Showing posts with label 79. Show all posts
Showing posts with label 79. Show all posts

27 Apr 2013

നാമൊന്നിച്ചുറങ്ങുമീ മണ്ണിലൊരു ദിനം...

ശിവശങ്കരൻ  കാരാവിൽ 


 സു ഹൃത്തെ.....

നിന്റെ ഓര്‍മ്മകള്‍
എനിയ്ക്ക് ചിരി സമ്മാനിയ്ക്കാറുണ്ട്.
എന്നും... എപ്പോഴും.

എന്റെ രചനകളെ
കാരണങ്ങളില്ലാതെ
സൂക്ഷ്മദര്‍ശിനി വച്ചു
കുറ്റം കണ്ടെത്താറുണ്ട്‌ നീ.

നിന്റെ രചനാവിശേഷം
സർവ്വ വൈകല്യങ്ങളുമുണ്ടായിട്ടും
പഞ്ചാമൃതം പോലെ
എന്നും
രുചിച്ചരുളും ഞാന്‍.

നിനക്ക് എന്നെ
ബോധിയ്ക്കാതിരിയ്ക്കുന്നു
എന്നത് കൊണ്ട്
എനിയ്ക്ക് നീ
പ്രിയതരമാവാതിരിയ്ക്കില്ല.

നീ എത്താ ഉയരത്തിലേയ്ക്ക്
എകരപ്പലക വെച്ച്
മാനം നീട്ടിപ്പിടിയ്ക്കാനായുമ്പോൾ
ഞാന്‍ തീരെ താഴെ
എന്റെ കൈകുറ്റപ്പാടുകളുമായി
മോക്ഷ മന്ത്രമുരുവിട്ടു കഴിയുന്നു.

കൂട്ടുകാരാ .....
നമുക്ക് ഒന്നിച്ചുറങ്ങേണ്ടേ
ഈ മണ്ണില്‍.

ഈ ഇടനേരത്തിന്
നീളമൊട്ടുമില്ലതാനും.

ആകാശത്തു
കുഴിവെട്ടാനാവാതെ
ഒരു ചെറുകാറ്റിൽ
പിടുത്തം വിട്ടു നീ
താഴെയെത്തുമ്പോള്‍.

എന്റെ ചങ്ങാതീ....

അന്ന്....
നാമൊന്നിച്ച്
ഈ മണ്ണറയില്‍...!!

ഞാന്‍ കാത്തിരിയ്ക്കും...
പ്രാര്‍ത്ഥനയോടെ.

26 Mar 2013

പോസ്റ്റ്‌മോര്‍ട്ടം

മനാഫ് 


”ഒരു സ്‌ട്രോങ്ങ് ചായ..”
”പഞ്ചസാര..?’
” ആകാം.’
ഗ്ലാസില്‍ സ്പൂണ്‍ ഉണ്ടാക്കുന്ന തകധിമി താളത്തിനിടെ കടക്കാരന്‍ വക ചോദ്യം
” ഇവിടെ നിങ്ങള് ആദ്യായിട്ടാ..?”
മറുപടി ഒരു മൂളലില്‍ ഒതുക്കി… വ്യക്തമായ ഉത്തരമല്ലാത്തതിനാല് കടക്കാരന്‍ അനിഷ്ടത്തോടെയാണ്ഗ്ലാസ് മേശമേല്‍ വെച്ചത്…
”പുട്ടും കടലേം എടുത്തോ..”
അത് കഴിക്കവെയാണ് പുറത്തു നിന്നും ഒരു ശബ്ദം.
”ചേട്ടാ.. പൈസ തര്വോ..?”
”ഇല്ല, വേണേല് ചായ തരാം.. പൈസ തരില്ല…”
”ചായ വേണ്ട , പൈസ മതി..”
”തരില്ല..”
കടക്കാരന്‍ അറുത്തു മുറിച്ച പോലെ പറഞ്ഞു.. കടയില് തൂക്കിയിട്ട
പഴക്കുലകള്‍ക്കിടയിലൂടെനോക്കിയപ്പോള്‍ അയാളെ കണ്ടു…
നീണ്ടു മെല്ലിച്ചൊരു രൂപം.. നന്നായി വളര്‍ന്ന കട്ടിയില്ലാത്ത
താടിയും, മീശയും. എന്റെ പ്രായമേ കാണൂ.. പക്ഷെ മുടിയും,
താടിയും കുറെ നരച്ചിട്ടുണ്ട്…
മുഷിയാത്ത ഷര്‍ട്ട് , പാന്റ് .. തറവാടിയായ വട്ടന്‍ എന്ന്
മനസ്സിലോര്‍ത്തതും അയാള്‍ ചോദിച്ചതും ഒരുമിച്ചായിരുന്നു..
”ചേട്ടാ.. പൈസ തര്വോ..?”
”മോഹനാ…സ്ഥലം കാലിയാക്ക്.. ഉം..”
കടക്കാരന്‍ ശബ്ദമുയര്ത്തി.
മോഹനന്‍ നടന്നു പോയി.. ഇടയ്‌ക്കൊന്നു തിരിഞ്ഞു നോക്കി… വീണ്ടും നടന്നു..
ആ നോട്ടം…
ശരീര ഭാഷ…
ഇതവനാണോ..? ശങ്കരന്‍ മാഷിന്റെ മോന്‍ മോഹനന്‍ …?
ചിന്തിച്ചു തീര്‍ന്നില്ല .. കടക്കാരന്‍ വിവരിച്ചു…
”മോഹനനെന്നാ പേര്.. സ്‌കൂള് മാഷുടെ മോനായിരുന്നു…
നല്ല ചെക്കനായിരുന്നു..പ്രേമിച്ചു പ്രാന്തായതാത്രേ..”
അറിയാവുന്ന കഥ വീണ്ടും കേള്‍ക്കാന്‍ താല്പ്പര്യമില്ലായിരുന്നു..
എന്നാല്‍ കടക്കാരന്‍ പറഞ്ഞത് ക്ലൈമാക്‌സ് ആയിരുന്നു
”ആ പെണ്ണ് പോയേപ്പിന്നെ അവന്റെ പിരി ലൂസായി.. ആരോ പറഞ്ഞത്രേ ഫകീര്‍ ഉപ്പാപ്പയുടെ
ദര്‍ഗയിലെ കുളത്തില് മഞ്ചാടിക്കുരു ഇട്ടു നിറച്ചാല് വിട്ടു പോയവര് തിരിച്ചു വരുമെന്ന്..അന്ന്
തൊടങ്ങിയതാ പണം ചോദിച്ചുള്ള തെണ്ടല്…. തെണ്ടിക്കിട്ടുന്ന പണം കുട്ടികള്‍ക്ക് കൊടുത്ത്
മഞ്ചാടിക്കുരു ഒപ്പിക്കും നേരെ കൊണ്ടുപോയി കുളത്തിലെറിയും..”
വലിയ കുളം എങ്ങനെ നിറയാനാണ്…!
”മാഷും , ഭാര്യേം മരിച്ചേപ്പിന്നെ ഇവന്‍ തനിച്ചായി..സ്വത്തൊക്കെ ബന്ധുക്കള് കയ്യേറി.. ഇപ്പൊ
ചെറിയൊരു വീട് മാത്രമുണ്ട്… അതാവട്ടെ…’
”പൈസ എത്രയായി..?”
”…. ഇരുപത്തൊന്ന്..”
കഥ പറഞ്ഞു തീരും മുന്‌പേ കൈ കഴുകി എണീറ്റത് അയാള്ക്കിഷ്ട്ടമായില്ല…
‘ദര്‍ഗയിലേക്ക് ഇതിലൂടെ ഒരു എളുപ്പ വഴിയില്ലേ…?”
‘കടക്കാരന്‍ അമ്പരന്നു..
”ആ വഴി അടച്ചു കളഞ്ഞു… ഇപ്പൊ അമ്പല റോഡ് വഴി ചുറ്റി പോകണം… അല്ല, നിങ്ങള് ഇതിനു
മുന്‍പ് ഇവിടെ വന്നിട്ടുണ്ടോ..?”
”ആ ചോദ്യം കേള്‍ക്കാത്ത പോലെ ഇറങ്ങി നടന്നു.. തന്റെ ഭൂതകാലം പറയാനല്ലല്ലോ ചായ
കുടിക്കാന്‍കയറിയത്.. എങ്കിലും ചായ നന്നായിരുന്നു…
************ ******************** ************** **************
ഫകീര്‍ ഉപ്പാപ്പ ദര്‍ഗ ഒരു കിലോമീറ്റര്‍ എന്നൊരു ബോര്‍ഡ്..ഒരു സിഗരറ്റ് കത്തിച്ചു… ഓര്‍മ്മകള്‍
അതിനൊത്ത് പുകഞ്ഞു….
അന്ന് 19 വയസ്സ് കാണും. പത്തു തോറ്റു കൊല്ലങ്ങളായി തേരാ പാരാ നടപ്പാണ്..അതിനിടയിലാണ്
അവളെ കണ്ടത്.. രാമന്‍ നായരുടെ ഏക മോള്‍… ഓമനയെ…
സൌന്ദര്യത്തിന്‍ പര്യായം..
പാലിന്‍ വെളുപ്പ്..
ചാമ്പക്ക ചുണ്ടുകള്‍..
നിറഞ്ഞ മാറിടം….. ഹോ…!
ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഒന്നൊന്നര പീസ്..!!!….
അന്ന് തനിക്കു മാത്രമേ രണ്ടു പാന്റ് ഉണ്ടായിരുന്നുള്ളൂ.. ഗള്‍ഫില്‍ കൂലിപ്പണിക്കാരനായ ബാപ്പയുടെഔദാര്യം…പാന്റ് മാറി മാറി ഇട്ട് പൗഡറും അത്തറും പൂശി ഓമന വരുന്ന വഴില്‍ കറുപ്പന്‍ രമേശിനൊപ്പം കാത്തു നിന്നു..
അതാ അവള് നടന്നു വരുന്നുണ്ട്.. ചുണ്ട് കടിച്ചു ചുവപ്പിച്ചു റെഡിയായി..
”ഓമന കോളേജീന്നു വരുന്ന വഴിയാണോ..?”
” അല്ല, ചന്ദ്രനീന്നാ…’
നന്നായി ചമ്മി..എങ്കിലും ഒരു ശ്രമം കൂടി..
”പ്രീ ഡിഗ്രി എങ്ങനെ..?”
”എങ്ങനെയായാലും നിനക്കെന്താ..?”
ഓമന മുഖം വീര്‍പ്പിച്ചു പോയി…

അവളെന്തെ ഇങ്ങനെ..? എനിക്കെന്താ കുറവ്..? മനസ്സില്‍ ചോദ്യം ഉയര്‍ന്നു.
”പണവുമില്ല, പഠിപ്പുമില്ല..”
ഞെട്ടിപ്പോയി…മനസ്സില്‍ ചിന്തിക്കുമ്പോഴേക്കും രമേശന്‍ പറയുന്നു…
ഇനിയെന്ത് വഴി..? മനസ്സില്‍ വീണ്ടും ചോദ്യം…
”അവളെ വിട്ടെക്കുന്നതാ നല്ലത്..”
ഉടനെ വന്നു രമേശന്‍ വക ഉത്തരം..
ഇവനെങ്ങനെ എന്റെ മനസ്സറിയുന്നു..!
അങ്ങനെ ഓമന ഒരു കിട്ടാക്കനിയായി അവശേഷിച്ചു..

അപ്പോഴാണ് മിന്നായം പോലെ ഒരു വെളിപാടുണ്ടായത് .. ഫകീര്‍ ഉപ്പാപ്പാന്റെ ദര്‍ഗയില്‍ ചെന്ന്
പ്രാര്‍ഥിച്ചാല്‍ ഓമനയെ സ്വന്തമാക്കാം..! ഉപ്പാപ്പ പണ്ട് ജീവിച്ചിരുന്ന ഒരു സൂഫിയാണ്.. ആ
ദര്‍ഗയില്‍വെച്ചുള്ള മൂന്ന് പ്രാര്‍ത്ഥനകള്‍ക്ക് ഉറപ്പായും ഉടനെ ഫലമുണ്ടാകുമത്രേ.. ഒന്ന് ഞാന്‍ പണ്ടേ പ്രാര്‍ത്ഥിച്ചു കഴിഞ്ഞു…
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹോം വര്‍ക്ക് ചെയ്യാന്‍ മറന്നു… വീട്ടിന്നിറങ്ങിയപ്പോഴാണ് ഓര്‍മ വന്നത്. നേരെ ദര്‍ഗയില്‍ ചെന്ന് പ്രാര്‍ത്ഥിച്ചു..
ക്ലാസ്സില്‍ ചൂരലുമായി ചന്ദ്രന്‍ മാഷ് മുരണ്ടു
”ഹോം വര്‍ക്ക് ചെയ്യാത്തവര്‍ എഴുന്നേല്‍ക്ക്…”
ഉപ്പാപ്പ കൈ വിട്ടെന്നുറപ്പായി.. പെട്ടെന്നാണ് പ്യൂണ്‍ ക്ലാസ്സിലേക്ക് വന്നത്..
”മാഷെ, ഒരു ഫോണുണ്ട്.. നാട്ടീന്നാണ്…”
മാഷ് ഓഫീസിലേക്ക് പോയി അതുവഴി നാട്ടിലേക്കും.. മാഷുടെ ഭാര്യ പ്രസവിച്ചു… പിന്നെ മാഷ്
വന്നത് ഒരു പാകറ്റ് മുട്ടായിയുമായി..
ഫകീര്‍ ഉപ്പാപ്പയുടെ ശക്തി..!
വരുന്ന വെള്ളിയാഴ്ച ഓമനയെ കിട്ടാന്‍ പ്രാര്‍ത്ഥിക്കണം.. പക്ഷെ അപ്പോഴേക്കും ഓമനയും
മോഹനനും തമ്മില്‍ പ്രേമമാണെന്ന ന്യൂസ് കിട്ടി..
രമേശനാണ് ന്യൂസ് എത്തിച്ചത്… എത്രയോ പേര്‍ ശ്രമിച്ചിട്ടും വളയാത്ത ഓമന കാണാന്‍ വല്യ
സുന്ദരനല്ലാത്ത മോഹനനെ ഇഷ്ടപ്പെട്ടു..
എന്താവും കാരണം…? മനസ്സില്‍ ആകാംക്ഷ…
”പെണ്ണിന്റെ മനസ്സ് പിടികിട്ടാന്‍ പ്രയാസാ ഉസ്മാനെ ”
അടുത്ത് കടല കൊറിച്ചു കൊണ്ടിരിക്കുകയായിരുന്ന രമേശന്‍ സ്വയമെന്ന വണ്ണം പറഞ്ഞു..
രമേശന്‍ വീണ്ടും വീണ്ടും ഞെട്ടിക്കുന്നു..!
ഇല്ല.. ഈ പ്രേമം പൊളിക്കണം… ഫകീര്‍ ഉപ്പാപ്പ തന്നെ ശരണം… രണ്ടാമത്തെ പ്രാര്‍ത്ഥനയ്ക്കായി
ദര്‍ഗയിലെത്തിയതും രമേശന്‍ ഓടി വന്നു..
”ഉസ്മാനെ .. അറിഞ്ഞോ.. മോഹനനും, ഓമനയും ഒളിച്ചോടി… പക്ഷെ വയനാട്ടീന്നു രണ്ടിനേം
പോലീസ് പൊക്കി..”
പ്രാര്‍ത്ഥന ക്യാന്‍സല്‍…..
പിടിച്ചു കൊണ്ട് വന്ന ഓമനയെ അച്ഛന്‍ മുറിയിലിട്ട് പൂട്ടി… മോഹനനെ അയാളും , ബന്ധുക്കളും
തെരുവിലിട്ട് തല്ലി … എന്നിട്ടും ഓമനയെ വിളിച്ചു കരഞ്ഞ മോഹനനെ കണ്ടപ്പോള്‍
മനസ്സിലെവിടെയോ നൊമ്പരം…
ഇതാണോ പ്രണയം..?
സത്യമുള്ള സ്‌നേഹം..?
എങ്കില്‍ ഓമനയെ മോഹനന് ലഭിക്കണം..
നാളെ ദര്‍ഗയില്‍ ചെന്ന് പ്രാര്‍ത്ഥിക്കാം..
നേരം പുലര്‍ന്നില്ല… രമേശന്‍ വീണ്ടും ഓടി വന്നു…
”ഉസ്മാനെ, രണ്ടാളും വിഷം കഴിച്ചു… മോഹനന്റെ സ്ഥിതി ഗുരുതരാന്നാ കേട്ടത്..”
കൂടുതല്‍ കേള്‍ക്കാന്‍ നിന്നില്ല.. നേരെ ദര്‍ഗയിലെക്കോടി.. ചങ്ക് പൊട്ടി പ്രാര്‍ത്ഥിച്ചു..
”യാ അല്ലാഹ്..! മഹാനായ ഫകീറുപ്പാപ്പാന്റെ മഹത്വം കൊണ്ട് മോഹനനെ രക്ഷിക്കണേ…”
മോഹനന്‍ അപകട നില തരണം ചെയ്തു..
പക്ഷെ… ഓമന മരിച്ചു..
”ഓമനയെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് അവിടുന്നാ..”
രമേശന്‍ ആശുപത്രി വളപ്പിലെ കുറ്റിക്കാട്ടിലുള്ള ഒറ്റ മുറി കാണിച്ചിട്ട് പറഞ്ഞു.
ആരും കാണാതെ, രമേശന്‍ പോലും അറിയാതെ മെല്ലെ ആ മുറിയിലേക്ക് വാതിലിനു വിടവിലൂടെ എത്തി നോക്കി..
ഓമനയെ ടേബിളില്‍ കിടത്തിയിരിക്കുന്നു.. പാവാടയും , ബ്ലൌസുമാണ് വേഷം..
പൂര്‍ണമാകാത്ത പ്രണയം കണ്ട പോലെ പാതി തുറന്ന കണ്ണുകള്‍……
ചമ്പക്ക നിറമുള്ള, മനോഹര പുഞ്ചിരി മറന്ന വരണ്ട ചുണ്ടുകള്‍..
പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി..
ഡോക്ടറും , അയാളുടെ സഹായിയും ചേര്‍ന്ന് ഒരു മര്യാദയുമില്ലാതെ ഓമനയുടെ വസ്ത്രം നീക്കി..
ഈശ്വരാ.. നാട്ടിലെ യുവാക്കളെ നിദ്രാവിഹീനമാക്കിയ , അച്ചടക്കത്തോടെ പാവം ഓമന കൊണ്ട്
നടന്ന ആ സുന്ദര മേനി , ഇന്നിതാ നോക്കുന്ന ആര്‍ക്കും കാണാവുന്ന രൂപത്തില്‍… പൂര്‍ണ നഗ്‌നയായി…!
ഓമനയുടെ നെഞ്ചിനു നേരെ ഡോക്ടറുടെ കത്തി ചെല്ലുന്നു.. മുകള്‍ ഭാഗത്ത് നിന്നും താഴേക്കു ഒറ്റ
കീറ്.!
ആ മാറിടങ്ങള്‍ ഇരു വശത്തേക്കുമായി മാറ്റപ്പെട്ടു.. പോത്തിനെ അറക്കുന്നത് പോലെ ശരീരം
പലയിടത്തായി കീറുന്നു.. എന്തൊക്കെയോ എടുത്തു മാറ്റുന്നു.. കോരിത്തരിപ്പിച്ച സുന്ദരമേനി
ദുര്‍ഗന്ധമുള്ള മാംസക്കഷ്ണമായി മാറിയത് നൊടിയിടയില്‍
വയ്യ.. ഇനി വയ്യ
ഓടി.. ആശുപത്രിയും കടന്ന്, റോഡും കടന്ന്, പാടത്തൂടെ ഓടി.. അവസാനം
ച്ഛര്‍ദ്ധിച്ചു..വയറ്റിലുള്ളത് മുഴുവന്‍..
ലിപ്സ്റ്റിക്ക് പുരട്ടി പെണ്ണും, മസിലുരുട്ടി ആണും കൊണ്ട് നടക്കുന്നതെല്ലാം വെറും മാംസക്കട്ട!
മോഹനന്‍ നാട് വിട്ടു പോയി.. കുറെ നാള്‍ എല്ലാരും അന്വേഷിച്ചു.. പിന്നെ മറന്നു…

പൊതുശ്മശാനത്തിലെ ഓമനയുടെ കുഴിമാടത്തിനരുകില്‍ നിക്കവെ മനസ്സ് പറഞ്ഞു..
എല്ലാം മറക്കണം… മനസ്സിന്റെ മരവിപ്പ് മാറ്റണം
”എല്ലാം മറക്കണം ഉസ്മാനെ…”
രമേശനാണ്.. പതിവ് പോലെ അതും മനസ്സിന് മറുപടിയായി…
നല്ലൊരു വിസ കിട്ടി രമേശന്‍ ഗള്‍ഫിലേക്ക് പോയി…

ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ഉപ്പാപ്പാടെ ദര്‍ഗയില്‍ വീണ്ടും വന്നിരിക്കുകയാണ്..
ഒരു പ്രാര്‍ത്ഥന കൂടി ബാക്കിയുണ്ട്…
എന്ത് പ്രാര്‍ത്ഥിക്കണം ?
സ്വന്തമായി ഒരു വീട്…?
മൂന്നു മക്കളുടെയും നല്ല ഭാവി..?
നല്ല വരുമാനമുള്ള വേറെ എന്തെങ്കിലും ജോലി…?
അവസാനം പ്രാര്‍ത്ഥിച്ചു..
”അല്ലാഹുവേ, മഹാനായ ഉപ്പാപ്പയുടെ മഹത്വം കൊണ്ട് ഞാന്‍ എന്റെ അവസാനത്തെ പ്രാര്‍ത്ഥന
നടത്തുകയാണ്.. മോഹനന്റെ മനസ്സിന്റെ താളപ്പിഴ നീ മാറ്റണേ… ഈ കുളം മഞ്ചാടിക്കുരുവാല്‍
നിറക്കാന്‍ ഓടുന്ന ആ പാവം പ്രണയത്തെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം തീരാ
നൊമ്പരമാണ്…അതുകൊണ്ട് ഈ പ്രാര്‍ത്ഥന നീ സ്വീകരിക്കണേ…”’
ദര്‍ഗയില്‍ നിന്നും ഇറങ്ങിയിട്ടും കണ്ണീര്‍ നില്‍ക്കുന്നില്ല…
മനസ്സില്‍ എന്തൊക്കെയോ വികാരങ്ങള്‍…….
സങ്കടം?
നിരാശ?
നൊസ്റ്റാള്‍ജിയ ?
അറിയില്ല .. എന്തിനെന്നറിയാതെ മനസ്സ് തേങ്ങുന്നു.. വീര്‍പ്പു മുട്ടുന്നു..
ഈശ്വരാ.. ഇപ്പൊ ഈ സമയം ആ രമേശനുണ്ടായിരുന്നെങ്കില്‍ …
എന്റെ മനസ്സിലെന്തെന്ന് എന്നെക്കാള്‍ നന്നായി അവന്‍ പറഞ്ഞു തന്നേനെ….

23 Feb 2013

അമ്മായിഅമ്മയും മരുമകളും ഇഡ്ഡലിയും




 മിനി 

‘അമ്മെ എഴുന്നേല്‍ക്ക്’
അതിരാവിലെ സുഖനിദ്രയില്‍ ലയിച്ച ഞാന്‍ കേട്ടത് മരുമകളുടെ ശബ്ദം; അപ്പോള്‍ ഇത് സ്വപ്നം തന്നെയാവാം. പുലരാന്‍നേരത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പഴമക്കാര്‍ പറയുന്നതുകൊണ്ട് ഇത്രയുംനല്ല സ്വപ്നത്തിന്റെ ബാക്കികൂടി അറിയാന്‍ ഒരു കൊതി. ബഡ്ഷീറ്റ് തലവഴി മൂടിപ്പുതച്ച് ഇടതുവശത്തേക്ക് ചുരുണ്ട്, കണ്ണ് രണ്ടും നന്നായി അടച്ച്, ഞാന്‍ വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു.
‘അമ്മെ,, ഇതാ ചായ കുടിച്ചാട്ടെ; എന്നിട്ട് പതുക്കെ എഴുന്നേറ്റാല്‍ മതി’
വീണ്ടും അവളുടെ ശബ്ദം കേട്ടപ്പോള്‍ പുതപ്പ് തട്ടിക്കുടഞ്ഞ് ഞെട്ടിയെഴുന്നേറ്റു, അപ്പോള്‍,,, അതാ അവള്‍,, ചൂടുള്ള ചായയുമായി മുന്നില്‍ നില്‍ക്കുന്നു,,, മരുമകള്‍ സുഭാഷിണി, എന്റെ ഒരേഒരു മകന്‍ രാഗേഷിന്റെ ഭാര്യ,,!!!!
ഞാനൊന്ന് ഞെട്ടി,, എന്റെ തലയില്‍ അനേകം ലഡ്ഡു ഒന്നിച്ച് പൊട്ടാന്‍ തുടങ്ങി. കാക്ക മലര്‍ന്ന് പറക്കുമെന്ന് കേട്ടിട്ടുണ്ട്; ഇപ്പോള്‍ വെള്ളക്കാക്ക മലര്‍ന്ന് പറക്കുന്നുണ്ടാവാം!
ഇതുവരെ ‘അമ്മെ’ എന്ന്, നേരാംവണ്ണം എന്നെ വിളിക്കാത്ത മരുമകള്‍ അതിരാവിലെയുണര്‍ന്ന് സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ ചായയുമായി മുന്നില്‍ വന്ന് നില്‍ക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടതോടെ എന്റെ ഉറക്കം പമ്പയും മുല്ലപ്പെരിയാറും കടന്നു. ഈ പെണ്ണിനെന്ത് പറ്റി? അമ്മായിഅമ്മയെ കൂടോത്രം ചെയ്യാനുള്ള വല്ലതും ചായയില്‍ കലക്കിയിട്ടുണ്ടാവുമോ? എന്നാലും കിടക്കപായില്‍നിന്നും എന്നെ ഉണര്‍ത്തിയിട്ട് ആദ്യമായി മരുമകള്‍ കൊണ്ടുവന്ന ചായയല്ലെ,, കുടിച്ചുകളയാം. വിറക്കുന്ന കൈയ്യാല്‍ ചായ വാങ്ങി കുടിക്കുമ്പോള്‍ പലതരം സംശയങ്ങള്‍ എന്റെ തലയില്‍ പുകയാന്‍ തുടങ്ങി.
ചായ കുടിച്ച ഗ്ലാസ്സ് കൈനീട്ടി വാങ്ങുമ്പോള്‍ അവള്‍ പറഞ്ഞു,
‘രാവിലത്തെ ചായയും ഇഡ്ഡ്‌ലിയും കറിയുമൊക്കെ ഞാനുണ്ടാക്കി, അമ്മ ഒന്നും ചെയ്യെണ്ട’
‘അത്പിന്നെ നീ ഒറ്റക്ക്’
‘ഇനി എല്ലാം ഞാന്‍തന്നെ ചെയ്തുകൊള്ളും; അമ്മ എഴുന്നേറ്റാല്‍ കുളിക്കാനായി ചൂടുവെള്ളവും തോര്‍ത്തും അമ്മേടെ ഡ്രസ്സും കുളിമുറിയില്‍ വെച്ചിട്ടുണ്ട്. കുളിച്ചിട്ട് വന്നാല്‍ നമുക്കൊന്നിച്ച് ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കാം’
എല്ലാം കണ്ടും കേട്ടും ഞാനാകെ അന്തം വിട്ട് ഇരിക്കുമ്പോള്‍, എന്നെ ചായ കുടിപ്പിച്ച ഗ്ലാസ്സുമായി മരുമകള്‍ വെളിയിലിറങ്ങി. ഇവള്‍ക്കെന്താ ഇങ്ങനെയൊരു മനംമാറ്റം? പെട്ടെന്ന് മരുമകളുടെ ശീലങ്ങള്‍ മാറിയാല്‍ ഏത് അമ്മായിഅമ്മയാണ് ഞെട്ടാതിരിക്കുക. ആകപ്പാടെ ഇതൊരു നല്ല മാറ്റമാണല്ലൊ, ഇന്നലെവരെയുള്ള മുഖമല്ലല്ലൊ ഇന്നവള്‍ക്ക്, ആരെങ്കിലും ഉപദേശിച്ചിരിക്കാം. ഗള്‍ഫില്‍ ജോലിയുള്ള മകന്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഇനിമുതല്‍ അവന്റെ ഭാര്യയെക്കുറിച്ച് നല്ലത് പറയാമല്ലൊ എന്നോര്‍ത്ത് ഞാന്‍ വളരെയധികം സന്തോഷിച്ചു.
പതുക്കെ എഴുന്നേറ്റ് അടുക്കളയിലൂടെ കുളിമുറിയിലേക്ക് നടക്കുമ്പോള്‍ ആശ്ചര്യം കൊണ്ട് എന്റെ കണ്ണുതള്ളി. എല്ലാദിവസവും ആറുമണിക്ക് ഉണരുന്ന ഞാന്‍ അടുക്കളയില്‍ കയറിയില്ലെങ്കില്‍ അന്ന് വീട് പട്ടിണിയാവും എന്ന അവസ്ഥയായിരുന്നു. ഇപ്പോഴിതാ എന്റെ മരുമകള്‍ രാവിലത്തെ വിഭവങ്ങള്‍ ഒരുക്കിയശേഷം മക്കള്‍ക്ക് കൊണ്ടുപോവാനുള്ള ടിഫിന്‍ തയ്യാറാക്കുകയാണ്. ഒരു വശത്ത് വിറകടുപ്പിലാണെങ്കില്‍ പാത്രത്തില്‍നിന്നും ചോറ് തിളക്കുകയാണ്. എത്ര പെട്ടെന്നാണ് എല്ലാം തയ്യാറായത്, ഇതൊക്കെ ഇവള്‍ക്ക് പണ്ടേ ചെയ്തുകൂടായിരുന്നോ? ഈ വയസ്സുകാലത്ത് വയ്യാതായ അമ്മായിഅമ്മയെക്കൊണ്ട് ഇത്രയുംകാലം അടുക്കളപ്പണി ചെയ്യിപ്പിക്കണമായിരുന്നോ?
‘അമ്മൂമ്മെ എന്റെ ലഞ്ച് ശരിയായൊ?’
കൊച്ചുമകള്‍ ഓടിവന്ന് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത് അവളാണ്,
‘മോളെ, അമ്മൂമ്മയെ ശല്യം ചെയ്യെണ്ട, അതെല്ലാം മമ്മി ശരിയാക്കാം’
‘അതെയോ അമ്മൂമ്മെ, ഇനി മമ്മിയാണോ എനിക്ക് ഫുഡ് തരുന്നത്?’
മിക്‌സിയില്‍ തേങ്ങ അരക്കാന്‍ തുടങ്ങുന്ന അവള്‍ ഓടിവന്ന് മകളുടെ കൈ പിടിച്ചു,
‘മോളെ ഇനിമുതല്‍ അടുക്കളപണിയൊക്കെ മമ്മി തനിച്ചാ ചെയ്യുന്നത്, മോള് ചായകുടിക്ക്’
കുളിമുറിയില്‍ കടന്ന ഞാന്‍ ടൂത്ത്ബ്രഷില്‍ പെയ്സ്റ്റ് എടുത്തശേഷം അല്പനേരം ചിന്തയിലാണ്ടു. ഇന്നലെവരെ നേരത്തെ ഉണരാത്ത, അടുക്കളയില്‍ കടന്ന് നേരാംവണ്ണം ഒരു പണിയും ചെയ്യാത്ത, മര്യാദക്കൊരു ചായപോലും വെച്ച് തരാത്ത എന്റെ മരുമകള്‍ക്ക് പെട്ടെന്ന് എന്ത് പറ്റി. പാവപ്പെട്ട വീട്ടിലെ പെണ്ണാണെങ്കിലും മകന്റെ ഭാര്യയായി ഇവിടെ വന്നതുമുതല്‍ അഹങ്കാരംമൂത്ത് അവളെന്റെ തലയില്‍ കയറിയിരിക്കുകയാണ്. അമ്മായിഅമ്മയും മരുമകളും തമ്മില്‍ വഴക്കില്ലാത്ത ഒരുദിവസം പോലും ഇതുവരെ ഈ വീട്ടില്‍ ഉണ്ടായിട്ടില്ല. ഞാന്‍ കേള്‍ക്കാതെ എന്നെ എന്തൊക്കെയാണ് വിളിക്കുന്നത്,,, ‘യക്ഷി, ഭദ്രകാളി, പൂതന, രാക്ഷസി,,, പിന്നെ…
അതൊക്കെ ഇനി ചിന്തിക്കാന്‍ പാടില്ല, ഇന്നുമുതല്‍ എന്റെ മരുമകള്‍ സുഭാഷിണി നല്ലവളാണ്, ഭര്‍ത്താവിന്റെ അമ്മയെ പെറ്റമ്മയെപോലെ സ്‌നേഹിക്കുന്നവള്‍.
പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഡ്രസ്സ് മാറ്റാന്‍ നോക്കിയപ്പോള്‍ കണ്ടത് കോടിയുടെ മണമുള്ള കസവ്മുണ്ടും നേര്യതും, ഒപ്പം മാച്ച് ചെയ്യുന്ന ബ്ലൌസും. ഇങ്ങനെയൊരു സാധനം ഞാനറിയാതെ ഈ വീട്ടില്‍! അപ്പോള്‍ ഇത് അവള്‍ എനിക്കായി വാങ്ങിയതായിരിക്കാം; ആകപ്പാടെ എന്നെ കുളിപ്പിച്ച് കിടത്താനുള്ള പരിപാടിയാണോ? ഞാന്‍ അവളെ വിളിച്ചു,
‘മോളേ സുഭേ,, എന്റെ സാരി കാണുന്നില്ലല്ലൊ’
‘അത്, എന്റെ രാഗേട്ടന്റെ അമ്മ ഇനിമുതല്‍ മുണ്ടുംനേര്യതും അണിഞ്ഞാല്‍ മതി, അതാവുമ്പം കാണാനൊരു സുഖമുണ്ട്’
‘എന്നാലും ഇതുവരെ മുണ്ടുടുക്കാത്ത എനിക്ക്’
‘ഇതുവരെയുള്ള കാര്യമൊന്നും പറയണ്ട, സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കാന്‍ പ്രായമായവര്‍ മുണ്ടും നേര്യതും ഉടുക്കുന്നതാണ് നല്ലത്’
അവള്‍ പറയുന്നത് കേട്ട് ഞാനാകെ അന്തം വിട്ടു, വീട്ടിലിരിക്കുമ്പോള്‍ നല്ല സാരി ഉടുത്താല്‍പോലും കുറ്റം പറയുന്നവളാണ്. ഇവളെന്നെ വഴക്ക് പറയുന്നത് അയല്‍വാസികള്‍ കേട്ട് ചിരിക്കാറുണ്ടെന്ന് അറിയുന്നവളാണ് ഇന്ന് സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുന്നതിനെക്കുറിച്ച് പറയുന്നത്. നന്നാവാന്‍ അവസരം ലഭിച്ചാല്‍ എല്ലാ മരുമക്കളും ഇതുപോലെ ആയിത്തീരുമോ?
പുതിയ വേഷത്തില്‍ വെളിയിലിറങ്ങിയ എന്നെ കണ്ടതും മരുമകള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു,
‘അമ്മെ, അമ്മയെക്കാണാന്‍ എന്തൊരു ചന്തമാണ്; അറുപത് വയസ്സ് കഴിഞ്ഞെന്ന് ആരും പറയില്ല! അമ്മക്ക് പാട്ടുപാടാന്‍ അറിയുമോ? പണ്ടൊക്കെ മൂളിപ്പാട്ട് പാടാറില്ലെ?’
‘പാട്ട് പാടാനോ? നീയെന്തൊക്കെയാ പറയുന്നത്?’
‘അത് സാരമില്ല, നമുക്ക് ചായ കുടിക്കാം’
എന്റെ വലതുകൈ പിടിച്ചുകൊണ്ട് ഡൈനിംഗ് ടേബിളിനു മുന്നിലേക്ക് നടന്നെത്തിയ മരുമകള്‍ എന്നെ കസാരയിലിരുത്തിയശേഷം മുന്നിലെ പ്ലെയിറ്റില്‍ രണ്ട് ഇഡ്ഡ്‌ലി എടുത്ത്‌വെച്ച് കറി വിളമ്പാന്‍ തുടങ്ങി. അതുകണ്ട് സന്തോഷം സഹിക്കവയ്യാത്ത ഞാന്‍ പറഞ്ഞു,
‘സുഭേ, നീയും ഇരിക്ക്, നമുക്ക് ഒന്നിച്ച് കഴിക്കാം’
‘ഞാനും അമ്മേടെ കൂടെ കഴിക്കുന്നുണ്ട്, ഒരു പ്ലെയിറ്റില്‍ ഒന്നിച്ച് കഴിക്കാം. പിന്നെ അമ്മ ഇനിമുതല്‍ എന്നെ ‘സൂ,,’ എന്നുമാത്രം വിളിച്ചാല്‍ മതി’
എല്ലാം ദൈവത്തിന്റെ കളിയായിരിക്കണം; പെറ്റമ്മയെപോലും ഇതുപോലെ ഇവള്‍ സ്‌നേഹിച്ചിരിക്കുമോ? ഇത്രയും കാലം അമ്മായിഅമ്മയെ ഒരു വേലക്കാരിയെപോലെ കണക്കാക്കി അടുക്കളിപ്പണിയെല്ലാം ചെയ്യിപ്പിച്ച എന്റെ മരുമകള്‍ക്ക് നല്ലബുദ്ധി തോന്നിച്ചതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു.
ചൂടുള്ള ചായ ഗ്ലാസ്സിലൊഴിച്ചശേഷം വലത്തെ ചുമരിലുള്ള ടീവി ഓണ്‍ചെയ്ത സുഭാഷിണി, അടുത്ത് വന്നിരുന്ന് പ്ലെയിറ്റിലുള്ള ഒരു ഇഡ്ഡ്‌ലിയുടെ പകുതി പൊട്ടിച്ച് കറിയില്‍മുക്കി എനിക്ക് തന്നതിനുശേഷം ബാക്കി അവളുടെ വായിലിട്ടുകൊണ്ട് പറയാന്‍ തുടങ്ങി,
‘അതിരാവിലെ ജോലിയൊക്കെ തീര്‍ത്തതുകൊണ്ട് നമുക്കൊരുമിച്ച് ടീവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാം. ഇപ്പോള്‍ ടീവിയിലൊക്കെ എന്തൊക്കെ പുതിയ പരിപാടികളാണുള്ളത്,,,’
എന്റെ ചിന്തകള്‍ കാടുകയറാന്‍ തുടങ്ങി, ഇന്നലെ അടുക്കളപ്പണിയൊക്കെ കഴിഞ്ഞ് വെറുതെയിരിക്കുമ്പോള്‍ ഞാനൊന്ന് ടീവി വെച്ചതിന്, ബഹളമുണ്ടാക്കി റിമോട്ട് എറിഞ്ഞുടക്കാന്‍ പോയവളാണ് ടീവി കാണുന്നതിനെക്കുറിച്ച് പറയുന്നത്! വയസ്സുകാലത്ത് എനിക്ക് നല്ലകാലം വന്നല്ലൊ എന്നോര്‍ത്ത് സന്തോഷം സഹിക്കവയ്യാതെ ടീവിയിലേക്ക് കണ്ണുംനട്ട് ഞാന്‍ ചായ ഊതിയൂതി കുടിക്കാന്‍ തുടങ്ങി.
അപ്പോള്‍,,,
വാര്‍ത്തകള്‍ കഴിഞ്ഞ് പരസ്യങ്ങളുടെ വരവായി; ഒപ്പം അടുത്ത പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകള്‍ വന്നു,
‘ടീവി ചാനലുകളുടെ ചരിത്രത്തില്‍ ആദ്യമായി ‘അമ്മായിഅമ്മയും മരുമകളും ഒന്നിച്ച് പങ്കെടുക്കുന്ന റിയാലിറ്റി ഷോ’, ഉടന്‍ ആരംഭിക്കുന്നു. അവസാന റൌണ്ടില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഒരുകോടിയുടെ ഫ്‌ലാറ്റും നൂറ്പവന്‍ സ്വര്‍ണ്ണവും; പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ …..’
പരസ്യം കഴിഞ്ഞപ്പോള്‍ എന്റെ മരുമകള്‍ പറഞ്ഞു,
‘ഫ്‌ലാറ്റിലൊക്കെ താമസിക്കാന്‍ അമ്മക്ക് ആഗ്രഹമില്ലെ? പിന്നെ സ്വര്‍ണ്ണം, അത്,,, നമ്മളെ മോള് വലുതാവുകയല്ലെ?

24 Jan 2013

മരണവഴിയിലെ ആ മരക്കുരിശ്

31008_369437449816994_1019907941_n

 ഇന്ദുമേനോൻ

എന്റെ രണ്ടാം ഗര്‍ഭകാലത്ത് ഞാന്‍ അകാരണമായി കഠിനവിഷാദരോഗത്തിനകപ്പെട്ടു. മാരകമായ ഹോര്‍മോണ്‍ വ്യതിയാനങ്ങളും പിശാചിനിയെപ്പോലെ, അല്‍പം ഉന്തിയ പല്ലുള്ള ഒരു സ്ത്രീയുടെ മനഃപൂര്‍വമായ ചതിയുംചേര്‍ന്ന് എന്റെ ജീവിതം ദുസ്സഹമായി. ഈ പെണ്‍കുട്ടിയുടെ നുണയെപ്പറ്റിയും ചതിയെപ്പറ്റിയും ഞാനെത്രതന്നെ പറഞ്ഞിട്ടും എന്റെ ഭര്‍ത്താവോ വീട്ടുകാരോ വിശ്വസിച്ചില്ല. പ്രസവിക്കാനുള്ള ഭയം, ഗര്‍ഭകാലത്തെ രോഗങ്ങള്‍ എന്നിവ ചേര്‍ന്നുണ്ടാക്കിയ ഡെല്യൂഷനാണിവയെല്ലാം എന്ന് എല്ലാവരും വിശ്വസിച്ചു. നന്നായി പെരുമാറാനും നുണകള്‍ സത്യസന്ധമായി പറയുന്നതിലും പിഎച്.ഡി ചെയ്യുന്നവളായിരുന്നു അവള്‍ . എന്റെ വാക്കുകളെ ആരും വിലകൊണ്ടില്ല.
ഒറ്റക്ക് ഗര്‍ഭംപേറിയലയുന്ന അനാഥപട്ടിയായി ഞാന്‍ സ്വയംമാറി. ആ സമയത്തെല്ലാം ഞാന്‍ പതിവായി ശസ്ത്രക്രിയാമുറിയിലെ മെറ്റല്‍ടേബ്ള്‍ ദുഃസ്വപ്നമായി കാണുമായിരുന്നു. ശീതീകരണിയും തണുപ്പിച്ച മൂളലും മുറികത്രികകളുടെ മൂര്‍ച്ചവായുരസ്സിയുണ്ടാവുന്ന ശബ്ദങ്ങളും ഞാന്‍ പതിവായികേട്ടു. വെളുത്ത വസ്ത്രംധരിച്ചുനില്‍ക്കുന്ന ഒരാളെയും ഞാന്‍ കണ്ടു. മരിക്കുകയാണ് നല്ലത്. ഭയംകാരണം ആ നിഴല്‍രൂപി മരണദേവനെന്ന് വിശ്വസിച്ചു. എന്നാല്‍ ഒരുറക്കത്തില്‍ എന്നെ സ്തബ്ധയാക്കിക്കൊണ്ട് ശസ്ത്രക്രിയാ ബള്‍ബുകള്‍ക്കു നടുവില്‍ ഞാനയാളുടെ മുഖം കണ്ടു. അത് ഷെല്‍വിയായിരുന്നു.
ആ ഞെട്ടലില്‍ പിന്നീടെനിക്കുറക്കം വന്നില്ല. ആത്മഹത്യചെയ്യലായിരിക്കും എന്റെ വിധിയെന്നു കരുതി ഞാന്‍ ഡയറിയില്‍ ഇങ്ങനെ കുറിച്ചു:
”തികച്ചും ഏകാകിയായ ഒരാള്‍ ,ശവക്കുഴിക്കകത്തെന്നതുപോലെ ഇരുട്ടും ഒറ്റയാക്കപ്പെടലും അനുഭവപ്പെടുന്ന ഒരാള്‍ ,തന്റെ ഹൃദയത്തെക്കുറിച്ചെഴുതുന്ന ചെറുകുറിപ്പുകള്‍ക്ക് എന്തെങ്കിലും വിലയുണ്ടാകുമോ എന്നറിയില്ല. എപ്പോഴും പ്രിയപ്പെട്ടവരാല്‍ പരിഹസിക്കപ്പെടുകയും ഭര്‍ത്സിക്കപ്പെടുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ കുറിപ്പുകള്‍ .ഇരുട്ടില്‍ എന്റെ കുളിമുറിയില്‍വെച്ചും എച്ചില്‍പാത്രങ്ങള്‍ കുമിച്ചുകൂനിച്ചിട്ട അടുക്കളപ്പുറത്തുനിന്നും എന്റെ ഭര്‍ത്താവോ കുഞ്ഞുങ്ങളോ കാണാതെ ഞാന്‍ എഴുതുന്നു. ഇനി വരുന്ന വരികളുടെ സത്യസന്ധത ആരിലും ഉള്‍ക്കിടിലമുണ്ടാക്കും. ഈ വരികളുടെ ചോരമണവും പശപശപ്പും ആരിലും അറപ്പുണ്ടാക്കും. ഒരാളുടെ രക്തം അയാള്‍ക്ക് വേദനയും മറ്റൊരാള്‍ക്ക് കേവല ചുവപ്പുനിറവുമാണ്. എങ്കിലും, ഞാന്‍ അറിയുന്നു. എന്റെ ഹൃദയരക്തത്തിന് ചുവപ്പു കൂടുതല്‍ … ഹാ, കൊഴുകൊഴുപ്പ് കൂടുതല്‍ ,എന്റെ ഹൃദയരക്തത്തിന്. നിങ്ങള്‍ക്കറിയുമോ, കേടുവന്ന ഒരു ഹൃദയത്തിലെ രക്തത്തിന് എന്നും എപ്പോഴും ഓക്കാനിപ്പിക്കുന്ന ഒരു മുശുക്കു മണമുണ്ടാവും.”
ആദ്യമായി ഒരു പുരുഷനാല്‍ ചുണ്ടുകളില്‍ ചുംബിക്കപ്പെടുമ്പോള്‍ എനിക്ക് 22 വയസ്സായിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട്. മഴയുള്ള മണ്‍സൂണ്‍ തണുപ്പുള്ള ഒരു തീവണ്ടിവരാന്തയുടെ കടകട ശബ്ദത്തില്‍ എനിക്ക് ചെവി നൊന്തിരുന്നു. അയാള്‍ പച്ചഷര്‍ട്ടാണ് ധരിച്ചിരുന്നത്. എന്നെക്കാള്‍ ഏറെ ഉയരമുള്ള ആളായതിനാല്‍ ഏറെ പ്രയാസപ്പെട്ട് അദ്ദേഹം തല കുനിച്ചു. ആജ്ഞാശക്തി നിറഞ്ഞ കണ്ണുകളുടെ ചെറുചലനത്താല്‍ അദ്ദേഹം എന്നെ നിശ്ശബ്ദയാക്കി.
”അനങ്ങരുത്’
അദ്ദേഹം ദേഷ്യത്തോടെ മുരണ്ടു. എന്റെ സന്ധികളില്‍ ഭയം സിമന്റുപോലെ നിറഞ്ഞു. വിവാഹം കഴിയാതെ ഒരു പുരുഷനാല്‍ ചുംബിക്കപ്പെടാന്‍ പോകുന്നതിന്റെ പാപമോര്‍ത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മഴ കൂലംകുത്തി നൂലിഴയായി പിറന്നവള്‍ കണ്ണാടിസര്‍പ്പങ്ങളെപ്പോലെ എന്റെയും അദ്ദേഹത്തിന്റെയും ഉടുപ്പുകളെ ചുറ്റിവരിഞ്ഞു. ഇടതുകൈകൊണ്ട് അദ്ദേഹം എന്നെ തീവണ്ടിചുവരില്‍ ചേര്‍ത്തുനിര്‍ത്തി. ചുണ്ടുകള്‍ എന്റെ ചുണ്ടുകളുമായി കോര്‍ത്തു. ഒരു മിന്നല്‍പിണര്‍ ,ആകാശത്തെ വജ്രരേഖകള്‍ എന്റെ ശിരസ്സില്‍ പതിച്ചപോലെ ഞാന്‍ വിറച്ചു. ആസിഡ് വീണതുപോലെ, അദ്ദേഹത്തിന്റെ ഉമിനീരാല്‍ എന്റെ ചുണ്ടുകള്‍ പൊള്ളി. പല്ലുകള്‍ അമര്‍ത്തിയയിടങ്ങളില്‍ ഒടുങ്ങാത്ത നീറ്റല്‍ ,വായില്‍ ചോരയുടെ കയ്പ്…
”ചായ് ചായ് ചായ് ചാ… ”
ചായക്കാരന്‍ ഈ രംഗം കണ്ട് സ്തബ്ധനായി. എന്റെ ചുണ്ടുകളില്‍നിന്ന് ചുണ്ടുകളെടുക്കാതെ ഇടതുകൈകൊണ്ട് ”കടന്നുപോടാ”
എന്നൊരാംഗ്യം അദ്ദേഹം കാണിച്ചു.
അന്ന് വൈകുന്നേരം എനിക്ക് പനിച്ചു. ഏറെനേരം മഴകൊണ്ടതുപോലെ എന്റെ കണ്ണുകള്‍ ചുവന്നു. എന്റെ കന്യകാത്വത്തിന്റെ പാതി അദ്ദേഹത്തിന്റെ ചുണ്ടുകള്‍ എടുത്തതായി എനിക്ക് തോന്നി. ചുംബിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഈ ചുംബനം, പുരുഷന്റെ ആദ്യചുംബനം എനിക്ക് ഭാരവും ബാധ്യതയുമായി മാറി.
ഒരു കാര്യം ഉറപ്പാണ്.അന്നദ്ദേഹം അങ്ങനെ ചെയ്തതുകൊണ്ട് ഞാന്‍ അദ്ദേഹത്തെതന്നെ വിവാഹം ചെയ്തു. ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം ഭയപ്പെട്ടതുപോലെ എന്റെ മാതാപിതാക്കളുടെ കണ്ണീര്‍ എന്നെ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചേനെ. ബുദ്ധിമാനും സൂത്രക്കാരനുമായ ആ കാമുകന്‍ ഒരു ചുംബനത്തിലൂടെ എന്നെ ഒതുക്കി അദ്ദേഹത്തിന്റേത് മാത്രമാക്കി.സൂത്രശാലിയായ ഒരു കുറുക്കന്റെ കുശലതയോടെ അദ്ദേഹം എന്നെ ചുംബിച്ചു. എനിക്ക് പ്രേമംഒരു കുരുക്കാക്കി തന്നു. ഒരിക്കലും ഊരിപ്പോകാതിരിക്കാന്‍മാത്രം മുറുക്കിയും കുടുക്കിയും തന്റെ ജീവിതത്തിലേക്ക് അദ്ദേഹം എന്നെ അദൃശ്യവലയിട്ടുപിടിച്ചു.
അന്ന് ആ തീവണ്ടിയാത്ര, കോഴിക്കോട്ടെ പുസ്തകപ്രസാധകന്‍ ഷെല്‍വിയെ കാണാനായിരുന്നു. എന്റെ കൈയില്‍ എന്റെ ആദ്യഗര്‍ഭംപോലെ ആദ്യപുസ്തകത്തിന്റെ ഡ്രാഫ്റ്റ്. മിഠായിത്തെരുവിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞിരുന്നു. ജനങ്ങള്‍ തിങ്ങിത്തിരുങ്ങിയിടുങ്ങിയ തെരുവ്. ഒരു തിയറ്റര്‍ കോമ്പൗണ്ടിനുസമീപത്തെ ലോഡ്ജിലേക്ക് അദ്ദേഹം നടന്നുകയറി.
ആര്യഭവന്‍… പഴയ, തീരെപ്പഴയ ഒരു ലോഡ്ജ്. സിനിമ കാണാന്‍ വരിനിന്നവര്‍ എന്നെ തുറിച്ചുനോക്കി. ചുംബനം സമ്മാനിച്ച കടുത്ത തലവേദനയാലും അകാരണമായ ഒരു ഭയത്താലും എന്റെ കണ്ണുകള്‍ നിറഞ്ഞുവേദനിച്ചു. ഉറക്കെ കരയാന്‍ കഴിയാതെ ഒരു മുറിവായി എന്റെ തൊണ്ടയില്‍ സങ്കടം പൊട്ടി. മതിലിനകത്തേക്ക് ചെല്ലുമ്പോള്‍ ഹൃദയം പറയച്ചെണ്ടയായി. ഭയംകൊണ്ട് എനിക്ക് കാല് വേദനിച്ചു.
”വാ”
അദ്ദേഹം എന്നെ തിരിഞ്ഞുനോക്കി. പുരുഷനാല്‍ ആദ്യമായി സ്പര്‍ശിക്കപ്പെടുന്ന ഏതൊരു സ്ത്രീക്കുമുണ്ടാകുന്ന ആന്ധ്യം എന്നെയും ബാധിച്ചിരുന്നു. മരത്തിന്റെ ഗോവണികള്‍ കയറുമ്പോള്‍ അവ ഇളകിയ ‘കിര്‍കിര്‍’ ശബ്ദം കേള്‍പ്പിച്ചു. ലോഡ്ജിലെ അന്തേവാസികള്‍ അദ്ഭുതത്തോടും പരിഹാസത്തോടും ആഭാസകരമായ ചിരിയോടുംകൂടി എന്നെ കാണാന്‍ ജനലിലൂടെ തലയിട്ടു നോക്കി
29 എന്നോ മറ്റോ എഴുതിയ മുറിയിലേക്ക് കയറുമ്പോള്‍ ,ഉച്ചവെയിലില്‍നിന്ന് തണലിലേക്ക് കയറുന്നവര്‍ക്ക് തോന്നുന്ന ഒരു ഇരുട്ടിന്റെ കറുപ്പ് എനിക്കും അനുഭവപ്പെട്ടു. അസാധാരണമാംവിധം ചുവന്ന എന്റെ ചുണ്ടുകള്‍ കാണാതിരിക്കാന്‍ ഞാന്‍ അത്രയുംസമയം ചുണ്ടുകള്‍ വായ്ക്കുള്ളിലേക്ക് അമര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നു…
”ആഹ്, നിങ്ങളോ വാ ഇരിക്ക്.”
നിറച്ചും പുസ്തകക്കെട്ടുകളുള്ള ആ മുറിയുടെ മൂലയില്‍നിന്ന് ഷെല്‍വി പുറത്തേക്കിറങ്ങി. ഒരു ഇരുണ്ട നിറമുള്ള മനുഷ്യന്‍. കണ്ണുകളില്‍ നിറയെ പ്രകാശം.
”ഞാന്‍ താഴെ വരുമായിരുന്നല്ലോ”, എന്റെ മുഖത്തെ പതര്‍ച്ചയും വിളര്‍ച്ചയും കണ്ട് ഷെല്‍വി ചിരിച്ചു.
”ഇവടെ ആദ്യായിട്ടായിരിക്കും അല്ലെ?”
”അതെ.”
”ഭക്ഷണം കഴിച്ചില്ല അല്ലേ?വാ താഴെ ഹോട്ടലുണ്ട്.”
ഒരു ലോഡ്ജ് അവിവാഹിതയായ പെണ്‍കുട്ടിക്ക് നല്‍കുന്ന മുഴുവന്‍ അപമാനവും പേറി ഞാന്‍ ഗോവണി ഇറങ്ങി. സിനിമ തുടങ്ങിയതിനാല്‍ താഴെ ആളുകള്‍ കുറവായിരുന്നു. ദോശ കഴിക്കുമ്പോള്‍ ഉള്‍ച്ചുണ്ടിലെ മുറിവ് നന്നായി നീറി.
പിന്നീടൊരിക്കല്‍ മള്‍ബറിയുടെ ഒരുപുസ്തകം അലമാരിയില്‍നിന്നെടുക്കുമ്പോള്‍ ഭര്‍ത്താവ് പറഞ്ഞു
”അന്ന് നീ മള്‍ബറിയില്‍ വന്നപ്പോള്‍ ഷെല്‍വി വല്ലാതെ വറീഡ് ആയിരുന്നു. നീ അവളെ കല്യാണം കഴിക്കില്ലേ എന്ന് ആവര്‍ത്തിച്ച് ചോദിച്ചു.”
ഗര്‍ഭിണിയായ സമയത്തെല്ലാം ഞാനിടക്കിടെ മരണത്തെപ്പറ്റിയോര്‍ത്തു; സ്വാഭാവികമായും ദുര്‍മരണം വാങ്ങിയ ഷെല്‍വിയെപ്പറ്റിയും.
ഷെല്‍വിയുടെ മരണമറിയുന്നതും ഒരു റെയില്‍വേസ്‌റ്റേഷനില്‍വെച്ചാണ്. മഴതോര്‍ച്ചയുള്ള ഒരു വെയില്‍പുലര്‍ച്ചെ ജംസ് മിഠായികള്‍ തിന്നുകൊണ്ട് തൃശൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ ഞങ്ങളിരുന്നു. മേതില്‍പപ്പയുടെ കഥകളിലെ പ്രണയത്തെക്കുറിച്ച് ഞാന്‍ ചെയ്ത പുസ്തകം ഇറക്കാന്‍ വേണ്ടി ഷെല്‍വി തലേന്നും വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫോണിലേക്കാണ് വിളിവന്നത്. ഭയാനക ലോഹശബ്ദം കേള്‍പ്പിച്ച് ഒരു കാലി ഗുഡ്‌സ് വണ്ടി സിമന്റ് പാറിച്ചുകൊണ്ട് അപ്പോള്‍ ഓടിപ്പോയി.
”ഷെല്‍വി സൂയിസൈഡ്‌ചെയ്തു”, എന്റെ ഭര്‍ത്താവ് സാവകാശം പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
എന്റെ ഹൃദയത്തില്‍ എന്തോ വന്നിടിച്ചപോലെ തോന്നി. അദ്ദേഹം നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. തീവണ്ടികള്‍ കൂകിപ്പാഞ്ഞുവന്നു. പെരുംമഴ അലറിപ്പൊട്ടി.അലൂമിനിയ ഷീറ്റുകള്‍ക്കുമീതെ ചാത്തനേറില്‍ പുളിങ്കുരുപോലെ ജലത്തുള്ളികള്‍ ചിതറിവീണുകൊണ്ടേയിരുന്നു.
പിന്നീട് ഷെല്‍വിയുടെ മരണത്തെപ്പറ്റി പലതും കേട്ടു. ഞാനപ്പോഴെല്ലാം കഠിനമായ സ്‌തോഭത്തോടെ അദ്ദേഹത്തിന്റെ ചെറിയ മകളെപ്പറ്റിയോര്‍ത്തു. ആര്യഭവന്റെ ഗോവണി ഞാന്‍ കയറിവന്നതില്‍ അസ്വസ്ഥനായ ഷെല്‍വിക്ക് പെണ്മക്കളായിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. ഭയങ്കരമായ ഒരു ചതിയാണ് തന്റെ മരണത്തോടെ ഷെല്‍വി കാണിച്ചതെന്ന് എനിക്ക് തോന്നി. ഭാര്യയോടും മകളോടും സ്‌നേഹിക്കുന്നവരോടുമുള്ള വലിയ ചതി.
ആത്മഹത്യചെയ്യാന്‍ തോന്നിയപ്പോഴൊക്കെ ഞാന്‍ ഷെല്‍വിയെ വേദനയോടെ ഓര്‍ത്തു. ആത്മഹത്യ ഒരു ചതിയല്ല എന്ന തിരിച്ചറിവ് എന്നിലേക്കാരോ നിറച്ചുകൊണ്ടിരുന്നു. വ്രണിതവും ദുസ്സഹവുമായ വേദനകളോട്, അന്യായങ്ങളോട് നമ്മള്‍ നീതിതേടലാണ് മരണത്തിലൂടെ ചെയ്യുന്നത്. മരണം നമുക്ക് നീതി വിധിക്കുന്നു.
പിന്നീട്, വിഷാദം അതിന്റെ എട്ടാം മാസവയറുമായി എന്നെ ഞെരുക്കിയ ഒരു ത്രിസന്ധ്യയില്‍ പഴയ പാളയത്തെ സെക്കന്‍ഡ്‌സെയിലില്‍നിന്ന് ഷെല്‍വിയുടെ പേഴ്‌സനല്‍ കലക്ഷനിലെ നാലഞ്ചു പുസ്തകങ്ങള്‍ കണ്ടു.
‘സ്വന്തം ഷെല്‍വി’
ഷെല്‍വിയുടെ നീലമഷിയൊപ്പ് .ഷെല്‍വിയാല്‍ അനാഥമാക്കപ്പെട്ട പുസ്തകങ്ങളില്‍ ഷെല്‍വിയുടെ കണ്ണീരിന്റെ കറയുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. അക്ഷരങ്ങളില്‍ അയാളുടെ സ്പര്‍ശം. ഒരു കരച്ചില്‍വന്ന് തൊണ്ടയില്‍ മുട്ടി.
”ഇതിനെത്രയാ?”
ഷെല്‍വിപുസ്തകങ്ങളിലൊരെണ്ണം സനാഥമായി. ഒരു പെണ്‍കുട്ടിയായിരുന്നു അത്. അവള്‍ പുസ്തകം ഒന്ന് മറച്ചു നോക്കി പിന്നെ നിന്നു.
”ദ് നോക്കിയേ, ദേണ്ടെ ഒരു പടം”
അവള്‍ ഒരു ഫോട്ടോ നീട്ടി. അതില്‍ ഷെല്‍വിയുണ്ടായിരുന്നു. പടിപടിയായി കോണിപ്പടികള്‍ .പള്ളിയില്‍ നിന്നും ഇറങ്ങുന്ന ഷെല്‍വി. പിറകില്‍ വലിയ കുരിശ്, അതില്‍ തൂങ്ങിനില്‍ക്കുന്ന യേശു.
ദൈവമേ, ആ ഫോട്ടോ ആരാ എടുത്തത്? അത് അറംപറ്റിയപോലെയായല്ലോ. ഷെല്‍വി തൂങ്ങിക്കിടന്ന കയറിനെപ്പറ്റി ഞാന്‍ ഭയത്തോടെ ഓര്‍ത്തു. അക്ഷരങ്ങളെ അതികഠിനമായി, ഭ്രാന്തമായി സ്‌നേഹിച്ച ഒരു പാവം പ്രസാധകന്റെ ഹൃദയവേദന എനിക്കും പൊടുന്നനെ അനുഭവവേദ്യമായി. അക്ഷരങ്ങള്‍ക്കുവേണ്ടി സ്വയം തൂക്കിലേറിയ ആ പാവത്തിന്റെ പീഡാനുഭവം ഓര്‍ത്ത് ഞാന്‍ ഉറക്കെ പൊട്ടിക്കരഞ്ഞു.

22 Dec 2012

മലയാളനാട്‌



 വി.കെ.നസ്സിം ഇസ്സു
സന്ധ്യക്ക് നാമം മുടങ്ങിയാലും
സീരിയല്‍ മുടങ്ങില്ല…….
കൈ എത്തും ദൂരത്തില്‍ നിന്നും ആര്‍ത്തു വിളിച്ചാലും,
ചെവിക്കുറ്റിയിലെ ഹെഡ്‌സെറ്റ് കടന്നു പൊവില്ല……….
ആവഷ്യങ്ങള്‍ക്കു പ്രിയം ഇംഗ്ലീഷ് തന്നെ,
മലയാളം നിയമസഭയില്‍ തെറിവിളിക്കാന്‍ മാത്രം…
മറന്നു ഭരണ ഭാഷ മലയാളം ആണല്ലൊ……..
സന്തോഷ്‌ പണ്ഡിറ്റ്‌ ഉള്ളത് കൊണ്ടു കലകള്‍ നിലനില്‍ക്കുന്നു……..
പെണ്‍ വാണിഭങ്ങള്‍ നന്നായി നടക്കുന്നു,
വിദേശ നിക്ഷേപം ആവാം…..
റേഷന്‍ അരിക്കു പകരം മദ്യത്തിനാവാം…..
എന്തൊക്കെ ആയാലും മലയാളിക്ക് അഹങ്കാരത്തിനു ഒരു കുറവും ഇല്ല……..





22 Nov 2012

രംഗബോധമില്ലാത്ത കോമാളി

ചിമ്പന്‍ 

 “അപ്പോള്‍ ഇത് ഇപ്പോള്‍ മൂന്നാം തവണ ആണല്ലേ…” “ഉം…” “ഹ ഹ ഹ കഷ്ടം തന്നെ…മൂന്നു തവണയും പരാജയപെട്ടു എന്ന് പറഞ്ഞാല്‍ അത് നാണകെട് തന്നെ മഹാ നാണകെട്…” ഞാന്‍ നിര്‍വികാരത്തോടെ അയാളുടെ മുഖം നോക്കി.ആ കണ്ണുകളില്‍ തെല്ലും സഹാതാപമുണ്ടായിരുന്നില്ല,ഒരു ആ വാക്കുകളില്‍ ഒരു തരിമ്പു സ്നേഹം പോലും ഉണ്ടായിരുന്നില്ല…ആ മുഖത്തു നിന്നും എനിക്ക് വായിച്ചെടുക്കാന്‍ സാധിച്ചു എന്നോടുള്ള,എന്‍റെ ചെയ്തികളോടുള്ള അയാളുടെ പുച്ഛം.അങ്ങനെയല്ലെങ്കിലല്ലെ അത്ഭുതപെടേണ്ടതുള്ളു.മുന്നു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു പരാജയപെട്ടവനോട് ഇതില്‍ കൂടുതല്‍ ബഹുമാനം തോന്നുന്നത് എങ്ങനെ???കൌണ്‍സിലര്‍ ആണെങ്കിലും അയാളും ഒരു മനുഷ്യന്‍ തന്നെയല്ല…മനുഷ്യന്‍ മറ്റുള്ളവരുടെ ദുരിതങ്ങളില്‍ ആഹ്ലാതം കണ്ടെത്തുന്ന പ്രകൃതിയില്ലേ ഒരേ ഒരു ജീവി !!!


 “ഏയ് താങ്കെളെന്താണ് ഒന്നും മിണ്ടാത്തത്…” അയാളുടെ ശബ്ദം പോടുതനെ എന്നെ ആലോചനയില്‍ നിന്നുണര്‍ത്തി… “മൂന്നു തവണ പരാജയപെട്ടത്‌ എന്നത് ശരി തന്നെ…പക്ഷെ അതുകൊണ്ട് ഞാന്‍ ഇതില്‍ നിന്നും പിന്തിരിയും എന്ന് നിങ്ങള്‍ കരുതേണ്ട…ഒരു സൂചിദ്വാരത്തിന്‍റെ ഇട കിട്ടിയാല്‍ പോലും ഞാന്‍ ഇനിയും അതിനു ശ്രമിക്കും…” അത്യന്തം ക്രോധത്തോടെ ഞാന്‍ പറഞ്ഞു “ഹ ഹ ഹ താന്‍ ഒരു വിഡ്ഢിയും എടുത്തുചാട്ടകാരനുമാണ്.അത് കൊണ്ടുമാത്രമാണ് കഴിഞ്ഞ മൂന്നു തവണയും താന്‍ മരിക്കാതിരുന്നത്.മരിക്കാന്‍ തുനിഞ്ഞവന് ധൈര്യം മാത്രം പോരാ അല്‍പ്പം തയ്യാറെടുപ്പും കൂടി വേണം.ഉറപ്പായ അവസ്സരം ഉണ്ടാക്കിയതിന്‌ ശേഷമേ ഇതിനൊക്കെ ഇറങ്ങാന്‍ പാടുള്ളൂ.അല്ലെങ്കില്‍ ഇത് പോലെ അബദ്ധമാകും…” “ഹും താങ്കള്‍ കരുതുന്നുണ്ടാവും എന്നെ അങ്ങ് ഉപദേശിച്ചു ഉപദേശിച്ചു ഇതില്‍ നിന്നൊക്കെ പിന്തിരിപ്പിക്കാം എന്ന്.അത് നിങ്ങളുടെ വെറും വ്യാമോഹം മാത്രമാണ്.എന്‍റെ മനസ്സ് കരിങ്കല്ലുപോലെ ഉറച്ചതാണ്.ഈ തീരുമാനത്തില്‍ നിന്ന് ഇനി എന്നെ പിന്തിരിപ്പിക്കാന്‍ ദൈവം വിചാരിച്ചാല്‍ പോലും സാധ്യമല്ല…” “താങ്കള്‍ എന്ത് കരുതി ഞാന്‍ അങ്ങനെ ഉള്ള ഒരു മൂഡാനാണെന്നോ?സത്യത്തില്‍ ഈ കാര്യത്തില്‍ തന്നെ സഹായിക്കാനാണ് ഞാന്‍ ഇവിടെ വന്നത്.നാലാം ശ്രമത്തില്‍ വിജയം ഉറപ്പിക്കാന്‍ ഞാന്‍ താങ്കളെ സഹായിക്കാം.എന്താ സമ്മതമാണോ?” “അയാളുടെ വാക്കുകള്‍ എന്നില്‍ അത്ഭുതം പടര്‍ത്തി.കാര്യം മനസ്സിലാകാനാവാതെ ഞാന്‍ അയാളുടെ മുഖത്തു തന്നെ നോക്കിയിരുന്നു…” “എന്താ വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലേ.സത്യം ഞാന്‍ താങ്കളെ സഹായിക്കാം.” എന്‍റെ കൈകള്‍ കുലുക്കികൊണ്ടു അയാള്‍ പറഞ്ഞു “എങ്ങനെ !!!” ഞാന്‍ കൌതുകത്തോടെ ചോദിച്ചു. “ഉം അങ്ങനെ വഴിക്ക് വാ…ഏതൊരു കാര്യത്തിനു വേണ്ടി ഇറങ്ങിതിരിക്കുമ്പോഴും നമ്മള്‍ അതിനെ പറ്റി പൂര്‍ണ്ണമായി പഠിച്ചു മനസ്സിലാകിയതിനു ശേഷമായിരിക്കണം.നിങ്ങള്‍ മരണത്തെ തേടുന്നത് അതിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടൊന്നുമല്ല, മറിച്ചു ജീവിതത്തോടുള്ള നിങ്ങളുടെ വെറുപ്പ്‌ കൊണ്ടു മാത്രമാണ്.അവിടെ മരണം നിങ്ങള്‍ക്ക് ഒരു അഭയം അല്ലെങ്കില്‍ ഒളിചോടുവാനുള്ള ഒരു വഴി മാത്രമാണ്.ജീവിതത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു കുറുക്കു വഴി.സത്യമല്ലേ?” “അത് സത്യമാണെല്ലോ.ആത്മഹത്യാ ചെയ്യുന്ന എല്ലാവരും അങ്ങനെ തന്നെയാണെല്ലോ?”

 “ശരിയാണ് എല്ലാവരും അങ്ങനെ തന്നെയാണ്.പക്ഷെ ഞാന്‍ ചോദിക്കുന്നത് എന്ത് കൊണ്ട് താങ്കള്‍ക്കു ഈ കാര്യത്തില്‍ ഒന്നു വ്യത്യസ്ഥാനായികൂടാ?താങ്കളുടെ മുന്നില്‍ രണ്ടു വഴികളുണ്ട്.ഒന്നുകില്‍ നിങ്ങള്‍ ജീവിതത്തോടുള്ള വെറുപ്പ്‌ വെടിഞ്ഞു അതിന്‍റെ പ്രതിബന്ധങ്ങളെ നേരിട്ടിട്ടു അന്തസോടെ മുന്നോട്ടു പോവുക.അല്ലെങ്കില്‍ മരണത്തെ ആത്മാര്‍ഥമായി പ്രണയിക്കുക.അതിന്‍റെ വശ്യതയും കുളിര്‍മയും ആവോളം ആസ്വദിച്ചുകൊണ്ടു അതില്‍ അലിഞ്ഞു ചേരുക…” “ജീവിതത്തോടുള്ള വെറുപ്പ്‌ ഉപേക്ഷിക്കുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് തികച്ചും അസംഭവ്യമായ കാര്യമാകുന്നു.എന്നില്‍ നിന്ന് അതു ഒരിക്കലും പ്രതീക്ഷികേണ്ടതില്ല.പക്ഷെ രണ്ടാമത് പറഞ്ഞതിന്‍റെ പൊരുള്‍,അതു എനിക്ക് മനസ്സിലായില്ല.മരണത്തെ പ്രണയിക്കാന്‍,അതിന്‍റെ എല്ലാ ഭംഗിയും ആസ്വദിച്ച്‌ അതില്‍ ലയിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?താങ്കള്‍ ദയവു ചെയ്തു അതു എനിക്കു വിശദീകരിച്ചു തന്നാലും…” “തീര്‍ച്ചയായും.നമ്മളെയൊക്കെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്താണെന്നു ചോദിച്ചാല്‍ അത് ആഗ്രഹങ്ങളും,ഓര്‍മകളും മാത്രമാകുന്നു.എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകും പല പല ഓര്‍മകള്‍ പല പല ആഗ്രഹങ്ങള്‍.വളരെ കുറച്ചു പേര്‍ക്ക് മാത്രമേ അവരുടെ ആഗ്രഹങ്ങള്‍ വേണ്ട വിധത്തില്‍ സഫലീകരിക്കാന്‍ സാധികാറുള്ളൂ.ബാക്കി ഉള്ളവര്‍ പൊതുവേ ഉള്ളത് കൊണ്ട് തൃപ്തിപെടുകയാണ് ചെയ്യാറ്.എന്നാല്‍ മറ്റു ചിലര്‍ക്ക് ആഗ്രഹിച്ചതോന്നും കിട്ടുകയില്ല എന്നു മാത്രമല്ല അതിനു നേരെ വിപരീതം സംഭവിക്കുകയും ചെയ്യുന്നു.പലപ്പോഴും അത്തരക്കാരാണ് ഇതുപോലെ ജീവിതമവസാനിപ്പിക്കാന്‍ തീരുമാനമെടുക്കുന്നത്.അവിടെ അവരുടെ ആഗ്രഹങ്ങള്‍ നശിക്കുന്നില്ല.മോഹങ്ങള്‍ സാധികാത്തതിനാല്‍ അവര്‍ ജീവിതത്തില്‍ നിന്നു ഒളിച്ചോടുകയാണ് ചെയ്യുന്നത്.ഓര്‍മ്മകള്‍ അവര്‍ക്ക് വിഷധായകമാകുന്നു.അവിടെ മരണം അവര്‍ക്ക് ഒരു അഭായമാണ്…വെറും അഭയം മാത്രമാണ്.അവര്‍ അതിനെ ഒരിക്കലും പ്രണയിക്കുന്നില്ല.മരണത്തെ പ്രണയിക്കണമെങ്കില്‍ മോഹങ്ങളും,ഓര്‍മകളും മനസ്സില്‍ നിന്നു പൂര്‍ണ്ണമായും ഇല്ലാതാവണം.


മനസ്സ് ഒരു വെള്ളകടലാസു പോലെ ശൂന്യമാവണം.അത് സാധ്യമായാല്‍ ആര്‍ക്കും മരണത്തെ പ്രണയിക്കാനാവും.അതിന്‍റെ വന്യമായ സൗന്ദര്യം ആസ്വദിക്കാനാവും!!!” “ഇപ്പോള്‍ എനിക്ക് മനസ്സിലാവുന്നു അങ്ങ് പറഞ്ഞതിന്‍റെ പൊരുള്‍.ശരിയാണ് ഓര്‍മ്മകളും,ആഗ്രഹങ്ങളുമാണ് ഒരാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.അതില്‍ പാളിച്ചകള്‍ സംഭവിക്കുമ്പോള്‍ ജീവിതമുപേക്ഷിക്കുവാന്‍ തോന്നുന്നു.ആ അവസ്ഥയില്‍ അങ്ങ് പറഞ്ഞത് പോലെ മരണം മാത്രമാണ് ഞങ്ങളുടെയൊക്കെ ആകെയുള്ള ഒരു പ്രതീക്ഷ.എന്നിട്ടും നമ്മള്‍ അതിനെ ഒരു തരം ഭീതിയോടെ തന്നെ കാണുന്നു.മരണത്തിലേക്ക് കാലെടുത്തു വെക്കുമ്പോഴും അതിനെ ആസ്വദിക്കുന്നതിനു പകരം നഷ്ടമാകാന്‍ പോകുന്ന ഒന്നിന്നും കഴിയാത്ത നമ്മുടെ ജീവിതത്തെ ഓര്‍ത്തു നാം വൃഥാ ദുഖിക്കുന്നു…ഈ നിമിഷം മുതല്‍ മരണം എന്‍റെ കാമുകിയാകുന്നു….ഞാന്‍ അതിനെ ആത്മാര്‍ഥമായി പ്രണയിക്കുന്നു…” “പക്ഷെ അവിടെയും ഒരു പ്രശ്നമുണ്ട്.മരണത്തെ പ്രണയിക്കുന്ന ഒരുവനില്‍ നിന്നു അതു അകന്നു അകന്നു പോകുന്നു.ഒരിക്കലും പിടിതരാത്ത ഒരു കാമുകിയെ പോലെ അത് അങ്ങനെ വഴിമാറിപോയികൊണ്ടേയിരിക്കും…പിന്നെ പതുക്കെ പതുക്കെ അത് നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കും…ആഗ്രഹങ്ങളൊക്കെ സഫലമാകുവാന്‍ തുടങ്ങും…പിന്നെ അത് നമ്മളെ ജീവിതത്തെ പ്രണയിക്കാന്‍ പഠിപ്പിക്കും…ജീവിതത്തോടുള്ള പ്രണയം പതുക്കെ മരണത്തോടുള്ള ഭീതിയായി മാറും…മരണത്തെ ഭയക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ അത് നിങ്ങളെ തേടി വരാന്‍ തുടങ്ങും…എപ്പോഴും എവിടെയും എങ്ങനെയും അത് നിങ്ങളെ വേട്ടയാടുന്നതായി നിങ്ങള്‍ക്ക് അനുഭവപെടുവാന്‍ തുടങ്ങും…അത് നിങ്ങളുടെ മനോനില തന്നെ തെറ്റിക്കും…ഒടുവില്‍ ജീവിതത്തിന്‍റെ ഏറ്റവും ഔന്നിത്യത്തില്‍ നില്‍ക്കെ നിങ്ങള്‍ അറിയാതെ തന്നെ അത് നിങ്ങളെ അപഹരിച്ചു കൊണ്ട് പോകും!!!” “അവിടെയും ആത്യന്തികമായി സംഭവിക്കുന്നത് മരണം തന്നെയാണല്ലോ…എനിക്ക് വേണ്ടതും അതു തന്നെ…അതിനാല്‍ ഞാന്‍ തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന വഴി ഇത് തന്നെ ആയികൊള്ളട്ടെ…” “എല്ലാത്തിന്‍റെയും ആത്യന്തികമായ അവാസാനം മരണം തന്നെയാണ്…പക്ഷെ അത് നമ്മള്‍ ഒരിക്കലും ആഗ്രഹിക്കാത്ത നേരത്ത് പിന്തുടരുന്ന അവസ്ഥയെ പറ്റി ഒരു പക്ഷെ നിങ്ങള്‍ക്ക് ഇപ്പോള്‍ പറഞ്ഞാല്‍ മനസ്സിലാവില്ല…അനുഭവം കൊണ്ട് നിങ്ങള്‍ മനസ്സിലാക്കും…” “നിര്‍ത്തു നിങ്ങളുടെ ഈ പ്രസംഗം… ജീവന്‍റെ മഹത്വത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് എന്‍റെ മനസ്സ് മാറ്റേണ്ട നിങ്ങളുടെ തന്ത്രം എനിക്ക് മനസ്സിലാവുന്നുണ്ട്…ഞാന്‍ വീണ്ടും പറഞ്ഞു കൊള്ളട്ടെ എന്‍റെ തീരുമാനം ഒരിക്കലും മാറുകയില്ല…മനസ്സ് കൊണ്ട് ഞാന്‍ മരണം വരിച്ചു കഴിഞ്ഞു…പരമമായ ആ സത്യത്തിലേക്കുള്ള പ്രയാണത്തില്‍ ഞാന്‍ അലിഞ്ഞുചേര്‍ന്ന് കഴിഞ്ഞു…” “ശരി ഇതില്‍ കൂടുതല്‍ എനിക്ക് നിങ്ങളോട് ഒന്നും പറയുവാനില്ല…എന്‍റെ എല്ലാ വിധമായ ഭാവുകങ്ങളും ഞാന്‍ നിങ്ങള്‍ക്ക് നേരുന്നു…ശാന്തമായ ഒരു മരണം നിങ്ങള്‍ക്ക് സംഭവിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാം…”

 “എനിക്ക് ഇപ്പോള്‍ ആരോടെങ്കിലും നന്നിയുണ്ടെങ്കില്‍ അത് നിങ്ങളോട് മാത്രമാണ്…മരണത്തിനപ്പുറം ഒരു ലോകമുണ്ടെങ്കില്‍ അവിടെയും ഞാന്‍ നിങ്ങളോട് കടപെട്ടവനാകും തീര്‍ച്ച…” ചുണ്ടില്‍ ഒരു പുഞ്ചിരി സമ്മാന്നിച്ചു ആ മനുഷ്യന്‍ വിട വാങ്ങി…വറാന്തയിലൂടെ മറയുന്ന ആ രൂപത്തെ ഞാന്‍ കണ്ണിമ്മവെട്ടാതെ നോക്കിയിരുന്നു പിന്നില്‍ നിന്ന് മറ്റൊരു വിളി കേള്‍ക്കുന്നത് വരെ… “സാര്‍ നിങ്ങളെ കാണുവാന്‍ വേണ്ടി നിങ്ങളുടെ ജ്യേഷ്ടന്‍ എത്തിയിട്ടുണ്ട്…” “എനിക്ക് ഇപ്പോള്‍ ആരെയും കാണുവാന്‍ താല്‍പ്പര്യമില്ല…ദയവു ചെയ്തു അദ്ദേഹതോടു പോകുവാന്‍ പറയു…” “താങ്കള്‍ എന്ത് പറഞ്ഞാലും കണ്ടിട്ടേ പോകുകയുള്ളൂ എന്നാണു പറഞ്ഞത്…താങ്കള്‍ക്ക് സന്തോഷം പകരുന്ന എന്തോ ഒരു വാര്‍ത്തയുമായാണ് വന്നത് എന്ന് പ്രത്യേകം പറയാന്‍ പറഞ്ഞിട്ടുണ്ട്…” സന്തോഷം…ഹും അങ്ങനെയൊന്ന് ഇനി എനിക്ക് ഈ ജീവിതത്തില്‍ ഇനി ഉണ്ടാവില്ല.ഓരോരോ ശല്യങ്ങള്‍ വന്നുകൊള്ളും…ജീവിക്കാനേ സമ്മതിക്കുകയില്ല,എന്നാല്‍ പിന്നെ മരിക്കാനെങ്കിലും ഇവര്‍ക്കൊക്കെ അനുവദിച്ചുകൂടെ???മനസ്സില്‍ കോപം അണപൊട്ടുമെന്ന് തോന്നി…എങ്കിലും അത് പുറത്തു കാട്ടാതെയിരിക്കാന്‍ ഞാന്‍ ശ്രമിച്ചു… “അദ്ദേഹത്തോടു വരുവാന്‍ പറയു…” സന്തോഷം നല്‍കാന്‍ വന്നിരിക്കുന്നു.എന്നെ ഈ അവസ്ഥയിലെത്തിച്ചതില്‍ പ്രാധാനിയാണ് ഈ മനുഷ്യന്‍.എന്നിട്ട് ഇപ്പോള്‍ എനിക്ക് സന്തോഷ വാര്‍ത്ത‍ കൊണ്ടുവന്നിരിക്കുന്നു പോലും…വേണ്ട ഞാന്‍ ഒന്നും ഓര്‍ക്കുന്നില്ല…ഓര്‍മ്മകള്‍ നശിക്കട്ടെ… “എടാ” പിന്നില്‍ നിന്ന് ഏട്ടന്‍റെ ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി.ആ മുഖം വളരെ പ്രസ്സന്നമായി എനിക്ക് അനുഭവപെട്ടു.എന്തു കൊണ്ടാവാം അത്?ഗൌരവം വിടാതെ ഞാന്‍ ചോദിച്ചു “ഉം എന്താ കാര്യം?കണ്ടിട്ടേ പോകു എന്ന് വാശി പിടിക്കാന്‍ മാത്രം എന്താണ് നിങ്ങള്‍ക്ക് എന്നോട് പറയാനുള്ളത്?ഉപദേശിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോഴേ പോകാം…ദയവു ചെയ്തു എന്നെ ശല്യം ചെയ്യരുത്…” “അതൊന്നുമാല്ലെടാ.ഞാന്‍ അച്ഛനെ കണ്ടു.എന്‍റെ സ്ഥലം, അതു നിനക്ക് കൈമാറാന്‍ ഞാന്‍ തയ്യാറാണെന്നു അറിയിച്ചു കഴിഞ്ഞു.വേണ്ട നടപടികള്‍ ചെയ്തു വില്‍പത്രം മാറ്റി എഴുതികൊളളാന്‍ ഞാന്‍ അച്ഛനോട് പറഞ്ഞു.

നീ എന്നോട് ക്ഷമിക്കണമെടാ…ഇപ്പോഴാണ് എനിക്ക് അതിന്‍റെ ഗൌരവം മനസ്സിലായത്‌…ആ സ്ഥലം എനിക്ക് കിട്ടിയിട്ട് ഒരു കാര്യവുമില്ല…നിനക്കാവുമ്പോള്‍ നിന്‍റെ സംരംഭങ്ങള്‍ സുഗമായി തുടങ്ങാനാവും…അതു വെറും എന്‍റെ ഒരു ചെറിയ പിടിവാശി കൊണ്ട് മാത്രം മുടങ്ങുന്നത് ശരിയല്ല എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി…നിന്‍റെ ജീവന് മുകളിലല്ല എന്‍റെ ഒരു വാശിയും.” ഏട്ടന്‍റെ വാക്കുകള്‍ എന്നെ അത്ഭുതപെടുത്തി…ഇത്ര നാള്‍ പുറകെ നടന്നു കേണപെക്ഷിച്ചിട്ടും മനസ്സു മാറാതിരുന്ന ഈ ഏട്ടനു ഇപ്പോള്‍ എന്തു പറ്റി…എന്‍റെ ജീവനു ഇവര്‍ ഇത്രയ്ക്കൊക്കെ വില നല്‍കിയിരുന്നോ…അതോ എന്‍റെ മരണം ഇവര്‍ക്ക് നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നാ ഭയമാകുമോ…ഏയ് അല്ല ഞാന്‍ എന്‍റെ എല്ലാ ആത്മഹത്യ കുറിപ്പുകളിലും എന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്ന് കുറിക്കാറൂണ്ടല്ലോ…എന്ന് വെച്ചാല്‍ ഉള്ളിന്‍റെയുള്ളില്‍ ഇവര്‍ക്കൊക്കെ എന്നോട് സ്നേഹമുണ്ടായിരുന്നോ!!! “ഏട്ടാ എനിക്കിനി ഒന്നും വേണമെന്നില്ല…


നിങ്ങള്‍ക്കൊക്കെ എന്നോട് സ്നേഹമുണ്ടായിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്കു കുറ്റബോധം തോന്നുന്നു…പക്ഷെ എനിക്കു ഇപ്പോള്‍ ഒരു മോഹങ്ങമില്ല…എനിക്കു വേണ്ടി ഇത്ര ത്യാഗം ചെയ്യാന്‍ തയ്യാറായ ആ മനസ്സിനെ ഞാന്‍ നമിക്കുന്നു…പക്ഷെ ഒരു തിരിച്ചു വരവ് എനിക്കു സാധ്യമല്ല…ദയവു ചെയ്തു എന്നെ വെറുതെ വിടുക…” “സത്യത്തില്‍ ഇത് പറയാന്‍ വേണ്ടി മാത്രമല്ല ഞാന്‍ വന്നിരിക്കുന്നത്.നിന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം പകരുന്ന മറ്റൊരു വാര്‍ത്തയുമുണ്ട് എന്‍റെ പക്കല്‍…” “എന്ത് വാര്‍ത്ത!!!” ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു “ഞാന്‍ രമ്യയുടെ വീട്ടില്‍ നിന്നാണ് ഇപ്പോള്‍ വരുന്നത്…വെറുതെ പോയതല്ല…നിങ്ങളുടെ ബന്ധത്തെ കുറിച്ച് ഞാന്‍ അവളുടെ വീട്ടുകാരുമായി സംസാരിച്ചു…നിന്‍റെ സ്വപ്ന സംരംഭത്തെ പറ്റിയും,അതുമായി ബന്ധപ്പെട്ടു നമ്മള്‍ക്കിടയില്‍ ഉണ്ടായ ഉരസലുകളും,നിന്‍റെ ഇപ്പോഴത്തെ അവസ്ഥയും,ഇനി അതിനുള്ള പരിഹാരങ്ങളും എല്ലാം ഞാന്‍ അവരെ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട്…എല്ലാം കേട്ടിട്ടും അവര്‍ക്ക് ഈ ബന്ധത്തിനോട് വിരോധമോന്നും ഉണ്ടായില്ല…മാത്രമല്ല നീ മൂന്നു തവണ ആതമഹത്യചെയ്യാന്‍ ശ്രമിച്ച കാര്യം കേട്ടപ്പോള്‍ അവര്‍ക്ക് വിഷമം തോന്നി…ഒരിക്കലും ഒരു സഹതാപം കൊണ്ടല്ല അവര്‍ ഇതിനു സമ്മതിക്കുന്നത്…ലക്ഷ്യങ്ങളിലേക്കുള്ള നിന്‍റെ ആത്മാര്‍ത്ഥമായ സമീപനമാണാത്രേ അവര്‍ നിന്നെ സ്വികരിക്കാന്‍ തയ്യാറായതിന്‍റെ പ്രാധാന കാരണം.ഈ കാര്യം നിന്നോട് പ്രത്യേകം പറയണമെന്നും രമ്യയുടെ അച്ഛന്‍ എന്നോടു പറഞ്ഞു…” “വേണ്ട എനിക്കു ഇനി ഒന്നും വേണ്ട…ദയവു എന്നെ പഴയ ഓര്‍മകളിലേക്ക് തിരിച്ചു കൊണ്ട് പോകരുത്…ഏട്ടന്‍ പോയികൊള്ളുക…എനിക്കു കുറച്ചു സ്വസ്ഥത വേണം…” “നീ എന്തിനാണ് ഇനിയും ഇങ്ങനെ വിഷമിക്കുന്നത്…ഞാന്‍ കരുതിയത്‌ ഇതൊക്കെ കേട്ടാല്‍ നീ സന്തോഷം കൊണ്ട് തുള്ളിചാടുമെന്നായിരുന്നു…നിന്നെ പ്രതീക്ഷിച്ചു അവള്‍ പുറത്തു നില്‍പ്പുണ്ട്…നീ ഒന്നു ഞെട്ടട്ടെ എന്ന് കരുതി അവളെ ഞാന്‍ ഇത്രയും നേരം പുറത്തു നിര്‍ത്തിയത് തന്നെയാണ്…ഞാന്‍ അവളെ വിളിക്കാം…രമ്യാ…രമ്യാ…”

 എന്നെ കണ്ടതും സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ, എന്താണെന്ന് അറിയില്ല…അവള്‍ പൊട്ടി കരഞ്ഞു… “രമ്യ എന്താണിത്…ഇങ്ങനെ കരയാതെ…നിങ്ങളുടെയൊക്കെ സാന്നിധ്യം എനിക്ക് സഹികാനാകുന്നില്ല…മനസ്സു കൊണ്ട് ഞാന്‍ മരണം വരിച്ചു കഴിഞ്ഞു…എനിക്കിനി ഒരിക്കലും പഴയത് പോലെ ആകുവാന്‍ സാധിക്കുകയില്ല…എനിക്ക് ആരെയും കാണണമെന്നില്ല…ഒരു മോഹങ്ങളുമില്ല…ഒന്നും ഓര്‍മ്മിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നുമില്ല…ഒന്നും….ഓര്‍മകളും മോഹങ്ങളും ഉപേക്ഷിച്ചു മരണമെന്ന ആ മഹാസത്യത്തെ അനുഭവിച്ചറിയാന്‍ ഞാന്‍ തയ്യാറായി കഴിഞ്ഞു!!!” “ഇല്ല ഏട്ടനെ മരണത്തിന് വിട്ടു കൊടുക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല…ഏട്ടന് പഴയത് പോലെ…

അല്ല അതിനെകാള്‍ സന്തോഷത്തോടെ ജീവികാനാകും…ഞങ്ങള്‍ എല്ലാമുണ്ട് എട്ടന്‍റെയോപ്പം…” അവള്‍ എന്നെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു… അവളുടെ ആലിംഗനം എന്‍റെയുള്ളിലെ മോഹങ്ങളേ വീണ്ടുമുണര്‍ത്തുന്നതായി തോന്നി…അവളുടെ പതുപതുത്ത ദേഹത്തിലെ ഇളംചൂട് എന്‍റെ സിരകളില്‍ പുതുജീവന്‍ നല്‍ക്കുന്നതായി അനുഭവപെട്ടു…ദൈവമേ എന്നെ വീണ്ടും പരീക്ഷിക്കുകയാണോ… “മതി മതി എങ്കില്‍ നമ്മുക്ക് ഇപ്പോള്‍ തന്നെ വീട്ടിലേക്കു തിരിക്കാം.രമ്യ ഞാന്‍ നിന്നെ വീട്ടില്‍ കൊണ്ടു വിടാം…ഇപ്പോള്‍ എല്ലാ സങ്കടങ്ങളും തീര്‍ന്നല്ലോ രണ്ടാള്‍ക്കും…” ഏട്ടന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു പിന്നീടാങ്ങോട്ടു ജീവിതം ഒരു വസന്ത കാലത്തെ പൂങ്കാവനം പോലെ മനോഹരമായി എനിക്ക് അനുഭവപെട്ടു…മനസ്സില്‍ കൊണ്ടു നടന്ന ആഗ്രഹാങ്ങളൊക്കെ പ്രതീക്ഷതിലും മികച്ച രീതിയില്‍ മുന്നോട്ടു പോയികൊണ്ടേയിരുന്നു…ഒരു വശത്ത് എന്‍റെ സ്വപ്ന പദ്ധതിയുടെ പണികളും മറു വശത്ത് രമ്യയുമായുള്ള വിവാഹത്തിന്‍റെ ഒരുക്കങ്ങളും…ആകെ കൂടി സ്വര്‍ഗ്ഗസമാനമായ അന്തരീക്ഷം…പക്ഷെ ഒരു ഭീതി,അത് എന്നെ ദിനതോറും വേട്ടയാടികൊണ്ടേയിരുന്നു…അന്ന് ആ മനുഷ്യന്‍ പറഞ്ഞ ആ വാചകങ്ങള്‍…

അത് എന്‍റെ ജീവിതത്തില്‍ സത്യമായി ഭവിക്കുന്നതായി എനിക്ക് തോന്നി…മുമ്പ് മൂന്നു തവണ മരണത്തെ തേടി ഞാന്‍ പോയപ്പോള്‍ അത് എന്നില്‍ നിന്നും വഴുതി മാറി പോകുകയായിരുന്നു…പിന്നീട് അതു വീണ്ടും ജീവിക്കാനുള്ള പ്രത്യാശകള്‍ എനിക്ക് നല്‍കി…ജീവിതം ഒരു പൂങ്കാവനം പോലെ മനോഹരമായി മാറി…ജീവിതത്തെ പ്രണയിക്കുവാന്‍ ഞാന്‍ പഠിച്ചു…ഇപ്പോള്‍ മരണമെന്നത് എന്‍റെ വന്യമായ ചിന്തകളില്‍ പോലുമില്ല…അല്ല ഞാന്‍ അത് ഒരിക്കലും ആഗ്രഹിക്കുന്നില്ല…എനിക്ക് ജീവിക്കണം…ഇനിയും ജീവിക്കണം…ഇന്ന് ഞാന്‍ മരണത്തെ ഭയക്കുന്നു…എന്ന് വെച്ചാല്‍, മരണം,അതു എന്‍റെ പിന്നില്‍ തന്നെ ഉണ്ടെന്നല്ലേ!!!മരണഭീതി എന്‍റെ മനോനില തെറ്റിക്കുന്നതായി തോന്നി…ഒടുവില്‍ ഞാന്‍ ഉറപ്പിച്ചു ആ മനുഷ്യനെ ഒരിക്കല്‍ കൂടി കാണുവാന്‍…ഇതില്‍ നിന്നും രക്ഷപെടുത്തുവാന്‍ ഒരു പക്ഷെ അദേഹത്തിനു സാധിച്ചാലോ… “ഹ ഹ ഹ ഹ ഹ” എന്‍റെ ആശങ്കള്‍ കേട്ടതും ആ മനുഷ്യന്‍ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു… “എടോ മഠയാ..ഞാന്‍ ആ പറഞ്ഞതൊക്കെ സത്യമാനെന്നാണോ നിങ്ങള്‍ ധരിച്ചു വച്ചിരിക്കുന്നത്…അത് എന്‍റെ ഭാവനകള്‍ മാത്രമാണ്…കൌണ്‍സിലിങ്ങ് നടത്തുമ്പോള്‍ ഇത്തരം ഭാവനകള്‍ നമ്മള്‍ പയറ്റുന്നത് സ്വാഭാവികം മാത്രമാണ്…ആത്യന്തികമായി ആത്മഹത്യയില്‍ നിന്നും ആളുകളെ വഴിതിരച്ചു വിടുകയാണ് നമ്മുടെയൊക്കെ ലക്‌ഷ്യം…ഓരോരുത്തരെയും നമ്മള്‍ ഓരോ തരത്തിലാണ് സമീപിക്കുക…
താങ്കളെ കണ്ടമാത്രയില്‍ തന്നെ എനിക്ക് മനസ്സിലായിരുന്നു സാധാരണ ഗതിയിലുള്ള തന്ത്രങ്ങളിലൂടെ നിങ്ങളുടെ മനസ്സു മാറ്റാനാവില്ല എന്ന്…സത്യം പറഞ്ഞാല്‍ താങ്കളുടെ കാര്യത്തില്‍ പരാജയപെട്ടു എന്നു പോലും കരുതിയിരിക്കുകയായിരുന്നു ഞാന്‍…അന്ന് ഞാന്‍ പറഞ്ഞതും താങ്കളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും തികച്ചും യാതൃശ്ചികം മാത്രമാണ്…ഇപ്പോഴുള്ള നല്ല ജീവിതം ആവോളം ആസ്വദിക്കുക…ആവശ്യമില്ലാത്ത ആശങ്കകള്‍ മനസ്സിന്നു ഉപേക്ഷിക്കുക…താങ്കളുടെ കല്യാണത്തിന് ക്ഷണിക്കാനായിരിക്കണം അടുത്ത വരവ്…ഒരു നല്ല ജീവിതത്തിനായി എന്‍റെ പ്രാര്‍ത്ഥന എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്…ങാ പിന്നെ ഊണു കഴിച്ചിട്ടേ ഇന്ന് ഞാന്‍ നിങ്ങളെ വിടുകയുള്ളൂ…”

 അന്നത്തെ ഉച്ചയൂണ്‌ അവിടെ ആയിരുന്നു…കഴിക്കുന്നതിനിടയില്‍ ഒരുപാട് തമാശകള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു…പക്ഷെ എല്ലാം ഒരു യന്ത്രത്തെ പോലെ കേട്ടു തലയാട്ടാനെ എനിക്ക് സാധിച്ചുള്ളൂ…ചിലപ്പോള്‍ അദ്ദേഹം പറഞ്ഞത് പോലെ തന്നെ എല്ലാം യാത്രിശ്ചികമായി സംഭവിച്ചതായിരിക്കാം…പക്ഷെ ആ യതൃശ്ചികത ഇനിയും ആവര്‍ത്തിച്ചാലോ??? റെയില്‍വേ സ്റ്റേഷനിലേക്കുള്ള നടത്താതിനിടയില്‍ ഭീതിധായകമായ പല ചിന്തകളും എന്‍റെ മനസ്സിലൂടെ കടന്നു പോയികൊണ്ടേയിരുന്നു.ദൂരെ നിന്നെവിടുന്നോ ഒരു തീവണ്ടിയുടെ ചൂളമടി ശബ്ദം കേട്ടുകൊണ്ടായിരുന്നു ചിന്തയില്‍ നിന്നു ഞാന്‍ ഉണര്‍ന്നത്…റെയില്‍ പാളങ്ങള്‍ ഉച്ച സൂര്യന്‍റെ കിരണങ്ങള്‍ തട്ടി വേട്ടി തിളങ്ങുന്നുണ്ടായിരുന്നു…ആ ചൂളമടി പിന്നില്‍ നിന്നു അടുത്തടുത്തു വന്നു കൊണ്ടെയിരിന്നു…അത് തീവണ്ടിയുടെ ചൂളമടി ശബ്ദം തന്നെയായിരിക്കുമോ???അതോ എന്‍റെ ജീവന്‍ കവര്‍ന്നെടുക്കാന്‍ വേണ്ടി വരുന്ന മരണ മണിയോ!!!

23 Oct 2012

എഴുത്തുകാരന്റെ ഡയറി

 സി.പി.രാജശേഖരൻ

വിവാഹാഭ്യർത്ഥനയും
കൊലപാതകവും


ബ്രൗണിംഗിറ്റ്‌ ഒരു കവിതയിൽ, കാമുകൻ കാമുകിയെ അവളുടെ മുടികൊണ്ടുതന്നെ കഴുത്തിൽ ചുറ്റി കൊലചെയ്യുന്നുണ്ട്‌. അതീവ സുന്ദരിയായ അവൾ തന്നെ വിട്ടു ഇനി മറ്റാരേയും സ്നേഹിക്കരുത്‌ എന്ന  ചിന്തയിലാണ്‌ അവൻ അങ്ങനെ ചെയ്തത്‌ .എന്നാണ്‌ കവിതയിൽ ന്യായീകരണമെങ്കിലും അതു സമർത്ഥിക്കാൻ കവി  ശ്രമിച്ചില്ല. കവിത അതി മനോഹരമാണ്‌  .കാമിനിയും അവളുടെ മുടിയും അതുപോലെ ആകർഷണീയം.
    അന്നു ഞങ്ങൾ പ്രീഡിഗ്രി ക്ലാസ്സിൽ ഇതു പഠിച്ചപ്പോൾ, എല്ലാവർക്കും ആ കാമുകനോടു ദേഷ്യമാണ്‌ തോന്നിയത്‌. അതാണു അന്നത്തെ ഞങ്ങളുടെ മനോവികാരം.
    ഇന്നു പക്ഷേ, കാലം മാറി .എന്തു തെറ്റിനേയും ന്യായീകരിക്കുന്ന കവികളും കലാകാരന്മാരും രക്ഷാകർത്താക്കളും അധ്യാപകന്മാരും ഉണ്ടായിരിക്കുന്നു.
    പത്രങ്ങളിലൂടെ കഴിഞ്ഞ കുറെക്കാലമായി നാം വായിക്കുന്ന വാർത്തയാണ്‌ കാമിനിയെ കാമുകൻ വെട്ടിക്കൊന്നതും ചുട്ടുകൊന്നതും മുഖത്ത്‌ ആസിഡ്‌ ഒഴിച്ച്‌ പൊള്ളിച്ചതുമായ വാർത്തകൾ പണ്ട്‌ ഞങ്ങളുടെ പഠനകാലത്ത്‌ പ്രേമത്തിന്റെ പേരിൽ ഒരു കാമുകനും കാമുകിയെ വെട്ടിക്കൊന്ന കഥ കേട്ടിട്ട്പോലുമില്ലായിരുന്നു. അന്നൊക്കെ പ്രേമിച്ച പെണ്ണിനെ കിട്ടിയില്ലെങ്കിൽ താടിയും വളർത്തി ഒരു വിഷാദ കാമുകനായി കുറെക്കാലം അലയും എന്നതിലുപരി ആ കാമുകന്മാർ ആർക്കും ഒരു പ്രശ്നമായിരുന്നില്ല. വിരഹകാമുകൻ എന്ന്‌ വിളിച്ച്‌ വിളിച്ച്‌ ആ പേരും തേയുന്നതോടെ എല്ലാം മായ്ച്ച അയാൾ പുതുജീവിതം നയിക്കും. അപൂർവ്വം ചിലർ ആത്മഹത്യ ചെയ്യുകയും ഭ്രാന്താശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്‌ എന്നതും കഥയിൽ സംഭവിയ്ക്കുമായിരുന്നു. പ്രേമം നഷ്ടപ്പെട്ട്‌ കാമുകൻ ഉപേക്ഷിച്ചതിന്റെ പേരിൽ ആത്മഹത്യ ചെയ്യുകയും വിവാഹമേ ഇനി വേണ്ട എന്ന്‌ തീരുമാനിക്കുകയും ചെയ്ത സ്ത്രീകളും അക്കാലത്ത്‌ ഉണ്ടായിരുന്നു. ഇന്ന്‌ പക്ഷേ, പ്രേമനിരാസത്തിന്റെ പേരിൽമാത്രം ഒരു സ്ത്രീയും ആത്മഹത്യ ചെയ്യാറില്ല എന്നത്‌ നല്ല കാര്യമാണ്‌.

 ആൺകുട്ടികളും പെൺകുട്ടികളും അക്കാലത്ത്‌ കുറെക്കൂടി സ്നേഹശീലരും ത്യാഗമനോഭാവം ഉള്ളവരുമായിരുന്നു എന്നത്‌ സത്യം. കലാശാലയിലെ പ്രേമം അന്ന്‌ ഒരു ആനന്ദവും ഉണർവുമായിരുന്നു കുട്ടികൾക്ക്‌ പ്രദാനം ചെയ്തിരുന്നത്‌. ഇന്ന്‌ പേരെടുത്ത എഴുത്തുകാരും രാഷ്ട്രീയക്കാരും മന്ത്രിമാരും എല്ലാം അന്ന്‌ കലാശാലാ ക്യാമ്പസിലെ പ്രേമത്തിന്‌ വശംവദരായിരുന്നു. ഏതാണ്ട്‌ 90 ശതമാനം ആളുകളും അന്നത്തെ പ്രേമഭാജനത്തെ തന്നെയാണ്‌ വിവാഹം കഴിച്ചിട്ടുള്ളതും. രാഷ്ട്രീയത്തിൽ ബദ്ധവൈരഗ്രൂപ്പിൽപ്പെട്ട പ്രേമികളുണ്ടായിട്ടുണ്ട്‌. അവർ വിവാഹം കഴിച്ചിട്ടുമുണ്ട്‌. പക്ഷേ, ഇത്തരം ഒരു ആക്രമണ സ്വഭാവം അന്ന്‌ ആർക്കുമുണ്ടായിരുന്നില്ല.

'എനിക്ക്‌ കിട്ടിയില്ലെങ്കിൽ പിന്നെയാർക്കും വേണ്ട' എന്ന ഈ കടുത്ത സ്വാർത്ഥവാദവും അന്ന്‌ ആർക്കും ഉണ്ടായിരുന്നില്ല. മറിച്ച്‌ താൻ പ്രേമിയ്ക്കുന്ന പെണ്ണ്‌ മറ്റാരുടേതെങ്കിലും ആണെന്നറിഞ്ഞാൽ അവളെ സന്തോഷിപ്പിക്കാനായി ആ വഴിയ്ക്ക്‌ സഹായിച്ചുകൊണ്ടിരുന്ന ആണുങ്ങളും അന്നുണ്ടായിരുന്നു. അങ്ങിനെ സഹായിച്ചു സഹായിച്ച്‌ സ്വന്തമാക്കാൻ ശ്രമിച്ചവർ ഉണ്ടായിരുന്നു എന്നല്ലാതെ, തന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക്‌ വഴങ്ങാത്തവളെ ഇല്ലാതാക്കുന്ന പ്രവണത ഇന്നത്തപ്പോലെ അന്ന്‌ കണ്ടിരുന്നില്ല. വായിക്കാൻ കിട്ടുന്ന കഥകളിലും കാണുന്ന സിനിമകളിലുമെല്ലാം ത്യാഗമൂർത്തിയായ കാമുകനെയാണ്‌ അന്ന്‌ നായകനായി ചിത്രീകരിച്ചിരുന്നത്‌.


    ഇന്നത്തെ സിനിമകളിലേയും സീരിയലുകളിലേയും മുഖ്യപ്രതിപാദ്യം പകയും വൈരാഗ്യവും പ്രതിയോഗിയെ ഇല്ലാതാക്കാനുള്ള പ്ലാനും പദ്ധതികളുമാണ്‌ എന്നതും നാം വെറുതെ കണ്ട്‌ തള്ളിക്കളയുന്നകാര്യമാക്കേണ്ടതില്ല. അവ സ്വാധീനിയ്ക്കുന്നുണ്ട്‌. യുവമനസ്സുകളെ പകവീട്ടാൻ തയ്യാറെടുപ്പിയ്ക്കുന്നുമുണ്ട്‌ എന്ന സത്യം മറന്നുകൂടാ. രാഷ്ട്രീയം മലീമസമായതും രാഷ്ട്രീയ കൊലപാതകങ്ങൾ കൂടിയതും ഈവിധം യുവമനസ്സുകളെ വഴി തെറ്റിയ്ക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലും ബംഗ്ലൂരിലും കൊല്ലപ്പെട്ട യുവതികളുടെ മുഖം മനസ്സിൽ നിന്ന്‌ മായുന്നില്ല. സ്നേഹിക്കാൻ ആകുന്നില്ല; അതുകൊണണ്ട്‌ തന്നെ വിവാഹവും സാധ്യമല്ല എന്ന്‌ ഒരുത്തി പറഞ്ഞാൽ, അത്‌ സത്യമായും നന്മയായും സ്വീകരിച്ച്‌ തിരിഞ്ഞുപോകാൻ തയ്യാറല്ലാത്ത ഒരാണിനെ ഈ ലോകത്ത്‌ ആവശ്യമില്ല. നീതിപീഠങ്ങൾ വൈകാതെ കർക്കശശിക്ഷ വിധിച്ചില്ലെങ്കിൽ ഇവിടെ ഒരു പെൺകുട്ടിയ്ക്കും സ്വൈരമായി ജീവിയ്ക്കാനാകില്ല. നിയമവും മനുഷ്യാവകാശവും ഇങ്ങിനെ പരാജയപ്പെടുന്നത്‌ എല്ലാവരുടെ ജീവിതത്തിനും ജീവനും വെല്ലുവിളിയാണ്‌.


    സ്ത്രീ-പുരുഷബന്ധം ഇത്രയ്ക്ക്‌ വഷളാകാൻ അനവധികാരണങ്ങളാണുള്ളത്‌. ഒന്നാമത്‌ വീട്ടിൽ നിന്നും നാട്ടിൽ നിന്നും കിട്ടേണ്ടുന്ന യഥാർത്ഥ മൂല്യബോധം ഇന്നത്തെ ചെറുപ്പക്കാർക്ക്‌ കിട്ടുന്നില്ല. രാഷ്ട്രീയം മനുഷ്യനും മനുഷ്യനും തമ്മിലുള്ള പക വർദ്ധിപ്പിക്കുകയും 'എന്റെ നിന്റെ' എന്ന വകഭേദത്തിന്റെ ആഴവും പറപ്പും അഭ്യസിപ്പിയ്ക്കുകയും ചെയ്യുന്നു. ഞാനും എന്റെ പാർട്ടിയും, ഞാനും എന്റെ ആളുകളും എന്ന ചിന്ത ഓരോ വ്യക്തിയിലും കുത്തിവച്ച്‌ ഭിന്നിപ്പിച്ച്‌, കലക്കി നേടുന്ന രാഷ്ട്രീയ നേതൃത്വം ലോക സമാധാനത്തെയാകെ വിറപ്പിച്ചു കൊണ്ടിരിയ്ക്കയാണ്‌. മറ്റൊന്ന്‌ ശ്രേഷ്ഠരായ അധ്യാപകരും ശ്രേഷ്ഠരായ രക്ഷിതാക്കളും ഇന്ന്‌ കുറയുന്നു. രക്ഷിതാക്കൾ സ്വാർത്ഥമോഹികളും അധ്യാപകൻ തനി ഏഴാംകൂലി രാഷ്ട്രീയവാദികളും ആയത്‌ യുവതലമുറയ്ക്കു ധർമ്മബോധത്തെ ബാധിയ്ക്കുന്നുണ്ട്‌. ഏറ്റവും പ്രധാനം കാമവും സ്നേഹവും വക തിരിച്ചറിയായ്കയാണ്‌. അത്‌ പഠിപ്പിയ്ക്കാൻ സ്നേഹസമ്പന്നരായ എഴുത്തുകാരും കലാകാരന്മാരും പിതാക്കളും അധ്യാപകന്മാരും ഉണ്ടാകണം. ഉണ്ടിവിടെ; പക്ഷേ, അവരെ ആരും വിലമതിയ്ക്കുന്നില്ല.

19 Sept 2012

ദൈവം കണ്ട ദുനിയാവ്!!!

അശ്വതി ചിത്രാഞ്ജലി

കുഞ്ഞു ദൈവത്തിനു വലിയ പശ്ചാതാപമുണ്ടായി ..,മനുഷ്യനെയും മൃഗങ്ങളെയും ,സസ്യ ജന്തു ജാലങ്ങളെയും ഉണ്ടാക്കിയത് തീര്‍ത്തും അബദ്ധമായി എന്ന് ബോധ്യപെട്ടു . സ്‌നേഹം എന്ന ആയുധം കൊടുത്തത് ബുദ്ധിമോശമായിപ്പോയി എന്നു നിസ്സംശയം മനസ്സിലായി.കുഞ്ഞു ദൈവം
വലിയ ദൈവത്തോടൊരു വരം ചോദിച്ചു .എന്തു വരമാണ് വേണ്ടതെന്ന വലിയ ദൈവത്തിന്റെ ചോദ്യത്തിന് കുഞ്ഞു ദൈവം അതീവ ദു:ഖിതനായി ഇങ്ങനെ മറുപടി നല്‍കി.’എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റുകളിലൊന്നായി മനുഷ്യരാശി ദിനം പ്രതി തെളിയിച്ചുകൊണ്ടിരിക്കുന്നു ,മനുഷ്യനെന്ന വര്‍ഗ്ഗം ഞാന്‍ സൃഷ്ടിച്ചതത്രയും നശിപ്പിക്കുമെന്ന് ബോധ്യമായതിനാല്‍ മനുഷ്യനത് ചെയ്യുന്നതിന് മുന്നേ എനിക്ക് ആ കൃത്യം നിര്‍വഹിക്കണം. മനുഷ്യന് ആ അധികാരം കൂടെ നല്‍കിയാല്‍ അതില്പരം അപമാനം വേറൊന്നിനി എനിക്ക് വരാനില്ല ‘ കുഞ്ഞു ദൈവം ബോധിപ്പിച്ചു..വലിയ ദൈവം ഒരു നിമിഷം ആലോചിച്ച ശേഷം ഇങ്ങനെ വരം നല്‍കി. ‘നീ നല്‍കിയ ഏതെങ്കിലും ഒന്ന് മാത്രം തിരിച്ചെടുത്തു കൊണ്ട് ഭൂമി ഇല്ലാതാക്കുവാന്‍ സാധിക്കുമെങ്കില്‍ നിനക്ക് നിന്റെ പദ്ധതി നടപ്പിലാക്കുവാന്‍ അനുവാദം നല്‍കുന്നു ‘..കുഞ്ഞു ദൈവം ആകെ അങ്കലാപ്പിലായ് ,അതെങ്ങനെ സാധിക്കും എന്നാലോചിക്കെ ഒരിക്കലും അങ്ങനൊരു സാദ്ധ്യത ഇല്ലാതെ വലിയ ദൈവം അത് പറയില്ല എന്നോര്‍മ വന്നു.

ഇത് തന്റെ ജയമാണോ അതോ മനുഷ്യന്റെതോ എന്ന് ശങ്കിച്ച് നില്‍ക്കെ കുഞ്ഞു ദൈവത്തിനു വലിയ ദൈവം ഉദ്ധേശിച്ചത് മനസ്സിലായ്..ഭൂമിയിലെ ‘മൃതസഞ്ജീവനി’ അതില്ലാതായാല്‍ പിന്നെന്തു ഭൂമി..അങ്ങനെ കുഞ്ഞു ദൈവം ഭൂമിയിലെ ഓക്‌സിജന്‍ സപ്ലൈ നിര്‍ത്തി ഉള്ളതത്രയും തിരിച്ചെടുത്തു ..എന്തായാലും ഒരു ഒരുമണിക്കൂര്‍ വ്യായാമം കഴിഞ്ഞു വന്നു സ്റ്റാറ്റസ് പരിശോധിക്കാമെന്നു തീരുമാനിച്ചു.സത്യത്തില്‍ കുഞ്ഞു ദൈവത്തിനു ആ കാഴ്ച കണ്ടു നില്‍ക്കാനുള്ള ത്രാണി ഇല്ലായിരുന്നു. വ്യായാമം കഴിഞ്ഞു വന്നു കണ്ട കാഴ്ച സകലതും ജീവസ്സറ്റ് കിടക്കുന്നു കുഞ്ഞു ദൈവത്തെ ശരിക്കും കരയിച്ചു .. ആ സമയം വലിയ ദൈവം പ്രത്യക്ഷപെട്ടു കുഞ്ഞു ദൈവത്തെ സമാധാനിപ്പിച്ചു, കൂടാതെ കുഞ്ഞു ദൈവത്തിന്റെ വിജയത്തില്‍ ഒരു സമ്മാനം ആവശ്യ പെട്ടുകൊള്ളാന്‍ പറഞ്ഞു.. കുഞ്ഞു ദൈവത്തിനു ഭൂമി വൃത്തിയാക്കി ഒരു സ്മാരകം പണിയണമെന്നുണ്ടായിരുന്നു..വലിയ ദൈവം അത് സാധിപ്പിച്ചു കൊടുത്തു..
കുഞ്ഞു ദൈവം സ്മാരകത്തിന് മുകളില്‍ ദിവസം രേഖപെടുതാന്‍ ഒരുങ്ങെ ഒരു ശബ്ദം കേട്ടു . നോക്കിയപ്പോള്‍ അതൊരു ബഹിരാകാശ പേടകം ആയിരുന്നു, അതില്‍ നിന്നും രണ്ടു പെണ്‍കുട്ടികളും ഒരാണ്കുട്ടിയും ഒരു സ്ത്രീയും പുരുഷനും ഇറങ്ങി വന്നു, ചൊവ്വയില്‍ സ്റ്റഡി ടൂറിനു പോയ ആറു പേടകങ്ങളില്‍ ഒന്നായിരുന്നു അത്… ഇറങ്ങിയ സ്ഥലം മാറിയോ എന്ന ശങ്കയില്‍ നില്‍ക്കുന്ന അവരെ കണ്ടതും കുഞ്ഞു ദൈവവും വലിയ ദൈവവും ഒരു പോലെ സ്തബ്ധരായ് ..തന്റെ സൃഷ്ടിയില്‍ സന്തോഷിക്കാനും സങ്കടപ്പെടാനും വയ്യാതെ…

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...