Showing posts with label p k gopi. Show all posts
Showing posts with label p k gopi. Show all posts

1 Mar 2016

നാരായണവഴിയിലെ നടനപ്രപഞ്ചം


പി.കെ.ഗോപി
    വാചകം...പ്രവാചകം എന്നത്‌ നിരവധി നിർവ്വചനങ്ങളിലേക്ക്‌ വളർന്നു പന്തലിക്കേണ്ട ജ്ഞാനത്തിന്റെ വിത്താണ്‌. എവിടെ വീണാലാണത്‌ മുളയ്ക്കുകയെന്നു പറയുക വയ്യ. അവിചാരിതമായി നനവേറ്റാൽ ചിലത്‌ മുളപൊട്ടും. പൊടുന്നനെ ഇടിമുഴങ്ങിയാൽ പ്രകമ്പനം കൊണ്ട്‌ ഉള്ളിളക്കം സംഭവിച്ച്‌ കവചങ്ങൾ ഇളകിമാറി, മൗനത്തിൽ നിന്ന്‌ ചിലതിന്‌ നാമ്പ്‌ മുളയ്ക്കാം. അറിവായതും പൊരുളായതും ദാർശനിക ജാലകത്തിലൂടെ അകത്തേക്കു തന്നെ വളരുന്നു. അകത്ത്‌ ആൽമരവും ആകാശവും സൃഷ്ടിക്കുന്ന, മൗലികജ്ഞാനത്തിന്റെ മാനവിക ചിന്തയെന്നോ വേദാന്ത വികാസമെന്നോ, 'ശ്രീനാരായണായ' എന്ന കൃതിയെ വിശേഷിപ്പിക്കാം.
    പതിനഞ്ച്‌ എഴുത്തുകാർ അവരവർ തിരച്ചറിഞ്ഞ ഗുരുവിലൂടെ സഞ്ചരിക്കുന്നു. മനസ്സും ശരീരവും പ്രകൃതിയും ധർമ്മവും നീതിയുമെല്ലാം ഐക്യപ്പെടുകയും അകന്നുമാറുകയും വീണ്ടും നവാദ്വൈതത്തിൽ ഒന്നാവുകയും ചെയ്യുന്നു.
    ശ്രീനാരായണാഗുരുവിന്റെ ജനനം മുതൽ മരണം വരെയുള്ള കർമ്മസംഭവങ്ങൾ വികാരവിക്ഷുബ്ധതയുടെ പൊലിമയോടെ കഥയായി അവതരിപ്പിക്കുകയല്ല എഴുത്തുകാരന്റെ ലക്ഷ്യം. ആദ്ധ്യാത്മികതയുടെ അതിരുകളിൽ മനുഷ്യഹൃദയങ്ങൾ നട്ടുവളർത്തിയ വിശ്വദർശനത്തിന്റെ മഹാസൗന്ദര്യം പിഴവുകളില്ലാതെ പീലിവിരിക്കുകയാണ്‌ ഓരോ അദ്ധ്യായത്തിലും. ഗുരു ഒരു ഉപനിഷത്ത്‌ സൃഷ്ടിച്ചു. അതിനെ ജീവതോപനിഷത്ത്‌ എന്ന്‌ ഞാൻ വിളിക്കുന്നു. അടിയാളരോദനത്തിന്റെ ആഴങ്ങളിൽ നിന്ന്‌ ഉദയകാന്തി ചിതറി ഗുരുവിന്റെ മുഖം തന്നെയാണ്‌ ഇരുളിനെ ഈർന്നു മാറ്റാൻ പ്രത്യക്ഷമാവുന്നത്‌. ആ മുഖത്തിന്റെ ഭാവകൽപന കല്ലായും മരമായും വിളക്കായും കണ്ണാടിയായും കവിതയായും പിറന്നിട്ടുണ്ട്‌. ബാഹ്യമായ മാർഗ്ഗങ്ങളിൽ യാത്ര ചെയ്ത്‌ പോരടിച്ച ഗുരുവിനെ നാം കണ്ടിട്ടുണ്ട്‌. ആന്തരികമായ തപോബലത്തിൽ മുങ്ങിനിവർന്ന്‌ അനാദിയായ ശിവമുദ്ര കൈവശമാക്കി മണ്ണിനും മനുഷ്യനും മോചനസൊ‍ാചകമായി സമർപ്പിക്കുന്ന ഗുരുവിനെയാണ്‌ ഹരികുമാർ നിർവ്വചിക്കുന്നത്‌. ശിവം ഒരനുഭൂതിയാണ്‌. പഞ്ചാഗ്നിയുടെ സംഗമസ്ഥലത്ത്‌ സ്വന്തം എഴുത്തിന്റെ തപസ്യയിൽ, ഒരു പവിത്രധാരയിലെന്നവണ്ണം ലയാനുഭൂതിയിൽ മുഴുകുവാൻ ഹരികുമാറിനു കഴിഞ്ഞിരിക്കണം.
    എഴുത്തും ജീവിതവും...അഥവാ വാക്കും പ്രവൃത്തിയും ഗുരുവിൽ ഒന്നായി ലയം പ്രാപിച്ചു. അധികാരഗർവ്വങ്ങളെ ഗുരു അറിവുകൊണ്ട്‌ നിരാകരിക്കുകയോ നിർവ്വീര്യമാക്കുകകയോ ചെയ്തു. ഗുരുസ്ഥാനത്തിന്റെ മഹത്ത്വം പ്രതിഷ്ഠ പോലെ നിശ്ചലമല്ല, പ്രവൃത്തിപോലെ ചലനാത്മകമാണ്‌. അതുകൊണ്ടാണ്‌ നവോത്ഥാനത്തിന്റെ തീവ്രവേദന മുഴുവൻ ഗുരു അനുഭവിച്ചതു. മാറ്റങ്ങൾ അസാധ്യമെന്നു കരുത്തിയ കോട്ടകൾ അവനവൻ തന്നെ കെട്ടിപ്പൊക്കുന്നുവേന്ന്‌ ഗുരുവിന്‌ ബോധ്യമായി. ചരിത്രത്തെ പുതുക്കിപ്പണിയുകയെന്ന കഠിനയത്നത്തിൽ ഗുരുവിന്‌ നേരിടേണ്ടി വന്ന ആക്ഷേപങ്ങളുടെ അലർച്ചയും മുരൾച്ചയും കെട്ടടങ്ങിയിട്ടില്ല, ഇപ്പോഴും. അനുകമ്പയും മുരൾച്ചയും കെട്ടടങ്ങിയിട്ടില്ല, ഇപ്പോഴും.

    എഴുതപ്പെടാത്ത ചരിത്രവും പറയപ്പെടാത്ത യാഥാർത്ഥ്യവും ചേർത്തുവച്ചുമാത്രമേ സമ്പൂർണ്ണമായ ജീവിതം സാധ്യമാവുകയുള്ളുവേന്ന്‌ ഹരികുമാറിനറിയാം. വാക്കുകളുടെ പക്ഷിക്കൂട്ടം മേഘങ്ങളെ മറയ്ക്കുംപോലെ അദ്ദേഹം എഴുതാറില്ല. മേഘശിഖരങ്ങളിൽ നിന്ന്‌ നിർവ്വചനങ്ങളുടെ സംഗീതപ്പക്ഷികളെ ഹൃദയത്തിലേക്ക്‌ പറഞ്ഞയക്കുംപോലെ ഒരനുഭവം എഴുത്തിൽ നിറയ്ക്കാൻ ഹരികുമാറിന്‌ കഴിയുന്നു. ഗുരുവചനങ്ങളിൽ കൂടുകൂട്ടിയ സാഗരഹംസം പോലെ അനന്തദൂരം പിന്നിടുന്ന ചിന്തയുടെ ചിറകുകളെ അകലെയിരുന്ന്‌ ഞാൻ മാനിക്കുന്നു, ധ്യാനിക്കുന്നു. 'ശരീരത്തിന്‌ എന്തിനാണ്‌ മനസ്സിന്റെ നീതിശാസ്ത്രവും ധർമ്മവ്യവസ്ഥയുമെന്ന്‌' ഐഹികജീവിയായ എനിക്ക്‌ ബോധ്യം വരാൻ എത്രകാലമെടുക്കും?! അറിയില്ല. എങ്കിലും ശരീരത്തെ പോഷകബലം കൊണ്ട്‌ പരിപാലിക്കുമ്പോൾ 'മനസ്സ്‌ അതിന്റെ  വഴി സ്വയം തിരഞ്ഞെടുക്കുന്നു.' എന്തിനാണ്‌ ജീവിക്കുന്നത്‌ എന്ന ചോദ്യത്തിന്റെ ഉത്തരം സർവ്വകലാശാല തരാതിരിക്കുമ്പോൾ, വരുക... അപൂർവ്വപ്രകാശങ്ങളുടെ ക്ഷീരപഥം ഒളിച്ചു വസിക്കുന്ന പുസ്തകങ്ങൾ തുറക്കുക.
    മനസ്സ്‌ അശുദ്ധമാകുന്ന വായന എനിക്കിഷ്ടമല്ല. അതിരുകൾ ചുരുക്കിച്ചുരുക്കി അശാന്തസങ്കോചങ്ങളുടെ അരാജക മാലിന്യത്തിൽ തെന്നിവീഴാൻ എനിക്കു താൽപര്യമില്ല. അദൃശ്യലോകത്തിന്റെ അന്തർജ്ഞാനത്തെ സത്യസാരാംശങ്ങളുടെ വിശ്വസംഗീതം പോലെ അവതരിപ്പിക്കാൻ എഴുത്തുകാരന്‌ കഴിയുമെങ്കിൽ എന്നിലെ വായനക്കാരൻ തൃപ്തനാവുന്നു. ജീവന്റെ നിഷ്കളങ്കതയെ പിണച്ചു മുറുക്കി, അജ്ഞാനബന്ധങ്ങളിലേക്ക്‌ വലിച്ചെറിയുമ്പോൾ, അഴിച്ചെടുത്ത്‌ അഭയം നൽകാൻ കഴിയുന്ന വിമോചകനാണ്‌ എനിക്ക്‌ ഗുരു. ആ ഗുരുവിനെക്കുറിച്ച്‌ ഇത്രയും ഏകാഗ്രതയോടെ ഒരാളെഴുതുമ്പോൾ ഞാനത്‌ വായിക്കണം.
    കാലത്തിന്റെ പുക പിടിക്കാത്ത കണ്ണാടിക്കു മുമ്പിൽ 'ശ്രീനാരായണായ' എന്ന ബൃഹത്ഗ്രന്ഥവുമായി എം.കെ.ഹരികുമാർ നിൽക്കുന്നു. തത്ത്വജ്ഞാനം സർഗ്ഗാത്മകമായി സഹശ്രദലം വിരിയിക്കുന്നതെങ്ങനെയെന്ന്‌ ഈ പുസ്തകം പറയും. പ്രച്ഛന്നമായ ആത്മീയാവരണങ്ങൾ യൂറിഞ്ഞുമാറ്റി, പ്രപഞ്ചനടനത്തെ നാട്ടിടവഴിയിൽ ദർശിക്കുന്ന ഏകാകിയായി എവിടെയെങ്കിലും ഒന്നിരിക്കാൻ കഴിയുമെങ്കിൽ കൂട്ടിനെടുത്തോളൂ ഈ പുസ്തകം...'ശ്രീനാരായണായ'.

26 Dec 2015

ആലില /കവിത

പി കെ ഗോപി
ആലിലകൾ
സംസാരിക്കുന്നതു പോലെ
മറ്റൊരിലയും
സംസാരിക്കുകയില്ല
തെന്നലിന്റെ
കൈപിടിച്ച്‌
ഭൂമിയെ തൊടുന്നതുവരെ
അത്‌ സംസാരിച്ചു-
കൊണ്ടേയിരിക്കും
ആകാശങ്ങളിൽ
എഴുതിവെച്ചതെല്ലാം
ഉരുവിട്ടു
മനഃപാഠമാക്കിയത്‌
ആവർത്തിക്കുകയാണവ.
ആഴങ്ങളിൽ നിന്ന്‌
ശേഖരിച്ചതെല്ലാം
ആത്മമുരളികൾ
നെഞ്ചോടു ചേർത്ത്‌
ആലപിക്കുകയാണവ.
കൽപടവിൽ
കാറ്റുകൊണ്ട്‌
കാതോർത്തിരിക്കുമ്പോൾ
ആലിലകൾ
പറയാൻ വിട്ടത്‌
തായ്ത്തടിയുടെ
ഇതിഹാസവിരലുകൾ
എഴുതിത്തരും.
പുരുഷാന്തരങ്ങളുടെ
അനന്തമായ
നാവു പോലെ
ആലിലകൾ
ആരോടെന്നില്ലാതെ
സത്യം മാത്രം
സംസാരിച്ചു കൊണ്ടിരിക്കുന്നു!

19 Jul 2014

മുദ്രാവാക്യങ്ങളുടെ ശ്മശാനം

പി.കെ.ഗോപി

ആയിരം കാതം അകലെ നിന്നാവാം
ആത്മാവിനോടു ചേർത്തു നിർമിച്ച
കൂട്ടിൽ നിന്നാവാം
ഏതോ നിലവിളി നിരന്തരം കേൾക്കുന്നു.

പാതാളത്തിൽ നിന്നാവാം
പാനപാത്രത്തിൽ നിന്നാവാം
ഏതോ തിരയടി നിലയ്ക്കാതെ കേൾക്കുന്നു.

മുന്തിരി വള്ളികളിൽ നിന്നാവാം
മുലപ്പാലിൽ നിന്നാവാം
ഏതോ ഏങ്ങലടി എപ്പോഴും കേൾക്കുന്നു.

ആളൊഴിഞ്ഞ ഭൂതലത്തിലാവാം
അരങ്ങോഴിഞ്ഞ വാനിടത്തിലാവാം
നാളിതുവരെ ഉദിക്കാത്ത
നക്ഷത്രങ്ങളുടെ ചോരക്കാടുകൾ
പടർന്നു കയറുന്നു. 

ചുരുളഴിഞ്ഞ
സിരകളുടെ പത്തികളിലാവാം
വഴി മറന്ന
ചിതലുകളുടെ പുറ്റുകളിലാവാം
വിഷമുറഞ്ഞ ആരുടെയോ
ദുഷ്ടതകൾ
നിശ്ചലമായി കിടക്കുന്നു.

സ്വയം തുറന്ന
മിഴികളുടെ ഒപ്പുകടലാസിൽ
ഒന്നും പതിയാത്തതെന്തെന്ന്‌
വിശദീകരിക്കാനാവാതെ
നട്ടം തിരിയുമ്പോൾ,
നഷ്ടപ്പെട്ടവന്റെ മുറിവുകളിൽ നിന്ന്‌
വാക്യങ്ങൾ ചവച്ചുപേക്ഷിച്ച്‌
മുദ്രകൾ മാത്രം
വാൾത്തലകളോടു സന്ധിചെയ്യാനാവാതെ
വഴിവിളക്കുകൾക്കു മുമ്പിൽ
ചിതറിക്കിടക്കുന്നു

22 Dec 2012

ഹൃദയശാലയിലെ എഴുത്തച്ഛന്‍



 പി .കെ .ഗോപി 

കവിതയുടെ 
കാല്പ്പാടുകള്‍  നോക്കിയാണ് 
ചരിത്രം അതിന്‍റെ കുഞ്ഞുങ്ങളെ 
അന്വേഷിക്കുന്നത്.

കുത്തിപ്പൊട്ടിക്കാത്ത 
കണ്ണുകള്‍ക്കുള്ളിലൂടെ 
യക്ഷികള്‍ ഇറങ്ങിപ്പോയപ്പോള്‍ 
അക്ഷരപ്പനയോലയില്‍ 
അമ്മദൈവത്തെക്കണ്ട് 
ഭൂമിയും ആകാശവും 
നമസ്കരിച്ചു നിന്നു .

കരിമ്പാറകള്‍ പിളര്‍ന്ന് 
പൊക്കിള്‍ക്കൊടികള്‍ക്ക് 
സഞ്ചരിക്കാമെന്നും 
മുള്‍പ്പാതകള്‍ കടന്ന് 
ആത്മവസന്തങ്ങളെ 
ആശ്ലേഷിക്കാമെന്നും 
മണ്ണിലെഴുതിയവനാരോ 
അവനാണ് എഴുത്തച് ന്‍..

കൊമ്പൊടിച്ചു 
കാവ്യമെഴുതിയതിന്‍റെ 
പൊരുളറിയാന്‍ 
സര്‍വകലാശാലയിലേക്കല്ല ,
സര്‍വ്വജീവജാലങ്ങളുടെയും 
ഹൃദയശാലയിലേക്ക് 
കടന്നു ചെല്ലുക...

കിളികളുടെ ചുണ്ടെഴുത്തും 
ഇലകളുടെ തുമ്പെഴുത്തും 
കണ്ണുകളുടെ നീരെഴുത്തും 
കാഞ്ഞിരങ്ങളുടെ കയ്പ്പെഴുത്തും  
കടലുകളുടെ തിരയെഴുത്തും
കനലുകളുടെ തീയെഴുത്തും 
നിയതിയുടെ നിഴലെഴുത്തും 
നിന്‍റെ താളിയോലയില്‍ത്തന്നെ 
ആയിരുന്നുവെന്ന് 
ആരെങ്കിലും പഠിപ്പിച്ചുവോ ?

19 Aug 2012

അസ്ഥികൂടങ്ങളുടെ യുദ്ധഭാഷ

പി.കെ.ഗോപി 






മണ്ണിന്‍റെ സിരാപടലങ്ങള്‍
ഇളകിമറിയാതെ 
മൌനത്തിന്‍റെ ശിരസ്സിലേക്ക് 
വാക്കുകള്‍ പ്രവഹിക്കുകയില്ല.

തലച്ചോറില്‍ 
വസന്തം വിരിയാതെ 
അവയിലൊന്നുപോലും 
വീണ്ടെടുക്കാനാവില്ല.

നാവിനും നര്‍ത്തകനുമിടയില്‍
നഗ്നസഞ്ചാരം ചെയ്യുന്ന 
നിലാവിന്‍റെ പ്രാണജ്ജ്വാല 
രാത്രിയുടെ ഭൂപടത്തില്‍ 
കുറിച്ചുവച്ചതാണ് 
ജ്ഞാന വേദനയുടെ 
കവ്യലിപികള്‍.

ഇലകളുടെ 
കൈരേഖയിലൂടെ 
ലോലമായി സഞ്ചരിച്ച്‌
ശിലകളുടെ നെഞ്ചിലേക്കിരമ്പിക്കയറാന്‍ 
മഴയും പുഴയും പോലെ 
പുറപ്പെടുമ്പോള്‍ ,
വാക്കുകളുടെ ദേശങ്ങള്‍ 
ഇടിച്ചു നിരത്തി 
ഭീതിയുടെ ലോഹവാഹനത്തില്‍ 
അസ്ഥികൂടങ്ങളുടെ യുദ്ധനിര 
ഇറങ്ങി കഴിഞ്ഞു .

കൂട്ടത്തോടെ 
കൊന്നു തുടങ്ങും മുന്‍പ്
കൂട്ടം തെറ്റിയ കിളിയോട് 
ജീവിതം ഊറ്റിപ്പിഴിഞ്ഞ
ഒരു വാക്ക് മിണ്ടട്ടെ..

19 Feb 2012

കടലും കാരുണ്യവും



പി.കെ .ഗോപി  


വാക്കുമഗ്നിയും കാറ്റും 
കടലും കാരുണ്യവും
യാത്ര ചെയ്യുമ്പോളൊന്നി-
ച്ചുടലാര്‍ന്നഴീക്കോടായ്.

ദൂരങ്ങളെല്ലാമൊറ്റ-
നാവു കൊണ്ടളക്കുന്ന 
ജ്ഞാനദേവിയെ കണ്ടു
നിര്‍ഭയം വരം വാങ്ങി.
ആഴങ്ങളെല്ലാമൊറ്റ -
പ്പൂവിന്റെ ദലങ്ങളില്‍
കോരിവച്ചനാദ്യന്ത 
നാദമായുപാസിച്ചു  
നേരിന്റെ ധര്‍മ്മാംശമാ-
ണായുസ്സെന്നറിയുന്ന 
കേവലജ്ഞാനത്തിന്റെ 
പാദമുദ്രകള്‍ തീര്‍ത്തു. 

കാലചക്രത്തിന്നാര -
ക്കാലിന്റെ ഭാഷയ്ക്കുള്ളില്‍ 
ആര്‍ഷഭാരതമെന്ന 
ശംഖൊലി നിവേദിച്ചു.

വ്യാസദുഃഖത്തില്‍ നിന്നു
വാത്മീകമൌനത്തിലേ-
ക്കാത്മതത്ത്വങ്ങള്‍ നെയ്ത 
തൂലികപ്പാലം കെട്ടി.

നേര്‍ക്കുനേരങ്കം വെട്ടി 
മുറിവേറ്റവര്‍ സ്നേഹ-
വായ്പ്പിന്റെ കണ്ണീരിനാ-
ലുദകപ്പൂക്കള്‍ നെയ്തു.
വിടചൊല്ലുമ്പോള്‍ നൂറു
ചുടലപ്രതിഷേധം 
ചുടു ചാമ്പലിന്നുള്ളി-
ലുയിരിട്ടുദിക്കുന്നു 

ഇനിയും മഹാസാര-
സാഗരങ്ങളില്‍ നിന്നു 
തിരമാലകള്‍ പോലെ 
വാഗര്‍ത്ഥമിരമ്പുവാന്‍ 

ഇടിയും മഴയും പോ-
ലാകാശസ്വാതന്ത്ര്യത്തിന്‍
പൊരുളായൊരാള്‍ വന്നു 
പൊരുതാനുണ്ടാവുമോ?

14 Jan 2012

പ്രാണന്റെ തൂലിക


പി.കെ .ഗോപി 
ആഴത്തില്‍ മുങ്ങിത്തപ്പി 
ആദിത്യശിലയെടു-
ത്താത്മാവില്‍ ശിവലിംഗ-
മാരൊരാളുറപ്പിച്ചു ..

ആദിനാദത്തിന്നാഴ -
മോങ്കാരമന്ത്രപ്പൊരുള്‍
നാമെന്നു നാമം ചൊല്ലി 
ആരൊരാള്‍ സമര്‍ത്ഥിച്ചു ..

ജീവന്റെ മലര്‍ക്കുട-
മില്ലാതെ വേദത്തിന്റെ 
ഭൂപടങ്ങളില്‍ ജ് ഞാന-
മില്ലെന്നു പഠിപ്പിച്ചു ..

ശാരദോദയത്തിന്റെ 
താമരത്താളില്‍ വിശ്വ - 
മാനവ മഹാസൂക്ത -
മാരൊരാള്‍ കുറിച്ചിട്ടു ..

ജാതിഭൂതങ്ങള്‍ മേഞ്ഞ 
കൂരിരുള്‍ കടന്നേതു 
സ്നേഹദൂതറിവിന്റെ
നാരായണങ്ങള്‍ ചൊല്ലി.. 

ആ  മഹാഗുരുവിന്റെ 
പാദത്തില്‍ വണങ്ങാതെന്‍  
പ്രാണന്റെ സാരസ്വത 
തൂലിക ചലിക്കില്ല!
  ------------------

15 Nov 2011

സല്ലാപം





പി.കെ.ഗോപി


കരഞ്ഞു പിറക്കുന്ന
ജീവസല്ലാപങ്ങളിൽ
കവിഞ്ഞതല്ലാതൊന്നു-
മില്ലെന്റെ വാഗാർത്ഥത്തിൽ.
വൈദ്യം
അരഞ്ഞു തീർന്നാൽ
വീര്യമേറുന്ന മരുന്നുകൾ
അറിഞ്ഞ വൈദ്യന്മാർക്ക്‌
കാലത്തെ ചികിത്സിക്കാം
അദൃശ്യം
അദൃശ്യാകാശങ്ങളി-
ലാത്മസഞ്ചാരം ചെയ്ത 
മനുഷ്യാ,
നിന്നെ ഞാനൊന്നറിഞ്ഞു
വണങ്ങട്ടെ.
ഉദകം
ഉദിച്ചു നിൽക്കുമ്പോൾ നീ
ഉജ്ജ്വലപ്രതാപിയായ്‌
ഉദകക്രിയയ്ക്കുള്ള
മൺകുടംസൂക്ഷിക്കുക.
ബ്യൂട്ടിപാർലർ
അണിഞ്ഞുനടന്നിട്ടു-
മാത്മസൗന്ദര്യംനീറി-
പ്പുകഞ്ഞുകരിയുന്ന-
തറിയുന്നില്ലല്ലൊനീ
വിശ്വസ്നേഹം
കലങ്ങിത്തെളിയുന്ന
കണ്ണുനീരുമ്മയ്ക്കുണ്ട്‌ 
കറങ്ങിത്തീരാത്തൊരീ
ഭൂമിതൻസ്നേഹസ്പർശം
പൂന്തോട്ടത്തിലെ പക്ഷി
അളിഞ്ഞതെല്ലാം
ദൂരെക്കളഞ്ഞു...
അതിൽ നിന്നു
മുളച്ചുപൊന്തീ
ഞാനും മക്കളും
പൂവും കായും.
വിരിഞ്ഞതെല്ലാം
താഴെക്കൊഴിഞ്ഞു...
അതിൽനിന്നു
കരഞ്ഞുപൊങ്ങീ
കാവ്യപ്പക്ഷിയും
പാട്ടുംകൂട്ടും!
നവം
വാക്കിന്റെ
വാക്കിൽ നിന്നു
പിറന്നു
നവാദ്വൈതം!

14 Aug 2011

അസ്ത്രങ്ങൾ കുഴിച്ചിട്ടവർ



പി.കെ.ഗോപി

എറിഞ്ഞ കല്ലുകളായിരുന്നു
പൂമരങ്ങളെകുറിച്ച്‌
ആദ്യം പറഞ്ഞുതന്നത്‌.
എരിഞ്ഞ കണ്ണുകളായിരുന്നു
മുറിവുകളെക്കുറിച്ച്‌
മൂന്നാര്റിയിപ്പു തന്നത്‌.
നനഞ്ഞ പന്തങ്ങളായിരുന്നു
നാണം കെട്ട നഗ്നതയുടെ
കൂത്തരങ്ങിനെക്കുറിച്ച്‌
പാടി നടന്നത്‌.
അടഞ്ഞ വാതിലുകളായിരുന്നു
ശവങ്ങൾ നിലവിളിക്കാറുണ്ടെന്ന്‌
രാത്രികളോട്‌
പുലമ്പിയത്‌
ഉരുകിത്തെറിച്ച സ്വപ്നങ്ങൾ
നഷ്ടത്തോണിയിൽ കയറി
നാടുവിട്ടുപോയപ്പോൾ
ചിറകരിഞ്ഞ കിളികളെല്ലാം
മുറ്റത്തു വന്നിരുന്നു
കരയാൻ തുടങ്ങി
പിന്നെ
നാദരൂപങ്ങളുടെ
രാമായണത്തിൽ
വേദനയുടെ ആഴം കണ്ട്‌
അസ്ത്രങ്ങൾ കുഴിച്ചിട്ട്‌
വൃക്ഷങ്ങളെക്കുറിച്ച്‌
എഴുതിത്തുടങ്ങി!


8 Jul 2011

ആദിവേര്‌




പി.കെ.ഗോപി





ഭൂതകാലങ്ങൾ പെറ്റു
പോറ്റിയ മുത്തുച്ചിപ്പി
ഭൂമിയിലുപേക്ഷിച്ച കടലേ, നിന്നോടൊപ്പം
വാഴുവാൻ ചിതാഭസ്മ-
ഭാഷയായൊരാൾ കൂടി
വീടുവിട്ടിറങ്ങിപ്പോയ്‌...ഉദകച്ചോറിൽ കൊത്താ-
നാരുടെ ചുണ്ടാണാദ്യം
നീണ്ടതെന്നറിയാതെ
ഏതൊരു കർമ്മം ബാക്കി വച്ചതെന്നറിയാതെ
ഏകനായ്‌ ആൾക്കൂട്ടത്തി-
ലലിയും മുമ്പേ, ആരോ
ആലിംഗനത്തിൽ ചേർത്തു ചോദിച്ചു: സുഖമല്ലേ?
ആകാശ മഹാശൂന്യ-
മൂകതവാചാലമായ്‌
ആയിരംവട്ടം കാതിൽ മന്ത്രിച്ചു: മകനല്ലേ?
പ്രാചീനനടത്തത്തിൻ
നാൾവഴിച്ചൂട്ടും വീശി
പാപപുണ്യങ്ങൾ നട്ട നാട്ടുമ്പുറങ്ങൾ താണ്ടി
ചൂടേറ്റ മണൽകൂട്ടി-
ലൊളിക്കാനാരുണ്ടിനി?
തീകാഞ്ഞു തണുപ്പത്തു കിടക്കാനാരുണ്ടിനി?
ഓലകൾ മെടഞ്ഞാത്മ-
വേദനത്തോറ്റങ്ങൾക്ക്‌
രാവുറങ്ങുവാൻ കൂര കെട്ടുവാനാരുണ്ടിനി?
പാലപൂത്തപ്പോൾ ഗ്രാമ-
ഗന്ധർവ്വവീണക്കമ്പി
പ്രേമരാവിനെപ്പുൽകിക്കല്ല്യാണിരാഗം മീട്ടി
ചേറിൽ നിന്നതോ താള-
വിസ്മയക്കരുത്തിന്റെ
പ്രാണരൂപത്തിൽ പൊട്ടിമുളച്ച നവോദയം
രാജമുദ്രയിൽ തൊട്ടു
പൂജിച്ചു പുണ്യം ചെയ്തു
ദാനമായുള്ളിൽ വന്ന ജ്ഞാനശ്രീനാരായണം
നാവിൽനിന്നൂറിപ്പടർ-
ന്നേതു രാവിലും പെയ്ത
വേവലാതിയിൽ മുങ്ങിപ്പാടുവാനാരുണ്ടിനി?
പൂഴിയിൽ കുഴിച്ചിട്ട
സമുദ്രച്ചെപ്പിൽ നിന്നു
ഭൂമിദേവത നുള്ളിക്കൊടുക്കുമുപ്പും വറ്റും
താനൊഴിച്ചെല്ലാവർക്കും
പങ്കിട്ടു നൽകിത്താനേ
പാവിരിച്ചുറങ്ങാതെ കിടക്കാനാരുണ്ടിനി?
താഴത്തുപച്ചപ്പാട-
മാറ്റുനോറ്റരിച്ചിട്ട
നോവിന്റെ മുത്തും പൊന്നുമളക്കാനാരുണ്ടിനി?
ആഴത്തിലൂറ്റിക്കാച്ചി-
ക്കുറുക്കും കരിക്കാടി
ദാഹിച്ചു വിശന്നിട്ടും മറക്കാനാരുണ്ടിനി?
പ്ലാവിലക്കുമ്പിൾ കവി-
ഞ്ഞാവണിത്തുമ്പച്ചോറിൽ
പൂവിളിപ്പുരാവൃത്തം വിളമ്പാനാരുണ്ടിനി?
വീണുപോകുമ്പോൾ പൊങ്ങാൻ
നട്ടെല്ലു ചെത്തിക്കൂർമ്പി-
ച്ചൂന്നുകമ്പാക്കിപ്പാത കടന്നു പാലം കേറി
ആയുസ്സു നിക്ഷേപിച്ച
നിധികുംഭത്തിൽ ആരും
കാണാതെ പെയ്യും രണ്ടുകണ്ണുകളാർക്കാണിനി?
കാളയും കലപ്പയു-
മില്ലാത്ത കാലത്തിന്റെ
ചാണകച്ചിത്രക്കളമിങ്ങനെ വരയ്ക്കാനായ്‌
നൂറുനൂറുദ്ധ്യായത്തി-
ലെഴുതിപ്പതം വന്ന
ഗീതയുണ്ടെനിക്കെന്റെ പൈതൃകക്കാവ്യാംശമായ്‌
ആറടി മണ്ണിന്നുള്ളി-
ലല്ലതിൻ സനാതന
സ്നേഹവാത്സല്യം പൂത്ത ജീവന്റെ ബലിപ്പത്രം.
ചോരയ്ക്കു ചുവപ്പല്ല
വെളുപ്പല്ലാദിത്യന്റെ
ആദിവേരിലെ കണ്ണീർച്ചായമെന്നെഴുതിച്ച
താളിയോലയിൽ നിന്നു
താവഴിത്തൂവൽ തൊട്ട
കാവ്യമംഗളത്തത്തയെന്നിലുണ്ടരൂപിയായ്‌!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...