Showing posts with label 80. Show all posts
Showing posts with label 80. Show all posts
27 Apr 2013
26 Mar 2013
അന്നു മഴ പെയ്തിരുന്നില്ല
അസീസ് ഈസ്സ
അതെ അന്ന് മഴ പെയ്തിരുന്നില്ലവര്ഷ കാലത്തിന്റെ തിമര്‍ത്തു പെയ്യുന്ന മഴ എന്ത് കൊണ്ടാണ് അന്ന് പെയ്യതിരുന്നത്
ഇടവപ്പാതിക്ക് വിദൂരമല്ലാത്ത ആ ദിവസം മാത്രം !!
ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടെണ്ടതിനു പകരം സൂര്യ കിരണങ്ങള്‍
പ്രകൃതിയെ പൊതിഞ്ഞു പിടിച്ചതെന്തുകൊണ്ടാവാം
കുഞ്ഞൂട്ടിക്കായ്ക് മഴ വളരെ ഇഷ്ടമായിരുന്നല്ലോ എന്നിട്ടും ,,,,,,,,,,,
നാട് മുഴുവന്‍ കരഞ്ഞിട്ടും പ്രകൃതി കരഞ്ഞില്ല ,,,പക്ഷെ …നേര്‍ത് വീശുന്ന
കാറ്റിനു ഒരു മൂകതയുണ്ടായിരുന്നു
നോവ് കൊണ്ട് തീര്‍ത്ത മൗനം പോലെ ..!!
ഞാനെത്രയോ തവണ കണ്ടിട്ടുണ്ട് കോരിച്ചൊരിയുന്ന മഴയത്ത് കുഞ്ഞൂട്ടിക്ക ആ മാവിന്‍ ചോട്ടില്‍ നില്‍കുന്നത്,
മഴയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് അതിന്റെ കുളിരില്‍ ലയിച്ച്…!!
ഇനി ആ കഴ്ച്ചയുണ്ടാവില്ല
ആ സ്വരം ഇനി വായുവില്‍ നിറഞ്ഞു നില്കില്ല ….
നോമ്പ് കാലത്തെ അത്താഴ വിളികള്‍ ഇനി ഓര്‍മകളില്‍ മാത്രം നിറയും
പ്രകൃതി ഇരുളില്‍ ലയിച്ച് കിടന്നുറങ്ങുമ്പോള്‍ വിശ്വാസികളെ ഉണര്‍ത്തിക്കൊണ്ട് പള്ളിയില്‍ ഇരുന്നു ഖുര്‍ആന്‍ ഓതും,,
മൈക്കിലൂടെ യുള്ള ആ ശബ്ദ വീചികള്‍ ഓരോ നോമ്പ് കാലത്തും അന്തരീക്ഷത്തില്‍ ലയിച്ച് കേള്‍കാമായിരുന്നു
നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞൂട്ടിക്ക
നീളന്‍ വടിയും പഴകിയ വെള്ള വസ്ത്രവും വെള്ളിമോതിരവും ചെയിന്‍ വാച്ചും പിന്നെ കാലില്‍ വള്ളിചെരുപ്പും ഇതാണ് കുഞ്ഞൂട്ടിക്ക
നരച്ചതാടി നെറ്റിയില്‍ നിസ്‌കാര തഴമ്പ് പറ്റെ വെട്ടിയ തലമുടി മറച്ച് ഒരു തുവര്‍ത്ത് വലിചിട്ടിട്ടു നാട്ടു വഴികളിലൂടെ അദ്ദേഹം നടക്കും
അതൊരു നിത്യ കാഴ്ചയാണ് !!
പലരും ചോദിക്കാറുണ്ട്
‘എന്തിനാ കുഞ്ഞൂട്ടിക്ക ഇത്രേം നീളം കൂടിയ വടി കുത്തി നടക്കുന്നെ എന്ന് ‘
പല്ലുകള്‍ കൊഴിഞ്ഞുപോയ മോണകാട്ടി അദ്ദേഹം ശബ്ദമില്ലാതെ ചിരിക്കും പിന്നെ മറുപടിയായി പറയും
‘നമ്മള് ചെറുതാണെന്ന തോന്നല് വേണ്ടേ അപ്പഴല്ലേ പടച്ചോനെ ഓര്‍മ കാണൂ
ഈ വടി ന്നെക്കാളും വലുതാ ഞാന്‍ ചെറുതും ഇത് കൂടെയുണ്ടാവുമ്പോ ഞാനെന്നും ചെറുതായിപ്പോകും പടച്ചോനെ ഓര്‍ത്തുപോകും അതിനാ ‘
താത്വിക ഭാവമാണ് കുഞ്ഞൂട്ടിക്കാക്പള്ളിയോട് ചേര്‍ന്നുള്ള കുടിലില്‍ ഒറ്റയിക്ക് താമസം
ബാങ്കിന്റെ വിളിയൊച്ച പ്രകൃതിയില്‍ ലയിച്ച് തീരും മുന്‍പേ അദേഹം പള്ളി അങ്കണത്തില്‍ എത്തും
നാട്ടിലെ ഒത്തുകൂടുന്ന എല്ലാ പരിപാടിക്കും കുഞ്ഞൂട്ടിക്കയുടെ സാനിധ്യമുണ്ടാകും
അന്നുപക്ഷേ കുഞ്ഞൂട്ടിക്ക പള്ളിയില്‍ എത്തിയില്ല
മൊല്ലാക്ക പുറത്തു കുറച്ചുനേരം കാത്തുനിന്നു
രാത്രി നല്ല മഴ പെയ്തിരുന്നു തൂവാനം നിലക്കുന്നതെയുള്ളൂ
ആകാശത്ത് ചില നക്ഷത്രം മാത്രം മായാതെ കിടപ്പുണ്ട്
ഫജറിലെ വെളിച്ചം തിളങ്ങിത്തുടങ്ങി
എന്നും ആദ്യമെത്താറുള്ള കുഞ്ഞൂട്ടിക്ക ഇന്നെന്തേ വൈകുന്നു
നിസ്‌കാര സമയമായിട്ടും അദ്ദേഹം എത്തിയില്ല ..!!
നമസ്‌കാരം തുടങ്ങി
ഒരുദിവസത്തെ ആരംഭം കുറിച്ചുകൊണ്ട് ഏക ദൈവത്തിനു മുന്നില്‍ ജനങ്ങള്‍ സാഷ്ടാംഗം വീണു
നമസ്‌കാരത്തിനു വിട ചൊല്ലിയ ശേഷം ആളുകള്‍ കുഞ്ഞൂട്ടിക്കയുടെ കുടിലിനു നേരെ നടന്നു
ഓല കൊണ്ട് തീര്‍ത്തവാതില്‍ തള്ളിയപ്പോള്‍ അകത്തേക്ക് തുറന്നു
നേരിയ ഇരുള്‍ മുറിയാകെ വ്യാപിച്ചു കിടക്കുന്നു
ആരോ വിളക്ക് കൊളുത്തി
മുറിയിലെ കട്ടിലില്‍ കുഞ്ഞൂട്ടിക്ക മലര്‍ന്നു കിടപ്പുണ്ട്
കനം കുറഞ്ഞ പുതപ്പ് പുതച്ചിട്ടുണ്ട്
സുഖ നിദ്രയിലെ ഏതോ സ്വപ്നത്തിലെന്നപോല്‍ പുഞ്ചിരിച്ച മുഖം
‘കുഞ്ഞൂട്ടിക്കാ ‘
തികഞ്ഞ നിശ്ശബ്ദതയെ ഭേദിച്ച് മൊല്ലാക്ക പതിയെ വിളിച്ചു
ഓരോ വിളിക്കും കനം കൂടിവന്നു
പ്രകൃതിയില്‍ പ്രകമ്പനം കൊള്ളുന്ന പോലെ
കുഞ്ഞൂട്ടിക്കയുടെ ശരീരം നിശ്ചലമായിരുന്നു !!നാടുമുഴുവന്‍ പള്ളിയങ്കണത്തിലേക്കൊഴുകി
നാടിന്റെ തോഴന്‍ യാത്രപറഞ്ഞു പോയിരിക്കുന്നു
ഇനി കിഞ്ഞൂട്ടിക്ക ഇല്ല
അദ്ദേഹത്തിന്റെ സ്വരം ഇനി പള്ളി മിനാരങ്ങളില്‍ മുഴങ്ങില്ല
പുലര്‍കാല പ്രകൃതിക്ക് മൂകതയായിരുന്നു
വര്‍ഷ കാലത്തിന്റെ ഇരുളിമ പടര്‍ന്ന മൂകത
നിമിഷങ്ങള്‍ കഴിയുംതോറും സൂര്യ വെളിച്ചം തിളങ്ങിവന്നു
പള്ളി പരിസരം നിറഞ്ഞൊഴുകി
ഉച്ചയോടെ മൃതദേഹം ഖബറടക്കി അപ്പോഴും സൂര്യന്‍ ജ്വലിച്ച് നിന്നു ..
അന്തരീക്ഷത്തില്‍ വീണ്ടും ബാങ്കിന്റെ വിളിയൊച്ച ഉയര്‍ന്നു തുടങ്ങി
കുഞ്ഞൂട്ടിക്കയുടെ സാനിദ്യമില്ലാതെ ആ ദിവസം കൊഴിഞ്ഞുവീണു
പിറ്റേ ദിവസത്തെ പുലരിക്കു ശാന്തതയല്ലയിരുന്നു
അന്ന് മഴ പെയ്യുകയായിരുന്നു ,,,,
കോരിച്ചൊരിയുന്ന മഴ … ദുഖം കടിച്ചമര്‍ത്താനാവാതെ പ്രകൃതി വാവിട്ടു കരഞ്ഞു
കുഞ്ഞൂട്ടിക്കയുടെ കുടില്‍ ആ പള്ളിയോട് ചേര്‍ന്ന് അനാഥമായിക്കിടന്നു
ദിനരാത്രങ്ങളുടെ യാത്ര പറച്ചിലുകള്‍കിടയില്‍ കുഞ്ഞൂട്ടിക്ക ഒരോര്‍മ മാത്രമായി ..!!
പെയ്യാന്‍ മറന്ന ഒരു മഴയുടെ നേര്‍ത്ത ഓര്‍മ ..
22 Feb 2013
ആദ്യത്തെ റിയര്‍വ്യൂ മിറര്‍.
ഉനൈസ്
വാഹനങ്ങള്‍ മുന്നോട്ടു മാത്രം പോകനുള്ളതല്ല. ഇടക്കെങ്കിലും നമുക്ക് പിറകോട്ടും പോകേണ്ടി വരും. അത്തരം അവസരങ്ങളില്‍ നാം ഒറ്റക്കാണെങ്കിലും നമ്മെ സഹായിക്കുന്ന ഒരു കൊച്ചു ഉപകരണമുണ്ട് റിയര്‍ വ്യൂ മിറര്‍, ആധുനിക വാഹനങ്ങളില്‍ ക്യാമറയും പാര്‍ക്കിംഗ് അലാമും ഒക്കെ നിലവിലുണ്ടെങ്കിലും അവയൊക്കെ വരുന്നതിനു മുന്‍പേതന്നെ നമ്മുടെ സഹായി ഇവനായിരുന്നു. ഒരിക്കലെങ്കിലും ആരും ചിന്തിക്കാത്ത ഒരു കാര്യമുണ്ട്, ആരായിരിക്കും കണ്ണാടിക്കു വാഹനത്തിനകത്ത് ഇങ്ങനെ ഒരു ഉപയോഗമുണ്ടെന്നു കണ്ടെത്തിയത്?. അതിന്‍റെ ഉത്തരം ഒരു ചെറിയ കഥയാണ്. ആ കഥയിങ്ങനെ.
1911 മെയ് 30 ന് ഇന്ത്യനാ പോളിസ് 500 കാറോട്ടമത്സരത്തിന്‍റെ കന്നി ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഡ്രൈവര്‍ റേ ഹരൌന്‍ ആ കാറോട്ടത്തില്‍ വിജയിച്ചത് ഒറ്റക്കാണ്. ആ മത്സരത്തില്‍ പതിവുള്ള പോലെ മറ്റു ഡ്രൈവര്‍ മാരെല്ലാം ഒരു റയ്ഡിംഗ് മേക്കനിക്കിന്റെ സഹായത്തോടെയാണ് റേസില്‍ പങ്കെടുത്തെങ്കിലും ഒരാള്‍ക്ക് മാത്രം കഷ്ടി സ്ഥലമുള്ള തന്‍റെ വണ്ടിയില്‍ ഒരു മിറര്‍ ഘടിപ്പിച്ച് റേ ആ കുറവ് പരിഹരിച്ചു. അന്നത്തെ ഒരു റയ്ഡിംഗ് മെക്കാനിക്കിന്റെ ജോലി തന്നെയാണ് യഥാര്‍ത്ഥത്തില്‍ ആ മിററും നിര്‍വഹിച്ചത്. പിറകിലെ വാഹങ്ങളെ പ്ലേസ് ചെയ്യുക. കാര്യമെന്തായാലും ആ കന്നി മത്സരത്തില്‍ തന്നെ വിജയിയാവാന്‍ നമ്മുടെ റേ ക്ക് കഴിഞ്ഞു.
ഇന്ന് എത്ര ചെറിയതോ വലിയതോ വിലകുറഞ്ഞതോ കൂടിയതോ ആയ വാഹനമായിക്കൊള്ളട്ടെ റിയര്‍ വ്യൂ മിറര്‍ മാത്രം പൊതു സുരക്ഷ ഘടകമായി കാണാം.നിസ്സാരമെങ്കിലും നമ്മുടെ സുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമായ ഒരു കണ്ടുപിടുത്തം നടത്തിയ അദ്ദേഹത്തെ നമുക്കെന്നും നന്ദിയോടെ സ്മരിക്കാം.
24 Jan 2013
കമ്പോളം പുരുഷനെ സ്ത്രീയുടെ ആജന്മ ശത്രുവാക്കുന്നു
മനോജ് ചെമ്മന്തറ
സ്ത്രീശരീരത്തില്‍ ദുരര്‍ഥത്തോടെ നോക്കുന്നതും ലൈംഗികപീഡനമാണെന്ന് വരണം. സ്ത്രീകളെ മാനിക്കാതെ, അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഡയറക്ടറിയുണ്ടാക്കണം. ‘കാമക്കോമരങ്ങള്‍’ എന്ന പേരില്‍. ഇവരുടെ ഫോട്ടോ എല്ലാ പോലീസ്സ്റ്റേഷനുകളിലും പതിക്കണം, സുനിത കൃഷ്ണന്‍ ( സോഷ്യല്‍ ആക്റ്റിവിസ്റ്റ് )ഇങ്ങിനെ കടുത്ത വിവേചനം വേണോ? പുരുഷന്‍ സ്ത്രീയെ നോക്കുന്നത് വെറും സെക്സുമായി ബന്ധപ്പെട്ടു മാത്രമാണെന്നു സ്ത്രീ ചിന്തിച്ചു തുടങ്ങിയാല്‍ കാലം നമ്മെ എവിടെ കൊണ്ടുചെന്നു എത്തിക്കും എന്ന് കണ്ടറിയണം.ജാതിയുടെയും മതത്തിന്റെയും ഒക്കെ പേരില്‍ നമ്മെ പലരും ഭിന്നിപ്പിച്ചു നിര്‍ത്തുകയും, തമ്മില്‍ അടിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അവയുടെ കരാള ഹസ്തങ്ങളില്‍ നിന്നും നമ്മള്‍ ഒരു പരിധിവരെയൊക്കെ പുറത്തുകടന്നിട്ടുണ്ട് എന്ന് പറയാമെങ്കിലും പൂര്‍ണമായിട്ടു മോചിതരായിട്ടുമില്ല. മാനവന്‍ ആര്‍ജ്ജിച്ചെടുത്ത പുരോഗതി എന്നത് പുരുഷന്‍ മാത്രം ഉണ്ടാക്കിയതല്ല; അതിനു പിന്നില്‍ പ്രത്യക്ഷമായും പരോക്ഷമായും ഒട്ടനവധി സ്ത്രീകളും ഭാഗഭാക്കായിട്ടുണ്ട് എന്നത് നമ്മള്‍ വിസ്മരിച്ചുകൂടാ. സമൂഹത്തില്‍ സ്ത്രീ കൈവരിച്ച നേട്ടങ്ങളില്‍ പുരുഷനും ,പുരുഷന്റെ നേട്ടങ്ങളില്‍ സ്ത്രീക്കും പങ്കുണ്ട്. സ്ത്രീയും പുരുഷനും ഒന്നിച്ചു തോളോടുതോള്‍ചേര്‍ന്ന് പൊരുതി നേടിയ ലോകത്ത് നിന്നാണു നമ്മള്‍ നാളെയെകുറിച്ച് സ്വപ്‌നങ്ങള്‍ നെയ്യുന്നത്.അത് കുടുംബമായാലും രാജ്യമായാലും ഇരുകൂട്ടരും തുല്യപങ്കാളികള്‍ തന്നെ! പുരോഗമന ആശയങ്ങളുടെ ആര്‍ത്തലയ്ക്കുന്ന കൊടുങ്കാറ്റാഞ്ഞു വീശിയപ്പോള്‍ കടപുഴകി വീണുപോയ വരേണ്യതയുടെ കോട്ടകൊത്തളങ്ങള്‍ സ്മൃതിയുടെ അരികു ചേര്‍ന്ന് തുടങ്ങിയിരിക്കുന്നു. നവോത്ഥാന കാലഘട്ടം ഇന്ധനം നിറച്ചത് പുരുഷ മനസ്സുകളില്‍ മാത്രമായിരുന്നില്ല; ഉര്‍വ്വരമായ സ്ത്രീ ഹൃദയങ്ങളില്‍ കൂടിയായിരുന്നു. തലമുറകള്‍ പകര്‍ന്നു നല്‍കിയ ആ കരുത്തു പ്രതിലോമ ശക്തികളെ തെല്ലൊന്നുമല്ല അകലെ നിറുത്തിയത് . അത് നമുക്കൊരു കവചമായി നിലകൊണ്ടു. സ്ത്രീയും പുരുഷനും ലിന്ഗപരമായി ഇത്രയൊന്നും വേര്‍തിരിക്കപ്പെടാതിരുന്ന ഒരു കാലഘട്ടം നമ്മള്‍ നടന്നു മുന്നേറിയതാണ്. അന്ന് പരസ്പരം താങ്ങും തണലുമായി നിലകൊണ്ട അവര്‍ ഒന്നിച്ചു നിന്ന പ്പോള്‍ കരുത്തിന്റെ പ്രതീകങ്ങള്‍ ആയി മാറുകയായിരുന്നു.
- സ്ത്രീകള്‍ക്ക് രക്ഷയായി കുരുമുളക് സ്പ്രേ വിപണിയില്‍
- ലൈംഗിക പീഡനം തടയാന്‍ ഇനി കേന്ദ്ര സര്‍ക്കാര്‍ വക റിസ്റ്റ് വാച്ചും
വാല്‍കഷണം:
പീഡനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സ്ത്രീകള്‍ക്ക് പുതിയ വാച്ച് വില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. വില 500 രൂപ മാത്രം
22 Dec 2012
കാനനക്കാഴ്ചകള്‍
ബോബൻ ജോസഫ് കെ
കാനനത്തിലൊരു ദിനത്തിലെത്തിയപ്പോളവിടെയാ
കാഴ്ചകളോ അതിമനോഹരങ്ങളായി തോന്നിയീ-
മനമവിടെയതിലലിഞ്ഞു നയനസുഖം തന്നതും
ഓര്‍ത്ത് വന്ന കഥകളിതാ നല്കിടുന്നതിവിടെയും
അകിലുമത്തിയരണമരം അമ്പഴവും പിന്നെയോ
ആഞ്ഞിലിയും ആറ്റുതേക്ക് ആറ്റുവഞ്ചിയിത്തിയും
കാട്ടുകൊന്ന കാട്ടുപുന്ന കാട്ടുചെമ്പകത്തിനെ
നോക്കിയങ്ങിരുന്ന നേരം കണ്ടു മാതളിത്തിനെ
കാട്ടുകവുക് കരിമരുത് കശുമാവ് കരിങ്ങാലിയും
പാരിജാതം പവിഴമല്ലി പൂവരശു പെരുമരം
കണ്ടു ഹരിതകത്തിനോട് നന്ദിയോടിരുന്നതും
ആത്തച്ചക്ക തിന്നുവാനായാത്തയെത്തിരഞ്ഞതും
ആഞ്ഞിലിതന്‍ ചക്കയൊന്നുമുന്നിലായി വീണതും
മാവ്പൂത്തു പൂക്കള്‍പോലെ മാതളത്തിനരികിലും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍
കാട്ടുകോഴി കാലിമുണ്ടി കൊക്ക് കൂമനെന്നിവര്‍
കാട്ടുവഴിയിലൂടെയെത്തിനോക്കി ഗോഷ്ടികാട്ടവേ
മുണ്ടി ചാരമുണ്ടി മൈന മണ്ണാത്തിപക്ഷിയെന്നിവര്‍
ചാരെ വന്നു തീഷ്ണമായി നോക്കിയങ്ങുപോകവേ
കണ്ടുമയില്‍ ശക്തിയോടെ പീലിനീര്‍ത്തി നിന്നതും
കാട്ടുകുളക്കോഴിയൊന്നു കൂട്ടു കൂടാനെത്തവേ
കുരുവിയെവിടെയെന്നു പരതിയെന്‍മനവുമിടറവേ
കണ്ടുകുരുവി ആവലിയായരികിലെത്തി നോട്ടവും
എന്റെയിഷ്ടപക്ഷിയായ തത്തയെത്തിരഞ്ഞതും
തത്ത പേരത്തത്ത എല്ലാം കൂട്ടമായ്പ്പറന്നതും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍
കൂട്ടത്തോടെ ആനകളും കാനനത്തില്‍ കണ്ടതും
കാട്ടരുവി ഒഴുകിയൊഴുകി കള കളാരവത്തിലും
കാട്ടുപന്നി കുറുനരിയും കടുവ പുലിയെന്നിവ
കാട്ടുപൂച്ച കായ്കനികള്‍ തിന്നു തിന്നലഞ്ഞതും
വനരാജനായ സിംഹമെത്തിയിണ്ടലേകിപോയതും
കാട്ടുവെരുക് മുരടനക്കി കീരിയുടെ അരികിലും
കീരികണ്ട കാട്ടുപാമ്പ് പാഞ്ഞുപോയ നേരവും
അണ്ണാനാട്ടെ ചില്ലയിലാടി കീ കീ കീ കീ പാടിയതും
കാട്ടുതേളിന്‍ ഗമനപാത കണ്ട കൌതുകത്തിലും
കാട്ടുകുളം നടുവിലൊരു താമരപ്പൂ കണ്ടതും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍
22 Nov 2012
ദൈവവും രാജാവും
ആദർശ് കുര്യാക്കോസ്
(ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി ഒരു ബന്ധവും ഇല്ല, അങ്ങനെ തോന്നിയാല്‍ തികച്ചും യാദൃശികം മാത്രമാണ്. ഈ കഥ ഒരു മതവിശ്വാസത്തെയും ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ദയവു ചെയ്തു ഇതിനൊരു വര്‍ഗീയ പരിവേഷം കൊടുക്കരുത് എന്ന് അപേക്ഷിക്കുന്നു.) കഴുത്തില്‍ കയര്‍ മുറുക്കി മേഘങ്ങള്‍ക്കിടയിലൂടെ വലിച്ചു കൊണ്ട് പോകുന്ന കാലനോട് കയറിന്റ്‌റെ അറ്റത്തു കിടന്നയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.. ‘ഹേ..ഒന്ന് പതുക്കെ പോകു. നിങ്ങള്ക്ക് ഒരു മയവും ഇല്ല…’ കാലന്‍ മൈന്റു ചെയ്യുന്നില്ല. കയറിന്റെ അറ്റത്തെ ശബ്ദം കനത്തു ‘നിങ്ങള്‍ പതുക്കെ പോകുന്നുണ്ടോ? ഞാന്‍ ആരാണെന്നു അറിയാമോ…ഞാന്‍ ഒരു രാജാവാണ്…ഹും..’ അത് കേട്ടപ്പോ കാലന്‍ അല്പം കൂടി സ്പീട് കൂട്ടി. രാജാവിന് കോപം അടക്കാനായില്ല ‘ ഹും..അങ്ങോട്ട് ചെല്ലട്ടെ…നിന്നെ ശെരിയാക്കി തരാം.. ദൈവം എന്റെ സ്വന്തം ആളാ മോനെ…’ അതുടെ കേട്ടപ്പോ കാലനും കണ്‍ട്രോള്‍ പോയി..വണ്ടി പതുക്കെ സൈഡ് ആക്കി…എന്നിട്ട് തിരിഞ്ഞു പറഞ്ഞു ‘ അതെ എനിക്ക് തന്റെ കാര്യം മാത്രം നോക്കിയാ പോര..ഇനിയും ആളുകളെ കൊണ്ടുവരാന്‍ ഉണ്ട്..
പിന്നെ പണി തെറിപ്പിക്കും സ്ഥലം മറ്റും എന്നുള്ള വിരട്ടൊന്നും എന്നോട് വേണ്ട..ഇത് ഞാന്‍ മിക്കവാറും കേള്‍ക്കുന്നത..കൂടുതലും മറ്റേ രാഷ്ട്രിയക്കാര പറയാറ്..പതുക്കെ പോയില്ലേല്‍ ഇനിയുള്ള കാലം വല്ല പൊത്ത് കച്ചോടവും നടത്തി ജീവികണ്ടി വരും എന്ന് കഴിഞ്ഞ ദിവസം കൂടി ഒരുത്തന്‍ പറഞ്ഞു..പിന്നല്ല….’ പിന്നെ രാജാവ് ഒന്നും മിണ്ടിയില്ല..ജീവിതല്‍ ആദ്യമായാണ് ഇങ്ങനെ ഒരു വിരട്ടു കേള്‍ക്കുന്നത്…ഇത് വരെ എല്ലാരും അനുസരിചിട്ടെ ഒള്ളു..ഇതങ്ങനെ വിട്ടാല്‍ പറ്റില്ല..എല്ലാരും പറയുന്നത് പോലെ അല്ല ഞാന്‍ പറയുന്നത് എന്ന് ഇങ്ങേരെ ഒന്ന് ബോധ്യ പെടുത്തിയിട്ടു തന്നെ കാര്യം..ഒന്നവിടെ എത്തട്ടെ..രാജാവ് മനസ്സില്‍ ഓര്‍ത്തു..
ഒടുവില്‍ അവര്‍ സ്വര്‍ഗ്ഗകവാടത്തില്‍ എത്തി..അവിടെ കുറെ ആളുകള്‍ നിരയായി നില്‍ക്കുന്നു..അകത്തേക്ക് കയറാന്‍ ഉള്ളവര്‍ ആണ്..ഇവരെത്തിയതും നമ്മുടെ കണക്ക പിള്ള ഓടിയെത്തി ചോദിച്ചു..’എന്ത് പറ്റി..എന്താ താമസിച്ചേ..നിങ്ങള്‍ വരാന്‍ നോക്കിയിരിക്കുക ആയിരുന്നു.’ കാലന്‍: ‘ഓ..എന്നാ പറയാനാ..ഇടയ്ക്കു ഒരു ചെറിയ കശപിശ.’ ക.പി : ‘എന്തെങ്കിലും ആകട്ടെ..എല്ലാവരെയും പരിചയപ്പെടാനും അകത്തേക്ക് കൂട്ടി കൊണ്ട് പോകാനും ഇന്ന് ദൈവം നേരിട്ടു വരുന്നു..’ കാലന്‍: ‘ അതെന്താ ഇന്ന്പുതിയ ഒരു ഇടപാട്?’ ക.പി: ‘അതോ..ദൈവത്തിന് ഏറെ പ്രിയപ്പെട്ട ഓരോക്കെയോ ഇന്ന് ഇക്കൂട്ടത്തില്‍ ഉണ്ട് പോലും…’ കാലന്‍ രാജാവിനെ പാളി ഒന്ന്‌നോക്കി…എന്നിട്ട് കണക്കപിള്ളയോടായി പറഞ്ഞു ‘ എങ്കില്‍ ഒരു കാര്യം ചെയ്.. ഞാന്‍ ഒന്ന് റസ്റ്റ് എടുകട്ടെ..നീ ഇവിടെ ഒന്ന് ഡീല്‍ ചെയ്..ഓക്കേ” അതും പറഞ്ഞു കാലന്‍ സ്ഥലം കാലിയാക്കി.. കാഹള ധ്വനി മുഴങ്ങാന്‍ തുടങ്ങി…കണക്കപിള്ള എല്ലാവരോടും അച്ചടക്കത്തോടെ നില്ക്കാന്‍ പറഞ്ഞു..എല്ലാവരും കണക്കപിള്ളക്ക് അഭിമുഖമായി നിരന്നു നിന്നു..ദൈവം ഓരോരുത്തരുടെ അടുത്ത് ചെന്ന് കുശലങ്ങള്‍ ഒക്കെ ചോദിക്കുന്നു..ഓരോരുത്തരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ ജീവിതത്തില്‍ ചെയ്ത നല്ല കാര്യങ്ങളുടെ ഒരു ചെറിയ രൂപം കണക്ക പിള്ള വായിക്കും..ദൈവത്തിനു മുന്നില്‍ നില്‍ക്കുന്ന ആളെ പറ്റി അറിയാന്‍ അതിന്റ്‌റെ ഒന്നും ആവശ്യം ഇല്ലെങ്കില്ലും ചുമ്മാ ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി അവരെ കുറിച്ച് ബാക്കി ഉള്ളവരും ഒന്ന് അറിയട്ടെ എന്ന് കരുതി വായിക്കുന്നതാണ്. ഭൂമിയില്‍ ഏറ്റവും നല്ല കാര്യം ചെയ്തവര്‍ ആണെങ്കില്‍ ദൈവം അവരുടെ അടുത്ത് കൂടുതല്‍ സമയം ചിലവഴിക്കും..അതല്ലാതെ ഈ കൂട്ടത്തില്‍ ദൈവത്തിന് പ്രിയപെട്ടവര്‍ ആരെന്നു അറിയാന്‍ വേറെ ഒരു മാര്‍ഗവും ഇല്ല.. അത് വിളിച്ചു പറഞ്ഞു ഇനി ഒരു പരാതിക്ക് ഇടവരുത്തണ്ട എന്ന് ദൈവവും കരുതികാണും. അങ്ങനെ ദൈവം രാജാവിന്റെ അടുത്ത് എത്തി..കണക്കപിള്ള പുസ്തകത്തില്‍ നിന്നും ചെറിയ ഒരു വിവരണം വായിച്ചു..വായിച്ചു കഴിഞ്ഞപ്പോള്‍ ‘ശരി കാണാം’ എന്ന് പറഞ്ഞു ദൈവം പോകാന്‍ ഒരുങ്ങി..അപ്പോള്‍ രാജാവ് ‘ദൈവമേ..അങ്ങ് പെട്ടന്ന് അങ്ങ് പോകുവാണോ?
എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്..’ ദൈവം: ‘എന്താണ്..പറയു..’ രാജാവ് ‘ഞാന്‍ അങ്ങേക്ക് വേണ്ടി ചെയ്ത പല കാര്യങ്ങളും ഇവിടെ വായിച്ചു കേട്ടില്ല..’ ദൈവം: ‘ എന്ത് കാര്യങ്ങള്‍?’ രാജാവ്: ‘ഞാന്‍ അങ്ങേക്ക് വേണ്ടി വലിയ ഒരു ദേവാലയം പണിതു..ആ നാട്ടിലെ ഏറ്റവും വലിയ ദേവാലയം ആണത്…’ ദൈവം:’ അങ്ങനെ ലോകത്ത് എത്ര ദേവാലയങ്ങള്‍ ഉണ്ട്?’ രാജാവ്: ‘എന്നാലും ഞാന്‍ അങ്ങേക്ക് വേണ്ടി ഒരെണം പണിതല്ലോ..’ ദൈവം: ‘ഓ..അത് വലിയ കാര്യം ഒന്നും അല്ല..ഇച്ചരെ കാശും സ്വാധിനോം ഒക്കെ ഉണ്ടെങ്കി ആര്‍ക്കും പറ്റും..’ രാജാവ്: ‘എങ്കില്‍ അത് പൊട്ടെ… ദൈവമേ അങ്ങ് ആ ദേവാലയത്തിന്റെ അറകളിലേക്കു ഒന്ന് നോക്ക്..” ദൈവം: ‘അറയോ? എന്ത് അറ..’ രാജാവ്: ‘അതെന്ന ദൈവമേ ആദ്യമായ് കേള്‍ക്കുന്നത് പോലെ? അതില്‍ കൂടി കിടക്കുന്ന സ്വര്‍ണവും രത്‌നങ്ങളും ഒന്നും അങ്ങ്കാണുന്നില്ലേ? അതെല്ലാം ഞാന്‍ അങ്ങേക്ക് കാഴ്ച അണച്ചതല്ലേ?’
ദൈവം: ‘ ഓ..ആ അറ..ഞാന്‍ തന്നെ ഒന്ന്കാണാന്‍ ഇരിക്കുക ആയിരുന്നു…അല്ല അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവ…ഞാന്‍ ആരാ?’ രാജാവ്: ‘അങ്ങ് സര്‍വ ലോകങ്ങള്‍ക്കും അധിപന്‍ അല്ലെ?’ ദൈവം: ‘ആണല്ലോ..അപ്പൊ പിന്നെ എനിക്കെതിനാ ആ സ്വര്‍ണവും രത്‌നവും ഒക്കെ?’ രാജാവ്: ‘അത്…പിന്നെ….അതല്ലേ ഒരു കീഴ്വഴക്കം’ ദൈവം: ‘എന്തോന്ന് കീഴ്വഴക്കം.. കൂട്ടിയിട്ട സ്വര്‍ണം കൊണ്ട് എനിക്ക് ഒരു ഉപകരോം ഇല്ല എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും നിങ്ങള്ക്ക് ഇല്ലാതെ പോയല്ലോ…’ ഇതും പറഞ്ഞു ദൈവം തിരിഞ്ഞു നടന്നു….അപ്പോഴാണ് രാജാവിന് തന്റ്‌റെ മണ്ടത്തരം മനസിലാകുന്നത്..
23 Oct 2012
വിധേയത്വവും എഴുത്തുകാരന്റെ അന്തസ്സും
ഡോ.എം.എസ്.പോൾ
'ഒരു അപ്പക്കൂട്ടുകാരന്റെ അതിഭാഷണങ്ങൾ' എന്ന പേരിൽ അശോകൻ ചരുവിൽ ഒരു കഥ എഴുതിയിട്ടുണ്ട്. ഈ കഥാകൃത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നടത്തുന്ന സംഭാഷണം വായിച്ചുകഴിഞ്ഞാൽ മേൽപ്പറഞ്ഞ കഥാശീർഷകം 'അപ്പക്കഷണം കിട്ടിയവന്റെ അതിഭാഷണങ്ങൾ' എന്നു തിരുത്തിവായിക്കാൻ തോന്നും. അധികാര കേന്ദ്രങ്ങളിലും മന്ത്രിമന്തിരങ്ങളുടെ പിന്നാമ്പുറങ്ങളിലും കയറിയിറങ്ങുന്നത് സാഹിത്യകാരന്റെ യോഗ്യതയായി കാണുന്ന അശോകൻ ചരുവിൽ പരാജയപ്പെട്ട നേതാവിനു വേണ്ടി പരസ്യമായി പോസ്റ്ററൊട്ടിക്കുകയാണിവിടെ. സ്വന്തം നട്ടെല്ല് ഊരിയെടുത്ത് മാറ്റിവച്ച് തൊഴുതു നിൽക്കുകയും പാർട്ടിബന്ധം വഴി തനിക്ക് ലഭിച്ച നേട്ടങ്ങൾക്ക് പ്രത്യുപകാരമായി കഴിയുന്നിടത്തോളം ആളുകളെ ഇകഴ്ത്താനും കാട്ടുന്ന വ്യഗ്രത ആത്മാഭിമാനമുള്ള മലയാളിയെ ലജ്ജിപ്പിക്കുന്നു.
ഈ അഭിമുഖത്തിൽ സാഹിത്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങുമ്പോഴേക്കും അശോകൻ ചരുവിലിന്റെ ആവനാഴി ശൂന്യമാകുന്നു. സി.ആർ.പരമേശ്വരനെപ്പോലെ ധൈഷണികതയെ സാഹിത്യവുമായി ചേർത്തുവച്ച ഒരു എഴുത്തുകാരനെ ചെറുതാക്കി കാണിക്കുകയും ഡി.എം.പൊറ്റക്കാടിനെ മഹാനായ എഴുത്തുകാരനാക്കി അവതരിപ്പിക്കുകയും ചെയ്യുകയാണ്. ഈ കഥാകൃത്ത്. എസ്.കെ.പൊറ്റക്കാടിനെ തമസ്ക്കരിച്ചുകൊണ്ട് ഡി.എം.പൊറ്റക്കാടിനെ അവതരിപ്പിക്കാൻ ഇ.എം.എസ് നമ്പൂതിരിപ്പാട് എപ്പോഴും ശ്രമിച്ചിരുന്നു. എന്നാൽ ചരിത്രം ഇവരെ രണ്ടുപേരെയും നിരസിക്കുകയും പൊറ്റക്കാടിനെ നിലനിർത്തുകയും ചെയ്തു. പാർട്ടിയോടുള്ള തന്റെ കൂറും വിധേയത്വവും കാണിച്ചുകൊണ്ടാണ് അശോകൻ ചരുവിൽ സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്നത്. ഇതായിരിക്കരുത് ഒരു എഴുത്തുകാരന്റെ അൻപ്. വിമോചനസമരം അപഹസിക്കപ്പെടേണ്ടതുതന്നെയാണ്.
എന്നാൽ അത്രതന്നെ പ്രതിലോമകരമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനാധിപത്യ വിരുദ്ധതയും ധാർഷ്ട്യവും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൂർവ്വകാല ചരിത്രം വച്ചുകൊണ്ട് ഇന്നത്തെ അവസ്ഥയെ വിലയിരുത്തുന്നത് ഗാന്ധിജിയെ മുൻനിർത്തി ഇന്നത്തെ കോൺഗ്രസിനെ നോക്കിക്കാണുന്നപോലെ വിഡ്ഢിത്തമാണ്. മതജാതി പ്രീണനങ്ങളിൽ നിന്നും സങ്കുചിതചിന്തകളിൽ നിന്നും സ്വതന്ത്രമാകാത്തിടത്തോളം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നിലവാരമുള്ള ഒരു ബഹുജനപ്രസ്ഥാനമായി കാണാനാവില്ല. ആദിവാസി ദലിത് ജനതയും ഏതു നിമിഷവും കുടിയിറക്കപ്പെടാവുന്ന വികസനത്തിന്റെ ഇരകളും എന്നും ഈ പാർട്ടിക്ക് അനഭിമതരാണ്. ഇത്തരം ഒരു പ്രസ്ഥാനത്തെമഹത്വവൽക്കരിക്കാൻ നടത്തുന്ന ഏതുശ്രമവും സാമൂഹികവിരുദ്ധമാണ്. പെൻഷൻ പറ്റിയ കുറെ സർക്കാർ ഉദ്യോഗസ്ഥരും കമ്മീഷൻ ഏജന്റുമാരും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരും ചിട്ടിക്കമ്പനിയിലെ ഓഹരി ഉടമകളുമൊക്കെയാണ് നാട്ടിൽ കക്ഷി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന് ഈ കഥാകൃത്ത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
യാതൊരു പരിസ്ഥിതി ബോധവും ചരിത്രബോധവുമില്ലാത്ത ഇത്തരക്കാരെയാണ് അശോകൻ ചരുവിൽ ന്യായീകരിക്കുന്നത്. ദളിത് പരിസ്ഥിതി സ്ത്രീവാദ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യവും സർവ്വകാല മൂല്യവും തിരിച്ചറിയാതെ സംസാരിക്കുന്നത് സ്ഥിരബുദ്ധിയുള്ള ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു കുറവ് തന്നെയാണ്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രസക്തി, സാമ്രാജ്യത്വം, മാധ്യമ അജണ്ടകൾ എന്നിങ്ങനെയും സ്ഥിരം ഭാഷണങ്ങൾക്കപ്പുറത്തേയ്ക്ക് പോകുന്നില്ല ഈ കഥാകൃത്ത്. നവസാമൂഹിക പ്രസ്ഥാനങ്ങൾ ഇത്തിരിവെട്ടം മാത്രം ചിന്തിക്കുന്നവരാണെന്ന് പറഞ്ഞുകൊണ്ട് സമകാലികതയ്ക്കു നേരെ മുഖം തിരിക്കുകയും തനിക്ക് ഗുണമുള്ളതുകൊണ്ട് കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തെ വാഴ്ത്തുകയും ചെയ്യുകയാണ് അശോകൻ ചരുവിൽ. ഈ അഭിമുഖത്തിലുടനീളം സത്യം പറയാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. പാർട്ടിയോടുള്ള വിധേയത്വം ഈ എഴുത്തുകാരനെ വഴിതെറ്റിക്കുകയും ചെയ്യുന്നു. ചരിത്ര വിഷയങ്ങൾ പ്രമേയമാക്കി കഥയെഴുത്ത് നടത്തുന്ന സമകാല എഴുത്തുകാരിൽ ശ്രദ്ധേയനാണ് അശോകൻ ചരുവിൽ എന്നാൽ അധികാരത്തോട് നിഷേധാത്മക സമീപനം പുലർത്തി ഒരു സ്വതന്ത്രബുദ്ധി ജീവിയെന്ന നിലയിലേക്ക് പരിണമിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല.

19 Sept 2012
ശരീരങ്ങളുടെ തെരുവില്‍
വിഡ്ഢിമാൻ
‘ആണുങ്ങളായി ഇങ്ങനെ നടന്നാല്‍ പോരാ !’. തിരക്കുള്ള നടപ്പാതയിലൂടെ ആഞ്ഞു നടക്കുമ്പോള്‍ ലക്ഷ്മണ്‍ പറഞ്ഞു. കണക്കു ചെയ്യാനറിയാത്ത കുട്ടിയെ കുറ്റപ്പെടുത്തുന്ന ടീച്ചറുടെ സ്വരമായിരുന്നു അവനപ്പോള്‍. എന്നെക്കാള്‍ മൂന്ന് വയസ്സ് ഇളപ്പമായിരുന്നിട്ടും തലമുതിര്‍ന്ന ഒരു ജ്യേഷ്ഠനെപ്പോലെയാണ് അവനെന്നോടെപ്പോഴുമിടപ്പെട്ടത്.
ഞങ്ങള്‍ ബോംബെയിലെത്തിയിട്ട് ഏഴു മാസം കഴിഞ്ഞിരുന്നു. കാന്റീന്‍ ജോലിയോടുള്ള മടുപ്പ് വര്‍ദ്ധിച്ചു വരുന്നതിനിടയിലാണ് അവനെ പരിചയപ്പെട്ടത്. പിന്നെ സൂപ്പര്‍വൈസറുടെ കൈയ്യും കാലും പിടിച്ച് അവനോടൊപ്പം മെക്കാനിക്കല്‍ സെക്ഷനില്‍ കയറിപ്പറ്റി. അവിടെയും മടുത്തപ്പോള്‍ ഒരു സുപ്രഭാതത്തില്‍ ബോംബെയില്‍ !.
സാക്കിനാക്കയില്‍, അവന്റെ ഒരു പരിചയക്കാരന്‍ ഏര്‍പ്പെടുത്തിതന്ന ഒരു ഗല്ലിയിലെ പഴഞ്ചന്‍ റൂമിലാണു ഞങ്ങള്‍ താമസിച്ചിരുന്നത്. ഒരു മലയാളിയും ഒരു തമിഴനും ഉള്‍പ്പെടെ മുറിയില്‍ നാലു പേരുണ്ട്. മലേറിയയും കോളറയും ചിക്കന്‍പോക്‌സും എലികളും കൊതുകളും മൂട്ടകളും ഊഴമിട്ട് വിരുന്നെത്തുന്ന ആകാശത്തിനു കീഴില്‍ പുളയ്ക്കുന്ന മനുഷ്യ കൃമികള്‍ക്കിടയിലേക്ക് നാലു പേര്‍ കൂടി ! ക്ലോക്കിലെ സൂചിയാണ് ജീവിതം നിശ്ചയിക്കുന്നത് !.. കുളിക്കണമെങ്കില്‍, ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ വെളുപ്പിനു നാലുമണിക്കെണീറ്റ് ബക്കറ്റില്‍ വെള്ളം പിടിച്ച് കാത്തു നില്‍ക്കണം. ഓരോയിടത്തും ക്യൂവാണ്. അവസാനം ഉഴമെത്തി ഒന്നു കയറിയാലോ, അടുത്ത സെക്കന്റില്‍ തുടങ്ങും വാതിലിനിടി ! കമ്പനിയില്‍ കാലെടുത്തു വച്ചാലും പിടിപ്പതു പണിയാണ്.മേല്‍നോട്ടമെന്ന പേരില്‍ ഈച്ചയാട്ടിയിരിക്കുന്ന മറാഠിയുടെ തെറിവിളി..അവസാനം, ആറു ദിവസത്തെ നരകത്തിനു ശേഷം ഒരു സ്വര്‍ഗമെത്തും : ഞായര്‍ !!.( ഒഴിവുദിനങ്ങള്‍ നല്‍കുന്ന മായക്കാഴ്ച്ചകളാണ് വര്‍ണ്ണബലൂണുകള്‍ കുട്ടികളെയെന്നപോലെ ജനങ്ങളെ നഗരത്തോട് ചേര്‍ത്തു നിര്‍ത്തുന്നതെന്ന് തോന്നിയിട്ടുണ്ട്, പിന്നീടും. ) വെളുപ്പിനെണീറ്റ് വെള്ളം പിടിച്ചു വെച്ച് വീണ്ടും മതിയാവോളമുറങ്ങാം എന്നതാണ് ഒന്നാമത്തെ ആഹ്ലാദം. പിന്നെ സാവധാനം കുളിയൊക്കെ കഴിഞ്ഞൊരിറക്കമാണ്. ജൂഹുവിലെ കടല്‍ത്തീരത്ത്, തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പ്രൌഢിയില്‍, നരിമാന്‍ പോയിന്റിലെ ആര്‍ഭാടവേഷങ്ങളില്‍, ലേഡി ബാറുകളില്‍, സിനിമാ തിയറ്ററുകളില്‍, പാര്‍ക്കുകളില്‍..വടേപ്പാവും ഇഞ്ചിനീരൊഴിച്ച ചായയും കുടിച്ചങ്ങിനെ ഒഴുകി നടക്കും. ചില ദിവസങ്ങളില്‍, ആ ആഴ്ച്ചയിലെ അദ്ധ്വാനത്തിന്റെ പകുതി മുക്കാലും കീശയില്‍ നിന്നപ്രത്യക്ഷമാകും !.
ഒഴുക്കിലെ പൊങ്ങുതടി പോലെ ജീവിതം അങ്ങനെ മുന്നോട്ടു പോകവെയാണ് ലക്ഷ്മണില്‍ ചില മാറ്റങ്ങള്‍ ഞങ്ങള്‍, സഹമുറിയന്മാര്‍, ശ്രദ്ധിച്ചു തുടങ്ങിയത്. ഞായറാഴ്ച്ചകളില്‍, ഞങ്ങളോടൊപ്പം പുറത്തിറങ്ങാന്‍ അവനു പഴയ താല്പര്യമില്ല. ക്ഷീണം, തലവേദന തുടങ്ങിയ നിസ്സാരകാര്യങ്ങള്‍ പറഞ്ഞാണ് ഒഴിഞ്ഞു മാറല്‍.എന്നാലോ, രാത്രി ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ അവനെ മുറിയില്‍ കാണാനുണ്ടാകില്ല. അതു പോലെ, ചില ദിവസങ്ങളില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ , ‘ ഭായി നടന്നോളൂ, ഞാനിപ്പോ വരാം’ എന്നു പറഞ്ഞവന്‍ അപ്രത്യക്ഷമായാല്‍, രാത്രി പതിനൊന്ന് കഴിയും തിരിച്ചെത്തുമ്പോള്‍. എവിടെ പോകുന്നു എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി ഒരിക്കലും കിട്ടാതായി തുടങ്ങിയതോടെ ഞങ്ങള്‍ക്കെല്ലാം അവനോട് നീരസം തോന്നി തുടങ്ങിയിരുന്നു.
അവനെ രഹസ്യമായി ഒന്നു നിരീക്ഷിക്കണം എന്നു തീര്‍ച്ചപ്പെടുത്തിയിരിക്കുമ്പോഴാണ് ഒരു ശനിയാഴ്ച്ച അവനെന്നോട് നൂറു റൂപ കടം ചോദിച്ചത്.
‘ പൈസ തരാം.. പക്ഷെ നീയെവിടെയാണ് പോകുന്നതെന്നെന്നോടു പറയണം.’ ഞാന്‍ പറഞ്ഞു.
അവന്‍ കുറച്ചു നേരം ആലോചിച്ചു : ‘ ഞാന്‍ പറയാം..ഭായിയെ എനിക്കു വിശ്വാസമാണ്. പക്ഷെ അവന്മാരോടു പറയരുത്.’
അങ്ങിനെ, പിറ്റേന്ന് അവന്റെ രഹസ്യമറിയാന്‍ ഒപ്പം നടക്കുമ്പോഴാണ് അവനതു പറഞ്ഞത് : ‘ആണുങ്ങളായി ഇങ്ങനെ നടന്നാല്‍ പോരാ !’.
മറ്റവന്മാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വ്യത്യസ്ത സമയത്താണ് ഞങ്ങളിറങ്ങിയത്. ഒരു നാട്ടുകാരനെ കാണാന്‍ പോകുന്നു എന്നാ!ണു ഞാന്‍ അവരോടു പറഞ്ഞത്.
എനിക്കു പരിചയമില്ലാത്ത ഏതൊക്കെയോ ബസ്സില്‍ കയറി, ഏതൊക്കെയോ വഴികളിലൂടെ അവന്‍ എന്നെ നയിച്ചു കൊണ്ടിരുന്നു. ഇരുവശത്തെയും പുതിയ കാഴ്ച്ചകള്‍ ഞാന്‍ കൌതുകത്തോടെ നോക്കി.
‘കാമാട്ടിപുരയിലേക്കാണ് നാം പോകുന്നത്. ‘ പെട്ടന്ന് അവന്‍ പറഞ്ഞു.
ഞാന്‍ ഞെട്ടിയതൊന്നുമില്ല. അങ്ങനെയൊരു സംശയം എന്നില്‍ മുന്‍പേ ബലപ്പെട്ടിരുന്നു.
‘ അങ്ങിനെ വരട്ടെ…നീയാളു കൊള്ളാമല്ലോ..നിന്റെ കാശു പെണ്ണുങ്ങള്‍ തിന്നു പോകുകയാണെന്ന് എനിക്കു മുമ്പെ സംശയമുണ്ടായിരുന്നു ‘ ഞാന്‍ ചിരിച്ചു.
‘ആണാണെന്നു പറഞ്ഞിങ്ങനെ തെക്കു വടക്ക് കൈ വീശി നടന്നാല്‍ പോരാ !’.അവന്‍ ആവര്‍ത്തിച്ചു. ‘ ഭായിയൊക്കെ ഇങ്ങനെ നിന്ന് മൂത്തു നരച്ചു പോവുകയേയുള്ളു..’ അവന്റെ വഴിയേ നടക്കുന്നതിന് അവനെനിക്കൊരു പരവതാനി വിരിക്കാനുള്ള ശ്രമമാണെന്ന് തോന്നി.
‘പക്ഷെ എനിക്കതില്‍ താല്പര്യമില്ല ലക്ഷ്മണ്‍’ ഞാന്‍ പറഞ്ഞു.
അവന്‍ തിരിഞ്ഞു നിന്നു. എന്റെ സ്വരത്തിലെ ദൃഢത അവന്റെ ആത്മവിശ്വാസം ഇളക്കിയിട്ടുണ്ടാവണം .
‘ ഛെ ! ഭായിയെന്താ ഇങ്ങനെ ? ഇതൊന്നും ആരും അറിയാന്‍ പോകുന്നില്ല. ഭിലായില്‍ കാണുന്നതുപോലത്തെ ഉണക്കകളല്ല ; നല്ല സൊയമ്പന്‍ പെണ്ണുങ്ങളുണ്ട് ഇവിടെ..’ അവന്‍ പ്രലോഭനം നിര്‍ത്തിയില്ല. .
‘ മോനെ !’, ഞാന്‍ ചിരിച്ചു. നിന്നെക്കാള്‍ മുമ്പ് ഈ പണിക്കിറങ്ങിയവനാണു ഞാന്‍.. നിന്നെക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളുടെ കൂടെ കിടന്നിട്ടുമുണ്ടാവും..ഇപ്പോ എനിക്കവറ്റകളോട് ഒരു താല്പര്യം തോന്നാറില്ല..അതാ കാര്യം..നീയവിടെ പോയിട്ട് വാ..ഞാന്‍ തിരിച്ചു പൊക്കോളാം..’
‘ഛെ ! … ഭായിക്ക് ഇതിനോടൊക്കെ നല്ല കമ്പമാണെന്ന് തോന്നിയതു കൊണ്ടാ ഞാനാദ്യമേ ഇതൊന്നും പറയാതിരുന്നത്.. എന്നാലും ഇത്ര ദൂരം വന്നിട്ട്.. ഒരു കാര്യം ചെയ്യാം..ഭായ് എന്റൊപ്പം തന്നെ വാ..അവിടത്തെ പെണ്ണുങ്ങളെയൊന്നും കണ്ടിഷ്ടപ്പെട്ടില്ലെങ്ങെ കൌണ്ടറില് ടി. വിം കണ്ടിരിക്കാം. അതല്ലെങ്ങെ അവിടെ ഒരു മദ്രാസ്സിയുടെ ചായക്കടയുണ്ട്. നിങ്ങടെ ഇഡ്ഡലീം ദോശേം സാമ്പാറുമൊക്കെ കിട്ടുമവിടെ. അവിടന്ന് എന്തെങ്കിലും കഴിച്ചിരിക്കാം…ഞാനധികനേരമെടുക്കില്ല..’ അവനൊരു കള്ളച്ചിരി ചിരിച്ചു.
ഞങ്ങള്‍ തെരുവിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. പൊട്ടിപൊളിഞ്ഞു കിടക്കുന്ന ഇടുങ്ങിയ റോഡിനിരുവശത്തും പഴക്കമുള്ള കെട്ടിടങ്ങള്‍. അവയുടെ ഉമ്മറത്തിരുന്നും നിന്നും പെണ്ണുങ്ങള്‍ ശരീരം പ്രദര്‍ശിപ്പിച്ച് മാടി വിളിക്കുന്നു. ഒപ്പം, തമ്മില്‍ എന്തൊക്കെയൊ സംസാരിക്കുന്നു, തര്‍ക്കിക്കുന്നു, ചിരിക്കുന്നു പല പ്രായങ്ങള്‍ ,പല നിറങ്ങള്‍, പല ശരീരങ്ങള്‍…മുടി നരച്ചു തുടങ്ങിയ ചില മധ്യവയസ്‌ക്കകള്‍ ഉമ്മറത്തിരുന്ന് ധാന്യമുണക്കുകയോ മറ്റോ ചെയ്യുന്നു..പെട്ടന്നെനിക്ക് അമ്മയെ ഓര്‍മ്മ വന്നു.കത്തു കിട്ടിയപ്പോള്‍ എന്തായിരുന്നിരിക്കും അമ്മയുടെ പ്രതികരണം ? ആരും കാണാതെ അടുക്കളയില്‍ നിന്നൊരു പൊട്ടിക്കരച്ചില്‍ ? അഭിമാനിയാണല്ലോ.. ഭിലായില്‍ നിന്നിറങ്ങുന്നതിനു രണ്ടു ദിവസം മുമ്പാണ് അമ്മയ്‌ക്കെഴുതിയത്..ആദ്യം തീരുമാനിച്ച പോലെ തന്നെ വിശേഷങ്ങളില്ലാതെ,മേല്‍വിലാസമില്ലാതെ…ജീവിച്ചിരിക്കുന്നു എന്നുള്ളതിന് ഒരു തെളിവ്. അത്രമാത്രം.
‘അധികം നോക്കണ്ട..അവറ്റകളു വന്നു കൈ പിടിച്ചാ വിടില്ല’, ലക്ഷ്മണ്‍ പറഞ്ഞു.: ‘ ഇവിടുള്ളതൊക്കെ പഴഞ്ചന്‍ ഉരുപ്പടികളാ..ഇത്തിരീം കൂടി ഉള്ളിലോട്ട് കയറീട്ട് ഗംഗാദീദിയുടെ വീട്ടിലാ ഏറ്റവും പുതിയേറ്റങ്ങളു വരുന്നത്..കാശിത്തിരി കൂടുതലാ.. എന്നാലും ഞാനവിടെയെ പോകാറുള്ളു.. അതിനു തൊട്ടപ്പുറത്താ മദ്രാസീരെ ചായക്കട..’
അവന്‍ പറഞ്ഞതു പോലെ , മറ്റു വീടുകളെക്കാള്‍ അല്പം മോടി കൂടുതലുണ്ടെന്നു തോന്നി ആ വീടിന്.
‘ ഉള്ളതില്‍ ഏറ്റവും നല്ലേറ്റങ്ങളാ ഇപ്പോ ഉമ്മറത്തിരിക്കുന്നത്..വേണെങ്ങെ നോക്കിക്കോ..’ അകത്തേയ്ക്കു കയറുമ്പോള്‍ അവന്‍ രഹസ്യം പറഞ്ഞു.
‘ വേണ്ട’ ഞാന്‍ തീര്‍ത്തു പറഞ്ഞു.
ചെറിയ സെറ്റിയില്‍, ഒരു സ്റ്റൂളിലേക്ക് കാലു നീട്ടിയിരുന്ന് ടി. വി. കണ്ടിരുന്ന മദ്ധ്യവയസ്‌ക്ക അവനോട് പരിചയഭാവത്തില്‍ ചിരിച്ചു. അവരോടൊപ്പം , കറുത്ത കണ്ണട വെച്ചൊരു വൃദ്ധനും ടി. വി. യിലേക്ക് നോക്കി ഇരിപ്പുണ്ടായിരുന്നു.
‘ വന്നാലും മഹാരാജ്..താങ്കളുടെ മഹാറാണിയും താങ്കളുടെ സുഹൃത്തിനു വേണ്ട രാജകുമാ!രിമാരും ഇവിടെ എപ്പോഴും തയ്യാറാണ്..’ ആ സ്ത്രീ ലക്ഷ്മണോട് പറഞ്ഞു. പിന്നെയവര്‍ ഒരു തരം കൃത്രിമശൃംഗാരത്തോടെ ഒളികണ്ണിട്ട് എന്നെ നോക്കി.
ലേശം നാടകീയത കലര്‍ത്തിയ അവരുടെ സംസാരം എനിക്കിഷ്ടപ്പെട്ടു. ഇതായിരിക്കണം ‘ഗംഗാദീദി’, ഞാനോര്‍ത്തു.
‘ ഉവ്വ്..ഇന്നലെ രാത്രി വന്നപ്പോ അവളെ എനിക്കു കിട്ടിയില്ല..അതാ ഇപ്പോ ഈ തിരക്കു കുറഞ്ഞ നേരത്തു വന്നത്..പിന്നെ എന്റെ കൂടെ വന്ന മഹാരാജിന് ഗംഗാദീദിയുടെ രാജകുമാരിമാരിലൊന്നും താല്പര്യമില്ല..അദ്ദേഹം സന്യസിക്കാന്‍ പോകുകയാണ്..’ അവന്‍ ചിരിച്ചു. എന്നോടുള്ള ഒരു പരിഹാസം അവനതിലൊളിപ്പിച്ചിട്ടുണ്ടെന്നു തോന്നി. പിന്നെയാണവന്‍ വൃദ്ധനെ ശ്രദ്ധിച്ചത് : ‘അഃ ! ആരിത്..രാമുക്കാക്കയോ !..എന്തൊക്കെയുണ്ട് രാമുക്കാക്ക വിശേഷങ്ങള്‍ ? ‘
ആ സ്ത്രീയുടെ മുഖം നിമിഷനേരത്തേക്കിരിണ്ടു. പിന്നെയവര്‍ ചിരിച്ചു..’ തീര്‍ച്ചയായും സന്യാസിമാര്‍ക്കിരുന്ന് ധ്യാനിക്കാന്‍ പറ്റിയ ഇടം കൂടിയാണിത്.. വന്നാലും മഹാഗുരോ..ഈ സെറ്റിയിലിരുന്ന് വിശ്രമിച്ചാലും !’.
വൃദ്ധനുമെന്തോ മറുപടി പറയാന്‍ തുടങ്ങിയതായിരുന്നു. ‘ഗംഗാദീദി’ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളതു ശൂന്യമായ ഒരു ചിരിയിലേക്കൊതുക്കി.എവിടേക്കെന്നില്ലാതെ മുഖം തിരിച്ച്, പല്ലുകള്‍ മുഴുവന്‍ പുറത്തുകാണിച്ച് ഒരു വശം കോടിയുള്ള ആ ചിരി കണ്ടപ്പോഴാണ് അയാള്‍ കാണുകയല്ല, കേള്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞത്. അയാളൊരന്ധനാണ് !കൊള്ളാം !! കാമത്തിനു കണ്ണില്ല എന്നുള്ളതിന് ഒന്നാന്തരം ഉദാഹരണം.. !
അവരുടെ പുച്ഛം ഗൌനിക്കാതെ ഞാന്‍ വൃദ്ധനിടതുവശത്ത് സെറ്റിയിലിരുന്നു. ടി.വി.യിലെ സംഭാഷണത്തിലേക്കാണ് അയാള്‍ കാതു കൂര്‍പ്പിച്ചിരിക്കുന്നതെന്നു തോന്നി. അല്ലെങ്കിലും അയാള്‍ക്കെന്നെ പരിഗണിക്കേണ്ട കാര്യമെന്ത് !
‘ ഭായ്..ഞാന്‍ വേഗം വരാം….ഇവിടിരുന്ന് ബോറടിച്ചാ ആ ചായക്കടയില്‍ ചെന്നിരിന്നോ..’ അകത്തേയ്ക്കു നടക്കുമ്പോള്‍ അവന്‍ പറഞ്ഞു.
ഞാന്‍ ടി.വി. ശ്രദ്ധിക്കാന്‍ ശ്രമിച്ചു. ഒരു പഴയ ഹിന്ദി സിനിമ കളിക്കുന്നു.ക്ലൈമാക്‌സ് ആവാ!റായതുകൊണ്ടാവാം, അയാളെന്നെയൊരു തരിമ്പും ശ്രദ്ധിക്കാത്തത്..പുറത്ത്, ഉമ്മറത്തു നിന്നിരുന്ന പെണ്ണുങ്ങള്‍ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്..
ഒരു മദ്ധ്യവയസ്‌ക്കന്‍ വീട്ടിനുള്ളില്‍ നിന്നിറങ്ങി വന്നു. അയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നി. ആരെയും ഗൌനിക്കാതെ അയാള്‍ പുറത്തിറങ്ങാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഗംഗാദീദി ആ ചോദ്യം ഉയര്‍ത്തിയത്..
‘ എങ്ങനെയുണ്ട് രത്തന്‍ ഭായ് ?’
‘കൊള്ളാം..എന്നാലും അവള്‍ പെട്ടന്ന് തീര്‍ത്തു ‘..അവരുടെ മുഖത്ത് രൂക്ഷമായൊന്ന് നോക്കി അയാള്‍ ആടിയാടി ഇറങ്ങിപ്പോയി.
‘അല്ലെങ്കിലും ഈ ഗംഗയുടെ രാജകുമാരിമാരെ ആര്‍ക്കാണിഷ്ടപ്പെടാതിരിക്കുക! ‘, അവര്‍ ആരോടിന്നില്ലാതെ പറഞ്ഞു. പിന്നെയവര്‍ എന്നെയൊന്നു നോക്കി ഇരുത്തിയൊന്ന് ചിരിച്ച് പുറത്തു നിന്നിരുന്ന ഒരു പെണ്ണിനു നിര്‍ദേശം കൊടുത്തു: ‘ മോത്തി, മഹാഗുരു വെയിലത്താണു കയറി വന്നത്..അദ്ദേഹത്തിനല്പം സര്‍ബത്ത് കൊടുക്കൂ..’
വൃദ്ധന്‍ ഒന്നു മുരടനക്കി.
ഉമ്മറത്ത്, മേനിക്കൊഴുപ്പ് പ്രദര്‍ശിപ്പിച്ചു നിന്നിരുന്ന ഒരു നേപ്പാളിപ്പെണ്ണ് എന്നെ നോക്കി ചിരിച്ച് അകത്തേയ്ക്കു കയറിപ്പോയി..
പരിഹസിക്കാനും എന്നെ ഇളക്കാനുമാണ് അവരുടെ ശ്രമമെന്നു തോന്നി.
‘ശരിയാണ്..എനിക്കു ദാഹിക്കുന്നുണ്ട്..’ ഞാന്‍ പറഞ്ഞു.
അകത്തേയ്ക്കു പോയവള്‍ കൈയ്യിലൊരു ഗ്ലാസ് നാരങ്ങാവെള്ളവുമായി തിരികെ വന്നു. അവള്‍ക്കു പുറകെ, താലത്തില്‍ ഒരു ചെറിയ മുന്തിരിക്കുല വെച്ച് മറ്റൊരുത്തിയുമുണ്ടായിരുന്നു..
ഞാന്‍ ഗ്ലാസിനു കൈ നീട്ടി.
‘ വേണ്ട, വേണ്ട.. ഞാനൊഴിച്ചു തരാം..ആ പുണ്യം എനിക്കിരിക്കട്ടെ സന്യാസിവര്യാ..’ ചിരിയൊതുക്കി അതിവിനയത്തോടെ അവള്‍ പറഞ്ഞു.
ഞാന്‍ എതിര്‍ത്തില്ല. അവള്‍ക്കു കൂടി ഇരിപ്പിടമൊരുക്കുന്നതുപോലെ വൃദ്ധന്‍ സെറ്റിയില്‍ ഒന്നു കൂടി ഒതുങ്ങിയിരുന്നു.
എന്നോടു ചേര്‍ന്നു നിന്ന് അല്പാല്പമായി അവളത് വായിലേക്കൊഴിച്ചു തന്നു. ചെറുനാരങ്ങയുടെയും ഏതോ സോപ്പിന്റെയും ഗന്ധമായിരുന്നു അവള്‍ക്ക്.
അതു കഴിഞ്ഞപ്പോള്‍ അവള്‍ നിലത്തിരുന്നു. പിന്നെ പാവാട തുടയ്ക്കു മുകളിലേയ്ക്കുയര്‍ത്തി എന്റെ പാദങ്ങള്‍ കയറ്റി വെച്ചു. ‘ ഈ പാദപങ്കജങ്ങള്‍ ഞാനൊന്നു തൊട്ടു നെറുകയില്‍ വെക്കട്ടെ…’
‘നല്ലത് വരട്ടെ സഹോദരി ! ‘ അവളുടെ ശിരസ്സില്‍ കൈവെച്ച് പരമാവധി സ്വാതികഭാവം ഉള്‍ക്കൊണ്ട് ഞാന്‍ പറഞ്ഞു..ഒരു നാടകം കളിക്കുന്ന രസം എനിക്കും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
‘നല്ലതേ വന്നിട്ടുള്ളു മഹാരാജ്..ഇനിയും നല്ലത് വരും !..’ അവള്‍ കപടഭക്തിയോടെ ചിരിച്ചു.
പുറകില്‍ നിന്നവള്‍ മുന്തിരിക്കുല കൈയ്യിലെടുത്ത് എന്റെ വായ്ക്കു നേരെ നീട്ടി.. പകുതി മുക്കാലും നഗ്‌നമാണ് അവളുടെ മാറിടം. ‘ ഇനി ഈ മുന്തിരിപ്പഴങ്ങള്‍ കഴിച്ചാലും മഹാഗുരോ..’
ഞാന്‍ കടിക്കാനാഞ്ഞപ്പോള്‍ അവളത് മുകളിലേക്കുയര്‍ത്തി.
നടത്തിപ്പുകാരിയും പുറത്തുള്ള പെണ്ണുങ്ങളും ആ തമാശക്കളി ആസ്വദിക്കുന്നുണ്ട്..
ഞാനവളെയൊന്ന് തറപ്പിച്ചു നോക്കി. ആ കണ്ണുകളില്‍ കുസൃതി തിളങ്ങുന്നുണ്ട്.
ഞാന്‍ പെട്ടന്ന്, അവള്‍ക്ക് മറ്റെന്തെങ്കിലും ചിന്തിക്കാനാവുന്നതിനു മുന്‍പ്, അവളുടെ കൈ ബലമായി പിടിച്ചു താഴ്ത്തി മുന്തിരിക്കുല അപ്പാടെ വായ്ക്കുള്ളിലാക്കി. വായില്‍ കൊള്ളാഞ്ഞ നാലഞ്ചെണ്ണം സെറ്റിയിലേക്കും ഉരുണ്ടു വീണു.
അപ്രതീക്ഷിതമായ ആക്രമണത്തില്‍ അവള്‍ അല്പനേരം തരിച്ചു നിന്നു.പിന്നെയവള്‍ മറ്റു പെണ്ണുങ്ങളുടെ ചിരിയോടൊപ്പം പങ്കു ചേര്‍ന്നു..എങ്കിലും അവളുടെ കണ്ണുകളില്‍ പ്രതികാരം ജ്വലിക്കുന്നത് ഞാന്‍ കണ്ടു..
എന്താണു സംഭവിച്ചതെന്നറിയാന്‍ വൃദ്ധന്‍ പെട്ടന്നിങ്ങോട്ട് മുഖം തിരിച്ച് ചെവി വട്ടം പിടിച്ചു. ആകാംഷ കൊണ്ടാവണം അയാളുടെ വായ സ്വല്പം തുറന്നിരുന്നത്.
‘ ആഹാ..ഇങ്ങനെയങ്ങ് തിടുക്കം കൂട്ടിയാലോ കള്ള സന്യാസീ.. നോക്കൂ..ഇനിയുമുണ്ട് തേന്മുന്തിരികള്‍..’ മുന്തിരിക്കാരിയുടെ കൈകള്‍ മേല്‍വസ്ത്രത്തിനു നേരെയാണ് നീങ്ങുന്നത്.എന്താണവളുടെ ഉദ്ദേശമെന്ന് വ്യക്തം.അത്രയും പ്രതീക്ഷിച്ചില്ല.ഒന്നുകില്‍ തല താഴ്ത്തിയിരുന്ന് വീണ്ടും സന്യാസവേഷം തുടരാം.അല്ലെങ്കില്‍ എണീറ്റ് ചായക്കടയിലേക്കോടാം..പക്ഷെ അതൊക്കെ ഒരു തരം തോല്‍വിയാണ്.എന്തു പറഞ്ഞാണ് തലയുയര്‍ത്തി നില്‍ക്കുക ? എന്തു പറഞ്ഞാണ് ഇവരുടെ തല താഴ്ത്തുക. ?…….അല്ലെങ്കില്‍, ഊരും പേരുമറിയാത്ത ഈ നാട്ടില്‍, ഇവരോട് സത്യം തന്നെ പറഞ്ഞാലെന്ത്.!!.പക്ഷെ കേള്‍ക്കുമ്പോള്‍ ഉള്ളില്‍ തട്ടണമെങ്കില്‍….
‘ നോക്കൂ സഹോദരിമാരെ.. ‘ അവളുടെ കൈയ്യിലുള്ള പിടി അയച്ചു കൊണ്ട് ഞാന്‍ പറഞ്ഞു :’ നാട്ടില്‍, എന്റെ അമ്മയും പെങ്ങളും നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത്.. നിങ്ങള്‍ക്കിടയിലിരിക്കുമ്പോള്‍ ഞാന്‍ അവരെയാണോര്‍ക്കുന്നത്..നിങ്ങളിനി ഉടുതുണിയൊന്നുമില്ലാതെ എന്റെ മുന്നില്‍ വന്നാലും മറ്റാണുങ്ങള്‍ക്ക് തോന്നുന്നതൊന്നും എനിക്കു തോന്നില്ല…സങ്കടവും ദേഷ്യവുമൊക്കെയെ തോന്നൂ…അതുകൊണ്ടൊക്കെ തന്നെ, ഈ പുരുഷജന്മം നഷ്ടപ്പെട്ടുപ്പോയവന്‍…. അല്ലാതെ , ഞാന്‍ സന്യസിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല..’
ഏറ്റു ! പെണ്ണുങ്ങളൊക്കെ സ്തബ്ദരായി നില്‍ക്കുകയാണ്.. വൃദ്ധന്‍ സ്വയമറിയാതെ ഒരാശ്ചര്യ ശബ്ദമുണ്ടാക്കി..ഇപ്പോള്‍ അയാള്‍ എന്നെ മാത്രമാണ് ശ്രദ്ധിക്കുന്നത്..
നിലത്തിരുന്നവള്‍ സാവധാനം എന്റെ പാദങ്ങള്‍ മാറ്റി വെച്ച് തുടയിലേക്ക് തുണി വലിച്ചിട്ടു. രണ്ടാമത്തവള്‍ പിന്‍വലിഞ്ഞ് ഒതുങ്ങി നിന്നു.
നിശബ്ദത..പെണ്ണുങ്ങളുടെ മുഖം വാടിയിരിക്കുന്നു.
‘എവിടെയാണു നിന്റെ നാട് ?’ നടത്തിപ്പുകാരിയാണത് ചോദിച്ചത്.
‘കേരളം….’
അടുത്ത ചോദ്യം മലയാളത്തിലായിരുന്നു :’ നീയവിടെ നിന്ന് പുറപ്പെട്ടു പോന്നതാണോ ?’
മലയാളം കേട്ട് ആദ്യമൊന്നമ്പരന്നെങ്കിലും ഞാന്‍ ഉത്തരം പറഞ്ഞു : ‘അതെ’
‘അവനവിടെ നിന്നു പുറപ്പെട്ടു പോന്നതാണെന്ന്..നമ്മെപ്പോലുള്ളവരെ അമ്മയും പെങ്ങളുമായൊന്നും അവന്നു വേണ്ട ! ‘ ഗംഗാ ദീദി മറ്റു പെണ്ണുങ്ങള്‍ക്കു വിശദീകരിച്ചു കൊടുത്തു. എല്ലാ പെണ്ണുങ്ങള്‍ക്കും വിഷാദം !. മുന്തിരിക്കാരി ഒരു ദീനമായ നോട്ടം പകര്‍ന്ന് അകത്തേയ്ക്കു പോയി.
‘ നിങ്ങള്‍ ആണുങ്ങള്‍ക്ക് എന്തുമാവാം..പെണ്ണുങ്ങളെ വില്‍ക്കാം, വാങ്ങാം..ഇട്ടെറിഞ്ഞു പോകാം…തല്ലിക്കൊല്ലാം..നിങ്ങളാണല്ലോ രാജാക്കന്മാര്‍… എന്നാലും അമ്മ തന്ന മുലപ്പാലു മുഴുവന്‍ കക്കി കളയാന്‍ നിനക്കു പറ്റ്വോ ? ‘ താഴെയിരുന്നവള്‍ എഴുന്നേല്‍ക്കുമ്പോള്‍ ചോദിച്ചു.
ഞാനൊന്നും മിണ്ടിയില്ല.
‘നീയതൊന്നും കാര്യമാക്കണ്ട മോനെ ! ഇവിടെ വരുന്ന ആണുങ്ങളുടെ ഒരു മുഖം മാത്രമെ ഇവരെല്ലാവരും കണ്ടിട്ടുള്ളു..അതാ ഇവരിങ്ങനെ ..’ വൃദ്ധന്‍ എന്നെ ആശ്വസിപ്പിച്ചു. പതിഞ്ഞ, ഇമ്പമുള്ള ശബ്ദമായിരുന്നു അയാളുടേത്.. എന്നിട്ടയാള്‍ മുഖം പെണ്ണുങ്ങളുടെ നേരെ തിരിച്ചു.
‘ നിങ്ങക്കൊക്കെ അല്ലാതെ തന്നെ ആള്‍ക്കാരുണ്ടല്ലോ..വെറുതെ ആ കൊച്ചനെ എന്തിനാ ഇളക്കാന്‍ നോക്കുന്നത്..’ ഒരു ശാസനയുടെ ലാഞ്ചനയുണ്ടായിരുന്നു അതിന്.
അതിനും ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പെണ്ണുങ്ങളും.
പെട്ടന്ന്, മൂന്ന് ചെറുപ്പക്കാര്‍ പുറത്തുനിന്ന് കയറി വന്നു.
ഗംഗാദീദി അതി വേഗം പ്രായോഗികവതിയായി. ‘ വന്നാലും മഹാജനങ്ങളെ.. ഗംഗാദീദിയുടെ രാജകുമാരിമാരെ അനുഗ്രഹിച്ചാലും..’
പെണ്ണുങ്ങള്‍ സമചിത്തത വീണ്ടെടുത്ത് ശൃംഗാരച്ചിരിയോടെ അവരെ നോക്കി.ആ ഒരു നിമിഷം കൊണ്ടു തന്നെ അവരെന്നെ പൂര്‍ണ്ണമായും മറന്നപോലെ തോന്നി. ഞാന്‍ ടി.വി.യിലേക്ക് ശ്രദ്ധ തിരിച്ചു. സിനിമ അവസാനിച്ചിരുന്നു. ഇപ്പോള്‍ ഒരു സീരിയലാണ്..വൃദ്ധന്‍ ടി .വി. ശ്രദ്ധിക്കുകയാണോ മറ്റെന്തെങ്കിലും ഓര്‍ക്കുകയാണോ എന്നുള്ളത് എനിക്കു വ്യക്തമായില്ല.
ചെറുപ്പക്കാര്‍ എന്തോ തമാശ പറഞ് പൊട്ടിച്ചിരിച്ച് പെണ്ണുങ്ങള്‍ക്കൊപ്പം അകത്തേയ്ക്കു കയറിപ്പോയി.
ലക്ഷ്മണ്‍ അകത്തു നിന്ന് തിരികെ വരുന്നുണ്ടായിരുന്നു. അവന്‍ വൃദ്ധന്റെ കൈയില്‍ അഞ്ചു രൂപ വച്ചു കൊടുത്തു. ‘ ഇതു വെച്ചോ രാമുക്കാക്ക..ഒരു ചായ കുടിച്ചോ ‘
തിരിച്ചിറങ്ങുമ്പോള്‍ വൃദ്ധനോട് യാത്ര പറയണോ , ചില്ലറയെന്തെങ്കിലും കൊടുക്കണൊ എന്ന് ഒരു നിമിഷം ഞാന്‍ ശങ്കിച്ചു. ‘ ഓ ..എന്തിന് !’ മനസ്സില്‍ നിന്നാരോ പിന്തിരിപ്പിച്ചു.
പുറത്ത് വെയിലിന്റെ കാഠിന്യം ശമിച്ചു തുടങ്ങിയിരുന്നു.
‘ഓരോ ചായയടിച്ചാലോ ?’ ലക്ഷ്മണ്‍ ചോദിച്ചു.
‘അപ്പോ നീയിവിടെ രണ്ടു മൂന്നു മാസമായി വന്നു തുടങ്ങിയിട്ട് !’ തൊട്ടപ്പുറത്തുള്ള ചായക്കടയിലേക്ക് പ്രവേശിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.
അവന്‍ ചിരിച്ചു.
‘അല്ല ; നിന്നെ പറഞ്ഞിട്ട് കാര്യമില്ല..പല്ലുകൊഴിഞ്ഞിരിക്കുന്ന കാര്‍ന്നോന്മാരും കുരുടനും പിച്ചക്കാരനുമൊക്കെ ശാന്തി തേടി വരുന്ന സ്ഥലമാ..പിന്നെയാ ചോരയും നീരുമുള്ള ചെറുപ്പക്കാര് !’
അവന്‍ വീണ്ടും ചിരിച്ചു : ‘ ഹ ഹ..ഇതാ പറയുന്നത് ഭായിക്ക് ലോകവിവരമില്ലെന്ന്.. ഭായ്, ആ രാമുക്കാക്ക ആളൊരു പാവം ..കാലഹരണപ്പെട്ട ഒരു ഖവ്വാലി ഗായകന്‍..ഇപ്പോ.ഗംഗാദീദിയുടെ ദാക്ഷിണ്യത്തില്‍ അവിടെ കഴിഞ്ഞു കൂടുന്നു..’ അവന്‍ സ്വരമൊന്നു താഴ്ത്തി : ‘.അങ്ങേരുടെ മോളുടെ കൂടെയാ ഞാനിപ്പോ കിടന്നത്..’ പിന്നെയവന്‍ ചായയടിക്കുന്നവനു നേരെ തിരിഞ്ഞു ഉറക്കെ പറഞ്ഞു : ‘ ഭായ് ..രണ്ടു സ്‌ട്രോങ്ങ് ചായ ! ‘
Subscribe to:
Posts (Atom)
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...



