ശിവപ്രസാദ് താനൂർ കരിപിടിച്ചുറച്ച ചുമര് അരഞ്ഞുതേഞ്ഞ അമ്മി വീതനത്തിണ്ണയിൽ കെട്ടും കെടാതെയും പാട്ട വിളക്ക്. ഉപ്പുമാങ്ങ നിറച്ച ചീനഭരണി, നനഞ്ഞ വിറക്് ഊതിയൂതി കനലെരിച്ച് നെഞ്ചെരിച്ച് കരിവാളിച്ച മുഖവുമായി അമ്മ..... സ്നേഹത്തിന്റെ സഹനത്തിന്റെ സാന്ത്വനത്തിന്റെ ആൾരൂപം............ സാരിത്തുമ്പ് - അഭയ കേന്ദ്രം. ഇതായിരുന്നു.......അടുക്കള. പാളപിരിച്ചുടച്ചു തീർത്ത തെരികയിൽ അടച്ചുവെച്ച കുഞ്ഞുപാത്രം. അതിൽ എപ്പോഴും ബാക്കി ഒരു പിടി വറ്റ്............... മക്കൾക്ക് . ഇന്ന് മാർബിളുകൾ തീർത്ത കിച്ചൺ മൈക്രോ വേവ് ഓവൺ മുഖത്ത് ചായം തേച്ച വേലക്കാരി. ചൈനീസ് ഭക്ഷണത്തിന്റെ പിടികിട്ടാത്ത ഗന്ധം എൽ ഇ ഡി ബൾബുകൾ നിറം മാറ്റിയ ഭക്ഷണം പുതിയ റസിപ്പിക്കായുള്ള അന്വേഷണം........ അവശേഷിക്കുന്നവ സൂക്ഷിക്കാൻ ഫ്രിഡ്ജെന്ന മോർച്ചറി. ഇന്നും അടുക്കളകൾ ഉണ്ട് : അമ്മയില്ലാത്ത കിച്ചണുകളായി...... |
Showing posts with label sivaprasad thanur. Show all posts
Showing posts with label sivaprasad thanur. Show all posts
19 Oct 2014
അടുക്കള
24 Nov 2013
ലുനാറ്റിക് അസെയിലം
ശിവപ്രസാദ് താനൂർ
അമ്മ അയാൾക്ക് ഒരു ദൗർബല്ല്യമായിരുന്നു. വിവാഹം കഴിഞ്ഞ സഹോദരി ഭർത്താവിനൊപ്പം അയർലന്റിൽ താമസമാക്കിയപ്പോൾ അയാളും അമ്മയും മാത്രമായി തറവാട്ടിൽ. അമ്മയുടെ സർവ്വകാര്യങ്ങളും ശ്രദ്ധാപൂർവ്വം നോക്കി നടത്തി അയാൾ. എണ്ണ, കുഴമ്പ്, കുളി, തേവാരം തുടങ്ങി എല്ലാ ശുശ്രൂഷകളും ചിട്ടപോലെ നടത്തിപ്പോന്നു. പ്രായത്തിന്റെ അസ്ക്യത അമ്മയെ അലട്ടരുതെന്ന് അയാൾക്ക് നിർബന്ധമായിരുന്നു.
ഇതിനിടയിലാണ് സഹോദരിയുടെ അറിയിപ്പ് : " അമ്മ കുറച്ച് ദിവസം ഇവിടെ അയർലന്റിൽ ഞങ്ങളുടെ കൂടെ നിൽക്കട്ടെ. എന്റെ പ്രസവം അടുത്തിരിക്കുന്നു. ചേട്ടനാണെങ്കിൽ ഇവിടെ തിരക്കോട് തിരക്കാണ്. പ്രസവം കഴിഞ്ഞാലുടൻ എനിക്കു തിരികെ ജോലിയിൽ പ്രവേശിക്കുകയും വേണം. അതുമല്ല അയർലന്റ് കാണാനുള്ള ഒരു മഹാഭാഗ്യം കൂടിയല്ലേ നമ്മുടെ അമ്മയ്ക്ക് കൈവന്നിരിക്കുന്നത്. അതുകൊണ്ട് യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയിരിക്കണം ....... "
അമ്മയ്ക്ക് ഏറെ സന്തോഷമായി. വിമാനത്തിൽ കയറാമല്ലോ. അയർലന്റ് കാണാമല്ലോ. വിദേശികളെ അറിയാമല്ലോ. അയർലന്റിലെത്താൻ അമ്മയ്ക്ക് തിടുക്കമായി.
മകൻ ആകെ ധർമ്മസങ്കടത്തിലായി. എന്തു ചെയ്യും ?. അവിടെ ആകെ തണുത്ത കാലാവസ്ഥയാണ്. ശരീര സുഖമില്ലാത്ത അമ്മയെ വീട്ടുവേലയ്ക്കാണ് കൊണ്ടുപോകുന്നത്. വിദേശങ്ങളിൽ ആയയ്ക്കുള്ള ശമ്പളം ഭീമമാണ്. ആ കാശ് ലാഭിക്കാനുള്ള ഒരു അടവാണിത്. പക്ഷേ ഇതൊന്നും പറഞ്ഞാൽ അമ്മയ്ക്ക് മനസ്സിലാവില്ല. മകൾ അത്രമാത്രം അമ്മയെ പറഞ്ഞ് പ്രലോഭിപ്പിച്ചിരിക്കുന്നു.
അടുത്ത ദിവസം തന്നെ മകളുടെ ഭർത്താവ് അമ്മയെ കൊണ്ടുപോകാനായി വന്നു. എന്തായാലും പോയിട്ട് വരട്ടെ. അയാൾ യാത്രയ്ക്കുള്ള എല്ലാ ഏർപ്പാടുകളും ചെയ്തുകൊടുത്തു. എണ്ണ, കുഴമ്പ്, രാസ്നാദി തുടങ്ങി പനി വരാതിരിക്കാനുള്ള മരുന്ന്, ഇനി പനി വന്നാൽ കഴിക്കാനുള്ള മരുന്ന് തുടങ്ങി അമ്മക്ക് വേണ്ടതായ എല്ലാ സാധന സാമഗ്രികളുമായി നിറഞ്ഞ മിഴികളോടെ അമ്മയെ യാത്രയാക്കി.
അയർലന്റിൽ ചെന്നിറങ്ങിയ അമ്മ വേറെ ഏതോ ലോകത്ത് എത്തിയ അവസ്ഥയിലായിരുന്നു. മകളുടെ വേഷവിധാനം കണ്ട് ഒന്നു പകച്ചെങ്കിലും വേഷം നമ്മുടെ നാട്ടുകാരൊന്നും കാണുന്നില്ലല്ലോ എന്ന് സമാധാനിച്ച് മൗനം ഭജിച്ചു.
ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവവും മറ്റു കാര്യങ്ങളും കഴിഞ്ഞ് അവർ ഫ്ലാറ്റിൽ തിരിച്ചെത്തി. പിറ്റേന്നു തന്നെ മകൾ ജോലിക്ക് പോകാൻ തുടങ്ങി. അമ്മ മകളെ ആവുന്നത്ര ഉപദേശിച്ചു. " മോളേ .... മൂന്ന് മാസമെങ്കിലും പ്രസവ ശുശ്രൂഷ നടത്തണം". മകൾക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല. "അമ്മേ, ഇത് നമ്മുടെ നാടല്ല. ഞാൻ കൂടി ജോലി ചെയ്തിട്ടാണ് ഈ ഫ്ലാറ്റ് വാങ്ങിയത്. ഇനിയും പണം സമ്പാദിക്കണമെങ്കിൽ ഇവിടെ ഇരുന്നാൽ കഴിയില്ല. ചേട്ടൻ ഒട്ടും വിശ്രമമില്ലാതെ അലയുന്നത് അമ്മ കാണുന്നില്ലേ. അമ്മ അതൊന്നും ആലോചിച്ച് തല പുണ്ണാക്കേണ്ട. കുഞ്ഞിന് ഈ കുപ്പി പാലും കൊടുത്ത് ഇവിടെ ഇരുന്നാൽ മതി. തണുപ്പ് കൂടിയാൽ മുറിയിലെ ഹീറ്ററിന്റെ സ്വിച്ച് അമർത്തിയാൽ മതി. ആവശ്യത്തിന് ചൂടായാൽ ഓഫാക്കിക്കോളൂ". മകളിൽ വന്നു ഭവിച്ച മാറ്റമോർത്ത് ആ അമ്മ ഒരു നിമിഷം അന്ധാളിച്ചു നിന്നു.
അമ്മയ്ക്ക് ഹീറ്റർ ഓഫാക്കാനേ കഴിഞ്ഞില്ല. കാരണം തണുപ്പ് ശരീരമാകെ തളർത്തുന്നു. കുഞ്ഞ് കരഞ്ഞ് ബഹളമുണ്ടാക്കുന്നു. കുഞ്ഞിന് ചൂട് പറ്റുന്നില്ല ഹീറ്റർ ഓഫാക്കിയാൽ അമ്മ തണുത്ത് വിറക്കുന്നു. ഇപ്പോൾ അയർലന്റിൽ നല്ല കാലാവസ്ഥയാണെന്നാണ് മരുമകൻ പറഞ്ഞത്. ഈ അവസ്ഥയിൽ ഇത്ര തണുപ്പാണെങ്കിൽ തണുപ്പ് കാലത്തിന്റെ അവസ്ഥയോർത്ത് ആ അമ്മയുടെ ഉള്ള് പിടഞ്ഞു. കുളിയും തേവാരവും മുടങ്ങി. എണ്ണതേപ്പും കുഴമ്പ് തേപ്പും അവസാനിച്ചു. വീട്ടുജോലിയും കുഞ്ഞിനെ ശുശ്രൂഷിക്കലുമായി ആ അമ്മ ശരിക്കും ആയയായി മാറി.
മകളും മരുമകനും ടൂറുകളും മറ്റുമായി ഓടി നടന്നു. കുഞ്ഞിനെ ശരിക്കൊന്ന് നോക്കുക പോലും ചെയ്യുന്നില്ല. അമ്മയെ കണ്ട ഭാവം നടിക്കുന്നില്ല. വല്ലതും കഴിച്ചോ എന്ന് ആരായുന്നില്ല. ജോലി കഴിഞ്ഞ് അസമയങ്ങളിലൊക്കെ കയറി വരുന്ന അവർ എന്തെങ്കിലും ഭക്ഷണപ്പൊതി അമ്മയ്ക്ക് നീട്ടും. ആ പൊതിയുടെ ദുർഗന്ധം അമ്മയ്ക്ക് സഹിക്കാൻ പറ്റാത്തത്തായി. പൊടിയരിക്കഞ്ഞിയുടേയും ചക്കപ്പുഴുക്കിന്റേയും കടുമാങ്ങ അച്ചാറിന്റേയും കൂടെ മകന്റെ സ്നേഹം കൂട്ടിയുള്ള ഭക്ഷണം കഴിക്കാൻ ആ അമ്മയ്ക്ക് കൊതിയായി. ശരീരവും മനസ്സും നുറുങ്ങുന്ന വേദനയോടെ അമ്മ അപേക്ഷിച്ചു. " എനിക്ക് എന്റെ മകനോട് ഒന്ന് സംസാരിക്കണം. ആ ഫോൺ ഒന്ന് തന്നാൽ മതി". അമ്മയുടെ അപേക്ഷ അവർ നിരസിച്ചു. അമ്മയ്ക്കിവിടെ പരമസുഖമാണെന്നും അമ്മ സന്തോഷത്തിന്റെ പാരമ്യതയിലാണെന്നും അവർ മകനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ഒന്നും ഉരിയാടാൻ അമ്മക്ക് അനുവാദമുണ്ടായില്ല. എന്തെങ്കിലും പറയാൻ ഭാവിച്ചാൽ തന്നെ മരുമകന്റെ ശബ്ദം ഉയരും. "അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോളണം- നിങ്ങളെക്കൊണ്ട് ഞങ്ങൾക്ക് നഷ്ടമേ ഉള്ളൂ. ർറൂമിലെ ഹീറ്റർ ഒരു മിനുട്ട് ഓഫാക്കുന്നുണ്ടോ ?. കറന്റ് ചാർജ്ജ് എത്രയായെന്നറിയോ ? ഇതൊക്കെ ഞാൻ സഹിക്കുന്നത് എന്റെ ഭാര്യയുടെ അമ്മയാണെന്ന് കരുതിയാണ്."
ഒരു തറവാട്ടിലെ മുതിർന്നവളായി സ്നേഹത്തോടെ ആജ്ഞാപിക്കുകയും അനുസരിപ്പിക്കുകയും ചെയ്തിരുന്ന ആ അമ്മ മാനസികമായി ആകെ തളർന്നു. ഫ്ലാറ്റിന്റെ ഒരു കോണിൽ അവർ മൂടിപ്പുതച്ച് കിടന്നു. കുഞ്ഞിനെ നോക്കാനോ സ്വന്തം കാര്യങ്ങൾക്കോ അവർക്ക് കഴിയാതായി. മനോനില തകർന്ന അവർ എന്തൊക്കെയോ മന്ത്രിച്ചുകൊണ്ടിരുന്നു.
നിവൃത്തിയില്ലാതായപ്പോൾ മകളും മരുമകനും കൂടി അമ്മയെ ആശുപത്രിയിലാക്കി. ഡോക്ടറുടെ മരുന്നുകൾക്കൊന്നും അവരുടെ രോഗത്തെ ശമിപ്പിക്കാനായില്ല. അവസാനം മകൾ നാട്ടിലെ സഹോദരനെ ഫോണിൽ വിളിച്ചു. അമ്മയ്ക്ക് എന്തോ ശരീരത്തിന് സുഖമില്ല. ഹോസ്പിറ്റലിലാണ്. എന്നു മാത്രം അറിയിച്ചു.
മറ്റൊന്നും ആലോചിയ്ക്കാതെ അയർലന്റിലേക്ക് പോകാനുള്ള ശ്രമം അയാൾ ആരംഭിച്ചു. ദിവസങ്ങൾക്കുള്ളിൽ ആയാൾ ആശുപത്രിയിലെത്തി. അമ്മയുടെ പേക്കോലം കണ്ട് അയാൾ നടുങ്ങി. അമ്മയും മകനും കെട്ടിപ്പിടിച്ച് മണിക്കൂറുകളോളം കരഞ്ഞു. " അമ്മക്കെന്താണ് അസുഖം ? " അമ്മ മിണ്ടിയില്ല. വാർഡിലെ ചുമരിലെ ചുവന്ന അക്ഷരങ്ങളിലുള്ള ബോർഡിൽ അയാളുടെ കണ്ണ് ഉടക്കി. " ഘൗിമശേര അ്യെഹൗാ" അതിന്റെ അർത്ഥമറിയാതെ അയാൾ സംശയിച്ച് നിന്നു. പിന്നെ മലയാളി മുഖമുണ്ടെന്നു തോന്നിയ ഒരു നേഴ്സിനോടു ചോദിച്ചു.
" എന്താ ഇതിനർത്ഥം"
നേഴ്സ് അയാളെ ഒന്നു നോക്കി - പിന്നെ പതുക്കെപ്പറഞ്ഞു : -
"മനസ്സിലായില്ലേ ?. ഭ്രാന്താശുപത്രി !

19 Jul 2013
നിയോഗം
ശിവപ്രസാദ് താനൂർ
സമയം രാത്രി 9 മണി. ഒരു മുദൃമന്ദസ്മിതവുമായി പൂമുഖത്തെ ചാരുകസേരയിൽ രവി എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കുന്നു. ഫോണിന്റെ ശബ്ദം ചിന്തയ്ക്ക് ഭംഗം വരുത്തിയെങ്കിലും റിസീവറെടുക്കാൻ തുനിഞ്ഞില്ല.
" എന്താ അച്ഛാ ഫോണെടുക്കാത്തത് ?" ഇളയ മകളുടെ ആധികാരിക ശബ്ദം കേട്ട് ആയാൾ ഫോണിനടുത്തേക്ക് നടന്നു.
ഫോൺ തമിഴ് പേശുന്നു:
ഹലോ ................. രവി അല്ലവാ ? ഇത് ചെന്നൈയിൽ നിന്ന് നീങ്കെ അമ്മാവൻ കൃഷ്ണൻകുട്ടിയിൻ ഫ്രണ്ട് പേശ്‌റത്ത്........... അമ്മാവന്റെ ഉടമ്പ്ക്ക് സുഖമില്ലൈ...... ചെന്നൈ മെയിലിൽ കേറ്റി വിട്ട്‌ർക്ക്...... നാളെ കാലയിലെ അങ്കെ വന്തുശേർന്നിടും...... നീങ്കെ സ്റ്റേഷനിൽ വെയിറ്റ് പണ്ണുങ്കോ"
തിരിച്ചെന്തെങ്കിലും പറയുന്നതിനുമുമ്പ് അണ്ണാച്ചി റിസീവർ വെച്ചു.
ആരോടൊന്നും ഉരിയാടാതെ കസേരയിൽ വന്നിരുന്നു. ചിന്തകൾ എവിടെയൊക്കെയോ വ്യാപരിച്ചു. അമ്മാവൻ................. അമ്മയുടെ കൂടെപ്പിറപ്പ്............... ചെറുപ്പത്തിലേ നാടുവിട്ടു... ഉണ്ടായിരുന്ന ഭൂസ്വത്ത് വിറ്റ് ചീട്ടും കുതിരപ്പന്തയവും കളിച്ചു. ഏതൊക്കെയോ നാട്ടിലലഞ്ഞു. ഇന്ദ്രിയ സുഖങ്ങളിൽ സന്തോഷം കണ്ടെത്തി. അവസാനം ചെന്നൈ പട്ടണത്തിൽ ഒരു ഹോട്ടലിൽ താവളമുറപ്പിച്ചെന്നറിഞ്ഞു. ഇടക്ക് ജ്യേഷ്ഠന്റെ അവിചാരിതമായ മരണവിവരമറിഞ്ഞ് നാട്ടിൽ വന്നു.അന്നാണ് ആദ്യമായി ആളെ കാണുന്നത്. പിന്നീട് ഒന്നു രണ്ടു തവണ കൂടി. ഇപ്പോൾ ഇതാ വർഷങ്ങൾക്കുശേഷം വരുന്നു.
രവിയുടെ മനസ്സ് പിടഞ്ഞു. എന്തൊക്കെ അസുഖമായിട്ടാണാവോ വരുന്നത് ! തെണ്ടിതിരിഞ്ഞ് നടന്നപ്പോഴൊന്നും ഓപ്പോളെയോ മക്കളേയോ ഓർത്തില്ല. ഇപ്പോൾ വയ്യാതായപ്പോൾ ആശ്രയം ഇവിടെതന്നെ. എന്തൊരു കഷ്ടം ! പ്രായമായ അമ്മയും ഭാര്യയും മക്കളുമായി അല്ലറചില്ലറ പ്രാരാബ്ധങ്ങളോടെ എങ്ങനെയെങ്കിലും കഴിച്ചുകൂട്ടുമ്പോഴാണ് ഈ മാരണത്തിന്റെ വരവ്................. ഏതായാലും മാന്യദേഹത്തിന്റെ ആഗമനം ആരോടും പറഞ്ഞില്ല.
രാവിലെ ഇക്കാര്യം ഓർത്തില്ല. പിന്നെ ഓർത്തു... ഓടി റെയിൽവേ സ്റ്റേഷനിലേക്ക്. ചെന്നൈ മെയിൽ സ്റ്റേഷനിൽ വന്നു നിന്നു കിതച്ചു; ഒപ്പം രവിയും. വണ്ടിയിൽ കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും അക്രമാസക്തിയിൽ പെട്ടുപോയ വൃദ്ധനായ അമ്മാവൻ, വണ്ടി പുറപ്പെടുന്ന സമയത്താണ് ആരൊക്കെയോ തള്ളിവിട്ടപോലെ പ്ലാറ്റ്ഫോമിലേക്ക് വീഴുന്നത് ! രവി കണ്ടു, വിറക്കുന്ന കൈകൾ..... കാലുകൾ ഭൂമിയിൽ ഉറപ്പിച്ചുനിർത്താൻ പാടുപെടുന്നു...... മുഷിഞ്ഞുനാറിയ വേഷം........ പാറിപ്പറക്കുന്ന മുടി.... കുളിച്ചിട്ട് ആഴ്ചകളോളമായി കാണും. പിന്നിക്കീറിയ ഒരു തുണി സഞ്ചി ചുമലിൽ .... ഒരു മനുഷ്യന്റെ സാമ്പട്യമാവാം.....
"അമ്മാവാ...................."
ആ കണ്ണുകളിൽ ഒരു പാഴ്ജൻമത്തിന്റെ ദൈന്യത തളം കെട്ടിയ രണ്ടു തുളളി കണ്ണനീർ ഉരുണ്ടുകൂടുന്നു.
"വരൂ, പോകാം.................."
രവിയുടെ ചുമലിൽ താങ്ങിപ്പിടിച്ചുകൊണ്ട് അമ്മാവൻ വീട്ടിലേക്ക് നടന്നു.
സദാ ശോകമയമായ അമ്മയുടെ മുഖത്ത് അന്ന് സന്തോഷത്തിന്റെ തിരയിളക്കം കണ്ടു. ആങ്ങളേ വന്നിരിക്കുന്നു. അവസാനമായി വന്നപ്പോൾ ഇനി കാണുമെന്ന് വിചാരിച്ചതല്ല. ഇപ്പോൾ അവശനെങ്കിലും മുന്നിൽ നിൽക്കുന്നു. അമ്മാവൻ തന്റെ തുണി സഞ്ചിയിൽ നിന്നും ഒരു പൊതിയെടുത്ത് അമ്മക്ക് നീട്ടി. അഞ്ചാറ് വെറ്റിലയും ഒരു കഷണം പുകയിലയും. അമ്മ പുകയില കഷണമെടുത്ത് രുചിച്ചു നോക്കി.
" നല്ല എരിവുള്ള പുകയില. എന്റെ മോന് ഇതൊന്നും കിട്ടില്ല. അവൻ വാങ്ങുന്നത് തിന്നാൽ വായ ചൊറിയും എന്തെങ്കിലും പറഞ്ഞാൽ അതും കൂടി കിട്ടില്ലല്ലോ എന്ന് വിചാരിച്ച് മിണ്ടാതിരിക്കാ........"
അമ്മാവൻ രവിയെ ഒന്ന് നോക്കി. രവി ആകാശത്തേക്കും.
കുട്ടികൾ അമ്മാവനെ കാഴ്ചവസ്തുപോലെ നോക്കി നിന്നു. സഞ്ചിയിൽ നിന്ന് എന്തെങ്കിലും അവരും പ്രതീക്ഷിച്ചു. അതിൽ ഒരു മുറിക്കയ്യൻ ഷർട്ടും രണ്ട് കൗപീനക്കീറും മാത്രമേയുള്ളൂ എന്ന് അവരുണ്ടോ അറിയുന്നു. നല്ല പകുതിയുടെ മുഖത്ത് ഈ സത്വത്തെക്കൂടി ശുശ്രൂഷിക്കേണ്ടതിനെയോർത്തുള്ള വേവലാതി നിഴലിച്ചു നിന്നു.
ഒരു തീവ്രയത്ന പരിപാടിയെന്നോണം കുടുംബസമേത സഹകരണത്തോടെ അമ്മാവനെ കുളിപ്പിച്ചെടുത്തു. "ആ പാവത്തിന് ഒരാവശ്യം വന്നപ്പോൾ പുറം തിരിഞ്ഞുനിന്ന് രവി ഒരു ജാതി അമേരിക്കക്കാരുടെ സ്വഭാവം കാട്ടി എന്ന് നാട്ടുകാർ പറയരുതല്ലോ..." ഭക്ഷണ ശേഷം ഡോക്ടറെ കണ്ടു. അമിത മദ്യപാനം സകല നാഡീവ്യൂഹത്തേയും തകർത്തിരിക്കുന്നു. ശരീരത്തിന്റെ വിറയൽ മാറണമെങ്കിൽ ഇനി മദ്യം വേണം എന്ന അവസ്ഥയായിട്ടുണ്ട്.
ഏതായാലും തൂത്തും കഴുകി തുടച്ചും ഭക്ഷണം കഴിച്ചും ദിവസങ്ങൾ ആഴ്ചകളും, ആഴ്ചകൾ മാസങ്ങളുമായി. ഇപ്പോൾ ശരീരം അൽപം ഭേദപ്പെട്ടിട്ടുണ്ട്. 'കുങ്കുമപ്പൂവും പട്ടുസാരിയും' സീരിയലുകളൊക്കെ എന്തായിട്ടുണ്ടാകുമോ ആവോ ? ഭാര്യയുടെ ആരോടെന്നില്ലാത്ത ചോദ്യം രവി കേൾക്കുന്നുണ്ട്. അമ്മാവൻ തിരിച്ചുപോകുന്നില്ലേ എന്ന് എങ്ങനെ ചോദിക്കും ? എങ്ങനെ ഇതിനെ തീറ്റിപ്പോറ്റും ? അല്ലെങ്കിലും എങ്ങോട്ട് പോകാൻ ? കിടപ്പിലായാൽ ആര് സംരക്ഷിക്കുംം ? ദിവസവും മദ്യം വാങ്ങി കൊടുക്കാൻ സാമ്പത്തികമെവിടെ ? അമ്മയോട് ഇതിനെക്കുറിച്ചൊന്നും പറയാനും കഴിയില്ല. രവിയുടെ മനസ്സ് കാറ്റുപിടിച്ച കൊന്നത്തെങ്ങു പോലെ ഉലഞ്ഞുകൊണ്ടിരുന്നു.
ദിവസങ്ങൾ പിന്നെയും പലത്തു കഴിഞ്ഞു. പതിവുപോലെ കുളികഴിഞ്ഞ് രവി അമ്പലത്തിൽ നിൽക്കുമ്പോഴാണ് അടുത്ത ബന്ധു അപ്പുണ്ണ്യേട്ടനെ കണ്ടത്. വിവരങ്ങൾ അന്യോന്യം കൈമാറുന്നതിനിടയ്ക്ക് അമ്മാവൻ എന്നാണ് ചെന്നൈയിലേക്ക് തിരിച്ചു പോകുന്നത് എന്ന് ചോദിക്കാൻ അപ്പുണ്ണ്യേട്ടനെ സൂത്രത്തിൽ ശട്ടം കെട്ടി.
അന്നു വൈകീട്ട് അപ്പുണ്ണ്യേട്ടൻ രണ്ട് ലാർജിന്റെ പിൻബലത്തിൽ വീട്ടിൽകയറിവന്ന് അമ്മാവനെ പൊതിരെ ശകാരിച്ചു;
"എന്തിനാ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്ത് ? ആവുന്ന കാലത്ത് തോന്ന്യാസം കാട്ടി നടക്കുമ്പോ പ്രായാവൂംന്ന് കരുതീലേ ? അവിടെതന്നെ വല്ല തമിഴത്തിയേയും കല്യാണം കഴിച്ച് കൂടായിരുന്നില്ലേ ?. ഇപ്പോ എന്താ എല്ലാം മടുത്തോ ?. നാണംല്യേ നിങ്ങൾക്ക് ഇവിടെ വന്ന് കിടക്കാൻ ?. ഇപ്പൊ ഒരു ബന്ധം പറഞ്ഞ് ഇവിടെ കൂടാൻ പറ്റില്ല. പോയേക്കണം ഇവിടന്ന്."
ഇതൊന്നുമറിയാതെ ജോലി കഴിഞ്ഞ് രവി വീട്ടിൽ വന്നപ്പോൾ വീട് ശ്മശാന മൂകതയിലാണ്. സ്വതവേ ശാന്തസ്വഭാവക്കാരനായ മകൻ തേങ്ങലടിച്ചു കൊണ്ട് പറഞ്ഞപ്പോഴാണ് അയാൾ ഇക്കാര്യങ്ങളൊക്കെ അറിഞ്ഞത്.
"മോനേ.........., അമ്മാമ എന്നാ പോകുന്നത് എന്ന് ചോദിക്കാൻ മാത്രമേ അച്ഛൻ അപ്പുണ്ണ്യേട്ടനോട് പറഞ്ഞിരുന്നു. അത്രേ ഉണ്ടായുള്ളൂ. കാര്യങ്ങൾ ഇത്രയൊക്കെ വഷളാകും എന്ന് അച്ഛൻ കരുതിയില്ല.."
മകനെ ആശ്വസിപ്പിച്ചുകൊണ്ട് അൽപം ജാള്യതയോടെ രവി അമ്മാവന്റെ അടുത്തേക്ക് ചെന്നു. ശരീരമാസകാലം വിറച്ചുകൊണ്ട് അമ്മാവൻ പൊട്ടിപ്പൊട്ടി കരയുകയാണ്. വ്യർത്ഥമായ ജീവിതത്തിന്റെ നിരാശ ആ തേങ്ങലുകളിൽ നിന്ന് ഉയർന്നു കൊണ്ടിരുന്നു.
"പോട്ടെ അമ്മാമെ...........അപ്പുണ്ണ്യേ
"ഇതൊക്കെ ഇവിടെ വന്നുപറയാൻ അപ്പുണ്ണ്യേട്ടനാരാ?" മകളുടെ ശബ്ദത്തിന് കനം വച്ചിരിക്കുന്നു. അമ്മക്ക് സഹിക്കുന്നതിലപ്പുറമുള്ള ഒരു വേദനയായിരിക്കുന്നു ഇത്. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അമ്മ ആരൊക്കെയോ ശപിക്കുന്നുണ്ട്. ഈശ്വരാ........... ജീവിതത്തിന്റെ ഗതിവിഗതികൾ ആരറിയുന്നു. എല്ലാവരും കേൾക്കാനും സാന്ത്വനിപ്പിക്കാനുമായി രവി ഉറക്കെപ്പറഞ്ഞു;
" അമ്മാവൻ ഇനി എവിടേക്കും പോകുന്നില്ല. ഇവിടെ ഉണ്ടാകും...... മരിക്കും വരെ നമ്മുടെ കൂടെ ജീവിക്കും.."
ഒരു ദീർഘ നിശ്വാസത്തിൽ നിന്നും പരന്ന സന്തോഷത്തിന്റെ പ്രകാശം എല്ലാവരുടെ മുഖത്തും പ്രതിഫലിക്കാൻ തുടങ്ങി. ഭാര്യ നിസ്സംഗയായി നിന്നു.
പിന്നെ അയാൾക്ക് ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല . അടുത്ത മദ്യശാലയിൽ നിന്നും ഒരു കുപ്പി ബ്രാണ്ടി വാങ്ങി അമ്മാവന് കൊടുത്തു. അനന്തരം രു കാലനക്കം കേട്ട് തിരിഞ്ഞുനോക്കുമ്പോഴുണ്ട് അപ്പുണ്ണ്യേട്ടൻ സിറ്റൗട്ടിൽ!
" മോനേ .......... രവീ.... ഞാൻ നീ പറഞ്ഞതുപോലെ ശരിക്കും പറഞ്ഞിട്ടുണ്ട്. ഒന്നു മിനുങ്ങാനുള്ള കാശ് എനിക്കും താടാ......."
രവി കണ്ണിറുക്കി കാട്ടി. വീട്ടുക്കാർ കേട്ടാലോ....... നൂറു രൂപാ നോട്ട് അപ്പുണ്ണ്യേട്ടനും കൊടുത്തു. അപ്പുണ്ണ്യേട്ടൻ പോയി. തിരിഞ്ഞ് നോക്കി. മക്കൾ മുന്നിൽ ! മകന്റെ കണ്ണ് കത്തുന്നു, പന്തം പോലെ !! അത് കണ്ടില്ലെന്ന് ഭാവിച്ച് അയാൾ ചാരുകസേരയിൽ വീണു. അയാൾ ഓർത്തു. ധനനഷ്ടവും മാനഹാനിയും ബാക്കി. അമ്മാവൻ വീട്ടിലെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
അടുത്ത വഴിയെ കുറിച്ചു ചിന്തിച്ച് രവി ചാരുകസേരിയൽ കണ്ണടച്ചുകിടന്നു..............

26 Mar 2013
തുലാഭാരം
ശിവപ്രസാദ് താനൂർ
അയാൾ ജോലികഴിഞ്ഞ് വീട്ടിലെത്തിയതു തന്നെ ഏറെ വൈകിയാണ്. ഒന്നു കുളിച്ചെന്നു വരുത്തി നേരെ കിടയ്ക്കയിലേയ്ക്ക് ചായുമ്പോഴാണ് ഭാര്യയുടെ കിളിമൊഴി.
"... ഉറങ്ങാൻ വരട്ടെ. അതേയ്, ഞാനും പകല് മുഴുവനും ജോലി ചെയ്ത് ക്ഷീണിച്ചതു തന്നെയാ. നിങ്ങളുടെ അമ്മ ഓരോ വേലകളൊപ്പിച്ച് വെയ്ക്കുന്നതു നമ്മുടെ കാലക്കേടിനാ.......... ഇനി അത് നിറവേറ്റിയില്ലെങ്കിലോ ?. ശ്ശ്യോ.......... ! എനിക്ക് ആലോചിക്കുമ്പോൾ തന്നെ ആധി കയറുകയാ........."
" നീ എന്തിന്റെ കാര്യമാ ഈ അർദ്ധരാത്രിയിൽ പുലമ്പുന്നത് ?. അവിടെ കിടന്നുറങ്ങാൻ നോക്ക്. ഒരു സ്വൈരവുമില്ലാന്നു വെച്ചാൽ ......."
അയാൾക്ക് ശുണ്ഠി കയറി. വാമഭാഗത്തിന്റെ വദനം ദേഷ്യവും സങ്കടവും കൊണ്ട് തുടുത്തു. അവൾ ഒന്നു മുരണ്ട് തല വെട്ടി തിരിഞ്ഞ് കിടന്നു.
ഭാര്യയുടെ സങ്കടം അയാൾക്ക് സഹിക്കാൻ കഴിയുന്നതല്ല. പോരെങ്കിൽ അവളും ഈ വീട്ടിലേക്ക് അവളാൽ കഴിയുന്നത് സമ്പാദിക്കുന്നുണ്ട്.
പതുക്കെ അടുത്തുകൂടി അയാൾ ചോദിച്ചു "പറയ് ............എന്താ പ്രശ്നം" ?.
പ്രിയതമ അൽപം നീരസത്തോടെ മൊഴിഞ്ഞു:
" അതേയ് ............... നമ്മുടെ മൂത്ത മകനെ പ്രസവിക്കാൻ ഞാൻ ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മ ഒരു നേർച്ച നേർന്നത്രേ. നമുക്ക് ആൺകുഞ്ഞ് പിറന്നാൽ അവനെ ഗുരുവായൂരിൽ കൊണ്ടു പോയി തുലാഭാരം നടത്താം എന്ന്. ഇപ്പോഴവൻ നാലാം ക്ലാസിലായി. ഇളയത് രണ്ടിലും. അമ്മ ഈ വിവരം ഉണർത്തിക്കുന്നത് ഇപ്പോഴാ"
സ്വതവേ പിശുക്കനും തൻകാര്യ പ്രസക്തനുമായ അയാൾ ഒന്നു നടുങ്ങി.
" ആട്ടെ അമ്മ എന്തു കൊണ്ടാണ് തുലാഭാരം നടത്താൻ നേർന്നിട്ടുള്ളത് ?."
ആ ചോദ്യത്തിൽ പരിഭ്രമം മുഴുവൻ നിഴലിച്ചു നിന്നു.
"പൂവൻ പഴം "
നല്ലപകുതി ഒഴുക്കൻ മട്ടിൽ ഉരുവിട്ടു.
" ഗുരുവായൂരപ്പാ, അമ്മ സ്വർണ്ണം കൊണ്ടോ മറ്റോ നേർന്നിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ."!
വർത്തമാന ജീവിതത്തിലെ പരുക്കൻ സ്വഭാവമുള്ള അയാളുടെ ആത്മരോഷം ജ്വലിച്ചു. തള്ളയുടെ ഒരു കാര്യം അങ്ങ് നേർന്നാൽ മതി. കാശിയിലേക്കോ രാമേശ്വരത്തേക്കോ ഗുരുവായൂർക്കോ........ എവിടെ വേണമെങ്കിലും ആവാം. നേരാനോ, ഓരോ കാരണങ്ങളും. പൂവൻപഴത്തിനു പൊള്ളുന്ന വിലയാ. ഈ തുലാഭാരം കഴിച്ച വഴിപാടു സാധനം നമുക്കു തരുമോ ?.അതുമില്ല ആദ്യത്തെയാൾ തൂങ്ങിയ പഴം കൊണ്ടു തന്നെ നാട്ടുകാരെ മുഴുവൻ തൂക്കുന്ന ഒരുതരം അടവ്. വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഓരോ പ്രക്രിയ! അല്ല........ ആരും വിളിച്ച് ചെയ്യിക്കുന്നതല്ലല്ലോ. സ്വയം കാട്ടിക്കൂട്ടുന്ന ഭക്തിപ്രകടനമല്ലേ. അനുഭവിക്ക തന്നെ....... തള്ളയിത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ സൽപുത്രന്റെ ആറാം മാസത്തിൽ ചോറൂണ് കഴിഞ്ഞയുടനെ വഴിപാട് നടത്തമായിരുന്നു. അന്നാണെങ്കിൽ നാലോ അഞ്ചോ കിലോ പഴം മതി. ഇപ്പോൾ പുത്രന്റ വയസ്സ് ഒൻപത്. തൂക്കം മുപ്പത്. മുപ്പത് കിലോ പൂവൻപഴമേ....... അയാളുടെ ക്ഷീണം കൂടി!
ഉറക്കം ആവിയുമായി.
കാര്യം അവതരിപ്പിച്ചു കഴിഞ്ഞതോടെ ഭാര്യ നല്ല ഉറക്കമായി കൂർക്കംവലിയുടെ ചെറു ശബ്ദം മുറിയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. അമ്മൂമ്മയും പേരക്കുട്ടികളും അടുത്ത മുറിയിൽ കെട്ടിപ്പിടിച്ചു കിടന്നു, കൂർക്കം വലിക്കാതെ.
രാവിലെ ഉറക്കച്ചടവോടെ എഴുന്നേറ്റ് മുറ്റത്ത് ചിതറിക്കിടന്ന പത്രവുമെടുത്ത് തിരിഞ്ഞു നോക്കുമ്പോൾ അമ്മ കള്ളച്ചിരിയുമായി നിൽക്കുന്നു.
" അവള് നിന്നോട് കാര്യങ്ങളൊക്കെ ഇന്നലെ രാത്രി പറഞ്ഞുവല്ലേ. നിന്റെ പ്രാരബ്ദങ്ങളൊക്കെ കഴിഞ്ഞ് ഇത് പറയാം എന്നു കരുതിയാണ് ഇത്ര വൈകിയത്. നോക്കുമ്പോൾ പ്രാരാബ്ദം ഒഴിഞ്ഞിട്ട് ഇത് നടക്കും എന്ന് തോന്നണില്ല്യ. പറ്റുമെങ്കിൽ ഈ ആഴ്ച തന്നെ നമുക്ക് ഗുരുവായൂരിൽ പോണം. മോനെ, നീ മറിച്ചൊന്നും പറയരുത്. അല്ലെങ്കിലും നീ എതിരൊന്നും പറയില്ലാന്ന് എനിക്കറിയം. നീ എന്റെ മോനല്ലേ". അമ്മ മോന്റെ സ്വഭാവമറിഞ്ഞ് പ്രവർത്തിച്ചു. അല്ലെങ്കിലും മക്കളെ നന്നായി അറിയുന്നത് അമ്മമാർക്ക് തന്നെയല്ലേ.
വീടുപൂട്ടി നല്ല ദിവസം നോക്കി രാഹുകാലത്തിനു മുമ്പേ ഗുരുവായൂരുലേക്കു തിരിക്കുമ്പോൾ അയൽവാസിയും കാര്യങ്ങൾ മണത്തറിഞ്ഞ് കുടുംബസമ്മേതം ഉടുത്തൊരുങ്ങി ഗേറ്റിൽ നിൽക്കുന്നു. അൽപം ഈർഷ്യയോടെ ഒരു ഇളിഭ്യച്ചിരിയുമായി അയാൾ ഇളയവന്റെ കൈയ്യും പിടിച്ച് ആഞ്ഞു നടന്നു.
ബസ്സിലും ട്രെയിനിലുമായുള്ള വീർപ്പുമുട്ടിയ യാത്രയ്ക്കിടയിൽ പോക്കറ്റടി സൂക്ഷിക്കണമെന്ന് അയൽ വാശിയോടും ഭാര്യയോടുമൊക്കെ അയാൾ മന്ത്രിച്ചുകൊണ്ടിരുന്നു.യാത്
" അവനവന്റെ സാധനങ്ങളൊക്കെ, അവനവൻ സൂക്ഷിച്ചാൽ മതി. കുറച്ചു സമയത്തിനു വേണ്ടി മുറി എടുക്കുന്നതു വലിയ നഷ്ടമാ ........." പിന്നെ ആരും ശബ്ദിച്ചില്ല.
ഭഗവത് ദർശനത്തിനായുള്ള നീണ്ട നിര കണ്ടതും അയാൾക്ക് തലചുറ്റൽ അനുഭവപ്പെട്ടു. ഇളയ സന്തതിയേയും ഒക്കത്തെടുത്തു മണിക്കൂറുകളോളം അക്ഷമനായി നിന്നപ്പോൾ അയാൾ ഒരു കാര്യം ഓർത്തു.
പണ്ട് ഇവിടെ വന്നപ്പോൾ ഏതോ ഭക്തന്റെ കളഞ്ഞുപോയ ഒരു സ്വർണ്ണമോതിരം കിട്ടിയത്. അത് സ്വന്തം പോക്കറ്റിലിട്ട് പോയതിന്റെ ശിക്ഷയായിരിക്കാം ഇപ്പോൾ ഈ അനുഭവിക്കുന്നതും.
കഴുത്തിൽ സ്വർണ്ണ ചങ്ങലയും പളപളാമിന്നുന്ന ചന്ദനക്കളറുള്ള മുണ്ടും ധരിച്ച് അവിടവിടെയായി തൂങ്ങികിടക്കുന്ന ശരീരാവയവങ്ങളുമുള്ള ആണുങ്ങളുടേയും സെറ്റുസാരിയും പാന്റ്സില്ലാത്ത ചുരിദാറുമിട്ട തരുണീമണികളുടേയും ഇടയിൽ നന്നേ ശോഷിച്ച ശരീരമുള്ള അയാൾ കുടുംബത്തെ സംരക്ഷിക്കാൻ നന്നേ പാടുപെട്ടു. ഇതിനിടയിലും പോക്കറ്റടിയുടെ കാര്യം ഓർമ്മിപ്പിക്കാൻ അയാൾ മറന്നില്ല.
ഒരുവിധം ഭഗവാന്റെ തിരുനടയിൽ എത്തി കൺകുളിർക്കെ ആ വിശ്വരൂപം ഒന്ന് കാണാമെന്നായപ്പോൾ സോപാനത്തിനടുത്ത് നിന്നിരുന്ന ദേവസ്വം ജീവനക്കാരന്റെ തള്ളലിൽ ഈ ഉദ്യമവും നിഷ്ഫലമായി.
" ഇദം സർവ്വം ഈശാവാസ്യം" എന്നാണ് ഉപനിഷത് വാക്യം. എന്നിട്ടും ക്ഷേത്രങ്ങളിലൊക്കെ തിരക്കോടു
തിരക്കു തന്നെ. എന്തുചെയ്യാം കലിയുഗത്തിൽ ആർക്കും ഒന്നിനും സമയമില്ലായിരിക്കും. അയാൾ ആത്മഗതം ചെയ്തു. നെറ്റിയിൽ തൊടുവാനുള്ള ചന്ദനത്തിനും ആളുകൾ കലപില കൂട്ടുന്നു. പൂജാരിയാണെങ്കിൽ ചന്ദനം കൊടുക്കുന്നില്ല. ചന്ദനശകലമെടുത്ത് ഭക്തരെ എറിയുകയാണ് ! ഗുരുവായൂരപ്പാ............ ഇതെന്തൊരു നിയോഗം.
ഒടുവിൽ വഴിപാടായ തുലാഭാരത്തിന്റെ ചടങ്ങായി. അതിനും നീണ്ടനിര തന്നെ. അസ്വസ്ഥതയുടെ മനസ്സുകൾക്ക് ആശ്രയം ചിലപ്പോൾ ഈ വഴിപാടുകളൊക്കെ തന്നെയാകാം. ഏതായാലും മകന്റെ ഊഴമായി. ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ച് മകനെ തുലാഭാരത്തട്ടിൽ ചമ്രം പടിഞ്ഞിരുത്തി. ഒരു തരം മരവിപ്പോടെ തൂക്കത്തിന്റെ കാശുമടച്ച് രസീത് വാങ്ങി. ദേവസ്വം ജീവനക്കാർ പഴക്കുല ഓരോന്നോരോന്നായി തൂക്കത്തിനൊപ്പം വച്ചു. വഴിപാട് തീർന്നു. ശാന്തിക്കാരന് ദക്ഷിണ കൊടുത്തു. അദ്ദേഹം വെറ്റില തുറന്നു നോക്കാതിരുന്നത് അയാൾക്ക് ആശ്വാസം നൽകി. അമ്മയും, ഭാര്യയും ഈ നേരമത്രയും കണ്ണടച്ചു പ്രാർത്ഥിച്ചു.
പിരിയാൻ നേരം ഇളയ സന്തതി അപ്രതീക്ഷിതമായി തുലാഭാരത്തട്ടിൽ കയറിയിരിപ്പായി. ഉടനെ എത്തി അമ്മയുടെ പ്രസ്താവന.
"കൊച്ചിന് ഇതു ഗുരുവായൂരപ്പൻ തോന്നിച്ചതാ. മോനെ, അവന്റേയും തുലാഭാരം നടത്തണം. അല്ലങ്കിൽ അത് ദൈവകോപത്തിനിടയാക്കും.നിമിഷത്തി
അമ്മയുടെ അടുത്ത ലക്ഷ്യം ഉച്ചഭക്ഷണം ഗുരുവായൂരപ്പന്റെ പ്രസാദം തന്നെയാവണമെന്നായിരുന്നു. അയാളും അതിനോടു തത്വത്തിൽ യോജിച്ചു. (സൗജന്യമാണല്ലോ)പക്ഷേ സമയം അതിക്രമിച്ചിരിന്നു. ഊട്ടുപുര അടച്ചു. ഊട്ടുപുരയ്ക്കു മുന്നിലും പ്രസാദം കിട്ടാത്ത അനേകരുടെ നിരാശ പരന്നൊഴുതി.
കുട്ടികളുടെ ചെറിയ ആവശ്യങ്ങൾ പോലും സാധിച്ചു കൊടുക്കാതെ, ഒരു മുഴം മുല്ലപ്പൂ പോലും ഭാര്യക്ക് വാങ്ങിച്ചു കൊടുക്കാതെ അയാൾ അടുത്ത റെയിൽവേ സ്റ്റേഷനെ ലക്ഷ്യമാക്കി നടന്നു. അമ്മയും,കൂട്ടരും അയാളുടെ ഒപ്പമെത്താൻ കിതയ്ക്കുകയായിരുന്നു.
തീർത്ഥയാത്രക്ക് വിരാമമിട്ട് രാത്രിയുടെ അന്ത്യയാമത്തിൽ അവർ തിരിച്ചെത്തി. അയൽവാസിയോടു ഗേറ്റിൽ വച്ച് തന്നെ നല്ലരാത്രിയും ആശംസിച്ച് വീട്ടിലേക്ക് കയറുമ്പോൾ അകത്തെ പല സാധന സാമഗ്രികളും വരാന്തയിൽ ചിതറി കിടക്കുന്നു. ഒരു വിറയലോടെ ലൈറ്റിന്റെ സ്വിച്ചിട്ടപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഉമ്മറ വാതിൽ പൊളിച്ച് വെറുതെ ചാരി വച്ചിരിക്കുന്നു. അയാൾ അലറികൊണ്ട് അകത്ത് കടന്നു. ഫ്രിഡ്ജും ടിവിയും തുടങ്ങി ഒന്നും വീട്ടിലില്ല. അയാൾനേരെ മുറിയിലേക്കോടി. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും, പണവും ഒക്കെ നഷ്ടമായിരിക്കുന്നു. ഗുരുവായൂരിൽ പോകുമ്പോൾ പിടിച്ചുപറിയും, പോക്കറ്റടിയും പേടിച്ച് മക്കളുടേയും, ഭാര്യയുടേയും ആഭരണങ്ങൾ (താലിമാലയടക്കം) ബലമായി അഴിപ്പിച്ച് അലമാരിയിൽ സൂക്ഷിച്ചതായിരുന്നു. എല്ലാം പോയി! അമ്മ അലമുറയിട്ടു കരയാൻ തുടങ്ങി. ഭാര്യ തളർന്ന് വീണു. മക്കൾ അമ്മയെ കെട്ടിപ്പിടച്ച് വാവിട്ടു നിലവിളിച്ചു. എന്തു ചെയ്യണമെന്നറിയാതെ അയാൾ നിലത്ത് കമിഴ്‌ന്നു കിടന്നു.
നേരം പുലരാറായിയെന്നറിയിച്ചുകൊണ്ട് ഈ സമയം അടുത്ത ക്ഷേത്രത്തിൽ നിന്നും എം.എസ്.സുബ്ബ ലക്ഷ്മി വേങ്കിടേശ്വര സുപ്രഭാതം ആലപിച്ചുകൊണ്ടേയിരുന്നു........

Subscribe to:
Posts (Atom)
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...
