Showing posts with label 24. Show all posts
Showing posts with label 24. Show all posts

20 Jul 2015

The Show, വെളിച്ചം



-
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------- 
"People from a planet without flowers would think we must be mad with joy the whole time to have such things about us."

~ Iris Murdoch

കണ്ണുള്ളവന് കാണാൻ 
(അതെ,കാണാൻ)
മുന്നിൽ 
പിന്നിൽ 
ഉള്ളിനുള്ളിൽ-
അകംപൊരുളിൽ
പൂക്കളുണ്ടാകും.

*ആകാശത്ത്
ആദിത്യനുണ്ടാകും.

കച്ച് കുച്ചടിക്കും 
ഇരുൾപ്പരപ്പിൽ
ഒരു തിരിയെരിയും 
മണ്‍ചിരാതുണ്ടാകും.

ഇരുമിഴി നിറയും 
നറുനിലാവുണ്ടാകും.

ഒരു കുഞ്ഞുതാരകം
അറിവ് കിനിയും 
മിഴിചിമ്മിത്തുറന്ന്,
പൂവിരൽ തുമ്പിനാൽ 
പൊൻനൂലിഴകളിൽ 
മൃദുവായ് 
മധുരമായ് 
ഈണമിടും
നാദവീചി,
അലസമായ്
നിൻ തിരു-
നെറ്റിത്തടത്തിലേയ്ക്കുതിരും 
അളകാവലി ലോലമായ്‌ 
തഴുകു-
മിളംകാറ്റിൻ 
കവിത-
ഒഴുകിയെത്തുന്നതിൻ
കുളിരിൽ,
അലിഞ്ഞലിഞ്ഞ്‌,
കനിവിൻ
കൂമ്പാരമുൾത്തുടിപ്പായി
ഉണർത്തും,
അഞ്ചറിവിൻ 
ഒളി തെളിയും 
വിളക്കുണ്ടാകും!

(2.)
1  നീ പറഞ്ഞു: 
വെളിച്ചമേ, നയിച്ചാലും!
2  നീ തന്നെ പറഞ്ഞു:
അത് വെളിച്ചം!
ആധുനിക-പൌരാണിക-
ശാസ്ത്രം 
അടിവരയിട്ടു:
അത് 
വെളിച്ചപ്പൊട്ടുകൾ തൻ 
തീരാധാരയുടെ
തെളിച്ചം! 
പണ്ടെ ഋഷി പറഞ്ഞു:
അത് തെളിവാണ്;
അത് വെളിവാണ്;
3 നീയാണ്. 
------------------------------------------------------   
കുറിപ്പ് -
*ആകാശം= Space, In-space(7th Sense) 
1 നീ = ക്രിസ്തുദേവൻ
2 നീ = ഗുരുദേവൻ 
 3 നീ = ഉണ്മ
-----------------------------------------------------------------------
dr.k.g.balakrishnan - 9447320801
drbalakrishnankg@gmail.com
----------------------------------------------------------------------
 
 
The Show
------------------------------
--------------

It is a Mirage- the Sunset-
It is the magic feel; says the Scientist;
But
As Life, it is the conjuring True-untrue;
The lie; as the Time; the bolt from the blue;
Yes;
Rotating the Earth;
To sculpture the Moment;
Rather the tiny measureless Measure the Quantum;
The Wave waving to the past;
To be the jubilant Future;
Echoing to the Conundrum;
To be the spelling Continuum;
The Wheel wheeling with nil momentum;
The pace always always cent percent uniform.

How much clever;
The Sun is!
Just pretending;
Dawning,setting;
And moving!

Fooling my Eye;
Confusing my Know;
Reigning the System;
Ordering the Season;
What an amazing Show!

Rotating the Globe;
To spin the Time;
To mark rather;
Not to frame.

The Time,
The Eternal;
It is There;
Here n Everywhere!
---------------------------------------------
Bhaaratheeyakavitha-66-7-7-2-15
The Show
dr.k.g.balakrishnan
Poet from Bhaaratham,the Ancient Land.
-------------------------------------------------------  

 

24 Jun 2015

വരൂ, കോടാനുകോടീശ്വരനാകാം!




സി.രാധാകൃഷ്ണൻ

    പണ്ട്‌, കളിക്കൂട്ടുകാരായ ഞങ്ങളിൽ ഒരാൾക്ക്‌ അവന്റെ അമ്മാമൻ സിങ്കപ്പൂരിൽനിന്നു വരുമ്പോൾ കണ്ണഞ്ചിപ്പിക്കുന്ന ഒരു കാർ കൊണ്ടുവന്നു കൊടുത്തു. താക്കോൽ തിരിച്ചാൽ അത്‌ കുറെ ദൂരം ഓടും! അതുതൊടാൻപോലും അവൻ ഞങ്ങളെ ആരെയും അനുവദിച്ചില്ല. സങ്കടപ്പെട്ട്‌ പിണങ്ങിപ്പോന്ന്‌ അമ്പലമുറ്റത്തെ ആൽത്തറയിൽ കൂനിക്കൂടി ഇരിക്കുന്ന ഞങ്ങളെ കണ്ട ഓതിക്കൻ തിരുമേനി ചോദിച്ചു - എന്താവാനരപ്പടയ്ക്കൊരു വല്ലാത്ത മൗഢ്യം?
    സിങ്കപ്പൂർക്കളിപ്പാട്ടത്തിന്റെ കഥ അറിഞ്ഞപ്പോൾ അദ്ദേഹം ചെറുതായി പുഞ്ചിരിച്ച്‌ ചോദിച്ചു-പകരം, നിങ്ങൾക്കൊരു വലിയ വിമാനം തന്നെ കിട്ടിയാലോ?
    ആൾ അരക്കിറുക്കനാണെന്നാണ്‌ നാട്ടിൽ സംസാരം. വേദശാസ്ത്രങ്ങളെല്ലാം കമ്പോടുകമ്പ്‌ പഠിച്ച വിദ്വാനാണെന്നാലും അയിത്തവും ശുദ്ധവുമില്ലാതെയാണ്‌ നടപ്പുമിരിപ്പും. ഏതു വീട്ടിലും കയറി അവിടന്നു കിട്ടുന്ന എന്തു ഭക്ഷണവും കഴിക്കും, എവിടെയും അന്തിയുറങ്ങും. വേഷം പ്രാകൃതം.തന്നോടു തന്നെ ചിരിച്ചുകൊണ്ടിരിക്കും. സ്വന്തമായി ഒന്നുമില്ല, ആരുമില്ല.
    നൊസ്സു പറയുകയാണെന്നു കരുതി ഞങ്ങൾ മുഖം തിരിച്ചു മൗനം പാലിച്ചു.
    അദ്ദേഹം തിരിഞ്ഞു നടക്കാൻ പുറപ്പെട്ടു-വേണ്ടെങ്കിൽ വേണ്ട!
    അഥവാ വെറുതെ പറയുകയല്ലെങ്കിലോ എന്ന ശങ്ക കാരണം, ഞങ്ങളുടെ കൂട്ടത്തിലൊരാൾ ആരാഞ്ഞു- എവിടെ ആ വിമാനം? കാണട്ടെ!
    തിരുമേനി മാനത്തേക്കു വിരൽ ചൂണ്ടി-അതാ പൊണു, ഞാൻ താക്കോൽ കൊടുത്തുവിട്ടതാ, ട്ട്വോ! എന്താ വേഗം! എത്രയോ വലുപ്പം!
    വലിയൊരു മഴമേഘം അതിവേഗം കിഴക്കോട്ട്‌ പൊയ്ക്കൊണ്ടിരുന്നു. അത്‌ സൂര്യനെപ്പോലും മൂടി.
    തിരുമേനി തുടർന്നു-ഇതു വേണ്ട എങ്കിൽ അതാ, പിന്നാലെ വേറെയും വരുന്നു! ഓരോരുത്തർകക്കും വേറെവേറെ എടുക്കാം. മത്സരിച്ചോടിച്ചു കളിക്കാം! കണ്ടൊ, ആ പിന്നിലെ കക്ഷി ഇപ്പോൾ മുന്നിലെത്തും. വിടരുതവനെ!
    ആ കളിയിൽ ഞങ്ങളെ ഹരം പിടിപ്പിച്ച്‌ തിരുമേനി പോയി.
    ആ വലിയ പാഠത്തിന്റെ അർഥം അന്നൊന്നും ഞങ്ങൾക്കാർക്കും ശരിയായി മനസ്സിലായില്ല. അന്തി മയങ്ങി മാനത്തെ കാറുകൾ കാണാതായപ്പോൾ ഞങ്ങളുടെ ചിന്ത ആ സിങ്കപ്പൂർ കാറിലേക്കുതന്നെ തിരികെ പോവുകയും ചെയ്തു.
    ഇന്നത്തെ ലോകാവസ്ഥ കാണുമ്പോൾ ആ ഓതിക്കൻ പാഠത്തിന്‌ നല്ല തെളിമയും ചന്തവും കൈവരുന്നുണ്ട്‌. ഓരോ കൊല്ലവും ലോകത്തെ കോടീശ്വരന്മാരിൽ മുൻപന്തിയിലുള്ള പത്തൊ നൂറോ ആളുകളുടെ പേരുകൾ ആരോ പ്രഖ്യാപിക്കുകയും എല്ലാ മാധ്യമങ്ങളും ആ വാർത്ത ഘോഷിക്കുകയും ചെയ്യുന്നത്‌ പതിവാണല്ലോ. ഇതിൽ ഒന്നാമനാകാൻ കടുത്ത മത്സരമുണ്ടെന്നും കേൾക്കുന്നു. ഒരു പരിധി കഴിഞ്ഞുള്ള ധനംകൊണ്ട്‌ ഒരു ധനികനും, ഇങ്ങനെ ഏതെങ്കിലും റാങ്കു നേടുകയല്ലാതെ, മറ്റൊരു പ്രയോജനവും ഇല്ലല്ലോ. എത്ര കാശുണ്ടായാലും ഇടതു കാലിലെ മന്ത്‌ വലതുകാലിലേക്ക്‌ മാറ്റാൻപോലും പറ്റില്ല എന്നു പണ്ടേ ചില ഭ്രാന്തില്ലാത്തവർ നമുക്കു പറഞ്ഞുതന്നിട്ടുണ്ട്‌. എത്ര വില കൊടുത്താലും ഒരു സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രത്തെയോ, എന്തിന്‌ അത്രയും പോകണം, കൂടെ കഴിയുന്ന ആളുടെ സ്നേഹം പോലും, വാങ്ങാൻ പറ്റുമോ?
    ഈ പ്രപഞ്ചത്തിലെ സമ്പത്ത്‌ അനന്തമാണെന്നിരിക്കെ, അതിന്റെ അളവിന്റെ വെളിച്ചത്തിൽ, ഇന്നുള്ള ഏതു മഹാകോടീശ്വരനും വാസ്തവത്തിൽ മഹാദരിദ്രനല്ലേ? ഇനിയും കുഴിച്ചെടുക്കാൻ സ്വർണ്ണവും വൈരക്കല്ലും എത്ര കിടക്കുന്നു ഈ കൊച്ചു ഭൂമിയിൽത്തന്നെ? ഇതര ഗോളങ്ങളിലെ സമ്പത്തിന്റെ കണക്ക്‌ ആലോചിക്കാതിരിക്കയാണ്‌ ഭേദം! എന്നിട്ടും, ഈ മഹാപ്രപഞ്ചം മുഴുവനായുമാണ്‌ എന്റെ എന്ന തോന്നൽ നമുക്ക്‌ മിക്കവർക്കും ഉണ്ടാകുന്നുമില്ല! കൈയെത്താവുന്നിടത്ത്‌ മഹാനിധി ഇരിക്കെ, നാലു ചില്ലിക്കാശിന്‌ കടിപിടി!
    പരമ്പരാഗതമായി ഉള്ളതൊ പകിരിതിരിഞ്ഞു പണിപ്പെട്ടു വാങ്ങിയതോ ആയ ഒരു തുണ്ട്‌ ഭൂമി കരിങ്കൽമതിൽ കെട്ടി ഭാരിച്ച ഇരുമ്പുഗെയ്റ്റ്‌ വച്ച്‌ ഡോബർമാനെ കാവലേൽപ്പിച്ച്‌ യൂറോപ്യൻ പൂട്ടിട്ട്‌ പൂട്ടി ഞാൻ വിചാരിക്കുന്നു, ഇത്‌ എന്റെയാണ്‌ എന്ന്‌. അപ്പോഴാണ്‌ ഒരു ദിവസം അതിനകത്ത്‌ ഒരു മൂർഖൻ എങ്ങുനിന്നെന്നില്ലാതെ പ്രത്യക്ഷപ്പെടുന്നത്‌. ആളെക്കൂട്ടി തെരഞ്ഞിട്ട്‌ കണ്ടുകിട്ടാത്ത അദ്ദേഹം ഇതിനകത്തെവിടെയോ ഉണ്ട്‌ എന്ന ബോധം എന്റെ ഉറക്കം കെടുത്തുന്നു. നാലു കീരികളെക്കൂടി വളർത്താൻ തീരുമാനിക്കുന്നു. അപ്പോൾ ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ ആ ഡോബർമാനും ഈ കീരികളുമായി. സൂക്ഷിച്ചു നോക്കുമ്പോൾ അത്രയുമല്ല, മണ്ണിര മുതൽ കാക്കയും വവ്വാലും ഉറുമ്പും കൃമികീടങ്ങളും വണ്ടും തുമ്പിയും എല്ലാം എന്റെ അനുവാദം വാങ്ങാതെ അകത്തു കയറി ഈ ഭൂസ്വത്ത്‌ താന്താങ്ങളുടെ സ്വന്തമെന്നപോലെ പെരുമാറുന്നു. ഒരു കയ്യേറ്റക്കാരനോടെന്ന മട്ടിൽ എന്നോടു പെരുമാറുന്നു. ഈ തൊടിയിലേക്ക്‌ കടന്നുവരുന്ന വായു ആരൊക്കെ ശ്വസിച്ചു പുറത്തുവിട്ടതാണ്‌ എന്നുപോലും അറിയാൻ വഴിയില്ല. ഇതിനെക്കാളെല്ലാം വിചിത്രം, എന്റെ എന്നു ഞാൻ കരുതുന്ന ഈ ഇടത്തിനു മുകളിലൂടെ പരുന്തുകളും മേഘങ്ങളും വിമാനങ്ങളും ഉപഗ്രഹങ്ങളും ഉൽക്കകളും ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും നിരന്തരം നിർബാധം കടന്നുപോകുന്നു, എന്റെ അനുമതികൂടാതെയും എനിക്കു കരം തരാതെയും! ഇതെന്തൊരു നാമമാത്ര ഉടമസ്ഥത!
    പോരെങ്കിൽ, വിശാലമായ ഈ ഭൂമിയിൽ എനിക്കുള്ളത്‌ ഈ ഒരു ചെറുതുണ്ട്‌ മാത്രം. ഞാൻ എത്ര ദരിദ്രൻ! അതിനാൽ ഞാൻ എന്തെങ്കിലുമൊക്കെ ചെയ്ത്‌ അയൽക്കാരന്റെ സ്ഥലംകൂടി എന്റെ എന്നു കാണിക്കുന്ന പ്രമാണം ഉണ്ടാക്കാൻ കഠിനശ്രമം നടത്തുന്നു. അയാളും ഇതുതന്നെ ചിന്തിക്കുന്നതിനാൽ ഞങ്ങൾ നിതാന്തശത്രുക്കളായും തീരുന്നു. ഞാൻ നാടുനീങ്ങിക്കിട്ടാൻ അയാളും അയാൾ ചത്തുപോകാൻ ഞാനും പ്രാർത്ഥനയും ഭജനയും പൂജയും നടത്തുന്നു. ഞങ്ങളുടെ മക്കളെ ഇതേ ശത്രുതയുടെ അവകാശികളുമാക്കുന്നു.
    ഈ പ്രപഞ്ചം മുഴുക്കെ എന്റെയാണ്‌ എന്ന ചിന്ത അപ്പോഴും കൈവരുന്നില്ല. എല്ലാം എന്റെ ആവുക എന്നത്‌ എനിക്കു മാത്രമായി ഒന്നും ഇല്ലാതാകൽകൂടി അല്ലേ എന്നാണ്‌ വേവലാതി. സത്യത്തിലോ? എല്ലാമെല്ലാം എനിക്കു മാത്രമായി തീരുകയില്ലേ?
    അതെങ്ങനെ എന്നു പിന്നെയും സംശയം. ഇത്രയും അന്യമനുഷ്യരും ജീവികളും ഒക്കെ ഇവിടെ ഇല്ലേ? അവരെയെല്ലാം ഞാൻ എന്തു ചെയ്യും?
    അവരെല്ലാം എന്റേതന്നെ ആണെന്നിരിക്കെ എന്തിനു ബേജാറ്‌? എന്റെ കൈകാലുകളും മറ്റ്‌ അവയവങ്ങളുമെല്ലാം എന്റേതന്നെ ആണെന്നപോലെയല്ലേ ഇതുമുള്ളു? യഥാർത്ഥത്തിൽ, ഇവരെല്ലാം  ഇല്ലാതെ എനിക്കു പുലരാൻ കഴിയുമോ, ഒരു നിമിഷംപോലും?
    ഒരു ചെറിയ മാറ്റമേ ആകെ വേണ്ടൂ. ഞാൻ എന്ന തോന്നലിന്‌ ഞാൻ ഇപ്പോൾ കൽപ്പിക്കുന്ന പരിസരവും അർഥവും ചെറുതായി ഒന്നു ഭേദപ്പെടണം. എല്ലാം ഞാനാണ്‌ എന്നായാൽ രക്ഷയായി. അപ്പോൾ എല്ലാം എന്റെയായി. ഈ മഹാപ്രപഞ്ചത്തിനുടമ ഞാൻ!
    ലോട്ടറി കിട്ടാതെ, ആരെയും കബളിപ്പിക്കയോ ചതിക്കയോ ചൂഷണം ചെയ്കയോ ചെയ്യാതെ, മഹാമഹാകോടീശ്വരനാകാനുള്ള വിദ്യയുടെ സൂത്രവാക്യമാണ്‌ മലയാളഭാഷയുടെ പിതാവായ പരമാചാര്യൻ ഹരിനാമകീർത്തനത്തിലൂടെ നമുക്ക്‌ സൗജന്യമായി നൽകുന്നത്‌.
ഞാനെന്ന ഭാവമതുതോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനെന്ന നല്ല വഴി
തോന്നേണമേ വരദ!
    ടൈം മാസികയിലൊന്നും ലിസ്റ്റിൽ വരാനിടയില്ലാത്തവരായി ഇന്നും അനേകം പരമഹംസന്മാർ ഇത്തരം സൂപ്പർകോടീശ്വരന്മാരായി നമുക്കിടയിൽ പരമാനന്ദത്തോടെ ജീവിക്കുന്നുണ്ട്‌. അവരുടെ മുഖത്തുള്ളത്‌ കരുണാർദ്രമായ ഒരു പുഞ്ചിരിയാണ്‌ പ്രഹസൻ ഇവ!
    മഹാദാരിദ്ര്യനരകത്തിൽ നിന്ന്‌ ഒരു ചുവടേ വയ്ക്കേണ്ടൂ ഏതു സഹസ്രകോടീശ്വരനും പ്രപഞ്ചസർസ്വാധിപത്യത്തിന്റെ സ്വർഗ്ഗത്തിലേക്ക്‌. യഥാർത്ഥ ദാരിദ്ര്യത്തിൽ കഴിയുന്നവർക്കാകട്ടെ, ഇതു വളരെ എളുപ്പവുമാണ്‌. കാരണം, അവരുടെ പാത്രം കാലിയായതിനാൽ അതിൽ അഴുക്കിന്റെ കണികപോലും ഇല്ല!~

23 May 2015

ഇത്..കവടിയാര്‍കൊട്ടാരം

                                                 
അന്‍വര്‍ ഷാ ഉമയനല്ലൂര്‍



വേര്‍പെട്ട നിലയിലായിരുന്നു-രഥചക്രങ്ങള്‍

ചേര്‍ത്തിട്ടിരിപ്പക,ന്നൊരു ശൂന്യശാലയില്‍

ആമുഗ്ദ്ധഹാസം പൊഴിച്ചുകൊണ്ടതിചരിത-

ഛായാപടങ്ങള്‍ തൂങ്ങുന്നകഭിത്തിമേല്‍.

സ്മരണകളിരമ്പു,ന്നെങ്കിലും; വിരഹിപോല്‍

വദനപ്രസാദമില്ലാതിടയ്‌ക്കൊരു പകല്‍

ശിരസ്സുയര്‍ത്തിത്തന്നെനില്‍പ്പു,തൃപ്രൗഢിയോ-

ടരികെ,ക്കവടിയാറന്തഃപുരമതില്‍.

നാലഞ്ചുസേവകരങ്ങിങ്ങുനി,ന്നെളിയ-

കര്‍മ്മങ്ങള്‍ ചെയ്തിടുന്നിളവെയില്‍തോഴരായ്

സ്മൃതികുടീരങ്ങള്‍ക്കുമകലെയിപ്പാരിതി-

ലതിശ്രേഷ്ഠര്‍ പാര്‍ത്തിരുന്നാനന്ദലീനരായ്.

അരമനമുറ്റത്തൊരിത്തിരിനേരംകൂടി

നമസ്കരിച്ചേന്‍നിന്നുപോയി-സമാദരം!

സിരകളിലൂര്‍ജ്ജപ്രവാഹമായ്, സുകൃതമായ്

ധന്യസാന്നിധ്യേക സാക്ഷിയായ് തിരുപുരം.

ഉദയാര്‍ക്കസാമ്യ,മഴല്‍നീക്കി മലയാള-

മണ്ണിന്‍വെളിച്ചമായ് വാണിരുന്നെങ്കിലും

അമരുലകുപോലിവിടെ നില്‍ക്കുമീ, സൗധമി-

ന്നര്‍ദ്ധമോദത്തിന്‍ നിഴലാണു നിശ്ചയം!

പിന്നിലേയ്ക്കുരുളുന്നു ത്വരിതം: മനോരഥ-

മറിയുന്നിടനെഞ്ചു പൊടിയുന്നയുള്‍വ്യഥ

നേര്‍പ്പിച്ചുതന്നുടന്‍ കാവ്യസിദ്ധൗഷധം

തീര്‍പ്പാക്കവേയോര്‍ത്തിടയ്ക്കു-നരജീവിതം.

* * * *

മുക്തി-ലഭിച്ചവിളംബിതം: സദസ്സിതില്‍*

ഭക്തിയോടൊന്നായുണര്‍ന്നരചദീപങ്ങള്‍

വ്യതിരിക്ത ശ്രുതിമീട്ടിടുന്നിടയ്‌ക്കിമ്പമോ-

ടിരവകലെയെന്നാശ്വസിക്കുന്ന മുകിലുകള്‍.

നവപുസ്തകത്തിന്‍ പ്രമുക്തികര്‍മ്മത്തിനേ-

നാഗതന്‍ ഡര്‍ബാറിലേയ്ക്കു നിമന്ത്രിതന്‍

യോഗ്യനല്ലെങ്കിലും-ഭാഗധേയനിവന്‍

കാലമേ; കാലൂന്നിടാന്‍ കൃപയേകിയോന്‍.

കവടിനിരത്തിപ്പറയുവാന്‍ കഴിയാത്ത-

പുതുചിന്തകള്‍ക്കുയരെയിന്നു,ഞാനെങ്കിലും

ഇല്ല! താരങ്ങള്‍ക്കുമൊരുപൂര്‍ണ്ണ സുസ്മിതം;

തേടുന്നിടയ്ക്കുനിന്‍ കനിവാര്‍ന്ന-ഹൃത്തടം.

കരുണാമയനേ!യടിയങ്ങള്‍ക്കൊരുപോലെ-

തിരുമുന്നിലെത്തുവാനിടയാക്കുമെങ്കിലേന്‍

കൃപയാലെയിപ്പാരിനൊരു പരിവര്‍ത്തനം                        

22 Apr 2015

മൂന്നു രംഗങ്ങൾ


ജയശങ്കർ.എ.എസ്‌


രംഗം ഒന്ന്
ദൈവങ്ങൾ മരണത്തിനു
കീഴടങ്ങിയതും
മതങ്ങൾ ആത്മാർത്ഥമായി
പെഴപ്പിച്ചു തുടങ്ങി
മനുഷ്യനെ മണ്ണിനെ

ചോദ്യങ്ങളില്ലാത്തതിനാൽ
വിശ്വാസം
പല പേരുകളിൽ
പാതയോരങ്ങളിലും
മാളുകളിലും
ഹായ്
ആരുടെയോ
കൈത്തഴക്കത്തിൽ
ശിവകാശി കളണ്ടറിലെ
മേനിക്കടലാസിലേക്ക്
മനുഷ്യരൂപം കൊണ്ട്
നഗ്നരല്ലാത്ത സവർണ ദൈവങ്ങൾ
ജീവിതത്തിൽ
കറുപ്പിക്കപ്പെട്ടവരെ നോക്കി
വെളുക്കെ ചിരിച്ചുകൊണ്ടിരിക്കുന്നു

രംഗം രണ്ട്

മലവെള്ളം
തച്ചുടച്ചെത്തിയപ്പോൾ
ദേവാലയങ്ങളിലെ
സിംഹാസനങ്ങളിൽ നിന്ന്
നിങ്ങളെല്ലാം
ഓടിപ്പോയത്
എങ്ങോട്ടാണ്.
 ഒരിക്കലും
ദുരിതക്കാഴ്ചകളിലേക്ക്
തുറന്നിട്ടില്ലാത്ത
കൺപോളകൾ
ബലപ്പെടുത്തി
ശവങ്ങൾ പുതഞ്ഞ
മണ്ണിൽ നിന്ന്
നിങ്ങളെല്ലാം
എന്തിനാണ്
സ്ഥലം കാലിയാക്കിയത്

രംഗം മൂന്ന്
തകർന്നടിഞ്ഞ
ശിഷ്ടസ്വപ്നങ്ങൾക്ക് മുകളിൽ
ദേവാലയങ്ങൾ
കെട്ടിയുയർത്തി
വാഴ്ത്തിയിരുത്തുമ്പോൾ
വിശ്വാസികളെ രക്ഷിക്കാമെന്ന
വാക്ക്
ജനതയുടെ
ഏമ്പക്കത്തിൽ
കുഴഞ്ഞു വീഴുന്നു




11 Mar 2015

മനുർ ഭവ ....




              സലോമി ജോൺ വത്സൻ

പ്രിയപ്പെട്ടവരെ മരണത്തിനു  വിട്ടു കൊടുക്കില്ലെന്ന വാശിയിൽ  പേരിനു
മാത്രം സചേതനമായിരിക്കുന്ന ശരീരത്തെ മക്കളും മറ്റു ബന്ധുക്കളും ചേർന്ന്
സ്വസ്ഥമായി മരിക്കാൻ അനുവദിക്കാത്തത് എന്തിന്റെ പേരിലാണ്? അവർ
ജീവിച്ചിരുന്നപ്പോൾ  സ്നേഹത്തിന്റെ നനുത്ത തൂവൽ കൊണ്ട് സർവാത്മനാ
ഒരിക്കലും സ്പര്ശിച്ചിരുന്നില്ലെന്നും സ്വന്തം കർത്തവ്യം എല്ലാം മറന്നു
ചെയ്തിരുന്നില്ല എന്നും മനസ്സാക്ഷി പ്രതിക്കൂട്ടിൽ നിർത്തി
വിസ്തരിക്കുന്നത് കൊണ്ടോ?
സ്വകാര്യ ആശുപത്രികളിലെ തീവ്ര പരിചരണ മുറിയിലെ കൃത്രിമ ശീതളിമയിൽ
മരണത്തോട് മത്സരിച്ചു കഴിയുന്ന, പ്രായം ചെന്ന ജന്മങ്ങളെ മരിക്കാൻ
അനുവദിക്കാതിരിക്കുന്നതു മഹാ പാപമാണ്. മൂക്കിലും വായിലും കുഴലുകൾ തിരുകി
യന്ത്ര മനുഷ്യരെപ്പോലെ വിദേശത്ത് നിന്നും വന്നെത്താനിരിക്കുന്ന മക്കൾക്ക്
വേണ്ടി കാത്തു വെക്കുന്നു എന്ന അപരാധത്തിന് വലിയൊരു സ്ഥാപിത
താല്പര്യമുണ്ട്. വെന്റിലേട്ടരുകൾ അടക്കമുള്ള ജീവൻ മരണ യന്ത്രങ്ങൾ
ആശുപത്രികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നത് മനുഷ്യ ശരീരത്തിന്റെ വില പേശ
ലിനാണ്.  അമേരിക്കയിൽ നിന്നും ദുബായിൽ നിന്നും എത്താനുള്ള മക്കൾക്കായി
വലിയൊരു ‘’ സേവനം’’ചെയ്യുന്ന യന്ത്രങ്ങൾ. .
സ്വന്തം ജീവിതത്തിൻറെ നിർണായക തീരുമാനങ്ങൾ എടുക്കാനാവാത്ത വിധം തളർന്നു
പോകുന്ന അവസ്ഥയിൽ ഒരു മനുഷ്യൻ എത്തുമ്പോൾ മരണം പോലും അവനു അപ്രാപ്യം.
ഭൂമിയിലെ യാതനാ പർവ്വം അവസാനിപ്പിച്ചു മടങ്ങാൻ എത്ര ദുരന്തം
അനുഭവിച്ചാലും നാം മടിക്കുന്നു. അല്ലെങ്കിൽ പ്രിയപ്പെട്ടവരെന്നു നാം
കരുതുന്നവർ നമ്മെ ഈ ലോകം വിട്ടു പോകാൻ അനുവദിക്കുന്നില്ല. ………
 മരണം തെരെഞ്ഞെടുക്കാനാവാത്ത നിസ്സഹായതയിൽ നിൽക്കുമ്പോൾ, ജീവിതമെന്ന മഹാ
മേരുവിൻറെ അർഥം പ്രഹേളികയായ് അറിയുന്നു.
 ജീവിച്ചിരുന്ന കാലം…..,, അയാൾക്ക് സ്നേഹം നൽകേണ്ടിയിരുന്ന ഒരു കാലം,
നമുക്ക് മുന്നിൽ നീണ്ടു നിവർന്നു ഒരു ഹൈവേ പോലെ  കിടന്നിരുന്നു. അന്ന്
നാമവരെ ഗവുനി നിവർന്നുക്കാതെ നമ്മുടെ ജീവിതമാകുന്ന ശകടം ദ്രുതഗതിയിൽ
ഓടിച്ചു കടന്നു പോയി. ഇന്ദ്രിയങ്ങളുടെ ഓജസ്സും തേജസ്സും നഷ്ടപ്പെട്ടു
അജ്ഞാതമായ ഏതോ ലോകത്തേക്ക് യാത്ര പുറപ്പെടാൻ വെറും നാഴികകൾ മാത്രം ബാക്കി
നില്ക്കെ, നെഞ്ചോടു ചേർത്ത് നിർത്തിയ സ്വന്ത ബന്ധങ്ങളെ കാണാൻ ഹൃദയം
വെമ്പൽ കൊള്ളവേ, മരണമടുത്തവന്റെ   നെഞ്ചിടിപ്പിന്റെ താളമറിയാൻ ജീവനും
-മരണവും  ബിസിനെസ്സ്  ആക്കിയവർ കാവൽ നിൽക്കുന്ന   തീവ്ര   പരിചരണ മുറി
എന്ന കാവൽ മാടം.  അവിടെ ,അലിഞ്ഞില്ലാതാവുന്ന ഓർമകളുടെ നേർത്ത
മഞ്ഞുപാളികളിലൂടെ മരണം കാത്തിരിക്കുന്നവർ തേടുന്നത് തന്റെ ഉറ്റവരെയാണ്.
ഒരു പക്ഷെ ഒരു വ്യാഴവട്ടം ജീവിതമെന്ന പേരിൽ ഉരുക്കഴിച്ച സ്വന്തം വീടിന്റെ
ഉള്ളകങ്ങളിൽ താൻ അന്തിയുറങ്ങിയ കൊച്ചു മുറിയുടെ ശ്വാസ നിശ്വാസങ്ങളിൽ
എല്ലാം മറന്നു ശാശ്വത നിദ്രയിൽ അലിയാൻ അവർ എത്രമാത്രം മോഹിച്ചിരിക്കും.
 വേണ്ടത്ര സ്നേഹിച്ചില്ല…… ആ കുറ്റബോധം  ഇതു ചെയ്യിക്കുന്നതാവാം .അതിനും
നാമവരെ സ്വസ്ത നിദ്ര നൽകാതെ നമ്മുടെ കുറ്റബോധത്തിന്   സാന്ദ്വനം നൽകാൻ
ജീവിതം അതിക്രൂരമാം വിധം വലിച്ചു നീട്ടി വേദനിപ്പിക്കുകയല്ലേ ?…



വാർദ്ധക്യം മരണത്തിലേക്കുള്ള ചവിട്ടുപടിയാകുമ്പോൾ എത്തെണ്ടിടത്തിന്റെ
വിദൂരത പതുക്കെ  തേഞ്ഞുകൊണ്ടിരിക്കും. മനുഷ്യൻ ‘ comfortably miserable’
ആണെന്ന് ചിന്മയാനന്ദ സ്വാമികൾ  പറഞ്ഞത് എത്ര  പരമാർത്ഥം…!
  84 കോടി ജന്മം എത്രയോ കീടങ്ങളായി ജന്മമെടുത്തത്തിനു ശേഷമാണ് ഒടുവിൽ
മനുഷ്യ ജന്മത്തിൽ എത്തുന്നതെന്ന് ഭാരതീയ തത്വശാസ്ത്രം പറയുന്നു. ഈ ജന്മം
എല്ലാ ദുഃഖ ദുരിതങ്ങളും അനുഭവിച്ചു ഒടുവിൽ  ജീവിതത്തിന്റെ അവസാനരംഗ
നായകനായി മരണം എത്തുമ്പോൾ സ്വസ്ത ശരീരനായി, ചിത്തനായി ജീവിതകഥയിൽ
നിന്നും വിരമിക്കാൻ നമുക്കുള്ള അവകാശം എന്തെ പ്രിയപ്പെട്ടവർ
നിഷേധിക്കുന്നു?
(‘’ വാസാംസി ജീര്നാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീർണാ-
ന്യ ന്യാനി സംയാതി നവാനി ദേഹി (2-22) ഭഗവദ് ഗീത
 'എപ്രകാരം മനുഷ്യൻ പഴയ വസ്ത്രം മാറ്റി പുതിയവസ്ത്രം  ധരിക്കുന്നുവോ അത്
പോലെയാണ് ദേഹി (ജീവൻ) പഴയ ശരീരം ഉപേക്ഷിച്ചു പുതിയ ദേഹത്തെ
സ്വീകരിക്കുന്നത്. ')
ഇന്ദ്രിയങ്ങളുടെ ഓജസ്സും തേജസ്സും നഷ്ടപ്പെട്ടു അജ്ഞാതമായ ഏതോ
ലോകത്തേക്ക് യാത്ര പുറപ്പെടാൻ വെറും നാഴികകൾ മാത്രം ബാക്കി നില്ക്കെ,
നെഞ്ചോടു ചേർത്ത് നിർത്തിയ സ്വന്ത ബന്ധങ്ങളെ കാണാൻ ഹൃദയം വെമ്പൽ കൊള്ളവേ,
മരണമടുത്തവന്റെ   നെഞ്ചിടിപ്പിന്റെ താളമറിയാൻ ജീവനും -മരണവും  ബിസിനെസ്സ്
 ആക്കിയവർ കാവൽ നിൽക്കുന്ന   തീവ്ര   പരിചരണ മുറി എന്ന കാവൽ മാടം.  അവിടെ
,അലിഞ്ഞില്ലാതാവുന്ന ഓർമകളുടെ നേർത്ത മഞ്ഞുപാളികളിലൂടെ മരണം
കാത്തിരിക്കുന്നവർ തേടുന്നത് തന്റെ ഉറ്റവരെയാണ്. ഒരു പക്ഷെ ഒരു
വ്യാഴവട്ടം ജീവിതമെന്ന പേരിൽ ഉരുക്കഴിച്ച സ്വന്തം വീടിന്റെ ഉള്ളകങ്ങളിൽ
താൻ അന്തിയുറങ്ങിയ കൊച്ചു മുറിയുടെ ശ്വാസ നിശ്വാസങ്ങളിൽ എല്ലാം മറന്നു
ശാശ്വത നിദ്രയിൽ അലിയാൻ അവർ എത്രമാത്രം മോഹിച്ചിരിക്കും.
.മരണവും .. ജനനവും.. വേർപാടുകളും...ജീവിത വിദ്യാലയത്തിലെ ഓരോ വിഷയങ്ങളാണ്
 ആറ്   മരണങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നു...അച്ച്ചൻ, അമ്മ, മൂന്നു
അമമായിമാർ, .  ചേട്ടൻ.. എന്നാൽ അമ്മയ്ക്ക്  മരണം ശാന്തമായിരുന്നില്ല. .
ആശുപത്രിയിൽ വെന്റിലെട്ടരിൽ മരണം കാത്തു കിടന്നു.. അധികൃതരോട് പൊരുതി
സ്വകാര്യ മുറിയിൽ കിടത്തുമ്പോൾ അമ്മ ആഗ്രഹിച്ച , മരണം നൽകാൻ കഴിഞ്ഞില്ല.
സ്വന്തം മുറിയിൽ മക്കളുടെ മുഖം കണ്ടു എരിഞ്ഞടങ്ങാൻ....
.മറ്റുള്ളവരുടെ ജീവനിലേക്കു മരണം നേർത്ത ഒരു കടൽകാറ്റ്   പോലെ, നനുത്ത
തിര പോലെ അലിഞ്ഞു ചേരുന്നത് വ്യഥയുടെ തീചൂളയിലും അറിഞ്ഞു.   സ്വന്തം
കിടപ്പറയിൽ മരണം കടന്നു വന്നു....രംഗ ബോധത്തോടെ...അവർ  ജീവിതം മരണത്തിനു
കൈ മാറി.
.മനുഷ്യന്റെ ആയുസ്സിനു ഒടുക്കമുണ്ട്....ഈ സത്യം നാം ശക്തമായി സ്വയം
അറിയുകയും നമ്മോടൊത്ത് ജീവിക്കുന്നവരെ ധരിപ്പിക്കുകയും വേണം.
ജീവിതം വട്ടമെത്തിക്കഴിഞ്ഞവരെ കൊമ്പും കുഴലും മൂക്കിലും വായിലും
കുത്തിയിറക്കി നാം എന്തിനു ദ്രോഹിക്കുന്നു...? അവരെ മരണത്തിൻറെ ശാന്തി
തീരങ്ങളിൽ അലിയാൻ നമുക്കനുവദിക്കാം...
 ജീവിക്കാനുള്ള അവകാശ നിഷേധം ക്രൂരമാണ്. മരിക്കാനുള്ള  അവകാശ നിഷേധം
അതിക്രൂരവും …. ജീവിതം സാംഗേതികതയിൽ സർവാംഗം മുങ്ങിക്കഴിഞ്ഞു. ജീവൻ നില
നിർത്താൻ  യന്ധ്ര സഹായം വരെ   തേടുന്ന മനുഷ്യന് മരണത്തെ അല്പകാലം അകറ്റി
നിർത്താനായെക്കാം. എങ്കിലും ഒരിക്കൽ നമ്മെ മരണം കീഴ്പ്പെടുത്തുമെന്നത്
നിശ്ചയം.
എ .അയ്യപ്പന്റെ ഒരു കവിതയിലെ വരികൾ ഓർക്കുന്നു.
''എൻറെ ശവപ്പെട്ടി ചുമക്കുന്നവരോട്
 ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എൻറെ ഹൃദയത്തിന്റെ സഥാനത്ത്
ഒരു പൂവുണ്ടായിരിക്കും
മണ്ണിട്ടു മൂടും   മുൻപ്  ഹൃദയത്തിൽ നിന്ന്
ആ പൂവ് പറിച്ചെടുക്കണം
കാരണം ഇനിയെന്റെ ചങ്ങാതികൾ മരിച്ചവരാണ്.'' .


മനുർഭവ -  മനുഷ്യനാകു എന്ന വേദ വാക്കിന്റെ   സാരാംശം നമുക്ക്  ഉൾക്കൊള്ളാം`.

21 Feb 2015

നീര ഉത്പാദനത്തിനു 136 ഫെഡറേഷനുകൾക്കു കൂടി ലൈസൻസ്​‍ നൽകും: മുഖ്യമന്ത്രി


സിഡിബി ന്യൂസ്‌ ബ്യൂറോ, കൊച്ചി -11

നീര ഉത്പാദിപ്പിക്കുന്നതിന്‌  136 ഫെഡറേഷനുകൾക്കു കൂടി ലൈസൻസ്‌ ഉടൻ നൽകുമെന്ന്‌ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്ത്‌ 173 നാളികേര ഉത്പാദക ഫെഡറേഷനുകൾക്ക്‌ നീര ഉത്പാദനത്തിനുള്ള ലൈസൻസ്‌ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല  ഉദ്ഘാടനം നിർവഹിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2015 ജനുവരി 16 ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കൊച്ചിയിലെ സാംസ്കാരിക കേന്ദ്രമായ ഫൈൻ ആർട്ട്സ്‌ ഹാളിലായിരുന്നു ചടങ്ങ്‌. നീര കർഷകർക്ക്‌ സംസ്ഥാന ബജറ്റിൽ മാറ്റി വച്ചിരിക്കുന്ന 15 കോടി രൂപ വിതരണം ചെയ്യണമെന്നും നീര ഉത്പാദനത്തിന്‌ അപേക്ഷിച്ച 309 ഫെഡറേഷനുകളിൽ ശേഷിക്കുന്നവയ്ക്കു കൂടി ലൈസൻസ്‌ നൽകണമെന്നും നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ.ടികെ ജോസ്‌ നടത്തിയ അഭ്യർത്ഥനയ്ക്കു മറുപടിയായാണ്‌ മുഖ്യമന്ത്രി  ഈ വാഗ്ദാനം നൽകിയത്‌. മുഖ്യമന്ത്രി എന്ന നിലയിൽ താൻ നടപ്പാക്കിയ പദ്ധതികളിൽ ഏറ്റവും സംതൃപ്തി നൽകിയ കാര്യമാണ്‌ നീര ഉത്പാദനത്തിന്‌ അനുമതി നൽകിയ ഉത്തരവ്‌ എന്നു മുഖ്യമന്ത്രി  പറഞ്ഞു.
കാർഷിക മേഖലയുടെ ഉണർവാണ്‌ കേരളത്തിന്റെ കരുത്ത്‌. യാതൊരു സംശയവുമില്ല. അവയിൽ നമുക്ക്‌ ഏറ്റവും പ്രധാനപ്പെട്ട വിളകളാണ്‌ റബർ, നെല്ല്‌, തെങ്ങ്‌. ഈ മൂന്നു വിളകളും പ്രതിസന്ധികളെ നേരിട്ടപ്പോൾ കേരളം സാമ്പത്തികമായി തകർന്നു പോയി. നാളികേര മേഖലയ്ക്ക്‌ നീരയുടെ ആവിർഭാവത്തോടെ വലിയ മാറ്റം വന്നിട്ടുണ്ട്‌. ആദ്യം ലൈസൻസ്‌ നൽകിയ പാലക്കാട്‌ കമ്പനി ചെയർമാന്റെ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി. ഒരു കർഷകന്‌ ഒരു തെങ്ങിന്‌ ശരാശരി 3000 രൂപയാണ്‌ മാസം നൽകുന്നത്‌. പല സ്ഥലത്തും ഞാൻ ഈ അന്വേഷണം നടത്തിയിട്ടുണ്ട്‌. 1500 രൂപ വരെ എന്ന്‌ എനിക്ക്‌ ഉത്തരം കിട്ടിയിട്ടുമുണ്ട്‌. അപ്പോൾ നല്ല ഉത്പാദനമുള്ള സ്ഥലത്ത്‌ കർഷകർക്ക്‌ കിട്ടുന്ന വരുമാനവും വളരെ കൂടുതലായിരിക്കും.
നൂറു വർഷത്തിലധികം പഴക്കമുള്ള അബ്കാരി നിയമത്തിൽ മാറ്റം വരുത്തിയാണ്‌ നീര ഉത്പാദിപ്പിക്കാനുള്ള അനുമതി സാധ്യമാക്കിയിരിക്കുന്നത്‌ - മുഖ്യമന്ത്രി തുടർന്നു. ശ്രീ. കെ ബാബു ഇക്കാര്യത്തിൽ എടുത്ത പ്രത്യേക താൽപര്യത്തിന്‌ മുഖ്യമന്ത്രി നന്ദിയും അഭിനനന്ദനവും അറിയിച്ചു. അതുപോലെ തന്നെ നാളികേര വികസന ബോർഡിന്റെ ചെയർമാൻ എന്ന നിലയിൽ ശ്രി.ടികെ ജോസ്‌ ഇതിനായി നടത്തിയ പരിശ്രമങ്ങളെയും മുഖ്യമന്ത്രി ശ്ലാഘിച്ചു.
നമുക്ക്‌ ഇതുപോലെ എത്രയോ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഞാൻ അടുത്ത നാളിൽ ഗുജറാത്തിൽ പ്രവാസി ഭരതീയ സംഗമത്തിനു പോയി. അവിടെ എല്ലാ മുഖ്യമന്ത്രിമാർക്കും ഓരോ പുസ്തകം നൽകി.ഗാന്ധിജിയെ കുറിച്ചുള്ള പുസ്തകമായിരുന്നു. ഞാൻ നോക്കിയപ്പോൾ ഗാന്ധിജി നീരയെ കുറിച്ച്‌ എഴുതിയിരിക്കുന്നു. ഒരുഗ്ലാസ്‌ നീര കുടിച്ചാൽ അന്നു പ്രഭാത ഭക്ഷണം വേണ്ട എന്നാണ്‌ അദ്ദേഹം പറഞ്ഞിരിക്കുന്നത്‌. ഏതാണ്ട്‌ നൂറു കൊല്ലം മുമ്പ്‌ അദ്ദേഹം എഴുതിയതാണ്‌. ഞാൻ ഇത്‌ ശ്രീ.ജോസിനോട്‌ പറഞ്ഞപ്പോൾ അദ്ദേഹം പറയുന്നു ഗാന്ധിജിയുടെ ഈ വാചകങ്ങൾ ഉദ്ധരിച്ചാണ്‌ ഫിലിപ്പീൻസ്‌ കോക്കനട്‌ ഡവലപ്‌മന്റ്‌ അതോറിട്ടി നീരയും പാം ഷുഗറും മറ്റും വിൽക്കുന്നത്‌ എന്ന്‌. നമ്മൾ പക്ഷെ ഇതൊക്കെ തിരിച്ചറിയാൻ വൈകി. ഇതുപോലെ അറിയപ്പെടാത്ത എത്രയോ കാര്യങ്ങൾ അവയെല്ലാം പ്രയോജനപ്പെടുത്താൻ നമുക്ക്‌ സാധിക്കണം. നീരയുടെ ഉത്പാദനത്തിന്‌ ഇനിയും ആവശ്യമുള്ള എല്ലാ സഹായങ്ങളും ഗവണ്‍മന്റ്‌ ചെയ്യുന്നതാണ്‌. ഇനിയുള്ള 136 അപോക്ഷകൾക്കു കൂടി എത്രയും വേഗം ലൈസൻസ്‌ നൽകും. ഇതിനായി മുമ്പോട്ടു വരുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കും. കാരണം കർഷകന്‌ വരുമാനം കിട്ടുന്നു.രണ്ട്‌ മദ്യഉത്പാദനത്തിന്‌ ഉപയോഗിക്കപ്പെടാനുള്ള അത്രയും തെങ്ങുകളുടെ സാധ്യത കുറയുന്നു. നീര ആരോഗ്യത്തിന്‌ വളരെ ഉത്തമവും. അതിനാൽ ഇതിന്‌ പൂർണമായ പൈന്തുണയും സഹകരണവും ഗവണ്‍മന്റിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാവും - മുഖ്യമന്ത്രി വ്യക്തമാക്കി. 
ആമുഖ പ്രഭാഷണം നടത്തിയ നാളികേര വികസന ബോർഡ്‌ ചെയർമാന്റെ വാക്കുകൾ: ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള ദിവ്യമായ ആരോഗ്യ പാനീയം എന്നാണ്‌ നാളികേര വികസന ബോർഡും നാളികേര കർഷകരും നീരയെ വിവക്ഷിക്കുന്നത്‌. ഇന്ന്‌, കർഷകരുടെ 173 ഫെഡറേഷനുകൾക്ക്‌ നീര ഉത്പാദനത്തിനുള്ള ലൈസൻസ്‌ പൂർണമായി ലഭിക്കുകയാണ്‌. അതോടെ ഏതാനും നാളുകൾക്കുള്ളിൽ കേരളത്തിലും ഇന്ത്യയിലും നീരയുടെ ഉപഭോക്താക്കൾക്ക്‌ ആ വിശേഷണത്തിന്റെ പൊരുൾ  മനസിലാകും. അതിനു തുടക്കം കുറിക്കുന്ന ചടങ്ങാണ്‌ ഇത്‌. നാളികേര കർഷകരുടെ ദീർഘനാളത്തെ സ്വപ്നത്തിന്റെ സാഫല്യം.
കഴിഞ്ഞ കുറെ നാളായി നീരയുടെ ലൈസൻസിനു വേണ്ടി നീണ്ട പരിശ്രമങ്ങളാണ്‌ നാം നടത്തിയത്‌. നിങ്ങൾക്കറിയാം കഴിഞ്ഞ മാർച്ച്‌ രണ്ടാം തിയതി ഇതുപോലെ പ്രൗഡഗംഭീരമായ ഒരു ചടങ്ങിൽ കോട്ടയത്ത്‌ നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി ആദ്യത്തെ പതിനേഴ്‌ ഫെഡറേഷനുകൾക്ക്‌ ലൈസൻസ്‌ നൽകി. അന്ന്‌ അദ്ദേഹം ഒരു ഉറപ്പ്‌ നൽകി. അന്നുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 173 ഫെഡറേഷനുകൾക്കും ലൈസൻസ്‌ കൊടുക്കുമെന്നുള്ള വാക്ക്‌.  മൂന്നു ദിവസത്തിനകം മന്ത്രിസഭായോഗം ആ തീരുമാനം പാസാക്കുകയും ചെയ്തു. പക്ഷെ തെരഞ്ഞടുപ്പു പെരുമാറ്റച്ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതോടെ നടപടികൾ വൈകി. പിന്നീട്‌ ഉത്തരവ്‌ ഇറങ്ങി. അതിലെ പോരായ്മകൾ പരിഹരിച്ച്‌ ഈ ജനുവരി 7-​‍ാം തിയതി ഗവണ്‍മന്റ്‌ ഉത്തരവായി. ഇനി എന്ത്‌ എന്നുള്ളതാണ്‌ നമുക്കു മുന്നിലുള്ള വിഷയം. എല്ലാ ജില്ലകളിലേയും നിലവിലുള്ള ഫെഡറേഷനുകൾക്കെല്ലാം നീര ഉത്പാദിപ്പിക്കാൻ ലൈസൻസ്‌ ലഭിക്കുമ്പോൾ, നമ്മൾ ചെയ്യേണ്ട ചില ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളും ഉണ്ട്‌.അബ്ക്കാരി നിയമത്തിന്റെ കീഴിൽ നിന്നുകൊണ്ട്‌ അതിനുള്ളിൽ രൂപീകൃതമായ നീര ചട്ടങ്ങൾ അനുസരിച്ചു വേണം നീര ഉത്പ്പാദിപ്പിക്കേണ്ടതും സംസ്കരിക്കേണ്ടതും വിതരണം ചെയ്യേണ്ടതും.
പലരും ചോദിച്ചേക്കാം. ഇതിൽ ആൽക്കഹോളിന്റെ അംശം ഇല്ലല്ലോ. പിന്നെന്തിന്‌ അബ്കാരി റൂൾസിനു പരിധിയിൽ വരണം എന്ന്‌. ശരിയാണ്‌. ഉത്പാദിപ്പിക്കുന്ന സമയത്ത്‌ നീരയിൽ ആൽക്കഹോൾ ഇല്ല. പക്ഷെ വെറുതെയിരുന്നാൽ പോലും നാലു മണിക്കൂർ കൊണ്ട്‌ ഇതിൽ ആൽക്കഹോൾ ഉണ്ടാകും. അപ്പോൾ അത്‌ കള്ളായി മാറും. അതുകൊണ്ട്‌ ഓട്ടോ ഫര്‍മന്റേഷൻ പ്രക്രിയ തടസപ്പെടുത്തി വേണം ഇത്‌ സംസ്കരിച്ച്‌ സൂക്ഷിക്കാൻ.  അതിനാൽ എക്സൈസിന്റെ നിയമങ്ങൾ പാലിച്ചു കൊണ്ടുവേണം ഫെഡറേഷനുകൾ പ്രവർത്തിക്കേണ്ടത്‌. നാളികേര വികസന ബോർഡിന്റെയും എക്സൈസ്‌ വകുപ്പിന്റെയും കർശന നിയന്ത്രണവും മേൽനോട്ടവും ഇതിൽ ഉണ്ടാകും. നീര കള്ളായി മാറിയാൽ അതിന്റെ ഉത്തരവാദികൾ ശിക്ഷാർഹരാണ്‌. അത്‌ കർശനമായി പാലിക്കപ്പെടും
ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 309 ഫെഡറേഷനുകളാണ്‌ കേരളത്തിലുള്ളത്‌. ഇനി 136 ഫെഡറേഷനുകൾക്കു കൂടി ലൈസൻസ്‌ ലഭിക്കാനുണ്ട്‌. അതുകൊണ്ട്‌ വീണ്ടും ഞങ്ങൾ ഗവണ്‍മന്റിനെ സമീപിക്കുകയാണ്‌ . ശേഷിക്കുന്ന ഫെഡറേഷനുകൾക്കും ലൈസൻസ്‌ അനുവദിക്കാൻ. കൊല്ലം കൈപ്പുഴയിലെ കമ്പനി നിർമ്മാണം പൂർത്തിയായി വരുന്നു. എറണാകുളം തിരുക്കൊച്ചിയുടെ പ്രീമിയം നീര ബഹുമാനപ്പെട്ട എക്സൈസ്‌ മന്ത്രി വിപണിയിലിറക്കിയിരിക്കുന്നു. കോട്ടയത്ത്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയാണ്‌ നീര പുറത്തിറക്കിയത്‌.  മൊത്തത്തിൽ ആറു സാങ്കേതി വിദ്യകൾ ഉണ്ട്‌. ഓരോ ഫെഡറേഷനുകൾക്കും ഉചിതമായത്‌  തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്‌. പക്ഷെ സംസ്കരിച്ച്‌ കുപ്പികളിലാക്കി മാത്രമെ വിൽപന നടത്താൻ പാടുള്ളു.
സംസ്ഥാനത്തെ 14 ഉത്പാദക കമ്പനികൾ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുമ്പോൾ 2013 -14 ലെ ബജറ്റിൽ കേരളത്തിലെ 10 മികച്ച കമ്പനികൾക്ക്‌ 25 ശതമാനം ഓഹരി മൂലധനം നൽകുന്നതിന്‌ പണം മാറ്റി വച്ചിരുന്നു. ഈ കമ്പനികളുടെ പ്രോജക്ട്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി ചെയർമാനായുള്ള വർക്കിംങ്ങ്‌ ഗ്രൂപ്പ്‌ അംഗീകരിച്ച്‌ കൃഷി വകുപ്പിലേയ്ക്ക്‌ നൽകുകയും ചെയ്തിട്ടുള്ളതാണ്‌. അത്‌ ഇപ്പോഴും തത്‌ സ്ഥിതി തുടരുന്നു. നിയമസഭ പാസാക്കിയ ഈ തുക കാലവിളംമ്പം കൂടാതെ നൽകി ഈ  ഉത്പാദക കമ്പനികളെ സഹായിക്കണം എന്ന്‌ ഇവിടെ കൂടിയിരിക്കുന്ന ജനപ്രതിനിധികളോടു കൂടി ഞാൻ അഭ്യർത്ഥിക്കുകയാണ്‌. ബോർഡിൽ നിന്ന്‌ ടെക്നോളജി മിഷൻ വഴി മൂലധനത്തിന്റെ 25 ശതമാനം ധനസഹായം എല്ലാ കമ്പനികൾക്കും നൽകുന്നുണ്ട്‌. ആദ്യമായി അതിന്‌ അർഹത നേടിയ കൈപ്പുഴ കമ്പനിയുടെ വിഹിതം ഇന്ന്‌ ഇവിടെ വിതരണം ചെയ്യും.
നീര ടെക്നീഷന്യന്മാരെ പരിശീലിപ്പിക്കാനുള്ള ഒരു പദ്ധതി കൂടി ബോർഡിനുണ്ട്‌. അതിനും സംസ്ഥാന ഗവണ്‍മന്റിന്റെ സഹായം ആവശ്യമുണ്ട്‌. നമ്മുടെ ചെറുപ്പക്കാർക്ക്‌ പരിശീലനം കൊടുത്തില്ലെങ്കിൽ ആസാമിൽ നിന്നും മറ്റുമുള്ള സുഹൃത്തുക്കൾ ഈ മേഖലയിലേയ്ക്ക്‌ എത്തും.
നീര ഉത്പാദനത്തിന്‌ സംസ്ഥാന ഗവണ്‍മന്റിന്റെ അനുകൂലമായ ഈ കാൽവയ്പ്‌ കേരളത്തിന്റ ചരിത്രത്തിലും സാമ്പത്തിക വ്യവസ്ഥയിലും തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട സംഭവമായി ഇവിടുത്തെ കാർഷിക സമൂഹം വിലയിരുത്തുന്നു.42 ലക്ഷം കേര കർഷകരുടെ നന്ദിയും ആദരവും ഞാൻ ഗവണ്‍മന്റിനെ അറിയിക്കുന്നു. ആരോഗ്യകരമായ ഒരു ഭാവി ജീവിതം നീരയിലൂടെ എല്ലാ കേരളീയർക്കും ഉണ്ടാകട്ടെ എന്ന്‌ ആശംസിച്ചുകൊണ്ടാണ്‌ ചെയർമാൻ പ്രസംഗം അവസാനിപ്പിച്ചതു.
ചടങ്ങിൽ സംസ്ഥാന എക്സൈസ്‌ മന്ത്രി ശ്രീ. കെ ബാബു അധ്യക്ഷണായിരുന്നു. ചെത്തിയെടുക്കുന്ന നീര സംസ്കരിക്കാതെ വച്ചിരുന്നാൽ കള്ളായി മാറും എന്നതിനാൽ നീരയുടെ ഉത്പാദനവും സംസ്കരണവും തുടർന്നും എക്സൈസ്‌ വകുപ്പിന്റെ നിയന്ത്രണത്തിൽ തന്നെ ആയിരിക്കും നടക്കുക എന്ന്‌ മന്ത്രി ബാബു അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. പ്രോഫ.കെവി തോമസ്‌ എം പി നീര ഉത്പ്പന്നങ്ങൾ പുറത്തിറക്കി. എംഎൽഎമാരായ ഡൊമിനിക്‌ പ്രസന്റേഷൻ, ബെന്നി ബഹനാൻ,  ലൂഡി ലൂയിസ്‌, ഹൈബി ഈഡൻ, മേയർ
ടോണി ചമ്മിണി, ജോയിന്റ്‌ എക്സൈസ്‌ കമ്മിഷണർ ഡി സന്തോഷ്‌, ഹോർട്ടി കോർപ്പ്‌ ചെയർമാൻ ലാൽ വർഗീസ്‌ കൽപകവാടി, എസ്‌ സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഡയറക്ടർ ഡോ. സി മോഹൻകുമാർ, നാളികേര കമ്പനികളുടെ കൺസോർഷ്യം ചെയർമാൻ ഷാജഹാൻ കാഞ്ഞിരവിളയിൽ, നീരകമ്മിറ്റി അംഗം ബാബു ജോസഫ്‌ എന്നിവരും നാളികേര കമ്പനികളുടെ ചെയർമാൻമാരും ചടങ്ങിൽ സംബന്ധിച്ചു. മുഖ്യ നാളികേരവികസന ഓഫീസർ ശ്രീ സുഗത ഘോഷ്‌ നന്ദി പറഞ്ഞു. നീരഉത്പ്പന്നങ്ങളടങ്ങുന്ന പൂക്കൂട നൽകിയാണ്‌ അതിഥികളെ വേദിയിൽ സ്വീകരിച്ചതു.

15 Jan 2015

ചൈനയിലെ എൻ‌ട്രൻസ് കോച്ചിംഗ് ഫാക്ടറി


സുനിൽ എം എസ്

കോച്ച് ഫാക്ടറി എന്നു മിയ്ക്കവരും കേട്ടിട്ടുണ്ടാകും. കോച്ചിംഗ് ഫാക്ടറി എന്നാരും കേട്ടിരിയ്ക്കയില്ല. ലേഖനത്തിന്റെ ശീർഷകത്തിൽ തെറ്റു കടന്നുകൂടിയിട്ടുണ്ടോ എന്ന സംശയം വേണ്ട. ഈ ലേഖനം ഒരു കോച്ചിംഗ് ഫാക്ടറിയെക്കുറിച്ചുള്ളതു തന്നെയാണ്.
പല കാര്യങ്ങളിലും നാം ചൈനയെ അനുകരിയ്ക്കാറുണ്ട്, ചൈനയുമായി മത്സരിയ്ക്കാൻ ശ്രമിയ്ക്കാറുമുണ്ട്. എന്നാൽ എൻ‌ട്രൻസ് കോച്ചിംഗിൽ വിദ്യാർത്ഥികളെ മാനസിക, ശാരീരികസമ്മർദ്ദങ്ങൾക്കു വിധേയരാക്കുന്ന ചൈനീസ് മാതൃക അനുകരണീയമല്ലെന്ന് ബ്രൂക്ക് ലാർമർ ന്യൂയോർക്ക് ടൈംസിൽ ഇൻസൈഡ് എ ചൈനീസ് ടെസ്റ്റ് പ്രെപ് ഫാക്ടറിഎന്ന ശീർഷകത്തിൽ ഈയിടെ എഴുതിയിരുന്ന ലേഖനത്തിൽ നിന്നു തെളിയുന്നു. ലേഖനത്തിന്റെ സ്വതന്ത്രവിവർത്തനം താഴെ കൊടുക്കുന്നു. ഒരു മുന്നറിയിപ്പ്: നാലായിരത്തിലേറെ വാക്കുകളുള്ള, നീണ്ട ലേഖനമാണിത്. സമയമുള്ളപ്പോൾ മാത്രം വായിയ്ക്കുക. ചില പദങ്ങളുടെ വിശദീകരണങ്ങൾ അടിക്കുറിപ്പുകളായി ലേഖനത്തിന്റെ അന്ത്യത്തിൽ കൊടുത്തിട്ടുണ്ട്.
ലേഖനം
മാവോതൻ‌ച്യാങ്ങിലെ പ്രധാന തെരുവ് വിജനമായിരുന്നു. പൂർവ്വചൈനയിലെ കുന്നിൻപ്രദേശമായ ആങ്ഹുവെയ് പ്രവിശ്യയിലുള്ള ഒറ്റപ്പെട്ടൊരു പട്ടണമാണ് മാവോതൻ‌ച്യാങ്ങ്. മോട്ടോർ ഘടിപ്പിച്ച ഒരു റിക്ഷയിൽ ഒരാളിരുന്ന് ഉറക്കം തൂങ്ങുന്നു. പ്രായം ചെന്ന രണ്ടു സ്ത്രീകൾ മൺ‌വെട്ടികളുമായി പട്ടണത്തിനു പുറത്തുള്ള നെല്പാടങ്ങളിലേയ്ക്ക് ധൃതിയിൽ നടന്നു പോകുന്നു. കഴിഞ്ഞ വസന്തത്തിലെ ഒരു ഞായറാഴ്ച ഉച്ചയോടടുത്ത സമയമായിരുന്നു അത്. സമയം 11:44. ഭക്ഷണവും ചായയും പുസ്തകങ്ങളും വിൽക്കുന്ന കടകളായിരുന്നു തെരുവിന്റെ ഒരു വശത്ത്. അവയിലും ആരുമുണ്ടായിരുന്നില്ല. പട്ടണമദ്ധ്യത്തിലുണ്ടായിരുന്ന പുണ്യവൃക്ഷത്തിനു പോലും ഭക്തരെ ആകർഷിയ്ക്കാനായില്ല. പന്തലിച്ചുനിന്നിരുന്ന അതിന്റെ ചുവട്ടിൽ, ചാരത്തിന്റെ ഒരു കൂമ്പാരത്തിൽ സുഗന്ധദ്രവ്യങ്ങൾ പുകഞ്ഞുകൊണ്ടിരുന്നു.
ഒരു മിനിറ്റു കഴിഞ്ഞപ്പോൾ, കൃത്യം 11:45ന്, ആ പരിസരം ശബ്ദമുഖരിതമായി. ആയിരക്കണക്കിന് കൌമാരപ്രായക്കാർ മാവോതൻ‌ച്യാങ്ങ് ഹൈസ്കൂളിന്റെ ഉയരമുള്ള ഗേറ്റിലൂടെ പുറത്തേയ്ക്കൊഴുകി. അവരിൽ ഒട്ടേറെപ്പേർ കറുപ്പും വെളുപ്പും നിറങ്ങളുള്ള, കനംകുറഞ്ഞ വിന്റ്ബ്രേക്കർ ജാക്കറ്റുകൾ ധരിച്ചിരുന്നു. ജാക്കറ്റുകളുടെ മുൻ‌വശത്ത്, ഇംഗ്ലീഷിൽ, “ഐ ബിലീവ് ഇറ്റ്, ഐ ക്യാൻ ഡു ഇറ്റ്” എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു. ചൈനയുടെ ഏറ്റവും നിഗൂഢമായ ക്രാം സ്കൂളുകളിൽ ഒന്നിലെ ഉച്ചഭക്ഷണസമയമായിരുന്നു അത്. അക്ഷരാർത്ഥത്തിൽ ഒരു കാണാപ്പാഠഫാക്ടറി! അവിടെ ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾ (മാവോതൻ‌ച്യാങ്ങിലെ ആകെ ജനസംഖ്യയുടെ നാലിരട്ടി) ചൈനയുടെ ഗ്യാവോകാവോ എന്നറിയപ്പെടുന്ന ദേശീയ കോളേജ് പ്രവേശനപ്പരീക്ഷയ്ക്കുള്ള കോച്ചിങ്ങിനു വിധേയരായിക്കൊണ്ടിരിയ്ക്കുന്നു. എല്ലാ വർഷവും ജൂൺ മാസത്തിൽ ഗ്യാവോകാവോ നടക്കുന്നു. രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന പരീക്ഷ അതികഠിനമായ ഒന്നാണ്. ചൈനീസ് സർവ്വകലാശാലകളിലേയ്ക്കുള്ള പ്രവേശനം ഈ ഗ്യാവോകാവോ പരീക്ഷയിലൂടെയാണ്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവരിൽ ഭൂരിഭാഗവും. തീവ്രയത്നം കൊണ്ടു നേടുന്ന ഉന്നതപരീക്ഷാഫലം വയലുകൾക്കും ഫാക്ടറികൾക്കും അപ്പുറത്തുള്ള സുഖസ‌മൃദ്ധമായൊരു ജീവിതം വാഗ്ദാനം ചെയ്യുന്നു.
ഈ സ്കൂളിലെ ഒരു പന്ത്രണ്ടാം ക്ലാസ്സുവിദ്യാർത്ഥിയായ യാങ്ങ് വെയ് എന്നെ ജനക്കൂട്ടത്തിനിടയിലൂടെ  കൂട്ടിക്കൊണ്ടുപോയി. ഒരു പീച്ചുപഴക്കർഷകന്റെ മകനായ യാങ്ങ് അർദ്ധലേസുകൾ മാത്രമുള്ള, ഉയരമുള്ള ഷൂ ധരിച്ചിരുന്നു. യാങ്ങിന്റെ ആദ്യത്തെ ക്ലാസ്സ് രാവിലെ ആറ് ഇരുപതിന് ആരംഭിയ്ക്കുന്നു. അവസാനത്തേത് രാത്രി പത്ത് അൻപതിനു കഴിയുന്നു. അതിനു ശേഷം മാത്രം തന്റെ മുറിയിലേയ്ക്കു മടങ്ങുന്നു. ആഴ്ചയിൽ ഏഴു ദിവസവും മുടക്കമോ വ്യത്യാസമോ കൂടാതെ ഇതു തുടരുന്നു. മൂന്നു വർഷമായി യാങ്ങ് ഈ ഷെഡ്യൂൾ പിന്തുടരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു മുൻപുള്ള പരിശീലനപ്പരീക്ഷയ്ക്കു ശേഷം മൂന്നു മണിക്കൂർ ഇടവേളയുണ്ട്. ഒരാഴ്ചയ്ക്കിടയിൽ ആകെ കിട്ടുന്ന ഒഴിവുസമയം ഇതു മാത്രം. ഇന്ന് ഇത്തരമൊരു ഇടവേളയുള്ളതുകൊണ്ടാണ് യാങ്ങിനും എനിയ്ക്കും പരസ്പരം കാണാനായത്. ഗ്യാവോകാവോ വെറും 69 ദിവസം മാത്രം അകലെ. ഈ നമ്പർ താഴോട്ടെണ്ണുന്ന കലണ്ടറുകൾ ടൌണിൽ എല്ലായിടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. കോച്ചിങ്ങിന്റെ ഭ്രാന്തമായ അന്ത്യത്തിലേയ്ക്കു കടന്നിരുന്നു യാങ്ങ്. “കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഞാനെഴുതിയ പ്രാക്ടീസ് ടെസ്റ്റുകൾ നിരത്തിവച്ചാൽ അവ ഭൂഗോളത്തെ പൊതിയും,” യാങ്ങ് ചിരിച്ചുകൊണ്ടു പറഞ്ഞു. യാങ്ങിന്റെ ചിരിയിൽ കയ്പുരസം കലർന്നിരുന്നു.
യാങ്ങും ഞാനും തമ്മിൽ സോഷ്യൽ മീഡിയയിൽ ആഴ്ചകളായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒരമേരിക്കൻ പ്രവാസിയെ അതിഥിയായി ലഭിച്ചത് യാങ്ങിനെ ആവേശഭരിതനാക്കിയതായി തോന്നിപ്പിച്ചിരുന്നു. എന്നാൽ ആ ആഹ്ലാദത്തിനിടയിലും ഒരു ഗുരുതരപ്രശ്നം ഉടലെടുത്തുകൊണ്ടിരുന്നു. അശ്രാന്തപരിശ്രമം നടത്തിയിട്ടും യാങ്ങിന്റെ സ്കോർ താഴോട്ടായിരുന്നു. യാങ്ങിന്റെ കുടുംബത്തോടൊപ്പം ഞാൻ ഉച്ചഭക്ഷണം കഴിയ്ക്കുമ്പോൾ ഈ പ്രശ്നം അന്തരീക്ഷത്തെ മ്ലാനമാക്കിയിരുന്നു. പുണ്യവൃക്ഷത്തിനടുത്തുള്ള ഒറ്റമുറിയിലാണ് യാങ്ങും മാതാവും ഒരുമിച്ചു താമസിച്ചിരുന്നത്. യാങ്ങിന്റെ പിതാവും, യാങ്ങിന്റെ നാട്ടിലെ ഉറ്റ സുഹൃത്തും സഹപാഠിയുമായ ക്യാവോ യിങ്ഷെങ്ങും ഞങ്ങളോടൊപ്പം ആഹാരം കഴിയ്ക്കാനെത്തിയിരുന്നു. തട്ടുകളുള്ള കട്ടിൽ, ഡെസ്ക്, റൈസ് കുക്കർ - ഇവയ്ക്കുള്ള സ്ഥലം മാത്രമേ ആ കൊച്ചുമുറിയിലാകെക്കൂടി ഉണ്ടായിരുന്നുള്ളു. പക്ഷേ മുറിവാടക ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗ് നഗരത്തിലേതിനോളം തന്നെ ഉയർന്നതായിരുന്നു. കോളേജുവിദ്യാഭ്യാസം സിദ്ധിയ്ക്കുന്ന തങ്ങളുടെ കുടുംബത്തിലെ ആദ്യ അംഗമാകാൻ മകനെ സഹായിയ്ക്കാൻ വേണ്ടി യാങ്ങിന്റെ മാതാപിതാക്കൾ അനുഷ്ഠിച്ച പല ത്യാഗങ്ങളിലൊന്നായിരുന്നു ആ ഉയർന്ന മുറിവാടക.
ഗ്യാവോകാവോ കോച്ചിംഗിന്റെ അവസാനവർഷം യാങ്ങിനെ സഹായിയ്ക്കാൻ വേണ്ടി യാങ്ങിന്റെ അമ്മ ലിൻ ജിയമിൻ ഒരു വസ്ത്രനിർമ്മാണ ഫാക്ടറിയിൽ അവർക്കുണ്ടായിരുന്ന ജോലി രാജി വച്ചു. ലിന്നിനെപ്പോലെ ക്യാവോയുടെ അമ്മയും ക്യാവോയോടൊപ്പം താമസിച്ചു. “വലിയൊരു സമ്മർദ്ദമാണത്,” ക്യാവോ പറഞ്ഞു. ഹൈസ്കൂൾ പ്രവേശനത്തിന് ക്യാവോയ്ക്കു കിട്ടിയിരുന്ന മാർക്കു കുറവായിരുന്നു. അതു മൂലം ഗ്യാവോകാവോ കോച്ചിംഗിൽ ക്യാവോയ്ക്കു പ്രവേശനം കിട്ടാൻ വേണ്ടി യാങ്ങിന്റേതിനേക്കാൾ കൂടുതൽ ഫീസ് (രണ്ടായിരം ഡോളർ) ഓരോ സെമസ്റ്ററിലും കൊടുക്കാൻ ക്യാവോയുടെ കുടുംബം നിർബദ്ധരായിത്തീർന്നു. “നന്നായി പഠിയ്ക്കണമെന്ന് അമ്മയെന്നെ എപ്പോഴും ഓർമ്മിപ്പിയ്ക്കുന്നു. കാരണം, എന്റെ ഫീസു കൊടുക്കാൻ വേണ്ടി അച്ഛന് വീട്ടിൽ നിന്നും വളരെയകലെ, കല്പണി ചെയ്യേണ്ടിവന്നിരിയ്ക്കുന്നു,” ക്യാവോ പറഞ്ഞു. ഒരു മിനിറ്റു നേരത്തേയ്ക്ക് മുറിയാകെ നിശ്ശബ്ദമായി. ഗ്യാവോകാവോയിൽ മികച്ച വിജയം കൈവരിയ്ക്കാൻ ഈ കുട്ടികൾക്കു കഴിയാതിരുന്നാൽ അവരുടേയും വിധി അതുതന്നെയാകുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. “ഡഗോംഗ്,” യാങ്ങ് പറഞ്ഞു; “കൂലിപ്പണി”; പരീക്ഷാഫലം മോശമായാൽ യാങ്ങിനും ക്യാവോയ്ക്കും ചൈനയുടെ ഇരുപത്താറു കോടിയോളം വരുന്ന, സഞ്ചരിയ്ക്കുന്ന കൂലിപ്പണിക്കാരുടെ കൂട്ടത്തിൽ ചേരേണ്ടി വരും.
നല്ല ഒരാതിഥേയനാകാനുള്ള ആകാംക്ഷയുണ്ടായിരുന്നു, യാങ്ങിന്. പക്ഷേ, യാങ്ങിന്റെ അമ്മ ഞങ്ങളുടെ മുന്നിൽ കൂമ്പാരം കൂട്ടിവച്ച ചിക്കനും സെസാം തോഫുവും കഴിച്ചു കഴിഞ്ഞപ്പോൾ യാങ്ങിന്റെ കണ്ണുകളടയാൻ തുടങ്ങി. പഠനം തുടരാൻ ഉച്ചഭക്ഷണം കഴിഞ്ഞയുടനെ യാങ്ങിന്റെ അമ്മ ആവശ്യപ്പെട്ടെങ്കിലും യാങ്ങിന്റെ അച്ഛൻ ഇടപെട്ടു. “തലച്ചോറിനും വിശ്രമം ആവശ്യമാണ്,” അദ്ദേഹം യാങ്ങിന്റെ അമ്മയോടു പറഞ്ഞു. തുടർന്ന് ഒരു വാക്കു പോലും ഉരിയാടാതെ, ഷൂ അഴിച്ചു മാറ്റുക പോലും ചെയ്യാതെ യാങ്ങ് കട്ടിലിന്റെ മുകൾത്തട്ടിൽ കയറിക്കിടന്ന് ഉറക്കം തുടങ്ങി.
അതിവേഗം അടുത്തുവന്നുകൊണ്ടിരിയ്ക്കുന്ന ഗ്യാവോകാവോയോളം മറ്റൊന്നും തന്നെ ചൈനീസ് കുടുംബങ്ങളെ അലട്ടുന്നില്ല. ഗ്യാവോകാവോയ്ക്ക് രണ്ടു ശാഖകളുണ്ട്. ഒന്ന് സയൻസിൽ കേന്ദ്രീകരിയ്ക്കുന്നു, മറ്റേത് മാനവികവിഷയങ്ങളിലും. പ്രാചീനകാലം മുതലുണ്ടായിരുന്ന, രാജകീയമായിരുന്ന കേജുവിന്റെ ആധുനിക അവതാരമാണ് ഗ്യാവോകാവോ. സ്ഥിരനിലവാരം ഉറപ്പുവരുത്തുന്ന ലോകത്തെ പ്രഥമടെസ്റ്റായി കേജു കണക്കാക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ, ആയിരത്തി മുന്നൂറു വർഷത്തോളം, ചൈനയുടെ സിവിൽ സർവ്വീസിലേയ്ക്ക് യുവാക്കളെ പ്രവേശിപ്പിച്ചിരുന്നത് കേജുവിലൂടെയായിരുന്നു. ഇന്ന്, തൊണ്ണൂറു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഓരോ വർഷവും ഗ്യാവോക്കാവോ പരീക്ഷയെഴുതുന്നു. (അമേരിക്കയിലെ സാറ്റ്, ആക്റ്റ് എന്നീ പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികളുടെ ആകെ എണ്ണം പ്രതിവർഷം മുപ്പത്തഞ്ചു ലക്ഷത്തിൽ താഴെ മാത്രമാണെന്നോർക്കുക). അറിവുകൾ ഹൃദിസ്ഥമാക്കാനും അവ ആവർത്തിച്ചാവർത്തിച്ച് ഉരുവിടാനുമുള്ള സമ്മർദ്ദം കിന്റർ ഗാർട്ടൻ ക്ലാസ്സിൽ ചേരുമ്പോൾ മുതൽ ചൈനീസ് വിദ്യാർത്ഥികൾ അനുഭവിയ്ക്കാൻ തുടങ്ങുന്നു. ബെയ്ജിംഗിലെ ഇരട്ടഭാഷകളിൽ പഠിപ്പിയ്ക്കുന്ന, താരതമ്യേന കൂടുതൽ സ്വതന്ത്രമായ കിന്റർ ഗാർട്ടനിലാണ് എന്റെ പുത്രന്മാർ പഠിച്ചിരുന്നത്. അവിടെപ്പോലും ചൈനീസ് മാതാപിതാക്കൾ തങ്ങളുടെ അഞ്ചുവയസ്സു മാത്രമുള്ള കുട്ടികളെ ഗുണനപ്പട്ടികയും ശരിയായ ഉച്ചാരണത്തോടു കൂടിയ ചൈനീസ് ഭാഷയും ഇംഗ്ലീഷും പഠിയ്ക്കാൻ നിർബന്ധിച്ചിരുന്നു. തങ്ങളുടെ കുട്ടികൾ അവരുടെ സഹപാഠികളുടെ പിന്നിലായിപ്പോകരുത് എന്നായിരുന്നു അവരുടെ ലക്ഷ്യം. “സത്യം പറഞ്ഞാൽ, ജനനം മുതൽ തന്നെ ഗ്യാവോകാവോ മത്സരത്തിനുള്ള തയ്യാറെടുപ്പ് ആരംഭിയ്ക്കുന്നു,” എന്റെയൊരു ചൈനീസ് സുഹൃത്ത് ഒരിയ്ക്കലെന്നോടു പറഞ്ഞിരുന്നു.
അവിരാമം പ്രവർത്തിയ്ക്കുന്നൊരു യന്ത്രത്തെപ്പോലെ, ചൈനയുടെ ഈ ടെസ്റ്റുകൾ, ഉയർന്ന സാക്ഷരതയുടേയും സർക്കാർ നിയന്ത്രണങ്ങളുടേയും സഹായത്തോടെ, ലോകത്തിലെ ഏതു കഠിനമായ ടെസ്റ്റും നേരിടാൻ ഏറ്റവുമധികം കഴിവുള്ള ഏറെപ്പേരെ ഇതിനകം ഉത്പാദിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസ്സസ്സ്മെന്റിന്റെ അവസാനം നടന്ന രണ്ടു പരീക്ഷകളിലും ചൈനയിലെ ഷാങ്ഹായ് ഹൈസ്കൂൾ വിദ്യാർത്ഥികളായിരുന്നു ഏറ്റവും മുന്നിൽ. ചൈനീസ് പ്രഭാവം സ്പുട്ട്നിക്ക് പോലെ കുതിച്ചുയർന്നുകൊണ്ടിരിയ്ക്കുന്നതിന്റെ വ്യക്തമായ ചിഹ്നമാണിതെന്നു ചൂണ്ടിക്കാട്ടാൻ ഒന്നിലേറെ അമേരിക്കൻ അധികൃതരെ ഇതു നിർബ്ബദ്ധരാക്കുകയും ചെയ്തു. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കാൻ ചൈനക്കാർ നേടിയെടുത്തിരിയ്ക്കുന്ന ഈ അന്യാദൃശകഴിവിന്റെ രഹസ്യം കണ്ടെത്താൻ അമേരിക്കൻ വിദ്യാഭ്യാസവിദഗ്ദ്ധർ തീവ്രശ്രമം നടത്തിക്കൊണ്ടിരിയ്ക്കുന്നു.
എന്നാൽ ഇതേ സമയം തന്നെ, നൂതനമായ ആശയാ‍വിഷ്കാരങ്ങളെ നിരുത്സാഹപ്പെടുത്തുകയും വിദ്യാർത്ഥികളെ അമിതമായ സമ്മർദ്ദത്തിനു വിധേയരാക്കുകയും ചെയ്യുന്ന ഗ്യാവോകാവോ ആധുനികകാലത്തിന് അനുയോജ്യമായ ഒന്നല്ല എന്ന വിമർശം ചൈനയിൽ തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഗ്യാവോകാവോ അടുത്തുവരുന്തോറും കൌമാരപ്രായക്കാരുടെ ആത്മഹത്യാനിരക്ക് ഉയരുന്നത് പതിവായിത്തീർന്നിരിയ്ക്കുന്നു. രണ്ടു വർഷം മുൻപ് ഒരു വിദ്യാർത്ഥി നടുക്കുന്നൊരു ചിത്രം ഓൺലൈനിൽ പോസ്റ്റു ചെയ്തു. ഒരു ഹൈസ്കൂൾ ക്ലാസ്സുമുറിയിലെ വിദ്യാർത്ഥികൾ പുസ്തകങ്ങളുടെ മേൽ കൂനിക്കൂടിയിരിയ്ക്കുന്നതായിരുന്നു ആ ചിത്രം. ആ തീവ്രയത്നം അതേ രീതിയിൽ തുടർന്നുകൊണ്ടുപോകാനാവശ്യമായ ശക്തി പകർന്നുകൊടുക്കാൻ വേണ്ടി വിദ്യാർത്ഥികൾക്ക് ഞരമ്പിലൂടെ ഡ്രിപ്പു നൽകിക്കൊണ്ടിരുന്നത് ആ ചിത്രത്തിൽ വ്യക്തമായിരുന്നു.
വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കാനും, മുഖ്യകോഴ്സുകൾക്കപ്പുറത്തേയ്ക്ക് പാഠ്യപദ്ധതി വികസിപ്പിയ്ക്കാനും, സർവ്വകലാശാലകളെക്കൊണ്ട് ഗ്യാവോകാവോയ്ക്കു പുറമെയുള്ള ഘടകങ്ങൾ കൂടി പരിഗണിപ്പിയ്ക്കാനും ലക്ഷ്യമിടുന്ന വിദ്യാഭ്യാസരംഗ പരിഷ്കരണപരിപാടികൾ ബെയ്ജിംഗ് ആസൂത്രണം ചെയ്തു നടപ്പാക്കിത്തുടങ്ങിയിരിയ്ക്കുന്നു. സർക്കാരിന്റെ ശ്രമങ്ങൾക്ക് ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഭാഗത്തു നിന്ന് വലുതായ പിന്തുണ ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, അവയുടെ നേരേ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്ന് കടുത്ത എതിർപ്പുണ്ടായിട്ടുമുണ്ട്. വിദ്യാർത്ഥികളുടെ മേലുള്ള സമ്മർദ്ദത്തിനു കുറവു വന്നാലത് അവരുടെ പരീക്ഷാഫലത്തെ പ്രതികൂലമായി ബാധിയ്ക്കുമെന്ന് രക്ഷിതാക്കൾ ഭയപ്പെടുന്നു. “ചൈന തടവുപുള്ളികളുടെ ആശയക്കുഴപ്പത്തിൽ പെട്ടിരിയ്ക്കുന്നു,” എന്ന് യൂണിവേഴ്സിറ്റി ഓഫ് ഓറിഗണിലെ വിദ്യാഭ്യാസവകുപ്പു പ്രൊഫസ്സറും, “ഹൂയീസ് അഫ്രെയ്ഡ് ഓഫ് ദ ബിഗ് ബാഡ് ഡ്രാഗൺ” എന്ന പുസ്തകത്തിന്റെ രചയിതാവുമായ യോങ്ങ് സാവോ നിരീക്ഷിച്ചു. “ആരും മാറ്റം ആഗ്രഹിയ്ക്കുന്നില്ല. കാരണം ഗ്യാവോകാവോ തന്നെയാണ് അവർക്കിപ്പോഴും സ്വർഗ്ഗത്തിലേയ്ക്കുള്ള ഏകവഴി.”
നഗരപ്രദേശങ്ങളിൽ ഇത്തരം ക്രാം സ്കൂളുകൾ പെരുകിയിട്ടുണ്ട്. മാവോതൻ‌ച്യാങ്ങ് ഹൈസ്കൂൾ അവയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. മാവോതൻ‌ച്യാങ്ങ് ഒരു ഏകവ്യവസായ പട്ടണമാണെന്നു പറയാം. പരീക്ഷകളെഴുതുന്ന യന്ത്രമനുഷ്യരെ ഉത്പാദിപ്പിയ്ക്കുന്ന വ്യവസായമാണ് അതിന്റേത്. മറ്റു ചൈനീസ് പട്ടണങ്ങൾ കാലുറകളും ക്രിസ്തുമസ് ആഭരണങ്ങളും ഉണ്ടാക്കുന്നതിൽ പതിപ്പിയ്ക്കുന്നതിലേറെ പ്രതിബദ്ധതയും അർപ്പണമനോഭാവവും മാവോതൻ‌ച്യാങ്ങ് തങ്ങളുടെ വ്യവസായത്തിൽ പ്രദർശിപ്പിയ്ക്കുന്നു. ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മയും അർഹതപ്പെട്ട തൊഴിലിന്റെ ദൌർലഭ്യവും രൂക്ഷമായിത്തീർന്നിരിയ്ക്കുന്നു. അതിനിടയിൽ സർവ്വകലാശാലാവിദ്യാർത്ഥികളുടെ എണ്ണത്തിൽ അമിതവർദ്ധനയുമുണ്ടായിരിയ്ക്കുന്നു. ഇതു മൂലം കോളേജ്ബിരുദങ്ങളുടെ മൂല്യത്തിന് ഇടിവു വന്നിരിയ്ക്കുന്നു. അനേകം ധനികകുടുംബങ്ങൾ ചൈനീസ് വിദ്യാഭ്യാസരംഗത്തു നിന്നു പിന്മാറിക്കൊണ്ടിരിയ്ക്കുന്നു. അവർ തങ്ങളുടെ കുട്ടികളെ ചൈനയിൽത്തന്നെ സ്വകാര്യമേഖലയിലുള്ള ഇന്റർനാഷണൽ സ്കൂളുകളിൽ ചേർത്തുപഠിപ്പിയ്ക്കുന്നു. ഏറെപ്പേർ കുട്ടികളെ വിദേശങ്ങളിൽ അയച്ചും വിദ്യാഭ്യാസം ചെയ്യിപ്പിയ്ക്കുന്നു. പക്ഷേ യാങ്ങിനെപ്പോലെ സാമ്പത്തികക്കഴിവു കുറഞ്ഞവർക്ക് ഗ്യാവോകാവോ മത്സരത്തിൽ പങ്കെടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. ഏതാനും മാർക്കിന്റെ വ്യത്യാസം വിലപ്പെട്ടൊരു ബിരുദത്തിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുക്കുകയോ കൊട്ടിയടയ്ക്കുകയോ ചെയ്തെന്നു വരാം. “മത്സരം മുൻപത്തേക്കാൾ കടുത്തതായിത്തീർന്നിരിയ്ക്കുന്നു,” സിങ്ഹ്വാ യൂണിവേഴ്സിറ്റി ഹൈസ്കൂളിലെ അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പലായ ജിയാങ് സെക്വിൻ പറയുന്നു. “മത്സരത്തിൽ ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികൾ പുറകിലാകുകയും ചെയ്യുന്നു.”
ഏറ്റവും അടുത്ത നഗരത്തിൽ നിന്ന് രണ്ടു മണിക്കൂറോളം അകലെ, ആങ്ഹുവെയ് കുന്നുകളുടെ ഇടയിൽ, ഒറ്റപ്പെട്ടുകിടക്കുന്ന മാവോതൻ‌ച്യാങ്ങ് ഇത്തരം വിദ്യാർത്ഥികളെയാണു സേവിയ്ക്കുന്നത്. ആധുനികജീവിതത്തിൽ പതിവുള്ള ആകർഷണങ്ങളെയെല്ലാം ഫലപ്രദമായി ഒഴിവാക്കിയിരിയ്ക്കുന്നെന്ന് അഭിമാനിയ്ക്കുകയും ചെയ്യുന്നുണ്ട് മാവോതൻ‌ച്യാങ്ങ് സ്കൂൾ. സെൽഫോണുകളും ലാപ്ടോപ്പുകളും നിരോധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വിദ്യാർത്ഥികളിൽ പകുതിയോളം പേരും ഡോർമിറ്ററികളിൽ താമസിയ്ക്കുന്നു. വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിയ്ക്കാനാകാത്ത തരത്തിലാണ് അവ രൂപകല്പന ചെയ്യപ്പെട്ടിരിയ്ക്കുന്നത്. പ്രണയവും നിരോധിതം. പകുതിയോളം വിദ്യാർത്ഥികൾ അമ്മമാരോടൊപ്പം ചെറു മുറികളിൽ താമസിയ്ക്കുന്നു. വലിയ മുറികൾ വിഭജിച്ചുണ്ടാക്കിയവയാണ് ഈ ചെറുമുറികൾ. പ്രാദേശികഭരണകൂടം എല്ലാ തരം വിനോദോപാധികളും അടച്ചുപൂട്ടിയിരിയ്ക്കുന്നു. രാജ്യത്തെ വീഡിയോ ആർക്കേഡും ബില്യാർഡ്സ് ഹാളും ഇന്റർനെറ്റ് കഫേയുമില്ലാത്ത ഏക പട്ടണവും ഇതു തന്നെയായിരിയ്ക്കും. “പഠിയ്ക്കുകയല്ലാതെ മറ്റൊന്നും ഇവിടെ ചെയ്യാനില്ല,” യാങ്ങു പറയുന്നു.
തങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും വികൃതിയായ കുട്ടി എന്നാണ് യാങ്ങിന്റെ അച്ഛൻ യാങ്ങിനെ വിശേഷിപ്പിയ്ക്കുന്നത്. യുവെജിനിൽ നിന്നുള്ള യാങ്ങ് വിനോദങ്ങളിഷ്ടപ്പെടുന്ന ഒരു സാധാരണ കുട്ടിയാണ്. യാങ്ങിനെപ്പോലുള്ള കുട്ടികളിൽ അച്ചടക്കബോധമുണ്ടാക്കാൻ വേണ്ടി നഗരസഭയുടെ ആസൂത്രണത്തെ മാത്രമല്ല സ്കൂൾ ആശ്രയിയ്ക്കുന്നത്. മാവോതൻ‌ച്യാങ്ങിലെ പുരുഷന്മാർ മാത്രമടങ്ങിയ അദ്ധ്യാപകസൈന്യം പട്ടാളത്തിലെന്ന പോലെയാണ് കുട്ടികളെ പാഠങ്ങൾ പഠിപ്പിയ്ക്കുന്നതും ശിക്ഷകൾ നൽകുന്നതും. അദ്ധ്യാപകരുടെ ജോലിസുരക്ഷയും ബോണസ്സും വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തെ ആശ്രയിച്ചാണിരിയ്ക്കുന്നത്. 165 ഏക്കർ കാമ്പസ്സിൽ സെക്യൂരിറ്റി ഗാർഡുകൾ ഗോൾഫ്‌വണ്ടികളിലും മോട്ടോർസൈക്കിളുകളിലുമായി സദാസമയവും ചുറ്റിക്കറങ്ങിക്കൊണ്ടിരിയ്ക്കുന്നു. നിരീക്ഷണക്യാമറകൾ ക്ലാസ്സുമുറികളിലും ഡോർമിറ്ററികളിലും ടൌണിലെ മുഖ്യകവലകളിലും വിദ്യാർത്ഥികളുടെ നീക്കങ്ങൾ ഇരുപത്തിനാലു മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുന്നു. ഇത്തരത്തിൽ പുറം‌ലോകത്തേയ്ക്കുള്ള കവാടങ്ങളുടെ ബന്ധനം ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് ഒരസിസ്റ്റന്റ് പ്രിൻസിപ്പലായ ലി സെൻ‌ഹുവാ പറയുന്നു. 1998ൽ മാവോതൻ‌ച്യാങ്ങിലെ വിദ്യാർത്ഥികളിൽ 98 പേർ മാത്രം വിജയം നേടിയെങ്കിൽ, പതിനഞ്ചു വർഷത്തിനു ശേഷം 9312 വിദ്യാർത്ഥികൾ പാസ്സായി; വിജയസംഖ്യയെ പതിനായിരം കടത്താനുള്ള തീവ്രശ്രമത്തിലാണ് സ്കൂൾ. യാങ്ങും ക്യാവോയും അക്കൂട്ടത്തിൽ പെടുമെന്ന് അവരാശിയ്ക്കുന്നു.
നാം ഇപ്പോളവനെ ശല്യപ്പെടുത്താൻ പാടില്ല,” യാങ്ങ് ഉറക്കത്തിലേയ്ക്കു വഴുതിവീണുകൊണ്ടിരിയ്ക്കെ യാങ്ങിന്റെ അച്ഛൻ, യാങ്ങ് ക്വി മന്ത്രിച്ചു. അദ്ദേഹം തന്റെ വൈമാനികക്കണ്ണട ധരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഓറഞ്ചു നിറത്തിലുള്ള വസ്ത്രവും, മിനുങ്ങുന്ന ചെറു വട്ടത്തകിടുകൾ പതിച്ച, ഉയർന്ന മടമ്പുള്ള ചെരിപ്പുകളുമണിഞ്ഞ്, അലങ്കാരക്കുട കൈയിലെടുത്തു. സ്കൂൾകാമ്പസ്സിനു ചുറ്റുമുള്ള ഒരു നടപ്പിനായി അവരെന്നെ കൊണ്ടുപോയി. സ്കൂൾകാമ്പസ്സിൽ സന്ദർശകർക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഞായറാഴ്ചകളിലെ മദ്ധ്യാഹ്നത്തിനു ശേഷമുള്ള ഈ മൂന്നു മണിക്കൂറുകൾക്കിടയിൽ മാത്രം അത് അനുവദനീയമായിരുന്നു. സ്കൂളിലെ ബുള്ളറ്റിൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിയ്ക്കുന്ന ലിസ്റ്റുകളിൽ യാങ്ങിന്റെ ഒടുവിലത്തെ സ്കോർ തിരഞ്ഞു കണ്ടുപിടിയ്ക്കാൻ വേണ്ടിയാണ് യാങ്ങിന്റെ മാതാപിതാക്കൾ ഈ സമയം വിനിയോഗിയ്ക്കാറ്. അവർക്ക് ഈ ചടങ്ങ് സ്കൂൾവർഷത്തിന്റെ ആരംഭത്തിൽ സന്തോഷകരമായ ഒന്നായിരുന്നു. അന്നെല്ലാം യാങ്ങിന്റെ മാർക്ക് ചൈനയുടെ നൂറ്റിരുപതോളം ഒന്നാംനിര സർവ്വകലാശാലകളിൽ പ്രവേശനം ലഭിയ്ക്കാനാവശ്യമുള്ള തലത്തിനടുത്തെത്തിയിരുന്നു. പക്ഷേ ഇപ്പോൾ രണ്ടാംനിര സർവ്വകലാശാലകളിൽ പോലും സ്ഥാനം കിട്ടുമോയെന്നു സംശയമായിരിയ്ക്കുന്നു. ലിസ്റ്റു നോക്കേണ്ട കാര്യമില്ല,” യാങ്ങ് ക്വി പറഞ്ഞു. ഞങ്ങളുടെ മകൻ തീവ്രയത്നം നടത്തിയിരിയ്ക്കണം എന്നേ ഞങ്ങൾക്കുള്ളു. കാരണം സ്കൂൾവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അവന്റെ അമ്മയ്ക്കും എനിയ്ക്കും അധികമൊന്നും മുന്നോട്ടു പോകാനായിരുന്നില്ല.

നുഴഞ്ഞുകയറിക്കൊണ്ടിരിയ്ക്കുന്ന ഈ ഭീതിയ്ക്കിടയിലും യാങ്ങിന്റെ മാതാപിതാക്കൾ സ്കൂൾ കൈവരിച്ചു കഴിഞ്ഞിരുന്ന വിജയത്തിന്റെ തെളിവുകൾ കാണിച്ചു തരാൻ തത്പരരായിരുന്നു. തങ്ങളുടെ ഉയർച്ച സ്കൂളിന്റെ വിജയത്തെ ആശ്രയിച്ചിരിയ്ക്കുന്നു എന്ന് അവർ വിശ്വസിയ്ക്കുന്നുവെന്നു വ്യക്തമായിരുന്നു. 1939ൽ ആങ്ഹുവെയുടെ തലസ്ഥാനമായ ഹെഫൈയിൽ ജപ്പാൻകാർ നടത്തിയ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട വിദ്യാർത്ഥികൾക്കുള്ള മരുപ്പച്ചയെന്ന നിലയിൽ, താത്കാലികമായി, വളരെ ലളിതമായ തോതിൽ തുടങ്ങിയതായിരുന്നു മാവോതൻ‌ച്യാങ്ങ് സ്കൂൾ. 1949ലെ കമ്മ്യൂണിസ്റ്റു വിപ്ലവത്തെ തുടർന്ന് അതൊരു സ്ഥിരം സ്കൂളായി മാറി. എന്നാൽ അര ശതാബ്ദം കഴിഞ്ഞ് ചൈനയുടെ തീരപ്രദേശങ്ങൾ സാമ്പത്തികമായി കുതിച്ചുയർന്നപ്പോൾ മാവോതൻ‌ച്യാങ്ങ് സ്കൂൾ ഉപേക്ഷിയ്ക്കപ്പെട്ടൊരു കപ്പലിനു സമാനമായിത്തീർന്നു. ഗ്രാമപ്രദേശങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്ക് വൻ‌തോതിലുണ്ടായ കുടിയേറ്റം സ്കൂളിനെ വിജനമാക്കിയതോടൊപ്പം കടക്കെണിയിലുമാഴ്ത്തി. ഉന്നതവിദ്യാഭ്യാസത്തിൽ മഹത്തായ കുതിച്ചുചാട്ടംഎന്ന പേരിൽ പരാമർശിയ്ക്കപ്പെടുന്ന തീവ്രയത്നത്തിനു തുടക്കമിടാൻ ചൈന 1999ൽ തീരുമാനമെടുത്തപ്പോൾ മാവോതൻ‌ച്യാങ്ങ് സ്കൂളിനു പുനർജ്ജന്മം ലഭിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തിൽ വരുത്തിയ മൌലികമായ പരിഷ്കരണങ്ങൾ മൂലം ചൈനീസ് സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുടെ എണ്ണം മൂന്നു മടങ്ങുയർന്ന് മുപ്പത്തൊന്നു ദശലക്ഷത്തിലെത്തി. (അമേരിക്കയിലേത് ഇരുപത്തൊന്നു ദശലക്ഷം മാത്രം.) എല്ലാ വിദ്യാർത്ഥികളും ആദ്യം തന്നെ ഗ്യാവോകാവോ പാസ്സാകണം എന്ന നിബന്ധനയും നിലവിൽ വന്നു.
പ്രാചീനകാലം മുതലുണ്ടായിരുന്ന കേജു എന്ന രാജകീയ പരീക്ഷയെപ്പോലെ തന്നെ, അർഹതയുള്ളവരെ തെരഞ്ഞെടുക്കാനുദ്ദേശിച്ച് നടപ്പാക്കപ്പെട്ടതായിരുന്നു ഗ്യാവോകാവോയും. ഉന്നതകുലജാതർക്കു മാത്രമായി വിദ്യാഭ്യാസം പരിമിതപ്പെടുന്നതിനു പകരം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഉന്നതിയിലേയ്ക്കുള്ള പാതയൊരുക്കിക്കൊടുക്കാൻ ഗ്യാവോകാവോ ലക്ഷ്യമിട്ടു. (കേജുവിൽ ഏറ്റവുമുയർന്ന സ്കോർ നേടിയവർക്ക്, ദിവസങ്ങളോളം ജയിലിനു സമാനമായ, ജനലുകളില്ലാത്ത, ഇടുങ്ങിയ മുറികളിൽ അടച്ചുപൂട്ടിയിരുന്ന് പരീക്ഷയ്ക്കു വേണ്ടിയുള്ള പഠനം നടത്തിയ ശേഷം, ബെയ്ജിങ്ങിലെ നിരോധിതനഗരത്തിലേയ്ക്ക് ചക്രവർത്തിയുടെ മദ്ധ്യകവാടത്തിലൂടെത്തന്നെ പ്രവേശിയ്ക്കാനുള്ള അർഹത കൈവന്നപ്പോൾ അതൊരു ബഹുമതിയായിത്തന്നെ ആദരിയ്ക്കപ്പെട്ടിരുന്നു.) പക്ഷേ ഗ്യാവോകാവോയുടെ കാര്യത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുകൂലമായൊരു പരിതസ്ഥിതി ഇപ്പോഴും കൈവന്നിട്ടില്ല. യാങ്ങിന്റെ പിതാവ് കമ്മ്യൂണിസ്റ്റു പാർട്ടി സെക്രട്ടറിയായ യുവെജിനെപ്പോലുള്ള ഗ്രാമങ്ങളിലെ സ്കൂളുകളിൽ നിലവാരമുള്ള സൌകര്യങ്ങളും വിദഗ്ദ്ധപരിശീലനം സിദ്ധിച്ച അദ്ധ്യാപകരും കുറവാണ്. നഗരങ്ങളിലെ ധനികകുടുംബങ്ങൾക്ക് പ്രൈവറ്റ് ട്യൂഷൻ ഏർപ്പാടു ചെയ്യാനും, കോച്ചിങ്ങ് കോഴ്സുകളുടെ ഭാരിച്ച ചെലവു താങ്ങാനും, കൈക്കൂലി കൊടുത്ത് നഗരത്തിലെ ഏറ്റവും നല്ല സ്കൂളുകളിൽ പ്രവേശനം വാങ്ങാനും സാധിയ്ക്കുന്നു. സർവ്വകലാശാലകളിൽ നിലവിലുള്ള ക്വോട്ടാസമ്പ്രദായവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരാണ്; അവർക്കു ലഭിയ്ക്കുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ നഗരങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുവദിയ്ക്കപ്പെടുന്നു.
നാട്ടിൻപുറങ്ങളിലെ കുട്ടികൾക്ക് കൂടുതൽ സഹായം ആവശ്യമായി വന്നു. അവരുടെ ആവശ്യം നിറവേറ്റാൻ മാവോതൻ‌ച്യാങ്ങ് ഉടൻ തയ്യാറായി. ആദ്യം പതിവു പാഠ്യപദ്ധതിയ്ക്കു പുറമെ, ചെറിയൊരു ഫീസിന് പരീക്ഷാപരിശീലനകോഴ്സുകൾ നൽകാൻ സ്കൂൾ തയ്യാറായി. 2004ൽ പബ്ലിക് സ്കൂളുകളിൽ ട്യൂഷൻ കോഴ്സുകൾ സർക്കാർ നിരോധിച്ചപ്പോൾ സ്കൂളിന്റെ ഭരണാധികാരികൾ സ്കൂളിന്റെ പാഠ്യപദ്ധതിയെ തീവ്രമായൊരു ക്രാം കോഴ്സാക്കി മാറ്റി. (പത്ത്, പതിനൊന്ന് എന്നീ ഗ്രേഡുകളിൽ ആഴ്ച തോറും തങ്ങൾക്കിഷ്ടമുള്ള വിഷയം പഠിയ്ക്കാൻ വിദ്യാർത്ഥികൾക്ക് രണ്ടു മണിക്കൂർ വീതം കിട്ടി. ഐച്ഛികവിഷയങ്ങൾ: സംഗീതം, കല, ശാരീരിക അഭ്യാസം. പന്ത്രണ്ടാമതു ഗ്രേഡിൽ ഐച്ഛികവിഷയങ്ങൾ അനുവദനീയമല്ല. ഊന്നൽ മുഴുവനും ഗ്യാവോകാവോ കോഴ്സുകളിൽ തന്നെ.) ഗ്യാവോകാവോ കോഴ്സിൽ വീണ്ടും ചേർന്നു പഠിയ്ക്കാനാഗ്രഹിയ്ക്കുന്ന ആവർത്തനവിദ്യാർത്ഥികൾക്കായി പ്രൈവറ്റ്-ഫോർ-പ്രോഫിറ്റ് അടിസ്ഥാനത്തിൽ ഒരു പ്രത്യേകവിഭാഗം തുടങ്ങി. ഉയർന്ന പരീക്ഷാഫലം നേടാനാകാതെപോയ അനേകം ഹൈസ്കൂൾ ബിരുദധാരികൾ തങ്ങളുടെ സ്കോർനില മെച്ചപ്പെടുത്താനുള്ള തത്രപ്പാടിൽ ഗ്യാവോകാവോ കോച്ചിംഗ് കോഴ്സിൽ വീണ്ടും ചേർന്നു പഠിയ്ക്കാനുള്ള അവസരം വിനിയോഗിയ്ക്കാൻ തയ്യാറായി. ഈ ചുവടുവയ്പ് അസാമാന്യവിജയം കണ്ടു. ഈ ആവർത്തനവിഭാഗം ഇപ്പോൾ സ്കൂളിന് ഏറ്റവുമധികം ലാഭം നേടിക്കൊടുക്കുന്നു. ഈ വിഭാഗം പബ്ലിക് സ്കൂൾ വിഭാഗത്തോടൊപ്പം സ്കൂൾക്യാമ്പസ്സിൽ തന്നെ സ്ഥിതി ചെയ്യുന്നു, ഒരേ വിഭവസ്രോതസ്സുകൾ ഉപയോഗിയ്ക്കുകയും ചെയ്യുന്നു. മുന്നൂറോ നാനൂറോ ഡോളർ മുതൽ എണ്ണായിരം ഡോളർ വരെ പ്രതിവർഷം ട്യൂഷനു വേണ്ടി ചെലവാക്കുന്ന ആറായിരത്തോളം വിദ്യാർത്ഥികൾ ഈ ആവർത്തനവിഭാഗത്തിൽ പഠിയ്ക്കുന്നുണ്ട്. (ഏറ്റവും താഴ്ന്ന സ്കോറുകൾ കിട്ടിയിരിയ്ക്കുന്ന വിദ്യാർത്ഥികൾ ഏറ്റവുമുയർന്ന ഫീസു കൊടുക്കേണ്ടി വരുന്നു. ഈ സംവിധാനം സ്കൂളിന് ഉന്നതശ്രേണിയിലുള്ള വിജയത്തോടൊപ്പം വൻ തോതിലുള്ള വരുമാനവും നേടിക്കൊടുക്കുന്നു.) ഈ സ്കൂൾ സങ്കല്പിയ്ക്കാനാകുന്നതിലുമേറെ സമ്പന്നമാണ്,” ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡുകൾക്കിടയിലൂടെ എന്നെ കൈപിടിച്ചു നയിയ്ക്കവെ യാങ്ങ് ക്വി പറഞ്ഞു. സ്കൂളിനോടുള്ള അമർഷമല്ല, അഭിനന്ദനമാണ് അദ്ദേഹത്തിന്റെ സ്വരത്തിലുണ്ടായിരുന്നത്.
സ്കൂൾ സമീപകാലത്തു നടത്തിയ 32 മില്യൻ ഡോളർ വികസനത്തിന്റെ ഫലങ്ങൾ ഗേറ്റിനകത്തു കടന്നയുടനെ യാങ്ങ് ക്വി ചൂണ്ടിക്കാണിച്ചു തന്നു. ഭീമാകാരമായൊരു എൽ ഇ ഡി സ്ക്രീൻ, ഒരു സ്പോർട്ട്സ് കോമ്പ്ലക്സ്, ചെയർമാൻ മാവോയുടേയും ഡെംഗ് സിയാവോ പിങ്ങിന്റേയും വലിപ്പമേറിയ പ്രതിമകൾ, ഏറ്റവും ഉയർന്ന ശിഖരത്തിൽ ചൊരിമണൽ ഘടികാരത്തിന്റെ ആകൃതിയിലുള്ളൊരു കെട്ടിടം. ഭരണസിരാകേന്ദ്രം സ്ഥിതിചെയ്തിരുന്ന ആ കെട്ടിടം വിമാനത്താവളങ്ങളിലെ കൺ‌ട്രോൾ ടവർ പോലെയോ വൻ ജയിലുകളിലെ നിരീക്ഷണടവർ പോലെയോ തോന്നിച്ചിരുന്നു. ക്യാമ്പസ്സിന്റെ ഉപരിതലം മുഴുവനും അമേരിക്കൻ കോളേജ് ക്യാമ്പസ്സുകളെപ്പോലെ ചെത്തി, പെയിന്റു ചെയ്തു മനോഹരമാക്കിയിരുന്നു. ഒരു വ്യത്യാസം മാത്രം: ഭിത്തിയിൽ പതിച്ചുവച്ചിരുന്ന അലംകൃതമായൊരു മാർബിളിൽ സ്കൂളിന്റെ ആദർശം കൊത്തിവച്ചിരുന്നു: ബുദ്ധിശക്തികൊണ്ടല്ല, കഠിനാദ്ധ്വാനം കൊണ്ടാണു ഞങ്ങൾ മത്സരിയ്ക്കുന്നത്!
ആവർത്തനവിദ്യാർത്ഥികളുടെ ക്ലാസ്സുമുറികളുള്ള, ഇഷ്ടിക കൊണ്ടു നിർമ്മിച്ച അഞ്ചുനിലക്കെട്ടിടമാണ് ഏറ്റവും പ്രധാനപ്പെട്ട നവനിർമ്മാണം. ആയിരക്കണക്കിന് ആ‍വർത്തനവിദ്യാർത്ഥികൾ ആ കെട്ടിടത്തിലേയ്ക്കു കയറിപ്പോകുന്നതു നോക്കിനിൽക്കുമ്പോൾ സ്കൂളിലെ ഏറ്റവും പരവശരായ വിദ്യാർത്ഥികൾ ഇവരാണ്എന്നു യാങ്ങ് പറഞ്ഞതു ഞാനോർത്തു. ഞായറാഴ്ചകളിൽ ഇക്കൂട്ടർക്കു കിട്ടുന്ന ഇടവേള തൊണ്ണൂറു മിനിറ്റിന്റേതു മാത്രമാണ്. ഓരോ ക്ലാസ്സുമുറിയിലും വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞിരിയ്ക്കുന്നതു മൂലം - നൂറ്റൻപതിലേറെ - അദ്ധ്യാപകർ പാഠങ്ങൾ പഠിപ്പിയ്ക്കുന്നത് കോളാമ്പി മൈക്കിലൂടെ ഉച്ചത്തിൽ പറഞ്ഞുകൊണ്ടാണ്. യാങ്ങിന്റെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്നത് ആവർത്തനവിദ്യാർത്ഥികളിൽപെട്ട ഒരാളായിരുന്നു. അയാൾക്ക് മുൻ വർഷത്തെ ഗ്യാവോകാവോയിൽ മികച്ച ഫലം നേടാനായിരുന്നില്ല. അയാളിപ്പോൾ എല്ലാ ദിവസവും രാത്രി ഒന്നര വരെ പഠനം നടത്തുന്നു. ഇപ്പോളയാളുടെ റാങ്കിൽ സ്കൂൾ തുടങ്ങിയപ്പോഴുണ്ടായിരുന്നതിനേക്കാൾ രണ്ടായിരത്തിന്റെ മികവുണ്ടായിരിയ്ക്കുന്നു. ക്ലാസ്സിൽ മൂന്നാമനാണ് അയാളിപ്പോൾ. അയാളൊരു ഭൂതത്തെപ്പോലെയാണ്,” യാങ്ങു പറഞ്ഞു. പക്ഷേ അയാളെനിയ്ക്ക് പ്രോത്സാഹനം തരുന്നു. കാരണം ഇനിയൊരു തവണ കൂടി ഇതു ചെയ്യാൻ എനിയ്ക്ക് യാതൊരാഗ്രഹവുമില്ല.യാങ്ങിന്റെ അമ്മ ക്ഷുഭിതയായി: നീ തോറ്റാൽ വീണ്ടുമൊരു കൊല്ലം കൂടി നിന്നെ ഇവിടെ പഠിപ്പിയ്ക്കാനുള്ള ചെലവു താങ്ങാൻ ഞങ്ങൾക്കാവില്ല.
യാങ്ങ് മാവോതൻ‌ച്യാങ്ങിൽ ആദ്യത്തെ രണ്ടു വർഷം ചെലവഴിച്ച ഡോർമിറ്ററികളുടെ നിരയ്ക്കു മുന്നിൽ യാങ്ങിന്റെ മാതാപിതാക്കളും ഞാനും നിന്നു. ഓരോ മുറിയിലും പല തട്ടുകളുള്ള കട്ടിലുകളിൽ പത്തു വിദ്യാർത്ഥികൾ കഴിഞ്ഞു കൂടി. ചില മുറികളിൽ പന്ത്രണ്ടു വിദ്യാർത്ഥികൾ വരെയുണ്ടായിരുന്നു. എല്ലാ ജനലുകളിലും കമ്പിവലയടിച്ചിരുന്നു. ആത്മഹത്യ തടയാനായിരുന്നു ഇതെന്ന് വിദ്യാർത്ഥികളിലൊരാൾ പകുതി കളിയായും പകുതി കാര്യമായും എന്നോടു പറഞ്ഞു. ഉണങ്ങാനുള്ള സോക്സുകളും അടിവസ്ത്രങ്ങളും ടീഷർട്ടുകളും ഷൂസുമെല്ലാം ഈ കമ്പിവലകളിൽ നിറഞ്ഞിരുന്നു. ഡോർമിറ്ററികളിൽ സൌകര്യങ്ങൾ കുറവായിരുന്നു. വൈദ്യുതിയുപയോഗം അനുവദിയ്ക്കുന്ന പ്ലഗ്ഗുകൾ എവിടേയുമില്ലായിരുന്നു. അലക്കുമുറിയുമില്ല. കഴിഞ്ഞ വർഷം വേർതിരിച്ച ഒരു കുളിപ്പുര നിർമ്മിയ്ക്കുന്നതു വരെ ചൂടുവെള്ളവും ലഭ്യമായിരുന്നില്ല. എന്നാൽ ഒരു ഹൈടെക് ഉപകരണമുണ്ടായിരുന്നെന്നു വിദ്യാർത്ഥികൾ പറഞ്ഞു: വിരലടയാളം സ്കാൻ ചെയ്യുന്ന യന്ത്രം. ഓരോ മുറിയിലേയും കിടക്കകളുടെ നിർബന്ധപരിശോധന നടത്തിയെന്ന് ഉറപ്പു വരുത്താൻ വേണ്ടി അദ്ധ്യാപകന് ഓരോ രാത്രിയും ലോഗിൻ ചെയ്യാനുള്ളതായിരുന്നു അത്.
ഒരു പക്ഷേ മാവോതൻ‌ച്യാങ്ങിലെ അഞ്ഞൂറ് അദ്ധ്യാപകരോളം പ്രചോദിതരായവരായി - പരവശരായവരും - മറ്റാരുമുണ്ടാവില്ല. ഈ അദ്ധ്യാപകരുടെ ജോലി അവരുടെ വിദ്യാർത്ഥികളുടെ വിജയത്തെ ആശ്രയിച്ചിരിയ്ക്കുന്നു. അവരുടെ അടിസ്ഥാനശമ്പളം ചൈനയിലെ സാധാരണ പബ്ലിക് സ്കൂളുകളിലെ അദ്ധ്യാപകരുടേതിന്റെ രണ്ടോ മൂന്നോ ഇരട്ടിയാണ്. ഇതിനു പുറമേ കിട്ടുന്ന ബോണസ്സ് അവരുടെ വരുമാനത്തെ അനായാസേന ഇരട്ടിപ്പിയ്ക്കുകയും ചെയ്യുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒന്നാം നിര സർവ്വകലാശാലയിൽ പ്രവേശനം കിട്ടിയാൽ, ആ വിദ്യാർത്ഥിയെ പഠിപ്പിച്ച ആറംഗ അദ്ധ്യാപകസമിതിയ്ക്ക് (ഒരു മുഖ്യ അദ്ധ്യാപകനും അഞ്ച് വിഷയാദ്ധ്യാപകരും) അഞ്ഞൂറു ഡോളർ പ്രതിഫലം പങ്കു വയ്ക്കാനാകും. അവർക്ക് നല്ല പണം കിട്ടുന്നുണ്ട്,” യാങ്ങ് എന്നോടു പറഞ്ഞു, “പക്ഷേ ഞങ്ങൾ നേരിടുന്നതിനേക്കാൾ വലിയ സമ്മർദ്ദമാണ് അവർ നേരിടുന്നത്.
മുഖ്യാദ്ധ്യാപകരുടെ ദിനചര്യ കടുപ്പമേറിയതാണ്. നൂറു മുതൽ നൂറ്റെഴുപതു വിദ്യാർത്ഥികൾ വരെയുള്ള ക്ലാസ്സുകളെ 17 മണിക്കൂർ പഠിപ്പിയ്ക്കുക. ജോലിയുടെ കാഠിന്യം മൂലം അവിവാഹിതരായ യുവാക്കളെ മാത്രമേ ജോലിയ്ക്കെടുക്കാവൂ എന്ന നിബന്ധന സ്കൂൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാനങ്ങൾക്കായുള്ള മത്സരവും കടുത്തതാണ്. അദ്ധ്യാപകമുറിയുടെ ചുവരുകളിൽ പതിച്ചിരിയ്ക്കുന്ന ചാർട്ടുകളിൽ അതുവരെ കിട്ടിയിരിയ്ക്കുന്ന ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ്സുകളുടെ റാങ്കിംഗ് നടത്തിയിരിയ്ക്കുന്നു. വർഷാവസാനം ഏത് അദ്ധ്യാപകരുടെ ക്ലാസ്സുകൾ റാങ്ക് ലിസ്റ്റിന്റെ ചുവട്ടിലേയ്ക്കു തള്ളപ്പെടുന്നുവോ ആ അദ്ധ്യാപകർ പിരിച്ചുവിടപ്പെടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് വിദ്യാർത്ഥികളെ പ്രചോദിപ്പിയ്ക്കാൻ അദ്ധ്യാപകർ സ്വീകരിയ്ക്കുന്ന രീതികളും കടുത്തതാണ്. റൂളർ കൊണ്ട് വിരല്പുറങ്ങളിൽ മുട്ടുന്നതിനു പുറമെ, ചില അദ്ധ്യാപകർ വിദ്യാർത്ഥികളെ പരസ്പരം ടെസ്റ്റുകളെഴുതി മത്സരിപ്പിയ്ക്കുകയും ചെയ്യുന്നു. മരണക്കളിഎന്നാണ് ഈ മത്സരങ്ങൾ അറിയപ്പെടുന്നത്. അതിൽ പരാജയപ്പെടുന്നവർക്ക് പ്രഭാതം മുഴുവനും നിൽക്കേണ്ടി വരുന്നെന്ന് ചില വിദ്യാർത്ഥികൾ എന്നോടു പറഞ്ഞു. ഒരിയ്ക്കൽ അമാന്തം കാണിച്ച ഒരു വിദ്യാർത്ഥിയ്ക്കുള്ള ശിക്ഷയായി അയാളുടെ അമ്മയ്ക്ക് മകന്റെ ക്ലാസ്സിനു വെളിയിൽ ഒരാഴ്ചയോളം നിൽക്കേണ്ടി വന്നു. ഈ സംഭവം വളരെയധികം ചർച്ച ചെയ്യപ്പെട്ടു. ആവർത്തനവിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ ദയവില്ലാതെ ഓതിക്കൊടുക്കുന്ന ഒരു മന്ത്രമുണ്ട്: എപ്പോഴും നിങ്ങളുടെ പരാജയം ഓർമ്മിയ്ക്കുക!
മാവോതൻ‌ച്യാങ്ങിലെ ഏറ്റവും പ്രശസ്തനായ ബിരുദധാരി മെലിഞ്ഞ, കണ്ണുകളുടെ മുകളിൽ മുടി ചിതറിക്കിടക്കുന്ന ഒരു പത്തൊൻപതുകാരനാണ്. അയാളുടെ പേര് സു പെംഗ് എന്നാണ്. ക്രൂരപീഡനം മിയ്ക്കവരും ഭയപ്പെടുന്നു. എന്നാൽ അത് ആസ്വദിയ്ക്കുന്ന ചിലരുണ്ട്. സു പെംഗ് അക്കൂട്ടത്തിൽ പെടുന്നയാളല്ല. എങ്കിലും ക്രാം സ്കൂളിലേയ്ക്കു വന്നത് എന്തുകൊണ്ടെന്ന് അയാൾ വിശദീകരിച്ചു, “ക്രൂരമായൊരു സ്ഥലം ഞാനാഗ്രഹിച്ചു.
ചൈനയുടെ ആറു കോടി ഉപേക്ഷിയ്ക്കപ്പെട്ടകുട്ടികളിൽ ഒരാളായാണ് സു പെംഗ് വളർന്നത്. സു പെംഗിന്റെ മാതാപിതാക്കൾ ദൂരെയുള്ള വുക്സി നഗരത്തിൽ പഴക്കച്ചവടം നടത്തിയിരുന്നതുകൊണ്ട് ഹോങ്ജിംഗ് വില്ലേജിൽ താമസിച്ചിരുന്ന മുത്തച്ഛനും മുത്തശ്ശിയുമാണ് സു പെംഗിനെ പോറ്റിവളർത്തിയത്. അതിനിടെ സു നിയന്ത്രണം വിട്ടു. ക്ലാസ്സുകൾ നഷ്ടപ്പെടുത്തി. പഠനത്തിൽ ശ്രദ്ധ കുറഞ്ഞു. സുഹൃത്തുക്കളുമൊത്ത് ചുറ്റിക്കറങ്ങി. വീഡിയോ ഗെയിമിൽ ആകൃഷ്ടനായി. മുത്തച്ഛൻ സു പെംഗിന്റെ മാതാപിതാക്കളെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി. സു പെംഗിന്റെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിയ്ക്കാൻ വേണ്ടി സു പെംഗിന്റെ അമ്മ ജോലിയ്ക്കു പോകുന്നതു നിർത്തിയപ്പോൾ കുടുംബത്തിന്റെ വരുമാനം കുറഞ്ഞു. അമ്മയെ പ്രീതിപ്പെടുത്താൻ വേണ്ടി സു ശ്രമിച്ചെങ്കിലും, ഹൈസ്കൂൾ പ്രവേശനപരീക്ഷയിൽ സു വീണ്ടും പതറി. ആ പ്രദേശത്തെ ഏറ്റവും നല്ല ഹൈസ്കൂളിൽ പ്രവേശനം കിട്ടാനുള്ള അർഹത ഇല്ലാതായി. നീരസപ്പെട്ട അമ്മ സുവിനോട് ദിവസങ്ങളോളം സംസാരിയ്ക്കാതിരുന്നു. ഹൈസ്കൂളിൽ പ്രവേശനം കിട്ടാനുള്ള മാർഗ്ഗങ്ങളില്ലാതായപ്പോൾ സു മാവോതൻ‌ച്യാങ്ങിലേയ്ക്കു തിരിഞ്ഞു. സ്കൂൾ വളരെ കർശനമായിരുന്നു എന്നു മാത്രമേ എനിയ്ക്കറിയാമായിരുന്നുള്ളു,” സു എന്നോടു പറഞ്ഞു. സ്കൂളിന്റെ കാർക്കശ്യം മൂലം ചില വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു എന്നും കേട്ടിരുന്നു. അത്തരമൊരു സ്കൂളിൽ മാത്രമേ എന്റെ പഠനം നടക്കുകയുള്ളു എന്നെനിയ്ക്കു ബോദ്ധ്യമായി. മറ്റൊരു തരത്തിലും ഞാൻ അച്ചടക്കമുള്ളവനാകുകയില്ല എന്നെനിയ്ക്ക് ഉറപ്പായിരുന്നു.
മാവോതൻ‌ച്യാങ്ങിൽ എത്തിയ സു അധികനാൾ കഴിയും മുൻപു തന്നെ തന്റെ അദ്ധ്യാപകർക്ക് ആവശ്യത്തിനുള്ള ക്രൂരതയുണ്ടായിരുന്നില്ല എന്നു തീരുമാനിച്ചു. വിജയശതമാനം ഉയർത്തുകയായിരുന്നു സ്കൂളിന്റെ മുഖ്യലക്ഷ്യം. സ്കൂളിന്റെ ഖ്യാതിയും അതിലായിരുന്നു. പക്ഷേ ആ ലക്ഷ്യത്തിന് ഒരു ന്യൂനതയുണ്ടായിരുന്നു. താഴ്ന്ന നിലവാരത്തിലുള്ള വിദ്യാർത്ഥികളെ രണ്ടാംകിട, മൂന്നാംകിട സർവ്വകലാശാലകളിൽ പ്രവേശനത്തിന് ആവശ്യമുള്ള മിനിമം സ്കോർ കടത്തിവിടാനായിരുന്നു അദ്ധ്യാപകരുടെ തീവ്രപ്രയത്നം മുഴുവനും. സകലരേയും ആ തലത്തിനു മുകളിലെത്തിയ്ക്കുന്നതിലായിരുന്നു അവരുടെ ഊന്നൽ,” സു പറഞ്ഞു. പക്ഷേ, പാസ്സാകാൻ മതിയായ സ്കോറുകൾ നിങ്ങൾക്കു കിട്ടിക്കഴിഞ്ഞാൽ, നിങ്ങളെ ശ്രദ്ധിയ്ക്കുന്നത് അവർ നിർത്തുന്നു.ആദ്യത്തെ രണ്ടു കൊല്ലത്തിനിടയിൽ ഭ്രാന്തമായ സ്വയനിയന്ത്രണം വികസിപ്പിച്ചെടുക്കാൻ സു തീരുമാനിച്ചു. ക്ലാസ്സുകൾക്കിടയിലുള്ള നിമിഷങ്ങളിൽ, ശൌചാലയത്തിനുള്ളിൽ, കഫെറ്റീരിയയിൽ, അങ്ങനെ അധികം കിട്ടിയ നിമിഷങ്ങൾ പോലും സു പഠനം കൊണ്ടു നിറച്ചു. രാത്രിയിൽ, പതിനൊന്നരയ്ക്ക് ലൈറ്റുകൾ അണഞ്ഞ ശേഷം ബാറ്ററിവിളക്കുപയോഗിച്ച് സു പഠനം തുടർന്നു.
മാവോതൻ‌ച്യാങ്ങിൽ സുവിന്റെ മൂന്നാം വർഷത്തിൽ അമ്മ സുവിനോടൊപ്പം പട്ടണത്തിലെ ഒരു വാടകമുറിയിൽ താമസിയ്ക്കാൻ തുടങ്ങിയപ്പോൾ സുവിന്റെ ടെസ്റ്റ് സ്കോറുകൾ ഉയർന്ന് ആയിരങ്ങളിൽ ആദ്യമായെത്തിച്ചേർന്നു. ബെയ്ജിംഗിലെ പ്രശസ്തമായ സിങ്ഹ്വാ സർവ്വകലാശാലയിൽ പ്രവേശനം സിദ്ധിയ്ക്കുന്ന മാവോതൻ‌ച്യാങ്ങിൽ നിന്നുള്ള പ്രഥമ വിദ്യാർത്ഥിയാകാനുള്ള സാദ്ധ്യത കാണുന്നുണ്ടെന്ന് 2013ലെ വസന്തത്തിന്റെ തുടക്കത്തിൽ സുവിന്റെ മുഖ്യ അദ്ധ്യാപകൻ സുവിനോടു പറഞ്ഞു. സിങ്ഹ്വാ സർവ്വകലാശാല ചൈനയിലെ എം ഐ ടി എന്നറിയപ്പെടുന്നു. രണ്ടാം കിട സർവ്വകലാശാലകളിലേയ്ക്ക് ധാരാളം കുട്ടികളെ സ്ഥിരമായി ലഭ്യമാക്കുന്ന ഒരു സ്കൂൾ എന്ന പ്രശസ്തി മാവോതൻ‌ച്യാങ്ങിനു വർഷങ്ങളായി കൈവന്നു കഴിഞ്ഞിരുന്നു. ചൈനയിലെ ഒന്നാം കിട സർവ്വകലാശാലകളിൽ ഏതിലെങ്കിലും മാവോതൻ‌ച്യാങ്ങിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയ്ക്കെങ്കിലും പ്രവേശനം കിട്ടിക്കാണാൻ സ്കൂൾ ഭരണാധികാരികൾ അതിയായി ആഗ്രഹിയ്ക്കുന്നെന്നും, അതിനായി വലിയൊരു തുക പാരിതോഷികമായി നൽകാൻ തീരുമാനിച്ചിരിയ്ക്കുന്നെന്നും അദ്ധ്യാപകൻ സുവിനോടു പറഞ്ഞു. അൻപതിനായിരം ഡോളറായിരിയ്ക്കും ആ തുകയെന്നും ആ തുക സുവിന്റെ കുടുംബത്തിനും മിഡിൽ സ്കൂളിനും മാവോതൻ‌ച്യാങ്ങിലെ സുവിന്റെ അദ്ധ്യാപകർക്കും തുല്യമായി വീതിയ്ക്കുമെന്നും അദ്ധ്യാപകൻ അറിയിച്ചു.
ഗ്യാവോകാവോയ്ക്കു മുൻപ് ലുവാൻ നഗരത്തിലെ പരീക്ഷാകേന്ദ്രത്തിനടുത്തുള്ള ഒരു ഹോട്ടലിൽ സു മുറിയെടുത്തു താമസിച്ചു. നാല്പത്തെട്ടു മണിക്കൂർ സമയം സു മുറിയിൽ നിന്നു പുറത്തിറങ്ങിയില്ല. എനിയ്ക്കു ഭ്രാന്തായി എന്നു പോലും എന്റെ മാതാപിതാക്കൾ സംശയിച്ചു,” സു എന്നോടു പറഞ്ഞു. മുറിയിൽ നിന്നു താഴെ വരാൻ ഞാനെന്തുകൊണ്ടു വിസമ്മതിച്ചെന്ന് അവർക്കു മനസ്സിലായില്ല. പക്ഷേ ഒളിമ്പിക്സിനു വേണ്ടി പരിശീലനം നടത്തുന്നതു പോലെ തന്നെയാണ് ഗ്യാവോകാവോയ്ക്കുള്ള പാഠങ്ങൾ ഹൃദിസ്ഥമാക്കുന്നതും. പഠനത്തിന്റെ വേഗത ഒട്ടും കുറയാതെ നോക്കണം. ഒന്നോ രണ്ടോ ദിവസം വിട്ടുകളഞ്ഞാൽ നിങ്ങളുടെ സ്പീഡ് വളരെ കുറഞ്ഞുപോകും.അധികശ്രമം നടത്തിയത് സുവിനു സഹായകമായിത്തീർന്നിരിയ്ക്കണം. ഗ്യാവോകാവോയ്ക്കു കിട്ടാവുന്നതും എന്നാൽ ഒരിയ്ക്കലും ആർക്കും കിട്ടിയിട്ടില്ലാത്തതുമായ 750 മാർക്കിൽ 643 മാർക്ക് സുവിനു കിട്ടി. സിങ്ഹ്വാ യൂണിവേഴ്സിറ്റിയിൽ പ്രവേശനം കിട്ടാൻ വേണ്ടി ആങ്ഹുവെയ് പ്രവിശ്യയിൽ നിന്നുള്ള സയൻസു വിദ്യാർത്ഥികൾക്ക് കിട്ടിയിരിയ്ക്കേണ്ട മിനിമം മാർക്ക് 641 ആയിരുന്നു. രണ്ടു മാർക്ക് സുവിന് അധികം കിട്ടി. സിങ്ഹ്വയിൽ പ്രവേശനവും കിട്ടി.
സുവിന്റെ നേട്ടം മാവോതൻ‌ച്യാങ്ങിൽ വളരെ പ്രസിദ്ധമായിത്തീർന്നു. ഒരു ആരാധനാമൂർത്തിയായാണ് യാങ്ങ് സുവിനെ വീക്ഷിയ്ക്കുന്നത്. മുൻ കൊല്ലം അമ്മയോടൊത്ത് സു താമസിച്ച ചെറു മുറി ഷുവാൻ‌ഗ്യുവാൻ മുറിഎന്ന പേരിൽ പ്രസിദ്ധമായിത്തീർന്നു. മുറിയ്ക്കു നൽകിയ പേരിൽ, പ്രാചീനകാലം മുതൽ നടന്നു പോന്നിരുന്ന കേജു പരീക്ഷയുടെ ചരിത്രത്തിൽ ഏറ്റവുമുയർന്ന സ്കോർ നേടിയ വിദ്യാർത്ഥിയോടുള്ള ആദരവും പ്രതിഫലിച്ചിരുന്നു. പ്രത്യേകം തെരഞ്ഞെടുത്ത മുന്നൂറു വിദ്യാർത്ഥികൾക്കായി പ്രചോദിപ്പിയ്ക്കുന്ന ഒരു പ്രസംഗം നടത്താൻ വേണ്ടി മാവോതൻ‌ച്യാങ്ങ് സ്കൂൾ ഭരണാധികാരികൾ സുവിനെ തിരികെ സ്കൂൾ ക്യാമ്പസ്സിലേയ്ക്കു കൊണ്ടുവന്നു. അവരെല്ലാവരും ഓരോ ക്ലാസ്സിലേയും ഏറ്റവുമുയർന്ന മാർക്കു നേടിയവരായിരുന്നു. മാതൃഭൂമിയ്ക്കുവേണ്ടി സ്വജീവൻ ബലികഴിച്ച, നിസ്സ്വാർത്ഥനായൊരു മാതൃകായോദ്ധാവായിരുന്ന ലെയ് ഫെങ്ങിന്റെ ചരിത്രം പഠിയ്ക്കാൻ എപ്പോഴും ചൈനീസ് ജനത ആഹ്വാനം ചെയ്യപ്പെടുന്നു. അതേ പോലെ, സു പെംഗിനെ മാതൃകയാക്കാനാണ് മാവോതൻ‌ച്യാങ്ങിലെ വിദ്യാർത്ഥികൾ ആഹ്വാനം ചെയ്യപ്പെടുന്നത്.
കഴിഞ്ഞ വസന്തത്തിൽ, സുവിന്റെ പ്രഥമവർഷത്തിന്റെ അവസാനത്തോടടുത്ത് സിങ്ഹ്വാ ക്യാമ്പസ്സിലെ പുൽ‌പരപ്പിൽ വച്ച് ഞാൻ സുവിനെ കണ്ടു. മനോഹരമായ ആ ചുറ്റുപാടുമായി സു അപ്പോഴും ഇണങ്ങിച്ചേർന്നിട്ടില്ലെന്നു തോന്നി. യുവാവായ ഒരു ഗ്രാമവാസി. കനം കുറഞ്ഞൊരു ജാക്കറ്റു ധരിച്ച്, അതിന്റെ കൈകൾ മുട്ടിനു മുകളിലേയ്ക്ക് തെരുത്തു കയറ്റിവച്ചിരിയ്ക്കുന്നു. ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്ന വിദ്യാർത്ഥികളിൽ അനേകം പേർ ചൈനയിലെ സമ്പന്നകുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. ആധുനികലോകത്തെ പരിഷ്കൃതരായ യുവാക്കൾ. അവരുടെ പക്കൽ ഐഫോണും ഫ്രിക്വന്റ് ഫ്ലൈയർ കാർഡുകളുമുണ്ടായിരുന്നു. ഹാരി പോട്ടറേയും ദ ബിഗ് ബാങ്ങ് തിയറിയേയും കുറിച്ചുള്ള സൂക്ഷ്മവിവരങ്ങൾ പോലും അവർക്കറിയാമായിരുന്നു.
ഞാൻ കണ്ടുമുട്ടിയപ്പോൾ സു മെലിഞ്ഞിരുന്നു. സു തന്റെ വിദ്യാർത്ഥി ഐഡിയിലെ ഫോട്ടോ എന്നെ കാണിച്ചു തന്നു. അതിനു മുൻപുള്ള ശരത്കാലത്ത് എടുത്തിരുന്ന ആ ഫോട്ടോയിൽ സുവിന്റെ മുഖം ഉരുണ്ടതും മാംസളവുമായിരുന്നു. എന്റെ തൂക്കം ഏഴു കിലോ കുറഞ്ഞു” - പതിനഞ്ചു പൌണ്ട് - കാരണം എനിയ്ക്ക് ഇവിടുത്തെ ഭക്ഷണവുമായി പൊരുത്തപ്പെടാനാകുന്നില്ല,” സു പറഞ്ഞു. സർവ്വകലാശാലയിലെ സ്വതന്ത്രജീവിതവുമായി പരിചയപ്പെടാൻ സമയമെടുത്തു. ഇവിടെ നിയമങ്ങളൊന്നുമില്ല,” സു പറഞ്ഞു. പ്രഥമ സെമസ്റ്ററിൽ ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു. കാരണം, എന്തെല്ലാമാണു ചെയ്യേണ്ടതെന്ന് ആരുമെനിയ്ക്കു പറഞ്ഞുതന്നിരുന്നില്ല.”  എഞ്ചിനീയറിംഗിനു പഠിച്ചുകൊണ്ടിരിയ്ക്കുന്ന സു ഇപ്പോൾ പുതിയ കാര്യങ്ങൾ ആസ്വദിയ്ക്കാനും പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്: സ്നേഹിതരൊത്തു പുറത്തു പോകുക, സൌജന്യസേവനങ്ങൾ ചെയ്തു കൊടുക്കുക, ആഴ്ചയവസാനങ്ങൾ പാർക്കിൽ ചെലവഴിയ്ക്കുക, അങ്ങനെയങ്ങനെ. ഞാനിപ്പോഴും കഠിനമായി ജോലി ചെയ്യുന്നുണ്ട്”, സു പറഞ്ഞു. അമേരിക്കൻ ഐക്യനാടുകളിൽ ബിരുദധാരികൾക്കുള്ള കോഴ്സിൽ ചേർന്നു പഠിയ്ക്കണം എന്നാണ് സുവിന്റെ ആഗ്രഹം. പക്ഷേ, എനിയ്ക്കിപ്പോൾ സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യാനാകുന്നുണ്ട്.
ജൂണിൽ ഞാൻ മാവോതൻ‌ച്യാങ്ങിലേയ്ക്കു മടങ്ങിച്ചെന്നു. ഗ്യാവോകാവോയ്ക്കു വേണ്ടി വിദ്യാർത്ഥികളെല്ലാവരും സ്കൂൾ വിട്ടുപോകുന്നതിന്റെ തലേന്നു രാത്രി വായുവിൽ ഒഴുകിനടക്കുന്ന അനേകം കടലാസുറാന്തലുകൾ ഇരുണ്ട ആകാശത്തെ പ്രകാശമാനമാക്കി. ഓറഞ്ചു നിറത്തിലുള്ള ആ പ്രകാശഗോളങ്ങൾ ഉയർന്നുയർന്ന് ആകാശത്ത് പ്രതീക്ഷകളുടെ ഒരു നക്ഷത്രജാലം സൃഷ്ടിച്ചു. കടലാസുറാന്തലുകളുടെ ഉറവിടം ഞാൻ കണ്ടെത്തി. സ്കൂളിന്റെ ഒരു വശത്തുള്ള ഗേറ്റിനടുത്ത് തുറന്നുകിടക്കുന്ന കുറച്ചു സ്ഥലമുണ്ടായിരുന്നു. അവിടെ കുറേ കുടുംബങ്ങൾ കടലാസുറാന്തലുകൾക്കകത്ത് എണ്ണയിൽ മുക്കിയ തുണിത്തിരികൾ കത്തിച്ചു വച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. റാന്തലിനകത്തെ വായു ചൂടുപിടിച്ച് റാന്തലുയരുമ്പോൾ കുടുംബങ്ങളുടെ പ്രാർത്ഥനകളും ഉയരുന്നു. എന്റെ മകനെ വര കടത്തിവിടണേ!ഒരമ്മ ഉറക്കെ പ്രാർത്ഥിച്ചു.
പ്രകാശിയ്ക്കുന്ന കടലാസുറാന്തലുകൾ തടസ്സമൊന്നും കൂടാതെ ആകാശത്തേയ്ക്കുയർന്നപ്പോൾ കുടുംബങ്ങൾ ആഹ്ലാദംകൊണ്ട് ആർത്തുവിളിച്ചു. റാന്തലുകളിൽ ഒരെണ്ണം വൈദ്യുതക്കമ്പികളിൽ ഉടക്കിക്കിടന്നു പോയി. ആ റാന്തൽ മുകളിലേയ്ക്കയച്ച അമ്മ നിരാശയായി. കാരണം, ആ പ്രദേശത്തെ വിശ്വാസങ്ങളനുസരിച്ച് അത് ഒരശുഭചിഹ്നമായിരുന്നു: ഗ്യാവോകാവോയിൽ അവരുടെ മകൻ പാസ്സാകുകയില്ല എന്നതിന്റെ അടയാളമായിരിയ്ക്കാം അതെന്ന് അവർ ഭയന്നു.
പരീക്ഷാപരിശീലനത്തെ കേവലം യാന്ത്രികമായി പാഠങ്ങൾ ഹൃദിസ്ഥമാക്കലും പഠിച്ചവ തന്നെ ആവർത്തിയ്ക്കലുമാക്കി മാറ്റിയ പട്ടണമായിരുന്നു അതെങ്കിലും മാവോതൻ‌ച്യാങ്ങ് വിശ്വാസത്തിന്റേയും അന്ധവിശ്വാസത്തിന്റേയും രംഗം കൂടിയായിരുന്നു. ഭൂരിഭാഗം വിദ്യാർത്ഥികളും എന്തെങ്കിലും തരത്തിലുള്ള ഭാഗ്യചിഹ്നം അണിഞ്ഞിരുന്നു. അതു ചിലപ്പോൾ ചുവന്ന അടിവസ്ത്രമായിരിയ്ക്കാം (ചുവപ്പു വസ്ത്രം ഭാഗ്യമുള്ളതാണെന്നു വിശ്വസിയ്ക്കപ്പെടുന്നു), ആന്റാ എന്നൊരു കമ്പനി നിർമ്മിച്ച ഷൂകളായിരിയ്ക്കാം (ആ കമ്പനിയുടെ ചിഹ്നം ശരിഎന്ന ടിക് മാർക്കായിരുന്നു; ഇതൊരു ശരിയുത്തരത്തെ സൂചിപ്പിച്ചു.), അല്ലെങ്കിൽ സ്കൂൾ ഗേറ്റിനു പുറത്തുള്ള കച്ചവടക്കാരിൽ നിന്നു വാങ്ങിയ, ബുദ്ധിയെ ഉത്തേജിപ്പിയ്ക്കുന്ന ചായയുമാകാം. പട്ടണത്തിലെ ഏറ്റവുമധികം വില്പനയുള്ള പോഷകപദാർത്ഥങ്ങൾ ക്ലിയർ മൈൻഡ്, സിക്സ് വാൽനട്ട്സ് എന്നിവയായിരുന്നു. (നട്ടുകൾ അഥവാ അണ്ടിപ്പരിപ്പുകൾക്ക് തലച്ചോറിന്റെ ആകൃതിയുള്ളതുകൊണ്ട് അവ ബുദ്ധിശക്തി വർദ്ധിപ്പിയ്ക്കും എന്ന വിശ്വാസവും വ്യാപകമായുണ്ട്. യാങ്ങിന്റെ മാതാപിതാക്കൾ വലുതായ അന്ധവിശ്വാസങ്ങളുള്ളവരായി തോന്നിയില്ല. പക്ഷേ, നിഗൂഢതയുള്ള വൃക്ഷത്തിന്റേയും അതിന്റെ ചുവട്ടിലെ മൂന്നടി ഉയരമുള്ള ചാരക്കുന്നിന്റേയും സമീപത്തുതന്നെയായിരുന്നു അവർ മുറിയെടുത്തിരുന്നത്. വൃക്ഷത്തോടു നിങ്ങൾ പ്രാർത്ഥിയ്ക്കുന്നില്ലെങ്കിൽ പരീക്ഷയിൽ നിങ്ങൾക്കു ജയിയ്ക്കാനാവില്ല,” യാങ്ങ് പറഞ്ഞു. അത് ആ പ്രദേശത്തു നിലവിലിരുന്നിരുന്നൊരു പഴഞ്ചൊല്ലായിരുന്നു.
യാങ്ങിന്റെ മുറിയിൽ നിന്ന് അല്പമകലെ, ഇടവഴിയിലൊരിടത്ത്, ഒരു സ്റ്റൂളിന്മേൽ ഒരു ജ്യോതിഷി ഇരിയ്ക്കുന്നതു കണ്ടു. തൊട്ടടുത്ത് ഒരു ക്യാൻ‌വാസ് ചാർട്ട് നിവർത്തി വച്ചിരിയ്ക്കുന്നു. 3.40 ഡോളർ കൊടുത്താൽ, പാകമല്ലാത്തൊരു പിൻസ്ട്രൈപ്പ് സ്യൂട്ടു ധരിച്ചിരുന്ന ആ ജ്യോതിഷി ഭവിഷ്യം മുഴുവനും പ്രവചിച്ചു തരും: വിവാഹം, കുട്ടികൾ, മരണം - പിന്നെ ഗ്യാവോകാവോ സ്കോറും. കുറച്ചു ദിവസമായി കച്ചവടം നന്നായിട്ടുണ്ട്,” അർദ്ധസ്മിതത്തോടെ ജ്യോതിഷി പറഞ്ഞു. ഡയമണ്ടിന്റെ ഡിസൈനുകളുള്ള ആർഗൈൽ സ്വെറ്റർ ധരിച്ച, ചെയർമാൻ മാവോയുടെ രീതിയിൽ തലമുടി വെട്ടിയിരിയ്ക്കുന്ന, പ്രായം ചെന്ന ഒരാൾ ഞങ്ങളുടെ സംഭാഷണം കണ്ടുനിന്നു. അത് യാങ്ങ് ക്വിമിങ്ങ് ആയിരുന്നു. പെൻഷൻ പറ്റിയ ഒരു കെമിസ്ട്രി അദ്ധ്യാപകൻ. 1980ൽ അദ്ദേഹം മാവോതൻ‌ച്യാങ്ങ് സ്കൂളിൽ അദ്ധ്യാപകനായി ചേരുമ്പോൾ എണ്ണൂറു വിദ്യാർത്ഥികൾ മാത്രമുള്ള, സാമ്പത്തികപരാധീനതകളും സൌകര്യക്കുറവുകളുമുള്ള സ്ഥിതിയിലായിരുന്നു സ്കൂൾ. ഇന്നത്തെ വിപുലമായ സ്ഥാപനമായി സ്കൂൾ വളർന്നത് അദ്ദേഹം നോക്കിനിൽക്കെ ആയിരുന്നു. ഗ്രാമപ്രദേശങ്ങളിലുണ്ടായിരുന്ന സ്കൂളുകളിൽ മിയ്ക്കവയും ആ കാലഘട്ടത്തിൽ തളരുകയോ അടച്ചുപൂട്ടപ്പെടുകയോ ചെയ്തു. പക്ഷെ ആ പ്രതികൂലപരിതസ്ഥിതികളെ അതിജീവിച്ചുകൊണ്ട് മാവോതൻ‌ച്യാങ്ങ് അസാമാന്യവളർച്ച നേടുകയാണുണ്ടായത്. സ്കൂളിന്റെ വളർച്ചയെ പ്രശംസിയ്ക്കുന്നതിനിടയിലും യാങ്ങ് ക്വിമിങ്ങ് അന്ധമായ കാണാപ്പാഠം പഠിയ്ക്കലിനെ നിശിതമായി വിമർശിച്ചു. ഇത്തരം പഠനം കൊണ്ട് കുട്ടികളുടെ തലച്ചോറ് മരവിച്ചുപോകുന്നു,” അദ്ദേഹം പറഞ്ഞു. ഒരു പരീക്ഷയെഴുതേണ്ടത് എങ്ങനെയെന്ന് അവർക്കറിയാം, പക്ഷേ അവർക്ക് സ്വന്തം ചിന്താശക്തിയില്ലാതാകുന്നു.
ആ രാത്രി എല്ലാവരും മാവോതൻ‌ച്യാങ്ങിലെ തങ്ങളുടെ അന്തിമചടങ്ങുകൾ നിർവ്വഹിയ്ക്കുന്നതായി തോന്നി. സ്കൂൾ യൂണിഫോമണിഞ്ഞ രണ്ടു പെൺകുട്ടികൾ മാവോയുടെ പ്രതിമയിലേയ്ക്കുള്ള നീണ്ട ചവിട്ടുപടികൾ മുട്ടിന്മേൽ ഇഴഞ്ഞു കയറി. കനിവിന്നായി പ്രാർത്ഥിയ്ക്കുന്നതുപോലെ ഓരോ ചവിട്ടിന്മേലും അവർ ശിരസ്സുമുട്ടിച്ചു വണങ്ങി. പുണ്യവൃക്ഷത്തിനു മുൻപിൽ അനേകം ഭക്തർ - വിദ്യാർത്ഥികളും മാതാപിതാക്കളും ഒരുപോലെ - സുഗന്ധദ്രവ്യങ്ങളുടെ കെട്ടിന് ഒടുവിലത്തെ തവണ തീകൊളുത്തി. ആ തീ രാത്രി മുഴുവനും ആളിക്കത്തിക്കൊണ്ടിരിയ്ക്കും. ഗ്യാവോകാവോ പരീക്ഷയെഴുതാനുള്ള പതിനായിരത്തോളം വിദ്യാർത്ഥികളെ അടുത്ത പ്രഭാതത്തിൽ പരീക്ഷാകേന്ദ്രത്തിലെത്തിയ്ക്കാൻ വേണ്ടി ഡസൻ കണക്കിനു ബസ്സുകൾ അല്പമകലെ തയ്യാറായിക്കിടന്നു. എല്ലാ ബസ്സുകളുടേയും രജിസ്ട്രേഷൻ നമ്പറുകൾ എട്ട് എന്ന അക്കത്തിൽ അവസാനിച്ചിരുന്നു. എട്ട് ഏറ്റവും വലിയ ഭാഗ്യനമ്പറാണെന്നാണ് ചൈനക്കാരുടെ വിശ്വാസം.
തനിയ്ക്കു വലിയ ഭാഗ്യമുള്ളതായി യാങ്ങിന് എന്തുകൊണ്ടോ തോന്നുന്നുണ്ടായിരുന്നില്ല. യാങ്ങിന്റെ മന്ദഹാസം അപ്രത്യക്ഷമായിരുന്നു. ബാസ്കറ്റ്ബാളിനെപ്പറ്റിയും ഷാങ്ഹായിയിലെ കസിനോടൊപ്പം ചേരുന്നതിനെപ്പറ്റിയും യാങ്ങ് പറയാറുണ്ടായിരുന്ന കളിതമാശകളും നിലച്ചു. യാങ്ങിന്റെ അമ്മയും പൊയ്ക്കഴിഞ്ഞിരുന്നു. അവരുടെ ഉത്കണ്ഠ യാങ്ങിന്റെ പരിഭ്രമം വർദ്ധിപ്പിയ്ക്കുകയും ഇടയ്ക്കിടെ യാങ്ങിനെ അസ്വസ്ഥനാക്കുകയും ചെയ്തു. അതുകൊണ്ട്, അവസാനത്തെ ആഴ്ചകളിൽ അമ്മയ്ക്കു പകരമായി കൂടെ വന്നു നിൽക്കാമോയെന്ന് യാങ്ങ് മുത്തച്ഛനോടു ചോദിച്ചിരുന്നു. ഇപ്പോളിനിയാകെ ഒരു ദിവസം മാത്രം അവശേഷിച്ചിരിയ്ക്കെ, പഠനത്തിനല്ലാതെ മറ്റൊന്നിനും യാങ്ങിനു സമയമില്ല. വർഷങ്ങളായി നടത്തിപ്പോന്ന, വിരാമമില്ലാത്ത ശ്രമങ്ങളുടെ ഫലത്തെപ്പറ്റി യാങ്ങിന്റെ തന്നെ വിലയിരുത്തൽ ഏകദേശം തീർത്തിട്ടുണ്ട്” എന്നു മാത്രമായിരുന്നു.
ല്യുവാൻ നഗരത്തിലെ പരീക്ഷാകേന്ദ്രത്തിനടുത്തു തന്നെ എടുത്തിരുന്ന ഒരു വാടകമുറിയിലേയ്ക്ക് യാങ്ങിനെ കൊണ്ടു പോകുന്നതിനായി യാങ്ങിന്റെ മാതാപിതാക്കൾ യുവെജിനിലെ തങ്ങളുടെ ഭവനത്തിൽ നിന്ന് അടുത്ത ദിവസം നേരം പുലരും മുൻപുതന്നെ വാഹനമോടിച്ചെത്തി. പട്ടണത്തിനു പുറത്തുള്ളൊരു ഹോട്ടലിലായിരുന്നു ഞാൻ തലേന്നു രാത്രി താമസിച്ചിരുന്നത്. ഹോട്ടലിൽ നിന്ന് മാവോതൻ‌ച്യാങ്ങിലേയ്ക്ക് തങ്ങളുടെ മിനിവാനിൽ തങ്ങളോടൊപ്പം സഞ്ചരിയ്ക്കാൻ അവരെന്നെ ക്ഷണിച്ചു. പീച്ചുപഴങ്ങൾ കൊണ്ടുപോകാനുപയോഗിച്ചിരുന്ന ആ വാനിൽ ചെളിപുരണ്ടിരുന്നു. ക്യാബിനിൽ പിൻസീറ്റുകളുണ്ടായിരുന്നില്ല. വാനിന്റെ വിചിത്രമായ ആകൃതി മൂലം മിയാൻബാവോ ചെഅഥവാ റൊട്ടിക്കഷ്ണട്രക്ക്എന്നായിരുന്നു അത്തരം വാനുകൾ ചൈനയിൽ അറിയപ്പെട്ടിരുന്നത്. വാനിൽ ചരക്കുകയറ്റാനുള്ളിടത്ത് യാങ്ങിന്റെ അച്ഛൻ എനിയ്ക്കൊരു മരക്കസേര ഇട്ടു തന്നു. ഞാനതിൽ കയറിയിരുന്നു. യാങ്ങിന്റെ അച്ഛൻ വാഹനമോടിയ്ക്കവെ സമീപത്ത് യാങ്ങിന്റെ അമ്മ ഉൽക്കണ്ഠയോടെ, നിശ്ശബ്ദയായി ഇരുന്നു. വാഹനം വളവുകൾ തിരിഞ്ഞപ്പോൾ ഞാൻ എന്റെ കസേരയോടൊപ്പം അങ്ങോട്ടുമിങ്ങോട്ടും ഇഴുകിനടന്നു. ആ സമയത്ത് യാങ്ങിന്റെ അച്ഛൻ താൻ ‘ബിഗ് ലവ്’ എന്ന അരുമപ്പേരിട്ടു കൃഷിചെയ്യുന്ന കാലിഫോർണിയാപീച്ചുപഴങ്ങളെപ്പറ്റി വർണ്ണിച്ചുകൊണ്ടിരുന്നു.
തങ്ങളുടെ മക്കൾ ഗ്യാവോകാവോ പാസ്സാകാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിയ്ക്കാൻ വേണ്ടി എന്തിനും തയ്യാറാണ് മാവോതൻ‌ച്യാങ്ങിൽ താമസിയ്ക്കാൻ വരുന്ന പതിനായിരത്തോളം മാതാപിതാക്കൾ. ലിന്നിനെപ്പോലുള്ള അനേകം അമ്മമാർക്ക് ഔപചാരികവിദ്യാഭ്യാസം സിദ്ധിച്ചിട്ടേയില്ല. എങ്കിലും വിദ്യാർത്ഥികളുടെ ഉറക്കസമയത്ത് ടെലിവിഷൻ കാണാനും അലക്കുപണി നടത്താനും പാത്രങ്ങൾ കഴുകാനും പാടില്ലെന്ന അലിഖിതനിയമങ്ങൾ ഏറ്റവും കർക്കശമായി നടപ്പിൽ വരുത്തുന്നത് ഈ അമ്മമാർ തന്നെയാണ്. ഏതാനും വർഷം മുൻപ് പട്ടണത്തിൽ ഒരു ഇന്റർനെറ്റ് കഫേ തുറന്നു. വിദ്യാർത്ഥികളുടെ ശ്രദ്ധ പഠനത്തിൽ നിന്നു തിരിയാൻ അതിടയാക്കിയേയ്ക്കുമെന്ന ഭീതിയുയർന്നപ്പോൾ അമ്മമാർ സ്കൂളുമായി സഹകരിച്ച് ഇന്റർനെറ്റ് കഫേയെ ഫലപ്രദമായി ബോയ്ക്കോട്ടു ചെയ്യിച്ചു. അധികം കഴിയും മുൻപേ ഇന്റർനെറ്റ് കഫേ അടച്ചുപൂട്ടുകയും ചെയ്തു. ഒരിയ്ക്കൽ യാങ്ങിന്റെ സ്കോർ ഇടിഞ്ഞപ്പോൾ യാങ്ങിന്റെ അമ്മ യാങ്ങിന്റെ സെൽ ഫോൺ പിടിച്ചെടുക്കുകയും രാത്രിയേറെച്ചെല്ലുന്നതു വരെ പഠിയ്ക്കാൻ യാങ്ങിനെ നിർബന്ധിയ്ക്കുകയും ചെയ്തു. രാത്രി യാങ്ങ് പഠിച്ചുകൊണ്ടിരിയ്ക്കെ, യാങ്ങിന്റെ അമ്മ ഉണർന്നിരുന്ന് ചിത്രശലഭത്തിന്റേയും മത്സ്യങ്ങളുടേയും ഡിസൈനുകളോടുകൂടിയ സ്ലിപ്പറുകൾ സൂചിയും നൂലും കൊണ്ടു നെയ്തുണ്ടാക്കി. പകൽ‌സമയത്തെ പാചകം യാങ്ങിന്റെ ഇടവേളകൾക്കൊപ്പിച്ചു ക്രമീകരിച്ചു. അതുകൊണ്ട് ആഹാരം കഴിയ്ക്കാൻ വേണ്ടി യാങ്ങിന് വിലപ്പെട്ട പഠനസമയം ഒരു മിനിറ്റു പോലും പാഴാക്കിക്കളയേണ്ടി വന്നില്ല. നമുക്കു ചെയ്യാനാകുന്നതെല്ലാം നാം ചെയ്യണം,” ലിൻ പറഞ്ഞു. അല്ലെങ്കിൽ എല്ലാക്കാലവും നാം നമ്മെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിയ്ക്കും.
ഞങ്ങൾ മാവോതൻ‌ച്യാങ്ങിലെത്തിയപ്പോൾ വെളുപ്പിന് അഞ്ചുമണിയേ ആയിരുന്നുള്ളു. പക്ഷേ, പുണ്യവൃക്ഷത്തിനു ചുറ്റും അമ്മമാർ കൂട്ടം കൂടി നിന്നിരുന്നു. അവർ കത്തിച്ച സുഗന്ധദ്രവ്യക്കെട്ടുകളിൽ നിന്നും കൂമ്പാരം കൂടിക്കിടക്കുന്ന കനലുകളിൽ നിന്നുമുള്ള ചൂട് ശക്തമായിരുന്നതിനാൽ ഞങ്ങൾക്ക് യാങ്ങിന്റെ വാടക മുറിയിലേയ്ക്കു ചെന്നെത്താൻ ബുദ്ധിമുട്ടേണ്ടി വന്നു. യാങ്ങിന്റെ അമ്മയും സുഗന്ധദ്രവ്യക്കോലുകൾക്കു തീകൊളുത്തി ചാരക്കൂമ്പാരത്തിൽ തറച്ചുനിർത്തുകയും ശിരസ്സ് മുൻപോട്ടും പുറകോട്ടും ചലിപ്പിച്ച് ഭക്തിയോടെ പ്രാർത്ഥിയ്ക്കുകയും ചെയ്തു. അവരുടെ സമീപത്ത്, മറ്റൊരു സ്ത്രീ മുട്ടകൾ നിറച്ച ഒരു സഞ്ചി കനൽക്കൂമ്പാരത്തിൽ നിന്നുള്ള പുകയിൽ പല തവണ ആട്ടി. ശിരസ്സിന്റെ ആകൃതിയുള്ളതുകൊണ്ട് മുട്ടകൾ ബുദ്ധിശക്തിയുടെ ചിഹ്നമാണെന്നാണു വിശ്വാസം.
യാങ്ങിന്റെ അമ്മ ജനലിൽ മുട്ടിയപ്പോൾ യാങ്ങ് ഉണരുന്നേയുണ്ടായിരുന്നുള്ളു. യാങ്ങിന്റെ ലഗ്ഗേജ് തലേന്നു രാത്രി തന്നെ പായ്ക്കു ചെയ്തു കഴിഞ്ഞിരുന്നു. ഒരു ചെറിയ ബാഗു നിറയെ വസ്ത്രങ്ങൾ. വലിയൊരു ബാഗു നിറയെ പുസ്തകങ്ങൾ. യാങ്ങിന്റെ മുത്തച്ഛൻ അസ്വസ്ഥനായിരുന്നു. നൂറുകണക്കിനു കാറുകളും ബസ്സുകളും പട്ടണത്തിൽ ഗതാഗതക്കുരുക്കുകൾ സൃഷ്ടിയ്ക്കുന്നതിനു മുൻപു തന്നെ സ്ഥലം വിടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അസ്വസ്ഥതയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഞാനുമായി സംസാരിച്ചാൽ അദ്ദേഹത്തിന് ആപത്തുകളുണ്ടാകുമെന്ന് ആരോ ഒരാൾ - സ്കൂളിലെ ഉദ്യോഗസ്ഥനോ? ഒരയൽ‌വാസിയോ? - താക്കീതു നൽകിയിരുന്നു. സ്വന്തം വിജയത്തെപ്പറ്റി ഒരു വർഷത്തോളം ചൈനീസ് പത്രമാദ്ധ്യമത്തിലൂടെ, ശബ്ദകോലാഹലത്തോടെ പൊതുജനത്തെ വിളിച്ചറിയിച്ചുകൊണ്ടിരുന്ന മാവോതൻ‌ച്യാങ്ങ് ഇപ്പോൾ പ്രസിദ്ധി അധികം വേണ്ടെന്ന നിലപാടിലേയ്ക്കു പിൻ‌വാങ്ങിയിരിയ്ക്കുന്നു. പന്നി തടിച്ചുകൊഴുക്കുന്നതു ഭയപ്പെടുന്നതുപോലെ ജനങ്ങൾ പ്രസിദ്ധിയെ ഭയപ്പെടുന്നുഎന്ന അർത്ഥം വരുന്ന ഒരു ചൈനീസ് ചൊല്ലുണ്ടത്രെ. വിറയാർന്ന ശബ്ദത്തോടെ യാങ്ങിന്റെ മുത്തച്ഛൻ എന്നോടു പോകാൻ പറഞ്ഞു. ഞാൻ ആ കുടുംബത്തോടു യാത്ര പറഞ്ഞു. യാങ്ങിന്റെ ഗ്യാവോകാവോ യാത്രയ്ക്കു വേണ്ടി അവരെല്ലാവരും റൊട്ടിക്കഷ്ണട്രക്കിൽകയറുന്നത് ഞാൻ അല്പമകലെ നോക്കി നിന്നു. അവരെന്നെ കടന്നു പോകുമ്പോൾ യാങ്ങിന്റെ അച്ഛൻ ഹോൺ ശബ്ദിപ്പിച്ചു.
മൂന്നു മണിക്കൂർ കഴിഞ്ഞ്, കൃത്യം 8:08ന്, ബസ്സുകളുടെ ആദ്യസംഘം മാവോതൻ‌ച്യാങ്ങ് ഹൈസ്കൂളിന്റെ ഗേറ്റു കടന്ന് പുറത്ത് ആഹ്ലാദാരവം മുഴക്കിക്കൊണ്ടിരുന്ന മാതാപിതാക്കളുടേയും പട്ടണവാസികളുടേയും മദ്ധ്യത്തിലൂടെ യാത്രയാരംഭിച്ചു. മുൻ കാലങ്ങളിൽ ഈ ഘോഷയാത്രയോടൊപ്പം പെരുമ്പറമുഴക്കവും വെടിക്കെട്ടും ഉണ്ടാകാറുണ്ടായിരുന്നു. ഇത്തവണ സ്കൂളിന്റെ അഭ്യർത്ഥനപ്രകാരം ആഘോഷങ്ങൾ ലളിതമാക്കിയിരുന്നു. എങ്കിലും ചില ആചാരങ്ങൾ തുടരുകതന്നെ ചെയ്തു. സംഘത്തെ നയിച്ച ബസ്സിലെ ഡ്രൈവർ കുതിരയുടെ വർഷത്തിൽ ജനിച്ചയാളായിരുന്നു. കുതിരയുടെ വർഷത്തിൽ ജന്മമെടുത്ത ഡ്രൈവർക്ക് സംഘത്തിന്റെ നേതൃത്വം നൽകിയത് നടപ്പു വർഷത്തെപ്പറ്റിയുള്ള സൂചന മാത്രമായിരുന്നില്ല. മാ ഡാവോ ചെങ് ഗോങ്ങ്എന്ന ചൈനീസ് പഴഞ്ചൊല്ലിനേയും അത് അർത്ഥമാക്കിയിരുന്നു. കുതിരയുടെ ആഗമനത്തോടെ വിജയംഎന്നാണ് ആ പഴഞ്ചൊല്ലിന്റെ അർത്ഥം. ദിവസത്തിന്റെ അന്ത്യത്തോടെ മാവോതൻ‌ച്യാങ്ങ് ശൂന്യമാകും. വിദ്യാർത്ഥികളും മാതാപിതാക്കളും അവരെ ആശ്രയിച്ചിരുന്ന വ്യാപാരികളുമെല്ലാം അപ്പോഴേയ്ക്ക് ഒഴിഞ്ഞുപോയിട്ടുമുണ്ടാകും.
ആഴ്ചകൾക്കു ശേഷം ഗ്യാവോകാവോ പരീക്ഷാഫലം പുറത്തുവന്നപ്പോൾ ഞാൻ യാങ്ങിനെ വിളിച്ചു. യാങ്ങ് പരീക്ഷയിൽ ശോഭിച്ചുകാണില്ലെന്നും എന്റെ സാന്നിദ്ധ്യവും അതിനുള്ള കാരണങ്ങളിൽ ഒന്നായിരുന്നിരിയ്ക്കാമെന്നും ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം ഞാൻ ഭയന്നിരുന്നു. എന്നാൽ യാങ്ങ് ഉത്സാഹഭരിതനായിരുന്നു. സമീപകാലത്തെ പരിശീലനപ്പരീക്ഷകളിൽ നേടിയിരുന്നതിനേക്കാൾ വളരെ മികച്ച സ്കോറുകൾ ഗ്യാവോകാവോയിൽ യാങ്ങിനു നേടാനായി. യാങ്ങ് സ്വപ്നം കണ്ടിരുന്ന ഷാങ്ഹായിയിലെ ഒന്നാംകിട സർവ്വകലാശാലകളിൽ പ്രവേശനം സിദ്ധിയ്ക്കാൻ മതിയായതായിരുന്നില്ല ആ സ്കോറുകൾ. എന്നാലവ ആങ്ഹുവെയ് പ്രവിശ്യയിലെ ഏറ്റവും നല്ല രണ്ടാംകിട സർവ്വകലാശാലകളിലൊന്നിൽ പ്രവേശനം സിദ്ധിയ്ക്കാൻ മതിയായതായിരുന്നു. ബിരുദം നേടിക്കഴിയുമ്പോൾ ഒരു ജോലി കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും മാവോതൻ‌ച്യാങ്ങ് ഹൈസ്കൂളിനും തന്റെ ഗ്രാമത്തിലെ ഇടുങ്ങിയ സ്കൂളിനും പുറത്തുള്ള ലോകത്തെപ്പറ്റി അറിയാനുള്ള അതിയായ ആകാംക്ഷ യാങ്ങിനുണ്ടായിരുന്നു. സ്കൂളിൽ ഞാൻ സയൻസു പഠിച്ചു. പക്ഷേ, കലയും സംഗീതവും എഴുത്തും അതുപോലുള്ള സർഗ്ഗാത്മകപ്രവർത്തനങ്ങളുമാണ് ഞാനിഷ്ടപ്പെടുന്നത് എന്നതാണു സത്യം,” യാങ്ങു പറഞ്ഞു. ഗ്യാവോകാവോ പരീക്ഷയെഴുതുന്നതിലുപരിയായി അധികമൊന്നും അറിവില്ലാത്ത എന്നെപ്പോലുള്ള ഒരുപാടു വിദ്യാർത്ഥികളുണ്ടെന്നു ഞാൻ കരുതുന്നു.യാങ്ങിന് ഒന്നറിയാം: തന്റെ മാതാപിതാക്കൾ ബിഗ് ലവ് ഫാമിൽ നയിയ്ക്കുന്ന ജീവിതത്തിൽ നിന്നും വളരെ വ്യത്യസ്തമായിരിയ്ക്കും തന്റെ ജീവിതം.
ആ ദിവസം കിട്ടിയ എല്ലാ വാർത്തകളും ഒരേ പോലെ ആഹ്ലാദപ്രദമായിരുന്നില്ല. യാങ്ങിന്റെ ബാല്യകാലസുഹൃത്ത്, ക്യാവോ, പരീക്ഷയിൽ തോറ്റു. ക്യാവോവിനെ പെട്ടെന്നൊരു ഭയം ആക്രമിച്ചു കീഴടക്കിയിരുന്നെന്ന് യാങ്ങു പറഞ്ഞു. ക്യാവോവിന്റെ കുടുംബത്തിന്റെ ഹൃദയം തകർന്നു. ക്യാവോവിന്റെ പഠനത്തെ വർഷങ്ങളായി അമ്മ സഹായിച്ചിരുന്നു. മാവോതൻ‌ച്യാങ്ങിലേയ്ക്കുള്ള ഫീസടയ്ക്കാൻ വേണ്ടി അച്ഛൻ ദിവസേന പന്ത്രണ്ടു മണിക്കൂറും വർഷത്തിൽ അൻപതാഴ്ചയും കിഴക്കൻ ചൈനയിൽ ആകാശം മുട്ടെയുള്ള കെട്ടിടനിർമ്മാണങ്ങളിൽ പണിയെടുത്തിരുന്നു. ക്യാവോ ഇപ്പോഴും ഇംഗ്ലീഷ് അദ്ധ്യാപകനായിത്തീരുന്നതിനെപ്പറ്റി അവ്യക്തമായി സംസാരിയ്ക്കുന്നുണ്ടെന്ന് യാങ്ങു പറഞ്ഞു. പക്ഷേ ക്യാവോവിന്റെ ഭാവി ഇരുണ്ടതായിരുന്നു. മാവോതൻ‌ച്യാങ്ങിൽ വീണ്ടുമൊരാവർത്തനം താങ്ങാൻ ഒരിയ്ക്കലും ക്യാവോവിന്റെ കുടുംബത്തിനാവില്ല. ക്യാവോവിന്റെ മുന്നിൽ ഒരേയൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളു. ഡഗോങ്ങ്,” യാങ്ങു പറഞ്ഞു. അവൻ പോയിക്കഴിഞ്ഞു.ഗ്യാവോകാവോയിൽ തോറ്റെന്നറിഞ്ഞയുടനെ ക്യാവോ നാടും വീടും വെടിഞ്ഞ്, തൊഴിലന്വേഷിച്ച് ചൈനയുടെ തീരപ്രദേശങ്ങളിലെ മിന്നിത്തിളങ്ങുന്ന നഗരങ്ങളിലേയ്ക്കു പുറപ്പെട്ടു.
(ലേഖനം അവസാനിച്ചു.)

അടിക്കുറിപ്പുകൾ
ക്രാം സ്കൂൾ - എൻ‌ട്രൻസ് പോലുള്ള പരീക്ഷകൾക്കായി പ്രത്യേകതരം ഹ്രസ്വകാല ക്രാഷ് കോഴ്സുകൾ നടത്തുന്ന സ്കൂളുകൾക്കാണ് ക്രാം സ്കൂൾ എന്നു പറയുന്നത്.
സെസാം - എള്ള്. തോഫു - സോയമിൽക്കിൽ നിന്നുള്ള പാൽക്കട്ടി.
ബങ്ക് - പല തട്ടുകളുള്ള കട്ടിൽ
SAT - Standardised Test; അമേരിക്കയിൽ കോളേജ് അഡ്മിഷനു വേണ്ടി നടത്തപ്പെടുന്ന ഒരു ടെസ്റ്റ്.

ACT - American College Testing. ഇതും അമേരിക്കയിൽ കോളേജ് അഡ്മിഷനു വേണ്ടി നടത്തപ്പെടുന്ന ഒരു ടെസ്റ്റു തന്നെ.

തടവുപുള്ളികളുടെ ആശയക്കുഴപ്പം’ - ‘ഇന്നസെന്റ് പ്രിസണേഴ്സ് ഡിലമ്മാ’ – ചെയ്യാത്ത കുറ്റം ആരോപിയ്ക്കപ്പെട്ടു തടവിലായ ഒരു നിരപരാധിയ്ക്കു തെരഞ്ഞെടുക്കാനായി രണ്ടു മാർഗ്ഗങ്ങൾ നിർദ്ദേശിയ്ക്കപ്പെടുന്ന സ്ഥിതി. ഒന്ന്, ചെയ്യാത്ത കുറ്റം ചെയ്തെന്നു സമ്മതിച്ച് പരോൾ നേടി പുറത്തു കടക്കുക. രണ്ട്, കുറ്റം നിഷേധിച്ച് ജയിൽശിക്ഷ വരിയ്ക്കുക.

‘നിരോധിതനഗരം’ - ബെയ്ജിംഗ് നഗരമദ്ധ്യത്തിലുള്ള നിരോധിതനഗരം” (ഫർബിഡൻ സിറ്റി) മിങ്ങ് സാമ്രാജ്യകാലം (1368 – 1644) മുതൽ ക്വിങ്ങ് സാമ്രാജ്യകാലം (1644 – 1912) വരെ അര സഹസ്രാബ്ദത്തോളം ചക്രവർത്തിയുടെ കൊട്ടാരമായിരുന്നു. 1925നു ശേഷം നിരോധിതനഗരംപാലസ് മ്യൂസിയത്തിന്റെ ഭാഗമായി മാറി.
32 മില്യൻ ഡോളർ - 203 കോടി രൂപ

ആർഗൈൽ സ്വെറ്റർ - ഡയമണ്ടിന്റെ ആകൃതിയിൽ, വ്യത്യസ്ത നിറങ്ങളിലെ ഡിസൈനുകളുള്ള സ്വെറ്റർ.
പിൻസ്‌ട്രൈപ്പ് - നേരിയ വരകളുള്ള
പന്നി തടിച്ചുകൊഴുക്കുന്നതു ഭയപ്പെടുന്നതുപോലെ ജനങ്ങൾ പ്രസിദ്ധിയെ ഭയപ്പെടുന്നു” - പന്നി തടിച്ചുകൊഴുത്താൽ അധികം താമസിയാതെ കശാപ്പു ചെയ്യപ്പെടുന്നു.

ലേഖകനെപ്പറ്റി: ബ്രൂക്ക് ലാർമർ ന്യൂയോർക്ക് ടൈംസിന്റെ ഒരു ലേഖകനാണ്. ചൈനീസ് ടെന്നീസ് കളിക്കാരി ലി നായെപ്പറ്റി അദ്ദേഹമെഴുതിയ ലേഖനം 2014ലെ ഏറ്റവും മികച്ച അമേരിക്കൻ സ്പോർട്ട്സ് ലേഖനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

18 Dec 2014

മലയാളി കൊളോണിയൽ മയക്കത്തിൽ .



                                                                                           സലോമി ജോൺ വൽസൻ

നമ്മൾ മലയാളികൾ മയക്കത്തിലാണ്. '' കൊളോണിയൽ   ഹാൻഗ് ഓവർ'' എന്ന് പറഞ്ഞാൽ കാര്യം കുറെക്കൂടെ വ്യക്തമാകും. ഇംഗ്ലീഷ് പദങ്ങൾ സുലഭമായി ഉപയോഗിക്കുന്ന  സാഹചര്യം  കാലം വരുത്തി വെച്ച മാറ്റത്തിൽ സ്വീകരിക്കേണ്ടി വന്ന നമുക്ക് ഇതൊരു സൌഭാഗ്യമാണ്. ആദരിക്കേണ്ട വരദാനം..

'വല്ലാത്ത മാനസിക സംഘർഷം' എന്ന് പറഞ്ഞു ഭാഷയെ സ്നേഹിക്കാൻ ശ്രമിക്കുന്നതിനേക്കാൾ എളുപ്പത്തിൽ പറയാം- ടെൻഷനിലാണ്-. അന്ഗനവാടിയിലെ കുഞ്ഞിനു പോലും വാക്കറിയാം. അവനതു ഉപയോഗിക്കേണ്ട അവസരമറിയാം. അത് അവനിൽ നിന്നും വളരെ കൃത്യമായി ഒരു സാഹചര്യത്തിൽ കേൾക്കേണ്ടി വന്നിട്ടുമുണ്ട്.'' എന്റെ മാനസിക നില '' എന്ന് വാരി വലിച്ചു പറയാൻ ഇന്നു നമ്മൾ മെനക്കെടാറില്ല.'' മൂഡ്‌ '' ശെരിയല്ല എന്നു കേട്ടാൽ ഗ്രഹിക്കാൻ എന്തെളുപ്പം.
                                                          
കേരളത്തിൽ എന്നും, ഇന്നും ഒരു ദ്രാവിഡ അപകർഷത പിന്തള്ളപ്പെടാതെ വളരെ ശക്തമായിത്തന്നെ എവിടെയോ മലയാളിയുടെ മനസ്സിൽ കിടക്കുന്നു. ആര്യ വംശ മേൽക്കോയ്മയെ അങ്ങനെ പെട്ടെന്ന് പിന്തള്ളാൻ മലയാളിയുടെ മനസ്സ് മടിക്കുന്ന കാഴ്ച കൊച്ചി നിവാസി എന്ന നിലയിൽ  അനുഭവം.
അഭിരുചികൾ മാറി മറിയും. അതിൽ അപാകതകൾ ഉണ്ടാവുകയും ഇല്ലാതിരിക്കുകയും സാർവത്രികം.

ഇത്തവണ കേരളപ്പിറവിയോട് ചേർന്ന് മാതൃ ഭാഷാ സ്നേഹികൾ ''ശ്രേഷ്ഠ ഭാഷാ   വാരാചരണം'' പലയിടത്തും ആചരിച്ചുഭാഷാ ഉല്പത്തി  മുതൽ കവിതകളും, കഥകളും , നോവലുകളും , വായനയും ഒക്കെ സ്യ്ധാന്തിക തലത്തിൽ ചർച്ച ചെയ്യപ്പെട്ടു. ജനിച്ച മണ്ണും മാതൃഭാഷയും മറക്കാതിരിക്കാൻ പഴയ, പുതിയ തലമുറയിലെ എഴുത്തുകാരും, സാംസ്കാരിക നായകരുംരാഷ്ട്രീയ
നേതൃത്വത്തിലിരിക്കുന്നവരും  ഒട്ടൊരു ഉത്കന്ടയോടെ ഒത്തൊരുമിച്ചു അഭ്യർഥിച്ചു.                            

എറണാകുളം സാഹിത്യ പരിഷത്തിൽ നടന്ന വാരാചരണത്തിൽ പങ്കെടുക്കെ സ്വന്തം മാതൃഭാഷയുടെ ഭാവിയെക്കുറിച്ച്  വല്ലാത്തൊരു വ്യാകുലത മനസ്സിനെ അലട്ടി. ഭാവിയുടെ മുന്കാഴ്ചകൾ ഏതാണ്ടൊരു രൂപഘടനയോടെ മനസ്സിൽ തെളിഞ്ഞു.  
മലയാള വായന മരിക്കുന്നില്ലെന്ന്  എറണാകുളത് നടന്ന   പതിനെട്ടാമത് അന്താരാഷ്ട്ര പുസ്തകോത്സവവും ഒരു പരിധി വരെ തെളിയിച്ചു. സാഹിത്യത്തിൽ ഏറെ വായിക്കപ്പെടുന്നത് ഇന്നു പരിഭാഷകളാണെന്നതു ശ്രദ്ധേയമാണ്. മലയാളത്തിൽ ശ്രധ്ധേയമായ സാഹിത്യ സൃഷ്ടി ഇല്ലാത്തതാണോ ഇതിനു കാരണം എന്നു സ്വയം ചോദിച്ചു. അതിനു പിന്ബലമായി നിരവധി ഉത്തരങ്ങൾ നിഗമിച്ചു. അതിലെ സാന്ഗത്യം എത്രത്തോളമെന്ന് വിലയിരുത്തേണ്ടത് ഇതു വായിക്കുന്നവരാണ്.

 കേരളത്തിൽ എന്നും, ഇന്നും ഒരു ദ്രാവിഡ അപകർഷത പിന്തള്ളപ്പെടാതെ വളരെ ശക്തമായിത്തന്നെ എവിടെയോ മലയാളിയുടെ മനസ്സിൽ കിടക്കുന്നു. ആര്യ വംശ മേൽക്കോയ്മയെ അങ്ങനെ പെട്ടെന്ന് പിന്തള്ളാൻ മലയാളിയുടെ മനസ്സ് മടിക്കുന്ന കാഴ്ച  ......

മാതൃഭാഷ ശ്രേഷ്ഠമാണെന്നു പുതിയതലമുറയെ അന്ഗീകരിപ്പിക്കാൻ കഴിയുമെന്ന വിശ്വാസമില്ല .. സൌകര്യങ്ങളാണ് ഇന്നു മനുഷ്യ ജീവിതത്തിന്റെ മുദ്രാവാക്യം.ഇടി മിന്നലിന്റെ വേഗതയാണ്  നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നത്. അവിടെ ചിലപ്പോൾ മാതൃ  ഭാഷ  മരണാസന്നമാകും.
ജനിച്ച മണ്ണും ഗോത്രവും പിന്തള്ളപ്പെടും. അത് കാലഗതിയാണെന്ന് പറഞ്ഞു നമ്മൾ  ആശ്വസിക്കും. അതെ തരമുള്ളൂ. ആരെയും കുറ്റപ്പെടുത്താനാവില്ല..

എങ്കിലും ചിലത് ചിന്തിച്ചു പോകും, ഭാരതത്തിൽ ഇത്തരത്തിൽ മറ്റൊരു ജനസമൂഹമുണ്ടോ? .മലയാളിക്ക് അവന്റെതായ ഒരു വ്യക്തി ബോധം  നിരാശ തോന്നും വിധം നഷ്ടപ്പെട്ടു കഴിഞ്ഞില്ലേ.?
വിദ്യാലയതലത്തിൽ മാതൃ ഭാഷ ഒഴിച്ച് നിർത്തി വിദ്യ അഭ്യസിക്കാൻ അവസരമുള്ള, ഒരുപക്ഷെ , ഭാരതത്തിലെ ഏക ദേശമായിരിക്കും കേരളം എന്ന് സംഗടത്തോടെ പറയട്ടെ.
വ്യവഹാര ഭാഷ  മലയാളത്തിലാക്കുമെന്നു എത്രയോ കാലമായി കേൾക്കുന്നു .. അത് പൂർണമായും നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന വ്യ്ഷമ്യം ചിന്തിക്കാവുന്നതെയുള്ള്.  ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോകാനിരിക്കുന്ന തലമുറ എങ്ങനെ മലയാളത്തിൽ എഴുത്തുകുത്തുകൾ നടത്തും?
അവർക്ക്   സാധ്യമാകുമോ?  മലയാളിത്തം അന്യമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയെ എങ്ങനെ പിന്നിലേക്ക്നടത്തും?  തികച്ചും അസാധ്യം.
(പൊതു വാഹനങ്ങളിൽ പോലും ഇംഗ്ലീഷിൽ പേരിടൽ കര്മം നടത്തുന്ന മലയാളി. സ്ഥലപ്പേരുകൾ മലയാളത്തിൽ എഴുതില്ലെന്ന് വാശി. ഇംഗ്ലീഷ് അറിയാത്തവർ വീട്ടിലിരിക്കട്ടെ! യാത്ര ചെയ്യേണ്ട.!! അൽപം കരുണയുള്ള ചിലർ വളരെ ചെറുതാക്കി മലയാളത്തിൽ  സ്ഥലപ്പേരെഴുതാൻ  സന്മനസ്സു കാട്ടുന്നത് നന്ദിയോടെ ഓർക്കട്ടെ!!)
പുസ്തകച്ചന്തകളിൽ മലയാള  പുസ്തകശാലകളിൽ തിരക്കൊഴിയുന്നു. അതോടനുബന്ധിച്ച് നടക്കുന്ന സായാഹ്ന്ന സാഹിത്യ ചര്ച്ചാ വേദികൾ അമ്പതു കഴിഞ്ഞവരുടെ, അറുപതിനും എണ്പതിനും ഇടയ്ക്കുള്ള വിരലിൽ എണ്ണാവുന്നവരുടെ കൂട്ടം.
 ഇംഗ്ലീഷ് പുസ്തക പ്രസാധകർ തിരക്കിലാണ്.
വായിച്ചാൽ ദഹിക്കാത്ത ,വില്പനയ്ക്കില്ലെന്നു നന്നായറിയുന്ന  പുസ്തകങ്ങളുടെ പേര് മംഗ്ലീഷിലും ഇംഗ്ലീഷിലും ചോദിക്കുന്ന ജാടക്കൂട്ടങ്ങൾ.. മലയാളത്തിന്റെ ഭാവി അറിയണമെന്ഗിൽ  അന്താരാഷ്ട്ര പുസ്തകോൽ സവങ്ങളിൽ ഒന്ന് ചുറ്റി കറങ്ങണം. ചുരുങ്ങിയത് രണ്ടു മൂന്നു ദിവസമെന്ഗിലും….. മലയാളിയുടെ ഇംഗ്ലീഷ് പ്രേമം കാണാം. ചിലയിടങ്ങളിൽ വെറും പൊങ്ങച്ചത്തിന്റെ ശൂന്യ പേടകം ചുമന്നു കൊണ്ട് തന്നെ.
 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക പാർക്കിൽ അറുപത്തൻജിനും എണ്പതിനും ഇടയ്ക്കുള്ള പത്തിരുപതിൽപ്പരം ''മുതിർന്ന'' പവുരന്മാരുടെ ഒരു സായാന്ന സ്നേഹ കൂട്ടം  ഉണ്ട്. അവിടെ നടക്കുന്ന ഏതാണ്ട് എല്ലാ മലയാള ഭാഷാ ചടങ്ങുകളിലും അവരുടെ സാന്നിധ്യം ഉണ്ട്. പോയ വർഷങ്ങളിൽ ഉണ്ടായിരുന്ന എത്രയോ പേർ ഇന്നു അവരുടെ ഇടം അടുത്ത ഊഴക്കാർക്ക് കൈ മാറി കാലത്തിന്റെ തിരശീലയ്ക്ക് പിന്നിലേക്ക്മടങ്ങി. അവർ ഭാഷയെ , സ്വന്തം ദേശത്തെ, തള്ളിപ്പറയാത്തവരാണു.
തൊഴിൽ തീർന്നു . ഒടുവിൽ അതിൻറെ ഓർമ അയവിറക്കാൻ കിട്ടുന്ന പെൻഷൻ. ചിലർക്ക് അതുപോലുമില്ല. എന്നിട്ടും ശൈശവ ദശയിൽ നീങ്ങുന്ന ഒരു മലയാള സാംസ്കാരിക മാസികയെ പരിപോഷിപ്പിക്കാൻ അവർ  വരിക്കാരായി.. കയ്യിൽ കാശ്  കൊണ്ടുവരാതിരുന്നവർക്ക് കൂട്ടത്തിലുള്ളവർ കടം കൊടുത്തു. ഈയടുത്തുണ്ടായ അനുഭവം  ഭാഷാ സ്നേഹി എന്ന നിലയ്ക്ക് നിറഞ്ഞ നന്ദിയോടെ ഓർക്കുന്നു……
ടോൾസ്റ്റൊയ്, മാക്സിം ഗോർക്കി, ദെസ്തെയ്വ്വിസ്കി, തോമസ്ഹാർഡി തുടങ്ങിയവരുടെ മഹദ് രചനകൾ പരിഭാഷപ്പെടുത്തി മലയാളിക്ക് വായനയൊരുക്കിയതു നിസ്സാരവൽക്കരിച്ചു കാണാനാവില്ല. ഇംഗ്ലീഷ് ഭാഷ ആശന്ഗാകുലമാകും വിധം മലയാളത്തിനു ഭീഷണി ആകാതിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു മേൽപ്പറഞ്ഞ പരിഭാഷകൾ ഉണ്ടായത്.   ലോക സാഹിത്യം അറിയണം. പരിചയപ്പെടണം. എന്ഗിലെ ലോക മാനവികതയുടെ സ്പർശം മനസ്സിനെ മഹത്വവൽകരിക്കു.
പക്ഷെ വീണ്ടു വിചാരമില്ലാത്ത വിദ്യാഭ്യാസ നയത്തിൽ നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ  ദേശ ബന്ധിതമായ ഭാഷയാണ്‌. അതിൽ വേര് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹിത്യമാണ്.
അതിജീവനം പ്രശ്നമായി മാറിയപ്പോൾ മലയാളിക്ക് ആദ്യം നഷ്ടപ്പെട്ടത് വീടും നാടും. അനുബന്ധമായി മാതൃ ഭാഷയും, സാഹിത്യവും.
ഗബ്രിഎൽ ഗാർസിയാ മാകെസും, ഓർഹാൻ പാമുക്കും, യോസയും ,പാവ്ളോ കൊയ്ലൊയുമൊക്കെ പരിവർത്തനം   ചെയ്യപ്പെട്ടു  മലയാള സാഹിത്യ കുടുംബത്ത്തിലെത്ത്തിയപ്പോൾ വായനക്കാരുണ്ടായി. പതിപ്പുകൾ പലകുറി ഇറക്കപ്പെട്ടു.
അവർ പ്രതിഭ കൊണ്ട്  മഹത്വമാർന്നവരാണു . സന്ദേഹമില്ല. പക്ഷെ, അവർ എഴുതിയത് സ്വന്തം ദേശത്തിന്റെ കഥയാണ്‌. മണ്ണിൽ ഉറച്ച വേരുകളുടെ ഗരിമയോടെയാണ്. അതിലുപരി സ്വന്തം ഭാഷയിലാണ്.
എം.ടി എഴുതിയത് കൂടല്ലൂരിന്റെ അനുഭവം പേറിയാണ്. ബഷീർ, തകഴി, ഉറൂബ്,മലയാറ്റൂർ ,കോവിലൻ ,കാക്കനാടൻ ,സേതു ,എം മുകുന്ദൻ ,സഖറിയ ,തുടങ്ങിയവർ[പേര് പറയാത്ത മറ്റു പ്രശസ്ത സാഹിത്യകാരന്മാരും] ദേശത്തിനും ഭാഷയ്ക്കും കൊടുത്ത നിവേദ്യമാണ് അവരുടെ സർഗ സൃഷ്ടികൾ. എന്തിനു തിരക്കഥാകാരന്മാരും വെള്ളിത്തിരയിലൂടെ ഹൃദയത്തെ വേദനയുടെ വിത്തുകൾ പാകി ഉഴുതു മറിച്ചതും ദേശത്തിന്റെ നീണ്ട പാതയിലൂടെ സഞ്ചരിച്ചു കൊണ്ടായിരുന്നു. ഇന്നു സിനിമയ്ക്ക്മലയാളത്തിൽ ഒരു പേര് പോലും നൽകാൻ യുവ ചലച്ചിത്ര കാരൻ മാർക്ക്സന്മനസ്സില്ലാതായിരിക്കുന്നു. ഫ്രോഡ്  , ആന്ഗ്രി ബേബീസ്, ഫോർ സെയിൽ , അയ്ലവ് മി ...എന്നിങ്ങനെ നൂറു കണക്കിന് പേരുകൾ  .                   
സാമൂഹ്യ മാധ്യമങ്ങളിൽ മലയാളി നിറയുന്നത് മാതൃഭാഷയിൽ  അല്ല. മംഗ്ലീഷിലും ഇംഗ്ലീഷിലും. ഭാഷ ജനിക്കുന്നതും അതിനെ ഊട്ടിവളർതുന്നതും ദേശത്തിന്റെ സൂതികാ ഗൃഹത്തിൽ നിന്നാണു. മൂന്നരക്കോടി ജനം സംസാരിക്കുന്ന മാതൃഭാഷ എങ്ങനെ നമുക്ക് നിസ്സാരവൽക്കരിക്കാനാകും?
നമ്മുടെ ഭാഷയെ കൊല്ലാൻ അധിനിവേശക്കാർക്ക് ചുവന്ന പരവതാനി വിരിച്ചു കൊടുത്തു കൊണ്ട് നാം പിൻവാതിലിലൂടെ പതുക്കെ മുങ്ങുകയായിരുന്നു. പല പല താല്പര്യങ്ങൾ അത് ചെയ്തവർക്കുണ്ടായിരുന്നു. മാതൃഭാഷയിൽ ജനിതക സ്പന്ദനമുണ്ട്. ഹൃദയമില്ലാത്തവരായി നാം മാറിയതിന്റെ പിൻപുറങ്ങൾ തേടുമ്പോൾ ചെന്നെത്തുന്നത് തത്വ ദീക്ഷ ഇല്ലാതെയുള്ള ,നമ്മുടെ അധിനിവേശ സംസ്കാരത്തോടുള്ള അതിവിധേയത്വത്തിലാണ്. അതെ. ഒന്ന് ''ബിനാലെ'' കാണുക.....മലയാളിയുടെ ഇനിയും മരിക്കാത്ത , അഥവാ ഒരിക്കലും മരിക്കാൻ ഇടയില്ലാത്ത ''കൊളോണിയൽ ഹാങ്ങ് ഓവർ'' കാണാം. അഭിമാനമുള്ളവർക്ക് അപമാന ഭാരത്താൽ തല കുനിക്കാം....  

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...