായില്ല.
അവൾ അതീവപ്രണയത്തോടെ കാന്തനെ കെട്ടിപ്പുണർന്നു.

ആഹ്ലാദത്താൽ ചുവന്ന ദേവിയുടെ സുന്ദരവദനം സ്വർണ്ണത്താമരയുടെ വശ്യസൗന്ദര്യം
ചാലിച്ചെഴുതിയതുപോലെ ഈ തടാകവും. സ്ഫടികജലത്തിന്റെ ആഴങ്ങളിലും
അടിത്തട്ടുകാണുംപോലെ നമുക്കുള്ളിൽ ദേവിയുണ്ട്‌ ദേവിയ്ക്കുള്ളിൽ നാമും.
ദേവി പശ്ചാത്താപത്തോടെ കരഞ്ഞുകൊണ്ട്‌ ശാഷ്ടാംഗം പ്രണമിച്ചു. അവിവേകം
പൊറുക്കണമെന്ന്‌ പറഞ്ഞു. പ്രേമാധിക്യത്താൽ തന്റെ സുന്ദരപാണികൾകൊണ്ട്‌
ഭഗവാനെ ബന്ധിതനാക്കി. പിന്നെ രണ്ട്‌  സ്വർണ്ണമരാളങ്ങളായി ആ നീല
ജലാശയത്തിൽ നീന്തിത്തിമിർത്തു. ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നത്‌
സുഹൃത്തിന്റെ വിളികേട്ടാണ്‌. വണ്ടി ഇതിനോടകം ഏറെദൂരം ചെന്നിരുന്നു. അതാ
നോക്കൂ-അവൾ ചൂണ്ടിക്കാണിച്ചിടത്തേയ്ക്ക്‌ കണ്ണുകൾ പായിച്ചു.


നീഹാരമണിഞ്ഞ്‌ നിൽക്കുന്ന മലനിരകളും ആകാശത്തിന്റെ നീലക്യാൻവാസിൽ
സൂര്യതേജസ്സ്‌ മേഘത്തൂലികയാൽ എഴുതിവെയ്ക്കുന്ന മോഹനചിത്രങ്ങളും
എത്രകണ്ടാലും മതിവരാത്തത്താണ്‌. നിരവധി ഹിമശൈലങ്ങളെ തഴുകിത്തഴുകി എന്റെ
കണ്ണുകൾ ഒട്ടേറെ കുഞ്ഞുതടാകങ്ങളും അരുവികളും കോരിക്കുടിച്ചു.
പ്രകൃതിവിസ്മയങ്ങളിൽ ഭ്രമിച്ചിരുന്ന എന്നെ സരള വീണ്ടും തട്ടിയുണർത്തി.
മാനസസരസ്സിനോട്‌ സാമ്യമുള്ള ഒരുകുഞ്ഞുതടാകം. അത്‌
വിഷ്ണുതടാകമാണെന്നറിഞ്ഞു. അവിടെ രണ്ട്‌ സ്വർണ്ണ അരയന്നങ്ങൾ
നീന്തിക്കളിക്കുന്ന കാഴ്ച അതിമനോജ്ഞമായിരുന്നു. അത്‌ എന്റെ കണ്ണുകളെ
ഈറനാക്കി. തെളിനീരിൽ മുങ്ങിയും പൊങ്ങിയും ചിറകുവരിച്ചും കൊക്കുരുമ്മിയും
സ്വർണ്ണമരാളങ്ങൾ അവരുടേതായ ലോകത്ത്‌ മദിക്കുന്നു. സ്വർണ്ണവർണ്ണമാർന്ന
തൂവലുകൾ വിടർത്തി വീശുമ്പോൾ മുത്തുമണികൾ വാരിവിതറുംപോലെ
ചിതറിത്തെറിക്കുന്ന ജലകണങ്ങളിൽ സൂര്യന്റെ തങ്കരശ്മികൾ മഴവില്ലുതീർക്കുന്ന
കാഴ്ച ഏറ്റവും മധുരതരമായി മനസ്സിൽ നിറയുന്നത്‌ ഞാനറിഞ്ഞു.

എന്നിൽ ഊറിക്കൂടിയ പ്രണയത്തോടെ ഞാനോ സ്വർണ്ണ അരയന്നങ്ങളുടെ മനസ്സിലേക്ക്‌ എന്നെ
സന്നിവേശിപ്പിച്ച്‌ അവരുടെ സ്വർഗ്ഗീയനിമിഷങ്ങളിൽ ലീനമായി. കുറേക്കൂടി
മുന്നോട്ടുപോയപ്പോൾ കസ്തൂരിമാനുകളുടെ ഒരു ചെറിയ കൂട്ടത്തെക്കണ്ടു. അത്‌
നരേന്ദ്രനാണ്‌ ചൂണ്ടിക്കാണിച്ചുതന്നത്‌. എന്നിട്ട്‌ പറയുകയും ചെയ്തു.


സ്വർണ്ണ അരയന്നങ്ങളെയും കസ്തൂരിമാനിനെയും എപ്പോഴും കാണണമെന്നില്ല
അവയെക്കാണാൻ കിട്ടുന്നത്‌ സുകൃതമാണ്‌ എന്ന്‌. മറ്റൊരു തടാകമായ നാരായണീ
തടാകവും കാണുകയുണ്ടായി. ഒരുവലിയ കയറ്റം കയറുകയാണ്‌. അത്‌ മാന്ധാതാ
പർവ്വതമാണെന്നും ഈ ചുരം ഇറങ്ങിച്ചെല്ലുന്നതാണ്‌ മാനസസരോവറെന്നും ഡ്രൈവർ
പറഞ്ഞു. ദൂരെ നീല റിബ്ബൺ കണക്കെ മാനസസരസ്സിന്റെ മിന്നായം കാണാറായി.
യാത്രികർ എല്ലാവരുംതന്നെ വല്ലാത്തൊരാവേശത്തിലാണ്‌. ഞങ്ങളുടെ വാഹനം
മാനസസരസ്സിനടുത്തായി സമതലത്തിൽ നിർത്തിയിട്ടു.
 ദൂരെ വെള്ളിപൂക്കുടപോലെ കൈലാസം. നരേന്ദ്രൻ ജയ്‌ ഭഗവാൻ, ശംഭോ മഹാദേവാ എന്നൊക്കെ
ഉറക്കെപ്രാർത്ഥിച്ചുകൊണ്ട്‌ വണ്ടിയിൽ നിന്നിറങ്ങി. എല്ലാവാഹനങ്ങളും
ഗ്രൗണ്ടിൽ നിർത്തി. ആഹ്ലാദവും സങ്കടവും ഭക്തിയും സമ്മിശ്രവികാരങ്ങളും
കരകവിഞ്ഞൊഴുകി ചിലർ പുണ്യഭൂമിയിൽ ശാഷ്ടാംഗം പ്രണമിച്ചു. 'തോങ്ങ്ചെൻ' എന്ന
സ്ഥലത്തുവെച്ചാണ്‌ കൈലാസപർവ്വതം ആദ്യമായി ദൃശ്യമാകുന്നത്‌. ബുദ്ധമതക്കാർ
വർണ്ണത്തുണികൾ കോർത്ത്‌ അലങ്കരിച്ചിരിക്കുന്നത്‌ കാണാം. അവർ അജണ്ടയെ
പ്രദക്ഷിണംവെച്ചാണ്‌ പ്രാർത്ഥിക്കുന്നതത്രെ! തീർത്ഥാടകർ ഒന്നടങ്കം
കൈലാസനാഥനെ വണങ്ങിക്കൊണ്ട്‌ കീർത്തനമാലപിച്ചു.

എല്ലാവരും പുണ്യഭൂമിയിലെത്തിയ നിർവൃതിയിലായിരുന്നു. വൈകാരിക തീവ്രതയാൽ പലരും ഉറക്കെ പ്രാർത്ഥിച്ചുകൊണ്ട്‌ മണ്ണിൽ കമിഴ്‌ന്നുകിടന്നു.


 അഴിഞ്ഞുലഞ്ഞ നീലപുടവപോലെ പടിഞ്ഞാറൻ മാനസസരസ്സ്‌. കിഴക്ക്‌ നീഹാരമണിഞ്ഞ
കൈലാസം. സ്ഥടികജലത്തിൽ കണ്ണാടിനോക്കുന്നു. വെണ്മേഘജാലങ്ങൾ
ഉമ്മവെയ്ക്കുന്ന നീലജലാശയത്തിൽ അതിനിഗോ‍ൂഢമായൊരു മൗനം
പുതഞ്ഞുകിടക്കുംപോലെ. എന്നിൽനിന്നും ഞാൻ എന്നഭാവം ആ നീലിമയിലേക്ക്‌
ഒലിച്ചിറങ്ങി പ്രപഞ്ചത്തിലെ സകലജീവജാലങ്ങളുടെയും ശബ്ദസംയോജനത്തിലൂടെ ഓം!
എന്ന പ്രണവമന്ത്രം ഉരുത്തിരിഞ്ഞ്‌ ചുറ്റിനും പ്രതിധ്വനിക്കുന്നതുപോലെ.
ചുറ്റുപാടുകളും സഹയാത്രികരും എന്നിൽ വിസ്മൃതമായി. അവിടെ ഓങ്കാര
മന്ത്രധ്വനിയുടെ മാസ്മരികളയത്തിൽ ഒരുജീവൻമാത്രമായി ശരീരം നിലകൊണ്ടു.
മനസ്സ്‌ വിദൂരവിദൂരമായ, അനേകായിരം വർഷങ്ങൾക്കപ്പുറത്തേയ്ക്കു
പറന്നുപോയിക്കഴിഞ്ഞിരുന്നു.

       സഹയാത്രിക തോളിൽ തട്ടിയപ്പോഴാണ്‌ ഞാൻ എന്റെ ലോകത്തുനിന്നും തിരികെ
എത്തിയത്‌. പിന്നെ ഞങ്ങൾ മാനസസരസ്സ്‌ ചുറ്റിക്കാണാനായി വണ്ടിയിൽ കയറി. 88
കി.മീ ചുറ്റളവിൽ കിടക്കുന്ന നിശബ്ദതയുടെ നിശബ്ദമായ ആ നീലപ്പരപ്പ്‌
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായി നിലകൊള്ളുന്നു. സ്ഫടികജലത്തിൽ
നീന്തിക്കളിക്കുന്ന കറുപ്പും വെളുപ്പുമായ ബ്രാഹ്മണി താറാവ്‌
എന്നറിയപ്പെടുന്ന പക്ഷികൾ ധാരാളമുണ്ടായിരുന്നു. അവ കൂട്ടം കൂടി ഒരു
മണൽതിട്ടയിൽ ഇരിക്കുന്നുമുണ്ടായിരുന്നു. ഈ പക്ഷികളെ എല്ലാ
യാത്രാസംഘങ്ങൾക്കും കാണാൻ ഭാഗ്യം ലഭിക്കാറില്ലത്രെ. ആരുടെയോ ശബ്ദം ആ
നിശ്ശബ്ദതയ്ക്ക്‌ പോറലേൽപ്പിച്ചപ്പോൾ അവ കൂട്ടത്തോടെ പറന്നു. നീല
ജലാശയത്തിനു മീതെ വെള്ളിമേഘങ്ങൾ ഊർന്നു വീണതുപോലെ അത്‌ ഹൃദ്യമായിതോന്നി.


ഒരിക്കൽ മാത്രം രണ്ടു സ്വർണ്ണ അരയന്നങ്ങൾ കൊക്കുരുമ്മി
നീന്തുന്നതുകണ്ടെങ്കിലും വണ്ടി നിർത്തി ഓടിച്ചെന്നപ്പോഴേക്കും അവ
ക്യാമറയുടെ പരിധിയിൽ നിന്നും അകന്നുപോയിരുന്നു. താടാകത്തെ വലം
വയ്ക്കുമ്പോൾ രാക്ഷസസ്താൾ കാണാം. സരോവരത്തിനു വടക്കു പടിഞ്ഞാറായി
സ്ഥിതിചെയ്യുന്ന രാക്ഷസസ്താളിനെ വേർതിരിക്കുന്നത്‌ ഒരു ചെറിയ
തുരുത്താണ്‌. ചെറിയ തിരകൾ ഇളക്കിക്കൊണ്ട്‌ അതുതന്റെ രാക്ഷസഗുണം
വിളിച്ചോതുന്നുണ്ടായിരുന്നു. പക്ഷിയോ മറ്റുജീവികളൊന്നും അതിന്റെ
പരിസരത്തു കണ്ടില്ല. മാനസസരസ്സിന്റെ അതേ നിറം തന്നെയായിരുന്നു
രാക്ഷസസ്താളിനെങ്കിലും ഒട്ടും തന്നെ സുതാര്യമായിരുന്നില്ല. അൽപം കറുപ്പു
കലർന്നിട്ടുണ്ടോ എന്നു സംശയമുണ്ട്‌. മാനസസരോവറിൽ നിന്നും ഒരു നീരുറവ
അന്തർവാഹിനിയായി രാക്ഷസസ്താളിൽ എത്തുന്നുണ്ടെന്ന്‌ പ്രണവാനന്ദസ്വാമികൾ
രേഖപ്പെടുത്തിയിട്ടുണ്ട്‌. വീണ്ടും മാനസസരസ്സിന്റെ തീരത്തുകൂടിയായി
ഞങ്ങളുടെ വാഹനം.


എന്റെ ശ്രദ്ധവീണ്ടും അർദ്ധനാരീശ്വരനിലേക്കു തിരിഞ്ഞു.
സുവർണ്ണ തീരത്തുകൂടി ഭഗവാന്റെ കൈപിടിച്ചു നടക്കുന്ന ദേവീ. പത്മദലസമാനമായ
പാദങ്ങളുടെ സ്പർശമേറ്റ്‌ കോരിത്തരിക്കുന്ന മണൽത്തരികൾ. അവളുടെ
ചേലത്തുമ്പിൽനിന്നും ഊർന്നുവീഴാൻമടിക്കുന്ന ഹിമകണങ്ങൾ മാനസസരസ്സിന്റെ
നീലിമ കവർണ്ണ്‌ നീൾമിഴികളിൽ പരമേശ്വരനോടുള്ള പ്രണയത്തിന്റെ തിരയിളക്കം.
അവളുടെ നീഹാരകുസുമങ്ങൾ ഉമ്മവെയ്ക്കുന്ന മുടിയിഴകൾ ധവളകഞ്ചുകങ്ങൾക്ക്‌
മീതെ പാറിക്കളിക്കുന്നു. എല്ലാം കൺമുമ്പിൽ തെളിയുകയാണ്‌. ഇവിടുത്തെ ഓരോ
മൺതരികളിലും ഓരോ ജലകണികകളിലും അവരുടെ പ്രണയസ്പന്ദനങ്ങൾ കാലാതീതമായി
പുണർന്ന്‌ കിടക്കുന്നതുപോലെ. എന്നിൽ നിന്നും നെടുവീർപ്പിന്റെ
ഒരുമഞ്ഞുതുള്ളി ആ പ്രണയപ്രവാഹത്തിലേയ്ക്ക്‌ ഊർന്നു വീണു.
കുളിക്കുന്നില്ലേ? കാർമേറ്റിന്റെ ചോദ്യം. എല്ലാവരും ഇറങ്ങിനിൽക്കുകയാണ്‌.


കയ്യുറയും ഷൂസും ഊരിമാറ്റി തടാകത്തിൽ ഇറങ്ങി. ഐസിൽ
കാലെടുത്തുവെയ്ക്കുംപോലെയുള്ള തണുപ്പ്‌. ഇത്ര തണുപ്പിൽ എങ്ങനെ
മുങ്ങിനിവരും? ഈ പുണ്യതീർത്ഥത്തിൽ മുങ്ങി സർവ്വപാപങ്ങളും കഴുകിക്കളയണ്ടെ?
പ്രണവാനന്ദസ്വാമികൾ തടാകത്തിന്റെ പലയിടങ്ങളിലും ചൂടുവെള്ളമുള്ളതായി
രേഖപ്പെടുത്തിയിട്ടുണ്ട്‌. കുറച്ചുകൂടി മുന്നോട്ടുനടന്നുനോക്കാ.
അത്ഭുതമെന്ന്‌ പറയട്ടെ നല്ല ചൂടുള്ള വെള്ളത്തിലാണ്‌ ചെന്നെത്തിയത്‌.


       ഭൂമിയിലെ ഈ സ്വർഗ്ഗതടാകത്തിൽ മുങ്ങിനിവരാൻ മനസ്സുകൊണ്ട്‌ യോഗത്യ
നേടേണ്ടതുണ്ട്‌. ഞാൻ വടക്കുകിഴക്കായി കാണുന്ന കൈലാസപർവ്വതത്തിലേയ്ക്ക്‌
കണ്ണുപായിച്ചു. അവിടെ പത്നീസമേതനായ ഭഗവാനെ സങ്കൽപിച്ചു. ആ പാദങ്ങളിൽ ഞാൻ
എന്നിൽ അവശേഷിക്കുന്ന സർവ്വലോഭമോഹങ്ങളെയും പ്രണിധാനം ചെയ്തു. മനസ്സ്‌
ആഴക്കടൽപോലെ ശാന്തമാകുന്നത്‌ അറിയാൻ കഴിയുന്നുണ്ട്‌. മൂന്നുപ്രാവശ്യം
തീർത്ഥം കൈക്കുമ്പിളിൽ എടുത്ത്‌ ഓംങ്കാരമന്ത്രം ജപിച്ചു. അൽപം തീർത്ഥം
തൊണ്ടനനച്ചു. നിർമമമായി മുങ്ങിനിവർന്നു. സുഖകരമായൊരു
ശാന്തിതീരത്തെത്തിയതുപോലെ. പേരറിയാത്തൊരു ആനന്ദം. സംതൃപ്തിയോടെ
പിൻതിരിയുമ്പോൾ പ്രിയയുടെ വിളികേട്ടു. ചേച്ചീ ഇതുകണ്ടോ? വെള്ളത്തിനിടയിൽ
നക്ഷത്രങ്ങളല്ലേ ഇത്‌? ഞാനും കണ്ടു നീലജലാശയത്തിനുള്ളിൽ
എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ പ്രകാശം ചൊരിഞ്ഞുകൊണ്ട്‌
ഒഴുകിനടക്കുന്നു. കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാൻ ശരിക്കും
അമ്പരന്നുപോയി. ആയിരക്കണക്കിന്‌ നക്ഷത്രങ്ങൾ ഭൂമിയിലുദിച്ചതുപോലെ
ജലാശയത്തിനുള്ളിൽ വെള്ളത്തിന്റെ ചലനത്തിനൊപ്പം നൃത്തംവെയ്ക്കുന്ന
നക്ഷത്രവിളക്കുകൾ എവിടെനിന്ന്‌ എങ്ങനെ എന്നുള്ള ചോദ്യങ്ങൾക്ക്‌
പ്രസക്തിയില്ലാത്തവണ്ണം അവ ഞങ്ങളെ നോക്കി കണ്ണുചിമ്മിക്കൊണ്ടിരുന്നു.
എന്റെ യുക്തി ഉണർന്നു. സത്യമാണോ? അതോ മതിഭ്രമമോ? മറ്റൊന്നുകൂടി പ്രിയ
ശ്രദ്ധയിൽപ്പെടുത്തി. തീരങ്ങളിലെത്തുന്ന തിരകളിൽ 'ഓം' എന്ന ലിപി. പക്ഷെ
അതിൽ അത്ര വ്യക്തത്ത തോന്നിയില്ല. സാധാരണയായി നേർത്ത തിരകൾക്ക്‌ ഒരു ഓം
ഛായയുണ്ട്‌. അതങ്ങനെ കരുതാമെങ്കിലും ഈ നക്ഷത്രങ്ങൾ തികച്ചും വ്യക്തമായി
കാണാൻ കഴിയുന്നതാണ്‌.

ഏതെങ്കിലും തരത്തിലുള്ള ജീവിയാണെങ്കിൽ അതിനേ ഒരു
ഖരഘടന കാണുമല്ലോ. ഇത്‌ യാതൊന്നുമില്ലാത്ത പ്രകാശം മാത്രം. ജലനിരപ്പിൽ
അവിടവിടെ കണ്ട നീർക്കുമിളകളെ ഞാനെന്റെ ചൂണ്ടുവിരൽകൊണ്ട്‌ പൊട്ടിച്ചു
നോക്കി. കുമിളകളിൽ സൂര്യവെളിച്ചം തട്ടിപ്രതിഫലിക്കുന്നതാണോ എന്നറിയാനാണ്‌
അങ്ങനെ ചെയ്തത്‌. പക്ഷെ നക്ഷത്രങ്ങൾ അതേപടി തിളങ്ങിനിന്നു. പ്രിയ
ജഗദീശ്വരനെ വിളിച്ച്‌ കരയുന്നതുപോലെ പ്രാർത്ഥിക്കുകയാണ്‌. ഞാനും
ത്രസിക്കുന്ന ഹൃദയവുമായി എന്നിലെ നേർത്ത സംശയങ്ങൾപോലും ദൂരീകരിക്കാനുള്ള
ശ്രമത്തിലാണ്‌.

കുട്ടികൾ ഒരിക്കൽ പറയുകയുണ്ടായി. കൈലാസയാത്രയുടെ
വിവരണങ്ങളിൽ ചിലതൊക്കെ നടക്കാൻ സാധ്യതയില്ലാത്ത സംഭവങ്ങളാണ്‌. അതുകൊണ്ട്‌
അന്ധമായ ഭക്തിയില്ലാത്ത അമ്മപോയി വരുമ്പോൾ യഥാർത്ഥകാര്യങ്ങൾ പറഞ്ഞാൽമതി.
അപ്പോൾ ഞങ്ങൾ വിശ്വസിക്കാം എന്ന്‌. പക്ഷെ ഇവിടെ വിശ്വാസത്തിന്റെയും
അവിശ്വാസത്തിന്റെയും പ്രശ്നമല്ല. യുക്തിപറയുന്നവരെ ബോധ്യപ്പെടുത്താൻ
സംശയങ്ങൾ ദൂരീകരിച്ചേപറ്റൂ. ഞാൻ പ്രിയയുടെ വസ്ത്രങ്ങളിലോ എന്റെ
വസ്ത്രങ്ങളിലോ തിളങ്ങാൻ വഴിയുള്ള മുത്തുകളോ കിന്നരികളോ ഉണ്ടോ
എന്നുപരിശോധിച്ചു. ഇല്ല. ഒരു കോട്ടൺ ഗൗണാണ്‌ ഞാൻ ധരിച്ചിരുന്നത്‌.
പ്രിയയാണെങ്കിൽ തികച്ചും ലളിതമായ യാതൊരു അലങ്കാരങ്ങളുമില്ലാത്ത ഒരു
ചുരിദാറും. അപ്പോൾ വസ്ത്രത്തിലെ കിന്നരികളുടെ റിഫ്ലക്ഷനുമല്ല.

പിന്നെ മണ്ണിലുള്ള ഏതെങ്കിലും ലോഹപദാർത്ഥത്തിൽ സൂര്യരശ്മി പതിക്കുന്നതാണോ?
ഞാനെന്റെ കൈപ്പടം മണലിനഭിമുഖമായിവച്ചു. ഇല്ല ഒരുമാറ്റവുമില്ല.
നക്ഷത്രങ്ങൾ വർണ്ണമത്സ്യങ്ങളെപ്പോലെ വെള്ളത്തിന്റെ അനക്കങ്ങൾക്കൊപ്പം
ചാഞ്ചാടിക്കൊണ്ടിരുന്നു. നക്ഷത്രങ്ങളെ കൈക്കുമ്പിളിൽ കോരിയെടുത്തുകൊണ്ട്‌
പ്രിയ  കരഞ്ഞു. ഭഗവാന്റെ മായക്കാഴ്ചകളാണെന്നും ഭഗവാന്റെ ഇഷ്ടം ഇത്തരം
അപൂർവ്വദൃശ്യങ്ങളിലൂടെ കാണിച്ചുതരുന്നതാണെന്നും പ്രിയ പറഞ്ഞപ്പോൾ
എനിക്കും തൊണ്ടക്കുഴിയിൽ എന്തോകനം തൂങ്ങുന്നതുപോലെ. ഞാനും കൈക്കുമ്പിൾ
നീട്ടി നക്ഷത്രങ്ങളെ കോരിയെടുത്തു. അത്‌ ജലനിരപ്പിനുമീതെ കൊണ്ടുവരുമ്പോൾ
മാഞ്ഞുപോകും. എന്നാൽ വെള്ളത്തിനടിയിൽവെച്ച്‌ കൈക്കുമ്പിളിൽ
ഇളകിക്കളിക്കുന്ന നക്ഷത്രങ്ങൾ. ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത
അത്ഭുതകാഴ്ചയായിരുന്നു അത്‌. നോക്കുന്നിടത്തെല്ലാം ഈ പ്രകാശനക്ഷത്രങ്ങൾ.
ഞങ്ങൾ രണ്ടുപേരും കൈലാസത്തിലേയ്ക്ക്‌ നോക്കി കൈകൂപ്പി. തലേന്ന്‌
പരിയാങ്ങിൽവച്ച്‌ സങ്കടപ്പെട്ടതും എനിക്കുണ്ടായ ഒരു സങ്കടാനുഭവവും
ഞാനോർത്തു. എല്ലാ വേദനകളും നീർത്തുള്ളികളായി ആ പുണ്യസരസ്സിൽ വീണു.
ഭഗവാന്റെ കാർത്തികവിളക്കുകണ്ടുനിന്ന ഞങ്ങളെ മറ്റുള്ളവർ കൈകൊട്ടിവിളിച്ചു.
മനസ്സില്ലാമനസ്സോടെയാണ്‌ പിൻവാങ്ങിയത്‌. ആ നക്ഷത്രങ്ങൾക്ക്‌ പിന്നിൽ
എന്താണ്‌ യുക്തിയെന്ന്‌ പിന്നീട്‌ ഞാനാലോചിച്ചിട്ടില്ല. ചില കാര്യങ്ങൾ
മറുപടിയില്ലാതെ നമ്മിലവശേഷിക്കും. പ്രത്യേകിച്ച്‌ കൈലാസതീർത്ഥാടനത്തിൽ.


പിന്നീട്‌ പലരോടും ഞാനിതിനെക്കുറിച്ച്‌ ചോദിച്ചു. ആരും കണ്ടവരില്ല.
ശ്രദ്ധിച്ചില്ലെന്നാണ്‌ പറഞ്ഞത്‌. എന്നാൽ കണ്ടത്‌ ആരെയെങ്കിലും
കാണിച്ചുകൊടുക്കാൻ അന്നേരം ഓർത്തതുമില്ല. നോക്കെത്താദൂരത്തോളം
പരന്നുകിടക്കുന്ന ആ നിശ്ചലതടാകം ലോകത്തെ ഏറ്റവും സുന്ദരമായ ദൃശ്യവും
ശാന്തിതീരവുമായിരിക്കുമെന്നാണ്‌ എനിക്ക്‌ തോന്നിയത്‌.
       മൂന്ന്‌ ദിവസത്തെ കഠിനമായ കൈലാസ പരിക്രമണം കുന്നും മലയും കുത്തനെയുള്ള
പർവ്വതങ്ങളും താണ്ടിയുള്ള യാത്ര. എങ്ങോട്ട്‌ നോക്കിയാലും പ്രകൃതിയുടെ
അഭൗമസൗന്ദര്യമാണ്‌ കണ്ണിൽ പതിയുക. ബ്രഹ്മപുത്രയുടെ കരയിലൂടെയും
മറ്റുചിലപ്പോൾ മലയിടുക്കുകളിലൂടെയും വലിയ പർവ്വതങ്ങളുടെ ഓരത്തുകൂടെയും
കയറിയും ഇറങ്ങിയും ഞങ്ങൾ അഷ്ടപദിൽ എത്തിച്ചേർന്നു. വെറും അഞ്ചു
കിലോമീറ്റർ യാത്ര. ജൈനമതക്കാരുടെ ആരാധനാകേന്ദ്രമാണ്‌ ഇവിടം. ഞങ്ങളുടെ
വാഹനം താഴെ മൈതാനത്തിൽ നിർത്തി. അഷ്ടപദും തൊട്ടടുത്ത്‌ കൈലാസവും കാണാം.
ഒന്ന്‌ ഭഗവാൻ തപസ്സ്‌ ചെയ്തിരുന്നതും മറ്റൊന്ന്‌ താമസിച്ചിരുന്ന
കൊട്ടാരവും എന്നേതോന്നുകയുള്ളൂ. ലിംഗത്തിന്റെ അതേ ആകൃതിയിലുള്ള കൈലാസം.


ഏകദേശം പൂർണ്ണരൂപത്തിൽ കാണാം. ഏത്‌ ഋതുവിലും മഞ്ഞുപൊതിഞ്ഞ്‌ നിൽക്കുന്ന
കൈലാസത്തിന്‌ തൊട്ടടുത്തുകാണുന്ന അഷ്ടപദ്‌ മനോഹരമായി കൊത്തുപണികൾ ചെയ്ത
ഒരു കൊട്ടാരമാണെന്നേതോന്നു. പ്രപഞ്ചശിൽപിയുടെ കരവിരുത്‌ ആവോളം
ആവാഹിച്ചെടുത്ത അഷ്ടപദിൽ ധാരാളം കമാനങ്ങളും കൽത്തൂണുകളും
നൃത്തമണ്ഡപരൂപത്തിലുള്ള സ്ഥലങ്ങളും കൊത്തളങ്ങും എന്നുവേണ്ട
പർവ്വതത്തിന്റെ മുകളറ്റം താഴികക്കുടംപോലെ മനോഹരമാണ്‌. എന്ത്‌ യുക്തിയാണ്‌
ഇവിടെ ഉപയോഗിക്കേണ്ടത്‌ എന്നെനിക്കറിയില്ല. ബൈനോക്കുലറിലൂടെ നോക്കുമ്പോൾ
കാണുന്നത്‌ മനോഹരമായ, ശിൽപചാതുരിയുള്ള ഒരു കൊട്ടാരമാണ്‌.
തൊട്ടടുത്തുകാണുന്ന കൈലാസം മഞ്ഞുപുതഞ്ഞു ധവളപ്രകാശം തൂവിനിൽക്കുമ്പോൾ
അഷ്ടപദ്‌ കരിങ്കല്ലിൽ തീർത്ത രമ്യഹർമ്യമായി നിലകൊള്ളുന്നു. ഞാനിവിടെ
എഴുതുന്നത്‌ എന്റെ കണ്ണുകൾകൊണ്ട്‌ കണ്ട സത്യങ്ങൾമാത്രമാണ്‌. ഒരു
അതിശയോക്തിയും കലർത്താതെ വിവരിക്കുന്നവ. ഒരേകാലാവസ്ഥയിൽ അടുത്തടുത്തുള്ള
ഈ പർവ്വതങ്ങളിലൊന്ന്‌ മഞ്ഞുപുതഞ്ഞതും മറ്റൊന്ന്‌ നേർത്തമഞ്ഞുമാത്രം.


കൈലാസത്തിൽ പാർവ്വതിദേവി നടന്നുകയറിയത്‌ എന്നുപറയുന്ന പടിക്കെട്ടുകൾ വളരെ
വ്യക്തമായിക്കാണാം. പർവ്വതത്തിന്റെ ഇടതുഭാഗത്ത്‌ ഭഗവാന്റെ മുഖം വളരെയധികം
വ്യക്തമായികാണാവുന്നതാണ്‌. മുന്നു കണ്ണുകളും പുഞ്ചിരിതൂകുന്ന മുഖവും
കൊത്തിയെടുത്തതുപോലെ തെളിഞ്ഞുകാണാം.വലതുഭാഗത്ത്‌ ഓം എന്ന സംസ്കൃതലിപി
മഞ്ഞിനിടയിലും തെളിഞ്ഞുനിൽക്കുന്നു. നമ്മൾ നോക്കിയിരിക്കെ തന്നെ മേഘങ്ങൾ
ഒരു കർട്ടൻപോലെ അതിനെ മൂടിക്കളയുന്നു. പ്രാർത്ഥനയോടെ കാത്തുനിൽക്കെ അതാ
തെളിയുന്നു ഈ രൂപങ്ങൾ. കൈലാസത്തിനുചുറ്റും വലിയ കിടങ്ങുകളാണ്‌.
ചുറ്റുമുള്ള പർവ്വതങ്ങളിൽനിന്ന്‌ മാത്രമെ കൈലാസത്തെ കാണാനോക്കൂ.
രണ്ടായിരത്തി അഞ്ഞൂറ്‌ അടി ഉയരത്തിൽ നിൽക്കുന്ന കൈലാസത്തിൽ യാതൊരു
മനുഷ്യനും സ്പർശിക്കാൻ കഴിയാത്തവണ്ണം അത്‌ മറ്റു പർവ്വതങ്ങളിൽനിന്നും
ഒറ്റപ്പെട്ടുനിൽക്കുകയാണ്‌. ആരെങ്കിലും തൊട്ടു എന്നു പറയുന്നുണ്ടെങ്കിൽ
അത്‌ ശുദ്ധഅസംബന്ധമാണ്‌ എന്നാണ്‌ എനിയ്ക്ക്‌ തോന്നുന്നത്‌. പോകാത്തവരെ
കബളിപ്പിക്കാൻ പറയുന്നത്‌. ശിവലിംഗപ്രതിഷ്ഠയുടെ രൂപത്തിൽ തന്നെയാണ്‌
അത്‌ ഒരു തടത്തിന്‌ ഉള്ളിൽ ഒറ്റപ്പെട്ടുനിൽക്കുന്നത്‌. ചുറ്റും
ഹിമജലത്തിന്റെ കുത്തൊഴുക്കും.

       യമദ്വാരവും കടന്ന്‌ ഡെറാപുക്ക്‌, സുത്തുൽപുക്ക്‌ എന്നീ ക്യാമ്പുകൾ
പിന്നിടുമ്പോൾ തകർന്നു കിടക്കുന്ന യമരാജധാനിയും ശിവപാർവതിമാരുടെ വിവാഹം
നടന്നു എന്നു പറയുന്ന ചുരവും കാണാം.  പലയിടങ്ങളിലും നദികൾക്ക്‌ കുറുകെ
പാലം നിർമ്മിച്ചും വഴികൾ ടാർ ചെയ്തും അതിവേഗം
പുരോഗമിക്കുന്നുണ്ടായിരുന്നു. കൈലാസതീർത്ഥാടനം ഓരോവർഷം കഴിയുന്തോറും
ആയാസരഹിതമായിക്കൊണ്ടിരിക്കുകയാണ്‌. ഒരുനാലുവർഷം കൂടിക്കഴിഞ്ഞാൽ
ഒരാഴ്ചകൊണ്ട്‌ പോയിവരാൻ പാകത്തിൽ എയർപോർട്ടുവരെ സജ്ജമായിക്കഴിഞ്ഞു.
നൂറുകണക്കിന്‌ കിലോമീറ്ററുകളാണ്‌ ഒരുപച്ചപ്പുമില്ലാതെ വരണ്ടുകിടക്കുന്നത്‌.

സീസൺ കഴിഞ്ഞാൽ അവിടമാകെ മഞ്ഞുമൂടും. അതിരാവിലേയുള്ള
പർവ്വതശിഖിരങ്ങളിലെ വർണ്ണങ്ങളായിരിക്കില്ല ഉച്ചയോടടുക്കുമ്പോൾ
കാണുന്നത്‌. വൈകിട്ടാണെങ്കിലോ മറ്റൊരുവർണ്ണം. ഇങ്ങനെ ആകാശവും
മേഘജാലങ്ങളും പർവ്വതനിരകളും ചേർന്ന്‌ ഇന്ദ്രജാലം സൃഷ്ടിക്കുന്ന അപാരതയിൽ
പലപ്പോഴും എന്റെ വാക്കുകൾ അസ്തമിക്കുകയും അഗാധമായൊരു മൗനത്തിലേയ്ക്ക്‌
മനസ്സ്‌ ഊർന്നുവീഴുകയും ചെയ്തുകൊണ്ടിരുന്നു.


       ഷെർപയായ ടെമ്പയുടെ വിളികേട്ടാണ്‌ കണ്ണുംതുറന്നത്‌. അതിമനോഹരമായ ഒരു
തടാകത്തിനരികിലേയ്ക്ക്‌ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. മഞ്ഞുരുകി
വരുന്ന നീർച്ചാലുകൾ കടന്ന്‌, ടിക്കുസോ എന്ന തടാകത്തിനരികിലൂടെ വണ്ടി
ഓടാൻതുടങ്ങി. എന്റെ മുഖത്തെ വല്ലാത്തഭാവം കണ്ട്‌ ഞങ്ങളുടെ ഡ്രൈവർ മുഖം
ചെരിച്ചുനോക്കി. മനസ്സിൽ തിങ്ങിനിറഞ്ഞത്‌ ഏതെല്ലാം വികാരങ്ങളാണെന്ന്‌
അറിയാൻ കഴിയാത്ത അവസ്ഥ. കടുംനീല തെളിനീർ തടാകത്തിന്‌ സ്വർണ്ണനിറമാർന്ന
മണൽത്തരികൾ അതിരുകൾ തീർത്തിരിക്കുന്നു. മഞ്ഞണിഞ്ഞെത്തുന്ന കാറ്റിൽ
ചേലഞ്ഞൊറിവുകൾ തീർക്കുന്ന ഓളങ്ങൾ. സ്വർണ്ണമണൽത്തിട്ടയെ ചുംബിച്ചുകൊണ്ട്‌
തടാകത്തിന്‌ വെള്ളയരഞ്ഞാണം കെട്ടുന്ന തീരങ്ങളുടെ കാഴ്ച ത്രസിക്കുന്ന
ഹൃദയത്തോടെയാണ്‌ നോക്കിനിന്നത്‌. ഈ തീരത്ത്‌ പുഷ്പാഭരണമണിഞ്ഞ
പാർവ്വതീദേവിയുടെ കാലടികൾ എത്രതവണ പതിഞ്ഞിട്ടുണ്ടാവും?

തീർച്ചയായും അവൾ ഈ മനോഹരതീരത്തുവെച്ച്‌ ശൈലേന്ദ്രനെ പ്രേമപൂർവ്വം നോക്കിയിട്ടുണ്ടാവും.
ചുംബനങ്ങളുടെ അരുണഹാരം അണിയിച്ചിട്ടുണ്ടാവും. ഈ തീരങ്ങളിൽ ആരുടെമനസ്സാണ്‌
പ്രണയഭരിതമാവാത്തത്തായി ഉണ്ടാവുക? എന്നിൽനിന്നും പുറപ്പെട്ട ആഹ്ലാദശബ്ദം
ഞങ്ങളുടെ ഡ്രൈവറുടെ കാലുകൾ ബ്രേക്കിൽ അമരാൻ കാരണമായി. ക്യാമറക്കണ്ണുകൾ
പലതവണ ചിമ്മിയടഞ്ഞു. ഇതിനോടകം ഡ്രൈവറും ഞാനും പരസ്പരം ഞങ്ങളുടെ ഭാഷ
പഠിച്ചിരുന്നു. അദ്ദേഹം പറയുന്ന ചൈനീസും ഞാൻ പറയുന്ന ഇംഗ്ലീഷും
മനസ്സിലാക്കാൻ പറ്റുന്ന ഒരുപുതിയ ഭാഷയായി, ഹൃദയത്തിന്റെ ഭാഷയായി അത്‌
പരിണമിച്ചിരുന്നു. അതുകൊണ്ട്‌ ഫോട്ടോ എടുക്കാൻവേണ്ടി ഞാൻ ആവശ്യപ്പെടുന്ന
ചില സന്ദർഭങ്ങളിൽ. ഇതിലും നല്ല വ്യൂ വരുന്നുണ്ടെന്നും അപ്പോൾ
വണ്ടിനിർത്തിത്തരാമെന്നും പറയും.

       മഞ്ഞുരുകിയെത്തുന്ന നിരവധി നീർച്ചോലകളിലൂടെ വണ്ടി ആടിയും കുലുങ്ങിയും
മറുകരതാണ്ടി. സ്ഫടികജലത്തിലെ ഉരുളൻകല്ലുകൾക്ക്‌ പ്രകൃതി നിരവധി
വർണ്ണങ്ങളാണ്‌ ചാലിച്ചുകൊടുത്തിരിക്കുന്നത്‌. ഒരുവേള താഴെയിറങ്ങി ആ
ജലപ്പരപ്പിനുമീതെ എന്റെ കവിൾ ചേർത്തുവെയ്ക്കാനും വർണ്ണക്കല്ലുകൾ
വാരിയെടുത്ത്‌ മുകളിലേയ്ക്ക്‌ അലക്ഷ്യമായി വിതറാനും തോന്നി.


       ഷെർപ്പകൾ വാതിലിൽ മുട്ടിവിളിക്കുമ്പോൾ കമ്പിളിയുടെ നേർത്തചൂടിൽനിന്നും
അതിശൈത്യത്തിലേയ്ക്ക്‌ തള്ളിയിട്ടതുപോലെയാണ്‌ എഴുന്നേൽക്കുന്നത്‌.
സ്വപ്നഭൂമിയിലേയ്ക്കിനി ഏതാനും കിലോമീറ്ററുകൾ മാത്രം. ശിവസ്ത്രോത്രം
ചൊല്ലിക്കൊണ്ട്‌ വണ്ടിയിൽ കയറി. പലയിടങ്ങളിലും കരങ്കൽ കൂമ്പാരങ്ങളും
കാണാം. ശിവപത്നിയായ സതിദേവിയുടെ ദേഹത്യാഗമറിഞ്ഞ്‌ കോപം പൂണ്ട ഭഗവാന്റെ
താണ്ഡവത്തിന്റെ ഫലമായി തകർന്ന പർവ്വതങ്ങളുടെ അവശിഷ്ടങ്ങളാണ്‌ ഈ
കരിങ്കല്ലുകൾ എന്നു പറയപ്പെടുന്നു.

       നീണ്ട പതിനാറ്‌ ദിവസത്തെ തീർത്ഥാടനത്തിന്റെ സായുജ്യം ഭഗവാന്റെ
തിരുമുമ്പിൽ ശാഷ്ടാഗം പ്രണമിച്ചുകൊണ്ട്‌ വെറും മണ്ണിൽ ഞാൻ കമിഴ്‌ന്നു
കിടന്നു. കണ്ണുനീർ ധാരധാരയായി ഒഴുകി. എന്തിനാണ്‌ കരഞ്ഞത്‌ എന്ന്‌
എനിയ്ക്കറിയില്ല. തിരിച്ചിറങ്ങുമ്പോൾ ഒരു കുണ്ഠിതം മാത്രം ബാക്കി നിന്നു.
ശൈത്യമുറങ്ങുന്ന ആ അത്ഭുത ഭൂവിൽ വിരിഞ്ഞതും വിരിയാൻ ഒരുങ്ങുന്നതുമായ
പൂക്കൾക്കും മെർക്കുറി പ്രകാശം പരത്തുന്ന ശലഭങ്ങൾക്കും ഞാനെന്റെ ഹൃദയം
പകുത്ത്‌ നൽകിയിരുന്നു. പകരം അവരെനിയ്ക്ക്‌ സമ്മാനിച്ചതു ഒരായിരം
പൂക്കളുടെ സുഗന്ധമായിരുന്നു. ഒരായിരം ശലഭങ്ങളുടെ പ്രകാശവും. പക്ഷെ
ദൂരങ്ങൾ താണ്ടും തോറും അവയെല്ലാം എനിയ്ക്കന്യമാകുന്നതുപോലെ ജന്മഗൃഹം
അടുക്കുന്തോറും എന്നിലെ സുഗന്ധവും പ്രകാശവും മങ്ങുന്നത്‌ അറിയാൻ കഴിഞ്ഞു.
അവയെല്ലാം അവിടങ്ങളിൽ മാത്രം മിഴിവ്‌ നൽകുന്നവയായിരിക്കും.


എന്നിരുന്നാലും എന്നിൽ നിന്നും ഊർന്നു വീണ നിശ്വാസങ്ങളും
ഹൃദയത്തുടിപ്പുകളും ആ വർണ്ണസൗകുമാര്യങ്ങൾക്കുമേൽ കാലാതീതമായി
പുണർന്നുകിടക്കും തീർച്ച.

15 Nov 2011

അതീതം


രാജനന്ദിനി
നേരുകള്‍ ചുടുകനല്‍ കൂടുകള്‍ തുറന്നതില്‍
ഓര്‍മ്മകള്‍ ഒന്നിനൊന്നായ്‌ കുമിഞ്ഞു വേകുമ്പോഴും
ആ വേവില്‍ നീയുണ്ടെന്നോരോര്‍മ്മയെ മതി മമ
പ്രാണനുമീതെ നറുചന്ദനം പൊഴിക്കുവാന്‍
ഇല്ല; കാലത്തിന്നാകില്ലൊരിയ്ക്കല്‍ പോലും നിന്നെ
എന്നില്‍ നിന്നേറെ ദൂരം പകുത്തു മാറ്റീടുവാന്‍
ദേഹത്തിന്നൊപ്പം കാലം നടക്കും പയ്യെ പക്ഷെ
ദേഹിയില്‍ ഒരിക്കലും മുട്ടുവാനാകില്ലല്ലൊ?
കാലമാണെല്ലാറ്റിനുമധിപന്‍ എന്നാത്മാവില്‍
കാലമെന്നാളും നിന്നെ വിസ്മരിക്കില്ലാ തെല്ലും
പണ്ടുപണ്ടാരൊക്കെയോ നമുക്കുമുന്നേപോയോര്‍
നേരിണ്റ്റെ ശിലാമേലെയെഴുതിപ്പതിച്ചതാം
ജീവവിസ്മയങ്ങളും രാഗവും വ്യഥകളും
ഈനാളും നമ്മെക്കാത്തു നിശ്ചലം നില്‍ക്കുന്നപോല്‍
ഒരിയ്ക്കലീ ഞാനുമെന്‍ ഭൂമി വിട്ടൊഴിയുമ്പോള്‍
ഇതിലെ വരുന്നവര്‍ കാണുവാന്‍ പരുവത്തില്‍
ജീവതന്തുക്കള്‍ തോറും നീയലിഞ്ഞെന്നില്‍ ചേര്‍ന്നോ
- രാത്മഹര്‍ഷങ്ങള്‍ പിന്നെ രാഗ നിസ്വനങ്ങളും
എണ്റ്റെ സ്നേഹത്തില്‍ മൂര്‍ച്ചകൂട്ടിയോരുളി മുന,
കൊണ്ടു നല്‍ ശിലാലിഖിതങ്ങളായ്‌ പകര്‍ത്തും ഞാന്‍
അങ്ങനെ നീ കാലത്തിനപ്പുറം കടന്നു പോയ്‌
എന്നിലെ ഞാനായ്‌ യുഗാന്തരങ്ങള്‍ കവര്‍ന്നിടും.



--

13 Oct 2011

ഗുണശേഖരൻ ചേട്ടന്റെ കാര്യസാദ്ധ്യം


രാജനന്ദിനി

ഗുണശേഖരൻ ചേട്ടൻ എന്റെ അയൽക്കാരനായി വന്നിട്ട്‌ അധികകാലമൊന്നുമായില്ല. വീടിനുതാഴത്തെ പറമ്പിലെ രണ്ടുമുറിയും അടുക്കളയുമുള്ള കൊച്ചുവീട്ടിൽ രണ്ടായിരത്തി അഞ്ഞൂറുരൂപ വാടകക്കാരനായി വന്നതാണ്‌. വിറകുകൊള്ളിപോലെ കറുത്തുണങ്ങിയ ചേട്ടനും, ആലഭാരങ്ങൾ കൊണ്ട്‌ കരുവാളിച്ച മുഖമുള്ള സൗഭാഗ്യവതിചേച്ചിയും നാലുമക്കളുമാണ്‌ കുടുംബം. കുട്ടികളെല്ലാം കാലഘട്ടത്തിന്റെ സന്തതികളാണെന്നാണ്‌ ചേട്ടൻ പറയാറ്‌. ഒന്നാമൻ ഹണിമൂൺ കാലഘട്ടത്തിൽ പിറന്നവനായതുകൊണ്ടാണത്രെ സന്തോഷെന്ന്‌ പേരിട്ടത്‌. രണ്ടാമൻ സന്താപനുണ്ടായത്‌ നിനച്ചിരിക്കാത്ത നേരത്തായിരുന്നുപോലും. അതായത്‌ തുച്ഛശമ്പളക്കാരനായ ചേട്ടൻ നിത്യച്ചെലവിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനുള്ള തന്ത്രപ്പാടിൽ തുടങ്ങിയ ഒരു ചെറിയ ബിസിനസ്സ്‌ പൊട്ടിപ്പാളീസായി.


വറചട്ടിയിൽ നിന്നും എരിതീയിലേയ്ക്ക്‌ വീണ ചേട്ടന്റെ മനോനില ഒന്നുവീണ്ടെടുക്കാനായി കുറച്ചുനാൾ ലീവെടുത്ത്‌ വീട്ടിലിരുന്നു. അതിന്റെ മെമ്മറിയാണ്‌ സന്താപൻ. മൂന്നാമനാകട്ടെ ഗുജറാത്ത്‌ ഭൂകമ്പത്തിന്റെ കരൾകീറിയെടുക്കുന്ന വേദനാദൃശ്യങ്ങൾ ടിവിയിലും പത്രങ്ങളിലും നിറഞ്ഞാർക്കുമ്പോൾ സൗഭാഗ്യവതിയ്ക്ക്‌ പേറ്റുനോവുതുടങ്ങി. ആദ്യത്തെ രണ്ടുപ്രസവവും കക്കൂസിൽ പോയി വരുന്നതുപോലെ നിർവഹിച്ച സൗഭാഗ്യവതിയാകട്ടെ ഈ മൂന്നാം നോവിൽ അലറിവിളിയ്ക്കുകയാണ്‌. ആശുപത്രിവരാന്തയിൽ മറ്റൊരു ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട്‌ ഡോക്ടർ പറഞ്ഞു ഓപ്പറേഷൻ ഉടൻ വേണം. സൗഭാഗ്യവതി മരിച്ചു എന്നു പറയുന്നതുപോലെയാണ്‌ ഗുണശേഖരൻ ചേട്ടനു തോന്നിയത്‌. ലേബർർറൂമിലേയ്ക്ക്‌ ഓടിക്കയറിയ ചേട്ടൻ എന്ത്‌ സമാശ്വാസ വാക്കാണ്‌ പറയേണ്ടതെന്നറിയാതെ കുഴങ്ങി. ഒടുവിൽ ഭാര്യയുടെ നെറുകയിൽ കൈവച്ചുകൊണ്ട്‌ ചേട്ടൻ രണ്ടു കൽപിച്ചങ്ങ്‌ പറഞ്ഞു. ഇനിയൊരു ജീവിതല്യാന്നു വിചാരിച്ച്‌ നീയങ്ങട്‌ പെറ്‌ പെണ്ണെ. അത്‌ പറഞ്ഞതും ചേട്ടൻ പുറത്തേയ്ക്ക്‌ ചാടി. പിന്നെ രണ്ടും രണ്ട്‌ തിരിയുന്നതുവരെ ഉള്ളിലൊരു അളക്കലും ചൊരിയലുമായിരുന്നത്രെ. കുഞ്ഞിന്‌ വിനാശൻ എന്നു പേരിട്ടതിന്‌ സൗഭാഗ്യം തല്ലിയില്ലെന്നേയുള്ളൂ.



 നാലാമത്തവൾ സുനാമി. അമ്മയെ വെട്ടുന്ന നാക്കാ. സുനാമിത്തിരകൾ കടലോരജീവിതങ്ങളെ അമ്മാനമാടുമ്പോൾ...അത്‌ ജനഹൃദയങ്ങളിൽ തീക്കാറ്റുപടർത്തുമ്പോൾ, സൗഭാഗ്യവതിയ്ക്ക്‌ പേറ്റുനോവ്‌ തുടങ്ങി. ആശുപത്രിയിലെത്തിയ്ക്കാൻ വാഹനം വല്ലതും കിട്ടണ്ടെ? എല്ലാവരും ടിവിയ്ക്കു മുന്നിൽ സുനാമിത്തിരകളിൽ ഒലിച്ചുപോകുന്ന ജീവിതങ്ങൾ കണ്ട്‌ ദുഃഖം പ്രകടിപ്പിയ്ക്കുകയാണ്‌. ഒടുവിൽ പൊക്കത്തെ വീട്ടിലെ സത്യവാന്റെ മകൻ സഹൃദയൻ മനസ്സില്ലാമനസ്സോടെയാണ്‌ ഓട്ടോയും കൊണ്ടുവന്നത്‌. ആശുപത്രിയിലേയ്ക്കുള്ള വഴിയിൽ നൂറുമീറ്റർ പോയില്ല. വലിയൊരു സുനാമിത്തിര എടുത്തെറിഞ്ഞതുപോലെ സൗഭാഗ്യവതിയുടെ കാലിനിടയിലൂടെ ചോരക്കുഞ്ഞ്‌ സീറ്റിലേയ്ക്ക്‌ തെറിച്ചു വീണു. ഏതെങ്കിലും ഒരത്യാഹിതം നാട്ടിലുണ്ടാവുമ്പോൾ സൗഭാഗ്യവതി പെറാൻ പോകും.


 നിങ്ങൾക്ക്‌ പോയി ആ അമ്പലത്തീന്ന്‌ ഊണ്‌ കഴിച്ചൂടെ മനുഷ്യാ...?
ഓരോന്നോർത്ത്‌ മുറ്റത്തുനിന്ന ചേട്ടന്റെ നേരെ ഭാര്യയുടെ ചോദ്യം.
അവർ അടുത്തുവന്ന്‌ മുഖത്തേയ്ക്കൊന്ന്‌ വക്രിച്ച്‌ നോക്കിക്കൊണ്ട്‌ വീണ്ടും.
പെൻഷനായപ്പൊ നുള്ളിപ്പെറുക്കിയൊപ്പിച്ച മൂന്നു സെന്റു വീടും ചിട്ടിക്കാരുകൊണ്ടുപോയി. മേലനങ്ങാതെ പണമുണ്ടാക്കാനല്ലേ മനുഷ്യാ നിങ്ങള്‌ ചിട്ടിതൊടങ്ങീതും പണം പലിശയ്ക്കു കൊടുത്തതും. എന്നിട്ട്‌ ഒടുവിലെന്തായി? പലിശപ്പണോം പോയി മുതലും പോയി ചിട്ടീം പൊളിഞ്ഞു. കെടപ്പാടം കരക്കാർക്ക്‌ വേണ്ടി തൊലച്ചു. ഇങ്ങനെ മെയിൽക്കുറ്റിപോലെ നിൽക്കാണ്ട്‌ എന്തേലും പണിചെയ്യാൻ നോക്ക്‌. പടക്കക്കമ്പനീലെ, എന്റെ നക്കാപ്പിച്ചകൊണ്ട്‌ നിങ്ങടെ നാലുമക്കൾക്കു വയറുനിറയ്ക്കാൻപോലും തെകയ്യോ?


 സൗഭാഗ്യവതിയുടെ വായിൽ നിന്ന്‌ പിന്നേയും പടക്കങ്ങൾ പൊട്ടുന്നതിനിടെ സപ്താഹയജ്ഞം നടക്കുന്ന ക്ഷേത്രത്തിൽ നിന്നും ദേവീഭക്തിഗാനം ഒഴുകിവന്ന്‌ പടക്കത്തിനുമേൽ ആധിപത്യം നേടി.
 ഗുണശേഖരൻ ചേട്ടൻ ഓർമ്മകളിലേയ്ക്ക്‌ താന്നിറങ്ങി. അഞ്ചുപെങ്ങന്മാരുടെ ആകെയുള്ള ആങ്ങളയായി ജനിച്ചതേ പിശകായി. കുഞ്ഞിക്കാവ്‌ അതായത്‌ തന്റെ അമ്മ പെറുന്നതെല്ലാം പെൺകുട്ടികൾ. ഒന്ന്‌ രണ്ട്‌ മൂന്ന്‌ അങ്ങനെ ഓരോ പ്രസവത്തിനും ഒരാൺതരിയെ കാത്തിരുന്ന്‌ അച്ഛൻ മടുത്തു. പിന്നെപ്പിന്നെ അമ്മയുടെ ഗർഭം അച്ഛനെ ശുണ്ഠിപിടിപ്പിയ്ക്കും.


പെണ്ണിനെ മാത്രം പെറാനറിയുന്ന നാശം എന്ന്‌ പിറുപിറുക്കും. എന്നാൽ പിന്നെ കുട്ടികളുണ്ടാവാത്ത സംവിധാനം ഉണ്ടാക്കികൂടെ എന്ന്‌ അയൽക്കാരനായ കൃഷ്ണൻകുട്ടി ആശാരി ചോദിച്ചതും അച്ഛൻ തട്ടിക്കയറി. മനുഷ്യന്റെ തായ്‌വേരു മുറിക്കണ ആ പരിഷ്കാരമൊന്നും നമുക്കു പറ്റില്ല. കുഞ്ഞിക്കാവ്‌ എന്നെങ്കിലും ആണിനെ പെറും, അഞ്ചു പെണ്ണും നാഴിയും ചിരട്ടയും പോലെ പുരനിറഞ്ഞു. ആറാമത്‌ കുഞ്ഞിക്കാവിന്റെ ഗർഭമറിഞ്ഞ്‌ അച്ഛൻ വിഷാദ രോഗിയായി. പലകാരണങ്ങളുണഅടായി അമ്മയോട്‌ തട്ടിക്കയറും തല്ലും.


ഒടുവിൽ സഹിക്കെട്ട്‌ അഞ്ചാമത്തവളെയും ഒക്കത്തെടുത്ത്‌ അമ്മ സ്വന്തം വീട്ടിലേയ്ക്ക്‌ പോന്നു. അച്ഛൻ തിരിഞ്ഞു നോക്കാൻ പോയില്ല. ഇത്തവണ കുഞ്ഞിക്കാവ്‌ പെറ്റത്‌ ആൺകുട്ടിയെയാണ്‌. അവന്റെ ഉണ്ണിപ്പൂവിലേയ്ക്ക്‌ നോക്കി കുഞ്ഞിക്കാവ്‌ നിർവൃതികൊണ്ടു. അഭിമാനിച്ചു. കുട്ടിയെ കാണാൻ അച്ഛൻ പാഞ്ഞെത്തി. അച്ഛന്റെ തറവാട്ടിലെ അന്തേവാസികൾ മുഴുവൻ പലപല സമ്മാനങ്ങളുമായെത്തി. അങ്ങനെ എല്ലാവരുടെയും വാത്സല്യം നുകർന്ന്‌ വളർന്ന തനിക്ക്‌ പെങ്ങന്മാരോടുള്ള കടമ വീട്ടണ്ടെ? അതുകൊണ്ടാണ്‌ അച്ഛൻ മരിച്ചതിൽ പിന്നെ കുടുംബഭാരങ്ങൾ ഏറ്റെടുത്ത്‌ എല്ലാപെങ്ങന്മാരെയും ഓരോരുത്തരെ ഏൽപിച്ച്‌ കഴിഞ്ഞതിനുശേഷം മതിവിവാഹം എന്നു തീരുമാനിച്ചതു. അഞ്ചാമത്തവളെയും ഇറക്കിവിട്ടപ്പോഴേയ്ക്കും കിടപ്പാടംപോലും പണയത്തിലായി.

. ആ കടം കൂടി ഒന്നൊതുങ്ങിയപ്പോ വയസ്സ്‌ നാൽപത്തിയഞ്ച്‌. ജാതകദോഷം കൊണ്ട്‌ കല്യാണം മുടങ്ങി നിന്ന സൗഭാഗ്യവതി ജീവിത സഖിയുമായി. നേരത്തെ കല്യാണം കഴിച്ചിരുന്നെങ്കിൽ ഈ വയസ്സുകാലത്ത്‌ കുട്ടികൾ ഒരു കരപറ്റിയിട്ടുണ്ടാകുമായിരുന്നു. ഇതിപ്പൊ... അവളെയും പറഞ്ഞിട്ടുകാര്യമില്ല. നാലുമക്കളെ പോറ്റണ്ടെ? സൗഭാഗ്യം അങ്ങനെയാണ്‌ പെട്ടെന്ന്‌ ചൂടാവും ഉടനെ തണുക്കുകയും ചെയ്യും.


അവൾ തിരികെ വന്ന്‌ ഓർമ്മിപ്പിച്ചു. അമ്പലത്തിലെ ഊണ്‌ തീരുന്നതിനുമുമ്പ്‌ ചെല്ല്‌, ഇനി 14 ദിവസം ഇവിടെ ഉച്ചയ്ക്ക്‌ ഒന്നും കാണില്ല്യ. "ഇന്നലത്തെ ഗോതമ്പുപായസമായിരുന്നു ഇന്നത്തെ അരിപ്പായസത്തേക്കാൾ സ്വാദ്‌. പിന്നേയ്‌, ആ കണ്ണാടിപ്പറമ്പിലെ ശാരദേടെ മകൾടെ ഗർഭം ട്യൂബിലായിരുന്നത്രെ. ഇന്നലെ ഓപ്പറേഷൻ നടത്തി ട്യൂബ്‌ മുറിച്ചു കളഞ്ഞുപോലും. ഇനി ഒരു ട്യൂബല്ലേ ഉള്ളൂ. സന്താനഭാഗ്യം ഉണ്ടാവ്വോ എന്തോ എന്നു പറഞ്ഞുള്ള ശാരദേടെ കരച്ചില്‌ കണ്ട്‌ എന്റെ കണ്ണും നെറഞ്ഞുപോയി. ദേ, ഇങ്ങോട്ട്‌ നോക്ക്‌ മനുഷേനെ, അവർ ഭർത്താവിനെ തോണ്ടി വിളിച്ചു. ആ അമ്പാട്ടെ സരോജിനീടെ മകനിപ്പൊ അമേരിക്ക്യേലാത്രെ! ഭർത്താവ്‌ കള്ളുകുടിച്ചും കഞ്ചാവു വലിച്ചും നശിപ്പിച്ചെങ്കിലും മകനെക്കൊണ്ട്‌ ആയമ്മ നന്നായി. എല്ലാരേയും ഒന്നിച്ചൊന്ന്‌ കാണാൻ കൂടി വേണ്ട്യാ ഞാനിന്ന്‌ പടക്കക്കമ്പനീല്‌ പോകാഞ്ഞത്‌. എത്ര നാളായി മനുഷേന്മാരുടെ മൊഖത്തു നോക്കി ഒന്നുമിണ്ടീട്ട്‌. അതെങ്ങനാ ശ്വാസം വിടാൻ നേരം കിട്ടീട്ടു വേണ്ടെ?



 അവർ അടുത്തുവന്ന്‌ ചേട്ടനെ കുറ്റപ്പെടുത്തും മട്ടിൽ പറഞ്ഞു. അതേയ്‌ ഇന്നത്തെ കാലത്തു ജീവിക്കണോങ്കി ഇത്തിരി തട്ടിപ്പും വെട്ടിപ്പും ഒക്കെ വേണ്ടിവരും. അല്ലെങ്കി ഇങ്ങനെ മൃങ്ങസ്യ മേലോട്ടുനോക്കി ഇരിക്കേണ്ടിവരും. അവർ തലവെട്ടിച്ചുകൊണ്ട്‌ തിരിഞ്ഞു നടന്നു.

ഹാവൂ...ഇനിയൊന്നു നടുനിവർത്തി ഒറങ്ങണം എത്രനേരായി കൂനിക്കൂടി ഒരേ ഇരുപ്പ്‌. ഈ സപ്താഹന്നൊക്കെ പറഞ്ഞ്‌ അവ്ടെ ഇരുന്ന്‌ ചൊല്ലിക്കൂട്ടണത്‌ ആർക്കെങ്കിലും മനസ്സിലാവണുണ്ടൊ ആവോ? ഇതിപ്പൊ കഥയറിയാണ്ടെ കേട്ടിരിയ്ക്ക്യണെ.


 അവർ അകത്തേയ്ക്ക്‌ കയറിപ്പോയി. സപ്താഹങ്ങൾ വീട്ടമ്മമാരുടെ സംഗമകേന്ദ്രങ്ങളാണ്‌. പരദൂഷണം പറഞ്ഞ്‌ ഉച്ചയാക്കാം. പിന്നെ ഊണ്‌ പായസം. ഇതെല്ലാം കഴിഞ്ഞാൽ ഏമ്പക്കോം വിട്ട്‌ പകുതിയിലധികം പേരും സ്ഥലം വിടും. ഇനി പോകാത്തവരോ, വയർ നിറഞ്ഞ സുഖത്തിൽ ഉറക്കം തൂങ്ങി. കണ്ണുകൾ വലിച്ചുതുറക്കാൻ പാടുപെട്ട്‌ ഒരിരിപ്പാണ്‌. സപ്താഹം എന്താണെന്നോ എന്തിനാണെന്നോപോലുമറിയാത്ത പാവങ്ങൾ.


 ഗുണശേഖരൻ ചേട്ടൻ ക്ഷേത്രത്തിലേക്ക്‌ വച്ചുപിടിച്ചു. ക്ഷേത്രത്തിൽ നിന്നും ഒഴുകിയെത്തിയ ദേവീഭക്തിഗാനം കേട്ടപ്പോൾ ചേട്ടന്‌ ബോധോദയം ഉണ്ടായി. ഊണു കഴിക്കുന്നതിനിടെ ചേട്ടൻ കൂട്ടിയും കിഴിച്ചും തലയാട്ടിയും കണ്ണുകൾ ചുരുട്ടിപ്പിടിച്ചും കാര്യങ്ങൾക്ക്‌ ഒരു നീക്കുപോക്കുണ്ടാക്കി. ഇതുതന്നെ ഐഡിയ! ഊണുകഴിഞ്ഞ്‌ ചേട്ടൻ നേരെപോയത്‌ സിഡിക്കടയിലേക്കാണ്‌. രണ്ടു മൂന്നുതരം ഭക്തിഗാന സിഡികൾ വാങ്ങി. തിരിച്ചു മറിച്ചും പ്ലേ ചെയ്ത്‌ കേട്ടു. പിന്നെ അവിടത്തെ വാക്ക്‌ ഇവിടെയും ഇവിടത്തെ വാക്ക്‌ അവിടെയുമൊക്കെ ആക്കി മാറ്റിയും മറിച്ചും ചേട്ടൻ രണ്ടുമൂന്നു പാടുകൾ റെഡിയാക്കി. തൊട്ടടുത്തുള്ള ദേവിയുടെ പേരിൽ തയ്യാറാക്കിയ, വള്ളിക്കുന്നു കാവിലമ്മയുടെ പ്രിന്റുള്ള ഒരു കലക്കൻ സിഡി. ആദ്യത്തെ രണ്ടുമൂന്നു പാട്ടുകളാണ്‌ ഈ വിധം മാറ്റിയത്‌.

മറ്റുള്ള പാടുകൾ ദേവിയുടെ പേരുമാത്രം വച്ച്‌ തയ്യാറാക്കിയതാണ്‌. ഇതിനുള്ള പണം കണ്ടെത്തിയത്‌ സുനാമിയുടെ മണിമാല വിറ്റിട്ടാണ്‌. സൗഭാഗ്യവതിയുടെ ആങ്ങളകൊടുത്ത അരപ്പവന്റെ മണിമാല മാത്രമാണ്‌ ആ വീട്ടിലെ സ്വർണ്ണത്തരി. എന്തു കഷ്ടപ്പാട്‌ വന്നിട്ടും സൗഭാഗ്യം അതിൽ കൈവച്ചില്ല. തറവാട്ടുവീട്‌ വിറ്റ്‌ പാലക്കാട്‌ സ്ഥലം വാങ്ങിയപ്പോൾ പെങ്ങൾക്ക്‌ കൊടുത്ത ഔദാര്യമാണ്‌ ആ മണിമാല. അന്ന്‌ മാലകിട്ടിയപ്പോൾ സുനാമി കുറച്ചൊന്നുമല്ല തുള്ളിച്ചാടിയത്‌. മാല നെഞ്ചിൽ കിടന്ന്‌ ആടാൻ വേണ്ടി അന്നവൾ നല്ലവണ്ണം കുണുങ്ങിക്കുണുങ്ങിയാണ്‌ നടന്നത്‌. പഠിക്കാൻ പോയപ്പോൾ ഊരി മേശയിൽ വച്ച മാലയാണ്‌ വിറ്റുതുലച്ചതു. ഭഗവതീ കാത്തുകൊള്ളണെ!


 പിന്നെ ചേട്ടൻ ഒട്ടും താമസിച്ചില്ല, കുളിച്ച്‌ കാവിധരിച്ചു. നെറ്റിയും ശരീരത്തും ഭസ്മം പൂശി. കണ്ണുകളിൽ കരുണ നിഴലിപ്പിച്ചു. ശബ്ദം താഴ്ത്തി സാവധാനം സ്ഫുടമായി സംസാരിച്ച്‌ റിഹേഴ്സൽ എടുത്തു. അമ്പലമുറ്റത്ത്‌ അത്‌ തയ്യാറാക്കുന്ന അവസരത്തിൽ ചേട്ടനുണ്ടായ ഗുണങ്ങളും കാര്യസാധ്യങ്ങളും ഭക്തിപുരസ്സരം വിളമ്പിക്കൊടുത്തു. ഭക്തരേ! അറച്ചു നിൽക്കാതെ വരുവിൻ! ദേവീപ്രസാദത്തിനായി ഈ സിഡികൾ വാങ്ങുവിൻ. ഇതിന്റെ യഥാർത്ഥവില 70 രൂപയാണ്‌. ദേവിയോടുള്ള വഴിപാടായി ഞാനിത്‌ 50 രൂപയ്ക്ക്‌ തരികയാണ്‌. ഈ ഭക്തിഗാനങ്ങൾ കേൾക്കുന്നതിലൂടെ എനിയ്ക്ക്‌ ഉണ്ടായതുപോലുള്ള കാര്യസാധ്യങ്ങൾ നിങ്ങൾക്കും ഉണ്ടാകുന്നതാണ്‌. സ്റ്റാർട്ടിങ്ങ്‌ പ്രോബ്ലമുള്ള മലയാളിക്ക്‌ മുന്നിലേക്ക്‌ ചേട്ടൻ കാശുകൊടുത്ത്‌ ഏർപ്പാടാക്കിയ ആളുകൾ സിഡിക്കുവേണ്ടി തിക്കിത്തിരക്കി. പിന്നെ ഒരു കൊയ്ത്തായിരുന്നു. പിറ്റേന്നും അതിന്റെ പിറ്റേന്നും അങ്ങനെ കച്ചവടം കസറി.



 തൃക്കുന്നത്തപ്പന്റെ സിഡിയായിരുന്നു അടുത്ത ഇനം. അതേ ഗാനങ്ങൾ തന്നെ പേരുമാത്രം തൃക്കുന്നത്തപ്പനായെന്നുമാത്രം. ഈ വിധം അമ്പലങ്ങൾ മാറിമാറി ചേട്ടനൊന്നു കൊഴുത്തു. മിനുങ്ങി. സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയും. പളുങ്കുകൊണ്ടുള്ള മറ്റൊരു മാലയും അതിന്റെ അറ്റത്തൊരു പുലിനഖലോക്കറ്റുമൊക്കെ തൂക്കിയിട്ട്‌ ചേട്ടന്റെ കെട്ടും മട്ടും മാറ്റി. സുനാമിയുടെ മണിമാലയ്ക്ക്‌ പകരം മാലയെത്ര വാങ്ങിയെന്ന്‌ ചേട്ടന്‌ കണക്കില്ല. സൗഭാഗ്യവതി പടക്കകമ്പനിയുടെ ഏഴയലത്തുപോലും വരില്ല. മീഡിയം പബ്ലിക്‌ സ്കൂളിൽ കാശ്‌ കൊടുത്ത്‌ അഡ്മിഷൻ വാങ്ങി. യൂണിഫോമിട്ട്‌ ടൈകെട്ടി ഷൂസിൽ  വലിഞ്ഞുകേറി കുട്ടികൾ ശ്വാസം മുട്ടി ഇറങ്ങിപ്പോകുന്നത്‌ ആയമ്മ അഭിമാനത്തോടെ നോക്കിനിന്നു. സ്കൂൾ ബസ്സിൽ ഇംഗ്ലീഷ്‌ പറയുന്ന കുട്ടികളെ നോക്കി അവർ പകച്ചിരുന്നു. കുട്ടികൾക്ക്‌ മികച്ച ട്യൂഷൻ ഏർപ്പാടാക്കി. മാഷ്ക്ക്‌ ഇരട്ടിഫീസുകൊടുത്തു. മാഷിന്റെ അടുത്തുനിന്നും. സൗഭാഗ്യവതി ഗോപ്യമായി ഇംഗ്ലീഷും പഠിച്ചു തുടങ്ങി. പടക്കക്കമ്പനിയിൽ പോയിരുന്ന കാലത്തെ സാരികൾ പഴയകാലങ്ങൾ ഓർക്കാൻ പ്രേരിപ്പിക്കുന്നതുകൊണ്ട്‌ അവയെല്ലാം ഒറ്റയടിയ്ക്ക്‌ കത്തിച്ചുകളഞ്ഞു.


 വീടും കാറും സൗകര്യങ്ങളുമൊക്കെയായി നാളുകൾ പിന്നിട്ടു. സുനാമി ചെറിയ ക്ലാസ്സിലായിരുന്നതുകൊണ്ട്‌ അവൾ ഇംഗ്ലീഷിൽ പിടിച്ചു കയറിത്തുടങ്ങി. സന്താപനും സന്തോഷവും എത്ര പിടിച്ചിട്ടും ഇംഗ്ലീഷ്‌ ഒച്ചുപോലെ വഴുക്കി. ഇഴഞ്ഞു. സൗഭാഗ്യവതി ഭർത്താവിനോട്‌ പരാതിപ്പെട്ടു. ഇങ്ങനെപോയാൽ നമ്മുടെ ആൺകുട്ടികൾ പത്തിൽ തോൽക്കും. പിന്നാമ്പുറത്തുകൂടി പണം കൊടുത്തിട്ടാണ്‌ കഴിഞ്ഞ വർഷവും ജയിപ്പിച്ചു വിട്ടത്‌.
അവരെ തിരിച്ച്‌ മലയാളം മീഡിയത്തിലാക്കിയാലോ? ചേട്ടൻ സംശയം ചോദിച്ചു.
സൗഭാഗ്യവതിയുടെ വായിൽ നിന്നും 'പഴയ' പടക്കങ്ങൾ പൊട്ടിത്തെറിച്ചു. കെട്ടും മട്ടും മാറിയെന്നേയുള്ളു.
നാക്ക്‌ പഴയ പടിതന്നെ
ചേട്ടൻ പിറുപിറുത്തു.


എന്നാലും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കാരണം ഒരു കമ്പ്യൂട്ടർ വാങ്ങിക്കൊടുത്ത്‌ ചേട്ടൻ ബുദ്ധികാണിച്ചു. കമ്പ്യൂട്ടർ പഠിപ്പിക്കാൻ വരുന്ന ചെറുപ്പക്കാരൻ ആ പാവം വീട്ടമ്മയെ എല്ലാം "ഭംഗി"യായി പഠിപ്പിച്ചുകൊണ്ടിരുന്നു. ചില സൈറ്റുകൾ കുട്ടികൾ കാണാതെ പൂട്ടിവയ്ക്കാനും ചെറുപ്പക്കാരൻ പഠിപ്പിച്ചു. അതോടെ സൗഭാഗ്യവതി ഭർത്താവിനെ ശല്യം ചെയ്യാറേയില്ല. ഓവറേജ്ഡ്‌ ചേട്ടന്‌ ദേവീഭക്തിഗാനം കേൾക്കാൻ ധാരാളം സമയം. പോരാത്തതിന്‌ ചില ചാനലുകളിൽ ചേട്ടൻ നക്ഷത്രങ്ങൾ വച്ച്‌ ഭാവികാര്യം പ്രവചിക്കുന്നുമുണ്ട്‌. "ആചാര്യ ഗുണശേഖരാനന്ദ" എന്നുവരെ പേരു മാറ്റിയത്‌ ചേട്ടനോടു പോലും ചോദിക്കാതെയാണ്‌. ആ പേര്‌ ചേട്ടനെ ആദ്യമൊന്നു ഞെട്ടിച്ചെങ്കിലും ഇപ്പോൾ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ ചേട്ടന്റെ നിയന്ത്രണം ചേട്ടന്റെ കയ്യിലല്ല. മതവിശ്വാസികളുടെ കയ്യിലാണ്‌. അവർ പലപദ്ധതികളും ചേട്ടനെവച്ച്‌ ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞു.



 ചിലപ്പോൾ ഒരു വെളിപാടുപോലെ സൗഭാഗ്യവതിചേച്ചി ആവലാതിയുമായി ചേട്ടന്റെ അടുത്തുചെല്ലും. കുട്ടികൾ ഒന്നിനൊന്ന്‌ മടിയന്മാരായി വരുന്നു. ഇല്ലായ്മക്കാലത്ത്‌ നന്നായി പഠിച്ചിരുന്ന കുട്ടികളാണ്‌. പക്ഷെ ചേട്ടൻ ആരാ മോൻ ഓടുന്ന മുയലിന്‌ ഒരു മുഴം മുമ്പെ എറിഞ്ഞു. പുതുതായി വാങ്ങിയ കെട്ടിടത്തിൽ വെള്ളപൂശാൻ വന്ന ജോലിക്കാരൻ മതിലിൽ പൊട്ടിമുളച്ച ഒരു പാലമരം പിഴുതെടുത്ത്‌  താഴെയിടുന്നതു കണ്ടപ്പോഴാണ്‌ ചേട്ടന്‌ വീണ്ടും ബോധോദയമുണ്ടായത്‌.


വേഗം ചെന്ന്‌ ആ ചെറിയ ചെടി കയ്യിലെടുത്തു. തലോടി, ഉമ്മ വച്ചു. പിന്നെ ആരും കാണാതെ പറമ്പിലെ തെക്കു കിഴക്ക്‌ മൂലയിൽ നട്ടു. വെള്ളമൊഴിച്ചു. ഉണക്ക തെങ്ങോലകൾ കയറിൽ കെട്ടിഞ്ഞാട്ടി ഒരു മറയുണ്ടാക്കി. ശുശ്രൂഷയിൽ വേഗം വേഗം വളരുന്ന പാലമരം നോക്കി ചേട്ടൻ തലയാട്ടും. കണക്കുകൾ കൂട്ടും. സൗഭാഗ്യവതിയുടെ പരാതിമൂത്തപ്പോൾ ചേട്ടൻ അതുവെളിപ്പെടുത്തി. സന്തോഷാണല്ലോ ഒട്ടും പഠിക്കാത്തത്‌. എങ്ങനെയെങ്കിലും അവനെ 10വരെ എത്തിയ്ക്കാം.
അതുകഴിഞ്ഞാൽ അവനൊരു ഒന്നാന്തരം തൊഴിലാകുമെടി. ചേട്ടൻ ഭാര്യയുടെ കാതിൽ പാലമരത്തെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ നിരത്തി. കുട്ടികൾ വളരുന്നതോടൊപ്പം പാലമരവും വളരുന്നുണ്ട്‌. പെട്ടെന്നൊരു ദിവസം സ്വയംഭൂവായ പാലമരത്തെക്കുറിച്ച്‌ നമുക്ക്‌ കഥയുണ്ടാക്കണം.

.
ഭക്തരുടെ ഒഴുക്കിനു വേണ്ടി കാശുകൊടുത്ത്‌ ഏർപ്പാടാക്കിയ നമ്മുടെ ആളുകൾ വള്ളിക്കുന്നു കാവിൽ നിന്നും ദേവിയെ എഴുന്നെള്ളിച്ച്‌ പാലമരം ദർശിക്കുവാൻ കൊണ്ടുവരും. അമ്പലക്കാർക്ക്‌ ഇത്തിരി കാശുമുടക്കേണ്ടി വരും അതുസാരമില്ല. ആനയും അമ്പാരിയുമൊക്കെയായി താലപ്പൊലി കൊഴുക്കുമ്പോൾ പാവം ഭക്തജനങ്ങൾ പാലമരത്തിനു വലം വയ്ക്കും. ക്രമേണ പാലമരത്തിന്റെ തായ്ത്തടിയിൽ തെളിഞ്ഞു വന്ന (തെളിച്ച) പരമശിവന്റെ മൂന്നാം തൃക്കണ്ണും ശൂലവും മഹാവിഷ്ണുവിന്റെ ശംഖും ചക്രവും ഒക്കെ കാണാൻ ഭക്തർ ശാഷ്ടാംഗം കിടക്കും. പണം ഒഴുകി വരും. നമ്മുടെ സീമന്തപുത്രന്‌ ഇതിലും നല്ല ജോലി കിട്ടുമോടി. സർക്കാരുതരുന്ന തുച്ഛശമ്പളത്തിന്‌ സമയം കളയാതെ നല്ലവണ്ണം തിന്നും കുടിച്ചും പണം വാരിയെറിഞ്ഞു ജീവിക്കാമെടീ...
 സൗഭാഗ്യവതി ഭർത്താവിനെ വട്ടംകെട്ടിപ്പിടിച്ചു. നിങ്ങളെ സമ്മതിക്കണം. ആദ്യമായി സൗഭാഗ്യം ഭർത്താവിന്റെ ബുദ്ധിയെ വാഴ്ത്തി.


 ഗുണശേഖരൻ ചേട്ടൻ ഇപ്പോൾ ഒരു പുതിയ ഐഡിയ വിജയിപ്പിച്ച സന്തോഷത്തിലാണ്‌.
 രോഗശാന്തിയ്ക്കുള്ള മന്ത്രച്ചരട്‌. വശീകരണയന്ത്രം, കാര്യസാദ്ധ്യത്തിനുള്ള ഏലസ്സ്‌. ഉദ്ധാരണശേഷി കൂട്ടാനുള്ള മാന്ത്രികത്തകിട്‌, ഇത്യാദികൾ ആവശ്യമുള്ളവർ ബന്ധപ്പെടുക. ഫോൺനമ്പർ വച്ച്‌ പത്രപ്പരസ്യം ഇടയ്ക്കിടെ വച്ചുകാച്ചും. ഫോൺ അറ്റൻഡു ചെയ്യാൻ ഒരു പെൺകുട്ടിയെ വച്ചിട്ടുമുണ്ട്‌. ചില കസ്റ്റമേഴ്സ്‌ പെൺകുട്ടിയോട്‌ വശീകരണത്തെക്കുറിച്ചുമൊക്കെ ഉദ്ധാരണത്തെക്കുറിച്ചുമൊക്കെ സംശയങ്ങൾ ചോദിക്കും. ഏതുസംശയത്തിനും ഉത്തരം കൊടുക്കണമെന്നാണ്‌ "ആചാര്യ" ചേട്ടൻ കൽപിച്ചിരിക്കുന്നത്‌. അതിന്‌ വേറെ അലവൻസുണ്ട്‌.
 തൊട്ടപ്പുറത്തുള്ള ഡോക്ടറുടെ വീട്ടിലെ രോഗികളുടെ ക്യൂവിനേക്കാൾ എത്രയോ നീളം കൂടിയ ക്യൂവാണ്‌. 'ആചാര്യ ഗുണശേഖരാനന്ദൻ ചേട്ടന്റെ വീട്ടിലെ ക്യൂ... പല നാട്ടിൽ നിന്നും വയോവൃദ്ധന്മാർവരെ തപ്പിപ്പിടിച്ചു വരുന്നുണ്ട്‌. ഉദ്ധാരണശേഷി വീണ്ടെടുക്കാൻ. ക്യൂവിൽ നിൽക്കുന്ന ചിലർ പരുങ്ങലോടെ നോക്കുന്നത്‌ പരിചയക്കാരാരെങ്കിലുമുണ്ടോ എന്നാണ്‌.


 സുഹൃത്തുക്കളെ വരുവിൻ! നിങ്ങളുടെ ഏതുകാര്യവും സാധിച്ചെടുക്കാൻ വെറും ആയിരം രൂപ മുടക്കുവിൻ! രോഗശമനത്തിന്‌, നല്ല ജോലി കിട്ടാൻ, പി.എസ്‌.സി പരീക്ഷ ജയിക്കാൻ. ലോട്ടറിയടിക്കാൻ, അമ്മായിയമ്മയുടെ ശല്യമൊഴിക്കാൻ. അങ്ങനെ നീളുന്നു കാര്യസാദ്ധ്യങ്ങളുടെ ക്യൂ...

14 Aug 2011

ലൈംഗികദാരിദ്ര്യം


രാജനന്ദിനി


 മലയാളിയുടെ പ്രഭാതങ്ങൾ ഞെട്ടലോടെയാണ്‌ ആരംഭിക്കുന്നത്‌. ഏതു പത്രമെടുത്താലും മുൻപേജുകളിൽ അതിനുള്ള വകയുണ്ടാകും. ഒരു സ്ത്രീ പീഢനമെങ്കിലും റിപ്പോർട്ടു ചെയ്യാത്ത ദിവസങ്ങളില്ല. അക്രമങ്ങൾ ബാലികാ ബാലന്മാരിലേയ്ക്കും പടർന്നെത്തിയിരിക്കുന്നു എന്നത്‌ ഭയാനകമാണ്‌. മനുഷ്യമനസ്സിലെ ആർദ്രതയും സ്നേഹവും വറ്റി വരണ്ടിരിക്കുന്നു. പുതിയ തലമുറയ്ക്ക്‌ സ്നേഹത്തിന്റെ ബാലപാഠം പോലുമറിയില്ല എന്നത്‌ വേദനിപ്പിക്കുന്ന സത്യമാണ്‌. ഈ അഴിമതിക്കും അക്രമങ്ങൾക്കും പരിഹാരം തേടുമ്പോഴും ഇത്തരം വാർത്തകൾ പേജുകൾ നിറച്ചുകൊണ്ട്‌ പത്രങ്ങൾ നമ്മുടെ പ്രഭാതങ്ങളെ ഭയപ്പെടുത്തുന്നു.


 പ്രതിഷേധം കൊണ്ടോ ശിക്ഷാനടപടികൾ കൊണ്ടോ പരിഹരിക്കാൻ കഴിയുന്നതല്ല ഇത്തരം ചെയ്തികൾ. ഇത്‌ മനുഷ്യമനസ്സുകളിൽ നിന്ന്‌ വേരോടെ പിഴുതെറിയണമെങ്കിൽ ഈ സ്വഭാവവൈകല്യങ്ങൾ എങ്ങനെ കടന്നുകൂടുന്നു. എന്നു കണ്ടുപിടിച്ച്‌ അതിനുള്ള പരിഹാരമാണ്‌ തേടേണ്ടത്‌. പലതരം രോഗങ്ങൾക്കും നാം പ്രതിരോധ കുത്തിവയ്പുകൾ എടുക്കാറുണ്ട്‌. എന്തുകൊണ്ടാണ്‌ മനസ്സിനുള്ള പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച്‌ ചിന്തിക്കാത്തത്‌?
 ഊഷരമായ മണ്ണിൽ ഒരു വിത്തിന്‌ മുളപൊട്ടാനോ ആഴത്തിൽ വേരോടാനോ തളിർക്കാനോ കഴിയാത്തതുപോലെ തന്നെയാണ്‌ സ്നേഹിക്കാനറിയാത്ത, അതിന്‌ സമയമില്ലാത്ത മാതാപിതാക്കളുടെ കുട്ടികൾ മുളയിലെ മുരടിച്ചു പോകുന്നതും ആത്മചൈതന്യമില്ലാത്തവരായിത്തീരു
ന്നതും. പൊരിവെയിലിലൂടെ നടന്നു വരുന്ന ഒരാൾക്ക്‌ വഴിയരികിലെ തണൽമരം ആശ്വാസം പകരുന്നതുപോലെ തന്നെയാണ്‌, സമൂഹത്തിലെ പ്രതികൂല സാഹചര്യങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളുമായി വീട്ടിലെത്തുന്ന കുട്ടികൾക്ക്‌ സ്നേഹവും പരിചരണവും ആത്മവിശ്വാസവും നൽകി മാറോടുചേർക്കാൻ മാതാപിതാക്കൾ തയ്യാറാകുമ്പോൾ വീട്‌ അവർക്കൊരു തണലാകുന്നത്‌. മാതാപിതാക്കൾ ആശ്വാസകേന്ദ്രമാകുന്നു.

 അവരുടെ പ്രശ്നങ്ങൾ ഹൃദയപൂർവ്വം അറിയാനും ഒരു സുഹൃത്തായി കൂടെ നിൽക്കാനും കഴിയുമ്പോൾ കുട്ടികളിൽ നന്മയുടെ വിത്തുകൾ മുളപൊട്ടും. അച്ഛനമ്മമാരുടെ ചെയ്തികൾ സുസൂക്ഷ്മം വീക്ഷിക്കുന്ന കുട്ടികൾ അവരുടെ ജീവിതത്തിലും അതാണ്‌ പകർത്തുക എന്ന്‌ ഓർക്കേണ്ടതുണ്ട്‌. പകരം നാമെന്താണ്‌ ചെയ്യുന്നത്‌? സ്നേഹത്തിന്‌ പകരമായി പണം നൽകി തൃപ്തിപ്പെടുത്തുന്നു. പണത്തിന്‌ നേടാൻ കഴിയുന്നത്‌ ഭൗതികസുഖങ്ങളാണ്‌. അത്‌ കുട്ടികളെ ഒരിക്കലും നന്മയിലേക്ക്‌ നയിക്കില്ല.


 ഏവരുടേയും ആത്യന്തികമായ ലക്ഷ്യം പണം സമ്പാദിക്കുക എന്നതായിക്കഴിഞ്ഞപ്പോൾ കുട്ടികളുടെ സംരക്ഷണം ജോലിക്കാരുടെ കൈകളിലായി. വിദ്യാഭ്യാസപരമായും സാംസ്കാരികമായും താഴ്‌ന്ന നിലവാരത്തിലുള്ള ഇത്തരക്കാർ കുട്ടികളിൽ എന്തെല്ലാം വൈകൃതങ്ങളാണ്‌ കോറിയിടുക എന്ന്‌ ചിന്തിക്കാത്തതെന്താണ്‌? ഒരു കുഞ്ഞിന്റെ അടിസ്ഥാന സ്വഭാവം രൂപപ്പെട്ടു വരുന്ന പ്രായത്തിൽ ആരുടെ ശിക്ഷണമാണ്‌ അവർക്ക്‌ ലഭിക്കുന്നത്‌ എന്നത്‌ ഒരു പ്രധാനപ്പെട്ട വസ്തുതയാണ്‌. അണുകുടുംബങ്ങളിൽ നിന്നും പരമാണുകുടുംബങ്ങളിലേക്ക്‌ എത്തിനിൽക്കുന്ന നാം നമ്മുടെ കുട്ടികൾക്ക്‌ നിഷേധിക്കുന്ന സ്നേഹമാണ്‌ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മൂല്യബോധം. ഉന്നത സംസ്കാരമുള്ള ആ പഴമനസ്സുകളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരായിരിക്കും എന്ന്‌ നാം ഓർക്കാത്തതെന്ത്‌?


 ഒരു വിത്ത്‌ പൊട്ടിമുളച്ച്‌ തളിരായി മരമായി വളർന്ന്‌ കഴിയുമ്പോഴാണ്‌ അതിലുണ്ടാവുന്ന പൂവിന്റെയും കായയുടെയും മണവും രുചിയും നാം തിരിച്ചറിയുന്നത്‌. അതുവരെ ആ വൃക്ഷത്തിൽ ഉണ്ടാകാൻ പോകുന്ന ഫലങ്ങളെക്കുറിച്ച്‌ നാം അജ്ഞരാണ്‌. ഇതുപോലെ തന്നെയാണ്‌ കുട്ടികളുടെ കാര്യത്തിലും സംഭവിക്കുന്നത്‌. നമ്മുടെ സംരക്ഷണയിൽ നിന്നും മാറി നിൽക്കുന്ന ഘട്ടത്തിലാണ്‌ അവരുടെ യഥാർത്ഥ സ്വഭാവങ്ങളും വൈകല്യങ്ങളും നാം തിരിച്ചറിയുക. അപ്പോഴേക്കും എല്ലാം നമ്മുടെ നിയന്ത്രണത്തിൽ നിന്നും വിട്ടുപോയിട്ടുണ്ടാകും.


 മറ്റൊന്ന്‌ ഭക്ഷണകാര്യമാണ്‌. സമയക്കുറവുമൂലം വൈകുന്നേരങ്ങളിൽ ഭക്ഷണം ഹോട്ടലിൽ നിന്നും വാങ്ങുന്നവരാണ്‌ ഏറെയും. രാവിലെ ടിന്നിലടച്ചതോ പാക്കറ്റിൽ വാങ്ങാൻ കിട്ടുന്നതോ ഉപയോഗിക്കുന്നു. ഒരാഴ്ചയിലധികം ഫ്രിഡ്ജിലിരുന്ന ഭക്ഷണം ചൂടാക്കിക്കഴിക്കുന്നതിലൂടെ ശരീരത്തിൽ എത്രമാത്രം വിഷാംശം കടന്നുകൂടുമെന്ന്‌ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? ആറു വയസ്സിൽ ഡയബറ്റിക്സ്‌ വരുന്ന കുട്ടികളും എട്ടു വയസ്സിൽ ഋതുമതികളാകുന്ന ബാലികമാരും അശാസ്ത്രീയമായ നമ്മുടെ ഭക്ഷണരീതികളുടെ നേർക്കാഴ്ചയാണ്‌. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഭൂരിഭാഗം മലമായും മധ്യഭാഗം ശരീരമായും സൂക്ഷ്മഭാഗം മനസ്സായും മാറുമെന്നാണ്‌ പ്രകൃതിജീവനത്തിൽ പറയുന്നത്‌. അപ്പോൾ മനസ്സിന്‌ പോഷണം തരുന്ന ഭക്ഷണം കൂടി നമ്മൾ തിരഞ്ഞെടുക്കേണ്ടതുണ്ട്‌. വീട്ടിൽ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിൽ സ്നേഹംകൂടി ചാലിച്ചു ചേർത്തിട്ടുണ്ടാകും. ഒരു കുഞ്ഞിന്‌ ഇങ്കു കുറുക്കി ചൂടാറ്റി അതിന്റെ മധുരവും ചൂടും പാകമാണോ എന്നറിയാൻ ഒരു തുള്ളിയെടുത്തു നാവിൽ വയ്ക്കുന്ന നിമിഷം ഒരമ്മയുടെ ജീവിതത്തിലെ അനർഘനിമിഷങ്ങളിലൊന്നാണ്‌. അവിടെ കുഞ്ഞിനോടുള്ള പ്രതിബദ്ധതയും സ്നേഹവും കരുതലും ഒത്തുചേർന്ന്‌ ഊർജ്ജപ്രവാഹമായി രക്തത്തിലൂടെ ഓരോ ജീവാണുക്കളിലും നിറയുന്നുണ്ട്‌. അത്‌ ആത്മാവിന്റെ പോഷണമാണ്‌.

ഇന്ന്‌ എത്ര അമ്മമാർക്ക്‌ അതിന്‌ കഴിയുന്നുണ്ട്‌ എന്നു പരിശോധിക്കുക. ഡേ കീയറുകളിൽ ശൈശവം പിന്നിടുന്ന കുട്ടികൾക്ക്‌ നാം എന്താണ്‌ നൽകുന്നത്‌? ആലോചിക്കണം. കുടുംബമെന്ന തണലിൽ കഴിയുന്നവർ നിസ്സാരമെന്നു തോന്നാവുന്ന ഇത്തരം കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലാതെ കുട്ടികൾ വഴിതെറ്റുമ്പോൾ വിലപിക്കുകയല്ല വേണ്ടത്‌? 10 വയസ്സിലും13 വയസ്സിലും ബലാത്സംഗം ചെയ്യാൻ മുതിരുന്ന ബാലന്മാർ. പട്ടിണിയിൽ വയറെരിയുമ്പോഴും കാമം കത്തിജ്വലിക്കുന്ന വികളാംഗൻ. മകളെ അന്യർക്ക്‌ കാഴ്ചവച്ച്‌ പണം നേടുന്ന അച്ഛൻ. പൊതുവായ ഇടങ്ങളിലും സ്ത്രീയുടെ സാമീപ്യം വിവേകം നഷ്ടപ്പെടുത്തുന്ന പുരുഷന്മാർ. എവിടേക്കാണ്‌ മലയാളികൾ പോകുന്നത്‌?


 പുതുതലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ്‌ സ്ത്രീകളെ ഉത്ബുദ്ധരാക്കുക എന്നത്‌. ഒരു ഒറ്റക്കയ്യനുപോലും പീഢിപ്പിക്കാൻ മാത്രം പെൺകുട്ടികൾ ദുർബ്ബലരായതെങ്ങനെ? അമിതമായ ചാരിത്ര്യബോധമാണ്‌ അവളെ ചെറുത്തുനിൽപിൽ തോൽപ്പിക്കുന്നത്‌. ചാരിത്രബോധമാണ്‌ അവളെ ചെറുത്തു നിൽപിൽ തോൽപ്പിക്കുന്നത്‌. ചാരിത്ര്യനഷ്ടം വന്ന സ്ത്രീക്ക്‌ സമൂഹം ഭ്രഷ്ട്‌ കൽപിക്കുന്നു. വിവാഹസ്വപ്നങ്ങൾ തകർത്തുകൊണ്ട്‌ പുരുഷന്മാർ അവളെ അവഗണിക്കുന്നു. എന്തിനാണത്‌? ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി എന്തുകുറ്റമാണ്‌ സമൂഹത്തോട്‌ ചെയ്തത്‌? ഒരു മൽപ്പിടുത്തത്തിൽ ആരെങ്കിലും ഒരാളെ ജയിക്കൂ. അത്രയും പ്രാധാന്യം മാത്രമേ ബലാൽസംഗത്തിനും കൊടുക്കേണ്ടതുള്ളൂ. എങ്കിൽ അവൾക്ക്‌ കൂടുതൽ കരുത്തോടെ പ്രതികരിക്കാൻ കഴിയും.

ഇത്തരം ലൈംഗിക വൈകൃതങ്ങളെ എതിർക്കാൻ അക്രമത്തിന്‌ ഇരയാകുന്നവർ മാത്രമല്ല മറ്റു സ്ത്രീകളും ഒറ്റക്കെട്ടായി നിന്നാൽ പൊതുഇടങ്ങളിലെ ലൈംഗീകചൂഷണം ഒരു പരിധിവരെ ഇല്ലാതാവും. ഒരു പോരാട്ടത്തിൽ തോറ്റു പോയാൽ ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല. മാനഭംഗം എന്നു പറയുന്നതെന്താണ്‌? മാനം സ്ത്രീക്കു മാത്രമാവുന്നതെങ്ങനെ? വിവാഹത്തിന്‌ മുമ്പ്‌ ചാരിത്ര്യവും വിവാഹശേഷം പാതിവൃത്യവും കൽപിച്ചു നൽകി സ്ത്രീയെ മഹത്വവൽക്കരിക്കുന്നതെന്തിനാണ്‌?

 ഇവ രണ്ടും ഒരു മിഥ്യാബോധം മാത്രമാണ്‌. ആത്മപരിശോധന നടത്തിയാൽ ഈ ആഭരണങ്ങൾ നഷ്ടപ്പെടാത്തവരായി ഒരു ശതമാനംപോലും കാണില്ല എന്നതാണ്‌ സത്യം. പിന്നെ ആരെ ബോധിപ്പിക്കാനാണീ അഭിനയം? സ്ത്രീകൾ ആയുധമേന്തി പടക്കളത്തിലിറങ്ങിയതുപോലെ നടക്കുന്നതെന്തിന്‌? ആയുധമേന്തിയ പുരുഷന്മാരെ കാവൽ നിർത്തുന്നതെന്തിന്‌? അത്‌ അവളെ സമൂഹത്തിൽ നിന്നും വേർപെടുത്തി നിർത്തുന്ന ഏർപ്പാടാവും. അനാവശ്യമായ വേർതിരിവുകൾ ഇല്ലാതെ സ്വതന്ത്രമായി ഇടപഴകാൻ അവളെ അനുവദിക്കുക.

സ്വാതന്ത്ര്യം ക്രിയാത്മകതയെ വളർത്തുന്നു. അസ്വാതന്ത്ര്യം കാപട്യത്തെയും, നിയന്ത്രണം സ്വന്തം അവബോധത്തിൽ നിന്നാണ്‌ ഉണ്ടാവേണ്ടത്‌. പുറമെ നിന്നുള്ള പ്രേരണകൾ കൊണ്ടല്ല.
 മറ്റൊന്ന്‌ പുരുഷന്മാരുടെ ലൈംഗിക ആസക്തിയാണ്‌. പൊതു ഇടങ്ങളിൽ വച്ച്‌ സ്ത്രീകളെ കടന്നുപിടിക്കാൻ മാത്രം എന്താണ്‌ അവനിൽ സംഭവിക്കുന്നത്‌? ഭക്ഷണം ലഭിക്കാത്തവന്‌ ഭക്ഷണത്തോട്‌ ആർത്തി തോന്നുക സ്വാഭാവികമാണ്‌. കുടുംബബന്ധങ്ങളുടെ ശൈഥില്യം ലൈംഗികദാരിദ്ര്യത്തിന്‌ കാരണമായിട്ടുണ്ട്‌. പുറമെ ശാന്തമെന്നു തോന്നുമെങ്കിലും പലരുടേയും കിടപ്പറകൾ യുദ്ധക്കളങ്ങളാണ്‌. ചിലർ നിശബ്ദരായി തന്നെ ഒരേ കുടുംബത്തിൽ രണ്ടു ലോകങ്ങളിൽ കഴിയുന്നു. ഊഷ്മളമായ ബന്ധങ്ങൾ ദമ്പതിമാർക്കിടയിൽ അപൂർവ്വമായിക്കൊണ്ടിരിക്കയാണ്‌.


 നമ്മുടെ ശരീരം പലവിധ ഊർജ്ജങ്ങളുടെ കേന്ദ്രമാണല്ലോ. ലൈംഗികതയിൽ നിന്നുള്ള ഊർജ്ജമായാലും കോപത്തിൽ നിന്നുള്ളതായാലും വേദനയിൽ നിന്നുള്ളതായാലും പുറത്തേക്കൊഴുകേണ്ടത്‌ ശരീരത്തിന്റെ ആവശ്യമാണ്‌. കുടുംബപ്രശ്നങ്ങൾ വരുമ്പോൾ ലൈംഗികനിഷേധം ഒരു വജ്രായുധമായി പ്രയോഗിക്കാതിരുന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക്‌ ഒരു പരിധിവരെ പരിഹാരമാകും. ലൈംഗികച്ചൂഷകരിൽ ഏറിയ പങ്കും മധ്യവയസ്കരാണ്‌ എന്നത്‌ ഇതിന്‌ തെളിവാണ്‌. ലൈംഗിക ദാരിദ്ര്യം സ്ത്രീകളും നേരിടുന്ന പ്രശ്നമായിരിക്കാം. പക്ഷേ പെട്ടെന്ന്‌ ഉത്തേജിതനാകുന്ന തരത്തിലാണ്‌ പ്രകൃതി പുരുഷനെ വിഭാവനം ചെയ്തിരിക്കുന്നത്‌ എന്നതാണ്‌ പൊതു ഇടങ്ങളിലെ അക്രമങ്ങൾക്ക്‌ കാരണമെന്നു വേണം അനുമാനിക്കാൻ.


 ഇണചേരുക എന്നത്‌ ഒരു ജീവിയുടെ ജന്മാവകാശമാണ്‌. അതിനെ നിഷേധിക്കാൻ ആർക്കും അവകാശമില്ല. കപട സദാചാരവാദികൾ വാളുയർത്തിപ്പിടിച്ചതുകൊണ്ട്‌ ഇവിടെ വ്യഭിചാരം നടക്കാതിരിക്കുന്നില്ല. വേണ്ടത്‌ ഇതാണ്‌. വ്യവസ്ഥിതികൾ കാലാകാലങ്ങളിൽ മാറേണ്ടതുണ്ട്‌. ആരോഗ്യകരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുക. വേർതിരിവുകൾ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുകയെയുള്ളൂ. മറച്ചുവയ്ക്കുന്നതെന്തും ഒളിഞ്ഞു നോക്കാനുള്ള വാസന. നിഷേധിക്കുന്നത്‌ സ്വന്തമാക്കാനുള്ള താൽപര്യം ഇതൊക്കെ മനഃശ്ശാസ്ത്രപരമായ കണ്ടെത്തലുകളാണ്‌. സ്ത്രീ-പുരുഷ സൗഹൃദങ്ങൾ അതിന്റെ സ്വാഭാവികതയിൽ നിലനിന്നുപോകുമ്പോൾ അത്യാകർഷക സ്വഭാവം ഇല്ലാതാകും. ഭാര്യയുടെ നല്ല പുരുഷ സുഹൃത്തിനെ സ്വന്തം സുഹൃത്തായും ഭർത്താവിന്റെ സ്ത്രീ സുഹൃത്തിനെ സ്വന്തം കൂട്ടുകാരിയായി കാണാനും ഹൃദയവിശാലതയുണ്ടാവണം. എല്ലാ ബന്ധങ്ങളും ലൈംഗികപരമല്ല എന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌.

സ്ത്രീ സ്വാതന്ത്ര്യം നേടുമ്പോൾ അത്‌ പുരുഷനുമീതെയുള്ള ആധിപത്യമായി കരുതാതിരിക്കുകയും വേണം. ഒരു ദാമ്പത്യജന്മം മുഴുവൻ പരസ്പരം കുറ്റാന്വേഷണത്തിന്‌ ചിലവഴിക്കാതെ തമ്മിൽ വിശ്വസിക്കുക. സ്നേഹത്തിലൂന്നിയ ഈ വിശ്വാസമാണ്‌ അദൃശ്യമായ ഒരു ചരടായി അവരെ ബന്ധിപ്പിക്കുന്നത്‌ എന്ന്‌ തിരിച്ചറിയണം. അവകാശങ്ങൾ വെറും ജലരേഖകളാണ്‌. അത്‌ മാനസിക ഉല്ലാസത്തിന്‌ തീരെ ഉപകരിക്കില്ല. സ്നേഹത്തിന്റെ അനന്തസാധ്യതകൾ അതിനുമപ്പുറത്താണ്‌. അത്‌ തിരിച്ചറിയാൻ കഴിയുന്നവർക്ക്‌ ജീവിതം അനായാസമായ ഒരു ഉല്ലാസയാത്രയായി അനുഭവപ്പെടും.

തീർച്ച. മൂല്യാധിഷ്ടിതവും സ്വതന്ത്ര്യവും സ്നേഹപൂർണ്ണവുമായ മനസ്സുകൾക്കു മാത്രമേ ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കാൻ കഴിയൂ. നാം ഓരോരുത്തരും അതിന്‌ ശ്രമിക്കുമ്പോൾ ഈ അവസ്ഥയ്ക്ക്‌ മാറ്റം വരാതിരിക്കില്ല. ഒരു ആന്തരിക ലോകവും വേറൊരു ബാഹ്യലോകവും നമുക്കാവശ്യമില്ല. ഒരു മനുഷ്യന്‌ ഒരേയൊരു ആന്തരവാഹ്യലോകം. അത്‌ എത്ര സുന്ദരമായ ലോകമാണെന്ന്‌ ഓർത്തുനോക്കുക. വിലയിരുത്തുക.


8 Jul 2011

അതീതം


 രാജനന്ദിനി



നേരുകൾ ചുടുകനൽ കൂടുകൾ തുറന്നതിൽ
ഓർമ്മകൾ  ഒന്നിനൊന്നായി കുമിഞ്ഞു വേകുമ്പോഴും
ആ വേവിൽ നീയുണ്ടെന്നൊരൊർമ്മയെ മതി മ‍മ
പ്രാണനുമീതെ നറു ചന്ദനം പൊഴിക്കുവാൻ
ഇല്ല;കാലത്തിന്നാകില്ലൊരിക്കൽ പോലും നിന്നെ
എന്നിൽ നിന്നേറെ  ദൂരം പകുത്ത് മാറ്റീടുവാൻ
ദേഹത്തിന്നൊപ്പം കാലം നടക്കും പയ്യെ പക്ഷെ
ദേഹിയിൽ ഒരിക്കലും മുട്ടുവാനാകില്ലല്ലൊ?
കാലമാണെല്ലാറ്റിനുമധിപൻ എന്നാത്മാവിൽ
കാലമെന്നാളും നിന്നെ വിസ്മരിക്കില്ലാ തെല്ലും
പണ്ടുപണ്ടാരൊക്കെയോ നമുക്കു മുന്നേ പോയോർ
നേരിന്റെ ശിലാമേലെയെഴുതിപ്പതിച്ചതാം
ജീവവിസ്മയങ്ങളും രാഗവും വ്യഥകളും
ഈനാളും നമ്മെക്കാത്തു നിശ്ചലം നിൽക്കുന്നപോൽ
ഒരിക്കലീ ഞാനുമെൻഭൂമി വിട്ടൊഴിയുമ്പോൾ
ഇതിലെ വരുന്നവർ കാണുവാൻ പരുവത്തിൽ
ജീവജന്തുക്കൾതോറും നീയലിഞ്ഞെന്നിൽ ചേർന്നോ-
രാത്മഹർഷങ്ങൾ പിന്നെ രാഗ നിസ്വനങ്ങളും
എന്റെ സ്നേഹത്തിൽ മൂർച്ചകൂട്ടിയോരുളി മുന,
കൊണ്ടു നൽ ശിലാലിഖിതങ്ങളായ് പകർത്തും ഞാൻ
അങ്ങനെ നീ കാലത്തിന്നപ്പുറം കടന്നുപോയ്
എന്നിലെ ഞാനായ് യുഗാന്തരങ്ങൾ കവർന്നിടും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...