Showing posts with label sathyan matakkara. Show all posts
Showing posts with label sathyan matakkara. Show all posts

20 Apr 2012

കുടചൂടിയ വീട്‌


സത്യൻ മാടാക്കര

കുടചൂടി ചമഞ്ഞൊരുങ്ങി നിൽക്കുന്ന വീടിനോട്‌
കല്ല്‌ പറഞ്ഞു;
എത്രയോ കാലം ഭൂമിക്കടിയിലിരുന്ന്‌
ഞാൻ മൂളിയ കവിത മറന്നു പോയല്ലോ
എന്നെ ചേർത്തടച്ചുള്ള നിന്റെ പ്രണയം
എന്റെ സാന്നിദ്ധ്യമാണല്ലോ
മരം പറഞ്ഞു.
അവകാശവാദമൊന്നുമില്ല
നന്ദിയുണ്ടായാൽമതി
മണ്ണ്‌ അതേ പറഞ്ഞുള്ളു.
ഓല, ഓട്‌, കോൺക്രീറ്റ്‌
എന്തായാലും താങ്ങിപ്പിടിച്ചല്ലേയൊക്കു
മോന്തായം സൂചിപ്പിച്ചു
അകത്തുള്ളവരും ഇറങ്ങിപ്പോയവരും
എത്തേണ്ടിടമാണ്‌ വീട്‌
അത്‌ ചരിത്ര പാഠമെന്ന്‌ പറമ്പ്‌
ഞങ്ങളെ മറക്കല്ലേ
ചങ്ങാതികളല്ലേയെന്ന്‌
പശു, ആട്‌, കോഴി, കാക്ക, പൂച്ച.
കുടക്കളിക്കിടയിലും ഓർമ്മ നിലനിർത്താൻ
നാടിനൊപ്പം ഞങ്ങളില്ലേ
മഴ,വെയിൽ,ഇടി, മിന്നൽ
ഒരു പ്രഷറും വേണ്ട, മനസ്സയച്ചിട്ടോളൂ
എന്നറിയിച്ച്‌
മഞ്ഞിൽ കിളിച്ച്‌ പതുക്കെ പൂക്കളുടെ മുശായിര.

18 Mar 2012

ചലനങ്ങൾ അവസാനിക്കുന്നില്ല


സത്യൻ മാടക്കര

കള്ളിച്ചെടികൾ വളരുന്നു
ചോലകൾ നടന്നു മറയുന്നു
ചെവി അമർത്തിച്ചേർത്തുവെച്ചാൽ
പെരും കടത്തിന്റെ ചുറ്റികയടി
ജലത്തിന്റെ പ്രണയോഷ്മളത
വെള്ളിനിലാവിന്റെ മിന്നലാട്ടം
ചലനങ്ങൾ അവസാനിക്കുന്നില്ല
അതിനൊരിക്കലും അവസാനിക്കാനാവില്ല
രാത്രിയെ തിന്ന്‌
പകലിനെ വെളുപ്പിച്ച്‌
പത്തേമാരി പെണ്ണിന്റെ ചൂട്‌
ചിരി വറ്റിയ കാലത്ത്‌
നാവിറങ്ങിപ്പോയതെല്ലാം
പോയി തുലയട്ടെ
ഇരുട്ട്‌ ചിരിച്ചുകൊണ്ട്‌ പറയുന്നു

14 Jan 2012

പ്രവാസം സൃഷ്ടിച്ച ഉഭയ ജീവിത പ്രതിരോധം


സത്യൻ മാടാക്കര
ഇസ്മയിൽ മേലടിയുടെ കവിതകളെക്കുറിച്ച്


പാരമ്പര്യ കാവ്യാനുശീലങ്ങളുടെ നെടുനായകത്വത്തിൽ നിന്ന്‌ കുതറിമാറി
സാംസ്കാരികവും അപകോളനീകൃതവുമായ അടയാളപ്പെടുത്തലാണ്‌ ഇസ്മയിലിന്റെ കവിതകൾ.
വിശദാംശങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ തന്റേതായ ബിംബങ്ങളിലൂടെ കവിത
നേരിട്ട്‌ ഇടപെടുന്നു. പുതിയ കവിതയിൽ ഇത്തരമൊരു വേറിടൽ കാണാതിരുന്നു
കൂടാ.

"വിലാസം നിഴലായ്‌
ഉടമസ്ഥനെ അന്വേഷിച്ചു നടക്കുന്നു
കത്ത്‌ സ്നേഹവുമായ്‌
എഴുതാൻ മഷി തിരയുന്നു
വാക്ക്‌ മൊഴിക്കായ്‌
അധരങ്ങൾ തേടുന്നു
പാട്ട്‌ രാഗവുമായ്‌
കാത്‌ കാത്തിരിക്കുന്നു
ഹൃദയം പ്രണയവുമായ്‌
അനുരാഗിക്കുവേണ്ടി കേഴുന്നു
നക്ഷത്രങ്ങൾ വെളിച്ചവുമായ്‌
ആകാശത്തിൽ മുട്ടി വിളിക്കുന്നു
മേഘങ്ങൾ പെയ്യാനായ്‌
ഭൂമി നോക്കി നടക്കുന്നു." (പെയ്യാത്ത മേഘങ്ങൾ) എന്ന്‌ കവിതയിൽ. വൈക്കം
മുഹമ്മദ്‌ ബഷീറിനെക്കുറിച്ചുള്ള കവിതയിൽപോലും അനന്തത്തയും കാലവും
തമ്മിലുള്ള ഉരസൽ ഇസ്മയിൽ വരച്ചിടുന്നു.
"സൂഫിയിന്നും യാത്രികനായ്‌
ഉത്തരേന്ത്യൻ ഗർത്തങ്ങളിൽ
ഗർവ്വിന്റെ കുന്നുകളിൽ
മാറാപ്പുമായലയുന്നു" (ഇടവേള) എന്നിടത്തുവച്ചാണ്‌ ബഷീറിലേക്കും ബഷീറിയൻ
കാഴ്ചപ്പാടിലേക്കും ഈ കവിത എത്തിപ്പെടുന്നത്‌. അകൃത്രിമത്വമില്ലാത്ത
ആവിഷ്കരണത്തിന്റെ ലയസമൃദ്ധി നിലനിർത്തി എഴുതപ്പെട്ട കവിതയാണ്‌
"ചിന്തേരിട്ട കാലം".
'കാലത്തിന്‌ ചിന്തേരിടും കാലമിത്‌' എന്ന വരി പൂർത്തിയാകുന്നത്‌
'നാദത്തിന്‌ നാദമായ്‌ നിലകൊൾക വയ്യ' - എന്നറിയിച്ചുകൊണ്ടാണ്‌. കൽപിത
യാഥാർത്ഥ്യത്തിലൂടെ സമകാലികതയിലെത്തുന്ന ശ്രമം ഈ കവിതയിലുണ്ട്‌.
കാൽപനികമായ അഹംബോധം ഉത്തരാധുനികതയിൽ കുടിയേറ്റമായി നിലനിൽക്കെ ഇസ്മയിൽ
എഴുതുന്നതിങ്ങനെ:
'അക്കരെയുമിക്കരെയുമല്ലാതെ
നടുക്കടലിലൊടുങ്ങുന്ന കപ്പലുകളേറെ
ഓർമ്മക്കടലിന്റെ മറുകരയിൽ
നിത്യവും ചോർന്നൊലിക്കുന്ന പ്രതീക്ഷകൾ' (ഈന്തപ്പനയോലകളിൽ കാറ്റു പിടിക്കുമ്പോൾ)
അറേബ്യൻ പശ്ചാത്തലത്തിലൂടെ കുടിയേറ്റം തുടരുന്നവരുടെ ജീവിതഗതി വരച്ചു
വെയ്ക്കുമ്പോൾ അത്‌ ഏറ്റവും വലിയ പ്രവാസ പ്രതീകം തന്നെയായിത്തീരുന്നു.
അറിയിപ്പും ദൃഷ്ടാന്തവും ജീവിത പ്രതിസന്ധിയും നിറഞ്ഞ നിരവധി
ബിംബങ്ങൾകൊണ്ട്‌ സമൃദ്ധമാണ്‌ ഈ സമാഹാരത്തിലെ പല കവിതകളും നാഗരികതയിലെ
ശൂന്യത ആത്മീയാന്വേഷണത്തിലൂടെ പരിഹാരമായി തേടുന്ന വരികളും ഇടക്കിടെ
കാണാം. ചിലപ്പോഴത്‌ ബൊഹീമിയൻ പറച്ചിലായി ചിതറുന്നു. എല്ലാം
തീർന്നുവേന്ന്‌ പറയാതെ-ചിലതൊക്കെ വലിച്ചെറിയപ്പെടുന്നു, മങ്ങുന്നു,
തിളക്കം ക്ലാവ്‌ പിടിക്കുന്നു എന്ന്‌ ചോദിക്കുന്നതാണാ കാവ്യഹൃദയം.


കതിരു കരിഞ്ഞു
കളകൾ വളർന്നു
വളർന്നവയൊക്കെ
വീടുകളായി
വീടുകൾ വീടുകൾ
മാത്രമതായി (കളവീടുകൾ)
വഴിയിലെ കാറ്റിൽ ചുളിവുകൾ തിരിച്ചുവന്നു
ബാൽക്കണിയിൽ നിന്ന്‌
വീണ്ടും വാരിക്കൂട്ടിയ അക്ഷരങ്ങൾ
എ ഡി ബി യിൽ പണയപ്പണ്ടമായി. (ഉണങ്ങിയ അക്ഷരങ്ങൾ)
കുപ്പായം കത്തിക്കുന്നതും
പുതിയ കുപ്പായം
തയ്ക്കുന്നതും
ഒരേ വ്യവസായശാലയിൽ (പീഡനം)

ഗാർഹികത അടഞ്ഞ മുറിയാകാതിരിക്കാൻ പ്രാർത്ഥനകളും അർച്ചനകളും കൊണ്ട്‌ എല്ലാ
കാഠിന്യത്തെയും ഉരുക്കിക്കളയാനുള്ള ശ്രമം ചില കവിതകളിൽ ഇസ്മയിൽ
പ്രകടിപ്പിക്കുന്നു. അത്‌ കൊണ്ടുവരുന്ന ശുദ്ധവായു ആധുനിക കുടിയേറ്റ
നാഗരികതയിലെ ഒറ്റപ്പെടലിനോടുള്ള പ്രതിരോധമാകുന്നു. കുടുംബത്തെ മുൻനിർത്തി
സാമൂഹ്യതയിലെ തിന്മകൾക്കെതിരെയുള്ള ചെറുത്തു നിൽപ്‌ ഒരർത്ഥത്തിൽ
പ്രത്യയശാസ്ത്രം തന്നെയെന്നു പറയാം. ഈ പവിത്രത സാമൂഹ്യ ആഘാതങ്ങളോടുള്ള
വർത്തമാനകാലത്തെ എഴുത്തുകാരന്റെ പ്രതിരോധ രീതികളിലൊന്നാകുന്നു.
എന്റെ ചിന്തകളെ
വെട്ടിനുറുക്കി
കറിക്കൊപ്പം വേവിച്ച
ഭാര്യ
എന്റെ സങ്കൽപങ്ങളെ
ഒടിച്ചു മടക്കി
പോക്കറ്റിൽ തിരുകിയ
മക്കൾ
എന്റെ ഭാവനയെ
ചരടുപൊട്ടിച്ച്‌
അയ കെട്ടിയ
അയൽക്കാർ
എന്റെ മോഹങ്ങളെ
പാലം വലിച്ച്‌
പുഴയിൽ തള്ളിയ
നാട്ടുകാർ
ഇവർക്കിടയിൽ
ഞാനെന്റെ
നിലപാട്‌ പ്രഖ്യാപിക്കാതെ
വയറ്റിലിടാം. (നയപ്രഖ്യാപനം)

എൻ നെഞ്ചക ചൂടേറ്റു
മയങ്ങുമിളം പൈതലേ
നീയും ഞാൻ കണ്ട മരം കാൺക
പൂമരച്ചില്ല കാൺക
പൂവിടർത്തും വസന്തവും
തണലും നിർവൃതിയും കാൺക
നീ മരം കത്തുന്നത്‌ കാണായ്ക
ഓമലേ നീ ഇലച്ചാർത്തു കാൺക
നീ ഇലകരിയും കാഴ്ച കാണായ്ക (ഹരിതസ്വപ്നം)

മുറികൾ തമ്മിൽ മെയിലുകൾ ദൂരം
ഒട്ടും ശബ്ദമുഖരിതമല്ലാത്ത തീൻമേശ
മൗന വാല്മീകത്തിൽ തീർത്ത സ്വീകരണമുറി
കിടപ്പുമുറിയിലെ അഗാധഗർത്തങ്ങൾ
പരന്ന നിസ്സംഗതയുടെ വരാന്ത
കുളിമുറിയിൽ കണ്ണീരിന്റെ സ്നാനതീർത്ഥം
ഒന്നും ബാക്കി വയ്ക്കാത്ത സ്റ്റോർ ർറൂം
ആധി പുകയുന്ന അടുക്കളയിൽ
പാതി വെന്ത ജീവിതം (ഉത്തരാധുനിക വീട്‌)

അനുഭവ വൈവിദ്ധ്യം നിറഞ്ഞ ഈ സമാഹാരത്തിലെ കവിതകളിൽ എഴുത്തും ജീവിതവും
തമ്മിലുള്ള മുഖാമുഖം നന്നായിത്തന്നെയുണ്ട്‌. ചിലപ്പോഴത്‌ ഗ്രാമീണതയുടെ
സ്വച്ഛതയിലേക്ക്‌ പൈന്തിരിഞ്ഞു നോക്കുന്നു. ബഹു സംസ്കാര ലോകത്തിലെ
സ്വതന്ത്ര പൗരത്വത്തിലേക്ക്‌ നടക്കുന്നു. വർഗ്ഗരാഷ്ട്രീയത്തെ
അപനിർമ്മിക്കുന്നു. പ്രവാസം സൃഷ്ടിച്ച ഉഭയജീവിതം കീറിമുറിച്ച്‌
പരിശോധിക്കുന്നു. ഭാവതീവ്രതയിലൂടെ ഉള്ള്‌ വെളിപ്പെടുത്തുന്നു.
വിരസശബ്ദങ്ങൾക്കിടയിൽ 'ഉത്തരാധുനിക വീട്‌' കാണിച്ചു തരുന്നു. (അറബി
കാവ്യോത്സവത്തിൽ ഈ കവിതയുടെ അറബിമൊഴിമാറ്റം ഏറെ അറബിക്കവികൾ കേട്ട്‌
പ്രശംസിച്ചു. ഇസ്മയിലിനെ ബഹുമാനപൂർവ്വം ആദരിച്ചു).
ദേശത്തെ മനസ്സിൽ കൊണ്ടു നടക്കുന്ന കവിക്കേ 'മേലടി' എന്ന കോഴിക്കോടൻ
ഗ്രാമത്തെ ഇങ്ങനെ പകർത്താനാവൂ.
"മനസ്സിലുടയാത്ത മേലടി
ചാരുതയോലും ശിൽപമായ്‌
അഴകെഴും ബിംബമായ്‌ നിൽപൂ
ഒരുടയാചിത്രമെൻ മനസ്സിൽ
നിറവാർന്ന ക്യാൻവാസായി തൂങ്ങി നിൽപൂ.
..............................
...
ഇവിടിപ്പോൾ ഗ്രാമീണരില്ല, ഗ്രാമത്തിനീണവുമില്ല
ഇനി, ഞാനേതു നാട്ടുകാരനാണ്‌?
എന്റെ മുഖത്തെ ഭാവം വായിച്ചെടുക്കുവാൻ
ഒരു കണ്ണാടിപോലുമിവിടില്ലല്ലോ." (ഉടയുന്ന ചിത്രങ്ങൾ)
'പാനീസ്‌ വിളക്ക്‌' എന്ന കവിത പൊതു സമൂഹത്തിൽ ആഗോളീയത പിടി
മുറുക്കിയപ്പോൾ അന്യാധീനം വന്നുപെട്ടവയുടെ ആഖ്യാനമാണ്‌.
"ഒരിക്കൽകൂടി കൊളുത്താം
നമുക്കാ പാനീസ്‌
ഏറെ നാൾ പരിശ്രമിച്ചു
നാം ഊതിക്കെടുത്തിയതല്ലേ
നേർമയായ്‌ നേരായ്‌
കത്തുവാനിനിയൽപം
ശീതവാതത്തെത്തടുക്കാം
പേമാരിയെ ചെറുക്കാം
വയൽ വരമ്പത്തതേറെക്കാലം
മുനിഞ്ഞും തെളിഞ്ഞും
കത്തിയിരുന്നു
ചേറിലെപ്പാട്ടിനൊപ്പം ചുവടുവെച്ചിരുന്നു
ഒളിവിലെ ഓർമ്മകളിൽ
അതിപ്പോഴും ഉലഞ്ഞു കത്തുന്നുണ്ടാകും." (പാനീസ്‌ വിളക്ക്‌)

ജനശക്തിയുടെ പ്രത്യശാസ്ത്രജാഗ്രത ബിംബങ്ങളിൽ വരച്ചിട്ട്‌ വംശഗാഥയുടെ
വാങ്മയം തീർക്കുന്നീ കവിത. കിഴക്കൻ യൂറോപ്പിലെ പ്രത്യയശാസ്ത്ര ശൈത്യം.
ഒളിവിലെ രാഷ്ട്രീയ ഓർമ്മകൾ വരികൾക്കിടയിലൊളിപ്പിച്ചുള്ള കൈയൊതുക്കം
ഇസ്മയിലിലെ കവിയെ നന്നായി കാണിച്ചു തരുന്നു. എഴുത്തിന്റെ പൊതു
കൂട്ടായ്മയിൽ ഇടപെട്ടുള്ള വിമർശനം-സംവാദം ലക്ഷ്യമാക്കിയുള്ള
എഴുത്തുരീതിക്കൊപ്പമാണ്‌ ഇതിലെ കവിതകൾ അപഗ്രഥിച്ചാൽ നമ്മളെത്തിച്ചേരുക.
ഇസ്മയിലിനെപ്പോലെ എഴുതുന്ന കവിതകളുടെ കവിതകൾ ആ നിലക്കാവും ചർച്ചകൾക്ക്‌
പ്രേരകമാവുക. ചങ്ങാത്തത്തിനൊപ്പം, സഹയാത്രയുടെ കാവ്യഭാഗം ചേർത്തുവച്ചു
കൊണ്ട്‌ കവിതകൾക്കും ഇസ്മയിലിനും കുടിയേറ്റ ഭാവുകങ്ങൾ നേരുന്നു.

15 Nov 2011

ഒച്ചവയ്ക്കരുത്


സത്യൻ മാടാക്കര

ചോദ്യങ്ങൾ പല്ലുകൊഴിഞ്ഞു നിൽക്കുന്നു?
ആദർശലോകം
കത്തിയതിന്റെ ചൂട് പകർത്തുന്നു
ബീവറെജ് ക്യൂവിൽ
ഹൈടെക് സ്പീഡിൽ
ജ്യോതിഷാലയത്തിൽ
എല്ലാവരും ഉഷാറാകുന്നു
മഴനനഞ്ഞ റെയിൽവെ സ്റ്റേഷൻ
തട്ടുകട, ബസ്റ്റാന്റിലെ വേശ്യകൾ
മൂത്രപ്പുര കൈ വീശലോടെ  നിൽക്കുന്നു
ബുജികൾ സ്മോളടിച്ച് കണ്ണുചോപ്പിക്കുന്നു
വാർത്തകൾ ഒരു ദിവസംകൊണ്ടു മരിക്കുന്നു
എഴുത്തുകാർ മസാലദോശ  തിന്നു വളിവിടുന്നു

തുണിക്കച്ചവടക്കാർ, ജ്വല്ലറികൾ
പരസ്യജാഥയുമായി വഴിമുടക്കുന്നു
നരക[നഗര]ത്തിലേക്കുള്ള പിടിച്ചുവലിയിൽ
തടി രക്ഷപ്പെടാൻ
കളസ്സങ്ങളുടെ ആഗോളീകരണം
അനുസ്മരണത്തിനു അവകാശികളില്ലാതെ
ഒരു ഗസലിലും പാടിത്തീരാത്ത വിരഹം
ഒരു സമ്മേളനത്തിലും ഉയരാത്ത കൊടി
കടലാസ്സിന്റെ ഔദാര്യമില്ലാതെ
പഴങ്ങൾ ,പച്ചക്കറികൾ, ഉന്തുവണ്ടികൾ
അരി ,കൊപ്ര ,പാവങ്ങളുടെ മത്തി
ഹൃദയചലനങ്ങളുണർത്തുന്നു
ഇരുണ്ട മ്ലാനത കടന്നു വരുന്നത്
കാറ്റു സൂചനകൾ തരുന്നു
*നീലഷർട്ടും ചുകപ്പു റ്റൈയുമായി തെരുവിൽ
നടന്ന കവിയെപ്പോലെ കടലും അസ്തമയ സൂര്യനും
ഒച്ച വയ്ക്കരുത് വൈദ്യുതി ശമശാനം
എല്ലാ വാർഡിലും അടുത്തു പണിതീരും
എളുപ്പം ചാരമാകാലോ

* റാഫേൽ ആൽബെർട്ടി എന്ന സ്പാനീഷ് കവി


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...