19 Jul 2014

(അ)ക്ഷയതൃതീയ


മോഹൻ ചെറായി

        അന്നൊരു മാസാവസാന ഞായറാഴ്ചയായിരുന്നു. വരവും ചെലവുമായി കൂട്ടിമുട്ടാത്തതിൽ വിഷമിച്ച്‌ ചെലവുകൾക്കുമുകളിൽ അയാൾ വര വരച്ചുകൊണ്ടിരുന്നു. അയാളുടെ പ്രയാസങ്ങളിൽ ആയാസപ്പെടാതെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അവൾ - അയാളുടെ ഭാര്യ! വിഷയം അക്ഷയ തൃതീയ!
    അന്നു സ്വർണ്ണം വാങ്ങിയാൽ ലഭിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ച്‌, ടി.വിയിൽ ജോത്സ്യൻ പറഞ്ഞ വിവരണാതീതമായ ഭാഗ്യങ്ങളെക്കുറിച്ച്‌ അവളങ്ങനെ  ചിലച്ചുകൊണ്ടിരുന്നു.
    എല്ലാം കുറച്ചുമുമ്പേ പറഞ്ഞവ!
അവൾക്കറിയാം  ആ തനിയാവർത്തനത്തിന്റെ പ്രയോജനം.  താത്പര്യമില്ലാത്ത കാര്യങ്ങൾപോലും തനിയാവർത്തനത്തിൽ സഹികെട്ട്‌   ഒടുവിൽ അയാൾ സമ്മതിക്കും....
"ഉം. പറയ്‌ ചേട്ടാ ...... പറയ്ന്നേ..."
"ഞാൻ പറഞ്ഞില്ലേ എന്റെ കൈയ്യിൽ കാശില്ലെന്ന്‌! പലിശകൊടുക്കാൻ കാശില്ലാതെ വിഷമിക്കുമ്പോഴാ ..... "
"കാശ്‌ നമുക്ക്‌ ഉണ്ടാക്കാമെന്നേയ്‌"
"എങ്ങനെ?"
"നമുക്കീ മാല പണയം വെയ്ക്കാം!"
"അത്‌ താലിമാലയല്ലേ!!"
    ഇത്‌ കേട്ടതും തെക്കേ ചായ്പുമുറിയിൽ നിന്ന്‌ അശരീരിയുയർന്നു: "ചെയ്യും മുമ്പേ മൂന്നുവട്ടം ആലോചിക്കണം. പെൺ ചൊല്ലു കേൾക്കുന്നവർ പെരുവഴിയിലെന്നാ...." അവളുടെ നാക്ക്‌ ചൊറിഞ്ഞു. അശരീരിക്കു നേരെ തിരിഞ്ഞ അവൾ സംയമനം പാലിച്ചു. അനന്തരം അരിശത്തോടെ ഭർത്താവിന്റെ നേരെ തിരിഞ്ഞു.
    "ദേ ചേട്ടാ, എന്റെ തന്തയായിരുന്നെങ്കിൽ പണ്ടേ  ഈ മനുഷ്യനെ ഞാൻ ചവിട്ടി കൊന്നേനെ. എന്തു നല്ല കാര്യം പറഞ്ഞാലും ഉടനെ തുടങ്ങും മൊടക്കു വർത്തമാനം."
    "പോട്ടെടീ.... വയ്യാതെ കിടക്കുന്ന മനുഷ്യനല്ലേ!"
    "ഉവ്വ്‌ വയ്യായ... സർവ്വത്ര തളർന്നിട്ടും നാക്കിനുമാത്രം ഒരു തളർച്ചയുമില്ല. ശവം!!!" "പോട്ടേ....നീയിപ്പോ എന്താ പറയുന്നത്‌...... താലിമാല പണയം വച്ച്‌  പുതിയ സ്വർണ്ണം വാങ്ങണം. അത്രേല്ലേയുള്ളൂ. ശരി....... നിന്റെ  ഇഷ്ടം പോലെ ചെയ്യ്‌..."
    ഒന്നാമങ്കം അവസാനിക്കാൻ ഭാവിക്കവെ ചായ്പിൽ നിന്ന്‌ അശരീരി :
    "ഹും. പൊന്നും, പെണ്ണിനു പൊന്നിനോടുള്ള ആർത്തിയും, ആർത്തിപ്പിടിച്ച പെണ്ണിനു കീഴ്പ്പെടുന്ന ആണും ചേർന്നാൽ അക്ഷയ തൃതീയയല്ല, ക്ഷയതൃതീയയാണുണ്ടാവണത്‌."
    വീഴാൻ ഭാവിച്ചപ്പോൾ, അശരീരി കേട്ട്‌ വീഴ്ച മാറ്റിവച്ച കർട്ടൻ ഒന്നുമടിച്ച്‌ പിന്നെ പെട്ടെന്നുരുണ്ടുവീണു.
    അങ്ങനെ ഒന്നാമങ്കം അവസാനിച്ചു. അണിയറയിൽ പണയം വയ്ക്കാൻ ഫിനാൻസ്‌ സ്ഥാപനത്തിലേക്ക്‌ നടക്കുന്ന ഭാര്യയുടെ പാദപതന ശബ്ദം രണ്ടാമങ്ക തിരശ്ശീലുയർന്നു.
    ഗ്രാനൈറ്റു പതിച്ച ചവിട്ടുപടികൾ കയറി അവൾ ഗ്ലാസ്സ്‌ ഡോറിനു മുന്നിലെത്തി - വെളുത്ത യൂണിഫോറമിട്ട പാറാവുകാരൻ ഡോർ തുറന്നു. നമസ്കരിച്ചും പുഞ്ചിരിച്ചും ഒരു സുന്ദരി അവളെ സ്വീകരിച്ചപ്പോൾ അവൾ കോൾമയിർ കൊണ്ടു. താലിമാല പണയം വച്ച കാർഡിനോടൊപ്പം വച്ച പണംനിറഞ്ഞ ഹാൻഡ്ബാഗുമായി അവൾ ശീതീകരിച്ച ആ ഷോർറൂമിലേക്ക്‌ കടന്നു.
    അക്ഷയതൃതീയ പ്രമാണിച്ച്‌ അവിടെ വൻ തിരക്കായിരുന്നു. തിരക്കിന്റെ ആ തടാകത്തിൽ ഊളിയിട്ട്‌ നടന്ന്‌ ഒടുവിൽ സ്വർണ്ണവും വാങ്ങി പുറത്തു കടന്നപ്പോഴേക്ക്‌ മണിക്കൂർ നാലു കഴിഞ്ഞിരുന്നു. വീട്ടിലെത്തിയപ്പോഴോ -
    കടം വാങ്ങിയ പണം തിരിച്ചുകിട്ടാത്തതിൽ കലികയറിയ ഒരു ഉത്തമർണ്ണൻ, ഭർത്താവിനെ ഇരുത്തിപ്പൊരിക്കുന്നു. സന്ദർഭം ശ്രദ്ധിക്കാതെ സാഹ്ലാദം അവൾ ഭർത്താവിന്റെ നേരെ മൊഴിമുത്തുകളെറിഞ്ഞു:
    "ഹൗ.... എന്തുമാത്രം സെലക്ഷണാ..... നാലുമണിക്കൂർ നിന്നാലെന്താ; അവരെനിക്ക്‌  അഞ്ച്‌ ശതമാനം ഡിസ്കൗണ്ട്‌ തന്നു. സൗഭാഗ്യമാ..... അല്ലേ ചേട്ടാ...."
    തെക്കുവശത്തെ ചായ്പിൽ  നിന്ന്‌ അശരീരി.
    "അക്ഷയ ദ്വീതീയ!"
    അവളെന്തോ മുറുമുറുത്ത്‌ ചാടിത്തുള്ളി അകത്തേക്കു പോയി. ആ പോക്ക്‌ നോക്കിയിരുന്ന ശേഷം ഒരു വളിച്ച ചിരിയോടെ തിരിഞ്ഞ ഭർത്താവ്‌ കണ്ടത്‌ ഉത്തമർണ്ണന്റെ കത്തുന്ന രണ്ടു കണ്ണുകളെ ! രണ്ടാമങ്കം അവസാനിക്കുന്നതിന്റെ ഭാഗമായി താഴോട്ടു വീണ കർട്ടൻ ആ തീയിൽ വെന്തൊടുങ്ങി!! സൗഭാഗ്യത്തിനായി അവൾ കാത്തിരുന്നു. ദിവസങ്ങൾ, ആഴ്ചകൾ; പിന്നെ മാസങ്ങൾ! മാസങ്ങളങ്ങനെ നീണ്ടുപൊയ്ക്കൊണ്ടിരുന്നു. ഇതിനിടെ പണയം വച്ച മാലയുടെ പലിശയടച്ചില്ലെങ്കിൽ അത്‌ ലേലം ചെയ്യുമെന്ന അറിയിപ്പു വന്നു. സൗഭാഗ്യം  തെളിഞ്ഞില്ല! തെളിഞ്ഞുതുടങ്ങിയതാവട്ടെ സൗഭാഗ്യ സ്വർണ്ണത്തിലെ ചെമ്പ്‌! അവളുടെ നെഞ്ച്‌ പിടഞ്ഞു. സ്വയം വാങ്ങിയതായതുകൊണ്ട്‌ ഭർത്താവിനെ പഴി ചാരാനും വയ്യ!!  ചെമ്പു കൂടുതൽ തെളിഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ അവൾ ഭർത്താവിനോടു വിവരം പറഞ്ഞു.  അക്ഷയതൃതീയയിലെ അപൂർവ്വ സൗഭാഗ്യം കണ്ട്‌ അയാൾ തലയ്ക്ക്‌ കൈയും കൊടുത്തിരുന്നു.
     "നമുക്കിത്‌ മാറ്റി വാങ്ങാം. തൂക്കത്തിലോ വിലയിലോ കുറവു വരില്ലെന്ന്‌ അവിടുത്തെ സെയിൽസ്മാൻ പറഞ്ഞിട്ടുണ്ട്‌."
    "സ്വർണ്ണം പൂശിയ സ്വർണ്ണം വീണ്ടും വാങ്ങാനോ? ഇതിലും ഭേദം ഒരു ഗ്രാം തങ്കാഭരണം  വാങ്ങലാ."
    നിശബ്ദത! സമയം ഇഴഞ്ഞുനീങ്ങിയ പാടുകൾ!!
    "നമുക്കിതു വിൽക്കാം! വിലയിൽ കുറവു വരില്ലല്ലോ."
    എന്നാൽ ചേട്ടൻ കൂടിവാ"
    "അവരു പ്രശ്നം വല്ലതുമുണ്ടാക്കോ.....  നല്ല സ്വാധീനമുള്ളലവരാ"
    "നിങ്ങളൊരാണല്ലേ! ഇങ്ങനെ പേടിച്ചാലോ" എന്നാൽ പോകാം.... നീയാ ബില്ലുമെടുത്തോ"
    തെക്കേചായ്പിൽ നിന്നൊരു ചിരി. ചിരിയുടെ അവസാനം അശരീരി; 
    "ക്ഷയതൃതീത"
    വീഴാനൊരു തിരശ്ശീലയില്ലാത്തതുകൊണ്ട്‌ ബൾബുകൾ കണ്ണടച്ചു. രംഗത്ത്‌  ഇരുൾ വന്നുമൂടി
    പിന്നെ വെളിച്ചം പരക്കുമ്പോൾ-
    ജ്വല്ലറിയുടെ ശീതീകരിച്ച ഷോർറൂമിലേക്ക്‌ കടക്കുന്ന  ഭാര്യയും ഭർത്താവും. കൗണ്ടറിൽ അംഗനമാരുടെ വൻവ്യൂഹം. ആഭരണങ്ങൾ തിരിച്ചും മറിച്ചും ചിക്കിയും പലകുറിയാവർത്തിച്ചും  അവർ തങ്ങളുടെ ലോഹഭ്രാന്തു പ്രകടിപ്പിച്ചുകൊണ്ടിരുന്നു. പുഞ്ചിരിയോടെ  സ്വാഗതം ചെയ്യുന്ന സെയിൽസ്മാന്റെ മുഖം. പക്ഷെ ആഭരണം വാങ്ങാനല്ല വിൽക്കാനാണെന്നു കേട്ടപാടെ സ്വിച്ചോഫ്‌ ചെയ്തതുപോലെ അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.
"അൽപം വെയ്റ്റു ചെയ്യൂ" വെയ്റ്റു ചെയ്തു ചെയ്ത്‌ അവരുടെ വെയ്റ്റ്‌ പോയി. പുതിയ ഉപഭോക്താക്കൾ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു.
    അവഗണിക്കപ്പെട്ട്‌ മാനം കെട്ടപ്പോൾ ഭർത്താവിന്റെ ശബ്ദം അൽപം പരുഷമായി. സെയിൽസ്മാൻ പറഞ്ഞു. "പഴയ സ്വർണ്ണമെടുക്കണമെങ്കിൽ പർച്ചേസ്‌ മാനേജർ വരണം."
    പഴയ സ്വർണ്ണമെന്ന വിശേഷണം കേട്ട്‌  ഭാര്യയുടെ കണ്ണു നിറഞ്ഞു.
    ആ അദ്ഭുത ദൃശ്യം കണ്ട്‌ ഭർത്താവിന്റെ കണ്ണു തള്ളി. ഭാര്യ കരയുന്നത്‌ ആദ്യമായി കാണുകയായിരുന്നു അയാൾ.
    കാത്തുനിൽപ്പിനൊടുവിൽ അയാൾ വന്നു. മാനേജർ
    തൂക്കലും നോക്കലും കൂട്ടലും കിഴിക്കലും.... ഒടുവിൽ അയാൾ പറഞ്ഞു:
    "പൈസ നല്ലപോലെ കുറയുമല്ലോ,  പ്യൂരിറ്റി കുറവാ." സംസാരം ഭാര്യ ഏറ്റെടുത്തു. ബില്ല്‌ എടുത്ത്‌ കാണിച്ചു. പക്ഷെ മാനേജർ അടുക്കുന്നില്ല. പ്യൂരിറ്റിയില്ലാത്ത സ്വർണ്ണത്തിന്‌ ഫുൾ എമൗണ്ട്‌ നൽകാനാവില്ലത്രേ, സഹികെട്ടപ്പോൾ ഭർത്താവു  ഉറക്കെ ചോദിച്ചു.
    "നിങ്ങളുടെ കടയിൽ നിന്നു വാങ്ങിയ സ്വർണ്ണത്തിനു പരിശുദ്ധിയില്ലാത്തതിനു ഞങ്ങളാണോ ഉത്തരവാദികൾ"?
    സകല ഉപഭോക്താക്കളുടെ കണ്ണുകളും ഈ ഭർത്താവിലേക്കു തിരിയുന്നത്‌  കണ്ട്‌  പർച്ചേസ്‌ മാനേജർ അലറി. "ഇവിടെന്നെടുത്ത മാലയിങ്ങുതാടോ"
    "ഏതുമാല"
    'ങാഹാ ...... കളവിനു വന്നതാണല്ലേ! ജോയി, പോലീസിനെ വിളിയെടാ" ഭർത്താവ്‌ അന്തം വിട്ടു.
    കളി കൈവിട്ടു പോകുന്നതുകണ്ട്‌ ഭാര്യ പറഞ്ഞു:
    "പോയതു പോട്ടെ ചേട്ടാ..... നമുക്കു പോകാം."
    ഭാര്യയും ഭർത്താവും തിരിഞ്ഞു.
    "അങ്ങനെ പോകാൻ വരട്ടെ!! പോലീസു വന്നിട്ടു  പോകാം!!! അവസാന രംഗം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ സംവിധായകൻ പകച്ചുനിന്നു. കടയിൽ നടന്ന വിവരങ്ങൾ അറിയിക്കാൻ തെക്കുവശത്തെ ചായ്പിൽ പാഞ്ഞെത്തി അയൽവാസി  കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അശരീരിക്കു പകരം ഒരു  ഗദ്ഗദം ചായ്പിൽ നിന്നു പുറത്തുവന്നു:
    "പാവം എന്റെ മോൻ".

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...