Showing posts with label t a sasi. Show all posts
Showing posts with label t a sasi. Show all posts

18 Dec 2014

ഭൂമിയില്‍ നിന്നും പൊന്തിനില്‍ക്കുന്ന കടൽ



ടി എ ശശി

ദൈവവും ഞാനും മാത്രമാകുന്ന
നേരം ദൈവത്തോട്
നിലം തൊടാതെ
ഭൂമിയില്‍ നിന്നും പൊന്തിനില്‍ക്കുന്ന
ഒരു കടല്‍ സൃഷ്‌ടിക്കുവാന്‍ അപേക്ഷിക്കണം;
അതിനു ശേഷം എന്നെ ഒരു കാറ്റായ്
മാറ്റുകയം വേണം.

അന്നേരം ഞാന്‍
കടലിനെ പറപ്പിച്ച്
നിന്നടുത്തു കുതിച്ചെത്തും
എത്ര മുങ്ങിയാലും
മരിക്കാത്തൊരു നിന്നെയുമായ്‌
എനിക്ക് പ്രപഞ്ചം നിറയെ
ഓടി കളിക്കണം..

നീയറിയരുത്
ദൈവം കടലാണെന്നും
കാറ്റ് ഞാനാണെന്നും.

അറിയുന്ന മാത്രയിൽ
കടൽ മണ്ണു തൊട്ടാലോ?.

23 Dec 2013

ഒരു ദിനം

ടി.എ.ശശി




പകൽമരം അതിന്റെ തന്നെ
പഴങ്ങൾ തിന്ന് 
മധുരം നുകര്‍ന്ന് നുകര്‍ന്ന്
ചുവന്നു തുടുത്തു .

കടലിനു മീതെ
നെടുനീളൻ കഴുക്കോലൊന്ന്
അസ്തമനപ്പുരയുടേതായ്
ദൃശ്യമായ്...!

മേഘങ്ങളോ
മുറിവുകളിൽ നിന്നും
ഒഴുകിയ പഴുപ്പും ചോരയും പറ്റിയ

പഞ്ഞിക്കെട്ടുകളായ്..

ഭൂമിയിപ്പോൾ എത്ര വേഗം

മുറിവുകളാൽ കറുക്കപ്പെട്ട
ഒരു മരമായ്  വളരുന്നു..!!.

19 May 2012

ശവത്തോല്‍

ടി.എ.ശശി

അദൃശ്യമായ ഒരു ശവത്തെ
പൊതിഞ്ഞ തോലു
മാത്രമാകുന്നു ഉടല്‍.

നടക്കുകയും ഇരിക്കുകയും
കിടക്കുകയും ചെയ്യുന്ന
ഒരു ശവത്തോല്‍.

തോല്‍ മാറുന്നതും
കാണാകും ശവം.

ഏറെ കണ്ടതും അറിഞ്ഞതും
എന്റെയിശ്ശവത്തെ
നീയല്ലൊ.
നീ തന്നെ തീ വച്ചതും.

20 Apr 2012

അഹരിതം

ടി.എ.ശശി



ഹരിതം അടർന്നു പോയാൽ
ഉള്ളു പൊള്ളി കിടക്കും ഭൂമി;
പിന്നെ കാലമെത്ര കഴിയണം
മരുഭൂമിയെന്ന മാറാപ്പേരുമായ്.

ചൂടു വമിക്കുന്നതിൻ കാഴ്ചയിൽ
തീരാത്ത കുടച്ചിലായ് കാറ്റും വരും,

ഇന്നത്തേതല്ല,
മറ്റേതോ കാലത്തി-
ലേതെന്നു തോന്നും
ഹരിതം മറഞ്ഞ
ഏതു മണ്ണു കാണുമ്പോഴും

പണ്ടത്രയും ഹരിതം
മുറ്റിയതിനാലാവണം
ഇപ്പോളിത്രയും
വെന്തുകിടക്കുന്നതെന്ന
തോന്നലും വരും.

ഹരിതമില്ലാതെ തണലെടുക്കുന്ന
ജീവിയായെങ്കിൽ മനുഷ്യൻ
എങ്കിലിത്രയും
മരുവെടുക്കില്ലല്ലൊ ജീവിതം.

15 Nov 2011

ന്യായം

 

 

ടി.എ.ശശി

ഉള്ളിലെ മൃഗത്തെ

വേലിപ്പഴുതിലൂടെ കടത്തി

കുടുക്കി

കാലിലടിച്ചും

തലയ്ക്കടിച്ചും;

പുളയുന്നുണ്ട് മൃഗം.



മൃഗമിടക്കിടെ

നിഴലിന്മേല്‍ നിഴല്‍ വീണ

അതിലും നിഴല്‍ വീണ

കാടു കാണുന്നു

കുതിക്കുന്നു പിന്നെയും



കാടല്ലെ

പണ്ടത്തെ വീടല്ലെ

എന്നൊക്കെ

ന്യായങ്ങള്‍ നിരത്തിയും.

14 Oct 2011

ജലവിരലുകൾ

 

ടി.എ.ശശി

എന്റെ നെറ്റിയിൽ തൊട്ട
നി
ന്റെ വിരലുകൾ
ജലത്തിൽ ജലമൊഴിച്ച്
കുഴച്ചുണ്ടാക്കിയതല്ലെ;
അല്ലെ ?
അതല്ലെ ഇപ്പോഴും
ഞാൻ തണുത്തിരിക്കുന്നത്;
അല്ലെ ?

ജലവിരലുകൾ
എന്നു ഞാൻ വിളിക്കട്ടെ?



13 Sept 2011

അല്‍ഷിമേഴ്സ്


 

ടി.എ.ശശി

തലയ്ക്കുള്ളില്‍ നിന്ന്
ഓര്‍മ്മകളിടിഞ്ഞ്
ശരീരത്തിനുള്ളിലേക്കു
വീഴുന്നു.

ഓര്‍മ്മ മാംസവുമായി
കൂടിച്ചേര്‍ന്ന്
വീഴ്ച്ചയില്‍ ദഹിച്ചവരെ
പ്പോലെയും
ഒരിക്കലും
എഴുന്നേല്‍ക്കാത്തവരെ
പ്പോലെയും.

വല്ലപ്പോഴെങ്കിലും
വീഴ്ച്ചയില്‍ നിന്നും
എണീല്‍ക്കുന്നുവെന്ന
തോന്നലിന്‍ കണ്ണീര്‍പ്പൊട്ട്
തലയിലേക്കെത്തുന്നു;

കണ്ണുകളെപ്പോഴും
തീക്കുടങ്ങള്‍ പോലെയൊ
ജലാശയം പോലെയോ
ആകാതിരുന്നിട്ടും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...