Showing posts with label 84. Show all posts
Showing posts with label 84. Show all posts

27 Apr 2013

ഒരു യാത്രയുടെ അവസാനം


പ്രമോദ് കുമാർ കൃഷ്ണപുരം  3:26pm Apr 23

ഒരേ സീറ്റില്‍ ആണെങ്കിലും അകലം പാലിച്ചാണ് ഇരുന്നിരുന്നത്.കുറച്ചു നാളുകള്‍ക്കുള്ളില്‍ മനസ്സില്‍ കടന്നു കൂടിയ വിടവ് തന്നെ കാരണം.കുറെ നാളുകള്‍ക്കു ശേഷമുള്ള ഒരുമിച്ചുള്ള യാത്രയാണ്.അതും വളരെ കഷ്ട്ടപെട്ടു നിര്‍ബന്ധിച്ചു കൂട്ടി കൊണ്ടുവന്നത്. ഭര്‍ത്താവും ഭാര്യയും ആണെന്ന് പറഞ്ഞിട്ടെന്താണ് കാര്യം.കുറച്ചായി താമസം വേറെ വേറെയാണ്.കാണുന്നത് തന്നെ വിരളം.കുട്ടികള്‍ രണ്ടിടത്തുമായി നില്‍ക്കുന്നു.അവരുടെ ആഗ്രഹത്തിനനുസരിച്ചു .. രണ്ടും പെണ്‍ കുട്ടികള്‍ ആണ് .അത് കൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധിക്കണം .രണ്ടു വീട്ടിലും അവര്‍ സുരക്ഷിതര്‍ തന്നെ.അവരില്‍ നിന്നും വിശേഷം പരസ്പരം അറിയുന്നു എന്ന് മാത്രം.കഴിഞ്ഞ ദിവസം പിരിയുവാനുള്ള ആവശ്യം കാണിച്ചു വക്കീലിന്റെ കത്ത് കിട്ടിയപ്പോള്‍ അവസാനമായി ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി.ഈ പിണക്കം ഒക്കെ കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ തീരും എന്ന് കരുതിയതാണ്.പക്ഷെ ലെറ്റര്‍ വന്നപ്പോള്‍ അവള്‍ അകലാന്‍ തന്നെയാണ് തീരുമാനിച്ചത് എന്ന് മനസ്സിലായി.അതൊരു ഷോക്ക്‌ ആയിരുന്നു.അതിനാണ് യാത്രക്ക് വിളിച്ചത്.അവസാനമായി ഒരു ശ്രമം.ആദ്യം കുറെ എതിര്‍ത്തുവെങ്കിലും മക്കള്‍ സമ്മതിപ്പിക്കുകയായിരുന്നു അവളെ..സ്വന്തം ഇഷ്ട പ്രകാരമല്ല യാത്ര എന്നത് കൊണ്ട് തന്നെ ഒരു തരം മൌനം തുടക്കം മുതല്‍ അവളെ പിടി കൂടിയിരുന്നു.ഞാന്‍ ചോദിക്കുന്ന കാര്യങ്ങളില്‍ ഉത്തരം മൂളലില്‍ ഒതുക്കി അവള്‍ ഇരുന്നു.അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയിലെ മൌനം തുടര്‍ന്ന് കൊണ്ടിരുന്നു.

പുറത്തു നല്ല നല്ല കാഴ്ചകള്‍ ഉണ്ടായിരുന്നിട്ടു കൂടി അത് ആസ്വദിക്കുവാന്‍ കഴിയാതെ ആ യാത്ര തുടര്‍ന്ന് കൊണ്ടിരുന്നു.

രണ്ടു പേര്‍ക്കും പരിചയം ഇല്ലാത്ത ദൂരെ ഒരു സ്ഥലംആണ് തിരഞ്ഞെടുത്തത്.കാരണം പറയുവാനുള്ളത് പറയാന്‍ കേള്‍ക്കുവാന്‍ ഉള്ളത് കേള്‍ക്കുവാന്‍ ഇത്തരം സ്ഥലം ആണ് നല്ലത്.ഇന്ന് അവിടെ ചെന്നാല്‍ സന്ധ്യ കഴിഞ്ഞാല്‍ പിന്നെ തിരിച്ചു വരാന്‍ പറ്റില്ല.നാളെ രാവിലെ മാത്രമേ മടക്കം നടക്കൂ.അത് കൊണ്ട് ഇന്ന് പറയുവാന്‍ ഉള്ളത് പറഞ്ഞാല്‍ തന്നെ കേള്‍ക്കുവാന്‍ ഇഷ്ടമല്ലാത്തത് ആണെങ്കില്‍ പോലും മനസ്സിന് തീരുമാനം എടുക്കാന്‍ സമയം ഉണ്ട്.കേള്‍വിക്കിടയില്‍ ഒരു ഒളിച്ചോട്ടം അസാധ്യമാണ്.അവരുടെ പല തര്‍ക്കങ്ങളും പാതിവഴിക്ക് അവസാനിക്കുക ഇത്തരം ഒളിചോട്ടത്തില്‍ കൂടിയായിരുന്നു.പരസ്പരം പറയുവാനുള്ളത് കേള്‍ക്കാതെ ഞാന്‍ ചെയ്തതാണ് ശരി എന്നു ഭാവിച്ചുള്ള പിന്തിരിയാല്‍.പലപ്പോഴും പരസ്പരം മനസ്സിലാക്കുവാന്‍ സാധിക്കാത്തതും അത് കൊണ്ട് തന്നെ.

ആ ഹില്‍ സ്റ്റേഷനില്‍ ഒരു സുഹൃത്ത്‌ ഉണ്ട്.താമസവും മറ്റു സൌകര്യങ്ങളും അവന്‍ ഒരുക്കും.ഇന്ന് ഒരു രാത്രിയും നാളെ ഒരു പകലും മാത്രമാണ് ഉള്ളത്.അതിനുള്ളില്‍ പറയുവാന്‍ ഉള്ളത് പറയണം.വീണ്ടും ഒന്നിക്കുവാന്‍ ഒരു അവസാന ശ്രമം ഞാന്‍ നടത്തും.എന്റെ തെറ്റ് കുറ്റങ്ങള്‍ സമ്മതിക്കാം .മാപ്പ് പറയാം.ബസ്‌ അവസാന സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സന്ധ്യയായി.സ്റ്റാന്‍ഡില്‍ തന്നെ സുഹൃത്ത്‌ ഉണ്ടായിരുന്നു.

അവന്‍ ഒരുക്കിയ താമസസ്ഥലം ഗംഭീരം ആയിരുന്നു.അവനു അന്ന് രാത്രി ജോലി ആയതിനാല്‍ രാവിലെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു.അവിടെ ഒരു ജോലിക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആ വീട് വൃത്തിയാക്കിയിടുവാന്‍ നമ്മള്‍ക്ക് ഭക്ഷണവും ഒക്കെ പാകം ചെയ്യുവാന്‍ അവന്‍ അവിടുന്ന് തന്നെ തരപെടുത്തിയതാവാം.വന്നത് മുതല്‍ ഭാര്യ അവളുമായി വര്‍ത്തമാനം ആണ്.അവര്‍ എന്തൊക്കെയോ പറഞ്ഞു പൊട്ടിചിരിക്കുന്നു.യാത്രയുടെ ക്ഷീണം കൊണ്ട് കണ്ണുകളില്‍ ഉറക്കം തളം കെട്ടിനിന്നു.പാടില്ല ഇന്ന് ഒരു ദിവസം ആണ് എന്റെ ഭാവി തീരുമാനിക്കുക.ഇന്ന് പറയുവാന്‍ ഉള്ളതൊക്കെ പറയണം.ക്ഷീണം അകറ്റുവാന്‍ കുളി തന്നെ ശരണം ...ഞാന്‍ കുളിമുറിയിലേക്ക് കയറി.

കുളി കഴിഞ്ഞു വെറുതെ അവരുടെ അടുക്കലേക്ക് പോയി.ആ സംസാരത്തില്‍ പങ്കു ചേര്‍ന്നു.വേലക്കാരി ഭവ്യതയോടെ പറഞ്ഞു.
"സാറേ വിശക്കുന്നുണ്ടോ ?ഇപ്പോള്‍ തയ്യാറാകും .. ഭാര്യ പറഞ്ഞു നിങ്ങള്‍ നേരത്തെ തിന്നുന്ന കൂട്ടത്തിലാനെന്നും വേഗം ഉറങ്ങുന്ന ആള്‍ ആണെന്നും ... "
അവിശ്വസനീയതയോടെ ഞാന്‍ അവളെ നോക്കി.പക്ഷെ അവള്‍ മുഖം തിരിച്ചു കളഞ്ഞു.എങ്കിലും മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്തതുപോലെ ....

"ചേച്ചിയുടെ പേര് എന്താ ?"ഞാന്‍ ചോദിച്ചു
"രേണുക .."
"ആരൊക്കെയുണ്ട് വീട്ടില്‍ ?"

"രണ്ടു പെണ്‍മക്കളും ഞാനും .... പിന്നെ ഭര്‍ത്താവും ..അയാളെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം.എപ്പോഴും കുടിയാണ് സാറേ .കൂടാതെ ഉപദ്രവവും . സഹിക്കാന്‍ പറ്റാതായപ്പോള്‍ കുറെ മുന്‍പ് ഞാന്‍ ഇറക്കി വിട്ടു.കുറേകാലം വേറെ ആയിരുന്നു.പക്ഷെ മോള്‍ക്ക്‌ ആലോചന വന്നു തുടങ്ങിയപ്പോള്‍ വരുന്നവര്‍ ഒക്കെ അച്ഛനെ കുറിച്ച് അറിയണം അവര്‍ കാരണം അന്വേഷിക്കുവാന്‍ തുടങ്ങി.സത്യം പറഞ്ഞിട്ടും എല്ലാവരും എന്റെ കുറ്റമായി അതിനെ വിലയിരുത്തി..വീട്ടിലെ പെണ്ണിന്റെ കുഴപ്പം കൊണ്ട് ആണ് പോലും ആണുങ്ങള്‍ മോശം ആകുന്നതും മദ്യത്തിന് പിറകെ പോകുന്നതും അവര്‍ അവിടെ വാഴാത്തതും .കൂടാതെ എന്റെ കുട്ടികളുടെ അച്ഛന്‍ പോലും അയാള്‍ അല്ല എന്ന് വരെ കഥകള്‍ ഇറങ്ങി.അവസാനം അയാളെ വിളിച്ചു കൊണ്ട് വന്നു .ഇപ്പോഴും കുടി പണ്ടത്തെ പോലെ തന്നെ ഉണ്ട് ഉപദ്രവം മാത്രം ഇല്ല..ചിലവിനും തരുന്നുണ്ട്. പക്ഷെ ഒന്നുണ്ട് സാറേ .. മുന്പത്തെ പോലെ പാതിരാത്രി വീടിനു മുട്ടലില്ല.അത് കൊണ്ട് തന്നെ ഇപ്പോള്‍ ഞാന്‍ തലയണക്കിടയില്‍ അരിവാളും സൂക്ഷിക്കാറില്ല... വീട്ടില്‍ ഒരു ആണ്‍ തരിവേണം സാറേ.അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല.. പ്ര ത്യേകിച്ചും പെണ്‍ മക്കള്‍ ഉള്ള വീടുകളില്‍ . നമ്മളുടെ നാട്ടില്‍ പെണ്ണുങ്ങള്‍ എത്ര പുരോഗമിച്ചു എങ്കിലും ആണ്‍ പിന്തുണ ഇല്ലാതെ അവര്‍ക്ക് രക്ഷയില്ല.... അതാണ്‌ സത്യം... "

എനിക്കൊന്നും പറയുവാന്‍ തോന്നിയില്ല.അവളും ഒന്നും രേണുകയോട് ചോദിച്ചുമില്ല.ഭക്ഷണം കഴിഞ്ഞു .. പാത്രങ്ങള്‍ ഒക്കെ കഴുകി വൃത്തിയാക്കി രേണുക പോയി.നമ്മള്‍ രണ്ടുപേര്‍ മാത്രം ആയി.എങ്ങിനെ തുടങ്ങണം എന്നറിയാതെ ഞാന്‍ ഉരുകി നിന്നു. അവള്‍ എന്റെ അടുക്കല്‍ വന്നു എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

"നിങ്ങള്‍ ഇന്ന് രാത്രി മുഴുവന്‍ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിക്കുന്ന കാര്യം രേണുക പത്തു മിനിട്ട് കൊണ്ട് എനിക്ക് മനസ്സിലാക്കി തന്നു.നമ്മള്‍ രണ്ടു പേരും തെറ്റുകള്‍ ചെയ്തു.പരസ്പരം മനസ്സിലാക്കാതെ ജോലി ,പണം എന്നിവയുടെ പിറകെ ജീവിതം മറന്നു ഓടിക്കൊണ്ടിരുന്നു.നമ്മളുടെ മനസ്സില്‍ ഉണ്ടായിരുന്ന അഹംഭാവം നമ്മളെ തമ്മില്‍ തിരിച്ചറിയുന്നതില്‍ നിന്നും വിലക്കി.ഇനി അതുണ്ടാവാന്‍ പാടില്ല.അത്രക്ക് ഉപദ്രവിചിട്ടു രേണുകക്ക് അവളുടെ ഭര്‍ത്താവിനെ സഹിക്കാമെങ്കില്‍ ഇതൊന്നും എന്നോട് ചെയ്യാത്ത നിങ്ങളെ ഞാന്‍ എങ്ങിനെ ഉപേക്ഷിക്കും.?...നമ്മള്ടെ ഇഗോ മാത്രം പറിച്ചു കളഞ്ഞാല്‍ മതി . "

ഒരു തണുത്ത കാറ്റ് ഞങ്ങളെ തഴുകി കൊണ്ട് കടന്നു പോയി.പുതിയ ഒരു ജീവിതത്തിനു അവിടെ തുടക്കം കുറി ക്കപെടുകയായിരുന്നു.... വീടിനുള്ളിലേക്ക് കടന്നു വന്ന കുളിര്‍ നമ്മളുടെ മനസ്സിലേക്കും പടര്‍ന്നു.

26 Mar 2013

ഞങ്ങള്‍ പ്രവാസികള്‍

അബ്ദുൾ ഷുക്കൂർ  കെ.ടി 


അതിജീവനത്തിന്‍റെ മേച്ചില്‍പ്പുറങ്ങളില്‍
സ്വപ്നങ്ങളൊക്കെയും മൌനവല്മീകത്തില്‍…
സൈകതഭൂവിലെ തീക്കാറ്റിന്‍ നോവിലും
ഓമല്‍ പ്രതീക്ഷകള്‍ കാത്തു സുക്ഷിക്കുന്നവര്‍…
ഓമല്‍ക്കിനാക്കളെ താലോലിച്ചങ്ങിനെ
ഓര്‍മ്മകള്‍ തുള്ളി തുളുമ്പുന്ന ഹൃദ്‌-തടം
ശാന്തമാക്കീടുവാന്‍ പാടു പെടുന്നവര്‍…
ഓര്‍മ്മതന്‍ മലര്‍വാടിയിലെന്നെന്നും
വാടാമലരുകള്‍ കാത്തു സുക്ഷിക്കുന്നവര്‍…
കാണാത്ത തൂണ്‍കളാല്‍ കൈരളിയെത്താങ്ങാന്‍
സ്വപ്നങ്ങളൊക്കെ ത്യജിച്ച ഹതഭാഗ്യര്‍ !
എന്നിട്ടും, സ്വാര്‍ത്ഥമതികളെമ്പാടുമേ
പച്ചമാംസം കൊത്തി തിന്നിടുന്നു !
ചാവാലിപ്പശുവെന്നു വീമ്പു പറഞ്ഞിട്ടു
അകിടില്‍ പൊടിയുന്ന രക്തവുമൂറ്റുന്നു !
ഒടുവില്‍,  കുത്തുവാക്കുകളും മാറാവ്യാധികളും
നഷ്ടസ്വപ്നങ്ങളും മാത്രം ബാക്കി …
പ്രലോഭനത്തിന്‍ തിരകളില്‍പ്പെട്ടല്ല
പ്രിയമുള്ളതെല്ലാം വിട്ടേച്ചു പോന്നത്..
പ്രിയരുടെ കണ്‍കളില്‍ പൊന്‍നാളം വിരിയിക്കാന്‍
വളമായി തീരുന്നീ വ്രണിതഹൃദയങ്ങള്‍…
പ്രവാസികള്‍ ഞങ്ങള്‍ തണലേകും മരങ്ങള്‍
ഇലകള്‍ പൊഴിച്ചു വളമാകുന്നവര്‍
പിന്നെ,ചിതലരിച്ചിടും ഉണക്കത്തടികള്‍ !!

22 Feb 2013

നിഴല്‍



കട്ടിലില്‍ നിന്നും
ഒരു മെലിഞ്ഞ നിഴല്‍
തഴെയിറങ്ങി ,
അടുക്കളയിലേക്കു
ഇഴഞ്ഞു പോയി .

ഒരുപിടി കനിവിട്ടു
അടുപ്പിലെ
തിളയില്‍ .

ശ്വാസം ആഞ്ഞു വലിച്ചും
ചുമച്ചും
നെഞ്ചു തിരുമിയും ,
കത്താന്‍
കൂട്ടാക്കാത്ത തീയെ ,
ഊതി ഊതി
തോല്പിച്ചു .

വിളമ്പി ഒരു പിടി ,
എരിയുന്ന
പ്രതീക്ഷയിലേക്ക്
മമതയുടെ
കറിയുമായ് ,

അരുമയുടെ
നെറുകില്‍ തലോടി ,
വീണ്ടും
തിരിച്ചിഴഞ്ഞ്
നിഴല്‍ കിടപ്പായി .
ഒരിക്കലും നീളാതെ ...!

24 Jan 2013

പശു

.ഹരീന്ദ്രനാഥ് 

പശു
പച്ച പുല്ലുതിന്നും
കാടി വെള്ളം കുടിച്ചും
വലുതായപ്പോള്‍
നിലാവുള്ള രാത്രിയില്‍
നീ കരഞ്ഞത് ,ഇണക്കുവേണ്ടിയായിരുന്നു .
"വേണ്ടായിരുന്നു ?
ഇപ്പോള്‍ തെരുവില്‍നിന്നെല്ലാം
കേള്‍ക്കുന്നത് ദയനീയമായ
കൂട്ടകരച്ചിലാണ്"

22 Dec 2012

അവസ്ഥാന്തരങ്ങള്‍ ..


 റെയിനി ഡ്രീംസ്

അപ്പുവിന്റെ കരച്ചില്‍ ഉച്ചത്തിലായ നേരം ഉമ ചുറ്റും നോക്കി, ചുവരിലെഹാങറില്‍ തൂങ്ങുന്ന ഷോളില്‍ ആ നോട്ടം തറഞ്ഞു നിന്നു. നിറകണ്ണുകളോടെ, ആഷാളിലേക്കും പിടഞ്ഞു കരയുന്ന കുഞ്ഞിന്റെ ദയനീയ മുഖത്തേക്കും മാറി മാറിനോക്കിക്കൊണ്ടിരുന്നു അവള്. എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോവ്യക്തമായ ഒരുത്തരം അവളുടെ മനസില്‍ ഉദിച്ചു വന്നതേയില്ല.
കുഞ്ഞിന്റെ കരച്ചിലിന് ശക്തി കൂടിക്കൂടി വന്നു, അബലയും, അന്നത്തിന്അശക്തയായിരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ മനസില്‍ രോഷത്തിന്റെ ഭ്രാന്തു പടര്‍ത്തുവാന്‍ സ്വന്തം കുഞ്ഞിന്റെ കരച്ചിലിനു പോലും കഴിയുന്ന ചുരുക്കം ചില മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു അത് ഉമക്കപ്പോള്‍..
ഒന്നും മിണ്ടിയില്ല, ഉള്ളില്‍ നിറഞ്ഞൊലിക്കുന്ന സങ്കടവും രോഷവും മനസിലൊതുക്കി പിടിക്കാന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു അവള്..
കുഞ്ഞിന്റെ കരച്ചില്‍ മെല്ലെ നേര്‍ത്തു വന്നു, വിശപ്പിന്റെ കരച്ചിലിനൊടുവില്‍ അപ്പു തളര്‍ന്നുറങ്ങി.
ഉമയുടെ വിരലുകള്‍ അപ്പുവിന്റെ നെറുകിലൂടെ മെല്ലെ തഴുകിക്കൊണ്ടിരുന്നു,അവളുടെ ദേഷ്യം അടങ്ങിക്കഴിഞ്ഞിരിക്കുന്നു, എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായവസ്ഥയും, തന്റെയും കുഞ്ഞിന്റെയും വിശപ്പിന്റെ വേദനയും, അവളുടെ കണ്‍ തടങ്ങളില്‍ നീര്‍ച്ചോലകള്‍ സൃഷ്ടിച്ചു.
വിശന്നു തളര്‍ന്നുറങ്ങിയ കുഞ്ഞിന്റെ ദയനീയ മുഖത്തേക്ക് അവള്‍ നോക്കിക്കൊണ്ടിരുന്നു, ജോണിച്ചായന്റെ മുഖം പകര്‍ത്തി വെച്ചതുപോലെ,എന്നാല്‍ ജോണിച്ചായന്റെ മുഖത്തൊരിക്കലും ഈ ദീനഭാവം താന്‍ കണ്ടിട്ടേയില്ലല്ലോ എന്ന് അവളോര്‍ത്തു.
ആദ്യത്തെ കണ്ടുമുട്ടലില്‍ തുടങ്ങി നാട്ടുകാരുടെയും വീട്ടുകാരുടെയും എതിര്‍പ്പുകളെ മറി കടന്ന് രജിസ്റ്ററോഫീസില്‍ നിന്നും അകലെ, അപരിചിതമായ മറ്റൊരു നാട്ടിലേക്ക് വണ്ടി കയറുമ്പോളും വെളുത്ത തുണിപുതപ്പിക്കപ്പെട്ട മരണത്തില്‍ പോലും ജോണിച്ചായന്റെ മുഖത്ത് തികഞ്ഞ ശാന്തഭാവമല്ലാതെ അവള്‍ കണ്ടതേയില്ലല്ലോ..
അപ്പുവിനരികില്‍ നിന്നും അവള്‍ മെല്ലെ എഴുന്നേറ്റു, പഴന്തുണികള്‍ മാത്രമൊതുക്കി വെച്ച പഴകിയ അലമാരയില്‍ അവള്‍ വെറുതെ പരതി നോക്കി, ഇല്ല,വില്‍ക്കാനായി ഇനിയൊന്നും ബാക്കിയിരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവള്‍ക്ക് ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെട്ടു.
ഉമയുടെ തലച്ചോറ് പെരുക്കുകയായിരുന്നു, ജോണിച്ചായന്‍ പോയതിന് ശേഷം ആറ് മാസം തികയാനായിരിക്കുന്നു, ഉള്ളതെല്ലാം വിറ്റു പെറുക്കി കഷ്ടിച്ചു ജീവിക്കുന്നതിനിടയില്‍ വീട്ടു വാടകയിനത്തില്‍ കൊടുക്കാന്‍ കഴിഞ്ഞത് ഒരു മാസത്തേത് മാത്രമാണ്, എപ്പോളും വന്നു കയറാന്‍ സാധ്യതയുള്ള വീട്ടുടമസ്ഥനെയും, കുഞ്ഞിന്റെ വിശന്ന് വലഞ്ഞ കരച്ചിലും, തന്റെ ആമത്തിന്റെ വിശപ്പും എത്ര കാലം ഒതുക്കി നിര്‍ത്താമെന്നോര്‍ത്തുകൊണ്ട് അവള്‍ മുറിക്കകത്ത് കൂട്ടിലിട്ട വെരുകിനെപ്പോലെ അങ്ങിങ്ങു നടന്നു..
ഒരു ജോലിക്കായി എത്രയോ അലഞ്ഞതാണ്, കയ്യിലെ പി ജി സര്‍ട്ടിഫിക്കറ്റിന്റെ കാര്യം തല്‍ക്കാലം മറവിലേക്കെറിഞ്ഞ് വീട്ടുപണിയോ, കല്ലുടക്കാനോ,എന്തെങ്കിലും ഒന്നിനായി മുട്ടാത്ത വാതിലുകള്‍ ഇല്ലാതായിക്കഴിഞ്ഞു. ദയ തോന്നി ഒരു ജോലി നല്‍കാന്‍ തോന്നുന്നവര്‍ക്ക് പോലും സദാചാര വാദികളെ ഭയമാണ്.
‘ഭര്‍ത്താവ് മയ്യത്തായിറ്റ് ഒരാറുമാസം കൂടിം തേയണേന മുന്നേ വീട്യോള് മുഴോനും അലഞ്ഞു നടക്കണ തേവിടിശ്ശിക്ക് ജോലി കൊടുത്തെന്നാവും കുട്ട്യേ നാട്ടാര് പറയണത് , മ്മക്ക് ഇഞ്ഞീം ഇന്നാട്ടില് ജീവിക്കണേ, മാത്രോല്ല, രണ്ട് പെണ്‍കുട്ട്യോളാ ഇക്ക് കെട്ടിക്കാറായിട്ട്…’ എന്ന കുഞ്ഞിക്കാദറിക്കയുടെ വാക്കില്‍ അത് സ്പഷ്ടമായിരുന്നു.
ഉമയുടെ കൈ മെല്ലെ ആ ഷോളിന് നേരെ നീണ്ടു. കണ്ണുകള്‍ വേദനയോടെ ഇറുകെയടച്ച് അവളത് കയ്യിലെടുത്തു, തലക്കു മുകളില്‍, വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാല്‍ നിശ്ചലമായി നിന്ന ഫാനിലേക്ക് അവളുടെ കണ്ണുകളുടക്കി നിന്നു.
‘ഉമേ… ‘
തൊട്ടുപിന്നില്‍ നിന്നും ജോണിച്ചായന്‍ വിളിക്കുന്നു, അവളുടെ മനസൊന്നു തണുത്തു.അവള്‍ ആവേശത്തോടെ തിരിഞ്ഞു നോക്കി,
ഇല്ല ആരുമില്ല..
‘ഉമേ..എന്താ നീയിപ്പോ കാണിക്കാന്‍ പോണേ, ആത്മഹത്യ ജോണിവര്‍ഗ്ഗീസിന്റെ ഭാര്യക്ക് പറഞ്ഞിട്ടുള്ളതല്ല കെട്ടോ..’
ജോണിച്ചായന്‍ കാതില്‍ പറഞ്ഞതു പോലെ അവള്‍ക്ക് തോന്നി, ഏതാണ് സ്വപ്നം ഏതാണ് യാഥാര്‍ത്ഥ്യം എന്നറിയാതെ അവള്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നു.
തോല്‍വിയുടെ ഏറ്റവും അവസാനത്തിലും പ്രതീക്ഷയുടെ നാളം കത്തിക്കാറുള്ള മനസ് അവളെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു, അടുത്തൊരു ആശ്രയം ഉണ്ടെന്ന ധാരണ അവളെ മെല്ലെ മുറ്റത്തേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചു.
കയ്യിലെ കറുത്ത ഷോള്‍ തോളിലേക്കിട്ട് വാതില്‍ ചാരി അവളിറങ്ങി, കാലുകള്‍ ആരോ വലിക്കുന്നതു പോലെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു, മുറ്റം കടന്ന് ചെമ്മണ്‍ പാതയിലൂടെ അവളുടെ കാലുകള്‍ ലക്ഷ്യമില്ലാതെ ചലിച്ചു കൊണ്ടിരുന്നു.
ഒന്നും ചിന്തിക്കാന്‍ കഴിയാത്ത ഭ്രാന്തിന്റെ ആദ്യാവസ്ഥയിലായിരുന്നു അവളപ്പോള്‍, നാല്‍ക്കവലയും കടന്ന് തിരിഞ്ഞു നോക്കാതെ അവള്‍ മുന്നോട്ട് നടന്നു,എങ്ങോട്ട്, എന്തിന് എന്നറിയാതെ ഒരു യാത്ര, ഉമയുടെ നടത്തം പുല്ലാനിപ്പാടത്തെ കൊക്കര്‍ണി വരെ നീണ്ടു. ഇനിയങ്ങോട്ട് വഴിയില്ല, തന്റെ ജീവിതം പോലെ വഴിമുട്ടിയ സ്ഥലം..!
മുന്നിലൊഴുകുന്ന ജലത്തിലേക്കവള്‍ നോക്കി നിന്നു, കുനിഞ്ഞു കൈക്കുമ്പിളില്‍ വെള്ളമെടുത്ത് മുഖം കഴുകി, താന്‍ എന്തിനു വേണ്ടിയാണ് ഇവിടെ വരെ വന്നതെന്ന് അവളാലോചിച്ച് ഉത്തരമില്ലാതെ തിരിച്ചു നടന്നു.
നാല്‍ക്കവല കഴിഞ്ഞ് നടക്കുമ്പോള്‍ കൂട്ടം കൂടിയ ചെറുപ്പക്കാരുടെ കമന്റടികള്‍ അവള്‍ക്ക് കേള്‍ക്കാമായിരുന്നു.
‘എന്തു ചെയ്യാനാ, ഇപ്പോ രാവെന്നും പകലെന്നും വേര്‍തിരിവൊന്നും ഇല്ലാതായിരിക്കണ്, അല്ലേടാ ബാബു..’ കൂട്ടത്തൊലുത്തന്‍ പറഞ്ഞത് അവള്‍ കേട്ടു..
‘ഉം, അതെയതെ, ഇല്ലെങ്കി തന്നെ ഇത് ഇപ്പോ തൊടങ്ങ്യേതൊന്നും അല്ലല്ലോ, ആ നസ്രാണിച്ചെക്കന്റെ ഭാഗ്യം കൊണ്ടാവും നേരത്തെ അങ്ങ്ട് പോയത്..’
‘ഇപ്പോളും നല്ല സ്ട്രക്ച്ചറാ, അല്ല നുമ്മളും പുരുഷന്മാരാണേ,’ കൂട്ടത്തിലൊരുത്തന്‍ ഒരു വഷളന്‍ ചിരിയോടെ അവളുടെ ശരീരത്തെ കാമക്കണ്ണുകളാല്‍ ഉഴിഞ്ഞു.
‘നാടിന്റെ വെല കളയാന്‍ ഇങ്ങനെ ഓരോന്ന് എറങ്ങിക്കോളും, കെട്ട്യോന്‍ ചത്തിട്ട് കൊല്ലം തികഞ്ഞില്ല അതിന് മുന്നെ തന്നെ തൊടങ്ങി…’ ഒരുത്തന്‍ രോഷം കൊണ്ട് പല്ലിറുമ്മുന്നു..
ഒന്നും കേട്ടില്ലെന്ന് നടിച്ചു ഉമ, ഒന്നിനും കഴിയാത്ത,പ്രതികരണ ശേഷി പണയം വെക്കപ്പെട്ടവളാണ് ഒറ്റപ്പെട്ട സ്ത്രീ എന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. ഹൃദയം പിളര്‍ക്കുന്ന വാക്കുകളില്‍ നിന്നും രക്ഷക്കായി അവളുടെ കാലുകള്‍ വേഗത കൂടിക്കൂടി വന്നു.
വീട്ടിലേക്കുള്ള വളവിലെ പുളിമരച്ചുവട്ടില് എവിടെ നിന്നോ കിട്ടിയ ഭക്ഷണം കഴിക്കുന്ന ഭ്രാന്തന്‍ കൃഷ്‌ണേട്ടന്‍ മാത്രം അവളെ നോക്കി മനസു തുറന്ന് ചിരിച്ചു.ഇപ്പോള്‍ വല്ലപ്പോളും മാത്രം വീണുകിട്ടുന്ന ചിരികളില്‍ ഒന്നായിരുന്നതിനാല്‍ തന്നെ ആ വേദനകള്‍ക്കിടയിലും അവള്‍ അയാളെ നോക്കി ചിരിച്ചു.
‘വേണോ?’
ചോറുരുള ഉരുട്ടിക്കൊണ്ട് ഭ്രാന്തന്‍ കൃഷ്‌ണേട്ടന്‍ അവളെ നോക്കി ചോദിച്ചു..
ഒന്നും പറഞ്ഞില്ല, എങ്കിലും കാലുകള്‍ അറിയാതെ അയാള്‍ക്കരികിലേക്ക് ചലിച്ചു.
അയാള്‍ക്കരികിലായി അവള്‍ നിന്നു, അയാള്‍ കയ്യില്‍ പിടിച്ച ഉരുള അവള്‍ക്ക് നേരെ നീട്ടി..
അവളത് വാങ്ങാതെ നിന്നപ്പോള്‍ അയാള്‍ക്ക് സങ്കടം വന്നെന്ന് തോന്നുന്നു..
‘മുയോനും വാണ്ടീട്ടാ ?’ അയാള്‍ ചോദിച്ചു
മറ്റൊന്നും ചിന്തിക്കാതെ അവള്‍ തലയാട്ടി, അയാള്‍ തികഞ്ഞ സന്തോഷത്തോടെ ഭക്ഷണപ്പൊതി മടക്കി അവള്‍ക്ക് നേരെ നീട്ടി….
‘അപ്പേടെ മോള് മുയോനും തിന്നോളൂട്ടാ…’
അയാളുടെ ആ വാക്കുകളില്‍ ഒരച്ഛന്റെ സ്‌നേഹവാത്സല്യം നിറഞ്ഞത്,സന്തോഷാധിക്യത്താല്‍ അവളുടെ മിഴികള്‍ നനച്ചു.
പൊതിയുമായി അവള്‍ വീട്ടിലേക്ക് നടന്നു, ആ ഭക്ഷണപ്പൊതിയില്‍ അവള്‍ തന്റെ എല്ലാ വേദനയും മറന്നു കളഞ്ഞിരിക്കുന്നു, തന്റെ കുഞ്ഞിന്റെ വയറു നിറക്കാനായി അവള്‍ ഓടുകയായിരുന്നു.
മയക്കത്തില്‍ കിടന്ന അപ്പുവിനെ ഉമ മെല്ലെ തട്ടിയുണര്‍ത്തി,
‘അപ്പൂ അമ്മേടെ പൊന്നുവാവേ, എഴുന്നേക്കെടാ മുത്തെ’ നിധി കിട്ടിയ സന്തോഷത്തോടെ അവള്‍ അപ്പുവിനെ കുലുക്കി വിളിച്ചു..
അപ്പു മെല്ലെ കണ്ണുകള്‍ തുറന്നു,
അപ്പുവിന്റെ മുഖത്തിന് ഇപ്പോള്‍ തിളക്കം വെച്ചിരിക്കുന്നു, വിശപ്പിന്റെ വേദനയുടെ കറുത്ത മറ അവന്റെ മുഖത്ത് നിന്നും മാഞ്ഞിരിക്കുന്നു. അപ്പു കുഞ്ഞുകാലുകളുമായി മുറിയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്നു.
വാതിലില്‍ മുട്ടു കേട്ട് വാതില്‍ തുറക്കണോ എന്ന് ശങ്കിച്ചു നിന്നു ഉമ.
വീട്ടുടമസ്ഥനാവാം, തുറക്കാതെ എങ്ങനെ? തുറന്നിട്ട് എന്തു പറയാനാണ്, ഒരായിരം ചോദ്യങ്ങള്‍ മനസിലൂടെ കടന്നു പോകുന്നതിനിടെ ഉമയുടെ കൈകള്‍ യാന്ത്രികമായി വാതിലിന്റെ കൊളുത്തു തുറന്നു.
വാതില്‍ തുറന്ന് പുറത്തേക്ക് കടന്നതും വെളുത്ത് തടിച്ച ആറടിയോളം പൊക്കം വരുന്ന മധ്യവയസ്‌കന്‍ വീട്ടുടമസ്ഥന്‍ അയാളുടെ കാമക്കണ്ണുകളാല്‍ ഉമയുടെ ശരീരമാകെ ഉഴിഞ്ഞു.
അല്ലെങ്കില്‍ തന്നെ വാടക ചോദിക്കാനെന്ന പേരില്‍ അയാളിവിടെ കയറി ഇറങ്ങുന്നതിന്റെ ഉദ്ദേശ്യം ഉമക്കറിയാതെയല്ല, പിണക്കാനും ആട്ടിയകറ്റാനും വയ്യാത്തൊരു അടിമത്വം ഇപ്പോള്‍ അയാളോട് അവള്‍ക്കുണ്ട്, ഇറങ്ങിപ്പോകാന്‍ മറ്റൊരു വീടുണ്ടായിരുന്നെങ്കില്‍…!
പലപ്പോളും കൊതിച്ചിട്ടുണ്ട് അയാളിവിടെ വരുമ്പോളെല്ലാം ഉമ.…
‘രാത്രി വരാം ഞാന്‍..’ അയാള്‍ പതുക്കെ പറഞ്ഞു,
അവളൊന്നും പറഞ്ഞില്ല, എന്നാല്‍ അത് അവളുടെ സമ്മതത്തിന്റെ ലക്ഷണം തന്നെയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു, നിസഹായവസ്ഥ അവളെ തനിക്ക് അടിമപ്പെടുത്തുമെന്ന ചിന്ത തന്നെയാണ് തെല്ലും ഭയമില്ലാതെ അയാളെക്കൊണ്ട് അത് പറയിച്ചതും..
ലോകത്ത് ഒറ്റയാവുന്ന എല്ലാ സ്ത്രീകളും, അന്യന്‍ വിയര്‍ക്കുന്ന കാശില്‍ മൃഷ്ടാനമുണ്ട് അന്യന്റെ കുറ്റം അന്വേഷിച്ചു നടക്കുന്ന സദാചാരവാദികളുടെ കണ്ണില്‍ തേവിടിശ്ശികളാണെന്ന് തിരിച്ചറിഞ്ഞതാവാം, അയാള്‍ക്ക് നിശബ്ദാനുമതി നല്‍കുമ്പോള്‍ ഉമയുടെ മനസിലുണ്ടായിരുന്നത്..
വര്‍ദ്ധിച്ച സന്തോഷത്തോടെ അയാള്‍ ഇറങ്ങി നടന്നു, ഹൃദയം പിളരുന്ന വേദനയോടെ, കരളു നോവുന്ന സങ്കടത്തോടെ ഉമ ചവിട്ടു പടികളിലിരുന്നു. അപ്പു കുഞ്ഞു കാലുകളില്‍ പിച്ചവെച്ച് അമ്മക്കരികിലെത്തി.
അപ്പുവിനെ ചേര്‍ത്തു നെഞ്ചോടമര്‍ത്തി ഉമ കരഞ്ഞു കൊണ്ടിരുന്നു, പിന്നെ എവിടെ നിന്നോ കിട്ടിയ ശക്തിയില്‍ അവളുടെ കണ്ണുകളില്‍ നിന്നൊഴുകുന്ന ജലധാരക്ക് ശമനം വെച്ചു. ഒന്നുമില്ലാത്തവര്‍ക്കും ആരുമില്ലാത്തവര്‍ക്കും അഭിമാനത്തെയും ചാരിത്രത്തെയും കുറിച്ച് ചിന്തിക്കാന്‍ പോലും അവകാശമില്ലെന്ന് അവളുടെ മനസു പറഞ്ഞു, അത് അവള്‍ക്ക് ശക്തി പകരുന്നുണ്ടായിരുന്നു.
***
അപ്പുവിനെ മടിയില്‍ വെച്ച് ദൂരെ നോക്കി നിര്‍വികാരതയോടെ ഇരുന്ന അവള്‍ക്കരികിലേക്ക് ദൂരെ നിന്നും വരുന്ന ഒരു ചുവന്ന വാഗ്‌നര്‍ കാര്‍ ഓടിയടുത്തുകൊണ്ടിരുന്നു. പടി കടന്നെത്തുന്ന കാര്‍ കണ്ട് ഉമയെഴുന്നേറ്റതും അത് മുന്നിലെത്തി നിന്നു. കാറില്‍ നിന്നും ഇറങ്ങുന്നവരെ കണ്ട് ഉമ അല്‍ഭുതപ്പെട്ടു.
കുഞ്ഞ്യേട്ടന്‍….. ഉമ അറിയാതെ മന്ത്രിച്ചു..
‘അപ്പോള്‍ നീ ഞങ്ങളെയൊന്നും മറന്നിട്ടില്ല, അല്ല്യോടി? പറഞ്ഞുകൊണ്ട് അയാള്‍ ചവിട്ടുപടികള്‍ കയറി..’
ഉമയുടെ കണ്ണുകള്‍ നിറഞ്ഞു, അയാള്‍ അവളെ ചേര്‍ത്തു പിടിച്ചു..
‘പോട്ടെടി മോളെ, എല്ലാം കഴിഞ്ഞില്ലെ, ഇനീം ഇങ്ങനെ വിഷമിച്ചിട്ടെന്താ…’അയാളവളെ സമാധാനിപ്പിച്ചു.
‘ഉമ പോയേപ്പിന്നെ ഞങ്ങള് കുറച്ച് അന്വേഷിച്ചു , പക്ഷെ കണ്ടെത്താനായില്ല,പലര്‍ക്കും അറിയില്ലായിരുന്നു, അറിഞ്ഞ ചുരുക്കം ചിലരാണെങ്കില്‍ പറയുകയുമില്ലല്ലോ. ഞങ്ങള്‍ക്കും തോന്നി, എവിടെയാണെങ്കിലും സന്തോഷായി ജീവിക്കണുണ്ടാവും ന്ന്. പിന്നെ അച്ഛനെ അറിയാലോ.. ബാംഗ്ലൂര്‍ന്ന് ഇത്തവണ വന്നപ്പോ രാജേട്ടന്റെ ഏതോ ഫ്രണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു. പക്ഷെ വന്ന് വീട്ടിലേക്ക് കൊണ്ടോവാന്‍ ഞങ്ങള്‍ക്കും അത്ര ധൈര്യം പോരായിര്ന്നു. അതാ ബാംഗ്ലൂര്‍ക്ക് തിരിച്ച് പോകുമ്പോള്‍ കൂട്ടീട്ട് പോവാന്ന് നിരുവിച്ചെ..’ രാജി അവളുടെ കൈകള്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.
‘ഏട്ത്ത്യമ്മേ…’ അവളൊരു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ച് അവരുടെ തോളിലമര്‍ന്നു..
ഉമ വസ്ത്രങ്ങളെല്ലാം കവറിലാക്കി പുറത്തേക്കിറങ്ങി വന്നു, രാജേട്ടന്‍ വാത്സല്യത്തോടെ അവളെ ചേര്‍ത്തുപിടിച്ച് കാറിനടുത്തേക്ക് നടന്നു, രാജിയുടെ തോളില്‍ അപ്പു പറ്റിച്ചേര്‍ന്നു കിടന്നു.
കാറിനകത്തേക്ക് കയറുമ്പൊള്‍ കുഞ്ഞു കുളിരോടെ വീശി വന്ന ഒരു ഇളം തെന്നല്‍ ഉമയുടെ വേദനകളെയും സങ്കടങ്ങളെയും പറിച്ചെറിഞ്ഞു കളഞ്ഞു.വളവിനപ്പുറത്തെ പുളി മരത്തില്‍ ഇരുന്ന ആണ്‍പക്ഷി പെണ്‍പക്ഷിയെ നോക്കി പറഞ്ഞു.
‘കണ്ടോ? വിധി ഇങ്ങനെയാണ്, അത് ചിലരെ തെരെഞ്ഞെടുക്കും, ഒരിക്കലും ക്ഷമിക്കാനും സഹിക്കാനുമാവാത്ത തരത്തില്‍ അവരെ പരീക്ഷിച്ചു കൊണ്ടേയിരിക്കും. ഇനിയൊരിക്കലും ഒരു രക്ഷപ്പെടലില്ലെന്ന് അത് അവരെ തോന്നിപ്പിക്കും. അവസാനം ഒരു കയറിലോ ഒരല്പം വിഷത്തിലോ അവര്‍ അവസാനിക്കും. എന്നാലോ ഒരല്പ നേരത്തെ ക്ഷമകൂടി അവര്‍ക്കുണ്ടായിരുന്നെങ്കില്‍…! കാരണം തോല്‍വിയുടെ അവസാനത്തെ നിമിഷത്തില്‍ അവരുടെ സഹായത്തിനായി വിധി ആരെയോ കണ്ട് വെച്ചിട്ടുണ്ടായിരുന്നു എന്ന് അവര്‍ മനസിലാക്കാറേയില്ല.’
കാര്‍ മെല്ലെ മുന്നോട്ട് ചലിച്ചു, പുളിമരം കടന്ന് മുന്നോട്ട് നീങ്ങുമ്പോള്‍ ഭ്രാന്തന്‍കൃഷ്‌ണേട്ടന്‍ അവളെ കണ്ടു.
‘അപ്പേടെ മോളെ, അപ്പേടെ മോളെ.. ‘ വിളിച്ചു കൊണ്ട് അയാള്‍ ഉമയുടെ കാറിനു പിന്നാലെ പാഞ്ഞു.
ഉമ തല പുറത്തേക്കിട്ട് അയാളെ നോക്കി ചിരിച്ചു കൊണ്ട് കൈവീശി..
‘ഞാന്‍ വരും കൃഷ്‌ണേട്ടാ, ഒരു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാനാവുമ്പോള്‍ ഞാന്‍ വരും, ഈ അപ്പേടെ മോളാവാന്‍, കാരണം ബുദ്ധിയുറച്ചവരേക്കാള്‍ ബുദ്ധിയിളകി നില്‍ക്കുന്നവരുടെ മനസിലെ നിറഞ്ഞ സ്‌നേഹവും വാത്സല്യവും ഞാന്‍ നിങ്ങളില്‍ നിന്നും അറിഞ്ഞിട്ടുണ്ടല്ലോ..’ ഉമയുടെ മനസു മന്ത്രിച്ചു.
ഉമയുടെ കാര്‍ ദൂരങ്ങളോളം താണ്ടിക്കഴിഞ്ഞ ശേഷവും കൃഷ്‌ണേട്ടന്‍ കൈകള്‍ വീശിക്കൊണ്ടേയിരുന്നു. ആ കണ്ണുകളില്‍ ചുവപ്പു കലര്‍ന്നിരുന്നു.

22 Nov 2012

കോപ്പന്‍ഹാഗന്‍ – ചരിത്രത്തിന്‍റെ ഹൃദയത്തുടിപ്പുകള്‍

ജെയിംസ്‌ വര്‍ഗീസ്‌ 



ഞങ്ങളുടെ കാര്‍ ഡ്രോജ്ടന്‍ തുരംഗം പിന്നിട്ടു ഇപ്പോള്‍ കോപ്പന്‍ഹാഗനിലേക്ക് എത്തിച്ചേരുന്നു. സ്വീഡനിലെ കാലാവസ്ഥയില്‍ നിന്നും അല്പം കൂടി തണുപ്പ് അനുഭവപ്പെടുന്നുണ്ട് ഇവിടെ ഇപ്പോള്‍. കോപ്പന്‍ ഹാഗനില്‍ ഞങ്ങള്‍ കാണേണ്ട ഇടങ്ങളെ കുറിച്ചൊക്കെ ടിക്കു ഇതിനിടയ്ക്ക് ഞങ്ങളോട് പറഞ്ഞു കൊണ്ടിരുന്നു. രാജകൊട്ടാരങ്ങള്‍, ടിവോളി പാര്‍ക്ക് ഇതൊക്കെ കാണണം എന്ന് പ്രത്യേകം പറഞ്ഞു. ടിക്കുവിന്റെ കമ്പനിയുടെ ഒരു ഓഫീസ്, കോപ്പന്‍ ഹാഗനിലും പ്രവര്‍ത്തിക്കുന്നു. അവിടെ കൊണ്ട് പോയി ഞങ്ങളെ പരിചയപ്പെടുത്തുകയാണ് ടിക്കുവിന്റെ ലക്ഷ്യം.

അത് കഴിഞ്ഞു സര്‍വ തന്ത്ര സ്വതന്ത്രര്‍ ആയി ഞങ്ങളെ ഇവിടെ തുറന്നു വിടും. നാളെ അതിരാവിലെ ആണ് ആംസ്റ്റര്‍ ഡാമിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും അധികം സന്തോഷത്തോടു കൂടി ജീവിക്കുന്ന ജനസമൂഹം ആണ് ഡെന്മാര്‍ക്കിലേത് എന്നാണ് സര്‍വേകള്‍ എല്ലാം പറയുന്നത്. ജനങ്ങളുടെ സാമ്പത്തീക ഭദ്രതയില്‍ ഏറ്റവും തുല്യത പുലര്‍ത്തുന്ന രാജ്യവും ഡെന്മാര്‍ക്ക് ആണ് സോഷ്യലിസം . എങ്കിലും ലോകത്തിലെ ഏറ്റവും ജീവിത ചിലവുള്ള ഒരു പട്ടണം ആണ് ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹാഗന്‍ ലോകത്തില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ ഡെന്മാര്‍ക്കിന്റെ സ്ഥാനം രണ്ടാമത് ആണ്. പക്ഷെ ജീവിത ച്ചെലവ് വളരെ കൂടിയ ഒരു രാജ്യം ആണ് ഡെന്മാര്‍ക്ക്. വ്യക്തി സ്വാതന്ത്ര്യം ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്നതും ഡെന്മാര്‍ക്കില്‍ ആണ്.

എന്ത് കൊണ്ടും എല്ലാവര്ക്കും ജീവിക്കുവാന്‍ ഇഷ്ടം തോന്നുന്ന രാജ്യം. ഡാനിഷ് ആണ് ഈ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ. ഡാനിഷ് ക്രോണ്യ ഇവിടുത്തെ നാണയവും. യൂറോപ്യന്‍ യൂണിയനില്‍ അംഗം ആണെങ്കിലും യൂറോ സോണില്‍ ഡെന്മാര്‍ക്ക് അംഗം അല്ല. ലോകത്തില്‍ ആദ്യമായി പോണോഗ്രാഫി നിയമം മൂലം അംഗീകരിച്ചതും, പോണോ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും ഡെന്മാര്‍ക്കില്‍ ആണ്. അത് പോലെ സ്വവര്‍ഗ രതി, സ്വവര്‍ഗ വിവാഹം തുടങ്ങിയവ ആദ്യം നിയമപരമായി അംഗീകരിച്ചതും ഡെന്മാര്‍ക്കില്‍ ആണ്. ഡാനിഷ് ജനങ്ങളും അതീവ സുന്ദരന്മാരും സുന്ദരികളും ആണ്. കോപ്പന്‍ ഹാഗനിലെ വീഥികളും വിജനങ്ങള്‍ ആണ്, ടിക്കു ഞങ്ങളെ പ്രധാന വീഥികളില്‍ കൂടി ഒക്കെ കറക്കിയതിനു ശേക്ഷം ആണ് ഓഫീസില്‍ കൊണ്ട് പോയത്. ഓഫീസിലെ ഡിജിറ്റല്‍ ബോര്‍ഡില്‍ എന്റെയും രോഹിത്തിന്റെയും പേരുകള്‍ മിന്നി മറയുന്നത് അപ്പോള്‍ ആണ് ശ്രദ്ധയില്‍ പെട്ടത്. അവര്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സ്വാഗതം അരുളുന്ന സന്ദേശം ആണ് ഡിജിറ്റല്‍ ബോര്‍ഡില്‍ ഇട്ടിരിക്കുന്നത്. ചൂടുള്ള ചായ കുടിച്ചു, മേലധികാരികളും ആയി ബിസിനസ് വിശേഷങ്ങള്‍ പങ്കു വച്ച ശേക്ഷം ഞാനും രോഹിത്തും കൂടി ആ പച്ചക്കറി മാര്‍ക്കറ്റ് ചുറ്റി നടന്നു. വളരെ വിശാലമായ കെട്ടിടങ്ങളും സൌകര്യങ്ങളും ഒക്കെ ഉണ്ടെങ്കിലും മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ നാല് മാസം ആയി, മഞ്ഞു കാലം ആയതിനാല്‍ അവരുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ ഒന്നും മാര്‍ക്കറ്റില്‍ വിപണനത്തിന് വരുന്നില്ല. ഇപ്പോള്‍ പച്ചക്കറി, പഴ വര്‍ഗങ്ങള്‍ എല്ലാം ഇറക്കുമതി ചെയുകയാണ്. തുര്‍ക്കികള്‍ ആണ് ഇവിടെ കൂടുതലും കച്ചവടം നടത്തുന്നത്. അവര്‍ കൂടുതലും ജനങ്ങളെ കബളിപ്പിക്കുന്നവര്‍ ആണ്, അതിനാല്‍ ഓരോ വര്‍ഷവും അവരുടെ കച്ചവട സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടുകയും പിന്നെ മറ്റൊരു പുതിയ പേരില്‍ പ്രത്യക്ഷപ്പെടുകയും ആണ് ചെയ്യുക പതിവ്. കൂടിക്കാഴ്ചകള്‍ എല്ലാം കഴിഞ്ഞു, തലേ ദിവസം ഞങ്ങളോടൊപ്പം ഹെല്‍സിംഗ്‌ബോര്‍ഗില്‍ അത്താഴം കഴിക്കാനുണ്ടായിരുന്ന പീറ്റ് ഞങ്ങളെ ഡെന്മാര്‍ക്കില്‍ ഹോട്ടലിലേക്ക് കൊണ്ട് പോയി. പോകുന്ന വഴിയില്‍ ഒന്ന് രണ്ടു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ , ചില പ്രധാന വീഥികള്‍ ഒക്കെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. എന്റെ ത്രോട്ട് ഇന്‍ഫെക്ഷന്‍ ആകെ പ്രശനവും ആയി, ഇത്തവണ മരുന്നില്ലാതെ മാറില്ല എന്ന് തോന്നുന്നു. എന്തായാലും ഒരു ഫാര്‍മസിയില്‍ പോയി, അത്യാവശ്യം കഫ് സിറപ്പ് കൂടി വാങ്ങി. ഡെന്മാര്‍ക്ക് , ബിയര്‍ ബിസിനസ്സില്‍ വലിയ ഒരു സംഭവം ആണ്. ബിയര്‍ വ്യവസായത്തിന്റെ ഉറവിടവും ഡെന്മാര്‍ക്ക് ആണ്. എവിടെയും കാള്‍സ്‌ബെര്‍ഗ് ബിയറിന്റെ പരസ്യങ്ങള്‍. പീറ്റ്, ഞങ്ങളെ കാള്‍സ്‌ബെര്‍ഗ് ബിയര്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകളുടെ അടുക്കല്‍ കൂടി കൊണ്ട് പോയി. ( പക്ഷെ കള്ളന്‍, ഒരു ബിയര്‍ പോലും മേടിച്ചു തന്നില്ല ) ഡെന്മാര്‍ക്കിലെ ബിയര്‍ വ്യവസായത്തെ കുറിച്ചൊക്കെ സംസാരിച്ചു. നമ്മുടെ നാട്ടില്‍ പച്ച വെള്ളം കുടിക്കുന്നത് പോലെ ആണ്, രാവിലെയും വൈകിട്ടും ഒക്കെ, തണുപ്പ് കാലത്തും വേനല്‍ കാലത്തും ഒക്കെ ഇവര്‍, ആണും പെണ്ണും ബിയര്‍ കുടിക്കും. അനേകം പാകിസ്ഥാനികള്‍ ഡെന്മാര്‍ക്കില്‍ സ്ഥിരമായി താമസിക്കുന്നു . കുടിയേറ്റക്കാരില്‍ അഞ്ചാം സ്ഥാനം അവര്‍ക്കാണ്. അറുപതുകളിലും എഴുപതുകളിലും ലേബര്‍ ക്ലാസ്സില്‍ ഉള്‍പ്പെടുത്തി ആണ്, പാകിസ്ഥാനികളെ ഡെന്മാര്‍ക്കില്‍ കൊണ്ട് വരുന്നത്. തുടക്കത്തില്‍ ആണുങ്ങള്‍ മാത്രം ആയിരുന്നു ഇവിടെ വന്നിരുന്നത്. പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തന ഫലം ആയി, അവരുടെ കുടുംബാംഗങ്ങളെ കൂടി ഇവിടെ കൊണ്ട് വരുവാന്‍ അനുമതി ലഭിച്ചു. ഒരിക്കല്‍ കിട്ടിയ അവസരം മുതലെടുത്ത്, പാകിസ്ഥാനികള്‍ , വിവാഹം കഴിച്ചും കഴിപ്പിച്ചും , കള്ളത്തരത്തില്‍ ഇവിടെ കുടിയേറി തുടങ്ങിയപ്പോള്‍ ഡെന്‍മാര്‍ക്കിലെ പൌരസമൂഹം ഇവര്‍ക്കെതിരെ തിരിയുകയും ഇവരുടെ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ഡെന്മാര്‍ക്ക് നിയമ നിര്‍മ്മാണ സഭയില്‍ പോലും പാകിസ്താന്‍ പ്രാതിനിധ്യം ഉണ്ട്. ഇവിടെ പാകിസ്ഥാനികള്‍ പ്രധാനമായും െ്രെഡവര്‍മാരായിട്ടാണ് തോഴിലെടുക്കുന്നത്. ഇവരാണ് ഇവിടെ ഉള്ള ടാക്‌സി െ്രെഡവര്‍മാറില്‍ ഏറെയും.


 ഇവരാണ് ഡെന്മാര്‍ക്കിലെ വ്യഭിചാരം, മയക്കുമരുന്ന് , മാഫിയ ശ്രിംഘല നിയന്ത്രിക്കുന്നതും. അധോലോകം മുഴുവന്‍ ഇവരുടെ നിയന്ത്രണത്തില്‍ ആയതിനാല്‍ ഡെന്മാര്‍ക്കുകാര്‍ ഇവരെ സംശയ ദ്രിഷ്ടിയോടു കൂടി ആണ് ഇവരെ കാണുന്നത്. പ്രസിദ്ധമായ കാള്‍ട്ടന്‍ ഹോട്ടലില്‍ ആണ് ഞങ്ങള്‍ക്ക് താമസമോരുക്കിയിരിക്കുന്നത്. ഹോട്ടലില്‍ ചെന്ന് ഫ്രഷ് ആയി, ഞാനും രോഹിതും കൂടി സിറ്റി കാണുവാന്‍ ഇറങ്ങി തിരിച്ചു. ഞങ്ങള്‍ കുറെ ദൂരം നടന്നു, പ്രകൃതി ദ്രിശ്യങ്ങള്‍ എല്ലാം കണ്ടു ടിവോളി പാര്‍ക്കില്‍ പോകുവാനായി ബസ് കാത്തു നിന്ന്. ബസ്സില്‍ ഒരു സ്ത്രീ ആണ് െ്രെഡവര്‍. അവര്‍ തന്നെ ഞങ്ങള്‍ക്ക് ടിക്കറ്റ് നല്‍കി. ബസ്സില്‍ പ്രായമായവരും സ്ത്രീകളും ആണ് യാത്രക്കാരില്‍ കൂടുതലും. ഞങ്ങള്‍ ടിവോളി പാര്‍ക്കിനു മുന്നിലുള്ള സ്‌റ്റോപ്പില്‍ ഇറങ്ങി. സിറ്റിയുടെ ഒത്ത നടുക്കാണ് ടിവോളി പാര്‍ക്ക് സ്ഥിതി ചെയുന്നത്. ടിവോളി പാര്‍ക്കിനു മുന്നില്‍ ആണ്, കോപ്പന്‍ഹാഗന്‍ സെന്‍ട്രല്‍ റെയില്‍വെ സ്‌റേഷന്‍. വളരെ പുരാതനമായ സ്‌റ്റേഷന്‍ ആണത്. ഇന്റര്‍ സിറ്റി ട്രെയിനുകള്‍ എല്ലാം ഇവിടെ നിന്നാണ് പുറപ്പെടുന്നത്. 1847 ല്‍ ആണ് ഈ സ്‌റ്റേഷന്‍ ആദ്യമായി ഇവിടെ പണിതത്. ഞങ്ങള്‍ റെയില്‍വേ സ്‌റ്റേഷനില്‍ കയറി നോക്കി. ഞങ്ങളുടെ കൈയില്‍ ഡെന്മാര്‍ക്കിന്റെ കറന്‍സി ഇല്ല. ഡോളര്‍ മാറി, ഡാനിഷ് ക്രോണര്‍ കയ്യില്‍ കരുതണം. ഒരു ഡോളറിനു അഞ്ചര ഡാനിഷ് ക്രോണര്‍ ആണ് ഞങ്ങള്‍ക്ക് കിട്ടിയത്. പണം മാറിയ ഉടനെ ഞങ്ങള്‍ സ്‌റേഷന് അകത്ത് തന്നെ ഉള്ള ഫുഡ് കോര്‍ട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു. പുറത്തു ചെറിയ ചാറ്റല്‍ മഴ ഉണ്ട് എങ്കിലും പ്രസന്നമായ അന്തരീക്ഷം. ഞങ്ങള്‍ വെളിയില്‍ ഇറങ്ങി, ഇപ്പോള്‍ മണി രണ്ടു കഴിഞ്ഞിട്ടെ ഉള്ളൂ. രാത്രി വരെ ചുറ്റിക്കറങ്ങണം, എങ്ങോട്ടു പോകണം, എവിടെ പോകണം എന്നൊന്നും അറിയില്ല. വെറുതെ കുറെ നേരം വെളിയില്‍ ഇറങ്ങി നഗരത്തിന്റെ വിഗഹ വീക്ഷണം നടത്തി. മുന്നില്‍ ടിവോളി പാര്‍ക്ക് മാടി വിളിക്കുന്നു. സ്‌കാഡിനെവിയയിലെ ഏറ്റവും വലിയ അമ്യുസ്‌മെന്റ് പാര്‍ക്കാണ് പ്രസിദ്ധമായ ടിവോളി ഗാര്‍ഡന്‍സ്. 1843 ല്‍ ആരംഭിച്ച ഈ പാര്‍ക്ക് ആണ്, ലോകത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ പാര്‍ക്ക്. പാരീസിലെ ഡിസ്‌നിലാന്‍ഡ് കഴിഞ്ഞാല്‍, യൂറോപ്പില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പാര്‍ക്കും ടിവോളി ആണ്.


ഞങ്ങള്‍ ടിവോളി ഗാര്‍ഡന്റെ ഗേറ്റില്‍ പോയി, എന്‍ട്രി പാസ് എടുക്കുവാന്‍ നോക്കിയപ്പോള്‍ മനസിലായി, ഇത് ഞങ്ങള്‍ക്ക് പറ്റിയ ഇടമല്ല എന്ന്. ഗാര്‍ഡനില്‍ അകത്ത് കടക്കുവാന്‍ മാത്രം 100 ക്രോണര്‍ ആണ് ചാര്‍ജു. ഞങ്ങള്‍ അവിടെ നിന്ന് തിരിഞ്ഞു നടന്നു. നഗരത്തിന്റെ മറു വശത്തു, തിരക്കുള്ള ഭാഗത്ത് ഞങ്ങള്‍ നടന്നു ചെന്നപ്പോള്‍ അവിടെ അനേകം ബസുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു.. അവയില്‍ സൈറ്റ് സീയിംഗിനു ഉള്ള മുകള്‍ ഭാഗം തുറന്ന ഇരു നില ബസ്സുകളും ഉണ്ട്. സിറ്റി കാണുവാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗം എന്ന് കരുതി ഞങ്ങള്‍ ഒരു ബസിനു അടുക്കലേക്ക് ചെന്നു. ബസിനു അടുക്കലെയ്ക്ക് ചെന്നപ്പോഴേ ബസ്സിന്റെ െ്രെഡവര്‍ ഹിന്ദിയില്‍ ഞങ്ങളെ ബസ്സിലേക്ക് സ്വാഗതം ചെയുന്നു. ‘ആയിയേ… ആയിയേ… ബായി ആയിയേ…. ‘ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടി. ഡെന്മാര്‍ക്കിലും ഹിന്ദി ആണോ പ്രധാന ഭാഷ? അതോ, ടൂറിസത്തിന് വേണ്ടി ഇവര്‍ ഹിന്ദി ഭാഷയില്‍ െ്രെഡവര്‍മാര്‍ക്ക് പരിശീലനം കൊടുക്കുന്നത് ആണോ? എന്തായാലും ഹിന്ദിയില്‍ ഉള്ള െ്രെഡവറുടെ സംഭാക്ഷണം ഞങ്ങളെ സന്തോഷിപ്പിച്ചു. ടിക്കറ്റ് എടുക്കാനായി ചെന്ന ഞങ്ങളോട് െ്രെഡവര്‍ പറയുകയാണ്, ഒരു ടിക്കറ്റിനു 150 ക്രോണര്‍ ആണ് ചാര്‍ജു. നിങ്ങള്‍ ടിക്കറ്റ് എടുക്കണ്ട, ഇറങ്ങുമ്പോള്‍ ഇഷ്ടം ഉള്ള തുക തന്നാല്‍ മതി. ടിക്കറ്റില്ലാതെ യാത്ര ചെയ്തു ഡെന്മാര്‍ക്കിലെ ജയിലില്‍ കിടക്കേണ്ടി വരുമോ എന്ന ഞങ്ങളുടെ ഭയം അസ്ഥാനത്ത് ആണ് എന്നും അദേഹം ഞങ്ങളെ പറഞ്ഞു മനസിലാക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡെന്മാര്‍ക്കില്‍ ജോലിക്കായി വന്ന പാക്കിസ്ഥാനി ആയിരുന്നു ഈ വാഹനത്തിന്റെ െ്രെഡവര്‍.


 എന്തായാലും ഞങ്ങള്‍ മുകളിലെ ഓപ്പന്‍ ഡെക്കില്‍ ഇരുന്നു, ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി അതില്‍ ഇംഗ്ലീഷ് ഭാഷ തെരഞ്ഞെടുത്തു. ടിക്കറ്റ് എടുക്കുകയാണ് എങ്കില്‍ പണം മുഴുവന്‍ കമ്പനിക്ക് പോകും, അല്ലെങ്കില്‍ കിട്ടുന്ന പണം െ്രെഡവറുടെ പോക്കറ്റിലും. ചരിത്രമുറങ്ങുന്ന പട്ടണം ആണ് കോപ്പന്‍ഹാഗന്‍,.. മനോഹരമായ റോഡുകളും തടാകങ്ങളും കനാലുകളും നിറഞ്ഞ തെരുവിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ടു നീങ്ങി. ഓരോ തെരുവിന്റെയും അവിടെ ഉള്ള കെട്ടിടങ്ങളുടെയും പ്രധാന ആകര്‍ഷണങ്ങളുടെയും വിശദാംശംങ്ങള്‍ ഹെഡ് ഫോണിലൂടെ പറഞ്ഞു തന്നു കൊണ്ടിരുന്നു. യാത്ര തുടങ്ങുമ്പോള്‍ ടിവോളി ഗാര്‍ഡന് എതിര്‍ ഭാഗത്ത് പ്രമൂഖ ബിയര്‍ നിര്‍മ്മാതാവായ കാര്‍ല്‌സ്ബര്‍ഗ് നിര്‍മ്മിച്ച ആര്‍ട്ട് മ്യുസിയം കടന്നാണ് ഞങ്ങളുടെ ബസ് മുന്നോട്ടു പോകുന്നത്. മ്യുസിയത്തില്‍ ഞങ്ങള്‍ കയറിയില്ല എങ്കിലും അതിന്റെ പരിസരം പോലും അതി മനോഹരം എന്നെ പറയേണ്ടു. സ്‌കല്‍പ്ചറിനും പെയിന്റിംഗിനും പ്രാമുഖ്യം കൊടുക്കുന്ന ആര്‍ട്ട് മ്യുസിയം ആണ് ഇത്. അതി പുരാതന സംസ്‌കാരങ്ങളുടെ ഈജിപ്റ്റ് , ഗ്രീസ്, റോമ, ഫ്രഞ്ച് തുടങ്ങിയ ഇടങ്ങളിലെ പുരാതനമായ സ്‌കല്‍പ്ചറുകളും ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡെന്മാര്‍ക്കിലെ ഏറ്റവും പ്രസിദ്ധനായിരുന്ന രാജാവ്, ക്രിസ്ത്യന്‍ നാലാമനെ കുറിച്ചാണ് കൂടുതല്‍ കമന്ററിയും. 1588 മുതല്‍ 1648 വരെ ഡെന്മാര്‍ക്ക് ഭരിച്ച ക്രിസ്ത്യന്‍ നാലാമന്‍ ആണ് ഡെന്മാര്‍ക്കിന്റെ ഏറ്റവും ആദരണീയനായ, ജനങ്ങള്‍ ഏറ്റവും അധികം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന രാജാവ്. യുദ്ധങ്ങള്‍ ജയിക്കുകയും തോല്‍ക്കുകയും, ഏറ്റവും സമ്പന്നനും ഏറ്റവും ദരിദ്രനും ആയ രാജാവായിരുന്നു അദേഹം. സുന്ദരികള്‍ ആയ സ്ത്രീകള്‍ എന്നും ഇദേഹത്തിന്റെ ഒരു ബലഹീനത ആയിരുന്നു എന്നും ചരിത്രം പറയുന്നു. സ്‌കാന്‍ഡിനെവിയന്‍ രാജ്യങ്ങളില്‍ ഏറ്റവും വലിയ ഉരുക്ക് മുഷ്ടി ഉണ്ടായിരുന്ന രാജ്യം ആയിരുന്നു ഡെന്മാര്‍ക്ക്. ഒരു കാലത്ത്, സ്വീഡനെയും, നോര്‍വേയെയും, ഇംഗ്ലണ്ടിനെയും ജെര്‍മനി, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ ഒരു ഭാഗത്തെയും ഭരിച്ചിരുന്നത് ഡെന്മാര്‍ക്ക് ആണ്. വളരെ ശക്തവും സമ്പന്നവും ആയിരുന്നു ഡെന്മാര്‍ക്ക്.


കലയ്ക്കും വിനോദത്തിനും അതിരറ്റ സംഭാവന നല്‍കിയ നാട് കൂടി ആണ് ഡെന്മാര്‍ക്ക്.. ബസ് മുന്നോട്ടു നീങ്ങുമ്പോള്‍ കോട്ടകളും കൊട്ടാരങ്ങളും മുന്നില്‍ നിറയുന്നു. നാലുവശവും കടല്‍ ആയതിനാല്‍ ആകും, ലോകത്തിലെ ഏറ്റവും ശക്തരായ നാവികര്‍ ആണ് ഡാനിഷ് കാര്‍. പല യുദ്ധങ്ങളും ഇവര്‍ ജയിച്ചത്, ഇവരുടെ നാവിക പ്പടയുടെ ശക്തി കൊണ്ടാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ നാവികര്‍ക്കും പട്ടാളക്കാര്‍ക്കും താമസിക്കുവാന്‍ ഒരുക്കിയിരുന്ന ബാരക്കുകളും കെട്ടിടങ്ങളും ഇന്നും ചരിത്രമായി അവശേഷിക്കുന്നു. ഷേക്‌സ്പിയറുടെ ഹാംലെറ്റ് എന്ന കൃതിയില്‍ വിശേഷിപ്പിക്കുന്ന ക്രോന്‌ബോര്ഗ് കോട്ട ആണ് ഡെന്മാര്‍ക്കിലെ എല്‌സ്‌നോറിലെ മറ്റൊരു ആകര്‍ഷണം. കടലിനടുത്ത് ആണ് മനോഹരമായ ഈ കോട്ട സ്ഥിതി ചെയുന്നത്. ഡെന്മാര്‍ക്കിലെ പാര്‍ലിമെന്റ് മന്ദിരം , മന്ത്രി മന്ദിരങ്ങള്‍, സുപ്രീം കോര്‍ട്ട് എല്ലാം സ്ഥിതി ചെയുന്നത് ക്രിസ്ത്യന്‍ബോര്‍ഗ് പാലസില്‍ ആണ്. അതി മനോഹരമാണ് ഈ കൊട്ടാര സമുച്ചയങ്ങള്‍. പഴമയുടെ വിശുദ്ധി അതി മനോഹരമായി സമജ്ജയിപ്പിച്ചിരിക്കുന്നു ഈ കൊട്ടാരവളപ്പില്‍. അനേകം ശില്പങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ് ഈ കൊട്ടാര വളപ്പ്… കടല്‍ക്കരയില്‍ ഒരിടത്ത് ഞങ്ങളുടെ ബസ്‌ നിര്‍ത്തി, ഒരു ചെറിയ പാര്‍ക്കായിരുന്നു. അവിടെ ആണ് എച്ചു.സി. ആണ്ടെര്‍സന്‍ എന്ന വിഖ്യാത എഴുത്തുകാരന്‍ വിവരിച്ചു തന്ന മേര്‍ മെയിഡ് എന്ന മത്സ്യ കന്യക. മത്സ്യ കന്യകയുടെ ശില്‍പം ഡെന്മാര്‍ക്കിലെ വിനോദ സഞ്ചാരികളുടെ ഒരു വലിയ ആകര്‍ഷണം ആണ്. കുട്ടികാലത്ത് പഠിച്ച ഹാന്‍ ക്രിസ്ത്യന്‍ ആണ്ടെര്സനെ കുറിച്ച് കൂടുതല്‍ അറിയുവാനും ഈ യാത്ര ഉപകരിച്ചു.


1805 ല്‍ ജനിച്ചു 1875 വരെ ജീവിച്ച ആണ്ടെര്സന്‍ കുട്ടികളുടെ സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ ആണ് തന്‍റെ ഫെയറി കഥകളിലൂടെ നല്‍കിയിട്ടുള്ളത്. ഇദേഹത്തിന്റെ പ്രധാന കൃതികള്‍ The Steadfast Tin Soldier, The Snow Queen, The Little Mermaid, Thumbelina, The Little Match Girl, and The Ugly Duckling. ഇവയാണ്. ഡാനിഷ് ജനത കടലും ആയി അഗാധ ബന്ധം പുലര്‍ത്തുന്ന നാവികര്‍ ആണ്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികള്‍ ടെന്മാര്‍ക്കിന്റെത് ആണ്. ഇവയെല്ലാം ഞങ്ങളുടെ ഹെഡ് ഫോണില്‍ കൂടി വിവരിച്ചു തരുന്നു. വീണ്ടും മുന്നോട്ടു പോകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി ആയ എ പി എല്‍ മേര്‍സ്‌കിന്റെ ആസ്ഥാന മന്ദിരം കാണിച്ചു തന്നു. മനോഹരമായ വീഥികള്‍, പ്രകാശമുള്ള നല്ല കാലാവസ്ഥ. മഴ മാറിയിരിക്കുന്നതിനാല്‍ നല്ല തെളിഞ്ഞ അന്തരീക്ഷം. ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന കെട്ടിടം റോസെന്‍ബെര്‍ഗ് പാലസ് ആണ്. ലോകത്തിലെ എല്ലാ സുഖഭോഗങ്ങളും അനുഭവിക്കുവാന്‍ ക്രിസ്ത്യന്‍ നാലാമന്‍ തന്റെ കാലത്ത് പണി കഴിപ്പിച്ച അതി മനോഹരമായ കൊട്ടാരം ആണ് റോസെന്‍ബെര്‍ഗ് കൊട്ടാരം. ഡാനിഷ് റിനൈസനന്‍സ് മോഡലില്‍ ആണ് പ്രസിദ്ധമായ ഈ കൊട്ടാരം പണി കഴിപ്പിചിട്ടുള്ളത്. റോസെന്‍ബെര്‍ഗ് കൊട്ടാര വീഥികല്‍ കടന്നു ബസ് വീണ്ടും മുന്നോട്ടു പോയി കൊണ്ടിരുന്നു, ഇപ്പോള്‍ ഞങ്ങളുടെ മുന്നില്‍ മനോഹരമായ കനാലുകള്‍ കാണാം. നിഹാവുന്‍ എന്ന അതി മനോഹരമായ വാട്ടര്‍ ഫ്രന്റ് ആണ് ഇവിടം.

ഡെന്മാര്‍ക്കില്‍ വരുന്ന വിനോദ സഞ്ചാരികള്‍ എല്ലാവരും ഇവിടെ വന്നു ഈ കനാലുകളുടെ സൌന്ദര്യം നുകരുന്നു. വളരെ പുരാതനമായ തടി കൊണ്ടുള്ള ബോട്ടുകള്‍ ഇപ്പോഴും ഇവിടെ ഉണ്ട്. കനാലുകളില്‍ ബോട്ടിംഗ് നടത്തുന്ന ജനങ്ങള്‍.,…. എല്ലാ ബോട്ടുകളും നിറഞ്ഞു കവിഞ്ഞു ജനങ്ങള്‍. എല്ലാവരുടെ കൈ വശവും ബിയര്‍ ടിന്നുകള്‍.,…. ജനങ്ങള്‍ ശരിക്കും ആഘോഷത്തിന്റെ തിമിര്‍പ്പില്‍ ആണ്. പല നിറത്തില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച പുരാതനമായ കെട്ടിടങ്ങള്‍ ആണ് കനാലുകള്‍ക്ക് ഇരുവശവും. അതി മനോഹരമായ വര്‍ണ്ണ ഉത്സവം. ഫ്രീ ടൌണ്‍ ക്രിസ്ത്യാനിയയുടെ അടുക്കല്‍ കൂടി ആണ് ഇപ്പോള്‍ ബസ് നീങ്ങുന്നത്. ഫ്രീ ടൌണ്‍ ക്രിസ്ത്യാനിയ എന്നത് പേര് പോലെ തന്നെ ഒരു ഫ്രീ ടൌണ്‍ ആണ്. ഇവിടെ ആര്‍ക്കും എന്തും ആകാം. ഒരു രാജ്യത്തിനകത്ത് മറ്റൊരു നിയമവും ആയി പുതിയൊരു പ്രദേശം. 1617 ല്‍ ക്രിസ്ത്യന്‍ നാലാമന്‍ ആണ്, പഴയ കാല പട്ടാള ബാരക്കുകള്‍ ഉണ്ടായിരുന്ന ഈ പ്രദേശത്തെ ക്രിസ്ത്യാനിയ എന്ന പേര് നല്‍കി പ്രത്യേക നിയമങ്ങള്‍ ഉള്ള പ്രദേശം ആക്കി തിരിച്ചത്. കോപ്പന്‍ഹാഗന്‍ സിറ്റിക്ക് അകത്ത്, 34 ഹെക്ടര്‍ സ്ഥലത്താണ്, ലോകത്തെ എല്ലാ തോന്ന്യവാസങ്ങളും നടമാടുന്ന ഈ പ്രദേശം സ്ഥിതി ചെയുന്നത്. സ്വാതന്ത്ര്യം എന്ന പേരില്‍ എല്ലാവിധമായ തെണ്ടിത്തരങ്ങളും നടക്കുന്ന സ്ഥലം എന്നാണ്, ഗൈഡ് ഇതേക്കുറിച്ച് വിശദീകരിച്ചു തന്നത്. ക്രിസ്ത്യന്‍ നാലാമന്‍ ആണ് ഇത് പണി കഴിപ്പിച്ചത് എങ്കിലും അതിനു ശേക്ഷം വന്ന എല്ലാ രാജാക്കന്മാരും ഭരണാധികാരികളും ഈ പ്രദേശത്തെ സംരക്ഷിച്ചു പോന്നു. മുനിസിപ്പാലിറ്റിക്കോ അല്ലെങ്കില്‍ സര്‍ക്കാരിനോ, ഇവിടെ യാതൊരു അധികാരവും ഇല്ല. ഈ ചെറിയ പ്രദേശത്തു താമസിക്കുന്നവര്‍ക്ക് അവരുടെതായ നിയമം ആണ് ഉള്ളത്. ഫ്രീ ടൌണിനെക്കുറിച്ച് വളരെ മോശമായ അഭിപ്രായങ്ങള്‍ ഉള്ളപ്പോള്‍ പോലും, ഇവിടെ ഉള്ള പഴയകാല ശില്പ സൌന്ദര്യം സംരക്ഷിക്കേണ്ട ഒന്നാണ്.


ഇവടെ അനേകം കലാകാരന്മാര്‍ വന്നു തങ്ങളുടെ കലാവിരുത് പ്രകടിപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം. ലോകത്തിലെ ഏറ്റവും ശക്തമായ ലഹരി പദാര്‍ഥങ്ങള്‍ ഇവിടെ വളരെ ഫ്രീ ആയി വിറ്റഴിയുന്നു. മാരിജുവാനയും കൊക്കയ്‌നും കഞ്ചാവും ഹാഷിഷും എല്ലാം യാതൊരു മറയും ഇല്ലാതെ വില്‍ക്കുന്ന പ്രദേശം ആണ് ഫ്രീ ടൌണ്‍,…

അത് പോലെ വസ്ത്രം ധരിച്ചും ധരിക്കാതെയും ഇഷ്ടം പോലെ ജനങ്ങള്‍ക്ക് ഈ പ്രദേശത്തു കഴിയാം. ഇവിടെ ഗുണ്ടാ സംഘങ്ങള്‍ തിമിര്‍ത്തു വാഴുന്ന പ്രദേശം കൂടിയാണ്. ഈ പ്രദേശത്തു ഫോട്ടോ എടുക്കുവാന്‍ ആര്‍ക്കും അവകാശം ഇല്ല. ഇവിടെ മെഡിറ്റേഷ ന്‍, യോഗ എന്നിവയ്ക്ക് അനേകം പേര്‍ എത്തുന്നു എന്നതും വളരെ കൌതുകകരം ആണ്. സ്വവര്‍ഗ രതിയുടെ തലസ്ഥാനം ആയിട്ടാണ് ക്രിസ്ത്യാനിയ അറിയപ്പെടുന്നത് എങ്കിലും ഇവിടെ വേശ്യാവൃത്തിയും അതിന്റെ ഉച്ചസ്ഥായിയില്‍ ആണ്. സ്വവര്‍ഗ രതിക്കാരുടെ ഫെസ്റ്റിവലുകള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട് എന്നതും പ്രത്യേകം എടുത്തു പറയേണ്ടത് ആണ്. സ്വകാര്യ വാഹനങ്ങള്‍ക്ക് പോലും ഈ പ്രദേശത്ത് കടക്കുവാന്‍ അനുവാദം ഇല്ല. കഴിഞ്ഞ കുറെ കാലങ്ങള്‍ ആയി, ഡെന്മാര്‍ക്ക് സര്‍ക്കാര്‍, ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ ശ്രമിച്ചു എങ്കിലും , ഈ പ്രദേശത്തെ ജനങ്ങളുടെ ചെറുത്തു നില്‍പ്പ് കാരണം അതിനു ഇത് വരെ കഴിഞ്ഞിട്ടില്ല. അത്ര മാത്രം ശ്കതമാണ് ഇവിടെയുള്ള മാഫിയ. സര്‍ക്കാര്‍ പരാജയപ്പെടുന്നത് ഇവരുടെ മുന്നില്‍ ആണ്.. നമ്മുടെ നാട്ടിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ… കോപ്പന്‍ ഹാഗനില്‍ യാത്ര ചെയുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കൊട്ടാരം ആണ്, അമാലിയന്‍ബോര്‍ഗ് കൊട്ടാരം. ഇതാണ് ഡെന്മാര്‍ക്കിലെ റോയല്‍ കുടുംബം താമസിക്കുന്ന മന്ദിരം. 1700 ല്‍ ആണ് ഡാനിഷ് ശില്പ കലാ സൗന്ദര്യത്താല്‍ ഈ കെട്ടിടം രൂപകല്‍പന ചെയ്തത്. നാല് രാജകീയ കൊട്ടാരങ്ങള്‍ അടങ്ങിയ സൌധം ആണ് അമാലിയന്‍ബോര്‍ഗ്. ഡാനിഷ് റോയല്‍ ഗാര്‍ഡ് ആണ് ഈ കൊട്ടാരത്തെ സംരക്ഷിക്കുന്നത്. ഇവിടെ റോയല്‍ ഗാര്‍ഡ് ചേഞ്ച് ചെയുന്നത് കാണുന്നത് വളരെ വലിയ ഒരു ആകര്‍ഷണം ആണ്. അത് കാണുവാന്‍ പോലും സഞ്ചാരികള്‍ ഇവിടെ വരാറുണ്ട്.

എല്ലാ ദിവസവും 11.45 നു ആണ് ഇവിടെ റോയല്‍ ഗാര്‍ഡ് മാറുന്നത്… ഞങ്ങളുടെ ബസ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത് അതി പുരാതനമായ സ്‌ട്രോഗേറ്റ് സ്ട്രീറ്റില്‍ ആണ്. ഷോപ്പിംഗ് ഏരിയ ആയതിനാല്‍ ആകണം, ഞങ്ങളുടെ ബസ്സില്‍ വന്നവരില്‍ പലരും ഇവിടെ തങ്ങളുടെ യാത്ര മുഴുമിപ്പിച്ചു ഷോപ്പിങ്ങിന് ആയി ഇറങ്ങി. വളരെ പഴക്കം ചെന്ന എങ്കിലും മനോഹരമായി പരിപാലിച്ചിട്ടുള്ള കെട്ടിടങ്ങള്‍ നിറഞ്ഞ വീഥി. ഇവിടെ ആണ് കോപ്പന്‍ ഹാഗനിലെ ഏറ്റവും വലിയ ഷോപ്പിംഗ് കവാടം. ലോകത്തിലെ പ്രസിദ്ധമായ എല്ലാ ബ്രാന്‍ഡുകളും ഇവിടെ തങ്ങളുടെ ഷോപ്പുകള്‍ തുറന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കാല്‍നടക്കാരുടെ വീഥി എന്നാണു ഇത് അറിയപ്പെടുന്നത്. വീഥിയുടെ പ്രധാന കവലകളില്‍ ഇവിടം ഭരിച്ചിരുന്ന രാജാക്കന്മാരുടെ പ്രതിമകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. അതെ, ഞങ്ങളുടെ ബസ് യാത്ര അവസാനിക്കുകയാണ്. വീണ്ടും ടിവോളി ഗാര്‍ഡന് സമീപം ഞങ്ങളെ ബസ്സില്‍ നിന്നും ഇറക്കി. ഞാനും രോഹിതും ടിക്കറ്റ് എടുക്കാതെ ആണ് ബസില്‍ കയറിയത്. ഇറങ്ങുമ്പോള്‍ ഇഷ്ടം ഉള്ള തുക കൊടുക്കുവാന്‍ ആണ് ഞങ്ങളോട് പറഞ്ഞത്. ഞാനും രോഹിതും അമ്പതു ക്രോണര്‍ വീതം െ്രെഡവര്‍ക്ക് കൊടുത്ത് സലാം പറഞ്ഞു ബസ്സില്‍ നിന്നിറങ്ങി. അയ്യാള്‍ക്കതു വലിയ സന്തോഷം നല്‍കി. ഇപ്പോള്‍ സമയം അഞ്ചു മണി ആകുന്നു.. ഇനിയും ധാരാളം സമയം ഉണ്ട്. മഴ ചെറുതായി പൊടിയുന്നു. എങ്കിലും ഞങ്ങള്‍ സ്ര്‌ടോഗറ്റ് സ്ട്രീറ്റിലെക്ക് തന്നെ വീണ്ടും നടന്നു. ഡെന്മാര്‍ക്കിന്റെ ഓര്‍മ്മകള്‍ കാത്തു സൂക്ഷിക്കുവാന്‍ ചെറിയ ഒരു ഷോപ്പിംഗ്…,… ഒന്ന് രണ്ടു കടകളില്‍ കയറി വളരെ ചെറിയ ചില തിരുശേഷിപ്പുകള്‍ ഒക്കെ സ്വന്തമാക്കി, തെരുവുകളില്‍ തലങ്ങും വിലങ്ങും നടന്നു. പാട്ടുകള്‍ പാടിയും, ഫാന്‍സി ഡ്രെസ് നടത്തിയും കുരങ്ങു കളിച്ചും ഒക്കെ പണം പിടുങ്ങുന്ന യാചകര്‍ തെരുവിന്റെ വശങ്ങളില്‍ സ്ഥിര താമസം ആക്കിയവരെ പോലെ… മനോഹരമായ ഒരു പാര്‍ക്കില്‍ എത്തിപ്പെട്ടു. അവിടെ കുറെ നേരം ഇരുന്നു, വീണ്ടും ഏതൊക്കെയോ തെരുവിലൂടെ ചുറ്റിക്കറങ്ങി, ലക്ഷ്യ ബോധമില്ലാതെ നടന്നു. ഇരുട്ട് വീണിട്ടില്ല എങ്കിലും ചെറിയ ചാറ്റല്‍ മഴ ഇപ്പോഴും അലോസരപ്പെടുത്തുന്നു. തിരികെ റെയില്‍വെ സ്‌റ്റേഷന് അടുത്തുള്ള ബസ് സ്‌റ്റോപ്പിലേക്ക് ഞങ്ങള്‍ നടന്നു… നാളെ അതിരാവിലെ എനിക്ക് ആംസ്റ്റര്‍ ഡാമിലേക്ക് പോകണം. ആറര മണിക്കാണ് ഫ്‌ലൈറ്റ്, അഞ്ചുയ്ക്ക് മുന്‍പെങ്കിലും എയര്‍ പോര്‍ട്ടില്‍ എത്തണം. രോഹിത്തും ഞാനും ഇവിടെ കോപ്പന്‍ ഗെഹനില്‍ വച്ച് വഴി പിരിയുകയാണ്. രോഹിത്തും നാളെ ആംസ്റ്റര്‍ ഡാമിലേക്ക് പോകും, മറ്റൊരു ഫ്‌ലൈറ്റില്‍, അവിടെ നിന്ന് രണ്ടു നാള്‍ക്കകം നാട്ടിലേക്കും. എനിക്ക് ഈ ഒരു മാസം മുഴുവന്‍ ഹോളണ്ടിലും റഷ്യയിലും ആയി കഴിയണം… എന്തായാലും നേരത്തെ ഹോട്ടലില്‍ പോയി റസ്റ്റ് എടുക്കാന്‍ തീരുമാനിച്ചു. നല്ല വിശപ്പും ഉണ്ട്, പക്ഷെ എന്ത് കഴിക്കണം, ഇന്ത്യന്‍ ഭക്ഷണം വല്ലതും കിട്ടുമോ? രോഹിത്തിനു പ്രിയം ഇന്ത്യന്‍ ഭക്ഷണവും. ഞങ്ങള്‍ മുന്നോട്ടു നടക്കുമ്പോള്‍ റോഡു വക്കില്‍ ഇന്ത്യന്‍ ഹോട്ടലിന്റെ പരസ്യ ബോര്‍ഡും ആയി ഒരു പാകിസ്ഥാനി പയ്യന്‍ നില്‍ക്കുന്നു. ഞങ്ങള്‍ അവനോടു പോയി വിവരങ്ങള്‍ തിരക്കി. അവന്‍ ഹിന്ദിയില്‍ തന്നെ ഞങ്ങളോട് ഹോട്ടലിന്റെ ലൊക്കേഷന്‍ വിശദീകരിച്ചു തന്നു.

എന്തായാലും അവന്‍ തന്ന നിര്‍ദ്ദേശം അനുസരിച്ച് ഞങ്ങള്‍ ഇന്ത്യന്‍ ഹോട്ടല്‍ തപ്പി കണ്ടു പിടിച്ചു. വളരെ ഇടുങ്ങിയ ഒരു ഹോട്ടല്‍., താഴെ വളരെ കുറച്ചു ഇരിപ്പിടങ്ങള്‍ മാത്രം. താഴെ രണ്ടു മേശകളും അവയ്ക്ക് നാല് കസേരകള്‍ വീതവും. അതില്‍ വെളുത്ത വര്‍ഗക്കാരായ രണ്ടു മൂന്നു പേര്‍., ഞങ്ങള്‍ മുകളിലെ നിലയിലേക്ക് പോയി, അവിടെ രണ്ടു വരികളില്‍ ആയി ആറു മേശകളും ഓരോന്നിനും നാല് കസാലകള്‍ വീതവും. വളരെ ചെറിയ റെസ്‌റ്റൊരെന്റ്. ഓര്‍ഡര്‍ എടുക്കാന്‍ വന്ന ആള്‍ പാകിസ്ഥാനി ആണ്, പക്ഷെ മെനു കാര്‍ഡില്‍ എല്ലാം ഇന്ത്യന്‍ വിഭവങ്ങളും. ഞങ്ങള്‍ ഓര്‍ഡര്‍ കൊടുത്ത് കുറെ നേരം ഇരുന്നു, അതിനിടയില്‍ എല്ലാ മേശകളും ആളുകളെ കൊണ്ട് നിറഞ്ഞു. ഞങ്ങള്‍ ഒഴിച്ച് ബാക്കി ഉള്ളവര്‍ എല്ലാം വെളുത്ത വര്‍ഗക്കാര്‍, തദ്ദേശിയരോ, വിനോദ സഞ്ചാരികളോ… അറിയില്ല.

എന്തായാലും വളരെ നേരത്തിനു ശേക്ഷം ഭക്ഷണം വന്നു… സര്‍വീസ് ചെയ്യാന്‍ ഒരാള്‍ മാത്രവും… കുറെ കഴിഞ്ഞപ്പോള്‍ വഴിയില്‍ പ്ലക്കാര്‍ഡും പിടിച്ചു നിന്ന പയ്യനും സര്‍വീസിംഗിന് വന്നു… കച്ചവടത്തിന് വേണ്ടി മാത്രം, ഇന്ത്യന്‍ പേരുകള്‍ ഉപയോഗിക്കുന്നു എന്ന് മാത്രം, അല്ലാതെ ഇതൊരു ഇന്ത്യന്‍ റെസ്‌റ്റൊരെന്റ് അല്ല, പാക്കിസ്ഥാനി റെസ്‌റ്റൊരെന്റ് ആണ് എന്ന് ഞങ്ങള്‍ക്ക് മനസിലായി. കച്ചവട താല്പര്യത്തിന് വേണ്ടി മാത്രം ആണ് ഇന്ത്യയുടെ പേര് ഇവര്‍ ഉപയോഗിക്കുന്നത്. ചെറിയ ഇടുങ്ങിയ റെസ്‌റ്റൊരെന്റ് ആണെങ്കിലും ഇന്ത്യന്‍ എന്ന പേര് കേട്ടപ്പോള്‍ എല്ലാ മേശകളും വളരെ പെട്ടെന്ന് നിറഞ്ഞു. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് വലിയ ഇഷ്ടം ആണ് വിദേശിയര്‍ക്കു, പലപ്പോഴും അവര്‍ കബളിപ്പിക്കപ്പെടുക ആണ് പതിവ്. ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ചെറു ചാറ്റല്‍ മഴയുടെ സൌന്ദര്യവും നുകര്‍ന്ന്, ബസ് സ്‌റ്റോപ്പില്‍ നിന്നും ബസില്‍ കയറി, ഹോട്ടലിനു സമീപം ഉള്ള സ്‌റ്റോപ്പില്‍ ഇറങ്ങി. അടുത്തു കണ്ട മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോകുവാന്‍ എത്തിയപ്പോള്‍ അത് പൂട്ടിയിരിക്കുന്നതായി കണ്ടു. യൂറോപ്പിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകളില്‍ ഒന്നാണ് മെട്രോ, എങ്കിലും യൂറോപ്പില്‍ ഒരിടത്തും അത് ആറു മണിക്ക് ശേക്ഷം തുറന്നു പ്രവര്‍ത്തിക്കില്ല. തിരികെ ഹോട്ടലില്‍ എത്തി, ഫ്രഷ് ആയി കിടക്കയിലേക്ക് …

23 Oct 2012

തെങ്ങ്‌ എന്ന കൽപവൃക്ഷം



ശ്രീ ലക്ഷ്മി ടി.ആർ, 
1പതിനൊന്നാം  തരം, സെന്റ്‌ തെരേശാസ്‌ കോൺവെന്റ്‌ ജി.എച്ച്‌.എസ്‌.
നെയ്യാറ്റിൻകര

ഹരിതലാളിത്യം വിളങ്ങിത്തിളങ്ങുമീ
കേരളനാട്ടിന്നഭിമാനമായ്‌
രാജാധിരാജനെപ്പോലെ വിലസുന്നു
കൈരളി തൻ പ്രിയ കൽപതരു.
മൃത്യുഞ്ജയേശനും, ക്രിസ്തുവള്ളാഹുവും
ഒത്തുവാഴുന്നൊരീ പുണ്യഭൂവിൽ
ഒറ്റത്തടിതന്നിൽ, വിശ്വസാഹോദര്യ-
ത്തിനർത്ഥം പ്രദർശിപ്പൂ കേരവൃക്ഷം
മലയാള മണ്ണിന്റെ പൈതൃക സംസ്കൃതി
ജീവൻ തുടിക്കുന്ന സത്യമാകാൻ
കായ്ക്കന്നു, കുലയ്ക്കുന്നു കേരവൃക്ഷം
ഭാർഗവക്ഷേത്രത്തിൽ കൽപശാഖി
മലനാടിന്നക്ഷയപാത്രമായി,
മാലോകർക്ക്‌ സ്വാദിന്നുറവിടമായ്‌,
കാർകൂന്തലഴകിന്റെ സാരാംശമായ്‌,
മന്ദം വിരാജിപ്പൂ കേരരാജൻ!
മലയാളനാടിന്റെ നാമചരിത്രവും
സ്വന്തമാക്കീടുന്നു കേരവൃക്ഷം
തെങ്ങുകൾ തിങ്ങി നിറഞ്ഞനാട്‌,
അതിൻപേരോ പരിശുദ്ധമാം 'കേരളം'.
സത്യാനൃതത്തിനും കേരമൊരാശ്രയം,
ബുദ്ധിവികാസം ഭവിക്കുവാനും
കേരമില്ലാതെ മറ്റില്ലൊരവലംബം
കേരളമൃത്തിന്റെ മക്കൾക്കെല്ലാം.
ശുദ്ധമാം കേരളീയത്വം തുളുമ്പുന്ന,
കേരവൃക്ഷങ്ങൾ നിറഞ്ഞൊരിടം,
ആയിടത്തിങ്കൽ, യദൃശ്ചയാ വന്നു-
ഭവിച്ചതിലാത്മാഭിമാനിയാകൂ!

19 Sept 2012

ഒഴിമുറി – കണ്ണില്‍ നിന്ന് കരളിലേക്ക് ഒരു ചിത്രം

ലാൽജി കാട്ടിപ്പറമ്പൻ

‘നീ എന്ന മകന്‍ ഞാന്‍ തന്നെ ആണ് ..’ ഒഴിമുറി എന്ന സിനിമയിലെ ഒരു സംഭാഷണ ശകലം. മനസ്സു കൊണ്ട് കാണേണ്ടുന്ന ഒരു ചിത്രം. അതിനു വേണ്ടി നാം ഒട്ടും തന്നെ ശ്രമിക്കേണ്ടതില്ല. കാരണം രണ്ടാം പകുതി മുതല്‍ കണ്ണില്‍ നിന്ന് കരളിലേക്ക് ഇറങ്ങും, ഈ ചിത്രം.
തിയേറ്ററില്‍ വലിയ തിരക്ക് ഇല്ലാത്തതു കൊണ്ട്, എന്റെ തിരക്കൊഴിയാന്‍ നിന്നാല്‍ പടം മാറുമോ എന്ന പേടി കാരണം ഓഫീസി ഇല്‍ നിന്ന് ഇല്ലാത്ത മീറ്റിംഗിന്റെ പേര് പറഞ്ഞു തിരുവനന്തപുരം കൃപ തിയേറ്ററില്‍ എത്തി. ആദ്യ പകുതിയില്‍, കഥാപാത്രങ്ങള്‍. അവരുടെ സംസ്‌ക്കാരം എന്നതിനപ്പുറം വലിയ അത്ഭുതമോ, പ്രതീക്ഷയോ ഒന്നും എനിക്ക് തോന്നിയില്ല.. പക്ഷെ , രണ്ടാം പകുതിയില്‍ സംവിധായകനും , കഥാകാരനും ചേര്‍ന്ന് പ്രേക്ഷകര്‍ക്കുള്ള വിലയേറിയ ഒരു സമ്മാനം ആക്കി തീര്‍ത്തു ആ ചിത്രത്തെ .. എടുത്തു പറയേണ്ടത് എന്ന് ഒന്നില്ല .. കാരണം ഓരോ സീനും , ഓരോ സംഭാഷണ ശകലവും അതി മനോഹരം തന്നെ.
മധുപാല്‍ ജയമോഹന്‍ നിങ്ങളോട് പറയാന്‍ ഉള്ളത് നന്ദി മാത്രം ആണ്… ഇത്രയും മനോഹരം ആയ ഒരു ചിത്രം തന്നതിന് .. ഓര്‍മയില്‍ കുറിച്ച് വെക്കാന്‍ ഒരുപാടു സംഭാഷണ ശകലങ്ങള്‍ ഉണ്ട് .. സംവിധായകനും , അദ്ദേഹത്തിനൊപ്പം ചേര്‍ന്ന നടി നടന്മാരും അവ വെറും പ്രസ്താവനകള്‍ ആക്കി മാറ്റാതെ വളരെ മികച്ച രീതിയില്‍ കഥാപാത്രങ്ങളുടെ സംസാരമാകി മാറ്റി .. അത് കൊണ്ടാണ് ‘ എല്ലാവരും സന്തോഷികാന്‍ അല്ല , വിജയിക്കാന്‍ ആണ് ആഗ്രഹിക്കുനന്നത് ‘ എന്നും ‘ വിജയിക്കാനുള്ള ആഗ്രഹം ഭീതിയില്‍ നിന്ന് ഉണ്ടാകുനന്തു ആണ് ‘ എന്നും കഥാ പത്രങ്ങളിലൂടെ , കഥാ കാരന്‍ പറയവേ അത് ഒട്ടും തന്നെ നാടകീയമാകാത്തത് ..!
എല്ലാവരും മികച്ചു നില്‍ക്കുന്ന ചിത്രത്തില്‍ ലാല്‍ എന്ന നടന്റെ അഭിനയം എടുത്തു പറയേണ്ടത് തന്നെ .! ഒരുപാട് ചിത്രങ്ങളില്‍ , ഒരു നടന്‍ അച്ഛന്റെയും മകന്റെയും വേഷം ( ഒരു വൃദ്ധനും , ഒരു യുവാവും എന്ന രീതിയില്‍ ) നമ്മള്‍ കണ്ടിടുണ്ട് .. ഇത് പക്ഷെ , രണ്ടു കാലഘട്ടത്തില്‍ ജീവിക്കുന്ന മധ്യ വയസ്‌ക്കരായ രണ്ടു കഥ പാത്രങ്ങള്‍ .! താണു പിള്ളയും, അച്ഛന്‍ ശിവന്‍ പിള്ളയും ..ശിവന്‍ പിള്ളയുടെ നൊമ്പരങ്ങളിലൂടെ , താണു പിള്ളയുടെ മുന്‍ കൊപത്തിലേക്ക് … അസാധ്യം എന്ന്ത ന്നെ പറയണം ..! ഒരു യുവതിയായും , എഴുപത്തി രണ്ടു വയസ്സ് പ്രായം ഉള്ള തന്റെ ഭര്‍ത്താവില്‍ നിന്ന് ഒഴിമുറി ആവിശ്യപെടുന്ന അന്‍പത്തി വയസുള്ള സ്ത്രീ ആയും മല്ലിക തകര്‍ത്തു ..! രണ്ടു വ്യത്യസ്ത ദേവി ചിത്രങ്ങളിലൂടെ തുടങ്ങുന്നപടം അത് പോലെ തന്നെ ഉള്ള രണ്ടു സ്ത്രീ കഥ പത്രങ്ങളെ വരച്ചു കാണിക്കുന്നു .. രണ്ടു വ്യത്യസ്ത സ്ത്രീ മനസ്സുകള്‍ .. മല്ലിക അവതരിപിച്ച മീനാക്ഷി പിള്ളയില്‍ നിന്ന് നേര്‍ വിപരീതമായ് നില്‍ക്കുന്നു ശ്വേതയുടെ കാളി പിള്ള .ഭദ്ര എന്ന ദേവി ( സ്ത്രീ ) സങ്കല്പത്തോട് ചേര്‍ന്ന്‌നീ നില്‍ക്കുന്ന ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ശ്വേതയ്ക്ക് കഴിഞ്ഞു.. ശ്വേതയും മനോഹരം…….മകന്റെ അടുത്തേക് വരുമ്പോഴും , മരണത്തിലേക് ഇറങ്ങി പോകുമ്പോഴും കാളി പിള്ളയുടെ വാശിയും , വാശിയില്‍ നിന്ന് ഉണ്ടായ ശക്തിയും അതി മനോഹരമായി തന്നെ ശ്വേത അവതരിപ്പിച്ചു .. നന്ദു , അസിഫ്, ഭാവന എല്ലാവരും മനോഹരം . സിനിമയുടെ തുടക്കം തന്നെ സംവിധായകന്‍ സീതയേയും ഭദ്രയെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒന്ന് ഓര്‍മിപ്പിക്കുന്നു ..! ഇത് ഒരു സ്ത്രീ പക്ഷ സിനിമയല്ല .. ഒരു പുരുഷ കേന്ദ്രീകൃത ലോകത്തെ ചുറ്റി പറ്റി ഉള്ളതുമല്ല .. ഇത് മനുഷ്യ പക്ഷത് നിന്ന് ചിന്തിക്കുന്ന ഒരു ചിത്രം ആണ് ...അത് കൊണ്ട് തന്നെ ആണ് എല്ലാ കഥാ പാത്രങ്ങളിലും നന്മയുടെ അംശം നമുക്ക് കാണാന്‍ കഴിയുന്നത് .. കുറ്റപെടുത്തി മരണത്തിലേക്ക് നടന്നു പോകുന്ന കാളി പിള്ളയിലെ ശരി മറ്റാരും അല്ല മനസിലാക്കേണ്ടത് .. അത് മീനാക്ഷി പിള്ള തന്നെ ആണ് .. അത് അങ്ങിനെ തന്ന സംഭവിക്കുന്നു .അതിനിടയില്‍ അനാവശ്യമായ കൈ കടത്തല്‍ കഥാ കാരന്‍ ചെയുന്നില്ല


പൊന്നിന് ഗന്ധം പോലെ മനോഹരമായ മ്യൂസിക് .. ചാനല്‍ വഴി മനോഹരമായ ഒരു ഗാനം കണ്ടു ..അത് സിനിമയില്‍ ഉണ്ടായിരുന്നില്ല .. പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ നല്ല സിനിമയും , നന്നല്ലാത്ത സിനിമയും ആണ് ഉള്ളത് .. അല്ലാതെ അവാര്‍ഡ് ചിത്രങ്ങളും , കൊമേഴ്‌സ്യല്‍ ചിത്രങ്ങളും അല്ല എന്ന് നമ്മുടെ പ്രിയ സിനിമ പ്രവര്‍ത്തകര്‍ മനസിലാക്കിയാല്‍ കൊള്ളാമായിരുന്നു. കാരണം , എനിക്ക് തോന്നുന്നു . ഇത്തരം ചിത്രങ്ങളില്‍ ഗാനം വേണ്ട എന്ന് തീരുമാനിക്കാന്‍ ഉള്ള കാരണം തന്നെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ അത്തരം ഒരു തരം തിരിവ് ഉള്ളത് കൊണ്ട് ആണ് എന്ന് തോന്നുന്നു
(സിനിമ കണ്ടു എനിക്ക് തോന്നുന്നത് എഴുതാറുണ്ട് .. ഇത് ഒരു റിവ്യൂ എന്ന നിലയില്‍ ആരും കാണരുത് .! കാരണം ഒരു റിവ്യൂ എഴുതാന്‍ എനിക്ക് അറിയില്ല .. പിന്നെ സിനിമയുടെ കഥ മുഴുവന്‍ എഴുതുന്നതിനോടും എനിക്ക് യോജിക്കാന്‍ കഴിയില്ല .. എല്ലാവരും ഈ സിനിമ കാണണം ..അത്ര മനോഹരം .. നഷ്ടപെടുത്താന്‍ പാടില്ലാത്ത ഒരു ചിത്രം .. രണ്ടായിരത്തി ഏഴുമുതല്‍ മലയാള സിനിമയുടെ ഭാഗമായ ഒരു വ്യക്തി .. ഈ ചിത്രത്തിലും അദ്ദേഹം ഉണ്ട് .. പടം കഴിഞ്ഞ ഉടനെ അദ്ധേഹത്തെ വിളിച്ചു .. .പലപ്പോഴും സിനിമ കണ്ടു കഴിഞ്ഞു അദ്ദേഹത്തിന് മെസ്സേജ് അയക്കാറുണ്ട് പക്ഷെ . ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം ആയിട്ടാണ് ഞാന്‍ പടം കഴിഞ്ഞ ഉടനെ അദ്ധേഹത്തെ വിളിച്ചത് ,.. അതിനു കാരണം ഒന്നേ ഉള്ളൂ.. ഈ പടവുമായി ബന്ധപെട്ട ആരോടെങ്കിലും ‘നന്ദി ‘ പറയണം എന്ന് തോന്നി .. ഇത്രയും മനോഹരമായ് ഒരു ചിത്രം മലയാളത്തിനു തന്നതിന് ..അതോടൊപ്പം ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അനുമോദിക്കാനും ..)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...