Showing posts with label 91. Show all posts
Showing posts with label 91. Show all posts

27 Apr 2013

മാന്യന്‍

ആനന്ദവല്ലി ചന്ദ്രൻ 


വൈകുന്നേരം, പച്ചക്കറി വാങ്ങിയ്ക്കാനായി നഗരത്തിലെ 
മാര്ക്കറ്റില്‍ കൂടി നടക്കുമ്പോള്‍ ഫുട്ട്പാത്തില്‍ നിരത്തിവെ
ച്ചിരിയ്ക്കുന്ന നിറമാര്ന്ന പല ആകര്‍ഷകവസ്തുക്കളും ക
ണ്ണില്പ്പെട്ടു. വുളന്‍ ഫോണ്‍ കവറുകളും, ടീപോയ്‌ കവറുക
ളും മറ്റും കണ്ട് വില പെശകി വാങ്ങിയ്ക്കാന്‍ നോക്കു
മ്പോള്‍ അടുത്തുതന്നെ വൃത്തിയുള്ള വസ്ത്രം ധരിച്ച ഒരു 
നാല്പ്പതുകാരനെ കണ്ടു. അയാളുടെ മുന്നില്‍ വില്ക്കാനുള്ള
വസ്തുക്കളൊന്നും തന്നെയുണ്ടായിരുന്നില്ല. അയാളുടെ മുന്നി
ലൂടെ നീങ്ങിയ ഓരോ ചെറുപ്പക്കാരന്റേയും, ചെറുപ്പക്കാരി
യുടേയും മുന്നിലേയ്ക്ക് തുറന്നുപിടിച്ച അയാളുടെ വലതുക
രം നീണ്ടു.പലരും അവഗണിച്ചെങ്കിലും ഏതാനും നാണയത്തു
ട്ടുകള്‍ അയാളുടെ കയ്യില്‍ വീണു. പക്ഷേ ഒരിയ്ക്കല്‍പോലും 
അയാള്‍ അറുപതിനോ അതിനുമീതെയോ പ്രായം മതിയ്ക്കു
ന്ന സ്ത്രീകളുടെയോ, പുരുഷന്മാരുടെയോ മുന്നിലേയ്ക്ക് കൈ
നീട്ടിയില്ല. അത്ഭുതം കൂറി അടുത്ത് നിന്നിരുന്ന ഒരു ചെറുപ്പക്കാ
രന്‍ കാരണമാരാഞ്ഞപ്പോള്‍ കിട്ടിയ മറുപടി ..

“അറുപതും അതിനു മീതെയുള്ള മിയ്ക്കവരും പെന്ഷന്‍ 
പറ്റി ജീവിയ്ക്കുന്നവരാവും. ആഹാരച്ചിലവ് കഴിച്ചുള്ള തു
ക ചികിത്സയ്ക്കും, ചെറിയ ചെറിയ അത്യാവശ്യ യാത്രാ

ച്ചിലവിനുമേ കാണൂ.അപ്പോ അവരുടെ മുമ്പില്‍ കൈ
നീട്ടാനെനിയ്ക്ക് നാണം.”

26 Mar 2013

എന്റെ സ്വന്തം ദേശം, വേങ്ങശ്ശേരി…

പി ഗോപാലകൃഷ്ണൻ 


പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ വളരെ പ്രകൃതിരമണീയമയിട്ടുള്ള ഒരു കൊച്ചു പ്രദേശമാണ് എന്റെ സ്വന്തം വേങ്ങശ്ശേരി. ചരിത്ര പ്രാധാന്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും കുന്നുകളും, ശിലകളും, ഇടവഴികളും, ചെമ്മണ്‍ റോഡുകളും, തോടുകളും, പാടങ്ങളും, കുളങ്ങളും, ക്ഷേത്രങ്ങളും കൊണ്ട് സമ്പന്നമായ എന്റെ വേങ്ങശ്ശേരി ആരെയും മോഹിപ്പിക്കുന്ന ഒരു കൊച്ചു സുന്ദരി തന്നെ ആയിരുന്നു അന്ന്. ഞങ്ങള്‍ ഈ നാടിന്‍റെ ധീര യോദ്ധാക്കളെന്നു സ്വയം അഹങ്കരിച്ചു തല ഉയര്‍ത്തി നിരനിരയായി നിന്നിരുന്ന കരിമ്പന കൂട്ടങ്ങള്‍ വല്ലാത്തൊരു ആകര്‍ഷണീയമായിരുന്നു, അലങ്കാരമായിരുന്നു എന്റെ വേങ്ങശ്ശേരിക്ക്.
കിലോമീറ്ററുകള്‍ക്കപ്പുറമുള്ള സ്കൂള്‍ അങ്കണത്തിലേക്കുള്ള യാത്രയില്‍ സുഗന്തം പരത്തി ഞങ്ങളെ അനുഗമിച്ചിരുന്ന മന്ദമാരുതനും. അതിനനുസരിച്ച് കള കള ഗാനം പടിയും തലയാട്ടി നൃത്തം വച്ചും ഞങ്ങളെ യാത്ര അയക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്ന നെല്‍പ്പാടങ്ങളും, നെല്‍ക്കതിരുകളും എല്ലാം ഇന്നും കാലം പ്രവാസിയാക്കി മാറ്റിയ എന്റെ ബാല്യകാല സ്മരണകളില്‍ തുലനമില്ലാത്ത തെളിനീരായി തെളിഞ്ഞു നില്‍ക്കുന്നു.
കലഭേതങ്ങള്‍ക്കനുസരിച്ച് ഞങ്ങളെ ഫല മൂലാതികള്‍ ഊട്ടാന്‍ മത്സരിച്ചു നിന്നിരുന്ന മാവും. പ്ലാവും എന്തിനതികം കൈതചക്കയും (പൈനാപ്പിള്‍) പോലുള്ള ചെടികളും തുടങ്ങി ഒട്ടനവധി വിശിഷ്ട മരങ്ങളും ചെടികളും ഞങ്ങള്‍ക്ക് ചുറ്റും ഉണ്ടായിരുന്നു. തറയില്‍ ഇരുത്തി തറയും പറയും എഴുതി ഞങ്ങളെ അക്ഷരത്തിന്റെ ലോകത്തേക്ക്…അറിവുന്റെ ലോകത്തേക്ക് നയിച്ച വി.കെ.എം.യു.പി സ്കൂളും……ജീവിതത്തെ കുറിച്ച് ഞങ്ങളെ ചിന്തിക്കാന്‍ പ്രാപ്തമാക്കിയ എന്‍.എസ്.എസ്. ഹൈ സ്കൂള്‍ അങ്കണവും എല്ലാം ഇന്നും ഞങ്ങള്‍ വേങ്ങശ്ശേരിക്കാരുടെ അലങ്കാരങ്ങളില്ലാത്ത സ്വകാര്യ അഹങ്കരങ്ങയി നിലകൊള്ളുന്നു.
ഒരു വര്‍ഷത്തോളം ഞങ്ങള്‍ മിച്ചം വെച്ചുണ്ടാക്കുന്ന പത്തു രൂപയുമായി ശ്രീ വയങ്കാവില്‍ ഉത്സവം (പൂരം) കാണാന്‍ ഞങ്ങള്‍ കൊച്ചു കുട്ടികള്‍ക്ക് വല്ലാത്തൊരു ഹരമായിരുന്നു….അനുഭൂതി ആയിരുന്നു. കാരണം രക്ഷിതാക്കളില്‍ നിന്നുമുള്ള സുരക്ഷാവലയത്തില്‍ നിന്നും ഞങ്ങളുടെ കൊച്ചു ബല്ല്യങ്ങള്‍ക്ക് സ്വതന്ത്രരാകാന്‍ കഴിയുന്ന ഏക ദിവസം അതാണല്ലോ. സ്വതന്ത്രരായി വിഹരിക്കാന്‍ കഴിയുന്നതും അന്നാണല്ലോ.
അന്ന് ഇവിടെ നടമാടിയിരുന്ന ഓരോ വിവാഹവും അതിനു സമാനമയിട്ടുള്ള മറ്റു വിശേഷങ്ങളും എല്ലാം ഒരു വ്യക്തിയുടെതായോ…ഒരു കുടുംബത്തിന്റെതായോ മാത്രമായി ഒതുങ്ങിയിരുന്നില്ല…ആ സന്തോഷം സ്നേഹസമ്പന്നരായ ആ ദേശവാസികളിലേക്ക് മൊത്തം വളര്‍ന്നിരുന്നു. പുരുഷന്‍മാര്‍ തലേ ദിവസം രാത്രി തന്നെ വിശേഷം അരങ്ങേറുന്ന ഭവനങ്ങളില്‍ ദഹണ്ണത്തിനും മറ്റു സഹായങ്ങല്‍ക്കുമായി ഒത്തു കൂടുമായിരുന്നു. നിസ്വാര്‍ത്ഥ സേവകരുടെ പര്യായങ്ങളായിരുന്നു അവര്‍ അന്ന്. കാലം മാറി നിസ്വാര്‍ഥതയുടെ സ്ഥാനത്ത് സ്വാര്‍ത്ഥത കടന്നു കൂടിയതിനാല്‍ കഥയും മാറി. ഇന്നു വെപ്പിന്…വിളമ്പലിന് എല്ലാം “ഗാന്ധി” ചിരിക്കണം….പത്താള്‍ കൂടണമെങ്കില്‍ കുപ്പിയും പൊട്ടണം. കാറ്റടിച്ചു വിളക്കണഞാല്‍ അത് വിളക്കിന്റെ കുറ്റമല്ലല്ലോ….എന്നിരുന്നാലും കാറ്റിനെ പഴിക്കാതിരിക്കാതുകുമോ .
സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ആണ് നാട് നന്നാകുന്നത്. അതെ ഇതു അക്ഷരാര്‍ഥത്തില്‍ ശരിവക്കുന്നതും, നൂറു ശതമാനവും യോജിക്കും വിധമായിരുന്നു ഞങ്ങള്‍ യുവജനങ്ങള്‍ അന്ന്. ഞങ്ങളുടെ വീടുകളില്‍ ഉറവ വറ്റാത്ത കിണറുകളുണ്ടായിരുന്നിട്ടും…രൂക്ഷമായ ജലക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന കോളനി നിവാസികളുടെ ദുരിത പൂര്‍ണ്ണമായ വേദന കണ്ടില്ലെന്നു നടിക്കാന്‍ ഞങ്ങളിലെ യുവത്വത്തിനായില്ല. അധികാര കേന്ദ്രങ്ങളില്‍ നിരന്തരം ഞങ്ങള്‍ ശബ്ദമുയര്‍ത്തി…പോരാടി..തല്‍ഫലമായി പൊറുതി മുട്ടിയ അവര്‍ സിമന്റ് കൊണ്ടൊരു ജല സംഭരിണി തീര്‍ത്തു തന്നു.
ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും കടന്നു പോയതല്ലാതെ അതിലേക്കു ഒരു തുള്ളി ജലം പോലും ഒഴുകിയെത്തിയില്ല. സഹികെട്ട ഞങ്ങള്‍ യുവാക്കള്‍ ഒരു തീരുമാനത്തിലെത്തി, സര്‍ക്കാര്‍ സ്ഥലത്ത് / പഞ്ചായത്ത് സ്ഥലത്ത് സ്വപ്രയത്നം കൊണ്ട് ഒരു കിണര്‍ കുഴിച്ച് രൂക്ഷമായ ഈ പ്രശ്നത്തിന് പരിഹാരം കാണുകയെന്ന്. സംഭവം കാട്ടുതീ പോലെ നാട്ടിലെങ്ങും പരന്നു. …രങ്കം വഷളായി തുടങ്ങി. സ്ഥലത്തെ ചില കുത്സിത ശക്തികള്‍ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു…പ്രമുഖ രാഷ്ട്രീയ നേതൃത്വത്തിന്റെ ഭീഷണി അവര്‍ക്ക് മേമ്പോടിയുമായി. നിയമനടപടിയും അറസ്റ്റുമായി അധികാര കേന്ദ്രങ്ങളുടെ ഭീഷണി പുറകേയും വന്നു . എന്തും സംഭവിക്കാവുന്ന ഉദ്വേഗത നിറഞ്ഞ ദിന..രാത്രങ്ങള്‍. സിരകളില്‍ തിളച്ചു മറിയുന്ന യുവരക്തത്തിന്റെ ആര്‍ജ്ജവമായിരിക്കാം ഞങ്ങളെ ആ ഉദ്യമത്തില്‍ നിന്നും തെല്ലും പിന്തിരിപ്പിച്ചില്ല. ജവാന്‍ നഗര്‍ ബസ്സ്‌ സ്റ്റാണ്ടിനോട് ചേര്‍ന്ന് പൊതുവഴിയോരത്ത് ഞങ്ങള്‍ എല്ലാ വിലക്കുകളേയും അവഗച്ചു കൊണ്ട് ഒരു കിണര്‍ കുഴിച്ചു….വെള്ളവും കണ്ടു. ഒരു യുവശക്തിക്ക് മുന്‍പില്‍ അടിപതറിയ നിമിഷങ്ങളായിരുന്നു രാഷ്ടീയ, അധികാര കേന്ദ്രങ്ങള്‍ക്ക് അത്. അടക്കിവച്ച ഒരു പാവം ജനവിഭാഗത്തിന്റെ അങ്ങീകരിക്കപ്പെടാതെപോയ ആവശ്യത്തിനു അനിവാര്യമായ വിജയം സമ്മാനിച്ച ചരിത്രനിമിഷമായിരുന്നു അത്. ഈ അവസരത്തില്‍ ഈ ഉദ്യമത്തിന് വീറോടെ മുന്നില്‍ നിന്ന ഉണ്ണി ,വേണു വാസു, ജോസ് തുടങ്ങി ഏതാനും മാന്യവ്യക്തികളെ ആദരവോടെ സ്മരിച്ചു കൊള്ളട്ടെ.
അന്ന് അതിനെ അനുകൂലിച്ചവര്‍ക്കും പ്രതികൂലിച്ചവര്‍ക്കും തങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിഹാരമായി ആ കിണറിനെ ഇന്നു കാലം മാറ്റിയിരിക്കുന്നു. നിയമനടപടിക്ക് മുതിര്‍ന്ന അധികാര കേന്ദ്രങ്ങളാകട്ടെ ഒരു നന്ദി വാക്കുപോലും ഉരിയാടാതെ കാലക്രമേണ അതിനെ സ്വയം ഏറ്റെടുത്തു കല്‍പടവും മറ്റും നടത്തി കൂടുതല്‍ സുരക്ഷിതമാക്കി ജനോപയോഗപ്രധമാക്കി മാറ്റിയിരിക്കുന്നു.
എന്തായാലും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഒഴികിയെതിയ പണം കൊണ്ട് തീര്‍ത്ത ആ ജലസംഭരിണി ഇന്നും ജലമില്ലാതെ ഒരപമാനമായി, വീക്ഷണമില്ലാത്ത സര്‍ക്കാര്‍ നയത്തിന്റെ പര്യായമായി അവിടെ ചരിത്രസ്മാരകമെന്നോണം നിലകൊള്ളുന്നു എന്നത് ലജ്ജാകരം തന്നെ.
എണ്‍പതുകളുടെ തുടക്കത്തിലായിരുന്നു “പന്തേര്‍സ് ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബു” എന്ന നാമത്തില്‍ ഒരു യുവജന സങ്കടന രൂപം കൊള്ളുന്നത്‌. രാഷ്ടീയ ചിന്തകള്‍ക്കതീതമായി, വളരെ വ്യക്തമായ ലക്ഷ്യങ്ങളോടും, കഴ്ച്ചപടോടും കൂടി രൂപം കൊണ്ട ആ യുവജനസങ്കടന പിന്നീടു സാമൂഹ്യപ്രസക്തങ്ങളായ വിഷയങ്ങളെ ഏറ്റെടുക്കുകയും , അനീതിക്കും അന്യയത്തിനും എതിരെ അതിശക്തമായി തന്നെ വിരല്‍ ചൂണ്ടുകയും ചെയ്തു.
വീറും..വാശിയും ഉള്ള ഒരു യുവജനക്കൂട്ടവും, അവരെ നയിക്കാന്‍ പ്രാപ്തിയും വ്യക്തമായ ദിശാഭോധവുമുള്ള ഒരു നേതൃത്വവും ആ സങ്കടനയെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനഹൃതയങ്ങളില്‍ സ്വീകാര്യമാക്കി.
ആ കാലഘട്ടതിലയുരുന്നു ലോകമനസക്ഷിയെ ഞാട്ടിപ്പിച്ച ഭോപാല്‍ വിഷവാതക ദുരന്തം സംഭവിച്ചത്. ആ ദുരന്ത പീഡിതാരക്ക് ഐക്യാദാര്‍ട്യം പ്രകടിപ്പിച്ചു കൊണ്ട് ശ്രീ.സി.ആര്‍.മണികണ്ടന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്ന് നടത്തിയ പ്രകടനജാത ആ പ്രദേശത്ത് തന്നെ പുതിയൊരു അനുഭവമായിരുന്നു. അത് കൊണ്ട് തന്നെ അന്ന് നാലാള്‍ കൂടുന്നിടതെല്ലാം അതൊരു ഗംഭീര ചര്‍ച്ചാവിഷയമാവുകയും ചെയ്തു. അന്ന് നല്‍കിയ അത്തരം ഉജ്ജലമായ തുടക്കം ആ പ്രസ്ഥാനത്തെ ഭഹുധൂരം മുന്നോട്ടു നയിച്ചു. അത് കൊണ്ട് തന്നെ അന്ന് സ്വന്തം കെട്ടിടവും….അത്യാവശം നല്ലൊരു തുക ബാങ്ക് ബാലന്‍സും ആയി കഴിഞ്ഞിരുന്നു ഈ പ്രസ്ഥാനത്തിന്.
ഈ പ്രസ്ഥാനത്തിന്റെ പൂര്‍ണ്ണ ചരിത്രമോ, ലക്ഷ്യഭോധമോ ഉള്‍കൊണ്ടിട്ടില്ലാത്ത ഇന്നത്തെ യുവജനനേതൃത്വം ഈ മഹാപ്രസ്ഥാനത്തെ ജനഹൃതയങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റിയിരിക്കുന്നു. ബസ്സ്റുട്ടുപോലും നിലച്ച / നിലക്കും വിധം വളരെ പരിതാപകരമായ വയങ്കാവ് റോഡു പോലുള്ള ഒട്ടനവധി നീറുന്ന ജനകീയപ്രശ്നങ്ങള്‍ മുഖത്ത് നോക്കി കൊഞ്ഞനം കാട്ടുമ്പോഴും, അതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ശ്രമിക്കാതെ…കണ്ടിട്ടും കാണാതെ…ക്ലബ് അങ്കണത്തില്‍ കളികളിലും മറ്റും മുഴുകി വിലപ്പെട്ട സമയം കൊല്ലുന്ന അഭിമാനികളായി മാറിയിരിക്കുന്നു ഈ മിടുമിടുക്കന്മാര്‍. ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍….ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ മുന്‍ഗാമികള്‍ പാടുത്തുയര്‍ത്തിയ ഈ മഹത്തായ യുവജസങ്കടനയെ സമൂഹം അറപ്പോടും..വെറുപ്പോടുംകൂടി വീക്ഷിക്കുന്ന കാലവും അതിവിതൂരമയിരിക്കില്ല.
ഏകദേശം ഈ കാലഘട്ടത്തില്‍ തന്നെ ആയിരുന്നു ഹൈന്ദവ വികാര വിചാര മൂല്യങ്ങളുടെ ഉയര്‍ത്തെഴുന്നെല്‍പ്പു ഭാരതത്തിലെന്ന പോലെ കേരളത്തിലും പ്രകടമായി കണ്ടത്. അതിന്റെ പ്രതിഫലനം ഏറ്റവും കൂടുതല്‍ ദൃശ്യമായതാകട്ടെ ഹൈന്ദവ ക്ഷേത്രങ്ങളിലും. അന്യാദീനപ്പെട്ടതും, അന്നംനിന്നുപോയതുമായ പല ക്ഷേത്രങ്ങളും ഏകദേശം ഈ കാലഘട്ടത്തോടുകൂടി ആയിരുന്നു പുനരുജ്ജീവിപ്പിക്കപ്പെട്ടത്. ക്ഷേത്രം നന്നായാല്‍ ദേശം നന്നായി..നാക്ക്‌ നന്നായാല്‍ നാടും നന്നായി എന്നാണല്ലോ പ്രമാണം. കാലം കനിഞ്ഞു നല്‍കിയ ഈ അനിവാര്യമായ മാറ്റത്തിന്റെ പ്രതിഫലനം എന്റെ / ഞങ്ങളുടെ ദേശത്തെ ശ്രീ.പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലും ദൃശ്യമായി. അതിനു ചുക്കാന്‍ പിടിച്ചതാകട്ടെ മുല്ലപ്പുള്ളി ശ്രീ.ശങ്കരന്‍കുട്ടി നായരുടെ നേതൃത്വത്തില്‍ കീഴില്‍ അണിനിരന്ന അന്നത്തെ ഞങ്ങള്‍ യുവശക്തിയും. ഏകദേശം അന്നം നിന്നുപോയ്കൊണ്ടിരുന്ന ഈ ക്ഷേത്രം പുരോഗതിയുടെ കുതിപ്പ് തുടങ്ങയതും ഇവിടെ നിന്നു തന്നെയാണെന്ന് നിസംശയം പറയാം. പുരോഗമനത്തിനും വികസനത്തിനും ഒപ്പം നാം അറിയാതെ തന്നെ ആനയിക്കപ്പെടുന്ന ഒന്നാണല്ലോ “സ്വാര്‍ത്ഥത”. കാലക്രമേണ ഇത്തരം ചിന്താഗതിക്കാരുടെ കൈകളിലേക്ക് തന്നെ ഈ ക്ഷേത്രവും വഴുതി വീണു. വേതനാജനമായി പറയട്ടെ….പിന്നീട് അവിടെ കണ്ടത് ക്ഷേത്രപുരോഗതിയല്ല , വ്യക്തി പുരോഗതികളായിരുന്നു. അമ്മേ നാരായണാ.
പ്രകൃതി കാലത്തേ പ്രണയിച്ചു….പ്രകൃതിയുടെ പ്രണയത്തിന്റെ ആഴമറിയാത്ത കാലമാകട്ടെ മനുഷ്യനിലൂടെ അവളെ നോവിച്ചു കൊണ്ടേയിരുന്നു. കാലത്തിന്റെ പോയ്മുഖങ്ങളായിരിക്കാം നാം മനുഷ്യര്‍ അല്ലെ? അങ്ങനെ സമാധാനിക്കാം.കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ട് ഒരിക്കലും മറാനാകാത്ത വിധം എന്റെ വേങ്ങശ്ശേരി മാറിയിരിക്കുന്നു, അല്ലെങ്കില്‍ മാറ്റപ്പെട്ടിരിക്കുന്നു.അവളെ കത്തുകൊണ്ടിരുന്ന കരിമ്പന കൂട്ടങ്ങളില്ല ഇന്ന്. ….തെങ്ങും ,നെല്ലും വയലോരങ്ങളെയും എല്ലാം കാലം അവളില്‍ നിന്നും അപഹരിച്ചിരിക്കുന്നു. എങ്ങും എവിടെയും നഷ്ടപ്രതാപത്തെ അവളുടെ ചുമലിലേറ്റി താണ്ടവമാടുന്നു ഒരു ധിക്കാരിയുടെ വേഷത്തോടെ റബ്ബര്‍ മരങ്ങള്‍ അട്ടഹസിച്ചു നില്‍ക്കുന്നു. പഴം കൊണ്ട് കഴുത്തറക്കുന്നവനെ പോലെയാണ് എന്റെ വീക്ഷണത്തില്‍ ഈ വൃക്ഷങ്ങള്‍.
ദേശത്തെ പോലെ തന്നെ കാലം എന്റെ ദേശവാസികളെയും മാറ്റിയിരിക്കുന്നു….അല്ലെങ്കില്‍ അവര്‍ സ്വയം മാറപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഓരോ നോക്കിലും വാക്കിലും എനിക്കെന്തു ലാഭം എന്ന സ്വാര്‍ത്ഥചിന്താഗതി എന്റെ വേങ്ങശ്ശേരി വാസികളെ വല്ലാതെ സ്വാതീനിച്ചിരിക്കുന്നു. പണം കായ്ക്കുന്ന മരത്തെ കാത്തിരിക്കുന്ന മൂഡസ്വപ്ന സജ്ഞാരികളായി മാറിയിരിക്കുന്നു എന്റെ ദേശക്കാര്‍….കഷ്ടം !വീക്ഷണമില്ലാത്ത ഒരു സമൂഹം എന്റെ നാടിനെ കളങ്കിതമാക്കിയിരിക്കുന്നു……കലുഷിതമാക്കിയിരിക്കുന്നു. അന്ന് ദേശത്തിന്റെ വിജയകരമായ തേരോട്ടത്തില്‍ …സ്വന്തം ജീവിതരഥത്തിന്റെ ചക്രങ്ങള്‍ നഷ്ടപ്പെടുമോ എന്ന തിരിച്ചറിവാണ് ഞങ്ങളില്‍ പലരെയും നാടു വിടാന്‍ പ്രേരിപ്പിച്ചത്…..എന്നെയും.
എന്റെ പ്രിയ ദേശമേ….നിന്നെ കാത്തു സംരക്ഷിക്കുന്നതിനു വേണ്ടി , നിനക്കൊരു പുതുപുലരി സമ്മാനിക്കുന്നതിനു വേണ്ടി ഒരു പുതുതലമുറ ഉയര്‍ന്നു വരട്ടെയെന്നു പ്രത്യാശിച്ചു കൊണ്ട്…പ്രാര്‍ത്ഥിച്ചു കൊണ്ട്….ഒരു പ്രവാസിയുടെ എല്ലാ മരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് വേതനാജനകമായി ഞാനൊന്നു പ്രാണമിച്ചോട്ടേ?……..”പ്രണാമം”…..

22 Feb 2013

കഥാസാരം

രശ്മി കെ എം 

ദൈവത്തിന്റെ കടയില്‍
മുന്‍വിധികള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നെന്നു കേട്ടു.
വാങ്ങാന്‍ ചെന്നപ്പോള്‍
രണ്ടെണ്ണം മാത്രം ബാക്കി.


"ഇഷ്ടമുള്ളതെടുക്കാം“ ദൈവം കണ്ണിറുക്കി.


രണ്ടും അനാകര്‍ഷകം
വിരക്തം.അവ്യക്തം.
ഞാന്‍ രണ്ടുമെടുത്തു.


ഒന്നാമത്തേത് ഒരു യോഗിനിയുടേതുപോലെ.
നിസ്സംഗമായ തലക്കെട്ട്
നിറഭേദങ്ങളില്ലാത്ത
പകര്‍ത്തെഴുത്തുപോലുള്ള ദിവസങ്ങള്‍
അരക്കെട്ടു വരെ മുഴുസ്വാതന്ത്ര്യം
കാലില്‍ അദൃശ്യമായ ചങ്ങലക്കിലുക്കം
ഒറ്റജാലകത്തിന്റെ ഫ്രെയിമില്‍ ലോകം ചുരുണ്ടുകിടന്നു
ആരാധിക്കാന്‍,
അമാനുഷികരും പെണ്‍ഛായയുള്ളവരുമ‍ായ
നായകന്മാരുടെ പടങ്ങള്‍
മഞ്ഞത്തയമ്പിന്റെ തൊപ്പികളണിഞ്ഞ
വിരസങ്ങളായ പകലുകള്‍
അടിവസ്ത്രങ്ങള്‍
ശരീരമാര്‍ദ്ദവങ്ങളോടു യുദ്ധത്തിലായിരുന്നു
കഴുത്തു ഞെരിച്ചുകൊന്ന
ഒരു കടല്‍പ്പെരുപ്പം
ആത്മാവില്‍ ഇരമ്പിക്കൊണ്ടേയിരുന്നു


"ദൈവമേ, ഹോ, വേണ്ട"
ഞാന്‍ രണ്ടാമത്തെ പൊതിയഴിച്ചു


അതു വേശ്യയുടേതായിരുന്നു
അക്ഷരങ്ങളിന്മേല്‍ അമര്‍ന്നു കിടക്കുന്ന ഇരുട്ട്.
ചെടിപ്പിന്റെ ഛര്‍ദ്ദില്‍ കെട്ടു പൊട്ടിക്കുമെന്ന്
അഴിച്ചിട്ട സുഗന്ധങ്ങള്‍ എപ്പോഴും ഭയപ്പെട്ടു
സ്വതന്ത്രമായ കാലുകള്‍.
മുടി തൊട്ടു തുടവരെ
വേര്‍തിരിക്കാനാകാത്ത സ്രവഗന്ധങ്ങളുടെ തിരക്ക്.
കടുത്ത പുറംതോടിനുള്ളില്‍
തടഞ്ഞുവീഴുന്ന ദീര്‍ഘശ്വാസങ്ങള്‍.
ഒറ്റജാലകവും നക്ഷത്രങ്ങളും ഉണ്ടായിരുന്നു
കറുപ്പും വെളുപ്പും കൈകള്‍ നീട്ടി
തണുത്ത നഗ്നതയില്‍ ചിത്രം വരയ്ക്കുന്ന ചന്ദ്രന്‍
കാമുകനും കാവല്‍ക്കാരനുമായിരുന്നു
ഓര്‍മ്മയും ഉന്മാ‍ദവും
മുഷിഞ്ഞ തുണികള്‍ക്കിടയില്‍
മരിച്ചു കിടപ്പുണ്ടായിരുന്നു


ഞാന്‍ കോപത്തോടെ
ദൈവത്തെ കാണാന്‍ തിരിച്ചു നടന്നു


ഒരു കുറിപ്പെഴുതിവച്ചു അയാള്‍ സ്ഥലം വിട്ടിരുന്നു


"നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
നീ കുടുംബിനിയായി വാഴുക..."

24 Jan 2013

കാഴ്ചക്കാര്‍

  അൻവർമാഷ് കൊടിയത്തൂർ

 

 

ആര്‍ത്തിപൂണ്ട കണ്ണുകളുമായ്
ഊഴം കാത്തിരിക്കുന്നവര്‍
തള്ളിത്തുറന്നത്
നിന്റെ ചാരിത്ര്യത്തിന്റെ
മുന്‍വാതിലുകളായിരുന്നു..!
ഒരു ദീര്‍ഘനിശ്വാസത്തിന്റെ
ആഴത്തിലേക്ക് ഞാന്‍
മുങ്ങിയൊതുങ്ങിത്താവുമ്പോഴും
കൈകള്‍ നീട്ടിയവര്‍ പിടിച്ചത്
നിന്റെ മടിക്കുത്തിലായിരുന്നു..!
ബലിഷ്ഠമായ കരങ്ങളില്‍
കിടന്നു പിടഞ്ഞതും
ആര്‍ത്തു കരഞ്ഞപ്പോള്‍
നിങ്ങള്‍ കണ്ടുനിന്നതും
വ്രതശുദ്ധയാമീമാതാവിന്റെ
നഗ്‌നതയായിരുന്നു…!
മുലപ്പാലു ചുരത്തുന്ന
മുഗ്ധ ലാവണ്യത്തിന്റെ
വിളിപ്പേര് മാറ്റിയിട്ടു
ലേലം ചെയ്തു വിറ്റപ്പോഴും
നിസ്സഗതയോടെ നിങ്ങള്‍
കാഴ്ചക്കാരനായി ..!
ചരിത്രത്തിന്റെ
ഇടനാഴികളിലും
ഇടവഴികളിലുമെവിടെയും
കച്ചവടക്കാരും
കാഴ്ചക്കാരും മാത്രം !

22 Dec 2012

..നഗരക്കഴുകന്‍ ..!!

സ്നേഹിതൻ അഭി


ആശയൊടുങ്ങിയ
ഗെര്‍ത്തങ്ങളില്‍
പിടയുന്ന ജീവനെ
കൊത്തിപ്പറക്കാന്‍
ചിറകടി ചെത്തുന്ന
നഗരക്കഴുകാ ..!

നിന്റെ ദൈവത്തെ
പ്രീതിപ്പെടുത്താന്‍
കൂര്‍ത്ത നഖങ്ങളാല്‍  
നീ റാഞ്ചിയെടുത്ത
കുഞ്ഞുങ്ങളുടെ നിലവിളി ..!
കേള്‍ക്കുന്നില്ലേ
നീ ...!
ക്രൗര വിരലാല്‍ 
മനസ്സിനെയും
മനസ്സാക്ഷിയും
വരിഞ്ഞു മുറുക്കി
നീ ഊറ്റി എടുത്ത 
ജീവന്റെ പിടച്ചില്‍
അറിയുന്നില്ലേ
നീ..!

കൊക്ക് പിളര്‍ത്തി
നീ അറുത്തു മാറ്റിയ 
ബന്ധങ്ങളുടെ ശിരസ്സില്‍ 
ഇനിയും ജീവന്‍
വെടിയാത്ത തുറിച്ച കണ്ണുകള്‍ ..!
കാണുന്നില്ലേ
നീ ...!

നിന്റെ നാവിന്‍ വാള്‍ -
മൂര്‍ച്ചയില്‍ നിന്നിറ്റു വീണതിളയ്ക്കുന്ന ജീവരക്തം
കരളിനെ വെന്തുലയ്ക്കും
ലാവയായ്‌
വഴികളില്‍ ഒഴുകുന്നു ...!
നീറ്റലറിയുന്നില്ലേ
നീ ..!
അന്ധകാരം വിളയുന്ന
താഴ്വാരങ്ങളില്‍
ചിറകു വിരിച്ചു പറന്ന്
ചതിയുടെ തിളങ്ങുന്ന
കണ്ണുകളാല്‍
ഇരയെത്തിരയുന്ന നീ ..!

കര്‍ണ്ണം തുളച്ചിറങ്ങും
തിരുത്തലില്‍ പ്രാര്‍ത്ഥന
കേള്‍ക്കാതെ ..!
വന്യതയുടെ ആകാശത്ത്
എത്രനാള്‍  പറക്കും ..!

ഭീകരത കൂട് കൂട്ടിയ
അസ്ഥികളുടെ കുന്നിന്‍ 
മുകളില്‍ ഏത്ര നാള്‍
ഒളിച്ചിരിക്കും..!
 
ഇരുളിനെ കീറി -
മുറിച്ചു പുതച്ചാലും 
ആയിരം വത്സരം ദൂരെ
പറന്നാലും 
നിന്നെ ചുട്ടു കരിക്കാന്‍  
കെല്‍പ്പുള്ള
എന്റെ നേരുകള്‍
തിരഞ്ഞെതും നിന്നെ .!

22 Nov 2012

മറ്റുള്ളവരെ മാറ്റാന്‍ ശ്രമിക്കുന്നവര്‍

രാംമോഹൻ പാലിയത്ത്


മനുഷ്യനിര്‍മിതമായ ഐലന്റ്
ദൈവത്തോളം ആരാധനയാണ് മനുഷ്യനോടും. പ്രധാന കാരണം എന്താണെന്നു വെച്ചാല്‍ മനുഷ്യനിര്‍മിതമായ ഒരു ദ്വീപില്‍ കുറേക്കാലം ജീവിച്ചു. വില്ലിംഗ്ഡണ്‍ ഐലന്റില്‍. അച്ഛന്റെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സില്‍.

കുട്ടിക്കാലത്ത് കേരളത്തിന്റെ മാപ്പു വരയ്ക്കുമ്പോ‍ഴോ കാണുമ്പോഴോ കേരളത്തിന്റെ യോനീമുഖമെന്നപോലെ,  ഏതാണ്ട് നടുക്കു തന്നെ, അറബിക്കടലില്‍ നിന്ന് അകത്തേയ്ക്കൊരു പൊളിവ് കണ്ടിട്ടില്ലേ? അതാണ് വെമ്പനാട്ടു കായല്‍. ആ കായലില്‍ നീണ്ട ഒരു പൊട്ടു പോലെ കാണുന്ന തുരുത്താണ് വില്ലിംഗ്ഡണ്‍ ഐലന്റ്. Cochin Port ട്രസ്റ്റിന്റേയും ദക്ഷിണ നാവിക കമാന്‍ഡിന്റേയും ആസ്ഥാനം. കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് എന്ന തീവണ്ടിയാപ്പീസിന്റെയും ടാജ് മലബാര്‍ എന്ന കേരളത്തിലെ ആദ്യ സ്റ്റാര്‍ ഹോട്ടലിന്റേയും ഇരിപ്പിടം. സ്വകാര്യവക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഭൂമി സ്വന്തമാക്കാന്‍ സാധ്യമല്ലാത്ത കേരളത്തിലെ ഏക സ്ഥലം. പോര്‍ട്ട്, നേവി, കസ്റ്റംസ്, പോലീസ്, പി & ടി, സിഐഎസ്.എഫ്, റെയില്‍ വേ എന്നിവയുടെ ക്വാര്‍ട്ടേഴ്സുകള്‍ തിങ്ങി നിറഞ്ഞ പ്രദേശം.


റോബര്‍ട്ട് ബ്രിസ്റ്റോ
Sir Robert Bristow എന്ന സായിപ്പാണ് കായലില്‍ നിന്നും കടലില്‍ നിന്നും മണ്ണുമാന്തി മാന്തിയിട്ട് ആ ഐലണ്ടുണ്ടാക്കിയത്. 1930-കളില്‍ ആ ഐലണ്ടുണ്ടാക്കാന്‍  ലക്ഷ്യമിട്ട് ബ്രിസ്റ്റോ സായിവ് ആദ്യലോഡ് മണ്ണ് കായലിലേയ്ക്കിട്ടപ്പോള്‍ എറണാകുളം തീരത്ത് കൂട്ടം കൂടി നിന്ന് ബ്ലഡി മല്ലൂസ് സായിപ്പിനെ കൂവി എന്നാണ് കഥ. കടലിനോട് ചേര്‍ന്ന കായലില്‍ മണ്ണിട്ട് ദ്വീപുണ്ടാക്കുകയോ? അതോര്‍ത്തിട്ടാണ് കൂവിയത്. ടെസ്റ്റ് ട്യൂബ് ശിശു, പരിണാമ സിദ്ധാന്തം, ആറ്റംബോംബ്, കടല്‍പ്പാലം, വിമാനം... ഇതെല്ലാം ആര്‍ഷഭാരതത്തിലെ പുരാണങ്ങളില്‍ നോക്കി സായിപ്പ് കോപ്പിയടിച്ചതാണെന്നോര്‍ത്ത് രോമാഞ്ചപ്പെടുന്ന ആരും ഒരു ദ്വീപുണ്ടാക്കുന്നതിനെപ്പറ്റി ഒരു രാമായണത്തിലും വായിച്ചിരുന്നില്ലല്ലോ.

മദ്രാസ് ഗവര്‍ണറായിരുന്ന വില്ലിംഡ്ഡണ്‍ പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബ്രിസ്റ്റോ സായിപ്പ് കൊച്ചിയുടെ [തുറമുഖത്തിന്റെ] വികസനത്തിനു വന്നത്. വില്ലിംഗ്ഡണ്‍ എന്ന പേരു കിട്ടിയത് എങ്ങനെയാണെന്നു മനസ്സിലായല്ലൊ. [പില്‍ക്കാലത്ത് വില്ലിംഗ്ഡണ്‍ ഇന്ത്യയുടെ വൈസ്രോയിയായി].

എറണാകുളത്തു നിന്ന് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി തുടങ്ങിയ പടിഞ്ഞാറന്‍ ഭാഗങ്ങളിലേയ്ക്കു പോകുന്ന ബസ്സുകളും തോപ്പുമ്പടി വഴി ചേര്‍ത്തല, ആലപ്പുഴകളിലേയ്ക്കു പോകുന്ന ബസ്സുകളും കുറേ നേരം ഈ ഐലണ്ടിലൂടെ പോകും. തേവര കഴിഞ്ഞ് കയറുന്ന വെണ്ടുരുത്തി പാലം ഇറങ്ങുന്നത്  ഐലണ്ടിലാണ്. ഐലണ്ടിന്റെ തെക്കുഭാഗം മാത്രം സ്പര്‍ശിച്ച്, വീണ്ടും ഒരു പാലം കയറിയാണ് തോപ്പുമ്പടി വഴിയുള്ള വാഹനങ്ങളുടെ പോക്ക്. എന്നാല്‍ ഐലണ്ടിന്റെ ഹൃദയം കാണണമെങ്കില്‍ പഴയ വിമാനത്താവളത്തിനു മുന്നില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞുള്ള വഴിയേ പോകണം. ‘ഐലണ്ട്’ എന്നു ബോര്‍ഡുവെച്ച ബസ്സുകള്‍ ധാരാളം. എങ്കിലും രാവിലെ അങ്ങോട്ടും വൈകീട്ട് തിരികെയും ഭീകര തിരക്കാണ് - തുറമുഖം, ഷിപ്പിംഗ് കമ്പനികള്‍ എന്നിങ്ങനെ തൊഴില്‍ സാന്ദ്രത ഏറിയ ഒരിടമാണ് ഐലണ്ട്.

എറണാകുളത്തു നിന്ന് വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേയ്ക്കു പോകുന്ന കെ.എസ്.ആര്‍.ടി.സി. ബോട്ടുകളില്‍ പലതും ഐലണ്ടിന്റെ വടക്കന്‍ തീരത്തുള്ള എമ്പാര്‍ക്കേഷനില്‍ നിര്‍ത്തും. ഇതിനു പുറമേ, തീവണ്ടിമാര്‍ഗവും ഐലണ്ടിലെത്താം. കൊച്ചിന്‍-ഷൊര്‍ണൂര്‍ പാസഞ്ചറും കൊച്ചിന്‍ എക്സ്പ്രസ്സും  പഴയ ടീ ഗാര്‍ഡനും പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന ടെര്‍മിനസില്‍ പാളങ്ങള്‍ വന്ന് അവസാനിക്കുന്നതും കാണാം. മറ്റെങ്ങോട്ടുമുള്ള വഴിയല്ലാത്തതിനാലുള്ള തിരക്കില്ലായ്മ മൂലം പല ബോഗികള്‍ കൂട്ടിച്ചേര്‍ത്ത് ട്രെയിന്‍ ഉണ്ടാകുന്നതും [ഷണ്ടിംഗ്] അറ്റകുറ്റപ്പണികളും ചെയ്യുന്നതും  കാണാം.

ഐലണ്ടിന്റെ വടക്കേയറ്റത്തു ചെന്നാല്‍ കാണുന്നത് ആഴിയില്‍ മുഖം ചേര്‍ക്കുന്ന വെമ്പനാട്ടു കായലിനേയാണ്. അഴിമുഖം. അറബിക്കടല്‍ വഴി വരികയും പോവുകയും ചെയ്യുന്ന കപ്പലുകളുടെ  വാതായനം. ഗോശ്രീപാലത്തിനും മുമ്പ് എര്‍ണാളം-വൈപ്പിന്‍ റൂട്ടായിരുന്ന, കെ.എസ്.ആര്‍.ടി.സി. വക ബോട്ടുകളായ ഓമനകുമാരിയും കോമളകുമാരിയും ജലജയുമെല്ലാം വൈപ്പിങ്കരക്കാരെയും വഹിച്ച് നീന്തിക്കിതച്ചിരുന്ന കായല്‍പ്പാത.

island is a continent of memories
പില്‍ക്കാലത്ത് വായിച്ച ഒരു രസികന്‍ കഥ ഓര്‍ക്കുമ്പോളെല്ലാം വില്ലിംഗ്ഡണ്‍ ഐലണ്ടിന്റെ ആ വടക്കേത്തീരത്തുപോയി ചെലവിട്ട സന്ധ്യകളേയും ഓര്‍ക്കുമായിരുന്നു.

ഇതാണ് ആ കഥ:

അമേരിക്കയുടെ ഒരു വലിയ വിമാനവാഹിനിക്കപ്പല്‍ ഏതോ കടലിലൂടെ പൊയ് ക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് റഡാറില്‍ ഒരു വെളിച്ചം കണ്ടുപിടിയ്ക്കപ്പെട്ടു. ഉടനെ കപ്പലില്‍ നിന്ന് സന്ദേശം പോയി - ഒരു കപ്പല്‍ വരുന്നുണ്ട്, വഴി മാറിക്കോളൂ. 


വെളിച്ചം വഴി മാറുന്നില്ല. വീണ്ടും സന്ദേശം പോയി - യുദ്ധക്കപ്പലാണ് വരുന്നത്, വേഗം വഴി മാറിക്കോളൂ. എന്നിട്ടും വെളിച്ചത്തിന് കുലുക്കമില്ല. വീണ്ടും സന്ദേശമയച്ചു - അമേരിക്കയുടെ കപ്പലാണ്, വേഗം വഴി മാറുന്നതാണ് നല്ലത്. വെളിച്ചം അനങ്ങുന്നില്ല. ഒടുവില്‍ അന്ത്യശാസനം പോയി - അമേരിക്കയുടെ ഏറ്റവും നൂതന സജ്ജീകരണങ്ങളുള്ള ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണ് നിങ്ങള്‍ക്കു നേരെ വരുന്നത്, വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം. ഇനിയൊരു സന്ദേശം അയക്കുകയില്ല. ഉടനെ മറുപടി വന്നു - ഇതൊരു ലൈറ്റ് ഹൌസാണ്. നിങ്ങള്‍ വഴി മാറുന്നതാണ് നല്ലത്. വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം.
കേരളത്തിലെ വിളക്കുമാടങ്ങള്‍


അമേരിക്കയുടെ ഇറാക്ക് അധിനിവേശമാണോ നിങ്ങള്‍ ഓര്‍ത്തത്? അതോ നിങ്ങളുടെ തന്നെ വ്യക്തിജീവിതത്തിലെ ഏതെങ്കിലും അനുഭവമോ? Inside every man, there is an America അല്ലേ? 

മറ്റുള്ളവര്‍  സ്ഥാനം മാറ്റാനാവാത്ത ലൈറ്റ് ഹൌസുകളായി നില കൊള്ളുന്നു. എന്നിട്ടും അതു മനസ്സിലാക്കാതെ നമ്മള്‍ അവരെ മാറ്റാന്‍ ശ്രമിക്കുന്നു. [ഇത് നമുക്കും ബാധകമാണ്. മറ്റുള്ളവരുടെ മറ്റുള്ളവരില്‍ നമ്മളുമുണ്ടല്ലൊ].

വൈപ്പിങ്കരയിലെ മാലിപ്പുറത്താണ് കൊച്ചി തുറമുഖത്തിന്റെ ലൈറ്റ് ഹൌസ് നില്‍ക്കുന്നത്. സന്ധ്യയ്ക്ക് ഐലന്റിന്റെ നോര്‍ത്തെന്‍ഡില്‍ ചെന്നാല്‍ കുറച്ചു വടക്കുമാറി ഉച്ചിയില്‍ വിളക്കും കത്തിച്ച് അയാള്‍ കറങ്ങുന്നതു കാണാം. ദൈവമേ, ദ്വീപും കപ്പലും വിമാനവും തീവണ്ടിയും നക്ഷത്രഹോട്ടലുമെല്ലാം ഉണ്ടാക്കിയത് ലൈറ്റ് ഹൌസ് പോലെ നില കൊള്ളുന്ന ഈ മനുഷ്യന്‍ തന്നെയോ?

23 Oct 2012

അമേരിക്കൻ വിപണികളിൽ വർദ്ധിച്ചുവരുന്ന കേരോൽപന്ന സാന്നിദ്ധ്യം


പി. രത്തിനം

മുൻ ചെയർമാൻ, നാളികേര വികസന ബോർഡ്‌ & മുൻ എക്സിക്യുട്ടീവ്‌ ഡയറക്ടർ, എ.പി.സി.സി

ഈശ്വരന്റെ വരദാനമായ തെങ്ങ്‌ ആഹാരത്തിന്റെയും പാനിയത്തിന്റെയും രൂപത്തിൽ ഭക്ഷ്യസുരക്ഷ മാത്രമല്ല ഔഷധാഹാരവും പോഷകാഹാരവുമേകിക്കൊണ്ട്‌ ആരോഗ്യസുരക്ഷയും പോഷണ സുരക്ഷയും ശരീര സൗന്ദര്യപരിരക്ഷയുംനൽകി     'കൽപവൃക്ഷം' എന്ന നാമം അന്വർത്ഥമാക്കുന്നു. ഇളനീർ എന്ന ഒരൊറ്റ ഉൽപന്നം തന്നെ മേൽപ്പറഞ്ഞ എല്ലാ ധർമ്മങ്ങളും നിറവേറ്റുന്നു. തേങ്ങയാകട്ടെ അസംഖ്യം മൂല്യവർദ്ധിതോൽപന്നങ്ങളുടെ സമൃദ്ധ സ്രോതസ്സുമാണ്‌.
നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന നാളികേരം ആഭ്യന്തരഉപഭോഗത്തിനുശേഷം കൊപ്ര നിർമ്മാണത്തിനും വെളിച്ചെണ്ണ ഉത്പാദനത്തിനുമാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. വളരെ ചെറിയൊരു ശതമാനം മാത്രമാണ്‌ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നത്‌. നാളികേരത്തിൽ നിന്ന്‌ നിർമ്മിക്കാവുന്ന മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിരവധിയാണ്‌. എല്ലായ്പ്പോഴും നാളികേരത്തിന്റെ വില വെളിച്ചെണ്ണ വിലയെ അടിസ്ഥാനമാക്കിയാണ്‌ നിശ്ചയിക്കുന്നത്‌.  അതുകൊണ്ട്‌ തന്നെ കർഷകർക്ക്‌ ന്യായമായ വില ലഭിക്കുന്നില്ല. അടുത്തിടെ വരെ കേരോൽപന്ന വൈവിദ്ധ്യവത്ക്കരണ രംഗത്ത്‌ കാര്യമായ പ്രവർത്തനങ്ങളൊന്നും തന്നെ കാഴ്ചവെയ്ക്കുവാൻ നമ്മുടെ കേരമേഖലയ്ക്ക്‌ കഴിഞ്ഞിരുന്നില്ല. നമ്മുടെ കേരമേഖലയൊട്ടാകെ ഒരു ഉടച്ചുവാർക്കൽ അനിവാര്യമാണ്‌. എല്ലാത്തിനുമുപരിയായി വേണ്ടത്‌ ഇതിനെല്ലാം അനുകൂലമായ മനസ്സാണ്‌.
തേങ്ങയിൽ നിന്ന്‌ മാത്രമല്ല, തെങ്ങ്‌ മൊത്തത്തിൽ തന്നെ മൂല്യവർദ്ധിതോൽപന്നങ്ങളുടെ ഖജനാവാണ്‌. വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ, തേങ്ങാപ്പാൽ, തേങ്ങാപ്പാൽപൊടി, തൂൾതേങ്ങ, കൊഴുപ്പകറ്റിയ തൂൾതേങ്ങപ്പൊടി, കോക്കനട്ട്‌ ഡയറ്ററിഫൈബർ (ഭക്ഷ്യനാര്‌), തെങ്ങിൻ ശർക്കര, തെങ്ങിൻ പഞ്ചസാര, തേങ്ങവെള്ളത്തിൽ നിന്നും നിർമ്മിച്ച പാനീയങ്ങൾ, വിന്നാഗിരി, ഉത്തേജിത കരി, കയറും കയറുൽപന്നങ്ങളും, ഭൂവസ്ത്രം,  തൊണ്ടിൻ ചിപ്സ്‌, ചകിരിച്ചോർ, തെങ്ങിൻ തടി കൊണ്ടു നിർമ്മിച്ച ഫർണീച്ചർ, കരകൗശല വസ്തുക്കൾ തുടങ്ങിയവയ്ക്ക്‌ നല്ല വിപണന സാദ്ധ്യതകളാണുള്ളത്‌. വെളിച്ചെണ്ണയിൽ നിർമ്മിക്കുന്ന ഒളിയോ കെമിക്കലുകൾ, ബയോഡീസൽ, ബയോ ലൂബ്രിക്കന്റുകൾ എന്നിവ ചില ഏഷ്യ പസഫിക്‌ രാജ്യങ്ങളിൽ പ്രാമുഖ്യം നേടിവരുന്നുണ്ട്‌. മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വില ഏതുസമയത്തും വെളിച്ചെണ്ണയെ അപേക്ഷിച്ച്‌ വളരെക്കൂടുതലായിരിക്കും.
വാൾമാർട്ട്‌, ജയന്റ്‌, ഗ്രാന്റ്‌ മാർട്ട്‌, ഷോപ്പേഴ്സ്‌, സിവിഎസ്‌, റൈറ്റ്‌ എയ്ഡ്‌, വാൾഗ്രീൻ തുടങ്ങിയ യുഎൻ വിപണികളും ചൈന, വിയറ്റ്നാം, തായ്‌ലന്റ്‌ എന്നിവിടങ്ങളിലെ വിപണികളും സന്ദർശിച്ച വേളയിലെ എന്റെ ചില അനുഭവങ്ങളും നിരീക്ഷണങ്ങളുമാണ്‌ ഞാൻ ഇവിടെ അവതരിപ്പിക്കുന്നത്‌. കഴിഞ്ഞ അഞ്ച്‌ വർഷങ്ങളായി അമേരിക്ക സന്ദർശനത്തിനിടയിൽ എന്റെ പ്രത്യേക ശ്രദ്ധ പതിഞ്ഞ ഒരു വിഷയം മുൻകാലങ്ങളിൽ ഏഷ്യൻ വിപണികളിൽ മാത്രം കാണാൻ കഴിഞ്ഞിരുന്ന ചില ഉൽപന്നങ്ങളുടെ സാന്നിദ്ധ്യം അമേരിക്കൻ വിപണിയിൽ വർദ്ധിച്ചുവരുന്നു എന്നതാണ്‌. പ്രസ്തുത ഉൽപന്നങ്ങളുടെ ചിത്രങ്ങൾ ഇതോടൊപ്പം കൊടുക്കുകയാണ്‌; നമ്മുടെ നിർമ്മാതാക്കൾക്കും സംരംഭകർക്കും കയറ്റുമതിക്കാർക്കും പ്രയോജനകരമാകമെന്ന്‌ പ്രതീക്ഷിക്കുന്നു.
കോക്കനട്ട്‌ ഷുഗർ, തേങ്ങപ്പാൽ ചേർന്ന ഐസ്ക്രീം, തൂൾത്തേങ്ങ ചേർന്ന വിവിധ ചോക്ലേറ്റുകൾ എന്നിവയും വിപണിയിൽ ലഭ്യമാണ്‌.
വിപണനതന്ത്രങ്ങൾ
വിപണനം ഒരു കളയാണ്‌, തൊഴിൽപരമായ വൈശിഷ്ട്യവും ബിസിനസ്സ്‌ തന്ത്രങ്ങളും ഇവിടെ അതീവ പ്രാധാന്യമർഹിക്കുന്നു. വിപണന തന്ത്രങ്ങളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ ട്രേഡ്മാർക്ക്‌, പായ്ക്കേജിംഗ്‌, ലേബലിംഗ്‌ തുടങ്ങിയവ പ്രധാനമാണ്‌. ഇത്തരം ഉൽപന്നങ്ങൾക്ക്‌ ആരോഗ്യപരമായ മേന്മയുണ്ടെങ്കിൽ അവ മികച്ച്‌ നിൽക്കും.
ട്രേഡ്മാർക്ക്‌ : ഉപഭോക്താവ്‌ വിശ്വസനീയ സ്രോതസ്സിൽ നിന്നള്ള ഗുണമേന്മയുള്ള ഉൽപന്നത്തെക്കുറിച്ച്‌ അത്യന്തം ബോധവാനാണ്‌. ട്രേഡ്‌ മാർക്കുള്ള ഉൽപന്നങ്ങൾ ട്രേഡ്‌ മാർക്ക്‌ ഇല്ലാത്തവയെ അപേക്ഷിച്ച്‌ വളരെ നന്നായി വിപണനം ചെയ്യപ്പെടുന്നു. ഫൈവ്സ്റ്റാർ, പെപ്സി എന്നിവയ്ക്കെല്ലാം ലോകവിപണിയിൽ നല്ല ഡിമാന്റാണുള്ളത്‌.
പായ്ക്കേജിംഗ്‌: ആകർഷകമായ പായ്ക്കേജിംഗ്‌ വളരെയേറെ പ്രാധാന്യമർഹിക്കുന്നു. വിവിധതരം ആകർഷകമായ പായ്ക്കിംഗ്‌ സാമഗ്രികൾ വിപണിയിൽ ലഭ്യമാണ്‌. ഉപഭോക്താവിന്‌ സൗകര്യപ്രദമായ രീതിയിൽ പ്രത്യേകിച്ച്‌ ചെറിയ അളവിലും ഉടനടി ഉപയോഗിക്കുവാൻ അനുയോജ്യമായ വിധത്തിലും മറ്റുമുള്ള പായ്ക്കിംഗ്‌ വളരെയേറെ ലാഭകരമാണ്‌. പായ്ക്കേജിംഗ്‌ ഗവേഷണം ലോകമെമ്പാടും നിരന്തരം തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രീയയാണ്‌.
ലേബലിൽ നൽകുക: ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളെക്കുറിച്ച്‌ ഉപഭോക്താവ്‌ വളരെയേറെ ജാഗരൂകരാണ്‌. 100 മി.ലി. കരിക്കിൻവെള്ളം കുടിച്ചാൽ ലഭിക്കുന്ന ഊർജ്ജത്തേയും പോഷകങ്ങളേയും സംബന്ധിച്ച്‌ മനസ്സിലാക്കാൻ സാധിച്ചാൽ ജനത്തിന്‌ പ്രസ്തുത ഉൽപന്നം ബോദ്ധ്യപ്പെടുകയും തങ്ങളുടെ ആവശ്യമനുസരിച്ച്‌ ഉപയോഗിക്കേണ്ട അളവ്‌ തീരുമാനിക്കുവാൻ സാധിക്കുകയും ചെയ്യുന്നു.
'നിഷേ'  ഉൽപന്നങ്ങളുടെ വിപണനം: ശ്രദ്ധേയമായ മറ്റൊരു മേഖലയാണ്‌ 'നിഷേ' ഉൽപന്നങ്ങളുടേത്‌. ഇക്കാലത്ത്‌ വിപണിയിൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന നിരവധി 'നിഷേ' ഉൽപന്നങ്ങളുണ്ട്‌. ഇവയ്ക്ക്‌ നല്ല ലാഭവും ലഭിക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌, വെർജിൻ വെളിച്ചെണ്ണ ഒരു മൂല്യവർദ്ധിത ഉൽപന്നമാണ്‌. വെർജിൻ വെളിച്ചെണ്ണ ഉപയോഗിച്ച്‌ നിർമ്മിക്കുന്ന പുതിയ നിഷേ ഉൽപന്നങ്ങളായ മാസ്സാജ്‌ ഓയിൽ, അരോമ തെറാപ്പി ഉൽപ്പന്നങ്ങൾ, വെർജിൻ വെളിച്ചെണ്ണ കാപ്സ്യൂളുകൾ, ഷാമ്പൂ, ഫേഷ്യൽ ക്രീമുകൾ, ചർമ്മ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങിയവ ഫിലിപ്പീൻസ്‌, തായ്‌ലന്റ്‌, ഫിജി, സമോവ, അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന്‌ വിപണിയിൽ എത്താൻ തുടങ്ങിയിട്ടുണ്ട്‌. ഫിലിപ്പീൻസ്‌ വെർജിൻ വെളിച്ചെണ്ണ ഉത്പാദനം തുടങ്ങിയകാലത്ത്‌ ചെറിയ വിപണിയായിരുന്നു ഉണ്ടായിരുന്നതെങ്കിലും അവിടെ ലാഭകരമായിരുന്നു. ഇപ്പോൾ അവർക്ക്‌ വൻ കയറ്റുമതി വിപണിയുണ്ട്‌, വീണ്ടും പലവിധ വൈവിദ്ധ്യവത്കൃത ഉൽപന്നങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു.

നാളികേരത്തിന്റേയും നാളികേരോൽപന്നങ്ങളുടേയും പൊതുഗുണങ്ങൾ പ്രചരിപ്പിക്കുക: നാളികേരത്തിന്‌ പൊതുവേയും തേങ്ങാവെള്ളം, ഡയറ്ററിഫൈബർ, വെളിച്ചെണ്ണ, തെങ്ങിൻ ചക്കര തുടങ്ങിയ വിവിധതരം നാളികേരോൽപന്നങ്ങൾക്ക്‌ പ്രത്യേകിച്ചും നിരവധി ആരോഗ്യദായക, രോഗനാശക ഗുണങ്ങളുണ്ട്‌. നാലായിരത്തോളം വർഷങ്ങൾക്കുമുമ്പ്‌ രചിച്ച ആയുർവേദത്തിലെ പുരാതന ഗ്രന്ഥങ്ങളിൽ നാളികേരത്തിന്റെ ആരോഗ്യദായക ഗുണങ്ങൾ വർണ്ണിച്ചിരുന്നു. നാളികേരവും നാളികേരോൽപന്നങ്ങളും ആരോഗ്യത്തിന്‌ നല്ലതാണെന്ന്‌ സ്ഥാപിക്കുന്ന നിരവധി ശാസ്ത്രീയ തെളിവുകളുണ്ട്‌. വെളിച്ചെണ്ണയിലടങ്ങിയിരിക്കുന്ന മധ്യശൃംഖല കൊഴുപ്പമ്ലങ്ങളെക്കുറിച്ചുള്ള നിഗോ‍ൂഢരഹസ്യങ്ങൾ പൂർണ്ണമായും വെളിപ്പെട്ട്‌ വരുന്നതേയുള്ളൂ.  ലാറിക്‌ അമ്ലത്തിനും കാപ്രിക്‌ അമ്ലത്തിനും വൈറസുകളേയും, സൂക്ഷ്​‍്മരോഗാണുക്കളേയും നശിപ്പിക്കുവാനുള്ള ശക്തിയുണ്ടെന്ന്‌ ശാസ്ത്രഞ്ജൻമാർ വളരെ മുമ്പ്‌ തന്നെ മനസ്സിലാക്കിയിരുന്നു. ശരീരം മദ്ധ്യശൃംഖല കൊഴുപ്പമ്ലങ്ങൾ ശേഖരിച്ച്‌ വയ്ക്കുന്നില്ല, മറിച്ച്‌ ഊർജ്ജമായി ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ലോറിക്‌ അമ്ലം ശരീരത്തിൽ മോണോലോറിനായി മാറി എച്ച്‌ ഐവി രോഗാണുക്കളെ നശിപ്പിക്കുന്നു.
നമുക്ക്‌ മനഃസ്ഥിതിയൊന്ന്‌ മാറ്റാം. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും ഗുണഗണങ്ങൾ ഉയർത്തിക്കാട്ടാം. അവയ്ക്കെതിരെ പൊരുതുന്നത്‌ അവസാനിപ്പിക്കാം. കേരവ്യവസായത്തിനൊരു പുതിയ ദിശാബോധം നൽകാം. അമേരിക്കൻ വിപണി മാത്രമല്ല, ലോകവിപണി തന്നെ പിടിച്ചടക്കാം.

19 Sept 2012

ചില ക്രിമിനല്‍ ദിവാസ്വപ്‌നങ്ങള്‍

സന്തോഷ് പല്ലശ്ശന

ഇന്നലെ മാര്‍ക്കറ്റില്‍ വച്ചല്ലെ
ഇവനെ കാര്‍ക്കിച്ചു തുപ്പിയത്.

പെടോള്‍ പമ്പിനു മുന്നിലിട്ട്
ഒരു നൂറു വെട്ടെങ്കിലും വെട്ടിയതല്ലേ...!!
എന്റെ മകന്റെ സ്‌കൂള്‍ ഫീസടച്ച് വരുന്ന വഴിക്ക്
സിഗ്നലും കാത്ത് കിടക്കുമ്പോള്‍
എം.ജി. റോഡിലിട്ട് പല്ലുംഞെരിച്ചൊരു കശക്ക് കശക്കിയതാ....

രാവിലെ പത്രം വായിച്ച് മടക്കിവെച്ചപാടെ
അന്ത്യകൂദാശ ചെയ്തതാ....

ഹെന്നിട്ടിപ്പോ....!!
ദേ ഇപ്പോ.. ടീവീല്....!!
ഒബാമയ്‌ക്കൊപ്പം..!!!
കൈകൊടുക്കുന്നു..
കെട്ടിപ്പിടിക്കുന്നു...
മുത്തംകൊടുക്കുന്നു....!!
എന്റെമഷിയിട്ട പേനകൊണ്ട് പേരെഴുതി
ഒപ്പിടുന്നു...!!!

ഒക്കെ സ്വപ്‌നമായിരുന്നല്ലെ... ദിവാ..........സ്വപ്‌നം.... !!!

''മടക്കിവയ്ക്കടാ നിന്റെ മറ്റേടത്തെ ദിവാസ്വപ്നം'
എന്നൊരാള്‍ വന്ന് വാതിലില്‍ മുട്ടുന്നു...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...