Showing posts with label saju pullan. Show all posts
Showing posts with label saju pullan. Show all posts

23 Feb 2013

റൂബി




സാജു പുല്ലൻ

മുട്ടുകേട്ടപ്പോൾ
വഴക്കിട്ടു പോയതൊക്കെ തിരിച്ചു വരികയാണെന്ന്‌
റൂബി കരുത്തിയതേയില്ല
വാതിൽ തുറക്കും വരെ.

ആദ്യം കടന്നു വന്നത്‌ ഒരു റോസാ പൂവായിരുന്നു
ഹാപ്പി ബർത്ത്ഡേ ടു യു എന്ന്‌ അത്‌ ആശംസിച്ചപ്പോൾ
ദീപക്കിന്റെ സ്വരം -
മൂന്നുകൊല്ലം റൂബിയുടെ ബർത്ത്ഡേ അവൻ ഓർത്തിരുന്നു
പിന്നെയെപ്പോഴോ മറന്നു
അല്ലെങ്കിലും
എത്ര മനഃപാഠമാക്കിയാലും ചില കാര്യങ്ങൾ
പഠിപ്പു കഴിയുമ്പോഴേക്കും മറക്കും...!

പിന്നാലെ വന്നത്‌ ഒരു പ്രസന്റേഷൻ കിറ്റായിരുന്നു
അമ്പേറ്റ ഒരു ഹൃദയം അതിൽ തുടിച്ചുകൊണ്ടിരുന്നു
മനേഷ്‌ അതു തന്നു കൊണ്ട്‌ - ഇതാ ഒരു സമ്മാനം -
എന്ന്‌ ചുണ്ടിനോട്‌ പറഞ്ഞത്‌...
ഇന്നലെ കേട്ടപോലെ റൂബിയോർക്കുന്നു -
അവനതൊക്കെ എന്നോ മറന്നു കളഞ്ഞു!!

അല്ലെങ്കിലും പറഞ്ഞതൊക്കെ ഓർത്തിരിക്കാൻ
ആരെകൊണ്ടാവും...
അമ്പ്‌ അവളിൽ ഉപേക്ഷിച്ച്‌
ഹൃദയം
വന്ന വഴി തന്നെ തിരിച്ചുപോയി.

ഒടുവിൽ വന്നത്‌ സംഗീതായിരുന്നു...
വേഷം മാറി മറ്റൊരു പേരിൽ വന്നാലും
റൂബിക്കവനെ തിരിച്ചറിയാം
സുന്ദരീന്ന്‌ അവന്റെ വിളിമാത്രം മതി
തളിർക്കാൻ
തനിയെ നിൽക്കില്ലല്ലോ; താങ്ങില്ലെങ്കിൽ വീഴുമല്ലോ;
എപ്പോഴുമവൻ മുല്ലവള്ളീന്ന്‌ കളിയാക്കും...
നെഞ്ചോരം താങ്ങും...,
ചുറ്റി അവനിൽ പടരുമെന്നേരം.
മുല്ല പൂത്തു...
അവൻ കളിപറയലും നിർത്തി
അല്ലെങ്കിലും പൂത്തമുല്ലയെക്കാളും അവനിഷ്ടം
തളിരിടുന്നതിനെയായിരുന്നു...

പൂവും സമ്മാനപൊതിയും
വാതിലിനു മുമ്പിൽ കാത്തു നിൽക്കുന്നു...

സുന്ദരീന്നും വിളിച്ച്‌ നിൽക്കുന്നത്‌
സന്തോഷാണെന്ന്‌
റൂബി സമ്മതിക്കുന്നില്ല...

ദീപക്കല്ല മനേഷല്ല സംഗീതല്ല
സന്തോഷാണ്‌ ഞാൻ
എന്ന്‌ സന്തോഷ്‌ തന്നെ ഉറപ്പിച്ചു പറഞ്ഞാലും -

റൂബി വിശ്വസിക്കുന്നില്ല...

എല്ലാം മറക്കുന്നതാണെളുപ്പമെങ്കിലും
റൂബി അക്കൂട്ടത്തിൽ കൂടുന്നില്ല,
എപ്പോഴും ഓർത്തു കൊണ്ടിരിക്കുന്നു
വഴക്കിട്ടു പോയതിനെയൊക്കെ...

22 Dec 2012

താക്കോൽ


സാജു പുല്ലൻ

            "സാർ, ഒപ്പിട്ടുകിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായേനെ - ഈ ഓഫീസിൽ കയറിയിറങ്ങി രണ്ടാമത്തെ ചെരിപ്പും തീർന്നു."
ഒരു അവസാനവട്ട ശ്രമമെന്നോണം ഓഫീസറോട്‌ അപേക്ഷകൻ കൈകൂപ്പി പറഞ്ഞു.

ഓഫീസർ ഏതോ ഫയലിൽ കണ്ണും കുത്തിയിരിക്കുകയായിരുന്നു. അതേ ഇരുപ്പിൽ തന്നെ മറുപടി പറഞ്ഞു, ഇപ്രകാരം.
            "നിങ്ങളുടെ കാര്യം നടത്തിതരാനാണല്ലോ ഞങ്ങൾ. പക്ഷേ... നിങ്ങളുടെ ഫയൽ വച്ചു പൂട്ടിയ താക്കോൽ കണ്ടു കിട്ടുന്നില്ല. താക്കോൽ വേണമല്ലോ പെട്ടി തുറക്കാൻ -"
ഓഫീസർ കൈ മലർത്തിയതും അപേക്ഷകൻ ഒന്നുകൂടി വളഞ്ഞു കുത്തി നിന്നു.
            "ഞാനും കൂടി തിരയാം സാർ. പണിക്കു പോയാലേ അരി വാങ്ങാനാവൂ. ഇന്നും ഒപ്പിട്ടു തന്നില്ലെങ്കിൽ നാളെയും ഇങ്ങോട്ട്‌ വരേണ്ടിവരും. പട്ടിണിയായിപ്പോവും. തന്നെയുമല്ല പൊന്നുംവിലയ്ക്കാണ്‌ അക്വയർ എന്നു പറയുന്നെങ്കിലും എന്റെ സ്ഥലത്തിന്റെ യഥാർത്ഥ വിലയെന്നും കിട്ടുന്നില്ല. വില കൂട്ടികിട്ടാൻ സമരം തുടങ്ങിയപ്പോൾ വീടും കുടിയും പോകുന്നവർ ഒന്നിച്ചുണ്ടായിരുന്നു. പിന്നെ പിന്നെ ഓരോരുത്തരായി പിന്മാറി... ഓരോ ഇടങ്ങളിൽ സ്ഥലം വാങ്ങി വീട്‌ പണിയും തുടങ്ങി. പലർക്കും യഥാർത്ഥ വിലയേക്കാൾ കൂടുതൽ ഇട്ടിരുന്നു. അതിലും കൂടുതൽ കിട്ടാനാണ്‌ സമരത്തിൽ ചേർന്നത്‌. സമരം തുടർന്നാൽ അന്വേഷണം വരുമെന്നും അവരുടേത്‌ കുറച്ച്‌  എനിക്ക്‌ കൂട്ടിതരുമെന്നും അറിഞ്ഞപ്പോൾ അവർ പിന്മാറി. ഞാൻ ഒറ്റയ്ക്ക്‌ എന്ത്‌ ചെയ്യാനാ... അങ്ങനെ സമരം പൊളിഞ്ഞു. വില കൂട്ടി തരാമെന്ന അധികാരികളുടെ വാക്കിൽ വിശ്വസിച്ച്‌ കാത്തിരുന്നത്‌ എന്റെ കുറ്റം തന്നെ. സ്ഥലത്തിനും വീട്‌ പണിക്കും ഓരോ ദിവസവും തുക ഇരട്ടിക്കുകയല്ലേ... ഇനിയും വൈകിയാൽ ഈ കിട്ടുന്ന കാശുകൊണ്ട്‌ ഒരു സെന്റ്‌ പോലും വാങ്ങാൻ ഒക്കാതെ പോകും...".
അപേക്ഷകൻ കണ്ണീരൊതുക്കി നിന്നു.

ഓഫീസറുടെ വാക്കുകൾ അപ്പോൾ ദാർശനികഭാവം പൂണ്ടു-
            "മനുഷ്യൻ അപ്പം ഭക്ഷിച്ച്‌ മാത്രമല്ല ജീവിക്കുന്നത്‌!" കൂട്ടത്തിൽ ഒരു ചോദ്യവും എറിഞ്ഞു. "താൻ വികസനത്തിന്‌ എതിരാണല്ലേ?"
"കാര്യം വികസനം നല്ലതുതന്നെ. ഈ നഗരം വളർന്നു വളർന്നു വലുതാകുമ്പോൾ മറ്റൊരു നാട്ടിലിരുന്ന്‌ എനിക്ക്‌ ഓർക്കാം, ഞാൻ പിറന്നത്‌ ഒരു വലിയ നഗരത്തിൽ ആയിരുന്നു എന്ന്‌. എന്റെ കുഞ്ഞുങ്ങൾ ഓടികളിച്ച മണ്ണ്‌ ഒരുപാട്‌ ഉയരത്തിൽ എത്തിയിരിക്കുന്നു എന്ന്‌. അവിടെ ഒരുപാട്‌ സുഹൃത്തുക്കൾക്ക്‌ വേണ്ടപ്പെട്ടവനായിരുന്നു ഞാനെന്ന്‌. അവിടെ വലിയ വലിയ ആൾക്കാർ വന്നുപോകുന്നതും വലിയ സംഭവങ്ങൾക്ക്‌ വേദിയായ ആവുന്നതും... ഒക്കെ എനിക്ക്‌ ഓർക്കാമല്ലോ, ഓർത്ത്‌ സന്തോഷിക്കാമല്ലോ. അപ്പോഴേയ്ക്കും എന്റെ പുതിയ സ്ഥലത്ത്‌ കുറെ കാര്യങ്ങൾ ഓർക്കാനുണ്ടാകും... പതുക്കെ പതുക്കെ പഴയതൊക്കെ മറക്കും. പഴയതൊക്കെയും മറക്കുമ്പോഴാണല്ലോ എന്നെപ്പോലെയുള്ളവർക്ക്‌ പിന്നെയും സന്തോഷിക്കാനാവുക... പക്ഷെ സാറെ...  ഞാനുമൊരു പൗരനല്ലേ, എന്റെ ആവശ്യങ്ങളും നടന്നു കിട്ടേണ്ടതല്ലേ-"
അപേക്ഷകൻ അവകാശം ബോധിപ്പിച്ചു, കൈ പിണച്ച്‌ നിന്നുതന്നെ.
ഓഫീസർ അപ്പോൾ അയാൾക്കു നേരെ നോക്കി ചുണ്ടുകോട്ടി ഒന്നു ചിരിച്ചു.
            "സാങ്കേതികമായി നിങ്ങൾ ഒരു പൗരനാണ്‌. പക്ഷേ ആപേക്ഷിക സിദ്ധാന്ത പ്രകാരം നിങ്ങളുടെ സ്ഥാനം എവിടെയാണെന്നതിനെപ്പറ്റി കൃത്യമായ ഒരു നിർവചനമില്ല. തന്നെയുമല്ല അപ്രധാനമായ ഈ വിഷയത്തേക്കാൾ ചർച്ചക്ക്‌ സുപ്രധാനമായ മറ്റൊരു വിഷയമുണ്ട്‌. അതേപറ്റിയൊരു ചോദ്യം ഞാൻ ചോദിക്കാം -
            "ഇയാൾ ആരോപിത ദർശനം പഠിച്ചിട്ടുണ്ടോ?"
അപേക്ഷകൻ നിന്ന നിൽപ്പിൽ വിനയം പഠിച്ചു. "പൊറുക്കണം, പഠിക്കാം സാർ...".
            "പഠിക്കണം. എല്ലാ ദർശനങ്ങളുടേയും ആകെ തുക ഈ ദർശനത്തിലാണ്‌. ചുരുക്കം ഇതാണ്‌ - അതായത്‌, നമ്മൾ പറയാനുദ്ദേശിക്കുന്ന കാര്യം നേരിട്ടുപറയാതെ മറ്റൊന്നിൽ ആരോപിച്ച്‌ പറയുന്നു. സമയവും സാഹചര്യവും അനുസരിച്ച്‌ കേൾക്കുന്നയാളിന്‌ സംഗതി വെളിപ്പെടണം. പിന്നെ എല്ലാം എളുപ്പം. കാര്യങ്ങൾ കണ്ണുചിമ്മുന്ന സ്പീടിൽ നടക്കും. ഒന്നുകൂടി വ്യക്തമാക്കാം. നിങ്ങളുടെ ഫയൽ വച്ചുപൂട്ടിയ പെട്ടിതുറക്കാനുള്ള താക്കോൽ നിങ്ങൾ കൈയിൽ കരുതണം. അതുണ്ടോ?"
തിരുമുമ്പിൽ അടിയാനെപ്പോലെ തലകുനിഞ്ഞാരാഞ്ഞു അപേക്ഷകനപ്പോൾ-
            "ഞാനെന്തു ചെയ്യും യജമാനാ-?"
            "പോയി താക്കോൽ കൊണ്ടു വരൂ. സ്വന്തമായില്ലെങ്കിൽ ഉള്ളവനിൽനിന്നും വാങ്ങി വരൂ. പോ പോ. പുതിയതായി വന്ന ആളെ ഇങ്ങോട്ട്‌ കടത്തിവിട്‌. അയാളെ കണ്ടാലറിയാം താക്കോലുമായാണ്‌ വരവേന്ന്‌, പോക്കറ്റ്‌ വീർത്ത്‌ ഇരിക്കന്നു..."

വന്നയാൾ വെളുക്കെ ചിരിച്ച്‌ ഓഫീസർ ചൂണ്ടിയ കസേരയിൽ ഇരുന്നു. മറ്റെയാൾ പോകാൻ ആവാതെ എന്തൊക്കെയോ ഓർത്തുകൊണ്ട്‌ വരാന്തയിൽ നിന്നു.
ഓഫീസർ അന്നേരം മുമ്പിൽ ഇരിക്കുന്നയാളോടായി ഇങ്ങനെ പറഞ്ഞു. "ജനങ്ങളെ സേവിക്കാൻ തന്നെ ഈ കസേര. പക്ഷേ ദരിദ്രവാസികളെ ചുമ്മാ സേവിച്ചിട്ടെന്നാത്തിനാ.... ഒപ്പിന്റെയൊക്കെ ശരിക്കുമുള്ള വില അവൻ അറിയട്ടെ. അറിവ്‌ ഉണ്ടാവുക എന്നതാണല്ലോ ഏതു കാലത്തേയും ഏറ്റവും വലിയ വിജയം... അറിവ്‌ വെച്ചില്ലെങ്കിലും അവന്റേത്‌ തീർപ്പാക്കാതിരിക്കാൻ ഒക്കത്തില്ല. പക്ഷേ വൈകിപ്പിക്കാം. അറിവില്ലാത്തവൻ വന്നപാടെ തന്നെ കാര്യം നടത്തിപോയാൽ പിന്നെ നമുക്കെന്നതാ ഒരു വിലയും നിലയും. അല്ലേ....?"

അവരുടെ സന്തോഷം പൊട്ടി ഉയർന്നപ്പോൾ ആ സ്ഫോടനത്തിലേക്ക്‌ തുറന്ന്‌ കയറാനുള്ള താക്കോൽ കൈയ്യിലില്ലാതെ ഒരു ദുഃഖം അവിടെ ശബ്ദമില്ലാതെ ഓരം പറ്റി നിന്നു -



* എക്വൈഅർ - ഭൂമിയും അതിലുള്ളതും ഒഴിപ്പിച്ചെടുക്കുക.

23 Nov 2012

രണ്ട്‌ കയ്യുറകൾ


സാജു പുല്ലൻ

നെറ്റിയിൽ ഉറപ്പിച്ച ടോർച്ചിന്റെ പ്രകാശത്തിൽ അയാൾ കുന്നിനെ വീക്ഷിച്ചു...
ഉടലും തലയും വേർപെട്ട കളിപ്പാവകൾ കാലിയായ വെള്ള കുപ്പികൾ ഭക്ഷണാവശിഷ്ടങ്ങളാൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്‌ സഞ്ചികൾ നാപ്കിനുകൾ എല്ലാം ചേർന്ന്‌ കുന്നായി മാറിയത്‌ ടെമ്പോയിലേക്ക്‌ മറിച്ചിടും മുമ്പ്‌ എല്ലാ ദിനവും സാകൂതം വീക്ഷിക്കാറുണ്ടയാൾ.
ഉപേക്ഷിക്കുന്നവയൊക്കെയും കൂടിചേരന്നാകുന്നത്‌ ടെമ്പോയിലാക്കി ആളൊഴിഞ്ഞ ഇടങ്ങളിലേക്ക്‌ തൂവിക്കളയുന്ന തൊഴിലാണയാൾക്ക്‌.
ഉൾവശം വെളിപ്പെടുന്ന നേരങ്ങളിൽ എന്തെല്ലാം തെളിയുന്നു. രാത്രി ആഘോഷങ്ങളുടെ സാക്ഷ്യങ്ങൾ!
പള്ളയിൽ ഷവളുകോർത്ത്‌ ടെമ്പോയിലേക്ക്‌ ആയുമ്പോൾ കണ്ണുചിമ്മാനാവില്ല. നിധി പൊങ്ങുന്ന നേരമതാണ്‌...അങ്ങനെ കിട്ടിയിട്ടുള്ളവരുണ്ട്‌. വിലപിടിപ്പുള്ള പലതും. പ്രതാപികളുടെ കൈയ്യിൽ നിന്നും അവരറിയാതെ ചോർന്നു പോകുന്നത്‌. ഉപേക്ഷിക്കപ്പെടുന്നതിൽ നിന്നും ഉൽപന്നം നിർമ്മിക്കുന്നവർക്ക്‌ തൂക്കിവിൽക്കുന്നതിനേക്കാൾ അധികം വിലകിട്ടുന്നത്‌. അങ്ങിനെ എന്തെങ്കിലുമൊന്ന്‌ എന്നെങ്കിലും കിട്ടുമെന്നയാളും പ്രതീക്ഷിക്കുന്നു.
    പുലരുന്നതിനുമുമ്പെ ദൂരയിടങ്ങളിൽ തൂവാനുള്ളതാണ്‌. ഷവള്‌ കുത്തി അയാൾ പണി തുടങ്ങി.
    ആദ്യത്തെ കുത്തിൽ പൊങ്ങി വന്നത്‌ കുറെ കാലിക്കുപ്പികളും ഡിസ്പോസിബ്ല് ഗ്ലാസുകളുമായിരുന്നു. ഗുഹാമുഖം തുരൻങ്കയറിയപ്പോൾ കുത്തിയ പ്രകാശവട്ടത്തിൽ കണ്ണുകളിലുടക്കിയത്‌ മനുഷ്യന്റെ കൈപോലുള്ളതെന്തോ, അയാൾ തോണ്ടിമറിച്ചു. ഒരു കയ്യുറ ആയിരുന്നു. പുറത്തൊരിടത്തേക്ക്‌ അതെടുത്ത്‌ ഒതുക്കി.
    അടുത്തകുത്തിന്‌ ഒന്നുംകൂടി പുറത്ത്‌ ചാടി കൊള്ളാമല്ലോ! രണ്ടും ചേർത്തയാൾ വച്ചു. കൗതുകത്തിന്റെ കണ്ണുകളെ അമ്പരപ്പിച്ചുകൊണ്ട്‌ അവ ചേർച്ചയില്ലാതെയിരുന്നു. രണ്ടു ജോഡിയിൽ പെട്ടവയായിരുന്നു. എങ്കിലുമത്തിന്റെ നിറം വലിപ്പം പൊരുത്തമുള്ളതായിരുന്നു.
    അയാൾ വിചാരിച്ചു. കയ്യുറ വാങ്ങണം എന്നാഗ്രഹിച്ചിട്ടും എത്രനാളുകളായി വാങ്ങാനോക്കുന്നില്ല. കാര്യം നിസാരതുകയേ വേണ്ടിയുള്ളൂ. ഓരോ തിരിമറികളിൽ പെട്ട്‌ സ്വന്തമാക്കണമെന്നോർക്കുന്നത്‌ ആഗ്രഹമായിത്തന്നെ ശേഷിക്കുന്നു...കുപ്പിയിൽ പണിയുമ്പോൾ കയ്യുറ ഒരത്യാവശ്യമാണ്‌. ഒന്നുണ്ടായത്‌ കീറി പോയിട്ട്‌ എത്രനാളുകളായി...ഇനി ഇതൊന്ന്‌ കഴുകി തുടച്ചാൽ മതി. അയാൾ രണ്ടും ചേർത്ത്‌ ഷർട്ടിനുള്ളിൽ തിരുകി.
    തുടർന്ന്‌ രണ്ടേ കുത്തിയുള്ളു എളിയിൽ ഒരനക്കം. ചൂടൻ ശരീരത്തിൽ പറ്റിയിരുന്നപ്പോൾ പോയ ജീവൻ തിരിച്ചു വന്നതുപോലെ കയ്യുറകൾ അനങ്ങുന്നു.
    ഇതെന്തിതിങ്ങനെ എന്നൊരാധിയിൽ അയാൾ പണി നിർത്തിപ്പോയി.
    അനക്കം കൂടുന്നു. കയ്യുറകൾ സൗഹൃദം കൂടുന്നു. കൈപിടിച്ച്‌ കുലുക്കുന്നു. അങ്ങനെ എന്തൊക്കെയേ ചെയ്യുന്നതായാണ്‌ അയാൾക്ക്‌ തോന്നിയത്‌. വിചിത്രമായ അനുഭവത്തിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന തരിപ്പിൽ അയാൾ ചലനമറ്റുനിന്നു.
    അൽപ സമയം കടന്നുപോയി. അരക്കെട്ടിൽ അനക്കമടങ്ങി. എന്തോ ചില അടക്കിപ്പിടിച്ച ഒച്ചകൾ കേൾക്കാറായി. കാതുകൾ വിളക്കായി നിന്നു.
    "ഇന്നലത്തെ സായാഹ്നം!ഹൊ!മറക്കാനാവുന്നില്ല സുഹൃത്തെ, ആനന്ദം...പരമാനന്ദം!"
    കാതിൽ കേട്ട ആദ്യ വചനം. പതിഞ്ഞ ശബ്ദം...ആനന്ദഭാവം! കൈപിടിച്ച്‌ കുലുക്കി കൂട്ടായ കയ്യുറകളിലൊന്ന്‌ അടുത്തതിനോട്‌ പറയുന്നതാണ്‌.
    "എത്രനാളുകൾ പോയെന്നോ ഒരുവളെ പൈന്തുടരാൻ തുടങ്ങിയിട്ട്‌. എന്തൊരു വിധി! ഒറ്റക്ക്‌ ഒത്തുകിട്ടിയില്ല! പക്ഷെ ഭാഗ്യം! ഇന്നലെ അവളെയങ്ങ്‌ ഒതുക്കത്തിൽ കിട്ടി. സമയം തെറ്റിയുള്ള അവളുടെ വരവും എന്റെ കാത്തുനിൽപ്പും പച്ചിലയും കത്രികയും പോലെ ചേർന്നു. ഇരുളും മുമ്പ്‌ ഓടിപ്പിടഞ്ഞ്‌ വീട്ടിലെത്താനുള്ള ഒരു തിടുക്കമുണ്ടല്ലോ, അതായിരുന്നു അവളുടെ കാലുകളിൽ. വലിയ റബ്ബർത്തോട്ടത്തിനപ്പുറമാണ്‌ അവളുടെ വീട്‌. മുള്ളുവേലിക്കുള്ളിലെ തോട്ടം എന്റേതും. എരിഞ്ഞടങ്ങുമ്പോഴത്തെ നേർത്ത ഇരുട്ടും തേൻ നുകരാൻ താഴ്‌ന്ന്‌ പറന്ന നരിച്ചിലുകളും മാത്രം. നരച്ചിലുകൾ വട്ടമിടുമ്പോൾ പാവം ഞെട്ടിത്തെറിക്കുകയായിരുന്നു. വഴിച്ചാലിൽ നിന്ന്‌ ഒരു കൺകെട്ടുകാരന്റെ കൈവേഗത്തിൽ അവളെ തോട്ടത്തിന്‌ നടുവിലെ റബർപുരയിലെത്തിച്ചു."
    ആവേശത്തിൽ ഒച്ച ഉയർന്ന്‌ പോയത്‌ തിരുത്തിയതാവണം, അടക്കം പറച്ചിലായി.
    "അന്തി ഇരുളിലും അവളുടെ ദേഹത്ത്‌ ഇളം വെയിൽ ചൂടായിരുന്നു. ബോധം പോയപ്പോൾ ജീവനുള്ളതിനേക്കാൾ മുഖകാന്തി! സ്ക്കൂൾബാഗ്‌ പുറത്ത്‌ നിന്നും ഊരി നിലത്തവളെ ചായ്ച്ചു കിടത്തുമ്പോൾ അസ്പഷ്ടമായി അവളുടെ ചുണ്ടുകൾ പിടഞ്ഞുകൊണ്ടിരുന്നു. വേണ്ട സർ, പ്ലീസ്‌, എന്നോ മറ്റോ ആണെന്നു തോന്നുന്നു. കേട്ടോസുഹൃത്തേ കുട്ടികൾ അങ്ങിനെ എന്തെല്ലാം ശാഠ്യംപിടിക്കും! പരുവമുള്ളവർ അതുകേട്ട്‌ ഇതൊന്നും പാടില്ലെന്നു വച്ചാൽ പിന്നെ ജീവിതത്തിൽ എന്തോന്ന്‌ രസം. മൂത്ത തേങ്ങ തിന്നുമടുത്തിരിക്കുന്നതിനിടയി
ലാണ്‌ ഇങ്ങനെയൊരു ഇളംകരിക്ക്‌ കിട്ടുന്നത്‌. ഇടക്ക്‌ ഇളംകരിക്ക്‌ കഴിക്കണം."
    വർത്തമാനത്തിൽ രസിച്ചാവണം രണ്ടാമത്തെ കയ്യുറ ചിണുങ്ങി ചിരിച്ചുകൊണ്ടിരുന്നു.
കയ്യിലിരുന്ന ഷവൾ വണ്ടിയിൽ ചാരിവച്ച്‌ അയാൾ കുന്തിച്ചിരുന്നു. തെളിഞ്ഞു കേൾക്കാൻ കാത്‌ അരക്കെട്ടോളം ചേർത്തു.
    "രസകരമായത്‌ പറയാൻ എനിക്കുമുണ്ട്‌ സ്നേഹിത്‌."
    രണ്ടാമത്തെ കയ്യുറയുടെ സ്വരം ഉയർന്നു.
"സന്തോഷകരമായ ജീവിതമെന്നാൽ സന്തോഷകരമായ തൊഴിലാണല്ലോ അങ്ങനെയുള്ള എത്രയെത്ര തൊഴിലുകൾ ചെയ്യാമ്പറ്റിയിരിക്കുന്നു! ഏറ്റവും ആഹ്ലാദമുള്ളത്‌ പണം കടം നൽകി ദരിദ്രരെ ഹെൽപ്പ്‌ ചെയ്യുന്ന പണി തന്നെ".
    രണ്ടാമത്തെ കയ്യുറയുടെ സ്വരം മുറുകിയ തൊണ്ടയിൽ നിന്നെന്നപോലെ ആവേശം കൊണ്ടു.
    "പണം ആവശ്യമുള്ളവന്‌ അത്‌ നൽകുന്നതിനോളം കാരുണ്യം വെറെ എന്തുണ്ട്‌ ഭൂമിയിൽ. ചെറിയൊരു മുലധനമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. ഉള്ളത്‌ വച്ച്‌ ആവശ്യക്കാർക്ക്‌ വീതിച്ചിട്ടും കൈയ്യിൽ ബാക്കിയുണ്ടായി എന്നുള്ളതാണ്‌! ഒറ്റമുറിയിൽ- ഐ ഹെൽപ്പ്‌ എന്നൊരു ബോർഡും തൂക്കി തുടങ്ങി.ആൾക്കാര്‌ ക്യൂ നിന്നു. പണം തിരിച്ചടക്കാൻ ഓഫീസിൽ വരേണ്ടതില്ല എന്നതായിരുന്നു ഓഫർ. പറ്റുകാരുടെ വീടുകളിലെത്തി ദിനപ്പിരിവെടുക്കും. ആദ്യമൊക്കെ ആളുകൾ കാത്തിരുന്ന്‌ തിരിച്ചടക്കുമായിരുന്നു. പോകെ പോകെ ഒരു മുടക്കം. മുറുമുറുപ്പ്‌...ബലമായി ചോദിക്കുമ്പോൾ പറയുന്ന അന്യായം കേൾക്കണം! വാങ്ങിയതിലധികം തിരിച്ചടച്ചെന്ന്‌.
    ഏതിനും പോംവഴിയുണ്ടല്ലോ. നൽകുന്നതിന്‌ തത്തുല്യമായ ഈട്‌. ചെക്ക്‌ ലീഫ്‌ വാങ്ങാനൊന്നും ഒരുത്തനേം ബുദ്ധിമുട്ടിച്ചില്ല. ഭൂമി തീറുള്ളതിന്റെ അസ്സൽപ്രമാണം. മുദ്രപത്രത്തിൽ ഒപ്പ്‌. പേന ഒപ്പിടുന്നയാൾക്ക്‌ സൗജന്യം! എന്നാലും ചിലവന്മാർ ചോദ്യം ചെയ്യും. അയ്യായിരത്തിന്റെം പതിനായിരത്തിന്റെം മുദ്രപത്രങ്ങളെന്തിനെന്ന്‌...തിരിച്ചടവ്‌ മുടങ്ങിയവർക്ക്‌ അതൊക്കെ ഉഷാറായി ബോധ്യപ്പെട്ടു.
    ഇപ്പോൾ ഐ ഹെൽപ്പിന്‌ ഓഫീസുകളുടെ കളിയാണ്‌. കൂടെ റിയൽ എസ്റ്റേറ്റുമുണ്ട്‌. ദിനപ്പിരിവിന്‌ ചുറുക്കന്മാരായ ഫീൽഡ്‌ എക്സിക്യൂട്ടീവ്സും.
    അധ്വാനത്തിന്‌ ഒട്ടും കുറവില്ല കേട്ടോ. രാത്രി സത്കാരങ്ങളിൽ അതിഥികളായ ഉദ്യോഗസ്ഥർക്കും പ്രമാണിമാർക്കും ഷേക്‌ ഹാൻഡ്‌ കൊടുക്കുക എന്നതു തന്നെ. അതും ഒരു സന്തോഷം. അവരാണല്ലോ എല്ലാം പൈന്തുണയും തരുന്നത്‌."
    രണ്ടു കയ്യുറകളും ഉല്ലസിച്ച്‌ ചിരിച്ചു. ഉല്ലാസങ്ങൾക്കിടയിൽ അയാൾ അന്ധാളിച്ചു നിന്നു. ഏതോ അജ്ഞാതരുടെ രഹസ്യങ്ങൾ അറിഞ്ഞതിന്റെ അസ്വസ്ഥതയും ഇതുവരെ അറിഞ്ഞതിനപ്പുറം ഈ ലോകത്തിൽ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്‌. കാഴ്ചകൾ കരയിൽ നിന്നു കാണുന്ന കടലിന്‌ സമം. ഉൾക്കാഴ്ചകൾ ഉൾക്കടലോളം ഉൾക്കടലിനുള്ളിലോളവും...
    എളിയിൽ നിന്നും കയ്യുറകൾ പുറത്തെടുത്തയാൾ സൂക്ഷ്മമായി നോക്കി. നിഗോ‍ൂഢമായ ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ച്‌ ഈ കുപ്പകുഴിയിൽ ഒളിച്ചു പാർത്ത ഇവ തന്റെ കയ്യിൽ വന്നുപെട്ടു. ഗോ‍ൂഢാഹ്ലാദങ്ങളിലായിരുന്നവർ കണ്ണുകളേറ്റപ്പോൾ വിനയത്താൽ മൗനമായിരിക്കുന്നു! എന്തു ചെയ്യണം...
    ഏതോ രാക്കിളി ഒച്ചയിട്ടു കൊണ്ട്‌ അകലേക്കെങ്ങോട്ടോ പറന്നുപോയി...നിഗോ‍ൂഢതയിലേക്കുള്ള ക്ഷണം പോലെ അതിന്റെ ധ്വനികൾ ചുറ്റും മുഴങ്ങി. പിന്നെ നിശബ്ദത ഉള്ളിൽ അസ്വസ്ഥത.
    ഇരുളിൽ നിന്നും പൊടുന്നനെ ഒരു ഒച്ച ഉയർന്നു. വെറും ഒച്ചയായിരുന്നില്ല...ഒരു ചോദ്യമായിരുന്നു. കയ്യുറകളുടേതായിരുന്നു.
"ഇനിയെന്നെങ്കിലും ഇതുപോലൊന്ന്‌ കിട്ടും എന്ന്‌ കരുതുന്നുണ്ടോ കിനാവ്‌ കാണാൻ കഴിയാത്തത്ര സുന്ദരമായത്‌? നിങ്ങൾക്ക്‌ കിട്ടിയിരിക്കുന്നു. വെളിപാടിലേക്ക്‌ ഉണര്‌".
രണ്ടു കയ്യുറകളും കൂടി ഒരുമിച്ച്‌ പറഞ്ഞു.
ആ വാക്കുകൾ മനസ്സിൽ മുത്തമിട്ടു കൊണ്ട്‌ അയാൾക്കുള്ളിൽ മുഴങ്ങി.
കയ്യുറകൾ താളത്തിൽ മന്ത്രം പോലുരുവിട്ടു.
'പലരും ഇതുപോലുള്ളവ കൈകളിൽ അണിഞ്ഞിട്ടുണ്ട്‌. ഇതണിയുന്നവർക്കല്ലാതെ കാണാനാവില്ല അതൊന്നും. അത്രക്ക്‌ ചേർച്ചയാണ്‌".
അയാൾ കയ്യുറകളിൽ കണ്ണുവച്ചു. മനസിൽ അതുമാത്രം തെളിഞ്ഞപ്പോൾ എത്ര മനോഹരം! യാത്ര ചെയ്യാൻ തെളിഞ്ഞ വഴികളിൽ പൂക്കളും പൊൻ കിരീടവും. കൈയ്യുറകൾ കൈകളിൽ അണിഞ്ഞു അയാൾ.
ചുറ്റും ഇരുട്ടു തന്നെ. പ്രഭാതത്തിന്‌ ഇനിയുമെത്ര നേരം...
അന്നേരം എങ്ങുനിന്നോ രാക്കിളിക്കൂട്ടം പറന്നുവന്നു. ചിറകടിച്ചവ അയാൾക്കു മുകളിൽ വട്ടം ചുറ്റി. ഓരിയിടുംപോലെ ചിലച്ചു.
അയാൾ ആകാശത്തേക്ക്‌ നോക്കി. താഴോട്ടു നോക്കി നിൽക്കുന്നുണ്ട്‌ ഉദയതാരം. പ്രകാശത്തിന്റെ അസ്ത്രങ്ങളും ഏറ്റി.
മടങ്ങാൻ നേരമിതാണ്‌...സ്വന്തം ജീവിതത്തിലേക്ക്‌, വിയർപ്പ്‌ രുചിയിലേക്ക്‌.
കൈകളിൽ നിന്നും കൈയ്യുറകൾ ഊരി കുപ്പയിലേക്കയാൾ തിരികെയിട്ടു.
ആളൊഴിഞ്ഞ ഇടം കണ്ടെത്തി ഒക്കെയും അടക്കം ചെയ്യണം. ഷവളു കുത്തി വാഹനത്തിലേക്കയാൾ കോരിനിറച്ചു.
ശവവാഹനത്തിലേക്കയാൾ കയറി ഇരുന്നു. മൈതാനത്തു നിന്നും യാത്ര തിരിച്ചു.

19 Feb 2012

പെരുവഴിയിൽ രണ്ടുകാലുകൾ


സാജു പുല്ലൻ

കൂരക്ക്‌ മുമ്പിലൂടെ
വളഞ്ഞ്‌ പുളഞ്ഞ്‌
മാളിക കയറുന്ന ഇടവഴി
ഇടവഴി
പെരുവഴിയാക്കുന്നതിന്റെ
ഉദ്ഘാടനത്തിനു വന്നു
പിക്കാസ്‌ തൂമ്പ
വാച്ചാത്ത്‌ കമ്പിപ്പാര
തുടങ്ങിയവകൾ

കാര്യക്കാരായി നിന്നു
വെള്ളമുണ്ടുകൾ
ഷർട്ടുകൾ
മടക്കിക്കുത്തിയ കള്ളിമുണ്ടുകളും

വിരുന്നു വന്ന കരങ്ങളിൽ
വിലയുള്ള സമ്മാനങ്ങൾ

സമ്മാനങ്ങൾ
വില കുറഞ്ഞതാവാനോക്കില്ലല്ലോ...
ഉദ്ഘാടനത്തിനു ക്ഷണിച്ചതു
മാളികയിലെ
ജോസ്‌ കുഞ്ഞ്‌ മുതലാളിയാവുമ്പോൾ...!

വേലികൾ തകർന്നിടവഴി
പെരുവഴിയായി തുറന്ന്‌...

ഉദ്ഘാടനം കേമമായെങ്കിലും...

കൂരയുടെ
ഓടും കഴുക്കോലും
ചെമ്മണ്ണ്‌ ഭിത്തിയും
ഇത്തിരി മുറ്റവും
മുറ്റത്ത്‌ നിന്ന രണ്ട്‌ കാലുകളും
(വീട്ടുകാരിയേയും
അവളുടെ മുലയിൽ നിന്നും
മാറാത്ത കുഞ്ഞിനേയും
തിമിരം കണ്ണെഴുതിയ അമ്മയേയും
ചുമലിൽ വച്ച്‌
ഉറയ്ക്കാതെ നിന്ന രണ്ട്‌ കാലുകൾ)
പെരുവഴിയിലായി.

14 Jan 2012

മനുഷ്യ ഗന്ധം


സാജുപുല്ലൻ

അയാൾ സസ്യഭുക്കായിരുന്നു, സമ്പന്നയിരുന്നുവേങ്കിലും.
വീട്ടിലായാലും വിരുന്നിലായാലും ഇലയിട്ട്‌ ഉണ്ടു.
ഇലയാകട്ടെ സ്വന്തം തോട്ടത്തിൽ നിന്നും
സ്വന്തം പരിചാരകർ കൊണ്ടുവരുന്നതും
വിളമ്പിയതിനൊപ്പം ഇലയും ഭക്ഷിക്കും
രണ്ടുണ്ട്‌ ഗുണം അയാൾ പറയും ഇലക്കറിയുമായി,
ഇലയെടുക്കാൻ ആളും വേണ്ട.

മാംസമില്ലാത്ത സദ്യയുള്ളിടത്ത്‌ നായ്ക്കൾ മണം
പിടിച്ചു നടക്കുന്നു, നിരീക്ഷകൻ ശ്രദ്ധിച്ചു,
അസാധാരണ കാഴ്ചയെന്ന്‌ മനസിൽ കുറിച്ചു.
അയാൾ അങ്ങനെ തിന്നു രസിച്ചിരിക്കെ, മണം പിടിച്ചു നിന്നൊരു നായ്‌
സദ്യക്കിടയിലേക്ക്‌ ചാടിവീണ്‌
അയാളുടെ ഇലയും കടിച്ച്‌ ഒറ്റ ഓട്ടം;
നിന്നവർ കാര്യമറിയാതെസ്തബ്ദം
നിരീക്ഷകൻ നായ്ക്ക്‌ പിന്നാലെ പാഞ്ഞു.
നായ്ക്കൾ ഇലക്കായ്‌ കടിപിടി കൂടുന്നു, എല്ലുമുട്ടിയിലെ പോലെ രാകുന്നു.
നിരീക്ഷകനും കിട്ടി ഇലയുടെ ഒരു കീറ്‌, ഓടിപ്പോയ നായുടെ വായിൽ നിന്നും
ചോർന്ന്‌ വീണത്‌.
അതിൽ മണത്തു-
രക്തത്തിൽ പൊരിച്ച മാംസ ഗന്ധം-

14 Aug 2011

വിൽക്കാനുണ്ട്‌ രത്നം



സാജു പുല്ലൻ

നേരിൽ കാണാനുള്ള ക്ഷണം സ്വീകരിച്ചാണ്‌ അവൾ ധനികനായ മനുഷ്യന്റെ മുറിയിൽ എത്തിയത്‌. അയാൾ അവളെ കാത്തിരിക്കുകയായിരുന്നു. അയാൾ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരിയായിരുന്നു അവൾ, എല്ലാ ഭംഗികളേക്കാളും ഭംഗിയുള്ളവൾ. മുമ്പെവിടേയും കണ്ടിട്ടില്ലാത്തത്ര ഉടൽ അഴകുള്ളവൾ.

കരിവണ്ടഴകുള്ള കണ്ണുകൾ, ആപ്പിൾ റോസ്‌ ചുണ്ടുകൾ, കൊഴുത്ത ദേഹത്തെ മുഴുത്ത .......ഒക്കെ തുറന്നുകാണാൻ കൊതിയായി. കായൽക്കരയിലെ ഹോട്ടൽമുറിയിൽ അയാൾക്കരികെ അവൾ കാതരയായി ഇരുന്നു.

അഴിമുഖത്തു നിന്നും വീശിയ കാറ്റ്‌ നഗരത്തിലേക്ക്‌ കടന്നു ,കാറ്റ്‌ ഒരു കമ്പളം കണക്കെ അവരെ പൊതിഞ്ഞു. ഈറൻ കാറ്റായിരുന്നു എന്നിട്ടും അവർ ഇരുന്നു വിയർത്തു.

രത്നവേട്ടക്കാരന്റെ കയ്യിലമർന്ന നിധികുംഭത്തെപ്പോലെ അയാൾ അവളെ ചുംബിച്ചു. ....നിധികുംഭത്തിന്റെ മേലാട അഴിച്ചു മാറ്റി.

ഉൾതലത്തിലെ ഇരുൾ കയത്തിൽ ഒരു മാംസസ്പർശം അവൾ അറിഞ്ഞു. തെല്ലു നേരത്തിനുള്ളിൽ ആ നക്ഷത്ര സ്യൂട്ടിൽ കൊള്ളചെയ്യപ്പെട്ട ഒരു നിധികുംഭം പോലെ അവൾ തുറന്നുകിടന്നു.ഉടലിന്റെ ദാഹമൊടുങ്ങി അയാൾ അലിവോടെ അവളെ ചേർത്തണച്ചു. അവളെ ഒരുപാട്‌ ഇഷ്ടപ്പെട്ടു അയാൾക്ക്‌. താൻ രുചിച്ചിട്ടുള്ളതിൽ വച്ചേറ്റവും മധുരമുള്ള ശരീരം ഇവളുടേതാണ്‌. തേന്‍‌മധുരമുള്ള ശരീരം. !
ഇന്നിത്രക്ക്‌ മതി. തമ്മിൽ പിരിയാം. അയാൾ കരുണയോടെ അവളോട്‌ ആരാഞ്ഞു.
'സുന്ദരി എനിക്കു കുറച്ചു തിരക്കുകളുണ്ട്‌. നമുക്ക്‌ പിരിയാം. സമയം നിനക്കും വിലപ്പെട്ടതാണല്ലോ?

അവൾ പറഞ്ഞു എനിക്കു തിരക്കില്ല സാർ.തന്നെയുമല്ല. അങ്ങയോട്‌ എന്നെപ്പറ്റി ചിലത്‌ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതു പറയാൻ വേണ്ടീട്ട്‌ മാത്രമാണ്‌ ഞാൻ അങ്ങയുടെ ക്ഷണം സ്വീകരിച്ചതു്‌. അങ്ങേക്ക്‌ കേൾക്കാൻ മനസ്സുണ്ടാകണം.
ശരീരം കൊണ്ട്‌ സംസാരിച്ചതു തന്നെ ധാരാളം എന്ന്‌ മനസ്സിൽ പറഞ്ഞെങ്കിലും നൂറുവട്ടം മനസ്സാണ്‌ കുട്ടീ എന്ന്‌ അയാൾ അവളോട്‌ പറഞ്ഞു.


'അല്ലെങ്കിൽ തന്നെ ഇവൾ പറയാൻ പോകുന്നതൊക്കെ തനിക്കറിയാവുന്നതു തന്നെ. ഇവൾ ഒന്നാം തരം മോഡൽ അല്ലേ."
ഒരു വസ്ത്ര പരസ്യത്തിന്‌ മോഡലായി ഫാഷൻ വീക്കിലിയിൽ പ്രത്യക്ഷപ്പെട്ട ചിത്രം കണ്ട മാത്രയിൽ തന്നെ വല്ലാതെ ആകർഷിച്ചു. അതിൽ പിന്നെ ഹോട്ടലിന്റെ കൺവെന്‍ഷൻ സെന്ററിൽ ഫാഷൻ ഷോയിൽ നേരിട്ട്‌ കണ്ടു. ഉടയാത്ത ഉടലിന്റെ താളം റാമ്പിൽ കണ്ടപ്പോഴേ തീരുമാനിച്ചു,ഒരു ദിനം ഇവളോടൊപ്പം ഈ ഹോട്ടലിൽ തന്നെ കൂടണം.

മോഡലുകളെ സപ്ലെ ചെയ്യുന്ന പ്രോഡക്ഷൻ എക്സിക്യൂട്ടീവ്‌ അഭിയെ ഏർപ്പാടാക്കിയപ്പോൾ എല്ലാം എളുപ്പത്തിലാവുമെന്ന്‌ കരുതി. വശീകരിക്കുന്നതിനായി വലിയൊരു തുകയും വാഗ്‌ദാനം ചെയ്തിരുന്നല്ലോ!

ഒരാഴ്‌ച്ചയായുള്ള കഠിനപ്രയത്‌നത്തിനൊടുവിൽ ഒരറ്റ കൈ പ്രയോഗത്തിന്റെ വരവിനെ വിശേഷിപ്പിച്ചതു്‌. ഇവൾ ഒരു സാധാരണ മോഡൽ പോലും അല്ലപോലും. !

ഓ, പിന്നെ കൊക്കെത്ര കുളം കണ്ടിരിക്കുന്നു.
എന്തായിരുന്നുവോ അറ്റകൈപ്രയോഗം?

'അതെന്തെങ്കിലുമാവട്ടെ"
അയാൾ അവളെ നോക്കിപ്പറഞ്ഞു.
നിന്നെപ്പറ്റി എനിക്കറിയാമല്ലൊ സുന്ദരി, നീയൊരു നമ്പർ വൺ മോഡലല്ലേ"?
മോഡൽ മാത്രമല്ല സാർ ഞാനൊരു വിദ്ധ്യാർത്ഥിനിയാണ്‌.

"ഓഹൊ ,കാകദൃഷ്ടിർബകധ്യാനം,ശ്വാനനിദ്ര,തഥൈവച,അൽപ്പാഹാരം,ജീർണ്ണവസ്ത്രമേതദ്വിദ്യാർത്ഥി ലക്ഷണം എന്നാണല്ലോ ശാസ്ത്രം. നിന്നെ കണ്ടിട്ട്‌ അങ്ങനെയൊന്നും തോന്നുന്നില്ലല്ലോ.

അതൊരു പഴയ ലക്ഷണശാസ്ത്രമല്ലേ- സാർ.പഠിക്കാനുള്ള പണം തേടി മോഡലിംഗിനും, ഫാഷൻഷോയിക്കുമൊക്കെ പോയി ലക്ഷണം കെട്ടു.
അതേയോ അതെനിക്കൊരു പുതിയ അറിവാണല്ലോ. ! ഏത്‌ ഡിഗ്രിക്കാണ്‌ പഠിക്കുന്നത്‌?
എഞ്ചിനീയറിംഗ്‌ ഒന്നാം വർഷം.
യേത്‌ കോളേജിൽ? അയൾക്കാകാംക്ഷയായി. അവൾ പറഞ്ഞു,അങ്ങ്‌ അറിയും ഈ നഗരത്തിലെ പ്രശസ്തമായ സ്വാശ്രയ കോളേജാണ്‌. .............എന്നാണ്‌ പേര്‌

കോളേജിന്റെ പേരു കേട്ടതും ഭൂകമ്പത്തിൽപ്പെട്ട വൻമരത്തെപ്പോലെ അയാളുടെ ഉടല്‌ വിറച്ചു. എന്തുകൊണ്ട്‌? എന്തുകൊണ്ടിക്കാര്യം ആദ്യമേ പറഞ്ഞില്ല നീ? ക്ഷോഭത്താൽ അയാൾ കിതച്ചുകൊണ്ടിരുന്നു.


അതിനുത്തരമെന്നോണം അവൾ ആലങ്കാരികമായി ചിരിച്ചു.

അവൾ പറഞ്ഞു"വിദ്യാരംഭത്തിനു പണം വേണം. സ്വാശ്രയ സരസ്വതീഭവനത്തിൽ തലപ്പണം വേറെ വേണം. ധനമുള്ളവർക്ക്‌ എളുപ്പത്തിൽ വിദ്യ വിലക്കു വാങ്ങാം. പാവങ്ങൾക്കൊ എല്ലാം വിറ്റിട്ടുവേണം.
അവൾ അയാളുടെ കൈകൾ വിലങ്ങനെ ചേർത്തുപിടിച്ചു.
ഒന്നുമില്ല വീട്ടിൽ ഇനി വിൽക്കാൻ. പഠിത്തം നിർത്താനുമാവില്ല. അതുകൊണ്ട്‌ ഞാൻ സ്വയം .......അല്ലാ,പാവങ്ങളോന്നും പഠിക്കേണ്ടെന്ന്‌ പറയാനുമാവില്ലല്ലോ?

അയാളുടെ കണ്ണുകളിലേക്ക്‌ പാളിനോക്കിക്കൊണ്ട്‌ അവൾ നാടകീയമായി തുടർന്നു.
ഇനിയിപ്പൊ ആരെങ്കിലും അങ്ങനെ പറഞ്ഞാലും അങ്ങ്‌ പറയില്ലെന്ന്‌ എനിക്കുറപ്പാ. മറ്റാരേക്കാളും അങ്ങേക്കറിവുള്ളതാണല്ലോ വിദ്യാധനം സർവ്വധനാൽ പ്രധാനമെന്ന്‌.
അഴിഞ്ഞു വീഴുന്ന മുഖംമൂടി ഉറപ്പിക്കാൻ തത്രപ്പെടുന്ന നടന്റെ വിരുതോടെ അയാൾ ചോദിച്ചു.
എങ്ങിനെ,എങ്ങിനെ എനിക്കറിയാമെന്നാണ്‌ നീ പറഞ്ഞുവരുന്നത്‌?
അതോ, അവൾ ഒന്നു നിർത്തിയിട്ട്‌ നിഗൂഢമായ ചിരിയോടെ പറഞ്ഞു
ഒരു സ്വാശ്രയകോളേജിന്റെ ഉടയതിനല്ലേ വിദ്യാധനത്തെക്കുറിച്ച്‌ ഏറ്റവും നന്നായി അറിയുന്നത്‌. സാർ അങ്ങയുടെ ഉടമസ്ഥതയിലുള്ള കോളേജിലാണ്‌ ഞാൻ പഠിക്കുന്നത്‌.
നാടകത്തിന്റെ ക്ലൈമാക്സിൽ നായകന്റെ മുഖം‌മൂടി അഴിഞ്ഞു വീണ്‌ വില്ലനായവനെ കാണികൾ കൂകിവിളിക്കുന്ന ആരവം അയാളുടെ കാതുകളിൽ ഇരമ്പി. അഭിയുടെ അറ്റകൈ പ്രയോഗത്തിന്റെ ഫലം ഇതാണല്ലേ.

"അപ്പോള്‍ നീ ഒരുമ്പെട്ടിറങ്ങിയിരിക്കയാണല്ലേ?
നിവൃത്തികേടുകൊണ്ടാണ്‌ സാർ.അല്ലെങ്കിൽ ഒരുമ്പെട്ടിറങ്ങുമായിരുന്നില്ല. വല്ലാത്ത ഒരുറപ്പോടെയാണ്‌ അവൾ പറഞ്ഞത്‌

"രണ്ടാവശ്യങ്ങളേ എനിക്കുള്ളു.ഇനിയുള്ള കാലം എന്റെ പഠനത്തിനുള്ള ധനം അങ്ങ്‌ വഹിക്കണം. ഇനിയെന്നെ തേടുകയുമരുത്‌. അങ്ങനെയാണെങ്കിൽ നമ്മുടെ സംഗമം ഞാൻ രഹസ്യമായി സൂക്ഷിക്കും. അങ്ങേക്കൊരിക്കലും മാനഹാനി ഉണ്ടാവുകയില്ല. മാനത്തിന്‌ അങ്ങ്‌ വില പേശുകയില്ലെന്ന്‌ ഞാൻ കരുതുന്നു.
"യു ബ്ലാക്ക്‌ മെയിൽ മീ ബ്ലഡി ബിച്ച്‌"

"ഓഹ്‌ നോ സാർ കൂൾഡൗൺ,കൂൾഡൗൺ.മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്താണെന്ന്‌ അങ്ങേക്കറിയില്ലെ. ഇല്ലെങ്കിലിതാ കേട്ടോ. ഭക്ഷണം ,വസ്ത്രം ,പാർപ്പിടം .കാലം മാറിയപ്പോൾ ഒന്നുകൂടി കൂടി. വിദ്യാഭ്യാസം.

"വിദ്യാദാനം സാമൂഹ്യസേവനം എന്നാണ്‌ വയ്‌പ്പ്‌. പക്ഷേ സാറമ്മാരൊക്കെക്കൂടി അതിനെ ലാഭക്കച്ചവടമാക്കി. ഒക്കെ സാറിന്‌ അറിയാവുന്നതു തന്നെ. അറിയില്ലെന്ന്‌ വെറുതെ ഭാവിക്കുകയാണ്‌. അടിസ്ഥാന ആവശ്യങ്ങൾ നൽകാൻ ചുമതലപ്പെട്ടവരിൽ നിന്നും അതു ചോദിച്ചുവാങ്ങുന്നതിനെ അവകാശസമരമെന്നാണ്‌ സാർ ഞ്ങ്ങൾ പറയുന്നത്‌. ബ്ലാക്ക്‌ മെയിലിംഗ്‌ എന്നല്ല .വിദ്യാഭ്യാസത്തിന്റെ രീതി മാറിയപ്പൊ സമരത്തിന്റെ രീതീം മാറി. അത്രയേയുള്ളു. സമരത്തെ നേരിടുന്ന എല്ലാ മുതലാളിമാരും ഇങ്ങനെയാണ്‌. മറ്റ്‌ പേര്‌ പറഞ്ഞ്‌ ആക്ഷേപിക്കും. അടിച്ചമർത്താൻ നോക്കും. എന്റെ ഈ സമരത്തിൽ അതൊന്നും നടപ്പില്ല കെട്ടോ. നാലാളറിഞ്ഞാൽ നാണക്കേട്‌ അങ്ങേക്ക്‌ തന്നെയാണ്‌. ഒരു കോളേജിന്റെ ഉടയോൻ തന്റെ കോളേജിലെ വിദ്യാർത്ഥിയെ പീഡിപ്പിച്ചു എന്നു നാട്ടുകാരറിഞ്ഞാൽ ..................ഛെ .കാതുകളിൽ ആൾക്കൂട്ടത്തിന്റെ കൂകിവിളികൾ ഇരമ്പുന്നു. ഒരു തലയാട്ടലോടെ അയാൾ തളർന്നിരുന്നു പോയി.


എല്ലാം സമ്മതിക്കുന്നു എന്ന കൈയൊപ്പിന്റെ ശരീര ഭാഷയാണ്‌ തലയാട്ടൽ. യാതൊരു എതിർപ്പുമില്ലാതെ അയാൾ കീഴടങ്ങുമെന്ന്‌ സ്വപ്‌നത്തിൽ കരുതിയിട്ടില്ല. അവളുടെ ഹൃദയം നിറഞ്ഞുപോയി. കണ്ണു നിറഞ്ഞത്‌ ശരീരത്തിന്റെ വേദന കൊണ്ടല്ല. നേട്ടത്തിന്റെ ആനന്ദമാണ്‌ . നഷ്ടപ്പെട്ടത്‌ വലുതാണെങ്കിലും നേടിയതും വലുതാണ്‌

ഇനിയുള്ള കാലം പഠനത്തിന്‌ മാറ്റിവെക്കണം. ഭാവികാലം മറ്റൊരു നഗരത്തിൽ ജോലി തേടിപ്പോകാം. കേടു പറ്റിയ സെല്ലുകളോടൊപ്പം ഭൂതകാലത്തിന്റെ പടവും ഈ ശ്മശാനത്തിൽ അഴിഞ്ഞുപോയ്‌ക്കൊള്ളും.
അകലെ ഗ്രാമത്തിൽ അച്ഛനും അമ്മയും ആധികൊണ്ടിരിക്കുകയായിരിക്കും. മോൾക്ക്‌ അടുത്ത മാസത്തേക്കുള്ള ഫീസ്‌ എങ്ങിനെ അയയ്ക്കുമെന്നോർത്ത്‌. മകളെ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ എഞ്ചിനീയർ ആക്കണം എന്ന്‌ മോഹിച്ച തന്റെ അച്ഛൻ.-പൂർണ്ണാ നദിയിലെ മണൽക്കുഴിയിൽ തോണി മറിഞ്ഞ്‌ മകൻ മരിച്ചുപോയതിൽ വിലപിച്ചു നിൽക്കുന്ന അച്ഛന്റെ മുഖമാണ്‌ എപ്പോഴും ഓർമ്മ വരുന്നത്‌. വിലാപങ്ങൾക്കിടയിലേപ്പോഴോ അച്ഛൻ പറഞ്ഞു
"പൂർണ്ണാ നദിക്കു മേലേയുള്ള പാലം എന്റെ മോൾ പണിയും."
പാലം പണിയുന്നത്‌ എഞ്ചിനീയറാ നിന്നെക്കൊണ്ടാവോ അതിനോക്കെ? കേട്ടു മടുത്ത ആരോ ചോദിക്കുകയാണ്‌.
ഞാനവളെ എഞ്ചിനീയറിംഗ്‌ പഠിപ്പിക്കും.
അതൊരു പ്രഖ്യാപനമായിരുന്നു.പിന്നീടതൊരു ശാഠ്യമായി. മകൾ പണിയുന്ന പാലം മകൻ താങ്ങിനിർത്തുമെന്നച്ഛൻ വിശ്വസിച്ചു. അച്ഛന്റെ വിശ്വാസം മകളുടെ സ്വപ്‌നമായി. തുടർന്നുള്ള പഠനത്തിന്‌ സ്ക്കോളർഷിപ്പ്‌ തരപ്പെട്ടു എന്ന്‌ അറിയിക്കുമ്പോഴുള്ള അച്ഛന്റെ ആശ്വാസത്തിന്റെ സ്വരം ഇപ്പോഴേ കാതിൽ കേൾക്കുന്നു.

ടബ്ബ്‌...ടബ്ബ് ...ടബ്ബ്.... അല്ലല്ലോ .ഒരു നിശ്വാസസ്വരമല്ലേ കേട്ടത്‌. പിന്നെ ആരോ കതകിൽ മുട്ടുന്നതാണ്‌ ,അഭിയായിരിക്കും. തിരികെ പോകാനുള്ള കാറുമായി വരാമെന്നേറ്റ സമയം കൃത്യമായി പാലിച്ചിരിക്കുന്നു.

ഇരുവരും ഉടുപുടവ വാരിച്ചുറ്റി കിടക്കവിട്ടെണീറ്റു.ടബ്ബ് ടബ്ബ് ടബ്ബ് വാതിലിൽ തട്ടുന്ന ശബ്ദം മുറുകുകയാണ്‌.

അയാൾ ടെലിഫോണിനരികിലേക്ക്‌ നീങ്ങി. വിളിക്കുമ്പോൾ മാത്രം റൂം ബോയിയെ അയച്ചാൽ മതിയെന്ന്‌ റിസപ്‌ഷനിൽ പറഞ്ഞേൽപ്പിച്ചിരുന്നതാണ്‌. പിന്നെ ആരാണ്‌ ഈ നരകക്കുഴിയിൽ പെട്ടു കിടക്കുന്ന തന്നെ ശല്യം ചെയ്യുന്നത്‌

റിസപ്‌ഷനിസ്റ്റില്‍ വിളിച്ച്‌ രണ്ടു പറയുക തന്നെ.
റിസീവർ പറിച്ചെടുത്ത്‌ ചെവിയിൽ ചേർത്തു വച്ചു. പക്ഷേ ഫോൺബന്ധം വിച്ഛേദിക്കപ്പെട്ടു പോയിരുന്നു. ഫോൺറിസീവറിന്‌ വല്ലാത്ത തണുപ്പും നിശബ്ദതയും. എന്തോ ഒരാപൽശങ്കയിൽ അയാളുടെ മനസ്സ്‌ പിടച്ചു. പുറത്തേക്ക്‌ വഴികളില്ലാത്ത വലിയൊരു ഒറ്റാൽ പോലെ ഹോട്ടൽ തങ്ങളെ വിഴുങ്ങിയിരിക്കുന്നു. ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന ഈ ഹോട്ടൽ -ക്രമേണ ഫോണിന്റെ നിശബ്ദത അയാളിലേക്കും പകർന്നു.

അവളുടെ മുഖത്ത്‌ ഒരു മന്ദഹാസം വിരിഞ്ഞു. ഉച്ചക്കു മുമ്പ്‌ കോളേജിലെത്തിയാൽ രണ്ട്‌ അവർ ക്ലാസ്സിലിരിക്കാം. ഇനിയങ്ങോട്ട്‌` അവധികളില്ലാത്ത പഠനകാലമാണ്‌.
പൂർണ്ണ നദിക്കു കുറുകെയുള്ള പാലം ഇനിയെത്ര ഹ്രസ്വം.
അവൾ വാതിലിലേക്ക്‌ സാവധാനം നടന്നു. കൊളുത്തു നീക്കി വാതിൽ പാളി മലർക്കെ തുറന്നു. മുറിഞ്ഞുപോയ ടബ്ബ് ടബ്ബ് ശബ്ദങ്ങൾക്കൊപ്പം അവൾ കണ്ടു. നിയമം അതിന്റെ പിളർന്ന വായുമായി മുമ്പിൽ അവരേയും കാത്തുനിൽക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...