Showing posts with label 21. Show all posts
Showing posts with label 21. Show all posts

26 Oct 2015

malayalasameeksha magazine/ octo 15-nov 15 / 2015

ഉള്ളടക്കം 


ലേഖനം 
പൊട്ടി  പുറത്തോ  അകത്തോ ?
ദേശമംഗലം  രാമകൃഷ്ണൻ 
ജന്മാന്തരങ്ങൾക്കപ്പുറത്ത്   നിന്ന്  ഒരു  വിളി 
ഇ .ഹരികുമാർ
അഴീക്കോടിന്റെ  വിചാരലോകം 
എ .കെ .നമ്പ്യാർ
ദൈവത്തിന്റെ  വാക്ക് 
എം  തോമസ്  മാത്യു 
അധ :സ്ഥിതരുടെ  അനുഷ്ഠാനങ്ങൾ 
കാവിൽ  രാജ് 
നമ്മൾ  എന്തിനാണ്  ജീവിക്കുന്നത് ?
സലോമി  ജോണ്‍  വത്സൻ 
അല്പം  ബാങ്കു വിചാരം 
സുനിൽ  എം  എസ് 
ജീവിതം  സന്തുഷ്ടമാക്കാൻ  ഹോബി
ജോണ്‍  മുഴുത്തേറ്റ്
കവിത 
തൃപ്തി 
കല്പറ്റ  നാരായണൻ 
കവല 
സന്തോഷ്  പാലാ   
കുസൃതികൾ 
ഗീതാ  രാജൻ 
ജാതിക്കോമരം 
രാധാമണി  പരമേശ്വരൻ
കടൽക്കിളി :സലോമി  ജോണ്‍  വത്സൻ  
തരളിതം :  
അൻവർ  ഷാ  ഉമയനല്ലൂർ 
ചിരിച്ചുകൊണ്ട്  മരിച്ചവൻ 
രാജു കാഞ്ഞിരങ്ങാട് 
 
 കഥ 
 രണ്ടു  കഥകൾ 
കവിത  സംഗീത്
മൂന്നു  മിനിക്കഥകൾ 
ദീപു  ശശി
പരിഭാഷ :
ജനിക്കും മുൻപുള്ള  പ്രാർഥന : ലൂയി  മക്നീസ് 
പരിഭാഷ: സലോമി  ജോണ്‍  വത്സൻ 

അറിയിപ്പ്‌ 

കൂത്താട്ടുകുളം എലൈറ്റ്  അക്കാദമിയിൽ

എം.കെ . ഹരികുമാർ സാഹിത്യ  കളരി 
അഭിമുഖം
നിക്കോളാസ്  ബോറിയ 
എം.കെ .ഹരികുമാർ

എം കെ ഹരികുമാർ സാഹിത്യ കളരി

സർഗ്ഗാത്മക  സാഹിത്യരചനയിൽ  പരിശീലനം
കൂത്താട്ടുകുളം  എലൈറ്റ്  അക്കാദമിയിൽ  ആരംഭിക്കുന്നു .
പരിശീലകൻ  എം  കെ  ഹരികുമാർ  സാഹിത്യ കളരി

19 Jul 2015

ഒരു കുരുവിയുടെ വീഴ്ച്ചയും പറവകളുടെ സ്നേഹലോകവും


 ഫൈസൽ ബാവ
വ്യവസ്ഥാധിഷ്ഠിതമായ പക്ഷി നീരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷി നിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ടു. 1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു. അഞ്ച്‌ ആൺകുട്ടികളും നാല്‌ പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്‌. അച്ഛൻ മൊയ്സുദ്ദീൻ, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച്‌ ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നു വർഷം തികയുന്നതിനു മുൻപ്‌ മാതാവും മരിച്ചു പോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളർത്തിയത്‌.
അക്കാലത്ത്‌ ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു. അവരെ അനുകരിച്ച്‌ നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തിൽ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സിൽ അവന്‌ അമ്മാവന്റെ കൈയിൽ നിന്നും ഒരു ‘എയർ ഗൺ’ ലഭിച്ചു. അതു കൊണ്ട്‌ കുരുവികളെ വെടി വെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം. വീട്ടിൽ കുരുവിയിറച്ചി നിത്യ വിഭവമായി. വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടി വെച്ചിടുന്നതിനിടയിൽ ഒരു പെൺ കുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആൺ കുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി. ആൺ കുരുവിയെ സാലിം വെടി വെച്ചിട്ടു. പക്ഷെ മണിക്കൂറുകൾക്കുള്ളിൽ പെൺ കുരുവി മറ്റൊരു ആൺ കുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി. അങ്ങനെ എട്ട്‌ ആൺ കുരുവികളെ സലിം വെടി വെച്ചിട്ടെങ്കിലും പെൺ കുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു. സാലിം അലി എന്ന പക്ഷി ശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണ രേഖകളാണവ.

തന്റെ പന്ത്രണ്ടാം വയസ്സിൽ വെടി വെച്ചിട്ട മഞ്ഞത്താലി കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വര ഭയമുള്ള ഒരു ഇസ്ലാമിന്‌ തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞു വിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂർവ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി (Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ആ കൊച്ചു ബാലനെ പരീക്ഷണ മുറികളിലേക്കു കൊണ്ടു പോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചു കൊടുത്തു. നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോക പ്രസിദ്ധനായ പക്ഷി ശാസ്ത്രജ്ഞൻ ജനിച്ചു വീണ നിമിഷങ്ങളായിരുന്നു അവ.
സാലിം അലിയുടെ ആദ്യ കാല പഠനം മുംബൈയിലെ സെന്റ്‌ സേവിയർ കോളേജിലായിരുന്നു. ഒന്നാം വർഷത്തിനു ശേഷം പഠനം ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ അദ്ദേഹം ബർമയിലെ താവോയിലേക്ക് മാറുകയായിരുന്നു. അവിടെ കുടുംബ സ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലി ചെയ്തു. ബർമയിലെ വാസ സ്ഥലത്തിനടുത്തുള്ള കാടുകളിൽ അദ്ദേഹം തന്റെ ഒഴിവു സമയം ചിലവിട്ടു. അങ്ങനെ പ്രകൃതി ശാസ്ത്രത്തിൽ അദ്ദേഹത്തിന് താല്പര്യമുണ്ടായി. ഈ സമയത്താണ് അദ്ദേഹം ജെ. സി. ഹോപ് വുഡിനെയും ബെർത്തോൾഡ റിബെന്ട്രോപ്പിനെയും പരിചയപ്പെടുന്നത്. ഇവർ രണ്ടു പേരും ആ സമയം ബർമ സർക്കാരിനു കീഴിൽ വനം വകുപ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുനു. ഏഴു വർഷത്തിനു ശേഷം 1917-ൽ ഇന്ത്യയിലേക്ക് തിരിച്ചു വന്ന സാലിം, പഠനം പൂർത്തിയാക്കാൻ തീരുമാനിക്കുകയും, വ്യാവസായിക നിയമം പഠിക്കാൻ ദാവർ കോളേജിൽ ചേരുകയും ചെയ്തു.
അദ്ദേഹത്തിന്റെ പ്രകൃതി ശാസ്ത്രത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ സെന്റ്‌ സേവ്യർ കോളേജിലെ ഫാദർ എതെൽബെറ്റ് ബ്ളാറ്റർ അദ്ദേഹത്തെ ജന്തു ശാസ്ത്രം പഠിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ സെന്റ്‌ സേവിയർ കോളേജിൽ നിന്നും അദ്ദേഹം ജന്തു ശാസ്ത്രവും പഠിക്കുകയുണ്ടായി. ഭാരത ജന്തു ശാസ്ത്ര സർവേയിൽ (Zoological Survey of India) ഒരു പക്ഷി ശാസ്ത്രജ്ഞന്റെ ഒഴിവിൽ ജോലിക്കു വേണ്ടി അപേക്ഷിച്ചിരുന്നെങ്കിലും ഒരു ഔപചാരിക സരവ്വകലാശാലാ ബിരുദം ഇല്ലാത്തതിനാൽ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഈ ഒഴിവ് പിന്നീട് നികത്തിയത് എം. എൽ. റൂൺവാൾ ആണ്. 1926-ൽ അദ്ദേഹം മുംബയിലെ പ്രിൻസ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതി ശാസ്ത്ര വിഭാഗത്തിലെ ഗൈഡ്‌ ലെക്ചറർ ആയി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളം. രണ്ടു വർഷത്തിനു ശേഷം ഉദ്യോഗം മടുത്ത അദ്ദേഹം പഠനം തുടരുന്നതിന് വേണ്ടി ജർമനിയിലേക്ക് പോയി. അവിടെ ബെർലിൻ സർവ്വകലാശാലയുടെ ജന്തു ശാസ്ത്ര മ്യുസിയത്തിൽ പ്രൊഫ. ഇർവിൻ സ്ട്രസ്സ്മാനു കീഴിൽ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ജെ. കെ. സ്ടാന്ഫോർഡ് സംഗ്രഹിച്ച മാതൃകകൾ പഠിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി. ബെർലിനിൽ താമസമാക്കി യിരുന്നത് കൊണ്ട് പല മുൻ നിര ജർമ്മൻ പക്ഷി ശാസ്ത്രജ്ഞരുമായി ഇടപഴാകാൻ അദേഹത്തിന് അവസരം കിട്ടി. അതിൽ പ്രമുഖർ ബെർനാണ്ട് റേൻഷ (Bernhard Rensch), ഓസ്കർ ഹീന്രോത് (Oskar Heinroth), ഏൺസ്റ്റ് മേയർ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാൻഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.
പക്ഷി നിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.
സലിം അലി

1914-ൽ ബ്രിട്ടീഷ്‌ ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്ര ലേഖനത്തിന്റെ നിരൂപണത്തിൽ നിരൂപകൻ ആ പുസ്തകത്തിൽ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തു പറഞ്ഞിരുന്നു. ഇത്‌ സാലിം അലിയുടെ മനസ്സിൽ തട്ടുകയും പക്ഷികളെ കുറിച്ച്‌ പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു. കുടുംബ പ്രാരാബ്ധം മൂലം അതിനിടയിൽ ബർമ്മയിൽ പണിയന്വേഷിച്ചു പോയെങ്കിലും ഇടവേളകളിൽ പക്ഷി നിരീക്ഷണം നടത്തിയിരുന്നു. നാലു വർഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്‌മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷി നിരീക്ഷണത്തിനായി ജർമ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കു വേണ്ടി അലയുന്നതിനിടയിൽ 1932-ൽ “ഹൈദരാബാദ്‌ സംസ്ഥാന പക്ഷി ശാസ്ത്ര പര്യവേക്ഷണ”ത്തിൽ (Hyderabad State Ornithology Survey) പങ്കെടുക്കാൻ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.
1935-ൽ തിരുവിതാംകൂർ മഹാരാജാവ്‌ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി. എൻ. എച്ച്‌. എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ്‌ മറയൂർ ഭാഗത്താണ്‌ പഠനം നടത്തിയത്‌. പിന്നീട്‌ ചാലക്കുടി, പറമ്പിക്കുളം, കുരിയാർകുട്ടി മുതലായിടത്തും പോയി. കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌. അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാ മധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷി സമ്പത്തിനെ കുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണ കേന്ദ്രം (Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്‌ മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ മുതലായ സ്ഥലങ്ങളിൽ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങൾ ആദ്യം തിരുവിതാംകൂർ, കൊച്ചിയിലെ പക്ഷി ശാസ്ത്രം എന്നും പിന്നീട്‌ സർ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യ പ്രകാരം പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികൾ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939-ൽ കേരളത്തിലെ പഠനം പൂർത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിട പറഞ്ഞു. അതോടെ സാലിം പരിപൂർണ്ണ പക്ഷി നിരീക്ഷകനായി.
ഈ രണ്ടു പഠനങ്ങളോടു കൂടി തന്നെ സാലിം അലി പ്രശസ്തനാകുകയും ഇന്ത്യയിലെമ്പാടും പക്ഷി നിരീക്ഷണങ്ങൾക്കായി ക്ഷണിക്കപ്പെടുകയും ചെയ്യപ്പെട്ടു. അതിനിടയിൽ ഇന്ത്യ സ്വതന്ത്രമാവുകയും, സാലിം അലി ബി. എൻ. എച്ച്‌. എസ്സിന്റെ തലവനാവുകയും ഒക്കെ ചെയ്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ചുള്ള അറിവിൽ സാലിം അലിയുടെ പ്രാമാണ്യം ലോകം അംഗീകരിച്ചു. സാലിം അലിയും അമേരിക്കനായ എസ്‌. ഡില്ലൺ റിപ്ലിയും സംയുക്തമായി രചിച്ച ഇന്ത്യയിലേയും പാകിസ്താനിലേയും പക്ഷികളേക്കുറിച്ചുള്ള പഠനങ്ങൾ ഇന്നും ഈ രംഗത്തെ ആധികാരിക പുസ്തകമാണ്‌.
കാശ്മീർ മുതൽ കന്യാകുമാരി വരെ അദ്ദേഹം സ്വയം സഞ്ചരിച്ച്‌ പഠനങ്ങൾ നടത്തി. അനാരോഗ്യം, അലസത മുതലായവ അദ്ദേഹത്തെ തീണ്ടിയില്ല.
ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈടറ്റിയെ (BNHS) പതനത്തിൽ നിന്നും കര കയറ്റുന്നതിൽ സാലിം അലി പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. നൂറു വർഷം പഴക്കമുള്ള ഈ സ്ഥാപനത്തെ രക്ഷിക്കാൻ അന്നത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിനു സാലിം അലി കത്തെഴുതുകയുണ്ടായി.
സാലിമിന്റെ കുടുംബക്കാരും പക്ഷിനിരീക്ഷണ രംഗത്ത് ശോഭിച്ചിരുന്നു എന്ന് കാണാം. പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഹുമയൂൺ അബ്ദുള്ള (Humayun Abdulali), സഫർ ഫുത്തഹാലി (Zafar Futehally) എന്നിവർ സാലിമിന്റെ അകന്ന ബന്ധുക്കളാണ്. സഫർ പിന്നീട് BNHS-ന്റെ ഓണററി സെക്രട്ടറി സ്ഥാനവും വഹിക്കുകയുണ്ടായി.
സാലിം അലി ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ട്. ഇവരിൽ ആദ്യത്തെ വിദ്യാർഥി വിജയകുമാർ അംബേദ്‌കർ ആയിരുന്നു. ഇദ്ദേഹം പ്രജനനം – പരിസ്ഥിതി ശാസ്ത്രം വിഷയത്തിൽ പിന്നീട് ഒരു ഗവേഷണ പ്രബന്ധം എഴുതുകയുണ്ടായി. ഈ പ്രബന്ധം തിരുത്തിയത് ഡേവിഡ്‌ ലാക്ക് (David Lack) എന്ന ശാസ്ത്രജ്ഞനായിരുന്നു.
ഇന്ത്യൻ പക്ഷിനിരീക്ഷണ രംഗത്തേക്ക് ധന സമാഹരണം നടത്തുന്നതിലും അലി പ്രത്യേക പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിൽ സാമ്പത്തിക ശാസ്ത്ര – പക്ഷി ശാസ്ത്ര യൂണിറ്റ് സ്ഥാപിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കു വഹിച്ചു. ഷഡ്പദങ്ങൾ പകർത്തുന്ന ക്യാസന്നൂർ വന രോഗ (Kyasanur Forest Disease) ത്തെപ്പറ്റി പഠിക്കുവാൻ അദ്ദേഹം സാമ്പത്തിക പിന്തുണ നേടിയെടുത്തു. ഈ പ്രൊജെക്ടിനു വേണ്ടി ഫണ്ടുകൾ നൽകിയത് അമേരിക്കൻ ഐക്യ രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന ‘ഫുഡ്‌ ഫോർ പീസ്’ എന്ന പദ്ധതിയായിരുന്നു. പക്ഷെ, രാഷ്ട്രീയമായ പിന്തുണക്കുറവു മൂലം ഈ പദ്ധതി നിന്ന് പോകുകയായിരുന്നു. 1980 കളുടെ അന്ത്യത്തിൽ പക്ഷി വേട്ട കുറച്ചു കൊണ്ടു വരാൻ വേണ്ടിയുള്ള B.N.H.S. പ്രൊജെക്ടിനു അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. അതെ സമയം, പക്ഷി നിരീക്ഷകരെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി പക്ഷി നിരീക്ഷകർക്കായൊരു പത്രിക (A newsletter for birdwatchers) അദ്ദേഹം പുറത്തിറക്കി.
ഡോ. അലിക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പല പ്രമുഖ വ്യക്തികളുമായും ബന്ധമുണ്ടായിരുന്നു. അവയിൽ പലതും ജവഹർലാൽ നെഹ്‌റു, മകൾ ഇന്ദിര ഗാന്ധി എന്നിവരിലൂടെയായിരുന്നു. ഇന്ദിര ഗാന്ധിയും ഒരു പക്ഷി നിരീക്ഷകയായിരുനതു കൊണ്ട് അവർ സാലിമിന്റെ പുസ്തകങ്ങളിൽ ആകൃഷ്ടയായിരുന്നു. 1942-ൽ അലിയുടെ ഇന്ത്യൻ പക്ഷികളുടെ പുസ്തകം (Book of Indian Birds) ആണ് നയിനി ജയിലിലായിരുന്ന ഇന്ദിരയ്ക്ക് അച്ഛൻ ജവഹർലാൽ നെഹ്‌റു ടെഹ്റദുൻ ജയിൽ വാസകാലത്ത് സമ്മാനമായി നൽകിയത്. ഭരത്പൂർ വനങ്ങളെ വന്യജീവി സങ്കേതമാക്കി മാറ്റാനും സൈലന്റ് വാലി കാടുകളെ സംരക്ഷിക്കാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. അനേകം പക്ഷികളുടെ മരണത്തിന് കാരണമായ കന്നുകാലി മേയൽ ഭരത്പൂർ വന്യ ജീവി സങ്കേതത്തിൽ നിന്നും ഇല്ലായ്മ ചെയ്തത് വഴി പരിസ്ഥിതി സംരക്ഷകനെന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടു.
സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി. അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്ര പഠന ഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതി വെച്ച ശേഷം 1987-ൽ തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.
ഏഷ്യയിലെ ജന്തു ശാസ്ത്ര ഗവേഷണത്തിനുള്ള ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ ജോയ്‌ ഗോബിന്ദ ലോ പതക്കം (1953), ഇന്ത്യൻ പക്ഷി ശാസ്ത്രത്തിനു നൽകിയ നിസ്തുല നേവനത്തിനു രാഷ്ട്രപതിയുടെ പത്മഭൂഷൻ (1958), അലിഗാർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌ (1958), ബ്രിട്ടീഷ്‌ ഓർണത്തോളജിസ്റ്റ്‌ യൂണിയന്റെ യൂണിയൻ സ്വർണ്ണ പതക്കം (1967), ഇന്റർ നാഷണൽ കൺസർവേഷൻ പ്രവർത്തനങ്ങൾക്ക്‌ അവരുടെ ജോൺ സി. ഫിലിപ്സ്‌ സ്മാരക പതക്കം (1969), ഭാരതീയ പക്ഷി ശാസ്ത്രത്തിനു നൽകിയ മികച്ച സംഭാവനകൾക്ക്‌ ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമിയുടെ സുന്ദർലാൽ ഹോറാ സ്മാരക പതക്കം (1970), ഡെൽഹി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌ (1973), യു. എസ്‌. എസ്‌. ആർ. അക്കാദമി ഓഫ്‌ മെഡിക്കൽ സയൻസിന്റെ പാവ്‌ലോവ്‌സ്‌ക്കി സെന്റിനറി സ്മാരക പതക്കം (1973), എച്ച്‌. ആർ. എച്ച്‌. പ്രിൻസ്‌ ബർനാർഡ്‌ ഒഫ്‌ നെതർലാൻഡ്സിന്റെ ഇൻസൈനിയ ഓഫ്‌ ഓഫിസർ ഇൻ ദ ഓർഡർ ഒഫ്‌ ഗോൾഡൻ ആർക്ക്‌ (1973), വന്യജീവി സംരക്ഷണത്തിൽ ജെ. പോൾ ഗെറ്റി രാജ്യാന്തര പുരസ്കാരം (1976), ആന്ധ്ര യൂണിവേർസിറ്റിയുടെ ഡോക്ടറേറ്റ്‌ (1978), ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമിയുടെ സി. വി. രാമൻ പതക്കം (1979), ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷി ശാസ്ത്രത്തിനു നൽകിയ സേവനങ്ങൾക്ക്‌ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗ്ലാദേശ്‌ സ്വർണ്ണ പതക്കം (1981), ഏഷ്യാറ്റിക്‌ സൊസൈറ്റി കൽക്കട്ടയുടെ രബീന്ദ്രനാഥ ടാഗോർ പതാക (1981), ഇന്ത്യൻ ഭരണകൂടത്തിന്റെ നാഷണൽ റിസർച്ച്‌ പ്രൊഫസർഷിപ്പ്‌ ഇൻ ഓർണത്തോളജി (1982), യു. എസ്‌. എ. നാഷണൽ വൈൽഡ്‌ ലൈഫ്‌ ഫെഡറേഷന്റെ ഇന്റർനാഷണൽ കൺസർവേഷൻ അവാർഡ്‌ (1983), ഇന്ത്യാ ഭരണകൂടത്തിന്റെ വന്യജീവി സംരക്ഷണത്തിന്‌ നാഷണൽ ബഹുമതി (സ്വർണ്ണ പതക്കം – 1983) എന്നീ പ്രധാന ബിരുദങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. പക്ഷി ശാസ്ത്ര പഠനത്തിന്‌ 1976ല്‍ പത്മവിഭൂഷൺ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
The book of Indian Birds (1941), Indian Hill Birds (1949), The Birds of Kuch (1945), The Birds of Kerala, The Birds of Sikkim, Hand book of the birds of India and Pakistan, Common Birds (1967) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.


24 Jun 2015

മഹാത്യാഗം

 ജെ.ടി.ആമ്പല്ലൂർ

ചാട്ടവാറടിയേറ്റു കാശ്മീരകം ചാർത്തി,
ചക്രവർത്തിമാർക്കൊക്കെ മുമ്പനാമാത്തമ്പുരാൻ
കാൽവരിക്കുന്നിൽ യാഗഭൂമിയിലേയ്ക്കായ്‌ യാത്ര
കുരിശും ചുമന്നുതാൻ തുടരുന്നതു കാൺകെ,
ഊർശ്ശേം കുമാരിമാർ കണ്ണുനീർചാർത്തിക്കൊണ്ടു
മുൾത്തടംനീറിപ്പിട,ഞ്ഞങ്ങുന്നിൻ പിന്നാലെത്താൻ
യാത്ര തുടരെ,ത്തിരിഞ്ഞാമഹിളകൾക്കൊട്ടൊ

-
രാശ്വാസവാക്കായ്ത്താൻ ഭവാനന്നാൾ
യൂദരെയുൾക്കൊണ്ടുതാൻ ചൊല്ലിനാ,നൂര്ർശ്ലേമിൻ
പുത്രികളെ നിങ്ങൾ, നിങ്ങൾ തൻ പുത്രർക്കായി
തേങ്ങിക്കരയ്‌വിൻ, തന്നെക്കുറിച്ചേറെ
വിലപിക്കവേ,ണ്ടെന്നൊരാശ്വാസ വചസ്സുകൾ!~
ഇച്ചൊന്നസത്യമാ,ണിന്നും പ്രതിദ്ധ്വനി-
ക്കുന്നതീമന്നിൽസുതരെക്കുറിച്ചാ
രിലും!
ലോകമേ, നിന്ദ്യമായ്‌, നിർദ്ദയം നീ നിന്റെ
നാഥനെയെന്തേ ത്യജിച്ചു നിഷ്ക്കരുണമായ്‌?
പാപമില്ലാത്തവൻ മർത്ത്യപാപത്തിനായ്‌
പരിഹാരമേകാനണഞ്ഞി,ട്ടിതോമർത്ത്
യൻ
പാരിതോഷികമേകി; ലോകമേലജ്ജിക്ക,
മന്നിന്റെ ശാപമായ്‌ തീർന്നവർ മാനുഷർ, നിത്യവും!

23 May 2015

മൂന്ന്‌ രംഗങ്ങൾ


ജയശങ്കർ.എ.എസ്‌


രംഗം ഒന്ന്‌

ദൈവങ്ങൾ മരണത്തിന്‌

കീഴടങ്ങിയതും

മതങ്ങൾ ആത്മാർത്ഥമായി

പെഴപ്പിച്ചു തുടങ്ങി

മനുഷ്യനെ, മണ്ണിനെ.



ചോദ്യങ്ങളില്ലാത്തതിനാൽ

വിശ്വാസം

ഊതിപ്പെരുപ്പിച്ച്‌

പല പേരുകളിൽ

പാതയോരങ്ങളിലും

മാളുകളിലും

ഹായ്‌ ,

ഫോർസെയിലിന്‌

വെച്ചിരിക്കുന്നതും കണ്ടു.



ആരുടെയോ കൈത്തഴക്കത്തിൽ

ശിവകാശി കലണ്ടറിലെ

മേനിക്കടലാസിലേക്ക്‌

മനുഷ്യരൂപം കൊണ്ട

നഗ്നരല്ലാത്ത സവർണ്ണ ദൈവങ്ങൾ

ജീവിതത്തിൽ

കറുപ്പിക്കപ്പെട്ടവരെ  നോക്കി

വെളുക്കെ ചിരിച്ചുകൊണ്ടേയിരുന്നു.



രംഗം രണ്ട്‌



മലവെള്ളം

തച്ചുടച്ചെത്തിയപ്പോൾ

ദേവാലയങ്ങളിലെ

സിംഹാസനങ്ങളിൽ നിന്ന്‌

നിങ്ങളെല്ലാം

ഓടിപ്പോയത്‌

എങ്ങോട്ടാണ്‌?



ഒരിക്കലും

ദുരിതക്കാഴ്ചകളിലേക്ക്‌

തുറന്നിട്ടില്ലാത്ത

കൺപോളകൾ ബലപ്പെടുത്തി

ശവങ്ങൾ പുതഞ്ഞ

മണ്ണിൽ നിന്ന്‌

നിങ്ങളെല്ലാം

എന്തിനാണ്‌ സ്ഥലം കാലിയാക്കിയത്‌?



രംഗം മൂന്ന്‌



തകർന്നടിഞ്ഞ

ശിഷ്ടസ്വപ്നങ്ങൾക്ക്‌ മുകളിൽ

ദേവാലയങ്ങൾ

കെട്ടിയുയർത്തി

വാഴ്ത്തിയിരുത്തുമ്പോൾ

വിശ്വാസികളെ രക്ഷിക്കാമെന്ന വാക്ക്‌

ജനതയുടെ

ഏമ്പക്കത്തിൽ കുഴഞ്ഞു വീഴുന്നു.

22 Apr 2015

തിരിച്ചറിവുകൾക്കപ്പുറം





ദിപു ശശി തത്തപ്പിള്ളി

നിലാവിന്റെ സംഗീതം,

ചീവീടുകളുടെ മുരൾച്ചയായിരുന്നു

ജാലകങ്ങൾക്കക്കരെ ചാഞ്ഞുവീഴുന്ന

മഴനാരുകൾ;

പറയാതടക്കിപ്പിടിച്ച സ്വപ്നങ്ങളുടെ

വിങ്ങലുകളും..............

പകുത്തു നൽകിയ ഹൃദയം,

വലിച്ചെറിയപ്പെടുമ്പോൾ

ഞാൻ മാത്രം എന്തിനു ചിരിക്കാതിരിക്കണം?

പറയാൻ കാത്തു വെച്ചതും,

എഴുതാൻ മറന്നു പോയതും,

ഊഴം തേടിയലയുമ്പോൾ;

പങ്കുവെയ്ക്കപ്പെടാതെ പോയ സ്നേഹം

ചിതലരിച്ച പാതിഹൃദയത്തിൽ,

നഖമുനകളാഴ്ത്തി പിടയുന്നിപ്പോഴും.......

ഉണങ്ങി വരണ്ട സൗഹൃദങ്ങൾക്കും,

ക്ളാവു പിടിച്ച ബന്ധക്കണ്ണികൾക്കും,

തിരിച്ചറിവുകളിൽ സ്ഥാന ഭ്രംശം

പെയ്തൊഴിഞ്ഞ സായന്തനങ്ങൾക്കും,

സ്വപ്നങ്ങൾ ചിറകു വിടർത്തിയ നിശായാമങ്ങൾക്കും

അറിഞ്ഞു, മറിയാതെയും നെയ്ത പ്രണയ കാവ്യങ്ങൾക്കും

തിരിച്ചറിവുകൾക്കപ്പുറമൊരു യാത്രയുണ്ടാവുമോ?!

11 Mar 2015

പരോപകാരത്തിന്റെ വില


ജോൺ മുഴുത്തേറ്റ്‌



അഡ്വക്കെറ്റ്‌ ജെയിംസ്‌ വൈകുന്നേരം തന്റെ ഓഫീസിൽ നിന്നും പതിവിലും നേരത്തെ ഇറങ്ങി. സ്നേഹിതന്റെ കുട്ടിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കണം. കുട്ടിക്ക്‌ നൽകുവാനായി സമ്മാനവും വാങ്ങി. സ്നേഹിതന്റെ വീട്ടിലേയ്ക്ക്‌ പത്തുമിനിട്ട്‌ ഡ്രൈവ്‌ ചെയ്യണം. വേഗത്തിൽ പോയാൽ ആറുമണിക്ക്‌ മുൻപ്‌ എത്തിച്ചേരാം.
സിറ്റിയിൽ നിന്ന്‌ തിരക്കൊഴിഞ്ഞ ഹൈവേയിലേയ്ക്ക്‌ കയറിയപ്പോൾ ജെയിംസ്‌ കാറിന്റെ വേഗത കൂട്ടി. പെട്ടെന്നാണ്‌ അതു ശ്രദ്ധയിൽപെട്ടത്‌. മദ്ധ്യവയസ്കയായ ഒരു സ്ത്രീ തന്റെ കാറിന്റെ ബോണറ്റ്‌ പൊക്കിവച്ച്‌ നിൽക്കുന്നു. കാർ ബ്രേക്ക്ഡൗണായി കിടക്കുകയാണ്‌. ജെയിംസ്‌ കാറിന്റെ വേഗത കുറച്ചു. ആ സ്ത്രീ ദയനീയമായി നോക്കുന്നു.'എന്നെ ഒന്നു സഹായിക്കുമോ?' എന്ന അപേക്ഷ ആ നോട്ടത്തിലുണ്ടായിരുന്നു. അയാൾ കാർ നിർത്തി ഇറങ്ങി. എന്താണ്‌ പ്രശ്നമെന്ന്‌ ചോദിച്ചു. കാർ നിന്നു പോയി. കാരണം കണ്ടുപിടിക്കാൻ കഴിയുന്നില്ല. ഒരപകടത്തിൽപെട്ട്‌ ആശുപത്രിയിൽ കഴിയുന്ന തന്റെ ഏകമകനെ കാണുവാനായി ധൃതിയിൽ പോവുകയായിരുന്നു. ഡ്രൈവറെ വിളിക്കാൻ പോലും കഴിഞ്ഞില്ല. ഇനി ആശുപത്രിയിലേക്ക്‌ 10 കിലോമീറ്റർ ദൂരമുണ്ട്‌.
ജെയിംസിന്‌ അവരോടു സഹതാപം തോന്നി. കാറിന്റെ തകരാറ്‌ കണ്ടുപിടിക്കാമോ എന്ന്‌ ശ്രമിച്ചുനോക്കി. പക്ഷേ കഴിയുന്നില്ല. വർക്ക്ഷോപ്പിൽ നിന്ന്‌ മെക്കാനിക്കിനെ കൊണ്ടുവരേണ്ടി വരും. തികച്ചും അസ്വസ്ഥയായിരുന്ന അവരെ അയാൾ ആശ്വസിപ്പിച്ചു. "മാഡം വിഷമിക്കേണ്ട. സിറ്റിയിൽ എനിക്ക്‌ പരിചയമുളള വർക്ക്ഷോപ്പുണ്ട്‌. കാറിന്റെ കാര്യം അവരെ ഏൽപ്പിക്കാം. അവർ വണ്ടിവന്നെടുത്ത്‌ ശരിയാക്കി പറയുന്നിടത്ത്‌ എത്തിച്ചു തരും. മാഡത്തെ ഞാൻ ആശുപത്രിയിൽ കൊണ്ടുവിടാം." 'അയ്യോ ആശുപത്രിയിലേക്ക്‌ പത്തുകിലോമീറ്ററിലേറെ ദൂരമുണ്ട്‌. അത്‌ നിങ്ങൾക്ക്‌ അസൗകര്യമാകും ഞാൻ ടാക്സിയിൽ പോയ്ക്കോളാം." സ്ത്രീ നന്ദിയോടെ പറഞ്ഞു.
ജെയിംസ്‌ തന്റെ വിസിറ്റിംഗ്‌ കാർഡ്‌ സ്ത്രീയ്ക്ക്‌ കൊടുത്തു. എന്നിട്ട്‌ പറഞ്ഞു."മാഡം ഒട്ടും ഭയപ്പെടേണ്ട. ഈ നേരത്ത്‌ തനിയെ ടാക്സിയിൽ പോകേണ്ട. ഞാൻ ഡ്രോപ്പുചെയ്യാം."
നിർബന്ധിച്ചപ്പോൾ സ്ത്രീ ജെയിംസിന്റെ കാറിൽ കയറി. അവർ പട്ടണത്തിലെ വർക്ക്ഷോപ്പിൽ എത്തി കാറിന്റെ താക്കോൽ ഏൽപ്പിച്ചു. അവർ കാർ ശരിയാക്കി ആശുപത്രിയിൽ എത്തിച്ചു കൊളളാമെന്ന്‌ ഏറ്റു.
ജെയിംസ്‌ ആ സ്ത്രീയെ പത്തു കിലോമീറ്റർ ദൂരത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി വിട്ടു. ഇറങ്ങിയപ്പോൾ അവർ നന്ദിയോടെ പറഞ്ഞു; "ഈ ഉപകാരം ഞാനൊരിക്കലും മറക്കില്ല. താങ്കൾ വളരെ ദയാലുവാണ്‌."
അവർ കൈവീശി ടാറ്റാ പറഞ്ഞു. എന്നിട്ടുവളരെ തിരക്കിട്ട്‌ ആശുപത്രിയിലേക്ക്‌ ഓടിക്കയറി.
ജെയിംസ്‌ ബേർത്ത്‌ ഡേ പാർട്ടിയ്ക്ക്‌ താമസിച്ചാണ്‌ എത്തിയത്‌. എങ്കിലും അയാൾക്ക്‌ കുറ്റബോധം തോന്നിയില്ല. ഒരു നല്ല കാര്യത്തിനു വേണ്ടിയാണല്ലോ താമസിക്കേണ്ടി വന്നത്‌. അയാൾക്ക്‌ ആത്മസംതൃപ്തി തോന്നി.
ഏതാനും മാസങ്ങൾ കഴിഞ്ഞു. അപ്രതീക്ഷിതമായിട്ടാണ്‌ ജെയിംസിന്‌ ആ കത്തു കിട്ടിയത്‌. അന്ന്‌ ആശുപത്രിയിൽ കൊണ്ടുവിട്ട ആ സ്ത്രീയുടെ കത്തായിരുന്നു. ഡെയ്സി ഫ്രാൻസിസ്‌ അതായിരുന്നു ആ സ്ത്രീയുടെ പേര്‌. കത്തു വായിച്ചപ്പോൾ അയാളുടെ കണ്ണു നിറഞ്ഞു. അന്ന്‌ ആശുപത്രിയിൽ എത്തിയ ഉടൻതന്നെ തന്റെ മകന്റെ നില വഷളായി. പെട്ടെന്ന്‌ ശ്വാസതടസ്സം നേരിട്ട അവനെ രക്ഷിക്കാൻ  ഡോക്ടർമാർക്ക്‌ ആയില്ല. അൽപം താമസിച്ചിരുന്നെങ്കിൽ തന്റെ പുത്രന്റെ അന്ത്യനിമിഷങ്ങളിൽ സമീപത്തുണ്ടാകുവാൻ കൂടി കഴിയില്ലായിരുന്നു.
"താങ്കൾ അന്നു ചെയ്ത ഉപകാരത്തിന്‌ ഞാൻ താങ്കളോട്‌ ഏറെ കടപ്പെട്ടിരിക്കുന്നു. താങ്കളുടെ അസാധാരണമായ സഹായവും ദയയും കൊണ്ടാണ്‌ മരണത്തിനു മുമ്പ്‌ എന്റെ മോന്റെ അടുത്തെത്താനായത്‌. അതു ഞാൻ എന്നും നന്ദിപൂർവ്വം സ്മരിക്കുന്നു. മകന്റെ അപ്രതീക്ഷിതമായ മരണം ഏൽപിച്ച ആഘാതത്തിലായിരുന്നു ഞാൻ. അതുകൊണ്ടാണ്‌ താങ്കളെ ഇത്രയും നാൾ ബന്ധപ്പെടാതിരുന്നത്‌."
ഈ കത്തെഴുതുന്നത്‌ ഒരു പ്രത്യേക കാര്യം അറിയിക്കുവാനും കൂടിയാണ്‌. ഞാനും എന്റെ ഭർത്താവും കൂടി മകന്റെ ഓർമ്മയ്ക്കായി ഒരു ചാരിറ്റബിൾ ട്രസ്റ്റ്‌ രൂപീകരിക്കുകയാണ്‌. ഞങ്ങൾ വിദേശത്തായിരുന്നപ്പോൾ ധാരാളം പണം സമ്പാദിച്ചു. അതിനി പാവങ്ങൾക്കായി ചെലവിടാനാണ്‌ താൽപര്യം. ഇത്‌ വലിയൊരു പ്രവർത്തന മേഖലയാക്കണം. ഇതിന്റെ എക്സിക്യൂട്ടീവ്‌ ഡയറക്ടറായി താങ്കളുടെ പേരാണ്‌ എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്‌. ഈ മഹത്തായ ചുമതല താങ്കൾക്ക്‌ ഭംഗിയായി നിർവ്വഹിക്കുവാൻ കഴിയുമെന്ന്‌ ഞങ്ങൾക്കറിയാം. താങ്കളുടെ സമ്മതം ലഭിച്ചാലുടനെ ഞങ്ങൾ താങ്കളെ വന്നുകണ്ടുകൊളളാം."
അതിയായ അത്ഭുതത്തോടും ആഹ്ലാദത്തോടും കൂടിയാണ്‌ ജെയിംസ്‌ ഈ കത്ത്‌ വായിച്ചതു. ഒരു ചെറിയ സൽപ്രവൃത്തിക്ക്‌, ഒരു സഹായത്തിന്‌ ഇത്രമാത്രം ഉപകാരസ്മരണയും അനന്തരഫലങ്ങളും ഉണ്ടാക്കാൻ കഴിയുമെന്ന്‌ ഒരിക്കലും കരുതിയിരുന്നില്ല. സൽപ്രവൃത്തിയുടെയും ഉപകാരസ്മരണയുടെയും സാമൂഹ്യമാനങ്ങൾ എത്ര വലുതാണെന്ന്‌ അയാൾ ചിന്തിച്ചുപോയി. താൽപര്യപൂർവ്വം അവർ ഏൽപിച്ച മഹത്തായ ചുമതല ഏറ്റെടുക്കുവാൻ തന്നെ അയാൾ തീരുമാനിച്ചു. സമൂഹനന്മയ്ക്കായി  എന്തെങ്കിലും ചെയ്യുവാൻ കഴിയുന്ന ഈ അവസരം പാഴാക്കരുതല്ലോ.
നിങ്ങൾക്ക്‌ മറ്റൊരാളിൽ നിന്ന്‌ ഒരു സഹായം ലഭിക്കുമ്പോൾ നിങ്ങൾ അയാളോട്‌ ഉപകാരസ്മരണയുളളവനാവുകയും അതു പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ അതയാൾക്ക്‌ സന്തോഷവും ആത്മസംതൃപ്തിയും നൽകുന്നു. ഇത്തരം കൂടുതൽ സഹായപ്രവൃത്തികൾ  നിങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടി ചെയ്യുവാനുളള ഉത്സാഹവും പ്രചോദനവും അയാളിൽ അങ്കുരിക്കുന്നു. കൂടാതെ, അയാളോട്‌ ഉപകാരസ്മരണ പുലർത്തുന്ന നിങ്ങളോട്​‍്‌ മാനസികമായ അടുപ്പവും താൽപര്യവും അയാൾക്ക്‌ കൂടുതലായി തോന്നുന്നു. ഇങ്ങനെ സൗഹൃദങ്ങൾ കൂടൂതൽ അഗാധവും ഊഷ്മളവുമായിത്തീരുന്നു. ഉപകാരസ്മരണ നിങ്ങളുടെയും ചുറ്റുമുളളവരുടെയും ഹൃദയങ്ങളിൽ ഒരുതരം പോസിറ്റീവ്‌ എനർജി നിറയ്ക്കുന്നു. ഇത്‌ സമൂഹത്തിൽ സൗഹൃദവും സഹകരണവും പരസ്പര സഹായവും വളർത്തുന്നു. സ്നേഹത്തിന്റെയും നന്മയുടെയും നിലാവെളിച്ചം എങ്ങും നിറയ്ക്കുന്നു.
ഉപകാരസ്മരണയോടു കൂടിയ പെരുമാറ്റം കൂടുതൽ മെച്ചപ്പെട്ട സാമൂഹികബന്ധങ്ങൾക്കും, വ്യക്തിബന്ധങ്ങൾക്കും കാരണമായിത്തീരുന്നു. ഇത്‌ ക്രമേണ ഉദാത്തമായ സാമൂഹ്യമാറ്റങ്ങൾക്ക്‌ പോലും വിത്ത്‌ പാകുന്നു. അതുകൊണ്ടാണ്‌ ഖലിൽ ജിബ്രാൻ പറഞ്ഞത്‌; 'പ്രഭാതത്തിൽ ചിറകുള്ള ഹൃദയവുമായി ഉണരുക, സ്നേഹത്തിന്റെ മറ്റൊരു ദിനത്തിന്‌ നന്ദി പറയുക.'
ജീവിതം സന്തോഷപ്രദവും അർത്ഥപൂർണ്ണവുമാക്കാൻ ഉപകാരസ്മരണയുടെ മനോഭാവം നിങ്ങളെ സഹായിക്കുന്നു. ഉപകാരസ്മരണ ഹൃദയത്തിന്റെ ഓർമ്മയാണ്‌. ഹെന്റി വാർഡ്‌ ബീച്ചറിന്റെ അഭിപ്രായത്തിൽ 'ആത്മാവിൽ നിന്ന്‌ വിടർന്നു വരുന്ന മനോഹരപുഷ്പമാണ്‌ ഉപകാരസ്മരണ.'
'ഓരോ നിമിഷവും സ്നേഹത്തോടും അനുകമ്പയോടും ഉപകാരസ്മരണയോടും കൂടി ജീവിക്കുന്ന ആത്മീയ അനുഭവമാണ്‌ സന്തുഷ്ടി', എന്നാണ്‌ ഡെനീസ്‌ വെയ്റ്റ്ലി അഭിപ്രായപ്പെട്ടത്‌. 'ജീവിതത്തിൽ കൂടുതൽ സമ്പന്നത കൊണ്ടു വരുവാനുള്ള ഉറപ്പായ മാർഗ്ഗമാണ്‌ ഉപകാരസ്മരണ', എന്ന്‌ മാർകി ഷിമോഫ്‌. 'ഉപകാരസ്മരണയാൽ ശുദ്ധീകരിക്കപ്പെട്ട മനസ്‌ നിറയെ സന്തോഷമാണ്‌', എന്നാണ്‌ മറിയേത്ത മക്കാർലി വ്യക്തമാക്കിയത്‌.
ആളുകളെ വൈകാരികമായി ബന്ധിപ്പിക്കുകയും അടുപ്പിക്കുകയും ചെയ്യുന്ന ഹൃദയശക്തിയാണ്‌ ഉപകാരസ്മരണ. ഇതൊരു ആത്മീയ അനുഭവമാണ്‌. ചുരുക്കിപ്പറഞ്ഞാൽ നിരന്തരമായി നാം പുലർത്തുന്ന ഉപകാരസ്മരണയുടെ മനോഭാവം ശാരീരികവും മാനസികവും ആത്മീയവുമായി നമ്മെ ശുദ്ധീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു. നിതാന്ത സന്തുഷ്ടിയുടെ ഉറവിടമാണ്‌ ഉപകാരസ്മരണ എന്നോർക്കുക.

21 Feb 2015

തെങ്ങ്‌ എനിക്ക്‌ കൗമാര കൗതുകം




സി.രാധാകൃഷ്ണൻ


നമ്മുടെ നാട്ടിൽ കൃഷിക്കുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട്‌ കാർഷികോത്പ്പങ്ങ്ങ്ങളുടെ വിലനിലവാരത്തിലെ അസ്ഥരതയാണ്‌. ഇന്നു വിലയുള്ള കാർഷിക ഉത്പ്പന്നം നാളെ വിലയില്ലാത്തത്തായി മാറുന്നു. കൃഷിക്കാരന്‌ വിശ്വസിച്ച്‌ ഒരു വിളയും കൃഷി ഇറക്കാനാവാത്ത അവസ്ഥ. നെല്ലു കൃഷി ചെയ്യുന്ന സ്ഥലത്ത്‌ കുറെക്കൂടി ലാഭകരമായി കപ്പ കൃഷി ചെയ്യാം. അടുത്ത വർഷം വേണമെങ്കിൽ നെല്ലിലേയ്ക്കു പോവുകയും ആവാം. ഇത്തരത്തിൽ വിപണിയിലെ വില മാറുന്നതനുസരിച്ച്‌ നമുക്ക്‌ മാറി മാറി ചെയ്യാവുന്ന വാർഷിക വിളകൾ ഉണ്ട്‌. അങ്ങനെ മാറി ചെയ്യാനാവാത്ത കൃഷികളും ഉണ്ട്‌. അതിൽ ഒന്നാണ്‌ തെങ്ങ്‌. ഒരു തെങ്ങ്‌ നട്ടാൽ അതിൽ കായ്ഫലം ഉണ്ടാവാൻ ശരാശരി അഞ്ചു വർഷം എങ്കിലും എടുക്കും.അതായത്‌ ഇപ്പോൾ ഞാൻ എന്റെ സകല സമ്പാദ്യങ്ങളും മുടക്കി നൂറു മൂട്‌ തെങ്ങു നടുന്നു എന്നിരിക്കട്ടെ. അഞ്ചു വർഷം കഴിഞ്ഞുള്ള അതിന്റെ ഉത്പ്പന്ന വിലയാണ്‌ ഇപ്പോൾ എന്റയുള്ളിൽ ഉള്ളത്‌. ഈ അഞ്ചു വർഷം കഴിഞ്ഞ്‌ ലഭിക്കുന്ന ഉത്പ്പന്ന വില എന്റെ അധ്വാനത്തിനോ മൂലധന നിക്ഷേപത്തിനോ ഒന്നും പരിഹാരമല്ലാത്ത ഒരു അവസ്ഥയിൽ താഴ്‌ന്നു പോവുകയാണെങ്കിൽ എനിക്ക്‌ അതിനെ വെട്ടി മാറ്റാൻ പോലും സാധിക്കില്ല. പരിചരിക്കാൻ ഒട്ടും കഴിയില്ല. അപ്പോൾ അതിന്റെ വരുമാനം കുറയും, അതിനെ സംരക്ഷിക്കാനുള്ള എന്റെ ശേഷി കുറയും എന്റെ ജീവിത മാർഗ്ഗം അടയും ചിലപ്പോൾ ഞാൻ ആത്മഹത്യക്കു വരെ ഒരുങ്ങി എന്നു വരും. ഇങ്ങനെ ദീർഘ കാല അടിസ്ഥാനത്തിൽ വരുമാനം  തരുന്ന എല്ലാ വിളകളും കേരളത്തിലെ കർഷകർക്ക്‌ കഴിഞ്ഞ കാലങ്ങളിലെല്ലാം ബുദ്ധിമുട്ടേ ഉണ്ടാക്കിയിട്ടുള്ളു. ഒരു കാലത്ത്‌ റബർ ആയിരുന്നു കേരളത്തിലെ ഏറ്റവും ലാഭകരമായ കൃഷി. കുറച്ചു കഴിഞ്ഞപ്പോൾ അതിന്റെ വിലയിൽ വലിയ ഇടിവ്‌ സംഭവിച്ചിരിക്കുകയാണ്‌. ഈ വിലയിടിവ്‌ അതിനെ വിശ്വാസയോഗ്യമായ ഒരു കൃഷി അല്ലാതാക്കി മാറ്റിയിരിക്കുന്നു.  തെങ്ങ്‌ അതുപോലെ തന്നെയാണ്‌. ഒരിടയ്ക്ക്‌  കൊക്കോ നമ്മുടെ നാട്ടിൽ വ്യാപകമായും ലാഭകരമായും  കൃഷി ചെയ്തിരുന്നു. അതും  രണ്ടോ മൂന്നോ വർഷം കൊണ്ട്‌ ഫലം തരുന്ന വിളയാണ്‌. പക്ഷെ ആവശ്യക്കാരൻ ആ രോ ആയിരുന്നതുകൊണ്ട്‌ അയാൾ വില നിയന്ത്രിക്കാൻ തുടങ്ങിയതോടെ അതിന്റെയും വില ഇടഞ്ഞു നിലം പൊത്തി.   കൊംഗോവിലും ഘാനയിലും ഒക്കെ ഉണ്ടായതുപോലെ ഇതെല്ലാം നമ്മുടെ നാടിന്റെ കാർഷികമായ സാമ്പത്തിക ഭദ്രത തന്നെ തകരുന്ന ഒരു അവസ്ഥയിലെത്തി. ഇപ്പോൾ അതിൽ നിന്നു കര കയറിയിരിക്കുകയാണ്‌. നമ്മുടെ ചുക്കിനും കുരുമുളകിനും ഏലത്തിനുമൊക്കെ ഇതേ തരത്തിലുള്ള വിഷമങ്ങൾ ഉണ്ട്‌.  ഒരു കുരുമുളകിന്റെ വള്ളി നട്ട്‌ ആദായം തരണമെങ്കിൽ കുറഞ്ഞത്‌ അഞ്ചാറു വർഷമൊക്കെയടുക്കും. ആ കാലത്തിൽ അതിനു വിലയില്ലാതായാലോ. ഏലവും അതുപോലെയാണ്‌ .മണ്ണ്‌ സംസ്കരിച്ച്‌ കൃഷിയിടം പാകപ്പെടുത്തി, ഏലം നട്ടു വളർത്തി നാലോ അഞ്ചോ കൊല്ലക്കാലത്തെ അധ്വാനം വേണം. അതുകഴിഞ്ഞാണ്‌ അത്‌ കായ്ച്ചു തുടങ്ങുക. അപ്പോൾ അതിനു വിലയില്ലാതായാലോ.
നമ്മുടെ ഭരണ സംവിധാനത്തിൽ, സാമ്പത്തിക ക്രമത്തിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള കാർഷികോത്പ്പന്ന വില നിർണയ ആസൂത്രണം അനിവാര്യമാണ്‌. ഏതേതു വിളകൾക്ക്‌ ഏതേതു കാലത്ത്‌  എത്ര കണ്ട്‌ വില കൂടാനോ കുറയാനോ സാധ്യതയുണ്ട്‌ എന്ന ഒരു കണക്ക്‌. അങ്ങനെ ഉണ്ടാവുകയാണെങ്കിൽ അതിനു പ്രതിവിധി എന്തെന്നു  കൂടി നമ്മൾ കണ്ടെത്തിയേ മതിയാവൂ.
കേരളത്തിലെ നാളികേര കൃഷിക്കും ഇതു തന്നെയാണ്‌ പ്രശ്നം. എന്റെയൊക്കെ കുട്ടിക്കാലത്ത്‌  തെങ്ങ്‌ എന്നു പറയുന്നത്‌ വളരെ കുറച്ച്‌ കായ്ഫലം തരുന്ന ഒരു കൃഷിയാണ്‌. പത്തു തെങ്ങുണ്ടെങ്കിൽ ഇരുപത്‌ നാളികേരം കിട്ടിയാൽ ലാഭം എന്ന കരുതിയാൽ മതി. അത്രയേ ഉണ്ടായിരുന്നുള്ളു അതിന്റെ ഉത്പാദന ക്ഷമത. അതും പത്തും പതിനഞ്ചും വർഷമൊക്കെ കഴിഞ്ഞാണ്‌ ആദ്യത്തെ ചൊട്ട വിരിയുന്നതു തന്നെ. അന്ന്‌ തെങ്ങിന്‌ കാര്യമായ ശുശ്രൂഷ ഒന്നും വേണ്ടിയിരുന്നില്ല. മധ്യപ്രായമുള്ള തെങ്ങിന്റെ കേടില്ലാത്ത മൂത്ത്‌ പാകമായ തേങ്ങ വെട്ടിയിടാതെ ഭദ്രമായി കയറിലോ മറ്റോ കെട്ടിയിറക്കി, തണലിൽ വച്ച്‌ വെള്ളം വറ്റിച്ച്‌ മണലിൽ പാകും. മുളവരുമ്പോൾ അത്‌  പുരയിടത്തിൽ കുഴിയെടുത്ത്‌ നടും. ആദ്യത്തെ ഒന്നോ രണ്ടോ വർഷം വെള്ളം നൽകിയാലായി. പക്ഷെ അന്നു തെങ്ങിന്‌ കാര്യമായ രോഗങ്ങൾ ഒന്നും ഇല്ലായിരുന്നു.
അന്ന്‌ കാരണവന്മാർ പറയാറുള്ളത്‌, തെങ്ങ്‌ എന്നാൽ കൽപ വൃക്ഷമാണ്‌. കാരണം ആ വൃക്ഷത്തിന്റെ ഒരു ഭാഗവും കളയാനില്ല. മടൽ ചിരട്ട, തടി എന്നു വേണ്ട തെങ്ങു വെട്ടി കുറ്റി മാന്തി അതിന്റെ  വേരു പോലും ഉപയോഗിക്കുന്നതിന്‌ കുഴിച്ച്‌ എടുത്തുകൊണ്ട്‌ പോകുമായിരുന്നു. ഈ വേര്‌ കത്തിച്ച്‌ വെള്ളം തളിച്ച്‌ കരിയാക്കിയാണ്‌  അന്നൊക്കെ പരമ്പരാഗത സ്വർണാഭരണ നിർമാണ തൊഴിലാളികൾ  സ്വർണം ഉരുക്കുന്നതിനായി ഉപയോഗിച്ചിരുന്നത്‌. ചിരട്ടയെക്കാൾ അന്ന്‌ ഇത്‌ ലാഭമായിരുന്നു. അത്രമാത്രം തെങ്ങിന്റെ അവസാനത്തെ ഭാഗം  വരെ ഉപയോഗിക്കാൻ സാധിച്ചിരുന്നു. ഇക്കാരണങ്ങളാൽ തെങ്ങിനെ മനുഷ്യൻ ആദരിച്ചിരുന്നു. മനുഷ്യജീവിതത്തിലെ ശുഭ മൂഹൂർത്തങ്ങൾക്ക്‌ സാക്ഷ്യം വഹിക്കാനും നാളികേരം തന്നെ വേണമായിരുന്നു. നിറപറയ്ക്കൊപ്പം പൂക്കുല, കമാനങ്ങൾക്ക്‌ ഭംഗിയേകാൻ നാളികേരക്കുല, പീലിഓലകൾ, ദീപം തെളിക്കാൻ എണ്ണ. മനുഷ്യർ ജനിക്കുമ്പോഴും മരിക്കുമ്പോഴും എല്ലാ കർമ്മങ്ങൾക്കും നാളികേരം സാക്ഷിയാണ്‌. ഉത്സവത്തിനും എന്തിനു മന്ത്രവാദത്തിനു പോലും തേങ്ങ ഒഴിവാക്കാനാവാത്ത ഘടകമാണ്‌. അന്നും ഇന്നും. ആയൂർവേദ ഉത്പ്പന്നങ്ങളിൽ മഹാഭൂരിപക്ഷവും നാളികേര എണ്ണ ഉപയോഗിച്ചാണ്‌ നിർമ്മിക്കുന്നത്‌. മരുന്നായിട്ട്‌, നിത്യോപയോഗ വസ്തുവായിട്ട്‌, ജീവിതമാർഗ്ഗമായിട്ട്‌, കൃഷിയായിട്ട്‌ നാം ഉപയോഗിക്കുന്ന വസ്തുവാണ്‌ തേങ്ങ. ഒരു അതിഥിക്ക്‌ നമുക്ക്‌ നൽകാവുന്ന ഏറ്റവും വിശിഷ്ടമായ പാനീയമാണ്‌ ഇളനീർ. ഇളനീർ കൊടുത്ത്‌ സ്വീകരിച്ചാൽ പിന്നെ അതിനപ്പുറത്ത്‌ ഒരു വരവേൽപ്‌ ഇല്ല.
അന്നൊക്കെ നാളികേര ഉത്പാദന ക്ഷമത വളരെ കുറവായിരുന്നു. ഇതേ തുടർന്നാണ്‌ സങ്കര ഇനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ കർഷകർക്ക്‌ ലഭ്യമാക്കിയത്‌. പുതിയ ഇനം വന്നതോടെ ഉത്പാദന ക്ഷമത വർധിച്ചു, ധാരാളം കർഷകർ നാളികേര കൃഷിയിലേയ്ക്ക്‌ തിരിഞ്ഞു. വീട്ടിൽ അഞ്ചാറ്‌ തെങ്ങുണ്ട്‌. നമുക്ക്‌ അരയ്ക്കാൻ നാളികേരം ആവാം. അടുക്കളയിലെ ഉപയോഗം കഴിഞ്ഞ്‌ മിച്ചമുള്ളത്‌ നമ്മൾ തന്നെ വെട്ടി ഉണക്കി കൊപ്രയാക്കി, ആട്ടി വെളിച്ചെണ്ണയാക്കി വീട്ടിൽ സൂക്ഷിക്കുകയായിരുന്നു പതിവ്‌.അപ്പോൾ കുട്ടികൾക്ക്‌ തേയ്ക്കാനും കുളിക്കാനും, ഭക്ഷണം പാകം ചെയ്യാനും വെളിച്ചെണ്ണ തന്നെ വേണം. ആണ്ടോടാണ്ട്‌ അടുക്കളയിൽ കറികൾക്ക്‌ അരയ്ക്കാനുള്ള തേങ്ങ വേണം. ഇത്രയൊക്കെയാണ്‌ വീട്ടിൽ തെങ്ങുകൾ കൊണ്ട്‌ ഉണ്ടായിരുന്ന പ്രയോജനം.
തേങ്ങ വിൽക്കുക എന്ന ഒരു സമ്പ്രദായം പണ്ട്‌ ഉണ്ടായിരുന്നില്ല. വരുമാനം മറ്റ്‌ മേഖലകളിൽ നിന്നായിരുന്നു. വീട്ടിൽ ഒരു പശുവുണ്ടെങ്കിൽ കറന്ന്‌ പാലു കുടിക്കുക, മോരും നെയ്യും ഉണ്ടാക്കുക. വീട്ടിൽ നാല്‌ തെങ്ങുണ്ടെങ്കിൽ ഇട്ട്‌ അടുക്കളയിൽ ഉപയോഗിക്കുക, ആവശ്യമുള്ളപ്പോൾ നാല്‌ കരിക്ക്‌ കുടിക്കുക ഇതായിരുന്നു രീതി. തൊഴുത്തിൽ നിന്ന്‌ ചാണകം എടുത്ത്‌ ഈ തെങ്ങുകളുടെ കടയ്ക്കൽ ഇടും. അല്ലാതെ മറ്റ്‌ വലിയ ശുശ്രൂഷകൾ ഇല്ല. എന്നാൽ സങ്കര ഇനങ്ങളുടെ വരവോടെ നാളികേരം നാണ്യവിള എന്ന നിലയിൽ കൃഷിയിടങ്ങളിൽ സ്ഥാനം പിടിച്ചു. പക്ഷെ അതിന്റെയൊപ്പം കുറെ പ്രശ്നങ്ങളും കൂടെ വന്നു. തെങ്ങുകൾക്ക്‌ രോഗം, അപ്പോൾ അതിനു മരുന്നു തളിക്കുന്ന ഒരു സംവിധാനം ആവശ്യമായി.  അതു കഴിഞ്ഞപ്പോൾ തെങ്ങിനുള്ള പ്രത്യേക ഇനം വളക്കൂട്ടുകൾ. അപ്പോൾ രാസവളങ്ങളും പിന്നാലെ കീടനാശിനികളും തൊടികളിലേയ്ക്ക്‌ രംഗപ്രവേശം ചെയ്തു. ഇത്തരത്തിൽ വളരെ കഷ്ടപ്പെട്ട്‌ കൃഷിക്കാരൻ ഉത്പ്പാദിപ്പിക്കുന്ന നാളികേരത്തിന്‌ കാലക്രമേണ രൂക്ഷമായ വിലയിടിവും സംഭവിച്ചു. വിലയിടിഞ്ഞതോടെ തെങ്ങിനെ സംരക്ഷിക്കാൻ ആളില്ലാത്ത അവസ്ഥ വന്നു. ശുശ്രൂഷ കുറഞ്ഞപ്പോൾ തെങ്ങുകൾക്ക്‌ ആരോഗ്യം നശിച്ചു. രോഗങ്ങളുടെയും കീടങ്ങളുടെയും പട തന്നെ തെങ്ങിനെ പൊതിഞ്ഞു. പ്രത്യേകിച്ച്‌ തെക്കൻ കേരളത്തിൽ കാറ്റുവീഴ്ച്ച പോലുള്ള രോഗങ്ങൾ തെങ്ങിന്റെ നിലനിൽപ്പിനു തന്നെ വൻ ഭീഷണിയായി.
ഇപ്പോൾ എന്താണ്‌ അവസ്ഥ എന്നു വച്ചാൽ , വിലക്കയറ്റത്തിനു തടയിടാൻ സാധിക്കാത്തതു കൊണ്ട്‌ ആളുകൾ സമ്മിശ്രകൃഷിയിലേയ്ക്ക്‌ തിരിഞ്ഞിരിക്കുന്നു. രണ്ടോ മൂന്നോ ഏക്കർ ഭൂമിയുള്ള ഒരാളാണെങ്കിൽ  കുറച്ച്‌ നാളികേരം, കുറച്ച്‌ കുരുമുളക്‌, വാഴയുണ്ടാകും, കുറച്ച്‌ പച്ചക്കറി അങ്ങനെ. അല്ലാതെ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്‌. ഇതൊക്കെ രണ്ടുമൂന്നേക്കർ വരെ ഭൂമിയുള്ളവർക്കേ സാധിക്കൂ. കേരളത്തിൽ കൂടുതലും ചെറിയ തുണ്ടു കൃഷിയിടങ്ങളാണല്ലോ. അതിൽ അഞ്ചും പത്തും തെങ്ങ്‌ ഉണ്ടാകും. ഒരിടയ്ക്ക്‌ അതുകൊണ്ടു മാത്രം ആ കുടുംബങ്ങൾ ജീവിച്ചു പോവുകയായിരുന്നു. പത്തു തെങ്ങുണ്ടെങ്കിൽ നൂറു നാളികേരം ഉണ്ടാകും. അതിന്‌ ഒരു ആയിരം രൂപ കിട്ടും. അതുകൊണ്ട്‌ അരി വാങ്ങിക്കാം. പത്തു തെങ്ങുകളേ ഉള്ളുവേങ്കിൽ അതെല്ലാം മര്യാദയ്ക്ക്‌ കായിക്കും. കാരണം തെങ്ങുകൾക്ക്‌ ആൾപ്പെരുമാറ്റം ഇഷ്ടമാണത്രെ. ഇക്കാര്യം എനിക്കും വളരെ ബോധ്യപ്പെട്ടിട്ടുള്ളതാണ്‌. മനുഷ്യസ്പർശമുണ്ടായാൽ തെങ്ങുകൾക്ക്‌ കൂടുതൽ കായ്ഫലമുണ്ടാകും. അതാണ്‌ മുറ്റത്ത്‌ നിൽക്കുന്ന തെങ്ങുകൾ നന്നായി കായ്ക്കുന്നതിന്റെ രഹസ്യം.
മനുഷ്യനും അവന്റെ സംസ്കാരവുമായി അത്രയേറെ ബന്ധമുള്ള സസ്യമാണ്‌ തെങ്ങ്‌. ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്ന്‌ ഇളനീർ വരുന്നു. അത്‌ വാങ്ങി വെട്ടിക്കുടിക്കുമ്പോൾ തന്നെ നമുക്ക്‌ അറിയാം അത്‌ നമ്മുടെതല്ല എന്ന്‌. മറിച്ച്‌ നമ്മുടെ തൊടിയിൽനിന്ന്‌ ഒരു കരിക്കിട്ട്‌ കുടിക്കുമ്പോൾ അതിന്റെ സ്വാദ്‌ വളരെ കൃത്യമായി നമുക്ക്‌ തിരിച്ചറിയാനാകുന്നു. ഇവിടെ ഉണ്ടാകുന്നതിന്‌ എന്തോ ഒരു പ്രത്യേകത ഉണ്ട്‌ എന്നതിൽ സംശയമില്ല. നമ്മുടെ നാളികേരത്തിന്റെ വെളിച്ചെണ്ണയ്ക്കും ഉണ്ട്‌ ആ വ്യത്യാസം. മണം കൊണ്ട്‌ അത്‌ തിരിച്ചറിയാം. കേരളത്തിലെ വെളിച്ചെണ്ണയാണോ, ശ്രീലങ്കയിലേതാണോ, ഇന്തോനേഷ്യയിലെത്താണോ, തമിഴ്‌നാട്ടിലേതാണോ എന്ന്‌ നല്ല മൂക്കുള്ള ഒരു മലയാളിക്ക്‌ മണത്തറിയാൻ സാധിക്കും. രാജ്യാന്തരീയമായി കേരളത്തിന്റെ നാളികേര ഉത്പ്പന്നങ്ങൾക്ക്‌ അതിന്റേതായ  പ്രത്യേകതയും സ്ഥാനവും ഉണ്ട്‌ എന്ന്‌ പറയുന്നത്‌ അതുകൊണ്ടാണ്‌. ആ സ്ഥാനം ഉറപ്പിച്ചെടുക്കാൻ നമുക്ക്‌ ഇനിയും സാധിച്ചിട്ടില്ല. അതു സാധിച്ചാൽ മാത്രമെ നാളികേരത്തിന്റെ ഭാവി സുരക്ഷിതമാണ്‌ എന്ന്‌ കൃത്യമായി പറയാൻ സാധിക്കുകയുള്ളു. നമ്മുടെ നാളികേര ഉത്പ്പന്നങ്ങൾ ബ്രാന്റാക്കി ആ ബ്രാന്റിനെ ഡിമാന്റാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഉണ്ടാകണം.
എന്തുകൊണ്ടാണ്‌ കേരളത്തിലെ വെളിച്ചെണ്ണ കൂടുതൽ രുചികരമാണ്‌ എന്ന്‌ പറയുന്നത്‌.  അത്‌ ഒരു നല്ല ബ്രാന്റാണ്‌ എന്നു ലോകവിപണിയിൽ അറിയിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകണം. നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക്‌ ഇതിനൊന്നും നേരമില്ല. നാളികേരം എന്നല്ല, കേരളത്തിന്റെ കാലാവസ്ഥയോ, ജീവിത രീതികളോ ഒരു കാർഷിക ഉത്പ്പന്നമോ ഒന്നും ബ്രാൻഡ്‌ ചെയ്ത്‌ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നില്ല. എന്തിന്‌ ഇന്ത്യയിലെ അന്യ സംസ്ഥാനങ്ങളിൽ പോലും അവ വേണ്ട വിധത്തിൽ വിൽക്കപ്പെടുന്നുണ്ടോ എന്നു സംശയമാണ്‌. കേരളത്തിലെ കാർഷികോത്പ്പന്നങ്ങൾക്ക്‌ വില ഇടിയുന്നതും, ഇല്ലാതാകുന്നതും, കുറയുന്നതും, ക്രമാതീതമായി ആടിക്കളിക്കുന്നതും ഇത്തരത്തിൽ ഒരു ബ്രാന്റ്‌ സ്റ്റാറ്റസ്‌ ഇല്ലാത്തതുകൊണ്ടാണ്‌. അതുകൊണ്ടാണ്‌ കേരളത്തിലെ കൃഷിക്കാർക്കും രക്ഷപ്പെടാൻ സാധിക്കുന്നില്ല.
അയൽ സംസ്ഥാനമായ തമിഴ്‌ നാടിനെ നോക്കൂ. എന്തെല്ലാം തമ്മിൽത്തല്ല്‌ അവിടെ രാഷ്ട്രിയ പാർട്ടികൾ തമ്മിൽ ഉണ്ടായാലും കൃഷിയുടെയും വികസനത്തിന്റേയും വെള്ളത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെയും കാര്യം വരുമ്പോൾ അവർ ഒന്നാണ്‌. മുല്ലപ്പെരിയാർ ആയാലും  ശ്രീലങ്ക ആയാലും കേന്ദ്രവിഹിതത്തിന്റെ കാര്യമായാലും  ജനങ്ങളെ ബാധിക്കുന്ന വിഷയം വരുമ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും അവിടെ ഒന്നിച്ച്‌ നിൽക്കും. നമ്മുടെ കാര്യമോ. ഇവിടെ നാഥനില്ല. നമുക്ക്‌ രാഷ്ട്രീയ ഇഛാശക്തി ഇല്ല. ഇതാണ്‌ നമ്മുടെ കാർഷിക മേഖല ഇത്ര അവഗണിക്കപ്പെടാൻ കാരണം. നമ്മുടെ ഉത്പ്പന്നങ്ങൾ ആരൊക്കെയോ ചുളുവിലയ്ക്ക്‌ കൊണ്ടു പോകുന്നു. കൃഷിക്കാർക്ക്‌ ഒന്നും കിട്ടുന്നില്ല. ഇടയിൽ നിന്ന്‌ ആരൊക്കെയോ ചേർന്ന്‌ കൊള്ളലാഭം ഉണ്ടാക്കുന്നു. പാവം കർഷകർ ഇപ്പോഴും നിത്യ ദാരിദ്ര്യത്തിൽ തന്നെ. കോളനിവാഴ്ച്ച നടന്ന എല്ലാ രാജ്യങ്ങളിലും ഈ സ്ഥിതിയാണ്‌.  ഈ നില മാറണം. കർഷകർ സംഘടിത ശക്തിയാകണം. അതിന്റെ സൊ‍ാചനകൾ നാളികേര മേഖലയിൽ ആരംഭിച്ചിരിക്കുന്നു എന്നത്‌ സന്തോഷമുള്ള കാര്യമാണ്‌. ഭാവിയിലെ വരാൻ പോകുന്ന മാറ്റത്തിന്റെ ദിശാസൂചിയാണിത്‌.

15 Jan 2015

ശരീരത്തെ സമരായുധമാക്കി ഒരു ജീവിതം




ഫൈസൽ ബാവ 


രാഷ്ട്രീയ സിനിമകളില്‍ വളരെ പ്രസക്തമായ ചിത്രമാണ് സ്റ്റീവ്മക്വീവന്‍ സംവിധാനം ചെയ്ത  'ഹംഗര്‍' (Hunger)ശരീരം എങ്ങനെ ഒരു സമരായുധം ആക്കുന്നു എന്നു ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ സജീവ പടയാളിയും ഐറിഷ് സ്വതന്ത്രത്തിനായി പൊരുതി മരിച്ച കവിയുമായ ബോബി സാന്‍ഡ്‌സ് അവസാന കാലത്തെ ജയില്‍ ജീവിതമാണ് സിനിമയില്‍ പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ 1981ല്‍ വടക്കന്‍ അയര്‍ലന്‍ഡിലെ ബല്‍ഫാസ്റ്റിലുള്ള മാസെ ജയിലില്‍ അദ്ദേഹം അനുഷ്ഠിക്കുന്ന 66 ദിവസം നീണ്ട ഉപവാസ സമരവും മരണവും.
ഇരുട്ട് പടര്‍ന്ന ജയിലുകളില്‍ സ്വതന്ത്രത്തിനായി സമര തീഷ്ണമായ ഉള്‍ക്കരുത്തോടെ കഴിയുന്ന സമര നായകനും ഐറിഷ് റിപ്ലബ്ലിക് സേനയുടെ ധീരനായ ഭടനുമാണ് ബോബി സാന്‍ഡ്‌സ്. ഐക്യ അയര്‍ലന്‍ഡ് എന്ന സപ്നവുമായി കഴിയുന്ന ബോബിയടക്കമുള്ള സമര ഭടന്മാരെ ബ്രിട്ടീഷ് ഭരണകൂടം അംഗീകരിച്ചിരുന്നില്ല എന്നു മാത്രമല്ല അവരെ ക്രിമിനലുകളായാണ് കണ്ടിരുന്നത്. തടവറക്കുള്ളില്‍ തങ്ങളെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കണം എന്ന ആവശ്യം ജയിലധികൃതര്‍ തള്ളുന്നു. അതോടെ ബോബിയുടെ സമര വീര്യം വര്‍ദ്ധിക്കുകയാണ്. ജയിലില്‍ അവര്‍ തരുന്ന വസ്ത്രം ധരിക്കാന്‍ ബോബിയും കൂട്ടുകാരും വിസമ്മതിക്കുകയും തങ്ങളുടെ വസ്ത്രം മാത്രമേ ധരിക്കൂ എന്നു വാശി പിടിക്കുകയും ചെയ്യുന്നു. എന്നാല്‍ അതനുവദിക്കാന്‍ ജയിലധികൃതര്‍ തയ്യാറാകുന്നില്ല. രാഷ്ട്രീയത്തടവുകാര്‍ക്കുള്ള അവകാശങ്ങള്‍ക്കുവേണ്ടി ജയിലധികൃതര്‍ നല്കിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു വിവസ്ത്രരായി അവര്‍ ഉപവാസ സമരം തുടങ്ങുന്നു. പുതപ്പ് മാത്രം ഉപയോഗിച്ച് നഗ്നത മറക്കുന്നു. കുളിക്കാതെ, ഭക്ഷണം കഴിക്കാതെ, തടിയും മുടിയും വെട്ടാതെ, സ്വന്തം ശരീരം പീഡിപ്പിച്ച് സമരം തുടരുന്നു. കുപിതരായ സൈന്യം നിഷ്ഠുരമായ മര്‍ദനമുറകളും തുടരുന്നു. ആത്മപീഡനം ഒരു സമരായുധമാക്കുന്നതോടെ ഇരുട്ട് പടര്‍ന്ന ജയിലുകള്‍ സ്മരത്തിന്റെ തീക്ഷണത വര്‍ദ്ധിക്കുന്നു ഒപ്പം ആത്മപീഡനവും. സമര രംഗത്തെ തീപ്പൊരിയായ ബോബിയുടെ സമര വീര്യം കുറക്കാന്‍ സൈന്യം ബോബിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. ആത്മ പീഡനത്തിന് പുറമെ സൈന്യത്തിന്റെ ക്രൂരമായ നീക്കങ്ങള്‍ കൂടിയായപ്പോള്‍ ബോബിയുടെ ശരീരം ക്ഷീണിക്കുന്നു അസുഖം ബാധിക്കുന്നു. ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ബോബിയെ ചികില്‍സിക്കാന്‍ ഡോക്ടറെ അനുവദിക്കുകയാണ് എന്നാല്‍ അദ്ദേഹം അതിനും വഴങ്ങുന്നില്ല.  ജയിലുകളുടെ ഇരുട്ട് പടര്‍ന്ന ഇടനാഴികളില്‍ ശരീര ദുര്‍ഗന്ധത്തിന്റെയും വീര്‍പ്പ് മുട്ടലുകള്‍. എന്നിട്ടും സമരവീര്യം കുറക്കാന്‍ സൈന്യത്തിനായില്ല. അവഗണിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടും നീതിക്കയുള്ള പോരാട്ടത്തിന്റെ വീര്യം കുറക്കാനാകാതെ സൈന്യം കുഴങ്ങി 66 ദിവസം നീണ്ടു നിന്ന സഹന സമരത്തിനോടുവില്‍ ആ ധീരസമര ഭടന്‍ മരിച്ചു വീഴുന്നു. ജയിലുകൾക്കുള്ളിലെ ഓരോ സീനും ഏറെ വേദന ജനിപ്പിക്കുന്നു. ക്ലോസറ്റിൽ ചോര തൂറി ബോബി തളര്ന്നു വീഴുന്ന സീൻ നമ്മെ ഏറെ അസ്വസ്ഥനാക്കുന്നു.  അഴുക്ക് പുരണ്ട വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനും രാഷ്ട്രീയ തടവുകാരുടെ ധാര്‍മിക അവകാശം നേടിയെടുക്കാനും നടത്തിയ സഹന സ്മരത്തിന്റെ നേര്‍ചിത്രമാണ് സ്റ്റീവ്മക്വീനന്‍റെ 'ഹംഗര്‍'
എന്ന ചിത്രം. അതുകൊണ്ടു തന്നെ ഈ സിനിമ നമ്മെ ഏറെ അസ്വസ്ഥമാക്കുന്നു. 1981ൽ അയര്‍ലന്‍ഡിലെ മാസെ ജയിലില്‍ നടന്ന സംഭവത്തെ ആസ്പദമാക്കി  തയ്യാറാക്കിയ ഈ സിനിമ 2008-ല്‍ ലോകത്തിറങ്ങിയ മികച്ച പത്തു സിനിമകളില്‍ ഒന്നായാണ്
പരിഗണിക്കപ്പെടുന്നത്. ബ്രിട്ടീഷ് നടനായസ്റ്റീവ്മക്വീനന് കാന്‍ ഫെസ്റ്റിവലില്‍ നവാഗത സംവിധായകനുള്ള 'ക്യാമറ ഡി ഓര്‍'
അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ഹംഗർ. മിഷേൽ ഫസ്ബെന്ടെർ 
(Michael Fassbender) ആണ് ഏറെ വെല്ലുവിളികളുള്ള ബോബി സാന്‍ഡ്‌സിന്റെ വേഷം ചെയ്തിരിക്കുന്നത് ഇതിനായി അദ്ദേഹം ശരീരത്തിന്റെ ഭാരം വളരെയധികം കുറയ്ക്കുകയുണ്ടായി. കൂടാതെ സഹ തടവുകാരായി അഭിനയിച്ചവരും നല്ല അഭിനയം കാഴ്ചവെച്ചു. ഒട്ടും അസ്വാഭാവികത നിറക്കാതെ കൂടുതൽ വർണാഭമല്ലാതെ ഇരുട്ട് പടർന്ന ഫ്രെയിമുകളാൽ സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കിയ ക്യാമറ ചെയ്തിരിക്കുന്നത് സീൻ ബോബിറ്റ് ആണ്. സിനിമയിലെ ഡേവിഡ് ഹോംസിന്റെ പശ്ചാതലസംഗീതം എടുത്തു പറയേണ്ടതാണ്. 90 മിനുട്ടുള്ള ഈ സിനിമ ലോകം ഏറെ ചര്ച്ച ചെയ്യപെട്ടതാണ്.

18 Dec 2014

മാവേലിയെത്തുന്ന നേരമായി


ശ്രീകല ചിങ്ങോലി

ആവണിപ്പൂക്കൾക്ക്‌ വൈഡൂര്യമൂക്കുത്തി
ആരോപതിക്കുന്നു പൊന്നോണമായ്‌
ഓണനിലാപ്പക്ഷി പാടുന്നു തരളമായ്‌
പൂച്ചെടികാടുമീ, മേടുമെല്ലാം
മധുമൊഴിച്ചാലിച്ചു പഞ്ചമം പാടുന്നു
മധുരതരളങ്ങളാം കോകിലങ്ങൾ
നിത്യസമൃദ്ധിതൻ നിർമാല്യതാലവും
മുഗ്ധസൗന്ദര്യവുമായി നിൽക്കും
മാമലനാടിന്റെ നന്മയ്ക്കു കണിയായി
മാവേലിയെത്തുന്ന നേരമായി
കുളിരേകിപ്പൂനിലാപ്പുടവചുറ്റി പ്പൊന്നിൻ-
കസവാട ചാർത്തുന്ന കൈരളിക്ക്‌
തിരുവാതിരശ്ശീലിൽ ശ്രുതിയായി വഞ്ചികൾ
തുഴയുന്ന പാട്ടിന്റെയീണമായി
ഓണക്കനവുകൾ ലയലാസ്യഭംഗികൾ
മോടിയിലെത്തുന്നു പൊന്നോണമായ്‌
മനതാരിലാർദ്രമാം സ്മൃതികൾ തൻ പൂക്കളം
അണിയിച്ചൊരുക്കുന്ന പൊന്നോണമേ
വരിക നീ വരിക നീ നിൻ വരവിൽ ഞാനെൻ
ഹൃദയമേ കാണിക്ക വച്ചു നിൽപൂ.

22 Nov 2014

പ്രിയസോദരീ...

അൻവർ ഷാ ഉമയനല്ലുർ

പ്രിയസോദരീ...

കരുണാനിധേ,നിന്‍ പരിപൂര്‍ണ്ണജീവിതം

സ്‌മരണീയമായിക്കുറിച്ച-രാമായണം

സ്‌മിതമധുരപാരായണം ചെയ്തിരുന്നുപ-

ണ്ടുലകിലായനുദിനം; ഗ്രാമീണരാദരം.

സുലഭമായഭിലഷിച്ചതിശ്രേഷ്‌ഠ കാവ്യകം;

പാവനമാംമനം കനിവാര്‍ന്നസുസ്വനം

തൃണതുല്യമെന്നാല്‍ കൃപാലുവിന്‍ജീവിത-

മോതിയോരീഗ്രന്ഥസാരമിഹ!നിര്‍ണ്ണയം.

മധുരപദാകലിത ഗ്രന്ഥമിതുഭക്തിയോ-

ടോതേണ്ടതാണുപുതുനാരിമാര്‍ നിശ്ചയം!

എളിമതന്‍നയനങ്ങളില്ലാത്ത തോഴിമാ-

രണിയുന്നഹന്തതന്‍ നവകാലപൊയ്‌മുഖം

ഹിംസയില്‍ കംസനെ മറികടന്നീടുവോര്‍-

പ്പോലുംശ്രവിക്കുകിലൊരുമാത്രതല്‍ക്ഷണം

പരിവര്‍ത്തനംമന,മെന്നതെന്‍ വാഗ്മതം

പരിപൂര്‍ണ്ണമാണിതില്‍; നരധര്‍മ്മജീവിതം.

പാലായനംചെയ്‌തതെവിടേയ്ക്കു ശാലീന-

ഭാവം പുലര്‍ത്തുമൊരു ഗ്രാമീണയൌവ്വനം:

പെരുകാത്തയാശയുമതിലളിതവേഷവും

സുകൃതമായ്‌വീക്ഷിച്ചയലിവാര്‍ന്ന-നന്മകം?

ഹൃദയൈക്യമായ് കര്‍മ്മപാരായണംചെയ്തു

ഗ്രാമ-ഗ്രാമാന്തരങ്ങള്‍പ്പണ്ടു സന്തതം

അറിവിന്‍കിരണങ്ങളണയാതിരിക്കുവാന്‍

ശരണമീഗ്രന്ഥപാരായണം നിര്‍ണ്ണയം.

അന്‍പോടെമുത്തശ്ശനെന്നത്തലോടിയി-

ന്നതിഹൃദ്യഭാഷയില്‍ തുടരുന്നു സാധകം

"ഇനിവരുംകാലങ്ങള്‍ക്കിഴയടുപ്പംവരാന്‍

സുകൃതമായുരചെയ്‌ക!തിരുനാമമെങ്കിലും".

വന്നവഴിപോലുംമറന്നു; സഹമനുജരേ-

യുയരട്ടെയിടനെഞ്ചിലലിവാര്‍ന്ന നൊമ്പരം:

അഭിനവ രാവണന്‍മാരുലകില്‍ പെരുകയാ-

ലാകുവതെങ്ങനിന്നതിസുകൃതജീവിതം?

19 Oct 2014

കൽപവൃക്ഷത്തിന്റെ യഥാർത്ഥമൂല്യം പ്രയോജനപ്പെടുത്താം


ടി. കെ. ജോസ് .ഐ എ എസ്


ചെയർമാൻ,നാളികേര വികസന ബോർഡ്

കൽപവൃക്ഷ ഫലമായ നാളികേരം മനുഷ്യന്റെ ഭക്ഷ്യാവശ്യങ്ങൾക്കു മാത്രമല്ല ഔഷധ ആവശ്യങ്ങൾക്കും പുരാതന കാലം മുതൽ ഉപയോഗിക്കുന്നുണ്ട്‌. ഭാരതത്തിന്റെ തനത്‌ ചികിത്സാരീതിയായ ആയുർവേദത്തിൽ നാളികേരത്തിന്റേയും നാളികേര ഉൽപന്നങ്ങളുടേയും നിരവധി ഔഷധമൂല്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. നാളികേരത്തിൽ നിന്നു നിർമ്മിക്കുന്ന പല ഔഷധങ്ങളുടേയും  ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്‌. നാളികേര കൃഷിയെ കേവലമൊരു നാണ്യവിളയായിട്ടോ, തോട്ട വിളയായിട്ടോ , എണ്ണക്കുരുവായിട്ടോ മാത്രമാണോ കാണേണ്ടത്‌? അലോപ്പതി, ആയുർവേദം, സിദ്ധ, യുനാനി തുടങ്ങിയ  ചികിത്സാരീതികളിലെല്ലാം നാളികേര ഉൽപന്നങ്ങളോ, നാളികേര ഉൽപന്നങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സംയുക്തങ്ങളോ നിലവിൽ ഉപയോഗിക്കുന്നു. അതിനാൽ നാളികേര കൃഷിയെ വ്യത്യസ്തമായൊരു കാഴ്ച്ചപ്പാടിലൂടെ, ചികിത്സാ രംഗത്ത്‌ ആവശ്യമായ നിരവധി ഉൽപന്നങ്ങളുടെ സ്രോതസ്‌, അസംസ്കൃത വസ്തു എന്നീ നിലകളിൽ കൂടി കാണുന്നതിനുള്ള പരിശ്രമമാണ്‌ ഈ ലക്കം ഇന്ത്യൻ നാളികേര ജേണലിലൂടെ നടത്തുന്നത്‌.
നാളികേര കൃഷിയിൽ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ആളുകൾക്ക്‌ താൽപര്യം കുറഞ്ഞുവരുന്നു. 'കൊപ്രമരം', 'വെളിച്ചെണ്ണ മരം' എന്നൊക്കെ പേരിട്ട്‌ തെങ്ങിനെ മാറ്റിനിറുത്തുകയും നാളികേരത്തേക്കാൾ ആകർഷകമായ വരുമാനം നേടിത്തരുന്ന മറ്റു നാണ്യവിളകളെ ആദരിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ, തെങ്ങുകൃഷിയിൽ ആളുകളുടെ താൽപര്യം കുറഞ്ഞത്‌ സ്വാഭാവികം മാത്രം. ഇടയ്ക്കിടെ ഉണ്ടാകുന്ന വിലത്തകർച്ചയും രോഗ, കീട ബാധകളും, ഉത്പാദനച്ചെലവിലെ വർദ്ധനയുമെല്ലാം നാളികേര കൃഷിയിൽ ആളുകൾക്ക്‌ പ്രതിപത്തി കുറയുന്നതിന്‌ ആക്കം കൂട്ടി. എന്നാൽ ഈയടുത്ത കാലത്ത്‌ കേരളത്തിൽ നാളികേര കൃഷിയോട്‌ താൽപര്യം വർദ്ധിക്കുന്ന കാഴ്ചയാണ്‌ കാണുന്നത്‌. നാളികേരവിലയിലെ ഉയർച്ചയും, റബ്ബർ വിലയിലെ താഴ്ച്ചയും കർഷകരെ നാളികേരത്തിലേക്ക്‌ ആകൃഷ്ടരാക്കുന്നു. അതോടൊപ്പം തന്നെ കേരളത്തിലുടനീളം രൂപീകരിക്കപ്പെട്ട നാളികേര കർഷകരുടെ തൃത്താല ഉത്പാദക കൂട്ടായ്മകൾ - ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും - നാളികേരകൃഷിയോട്‌ കർഷകർക്ക്‌ ആവേശം ഉണർത്തുന്നതിന്‌ നല്ല പങ്ക്‌ വഹിക്കുന്നുണ്ട്‌. കേരകർഷകരുടെ ഉത്പാദക കൂട്ടായ്മകൾ  അവർ ഏറ്റെടുത്തിരിക്കുന്ന ഈ ദൗത്യവുമായി മുന്നോട്ട്‌ പോകുന്നതിന്‌ പാരമ്പര്യേതരങ്ങളായ നാളികേര ഉൽപന്നങ്ങളും അവയുടെ ഉപയോഗരീതികളും വിപണി സാദ്ധ്യതകളും കണ്ടെത്തി അവയുടെ ഉത്പാദന രംഗത്തേക്ക്‌ കടന്നു വരേണ്ടിയിരിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയാണ്‌ ഈ ലക്കം നാളികേര ജേണൽ ഔഷധരംഗവും നാളികേരവുമെന്ന പ്രത്യേക പതിപ്പായി പ്രസിദ്ധീകരിക്കുന്നത്‌.

നാളികേരത്തെ കേരളത്തിൽ എണ്ണക്കുരുവായിട്ടും മലയാളികളുടെ പാചകാവശ്യത്തിലെ ഒഴിവാക്കാനാവാത്ത വിഭവമായിട്ടും പൊതുവേ കരുതുന്നുണ്ട്‌. വെളിച്ചെണ്ണയും അത്‌ ചേർത്തുണ്ടാക്കുന്ന നിരവധി ഔഷധങ്ങളും പുരാതന കാലം മുതലേ നമുക്ക്‌ പരിചിതമാണ്‌. ആരോഗ്യപരിപാലന രംഗത്ത്‌ തെങ്ങിൻ പൂക്കുലാദി രസായനം പോലുള്ള നിരവധി ഔഷധക്കൂട്ടുകളിൽ തെങ്ങിന്റെ വിവിധ ഉൽപന്നങ്ങൾ ഉപയോഗിച്ചിരുന്നു. നാളികേരത്തെ ഭക്ഷ്യഉൽപന്നവും, വ്യാവസായിക ആവശ്യത്തിനുള്ള അസംസ്കൃത വസ്തുവും, ഔഷധനിർമ്മാണത്തിനുള്ള വസ്തുവായും മറ്റുമാണ്‌ ഇന്ന്‌ കാണുന്നത്‌.  തെങ്ങിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽ ഔഷധമൂല്യങ്ങളുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനും ഔഷധ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ ഗവേഷണവും പഠനവും ഉണ്ടാകേണ്ടതുണ്ട്‌.അവയിലൂടെ ലഭിക്കുന്ന അറിവുകൾ ചേർത്ത്‌ പുതിയ ഉൽപന്നങ്ങൾ നിർമ്മിക്കേണ്ടതുമുണ്ട്‌.

നമ്മുടെ നാട്ടറിവുകൾ ശാസ്ത്രീയ പരീക്ഷണ നിരീക്ഷണങ്ങൾക്ക്‌ വിധേയമാക്കി പ്രസിദ്ധപ്പെടുത്തിക്കഴിയുമ്പോഴാണ്‌  ചികിത്സാ രംഗത്തെ അവയുടെ മൂല്യം അംഗീകരിക്കപ്പെടുന്നത്‌. കരിക്കിൻ വെള്ളത്തിന്റേയും, തെങ്ങിൻ പൂക്കുലാദി ലേഹ്യത്തിന്റേയും,  നീരയിൽ നിന്ന്‌ നിർമ്മിക്കുന്ന നിരവധി ഉൽപന്നങ്ങളുടേയുമൊക്കെ ഔഷധസാദ്ധ്യതകൾ ശാസ്ത്രീയമായി തെളിയിച്ചാൽ നാളികേരഉൽപന്നങ്ങളുടെ വിപണി ഇന്നുള്ളതിന്റെ എത്രയോ മടങ്ങ്‌ വിശാലമാക്കാൻ സാധിക്കും. നാട്ടറിവുകളെകുറിച്ച്‌ ആധുനിക ശാസ്ത്രത്തിന്റെ പിൻബലത്തോടെ ഗവേഷണം നടത്തി, ഔഷധാവശ്യങ്ങൾക്കുള്ള പ്രത്യേകസംയുക്തങ്ങൾ വേർതിരിച്ചെടുക്കുന്നതിന്‌ വിദേശരാജ്യങ്ങളിൽ ശ്രമം നടക്കുന്നുണ്ട്‌. വെളിച്ചെണ്ണയിൽ നിന്ന്‌ നിരവധിഉൽപന്നങ്ങൾ വേർതിരിച്ചെടുക്കുന്ന യൂണിറ്റുകൾ പ്രവർത്തിക്കുന്നത്‌, തെങ്ങ്‌ കൃഷി പോലുമില്ലാത്ത രാജ്യങ്ങളിലാണ്‌. ഹോളണ്ടിലും ജർമ്മിനിയിലും ഫ്രാൻസിലും സ്വിറ്റ്സർലണ്ടിലും കാനഡയിലും സിംഗപ്പൂരിലുമൊക്കെ നാളികേരത്തിൽ നിന്ന്‌ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കാഴ്ചയാണ്‌ ഇന്ന്‌ നാം കാണുന്നത്‌. എന്തുകൊണ്ടാണ്‌ ഇന്ത്യയിൽ ഇത്തരം ഗവേഷണങ്ങളും ഉത്പാദനവും നടക്കാത്തത്‌?  മുറ്റത്തെ മുല്ലയ്ക്ക്‌ മണമില്ല എന്ന്‌ പറയുന്നത്‌ പോലെ നമ്മുടെ സന്തസഹചാരിയായ തെങ്ങിനെ നാം ഇതുവരെ ഗൗരവമായി കണ്ടിട്ടില്ല. കാണാൻ ശ്രമിക്കുന്നില്ല എന്നതാണ്‌ സത്യം. ആധുനിക ചികിത്സയിലും ആരോഗ്യ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിലും നാളികേരത്തിന്റെയും നാളികേര ഉൽപന്നങ്ങളുടേയും സാധ്യതകൾ  വികസിത രാജ്യങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്‌. പച്ച തേങ്ങാപ്പാലിൽ നിന്നും ഉത്പാദിപ്പിക്കുന്ന വെർജിൻ കോക്കനട്ട്‌ ഓയിൽ യുഎസ്‌എയിൽ അലോപ്പതി ഡോക്ടർമാർ അൽഷിമേഴ്സ്‌  രോഗത്തിന്‌ പ്രതിവിധിയായി ഉപയോഗിക്കുന്നു.  അമിതവണ്ണത്തിനുള്ള ചികിത്സയിലും, തൈറോയിഡ്‌, ഓട്ടിസം, പ്രമേഹം, ഗോയിറ്റർ തുടങ്ങിയ രോഗങ്ങൾക്കും വെർജിൻ കോക്കനട്ട്‌ ഓയിലിന്റെ ഔഷധ സാധ്യതകൾ അവർ കണ്ടെത്തിക്കഴിഞ്ഞു.

 നാളികേര വെള്ളത്തിൽ നിന്നും നിർമ്മിക്കുന്ന കൊക്കോസീന്‌  ഇന്ന്‌ ലോകവിപണിയിൽ ഒരു ഗ്രാമിന്‌ 600 രൂപയോളം വിലയുണ്ട്‌.  ആധുനിക ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നാളികേരത്തിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങളേയും, തെങ്ങ്‌ എന്ന വിളയുടെ എല്ലാ ഭാഗങ്ങളേയും ഗവേഷണ ബുദ്ധിയോടെ കൂടുതൽ പഠിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇത്‌ വിരൽ ചൂണ്ടുന്നത്‌.  ന്യൂട്രസ്യൂട്ടിക്കൽസ്‌ രംഗത്ത്‌ കേരത്തിന്റേയും കേരോൽപന്നങ്ങളുടേയും സാധ്യത വലുതാണെന്ന്‌ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യലോകം മുഴുവൻ 'ഡയറി ഫ്രീ' ബിവറേജിലേക്കും ഐസ്ക്രീമിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്‌. വെജിറ്റേറിയൻ മിൽക്കിന്റെ കാര്യത്തിൽ നാളികേര കൃഷി ഇല്ലാത്ത അമേരിക്കയും മറ്റും പ്രാമുഖ്യം കൊടുക്കുന്നത്‌ തേങ്ങാപ്പാലിനാണ്‌. യോബാബീൻ കൃഷിയുടെ ഈറ്റില്ലമായ യുഎസ്‌എയിൽ സോയാ, ഗ്രൗണ്ട്നട്ട്‌ തുടങ്ങിയ വസ്തുക്കളിൽ നിന്നും ഉത്പാദിപ്പിക്കുന്ന പാലിനേക്കാൾ, തേങ്ങാപ്പാൽ, പാൽപൊടി, തേങ്ങാ ക്രീം എന്നിവ വ്യാപകമായിരിക്കുന്നത്‌, നാളികേരത്തിന്റെ ഔഷധമൂല്യം കൊണ്ടുതന്നെയാണ്‌. തേങ്ങാപ്പാലിൽ നിന്നുമാത്രം മുപ്പതിലേറെ ഉൽപന്നങ്ങൾ നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന കമ്പനികൾ ഇന്ന്‌ യുഎസ്‌എയിലുണ്ട്‌. ഓസ്ട്രേലിയയിൽ തേങ്ങാപ്പാലിൽ നിന്ന്‌ കോക്കനട്ട്‌ യോഗർട്ടും കോക്കനട്ട്‌ ഐസ്ക്രീമും നിർമ്മിക്കുന്നു.  ഈ രണ്ട്‌ രാജ്യങ്ങളിലും തെങ്ങുകൃഷി ഇല്ല എന്നത്‌ ശ്രദ്ധിക്കുക.   തെങ്ങുകൃഷിയില്ലാത്ത വികസിത രാജ്യങ്ങൾ നാളികേരത്തിന്റെ മൂല്യവും മഹത്വവും തിരിച്ചറിഞ്ഞ്‌ അതിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുമ്പോൾ നാം എന്തുകൊണ്ടാണ്‌ പുറകിൽ നിൽക്കുന്നത്‌? ഇന്ത്യയിലെ കാർഷിക ഭക്ഷ്യ- സംസ്ക്കരണ വ്യവസായ മേഖലയിലെ വമ്പന്മാരും ഭീമന്മാരും ഈ രംഗത്തേക്ക്‌ അശ്ശേഷം ശ്രദ്ധ തിരിച്ചിട്ടില്ല.  വലിയ വില കൊടുത്ത്‌ ഇത്തരം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനാണ്‌ അവർക്ക്‌ താൽപര്യം.  ഈ സാദ്ധ്യതയാണ്‌ നമ്മുടെ നാളികേര കർഷക കൂട്ടായ്മകളുടെ മൂന്നാം തലമായ ഉത്പാദക കമ്പനികൾ പ്രയോജനപ്പെടുത്തേണ്ടത്‌. ശാസ്ത്ര സാങ്കേതിക - ഗവേഷണ - വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോർത്ത്​‍്‌ ലഭ്യമായ മുഴുവൻ അറിവുകളും പ്രയോജനപ്പെടുത്തി, നാളികേരത്തിൽ നിന്ന്‌ ഔഷധമേഖലയ്ക്ക്‌ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ നിർമ്മാണ യൂണിറ്റുകൾ നമുക്കും ആരംഭിക്കാൻ കഴിയും. തേങ്ങാപ്പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഇവിടെ നിർമ്മിച്ച്‌ സ്വദേശ, വിദേശ വിപണികളിൽ എത്തിക്കുന്നതിന്‌ നാം കൂടുതൽ ശ്രദ്ധിക്കണം. ഇതിനെല്ലാം വേണ്ടത്‌ നാളികേരാധിഷ്ഠിത വ്യാവസായിക ഉൽപന്നങ്ങളും, ഔഷധഉൽപന്നങ്ങളും സംബന്ധിച്ച ഗവേഷണ പഠനങ്ങൾ നമ്മുടെ നാട്ടിൽ ആരംഭിക്കുക എന്നതാണ്‌. തേങ്ങാപ്പാലിൽ നിന്നുള്ള  ഉൽപന്നങ്ങളുടെ സാദ്ധ്യത  വിദേശികൾ മനസ്സിലാക്കുകയും നമുക്ക്‌ അതിന്‌ കഴിയാതെ പോവുകയും ചെയ്യുന്നത്‌, ഈ രംഗത്ത്‌ നമുക്ക്‌ പഠനങ്ങളും സാങ്കേതിക വിദഗ്ദ്ധരും ഇല്ലാത്തതുകൊണ്ടാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇത്തരം കോഴ്സുകൾ ഇന്ത്യയിലില്ല എന്നതും നമ്മുടെ പരിമിതിയാണ്‌.

വെർജിൻ കോക്കനട്ട്‌ ഓയിൽ, കോക്കനട്ട്‌ മിൽക്ക്‌, കോക്കനട്ട്‌ ക്രീം, കോക്കനട്ട്‌ മിൽക്ക്‌ പൗഡർ, നാല്‌ ശതമാനത്തിൽ താഴെമാത്രം കൊഴുപ്പുള്ള ഐസ്ക്രീം, തേങ്ങയിൽ നിന്നും ലഭിക്കുന്ന പൊങ്ങ്‌ (വീ​‍െ​‍്​‍ൃശൗ​‍ാ) ഉപയോഗിച്ച്‌ നിർമ്മിക്കാവുന്ന ഹെൽത്ത്‌ ഫുഡ്‌ ഉൽപന്നങ്ങൾ തുടങ്ങിയവയിൽ ചെറിയ തോതിലെങ്കിലും നമ്മുടെ ഗവേഷണ സ്ഥാപനങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്‌. ഇത്തരം ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിന്‌ നമ്മുടെ ഉത്പാദക കമ്പനികളുടെ അടിയന്തിരശ്രദ്ധ പതിയേണ്ടതുണ്ട്‌. ഈ മേഖലയെക്കുറിച്ച്‌ പഠിക്കുന്നതിനും അതിന്‌ പറ്റിയ വിദഗ്ദ്ധരെ കണ്ടെത്തുന്നതിനും നിർമ്മാണ യൂണിറ്റുകൾ തുടങ്ങുന്നതിനും കമ്പനികൾ ലക്ഷ്യംവയ്ക്കണം. വെർജിൻ കോക്കനട്ട്‌ ഓയിലിന്‌ വികസിത രാജ്യങ്ങളിൽ നിന്ന,​‍്‌ ആരോഗ്യപരിപാലന, ന്യൂട്രസ്യൂട്ടിക്കൽസ്‌, കോസ്മസ്യൂട്ടിക്കൽസ്‌ രംഗങ്ങളിൽ നിന്നെല്ലാം ഡിമാന്റ്‌ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌.  പക്ഷെ, ലോകത്തെ ഏറ്റവും വലിയ നാളികേരോത്പാദക രാജ്യമായ ഇന്ത്യയിൽ നിന്നുള്ള ഇത്തരം ഉൽപന്നങ്ങൾ  പരിമിതമാണ്‌. മറിച്ച്‌ ഫിലിപ്പീൻസ്‌, ശ്രീലങ്ക, ഇൻഡോനേഷ്യ, മലേഷ്യ, തായ്‌ലന്റ്‌, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ്‌ ഈ സാധ്യതകൾ ഏറ്റവും പ്രയോജനപ്പെടുത്തുന്നത്‌. ഈ സാദ്ധ്യതകൾ ചൂഷണം ചെയ്യുന്നതിന്‌ നമ്മളും കൂട്ടായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. നാളികേര വികസന ബോർഡ്‌, ?' ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌' എന്ന പദ്ധതിയിൽപ്പെടുത്തി കുറെയേറെ ഗവേഷണ പദ്ധതികളെ സഹായിച്ചിട്ടുണ്ട്‌. നാളികേരത്തിന്റെ ഓരോ ഉൽപന്നത്തിന്റേയും യഥാർത്ഥമൂല്യമെന്താണെന്ന്‌ മനസ്സിലാക്കി  അവയുടെ പ്രയോജനം പൊതുജനാരോഗ്യ രംഗത്തും രോഗപ്രതിരോധ രംഗത്തും, ചികിത്സാ രംഗത്തും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും  കൂടുതൽ ഗവേഷണം ആവശ്യമാണ്‌. ഈ രംഗത്തേയ്ക്ക്‌ ഇന്ത്യയിലെ ശാസ്ത്ര - സാങ്കേതിക - ഗവേഷണ സ്ഥാപനങ്ങളുടെ അടിയന്തിരശ്രദ്ധ  ക്ഷണിക്കുകയാണ്‌. നമ്മുടെ നാട്ടിലെ തന്നെ ഗവേഷകരും  അധ്യാപകരുമൊക്കെ ഈ മേഖലയിലേക്ക്‌ കടന്നുവരുന്നത്‌ നന്നായിരിക്കും. ഭക്ഷണമെന്ന നിലയിലും, ഔഷധമെന്ന നിലയിലും,  നാളികേരത്തിന്റേയും നാളികേര ഉൽപന്നങ്ങളുടേയും സാധ്യതകൾ അനന്തമാണ്‌.  പാചക ആവശ്യത്തിന്‌ നാളികേരം കേരളത്തിലും തമിഴ്‌നാട്ടിലെ ഒന്നോരണ്ടോ ജില്ലകളിലും മാത്രമേ ഉപയോഗിക്കുന്നുവുള്ളുവേങ്കിൽ കൂടി തേങ്ങാപ്പാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കുന്നുണ്ട്‌. തേങ്ങാപ്പാലിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഇന്ത്യൻ വിപണികളിൽ മുഴുവൻ എത്തിക്കുകയും ചെയ്യുന്നതിന്‌ അത്ര വലിയ സാങ്കേതിക വൈദഗ്ദ്ധ്യമൊന്നും ആവശ്യമില്ല. ഇന്ന്‌ ഇന്ത്യയുടെ നഗരവിപണികളിലേക്ക്‌ അന്യ രാജ്യങ്ങളിൽ നിന്നുള്ള തേങ്ങാപ്പാലും തേങ്ങാപ്പാൽ പൊടിയും നിർബാധം എത്തുന്നുണ്ട്‌. നീരയിൽ നിന്നും നിർമ്മിക്കുന്ന കോക്കനട്ട്‌ പാം ഷുഗർ (തെങ്ങിൻ പഞ്ചസാര) വേണ്ടത്ര ഉത്പാദിപ്പിക്കുവാൻ നമുക്ക്‌  ഇതുവരെ കഴിഞ്ഞിട്ടില്ല. തായ്‌ലന്റ്‌, ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കോക്കനട്ട്‌  പാംഷുഗർ ഇന്ത്യൻ വിപണിയിൽ യഥേഷ്ടം ലഭ്യവുമാൺ​‍്‌. ഈ മേഖലകളിലാണ്‌ നമ്മുടെ ഉത്പാദക കമ്പനികളുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടത്‌. അതിനായി എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

നാളികേര കൃഷിയുടെ ഭാവി ഭദ്രമാക്കാൻ നിലവിലുള്ള പരമ്പരാഗത ഉപയോഗരീതിക്കും ഉൽപന്നങ്ങൾക്കും പുറമേ, നൂതന ഉൽപന്നങ്ങൾ  നിർമ്മിച്ചെടുക്കുകയും അവയിൽ നിന്ന്‌ പുതിയ ചികിത്സാ സമ്പ്രദായങ്ങൾക്ക്‌ ആവശ്യമായ അസംസ്കൃത വസ്തുക്കളും മരുന്നുകളും, അവ നിർമ്മിക്കാനാവശ്യമായ ഘടകങ്ങളും വേർതിരിച്ചെടുക്കുന്നതിന്‌ കൂട്ടായ ശ്രമം നാം ആരംഭിക്കേണ്ടിയിരിക്കുന്നു. നാളികേര മേഖലയുടേയും കർഷകരുടേയും ഭാവി സുരക്ഷിതമാക്കുന്നതിനും കൽപവൃക്ഷമായ തെങ്ങിന്റെ യഥാർത്ഥമൂല്യം പ്രയോജനപ്പെടുത്തുന്നതിനും ഈ രംഗത്ത്‌ ഒരു വൻ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. പരമ്പരാഗതമായ ഉപയോഗങ്ങൾക്ക്‌ അപ്പുറത്ത്‌ നൂതനമായ മേഖലകളിൽ മൂല്യവർദ്ധനവിനുള്ള സാധ്യതയും വളരെക്കൂടുതലാണ്‌. മുൻപ്‌ സൂചിപ്പിച്ച പോലെ  പാഴായി പോകുന്ന തേങ്ങവെള്ളത്തിൽ നിന്നുത്പാദിപ്പിക്കുന്ന കൊക്കോസീനിന്റെ വില ഗ്രാമിന്‌ അറുന്നൂറ്‌ രൂപയിലേറെയാണ്‌.   പക്ഷെ, തെങ്ങിന്റേയും നാളികേരത്തിന്റേയും ഉൽപന്നങ്ങളേയും ഉപോൽപന്നങ്ങളേയും നാമിതുവരെ ചിന്തിക്കാത്ത മേഖലകളിലേക്ക്‌ കൈപിടിച്ചുകൊണ്ടുവരുന്നതിനുള്ള ഉപാധിയായി നമ്മുടെ കേരാധിഷ്ഠിത വ്യവസായങ്ങൾ മാറണം. ഇന്ത്യയിൽ കാർഷിക-ഭക്ഷ്യ-സംസ്ക്കരണ രംഗത്ത്‌ പ്രവർത്തിക്കുന്ന വലിയ കമ്പനികൾ ഈ രംഗത്തേക്ക്‌ കടന്നുവരുവാൻ കാലമിനിയും എടുത്തേക്കാം. അതിനാൽ അവർക്ക്‌ മാതൃകയാകാനും മാർഗ്ഗനിർദ്ദേശം നൽകാനുമാണ്‌ നമ്മുടെ ഉത്പാദകകമ്പനികൾ  പരിശ്രമിക്കേണ്ടത്‌. നാളികേര കർഷകരുടെ മാത്രം ഓഹരി പങ്കാളിത്തമുള്ള 12 ഉത്പാദക കമ്പനികൾ കേരളത്തിൽ പ്രവർത്തിച്ചുവരുമ്പോൾ അവയ്ക്കെല്ലാം ഇതൊരു പുതിയ വെല്ലുവിളിയും അവസരവുമാണ്‌. ഈ അവസരങ്ങൾ നാം പരമാവധി പ്രയോജനപ്പെടുത്തുന്നില്ലെങ്കിൽ  നമ്മുടെ നാളികേരത്തിന്റെ യഥാർത്ഥ മൂല്യം പ്രയോജനപ്പെടുത്താൻ നമുക്ക്‌ കഴിയാതെപോകും. യഥാർത്ഥ മൂല്യം കണ്ടെത്തി ഉപയോഗിക്കാൻ വൈകിയാൽ വിലസ്ഥിരതയെന്ന ലക്ഷ്യം നേടാനും വൈകും. അങ്ങിനെ സംഭവിക്കാതിരിക്കാൻ നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം

19 Sept 2014

ശുഭ്രദീപ് ചക്രവര്‍ത്തി എന്ന വഴിക്കണ്ണടഞ്ഞു

 
ഫൈസൽ ബാവ 

രണകൂട ഭീകരതയുടെ ഇരകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, ജനാധിപത്യത്തിന്റെ നിലനില്പ്പിനെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നയങ്ങളും ദീര്ഘകാലത്തെ മുന്നില് കണ്ടു കൊണ്ടുള്ള തീരുമാനങ്ങളും എടുത്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തന്നെ ഭരണകൂട ഭീകരതക്കെതിരെ ശക്തമായ നിലപാടെടുക്കുകയും തന്റെ മാധ്യമമായ ചലച്ചിത്രത്തിലൂടെ ശക്തമായി പ്രതിരോധിക്കുകയും ചെയ്ത ധീരനായ സംവിധായകനാണ് ശുഭ്രദീപ് ചക്രവർത്തി. വളച്ചൊടിക്കപ്പെട്ട വാര്ത്തകളിലൂടെ നാം കേട്ടറിഞ്ഞ അർദ്ധസത്യങ്ങളെ വകഞ്ഞുമാറ്റികൊണ്ട്  നേർചിത്രങ്ങൾ ജനങ്ങളിലെത്തിക്കാൻ തന്റെ ഡോക്യുമെന്റരികളിലൂടെ ശുഭ്രദീപ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. സ്വരക്ഷയോർത്തോ, പുരസ്കാര ലബ്ധിക്ക് തടസ്സം വരാതിരിക്കാനോ, മുതലാളിത്ത സുഖസൌകര്യങ്ങളുടെ താളത്തോടൊപ്പം സഞ്ചരിക്കാനോ വേണ്ടി സ്വയം തീർത്ത മൌനത്തിന്റെ വാല്മീകത്തിൽ ഇരുന്ന് സുരക്ഷിത സാംസ്കാരിക പ്രവർത്തനം നടത്തുന്ന പലരേയും ഞെട്ടിച്ചുകൊണ്ടാണ് ശുഭ്രദീപ് തന്റെ ലെൻസ്‌ തുറന്നു വെച്ചത്. പലരും പറയാൻ മടിച്ച കാര്യങ്ങൾ തുറന്നു പറയുന്നതിലൂടെ വലിയൊരു ശത്രുപക്ഷത്തെ ഉണ്ടാക്കി എന്ന് പറയാം.
ശുഭദീപ് ചക്രവർത്തി

ഗുജറാത്തിൽ നടന്ന വംശഹത്യയുടെ കറുത്ത ദിനങ്ങൾ  മനസിലുണ്ടാക്കിയ  ആഴമേറിയ മുറിവുകളാണ് പത്രപ്രവര്‍ത്തകനായ ശുഭ്രദീപിനെ  ജനങ്ങളുമായി കൂടുതൽ സംവദിക്കുന്ന ചലച്ചിത്രം എന്ന മേഖല തെരഞ്ഞെടുത്തതും. ചരിത്രത്തിലെ ആ കറുത്ത നാളുകള്‍ സൃഷ്ടിച്ചവര്‍ തന്നെ ഇന്ന് അധികാരത്തിന്റെ പിന്തുണയോടെ കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ശുഭ്രദീപിനെ പോലുള്ളവരുടെ വിയോഗം വലിയ  ശൂന്യതയാണ് ഉണ്ടാക്കുന്നത്.
ഏറെ ദുരൂഹതകൾ ഇപ്പോളും  ഒളിഞ്ഞുകിടക്കുന്ന ഗോധ്രയിലെ സബര്മതി തീവണ്ടിയുടെ ബോഗികൾക്ക് തീവെച്ച സംഭവവും അതിന്റെ രാഷ്ട്രീയവുമാണ് തന്റെ ആദ്യ ഡോക്യുമെന്റരിയായ 'ഗോധ്ര തകി'ലൂടെ പറയുന്നത്. കത്തികരിഞ്ഞ ബോഗിയുടെ ചിത്രങ്ങൾ നൽകുന്ന കറുത്ത ഓർമകളിലേക്ക് അതിന്റെ കാരണങ്ങളിലേക്ക് തുറന്നുവെച്ച വേദനിപ്പിക്കുന്ന സത്യങ്ങളായിരുന്നു ഈ ചിത്രം. ഈ നേര്‍ച്ചിത്രത്തില്‍ കാതലായ എന്തോ ഉണ്ടെന്നതിനാലാണ് തീവെപ്പ് സംഭവം അന്വേഷിക്കുന്ന ബാനര്‍ജി കമ്മീഷന്‍ ഗോധ്ര തക് കാണുകയും ശുഭ്രദീപിനെ കേസിലെ സാക്ഷിയായി കമ്മീഷന്‍ ഉള്‍പ്പെടുത്തിയതും. നേര് വിളിച്ചുപറയാന്‍ ആരുടേയും ഔദാര്യം ആവശ്യമില്ലെന്ന് ഈ ചിത്രം തുറന്നു കാണിക്കുന്നു. അത്യന്തം ദൌര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഗോധ്ര തീവെപ്പിന് ശേഷം അതുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ അരങ്ങേറിയത്. വര്‍ഗ്ഗീയ വിഷ വിത്തുകള്‍ ഗാന്ധിജി ജനിച്ച മണ്ണിലെ ജനമനസുകളില്‍ നേരിട്ടുപാകാന്‍ കഴിഞ്ഞത് എക്കാലത്തെയും കറുത്ത സത്യങ്ങളാണ്. ഈ സംഭവങ്ങളുടെ നേര്‍ചിത്രങ്ങള്‍ ജനങ്ങളില്‍ എത്തിച്ചതോടെ ശുഭ്രദീപ് ചക്രവര്‍ത്തി എന്ന ചലച്ചിത്രകാരന്‍ സംഘ പരിവാരങ്ങളുടെ ശത്രുവായി. ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്ന  ഫാഷിസത്തിന്റെ തേരോട്ടത്തെ ചെറുക്കാൻ ശുഭ്രദീപിനെ പോലുള്ള ധീരന്മാരുടെ ആവശ്യകത ഏറിവരികയാണ്. എന്നാൽ ജനാധിപത്യത്തിലൂടെ തന്നെ ഫാഷിസ്റ്റ് ശക്തികൾക്ക് അധികാരത്തിലെത്താൻ കഴിഞ്ഞെന്ന കറുത്ത സത്യം ഭാവിയെ ഇരുട്ടിലേക്ക് നയിക്കപെടുമോ? ഭയത്തിന്റെ വലക്കുള്ളിൽ ഒട്ടുമിക്ക സാമൂഹിക സാംസ്കാരിക പ്രവർത്തകരും അകപ്പെടുകയോ, പെടുത്തുകയോ ആയിരുന്നു. എന്നാൽ അതിലൊന്നും വീഴാതെ എല്ലാ ഭീഷണിയെയും തള്ളികളഞ്ഞു മരിക്കുവോളം തന്റെ ക്യാമറ നീതിക്കൊപ്പം ചലിപ്പിക്കാൻ ശുഭ്രദീപിനായി എന്നതിന് തെളിവാണ് ഈ  ഡോക്യുമെന്ററികൾ.  

ഗുജറാത്തിലെ തന്നെ വ്യാജ ഏറ്റുമുട്ടലുകളുടെ രാഷ്ട്രീയവും അതുണ്ടാക്കിയ രാഷ്ട്രീയ അരക്ഷിതാവസ്ഥയും തുറന്നു കാണിക്കുന്ന ചിത്രമാണ്   'എന്‍ കൌണ്ടേഡ് ഓഫ് സഫ്രോന്‍ അജണ്ട'. ഈ ചിത്രം പ്രദർശിപ്പിക്കുന്നതിന് എതിരെ സംഘപരിവാർ രംഗത്ത് എത്തിയതും പ്രദർശനം നടക്കുന്ന എല്ലായിടത്തും ആക്രമണം അഴിച്ചു വിട്ടതും ഒറ്റ കോളം വാർത്തകളിൽ ഒതുങ്ങിപോന്നു. പ്രതിരോധത്തിന്റെ  നേർശബ്ദങ്ങൾക്കെന്നും മുതലാളിത്ത മാധ്യമങ്ങൾ താമസ്കരിക്കാനാണല്ലോ. ശക്തമായ ഭാഷയിൽ തന്നെ നികൃഷ്ഠമായ ഒരു രാഷ്ട്രീയ നാടകത്തിന്റെ അജണ്ട തുറന്നു കാണിക്കാൻ ഈ ചിത്രത്തിലൂടെ ശുഭ്രദീപിനായി. ഇരകളെ തന്നെ പ്രതികളാക്കി ജനാധിപത്യ വ്യവസ്ഥിതിയെയും ജനതയേയും ഒന്നടങ്കം കബളിപ്പിക്കുകയും, ചതിയുടെ നടുക്കടലിലേക്ക് നിയമത്തെ എടുത്തെറിഞ്ഞ ഞെട്ടിക്കുന്ന സംഭവമായിരുന്നു വ്യാജ ഏറ്റുമുട്ടൽ. അതിനായി നിയമത്തെയും ഉദ്യോഗസ്ഥരേയും ഒരുപോലെ ഉപയോഗപ്പെടുത്തിയ നീചമായ ഈ സംഭവത്തെയും കൊല്ലപെട്ട നിരപരാധികളായവരുടെ ജീവിതത്തെയും തകർക്കപെട്ട അവരുടെ കുടുംബങ്ങളുടെയും അവസ്ഥ തുറന്നു കാണിക്കാൻ ഈ ചിത്രത്തിലൂടെ. കുറച്ചുകാലം എല്ലാവരെയും, കുറച്ചുപേരെ എല്ലാ കാലത്തേക്കും കബളിപ്പിക്കാൻ സാധിച്ചേക്കും എന്നാൽ എല്ലാ കാലത്തും എല്ലാവരെയും കബളിപ്പിക്കാൻ സാധിക്കില്ലെന്ന സത്യമാണ് ഇതിലൂടെ തെളിയിക്കപെടുന്നത്. അസഹിഷ്ണത വക്താക്കൾക്ക് എന്നും ഇത്തരം ധീരന്മാരേ ഭയമാണ്. ഏറെ ചര്ച്ച ചെയ്യപെട്ട ചിത്രമാണ് 'എന്‍ കൌണ്ടേഡ് ഓഫ് സഫ്രോന്‍ അജണ്ട'.
ആരും അധികം പറയാത്തതും എന്നാൽ പറയേണ്ടതുമായ ഒരു വിഷയമാണ് 'ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്‍റ്' എന്ന ഡോക്യുമെന്ററിയിലൂടെ ശുഭ്രദീപ് പറയാൻ ശ്രമിക്കുന്നത്. ടാഡ, പോട്ട തുടങ്ങിയ നിയമങ്ങളാലും അല്ലാതെയും തടവിലാക്കപെട്ട നിരവധി നിരപരാധികൾ ഇന്ത്യയിൽ ഉണ്ട്. രാഷ്ട്രീയ, മത വൈര്യം തീർക്കാൻ കെട്ടിച്ചമയ്ക്കപെട്ട കള്ളകഥയുടെ പേരില് കുടുങ്ങിയ നിരപരാധികളും അല്ലാത്തവരും. തീവവാദികൾ എന്നാ ചെല്ലപ്പേര് നൽകി എല്ലാകാലത്തും ഉള്ളിലടക്കപെടാൻ വിധിക്കപെട്ടവർ ഇത്തരം കേസുകളിൽ ഹാജരാകാൻ തയ്യാറാകുന്ന അഭിഭാഷകരെ അക്രമിക്കപെട്ട നിരവധി സംഭവങ്ങൾ.  ഇത്തരത്തിൽ ആക്രമിക്കപെട്ട അഭിഭാഷകരുടെ ജീവിതത്തെയും അവർ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും കുറിച്ചുള്ള ഒരന്വേഷണമാണ്  'ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്‍റ്' 

വിചാരണ തടവുകാരായി ഏറെകാലം ജയിലുകളിൽ കഴിയുകയും നിരപരാധികളെന്നുകണ്ട് കോടതി മോചിപ്പിക്കുകയും ചെയ്തവരുടെ ജീവിതവും തീവ്രവാദികളെന്ന പേരില് പിൽകാലം സമൂഹം അകറ്റിനിർത്തിയവരുടെ അവസ്ഥയിലൂടെയുള്ള സഞ്ചാരമാണ് 'ആഫ്റ്റർ ദ സ്ട്രോം' എന്ന ചിത്രം. എന്നും നിയമപാലകരുടെ നോട്ടത്തെ ഭയന്ന് ജീവിക്കുന്നവരിലൂടെ ഈ ചിത്രം കടന്നുപോകുന്നു. 
ശുഭ്രദീപ് ഏറെ വെല്ലുവിളിയോടെ എടുത്ത അവസാനത്തെ ചിത്രമാണ് 'ഇന്‍ ദിനോ മുസഫര്‍ നഗര്‍'. മോഡി സർക്കാരിന്റെ ആദ്യ നിരോധനത്തിന് ഈ ചിത്രം കാരണമായത് മുസഫര് നാഗര കലാപത്തിന്റെ നേര്ചിത്രം തുറന്നുകാണിച്ചതിനാലാണ്. യുപിയുടെ വര്ഗീയ രാഷ്ട്രീയത്തെയും ജനങ്ങളെ ഭിന്നിപ്പിച്ച് വര്ഗ്ഗീയമായി ചേരി തിരിച്ചു അധികാരം നേടാൻ  കൃതൃമമായി  ഉണ്ടാക്കിയ കലാപങ്ങളിലൂടെ വിജയ പർവ്വത്തിൽ കയറിയവരുടെ അപ്രീതിമൂലം നിരോധനം നീക്കാനുള്ള നിയമ പോരാട്ടത്തിനിടയിലാണ് ആ ധീരനെ മരണം കീഴടക്കിയത്, സിനിമാ പ്രവർത്തകയായ തന്റെ സഹധർമ്മിണി മീര ചൗധരിയോടൊപ്പം എടുക്കുന്ന ഈ ചിത്രം അധികാരത്തിൽ ഇരിക്കുന്നവരുടെ ഉറക്കം കെടുതുന്നതാണ്  

കറുത്തിരുണ്ട്  കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ വെളിച്ചത്തിലേക്ക് തിരിച്ചു വിടാൻ ഇത്തരം നെയ്ത്തിരി വെട്ടങ്ങൾ നല്കുന്ന സംഭാവന വളരെ വലുതാണ്‌. ശുഭ്രദീപ് ചക്രവർത്തിയുടെ വിയോഗം നമ്മുടെ  ലോകത്തിനും ജനാധിപത്യ മനസുകളെയും ഒരുപോലെ വേദനിപ്പിക്കുന്നു. നമ്മുടെ ജനാധിപത്യം കൂടുതൽ കരുത്താർജ്ജിക്കേണ്ടാതിന്റെ  ആവശ്യകതയാണ് ഈ ഓരോ ചിത്രവും നമ്മെ ഓർമ്മിപ്പിക്കുന്നത്.
 ------------------------------------------------------------------------

21 Aug 2014

കർഷക ഉത്പാദക കമ്പനികൾ - പുരോഗതിയുടെ പാതയിൽ ഉറച്ച കാൽവെയ്പോടെ



ദീപ്തി നായർ
മാർക്കറ്റിംഗ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

കേന്ദ്ര സർക്കാർ 2014 കർഷക ഉത്പാദക സ്ഥാപനങ്ങളുടെ വർഷമായി ആചരിക്കുകയാണ്‌. കാർഷിക മേഖലയിൽ സ്ഥായിയായ പുരോഗതി സാദ്ധ്യമാകണമെങ്കിൽ കർഷക കൂട്ടായ്മകളും അവരുടെ സംയോജിതമായ പ്രവർത്തനങ്ങളും ആവശ്യമാണ്‌.  വിപണി അനുസൃതമായി, ആസൂത്രിതമായി കാർഷികോത്പാദനം നടത്തുന്ന രീതി നമ്മുടെ രാജ്യത്തിൽ അപൂർവ്വം വിളകളിൽ മാത്രം അനുവർത്തിക്കപ്പെടുന്നു. ചെറുകിട നാമമാത്ര കർഷകർ കൂടുതലുള്ള ഇന്ത്യയിൽ കർഷക കൂട്ടായ്മകളിലൂടെ മാത്രമേ പുരോഗതി സാദ്ധ്യമാകൂ. ഉത്പാദനത്തിലും സംഭരണത്തിലും വിപണനത്തിലും സംസ്കരണത്തിലും ഒക്കെ ഈ കൂട്ടായ്മ പ്രയോജനം ചെയ്യുമെന്ന്‌ മാത്രമല്ല അത്യാവശ്യമാണ്‌ താനും... കേര മേഖലയിൽ നാളികേര വികസന ബോർഡ്‌ കൂട്ടായ്മകളിലൂന്നിയുള്ള പ്രവർത്തനം 2011-ൽ ആരംഭിച്ചതു ഈ കാഴ്ചപ്പാടോടു കൂടി തന്നെയാണ്‌.  ലോകം മുഴുവൻ ഒരൊറ്റ വിപണിയായി മാറുമ്പോൾ ഉത്പാദനത്തിലും, ഗുണനിലവാരത്തിലും, പായ്ക്കിംങ്ങിലും, വിലയിലും കർഷകന്‌ പിടിച്ചുനിൽക്കാൻ കർഷക കൂട്ടായ്മകളിലൂടെയുള്ള പ്രവർത്തനം അത്യന്താപേക്ഷിതമാണ്‌.
കർഷക കൂട്ടായ്മകളിൽ വ്യാവസായികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഏറ്റവുമനുയോജ്യമായ ഘടന കർഷക ഉത്പാദക കമ്പനികളുടേതാണ്‌. കർഷക ഉത്പാദന കമ്പനികൾ എന്ന പ്രത്യേക നിർവചനം ഇന്ത്യൻ കമ്പനീസ്‌ ആക്ടിൽ 2002-ൽ വൈ. കെ. അലഗിന്റെ നേതൃത്വത്തിൽ ഉൾപ്പെടുത്തിയതും അതുകൊണ്ടുതന്നെ. എന്നാൽ ചെറുകിട നാമമാത്ര കർഷകർ ഭൂരിപക്ഷമുള്ള കേരമേഖലയിൽ കെട്ടുറപ്പുള്ള കർഷക കൂട്ടായ്മകളുടെ  അടിത്തറ ഉത്പാദക കമ്പനികൾക്ക്‌ അനിവാര്യമെന്ന്‌ മനസ്സിലാക്കിയതുകൊണ്ടാണ്‌ നാളികേര വികസന ബോർഡ്‌ നാളികേര ഉത്പാദക സംഘങ്ങളിലൂടെ പ്രവർത്തനങ്ങൾ ആരംഭിച്ചതു. 2011-12 -ൽ നാളികേര ഉത്പാദക സംഘങ്ങൾ ഉണ്ടാക്കിയപ്പോൾ 2012-13-ൽ ഈ സംഘങ്ങളെ ഏകോപിപ്പിച്ച്‌ നാളികേര ഉത്പാദക ഫെഡറേഷനുകൾ ഉണ്ടാക്കി. 2013-14-ൽ  കാർഷിക ഉത്പാദക കമ്പനികളും. ഓരോ തലത്തിലുമുള്ള സംഘങ്ങൾ സ്വന്തം കാലിൽ ഒരു വർഷത്തോളം പ്രവർത്തനം നടത്തിയതിനു ശേഷമാണ്‌ അടുത്ത തലത്തിലേക്ക്‌ നടന്നു നീങ്ങിയത്‌.
ഇന്ത്യയിൽ ഉണ്ടായ കർഷക ഉത്പാദകകമ്പനികളിലേറെയും കർഷകരുടെ പ്രവർത്തനത്തിലൂടെയല്ല മറിച്ച്‌ മറ്റേതെങ്കിലും സ്ഥാപനത്തിന്റെയോ സന്നദ്ധസംഘടനയുടേയോ പരിശ്രമത്തിലൂടെ ഉണ്ടായതാണ്‌.  കേര കർഷകരുടെ ഉത്പാദക കമ്പനികളുടെ കാര്യവും ഇതിൽ നിന്നും ഭിന്നമല്ല. നാളികേര വികസന ബോർഡിന്റെ നിർദ്ദേശങ്ങളും നിർബന്ധങ്ങളുമാണ്‌ കേരളത്തിലെ 12 കർഷക ഉത്പാദക കമ്പനികളുടെ രൂപീകരണത്തിനിടയാക്കിയത്‌. കർഷകരെ ഏകോപിപ്പിച്ച്‌ മൂന്ന്‌ തട്ടുകളിലായി സജ്ജമാക്കി കൃഷിയെ ഒരു വ്യവസായമായി കാണുന്നതിന്‌ പഠിപ്പിക്കുക എന്നത്‌ വളരെയേറെ ശ്രമകരമായ കാര്യമാണ്‌. അതിന്‌ സമയമെടുക്കും. ആഗോളവത്കരിച്ചിരിക്കുന്ന ലോകവിപണിയുടെ ഗതിവ്യതിയാനങ്ങളുടെയും സ്വതന്ത്ര വ്യാപാര ഉടമ്പടികളുടെയും പശ്ചാത്തലത്തിൽ എത്രയും ദ്രുതഗതിയിൽ കേരകർഷകരുടെ ഉത്പാദക കമ്പനികൾ ഉണ്ടാക്കണമെന്ന ദൃഢനിശ്ചയമാണ്‌ കേരകർഷകരെ നയിക്കുന്നതിന്‌ ബോർഡിനെ പ്രേരിപ്പിച്ചതു.
കഴിഞ്ഞ സാമ്പത്തിക വർഷം (2013-14) പത്ത്‌ പ്രധാന ജില്ലകളിലായി 12 നാളികേരോത്പാദക കമ്പനികളാണ്‌ കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്‌. കണ്ണൂർ, പാലക്കാട്‌ എന്നീ ജില്ലകളിലെ കമ്പനികൾ ഒരു പ്രവർത്തനവർഷം പൂർത്തിയാക്കി കഴിഞ്ഞു. കേരള സർക്കാർ നീര ഉത്പാദനത്തിന്‌ പരീക്ഷണാടിസ്ഥാനത്തിൽ അനുമതി നൽകിയ സാഹചര്യത്തിൽ നാളികേര വികസന ബോർഡിന്റെ സഹായത്തോടെ 12 കമ്പനികളും 10,000 ലിറ്റർ നീര പ്രതിദിനം സംസ്കരിക്കാൻ സൗകര്യമുള്ള സംസ്കരണ യൂണിറ്റിന്റെ പദ്ധതി തയ്യാറാക്കുകയും അവ ബോർഡിൽ സമർപ്പിച്ച്‌ തത്ത്വത്തിൽ അംഗീകാരം നേടുകയും ചെയ്തു. എല്ലാ കമ്പനികളും കേരള സർക്കാരിനും നീര പദ്ധതി സമർപ്പിച്ചിട്ടുണ്ട്‌. നീരയൂണിറ്റ്‌ തുടങ്ങുന്നതിനുള്ള സ്ഥലം എല്ലാ കമ്പനികളും കണ്ടെത്തി. ഓഹരി മൂലധനം ശേഖരിച്ച്‌ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ആവേശത്തിലാണ്‌ ഈ നാളികേര ഉത്പാദക കമ്പനികൾ. കമ്പനികളുടെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച്‌ ഇതരലേഖനങ്ങളിൽ പറയുന്നതു കൊണ്ട്‌ അതിലേക്ക്‌ കടക്കുന്നില്ല. എന്നാലും അടുത്ത രണ്ട്‌ വർഷം ഈ നാളികേര ഉത്പാദക കമ്പനികൾക്ക്‌ നിർണ്ണായകമാണ്‌.  പദ്ധതികൾ എങ്ങനെ ആസൂത്രിതമായി ഈ കാലയളവിൽ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌ കമ്പനികളുടെ ഭാവി നിലനിൽക്കുന്നത്‌. ആ വെല്ലുവിളി നേരിടാനുള്ള കാര്യപ്രാപ്തി നൽകുക എന്നത്‌ നാളികേര വികസന ബോർഡിന്റെ ഉത്തരവാദിത്വവും.
1) വ്യാവസായിക സ്ഥാപനങ്ങളായുള്ള പരിണാമം: നാളികേര ഉത്പാദക കമ്പനികൾ നിലവിൽ നാളികേര ഉത്പാദക സംഘങ്ങളുടെ ഫെഡറേഷനുകളുടെ     ഒരു കൂട്ടായ്മയാണ്‌ - നാളികേര കർഷകരുടെ നേതൃത്വത്തിൽ, കർഷകർക്കു വേണ്ടി, കർഷകരാൽ നടത്തപ്പെടുന്ന കമ്പനികൾ, എന്നാൽ കൃഷി ഒരു വ്യവസായമായി കണ്ട്‌, ലാഭം മനസ്സിൽ കണ്ടുകൊണ്ട്‌ പ്രവർത്തനങ്ങൾ ആസൂത്രിതമായി നടപ്പിലാക്കുന്ന പ്രസ്ഥാനങ്ങളായി ഈ കമ്പനികൾ പരിണമിക്കേണ്ടതുണ്ട്‌. വിപണിയിലെ സാദ്ധ്യതകൾ മനസ്സിലാക്കിക്കൊണ്ട്‌, സംരംഭക ചിന്തകൾ മനസ്സിൽ ഉൾക്കൊണ്ട്‌ കർഷകർക്ക്‌ മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കുന്നതിനാവശ്യമായ നടപടികളാണ്‌ ഈ കർഷക കമ്പനികൾ അനുവർത്തിക്കേണ്ടത്‌. ഇതിന്‌ നാളികേര വികസന ബോർഡ്‌ 2 തരത്തിലുള്ള പ്രവർത്തനങ്ങളാണ്‌ മുന്നിൽ കണ്ടിരിക്കുന്നത്‌.
മ) കർഷക ഡയറക്ടർമാരെ പ്രോഫഷനുകളാക്കി മാറ്റുക, സർക്കാരിൽ നിന്നുള്ള ഗ്രാന്റിനോ സബ്സിഡിയ്ക്കോ കാവൽ നിൽക്കാതെ സ്വന്തം താൽപര്യങ്ങൾ മനസ്സിലാക്കി ഏകലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ടീമാണ്‌ കർഷക കമ്പനികൾക്ക്‌ വേണ്ടത്‌. ഇതിന്‌ ആദ്യപടിയായി ബോർഡ്‌ 12 നാളികേര ഉത്പാദക കമ്പനികളിലെ എല്ലാ ഡയറക്ടർമാർക്കും ഒരു 'മാനേജ്‌മന്റ്‌ ഡവലപ്‌മന്റ്‌ പ്രോഗ്രാം' ആസൂത്രണം ചെയ്തിരിക്കുന്നു. പ്രഗത്ഭ മാനേജ്‌മന്റ്‌ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കർഷക ഡയറക്ടർമാർക്കുള്ള ഈ പരിശീലന പരിപാടിയിലൂടെ ഈ നേതൃനിരയെ പ്രോഫഷണലുകളാക്കി മാറ്റുക എന്നതാണ്‌ ബോർഡിന്റെ ലക്ഷ്യം. ഉത്പാദകർ ഒരുമിച്ചു ചേരുന്നതിന്റെ ശക്തി, അതിലൂടെ ഉളവാകുന്ന ബിസിനസ്സ്‌ അവസരങ്ങൾ, അസംസ്കൃത വസ്തുക്കളുടെ ലഭ്യത എന്ന അനുകൂല ഘടകം, അതിലൂടെ കർഷകർക്ക്‌ നേടാവുന്ന മൂല്യവർദ്ധനയും വരുമാനവും എന്നിവയെക്കുറിച്ച്‌ കർഷക ഡയറക്ടർമാരെ ബോധാവന്മാരാക്കുക എന്നതാണ്‌ ആദ്യപടി. ഇതിനെതുടർന്ന്‌ കർഷക ഉത്പാദക കമ്പനിയിലെ അംഗങ്ങളായ ഉത്പാദക സംഘങ്ങളെയും കർഷകരെയും ഒത്തൊരുമിപ്പിച്ച്‌ എങ്ങനെ കൊണ്ടുപോകാം, അഭിപ്രായ വ്യത്യാസങ്ങൾ സമന്വയിപ്പിക്കുന്നതെങ്ങനെ, മെച്ചപ്പെട്ട ആശയവിനിമയത്തിനുള്ള കഴിവ്‌, ഉത്പാദക കമ്പനിയിലെ ഉത്തരവാദിത്വങ്ങൾ എങ്ങനെ പങ്കാളിത്ത മനോഭാവത്തോടുകൂടി ഏറ്റെടുത്ത്‌ നടപ്പിലാക്കാം. ഇങ്ങനെ പോകുന്നു പരിശീലനപരിപാടിയിലെ വിഷയങ്ങൾ. ഇതിനോടൊപ്പം പ്രവർത്തനത്തിലെ സുതാര്യത, വിശ്വാസ്യത, സത്യസന്ധത എന്നിവ നിലനിർത്തിക്കൊണ്ടുപോകേണ്ടതിന്
റെ ആവശ്യകത, അതിലൂടെ സ്ഥാപിക്കാവുന്ന സുസ്ഥിരമായ വ്യാപാര ബന്ധങ്ങൾ എന്നിങ്ങനെ "ബിസിനസ്സ്‌ എത്തിക്സ്‌" കൂടി ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിശ്ചിത കാലയളവിൽ ഈ പരിശീലന പരിപാടികൾ ആവർത്തിക്കുന്നതിലൂടെ 'കർഷക പ്രോഫഷണലുകളെ' വാർത്തെടുക്കാനാവും, അത്‌ ഉത്പാദക കമ്പനികളുടെ പ്രതിരോധിക്കാനാവാത്ത ശക്തിയായി മാറും.
യ) ഉത്പാദന, വിപണന, ഭരണ മേഖലകളിൽ പ്രോഫഷണലുകളെ ഉൾപ്പെടുത്തുക: കർഷക ഡയറക്ടർമാരെ പരിശീലിപ്പിക്കുന്നതിനോടൊപ്പം അവർക്ക്‌ പിന്നിൽ ഒരു ശക്തിയായി വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ള പ്രോഫഷണലുകളെ നിയമിക്കേണ്ടതുമുണ്ട്‌. ഉദാഹരണത്തിന്‌ നാളികേരത്തിൽ നിന്നുമുള്ള വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ഒരു യൂണിറ്റിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ക്രമീകരിക്കുവാനും ഉത്പാദനത്തിന്റെ മേൽനോട്ടം നിർവ്വഹിക്കുവാനും ഒരു ഫുഡ്‌ ശയൻസ്‌ / ഫുഡ്‌ എഞ്ചിനീയറിംഗ്‌ ബിരുദമെടുത്ത പ്രോഫഷണലിന്റെ സേവനം പ്രവർത്തന മികവ്‌ കൂട്ടും. ഇതുപോലെ യൂണിറ്റിലെ ഭരണകാര്യങ്ങളുടെ മേൽനോട്ടം, മാനവശേഷിയുടെ ഉപയോഗം എന്നിവ ക്രമീകരിക്കുന്നതിന്‌ ഭരണകാര്യങ്ങളിൽ വൈദഗ്ദ്ധ്യമുള്ള ഒരാളിന്റെ സേവനവും സാമ്പത്തിക കാര്യങ്ങളിൽ ഒരു ധനകാര്യവിദഗ്ദ്ധന്റെ സാന്നിദ്ധ്യവും ഗുണമേകും. ഉൽപന്നങ്ങളുടെ വിപണന കാര്യങ്ങൾ, ബ്രാൻഡ്‌ വികസിപ്പിക്കൽ കയറ്റുമതി സാദ്ധ്യതകൾ എന്നിവ കമ്പനിയ്ക്ക്‌ ഉപകാരപ്രദമായ രീതിയിൽ മാറ്റുന്നതിന്‌ ഒരു മാർക്കറ്റിംഗ്‌ പ്രോഫഷണലിന്റെ സേവനം ഉപകാരമേകും. പാലക്കാട്‌ നാളികേര ഉത്പാദക കമ്പനി ഇന്ത്യയിലെ പ്രീമിയം സ്ഥാപനമായ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റൂറൽ മാനേജ്‌മന്റ്‌, ആനന്ദിൽ (കഞ്ഞങ്ങഅ) നിന്നും രണ്ട്‌ പ്രോഫഷണലുകളെയും രണ്ട്‌ ഫുഡ്‌ ശയന്റിസ്റ്റ്മാരെയും നിയമിച്ചിട്ടുണ്ട്‌.
കർഷകരിലും ഉദ്യോഗസ്ഥരിലും പ്രോഫഷണലിസം വളർത്തുന്നതിലൂടെ കർഷക ഉത്പാദക കമ്പനി ലോകോത്തര നിലവാരമുള്ള വ്യവസായ സ്ഥാപനമായി മാറും.
2) മറ്റു സ്ഥാപനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം: ഉത്പാദക സംഘങ്ങൾ കാർഷിക മേഖലയിൽ പ്രവർത്തനക്ഷമമാകണം എന്നത്‌ 12-​‍ാം പഞ്ചവത്സര പദ്ധതിയിലെ ഒരു ലക്ഷ്യമാണ്‌. ഇതിനുവേണ്ടി വിവിധതരത്തിലുള്ള പദ്ധതികൾ വിവിധ ഏജൻസികളിലൂടെ സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. ഉത്പാദക കമ്പനികൾ എന്ന ആശയം അതിന്റെ പ്രാരംഭദശയിലായതുകൊണ്ട്‌ ഓഹരി മൂലധനത്തിലോ പദ്ധതി വിഹിതത്തിലോ വിപണനത്തിലോ ഉള്ള സഹായങ്ങൾ ഏത്‌ രീതിയിലാണ്‌ നടപ്പിലാക്കേണ്ടത്‌ എന്നതിനെക്കുറിച്ച്‌ വ്യക്തമായ രേഖാചിത്രം വിവിധ ഏജൻസികൾക്ക്‌ ഇല്ലാത്തതിനാൽ ഉത്പാദക കമ്പനികളുടെ പ്രവർത്തനം സസൂക്ഷ്മം ദൂരെ നിന്ന്‌ നോക്കികണ്ട്‌ വിശകലനം ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ്‌ ഇന്ന്‌ കാണുന്നത്‌. തങ്ങളുടെ ഉത്പാദക കമ്പനിയ്ക്ക്‌ വേണ്ടത്‌ കുറച്ചു വളം സബ്സിഡിയോ തെങ്ങിൻ തൈകൾക്കുള്ള പാതി വിലയോ അല്ല. മറിച്ച്‌, കമ്പനിയുടെ വ്യവസായപ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ ഒരു കൈത്താങ്ങ്‌ ആണ്‌ എന്നത്‌ ആദ്യം കർഷകർക്ക്‌ ബോദ്ധ്യപ്പെടണം. അതിനെത്തുടർന്ന്‌ നിലവിലുള്ള പദ്ധതികളിൽ ഏതാണ്ട്‌ തങ്ങൾക്ക്‌ കൂടുതൽ പ്രയോജനം ചെയ്യുക എന്ന്‌ വിശകലനം ചെയ്യാനും കർഷക കമ്പനികൾ പ്രാപ്തരാകണം. ചുരുക്കത്തിൽ കണ്ണുകൾ തുറന്ന്‌ കാതുകൾ കൂർപ്പിച്ച്‌ ജാഗരൂഗരായിരിക്കണം. ഏത്‌ സ്ഥാപനങ്ങളുമായുള്ള സംയോജിത പ്രവർത്തനമാണ്‌ തങ്ങൾക്ക്‌ മെച്ചമുണ്ടാക്കുന്നത്‌ എന്ന്‌ മനസ്സിലാക്കണം. ഉദാഹരണത്തിന്‌ ഒരു സംസ്കരണ യൂണിറ്റിടാൻ ഉദ്ദേശിക്കുന്ന  കമ്പനിയ്ക്ക്‌ തൃത്താല പഞ്ചായത്തിൽ നിന്നു സ്ഥലം ലഭിക്കാനുള്ള സാദ്ധ്യത ഉണ്ടെങ്കിൽ അതിലൂടെ സ്വന്തമായി സ്ഥലം വാങ്ങുന്ന ഭാരിച്ച ചെലവ്‌ കുറയ്ക്കാനാകും. സർക്കാരിന്റെ 'ഫുഡ്പാർക്കിൽ' സ്ഥലം ലഭിക്കുന്നുവേങ്കിൽ സംസ്ക്കരണ യൂണിറ്റ്‌ തുടങ്ങുന്നതിനുള്ള പല നടപടിക്രമങ്ങളിലും എളുപ്പമായിത്തീരും. ഇനി ടഎഅഇ പോലെയുള്ള സ്ഥാപനങ്ങളിൽ നിന്ന്‌ ഇക്വിറ്റിയ്ക്കും ക്രെഡിറ്റിനും ഗാരന്റി നൽകുന്ന പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ കഴിഞ്ഞാൽ, കമ്പനികൾക്ക്‌ തുടക്കത്തിലുള്ള സാമ്പത്തിക പരാധീനത ഏറെ കുറയ്ക്കാൻ സാധിക്കും.
3) ഉത്പാദക കമ്പനികളുടെ കൺസോർഷ്യം: കേരളത്തിൽ ഇന്ന്‌ പ്രവർത്തനമാരംഭിച്ചിരിക്കുന്ന 12 ഉത്പാദക കമ്പനികളും വ്യത്യസ്തങ്ങളായ പദ്ധതികളാണ്‌ ആസൂത്രണം ചെയ്തിരിക്കുന്നത്‌. ഒരു പക്ഷേ നീരയും അതിൽ നിന്നുമുള്ള മൂല്യവർദ്ധിത  ഉൽപന്നങ്ങളും നിർമ്മിക്കുന്നതു മാത്രമാണ്‌ പൊതുവായി എല്ലാവരും കടന്നിരിക്കുന്ന മേഖല. തങ്ങളുടെ പ്രദേശത്തെ നാളികേരോത്പാദനത്തിന്‌ യോജിക്കുന്ന രീതിയിലുള്ള ഉത്പന്നങ്ങളാണ്‌ കമ്പനികൾ തിരഞ്ഞെടുത്തിരിക്കുന്നത്‌. തങ്ങളുടേതായ ബ്രാൻഡിൽ ഇവ വിപണിയിലിറക്കുന്നതിനാണ്‌ പരിശ്രമിക്കുന്നത്‌. അങ്ങനെ നാളികേരോൽപ്പന്നങ്ങളുടെ ഉത്പാദനത്തിൽ ആരോഗ്യപരമായ ഒരു മത്സരമാണ്‌ ബോർഡും പ്രോത്സാഹിപ്പിക്കുന്നത്‌. എന്നാൽ വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലും വിപണനത്തിലും ഇന്ന്‌ മുൻപന്തിയിൽ നിൽക്കുന്ന പല വൻകിട കമ്പനികളോടും മത്സരിക്കണം എന്നുള്ളതുകൊണ്ടുതന്നെ ഉത്പാദകകമ്പനികളുടെ ഇടയിൽ ഒരു ഏകത്വം ആവശ്യമാണ്‌. നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ ഉത്പാദക കമ്പനികളെ ഏകോപിപ്പിക്കുന്നതിനുള്ള പ്രാഥമിക യോഗം നടന്നപ്പോൾ കമ്പനി ഡയറക്ടർമാർ തന്നെ ബോർഡിനോട്‌ ഇത്‌ ആവശ്യപ്പെട്ടു എന്നത്‌ ഏറെ പ്രോത്സാഹനം നൽകുന്നു. നാളികേര വികസന ബോർഡ്‌ മനസ്സിൽ കണ്ട രീതിയിൽ കർഷകർ ഉദ്ബുദ്ധരായി എന്നതിന്റെ തെളിവാണ്‌ ഉത്പാദക കമ്പനികളുടെ അഭ്യർത്ഥന... ഉത്പാദക കമ്പനികളുടെ കൺസോർഷ്യം ഉണ്ടാക്കുമ്പോൾ നാളികേര ഉൽപന്നങ്ങളുടെ വിപണിയിൽ അനുകൂലമായ നയ പ്രഖ്യാപനങ്ങൾക്കും പ്രശ്നപരിഹാരങ്ങൾക്കും സർക്കാരുകളുമായി ബന്ധപ്പെടാൻ സഹായകമാകും. മാത്രമല്ല കേരകർഷകർ അനിഷേധ്യശക്തിയായി മാറുമ്പോൾ കേരമേഖലയിലേക്കുള്ള പുരോഗമന പദ്ധതികളുടെ നിലവാരത്തിലും സമീപനത്തിലും മാറ്റമുണ്ടാകും. കൺസോർഷ്യം രൂപീകരിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. കൺസോർഷ്യം രൂപീകരിച്ചതിനു ശേഷം ഒരു പൊതു വെബ്സൈറ്റിലൂടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും എല്ലാവരിലേക്കും എത്തിക്കുവാനും സാധിക്കും.

4. വിപണനത്തിലെ നൂതന തന്ത്രങ്ങൾ : നാളികേരോൽപന്നങ്ങൾക്ക്‌ സ്ഥിരമായ ഒരു വിപണി വികസിപ്പിച്ചെടുക്കുക എന്ന ഉത്തരവാദിത്വവും ഉത്പാദക കമ്പനികൾക്കുണ്ട്‌. നാളികേര ഉൽപന്നങ്ങളുടെ തനതായ ഗുണഗണങ്ങളും ആരോഗ്യദായക ഘടകങ്ങളും പോഷകസമ്പുഷ്ടിയും ഏവർക്കും പരമ്പരാഗതകാലം മുതൽ അറിവുള്ളതാണ്‌. എന്നാൽ വ്യാവസായികമായി നാളികേരോൽപന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുമ്പോൾ സ്ഥിരമായി ഒരു വിപണി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്‌.  നമ്മുടെ രാജ്യത്തെ ആഭ്യന്തരവിപണി പ്രത്യേകിച്ച്‌ ഒരുലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള (2011 സേൻസെസ്പ്രകാരം) 468 പട്ടണങ്ങൾ/ നഗരങ്ങൾ കേന്ദ്രീകരിച്ചാൽ മാത്രം മതി സ്ഥിരമായ ഒരു വിപണി വികസിപ്പിക്കാൻ എന്ന ഉത്തമബോദ്ധ്യം നാളികേര വികസന ബോർഡിനുണ്ട്‌. അതുകൊണ്ട്‌ ഇന്ത്യയിലെ 63 ജനറം പട്ടണങ്ങൾ കേന്ദ്രീകരിച്ച്‌ ആദ്യപടിയായുള്ള വിപണനതന്ത്രങ്ങൾ നടപ്പിലാക്കാനുദ്ദേശിക്കുന്നത്‌.  ബോർഡിന്റെ ഇത്തരം ആസൂത്രിതശ്രമങ്ങളോടൊപ്പം നിന്നുകൊണ്ട്‌ കർഷകകമ്പനികൾക്കും കൺസോർഷ്യത്തിനും തങ്ങളുടെ വിപണന പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാം. നാളികേര വികസന ബോർഡ്‌ വിവിധ പട്ടണങ്ങളിൽ പങ്കെടുക്കുന്ന എക്സിബിഷനുകൾ, ട്രേഡ്‌ ഫെയറുകൾ എന്നിവയിൽ ഉത്പാദക കമ്പനികൾ പങ്കെടുത്ത്‌ ഉൽപന്നങ്ങളെക്കുറിച്ച്‌ അവബോധം ജനങ്ങളിലുണ്ടാക്കി പുതിയ വിപണികൾ തേടാം. ബോർഡിന്റേയോ കൺസോർഷ്യത്തിന്റേയോ സഹായത്തോടെ പ്രധാനഷോപ്പിംഗ്‌ കേന്ദ്രങ്ങളിലും വിപണികളിലും 'ഷോപ്പ്‌ സ്പേസ്‌' വാടകയ്ക്കെടുത്ത്‌ നേരിട്ടോ, ഫ്രാഞ്ചൈസികൾ മുഖേനയോ വിപണനം നടത്താം. ഇത്‌ കൺസോർഷ്യത്തിന്‌ കൂടുതൽ ഫലപ്രദമായി ചെയ്യുവാൻ സാധിക്കും. ബോർഡ്‌ പങ്കെടുക്കുന്ന എക്സിബിഷനുകളിലും ട്രേഡ്ഫെയറുകളിലും ലഭിക്കുന്ന 'എൻക്വയറി'കൾ ഉത്പാദക കമ്പനികൾക്ക്‌ നൽകുന്നതുവഴി തുടർന്നുള്ള വിപണി വികസനം പ്രാവർത്തികമാക്കുവാൻ സാധിക്കും.
നാളികേര വികസന ബോർഡിനോടൊത്തുചേർന്ന്‌ വിപണിയിലെ വ്യതിയാനങ്ങൾ, താൽപര്യങ്ങൾ, ഡിമാന്റ്‌ എന്നിവയെ സംബന്ധിച്ചുള്ള പഠനങ്ങൾ നടത്തുന്നത്‌ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്‌ സഹായകമാകും.
5) കൃത്യമായ വിലയിരുത്തലുകളും പുനരാവിഷ്ക്കാരവും : ഏതൊരു പദ്ധതിയും നാം ആസൂത്രണം ചെയ്യുന്നതിനനുസരിച്ചല്ല പലപ്പോഴും മുന്നോട്ടുപോകുന്നത്‌. പലപ്പോഴും വ്യതിയാനങ്ങൾ വേണ്ടിവരും.  ഇത്‌ നാളികേരോത്പന്നങ്ങൾ പോലെ ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ചാകുമ്പോൾ കൂടുതൽ പ്രസക്തമാണ്‌. ഉപഭോക്താക്കളുടെ രുചി, താൽപര്യം, വിപണിയിൽ അവതരിപ്പിക്കുന്ന മറ്റ്‌ ഉൽപന്നങ്ങൾ ഇവയെയെല്ലാം ആശ്രയിച്ച്‌ വിപണി പ്രതിദിനം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഉത്പാദക കമ്പനികൾ വിപണിയിലെ മാറ്റങ്ങളെക്കുറിച്ച്‌ ബോധവാന്മാരായിരിക്കണം. ഉദാഹരണത്തിന്‌ സംയോജിതമായി വിവിധതരം നാളികേരോൽപന്നങ്ങൾ നിർമ്മിക്കുന്ന ഒരുയൂണിറ്റ്‌ സ്ഥാപിച്ചുകഴിഞ്ഞാൽ പദ്ധതിയിൽ പറഞ്ഞിരിക്കുന്ന അളവിൽ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുകയല്ല വേണ്ടത്‌. മറിച്ച്‌, എല്ലാമാസവും കൃത്യമായ പ്രവർത്തനാവലോകനം നടത്തണം. എവിടെയാണ്‌ ചെലവ്‌ ചുരുക്കേണ്ടത്‌, എവിടെയാണ്‌ ഭരണപരമായ മാറ്റം വരുത്തേണ്ടത്‌, ഏത്‌ രീതിയിൽ ഉത്പാദനം മാറ്റണം, വിപണിയിൽ നിന്നുള്ള അഭിപ്രായമെന്താണ്‌ എന്നിങ്ങനെ നമ്മുടെ ഉൽപന്നത്തെ സംബന്ധിച്ച കൃത്യമായ, മറയില്ലാത്ത ചർച്ച വേണം. ഇതൊരു കുറ്റം കണ്ടുപിടിയ്ക്കൽ പ്രക്രിയ അല്ലെന്നും, നമ്മുടെ പോരായ്മകൾ സ്വയം മനസ്സിലാക്കി പരിഹാരം കാണുന്നതിന്റെ ഭാഗമാണെന്നും എല്ലാവരും ഉൾക്കൊള്ളണം. എന്നാൽ മാത്രമേ പുരോഗതിയുണ്ടാകുകയുള്ളൂ. ഉത്പാദക കമ്പനിക്ക്‌ ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടുള്ള വ്യാവസായിക താൽപര്യങ്ങൾ മാത്രം മതി. ആ താൽപര്യങ്ങൾ ഫലം കണ്ടാൽ വ്യക്തിയായ കർഷകന്‌ സ്വഭാവികമായും ഗുണംവന്നുചേരും. ഉത്പാദനയൂണിറ്റിൽ വ്യാവസായിക ഉത്പാദനം തുടങ്ങിക്കഴിഞ്ഞാൽ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവേന്ന്‌ ചിന്തിച്ച്‌ കമ്പനി ഡയറക്ടർമാർ മാറിനിൽക്കരുത്‌ എന്നതാണ്‌ ഈ പറഞ്ഞതിന്റെ സാരം. ഉത്പാദക കമ്പനികൾ ശൈശവവാസ്ഥയിലാണ്‌. നടന്നുതുടങ്ങിയിട്ടേയുള്ളൂ. ഉറച്ച ചുവടുകളോടെ, ലക്ഷ്യസ്ഥാനമറിഞ്ഞ്‌ പോകാൻ പ്രാപ്തിയുണ്ടാകണം.
മുൻപ്‌ സൂചിപ്പിച്ചപോലെ അടുത്ത രണ്ട്‌ സാമ്പത്തിക വർഷങ്ങൾ നമ്മുടെ ഉത്പാദക കമ്പനികൾക്ക്‌ നിർണ്ണായകമാണ്‌. പ്രതികൂല സാഹചര്യങ്ങളാണ്‌ മുന്നിലുള്ളത്‌. എന്നാൽ പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാൻവേണ്ടി നാം ഒന്നിച്ചുനിൽക്കും. അതിലെ വിജയം ആത്മവിശ്വാസം വർദ്ധിപ്പിക്കും. തുടർന്നും മുന്നോട്ട്‌ എന്തും നേരിടാൻ പ്രചോദനം നൽകും. നമുക്ക്‌, കേരകർഷകർക്ക്‌ ഒത്തൊരുമിച്ച്‌ പ്രവർത്തിക്കണ്ടതുണ്ട്‌, സ്വാർത്ഥ താൽപര്യങ്ങളില്ലാതെ, നമുക്ക്‌ നമ്മുടേതായ ഒരിടം ഉണ്ടാക്കാൻ, ഉറപ്പാക്കാൻ..... അപ്പോൾ വിലയിടിവിലേക്ക്‌ ഒരിക്കലും തിരിച്ചുപോകുന്ന സ്ഥിതി വിശേഷം ഉണ്ടാകില്ല.

19 Jul 2014

ഭൂപടത്തിലെ പാട്

ഫൈസൽബാവ

ഭൂപടം 
നിവര്‍ത്തിയപ്പോള്‍ 
ചോരപ്പാട്. 

കരിഞ്ഞുണങ്ങിയ 
ശരീരങ്ങളുടെ 
പാടുകള്‍. 

പന്ത്രണ്ടു പല്ലുകള്‍ 
മാത്രമുള്ള 
തലയോടുകള്‍. 

യാചനയോടെ 
കൂപ്പിയ 
കുഞ്ഞുകൈകളുടെ 
അസ്ഥി.

തെറിച്ചു വീണ 
തുറിച്ചു നോക്കുന്ന 
കണ്ണുകള്‍. 

പട്ടാളബൂട്ട് 
പതിഞ്ഞ 
കുഞ്ഞുനെഞ്ച്. 

ഭൂപടം 
നനഞ്ഞതിനാലും
കട്ടിയായ ചോര
ഒട്ടിപ്പിടിച്ചതിനാലും 
ഇനിയും 
നിവര്‍ത്താന്‍ വയ്യ.

27 Jun 2014

അപാകം

ടി.കെ.ഉണ്ണി 

ചിരിയരങ്ങിലെ കൊച്ചരിപ്പല്ലുകൾ
മുല്ലമൊട്ടിന്നസൂയ!
വിരിയാതെ നിറയുന്ന സൗരഭ്യം
വിസ്മയത്തുമ്പത്ത്!

മലരമ്പനറിയാത്ത മന്മഥബാണങ്ങൾ
കാരിരുമ്പാലുള്ള ചൂണ്ടകൾ!
കണമ്പിന്റെ വിളുമ്പ് മണം
ചിറകറ്റ ശലഭങ്ങൾ!

വൈതരണി കടഞ്ഞുള്ള അമൃതേത്ത്
അന്തിപ്പട്ടിണി!
വൈയാകരണനു ഗ്രഹണിബാധ
പെട്ടിമരുന്നുത്സവം!

ബധിരമൂങ്ങകൾ അന്തിക്കോമരങ്ങൾ
അമ്മമാർക്കാധി!
ചാരത്തിൽ പഴുക്കുന്ന പച്ചിരുമ്പ്
മൂവന്തി ചന്തകൾ!

നിഷ്ഠതെറ്റിയ സമയസൂചി
കുക്കുടന്റെ വഷളത്വം!
മർത്യഭോജ്യം വിനയെന്ന്
സൃഗാലചരിതം സരിഗമ!

മുഞ്ഞയേറ്റ മഞ്ഞവെയിൽ
മറവിലെ മുത്തപ്പൻ!
മുറിവേറ്റുറങ്ങുന്ന മന്ദാരം
മതിമറന്ന മാർജ്ജാരൻ!

മരിച്ചടങ്ങിയ തീനാളം
മുറത്തിലെടുത്ത് മാനത്തിട്ടത്
മുതുകിലേറ്റി മിനുങ്ങുന്ന പ്രാണി
മണ്ണിതിൻ വെട്ടം, പൊൻവെട്ടം!
========

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...