Showing posts with label dr m s paul. Show all posts
Showing posts with label dr m s paul. Show all posts

20 Sept 2012

വംശനാശം നേരിടുന്ന നിരൂപകർ


ഡോ.എം.എസ്‌.പോൾ

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ സാംസ്കാരിക നായകന്മാർ എന്ന
പേരിലറിയപ്പെടുന്ന ഒരു വിഭാഗമുണ്ട്‌. ബുദ്ധി ജീവികൾ എഴുത്തുകാർ
എന്നിങ്ങനെ വ്യവഹരിക്കപ്പെടുന്ന ഇവർ യഥാർത്ഥത്തിൽ സർഗാത്മക
സാഹിത്യകാരന്മാരും നിരൂപകരുമാണ്‌. ബുദ്ധിജീവികൾ എന്ന പദം അതിന്റെ
വിശാലമായ അർത്ഥത്തിൽ ധിക്ഷണാപരമായ ജീവിതം നയിക്കുന്ന ഒരു
മഹാവിഭാഗത്തെയാണ്‌ ഉൾക്കൊള്ളുന്നത്‌. അധ്യാപകർ, എഞ്ചിനിയറിംഗ്‌
മേഖലയിലുള്ളവർ ഭിഷ്വഗ്വരന്മാർ തുടങ്ങി സവിശേഷ ബുദ്ധി
പ്രവർത്തിപപ്പിക്കുന്ന രാഷ്ട്രീയ പ്രവർത്തകരുൾപ്പെടെയുള്ള ഒട്ടനവധിയാളുകൾ
ഇതിന്റെ പരിധിയിൽപ്പെടുന്നു. എന്നാൽ മലയാളികൾ സർഗാത്മക
സാഹിത്യകാരന്മാരെയും നിരൂപകരെയുമാണ്‌ ബുദ്ധിജീവികളുടെ ഗണത്തിൽ
പ്രധാനമായും ഉൾപ്പെടുത്തുന്നത്‌.  ചലച്ചിത്ര സംഗീത ചിത്രകലാ
രംഗത്തുള്ളവരെ സാംസ്കാരിക നായകന്മാരുടെ ഗണത്തിൽ പരിഗണിക്കുമെങ്കിലും
ബുദ്ധിജീവികളായി ഇവർ അറിയപ്പെടാറില്ല. ചുരുക്കത്തിൽ സാംസ്കാരിക നായകർ
എന്ന പദം സാഹിത്യനിരൂപകരെ മാത്രമാണ്‌ അഭിസംബോധന ചെയ്യുന്നത്‌.
ഇതിനുകാരണമുണ്ട്‌. ഒരുകാലത്ത്‌ കേരള സമൂഹത്തിൽ കാര്യമായ ഇടപെടൽ
നടത്തിയിരുന്നവരും ആധികാരിക ശബ്ദമെന്ന നിലയിൽ അംഗീകരിക്കപ്പെടുവരും
അറിയപ്പെടുന്ന നിരൂപകരായിരുന്നു. അവർക്കൊക്കെ കേരള സമൂഹത്തിൽ വേണ്ടത്ര
അംഗീകാരം ലഭിച്ചിരുന്നു. ദൃശ്യമാധ്യമങ്ങളുടെ വരവോടെ സാംസ്കാരിക
നായകന്മാരുടെ പരിധിയിലേക്ക്‌ വാർത്തവായനക്കാരും അവതാരകരും ശബ്ദം കൊടുക്കൽ
തൊഴിലാളികളും (ഡബ്ബിംഗ്‌ ആർട്ടിസ്റ്റ്‌) സീരിയൽ താരങ്ങളും ഇരച്ചുകയറി.

ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും അവരുടെ സ്ഥാനം ഉറപ്പിക്കുന്നതിൽ
ശ്രദ്ധാലുക്കളായി. നിരൂപകരും സൗന്ദര്യനിരീക്ഷകരും ബുദ്ധിജീവികളുമായിരുന്ന
പഴയ തലമുറ വിമർശകർക്കു പിൻഗാമികൾ കുറഞ്ഞു നിരൂപകർ അവാർഡിനു വേണ്ടി
എല്ലായിടത്തും നട്ടലില്ലാതെ കുനിഞ്ഞു നിൽക്കുകയും തന്റെ ജാതിയുടെ വാൽ
ചിലപ്പോഴെല്ലാം പൊതിഞ്ഞുവയ്ക്കുകയും ആവശ്യമുള്ളപ്പോൾ പുറത്തിടുകയും
ചെയ്തുകൊണ്ട്‌ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു തുടങ്ങി. സമകാല
സാഹിത്യത്തെയും എഴുത്തുകാരെയും നിശേഷം അവഗണിച്ചുകൊണ്ട്‌ പാശ്ചാത്യ
കൃതികളെക്കുറിച്ച്‌ വാതോരാതെ സംസാരിച്ചു തുടങ്ങി. സമകാലസാഹിത്യത്തോട്‌
പുറംതിരിഞ്ഞുകൊണ്ട്‌ തങ്ങളുടെ സിൽബന്ധികളെയും ഗുരുഭൂതന്മാരെയും വാഴ്ത്തി
തൃപ്തിയടഞ്ഞു ഇത്‌ മലയാള നിരൂപണരംഗം നേരിടുന്ന ദയനീയതയാണ്‌. മറ്റൊന്ന്‌
അക്കാദമിക്‌ നിരൂപണമാണ്‌. ഇങ്ങനെയൊരു വിശേഷണം തന്നെ അനാവശ്യമാണ്‌. കാരണം
അക്കാദമിക്‌ നിരൂപണത്തിന്‌ പലപ്പോഴും പാഠപുസ്തകത്തിന്റെ നിലവാരം
മാത്രമാണുള്ളത്‌. ആ രംഗത്തു പ്രവർത്തിക്കുന്ന പ്രോക്രൂറ്റസുകൾ തങ്ങളുടെ
മാനദണ്ഡങ്ങൾ സംരക്ഷിച്ചുകൊണ്ട്‌ കാലഹരണപ്പെടുന്നു. ആശാൻ ചങ്ങമ്പുഴ
വള്ളത്തോൾ തുടങ്ങിയവർക്കു ശേഷം കവിതയുണ്ടായിട്ടില്ലെന്നും തകഴിക്കും
ദേവിനും ശേഷം നോവലുണ്ടായിട്ടില്ലെന്നും മുണ്ടശ്ശേരിയോടെ മലയാള നിരൂപണം
അവസാനിച്ചെന്നും ഇവർ പറഞ്ഞുകൊണ്ടിരിക്കുന്നു. സ്വന്തം ഗവേഷണ
രീതിശാസ്ത്രങ്ങളും സ്വന്തം ശിഷ്യരുടെ വായ്ത്താരികളും ഇവരുടെ ജീവിതത്തെ
നനച്ചു വളർത്തിക്കൊണ്ടിരിക്കുന്നു. കുറെയൊക്കെ കുറ്റിയറ്റ ഈ വിഭാഗം
സർവ്വകലാശാലകൾ കേന്ദ്രീകരിച്ച്‌ ഇന്നും ചുറ്റിത്തിരിയുന്നു.
സക്കറിയ

കെ.പി.അപ്പൻ

മാധ്യമപ്രവർത്തകർക്ക്‌ യു.ജി.സി പ്രോഫസർമാരെ പൊതുവെ ഇഷ്ടമല്ലാത്തതിനാൽ
ഇവരുടെ അജ്ഞത പുറംലോകം അറിയാതിരിക്കുന്നു. മുമ്പുപറഞ്ഞ സാംസ്കാരിക
നായകന്മാരായ നിരൂപകർ പലരും കോളേജ്‌ അധ്യാപകരായിരുന്നതിനാൽ തങ്ങൾ അവരുടെ
പിൻഗാമികളാണെന്ന മൂഡസ്വർഗ്ഗത്തിൽ ഇവർ കഴിഞ്ഞു കൂടുന്നു. ചിലർ
ഗുപ്തൻനായരുടെ തോൾ വസ്ത്രം അനുകരിക്കുന്നു. മറ്റുചിലർ സുകുമാർ
അഴീക്കോടിനെപ്പോലെ മുൻ ശുണ്ഠി കാട്ടുന്നു. ചിലർ പരപുച്ഛം ജീവിതചര്യയാക്കി
കഴിഞ്ഞു കൂടുന്നു. ഇവർ മിക്കവാറും അധ്യാപകരായതിനാൽ ചെല്ലുന്നിടത്തൊക്കെ
ശിഷ്യാദരം (കൂടുതലും പെൺകുട്ടികൾ) ലഭിക്കുന്നു. ഇതിനാൽ ലോകം മുഴുവൻ
തങ്ങളെ ബഹുമാനിക്കുന്നതായി ഇവർ കരുതുന്നു.

        ബുദ്ധിജീവികളെക്കുറിച്ച്‌ കെ.പി.അപ്പനും സക്കറിയയുമൊക്കെ
എഴുതിയിട്ടുണ്ട്‌. ഇവരുടെ ശൂന്യമായ ബൗദ്ധിക മണ്ഡലത്തെക്കുറിച്ച്‌ പലവട്ടം
ചർച്ചകളുണ്ടായിട്ടുണ്ട്‌. ഇവരുടെ ഇരട്ടത്താപ്പും വിധേയത്വവും
മിക്കപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. ഇന്നത്തെ സാംസ്കാരിക
നായകന്മാരിൽ ബുദ്ധിജീവികളെകൂടാതെ ലൈംഗിക തൊഴിലാളികളും തസ്കരനും
പോസ്റ്റുമോർട്ടം ഡോക്ടറും ഉൾപ്പെടുന്നു. എന്നാൽ കേരളത്തിലെ
സാഹിത്യനിരൂപകർ പലതും ആ സ്ഥാനത്തുനിന്ന്‌ പുറത്താക്കപ്പെട്ടിരിക്കുന്നു.
കേരളത്തിലെ സാംസ്കാരിക നായകർ എന്ന നിലയിൽ വിരലിലെണ്ണാവുന്ന നിരൂപകർ
മാത്രമാണിന്നുള്ളത്‌. സാഹിത്യത്തെയും സംസ്കാരത്തെയും സാമൂഹിക
ജീവിതത്തെയും പ്രപഞ്ചത്തെയും സമഗ്രമായി മനസ്സിലാക്കാനും സൂഷ്മനിരീക്ഷണം
നടത്താനും വേണ്ട സൗന്ദര്യബോധമുള്ളവരാണ്‌ നിരൂപകർ. ഈ വംശം കേരള സമൂഹത്തിൽ
നിന്ന്‌ അപ്രത്യക്ഷമാകാൻ തുടങ്ങുന്നു. ലേഖനമെഴുതുന്ന കോളേജ്‌ അധ്യാപകനും
നോവൽ പരിഭാഷ നിർവ്വഹിക്കുന്ന പത്രലേഖകകരും നിരൂപകരാണെന്ന്‌ ജനം
തെറ്റിദ്ധരിക്കുന്നു. സാഹിത്യ നിരൂപണവും സൗന്ദര്യബോധവും പൊതുസമൂഹത്തിന്റെ
ചർച്ചയിൽ നിന്ന്‌ പുറത്താക്കുന്നു. കൃതികൾ വായിക്കപ്പെടുന്നെങ്കിലും
കൃതികളെക്കുറിച്ചുള്ള ഗൗരവ നിരീക്ഷണങ്ങളും എഴുത്തുകളും ആർക്കും
വേണ്ടാതാകുന്നതോടെ സാഹിത്യ നിരൂപണം എന്ന സാഹിത്യശാഖതന്നെ മുഖ്യധാരയിൽ
നിന്ന്‌ പുറത്താകുന്നു.

17 Jun 2012

നവാദ്വൈതം : നിരാസവും നിർമ്മാണവും


ഡോ.എം.എസ്‌.പോൾ

     
  ''എം.കെ.ഹരികുമാറിന്റെ നവാദ്വൈത ചിന്താപദ്ധതി പുതിയ ഘട്ടത്തെ
വ്യാഖ്യാനിക്കാൻ പര്യാപ്തമാണ്‌. ഭൗതികം ആധ്യാത്മികം എന്നിങ്ങനെ
ചേരിതിരിഞ്ഞു നിലകൊള്ളുന്ന ചിന്താപദ്ധതികളിൽ നിന്ന്‌ വ്യത്യസ്തമാണിത്‌.''



മൗലികദർശനങ്ങളുടെയും സ്വതന്ത്രചിന്തയുടെയും അഭാവം നൂറ്റാണ്ടുകളായി
കേരളസമൂഹത്തിനുണ്ട്‌. പതിനഞ്ചാം ശതകത്തിനുശേഷം യൂറോപ്യൻ അധിനിവേശത്തിന്റെ
വ്യത്യസ്തമുഖങ്ങളെ കേരളസമൂഹം അഭിമുഖീകരിച്ചിട്ടുണ്ട്‌. ആധ്യാത്മിക
ചിന്തകളിൽപോലും അധിനിവേശത്തിന്റെ വിഴുപ്പുചുമക്കാൻ കേരളജനത
നിർബന്ധിതരായിട്ടുണ്ട്‌. നവോത്ഥാനകാലത്ത്‌ ദർശനങ്ങളെ ദർശനങ്ങളായിത്തന്നെ
നിലനിർത്തിക്കൊണ്ട്‌ മനുഷ്യകേന്ദ്രീകൃത ചിന്താപദ്ധതികളിലൂടെ
ലോകമെങ്ങുമുള്ള സമത്വാദർശങ്ങളെ ഭാരതം സ്വീകരിച്ചിട്ടുണ്ട്‌ നവോത്ഥാന
കേരളീയ സമൂഹവും ഇത്തരത്തിൽ നിരവധി ചിന്താപദ്ധതികളെ പിൻപറ്റിയിട്ടുണ്ട്‌.
എന്നാൽ ഇതിന്റെ തുടർച്ചയെന്നവണ്ണം സിദ്ധാന്തങ്ങളുടെ ഇറക്കുമതി തുടരുന്ന
നാടാണ്‌ നമ്മുടേത്‌. ആവശ്യമില്ലാത്തവയും സാധുതയില്ലാത്തവയുമായി നിരവധി
ദർശനങ്ങളെ വിവർത്തനം ചെയ്തും ചർച്ച ചെയ്തും സമയം വ്യയം ചെയ്യുന്നതിൽ
നമുക്ക്‌ പ്രത്യേക താൽപര്യമുണ്ട്‌. ചുറ്റുപാടുകളോട്‌ സംവദിക്കാനോ തനതു
ദർശനങ്ങളെ പരിവർത്തനപ്പെടുത്താനോ പുതിയ സിദ്ധാന്തങ്ങൾ സ്വരൂപിക്കാനോ
കഴിയാത്തത്തരം അലസമനോഭാവം മലയാളിക്കുണ്ട്‌. ഇതിനിടയിലും പുതിയ
സിദ്ധാന്തങ്ങളിലേക്കും മൗലികച്ചിന്തയിലേക്കും കടക്കുവാനുള്ള ശ്രമങ്ങൾ
കാണാറുണ്ട്‌. അത്തരം ഒരു അന്വേഷണമാണ്‌ എം.കെ.ഹരികുമാറിന്റെ നവാദ്വൈത
ദർശനം. നവാദ്വൈതചിന്തയുടെ ചർച്ചകളും സമീപനങ്ങളുമുള്ള ഹരികുമാറിന്റെ
കൃതികളാണ്‌ 'എന്റെ മാനിഫെസ്റ്റോ, മറവിയുടെ നിർമ്മാണം,
ഉത്തര-ഉത്തരാധുനികത, എന്റെ ജ്ഞാനമുകുളങ്ങൾ തുടങ്ങിയവ. ഈ കൃതികളിലൂടെയുള്ള
സഞ്ചാരമാണ്‌ ഈ ലേഖനം.

       എം.കെ.ഹരികുമാറിന്റെ നവാദ്വൈത ചിന്താപദ്ധതി പുതിയ ഘട്ടത്തെ
വ്യാഖ്യാനിക്കാൻ പര്യാപ്തമാണ്‌. ഭൗതികം ആധ്യാത്മികം എന്നിങ്ങനെ
ചേരിതിരിഞ്ഞു നിലകൊള്ളുന്ന ചിന്താപദ്ധതികളിൽ നിന്ന്‌ വ്യത്യസ്തമാണിത്‌.
ലോക ദാർശനിക ചരിത്രം പരിശോധിച്ചാൽ ഇത്തരത്തിലൊരു മഹാവിഭജനം ദൃശ്യമാണ്‌.
സമഗ്രജീവിതത്തെ ഉൾക്കൊള്ളുന്നതിൽ നിന്ന്‌ നമ്മുടെ തത്വചിന്തകളൊക്കെ
പുറത്താകുന്നത്‌ ഇതിലേതെങ്കിലും ഒന്നിൽ മാത്രം നിലനിൽക്കുന്നതിലാണ്‌. ഈ
മഹാവിഭജനത്തെ അപ്രധാനീകരിക്കുന്നതാണ്‌ ഹരികുമാറിന്റെ നവാദ്വൈത ചിന്ത.
ഭൗതിക ആത്മീയ ധാരകൾ ഇവിടെ സമന്വയിക്കപ്പെടുകയോ ശിഥിലമാക്കപ്പെടുകയോ
ചെയ്യുന്നു. അതിലുപരി കേവലമനുഷ്യൻ എന്ന സങ്കൽപത്തെ നിരാകരിച്ച്‌
വിശ്വപ്രകൃതിയെയും സമസ്തജീവകണങ്ങളെയും ഈ ചിന്താപദ്ധതി
സ്വാംശീകരിക്കുന്നു. അങ്ങനെ വർത്തമാനകാലത്തെ സംബന്ധിച്ച നിരവധി
സന്ദേഹങ്ങൾക്ക്‌ ലളിത വ്യഖ്യാനം നൽകാൻ ഈ സിദ്ധാന്തത്തിന്‌ കഴിയുന്നു.
വസ്തുവിനെ അതിൽ നിന്ന്‌ മോചിപ്പിക്കുക എന്ന സാഹസവൃത്തി ഇവിടെയുണ്ട്‌.
പ്രാതിഭാസിക ലോകത്തെ സംബന്ധിച്ചാകുമ്പോൾ വസ്തുവിൽ നിന്നുള്ള മോചനം എന്ന
സങ്കൽപം അഭ്യൂഹപരമാണ്‌. 'മാറ്റം' എന്ന സംജ്ഞ അതിനെ പൂർണ്ണമായി
ഉൾക്കൊള്ളുന്നില്ല. ഒന്ന്‌ മറ്റൊന്നാകുന്നു. എന്നു പറയുന്നിടത്തെ യുക്തി
വിശദീകരണക്ഷമവുമല്ല നവാദ്വൈതം അതാണ്‌ ഉൾക്കൊള്ളുന്നത്‌. 'അത്‌
മറ്റൊന്നാണ്‌' എന്ന ദർശനം. അതു നീയാകുന്നു. ഞാൻ ബ്രഹ്മത്തിന്റെ
അംശമാകുന്നു. എന്നിങ്ങനെയുള്ള സങ്കൽപങ്ങളോടടുത്ത്‌ നിൽക്കുന്നതുകൊണ്ടാണ്‌
ഹരികുമാർ തന്റെ ദർശനത്തെ നവാദ്വൈതം എന്ന്‌ വിശേഷിപ്പിക്കുന്നത്‌.
അതിനപ്പുറത്ത്‌ നവാദ്വൈതത്തെ ശങ്കരന്റെ ദർശനവുമായി
ചേർത്തുവായിക്കേണ്ടതില്ല. എന്നിരുന്നാലും അദ്വൈതത്തിൽ നിന്ന്‌
നവാദ്വൈതത്തിലേക്ക്‌ ഒരു സിദ്ധാന്ത പരിണാമം വ്യാഖ്യാനിച്ചെടുക്കാനാവും.
അത്‌ അദ്വൈതം എന്ന പദത്തിന്റെ ആർത്ഥികതലത്തിലുള്ള അന്വേഷണത്തിലാണ്‌
സാധ്യമാകുന്നത്‌. അത്‌ മറ്റൊന്നാകുന്നുവേന്ന ചിന്തയ്ക്ക്‌ ജൈവികതയുണ്ട്‌.
എവിടെയോ വച്ച്‌ വളർച്ച നിന്നുപോവുകയും പിന്നീട്‌ മുസോളിയങ്ങളിലേക്ക്‌
മാറ്റിവയ്ക്കുകയും ചെയ്യുന്ന ചിന്താ പദ്ധതികളിൽ നിന്ന്‌ ഇത്‌
വ്യത്യസ്തമാണ്‌. കാരണം പ്രതിക്ഷണം നവീകരിക്കപ്പെടുന്ന ആശയമാണിത്‌. ഏതു
വസ്തുവും അതിൽ നിന്നുതന്നെ സ്വയം മോചിക്കുകയും നിരന്തര നവീകരണത്തിലേക്ക്‌
നീങ്ങുകയും ചെയ്യുകയാണ്‌. ഇങ്ങനെ ഓരോന്നും ഭൂതകാലത്തിൽ നിന്നും
വർത്തമാനത്തിലേക്കും അവിടെ നിന്നും ഭാവിയിലേക്കും പരിവർത്തനപ്പെടുകയാണ്‌.


       മൗലികച്ചിന്തകൾക്കും വസ്തു സ്വത്വവാദങ്ങൾക്കും അപ്പുറത്താണ്‌ ഈ ദർശനം
നിലകൊള്ളുന്നത്‌. 'സ്വയം നിരാസം' എന്ന സംജ്ഞയിലൂടെ നവാദ്വൈതത്തിന്‌
വിശദീകരണം ലഭിക്കുന്നുണ്ട്‌. സ്വയം നിരാസം എന്ന പദം ഇവിടെ
സാന്ദ്രമാകുന്നു. സ്വയം തള്ളിക്കളഞ്ഞുകൊണ്ട്‌ മറ്റൊന്നിനെ
സാക്ഷാത്കരിക്കാനുള്ള ശ്രമം സ്വയം നിരാസത്തിനുണ്ട്‌. ഒരുതരത്തിലുള്ള
പ്രേരണയും ഇതിൽ ഇടപെടുന്നില്ല. തനിയെ സംഭവിക്കുകയാണ്‌. ആന്തരികമായ
നിശ്ചലാവസ്ഥയ്ക്ക്‌ എതിരായിട്ടുള്ള സഞ്ചാരമാണിത്‌. നിരന്തര
നവീകരിച്ചുകൊണ്ടുള്ള ഈ പരിവർത്തനത്തിൻ ചലനാത്മകതയും സജീവതയുമുണ്ട്‌.
വസ്തുക്കളെയും ആശയങ്ങളെയും നിരന്തരം പുനർജനിപ്പിക്കുകയും ആന്തരികമായി
നവീകരിക്കുകയും ചെയ്യുകയാണിവിടെ. എല്ലാവിധ മൗലികതയെയും നിഷേധിക്കുന്ന ഈ
ദർശനം ഒട്ടേറെ വ്യാഖ്യാനസാധ്യതകൾ നൽകുന്നു. എം.കെ.ഹരികുമാർ 'എന്റെ
മാനിഫെസ്റ്റോ' എന്ന പുസ്തകത്തിൽ നവാദ്വൈതചിന്ത അവതരിപ്പിക്കുമ്പോൾ സ്വയം
നിരാസം, ജലാത്മകത എന്നിവയെക്കുറിച്ചുള്ള വിശദീകരണം നൽകുന്നുണ്ട്‌.
"അപരലോകങ്ങൾ, മറ്റു പ്രമാണികൾ, മനുഷ്യജീവികൾ, എല്ലാം നമ്മുടെ മൗലികവാദം
വിട്ട്‌ സാക്ഷാത്ക്കാരം നേടാനുള്ള ഇടങ്ങളാണ്‌. സ്വയം നിരസിക്കാത്ത ആശയം.
സംസ്കാരത്തിന്‌ തടസമാണ്‌. അത്‌ യാഥാസ്ഥിതികമായിത്തീരുകയാണ്‌
ചെയ്യുന്നത്‌. എന്നാൽ സ്വത്വവാദം വിഘടനവാദമാണ്‌ സംയുക്തത്തിലേക്ക്‌
വരുന്നതിൽ നിന്ന്‌ അത്‌ ഓരോ വ്യക്തിയെയും തടസ്സപ്പെടുത്തുന്നു. (എന്റെ
മാനിഫെസ്റ്റോ പേജ്‌-58) സ്വയം നിരസിച്ചുകൊണ്ടാണ്‌ തത്വങ്ങൾ
വികസിക്കേണ്ടത്‌ എന്നവാദം ഇവിടെയുണ്ട്‌. മൗലികമായിരിക്കുന്നതെന്തും
ഭീഷണമാണ്‌ എന്ന്‌ ഹരികുമാർ ഓർമ്മിപ്പിക്കുന്നു. മൗലികവാദങ്ങളിൽ നിന്ന്‌
സ്വയം നിരസിച്ചുകൊണ്ട്‌ പുറത്തുവരാനും മറ്റൊന്നാകാനും കഴിയുക എന്ന
വിപ്ലവചിന്ത മനുഷ്യനിന്നോളം ചെന്നൈത്തിയിട്ടുള്ള ദർശനങ്ങളുടെ നിർമ്മിതിയെ
നിരാകരിക്കുന്നതാണ്‌. ഈ തത്വാവതരണത്തിനിടയിലാണ്‌ ജലാത്മകതയെക്കുറിച്ച്‌
ഹരികുമാർ വിശദീകരിക്കുന്നത്‌. സ്വന്തം നിശ്ചലതയെ എല്ലായ്പ്പോഴും
നിരാകരിക്കുന്നതാണ്‌ ജലത്തിന്റെ സവിശേഷത. ഒഴുക്ക്‌ അതിന്റെ സ്വയം
നവീകരണവും പരിവർത്തനങ്ങളുമാണ്‌. അനേകം സ്വയം നവീകരണങ്ങളും നിരാസങ്ങളും
പരിവർത്തനങ്ങളും വെള്ളത്തിനുണ്ട്‌. എന്ന്‌ ഹരികുമാർ അഭിപ്രായപ്പെടുന്നു.
പരന്നൊഴുകാനും രൂപം മാറാനും അലിഞ്ഞുചേരാനുമുള്ള ജലത്തിന്റെ ഈ കഴിവിൽ
നിത്യപരിവർത്തനത്തിന്റെ സാധ്യതയുണ്ട്‌. ജലത്തിന്റെ ഈ സവിശേഷത
നവാദ്വൈതചിന്തയോട്‌ ചേർത്തുവയ്ക്കുകയാണ്‌ ഹരികുമാർ. "സ്വന്തം
മൗലികവാദങ്ങളിൽ നിന്ന്‌, ചരിത്രത്തിൽ നിന്ന്‌, ഉറച്ചുപോയ ചിന്തകളിൽ
നിന്ന്‌ അപരിചിതവും അനാവൃതവുമായ ലോകങ്ങളിലേക്ക്‌ സ്വന്തം
ആഗ്രഹങ്ങളില്ലാതെ കടന്നു പോകുകയാണ്‌ ജലം. ഇത്‌ നവാദ്വൈതമാണ്‌ (എന്റെ
മാനിഫെസ്റ്റോ പേജ്‌-73) എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. മത്സ്യങ്ങളുടെ
സഞ്ചാരലോകത്തെ ഇതുമായി ചേർന്നു നിൽക്കുന്ന മറ്റൊരനുഭവമായി ഹരികുമാർ
കാണുന്നു. "മത്സ്യമാകട്ടെ മൂല്യങ്ങളുടെ കേന്ദ്രീകരണത്തെ ജലത്തിന്റെ
മീഡിയത്തിൽ അസ്ഥിരമാക്കി കളയുന്നു നടന്നുപോയ വഴികൾ അവ രഹസ്യമാക്കുകയോ
വിസ്മൃതമാക്കുകയോ ചെയ്യുന്നു. ഒരിടത്തു തന്നെ ചുറ്റിത്തിരിഞ്ഞ്‌ അവ അനേകം
വഴികളുണ്ടാക്കുന്നു. സഞ്ചരിക്കുന്നതോടെ വഴികൾ അപ്രത്യക്ഷമാവുകയും വീണ്ടും
സഞ്ചാരങ്ങൾക്കായി ആ വഴികൾ അപ്രത്യക്ഷമാകുകയും വീണ്ടും സഞ്ചാരങ്ങൾക്കായി ആ
വഴികൾ തന്നെ പലരീതിയിൽ നിർമ്മിച്ചെടുക്കുയും ചെയ്യുന്നു.
ചരിത്രത്തെമായ്ച്ചുകളയുകയും ജീവിതത്തെ പ്രശോഭിപ്പിക്കുകയും അതേസമയം സ്വയം
നിരാകരിച്ച്‌ ഭാവിയിലേക്ക്‌ പോകുകയുമാണ്‌ മത്സ്യങ്ങളുടെ ധർമ്മം"
(മറവിയുടെ നിർമ്മാണം പേജ്‌ -57, 58)

       നവാദ്വൈതചിന്തയെ സാഹിത്യവിമർശനം സാംസ്കാരിക വിശകലനം എന്നീ
മേഖലകളിലേക്ക്‌ വികസിപ്പിക്കുന്ന എം.കെ.ഹരികുമാറിന്റെ കൃതികളാണ്‌ എന്റെ
മാനിഫെസ്റ്റോ, മറവിയുടെ നിർമ്മാണം, ഉത്തര-ഉത്തരാധുനികത എന്നിവ. സ്വകീയമായ
ഒരു സാഹിത്യസിദ്ധാന്തത്തെ അവതരിപ്പിക്കുകയും അത്‌ പ്രയുക്ത
വിമർശനത്തിനുപയുക്തമാക്കുകയും ചെയ്യുകയാണ്‌ ഹരികുമാർ. നമ്മുടെ
സാഹിത്യത്തെ സിദ്ധാന്തപരമായിട്ടും പ്രസ്ഥാനപരമായും വിലയിരുത്തുമ്പോൾ അത്‌
ആധുനികതയെ പിന്നിട്ട്‌ ഉത്തരാധുനികതയിലും ഉത്തര-ഉത്തരാധുനികതയിലും
എത്തിനിൽക്കുന്നു. ആധുനികതയിലും ഉത്തരാധുനികതയിലും സാഹിത്യനിർമ്മിതികളെ
നിയതമായ ഇടം കൽപ്പിച്ചു നൽകുകയും ചെയ്തിരുന്നു. ഈ പരിമിതികളിൽ നിന്ന്‌
സാഹിത്യത്തെയോ ആസ്വാദനരീതികളെയോ മോചിപ്പിക്കാൻ നമ്മുടെ സാഹിത്യ
സൈദ്ധാന്തികർ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ഈ പരിമിതി
ഉല്ലാഖിക്കുകയാണ്‌ എം.കെ.ഹരികുമാർ. സാഹിത്യത്തെ പരിവർത്തനങ്ങൾക്കും,
പരിണാമങ്ങൾക്കും വിധേയമാകുന്ന ജൈവ സമഗ്രതയിലൂടെയാണ്‌ ഇവിടെ
സമീപിക്കുന്നത്‌. ഭാവുക്ത്വം, മൗലികത, സ്വത്വം എന്നിങ്ങനെ നമ്മുടെ
സാഹിത്യമണ്ഡലത്തിൽ നിരന്തരം ചർച്ച ചെയ്യുന്ന സംവർഗങ്ങളെ എം.കെ.ഹരികുമാർ
ശക്തമായി നിഷേധിക്കുന്നുണ്ട്‌. ഇവയെല്ലാം സാഹിത്യപ്രവർത്തനത്തിന്റെ
അനുസ്യൂതമായ ഒഴുക്കിന്‌ വിഘാതമായി നിലകൊള്ളുന്ന തടശിലകളാണെന്ന നിഗമനമാണ്‌
അദ്ദേഹത്തിനുള്ളത്‌. ഏതെങ്കിലും ഒരു കാലയളവിൽ സാഹിത്യത്തിന്റെ ഗതി
തടഞ്ഞുനിർത്തിക്കൊണ്ട്‌ യൂണിവേഴ്സിറ്റികളും അക്കാദമിക്‌ നിരൂപകരും
പൈന്തുടരുന്ന സാഹിത്യസമീപനരീതികൾ അസംബന്ധമാണെന്നിവിടെ വിലയിരുത്തുന്നു
കലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ഇങ്ങനെയാണ്‌. "ഏതു വസ്തുവാണോ
അതായിത്തന്നെ നിലനിൽക്കുന്നത്‌, അത്‌ യാഥാർത്ഥ്യത്തിന്റെ വീക്ഷണത്തിൽ
സാഹിത്യപരമല്ല. ഒരു പൂർണ്ണ യഥാർത്ഥവസ്തുവില്ല. അതുകൊണ്ട്‌ പൂർണ്ണ
യഥാർത്ഥവസ്തുവേന്ന നിലയിൽ ഒന്നും സാഹിത്യത്തിൽ നിൽക്കാൻ പാടില്ല. ഇതിന്‌
അനുഭവ സാധ്യതയില്ല. ഏതു വസ്തുവിനെയും അതിന്റെ മൗലികവാദത്തിൽ നിന്ന്‌
അതായിരിയ്ക്കുന്ന അവസ്ഥയിൽ നിന്ന്‌ മാറ്റി, അതിനു പ്രത്യക്ഷത്തിൽ
അപരിചിതമായ വിതാനത്തിലേക്ക്‌ ഉയർത്തുമ്പോഴാണ്‌ കലയുണ്ടാകുന്നത്‌". (എന്റെ
മാനിഫെസ്റ്റോ പേജ്‌-43) ഇങ്ങനെയാകുമ്പോൾ നിലവിലുള്ള സിദ്ധാന്തങ്ങളെ
പിൻപറ്റിയുള്ള സാഹിത്യനിരൂപണ സമ്പ്രദായങ്ങളെല്ലാം പരിമിതമാണെന്നു
വരുന്നു. നവാദ്വൈത സമീപനം കൊണ്ട്‌ 'വീണപൂവ്‌' എന്ന കൃതി വിലയിരുത്തുമ്പോൾ
ഈ വിഷയം കടന്നുവരുന്നുണ്ട്‌. ഒരു വസ്തുവിന്‌ അതായിരിക്കാൻ കഴിവില്ല.
ഒരുവസ്തു അല്ലെങ്കിൽ ആശയം അതിനെത്തന്നെ സ്വയം നിരസിച്ച്‌ മറ്റൊന്നാകുന്നു
എന്ന വാദം വീണപൂവിന്റെ കാര്യത്തിൽ ശരിയാകുന്നു. വീണപൂവിനെ സംബന്ധിച്ചുള്ള
പ്രതീകവാദവും പ്രതിനിധാനവുമെല്ലാം ഇത്തരത്തിലാണ്‌ ഹരികുമാർ
വിലയിരുത്തുന്നത്‌. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ പുനർവായനയിൽ
ഹരികുമാർ ഈ ദർശനം കൊണ്ടു വരുന്നുണ്ട്‌. " ഒരാശയവും പ്രസക്തി നേടണമെന്ന്‌
നോവലിസ്റ്റ്‌ വിചാരിക്കുന്നില്ല. ഏതൊന്നാണോ പ്രസക്തി നേടേണ്ടത്‌
അതിനുള്ളിൽത്തന്നെ അതിനെ എതിർക്കുന്ന, കളിയാക്കുന്ന അനേകം
ഘടകങ്ങളുണ്ടായിരിക്കും (അർത്ഥവത്തായ ആശയങ്ങളുടെ ശൂന്യത) ഇങ്ങനെ
ഒരാദർശത്തിലും അടിയുറയ്ക്കാത്ത നോവലിന്റെ ഗതി പ്രകൃതിയുടെ തന്നെ സ്വയം
നിരാസത്തെയും പുനർനിർമ്മിതിയെയും ഓർമ്മിപ്പിക്കുന്നു. ആത്മീയമായ
ഭൗതികഘടകങ്ങളിലൊന്നും ശാശ്വതികത്വം നേടാതെ നോവൽ വികസിക്കുകയും
ചുരുങ്ങുകയും ചെയ്യുന്നു. കേവലം അസ്തിത്വവ്യഥയുടെ പരിധിയിൽ
നിന്നുകൊണ്ടുള്ള വായനയ്ക്ക്‌ നൽകാനാകാത്ത വിശദീകരണം നവാദ്വൈതത്തിന്‌
നൽകാൻ കഴിയുന്നതിവിടെയാണ്‌. പരസ്പരബന്ധമില്ലാത്തവയെ ഒത്തു ചേർത്ത്‌
നിർമ്മിക്കുന്ന ഇത്തരം സാഹിത്യനിർമ്മിതികളിൽ നിരന്തരപരിണാമിയായ
പ്രകൃതിയുടെ സാദൃശ്യമുണ്ടെന്ന്‌ വരുന്നു.

       സാഹിത്യവായനകൾക്കപ്പുറത്ത്‌ നവാദ്വൈത ദർശനത്തെ
സംസ്ക്കാരപഠനമേഖലകളിലേക്ക്‌ വ്യാപരിപ്പിക്കുന്ന ലേഖനങ്ങളാണ്‌ 'മറവിയുടെ
നിർമ്മാണം' എന്ന കൃതിയിലുള്ളത്‌ ഭാവുകത്വം മരിച്ചെന്നും
അതിവേഗജീവിതത്തിന്റെ പുതിയകാലത്തെ സംബന്ധിച്ച്‌ കലയുമായി ബന്ധപ്പെട്ട
നിഗോ‍ൂഡാനുഭൂതികൾ ഒന്നും തന്നെ നിലനിൽക്കുന്നില്ലെന്നും ഹരികുമാർ
സാക്ഷ്യപ്പെടുത്തുന്നു. ടെലിവിഷൻ, ഇന്റർനെറ്റ്‌ എന്നിവയുടെ
സഹായത്തോടെയാണ്‌ ഭാവുകത്വത്തിന്റെ മരണം വേഗത്തിലായതെന്നും ഇവിടെ
പറയുന്നുണ്ട്‌. എഴുത്തുകാരന്റേതെന്ന്‌ അവകാശപ്പെട്ടിരുന്ന പ്രത്യേകമായ
ബൗദ്ധികത വൈകാരികമായ ഉത്കർഷത, ബുദ്ധിപരമായ ഉണർവ്വ്‌ ആധികാരികത
തുടങ്ങിയവയെല്ലാം പുതിയകാലം നിരാകരിക്കുന്നു. വിർച്വൽ റിയാലിറ്റിയുടെ
പുതിയ ലോകം സാഹിത്യത്തെയും എഴുത്തിനെയും അപമാനവീകരിക്കുന്നതെങ്ങനെയെന്നു

'കവിത' എന്ന സാഹിത്യരൂപത്തിന്‌ ഇക്കാലത്ത്‌ വന്നുചേരുന്ന ദുരവസ്ഥ
എന്താണെന്നും ഇവിടെ അന്വേഷിക്കുന്നുണ്ട്‌. യാതൊന്നും വിനിമയം
ചെയ്യാനാകാതെ കവിത ബുദ്ധിമുട്ടുന്ന കാഴ്ച വർത്തമാനകാലത്തുണ്ട്‌. ഇതര
സാഹിത്യരൂപങ്ങൾക്കുള്ള സജീവത കവിതയിൽ കാണുന്നില്ല." ഈ കാലങ്ങൾ
ഉത്പാദിപ്പിക്കുന്ന ജീവിത സമീപനങ്ങൾ കവിതയെക്കാൾ വലിയ പ്രതിഛായയുള്ള
ജീവിതത്തെ എങ്ങനെ സ്വാംശീകരിക്കണമെന്ന്‌ കവിക്കറിയില്ലെന്നും ഹരികുമാർ
പറയുന്നു.
       ഓർമ്മ/മറവി എന്നീ ദ്വന്ദ്വങ്ങൾ തമ്മിൽ നിലനിന്നിരുന്ന വിഭജനം
പുതിയകാലത്ത്‌ മാഞ്ഞുപോകുന്നു. ഓർമ്മകളുടെ ആവശ്യം ഇല്ലാതായിരിക്കുന്നു.
അറിവ്‌ ആവശ്യത്തിനുപയോഗിക്കുകയും തിരികെ വയ്ക്കുകയും ചെയ്യാവുന്ന ഒന്നായി
മാറുന്നു. ഓർമ്മയിൽ സംഭരിച്ചു സൂക്ഷിക്കേണ്ടുന്ന യാതൊരറിവും
ഇല്ലാത്തതിനാൽ ഓർമ്മ മറവി എന്നിങ്ങനെയുള്ള പ്രതിസന്ധികളെ ആരും തന്നെ
അഭിമുഖീകരിക്കുന്നില്ല. കണ്ടതിനെ മറന്ന്‌ അതിനെത്തന്നെ പുതുതാക്കാമെന്ന്‌
ആഹ്ലാദിക്കുന്ന മറവിയുടെ വിചിത്രമായ മാനസികാവസ്ഥയാണ്‌ ടെലിവിഷൻ
ഉദ്പാദിപ്പിക്കുന്നതെന്ന്‌ ഹരികുമാർ കണ്ടെത്തുന്ന പുതിയ മാധ്യമങ്ങൾ
ഓർമ്മകളെക്കാൾ മറവിയെയാണ്‌ നിർമ്മിക്കുന്നതെന്നും മറവി ഒരേ സമയം
മാധ്യമങ്ങളുടെ അസംസ്കൃതവസ്തുവും ഉത്പന്നവുമാണ്‌ എന്നും എഴുതുമ്പോൾ പുതിയ
കാലത്തിന്റെ സംസ്കാരിക ജീവിതത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന ഒരു സാമൂഹിക
ശാസ്ത്രത്തിനെ ഇവിടെ നമുക്ക്‌ കാണാൻ കഴിയും. മറവിയിലൂടെ
ദൈനംദിനാവശ്യങ്ങളുടെ ഇത്തിരിവെട്ടത്തിലേക്ക്‌ ചുരുങ്ങിഭാരം
കുറയ്ക്കാമെന്ന്‌ കരുതുന്ന ബഹുഭൂരിപക്ഷം നിർമ്മിക്കുന്ന പുതിയ സംസ്കാരം
ഇവിടെ അപഗ്രഥന വിധേയമാകുന്നു.
       യാഥാർത്ഥ്യങ്ങളെ അനിയാഥാർത്ഥ്യങ്ങൾകൊണ്ടും പ്രതീതിയാഥാർത്ഥ്യങ്ങൾ
കൊണ്ടും അപ്രസക്തമാക്കുന്ന വ്യാജയാഥാർത്ഥ്യങ്ങളുടെ കാലത്തെക്കുറിച്ചുള്ള
എം.കെ.ഹരികുമാറിന്റെ അന്വേഷണമാണ്‌ വ്യാജ യാഥാർത്ഥ്യങ്ങൾ,
പൂർവ്വജീവിതത്തിന്റെ അദൃശ്യത എന്നീ ലേഖനങ്ങൾ (മറവിയുടെ നിർമ്മാണം)
അതിയാഥാർത്ഥ്യം (........) എന്നത്‌ പുതിയ മാധ്യമകാലത്തിന്റെ
സവിശേഷതയാണ്‌. വ്യാജയാഥാർത്ഥ്യങ്ങളുടെ ഉടമസ്ഥനാവുക എന്നത്‌ വർത്തമാനകാലം
മനുഷ്യന്‌ നൽകുന്ന കടുത്ത ശിക്ഷയാണ്‌. പുതുമുതലാളിത്തം പ്രാക്തന
സംസ്കൃതികളെ വിപണിയുടെയും പരസ്യത്തിന്റെയും തന്ത്രങ്ങളാകുമ്പോൾ
യാഥാർത്ഥ്യം എന്നത്‌ കൂട്ടിക്കുഴയ്ക്കപ്പെടുകയും കാലവിഛേദം
അനുഭവിക്കപ്പെടുകയും ചെയ്യുന്നു. "മാധ്യമം, പൊതുസിനിമ, വിർച്വൽ ലോകം
എന്നിവയെല്ലാം ചേർന്ന്‌ പുതിയ അയഥാർത്ഥ്യത്തിന്റെ
സ്ക്രിപ്റ്റുണ്ടാക്കുന്നു. ഇത്‌ പുതിയ പ്രവണതയാണ്‌. ഈ സ്ക്രിപ്റ്റ്‌
എഴുതപ്പെടുന്നത്‌ ഒറ്റയ്ക്ക്ക്കൊറ്റയ്ക്കാണെങ്കിലും കൂടിചേർന്ന്‌
എഴുതപ്പെടാത്ത അയഥാർത്ഥ്യവബോധത്തിന്റെ പുതിയ സ്ക്രിപ്റ്റുണ്ടാകുന്നു.
കലയും സാഹിത്യവും ഇത്തരം അയഥാർത്ഥ്യലോകത്തെയാണ്‌ ഉണ്ടെന്ന്‌ വിശ്വസിപ്പാൻ
ശ്രമിക്കുന്നത്‌ (മറവിയുടെ നിർമ്മാണം. പേജ്‌ -94) എന്നിവിടെ
എഴുതിക്കാണുന്നു.
       ഉത്തര- ഉത്തരാധുനികതയെക്കുറിച്ച്‌ മലയാളത്തിലുണ്ടായിട്ടുള്ള ആദ്യ പഠന
ഗ്രന്ഥമാണ്‌ 'ഉത്തര ഉത്തരാധുനികത' യൂറോപ്പിന്റെ സംസ്കാരിക ഭൗതിക
സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപംകൊണ്ട ആധുനികതയും ഉത്തരാധുനികതയും
യൂറോ കേന്ദ്രീകൃതമായിരിക്കുന്നു. എന്നാൽ ഉത്തര-ഉത്തരാധുനികതയ്ക്ക്‌ ഒരു
വികേന്ദ്രീകൃത സ്വഭാവമുണ്ട്‌. അത്‌ ആഗോള ജീവിത സാഹചര്യങ്ങളെയും
സംസ്കൃതികളെയുമാണ്‌ ഉന്നംവയ്ക്കുന്നത്‌. ഒരു തുറന്ന സംസ്കാരിക ലോകമാണ്‌
ഇന്നുള്ളത്‌. അർത്ഥമോ അറിവോ ആർക്കും എല്ലാവർക്കും ലഭ്യമാകാതെ ഒഴിഞ്ഞുമാറി
നിന്ന ഉത്തരാധുനികതയും ആധുനികതയുമല്ല ഇവിടെയുള്ളത്‌. ഡിജി-മോഡേണിസം,
സഹയോഗ സൗന്ദര്യശാസ്ത്രം (........)പെർഫോമാറ്റിസം, ഓട്ടോ മോഡേണിസം എന്നീ
ഉത്തര-ഉത്തരാധുനിക പ്രതിഭാസങ്ങളെ ഈ പുസ്തകത്തിൽ എം.കെ.ഹരികുമാർ
പരിചയപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഉത്തര-ഉത്തരാധുനിക ചിന്തകനും
ഡിജിറ്റൽ മോഡേണിസത്തിന്റെ വക്താവുമായ അലൻ കിർബി, ഫ്രഞ്ച്‌ ചിന്തകനായ ജീൻ
ലിപോവെറ്റ്ക്സി, നിക്കോളാസ്‌ ബോറിയാദ്‌, പെർഫോമാറ്റിസം എന്ന
ചിന്താപദ്ധതിയുടെ ഉപജ്ഞാതാവായ റയോൾ ഇഷൽമാൻ, ഓട്ടോ മോഡേണിസത്തിന്റെ
വക്താവായ റോബർട്ട്‌ സാമുവൽസ്‌ എന്നിവരുമായി ഗ്രന്ഥകാരൻ നടത്തിയ
സംവാദങ്ങളുടെ പൂർണ്ണരൂപം ഈ പുസ്തകത്തിലുണ്ട്‌.

       എഴുത്തിലും സംവേദനശീലത്തിലും വന്നു ചേർന്ന കാതലായ പരിവർത്തനങ്ങളും
വായനക്കാരൻ ഉൾപ്പടെയുള്ള അനുവാചകന്‌ ലഭ്യമായ സ്വാതന്ത്ര്യവും അധികാരവും
ഉത്തര-ഉത്തരാധുനിക സാഹചര്യങ്ങളുടെ സവിശേഷതയാണ്‌. പൊതുമണ്ഡലത്തിലാകട്ടെ
ഉത്പാദകനെക്കാൾ ഉപഭോക്താവിന്‌ ലഭിക്കുന്ന സ്വാതന്ത്ര്യവും അധികാരവും
പ്രധാനവിഷയമാകുന്നു. അനുവാചകൻ, ഉപഭോക്താവ്‌ എന്നിങ്ങനെയുള്ള ഭൂരിപക്ഷ
സമൂഹം തങ്ങളുടെ ഇച്ഛയ്ക്കൊത്ത്‌ നിർമ്മിച്ചുകൊണ്ടിരിക്കുന്ന സംവേദന
ശീലങ്ങളിലാണ്‌ പുതിയലോകക്രമം നിലകൊള്ളുന്നത്‌. സോഷ്യൽ നെറ്റ്‌
വർക്കുകളുടെയും ഇന്റർനെറ്റ്‌ കൂട്ടായ്മകളുടെയും പുതിയ കാലം
മാധ്യമങ്ങൾക്കുണ്ടായിരുന്ന അധീശത്വത്തെ തകർത്തുകൊണ്ട്‌ പുതിയ മാധ്യമ
സംസ്കാരം നിർമ്മിക്കുന്നു. ഒളിച്ചുവയ്ക്കാനും ഗോ‍ൂഢാലോചന നടത്താനുമുള്ള
എല്ലാ മാധ്യമശ്രമങ്ങളെയും അവ പരാജയപ്പെടുത്തുന്നു.
       ഉത്തര- ഉത്തരാധുനിക ചിന്തകളെയും നവാദ്വൈത ചിന്തകളെയും
കൂട്ടിയോജിപ്പിക്കുകയാണ്‌ എം.കെ.ഹരികുമാർ. രാഷ്ട്രീയവും കലയും വാണിജ്യവും
ഒന്നു ചേർന്ന്‌ നിർമ്മിക്കുന്ന പുതിയ സാംസ്കാരിക പരിസരം നിരന്തരമായ
നവീകരണത്തിന്‌ വിധേയമാകുന്നുണ്ടിന്ന്‌. ടെക്നോളജി, ആത്മീയ ഭൗതിക
വേർതിരിവുകളെ അപ്രത്യക്ഷമാകുന്നു. സ്വയം നിരസിക്കുന്ന ജീവിതസന്ദർഭങ്ങളുടെ
ബഹുലതയിൽ ഒരു പുതിയ സാംസ്കാരിക മണ്ഡലം രൂപപ്പെടുന്നു. സാങ്കേതികത
സൃഷ്ടിക്കുന്ന അതിവേഗവും ഉപഭോഗ സമൂഹം നിർമ്മിക്കുന്ന
സ്വാതന്ത്ര്യത്തിന്റെ അപാരലോകവും ഇവിടെയുണ്ട്‌. എഴുത്ത്‌ വായന സംസ്കാര
രൂപീകരണം എന്നിവയിൽ വന്നു ചേർന്നിട്ടുള്ള മാറ്റങ്ങൾ ഈ പശ്ചാത്തലത്തിൽ
നിന്നുകൊണ്ട്‌ വിലയിരുത്തേണ്ടതുമുണ്ട്‌. നിലനിൽക്കുന്നവയെ
നിരാകരിച്ചുകൊണ്ട്‌ പുതിയ ആസ്വാദന രീതികളും നിരൂപണ സമ്പ്രദായങ്ങളും
കടന്നുവരികയാണ്‌. ഇവിടെ നവാദ്വൈത ദർശനം പുതിയ കാലത്തിന്റെ സാംസ്കാരിക
പരിസരത്തെ വ്യാഖ്യാനിക്കാൻ പര്യാപ്തമാകുംവിധം അവതരിപ്പിക്കുകയാണ്‌
എം.കെ.ഹരികുമാർ.
       മാനവികതയെക്കുറിച്ചും പ്രപഞ്ച സമഗ്രതയെക്കുറിച്ചുമുള്ള ഗാഡമായ
അന്വേഷണങ്ങളിലാണ്‌  എം.കെ.ഹരികുമാറിന്റെ തത്വചിന്ത രൂപപ്പെടുന്നത്‌.
ചെറുവാക്യ(........)ങ്ങളുടെ ധ്വന്യാത്മകതയിലൂടെ അറിവിന്റെ അഗാധസ്പർശം
അനുഭവിപ്പിക്കാൻ ഹരികുമാറിന്‌ കഴിയുന്നു. ഈവാക്യങ്ങളിൽ മനുഷ്യന്റെ
അർത്ഥത്തെക്കുറിച്ചും ഇതരജീവിവർഗത്തെക്കുറിച്ചുള്ള അന്വേഷണമുണ്ട്‌.
നാൽക്കാലികളും പക്ഷികളും ഉരഗങ്ങളും പരാദങ്ങളും ഇവിടെ കടന്നുവരുന്നു.
അതോടൊപ്പം സാംസ്കാരിക പരിസരത്തെ വിമർശനാത്മകമായി വിലയിരുത്തുന്ന
സൂഷ്മാഭിപ്രായങ്ങളുമുണ്ട്‌. മലയാളിയുടെ മൗലികച്ചിന്ത വികസിക്കാത്ത
മേഖലയിലാണ്‌ എം.കെ.ഹരികുമാർ വ്യാപരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇത്‌
വേറിട്ട സഞ്ചാരമാണെന്ന്‌ പറയേണ്ടിയിരിക്കുന്നു.

       മണ്ണിരയെ ശല്യപ്പെടുത്തരുത്‌ അത്‌ ഭൂമിയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയാണ്‌
എന്ന ഹരികുമാറിന്റെ നിരീക്ഷണത്തിൽ പുതിയ കാലത്തിന്റെ സമഗ്രപരിസ്ഥിതി
ദർശനമുണ്ട്‌. മണ്ണ്‌ മണ്ണിരയുടെ നാഗരികതയും ആചാരവുമാണെന്ന്‌ ഇവിടെ
പറയുന്നുണ്ട്‌. അപ്രതിരോധ്യമായ മൗനം ഞാൻ കണ്ടത്‌ അറവുശാലയിലേക്ക്‌
കൊണ്ടുപോകുന്നതിനായി ഒരിടത്തു കെട്ടിയിട്ട പശുക്കളിലാണ്‌. എന്ന്‌
പറയുമ്പോൾ നമ്മുടെ നിരന്തരമായ കാഴ്ചകളിൽ നിന്ന്‌ നാം മനഃപൂർവ്വം
ഒഴിവാക്കിക്കളയുന്ന ഒരു ദൃശ്യത്തെയാണ്‌ ഹരികുമാർ എഴുതുന്നത്‌. അപാരമായ
മറവിയുടെ അനുകൂല്യത്തിൽ നാം അതിനെ അതിജീവിക്കുകയാണ്‌. " ഒരു പാമ്പിനെ
കാണാനിടയായൽ അപ്പോൾത്തന്നെ മനുഷ്യൻ ഭയത്തിന്റെയും കോപത്തിന്റെയും മൈത്രി
തകർക്കുന്നതിനായി ഒരു ഭാഷ തേടിപ്പിടിക്കും" എന്ന കണ്ടെത്തലിൽ മനുഷ്യനും
ഇതര ജീവിവർഗങ്ങളുമായി നിലനിൽക്കുന്ന മൈത്രിയുടെ താളം അന്വേഷണ
വിഷയമാകുന്നു. 'വെള്ളം എപ്പോഴും  അതിനെത്തന്നെ മറന്ന്‌ അനിശ്ചിതമായ
ഭാവിയിലേക്ക്‌ കുതികൊള്ളുന്നു' വേന്നും 'വെള്ളം നിരന്തരമായ സ്വയം
നിരാസമാണെന്നും ഹരികുമാർ പറയുന്നു. വെള്ളത്തെക്കുറിച്ചുള്ള ഈ
നിരീക്ഷണങ്ങളിൽ എല്ലാ ദർശനങ്ങളെയും സമാഹരിക്കുകയാണിവിടെ.
       സാംസ്കാരിക ഇടങ്ങളെക്കുറിച്ചുള്ള ഹരികുമാറിന്റെ നിരീക്ഷണങ്ങൾ
ശ്രദ്ധേയങ്ങളാണ്‌. 'സ്നേഹരഹിതമായ തീവ്രമായ ഏകാന്തത്തയുടെ
യുക്തിരാഹിത്യത്തിന്റെ ഉപനിഷത്‌ ആണ്‌ ഇന്റർനെറ്റ്‌' എന്ന നിരീക്ഷണം
ടെക്നോളജിയുടെ പുതിയ കാലത്തെ സംബന്ധിച്ച്‌ ശരിയാണ്‌. ഗൃഹാതുരത്വം
വ്യാജമായ ദുഃഖമാണെന്നും മലയാളി മനസ്സ്‌ അതിന്റെ തന്നെ കെണിയിലാണെന്നും
വിളിച്ചുപറയുമ്പോൾ നമ്മുടെ  സാംസ്കാരിക ജീവിതത്തെക്കുറിച്ചുള്ള ശരിയായ
അന്വേഷണമായി ഹരികുമാറിന്റെ ചിന്ത പരിണമിക്കുന്നു.

       മൗലികച്ചിന്തകളുടെ വെളിച്ചം ഈ കൃതികളിലുണ്ട്‌. സകലതിനെയും നിരാകരിച്ച്‌
പുതുതാക്കാൻ ശ്രമിക്കുന്ന പുതിയ ലോകക്രമം വായിച്ചെടുക്കാൻ ഹരികുമാറിന്‌
കഴിയുന്നു. സാഹിത്യനിരൂപണം, സാംസ്കാരിക വിമർശനം, നിരീക്ഷണം,
സിദ്ധാന്തപഠനം എന്നിങ്ങനെ വിവിധതല സ്പർശിയാണ്‌ എം.കെ.ഹരികുമാറിന്റെ
കൃതികൾ. സ്വകീയ ചിന്തകളുടെ തുറസ്സായ ഇടങ്ങളാണിത്‌. ചെറുവാക്യങ്ങളിലൂടെ
അവ്യഖ്യേയമായ ഇടങ്ങളെ ലളിതമായി സമീപിക്കുകയാണ്‌ ഹരികുമാർ. ഇത്‌ കേരളീയ
സമൂഹത്തെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമാണ്‌. പ്രകൃതി മനുഷ്യൻ,
സാംസ്കാരിക ജീവിതം എന്നീ മേഖലകളിൽ ശക്തമായ ഇടപെടൽ നടത്താൻ ഹരികുമാറിന്‌
കഴിയുന്നു. നവാദ്വൈത ദർശനം ഗൗരവമായ ചർച്ചകൾക്ക്‌ വിധേയമാകേണ്ടതുണ്ട്‌.
സാഹിത്യനിരൂപണം, സാംസ്കാരിക വിമർശനം എന്നീ മേഖലകളിൽ ഇത്‌ ആഴത്തിലുള്ള
വിശകലന സാധ്യതകൾ അവശേഷിപ്പിക്കുന്നു.

14 Dec 2011

കാക്കനാടന്റെ വഴി


ഡോ.എം.എസ്‌.പോൾ

മതത്തെ പിൻപറ്റി നിൽക്കുന്ന പാപബോധത്തെ ദുർബലമാക്കിക്കൊണ്ടുള്ള
ചിന്താപദ്ധതിയായിരുന്നു തന്റെ കൃതികളിൽ കാക്കനാടൻപിതുടർന്നത്.
അക്രമത്തിന്റെയും അരാജകത്വത്തിന്റെയും രതിയുടെയും കഥകൾ ബൈബിളിന്‌
സമാന്തരമായി സൃഷ്ടിച്ചുകൊണ്ട്‌ അവിടങ്ങളിലൊക്കെ നിലനിൽക്കുന്ന പാപികളുടെ
ലോകത്തെ പ്രതിനിധീകരിക്കുകയായിരുന്നു കാക്കനാടൻ. സത്യസന്ധതകൊണ്ട്‌
കാക്കനാടൻ
കപടാദർശങ്ങളെയും അധികാര കേന്ദ്രങ്ങളെയും തീഷ്ണമായി വിറകൊള്ളിക്കുന്നതിന്‌
കാക്കനാടന്‌ കഴിഞ്ഞിട്ടുണ്ട്‌.

       മലയാളിയുടെ ബോധാബോധതലങ്ങളിൽ കാര്യമായ ഇടപെടൽ നടത്തിയവരാണ്‌
കാക്കനാടനുൾപ്പെടെയുള്ള ആധുനികർ. സാഹിത്യത്തെ ഇത്തരത്തിൽ
പ്രസ്ഥാനവത്ക്കരിക്കുകയും തരംതിരിക്കുകയും ചെയ്യുന്നത്‌ കേവല അക്കാദമിക്‌
വ്യായാമങ്ങളാണെങ്കിലും അത്തരം ഒരു വിഭജനം കൊണ്ടുമാത്രമേ നവോത്ഥാന
എഴുത്തുകാരിൽ നിന്ന്‌ വ്യത്യസ്തമായി മനുഷ്യമനസ്സിലേക്കും
ഭാവനാലോകത്തേക്കും ആന്തരികപ്രയാണം നടത്തിയ ഈ എഴുത്തുകാരെ വേർതിരിച്ചു
കാണാൻ കഴിയൂ. വ്യവസ്ഥിതികളോടും സദാചാരസംഹിതകളുടെ കാപട്യനിലപാടുകളോടും
കൃതികളിൽകൂടി പ്രതികരിക്കാൻ കഴിഞ്ഞവരായിരുന്നു. ഒ.വി.വിജയൻ, കാക്കനാടൻ,
മുകുന്ദൻ തുടങ്ങിയ ആധുനിക എഴുത്തുകാർ. എഴുത്തുകാരൻ നേരിട്ട
പീഢാനുഭവങ്ങളിലൂടെ വായനക്കാരനെ ഒരു പരിധിവരെ കൊണ്ടുപോകാൻ ഇവർക്കുകഴിഞ്ഞു.

എഴുത്തിലും ജീവിതത്തിലും അരാജകത്വം നിറഞ്ഞ കാക്കനാടൻ ഇവരിൽ നിന്നും
വ്യത്യസ്തനുമായിരുന്നു. അവാർഡുകൾ മെരുക്കിയെടുക്കാത്ത ഒരു എഴുത്തുകാരനായി
തുടർന്നുവേന്നതാണ്‌ കാക്കനാടന്റെ ധൈക്ഷണിക ജീവിതത്തിന്‌ ഇത്രയേറെ
സാന്ദ്രത കൈവരുന്നതിന്‌ കാരണം. അവാർഡുകളുടെ എണ്ണം നോക്കിയായിരുന്നില്ല
കാക്കനാടൻ എന്ന എഴുത്തുകാരനെ മലയാളി വിലയിരുത്തിയത്‌. കാക്കനാടന്റെ
നോവലുകളുടെ കലാപരമായ മൂല്യത്തിനപ്പുറം അതിലെ ധീരമായ പ്രഖ്യാപനങ്ങൾക്ക്‌
ഹ്രസ്വകാലയളവിലെങ്കിലും മലയാളി ശ്രദ്ധനൽകി എന്നതാണീവിടെ പ്രധാനം.

       താന്ത്രികത, ആഭിചാരം, ക്ഷുദ്രപ്രയോഗം, പാപം, ലൈംഗികത, അനുസരണക്കേട്‌
എന്നിങ്ങനെയുള്ള ഹൈന്ദവ ക്രൈസ്തവ മതബോധത്തിലെ തമോഗുണങ്ങളെ തന്റെ
കൃതികളിലേക്ക്‌ കൊണ്ടുവരികയും അവയെ പിന്തുടർന്നുകൊണ്ട്  പൗരോഹിത്യത്തിനും
വരേണ്യബോധത്തിനുമെതിരുനിൽക്കുന്ന മനുഷ്യാവസ്ഥയുടെ സത്യസന്ധമായ വഴികളിലൂടെ
കാക്കനാടൻ സഞ്ചരിക്കുകയും ചെയ്യുന്നു. അജ്ഞതയുടെ താഴ്‌വര പോലുള്ള
നോവലുകളിലും ശ്രീചക്രം പോലുള്ള കഥകളിലും ഈ സമീപനം കാക്കനാടൻ
പിന്തുടരുന്നു.. രാഷ്ട്രീയം മതം ലൈംഗികത എന്നിവയോട്‌ സന്ധി ചെയ്യുകയോ
നിഷേധപൂർവ്വം അവയിൽ നിന്നൊഴിഞ്ഞുമാറുകയോ ചെയ്യാതിരുന്നുവേന്നതാണ്‌
കാക്കനാടന്റെ സാഹിത്യകൃതികളുടെ  സവിശേഷത. ഒരു
കത്തോലിക്കനല്ലാതിരുന്നതിനാൽ പള്ളി മതത്തിന്റെ വിരട്ടുമാർഗങ്ങൾക്കു
പുറത്തായിരുന്നു കാക്കനാടൻ. 
എം.പി.പോൾ, പൊൻകുന്നം വർക്കി തുടങ്ങിയവർക്കു
നേരിടേണ്ടിവന്ന മതപൗരോഹിത്യത്തിന്റെ വിലക്കുകളൊന്നും കാക്കനാടന്റെ
എഴുത്തുവഴിയിലുണ്ടായില്ല. വ്യക്തി സ്വാതന്ത്ര്യത്തിന്റെ അപാരമായ ഭൂമി
കാക്കനാടനു സ്വന്തമായിരുന്നു. അതുകൊണ്ടുതന്നെ സത്യം വിളിച്ചു
പറയുന്നതിന്‌ ഈ എഴുത്തുകാരന്‌ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. മതം
കമ്യൂണിസം എന്നിവയോട്‌ കലഹിക്കുകയും സഹവസിക്കുകയും സമദൂരം പാലിക്കുകയും
ചെയ്യുന്നുവെന്നത്‌ കാക്കനാടന്റെ എഴുത്തിന്റെ സവിശേഷതയാണ്‌. 'ഉഷ്ണമേഖല'
എന്ന നോവലിൽ കാക്കനാടൻ ഈ സ്വാതന്ത്ര്യം സമൃദ്ധമായി ഉപയോഗിക്കുന്നുണ്ട്‌.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അപചയം ശിവൻകുട്ടിയിലൂടെ
ആവിഷ്ക്കരിച്ചപ്പോൾ അത്‌ കേരളത്തിലെ പാർട്ടിഘടങ്ങളിൽ സമ്മിശ്ര
പ്രതികരണമുളവാക്കിയതിനു കാരണവുമിതുതന്നെ. 
'ബാബേൽ' എന്ന കഥയിൽ കാക്കനാടൻ ഈ
വഴിയിൽ ഏറെ സഞ്ചരിക്കുന്നുണ്ട്‌. ബൈബിളിന്റെ പശ്ചാത്തലത്തിൽ നിന്ന്‌
വേർപെടുത്തി ബാബേൽ പരാമർശത്തെ നാട്ടുപുരാവൃത്തവുമായി ചേർന്ന്‌
ലോകകമ്യൂണിസത്തിന്റെ തകർച്ചയെ കലാത്മകമായി ഈ കഥയിൽ അവതരിപ്പിക്കുന്നു. ഈ
കഥയ്ക്ക്‌ ആഖ്യാനപരമായി ഏറെ സവിശേഷതകളുണ്ട്‌. മനുഷ്യൻ അവൻ നിർമ്മിച്ച
താത്വികയുക്തികളിൽ നിന്നും സാമൂഹികബന്ധങ്ങളിൽ നിന്നും
അന്യവത്ക്കരിക്കപ്പെടുന്നുവേന്ന വിചിത്രയാഥാർത്ഥ്യം ഇവിടെയുണ്ട്‌.
"കാവിലമ്മയുടെ രോഷത്തിന്റെ കഥപറയുന്ന തന്റെ രചനയ്ക്ക്‌ ബാബേൽ എന്ന പേരു
നൽകുകയും മൂലകഥയിലെ അനുഭവസത്തയെ കഥയുടെ കേന്ദ്രതത്വമായി സങ്കൽപിക്കുകയും
ചെയ്യുകവഴി തന്റെ കഥയിൽ കമ്യൂണിസ്റ്റ്‌ ഭരണക്രമത്തിനെതിരെ ഒരു കടുത്ത
വിമർശനത്തെ നിർദ്ദേശിക്കുകയാണ്‌ കാക്കനാടൻ ചെയ്തത്‌". എന്ന്‌ കെ.പി.അപ്പൻ
അഭിപ്രായപ്പെട്ടിട്ടുണ്ട്‌. (ബാബേലിന്റെ രാഷ്ട്രീയ വിവക്ഷകൾ: ചെറുകഥ
ആഖ്യാനവും അനുഭവസത്തയും )

       എഴുത്തിന്റെ വിശുദ്ധമാർഗങ്ങളെയും അധികാരത്തിന്റെ പ്രലോഭനങ്ങളെയും
നിരാകരിക്കാൻ കഴിഞ്ഞിടത്താണ്‌ കാക്കനാടൻ എന്ന ആധുനികൻ
വ്യത്യസ്തനാവുന്നത്‌. എഴുത്തുകാർ ചിട്ടപ്പെടുത്തി ജീവിതം നയിക്കുന്നവരും
സദാചാരത്തിന്റെ കാവൽഭടന്മാരും ആയിരിക്കണമെന്ന അർത്ഥത്തിൽ അവരെ സാംസ്കാരിക
നായകർ എന്നുവിശേഷിപ്പിക്കാറുണ്ട്‌. എഴുത്തുകാരന്റെ അരാജക
ജീവിതത്തെക്കുറിച്ച്‌ വേണ്ടത്ര ധാരണയില്ലാതെ സർവ്വ പ്രശ്നങ്ങൾക്കും
സാംസ്കാരിക നായകൻ മറുപടി പറയേണ്ടതുണ്ട്‌.  എന്ന വാദം പലപ്പോഴും നമ്മുടെ
സമൂഹം മുന്നോട്ടുവയ്ക്കാറുണ്ട്‌. എഴുത്തിന്റെ അപാരമായ
സ്വാതന്ത്ര്യത്തെക്കുറിച്ചോ കലാകാരന്റെ വിപുലമായ അധികാരത്തെക്കുറിച്ചോ
അജ്ഞരായി നിരവധി സാഹിത്യജീവനക്കാർ എപ്പോഴും അധികാരവർഗത്തിന്റെ ദാക്ഷിണ്യം
കാംക്ഷിച്ച് കാലം കഴിക്കുന്നുണ്ട്‌. സാംസ്കാരിക മന്ത്രിയാകാൻ സാധ്യതയുള്ള
സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചരണം നടത്തുക അതുവഴി വിലപിടിപ്പുള്ള അവാർഡുകൾ
ഉറപ്പിക്കുക തുടങ്ങിയ മ്ലേച്ഛമാർഗങ്ങളിൽ സഞ്ചരിക്കുന്ന നിരവധി കവികളും
കഥാകൃത്തുക്കളുമുണ്ട്‌. 
സാംസ്കാരിക പ്രാധാന്യമുള്ള നഗരങ്ങളിലേക്ക്‌
കുടിയേറി നട്ടെല്ലില്ലാത്ത ജീവിതം നയിക്കുന്ന ഇത്തരം
എഴുത്തുകാർക്കിടയിലാണ്‌ സത്യസന്ധതയും ആർജവത്വവുമുള്ള എഴുത്തുകാരന്റെ
കൃതികളും ജീവിതവും വ്യത്യസ്തമാകുന്നത്‌. ഇത്തരം വിഗ്രഹഭഞ്ജകർ അവരുടെ
സമകാലികതയിലല്ല പിൽക്കാല ചരിത്രത്തിലാണ്‌ ഇടം തേടുന്നത്‌. അങ്ങനെ
ശിഷ്യഗണങ്ങളും സ്തുതിപാടകരും നിഷ്ക്രമിക്കുമ്പോഴും ജീനിയസ്സുകൾ
തലയുയർത്തി നിൽക്കുന്നു അത്തരം പ്രതിഭാശാലികളുടെ നിരയിലായിരുന്നു
കാക്കനാടൻ. അധികാരസ്ഥാപനങ്ങളിൽ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും
എഴുത്തുകാരൻ മാറിനിൽക്കണമെന്ന്‌ നിരന്തരം ആവർത്തിക്കുന്ന കാക്കനാടന്റെ
വഴിയിൽ കൂടുതലാളുകളില്ല എന്നത്‌ ഭീതിതമായ ഒരുസത്യമാണ്‌.

15 Nov 2011

കവിതയുടെ നൂറുവര്‍ഷങ്ങള്‍

കവിതയുടെ നൂറുവര്‍ഷങ്ങള്‍
ഡോ.എം.എസ്‌. പോള്‍
 ഒരു നൂറ്റാണ്ടുപിന്നിടുമ്പോള്‍ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും മലയാളകവിതയില്‍ എന്തായിരുന്നു എന്ന അന്വേഷണം പ്രസക്തമാകുന്നു. നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളിയുടെ വായനയിലേക്ക്‌ ഇവര്‍ വീണ്ടും വീണ്ടും കടന്നുവരുന്നു. ആധുനിക കവിത്രയത്തിനുശേഷം കവിത ഗൌരവമായ ചര്‍ച്ചയ്ക്ക്‌ വിധേയമാകുന്നത്‌ ഇവരുടെ കാലത്താണ്‌. 
ചങ്ങമ്പുഴയും വൈലോപ്പിള്ളിയും മലയാള കവിതയെ പ്രതിനിധീകരിച്ചവരാണ്‌. ഒരേ കാലത്ത്‌ വ്യത്യസ്ത കാവ്യമാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുകയും മലയാളിയുടെ സങ്കല്‍പ്പ യാഥാര്‍ത്ഥ്യങ്ങളെ സംതുലനമാര്‍ഗത്തിലൂടെ കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു ഇവര്‍. കാല്‍പ്പനികതയുടെയും റിയലിസത്തിണ്റ്റെയും വഴികള്‍ അവരില്‍ ആരോപിച്ചുകൊണ്ട്‌ ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും നാം പ്രസ്ഥാനവല്‍ക്കരിക്കുന്നു. ഈ കവികളെ ഒരു നൂറ്റാണ്ടിനുശേഷം വായിക്കുമ്പോള്‍ അവരുടെ കവിതകള്‍ മാത്രമല്ല നമുക്ക്‌ മുന്നിലുള്ളത്‌ അവരുടെ കൃതികളും അവയുണ്ടാക്കിയ വായനാസംസ്കാരവും വിമര്‍ശകരുടെ നിലപാടുകളും ജീവചരിത്രക്കുറിപ്പുകളുമുള്‍പ്പെടെ ഒരു ബൃഹത്‌ സംസ്കാരമാണ്‌ നമുക്ക്‌ മുന്നിലുള്ളത്‌. യുവാവായി സാഹിത്യത്തിലവതിരിച്ച യുവാവായി ഉല്ലസിച്ച്‌ യുവവായസ്തമിച്ച ദേവപ്രിയനാണ്‌ ചങ്ങമ്പുഴ കൃഷ്ണപിള്ള .
നവീന ഭാഷാസാഹിത്യത്തിലെ നവയുവത്വമായിരുന്ന അദ്ദേഹത്തിണ്റ്റെ നിറവുകളും കുറവുകളും താരുണ്യത്തിണ്റ്റേതായിരുന്നു (പനിനീര്‍പുന്തോപ്പ്‌) എന്ന്‌ വൈലോപ്പിള്ളി വിലയിരുത്തുന്ന ചങ്ങമ്പുഴ മലയാളത്തിലെ എക്കാലത്തെയും ഇതിഹാസമാണ്‌ നിരവധി വിലയിരുത്തലുകളിലൂടെ വിമര്‍ശനങ്ങളിലൂടെ ചങ്ങമ്പുഴയുടെ കവിതയും ജീവിതവും മലയാളമുള്ളിടത്തോളം കാലം ജൈവരൂപമാര്‍ജിക്കുമെന്നതില്‍ തര്‍ക്കമില്ല. നിശിതവിമര്‍ശനങ്ങള്‍ക്കും പക്ഷപാതങ്ങള്‍ക്കുമിടയില്‍ ചങ്ങമ്പുഴയെക്കുറിച്ചുള്ള ചില വിശേഷണങ്ങള്‍ ഏറെ പ്രസക്തമാകുന്നു. അതില്‍ പ്രധാനാ 'മലയാളത്തിലെ ഓര്‍ഫ്യൂസ്‌ എന്ന ഡോ.എം.ലീലാവതിയുടെ പ്രയോഗമാണ്‌. ചങ്ങമ്പുഴയെക്കുറിച്ച്‌ എം.ലീലാവതിയുടെ നിരീക്ഷണങ്ങളിലും വിലയിരുത്തലുകളിലും ദുര്‍ബലതയുണ്ടെങ്കിലും ഈ വിശേഷണത്തിനു പിന്നിലെ ഗ്രീക്ക്‌ പുരാവൃത്തവും അതില്‍ പരാമര്‍ശിക്കുന്ന സ്വഭാവങ്ങളും ചങ്ങമ്പുഴയുടെ ജീവിതത്തെയും ദര്‍ശനങ്ങളെയും ഏറിയ അളവില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്‌. സൌന്ദര്യാരാധകനും പ്രണയിയുമായ ഓര്‍ഫ്യൂസ്‌ തണ്റ്റെ സംഗീതാലാപനത്തിണ്റ്റെ ദ്രവീകരണശക്തികൊണ്ട്‌ പാതാളരാജാവിനെപ്പോലും തനിക്കുനുകൂലമാക്കിയവനാണ്‌. കൊന്നു ചിന്നഭിന്നമാക്കിയിട്ടും ഇടതടവില്ലാത്ത ഗാനങ്ങളും സുന്ദരസാന്നിദ്ധ്യവുമായി തണ്റ്റെ കാലത്തെയും പില്‍ക്കാലങ്ങളെയും അതിശയിപ്പിച്ചവനാണ്‌. 
എന്നാല്‍ അധികാരത്തോടും വ്യവസ്ഥാപിത ഭോഗാത്മകതയോടും കലഹിച്ചുകൊണ്ട്‌ മരണം വരിക്കുന്നുവെന്നിടത്താണ്‌ ഓര്‍ഫ്യൂസ്‌ അനശ്വരത്വം നേടുന്നത്‌. ചങ്ങമ്പുഴയുടെ ജീവിതവും കവിതകളും അവയുള്‍പ്പെട്ടിരിക്കുന്ന സാമൂഹിക പരിസ്ഥിതികളും സൂഷ്മമായി വിലയിരുത്തുമ്പോള്‍ ഓര്‍ഫ്യൂസിനോളം മറ്റൊരു വിശേഷണം ചങ്ങമ്പുഴക്കില്ലെന്നു വ്യക്തമാകും. രമണണ്റ്റെ ജനപ്രിയതയും മലയാളിയുടെ പ്രണയ വിരോധവും കേരള സമൂഹത്തിലെ എക്കാലത്തെയും വൈരുദ്ധ്യമാണ്‌. രമണനിലെ പ്രണയം മാത്രമായിരുന്നില്ല മലയാള മനസ്സിനെ ആര്‍ദ്രമാക്കിയത്‌ കേരളീയ മനസിന്‌ കാലങ്ങളായി സുപ്താവസ്ഥയിലായിരുന്ന തനതു താളങ്ങളും ജനകീയ ശീലുകളും ചങ്ങമ്പുഴയുടെ രമണനില്‍ പുനര്‍ജ്ജനിച്ചിരുന്നു. കേരളീയ പ്രകൃതിയും ലളിത ഗ്രാമീണ ജീവിതവും രമണനില്‍ പുനരാവിഷ്കരിക്കപ്പെടുകയായിരുന്നു. സമൂഹമനസില്‍ അന്തര്‍ലീനമായിരുന്ന ദുരന്തബോധത്തെയും സംഗീതാത്മകത്വത്തെയും രമണന്‍ പിന്തുടരുകയായിരുന്നു. 
ദാസന്‍ വാല്‍മീകി എന്നിവരെ അനുകരിച്ച്‌ ദുരന്തകൃതികള്‍ രചിച്ച ചങ്ങമ്പുഴ കേരളീയരുടെ വംശവാസനകളെ പുനര്‍ജീവിപ്പിച്ച കവിയായിരുന്നുവെന്ന്‌ എ.ബാലകൃഷ്ണപിള്ള വിലയിരുത്തിയിട്ടുണ്ട്‌. ചങ്ങമ്പുഴയുടെ കാവ്യലോകത്തെ ഗൌരവമായി സമീപിച്ചിട്ടുള്ള വിമര്‍ശകരില്‍ പ്രമുഖനായിരുന്നു എ.ബാലകൃഷ്ണപിള്ള. ജോസഫ്‌ മുണ്ടശ്ശേരിയുള്‍പ്പെടയുള്ള നിരൂപകരെയും ചങ്ങമ്പുഴയുടെ ജനപ്രിയതയിതി അന്തം വിട്ടവരും ചങ്ങമ്പുഴയെപ്പറ്റിപ്പറയാതെ തങ്ങളുടെ വിമര്‍ശനം പൂര്‍ണ്ണമാകില്ലെന്നു മനസിലാക്കിയവരുമായിരുന്നു. 'രമണനും മലയാളകവിതയും' എന്ന പുസ്തകത്തില്‍ സുകുമാര്‍ അഴീക്കോട്‌ ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എസ്‌.ഗുപ്തനായര്‍, എം.കെ.സനു. എന്നിങ്ങനെ ചങ്ങമ്പുഴയുടെ ചെലവില്‍ പ്രസിദ്ധി നേടിയ രണ്ടാം നിര വിമര്‍ശകരും ചങ്ങമ്പുഴയെ അധിഷേപിച്ച്‌ സാഹിത്യരംഗത്തുനിന്ന്‌ സ്വയം പുറത്താക്കപ്പെട്ടവരും കവിതയെഴുത്ത്‌ നിര്‍ത്താന്‍ പ്രമേയം പാസാക്കിയവരുമടങ്ങുന്ന വ്യത്യസ്ത ആസ്വാദക നിലവാരം നിലനില്‍ക്കുന്ന ഒരു സാംസ്കാരിക ഭൂമികയിലാണ്‌ ചങ്ങമ്പുഴ ശ്രദ്ധേയനാകുന്നത്‌. ചങ്ങമ്പുഴയെ ഇകഴ്ത്തിയവരും പുകഴ്ത്തിയവരും ചങ്ങമ്പുഴകവിതയുടെ സാമൂഹിക വശത്തെ വിസ്മരിച്ചിട്ടുണ്ട്‌.
'വാഴക്കുല' പോലുള്ള കൃതികളെ വച്ച്‌ ചങ്ങമ്പുഴയുടെ വിപ്ളവബോധം അളന്നു തിട്ടപ്പെടുത്തിയവരുണ്ട്‌. എന്നാല്‍ ചങ്ങമ്പുഴയുടെ വിപ്ളവം തണ്റ്റെ കാല്‍പനിക കവിതകളില്‍ തന്നെയായിരുന്നു. എക്കാലത്തും കേരളസമൂഹം പിന്തുടര്‍ന്നുപോന്ന സ്ത്രീപുരുഷ ബന്ധങ്ങളിലെ വൈകല്യങ്ങളും അപക്വമായ ലൈംഗിക കാഴ്ചപ്പാടുകളുമാണ്‌ ചങ്ങമ്പുഴ തണ്റ്റെ കവിതയിലുടനീളം വിമര്‍ശനവിധേയമാക്കിയത്‌. പാശ്ചാത്യകവികളായ ലോറന്‍സ്‌ ഹൌസമാനോടും വെര്‍ലെയനോടും ചങ്ങമ്പുഴയെ സാദൃശ്യപ്പെടുത്തിയ കേസരിയും സി.ജെ.തോമസും പില്‍ക്കാലനിരൂപകനായി നരേന്ദ്രപ്രസാദും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്‌. 'ചങ്ങമ്പുഴയുടെ പ്രേമഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ കേവല മാസികാഹൃദം മാത്രമല്ല ശാരീരികമായ ഒരു നിര്‍വൃതികൂടി അനുഭവപ്പെടുന്നുവെന്ന്‌ കേസരി പറയുന്നുണ്ട്‌. ചങ്ങമ്പുഴയുടെ ജീവിത കാഴ്ചപ്പാടിനു പിന്നിലെ റൊമാണ്റ്റിക്കിനെയും അരാജകവാദിയെയും അക്കാലത്ത്‌ കേസരി തിരിച്ചറിഞ്ഞു ചങ്ങമ്പുഴയെ താന്‍ സ്നേഹിക്കുന്നത്‌ അദ്ദേഹം ഒരു പ്രേമഗായകനായതുകൊണ്ടാണെന്നു പറയുന്ന സി.ജെ. ചങ്ങമ്പുഴ പ്രേമഗാനങ്ങള്‍ പാടിയതിനെ വിമര്‍ശിക്കുന്നവര്‍ അവരവരുടെ തലതിരിഞ്ഞ മാനസിക പശ്ചാത്തലത്തെ പ്രദര്‍ശിപ്പിക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ക്കുന്നു (എണ്റ്റെ ചങ്ങമ്പുഴ).
"രതി എന്ന സാമൂഹിക ചോദന പ്രകടിപ്പിക്കാനനുവദിക്കാതെ അതില്‍ സാമ്പത്തിക ഘടകങ്ങള്‍ കുത്തിക്കയറ്റി എല്ലാ സ്ത്രീ പുരുഷ ബന്ധങ്ങളെല്ലാം പ്രത്യക്ഷമോ പരോക്ഷമോ ആയ വ്യഭിചാരമാക്കി മാറ്റിയിരിക്കുന്ന സമകാലിക സന്‍മാര്‍ഗ്ഗത്തെ ചങ്ങമ്പുഴ പിടിച്ചു കുലുക്കുകയായിരുന്നു. " (നരേന്ദ്രപ്രസാദ്‌: ചങ്ങമ്പുഴ ചെയ്തത്‌) "കൃത്രിമ മൂല്യങ്ങളെ താലോലിക്കുന്ന വിമര്‍ശകന്‍മാരുടെ നേര്‍ക്കുള്ള ഒരു കടന്നാക്രമണം നമുക്ക്‌ പാടുന്ന പിശാചില്‍ കാണാം" (എം.പി. വീരേന്ദ്രകുമാര്‍: ചങ്ങമ്പുഴ വിധിയുടെ വേട്ടമൃഗം)ഈ രണ്ടു നിരീക്ഷണങ്ങളിലും ചങ്ങമ്പുഴയിലെ വിഗ്രഹഭജ്ഞകത്വം പ്രകടമാക്കുന്നുണ്ട്‌. ജടയുടെ സംസക്കാര പനയോലക്കെട്ടൊക്കെ പൊടികെട്ടി പുഴുകുത്തി ചിതലുമുറ്റി (ചുട്ടെരിക്കുവിന്‍)എന്ന്‌ ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്‌. ചങ്ങമ്പുഴ കവിതകളിലെ നിലവിളികളും വിലാപശ്രുതികളും സമുഹവിലക്കുകളില്‍ കുടുങ്ങിക്കിടന്ന സ്വാതന്ത്യ്രദാഹിയുടേതാണ്‌. ചങ്ങമ്പുഴ ശുദ്ധകാല്‍പ്പനികനോ വിപ്ളവകാരിയോ എന്നതിനപ്പുറം സ്വാതന്ത്യ്രത്തെ പ്രതി നിരന്തരം കലഹിച്ചു കൊണ്ട്‌ കാവ്യരചന നടത്തുകയായിരുന്നു. ഒരു വിവര്‍ത്തകനെന്നനിലയില്‍ ചങ്ങമ്പുഴ ഇനിയും പഠനവിധേയമായിട്ടില്ല സുധാംഗദ, മയൂഖമാല, യവനിക, ദേവഗീത, ദിവ്യഗീതം എന്നിങ്ങനെ ചങ്ങമ്പുഴയുടെ വിവര്‍ത്തനകൃതികളിലൂടെ സാസ്കാരികമായ ഒരു അന്വേഷണം നടത്തേണ്ടതുണ്ട്‌. ഈ കൃതികള്‍ ഉള്‍ക്കൊള്ളുന്ന ജീവിതരതിയുടെ ഉപനിഷത്‌ ചങ്ങമ്പുഴതിരിച്ചറിഞ്ഞിട്ടുണ്ട്‌."കാളിദാസനൊപ്പം ഷേക്സ്പിയറെയും ഭവഭൂതിയോടൊപ്പം ഹ്യൂഹോവിനെയും എഴുത്തച്ഛനൊപ്പം ഷെല്ലിയെയും ചെറുശ്ശേരിയോടൊപ്പം സ്ട്രിന്‍ഡ്‌ ബര്‍ഗിനെയും കാളിദാസനൊടൊപ്പം മാക്സിംഗോര്‍ക്കിയെയും മനസ്സിലാക്കാനും അഭിനന്ദിക്കാനുള്ള സംസ്കാര സമ്പുഷ്ടിയാണ്‌ നമുക്കുണ്ടു വേണ്ടത്‌" എന്ന്‌ സുധാംഗദയുടെ മുഖവുരയില്‍ ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്‌.
നമ്മുടെ സാഹിത്യപാരമ്പര്യത്തെക്കുറിച്ചും വിശ്വസാഹിത്യത്തെക്കുറിച്ചും വിപുലമായ ഉള്‍ക്കാഴ്ചയുണ്ടായിരുന്ന ഈ കവിയെ മലയാളിയുടെ പരിമിതമായ ലോകത്തു നിന്നുകൊണ്ടായിരുന്നു പലപ്പോഴും വിലയിരുത്തിയിരുന്നത്‌. ചങ്ങമ്പുഴയുടെ ആദര്‍ശലോകത്തിനു സമാന്തരമായി മറ്റൊരു കാവ്യപാരമ്പര്യത്തെയായിരുന്നു വൈലോപ്പിള്ളി പിന്തുടര്‍ന്നത്‌. അതിന്‌ കേരളത്തിണ്റ്റെ ഭൂമിശാസ്ത്രവുമായും പ്രകൃതിയുമായും ഏറെ ബന്ധമുണ്ടായിരുന്നു. ചങ്ങമ്പുഴ ദര്‍ശിച്ച ലാവണ്യാനുഭൂതികളുടെ മറുപുറമായിരുന്നു അത്‌. 
"നശ്വരതകളെയും അപൂര്‍ണ്ണതകളെയും അനശ്വരതയുടെ പൂര്‍ണ്ണതയുടെ മുമ്പില്‍ സമര്‍പ്പിക്കുക എന്നതാണ്‌ യുക്തിയുടെ നേര്‍വഴി" എന്ന പ്രഖ്യാപനത്തോടെ വൈലോപ്പിള്ളിയുടെ ആദ്യ കവിതാസമാഹാരമായ 'കന്നിക്കൊയ്ത്ത്‌' അവതരിപ്പിക്കുന്ന കുട്ടികൃഷ്ണമാരാര്‍ വൈലോപ്പിള്ളി കവിതയ്ക്കു പിന്നിലെ കലാത്മകതയും യുക്തിയും പരിശോധിക്കുന്നുണ്ട്‌.
'കന്നിക്കൊയ്ത്ത്‌', മാമ്പഴം, ആസാം പണിക്കാര്‍, സഹ്യണ്റ്റെ മകന്‍,' എന്നീ കവിതകളില്‍ കേരളീയ പ്രകൃതി സംഋദ്ധിയോടെ നിറഞ്ഞുനില്‍ക്കുന്നു. മലയാളിയുടെ ജീവിത പരിസരത്തെ സവിശേഷ ശ്രദ്ധയോടെ സമീപിക്കുകയായിരുന്നു വൈലോപ്പിള്ളി കേരളത്തിണ്റ്റെ ബഹുഭൂരിപക്ഷമായ മധ്യവര്‍ഗസമൂഹത്തിണ്റ്റെ ജീവിതം തണ്റ്റെ കവിതകളില്‍ വൈലോപ്പിള്ളി ആവിഷ്കരിച്ചിട്ടുണ്ട്‌. വൈലോപ്പിള്ളിക്കവിതയുടെ രാഷ്ട്രീയ മാനങ്ങള്‍ തേടുന്നവര്‍ ഇക്കാര്യം പരാമര്‍ശിച്ചുപോകാറുണ്ട്‌. ആദര്‍ശം വിപ്ളവം, കവിത പ്രായോഗികജീവിതം എന്നിവ മധ്യവര്‍ഗ മലയാളിക്ക്‌ എങ്ങനെ അനുഭവപ്പെടുന്നുവെന്ന സത്യസന്ധമായ ആവിഷ്ക്കാരം കുടിയൊഴിക്കല്‍ എന്ന കവിതയിലുണ്ട്‌. ഇവിടെ ഭാഷ സാന്ദ്രമാകുന്നു 'കാച്ചിക്കുറിക്കിയ കവിത'എന്നും 'എല്ലുറപ്പുള്ള കവിത'എന്നുമുള്ള വിശേഷണം നല്‍കുമ്പോള്‍ വൈലോപ്പിള്ളിയില്‍ കാവ്യഭാഷ മറ്റൊരു രൂപമാര്‍ജ്ജിക്കുന്നതായി കാണുന്നു. കവിതയുടെ സവിശേഷമാര്‍ഗ്ഗത്തിലൂടെ വായനക്കാരന്‍ സഞ്ചരിക്കുന്നു. 
സുന്ദരവസ്തുക്കള്‍ക്കൊപ്പം അവിടെ അസുന്ദരവസ്തുക്കളെയും അനുവാചകന്‍ പരിചയിക്കുന്നു. 'പുള്ളിമാണ്റ്റെ പിറകെ പുലിയെയും വസന്തിവായുവില്‍ വസൂരിരോഗാണുക്കളെയും കാണാന്‍ കഴിയുന്ന ഈ കവിക്കു കാക്ക പ്രിയപ്പെട്ട പക്ഷിയാകുന്നു. തുടുവെള്ളാമ്പല്‍ പൊയ്കയല്ല ജീവിതക്കടല്‍ തന്നെ പ്രചോദനമാകുന്നു. മലയാള കവിതയുടെ വ്യത്യസ്തമായ ഒരു ധാര അങ്ങനെ വൈലോപ്പിള്ളിയില്‍ ആരംഭിക്കുന്നു. യുക്തിയുടേയും ശാസ്ത്രത്തിണ്റ്റെയും മനോവിജ്ഞാനീയത്തിണ്റ്റെയും അടിസ്ഥാനത്തില്‍ കുട്ടികൃഷ്ണമാരാരും എന്‍.വി.കൃഷ്ണവാര്യരും എം.എന്‍.വിജയനുമൊക്കെ വൈലോപ്പിള്ളി കവിതയെ സമീപിച്ചിട്ടുണ്ട്‌ എന്നാല്‍ യുക്തിയുടെ വസ്തുനിഷ്ഠതയെക്കാള്‍ കലാത്മകതയുടെയും സൌന്ദര്യത്തിണ്റ്റെയും പക്ഷത്തായിരുന്നു ഈ കവി. "അവകള്‍ കിനാവുകളെന്നാം ശാസ്ത്രം കളവുകളെന്നാം ലോകചരിത്രം ഇവയിലുമേറെ യഥാര്‍ത്ഥം നിങ്ങടെഹൃദയ നിമന്ത്രിത സുന്ദരതത്വം. " എന്ന്‌ ഓണപ്പാട്ടുകാര്‍ എന്ന കവിതയില്‍ വൈലോപ്പിള്ളി എഴുതുന്നുണ്ട്‌. ഇവിടെ മിത്തുകളും സങ്കല്‍പങ്ങളും ഹൃദയത്തിലവശേഷിപ്പിക്കുന്ന സുന്ദരതത്വം ചരിത്രത്തേയും ശാസ്ത്രത്തെയും കടന്നു പോവുകയാണ്‌. 
ഇന്നു വൈലോപ്പിള്ളിക്കവിതയില്‍ വായനയുടെ സംഋദ്ധവസന്തങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്‌. ആഹ്ളാദമോ വിഷാദമോ തുളുമ്പാതെ ജീവിതത്തെ കവിതയിലിങ്ങനെ നിറച്ചുവയ്ക്കുകയാണ്‌ വൈലോപ്പിള്ളി. 'മാമ്പഴം' എന്ന കവിത മലയാളിയുടെ സ്വകാര്യതയിലിടം തേടുന്നതങ്ങനെയാണ്‌. സമാന അനുഭവങ്ങള്‍ വേണമെന്നില്ല. അമ്മയും കുഞ്ഞും മാമ്പഴവും അണ്ണാറക്കണ്ണനും മലയാളിക്ക്‌ ഗൃഹാതുരമാകുന്നു. അങ്ങനെ കുട്ടിയുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തമായ ലോകം ഈ കവിതയില്‍ സമരസപ്പെടുന്നു. അമ്മയോടും കുട്ടിയോടും താദാത്മ്യം പ്രാപിച്ചുകൊണ്ട്‌ അനുവാചക ഹൃദയം കവിതയെ ആഴത്തില്‍ അനുഭവിക്കുന്നു. വാക്കുകളുടെ ധ്വനനശേഷി ഇത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു മലയാള കവിതയില്ലെന്നു പറയാം. വൈലോപ്പിള്ളിക്കവിതയിലെ കേരളീയാന്തരീക്ഷം തികച്ചും സവിശേഷതയര്‍ഹിക്കുന്നു. വഴുക്കലുള്ള വരമ്പുകളും അധ്വാനത്തിണ്റ്റെ വിയര്‍പ്പുമണികള്‍ വീഴുന്ന കൊയ്ത്തുനിലങ്ങളും വേറിട്ടുകാഴ്ചകളാണ്‌. 
ഗ്രീഷ്മകാലത്തോടുള്ള കവിയുടെ താല്‍പര്യം ഇവിടെ ശ്രദ്ധേയമാണ്‌. മാമ്പഴത്തിലെ 'തുംഗമാം മീനച്ചുടൂം' കുടിയൊഴിക്കലിലെ ചീവീടുകളുടെ സാന്നിദ്ധ്യവും വൈലോപ്പിള്ളിക്കവിതയിലെ വേനല്‍ബിംബങ്ങളെക്കുറിച്ചുള്ള ചില സൂചനകള്‍ മാത്രം. കാലാവസ്ഥ, നിറം, ഗന്ധം ഇങ്ങനെയുള്ള അന്വേഷണത്തിന്‌ വൈലോപ്പിള്ളിക്കവിതയില്‍ സാധ്യതകളേറെയാണ്‌. ആദര്‍ശലോകവും പ്രായോഗികജീവിതവും പൊരുത്തപ്പെടാതെ മലയാളി അനുഭവിക്കുന്ന സംത്രാസങ്ങള്‍ വൈലോപ്പിള്ളിക്കവിത പ്രമേയമാക്കിയിട്ടുണ്ട്‌. മലയാളിയുടെ ശീലങ്ങളും മനോവൈകല്യങ്ങളും വൈലോപ്പിള്ളിക്കു ഇഷ്ടവിഷയങ്ങളായിരുന്നു. പൊരുത്തക്കേടുകളില്‍ കവിത നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ ഈ കവിയുടെ സവിശേഷത. 'ഹന്ത പഴുകിയ ശീലം പോലൊരു ബന്ധനമുണ്ടോ ലോകത്തില്‍' (കൃഷ്ണാഷ്ടമി) എന്നുപറയുന്ന കവി വിരുദ്ധ വസ്തുക്കളിലും അസുന്ദരങ്ങളിലും കവിത ദര്‍ശിക്കുകയായിരുന്നു. മലയാളിയുടെ സങ്കല്‍പങ്ങളേയും ജീവിതത്തെയും കവിതയില്‍ പ്രതിഫലിച്ചവരാണ്‌ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ൧൯൪൮-ല്‍ ചങ്ങമ്പുഴ അകാലമൃത്യുവിന്‌ കീഴടങ്ങുമ്പോള്‍തന്നെ വൈലോപ്പിള്ളിയുടെ 'കന്നിക്കൊയ്ത്ത്‌' എന്ന കാവ്യസമാഹാരം പുറത്തിറങ്ങിയിരുന്നു. ഒരു യുഗം അവസാനിച്ച്‌ മറ്റൊരുയുഗം പിറക്കുകയായിരുന്നില്ല ഒരേകാലത്ത്‌ വ്യത്യസ്തകാഴ്ചപ്പാടുകള്‍ രൂപപ്പെടുകയായിരുന്നു.
ഒരു നൂറ്റാണ്ടിനുശേഷം മലയാളിയുടെ വായനാ സംസ്കാരത്തിലുണ്ടായ പരിവര്‍ത്തനത്തില്‍ ഈ രണ്ടു കവികളുടെയും കാവ്യപദ്ധതി മുഖ്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്‌. പ്രണയത്തിണ്റ്റെ ആകാശഭംഗിയും ജീവിതത്തിണ്റ്റെ മരുപ്രദേശവും ഈ കവികള്‍ സൃഷ്ടിക്കുകയായിരുന്നു. ചങ്ങമ്പുഴയും വൈലോപ്പിള്ളിയും വരും കാലങ്ങളില്‍ വിലയിരുത്തപ്പെടുന്നത്‌ കാല്‍പനികതയുടെയും യാഥാര്‍ത്ഥ്യത്തിണ്റ്റെയും വഴികളിലൂടെയായിരിക്കില്ല. ചരിത്രപരവും സാസ്കാരികവുമായ നിരവധി വായനകള്‍ ഇനിയും ഉണ്ടാകാനിരിക്കുന്നു.


13 Oct 2011

അവതാരിക എന്ന അശ്ലീലം


ഡോ.എം.എസ്‌.പോൾ

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഏറ്റവും പുതിയ കാവ്യസമാഹാരമാണ്‌ 'പ്രതിനായകൻ' പ്രതിഭാധനനായ കവി ഏറെ നാൾകൾക്കു ശേഷം പുറത്തിറക്കുന്ന കാവ്യസമാഹാരം എന്ന നിലയിൽ പ്രതിനായകനെ സഹൃദയലോകം പ്രതീക്ഷയോടെയാണ്‌ സ്വീകരിച്ചതു. പ്രതീക്ഷ ഒരിക്കലും അസ്ഥാനത്താകുന്നില്ല. ധ്വനിസാന്ദ്രമായ മുപ്പത്തിരണ്ടു കവിതകൾ. അതിലെ തീഷ്ണമായ പ്രണയവും ജീവിതവും അങ്ങനെ നായകൻ പ്രതിനായകനായി വീണ്ടും രംഗം കീഴടക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചില സ്ഥിരം വാക്കുകളും ബിംബങ്ങളും ഉപേക്ഷിക്കുകയായിരുന്നെങ്കിൽ ഈ കാവ്യസമാഹാരം വർത്തമാനകാല കവിതകളോടു കിടപിടിക്കുമായിരുന്നു എന്നതിൽ സംശയമില്ല. കാരണം പുതുവിത്തുപോലെ എന്നും പ്രണയം  ബാലചന്ദ്രന്റെ കവിതകളിലുണ്ട്‌.
"ഇന്നും പ്രണയം വിഷം തേച്ചവാളുപോൽ
എന്റെ ഹൃദയം പിളർന്നു
ചിത്രപ്പണിയുള്ള പാനപാത്രത്തിലെൻ
രക്തം പകർന്നു ഞാൻ വച്ചു
ഒറ്റയാൾ മാത്രം വരുന്ന വിരുന്നാണു
മറ്റൊന്നുമില്ല വിളമ്പാൻ " (വിരുന്ന്‌) എന്ന്‌ ബാലചന്ദ്രൻ ചുള്ളിക്കാടിനല്ലാതെ മറ്റാർക്കും എഴുതാനാവില്ല. ഒട്ടേറെ തൂലികാചിത്രങ്ങളും ലഘുകവിതകളുമുള്ള ഈ കാവ്യസമാഹാരം തന്റെ കാലം കഴിഞ്ഞിരിക്കുന്നു എന്ന കവിയുടെ തിരിച്ചറിവിൽ നിന്നും ഉണ്ടായതാണ്‌.ചില ആസ്ഥാനകവികളെപ്പോലെ ചെടിപ്പിക്കുന്ന പ്രണയ കവിതകളെഴുതി കാലിക്കോബയിന്റു ചെയ്ത കാവ്യസമാഹാരങ്ങളായും ഗസലുകളാലും പുറത്തിറക്കാൻ ഈ കവി മിനക്കെട്ടില്ല.

വിഗ്രഹഭഞ്ജകത്വം കൈമുതലായി ഒരു ഭൂതകാലം ഈ കവിക്കുണ്ടായിരുന്നു. ഇത്തരത്തിൽ നട്ടെല്ലുള്ള ഒരു കവിയെ എത്രമാത്രം ആക്ഷേപിക്കാം എന്നതിന്റെ തെളിവാണ്‌ 'ആത്മാവിന്റെ പാവകളിക്കാരൻ' എന്ന പേരിൽ പി.കെ.രാജശേഖരൻ ഈ കാവ്യസമാഹാരത്തിനെഴുതിയ അവതാരിക. 'അവതാരിക' എന്ന സംരംഭം കാലഹരണപ്പെട്ടതാണ്‌. പുതുകവികൾ പോലും ഈ മാലിന്യത്തെ തങ്ങളുടെ കാവ്യസമാഹാരങ്ങളിൽ നിന്ന്‌ അകറ്റി നിർത്താൻ ശ്രമിക്കുന്നുണ്ട്‌. മഹാകവികളുടെ വംശത്തിലെ അവസാനത്തെ മഹാകവിയാണ്‌ ബാലചന്ദ്രൻ ചുള്ളിക്കാട്‌ എന്നുകൂടി എഴുതുമ്പോൾ അത്‌ തികഞ്ഞ അശ്ലീലമാകുന്നു. മഹാകവിപ്പട്ടം ഒരു കത്തിവേഷം ആണെന്ന്‌ കഴിഞ്ഞ നൂറ്റാണ്ടിൽതന്നെ ആശാനെപ്പോലുള്ള കവികൾ തിരിച്ചറിഞ്ഞു. മറ്റെന്തിലുമുപരി മനുഷ്യന്‌ മാനാഭിമാനത്തിൽ നിർബന്ധബുദ്ധിയുള്ള പുതിയകാലത്ത്‌ ഇത്തരം ഒരു ആക്ഷേപവചനം ചുള്ളിക്കാടിന്റെ മേൽ വച്ചുകെട്ടുന്നത്‌ നീതിയല്ല. ജീവിത പ്രാരാബ്ധങ്ങളുടെ പേരിൽ കവി ഒരു പക്ഷെ സീരിയലിൽ നടിക്കാൻ പോയേക്കാം. എന്നാൽ നട്ടെലുള്ള ഒരു കവിയായിട്ടാണ്‌ മലയാളി സമൂഹം ഏക്കാളവും ബാലചന്ദ്രൻ ചുള്ളിക്കാടിനെ കാണുന്നത്‌. അവതാരിക ചമച്ച്‌ മഹാകവിപട്ടം നൽകുന്ന നിരൂപകബുദ്ധി തികഞ്ഞ അശ്ലീലം തന്നെ. ഈ അവതാരിക ചുള്ളിക്കാടിന്‌ അനർഹമായി ലഭിച്ച ബി.പി.എൽ റേഷൻകാർഡോ, രണ്ടു രൂപയുടെ അരിയോ മാത്രമാണ്‌.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...