Showing posts with label lalji kattipparamban. Show all posts
Showing posts with label lalji kattipparamban. Show all posts

23 Feb 2013

ജീവനില്ലാത്ത മണ്ണിലെ പുരുഷന്‍

ലാല്‍ജി കാട്ടിപ്പറമ്പന്‍ 

പ്രായപൂര്‍ത്തി ആയതിനു ശേഷം മാത്രം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മരങ്ങള്‍ നിറഞ്ഞു നിന്നിരുന്നു അവിടെ ..
അവക്കിടയിലൂടെ പൂര്‍ണ സഞ്ചാര സ്വാതന്ത്ര്യം അനുഭവിച്ച് നിറഞ്ഞു വളര്‍ന്ന കാട്ടുവള്ളികള്‍ ..
കുറ്റി ചെടികള്‍ ..
മണ്ണിനെ പുണര്‍ന്നു കിടക്കുന്ന പുല്‍ നാമ്പുകള്‍
മഞ്ഞു കാലത്ത് മാത്രം പൊഴിഞ്ഞ നേര്‍ത്ത മഞ്ഞില്‍ അവ ഇലപൊഴിക്കുകയും .. ശേഷം തളിര്‍ക്കുകയും പൂക്കുകയും ചെയ്തു
ഋതുഭേദങ്ങള്‍ക്കനുസരിച്ച് മഴയ്ക്കും, കാറ്റിനുമൊപ്പം പ്രണയിക്കുകയും , കാമിക്കുകയും , കളമൊഴിയും മുന്‍പേ , പുതു തലമുറകളെ മണ്ണിനേകുകയും ചെയ്തു …..
“ ജീവനുള്ള മണ്ണ് …..”

അളന്നു തിട്ടപെടുത്തി അതിര്‍ത്തി കല്ല്‌ നാട്ടവേ പണിക്കാരില്‍ ആരോ സ്വയം പറഞ്ഞത് അയാളും കേട്ടു
കന്നിമൂലയില്‍ തറക്കല്ല് ഇടാന്‍ ആദ്യം മുറിച്ചു മാറ്റിയത്, ഒരു പവിഴമല്ലി ആയിരുന്നു .. നിറയെ പൂത്ത ഒരു പവിഴ മല്ലി …….
പിന്നീട് അയാളുടെ സ്വപ്ന ഗൃഹത്തിന്റെ വളര്‍ച്ചക്കൊപ്പം , ഓരോ മരങ്ങള്‍ … മരങ്ങളെ പുണര്‍ന്നു വളര്‍ന്ന കാട്ടുവള്ളികള്‍ .. കുറ്റി ചെടികള്‍ ……..
ജീവനില്ലാത്ത ഒന്നിന്റെ ജനനത്തിനൊപ്പം , ജീവിച്ചു ജീവനേകുന്ന പലതും മരിച്ചു വീണു കൊണ്ടേ ഇരുന്നു ….
ഇടതൂര്‍ന്നു നിന്നിരുന്ന മരങ്ങള്‍ക്കിടയിലൂടെ , ചെറു നാണത്തോടെ വന്നിരുന്ന വെയില്‍ കിളികള്‍ ആരോ തൊടുത്ത തീയമ്പ് പോലെ മണ്ണിലേക്ക് വന്നു പതിച്ചു.
മരപ്പെയ്ത്തു മറഞ്ഞ ; പ്രണയവും, കാമവും, ജനനവും ഇല്ലാത്ത മണ്ണില്‍, വെയില്‍ കിളികളുടെ തീചിറകുകള്‍ തൂവല്‍ പൊഴിച്ചു …
അപ്പോഴൊക്കെ അയാള്‍ തിരക്കില്‍ ആയിരുന്നു
താന്‍ വാങ്ങിയ മണ്ണിനെ പുണര്‍ന്നു കിടക്കുന്ന പുല്‍ നാമ്പുകളുടെ വേരടക്കം പറിച്ചു നീക്കുന്ന തിരക്കില്‍…

പ്രണയത്തിന്റെ മൂര്‍ധന്യത്തില്‍ അവ വിട്ടു പോരാന്‍ മടിക്കവേ, പാതി അറുത്ത വേരിനു മുകളില്‍ പടര്‍ന്ന നോവിന്റെ ഉണക്കിലേക്ക് അയാള്‍ തീ പകര്‍ന്നു ….
പിന്നീടുള്ള പുലരികളില്‍ , പറിച്ചും, മുറിച്ചും മാറ്റാന്‍ ഉള്ള കൊതിയോടെ അയാള്‍ ചുറ്റുപാടും നടന്നു .. ഒരു പുല്‍നാമ്പ് പോലും ഇല്ലാത്ത മണ്ണ്
ജീവനില്ലാത്ത മണ്ണ് …!
അസ്വസ്ഥതയുടെ നിമിഷങ്ങളില്‍ എപ്പോഴോ , തന്റെ രോമാവൃതമായ കൈത്തണ്ടയില്‍ നിന്ന് അയാള്‍ ഒരു രോമം പിഴുതെടുത്തു .. നേര്‍ത്ത ഒരു നൊമ്പരത്തിനപ്പുരം പറിച്ചു നീക്കുന്നതിന്റെ സുഖം ..
പറിച്ചു നീക്കാന്‍ ഉള്ള വേരുകള്‍ കണ്ടെത്തിയതിന്റെ സന്തോഷം ….
കൈത്തണ്ടകള്‍ ….
കാല്‍ ….
രോമാവൃതമായ നെഞ്ച്…..
പറിച്ചു നീക്കാന്‍ പറ്റിയ വേരുകള്‍ തേടി അയാള്‍ അയാളിലൂടെ തന്നെ യാത്ര ചെയ്തു
നീര് വെച്ച് വിണ്ടു കീറിയ ദേഹത്തിനു മുകളിലേക് വെയില്‍ വീണു .. പിന്നെ അത് തീയായി …. അതില്‍ അയാള്‍ എരിഞ്ഞു …
ജീവനില്ലാത്ത മണ്ണില്‍ അയാള്‍ ഒരു പിടി ചാരമായി


22 Dec 2012

ടാ തടിയാ കണ്ടപ്പോൾ

1
 ലാൽജി കാട്ടിപ്പറമ്പൻ

പ്രകാശം പരക്കട്ടെ …!
ഡാ തടിയാ.. അതിമനോഹരമായ ഒരു ഒരു കൊച്ചു (കൊച്ചി) ചിത്രം. തീച്ചയായും ആദ്യം പറയേണ്ടത് ആഷിക് അബുവിനെ കുറിച്ച് തന്നെ. വ്യത്യസ്തമായ പ്രമേയങ്ങള്‍ വ്യത്യസ്തമായ അവതരണ രീതി. അതിന്റെ മറ്റൊരു ഉദാഹരണമാണ്‌ ഈ കൊച്ചു ചിത്രം. താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും ആഷിക് അബു കഴിവ് അസാധ്യം എന്ന് തന്നെ പറയണം. അഭിനേതാക്കള്‍, ആഷിക് അബുവിന്റെ ആദ്യ ചിത്രം മുതല്‍ കൂട്ട് ചേര്‍ന്ന ബിജിബാലിന്റെ മനോഹരസംഗീതം ക്യാമറ, കഥ, തിരക്കഥ, സംഭാഷണം എല്ലാം ഒന്നിനൊന്നു മികച്ചത്.
കഥ പറഞ്ഞു പോകുന്നത് ശ്രീനാഥ് ഭാസി അവതരിപ്പിച്ച സണ്ണി എന്നാ കഥപാത്രം ആണ്. 22FK എന്നാ ചിത്രത്തില്‍ ഒരു ചെറിയ കൊച്ചി ഡയലോഗ് അടിച്ചു ഒരു സീനില്‍ വന്നു പോയ ഈ പയ്യന്, സത്യത്തില്‍ തടിയന്റെ കൂടെ ചേര്ന്ന് അത്ഭുതപ്പെടുത്തി കളഞ്ഞു. ക്ലൈമാക്സില്‍ നിന്ന് തുടങ്ങി തുടക്കത്തിലേക്ക് കയറി ക്ലൈമാക്സ്‌ലേക്ക് എത്തുന്നത്‌ ശ്രീനാഥ് ഭാസിയുടെ ശബ്ദത്തില്‍ ആണ്. സത്യത്തില്‍ ആ വേഷം ചെയ്യാന്‍ ശ്രീനാഥിനെ കൊണ്ട് പറ്റൂ എന്ന് തോന്നിക്കുന്ന വിധത്തില്‍ ആണ് ആ ചെറിയ നടന്‍ അത് ചെയ്തിരിക്കുന്നത്. ഒരു ചോക്ലേറ്റ് പയ്യനെ കൊണ്ട് വന്നു കഷ്ടപെടുത്തി കൊച്ചി ശരീര ഭാഷയും, സംസാര ഭാഷയും കെട്ടി ഏല്പ്പിച്ചാല്‍ എത്ര ബോര്‍ ആകും എന്ന് ആഷിക് അബുവിന് നന്നായി അറിയുന്നത് കൊണ്ടും ശ്രീനാഥില്‍ ഉള്ള വിശ്വാസവും കൊണ്ട് ആകണം ആഷിക് അബു ആ മുഴുനീള കഥാപാത്രം ശ്രീനാഥ്നെ ഏല്പ്പിച്ചത്. ആഷിക്ന്റെ ധാരണ തെറ്റിയില്ല എന്ന് തന്റെ തകരപ്പന്‍ പെര്‍ഫോമന്‍സിലൂടെ ആ കൊച്ചു നടന്‍ തെളിയിച്ചു. സ്വാഭാവികമായ അഭിനയം കാഴ്ച വെച്ച ശ്രീനാഥ്ഭാസിയുടെ കഴിവ് പ്രേക്ഷകന് ബോധ്യമാകുന്ന ഒരുപാടു സീനുകള്‍ ഉണ്ട്, അതില്‍ എടുത്തു പറയേണ്ടത് “നമ്മള്‍ വിജയിച്ചു“ എന്ന് പറഞ്ഞു തടിയനെ കെട്ടി പിടിക്കുന്ന സീന്‍ തന്നെ. എത്ര മനോഹരമായി, എത്ര സ്വാഭാവികമായി ആ കൊച്ചു നടന്‍ അത് ചെയ്തിരിക്കുന്നു. പടം മൊത്തം തന്റെ ശബ്ദത്തിലൂടെയും, അഭിനയത്തിലൂടെയും നിറഞ്ഞു നില്കുന്നതോടൊപ്പം, ശ്രീനാഥ് ഭാസി അതില്‍ ഒരു ഗാനം എഴുതുകയും പാടുകയും ചെയ്തിരിക്കുന്നു.
തടിയന്‍ ആയി ശേഖര്‍ തകര്ത്തു. ഒരു പുതുമുഖം എന്ന് ഒരിക്കല്‍ പോലും പ്രേക്ഷകന്‍ ചിന്തിക്കാത്ത തരത്തില്‍ അദേഹം ആ വേഷം കൈകാര്യം ചെയ്തു. ഒരു പ്രൊഫഷണല്‍ ആക്ടര്‍ . ഒരു വെണ് മേഘ തുണ്ട് പോലെ ഒട്ടും തട്ടും മുട്ടലും ഇല്ലാത്ത അനായാസമായ അഭിനയം. തടിയന്‍ ആകാന്‍ തടിയും, അഭിനയ ശേഷിയും ഉള്ള നടന്‍ തന്നെ ശേഖര്‍.
രാഹുല്ജി‍ എന്നാ നെഗറ്റീവ് കഥാപാത്രം ആയി നിവിന്‍ പോളിയും തകര്‍ത്തു. തട്ടതിന്‍ മറയത്ത്, പുതിയ തീരങ്ങള്‍ തുടങ്ങി ചാപ്ട്ടേഴ്സ് വരെ ഒരേ പോലെ ഉള്ള സംഭാഷണ രീതികളും അഭിനയ രീതിയും കൊണ്ട് മടുപ്പിച്ചു തുടങ്ങിയ നിവിന്‍ രാഹുല്ജിയ ആയി തകര്ത്തു എന്ന് തന്നെ പറയാം. രാഹുല്ജി് നിവിന്‍ പോളിയുടെ ഭാഗ്യം തന്നെ. അല്ലെങ്കില്‍ ആ നടനെ പ്രേഷകര്‍ക്ക് മടുത്തു തുടങ്ങിയേനെ.
പതിവില്‍ നിന്ന് വ്യത്യസ്തമായി അല്പം കാണാന്‍ സുന്ദരി ആയിടുണ്ട് എന്നതിനപ്പുറം, ആന്‍ അഗസ്റ്റിന്‍ വലിയ അഭിനയം ഒന്നും ഈ ചിത്രത്തിലും കാഴ്ചവെച്ചിട്ടില്ല.
നൈറ്റ്‌ റിടെര്‍ എന്നാ ചെറു വേഷം അരുന്ധതി നാഗ് എന്ന നടിക്ക് ചെയ്യാന്‍ ഉള്ളതുണ്ടോ എന്നായിരുന്നു, ഈ പടം കാണുന്നത് വരെ എന്റെ സംശയം. പക്ഷെ, അവര്‍ ആ വേഷം ചെയ്യവെ തൊട്ടപ്പുറത്തെ വീടിലെ വല്യമ്മച്ചി എന്ന് തോന്നി ജയരാജ്‌, മണിയന്‍ പിള്ള രാജു, ഇടവേള ബാബു എല്ലാവരും തകര്ത്തു എന്ന് തന്നെ പറയാം. തുടക്കം മുതല്‍ ഒരു ചിരി.. ഇടയ്ക്കിടെ ഉയരുന്ന കയ്യടി.. വ്യംഗാര്‍ത്ഥ പ്രയോഗങ്ങള്‍ ഇല്ലാതെ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ കഴിയുന്ന എഴുത്തുകാരും ഉണ്ട് എന്ന് ഈ ചിത്രം കാണുമ്പോള്‍ നമുക്ക് മനസിലാകും. ഓരോ സീനും അതി മനോഹരമാക്കിയത്തിനു ബിജിബാല്‍ Bijibal Maniyil എന്ന സംഗീത സംവിധായകനും വളരെ വലിയ പങ്കാണുള്ളത്. ഫ്ലാഷ് ബാക്ക് സീനില്‍ തന്റെ ബാല്യകാല സഖി വീട് മാറി പോകവേ ഓടി വരുന്ന തടിയന് തിയേറ്റര്‍ല്‍ ഉയരുന്ന കയ്യടിക്കു പ്രധാന കാരണം ബിജിബാല്‍ സംഗീതം തന്നെ. ഇത് ഒരു ചെറിയ ചിത്രം ആണ് വലിയ വിജയം ആയി കൊണ്ടിരിക്കുന്ന ഒരു ചെറിയ ചിത്രം.

19 Sept 2012

ഒഴിമുറി – കണ്ണില്‍ നിന്ന് കരളിലേക്ക് ഒരു ചിത്രം

ലാൽജി കാട്ടിപ്പറമ്പൻ

‘നീ എന്ന മകന്‍ ഞാന്‍ തന്നെ ആണ് ..’ ഒഴിമുറി എന്ന സിനിമയിലെ ഒരു സംഭാഷണ ശകലം. മനസ്സു കൊണ്ട് കാണേണ്ടുന്ന ഒരു ചിത്രം. അതിനു വേണ്ടി നാം ഒട്ടും തന്നെ ശ്രമിക്കേണ്ടതില്ല. കാരണം രണ്ടാം പകുതി മുതല്‍ കണ്ണില്‍ നിന്ന് കരളിലേക്ക് ഇറങ്ങും, ഈ ചിത്രം.
തിയേറ്ററില്‍ വലിയ തിരക്ക് ഇല്ലാത്തതു കൊണ്ട്, എന്റെ തിരക്കൊഴിയാന്‍ നിന്നാല്‍ പടം മാറുമോ എന്ന പേടി കാരണം ഓഫീസി ഇല്‍ നിന്ന് ഇല്ലാത്ത മീറ്റിംഗിന്റെ പേര് പറഞ്ഞു തിരുവനന്തപുരം കൃപ തിയേറ്ററില്‍ എത്തി. ആദ്യ പകുതിയില്‍, കഥാപാത്രങ്ങള്‍. അവരുടെ സംസ്‌ക്കാരം എന്നതിനപ്പുറം വലിയ അത്ഭുതമോ, പ്രതീക്ഷയോ ഒന്നും എനിക്ക് തോന്നിയില്ല.. പക്ഷെ , രണ്ടാം പകുതിയില്‍ സംവിധായകനും , കഥാകാരനും ചേര്‍ന്ന് പ്രേക്ഷകര്‍ക്കുള്ള വിലയേറിയ ഒരു സമ്മാനം ആക്കി തീര്‍ത്തു ആ ചിത്രത്തെ .. എടുത്തു പറയേണ്ടത് എന്ന് ഒന്നില്ല .. കാരണം ഓരോ സീനും , ഓരോ സംഭാഷണ ശകലവും അതി മനോഹരം തന്നെ.
മധുപാല്‍ ജയമോഹന്‍ നിങ്ങളോട് പറയാന്‍ ഉള്ളത് നന്ദി മാത്രം ആണ്… ഇത്രയും മനോഹരം ആയ ഒരു ചിത്രം തന്നതിന് .. ഓര്‍മയില്‍ കുറിച്ച് വെക്കാന്‍ ഒരുപാടു സംഭാഷണ ശകലങ്ങള്‍ ഉണ്ട് .. സംവിധായകനും , അദ്ദേഹത്തിനൊപ്പം ചേര്‍ന്ന നടി നടന്മാരും അവ വെറും പ്രസ്താവനകള്‍ ആക്കി മാറ്റാതെ വളരെ മികച്ച രീതിയില്‍ കഥാപാത്രങ്ങളുടെ സംസാരമാകി മാറ്റി .. അത് കൊണ്ടാണ് ‘ എല്ലാവരും സന്തോഷികാന്‍ അല്ല , വിജയിക്കാന്‍ ആണ് ആഗ്രഹിക്കുനന്നത് ‘ എന്നും ‘ വിജയിക്കാനുള്ള ആഗ്രഹം ഭീതിയില്‍ നിന്ന് ഉണ്ടാകുനന്തു ആണ് ‘ എന്നും കഥാ പത്രങ്ങളിലൂടെ , കഥാ കാരന്‍ പറയവേ അത് ഒട്ടും തന്നെ നാടകീയമാകാത്തത് ..!
എല്ലാവരും മികച്ചു നില്‍ക്കുന്ന ചിത്രത്തില്‍ ലാല്‍ എന്ന നടന്റെ അഭിനയം എടുത്തു പറയേണ്ടത് തന്നെ .! ഒരുപാട് ചിത്രങ്ങളില്‍ , ഒരു നടന്‍ അച്ഛന്റെയും മകന്റെയും വേഷം ( ഒരു വൃദ്ധനും , ഒരു യുവാവും എന്ന രീതിയില്‍ ) നമ്മള്‍ കണ്ടിടുണ്ട് .. ഇത് പക്ഷെ , രണ്ടു കാലഘട്ടത്തില്‍ ജീവിക്കുന്ന മധ്യ വയസ്‌ക്കരായ രണ്ടു കഥ പാത്രങ്ങള്‍ .! താണു പിള്ളയും, അച്ഛന്‍ ശിവന്‍ പിള്ളയും ..ശിവന്‍ പിള്ളയുടെ നൊമ്പരങ്ങളിലൂടെ , താണു പിള്ളയുടെ മുന്‍ കൊപത്തിലേക്ക് … അസാധ്യം എന്ന്ത ന്നെ പറയണം ..! ഒരു യുവതിയായും , എഴുപത്തി രണ്ടു വയസ്സ് പ്രായം ഉള്ള തന്റെ ഭര്‍ത്താവില്‍ നിന്ന് ഒഴിമുറി ആവിശ്യപെടുന്ന അന്‍പത്തി വയസുള്ള സ്ത്രീ ആയും മല്ലിക തകര്‍ത്തു ..! രണ്ടു വ്യത്യസ്ത ദേവി ചിത്രങ്ങളിലൂടെ തുടങ്ങുന്നപടം അത് പോലെ തന്നെ ഉള്ള രണ്ടു സ്ത്രീ കഥ പത്രങ്ങളെ വരച്ചു കാണിക്കുന്നു .. രണ്ടു വ്യത്യസ്ത സ്ത്രീ മനസ്സുകള്‍ .. മല്ലിക അവതരിപിച്ച മീനാക്ഷി പിള്ളയില്‍ നിന്ന് നേര്‍ വിപരീതമായ് നില്‍ക്കുന്നു ശ്വേതയുടെ കാളി പിള്ള .ഭദ്ര എന്ന ദേവി ( സ്ത്രീ ) സങ്കല്പത്തോട് ചേര്‍ന്ന്‌നീ നില്‍ക്കുന്ന ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ശ്വേതയ്ക്ക് കഴിഞ്ഞു.. ശ്വേതയും മനോഹരം…….മകന്റെ അടുത്തേക് വരുമ്പോഴും , മരണത്തിലേക് ഇറങ്ങി പോകുമ്പോഴും കാളി പിള്ളയുടെ വാശിയും , വാശിയില്‍ നിന്ന് ഉണ്ടായ ശക്തിയും അതി മനോഹരമായി തന്നെ ശ്വേത അവതരിപ്പിച്ചു .. നന്ദു , അസിഫ്, ഭാവന എല്ലാവരും മനോഹരം . സിനിമയുടെ തുടക്കം തന്നെ സംവിധായകന്‍ സീതയേയും ഭദ്രയെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒന്ന് ഓര്‍മിപ്പിക്കുന്നു ..! ഇത് ഒരു സ്ത്രീ പക്ഷ സിനിമയല്ല .. ഒരു പുരുഷ കേന്ദ്രീകൃത ലോകത്തെ ചുറ്റി പറ്റി ഉള്ളതുമല്ല .. ഇത് മനുഷ്യ പക്ഷത് നിന്ന് ചിന്തിക്കുന്ന ഒരു ചിത്രം ആണ് ...അത് കൊണ്ട് തന്നെ ആണ് എല്ലാ കഥാ പാത്രങ്ങളിലും നന്മയുടെ അംശം നമുക്ക് കാണാന്‍ കഴിയുന്നത് .. കുറ്റപെടുത്തി മരണത്തിലേക്ക് നടന്നു പോകുന്ന കാളി പിള്ളയിലെ ശരി മറ്റാരും അല്ല മനസിലാക്കേണ്ടത് .. അത് മീനാക്ഷി പിള്ള തന്നെ ആണ് .. അത് അങ്ങിനെ തന്ന സംഭവിക്കുന്നു .അതിനിടയില്‍ അനാവശ്യമായ കൈ കടത്തല്‍ കഥാ കാരന്‍ ചെയുന്നില്ല


പൊന്നിന് ഗന്ധം പോലെ മനോഹരമായ മ്യൂസിക് .. ചാനല്‍ വഴി മനോഹരമായ ഒരു ഗാനം കണ്ടു ..അത് സിനിമയില്‍ ഉണ്ടായിരുന്നില്ല .. പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ നല്ല സിനിമയും , നന്നല്ലാത്ത സിനിമയും ആണ് ഉള്ളത് .. അല്ലാതെ അവാര്‍ഡ് ചിത്രങ്ങളും , കൊമേഴ്‌സ്യല്‍ ചിത്രങ്ങളും അല്ല എന്ന് നമ്മുടെ പ്രിയ സിനിമ പ്രവര്‍ത്തകര്‍ മനസിലാക്കിയാല്‍ കൊള്ളാമായിരുന്നു. കാരണം , എനിക്ക് തോന്നുന്നു . ഇത്തരം ചിത്രങ്ങളില്‍ ഗാനം വേണ്ട എന്ന് തീരുമാനിക്കാന്‍ ഉള്ള കാരണം തന്നെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ അത്തരം ഒരു തരം തിരിവ് ഉള്ളത് കൊണ്ട് ആണ് എന്ന് തോന്നുന്നു
(സിനിമ കണ്ടു എനിക്ക് തോന്നുന്നത് എഴുതാറുണ്ട് .. ഇത് ഒരു റിവ്യൂ എന്ന നിലയില്‍ ആരും കാണരുത് .! കാരണം ഒരു റിവ്യൂ എഴുതാന്‍ എനിക്ക് അറിയില്ല .. പിന്നെ സിനിമയുടെ കഥ മുഴുവന്‍ എഴുതുന്നതിനോടും എനിക്ക് യോജിക്കാന്‍ കഴിയില്ല .. എല്ലാവരും ഈ സിനിമ കാണണം ..അത്ര മനോഹരം .. നഷ്ടപെടുത്താന്‍ പാടില്ലാത്ത ഒരു ചിത്രം .. രണ്ടായിരത്തി ഏഴുമുതല്‍ മലയാള സിനിമയുടെ ഭാഗമായ ഒരു വ്യക്തി .. ഈ ചിത്രത്തിലും അദ്ദേഹം ഉണ്ട് .. പടം കഴിഞ്ഞ ഉടനെ അദ്ധേഹത്തെ വിളിച്ചു .. .പലപ്പോഴും സിനിമ കണ്ടു കഴിഞ്ഞു അദ്ദേഹത്തിന് മെസ്സേജ് അയക്കാറുണ്ട് പക്ഷെ . ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം ആയിട്ടാണ് ഞാന്‍ പടം കഴിഞ്ഞ ഉടനെ അദ്ധേഹത്തെ വിളിച്ചത് ,.. അതിനു കാരണം ഒന്നേ ഉള്ളൂ.. ഈ പടവുമായി ബന്ധപെട്ട ആരോടെങ്കിലും ‘നന്ദി ‘ പറയണം എന്ന് തോന്നി .. ഇത്രയും മനോഹരമായ് ഒരു ചിത്രം മലയാളത്തിനു തന്നതിന് ..അതോടൊപ്പം ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അനുമോദിക്കാനും ..)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...