Showing posts with label 102. Show all posts
Showing posts with label 102. Show all posts

26 Mar 2013

ഫ്രിജ്മുറാറിലെ തോട്ടികള്‍

ശിഹാബ്  മദാരി 



മുനിസിപ്പാലിറ്റിയുടെ ഗാര്‍ബേജ് ബോക്‌സിനുള്ളിലേക്ക് ഖാവര്‍ തന്റെ നീളന്‍ വടി കുത്തിത്തുഴഞ്ഞു . അന്നു പെയ്ത മഴയില്‍ നനഞ്ഞു കുതിര്‍ന്ന അവശിഷ്ടങ്ങളില്‍ നിന്ന് രൂക്ഷ ഗന്ധം പുറത്തേക്ക് വമിച്ചു . ഭക്ഷണ ശകലങ്ങള്‍ തേടി അങ്ങിങ്ങ് ചുറ്റിപ്പറ്റി നിന്നിരുന്ന പൂച്ചകളും പൂച്ചക്കുഞ്ഞുങ്ങളും ഖാവറിന്റെ സാമീപ്യമറിഞ്ഞു നാലുപാടും ചിതറിയോടി . കച്ചറപ്പെട്ടികളില്‍ തിരഞ്ഞു ശേഖരിച്ച ഹാര്‍ഡ്‌ബോര്‍ഡുകളും ഒഴിഞ്ഞ ബോട്ടിലുകലുമെല്ലാം പഴഞ്ചന്‍ സൈക്കിളിന്റെ പുറകില്‍ ഭദ്രമായി കെട്ടി ഫ്രിജ് മുരാരിന്റെ നനഞ്ഞ റോഡിലൂടെ സൈക്കിള്‍ മുന്നോട്ടു തുഴഞ്ഞു .
ഫിജ്മുറാറെന്നാല്‍ ഇടുങ്ങിത്തിങ്ങിയ മൂന്നാലു ഗലികളാണ് . അധികം ഉയരമില്ലാത്ത കെട്ടിടങ്ങള്‍ , വൃത്തിഹീനമായ ചെറിയ വില്ലകള്‍ , മുറുക്കാന്‍ ചവച്ചു തുപ്പിയ ഇടവഴികളും , കെട്ടിട പാര്‍ശ്വങ്ങളും .രാത്രിയായാല്‍ ആഫ്രിക്കക്കാരും , ചീനക്കാരും , ഉസ്‌ബെക്കികളുമായ വേശ്യകളും ; പാകിസ്ഥാനികളും , ബംഗാളികളും , ഇന്ത്യക്കാരുമായ കുടിയന്മാരും നിറയുന്ന ഗലികള്‍ . മസ്സാജു കാര്‍ഡുകളും കയ്യില്‍ പിടിച്ചു പിമ്പുകള്‍ നിറയുന്ന വഴികള്‍ . ഇരുട്ടിന്റെ മറവില്‍ മദ്യക്കച്ചവടം നടത്തുന്ന തമിഴന്റെയും , ആന്ധ്രാക്കാരുടെയും ആവാസ കേന്ദ്രം !
അന്ന് പെയ്ത മഴയില്‍ പൊടിപടലങ്ങള്‍ തൂത്തു കുളിച്ച കെട്ടിടങ്ങള്‍ ഒരുങ്ങി നിന്നു . റോഡുകള്‍ അധികവും വെള്ളത്തിനടിയില്‍ തന്നെയാണ് . നടപ്പാതകള്‍ക്ക് സമാന്തരമായി റോഡിലുയര്‍ന്ന ജലം വലിച്ചെടുക്കാന്‍ പാടുപെടുന്ന െ്രെഡനേജുകള്‍ . ആകാശം ചുവപ്പിച്ച അപരാഹ്നസൂര്യനെ മങ്ങിപ്പിച്ചു നിലകൊള്ളുന്ന കാര്‌മേഘങ്ങളെയും , റോഡില്‍ ഇടവിട്ട് നീങ്ങുന്ന മോട്ടോര്‍ വാഹനങ്ങളേയും , കാല്‍നടയാത്രക്കാര്‍ നിറഞ്ഞ തിരക്ക് പിടിച്ച വീഥികളേയും പിന്നിലാക്കി നനഞ്ഞു കുതിര്‍ന്ന സാല്‍വാര്‍ ഖമീസില്‍ നഷ്‌വാറിന്റെ ലഹരിയില്‍ തന്നോളം പ്രായമായ സൈക്കിള്‍ ഖാവര്‍ മുന്നോട്ടു ചവിട്ടിക്കൊണ്ടിരുന്നു . പുറകിലെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ അമര്‍ത്തിവെച്ച ബോട്ടിലുകള്‍ അയാളുടെ ചലന താളത്തിനൊത്ത് ശബ്ദിച്ചു കൊണ്ടുമിരുന്നു .
വില്ലയിലെത്തുമ്പോള്‍ നന്നായി ഇരുട്ടിയിരുന്നു . തുരുമ്പിപ്പഴകിയ ഗെയിറ്റിനുള്ളിലൂടെ സൈക്കിള്‍ ശ്രമകരമായി അകത്തേക്ക് കടത്താന്‍ ശ്രമിക്കുമ്പോള്‍ പഞ്ചാബിക്കാരനായ സുഹൃത്ത് കുല്‍ദീപ് പുറത്തേക്കിറങ്ങി വരുന്നത് കണ്ടു .’ ഖാവര്‍ ‘
കുല്‍ദീപ് വിളിച്ചു .
‘ ഊം ‘
ഖാവറൊന്നു മൂളി . ഗെയിറ്റ്കടന്നു .
വിശാലതയുള്ള ഒരിടത്തെക്കാണ് വാതില്‍ തുറക്കുന്നത് .
ഒരു വശം നിറയെ നിര്‍ത്തിയിട്ട സൈക്കിളുകളാണ് . മറുവശത്ത് നീണ്ട അഴകളില്‍ ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങളും .
പല നിറങ്ങളിലും രൂപങ്ങളിലും , വലിപ്പത്തിലുമുള്ള വസ്ത്രങ്ങള്‍ !
ഓരോരോ ജീവിതങ്ങളുടെ പ്രതീകമെന്നോണം മഴയില്‍ നനഞ്ഞു കാറ്റില്‍ ഉലഞ്ഞു കിടന്നു . തൊട്ടടുത്ത് ഒറ്റയും തെറ്റയുമായി പാന്‍ ചവച്ചു വെടി പറഞ്ഞിരിക്കുന്ന ബംഗാളികള്‍ .
സൈക്കിള്‍ ചുവരിനോട് ചേര്‍ത്തു പൂട്ടി ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ഇരുവശങ്ങളിലുമായി ഭക്ഷണം പാകം ചെയ്യുകയും ശബ്ദമുണ്ടാക്കി സംസാരിക്കുകയും ചെയ്യുന്നവരില്‍ ചിലര്‍ ഖാവറിനെ അഭിവാദ്യം ചെയ്തു .
ചിരപരിചിതങ്ങള്‍ !
കലങ്ങളില്‍ വേവുന്ന ഭക്ഷണത്തിന്റെ ഇടകലര്‍ന്ന ഗന്ധം വായുവില്‍ വ്യാപരിക്കുന്നു .ആരിലും പ്രത്യേകമായൊരു ശ്രദ്ധ നല്‍ക്കാതെ ഖാവര്‍ മുറിയിലേക്ക് കയറി . ഏതോ ഹിന്ദിപ്പാട്ടിന്റെ നഗ്‌നസുതാര്യതകളില്‍ ടിവിയില്‍ തന്നെ ആണ്ടു പോയ രിസാവുല്‍ ഖാവരിന്റെ ആഗമനമറിഞ്ഞു തപ്പിപ്പിടഞ്ഞെണീറ്റു .
‘ ഹോ , പേടിപ്പിച്ചല്ലോ . കുറെ വൈകിപ്പോയല്ലോ ഇന്ന് ? ‘
‘ നാശം ..! പുറത്താകെ വെള്ളമാണെടോ , നടക്കാന്‍ കൂടി കഴിയുന്നില്ല ‘.
ടര്‍ക്കിയില്‍ മുഖം തുടച്ചു കൊണ്ട് ഖാവര്‍ പ്രതിവചിച്ചു .
രിസാവുല്‍ ബംഗാളിയാണ് . പാകിസ്ഥാനിയായ ഖാവറിനെപ്പോലെ തന്നെ രേഖകള്‍ ഒന്നുമില്ലാതെ വര്‍ഷങ്ങളായി ഇവിടെ കഴിയുന്ന അനേകം പേരില്‍ ഒരാള്‍ . പൊതുവായി പ്രയോഗിച്ചാല്‍
‘ ഖല്ലി വല്ലി ‘.
‘ ഞാന്‍ രണ്ടു ചായ വാങ്ങിച്ചു വരാം , താന്‍ പെട്ടെന്ന് റെഡിയാക് . ഇന്നൊരിടത്തു പോകാനുണ്ട് ‘ .
‘ എവിടേക്ക് ?’
‘ അതൊക്കെ അവിടെ ചെല്ലുമ്പോ കാണാം . എപ്പോഴത്തെയും പോലെ താന്‍ കൂടെ വന്നാ മാത്രം മതി !’
ഇത്തിരി ശങ്കയില്‍ നോക്കി നില്‍ക്കുന്ന ഖാവരിനെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചു രിസാവുല്‍ പുറത്തേക്കിറങ്ങിപ്പോയി . കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ ഖാവര്‍ നിശ്ശബ്ദനായി . ബാത്ത് റൂമില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും രിസാവുല്‍ റെഡിയായിക്കഴിഞ്ഞിരുന്നു.
‘ പെട്ടെന്നിറങ്ങണം ടിറ്റുവും , ശാബാനും വരുന്നതിനു മുന്‍പ് ‘.
രിസാവുല്‍ പ്രസന്നനായി കാണപ്പെട്ടു . അയാളുടെ കൂമന്‍ കണ്ണുകളില്‍ വെളിച്ചം തെളിഞ്ഞു . ഖാവറിനു കാര്യങ്ങള്‍ ഏതാണ്ട് പിടി കിട്ടിത്തുടങ്ങിയിരുന്നു . അത് കൊണ്ട് തന്നെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ രിസാവുലിനെ അനുഗമിച്ചു .
വില്ലയെ പൊതിഞ്ഞു നില്‍ക്കുന്ന ഉയരമുള്ള താബൂക് മതിലിനു പുറത്ത് ഗെയിറ്റിനു ഇരുവശങ്ങളിലുമായി പടര്‍ന്നു നില്‍ക്കുന്ന ആല്‍മരങ്ങള്‍ . ആകാശം മറച്ചു ഇലകള്‍ പാകിയ ചില്ലകള്‍ക്ക് കീഴില്‍ ചിതറിക്കിടക്കുന്ന ആലിലകള്‍ . പച്ചയും പഴുത്തതും ഉണങ്ങിയതുമായവ .,ഖാവര്‍ ഒരു നിമിഷം അത് നോക്കി നിന്നു . അസ്വസ്ഥനായി തല വെട്ടിച്ചു .
ആല്മരങ്ങല്‍ക്കായി കെട്ടിപ്പൊക്കിയ സിമന്റു തറയില്‍ ചാരി നിര്‍ത്തിയിട്ടിരിക്കുന്ന ഉന്തുവണ്ടികള്‍ . രാത്രികളില്‍ പലരും ഈ തറകള്‍ക്കും ഉന്തുവണ്ടികള്‍ക്കും മുകളിലാണ് ഉറങ്ങാറ്! കുറച്ചപ്പുറത്ത് നിലത്തു നീട്ടി വിരിച്ച പ്ലാസ്റ്റിക് ഷീറ്റിനു മുകളില്‍ സീഡികള്‍ വില്‍പ്പന നടത്തുന്ന ചീനക്കാരി . ലുങ്കിയുമുടുത്ത് മദ്യവും മോന്തി കശപിശയുണ്ടാക്കുന്ന തമിഴരെക്കണ്ടപ്പോള്‍ ഖാവര്‍ രിസാവുളിനോടായി പറഞ്ഞു .
‘ ഹറാമി……. ഹിന്ദികള്‍ ‘
വട്ടത്തിലിരുന്നു ചീട്ടു കളിച്ചു കൊണ്ടിരിക്കുന്ന പാകിസ്ഥാനികളുടെയിടയിലേക്ക് ഖാവര്‍ നടന്നു .
‘ ഖലീല്‍ നഷ് വാറുണ്ടോ കയ്യില്‍ ? ‘
ചെമ്പന്‍ കണ്ണുകള്‍ കൂര്‍പ്പിച്ചു ചീട്ടു മറച്ചു പിടിച്ചു വെള്ളം കാണാത്ത തല കളത്തില്‍ നിന്ന് തിരിക്കാതെ ചെളിപിടിച്ച നീളന്‍ ഖമീയസിന്റെ കീശയില്‍ നിന്ന് ഖലീല്‍ പ്ലാസ്ടിക്കില്‍ പൊതിഞ്ഞ പച്ച നിറത്തിലുള്ള നഷ് വാര്‍ ഖാവറിന്നു നേരെ നീട്ടി .
‘ ചലോ , പിന്നീട് കാണാം !’
ഖാവര്‍ തിരിഞ്ഞു നടന്നു .
മഴയുടെ ആലസ്യത്തില്‍ നിന്ന് രാത്രിയുടെ മേല്‍ത്തട്ടിലേക്ക് തെരുവ് വിളക്കുകള്‍ കത്തിയുണര്‍ന്നു . ഇലക്ട്രിക് ബള്‍ബുകളുടെ സ്ഥായീഭാവമായ മഞ്ഞ പ്രകാശം വിളക്ക് കാലുകളില്‍ നിന്ന് വായുമണ്ഡലത്തിലേക്ക് പടര്‍ന്നു പരസ്പരം ലയിച്ചു നിന്നു . വ്യാപാര സ്ഥാപനങ്ങളിലെ ഡമ്മികള്‍ വഴിയാത്രക്കാരെ ചലനമറ്റു നോക്കി നില്‍ക്കുന്നു . മുന്നോട്ടു സിഗ്‌നല്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ ഇരുളിന്റെയിടകളില്‍ മാംസം പങ്കു വെക്കാന്‍ മാടി വിളിക്കുന്ന തെക്കന്‍ ഏഷ്യന്‍ പെണ്ണുങ്ങള്‍ . ഇനിയും തീര്‍ന്നിട്ടില്ലാത്തതെന്തോ തീര്‍ക്കുവാനെന്ന പോലെ അതിവേഗം അടുക്കുകയും അകലുകയും ചെയ്യുന്ന വഴിയാത്രക്കാര്‍ . തങ്ങളെ വിളിച്ചുകൊണ്ടിരിക്കുന്ന പിമ്പുകളെ പോലും ശ്രദ്ധിക്കാതെ ഗൂഡമായി നീങ്ങുന്ന രിസാവുലിനെ ഖാവര്‍ അജ്ഞനായി പിന്തുടര്‍ന്നു .സിഗ്‌നല് കടന്നു ഗലികള്‍ പിന്നിട്ടു സബക ലക്ഷ്യമാക്കി നീങ്ങി .
തെരുവുകള്‍ ജനസാന്ദ്രമാണ് . ഒന്ന് മറ്റൊന്നിനോട് യോജിക്കാത്ത വ്യത്യസ്ത ഭാവങ്ങളുള്ള തെരുവുകള്‍ . പ്രത്യേകം പ്രത്യേകം രൂപ കല്പന ചെയ്ത പോലെയാണത് . വസ്ത്രങ്ങള്‍ക്ക് മാത്രമായൊരു ഗലിയെങ്കില്‍ പാദരക്ഷകള്‍ക്കായി മറ്റൊന്ന് . ഇലക്ട്രോണിക്‌സിനും വീട്ടു പകരണങ്ങള്‍ക്കുമായി ഓരോന്ന് . നരച്ചു വെളുത്ത ഖാവറിന്റെ തലയിലെ വികൃത ചിന്തകളെ പ്പോലെ എണ്ണിയാലൊടുങ്ങാത്തത്ര !
തെരുവിലെ പ്രകാശത്തിന്റെ സാന്ദ്രത കൂടിക്കൂടി വന്നു . വൈകുന്തോറും പുരുഷാരം നിറയുന്ന മേഖല . പുലരുവോളം തുടര്‍ന്ന് പോകുന്ന ഈ നൈരന്തര്യങ്ങളില്‍ പക്ഷെ ഖാവറിന് താല്പര്യം തോന്നിയില്ല. വര്‍ഷങ്ങളായി കാണുന്ന കാഴചകളാണിതെല്ലാം . മൌനിയായി നീങ്ങുന്ന രിസാവുലിനെ പിന്തുടരുക എന്നല്ലാതെ മറ്റൊന്നിനും അയാളുടെ ചിതകളുടെ ഇതള്‍ വിടര്‍ത്താനായില്ല . ഓരോരോ നിമിഷങ്ങള്‍ക്ക് മാത്രമായി തുടരുന്ന ജീവിതത്തിന്റെ അടയാളങ്ങളായി ഖാവറും രിസാവുലും ചരിച്ചു കൊണ്ടിരുന്നു . തിങ്ങിയ വഴികളിലെ നടത്തം ശ്രമകരമാണ് . ചുമലില്‍ തുണിക്കെട്ടുകളുമായി ഒരു അഫ്ഗാനി അവരെ തട്ടിത്തെരിപ്പിച്ചു കടന്നു പോയി .
തിരക്കില്‍ നിന്ന് പെട്ടെന്ന് ഖാവരിന്റെ കൈക്ക് പിടിച്ചു രിസാവുല്‍ ബില്‍ഡിങ്ങുകല്‍ക്കിടയിലൂടെ നടന്നു . മുറികളില്‍ നിന്നുള്ള വെളിച്ചം മാറ്റി നിര്‍ത്തിയാല്‍ ഇരുട്ട് കനക്കുന്ന വഴി . ഇത്തിരി നടന്നു റോഡിന്നഭിമുഖമായി പുറത്തേക്ക് തുറക്കുന്ന വാതിലുകളുള്ള ഒരു അപാര്‍ടുമെന്റിനു
മുന്നിലെത്തിയപ്പോള്‍ രിസാവുല്‍ തിരിഞ്ഞു നിന്നു .
ചുണ്ടുകള്‍ ഖാവരിന്റെ ചെവികളോട് ചേര്‍ത്തു മന്ത്രിച്ചു .
‘ ഇതാണ് സ്ഥലം ‘.
ഖാവര്‍ ചുറ്റുപാട് വീക്ഷിച്ചു .അന്ധകാരത്തില്‍ പതുങ്ങി നില്‍ക്കുന്നവര്‍ അവരെ ഉറ്റു നോക്കുന്നു. അത് കണ്ട രിസാവുല്‍ പറഞ്ഞു .
‘ അങ്ങോട്ടൊന്നും നോക്കാന്‍ പോകേണ്ട …. അതൊക്കെ വിട് .. അകത്തു കൌണ്ടറില്‍ ഒരാള്‍ക്ക് പത്തു ദിര്‍ഹം വീതം കൊടുക്കണം .’
കട്ടിയുള്ള തുണിശ്ശീല മൂടിയ കമാനങ്ങള്‍ക്ക് ഇടയില്‍ സ്വീകരണ കൌണ്ടര്‍ . തൊട്ടു മുന്നില്‍ മുകളിലേക്കൊരു ഗോവണി . ഗോവണിയില്‍ ഇരുവരെയും ശ്രദ്ധിച്ചു കൊണ്ടൊരു മധ്യവയസ്‌കന്‍ . ഖാവര്‍ ഖമീയസിന്റെ കീശയില്‍ നിന്ന് കാശെടുത്ത് കൌണ്ടറില്‍ നല്‍കി. കൌണ്ടറിലുള്ളവര്‍ അവരെ ശ്രദ്ധിക്കുന്നേയില്ല . തവിട്ടു നിറമുള്ള നിലവിരി വിരിച്ച ഗോവണിക്ക് മുകളില്‍ മദ്യലഹരിയില്‍ ആടിക്കൊണ്ടിരിക്കുന്ന മധ്യവയസ്‌കന്‍ അവരെ മുകളിലേക്ക് ക്ഷണിച്ചു .
അയാളെ അനുഗമിച്ചെത്തിയത് ഇരു വശങ്ങളിലും റൂമുകളുള്ള ഹാളിലാണ് .ഇരുവരും അയാള്‍ക്ക് പുറകില്‍ നിന്നു . നിറം കുറഞ്ഞു കത്തുന്ന ബള്‍ബുകളുടെ പ്രകാശത്തില്‍ മുങ്ങി വിവിധ രാജ്യക്കാരായ അഭിസാരികകള്‍ . സരളമായി എന്നാല്‍ ആര്‍ത്തിയോടെ നോക്കുന്ന കണ്ണുകള്‍ . ചില സ്ത്രീകളുമായി വില പേശി നില്‍ക്കുന്ന പുരുഷന്മാരെയും കാണാം . വിവിധ തരക്കാരും നിറക്കാരുമായ വേശ്യകളുടെ അംഗവിക്ഷേപങ്ങളില്‍ ഖാവര്‍ ഉണര്‍ന്നു തുടങ്ങിയിരുന്നു . ഉള്‍പ്പുളകത്തോടെ അയാള്‍ അവരെ നോക്കിക്കൊണ്ട് നിന്നു. മധ്യവയസ്‌കന്‍ ഓരോരുത്തരെയായി പരിചയപ്പെടുത്തിക്കൊണ്ടിരുന്നു .
സ്ലീവ്‌ലെസ്സ്‌ടോപ്പും മിഡിയുമിട്ടു കുന്തിച്ചിരുന്നു സിഗരട്ട് വലിക്കുന്ന പൂച്ച്ചക്കണ്ണിയെ ചൂണ്ടിപ്പറഞ്ഞു .
‘ തുര്‍ക്കി ‘ .
ദാവണിയിലും പാവാടയിലും ചുരിദാരിലുമൊക്കെയായി നില്‍ക്കുന്ന കുട്ടിപ്പെണ്ണുങ്ങളെ കാണിച്ചിട്ടു പറഞ്ഞു
‘ ഇന്ത്യക്കാരാണത് ‘.
കയ്യിലൊരു ബിയര്‍ ഗ്ലാസ്സുമായി വാതിലില്‍ ചാരി നില്‍ക്കുന്ന ശൃംഗാരഭാവക്കാരിയായ തടിച്ചിയെ നോക്കിപ്പറഞ്ഞു .
‘ പാകിസ്ഥാനി ‘
ഖാവരിന്റെ കണ്ണുകള്‍ ഒരിടത്തുമുറക്കാതെ അലഞ്ഞു തിരിഞ്ഞു . ഇയര്‌ഫോണിലെ മ്യുസിക്കിനൊത്തു താളത്തില്‍ തലയാട്ടി നില്‍ക്കുന്ന വെളുത്തു മെലിഞ്ഞ ചെമ്പന്‍ മുടിക്കാരിയില്‍ ഖാവറിന്റെ കണ്ണുടക്കി നിന്നു . അവളുടെ ഇന്ദ്രനീലക്കണ്ണുകളുടെ ആഴങ്ങളിലേക്ക് അയാള്‍ മിഴിയെറിഞ്ഞു . ഇംഗിതമറിഞ്ഞിട്ടെന്നോണം മധ്യവയസ്‌കന്‍ ഖാവറിന്റെ തോളത്തു കൈകളമര്‍ത്തി ശബ്ദം താഴ്ത്തിപ്പറഞ്ഞു .
‘ റഷ്യനാണ് . പുതിയ ഇറക്കുമതി . പക്ഷെ …. പണമിത്തിരി കൂടുതലാണ് . ‘
ഖാവര്‍ അവളടുത്തെക്ക് നീങ്ങി . ചിരപരിചിതമായ പ്രവൃത്തി ആയിരുന്നിട്ടും ഒരു തുടക്കക്കാരനെ പോലെ മനസു പതറി വീഴുന്നത് അയാള്‍ കണ്ടു . റഷ്യക്കാരി ഇയര്‍ഫോണ്‍ മാറ്റിപ്പിടിച്ചു . ചിരിച്ചപ്പോള്‍ ചായം പുരട്ടിയ ചുണ്ടുകള്‍ക്ക് പിന്നില്‍ ദന്തങ്ങള്‍ തെളിഞ്ഞു വന്നു . എന്തെങ്കിലും പറയുന്നതിന് മുന്‍പേ ഖാവറിന്റെ കൈ പിടിച്ചു അവള്‍ അകത്തേക്ക് നടന്നു .
ഉള്ളില്‍ വാക്കുകള്‍ തിക്ക് മുട്ടുന്നു .
മേനിയില്‍ നേരിയ വിറയല്‍ .
അടിവയറില്‍ അഗ്‌നി പടരുന്നു .
ഖാവര്‍ വല്ലാതായി . എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാന്‍ കഴിയാത്ത കാമനകളുടെ പടിവാതിലുകള്‍ കടന്നു ഖാവര്‍ റഷ്യക്കാരിക്കൊപ്പം അകത്തേക്ക് കടന്നു .
വ്യാസം കുറഞ്ഞ റൂമിനുള്ളില്‍ കനത്ത നീല വെളിച്ചം തളം കെട്ടി നിന്നു . രണ്ടായി പകുത്ത് കര്‍ട്ടനിട്ട നിലയിലാണ് ഉള്‍ഭാഗം . കര്‍ട്ടന് തൊട്ടപ്പുറത്ത് നിന്നുയരുന്ന ഉച്ച്വാസങ്ങളും അനക്കങ്ങളും സാകൂതം ഖാവര്‍ ശ്രവിച്ചു . കര്‍ട്ടനിടയിലേക്ക് കണ്ണുകള്‍ കൂര്‍പ്പിച്ചു പിടിച്ചു . റഷ്യക്കാരി തട്ടിവിളിച്ചപ്പോള്‍ വികൃതമായൊരു ചിരിയോടെ അയാള്‍ തിരിഞ്ഞു നിന്നു .
ഉയരം കുറഞ്ഞ ബെഡിനോട് ചേര്‍ന്ന് കിടക്കുന്ന മേശയിലെ ടേബിള്‍ ലാംബിനടുത്ത് പാടിക്കൊണ്ടിരിക്കുന്ന ടേപ്പ് റിക്കോര്‍ഡറിലെ ഗാനം മുറിക്കുള്ളില്‍ നിറഞ്ഞൊഴുകുന്നു . വിവസ്ത്രനായ ഖാവറിനു മുന്നില്‍ വിളക്കുകള്‍ അണഞ്ഞു . ലോകം ചുരുങ്ങിച്ചെറുതായി ശൂന്യതയില്‍ ലയിക്കുന്നു . പരന്നൊഴുകുന്ന പാട്ടിന്റെ ശബ്ദസൌകുമാര്യങ്ങള്‍ക്ക് മേല്‍ ഖാവറിന്റെ കിതപ്പുകളുയര്‍ന്നു .
ജന്നല് വഴി വെളിച്ചം മുറിക്കുള്ളിലെക്കരിച്ചു കയറിയപ്പോഴാണ് ഖാവര്‍ ഉറക്കമുണര്‍ന്നത് . തലേദിവസത്തെ ക്ഷീണം വിട്ടു മാറിയിട്ടില്ല . അലോസരമുണ്ടാക്കി മൂളിക്കൊണ്ടിരിക്കുന്ന എസി യുടെ തണുപ്പിലേക്ക് അയാള്‍ ഒന്ന് കൂടി വലിഞ്ഞു മുറുകി .കയ്യിലൊരു പാര്‍സല്‍ ഗ്ലാസുമായി മുറിയിലേക്ക് വന്ന രിസാവുല്‍ ദേഹത്ത് നിന്ന് ബ്ലാങ്കറ്റ് വലിച്ചു മാറ്റിയപ്പോള്‍ മനസ്സില്ലാമനസ്സോടെ ഖാവര്‍ എഴുന്നേറ്റിരുന്നു .
‘ നാശം .. ഇവന് ഉറക്കവുമില്ലെ? ‘
അയാള്‍ മനസ്സില്‍ പിറുപിറുത്തു .
‘ ബൂഡാ ,, ഉറങ്ങിയാ മാത്രം മതിയോ ? എന്തെങ്കിലും കാശും കൂടി വേണ്ടേ ? വേഗം വാ നമുക്ക് സൂഖിനടുത്ത് പോയി നോക്കാം !’
അന്നന്നത്തെക്കുള്ള താല്‍കാലിക ജോലിക്കാരെ തേടി ആളുകള്‍ വരുന്നത് സൂഖിനു മുന്നിലാണ് . മണിക്കൂറിനു ഇത്ര എന്ന രീതിയിലും , ദിവസത്തേക്ക് ഇത്ര എന്ന രീതിയിലുമൊക്കെ ഇടപാടുകളുറപ്പിച്ചു ജോലിക്കാരെ കടം കൊള്ളുന്ന രീതി . മേസന്‍ , വെല്‍ഡര്‍ , സ്‌കഫോള്‍ഡര്‍ , പ്ലാസ്‌റ്റേഴ്‌സ് , കാര്‍പെന്റേഴ്‌സ് , ഹെല്‍പേഴ്‌സ് അങ്ങനെയങ്ങനെ പോകുന്നു ആവശ്യക്കാര്‍ . അനധികൃത താമസക്കാരാണ് അധികവും അവിടെ ഉണ്ടാകാറ് . നേരമൊരുപാട് വൈകിയതു കാരണം അന്ന് അവരെ തേടി ആരും വന്നില്ല.
സൂഖു തുറക്കണമെങ്കില്‍ പത്തു മണിയാകും . ആസ്ബറ്റൊസു ഷീറ്റ് പാകിയ മേല്ക്കൂരയുള്ള സൂഖ് അടഞ്ഞു കിടക്കുമ്പോള്‍ ഭംഗിയില്ലാത്തതാണ് . സൂഖിനു മുന്നില്‍ പാറാവുകാരന്‍ ഉലാത്തിക്കൊണ്ടിരിക്കുന്നു . മുന്നിലെ ഇന്റര്‍ലോക്ക് തറയില്‍ ആരോ നിക്ഷേപിച്ച ധാന്യമണികള്‍ കൊത്തിച്ചികയുന്ന പ്രാവിന്‍ കൂട്ടം .
രണ്ടു പേരും തിരിച്ചു നടന്നു . ആണും പെണ്ണുമടങ്ങിയ കരുത്തവര്‍ഗ്ഗക്കാരുടെ ഒരു കൂട്ടം കാട്ടാനകളെപ്പോലെ അവരെ കടന്നു പോയി . മെയിന്‍ റോഡു മുറിച്ചു കടന്നു മുന്നോട്ട് നടന്നു .കടകള്‍ ഉണര്‍ന്നു തുടങ്ങി . അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന കടയിലെ ഫിലിപ്പൈനിപ്പെണ്ണു ങ്ങള്‍ എന്തോ പറഞ്ഞു അവരെ നോക്കിച്ചിരിച്ചു .
‘ ബെഹന്ച്ചുത് ‘
ഖാവര്‍ മുറുമുറുത്തു .
‘ ചോടോ ‘
രിസാവുലിന്റെ മറുപടിയില്‍ ഗംഭീരമായി അയാളൊന്നു പുരികമുയര്‍ത്തി .
എന്തെങ്കിലും കഴിക്കാമെന്ന തീരുമാനത്തില്‍ കഫ്തീരിയ ലക്ഷ്യമാക്കി നീങ്ങവേ പെട്ടെന്ന് പിന്നില്‍ നിന്നും അതി വേഗം ഒന്ന് രണ്ടു പേര്‍ ഓടി വരുന്നത് കണ്ടു .
‘ എന്താണ് ? എന്ത് പറ്റി ? ‘
രിസാവുലിന്റെ ചോദ്യത്തിന് മറുപടിയായി അവരിലൊരാള്‍ ഓടുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു .
‘ സീ ഐ ഡി ‘ .
കേട്ടത് പാതി ഇരുവരും ഗലിയിലൂടെ ചിതറിയോടി . പിന്തുടരുന്ന അപകടത്തിന്റെ വേപഥുവില്‍ അവര്‍ മറ്റെല്ലാം മറന്നു . രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ റോഡു മുറിച്ചുകടക്കാന്‍ ശ്രമിക്കവേ
ശീഘ്രഗ തിയില്‍ പാഞ്ഞു വന്ന കാര്‍ ഖാവറിനെ അടിമുടി കോരിയെറിഞ്ഞു .
ഖാവര്‍ ഒരു തൂവലായ് വായുവില്‍ ഉയര്‍ന്നു പൊങ്ങി. ഉറക്കത്തിലേക്ക് വീഴുന്ന മസ്തിഷ്‌കമണ്ഡലങ്ങളിലെങ്ങോ തന്നെയുറക്കാന്‍ ഉമ്മ പണ്ടു പാടിയ തരാട്ടുപാട്ടിന്നീണങ്ങള്‍ കേള്‍ക്കായി . താളത്തിലാടുന്ന തൊട്ടിലിന്റെ നൈര്‍മ്മല്ല്യമേറിയ തുണി കൊണ്ട് മുഖത്താരോ തടവുന്നു .
വായുവില്‍ ……… തഴുകുന്ന കാറ്റില്‍ …… ആലോലമാടി ഖാവര്‍ നടു റോഡില്‍ വന്നു പതിച്ചു . ഓര്‍മ്മകളില്‍ കറുപ്പ് വീഴുന്നു .
പയ്യെപ്പയ്യെ ഖാവര്‍ കണ്ണ് തുറന്നത് നീണ്ട നിശ്ശബ്ദതയിലേക്കാണ് . മുകളില്‍ തിരിയുന്ന പങ്കയുടെ ചലന വേഗതയില്‍ ഓരോന്നോര്‍ത്തെടുക്കാന്‍ ശ്രമിച്ചു . ഒരു പാട് കൊളുത്തുകളിട്ടു മേനിയിലാരോ വലിക്കുന്നു . കഴുത്തുമാത്രം അങ്ങോട്ടുമിങ്ങോട്ടും തിരിക്കാന്‍ കഴിയുന്നുണ്ട് . അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു .
‘ അനങ്ങാതെ കിടക്കൂ ……എന്താണ് വേണ്ടത് ? ‘
നഴ്‌സ് അടുത്തു വന്നു .
ഖാവര്‍ സുബോധനായി . രണ്ടു ദിവസമായി ഈ ബെഡിലാണെന്ന് നഴ്‌സില്‍ നിന്നാണ് അയാള്‍ മനസ്സിലാക്കിയത് . വെറുതെ രിസാവുലിനെ പരതി . എങ്ങും കണ്ടില്ല . വെന്റിലേറ്റരിനു പുറത്ത് പച്ച യൂണിഫോം ധരിച്ച പോലീസുകാരെ കണ്ടു . ഖാവറിന്റെ ഉള്ളില്‍ പേടി കേറിത്തുടങ്ങി . റൂമിലേക്ക് കടന്നു വന്ന ഡോക്ടര്‍മാരുടെ സംഭാഷണത്തില്‍ നിന്ന് അയാള്‍ക്ക് ചിലതൊക്കെ മനസ്സിലാവുന്നുണ്ടായിരുന്നു .
തന്റെ ചോരയില്‍ ലൈംഗീക രോഗത്തിന്റെ അണുക്കള്‍ പരന്നു തുടങ്ങിയെന്നു അങ്ങനെയാണ് അയാള്‍ മനസ്സിലാക്കിയത് . മാത്രമല്ല അനധികൃത താമസക്കാരെ മുദ്ര വെച്ച് നാടുകടത്തുമന്നുള്ള അറിവും കൂടി അയാളുടെ തലച്ചോറിനെ കാര്‍ന്നു തുടങ്ങി .
വര്‍ഷങ്ങള്‍ക്കു ശേഷം ആതുരാലയത്തിന്റെ കിടക്കയില്‍ കിടന്നു അയാള്‍ പിറന്ന നാടിനെ ഓര്‍ത്തു .ഗോതമ്പ് പാടങ്ങള്‍ക്കക്കരെ പരംബു മേഞ്ഞ കുടില്‍ . ഉമ്മറക്കോലായിലെ കയറു കട്ടിലില്‍ രോഗിയായ ഉമ്മ . എന്തിനുമേതിനും കുട്ടികളെ ചീത്ത പറയുകയും , ജീവിതത്തെ ശപിച്ചും , വാ തോരാതെ പുലമ്പുകയും ചെയ്യുന്ന ഭാര്യ ബീബിഗുല്‍ , ഗുല്‍ പുലര്‍ച്ച മുതല്‍ ഓരോരോ ജോലികളും ചെയ്തു തീര്‍ക്കുകയും , ഇടയ്‌ക്കെപ്പോഴെങ്കിലും കരയുന്നതും കാണാം . പറമ്പില്‍ ആപ്രിക്കോട്ട് മരങ്ങള്‍ക്കിടയില്‍ കീറയുടുപ്പുകളിട്ടു കളിച്ചു കൊണ്ടിരിക്കുന്ന നാലഞ്ചു കുട്ടികള്‍ . അതുമാത്രമേ ഓര്‍മ്മയുള്ളൂ .
അത്രമാത്രം !
കാലങ്ങള്‍ക്ക് പിറകില്‍ കനിവിന്റെയുറവകളുടെ അനിവാര്യതയില്‍ ഖാവറിന്റെ കണ്ണുകള്‍ നിറഞ്ഞു .തന്നെ തോണ്ടി വിളിക്കുന്ന പച്ചയാഥാര്‍ത്യങ്ങള്‍ അയാള്‍ക്ക് സ്പര്‍ശനഭേദ്യമായി . ശവമായി യാത്ര ചെല്ലേണ്ടത് കല്ലും മുള്ളും മാത്രം നിറയുന്ന പെരുവഴിയിലെക്കാണ് .
മനസ്സിന്റെയടിത്തട്ടില്‍ നിന്ന് സ്‌നേഹത്തിനായി ആരോ തട്ടി വിളിക്കുന്നു . ഉമ്മയുടെ മടിയിലൊന്നു തല ചായ്ക്കണമെന്ന് അയാള്‍ വൃഥാ മോഹിച്ചു. തനിക്കെപ്പോഴും ശല്യമായനുഭവപ്പെട്ട വാ തോരാതെ വിലപിക്കുന്ന ബീബിഗുല്ലിന്റെ ശബ്ദം ഉപജീവനത്തിന്റെ ഉണര്‍ത്തു പാട്ടാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു . വയറു നിറച്ചു ഭക്ഷണം കിട്ടാത്ത… വസ്ത്രങ്ങള്‍ പോലുമില്ലാത്ത തന്റെ കുട്ടികള്‍ … തണുപ്പുകാലങ്ങളില്‍ ജലം കട്ടിയാവുന്ന ശൈത്യങ്ങളില്‍ വിറകുകള്‍ കൂട്ടിയിട്ട് സ്വയം നെരിപ്പോടാവുന്ന ജീവിതങ്ങള്‍ ……ഖാവരിന്റെ തല പെരുത്തു . ഒന്നലറിക്കരായാനാഗ്രഹിച്ചു . ശബ്ദം തൊണ്ടയില്‍ തന്നെ മരിച്ചു വീഴുന്നു .
മുന്നില്‍ ;
അതാര്യമായ മഞ്ഞു വീഥികള്‍ മാത്രം !
ഖാവര്‍ കണ്ണടച്ച് കിടന്നു ……..

22 Feb 2013

എന്റെ ഹിമാലയ യാത്ര-11


പ്രഫുല്ലൻ  തൃപ്പൂണിത്തുറ
 പ്രകാശത്തിന്റെ പ്രാകാരമായ കാശി !

ഹിമാലയയാത്രയുടെ സ്വപ്നം മനസ്സിൽ വിരിയുന്നതിനു വർഷങ്ങൾക്കു മുമ്പേ 'കാശി-രാമേശ്വരം' ചിന്തകൾ ജനിച്ചിരുന്നു. ഓർമ്മവെയ്ക്കുമ്പോഴും കൗമാരദിനങ്ങളുടെ ആരംഭത്തിലും എറണാകുളത്തായിരുന്നു എന്റെ താമസം. അന്നൊക്കെ, സന്യാസികളായിരുന്ന 'താത്തോ-കല്യാണി' ദമ്പതികൾ എന്റെ സ്വഭാവരൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സും പിന്നീട്‌ കേരള പി.എസ്‌.സി മെംബറുമൊക്കെയായി വളർന്ന ശ്രീമതി പി.കെ.സുജാതയുടെ അമ്മയുടെ ചേച്ചിയായിരുന്നു കല്യാണി. എന്റെ അമ്മയോടും അയൽപക്കത്തെ കുടുംബിനികളോടുമൊക്കെ ആവല്യമ്മ എപ്പോഴും തങ്ങളുടെ ഇടയ്ക്കിടെയുള്ള രാമേശ്വര യാത്രയെക്കുറിച്ചും, പാമ്പൻപാലത്തെക്കുറിച്ചും ധനുഷ്ക്കോടിയെയും സേതുബന്ധനത്തെയും കുറിച്ചുമൊക്കെ വിസ്തരിക്കുമായിരുന്നു. അപ്പോഴൊക്കെ അവസാനലക്ഷ്യം പോലെ കാശിയും കടന്നുവരുമായിരുന്നു. അതെല്ലാം നിരവധി പ്രാവശ്യം കേട്ടു കേട്ടാണു ഞാൻ വളർന്നത്‌. ജീവിതത്തിലൊരിയ്ക്കലും എത്തിപ്പെടാനാവാത്ത അത്യനന്തവിദൂരമായ ഏതോ കോണിലെ വിശുദ്ധസങ്കേതങ്ങളാണ്‌ രാമേശ്വരവും കാശിയുമൊക്കെ എന്ന്‌ തന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.
    ഏതായാലും ഈ ഹിമാലയയാത്രയുടെ പാക്കേജിൽ 'കാശിയും, രാമേശ്വരവു'മൊക്കെ ഉൾപ്പെട്ടതു എനിയ്ക്കു അനുഗ്രഹവും ഭാഗ്യവുമായി. പുണ്യവും!
    ഒക്ടോബർ മൂന്നിനു രാത്രി ഒമ്പതേമുക്കാലിനു ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും പ്രാചീനക്ഷേത്രമുള്ള കാശിയിലേയ്ക്കു ഞങ്ങളുടെ ടൂറിസ്റ്റു ബസ്സുയാത്രയായി. ഗയയിൽ നിന്നും ഒരുന്നൂറുമെയിൽ ദൂരമുണ്ട്‌ കാശിയിലേയ്ക്ക്‌, ചിരകാല സ്വപ്നമായ കാശിദർശനമെന്ന ലക്ഷ്യത്തിലേയ്ക്ക്‌! രാത്രിയിലെ ദീർഘമായ ബസ്സുയാത്ര സുഖകരമായി തോന്നിയില്ല. ഇടയ്ക്കു ഒരു ചായപോലും ലഭിയ്ക്കാനുള്ള സാധ്യതകുറവ്‌. ഡൽഹി-ഹൗറ നാഷണൽ ഹൈവേയിലൂടെയായിരുന്നു നിശായാത്ര; റയിലിനു ഏതാണ്ടു സമാന്തരമായിത്തന്നെ.
    പുലർച്ചേ കാശിയിലെത്തി. രാവിലെ ഗംഗാതീർത്ഥത്തിൽ സ്നാനം ചെയ്തു. ഞങ്ങളുടെ നേതാവ്‌ പി.എൻ. ജോബും അദ്ദേഹത്തിന്റെ സഹോദരി മിഹിരാ ടീച്ചറും ഞാനുമുൾപ്പെടെ പിതൃതർപ്പണം നടത്തി. ഹിമാലയയാത്രയുടെ ആദ്യഭാഗത്തുള്ള ഹരിദ്വാറിലെ ഗംഗ പരിശുദ്ധയായിരുന്നുവേങ്കിൽ ഇവിടെ കാശി നഗരപ്രാന്തത്തിലെത്തിയപ്പോൾ തികച്ചും അഴുക്കും മാലിന്യവുമുള്ളതായി ഒറ്റനോട്ടത്തിൽത്തന്നെ അനുഭവപ്പെട്ടു. ഗംഗാനദിയുടെ തീരത്തു നിരനിരയായി പഴയകെട്ടിടങ്ങളും ഇടയ്ക്കിടെ ശ്മശാനങ്ങളും. അവിടെ നിന്നെല്ലാം ഗംഗയിലേയ്ക്കു ഇറങ്ങാനുള്ള ചവിട്ടുപടികളും കണ്ടു. മറുകരയിൽ അഴുക്കും എക്കലുമുള്ള പ്രദേശങ്ങൾ. ഏതായാലും വൻതിരക്കും വൃത്തിഹീനവുമായ അന്തരീക്ഷവും സ്വന്തമായുള്ള ഗംഗാനദി.
    ഒരു മോട്ടോർബോട്ടു വാടകയ്ക്കെടുത്തു നദിയിലൂടെ ഒരു സവാരി നടത്തി. ബോട്ടിന്റെ സാരഥി ഹിന്ദിയും ഇംഗ്ലീഷും കലർന്ന ഭാഷയിൽ പറഞ്ഞുതന്നതനുസരിച്ച്‌ ഇന്ത്യയിലെ പഴയനാട്ടുരാജ്യങ്ങളിൽപ്പെട്ട 64 നാട്ടുകാർക്ക്‌ ഇപ്പോഴും കാശിയിൽ ഗംഗീതീരത്തു സ്നാനഘട്ടങ്ങളുണ്ട്‌. അവയോടു ചേർന്നു താമസസൗകര്യമുള്ള പഴയ കെട്ടിടങ്ങളും. അക്കൂട്ടത്തിൽ നമ്മുടെ പഴയ കൊച്ചീ മഹാരാജാവിന്റെ പേരിലും കെട്ടിടവും സ്നാനഘട്ടവുമുണ്ട്‌. തിര:കൊച്ചി സംയോജനത്തിനു ശേഷം അതുകൊച്ചി ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ്‌. 1949 ജൂലൈ-1-നാണല്ലോ തിരുകൊച്ചി സംയോജനം. അതിനുശേഷം ഏതാണ്ടു നാൽപതുവർഷത്തിനുശേഷം ബനാറസ്‌ സിറ്റി കോർപ്പറേഷനിൽ നിന്നും കുടിശ്യക ടാക്സ്‌ (കെട്ടിട നികുതി) അടയ്ക്കാനാവശ്യപ്പെട്ടുകൊണ്ട്‌ ദേവസ്വംബോർഡ്‌ സെക്രട്ടറിയ്ക്കു നോട്ടീസ്‌ ലഭിച്ചപ്പോഴാണ്‌ ഇങ്ങിനെയൊരു കെട്ടിടം കാശിയിലുള്ള കാര്യം ദേവസ്വംബോർഡും ബന്ധപ്പെട്ടവരും അറിഞ്ഞത്‌. അതുവരെ ഈ കെട്ടിടം കൈവശംവച്ച്‌ അനുഭവിച്ചുപോന്ന പണ്ടാലകൾ കൃത്യമായി എല്ലാവർഷവും ടാക്സ്‌ അടച്ചിട്ടുണ്ടായിരുന്നു. ഏതോ ഒരു പണ്ടാല ചുമതലക്കാരനായി വന്നപ്പോൾ വാടകപിരിവും പിതൃകർമ്മങ്ങളും നടത്തി കാശുണ്ടാക്കുന്നതല്ലാതെ ടാക്സ്‌ അടയ്ക്കാൻ വീഴ്ചവരുത്തി. അതിനെ കുടിശ്യക കൂടിയപ്പോഴാണ്‌  ഉടമസ്ഥനെ തേടിപ്പിടിച്ച കോർപ്പറേഷൻകാർ ദേവസ്വംബോർഡ്‌ സെക്രട്ടറി പേരിൽ നോട്ടീസ്‌ അയയ്ക്കാൻ കാരണം. നോട്ടീസു ലഭിച്ചയുടനെ പ്രസിഡന്റും അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും വിമാനമാർഗ്ഗേണ ഒരു കാശിയാത്ര നടത്തി. സ്ഥലത്തെത്തി കെട്ടിടം കണ്ടുപിടിച്ചു. ടാക്സ്‌ മുഴുവനും തീർത്തു. ഇന്നും കൊച്ചി ദേവസ്വംബോർഡിനു ഗംഗാതീരത്തു സ്നാനഘട്ടവും കെട്ടിടവും ഉണ്ട്‌. കൈവശക്കാർ കെട്ടിടനികുതി നേരിട്ടു അടയ്ക്കുന്നുമുണ്ട്‌.
    കാശി, ബനാറസ്‌, വാരണാസി എന്നീ പേരുകളിൽ പ്രകാശിയ്ക്കുന്നനഗരം. ലോകത്തിലെ ഏറ്റവും പുരാതനക്ഷേത്രം കാശിവിശ്വനാഥക്ഷേത്രം ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിലെ ശിവലിംഗം ബ്രഹ്മദേവൻ പ്രതിഷ്ഠിച്ചതാണെന്നാണു വിശ്വാസം.
    ഗംഗാനദിയുടെ രണ്ടു കൈവഴികളായ 'വരുണ'യുടെയും 'അസി'യുടെയും മദ്ധ്യത്തിൽ നിർമ്മിയ്ക്കപ്പെട്ട നഗരമായതിനാലാണ്‌ വാരണാസി എന്ന നാമധേയം കാശിയ്ക്കു സിദ്ധിച്ചതു. 4000 വർഷത്തെ പഴക്കമുണ്ട്‌ ഈനഗരത്തിന്‌. കാശി എന്ന പദത്തിനു പ്രകാശത്തിന്റെ നഗരമെന്നും മോക്ഷത്തിലേയ്ക്കുള്ള വഴിയെന്നുമൊക്കെ അർത്ഥമുണ്ട്‌. ശ്രീമഹാദേവനു ഏറ്റവും പ്രിയങ്കര സങ്കേതമത്രെ കാശി. ഈശ്വരൻ സ്ഥിരമായ ആനന്ദം നൽകുന്നസ്ഥലമായതുകൊണ്ട്‌ ആനന്ദകാനനമെന്നും കാശിയ്ക്കു പേരുണ്ട്‌. ഭൂലോകത്തിലെ കൈലാസമെന്നും ഭക്തർ കാശിയെ വിശേഷിപ്പിയ്ക്കുന്നുണ്ട്‌.
    നമുക്കു ഭാരതം വെറുമൊരു ഭൂപ്രേദശമല്ലല്ലോ! യോഗനിദ്രയിലാണ്ട മഹാദേവന്റെ പൂർണ്ണ സ്വരൂപമാണിത്‌. ആ ചൈതന്യ സ്വരൂപത്തിന്റെ ഹൃദയമായാണ്‌ കാശിയെ കരുതിപ്പോരുന്നത്‌. കാശിയിലെത്തി ഗംഗാസ്നാനം നടത്തി തർപ്പണാദികൾ ചെയ്തു വിശ്വനാഥ ദർശനം നടത്തുന്നത്‌ സായൂജ്യമായി പണ്ടേ മുതൽ ഭാരതീയർ കരുതിപ്പോരുന്നു. മോക്ഷപ്രാപ്തിയ്ക്കായി പിതൃക്കളുടെ ചിതാഭസ്മം ഇവിടെ ഗംഗാ നദിയിലൊഴുക്കുന്നു. പിതൃതർപ്പണത്തിനു ഏറ്റവും ശ്രേഷ്ഠമായ പുണ്യസങ്കേതങ്ങളിൽ ഏറ്റവും മുൻനിരയിലാണു കാശിയുടെ സ്ഥാനം.
    കാശിയിൽവച്ചു മരിയ്ക്കുന്ന ഏതുതരക്കാർക്കും ജ്ഞാനമോ ഭക്തിയോ കണക്കിലെടുക്കാതെ മുക്തി ലഭിയ്ക്കുമെന്നും; ഇവിടെ മാത്രമേ ജീവനു സായൂജ്യമെന്ന സർവ്വശ്രേഷ്ഠമുക്തി നിഷ്പ്രയാസം കൈവരൂ എന്നും; ബ്രഹ്മദേവന്റെ ഒരു ദിവസം പൂർത്തിയാവുമ്പോൾ പ്രളയമുണ്ടാകുമ്പോൾ കാശി നഗരം മാത്രം നശിയ്ക്കാതെ അവശേഷിയ്ക്കുമെന്നും വിശ്വസിയ്ക്കപ്പെടുന്നു.
    ശ്രീശങ്കരാചാര്യർ 'മനീഷാപഞ്ചകം' രചിച്ചതു കാശിയിൽ വച്ചായിരുന്നു. രാമായണം, മഹാഭാരതം, ശിവപുരാണം തുടങ്ങിയ ആഗമങ്ങളിൽ കാശിയെ പലപ്പോഴും പരാമർശിയ്ക്കുന്നുണ്ടല്ലോ!
    കാശിയിൽ നിന്നു 10 കിലോമീറ്റർ ദൂരത്തുള്ള 'സാരാനാഥ്‌' എന്ന സ്ഥലത്തുവച്ചാണ്‌ 2500 വർഷങ്ങൾക്കു മുമ്പ്‌ ശ്രീബുദ്ധൻ ജ്ഞാനോദയ ശേഷം ആദ്യമായി ധർമ്മോപദേശം നടത്തിയത്‌.
    ശ്രീബുദ്ധനും, വർദ്ധമാന മഹാവീരനും, ആദി ശങ്കരനും തുടങ്ങി ഏതാണ്ടെല്ലാ മഹത്തുക്കളും സഞ്ചരിച്ചാണ്‌ കാശിയിൽ ജ്ഞാനോദയത്തിന്റെ ചൈതന്യവീഥികളുണ്ടായത്‌. പുരാതന റോം, ഏതൻസ്‌, ബാബിലോൺ തുടങ്ങിയവയൊക്കെ രൂപപ്പെടുന്നതിനു മുമ്പ്‌ 3500 വർഷം മുമ്പേ കാശി ലോകഭൂപടത്തിൽ പ്രധാനസ്ഥാനം അലങ്കരിച്ചിരുന്നു. മാർക്ക്‌ ട്വയ്ൻ ഇങ്ങനെയെഴുതി :- "പാരമ്പര്യങ്ങളേക്കാളും മിത്തുകളേക്കാളും പുരാണങ്ങളേക്കാളും പൗരാണികതയുണ്ട്‌ കാശിയ്ക്ക്‌". ആര്യ സംസ്കാരത്തിന്റെ കേന്ദ്രബിന്ദുവാണ്‌ കാശി.
    പണ്ഡിറ്റ്‌ മദനമോഹനമാളവ്യ സ്ഥാപിച്ച ബനാറസ്‌ ഹിന്ദു സർവ്വകലാശാല വളപ്പിനു ആയിരത്തി മുന്നൂറു ഏക്കർ വിസ്തീർണ്ണമുണ്ട്‌. അന്നത്തെ കാശി മഹാരാജാവാണത്രെ ഈ സ്ഥലം ദാനമായി നൽകിയത്‌.


തുടരും  

24 Jan 2013

നപുംസകങ്ങങ്ങള്‍


 സി.വി.ബാലകൃഷ്ണന്‍ 

മലയാള സാഹിത്യലോകത്തെ ഭൂരിഭാഗം പേരും നപുംസകങ്ങളാണെന്ന് എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍.
ഇടപെടലുകള്‍ ആവശ്യമായ പല സന്ദര്‍ഭങ്ങളിലും കൃത്യമായ നിലപാടെടുക്കാന്‍ പല എഴുത്തുകാര്‍ക്കും കഴിയുന്നില്ല. അടിയന്തരാവസ്ഥ മുതല്‍ ടി.പി. ചന്ദ്രശേഖരന്‍ വധം വരെയുള്ള അവസരങ്ങളില്‍ ഈ നിലപാടില്ലായ്മ അവര്‍ പ്രകടമാക്കിയിട്ടുണ്ടെന്ന് പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒമാനിലെത്തിയ സി.വി. ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സുകുമാര്‍ അഴീക്കോട് പൊതുപ്രശ്നങ്ങളില്‍ ഇടപ്പെട്ട് പ്രതികരിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷെ, അദ്ദേഹത്തിന് കൃത്യമായ നിലപാടുകളുണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല.
പെട്രോളിന് പിന്നാലെ ഡീസലിന്‍െറ വില നിര്‍ണയിക്കാനുള്ള അവകാശം സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് കൈമാറിയിരിക്കുന്നു. നമ്മുടെ ജനാധിപത്യം എത്ര അപഹാസ്യമാകുന്നു എന്നതിന്‍െറ തെളിവാണ് ഇത്തരം തീരുമാനങ്ങള്‍. ഫാസിസത്തിന് വളരാന്‍ അവസരമൊരുക്കുകയാണ് ഇന്ത്യന്‍ ജനാധിപത്യം. ഇടത് ആഭിമുഖ്യമുള്ള പല എഴുത്തുകാര്‍ക്കും അവരുടെ പാര്‍ട്ടി വിധേയത്വം സ്വതന്ത്ര്യമായ അഭിപ്രായപ്രകടനത്തിന് തടസമാകുന്നുണ്ട്. യഥാര്‍ഥ ഇടതുപക്ഷമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതിന് പകരം പാര്‍ട്ടി ഒരുക്കുന്ന ചട്ടക്കൂടിനകത്ത് ചുരുങ്ങുകയാണ് ഇക്കൂട്ടര്‍. 51 വട്ടം വെട്ടി ടി.പി. ചന്ദ്രശേഖരനെ കൊന്നപ്പോള്‍ അതിനോട് പ്രതികരിക്കുന്നതല്ല സാഹിത്യകാരന്‍െറ ജോലി എന്ന് പറയാന്‍ അവരെ പ്രേരിപ്പിക്കുന്നതും ഇതാണ്. അടിയന്തരാവസ്ഥ കാലത്ത് രാജന്‍ കേസ് അന്വേഷിക്കണമെന്ന നിവേദനത്തില്‍ ഒപ്പുവെക്കാന്‍ തയാറാകാതിരുന്നവ സാഹിത്യകാരന്‍മാരും നമുക്കിടയിലുണ്ട്. എങ്കിലും, സാമൂഹിക പരിവര്‍ത്തനത്തിന് നാട്ടുകാര്‍ ഇപ്പോഴും ചെവികൊടുക്കുന്നത് സാഹിത്യകാരന്‍മാര്‍ക്കല്ല, രാഷ്ട്രീയക്കാര്‍ക്കാണ്.

ദല്‍ഹി സംഭവത്തില്‍ ആരുടെയും ആഹ്വാനമില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങിയത് പുതിയൊരു രാഷ്ട്രീയത്തിന്‍െറ സൂചനയാണ്. ഇതിനെ അരാഷ്ട്രീയ മുന്നേറ്റം എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഈ സമരങ്ങളിലൂടെ ജനം പുതിയ രാഷ്ട്രീയം തേടുന്നുന്നുണ്ട് എന്ന് വ്യക്തമാവുകയാണ്. മലയാള സാഹിത്യം മുന്നേറിയതിന്‍െറ നാലയലത്ത് പോലും മലയാള സിനിമ മുന്നേറിയിട്ടില്ല. നവ തലമുറ സിനിമ എന്ന് വിശേഷിപ്പിക്കാവുന്നവ അടൂര്‍, അരവിന്ദന്‍, പത്മരാജന്‍, ഭരതന്‍, ഐ.വി. ശശി എന്നിവര്‍ പുതുതായി കടന്നുവന്നപ്പോഴും ഉണ്ടായിട്ടുണ്ട്.

എന്നാല്‍, ഇപ്പോള്‍ അത്തരത്തില്‍ വിശേഷിപ്പിക്കുന്ന സിനിമകളില്‍ പലതും വിദേശസിനിമകളുടെ പകര്‍പ്പുകള്‍ മാത്രമായി മാറുന്നുണ്ടെന്നും സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു.

[ബൂലോകം]

22 Dec 2012

വെണ്മണിക്കുടിയിലേക്കൊരു തീര്‍ത്ഥയാത്ര

1



 വെട്ടത്തൻ
നാല്‍പ്പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ആഹ്ലാദം തുളുമ്പുന്ന ഓര്‍മ്മയായിവെണ്മണിക്കുടിയാത്ര. ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനസ്സ് ഇത്രയും നിറഞ്ഞൊരു യാത്ര അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല.
ശ്രീകൃഷ്ണാ ലോഡ്ജിന്റെ ഏഴാം നമ്പര്‍ മുറിയില്‍ ഒരു റീസര്‍വ്വേ ഓഫീസ് പ്രവത്തിച്ചിരുന്നു. സര്‍വ്വേയര്‍മാര്‍ മിക്ക ദിവസവും ഫീല്‍ഡിലോ വീട്ടിലോ ആയിരിക്കും. സ്‌കെച്ചും ഡ്രോയിങ്ങും തയ്യാറാക്കാന്‍ മാത്രമേ അവര്‍ ഓഫീസില്‍ കാണു. വെണ്മണിയില്‍ റീ സര്‍വ്വേ ജോലി കഴിഞ്ഞെത്തിയ പൌലോസ്സും ജനാര്‍ദ്ദനന്‍ പിള്ളയുമാണ് ആ സ്ഥലത്തെക്കുറിച്ച് പറഞ്ഞത്. പറഞ്ഞത് എന്നല്ല, പറഞ്ഞു മോഹിപ്പിച്ചത്. അപ്പോള്‍ തൊട്ട് ഞാനത് മനസ്സിലിട്ട് താലോലിക്കാന്‍ തുടങ്ങി.
ഒടുവില്‍, ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞ ഉടനെ, 1971 ഡിസംബറിലെ ഒരു വെള്ളിയാഴ്ച, ഞങ്ങള്‍ പുറപ്പെട്ടു. ജോര്‍ജ് വര്‍ക്കി, സെബാസ്റ്റ്യന്‍ ജോസ്, പിന്നെ ഞാനും. ഗ്രേസ് സ്റ്റുഡിയോയില്‍ നിന്നു വാടകക്കെടുത്ത, എട്ട് പടമെടുക്കാവുന്ന ഒരു ക്യാമറ, രണ്ടുറോള് ഫിലിം, ഒരു കിലോ നല്ല പുകയില, ഹാഫ് എ കൊറോണ ചുരുട്ടിന്റെ രണ്ടു പായ്ക്കറ്റ്, ഒരു ചെറിയ ടോര്‍ച്ച്, രണ്ടു പായ്ക്കറ്റ് മോഡേണ്‍ ബ്രെഡ്, പിന്നെ മൂന്നു ദിവസത്തേക്കുള്ള വസ്ത്രങ്ങളും, ഇത്രയുമായിരുന്നു ലഗ്ഗെജ്.
പുകയിലയും ചുരുട്ടും ഊരാളി മൂപ്പനെ സന്തോഷിപ്പിക്കാന്‍ വേണ്ടി വാങ്ങിയതാണ്. വെണ്മണിക്കുടിയില്‍ താമസം മൂപ്പന്റെ കൂടെയാണ്. സര്‍വ്വയര്‍മാര്‍ പറഞ്ഞു ശരിപ്പെടുത്തിയിട്ടുണ്ട്.
രാവിലെ ഏഴു മണിക്ക് പുറപ്പെട്ടു. തൊടുപുഴ നിന്നു ബസ്സില്‍ കാളിയാറിലേക്ക്. പിന്നെ നടരാജ സര്‍വ്വീസിലാണ് യാത്ര. കോട്ടപ്പാറമുടി എന്നൊരു വന്‍ മല കയറി ഇറങ്ങിയാല്‍ മുള്ളരിങ്ങാടെത്താം. കയറ്റം തുടങ്ങുന്ന സൈഡില്‍ താമസക്കാരുണ്ട്. അത് കൊണ്ട് തന്നെ വേലികളും നടപ്പുവഴികളുമുണ്ട്. കുറെ കയറിയപ്പോള്‍ പിന്നെ താമസക്കാരും വഴികളുമില്ലാ. വന്മരങ്ങള്‍ വെട്ടിമാറ്റിയതിന് ശേഷമുള്ള അവസ്ഥയിലാണ് കോട്ടപ്പാറമുടി. ഈറ്റക്കാടുകളും മുള്‍ക്കൂട്ടങ്ങളുമാണ് എങ്ങും. ഈറ്റ വെട്ടുന്നവരും വിറകു ശേഖരിക്കാന്‍ വരുന്നവരും നടന്നുണ്ടായ വഴികള്‍ ആണ് ചുറ്റും. ഒരു വഴി നടന്നു കുറെ ചെല്ലുമ്പോഴാണ് അത് കുന്നിന്‍ മുകളിലെക്കല്ല എന്നു മനസ്സിലാവുക. ഞങ്ങള്‍ കയ്യില്‍ മരക്കമ്പുകളുമായി വഴി തെളിച്ചു മുന്നേറി. ഉച്ചയോടെ കോട്ടപ്പാറയുടെ മുകളില്‍ എത്തി. മലയുടെ വലതുവശം താഴെ ഗ്രാമങ്ങളും പട്ടണങ്ങളും നോക്കെത്താ ദൂരത്തോളം കാണാം. മറുവശം മുള്ളരിങ്ങാടെന്ന കുടിയേറ്റ ഗ്രാമം. പുല്ലുമേഞ്ഞ വീടുകളും കൃഷിസ്ഥലങ്ങളും ചിന്നിച്ചിതറി കിടക്കുന്നു. ഇടതു വശത്ത് വനമാണ്. ആ വനം കടന്നു കയറി വേണം ഞങ്ങള്‍ക്ക് പോകാന്‍. ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ മലയിറങ്ങി. പിന്നേയും കുറച്ചു നടന്നാലെ മുള്ളരിങ്ങാട് അങ്ങാടിയിലെത്തൂ.
ചായക്കടയില്‍ ചോറൊന്നുമില്ല. ഊണു വേണമെങ്കില്‍ നേരത്തെ പറയണം. കിട്ടിയതൊക്കെ തിന്നു ഞങ്ങള്‍ വിശപ്പടക്കി. വെണ്മണിക്കുടിയിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി അത്ര പ്രോല്‍സാഹജനകമല്ല. നാലുമണിക്കൂറെങ്കിലും എടുക്കും വനം താണ്ടാന്‍. വനത്തില്‍ നിറയെ വഴികളാണ്. വഴി തെറ്റാനുള്ള ചാന്‍സുണ്ട്. പോരെങ്കില്‍ ആനയടക്കമുള്ള വന്യമൃഗങ്ങളുണ്ട്. വെണ്മണിക്കുടിയിലേക്കുള്ള ഊരാളികളുടെ സംഘം സാധങ്ങളുമായി ഒരു മണിക്കൂര്‍ മുമ്പെ പോയിക്കഴിഞ്ഞു. തല്‍ക്കാലം അവിടെ എവിടെയെങ്കിലും തങ്ങി പിറ്റെന്നു വനം കടക്കാമെന്നായി നാട്ടുകാര്‍. ഞങ്ങള്‍ക്ക് പക്ഷേ ആ നിര്‍ദ്ദേശം സ്വീകാര്യമായില്ല. അജ്ഞത നല്‍കുന്ന ആത്മവിശ്വാസമാണ് ഞങ്ങളുടെ കൈമുതല്‍. പറ്റിയാല്‍ ഒരു കാട്ടാനയെ നേരില്‍ക്കാണാമെന്നോരു മട്ട്. ഞങ്ങള്‍ ആകെ ഉന്മേഷത്തിലായിരുന്നു. അഥവാ കാട്ടാനയേക്കണ്ടാല്‍ പതുക്കെ മാറിയാല്‍ മതി ഓടി ബഹളം വെയ്ക്കരുത് എന്നൊരു ഉപദേശം നല്കി ചായക്കടക്കാരന്‍.
രണ്ടുമണിയോടെ പുഴകടന്നു ഞങ്ങള്‍ വനത്തിനുള്ളില്‍ കയറി. കുത്തനെയുള്ള കയറ്റമാണ്. കുത്തിപ്പിടിച്ചു കയറാന്‍ മൂന്നുപേരും ഓരോ വടി കണ്ടെത്തി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പിന്നെ പുറംലോകത്തെ ശബ്ദങ്ങളൊന്നുമില്ല. പക്ഷികളുടെ പലതരം ശബ്ദങ്ങള്‍, ബാക്ക് ഗ്രൌണ്ട് മ്യൂസിക് ആയി ചീവീടുകളുടെ മൂളലുകള്‍. എവിടെയോ വെള്ളം വീഴുന്നുണ്ട്. ഒരു വെള്ളച്ചാട്ടമാവും. വെള്ളച്ചാട്ടം കാണാനുള്ള മോഹം ഞങ്ങള്‍ അടക്കി. ഇരുട്ട് വീഴുന്നതിന് മുമ്പു സ്ഥലത്തെത്തണം. കുറെ കയറി മടുത്തപ്പോള്‍ ഒരു പാറയില്‍ ഇരുന്നു. രണ്ടു ഫോട്ടോയെടുത്തു. ബ്രഡ്ഡ് പൊട്ടിച്ച് കുറച്ചു തിന്നു. അടുത്തുകണ്ട നീര്‍ച്ചാലില്‍ നിന്നു ദാഹമകറ്റി. വീണ്ടും നടപ്പാരംഭിച്ചു. കുറച്ചകലെ വഴിയുടെ അരികിലായി ആവിപറക്കുന്ന ആനപ്പിണ്ഡം. പോരുമ്പോള്‍ ‘ഒരുകാട്ടാനയേ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അമ്മാനമാടാമായിരുന്നു ‘ എന്നൊക്കെ തമാശ പറഞ്ഞിരുന്നു. പക്ഷേ പെട്ടെന്നു ഞങ്ങള്‍ നിശ്ശബ്ദരായി. ഒരു ഭയം. തൊട്ടപ്പുറത്തെ മരത്തിന് പിന്നില്‍ ആനയുണ്ടോ എന്നൊരു തോന്നല്‍. ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ മുന്നോട്ട് നടന്നു. ഒരു അരമണിക്കൂര്‍ കഴിഞ്ഞുകാണണം. അടിക്കാടില്ലാത്ത, വന്മരങ്ങള്‍ മാത്രം നിറഞ്ഞ ഒരു സ്ഥലത്തെത്തി. അഞ്ചു മിനുട്ട് വിശ്രമിച്ചു. വീണ്ടും നടപ്പ് തുടങ്ങി.
അഞ്ചു മണിയോടെ വഴി രണ്ടായി പിരിയുന്ന സന്ധിയിലെത്തി. ഒരുവഴി നേരെ മുകളിലോട്ടാണ്. മറ്റേത് വലതു ഭാഗത്തേക്ക് പോകുന്നു. വലതുവശത്തുള്ള വഴിയിലൂടെ പോകാനാണ് ചായക്കടക്കാരന്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് ആ മല കടന്നു സമതലത്തിലെത്തണം. മലകടക്കണമെങ്കില്‍ മുകളിലോട്ടു പോകണം. ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. ഞങ്ങള്‍ കുറെ കൂവി നോക്കി. മലയില്‍ തട്ടി തിരിച്ചു അത് ഞങ്ങളുടെ ചെവിയില്‍ തന്നെയെത്തി. മനുഷ്യ ശബ്ദം ഒരിടത്തുനിന്നും ഇല്ല. മറ്റ് മാര്‍ഗ്ഗമില്ല. യാത്ര തുടര്‍ന്നെ പറ്റൂ. ഞങ്ങള്‍ വലതു വശത്തെ വഴിയിലൂടെ നടപ്പ് തുടര്‍ന്നു. വഴി വീണ്ടും കുത്തനെയുള്ള കയറ്റമായി. ഇരിക്കണമെന്നുണ്ട്. പക്ഷേ സൂര്യ പ്രകാശം കുറഞ്ഞുവരുന്നു. ഏതോ പക്ഷിയുടെ ഭീകരമെന്ന് തോന്നിച്ച ശബ്ദം.(അത് മലമുഴക്കി വേഴാമ്പലിന്റെ ശബ്ദമാണെന്ന് മനസ്സിലാക്കാന്‍ പിന്നേയും വര്‍ഷങ്ങളെടുത്തു.) കൂടണയാന്‍ പോകുന്ന പക്ഷികളുടെ കോറസ്സ്. ചീവീടുകളുടെ കാതടപ്പിക്കുന്ന ഘോരസംഗീതം. ഞങ്ങളുടെ ആത്മവിശ്വാസം കുറേശ്ശെ കുറയുന്നുണ്ടോ? ഉള്ളിലെ ആപല്‍ശങ്ക മറച്ചു വെച്ച് മുന്നോട്ട് പോകാന്‍ ഞങ്ങള്‍ അന്യോന്യം പ്രോല്‍സാഹിപ്പിച്ചു. സമയം ആറ് ആയി. ഞങ്ങള്‍ വനം കയറാന്‍ തുടങ്ങിയിട്ടു നാലുമണിക്കൂര്‍ കഴിഞ്ഞു. കാട് അവസാനിക്കുന്നു എന്ന തോന്നലുണ്ടാകുന്നുണ്ട്. പക്ഷേ തീര്‍ന്നിട്ടില്ല. ഇരുട്ടായിത്തുടങ്ങി. ടോര്‍ച്ച് തെളിച്ചുനോക്കുമ്പോള്‍ അത് കത്തുന്നില്ല. കയ്യില്‍ ഒരു തീപ്പെട്ടി പോലുമില്ല. കണ്ട വഴിയിലൂടെ കൊണ്ടുപിടിച്ചു നടന്നു. പെട്ടെന്നു, വനം തീര്‍ന്നു എന്നു മനസ്സിലായി. വലിയ മരങ്ങള്‍, ശിഖരം മുറിച്ച് കൃഷിചെയ്യാന്‍ പാകത്തില്‍ കൊമ്പുകള്‍ വെട്ടിമാറ്റിയ മരങ്ങള്‍, കാണാന്‍ തുടങ്ങി. പക്ഷേ ഇരുട്ടായി. ഒരടി മുന്നോട്ട് വെയ്ക്കാന്‍ പറ്റുന്നില്ല. ചുറ്റും ഇരുട്ട് മാത്രം. വല്ല പാറയും കണ്ടിരുന്നു എങ്കില്‍ അതില്‍ കയറി ഇരുന്നു നേരം വെളുപ്പിക്കാമായിരുന്നു. അടുത്തെവിടെയോ മനുഷ്യരുണ്ട്. ഞങ്ങള്‍ മൂന്നുപേരും നിര്‍ത്താതെ കൂവാന്‍ തുടങ്ങി. ഭയവും ആകാംക്ഷയും നിറഞ്ഞ കൂവല്‍. അവസാനം മടുത്തു നിര്‍ത്തി.
വീണ്ടും കൂവല്‍ തുടങ്ങി. ഞങ്ങള്‍ക്ക് വേറെ വഴിയില്ല. രാത്രി മുഴുവന്‍ ഇങ്ങനെ കൂവേണ്ടി വരുമോ? ചുരുങ്ങിയ പക്ഷം മൃഗങ്ങളെ എങ്കിലും അകറ്റാം. ഇത്തവണ എവിടെ നിന്നോ ഒരു കൂവല്‍ കേട്ടു. വര്‍ദ്ധിത വീര്യത്തോടെ ഞങ്ങള്‍ തിരിച്ചു കൂവി. കൂവലുകളും വെളിച്ചവും ഞങ്ങളുടെ നേരെ വരുന്നു. കത്തിച്ച പന്തവുമായി ആളുകള്‍ വരുന്നു എന്നു മനസ്സിലായി. ഞങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു. നില്‍ക്കുന്നിടത്ത് തന്നെ നിന്നാല്‍ മതിയെന്ന് അവര്‍ വിളിച്ച് പറഞ്ഞു. പന്തവുമായി നാലംഗ സംഘം അടുത്തെത്തി. മൂന്നുപേര്‍ ആദിവാസികളാണ്. നാലാമത്തെ ആള്‍ പരിചയപ്പെടുത്തി ‘ഞാന്‍ ഗോപി, ഇവിടത്തെ െ്രെടബല്‍ സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ ആണ്’ .ചിരപരിചിതനെപ്പോലെയുള്ള ഗോപിസ്സാറിന്റെ പെരുമാറ്റം ഞങ്ങളുടെ ആത്മ വിശ്വാസം തിരിച്ചുകൊണ്ടുവന്നു. ഞങ്ങള്‍, സര്‍വ്വേയര്‍മാര്‍ പറഞ്ഞതനുസരിച്ച് വെണ്മണിക്കൂടി കാണാനെത്തിയതാണെന്നറിഞ്ഞപ്പോള്‍ ഗോപിസ്സാറിന് സന്തോഷമായി. ഒരു ഊരാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു അവിടെത്തന്നെ താമസിക്കുകയാണ് അദ്ദേഹം.
ഗോപിസ്സാര്‍ ഞങ്ങളെ ഊരാളി മൂപ്പന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒന്നൊന്നര കിലോമീറ്റര്‍ അകലെയാണ് മൂപ്പന്റെ വീട്. പുല്ലുമേഞ്ഞ വലിയൊരു വീട്. രണ്ടു വശവും മുറ്റം. മുറ്റത്തിന്റെ അതിരില്‍ നിറയെ ചെടികള്‍. മൂപ്പനും കുടുംബവും ഞങ്ങളെ ഊഷ്മളമായി സ്വീകരിച്ചു. ഒരു മുറി ഞങ്ങള്‍ക്കായി ഒഴിവാക്കിത്തന്നു. കുളിച്ചു കഴിയുമ്പോഴേക്കും ആഹാരം തയ്യാറാവും എന്നറിയിച്ചു. ഏതോ മലമുകളില്‍ നിന്നു ഹോസ്സിലൂടെയാണ് വെള്ളമെത്തുന്നത്. നല്ല തണുത്ത വെള്ളത്തിലുള്ള കുളി ഞങ്ങളുടെ ക്ഷീണമെല്ലാം കഴുകിക്കളഞ്ഞു. കുളി കഴിഞ്ഞതേ ഭക്ഷണം വിളമ്പി. ചൂടുള്ള ചോറും കറിയും. കപ്പളങ്ങയും തൊമരയും ചേര്‍ന്ന സ്വാദിഷ്ടമായ കറി ഒഴിച്ചുള്ള ഊണിന്റെ സ്വാദിനെ വെല്ലുന്ന ഒരു ഭക്ഷണം ഞാന്‍ ഇന്നുവരെ കഴിച്ചിട്ടില്ല. ഇപ്പൊഴും അന്നത്തെ കറിയുടെ സ്വാദിനെക്കുറിച്ച് പറയുമ്പോള്‍ എന്റെ ശ്രീമതി കളിയാക്കും. ഒരു പക്ഷേ യാത്രയുടെ ക്ഷീണമാവാം ഭക്ഷണത്തിന്റെ സ്വാദ് കൂട്ടിയത്. ഭക്ഷണം കഴിഞ്ഞ ഉടനെ കിടന്നു. നിലത്തു ഉറപ്പിച്ച കാലുകളില്‍ മരം കൊണ്ടുള്ള ഫ്രയിമിന് മുകളില്‍ മുള കൊത്തിയുണ്ടാക്കിയ തൈതല്‍. അതില്‍ പായ വിരിച്ചാണ് ഉറക്കം. കിടന്നതെ ഉറങ്ങിപ്പോയി.
ഗോപിസ്സാറിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. സന്ദര്‍ശകരെ വെണ്മണി കൊണ്ടുനടന്നു കാണിക്കാന്‍ എത്തിയിരിക്കയാണ് അദ്ദേഹം. ഞങ്ങള്‍ വേഗം ഒരുങ്ങി. തലേന്ന് ഉറങ്ങിയ വീടും പരിസരവും നന്നായി കണ്ടു. മുറ്റത്തിന്റെ അതിരില്‍ നട്ടു വളര്‍ത്തിയിരിക്കുന്നത് കഞ്ചാവ് ആണെന്ന് മനസ്സിലായി. ആദിവാസികള്‍ കഞ്ചാവ് വില്‍ക്കാറില്ലത്രേ. സ്വന്തം ഉപയോഗത്തിന് ഒന്നു രണ്ടെണ്ണം നട്ടോളാന്‍ ഹൈറേഞ്ചില്‍ പാലം ഉല്‍ഘാടനം ചെയ്യാന്‍ വന്ന പ്രധാനമന്ത്രി നെഹ്രു അനുവദിച്ചിട്ടുണ്ടത്രേ. അന്ന് ഊരാളികളുടെ കരവിരുതിന്റെ തെളിവായി അവരുണ്ടാക്കിയ നേര്‍മയേറിയ പനമ്പു ഒരു ഓടക്കുഴലിലിട്ടു നെഹ്‌റുവിന് സമ്മാനിച്ചത് മൂപ്പനാണ്. ഞങ്ങള്‍ക്ക് പനമ്പു വേണോയെന്ന് ഗോപിസ്സാര്‍ ചോദിച്ചു.15 രൂപാ കൊടുക്കാനില്ലാതിരുന്നതുകൊണ്ട് ആ മോഹം ഉപേക്ഷിച്ചു.
വെണ്മണിയുടെ തിലകക്കുറി പോലെയുള്ള പാറയിലേക്കാണ് ഞങ്ങളെ ആദ്യം കൊണ്ടുപോയത്. ഗോപിസ്സാറും, വെള്ളവുമായി ഒരു സഹായിയും ഉണ്ട് കൂടെ. ഒരു പ്രദേശം മുഴുവന്‍ പരന്നു കിടക്കുകയാണ് ആ ഭീമന്‍ പാറ. പാറയില്‍ വല വിരിച്ചതിന്റെ പാട് സാര്‍ കാണിച്ചു തന്നു. പാണ്ഡവന്മാര്‍ വല വിരിച്ചതിന്റെ പാടാണത്രേ. പുരാണങ്ങളിലെ കഥാപാത്രങ്ങളോട് ബന്ധപ്പെട്ടുള്ള മിത്തുകള്‍ പല ഇടങ്ങളിലും ഉണ്ട്. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ പാറയുടെ മുകളിലെത്തി. ഞങ്ങള്‍ക്കുള്ള അത്ഭുതം പാറയുടെ മുകളിലാണുണ്ടായിരുന്നത്. രണ്ടേക്കറില്‍ കുറയാത്ത ഒരു നിബിഡ വനം. വലിയ മരങ്ങളും അടിക്കാടും നിറഞ്ഞ ഒരു മാതൃകാ വനമായിരുന്നു അത്. താഴെ നിന്നു നോക്കിയാല്‍ വനം കാണാന്‍ കഴിയില്ല. പാറയുടെ വലതുവശം കുത്തനെയുള്ള താഴ്ചയാണ്. അതിനപ്പുറം പാറകള്‍ നിറഞ്ഞ ഒരു ഭീമന്‍ മല. രണ്ടിനുമിടയില്‍ ഒരു തോടുപോലെ പെരിയാര്‍. ഒരു പത്തു പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ പെരിയാര്‍ കാണാം. ആന അടക്കമുള്ള മൃഗങ്ങള്‍ പെരിയാറില്‍ നിന്നു വെള്ളം കുടിക്കുന്നു. പാറയുടെ മുകളിലെ വനത്തില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ വേറൊരു ലോകത്താണു. പ്രകൃതിയും പ്രകൃതിയൊരുക്കുന്ന അവര്‍ണ്ണനീയമായ ഒരു അനുഭൂതിയും നമ്മെ തഴുകുന്നു. ആ അനുഭവം വാക്കുകള്‍ക്കതീതമാണ്. ഉച്ച വരെ ഞങ്ങള്‍ പാറയുടെ മുകളില്‍ ചെലവഴിച്ചു. ഞങ്ങളുടെ പെട്ടിക്ക്യാമറയില്‍ പാറയുടെയും വനത്തിന്റെയും പടങ്ങളെടുത്തു. പാറയെക്കുറിച്ച് ഗോപിസാര്‍ പറഞ്ഞു തന്നു. പണ്ട് ഇതും ഒരു നിബിഡ വനം ആയിരുന്നിരിക്കാം. ഭൂമി കുലുക്കത്തിലോ ഉരുളുപൊട്ടലിലോ മുകളിലെ വനം ഒഴിച്ച് ബാക്കിയൊക്കെ ഒലിച്ചു പോയിരിക്കാം. ഏതായാലും 600 ഏക്കര്‍ പാറയുടെ മുകളിലെ രണ്ടേക്കര്‍ വനം ഒരു സത്യമായി അവശേഷിക്കുന്നു.
മൂന്നു മണിയോടെ ഞങ്ങള്‍ മൂപ്പന്റെ വീട്ടില്‍ തിരിച്ചെത്തി. കുറച്ചു സമയത്തെ വിശ്രമത്തിന് ശേഷം ഊരാളിക്കുടിലുകള്‍ കാണാന്‍ പുറപ്പെട്ടു. എല്ലാം പുല്ലുമേഞ്ഞ വീടുകളാണ്. നല്ല വൃത്തിയുള്ള അന്തരീക്ഷം. ഒട്ടു മിക്ക വീടുകള്‍ക്ക് മുന്‍പിലും ജമന്തിയും ഡാലിയായും പൂച്ചെടികളും നട്ടു പിടിപ്പിച്ചിരിക്കുന്നു. നാട്ടുകാരുടെ വീടുകളെക്കാള്‍ ഭംഗിയായി സംരക്ഷിക്കുന്ന വീടുകള്‍ ഞങ്ങള്‍ക്ക് അത്ഭുതമായി. അവരുടെ പറമ്പുകള്‍ നല്ല കൃഷിയിടങ്ങളായിരുന്നു. സ്ത്രീകള്‍ പൊതുവേ സുന്ദരികള്‍.
പിറ്റെന്നു രാവിലെ കാപ്പി കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു പോന്നു. ഞങ്ങള്‍ കൊടുത്ത കുറച്ചു പൈസ വളരെ മടിയോടെയാണ് മൂപ്പന്‍ വാങ്ങിയത്. പോരുമ്പോള്‍ ഞങ്ങളുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി രണ്ടു ചോട് കഞ്ചാവ് അദ്ദേഹം പറിച്ചു തന്നു. തിരിച്ചുള്ള യാത്രയും കഞ്ചാവിന്റെ ഉപയോഗവും ഈ ലിങ്കില്‍ വായിക്കാം
വീണ്ടും വെണ്മണിക്കുടിയിലേക്കൊരു യാത്ര. 41 വര്‍ഷത്തിനു ശേഷം പോകുമ്പോള്‍ കൂട്ട് 61കാരിയായ ഭാര്യയും െ്രെഡവറും. പഴയ കൂട്ടുകാരില്‍ ജോര്‍ജ്ജ് വര്‍ക്കി സ്ഥലത്തില്ല. സെബാസ്റ്റ്യന് ഭാര്യയുമായി എറണാകുളത്ത് ഡോക്റ്ററേ കാണാന്‍ പോകണം. ഞങ്ങള്‍ എന്തായാലും പോകാന്‍ തീരുമാനിച്ചു. സുഹൃത്ത് കുന്നംകുഴ വിട്ടു തന്ന വണ്ടിയുമായി രാവിലെ അഞ്ചു മണിക്ക് പുറപ്പെട്ടു. െ്രെഡവര്‍ക്ക് വഴിയറിയാം. അയാള്‍ ഒരാഴ്ച മുമ്പും ആ വഴി പോയതാണ്. പഴയ കാട്ടു വഴികളിലൂടെയല്ല. നല്ല ടാര്‍ റോഡ്. വനം ഒരിടത്തും തന്നെയില്ല. എല്ലാം കൃഷിഭൂമിയായിരിക്കുന്നു. ക്രമേണ ഹൈറേഞ്ചിന്റെ ഇളം തണുപ്പ് ഞങ്ങളെ തഴുകി. ഒരു ഉല്‍സാഹത്തിന് പുറപ്പെട്ടു എങ്കിലും മനസ്സില്‍ ആശങ്കകളുണ്ടായിരുന്നു. പാറ അന്നത്തേത് പോലെ അവിടെയുണ്ടാവുമോ? മുകളിലെ വനം നശിപ്പിച്ചിട്ടുണ്ടാവുമോ?. എല്ലാറ്റിനുമുപരി, മുട്ടുവേദനയും സന്ധിവേദനയുമായി കഴിയുന്ന ഞങ്ങള്‍ക്ക് പാറ കയറുവാന്‍ കഴിയുമോ?.
‘സാറേ സ്ഥലമെത്തി’. െ്രെഡവര്‍ ജോസിന്റെ ശബ്ദം എന്നെ മനോവിചാരത്തില്‍ നിന്നു ഉണര്‍ത്തി. കുറച്ചു കടകളുള്ള ഒരു സ്ഥലം. കടകളുടെ ബോര്‍ഡില്‍ ‘വെണ്‍മണി’ എന്നു കണ്ടു. വെണ്മണിക്കുടി വെണ്‍മണി ആയോ? അടുത്ത് കണ്ട ആളോടു ഞാന്‍ പാറയിലേക്കുള്ള വഴി ചോദിച്ചു. ‘മീനൂളിയാന്‍ പാറയിലേക്കാണോ, അത് പട്ടയക്കുടി യിലാണ്. ഈ കാണുന്ന മണ്ണ് റോഡുവഴി പോയാല്‍ പട്ടയക്കുടിയിലെത്താം.’ കാലം മാറിയപ്പോള്‍ വെണ്മണിക്കുടി പട്ടയക്കുടിയായി. പാറയ്ക്ക് മീനൂളിയാന്‍ പാറ എന്നു പേരുമായി. വെണ്‍മണി, കുടിയേറ്റക്കാരുടെ സ്ഥലമാണ്. ഏതായാലും അയാള്‍ പറഞ്ഞ മണ്ണ് റോഡിലൂടെ ഞങ്ങള്‍ തിരിച്ചു. അടുത്ത കാലത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കുറച്ചു മണ്ണിട്ടിട്ടുണ്ടെങ്കിലും ഉരുളന്‍ കല്ലുകളും കുഴികളും നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര വല്ലാത്തതായി. ഈ വഴി എങ്ങിനെ തിരിച്ചു കയറും എന്നായിരുന്നു എന്റെ ചിന്ത. യാത്രയില്‍ സെബാസ്റ്റ്യന്റെ ഫോണ്‍ വന്നു. ഞങ്ങള്‍ എവിടെ എത്തി എന്നു അന്യോഷണം. ഞങ്ങള്‍ സ്ഥലത്തെത്താറായി എന്നു കേട്ടപ്പോള്‍, ഭാര്യയെ ഒരു വീട്ടിലിരുത്തി ഒരു ജീപ്പ് വിളിച്ച് ആശാനും ഞങ്ങളുടെ പുറകെ എത്തി.
മണ്ണ് റോഡ് ഒരു ടാര്‍ റോഡിലാണെത്തിയത്. മുള്ളരിങ്ങാട് കൂടിയുള്ള വഴിയാണ്. ഈ വഴി വന്നിരുന്നെങ്കില്‍ വെണ്‍മണിയില്‍ നിന്നുള്ള കല്ല് റോഡ് ഒഴിവാക്കാമായിരുന്നു. ആളുകളോട് ചോദിച്ചു ഞങ്ങള്‍ മുന്നോട്ട് പോയി. പാറ അവിടെയുണ്ട്. എട്ട് മണിയോടെ ഞങ്ങള്‍ പാറയുടെ മുകളിലെത്തി. ശ്രീമതി പാറ കയറില്ല എന്നു നാട്ടുകാരൊക്കെ പറഞ്ഞിരുന്നു. പക്ഷേ കുന്നംകുഴ സമ്മാനിച്ച കുട ഒരു ഊന്നു വടിയാക്കി അവളും ഞങ്ങള്‍ക്കൊപ്പം പാറ കയറി. പാറക്കു മുകളിലെ നിബിഡവനം ഇപ്പൊഴും അതേപോലെയുണ്ട്. വനം കണ്ടതെ ഞങ്ങളുടെ ക്ഷീണം പമ്പ കടന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പു കണ്ട അതേ പാറ. അതേ വനം. അത്ഭുതം അടക്കാനായില്ല. നമ്മുടെ നാട്ടില്‍ പാറ പൊട്ടിക്കാതെ, വനം വെട്ടിമാറ്റാതെ ഒരു സുന്ദര ദൃശ്യം അതേപോലെ സംരക്ഷിച്ചിരിക്കുന്നു. സര്‍ക്കാരല്ല. നാട്ടുകാര്‍, ആദിവാസികള്‍. എന്റെ മനസ്സ് നിറഞ്ഞു.

കൊലുമ്പന്‍ മൂപ്പന്‍
ഉച്ച വരെ ഞങ്ങള്‍ ആ വനത്തിലിരുന്നു. താഴെ ഇറങ്ങിയപ്പോള്‍ ആദ്യം അന്യോഷിച്ചത് ഗോപിസ്സാറിനെയും. മൂപ്പനെയുമാണ്. സാറും കുടുംബവും പെന്‍ഷനായതിന് ശേഷം തിരുവല്ലക്ക് തിരിച്ചു പോയി. രണ്ടു പേരും ഇന്നില്ല. പഴയ മൂപ്പന്‍ കൊലുമ്പനും ഭാര്യയും ജീവിച്ചിരിപ്പുണ്ട്. ഞങ്ങള്‍ അന്യോഷിച്ചു പോയി കണ്ടു. മൂപ്പന് ഞങ്ങളെ ഓര്‍മ്മയില്ല. ഞങ്ങള്‍ ചെല്ലുമ്പോള്‍ മൂപ്പന്റെ മക്കള്‍ പണിക്ക് പോയിരിക്കയാണ്. ഊരാളികള്‍ക്കെല്ലാം സര്‍ക്കാര്‍ നല്ല വീടുകള്‍ പണിതു കൊടുത്തിട്ടുണ്ട്.പക്ഷേ മൂപ്പന്റെ മക്കള്‍ കൂലിപ്പണിക്ക് പോകുന്നു. പഴയത് പോലെ പൂക്കള്‍ എവിടേയും കണ്ടില്ല.

22 Nov 2012

ചൂണ്ടു പലകകള്‍


സ്വപ്നാനായർ

ശാന്തവും
ഗാഢവുമായ
നിദ്രയില്‍ നിന്നും
ഞെട്ടിയുണരുന്നതു
പോലെയാണത്

ഭൂതകാലത്തിന്റെ
ചുവന്ന
കണ്ണുകള്‍ കണ്ടു
നാം കിതയ്ക്കും

അതുവരെ
അറിഞ്ഞിട്ടില്ലാത്ത
ആധിയുടെ പുകപടലങ്ങള്‍
നമ്മെ വലയം ചെയ്യും

കടന്നു വന്ന വഴികളില്‍
നിന്നും എതിര്‍ ദിശയിലേക്കു
നീണ്ട
അന്നേ വരെ കാണാത്ത
ചൂണ്ടുപലകകള്‍
ഒരുള്‍ക്കിടിലത്തോടെ
കാണും

അവ അവിടെ തന്നെ
ഉണ്ടായിരുന്നുവോ
എന്ന് അത്രയിടത്തോളം
പോയി ചിന്തിക്കും

ആ യാത്രയില്‍
കണ്ടെത്താനാകാതെ പോയ
ഓരോ വഴിയുടെ
സാധ്യതകളിലൂടെയും
നടന്നു തളരും

അവിടെയുണ്ട്
ഇന്നോളം
കയറിയിട്ടില്ലാത്ത
അനേകം പാതകള്‍

അവയിലേക്കു ചൂണ്ടി
അനേകം സൂചികകള്‍

അവയില്‍ ഇങ്ങനെ
രേഖപ്പെടുത്തിയിരിക്കുന്നു

തിരിച്ചു വരുന്നവര്‍ക്ക്
പ്രവേശനമില്ല

22 Oct 2012

തെരുവുനായ


സതി അങ്കമാലി

ഒരക്ഷരം മിണ്ടരുത്‌
എനിക്ക്‌ പറയാനുണ്ട്‌!
അലക്കിപിഴിഞ്ഞ വാക്കിന്റെ-
ആകാശ ചതുരത്തിൽ
ചോര മണക്കുന്ന സത്യങ്ങൾ
ഉച്ഛിഷ്ടമാക്കിയതിനെപ്പറ്റി...

ഓലിയിട്ടതൊന്നും
കൂവി തെളിയാനല്ല
എച്ചിലിലകളുടെ വിലാസമൊട്ടിക്കാൻ
എന്നെ തിരയരുതെന്ന്‌ പറയാൻ

വാൽ ചുരുട്ടി, ചുരുട്ടി
കുഴലിലിട്ടാലും നിവർത്താനാവാതെ
വിശ്വസ്തത്തയുടെ ഭാരമേൽപിച്ച്‌
നീ, വാതിലുകളെല്ലാം
അകത്തുനിന്ന്‌ കുറ്റിയിട്ടില്ലേ?

മൗനത്തിന്റെ വിജാഗിരികൾകരഞ്ഞകലുമ്പോൾ...
ഓർമ്മകൾ സ്വകാര്യതയുടെ ഹൃത്തിടം തുറക്കുന്നു
കൂടെയുണ്ടെന്ന വാക്കിൽ തൂങ്ങീ
കാടിറങ്ങുമ്പോൾ...
ആത്മാവു തൊട്ട സ്വപ്നങ്ങൾക്ക്‌
സ്വാതന്ത്ര്യത്തിന്റെ പുലർവെട്ടമെന്ന്‌ കരുതി

ഇന്ന്‌,
ഇരുട്ടിൽ...
തരിശ്ശിൽ
ഒറ്റപ്പെടലിന്റെ കടൽകുടിച്ച്‌
ഉള്ള്‌ നിറയെ തീ മേഘമിഴയുന്നു.

ഒറ്റുകാരൊപ്പിട്ട ചിത്രകളങ്ങളിൽ
നീ എന്നെ തരം തിരിച്ചില്ലേ?
കള്ളക്കരച്ചിലിൻ ചങ്ങലകെട്ടുകൾ
ക്കപ്പുറം പോകാത്ത ജന്മമായ്‌ ...
സങ്കട കോലായിൽ...
വരണ്ടനിസ്സംഗത
ചങ്ങലത്തുമ്പുതിന്നുമ്പോൾ
മൂർച്ചയുടെ വാൾമുനകളാഴ്ത്തി
നീയെന്റെ കാഴ്ചയുടെ ചാവി ചോദിക്കുന്നു.
ഒന്നും, ഞാനറിയാതിരിക്കാൻ
സാക്ഷി പറയാതിരിക്കാൻ

ഇന്നെനിക്കില്ല,
ചങ്കു തുരക്കുന്ന വേദന!
ചുരണ്ടിയെടുക്കാം എന്റെ ജീവൻ പോലും...
ഒരിറ്റ്‌ ചോര വീഴാതെ,
കുടിച്ചു വറ്റിക്കാം എന്നാത്മ ദാഹങ്ങൾ
ഒരിറ്റ്‌ നീര്‌ നൽകാതെ.

ഒക്കെ കഴിഞ്ഞെങ്കിൽ പറയൂ...
തിരിച്ചറിവിന്റെ തൊട്ടിലിൽ
ഞാനൊന്ന്‌ കരഞ്ഞുറങ്ങട്ടെ...

19 Sept 2012

വിചിന്തനങ്ങൾ


 സുധാകരൻ ചന്തവിള

പെൺ വാണിഭങ്ങളുടെ  പെരുമഴ


        എല്ലാം കച്ചവടമാകുന്ന ജീവിതസാഹചര്യത്തിൽ സെക്സും കച്ചവടമാകുന്നു.
വാങ്ങാനും വിൽക്കാനും ആളുണ്ടാകുന്ന സ്ഥലത്തെ കമ്പോളമെന്നാണല്ലോ
വ്യാഖ്യാനിക്കുക. ഏറ്റവുമധികം സുഖംതരുന്ന വസ്തുവിന്‌, സാധനത്തിന്‌
ഏറ്റവും കൂടുതൽ വില ലഭിക്കുന്നു എന്നത്‌ പുതിയ കാര്യമല്ല.
വിൽക്കുന്നവരെക്കാൾ വാങ്ങുന്നവരുടെ ആവശ്യവും പണാധിപത്യവുമാണ്‌ ഒരു
സാധനത്തെ കൂടുതൽ മാർക്കറ്റുചെയ്യപ്പെടുന്നത്‌. അങ്ങനെ നോക്കുനോക്കുമ്പോൾ
ഇന്ന്‌ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്‌ സെക്സ്‌ തന്നെയാണ്‌.
        സെക്സ്‌ റാക്കറ്റുകൾ നമ്മുടെ നാട്ടിൽ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്‌.
എല്ലാം വിലക്കുവാങ്ങാവുന്ന പുതിയ ലോകസാഹചര്യത്തിൽ പെണ്ണിനെയും യഥേഷ്ടം
വാങ്ങുകയും വിൽക്കുകയും ചെയ്യാൻ കഴിയുന്നു. വിവാഹമാർക്കറ്റിൽ സ്ത്രീക്ക്‌
അത്രയ്ക്ക്‌ വിലയില്ലെങ്കിലും പെൺവാണിഭത്തിൽ സ്ത്രീക്ക്‌ മെച്ചപ്പെട്ട
വിലയാണുലഭിക്കുന്നത്‌. അവിടെ സ്ത്രീ ചോദിക്കുന്ന വില അഥവാ കൂലി നൽകാൻ
പുരുഷൻ തയ്യാറാകുന്നു. ഇത്തരത്തിലുള്ള പല വാണിഭങ്ങളും ബലാൽക്കാരേണയും
ഭീഷണിയിലൂടെയുമാണ്‌ നിലനിർത്തുന്നത്‌. പ്രായപൂർത്തിയായവരെ മാത്രമല്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെവരെ ലൈംഗികവ്യാപാരത്തിനായി
തട്ടിയെടുക്കപ്പെടുന്നു. ഇത്തരത്തിൽ ഓരോ വർഷവും പുറത്തുവരുന്ന കണക്കുകൾ
എത്രയധികമാണ്‌! പുറത്തുവരുന്ന ക്രൈമുകളുടെ എണ്ണത്തെക്കാൾ പതിന്മടങ്ങാണ്‌
രജിസ്റ്റർ ചെയ്യപ്പെടാത്ത ക്രൈമുകൾ.
        രാജ്യത്തിനകത്തും പുറത്തുമുള്ള ഗൈംഗികകമ്പോളങ്ങളിലേക്ക്‌ പെൺകുട്ടികളെ എത്തിക്കുന്ന  വൻ മാഫിയാസംഘങ്ങൾ ഇന്ന്‌ അരങ്ങുവാഴുന്നു.  ഇതിന്റെ
ചുരുളഴിക്കുമ്പോൾ ചില ഉന്നതന്മാർ വരെ അകപ്പെട്ടിട്ടുണ്ടെന്നു
മനസ്സിലാകും. പണം എന്ന വലിയ സങ്കൽപം മനുഷ്യനെ മറ്റെല്ലാത്തിനും
അതീതനാക്കി മാറ്റി. ആഗോളവൽക്കരണം പോലുള്ള ആധുനികനയങ്ങൾ മൂലം ദരിദ്രരെയും
പാർശ്വവൽകൃതരെയുമെല്ലാം ഇത്തരത്തിലുള്ള വാണിഭങ്ങൾ വല്ലാതെ
പ്രലോഭിപ്പിക്കുന്നുണ്ട്‌. അതുകൊണ്ടാവാം മരുന്നില്ലാത്ത മഹാരോഗമായ
ഏയ്ഡ്സ്‌ ബാധിക്കുന്നതിലധികം പേരും സമ്പന്നരല്ലാതാകുന്നത്‌. അതിലും
അഞ്ചിലൊരുഭാഗം പേർ കൗമാരക്കാരാണെന്നതാണ്‌ ഞെട്ടിക്കുന്ന മറ്റൊരുവാർത്ത.
        ലൈംഗികത്തൊഴിലാളി യൂണിയൻ ഉണ്ടായിത്തീർന്ന കാലമാണല്ലേ ഇത്‌.
വേശ്യാവൃത്തി പാപമല്ലെന്നും മാന്യമായ തൊഴിലാണെന്നും പറഞ്ഞുപരത്തുന്ന
അത്തരം സംഘടന ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യംതന്നെ സ്വതന്ത്രമായ
ലൈംഗികത്തൊഴിൽ സംസ്കാരത്തിന്റേതാണ്‌. പല രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെ
പല സംസ്ഥാനങ്ങളിലും ഇത്തരമൊരു സംസ്കാരം എത്തിക്കഴിഞ്ഞു.

   മുതലാളിത്തവ്യവസ്ഥയ്ക്ക്‌ വിധേയമായി ശരീരം വിറ്റുജീവിക്കേണ്ടിവരുന്നവരെയാണ്‌ വേശ്യകളായിഅംഗീകരിക്കപ്പെട്ടുവരുന്നത്‌. ലൈംഗികതയെ വരുമാനം ലഭിക്കുന്ന തൊഴിലായും വ്യവസായമായും മാറ്റിത്തീർക്കണമെന്ന വാദം മൂലധനശക്തികകളുടെ  പണക്കൊതിമാത്രമാണ്‌. അതുവഴി സ്ത്രീ യഥേഷ്ടം വാങ്ങുകയും വിൽക്കുകയും ചെയ്യപ്പെടുന്ന വെറും ചരക്കായിത്തീരുന്നു. മനുഷ്യൻ ഉൽപാദനപരമായി ചെയ്യുന്ന തൊഴിലിനല്ലാതെ മറ്റൊന്നിനും തൊഴിൽ എന്നു വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന പഴയ വാദഗതി ഇതോടെ അസ്ഥാനത്താകുകയും സുഖഭോഗാധിഷ്ഠിതമായ മറ്റൊരു തൊഴിൽ സംസ്കാരം ഉടലെടുക്കുകയും ചെയ്യുന്നു.
        പ്രേമവും ലൈംഗികതയും അനുരാഗവുമെല്ലാം ഇന്നും ഇന്നലേയും ആരംഭിച്ചതല്ല.
എന്നാൽ അതിനെല്ലാം അതിന്റേതായ ഭംഗിയും മനോഹാരിതയും മുമ്പുണ്ടായിരുന്നു.
ഇപ്പോൾ അങ്ങനെ മനോഹാരിതയ്ക്കുവേണ്ടി ആരും ആരേയും പ്രണയിക്കുന്നില്ല.
എന്തെങ്കിലും വലിയകാര്യം നേടുകയെന്ന ലക്ഷ്യത്തോടുകൂടി മാത്രമേ  ഇപ്പോൾ
പ്രണയം പോലും ഉണ്ടാകുന്നുള്ളൂ. വർദ്ധിച്ചുവരുന്ന പഞ്ചനക്ഷത്രഹോട്ടൽ
സംസ്കാരവും ടൂറിസത്തിന്റെ പേരിൽ നടക്കുന്ന ആഘോഷങ്ങളുമെല്ലാം
ചെന്നെത്തുന്നത്‌ വൻ ലൈംഗിവ്യവസായത്തിലേക്കാണ്‌. സ്വദേശത്തും
വിദേശത്തുമുള്ള ഇത്തരം ഇടങ്ങളിലേക്ക്‌ പെൺകുട്ടികളെ വിതരണം ചെയ്യുന്ന
ചെറുതും വലുതുമായ വാണിഭസംഘങ്ങൾ ഇന്ന്‌ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌.
        പെൺകുട്ടികൾക്ക്‌ സധൈര്യം സ്കൂളിലും കോളേജിലുമെല്ലാം പഠിച്ചുവരാൻ
കഴിയുന്ന സാഹചര്യം ഇപ്പോൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു. എവിടെയും
ഉയർന്നുവരുന്ന കണ്ണ്‌ കാമാന്ധതയുടെതുമാത്രം! മദ്യാസക്തിയും കാമാസക്തിയും
കേരളത്തിൽ ഇപ്പോൾ ഒരുപോലെ പെരുകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
മദ്യമില്ലാത്ത യാതൊരു ആഘോഷവും ഇല്ലാതായിത്തീർന്നു. ചെറുപ്രായക്കാരായ
കുട്ടികൾ മുതൽ അതിന്റെ സ്വാദ്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കള്ളുകുടി
ക്രമേണ വളർന്ന്‌ പെണ്ണുപിടിയിലേക്കുവ്യാപിപ്പിക്കുന്ന സ്ഥിതിയാണുള്ളത്‌.
പല ക്രിമിനിൽ കേസ്സുകളിലും പിടിക്കപ്പെടുന്ന പ്രതികളിൽ ഏറിയഭാഗവും
അത്തരക്കാരാണെന്നു കാണാവുന്നതാണ്‌.  മദ്യത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച്‌
പരസ്യം നൽകുന്ന സ്ഥാപനംതന്നെ പ്രതിമാസം കോടിക്കണക്കിനുരൂപ മദ്യവ്യവസായം
വഴി സമ്പാദിക്കുന്ന നാടാണ്‌ നമ്മുടേത്‌. കള്ളുകച്ചവടം നടത്താതെ
സർക്കാരുകൾക്കുതന്നെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്‌ ഇപ്പോൾ
നിലവിലുള്ളത്‌. മറ്റ്‌ ഉൽപാദനമാർഗ്ഗങ്ങളെക്കുറിച്ച്‌ ആരായാതെ
മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടഭീകരതയാണ്‌ പെൺവാണിഭം
പോലുള്ള വൻ വ്യവസായസംസ്കാരത്തിനും കാരണമാകുന്നതെന്ന്‌ പറയേണ്ടിവരും.
         നിത്യേന പുറത്തുവരുന്ന വാണിഭവാർത്തകൾ എത്രയധികമാണ്‌! ഇനിയും നാം
എത്രയെത്ര പെൺവാണിഭവാർത്തകൾ കാണാനും കേൾക്കാനുമിരിക്കുന്നു.
സൂര്യനെല്ലിയും ഐസ്ക്രീം പാർലറും കിളിരൂരും മറവിയുടെ പട്ടികയിൽ
ഉൾപ്പെട്ടേയ്ക്കാം. അതിലൊക്കെ ഉൾപ്പെട്ടവരെയെല്ലാം വാഴ്ത്തുന്ന
ഇക്കാലഘട്ടം കൂടുതൽ കൊതിപ്പിക്കുന്ന, മദിപ്പിക്കുന്ന പെൺവാണിഭവാർത്തകൾ
അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...