Showing posts with label 100. Show all posts
Showing posts with label 100. Show all posts

27 Apr 2013

ഒറ്റ



ജയദേവ് നായനാർ 


രാത്രിയാകാൻ വേണ്ടി
കാത്തിരിക്കുകയാണെന്ന് തോന്നും
ഇരുട്ടിന്റെ മതിൽ ചാടി
പുറത്തു കടക്കാൻ.
എന്നിട്ട് വന്ന് ഓരോ
ഉറക്കങ്ങളുടെ പുറത്തുകൂടെ
ചവിട്ടിനടന്നുനടന്ന്
പൂച്ചക്കാൽപ്പാദങ്ങളുടെ
ഓര്മ പോലും ബാക്കി
വച്ചേക്കില്ല പിറ്റെന്നത്തേക്ക്
എത്ര പേര് എത്ര കഷ്ടപ്പെട്ട്
പിടിച്ചു കിടത്തിയതാ
എന്നു പോലും ഓർക്കില്ല.
മരിച്ചിട്ടും തീർന്നില്ലിതേവരെ
ഒടുക്കത്തെ മരണവെപ്രാളം.

26 Mar 2013

പ്രണയാരവം

അഭി വെളിയമ്പ്ര 

രാത്രി രഥത്തില്‍
കുഴഞ്ഞ ചിറകുമായ് ,
കാമിനി സന്ധ്യ
യാത്രയായ് .

കൂമ്പിയ പൂവുകള്‍
സൗന്ദര്യ സര്‍വ്വ
ഭാവങ്ങളുമായ് ,
ചന്ദ്ര സ്മിതത്തില്‍
മുഴുകി നിന്നു .

ആകാശ മറയത്ത്
നിന്നൊരു വിളി ,
മങ്ങിത്തുടങ്ങിയ
വിരഹക്കനലുകളെ
ഊതിത്തെളിക്കാന്‍ .

ഉള്‍ത്തടങ്ങളില്‍
തീവ്രതയുടെ
വേരുകളാഴ്ത്തി ,
പ്രണയാഗമന
വെള്ളി രേഖകള്‍
തീര്‍ത്തു മിന്നല്‍ .

അനന്തതയില്‍
നിന്നാരോ
കാര്‍മുകില്‍ കീറില്‍
അയച്ച സന്ദേശം, (പ്രണയം )
മണ്ണിന്‍ മാറില്‍
പെയ്തിറങ്ങി .

വാകമരത്തിലെ
ഇലകളില്‍ ചിതറിയ ,
സ്വപ്നത്തുള്ളികളുടെ
ഹൃദയത്തില്‍
നിന്നിടറി വീണ ,
നിശാഗന്ധികള്‍ക്ക്
ചോരമണം ..!

22 Feb 2013

വാക്കുകളുടെ വേദന


ബെല്‍സി  സിബി 

കണ്ണീരില്‍ മുങ്ങിയ
വാക്കുകളുടെ
നിലവിളി
ആരും കേട്ടില്ല

മൌനമെന്ന കയറില്‍
പിടഞ്ഞത്
ആരും കണ്ടുമില്ല

മരണം സ്ഥിരീകരിച്ച്
അടക്കം ചെയ്തപ്പോഴും
ദുരൂഹമെന്നാരും
കരുതിയില്ല

വീണ്ടും തൊണ്ടയില്‍
കുരുങ്ങും വരെ
അവയുടെ വേദന
ഞാനുമൊരിക്കലുമോര്‍ത്തില്ല

24 Jan 2013

ചേരയുടെ കടി

ബോബന്‍ ജോസഫ് 

ഒരു ദിനമെന്നുടെ കുട്ടിക്കാലം
അമ്മവിളിച്ചത് കേള്‍ക്കാത്തൊരു ദിനം
പോയീ ഞാനോ തന്നിഷ്ടത്തില്‍
കുറ്റിക്കാട്ടില്‍ പടുവൃക്ഷത്തില്‍
കയറിയിരുന്നൊരു പാട്ടും പാടി
അമ്മെ കേള്‍ക്കാത്തതിനൊരു കൂലി
ഉടനെ കിട്ടി മറുപടിയായി
കണ്ണിന്നതിശയമാകും വിധമൊരു
ചേരത്തണ്ടന്‍ ഇഴയുന്നവിടെ
താഴെ കുറ്റിക്കാട്ടിലിരുന്നൊരു
വലിയൊരുചേര ഫണീന്ദ്രന്‍ പോലെ
"നിന്നെ ചുറ്റി വലിഞ്ഞു മുറുക്കി
വാല്‍തുമ്പൊന്നു ചെവിയില്‍ കുത്തും"
എന്നകണക്കിനു കയറുന്നവനും
ഞാനോ ഒന്നും അറിയാത്തവനായ്
മോഹന കവിതകളൊക്കെ പാടി
മായികലോക ചുഴിയില്‍ വീണു
സമയമതങ്ങു കൊഴിഞ്ഞത് ലേശം
അറിഞ്ഞൊരുനിമിഷം ഞെട്ടിയുണര്‍ന്നു
അമ്മെ ഓര്‍ത്ത്‌ തിരിയും നേരം
കൊമ്പില്‍ കൈയ്യങ്ങമരും നേരം
നോക്കൂ ഹാ ഒരു ചേരത്തണ്ടന്‍
കടിച്ചുവലിക്കുന്നയ്യോ കയ്യില്‍ !
"ഞാനൊരു കേമന്‍ ചെരത്തണ്ടന്‍
നിന്നെ ചുറ്റി വലിഞ്ഞു മുറുക്കി
വാല്‍തുമ്പൊന്നു ചെവിയില്‍ കുത്തും"
എന്നത് സത്യം ചേരകളെങ്കില്‍
എന്നാലിവിടോ കടി തന്നവനും !
പ്രാണനിലൊരുതരി ഭയവും വന്നത്
ഞാനറിയുന്നൊരു നിമിഷത്തില്‍ ഹോ
കുടഞ്ഞുകളഞ്ഞതു പൊയീടാനായ്
ചുറ്റി വലിഞ്ഞൊരു വൃക്ഷത്തില്‍ നി-
ന്നേറ്റം വേഗം പിടിവിട്ടവനോ
താഴത്തങ്ങിനെ വീഴുന്നത് ഞാന്‍
കണ്ടൊരു നേരം ആശ്വാസത്തില്‍ !
ചോരയൊലിച്ചൊരു കയ്യാലെ ഞാന്‍
എത്തിയനേരം വീട്ടു പറമ്പില്‍
കുട്ടികളാര്‍ത്ത് കളിക്കും നേരം
കുട്ടികളാവലി കണ്ട ക്ഷണത്തില്‍
അമ്മയുമോടീ എത്തീ തുണിയില്‍
കെട്ടിമുറുക്കിയ കയ്യാലെ അവര്‍
എന്നെനയിച്ചു വൈദ്യന്നരുകില്‍
കേട്ടവര്‍ കേട്ടവര്‍ അതിശയമൊടെ
ചോദ്യങ്ങള്‍ക്കൊരു വര്ഷം തന്നെ
"ചേരകള്‍ചുറ്റി വലിഞ്ഞു മുറുക്കും
കടിക്കില്ലവകള്‍ മനുഷ്യരെയൊന്നും
എങ്കിലുമെങ്ങിനെ കടി കൊണ്ടിവിടെ?
പിടിച്ചു കൊണ്ടിങ്ങു വരണ്ടെയവനെ?
ചേരയാണെന്നുറപ്പുണ്ടോ കുഞ്ഞേ?
വൈദ്യന്‍ ചോദിച്ചെന്നോടായി
അതെയെന്നുറപ്പു പറഞ്ഞൂ ഞാനും
ചേരക്ക് വിഷമില്ലെന്നറിയും ഞാനോ
പേടിയില്ലാതിരുന്നൊരു സമയം
കണ്ടതാ അമ്മതന്‍ അശ്രുകണങ്ങള്‍.
(ഇത് എന്റെ ജീവിതത്തില്‍ കുട്ടിക്കാലത്ത് നടന്ന സംഭവം തന്നെയാണ്)

22 Dec 2012

പക്ഷികളുടെ ഇഷ്ടം

എം.കെ.ഹരികുമാർ



ഒറ്റയ്ക്കു നടക്കുമ്പോള്‍
നിന്റെ മുഖം മാത്രം
ഞാന്‍ മനസ്സില്‍ കരുതാം.
ഞാൻ  പ്രേമിക്കുമ്പോഴും
കാടുകയറില്ല;ഉറപ്പ്
സമാധാനത്തോടെ സ്നേഹത്തെപ്പറ്റി
ചിന്തിക്കാന്‍
കഴിയുന്നില്ലെങ്കില്‍
എന്ത്‌ പ്രയോജനം?
അതുകൊണ്ട്‌ നമുക്കിടയിലേക്ക്‌
ഞാന്‍ കാളകൂട വിഷം നിറച്ച
ഈ കാലത്തിന്റെ ദൃശ്യങ്ങളൊന്നും
കൊണ്ടുവരുന്നില്ല.
എല്ലാം വ്യര്‍ത്ഥമാവുന്ന കാലത്തെ
മുന്‍കൂട്ടി സങ്കല്‍പ്പിച്ച്‌
മറ്റൊരു രാവണാത്മകമായ ലങ്കയെ
ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
ഇപ്പോഴും അവശേഷിക്കുന്ന
ഈ ഊര്‍ജം ഞാന്‍ നിന്നെക്കുറിച്ചുള്ള
വിചാരങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നു.
ആരും കേൾക്കാനിടയില്ലാത്ത
ഈ ശബ്ദം
നിനക്ക്‌ തിരിച്ചറിയാനുള്ളതാണ്‌.
എത്ര വരള്‍ച്ചയുള്ള
വേനലിലും ഈ ഓര്‍മ്മ നല്ലൊരു
നീര്‍ത്തടാകമാണ്‌.
ഇപ്പോള്‍ എല്ലാ പക്ഷികളും വരുന്നത്‌
ഞാന്‍ കൗതുകത്തോടെയാണ്‌
കാണുന്നത്‌.
മുമ്പ്‌ കാണാത്തതെന്തോ,
എല്ലാറ്റിലും ഞാനിപ്പോള്‍ കാണുന്നു.
മൈനകളെയോ
കാക്കകളെയോ
വേര്‍തിരിക്കുന്നില്ല .
അവ ഇഷ്ടം പോലെ പാടട്ടെ.
എല്ലാ കൂജനങ്ങളുടെയും അര്‍ത്ഥം,
നിന്റെ മനസ്സിനു സമാധാനം
തരുന്ന എന്തോ ആണെന്ന്
എനിക്ക്‌ മനസ്സിലായി.
എത്ര കാലം
പിരിഞ്ഞിരുന്നാലും
ഈ പക്ഷികള്‍
ആ വിടവ്‌ നികത്തുമായിരിക്കും.
അവ്‌ എന്തറിയുന്നു!
കടുത്ത മാനസികവരൾച്ചയിൽ
അവ പാടി പാടിയാണോ
എല്ലാം മറക്കുന്നത്‌.?

22 Nov 2012

നാവിക വേഷം ധരിച്ച കുട്ടി



 ഇന്ദു മേനോന്‍


ഇയ്യിടെ പഴയ മരയലമാരി തുറന്നപ്പോള്‍ വെളുത്ത രണ്ടു ജോഡി വസ്ത്രങ്ങള്‍ കണ്ടു. ഒന്ന് ഒത്ത ഒരു പുരുഷന്റെ വസ്ത്രമാണ് ഖാദിയുടെ മൃദുത്വം ചേര്‍ന്ന വെളുത്ത കള്ളി ജൂബയും ഒരു കോട്ടണ്‍ മുണ്ടും. ‘നീ ഈ ഉടുപ്പിന്റെ ഉടമസ്ഥനെ കുറിച്ച് ഇപ്പൊ ആരോടും പറയരുത് കുട്ടീ’ കഴുത്തിലെ മാംസ വളര്‍ച്ചയില്‍ അവര്‍ വിരല്‍ കൊണ്ട് തൊട്ടു. ‘ഇല്ല..’ ‘എന്റെ മരണ ശേഷം നീയിതു ലോകത്തോട് വിളിച്ചു പറഞ്ഞോളു പറയില്ല്യെ നീയ്യ് ?’ അവര്‍ മുടിയിഴകള്‍ മുമ്പോട്ടിട്ടു. ‘ഇല്ലാ.. ഇല്ല..’ ഞാന്‍ തലയിളക്കി ആ രഹസ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യര്‍ കേരളത്തിലുണ്ടാവില്ല.

എനിക്കൊന്നും പറയണ്ടാ. ഞാന്‍ ആ രഹസ്യ വസ്ത്രത്തെ അലമാരിയിലേക്ക് തള്ളി. രണ്ടാമത്തെ വസ്ത്രം ഒരു നൈറ്റിയായിരുന്നു. പര്‍പ്പിള്‍ പൂവുകള്‍ ഉടുപ്പില്‍ അസാധാരണശോഭയോടെ ചിതറിക്കിടന്നു. പഫു വെച്ച് തുന്നിയ വലിയ നീളക്കയ്യുകളായിരുന്നു അതിനു. നെഞ്ചിലും കയ്യോരങ്ങളിലും വെള്ളി നിറമുള്ള ഞെക്ക് കുടുക്കുകള്‍. മാംസളമായ വലിയ സ്ത്രീ ശരീരത്തിന് വേണ്ട ഏറിയ വലിപ്പം

. ‘ഇമ്മാച്ചി നൈറ്റി..’ ഞാനതിനെ കളിയാക്കി. എങ്കിലും വീട്ടിലിടാന്‍ ഉടുപ്പില്ലാതെ വന്നപ്പോള്‍ ഇമ്മാച്ചി നൈറ്റി തന്നെ ഞാനും വലിച്ചു കേറ്റി.. ‘ഹയ്യീ സുന്ദര്യായിരിക്കന് കുട്ട്യേ..’ ഞാന്‍ മുഖം ചുളിച്ചു. ‘കളിയാക്കണ്ടാ അമ്മാ..’, എനിക്ക് നാണം വന്നു. ‘നാവിക വേഷം ധരിച്ച കുട്ടീന്നൊരു കഥയെഴുതീരുന്നു ഞാന്‍ വായിചിട്ടില്ല്യെ? ഉമ്മാച്ചി വേഷം ധരിച്ച കുട്ടി എന്ന് ഒരെണ്ണം എഴുത്യാലോ’

 ആ നൈറ്റി എനിക്ക് വളരെ അയഞ്ഞതായിരുന്നു. .’അമ്മ ഞാന്‍ സ്വതേ ഇടാറുള്ള ആ ചെറ്യെ നൈറ്റി എവിടെ?’ ‘അത് ഉണങ്ങീ ട്ടില്ല്യാ ഉവ്വോ അതോണങ്ങിയോ ?’ അവര്‍ വാല്ല്യക്കാരികളോടായി വിളിച്ചു ചോദിച്ചു. എന്റെ കോലം കണ്ട എന്റെ ഭര്‍ത്താവ് എന്നെ കളിയാക്കി കൊല്ലാന്‍ തുടങ്ങി.
‘നിനക്ക് വീട്ടിലിടാന്‍ എന്തേലും കൊണ്ടോന്നൂടെ?’ മിക്കവാറും അന്ന് തന്നെ മടങ്ങണം എന്ന് കരുതിയാരിക്കും ഞങ്ങള്‍ റോയല്‍ മാന്ഷനിലേക്ക് പോകുന്നത്. പക്ഷെ എന്നും സംഭവിക്കുക നാലഞ്ചു ദിവസം അവിടെ താമസിക്കലായിരിക്കും. ‘മൂന്നു ഇന്ദുമാരെ കൊള്ളും അതില് അദേഹം വാ പൊത്തി ചിരിച്ചു. എനിക്ക് ചിരി വരുന്നുണ്ടായിരുന്നു എന്നാലും ഞാന്‍ എന്റെ ഗര്‍വ്വു വിട്ടില്ല. എന്റെ സ്വകാര്യ അഹങ്കാരം. മാധവിക്കുട്ടീടെ അലമാരി തുറന്നു അവരുടെ വസ്ത്രങ്ങള്‍ എടുത്തു ധരിക്കാന്‍ കിട്ടുന്ന ആ ഒരു അവകാശത്തിന്റെ വലിപ്പം എന്നെ ഗര്‍വ്വിയാക്കി. ‘കുളൂസ്സുണ്ടെയ് എനിക്ക് ‘ ഞാന്‍ കണ്ണാടിയില്‍ നോക്കി അയഞ്ഞ കുപ്പായത്തില്‍ ഞാന്‍ ഒരു കന്നാസ് കടലാസ്സിനെ പോലെ യായിരുന്നു. അവരുടെ ബാല്‍ക്കണിയില്‍ ചെന്ന് നിന്ന് പുറത്തു അവരെയ കാണാന്‍ വന്നു കാത്തു നില്‍ക്കുന്ന ആരാധകരോട് വിളിച്ചു പറയണമെന്ന് തോന്നി. മറ്റൊരാളുടെ വസ്ത്രം ധരിക്കുമ്പോള്‍ നമുക്ക് അപകര്‍ഷത തോന്നേണ്ടതാണ്. അഭിമാനക്ഷതം തോന്നേണ്ടതാണ് പക്ഷെ എനിക്ക് വല്ലാത്ത ഒരു അഭിമാനം തന്നെ തോന്നി. മാധവിക്കുട്ട്യുമായി ബന്ധപ്പെട്ട ഓരോന്നും എന്നെ അതീവ സന്തുഷ്ടയുമാക്കി. ജീവിതത്തില്‍ നൈറ്റി ധരിക്കാത്ത ഞാന്‍ നൈറ്റി ധരിച്ചു.

മാധവിക്കുട്ടിയോടപ്പമുള്ള വേറൊരു രംഗം മാധവിക്കുട്ടി എന്റെ സ്വകാര്യ സ്വത്തല്ല. കേരളത്തിലെ ഓരോ സ്ത്രീയും ഓരോ പുരുഷനും അവര്‍ക്ക് മേല്‍ അവകാശങ്ങള്‍ സ്ഥാപിച്ചിരുന്നു.
ആമിയോപ്പുവായും ചേച്ചിയായും, മാഡം ആയും അമ്മ ആയും കമലയായും അവര്‍ ഓരോരുത്തര്‍ക്കും തന്നെ വീതിച്ചു നല്‍കി. അനേകം പേര്‍ മാധവിക്കുട്ടിക്ക് തന്നോടുള്ള തങ്ങളോടുള്ള ആത്മ ബന്ധത്തെ പറ്റി സംസാരിച്ചു കൊണ്ടേയിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന ഒരു അടുപ്പം പുറത്തു പറയുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഓര്‍മ്മിക്കണമെന്നും അനുസ്മരണം എഴുതണമെന്നും വിചാരിക്കുമ്പോള്‍ അസന്ഖ്യം കഥകള്‍ ഓര്‍മ്മ വന്നു. അവരുടെ പ്രേമത്തെ പറ്റി, ദാമ്പത്യത്തെ പറ്റി, ആളുകളെ പറ്റി അവര്‍ സ്വകാര്യമായി പറഞ്ഞു തന്നവ, കാറു തന്നത്, ഓണപ്പുടവ കൊടുത്തത്, ഞാന്‍ മൂക്ക് കുത്തിയത്, കൊള്ളക്കാരനായ രത്‌നവ്യാപാരി വന്നത്, ആളുകള്‍ അവരോടു ചീത്തയായി പെരുമാറിയത്, ബാലാത്കാരം ചെയ്യാന്‍ ഒരാള്‍ കേറി വന്നത്, ലഹളകള്‍ ഉണ്ടാക്കിയത്, ജഗതി മഞ്ഞ ബിയര്‍ മൂത്രം ഒഴിച്ചത്, കൈക്കൂ ലിക്കാരനായ ടൌണ്‍ പ്ലാനറിനെ പറ്റി, സ്വാമിയാരായി ഫ്‌ലാറ്റിനു മുകളില്‍ താമസിച്ച സന്തോഷ് മാധവനെ പറ്റി, ശോഭ ജോണ് തന്റെ കാറില്‍ കയറിയതിനെ പറ്റി, തന്റെ മതം മാറ്റത്തെ പറ്റി, താന്‍ സ്‌നേഹിച്ച പുരുഷന്‍മാരെ പറ്റി..

തന്നെ സ്‌നേഹിച്ചവരെ പറ്റി, ചതിച്ചവരെ പറ്റി, അപവാദം പറഞ്ഞവരെ പറ്റി, അലക്‌സാന്‍ട്രേറ്റ് എന്ന വില കൂടിയ കല്ലിനെ പറ്റി, മറ്റു എഴുത്തുകാരെ പറ്റി, ലവ്വ് ജിഹാദിനെ പറ്റി, വീരപ്പ മൊയ്‌ലി വന്നതിനെ പറ്റി, നാണപ്പന്റെ ഫാന്‍സി ഡ്രസ്സ് നെ പറ്റി, അപ്പിയിട്ടു കൈകഴുകാത്ത മദാമ്മയെ പറ്റി, പണം പറ്റിച്ച മോയില്ല്യാരെ പറ്റി.. ജസ്‌റിസ് ഫാത്തിമാ ബീവിയുടെ ഫലുടയെ പറ്റി, ത്രിപുര സുന്ദരി പ്രതിമ പുലി തേച്ചു കഴുകിയതിനെ പറ്റി.. അങ്ങനെ അങ്ങനെ എത്ര ഓര്‍മ്മകള്‍ പിണങ്ങിയതും പരിഭവിച്ചതും പൊട്ടിച്ചിരിച്ചതും സങ്കടപ്പെടുത്തി കരയിച്ചതും വരെ ഉണ്ട്. ഒന്നും പക്ഷെ എഴുതാന്‍ തോന്നുന്നില്ല.. ഒന്നും..
മരണ ശേഷം പാളയം പള്ളിയിലെ ഖബര്‍ സ്ഥാനില്‍ ഞാന്‍ ഒറ്റയ്ക്ക് പോയതും ഓര്‍ക്കുന്നു. ഒന്നുമില്ലാരുന്നു അന്നവിടെ ഒരു മീസാന്‍ കല്ല് പോലും. പച്ചമണ്ണിന്റെ കൂന മാത്രം. ഒന്നും ഞാന്‍ ഓര്‍ക്കുന്നില്ല, എഴുതുന്നു മില്ല. അവരുടെ വസ്ത്രം ധരിച്ചതിനെ പറ്റി ഓര്‍ക്കുന്നു. അഭിമാനത്തോടെ.. ആഹ്ലാദത്തോടെ ഓര്‍ക്കുന്നു…. ഒരിക്കലും തിരിച്ചു കൊടുക്കാനാവാത്ത ആ നൈറ്റിയെ പറ്റിയും ഓര്‍ക്കുന്നു. മാധവിക്കുട്ടിയുടെ എഴുത്തിനു മുമ്പില്‍ ആ പ്രതിഭയ്ക്ക് മുമ്പില്‍.. അവരുടെ പ്രേമത്തിനു മുമ്പില്‍, അവരുടെ ധൈര്യത്തിനു മുമ്പില്‍ നിവര്‍ന്നു നില്ക്കാന്‍ എനിക്ക് ധൈര്യമില്ല.. ഒരേ ഒരു വാക്ക് ‘ഇത്ര നേരത്തെ മരിച്ചു പോവേണ്ടി യിരുന്നില്ല അമ്മാ..അമ്മ ഐ ലവ്വ് യു..’

22 Oct 2012

ദുഷ്യന്തനിലെ ശകുന്തള



 കുസുമം.ആര്‍.പുന്നപ്ര   

                           
                                             1

 മണിക്കുട്ടിക്ക്    അമ്മുമ്മയുടെ മുത്തശ്ശിക്കഥയിലെ    രാജകുമാരിയാകുവാനായിരുന്നു മോഹം. ഏഴാം കടലിനക്കരെ നിന്നൊരു രാജകുമാരന്‍ വെള്ളക്കുതിരകള്‍ പൂട്ടിയ തേരില്‍

തന്നെ കൂട്ടിക്കൊണ്ടുപോകുമെന്ന് എപ്പോഴും അവള്‍ സ്വപ്നം കാണും. കൂടെ വെള്ളിതളികയില്‍ പാല്‍ ചോറുണ്ണുന്നതും.  പക്ഷെ ചോര്‍ ന്നൊലിക്കുന്ന നടുത്തളത്തിന്റ അരികില്‍  ഉമ്മറപ്പടിയിലിരുന്ന് വര്‍ഷമേഘത്തിന്‍റെ ഗര്‍ജ്ജനമേറ്റു വാങ്ങുമ്പോള്‍   അവളുടെ   രാജകുമാരനും കുതിരകള്‍ പൂട്ടിയ തേരും എല്ലാം ആ മഴവെള്ളത്തിലൊലിച്ചു പോകും.  പട്ടിണികൊണ്ട് ഒട്ടിയ വയറുമായിരിക്കുമ്പോള്‍ വീണ്ടും അടുത്ത ദിവസം അമ്മുമ്മ കഥപറഞ്ഞു കൊടുക്കും. ആ കഥയില്‍,തേരിലിരിക്കുന്ന രാജകുമാരന് അവളൊരു കുടയും ചൂടും. നനയാതിരിക്കുവാന്‍. അവളുടെ രാജകുമാരനൊരിക്കലും നനയാന്‍ പാടില്ല.

മുകുന്ദപുരം ഹൈസ്ക്കൂളിന്‍റെ പേരു്  സംസ്ഥാനത്തു മൊത്തം അറിയുന്ന ഒരേ ഒരു വഴികാട്ടിയായിരുന്നു മണിക്കുട്ടി   എന്ന നന്ദന.  പ്രസംഗമത്സരം, നാടകം , ചിത്ര രചന എല്ലാത്തിനും സംസ്ഥാനതലത്തില്‍      സ്ക്കൂള്‍ യുവജനോത്സവത്തിന്         നന്ദന യെ കവച്ചു വെയ്ക്കുവാന്‍ ആരുമുണ്ടായിരുന്നില്ല.
   കാലത്തിന്റെ കരവിരുതില്‍  കൌമാരം കടഞ്ഞെടുത്ത നന്ദനക്ക്
മുത്തശ്ശിക്കഥയുടെ സ്ഥാനത്ത് ഇപ്പോള്‍ കൂട്ടുകാര്‍ പറയുന്ന കഥകളിലാണ് മനസ്സ് സ്വപ്നം നെയ്തു കൂട്ടുന്നത്.    അതില്‍ താമരയിതളില്‍ പ്രേമലേഖനമെഴുതിയ മുനികുമാരിയും ഹംസത്തിന്‍റ കൈവശം സന്ദേശം കൊടുത്തയച്ച രാജകുമാരനും ഒക്കെയുണ്ടായിരുന്നു.മുത്തശ്ശിക്കഥയിലെ രാജകുമാരനൊക്കെ കെട്ടു കഥകളായെ അപ്പോള്‍ മണിക്കുട്ടിക്കു തോന്നിയുള്ളു.പകരം ഹംസദൂതിലെ നളനെയും മുനികുമാരിയുടെ പ്രിയതമനും ഒക്കെ യാഥാര്‍ത്ഥ്യമാകുമെന്നവള്‍ വിശ്വസിച്ചു. ഏഴാം കടലിനക്കരെ നിന്നു വരുന്ന രാജകുമാരന്‍റെ ഓര്‍മ്മകള്‍ പോലും അവളില്‍ നിന്നും മാഞ്ഞു പോയി.

                                                        2

  കോളേജുതലങ്ങളില്‍സംസ്ഥാന തല കലോത്സവങ്ങളില്‍ചാമ്പ്യന്‍ഷിപ്പ്.   ആരിലും മനം കവരുന്ന ആകൃഷ്ടത.ആരെയും മയക്കുന്ന ശാലീന  സൌന്ദര്യം   എല്ലാവരും ഒരു നോട്ടമെറിഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു  .കോളേജുദിനത്തില്‍  കൂട്ടുകാരുമായി കെട്ടിയാടിയ നാടകം.അരങ്ങു തകര്‍ത്തു.ശാകുന്തളം.ദുഷന്തനായിട്ടു്.നാടകം കഴിഞ്ഞപ്പോള്‍ദുഷന്തനിലെ ശകുന്തളയെ തേടി ഒരാള്‍ സ്റ്റേജിനു പുറകില്‍കാത്തുനിന്നിരുന്നു.  സാമ്പത്തിക ശാസ്ത്രം ഡിഗ്രി

ക്ലാസ്സിലെ ഭാസ്ക്കര്‍ .  കോളേജിലെ അവസാന ദിവസങ്ങളില്‍ കണ്ണ്വാശ്രമത്തിലെ മുനികുമാരിയുടെ വിരഹവേദന അനുഭവിക്കുകയായിരുന്നു.
  റിസല്‍ട്ട്  അറിയുന്നതിനു മുമ്പു തന്നെ സര്‍ക്കാരാഫീസിലേക്ക്  നേരത്തെ എഴുതിയ മത്സരപരീക്ഷയില്‍കിട്ടിയ ജോലി.

ദുഷന്തനിലെ ശകുന്തളയുടെ വീടു കണ്ടു പിടിച്ച് ആലോചനയുമായി വന്നപ്പോള്‍ തോന്നി താമരയിലയിലെ പ്രേമലേഖനവും മുദ്ര മോതിരവും ഒക്കെ  സത്യമാകുവാന്പോകുകയാണെന്ന്. ആഢ്യത്തം നിറഞ്ഞ തറവാട്ടില്‍ആലോചനയുമായി വന്നപ്പോള്‍ ആട്ടിയകറ്റിയ അച്ഛന്  മകളുടെ ഹൃദയത്തിലെ മുറിവിന്‍റെ ആഴംഅളക്കാനായില്ല.പേരുകേട്ട തറവാട്ടില്‍നിന്നും, തൊട്ടു പുറകേ വന്ന  വിജയന്‍ മേനോന്റെ    ആലോചന ഉറപ്പിക്കുവാന്‍  ആ അച്ഛന് ഒന്നും നോക്കാനുണ്ടായിരുന്നില്ല.മിച്ചഭൂമിയുള്ള കുടുംബം.എല്ലാവരും അതിശയിച്ചു.പുത്തേഴത്തു മാധവന്‍പിള്ളയുടെ  മകള്‍ക്കു വന്ന ആലോചനയുടെ കാര്യം പറയുവാനേ നാട്ടുകാര്‍ക്കു നേരമുണ്ടായിരുന്നുള്ളു.

       മുനികുമാരിയുടെ   അനുവാദത്തിനു കാത്തു നില്‍ക്കാതെ   വിവാഹം പൊടിപൊടിച്ചു നടത്തി.നാട്ടുകാര്‍അങ്ങോട്ടും ഇങ്ങോട്ടും കുശുകുശുത്തു.ഭാഗ്യം..മഹാഭാഗ്യം.

  ആദ്യരാത്രിയില്‍തന്നെ മദ്യത്തിന്‍റെ മണവുമായി വന്ന പുതുമണവാളനെ മണവാട്ടി നല്ലവണ്ണം മനസ്സിലാക്കി.മനസ്സില്‍ മൊട്ടിട്ട മോഹങ്ങള്‍വിടരാതെ തന്നെ മണവാട്ടിയുടെ മനസ്സില്‍കരിഞ്ഞു നിന്നു.രണ്ടുപേരും തമ്മില്‍ തെറ്റാന്‍അധികം ദിവസം വേണ്ടി വന്നില്ല. ആദ്യമാദ്യം ആരുമറിയാതെ ഒളിച്ചുവെച്ചു.പിന്നീട് നാട്ടില്‍പാട്ടായി.പൊട്ടിത്തെറിയ്ക്കലും ചീറ്റലും കൊണ്ട് കലുഷിതമായകുടുംബജീവിതം.അതിനിടയില്‍എപ്പോഴോ ജനിച്ചുവീണകുട്ടികള്‍

   ചെറിയ സര്‍ക്കാരു ജോലിയില്‍നിന്നുള്ള ശമ്പളത്തില്‍  വീട്ടു ചിലവുകളുടെ   അറ്റം   കൂട്ടി മുട്ടിക്കുവാന്‍   അവള്‍ നന്നെ പണിപ്പെട്ടു. സഹിക്കാതെ യായപ്പോള്‍  വീട്ടുകാരെ  ഇടപെടുത്തി.അത് രംഗം വഷളക്കാനേ  ഉപകരിച്ചുള്ളു.കൂടിയാലോചനകളും ഒരുമിപ്പിക്കല്‍ശ്രമവും വൃഥാവിലായി.രണ്ടു പേരും രണ്ടു വഴിയ്ക്കൊഴുകി.എവിടെയും എത്താത്ത ജീവിതം.

പതുക്കെ  നാട്ടിലോട്ട് ഒരു സ്ഥലം മാറ്റം. ഒരു നാലുകാലോലപ്പുരകെട്ടിയെന്നു   ഏതോ കവി പാടിയതു പോലെ    എങ്ങിനെയോ,    അവള്‍ഒരു കൂര കെട്ടിപ്പടുത്തു.   അതിലൊതുങ്ങികൂടിയജീവിതം.



  കഴുത്തില്‍രുദ്രാക്ഷം ധരിച്ചത്, സ്വര്‍ണ്ണത്തിലുള്ള മോഹം ഇല്ലാഞ്ഞിട്ടായിരുന്നില്ല. അതുപോലെ വെള്ളസാരിയും..ജീവിതത്തില്‍നിന്നുള്ള ഒളിച്ചോട്ടം ആയിരുന്നോ..ആവോ..
 കുട്ടികള്‍   ഓരോരുത്തരും പറക്കമുറ്റിയപ്പോള്‍പറന്നകന്നു.   
 പിന്നീട് ഭാഗവതം കയ്യിലേന്തി  പ്രയാണമായിരുന്നു..അമ്പലങ്ങളില്‍നിന്നും അമ്പലങ്ങളിലേക്ക്...ദശാവതാരചാര്‍ത്തുകള്‍.. സപ്താഹയജ്ഞം.രുക്‍മിണീ സ്വയംവരവും,കുചേലഗതിയും അഭവൃതസ്നാനവും കൊണ്ട് ദിവസങ്ങള്‍ കടന്നുപോയി.പഴയ ദുഷന്തനിലെ ശകുന്തളയുടെ മനസ്സ് എപ്പോഴൊക്കെയോ  താമരയിതളിലെ പ്രേമലേഖനത്തിന്റെ വരികളിലൂടെ കടന്നുപോകുവാന്‍     കൊതിച്ചു.

മദ്യം കാര്‍ന്നുതിന്നുകഴിഞ്ഞ കരളുമായി വന്നു കേറിയ    വിജയന്‍ മേനോന്    അഭയം കൊടുക്കുമ്പോള്‍ ഭാഗവതത്തിന്‍റെ വരികളില്‍ മനസ്സിനെ കടിഞ്ഞാണിട്ടു പിടിച്ചു നിര്‍ത്തി. മനസ്സിലപ്പോള്‍    ഭഗവത് ഗീതയിലെ   ഗീതോപദേശമായിരുന്നു.

പിന്നീടങ്ങോട്ടുള്ള അയാളുടെ  ജീവിതം ആമയെപ്പോലെ ഉള്‍വലിഞ്ഞ്.അതില്‍അവളുടെ സ്ഥാനം

അകലെ എവിടെയോ ആയിരുന്നു.പശ്ചാത്താപമോ, നിസ്സംഗതയോ.മാറി..മാറി  എപ്പോഴും ആമുഖത്ത് നിഴലിച്ചിരുന്നു.

ഒരുദിവസം ഈലോകത്തോടു യാത്രയായി അയാള്‍  പറന്നകന്നു.

മിച്ചഭൂമിയില്‍ജനിച്ച  കുടുംബ നായകന് അന്തിയുറങ്ങാന്‍  മിച്ചമായിട്ട് ആറടിമണ്ണില്ലാഞ്ഞിട്ട്

അന്യരുടെ  കാരുണ്യത്തിനായി കാത്തുകിടക്കേണ്ടി വന്നു. ജീവിതത്തിന്റെ കണക്കു ബുക്കില്

തെറ്റിയ കൂട്ടി കിഴിക്കല്.ഹരണഫലം ശിഷ്ടം വരാത്ത സംഖ്യകളുടെ ഹരണം.


.             എല്ലാവരും പറഞ്ഞു ഭാഗ്യം ചെയ്തയാള്‍കിടന്നു നരകിച്ചില്ലല്ലൊ. ശരിയാണ്.അയാള്‍

എല്ലാം കൊണ്ടും ഭാഗ്യം ചെയ്തയാള്‍തന്നെയാണ്... വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നയാളല്ലെ, ഭാഗ്യമില്ലാതാകുമോ.. വിരമിക്കലില്‍ നിന്നു കിട്ടിയ തുകമുഴുവനും അടിച്ചുപൊളിച്ചു തീര്‍ത്തയാള്‍.ഭാഗ്യം ഇല്ലാതാകുമോ. എല്ലാംകഴിഞ്ഞ് തിരിച്ചുവന്നത് ഓട്ടകാലണപോലെ....

                        വെള്ളവസ്ത്രത്തിന് പിന്നീട് അര്‍ത്ഥം വെച്ചു. രുദ്രാക്ഷത്തിനും.

 ഭാഗവതം കയ്യിലേന്തി    വീണ്ടും ഒരു ഇടവേളക്കുശേഷം  പ്രയാണം.  സപ്താഹയജ്ഞത്തിലെ രുക്മിണീ സ്വയംവര നാളുകളില്‍ മനസ്സ് പഴയ ശാകുന്തളം നാടകത്തിലേക്ക് അറിയാതെ ഓടിപ്പോകും.  ദിവസങ്ങള്‍ അഭവൃതസ്നാനത്തില്‍  ആറാടി മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു.  ഒരുപാടു മുന്നോട്ടെത്തിയപ്പോള്‍  ഒന്നുതിരിഞ്ഞു നോക്കി.എന്താണു ,നഷ്ടപ്പെട്ടതെന്നു മനസ്സിലായി. ഇങ്ങിനി തിരിച്ചുകിട്ടാത്തവണ്ണം പലതും....

                                                3

അഷ്ടപദിയില്‍ ലയിച്ച് പതിവു പോലെ    അമ്പല നട തുറക്കുന്നതും കാത്ത് നില്‍ക്കുകയായിരുന്നു...

അമ്പല നടതുറക്കാന്‍  ഇനിയും സമയമെടുക്കും.    ഭാഗവതത്തിനെ മാറിലൊതുക്കി രുദ്രാക്ഷവും കഴുത്തിലിട്ട് നടന്നു നീങ്ങിയ രൂപം..    ഇടയ്ക്കെപ്പോഴോ കണ്ണിലൊന്നു മിന്നി മറഞ്ഞു.... അതെ അത് അവള്‍തന്നെ. ഭാസ്ക്കറിന്  അയാളുടെ   പഴയ ദുഷന്തനിലെ ശകുന്തളയെ തിരിച്ചറിയാന്‍  ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല.  മുദ്ര മോതിരത്തിലെ വൈരക്കല്ലു പോലെ ഇപ്പോഴും മനസ്സില്‍  തിളങ്ങി നില്‍ക്കുന്നു....അഷ്ടപദിയുടെ  ദ്രുത താളം പോലെ ഹൃദയമിടിച്ചു.

അയാളോര്‍ത്തു...കാവിധാരിയായ തന്നെ തിരിച്ചറിയുമോ..

 പഴയ വിളിപ്പേര്‍  വിളിച്ചു.  അയാള്‍ മാത്രം വിളിക്കുന്നത്.  അവള്‍ പെട്ടെന്നു തിരിഞ്ഞുനോക്കി....അടുത്തുചെന്നു.

അവളുടെ മനസ്സിലെ വേലിയേറ്റം..മുഖത്തു നിന്നും വായിച്ചെടുക്കാന്‍ എളുപ്പം കഴിഞ്ഞു...ഒരായിരം കൊന്ന  ഒരുമിച്ചു പൂവിട്ട പോലെ...

വീണ്ടും  അവള്‍ ഒരു നിമിഷം അമ്മുമ്മയുടെ മണിക്കുട്ടി   ആയതുപോലെ...ഏഴാം

കടലിന്നക്കരെയുള്ള രാജകുമാരനെത്തിയിരിക്കുന്നു....

 ഭാഗവതത്തിനെ അയാള്‍  ഏറ്റുവാങ്ങിയപ്പോള്‍  അവളുടെ കാതുകളില്‍ പാഞ്ചജന്യം മുഴങ്ങി.
കണ്വാശ്രമത്തിലെ   ഇണ മാനുകളേപ്പോലെ  അകലേക്കവര്‍   നടന്നു നീങ്ങിയപ്പോള്‍   അങ്ങകലെ ഏതോ  ക്ഷേത്രത്തില്‍    രുക്‍മിണീ സ്വയംവരത്തിന്റെ  ഈരടികള്‍ അവരുടെ കാതുകളിലേക്ക്   അലയടിച്ചെത്തിക്കൊണ്ടിരുന്നു...

19 Sept 2012

എന്തിനാണമ്മ കരഞ്ഞത്?

ബോബൻ ജോസഫ്

ഒരു സന്ധ്യയാകുന്ന യാമമത്തില്‍
കണ്ണീര്‍‍ തുടച്ചു കൊണ്ടേകാനായി
നാളെയെ ഓര്‍ക്കും മനതാരിലോ -
ഒരുകൊച്ചുസ്വപ്നം ഞാന്‍ കണ്ടിരുന്നു
ഇന്നലെ അമ്മതന്‍ കണ്ണീരു കണ്ടു
ഇന്നിതാ ഞാനും കരഞ്ഞു പോയി
എന്തിനാണെന്നമ്മ കരഞ്ഞതപ്പോള്‍
ഓര്‍ത്തു ഞാന്‍ ചിന്തിച്ചിരുന്നു പോയി
ഒരു കുഞ്ഞു കാറ്റ് വന്നെന്റെയുള്ളില്‍
കുളിരേകി കനിവേകി സ്വാന്തനമായ്
എങ്കിലും പിന്നെയും ഓര്‍ത്തുപോയി
എന്തിനാണമ്മ കരഞ്ഞതെന്ന്
അങ്ങേതൊടിയിലെ വെലിയിലായ്
കാണും തപസ്സിതന്‍ ഞെട്ടറുത്തും
കൊഴുപ്പയും, കുപ്പചീരയില
കൊണ്ടൊരു കറി വെച്ചൂട്ടിയതും
മുറ്റമടിച്ചു വെടിപ്പാക്കിയും
കാലികള്ക്കെന്നുമാ പുല്ലറുത്തും
പൈതങ്ങള്‍ക്കെന്നും ചോറുവെച്ചും
നിദ്രയെപുല്കി നിശാവേളയില്‍
കയ്യോന്നി തേടിയലഞ്ഞ നേരം
കുറുന്തോട്ടി, തഴുതാമ കിട്ടിയപ്പോള്‍
നല്ലോരെണ്ണ മുറുക്കിയതും
ഓര്‍ത്തു ഞാന്‍ ചിന്തിച്ചിരുന്നു പോയി
പാടത്തിന്‍ വരമ്പിലെ പുല്മേടയില്‍
അമ്മക്കൊരത്താണി ആയ കാലം
അമ്മതന്‍ കണ്ണീര്‍ തുടച്ചനാളും
എന്നുമെന്‍ ഓര്‍മയില്‍ ഓടിയെത്തും
തിണ്ണയില്‍ വന്നിരിക്കും വേളയില്‍
നാലും കൂട്ടി മുറുക്കുന്ന നേരത്ത്
എത്രയോ സന്തോഷം കാണുമാകണ്‍കളില്‍
കനിവിന്റെ നിറകുടമാകുമാ കണ്‍കളില്‍
എങ്കിലും മനതാരിലതിരില്ലാ ചോദ്യമായ്
മാമക മാതാവിന്‍ കണ്ണുനീര്‍ കാണുമ്പോള്‍
എന്തിനോ വേണ്ടി കരഞ്ഞല്ലോ അമ്മയെ-
ന്നോര്ത്തു ഞാന്‍ ചിന്തിച്ചിരുന്നു പോയി

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...