Showing posts with label desamangalam ramakrishnan. Show all posts
Showing posts with label desamangalam ramakrishnan. Show all posts

26 Oct 2015

പൊട്ടി പുറത്തോ അകത്തോ?


 ദേശമംഗലം രാമകൃഷ്ണൻ

മണലെഴുത്തും അരിയെഴുത്തും - ഹരിശ്രീ കാലങ്ങളോർക്കുന്നു.
സ്ലേറ്റും പെൻസിലും പോയ്മറഞ്ഞുവോ.
കടലാസും പെൻസിലും പേനയും ബുക്കും വഴുതിപ്പോകുന്നുവോ.
കുടിച്ച മണ്ണെണ്ണപ്പുകയുടെ കാലങ്ങൾ ഓർക്കുന്നു.
ചുട്ടുമിന്നിച്ചുനിന്ന രാത്രികാലങ്ങളും
എന്നിട്ടും എനിക്കു ബോധം വന്നുവോ
ഇടശ്ശേരി പറഞ്ഞപോലെ, അന്നത്തെ മൃഗം കുറച്ചുകൂടി തടിച്ചു എന്നല്ലാതെ എന്തുമാറ്റം?
    എഴുത്തു മായില്ല എന്നാണ്‌ താളിയോലക്കാർ വിചാരിച്ചതു. "എഴുത്തു മായുകില്ലെന്ന മിഥ്യാബോധോപജീവിതൻ" എന്ന്‌ ഇടശ്ശേരി പറഞ്ഞിരുന്നു. കയ്യെഴുത്തു മാഞ്ഞുപോകുമെന്ന്‌ ഇടശ്ശേരി ദീർഘദർശനം ചെയ്തിരുന്നുവോ?
    എന്തായാലും, എഴുതിയെഴുതി ഉരുവിട്ടുരുവിട്ടു പഠിക്കുകയും പിന്നെ പഠിപ്പിക്കുകയും ചെയ്തൊരു കാലം ഗൃഹാതുരമായി. പഴയ എഴുത്തുകൾ മാഞ്ഞു. പുതിയ എഴുത്തുകൾ വിരൽത്തുമ്പുകൾ കണ്ടെടുത്തു. മമതയായ എഴുത്തിന്റെ ആവശ്യം പോയി.
    ഹൃദിസ്ഥമാക്കി ഉപസ്ഥിതി നേടിയ കാലങ്ങൾ ഓർക്കുന്നു. വെറുതേ, ഈ ഗൃഹാതുരത്വം. ഇന്ന്‌ വേണ്ടതെല്ലാം മൊബെയിൽ-ഇന്റർനെറ്റ്‌ തരുന്നില്ലേ? പക്ഷേ സ്വഹൃദയജ്ഞാനം ആവശ്യമില്ലാതായില്ലേ? സാങ്കേതികമായി എത്ര വളർന്നാലും സ്വഹൃദയജ്ഞാനവും സഹൃദയജ്ഞാനവും മേളിക്കുമ്പോഴേ അറിവിന്റെ പൊരുൾ അഭിവ്യക്തമാവൂ. അതല്ലേ ശ്രീനാരായണഗുരുവിന്റെ അറിവ്‌ എന്ന കവിത പറയുന്നത്‌?-അയ്യപ്പപ്പണിക്കർ അത്‌ വിടർത്തിക്കാട്ടിയിട്ടുണ്ട്‌.
    എന്തായാലും, ചരിത്രപരിവർത്തനത്തിന്റെ ചാലകശക്തികളായ നമ്മൾ, അധ്യാപകർ, ഓർക്കാനുണ്ട്‌: പുലിക്ക്‌ പുലിത്വം ഉണ്ട്‌. അതു പോയാൽ പുലിയാവില്ല. അധ്യാപകന്‌ അധ്യാപകത്വം ഉണ്ട്‌. അതുപോയാൽ എത്ര ഗ്രേഡുമേടിച്ചിട്ടും കാര്യമില്ല.
    അധ്യാപകദിനം എന്ന വാർഷികാനുഷ്ഠാനത്തിൽ നാം നമ്മെ പുതുക്കിയെടുക്കുന്നുവോ, പുനഃസൃഷ്ടിക്കുന്നുവോ?-പൊതുവിഭവങ്ങളും പ്രകൃതിവിഭവങ്ങളും കൊള്ളയടിക്കുന്നതിനെ വികസനമായും അതിന്റെ കമ്മീഷൻ വാങ്ങുന്നതിനെ അംഗീകൃത അഴിമതിയായും കാണുന്ന കേരളസമൂഹത്തെ ഇനിയെന്താണ്‌ പഠിപ്പിക്കാനാവുക? സിലബസ്സും കരിക്കുലവും പഠനസമയവും പരീക്ഷാരീതികളും മാറിയതുകൊണ്ട്‌ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമോ?- എന്ന്‌ ഒരു ജ്ഞാനി ചോദിച്ചിട്ട്‌ നാക്കെടുത്തില്ല. അപ്പോഴേക്കുമിതാ വന്നെത്തി അധ്യാപകദിനാഘോഷം.
പോയാണ്ടിലുമിതേ മട്ടിൽ
വരിച്ചേൻ ഞാനൊരാശയം
അത്‌ ഇരുണ്ട്‌ അഴൽ ചാറുമ്പോൾ
പൊട്ടിയാട്ടുക താൻ വരം.
    പൊട്ടി പുറത്ത്‌ ശീവോതി അകത്ത്‌ എന്നാണ്‌ വിദ്യാർത്ഥി അറിയേണ്ടത്‌; അധ്യാപകൻ ഗുരുവായി നിന്ന്‌ അറിയിക്കേണ്ടത്‌- എന്നല്ലേ ഇടശ്ശേരി ഉദ്ദേശിച്ചതു.
    വ്യവസ്ഥാപിത ജ്ഞാനമണ്ഡലത്തിൽ ഗുരുവുണ്ടായിരുന്നു. ഇന്നു ഗുരുവുണ്ടോ, ഗുരുത്വാകർഷണമുണ്ടോ?- അതുകൊണ്ടാണ്‌ അധ്യാപകൻ ഗുരുവാകണമെന്നു പറഞ്ഞത്‌.
    പൊയ്പ്പോയ ഗുരുത്വകാലങ്ങളിലെ ആചാരങ്ങൾ നമുക്കുവേണ്ട. പക്ഷേ ആ ഗുരുത്വനിഷ്ഠയ്ക്ക്‌ സ്ഥാനം കൊടുക്കണം. അത്‌ ആവാഹിക്കാൻ കഴിഞ്ഞെങ്കിൽ എത്ര നന്ന്‌!
    മാതൃകകളെ പിളർന്ന്‌ അവരിലെ മൂല്യവത്തായ മൂലകങ്ങൾ കൈക്കൊണ്ട്‌ പുതിയൊരു സ്രഷ്ടാവാകാൻ ഇന്നത്തെ അധ്യാപകനു കഴിയുമോ?

13 Sept 2011

പരിദേവനത്തിന്റെ പച്ചകുത്തലുകള്‍



ദേശമംഗലം രാമകൃഷ്ണൻ
ഞാന്‍ പലതാണ്. പലമയാണ് പലേടത്തേയ്ക്ക് കടപൊട്ടിപ്പരക്കുന്നത്;
ചുഴികുത്തി തന്നിലേയ്ക്കു തന്നെ ഗ്രസിക്കപ്പെടുന്നതും.യാഥാര്‍ത്ഥ്യത്തില്‍ വര്‍ദ്ധിച്ചു വരുന്ന സങ്കീര്‍ണ്ണതളാണ് ജീവിതത്തിന്റെയും കവിതയുടെയും അടുപ്പവും അകലവും; പ്രണയത്തിന്റെയും പ്രണയരാഹിത്യത്തിന്റെയും അകലവും അടുപ്പവും അങ്ങനെ തന്നെ. ഈ വിഷമസന്ധി നിരന്തരം വേട്ടയാടുന്ന മനസ്സ് സ്വയം വരിക്കുന്ന നിസ്സംഗതയാണ് കവിയുടെ മൊഴിമാറ്റത്തിനു ഹേതുവെന്നു തോന്നുന്നു. നിസ്സംഗതയുടെ കാവ്യസംഗത്താല്‍ മൊഴിമാറുന്നു, കാവ്യചേഷ്ടകള്‍ മാറുന്നു. കവി പെരുവഴി വിട്ട് പുതുവഴിയിലൂടെ സഞ്ചരിക്കുന്നു; താന്‍ തന്നെ പുതുവഴിവെട്ടുകാരനാവുന്നു. പെരുവഴി കണ്‍മുമ്പിലിരിക്കെ പുതുവഴി നീ വെട്ടുന്നാകില്‍ പലതുണ്ടേ ദുരിതങ്ങള്‍ (കക്കാട് : വഴിവെട്ടുന്നവരോട്). സാമ്പ്രദായികതകളെ മിറകടന്നുകൊണ്ടുള്ള ഈ പോക്കില്‍ കവിക്കു മാത്രമല്ല, അനുവാചകര്‍ക്കുമുണ്ട് ദുരിതങ്ങള്‍ .
എന്നാല്‍ പുതിയൊരു ജന്മം നേടുന്നതുപോലുള്ള ഒരു 'പരിസ്പന്ദസുന്ദരത്വം' കൈവരിക്കാന്‍ സന്നദ്ധമാകുന്നതോടെ
കവികര്‍മ്മത്തിന്റെ ഗൃഹാതുരത്വത്തെ-അതിന്റെ വെല്ലുവിളികളെ-അതിജീവിക്കാന്‍ കഴിയും. ഈയൊരു ആത്മവിശ്വാസമായിരിക്കണം
ഇന്നത്തെ കാവ്യസരസ്വതിയെ മുന്നോട്ടു കൊണ്ടു പോകുന്നതെന്നു തോന്നുന്നു. കവികള്‍ക്കു പോലും പദ്യം വേണ്ട. അവര്‍ക്കു ഗദ്യം
 മതി/ഓരോ കവി എഴുതുമ്പോഴും കവിത നഷ്ടപ്പെടുന്നു/കവിത എപ്പോഴും എഴുതാത്ത വരികളിലേയ്ക്ക് ഒളിച്ചു കടക്കുന്നു.(എം.കെ ഹരികുമാര്‍ : എന്റെ മാനിഫെസ്റ്റോ) എന്നൊക്കെയുള്ള നിരീക്ഷണങ്ങള്‍ നിലനില്‍ക്കുമ്പോഴും അനുഭവം എന്ന ദുഃസ്വപ്നത്തെ,
ശകലിത നിമിഷങ്ങളെ ഏതുവിധത്തിലെങ്കിലും കവിക്ക് ആവിഷ്‌കരിക്കാതിരിക്കാനാവുന്നില്ല. സമഗ്രജീവിതശില്പം,
 അഖണ്ഡദര്‍ശനം എന്നൊക്കെയുള്ള കാവ്യവേദാന്തങ്ങള്‍ ഈ പുതുകവി കൊണ്ടു നടക്കുന്നില്ല.


 'കുടിച്ചുകുടിച്ചുറക്കിയിരിക്കയാണീ ദേഹത്തെ/മനസ്സേ നുരഞ്ഞു പതഞ്ഞ് നീ/ഉണര്‍ത്താതിരിക്കുക'
അതാണ് അയാളുടെ ശകലിതാനുഭവത്തിന്റെ ദര്‍ശനം. ശകലങ്ങള്‍കൊണ്ടും ശകലിതങ്ങള്‍കൊണ്ടും തൃപ്തിയടയുന്ന അല്പവിഭവരാണ് ഈ കവികള്‍ എന്നു പറയാവതല്ല.
പൊരുള്‍ അനാവരണം ചെയ്യുന്ന സമഗ്രസംഭവത്തിന്റെ ആവിഷ്‌ക്കാരത്തിലും ഇവര്‍ക്ക് കണ്ണുണ്ട് ('സംഭവത്തിന്റെ പൊരുളറിയുമ്പോള്‍')
 എന്നാല്‍ അത് ആലാപനമായിട്ടല്ല. ഗര്‍ജനമായിട്ടല്ല, കഥാപ്രസംഗമായിട്ടല്ല രൂപപ്പെടുന്നത്. സംഭവത്തിനോടുള്ള വൈകാരികമായ അകലമാണ്,
മനസ്സിന്റെ അകംപുറം മിറയലാണ്, ഇവിടെ കവിയെ പുതിയൊരു 'ടോണിന്റെ'സ്രഷ്ടാവാക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സങ്കീര്‍ണ്ണത
 എന്ന് നേരത്തെ പറഞ്ഞതോര്‍ക്കുക. സംഭവമെന്ത് സത്യമെന്ത് എന്ന് അറിയാന്‍ വയ്യാത്ത ഒരു യഥാര്‍ത്ഥു പരിതഃസ്ഥിതിയുടെ
'അയഥാര്‍ത്ഥയാഥാര്‍ത്ഥ്യത്തില്‍(Virtual Reality) അകപ്പെട്ടിരിക്കുന്ന ഒരു കാലമാണിതെന്ന് സന്തോഷിന്റെ കവിത അനുഭവപ്പെടുന്നു.
 ഇതൊരു 'കരച്ചില്‍ചിരി' യാണ്; നര്‍മ്മ ഗൗരവത്തിന്റെ പുതിയമാനമാണ്: ഇനിയും സംഭവം/ഒരു പ്രശ്‌നമായി അവശേഷിച്ചാല്‍ / രാവിലെയുള്ള
സംഭവവും കൂടി കൂട്ടുക/അതില്‍ നിന്നും ടി.വി.യില്‍ കണ്ട സംഭവങ്ങളെ കുറയ്ക്കുക/ ശിഷ്ടമുണ്ടെങ്കില്‍/ അതൊരു
സംഭവമായി രേഖപ്പെടുത്തുക/ഇല്ലെങ്കില്‍ /'സംഭവം മത്തായി'/ എന്ന് എല്ലാവരും വിളിക്കുന്നതില്‍ / തെറ്റൊന്നുമില്ലെന്നറിഞ്ഞ്/
രണ്ടെണ്ണം വീശി/ഉറങ്ങാന്‍ റെഡിയാവുക! ഈ നര്‍മ്മഗുരുത ആഘാതമേല്‍പ്പിക്കാതിരിക്കുന്നുമില്ല. 'കോമാളിയുഗം' എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ. 'ആടെടാ ചെറ്റേ ആട്' എന്ന് കക്കാടാണല്ലോ പറഞ്ഞത്.
ചെറ്റത്തത്തില്‍ കഴിഞ്ഞുകൂടാനല്ല,
അതില്‍ നിന്നുണരാനാണ്, ഉണര്‍ത്താനാണ് കവിയുടെ വിരുദ്ധോക്തികള്‍ ശ്രമിക്കുന്നത് ;
ചുവപ്പ് മഷിയിലെന്‍ കവിത പടരുകയാണ്/ കറുത്ത പുഷ്പത്തലപ്പിലൊരഗ്നിഗോളമായ് (കവിതയുടെ വഴി)
 എന്ന വാക്കുകളിലൂടെ ശ്രമിക്കുന്നത്. പോക്കണം കെട്ട കോന്തന്‍മരത്തിന്റെ അവസ്ഥയില്‍ നില്‍ക്കുന്ന ഓരോ
 മനുഷ്യന്റെയും വിഹ്വലനാദം ഉയരമെന്ന് കവി പ്രതീക്ഷിക്കുന്നുണ്ടവാം!/കോടാലി കേറാതെ/തെന്നെലേ വന്നെന്നെ/ ചോടേ എടുത്ത്/മറിച്ചീടുക('പരിദേവനം')

സര്‍ഗ്ഗാത്മകതയുടെ കൊച്ചുമുറി ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന് ചുമരുകളില്ലാതാവുകയാണ്. തീര്‍ത്തും വൈയക്തികമായതുതന്നെ സാര്‍വ്വത്രികവുമായികൊണ്ടിരിക്കയത്രെ. അനുഭവങ്ങളും എഴുത്തുരീതികളും കൂടികലരുകയാണ്. 'ഇപ്പോള്‍' മാത്രമേയുള്ളൂ എന്നൊരു തോന്നല്‍ കൂടി വരുന്നു. അതിനാല്‍ കവിത പച്ചയായ അനുഭവത്തിനോടൊപ്പം പച്ചയായ ഭാഷയും മറുഭാഷകളും ആയിതീരുന്നു-സന്തോഷിന്റെ കവിതകള്‍ ഈ കാഴ്ചപ്പാടിനെ സാക്ഷ്യപ്പെടുത്തുന്നു. പൊടുന്നന്നെ ഒന്നു ചിരിപ്പിക്കുക, മൗനത്തിലാഴ്ത്തുക-ഉല്‍ക്കണ്ഠപ്പെടുത്തുക, സര്‍വ്വോപരി ഝടുതിയിലൊന്ന് ഞെട്ടിപ്പിക്കുക-അതാണ് ഇപ്പോഴത്തെ ഈ നിമിഷത്തിലുള്ള കവിതയുടെ ക്രിയയും പ്രതിക്രിയയും.
കവിത പലപ്പോഴും രേഖാചിത്രസന്നിഭം ആകുന്നു; മരിച്ചുപോകുന്ന ഓരോ ഇലയും/തിരിച്ച്‌പോകുന്ന ഓരോ ജീവനെ വരയ്ക്കുന്നു. മറന്നു പോകുന്ന ഓരോ വഴിയും തിരിഞ്ഞുനോക്കാത്ത ഒരു ശബ്ദത്തെ വരയ്ക്കുന്നു.-വരയുടെ, വരിയുടെ പുതുമൊഴിക്കൂറ് കവിക്ക് ഏറെ പ്രിയംകരമാവുന്നുണ്ട്. 'ഒരു മിനുത്ത കാറ്റ്/ ചൊറിഞ്ഞ് ചൊറിഞ്ഞ്/ഞങ്ങളെ ഒരു ചെരിവിലേയ്ക്കു കൊണ്ടുപോയി, ചിരിച്ചുചിരിച്ചടുക്കുന്ന കാക്കകളുടെ ഒച്ച (ഓണമേഘം),പകലുകള്‍ പറ്റുപടി പറയുന്ന പെട്ടിക്കടകളും/പറോട്ടകള്‍ പിറുപിറുത്ത് പ്രാകുന്ന മേശപ്പുറങ്ങളും/ചീട്ടുകള്‍ ചിന്തിച്ചുകൊല്ലുന്ന ബീഡിക്കുറ്റികളും (കാര്യവട്ടത്തെ കാറ്റാടിമരങ്ങള്‍ ), പരിദേവനത്തിന്റെ പച്ചകുത്തലുകള്‍ (വെളിച്ചം തേടി), പരിഭ്രമം-10മിലി./ഭയം -20 മിലി./സംശയം-30മിലി./നൊമ്പരം-60 മിലി.കൂട്ടികലര്‍ത്തിയുണ്ടാക്കിയ/സന്തോഷം-120മിലി/ഒറ്റവലിക്കകത്താക്കി/ജീവിതം ബ്രാന്റിന്റെ/ഹാങ്ങോവര്‍ തീര്‍ത്തു( കോക്ക്‌ടെയില്‍ ): ഇങ്ങനെ അനുവാചകനെ പുതുവാണിക്കളങ്ങളാല്‍ ഹരം പിടിപ്പിക്കാന്‍ ഈ കവിക്ക് കഴിയുന്നു. 'ഒരു ദേശത്തെ എഴുതു'ന്ന “കവല”പോലുള്ള കവിതകളിലെ നിരീക്ഷണവ്യതിയാനങ്ങളിലൂടെ രൂപപെടുന്ന ഹാസ്യമണ്ഡലങ്ങളും ശ്രദ്ധാര്‍ഹമാകുന്നു.
(2)മാനസിക ജീവിതത്തിന്റെ ഇരപിടുത്തങ്ങളാണ് തന്റെ കവിതകള്‍
 എന്ന സഹജീവികളായ പുതുകവികളെ പോലെ ഈ കവിയും കണക്കാക്കുന്നുണ്ടോ,ആവോ('അമ്പെയ്ത്ത്').നേരെ
ചൊവ്വേ പറഞ്ഞാലും കവിതയാവും; ആ പറച്ചിലിന് - വാണിയിലെ ഭാവവിന്യാസത്തിന്-ഒരു പഞ്ചമിച്ചന്ദ്രത്വം ഉണ്ടാവണമെന്നുമാത്രം. ശ്രീ.സന്തോഷിന്റെ കവിതകളില്‍ ആ അമ്പിളിക്കലകള്‍ ഏറെയുണ്ട്. നിലതിരശ്ചീനമാണെങ്കിലും അതില്‍ ലംബമാനമായി ഒരു അമ്പ്-അന്‍പ്-കിളിര്‍ത്തി സ്വയം തൊടുക്കപ്പെടുന്നുണ്ട്.

എന്റെ ഇടത്തെ കണ്ണ് ഈ കവിതകളൊക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന കവിമിത്രങ്ങളിലേയ്ക്കും വലത്തെ കണ്ണ് കവിതകള്‍ വായിക്കുന്ന നിങ്ങളിലേയ്ക്കു ഒരേ സമയം കാഴ്ച തേടുന്നു (കണ്ണുകള്‍ ) എനിക്കും/ അവര്‍ക്കും /മനസ്സിലാകാത്ത /ചില/ പദന്യാസങ്ങള്‍ /കൊണ്ട് /ഒരു വായനക്കാരന്‍/ ഞങ്ങളെ /എണ്ണയിട്ടു കുളിപ്പിച്ചുകിടത്തി(എഴുത്തും വായനയും)-ഇങ്ങനെയൊരു പരിദേവനത്തിന്റെ പച്ചകുത്തലോ അമ്പെയ്‌ത്തോ ഞാന്‍ പേടിക്കുന്നുണ്ട്. എങ്കിലും ശ്രീ.സന്തോഷിന്റെ ഏതാനും പദന്യാസങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞു എന്ന കൃതാര്‍ത്ഥത എനിക്കുണ്ട്. ആശംസകളോടെ, ദേശമംഗലം രാമകൃഷണന്‍ തിരുവനന്തപുരം 17-03-2011


സന്തോഷ് പാലാ


1971 ല്‍ കോട്ടയം ജില്ലയിലെ രാമപുരത്തിനടുത്ത് കുറിഞ്ഞിയില്‍ ജനിച്ചു. അച്ഛന്‍ -മലയില്‍ ചെല്ലപ്പന്‍ നായര്‍ . അമ്മ-നെച്ചിപ്പുഴൂര്‍ വള്ളോംകുഴിയില്‍ ലക്ഷ്മിക്കുട്ടിമ്മ. കുറിഞ്ഞി ശ്രീകൃഷ്ണവിലാസം ഗവണ്‍മെന്റ് എല്‍ .പി.സ്‌ക്കൂള്‍ , ശ്രീകൃഷ്ണവിലാസം യു.പി.സ്‌ക്കൂള്‍ , മാനത്തൂര്‍ സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ , പാലാ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. തിരുനെല്‍വേലി ഇന്‍ഡ്യന്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദം, കേരള സര്‍വ്വകലാശാലാ ക്യാമ്പസ്സില്‍ നിന്നും ഒന്നാമനായി ടെക്‌നോളജി മാനേജ്‌മെന്റില്‍ എം.ടെക് ബിരുദം എന്നിവ നേടിയ ശേഷം ന്യൂജേഴ്‌സിയിലുള്ള സ്റ്റീവെന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ എഞ്ചിനീയറിങ്ങ് മാനേജ്‌മെന്റില്‍ ഉപരിപഠനം നടത്തുന്നു. 2004 ല്‍ അമേരിക്കയിലെത്തുന്നതിന് മുന്‍പ് ഡി.സി.സ്‌ക്കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ എം.ബി.എ.പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും അധ്യാപകനും ആയിരുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഐ.ടി.മേഖലയില്‍ ജോലി ചെയ്യുന്നു. ഫൊക്കാനയുടെ കവിതയ്ക്കുള്ള പ്രത്യേക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ : പ്രീത മക്കള്‍ : പ്രതീക്ഷ, പ്രാര്‍ത്ഥന വിലാസം മലയില്‍ വീട്, കുറിഞ്ഞി,പി.ഓ രാമപുരം ബാസാര്‍ , പാലാ കോട്ടയം-686576 (101 Miller Road, Hicksville, New York, USA,1180) Email: mcsanthosh@yahoo.com




8 Jul 2011

അന്തിനേരത്തെ വാക്ക്‌



ദേശമംഗലം രാമകൃഷ്ണൻ








അന്തിയിൽ കേറിവന്നൊരുവാക്കിൽ
തരിച്ചുനിൽക്കുന്നുഞ്ഞാൻ
അന്തിനുരയ്ക്കുമ്പോൾ
ഒന്നുകരുതിയേ
എന്തുമെറിയാവൂ
മർമ്മങ്ങളിലതുപാഞ്ഞുകുത്തും
നിരീച്ചിരിക്കാതെ.

എങ്കിലോ
അന്തിത്തിരിയുടെ വെട്ടം
പാട്ടുപായ്യാരങ്ങൾ
നെഞ്ചത്തുഴിഞ്ഞുശരംതൊടുത്തീടും
ശകാരശാപങ്ങളും
എത്താതിരിക്കില്ലങ്ങു
നമ്മളെയുറ്റു
നോക്കിഇരിക്കുമൊരുടുഃഖിതാത്മാവിൽ
സന്ധ്യയായാലോർത്തുനടക്കണംവല്ല
കുണ്ടുകുഴിയിലിടറി വീണീടുമേ
തന്തയെ തള്ളയെയോർത്തുനടക്കെടോ
തൊന്തരവൊന്നും മനസ്സിൽ കരുത്തൊലാ.

സന്ധ്യക്കു കേറിവന്നൊരുവാക്കിൽ
എന്തായിരിക്കുമെനിക്കറിയില്ല
നാക്കത്തു തോന്നിയതു
സന്ധിസമാസമായ്‌
നാരായണനരക
ഭൂതവചനങ്ങളായ്‌
നാഡികൾ നന്നായ്‌
തിരുമ്മിത്തുടിക്കെ
വാളും ചിലമ്പും തെറിച്ചുമലർന്നടി-
ച്ചാഞ്ഞുമറിയുമൊരു
കോമരം തന്നെ ഞാൻ
സന്ധ്യക്കു വന്നൊരു
വാക്കുകളാകയാൽ
ഉണ്ടായിരിക്കുമിതിൽ
എത്രയോ പുലരികൾ മഞ്ഞളാടി-
ക്കയറി വരുന്നതിൻ കാഴ്ചകൾ
നട്ടുച്ച ക്കെട്ടിപ്പിടിച്ചു
പൊള്ളിച്ചതിൻ ചൂടുകൾ
ഉണ്ടായിരിക്കുമിതിൽ
എത്രയോ രാത്രികൾ
കൂട്ടിക്കഴിഞ്ഞുപിരിഞ്ഞു
തിരിച്ചുവന്നപ്പോഴേ
വീണ്ടും പിരിയാൻ വിധിച്ച മനസ്സുകൾ
മാറിനിന്നൊക്കെ
ഒളിഞ്ഞുനോക്കിക്കൊണ്ടു
ഞാനേ ജീവിക്കണ-
മെന്നുള്ളൊരിച്ഛയാൽ
ഭ്രാന്തം നുരചിന്നി
കാന്തം ചുഴികുത്തി
യാളുന്നൊരെന്നെയും
എല്ലാമൊരുകട്ടപ്പുക
നിന്റെ പ്രേമവുമെന്നു
വിലപിച്ചുരുകുന്ന നിന്നെയും
ഇന്നിനിപിരിയാൻ
അനുവദിച്ചേയ്ക്കുമോ
സന്ധ്യ-ത്രിസന്ധ്യ-
വന്നെത്തിയല്ലോ
ഇന്നിനിപറയുവാൻ പറ്റുമോ
ഒന്നുമേയോർത്തുവെച്ചില്ല
അതുനേരോ നുണയോ
ശരിയാണ്‌ സന്ധ്യക്കു
കള്ളം പറയാതിരിക്കണം
സന്ധ്യക്കു പറയുവാൻ
വന്നൊരു വാക്കുകൾ
ഇന്നിനി പറയണോ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...