Showing posts with label prabhullan tripunithura. Show all posts
Showing posts with label prabhullan tripunithura. Show all posts

19 Aug 2012

എന്റെ ഹിമാലയ യാത്രാനുഭവങ്ങൾ -6

 പ്രഫുല്ലൻ  തൃപ്പൂണിത്തുറ

ഉത്തരകാശി


        ഉത്തരകാശിയിലെ ഏറ്റവും നല്ല സുഖവാസകേന്ദ്രമായ 'ഹർ-കി-ഡൂൺ' പഞ്ചാഗ്നി,
ഫാച്ച പാർബറ്റ്‌ ഏരിയയിൽ 3566മീറ്റർ ഉയരത്തിലാണു സ്ഥിതിചെയ്യുന്നത്‌.
പ്രകൃതിഭംഗിയുടെ സമാനതകളില്ലാത്ത അപ്സരലോകമാണ്‌! നിറയെ കിളികളുള്ള
നിബിഡവനങ്ങളുടേതായ 'ഡിയോഡാർ' എന്ന സ്ഥലത്തെത്തിയ പ്രകൃതിസ്നേഹികൾ മടങ്ങാൻ
ഇഷ്ടപ്പെടില്ലത്രെ! ഒരു തീർത്ഥാടകൻ ഈ താഴ്‌വാരത്തിലേയ്ക്കു
പ്രവേശിയ്ക്കുമ്പോൾ മുതൽ പ്രകൃതിഭംഗിയുടെ നിറക്കൂട്ടിന്റെ ശേഖരം അയാളുടെ
മനസ്സിനു മുമ്പിൽ സമർപ്പിയ്ക്കപ്പെടുകയായി. മാനിന്റെയും
കൃഷ്ണമൃഗത്തിന്റെയും ശബ്ദം അന്തരീക്ഷത്തിലുയരുകയായി.


        ഹിമാലയപർവ്വതത്തേയും ഉത്തരകാശിയിലെ ഹരിതത്താഴ്‌വാരങ്ങളേയും
വേർതിരിയ്ക്കുന്നത്‌ 'ടാൻസ്‌' നദിയാണ്‌. നെയ്ത്തുവാറിൽ വെച്ചാണ്‌ റുഷിൻ,
സുപിൻ എന്നീ ചെറുനദികൾ സംഗമിച്ച്‌ ടാൻസ്‌ നദിയായിത്തീരുന്നത്‌. ഹർകീഡൂൺ
സന്ദർശിയ്ക്കുന്നതിനു ഏറ്റവും അനുയോജ്യമായ കാലം ആഗസ്റ്റ്‌-സെപ്തംബർ
മാസങ്ങളാണ്‌. വിവിധയിനം പൂക്കളുടെയും കിളികളുടേയും മനോഹരമായ ഒരു
സ്വർഗ്ഗലോകമായി 'ഹർ കീ ഡൂൺ' അക്കാലത്തു തിളങ്ങും. അതുകൊണ്ടുതന്നെ
ഹർക്കീഡൂണിനു ദൈവത്തിന്റെ താഴ്‌വര എന്നു തീർത്ഥാടക ഭൂപടത്തിൽ പേരുണ്ട്‌.
        മിക്കവാറും ശുദ്ധജലത്താൽ നിറഞ്ഞു കിടക്കുന്ന 'നചികേ'തടാകവും
ഉത്തരകാശിയ്ക്കു സമീപമാണ്‌. ഉത്തരകാശി ഗംഗോത്രി ഹൈവേയിൽ ഉത്തരകാശിയിൽ
നിന്നും 75 കിലോമീറ്റർ യാത്ര ചെയ്താൽ ആപ്പിൾ തോട്ടങ്ങളുടെ നാടായ 'ഹാർഡിൽ'
എത്താം. (അതുകൊണ്ടായിരിക്കണം എറണാകുളത്തും ഡൽഹിയിലുമൊക്കെ ആപ്പിളിനു 100
രൂപ വിലയുള്ളപ്പോൾ ഉത്തരകാശി പട്ടണത്തിൽ 30 രൂപയായിരിന്നു
പുറത്തുനിന്നെത്തുന്ന നമുക്കുപോലും ചില്ലറ വില.

തുടരും...

20 May 2012

എന്റെ ഹിമാലയൻ യാത്രാനുഭവങ്ങൾ-4

പ്രഫുല്ലൻ തൃപ്പൂണിത്തുറ


  ബദരിനാഥ്‌

ചതുർധാമങ്ങളിലൊന്നാണ്‌ ബദരീനാഥ്‌ സമുദ്രനിരപ്പിൽ നിന്നും 1050 അടി
ഉയരമുള്ള ഇവിടത്തെക്ഷേത്രസങ്കേതത്തിലേക്ക്‌ ഇന്നു ബസ്സിൽ
എത്തിച്ചേരാവുന്നതാണ്‌. ഇവിടെ നിന്നും 60 കി.മീ പോയാൽ ഭാരതത്തിന്റെ
അതിർത്തി പ്രദേശമായി. നരനാരായണപർവ്വതങ്ങൾക്കിടയിലുണ്ടായിരുന്ന ഈ
ക്ഷേത്രത്തിലെ വിഷ്ണുവിഗ്രഹം വീണ്ടെടുത്തു പുനഃപ്രതിഷ്ഠ നടത്തിയത്‌ ജഗത്‌
ഗുരു ശ്രീശങ്കരാചാര്യനാണ്‌. കേരളബ്രാഹ്മണൻ ഇവിടെ പൂജ നടത്തണമെന്ന്‌
ശങ്കരാചാര്യർ വ്യവസ്ഥചെയ്തുവത്രെ! ഇന്നും ഈ രീതി ഇവിടെ തുടരുന്നു.
ഇവിടുത്തെ പൂജാരിയെ "രാവൽ" എന്നാണു വിളിയ്ക്കുക. ക്ഷേത്രത്തിനു സമീപം
ശങ്കരാചാര്യരുടെ സമാധിമണ്ഡപവും കണ്ടു.
       ഇവിടെ ഒഴുകുന്ന അളകനന്ദയുടെ ഉള്ളിലേയ്ക്കു തള്ളിനിൽക്കുന്ന വലിയൊരു
പാറയുണ്ട്‌. ശിവൻ നുള്ളിയെടുത്ത ബ്രഹ്മാവിന്റെ തല വിരലുകളിൽ നിന്നും
വീഴാതെ തൂങ്ങിനിൽക്കുന്നുവേന്നും ഒടുവിൽ വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം
ശിവൻ ബദരിയിലെത്തി അളകനന്ദയിൽ സ്നാനം ചെയ്തു ബ്രഹ്മഹത്യാ പാപത്തിൽ
നിന്നും മോചനം നേടിയെന്നുമാണ്‌ ഐതീഹ്യം. ഇവിടെ കുളിച്ചപ്പോൾ കപാലം
ശിവന്റെ വിരലിൽ നിന്നും ഇളകിവീണു അളകനന്ദിയിൽ ഉറച്ചുവേന്നും അതാണ്‌
ബ്രഹ്മകലാപം എന്നറിയപ്പെടുന്ന പാറയെണ്ണം വിശ്വസിയ്ക്കപ്പെടുന്നു. ഇവിടെ
ബലിതർപ്പണ ചെയ്താൽ 21 തലമുറയിൽപെട്ട പിതൃക്കൾക്ക്‌ മോക്ഷം
ലഭിയ്ക്കുമെന്നാണ്‌ വിശ്വാസം. ഇവിടെ പിതൃബലി നടത്തിയാൽ ജീവിതത്തിൽ
മറ്റൊരിടത്തും ബലിനടത്തേണ്ടതുമില്ല.
       കേദാർനാഥിൽനിന്നും ബദരീനാഥിലേയ്ക്കുള്ള ദൂരം 243 കി.മീറ്ററാണ്‌.
സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരം 10248 അടിയുമാണ്‌.


കേദാർനാഥ്‌

സമുദ്രനിരപ്പിൽ നിന്നും 12000 അടി ഉയരത്തിൽ ഹിമാലയത്തിലെ ഉയരം കൂടിയ
പർവ്വതങ്ങൾക്കു നടുവിലുള്ള ഈ സമതലപ്രദേശത്താണ്‌ കേദാർനാഥക്ഷേത്രം
അവിടത്തെ ഗിരിശ്രംഘങ്ങൾക്കിടയിൽ നിന്നാണ്‌ പുരാണ പ്രസിദ്ധമായ മന്ദാകിനി
നദി ഉത്ഭവിക്കുന്നത്‌.
കേദാർനാഥ് ക്ഷേത്രം

       കേദാർനാഥ്‌ ക്ഷേത്രത്തിലെ വിഗ്രഹം സ്വയം ഭൂവാണ്‌. ഒരു കാളയുടെ
മുതുകിന്റെ രൂപമാണ്‌ വിഗ്രഹത്തിനുള്ളത്‌. ഇതിനു പിന്നിൽ ഒരു ഇതിഹാസ
കഥയുണ്ട്‌. കുരുക്ഷേത്രയുദ്ധത്തിൽ സഹോദരങ്ങളെയും ഗുരുനാഥരേയും
ബന്ധുജനങ്ങളേയുമൊക്കെ കൊന്നൊടുക്കിയ പാണ്ഡവർ പാപപരിഹാരാർത്ഥം
പരമേശ്വരദർശനത്തിനായി കാശയിലെത്തിയെത്രെ! പാണ്ഡവർക്കു ദർശനം കൊടുക്കാതെ
മഹേശ്വരൻ ഹിമാലയത്തിലെ ഗുപ്തകാശിയിൽ പോയൊളിച്ചു. രഹസ്യം മണത്തറിഞ്ഞ
പാണ്ഡവർ അവിടേയുമെത്തി. പെട്ടെന്നു മഹേശ്വരൻ അവിടെ നിന്നും
കേദാർനാഥിലേയ്ക്കുപോയി. ഒരു കാളയുടെ രൂപത്തിൽ കന്നുകാലികൾക്കിടയിൽ അലഞ്ഞു
നടന്നു. ഒടുവിൽ അർജ്ജുനന്‌ കാളയുടെ രൂപം കണ്ട സംശയംതോന്നി. കാളയെ
പിടിച്ചുനിർത്താൻ ഭീമനോട്‌ പറഞ്ഞു. ഭീമനുകാളയുടെ വാലിലാണു
പിടികിട്ടിയത്‌. കാളപെട്ടെന്നു ഭൂമിയിലേയ്ക്കുതാണുകളഞ്ഞു. കാളയുടെ
മുകൾഭാഗം മാത്രം ഉപരിതലത്തിൽ കാണപ്പെട്ടു. ഭക്താഗ്രേസരരായ പാണ്ഡവർ അവിടെ
സ്രാഷ്ടാംഗം പ്രണമിച്ചു. അനുകമ്പതോന്നിയ ഭഗവാൻ അവിടെവച്ച്‌ പാണ്ഡവർക്കു
ദർശനംകൊടുത്തു. കാളയുടെ മുകൾഭാഗം പോലുള്ള അവിടത്തെ ശിവലിംഗത്തിൽ
പൂജനടത്തിയാൽ പാപപരിഹാരം ഉണ്ടാകുമെന്നു ഉപദേശിച്ച്‌ മഹേശ്വരൻ
അപ്രത്യക്ഷനായി.
തുടരും

18 Mar 2012

എന്റെ ഹിമാലയൻ യാത്രാനുഭവങ്ങൾ-2


പ്രഫുല്ല ൻ  തൃപ്പൂണിത്തുറ


 ഹരിദ്വാർ 
ഡൽഹിയിൽ നിന്നും ഒരു രാത്രികൊണ്ട്‌ ഹരിദ്വാറിൽ എത്തിച്ചേരാം. വലിയ
തിരക്കുള്ള ഒരു വലിയ റയിൽവേസ്റ്റേഷൻ! അവിടെ മനുഷ്യൻ ചവിട്ടിനീങ്ങുന്ന
സൈക്കിൾ റിക്ഷകളും പത്തുപേർക്കു കയറാവുന്ന ഓട്ടോറിക്ഷകളും സുലഭം.
ടെമ്പോകളും, ടാക്സികാറുകളും, ടൂറിസ്റ്റു ബസുകളും യാത്രക്കാരെ
കാത്തുകിടക്കുന്നു. ആകെ തിരക്കോടു തിരക്ക്‌.

       ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടമാണ്‌ ഹരിദ്വാർ. ഹരി എന്നാൽ ഈശ്വരൻ.
ദ്വാർ എന്നാൽ കവാടം. ദേവഭൂമിയിലേയ്ക്കുള്ള ഈ കവാടത്തിലൂടെയാണ്‌
ഋഷികേശിലേയ്ക്കു കടക്കുന്നതും തുടർന്നുള്ള ഹിമാലയയാത്ര തുടരുന്നതും.
ഹരിയായ വിഷ്ണുവും ഹരനായ പരമശിവനും അധിവസിയ്ക്കുന്ന
സ്വർഗ്ഗത്തിലേയ്ക്കുള്ള കവാടമാണു ഹരിദ്വാർ.
       ശ്വേതകേതു മഹാരാജാവ്‌ തപസ്സു ചെയ്തു ബ്രഹ്മാവിനെ
പ്രത്യക്ഷപ്പെടുത്തിയത്‌ ഇവിടെ വച്ചാണ്‌. ദക്ഷപ്രജാപതിയെ നിഗ്രഹിച്ചശേഷം
സംഹാരതാണ്ഡവമാടിയ പരമശിവനെ ഭക്തർ സ്തുഗീതങ്ങളാൽ ശാന്തമാക്കിയതും
ഇവിടെവച്ചാണ്‌. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ പാദസ്പർശമേറ്റ
പുണ്യസ്ഥലമാണു ഹരിദ്വാർ.
       ലോകത്തിലെ ഒന്നാമത്തെ ഭാഗവതസപ്താഹം നടന്നത്‌ ഇവിടെവച്ചാണ്‌. ഗോമുഖിയിൽ
ഉത്ഭവിച്ച്‌ ഹിമഭൂമിയിലൂടെ ഒഴുകി ഗംഗാസമതലത്തിൽ പ്രവേശിയ്ക്കുന്നത്‌
ഇവിടെവച്ചാണ്‌. 12 വർഷത്തിലൊരിയ്ക്കൽ ഇവിടെ കുംഭമേള നടക്കുന്നു.
       നീണ്ട മൂന്നുദിവസത്തെ തീവണ്ടിയാത്രയ്ക്കുശേഷം ഞങ്ങൾക്കനുഗ്രഹമായത്‌
ഹരിദ്വാറിലെ ശ്രീഅയ്യപ്പക്ഷേത്രവും അതിനോടു ചേർന്നുള്ള ലോഡ്ജുമാണ്‌.
രണ്ടിന്റെയും ഉടമസ്ഥർ പയ്യന്നൂര്ർക്കാരായ നമ്പൂതിരിമാരാണ്‌. അവിടെ
കേരളത്തിലെപോലുള്ള പൂജയും ദർശനസൗഭാഗ്യവും കേരളരീതിയിലുള്ള ഭക്ഷണവും
ലഭ്യമാണ്‌.
       പർവ്വതത്തിൽ നിന്നും ഭൂമിയിലേക്ക്‌ ഒഴുകിയെത്തുന്ന ഗംഗയ്ക്ക്‌ എന്നും
വൈകുന്നേരം ഭക്തരുടെ വകയായി സ്വാഗതപൂജയും ദീപാരാധനയും പരമ്പരാഗതരീതിയിൽ
ഇവിടെ നടന്നുവരുന്നു. ഹരിദ്വാറിൽ മാത്രമാണ്‌ ഭക്തർ ഗംഗയ്ക്ക്‌ ആരതി
അർപ്പിച്ച്‌ പൂക്കളിട്ട്‌ ആരാധന നടത്തുന്നത്‌. എന്നും അസ്തമന വേളയിൽ
ഇവിടെ നടക്കുന്ന കർപ്പൂരാരാധനയും പൂവുനിറച്ച ഇലക്കുമ്പിളിൽ ദീപം
തെളിയിച്ച്‌ നദിയിലേക്ക്‌ ഒഴുക്കിവിടുന്നതും നയനാനന്ദകരമായ ചടങ്ങുതന്നെ.
വിശേഷദിവസങ്ങളിൽ ഈ തിരക്കിൽപെട്ട്‌ ഇവിടെ ആളുകൾ മരിയ്ക്കുന്നതും
പതിവാണ്‌.
       ഹരിദ്വാറിലെ പ്രധാനറോഡുകളോടും ഇടറോഡുകളോടും ചേർന്ന്‌ നിരവധി മഠങ്ങളും
ആശ്രമങ്ങളുമുണ്ട്‌. പലതിന്റെയും അപ്പുറം ഗംഗാതീരത്തുള്ള കൽപടവുകളിൽ
അവസാനിയ്ക്കുന്നു. രാവിലെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക്‌ പ്രധാനഭക്ഷണവും
രാത്രി ലഘുഭക്ഷണവും സൗജന്യമായി വിതരണംചെയ്യുന്ന കേന്ദ്രങ്ങൾ കൂടിയാണവ.
ഭക്തരെക്കൂടാതെ സ്ഥിരം ഭിക്ഷക്കാരും അവിടങ്ങളിൽ റോഡരുകിൽ
തമ്പടിച്ചിരിക്കുന്നു.
       ഒരു ദിവസം ഞാനും ഒരു സഹയാത്രികനുംകൂടി അവിടത്തെ തിരക്കുള്ള
മാർക്കറ്റിൽപോയി കുറച്ചു കമ്പിളിപ്പുതപ്പുകളും മറ്റുസാധനങ്ങളും വാങ്ങി.
ലഗ്ഗേജുകളും എടുത്ത്‌ ഞങ്ങളൊരു സൈക്കിൾ റിക്ഷയിലാണ്‌ താമസസ്ഥലത്തേയ്ക്കു
മടങ്ങിയത്‌. യാത്രയുടെ മുക്കാൽഭാഗവും കഴിഞ്ഞപ്പോൾ റിക്ഷാചവുട്ടിചവുട്ടി
റിക്ഷാക്കാരന്റെ കാലുകൾ തളർന്നു. അയാൾ വിശ്രമിച്ചു. വീണ്ടും
യാത്രതുടർന്നു വീണ്ടും വിശ്രമിച്ചു. ഞങ്ങൾ കാര്യം തിരക്കിയപ്പോൾ അയാൾ
പാന്റ്സ്‌ ഉയർത്തിക്കാണിച്ചു. അവിടെ മുറിഞ്ഞത്‌ കെട്ടിയിട്ടുള്ള
ബാന്റേഡ്‌ ഉണങ്ങിയിട്ടില്ല. രക്തം പൊടിഞ്ഞിരിക്കുന്നു. അയാൾക്കുള്ള
കൂലികൊടുത്ത്‌ ഞങ്ങൾ ലഗ്ഗേജും തൂക്കി നടന്നു. ജീവസന്ധാരണത്തിനു
വേണ്ടിയുള്ള ഒരു സാധുവിന്റെ അത്യദ്ധ്വാനം മോക്ഷ നഗരത്തിൽ ഇതേപോലുള്ള
ദാരിദ്ര്യക്കാഴ്ചകൾ നിരവധിയാണ്‌.
       ഏതാണ്ട്‌ മൂന്നുദശാബ്ദങ്ങൾക്കുമുമ്പ്‌ ശക്തിയായ പ്രമേഹം എന്നെ
കീഴ്പ്പെടുത്തിയപ്പോൾ പ്രസിദ്ധനായ ഭിഷഗ്വരൻ ഡോ.ടി.വി.സുരേഷ്ചന്ദ്രൻ
എന്നോട്‌ ഭക്ഷണത്തിൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഉപദേശിച്ചു.
അതനുസരിച്ച്‌ ശരീരം ഒന്നുക്ഷീണിച്ചപ്പോൾ നിത്യവും ഓരോ വൈറ്റിമിൻ ഗുളിക
കഴിയ്ക്കുന്നതിനും നിത്യവും ചൂടുവെള്ളത്തിൽ കുളിയ്ക്കാനും
ഉപദേശിച്ചിരുന്നു. അത്‌ ഇപ്പോഴും തുടരുന്നു. പിന്നെ എങ്ങിനെയാണു നദിയിൽ
സ്നാനം ചെയ്യുക. എങ്ങിനെയാണ്‌ ഇത്രയും ദൂരം എത്തിയിട്ട്‌ ഗംഗാനദിയിൽ
കുളിയ്ക്കാതിരിയ്ക്കുക! കുളിമുറിയും ചൂടുവെള്ളവും ഉപേക്ഷിച്ച്‌ മറ്റു
തീർത്ഥാടകരെപ്പോലെ വെളുപ്പിനെഴുന്നേറ്റ്‌ ഗംഗാനദിയിൽ പോയി കുളിച്ചു.
മുങ്ങുമ്പോൾ നല്ല തണുപ്പും അനുഭവപ്പെട്ടു. പിന്നെ തണുപ്പേ തോന്നിയില്ല.
നല്ല സുഖം അനുഭവപ്പെട്ടു. ഇത്‌ അഴുക്കും എക്കലും ചേർന്ന ഗംഗയല്ല.
ജനസാന്ദ്രതയേറിയ നഗരങ്ങളിലെത്തുന്നതിനുമുമ്പുള്ള കളങ്കപ്പെടാത്ത ഗംഗ.
       ഹരിദ്വാറിലെ ഹർകിപൗരിയിൽ നിന്നും കിലോമീറ്റർ അകലെയാണ്‌ ഗംഗയുടെ ഉപനദിയായ
"നീൽധാര"യുടെ തീരത്തുനിരവധി ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന 'കൻഖൽ' ഈ
പ്രദേശത്തിന്റെ മഹത്വത്തെക്കുറിച്ച്‌ മഹാകവി കാളിദാസൻ മേഘസന്ദേശത്തിൽ
പലതവണ വർണ്ണിച്ചിട്ടുണ്ട്‌. ബ്രഹ്മാവിന്റെ പുത്രന്മാരിൽ ഒരാളായ
ദക്ഷപ്രജാപതി പ്രസിദ്ധമായ യാഗം നടത്തിയതു 'കൻഖലി'ലാണ്‌.
       ഗംഗയ്ക്ക്‌ നൂറിലേറെ പര്യയപദങ്ങളുണ്ട്‌. ഗംഗ ഒരു നദിമാത്രമല്ല. ഒരു
ജനതയുടെ ഐക്യത്തിന്റെ വികാരവിശേഷണമാണ്‌. ഒരു മഹാസംസ്കൃതിയുടെ വളർച്ചയും
സഹസ്രാബ്ദങ്ങളുടെ ചരിത്രങ്ങൾക്കു നിത്യസാക്ഷിയും.
       ഗംഗോത്രിക്ഷേത്രത്തിൽ നിന്നും 25 കി.മീ അകലെയുള്ള 'ഗോമുഖ്‌' എന്ന
സ്ഥലത്താണ്‌ ഗംഗാനദിയുടെ ഉത്ഭവം.
       ഗംഗാനദിയെ മറ്റു നദികളേക്കാളുപരി പവിത്ര നദിയായി അംഗീകരിയ്ക്കാനുള്ള
കാരണം അതിലെ ജലത്തിനുള്ള പ്രത്യേകതകളാണ്‌. ഒരു പാത്രത്തിൽ എത്രകാലങ്ങൾ
വെച്ചാലും ഈ ജലം കേടുവരില്ല. കീടങ്ങൾ വരില്ല. ഈ ജലത്തിനു രോഗാണുക്കളെ
നശിപ്പിക്കാനുള്ള കഴിവുണ്ട്‌. പ്രസിദ്ധ ശാസ്ത്രജ്ഞരും ഭിഷഗ്വരന്മാരും ഈ
ജലത്തെ പരീക്ഷണവിധേയമാക്കിയിട്ടുണ്ട്‌. കോളറയുടെ രോഗാണുക്കൾപോലും ഈ
വെള്ളം ഉപയോഗിച്ചാൽ നശിയ്ക്കുകയും ആറു മണിക്കൂറിനകം രോഗവിമുക്തി നേടുകയും
ചെയ്യുന്നുണ്ട്‌.
       ഹിമാലയയാത്രയിൽ ഏറ്റവും പ്രധാന്യമേറിയത്‌ ചതുർധാമപ്രവേശനമാണ്‌.
ചതുർധാമങ്ങളായി അറിയപ്പെടുന്നത്‌ യമുനോത്രി, ഗംഗോത്രി, കേദാർനാഥ്‌,
ബദരീനാഥ്‌ എന്നിവയാണ്‌. അതുപോലെ തന്നെ അളകനന്ദയും സരസ്വതിയും
സംഗമിയ്ക്കുന്ന കേശവപ്രയാഗും, ധൗശി (വിഷ്ണു)ഗംഗയും അളകയും കൂടിച്ചേരുന്ന
വിഷ്ണുപ്രയാഗും, അളകയും നന്ദാകിനിയും ഒത്തുചേരുന്ന നന്ദപ്രയാഗും, പിണാറും
അളകയും സംയോജിയ്ക്കുന്ന കർണപ്രയാഗും അളകയും മന്ദാകിനിയും സംഗമിയ്ക്കുന്ന
രുദ്രപ്രയാഗും അളകയും ഭാഗീരഥിയും കൂടിച്ചേർന്ന്‌ വിശുദ്ധഗംഗയായിത്തീരുന്ന
ദേവപ്രയാഗും അപൂർവ്വ ദർശനപുണ്യങ്ങളാണ്‌. നദീസംഗമങ്ങളിൽ ദർശനസ്നാനാദികൾ
നിർവ്വഹിക്കുന്നത്‌ പുനർജന്മത്തിൽ നിന്നും നമ്മെ തടയുന്നു എന്നാണു
വിശ്വാസം.
       ആദി കൈലാസം, കിന്നോർ കൈലാസം, കൈലാസ്‌-മാനസ്സരസ്‌, മണിമഹേഷ്‌ കൈലാസം.
ശ്രീകണ്ഠമഹാദേവ്‌ കൈലാസം എന്നിവയാണ്‌ അഞ്ചു കൈലാസങ്ങൾ. ഇവയൊക്കെത്തന്നെ
ഭാരതത്തിനു പുറത്തു ചൈനാ-ഭൂട്ടാൻ അതിർത്തിയിലാണ്‌.
(തുടരും...)

14 Jan 2012

എന്റെ ഹിമാലയ യാത്രാനുഭവങ്ങൾ


പ്രഫുല്ലൻ തൃപ്പൂണിത്തുറ
1.

ഭാരതത്തിൽ ജനിച്ചാൽ അഞ്ചുകാര്യങ്ങൾ നിർബന്ധമായും ചെയ്യണമെന്നാണ്‌ പഴമൊഴി.
അതു ഹിമാലയംകാണണം, ഗംഗയിൽ സ്നാനം ചെയ്യണം. ഭഗവത്ഗീത പഠിയ്ക്കണം, രാമായണം
വായിക്കണം, ഭാഗവതം കേൾക്കളം എന്നിവയാണ്‌.

       ലോകത്തിലെ ഏറ്റവും ഉയരംകൂടിയ എവറസ്റ്റു പർവ്വതനിരകൾ ഹിമാലയത്തിലാണെന്നും
ഹിമാലയം ഭാരതത്തിന്റെ ഉത്തരാതിർത്തിയാണെന്നും നാം പഠിച്ചിട്ടുണ്ടല്ലോ!
ഹിമാലയം വെറുമൊരു പർവ്വതരാജൻ മാത്രമല്ല. മഹത്തായൊരു സംസ്കൃതിയുടെ ഭാഗവും
പ്രതീകവും കൂടിയാണ്‌. സ്കന്ദപുരാണരചനയ്ക്ക്‌ വ്യാസമാമുനിയ്ക്കും,
കുമാരസംഭവത്തിനു മഹാകവി കാളിദാസനും, ഗീതാജ്ഞലിയ്ക്കു മഹാകവി
രവീന്ദ്രനാഥടാഗോറിനും പുണ്യപ്രചോദനം നൽകിയിട്ടുണ്ട്‌ ഈ ഗിരിശൃംഘങ്ങളും
സാനുക്കളും. ഈ പ്രകൃതിരമണീയമായ ഗിരിശൈലങ്ങളോടനുബന്ധിച്ച്‌ ആകാശത്തു
മാത്രം ജീവിയ്ക്കുന്ന നിലാവുഭക്ഷിച്ചു ജീവൻ നിലനിർത്തുന്ന പ്രണയത്തിന്റെ
പ്രതീകമായ പ്രേമചകോരം മുതൽ, ചിറകുള്ള പർവ്വതങ്ങളും, അത്ഭുതസിദ്ധിയുള്ള
ഔഷധച്ചെടികളും വൃക്ഷങ്ങളുംവരെ നിരവധി അത്യത്ഭുതങ്ങളുണ്ടെന്നാണു
പറയപ്പെടുന്നത്‌.

       ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും, പഞ്ചപാണ്ഡവന്മാരും കൗരവരും മുതൽ അനേകർ
അവരവരുടെ സാന്നിദ്ധ്യംകൊണ്ട്‌  ഓരോഘട്ടത്തിൽ ഹിമാലയപ്രാന്തങ്ങൾ
വർണ്ണപൂർണ്ണമാക്കിയിട്ടുണ്ട്‌.

       ഹിമാലയം കാണണമെങ്കിൽ അതിനുള്ള പണവും ആരോഗ്യവും മാത്രം പോര. ഭാഗ്യം തന്നെ
വേണം. എങ്കിലേ തീർത്ഥാടനത്തിനുസാധിയ്ക്കയുള്ളു എന്നതാണനുഭവം. അല്ലെങ്കിൽ
തീർച്ചയായും എന്തെങ്കിലും തടസ്സംവന്നുപെടും. എനിയ്ക്ക്‌ തീർത്ഥാടനം
തീരുമാനിച്ചപ്പോൾ മുതൽ യാതൊരു തടസ്സവും ഉണ്ടായില്ല. ഋതുഭേദങ്ങളുടെ
കാലാവസ്ഥാവ്യതിയാനങ്ങളും പെട്ടെന്നു ബാധിയ്ക്കാറുള്ള എനിയ്ക്കു യാത്രയിൽ
ഒരു ജലദോഷംപോലും വന്നുപെട്ടില്ല. എന്നെ ഈ തീർത്ഥാടനത്തിനു
പ്രേരിപ്പിച്ചതും, നിർബന്ധിച്ചതും എന്റെ സഹപാഠിയും സുഹൃത്തും, ഔദ്യോഗിക
ജീവിതത്തിനുശേഷം ഏതാണ്ടു പത്തുവർഷത്തോളം എന്റെ ബോസും ആയിരുന്ന പ്രസിദ്ധ
വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ.പി.എൻ.ജോബാണ്‌. അദ്ദേഹത്തിനു
കൃതജ്ഞത നേർന്നുകൊണ്ടാണ്‌ ഞാനീ യാത്രാ സ്മരണ തുടങ്ങുന്നത്‌.

       ഒറ്റപ്പാലത്തുള്ള ദാമോദരസ്വാമിയുടെ ട്രാവൽപാക്കേജിൽ ജോബസാറും,
അദ്ദേഹത്തിന്റെ മൂത്തസഹോദരി മിഹിര ടീച്ചറും, കായംകുളത്തുകാരൻ കൊല്ലംതറ
ഇ.കെ.രാജേന്ദ്രനും ഞാനുമാണ്‌ എറണാകുളത്തുനിന്നും പുറപ്പെട്ടത്‌. വേറെ 18
പേർ തൃശൂരിൽ നിന്നുമാണ്‌ സംഘത്തോടുചേർന്നത്‌.
ബദരിനാഥ്

       2011 സെപ്തംബർ 15 ന്‌ കെ.കെ.എക്സ്പ്രസ്സിൽ എറണാകുളത്തുനിന്നും ഞങ്ങൾ
യാത്രയാരംഭിച്ചു. രണ്ടുദിവസം കഴിഞ്ഞ്‌ ഭാരതത്തലസ്ഥാനത്തെത്തി.
ജോബ്സാറിന്റെ ഇളയസഹോദരിയും ഭർത്താവും ഡൽഹിയിൽ ജോലിയുള്ള അവരുടെ ഡോക്ടറായ മകളും ഡോക്ടറുടെ ഭർത്താവായ വലിയ ഉദ്യോഗസ്ഥനും ഡൽഹിയിൽ
താമസമുണ്ടായിരുന്നു. അവരുടെ അതിഥികളായി ആ പകൽ ഞങ്ങൾ ഡൽഹിയിൽ കഴിച്ചു
കൂട്ടി.

       ന്യൂഡൽഹി റയിൽവേസ്റ്റേഷനും വിമാനത്താവളവും ഹരിയാനാ അതിർത്തിവരെയുള്ള
നാലുവരിപ്പാതയും  അതീവമനോഹരമാണ്‌. കാൽ നടക്കാർക്കും ഇരുചക്രവാഹനത്തിനും
പ്രവേശനമില്ലാത്ത വലിയറോഡിലൂടെ ഞങ്ങളുടെ സ്വകാര്യകാർ പറന്നു.
ന്യൂഡൽഹിയിലെ റോഡുകൾ അതീവമനോഹരം. മനോഹരമായ വലിയ പൂമരങ്ങളും ചെടികളും
അതിരിട്ടു സൂക്ഷിയ്ക്കുന്നവയാണു ആ റോഡുകൾ. അതുപോലെ തന്നെ ന്യൂഡൽഹിയിലെ
വഴിയരുകിലെ ഓരോ മതിൽക്കെട്ടും ശരാശരി ഒരേക്കർ വിസ്തീർണ്ണമുള്ളതാണ്‌.
അവിടെ ദേശീയ രാഷ്ട്രീയകക്ഷികളുടെ ആസ്ഥാനങ്ങളും, ബാങ്കുകളുടേയും
മറ്റുസ്ഥാപനങ്ങളുടേയും ഹെഡ്ക്വാർട്ടേഷ്സുകളും വളരെ മനോഹരമായ കാഴ്ചതന്നെ
യാത്രക്കാർക്കു നൽകുന്നു. ഒട്ടും സ്ഥലമില്ലാത്ത കേരളത്തിൽ നിന്നും
പ്രത്യേകിച്ച്‌ എറണാകുളത്തുനിന്നും എത്തുന്നവർക്കു വേണ്ടത്ര
സ്ഥലസൗകര്യമുള്ള 'ന്യൂഡൽഹി' അത്യന്തം ആകർഷകമായി അനുഭവപ്പെടുന്നു.

       ഡൽഹിയിലെ പഴയ 'സരായ്‌ രോഹില" റയിൽവേസ്റ്റേഷനിൽ നിന്നാണ്‌ ഹരിദ്വാർ
ഭാഗത്തേയ്ക്കുള്ള എക്സ്പ്രസ്‌ തീവണ്ടി പുറപ്പെടുന്നത്‌. ഏതാണ്ട്‌
ഒരുരണ്ടുനിലകെട്ടിടത്തിന്റെയത്ര ഉയരത്തിലാണ്‌ ഈ പഴയ സ്റ്റേഷൻ
നിൽക്കുന്നത്‌ അവിടേയ്ക്കു കയറിപ്പറ്റാനും വീണ്ടും ഇറങ്ങി ട്രയിനിൽ
കയറാനും അത്യദ്ധ്വാനം വേണ്ടിവന്നു. സ്റ്റേഷനും സ്റ്റേഷനിലേയ്ക്കെത്തുന്ന
റോഡും പൊട്ടിപ്പൊളിഞ്ഞു വൃത്തിഹീനമായി കിടക്കുന്നു.

       ഡൽഹിയിലെ പലഭാഗത്തും ഏറ്റവും വില കുറഞ്ഞ ചായ കിട്ടുന്ന മാടക്കടകളും
അതിനോടു ചേർന്ന നമ്മുടെ ഗ്രാമങ്ങളിൽപ്പോലും ഇല്ലാത്തവിധം
ചുമരിനോടുചേർത്തിട്ടിരിയ്ക്കുന്
ന രണ്ടും മൂന്നും കാലുള്ള ഇരുമ്പു
കസേരകളുമുള്ള ഓപ്പൺ എയർ ബാർബർ ഷോപ്പുകളും കാണാം. ഇന്ദ്രപ്രസ്ഥത്തിന്റെ
തനിരൂപം ഇതാണോ! ഇതു ചിന്തിച്ചുകൊണ്ടു നിൽക്കുമ്പോൾ മുകളിലൂടെ മനോഹരമായ
മെട്രോ ട്രെയിൻ കടന്നുപോയി. വൈരുദ്ധ്യങ്ങളുടെ തലസ്ഥാനനഗരി!
       പക്ഷേ പൗരാണികഭാവങ്ങൾ ചിന്തിയ്ക്കുമ്പോൾ ഡൽഹിപഴയ ഇന്ദ്രപ്രസ്ഥംതന്നെ.
(തുടരും...)

14 Dec 2011

തൃപ്പൂണിത്തുറയിൽ നിന്നു പുതിയ പകർച്ചവ്യാധി ഭീഷണി


പ്രഫുല്ലൻ തൃപ്പൂണിത്തുറ

കുറച്ചുവർഷങ്ങൾക്കു മുമ്പ്‌ ആലപ്പുഴയിൽ 'ചിക്കൻഗുനിയ' പടർന്നുപിടിച്ചു.
പണ്ട്‌ കിഴക്കിന്റെ വേണീസ്‌' എന്ന പേരുണ്ടായിരുന്ന ആലപ്പുഴ അങ്ങിനെ
ലോകാരോഗ്യഭൂപടത്തിൽവരെ പുതിയ രൂപത്തിൽ ജനശ്രദ്ധയാകർഷിച്ചു.
കുറച്ചുവർഷത്തിനകം തൃപ്പൂണിത്തുറയും പേരെടുക്കാൻ തയ്യാറാകുന്നു.
ചിക്കൻഗുനിയായ്ക്കുപകരം 'മട്ടൻഗുനിയാ' എന്നോ മറ്റൊരു പേരിലോ ഒക്കെയാകാം
അത്‌. അത്താഘോഷവും, ഇരുപതിലേറെ കലകൾ അഭ്യസിപ്പിയ്ക്കുന്ന രാധാലക്ഷ്മി
കലാലയവും, രാജ്യത്തെ ഏറ്റവും ബൃഹത്തായ ആയുർവ്വേദ കോളേജുമൊക്കെ
രാജനഗരിയ്ക്കു വേണ്ടത്ര പ്രസിദ്ധിയുണ്ടാക്കിയിട്ടുണ്ട്‌

അന്ധകാരത്തോട്‌
. ഇനിയിതാ പുതിയ പകർച്ചവ്യാധിയുടെ പേരിൽ ഈ ദേശം മറ്റൊരു നിലയിലും പേരുണ്ടാക്കാൻ പോകുന്നു!
       തൃപ്പൂണിത്തുറയെ രണ്ടായി മുറിയ്ക്കുന്ന ജലാശയമാണ്‌ "അന്ധകാരത്തോട്‌"
ഇതിന്റെ വടക്കേഭാഗം 'നടമ' വില്ലേജും തെക്കേഭാഗം 'തെക്കും ഭാഗം'
വില്ലേജുമാണ്‌. കിഴക്കും തൃപ്പൂണിത്തുറയുടെ അതിരായ കരിങ്ങാച്ചിറപ്പുഴയിൽ
നിന്നും ആരംഭിച്ച്‌ പടിഞ്ഞാറെ അതിർത്തിയായ പേട്ടപ്പുഴയിൽ
ഇതുചെന്നവസാനിയ്ക്കുന്നു. തൃപ്പൂണിത്തുറയ്ക്കകത്തുള്ള ഏറ്റവും
നീളംകൂടിയതോട്‌. പിറവം എറണാകുളം  നിയോജകമണ്ഡലങ്ങളെ തമ്മിൽ
ഇതുബന്ധിപ്പിയ്ക്കുന്നു. കാലവർഷത്തിൽ കിഴക്കുള്ള പാടശേഖരങ്ങളിൽ മലവെള്ളം
പൊങ്ങുമ്പോൾ അന്ധകാരത്തോട്ടിലൂടെയാണ്‌ അതുപടിഞ്ഞാറെകായലിലേക്ക്‌
ഒഴുകിപ്പോയിരുന്നത്‌. പടിഞ്ഞാറെ കായലിലെ വെള്ളത്തിനു ഓരു
(ഉപ്പുരസം)ഉള്ളതിനാൽ ഇതുകിഴക്കേഭാഗത്തുള്ള വയലുകളിലേയ്ക്കു ചെന്നാൽ കൃഷി
നശിച്ചുപോകും. അതുതടയാനായി വേനലിന്റെ മൂർദ്ധന്യത്തിൽ ഇടവപ്പാതിവരെ മാത്രം
ഇതു ജലസേചനവകുപ്പിന്റെ ചീപ്പുമൂലം അടച്ചിടും. ആ ദിവസങ്ങളിലൊഴികെ ഈ
തോട്ടിൽ പണ്ടു എപ്പോഴും ഒഴുക്കുണ്ടായിരുന്നു.

       എറണാകുളം മാർക്കറ്റിൽ നിന്നും പലവ്യഞ്ജനങ്ങൾ തൃപ്പൂണിത്തുറ
മാർക്കറ്റിലേയ്ക്കും അവിടെനിന്നും പച്ചക്കറികളും പലവ്യജ്ഞനങ്ങളും
എറണാകുളം, ചേപ്പനം, പനങ്ങാട്‌ ഭാഗങ്ങളിലേയ്ക്കും കൊണ്ടുപോയിരുന്നത്‌
അന്ധകാരത്തോട്ടിലൂടെ വള്ളങ്ങളിലായിരുന്നു. അതുപോലെ തന്നെ പടിഞ്ഞാറെ
പൊക്കാളി കരിനിലങ്ങളിലേയ്ക്ക്‌ വിത്തും വളവും പണിയായുധങ്ങളും
കൊണ്ടുപോയിരുന്നതും അവിടെ നിന്നും കൊയ്തെടുക്കുന്ന കറ്റകൾ
തൃപ്പൂണിത്തുറയിലെ കർഷക ഭവനങ്ങളിലെത്തിച്ചിരുന്നതും ഈ തോട്ടിലൂടെ തന്നെ
ഏതാണ്ട്‌ ഒരു മൂന്നു ദശാബ്ദക്കാലം വരെ ഈ തോട്ടിലെ ഒഴുക്കുള്ള തെളിനീരിൽ
പൊതുജനങ്ങൾ സ്നാനം ചെയ്തിരുന്നു. തോടിന്റെ അടിത്തട്ട്‌ മുകളിൽനിന്നും
നോക്കിയാൽ പൂർണ്ണമായും തെളിഞ്ഞു കാണാമായിരുന്നു. അമ്പതുകളിൽ ഗാനഗന്ധർവ്വൻ
പത്മശ്രീ.ഡോ.യേശുദാസ്‌ തൃപ്പൂണിത്തുറയിൽ സംഗീതം പഠിയ്ക്കാൻ
താമസിച്ചിരുന്ന കാലത്ത്‌ ഇവിടെ കുളിയ്ക്കുന്നത്‌ ഈ ലേഖകൻ കണ്ടിട്ടുണ്ട്‌.
കൂട്ടത്തിൽ ഓർമ്മിയ്ക്കട്ടെ അന്ധകാരത്തോട്ടിലും അതുപുഴയിൽ
ചെന്നുചേരുന്നിടത്തുമായി ഓണക്കാലത്ത്‌ ഒരു ചെറിയ വള്ളം കളിയും
പതിവുണ്ടായിരുന്നു.

       കൃഷിയും, ജലഗതാഗതവും ഭൂമിശാസ്ത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട്‌
ഒഴുകിയിരുന്ന ഈ 'സ്റ്റാറ്റ്യൂട്ടറി ജലപാത"യുടെ ഇന്നത്തെ പരിതാപകരമായ
നിലയാണു ഇവിടെ വിഷയം. നഗരഹൃദയത്തിലെ താമസക്കാർക്ക്‌ ദുർഗന്ധവും
കൊതുകുശല്യവും സമ്മാനിച്ചുകൊണ്ട്‌ നഗരജീവിതത്തെയാകെ
ദുരിതത്തിലാക്കിക്കൊണ്ട്‌ അന്ധകാരത്തിലാഴ്ത്തുന്നു. തോട്ടിൽ അഴുക്കും
ചെളിയും മാലിന്യങ്ങളും നിറഞ്ഞ്‌ ഇടയ്ക്കിടെ മണ്ണുനിറഞ്ഞ്‌ കുറ്റിക്കാടുകൾ
വളർന്ന്‌ ഒഴുക്കില്ലാതെ നിശ്ചലമായി കിടക്കുന്നു.

ചിലേടത്തുതോടിന്റെയകത്ത്‌ തെങ്ങും വാഴയും കുലച്ചുനിൽപ്പുണ്ട്‌. കുളിയും
ജലഗതാഗതവും പോയിട്ട്‌  ഒന്നു നോക്കാൻപോലും സാധിയ്ക്കാത്തവിധം
അറപ്പുളവാക്കുന്നു. ഇതൊരവസരമായി മുതലെടുത്തുകൊണ്ട്‌ വാഹനങ്ങളിൽ വന്നു
രാത്രിയുടെ മറവിൽ പ്ലാസ്റ്റിക്കു കൂടുകളിൽ തോട്ടിലേയ്ക്കു മാലിന്യങ്ങൾ
പലരും വലിച്ചെറിയുന്നു. അതിൽ കോഴികളുടെയും ആടുകളുടേയും ആസ്പത്രിയിലേയും
അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. പൊതുജനങ്ങളും മാധ്യമങ്ങളും നിരന്തരം
ആവശ്യപ്പെട്ടതുകൊണ്ട്‌ രണ്ടു മൂന്നുവർഷം മുമ്പ്‌ ഒരു വേനൽക്കാലത്ത്‌ ഈ
തോട്ടിലെ അടിത്തട്ടിൽ നിന്നും കുറച്ചു മാലിന്യവും ചെളിയും തോടിന്റെ
കരയിലേയ്ക്ക്‌ കോരിയിട്ടു. കുറെ മരങ്ങളും ചെടികളും വെട്ടിത്തോട്ടിലിട്ടു.
അടുത്തമഴക്കാലത്തു ഇതുമുഴുവൻ തോട്ടിലേയ്ക്കു തന്നെ ചെന്നു ചേർന്നു.
സർക്കാരിന്റെ ലക്ഷക്കണക്കിനു രൂപ ചിലവായതും ചില കോൺട്രാക്ടർമാർക്കു
വൻലാഭമായതും മാത്രം ബാക്കി.

       ഇക്കഴിഞ്ഞ വേനലിലും അതേപോലെയല്ലെങ്കിലും കുറേകുറ്റിച്ചെടികൾ
വെട്ടിതോട്ടിലേയ്ക്കിട്ടു. പണച്ചിലവില്ലാതെ നഗരസഭാ
കണ്ടിജൻസിക്കാരെക്കൊണ്ടു ചെയ്യിച്ചതാണത്രെ! അതും ഇപ്പോൾ തോട്ടിൽ കിടന്നു
ചീയുന്നു. ദശകങ്ങളായി തോട്ടിൽ നിറയുന്ന ചെളിയും മാലിന്യങ്ങളും അഴുകി
ദുർഗന്ധം വമിയ്ക്കുന്നു.

       അഴുക്കും ചെളിയും കോരിക്കളഞ്ഞ്‌ തോടുവൃത്തിയാക്കിയാൽ വീണ്ടു ആയിരങ്ങൾ
അന്ധകാരത്തോട്ടിൽ സ്നാനം ചെയ്യും. അതൊന്നുമില്ലെങ്കിലും
തോടുവൃത്തിയാക്കിയില്ലെങ്കിൽ ഇനിയും മാലിന്യങ്ങൾ മുകളിലേയ്ക്കു ഉയരും.
മാലിന്യങ്ങളിൽ ഇനിയും മാലിന്യങ്ങൾ മുകളിലേയ്ക്കു ഉയരും. മാലിന്യങ്ങളിൽ
നിന്നുമുണ്ടാകുന്ന പുതിയ പകർച്ചവ്യാധികൾ നഗരവാസികളെ ഹനിയ്ക്കും. കൂടാതെ
ഇതേപോലെ ഒഴുക്കില്ലാതെ മലിനജലം കെട്ടിക്കിടക്കുന്ന 'പോളക്കുളവും'
വാലുമ്മൽ താഴത്തെ കോളേജിന്റെ കളിസ്ഥലത്തെ മാലിന്യശേഖരവും അന്ധകാരത്തോടിനു
വളരെ അകലെയല്ലാതെ സ്ഥിതിചെയ്യുന്നുണ്ട്‌.

       അന്ധകാരത്തോട്‌ എത്രയും വേഗത്തിൽ അഴുക്കും ചെളിയും പൂർണ്ണമായും
കോരിക്കളഞ്ഞ്‌ വൃത്തിയാക്കിയില്ലെങ്കിൽ വൻ ദുരന്തമാണ്‌ പുതിയ രോഗത്തിന്റെ
രൂപത്തിൽ വരാനിരിയ്ക്കുന്നത്‌. അപകടങ്ങൾ ഉണ്ടായിട്ട്‌ പരിഹാരത്തിനായി
നെട്ടോട്ടമോടുന്നതിനുമുമ്പ്‌ അതുവരാതെ പ്രതിരോധിയ്ക്കുകയാണല്ലോ നല്ലത്‌.

14 Aug 2011

മുതിരപ്പുഴതീര മഹേശ്വരൻ


പ്രഫുല്ലൻ തൃപ്പൂണിത്തുറ
ദേവൻ പരമേശ്വരൻ മഹാദേവൻ
മുതിരപ്പുഴ തീരത്തെ മഹേശ്വരൻ
ഗ്രാമസംരക്ഷകൻ സംഹാരദേവോത്തമൻ
തരും നമ്മൾക്കു സംപൂർണ്ണ സംരക്ഷകൾ
കേൾക്കാം വാദ്യഘോഷം ജലപാതത്രയത്തിൻ
ഗംഗാപ്രവാഹ സംഗീതശിഞ്ചിതങ്ങൾ
പശ്ചിമഘട്ട ഗിരിനിരതൻ തണൽ
സാനുവിൻ മഞ്ഞാർന്ന ശാലീനഭംഗികൾ
നേരാം നമുക്കുധാര, മ്യത്യുജ്ഞയങ്ങൾ
കൊളുത്താം തിരി ചങ്കിലെചിരാതിങ്കൽ
അരുകിൽ പാറമേൽ, ചെമ്പകത്തിൻ
പൂക്കളാലർച്ചന കൂവളത്തിലകളാൽ
ഓർക്കാം പർവ്വതപുത്രിയെ യാർദ്രയിൽ
കാർത്ത്യായനീ പൂജയാലാതിരയിൽ
ദേവൻ പരമേശ്വരൻ മഹാദേവൻ
മുതിരപ്പുഴ തീരത്തെ മഹേശ്വരൻ
ഗ്രാമസംരക്ഷകൻ സംഹാരദേവോത്തമൻ
തരും നമ്മൾക്കു സംപൂർണ്ണ സംരക്ഷകൾ
(* മൂന്നാറിനടുത്ത്‌ എല്ലക്കൽ കൈലാസനാഥ മഹാക്ഷേത്രം)


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...