Showing posts with label 29. Show all posts
Showing posts with label 29. Show all posts

24 Jun 2015

ദൈവം ഇടപെടാത്ത ജീവിതം



കൃഷ്ണകുമാര്‍ മാരാര്‍


ഗണപതി അയ്യര്‍ പതിവുപോലെ അന്നും എന്റെ വണ്ടിക്ക്‌ കൈ കാണിച്ചു. കുറെ നാലുകളായി അയ്യര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ വരുന്നതും ഞാന്‍ പത്രവിതരണം കഴിഞ്ഞ്‌ വരുന്നതും ഒരേ സമയത്താണ്‌. സ്വര്‍ണ്ണചെയിനുള്ള റാഡോവാച്ച്‌ കെട്ടിയ കൈത്തണ്ട നീട്ടിക്കാണിക്കും. ഞാന്‍ വണ്ടി നിര്‍ത്തും അയ്യര്‍ ബദ്ധപ്പെട്ട്‌ കയറും. വണ്ടിയോടിക്കുമ്പോള്‍ അയ്യരുടെ നേര്യത്‌ കാറ്റത്തുലയുന്ന പതാക പോലെ പാറും.
എന്റെ കൈയില്‍നിന്നും ഒരു ഇംഗ്ലീഷ്‌ പത്രം വരുത്തുന്നുണ്ട്‌ അയ്യര്‍. അയല്‍പക്ക മാണെങ്കിലും ഞാനും അദ്ദേഹവും തമ്മില്‍ സംസാരത്തിലൊന്നും ഏര്‍പ്പെടാറില്ല. പത്രവിതരണം കൂടാതെ മാര്യേജ്ബ്യൂറോയും സ്ഥലക്കച്ചവടവുമായി ക്കഴിയുന്ന എനിക്ക്‌ വാക്കുകള്‍ പിശുക്കി ഉപയോഗിക്കുന്ന അയ്യര്‍ക്ക്‌ മുഖം കൊടുക്കാന്‍ പറ്റാറില്ല. അദ്ദേഹത്തിന്റെ രണ്ടുനില വീടും 40 സെന്റ്‌ പുരയിടവും വില്‍ക്കാനുണ്ടെന്ന്‌ സൂചിപ്പിച്ചിരുന്നു. രണ്ട്‌ പാര്‍ട്ടികളെ ഞാന്‍ കൊണ്ടുവന്നതുമാണ്‌. വിലകൊണ്ട്‌ ഒത്തില്ല. വിട്ടുവീഴ്ചയില്ലാത്ത അയ്യരുടെ നിലപാടില്‍ മുഷിവു തോന്നി ഞാന്‍ പിന്നെ മെനക്കെട്ടില്ല. അയ്യരെന്നെ നിര്‍ബന്ധിച്ചുമില്ല.
പണം ചെലവുചെയ്യുന്നതില്‍ പിശുക്കനാണെന്ന്‌ കേട്ടിട്ടുണ്ട്‌. പലചരക്കും വസ്ത്രങ്ങളും വാങ്ങുമ്പോള്‍ വിലചോദിച്ച്‌ സംശയിച്ചാണ്‌ വാങ്ങുക. കുട്ടികളില്ലാത്ത ഇയാള്‍ എന്തിനിങ്ങനെ പിശുക്കുന്നുവെന്ന്‌ എന്റെ ഭാര്യ സംശയം ചോദിച്ചിട്ടുണ്ട്‌. സ്ഥലം വില്‍ക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. വേറെയെവിടെയെങ്കിലും കുറച്ച്‌ സ്ഥലവും ഒരു ചെറിയ പുരേം നോക്കണോ.
"വേണ്ട ഞങ്ങള്‍ പോവ്വ"
"എങ്ങോട്ട്‌."
തിരുവനന്തപുരത്തേക്ക്‌. അവിടെ ആശ്രമം വക വൃദ്ധമന്ദിരമുണ്ട്‌. കണ്‍സ്ട്രക്ഷന്‍ നടന്നോണ്ടിരിക്ക്വ. രണ്ട്‌ പേര്‍ക്ക്‌ താമസിക്കാനുള്ള മുറി ബുക്ക്‌ ചെയ്ത്‌ കഴിഞ്ഞു.. ഭക്ഷണം അവര്‌ തരും മരുന്നും. പ്രാര്‍ത്ഥിക്ക്വേം ചെയ്യാം. അല്ലാതെ ഇനിയിപ്പോഴെന്ത്‌ ചെയ്യാനാ......
"ബന്ധുക്കളാരെങ്കിലും......" ഞാന്‍ ചോദിച്ചു.
"ഉണ്ട്‌ ധാരാളമുണ്ട്‌. അവരാ ഈ വഴി പറഞ്ഞുതന്നത്‌. ആലോചിച്ചപ്പോള്‍ എനിക്കും അതുതന്നെയാണ്‌ ശരിയെന്ന്‌ തോന്നി." അയ്യര്‍ നിസ്സഹായത മറയ്ക്കാന്‍ വേണ്ടി ചിരിച്ചു.
തുരുമ്പ്‌ പിടിച്ച്‌ ഭംഗിപോയ വീടിനു മുന്നില്‍ ഞാന്‍ വണ്ടി നിര്‍ത്തി. അതെപ്പോവും അടച്ചിട്ടിരിക്കാറാണ്‌ പതിവ്‌. ഗെയിറ്റില്‍ നിന്നും കുറച്ചുദൂരം നടക്കണം അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌.
"വരൂ ഇറങ്ങൂ അശോകന്‍. ഒരു കപ്പ്‌ കാപ്പികുടിച്ചിട്ടു പോകാം......". അയ്യര്‍ ക്ഷണിച്ചു.
"വേണ്ട പിന്നെ വരാം."
"പിന്നെയാക്കണ്ട. വരൂ...." അയ്യര്‍ നിര്‍ബന്ധിച്ചു. ആദ്യമായിട്ടാണ്‌ ഇങ്ങനെ. വീടിനും സ്ഥലത്തിനും അയ്യര്‍ കല്‍പിച്ച വിലയില്‍ വല്ല വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറായെങ്കിലോ. എന്നിലെ കച്ചവടക്കാരന്‍ സജീവമായി. അയ്യര്‍ മുന്നില്‍ നടന്നു ഞാന്‍ പിന്നാലെയും.
പണ്ടെങ്ങോ പെയിന്റടിച്ച ആ വീടിനും അയ്യര്‍ക്കും ഒരേ പ്രായമായിരുന്നു. പുല്ലുകള്‍ മുളച്ചുപൊന്തിയ ആ മുറ്റത്തിന്‌ ഒരു ചൂല്‍തുമ്പിന്റെ പ്രസന്നത ആവശ്യമായിരുന്നു. ഇരിപ്പിടം ചൂണ്ടിക്കാണിച്ചുതന്നിട്ട്‌ അയ്യര്‍ അകത്തേക്ക്‌ പോയി. പുറത്തേക്കു വന്നത്‌ അയാളുടെ ഭാര്യയായിരുന്നു. മുടന്തിയാണ്‌ നടപ്പ്‌. അധികവണ്ണം താങ്ങാനുള്ള കെല്‍പ്പ്‌ ആ കാലുകള്‍ക്കില്ല. ഒരു ചിരിസമ്മാനിച്ചിട്ട്‌ അവര്‍ അടുക്കളയിലേക്ക്‌ പോയി.
പഴയ റേഡിയോയും, ടി.വിയുമുണ്ടായിരുന്നു ആ ഹാളില്‍. ഭിത്തിയിലുള്ള ചില്ലലമാരയിലെ താഴത്തെ റാക്കില്‍ തടിയന്‍ ഗ്രന്ഥങ്ങള്‍ ഒന്നും പുനസംവിധാനം ചെയ്യപ്പെട്ടിട്ടില്ലായെന്ന്‌ ഒറ്റനോട്ടത്തിലറിയാം ടീപ്പോയില്‍ ഒരു ഭഗവദ്ഗീതയിരിപ്പുണ്ട്‌ അതിന്റെ മുകളില്‍ ഒരു കുഞ്ഞു പാവക്കുട്ടിയും. ഞാനതിന്റെ മുഖത്തൊന്ന്‌ തൊട്ടു.
"അശോകന്റെ വീട്ടിലുണ്ടോ ടോയ്സ്‌...." അയ്യര്‍ ചോദിച്ചു. അകത്ത്‌ പോയിട്ടുവന്ന അയാള്‍ വസ്ത്രം മാറിയിട്ടുണ്ടായിരുന്നില്ല.
"പിള്ളേരെന്തൊക്കെയോ മേടിക്കാറുണ്ട്‌. നമുക്കതൊക്കെ ശ്രദ്ധിക്കാനെവിടെയാ നേരം".
കാപ്പിയുമായി അയ്യരുടെ ഭാര്യയെത്തി. ആ കാപ്പിക്ക്‌ വ്യത്യസ്തമായ രുചിയായിരുന്നു.
അശോകന്‍, അയ്യര്‍ പറഞ്ഞുതുടങ്ങി. ഈ സ്ഥലവും വീടും വില്‍പ്പനയായി. ഞങ്ങളുടെ ഒരു റിലേറ്റീവ്‌ തന്നെയാണ്‌ വാങ്ങിയത്‌. ഞാന്‍ അതറിഞ്ഞില്ലായിരുന്നു. എന്റെ ഭാര്യയും. അവളറിഞ്ഞി രുന്നെങ്കില്‍ പറയുമായിരുന്നു.
"വിലയൊക്കെ.........". ഞാന്‍ ചോദിച്ചു.
നമ്മുടെ ഡിമാന്റിലുമൊക്കെ ഒരുപാട്‌ താഴെപ്പോയി. തിരുവനന്തപുരത്തുനിന്ന്‌ കത്തുണ്ടായിരുന്നു. കെട്ടിടങ്ങളുടെ പണി കഴിഞ്ഞു. ഫങ്ങ്ഷന്‍ ചെയ്തു തുടങ്ങി. ഇനി പോകാം. ഇവള്‍ക്കിപ്പോള്‍ത്തന്നെ നടക്കാന്‍ വയ്യാതായി. എനിക്കും വേഗത കുറഞ്ഞു തുടങ്ങി. ഇനിപോവ്വല്ലെ നല്ലത്‌ അശോകന്‍. അയ്യര്‍ ചോദിച്ചു. എനിക്കുത്തരം മുട്ടിപ്പോയി. ഞാന്‍ ഭഗവദ്ഗീതക്കു മുകളിലിരുന്ന പാവക്കുട്ടിയെയെടുത്ത്‌ തലോടി. ഒഴിഞ്ഞഗ്ലാസിലെ ശൂന്യതപോലെ അയ്യരും നിശ്ശബ്ദനായി.
വിലയില്‍ വിട്ടുവീഴ്ച ചെയ്ത്‌ സ്ഥലവും വീടും വില്‍പ്പനയായത്‌ എന്നെ നിരാശനാക്കാതിരുന്നില്ല. നല്ല കമ്മീഷനാണ്‌ കളഞ്ഞുപോയത്‌. വൃദ്ധസദനത്തിലേക്ക്‌ പോകുന്ന ഈ വൃദ്ധദമ്പതികള്‍ക്ക്‌ ഇത്രയധികം പണമെന്തിന്‌. ശേഷകാലം എഴുനേറ്റു നടക്കാനുള്ള തന്റെ ഊര്‍ജ്ജത്തെപ്പോലും സംശയിക്കുന്ന ഇയാള്‍ ലക്ഷങ്ങളുടെ സംഖ്യ സംരക്ഷിക്കുന്നതെങ്ങിനെ. ഒരുപാടു ചോദ്യങ്ങളുണ്ടായി എന്റെ മനസ്സില്‍. മഹാമൗനത്തിലിരിക്കുന്ന ഈ വൃദ്ധന്റെ മുഖത്തുനിന്നും ഒന്നിനും ഉത്തരമുണ്ടാവില്ലെന്നത്‌ തീര്‍ച്ചയാണ.്‌
"അശോകനിനി പുതിയ അയല്‍ക്കാര്‍ വരും അവര്‍ക്ക്‌ കുട്ടികളുണ്ടാവും." അടുത്തയിടെയാണ്‌ മാര്യേജ്‌ കഴിഞ്ഞത്‌. അയ്യരുടെ ഭാര്യ പറഞ്ഞു. ഭര്‍ത്താവിന്റെ കസേരയില്‍ ചാരി നില്‍ക്കുകയായിരുന്നു അവര്‍. പാവക്കുട്ടിയെ ടീപ്പോയില്‍ വച്ചിട്ട്‌ ഞാനെഴുനേറ്റു.
"അശോകന്‍ വരൂ, ഒരു കൂട്ടം തന്നു വിടാം." അയ്യര്‍ എനിക്കൊപ്പം എഴുനേറ്റു.
എന്താണാവോ എനിക്കാകാംക്ഷയായി. ഹാന്‍ഡ്‌റെയിലില്‍ തലോടിക്കൊണ്ട്‌ അയാള്‍ മുകളിലേക്കുള്ള പടികള്‍ കയറാന്‍ തുടങ്ങി. ഞാന്‍ അനുഗമിച്ചു.
കോണിപ്പടി കയറിച്ചെല്ലുന്നിടത്ത്‌ വെളിച്ചം കുറവായിരുന്നു. അവിടെ ആള്‍പ്പെരുമാറ്റം സാധാരണയായിരുന്നില്ല. കൈയിലിരുന്ന താക്കോല്‍ക്കൂട്ടത്തിലൊന്ന്‌ തെരുപ്പിടിച്ച്‌ അയ്യര്‍ മുറിതുറന്നു. ചുവരില്‍ തപ്പിപ്പിടിച്ച്‌ സ്വിച്ചിട്ടു. മുറിയിലേക്ക്‌ വെളിച്ചം തൂവിത്തെറിച്ച പ്രകാശത്തില്‍ ഞാന്‍ കണ്ടു. തറയില്‍ നിരന്നു കിടക്കുന്ന ഒട്ടനവധി പാവകള്‍. ആണ്‍രൂപങ്ങളും പെണ്‍രൂപങ്ങളും. ചിലതൊന്നും പൊട്ടിക്കാത്ത്‌ പാക്കുകള്‍. അതിന്റെ പ്ലാസ്റ്റിക്‌ പ്രതലത്തില്‍ വെളിച്ചം മുഖം നോക്കി.
എന്തിനിത്രയധികം പാവകള്‍. ഞാനമ്പരന്നുപോയി. അയ്യര്‍ ബദ്ധപ്പെട്ട്‌ ഒരെണ്ണം കുനിഞ്ഞെടുത്തു. അതൊരു പെണ്‍പാവയായിരുന്നു.
"ഞങ്ങളുടെ കുട്ടികള്‍." അയ്യര്‍ പറഞ്ഞു. കുറെക്കാലമായി ഈ ഇരുട്ടുമുറിയില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. അശോകന്‍ കുറെയെടുത്തോണ്ട്‌ പൊയ്ക്കൊള്ളൂ. കുട്ടികള്‍ക്ക്‌ കൊടുക്കാം.
"എനിക്കൊന്നും വേണ്ട........." ഞാന്‍ വല്ലാതായി .
"അവള്‍ക്ക്‌ വല്ല്യ കമ്പമായിരുന്നു ഈ പാവക്കുട്ടികളെ. ഞങ്ങളുടെ മാര്യേജ്‌ കഴിഞ്ഞ്‌ ആദ്യം പോയ ആഘോഷസ്ഥലത്തുവച്ച്‌ അവള്‍ ആവ്യപ്പെട്ടത്‌ ഒരു പാവക്കുട്ടിയയായിരുന്നു. അന്ന്‌ ഞങ്ങളറിഞ്ഞിരുന്നില്ല ഞങ്ങള്‍ക്ക്‌ കുട്ടികളുണ്ടാവില്ലെന്ന്‌. പിന്നെ എന്നോ പിറക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി ഞങ്ങളിത്‌ ധാരാളം വാങ്ങിക്കൂട്ടി. ഒടുക്കം ഇതൊക്കെത്തന്നെയായി ഞങ്ങളുടെ കുട്ടികള്‍. ഇവര്‍ ക്രിക്കറ്റ്‌ ബാറ്റ്‌ ആവശ്യപ്പെടില്ല, ഋതുമതിയാകില്ല."
അദ്ദേഹം പാവക്കുട്ടിയെ നിലത്തിട്ടു. ഏറെ സംസാരിച്ചതു കൊണ്ടാവാം അയ്യര്‍ അണക്കുന്നുണ്ടായിരുന്നു. അദ്ദേഹം കൈ ചുമരില്‍ ചാരി.
"നമുക്ക്‌ പോകാം." ഞാന്‍ പറഞ്ഞു.
"താന്‍ ഒന്നും എടുക്കുന്നില്ലേ....."
"വേണ്ട. വേണങ്കില്‍ പിന്നെയാകാം......."ഞങ്ങള്‍ മുറി വിട്ടുപോന്നു. പുറത്തിറങ്ങിയപ്പോഴേക്കും വെയില്‍ പരന്നിരുന്നു. സമയം വല്ലാതെ വൈകിയും.
പിന്നീടൊരു ദിവസം അയല്‍പക്കത്തേക്കെത്തിനോക്കിയ ഭാര്യ പറഞ്ഞു. ദേ, അവര്‌ പോക്വാന്ന്‌ തോന്നുന്നു.
ഞാന്‍ ഗെയിറ്റ്‌ വരെ ചെന്നു. ശരിയാണ്‌. ഒരു കാര്‍ വന്നിട്ടുണ്ട്‌. ഒരു ബൈക്കും. ഡ്രൈവര്‍ ഡിക്കി തുറന്നു പിടിച്ചിരിക്കുന്നു. കൈയിലെടുക്കാവുന്ന സാധനങ്ങളേ അവര്‍ കൊണ്ടപോകുന്നുള്ളൂ. അയ്യരുടെ കൈയിലിരിക്കുന്ന തുറന്ന ബാഗില്‍ ഞാനന്നു കണ്ട ഭഗവദ്ഗീതയാണ്‌ എറ്റവും മുകളില്‍ വച്ചിരിക്കുന്നത്‌. അതിനോട്‌ ചേര്‍ന്ന്‌ ആ പാവക്കുട്ടിയും. അതിന്റെ കൈകള്‍ ബാഗിന്റെ വക്കില്‍ പിടിച്ച്‌ പുറത്തേക്കു നോക്കിയിരിക്കുന്നു. അയ്യരുടെ മുഖത്തുനിന്ന്‌ പറയാത്ത യാത്രാനുവാദം ഞാന്‍ വായിച്ചെടുത്തു. കാര്‍ പുക അവശേഷിപ്പിച്ച്‌ നീങ്ങി.
ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ പുറപ്പെടാനൊരുങ്ങിയ ചെറുപ്പക്കാരന്റെ അടുത്ത്‌ ഞാന്‍ ചെന്നു.
"എന്നാ താമസം തുടങ്ങുക."
"കുറച്ച്‌ താമസിക്കും. വീടിന്‌ മെയിന്റനന്‍സുണ്ട്‌."
"കൂടെയാരൊക്കെ......"ഞാന്‍ ചോദിച്ചു.
"വൈഫ്‌ മാത്രമേയുള്ളൂ. കുറച്ച്‌ ഡെലിവറിപ്രോബ്ലംസുണ്ട്‌. അതു കൊണ്ടാ താമസിക്കുന്നത്‌."
എന്നെ നോക്കിച്ചിരിച്ച്‌ ബൈക്കോടിച്ചുപോകുന്ന ആ ചെറുപ്പക്കാരനേയും, ആ വീടിനേയും ഞാന്‍ നോക്കിയപ്പോള്‍ ആയാളേക്കുറിച്ചോര്‍ത്ത്‌ അകാരണമായ ഒരു ഭീതി എനിക്ക്‌ തോന്നി.

23 May 2015

ദ്വിതീയാക്ഷരപ്രാസമേ ക്ഷമിച്ചാലും



എം.കെ.ഹരികുമാർ

നമ്മുടെയൊക്കെ ജീവിതം ഒരു ട്രിക്ക് ആയിക്കഴിഞ്ഞിരിക്കുന്നു.വല്ലാത്
തൊരു ഭാഗ്യപരീക്ഷണം എന്ന നിലയിൽ നിലനിൽപ്പ് ഒരു കാവ്യവസ്തുവാക്കുകയാണ്.വേണ്ടത്ര പരിചമില്ലാതെ ഒരാൾ മരണക്കിണറിൽ ബൈക്ക് ഓടിക്കുന്നതുപോലെയോ,ട്രിപ്പീസിയത്തിൽ ആടുന്നപോലെയോ പേടിപ്പിക്കുന്ന അവസ്ഥ ജീവിതത്തെ സമൂലമായി ചൂഴ്ന്നു നിൽക്കുന്നു.ഒരു ഗൃഹസ്ഥനാകാനും പ്രേമിക്കാനും ഒക്കെ ഈ പേടിയെക്കൂടി കൂട്ടിനു പിടിക്കണം.വർദ്ധിച്ചുവരുന്ന അപകടമരണങ്ങളും കൊലപാതകങ്ങളും മനുഷ്യസ്വഭാവത്തെപ്പറ്റിയുണ്ടായിരുന്ന ധാരണകളെല്ലാം തിരുത്താൻ സമയമായി എന്നാണ് സൂചിപ്പിക്കുന്നത്.


അപകടങ്ങൾ സമകാലീന ജീവിതത്തിന്റെ ആചാരമായിക്കഴിഞ്ഞു.അതിനെ എല്ലാവരും ഗതികെട്ട് സ്വീകരിച്ച് വിനയത്തോടെ നിൽക്കുന്നു.ആർക്കും പരാതിയില്ല. നൂറൂ  നൂറു ഗുരുക്കന്മാരും ബുദ്ധിജീവികളും ഉണ്ടെങ്കിലും , ഇക്കാര്യത്തിൽ പരാതി പറയാൻ ആളില്ല.അങ്ങനെയൊരു ചിന്തപോലും ദുരാചാരമാണ്. ആളുകളെ മരണത്തിന്റെ പാർക്കിലേക് തള്ളിവിട്ടശേഷം ശവമടക്ക് ഗംഭീരമാക്കുകയാണ് നാം. ശവമടക്കിനു മന്ത്രിമാർ അടക്കം എല്ലാവരും എത്തും; കൃത്യ നിഷ്ഠ പാലിക്കും. ഇതിനേക്കാൾ വലിയ ആചാരം എവിടെയാനൂള്ളത്. ജീവിതത്തെ പിടിയിളയിളകിയ വാദങ്ങൾ നിരത്തി അപ്രസക്തമാക്കിയശേഷം വൻ ശവമടക്ക് മാമാങ്കം നടത്തി സംസ്കാരം ഉൽപ്പാദിപ്പെച്ചെടുക്കുന്നു.
ട്രിക്ക് ഒരു ഉത്തേജക മരുന്നു പോലെയായി.ആകസ്മികതയ്ക്ക് കനം വച്ചിരിക്കുന്നു.എന്തും സംഭവിക്കാം എന്നുള്ളത് , ഓരോ ചുവടുവയ്പിന്റെയും അടിവരയാവുകയാണ്.അതുകൊണ്ട്, സ്ഥിരമായ ,നീണ്ടുനിൽക്കുന്ന അഭിനിവേശങ്ങൾ ഇല്ലാതാവുന്നു.പ്രണയം, ഇഷ്ടം, അഭിരുചി, തുടങ്ങിയവയൊക്കെ വേഗത്തിനിടയിൽ സംഭവിക്കുന്നതാണ്.അവയെ വേഗങ്ങളിൽ നിന്ന് പറിച്ചെടുത്ത് മാറ്റി സൃഷ്ടിക്കാൻ പ്രയാസമാണ്.ഒരു ഒഴിക്കിലകപ്പെട്ടാൽ ഒഴുകുകയല്ലാതെ  എന്തു ചെയ്യും?ജീവൻ തന്നെ പണയം വച്ച് വേഗത്തിലും സുഖത്തിലും ആസക്തിയിലും മുഴുകുന്നത് വ്യർത്ഥതയാണോ? എങ്കിൽ ആ വ്യർത്ഥത ഇന്ന് ഏറ്റവും അർത്ഥവത്തായ , വിലപ്പിടിപ്പുള്ള വസ്തുവായി മാറിയിരിക്കുന്നു.
എ എന്ന വ്യക്തിക്ക് സൂ എന്ന സ്ഥലത്ത് എത്താൻ ധൃതിയിൽ പോയെ തീരൂ.പരമാവധി വേഗത്തിൽ ജീവിക്കാൻ അയാൾ വിധിക്കപ്പെട്ടിരിക്കുന്നു. ആ യാത്രയിൽ കുറേ ഫോൺ കോളുകളും സന്ദേശങ്ങളും അയാളെ പരീക്ഷിക്കാൻ വരുന്നുണ്ടാകും. വേഗതയുടെ ജ്വരത്തിൽപ്പെട്ട അയാൾ കഴിയുന്നിടത്തോളം അതിനെല്ലാം പെട്ടെന്ന് തന്നെ മറുപടി കൊടുക്കും. മറുപടി വൈകിയാൽ അതൊരു നിഷേധമായി വ്യാഖ്യാനിക്കാവുന്ന വിധത്തിലുള്ള വേഗത്തിന്റെ സ്മസ്കാരത്തിനകത്തുള്ള ഒരു ചെറുജീവിമാത്രമാണ് അയാൾ.എ യുടെ പോക്ക് ഒരു ട്രിക്കിന്റെ , അല്ലെങ്കിൽ ഒരു സാഹസത്തിന്റെ വക്കിലാണ്.ഒരു ദുഷ്ടശക്തിയായില്ലെങ്കിൽ അതിജീവിക്കാൻ കഴിയില്ല. സാമാന്യ മരാദയും സഹവർത്തിത്വവും അയാളെ തിരിഞ്ഞു കടിക്കും.ആ പോക്കിനിടയിൽ എ യ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കാം.അതൊഴിവാക്കാൻ ഒന്നും ചെയ്യാനില്ല.അതുകൊണ്ട് പോയേ പറ്റൂ.ജീവൻ നഷ്ടപ്പെടുമെന്ന ചിന്തയെ കണ്ടു മറന്ന സിനിമപോലെ തള്ളിയശേഷം അതിനേക്കാൾ വല്യ ലക്ഷ്യത്തെ ചേർത്തുപിടിക്കുന്നു.
റോഡ് ഇന്നത്തെ നാടകവേദിയാണ്. പല വേഷങ്ങളും അവിടെ ആടുന്നു.ഷേക്സ്പിയർ പറഞ്ഞത് ലോകം തന്നെ നാടകവേദിയായെന്നാണ്.എന്നാൽ എനിക്ക് തോന്നുന്നത് ,റോഡ് ശരിയായ നാടകവേദിയുടെ എല്ലാ അടയാളങ്ങളും കാണിക്കുന്നുവെന്നാണ്.പലരും വരുന്നു, പോകുന്നു. ഇതിനിടയിൽ ചില വേഷങ്ങൾ ചെയ്യുന്നു.വേഗം എന്ന പുതിയ ഘടകമാണ് ജീവന്റെ മാനം നിശ്ചയിക്കുന്നത്.അസ്തിത്വത്തിന്റെ സമസ്ത ഭാഗ്യ നിർഭാഗ്യങ്ങളും അവിടെയാണുള്ളത്.പ്രതിദിനം നാട്ടിൽ നാനൂറ് പേർ റോഡ് അപകടങ്ങളിൽ മരിച്ചാലും പ്രശ്നമില്ല!.ചർച്ചകൾ നടത്തിയാൽ മതി;കോമഡി കണ്ട് ചിരിച്ചാൽ മതി. ശവമായാലും വേണ്ടില്ല, തന്നെ കാണാൻ വരുന്നവരെ നോക്കി പൊട്ടിച്ചിരിക്കണമെന്നാണ് കേരളക്കാരന്റെ മനോഭാവം.വർഷം അയ്യായിരം പേർ മരിക്കുന്നത് അറിഞ്ഞിട്ടും, ഒന്നും സംഭവിക്കാത്തപോലെ പിക്നിക്കിനുപോകുന്നു;കോമഡി പറയുന്നു. അതേസമയം, നിയമസഭയിൽ സാമാജികർ തമ്മിലടിക്കുന്നത് ഒരാഴ്ച ചർച്ച ചെയ്യുന്നു. സാമാജികരെ സംസ്കാരത്തിന്റെ അംബാസിഡർമാരായി കാണുന്നത് ടി വി ചാനലുകാർ മാത്രമാണ്.മന്ത്രിമാരെയും പാർട്ടി നേതാക്കളെയും മാത്രം ഇന്റർവ്യ് ചെയ്യാൻ വിധിക്കപ്പെട്ട മാധ്യപ്രവർത്തകരാണ് അവിടെയുള്ളത്.ഇത് പുതിയ ഒഴിഞ്ഞോടലാണ്.ഇതിന്റെ സൗന്ദര്യം അപാരമാണ്!.ഇത്രയും പേർ മരിച്ചിട്ടും അത് പൊതു വികാരമാകാത്തത് , നമ്മെ ബാധിച്ചിരിക്കുന്ന വലിയ രോഗാവസ്ഥയിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്.നിസ്സഹായതയെ മാനസിക വൈകല്യമായി എടുത്തണിഞ്ഞിരിക്കുന്നു.ചെറിയ കാര്യങ്ങൾ വലിയ ചർച്ചയാകുന്നത്, കൃത്രിമമായി , പണമുണ്ടെങ്കിൽ അനുഭവങ്ങൾ സ്വന്തം ഇഷ്ടപ്രകാരം വാർത്തെടുക്കാമെന്ന ആലോചനയുടെ ഭാഗമാണ്.ഇത് പുതിയ രോഗാവസ്ഥയുമാണ്.ജീവിതത്തെ എല്ലാവരും വലിയ ഗൗരവത്തോടെ കാണുന്നുണ്ട്.എന്നാൽ അതിനു കൊടുക്കുന്ന വില ഭയാനകമാണ്.ആശയരഹിതവും ആത്മധ്വംസനപരവുമായ ക്രൂരത അതിൽ ഒരു കരിമൂർഖനപ്പോലെ പതുങ്ങിക്കിടപ്പുണ്ട്. വളരെ ലാഘവത്തോടെ ചെയ്യുന്ന വിനോദമോ , സന്ദർശനമോ , സംവാദമോ , യാത്രയോ പോലും  അവനവനോടും പൊതുജീവിതത്തോടുമുള്ള ക്രൂരതയായിത്തീരുന്നു.ഈ ക്രൂരത , പക്ഷേ , ഒരന്തർസ്വരമാണ്.

വൈകാരിക ജീവിതത്തിനു  സംഭവിച്ചിരിക്കുന്ന ഈ നിഷ്ക്രിയതയാണ് ഉത്തര- ഉത്തരാധുനികതയുടെ സവിശേഷത.മനുഷ്യചിന്തയിലും കാഴ്ചപ്പാടിലും സാംസ്കാരികമായ അഭിവാഞ്ചകളിലും സമൂലമായ വീക്ഷണ വ്യതിയാനം അഥവാ പാരഡിം ഷിഫ്റ്റ് സംഭവിച്ചിട്ടുണ്ട്.അയ്യായിരം പേർ മരിച്ചിട്ടും കൂസലേതുമില്ലാതെ നടന്നു പോകുന്ന ജനതയുടെ ബീഭൽസമായ നിർവ്വികാരതതന്നെയാണ് , ഭാര്യയുടെ പാതിവ്രത്യത്തിൽ സംശയം തോന്നിയതിന്റെ പേരിൽ അവളെ കഴുത്തറത്ത് കൊന്നശേഷം തലയുമായി പൊലീസ് സ്റ്റേഷനിലേക്ക്  സാധാരണമട്ടിൽ കടന്നു ചെല്ലുന്ന നിർവ്വികാരവാനായ ഭർത്താവിലും നാം കാണുന്നത്.ഒരേ മാനസികാവസ്ഥയുടെ രണ്ട് പ്രകടനങ്ങളാണിത്.

ഈ വൈകാരിക നിഷ്ക്രിയത്വത്തിൽ , പേടിപ്പിക്കുന്ന സംവാദരാഹിത്യം , ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ തലപൊക്കുന്നു.മറ്റൊരാളോട് ഒന്നും തന്നെ പറഞ്ഞറിയിക്കാനാവില്ല. ഈയവസ്ഥയിൽ , സംവേദനക്ഷമതയുള്ള ഒരാൾ കാലത്തിനിണങ്ങാത്തനിലയിലായിരിക്കും.അയാൾ ഹിമശൈലങ്ങളിലെ യതി എന്ന പ്രാചീന മനുഷ്യനെപ്പോലെ അന്യനായി മാറും.അയാൾക്ക് ഓടീ രക്ഷപ്പെടാൻ പോലും ഒരിടമില്ല.മൗനം കട്ടപിടിച്ച് , അയാലുടെ തലയിലേക്ക് വീണിട്ടുണ്ടാകും.രാഷ്ട്രീയപാർട്ടികളുടെയും വാർത്താമാധ്യമങ്ങളുടെയും  വികാരരാഹിത്യത്തിന്റെ  ചതുപ്പുനിലങ്ങളിൽ , അയാൾ സംസാരശേഷിയില്ലാത്തവനായിപ്പോകും.

ഇന്നത്തെ സംഭവങ്ങളിൽ മിക്കതും ,ഒരാളുടെ വികാരം കൊള്ളാനുള്ള ശെഷിയെ അതിശയിക്കുന്നതാണ്.ജീവിതത്തിലെ വികാരങ്ങൾ നമുക്ക് മനസ്സിലാക്കാനേ കഴിയില്ല.ഒരാൾ സ്വാഭാവികമായി അഭിനയിച്ചുകൊണ്ട് ഭ്രാന്തനെപ്പോലെ പെരുമാറുന്നു.അയാളുടെ വികാരങ്ങളുടെ സ്ഥാപിതശേഷിക്ക് മുകളിലുള്ള ഊർജ്ജമാണ്  വേണ്ടത്.അത് ഉണ്ടാകാനിടയില്ലാത്തതുകൊണ്ട് , അയാളുടെ വികാര മുകുളങ്ങൾ താനേ മുരടിച്ചുപോകുന്നു.ഒരാൾക്ക് വികാരം കൊള്ളുന്നതിനു പരിധിയുണ്ട്. പലപ്പോഴും , ഇതിനപ്പുറത്ത് പ്രതികരിക്കേണ്ടതായ സമ്മർദ്ദമാണ് ആ വ്യക്തിയിൽ അടിച്ചേൽപ്പിക്കപ്പെടുന്നത്.ഇത് അയാളെ കുഴയ്ക്കുകയും തകർക്കുകയും ധ്വംസിക്കുകയും ചെയ്യുന്നു.തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വികാരപ്രപഞ്ചം സമ്മർദ്ദപ്പെടുത്താൻ തുടങ്ങുന്നതോടെ മറവിയാണ് രക്ഷയ്ക്കെത്തുന്നത്.
വ്യക്തിയുടെ നവകാലത്തെ ഒറ്റപ്പെടലാണിത്.വിനിമയം ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം പൊതുവെ തരംഗദൈർഘ്യം കുറഞ്ഞ വിഷയങ്ങളാണ്.കനമുള്ളതും തീവ്രമായതുമെല്ലാം സ്ഥാപനങ്ങളിലേക്കോ അജ്ഞതയിലേക്കോ തള്ളുന്നു.വലിയ രോഗങ്ങളോ അപകടങ്ങളോ നേരിടാൻ എളുപ്പവഴി , രോഗിയെ ആശൂപത്രിയിലെത്തിക്കുകയാണ്.അതോടെ രോഗിയും രോഗവും ഡോക്ടർമാരുടെയും സഹായികളുടെയും വിഷയമാകുന്നു.അതോടെ നമ്മുടെ ജോലി കുറഞ്ഞ് നാം വെറൂം കാണിയായി മാറുന്നു.രോഗി ഡോക്ടറുടെ
സ്വകാര്യപ്രജയാണ്.ഐ സി യുവിന്റെ ചെറിയ കണ്ണാടിജാലകം നമ്മൾ കാണിയാണെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനമാണ്.എല്ലാം കൈവിട്ടുപോകുന്ന ഈ ഘട്ടത്തിൽ ഏതു കവിതയാണ് ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ദാഹിക്കുന്നത്, അല്ലെങ്കിൽ അങ്ങനെ എഴുതേണ്ടത്.?
ഇവിടെ ദ്വിതീയാക്ഷരപ്രാസത്തിന്റെ ശബ്ദഭംഗിയിൽ സ്വയം മറന്ന് ആനന്ദിക്കാൻ ഏത് ആസ്വാദകനാണ് കല്ലിന്റെ ഹൃദയുവുമായി വരുന്നത്? കവികളുടെ സ്വസ്ഥത നശിച്ചതിന്റെ ഫലമായി , അവന്റെ ആഭ്യന്തര ലോകം സകല യുക്തിയും പൊരുത്തവും നഷ്ടപ്പെട്ട് , പങ്കയില്ലാത്ത വള്ളം പോലെ അലയുകയാണ്.ഋഷികൾക്ക് ഇന്നു മൗനമില്ല. അവരുടെ മൗനം പലതരം ശബ്ദങ്ങളുടെ പതിരുകളായി ചിതറിപ്പോയിരിക്കുകയാണ്.അവർ ഒന്നും വിനിമയം ചെയ്യാൻ പറ്റാത്ത ദുരിതത്തിലാണ്.പിന്നെ എങ്ങനെയാണ് ആദ്യാക്ഷര, ദ്വിതീയാക്ഷരചന്തങ്ങൾക്ക് വേണ്ടി പുറപ്പെടാനാവുക?
കവികളൂടെ ഈണം, ജീവിതത്തിൽ നിന്നാണ് വരുന്നത്.കവി അത് ഉണ്ടാക്കിയാൽ വികൃതമായിരിക്കും. ഞാറു  നടുന്ന പെണ്ണൂങ്ങളുടെ ഈണം സംഗീത സംവിധായകരല്ല ഉണ്ടാക്കുന്നത്.അത് വിയർപ്പിന്റെയും ഉൽസാഹത്തിന്റെയും സംഘവീര്യത്തിന്റെയും കലർപ്പിൽനിന്ന് തന്നത്താൻ  പിറവിയെടുക്കുകയാണ്.കവിതയിലെ ഛന്ദസ്സ് സാമൂഹ്യജീവിതത്തിന്റെ കലാനുഭവമാണ്; അത് അനുഷ്ഠാനപരമായി ഉൽഭവിച്ചതാണ്.ആയിരം കവികൾ ഒരേപോലെ ഛാന്ദസ്സ് ഉപയോഗിച്ചാൽ , അത് വായിക്കുന്നത് പരമബോറായിരിക്കും. യുക്തിയുടെയും പ്രതീക്ഷയുടെയും എല്ലാ ഉറപ്പും നഷ്ടപ്പെടുമ്പോൾ , കവിത എങ്ങനെ പ്രാസത്തിനൊപ്പിച്ച് അലസമായി നീങ്ങും?മാതാവ് സ്വന്തം ആവശ്യത്തിനു മകളെ വിൽക്കുകയാണെങ്കിൽ , ആ മകൾ എല്ലാ ആപൽസന്ധികളും തരണം ചെയ്ത് തിരിച്ചെത്തുന്നത് വഞ്ചിപ്പാട്ടുംകൊണ്ടായിരിക്കില്ല. ജീവിതം അവളെ സൂക്ഷ്മദൃക്കാക്കിയിട്ടുണ്ടാകും. ആ സൂക്ഷ്മദൃഷ്ടി മറ്റൊരു ഈണമാണ്.റ്റനാലുപാടൂം തെറിച്ചുപോയ തന്റെ സത്യബോധങ്ങളെ കൂട്ടിയോജിപ്പിക്കാൻ വേണ്ടി ദ്വിതീയാക്ഷരപ്രാസം തിരഞ്ഞെടൂക്കാൻ അവൾക്കാവില്ല.

അവളുടെ  അസ്തിത്വം  പ്രാചീനവും ക്ലിപ്തവും മുൻ കൂട്ടി നിശ്ചയിച്ചതുമായ  പ്രാസത്തിന്റെ നിശ്ചലമായ ബോധ്യങ്ങൾക്കു പുറത്തേക്കാണ് പോകുന്നത്.പ്രാസത്തിൽ എഴുതുകയാണെങ്കിൽ അതോടെ അവൾ നേരിട്ട ദുരന്തസത്യങ്ങൾ അപമാനിക്കപ്പെടുകയും, പുരാതന പ്രാബല്യത്തോടെ ആ പീഡനങ്ങൾ ശരിവയ്ക്കപ്പെടുകയുമാണ് ചെയ്യുന്നത്.

22 Apr 2015

തയ്യൽക്കാരൻ ഔസേഫ്




എം.കെ.ഹരികുമാർ
ഔസേഫിന്റെ അപ്പൻ നേരത്തെ മരിച്ചതുകൊണ്ട്
അവനു സ്കൂൾ കാലം പൂർത്തിയാക്കാനായില്ല.
ദൂരെപ്പോകാൻ വണ്ടിക്കൂലിയില്ലാത്തതുകൊണ്ട്
അവൻ അടുത്തൊരു കടയിൽ സൂചി കോർത്ത് കോർത്ത്
തയ്യൽക്കാരനായി.
ഒന്നിനും പൈസ തികയാത്തതുകൊണ്ട്
അവന് ആരെയും പ്രേമിക്കാനായില്ല.
ഒരുവിധത്തിൽ ഒരു കുടുംബം ഒപ്പിച്ചെടുത്തതുകൊണ്ട്
കാമുകനാകാനും കഴിഞ്ഞില്ല.
കടത്തിൽ നിന്ന് മോചനം കിട്ടാത്തതുകൊണ്ട്
ഹിമാലയം കാണാനോ,ടൂർ പോകാനോ സാധിച്ചില്ല.
അവൻ ലോകത്തെ കണ്ടത് തയ്യൽ മെഷീന്റെ രൂപത്തിലാണ്.
ഏതു തുണി വച്ചുകൊടുത്താലും കോർത്ത് കേട്ടുന്ന
ആ യന്ത്രം അവന്റെ വിശ്വസ്തയായിരുന്നു.
ആ യന്ത്രത്തിന്റെ യുക്തിമാത്രമാണ്
അവനു ആശ്രയിക്കാനുണ്ടായിരുന്നത്.
ഏത് പാതിരാത്രിയിലും അത് അവനു വഴങ്ങി.
അതില്ലാത്ത ഒരു രാത്രിയെപ്പറ്റി അവനു ചിന്തിക്കാനേ കഴിഞ്ഞില്ല.
അവനു രതിയോ,സ്വപ്നമോ, സിനിമയോ ഇല്ലായിരുന്നു.
അവൻ ആ തയ്യൽയന്ത്രമായി പരിണമിച്ചിരുന്നു.
അവനെ കാണാൻ വന്നവരൊക്കെ
ആ മെഷീനെ കണ്ട്
തുന്നൽ എന്ന സംസാരദുഃഖം ഇറക്കിവച്ചു.
ആ യന്ത്രം സംപ്രീതമായി

11 Mar 2015

പ്രണയപര്‍വ്വം


സ്മിത മീനാക്ഷി
പ്രണയം പുര നിറഞ്ഞു
പുറത്തേക്കു് വളര്ന്നപ്പോള്‍
മുറ്റത്തൊരു പന്തലിട്ടു
താളമേളങ്ങളോടെ താലി ചാര്ത്തി തളച്ചു,
ആശ്വാസം, പിന്നെയത് വളര്ന്നില്ല.

നിന്റെ ചിത്രം എഴുതിയും മായ്ചും
വരച്ചു തളര്ന്നപ്പോള്‍
ഞാന്‍ എന്നെ വരച്ചു നോക്കി.
കണ്ണാടിയില്‍ കണ്ട രൂപം
കടലാസ്സിലെത്തിയപ്പോള്‍
കാല്‍ചിലമ്പു്, പള്ളിവാള്‍, പിന്നെ
ചെമ്പട്ടിന്റെ ഉടയാടയും.

കിടപ്പുമുറിയുടെ വാസ്തു ശരിയല്ലത്തതിനാല്‍
പ്രണയം വാതില്‍ തുറന്നോടിപ്പോയി
കാറ്റതിനെ കടല്‍ത്തിരത്തേയ്ക്കു്
കൂട്ടികൊണ്ടുപോയി, മുക്കിക്കൊല്ലാന്‍.

പ്രണയം പറഞ്ഞു,
'നീ ഒരുപാടു് ഉടുപ്പുകളില്‍ പൊതിഞ്ഞിരിക്കുന്നു,
എനിക്കു നിന്നിലേയ്ക്കു കടക്കാനാവുന്നില്ല,
പിന്നെങ്ങനെ നിന്റെ ക്ഷണം സ്വീകരിക്കും?'
എല്ലാം അഴിച്ചു എന്നെ നഗ്നയാക്കിക്കൊടുത്തപ്പോള്‍
പറയുന്നു,'ഉടയാടകള്‍ മുറുകി നീ ഒരു ശിലയായിരിക്കുന്നു,
ഇനി കാക്കുക, രാമന്‍ വരട്ടെ.'

കിഴക്കുനിന്നു പുറപ്പെട്ടു , ഒന്നിച്ചു
ദിക്കുകളെല്ലാം താണ്ടിയാണു് നമ്മള്‍
പ്രണയവൃത്തം പൂര്ത്തിയാക്കിയതു്.
എന്നിട്ടും തിരിച്ചെത്തിയപ്പോള്‍
എന്റെ തെക്കു് നിനക്കു് വടക്കും
നിന്റെ കിഴക്കു് എനിക്കു് പടിഞ്ഞാറുമായി.

വഴിമുട്ടിയപ്പോള്‍ പ്രണയം
പറഞ്ഞു, നമുക്കു പിരിയാം,
അതെ, പിരിയാം, പക്ഷെ
പിരിയാന്‍ ഇനി ഇഴകളെവിടെ?

പ്രണയം മരണം കാത്തു
ആശുപത്രി വരന്തയില്‍ കിടന്നു
ഒടിഞ്ഞും ചതഞ്ഞും മുറിഞ്ഞും ..
വേദനിച്ചു നിലവിളിച്ചപ്പോള്‍
ചുണ്ടിലൊരു തുള്ളി ചോര ഇറ്റിച്ചു കൊടുത്തു,
മറ്റൊന്നും എന്റെ കയ്യിലില്ലായിരുന്നു.

പുഴവക്കിലും മരച്ചുവട്ടിലും
കാത്തു നിന്നു മടുത്ത പ്രണയം
ഗൂഗിളിലേക്കു് ചേക്കേറി
ആരെങ്കിലും തേടിയെത്തും വരെ
സുഖശീതളിമയില്‍ ഉറങ്ങാന്‍‍.

വെറുതേ, വെറുതേയാണു നീ അങ്ങനെ പറഞ്ഞതു്,
അതു് മനസ്സിലാക്കാന്‍ എനിക്കീ ഒരു ജന്മം?

21 Feb 2015

നാളികേരത്തിന്‌ നല്ല ഭാവി പ്രതീക്ഷിക്കാം


ടി. എസ്‌. വിശ്വൻ
ഡയറക്ടർ, കറപ്പുറം നാളികേര ഉത്പാദക കമ്പനി, ആലപ്പുഴ

തെങ്ങിന്റെ ഭാവിയെക്കുറിച്ച്‌ ശുഭ പ്രതീക്ഷയുള്ളവരായിരുന്നു പണ്ടു മുതൽക്കേ മലയാളികൾ. തെങ്ങുകൃഷിയെക്കുറിച്ചുള്ള മലയാളിയുടെ ഓർമ്മപ്പെടുത്തൽ അതിന്‌ തെളിവാണ്‌. ?സമ്പത്തു കാലത്തു തൈ പത്തു വച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം? എന്ന്‌ കാരണവൻമാർ അനന്തിരവൻമാരെ ഓർമ്മിപ്പിച്ചിരുന്നു. അതിന്റെ ഫലമായാണ്‌ കേരളത്തിലെ ഏറ്റവും പ്രധാന നാണ്യവിളയായി നാളികേരം മാറിയത്‌. ഉൽപാദന ക്ഷമതയിൽ പിന്നിലാണെങ്കിലും പത്തു ലക്ഷം ഹെക്ടർ സ്ഥലത്ത്‌ കേരളത്തിൽ തെങ്ങു കൃഷിയുണ്ട്‌. ഭക്ഷണ പാർപ്പിട തൊഴിൽ വ്യവസായ മത മേഖലകളിലെല്ലാം തെങ്ങു കേരളീയരെ അനുഗ്രഹിച്ചിട്ടേയുള്ളൂ. എന്നാൽ വ്യത്യസ്ത സാമ്പത്തിക സ്രോതസ്സുകളും തൊഴിൽ മാർഗ്ഗങ്ങളും കടന്നു വന്നതോടെ തെങ്ങിനെ അവഗണിക്കാൻ നാം തിടുക്കം കാട്ടി. ഐശ്വര്യം തരുന്ന കൽപവൃക്ഷത്തെ കാക്കക്കണ്ണു കൊണ്ടു പോലും നോക്കാത്ത സ്ഥിതിയിലെത്തി. തേങ്ങയ്ക്കു വിലയില്ലാതായി, വിളവെടുത്തു തരാൻ ആളില്ലാതായി, കീടരോഗ ബാധകൾ അനിയന്ത്രിതമായി, കൃഷി ചെലവുകൾ ദുസ്സഹമായി. എന്നാൽ അടുത്ത കാലത്ത്‌ നാളികേരത്തിനു വില വർദ്ധിച്ചതു കേര കർഷകരിൽ പുത്തൻ പ്രതീക്ഷയ്ക്കു വിത്തു പാകി. നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തൃത്താല കേര കർഷക കൂട്ടായ്മയും നീര ഉൽപാദിപ്പിക്കാൻ നാളികേര ഫെഡറേഷനുകൾക്കു ലഭിച്ച അനുമതിയും കേര കർഷക മേഖലയ്ക്ക്‌ പകർന്ന ഉണർവ്വ്വ്‌ അത്യന്തം ആവേശകരമാണ്‌.
നാളികേരത്തിന്‌ ഏറ്റവും ഉയർന്ന വില ഉണ്ടായപ്പോൾ ഉൽപാദനം കുറഞ്ഞു പോയി എന്ന സങ്കടമാണ്‌ ഇപ്പോൾ കേരകർഷകരിൽ ഉള്ളത്‌. ഇനി ഉത്പാദനം കൂട്ടിയാൽ വില കുറയുമോ എന്ന ആശങ്ക വച്ചു പുലർത്തുന്നവരും കുറവല്ല. എന്നാൽ നാളികേരത്തിന്റെ വില പഴയ പോലെ ഇടിയുമെന്ന്‌ കരുതാൻ പറ്റില്ല. കാരണങ്ങൾ പലതുണ്ട്‌. തേങ്ങയുടേയും വെളിച്ചെണ്ണയുടേയും ഉപഭോഗം ഹൃദ്രോഗ സാധ്യതകൾ ഉണ്ടാക്കുമെന്ന ഭയം കുറച്ചുനാൾ കേരളത്തെ ഭയപ്പെടുത്തിയിരുന്നു. ഇന്ന്‌ ആ ഭയം ഏതാണ്ട്‌ വിട്ടൊഴിഞ്ഞു. തേങ്ങയിൽ നിന്നും നിത്യോപയോഗത്തിന്‌ ആവശ്യമായ നിരവധി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നഗരങ്ങളിലെ സൂപ്പർ ബസാറുകളിൽ സുലഭമാണ്‌. ഗ്രാമങ്ങളിൽ പോലും കരിക്കു വിപണിയുടെ പ്രയോജനം ഇന്നു കർഷകർക്കു ലഭിക്കുന്നുണ്ട്‌. ഏറ്റവും ഒടുവിലായി, നീരയുടെ രംഗ പ്രവേശം കേരകർഷകരിൽ വലിയ പ്രതീക്ഷ പകരുന്നു. കൃത്യമായി നീര ചെത്തുന്ന ഒരു തെങ്ങിൽ നിന്നും മാസം കുറഞ്ഞത്‌ ആയിരം രൂപ നേടാമെന്ന തെങ്ങുടമകളുടേയും അനുഭവ സാക്ഷ്യം കേരകർഷകർ കൈവന്ന ശാപമോക്ഷമായി കരുതാം.
തെങ്ങിന്റെ വിളവെടുപ്പിന്‌ ആളില്ലെന്ന പരാതി പരിഹരിക്കപ്പെട്ടിട്ടുണ്ട്‌. ചങ്ങാതിക്കൂട്ടം പരിശീലനത്തിലൂടെ നാളികേര വികസന ബോർഡിന്റെ അവസരോചിതമായ ഇടപടൽ മൂലം തെങ്ങിൽ കയറി വിളവെടുക്കാനും മരുന്നു ചെയ്യാനും കഴിവു നേടിയ പുതിയ തൊഴിൽ സമൂഹം രൂപപ്പെട്ടുകഴിഞ്ഞു. അവരിൽ പലരും ഒരു ദിവസം ആയിരത്തിഅഞ്ഞൂറു രൂപയിൽ കുറയാതെ വരുമാനുമുണ്ടാക്കുന്നു. കൃത്യമായ വിളവെടുപ്പു നടക്കുന്നതു മൂലം തെങ്ങിലെ വരുമാനവും വർദ്ധിച്ചു തുടങ്ങി. തെങ്ങിൽ കയറി ക്രൗൺ ക്ലീനിംഗ്‌, ചെല്ലിയെ പുറത്തെടുക്കൽ, കൂമ്പിൽ മരുന്നു പുരട്ടൽ തുടങ്ങിയ പരിചരണ പ്രവർത്തനങ്ങളും തെങ്ങിന്റെ ഈ ചങ്ങാതിമാർ നിർവ്വഹിക്കുന്നു. തെങ്ങിന്റെ വിളവെടുക്കാനോ തെങ്ങിനെ സംരക്ഷിക്കാനോ താൽപര്യമുള്ളവർക്ക്‌ ജില്ലയിൽ പ്രവർത്തിക്കുന്ന നാളികേര ഉൽപാദക സംഘങ്ങളിലേക്കോ, ഫെഡറേഷനിലേക്കോ ഒരു ഫോൺ ചെയ്താൽ മതിയാകും. തെങ്ങിൽ കയറാനും നീര ചെത്താനും, സർക്കാർ തലത്തിൽ പരിശീലനം നൽകുന്ന ഈ കാലം തെങ്ങിന്റെ സുവർണ്ണകാലമെന്നേ പറയേണ്ടൂ.
മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഇന്ന്‌ ഗ്രാമപ്രദേശങ്ങളിൽ പോലും ഇളനീർ വിപണനം ഭംഗിയായി നടക്കുന്നു. തെങ്ങിന്റെ ചങ്ങാതിമാർ ഇക്കാര്യത്തിലും കർഷകന്‌ സഹായികളാണ്‌. ഒരു കരിക്കിന്‌ ശരാശരി 20 രൂപ കർഷകന്‌ ലഭിക്കുന്നു. നാളികേരം വിളഞ്ഞ്‌ പാകമാകാൻ ആറുമാസം കൂടി കാത്തിരിക്കാതെ ഇളനീർ വിപണനം നടത്താമെന്നത്‌ കേരകൃഷിയിലെ വൻ നേട്ടമാണ്‌. ഇതിലേക്ക്‌ കുറിയ ഇനങ്ങൾ കൂടുതലായി കൃഷി ചെയ്യാനും ഇളനീർ വിപണിയെ ശക്തിപ്പെടുത്താനും ഇന്നു വളർന്നു വന്നിരിക്കുന്ന സി.പി.എസ്‌., സി.പി.എഫ്‌. കൂട്ടായ്മകൾ മുന്നോട്ട്‌ വരണം. ഇക്കാര്യങ്ങൾ നാളികേര വികസന ബോർഡിന്റെ ചെയർമാൻ ആവർത്തിച്ച്‌ നിർദ്ദേശിച്ചിട്ടുള്ളതാണ്‌. അതിനായി സംഘങ്ങളിലേയും ഫെഡറേഷനിലേയും പ്രതിനിധികൾക്ക്‌ തമിഴ്‌നാട്‌ കർണ്ണാടക സംസ്ഥാനങ്ങളിൽ പോയി പഠിക്കാനുള്ള അവസരവും ലഭ്യമാണ്‌.
നീര യാഥാർത്ഥ്യമായതോടെ കേര കർഷകന്റെ പ്രതീക്ഷയ്ക്കു കൂടുതൽ തിളക്കം കണ്ടു തുടങ്ങി.  കരിക്കു ലഭിക്കുന്നതിനേക്കാൾ മാസങ്ങൾക്കു മുമ്പേ കരിക്കിൻ വെള്ളത്തേക്കാൾ മധുരവും ലഹരി ഇല്ലാത്തതും ആയ ഒരു പോഷക ആരോഗ്യ പാനീയം തെങ്ങിൽ നിന്നു ലഭിക്കുമെന്ന അറിവു പോലും മഹത്തരമാണ്‌. ബസ്സ്‌ സ്റ്റാന്റിലും സിവിൽ സ്റ്റേഷൻ പരിസരങ്ങളിലും എക്സിബിഷൻ ഗ്രൗണ്ടിലുമെല്ലാം നീര കുടിക്കുന്നതിന്‌ സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും മുന്നോട്ടു വരുന്നു. ഒട്ടും ലഹരിയില്ലാത്ത തെങ്ങിൻ പൂക്കുല ജ്യൂസിനെ സമൂഹം തിരിച്ചറിഞ്ഞത്‌ നീരയുടെ മാത്രമല്ല തെങ്ങിന്റേയും ഭാവിയെ ശോഭനമാക്കും,
 നീരയും നീരയിൽ നിന്നുണ്ടാക്കുന്ന ചക്കരയും പഞ്ചസാരയും സിറപ്പും ചോക്ലേറ്റുമെല്ലാം പ്രമേഹ രോഗികൾക്കു പോലും കഴിക്കാമെന്ന വസ്തുതയും തെങ്ങിന്റെ രക്ഷയ്ക്കുണ്ട്‌. 2015 നീരയുടെ വർഷമെന്നോ നാളികേരത്തിന്റെ വർഷമെന്നോ തലയുയർത്തി നിന്നു പറയാൻ നമുക്കു സാധിക്കണം. നാളികേര വികസന ബോർഡും വിവിധ കൃഷി വികസന, ഗവേഷണ വിപണന ഏജൻസികളും, ഇക്കാര്യത്തിൽ കേര കർഷകന്‌ ഒപ്പമുണ്ടാകണം.

15 Jan 2015

ചുംബനവർഷം




രാധാമണി പരമേശ്വരൻ

അമ്മതന്നുദരത്തില്‍ പുനര്‍ജ്ജനിക്കേണം
പാറുന്നതുമ്പിയായ്‌ പരിലസിക്കേണo 
ബാല്യകൌമാരങ്ങള്‍ തളിരിട്ടുപൂക്കണം 
മരിക്കാത്ത ഭൂതകാലo മടങ്ങിയെത്തേണം
ഓര്‍മ്മകള്‍ തിരിനീട്ടും ശ്രീപൂമുഖത്തിന്നും
മറുകോലായില്‍ ചിതറുന്ന പഥനിശ്വനം
ഓടിക്കളിക്കുന്ന ബാല്യകൌമാര കാലം
പിച്ചവെച്ചിടറി താരിളം കുഞ്ഞുമനസ്സും
സ്വപ്നത്തിലെന്നോ കേട്ടൊരു താരാട്ടു
കാതില്‍ കുടിവെച്ചു തൊട്ടിലിലാട്ടുന്നു
അമ്മിഞ്ഞപ്പാലിന്‍റെ മധുരാധരങ്ങളാല്‍
ഓര്‍മ്മകള്‍ക്കിന്നൊരു ചുടുചുംബനം
കോമളമേനിയില്‍ പുണരുo ചിന്തുകള്‍
കുറുമൊഴിമുല്ല കണക്കേ പൊതിയുന്നു
തണുവിലലിയുന്ന ഹരിത ചാരുതീരം
സ്മൃതികളുണര്‍ത്തുന്നു മൃദുകേളീരസം
സ്നേഹമന്ദാരം പൂക്കും കപോലങ്ങള്‍
പുഞ്ചിരി വിടര്‍ത്തും സുന്ദരസൂനങ്ങള്‍
അച്ഛന്‍റെ വാത്സല്ല്യo തുടിക്കുo ഓര്‍മ്മകള്‍
മധുരസം പകരുന്നെന്‍റെ നാവിലിന്നും
കോരിനിറക്കുo കോള്‍മയിര്‍ കൊള്ളിക്കും
ഭൂതകാലം മുളപൊട്ടുന്നു ഇല്ലിച്ചില്ലയില്‍
തൊട്ടുതലോടുമാ സ്നേഹത്തുടുപ്പുകള്‍
ചുംബിച്ചുണര്‍ത്തുവാനിന്നേറെ ഇഷ്ടം
പുഞ്ചവരമ്പത്തു പൂത്തുല്ലസിക്കുന്ന നിറ-
നെല്ലോയില്‍ തൂങ്ങും മഞ്ഞണിമുത്തുകള്‍
തട്ടിത്തെറുപ്പിച്ച് അച്ഛന്‍റെ കൈകോര്‍ത്തു
തുള്ളിക്കളിച്ചോരു പൂക്കാലമെങ്ങുപോയ്
യൌവ്വനം പൂത്തു പൂന്തേന്‍ നിറയുമ്പോള്‍
വാര്‍തിങ്കളെന്നെ മന്ദo മാടി വിളിക്കവേ
അനരാഗം എന്തെന്നറിയാത്ത പ്രായത്തില്‍
അസുലഭമോഹത്തിലഭിഷേകയുക്തയായ്‌

18 Dec 2014

നാളികേര ഉത്പന്നങ്ങളുടെ സപ്ലൈ ചെയിൻ ഫിലിപ്പീൻസിൽ


യുവോൺ അഗസ്റ്റിൻ
എക്സിക്യൂട്ടീവ്‌ ഡയറക്ടർ, യുണൈറ്റഡ്‌ കോക്കനട്ട്‌, അസോസിയേഷൻ, ഫിലിപ്പീൻസ്‌

രാജ്യത്തെ കയറ്റുമതി വരവിൽ മുൻപിൽ നിൽക്കുന്ന നാളികേരം 2011 ൽ 1.957 ബില്യൺ ഡോളർ റെക്കോർഡ്‌ വിറ്റുവരവാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. 2009 - 13 കാലഘട്ടത്തിലെ ശരാശരി വരവ്‌ 1.508 ബില്യൺ ഡോളർ ആയിരുന്നു. കയറ്റുമതി വ്യാപാര മേഖലയിൽ പത്താം സ്ഥാനമുള്ള വെളിച്ചെണ്ണ മുൻപുള്ള ഒൻപതു വസ്തുക്കളെയും അപേക്ഷിച്ച്‌ ഇറക്കുമതി സാധ്യത തീരെ ഇല്ലാത്തത്താണ്‌. തേങ്ങയുടെ മൊത്തം കയറ്റുമതി രേഖകൾ പരിശോധിച്ചാൽ വെളിച്ചെണ്ണയുടെ സംഭാവന 1.044 ബില്യൺ ഡോളർ അഥവാ 69.5 ശതമാനം ആണ്‌. കാർഷിക മേഖലയിൽ വെളിച്ചെണ്ണ (1) കൊപ്രമീൽ (7) ഉണക്കത്തേങ്ങ (9) എന്നീ മൂന്നു കേരയുൽപ്പന്നങ്ങൾ കയറ്റുമതി ലാഭപട്ടികയിലെ ആദ്യപത്തു സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്‌.
ബ്യൂറോ ഓഫ്‌ അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളനുസരിച്ച്‌ രാജ്യത്തെ മൊത്തം കൃഷിയോഗ്യമായ ഭൂമിയുടെ കാൽഭാഗം നാളികേര കൃഷി കൈയ്യടക്കിയിരിക്കുന്നു. മുൻ വർഷത്തെ 3562 മില്യൺ ഹെക്ടർ എന്നതിനെ അപേക്ഷിച്ച്‌ 3574 മില്യൺ ഹെക്ടർ എന്ന നേരിയ വർദ്ധനവാണ്‌ 2012 ൽ രേഖപ്പെടുത്തിയത്‌. കായ്ഫലമുള്ള തെങ്ങുകളുടെ എണ്ണം 340 മില്യണിൽ നിന്ന്‌ 344 മില്യണിലേക്കാണ്‌ ഉയർന്നത്‌. ഈ വൃക്ഷങ്ങളിൽ നിന്ന്‌ മൊത്തത്തിൽ 15.862 ബില്യൺ നാളികേരമാൺ​‍്‌ വിളവെടുത്തത്‌. മുൻ വർഷം രേഖപ്പെടുത്തിയ 15.245 മില്യണിൽ നിന്നും 4 ശതമാനം ഉയർച്ച.
കൊപ്രയെക്കുറിച്ച്‌ പറയുകയാണെങ്കിൽ 2013 ലെ മൊത്തം ഉദ്പാദനം 2710 മില്യൺ മെട്രിക്‌ ടൺ ആയിരുന്നത്‌ മുൻ വർഷത്തെ ഉത്പാദനമായ 2.633 മില്യൺ മെട്രിക്‌ ടണ്ണിൽ നിന്നും 2.9 ശതമാനം കൂടുതലാണ്‌. രണ്ടു വർഷം തുടർച്ചയായ ഉൽപാദന ഉയർച്ച നേടിയിരുന്ന കിഴക്കൻ വിറസയ്സ്സി മേഖലയിൽ വിനാശകാരിയായ ചുഴലിക്കാറ്റ്‌ മൂലം ഈ വർഷത്തെ ഉത്പാദനം 11.4 ശതമാനം ഇടിഞ്ഞ്‌ 24 മെട്രിക്‌ ടണ്ണിൽ എത്തി നിൽക്കുമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌.
ഫിലിപ്പീൻസ്‌ നാളികേര കേന്ദ്രത്തിന്റെ കഴിഞ്ഞ ജൂൺ മാസം വരെയുള്ള കണക്കുകൾ അനുസരിച്ച്‌ ഒരു വർഷത്തിൽ 4.826 മില്യൺ മെട്രിക്‌ ടൺ കൊപ്ര ആട്ടാൻ ശേഷിയുള്ള 69 വെളിച്ചെണ്ണ മില്ലുകൾ ഉണ്ട്‌. 1.642 മില്യൺ മെട്രിക്‌ ടൺ എണ്ണ ഉൽപ്പാദിപ്പിക്കുവാൻ ശേഷിയുള്ള 43 സംസ്ക്കരണ ശാലകൾ നിലവിലുണ്ട്‌. എന്നാൽ, 250,000 മെട്രിക്‌ ടൺ വെളിച്ചെണ്ണയുടെ ആവശ്യകതയുള്ള 13 ഫാക്ടറികളും ഉണ്ട്‌. പ്രതിവർഷം 400,000 മെട്രിക്‌ ടൺ ബയോ ഡീസൽ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഒൻപതു സംരംഭങ്ങൾ ബയോഡീസൽ സെക്ടർ വെളിച്ചെണ്ണയ്ക്കു വേണ്ടി പുതിയതായി ആരംഭിച്ചിട്ടുണ്ട്‌. രാജ്യത്ത്‌, നിലവിൽ 198,479 മെട്രിക്‌ ടൺ ഉൽപ്പാദന ശേഷിയുള്ള പതിനൊന്ന്‌ കൊപ്ര യൂണിറ്റുകൾ പ്രവർത്തന ക്ഷമമാണ്‌. ഇവയിൽ നിന്നുള്ള ഉൽപ്പാദനം, 1.6 ബില്യൺ തേങ്ങകളിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾക്ക്‌ തുല്യമാണ്‌. ഇതേ പോലെ 101,075 മെട്രിക്‌ ടൺ പ്രവർത്തന ശേഷിയുള്ള കാർബൺ പ്ലാന്റുകളും ഉണ്ട്‌.
കയറ്റുമതി വ്യവസായം എന്ന നിലയിൽ ഏകദേശം നാൽപതോളം കേരയുത്പന്നങ്ങളും ഉപോത്പന്നങ്ങളും 100 രാജ്യങ്ങളിലേക്ക്‌ അയക്കുന്നു.
മുഖ്യ കേരയുത്പന്നങ്ങളുടേയും ഉപോത്പന്നങ്ങളുടേയും പാരമ്പര്യേതര ഉത്പന്നങ്ങളുടേയും കയറ്റുമതിയെപ്പറ്റി മാത്രമാണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌.
ഫിലിപ്പിൻസിലെ നാളികേര വിതരണ ശൃംഖല
വിതരണ ശൃംഖലയിൽ കാർഷിക ഉൽപാദക മേഖലയിലെ ഏകദേശം 3.5 മില്യൺ നാളികേര കർഷകരുടേയും സാധാരണ കൃഷിക്കാരുടേയും പങ്കാളിത്തമുണ്ട്‌. മറ്റ്‌ ഉത്പന്നങ്ങളായി മാറ്റി വിദേശ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്നതിനും പ്രാദേശിക ഉപയോഗത്തിനും വേണ്ടി ഈ ശൃംഖല ശരാശരി 15.521 ബില്യൺ നാളികേരം ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. ബ്യൂറോ ഓഫ്‌ അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളനുസരിച്ച്‌ ഈ ഘട്ടത്തിലുള്ള നാളികേര ഉൽപാദന മൂല്യം 88.8 ബില്യൺ ഡോളർ ആണ്‌. ഈ ശൃംഖലയിൽ ഉൽപ്പന്നങ്ങൾ മുന്നോട്ടു കുതിക്കും തോറും മൂല്യ വർദ്ധനവ്‌ സാധ്യമായിക്കൊണ്ടിരിക്കും.
ലഭ്യമായ 15.521 ബില്യൺ നാളികേരം കൃഷിയിടത്തിൽ വച്ചു തന്നെ പലതായി വേർതിരിച്ചാൽ 6.208 മില്യൺ മെട്രിക്‌ ടൺ ചിരട്ടയും, 2.794 മില്യൺ മെട്രിക്‌ ടൺ തൊണ്ടും, 4.035 മില്യൺ മെട്രിക്‌ ടൺ വെള്ളവും 5.588 മില്യൺ മെട്രിക്‌ ടൺ കാമ്പും ലഭിക്കും. മറ്റുത്പന്നങ്ങളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളായ ഇവ ഈ ശൃംഖലയുടെ അടുത്ത പടിയിലേക്ക്‌ കടക്കുകയും ചെയ്യുന്നു. ഇവിടെ വ്യാപാരികൾ ഉത്പാദകർ എന്നിവർ യോജിക്കുന്നു.
തൊണ്ട്‌
തൊണ്ട്‌ സംസ്ക്കരിച്ച്‌ കയർ, ഫൈബർ, ജൈവ/ ഭൗമ വസ്ത്രങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. തൊണ്ടിന്റെ 70 ശതമാനം മാലിന്യമാണ്‌. ഈ മാലിന്യം കൂടുതൽ സംസ്ക്കരണത്തിലൂടെ ഹോർട്ടികൾച്ചർ മേഖലയിലേക്കാവശ്യമായ ബ്ലോക്കുകളും പെല്ലറ്റുകളുമാക്കി മാറ്റാവുന്നതാണ്‌. കയർ ഫൈബർ അതേ രൂപത്തിലോ അല്ലെങ്കിൽ കൂടുതൽ സംസ്ക്കരിച്ച ജൈവ/ ഭൗമ തുണിത്തരങ്ങളോ, വലകളോ ആക്കി മാറ്റി കയറ്റുമതി ചെയ്യുന്നു.
ദേശീയവും തദ്ദേശീയവുമായ സർക്കാർ സ്ഥാപനങ്ങളും കാർഷിക സ്ഥാപനങ്ങളും, കൊക്കോ പീറ്റ്‌ അല്ലെങ്കിൽ കയർ പൊടിയും ഫൈബറും ഉപയോഗിച്ച്‌ മണ്ണ്‌ ശുദ്ധീകരിക്കുകയും മണ്ണൊലിപ്പ്‌ തടയുകയും ചെയ്യണം എന്ന്‌ മെമ്മോറാണ്ടം സർക്കുലർ 25 ലൂടെ മുൻ രാഷ്ട്രപതി ആഹ്വാനം ചെയ്യുകയുണ്ടായി. ഇതുവഴി കയറിനും കയറുത്പന്നങ്ങൾക്കും തദ്ദേശീയ വിപണിയിൽ ശ്രദ്ധേയമായ മുന്നേറ്റമാണുണ്ടായത്‌. ഇതേപോലെ തന്നെ കയറിൽ നിന്നും കേര ഫൈബറിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ജൈവ / ഭൗമ വസ്ത്രങ്ങളും ബയോലോഗുകളും മണ്ണൊലിപ്പ്‌ തടയുന്നതിനായി പൊതുമരാമത്ത്‌ പദ്ധതികളിൽ ഉപയോഗിക്കപ്പെടണം എന്നും നിർദ്ദേശിക്കുകയുണ്ടായി.  ഈ മേഖലയിലെ കയറ്റുമതി പ്രാധാന്യമുള്ള രണ്ട്‌ വസ്തുക്കൾ ബൈയിൽഡ്‌ കയർ, കയർ ട്വൈൻ എന്നീ രണ്ട്‌ ഉത്പന്നങ്ങളാണ്‌. ചൈനയും കൊറിയയുമാണ്‌ ഇവയുടെ പ്രധാന ഉപഭോക്താക്കൾ.
ചിരട്ട
റേശിൻ വ്യവസായത്തിനുവേണ്ടി തയ്യാറാക്കുന്ന ചിരട്ടപ്പൊടി, ചിരട്ടക്കരി ആക്ടിവേറ്റഡി കാർബൺ എന്നീ ഉത്പന്നങ്ങളായി പരിണമിക്കപ്പെടുമ്പോൾ ചിരട്ടയുടെ മൂല്യം ഉയരുകയാണ്‌ ചെയ്യുന്നത്‌.  ഖാനനം, ഭക്ഷ്യവ്യവസായം, ഔഷധം, ആരോഗ്യം, എന്നീ വിവിധങ്ങളായ മേഖലകളിലെ ഉപയോഗം നിമിത്തം ഉത്തേജിത കരിക്ക്‌ മികച്ച മൂല്യമാണ്‌ ഉള്ളത്‌. വിളഞ്ഞ തേങ്ങയുടെ ചിരട്ട, ബബിൾ ഗമ്മിൽ അടങ്ങിയിരിക്കുന്ന സോർബിറ്റോൾ എന്ന മധുര പദാർത്ഥം നിർമ്മിക്കുന്നതിനുള്ള അസംസ്കൃത പദാർത്ഥമാണ്‌. ഇതുത്പാദിപ്പിക്കുന്ന ഫാക്ടറിക്ക്‌ ചിരട്ടയുടെ പരമ്പരാഗത ഉപഭോക്താക്കളായ ചിരട്ടക്കരി, ആക്റ്റിവേറ്റഡ്‌ കാർബൺ ഉത്പാദകരോട്‌ മത്സരിച്ച്‌ പിടിച്ചു നിൽക്കാൻ സാധിക്കാത്തതിനാൽ അടച്ചു പൂട്ടേണ്ടി വന്നു.
ജപ്പാൻ (43.4 ശതമാനം) ചൈന (26.3 ശതമാനം) എന്നീ രാജ്യങ്ങളാണ്‌ ചിരട്ടക്കരി ഇറക്കുമതി ചെയ്യുന്നതിൽ മുന്നിട്ടു നിൽക്കുന്നത്‌. ജപ്പാന്റെ ശരാശരി ഇറക്കുമതി 18,092 മെട്രിക്ടണ്ണും ചൈനയുടേത്‌ 10, 958 മെട്രിക്‌ ടണ്ണും ആണ്‌.  ആക്ടിവേറ്റഡ്‌ കാർബണിന്റെ പ്രാഥമിക വിപണിയായ ജപ്പാന്റെ (7214 മെട്രിക്‌ ടൺ) മൊത്തവിഹിതം 21.9 ശതമാനമാണ്‌. തൊട്ടുതാഴെ ജർമ്മനിയാണ്‌. വിഹിതം 3,821 മെട്രിക്‌ ടൺ.
തേങ്ങാവെള്ളം
കാലങ്ങളായി പാഴ്‌ വസ്തു എന്ന നിലയിൽ തഴയപ്പെട്ടിരുന്ന തേങ്ങാ വെള്ളത്തിന്‌ അവസാനം വിതരണ ശൃംഖലയിൽ ഒരു സുരക്ഷിത സ്ഥാനം നേടാൻ കഴിഞ്ഞു. മുൻകാലങ്ങളിൽ ലക്ഷോപലക്ഷം തേങ്ങകളിൽ നിന്നും ലഭിച്ചിരുന്ന തേങ്ങാവെള്ളം പ്രതിദിനം (ഏകദേശം 1.25 മില്യൺ ലിറ്റർ) ഉപയോഗിക്കുക എന്നത്‌ വളരെ ശ്രമകരമായ പ്രക്രിയയായിരുന്നു. ഇത്രയും ഭീമമായ അളവ്‌, വിനാഗിരി ഉത്പാദനത്തിനു പോലും പറ്റാത്ത വിധം അധികമായിരുന്നു. നാറ്റ ഡി കൊക്കോയുടെ കാര്യത്തിലും മറ്റൊന്നുമല്ല സംഭവിച്ചതു. എന്നാൽ ഇപ്പോൾ ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളായ കായിക പ്രേമികൾ തേങ്ങാവെള്ളത്തിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. എങ്ങനെ ഒഴിവാക്കാം എന്ന്‌ മാത്രം കരുതിയിരുന്ന പാഴ്‌ വസ്തുവിനെ മികച്ച ആരോഗ്യ പാനീയ അസംസ്കൃത വസ്തു എന്ന നിലയിൽ എത്രമാത്രം കൂടുതൽ ഉൽപ്പാദിപ്പിക്കാം എന്ന്‌ ചിന്തിച്ചു തുടങ്ങിയിരിക്കുന്ന ഒരവസ്ഥയിലേക്ക്‌ എത്തപ്പെട്ടിരിക്കുന്നു തേങ്ങാവെള്ളം.
2011 ൽ 19 മില്യൺ ഡോളറിന്റെ റെക്കോർഡ്‌ വിറ്റു വരവു രേഖപ്പെടുത്തിയ തേങ്ങാവെള്ളം ഇപ്പോൾ 9 മില്യണിന്റെ കയറ്റുമതി (2009 -2013) ജേതാവാണ്‌.
തേങ്ങാവെള്ളത്തിന്‌ (പച്ചത്തേങ്ങയിൽ നിന്നുള്ള വെള്ളം എന്ന നിർബന്ധം ഇല്ലാതെ തന്നെ) ആരോഗ്യ പാനീയം എന്ന നിലയിൽ മികച്ച പരിഗണനയാണ്‌ ലഭിക്കുന്നത്‌. ബഹുരാഷ്ട്ര കുത്തകകളായ പെപ്സിയും കൊക്കോ കോളയും  പോലും തേങ്ങാവെള്ളം പുറത്തിറക്കുന്ന കമ്പനികളുമായി ചേർന്നു പ്രവർത്തിക്കുകയും അവയുടെ ഓഹരികൾ കൈക്കലാക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. കാർബണേറ്റഡ്‌ അല്ലാത്ത ഈ പാനീയത്തിന്റെ ഉയർന്നു വരുന്ന പ്രചാരം എത്രത്തോളമുണ്ടെന്ന്‌ ഇതിൽ നിന്നു മനസ്സിലാക്കാൻ സാധിക്കും. യു. എസ്‌.ഡി.എ യുടെ നാഷണൽ ന്യൂട്രിയന്റ്‌ ഡാറ്റാബേസിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്‌ തേങ്ങാവെള്ളത്തിൽ വിറ്റാമിനുകൾ മിനറലുകൾ പൊട്ടാസ്യം മാംഗനീസ്സ്‌, കോപ്പർ, സിങ്ക്‌, സെലീനിയം, ക്ലോറൈഡുകൾ, കാൽസിയം) 18 അമിനോ ആസിഡുകൾ എന്നിവയുടെ അധികമായ സാന്നിദ്ധ്യം ഉണ്ടെന്നാണ്‌. ഇവയൊക്കെ വളരെ നേരത്തേ തന്നെ ഞങ്ങളുടെ ഗവേഷണങ്ങളിൽ കൂടി മനസ്സിലായിട്ടുള്ള കാര്യങ്ങളാണ്‌.
തേങ്ങയുടെ കാമ്പ്‌
തേങ്ങയുടെ വിവിധ ഭാഗങ്ങളിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന കാമ്പ്‌ പലവിധ വ്യാപാര മേഖലകളെ സഹായിച്ചുകൊണ്ട്‌ വിതരണ ശൃംഖലയിൽ ഏറെ ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. തേങ്ങയുടെ ആകെ വിൽപ്പനയിൽ 30 ശതമാനത്തിന്‌ ഹേതുവായ കാമ്പ്‌ ഫിലിപ്പിൻസിന്റെ മൊത്ത കയറ്റുമതി ആദായത്തിന്റെ 94.5 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.
കാമ്പ്‌, നവീകരിച്ച കാമ്പ്‌, കൊപ്ര എന്നീ രണ്ട്‌ പാതകളായി തിരിയുന്നു. നിർജ്ജലീകരണം നടത്തിയ തേങ്ങയാണ്‌ നവ കാമ്പിൽ നിന്നുള്ള പ്രധാനമായ ഉത്പന്നം. തേങ്ങാപ്പാൽ, ശുദ്ധമായ വെളിച്ചെണ്ണ, തേങ്ങാപ്പൊടി എന്നിങ്ങനെയുള്ള ഉൽപ്പന്നങ്ങളായാണ്‌ ഇതിന്റെ മൂല്യ വർദ്ധനവ്‌. വിവിധങ്ങളായ പുതിയതരം ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനാൽ ശുദ്ധമായ വെളിച്ചെണ്ണയ്ക്ക്‌ വിസ്തൃതമായ ശൃംഖലയാണ്‌ ഉള്ളത്‌. തേങ്ങയുടെ ഉപയുക്തമായ ഭാഗങ്ങളിൽ 90 ശതമാനവും കൊപ്രയാക്കി മാറ്റുകയാണ്‌. പാചക എണ്ണ, മർഗാരിൻ, ബയോഡീസൽ എന്നിങ്ങനെയുള്ള വിവിധങ്ങളായ ഉത്പന്നങ്ങൾക്കായുള്ള അസംസ്കൃത വസ്തുവാണ്‌ വെളിച്ചെണ്ണ.
വിലയിരുത്തൽ
രണ്ടു വർഷത്തെ (2012 - 13) തുടർച്ചയായ മികച്ച്‌ വിളവെടുപ്പിനു ശേഷം തെങ്ങുകൾക്ക്‌ മതിയായ വിശ്രമം നൽകേണ്ടതിനാലും കഴിഞ്ഞ വർഷം ഭീകരമായ യൊലാണ്ട ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം വന്നതിനാലും ഈ വർഷത്തെ ഫിലിപ്പീൻസിന്റെ നാളികേര ഉത്പാദനം കുറവ്‌ ആയിരിക്കുമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. എന്നാൽ ഇത്‌ താത്ക്കാലികമായ ഒരു തിരിച്ചടി മാത്രമാണ്‌. ചുഴലിക്കാറ്റിൽ നാശം സംഭവിച്ച തെങ്ങുകൾക്ക്‌ പകരമായി മുന്തിയ തരം പുതിയ തൈകൾ വെച്ചു പിടിപ്പിക്കാൻ സാധിക്കും എന്ന പ്രത്യാശയിലാണ്‌ ഞങ്ങൾ. ഈ പുതിയ തൈകളിൽ നിന്നേ മെച്ചപ്പെട്ട ഉത്പാദനം സാധ്യമാകൂ എന്നാണ്‌ ഞങ്ങൾ വിലയിരുത്തുന്നത്‌. ശരിയായ കൃഷിയിട സജ്ജീകരണം വഴിയും കൃത്യമായ നടീൽ വ്യവസ്ഥ വഴിയും മെച്ചപ്പെട്ട കൃഷിരീതികൾ വഴിയും ഈ നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ. തേങ്ങയുടെ മറ്റു ഭാഗങ്ങളുടേയും കൂടി പ്രാധാന്യം മനസ്സിലാക്കുന്നതു വഴി ഈ ഉൽപ്പന്നത്തിന്റെ മൂല്യം വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.
ജൈവ / ഭൗമ വസ്ത്രങ്ങൾ ഉൾപ്പെടെ തൊണ്ടിൽ നിന്നും മികച്ച മൂല്യങ്ങൾ ഉള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന്‌ ഫിലിപ്പീൻസിന്‌ ഏറെ പഠിക്കാനുണ്ട്‌ എന്ന്‌ നിസ്സംശയം പറയാൻ സാധിക്കും. ജൈവ / ഭൗമ വസ്ത്രങ്ങളുടെ കയറ്റുമതി മേഖലയിൽ ഫിലിപ്പീൻസിന്റെ നില വളരെ താഴെയാണ്‌. ഉത്പാദനത്തിന്റെ സിംഹഭാഗവും തദ്ദേശീയമായ വിപണി കൈയ്യടക്കുന്നതായിട്ടാണ്‌ കണ്ടു വരുന്നത്‌. എന്നാൽ ലോകവിപണിയിൽ ഈ ഉത്പന്നങ്ങൾക്കായുള്ള ആവശ്യകത കയറ്റുമതി വ്യവസായത്തിന്‌ പ്രചോദനമാണ്‌.
വളർന്നുകൊണ്ടിരിക്കുന്ന സാധാരണ ഉൽപ്പന്നങ്ങളെപ്പോലെ തന്നെ തേങ്ങയുടെ പാരമ്പര്യേതര വിഭവങ്ങളും മികച്ച വിപണന സാധ്യതയുള്ളവയാണ്‌. ശുദ്ധമായ വെളിച്ചെണ്ണ ഇവയിൽ പ്രധാനമാണ്‌. പ്രതിവർഷം 18 മില്യൺ ഡോളർ സമ്പാദിക്കുന്ന ഈ ഉത്പന്നം മുൻ വർഷം നേടിയത്‌ ഏക്കാളത്തെയും മികച്ച റെക്കോർഡായ 18 മില്യൺ ഡോളർ ആണ്‌. 2009 ൽ 1,801 മെട്രിക്‌ ടൺ ആയിരുന്ന വെളിച്ചെണ്ണ 2015 ആകുമ്പോഴേക്കും 7,061 മെട്രിക്‌ ടൺ ആകും എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. അൾഷിമേഴ്സ്‌ രോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായുള്ള ഭക്ഷ്യവിഭവങ്ങളിൽ വെളിച്ചെണ്ണയുടെ ഉപയോഗം, അവരുടെ രോഗാവസ്ഥയിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നു എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
തലമുടിക്കും ശിരോചർമ്മത്തിനും ആവശ്യമായ കണ്ടീഷണറുകൾ, സോപ്പ്‌, ഷാംപൂ, സ്കിൻ ക്രീമുകൾ, ലിപ്‌ ബാമുകൾ തുടങ്ങി നിരവധി ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക്‌ ആവശ്യമായ പ്രധാന ഘടകമായും ഇത്‌ ഉപയോഗിക്കപ്പെടാറുണ്ട്‌. വെളിച്ചെണ്ണ മസാജിനും, ശരീര ലേപനം ആയും വ്യാപകമായി ഉപയോഗിച്ചു വരുന്നു. കുറഞ്ഞ ഗ്ലൈസീമിക്‌ ഇൻഡക്സ്‌ രേഖപ്പെടുത്തിയിട്ടുള്ള നീരയിൽ നിന്നുത്പാദിപ്പിക്കപ്പെടുന്ന പഞ്ചസാര പ്രമേഹ രോഗികളുടെ ഇടയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌. വിപണിയിൽ സുലഭമായി കണ്ടുവരുന്ന കൃത്രിമ മധുരവസ്തുക്കളെപ്പോലെ ഇപ്പോൾ ചെറിയ പാക്കറ്റുകളിലും തെങ്ങിൻ പഞ്ചസാര ലഭ്യമാണ്‌.
നീര ചെത്തുന്നത്‌ തേങ്ങയുടെ ഉത്പാദനത്തിനെ പ്രതികൂലമായി ബാധിക്കും എന്ന ഒരു ആശങ്ക നിലവിലുണ്ടായിരുന്നത്‌ ഇപ്പോൾ മാറിയിട്ടുണ്ട്‌. അനുക്രമമായുള്ള നീരചെത്തും തേങ്ങയുടെ ഉദ്പാദനവും പഞ്ചസാര ഉത്പാദനത്തിനെയും തെങ്ങിന്റെ വിളവെടുപ്പിനെയും സഹായിക്കുന്നു എന്നാണ്‌ ഇപ്പോൾ മനസ്സിലാവുന്നത്‌. തേങ്ങാപ്പൊടിയുടെ കയറ്റുമതി മുൻവർഷം അതിന്റെ ഏറ്റവും മികച്ച റെക്കോർഡായ 1,836 മെട്രിക്‌ ടൺ രേഖപ്പെടുത്തി. ഇത്‌ കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരിയായ 921 മെട്രിക്‌ ടണ്ണിനെക്കാൾ രണ്ടിരട്ടിയാണ്‌. വാർഷിക കയറ്റുമതി വരുമാനം 1.683 മില്യൺ ഡോളർ 2013 ലെ 3.663 മില്യൺ ഡോളറിനേക്കാൾ അധികമാണ്‌.
പോഷകാഹാരം എന്ന നിലയിലുള്ള പ്രാധാന്യം ഇതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു. 2004 ൽ മെട്രിക്‌ ടണ്ണിന്‌ 626.71 ഡോളർ ആയിരുന്ന ഇതിന്റെ വില മെട്രിക്‌ ടണ്ണിന്‌ 1,000 ഡോളർ എന്നതിൽ നിന്നും 2008 വരെ ഒരു കുറവും ഉണ്ടാക്കിയിട്ടില്ല. അതേ സമയം 2012 ൽ ഏക്കാളത്തെയും മികച്ച റെക്കോർഡായ മെട്രിക്‌ ടണ്ണിന്‌ 2,386.56 ഡോളർ എന്ന നിലയിൽ എത്തുകയും ചെയ്തു.
തേങ്ങാപ്പാൽ എടുത്തതിനു ശേഷം വരുന്ന അവശിഷ്ടമാണ്‌ തേങ്ങാപ്പൊടിയായി മാറുന്നത്‌. നാരടങ്ങിയ മികച്ച ഒരു ഭക്ഷണ സ്രോതസ്സായ തേങ്ങാപ്പൊടി ബൾക്കിംങ്ങ്‌ ഏജന്റായും, ഫില്ലറ്റുകളായും മറ്റും ഉപയോഗിക്കാവുന്നതാണ്‌. ചെറിയ അംശം അരിപ്പൊടി, ധാന്യപ്പൊടി, ഗോതമ്പുപൊടി എന്നിവയ്ക്ക്‌ പകരമായും ഉപയോഗിക്കാവുന്നതാണ്‌. ഫിലിപ്പീൻസ്‌ നാളികേര അതോറിട്ടിയുടെ ഉത്പന്ന വികസന വകുപ്പും ഡിലിമാൻ കോളേജ്‌ ഓഫ്‌ ഹോം ഇക്കണോമിക്സിലെ ഡോ. സോണിയ ഡി. ലിയോണും ചേർന്ന്‌ തേങ്ങാപ്പൊടിയുടെ വിവിധങ്ങളായ ഉപയോഗങ്ങൾക്കാവശ്യമായ സങ്കേതങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു. വെള്ളം ആഗിരണം ചെയ്യാൻ കഴിവുള്ള ഈ പദാർത്ഥം കുഴച്ച മാവിന്റെ അളവും, ബേയ്ക്കു ചെയ്ത്‌ എടുക്കുന്ന ഉത്പന്നങ്ങളുടെ സൂക്ഷിപ്പുകാലവും, മൃദുത്വവും വർദ്ധിപ്പിക്കാൻ ഉപയോഗപ്രദമാണ്‌.
ഏഷ്യപെസഫിക്കിലെ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളെയപേക്ഷിച്ച്‌, പശ്ചിമേഷ്യയിലെ ജോർദ്ദാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ്‌ ഇതിന്റെ മുഖ്യ ഉപഭോക്താക്കൾ. എന്നാൽ 2009 മുതൽ പശ്ചിമേഷ്യൻ പ്രദേശങ്ങളേക്കാളും കയറ്റുമതിയിൽ മെച്ചപ്പെട്ടു നിൽക്കുന്നത്‌ ആസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളാണ്‌. ഈ മാറ്റം ഒരുപക്ഷേ അവിടുത്തെ ആളുകളുടെ ആരോഗ്യ ബോധം മൂലമാകാം.
തദ്ദേശ വിപണിയിൽ ബയോഡീസലിന്റെ ഉപയോഗം വർദ്ധിച്ചിരിക്കുന്നതായി കാണാം. ഇത്‌ 2006 ൽ രൂപീകൃതമായ ഫിലിപ്പെൻസ്‌ ബയോഫ്യൂവൽസ്‌ ആക്ടിന്റെ പിൻതുണകൊണ്ടാവാം. 2007 ൽ ഈ ഭേദഗതി നിലവിൽ വന്നശേഷം അതുവരെ തുടർന്നു വന്നിരുന്ന ഡീസലിൽ ബയോഡിന്റെ (ബി 1) ഒരു ശതമാനം മിശ്രണം എന്ന തോത്‌ 2009 ഫെബ്രുവരി ആയപ്പോഴേക്കും 2 ശതമാനം എന്ന രീതിയിൽ ഉയർന്നു. ഇത്‌ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്‌. ബയോഡീസൽ ഉള്ള വെളിച്ചെണ്ണയുടെ ഉപയോഗം 134,000 മെട്രിക്‌ ടൺ ആയിട്ടുണ്ട്‌. ഇപ്പോൾ. മികച്ച കയറ്റുമതി സാധ്യതകൾ ഉള്ള മറ്റ്‌ ഉത്പന്നങ്ങളും ഉണ്ട്‌. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായേക്കാവുന്ന നാശനഷ്ടങ്ങളും ചില സമയങ്ങളിലെ കുറഞ്ഞ വിളവും ചൂണ്ടിക്കാണിച്ച്‌ പലരും കേര കർഷകരെ പിൻ തിരിപ്പിക്കാൻ ശ്രമിക്കാറുണ്ട്‌. ഒരിക്കലും വിപണി ഒഴിയാൻ സാധ്യതയില്ലാത്ത ഏക വിളയാണ്‌ നാളികേരം എന്ന തിരിച്ചറിവ്‌ ഉള്ള കാലത്തോളം കേരകൃഷിയിൽ നിന്ന്‌ കർഷകർ പിന്നോക്കം പോകില്ല എന്ന കാര്യം നിശ്ചയമാണ്‌.

22 Nov 2014

ഇന്ത്യനല്ലാത്തവർ


മോഹൻ ചെറായി    

ദാരിദ്ര്യക്കതിർ മണികൾ
വറുത്തുകുത്തിയ ബലിച്ചോറിൽ,
സ്നേഹത്തിൻ അന്യമാം അഗ്നികൂട്ടി
    തിലംവിനാ, തിലോദകം വിനാ
    ഏകുന്നിതാ നിനക്കന്ത്യാഞ്ജലി.
    ആരുമേ നോക്കാത്ത -
    ആർക്കുമേ വേണ്ടാത്ത -
മുളയിലേ പുഴുക്കുത്തേറ്റ്‌
പഴുത്തു ഞെട്ടറ്റു വീണോരു
ഘടോൽക്കച വംശജാ,
നിനക്കെന്റെ ലാൽസലാം.
    ജീവിതക്കോലായിൽ നിവരുന്നു നാക്കില;
    വേവുന്ന സ്വപ്നത്തിലെരിയുന്നു കർപ്പൂരം;
    സ്മൃതികളിൽ നിന്നു നിൻ വേരറ്റുപോകയായ്‌
    കൃതികളിൽ നിന്നുടെ പേരുമേ ചേരില്ല!
തീരെയോർക്കാതെ വന്നുപിറക്കയായ്‌;
ആരുമറിയാതെ വീണുമരിക്കയായ്‌!
അന്യരായ്‌ വന്നു ഭവിക്കുമീ വംശജർ
നിന്ദ്യരായ്‌ മേവുന്നു ഇന്ത്യനല്ലാത്തവർ!!
    വാറ്റു ചാരായമിറ്റിറ്റു വീഴുമീ
    ഈറ്റക്കുഴലിനു ചുറ്റിനും കൂടുവോർ
    മാറ്റങ്ങളൊന്നുമേ കാണാതെ കേൾക്കാതെ
    മാറ്റുകെട്ടു നശിക്കുന്നു ഊരുകൾ
ഒരുതുണ്ടു പുകയിലയിലൊരു കൊച്ചുജീവിതം
അരുതുകളയറിയാതെ വഴിതെറ്റി വീണിടും
നാരിയാകുംമുമ്പ്‌ അമ്മയായ്‌ മാറ്റുന്നു
കാരിരുമ്പാണല്ലോ നമ്മുടെ നെഞ്ചകം!
    കണ്ണിൽ കനലെരിയുന്ന കരളുറപ്പുള്ളവർ   
    മണ്ണിലിടിവണ്ടിതൻ  താഴെപ്പിടഞ്ഞിതേ....
    ചോരവീണു നനഞ്ഞൊരു മണ്ണിലോ
    ചോപ്പുപൊതിയാൻ മടിക്കുന്നു കാലവും!
എന്നുദിക്കും സൂര്യൻ; കാതോർത്തിരിപ്പൂ ഞാൻ!
എന്നു ഘടോൽക്കചർ നമ്മളിൽ ചേർന്നിടും?
"അന്നുവരെ, നീച ചണ്ഡാല ജന്മമായ്‌
നിന്നുകേഴുക കാടിന്റെ മക്കളേ-"
    എന്നുപറഞ്ഞു നാം കണ്ണടച്ചീടുകിൽ
    വന്നുചേരുന്ന നാളെകൾ ചൊല്ലിടും:
    "ഇന്നിവർ; നാളെ നാം!  ഓർക്കുക സോദരാ!
    ഇന്ത്യനല്ലാതായി മാറണോ നമ്മളും??"

19 Oct 2014

Elegant formula



                                        Salomi  john   valsen                                   

I feel scared and abandoned.
Why I lived in a lone crypt..?
I wish to run away from this faceless crowd.
I feel they are ghosts from DEVINE hell.
Who extinguished from heaven.
They wander wildly to catch me
And instigate me to make one among them.
Like a hornet they follow me.
To wound me and end me with
The poison tinted stings.
The world around me looks
Damn sharp and horrible.
I wept feebly with swollen eyes.
I feel am get caught into a tavern.
Horrible souls were roaming and dancing.
No human around.
 No more homeless ghosts.




 Faded flowers whisper for nothing.
Yep, I could feel none get intruded.
Where there is no chance to get bloomed.
I love to live a life of ghost
Who has any vanity to be show..
No more people to meet and cheat.
With soulless bodies no one has to make blabber.
No more to eat, drink and dance.
No one would make meaningless brouhaha.
Oh why I should wish to be homebound?
I hate this super duper class living.
I even wish if I could be hard into a strong rock.
I can hear their vulgar screaming.
They call it laughter and merry making.
The wet smell of bubbling wine
Make me fearful and feel void.
If ever I find to be at the far end
It may be the last rite of my life.
The be gone moment of a near death feeling
Which for centuries long ………
I swear my body amassing for nothing but death.
*************************************************

21 Aug 2014

തമോഗർത്തങ്ങളും പ്രപഞ്ചവും

വെണ്മാറനല്ലൂർ നാരായണൻ


ആ ചിത്രത്തിലേക്ക് നോക്കൂ.
ആഴമേറിയ കറുപ്പിൻ കറുകറുത്ത ഗോളം (Black hole) നടുക്ക്.
പ്രകാശ നക്ഷത്രങ്ങൾക്ക് നേർ വിപരീതം.
ആ ഗോളത്തിന് ചുറ്റും സങ്കല്പാതീത ആകർഷണ ബലം.
അകലങ്ങളിൽ നിന്ന് അടുപ്പിച്ച ധൂളികൾ അകന്ന് കുതറാൻ പ്രകാശവേഗം അടുപ്പിച്ച് ചുറ്റും കറങ്ങുന്നു.
രക്ഷയില്ലാതെ കറുത്ത ഗോളത്തിലേക്ക് ചുഴിയായി ചുഴന്ന് പതിച്ച് അപ്രത്യക്ഷമാകുന്നു.

വേഗതാ പരിധികളിൽ ഭ്രമണമാകുന്ന ചുഴിയും, നടുവിൽ ബലപരിധികളിലെ ആകർഷണവും.
വസ്തു തന്മാത്രകൾ അടിസ്ഥാന ഘടനകളിലേക്ക് പൊടിഞ്ഞ് ധൂളിയായി ഊർജ്ജ തരംഗങ്ങളായി ലയിക്കുന്നു. 

പതനത്തിന് മുൻപ് തീവ്ര പ്രകാശമായി രക്ഷപ്പെടുന്നുണ്ട് ഒരംശം.
ചുഴലുന്ന ചുഴിയുടെ ഡൈനാമോ ഇഫക്റ്റിൽ, ഭ്രമണാക്ഷ തിരശ്ചീനമായി ഇരുവശവും ധ്രൂവീകൃത(polarized) രശ്മികൾ സ്വയം ഭ്രമണമായി, ടോർച്ച് ലൈറ്റുപോലെ രക്ഷപ്പെടുന്നുണ്ട്.
വൃത്താകാര പ്രകാശ തകിടും, നടുക്ക് അക്ഷം വരയ്ക്കുന്ന രേഖയും.

കറുത്ത ഗോളത്തിനടുത്ത തലങ്ങളിൽ പ്രകാശത്തിന് പോലും രക്ഷപ്പെടാനാവില്ല.
-------------
ആകാശ സ്വഭാവങ്ങളാണിവിടെ പ്രകടമാകുന്നത്.
ജലത്തിൽ ലയിക്കാത്ത ധൂളികൾ പോലെ, ആകാശത്തിൽ കണികകളും നക്ഷത്രങ്ങളും.

ധൂളികൾ അവയുടെ ആകർഷണത്താൽ ഒന്നുചേർന്നാൽ താനേ ഭ്രമണമാകും.
നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭ്രമണത്തിലാണ്.
അടുപ്പിക്കുന്ന ആകർഷണവും, പ്രതിരോധിക്കുന്ന ഭ്രമണവും.

അവയെ സൃഷ്ടിക്കുന്ന എതോ രഹസ്യമുണ്ട് ആകാശത്തിൽ.
അതിന്നും അജ്ഞാതമാണ്.
തരംഗ സ്വഭാവങ്ങളാവാം പ്രകടമാകുന്നത്.

തരംഗങ്ങൾക്ക് (ഓളങ്ങൾക്ക്) ലളിത അടിസ്ഥാനമുണ്ട്.
ഉയരുകയും താഴുകയും ചെയ്യുന്ന ആപേക്ഷിക വിരുദ്ധത.
..... സങ്കീർണ്ണ രൂപങ്ങളുണ്ട്.
വിരുദ്ധ സമാന്തര ഭ്രമണ രൂപങ്ങളിൽ.
അവ പലതും പ്രയോജനപ്പെടുത്തുന്നുണ്ട് ഉപഗ്രഹ ടെലിവിഷൻ റേഡിയോ തരംഗങ്ങളിൽ.

കണികൾക്കുള്ളിലെ അവസ്ഥയ്ക്കും(quantum state) തരംഗസ്വഭാവമുണ്ട്.
ആകാശത്തെ ഒന്നിപ്പിക്കുന്ന തരംഗമുണ്ടാകാം, തരംഗങ്ങളുണ്ടാവാം ...
... ആകർഷണ ഭ്രമണ ഇനേർഷ്യാ ശക്തികൾക്ക് പുറകിൽ.
നമുക്കത് അദൃശ്യമായിരിക്കാം
----------------------------
തരംഗമെന്നത് ആപേക്ഷിക തലത്തിലെ ഉലച്ചിലുകളാണ്.
ആപേക്ഷിക ഉലച്ചിലുകൾ വിരുദ്ധ ധ്രൂവിതമായിരിക്കും(വൈരുദ്ധ്യാത്മകം).
(ഉയരുകയും താഴുകയും ചെയ്യുന്ന ഓളങ്ങൾ പോലെ, മുന്നാക്കവും പിന്നാക്കവും ആയുന്ന ഊഞ്ഞാലാട്ടം പോലെ)
ആകാശത്തിൽ നിലവിലായ ആപേക്ഷിക ഉലച്ചിലിൽ നിന്നാവാം, കണികകളും ആകർഷണ ശക്തിയും പ്രകടമാകുന്നത്.
ആകാശത്തെ സൃഷ്ടിക്കുന്ന കാണാനാകാത്ത ഘടന അതിന് അടിസ്ഥാനമായിട്ടുണ്ടാകാം.
അതേക്കുറിച്ചുള്ള അന്വേഷണങ്ങൾ ഹിഗ്സ്സ് കണികാ ഗവേഷണങ്ങളിലുണ്ട്.

19 Jul 2014

(അ)ക്ഷയതൃതീയ


മോഹൻ ചെറായി

        അന്നൊരു മാസാവസാന ഞായറാഴ്ചയായിരുന്നു. വരവും ചെലവുമായി കൂട്ടിമുട്ടാത്തതിൽ വിഷമിച്ച്‌ ചെലവുകൾക്കുമുകളിൽ അയാൾ വര വരച്ചുകൊണ്ടിരുന്നു. അയാളുടെ പ്രയാസങ്ങളിൽ ആയാസപ്പെടാതെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അവൾ - അയാളുടെ ഭാര്യ! വിഷയം അക്ഷയ തൃതീയ!
    അന്നു സ്വർണ്ണം വാങ്ങിയാൽ ലഭിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ച്‌, ടി.വിയിൽ ജോത്സ്യൻ പറഞ്ഞ വിവരണാതീതമായ ഭാഗ്യങ്ങളെക്കുറിച്ച്‌ അവളങ്ങനെ  ചിലച്ചുകൊണ്ടിരുന്നു.
    എല്ലാം കുറച്ചുമുമ്പേ പറഞ്ഞവ!
അവൾക്കറിയാം  ആ തനിയാവർത്തനത്തിന്റെ പ്രയോജനം.  താത്പര്യമില്ലാത്ത കാര്യങ്ങൾപോലും തനിയാവർത്തനത്തിൽ സഹികെട്ട്‌   ഒടുവിൽ അയാൾ സമ്മതിക്കും....
"ഉം. പറയ്‌ ചേട്ടാ ...... പറയ്ന്നേ..."
"ഞാൻ പറഞ്ഞില്ലേ എന്റെ കൈയ്യിൽ കാശില്ലെന്ന്‌! പലിശകൊടുക്കാൻ കാശില്ലാതെ വിഷമിക്കുമ്പോഴാ ..... "
"കാശ്‌ നമുക്ക്‌ ഉണ്ടാക്കാമെന്നേയ്‌"
"എങ്ങനെ?"
"നമുക്കീ മാല പണയം വെയ്ക്കാം!"
"അത്‌ താലിമാലയല്ലേ!!"
    ഇത്‌ കേട്ടതും തെക്കേ ചായ്പുമുറിയിൽ നിന്ന്‌ അശരീരിയുയർന്നു: "ചെയ്യും മുമ്പേ മൂന്നുവട്ടം ആലോചിക്കണം. പെൺ ചൊല്ലു കേൾക്കുന്നവർ പെരുവഴിയിലെന്നാ...." അവളുടെ നാക്ക്‌ ചൊറിഞ്ഞു. അശരീരിക്കു നേരെ തിരിഞ്ഞ അവൾ സംയമനം പാലിച്ചു. അനന്തരം അരിശത്തോടെ ഭർത്താവിന്റെ നേരെ തിരിഞ്ഞു.
    "ദേ ചേട്ടാ, എന്റെ തന്തയായിരുന്നെങ്കിൽ പണ്ടേ  ഈ മനുഷ്യനെ ഞാൻ ചവിട്ടി കൊന്നേനെ. എന്തു നല്ല കാര്യം പറഞ്ഞാലും ഉടനെ തുടങ്ങും മൊടക്കു വർത്തമാനം."
    "പോട്ടെടീ.... വയ്യാതെ കിടക്കുന്ന മനുഷ്യനല്ലേ!"
    "ഉവ്വ്‌ വയ്യായ... സർവ്വത്ര തളർന്നിട്ടും നാക്കിനുമാത്രം ഒരു തളർച്ചയുമില്ല. ശവം!!!" "പോട്ടേ....നീയിപ്പോ എന്താ പറയുന്നത്‌...... താലിമാല പണയം വച്ച്‌  പുതിയ സ്വർണ്ണം വാങ്ങണം. അത്രേല്ലേയുള്ളൂ. ശരി....... നിന്റെ  ഇഷ്ടം പോലെ ചെയ്യ്‌..."
    ഒന്നാമങ്കം അവസാനിക്കാൻ ഭാവിക്കവെ ചായ്പിൽ നിന്ന്‌ അശരീരി :
    "ഹും. പൊന്നും, പെണ്ണിനു പൊന്നിനോടുള്ള ആർത്തിയും, ആർത്തിപ്പിടിച്ച പെണ്ണിനു കീഴ്പ്പെടുന്ന ആണും ചേർന്നാൽ അക്ഷയ തൃതീയയല്ല, ക്ഷയതൃതീയയാണുണ്ടാവണത്‌."
    വീഴാൻ ഭാവിച്ചപ്പോൾ, അശരീരി കേട്ട്‌ വീഴ്ച മാറ്റിവച്ച കർട്ടൻ ഒന്നുമടിച്ച്‌ പിന്നെ പെട്ടെന്നുരുണ്ടുവീണു.
    അങ്ങനെ ഒന്നാമങ്കം അവസാനിച്ചു. അണിയറയിൽ പണയം വയ്ക്കാൻ ഫിനാൻസ്‌ സ്ഥാപനത്തിലേക്ക്‌ നടക്കുന്ന ഭാര്യയുടെ പാദപതന ശബ്ദം രണ്ടാമങ്ക തിരശ്ശീലുയർന്നു.
    ഗ്രാനൈറ്റു പതിച്ച ചവിട്ടുപടികൾ കയറി അവൾ ഗ്ലാസ്സ്‌ ഡോറിനു മുന്നിലെത്തി - വെളുത്ത യൂണിഫോറമിട്ട പാറാവുകാരൻ ഡോർ തുറന്നു. നമസ്കരിച്ചും പുഞ്ചിരിച്ചും ഒരു സുന്ദരി അവളെ സ്വീകരിച്ചപ്പോൾ അവൾ കോൾമയിർ കൊണ്ടു. താലിമാല പണയം വച്ച കാർഡിനോടൊപ്പം വച്ച പണംനിറഞ്ഞ ഹാൻഡ്ബാഗുമായി അവൾ ശീതീകരിച്ച ആ ഷോർറൂമിലേക്ക്‌ കടന്നു.
    അക്ഷയതൃതീയ പ്രമാണിച്ച്‌ അവിടെ വൻ തിരക്കായിരുന്നു. തിരക്കിന്റെ ആ തടാകത്തിൽ ഊളിയിട്ട്‌ നടന്ന്‌ ഒടുവിൽ സ്വർണ്ണവും വാങ്ങി പുറത്തു കടന്നപ്പോഴേക്ക്‌ മണിക്കൂർ നാലു കഴിഞ്ഞിരുന്നു. വീട്ടിലെത്തിയപ്പോഴോ -
    കടം വാങ്ങിയ പണം തിരിച്ചുകിട്ടാത്തതിൽ കലികയറിയ ഒരു ഉത്തമർണ്ണൻ, ഭർത്താവിനെ ഇരുത്തിപ്പൊരിക്കുന്നു. സന്ദർഭം ശ്രദ്ധിക്കാതെ സാഹ്ലാദം അവൾ ഭർത്താവിന്റെ നേരെ മൊഴിമുത്തുകളെറിഞ്ഞു:
    "ഹൗ.... എന്തുമാത്രം സെലക്ഷണാ..... നാലുമണിക്കൂർ നിന്നാലെന്താ; അവരെനിക്ക്‌  അഞ്ച്‌ ശതമാനം ഡിസ്കൗണ്ട്‌ തന്നു. സൗഭാഗ്യമാ..... അല്ലേ ചേട്ടാ...."
    തെക്കുവശത്തെ ചായ്പിൽ  നിന്ന്‌ അശരീരി.
    "അക്ഷയ ദ്വീതീയ!"
    അവളെന്തോ മുറുമുറുത്ത്‌ ചാടിത്തുള്ളി അകത്തേക്കു പോയി. ആ പോക്ക്‌ നോക്കിയിരുന്ന ശേഷം ഒരു വളിച്ച ചിരിയോടെ തിരിഞ്ഞ ഭർത്താവ്‌ കണ്ടത്‌ ഉത്തമർണ്ണന്റെ കത്തുന്ന രണ്ടു കണ്ണുകളെ ! രണ്ടാമങ്കം അവസാനിക്കുന്നതിന്റെ ഭാഗമായി താഴോട്ടു വീണ കർട്ടൻ ആ തീയിൽ വെന്തൊടുങ്ങി!! സൗഭാഗ്യത്തിനായി അവൾ കാത്തിരുന്നു. ദിവസങ്ങൾ, ആഴ്ചകൾ; പിന്നെ മാസങ്ങൾ! മാസങ്ങളങ്ങനെ നീണ്ടുപൊയ്ക്കൊണ്ടിരുന്നു. ഇതിനിടെ പണയം വച്ച മാലയുടെ പലിശയടച്ചില്ലെങ്കിൽ അത്‌ ലേലം ചെയ്യുമെന്ന അറിയിപ്പു വന്നു. സൗഭാഗ്യം  തെളിഞ്ഞില്ല! തെളിഞ്ഞുതുടങ്ങിയതാവട്ടെ സൗഭാഗ്യ സ്വർണ്ണത്തിലെ ചെമ്പ്‌! അവളുടെ നെഞ്ച്‌ പിടഞ്ഞു. സ്വയം വാങ്ങിയതായതുകൊണ്ട്‌ ഭർത്താവിനെ പഴി ചാരാനും വയ്യ!!  ചെമ്പു കൂടുതൽ തെളിഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ അവൾ ഭർത്താവിനോടു വിവരം പറഞ്ഞു.  അക്ഷയതൃതീയയിലെ അപൂർവ്വ സൗഭാഗ്യം കണ്ട്‌ അയാൾ തലയ്ക്ക്‌ കൈയും കൊടുത്തിരുന്നു.
     "നമുക്കിത്‌ മാറ്റി വാങ്ങാം. തൂക്കത്തിലോ വിലയിലോ കുറവു വരില്ലെന്ന്‌ അവിടുത്തെ സെയിൽസ്മാൻ പറഞ്ഞിട്ടുണ്ട്‌."
    "സ്വർണ്ണം പൂശിയ സ്വർണ്ണം വീണ്ടും വാങ്ങാനോ? ഇതിലും ഭേദം ഒരു ഗ്രാം തങ്കാഭരണം  വാങ്ങലാ."
    നിശബ്ദത! സമയം ഇഴഞ്ഞുനീങ്ങിയ പാടുകൾ!!
    "നമുക്കിതു വിൽക്കാം! വിലയിൽ കുറവു വരില്ലല്ലോ."
    എന്നാൽ ചേട്ടൻ കൂടിവാ"
    "അവരു പ്രശ്നം വല്ലതുമുണ്ടാക്കോ.....  നല്ല സ്വാധീനമുള്ളലവരാ"
    "നിങ്ങളൊരാണല്ലേ! ഇങ്ങനെ പേടിച്ചാലോ" എന്നാൽ പോകാം.... നീയാ ബില്ലുമെടുത്തോ"
    തെക്കേചായ്പിൽ നിന്നൊരു ചിരി. ചിരിയുടെ അവസാനം അശരീരി; 
    "ക്ഷയതൃതീത"
    വീഴാനൊരു തിരശ്ശീലയില്ലാത്തതുകൊണ്ട്‌ ബൾബുകൾ കണ്ണടച്ചു. രംഗത്ത്‌  ഇരുൾ വന്നുമൂടി
    പിന്നെ വെളിച്ചം പരക്കുമ്പോൾ-
    ജ്വല്ലറിയുടെ ശീതീകരിച്ച ഷോർറൂമിലേക്ക്‌ കടക്കുന്ന  ഭാര്യയും ഭർത്താവും. കൗണ്ടറിൽ അംഗനമാരുടെ വൻവ്യൂഹം. ആഭരണങ്ങൾ തിരിച്ചും മറിച്ചും ചിക്കിയും പലകുറിയാവർത്തിച്ചും  അവർ തങ്ങളുടെ ലോഹഭ്രാന്തു പ്രകടിപ്പിച്ചുകൊണ്ടിരുന്നു. പുഞ്ചിരിയോടെ  സ്വാഗതം ചെയ്യുന്ന സെയിൽസ്മാന്റെ മുഖം. പക്ഷെ ആഭരണം വാങ്ങാനല്ല വിൽക്കാനാണെന്നു കേട്ടപാടെ സ്വിച്ചോഫ്‌ ചെയ്തതുപോലെ അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.
"അൽപം വെയ്റ്റു ചെയ്യൂ" വെയ്റ്റു ചെയ്തു ചെയ്ത്‌ അവരുടെ വെയ്റ്റ്‌ പോയി. പുതിയ ഉപഭോക്താക്കൾ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു.
    അവഗണിക്കപ്പെട്ട്‌ മാനം കെട്ടപ്പോൾ ഭർത്താവിന്റെ ശബ്ദം അൽപം പരുഷമായി. സെയിൽസ്മാൻ പറഞ്ഞു. "പഴയ സ്വർണ്ണമെടുക്കണമെങ്കിൽ പർച്ചേസ്‌ മാനേജർ വരണം."
    പഴയ സ്വർണ്ണമെന്ന വിശേഷണം കേട്ട്‌  ഭാര്യയുടെ കണ്ണു നിറഞ്ഞു.
    ആ അദ്ഭുത ദൃശ്യം കണ്ട്‌ ഭർത്താവിന്റെ കണ്ണു തള്ളി. ഭാര്യ കരയുന്നത്‌ ആദ്യമായി കാണുകയായിരുന്നു അയാൾ.
    കാത്തുനിൽപ്പിനൊടുവിൽ അയാൾ വന്നു. മാനേജർ
    തൂക്കലും നോക്കലും കൂട്ടലും കിഴിക്കലും.... ഒടുവിൽ അയാൾ പറഞ്ഞു:
    "പൈസ നല്ലപോലെ കുറയുമല്ലോ,  പ്യൂരിറ്റി കുറവാ." സംസാരം ഭാര്യ ഏറ്റെടുത്തു. ബില്ല്‌ എടുത്ത്‌ കാണിച്ചു. പക്ഷെ മാനേജർ അടുക്കുന്നില്ല. പ്യൂരിറ്റിയില്ലാത്ത സ്വർണ്ണത്തിന്‌ ഫുൾ എമൗണ്ട്‌ നൽകാനാവില്ലത്രേ, സഹികെട്ടപ്പോൾ ഭർത്താവു  ഉറക്കെ ചോദിച്ചു.
    "നിങ്ങളുടെ കടയിൽ നിന്നു വാങ്ങിയ സ്വർണ്ണത്തിനു പരിശുദ്ധിയില്ലാത്തതിനു ഞങ്ങളാണോ ഉത്തരവാദികൾ"?
    സകല ഉപഭോക്താക്കളുടെ കണ്ണുകളും ഈ ഭർത്താവിലേക്കു തിരിയുന്നത്‌  കണ്ട്‌  പർച്ചേസ്‌ മാനേജർ അലറി. "ഇവിടെന്നെടുത്ത മാലയിങ്ങുതാടോ"
    "ഏതുമാല"
    'ങാഹാ ...... കളവിനു വന്നതാണല്ലേ! ജോയി, പോലീസിനെ വിളിയെടാ" ഭർത്താവ്‌ അന്തം വിട്ടു.
    കളി കൈവിട്ടു പോകുന്നതുകണ്ട്‌ ഭാര്യ പറഞ്ഞു:
    "പോയതു പോട്ടെ ചേട്ടാ..... നമുക്കു പോകാം."
    ഭാര്യയും ഭർത്താവും തിരിഞ്ഞു.
    "അങ്ങനെ പോകാൻ വരട്ടെ!! പോലീസു വന്നിട്ടു  പോകാം!!! അവസാന രംഗം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ സംവിധായകൻ പകച്ചുനിന്നു. കടയിൽ നടന്ന വിവരങ്ങൾ അറിയിക്കാൻ തെക്കുവശത്തെ ചായ്പിൽ പാഞ്ഞെത്തി അയൽവാസി  കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അശരീരിക്കു പകരം ഒരു  ഗദ്ഗദം ചായ്പിൽ നിന്നു പുറത്തുവന്നു:
    "പാവം എന്റെ മോൻ".

23 Apr 2014

നാളികേരം - ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവി




സിപി ജോൺ
സംസ്ഥാന പ്ലാനിംങ്ങ്‌ ബോർഡ്‌ അംഗം, തിരുവനന്തപുരം

നാളികേര ഉത്പാദനത്തിൽ കാലങ്ങളായി ഒന്നും രണ്ടും സ്ഥാനം കൈയടക്കി വച്ചിരുന്ന ഫിലിപ്പീൻസിനെയും ഇന്തോനേഷ്യയെയും പൈന്തള്ളി ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉത്പാദക രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യയുടെ പ്രതിവർഷ നാളികേര ഉത്പാദനം 1694 കോടി നാളികേരമാണ്‌. ഉത്പാദന ക്ഷമതയാകട്ടെ ഹെക്ടറിന്‌ 8900 നാളികേരവും. 1951 കളിലേയ്ക്കു തിരിഞ്ഞു നോക്കുമ്പോൾ,  നമ്മുടെ ഉത്പാദനം പ്രതിവർഷം 328 കോടി നാളികേരവും ഉത്പാദന ക്ഷമത ഹെക്ടറിന്‌ 5200 നാളികേരവും ആയിരുന്നു. നാളികേര കൃഷിയാകട്ടെ ഈ കാലഘട്ടത്തിൽ മൂന്നിരട്ടിയായി (626,000 ഹെക്ടറിൽ നിന്ന്‌ 1,895,000 ഹെക്ടർ).


ആഗോളതലത്തിൽ നോക്കുമ്പോൾ നാളികേര ഉത്പാദനത്തിൽ  ഇന്ത്യ ഒന്നാമത്‌ ആണെങ്കിലും ഉത്പ്പന്ന വൈവിധ്യവത്ക്കരണത്തിൽ നാം ഇപ്പോഴും പിന്നിലാണ്‌. ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ,വിയറ്റ്നാം തുടങ്ങിയ ആസിയാൻ രാജ്യങ്ങൾ ഭക്ഷ്യസംസ്കരണ വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിച്ച്‌ നാളികേരം എന്ന കാർഷിക ഉത്പ്പന്നത്തിൽ അതിശയകരമായ മൂല്യവർധനവാണ്‌ വരുത്തിയിരിക്കുന്നത്‌. നമ്മുടെ ഭക്ഷ്യ വിഭവശ്രേണിയിൽ അവർ വലിയ ആഘാതമാണ്‌ ഏൽപ്പിച്ചിരിക്കുന്നത്‌. നമ്മുടെ 80 ശതമാനം ഉത്പ്പാദനവും ഇപ്പോഴും പരമ്പരാഗത കൊപ്ര - വെളിച്ചെണ്ണ എന്നീ രണ്ടു ഉത്പ്പന്നങ്ങൾ കേന്ദ്രീകരിച്ചാണ്‌. എന്നാൽ വർഷം തോറും ആഗോളതലത്തിൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന 61 ബില്യൺ നാളികേരത്തിൽ 50 ശതമാനം മാത്രമാണ്‌ ഈ വഴിക്ക്‌ പോകുന്നത്‌ എന്ന്‌ നാം മനസിലാക്കണം.
ഇന്ത്യയിലെ നാളികേര ഉത്പ്പാദക സംസ്ഥാനങ്ങളിൽ തമിഴ്‌നാട്‌ മാത്രമാണ്‌ നാളികേര ഉത്പ്പാദനത്തിലും ഉത്പ്പാദന ക്ഷമതയിലും വൻ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്‌. അവരുടെ ശരാശരി ഉത്പാദന ക്ഷമത കേരളത്തിലേതിനെക്കാൾ ഏകദേശം രണ്ടിരട്ടി വരും.( അതായത്‌ കേരളത്തിൽ ഹെക്ടറിന്‌ 7900 നാളികേരം ലഭിക്കുമ്പോൾ തമിഴ്‌നാട്ടിൽ അത്‌ 15,000 ആണ്‌). കോയമ്പത്തൂരിൽ ചില കർഷകർ ഹെക്ടറിൽ 30,000 നാളികേരം വരെ ഉത്പാദിപ്പിക്കുന്നുണ്ട്‌. ഇത്‌ അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെടേണ്ടതാണ്‌, സംശയമില്ല. കർണാടകവും ആന്ധ്രയും അവരുടെ ഉത്പ്പാദനം മെച്ചപ്പെടുത്തേണ്ടതുണ്ട്‌.
നാളികേര ഉത്പ്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം ഒരു സങ്കീർണ്ണ പ്രക്രിയ തന്നെയാണ്‌. അതിന്‌  നമ്മുടെ സംസ്ഥാനത്ത്‌  നാളികേരം അസംസ്കൃത വസ്തുവായി ഉപയോഗിച്ചുകൊണ്ട്‌  ഭക്ഷ്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുതും ഇടത്തരത്തിലുള്ളതുമായ വ്യവസായ സംരംഭങ്ങളെ ഗവണ്‍മന്റു തലത്തിൽ ഏകോപിപ്പിക്കണം.
മാർക്കറ്റിൽ വളരെ  ഡിമാന്റുള്ള ഉത്പ്പന്നങ്ങളാണ്‌ നാളികേര പാലും. പാൽ പൊടിയും. തെങ്ങിന്റെ വിടരാത്ത പൂങ്കുലയിൽ നിന്ന്‌ ലഭിക്കുന്ന നീര ഉത്പാദനത്തിനും വിപണനത്തിനും ഒടുവിൽ ഗവണ്‍മന്റിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. നാളികേര കർഷകർക്ക്‌ ഒരു പക്ഷെ ഏറ്റവും അധികം വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഉൽപന്നമാണ്‌ ആൽക്കഹോൾ അശേഷമില്ലാത്ത ഈ മധുര പാനീയം. ഇത്‌ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയും നാളികേര വികസന ബോർഡു പോലുള്ള നമ്മുടെ സ്ഥാപനങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. നീരയിൽ നിന്ന്‌ നിർമ്മിക്കുന്ന മൂല്യ വർധിത ഉത്പ്പന്നമായ പാം ഷുഗറിന്‌  വലിയ വിപണന സാധ്യതയാണുള്ളത്‌. ഗ്ലൈസിമിക്‌ ഇൻഡക്സ്‌ വളരെ കുറഞ്ഞ ഈ പഞ്ചസാര പ്രമേഹ രോഗികൾക്കും ഉപയോഗിക്കാനാവുമത്രെ. അങ്ങിനെ വന്നാൽ അതു മാത്രം മതി നാളികേര മേഖല കുതിച്ചുയരാൻ. ആഗോള മദ്യ വിപണിയിൽ വൻ ഡിമാന്റ്‌ ഉള്ള മറ്റു രണ്ട്‌ ഉത്പ്പന്നങ്ങളാണ്‌ കോക്കനട്‌ വൈൻ, കോക്കനട്‌ ബ്രാൻണ്ടി എന്നിവ. പക്ഷെ ഇന്ത്യ ഇപ്പോഴും ഇത്‌ ഉത്പ്പാദിപ്പിക്കാതെ അറച്ച്‌ നിൽക്കുകയാണ്‌.  അത്‌ മനസിലാകുന്നില്ല. തെങ്ങിൻ തടി ഉപയോഗിച്ചുള്ള വ്യവസായം പോലും ഇനിയും മുന്നേറാനുണ്ട്‌.  എന്തുകൊണ്ട്‌ നമ്മുടെ എൻജിനിയറിങ്‌ കോളജുകൾ വുഡ്‌ ടെക്നോളജി എന്ന വിഷയം അവരുടെ കരിക്കുലത്തിൽ ഇനിയും ഉൾപ്പെടുത്തിയിട്ടില്ല എന്ന വസ്തുത എന്നെ അത്ഭുതപ്പെടുത്തുന്നു. എന്തു തൊഴിൽ സാധ്യതയുള്ള മേഖലയാണത്‌.


ഏറ്റവും ശ്രമകരവും തൊഴിലാളി ക്ഷാമവും അനുഭവപ്പെട്ടിരുന്ന തെങ്ങുകയറ്റം ഇന്ന്‌ അതീവ ലളിതവും  തൊഴിലാളി സുലഭവുമായി മാറിയിരിക്കുന്നു. നന്ദി പറയേണ്ടത്‌ നാളികേര വികസന ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിനാണ്‌.
കേന്ദ്ര ഗവണ്‍മന്റ്‌ നാളികേര മേഖലയ്ക്ക്‌ നൽകുന്ന വിഹിതം ആനുപാതികമായി വളരെ കുറവാണ്‌.  സംസ്ഥാനത്ത്‌ റബർ കൃഷി വ്യാപനത്തിനായി ചെലവഴിക്കുന്ന തുക പരിശോധിച്ചാൽ ഈ വിടവ്‌ മനസിലാക്കാൻ സാധിക്കും. ഒരു കാർഷിക ഉൽപന്നം എന്ന നിലയിൽ കേന്ദ്ര ഗവണ്‍മന്റ്‌ നാളികേരത്തിനു നൽകുന്ന വിഹിതം നാണ്യ വിളകളെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌. പുതിയ സാഹചര്യത്തിൽ  പരമ്പരാഗതമായ നമ്മുടെ തെങ്ങിൻ തോപ്പുകളിലെ രോഗം ബാധിച്ചതും, ഉത്പാദനം നിലച്ചതുമായ നാളികേര വൃക്ഷങ്ങൾ വെട്ടി മാറ്റി  ഉത്പ്പാദന ക്ഷമത കൂടിയ സങ്കരയിനം നാളികേര തൈകൾ നട്ടു പിടിപ്പിക്കാൻ  നാളികേര വികസന ബോർഡ്‌ തുടങ്ങിയിരിക്കുന്ന സംരംഭം വിജയിപ്പിക്കാൻ കേന്ദ്ര - സംസ്ഥാന - പ്രാദേശിക ഭരണകൂടങ്ങൾ ഒന്നിച്ചു നീങ്ങണം. കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളോടെ തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതകളെ നാളികേര മേഖലയുടെ പുരോഗതിക്കായി ഉപയോഗപ്പെടുത്താവുന്നതാണ്‌. തൃത്താല പഞ്ചായത്തുകളുടെ ഫണ്ടുകൾ ഈ മേഖലയിലേയ്ക്കു തിരിച്ചു വിട്ട്‌ പരമാവധി നേട്ടങ്ങൾ കൈവരിക്കണം.

ഭക്ഷ്യപോഷക സുരക്ഷാ മേഖലയിൽ ഏറ്റവും ഊന്നൽ നൽകാവുന്ന വൃക്ഷമാണ്‌ നാളികേരം. ശരിയായ ദിശാബോധം ഉണ്ടെങ്കിൽ രാജ്യത്തിന്റെ കാർഷിക മേഖലയുടെ കുതിപ്പിന്‌ ആക്കം കൂട്ടാൻ നാളികേരം പോലെ മറ്റൊരു ഉത്പ്പന്നം നമുക്കില്ല.

22 Mar 2014

മരുന്നുതീനികളേ, മരുന്നുകമ്പനി ഓഹരികള്‍ വാങ്ങൂ

രാംമോഹൻ പാലിയത്ത്



അമ്മയ്ക്കു പിന്നാലെ ഇളയ സഹോദരനും പ്രമേഹം (ഡയബറ്റിസ്) പിടിപെട്ടപ്പോള്‍ ഒരു മുംബൈ മലയാളി ചെയ്തത് പ്രധാനപ്പെട്ട ഡയബറ്റിസ് മരുന്നുകളുണ്ടാക്കുന്ന മൂന്ന് കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയായിരുന്നു. ഏതാനും ആയിരങ്ങള്‍ മുടക്കി 2007-ലായിരുന്നു ഈ നിക്ഷേപം.

ഇപ്പോൾ, ആറ് വര്‍ഷം കഴിഞ്ഞപ്പോൾ, ഈ മൂന്ന് ഓഹരികളിലെ നിക്ഷേപങ്ങള്‍ കൊണ്ടുമാത്രം ഇദ്ദേഹം വീണ്ടും ഒരു ലക്ഷാധിപതി ആയിരിക്കയാണ്. ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന വാര്‍ത്ത വായിച്ചിട്ടുള്ളതിനാല്‍ ഈ ഓഹരികള്‍ തത്കാലം വില്‍ക്കാനും ഇദ്ദേഹത്തിന് പരിപാടിയില്ല.

ഓഹരി നിക്ഷേപത്തിന്റെ അടിസ്ഥാനം ഇത്രയേയുള്ളൂ. അഥവാ, ഓഹരി നിക്ഷേപം റോക്കറ്റ് സയന്‍സല്ല. എന്നിട്ടും എന്തുകൊണ്ടാണ് കേരളീയര്‍ പൊതുവില്‍ ഓഹരികളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത്? ഒരു കാരണം, ഇതിനോടുള്ള പുച്ഛവും വേണ്ടത്ര അറിവില്ലായ്മയുമാണ്. ഓഹരി നിക്ഷേപം ഉത്പാദനപരമല്ല എന്നാണ് നമ്മുടെ ചില ആളുകള്‍ വാദിക്കുന്നത്. എന്നാല്‍, അന്യ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കി ലോറികളിലും ട്രെയ്‌നുകളിലും കേറി വരുന്ന സാധനങ്ങള്‍ രണ്ടു കൈയും നീട്ടി വാങ്ങിത്തിന്നാനും ദേഹത്ത് പൂശാനും ഒരു മടിയുമില്ല താനും. അത് ഉത്പപ്പാദനപരമാണോ? അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ചെയ്യാവുന്ന ഒരു കാര്യമേയുള്ളു -നമ്മളെക്കൊണ്ട് നന്നായിക്കൊണ്ടിരിക്കുന്ന ഇത്തരം കമ്പനികളുടെ ഷെയറുകള്‍ വാങ്ങി നമ്മളും ഇത്തിരി നന്നാവുക.

ഗുജറാത്തിലുണ്ടാക്കിയ ടൂത്ത് പേസ്റ്റ് വാങ്ങുന്നത് പാപമല്ലെങ്കില്‍ ആ ടൂത്ത് പേസ്റ്റ് കമ്പനിയുടെ ഷെയര്‍ വാങ്ങുന്നത് പാപമാകുന്നതെങ്ങനെ?

തന്റെ ഫ്ലാറ്റിന്റെ മുകളില്‍ താമസിക്കുന്ന ഗുജറാത്തി സുഹൃത്തുമായുള്ള സമ്പര്‍ക്കമാണ് നേരത്തെ പറഞ്ഞ മുംബൈ മലയാളിക്ക് ഓഹരി നിക്ഷേപത്തില്‍ താത്പര്യമുണ്ടാക്കിയത്. കുഞ്ഞുണ്ടായി 28-ാം ദിവസം അതിന് പാന്‍കാര്‍ഡ് എടുക്കുന്നവരാണ് മിക്കവാറും ഗുജറാത്തികള്‍.

കേരളത്തിലെ കുഞ്ഞുങ്ങളാകട്ടെ ജനിച്ച് രണ്ടാം ദിവസം തന്നെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സെറിലാക്, പാമ്പേഴ്‌സ് തുടങ്ങിയ മറുനാടന്‍ ബ്രാന്‍ഡുകളുടെ തൃപ്പാദങ്ങളില്‍ അടിമകിടത്തപ്പെടുന്നു. വലുതാകുന്തോറും ബ്രാന്‍ഡ് പേരുകള്‍ മാത്രം മാറുന്നു. ഗുജറാത്തികളും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടാവും. പക്ഷേ, ഇത്തരം പല ബഹുരാഷ്ട്ര കമ്പനികളുടെയും ഫാക്ടറികള്‍ ഗുജറാത്തില്‍ തന്നെയുണ്ട്. എന്നാല്‍ അതുമാത്രമല്ല കാര്യം, തങ്ങളെക്കൊണ്ട് നന്നാവുന്ന ഈ കമ്പനികളുടെ ഷെയറുകള്‍ വാങ്ങി ഒപ്പം തങ്ങളും നന്നാവണമെന്ന വിചാരവും ഗുജറാത്തികള്‍ക്കുണ്ട്.

തീറ്റി സാധനങ്ങൾ, മരുന്നുകൾ, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സിമന്റ് മുതല്‍ക്കുള്ള ബില്‍ഡിങ് മെറ്റീരിയല്‍സ്, വാച്ചുകള്‍, പേനകള്‍, തുണിത്തരങ്ങള്‍, ഓഫീസ്-വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, വാഹനങ്ങള്‍... ഇവയെല്ലാം വന്‍തോതില്‍ വിറ്റഴിയുന്ന സ്ഥലമാണ് നമ്മുടെ കൊച്ചു വലിയ കേരളം. ഇന്ത്യയുടെ ഉപഭോക്തൃ വിപണിയുടെ 12% ആണ് കേരളത്തിന്റെ വിഹിതമെന്ന് ജി.കെ.എസ്.എഫിനുള്ള ആശംസാ സന്ദേശത്തില്‍ നമ്മുടെ വ്യവസായ മന്ത്രി തന്നെ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെയും വിസ്തീര്‍ണത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെയും മാത്രമാണ് കേരളത്തിന്റെ പങ്ക് എന്നറിയുമ്പോഴാണ് നമ്മുടെ കണ്‍സ്യൂമറിസത്തിന്റെ വലിപ്പം മനസ്സിലാവുക. ഇതാണ് 2008 ജനവരിയില്‍ പ്രസിദ്ധീകരിച്ച 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ മുഖലേഖനത്തില്‍ കേരളത്തെ ഒരു 'ബ്രാന്‍ഡാലയം' എന്ന് വിളിക്കാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത്. ഇപ്പോള്‍, മറ്റൊരു പുതുവര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം കൂടുതല്‍ വലുതായിരിക്കുന്നു എന്ന് പറയാതെ വയ്യ. അത് ഇനിയും വലുതാവുക തന്നെ ചെയ്യും.

ഉദാഹരണത്തിന്, കൂടുതല്‍ കേരളീയര്‍ പ്രമേഹ രോഗികളാവും. കൂടുതല്‍ ഫാര്‍മ കമ്പനികള്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ കാശുവാരും. പ്രമേഹ രോഗികള്‍ക്ക്, അല്ലെങ്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക്, അത് നോക്കിനില്‍ക്കാന്‍ മാത്രമേ സാധിക്കൂ എന്ന് കരുതരുതെന്നു മാത്രം.

25 Feb 2014

രാവും പകലും


ടി. കെ. ഉണ്ണി

രാവും പകലും
പകലും രാവും
രണ്ടും ഒന്നുതന്നെ
ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയെന്നോ
ആരംഭമെന്നോ പറയാം.. 
അല്ലെങ്കിൽ
ഒടുക്കത്തിലെ തുടക്കവും
തുടക്കത്തിലെ ഒടുക്കവും
ഒരുപോലെ എന്നതിനാൽ
തുടക്കവും ഒടുക്കവും എന്നോ
ഒടുക്കവും തുടക്കവും എന്നോ
പറയാം ..! 
രാവിന്റെ വെളിച്ചം പകലിലേക്കും
പകലിന്റെ തെളിച്ചം രാവിലേക്കും
പകരുന്നു ..
പകലിലും വെളിച്ചവും തെളിച്ചവും
ഇല്ലാതെ രാവാകുന്നതും
രാവിലും തെളിച്ചവും വെളിച്ചവും
ഇല്ലാതെ പകലാവുന്നതും
സ്ഥായീഭാവം ഉള്ളതാകുന്നു .. 
അതായത്
വെളിച്ചം മാത്രമേയുള്ളൂ ...
വെളിച്ചത്തിന്റെ തെളിച്ചത്തെ 
പകലെന്നും
തെളിച്ചമില്ലാത്ത വെളിച്ചത്തെ
രാവെന്നും
നാം പറയുന്നു..! 
പക്ഷെ,
എപ്പോഴും എല്ലായ്പോഴും
വെളിച്ചം മാത്രമേയുള്ളൂ ..!
വെളിച്ചം തന്നെ
രാവും പകലും ..! 
അതിനാൽ
പകൽ ഒരു സത്യവും
രാവ് ഒരു മിഥ്യയും
ആകുന്നു..! 
========

23 Dec 2013

ഒച്ചുകള്‍ വേഗം നടക്കുന്നു


 
ഡോ.ശ്രീകല കെ .വി
ഇതു ആര്‍ക്കുവേണ്ടി എന്നറിയില്ല .
ഏതു പരകായപ്രവേശമെന്നും.

ആദ്യം വല്ല്ലാത്തൊരു പച്ച നിറമായിരുന്നു.
പിന്നെ അതു മാറി മാറി
ചുവപ്പു കൂടിയ ബ്രൌണ്‍ ആയി.

നിറത്തിലാണ്ട രണ്ടു ജീവികള്‍.
അവ്യ്ക്കു ചുറ്റും കമഴ്ത്തിയിട്ട ശബ്ദങ്ങള്‍.
എത്രയുണ്ടെന്നറിയാത്ത കോശ വിളികള്‍.

‘അവള്‍ എന്നെ സ്നേഹിക്കുന്നുണ്ടെടേ ..
ഞാന്‍ അവളേയും..‘ എന്നോടാണ്...

ഒറ്റശബ്ദം.
അത് പുറകോട്ട് നീങ്ങി നീങ്ങി പോയി.
ചക്രങ്ങള്‍ വച്ച ഒരു പെട്ടിപ്പുറത്ത് എകനായ്
അവന്‍ വലിയ വേഗതയില്‍ പിറകോട്ട് നീങ്ങി നീങ്ങി..

എന്നെ ഞാന്‍ കണ്ടത് ;
ഒരു പായല്‍ നിറഞ്ഞ ചതുപ്പു നിലത്തിന്റെ
നടുവില്‍ ഒറ്റപ്പെട്ട മരക്കുറ്റിയുടെ
മുകളില്‍ തല കുനിച്ചിരിക്കുന്നതായാണ്.

വിജനത.
കറുത്ത ആകാശം .

മല്‍ത്സ്യകുഞ്ഞുങ്ങളുടെ പുളച്ചിലില്‍ ചെറിയ വട്ടത്തിലെ ഓളങ്ങള്‍.
നനവിന്റേയോ പഴമയുടേയോ ഗന്ധം.

അടിവയറ്റില്‍ നിന്നു ആല്‍മരം പോലെ പന്തലിച്ച
സ്നേഹം ....
മരണം കവിഞ്ഞു തലയ്ക്കു ചുറ്റും.....

അവിടെ ആരും വന്നില്ല പിന്നെ.
അകലെ മനസ്സുകള്‍ കൂട്ടിയിട്ട വന്‍ മലകള്‍.

ആരുടെ?.

അവരെല്ലാം പുറം തിരിഞ്ഞു നില്‍ക്കുന്നു.
അവിടെ ഇരുന്നു എല്ലാ സൂര്യാസ്തമയങ്ങളും കണ്ടു., കണ്ടു..,

ഞാനൊരു ചെറിയ ഒച്ചായി മാറി ....
മരക്കുറ്റിയില്‍ നിന്നും നനവാര്‍ന്ന ചതുപ്പിലേയ്ക്ക് ഇഴയുകയാണ്.

ദൂരെ ഹിമാലയമുണ്ട്.
താഴെ അഗാധതയും,
മുകളില്‍ നീലിമയും.

ഒച്ചുകള്‍ നടക്കുന്നു . അവ്യ്ക്കൊപ്പം ഞാനും.

24 Nov 2013

THREE POEMS



CHANDRAMOHAN S

1.Lynched God

 Purged from the annals of history
 vestiges being excavated of
 fallen, broken, desecrated idols
 entombed in violent memorials like Pokhran-II.

 Tales of a great soul
 lost in translation
 from Pali to Sanskrit
 scores of viharas
 spiritually usurped
 by vedic hymns.

 Bullets from saffron terrorists
 burned Bamiyans holes
 in pages of medieval Indian history
 tales of the vanquished race
 erased from the fables agreed upon.

 People of our race seek refuge,
 in a lankan island,
 like Chiang Kai Shek's defeated army in Taiwan.

 He used to meditate in
 three posters
 Padmasana, Abhaya, bhumisparsa
 but before lynching
 he lined up to the guillotine in Pranama posture.

 He descended down
 into the collective conscience of a
 a society as just one of the zillions of deities
 without a capital first letter
 India has become Brobdingnag for him,
 the miniature Gulliver among saffron gods and goddesses.

 In Malaysia
 he occasionally gets his due
 in a giant prostate deity
 as giant Gulliver in the land of Lilliput.

 His autobiography
 diluted
 divided
 deviated
 now sold as saffron history textbooks
 twice born editor
 refused to acknowledging the ghost writer.

 First global Indian
 almost has an NRI status now.




  2.Beads around the bosoms

 A chain of beads
 around the bare breasts of our eves
 a grim reminder
 of lynching of our god




3.Love Letter from Dame- Anglo Saxon
I am dame,
a daughter of the white man,
have no penis envy
a symphony on the tongue of a universal man
for all my suitors
I open a window of opportunity
to conquer the global village.
I help you proclaim to the world
who you are..
a queer can “come out”,
my nerve endings are named Sappho,Virginia Wolf
ignore my white skin..
I am not averse to the color purple
You can discard the garment that ties both of your legs into one.
come seduce me..
kiss me..
Your suppressed voices will sprout tongues!
I have estuaries of streams
in the delta of my Venus.
come
swim through them
from the margins to the mainstream.
I love inter racial love making.

Come
Invade my inner space
Broaden your horizons
encrypt your stories
in the breeze emanating from my tresses
You can reclaim the center
that holds
even when “Things fall apart”(1)
in the “Heart of darkness”(2)
You can cast yourself anew
Shed a tainted skin ,
drape in a camouflage
and be naked again..
1 Name of Chinua Achebe novel that tries to reclaim African sensibility from that of an Eurocentric
one..
2 Joseph Conrad's novel “The heart of darkness” which denigrates African humanity.

23 Oct 2013

ജന്മം

ടി.കെ.ഉണ്ണി


ഉദകപ്പോളക്കുള്ളിലെ നെയ്ത്തിരി
പാതിവെന്ത വെളിച്ചം പോലെ.!
ആരോ പെറ്റിട്ടുപോയ ശാപത്തിന്ന്
കണ്ണോക്ക് പാടാനെത്തിയ മൂങ്ങ
ജന്മമെന്നതൊരു പാഴ്വാക്ക്.! 

ആറടി മണ്ണും അരിയിട്ടുവാഴ്ചയും
അഗതികൾക്കില്ലാത്തൊരാർഭാടം
ഏറ്റുവാങ്ങുകിലതുഭേദമെന്നുരചെയ്‌വോർ..
അരചനാവുന്നതോ, യിന്നെന്റെ മേനി.!
ജന്മമെന്നതൊരു പാഴ്വാക്ക്.!

നെഞ്ചൂറ്റിയെടുത്തകന്നവരൊട്ടനേകം
നഞ്ഞകത്താക്കിത്തന്നവരതിലധികം
ജരാനരകളകറ്റാൻ
തൃഷ്ണകൾ അളക്കാൻ
കാമനകളൊരുക്കാൻ
വാതായനങ്ങളടച്ച്
കോരിയെടുത്തവരെന്റെ ജന്മം..
ജന്മമെന്നതൊരു പാഴ്വാക്ക്.!

തളിർത്തതും പൂത്തതും
വിരിഞ്ഞതും കരിഞ്ഞതും
പൊഴിഞ്ഞതും പറന്നതും
എല്ലാമെല്ലാം പാഴ്വാക്കുകൾ.
ജന്മങ്ങളെല്ലാം പാഴ്വാക്കുകൾ.!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...