Showing posts with label 93. Show all posts
Showing posts with label 93. Show all posts

27 Apr 2013

പോളി ടെക്നിക്ക്

അഭി വെളിയമ്പ്ര 


പോളി ടെക്നിക്കില്‍ പഠിച്ചതുകൊണ്ട് യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തന ത്തെ കുറിച്ച് അഗാധ ജ്ഞാനമുള്ളതുകൊണ്ടാണ് വളരെയധികം എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് അദ്ദേഹം ആ സാഹസത്തിനു മുതിര്‍ന്നത്. സ് ഓരോ സ്റ്റേജ് കഴിയുന്തോറും  കൊച്ചു കുട്ടിയുടെ  കൌതുകത്തോടെ വീണ്ടും വീണ്ടും അയാള്‍ യന്ദ്രത്തിന്‍റെ ഉള്ളറകളിലേക്ക് കടന്നു ,മറുവശത്ത് പാര്‍ട്സുകള്‍  നിരന്നുകൊണ്ടേയിരുന്നു . "ഇത്രയധികം സാധനങ്ങള്‍ ഇത്ര ഭംഗിയായി എങ്ങനെ ഒതുക്കി വച്ചിരിക്കുന്നു "അത്ഭുതപ്പെട്ടുകൊണ്ട് യന്ത്ര ഭാഗങ്ങളെ സസൂഷ്മം നിരീക്ഷിക്കുന്നതിനിടയില്‍ തന്നെ അദ്ധേഹത്തിന്‍റെ ജീവിതയാത്രയിലെ മുഖ്യ ഉപദേഷ്ടാവായ ഗൂഗിള്‍ കമ്പനിയുടെ അറിവിന്‍റെ ശേഖരത്തില്‍ വിവരഅവകാശ നിയമപ്രകാരം വളരെ രഹസ്യമായി റിപ്പയറിംഗ്  സെക്ക്ഷനില്‍ ഒരന്വേഷണം നടത്താനും അദ്ദേഹം മറന്നില്ല.
"പണി പാളി എന്ന് മനസ്സില്‍ ഒരു അശരീരി "എസീ പതിനെട്ടു ഡിഗ്രിയില്‍ സെറ്റ് ചെയ്തിട്ടും ശരീരം വിയര്‍ക്കുന്നത് കണ്ട ഭാര്യ രണ്ടാമത്തെ സോഡാ നാരങ്ങവെള്ളവും കൊണ്ട് തന്നു .നിറ കണ്ണുകളോടെ  നല്ല ചൂട് ചായ കുടിക്കുന്ന ഭാവത്തില്‍ സമയമെടുത്ത്‌ ചിന്തകളെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചു അഴിച്ചിട്ടിരിക്കുന്ന സാധനങ്ങളിലെക്ക് ദയനീയ നോക്കിയ ശേക്ഷം ,  ഇടത്തെ കൈ ബാലചന്ദ്രമേനോനെ പോലെ നെഞ്ചത്ത് തടവി അത്  കുടിച്ചു തീര്‍ത്തു.

വൈകീട്ട് അതേ മോഡല്‍ യന്ത്രം മീന ബസാറിലെ ഷോപ്പില്‍ നിന്നും ഓര്‍ഡര്‍ ചെയ്തത് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ മണി രാത്രി ഒന്‍പത്. ടെക്നിഷ്യനു ഗുഡ് നൈറ്റ്‌ പറഞ്ഞു ക്ഷീണിച്ചു അവശനായി സോഫയില്‍ ചാരിയിരുന്നു കാലെടുത്തു ടീപോയുടെ മുകളില്‍ വച്ചു ടീവീ ഓണ്‍ ചെയ്തു . ഏഷ്യാനെറ്റില്‍ ചിരിക്കും തളിക പ്രോഗ്രാമില്‍ ശ്രീനിവാസനെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലാതെ ക്ഷമയുടെ നെല്ലിപ്പലക കണ്ട മാമുക്കോയയോടു ശ്രീനിവാസന്‍ ചൂടാകുന്നു. "പോളിടെക്നിക്കിലോക്കെ പഠിച്ച എന്നെ യന്ദ്രഭാഗങ്ങളുടെ പ്രവര്‍ത്തന രീതിയെപ്പറ്റി താന്‍ പഠിപ്പിക്കണ്ട " . കയ്യിലിരുന്ന ആയിരത്തി മുന്നൂറു ദിര്‍ഹംസിന്‍റെ ബില്‍ എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു; കൂടെ അടുക്കളയില്‍ അത്താഴത്തിനു ചപ്പാത്തി ചുട്ടുകൊണ്ടിരുന്ന സ്വന്തം ഭാര്യയും...!

26 Mar 2013

പടിയിറക്കം

അനീഷ്  പുതുവലിൽ 

ഇന്നലകളോട്‌ 
പൊരുതി  തോറ്റ 
പകലുകൾക്കിനി 
കാരാഗൃഹം 

ഒളിയമ്പുകളുടെ 
കൂർത്ത മുനകളിലെ 
കൊടും വിഷം 
ഏറ്റു വാങ്ങി പടിയിറക്കം  

നഗ്നമായ  പാദങ്ങളിൽ 
ഉരുളൻ കല്ലിന്റെ 
കനപ്പിച്ച മുദ്രണം 

ഓരോ നടത്തത്തിലും 
കൂടെ വരുന്നത് 
ശൂന്യമായ ആകാശം 
വിണ്ടു കീറിയ ഭൂമി
വറ്റി പിളർന്ന  കടൽ 

സനാഥത്വത്തിന്റെ 
വിഹായസ്സിൽ നിന്നുള്ള 
കുടിയിറക്കൽ 

കാത്ത് നിൽക്കുന്ന 
വിഷപാമ്പുകളിൽ 
നിന്നുമൊളിഞ്ഞ് 
ഒറ്റവരി പാതയിലൂടെ
നടത്തം 
കുട്ടത്തി പ്രാവിന്റെ 
കുറുകി കുറുകിയുള്ള  
പിൻവിളി,
അതും നേർത്ത്‌ നേർത്ത്‌ 
നിലയ്ക്കുന്നു 
പാതയുടെ 
അങ്ങേ തലയ്ക്കൽ 
അശ്വമേധത്തിനൊരുങ്ങുന്ന 
കുളമ്പടികളിലേക്കുള്ള ദൂരം ...
കൊന്ന ചിരിയുടെ
പുനർജ്ജന്മത്തിനുള്ള  ഇടവേള 
                             അനീഷ്‌ പുതുവലിൽ 

22 Feb 2013

The Caged Bird

winnie  panicker 

I am a bird,
Caged in this mesh, the mesh of insecurity,
Speculation, disbelief and doubt…
I am a bird,
With many a feathers, feathers that rise,
Fly high, and spread aghast to eternity…
I am a bird,
With a mind to dream, dream of unseen horizons,
Farther lands, the ultimate sky, the deep sea…
I am a bird,
Who wishes to fly, fly so far beyond wonders,
So much to see yet, so much to know…
I am a bird,
Whose feathers have been cut, now strangled,
In this unending mesh, so confused, unable to fly…
I am a bird,
Who wishes to break, break the fog of this choking uncertainty,
A see with my eyes, clear and clean, the world beyond the closed cage…
I am a bird,
Whose thoughts have been blocked,
Blocked in the hurdle of fear and anxiety…
I wish to fly, rise high,
Sing my song aloud, dance my will around,
To be free again, in this big wide world…

24 Jan 2013

മഞ്ഞുപെയ്ത്തില്‍ മരവിച്ച വാക്കുകള്‍


 അജേഷ്കൃഷ്ണന്‍ 
വാക്കുകള്‍ …
പ്രണയമെഴുതാനായ് ഞാനൂറ്റി വച്ചവ ;
നിന്റെ നിശബ്തതയുടെ
മഞ്ഞുപെയ്ത്തില്‍ മരവിച്ചു പോയ്…

മുറിഞ്ഞു ചിതറിയ എഴുത്തോലയില്‍
ഒന്നുരിയാടാന്‍ കഴിയാതെ,
കറുത്തൊട്ടിയ പ്രണയത്തിന്റെ
അവ്യക്തമായ കോറലുകള്‍
അങ്ങിങ്ങായി.

പ്രണയ സങ്കല്‍പ്പം നിനക്കെന്നും
പഴഞ്ചനാണെന്ന്
എനിക്കറിയാമായിരുന്നു ;
നീ പറയും മുന്‍പേ.

എന്നിട്ടും ഞാനെഴുതി…
ബോധമുറച്ചുപോവും മുന്‍പ് ;
വരികളെന്നില്‍നിന്നും വിജനതയിലേക്ക്
അലിഞ്ഞില്ലാതായി നഷ്ടപ്പെടും മുന്‍പ്.

പഴഞ്ചനായത് പ്രണയമല്ലെന്‍ കൈകളാണതില്‍
പിഴുതുമാറ്റാനാവാതെ ഒട്ടിയൊരെഴുത്താണി,
അതിന്നറ്റം കൂര്‍ത്തുചെന്നെന്‍
ഹൃദയത്തില്‍ മുട്ടുന്നു…

തുമ്പുകീറി മെടഞ്ഞ കുരുത്തോലകള്‍ തൂക്കിയാരോ
ഹൃദയ ധമനികളെ അലങ്കരിച്ചിരിക്കുന്നു.
മരണം എന്നിലേക്ക് ആര്‍പ്പുവിളികളോടെ
വരുന്നതിന്റെ വിളംബരമാവാം അത്.

ഒരുപക്ഷേ ഒന്നുമേ പറയാതെ
ഞാന്‍ പോയാല്‍
ഒരു മെഴുകുതിരി വെട്ടം കൊണ്ടെങ്കിലും നീയെന്‍
വാക്കുകളിലെ മഞ്ഞിനെയുരുക്കുക ,
ചിതറിയ എഴുത്തോലചീന്തുകള്‍
വൃഥാശ്രമമെങ്കിലും മുറികൂട്ടി നോക്കുക.

അവിടങ്ങളില്‍ …
നിന്നോടു പറയാതെപോയോരെന്‍
അലയാഴിയാം പ്രണയമുണ്ടാം
മമ സഖീ…

22 Dec 2012

സാക്ഷകള്‍

അനീഷ്‌ പുതുവലില്‍


പാറി പറന്ന കിളികളുടെ 
ചിറകരിഞ്ഞതും
തണലേകിയ മരങ്ങളെ 
കടപുഴക്കിയതും 
കുടിനീര് ചുരത്തിയ പുഴകളുടെ 
മുലകള്‍ അറുത്തതും 
എന്റെ വീട്ടു മുറ്റത്തായിരുന്നില്ല
അതാണ്‌ ഞാന്‍ 
ഒന്നും കാണാതെ കേള്‍ക്കാതെ
സാക്ഷയ്ക്ക് പിന്നില്‍ ഒളിച്ചത് 

ഇന്നിപ്പോള്‍ കശാപ്പുകാര്‍ 
എന്റെ മുറ്റത്ത്‌ 
സംഹാര താണ്ഡവം ആടുന്നു 
എത്ര നില വിളിച്ചിട്ടും 
ഏതൊക്കെയോ സാക്ഷകളില്‍ 
തട്ടിയ പ്രതിധ്വനികള്‍  മാത്രം 
അവര്‍ എന്റെ കുഞ്ഞു 
കിളിയുടെ ചിറകരിഞ്ഞു 
തണല്‍ മരത്തിന്റെ 
തായ് വേരറുത്തു 
അമൃത് നല്‍കിയ 
മുലകളും മുറിച്ചു 
എരിയുന്ന തീപന്തങ്ങള്‍ 
എന്നിലേക്കെറിഞ്ഞു 
വെന്തു വെണ്ണീറാകും മുന്‍പേ 
ചുടു ചോര വീണ മണ്ണില്‍
തകര്‍ന്ന ഹൃദയതാളത്തില്‍ ചവിട്ടി 
`ഊരി എറിയട്ടെ സാക്ഷകള്‍`
ഇനിയെങ്കിലും ......

                                     

22 Nov 2012

വൃദ്ധസദനം

പ്രമോദ് കെ.പി

കഴിഞ്ഞ ഒരാഴ്ചയായി വൃദ്ധസദനം വൃത്തിയാക്കുകയാണ് ..ചായം പൂശിയും പുല്ലുകള്‍ പറിച്ചും എന്ന് വേണ്ട ഏതെല്ലാം രീതിയില്‍ മുഖം മിനുക്കുവാന്‍ പറ്റും അതൊക്കെ ചെയ്യുനുണ്ട് .ഇതുവരെ കാണാത്ത ഭാരഭാഹികളും മറ്റും സ്ഥിരം സന്ദര്‍ശനം നടത്തുന്നുമുണ്ട് ,അവരുടെതായ അഭിപ്രായങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുമുണ്ട് .അന്തേവാസികള്‍ക്ക് കാര്യങ്ങള്‍ അത്രക്ക് പിടികിട്ടിയിട്ടില്ല.എന്തിനാണ് ഈ ഒരുക്കങ്ങള്‍ എന്നോ ഒന്നും അവര്‍ക്കറിയില്ല.മക്കള്‍ ഇവിടെ തള്ളിയ ഭൂരിഭാഗം പേര്‍ക്കും അതറിയാന്‍ താല്‍പര്യവും ഇല്ല.ഇവിടെ ഒരുകണക്കിന് സുഖം തന്നെ ..ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയാമല്ലോ .


അത്ര തന്നെ.എങ്കിലും പലരുടെയും ഉള്ളില്‍ വിങ്ങലാണ് ..പോറ്റി വളര്‍ത്തിയ മക്കള്‍ തന്നെ ഇങ്ങിനെ ചെയ്തല്ലോ എന്ന്. ഇന്ന് എല്ലാവരോടും നന്നായി ഒരുങ്ങാന്‍ പറഞ്ഞിരിക്കുന്നു,എന്തിനാണെന്ന് ചോദിച്ചുമില്ല അവര്‍ പറഞ്ഞുമില്ല.പതിനൊന്നു മണിയായികാണും.ഗേറ്റ് കടന്നു വരുന്നവരെ കണ്ടു ആനന്ദന്‍ നോക്കി ..ചാനല്‍കാര്‍ ആണെന്ന് തോന്നുന്നു.അയാള്‍ ഭാര്യ സുമതിയെ വിളിച്ചു കാണിച്ചു.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവര്‍ ഇവിടെയാണ് ,മക്കള്‍ രണ്ടുപേരും ഇപ്പോള്‍ നല്ല നിലയില്‍. പക്ഷെ അവര്‍ക്ക് ഇവരെ നോക്കുവാന്‍ സമയമില്ല .അവര്‍ അവരുടെതായ തിരക്കില്‍ വിദേശത്തില്‍ ആണ് കുടുംബ സമേതം.മൂന്നോ നാലോ വര്‍ഷത്തില്‍ ഒരിക്കല്‍ വരും ,കാണാനല്ല അവിടുത്തെ ഇല്ലാത്ത പ്രാരാബ്ധങ്ങള്‍ പറയുവാന്‍.മുന്‍പ് ഒരിക്കല്‍ രണ്ടുപേരും വന്നു ഇത്തരം കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ഇവിടെ എത്തിപെട്ടത്.പങ്കു കച്ചവടം ചെയ്ത അവര്‍ക്കുണ്ടായ ബാധ്യതകള്‍ തീര്‍ക്കുവാന്‍ വേണ്ടി വീട് പണയം വെച്ച് പണം കൊടുത്തു.അവരുടെ പ്രാരാബ്ദങ്ങള്‍ക്ക് അറുതി വരാത്തതുകൊണ്ട് അത് വില്‍ക്കേണ്ടി വന്നു.ആദ്യം വാടക വീട്ടില്‍ ..പിന്നെ ഇവിടെ ..ഇവിടെ ആക്കിയപ്പോള്‍ അവര്‍ക്ക് വലിയ സ്‌നേഹം ഇല്ലാതെയായി .അവര്‍ നല്ല നിലയില്‍ ആണെന്ന് അറിയാം .പക്ഷെ ഭാരം താങ്ങുവാന്‍ വയ്യാത്തതുകൊണ്ട് പ്രാരാബ്ദകാരായി അഭിനയിക്കുന്നു.പല പ്രാവശ്യം പറഞ്ഞതാണ് ആ വീടെങ്കിലും ഒന്ന് തിരികെ എടുത്തു തരുവാന്‍ ..അടുത്ത പ്രാവശ്യം ആകട്ടെ എന്ന് പറഞ്ഞു..

ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു.പിന്നെ ചോദ്യം നിര്‍ത്തി.സുമതി ഇതും പറഞ്ഞു കരയാത്ത ദിവസങ്ങള്‍ ഇല്ല .പലപ്പോഴും ശപിക്കുന്നതും കേട്ടിട്ടുണ്ട് .ഒരു തവണ മക്കളെ കാണുവാന്‍ പോലും കൂട്ടാക്കിയില്ല.ഒരു അമ്മ ഇത്രയും സഹിക്കുമോ എന്നുപോലും തോന്നിപോയിട്ടുണ്ട് .ഇപ്പോള്‍ ഇതാണ് നമ്മളുടെ വീട് ,കുറെ കാലമായി .കുറവുകള്‍ അനവധി ഉണ്ടെങ്കിലും പോരുത്തപെട്ടു കഴിഞ്ഞു .എന്തോ ശബ്ദം അയാള്‍ ഓര്‍മകളില്‍ നിന്നും ഞെട്ടി;പിന്നെ സുമതിയെയും കൂട്ടി പുറത്തേക്കു നടന്നു. ചാനലുകാര്‍ അവരുടെ പണി ആരംഭിച്ചിരിക്കണം.കരച്ചിലും കുറ്റം പറച്ചിലും ഒക്കെ കേള്‍ക്കുന്നുണ്ട്. അവതാരകയും കേമറമാനും എല്ലാം നന്നായി ചിത്രീകരിക്കുന്നുമുണ്ട് .എല്ലാവരും അവരുടെ മനസ്സിനുള്ളില്‍ അണയാതെ കൊണ്ട് നടന്ന തീയും കനലും പുറത്തേക്കു വിടുകയാണ്.ഇത്തരം മക്കളെ പ്രസവിച്ചതിനു സ്വയം പഴിക്കുന്നവരും …അവരെ കുറ്റം പറയുന്നവരും.ചാനലുകാര്‍ക്ക് പായസം കുടിച്ച ഭാവം .ഇത് ഒരു മൂന്നു നാല് ഭാഗമാക്കി കാണിച്ചാല്‍ റെറ്റിംഗ് കൂടും…അങ്ങിനെ പല ബിസിനെസ്സ് ചിന്തകള്‍ .. അവതാരക സുമതിയുടെ മുന്നിലെത്തി .മൈക്ക് മുന്നിലേക്ക് നീട്ടി ചോദിച്ചു ‘അമ്മ എങ്ങിനെ ഇവിടെ എത്തി ?’ ‘ഞാന്‍ മാത്രമല്ല ,എന്റെ ഭര്‍ത്താവും ഇവിടെയാണ് ..എത്തി പെട്ടതോന്നുമല്ല ,നമ്മള്‍ സ്വയം വന്നതാണ്.വയസ്സുകാലത്ത് ഒറ്റയ്ക്ക് കഴിയുന്നതിലും ഭേദം ഇവിടെ കുറെ പേര്‍കൊപ്പം ഒരു കുടുംബം പോലെ കഴിയുന്നതാണ് എന്ന് തോന്നി .മക്കള്‍ ഒക്കെ വിദേശത്തിലാണ് .


.അവര്‍ പല പ്രാവശ്യം കൊണ്ട് പോകുവാന്‍ വന്നതാണ് ..അറിയാത്ത ഒരു നാട്ടില്‍ പോയി വേറെ ഒരു സമൂഹത്തില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് നമ്മള്‍ അറിയുന്ന നമ്മളെ അറിയുന്നവര്‍കിടയില്‍ കഴിയുന്നതാണെന്ന് തോന്നി ‘…പിന്നെയും അവര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.കൂടുതലും മക്കളെ പുകഴ്ത്തി കൊണ്ട് …കേട്ടതൊന്നും വിശ്വാസം വരാതെ ആനന്ദന്‍ മിഴിച്ചിരുന്നു ..പിന്നെ സാവധാനം മുറിയിലേക്ക് നടന്നു. കുറച്ചു സമയം കഴിഞ്ഞു കാണും ..വിങ്ങി വിങ്ങി കരഞ്ഞു കൊണ്ട് സുമതി മുറിയിലേക്ക് വന്നു .വന്നപാടെ അയാളുടെ മേലിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു . ‘എനിക്ക് എന്റെ മക്കളെ കുറിച്ച് അന്യരോട് മോശം പറയാന്‍ തോന്നിയില്ല ..അവര്‍ മറ്റുള്ളവരുടെ മുന്നില്‍ നാണം കേടുവാന്‍ പാടില്ലല്ലോ …എന്തായാലും അവര്‍ നമ്മളുടെ മക്കളല്ലേ ..അവര്‍ എന്ത് തെറ്റ് ചെയ്താലും നമ്മളല്ലേ ക്ഷമിക്കേണ്ടത് …’ അയാള്‍ ഒരമ്മയുടെ വലിപ്പം വീണ്ടും അനുഭവിച്ചറിഞ്ഞു ..അവരെ ഒന്നുകൂടി അമര്‍ത്തി ആലിംഗനം

22 Oct 2012

ഡിബോറ: കാലത്തെ പിറകിലാക്കിയ കഥ.



വെള്ളിയോടൻ



രചനാ സാഹിത്യത്തിൽ ഏറ്റവും ദുഷ്കരമായ ഒരു പ്രവർത്തിയാണ്‌ ചെറുകഥയുടെ
നിർമ്മിതി . ഒരു പ്രത്യേക ഫ്രെയിമിനകത്ത്‌
കഥയും കഥാപരിസരവും കഥാപാ
ത്രങ്ങളെയും ഒതുക്കുന്നതോടൊപ്പം തന്നെ, പ്രാപഞ്ചികമായ ആശയങ്ങളെ അനാവൃതമാ
ക്കുകയും വേണം കഥാകൃത്ത്‌. നോവൽ സാഹിത്യത്തിൽ ആഖ്യാതാവിന്‌ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ചെറിയൊരു അംശം പോലും കഥാകൃത്തിന്‌ ലഭിക്കുന്നില്ലഎന്നതാണ്‌ യാഥാർത്ഥ്യം. നൂറു വർഷത്തെ മലയാള ചെറുകഥാ സാഹിത്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, അതിനകത്ത്‌ നിരവധി രചനാ സങ്കേതങ്ങൾ പരീക്ഷിക്കപ്പെട്ടതോ ടൊപ്പം തന്നെ മനുഷ്യന്റേയും മനുഷ്യേതരമായ വസ്തുക്കളുടെയും ചിന്തകളും അവസ്ഥകളും ഭാവതലങ്ങളും വിഷയീഭവിച്ചിട്ടുണ്ട്‌. നൂതനമായ ഭാഷയും സാങ്കേതികതയും സമ്മേളിച്ചിരിക്കുന്ന ഒരു കഥാസമാരമാണ്‌ സലീം അയ്യനത്തിന്റെ ഡിബോറ.ഡിബോറയിലെ കഥ കൾ അവസാനിക്കുന്നിടത്ത്‌ നിന്ന്‌ വായനക്കാരൻ കഥാ വായന ആരംഭിക്കുമ്പോൾ , കഥയിൽ അന്തർലീനമായിരിക്കുന്ന ഭാവതലങ്ങളും മനുഷ്യാവസ്ഥയും നിസ്സഹായതയും പ്രണയവുമെല്ലാം പ്രത്യക്ഷപ്പെടുന്നു.

ഇതിലെ പ്രഥമ കഥയായ ഡിബോറയിലൂടെ കഥാകൃത്ത്‌ കാലത്തിന്‌ മുമ്പേ സഞ്ചരി
ക്കുന്നു.ആദ്യന്തം ഒരു തരം പ്രവചനാത്മക സ്വഭാവം നിലനിർത്തിക്കൊണ്ടു പോകുന്ന ഒരു
കഥയാണ്‌ ഡിബോറ.മണ്ണ്‌ മനുഷ്യന്റെ ഏക്കാളത്തേയും ആഗ്രഹങ്ങളിലൊന്നാണ്‌. ചരിത്ര
ത്തിലെ രക്തയോട്ടങ്ങൾ പരിശോധിക്കുമ്പോൾ അവയൊക്കെ മണ്ണിന്‌ വേണ്ടിയായിരുന്നു
എന്നത്‌ ഒരു ചരിത്രസത്യം.എന്നാൽ ഇതിലെ ഡിബോറയെന്ന പെൺകുട്ടി മണ്ണിനെ ആഗ്രഹി
ക്കുന്നത്‌ ഒരു സ്പർശനത്തിന്‌ വേണ്ടിയാണ്‌ . കാമുകനായ റസലിനോടുള്ള അനുരാഗ
ത്തോളം തന്നെയാണ്‌ അവൾക്ക്‌ മണ്ണിനോടും. ഒടുവിൽ ഹെലിക്കോപ്റ്ററിൽ കത്തിയെ
രിഞ്ഞ്‌ റസലിനോടൊപ്പം മണ്ണിലേക്ക്‌ ലയിക്കുമ്പോൾ , അവൾ ജീവിതത്തിൽ ആദ്യത്തേതുംഅവസാനത്തേതും എന്നാൽ മരണത്തിൽ ആദ്യത്തേതുമായ തൃത്താല രതി അനുഭവിക്കുകയാണ്‌.

മൂസാട്‌ എന്ന കഥയിലൂടെ സഞ്ചരിക്കുമ്പോൾ യാത്രികനായ മനുഷ്യന്റെ
ഗൃഹാതുരതയും ഇടം നഷ്ടപ്പെടലുകളും ലൈംഗികതയിലെ മാനുഷികതയും മിത്തുകളും
എല്ലാം സമന്വയിക്കപ്പെട്ടിരിക്കുന്നത്‌ വായനക്കാരന്‌ ദൃശ്യമാകും.നേർച്ചയാട്‌ എന്ന മൂസാട്‌
തന്നെ നിയോഗിക്കപ്പെട്ടിടത്തേക്ക്‌ നീങ്ങാതെ, തന്റെ ബാല്യകാലവും ഗന്ധവും അലിഞ്ഞു
ചേർന്ന സ്വന്തം നാട്ടിൽ അലഞ്ഞു തിരിയുമ്പോൾ അവിടെയും അത്‌ വേണ്ടാത്തവനായി
മാറുന്നു.ദൈവ ഭക്തിക്ക്‌ പകരം കൃത്രിമമായ ദൈവഭയം മനസ്സിനകത്ത്‌ സൃഷ്ടിക്കപ്പെട്ട്‌ ,
ആത്മീയതയിലേക്ക്‌ സഞ്ചരിക്കുമ്പോഴും അവന്റെ മനസ്സ്‌ ഭൗതികതയുടെ വർണ്ണപ്പകിട്ടുക
ളിൽ ഉല്ലസിച്ചു നടക്കുന്നത്‌ കാണാം.എന്നാൽ ഒരു പ്രവാസിയുടെ ഒരിക്കലും അടങ്ങാത്ത
തേങ്ങലുകളും വായനക്കാരന്‌ വരികളിൽ ദൃശ്യമാണ്‌.ഇങ്ങനെ വിവിധങ്ങളായ അർത്ഥതല
ങ്ങളെ വിളക്കിച്ചേർത്ത ഒരു കഥയാണ്‌ മൂസാട്‌.

ഒരു കലാപത്തിന്റെ തെറ്റിലേക്കും ശരിയിലേക്കും പോകാതെ അതിലെ ഇരകളുടെ വേദ
നകൾക്ക്‌ സമാന്തരമായി നീങ്ങുകയാണ്‌ ഗോദ്രയിലെ വിളക്കുമരങ്ങൾ.ഗോദ്രയിലെ കലാപ
ബാധിതനായ ഒരു ഇരയുടെ ദു:ഖാങ്ങൾ വായനക്കാരന്‌ അനുഭവേദ്യമാകുമ്പോൾ , മനുഷ്യ
സമൂഹത്തിന്റെ ചിന്താ മണ്ഢലത്തെ കഥാകൃത്ത്‌ നയിക്കുന്നത്‌ , കലാപങ്ങൾ സൃഷ്ടിക്ക
പ്പെടുന്നത്‌ ആർക്കു വേണ്ടി , എന്തിന്‌ വേണ്ടി എന്ന ചോദ്യത്തിലേക്കാണ്‌.
ഈ കഥാ സമാഹാരത്തിലെ ഏറ്റവും മനോഹരമായ കഥയായി വിശേഷിപ്പിക്കാവുന്ന
താണ്‌ ഉറുമ്പിൻ തെരുവിലെ നക്ഷത്രങ്ങൾ . മനുഷ്യനിൽ സന്നിവേശിച്ചിരിക്കുന്ന മൃഗീയത
യുടെ പരിണതഫലങ്ങൾ ഉറുമ്പിൻ സമൂഹം അപഗ്രഥിക്കുന്ന ഈ കഥ, പറയപ്പെട്ട കഥ
കളെ വ്യത്യസ്തമായ രചനാസങ്കേതങ്ങളിലൂടെ അവതരിപ്പിക്കുമ്പോൾ തന്നെയും അതിശ
യോക്തിയിലേക്ക്‌ വഴുതി വീഴാതെ , വളരെ തന്മയത്വത്തോടെ ചെറുകഥയുടെ ഫ്രെയിമിന
കത്ത്‌ ഒതുക്കി നിർത്തുന്നതിൽ കഥാകൃത്ത്‌ വിജയിച്ചിരിക്കുന്നു.
കാലം ആവശ്യപ്പെടുന്ന ഒരു കഥയാണ്‌ , സലീം അയ്യനത്തിന്റെ ബീജത്തിൽ നിന്നും
രൂപാന്തരം പ്രാപിച്ച ഗന്ധകഭൂമി അലീനയോട്‌ പറഞ്ഞത്‌ എന്ന കഥ.ആൺവേശ്യകൾ
വിൽക്കപ്പെടുമ്പോൾ തന്നെ, എതിർ ലിംഗത്തോട്‌ തോന്നുന്ന വിരക്തിയും എതിർ ലിംഗ
ത്തിന്‌ ആ വിരക്തിയിൽ നിന്നും രൂപപ്പെടുന്ന നിർവ്വികാരതയുമെല്ലാം വരച്ചിടുന്നു ഈ കഥ
യിൽ. ഈ കഥപറച്ചിലിന്‌ ചരിത്രത്തിന്റെ പിൻബലവും ദൈവീകതയുടെ വിലക്കുകളും
ഉപോത്ബലകമായി വെച്ചിരിക്കുന്നു കഥാകൃത്ത്‌.

ഒരു ചലച്ചിത്ര സംവിധായകന്റെ വളർച്ച മുരടിച്ചു പോയ മോഹത്തിന്റെ കഥ പറയുക
യാണ്‌ ആൽമരങ്ങൾ തേടി എന്ന കഥ.സർഗ്ഗ സൃഷ്ടിയുടെ പ്രകാശനമാണ്‌ അതിന്റെ
സൃഷ്ടാവിന്റെ ഏറ്റവും വലിയ സന്തോഷമെന്നത്‌ നിസ്തർക്കമാണെന്നത്‌ പോലെ തന്നെ,
ഏറ്റവും കഠിനമായ സന്താപമാണ്‌ അത്‌ ചാപിള്ളയാണെന്ന്‌ അറിയുമ്പോൾ അനുഭവപ്പെടു
ന്നത്‌. ഒടുവിൽ ആ സർഗ്ഗധനനെ ആത്മഹത്യയിലേക്ക്‌ പോലും നയിക്കാൻ പ്രേരകമാണ്‌
അത്തരം നിരാശപ്പെടുത്തലുകൾ. എന്നാൽ, അതിന്റെ പൂർത്തീകരണത്തിന്‌ കാലം മറ്റോ
രാളെ നിയോഗിക്കുമെന്നത്‌ ഒരു കാവ്യ നീതിയാണ്‌.
സലാം അയ്യാനത്ത്

തലമുറകൾ കാലയവനികക്കുള്ളിലേക്ക്‌ മറഞ്ഞിട്ടും ഇന്ത്യക്കാരന്റെ മനസ്സിലും ശരീര
ത്തിലുംമായാത്തമുറിവുകൾഎറിഞ്ഞുടച്ചിട്ടാണ്‌വെള്ളക്കാരൻ
ഭാരതഭൂമിവിട്ടതെന്ന യാഥാർത്ഥ്യം വായനക്കാരനെ ഓർമ്മപ്പെടുത്തുകയാണ്‌ വെള്ളച്ചാമി എന്ന കഥ.വെള്ളച്ചാമി ഇന്ത്യക്കാരനും ബ്രിട്ടീഷുകാരനുമിടയിലെ ഒരു നൂൽ പാലമായി വർത്തിക്കുന്നു
ഈ കഥയിൽ. ഭാഷയിലെ നിഗോ‍ൂഡത വെള്ളക്കാരന്റെ അധിനിവേശം പോലെ തന്നെ മുഴച്ചു
നിൽക്കുകയാണ്‌ ഈ കഥയിൽ.
ചാറ്റൽ മഴ പെയ്തൊഴിഞ്ഞ മണ്ണിന്റെ ഗന്ധമാണ്‌ കൊശവത്തിക്കുന്ന്‌ എന്ന കഥയ്ക്ക.​‍്‌
വേരറ്റു പോകുന്ന സംസ്കാരങ്ങളെ കുറിച്ച്‌ പരിഭവിക്കുന്ന കഥാകൃത്ത്‌ അവയുടെ പ്രതീക
മായി വനജയെ അവതരിപ്പിക്കുന്നു.വരണ്ട വയൽ പോലെ വിണ്ടു കീറിയ തൊലിപ്പുറ
ങ്ങൾ,ഗ്രാമത്തിന്റെ ദൈന്യതയും ദാരിദ്രവുമാണ്‌ സൂചിപ്പിക്കുന്നതെന്ന്​‍്‌ വായനക്കാരന്‌
അനായാസം വായിച്ചെടുക്കാൻ കഴിയും.
പെണ്ണ്‌ പുരുഷന്‌ എന്നും ഒരു അനുഭൂതിയാണ്‌. അത്‌ അവളായാലും അവരായാലും. മുള
ക്കാതെ പോയ മോഹ വിത്തിന്റെ കഥ പറയുന്ന ശബ്നം എന്ന കഥ പറയുന്നതും അത്തര
മൊരു അനുഭൂതിയാണ്‌ . നൂതനമായ ഒരു മോഷണ വിദ്യയുടെ കഥ പറയുന്നു ഒരു ച70
സീരീസ്‌ മോഷണം. മറ്റ്‌ കഥകളിൽ അവലംബിച്ച ഗൗരവപരമായ ഒരു സമീപനം ഈ കഥ
യിൽ പുലർത്തിയോ എന്ന്‌ സംശയമാണ്‌. അനുഭവങ്ങളോടുള്ള ഒരു പ്രതിഷേധ മുദ്രാ
വാക്യം മാത്രമായാണ്‌ ഈ കഥ വായിച്ചെടുക്കാൻ കഴിയുന്നത്‌. പതിനാല്‌ കഥകളടങ്ങിയ
ഈ സമാഹാരത്തിൽ വായനക്കാരൻ അബദ്ധത്തിൽ കടിച്ച കല്ലാണ്‌ ഈ കഥയെന്ന്‌
പറയാം. വലിയ കഥകൾക്കിടയിലെ ഒരു തമാശയാണ്‌
ഈ കഥ.മനുഷ്യന്‌ ആശയസംവേദനം ഒരു ലഹരിയായി മാറുന്നതിന്റെ കഥയാണ്‌ ഫ്രീ കോൾ മാമാങ്കം. ആ ലഹരിമറ്റുള്ളവർക്ക്‌ അലോസരമാകുന്നതും ദൃശ്യമാകുന്നു ഈ കഥയിൽ.
സാങ്കേതിക വിദ്യയുടെ അതിപ്രസര കാലത്ത്‌ , മനുഷ്യനിൽ ജൈവീകമായ പ്രണയം
ഇല്ലാതാകുന്നതിൽ പരിഭവിക്കുന്ന കഥയാണ്‌ ശാസ്ത്രം പ്രണയിക്കുമ്പോൾ എന്ന
കഥ.ലൈംഗിക ശേഷി നഷ്ടപ്പെട്ട മനുഷ്യന്‌ ഉത്തേജക മരുന്ന്‌ അനിവാര്യമായത്‌ പോലെ ,
മനുഷ്യന്‌ പ്രണയിക്കാൻഉത്തേജക ഗുളിക നിർബ്ബന്ധമാകുന്നിടത്ത്‌ , ഗ്രാമത്തിന്റെ
വിശുദ്ധി നിറഞ്ഞ പ്രണയത്തിന്റെ ഓർമ്മകളിലേക്ക്‌ മൂങ്ങാംകുഴിയിടുകയാണ്‌ കഥാകൃത്ത്‌.
മലയാള സാഹിത്യത്തിലെ വാഗ്ദാനമായ സലീം അയ്യനത്തിന്റെ ഡിബോറയിലെ മിക്ക കഥ
കളും കാലത്തെ കവച്ചുവെക്കുന്നവയാണന്നതും നിസ്തർക്കം. പാം പബ്ലിക്കേഷൻസ്‌
പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില,100 രൂപ.

19 Sept 2012

''സെന്തില്‍ വടിവേലവനേ... ആറുമുഖന്‍ മുന്നില്‍ചെന്ന്''


കുരീപ്പുഴ ശ്രീകുമാർ

         മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രത്തില്‍ അനുകരണത്തിന് വലിയ സ്ഥാനമാണുള്ളത്.
ആദ്യകാല ചിത്രങ്ങളിലെ പാട്ടുകള്‍ തമിഴ്-ഹിന്ദിപ്പാട്ടുകളുടെ സംഗീതപ്പാരഡികള്‍ ആയിരുന്നു. ഇന്നത്തെപ്പോലെ അന്നും ഈണത്തിനനുസരിച്ചായിരുന്നു പാട്ടെഴുത്ത്. ഈണമെന്നാല്‍ ഒരു സംഗീതജ്ഞന്റെ ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന പുതിയ ഉറവകള്‍ എന്നല്ലായിരുന്നു അന്നത്തെ അര്‍ഥം. ഹിന്ദിപ്പാട്ടും തമിഴ്പാട്ടുമൊക്കെ കേട്ടിട്ട് അതിന്റെ ഈണത്തിനൊപ്പിച്ച് വാക്കുകള്‍ നിരത്തുകയായിരുന്നു.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കിരണ്‍രവീന്ദ്രന്റെ മലയാള സിനിമാപിന്നണിഗാനചരിത്രം എന്ന പുസ്തകത്തിന് ആമുഖക്കുറിപ്പെഴുതിയ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് ഈ അനുകരണ വാസ്തവത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു ഹിന്ദി, തമിഴ് തുടങ്ങി മറ്റുഭാഷാചിത്രങ്ങളിലെ അനുകരണമായിരുന്നു സത്യത്തില്‍ മലയാളം പാട്ടുകളും സംഗീതവും തുടക്കത്തില്‍.
കഥയിതു കേള്‍ക്കാം സഹജരേ എന്ന ആദ്യകാല ചലച്ചിത്ര ഗാനം കെ എല്‍ സൈഗാളും കനല്‍ദേവിയും ചേര്‍ന്ന് പാടിയ ഗുംഗുരുവാബാജേ എന്ന പാട്ടിന്റെ ഈണത്തില്‍ നിന്നും മുളച്ചതാണ്.
വളരെ പ്രസിദ്ധമായ ആദ്യകാല മലയാള ചലച്ചിത്രഗാനം നീയെന്‍ ചന്ദ്രനെ ഞാന്‍ നിന്‍ ചന്ദ്രിക തൂ മേരെ ചാന്ദ്‌മേം തേരീ ചാന്ദ്‌നീ എന്ന ഹിന്ദിപ്പാട്ടിന്റെ പകര്‍പ്പായിരുന്നു. അഴലേറും ജീവിതമെന്ന പഴയ സിനിമാപ്പാട്ട് അഫ്‌സായാലിഖ് രഹിഹൂം എന്ന നൗഷാദ് സംഗീതം ചെയ്ത പാട്ടിന്റെ നിഴലാണ്. പരമേശ്വരി തായേ എന്ന പാട്ട് തമിഴ് സിനിമയിലെ കന്നിയേമാമരി എന്ന പാട്ടിന്റെ പ്രേതമായിരുന്നു.
ഈ അനുകരണ പ്രേതബാധ ഒഴിപ്പിച്ച് ശുദ്ധമലയാള സംഗീതത്തിന്റെ കായല്‍ക്കരയിലേക്ക് നമ്മുടെ സിനിമാപ്പാട്ടുകളെ വിരല്‍പിടിച്ചു നടത്തിയത് ചിദംബരനാഥും കെ രാഘവനും എം എസ് ബാബുരാജും ജി ദേവരാജനും കെ വി ജോബും വി ദക്ഷിണാമൂര്‍ത്തിയും അടക്കമുള്ള പ്രതിഭാശാലികളാണ്.
ജോ ബിത് ചുകിഹോ എന്ന പാട്ടിനൊപ്പിച്ച് മോഹനം മനോമോഹനം എന്നു പാടിക്കേട്ട് ലജ്ജിച്ചു നിന്ന മലയാളം അല്ലിയാമ്പല്‍ക്കടവും കായലരികത്തു വലയെറിഞ്ഞപ്പോഴും കൊതുമ്പുവള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളിയും ഒക്കെ കേട്ട് തലയുയര്‍ത്തിപ്പിടിച്ച് നടന്നു. എം കെ അര്‍ജ്ജുനനിലൂടെയും രവീന്ദ്രനിലൂടെയും എം ജയചന്ദ്രനിലൂടെയും  എം ജി രാധാകൃഷ്ണനിലൂടെയും ശരത്തിലൂടെയും മറ്റും മലയാള ചലച്ചിത്രഗാനം മധുരിമയുടെ താഴ്‌വരയില്‍ ഉല്ലസിച്ചു സഞ്ചരിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും അനുകരണ വൈറസ് പൂര്‍ണ്ണമായും ഒഴിഞ്ഞുപോയില്ല. രാഗേന്ദുകിരണങ്ങളൊളിവീശിയില്ല എന്ന പ്രശസ്ത ഗാനത്തില്‍പ്പോലും ഈ വൈറസ് സാന്നിധ്യമറിയിച്ചു.
അടുത്ത കാലത്തുകേട്ട അതിഗംഭീരമായ ഒരു സംഗീതപ്പാരഡി ലാല്‍ജോസിന്റെ മുല്ലയില്‍ റിമിടോമി പാടിയ ആറുമുഖന്‍ മുന്നില്‍ച്ചെന്ന് എന്ന പാട്ടാണ്. വിദ്യാസാഗറിന്റെ പേരിലാണ് ഈ പാട്ടിന്റെ സംഗീതപ്പട്ടം ചാര്‍ത്തികൊടുത്തിട്ടുള്ളത്. വിജയലക്ഷ്മീ നവനീതകൃഷ്ണന്റെ സെന്തില്‍ വടിവേലവനേ എന്ന തമിഴ് ഗ്രാമപ്പാട്ടിന്റെ വായ്ത്താരി വിടാതെയുള്ള കോപ്പിയടിയാണ് റിമിടോമി പാടിയ പാട്ട്. 
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറില്‍ വിജയലക്ഷ്മി പാടിയ ഈ മനോഹരഗാനം യൂ ട്യൂബില്‍ കാണുകയും കേള്‍ക്കുകയും ചെയ്യാം. തമിഴില്‍ ഒന്നാം പടിയെടുത്ത് എന്നാെണങ്കില്‍ മലയാളത്തില്‍ ഒന്നാം മുഖം തൊഴുവാന്‍ എന്നാണ്. മൂന്നു തവണ വീതം ആവര്‍ത്തിക്കുന്ന സന്നിധി ഞാനിന്നു പൂകവേ എന്ന വരിക്കു പകരം തമിഴിലുള്ളത് ചിത്തിരഗോപുരം കെട്ടവേ. അടിച്ചുമാറ്റിയതാണെങ്കിലും പാട്ട് ഹിറ്റായി. അതിനെ തുടര്‍ന്ന് കാര്‍ബണ്‍ കോപ്പിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പോലെ തുടര്‍പാട്ടുകളുണ്ടായി.
കാടാമ്പുഴ ഭഗവതിയെക്കുറിച്ചു കേള്‍ക്കുന്ന ഒരു ഭക്തിഗാനം മുല്ലയിലെ പാട്ടിന്റെ പാരഡിയാണ്. സംഗീതമോഷണത്തെ കാടാമ്പുഴ ഭഗവതി പ്രോത്സാഹിപ്പിക്കുകയാണോ ചെയ്തിട്ടുള്ളത്?
പകര്‍പ്പിന്റെ പകര്‍പ്പിന്റെ പകര്‍പ്പാണെങ്കിലും എല്ലാ ഖണ്ഡങ്ങളിലും വ്യത്യസ്തവാക്കുകള്‍ ചേര്‍ക്കയാല്‍ നാദിര്‍ഷായുടെ ഹാസ്യാനുകരണം തന്നെ മികച്ചത്. ആറുമണി നേരമായാല്‍,  കെടക്കപ്പായേന്നോടും, നേരെ ബാറിലേക്കു ഞാനോടും, അതു തൊറക്കും മുന്‍പേ കേറും....
ബേണി ഇഗ്നേഷ്യസുമാര്‍ക്ക് മികച്ച ചലച്ചിത്ര സംഗീത സംവിധായകര്‍ക്കുള്ള അവാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ കൊടുത്തപ്പോള്‍ അവരുടെ സംഗീതം ഒരു ഹിന്ദിപ്പാട്ടിന്റെ മോഷണമാണെന്നും അവാര്‍ഡു നല്‍കി അംഗീകരിച്ചാല്‍ തന്നെപ്പോലുള്ളവരെ ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്നു പറഞ്ഞ് തനിക്കു കിട്ടിയ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് വഴി ജി ദേവരാജന്‍ മാസ്റ്റര്‍ തിരിച്ചു കൊടുത്തു. ഇന്നു നമ്മള്‍ക്കിടയില്‍ ഒരു ദേവരാജന്‍ മാസ്റ്റര്‍ ഇല്ലല്ലോ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...