Showing posts with label 71. Show all posts
Showing posts with label 71. Show all posts

27 Apr 2013

എങ്കിൽ .. ബൈ.

ബി . സുരേഷ്കുമാർ
പുല്ലങ്ങടി .

................
വാതിലിൽ മുട്ടിക്കൊണ്ടു
മാർവാഡി ചിരിക്കുന്നു
മോളുടെ വിവാഹമാ...
പോരണം കാലേകൂട്ടി.
വല്ലപ്പോൾ ചിരിക്കുന്ന
മാർവാഡിയയൽവാസി
നല്ലപ്പോൾ വിളിച്ചില്ലേ...
പോയിടാം സന്തോഷമായ്.
ആഫീസിൽ തിരക്കന്നു
കുറവായിരുന്നൊരു-
ഗിഫ്‌റ്റ്‌ വാങ്ങിച്ചൂയിനി
നന്നായൊന്നൊരുങ്ങേണം .
നാലാളു കൂടുന്നിടമല്ലയോ
വെടിപ്പായിപ്പോകണം
സന്ധ്യക്കിങ്ങു വണ്ടി
വന്നിടും മുക്കിൽ .
വാതിലിൽ മുട്ടീടുന്നു
മാർവാഡി ചിരിച്ചു
കൊണ്ടോതുന്നു
വീ ഐ പികൾ
ധാരാളമെത്തുന്നിടം.
താങ്കൾക്കു കോട്ടുണ്ടോ .. ഹേ
കോട്ടില്ല .. പറഞ്ഞു ഞാൻ
എങ്കിൽ ബൈ ...
നാളെക്കാണാം ...
പ്രാര്ത്ഥനയുണ്ടാവണം .
...................... ...

23 Feb 2013

നഷ്ടസ്വപ്‌നങ്ങള്‍

മരതക കാന്തിയില്‍ മുങ്ങിക്കുളിച്ചെത്തും
മന്ദനാം മാരുതനെവിടെ
മൂകമായ് നമ്മുടെയുള്ളില്‍ നിറയേണ്ട
മുഗ്ധസ്വപ്നങ്ങളിന്നെവിടെ
എന്നും നാം കേള്‍ക്കുന്ന രോദനങ്ങള്‍ ഹാ
ശാന്തി ഹനിക്കുന്നപോലെ
ശാന്തമായ് നിദ്രയിലെന്നും കഴിഞ്ഞൊരു
നല്ലൊരു നാളുകളെവിടെ
സോദരിമാരുടെ ചാരിത്ര്യസ്വപ്‌നങ്ങള്‍
എന്നും നശിക്കുന്ന പോലെ
ക്ര്യവ്യാദകിങ്കര മര്ത്യരെ വെല്ലുന്ന
കാമപ്പിശാച്ചുക്കളിവിടെ
ഭീതിയില്ലാതെ നടക്കേണ്ട പെണ്‍കൊടി-
മാരുടെയിണ്ടലിന്നേറ്റം
പിഞ്ചിളംപൈതലെ പോലും വിടാത്തൊരീ
കശ്മല ജന്മങ്ങളിവിടെ
പൈതങ്ങള്‍ തന്നുടെ ഹൃദയത്തിനുള്ളിലെ
ഹ്ലാദവുമെവിടെ പോയിന്നു
ഓടിക്കളിച്ചു മദിച്ചു തിമിര്‍ക്കേണ്ട
സുന്ദര യാമങ്ങളെവിടെ
സൂര്യനെ വെല്ലുന്ന കാന്തിയാല്‍ മിന്നേണ്ട
അദ്ധ്യാത്മചൈതന്യമെവിടെ
സന്മാര്‍ഗ ധര്‍മപ്രകാശം പരത്തേണ്ട
യൗവനകുസുമങ്ങളെവിടെ
സ്വാര്‍ത്ഥ ലാഭത്തിനായ് ധര്‍മം വെടിയുന്ന
സ്വാര്‍ഥരാം നരരുണ്ടിവിടെ
ക്രൂരമാം കൊലചെയ്തു താണ്ടവമാടുന്ന
ക്രോധജ ശീലരുണ്ടിവിടെ
ചിത്രവര്‍ണങ്ങളാല്‍ ചിത്തത്തിലെത്തേണ്ട
ഈശ്വര ചൈതന്യമെവിടെ
എല്ലാം വൃഥാവിലായ് നീണ്ടങ്ങുപോകുന്ന
നഷ്ടസ്വപ്നങ്ങളാണിവിടെ

24 Jan 2013

പ്രയാണം


ദിനകരൻ.പി.പി.


ദൂരെകിഴക്കൊരു മാമലക്കപ്പുറ-
മർക്കകുമാരകൻ ഭൂജാതനായ്‌.
കാലമേൽപ്പിച്ചൊരു കർത്തവ്യമെന്നപോൽ
കൂകിയുണർത്തീടും കുക്കുടങ്ങൾ.
കൂവലതുകേട്ടുണർന്ന കുയിലുകൾ
നിദ്രവിട്ടീടെന്നങ്ങേറ്റുപാടി.
ഘോഷമിതെല്ലാമറിഞ്ഞൊരു കാകനും
നാട്ടിലൂടെല്ലാം പറന്നു പാടി.
മുട്ടിലിഴയുന്ന ബാലകൻ തന്നുടെ
ശോഭയും വാനിലുയർന്നുപൊങ്ങി.
മാരിവില്ലേകിയ വർണ്ണക്കൂട്ടെല്ലാമേ
വാരിവലിച്ചങ്ങെറിഞ്ഞപോലെ.
വാനിലെറിഞ്ഞൊരു വർണ്ണച്ചെപ്പിൽനിന്ന്‌
വർണ്ണമീ പാരിൽ പരന്നിറങ്ങി.
വാനിലുയർന്നു നിന്നീടുമാദിത്യനു-
മന്ധകാരത്തെ വലിച്ചുനീക്കി.
പാരിലുഷസ്സിനൊളിപരന്നീടുന്നു
പുത്തനുണർവു നിറഞ്ഞീടുന്നു.
സർവ്വചരാചര ജീവികൾക്കും നേരാം
നന്മനിറഞ്ഞൊരു സുപ്രഭാതം.
വിണ്ണിൽ ദിവാകരൻ യൗവനം പൂകിനാൻ;
മണ്ണിലുയരുന്നാരാധനയും.
ഉർവ്വീതലത്തിലേയാരാധനയ്ക്കൊപ്പം
ഗർവ്വുമതൽപ്പമങ്ങേറിയപോൽ.
കോടിപ്രഭയോടെ വാനിലുയർന്നപ്പോ-
ളോടിയകലുന്നു ജീവികളും.
ശക്തിയേറുന്നോരു രശ്മിയെയേൽക്കാന-
ശക്തരാണേവരുമെന്നപോലെ.
വിഖ്യാതിയോടെഴും സുര്യനുപോലുമ-
പഖ്യാതി നേടാനായെന്തുവേണം?
താപം സഹിപ്പാനെളുതല്ലയെന്നപോൽ
ശാപവാക്കോതുന്നു മാലോകരും.
പ്രാമുഖ്യമേറീടും സ്ഥാനത്തിരുപ്പോരും
ആമുഖമില്ലാതെയോർക്കവേണം.
കീർത്തിമാനായോരു മാന്യദ്ദേഹത്തിനു
മാർജ്ജിതമാവാമീ ശാപവർഷം.
മണ്ണിൽ വിനാശം വിതച്ചു ദിനേശനും
വിണ്ണിൽ ചെരിഞ്ഞു തുടങ്ങീടുന്നു
നിശ്വാസമോടെയീ ജീവജാലങ്ങളു
മാശ്വാസമായെന്നങ്ങോർത്തീടുന്നു.
മാനത്തിനുച്ചിയിൽനിന്നുമാദിത്
യനും
മന്ദം പടിഞ്ഞാട്ടു നീങ്ങീടുന്നു.
ഏറിവന്നീടും വിഷാദഭാവത്തോടെ
ഏന്തിവലിഞ്ഞങ്ങു നീങ്ങുംപോലെ.
ആയനേരത്തൊരു പ്രൗഢഭാവത്തോടെ
ആഴിയെപ്പോലും തിളപ്പിച്ചു പോൽ.
ആവതില്ലാത്തൊരു നേരമണഞ്ഞെന്നാൽ
ആഴിതൻമാറിലഭയം തേടാം.
മണ്ണിലുച്ചയ്ക്കൊരു തീക്കാറ്റായ്‌ വീശിയോൻ
മണ്ണിലിളംകാറ്റായ്‌ വീശീടുന്നു.
മണ്ണിലെ ജീവനുരുകിയൊലിക്കാതെ
മഞ്ഞിൻ മേലാപ്പുമണിഞ്ഞീടുന്നു.
കൂട്ടിലൊളിച്ചൊരു കള്ളക്കുയിലതാ
കൂകിവിളിച്ചുകൊണ്ടാർത്തു പൊങ്ങി.
നമ്രശിരസ്സോടെ നിന്ന ലതാദികൾ
നാദവും താളവുമുൾക്കൊണ്ടപോൽ!
മണ്ണിൽ തിരതല്ലുമാനന്ദമുൾക്കൊണ്ടു
മായുമാദിത്യന്‌ രക്തവർണ്ണം.
വീണ്ടുമൊരിക്കലീയൂഴിയെ കാണാനായ്‌
വിണ്ണിലുദിക്കാനായാശ തോന്നി.
വാനിലൊരാനന്ദക്കാഴ്ചയൊരുക്കാനായ്‌
വാരിധിതന്നിൽ മറഞ്ഞൂ സൂര്യൻ.

22 Dec 2012

ടാ തടിയാ കണ്ടപ്പോൾ

1
 ലാൽജി കാട്ടിപ്പറമ്പൻ

പ്രകാശം പരക്കട്ടെ …!
ഡാ തടിയാ.. അതിമനോഹരമായ ഒരു ഒരു കൊച്ചു (കൊച്ചി) ചിത്രം. തീച്ചയായും ആദ്യം പറയേണ്ടത് ആഷിക് അബുവിനെ കുറിച്ച് തന്നെ. വ്യത്യസ്തമായ പ്രമേയങ്ങള്‍ വ്യത്യസ്തമായ അവതരണ രീതി. അതിന്റെ മറ്റൊരു ഉദാഹരണമാണ്‌ ഈ കൊച്ചു ചിത്രം. താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും ആഷിക് അബു കഴിവ് അസാധ്യം എന്ന് തന്നെ പറയണം. അഭിനേതാക്കള്‍, ആഷിക് അബുവിന്റെ ആദ്യ ചിത്രം മുതല്‍ കൂട്ട് ചേര്‍ന്ന ബിജിബാലിന്റെ മനോഹരസംഗീതം ക്യാമറ, കഥ, തിരക്കഥ, സംഭാഷണം എല്ലാം ഒന്നിനൊന്നു മികച്ചത്.
കഥ പറഞ്ഞു പോകുന്നത് ശ്രീനാഥ് ഭാസി അവതരിപ്പിച്ച സണ്ണി എന്നാ കഥപാത്രം ആണ്. 22FK എന്നാ ചിത്രത്തില്‍ ഒരു ചെറിയ കൊച്ചി ഡയലോഗ് അടിച്ചു ഒരു സീനില്‍ വന്നു പോയ ഈ പയ്യന്, സത്യത്തില്‍ തടിയന്റെ കൂടെ ചേര്ന്ന് അത്ഭുതപ്പെടുത്തി കളഞ്ഞു. ക്ലൈമാക്സില്‍ നിന്ന് തുടങ്ങി തുടക്കത്തിലേക്ക് കയറി ക്ലൈമാക്സ്‌ലേക്ക് എത്തുന്നത്‌ ശ്രീനാഥ് ഭാസിയുടെ ശബ്ദത്തില്‍ ആണ്. സത്യത്തില്‍ ആ വേഷം ചെയ്യാന്‍ ശ്രീനാഥിനെ കൊണ്ട് പറ്റൂ എന്ന് തോന്നിക്കുന്ന വിധത്തില്‍ ആണ് ആ ചെറിയ നടന്‍ അത് ചെയ്തിരിക്കുന്നത്. ഒരു ചോക്ലേറ്റ് പയ്യനെ കൊണ്ട് വന്നു കഷ്ടപെടുത്തി കൊച്ചി ശരീര ഭാഷയും, സംസാര ഭാഷയും കെട്ടി ഏല്പ്പിച്ചാല്‍ എത്ര ബോര്‍ ആകും എന്ന് ആഷിക് അബുവിന് നന്നായി അറിയുന്നത് കൊണ്ടും ശ്രീനാഥില്‍ ഉള്ള വിശ്വാസവും കൊണ്ട് ആകണം ആഷിക് അബു ആ മുഴുനീള കഥാപാത്രം ശ്രീനാഥ്നെ ഏല്പ്പിച്ചത്. ആഷിക്ന്റെ ധാരണ തെറ്റിയില്ല എന്ന് തന്റെ തകരപ്പന്‍ പെര്‍ഫോമന്‍സിലൂടെ ആ കൊച്ചു നടന്‍ തെളിയിച്ചു. സ്വാഭാവികമായ അഭിനയം കാഴ്ച വെച്ച ശ്രീനാഥ്ഭാസിയുടെ കഴിവ് പ്രേക്ഷകന് ബോധ്യമാകുന്ന ഒരുപാടു സീനുകള്‍ ഉണ്ട്, അതില്‍ എടുത്തു പറയേണ്ടത് “നമ്മള്‍ വിജയിച്ചു“ എന്ന് പറഞ്ഞു തടിയനെ കെട്ടി പിടിക്കുന്ന സീന്‍ തന്നെ. എത്ര മനോഹരമായി, എത്ര സ്വാഭാവികമായി ആ കൊച്ചു നടന്‍ അത് ചെയ്തിരിക്കുന്നു. പടം മൊത്തം തന്റെ ശബ്ദത്തിലൂടെയും, അഭിനയത്തിലൂടെയും നിറഞ്ഞു നില്കുന്നതോടൊപ്പം, ശ്രീനാഥ് ഭാസി അതില്‍ ഒരു ഗാനം എഴുതുകയും പാടുകയും ചെയ്തിരിക്കുന്നു.
തടിയന്‍ ആയി ശേഖര്‍ തകര്ത്തു. ഒരു പുതുമുഖം എന്ന് ഒരിക്കല്‍ പോലും പ്രേക്ഷകന്‍ ചിന്തിക്കാത്ത തരത്തില്‍ അദേഹം ആ വേഷം കൈകാര്യം ചെയ്തു. ഒരു പ്രൊഫഷണല്‍ ആക്ടര്‍ . ഒരു വെണ് മേഘ തുണ്ട് പോലെ ഒട്ടും തട്ടും മുട്ടലും ഇല്ലാത്ത അനായാസമായ അഭിനയം. തടിയന്‍ ആകാന്‍ തടിയും, അഭിനയ ശേഷിയും ഉള്ള നടന്‍ തന്നെ ശേഖര്‍.
രാഹുല്ജി‍ എന്നാ നെഗറ്റീവ് കഥാപാത്രം ആയി നിവിന്‍ പോളിയും തകര്‍ത്തു. തട്ടതിന്‍ മറയത്ത്, പുതിയ തീരങ്ങള്‍ തുടങ്ങി ചാപ്ട്ടേഴ്സ് വരെ ഒരേ പോലെ ഉള്ള സംഭാഷണ രീതികളും അഭിനയ രീതിയും കൊണ്ട് മടുപ്പിച്ചു തുടങ്ങിയ നിവിന്‍ രാഹുല്ജിയ ആയി തകര്ത്തു എന്ന് തന്നെ പറയാം. രാഹുല്ജി് നിവിന്‍ പോളിയുടെ ഭാഗ്യം തന്നെ. അല്ലെങ്കില്‍ ആ നടനെ പ്രേഷകര്‍ക്ക് മടുത്തു തുടങ്ങിയേനെ.
പതിവില്‍ നിന്ന് വ്യത്യസ്തമായി അല്പം കാണാന്‍ സുന്ദരി ആയിടുണ്ട് എന്നതിനപ്പുറം, ആന്‍ അഗസ്റ്റിന്‍ വലിയ അഭിനയം ഒന്നും ഈ ചിത്രത്തിലും കാഴ്ചവെച്ചിട്ടില്ല.
നൈറ്റ്‌ റിടെര്‍ എന്നാ ചെറു വേഷം അരുന്ധതി നാഗ് എന്ന നടിക്ക് ചെയ്യാന്‍ ഉള്ളതുണ്ടോ എന്നായിരുന്നു, ഈ പടം കാണുന്നത് വരെ എന്റെ സംശയം. പക്ഷെ, അവര്‍ ആ വേഷം ചെയ്യവെ തൊട്ടപ്പുറത്തെ വീടിലെ വല്യമ്മച്ചി എന്ന് തോന്നി ജയരാജ്‌, മണിയന്‍ പിള്ള രാജു, ഇടവേള ബാബു എല്ലാവരും തകര്ത്തു എന്ന് തന്നെ പറയാം. തുടക്കം മുതല്‍ ഒരു ചിരി.. ഇടയ്ക്കിടെ ഉയരുന്ന കയ്യടി.. വ്യംഗാര്‍ത്ഥ പ്രയോഗങ്ങള്‍ ഇല്ലാതെ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ കഴിയുന്ന എഴുത്തുകാരും ഉണ്ട് എന്ന് ഈ ചിത്രം കാണുമ്പോള്‍ നമുക്ക് മനസിലാകും. ഓരോ സീനും അതി മനോഹരമാക്കിയത്തിനു ബിജിബാല്‍ Bijibal Maniyil എന്ന സംഗീത സംവിധായകനും വളരെ വലിയ പങ്കാണുള്ളത്. ഫ്ലാഷ് ബാക്ക് സീനില്‍ തന്റെ ബാല്യകാല സഖി വീട് മാറി പോകവേ ഓടി വരുന്ന തടിയന് തിയേറ്റര്‍ല്‍ ഉയരുന്ന കയ്യടിക്കു പ്രധാന കാരണം ബിജിബാല്‍ സംഗീതം തന്നെ. ഇത് ഒരു ചെറിയ ചിത്രം ആണ് വലിയ വിജയം ആയി കൊണ്ടിരിക്കുന്ന ഒരു ചെറിയ ചിത്രം.

22 Nov 2012

നൂറ്റൊന്നു സൂത്രങ്ങള്‍


സലിം കുലുക്കല്ലൂർ

പെണ്‍ ശരീരത്തിലെ നിമ്നോന്നതങ്ങളിൽ
ഒളിച്ചുകളിച്ചു പരാജയപ്പെട്ടവര്‍ക്ക്‌
ഞാനൊരു ഒറ്റമൂലി തരാം ..
എന്‍റെ പുതു പുത്തന്‍ പുസ്തകം ..
നൂറ്റൊന്ന് രാസക്രീഡാ വിധികള്‍ ….!

കിടപ്പറകളില്‍ പൂച്ചകളാകുന്ന ആണ്‍ സിംഹങ്ങള്‍ക്ക്
അനായാസേന കാര്യം കാണാം ….
വിധിയെന്ന് കരുതി വിലപിക്കാതെ
വില്ലാളി വീരനാകാം .

തെരുവ് കച്ചവടക്കാരന്‍റെ വാക്ധോരണിയില്‍
അടിതെറ്റി വീണ് അയാളും വാങ്ങി ഒരെണ്ണം ..
ആരും കൊതിക്കുന്ന പുറം ചട്ടയില്‍
ഉന്മാദം പൂണ്ടവരുടെ വര്‍ണ്ണ ചിത്രങ്ങള്‍
നൂറ്റൊന്നു പേജുകളില്‍ ചിത്രങ്ങള്‍ സഹിതം
ഒരുഗ്രന്‍ കൈപുസ്തകം ….!

ഉള്‍പേജിലെ സൂത്രങ്ങളില്‍ പലതും
പണ്ടേ പരീക്ഷിച്ചു പരാജയപ്പെട്ടത് ..
വാത്സ്യായനന്‍ നാണിക്കും ക്രിയകള്‍ പലതും
മനുഷ്യാവയവങ്ങള്‍ക്ക്‌ വഴങ്ങാത്തത് ..

സൂത്രങ്ങള്‍ നൂറിലും കണ്ണോടിച്ചൊടുവില്‍
നൂറ്റിയൊന്നാം പേജിലെ അവസാന സൂത്രം ,
അത് കണ്ടയാളുടെ കണ്ണ് തള്ളിപ്പോയി
അതിലിപ്രകാരം എഴുതിയിരുന്നു ..
“എല്ലാം പരീക്ഷിച്ചു പരാജയപ്പെട്ടാല്‍ ,
ഭാര്യയെ അയല്‍പക്കക്കാരനെ ഏല്‍പ്പിക്കുക “


23 Oct 2012

ഇതാവെണമെടാ പോലീസ്, ഇതാണെടാ പോലീസ്..

റഹ് മാൻ സെയ്ദ്


സഹോദരാ.. താങ്കള്‍ക്ക് വേണ്ടി ഇനി വല്ലതും ഞങ്ങള്‍ ചെയ്തു തരണമോ എന്ന് നിങ്ങളോടരെങ്കിലും ചോദിച്ചിട്ടുണ്ടോ? ഉണ്ടായിരിക്കാം പക്ഷെ അത് ഒരിക്കലും നമ്മുടെ നാട്ടിലെ പോലീസുകാരില്‍ നിന്നും ഉണ്ടായി എന്ന് പറഞ്ഞാല്‍ ഇല്ല അങ്ങനെ അനുഭവമുള്ള ഒരാളും നമ്മുടെ നൂറ്റി നാല്‍പതു കോടിയുടെ ഇടയില്‍ ഉണ്ടാവില്ല. എന്നാല്‍ ഞാനീ പറഞ്ഞു വരാന്‍ കാരണം നാല്പതാം ദേശിയ ദിനം ആഘോഷിക്കുന്ന യു.എ.ഇ.യുടെ ഈ ആഘോഷ വേളയില്‍ ഓരോ ഇമാറത്തി യുടെയും അഭിമാനം സ്ഫുരിക്കുന്ന വാക്കുകളില്‍ അവര്‍ പാടിപ്പുകഴ്ത്തുന്ന ‘അന ഇമാറതി’എന്നാ ഗാനത്തിന്റെ ശരിയായ അര്‍ഥം ഞാന്‍ മനസ്സിലാക്കിയ നിമിഷം എന്റെ ഓര്‍മയില്‍ ഓടിവന്നപ്പോഴാണ്.
അബുദാബി യില്‍ നിന്നും ഏതാണ്ട് ഇരുനൂറ്റി മുപ്പതോളം കിലോമീറ്റെര്‍ അകലെ യുള്ള റുവൈസ് എന്ന സ്ഥലത്തേക്ക് ഏകനായി യാത്ര ചെയ്യുകയായിരുന്നു ഞാന്‍. ഏതാണ്ട് നൂറ്റി ഇരുപതു കിലോമീറ്റെര്‍ അകലെയുള്ള സ്ഥലമായ അബുല്‍ അബിയാഥ് എന്ന സ്ഥലമെത്തിയപ്പോഴേക്കും വാഹനവും കേടു വരുന്നു. മാസം ജൂണ്‍. സമയം നട്ടുച്ച. ചൂടിനാല്‍ തിളച്ചു നില്ക്കുന്ന അന്തരീക്ഷം. ഈ സ്ഥലം ആണെങ്കില്‍ കൈ കാട്ടിയിട്ട് നിര്‍ത്താതെ പാഞ്ഞു പോകുന്ന ട്രക്ക് കള്‍ അല്ലാതെ ഒരു മനുഷ്യ ജീവിയും കാണാന്‍ കഴിയാത്ത സ്ഥലം. ഓടുന്ന സമയത്ത് ഓഫായിപ്പോയ വണ്ടിയകട്ടെ ഏതാണ്ട് റോഡിനോട് ചേര്‍ന്നും. വിശപ്പും ദാഹവും എന്ത് ചെയ്യണമെന്നും അറിയാതെ ചുട്ടു പൊള്ളുന്ന ചൂടില്‍ തളര്‍ന്നിരിക്കുന്ന എന്റെ അടുത്തേക്ക് പാഞ്ഞു വരുന്ന അറബിയില്‍ ‘ശുര്‍ത്ഥ’എന്നെഴുതിയ അബു ദാബി പോലീസിന്റെ കാര്‍. വന്നു നിന്നപ്പോള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിക്കു ഫൈന്‍ തരാനും നിര്‍ത്തിയിട്ടതിനു ചീത്തവിളിക്കാനും ഇപ്പോള്‍ പോലീസുകാരന്‍ ഇറങ്ങി വരും എന്ന് കരുതി പരുങ്ങിയ എന്റെ മുന്നിലേക്ക് പുഞ്ചിരി തൂകുന്ന മുഖ വുമായി സലാം പറഞ്ഞു ഇറങ്ങി വന്ന ആ പോലീസുകാരന്റെ മുഖം മരിക്കുന്നത് വരെ എന്റെ മനസ്സില്‍ നിന്ന് പോകില്ല.
വാഹനം കേടായി എന്ന് പറഞ്ഞ എന്നോട് വേറെ ഒന്നും പറയാതെ അനിയാ നീ ഭക്ഷണം വല്ലതും കഴിച്ചോ എന്ന ആ അധികാരിയുടെ ഹൃദ്യമായ ചോദ്യം ഇന്നും എന്റെ ഹൃദയത്തിനു കുളിരായി നില്കുന്നു. കമ്പനിയില്‍ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ആള് എത്തുമെന്നും പറഞ്ഞ എന്നോട് ‘വരൂ നമുക്ക് പോയി ഭക്ഷണം കഴിച്ചു വരാം’ എന്ന് പറഞ്ഞു ഏറെ നിര്‍ബന്ധിച്ച അവര്‍ അവരെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതി മാത്രം വേണ്ട എന്ന് സ്‌നേഹപൂര്‍വ്വം നിരസിച്ച എനിക്ക് അവസാനം അവര്‍ക്ക് കുടിക്കാന്‍ സൂക്ഷിച്ചിരുന്ന വെള്ളത്തിന്റെ ബോട്ടില്‍ തന്നു കൊണ്ട് എന്നോട് ചോദിച്ച’ഇനി എന്ത് സഹായമാണ് ഞങ്ങള്‍ നിനക്ക് വേണ്ടി ചെയ്തു തരേണ്ടത്’ എന്ന ആ ചോദ്യം എങ്ങിനെ എനിക്ക് മറക്കാന്‍ കഴിയും.എല്ലാ തളര്‍ച്ചയും ഒരു പോലീസുകാരന്റെ അല്ല ഇമാറാതിയുടെ ആ ഹൃദ്യമായ പെരുമാറ്റത്തില്‍ നിന്നും മാറിയ ഞാന്‍ കൈ വീശി അവരെ യാത്രയാക്കുമ്പോള്‍ ഒരു സമൂഹം എങ്ങിനെയായിരിക്കണം ഒരു സമൂഹത്തില്‍ ഒരു വ്യക്തി എന്തായിരിക്കണം ഒരു നിയമ പാലകന്‍ എങ്ങിനെ ആയിരിക്കണം തുടങ്ങിയ ഒരു പാട് കാര്യങ്ങള്‍ എനിക്കവര്‍ കാട്ടിതരുകയായിരുന്നു.
പ്രസവവേദന കൊണ്ട് പുളയുന്ന സഹോദരിയെ ആശുപത്രിയില്‍ കൊണ്ട് പോകുന്ന നേരം പോലും വണ്ടി തടഞ്ഞു എച്ചി കാശിനു കൈ നീട്ടുന്ന പോലീസുകാരുള്ള നമ്മുടെ നാട്ടില്‍ ,അല്ല അത് മാത്രം കണ്ടും കേട്ടും വളര്‍ന്ന നമുക്ക് വലിയൊരു പാടമായി ഇങ്ങനെയൊരു സമൂഹം ഇപ്പോഴും ജീവിക്കുന്നു. അതിനാല്‍ തന്നെ ഇമാറത്തിന്റെ ഈ ദേശീയ ദിനം എനിക്ക് ഒരു പാട് ഹൃദ്യമായി തോന്നുന്നു. ഹൃദയ വിശാലത കൊണ്ട് ആകാശത്തോളം വലുതായ എന്റെ ഈ നാടിന്നു ഒരു പാട് ആശംസകള്‍ ഞാന്‍ നേരുന്നു.

20 Sept 2012

കൊളസ്റ്റെറോള്‍ എങ്ങിനെ കൂടുന്നു?

ജയിംസ് ബ്രൈറ്റ്


ശരീരത്തില്‍ കൊഴുപ്പ്  കൂടുന്നത് നല്ലതല്ല എന്ന് എല്ലാവര്ക്കും അറിയാം. ഒരുപാട് ആളുകള്‍ക്ക് ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി കാണപ്പെടുന്നു. ആഹാര സാധനങ്ങള്‍, ജീവിത രീതി , ഫാമിലി ഹിസ്റ്ററി തുടങ്ങിയ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ വളരെ പ്രധാനങ്ങളാണ്. ചില കാരണങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്യുന്നു.
ആഹാരം

കൂടുതല്‍ കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഇറച്ചി , മുട്ട , പാല്‍ , ചീസ് , ബട്ടര്‍ , പാചകം ചെയ്യാനുപയോഗിക്കുന്ന എണ്ണ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ ധാരാളം കൊഴുപ്പുള്ളതിനാല്‍ അവ മിതമായി കൊഴുപ്പിന്റെ അസുഖമുള്ളവര്‍ ഉപയോഗിക്കണം.
ശരീരത്തിന്റെ തൂക്കം.

അമിതമായി ഉള്ള വണ്ണം കുറയ്ക്കുവാന്‍ ശ്രദ്ധിക്കണം. മദ്യപാനം ഒഴിവാക്കണം.
വ്യായാമം

വേണ്ട വിധം വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടും.
പ്രായം, ലിംഗ ഭേദം.

ആണുങ്ങളില്‍ ഇരുപതു വയസ്സ് കഴിയുമ്പോള്‍ കൊഴുപ്പിന്റെ അളവ് കൂടുവാന്‍ തുടങ്ങും. അമ്പതു വയസ്സ് ആകുമ്പോള്‍ ഇത് പതിയെ ക്രമീകൃതമാവും. സ്ത്രീകളില്‍ ആര്‍ത്തവം നിന്ന് കഴിയുമ്പോള്‍ കൊഴുപ്പിന്റെ അളവ് കൂടുവാന്‍ തുടങ്ങും. പിന്നീട് അത് പുരുഷന്റെ രീതിയില്‍ ആയിരിക്കും നില കൊള്ളുക.
ഫാമിലി ഹിസ്റ്ററി

കുടുംബ ചരിത്രം വളരെ പ്രധാനമാണ്. മാതാ പിതാക്കള്‍ക്ക് ഉള്ള പല അസുഖങ്ങളും മക്കള്‍ക്കും വരാം.
സിഗരറ്റുവലി

പുകവലി ശരീരത്തിലെ നല്ല കൊഴുപ്പിന്റെ അളവ് കുറയ്ക്കാം.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...