Showing posts with label n b suresh. Show all posts

24 Jan 2013

ജീവിതത്തിനു നേരേ ഒരു ചൂണ്ടുവിരൽ

  എന്‍.ബി.സുരേഷ് | 
 
ബാഗും മാറത്തടക്കിപ്പിടിച്ച് സ്കൂൾമുറ്റത്തെ മാഞ്ചുവട്ടിൽ നിൽക്കുകയായിരുന്നു മീര. മുറ്റത്താകെ പഴുത്ത മാവിലകളും കണ്ണിമാങ്ങകളും ചിതറിവീണു കിടക്കുന്നുണ്ട്.ചുറ്റുവട്ടത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. സാധാരണഗതിയിൽ കുട്ടികൾ പൊയ്ക്കഴിഞ്ഞാൽ തുറന്നുകിടക്കുന്ന ക്ലാസ്മുറികളും മുറ്റവുമെല്ലാം തെരുവുനായ്ക്കൾ കയ്യടക്കും. ഇന്നവറ്റയെയും കാണാനില്ല.

അവൾ, മീരമാത്രം, ഒറ്റയ്ക്ക് മാഞ്ചുവട്ടിൽ.

ഒരു കാറ്റുവീശിയാൽ മഴ താഴെ വീഴും എന്നു തോന്നി. ഇരുട്ടുവീണുതുടങ്ങിയിരുന്നു. ഇടിയും മിന്നലുമുണ്ട്.വിജനമായ സ്കൂൾകെട്ടിടങ്ങൾ ഏതോ രഹസ്യങ്ങൾ കരുതിവച്ചിരിക്കുന്ന പുരാതനമായ കോട്ടകൾ പോലെ. ദൂരെ കോടമഞ്ഞിറങ്ങി വരുന്ന പേടിപ്പിക്കുന്ന മലനിരകൾ.

സ്കൂളിൽ നിന്നും വൈകിപ്പോകുന്നവരുടെയും പ്യൂൺ ശങ്കരേട്ടനെക്കാൾ നേരത്തെ എത്തുന്നവരുടെയും സൌകര്യം നോക്കി പൂട്ടാതെയിട്ടിരിക്കുന്ന രണ്ടാമത്തെ ഗേറ്റിലൂടെ ബൈക്കോടിച്ചാണ് ഞാൻ അകത്ത് കടന്നത്.എന്നെ കണ്ടതും മീരയുടെ മുഖത്തെ സ്ഥായിഭാവമായ വേവലാതി പെരുകി. അവൾ ഈ സമയത്ത് എന്നെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇനി മറ്റാരെയെങ്കിലും? ഹേയ്. പെട്ടന്ന് വന്ന മഴയല്ലേ, കുടയെടുത്തിട്ടുണ്ടാവില്ല.

അവളുടെ അടുത്തേയ്ക്ക് ചെന്നു. അവൾ ബാഗ് ഒന്നുകൂടി ചേർത്തുപിടിച്ച് അങ്കലാപ്പോടെ തലകുനിച്ച് നിന്നു. എന്റെ ചോദ്യത്തിന് ഒരു പക്ഷേ അവളുടെ കയിൽ ശരിയായ ഒരു ഉത്തരമുണ്ടാവില്ല.

‘എന്താ മീരാ, ഈ നേരത്ത്? വീട്ടിൽ പോണില്ലേ?‘

‘അത് പിന്നെ മാഷേ, ട്യൂഷൻ കഴിഞ്ഞപ്പോൾ നേരം വൈകി. അപ്പോഴേയ്ക്കും മഴേം വന്നു.‘

‘എന്നിട്ട് കൂട്ടുകാരെവിടെ?‘

‘ഗ്രീഷ്മേം റജീനേം ഇന്നു വന്നില്ല.’

രണ്ടു കിലോമീറ്ററിലധികം നടന്നിട്ടു വേണം മീരയ്ക്ക് വീട്ടിലെത്താൻ. മഴവീണുകഴിഞ്ഞ ഈ സന്ധ്യയിൽ അവളൊറ്റയ്ക്ക്...

മീര മറുചോദ്യം ചോദിച്ചു. “മാഷെന്താ മടങ്ങിപ്പോന്നത്?”

അവളുടെ ചോദ്യം കേട്ടപ്പോഴാണ് വന്നകാര്യത്തെക്കുറിച്ച് ഞാൻ ഓർമ്മിച്ചത്.

“സെൽ‌ഫോൺ മറന്നുവച്ചു. അതെടുക്കണം.”

സ്റ്റാഫ്‌റൂം പൂട്ടി താക്കോൽ വാതിൽ‌പടിയിൽ തന്നെ വയ്ക്കലാണ് പതിവ്. അതും മുൻ‌പ് പറഞ്ഞ സൌകര്യങ്ങളുടെ കൂട്ടത്തിൽ പെടും. വാതിൽ തുറന്ന് അകത്തുകയറി മേശയ്ക്കുള്ളിൽനിന്നും ഫോൺ എടുത്ത് തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് മൂലയ്ക്ക് ചാരി വച്ചിരിക്കുന്ന കുട കണ്ടത്. അതും കൈയിൽ എടുത്തു. വാതിൽ പൂട്ടി താക്കോൽ വാതിൽ‌പടിയിൽ വച്ച് മീരയ്ക്കടുത്തേയ്ക്ക് നടന്നു. കുട അവളെ ഏൽ‌പ്പിച്ചു.

“വേഗം വിട്ടോ, വൈകിക്കണ്ട. മഴയെക്കരുതി നീ ഇവിടെ കയറി നിന്നത് വലിയ മണ്ടത്തരമായി.”

ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. അവൾ വഴിയിലിറങ്ങുന്നതുവരെ കാക്കണോ? വേണ്ട. രാത്രി പതിനൊന്നിനാ‍ണ് ട്രയിൻ. വീട്ടിൽ ചെന്നിട്ട് കുറച്ച് ജോലിയുണ്ട്. അത് മാത്രമല്ല. മീര മുതിർന്ന കുട്ടിയാണ്. ഈ നേരത്ത്, ഈ മഴയത്ത് അവൾ സ്കൂളിൽനിന്നിറങ്ങി പോകുന്നതിന്റെ പിന്നാലെ ഞാൻ ഇറങ്ങുന്നതുകണ്ടാൽ, അതുമതി നാളെ മതിലിൽ പോസ്റ്റർ പതിയാൻ. ഉദ്ദേശ്യശുദ്ധിക്കോ സ്നേഹത്തിനോ നന്മക്കോ തീരെ മൂല്യമില്ലാത്ത കാലത്ത് അതൊരു ബാദ്ധ്യത മാത്രമല്ല ചിലപ്പോഴൊക്കെ അപകടവുമാണ്.

“മാഷ് അടുത്താഴ്ച മുഴോനും ലീവാന്നല്ലേ പറഞ്ഞത്.?”

“ഉം. ഒരു ദൂരയാത്രയുണ്ട്.”

ഗേറ്റിനു പുറത്തെത്തിയപ്പോഴേയ്ക്കും ശക്തമായ ഒരു മിന്നലിനൊപ്പം മഴ പതിച്ചു.നനയാൻ തന്നെ തീരുമാനിച്ചു. മനസ്സിൽ യാത്ര മാത്രമായിരുന്നു. കുറേക്കാലം ചെലവഴിച്ച നഗരത്തിൽ പഴയ സുഹൃത്തുക്കളോടൊപ്പം കുറച്ചുദിവസങ്ങൾ.

വേണമെങ്കിൽ മീരയെ വീട്ടിൽ ആക്കാമായിരുന്നു. സമയം ഒരു പ്രശ്നമല്ലായിരുന്നു. അവളെ ഒറ്റയ്ക്ക് അവിടെ വിട്ടുപോന്നത് ശരിയായോ? ഒരു അരുതായ്മ ചെളിവെള്ളം പോലെ ഉള്ളിൽ നിറഞ്ഞുപൊന്തി. സത്യത്തിൽ നാട്ടുകാരെയാണോ പേടി. അതോ തന്നെതന്നെയോ? ഘോരമായ ആ വിജനതയിൽ അവളെ ഒറ്റയ്ക്ക് വിട്ടുപോരുമ്പോൾ ലോകത്തിലെ ഏറ്റവും കൊള്ളരുതാത്തവനായില്ലേ താൻ.? അതും മീരയുടെ ജീവിതത്തെ സ്നേഹത്തോടും അനുതാപത്തോടും തിരിച്ചറിഞ്ഞവൻ എന്ന് അഹങ്കരിക്കുന്ന ഞാൻ. മുനകൂർത്ത സൂചികൾപോലെ മഴത്തുള്ളികൾ മുഖത്ത് പതിക്കവെ മനസ്സ് കുറ്റബോധത്തിന്റെ വേനലിൽ നെൽ‌വയലുകൾ പോലെ വിണ്ടുകീറിക്കൊണ്ടിരുന്നു.

പിറ്റേന്ന് രാത്രിയിലാണ് സേവ്യർസാറിന്റെ ഫോൺ വരുന്നത്.

അപ്പോൾ ഞങ്ങൾ നാലഞ്ച് കൂട്ടുകാർ വയനാട്ടിലെ പുതൂർവയലിലെ ഗിരിജന്റെ വീട്ടിലായിരുന്നു. ടെറസ്സിൽ പുല്ലും ഓലയും ഈറയും മുളയുമൊക്കെ ഉപയോഗിച്ച് ഒരു ഹട്ട് അവൻ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളെപ്പോലെ വല്ലപ്പോഴും വന്ന് ‘അഴിഞ്ഞാടുന്ന’ സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള സങ്കേതം. ഈ പ്രപഞ്ചത്തിൽനിന്നുതന്നെ കുറേനേരം വിട്ടുനിൽക്കാനുള്ള കൂടാരത്തിന് ഞങ്ങൾ ‘ഫ്രഞ്ചു ഗയാന’ എന്നാണ് പേരിട്ടിരിക്കുന്നത്. ഞങ്ങളെയൊക്കെ ഭൂമിയുമാ‍യി ബന്ധമില്ലാത്ത ഭ്രമണപഥത്തിലെത്തിക്കുന്നത് ഇവിടെ നിന്നാണല്ലോ.

ഫോൺ വരുമ്പോൾ ഞങ്ങൾ കൌണ്ട് ഡൌൺ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. സേവ്യറിന്റെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ട് .ആ വിറയൽ ചെവിയിൽ ചേർത്തുപിടിച്ച എന്റെ ഫോണിലേക്കും പടർന്നു.

“മാഷേ, നിങ്ങളുടെ ക്ലാസ്സിലെ മീര ആത്മഹത്യ ചെയ്തു.”

വെടിമരുന്നു നിറച്ചുപൊട്ടിച്ച പാറ ചിതറും പോലെ ഒരു സ്ഫോടനം തലച്ചോറിലുണ്ടായി. ചോരയെ തള്ളിമാറ്റി രക്തക്കുഴലുകളിലൂടെ നാനാഭാഗത്തുനിന്നും കൊടുങ്കാറ്റ് പാഞ്ഞുവന്ന് ഹൃദയത്തെ ഒരു ബലൂ‍ൺ കണക്കെ വീർപ്പിച്ചുപൊട്ടിക്കുമെന്ന് ഞാൻ ഭയന്നു.

“സേവ്യർ സാർ?”

“കൂടെ ആ തലതെറിച്ചവനുമുണ്ടായിരുന്നു, ഷഹനാസ്. വല്ലാത്ത മരണമായിപ്പോയി മാഷേ. അവൻ കഴുത്തിൽ കോമ്പസ് കുത്തിയിറക്കി. അവൾ രണ്ടു കൈയിലെയും ഞരമ്പറുത്തു.”

ചെളിയിൽ പുതഞ്ഞുപോയ കാല് വലിച്ചൂരിയെടുക്കുമ്പോലെ വരണ്ടുപോയ നാവിനെ ബദ്ധപ്പെട്ടുയർത്തി.

“എവിടെ, എവിടെവച്ച്?”

“ഒൻ‌പത് എയുടെ ക്ലാസ്മുറിയിൽ. ഇന്നലെ വൈകിട്ടെപ്പോഴോ ആണ് സംഭവം. തകർത്തുപെയ്യുന്ന മഴയല്ലായിരുന്നോ. ഇന്ന് രണ്ടാം ശനിയായതിനാൽ സ്കൂൾ തുറന്നുമില്ലല്ലോ . വൈകിട്ടാണ് കണ്ടത്. ഒക്കെ ഒരുജാതിയാ മാഷേ. നമ്മളെ കബളിപ്പിച്ചിട്ട് അവനും അവളും കടുത്ത പ്രണയത്തിലായിരുന്നു. വീട്ടുകാരും നാട്ടുകാരുമറിഞ്ഞപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ ചെയ്തതാണെന്നാ നാട്ടിലൊക്കെ സംസാരം. കഷ്ടം സ്കൂളിനും ചീത്തപ്പേരായി.”

സേവ്യർസാർ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. ടെലിലെൻസു പിടിപ്പിച്ച ഗണ്ണിൽ നിന്നും അനേകം ബുള്ളറ്റുകൾ വന്ന് ശരീരത്തിലാകെ തറച്ചുകയറും പോലെ തോന്നി. എന്തോ പന്തികേടു തോന്നിയ ഗിരിജൻ ഓടിവന്നു.

“എന്താടാ, എന്തുപറ്റി.?”

“പോണം”

“ഈ നട്ടപ്പാതിരയ്ക്കോ?”

“ഉം..”

സുഹൃത്തുക്കളെ വിട്ട് ഓഫീസ് ജീപ്പെടുത്ത് എന്നെയും കയറ്റി അവൻ ചുരമിറങ്ങി. എല്ലുമരവിപ്പിക്കുന്ന മഞ്ഞുവീഴുന്ന ആ നേരത്തും തീക്കുണ്ഡത്തിനരുകിൽ ഇരിക്കുന്ന മെഴുകുപ്രതിമ പോലെ ഞാൻ വിയർത്തൊഴുകി.

മീരയുടേത് ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ എനിക്കാവില്ല.കഴിഞ്ഞ കുറേ മാസങ്ങളിൽ അവളെ ചുറ്റിപ്പറ്റി അരങ്ങേറിയ കാര്യങ്ങളാണ് എന്റെ വിശ്വാസങ്ങൾക്ക് സാക്ഷ്യം.

മഴവീണ ആ സന്ധ്യയിൽ അവൾ മരണത്തെ കാത്തുനിൽക്കുകയായിരുന്നെന്നോ? എങ്കിൽ തനിക്ക് അവളെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ? ഓഹ്,. അവൾക്ക് മരിക്കാൻ വേണ്ടുന്നതിലധികം കാരണങ്ങൾ ഉണ്ടെന്നിരിക്കെ ആർക്കെങ്കിലും തടയാൻ കഴിയുമോ?

ആരോ കഴുത്തിൽ കുരുക്കിട്ടു മുറുക്കുന്നപോലെ എനിക്ക് ശ്വാസം മുട്ടി.

‘എങ്കിലും മീരാ, ഓരോ നിമിഷത്തിലും നിന്നെ വേട്ടപ്പട്ടിയെപ്പോലെ പിൻ‌തുടർന്ന് ആക്രമിച്ചവന്റെ കൂട്ടുവേണമായിരുന്നോ നിനക്ക് മരിക്കാൻ. കൊഞ്ഞനം കുത്തിയ ജീവിതത്തിനു നേരേ കാർക്കിച്ചു തുപ്പിയ നിന്റെ ധൈര്യം ഇത്ര ബലമില്ലാത്തതായിരുന്നോ?‘

മീര എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ ആ വെള്ളിയാഴ്ചദിവസം പൊടുന്നനെ ഓർമ്മയിലേക്ക് വന്നു.

ഉച്ചയൂണും കഴിഞ്ഞ് ടീച്ചേഴ്സെല്ലാം അവനവന്റെ സീറ്റിൽ മയക്കത്തിലാണ്. ഞാൻ ഒരു വാരികയിലെ കഥയിലൂടെ എങ്ങോട്ടോ പോവുകയായിരുന്നു.അപ്പോഴാണ് ജനലോരത്ത് മീര വന്നുനിന്നത്. ഞാൻ വരാന്തയിലേക്കിറങ്ങിച്ചെന്നു. നാലായി മടക്കിയ ഒരു കടലാസ് അവൾ എന്റെ നേരെ നീട്ടി.

“എനിക്ക് കിട്ടിയ പ്രേമലേഖനമാണ് മാഷേ.പത്ത് ബിയിലെ ഷഹനാസാണ് എഴുത്തുകാരൻ. എനിക്കിഷ്ടപ്പെട്ടില്ല മാഷേ. അപ്പടി അക്ഷരത്തെറ്റും സ്ഥിരം വാഗ്ദാനങ്ങളും.അവന് സാഹിത്യോം അറീല്ല, ജീവിതോം അറീല്ല.”

എനിക്ക് അത്ഭുതവും ചിരിയും ഒന്നിച്ചുവന്നു.

“എനിക്ക് കിട്ടിയ ആദ്യത്തെ പ്രണയലേഖനം തന്നെ നിരാശപ്പെടുത്തി മാഷേ. ഈ ആൺ‌കുട്ടികളൊക്കെ കാലത്തിനനുസരിച്ച് എന്നാ മാഷേ മാറുന്നത്? എനിക്കവനെ ഒരുപാട് കാലമായി അറിയാം. എന്റെ വീടിന്റെ തൊട്ടടുത്താ അവന്റെ വീട്. ഒത്തിരിയായി അവൻ എന്റെ പിന്നാലെ നടക്കുന്നു. എനിക്കിഷ്ടമില്ല. അവനെയല്ല, ഈ പ്രേമത്തെ.”

കാര്യങ്ങളിങ്ങനെ ചങ്കൂറ്റത്തോടെ പറയുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

“എന്നെ ആരും സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല മാഷേ, ആരും.”

“മീരാ...?”

“എന്റച്ഛൻ അമ്മയെ സ്നേഹിച്ചാ കല്യാണം കഴിച്ചത്. എനിക്കൊരുപിടി ചോറു വാരിത്തരുന്നതിനു മുൻ‌പ് മറ്റൊരു സ്ത്രീയോട് ഇഷ്ടം തോന്നി അച്ഛൻ എന്നെയും അമ്മയെയും ഉപേക്ഷിച്ചു.കണ്ണീർ വറ്റിയപ്പോൾ സ്ഥിരമായി തേടിവരാറുള്ള ഒരാളോടൊപ്പം അമ്മയും പോയി. അല്ല എത്ര നാ‍ൾ അവർ പിടിച്ചുനിൽക്കും ?.അമ്മ പോവുമ്പോൾ ഞാൻ സ്ക്കൂളിൽ പോയിത്തുടങ്ങിയിരുന്നില്ല മാഷേ.”

അവൾ എന്നെ അറിയിക്കാത്ത വിധത്തിൽ കണ്ണീർ തുടച്ചു. ഒരു ഏങ്ങൽ തൊണ്ടയിൽ കുരുങ്ങിപ്പിടഞ്ഞതിനെ അവൾ വിഴുങ്ങി.

“അമ്മ പക്ഷേ എന്നോട് കരുണ കാണിച്ചു. ഓടയിലോ കുപ്പത്തൊട്ടിയിലോ എറിഞ്ഞില്ല. മുത്തശ്ശനെ ഏല്പിച്ചു. ഇടയ്ക്കൊക്കെ കാണാനും വരും.” അവൾ ഒന്നു നിർത്തി. “കാരുണ്യം ചിലർക്കൊക്കെ ഭാരമാണ് മാഷേ. അത് ബുദ്ധന്റെ വകയായാലും പെറ്റമ്മയുടെ വകയായാലും.”

അതും പറഞ്ഞ് അവൾ എന്റ്റെ മുഖത്തേയ്ക്ക് നോക്കി. അന്തംവിട്ടുള്ള എന്റെ നില്പ് കണ്ട് അവൾക്ക് ചിരി വന്നു. എന്റെ കൈയിൽ പിടിച്ചുകൊണ്ടവൾ പറഞ്ഞു. “ എന്നെ ശല്യപ്പെടുത്തരുതെന്ന് ഒന്ന് പറയണേ മാഷേ.” അതും പറഞ്ഞ് പടിക്കെട്ടുകളിറങ്ങി തിരിഞ്ഞുനോക്കാതെ അവൾ പോയി.

‘ദൈവമേ പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഇവളെ എനിക്ക് മനസ്സിലാകുന്നില്ലല്ലോ. തീ കത്തുന്ന ജീവിതത്തിന്റെ പെരുവഴിയിലൂടെ കാക്കക്കാലിന്റെ തണലുപോലുമില്ലാതെ നടന്നുവരുന്നവരുടെ മുൻ‌പിൽ നാം ചിലപ്പോൾ തീരെ ചെറുതായിപ്പോവും. അവരെത്ര ചെറുതായാലും.
കോഴിക്കോട് റെയിൽ‌വേ സ്റ്റേഷനിലെത്തി ടിക്കറ്റെടുത്തതും കമ്പാർട്ട്മെന്റ് തേടിപ്പിടിച്ചതുമെല്ലാം ഗിരിജനാണ്. വണ്ടിയിലേക്ക് കയറുന്നതിനുമുൻ‌പ് ബാഗിന്റെ സൈഡുറയിലേക്ക് അവൻ ഒരു കുപ്പി നിക്ഷേപിച്ചു.
“ഈ രാത്രിയിൽ നിനക്കിതാവശ്യമായി വരും.”
കാലുകുത്താൻ ഇടമില്ലാതിരുന്ന കമ്പാർട്ട്മെന്റിന്റെ പടിവാതിൽക്കൽ കാലു പുറത്തേയ്ക്ക് നീട്ടി ഇരുന്നു. ചുറ്റിലും ഭാണ്ഡങ്ങളിൽ തലചായ്ച്ച് ഏതോ നാടോടിക്കൂട്ടം.ഇടയ്ക്ക് അവരിലൊരു കുട്ടി ഉണർന്ന് വയറിൽ പൊത്തിപ്പിടിച്ച് നിലവിളിച്ചു. ആ കരച്ചിലിന്റെ ഭാഷ വിശപ്പിന്റേതാണെന്നു തോന്നി.
മാനാഭിമാനങ്ങൾക്കും ആർത്തികൾക്കും പകിട്ടുകൾക്കും പിന്നാലെ പായുന്ന ഒരു മദ്ധ്യവർഗ്ഗ മൂരാച്ചി ഉള്ളിൽ കിടന്ന് മുരളുമ്പോഴും എവിടെയോ തെറ്റുപറ്റിയെന്ന ഖേദത്തിന്റെ മുറിവിൽ നിന്നും ചോര ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. ‘ആരുമറിയാതെ സങ്കടങ്ങളുടെ അഗ്നിപർവ്വതം എന്റെയുള്ളിൽ പുകയുന്നതു കണ്ടിട്ടും കാണാത്തഭാവത്തിൽ ഒരു ഒട്ടകപക്ഷിയെപ്പോലെ മാഷ്......’
മീരയുടെ നിറഞ്ഞ കണ്ണുകൾ മുന്നിൽ വന്നു നിന്നു തേങ്ങുന്ന പോലെ.
അനുതപിക്കുന്നതിനു പകരം പരിഹസിക്കുകയും അഭയം നൽകുന്നതിനു പകരം ആട്ടിയോടിക്കുകയും ചെയ്തവരോടുള്ള പ്രതികാരമാണോ ഈ ആത്മഹത്യ?
അതൊരു കൊലപാതകമാണെങ്കിലോ?
എങ്കിൽ ഞാൻ?
മഴ നനഞ്ഞുകൊണ്ട് ആദ്യമായി എന്റെ ക്ലാസ്സിലേക്ക് അവൾ കയറി വന്നത് ഓർമ്മവരുന്നു.
“കുട്ടിയുടെ കുടയെവിടെ?”
“എനിക്ക് കുടയില്ല മാഷേ.” തലകുനിച്ചുകൊണ്ട് അവൾ പതിയെ പറഞ്ഞു.
മീര സുന്ദരിയായിരുന്നു. അതാണോ അവൾക്ക് ശാപമായത്? അതോ അവളുടെ ജന്മം തന്നെയോ? മറ്റു കുട്ടികളെ പോലെ തന്റെ ഭംഗിയെ താലോലിക്കാനോ ആകർഷകമാക്കാനോ അവൾ ശ്രമിച്ചില്ല. ചോദിച്ചാൽ പോലും വർത്തമാനം തീരെ കുറവ്. കൂട്ടുകാർ അധികമില്ല. മറ്റു കുട്ടികൾ അവളെ ഒഴിവാക്കൂകയായിരുന്നോ.? എപ്പോഴും എന്തിനോടും ഒരുതരം നിർമ്മമത. അകാലത്തിൽ പക്വമതിയായപോലെ. ആ ഭാവം അവളുടെ ഒരു പ്രതിരോധമായിരുന്നില്ലേ?
പ്രകാശം പരത്തുന്ന ഒരു പെൺ‌കുട്ടി ക്ലാസ്സിൽ ചർച്ചചെയ്യവേ മീര ജീവിതത്തിലെ ഒറ്റപ്പെടലിനെക്കുറിച്ച് വാചാലയായി.
“ശരിയാ മാഷേ, ചിലരെ ജീവിതം കരുതിക്കൂട്ടി ഒറ്റപ്പെടുത്തിക്കളയും.യാ‍തൊരു പഴുതും നൽ‌കാതെ. തീരെ ആഗ്രഹിക്കുന്നില്ലങ്കിൽ കൂടി. ചിലർക്കത് നഷ്ടം മൂലം ഉണ്ടാകുന്നതാണെങ്കിൽ ഗതികെട്ട ചിലരെ ആരെല്ലാമോ ചേർന്ന് വെറുത്ത് പുറന്തള്ളുകയാണ്.”
“എന്താ നിനക്ക് അങ്ങനെ തോന്നാൻ കാരണം.?”
“അങ്ങനെ തോന്നിപ്പോവാ മാഷേ. സ്വാർത്ഥത മൂലം അവനവനുവേണ്ടി ജീവിക്കുന്നവരല്ലേ അധികവും. അവരുടെ എല്ലാ തെരഞ്ഞെടുപ്പും സ്വന്തം സുഖത്തിനുവേണ്ടി മാത്രം. ഭാര്യയും ഭർത്താവും മക്കളും കൂട്ടുകാരും എല്ലാം. പക്ഷേ മറ്റുള്ളവർക്ക് ആവശ്യമില്ലാത്തതിനാൽ അവനവനുവേണ്ടി ജീവിക്കേണ്ടി വരുന്നത് വല്ലാത്ത ഒരു ട്രാജഡിയാ, ഇല്ലേ മാഷേ?”
ഞാൻ ഒന്നും പറഞ്ഞില്ല. ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
ഒന്നാം ടേം പരീക്ഷ കഴിഞ്ഞ് പ്രൊഫൈൽ ഒപ്പിടാൻ മീരയുടെ രക്ഷകർത്താവ് മാത്രം വന്നില്ല. എനിക്ക് വല്ലാതെ ദേഷ്യം തോന്നി. അന്നൊന്നും എനിക്ക് മീരയെ മനസ്സിലായിരുന്നില്ല. ഒടുവിൽ അവളുടെ മുത്തശ്ശൻ വന്നു. കാവിമുണ്ടുടുത്ത് രണ്ടാം‌മൂണ്ട് തോളത്തിട്ട് ആകെ നരച്ച ഒരു വൃദ്ധൻ.
“ അവൾ പാവമാ സാറെ, ഇന്റെ കുട്ടിക്ക് ആരുമില്ല. അമ്മാവന്മാരുടെ തണലിലാ അവൾ. ആട്ടും തുപ്പും കേട്ട് അവൾ മടുത്തു. അവൾക്ക് എഴുതണമെന്നോ വായിക്കണമെന്നോ ഒക്കെയുണ്ട്. പക്ഷേ ആ വീട്ടിൽ....“ അദ്ദേഹം രണ്ടാം മുണ്ടുകൊണ്ട് കണ്ണുതുടച്ചു.
സ്കൂൾ കലോത്സവത്തിൽ രചനാമത്സരങ്ങളിൽ എല്ലാം മീരയ്ക്കായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ സബ്ജില്ലാതലത്തിൽ മത്സരിക്കാൻ അവൾ വിസമ്മതിച്ചു.
“അതൊന്നും നടക്കില്ല മാഷേ. എനിക്കതിലൊന്നും താല്പര്യമില്ല. വിശക്കുന്നവന്റെ മുന്നിൽ ദൈവം അപ്പത്തിന്റെ രൂ‍പത്തിൽ പ്രത്യക്ഷപ്പെടട്ടെ. അല്ല മാഷല്ലേ ഇതൊക്കെ പറഞ്ഞിട്ടുള്ളത്? “തെല്ലിട അവൾ നിർത്തി.“ഞാനതിനൊക്കെ പോയാൽ വീട്ടീന്ന് പുറത്താക്കും മാഷേ. എന്തിനാ വെറുതെ...”
എനിക്ക് വീണ്ടും മീരയുടെ മുൻ‌പിൽ ഉത്തരം മുട്ടി.
പി.റ്റി. മാഷായ ജേക്കബ് ചെറിയാനാണ് പറഞ്ഞത്.
“ആ കുട്ടീടെ കാര്യം വല്യ കഷ്ടാ. വീട്ടിൽ തല്ലും കുത്തുവാക്കുകളും മാത്രമല്ല പലപ്പോഴും പട്ടിണിയുമാ.അതൊക്കെ ആ തള്ളേടേം തന്തേടേം തരവഴികൊണ്ടാ. തള്ളേടെ നടപടിദോഷം കൊണ്ടാ അയാൽ ഇട്ടെറിഞ്ഞുപോയതെന്ന് നാട്ടിൽ ഒരു പറച്ചിലുണ്ട്. ഇപ്പോഴും അവരുടെ പോക്കത്ര ശരിയല്ല, തള്ളേടെ കൊണവതിയാരം കൊണ്ട് ഈ പാവം കുട്ടിയ്ക്ക് വഴിനടക്കാൻ പറ്റില്ല. ഇടയ്ക്ക് തള്ള അവളെ കൂട്ടിക്കൊണ്ടുപോയിരുന്നു. രാത്രിയിൽ വന്ന ആരോ ഇവളെ കയറിപ്പിടിച്ചെന്നും പറയുന്നുണ്ട്.”
‘ജീവിതമെന്ന ഭാരം’ എന്ന പേരിൽ അവൾ മത്സരത്തിനെഴുതിയ കഥയുടെ തുടക്കം ഞാനോർത്തു.
“വയസ്സറിയിച്ച പെൺ‌മക്കൾക്ക് ഭർത്താവു വാഴാത്ത ഒരമ്മയുള്ളതും ഭാര്യയെ കൂട്ടിക്കൊടുക്കുന്ന ഒരു രണ്ടാനച്ഛനുള്ളതും ഒട്ടും നന്നല്ല.”
വണ്ടി പൊടുന്നനെ നിന്നു. സ്റ്റേഷനല്ല. വല്ല ക്രോസിംഗും ആകും. ആരോ പറയുന്നത് കേട്ടു. “പട്ടാമ്പിക്കടുത്ത് ട്രാക്കിലെന്തോ പ്രശ്നം. ഇപ്പോഴൊന്നും പോക്കു നടക്കുമെന്നു തോന്നുന്നില്ല.”
ട്രാക്കിനോട് ചേർന്ന് നീണ്ടുപരന്നു കിടക്കുന്ന നെൽ‌വയൽ. അതിനു താഴെ മെലിഞ്ഞൊഴുകുന്ന നിള. നോ‍ക്കെത്താത്ത ദൂരത്തോളം നിലാവുവീണു കിടക്കുന്ന മണൽ‌പരപ്പ്.എനിക്കൊന്നു കിടക്കണമെന്നു തോന്നി. ബാഗെടുത്തു തോളിൽ തൂക്കി കമ്പാർട്ട്മെന്റിൽ നിന്നിറങ്ങി. വയലും കടന്ന് മൺ‌തിട്ടിൽ നിന്നും മണൽ‌പരപ്പിലേക്ക് ചാടി.
ഗിരിജൻ ബാഗിലിട്ട കുപ്പി ഭദ്രമായുണ്ട്. അത് പുറത്തെടുത്തു. പകുതി ഒഴിഞ്ഞതാണ്. പുഴയിൽ മുക്കി മദ്യം ഡയല്യൂട്ട് ചെയ്തു. വല്ലാത്ത ദാഹവും മരവിപ്പും. ഒറ്റയടിക്ക് കുടിച്ചുതീർത്ത് കുപ്പി പുഴയുടെ ഒഴുക്കിലേക്കെറിഞ്ഞു. ബാഗ് തലയണയാക്കി വെള്ളത്തിലേക്ക് കാലുകൾ നീട്ടിൽ മണലിൽ മലർന്നുകിടന്നു. പുഴയുടെ കുളിർമ്മ തലച്ചോറിലേക്ക് പ്രവഹിച്ചു.
അകലെ തീവണ്ടി നെടുനീളത്തിൽ കിടക്കുന്നു. ഒറ്റമുറിവീടുകളുടെ ഒരു നിര പോലെ.
കണ്ണടച്ചപ്പോൾ മനസ്സ് കൂടുവിട്ട് ഓർമ്മകളിലേക്ക് പറന്നുപോയി.
ഷഹനാസ് പ്രണയലേഖനം കൊടുത്ത അന്നുമുതലാണ് മീരയുടെ ജീവിതം കൂടുതൽ സങ്കീർണ്ണമായത്. ഞാനാദ്യം അവനെക്കുറിച്ച് തിരക്കി. അവന്റെ വീടിനടുത്തുള്ള അശോകൻ സാർ പറഞ്ഞു.
“അതൊരു പുലിവാല് കേസാ മാഷേ. അവന്റെ അമ്മ ജില്ലാ പഞ്ചായത്തംഗം. അവന്റെ വീട് ഒരു പെണ്ണരശ്ശു നാടാ. അവൻ മാത്രമല്ല വേറേ മൂന്നെണ്ണം കൂടി ഒപ്പമുണ്ട്. ‘ഫോർ ദ പീപ്പിൾ’ എന്നാ അവന്മാരുടെ വിളിപ്പേര്. അവൻ എന്തു ചെയ്താലും അവന്റെ വീട്ടുകാർ ന്യായീകരിക്കും. അവന്റെ പേരിൽ പോലീസ് കേസ് വരെയുണ്ട്. കാമദേവനാണെന്നാ അവന്റെ വിചാരം. നാട്ടിലെ സി.ഡി.പാലസ് കേന്ദ്രീകരിച്ചാ അവന്മാരുടെ വിളയാട്ടം.” ഇത്തിരി രഹസ്യമായി സാർ ഇത്ര കൂടി കൂട്ടിച്ചേർത്തു. “ ക്ലാസ്സിൽ പിടിച്ചുനിൽക്കണമെങ്കിൽ അവന്മാരുടെ പ്രീതി വേണമെന്നുള്ളതുകൊണ്ട് നമ്മുടെ ചില ടീച്ചേഴ്സ് എന്തിനും സപ്പോർട്ടുമായുണ്ട്.”
വൈകാതെ അത് മനസ്സിലായി. ഒരു തിങ്കളാഴ്ച ക്ലാസ്സിൽ ചെല്ലുമ്പോൾ കുട്ടികൾ ക്ലാസ്സിനു പുറത്ത് കൂ‍ട്ടം കൂടി നിൽക്കുന്നു. ക്ലാസ്സിൽ മീര ഒറ്റയ്ക്ക്. ഡെസ്കിൽ തലകുനിച്ച് കിടന്നു തേങ്ങുകയാണവൾ. ഏതോ പുരാതനദേവതയ്ക്ക് ബലിനൽകാൻ വിധിക്കപ്പെട്ട ബലിമൃഗത്തെപ്പോലെ അവൾ. ജനലോരത്ത് ആൺ‌കുട്ടികൾ അടക്കം പറഞ്ഞു ചിരിക്കുന്നു.
ഭിത്തികളിലും ബോർഡിലും ഡെസ്കിലുമെല്ലാം പലനിറത്തിലുള്ള ചോക്കു കൊണ്ട് എഴുതിവച്ചിരിക്കുന്നു.
‘ഷഹനാസ് വിത് മീര’
ഞാൻ നേരേ ഓഫീസിലെത്തി. കേട്ടപാടെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള സീനിയർ ടീച്ചർ എഴുതിയതെല്ലാം മായ്ച്ചുകളയാൻ ഏർപ്പാടു ചെയ്തു. മീരയെയല്ല ഷഹനാസിനെ രക്ഷിക്കാ‍ൻ. ടീച്ചറുടെ തൊട്ടയലത്താണ് അവൻ. എന്നിട്ട് ഒരു ഉപദേശവും. “ സാറിതിലിടപെടണ്ട. അവളൊരു നാറ്റക്കേസാ. ആ ചെറുക്കന്റെ പിന്നാലെ അവൾ കൂടിയിരിക്കുകയാ. നല്ല വീട്ടിലെ പയ്യനല്ലേ. വല വീശിപ്പിടിച്ചാൽ കയ്ക്ക്വോ?. അതെങ്ങനാ തള്ള വേലി ചാട്യാ മോള് മതില് ചാടില്ലേ.”
“ടീച്ചർ ഒരു സ്ത്രീയല്ലേ, ഒരു പെൺ‌കുട്ടിയോട് കുറച്ചുകൂടിയൊക്കെ അനുതാപം കാ‍ണിക്കാം.” ഉള്ളിലുണ്ടായ കലക്കം ആ വാകുകളിലൊതുക്കി ഇറങ്ങി നടന്നു.
അവൾക്ക് അവളുടെ വീട്ടിൽ നിന്നും അതിനു കിട്ടിയ സമ്മാനം വയറു നിറച്ചു പട്ടിണിയും ശരീരം അടിച്ചു തിണർപ്പിച്ച സ്നേഹവുമായിരുന്നു.
കൃസ്തുമസ്സ് ആഘോഷത്തിന്റെ മറവിലാണ് അടുത്ത വേട്ട നടന്നത്. സാന്താക്ലോസ്സിന്റെ വേഷം സ്വന്തം നിലയിൽ കെട്ടിവന്ന ഷഹനാസ് സ്റ്റേജിന്റെ പിന്നിൽ വച്ച് മീരയെ ബലമായി ചുംബിച്ചു. ആ ചെറ്റത്തരത്തെ തമാശയെന്ന് എല്ലാവരും മുദ്രകുത്തി അവനെ വെറുതെവിട്ടു. പക്ഷേ ഫോർ ദ പീപ്പിൾ അതിലും മുൻപോട്ട് പോയി. കഞ്ഞിപ്പുരയിൽ നിന്നെടുത്ത കരിക്കട്ടകൾ കൊണ്ട് അവർ സ്കൂളിന്റെ മഞ്ഞഭിത്തികളിൽ വീരഗാഥകൾ എഴുതി.
‘ഷഹനാസ് മീരയെ ചുംബിച്ചു. അവളുടെ ചുണ്ടുകൾക്ക് മുന്തിരിച്ചാറിന്റെ മധുരം.’
വഴങ്ങാത്ത മൃഗത്തെ ഓടിച്ചിട്ട് വേട്ടയാടി പിടിക്കുന്ന രീതിയായിരുന്നു അവരുടേത്. ഒടുവിൽ സഹികെട്ട് അവനെ സ്റ്റാഫ്‌റൂമിൽ വരുത്തി. ചൂരൽ പ്രയോഗം നടത്തുന്നതിനു പകരം അവന്റെ കഴുത്തിനു കുത്തിപ്പിടിക്കാനാണ് അപ്പോൾ തോന്നിയത്.
“ചെറ്റത്തരം കാണിച്ചാൽ കൊന്നുകളയും നായിന്റെ മോനെ..”
ബാക്കിയുള്ളവരെല്ലാം ചേർന്ന് ഇടപെട്ടു. അവനൊരു കൂസലുമില്ല. ഷർട്ടിന്റെ ചുളിവുകൾ നേരെയാക്കി വരാന്തയിലേക്കിറങ്ങി നിന്നവൻ വിളിച്ചു ചോദിച്ചു.
“ സാറിനെന്താ ഇത്ര ദണ്ഡം? അവളെ നോട്ടമുണ്ടേൽ അതു പറ സാറേ, എന്റെ മെക്കിട്ട് കയറാതെ.”
വല്ലാണ്ട് ചെറുതായിപ്പോയി. അവൻ ഒരു ഹീറോയെപ്പോലെ നടന്നുനീങ്ങി.
അശോകൻ സാർ അടുത്തുവന്ന് ചോദിച്ചു.
“ സാറിനിതെന്തിന്റെ കേടാ. എന്തിനാ ഈ പൊല്ലാപ്പിലൊക്കെ തലയിടുന്നത്?കഴിഞ്ഞ വർഷം അവന്മാരെ ക്ലാസ്സിൽ നിന്നും ഇറക്കിവിട്ട മോഹൻ‌ദാസ് സാറിനോട് അവന്മാരും ചില ടീച്ചേഴ്സും കൂടി ചെയ്തത് സാറിനറിയില്ലല്ലോ. മോഹൻ‌ദാസ് കമ്പ്യൂട്ടർ ലാബിൽ വച്ച് പെൺകുട്ടികളോട് മോശമായി പെരുമാറുന്നതായി കള്ളപ്പരാതി അയച്ചു. അന്വേഷണമായി. ഒടുവിൽ സാറ് ട്രാൻസ്ഫർ വാങ്ങിപ്പോയി.
വല്ലാത്ത ഒരു ഞെട്ടലുണ്ടാക്കിക്കൊണ്ട് ട്രയിന്റെ ചൂളംവിളി മുഴങ്ങി. വണ്ടി നീങ്ങാൻ തുടങ്ങുന്നു. എത്ര ഞെരിച്ചോടിയാലും അതിലിനി കയറിപ്പറ്റാൻ കഴിയില്ല. ഇന്ന് ഈ രാത്രിയിൽ ഈ പുഴയുടെ നടൂവിൽ ഒറ്റയ്ക്ക്....
വണ്ടി നീങ്ങിക്കഴിഞ്ഞപ്പോൾ പുഴയ്ക്ക് കുറുകെ വെള്ളത്തിലൂടെ ഒരാൾ എന്റെ നേരേ നടന്നടുക്കുന്നു. റം തലയ്ക്ക് പിടിച്ചിട്ട് തോന്നുന്നതാവും.
കണ്ണുതിരുമ്മി നോക്കി. അല്ല ആരോ വരുന്നുണ്ട്.
ഒരു പെൺ‌കുട്ടി വന്ന് മണലിൽ എനിക്കടുത്തിരുന്നു.
മീര..
ഞാൻ മിഴിച്ചിരുന്നുപോയി.
“എന്താ മാഷേ അന്തം വിട്ടു നോക്കുന്നത്.?”
മീരാ... നീ...?
അവൾ എന്റെ മുഖത്തുനിന്നും കണ്ണുകളെടുത്ത് അകലേയ്ക്ക് നോക്കി. നേർത്ത ഒരു നിശ്വാസത്തോടെ, ഒട്ടും തിടുക്കമില്ലാതെ അവൾ പറഞ്ഞു.
“ എനിക്ക് മാഷോട് പറയണമെന്ന് തോന്നി. എന്നിട്ട് നരകത്തിലോ സ്വർഗ്ഗത്തിലോ പോകാം. ഞാൻ കൊന്നു മാഷേ. അവനെ, ദേ ഈ കൈകൾ കൊണ്ട്. പിന്നെ എന്നെയും. എല്ലാവരും കരുതുന്ന പോലെ ഞാൻ അവനോടൊപ്പം ആത്മഹത്യ ചെയ്തതൊന്നുമല്ല, മാഷ്ടെ മീര അങ്ങനെ ചെയ്യുമെന്ന് മാഷ്ക്ക് തോന്നുന്നുണ്ടോ?”
അവനെന്നെ ചതിച്ചതാ. പലരും അതിനു കൂട്ടും നിന്നു. അന്ന് മാഷ് എന്നെ സ്കൂളിൽ വച്ച് കണ്ടില്ല്ലേ. ഞാൻ അവനെ കാത്തുനിന്നതാ. എന്റെ ഒരുപാട് മോശം ഫോട്ടോസ് അവന്റെ കൈയിൽ ഉണ്ടെന്നും സന്ധ്യക്ക് കാത്തുനിന്നാൽ തരാമെന്നും പറഞ്ഞു. അങ്ങനെ ചെയ്തില്ലങ്കിൽ എല്ലാം പരസ്യമാക്കുമെന്നും പറഞ്ഞു. അതാ ഞാൻ കാത്തുനിന്നത്. ഒരുപക്ഷേ മാ‍ഷോട് എല്ലാം പറഞ്ഞിരുന്നെങ്കിൽ. .? അതൊക്കെ പോട്ടെ , ഇനി ഓർത്തിട്ടു കാര്യമില്ലല്ലോ.
അന്ന് മാഷ് പൊയ്ക്കിഴിഞ്ഞപ്പോൾ അവനെത്തി. കൂടെ കൂട്ടുകാരും. എന്നെ ആരും കാണാതിരിക്കാൻ വേണ്ടി ഞാൻ നമ്മുടെ ക്ലാസ്സിൽ കയറി ഇരിക്കുകയായിരുന്നു. അവൻ വന്നയുടനെ മൊബൈൽ എടൂത്തു ചിത്രങ്ങൾ കാട്ടിത്തന്നു. ഒക്കെ തട്ടിപ്പു ചിത്രങ്ങൾ ആയിരുന്നു മാഷെ. എന്റെ തലവെട്ടി ഏതോ ശരീരങ്ങളിൽ ചേർത്ത് വച്ചത്.
അവൻ മൊബൈൽ എന്റെ മുന്നിൽ വച്ചു. എന്നിട്ട് ഒരു അഭാസച്ചിരി ചിരിച്ചു. ആർത്തുചിരിക്കാൻ കൂടെ കൂട്ടുകാരും. “ ഞാൻ പറയുന്നപോലെ അനുസരിച്ചാൽ ചിത്രങ്ങൾ മാത്രമല്ല മൊബൈൽ തന്നെ നീ എടുത്തോ”
ഞാൻ പോകാനായി എണീറ്റു മാഷേ. അവൻ എന്റെ കൈയിൽ കയറിപ്പിടിച്ചു. ഞാൻ കുതറി. ഞാൻ തറയിൽ മറിഞ്ഞുവീണു. ബാഗിൽ നിന്നും പുസ്തകങ്ങളും ഇൻസ്ട്രമെന്റ് ബോക്സും ചിതറിത്തെറിച്ചു. അവനെന്നെ ബലമായി ഉമ്മവച്ചു. എന്റെ യൂണിഫോം വലിച്ചുകീറാൻ നോക്കി. ഇൻസ്ട്രമെന്റ് ബോക്സിൽ നിന്നും തെറിച്ചു വീണ കോമ്പസ്സ് എന്റെ കൈയിൽ കിട്ടി. പിന്നൊന്നുമാലോചിച്ചില്ല മാ‍ഷേ. അവന്റെ കഴുത്തിൽ ഞാനത് കുത്തിയിറക്കി. അവന്റെയും കൂട്ടൂകാരുടെയൂം നിലവിളി ഇടിമിന്നലിന്റെ നടുവിലും ഞാൻ വ്യക്തമായി കേട്ടു മാഷേ.
‘ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുന്നതാണ് ജീവിതം’ എന്ന് മാഷ് എപ്പോഴും പറയാറില്ലേ? ഞാൻ രണ്ടിന്റെയും ഇടയിലൂടല്ല രണ്ടിലൂടെയും കടന്നുപോയി മാഷേ. പെൻസിൽ കൂർപ്പിക്കാൻ ബോക്സിൽ കരുതിയ പഴയ ബ്ലേഡ് എടുത്ത് ഒരുപാട് പണിപ്പെട്ട് ഞാൻ എന്റെ ഞരമ്പ് ഒരു ദാക്ഷിണ്യവുമില്ലാതെ അറുത്തുകളഞ്ഞു .”
മുഖത്ത് ചോര ചീറ്റിത്തെറിച്ചപോലെ ഞാൻ തലകുടഞ്ഞുകൊണ്ട് കണ്ണുകൾ അടച്ചു.
“ഇത്രനാളും കൊണ്ടുനടന്ന ജീവിതത്തിന്റെ ഭാരം ഞരമ്പുകളിലൂടെ ഒഴുകി ഇല്ലാതാവുന്നത് ഞാനറിഞ്ഞു. എന്റെ ജീവിതത്തിൽ പേടിയില്ലാതെ ആസ്വദിച്ച ഒരേയൊരൂ മുഹൂർത്തം അതായിരുന്നു മഷേ. ജീവൻ പോകുന്നതിനു മുൻ‌പ് ഞാൻ അവന്റെ മുഖത്തേയ്ക്ക് കാറിത്തുപ്പി.എന്റെ മരണത്തെപ്പോലും ലോകം അവഹേളിക്കും. അതിനുള്ള പരിഹാരമാ‍യിരുന്നു മാഷേ അത്.”
അവൾ ഒട്ടും ഭാരമില്ലാതെ ഒരു ചിരി എനിക്ക് സമ്മാനിച്ചു. ഞാനോ ശ്വാസമെടുക്കാൻ കഴിയാതെ വീർപ്പുമുട്ടി.....
“ മാഷ് എന്നോട് മാപ്പാക്കണം. എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് പറയണം, അവരുടെ ക്ലാസ്സ് പാപപങ്കിലമാക്കിയതിന് അവരുടെ ആരുമല്ലാതിരുന്ന ഈ കൂട്ടുകാരി മാപ്പുചോദിച്ചെന്ന്. അവരെന്നെ സ്നേഹിച്ചില്ലങ്കിലും ഞാൻ അവരെ സ്നേഹിച്ചിരുന്നൂന്ന് മാഷ് പറയണം.”
ഞാൻ പറയാൻ തുടങ്ങുന്നത് കേൾക്കാൻ നിൽക്കാതെ മീര എഴുന്നേറ്റു നടന്നു. എപ്പോഴത്തെയും പോലെ തിരിഞ്ഞുനോക്കാതെ.
എന്റെയുള്ളിൽ നിന്നും ചോരയും പിത്തജലവും പറ്റിപ്പിടിച്ച ഒരു നിലവിളി പുഴയിലേക്ക് തെറിച്ചുവീണു.
അത് പതിയെ അവൾ നടന്നുപോയ ദിക്കിലേക്ക് ഒഴുകാൻ തുടങ്ങി.
***************************************
(സ്ത്രീ പീഡനം പ്രമേയമായി എഴുതപ്പെട്ട മലയാളത്തിലെ ചെറുകഥകൾ എഡിറ്റ് ചെയ്തപ്പോൾ അതിൽ ഞാൻ എഴുതിച്ചേർത്ത കഥയാണിത്. പുസ്തകം. കൊത്തിമുറിച്ച ശില്പങ്ങൾ.(55കഥകൾ)അമ്പലപ്പുഴ സംഭവം നടക്കുന്നതിനും മുൻപ് എഴുതിയ കഥയാണിത്)

23 Nov 2012

അർജ്ജുനവിഷാദയോഗം

രാവിലേതന്നെ വിചാരം തുടങ്ങി.
(എത്ര കാലമായി നോക്കി നടത്തുന്നു
ഇന്നു രണ്ടിലൊന്നറിഞ്ഞിട്ടു കാര്യം)
എന്താണു ജീവിതം?
കേട്ടപാടെ മനസ്സ് വിങ്ങിവിങ്ങി പറഞ്ഞു.
“കൂടപ്പിറപ്പേ,
എത്ര കാലമായി ഞാൻ പറയുന്നു
ഇങ്ങനെ കൊട്ടിയടച്ചിരുന്നാലോചിച്ച്
എന്നെ കഷ്ടപ്പെടുത്താതെ
ഒന്നു പുറത്തിറങ്ങി ചുറ്റും കണ്ണോടിക്കാൻ.“
നീ ഒന്നു ചുമ്മാതിരിക്കുന്നുണ്ടോ
ഭാവനയും തത്വവിചാരവും
ഇങ്ങനെയിരുന്നു ധ്യാനിക്കുമ്പഴല്ലേ വരൂ.
നാശം പിടിച്ച മനസ്സ്, മൂഡ് പോയി.
ഇനി പ്രാതൽ കഴിഞ്ഞാവാം വിചാരധാര.!
വയറുനിറഞ്ഞതും വീണ്ടുംവിചാരം വന്നു.
ലോകം നേർവഴിക്കാണോ പോകുന്നത്?
തലച്ചോറിനാകെ ഭ്രാന്തു പിടിച്ചു.
“ഞാൻ പറഞ്ഞിട്ടുള്ളതല്ലേ
ഈ വക കുഴപ്പം‌പിടിച്ച ചിന്തയൊന്നും
എന്റെ വകുപ്പിൽ പെടുന്നതല്ലന്ന്?
രണ്ടെണ്ണം വീശി നിനക്കൊന്നു
റിലാക്സ് ചെയ്തുകൂടെ ഈ നേരത്ത്?
ശരിയാ, ലോജിക്കിന്റെ ലാഘവങ്ങളിൽ
കൈയടക്കം നേടാൻ ഇവനില്ലാതെങ്ങനെ.
സെല്ലെടുത്തു ചെവിയോടു ചേർത്ത്
കൂട്ടരെ ശീതീകരിച്ച മുറിയിൽ വരുത്തി.
തലയ്ക്കുള്ളിൽ തീത്തൈലത്തിന്റെ
ആവിപൊങ്ങിയപ്പോൾ
നട്ടെല്ലിൽ ധർമ്മബോധം വന്നു കുത്തി.
മനുഷ്യൻ എന്നത് ഒരു സുന്ദരപദമോ?
ആമാശയത്തോടൊപ്പം
കൂട്ടുകാരും കോപിച്ചുവശായി.
“തൊടങ്ങി അവന്റെ ഒടുക്കത്തെ സംവാദം.
നീയിനിയും ഔചിത്യം പഠിച്ചില്ലേ
വെട്ടിവിഴുങ്ങടാ ചുമ്മാ കലിപ്പുണ്ടാക്കാതെ
ആദ്യമന്നം പിന്നല്ലേയെന്തും?”
തിന്നും കുടിച്ചും വെടിപറഞ്ഞും പുകച്ചും
ചീട്ടുനിരത്തിക്കളിച്ചു കുണുക്കണിഞ്ഞും
കണ്ടപെണ്ണുങ്ങളോടൊപ്പം രമിച്ച
കഥ പറഞ്ഞും കേട്ടുരസിച്ചും
വീട്ടിലിരിക്കുന്ന നല്ലപാതിയെ തെറിപറഞ്ഞും
ലഹരിപതഞ്ഞൊച്ച വയ്ക്കവേ
സമയത്തിനൊപ്പം ചോദ്യവും മുങ്ങിപ്പോയി.
നാടോടുമ്പോൾ നടുവേയോടി വീട്ടിലെത്തി
കുളിച്ച് സുഗന്ധം‌പൂശി,യത്താഴം കഴിച്ചു.
റിമോട്ടുഞെക്കി ചാനൽ തിരയവേ
കലിവന്നു കണ്ണു ചുവന്നു.
പട്ടിണി, പരിസ്ഥിതി, തീവ്രവാദം,
കിടപ്പാടമില്ലാത്തവന്റെ സ്വത്വചർച്ച
മനുഷ്യാവകാശം, ഹൊ തുലഞ്ഞു.
ഒടുവിൽ ചിരിച്ചുമറിയാനൊരു
കോമഡി കിട്ടി, എല്ലാം മറന്നു ചിരിച്ചു.
മക്കളോടൊത്തുല്ലസിച്ചു.
സ്വർഗ്ഗത്തിലേക്കുള്ള ഇടവഴിയിലൂടെ
പ്രിയതമയോടൊത്തു നടന്നു വിയർത്ത്
നിർമ്മമനായിക്കിടക്കവേ
ഇത്തിരിയുറക്കെ ആത്മഗതം ചൊല്ലി
ഇത്രയൊക്കെയേയുള്ളൂ,മനുഷ്യന്റെ
സുഖാന്വേഷണം എത്ര നിസ്സാരമല്ലേ?
ഓ തൊടങ്ങി, എനിക്ക് കേൾക്കേണ്ടിതൊന്നും.
‘ആഹ്, മാ ഫലേഷു കഥാചന‘
എന്നൊരു ദീർഘനിശ്വാസമുതിർത്ത്
തിരിഞ്ഞുകിടന്നു.
ഒരു ദിവസം കൂടി കഴിഞ്ഞുപോയി.
ഇനിയുമുണ്ടല്ലോ കാലം
കാട്ടിക്കൊടുക്കാം ഞാൻ നാളെ മുതൽ.

23 Oct 2012

നീ വെറുതെ കളഞ്ഞതായിരുന്നു നിനക്ക് സ്വന്തമായിരുന്നത് *

എൻ.ബി.സുരേഷ്

ന്യൂസ് പേപ്പർ ബോയ് അമ്പതാം വാർഷിക വേള. വലത്ത് ഇരിക്കുന്നത് കോമളം.

ഞാൻ അതിവിടെ അവസാനിപ്പിച്ചു.നമ്മുടേതായ ലോകം
ജനലിലൂടെ നോക്കിനിൽക്കാൻ വേണ്ടി.(പാബ്ലോ നെരൂദ)

സിനിമ വന്നു കൈനീട്ടി നിന്നപ്പോൾ ഒന്നുമോർക്കാതെയല്ല,ഒരുപാട് എതിർപ്പുകൾ നേരിട്ടാണ് ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷേ കൂടുതൽ ശക്തമായ ഭീഷണിയായി ജീവിതം പിന്നിൽ നിന്നു തിരികെ വിളിച്ചപ്പോൾ മടങ്ങിപ്പോന്നു. ഒടുവിൽ എനിക്ക് രണ്ടും നഷ്ടമായി,ജീവിതവും സിനിമയും.നെയ്യാറ്റിൻ‌കര കോമളം തന്റെ ജീവിതത്തിന്റെ തെരഞ്ഞെടുപ്പുകളെ വ്യാ‍ഖ്യാനിക്കുന്നത് ഇങ്ങനെയാണ്.

നമ്മുടെ ഓർമ്മകൾ മറന്നുപോയ ഒരുകാലത്തിൽ, നമുക്ക് വേണ്ടാത്ത രൂപത്തിൽ, കിനാവുകൾ കത്തിയെരിഞ്ഞ ചാരക്കൂമ്പാരത്തിനരുകിൽ അവർ ഇപ്പോഴും ഇരിക്കുന്നുണ്ട്.
എന്റെ മിഥ്യ തെരഞ്ഞെടുത്തത്
ഞാൻ തന്നെയാണ്.
തണുത്തുറഞ്ഞ ഉപ്പിൽനിന്ന്
ഞാനതിന്റെ രൂപം നിർമ്മിച്ചു.
പെരുമഴയ്ക്കനുസരിച്ചായിരുന്നു
എന്റെ കാലങ്ങൾ.
എങ്കിലും എനിക്കിപ്പോഴും ജീവനുണ്ട്.
ജീവിക്കുകയല്ലാതെ എനിക്ക് മറ്റു തരമില്ല.
പാബ്ലോ നെരൂദയുടെ ഈ വരികൾ നെയ്യാറ്റിൻ‌കര കോമളത്തെ സംബന്ധിച്ചിടത്തോളം നൂറുശതമാനം ശരിയാണ്.

ആഘോഷങ്ങളുടെ രാപകലുകളിലൂടെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ പായുന്ന മലയാളികൾക്ക് ഏത് ലേബലിലാണ് കോമളത്തെ പരിചയപ്പെടുത്തേണ്ടത്? എന്നാശങ്കപ്പെടുമ്പോഴും മനസ്സു പറയുന്നു. അതുവേണം.

1950ൽ പുറത്തിറങ്ങിയ വനമാല എന്ന സിനിമയിലഭിനയിച്ചുകൊണ്ട് 60വർഷം മുൻ‌പ് മലയാള സിനിമയിലെത്തിയ അഭിനേത്രി.(അന്നവർ കൌമാരക്കാരി ആയിരുന്നു.) മലയാളത്തിലെ ആദ്യ നവറിയലിസ്റ്റ് സിനിമയായ ന്യൂസ്പേപ്പർ ബോയിയിലെ നായിക. നിത്യഹരിതനായകനായിരുന്ന പ്രേം നസീറിന്റെ ആദ്യനായിക. പിന്നെ മലയാളികളുടെ പാരമ്പര്യസ്വഭാവമായ യാഥാസ്ഥിതികത്വം എന്ന ദുർഗുണം വിലക്കു കല്പിച്ച കലാകാരി. നെയ്യാറ്റിൻ‌കര കോമളത്തെ കുറിച്ച് പറയുമ്പോൾ ഇതിലേതാണ് ഓർക്കാൻ താല്പര്യം? ഒന്നുമുണ്ടാവില്ല.(മലയാളത്തിലെ ആദ്യനായിക പി.കെ.റോസിയെ കല്ലെറിഞ്ഞ് നാടുകടത്തിയ മഹാപ്രതിഭകളാണ് മലയാളികൾ. ഇപ്പോഴോ പെൺ‌മക്കളെ എങ്ങനെയൊന്നു സിനിമയിൽ കയറ്റിവിടാം എന്ന് കുടുംബത്തിൽ പിറന്നവർ തലപുകയ്ക്കുന്നു.)

ന്യൂസ്പേപ്പർ ബോയിയുടെ അമ്പതാം വാർഷികം
കോമളം ഒന്നും മറക്കുന്നില്ല. മാത്രമല്ല ജീവിതമെന്ന പുഴ തന്നെ മോഹിപ്പിച്ചുകൊണ്ട് തന്റെ മുന്നിലൂടെ ഒഴുകിയകലുന്നത് നോക്കിനോക്കിയിരുന്ന് അവർക്കേറെ വയസ്സായി.അവർ സിനിമയിലെത്തിയതിന്റെ അറുപതാം വാർഷികം ആഘോഷിക്കാൻ ‘നിങ്ങളില്ലാതെ എനിക്കെന്താഘോഷം‘ എന്ന് മയക്കുന്ന ചിരിയുമായി ചോദിച്ചുകൊണ്ട് ആരും അവരുടെ പടി കടന്നെത്തുന്നില്ല. അതെ അവർ വെറുതെ കളഞ്ഞതായിരുന്നു അവർക്ക് സ്വന്തമായിരുന്നത്.

ന്യൂസ്പേപ്പർ ബോയിയുടെ അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ പോലും കോമളം വേണ്ടവിധത്തിൽ ആദരിക്കപ്പെട്ടോ? സംശയമാണ്. ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയത്തോട് വിടപറഞ്ഞ് സെല്ലുലോയ്ഡിന്റെ പ്രഭാപൂരത്തിൽനിന്നും പിൻ‌വാങ്ങിയ കോമളം എന്ന സാധാരണ സ്ത്രീയെ ആരോർക്കാൻ. “ ന്യൂസ്പേപ്പർ ബോയ് പ്രദർശിപ്പിച്ചിട്ട് 55വർഷമാകുന്നു. ആ ചിത്രത്തിലഭിനയിച്ച ഞാൻ അഭിനയജീവിതത്തോട് വിടപറഞ്ഞിട്ടും അത്രയും വർഷമാകുന്നു.” നിരാശയോടെ, ഗൃഹതുരത്വത്തോടെ കോമളം ഓർമ്മിക്കുന്നു.

നെയ്യാറ്റിൻ‌കര മരുതൂർ കോവിച്ചൻ‌വിള രവിമന്ദിരത്തിൽ പങ്കജാക്ഷൻ‌മേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ ആളാണ് കോമളാമേനോൻ. അച്ഛൻ പൊതുമരാമത്ത് ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയുമായിരുന്നു. സിനിമ കോമളാ മേനോന്റെ വിദൂരസ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല . നെയ്യാറ്റിൻ‌കര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺ‌വെന്റ് സ്കൂളിൽ നിന്ന് പത്താംതരം കഴിഞ്ഞു നിൽക്കുമ്പോൾ പതിനാറാം വയസ്സിലാണ് സിനിമയിലേക്ക് വരുന്നത്. തനിക്കിഷ്ടമുള്ള ഭൂതകാലത്തിലേക്ക് അവർ പോകുന്നു.

തീയറ്റർ മാനേജരായിരുന്നു സഹോദരിയുടെ ഭർത്താവ്. അദ്ദേഹമാണ് അഭിനയിക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ ചീത്തപ്പേരിന്റെ പേരും പറഞ്ഞ് യാഥാസ്ഥിതിക ബന്ധുക്കൾ എതിർത്തു. ഒരുവശത്ത് സിനിമയെന്ന പ്രലോഭനം. മറുവശത്ത് വാളെടുത്ത് അങ്കക്കലി പൂണ്ട് നിൽക്കുന്നവർ. അച്ഛൻ കോമളത്തിന് അഞ്ചു വയസ്സായപ്പോഴേ മരിച്ചു. അമ്മാവന്മാരുടെ സംരക്ഷണയിൽ കഴിയുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം കീഴടങ്ങിപ്പോകുന്ന ഒരു സന്ദർഭമായിരുന്നു അത്.(ഇന്നും നട്ടെല്ലു നിവർത്തി ഒരു സ്ത്രീ നിന്നാൽ അന്തസ്സും ആഭിജാത്യവും കടപുഴകിവീഴും എന്നു കരുതുന്ന ആളുകളാണ് മലയാളികൾ. അപ്പോൾ 50വർഷം മുൻ‌പുള്ള അവസ്ഥ പറയണോ.)

പക്ഷേ ഒടുവിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ഇറങ്ങിപ്പുറപ്പെടാൻ കോമളം തീരുമാനിച്ചു. ബന്ധുക്കൾ ഉയർത്തിയ സന്ദിഗ്ദ്ധാവസ്ഥയിൽ നല്ലതങ്കയിൽ നായികയാവനുള്ള അവസരം അതിനിടയിൽ കോമളത്തിനു നഷ്ടമായിരുന്നു. ഉദയാ സ്റ്റുഡിയോയിൽ പോയി സ്റ്റിൽ‌സ് വരെ എടുക്കുകയുണ്ടായി.

ഒടുവിൽ കോമളാമേനോൻ നെയ്യാറ്റിൻ‌കര കോമളമായി. ആദ്യചിത്രം വനമാല. പി.എ.തോമസ് ആയിരുന്നു സംവിധായകൻ. ചിത്രം ഹിറ്റായില്ല. പക്ഷേ കോമളത്തിന്റെ കഥാപാത്രം മാല ശ്രദ്ധിക്കപ്പെട്ടു. ഒരു ജമീന്ദാരുടെ കുടുംബത്തിൽ ദു:ഖങ്ങളെ താലോലിച്ച് ജീവിതം കഴിച്ചുകൂ‍ട്ടുന്ന ഒരു പെണ്ണായിരുന്നു അതിലെ നായിക. “നിർഭാഗ്യവശാൽ എന്റെ ജീവിതവും പിന്നീട് ആ കഥാപാത്രത്തിന്റേതുപോലെയായി.” കണ്ണീരിന്റെ ഉപ്പുചേർത്ത് കോമളം പറയുന്നു.

ജോസഫ് തളിയത്ത് ജൂനിയർ സംവിധാനം ചെയ്ത ആത്മശാന്തിയാണ് പിന്നീട് കോമളം അഭിനയിച്ച സിനിമ. വഞ്ചിയൂർ മാധവൻ നായരും മിസ് നായകനും നായികയും.നായികയുടെ അനുജത്തി ശാരദയുടെ വേഷമായിരുന്നു കോമളത്തിന്. എൻ.പി.ചെല്ലപ്പൻ നായരുടെ ശശികല എന്ന കഥയെ ആസ്പദമാക്കി തമിഴിലും ത്മശാന്തി നിർമ്മിച്ചത്. ചിത്രം നന്നായി ഓടി. കോമളത്തിന് സിനിമയിൽ തിരക്കേറി. ആത്മശാന്തിയെത്തുടർന്നാണ് കോമളം നസീറിന്റെ ആദ്യനായികയാകുന്നത്.
മരുമകൾ എന്നാണ് സിനിമയുടെ പേര്. സേലത്തുവച്ചാണ് ഷൂട്ടിംഗ്. പൊടിമീശയൊക്കെ വച്ച് നിറഞ്ഞ ചിരിയുമായി സെറ്റിലെത്തിയ അബ്ദുൾ ഖാദറിനെ കോമളം ഓർക്കുന്നു.(പിന്നീടാണ് അബ്ദുൾ ഖാദർ പ്രേം നസീർ ആകുന്നത്) അന്ന് നസീർ 21വയസ്സുകാരനും ഒന്നര വയസ്സുള്ള കുട്ടിയുടെ അച്ഛനുമായിരുന്നു. അന്ന് കോമളത്തിന് 16വയസ്സ് ആയിരുന്നു.

“ആ ഷൂട്ടിംഗ് കാലം മറക്കാനാവില്ല. ജീ‍വിതത്തിലെ പ്രകാശമുള്ള ഏടുകളാണത്. നസീർ സെറ്റിൽ അധികം സംസാരിക്കില്ല. എന്തെങ്കിലും ആരെങ്കിലും ചോദിച്ചാൽ മറുപടി പറയും. പക്ഷേ എല്ലാവരോടും അളവറ്റ സ്നേഹം.”

മരുമകൾക്ക് ശേഷം എഫ്.നാഗൂർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുക്കിയ സന്ദേഹത്തിൽ കോമളം നായികയായി. ആ ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയായിരുന്നു കോമളത്തിന്റെ നായകൻ. അതിനെ തുടർന്നാണ്
ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന ന്യൂസ് പേപ്പർ ബോയ് എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. അതിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നാഗവള്ളി അർ.എസ്.കുറുപ്പാണ് അച്ഛനായി അഭിനയിച്ചത്.പി.രാംദാസായിരുന്നു സംവിധായകൻ. സ്വന്തം ജീവിതസാഹചര്യങ്ങളുടെ ഛായ ആ കഥാപാത്രത്തിനുണ്ടായിരുന്നു

ചിത്രത്തോടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പ് സഹിക്കവയ്യാതായി.എത്ര കാലമാണ് ഒരു ചെറിയ പെൺകുട്ടി ഒരുകൂട്ടത്തോട് ചെറുത്തുനിൽക്കുക? “എന്റെ യൌവനവും നല്ലകാലവും തെളിഞ്ഞു നിന്ന സമയത്ത് എനിക്ക് സിനിമയിൽ നിന്ന് എന്നെന്നേയ്ക്കുമായി വിടപറയേണ്ടിവന്നു.എന്റെ ഇരുപത്തിയൊന്നാം വയസ്സിൽ.”ഉള്ളിലെ തേങ്ങലിന്റെ താളമുണ്ട് കോമളതിന്റെ വാക്കുകളിൽ. സമൂഹം ഒരു വേട്ടക്കാരന്റെ രൂപഭാവങ്ങളോടെ എന്നും സ്ത്രീക്കുനേരേ മാത്രം അസഹിഷ്ണുത കാണിക്കുന്നതിന്റെ എല്ലാക്കാലത്തെയും ഉദാഹരണങ്ങളിൽ ഒന്നാണിത്.(എഴുത്തുകാരി രാജലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സമൂഹത്തിന്റെ ഇത്തരം വേട്ടയാടലിന്റെ ചരിത്രമുണ്ടല്ലോ) യു.പി.സ്കൂളിൽ പഠിക്കുമ്പോൾ സൂപ്പർസ്റ്റാറിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് സിനിമയിൽ നിന്നും പണവും പ്രശസ്തിയും നേടി ആചാരവെടിക്കെട്ടോടെ വിവാഹം നടത്തി ആഘോഷമായി സിനിമയിൽ നിന്ന് പിൻ‌വാങ്ങുന്ന നായികമാരുടെ കലാകേളി നാം ഇപ്പോൾ കാണുന്നുണ്ടല്ലോ.

കോമളത്തിന് പക്ഷേ സിനിമ ഒന്നും നൽകിയില്ല. മാത്രമല്ല സിനിമയിൽ നിന്നും ജീവിതത്തിലേക്ക് അവരെ വലിച്ചിറക്കിക്കൊണ്ടുവരാൻ തിരക്കുകൂട്ടിയവർ ആരും തിരിഞ്ഞുനോക്കിയുമില്ല. എ.അയ്യപ്പൻ എഴുതിയപോലെ തിരിച്ചുവന്നപ്പോൾ മാളമില്ല തലചായ്ക്കാൻ എന്ന അവസ്ഥയായി. സിനിമയെന്ന സ്വപ്നവും നഷ്ടമായി, ജീവിതത്തിൽ ഒറ്റപ്പെടുകയും ചെയ്തു.
മെരിലാന്റ് അടക്കമുള്ള സിനിമാനിർമ്മാണ കമ്പനികൾ നിരന്തരം ഓഫറുകളുമായി അവരെ സമീപിക്കുമ്പോഴാണ് കോമളം മനസ്സില്ലാമനസ്സോടെ സിനിമയിൽനിന്നും ഇറങ്ങിപ്പോന്നത്. മലയാളസിനിമയുടെ പൂമുഖത്ത് കസേര വലിച്ചിട്ടിരിക്കുന്ന പല അനർഹരെക്കാളും ആ കസേരയ്ക്ക് അർഹത കോമളത്തിനുണ്ടായേനെ, അവർ സിനിമയിൽ തുടർന്നെങ്കിൽ. ഇപ്പോൾ സിനിമയുടെ പുറമ്പോക്കിൽ പോലും ഇടമില്ലാതെ, ആരാലും ഓർമ്മിക്കപ്പെടാതെ, അവർ ചരിത്രത്തിൽ നിന്നും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എന്താണ് ബാക്കി? സിനിമയിൽ കത്തിനിൽക്കുമ്പോൾ സമൂഹം അവരെ അവിടെനിന്നും വലിച്ചു പുറത്തിട്ടു. കോമളമാകട്ടെ പിന്നീട് പുറം‌ലോകത്തിനു നേരേ വാതിൽ കൊട്ടിയടച്ചു. “നീണ്ട 14വർഷം ഞാനൊതുങ്ങിക്കൂടി. വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. വാശിയായിരുന്നു. ജീവിതത്തിൽ എനിക്ക് നേടിയെടുക്കാൻ കഴിയുമായിരുന്നവ പലരും ചേർന്ന് തട്ടിത്തെറിപ്പിച്ചു. ഒടുവിൽ 35-ആം വയസ്സിലാണ് വിവാഹം നടന്നത്. അച്ഛന്റെ അനന്തരവൻ ചന്ദ്രശേഖരൻ ആയിരുന്നു വരൻ.

പക്ഷേ അതും നീണ്ടു നിന്നില്ല. 9വർഷം നീണ്ട ദാമ്പത്യജീവിതം ചന്ദ്രശേഖരന്റെ മരണത്തോടെ അവസാനിച്ചു. ഒരു അമ്മയാവാനുള്ള ഭാഗ്യവും അവർക്കുണ്ടായില്ല. ജീവിതത്തിലുടനീളം അവരെ ഒറ്റപ്പെടുത്താൻ അരൊക്കെയോ നടത്തിയ ഗൂഡാലോചനയിൽ അങ്ങനെ വിധിയും പങ്കുചേർന്നു. കടൽത്തീരത്തെ നനഞ്ഞ മണൽത്തരികളെക്കാൾ ഭാരമേറിയ സ്വന്തം ദു:ഖങ്ങളുമായി ഒരു ജീവിതം മുഴുവൻ ഒറ്റയ്ക്ക് മനസ്സിന്റെ ഏകാന്തതയിൽ അവർ കഴിച്ചുകൂട്ടി. “ ഒന്നും പ്രതീക്ഷിക്കാനില്ലാതെ, നല്ല വാക്കും സ്നേഹവുമായി ആരും കടന്നുവരാനില്ലാതെ,എന്റെ മാത്രം ലോകത്ത് യുഗങ്ങൾ പോലെ നീളുന്ന ഒരു ജീവിതം ഞാൻ ജീവിച്ചുതീർക്കുന്നു.” എന്ന് കോമളം നിസ്സംഗയാവുന്നു.

തൊഴുത്തിൽകുത്തിന്റെയും ചെളിവാരിയെറിയലിന്റെയും ഊരുവിലക്കിന്റെയും പണക്കൊഴുപ്പിന്റെയും കല തൊട്ടുതേച്ചിട്ടില്ലാത്ത പെരുമാറ്റത്തിന്റെയും സർവ്വോപരി നന്ദികേടിന്റെയും പര്യായമായ മലയാള സിനിമ കോമളത്തെപ്പോലുള്ളവരെ ഓർമ്മിക്കുമോ? ഞാനും എന്റെ വാലാട്ടികളും എന്ന വിഷയത്തിലാണല്ലോ അവരെല്ലാം പി.എച്ച്.ഡി. എടുത്തിട്ടുള്ളത്.പിന്നിൽ വീണുപോയവരെ തിരിഞ്ഞുനോക്കാതെ ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ വെമ്പുന്ന (മഹാഭാരതത്തിൽ പാണ്ഡവരുടെ മഹാപ്രസ്ഥാനം) ഒരു യാത്രയിലാണല്ലോ മലയാള സിനിമ ഇന്ന്.
“ഒരേയൊരു സിനിമയിലേ ഒന്നിച്ചഭിനയിചിട്ടുള്ളൂ. പിന്നീടൊരിക്കലും കണ്ടിട്ടുമില്ല. പക്ഷേ 30വർഷത്തിന് ശേഷം എനിക്കൊരു കത്തുകിട്ടി. നെയ്യാറ്റിൻ‌കര കോമളം, സിനി ആർട്ടിസ്റ്റ്, നെയ്യാറ്റിൻ‌കര. എന്ന വിലാസത്തിൽ. ഒരു വിവാഹ ക്ഷണപ്പത്രിക. പ്രേംനസീറിന്റെ ഇളയ മകൻ ഷാനവാസിന്റെ വിവാഹം ക്ഷണിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. തീർച്ചയായും വരണം വരാതിരിക്കരുത് എന്ന് നിർബന്ധിച്ചെഴുതിയ കത്ത്. ഞാൻ ഇന്നും നിധിപോലെ ആ കത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു.
ഞാൻ ആശ്ചര്യപ്പെട്ടു. സിനിമയിൽ കത്തിനിൽക്കുന്ന അദ്ദേഹം അതിന്റെ ഓരങ്ങളിൽ പോലുമില്ലാതെ മറഞ്ഞുപോയ എന്നെ ഇത്ര വർഷങ്ങൾക്കു ശേഷവും ഓർത്തല്ലോ. വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ ചെന്നിറങ്ങുമ്പോൾ ഞാൻ അമ്പരന്നു. ആകെ തിരക്ക്. ആരാധകരുടെയും പ്രമുഖരുടെയും പ്രവാഹം. ആരാണെന്നെ തിരിച്ചറിയുക? പക്ഷേ എവിടെ നിന്നെന്നറിയില്ല, അദ്ദേഹം ഓടിയെത്തി. ഭാര്യയുടെയും മകന്റെയും അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇതെന്റെ ആദ്യ നായിക കോമളം എന്നു പരിചയപ്പെടുത്തി. വിവാഹം കഴിഞ്ഞു പോകാനിറങ്ങിയ എന്റെയൊപ്പം ഗേറ്റിൽ വരെ അദ്ദേഹം വന്നു. നല്ല വാക്കുകൾ പറഞ്ഞു യാത്രയാക്കി.” കോമളത്തിന്റെ കണ്ണുകളിൽ സ്നേഹവും നിർവൃതിയും കണ്ണീർക്കണങ്ങളായി തിളങ്ങുന്നു.

( പ്രേം നസീർ മലയാള സിനിമയ്ക്ക് നൽകിയ ധാർമ്മികഗുണങ്ങളെല്ലാം വളരെ വേഗത്തിൽ കുപ്പത്തൊട്ടിയിലെറിഞ്ഞ് അദ്ദേഹത്തെയും മറന്നുകൊണ്ടിരിക്കുന്ന പുതിയ കാലത്തിന് ഇതൊരു സെന്റിമെന്റൽ തമാശയായി മാത്രമേ തോന്നൂ.പക്ഷേ കോമളത്തിന് അത് തന്റെ ജീവിതത്തിലെ ദീപ്തമായ ഒരോർമ്മയാണ്) “അദ്ദേഹത്തിന്റെ മരണം എന്നെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹം മനുഷ്യനായിരുന്നു.മനുഷ്യനെ തിരിച്ചറിയുന്ന പച്ചമനുഷ്യൻ”

നെയ്യാറ്റിൻ‌കര കോമളത്തിന് വയസ്സ് 75 കഴിഞ്ഞിരിക്കുന്നു. പ്രായത്തിന്റെ അവശതകൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. സഹോദരിയോടൊപ്പമാണ് താമസം. അവർക്ക് ജീവിതം ഇപ്പോൾ ഒഴുകുന്ന ഒരു പുഴയല്ല. തളംകെട്ടി നിൽക്കുന്ന ഒരു ജലാശയം മാത്രം. അവിടെ ഓർമ്മകളുടെ നേർത്ത അലകൾ മാത്രം. എവിടേയ്ക്കും സഞ്ചരിക്കാനില്ലാത്ത സ്വന്തം ജീവിതത്തിന്റെ ജാലകത്തിനരുകിൽ ഒരിക്കലും തന്റെയടുത്തേക്ക് വരാത്ത പുറ‌ലോകത്തെ നോക്കി അവർ ഇരിക്കുന്നു. പേരിനൊപ്പം കൂട്ടിപ്പറയാൻ ഒരുപാട് സിനിമകൾ ഇല്ല. അവാർഡുകളില്ല. ദു:ഖപുത്രിയായി സിനിമയിലെത്തി, ആ വേഷം ജീവിതത്തിലും തുടരേണ്ടിവന്നതിന്റെ ഒരു വ്യഥ അവരെ എന്നും അലട്ടിയിരുന്നു. അഭിനയത്തിൽ ജീവിക്കാനായില്ല. ജീവിതത്തിൽ അഭിനയിക്കാനുമായില്ല.

10വർഷം മുൻ‌പ് ഒരു സീരിയലിൽ അവർ അഭിനയിച്ചിരുന്നു.പിതൃവനത്തിൽ. എം.ആർ.ഗോപകുമാറിന്റെ അമ്മവേഷത്തിൽ. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം സീരിയൽ‌ഫീൽഡിൽ തുടർന്നില്ല.സീരിയലിൽ അഭിനയിക്കാൻ അടുത്തിടെ വരെ ക്ഷണമുണ്ടായിരുന്നു. പക്ഷേ വയ്യ. “ മരിക്കുന്നതിനു മുൻപ് ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. ഒരിക്കൽ കൂടി ഒരു സിനിമയിൽ അഭിനയിക്കണം. പക്ഷെ ആരാ കിഴവിയായ എന്നെ വിളിക്കുക.....” നിരാശ വന്ന് അവരുടെ അവസാന സ്വപ്നത്തെ മൂടിക്കളയുന്നു.

ജീവിതത്തിലും സിനിമയിലും വലിയ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന കോമളാമേനോൻ ദാ ഇവിടെ തീരെ ചെറുതാക്കപ്പെട്ട് നിറം മങ്ങി വരയും പൊട്ടലും വീണ ഒരു ബ്ലാക്&വൈറ്റ് ഓർമ്മ പോലുമല്ലാതെ ആയിത്തീർന്നിരിക്കുന്നു. സെല്ലുലോയ്ഡിന്റെ വർണ്ണലോകത്തിൽ തന്റെ നിറമാർന്ന രൂപം കാണാൻ അവർക്ക് കഴിഞ്ഞതേയില്ല. തന്റേതല്ലാത്ത കുറ്റങ്ങളാൽ അവർ അവർക്ക് അവകാശപ്പെട്ട തറവാട്ടിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു. നെരൂദയുടെ ഈ വരികൾ കൂടി അവരുടെ ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയോട് ചേർത്ത് വയ്ക്കാം.
ഞാൻ എന്തായിരുന്നു എന്നതിലേയ്ക്കും
എന്താണ് എന്നതിലേയ്ക്കും
മടങ്ങിവരാനല്ല
ഞാൻ തിരിച്ചുപോകുന്നത്.
ഇതിലധികം സ്വയം വഞ്ചിക്കാൻ
ഞാനിഷ്ടപ്പെടുന്നില്ല
പിന്നോട്ട് അലയുന്നത് അപകടമാണ്.
പെട്ടന്നതാ ഭൂതകാലം
തടവറയായി മാറിയിരിക്കുന്നു
* ശീർഷകം( ഷോത റസ്താവേലി എന്ന ജോർജ്ജിയൻ കവിയുടെ വരികൾ)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അനുബന്ധം. :- വർഷങ്ങൾക്ക് മുൻപ് നെയ്യാറ്റിൻ‌കരയിൽ ജോലി നോക്കുമ്പോൾ കോമളത്തിനെ കണ്ട് തയ്യാറാക്കിയ കുറിപ്പാണിത്. അന്ന് എടുത്ത ഫോട്ടോകൾ മറ്റൊരാളുടെ കയ്യിൽ ആയി.നെയ്യാറ്റിൻ‌കര കോമളം എന്ന പഴയ സിനിമാതാരത്തിന്റെ ചിത്രങ്ങൾ നോക്കി ഇന്റർനെറ്റിൽ പോയപ്പോൾ അവരുടെ പഴയതും പുതിയതുമായ ഒരു ചിത്രം പോലും കണ്ടെത്താനായില്ല. ചലച്ചിത്ര അക്കാദമിയുടെ ഫോട്ടോഗ്യാലറിയിലുമില്ല. എന്തൊരു ദയാരാഹിത്യമാണ് നാം പഴയ മനുഷ്യരോട് കാട്ടുന്നത്? മറവിക്കെതിരെ ഓർമ്മയുടെ സമരം നാം എന്നാണ് തുടങ്ങുന്നത്.?

20 Sept 2012

ജീവിതത്തിനു നേരേ ഒരു ചൂണ്ടുവിരൽ

  എന്‍.ബി.സുരേഷ് |
ബാഗും മാറത്തടക്കിപ്പിടിച്ച് സ്കൂൾമുറ്റത്തെ മാഞ്ചുവട്ടിൽ നിൽക്കുകയായിരുന്നു മീര. മുറ്റത്താകെ പഴുത്ത മാവിലകളും കണ്ണിമാങ്ങകളും ചിതറിവീണു കിടക്കുന്നുണ്ട്.ചുറ്റുവട്ടത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. സാധാരണഗതിയിൽ കുട്ടികൾ പൊയ്ക്കഴിഞ്ഞാൽ തുറന്നുകിടക്കുന്ന ക്ലാസ്മുറികളും മുറ്റവുമെല്ലാം തെരുവുനായ്ക്കൾ കയ്യടക്കും. ഇന്നവറ്റയെയും കാണാനില്ല.

അവൾ, മീരമാത്രം, ഒറ്റയ്ക്ക് മാഞ്ചുവട്ടിൽ.

ഒരു കാറ്റുവീശിയാൽ മഴ താഴെ വീഴും എന്നു തോന്നി. ഇരുട്ടുവീണുതുടങ്ങിയിരുന്നു. ഇടിയും മിന്നലുമുണ്ട്.വിജനമായ സ്കൂൾകെട്ടിടങ്ങൾ ഏതോ രഹസ്യങ്ങൾ കരുതിവച്ചിരിക്കുന്ന പുരാതനമായ കോട്ടകൾ പോലെ. ദൂരെ കോടമഞ്ഞിറങ്ങി വരുന്ന പേടിപ്പിക്കുന്ന മലനിരകൾ.

സ്കൂളിൽ നിന്നും വൈകിപ്പോകുന്നവരുടെയും പ്യൂൺ ശങ്കരേട്ടനെക്കാൾ നേരത്തെ എത്തുന്നവരുടെയും സൌകര്യം നോക്കി പൂട്ടാതെയിട്ടിരിക്കുന്ന രണ്ടാമത്തെ ഗേറ്റിലൂടെ ബൈക്കോടിച്ചാണ് ഞാൻ അകത്ത് കടന്നത്.എന്നെ കണ്ടതും മീരയുടെ മുഖത്തെ സ്ഥായിഭാവമായ വേവലാതി പെരുകി. അവൾ ഈ സമയത്ത് എന്നെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇനി മറ്റാരെയെങ്കിലും? ഹേയ്. പെട്ടന്ന് വന്ന മഴയല്ലേ, കുടയെടുത്തിട്ടുണ്ടാവില്ല.

അവളുടെ അടുത്തേയ്ക്ക് ചെന്നു. അവൾ ബാഗ് ഒന്നുകൂടി ചേർത്തുപിടിച്ച് അങ്കലാപ്പോടെ തലകുനിച്ച് നിന്നു. എന്റെ ചോദ്യത്തിന് ഒരു പക്ഷേ അവളുടെ കയിൽ ശരിയായ ഒരു ഉത്തരമുണ്ടാവില്ല.

‘എന്താ മീരാ, ഈ നേരത്ത്? വീട്ടിൽ പോണില്ലേ?‘

‘അത് പിന്നെ മാഷേ, ട്യൂഷൻ കഴിഞ്ഞപ്പോൾ നേരം വൈകി. അപ്പോഴേയ്ക്കും മഴേം വന്നു.‘

‘എന്നിട്ട് കൂട്ടുകാരെവിടെ?‘

‘ഗ്രീഷ്മേം റജീനേം ഇന്നു വന്നില്ല.’

രണ്ടു കിലോമീറ്ററിലധികം നടന്നിട്ടു വേണം മീരയ്ക്ക് വീട്ടിലെത്താൻ. മഴവീണുകഴിഞ്ഞ ഈ സന്ധ്യയിൽ അവളൊറ്റയ്ക്ക്...

മീര മറുചോദ്യം ചോദിച്ചു. “മാഷെന്താ മടങ്ങിപ്പോന്നത്?”

അവളുടെ ചോദ്യം കേട്ടപ്പോഴാണ് വന്നകാര്യത്തെക്കുറിച്ച് ഞാൻ ഓർമ്മിച്ചത്.

“സെൽ‌ഫോൺ മറന്നുവച്ചു. അതെടുക്കണം.”

സ്റ്റാഫ്‌റൂം പൂട്ടി താക്കോൽ വാതിൽ‌പടിയിൽ തന്നെ വയ്ക്കലാണ് പതിവ്. അതും മുൻ‌പ് പറഞ്ഞ സൌകര്യങ്ങളുടെ കൂട്ടത്തിൽ പെടും. വാതിൽ തുറന്ന് അകത്തുകയറി മേശയ്ക്കുള്ളിൽനിന്നും ഫോൺ എടുത്ത് തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് മൂലയ്ക്ക് ചാരി വച്ചിരിക്കുന്ന കുട കണ്ടത്. അതും കൈയിൽ എടുത്തു. വാതിൽ പൂട്ടി താക്കോൽ വാതിൽ‌പടിയിൽ വച്ച് മീരയ്ക്കടുത്തേയ്ക്ക് നടന്നു. കുട അവളെ ഏൽ‌പ്പിച്ചു.

“വേഗം വിട്ടോ, വൈകിക്കണ്ട. മഴയെക്കരുതി നീ ഇവിടെ കയറി നിന്നത് വലിയ മണ്ടത്തരമായി.”

ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. അവൾ വഴിയിലിറങ്ങുന്നതുവരെ കാക്കണോ? വേണ്ട. രാത്രി പതിനൊന്നിനാ‍ണ് ട്രയിൻ. വീട്ടിൽ ചെന്നിട്ട് കുറച്ച് ജോലിയുണ്ട്. അത് മാത്രമല്ല. മീര മുതിർന്ന കുട്ടിയാണ്. ഈ നേരത്ത്, ഈ മഴയത്ത് അവൾ സ്കൂളിൽനിന്നിറങ്ങി പോകുന്നതിന്റെ പിന്നാലെ ഞാൻ ഇറങ്ങുന്നതുകണ്ടാൽ, അതുമതി നാളെ മതിലിൽ പോസ്റ്റർ പതിയാൻ. ഉദ്ദേശ്യശുദ്ധിക്കോ സ്നേഹത്തിനോ നന്മക്കോ തീരെ മൂല്യമില്ലാത്ത കാലത്ത് അതൊരു ബാദ്ധ്യത മാത്രമല്ല ചിലപ്പോഴൊക്കെ അപകടവുമാണ്.

“മാഷ് അടുത്താഴ്ച മുഴോനും ലീവാന്നല്ലേ പറഞ്ഞത്.?”

“ഉം. ഒരു ദൂരയാത്രയുണ്ട്.”

ഗേറ്റിനു പുറത്തെത്തിയപ്പോഴേയ്ക്കും ശക്തമായ ഒരു മിന്നലിനൊപ്പം മഴ പതിച്ചു.നനയാൻ തന്നെ തീരുമാനിച്ചു. മനസ്സിൽ യാത്ര മാത്രമായിരുന്നു. കുറേക്കാലം ചെലവഴിച്ച നഗരത്തിൽ പഴയ സുഹൃത്തുക്കളോടൊപ്പം കുറച്ചുദിവസങ്ങൾ.

വേണമെങ്കിൽ മീരയെ വീട്ടിൽ ആക്കാമായിരുന്നു. സമയം ഒരു പ്രശ്നമല്ലായിരുന്നു. അവളെ ഒറ്റയ്ക്ക് അവിടെ വിട്ടുപോന്നത് ശരിയായോ? ഒരു അരുതായ്മ ചെളിവെള്ളം പോലെ ഉള്ളിൽ നിറഞ്ഞുപൊന്തി. സത്യത്തിൽ നാട്ടുകാരെയാണോ പേടി. അതോ തന്നെതന്നെയോ? ഘോരമായ ആ വിജനതയിൽ അവളെ ഒറ്റയ്ക്ക് വിട്ടുപോരുമ്പോൾ ലോകത്തിലെ ഏറ്റവും കൊള്ളരുതാത്തവനായില്ലേ താൻ.? അതും മീരയുടെ ജീവിതത്തെ സ്നേഹത്തോടും അനുതാപത്തോടും തിരിച്ചറിഞ്ഞവൻ എന്ന് അഹങ്കരിക്കുന്ന ഞാൻ. മുനകൂർത്ത സൂചികൾപോലെ മഴത്തുള്ളികൾ മുഖത്ത് പതിക്കവെ മനസ്സ് കുറ്റബോധത്തിന്റെ വേനലിൽ നെൽ‌വയലുകൾ പോലെ വിണ്ടുകീറിക്കൊണ്ടിരുന്നു.

പിറ്റേന്ന് രാത്രിയിലാണ് സേവ്യർസാറിന്റെ ഫോൺ വരുന്നത്.

അപ്പോൾ ഞങ്ങൾ നാലഞ്ച് കൂട്ടുകാർ വയനാട്ടിലെ പുതൂർവയലിലെ ഗിരിജന്റെ വീട്ടിലായിരുന്നു. ടെറസ്സിൽ പുല്ലും ഓലയും ഈറയും മുളയുമൊക്കെ ഉപയോഗിച്ച് ഒരു ഹട്ട് അവൻ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളെപ്പോലെ വല്ലപ്പോഴും വന്ന് ‘അഴിഞ്ഞാടുന്ന’ സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള സങ്കേതം. ഈ പ്രപഞ്ചത്തിൽനിന്നുതന്നെ കുറേനേരം വിട്ടുനിൽക്കാനുള്ള കൂടാരത്തിന് ഞങ്ങൾ ‘ഫ്രഞ്ചു ഗയാന’ എന്നാണ് പേരിട്ടിരിക്കുന്നത്. ഞങ്ങളെയൊക്കെ ഭൂമിയുമാ‍യി ബന്ധമില്ലാത്ത ഭ്രമണപഥത്തിലെത്തിക്കുന്നത് ഇവിടെ നിന്നാണല്ലോ.

ഫോൺ വരുമ്പോൾ ഞങ്ങൾ കൌണ്ട് ഡൌൺ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. സേവ്യറിന്റെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ട് .ആ വിറയൽ ചെവിയിൽ ചേർത്തുപിടിച്ച എന്റെ ഫോണിലേക്കും പടർന്നു.

“മാഷേ, നിങ്ങളുടെ ക്ലാസ്സിലെ മീര ആത്മഹത്യ ചെയ്തു.”

വെടിമരുന്നു നിറച്ചുപൊട്ടിച്ച പാറ ചിതറും പോലെ ഒരു സ്ഫോടനം തലച്ചോറിലുണ്ടായി. ചോരയെ തള്ളിമാറ്റി രക്തക്കുഴലുകളിലൂടെ നാനാഭാഗത്തുനിന്നും കൊടുങ്കാറ്റ് പാഞ്ഞുവന്ന് ഹൃദയത്തെ ഒരു ബലൂ‍ൺ കണക്കെ വീർപ്പിച്ചുപൊട്ടിക്കുമെന്ന് ഞാൻ ഭയന്നു.

“സേവ്യർ സാർ?”

“കൂടെ ആ തലതെറിച്ചവനുമുണ്ടായിരുന്നു, ഷഹനാസ്. വല്ലാത്ത മരണമായിപ്പോയി മാഷേ. അവൻ കഴുത്തിൽ കോമ്പസ് കുത്തിയിറക്കി. അവൾ രണ്ടു കൈയിലെയും ഞരമ്പറുത്തു.”

ചെളിയിൽ പുതഞ്ഞുപോയ കാല് വലിച്ചൂരിയെടുക്കുമ്പോലെ വരണ്ടുപോയ നാവിനെ ബദ്ധപ്പെട്ടുയർത്തി.

“എവിടെ, എവിടെവച്ച്?”

“ഒൻ‌പത് എയുടെ ക്ലാസ്മുറിയിൽ. ഇന്നലെ വൈകിട്ടെപ്പോഴോ ആണ് സംഭവം. തകർത്തുപെയ്യുന്ന മഴയല്ലായിരുന്നോ. ഇന്ന് രണ്ടാം ശനിയായതിനാൽ സ്കൂൾ തുറന്നുമില്ലല്ലോ . വൈകിട്ടാണ് കണ്ടത്. ഒക്കെ ഒരുജാതിയാ മാഷേ. നമ്മളെ കബളിപ്പിച്ചിട്ട് അവനും അവളും കടുത്ത പ്രണയത്തിലായിരുന്നു. വീട്ടുകാരും നാട്ടുകാരുമറിഞ്ഞപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ ചെയ്തതാണെന്നാ നാട്ടിലൊക്കെ സംസാരം. കഷ്ടം സ്കൂളിനും ചീത്തപ്പേരായി.”

സേവ്യർസാർ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. ടെലിലെൻസു പിടിപ്പിച്ച ഗണ്ണിൽ നിന്നും അനേകം ബുള്ളറ്റുകൾ വന്ന് ശരീരത്തിലാകെ തറച്ചുകയറും പോലെ തോന്നി. എന്തോ പന്തികേടു തോന്നിയ ഗിരിജൻ ഓടിവന്നു.

“എന്താടാ, എന്തുപറ്റി.?”

“പോണം”

“ഈ നട്ടപ്പാതിരയ്ക്കോ?”

“ഉം..”

സുഹൃത്തുക്കളെ വിട്ട് ഓഫീസ് ജീപ്പെടുത്ത് എന്നെയും കയറ്റി അവൻ ചുരമിറങ്ങി. എല്ലുമരവിപ്പിക്കുന്ന മഞ്ഞുവീഴുന്ന ആ നേരത്തും തീക്കുണ്ഡത്തിനരുകിൽ ഇരിക്കുന്ന മെഴുകുപ്രതിമ പോലെ ഞാൻ വിയർത്തൊഴുകി.

മീരയുടേത് ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ എനിക്കാവില്ല.കഴിഞ്ഞ കുറേ മാസങ്ങളിൽ അവളെ ചുറ്റിപ്പറ്റി അരങ്ങേറിയ കാര്യങ്ങളാണ് എന്റെ വിശ്വാസങ്ങൾക്ക് സാക്ഷ്യം.

മഴവീണ ആ സന്ധ്യയിൽ അവൾ മരണത്തെ കാത്തുനിൽക്കുകയായിരുന്നെന്നോ? എങ്കിൽ തനിക്ക് അവളെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ? ഓഹ്,. അവൾക്ക് മരിക്കാൻ വേണ്ടുന്നതിലധികം കാരണങ്ങൾ ഉണ്ടെന്നിരിക്കെ ആർക്കെങ്കിലും തടയാൻ കഴിയുമോ?

ആരോ കഴുത്തിൽ കുരുക്കിട്ടു മുറുക്കുന്നപോലെ എനിക്ക് ശ്വാസം മുട്ടി.

‘എങ്കിലും മീരാ, ഓരോ നിമിഷത്തിലും നിന്നെ വേട്ടപ്പട്ടിയെപ്പോലെ പിൻ‌തുടർന്ന് ആക്രമിച്ചവന്റെ കൂട്ടുവേണമായിരുന്നോ നിനക്ക് മരിക്കാൻ. കൊഞ്ഞനം കുത്തിയ ജീവിതത്തിനു നേരേ കാർക്കിച്ചു തുപ്പിയ നിന്റെ ധൈര്യം ഇത്ര ബലമില്ലാത്തതായിരുന്നോ?‘

മീര എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ ആ വെള്ളിയാഴ്ചദിവസം പൊടുന്നനെ ഓർമ്മയിലേക്ക് വന്നു.

ഉച്ചയൂണും കഴിഞ്ഞ് ടീച്ചേഴ്സെല്ലാം അവനവന്റെ സീറ്റിൽ മയക്കത്തിലാണ്. ഞാൻ ഒരു വാരികയിലെ കഥയിലൂടെ എങ്ങോട്ടോ പോവുകയായിരുന്നു.അപ്പോഴാണ് ജനലോരത്ത് മീര വന്നുനിന്നത്. ഞാൻ വരാന്തയിലേക്കിറങ്ങിച്ചെന്നു. നാലായി മടക്കിയ ഒരു കടലാസ് അവൾ എന്റെ നേരെ നീട്ടി.

“എനിക്ക് കിട്ടിയ പ്രേമലേഖനമാണ് മാഷേ.പത്ത് ബിയിലെ ഷഹനാസാണ് എഴുത്തുകാരൻ. എനിക്കിഷ്ടപ്പെട്ടില്ല മാഷേ. അപ്പടി അക്ഷരത്തെറ്റും സ്ഥിരം വാഗ്ദാനങ്ങളും.അവന് സാഹിത്യോം അറീല്ല, ജീവിതോം അറീല്ല.”

എനിക്ക് അത്ഭുതവും ചിരിയും ഒന്നിച്ചുവന്നു.

“എനിക്ക് കിട്ടിയ ആദ്യത്തെ പ്രണയലേഖനം തന്നെ നിരാശപ്പെടുത്തി മാഷേ. ഈ ആൺ‌കുട്ടികളൊക്കെ കാലത്തിനനുസരിച്ച് എന്നാ മാഷേ മാറുന്നത്? എനിക്കവനെ ഒരുപാട് കാലമായി അറിയാം. എന്റെ വീടിന്റെ തൊട്ടടുത്താ അവന്റെ വീട്. ഒത്തിരിയായി അവൻ എന്റെ പിന്നാലെ നടക്കുന്നു. എനിക്കിഷ്ടമില്ല. അവനെയല്ല, ഈ പ്രേമത്തെ.”

കാര്യങ്ങളിങ്ങനെ ചങ്കൂറ്റത്തോടെ പറയുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

“എന്നെ ആരും സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല മാഷേ, ആരും.”

“മീരാ...?”

“എന്റച്ഛൻ അമ്മയെ സ്നേഹിച്ചാ കല്യാണം കഴിച്ചത്. എനിക്കൊരുപിടി ചോറു വാരിത്തരുന്നതിനു മുൻ‌പ് മറ്റൊരു സ്ത്രീയോട് ഇഷ്ടം തോന്നി അച്ഛൻ എന്നെയും അമ്മയെയും ഉപേക്ഷിച്ചു.കണ്ണീർ വറ്റിയപ്പോൾ സ്ഥിരമായി തേടിവരാറുള്ള ഒരാളോടൊപ്പം അമ്മയും പോയി. അല്ല എത്ര നാ‍ൾ അവർ പിടിച്ചുനിൽക്കും ?.അമ്മ പോവുമ്പോൾ ഞാൻ സ്ക്കൂളിൽ പോയിത്തുടങ്ങിയിരുന്നില്ല മാഷേ.”

അവൾ എന്നെ അറിയിക്കാത്ത വിധത്തിൽ കണ്ണീർ തുടച്ചു. ഒരു ഏങ്ങൽ തൊണ്ടയിൽ കുരുങ്ങിപ്പിടഞ്ഞതിനെ അവൾ വിഴുങ്ങി.

“അമ്മ പക്ഷേ എന്നോട് കരുണ കാണിച്ചു. ഓടയിലോ കുപ്പത്തൊട്ടിയിലോ എറിഞ്ഞില്ല. മുത്തശ്ശനെ ഏല്പിച്ചു. ഇടയ്ക്കൊക്കെ കാണാനും വരും.” അവൾ ഒന്നു നിർത്തി. “കാരുണ്യം ചിലർക്കൊക്കെ ഭാരമാണ് മാഷേ. അത് ബുദ്ധന്റെ വകയായാലും പെറ്റമ്മയുടെ വകയായാലും.”

അതും പറഞ്ഞ് അവൾ എന്റ്റെ മുഖത്തേയ്ക്ക് നോക്കി. അന്തംവിട്ടുള്ള എന്റെ നില്പ് കണ്ട് അവൾക്ക് ചിരി വന്നു. എന്റെ കൈയിൽ പിടിച്ചുകൊണ്ടവൾ പറഞ്ഞു. “ എന്നെ ശല്യപ്പെടുത്തരുതെന്ന് ഒന്ന് പറയണേ മാഷേ.” അതും പറഞ്ഞ് പടിക്കെട്ടുകളിറങ്ങി തിരിഞ്ഞുനോക്കാതെ അവൾ പോയി.

‘ദൈവമേ പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഇവളെ എനിക്ക് മനസ്സിലാകുന്നില്ലല്ലോ. തീ കത്തുന്ന ജീവിതത്തിന്റെ പെരുവഴിയിലൂടെ കാക്കക്കാലിന്റെ തണലുപോലുമില്ലാതെ നടന്നുവരുന്നവരുടെ മുൻ‌പിൽ നാം ചിലപ്പോൾ തീരെ ചെറുതായിപ്പോവും. അവരെത്ര ചെറുതായാലും.
കോഴിക്കോട് റെയിൽ‌വേ സ്റ്റേഷനിലെത്തി ടിക്കറ്റെടുത്തതും കമ്പാർട്ട്മെന്റ് തേടിപ്പിടിച്ചതുമെല്ലാം ഗിരിജനാണ്. വണ്ടിയിലേക്ക് കയറുന്നതിനുമുൻ‌പ് ബാഗിന്റെ സൈഡുറയിലേക്ക് അവൻ ഒരു കുപ്പി നിക്ഷേപിച്ചു.
“ഈ രാത്രിയിൽ നിനക്കിതാവശ്യമായി വരും.”
കാലുകുത്താൻ ഇടമില്ലാതിരുന്ന കമ്പാർട്ട്മെന്റിന്റെ പടിവാതിൽക്കൽ കാലു പുറത്തേയ്ക്ക് നീട്ടി ഇരുന്നു. ചുറ്റിലും ഭാണ്ഡങ്ങളിൽ തലചായ്ച്ച് ഏതോ നാടോടിക്കൂട്ടം.ഇടയ്ക്ക് അവരിലൊരു കുട്ടി ഉണർന്ന് വയറിൽ പൊത്തിപ്പിടിച്ച് നിലവിളിച്ചു. ആ കരച്ചിലിന്റെ ഭാഷ വിശപ്പിന്റേതാണെന്നു തോന്നി.
മാനാഭിമാനങ്ങൾക്കും ആർത്തികൾക്കും പകിട്ടുകൾക്കും പിന്നാലെ പായുന്ന ഒരു മദ്ധ്യവർഗ്ഗ മൂരാച്ചി ഉള്ളിൽ കിടന്ന് മുരളുമ്പോഴും എവിടെയോ തെറ്റുപറ്റിയെന്ന ഖേദത്തിന്റെ മുറിവിൽ നിന്നും ചോര ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. ‘ആരുമറിയാതെ സങ്കടങ്ങളുടെ അഗ്നിപർവ്വതം എന്റെയുള്ളിൽ പുകയുന്നതു കണ്ടിട്ടും കാണാത്തഭാവത്തിൽ ഒരു ഒട്ടകപക്ഷിയെപ്പോലെ മാഷ്......’
മീരയുടെ നിറഞ്ഞ കണ്ണുകൾ മുന്നിൽ വന്നു നിന്നു തേങ്ങുന്ന പോലെ.
അനുതപിക്കുന്നതിനു പകരം പരിഹസിക്കുകയും അഭയം നൽകുന്നതിനു പകരം ആട്ടിയോടിക്കുകയും ചെയ്തവരോടുള്ള പ്രതികാരമാണോ ഈ ആത്മഹത്യ?
അതൊരു കൊലപാതകമാണെങ്കിലോ?
എങ്കിൽ ഞാൻ?
മഴ നനഞ്ഞുകൊണ്ട് ആദ്യമായി എന്റെ ക്ലാസ്സിലേക്ക് അവൾ കയറി വന്നത് ഓർമ്മവരുന്നു.
“കുട്ടിയുടെ കുടയെവിടെ?”
“എനിക്ക് കുടയില്ല മാഷേ.” തലകുനിച്ചുകൊണ്ട് അവൾ പതിയെ പറഞ്ഞു.
മീര സുന്ദരിയായിരുന്നു. അതാണോ അവൾക്ക് ശാപമായത്? അതോ അവളുടെ ജന്മം തന്നെയോ? മറ്റു കുട്ടികളെ പോലെ തന്റെ ഭംഗിയെ താലോലിക്കാനോ ആകർഷകമാക്കാനോ അവൾ ശ്രമിച്ചില്ല. ചോദിച്ചാൽ പോലും വർത്തമാനം തീരെ കുറവ്. കൂട്ടുകാർ അധികമില്ല. മറ്റു കുട്ടികൾ അവളെ ഒഴിവാക്കൂകയായിരുന്നോ.? എപ്പോഴും എന്തിനോടും ഒരുതരം നിർമ്മമത. അകാലത്തിൽ പക്വമതിയായപോലെ. ആ ഭാവം അവളുടെ ഒരു പ്രതിരോധമായിരുന്നില്ലേ?
പ്രകാശം പരത്തുന്ന ഒരു പെൺ‌കുട്ടി ക്ലാസ്സിൽ ചർച്ചചെയ്യവേ മീര ജീവിതത്തിലെ ഒറ്റപ്പെടലിനെക്കുറിച്ച് വാചാലയായി.
“ശരിയാ മാഷേ, ചിലരെ ജീവിതം കരുതിക്കൂട്ടി ഒറ്റപ്പെടുത്തിക്കളയും.യാ‍തൊരു പഴുതും നൽ‌കാതെ. തീരെ ആഗ്രഹിക്കുന്നില്ലങ്കിൽ കൂടി. ചിലർക്കത് നഷ്ടം മൂലം ഉണ്ടാകുന്നതാണെങ്കിൽ ഗതികെട്ട ചിലരെ ആരെല്ലാമോ ചേർന്ന് വെറുത്ത് പുറന്തള്ളുകയാണ്.”
“എന്താ നിനക്ക് അങ്ങനെ തോന്നാൻ കാരണം.?”
“അങ്ങനെ തോന്നിപ്പോവാ മാഷേ. സ്വാർത്ഥത മൂലം അവനവനുവേണ്ടി ജീവിക്കുന്നവരല്ലേ അധികവും. അവരുടെ എല്ലാ തെരഞ്ഞെടുപ്പും സ്വന്തം സുഖത്തിനുവേണ്ടി മാത്രം. ഭാര്യയും ഭർത്താവും മക്കളും കൂട്ടുകാരും എല്ലാം. പക്ഷേ മറ്റുള്ളവർക്ക് ആവശ്യമില്ലാത്തതിനാൽ അവനവനുവേണ്ടി ജീവിക്കേണ്ടി വരുന്നത് വല്ലാത്ത ഒരു ട്രാജഡിയാ, ഇല്ലേ മാഷേ?”
ഞാൻ ഒന്നും പറഞ്ഞില്ല. ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
ഒന്നാം ടേം പരീക്ഷ കഴിഞ്ഞ് പ്രൊഫൈൽ ഒപ്പിടാൻ മീരയുടെ രക്ഷകർത്താവ് മാത്രം വന്നില്ല. എനിക്ക് വല്ലാതെ ദേഷ്യം തോന്നി. അന്നൊന്നും എനിക്ക് മീരയെ മനസ്സിലായിരുന്നില്ല. ഒടുവിൽ അവളുടെ മുത്തശ്ശൻ വന്നു. കാവിമുണ്ടുടുത്ത് രണ്ടാം‌മൂണ്ട് തോളത്തിട്ട് ആകെ നരച്ച ഒരു വൃദ്ധൻ.
“ അവൾ പാവമാ സാറെ, ഇന്റെ കുട്ടിക്ക് ആരുമില്ല. അമ്മാവന്മാരുടെ തണലിലാ അവൾ. ആട്ടും തുപ്പും കേട്ട് അവൾ മടുത്തു. അവൾക്ക് എഴുതണമെന്നോ വായിക്കണമെന്നോ ഒക്കെയുണ്ട്. പക്ഷേ ആ വീട്ടിൽ....“ അദ്ദേഹം രണ്ടാം മുണ്ടുകൊണ്ട് കണ്ണുതുടച്ചു.
സ്കൂൾ കലോത്സവത്തിൽ രചനാമത്സരങ്ങളിൽ എല്ലാം മീരയ്ക്കായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ സബ്ജില്ലാതലത്തിൽ മത്സരിക്കാൻ അവൾ വിസമ്മതിച്ചു.
“അതൊന്നും നടക്കില്ല മാഷേ. എനിക്കതിലൊന്നും താല്പര്യമില്ല. വിശക്കുന്നവന്റെ മുന്നിൽ ദൈവം അപ്പത്തിന്റെ രൂ‍പത്തിൽ പ്രത്യക്ഷപ്പെടട്ടെ. അല്ല മാഷല്ലേ ഇതൊക്കെ പറഞ്ഞിട്ടുള്ളത്? “തെല്ലിട അവൾ നിർത്തി.“ഞാനതിനൊക്കെ പോയാൽ വീട്ടീന്ന് പുറത്താക്കും മാഷേ. എന്തിനാ വെറുതെ...”
എനിക്ക് വീണ്ടും മീരയുടെ മുൻ‌പിൽ ഉത്തരം മുട്ടി.
പി.റ്റി. മാഷായ ജേക്കബ് ചെറിയാനാണ് പറഞ്ഞത്.
“ആ കുട്ടീടെ കാര്യം വല്യ കഷ്ടാ. വീട്ടിൽ തല്ലും കുത്തുവാക്കുകളും മാത്രമല്ല പലപ്പോഴും പട്ടിണിയുമാ.അതൊക്കെ ആ തള്ളേടേം തന്തേടേം തരവഴികൊണ്ടാ. തള്ളേടെ നടപടിദോഷം കൊണ്ടാ അയാൽ ഇട്ടെറിഞ്ഞുപോയതെന്ന് നാട്ടിൽ ഒരു പറച്ചിലുണ്ട്. ഇപ്പോഴും അവരുടെ പോക്കത്ര ശരിയല്ല, തള്ളേടെ കൊണവതിയാരം കൊണ്ട് ഈ പാവം കുട്ടിയ്ക്ക് വഴിനടക്കാൻ പറ്റില്ല. ഇടയ്ക്ക് തള്ള അവളെ കൂട്ടിക്കൊണ്ടുപോയിരുന്നു. രാത്രിയിൽ വന്ന ആരോ ഇവളെ കയറിപ്പിടിച്ചെന്നും പറയുന്നുണ്ട്.”
‘ജീവിതമെന്ന ഭാരം’ എന്ന പേരിൽ അവൾ മത്സരത്തിനെഴുതിയ കഥയുടെ തുടക്കം ഞാനോർത്തു.
“വയസ്സറിയിച്ച പെൺ‌മക്കൾക്ക് ഭർത്താവു വാഴാത്ത ഒരമ്മയുള്ളതും ഭാര്യയെ കൂട്ടിക്കൊടുക്കുന്ന ഒരു രണ്ടാനച്ഛനുള്ളതും ഒട്ടും നന്നല്ല.”
വണ്ടി പൊടുന്നനെ നിന്നു. സ്റ്റേഷനല്ല. വല്ല ക്രോസിംഗും ആകും. ആരോ പറയുന്നത് കേട്ടു. “പട്ടാമ്പിക്കടുത്ത് ട്രാക്കിലെന്തോ പ്രശ്നം. ഇപ്പോഴൊന്നും പോക്കു നടക്കുമെന്നു തോന്നുന്നില്ല.”
ട്രാക്കിനോട് ചേർന്ന് നീണ്ടുപരന്നു കിടക്കുന്ന നെൽ‌വയൽ. അതിനു താഴെ മെലിഞ്ഞൊഴുകുന്ന നിള. നോ‍ക്കെത്താത്ത ദൂരത്തോളം നിലാവുവീണു കിടക്കുന്ന മണൽ‌പരപ്പ്.എനിക്കൊന്നു കിടക്കണമെന്നു തോന്നി. ബാഗെടുത്തു തോളിൽ തൂക്കി കമ്പാർട്ട്മെന്റിൽ നിന്നിറങ്ങി. വയലും കടന്ന് മൺ‌തിട്ടിൽ നിന്നും മണൽ‌പരപ്പിലേക്ക് ചാടി.
ഗിരിജൻ ബാഗിലിട്ട കുപ്പി ഭദ്രമായുണ്ട്. അത് പുറത്തെടുത്തു. പകുതി ഒഴിഞ്ഞതാണ്. പുഴയിൽ മുക്കി മദ്യം ഡയല്യൂട്ട് ചെയ്തു. വല്ലാത്ത ദാഹവും മരവിപ്പും. ഒറ്റയടിക്ക് കുടിച്ചുതീർത്ത് കുപ്പി പുഴയുടെ ഒഴുക്കിലേക്കെറിഞ്ഞു. ബാഗ് തലയണയാക്കി വെള്ളത്തിലേക്ക് കാലുകൾ നീട്ടിൽ മണലിൽ മലർന്നുകിടന്നു. പുഴയുടെ കുളിർമ്മ തലച്ചോറിലേക്ക് പ്രവഹിച്ചു.
അകലെ തീവണ്ടി നെടുനീളത്തിൽ കിടക്കുന്നു. ഒറ്റമുറിവീടുകളുടെ ഒരു നിര പോലെ.
കണ്ണടച്ചപ്പോൾ മനസ്സ് കൂടുവിട്ട് ഓർമ്മകളിലേക്ക് പറന്നുപോയി.
ഷഹനാസ് പ്രണയലേഖനം കൊടുത്ത അന്നുമുതലാണ് മീരയുടെ ജീവിതം കൂടുതൽ സങ്കീർണ്ണമായത്. ഞാനാദ്യം അവനെക്കുറിച്ച് തിരക്കി. അവന്റെ വീടിനടുത്തുള്ള അശോകൻ സാർ പറഞ്ഞു.
“അതൊരു പുലിവാല് കേസാ മാഷേ. അവന്റെ അമ്മ ജില്ലാ പഞ്ചായത്തംഗം. അവന്റെ വീട് ഒരു പെണ്ണരശ്ശു നാടാ. അവൻ മാത്രമല്ല വേറേ മൂന്നെണ്ണം കൂടി ഒപ്പമുണ്ട്. ‘ഫോർ ദ പീപ്പിൾ’ എന്നാ അവന്മാരുടെ വിളിപ്പേര്. അവൻ എന്തു ചെയ്താലും അവന്റെ വീട്ടുകാർ ന്യായീകരിക്കും. അവന്റെ പേരിൽ പോലീസ് കേസ് വരെയുണ്ട്. കാമദേവനാണെന്നാ അവന്റെ വിചാരം. നാട്ടിലെ സി.ഡി.പാലസ് കേന്ദ്രീകരിച്ചാ അവന്മാരുടെ വിളയാട്ടം.” ഇത്തിരി രഹസ്യമായി സാർ ഇത്ര കൂടി കൂട്ടിച്ചേർത്തു. “ ക്ലാസ്സിൽ പിടിച്ചുനിൽക്കണമെങ്കിൽ അവന്മാരുടെ പ്രീതി വേണമെന്നുള്ളതുകൊണ്ട് നമ്മുടെ ചില ടീച്ചേഴ്സ് എന്തിനും സപ്പോർട്ടുമായുണ്ട്.”
വൈകാതെ അത് മനസ്സിലായി. ഒരു തിങ്കളാഴ്ച ക്ലാസ്സിൽ ചെല്ലുമ്പോൾ കുട്ടികൾ ക്ലാസ്സിനു പുറത്ത് കൂ‍ട്ടം കൂടി നിൽക്കുന്നു. ക്ലാസ്സിൽ മീര ഒറ്റയ്ക്ക്. ഡെസ്കിൽ തലകുനിച്ച് കിടന്നു തേങ്ങുകയാണവൾ. ഏതോ പുരാതനദേവതയ്ക്ക് ബലിനൽകാൻ വിധിക്കപ്പെട്ട ബലിമൃഗത്തെപ്പോലെ അവൾ. ജനലോരത്ത് ആൺ‌കുട്ടികൾ അടക്കം പറഞ്ഞു ചിരിക്കുന്നു.
ഭിത്തികളിലും ബോർഡിലും ഡെസ്കിലുമെല്ലാം പലനിറത്തിലുള്ള ചോക്കു കൊണ്ട് എഴുതിവച്ചിരിക്കുന്നു.
‘ഷഹനാസ് വിത് മീര’
ഞാൻ നേരേ ഓഫീസിലെത്തി. കേട്ടപാടെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള സീനിയർ ടീച്ചർ എഴുതിയതെല്ലാം മായ്ച്ചുകളയാൻ ഏർപ്പാടു ചെയ്തു. മീരയെയല്ല ഷഹനാസിനെ രക്ഷിക്കാ‍ൻ. ടീച്ചറുടെ തൊട്ടയലത്താണ് അവൻ. എന്നിട്ട് ഒരു ഉപദേശവും. “ സാറിതിലിടപെടണ്ട. അവളൊരു നാറ്റക്കേസാ. ആ ചെറുക്കന്റെ പിന്നാലെ അവൾ കൂടിയിരിക്കുകയാ. നല്ല വീട്ടിലെ പയ്യനല്ലേ. വല വീശിപ്പിടിച്ചാൽ കയ്ക്ക്വോ?. അതെങ്ങനാ തള്ള വേലി ചാട്യാ മോള് മതില് ചാടില്ലേ.”
“ടീച്ചർ ഒരു സ്ത്രീയല്ലേ, ഒരു പെൺ‌കുട്ടിയോട് കുറച്ചുകൂടിയൊക്കെ അനുതാപം കാ‍ണിക്കാം.” ഉള്ളിലുണ്ടായ കലക്കം ആ വാകുകളിലൊതുക്കി ഇറങ്ങി നടന്നു.
അവൾക്ക് അവളുടെ വീട്ടിൽ നിന്നും അതിനു കിട്ടിയ സമ്മാനം വയറു നിറച്ചു പട്ടിണിയും ശരീരം അടിച്ചു തിണർപ്പിച്ച സ്നേഹവുമായിരുന്നു.
കൃസ്തുമസ്സ് ആഘോഷത്തിന്റെ മറവിലാണ് അടുത്ത വേട്ട നടന്നത്. സാന്താക്ലോസ്സിന്റെ വേഷം സ്വന്തം നിലയിൽ കെട്ടിവന്ന ഷഹനാസ് സ്റ്റേജിന്റെ പിന്നിൽ വച്ച് മീരയെ ബലമായി ചുംബിച്ചു. ആ ചെറ്റത്തരത്തെ തമാശയെന്ന് എല്ലാവരും മുദ്രകുത്തി അവനെ വെറുതെവിട്ടു. പക്ഷേ ഫോർ ദ പീപ്പിൾ അതിലും മുൻപോട്ട് പോയി. കഞ്ഞിപ്പുരയിൽ നിന്നെടുത്ത കരിക്കട്ടകൾ കൊണ്ട് അവർ സ്കൂളിന്റെ മഞ്ഞഭിത്തികളിൽ വീരഗാഥകൾ എഴുതി.
‘ഷഹനാസ് മീരയെ ചുംബിച്ചു. അവളുടെ ചുണ്ടുകൾക്ക് മുന്തിരിച്ചാറിന്റെ മധുരം.’
വഴങ്ങാത്ത മൃഗത്തെ ഓടിച്ചിട്ട് വേട്ടയാടി പിടിക്കുന്ന രീതിയായിരുന്നു അവരുടേത്. ഒടുവിൽ സഹികെട്ട് അവനെ സ്റ്റാഫ്‌റൂമിൽ വരുത്തി. ചൂരൽ പ്രയോഗം നടത്തുന്നതിനു പകരം അവന്റെ കഴുത്തിനു കുത്തിപ്പിടിക്കാനാണ് അപ്പോൾ തോന്നിയത്.
“ചെറ്റത്തരം കാണിച്ചാൽ കൊന്നുകളയും നായിന്റെ മോനെ..”
ബാക്കിയുള്ളവരെല്ലാം ചേർന്ന് ഇടപെട്ടു. അവനൊരു കൂസലുമില്ല. ഷർട്ടിന്റെ ചുളിവുകൾ നേരെയാക്കി വരാന്തയിലേക്കിറങ്ങി നിന്നവൻ വിളിച്ചു ചോദിച്ചു.
“ സാറിനെന്താ ഇത്ര ദണ്ഡം? അവളെ നോട്ടമുണ്ടേൽ അതു പറ സാറേ, എന്റെ മെക്കിട്ട് കയറാതെ.”
വല്ലാണ്ട് ചെറുതായിപ്പോയി. അവൻ ഒരു ഹീറോയെപ്പോലെ നടന്നുനീങ്ങി.
അശോകൻ സാർ അടുത്തുവന്ന് ചോദിച്ചു.
“ സാറിനിതെന്തിന്റെ കേടാ. എന്തിനാ ഈ പൊല്ലാപ്പിലൊക്കെ തലയിടുന്നത്?കഴിഞ്ഞ വർഷം അവന്മാരെ ക്ലാസ്സിൽ നിന്നും ഇറക്കിവിട്ട മോഹൻ‌ദാസ് സാറിനോട് അവന്മാരും ചില ടീച്ചേഴ്സും കൂടി ചെയ്തത് സാറിനറിയില്ലല്ലോ. മോഹൻ‌ദാസ് കമ്പ്യൂട്ടർ ലാബിൽ വച്ച് പെൺകുട്ടികളോട് മോശമായി പെരുമാറുന്നതായി കള്ളപ്പരാതി അയച്ചു. അന്വേഷണമായി. ഒടുവിൽ സാറ് ട്രാൻസ്ഫർ വാങ്ങിപ്പോയി.
വല്ലാത്ത ഒരു ഞെട്ടലുണ്ടാക്കിക്കൊണ്ട് ട്രയിന്റെ ചൂളംവിളി മുഴങ്ങി. വണ്ടി നീങ്ങാൻ തുടങ്ങുന്നു. എത്ര ഞെരിച്ചോടിയാലും അതിലിനി കയറിപ്പറ്റാൻ കഴിയില്ല. ഇന്ന് ഈ രാത്രിയിൽ ഈ പുഴയുടെ നടൂവിൽ ഒറ്റയ്ക്ക്....
വണ്ടി നീങ്ങിക്കഴിഞ്ഞപ്പോൾ പുഴയ്ക്ക് കുറുകെ വെള്ളത്തിലൂടെ ഒരാൾ എന്റെ നേരേ നടന്നടുക്കുന്നു. റം തലയ്ക്ക് പിടിച്ചിട്ട് തോന്നുന്നതാവും.
കണ്ണുതിരുമ്മി നോക്കി. അല്ല ആരോ വരുന്നുണ്ട്.
ഒരു പെൺ‌കുട്ടി വന്ന് മണലിൽ എനിക്കടുത്തിരുന്നു.
മീര..
ഞാൻ മിഴിച്ചിരുന്നുപോയി.
“എന്താ മാഷേ അന്തം വിട്ടു നോക്കുന്നത്.?”
മീരാ... നീ...?
അവൾ എന്റെ മുഖത്തുനിന്നും കണ്ണുകളെടുത്ത് അകലേയ്ക്ക് നോക്കി. നേർത്ത ഒരു നിശ്വാസത്തോടെ, ഒട്ടും തിടുക്കമില്ലാതെ അവൾ പറഞ്ഞു.
“ എനിക്ക് മാഷോട് പറയണമെന്ന് തോന്നി. എന്നിട്ട് നരകത്തിലോ സ്വർഗ്ഗത്തിലോ പോകാം. ഞാൻ കൊന്നു മാഷേ. അവനെ, ദേ ഈ കൈകൾ കൊണ്ട്. പിന്നെ എന്നെയും. എല്ലാവരും കരുതുന്ന പോലെ ഞാൻ അവനോടൊപ്പം ആത്മഹത്യ ചെയ്തതൊന്നുമല്ല, മാഷ്ടെ മീര അങ്ങനെ ചെയ്യുമെന്ന് മാഷ്ക്ക് തോന്നുന്നുണ്ടോ?”
അവനെന്നെ ചതിച്ചതാ. പലരും അതിനു കൂട്ടും നിന്നു. അന്ന് മാഷ് എന്നെ സ്കൂളിൽ വച്ച് കണ്ടില്ല്ലേ. ഞാൻ അവനെ കാത്തുനിന്നതാ. എന്റെ ഒരുപാട് മോശം ഫോട്ടോസ് അവന്റെ കൈയിൽ ഉണ്ടെന്നും സന്ധ്യക്ക് കാത്തുനിന്നാൽ തരാമെന്നും പറഞ്ഞു. അങ്ങനെ ചെയ്തില്ലങ്കിൽ എല്ലാം പരസ്യമാക്കുമെന്നും പറഞ്ഞു. അതാ ഞാൻ കാത്തുനിന്നത്. ഒരുപക്ഷേ മാ‍ഷോട് എല്ലാം പറഞ്ഞിരുന്നെങ്കിൽ. .? അതൊക്കെ പോട്ടെ , ഇനി ഓർത്തിട്ടു കാര്യമില്ലല്ലോ.
അന്ന് മാഷ് പൊയ്ക്കിഴിഞ്ഞപ്പോൾ അവനെത്തി. കൂടെ കൂട്ടുകാരും. എന്നെ ആരും കാണാതിരിക്കാൻ വേണ്ടി ഞാൻ നമ്മുടെ ക്ലാസ്സിൽ കയറി ഇരിക്കുകയായിരുന്നു. അവൻ വന്നയുടനെ മൊബൈൽ എടൂത്തു ചിത്രങ്ങൾ കാട്ടിത്തന്നു. ഒക്കെ തട്ടിപ്പു ചിത്രങ്ങൾ ആയിരുന്നു മാഷെ. എന്റെ തലവെട്ടി ഏതോ ശരീരങ്ങളിൽ ചേർത്ത് വച്ചത്.
അവൻ മൊബൈൽ എന്റെ മുന്നിൽ വച്ചു. എന്നിട്ട് ഒരു അഭാസച്ചിരി ചിരിച്ചു. ആർത്തുചിരിക്കാൻ കൂടെ കൂട്ടുകാരും. “ ഞാൻ പറയുന്നപോലെ അനുസരിച്ചാൽ ചിത്രങ്ങൾ മാത്രമല്ല മൊബൈൽ തന്നെ നീ എടുത്തോ”
ഞാൻ പോകാനായി എണീറ്റു മാഷേ. അവൻ എന്റെ കൈയിൽ കയറിപ്പിടിച്ചു. ഞാൻ കുതറി. ഞാൻ തറയിൽ മറിഞ്ഞുവീണു. ബാഗിൽ നിന്നും പുസ്തകങ്ങളും ഇൻസ്ട്രമെന്റ് ബോക്സും ചിതറിത്തെറിച്ചു. അവനെന്നെ ബലമായി ഉമ്മവച്ചു. എന്റെ യൂണിഫോം വലിച്ചുകീറാൻ നോക്കി. ഇൻസ്ട്രമെന്റ് ബോക്സിൽ നിന്നും തെറിച്ചു വീണ കോമ്പസ്സ് എന്റെ കൈയിൽ കിട്ടി. പിന്നൊന്നുമാലോചിച്ചില്ല മാ‍ഷേ. അവന്റെ കഴുത്തിൽ ഞാനത് കുത്തിയിറക്കി. അവന്റെയും കൂട്ടൂകാരുടെയൂം നിലവിളി ഇടിമിന്നലിന്റെ നടുവിലും ഞാൻ വ്യക്തമായി കേട്ടു മാഷേ.
‘ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുന്നതാണ് ജീവിതം’ എന്ന് മാഷ് എപ്പോഴും പറയാറില്ലേ? ഞാൻ രണ്ടിന്റെയും ഇടയിലൂടല്ല രണ്ടിലൂടെയും കടന്നുപോയി മാഷേ. പെൻസിൽ കൂർപ്പിക്കാൻ ബോക്സിൽ കരുതിയ പഴയ ബ്ലേഡ് എടുത്ത് ഒരുപാട് പണിപ്പെട്ട് ഞാൻ എന്റെ ഞരമ്പ് ഒരു ദാക്ഷിണ്യവുമില്ലാതെ അറുത്തുകളഞ്ഞു .”
മുഖത്ത് ചോര ചീറ്റിത്തെറിച്ചപോലെ ഞാൻ തലകുടഞ്ഞുകൊണ്ട് കണ്ണുകൾ അടച്ചു.
“ഇത്രനാളും കൊണ്ടുനടന്ന ജീവിതത്തിന്റെ ഭാരം ഞരമ്പുകളിലൂടെ ഒഴുകി ഇല്ലാതാവുന്നത് ഞാനറിഞ്ഞു. എന്റെ ജീവിതത്തിൽ പേടിയില്ലാതെ ആസ്വദിച്ച ഒരേയൊരൂ മുഹൂർത്തം അതായിരുന്നു മഷേ. ജീവൻ പോകുന്നതിനു മുൻ‌പ് ഞാൻ അവന്റെ മുഖത്തേയ്ക്ക് കാറിത്തുപ്പി.എന്റെ മരണത്തെപ്പോലും ലോകം അവഹേളിക്കും. അതിനുള്ള പരിഹാരമാ‍യിരുന്നു മാഷേ അത്.”
അവൾ ഒട്ടും ഭാരമില്ലാതെ ഒരു ചിരി എനിക്ക് സമ്മാനിച്ചു. ഞാനോ ശ്വാസമെടുക്കാൻ കഴിയാതെ വീർപ്പുമുട്ടി.....
“ മാഷ് എന്നോട് മാപ്പാക്കണം. എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് പറയണം, അവരുടെ ക്ലാസ്സ് പാപപങ്കിലമാക്കിയതിന് അവരുടെ ആരുമല്ലാതിരുന്ന ഈ കൂട്ടുകാരി മാപ്പുചോദിച്ചെന്ന്. അവരെന്നെ സ്നേഹിച്ചില്ലങ്കിലും ഞാൻ അവരെ സ്നേഹിച്ചിരുന്നൂന്ന് മാഷ് പറയണം.”
ഞാൻ പറയാൻ തുടങ്ങുന്നത് കേൾക്കാൻ നിൽക്കാതെ മീര എഴുന്നേറ്റു നടന്നു. എപ്പോഴത്തെയും പോലെ തിരിഞ്ഞുനോക്കാതെ.
എന്റെയുള്ളിൽ നിന്നും ചോരയും പിത്തജലവും പറ്റിപ്പിടിച്ച ഒരു നിലവിളി പുഴയിലേക്ക് തെറിച്ചുവീണു.
അത് പതിയെ അവൾ നടന്നുപോയ ദിക്കിലേക്ക് ഒഴുകാൻ തുടങ്ങി.
***************************************
(സ്ത്രീ പീഡനം പ്രമേയമായി എഴുതപ്പെട്ട മലയാളത്തിലെ ചെറുകഥകൾ എഡിറ്റ് ചെയ്തപ്പോൾ അതിൽ ഞാൻ എഴുതിച്ചേർത്ത കഥയാണിത്. പുസ്തകം. കൊത്തിമുറിച്ച ശില്പങ്ങൾ.(55കഥകൾ)അമ്പലപ്പുഴ സംഭവം നടക്കുന്നതിനും മുൻപ് എഴുതിയ കഥയാണിത്)

19 Aug 2012

ഓണനിലവിളി

എന്‍.ബി.സുരേഷ് | 

പൂവുനുള്ളാൻ പോയ മകൾ
ഇതുവരെ മടങ്ങിവന്നില്ല.
മഞ്ഞുകണങ്ങൾക്ക് പകരം
പുകപടർന്ന ആകാശത്തിനു ചുവട്ടിലേയ്ക്ക്
അവൾ ഇറങ്ങിപ്പോയിട്ട്
നാഴികകൾ എത്രയോ ആയി.
പോകുന്നതിനുമുൻപ്
തുമ്പപ്പൂവിനോളം നേർത്ത ഒരുമ്മ
അവളെന്റെ നെറുകയിൽ വച്ചു.
പോകുന്ന വഴിയിൽ
അയൽഫ്ലാറ്റുകളുടെ വാതിലുകളിൽ
അവൾ മുട്ടിവിളിക്കുന്ന നേർത്ത ഒച്ച
എന്റെ ബ്ലാങ്കറ്റിനുള്ളിലേയ്ക്ക്
ഒളിച്ചു കടക്കുന്നുണ്ടായിരുന്നു.
ആരും അവളോടൊപ്പം
പോയിരിക്കാനിടയില്ല.
അത്തം പിറന്നിട്ടും അവൾ വന്നില്ല.
ഏതു വേലിപ്പടർപ്പിൽ കുരുങ്ങിയാവോ?
പുഴയോരത്തൊന്നും അവളുടെ കാല്പാടില്ല.
കാടിന്റെ ഹൃദയത്തിൽ കയറിയൊളിച്ചോ?
കറുകനാമ്പ് തപസ്സ് ചെയ്യുന്ന
വയൽ‌വരമ്പ് വഴിപറഞ്ഞു തന്നില്ല
ആഴക്ക് മൂഴക്ക് പൂവിറുക്കാൻ
അവൾ എത്ര കാതം നടന്നിരിക്കണം.
ഫ്ലാറ്റായ ഫ്ലാറ്റുകളിലൊക്കെ
ഓണം വന്ന ഒച്ച ചാനലുകളിൽ
പൂവിളിയുമായെത്തി.
മകൾ അപ്പോഴും വന്നിട്ടില്ല.
ഒരുമയുടെ ഏതെങ്കിലും ദേശം
ഒരു പൂക്കളമാക്കിതീർത്തിരിക്കുമോ?
അവൾ
ഒരു തകർന്ന പൂക്കളമായ് മാറുമോ?
ആരോട് ചോദിക്കാൻ.
കുട്ടികൾ പ്രകൃതിയുടെ ഹരിതകം
നിറഞ്ഞ ജീവിതത്തിലേക്ക് പോകുന്ന
വഴിയേതാണ്?
ദയവായ് ഒന്നു പറഞ്ഞുതരൂ.
ഇറങ്ങിപ്പോയ കുട്ടികൾ
മടങ്ങിവന്ന ചരിത്രം പറയുന്ന
ഗ്രന്ഥമേതാണ്?
കുട്ടികൾക്ക് കണ്ണുതെളിയുമ്പോൾ
മനസ്സ് കുരുടിയവർ അന്ധരാവും
എന്ന ചൊല്ല് നേരോ മാലോകരേ?
ആരാണ് ഉത്തരം ചൊല്ലുന്നത്....
പറയൂ
ഓരോ വീടും ഉച്ചത്തിൽ
കരഞ്ഞാർക്കുന്നത് കേൾക്കുന്നില്ലേ?

19 Jul 2012

വനാന്തം

എൻ.ബി.സുരേഷ്

ആര്‍ത്തിയുടെ ഘോഷയാത്രകൾ
‍കാട്ടുപാതകളില്‍ ഇല്ലില്ല.
തീരവൃക്ഷങ്ങളില്‍
കിളി ചിലക്കുന്നു
ആശ്രമമൃഗങ്ങൾ തീണ്ടുന്ന നദീതീരത്ത്

അമ്പുകളെയ്യാന്‍ ഞാനില്ല.
കാറ്റിന്‍ കഥകള്‍ കേട്ടിട്ട്,
കാനനമേറാന്‍ ഞാനുണ്ട്.
നനഞ്ഞ പുല്‍മേടുകളില്‍

തുമ്പികള്‍ ചിറകു കുടയുമ്പോള്‍
തളിര്‍ത്ത ചില്ലകളാൽ
‍മരങ്ങള്‍ നൃത്തം തുടങ്ങുന്നു.
നിനച്ചിരിക്കാതെ വനപ്പച്ചയില്‍

മഴയുടെ പഞ്ചവാദ്യം
സന്ധ്യയില്‍ പുഴയുടെ നീലാംബരി.
മഞ്ഞില്‍ നിലാവില്‍,
നിഴലുകളുടെ പാവക്കൂത്ത്.

നീണ്ടുനില്‍ക്കാത്ത മഞ്ഞുകാലത്ത്,
ഇണപക്ഷികള്‍ തപസ്സു തുടങ്ങുന്നു.
കൂട്ടില്‍ സ്വപ്നത്തിന്‍റെ മുട്ടകള്‍.
വള്ളിക്കുടിലിലെ ഊഞ്ഞാലിൽ

‍സര്‍പ്പങ്ങളുടെ പ്രണയനൃത്തം.
കരിമണ്ണിന്‍റെ മെത്തയിൽ
‍കലഹംമൂത്ത ചെറുജീവികള്‍.
മുളംകാട്ടില്‍നിന്നൊരു ഫ്ലൂട്ട്,

മരച്ചില്ലകളുടെ വയലിന്‍,
അരുവികളുടെ തംബുരു,
അകലെനിന്നും ഒറ്റയാന്‍റെ ഡ്രം ബീറ്റ്,
കിളികളുടെ കോറസ്,

മഞ്ഞിന്‍റെ തിരശീലയിൽ
‍നിലാവിന്‍റെ നിറച്ചാര്‍ത്ത്,
കാട്ടിലിപ്പോള്‍ മഹാസിംഫണി
ആര്‍ത്തിയുടെ ഘോഷയാത്രകൾ

‍കാട്ടുപാതയിലേക്കാണ്.
കാടുകളില്ലത്ത ദേശത്തേക്ക്
ദേശാടനത്തിനിറങ്ങിയ വസന്തം
വിലാപത്തിന് കൂട്ടുറങ്ങി

തിരിഞ്ഞുനോക്കാതെ പോകുന്നു.
വഴിമരങ്ങളില്ലാത്ത പാതയിൽ
‍തണലും അത്താണിയും
ആള്‍ക്കുട്ടവുമില്ല.

മാനത്തെ മഴയില്‍
ഭൂമിയുടെ കണ്ണീരും അമ്ലവും.
ഈ വഴി പ്രളയകാലത്തേക്കാണ്‌.
കാട്ടിലിപ്പോള്‍

കബന്ധങ്ങളുടെഹംസഗാനം
നിലാവറ്റുപോയ കണ്ണിൽ
‍പൂക്കള്‍ വിടരുന്നത്
ഇതളുകളില്ലാതെ.

ഓരോ കാഴ്ചയിലും
കാട്ടുതീയുടെ വിരുന്ന്‌.
ചേക്കേറാന്‍ ചില്ലയില്ലാതെ
പ്രാര്‍ത്ഥനയുടെ പക്ഷികള്‍.

മണല്‍പ്പുറത്ത്
ഉറക്കം കാത്തുകിടക്കുമ്പോൾ
‍ഞാനുമെന്‍റെ പുഴയും
ഭൂമിയുടെ ഹൃദയത്തിലേക്ക്

പതുക്കെ.. പതുക്കെ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...