Showing posts with label 97. Show all posts
Showing posts with label 97. Show all posts

27 Apr 2013

വിഷാദത്തിന്റെ തമ്പുരാക്കൾ


ഫസൽ റഹ്മാൻ 


(പ്രവാസ ദിനങ്ങളുടെ ഓർമ്മയ്ക്ക്‌)

I.
മുഴങ്ങുന്ന ശബ്ദത്തിൽ
ഫ്രാങ്ക് സിനാത്ര പാടുന്നു:
വിഡ്ഢിയുടെ ജീവിതത്തിൽ ഒരു ദിനം-
വിഷാദ ഭരിതം, ഏകാന്തം, ദീർഘം.
നീവരുന്നതും നോറ്റു
ഞാൻ തെരുവിലൂടെ നടക്കുന്നു,
നീയോ, ഈ വഴി മറന്നേ പോയി.
എന്റെ വിഷണ്ണമായ മുറിക്കകത്ത്
വിരഹത്തിന്റെ കണ്ണീരും ഞാനും.

ഉറഞ്ഞുരുകുന്ന വേദന മറച്ച്
എൽവിസ് ചോദിക്കുന്നു:
നീ തനിച്ചാണോ ഈ രാവിൽ?
ഞാനില്ലാത്ത വിഷമം നീ അറിയുന്നുവോ?
ഭാവം പകർന്നവൻ പിടയുന്നു:
പ്രിയേ എന്നോട് പ്രണയമെന്നു
നീ കളവു പറഞ്ഞു ;
എനിക്കിനിയും ആ കളവു കേട്ട് കൊണ്ടിരിക്കണം.
നീ എന്നിലേക്ക്‌ തിരിച്ചു വരില്ലെങ്കിൽ
ഈ അരങ്ങിനു കർട്ടൻ വീഴ്ത്തുക.
പ്രിയേ, ഈ രാവിൽ നീ തനിച്ചാണോ
എന്നെന്നോട് പറയുക .

ഞരമ്പ് മുറുക്കത്തിന്റെ അപകട മുനമ്പിൽ
ബില്ലി ഹോളിഡെ ചൂണ്ടയിടുന്നു:
മൂകമായ ഞായർ -
മാലാഖമാർ നിന്നെ തിരിച്ചു തരില്ലെങ്കിൽ
വെള്ളപ്പൂക്കൾക്ക് ചുവടെ
നീയുറങ്ങിയ ഉറക്കത്തിലേയ്ക്കു
എണ്ണമറ്റ നിഴലുകളുടെതാഴ്വരയിലേക്ക്
ഞാനിനി എന്തിനു മടിച്ചു നില്ക്കണം!.
എന്റെ സ്വപ്നം നിന്നെ അശാന്തനാക്കും മുൻപ്
എന്റെ മൂക ഞായറിന്റെ തേരിൽ ഞാനും!.

മധുരോദാരം സെലിൻ ഡിയോണ്‍ മന്ത്രിക്കുന്നു :
രാവിലൊക്കെയും കനവിലൊക്കെയും
കാണുന്നു ഞാൻ നിന്നെ, അറിയുന്നു-
നീയുണ്ടെന്നു ഞാനറിയുന്നതും
കടലാഴങ്ങൾക്കപ്പുറം നീയെന്നിലെത്തുന്നതും
എന്റെ ഹൃദയത്തിൽ നീയുള്ളത് കൊണ്ട്.
നിത്യതയുടെ കൂട് വിട്ടു നീ വരുന്നു
എന്നിലേയ്ക്ക്- എന്റെ ഹൃദയത്തിന്റെ
സുരക്ഷിതത്വത്തിലെയ്ക്ക്.

II
വേദനകളുടെ ഹിമക്കാറ്റായി
മെഹ്ദി ഹസൻ പാടുന്നു:
ദിൽ സെ തേരി നിഗാഹ് മേം-
കടലാഴമുള്ള വിഷാദത്തോടെ
മരുഭൂ ചൂടിൻ പെരുക്കത്തിൽ
നൂർ ജഹാൻ ഇളം കാറ്റാവുന്നു.:
ഹമാരി സാസോം മേം ആജ് തക് വോ-
അലസം തളർന്ന് സൈഗാൾ
രാജകുമാരിയെ ഉറക്കുന്നു:
സോജ രാജകുമാരീ സോജാ-

വാച്യാർത്ഥങ്ങൾ പിണങ്ങി നിൽക്കുമ്പോഴും
നാദ വീചികളിലെന്റെ ഹൃദയം
സാഷ്ടാംഗം പ്രണമിക്കുന്നു:
പ്രപഞ്ചങ്ങളുടെ ദുഃഖ സാഗരങ്ങളേ,
ഈ നിമിഷം ഞാൻ നിങ്ങളെ ജയിക്കുന്നു.

III
അകലെ,
എന്റെ പെണ്ണും കുഞ്ഞുങ്ങളും
ഉമ്മയും വൃദ്ധ പിതാവും
പ്രാർത്ഥനാ നിരതരാവുന്നതും
എനിക്കായി കായ്ക്കുന്ന തേൻവരിക്കയിൽ
വിരഹത്തിന്റെ പഴം കായ്ക്കുന്നതും
ഏതോ അരാജക വാനരർ
പല്ലിളിച്ചു കാവലാവുന്നതും
പയ്യാരങ്ങളുടെ ആവർത്തന പർവത്തിൽ
എനിക്ക് മനസ്സിടറുന്നതും -

മദീന റോട്ടിൽ എന്റെ ടാക്സി ചീറിപ്പായുന്നു.
ജോലി സമയത്തിനില്ലെങ്കിലും
കൂലിക്കുണ്ട് കണക്ക്, കൃത്യം .
വണ്ടിക്കകത്ത് യാന്ത്രികത്തണുപ്പെങ്കിലും
തീ തുപ്പുന്ന പുറം വെയിൽ എന്റെയുള്ളിൽ.

അന്യ ദേശത്തു നിന്റെയും ശബ്ദമിടറാം:
എന്നാൽ അവർ
നിനക്കായി പാടിക്കൊണ്ടിരിക്കും-
ഈ വിഷാദത്തിന്റെ തമ്പുരാക്കൾ.

(ആദ്യ പാദത്തിൽ നാല് വിഖ്യാത വിഷാദ ഗീതങ്ങൾ ആണ് സൂചിപ്പിക്കപ്പെടുന്നത് : ഫ്രാങ്ക് സിനാത്ര (Frank Sinatra) പാടിയ A Day in the Life of a Fool, എൽവിസ് പ്രിസ് ലി (Elvis Presley)യുടെ Are You Lonesome Tonight?, ബില്ലി ഹോളിഡെ (BillieHoliday) പാടിയ Gloomy Sunday, സെലിൻ ഡിയോണി (Celin Dion) ന്റെ Every Night in My Dreamsഎന്നിവ.)

26 Mar 2013

പച്ചമുറിവുകള്‍

സോണി ദിത്ത് 


തളിരിലകളെ കരിച്ചുണക്കി
മാറാപ്പിലാക്കുന്നു ഭ്രാന്തന്‍ കാലം .
എരിയുന്ന തിരിയാളിച്ച്
നീറുന്ന കാഴ്ചകള്‍ നുള്ളിയെടുത്ത്
ഹൃദയത്തിലേക്ക് വിരുന്നു വരുന്നുണ്ട് ,
യാഥാര്‍ത്ഥ്യത്തിന്‍റെ ഒരു
പച്ചമുറിവ് .
ഞാനെന്‍റെ മിഴികളില്‍ 
നീര്‍മറയൊരു
തിരശ്ശീലയായ്‌ അണിയട്ടെ .
മനുഷ്യപൂതങ്ങളുടെ
മൃഗമാനസങ്ങള്‍ ആര്‍ത്തുല്ലസിക്കുന്ന
തോന്ന്യവാസങ്ങളുടെ
കാവുതീണ്ടല്‍ കാലമിത് .
പിഞ്ചു കുഞ്ഞിന്‍റെ പുഞ്ചിരിയിലും
കാമം തിരുകിക്കയറ്റുന്ന
വിശ്വോത്തര കലാമേളകള്‍തന്‍
വസന്തം .
വാര്‍ത്തകളില്‍
മുക്കുത്തിതിളക്കമായ്‌ ,
വിറ്റവളും പിഴച്ചവളും
പ്രാപിച്ച പുണ്യാള ജന്മങ്ങളും
മഷിപുരണ്ടിരിക്കുന്നു .
പെണ്ണുടല്‍ രുചി തേടുന്ന 
വേടന്‍മ്മാരുടെ നൃത്തച്ചുവടുകള്‍
ഞെരിച്ചമര്‍ത്തി അട്ടഹസിക്കുന്നത്
സ്വന്ത ബന്ധമില്ലാത്തവന്‍റെ
തൃഷ്ണകള്‍ മാത്രം .
കല്ലറകള്‍ക്കു മീതെ
ആര്‍ത്തിപൂണ്ടു നില്‍ക്കുന്ന
പച്ചമണ്ണിന്‍റെ ഗന്ധം
നിന്‍റെ ചിന്തയുടെ നാസികക്കിന്നും
അന്യമെന്നോ !
വിടരുന്ന പൂക്കളില്‍ ,
കൊഴിയുന്ന ഇലകളില്‍
നീയും ഞാനുമൊരു നിമിഷമത്രേ.
ഇറുത്തുമാറ്റാനാകാത്ത 
വികാരങ്ങള്‍ക്കുള്ളില്‍
സ്വയം കളഞ്ഞുപോകുന്നവരെ ,
നിങ്ങളിപ്പോഴും
വര്‍ത്തമാനകാലത്തിന്‍റെ
ഇത്തിരിവട്ടക്കിണറ്റിലെ
സഞ്ചാരം പൂര്‍ത്തിയാക്കാത്തൊരു
ഒറ്റക്കണ്ണ്‍ .
_______________________

22 Feb 2013

പ്രണയം

പ്രവീണ്‍ കണിയമ്പടിക്കല്‍ 

വികാരങ്ങളെ അറുത്തുമാറ്റി
ഞാന്‍ നിന്റെ കരലാള
സ്പര്‍ശനങ്ങളുടെ ഇടയില്‍
ഇന്നെങ്കിലും ചുരുങ്ങട്ടെ

പ്രണയവും പൂകളും ഇല്ലാത്ത
ഈ തണുത്ത രാത്രിയില്‍
നിന്റെ വീണുടഞ്ഞ സ്വപ്നങ്ങളെ
കൈവെള്ളയിലെയ്ക്കെടുത്തു നല്‍ക്കാം
അന്ത്യ ചുമ്പനം

നിറങ്ങളില്ല നമുക്കിടയില്‍
ഉള്ളത് മുഴുവന്‍
ഈ മഹാ കുരിരുട്ടിന്റെ വിക്ര്തമാം
മുഖങ്ങള്‍ മാത്രം

വീടിന്റെ അകത്തളത്തില്‍ വിശകുന്ന
വയറുകളുടെ മുരള്ച്ചകള്‍ക്കിടയില്‍
നാം ഇങ്ങനെ എത്ര നാള്‍

പോകാം നമുക്ക് ഒരിടത്ത്‌.
പെകിനാക്കളില്ലാത്ത,
വിശക്കാത്ത,
രാഷ്ട്രീയ കൊമരങ്ങളില്ലാത്ത,
പ്രണയവും, പകുതുനല്കലുമില്ലാത
രതിയും മൂര്‍ച്ചയുമില്ലാത്ത
ഒരിടത്ത്‌.

24 Jan 2013

പ്രണയാനുഭവം

ബഷീര്‍ തോന്നക്കല്‍ 



പറയാന്‍ പോകുന്നത് ഒരു പ്രണയ കഥയാ ‘അതും തികച്ചും സാങ്കല്പികം’(വിശ്വസിക്കണം)
സംഭവത്തിന്റെ തുടക്കം പ്ലസ്‌ വണ്ണിനു പരീക്ഷയും എഴുതി വെക്കേഷന്‍ അടിച്ചു പൊളിക്കുന്ന സമയം.
വീട്ടില്‍ നിന്നുമുള്ള പോക്കറ്റ്‌ മണീസ് അടിച്ചുപൊളി ജീവിതത്തിനു തികയാത്തതു കൊണ്ട് കേറ്ററിംഗ് സര്‍വീസിനും അല്ലറ ചില്ലറ ശരീരം അനങ്ങാത്ത ജോലികള്‍ക്കും പോയി ബജറ്റ് ടാലിയാക്കികൊണ്ടിരിക്കുവാ
അങ്ങനെ ഒരു കല്യാണത്തില്‍ ഞാന്‍ വിളമ്പുകാരന്റെ റോള്‍ ഭംഗിയായി അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോ ഒരു ടേബിളില്‍ ഇരുന്ന, ശേ, അല്ല, ഒരു ടേബിളിനു പിന്നില്‍ കസേരയില്‍ ഇരുന്ന ചുരുളന്‍ മുടിക്കാരി പൂച്ചക്കണ്ണിയില്‍(!!!ആവോ.. ആര്‍ക്കറിയാം) കണ്ണുകള്‍ ഉടക്കി.
ഒരു ചെറിയ പരിചയം പോലെ തോന്നുന്നല്ലോ.
ഇവളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ.
എവിടെയാ??
കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല
ആ പുടി കിട്ടി, പുടി കിട്ടി. അദ്ധന്നെ.
ഒരു വര്ഷം മുന്‍പ്‌ എന്റെ ജൂനിയര്‍ ആയിരുന്നു അവള്‍.
ഈ ഒരു വര്ഷം ഗാപ്‌ വന്നത് വേറൊന്നും കൊണ്ടല്ല, ഞാന്‍ പത്തില്‍ ആയിരുന്നപ്പോ അവള്‍ ഒന്‍പതില്‍ ആയിരുന്നു. പിന്നെ ഞാന്‍ പ്ലസ്‌ വണ്ണിനു പോയി. അവള്‍ പത്തിലും. രണ്ടും ഒരേ സ്കൂളില്‍ തന്നെയായിരുന്നെങ്കിലും രണ്ടു സെക്ഷന്‍ ആയത് കൊണ്ട് കാണുവാനുള്ള സാഹചര്യം ഉണ്ടായില്ല അത്രന്നെ.

അവളുടെ പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞു അവള്‍ ചുമ്മാ കല്യാണവും അടിയന്തിരവുമൊക്കെ കൂടി തടി കൊഴുപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുവാ. (അവളുടെ തീറ്റ കണ്ടപ്പോള്‍ എനിക്ക് തോന്നിയതാ കേട്ടോ)
ഞാന്‍ നോക്കിയ ലാ സമയത്ത് തന്നെ ദെ, ലവളും എന്നെ നോക്കി, കണ്ണുകള്‍ തമ്മിലിടിച്ചു ആക്സിടന്റായി.
കണ്ണും കണ്ണും.. തമ്മില്‍ തമ്മില്‍..
കഥകള്‍ ഒന്നും കൈമാറാനുള്ള അവസരം അവള്‍ തന്നില്ല. പെട്ടെന്ന് തന്നെ അവള്‍ കണ്ണുകള്‍ മാറ്റി. എങ്കിലും ഇടയ്ക്കിടെ എന്റെ കണ്ണുകള്‍ കറങ്ങി കറങ്ങി അവളിലേക്ക്‌ തന്നെ എത്തുന്നുണ്ടായിരുന്നു, ഞാന്‍ അറിയാത്ത മട്ടില്‍ അവളും അത് അറിയുന്നുണ്ടായിരുന്നു. (നമ്മള്‍ ഇതൊക്കെ എത്രയോ കണ്ടതാ)
ഇവള്‍ എന്തായാലും ഇപ്പൊ കാണാന്‍ പഴയതിനെക്കാലും ഒരു ചന്തമൊക്കെയുണ്ട്
ചുമ്മാതെ ആണെങ്കിലും എന്റെ മനസ്സിലും പൊട്ടി രണ്ടു ലഡു.
അപ്പൊ തന്നെ ഞാന്‍ പിന്നാലെ കൂടി, അല്ലെങ്കില്‍ തന്നെ എന്തെങ്കിലും ഒരു കച്ചിതുരുമ്പിനു വേണ്ടി നടക്കുവായിരുന്നു.
ബിരിയാണിയുടെ കൂടെ ഒരല്പം മസാല കൂടുതല്‍ വിളമ്പിയും അവളുടെയടുതെതിയപ്പോ അറിയാത്ത മട്ടില്‍ ഐസ്ക്രീം ഒരെണ്ണം അധികം സപ്ലേ ചെയ്തും അവളോടുള്ള എന്റെ അകമഴിഞ്ഞ സ്നേഹം ഞാന്‍ അവളെ അറിയിച്ചു.
എന്ത് കാര്യം.. കിട്ടിയതാകട്ടെ എന്ന് കരുതി മുഴുവന്‍ തട്ടിയിട്ടു അവള്‍ അവളുടെ പാട്ടിനു പോയി, ഞാന്‍ ചില്ലറയും വാങ്ങി എന്റെ പാട്ടിനും.

അങ്ങനെ വെക്കേഷന്‍ ഒക്കെ കഴിഞ്ഞു നമുക്ക് പ്ലസ്‌ ടു ക്ലാസ്സുകള്‍ നേരത്തെ തന്നെ തുടങ്ങി.. അറുബോറന്‍ ക്ലാസ്സുകള്‍ മുന്നോട്ടു പോകുന്നു. പണ്ടേ ‘പഠനത്തോട് വലിയ താല്പര്യം’ ആയിരുന്നത് കൊണ്ട് ഒന്നും അങ്ങോട്ട്‌ ശ്രദ്ധിച്ചുമില്ല തലയില്‍ കയറിയതുമില്ല.
സാധാരണയായി പ്ലസ് ടു ക്ലാസുകള്‍ നടക്കുന്ന സമയത്താണ് പ്ലസ് വണ്ണിലേക്കുള്ള കുട്ടികളുടെ അഡ്മിഷന്‍ നടക്കാറുള്ളത്.
ക്ലാസ്സുകളിലെ ബോറിംഗ് കൂടിവന്ന സമയത്ത് തന്നെ പ്ലസ്‌ വണ്ണിനു അഡ്മിഷന്‍ തുടങ്ങി. നമ്മുടെ ജോലി ഇനി തുടങ്ങാന്‍ പോകുന്നെയുള്ളൂ ജൂനിയേര്‍സ്‌ കുറെ ‘ചരക്കുകള്‍’ ഉണ്ടാകും
ജൂനിയെര്‍സിനെ കാണുവാന്‍ എല്ലാവനും കണ്ണില്‍ എണ്ണയൊഴിച്ചും പെട്രോള്‍ ഒഴിച്ചും അതിനു പറ്റാത്തവര്‍ വെള്ളം ഒഴിച്ചും കാത്തിരിക്കുവായിരുന്നു. അവരെ താലോലിക്കുവാന്‍(റാഗിങ്ങ്) മനക്കണക്കുകള്‍ പലതും കൂട്ടി.
അഡ്മിഷന്‍ നടക്കുമ്പോ ഹാളിനുള്ളില്‍ പെണ്‍കുട്ടികളുടെ ഇടയില്‍ സീനിയെര്സ് വായിനോക്കികളെ കൊണ്ട് നിറഞ്ഞു. പുതിയ കുട്ടികളെ നമ്പര്‍ നോക്കി റെഡി ആക്കാനും ഫോം പൂരിപ്പിക്കാന്‍ ഹെല്പ് ചെയ്യാനും, സര്‍വോപരി സേവന സന്നദ്ധരായി ഒരു കൂട്ടം സീനിയേര്‍സ് ഓടി നടക്കുന്നു. ഇവന്മാരെല്ലാം പെണ്‍കുട്ടികളുടെ പിന്നാലെ മാത്രമേ ഉള്ളല്ലോ. അവിടെ തടി വടി പോലെ കുറെ പയ്യന്മാര്‍ മിഴുങ്ങസ്യാ നില്‍ക്കുന്നു. ഒരെന്നതിനെയും ആരും മൈന്റ് ചെയ്യുന്നില്ലാ. ഒഹ് അതിനിപ്പോ ആര്‍ക്കു വേണം ഇവന്മാരെ.
അഡ്മിഷന് വന്നവരില്‍ സൈസും ഫൈസും നോക്കി ഓരോരുത്തരെയായി ഞങ്ങളുടെ സഹപാഠികള്‍ സെലക്ട്‌ ചെയ്യുന്നുണ്ട്.
‘ഡാ ആ മഞ്ഞ ചുരിദാര്‍ അടിപോളിയാണല്ലോ. ഒന്ന് നോക്കിയാലോ.’.
‘നീ മഞ്ഞയെ നോക്കിക്കോ ദെ ആ ചുവപ്പും വെള്ളയും എങ്ങനെയുണ്ട്?’
“ആഹ, അതിനെ നീയെടുതോ”
പേരറിയാന്‍ പറ്റാത്തതു കൊണ്ട് ഓരോരുത്തരുടെയും ഡ്രെസ്സ് നോക്കി സെലക്ട്‌ ചെയ്യാന്‍ തുടങ്ങി
സംഭവം കേമാമാകുമ്പോ ആ കൂട്ടത്തിനിടയില്‍ ഒരു പരിചയമുള്ള മുഖം…
ങേ,ഇത് ലവളല്ലേ,നമ്മുടെ പഴയ ആ കല്യാണ കക്ഷി. ഇവള്‍ നമ്മുടെ ജൂനിയര്‍, ഹേ അല്ല…ല്ല(അങ്ങനെ എല്ലാവനും കൂടി എടുക്കണ്ട) എന്റെ ജൂനിയര്‍ ആയി വരാന്‍ പോണു.
ഹോ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ..
അന്ന് പൊട്ടിയ ലടുകള്‍ വീണ്ടും വീണ്ടും പൊട്ടി. ദൈവമേ ഇതിപ്പോ ഷുഗറിന്റെ(പഞ്ചാരയടി) അസുഖം തുടങ്ങുമല്ലോ..
ആ കല്യാണം കഴിഞ്ഞപ്പോ കീറിക്കളഞ്ഞ ലവ് ആപ്പ്ളിക്കേഷന്‍ ഒന്നുകൂടി എടുത്തു ഒട്ടിച്ചു വച്ചു. ഇവളെ വളച്ചിട്ടു തന്നെ കാര്യം.
സംഗതി സന്തത സഹാചാരികളോട് പറഞ്ഞപ്പോ അവര്‍ക്കും സമ്മതം, ജീവന്‍ പോയാലും കൂടെ നില്‍ക്കാംഅത്രേ (അല്ലെങ്കിലും ഒരുത്തനെ ഏടാകൂടത്തില്‍ കൊണ്ട് ചാടിക്കാന്‍ ഇവന്മാര്‍ മിടുക്കന്മാരാ). അപ്പൊ തന്നെ ഞാന്‍ അവളെ സെലക്ട്‌ ചെയ്തു മതിലിലോക്കെ രാഷ്ട്രീയ പാര്‍ടികള്‍ ചെയ്യുന്ന പോലെ ‘ബുക്ക്ട്‌’ ബോര്‍ഡും തയ്യാറാക്കി.
അവളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ചെറിയ പേപ്പര്‍ പ്ലൈന്‍ പരിപാടിയും പേപ്പര്‍ ബോള്‍ പരിപാടിയുമൊക്കെ നടത്തി നോക്കി. ആരെടാ എറിയുന്നെ എന്ന മട്ടില്‍ പുറത്തേക്കു നോക്കിയെങ്കിലും അവിടെ ഇളിച്ചു കൊണ്ട് നിക്കുന്ന എന്നെ കണ്ടപ്പോ തല പെട്ടെന്ന് വെട്ടി തിരിച്ചു കളഞ്ഞു. ഒഹ് ഒരു വകക്ക് കൊള്ളില്ലെന്കിലും അവളുടെ ഒരു പവര്‍ കണ്ടോ, ആരെങ്കിലും ശ്രദ്ധിക്കുന്നു എന്ന് തോന്നുമ്പോഴുണ്ടാകുന്ന ആ ഒരു തലക്കനമുണ്ടല്ലോ, അതന്നെ കാരണം.
പിറ്റേന്ന് തന്നെ പ്ലസ്‌ വണ്ണിനും ക്ലാസ്സ്‌ തുടങ്ങി. അങ്ങനെ നമ്മുടെ ടൈമും വന്നു. ഞങ്ങള്‍ സീനിയെര്സ് കളിച്ചു നടന്നു. പിള്ളാരെയൊക്കെ ചുമ്മാ വട്ട് ചോദ്യങ്ങള്‍ ചോദിച്ചും ബെഞ്ചിനു മുകളില്‍ കയറ്റി നിര്‍ത്തി പാട്ട് പാടിച്ചും തീപ്പെട്ടി കൊള്ളി കൊണ്ട് ക്ലാസ്സ്‌ റൂമിന്റെ വിസ്തീര്‍ണ്ണം അളന്നും, സീനിയെര്സ് ചെട്ടന്മാരോട് ഐ ലവ് യു പറയിച്ചും (അങ്ങനെയെങ്കിലും കൊതി തീരട്ടെ) അര്‍മാദിച്ചു.
ആരും വിഷമിക്കരുത്, പെണ്‍കുട്ടികളോട് മാത്രമേ റാഗ്ഗിംഗ് ഉള്ളൂ കേട്ടോ
ഇതാണോ റാഗ്ഗിംഗ് എന്ന് ചോതിക്കുന്നവരോട് ഒരു വാക്ക്, റാഗ്ഗിംഗ് നടത്തിയാല്‍ ചവിട്ടി പുറത്തു കളയും എന്ന് പ്രിന്‍സി (പ്രിന്‍സിപ്പല്‍) കര്‍ശന നിര്‍ദേശം തന്നിരിക്കുവാ, അതിനിടയിലാ ഇതെല്ലം അവരുടെ കണ്ണ് വെട്ടിച്ചു ചെയ്യുന്നേ.
എന്റെ കൊച്ചിന്റെ(അതെ ലവളു തന്നെ) ക്ലാസ് എത്തിയപോ അവളെ ആരും റാഗ് ചെയ്യാന്‍ ഞാന്‍ സമ്മതിച്ചില്ല. ഞാന്‍ തന്നെ അവളോട്‌ മാന്യമായ രീതിയില്‍ പേരും നാളും മുതല്‍ കുടുംബ പുരാണത്തില്‍ എത്തി വല്ല തടിമിടുക്കുള്ള ചേട്ടന്മാര് വല്ലതും ഉണ്ടോ എന്ന് വരെ അന്വേഷിച്ചു (ഉണ്ടെങ്കില്‍ പിന്നെ വെറുതെ തടി കേടാക്കണ്ടല്ലോ) ഇത്രയൊക്കെ ചോദിച്ചിട്ടും കക്ഷി മസില് പിടിത്തം വിട്ടില്ല. ചില്ലറ നമ്പര്‍ ഒക്കെ ഇറക്കി നോക്കിയെങ്കിലും ഞാന്‍ ഇതെത്ര കണ്ടതാ എന്ന ഭാവമാ പെണ്ണിന്. അവള്‍ക്കു എന്റെ സ്വഭാവം നന്നായി അറിയാംന്നു തോന്നുന്നു, അല്ലെങ്കി പിന്നെ എന്താ ഇങ്ങനെ.
അവള്‍ മൈന്റു ചെയ്തില്ലെങ്കിലും വേണ്ടില്ല, പാവപ്പെട്ട ഒരു പെണ്‍കുട്ടിക്ക് സമൂഹത്തില്‍ നിന്നും നേരിടുന്ന പ്രശ്നങ്ങളെ തരണം ചെയ്യുവാന്‍ വിശാലമനസ്കനായ ഞാന്‍ അന്നുമുതല്‍ അവളുടെ എസ്കോര്‍ട്ട് പണി ഏറ്റെടുത്തു, അതും ഒരു ശമ്പളവും ഇല്ലാതെ.
എന്തെ മനസ്സിലായില്ലേ??
ഇത്രേയുള്ളൂ.. ഇനി വേറെ വല്ലവനും വഴിയിലെങ്ങാനും കാത്തു നിന്ന് വല്ല ലവ് ലെറ്റര്‍ വല്ലതും കൊടുക്കുന്നുണ്ടോ എന്നറിയണമല്ലോ.
ചെരുപ്പുകള്‍ മാസാമാസം പുതിയത് വാങ്ങി തുടങ്ങി.
ക്ലാസുകള്‍ ഒരുപാട് കഴിഞ്ഞു പോയി
“ഒന്നുകില്‍ ഇഷ്ടമാണെന്ന് പറയണം. അല്ലെങ്കില്‍ ഇഷ്ടമല്ല എന്ന് പറയണം” ഇവളിത് രണ്ടും പറയുന്നില്ല.
അതിനു ഞാന്‍ ഇഷ്ടമാണോ എന്ന് ചോദിച്ചാലല്ലേ അവള്‍ മറുപടി പറയൂ. കേള്‍ക്കേണ്ട താമസം ഇഷ്ടമല്ല എന്ന് തന്നെ അവള്‍ പറയും എന്നു നൂറ്റി ഒന്ന് ശതമാനം ഉറപ്പുള്ളതു കൊണ്ട് ആ ചോദ്യം ചോദിച്ചില്ല (അത്ര നല്ല സ്വഭാവമാ എന്റേത്)
അവള്‍ക്കാണെങ്കില്‍ ചുമ്മാ ഒരു വളിച്ച ചിരിയും കൊഞ്ഞനം കുത്തലും മാത്രം(അത് ചീത്ത വിളിച്ചതാണെന്നാ സഹചാരികള്‍ പറഞ്ഞത്. ച്ചുംമാതെയാ അവര്‍ക്ക് അസൂയയാ).
ഇതൊന്നും വേണ്ടാ, ചുമ്മാ പിന്നാലെ നടക്കണ്ടാ എന്ന് കരുതുമ്പോഴേക്കും ലവള്‍ ഒന്ന് ചെറുതായി പുഞ്ചിരി സമ്മാനിക്കും. അപ്പൊ പിന്നെ വീണ്ടും നടന്നുകളയാം എന്നങ്ങു തീരുമാനിക്കും

അങ്ങനെ ഒരു വര്ഷം അവളുടെ പിറകെ നടന്നു കളഞ്ഞു. അത് കൊണ്ട് ഒരു ഗുണം ഉണ്ടായി മിക്കവാറും എന്നും ക്ലാസിനു പോകും. ഒന്നൂല്ലെങ്കിലും ചുമ്മാ അവളെ കാണാല്ലോ.
ഇതിനിടയില്‍ പല സൈഡ് ‘ലൈനുകളും’ വലിച്ചു. അവയൊക്കെ അത് പോലെ തന്നെ കളയുകയും ചെയ്തു.
ഒരു വര്ഷം കഴിഞ്ഞപ്പോ പ്ലസ്‌ ടു കഴിഞ്ഞത് കൊണ്ട് നമ്മളെ അവിടുന്ന് ചവിട്ടി പുറത്താക്കി അവര്‍ സീനിയെര്സ് കളിച്ചു.ക്ലാസ്സ്‌ കഴിഞ്ഞത് കൊണ്ട് പിന്നെ പിന്നെ ഞാന്‍ ആ ഭാഗത്ത്‌ തിരിഞ്ഞു നോക്കിയില്ല.

അവള്‍ പ്ലസ്‌ ടു കഴിഞ്ഞു കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോ അവളെ വീട്ടുകാര്‍ ഏതോ ഒരു കോന്തന് പിടിച്ചു കെട്ടിച്ചു കൊടുത്തു എന്നറിഞ്ഞു. ഞാന്‍ കറക്കവും ഉറക്കവും പഠനവും പരിപാടികളുമായി ഇങ്ങനെ വേറെ വഴിക്കും നടന്നു.
അവളുടെ കല്യാണം കഴിഞ്ഞു ഒരു രണ്ടു മൂന്നു മാസം കഴിഞ്ഞു കാണും
ഞാന്‍ ഒരു സുഹൃത്തിന്റെ കൂടെ അവന്റെ ചേട്ടന്റെ വീട്ടില്‍ പോയതായിരുന്നു. ലാ സമയത്ത് തന്ന എവിടുന്നോ പൊട്ടി മുളച്ച പോലെ ദേ അവളും അവിടെ വീട്ടിനകത്ത് നിന്നും പുറത്തേക്കു വരുന്നു,

ഇതിപ്പോ… ഇവള്‍….?? എങ്ങിനെ?? ഇവിടെ?!!
ഞാന്‍ ഇപ്പൊ എന്താ ചെയ്ക,
ചിരിക്കണോ..??
വേണ്ടേ.. ?
നോക്കണോ..?
എങ്ങിനെ മുഖത്ത് നോക്കും..??

ഞാന്‍ ആലോചിച്ചു കൊണ്ട് നില്‍ക്കെ അവള്‍ എന്റെ നേരെ നോക്കി ചിരിച്ചു കൊണ്ട് അടുത്തേക്ക് വരുന്നു ആ ഒരു വര്ഷം എന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുതിയതിനെക്കാള്‍ മനോഹരമായി. ഉഗ്രന്‍ ചിരി.. പല്ല് മുപ്പത്തിരണ്ടും.. ഹേയ്‌ അത്രയോന്നുമില്ല. മുന്നിലെ മൂന്നു നാല് പല്ലുകള്‍ മാത്രം കാണുന്ന രീതിയില്‍ ഉഗ്രന്‍ ‘പുഞ്ചിരി’.
“പോടീ, മുന്‍പില്‍ നിന്നു ചിരിക്കാതെ, മനുഷ്യനെ ഒരു കൊല്ലം മുഴുവന്‍ എസ്കോര്‍ട്ട് നടത്തിച്ചിട്ടു അവള് അവളുടെ പാട്ടിനു പോയി എന്നിട്ട് നിന്ന് കിണിക്കുന്നു” എന്ന് പറയണമെന്നുണ്ടായിരുന്നു പക്ഷെ അവളുടെ ചിരികണ്ടാപ്പോ എനിക്ക് അതിനു തോന്നിയില്ല..
കാരണം അവള്‍ എന്നെ ആക്കി ചിരിച്ചതാണോ എന്നൊരു ചിന്ന ഡൌട്ട്. ആണോ?? ഞാന്‍ ഒന്ന് കൂടി നോക്കി.
ഹേയ്, അല്ല..
“…..”
!!! ആണോ.. ???
അല്ല നിങ്ങള്‍ പറ അവള്‍ കളിയാക്കി ചിരിച്ചതാകുമോ..?!!!
എന്തും വരട്ടെ എന്ന് കരുതി ഞാന്‍ ചോദിച്ചു “എന്താ ഇവിടെ?”
“ദെ അതാ എന്റെ ‘ഹസ്’ ന്റെ വീട്” അയല്‍വക്കത്തെ ഒരു വീട് ചൂണ്ടിക്കാട്ടികൊണ്ട് അവള്‍ പറഞ്ഞു.
“ഒഹ്.. അതാണല്ലേ ആ കോന്തന്റെ വീട്” ചോദിക്കണമെന്ന് ഉണ്ടായിരുന്നു. വെറുതെ ഇപ്പൊ തടി കേടാക്കണോ എന്ന് ആലോചിച്ചപ്പോ ചോദിച്ചില്ല
എനിക്ക് ഒരു സ്ടാര്ട്ടിംഗ് ട്രബള്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ. പിന്നെ കുറച്ചു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
ഇതെല്ലം കഴിഞ്ഞു വീണ്ടും ഒരു ചിരി സമ്മാനിച്ചു അവള്‍ അവളുടെ ‘ഹസ്’ ന്റെ വീട്ടിലേക്കു നടന്നു.
എന്റെ കുറെ ജോഡി ചെരുപ്പുകള്‍ തേഞ്ഞു തീര്‍ന്നത് മിച്ചം, അവള് ദെ ഇന്ന് സുഖമായി ജീവിക്കുന്നു.
അതെല്ലാം പോട്ടെ. എടീ ദുഷ്ടേ. നീ ഇഷ്ടമാണെന്നോ പറഞ്ഞില്ല. കല്യാണത്തിനെന്കിലും വിളിക്കാമായിരുന്നു. ഒന്നൂല്ലെന്കിലും കുറെ ചെരുപ്പ് തേഞ്ഞു തീര്‍ന്നില്ലെടീ.

എന്ത് പറയാന്‍,
ഒരു ഉഗ്രന്‍ ബിരിയാണിയാ നഷ്ടപ്പെട്ടത് (മട്ടനായിരുന്നോ അതോ ചിക്കെന്‍ ആയിരുന്നോ എന്തോ…)

22 Dec 2012

ഓഫര്‍ ലെറ്റര്‍

 

ഖലീൽ ആർ എം


എയര്‍പോര്‍ട്ട് റോഡില്‍ , ഗോള്‍ഫ് ക്ലബ്‌ നു മുന്നില്‍ റോഡിനു ഇരുവശവുമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് കണ്ടപ്പോള്‍ ആദ്യം കരുതിയത്‌ എല്ലാം ഗോള്‍ഫ് കളിക്കാന്‍ വന്ന കൂട്ടങ്ങള്‍ ആണെന്നാ .ഗോള്‍ഫ് ക്ലബും കടന്നു വാഹനങ്ങളുടെ നിര നീണ്ടപ്പോള്‍ , തെങ്ങിന്‍ തോപ്പുകള്‍ പോലും വാഹനങ്ങളും ആളുകളും നിറഞ്ഞു കണ്ടപ്പോള്‍ വല്ല അത്യാഹിതാമോ മറ്റോ നടന്നോ എന്നാ ഭയമായി . തിരക്കിനടയിലൂടെ കടന്നു പോകാന്‍ ഞാന്‍ സഞ്ചരിച്ച ബസ്‌ ഏറെ ബുധ്ധിമുട്ടുന്നുണ്ടായിരുന്നു ..
കൊച്ചിന്‍ എയര്‍പോര്‍ട്ട് കണ്‍വെന്‍ഷന്‍ സെന്റെരിലേക്ക് ആണു ഈ നിര എന്നറിഞ്ഞപ്പോള്‍ ചങ്കിടിപ്പ് കൂടി .. തന്നോട് മത്സരിക്കാന്‍ വന്ന കൂട്ടങ്ങള്‍ ആണിതെല്ലാം !! ജോലി തെണ്ടി നടക്കുന്ന കള്ള പരിഷകള്‍ !! ഇവന്മാര്‍ക്ക് മറ്റെവിടെങ്കിലും പോയികൂടെ ? എന്തിനു എന്നും എന്റെ അന്നം മുടക്കാന്‍ എത്തുന്നു ??
ഏറെ പ്രതീക്ഷയോടെ ആണ് ജോബ്‌ ഹന്ടിനു അപ്ലൈ ചെയ്തത് , ഇതെങ്കിലും ഒന്ന് ശരിയായി കിട്ടണേന്നു പടചോനോട് കേണു .. എന്നിട്ടും ഈ ജനക്കൂട്ടം കണ്ടപ്പോള്‍ പകച്ചു .. കഴിഞ്ഞ കുറെ ഇന്റര്‍വ്യൂകല്‍ ഓര്‍ത്തപ്പോള്‍ തെല്ലൊരു ആശ്വാസം ആയി , കൊക്കെത്ര കുളം കണ്ടതാണെന്ന ഭാവം വന്നു .. പക്ഷെ ഒരു കുളവും കൊക്കിനെ സ്വീകരിചില്ലെന്നോര്തപ്പോള്‍ വീണ്ടും മുഖം മങ്ങി !!
വരി വരിയായി നിരത്തിയിട്ട കാസേരകളിലെല്ലാം ആളുകള്‍ വന്നു നിറഞ്ഞു കൊണ്ടിരുന്നു .. ഏറെ കാത്തിരിപ്പിനൊടുവില്‍ ‘ എന്റെ നമ്പറും വന്നു ‘ , തികഞ്ഞ ആത്മവിശ്വാസത്തോടെ കടന്നു ചെന്നു .. എന്നും ഉള്ളപോലെ ‘ കിട്ടിയാല്‍ ഊട്ടി , ഇല്ലെങ്കില്‍ ചട്ടി ‘ എന്നാ മനോഭാവം പാടില്ലെന്നുണ്ടായിരുന്നു .. സര്‍ട്ടിഫിക്കറ്റ് അടങ്ങുന്ന ഫയല്‍ കൊടുത്തു , ചോദിച്ച ഓരോ ചോദ്യങ്ങള്‍ക്കും ശ്രദ്ധിച്ചു ഉത്തരം കൊടുത്തു . ഫൈനല്‍ ഇയര്‍ പ്രൊജക്റ്റ്‌ പോലും ചോദ്യങ്ങള്‍ ആയപ്പോള്‍ തെല്ലൊന്നു പകച്ചെങ്കിലും ഉത്തരം പറയാന്‍ പറ്റി ..
എല്ലാം കഴിഞ്ഞു ഇറങ്ങി പോരുമ്പോള്‍ ഒറ്റയ്ക്ക് ഒരു മഹാ യുദ്ധം ജയിച്ച നിര്‍വിതി .. കയ്യിലെ ‘ ഓഫര്‍ ലെറ്റര്‍’ സൂര്യ പ്രഭയേറ്റ് ചുവന്നു .. ചെമ്മാനത്ത് സൂര്യന്‍ അസ്തമിക്കുകയാണ് .. എനിക്ക് ഇത് പുതിയൊരു ഉദയം .

22 Nov 2012

നാം ആശിക്കുന്നതും ദൈവം കല്‍പ്പിക്കുന്നതും

ലീല എം ചന്ദ്രൻ
 ലീല എം ചന്ദ്രൻ


അയല്‍ക്കാരും സുഹൃത്തുക്കളും ആയ ഞങ്ങള്‍ കുറച്ചു ഫാമിലി എല്ലാവര്‍ഷവും ഓരോ യാത്ര പോകുക എന്ന പതിവ് തുടങ്ങിയിട്ടു ഒരുപാട് നാളുകളായി ...അതനുസരിച്ച് ഞങ്ങളുടെ കഴിഞ്ഞ യാത്ര ഡല്‍ഹിയിലേക്കായിരുന്നു. അടുത്ത ലക്‌ഷ്യം ഹൈദ്ര ബാദും ...കഴിഞ്ഞ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന യാത്ര പലപല കാരണങ്ങള്‍ കൊണ്ട് തിയതികള്‍ മാറിമാറി ഈ നവമ്പര്‍ 8ന് എന്ന് തീര്‍ച്ചയായി.ട്രെയിനില്‍ പോകാനും ഫ്ലൈറ്റില്‍ മടങ്ങാനും മുന്‍ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തു.
ഓരോരുത്തരും യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു തുടങ്ങി. പക്ഷെ ഞങ്ങളുടെ മനസ്സില്‍ മാത്രം ഒരുല്‍സാഹം ഉണ്ടായില്ല.കാരണം ചന്ദ്രേട്ടന്റെ അമ്മ പ്രായത്തിന്റെ അസ്കിതയില്‍ കിടപ്പിലായിരുന്നു.കാൽ മുട്ടിനു വേദന ഉള്ളതിനാല്‍ നടക്കാന്‍ കഴിയില്ലെന്നതൊഴിച്ചാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ അത്രയൊന്നും ഉണ്ടായിരുന്നില്ല എങ്കിലും മക്കളൊക്കെ, പ്രത്യേകിച്ച് ഏകമകന്‍ (അമ്മയ്ക്ക് ഒരു മകനും അഞ്ചുപെണ്മക്കളും ആണുള്ളത്) അടുത്ത് ഉണ്ടാകണമെന്നത് വലിയ ആശയാണ് .ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും കണ്ടില്ലെങ്കില്‍ "മോന്‍ എവിടെപ്പോയി...?


"എന്ന അന്വേഷണമാണ് . തറവാട്ടില്‍ അവിവാഹിതരായ രണ്ടു പെണ്മക്കള്‍ ആണ് അമ്മയെ നോക്കിയിരുന്നത് .അധിക ദൂരത്തല്ല ഞങ്ങള്‍ .അതുകൊണ്ട് എല്ലാ ദിവസവും മകന്‍ അമ്മയുടെ അടുത്തെത്തും ..ഇതിനിടയില്‍ നടക്കുമായിരുന്ന ചില യാത്രകള്‍(ഒരു ദുബായ് യാത്രയും മുംബൈ യാത്രയും ഉള്‍പ്പെടെ ) ഞങ്ങള്‍ ഒഴിവാക്കിയത് അമ്മയുടെ വിഷമം ഓര്‍ത്തു തന്നെയാണ്.പോകാനുള്ള അനുവാദം അമ്മയോട് ചോദിച്ചാല്‍ ഉടന്‍ പറയും "വേണ്ട മോനെ....ഞാന്‍ പോയിട്ട് നീ എവിടെ വേണേലും പൊയ്ക്കോ "എന്ന്.എന്തായാലും അമ്മയെ വിഷമിപ്പിച്ചൊരു യാത്ര വേണ്ടെന്നു ഞങ്ങള്‍ കരുതി. പക്ഷെ ,ഹൈദ്രബാദ് യാത്ര ഞങ്ങളുടെ മാത്രം കാര്യമല്ലാതിരുന്നതിനാല്‍ ഞങ്ങളുടെ പിന്മാറ്റം ഒരു പ്രശ്നമായിരുന്നു.എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനാകാതെ ഞങ്ങള്‍ വിഷമിച്ചു.പോകാനും പോകാതിരിക്കാനും വയ്യാത്ത ഒരവസ്ഥ ....ഒടുവില്‍ അമ്മയെ പറഞ്ഞ് അനുനയിപ്പിച്ച് മൂത്ത പെങ്ങള്‍ അനുവാദം വാങ്ങിത്തന്നു. എങ്കിലും പോകാനുള്ള ദിവസം അടുക്കുന്തോറും ഞങ്ങളുടെ അസ്വസ്തത കൂടി വന്നു.തലേ ദിവസമായിട്ടും പോകാനുള്ള ഒരുക്കം ഞങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല.ഇതിനിടയില്‍ ഒരു ദിവസം അമ്മയെ ആസ്പത്രിയില്‍ കിടത്തി ശരീരത്തിന് അല്പം ഊര്‍ജ്ജം ലഭിക്കാനുള്ള ചികിത്സ ഞങ്ങള്‍ ചെയ്തിരുന്നു....

മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെയായി സംതൃപ്ത ജീവിതം നയിക്കുന്ന അമ്മ ....പെട്ടെന്നൊരു നിത്യ നിദ്രയിലേയ്ക്ക് വീഴുമെന്ന നിലയില്‍ ആയിരുന്നില്ലെന്നത് അരമനസ്സോടെയുള്ള ഞങ്ങളുടെ യാത്രാ ഒരുക്കങ്ങള്‍ക്ക് പ്രേരണയായി. അഞ്ചു ദിവസത്തെ യാത്രയാണ്.8നു പുലര്‍ച്ചയ്ക്ക് പുറപ്പെട്ടാല്‍ 13നു സന്ധ്യക്ക്‌ തിരിച്ചെത്തും . മകന്റെ ഭാര്യയും കുഞ്ഞും വീട്ടിലുണ്ട്. അവരെ അവളുടെ വീട്ടില്‍ കൊണ്ടാക്കണം ...അവളും അതിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. പതിവുപോലെ അമ്മയെ കണ്ട് ഉച്ച കഴിഞ്ഞാണ് ചന്ദ്രേട്ടന്‍ വീട്ടില്‍ വന്നത്. ഊണ് കഴിക്കും മുന്‍പേ ഒരു ബാഗില്‍ ഡ്ര സ്സുകളും മറ്റ് അത്യാവശ്യ സാധനങ്ങളും എടുത്തു വച്ചു . എന്റെ ഡ്രസ്സുകള്‍ എടുക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഊണ് കഴിഞ്ഞാകാം എന്ന് ഞാന്‍ ഒഴിഞ്ഞു മാറി... ഭക്ഷണം കഴിഞ്ഞ് ഞാന്‍ പാത്രങ്ങള്‍ കഴുകാന്‍ തുടങ്ങിയപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു .ഫോണ്‍ സംഭാഷണം കഴിഞ്ഞ് ചന്ദ്രേട്ടന്റെ ഭാവമാറ്റം കണ്ടപ്പോള്‍ എനിക്ക് എന്തോ അരുതായ്ക തോന്നി.... "അമ്മയ്ക്ക്...?" എന്റെ ചോദ്യത്തിന് "ഒന്നുമില്ല ...മാധവിക്കു തലചുറ്റല്‍ പോലും "എന്നാ മറുപടിയാണ് കിട്ടിയത്.അമ്മയോടൊപ്പമുള്ള ഇളയ പെങ്ങളാണ് മാധവി.പുലര്‍ച്ചയ്ക്ക് എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ചാവി തിരിച്ചു വിട്ട പാവയെപ്പോലെ വിശ്രമം ഇല്ലാതെ പണിയെടുക്കുന്ന ഒരപൂര്‍വ ജന്മമാണത്.ആര്‍ക്ക് എന്ത് സഹായം വേണമെങ്കിലും അറിഞ്ഞു ചെയ്യും അവള്‍.

ഒരു പനിയോ തലവേദനയോ വന്നു ഒന്ന് കിടക്കുന്നത് ആരും കണ്ടിട്ടില്ല.അഥവ അങ്ങനെന്തെങ്കിലും ഉണ്ടായാല്‍ തന്നെ ഡോക്ടറെ കാണാനോ മരുന്ന് വാങ്ങാനോ അവള്‍ സമ്മതിക്കുകയുമില്ല. അങ്ങനെയുള്ള മാധവിക്കാണ് തല ചുറ്റല്‍ എന്ന് അറിയിച്ചത്... അതുകൊണ്ടുതന്നെ ഒട്ടും വൈകാതെ, എന്നെപ്പോലും കൂട്ടാതെ ചന്ദ്രേട്ടന്‍ ഉടന്‍ വണ്ടിയെടുത്ത് തറവാട്ടിലെത്തി .പ്രഷര്‍ കൂടിയതാണോ എന്ന് ചെക്ക് ചെയ്തു നോക്കുമ്പോള്‍ ഒരു റിസള്‍ട്ടും കിട്ടിയില്ല.അപ്പോള്‍ ത്തന്നെ കാറില്‍ കയറ്റി ആസ്പത്രിയിലേക്ക് പുറപ്പെട്ടു.തൊട്ടടുത്ത വീട്ടിലെ സ്ത്രീ കൂടെയുണ്ടായിരുന്നു.ആസ്പത്രിയില്‍ എത്തിയില്ല .അതിനുമുമ്പേ .......!! അവിടം കൊണ്ട് ഒന്നും തീര്‍ന്നില്ല...തുടങ്ങിയതെ ഉള്ളു.ആസ്പ്ത്രിയിലെയ്ക്ക് പുറപ്പെടും മുമ്പ് എന്നെ വിളിച്ച് "നീ വേഗം ആസ്പത്രിയിലേക്ക് വാ"എന്ന് മാത്രം ചന്ദ്രേട്ടന്‍ പറഞ്ഞു. ആ വാക്കുകളിലെ ഇടര്‍ച്ച എനിക്ക് മനസ്സിലായി.സീരിയസ്സാണ് കാര്യം എന്നേ തോന്നിയുള്ളൂ.കൂടി വന്നാല്‍ ഐ സി യു വിലാണ് എന്ന് കേള്‍ക്കും എന്ന വിചാരത്തിലാണ് ഞാന്‍ അവിടെ എത്തിയത്.പക്ഷെ....നെഞ്ചുവിങ്ങിക്കരയുന്ന ചന്ദ്രേട്ടന്‍...വിളറി വെളുത്ത് തരിച്ചിരിക്കുന്ന അയല്‍ക്കാരി.{അവരുടെ മടിയില്‍ കിടന്നാണല്ലോ.... )ബന്ധുക്കളെ വിവരം അറിയിക്കുന്ന സുഹൃത്തുക്കള്‍...എല്ലാരേയും അറിയിക്കാം .. .പക്ഷെ.....പോയി വരുമെന്ന പ്രതീക്ഷയോടെ അനുജത്തിയെ കാറില്‍ പിടിച്ചു കയറ്റി അയച്ച ചേച്ചിയോട് എങ്ങനെ പറയും...?
 "വണ്ണം കുറഞ്ഞാലും എന്റെ മക്കളുടെ എണ്ണം കുറയല്ലേ ദേവി "എന്ന് നിത്യവും പ്രാര്‍ഥിക്കുന്ന അമ്മയെ എങ്ങനെ അറിയിക്കും? അതൊരു പരീക്ഷണഘട്ടം ആയിരുന്നു.വിവരം അറിഞ്ഞവര്‍ വിശ്വസിക്കാനാകാതെ സംശയം തീര്‍ക്കാന്‍ വീട്ടിലേയ്ക്ക് വിളിച്ചു.ആരും പറഞ്ഞില്ലെങ്കിലും തുടരെയുണ്ടായ അന്വേഷണം ചേച്ചിയില്‍ സംശയം ഉണര്‍ത്തി.ആ സംശയ നിവൃത്തിക്കായി അവര്‍ ഞങ്ങളെ വീണ്ടും വിളിച്ചു. അമ്മ അറിയാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞങ്ങളും സത്യം ചേച്ചിയെ അറിയിച്ചില്ല. നേരിട്ട് പറയാം എന്ന തീരുമാനത്തോടെ , ബോഡി മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഏര്‍പ്പാട് ചെയ്ത ശേഷം ഞങ്ങള്‍ എത്തുമ്പോഴേയ്ക്കും നാട്ടുകാര്‍ ആ കൃത്യം ഭംഗിയായി നിര്‍വഹിച്ചിരുന്നു. ഉറക്കെക്കരയാനാകാതെ കരച്ചില്‍ ഉള്ളില്‍ ഒതുക്കി നെഞ്ചത്തടിക്കുന്ന ചേച്ചിയെ കണ്ടു നില്ക്കാന്‍ കഴിയുമായിരുന്നില്ല .ദൂരെയുണ്ടായിരുന്ന പെണ്മക്കള്‍ അമ്മയുടെ മരണം ആണ് പ്രതീക്ഷിച്ചത് .വീട്ടിലെത്തി സത്യം അറിഞ്ഞപ്പോള്‍....!!.

ഉച്ചത്തില്‍ കരയരുതേ എന്ന്‍ യാ ചിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ ... അമ്മയോട് ആരും പറഞ്ഞില്ല പക്ഷെ എല്ലാം അമ്മ അറിയുന്നുണ്ടായിരുന്നു എന്നത് സ്പഷ്ടം.അഞ്ചു മിനിറ്റ് കാണാതിരുന്നാല്‍ മോളെ...മോളെ...എന്ന് വിളിക്കുന്ന അമ്മ അന്നേ ദിവസം ഒന്നും മിണ്ടിയില്ല കണ്ണ് തുറന്നില്ല ആരുവിളിച്ചിട്ടും പ്രതികരിച്ചില്ല .വെള്ളം പോലും കുടിക്കാന്‍ കൂട്ടാക്കിയില്ല.രാത്രി ഇരുണ്ടു വെളുത്തു ...
ഒറ്റ രാത്രി കൊണ്ട് അമ്മ ഊ ര്‍ജ്ജം എല്ലാം ചോര്‍ന്ന ഒരെല്ലിന്‍ കൂടായി....ആര്‍ക്കാണ് അപകടം സംഭവിച്ചിരിക്കുന്നതെന്നകാര്യം അമ്മയ്ക്ക് വ്യക്തമായിരുന്നില്ല....മാധവി ഒഴികെ എല്ലാ മക്കളെയും അമ്മ വിളിച്ചു.എല്ലാരും അമ്മയെ മുഖം കാണിച്ചു.എന്നാലും ഇനിയും ആരെയോ തേടുകയായിരുന്നു ആ കണ്ണുകള്‍ ....ബോഡി കൊണ്ടുവന്നപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു."അമ്മയ്ക്ക് മാധവിയെ കാണണോ ...?"അമ്മ തല അനക്കി. ഒന്ന് കാണിക്കാതെ കൊണ്ട് പോയാല്‍ പിന്നെ ഒരിക്കലും സാധിക്കില്ലല്ലോ.എഴുന്നേറ്റിരിക്കാന്‍ അമ്മയ്ക്ക് കഴിയുമായിരുന്നില്ല. അമ്മയുടെ അരികിലേയ്ക്ക് ആ ബോഡി കൊണ്ട് വന്നു കാണിച്ചു.അമ്മ ഒന്നും മിണ്ടാതെ കണ്ണടച്ചതെ ഉള്ളു.....
ഏത് മുജ്ജന്മ പാപമാണ് അമ്മക്ക് അവസാനകാലത്ത് ഈ തീരാ ദുഃഖം നല്‍കിയത്.....?
എല്ലാരുടെയും മനസ്സില്‍ ഞടുക്കമുണര്‍ത്തുന്ന ഓര്‍മ്മയായി മാധവി പോയി....!ആര്‍ക്കും ഒരു ഭാരമാകാതെ....ആരെയും കാത്തു നില്‍ക്കാതെ....!നല്ല മരണം ....! പക്ഷെ...അമ്മ....!ഓരോ നിമിഷവും എണ്ണി ത്തീ ര്‍ക്കുകയാണ്...അമ്മയുടെ മുന്‍പില്‍ കരയാതെ പിടിച്ചു നില്‍ക്കുന്ന ചേച്ചിയോട് ചിലപ്പോള്‍ ചോദിക്കും ... "മോളെ...നീയിതെങ്ങനെ സഹിക്കുന്നു..?.

" സഹനത്തിന്റെ പാരമ്യതയില്‍ അമ്മ ആവശ്യപ്പെടുന്നു.... " എനിക്ക്....മരുന്നുതാ മോളെ..." "എന്തിനു..?" കുഴഞ്ഞ ശബ്ദത്തില്‍ മറുപടി. "വേഗം പോകാന്‍...?" അതിനുള്ള കാത്തിരിപ്പിലാണ് അമ്മയിപ്പോള്‍. *** ** *** തലേന്ന് അമ്മ പൊടുന്നനെ ചന്ദ്രേട്ടനോട് പറഞ്ഞു.. "നീ പോകേണ്ട മോനെ" . അപ്പോള്‍ പെങ്ങള്‍ അമ്മയെ ഓര്‍മ്മിപ്പിച്ചു . "അങ്ങനെ പറയരുതെന്ന് പറഞ്ഞില്ലേ .അവര്‍ പോയി വരട്ടെ". ഒരു പക്ഷെ ഞങ്ങള്‍ പുറപ്പെട്ട ശേഷമാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍....??? അമ്മയ്ക്ക് ഉള്‍വിളി ഉണ്ടായിരുന്നുവോ? ******

22 Oct 2012

എന്റെ ഹിമാലയ യാത്രാനുഭവങ്ങൾ



പ്രഫുല്ലൻ  തൃപ്പൂണിത്തുറ
ജ്യോതിർമഠം അഥവാ ജ്യോഷീമഠ്‌ -8

കുതിരപ്പുറത്തും, നടന്നും, കേദാർനാഥിലേയ്ക്കുപോയവർ മടങ്ങിയെത്തുംവരെ ഞങ്ങൾ ഹെലികോപ്റ്ററിൽ യാത്രകഴിഞ്ഞു നേരത്തെയെത്തിയവർ, രാമപുരത്തുതങ്ങി. രാമപുരത്തെക്കുറിച്ചു പറയുമ്പോൾ ഒരു കാര്യം ഓർക്കുന്നു. ഇന്ത്യയിൽ 17 സ്ഥലത്തു രാമപുരം" എന്ന പേരിൽ പ്രധാനപോസ്റ്റാഫീസുകളുണ്ട്‌. 'രാമരാജ്യ'മാണ്‌ മഹാത്മജി സ്വപ്നം കണ്ടതും. ശ്രീരാമൻ പുരുഷോത്തമനായും മാതൃകാ ഭരണാധികാരിയായും അറിയപ്പെടുന്നു. ശ്രീരാമനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ചിന്തയും ഭാരതത്തിലില്ലതന്നെ!
    ഈ രാമപുരത്തു കുന്നിൻമുകളിൽ ഒരു ക്ഷേത്രമുണ്ട്‌; തികച്ചും ഒരു ഗ്രാമക്ഷേത്രം! ഹിമാലയയാത്രയിലെ ട്രാവൽപാക്കേജിലും ഉൾപ്പെടാത്ത ഒരു സാധാരണ ക്ഷേത്രം. ഓരോ പടവുകൾ കയറുമ്പോഴും, ഓരോ വളവുകൾ തിരിയുമ്പോഴും ക്ഷേത്രനടയിലെത്തി എന്നു ഞങ്ങൾ കരുതി പക്ഷേ ഒന്നരമണിക്കൂർ കുത്തിപ്പിടിച്ചു നടന്നപ്പോഴാണ്‌ മുകളിൽ ക്ഷേത്രം കണ്ടത്‌. ഞങ്ങൾ ക്ഷേത്രത്തിലെത്തിയപ്പോഴേയ്ക്കു
ം രാവിലത്തെയും ഉച്ചത്തേയും പൂജകൾ കഴിഞ്ഞ്‌ ശാന്തിമാർ ക്ഷേത്രം പൂട്ടിപ്പോയിരുന്നു. പക്ഷേ ഞങ്ങൾ ഭഗവതിയേയും ഉപദേവന്മാരേയും ദർശിക്കുകയും എല്ലാവരുടേയും മുന്നിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങളിൽ നാണയങ്ങൾ അർപ്പിയ്ക്കുകയും ചെയ്തു, മടങ്ങി. ഞങ്ങളല്ലാതെ മറ്റൊരാളും ആ ക്ഷേത്രപരിസരത്തുണ്ടായിരുന്നില്ല. കാലം അവിടെ ഒരു നിമിഷം അന്തിച്ചു നിന്നുപോയപോലെ എനിക്കു തോന്നി.
    ഓരോ മലമടക്കിലും അവിടവിടെയായി തീപ്പട്ടിക്കൂടുപോലത്തെ ചെറിയ കോൺക്രീറ്റു വീടുകൾ. അവയുടെ ടെറസിലും വീടിനുചുറ്റും നിറയെ പൂച്ചെടികൾ. അതിലെല്ലാം നിറയെ നല്ല നിറമുള്ള പൂക്കളും! പുറമേ നിന്നും ആരും ദർശനത്തിനെത്താത്തതിനാലാവണം, ഞങ്ങളെകണ്ടപ്പോൾ ആ ഗ്രാമീണർ അത്ഭുതത്തോടെ നോക്കി നിന്നു. ഒടുവിൽ ഞങ്ങൾ ലോഡ്ജിൽ മടങ്ങിയെത്തി.
    ഉച്ചഭക്ഷണം കഴിഞ്ഞ്‌ ഒന്നു വിശ്രമിച്ചപ്പോഴേയ്ക്കും കേദാർനാഥ്‌ യാത്രകഴിഞ്ഞ്‌ മറ്റുള്ളവരും തിരിച്ചെത്തി.
    അപ്പോൾ ഞങ്ങളുടെ ലോഡ്ജിനുതൊട്ടടുത്ത മലനിരകളെ ഉരുമിക്കൊണ്ട്‌ കേദാർനാഥിലേയ്ക്കുപോവുകയും വരുകയും ചെയ്യുന്ന ഹെലിക്കോപ്റ്ററുകൾ അന്തരീക്ഷത്തിൽ ചീറിപ്പായുന്നതുകാണാമായിരുന്നു.
    തുടർന്നു ഞങ്ങൾ എല്ലാവരും ഒരുമിച്ചുള്ള യാത്രതുടർന്നു; ബദരീനാഥിലേയ്ക്ക്‌. (ചതുർധാമങ്ങളെക്കുറിച്ച്‌ മുഖവുരയായി പറഞ്ഞകൂട്ടത്തിൽ ബദരീനാഥ ക്ഷേത്രത്തെക്കുറിച്ച്‌ പറഞ്ഞുവല്ലോ!)

    ആദ്യം ഞങ്ങൾ 'ജ്യോഷീമഠി'ലാണു എത്തിയത്‌. ജില്ലാ ആസ്ഥാനമായ 'ചമോലി'യിൽ നിന്നും 48 കി.മീ ദൂരത്തിലാണ്‌ ജ്യോഷീമഠ്‌. ശരിയായ നാമധേയം ജ്യോതിർമഠമെന്നാണ്‌.
    ശ്രീശങ്കരാചാര്യർ സ്ഥാപിച്ചിട്ടുള്ള നാലുമഠങ്ങളിൽ ആദ്യത്തേതു ഇവിടെയാണ്‌. ഇവിടെ ശ്രീ ബദരീനാഥന്റെ സിംഹാസനം കാണാം. മഞ്ഞുകാലത്ത്‌ ബദരീനാഥ വിഗ്രഹം ഇവിടെ കൊണ്ടുവന്ന്‌ പ്രതിഷ്ഠിച്ച്‌ ആറു മാസം ബദരീനാഥനെ ഇവിടെയാണു പൂജിയ്ക്കുന്നത്‌. ബദരീനാഥക്ഷേത്രത്തിലെ പൂജാരിയും ഹിമപാതം ആരംഭിയ്ക്കുന്നതോടെ ഇങ്ങോട്ടു പോരുന്നു.
    വിഷ്ണുപ്രയാഗിൽവെച്ച്‌ ധ്ലീ ഗംഗയുമായി സംഗമിച്ചൊഴുകുന്ന അളകനന്ദാതീരത്താണ്‌ ജ്യോഷീമഠം. സമുദ്രനിരപ്പിൽ നിന്നും 1890മീറ്റർ ഉയരത്തിലാണ്‌ ഈ പട്ടണം സ്ഥിതിചെയ്യുന്നത്‌. ഋഷികേശിൽ നിന്നും 250 കിലോമീറ്റർ അകലത്തിലാണ്‌ ജ്യോഷീമഠം. ചരിത്രപരമായും ആത്മീയമായും പ്രാധാന്യമുള്ള ജ്യോഷീമഠം ഹിമാലയത്തിലെ മാന,നിതി,താഴ്‌വരകളെ കൂട്ടിയിണക്കുന്നു. ഔലി, നന്ദാദേവീ നാഷണൽപാർക്ക്‌, വാലി ഓഫ്‌ ഫ്ലവേഴ്സ്‌, രൂപ്കുണ്ട്‌, കാമെത്‌, രതാബൻ, ദ്രോണിഗിരി, ബദരീനാഥ്‌, ഭവിഷ്യബന്ദി, വൃബബദി, യോഗധ്യാൻബദി, ഹേകേണ്ഡ്‌ സാഹിബ്‌ തുടങ്ങിയ പുണ്യ-പ്രസിദ്ധ-സ്ഥലങ്ങളിലേക്ക്‌ ഇവിടെനിന്നാണ്‌ തീർത്ഥയാത്ര ആരംഭിയ്ക്കുന്നത്‌. ഈ പട്ടണത്തിൽ താമസിച്ച്‌ തുടർന്നുള്ള യാത്രകൾക്കുവേണ്ട ഊർജ്ജവും തീർത്ഥാടകർ സംഭരിക്കുന്നു.
    തന്ത്രപരമായും സൈനികമായും നിർണ്ണായക പ്രാധാന്യമുള്ള ഈ നഗരത്തിൽ നിന്നും ഇന്ത്യാ-ചൈനാ അതിർത്തിയിലേക്ക്‌ കേവലം 100 കി.മീ മാത്രം അകലമേയുള്ളു. അതുകൊണ്ടുതന്നെ ജ്യോഷീമഠിന്റെ പലഭാഗങ്ങളിൽനിന്നാലും ഹിമാലയകൊടുമുടികളുടെ മനോഹാരിത ആസ്വദിയ്ക്കാനാകും.
    1962ലെ ചൈനീസ്‌ ആക്രമണശേഷം ജമ്മുകാശ്മീർ മുതൽ അരുണാചൽപ്രദേശ്‌ വരെ നീണ്ടു കിടക്കുന്ന 3000 കി.മീ അതിർത്തിപ്രദേശം ഇൻഡോ-തിബത്തൻ അതിർത്തി സംരക്ഷണസേനയുടെ സംരക്ഷണയിലാക്കിയിരിയ്ക്കുന്നു.
    ജ്യോഷിമഠിനെ 'ഔലിയു'മായി ബന്ധിപ്പിയ്ക്കുന്ന റോപ്‌ വേ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയതും ഉയരത്തിലുള്ളതുമാണ്‌. 40 മീറ്റർ ശരാശരി ഉയരമുള്ള ഈ റോപ്പ്‌ വേയുടെ നീളം 4.15 കി.മീയാണ്‌. 10 ടവറുകൾ ഉപയോഗിച്ചാണ്‌ ഈ റോപ്പ്‌ വേ നിർമ്മിച്ചിരിക്കുന്നത്‌. ഒരു കേബിൾ കാറിൽ 25 പേർക്കു ഒരുമിച്ചു യാത്രചെയ്യാവുന്ന ഈ റോപ്പ്‌ വേയ്ക്കു 28.07.1983ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്‌ തറക്കല്ലിട്ടത്‌.

    ജോഷിമഠ്‌ പട്ടണത്തിൽ ഒരു പുരാതന ദുർഗ്ഗാക്ഷേത്രമുണ്ട്‌. ഈ ക്ഷേത്രത്തിൽ ഒരു വലിയ വാസുദേവ പ്രതിമയുണ്ട്‌. ശ്രീശങ്കരാചാര്യസ്വാമികളാണ്‌ ഈ പ്രതിമ സ്ഥാപിച്ചതു. ഈ ക്ഷേത്രത്തിന്റെ ഇടതുഭാഗത്ത്‌ ഒരു നരസിംഹ ക്ഷേത്രവുമുണ്ട്‌. നേപ്പാളിലെ ഗണ്ഡകി നദിയിൽ നിന്നും ലഭിച്ച നരസിംഹ വിഗ്രഹം ശ്രീശങ്കരനാണത്രെ ഇവിടെ പ്രതിഷ്ഠിച്ചതു. ഇവിടത്തെ കൽപവൃക്ഷച്ചുവട്ടിൽ വെച്ച്‌ ശ്രീശങ്കരന്‌ ജ്ഞാനോദയമുണ്ടായത്‌ നരസിംഹമൂർത്തിയുടെ അനുഗ്രഹത്താലാണെന്നും പരക്കെ വിശ്വസിയ്ക്കപ്പെടുന്നു.
    ബദരിനാഥ്‌ - കേദാർനാഥ്‌ ക്ഷേത്രക്കമ്മറ്റിയുടെ ആസ്ഥാനം കൂടിയാണ്‌ ജ്യോഷീമഠ്‌.
    എട്ടാം ശതകത്തിൽ ശ്രീശങ്കരൻ ഇവിടെയുള്ള ഗുഹയിൽ കഠിനതപസ്സ്‌ അനുഷ്ഠിച്ചുവേന്നും തപസിന്റെ അന്ത്യത്തിൽ ജ്ഞാനോദയമുണ്ടായെന്നും വിശ്വസിയ്ക്കപ്പെടുന്നു. ആ ഗുഹയിലിരുന്നാണത്രെ ആദിശങ്കരൻ ഉപനിഷത്തുകൾക്കും ഗീതയ്ക്കും ഭാഷ്യങ്ങൾ ചമച്ചതു.
    ശ്രീശങ്കരൻ ഇവിടെയാണ്‌ ആദ്യമഠം സ്ഥാപിച്ചതു. ഒറീസ്സയിൽ ജഗന്നാഥപുരിയിലും ഗുജറാത്തിൽ ദ്വാരകയിലും കർണ്ണാടകയിൽ ശൃംഗേരിയിലും പിന്നീട്‌ അദ്ദേഹം മഠങ്ങൾ സ്ഥാപിച്ചു.
    കേദാർനാഥിലും ബദരിനാഥിലും പോകുമ്പോഴും വരുമ്പോഴും മിക്കവാറും തീർത്ഥാടകർ ജ്യോഷീമഠിൽ എത്തുന്നു. താമസസൗകര്യങ്ങളും ഹോട്ടൽ സൗകര്യങ്ങളുമുള്ള ഈ പട്ടണം തീർത്ഥാടകർക്കു അനുഗ്രഹമാണ്‌. ഇഡ്ഢലിയും ദോശയുമെല്ലാം ലഭിയ്ക്കുന്ന ഹോട്ടലുകളും ഇവിടെയുണ്ടെന്നത്‌ ദക്ഷിണേന്ത്യയിൽ നിന്നും വരുന്നവർക്കും ആശ്വാസകരമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!
    ഈ യാത്രയിൽ ഭഗീരഥി നദിയ്ക്കുമേൽ നിർമ്മിച്ചിട്ടുള്ള 'തിഹരി' അണക്കെട്ട്‌ പ്രകൃതിയുടേയും ശാസ്ത്രത്തിന്റെയും മനുഷ്യപ്രയത്നത്തിന്റെയും ഒരത്യപൂർവ്വസാഗരമത്രെ!
    ഈ കുറിപ്പിലെ തുകകളും അക്കങ്ങളും ധൈര്യമായി രേഖപ്പെടുത്താൻ ഈ ലേഖകനെ സഹായിച്ചതു ശ്രീ.എം.പി.വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിൽ എന്ന ബൃഹത്തായ യാത്രാവിവരണമാണെന്നു നന്ദിപൂർവ്വം സ്മരിക്കുന്നു.

തുടരും...

19 Sept 2012

ഒറ്റാല്‍

രശ്മി കെ.എം

ഈ നാട്ടില്‍ ഞാന്‍ ആദ്യമാണ്.
കേട്ടിട്ടില്ലാത്ത ഭാഷ.
കണ്ടിട്ടില്ലാത്ത ജീവജാലങ്ങള്‍.
ഓരോന്നും വേറേ മണക്കുന്ന ഇടം.

വഴികള്‍
മൃദുവും നിരപ്പുള്ളവയുമായി തോന്നിച്ചു.
വഴുക്കിവീഴ്ത്തുന്ന ഇടങ്ങള്‍
വിദഗ്ധമായി ഒളിച്ചിരുന്നു.

വഴികാട്ടിയായത്
കുട്ടികളെപ്പോലെ തോന്നിച്ച ഒരാള്‍.
പുറം തിരിഞ്ഞപ്പോള്‍ കഠാര.

ചൂണ്ടുപലകകളുടെ കൃത്യത
എല്ലായ്പ്പോഴും വഴിപിഴപ്പിച്ചു.
തൊട്ടുനില്‍ക്കുന്നു എന്നു തോന്നിപ്പിച്ചവ
വിരല്‍ നീട്ടും മുന്‍പു മാഞ്ഞു പോയി.

സൂര്യന്‍ ദിശ മാറി ഉദിച്ചു
കാറ്റ് താഴേയ്ക്കു മാത്രം ഊതി.
ഉപ്പുചുവയ്ക്കുന്ന മഴകള്‍
നിര്‍ത്താതെ പെയ്തു.

കണ്ണാടിക്കൂടിനുള്ളില്‍ എല്ലാം
ഭദ്രമെന്നു തോന്നിച്ചു
സ്പര്‍ശിക്കപ്പെടാത്ത പ്രതിമകള്‍
വീര്‍പ്പുമുട്ടലടക്കിപ്പിടിച്ചു.

ചരിവിടങ്ങളിലേക്കു വെള്ളം
തനിയേ ആവേശിക്കപ്പെടുമെന്ന
സയന്‍സു പഠിച്ച പുഴമീന്‍
കടലൊച്ച കേട്ടു നടുങ്ങി.

കാണുന്നതൊന്നും
തിരിച്ചറിയാനാകുന്നില്ല.
കാണാനരുതാത്തവ
കരള്‍ തുരന്നു ചിരിക്കുന്നു.
ചിലപ്പോള്‍ ഇറുകിപ്പിടിച്ചും
അല്ലാത്തപ്പോള്‍ അയഞ്ഞുതൂങ്ങിയും
അപാകത്തിലായിരിക്കുന്ന ഇവിടം
എനിക്കു പിടിക്കുന്നേയില്ല.

എപ്പോഴോ മഴ നിലച്ചപ്പോള്‍
ഉണക്കപ്പുല്ലുകളെ തീ നക്കിത്തിന്നു.
ഓരോ യാത്രകളേയും
പുറപ്പെടും മുന്‍പേ ഞെക്കിക്കൊല്ലാനായിരുന്നെങ്കിലെന്ന്
കാലു വെന്ത നായ
ഓടിനടന്നു വിഭ്രമിച്ചു.

എന്തായാലും, ഒടുവില്‍ കിട്ടി.
ശ്വാസക്കുഴലിനോടൊപ്പം
ആത്മഹത്യ ചെയ്യാതെ പോയതിന്
ഒരു ഷോക്കോസ് നോട്ടീസ്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...