Showing posts with label sreeparvathy. Show all posts
Showing posts with label sreeparvathy. Show all posts

19 Aug 2012

നിലാവിന്റെ വഴി

ശ്രീപാർവതി




ഉണങ്ങി വീഴാത്ത പൂമരങ്ങള്‍



"ഹാ! പുഷ്പമേ അധിക തുംഗപദത്തിലെത്ര
ശോഭിച്ചിതൊരു രാജ്ഞികണക്കയേ....."
ജീവിതത്തിന്‍റേയും മരണത്തിന്‍റേയും നൂല്‍പ്പാലത്തിലൂടെയുള്ള ഒരു പൂവിന്‍റെ യാത്ര, ജീവിതവുമായി എത്ര താരതമ്യപ്പെടുത്തിയിരിക്കുന്നുവെന്ന് നോക്കൂ. ഇതു തന്നെയായിരുന്നില്ലേ പ്രൈമറി സ്കൂളിലെവിടെയോ പഠിച്ച ഈ കവിത തന്നെയായിരുന്നില്ലേ എനിക്കാദ്യമായി ജീവിതത്തെ മനസ്സിലാക്കിത്തന്നത്. കുട്ടിക്കാലത്തു തന്നെ ലേശം എഴുതുന്ന അസുഖമുണ്ടായിരുന്നതു കൊണ്ടും കുറച്ചൊക്കെ ഫിലോസഫികള്‍ സ്വയം ആലോകിക്കുന്നതില്‍ ഇഷ്റ്റമുള്ളയാള്‍ ആയതു കൊണ്ടും ആണോ എന്തോ കുമാരനാശാന്‍ എന്ന കവിയെ ശ്രദ്ധിച്ചില്ല പകരം ആ കവിത, അതും വളരെ മനോഹരമായ ഒരു പുഷ്പത്തെ ജീവിതവുമായി താരതമ്യപ്പെടുത്തിയ ആ ഒരു രീതി അതാണു ഏറെ ഇഷ്ടമായത്. പ്രകൃതിയുമായി അത്ര ആഴമുള്ള അടുപ്പമുണ്ട്, ഒരു പുഷ്പത്തെ തൊട്ടാലും എനിക്ക് വേദനിക്കുമായിരുന്ന കാലം. വീടിനു ചുറ്റുമുള്ള പറമ്പിലും ആള്‍പ്പാര്‍പ്പില്ലാത്ത ഭാര്‍ഗ്ഗവീ നിലയം പോലെയുള്ള അടുത്ത വീട്ടിലും ഏതു നേരവും കറങ്ങി നടന്ന് മരങ്ങളോടും പൂക്കളോടും ചങ്ങാത്തം കൂടുന്ന ഒരു കുട്ടി. എത്ര പൂക്കളാണ്, പരിസരത്ത്!!!?
പല നിറങ്ങളില്‍ സുഗന്ധങ്ങളില്‍ അതങ്ങനെ കാറ്റിലുലഞ്ഞ് ഞെളിഞ്ഞ് നിന്നു.ആദ്യമായി ബാല്യം ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ആ ഇളം റോസ് നിറമുള്ള പനിനീര്‍ റോസിനെ കണ്ടപ്പോള്‍ .മറ്റെങ്ങും കണ്ടിട്ടില്ല അത്ര വലിപ്പമുള്ള നല്ല പനിനീര്‍ മണമുള്ള റോസ് നിറത്തിലുള്ള ആ പൂവ്. ഒരേ സമയം തന്നെ മൂന്നോ നാലോ പൂവുണ്ടാകാറുണ്ട് .പനിനീര്‍ ഈ പൂവില്‍ നിന്ന് ഉണ്ടാക്കുന്നതുകൊണ്ടാനത്രേ ഇതിനെ പനിനീര്‍ റോസ് എന്നു പരയുന്നത്. ഇംഗ്ലണ്ട്, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവയുടെ ദേശീയ പുഷ്പവുമാണത്രേ, അതൊക്കെ എന്തായാലും എന്നെ ആദ്യം ആകര്‍ഷിച്ച പുഷ്പം ആ പനിനീര്‍ റോസ് തന്നെയായിരുന്നു. വിറ്റര്‍ന്ന് ഒരു ദിവസം കഴിയുമ്പോള്‍ ഇതളുകള്‍ പറിച്ചെടുത്ത് പച്ചവെള്ളത്തില്‍ ഇട്ടു വയ്ക്കും ഒരു ദിവസം അത് ആ വെള്ളത്തില്‍ കിറ്റന്നാല്‍ ജലത്തിനു പോലും അപാരമായ പനിനീര്‍ മനമാണ്, പിറ്റേന്ന് ആ വെള്ലമെടുത്ത് മുഖം കഴുകാം, ഏതോ മാസികയില്‍ വായിച്ച അറിവ്, പലപ്പോഴും പ്രയോജനപ്പെടുത്താറുമുണ്ടായിരുന്നു, പക്ഷേ അതിനല്ലാതെ ഒരു റോസാ പുഷ്പം പോലും തലയില്‍ വയ്ക്കാനായി ഉപയോഗിച്ചിട്ടില്ല, റോസാപൂവെന്നല്ല ഒരു പുഷ്പവും തയില്‍ ചൂടുന്നത് അത്ര താല്‍പ്പര്യവുമില്ല.

അയല്‍വക്കത്തെ ഭാര്‍ഗ്ഗവീ നിലയത്തില്‍ പൊതുവേ അങ്ങനെ ആരും പോകാറില്ല, അല്‍പ്പം ഭയം, ഒറ്റപ്പെട്ട സ്ഥലം അങ്ങനെ കാരണങ്ങള്‍ പലവിധം. പക്ഷേ ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ഒരിടമായിരുന്നു അത്, പലപ്പോഴും എന്നിലുള്ള എഴുത്തിന്‍റെ വഴികളെ വെള്ളവും വളവും കൊടുത്ത് നനച്ചു വളര്‍ത്തിയത് അവിടുത്തെ ഏകാന്തത തന്നെ. പറമ്പിന്‍റെ നടുവിലെ വലിയ ഇലഞ്ഞി മരത്തിന്‍റെ ചുവട്ടില്‍ ഒരു ഡയറിയും കയ്യിലൊരു പേനയുമായി ഏറെ തപസ്സിരുന്നു, ചില നേരങ്ങളില്‍ കൊതിപ്പിക്കുന്ന മണമുള്ള ഇലഞ്ഞി പൂക്കള്‍ മടിയിലേയ്ക്കിട്ടു തന്ന് അവളെന്നെ വീണ്ടും മോഹിപ്പിച്ചു. ഒരു സെന്‍റീമീറ്ററോളം വലിപ്പമുള്ള ആ കുഞ്ഞു പൂവ് എന്‍റെ അതിശയമായിരുന്നു ആദ്യം. പക്ഷേ വലിപ്പത്തെ മറികടക്കുന്ന മാസ്മരിക സൌരഭ്യം, അതല്ലാതെ മറ്റൊന്നുമായിരുന്നില്ല അതിശയത്തിന്, കാരണം. പുതിയൊരു മുകുളം ഉടലെടുക്കുമ്പോള്‍ മരത്തടിയോടു ചേര്‍ന്നു നിന്ന് എന്‍റെ മനസ്സിനെ അവള്‍ക്ക് പകുത്തു നല്‍കിയിട്ടുണ്ട്, മറുപടിയെന്ന പോലെയോ അനുഗ്രഹമെന്ന പോലെയോ ഒരു ച്റുകാറ്റ് എത്തുകയും ശിഖരങ്ങള്‍ കാറ്റിലുലയുകയും പൂക്കള്‍ പൊഴിയുകയും.പൂക്കള്‍ ഇല്ലാതിരുന്ന കാലത്തു പോലും മരച്ചില്ലകളാല്‍ ഇലഞ്ഞി മരമെന്നെ വശീകരിച്ചിരുന്നു, പ്രിയ സുഹൃത്തുക്കള്‍ അങ്ങനെയാണല്ലോ.

റോഡിനോടു ചേര്‍ന്നു കിടക്കുന്ന ഞങ്ങളുടെ പറമ്പില്‍ ഒരു കണിക്കൊന്നയുണ്ടായിരുന്നു. വിഷുക്കാലമായാല്‍ കുട്ടികള്‍ പലയിടങ്ങളില്‍ നിന്നായി പാഞ്ഞെത്തുകയായി, മരത്തിന്‍റെ മുകളില്‍ കയറി പൂക്കള്‍ പറിച്ച് താഴേക്കിടും, ആദ്യം കിട്ടുന്നവര്‍ എടുത്തോണ്ട് ഓടുകയൊന്നുമില്ല എല്ലാം ശേഖരിച്ച് വയ്ക്കും, അവസാനമാണ്, പകുക്കല്‍ . പക്ഷേ കയറുന്നയാളുടെ കഷ്റ്റകാലമാണ്. നിറയെ ചോണനെറുമ്പുകളാണ്. ഇലകള്‍ തമ്മില്‍ കൂട്ടിക്കെട്ടി അവയുടെ കൂട് കാണാന്‍ തന്നെ ബഹുരസാണ്. ചിലപ്പോള്‍ കൂട് പൊട്ടിച്ചെടുത്ത് മഴയുള്ള സമയത്ത് മുന്നിലൂടെ ഒഴുന്ന തോട്ടില്‍ ഒഴുക്കി വിടുക ഏറെ കൌതുകമായിരുന്നു, വള്ളവും പട്ടാളവും. ഒടുവില്‍ ഏതെങ്കിലും മരക്കൊമ്പില്‍ ചേര്‍ന്നു വരുമ്പോള്‍ ഉറുമ്പുകള്‍ ഓട്ടമാകും പാവങ്ങള്‍ .എത്ര ക്രൂരമാണ് .പലപ്പോഴും ബാല്യം. കണിക്കൊന്നയെ കുറിച്ചല്ലേ പറഞ്ഞു വന്നത്, വിഷുക്കാലത്തു മാത്രമല്ല, ഇടക്ക് പലപ്പോഴും ആ കൊന്നയില്‍ പൂക്കളുണ്ടാകുമായിരുന്നു. ആ പൂക്കള്‍ കണ്ടിട്ടാണ്, മഞ്ഞ നിറത്തോടുള്ള എന്‍റെ പ്രണയം തുടങ്ങിയതെന്നു പറയാം. കണിക്കൊന്ന എന്ന പേരും അതുപോലെ, പിന്നീട് സ്വന്തമായി ഒരു കരിയര്‍ എന്ന ആലോചന വന്നപ്പോഴും കണിക്കൊന്ന എന്ന പേരിനോടുള്ള ഇഷ്ടം അവിടേയും തുണയ്ക്കെത്തി. കുലയായി തൂങ്ങിക്കിടക്കുന്ന ആ പൂക്കളോടുള്ള ഇഷ്ടം മലയാളികളായുള്ളവര്‍ക്ക് ഒഴിവാക്കാന്‍ വയ്യാത്തതെന്ന് ഇന്നും പലരും എന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ഹൈസ്കൂള്‍ ക്ലാസിലാണ്, പൂവിന്‍റെ ഉടലിനെ അറിഞ്ഞത്. അതൊരു വേദനയായിരുന്നു. ടീച്ചര്‍ ബോര്‍ഡില്‍ വരയ്ക്കുന്ന വെളുത്ത ചെമ്പരത്തുപ്പൂവിനു ഭംഗി പോരാഞ്ഞിട്ടാവണം കുട്ടികളെ കൊണ്ട് ചെടിയില്‍ നിന്ന് പൂക്കള്‍ കൊണ്ടു വന്ന് നെടുകേ ഛേദിച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തിച്ചു. പൂക്കള്‍ക്കും അണ്ഡാശയമുണ്ടെന്നും കേസരമുണ്ടെന്നുമുള്ള അറിവുകള്‍ ഞങ്ങള്‍ക്ക് പുതിയതായിരുന്നു. മനുഷ്യന്‍റെ ശരീരഭാഗങ്ങളെ അറിയുന്നതിനും എത്രയോ മുന്‍പായിരുന്നു ഒരു പൂവിന്‍റെ ഉടലിനെ മനസ്സിലാക്കിയത്. മനുഷ്യനോളമോ അതിനുയരത്തിലോ എന്തുകൊണ്ട് ഒരു ചെടിയെ വാഴ്ത്തിന്നില്ല എന്ന സങ്കടം അക്കാലത്തുണ്ടായതില്‍ അതിശയപ്പെടാനില്ലല്ലോ.

സ്വന്തം ഉടലിനെ ഇതളുകളെന്ന മനോഹരമായ വസ്ത്രം കൊണ്ട് മറയ്ക്കുന്ന പൂക്കളെ എന്തുകൊണ്ടോ അതിരറ്റു സ്നേഹിച്ചു. മണമുള്ള പൂക്കള്‍ തന്നെയായിരുന്നു എന്നും പ്രിയം. പറമ്പിലെ വള്ളിച്ചെടി പടര്‍ന്ന സ്ഥലത്ത് നിന്നിരുന്ന ഒരു നീളന്‍ തണ്ടുള്ള പൂവ് വളരെ പെട്ടെന്നാണ്, എന്നെ ആകര്‍ഷിച്ചത്, പേരറിയാത്ത ആ പൂവിന്‍റെ വ്യത്യസ്തതയുള്ള സുഗന്ധം ഒരു നിര്‍വൃതിയായി. പിങ്കും വെള്ളയും കലര്‍ന്ന അഞ്ചിതളുള്ള ചെറിയ പൂവ്. പിന്നീടെപ്പോഴോ ആണ്, അതിന്‍റെ പേര്, യശോദപ്പൂവ് എന്നറിഞ്ഞത്. കുലകളായി നിറഞ്ഞു കിടക്കുന്ന യശോദപ്പൂകാടുകളില്‍ പലപ്പോഴും ഇലയനക്കമില്ലാതെ കടന്നു വരുന്ന പാമ്പ് ആദ്യം മരവിപ്പിക്കാറുണ്ടെങ്കിലും പിന്നെ ശബ്ദമുണ്ടാക്കി അവയെ പറഞ്ഞു വിട്ടാല്‍ ആ കാട് എന്‍റെ സ്വന്തമായിരുന്നു, ഒരുപക്ഷേ ആ പാമ്പിനെ പോലെ, അതിനുള്ളില്‍ അഭയം തേടിയ ചെറിയ കുരുവികളെ പോലെ. ഒരിക്കല്‍ ആ കാടിനു മുന്നില്‍ വച്ചാണ്, ഒരു മഞ്ഞ ച്ചേര എന്‍റെ പാദത്തെ മറികടന്ന് പോയത്, പോയി കഴിഞ്ഞ ശേഷമാണ്, കണ്ടതെന്നതു കൊണ്ട് പേടിച്ചലറിയില്ല, പക്ഷേ ഒന്നും ചെയ്യാതെ അത് കടന്നു പോയത് ഒരുപക്ഷേ നിശബ്ദമായി ഞാന്‍ അതുമായി പലപ്പോഴും നടത്താറുള്ള നുണക്കഥകളോടുള്ള ഇഷ്ടം കൊണ്ടാവാം.

പിന്നെയും എത്രയോ പൂക്കള്‍ ജീവിതത്തിന്‍റെ പലഘട്ടത്തിലും മനസ്സിനെ തൊട്ട് കടന്നു പോയി. പുസ്തകത്താളില്‍ ഒളിപ്പിച്ച മയില്‍പ്പീലി പോലെ പുസ്തകത്തില്‍ മറച്ചു വച്ച ഒരു ചുവന്ന റോസിന്‍റെ അസ്ഥിപഞ്ചരം ഈയിടെ വീണ്ടും അവിചാരിതമായി കിട്ടിയപ്പോള്‍, അതിന്‍റെ മരവിച്ച ഗന്ധത്തെ ആത്മവ് ഏറ്റു വാങ്ങിയപ്പോള്‍ കണ്‍മുന്നിലൂടെ ഒരു പൂക്കാലം കടന്നു പോയതു പോലെ. ഓണമെത്തുമ്പോള്‍ മാത്രം തിരയുന്ന തുമ്പയില്‍ എനിക്കിപ്പോള്‍ എന്‍റെ ബാല്യം കാണാം, പറമ്പിലെ പ്രകൃതി രചിച്ച പുല്‍ത്തകിടിയില്‍ ഇരുന്ന് താഴെ നില്‍ക്കുന്ന തുമ്പയും അരിപ്പൂവും കയ്യെത്തി പറിച്ചെടുക്കുമ്പോള്‍ കടുകുമണിയോളം പോലുമില്ലാത്ത മോഹങ്ങളായിരുന്നു ഒപ്പം. ഇപ്പോള്‍ തിരഞ്ഞാലും എത്ര തിരഞ്ഞാലും കണ്ടു കിട്ടാതെ വണ്ടി കയറി ചതഞ്ഞ, പൊടിമണ്ണിന്‍റെ ചുവന്ന ചായം വീണ തുമ്പ തിരഞ്ഞെടുക്കുമ്പോള്‍ എവിടെയൊക്കെയോ തേങ്ങുന്നു. എന്താണ്, എനിക്ക് നഷ്ടപ്പെട്ടത്... കാടു പിടിച്ചു കിടന്ന പ്രകൃതി, എന്‍റെ ആശകള്‍ക്കും നിരാശകള്‍ക്കും വളക്കൂറുള്ള മണ്ണുണ്ടായിരുന്ന എന്‍റെ പ്രകൃതി, ആത്മാവു കൊണ്ട് ഒന്നായിരുന്ന എന്‍റെ ലോകം. ഓണത്തിനു മാത്രം പൂക്കളെ തിരഞ്ഞു നടക്കുന്ന ഒരു മറുജന്‍മം നല്‍കിയതിനു എനിക്കു പരിഭവമുണ്ട്, മറ്റാരോടുമല്ല എന്നോടു തന്നെ. ന്യൂജെനറേഷന്‍ പറയുന്ന വേഗതയുടെ ലോകത്തിന്‍റെ സന്തതിയായി മാറുമ്പോള്‍ ഉള്ളില്‍ പൊട്ടു പോലെ സൂക്ഷിച്ച കുറച്ചു പൂക്കള്‍ കൊഴിഞ്ഞു വീഴുന്നു, നിറം നഷ്ടപ്പെട്ട ആന്തൂറിയത്തിന്‍റേയും മണമില്ലാത്ത ഓര്‍ക്കിഡുകളൂടേയും മുന്നിലിരുന്ന് മടുപ്പ് അനുഭവിക്കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ട് പറിച്ചു നടപ്പെട്ട ഈ വീട്ടിലെ പറമ്പില്‍ ഞാനിറങ്ങാറില്ല. അതൊരു തരം ഒളിച്ചോടലാണ്, വേഗത്തില്‍ ഓടിയില്ലെങ്കില്‍ സീറ്റില്ലാത്ത കുട്ടിയായി ഞാന്‍ പാതി വഴിയില്‍ ഇറങ്ങേണ്ടി വരും എന്നതു കൊണ്ടു മാത്രം എന്‍റെ പ്രകൃതിയേയും പൂക്കളേയും ഞാന്‍ മനപ്പൂര്‍വ്വം മറക്കുന്നു.
വീണ പൂവു പോലെ ഓരോ ജന്‍മവും ഏതു നിമിഷവും ഇതള്‍ വീണു പോകുമെന്ന് അറിയാതെയല്ല,
"കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!"
കുമാരനാശാന്‍ വീണ്ടും കാവ്യമായി മുന്നില്‍. നിസ്സഹായതയുടെ തീച്ചൂളയുമായി വാഴ്വിനായുള്ള അലച്ചിലുമായി ആയിരക്കണക്കിനു മനുഷ്യരുടെ കൂട്ടത്തില്‍ ഒരാളായി ഈയുള്ളവളും.




19 Jul 2012

നിലാവിന്റെ വഴി

  ശ്രീപാർവ്വതി
പുഴ കടന്ന് മരങ്ങളുടെ അരികു ചേര്‍ന്ന് 
 വളരെ യാദൃശ്ചികമായാണ്, തലേന്ന് അവിടെ വച്ച് ഒരു മൈസൂര്‍ ട്രിപ്പ് വയനാട് യാത്രയുടെ കൂടെ ചേര്‍ക്കപ്പെട്ടത്. അതിനു കാരണമുണ്ട്. യാത്രയിലെവിടെയോ വച്ച് കണ്ണിലുടക്കിയ ഒരു പ്ലെയ്സ്ബോര്‍ഡ്. മൈസൂര്‍ ഒരു ദിവസം കൊണ്ട് പോയി വരാവുന്ന അകലത്തിലെന്ന് തോല്‍പ്പെട്ടിയിലേയില്‍ കാട്ടിലേയ്ക്കുള്ള യാത്രാ മദ്ധ്യേ ജീപ്പിന്‍റെ ഡ്രൈവര്‍ പറഞ്ഞതോര്‍ത്തു. എന്നാല്‍ പിന്നെ ഒരു അവിചാരിതയാത്ര കൂടി പോയാലോ...
അല്ലെങ്കിലും ചില തീരുമാനങ്ങള്‍ അങ്ങനെയാണ്, വളരെ പെട്ടെന്ന് എടുക്കേണ്ടി വരിക, ശരിയോ തെറ്റോ എന്ന് ആലോചിക്കാന്‍ പോലും ഇട നല്‍കാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ പ്രവൃത്തിയുടെ അവസാനം പൂര്‍ണത കൊണ്ടു വരിക..... അതായിരുന്നു ആ യാത്ര.
പിറ്റേന്ന് അതിരാവിലെ തൃശ്ശിലേരി ശിവക്ഷേത്രത്തിലും തൊഴുത്( തിരുനെല്ലിയില്‍ ചിതാഭസ്മം സമര്‍പ്പിക്കാന്‍ വരുന്നവര്‍ ആദ്യം തൃശ്ശിലേരിയില്‍ കുളിച്ചു  തൊഴുതതിനു ശേഷമേ തിരുനെല്ലിയില്‍ ഭസ്മം സമര്‍പ്പികകവൂ എന്നാണ്, വിശ്വാസം, ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നായിരുന്നതു കൊണ്ട് യാത്രയ്ക്കിടയില്‍ അതിനും ഭാഗ്യമുണ്ടായി എന്നു മാത്രം.) കാട്ടിക്കുളം വഴി നേരെ മൈസൂരിലേയ്ക്ക്. ഇരു വശവും കാടുകള്‍ വീണ്ടും മോഹിപ്പിക്കുന്നു. ഇടയ്ക്ക് മനോഹമായ വയലുകളും ചെറിയ ചെറിയ വീടുകളും.
ആ കാട്ടുവഴികളില്‍ മുഴുവന്‍ ഞങ്ങള്‍ തിരഞ്ഞ ഒന്നുണ്ടായിരുന്നു, ഏതൊരു വനയാത്രികന്‍റേയും മനസ്സിലെ സ്വപ്നമായ ആനദര്‍ശനം. കാട്ടാനയെ ദൂരെ നിന്നെങ്കിലും കാണുക ഒരു സാഹസികതയെ കുറിച്ച് പറയുമ്പോലെയാണ്. എന്നാല്‍ ആ മൂന്നു ദിവസവും ഞങ്ങള്‍ക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല, പക്ഷേ ആ കാടു കടന്ന് മൈസൂരിലേയ്ക്ക് തിരികുമ്പോള്‍ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല , ഞങ്ങളെ കാത്ത് വലിയൊരു നിധി തിരികെ വഴിയില്‍ കാത്തു നില്‍ക്കുമെന്ന്.
മൈസൂരിലെ തിരക്കുള്ള വീഥിയിലേയ്ക്ക് കടന്നപ്പോള്‍ തന്നെ അതുവരെ ഉണ്ടായിരുന്ന ഉടലിനേയും ആത്മാവിനെ തന്നെയും ഗ്രസിച്ചിരുന്ന ആ തണുപ്പ് നഷ്ടപ്പെട്ട പോലെ...
ആദ്യം കണ്ണില്‍ പെട്ടത് പാലസ് തന്നെയെങ്കിലും. വന്ന വഴി റോഡു പണി കാരണം മാറിപ്പോയതിനാലും എത്തിയപ്പോള്‍ ഉച്ചയായതിനാലും ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ ആണ്, ആദ്യം തേടിയത്. ഭാഷയറിയാത്ത നാട്ടിലാണെങ്കിലും അവശ്യകാര്യങ്ങള്‍ നടക്കുമെന്ന് ആംഗ്യഭാഷയും മുറി ഇംഗ്ലീഷും മനസ്സിലാക്കിത്തന്നു. (വഴി ചോദിച്ച ഒരു വഴിവാണിഭക്കാരനും മുറിയിംഗ്ലീഷ് കാച്ചി). ചേരയെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കഷ്ണം തിന്നണം എന്നു പറയുമ്പോലെ, അവിടുത്തെ സ്പെഷ്യല്‍ ഊണു തന്നെ കഴിക്കാന്‍ തീരുമാനിച്ചു. രീതികള്‍ നമ്മുടെ സ്റ്റാര്‍ ഹേട്ടലിലെ പോലെ തന്നെ, ഇവിടെ ചപ്പാത്തിയ്ക്കു പകരം ആദ്യം രണ്ടു പൂരി മസാല, പിന്നീട് നാടന്‍ പൊന്നിയരിച്ചോറ്. പറയാനറിയാത്ത ഒരു കൂട്ടം കറികളും മധുരമായി പായസത്തിനു പകരം കേസരിയും.
ഭക്ഷണത്തിനു ശേഷം നേരെ മൈസൂര്‍ പാലസിലേയ്ക്ക്. വഴിയില്‍ നിന്നു തന്നെ കാണാം പഴയകാലത്തിന്‍റെ പ്രൌഡി വിളിച്ചോതുന്ന ശില്‍പ്പചാരുത.

ഉയര്‍ന്നു നില്‍ക്കുന്ന അകത്തളങ്ങള്‍ വലിയൊരു ഗുഹാമുഖത്തെ ഓര്‍മ്മിപ്പിച്ചു. ഭിത്തിയില്‍ സ്പര്‍ശിച്ചപ്പോള്‍ ഒരു കാലഘട്ടം ഉള്ളില്‍ ഉണര്‍ന്നെണീറ്റ പോലെ, പരസ്പരം പോരടിക്കുന്ന യോദ്ധാക്കളുടെ ഒച്ച, ചോരയൊലിച്ച വാള്‍ത്തലപ്പുകള്‍..... നിറയെ കാഴ്ച്ചക്കാരുണ്ടായിരുന്നെങ്കിലും അതിനുള്ളിലെങ്ങും അകാരണമായി ഒരു മൌനത്തിന്‍റെ ഗന്ധം . പുറത്തിറങ്ങിയിട്ടും, അതെന്നെ കൊതിപ്പിച്ചു കൊണ്ടെയിരുന്നു.
അടുത്ത യാത്ര ശ്രീരംഗപട്ടണത്തിലേയ്ക്ക്. ഒരുകാലത്ത് മൈസൂര്‍ കൊട്ടാരം അടക്കി വാണ ടിപ്പുവിന്‍റെ സ്വന്തം സാമ്രാജ്യം. ഇടിഞ്ഞു പൊളിഞ്ഞ പഴയ കോട്ടകള്‍ വല്ലാതെ കൌതുകമുണര്‍ത്തി. വളരെ ഭംഗിയുള്ള വിഗ്രഹങ്ങളുള്ള രംഗനാഥക്ഷേത്രം, അനന്തശായിയാണ്, ഭഗവാന്‍ അവിടെ നല്ല വലിപ്പമുള്ള വിഗ്രഹം. ഫോട്ടോ എടുക്കാനുള്ള ആവേശത്തോടെയാണ്, ശില്‍പ്പഭംഗിയുള്ല ആ അമ്പലത്തില്‍ കയറിയതെങ്കിലും മുറിയാതെ കേട്ട മന്ത്രജപം എന്തോ ഉള്ളില്‍ തട്ടിയ പോലെ. റ്റിപ്പുവിന്‍റെ ഖബറിലെയ്ക്ക് അവിടുന്ന് വലിയ ദൂരമില്ല. ഭൂമിയ്ക്കടിയിലെ ജെയില്‍, ടിപ്പുവിന്‍റെ വേനല്‍ക്കാല വസതി എല്ലാം അടുത്തടുത്താണ്. ഒരുകാലത്ത് നാടിനെ വിറപ്പിച്ച ഒരു ചരിതപുരുഷനാണ്, മുന്നിലെ പച്ച പട്ടു വിരിച്ച ഖബറിനുള്ലിലെന്നോര്‍ത്തപ്പോള്‍ രോമാഞ്ചം തോന്നി. അദ്ദേഹത്തിന്‍റെ വേനല്‍ക്കാല വസതിയിലെ ആയുധശേഖരം കണ്ട് അതിശയിച്ചു പ്പോയി. എത്രമാത്രം രക്തം വീണിട്ടുണ്ടാഅകും ആ ആയുധങ്ങളില്‍, ഒരുപക്ഷേ ഞങ്ങളുടെ കാലടിപതിഞ്ഞ സ്ഥലങ്ങളില്‍ എത്രയോ മനുഷ്യ ജീവനുകള്‍ അടര്‍ന്നു പോയിരിക്കാം. അതിലേതെങ്കിലും ഒരു വരാന്തയില്‍ എന്നെങ്കിലും ഞാന്‍ ആരെയെങ്കിലും കാത്തിരുന്നിരുന്നുവോ.. ഏതെങ്കിലും ജന്‍മത്തില്‍... അറിയില്ല, പോയ ജന്‍മങ്ങളില്‍ ഈ കൊട്ടാരം എനിക്കന്യമായിരുന്നോ സ്വന്തമായിരുന്നോ എന്ന്...
 ഒരു ദിവസം എത്ര പെട്ടെന്നാണ്, കഴിഞ്ഞു പോയത്. ഏറ്റവുമൊടുവില്‍ അന്നത്തെ സന്ധ്യയെ മനോഹരിയാക്കിയത് വൃന്ദാവന്‍ ഗാര്‍ഡന്‍. മനോഹരമായ പൂക്കളുള്ള , ജലസമൃദ്ധമായ ഉദ്യാനം.
ജലത്തിന്‍റെ കൌതുകകരമായ നൃത്തം, കാണികളുടെ ആവേശം ഓരോ ജലത്തുള്ളിയിലേയ്ക്കും കത്തിപ്പടര്‍ന്ന പോലെ, നിറപ്പൊലിമയില്‍ കൂട്ടം കൂട്ടമായി സ്വദേശികളും വിദേശികളും. ആള്‍ക്കൂട്ടത്തില്‍ ഒന്നായി ഒഴുകുമ്പോള്‍ ഗുജരാത്തിയും ആഫ്രിക്കനും മലയാളിയും ഒരേ താളം. പാട്ടിനൊത്ത് നൃത്തം കളിക്കുന്ന ജലത്തുള്ളികളേപ്പോലെ.
പിറ്റേന്ന് രാവിലെ ഒരു ജന്‍മത്തിന്‍റെ പുണ്യവും പേറി ചാമുണ്ടേശ്വരി മലകളിലേയ്ക്ക്. മലകയറ്റത്തിന്‍റെ ഇടവേളകളിലൊക്കെ ചാമുണ്ടേശ്വരിയുടെ ഭക്തരെ ആകര്‍ഷിക്കാനായി പച്ച നിറത്തില്‍ വലിയ ബോര്‍ഡുകള്‍, സ്ഥലം വ്യക്തമാക്കുന്നവയും ചില അറിയിപ്പുകളും. ആ മലമുകളില്‍ ഇത്ര വിശാലമായ ഒരു മൈതാനം താഴെ നിന്നപ്പോള്‍ സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ചുറ്റും ചെറുകിട കച്ചവടക്കാര്‍, മസാല വില്‍പ്പനക്കാര്‍, കൌതുക വസ്തുക്കളുടെ വില്‍പ്പന എല്ലാമുണ്ട്. എല്ലാറ്റിന്‍റേയും നടുവില്‍ വലിയൊരു ഗോപുരത്തിന്‍റെ പകിട്ട് സ്വര്‍ണ്ണ നിറത്തില്‍ ജ്വലിച്ചു നില്‍ക്കുകയാണ്, ചാമുണ്ടേശ്വരി ദേവിയുടെ ക്ഷേത്രം.
മനസ്സു നിറഞ്ഞ് തൊഴുതു, ഇത്ര മനോഹരമായൊരു യാത്രയുടെ അവസാനം അവസാനം നിന്നില്‍ തന്നെ എന്ന് മൌനമായി പറഞ്ഞ് അവിടെ നിന്ന് ഉച്ചയോടെ തിരികെ നാട്ടിലേയ്ക്ക്.
ഇങ്ങോട്ടുള്ള യാത്ര പോലെ തിരികെയും മറ്റൊരു കാടു വഴി. ഗുണ്ടല്‍പ്പേട്ട്-  ബന്ദിപ്പൂര്‍ -  മുത്തങ്ങ വഴി.  ഗുണ്ടല്‍പ്പേട്ടിലെ ഗ്രാമപ്പകിട്ടില്‍ നിറയെ കൃഷിയിടങ്ങള്‍, കാബേജു തോട്ടങ്ങള്‍, ചെറിയ ചെറിയ പച്ചക്കറിക്കറ്റകള്‍, പലയിടങ്ങളില്‍ നിന്നും വാഹനങ്ങളില്‍ ആളുകള്‍ വന്ന് പച്ചക്കറി വാങ്ങി പോകുന്നു. ഒരിടത്ത് നിര്‍ത്തിയാലോ, വില അറിയാല്ലോ എന്ന ഉദ്ദേശത്തോടെ ഒരു നാട്ടുകടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. ഓരോന്നിന്‍റേയും വില കേട്ട് കോരിത്തരിച്ചു പോയി. നാട്ടില്‍ 350 രൂപയ്ക്കു വാങ്ങുന്ന പച്ചക്കറി വാങ്ങിയിട്ടും പിന്നെയും 100 രൂപയ്ക്ക് 10 രൂപ കുറവ്. കഴിവിന്‍റെ പരമാവധി നോക്കിയിട്ടും 100 തികയ്ക്കാന്‍ പറ്റാത്തതിന്‍റെ സങ്കടത്തോടെ ചേച്ചിയോട് യാത്ര പറഞ്ഞ് ഞങ്ങള്‍ വണ്ടിയില്‍ കയറി. ഈ വിലയ്ക്ക് വാങ്ങുന്ന പച്ചക്കറിയാനല്ലോ ദൈവമേ നമ്മുടെ മാര്‍ക്കറ്റുകളില്‍ അഞ്ച് ഇരട്ടി വിലയില്‍ വില്‍ക്കുന്നത് എന്നോര്‍ത്തപ്പോള്‍ അറിയാതെ കൈതിരുമ്മിപ്പോയി.


തിരികെ ബന്ദിപ്പൂര്‍ ചെക്ക് പോസ്റ്റു കടന്ന് നീണ്ട മനോഹരമായ ഹൈവേയില്‍ കടന്നപ്പോള്‍ വിന്‍ഡോ ഗ്ലാസ്സ് താഴ്ത്തി കാടിന്‍റെ ഉള്ളില്‍ എവിടെയെങ്കിലും ഒരു മാന്‍ അനക്കമോ,  പോത്തനക്കമോ ഉണ്ടോ എന്ന് നോക്കിയായിരുന്നു യാത്ര. പക്ഷേ വളരെ അപ്രതീക്ഷിതമായിട്ടാണ്, അങ്ങു ദൂരെ റോഡിന്‍റെ വലതു വശത്ത് താഴെ ഒരു കറുത്ത പാറ. വണ്ടിയിലിരുന്ന ഒരാള്‍ കൂവി, ദേ........ ആന..............
ആ വശത്തേയ്ക്കായിരുന്നു എല്ലാവരിടേയും കണ്ണുകള്‍,  അടുത്തെത്തിയപ്പോഴാണ്, ഒരു പിടിയാനയാണ്, ചെറിയ കണ്ണുകളുള്ള സുന്ദരി. പിടിയെ കണ്ട ആഹ്ലാദത്തില്‍ ഒരു ഫോട്ടോയ്ക്ക് തയ്യാറെടുക്കുമ്പോഴാണ്, റോഡിന്‍റെ ഇടതു വശത്തു നിന്ന് ഒരു കുട്ടിക്കൊമ്പന്‍ കുറുമ്പന്‍ മെല്ലെ വരുന്നു. അവന്‍ ഞ്ങ്ങളുടെ വളരെ അടുത്ത്. നാട്ടാനയുടെ അടുത്തുള്ള ഭയമില്ലായ്മ എന്തോ ഉള്ളില്‍ കിടക്കുന്നതു കൊണ്ടാവാം അവന്‍ ഞങ്ങളില്‍ ഭയമുണ്ടാക്കിയില്ല, ആവേശമായിരുന്നു.  ദൂരെ മാറി കൊമ്പനെക്കണ്ട് ഒതുക്കിയിട്ടിരുന്ന കര്‍ണാടക ആര്‍ ടി സി ബസ് ഡ്രൈവര്‍ ഇവരെന്താ ഇക്കാണിക്കുന്നത് എന്ന മട്ടില്‍ തല പുരത്തേയ്ക്കിട്ട് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.
പെട്ടെന്നാണ്, അവന്, ദേഷ്യം പിടിച്ചത്. ഫോട്ടോ എടുക്കാന്‍ നിര്‍ത്തിയത് അവന്, ഇഷ്ടമായില്ലെന്നു തോന്നുന്നു.( വഴിയരികിലെല്ലാം വാഹനങ്ങള്‍ സ്ലോ പോലും ചെയ്യരുത് എന്ന ബോര്‍ഡ് ആവേശത്തില്‍ ഞങ്ങള്‍ മറന്നിരുന്നു). മസ്തകം കുലുക്കി കൊമ്പന്‍ ഒന്ന് ആഞ്ഞു. പിന്നെ ഒറ്റ അലര്‍ച്ച , തുമ്പിക്കൈ ഉയര്‍ത്തി ഒരു ചാട്ടവും. എങ്ങനെയാണ്, വണ്ടി വെട്ടിച്ചു മാറിയതെന്ന് ചോദിച്ചാല്‍ ഇപ്പോഴും വ്യക്തമല്ല, ഒരു സെക്കന്‍റിന്‍റെ വ്യത്യാസത്തില്‍ രക്ഷപെട്ടു എന്നു പറയുന്നതാകും ശരി.


വണ്ടിയെടുത്ത് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴാണ്, സ്ഥലകാല ബോധം തിരിച്ചു വന്നത്. അതുവരെ നിര്‍വ്വികാരമായൊരു അവസ്ഥയിലൂടെയാണു ഞങ്ങള്‍ കടന്നു പോയത്. ഉണ്ടാകുമായിരുന്നോരു വലിയ അപകടം എന്തൊക്കെയോ പുണ്യങ്ങളുടെ തുക കിഴിച്ചപ്പോള്‍ ഒഴിവായിപ്പോയി എന്നു തന്നെ വിശ്വസിക്കാനാണ്, ഇപ്പോഴും തോന്നുന്നത്.
ആ ഓര്‍മയിലായിരുന്നു തിരികെയുള്ള ഓരോ മിനിറ്റും. മുത്തങ്ങ കാടുകളൊന്നും മനസ്സില്‍ ഒന്നും പതിപ്പിച്ചില്ല, പച്ച പിടിച്ച കുറച്ച് മരങ്ങളല്ലാതെ.
തിരികെ പോരുന്ന വഴി ഗാന്ധിഗ്രാമില്‍ നിന്ന് കുറച്ച് ഗ്രീന്‍ ടീയും, കാപ്പിപ്പൊടിയും, തെയിലയും വാങ്ങി, വയനാട് പോയതിന്, ബാക്കിയുള്ളവരേയും ശിക്ഷിക്കണമല്ലോ. ചുരമിരങ്ങുമ്പോള്‍ വയനാടിനോട് യാത്ര പറയവേ അറിയാതെ ചുണ്ട് ഒന്ന് വിതുമ്പി. ഒരിക്കലും മറക്കാത്ത ഒരു യാത്ര ബാക്കി  വച്ച കുറച്ച് സന്തൊഷങ്ങള്‍ ഞങ്ങളില്‍ നിറയുന്നുണ്ടായിരുന്നു, മനസ്സറിഞ്ഞിട്ടെന്ന പോലെ, യാത്രയുടെ പുണ്യം പോലെ ഒരു ചാറ്റല്‍ മഴ ഞങ്ങള്‍ക്ക് ആശംസകള്‍ നേരാനെത്തി. യാത്ര അവസാനിക്കുമ്പോള്‍ കാണാനാവാതെ ബാക്കി വച്ച ഒരു തുരുത്തു കൂടി നഷ്റ്റബോധമായി ഞങ്ങളില്‍ ഉണ്ട്, എടയ്ക്കല്‍  ഗുഹ. സമയത്തിന്‍റെ പ്രശ്നം കാരണം നഷ്ടപ്പെട്ടു പോയ ആ ആഴമുള്ള സൌന്ദര്യം. ഇനി മറ്റൊരു യാത്രയിലാകാം. എന്തെങ്കിലും ബാക്കി വച്ചാലല്ലേ യാത്രയുടെ സൌന്ദര്യം മായാതെ കിടക്കൂ. പിന്നെയും ആ വഴികളേ ഓര്‍ത്ത് കൊതിക്കാന്‍ പറ്റൂ.

17 Jun 2012

നിലാവിന്റെ വഴി

 ശ്രീപാർവ്വതി

 വയനാടൻ യാത്ര 
ഭാഗം ഒന്ന്
കുന്നുകള്‍ താണ്ടി കാടുകള്‍ തേടി ഒരു യാത്ര സ്വപ്നത്തിന്‍റെ ഭാഗമായിരുന്നു, ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായപ്പോള്‍ അതും അവിചാരിതമായ ഒരു പൂര്‍ണത അതിനു കൈവന്നപ്പോള്‍ മറ്റേതു യാത്രകളിലും കിട്ടാത്ത ഒരു അനുഭൂതി നുകരാനാകുന്നു. യാത്ര മാനന്തവാടി വഴി തോല്‍പ്പെട്ടി -തിരുനെല്ലി കാടുകളിലേയ്ക്ക്. അടിവാരം കഴിഞ്ഞ് വിശ്രമമില്ലാതെ പണിയെടുക്കുന്ന തൊഴിലാളികള്‍ നീട്ടിയ വഴിയിലൂടെ താമരശ്ശേരി ചുരം കയറി പതുക്കെ ഞങ്ങള്‍ മല കയറിതുടങ്ങി. ദൂരെ കാണുന്ന പച്ചപ്പ് മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി. താഴേയ്ക്കു നോക്കിയാല്‍ അങ്ങു ദൂരെ ഞങ്ങള്‍ യത്ര പറഞ്ഞ ചരിവുകളും അതിനുമപ്പുറെ നിലകളെണ്ണാനാകാത്ത പടുകൂറ്റന്‍ കെട്ടിടങ്ങളും.
ആദ്യം പോയത് പറയാതെ ഏറെ കാര്യങ്ങള്‍ ഉള്ളിലൊളിപ്പിച്ച ഒരു ചെറിയ തടാകത്തിലേയ്ക്ക്, പൂക്കോട് ലേക്ക്. ചുറ്റിലും എന്തൊക്കെയോ ആഴത്തിലൊളിപ്പിക്കുന്ന മരനിരകള്‍. അതിനിറ്റയിലൂടെ നടപ്പാത. ഒറ്റയ്ക്ക് നടക്കാനും, സൌഹൃദം ഭാവിച്ചു നടക്കാനും സ്വകാര്യതകളില്‍ സ്വയം നിരയാനും സ്ഥലമൊരുക്കിയതിന്‍റെ അനിവചനീയതയുണ്ട് ഈ വഴികള്‍ക്ക്. ഉള്ളിലെ പ്രണയത്തിന്‍റെ കനല്‍ ചൂടില്‍ ഞങ്ങളും നടന്നു, ഒന്നും മിണ്ടാതെ...
തടാകത്തിന്‍റെ വക്കുകളിലെ വയലറ്റു നിറമുള്ള ആമ്പലില്‍ വന്നിരിക്കുന്ന ചിത്രശലഭങ്ങള്‍ക്കു പോലും എന്ത് നിറമാണെന്ന് ഓര്‍ത്തു പോയി.
ഉച്ചയ്ക്ക് ഭക്ഷണം മാനതവാടിയിലെ ഉടുപ്പി ഹോട്ടലില്‍ നിന്നും പാര്‍സലലാണ്, വാങ്ങിയത്. പ്രകൃതിയുടെ ഒപ്പമിരുന്ന് കഴിക്കുന്നതിന്‍റെ ആസ്വാദ്യത ഹോട്ടലിലെ പുളിച്ച ,പഴകിയ മണത്തിന്, ഇല്ലല്ലോ. തോല്‍പ്പെട്ടിയിലേയ്ക്കുള്ള യാത്രാ മദ്ധ്യേ ഒറ്റമരം വളരെ ഭംഗിയില്‍ നിന്ന ഒരിടത്തിരുന്ന് ഭക്ഷണം . നല്ല നാടന്‍ പൊന്നിയരിച്ചോറ്. ഇഷ്ടമല്ലാതിരുന്നിട്ടു കൂടി തളിരിട്ടു നില്‍ക്കുന്ന ആ ഒറ്റമരത്തിന്‍റെ ആകര്‍ഷണീയതയില്‍ കഴിച്ചു. യാത്രയില്‍ പച്ചപ്പിന്‍റെ ഇളം തണുപ്പ് എപ്പൊഴൊക്കെയോ തൊട്ടു പോകുന്നത് അറിയുന്നുണ്ടായിരുന്നു, അരികിലെവിടെയോ മഞ്ഞയും ഓറഞ്ചും കലര്‍ന്ന ഇലകളുള്ള ഒരു മരം പണ്ടെഴുതിയ ഏതോ വരികളെ വീണ്ടും ഉണര്‍ത്തി...
"മഞ്ഞച്ച മരത്തോപ്പില്‍ ഇളം വെയിലില്‍ ചാഞ്ഞ് നാമിരുവരും
വയലിന്‍ കമ്പികളുടെ നേര്‍ത്ത രാഗം ഒഴുകുന്നത് എവിടെ നിന്ന്....."
കാറിന്‍റെ സൈഡ് സീറ്റില്‍ ഇരുന്ന് മുഖത്തേയ്ക്ക് വീശുന്ന കാറ്റിനു പോലുമില്ല തുളഞ്ഞു കയറുന്ന തണുപ്പ്. മെല്ലെ വലരെ മെല്ലെ തഴുകുന്ന ഒരു പട്ടു പോലെ അരിക്കുന്ന ഒരു തണുത്ത സുഖം അത്ര മാത്രം. യാത്രയ്ക്കിറങ്ങിയത് താമസിച്ചതിനാല്‍ അടുത്ത യാത്ര ഒരു വിശ്രമസ്ഥലം തിരക്കിയായിരുന്നു. ബാണാസുരസാഗര്‍ ഡാം അടുത്ത ഡെസ്റ്റിനേഷന്‍ ആയിരുന്നതു കൊണ്ട് അതിനടുത്ത ഒരു റിസോര്‍ട്ട് തന്നെ പ്രിഫെര്‍ ചെയ്തു. അങ്ങു കുന്നിന്‍റെ മുകളില്‍ ചെങ്കല്ലു പാകിയ ഒരു നാലുകെട്ട്. താഴെ ശാന്തമായിരിക്കുന്ന തടാകത്തിന്‍റെ ചെറിയ ചെറിയ കഷ്ണങ്ങള്‍. അതിനു ചുറ്റും പച്ചപ്പ്. ഒരു ചെറിയ ദ്വീപായിരുന്നു ആ സ്ഥലം.
പിറ്റേന്നു രാവിലെ നേരെ ബാണാസുരസാഗര്‍ ഡാം. പ്രകൃതിയുടെ അത്ഭുതം.മണ്ണു കൊണ്ടു മാത്രം ഉരുവാക്കപ്പെട്ട ബാണാസുര ഡാം പഴയ കഥകളിലെ മന്ത്രവാദിനിയേ പോലെ നില്‍ക്കുകയാണ്, ജലം രേഖകള്‍ പോലെ കണ്നെത്താത്ത ദൂരത്തോളം വളഞ്ഞ് പുളഞ്ഞു കിടക്കുന്നു, പച്ചപ്പില്ലാത്ത ഉണങ്ങിയ തലയുള്ള മരങ്ങള്‍ ഏതോ കലാകാരന്‍റെ ചായക്കൂട്ടില്‍ നിന്നുയിര്‍ കൊണ്ട ഛായാചിത്രം പോലെ തോന്നി.  ക്യാമറയ്ക്കു മുന്‍പേ മനസ്സില്‍ പതിഞ്ഞു ആ മനോഹരം ചിത്രം, അതു വരച്ച പ്രകൃതിയെന്ന കലാകാരനെ മനസ്സാ നമസ്കരിക്കുകയും ചെയ്തു.
പിന്നീട് യാത്ര തോല്‍പ്പെട്ടി കാടുകളിലേയ്ക്ക്. ഭക്ഷണം കഴിഞ്ഞ് ഉച്ചയോടെ എത്തിയപ്പോള്‍ ഇരകളെ കാത്തു കിടക്കുന്ന പാമ്പുകളെ പോലെ നിര നിരയായി ജീപ്പുകള്‍. മുന്‍വശത്തെ ഗ്ലാസ്സ് ഉയര്‍ത്തിയത്, സൈഡ് ടാര്‍പ്പ ഇല്ലാത്തത് ഇങ്ങനെ പലതരം. കാഴ്ച്ചകള്‍ ആസ്വദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സുലഭം. ഉപ്പിലിട്ടു വച്ച നെല്ലിക്കയുടേയും മാങ്ങയില്‍ ഉപ്പും മുളകു പൊടിയും പുരട്ടിത്തന്നതിന്‍റേയും നന്ദിയായി തോല്‍പ്പെട്ടി വഴിവാണിഭക്കാരിയായ ആ ചേച്ചിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചതു കൊണ്ടാവും വിശേഷങ്ങള്‍ അന്വേഷിച്ചത്. ഞങ്ങള്‍ വന്നത് ഒരു മണിക്കൂര്‍ നേരത്തെയാണ്, രണ്ടര മണികകണ്, ജീപ്പുകള്‍ യാത്ര പുറപ്പെടുക. ഇനി എന്താ വഴി, നെല്ലിക്കയുടെ ചെറു മധുരവും മാങ്ങയുടെ പുളിയും എരിവും നാവിനെ പാകപ്പെടുത്തുന്നുണ്ടായിരുന്നെങ്കിലും മനസ്സ് വല്ലാത്ത തുടിപ്പിലായിരുന്നു. വനത്തിന്‍റെ ആഴങ്ങള്‍ തേടീ ഞങ്ങളുടെ യാത്ര തുടങ്ങുന്നു.

നീണ്ട ഒന്നര മണിക്കൂര്‍ നീണ്ട യാത്ര.
നേര്‍ത്ത തണുപ്പിന്‍റെ തലോടലേറ്റ് വികലമായ മണ്‍പാതയിലൂടെ ജീപ്പ് പൊടിപറത്തി നീങ്ങി തുടങ്ങിയപ്പോള്‍ പറഞ്ഞറിയിക്കാനാകാതെ ഒരു സന്തോഷം ചങ്കില്‍ വന്ന് കൊരുത്തി.
വന്ന വഴി കാണാനാകാതെ നാലു ചുറ്റും മരങ്ങള്‍ മാത്രം. പക്ഷേ പച്ചപ്പില്ലാത്ത മരത്തലപ്പുകള്‍ നിറഞ്ഞു കിടന്ന ആവേശത്തെ ചോര്‍ത്തിയില്ലെന്നു പറയാതെ വയ്യ. ഇടയ്ക്കിടെ തെളിയുന്ന മാനുകള്‍, ജീപ്പ് കാണുമ്പോള്‍ അവ ഓടി മറയുന്നു. കലമാന്‍, കേഴമാന്‍, മ്ലാവ് തുടങ്ങി മാനിനത്തില്‍പ്പെട്ടവയെ പലയിടങ്ങളില്‍ വച്ച് കണ്ടു മുട്ടി.ഇടയ്ക്കൊരിടത്ത് കാട്ടു പോത്ത് അരുവിക്കരയില്‍ പച്ചപ്പുലല്‍ തിന്നു നില്‍ക്കുന്നു. അടുത്തു ചെന്ന് വണ്ടി സ്ലോ ചെയ്തു, ഒന്നേ നോക്കിയുള്ളൂ ആ കണ്ണില്‍, ക്രൌര്യത നിറഞ്ഞ, ധാര്‍ഷ്ട്യം നിറഞ്ഞ ആ കണ്ണുകള്‍ ഒട്ടൊന്നു ഭയപ്പെടുത്തി. വാഹനത്തിന്‍റെ മുരള്‍ച്ച കേട്ടിട്ടാവണം അവ തിരിഞ്ഞു മാറി നിന്നു. പെട്ടെന്നാനത്രേ കാട്ടുപോത്തുകള്‍ക്ക് ദേഷ്യം വരിക, അതും ഒറ്റയ്ക്കായ പോത്തിനെ സൂക്ഷിക്കണം, ഇടയ്ക്കിടെ പാന്‍പരാഗ് വായിലിട്ടു കൊണ്ട് മലയാളിയായ ഡ്രൈവര്‍ പറഞ്ഞു. പച്ചപ്പിന്‍റെ അഭാവം പലയിടങ്ങളിലും കാണാമായിരുന്നു. ഉണങ്ങി വീണ മുളകള്‍, എന്തോ മനസ്സിനെ വല്ലാത്ത മരവിപ്പിലാമര്‍ത്തി. കെട്ടു പിണഞ്ഞു കിടക്കുന്ന ആള്‍വലിപ്പമുള്ള വള്ളിച്ചെടികളും, പേരറിയാത്ത ഒട്ടേറെ മരങ്ങളും  ചെടിത്തലപ്പുകള്‍ക്കിറ്റയിലൂടെ കണ്ട പുളഞ്ഞൊഴുകുന്ന അരുവിയും ഞങ്ങള്‍ക്കുള്ള വഴി വിശദീകരിച്ചു തന്നു. കാട്ടരുവിയില്‍ ഒന്നിറങ്ങണമെന്ന വല്ലാത്ത മോഹമുണ്ടായിരുന്നെങ്കിലും  വാഹനത്തില്‍ നിന്ന് അത്ര അപകടം പിടിച്ചൊരു കാട്ടില്‍ പുറത്തിറങ്ങാന്‍ ആരേയും സമ്മതിക്കില്ല എന്നു പറഞ്ഞ് ഡ്രൈവര്‍ പേടിപ്പിച്ചു.
തോല്‍പ്പെട്ടി കാടുകളില്‍ നിന്ന് അടുത്ത യാത്രയും മറ്റൊരു കാട്ടിലൂടെ തന്നെ വലരെ പ്രശസ്തമായ പുണ്യപാപനാശിനി ഒഴുകുന്ന തിരുനെല്ലിയിലേയ്ക്ക്. തോല്‍പ്പെട്ടിയില്‍ നിന്ന് തിരുനെല്ലിയിലേയ്ക്ക് തിരിയുന്നിടത്താണ്, കുട്ടേട്ടന്‍റെ ചായക്കട. വളരെ സ്വാദേറിയ ഉണ്ണിയപ്പത്തിന്, പേരുകേട്ടതാണ്, ഈ കട. കുറച്ച് ഉണ്ണിയപ്പം വാങ്ങി കവറില്‍ നിറച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. തിരുനെല്ലിയിലെത്തിയപ്പോഴേക്കും സന്ധ്യയായിരുന്നു. ചെറുതായി തണുപ്പ് അരിച്ചു കയറുന്നു. ഇരു വശത്തുമുള്ള കാടുകള്‍ ചെറുതായി ഭയപ്പെടുത്തി തുടങ്ങിയോ എന്നു സംശയം.

ഇരുട്ടില്‍ തപ്പിത്തടഞ്ഞ് പാപനാശിനിയില്‍ മുജ്ജന്‍മപാപങ്ങള്‍ ഒഴുക്കിക്കളഞ്ഞപ്പോള്‍ ആത്മാവില്‍ വരെ ഒരു തണുപ്പ് പടര്‍ന്നു. മഞ്ഞിന്‍റെ തണുപ്പ് ഉരുകി പോയ പോലെ പകരം തണുത്ത പാപനാശിനിയിലെ ജലത്തിന്‍റെ കുളിര്, ഉടലിനെ തരിപ്പിച്ചു. അതിമനോഹരനായ തിരുനെല്ലീശന്‍റെ ആടചാര്‍ത്തിയ ദേഹം കണ്ടപ്പോള്‍ എന്നൊക്കെയോ ഞാനീ മുറ്റത്തു വന്നു നിന്നിട്ടുണ്ടല്ലോ എന്നൊരു തോന്നല്‍. അറിയില്ല... പോയ ജന്‍മങ്ങളും, വരും ജന്‍മങ്ങളും. 
അന്നത്തെ രാത്രി അടുത്ത സുഹൃത്തും ബന്ധുവുമായ പ്രശസ്ത എഴുത്തുകാരി സലില മുല്ലന്‍റെ വീട്ടില്‍. ഒപ്പം അവിടെ സഹായിയായി രണ്ട് ആദിവാസികളുമുണ്ട്. സാധാരണ ആരെങ്കിലും അതിഥികള്‍ ഉണ്ടെന്നറിഞ്ഞാല്‍ അവര്‍ നേരത്തെ സ്ഥലം വിടുകയാണു പതിവ്, എന്നാല്‍ ഇത്തവന സലിലോപ്പോള്‍ ഞങ്ങള്‍ വരുന്ന കാര്യം സസ്പെന്‍സ് ആക്കിയതു കൊണ്ട് പോകാന്‍ പറ്റിയില്ല രണ്ടു പേര്‍ക്കും. മുന്നില്‍ വരാതെ നാണിച്ച് ചിരിച്ച് ആദിവാസി പാറു ഞങ്ങളെ കയ്യിലെടുത്തു. പക്ഷേ ഒടുവില്‍ പിറ്റേന്ന് പോകാറായപ്പോഴേക്കും സംസാരിച്ചു തുടങ്ങി ആള്‍. കാട്ടില്‍ നിന്ന് കുരങ്ങന്‍മാര്‍ വന്ന് കൃഷി നശിപ്പിക്കുന്നതും ആനയുടെ റോഡ് നടത്തവും ഒക്കെ സലിലോപ്പോള്‍ വിശദീകരിക്കുമ്പോള്‍ ആദിവാസിപ്പാറു നല്ല ചിരി. കയ്യില്‍ ഒരു കാശ് കാണില്ലത്രേ, സമ്പാദിക്കാനും സിഹ്ടമില്ല ഇക്കൂട്ടര്‍ക്ക്. അന്നന്നത്തേയ്ക്കുള്ളത് ജോലി ചെയ്ത് ഉണ്ടാക്കുക, ഭക്ഷണം കഴിക്കുക, കാശു തീര്‍ക്കുക. ഇതു തന്നെ പതിവു കലാപരിപാടി. ഇതുകൂടി കേട്ടപ്പോള്‍ ആള്‍ കുണുങ്ങി കള്ളച്ചിരിയോടെ അകത്തേയ്ക്കു വലിഞ്ഞു.

20 May 2012

നിലാവിന്റെ വഴി



ശ്രീപാർവ്വതി


വേനല്‍മഴയില്‍ നനഞ്ഞു നടക്കുന്നവര്‍ .
വേനല്‍മഴയ്ക്ക് വല്ലാത്തൊരു സൌന്ദര്യമുണ്ടെന്ന് ആരും സമ്മതിക്കും. ഉച്ച വെയിലില്‍ ഉരുകി തീര്‍ന്ന് വൈകുന്നേരം ഇടിമിന്നലില്‍ മഴ തകര്‍ക്കുമ്പോള്‍ ഒരു വേഴാമ്പലിനെ പോലെ അയിപ്പോകില്ലേ മനസ്സ്, ആഹ്ലാദം കൊണ്ട് അത്യുച്ചത്തില്‍ ചിരിച്ചു കൊണ്ട് ആകാശത്തിന്‍റെ ബഹളം വക വയ്ക്കാതെ മഴയിലേയ്ക്കിറങ്ങി നനയുക, അത്ര നേരം ശരീരം അനുഭവിച്ച കൊടും ചൂട് ഉരുകി മറയുന്നത് എത്ര വേഗം. 
വേനല്‍മഴയെ അവിസ്മരണീയമാക്കുന്നതില്‍ വലിയൊരു പങ്ക് സുഗന്ധത്തിനുണ്ട്, ആദ്യ മഴത്തുള്ളിയെ ഏറ്റുവാങ്ങി ഭൂമി തരളിതയാകുമ്പോള്‍ പ്രണയത്തിന്‍റെ നനുത്ത ചുംബനം ഏറ്റുവാങ്ങിയവലെ പോലെ ഭൂമി സ്വയം അലിയുമ്പോള്‍ ഉയിരു വയ്ക്കുന്ന ഒരു സുഗന്ധം. മണ്ണിന്‍റെ ഗന്ധത്തെ കുറിച്ച് എഴുത്തുകാരെല്ലാം വാചാലരായിട്ടുണ്ട്. ശരീരത്തില്‍ സ്പര്‍ശിക്കാതെ നേരിട്ട് ആത്മാവിനെ തൊടുന്ന മണമായി അത് ഭൂമി മുഴുവന്‍ വ്യാപിക്കും. വേനല്‍ മഴ പെയ്യുമ്പോള്‍ ആ ഗന്ധത്തിനായി മാത്രം ജനല്‍പ്പാളികള്‍ തുറന്ന് ഇടി-മിന്നലിനെ ശ്രദ്ധിക്കാതെ മഴയുടെ നേരെ നോക്കി ഇങ്ങനെ കണ്ണടച്ച് നില്‍ക്കാന്‍ എനിക്കേറെ ഇഷ്ടമായിരുന്നല്ലോ. ഉരുകി തെറിച്ചു വീഴുന്ന മഴത്തുള്ളികള്‍ക്കും മണ്ണിന്‍റെ ഗന്ധത്തിനുമൊപ്പം രോമാന്ചമണിഞ്ഞ് എഴുന്നു നില്‍ക്കുന്ന രോമകൂപങ്ങള്‍ , എത്ര ആര്‍ദ്രമാണെന്നോ മനസ്സ്.

പണ്ട് കാലത്ത് ഒരു മഴയെന്നാല്‍ അകലെക്കാഴ്ച്ച മാത്രമായിരുന്നു, മഴയില്‍ കതകു തുറക്കാനോ, മഴയത്തിറങ്ങാനോ പോയിട്ട് ജനല്‍പ്പാളികള്‍ തുറക്കാന്‍ പോലും അമ്മ സമ്മതിക്കില്ല. അതുകൊണ്ട് മഴ കഴിയുമ്പോള്‍ ഒരു ഓട്ടമാണ്, മുറ്റത്ത് തളം കെട്ടിക്കിടക്കുന്ന വെള്ളത്തിലേയ്ക്ക് കളിവള്ളങ്ങളെ ഒഴുക്കി വിട്ട് മുറ്റം ചീത്തയാക്കിയതിന്, അമ്മ വഴക്കു പറയാത്ത ദിവസമില്ല. എങ്കിലും എങ്ങനെ കളിവള്ളം ഉണ്ടാക്കാതിരിക്കും, അവയ്ക്കുള്ളില്‍ കുഞ്ഞുറുമ്പുകളെ കയറ്റി യാത്രയാക്കാതിരിക്കും. ചെറിയ ഓളങ്ങളുണ്ടാക്കി അവ വലുതാകുന്നതും നോക്കി അങ്ങനെ എത്ര നേരമാണ്, ഇരിക്കാറ്... 
പറമ്പു കഴിഞ്ഞുള്ള തോട്ടിലെ വെള്ളത്തില്‍ മീന്‍ പിടിയ്ക്കാന്‍ പോകുന്നതും ഞാനൊറ്റയ്ക്ക്(എന്‍റെ പ്രായത്തിലുള്ള കൂട്ടുകാരൊന്നും എനിക്കുണ്ടായിരുന്നില്ലല്ലോ....) ചെറിയ തോര്‍ത്തു വിരിച്ച് ഇരുകയ്യും കൂട്ടി വലിച്ചെടുക്കുമ്പോള്‍ ഒരു മീനെങ്കിലും കാണാതിരിക്കില്ല, അവയ്ക്ക് നീന്തിക്കളിക്കാന്‍ ചെറിയൊരു കുപ്പിയില്‍ വെള്ളം. ചേറില്‍ പൊതിഞ്ഞ വയലിലെ ചെറിയ തുമ്പിക്കൂട്ടങ്ങള്‍ , കൈതക്കാടുകള്‍ക്കിടയിലെ കയ്യില്‍ ഇലയുടെ ആകൃതി വരുന്ന ചെറിയ ചെടി. വേനല്‍മഴയ്ക്ക് പറയാന്‍ ഏറെയുണ്ട്.

വേനലും മഴയും ഒന്ന്നും ശ്രദ്ധിക്കാതെ ഞാന്‍ ജീവിച്ചിരിപ്പുണ്ടൊ എന്നു പോലും സംശയത്തിലായിരുന്ന രണ്ടു വര്‍ഷങ്ങള്‍ എന്നിലൂടെ കടന്നു പോയത് ഇപ്പോഴും മറവിയുടെ തുരുത്തിലെവിടെയോ ഒര്‍മ്മയുമായി മത്സരത്തിനുണ്ട്. ഗ്രാമത്തിന്‍റെ മണ്ണിന്‍റെ സുഗന്ധം നാഗരികതയ്ക്കു വഴിമാറിയപ്പോള്‍ എന്നില്‍ നിന്ന് എന്തൊക്കെയാണ്, നഷ്റ്റപ്പെട്ടത്? അക്ഷരങ്ങളും ചിന്തകളും മറന്ന് അതിവേഗം പായുന്ന നഗരത്തിനെ ഭീതിയോടെ നോക്കാനേ കഴിഞ്ഞുള്ളൂ. എണ്ന തേച്ച് മിനുക്കിയ മുടിയും, കണ്ണിനെ കടന്ന് മറഞ്ഞു നില്‍ക്കുന്ന പുരികവും, രാസലേപനങ്ങളിടാത്ത മുഖത്തെ നനുത്ത രോമങ്ങളും കണ്ടപ്പോള്‍ ഒരു ഓഫ്ഫീസില്‍ ഇന്‍റര്‍വ്യൂ ചെയ്ത ഉദ്യോഗസ്ഥയ്ക്ക് താല്‍പ്പര്യമില്ലായ്മ, അവരുടെ കസ്റ്റമെഴ്സിനെ സംസാരത്തില്‍ ആകര്‍ഷിക്കാനുള്ള കഴിവുമില്ലെന്നറിഞ്ഞതോടെ ഔട്ട്. പക്ഷേ ആ ഓട്ടത്തില്‍ ഞാനറിഞ്ഞില്ല, എനിക്കു നഷ്റ്റപ്പെടു പോയ ചില നാട്ടിന്‍പുറനന്‍മകളെ കുറിച്ച്. വേനലും മഴയും മണ്നിന്‍റെ സുഗന്ധവുമൊക്കെ പലപ്പോഴും എന്നെ കറ്റന്നു പോയെങ്കിലും അതൊന്നുമലക്കാനാകാതെ നിര്‍വ്വികാരയായി ഞാന്‍ കഴിച്ചു കൂട്ടിയ ദിനങ്ങള്‍.നഗരം അങ്ങനെയാണ്, നമ്മില്‍ നിന്ന് തന്നെ നമ്മളെ അക്റ്റും.

ഇന്നെനിക്ക് മഴ ഇത്ര നാളില്ലാത്ത അനുഭൂതികളാണ്, സമ്മാനിക്കാറ്. ജനിച്കു വളര്‍ന്ന വീട്ടില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഈ പുതിയ വീട്ടില്‍ മഴ ഒരു ആഘോഷമാണ്. അകലെ മഴകകറ്, കാണുമ്പോള്‍ ഒരു ചുട്ടിത്തോര്‍ത്തുമുടുത്ത് മഴ നനയാനിറങ്ങുന്ന അച്ഛന്‍. അങ്ങനെ ആവേശം മൂത്ത് ഒരിക്കല്‍ ഞാനും. ആദ്യമായി മഴ നിന്ന് നനഞ്ഞ ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്, മണ്നിന്‍റെ തണുത്ത മണം ലഹരിയായി പടരുമ്പോള്‍ കണ്ണടച്ച് ആത്മാവിലേയ്ക്ക് തണുപ്പേറ്റു വാങ്ങി ഏറെ നേരം നിന്നു, മതിയാവോളം. പിന്നീട് എല്ലാ മഴയിലേയ്ക്കും ഞാനെന്നെ അലിയിക്കാന്‍ തുടങ്ങി. മഴ എന്നില്‍ താളമായി തുടങ്ങി. എനിക്കെന്‍റെ അക്ഷരങ്ങളെ തിരികെ കിട്ടി. മതിവരാതെ ഓര്‍ത്തു വയ്ക്കാന്‍ മഴയുടെ സുഖം പോലെ ഒരു പ്രണയവും. ഞാനിന്നും ഈ വേനല്‍മഴയെ തിരയുകയാണ്. ഉള്ളുരുക്കുന്ന ഈ വേനല്‍ ചൂടിന്‍റെ ആഴത്തില്‍ കാത്തിരിക്കുകയാണ്, വീണ്ടുമൊരു വേനല്‍ മഴയ്ക്കായ്... എന്നെ അലിയിക്കുന്ന മണ്നിന്‍റെ തണുത്ത സുഗന്ധത്തിനായി....

20 Apr 2012

നിലാവിന്റെ വഴി

ശ്രീ പാർവ്വതി

നിങ്ങള്‍ പറയൂ, "എനിക്ക് ഭ്രാന്തുണ്ടോ? "


ഞാനൊരു ഭ്രാന്തിയാണെന്നു കേള്‍ക്കാന്‍ എനിക്കെന്തിഷ്ടമാണെന്നോ... കേള്‍ക്കുമ്പോള്‍ പലര്‍ക്കും നെറ്റിചുളിയുന്നുണ്ടാകാം, പക്ഷേ ഒന്നു സ്വയം സംസാരിച്ചു നോക്കൂ, നിങ്ങളിലേയ്ക്കു തന്നെ ഒന്നു നോക്കൂ, ഒരു ലേശം വട്ട് നിങ്ങള്‍ക്കുമിഷ്ടമല്ലേ... അതൊരു മനശാസ്ത്രമാണ്. ഭ്രാന്തുള്ളവരോട് നമുക്ക് ലേശം അനുകമ്പയുണ്ട്, ഒരു ഉള്‍പ്പേടിയും. പക്ഷേ എന്തിനെന്നറിയാത്തൊരിഷ്ടവും.
ഡിഗ്രിയ്ക്കു പഠിക്കുമ്പോള്‍ എന്‍റെ പുസ്തകച്ചുമരുകളിലും മുറികളിലും ഞന്‍ എഴുതി ഒട്ടിച്ചു വച്ചു, കിറുക്കികളുടെ രാജകുമാരിയുടെ കൊട്ടാരത്തിലേയ്ക്കു സ്വാഗതം. വെള്ളക്കളറുള്ള എന്‍റെ ഡയറിയില്‍ കുത്തിക്കുറിച്ചു, എന്‍റെ കിറുക്ക് എനിക്കിഷ്ടമാണ്. ഉറക്കത്തിനിടയില്‍ സ്വപ്നം കണ്ടു, ആപ്പിള്‍ മരങ്ങള്‍ക്കിടയിലൂടെ വയലറ്റ് ഫ്രോക്കുമിട്ട് ഒഴുകി നടന്ന് ഏതോ മാന്ത്രിക ലോകത്തേയ്ക്ക് പറന്നു. പക്ഷേ അവിടെയെങ്ങും എനിക്കു കൂട്ടായി ഒരു ഓര്‍മ്മ പോലുമുണ്ടായിരുന്നില്ല.
എന്തു രസമാണത്, ഓര്‍മ്മകളില്ലാതെ , ഒരു തൂവലിന്‍റെ ഭാരം പോലുമില്ലാതെ കാറ്റിലലിയാന്‍...
എന്‍റെ ഡയറിയ്ക്ക് നീല പുറം ചട്ടയായിരുന്നു, അതിലെ ഒരെഴുത്ത് ഇന്നും എന്നെ നോവിക്കും,
"എന്നെ ഭ്രാന്തെടുത്തിരുന്നെങ്കില്‍....
എനിക്കറിയില്ല എന്‍റെ ജീവിതം എങ്ങോട്ടാണ്, ഒഴുകുന്നതെന്ന്, നിലയില്ലാത്ത കയം പോലെയാണെന്നു തോന്നും ചിലപ്പോള്‍, മറ്റു ചിലപ്പോഴോ ഒത്തിരി സുഗന്ധമുള്ള പൂക്കള്‍ പോലെയും, പക്ഷേ എന്‍റെ കൂട്ട്.... ആരും കൂട്ടില്ലാതെ എത്ര നാള്‍ ഇങ്ങനെ ഒറ്റയ്ക്ക്.... വല്ലാത്ത ഏകാന്തത തോന്നുന്നു.....
ഒരു മോഹം.. വെറുതേ... വെറുതേ ഒരു മോഹം... എന്‍റെ ജീവിതം ഒരു ട്രാജഡി ആയിരുന്നെങ്കില്‍... ഒരുപാട് വേദനിക്കണം. ചങ്ക് നീറി നീറി ഇല്ലാണ്ടാകണം. ആ വേദനയില്‍ തളര്‍ന്ന് കിടന്ന് എനിക് ചിരിയ്ക്കണം...."
ഇന്നതു വായിക്കുമ്പോള്‍ എന്തിനോ എന്‍റെ ഉള്ളില്‍ കിടന്ന് ഒരു സങ്കടപ്പക്ഷി വെറുതേ കരയുന്നു.. കാരണങ്ങളൊന്നുമില്ലാത്ത ഒരു കരച്ചില്‍.
എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു, അവള്‍ക്ക് ബൈപോളാര്‍ ഡിസോഡര്‍ ആണ്. സങ്കടത്തിന്‍റെ അറ്റങ്ങളും സന്തോഷത്തിന്‍റെ വക്കുകളും അവള്‍ക്കു മുന്നില്‍ വളരെ ലാഘവത്തോടെ കിടന്നു കളിച്ചു. അവളെ എനിക്കു കിട്ടിയതില്‍ ഞാന്‍ അതീവ സന്തോഷത്തിലായിരുന്നു കാരണം അവള്‍ ഞാന്‍ തന്നെ ആയിരുന്നു. പക്ഷേ ഒരു നിമിഷത്തെ വേലിയേറ്റത്തില്‍ അവളുടെ അസുഖം തന്നെ അവളുടെ കാഴ്ച്ച മറച്ചു, അന്നു മുതല്‍ ഞാനവള്‍ക്ക് അന്യയായി, എവിടെയിരുന്നാലും നീ സുഖമായിരിക്കുക, കൂട്ടുകാരീ, ഒരുപക്ഷേ എന്നെ ചതിച്ചത് അവളോ അവളുടെ നിറം മങ്ങിയ ഓര്‍മ്മയുടേ അലകളോ.. ഇന്നുമെനിക്കറിയില്ല..... പക്ഷേ അവളുടെ പങ്കു വയ്ക്കലുകളില്‍ ഒന്നെനിക്കു മനസ്സിലായി ഈ ലോകം ഭ്രാന്തന്‍മാര്‍ക്കുള്ളതല്ല. പക്ഷേ അതിലെ വൈരുദ്ധ്യം എന്നെ ആഹ്ലാദിപ്പിച്ചു, ഇവിടെ എല്ലാവര്‍ക്കും തന്നെ ഭ്രാന്തുണ്ട്.
അവനവനെ അറിയാതെ മറ്റുള്ളവനെ അറിയാന്‍ ശ്രമിക്കുന്നവനെ എന്തു പേരിട്ടാണ്, പിന്നെ വിളിക്കേണ്ടത്?
ഓര്‍മ്മകള്‍ ഇല്ലാതിരിയ്ക്കുക തന്നെ സുഖം.
ഇന്നെനിക്ക് എന്നെ രണ്ടായി കാണാം. മാധവിക്കുട്ടിയെ കടമെടുത്താല്‍, "എന്നില്‍ മറ്റൊരാള്‍ ജീവിക്കുന്നത് ഞാനറിയുന്നു, എന്‍റെ അപര..." ചിലപ്പോള്‍ അവള്‍ വികൃത മുഖം കാട്ടി എന്നെ ഭയപ്പെടുത്തും, ചിലപ്പോള്‍ പ്രണയത്തിന്‍റെ നേര്‍ത്ത വാതിലുകള്‍ തുറന്ന് പട്ടുമെത്ത കാട്ടിത്തരും, കൂടെ ഒരുപിടി കാരമുള്ളുകള്‍ ചങ്കിലേയ്ക്ക് കുത്തിയിറക്കും.
പക്ഷേ അവളെ എനിക്കിഷ്ടമാണ്, അവളാണല്ലോ എന്നെ ഞാനാക്കിയത്...
ഇനി നിങ്ങള്‍ പറയൂ , " എനിക്ക് ഭ്രാന്തുണ്ടോ?"

19 Feb 2012

നിലാവിന്റെ വഴി


ശ്രീപാർവ്വതി


ഇലയനക്കങ്ങളില്‍ മനം ചേര്‍ത്ത്...


തണുത്ത ഒരു രാത്രിയില്‍ നല്ല നിലാവത്ത് ഉണങ്ങിയ മരങ്ങളുടെ നിഴല്‍ കണ്ടിട്ടുണ്ടോ? ചുക്കിച്ചുളിഞ്ഞ് എല്ലു തെളിഞ്ഞ് നട്ടെല്ലു വളഞ്ഞ ഒരു മുത്തശ്ശിയെ പോലെ അല്ലേ? ആ മരത്തോട് അറിയാതെ ഒരു ചായ് വ് , ഒന്നു തലോടുക, മരത്തോട് കാതു ചേര്‍ത്തു വച്ച് അതിന്‍റെ മിടിപ്പറിയുക, ഒരു വാത്സല്യത്തിന്‍റെ തിരയിളക്കം അറിയാന്‍ കഴിയുന്നില്ലേ?


രാത്രിയില്‍ മരത്തിന്‍റെ കീഴില്‍ നില്‍ക്കരുതെന്ന് പണ്ടെങ്ങോ അദ്ധ്യാപകന്‍ പറഞ്ഞു തന്നൊരു പാഠം ഓര്‍ക്കുന്നു, രാത്രിയില്‍ സൂര്യപ്രകാശമില്ലാത്തതിനാല്‍ ഇലകള്‍ ഓക്സിജനെ ആഗിരണംചെയ്യുകയും കാര്‍ബണ്‍ ഡൈ ഓക്സിജനെ പുറത്തേയ്ക്ക് വിടുകയും ചെയ്യുമെന്ന്...
ശാസ്ത്രമൊക്കെ അതിന്‍റെ വഴികളിലൂടെ നടക്കും. പക്ഷേ വൃക്ഷത്തിന്‍റെ ആത്മാവിനെ തൊടാന്‍ രാത്രിയേക്കാളും നല്ല സമയം മറ്റൊന്നില്ല, അതും നിലാവുദിച്ചു നില്‍ക്കുമ്പോള്‍, ചെറുതായി മര്‍മ്മരമുയര്‍ത്തുന്ന ഇലകള്‍ തിളങ്ങുന്നതും കണ്ട്, ചുളിഞ്ഞ തൊലിയെ വാസനിച്ച്, ആത്മാക്കള്‍ പരസ്പരം ഒന്നാക്കി ഒരു മരത്തെ അറിയാം.
ഒരുപക്ഷേ ഒരു വ്യക്തിയോട് നിന്നെയെനിക്ക് ഇഷ്ടമാണെന്ന് പറയുമ്പോള്‍ അയാളുടെ വര്‍ദ്ധിക്കുന്ന മിടിപ്പ് ഒരു അടയാളമാണ്, നിന്‍റെ ആത്മാവിനെ ഞാന്‍ ഏറ്റു വാങ്ങിയിരിക്കുന്നു എന്ന അനുഭൂതി ഒരുപക്ഷേ അയാള്‍ തിരിച്ചറിയുകയാവാം.

വൃക്ഷത്തിന്‍റെ അവസ്ഥയും മറ്റൊന്നല്ല...
കുട്ടിക്കാലത്ത് മരങ്ങളോട് വല്ലാത്തൊരു ഇഷ്ടം തോന്നിയിട്ടുണ്ട്, വീടിനു ചുറ്റുമുള്ള ചെറിയ മരങ്ങള്‍ക്കുള്‍പ്പെടെ പേരുമിട്ടിരുന്നു, , അജയ്, നീലാംബരി, ആദില...
എവിടെയൊക്കെയോ വായിച്ച് ഇഷ്ടപ്പെട്ട പേരുകള്‍.
കൂട്ടത്തില്‍ ഏറ്റവുമിഷ്ടം നീലാംബരിയോടായിരുന്നു. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരിയുണ്ടാക്കിയ ആഫ്റ്റര്‍ എഫക്ട് എന്നേ പറയാനാകൂ. ആയമ്മയോടുള്ള ഇഷ്ടം മരത്തോടുള്ള ഇഷ്ടമായും പിന്നീട് ആഴത്തിലുള്ള ഒരു അടുപ്പമായും മാറി.
പലപ്പോഴും ആ ഇലഞ്ഞി മരച്ചുവട്ടില്‍ പോയി നിന്ന് ഞാന്‍ സംസാരിക്കാറുണ്ടായിരുന്നു, എന്‍റെ നീലാംബരിയോട്... അവളുടെ മറുപടി പതുങ്ങിയ ഒച്ചയിലായിരിക്കും. മിടിപ്പുകളായി മൌനത്തിന്‍റെ ഭാഷയിലാകും ചിലപ്പോള്‍ , മറ്റു ചിലപ്പോള്‍ ഇലയാട്ടി ഉറക്കെ ചിരിച്ച് എന്നെ കളിയാക്കും. അവളുടെ അടുത്ത് ഇരുന്നിട്ടാണ്, ഞാന്‍ എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദ്യമായി കത്തെഴുതിയത്, മറ്റൊരു നീലാംബരിയുടെ ഓര്‍മ്മയ്ക്ക്... പക്ഷേ ആ എഴുത്ത് എന്‍റെ ഡയറിത്താളുകള്‍ക്കുള്ളില്‍ തന്നെ നിശബ്ദമായി ഇരുന്നു, ഒടുവില്‍ വീര്‍പ്പുമുട്ടിയപ്പോള്‍ ആ പേജ് വലിച്ചു കീറി എന്‍റെ നീലാംബരിയുടെ ഇലത്തുമ്പില്‍ കൊരുത്തിട്ടു.

ഒരുപക്ഷേ മനുഷ്യന്‍റെ ഏറ്റവും നല്ല ചങ്ങാതിയായിരിക്കും വൃക്ഷങ്ങള്‍. ആത്മാര്‍ത്ഥതയുള്ല സുഹൃത്ത്, നമ്മുടെ സങ്കടങ്ങളെ മിണ്ടാതെ കേട്ടു നില്‍ക്കാനും വേദനയില്‍ വിങ്ങുമ്പോള്‍ തണുത്ത കാറ്റു വീശി തലോടാനും, സന്തോഷത്തില്‍ ഇലയാട്ടി നൃത്തം വയ്ക്കാനും മരങ്ങള്‍ക്ക് കഴിയും.
കുട്ടിക്കാലത്ത് വീടിനോട് ചേര്‍ന്ന പറമ്പില്‍ നിറയെ മരങ്ങളായിരുന്നു, ഇലഞ്ഞി, ചാമ്പ, മാവ്, പ്ലാവ്, തേക്ക്, കശുമാവ്, പിന്നെയും പേരറിയാത്ത ഇഷ്ടം പോലെ മരങ്ങള്‍. ചാമ്പ പൂത്താല്‍ ഉത്സവമാണ്, അടുത്ത വീട്ടിലെ കുട്ടികള്‍ വന്ന് മരത്തിന്‍റെ മുകളില്‍ കയറി പറിക്കും. ഇടവപ്പാതിയാണ്,  കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള സമയം. ഒരു കാറ്റു വീശിയാല്‍ തുരു തുരെ അടര്‍ന്നു വീഴുന്ന നല്ല മധുരമുള്ല നാട്ടുമാങ്ങ. ഒറ്റ കടിയ്ക്കേ ഉണ്ടാകൂ ആള്‍, പക്ഷേ മത്സരമാണ്, മഴയൊക്കെ അവഗണിച്ച് ഓടും, ചിലപ്പോള്‍ ചെളിയില്‍ ചവിട്ടി വീഴും എങ്കിലും മാമ്പഴം തരുന്ന സുഖാനുഭൂതി അനിര്‍വചനീയം തന്നെയല്ലേ.

പക്ഷേ അടുത്ത തുലാവര്‍ഷം ആയപ്പോഴേക്കും ഞങ്ങളുടെ വീട്ടിലെ പല വൃക്ഷങ്ങളും ഇല്ലാതായി. പണം വാങ്ങി ജീവനെ നല്‍കുന്ന മനുഷ്യന്‍റെ ക്രൂരത. ഒരു മരം മുറിയ്ക്കുമ്പോള്‍ മറ്റൊരു മരം നടണം എന്ന് എല്‍ പി  സ്കൂളില്‍ മലയാളം സര്‍ പഠിപ്പിച്ചതോര്‍ത്തു, പക്ഷേ മറ്റു മരങ്ങളോടൊപ്പം എന്‍റെ നീലാംബരിയേയും എനിക്ക് നഷ്ടമായപ്പോള്‍  ആരും കാണാതെ അവളുടെ ചോര വാര്‍ക്കുന്ന ഉടലിന്‍റെ അരികില്‍ നിന്ന് കരയാനേ കഴിഞ്ഞുള്ളൂ.. ഉതിര്‍ന്നു വീഴുന്ന കറ അവളുടെ കണ്ണീരാണെന്നു കരുതി, എനിക്ക് വല്ലാതെ നൊന്തു.

 ഇല്ല.... ഇനി ഇതുപോലെ ഒരു മരത്തിനേയും സ്നേഹിക്കാന്‍ എനിക്കു കഴിയില്ല. അത്രയേറെ അവളെന്നോട് ചേര്‍ന്നിരുന്നു. അവള്‍ക്കു പകരം മറ്റൊരു മരത്തിനെ നടാനായി കണ്ടെത്താന്‍ പിന്നീടെനിക്ക് കഴിഞ്ഞില്ല. ഒടുവില്‍ വിങ്ങുന്ന ഒരു ഓര്‍മ്മയും നിലാവുള്ള രാത്രിയിലെ മദിപ്പിക്കുന്ന ഗന്ധവും മാത്രം ബാക്കി വ്ച്ച് അവള്‍ പോയപ്പോള്‍ എന്‍റെയുള്ളിലെ നിലാവസ്തമിച്ചതു പോലെ...
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നിറയെ മരങ്ങളുള്ള ഈ വീട്ടില്‍ മഞ്ഞ നിറമുള്ള ചെമ്പകച്ചോട്ടില്‍ നില്‍ക്കവേ ഞാനറിയുന്നു, മരത്തോപ്പുകളോടുള്ള എന്‍റെ പ്രണയം ഉണ്ടായ വഴികള്‍. നിഗൂഡത നിറഞ്ഞ മരത്തോപ്പുകള്‍ എന്‍റെ എന്നിലുണ്ടാക്കുന്ന വിസ്മയം... അതിന്‍റെ കാരണം മറ്റൊന്നല്ല എന്‍റെ നീലാംബരി തന്നെ... ഇപ്പോഴും നിലാവുള്ള രാത്രികളില്‍ അവള്‍ എന്നെ തലോടുന്നു..., മുറ്റത്തിറങ്ങിയാല്‍ എവിടെ നിന്നോ സുഗന്ധവുമായി വന്ന് മോഹിപ്പിക്കുന്നു.

14 Jan 2012

നിലാവിന്റെ വഴി

 ശ്രീപാര്‍വ്വതി
നഷ്ടപ്പെടലിനപ്പുറമുള്ളത്....

വളരെ യാദൃശ്ചികമായാണ്, അനു അജയിന്‍റെ ജീവിതത്തിലേയ്ക്കു കടന്നു വന്നത്. ജീവിതത്തില്‍ സ്വന്തം പോരായ്മകള്‍ തിരിച്ചറിഞ്ഞു കൊണ്ട് മറ്റൊരു പെണ്‍കുട്ടിയെ സ്വന്തം ജീവിതത്തിലേയ്ക്കു ക്ഷണിയ്ക്കാന്‍ അജയിന്, മടിയയിരുന്നു.പക്ഷേ അനു അതെല്ലാം മറി കടന്നു. അജയിന്, പിന്നെ ജീവിതം അത്യാഹ്ലാദത്തിന്‍റേതായിരുന്നു. ദിനവുമുള്ള അനുവിന്‍റെ വിളികളില്‍ തന്‍റെ ജീവിതം എത്ര ലാഘവത്തോടെയാണ്, ഒഴുകുന്നതെന്ന് അയാള്‍ മനസ്സിലാക്കി. പ്രണയത്തിന്‍റെ അത്യപൂര്‍വ്വമായ സുഖം അയാളെ കരയിപ്പിക്കാറുണ്ടായിരുന്നു. അജയിന്‍റെ വീട്ടിലെ സന്ദര്‍ശകര്‍ക്കും സുഹൃത്തുക്കള്‍ക്കും അച്ഛനും അമ്മയ്ക്കും വരെ അറിയാമായിരുന്നു അനുവിന്‍റെ കാര്യം. അവര്‍ എല്ലവരും അവളെ ഫോണില്‍ വിളിച്ച് സംസാരിച്ചു, സ്വപ്നങ്ങള്‍ നെയ്തു.അജയിന്‍റെ അമ്മ ഒരുപാട് ആഹ്ലാദിച്ചു.

മകന്‍റെ ജീവിതത്തില്‍ ചേക്കേറാന്‍ ഒരു പെണ്‍കിളി എത്തിയല്ലോ, അല്ലെങ്കില്‍ മരവിച്ചു പോയേനെ അവന്‍റെ ജീവിതം.
അനുവിന്‍റെ വീട്ടില്‍ അവള്‍ ആരോഡും പറഞ്ഞിരുന്നില്ല പ്രണയത്തെ പറ്റി. ജീവിതം സമ്മാനിച്ചത് പ്രായമായ അച്ഛനും അമ്മയും കുറച്ചു കഷ്ടപ്പാടുകളുമാനെന്ന് അനു എപ്പോഴും പറയുമായിരുന്നു. അങ്ങനെ ആ നിവൃത്തികേടില്‍ നിന്നൊക്കെ മോചനവുമായി അവള്‍ക്ക് നല്ലൊരു ജോലി ശരിയായി.പക്ഷേ ജോലി ലഭിയ്ക്കാന്‍ വേണ്ടി എടൂത്ത കടവും കൂട്ടി നല്ലൊരു സംഖ്യ ഉണ്ടാക്കണമായിരുന്നു അവള്‍ക്ക് ജീവിതം കരുപ്പിടിയ്ക്കാന്‍.

പക്ഷേ ജോലി ലഭിയ്ക്കാന്‍ വേണ്ടി എടൂത്ത കടവും കൂട്ടി നല്ലൊരു സംഖ്യ ഉണ്ടാക്കണമായിരുന്നു അവള്‍ക്ക് ജീവിതം കരുപ്പിടിയ്ക്കാന്‍. ജോലിയിലെ ദിനങ്ങള്‍ അവള്‍ക്ക് സന്തോഷം പകര്‍ന്നു, എന്തു തിരക്കുകള്‍ ഉണ്ടെങ്കിലും അനു അജയിനെ പതിവായി വിളിയ്ക്കുമായിരുന്നു. ഒടുവില്‍ അജയിനു തോന്നി, എത്ര നാളാണ്, ഈ ബന്ധം നീട്ടിക്കൊണ്ടു പോവുക? എന്നായാലും അനുവിന്‍റെ വീട്ടുകാര്‍ അറിയണം, എന്നാല്‍ പിന്നെ ഒന്ന് പ്രപ്പോസ് ചെയ്താലോ, അനുവിന്, നല്ല പേടിയുണ്ടായിരുന്നു, പക്ഷേ വല്ലാത്തൊരു ആത്മധൈര്യം ഉണ്ട അവള്‍ക്ക് കാരണം മകളുടെ ഇഷ്ട്ങ്ങള്‍ക്കൊന്നും ഇതുവരെ അച്ഛന്‍ എതിരു നിന്നിട്ടില്ല, പിന്നെ ആകെ എതിര്‍പ്പ് വരേണ്ടത് അജയിന്‍റെ ശാരീരിക അവസ്ഥകള്‍ കാരണമാണ്. എന്തായാലും വിളിയ്ക്കട്ടെ...
രണ്ടു ദിവസത്തിനകം അജയ് വിളിച്ചു;
ഹലോ ഇത് അനുവിന്‍റെ വീടല്ലേ?
അനുവിന്‍റെ അച്ഛനാണ്, സംസാരിച്ചത്,"അതേ അനുവിന്‍റെ അച്ഛനാണ്, അവളിവിടെയില്ലല്ലോ..."
"അല്ല എനിക്ക് അച്ഛനോടാണ്, സംസാരിക്കാന്‍ ഉള്ളത്... അജയ് പാതിയില്‍ നിര്‍ത്തി
"എന്താ പറഞ്ഞോളൂ... അജയിന്‍റെ ഉള്ളില്‍ പെരുമ്പറകള്‍ ഒന്നിച്ചു മുഴങ്ങുന്നുണ്ടായിരുന്നു.
അവന്‍ പറഞ്ഞു" എനിക്ക് അനുവിനെ ഇഷ്ടമാണ്, കുറച്ച് ശാരീരിക ദൌര്‍ബല്യങ്ങള്‍ ഉണ്ടെനിക്ക് അതു മനസ്സിലാക്കിയാണ്, അനു എന്നെ സ്നേഹിച്ചത് ഞ്ങ്ങളുടെ വിവാഹം നടത്തി തരണം"
നടത്താമെന്നോ ഇല്ലെന്നോ പറയാതെ അവസ്ഥകളും അടുപ്പവും മനസ്സിലാക്കി അച്ഛന്‍ ഫോണ്‍ വച്ചു.
പിന്നീട് വിളിച്ചത് അനുവാണ്.
അത്ര നാള്‍ ഇല്ലാത്തൊരു ശാന്തത അവളുടെ സ്വരത്തിലുള്ളത് അജയിനെ ഭയപ്പെടുത്തി.
അവള്‍ പറഞ്ഞു,, " അജയ്, വീട്ടില്‍ സമ്മതിക്കുന്നില്ല, അച്ചന്‍റെ സമ്മതമില്ലാതെ എനിക്കു കഴിയില്ല.... ഞാന്‍ എന്തു ചെയ്യും?"
വിറച്ചുപോയ ഹൃദയത്തെ വരുതിയില്‍ നിര്‍ത്താനാകാതെ അജയ് പരവേശപ്പെട്ടു. അച്ഛനോട് ചോദിച്ചിട്ടാണോ നീ എന്നെ പ്രണയിച്ചത്, നാട്ടുകാരെ മുഴുവന്‍ അറിയിച്ചത്? എന്ന്‌റെ അവസ്ഥയില്‍ കൂടെ നിന്നത്...
ഒന്നും അജയ് ചോദിച്ചില്ല, അവന്‍റെ വിങ്ങലില്‍ എല്ലാമുണ്ടായിരുന്നു.
ആ പ്രണയം അവിടെ അവസാനിച്ചു. പക്ഷേ വേദനയുള്ളൊരു തമാശ അവര്‍ ഇപ്പോഴും തമ്മില്‍ സംസാരിക്കാറുണ്ട്. പലതവണയും ഞങ്ങളുടെ ഒക്കെയടുത്ത് അവളേകുറിച്ച് ക്ഷോഭിച്ചു സംസാരിച്ചെങ്കിലും അയാളുടെ മനസ്സിലെ പ്രണയത്തിന്‍റെ നീറ്റല്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ ഇപ്പോള്‍ സുഹൃത്തുക്കളാണത്രേ... ഒരുപാടു നാള്‍ മനസ്സില്‍ താലോലിച്ച പെണ്ണിനെ സുഹൃത്തായി കാണാന്‍ കഴിയുമോ? മനസ്സില്‍ വിങ്ങലായി നിന്ന പ്രണയം സൌഹൃദത്തിന്‍റെ ആഴക്കടലില്‍ ഒളിപ്പിച്ചു വയ്ക്കാന്‍ കഴിയുമോ? അറിയില്ല... അജയ് ഇപ്പൊഴും ഞ്ങ്ങള്‍ക്ക് ഒരു മുറിയുന്ന പുഞ്ചിരി സമാനിച്ചു കൊണ്ട് കടന്നു വരുന്നു. ജീവിതത്തിന്‍റെ ബാക്കിയുള്ല വഴികള്‍ അനാഥമാണ്, അയാള്‍ക്കു മുന്നില്‍ എങ്കിലും അജയ് ആ നടകള്‍ കയറാന്‍ ശ്രമിയ്ക്കുന്നു, കുറച്ച് നല്ല കൂട്ടുകാരുടെ സ്നേഹം കൊണ്ട്. അനുവിന്‍റെ ജീവിതത്തിന്, ആശംസകള്‍ നേര്‍ന്നു കൊണ്ട്...........
പ്രണയത്തിനുള്ള അതി തീവ്രമായ ഒരു നോവാണു അതിന്‍റെ നഷ്ടത്തിനൊപ്പം കടന്നു വരുന്നത്,
" നീ എന്നിലേയ്ക്ക് പെയ്തിറങ്ങുന്നത് ഞാന്‍ അറിയുന്നുണ്ട്...
ഒരു പാതിയില്‍ ഇനി നീ എന്നില്‍ വേണ്ട എന്നു തീരുമാനിക്കുകയും മറുപാതിയില്‍ നീ നഷ്ടമായ എന്നെയോര്‍ത്ത് വിലപിക്കുകയും...
നീ എന്നിലുണ്ടെന്ന് അറിയാതെയല്ല, പക്ഷേ നിന്‍റെ കാതരമായ മിഴികള്‍ എന്നെ വേദനയിലാഴ്ത്തുന്നു. ഓര്‍മ്മകള്‍ വരുന്നത് കൂട്ടത്തോടെ...
അന്ന് ആദ്യമായി കണ്ട നീ ഏതോ ജന്‍മസ്മരണയാലെന്ന പോലെ പുഞ്ചിരിച്ചതും, ഞാന്‍ നിനക്ക് മുഖം തരാതെ മാറി നിന്നതും. അപരിചത്വത്തിന്‍റെ മുഖംമൂടി നിനക്കുണ്ടായിരുന്നില്ല, നഷ്ടപ്പെട്ട പ്രണയത്തെ തിരിച്ചറിഞ്ഞതിന്‍റെ ആശ്വാസം നിന്നിലുണ്ടായിരുന്നു. ഞാന്‍ വിഡ്ഡി... നിന്നെ കാണാതെ , കേള്‍ക്കാതെ, അറിയാതെ ദൂരങ്ങളില്‍ കൂടി സഞ്ചരിച്ചു. പക്ഷേ ആത്മാവുകൊണ്ട് നിന്നെ തേടുന്നുണ്ടായിരുന്നു.
പെട്ടെന്നൊരു ദിനം മുതല്‍ നീ എന്നില്‍ നനഞ്ഞിറങ്ങാന്‍ തുടങ്ങി. നീയില്ലാതെ എനിക്ക് സ്വപ്നങ്ങള്‍ പോലുമില്ലെന്നായി... ഓരോ പാട്ടിലും നീ ജനിക്കാന്‍ തുടങ്ങി, ഒടുവില്‍ എന്നില്‍ ലയിക്കുകയും.
ഓര്‍മ്മ ഒരു അനുഗ്രഹമായി എന്നില്‍ എന്നുമുണ്ടായിരുന്നു, നമ്മള്‍ തമ്മില്‍ പിരിഞ്ഞ ആ മലയടിവാരം, മഞ്ഞു പുതച്ച മരങ്ങള്‍, തണുത്ത പുഴ, മഞ്ഞ ഇലകള്‍ വീണ വഴികള്‍... ഒടുവില്‍ ഈ ജന്‍മത്തില്‍ നീ ഒരു കൈദൂരത്തിനരികെ..... നിന്‍റെ കണ്ണുകള്‍ എന്നെ തേടുകയും, എന്നില്‍ തപസ്സിരിക്കുകയും.....
ഇനി ഒരു രക്ഷപെടല്‍ എനിക്കോ നിനക്കോ സാദ്ധ്യമല്ലാത്ത വിധം നീയെന്നില്‍ ഉരുകിച്ചേര്‍ന്നു പോയിരിക്കുന്നു... എന്തിന്, രക്ഷ... നിന്നോടൊത്തുള്ള അഗ്നിപ്രവേശവും ഞാന്‍  അതിജീവിക്കും, നീയെന്നിലുണ്ടല്ലോ ഒരു മഴയായ്... മഞ്ഞായ്..."





14 Dec 2011

നിലാവിന്റെ വഴി

ശ്രീപാർവ്വതി




മൌനം പറയുന്നതും കേള്‍ക്കുന്നതും..
“എന്‍റെ മണ്‍ വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു…
” മൌനത്തെ പറ്റി പാടാന്‍ എത്ര വരികളാണ്, നമുക്ക്. മൌനത്തിന്‍റെ ഭംഗിയേപ്പറ്റി പല കവികളും വാചാലരായിട്ടുണ്ട്. പ്രത്യേകിച്ച് പ്രനയത്തിന്‍റെ ഭാഷ മൌനമായിരിക്കേ എത്ര കവിതകള്‍.. എത്ര കവികള്‍..
നിശബ്ദത സംഗീതമാകുന്ന അപൂര്‍വ്വ അവസരങ്ങളില്‍ ഒന്നാണ്, പ്രണയിക്കപ്പെടുമ്പോള്‍ ഉള്ളത്. അവിടെ നാവില്‍ നിന്നുതിരുന്ന വാക്കുകള്‍ വെറും വാക്കുകളായി തന്നെ അവശേഷിക്കും. എത്ര ഭംഗിയായി ആണെങ്കിലും ആ അവസ്ഥയെ ഉള്‍ക്കൊള്ളാന്‍ വാക്കുകള്‍ക്ക് പ്രയാസമുണ്ട്. പക്ഷേ മൌനത്തിന്‍റെ വ്യാപ്തി വളരെ വലുതാണ്. എനിക്കു നിന്നോട് പ്രണയമാണെന്ന് പരയാതെ തന്നെ പരസ്പരം തിരിച്ചറിയാം. അലുകികമായി ഒരു ഭാഷയിലൂടെയാണത് പറയപ്പെടുന്നത്.

"നിന്‍റെ മൌനം അതെന്നോടു പറയുന്നു.." എന്ന് കവികള്‍ പറയും. ആ മൌനം കാലത്തിന്, അതീതമാണ്, എന്തിന്, വേഷത്തിനും ഭാഷയ്ക്കും ലിംഗ ഭേദങ്ങള്‍ക്കും വരെ അതീതം.
വളരെ വലിയൊരു ഗുരു-ശിഷ്യ പരമ്പര നമുക്കുണ്ട്, മൌനത്തിന്‍റെ ഉത്തമ ഉദാഹരണങ്ങളായി നമുക്ക് ഈ ബന്ധത്തെ ചൂണ്ടിക്കാട്ടാം. ഒരു ഗുരു തന്‍റെ ശിഷ്യനെ പാഠങ്ങള്‍ പഠിപ്പിക്കുന്നത്, അറിവ്, പകര്‍ന്നു കൊടുക്കുന്നത് വാചകങ്ങള്‍ നിരത്തി വച്ചോ, ഉരുള പോലെ വാക്കുകളാല്‍ കസറത്തു കാണിച്ചോ അല്ല. അറിവിനായി ദാഹിച്ചിരിയ്ക്കുന്ന തന്‍റെ ശിഷ്യന്, ധ്യാനത്തിലിരിക്കുന്ന ഗുരു അത് പകര്‍ന്നു കൊടുക്കുന്നത് വളരെ വ്യത്യസ്തമായ ഒരു മാനസിക തലത്തിലൂടെയാണ്. ഒരു വാക്കു കൊണ്ടു പോലുംസംശയങ്ങളുന്നയിക്കാതെ ഗുരുവില്‍ നിന്ന് വരുന്ന തരംഗങ്ങള്‍ ശിഷ്യന്, എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. മൌനത്തിന്‍റെ ഉദാത്തമായ ഉദാഹരണങ്ങളില്‍ ഒന്നാണിത്.
പലരും അതിശയത്തോടെ പരയുന്നതു കേട്ടിട്ടുണ്ട്, സംസാര ശേഷിയില്ലാത്തവര്‍ പ്രണയിച്ചു വിവാഹം കഴിച്ച വാര്‍ത്ത കാണുമ്പോള്‍ കത്തുകള്‍ക്കപ്പുറം അവര്‍ കൈമാറുന്ന ഹൃദയ രഹസ്യം എങ്ങനെ മറ്റേ ആള്‍ക്ക് മനസ്സിലാകുന്നു എന്ന്. ടെലിപ്പതി എന്ന ശാസ്ത്ര പദത്തിനേക്കാലധികം ആത്മന്വേഷണം എന്ന പദമാവും അതിനു യോജിക്കുക എന്നു തോന്നിയിട്ടുണ്ട്. മൌനത്തെ തിരിച്ചറിയുക എന്നത് ഒരു അന്വേഷണം തന്നെയാണ്, തന്നില്‍ തന്നെയുള്ള ഒന്നിനെ തേടല്‍... മറുവശത്ത് മൌനത്തിലൂടെ സംവദിക്കുന്ന ആളുമായി ഉള്ള ആത്മബന്ധത്തിലൂടെ അത് നമ്മിലേയ്ക്ക് ഒഴുകി എത്തിക്കോളും. അതിന്, അയാളെ അറിയനമെന്നില്ല, കണ്ടു കൊണ്ടിരിക്കണമെന്നു പോലുമില്ല, എത്രയോ അകലങ്ങളിരുന്ന്, തന്‍റെ ശിഷ്യനെ അപകടത്തില്‍ നിന്ന് രക്ഷിച്ച് ഗുരുക്കന്‍മാരുള്ള നാടാണ്, നമ്മുടേത്, അകലങ്ങളിരുന്ന്, കാണാതെ പ്രണയിക്കുന്നവരുടെ ലോകമാണിത്. അപ്പോള്‍ എല്ലാവര്‍ക്കും ഒരു സംശയമുണ്ടായിരിക്കും, പ്രണയവും ആത്മീയതയും തമ്മിലെന്തെന്ന്..

ഉത്തരം ലളിതം അത് രണ്ടും ഒന്നു തന്നെ. പരസ്പരമുള്ള തേടലാണ്, പ്രണയത്തിനെ വളര്‍ത്തുന്നതെങ്കില്‍ പ്രണയത്തിന്‍റെ ഔന്നത്യത്തിലുള്ള അവനവനെ തേടലാണ്, ആത്മീയത കൊണ്ട് അര്‍ത്ഥമാക്കുന്നത്. പലപ്പോഴും അത് രണ്ടും തമ്മില്‍ വലരെ നേര്‍ത്ത ഒരു അതിര്‍വരമ്പ് മാത്രമേ ഉള്ളൂ, നശ്വരമായ ഉടലിനോടുള്ള ആസ്ക്തിയെ അല്ല പ്രനയം എന്നു വിവക്ഷിച്ചിരിക്കുന്നതു കേട്ടൊ, " പ്രണയം പ്രാര്‍ത്ഥനയെന്ന് കാറ്റ് മൊഴിയുന്നു...
നീ പ്രാര്‍ത്ഥനയെങ്കില്‍  ഞാനോ... സംശയമെന്ത്... നിന്നിലുരുകിത്തീരുന്ന മന്ത്രങ്ങള്‍....
നീയും ഞാനും പരസ്പരം ഉരുകി ഒന്നായവര്‍...
നീ എരിഞ്ഞടങ്ങുന്ന സൂര്യനെങ്കില്‍ ഞാന്‍, ചുവന്ന ചക്രവാളം.
നമ്മിലിരുന്നല്ലേ ചക്രവാകപ്പക്ഷി പാടുന്നത്... അവളില്‍ വിരഹമുണ്ട്, അതല്ലേ ഇത്ര മനോഹരമായി പാടാന്‍ അവള്‍ക്കു കഴിയുന്നത്. എന്നില്‍ വല്ലാത്ത ശാന്തി നിറയുന്നുണ്ട് , നീ തന്ന ഊര്‍ജ്ജം എന്നെ നിറഞ്ഞ് കവിഞ്ഞൊഴുകുന്നു...

മുന്നില്‍ ഒരു നിശബ്ദത മാത്രം ബാക്കി, ആ മഹാമൌനത്തില്‍ നീയുണ്ട്...
നിന്‍റെ ധ്യാനം എന്നില്‍ വന്നലയ്ക്കുന്നുണ്ട്, അതിന്‍റെ ഒഴുക്കാവാം എന്നില്‍ ശാന്തി നിറയ്ക്കുന്നത്...
മൌനത്തിലുറഞ്ഞ നമ്മുടെ പ്രണയം ഈ നശ്വരമായ ഉടല്‍ കഴിഞ്ഞ് പറന്നു തുടങ്ങുന്നു, അനന്തതയിലേയ്ക്ക്... ഒടുവില്‍ പ്രപഞ്ചത്തിലെങ്ങോ മറഞ്ഞിരുന്ന് നാം ഒന്നായിത്തീരുകയും. ആത്മാവ് ആത്മാവിനോടു ചേരുക എന്നാല്‍ നാം പുനര്‍ജ്ജനിയില്ലാത്ത ലോകങ്ങള്‍ തേടിയെന്നര്‍ത്ഥം. പിന്നെ ഒരേ ദീപത്തില്‍ ജ്വലിയ്ക്കുന്ന നാലങ്ങളായി നമുക്ക് ഈ പ്രപഞ്ചത്തിലാകെ വിലയം കൊള്ളാം. ലോകത്തെ നമ്മിലേയ്ക്കൊതുക്കാം, നമുക്കു തന്നെ ലോകമാകാം..."
പ്രണയത്തിന്‍റെ ഏറ്റവും ഉദാത്ത ഭാവമാണിത്, മൌനത്തിലൂടെ മാത്രം പ്രകാശിതമാക്കാന്‍ കഴിയുന്ന ഒരു തലം. " നിന്‍റെ കണ്ണുകള്‍ എന്നെ തേടിയപ്പോഴൊക്കെ ഞാന്‍ മൌനത്തിലിരുന്നു, ധ്യാനത്തിലൂടെ നിന്‍റെ ഹൃദയത്തെ കാണുകയായിരുന്നു.
എന്നെ കാണുമ്പൊഴൊക്കെ നിന്‍റെ കണ്ണുകള്‍ വിടരുന്നതെന്തിനെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷേ പറയാതെ നീ പറഞ്ഞു നിന്‍റെ അനുരാഗം, മൌനം കൊണ്ട് ഞാന്‍ മൂളികേള്‍ക്കുകയും.
പണ്ട് ഒരു പ്രണയ ഗായകന്‍ ഇങ്ങനെ കുറിച്ചത്രേ….”ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും
അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.
എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍
ചുവന്ന മഴയായി അതു പെയ്തു വീഴും.
അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും അപ്പോള്‍…
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും”
നിന്‍റെ മൌനങ്ങളില്‍ എന്നെ ഒളിപ്പിക്കുമ്പോള്‍ നീ ഈ വരികള്‍ ഒപ്പം ചേര്‍ക്കുക, എന്‍റെ നനുത്ത പ്രണയത്തെ മഴയായ് ഏറ്റു വാങ്ങാന്‍ നീയുണ്ടാകുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു…..
ആരുമറിയാതെ അത് നീ നിന്‍റെ ആത്മാവില്‍ ചേര്‍ത്തു വയ്ക്കുമെന്നും ഞാനറിയുന്നു.. അതാണെന്‍റെ നിര്‍വൃതി… സുഖവും…"
മൌനത്തിന്‍റെ സുഖം വരികളില്‍ ഒതുക്കാനാവുന്നതല്ലെന്ന് നിശ്ചയമുണ്ട്, അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. പ്രണയത്തിലാഴ്ന്നുള്ള ഒരു ഹൃദയത്തിനു മാത്രമേ അതിന്‍റെ ആത്മീയതയും ഔന്നത്യവും അറിയാനും സാധിക്കൂ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...