Showing posts with label 27 T K JOSE I A S. Show all posts
Showing posts with label 27 T K JOSE I A S. Show all posts

18 Dec 2014

നാളികേര മേഖലയിൽ സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌ സംവിധാനങ്ങൾ കടന്നുവരട്ടെ



ടി. കെ. ജോസ്‌ ഐ എ എസ്,
ചെയർമാൻ,ചെയർമാൻ, നാളികേര വികസന ബോർഡ്


പതിനായിരക്കണക്കിന്‌ ചെറിയ നീർച്ചാലുകളായി ഒഴുകി വരുന്ന കൊച്ചരുവികൾ ഒന്നിച്ച്‌, വലിയ പുഴയായി ഒഴുകി പോകുന്ന കാഴ്ച കേരളത്തിൽ നാം ധാരാളം കാണാറുണ്ട്‌. പ്രത്യേകിച്ച്‌ വർഷകാലത്ത്‌. എന്നാൽ ഈ പുഴയ്ക്ക്‌ അനുയോജ്യമായ സ്ഥലങ്ങളിൽ ചെറുതും വലുതുമായ അണക്കെട്ടുകൾ തീർത്തുകൊണ്ട്‌ ഒഴുകിപാഴായി പോയിരുന്ന വെള്ളം സംഭരിച്ച്‌ സൂക്ഷിക്കുന്നതും നാം കണ്ടിട്ടുണ്ട്‌. നേരിട്ട്‌ അനുഭവമുള്ളതാണ്‌. കേരളത്തിലൂടെ ഒഴുകുന്ന പെരിയാറിന്റെ കാര്യം തന്നെ എടുക്കൂ. മുല്ലപ്പെരിയാറും, ഇടുക്കി, കുളമാവ്‌, ചെറുതോണി, കുണ്ടള, മാട്ടുപെട്ടി ഡാമുകളും, മൂന്നാറിലെ ഹെഡ്‌ വർക്ക്‌ ഡാമും, പൊൻമുടി, ആനയിറങ്കൽ, കല്ലാർകുട്ടി, ലോവർപെരിയാർ അവസാനം ഭൂതത്താൻകെട്ടും വരെയുള്ള അണക്കെട്ടുകളിലേയ്ക്ക്‌ ഇങ്ങനെ പതിനായിരക്കണക്കിന്‌ കൈവഴികളിലൂടെ ഒഴുകി വരുന്ന ജലത്തെ സമാഹരിച്ച്‌ സംഭരിച്ച്‌  നാം വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ഈ ജലം തന്നെ പതിനായിരക്കണക്കിന്‌ ഹെക്ടർ ഭൂമിയിലെ കൃഷിയ്ക്കും ഉപയോഗിക്കുന്നു. ഈ ജലം മുഴുവൻ കാലവർഷത്തിന്റെ കുത്തൊഴുക്കിൽ ഏതാനും ദിവസങ്ങൾ കൊണ്ട്‌ അറബിക്കടലിലേക്ക്‌ എത്തിപ്പെടേണ്ടിയിരുന്നതാണ്‌. എന്നാൽ വ്യക്തമായ ആസൂത്രണം വഴി യോജിച്ച സ്ഥലങ്ങളിൽ അണക്കെട്ടുകളും ഡൈവേർഷൻ കനാലുകളും ജലവൈദ്യുത പദ്ധതികളും വീണ്ടും ചെക്ക്‌ ഡാമുകളും ജലസേചനപദ്ധതികളുമെല്ലാം സ്ഥാപിച്ചു കഴിഞ്ഞപ്പോൾ വർഷം മുഴുവനും നമ്മുടെ സംസ്ഥാനത്തിന്‌ ഊർജ്ജം പകരുന്ന വൈദ്യുതസ്രോതസ്സായും ദശലക്ഷക്കണക്കിനു ജനങ്ങൾക്ക്‌ കുടിവെള്ളമായും നമ്മുടെ കൃഷിയിടങ്ങളിൽ വിളകളുടെ വളർച്ചക്കുള്ള ജീവജലമായും, മുൻപ്‌ പാഴായി പൊയ്ക്കൊണ്ടിരുന്ന  ഈ വെള്ളം ഉപയോഗിക്കാൻ നമുക്കു കഴിയുന്നു.

ഉചിതമായ സ്ഥലത്തും സമയത്തുമുള്ള വിഭവ സമാഹരണവും, സംഭരണവും ഒട്ടും നഷ്ടം വരാതെ വിവിധ ഉദ്ദേശ്യങ്ങൾക്കു വേണ്ടിയുള്ള അവയുടെ ഉപയോഗവും ആണ്‌ നദീതട ജലസംഭരണ, ജലസേചന, ജലവൈദ്യുത പദ്ധതികളുടെ ഈ കൂട്ടായ്മ. ഏകദേശം ഇതേ മാതൃകയിൽ തന്നെ ലക്ഷക്കണക്കിന്‌ ചെറുകിട നാമമാത്ര കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ പലവഴിക്ക്‌ പാഴായി പോകാതെ യോജിച്ച ഇടങ്ങളിൽ സമാഹരിച്ച്‌, സംഭരിച്ച്‌, സംസ്ക്കരിച്ച്‌ വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങളാക്കി ഉചിതമായ മൂല്യവർദ്ധനവോടെ ആവശ്യക്കാരായ ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്ന സംവിധാനം ഒരു നദീതട ജലസേചന പദ്ധതിയുടെ മാതൃകയിൽ നമുക്ക്‌ സങ്കൽപ്പിക്കാനാകുമോ?

ഇത്തരത്തിൽ കേരളത്തിലെ 42 ലക്ഷത്തോളം വരുന്ന ചെറുകിട - നാമമാത്ര കേര കർഷകരുടെ ഉൽപ്പന്നങ്ങളും ഉപോൽപ്പന്നങ്ങളും സമാഹരിച്ച്‌ സംഭരിച്ച്‌ സംസ്ക്കരിച്ച്‌ ഇന്ത്യയൊട്ടാകെയുള്ള ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നതിനെക്കുറിച്ച്‌ നാം ചിന്തിക്കേണ്ടതില്ലേ? ഇന്ത്യയിൽ മാത്രമല്ല വിദേശ വിപണികളിൽ പോലും നാളികേരത്തിന്റെ ഉൽപ്പന്നങ്ങൾക്ക്‌ മികച്ച ഡിമാന്റുണ്ട്‌. പക്ഷേ കേരളത്തിലെ നാളികേര കൃഷിയുടെ രീതി മനസ്സിലാക്കുമ്പോൾ ഉൽപ്പന്നങ്ങളുടെ സമാഹരണം, സംഭരണം, സംസ്ക്കരണം, വിപണനം തുടങ്ങിയ മേഖലകളിലേക്ക്‌ വലിയ ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നാമമാത്രമായി ഉണ്ടായിരുന്ന പൊതു മേഖലാ സ്ഥാപനങ്ങൾ പോലും വിവിധ കാരണങ്ങളാൽ തങ്ങളുടെ കർത്തവ്യ നിർവ്വഹണത്തിൽ തികഞ്ഞ പരാജയമായി മാറുകയും ചരമമടയുകയും ബാക്കിയുള്ളവ ചക്രശ്വാസം വലിച്ചും ശ്വാസം മുട്ടിയും മുടന്തിയും നടക്കുകയും ചെയ്യുന്നു. ഇതുകൊണ്ടെല്ലാം നമുക്കെന്ത്‌ എന്ന്‌ കർഷകർ ചോദിച്ചു തുടങ്ങിയാൽ ഉത്തരവുമില്ല. ഈയൊരു സാഹചര്യത്തിലാണ്‌ ആധുനിക മാനേജ്‌മന്റ്‌ സങ്കേതങ്ങളിൽ സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌ എന്ന്‌ അറിയപ്പെടുന്ന, ഉൽപ്പാദന സംസ്ക്കരണ വിപണന പ്രക്രിയ്ക്ക്‌ അത്യാവശ്യം വേണ്ട, മാനേജ്‌മന്റ്‌ തന്ത്രങ്ങളെക്കുറിച്ച്‌ കേരളത്തിലെ ഓരോ ജില്ലയിലേയും ബ്ലോക്കിലേയും ഗ്രാമത്തിലേയും കേര കർഷകരുടെ കൂട്ടായ്മകൾ വഴി നാം ചിന്തിച്ചു തുടങ്ങേണ്ടത്‌. ഭാവിയിലേക്കുള്ള ഈ ലക്ഷ്യം വച്ചുകൊണ്ടാണ്‌ നവംബർ ലക്കം മാസിക സപ്ലൈ ചെയിൻ മാനേജ്‌മന്റിന്റെ വിവിധ വശങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌. 13 നാളികേര ഉൽപ്പാദക കമ്പനികളും 273 നാളികേര ഉൽപാദക ഫെഡറേഷനുകളും 5500 നാളികേര ഉൽപാദക സംഘങ്ങളുമുള്ള ഒരു ശൃംഖല ഇന്ന്‌ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്‌. നമ്മുടെ ഉൽപ്പന്ന സമാഹരണത്തിനും സംസ്ക്കരണത്തിനും ഈ മൂന്നു തലങ്ങളിലുമുള്ള കർഷക കൂട്ടായ്മകൾക്ക്‌ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന്‌ ഗൗരവമായി പഠിക്കേണ്ട സമയം സമാഗതമായിരിക്കുകയാണ്‌. അതിനുള്ള ആദ്യ പടിയായിട്ടാണ്‌, സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌എന്ന ആശയം ഈ ലക്കത്തിലൂടെ അവതരിപ്പിക്കുന്നത്‌.

നാളികേരത്തിൽ മാത്രമല്ല മറ്റെല്ലാ കാർഷിക ഉൽപന്നങ്ങളിലും സമാന രീതിയിലുമുള്ള സമാഹരണവും സംഭരണവും സംസ്ക്കരണവും മൂല്യ വർദ്ധനവും മൂല്യചോർച്ചയുണ്ടാകാതെ ഉപഭേക്താക്കളിലേക്ക്‌ എത്തിക്കുന്ന പ്രക്രിയ  ലോകത്ത്‌ പല രാജ്യങ്ങളിലും ഇന്നു നടക്കുന്നുണ്ട്‌. ആധുനിക ഐ.ടി സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി വ്യക്തമായ വിവരങ്ങൾ സംഭരിച്ച്‌ ഉചിതമായ സമയത്തും സ്ഥലത്തും പഴങ്ങളും പച്ചക്കറിക്കറികളും പോലെ കേടുവരുവാൻ കൂടുതൽ സാദ്ധ്യതയുള്ള ഉൽപന്നങ്ങൾ വരെ ശേഖരിച്ച്‌ ലോകത്തിന്റെ വിവിധ കോണുകളിലുള്ള സംഭരണ ശാലകളിലൂടെ കാലാവസ്ഥയ്ക്കും ഉപഭോക്തൃ താൽപര്യങ്ങൾക്കും അനുസരിച്ച്‌ ഇന്ന്‌ നമ്മുടെ നാട്ടിൽ എത്തുന്നുണ്ട്‌.  ഉത്തരാർദ്ധഗോളത്തിലെ ആപ്പിൾ സീസൺ അവസാനിക്കുമ്പോഴേയ്ക്കും ദക്ഷിണാർദ്ധഗോളരാജ്യങ്ങളിലെ ആപ്പിൾ കർഷകരിൽ നിന്ന്‌ അവ സംഭരിച്ച്‌ കേടുകൂടാതെ സൂക്ഷിച്ച്‌ ഇന്ത്യയിലേയും യൂറോപ്പിലേയും വടക്കൻ അമേരിക്കയിലേയും മാർക്കറ്റുകളിലേയ്ക്ക്‌ എത്തിക്കുന്നു. സാധാരണ ഗതിയിൽ വർഷത്തിൽ നാലോ അഞ്ചോ മാസം മാത്രം നീണ്ടുനിൽക്കുമായിരുന്ന ആപ്പിൾ വിപണി ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇന്ന്‌ പന്ത്രണ്ട്‌ മാസവും സജീവമാണ്‌. ദശാബ്ദങ്ങൾക്കു മുമ്പ്‌ നമുക്ക്‌ ഓറഞ്ച്‌ ലഭിച്ചിരുന്നത്‌ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ്‌. എന്നാൽ ഇന്ന്‌ വർഷം മുഴുവൻ എവിടെനിന്നെല്ലാമോ ഉള്ള ഓറഞ്ചുകൾ നമ്മുടെ വിപണിയിൽ സുലഭമാണ്‌. മാമ്പഴത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇങ്ങനെ സീസണൽ വിളകൾ പോലും വർഷം മുഴുവൻ ലഭ്യമാക്കുന്നതിന്റെ പിന്നിലെ അടിസ്ഥാന തത്വങ്ങൾ അനാവരണം ചെയ്യുന്നതിന്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിനെക്കുറിച്ചുള്ള വിവരങ്ങൾ നമ്മെ സഹായിക്കും. ഈ അറിവ്‌ വഴി മാത്രമേ കൂടുതൽ സുരക്ഷിതമായി സംഭരിക്കാൻ കഴിയുന്ന നാളികേരത്തിനെ ലോകത്തിന്റെ എല്ലാ കോണുകളിലും നിർബാധം എത്തിക്കാൻ നമുക്ക്‌ കഴിയൂ. വിൽപനയിൽ റെക്കോർഡ്‌ സൃഷ്ടിച്ച ലോക പ്രശസ്തമായ തോമസ്‌. എൽ ഫ്രിഡ്മാന്റെ 'വേൾഡ്‌ ഈസ്‌ ഫ്ലാറ്റ്‌' എന്ന പുസ്തകത്തിൽ ലോകത്തെ ഫ്ലാറ്റ്‌ ആക്കുന്നതിന്‌ മുഖ്യ പങ്കുവഹിച്ച പത്തു പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത്‌ ആധുനിക സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനത്തെയാണ്‌. വാൾ മാർട്ട്‌ പോലെ അന്താരാഷ്ട്ര പ്രശസ്തമായ ചില്ലറ വിൽപന ലോകത്തെ ഭീമന്മാരും നമ്മുടെ നാട്ടിലെ തന്നെ പ്രധാനപ്പെട്ട റീട്ടെയിൽ വ്യപാരികളുടെയുമെല്ലാം വിജയകരമായ നടത്തിപ്പിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനമാണ്‌. ദശലക്ഷകണക്കിനു ചെറുകിട ഉത്പാദകരിൽ നിന്ന്‌ ഉൽപന്നങ്ങൾ യഥാസമയം സംഭരിച്ച്‌ സമാഹരിച്ച്‌ വിവിധ വിപണന കേന്ദ്രങ്ങളിലേയ്ക്ക്‌ നഷ്ടം കൂടാതെ എത്തിക്കുകയും വില നിലവാരം നിയന്ത്രിക്കുകയും ചെയ്യുന്നതിന്‌ ഇത്തരത്തിലുള്ള സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനങ്ങളാണ്‌ ഉപയോഗിക്കുക. ഭാഗ്യത്തിന്‌ നാളികേരത്തിന്റെ കാര്യത്തിൽ വിളവെടുപ്പ്‌ വർഷം മുഴുവൻ നീണ്ടു നിൽക്കുന്നുണ്ട്‌. ഉയർന്ന വിളവ്‌ ചില പ്രത്യേക മാസങ്ങളിൽ ചില പ്രത്യേക സംസ്ഥാനങ്ങളിൽ ലഭിക്കുന്നുണ്ടെങ്കിൽ പോലും പന്ത്രണ്ടുമാസക്കാലവും വിളവു ലഭിക്കുന്ന കൃഷിയാണ്‌ നാളികേരം. അതുകൊണ്ടുതന്നെ തുടർച്ചയായ സംസ്ക്കരണ പ്രക്രിയയ്ക്ക്‌ എപ്പോഴും ഉൽപന്നം ലഭ്യവുമാണ്‌. പക്ഷെ, നമ്മുടെ ചെറുകിട നാമമാത്ര കർഷകർ തീർത്തും ദുർബലരും മൂലധന സമാഹരണത്തിൽ പിന്നോക്കവുമായിരുന്നതുകൊണ്ട്‌ ഉൽപന്ന സംഭരണത്തിന്റെയോ സംസ്ക്കരണത്തിന്റെയോ വിപണനത്തിന്റെയോ തലങ്ങളിൽ ഇടപെടുവാനുള്ള അവസരം വളരെ കുറവായിരുന്നു. ഈ അവസ്ഥ നമുക്ക്‌ മാറ്റിയെടുക്കാൻ കഴിയില്ലേ? കഴിയണ്ടേ? തീർച്ചയായും വേണം.

 നാളികേരമേഖലയിലേക്ക്‌ ആധുനിക സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ സങ്കേതങ്ങൾ അവലംബിക്കുവാൻ സമയമായി. വ്യക്തമായ വിവരങ്ങളുടെയും കർഷകർ സമാഹരിച്ച ഓഹരി മൂലധനത്തിന്റെയും അടിസ്ഥാനത്തിൽ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന്‌ വേണ്ട വായ്പ കൂടി തരപ്പെടുത്തി നമ്മുടെ ഉത്പാദക കമ്പനികൾ മുൻകൈ എടുത്ത്‌  ഉൽപന്നങ്ങളുടെ പ്രത്യേകിച്ച്‌ നാളികേരത്തിന്റെ സംഭരണവും സംസ്ക്കരണവും ഉയർന്ന തോതിൽ ആരംഭിക്കേണ്ട കാലം സമാഗതമായിരിക്കുന്നു. സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ സങ്കേതങ്ങൾ വളരെ ലളിതമായി എന്നാൽ വിശദമായി ഉത്പാദക കമ്പനികളുടെ ഭാരവാഹികൾക്കും നാളികേര ഉത്പാദക ഫെഡറേഷനുകൾക്കും  സി.പി.എസുകൾക്കും കേരകർഷകർക്കും മനസ്സിലാക്കിക്കൊടുക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഇത്തരം കാര്യങ്ങൾ പഠിച്ച,​‍്‌ മനസ്സിലാക്കി,  കൂട്ടത്തിൽ മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യമുള്ള ആളുകളുടെ സഹായം കൂടി തേടി നമ്മുടെ ഉത്പാദക കമ്പനികൾ ഈ രംഗത്തേയ്ക്ക്‌ കടന്നു വരണമെന്ന്‌ അഭ്യർത്ഥിക്കുന്നു. നമ്മുടെ നാട്ടിൽ മാനേജ്‌മന്റിൽ ബിരുദാനന്തരബിരുദ കോഴ്സുകൾ നടത്തുന്ന നൂറുകണക്കിന്‌ സ്ഥാപനങ്ങൾ ഇന്ന്‌ നിലവിലുണ്ട്‌.  അവയിൽ പല ഡിപ്പാർട്ടുമന്റുകളിലും സപ്ലൈ ചെയ്ൻ മാനേജ്‌മന്റിൽ അറിവും പ്രാഗത്ഭ്യവുമുള്ളവരുണ്ട്‌. കുറേ പേരെങ്കിലും വ്യവസായ അനുഭവമുള്ളവരുമാകാം. ഇത്തരത്തിലുള്ള ആളുകളെ ഓരോ ഉത്പാദക കമ്പനികളും കണ്ടുപിടിക്കുന്നതിന്‌ ശ്രമിക്കുമല്ലോ.  അവരുടെ സഹായത്തോടെ സ്വന്തമായ മാനേജ്‌മന്റ്‌ ടീമിനെ ഓരോ ഉത്പാദക കമ്പനികളും പരിശീലിപ്പിക്കേണ്ടതുണ്ട്‌. ഇത്തരത്തിൽ ഒരു ടീമിനെ തയ്യാറാക്കി എടുക്കുക എന്നതാണ്‌ നാളികേരമേഖലയിൽ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിപണനത്തിന്‌ നാം അടിയന്തിരമായി ചെയ്യേണ്ട കാര്യം.

വിപണന രംഗത്തേക്ക്‌ ഉത്പാദക കമ്പനികൾക്ക്‌ കാൽവെയ്പ്‌ നടത്തണമെങ്കിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിനെക്കുറിച്ചുള്ള പഠനങ്ങൾ.  വിപണി പഠനവും ഉപഭോക്താക്കളുടെ ഡിമാന്റും, സംസ്ഥാനങ്ങൾ തിരിച്ചും പട്ടണങ്ങൾ തിരിച്ചും പ്രദേശങ്ങൾ തിരിച്ചുമെല്ലാം ഉൽപന്നത്തിന്റെ ഡിമാന്റു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച്‌ അത്തരം കാര്യങ്ങൾ അപഗ്രഥിച്ച്‌ ഉചിതമായ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ രീതി തയ്യാറാക്കിയെടുക്കേണ്ടതുണ്ട്‌. കേരളത്തിനു വെളിയിലേക്ക്‌ തങ്ങളുടെ ഉൽപന്നങ്ങളുമായി പോകുമ്പോൾ ഒത്തൊരുമയോടെ നിൽക്കുന്നതിന്‌ നമുക്ക്‌ കഴിയണം. ഉത്പാദക കമ്പനികളുടെ കൺസോർഷ്യം സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ നൂതന സംരംഭങ്ങൾക്കു തുടക്കം കുറിക്കണമെന്ന്‌ അഭ്യർത്ഥിക്കുകയാണ്‌.
കമ്പ്യൂട്ടറും വിവര സാങ്കേതിക വിദ്യയുമൊക്കെ നമ്മുടെ നാട്ടിൽ  അപ്രാപ്യമായിരുന്നൊരു കാലഘട്ടത്തിൽ, നമ്മുടെ നാളികേരമേഖലയിൽ ലഘുവായ ഒരു സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനം നിലവിലുണ്ടായിരുന്നു. മിക്കവാറും ഓരോ ഗ്രാമങ്ങളിലും ഏതാനും കൊപ്രാ വ്യാപാരികളും ഒന്നോ ഒന്നിലധികമോ കൊപ്രാ സംസ്ക്കരണ യൂണിറ്റുകളും അവർക്ക്‌ നാളികേരം എത്തിച്ചു കൊടുത്തിരുന്ന  വിൽപനക്കാരും  ചിതറിക്കിടക്കുന്ന ചെറുകിട നാമമാത്ര കർഷകരിൽ നിന്ന്‌ നാളികേരം ശേഖരിക്കുന്ന ചെറുകിട വ്യാപാരികളും അവരിൽ നിന്ന്‌ നാളികേരം വാങ്ങുന്ന മൊത്ത വ്യാപാരികളുമെല്ലാം അടങ്ങിയ ഒരു ശൃംഖല നാട്ടിൻപുറങ്ങളിൽ പണ്ട്‌ നിലവിലുണ്ടായിരുന്നു. എന്നാൽ മോഡേൺ മില്ലുകളും പുതിയ സംസ്ക്കരണ സംവിധാനവുമെല്ലാം നിലവിൽ വന്നപ്പോഴാണ്‌ അനൗപചാരിക സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ എന്നു വിളിക്കാൻ നാം മടിച്ചിരുന്ന ഈ സമാഹരണ സംഭരണ സംസ്കരണ പ്രക്രിയയുടെ കണ്ണികൾ പതിയെപതിയെ പൊട്ടിപ്പോയത.​‍്‌

ഇന്ന്‌ ആ രീതിയായിരിക്കണമെന്നില്ല ഉപയോഗിക്കേണ്ടത്‌. നൂതനമായ മാനേജ്‌മന്റ്‌ സങ്കേതങ്ങളും  വിവര സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി ഉത്പാദക കമ്പനികൾ ഈ മേഖലയിലേക്കു കടന്നു വരണം. തങ്ങളുടെ കീഴിലുള്ള ഫെഡറേഷനുകളുടെയും സംഘങ്ങളെയും അവയിൽ അംഗങ്ങളായിട്ടുള്ള കർഷകരെയും സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ കമ്പ്യൂട്ടറൈസ്‌ ചെയ്ത്‌  അവരുടെ ഉൽപന്നം, ഉത്പാദന ശേഷി, മാസംതോറുമുള്ള വിളവെടുപ്പ്‌ അത്‌ എപ്രകാരം ക്രമീകരിക്കണം എപ്രകാരം പ്രയോജനപ്പെടുത്തണം, അതിൽ നിന്ന്‌ ഉൽപന്നങ്ങൾ ഉണ്ടാക്കി എപ്രകാരം സമാഹരിക്കണം തുടങ്ങിയ കാര്യങ്ങൾ പഠിച്ച്‌ തീരുമാനിക്കാൻ കഴിയണം. ഈ മേഖലയിൽ വിജയിക്കണമെങ്കിൽ അതിനു നേതൃത്വം കൊടുക്കേണ്ടത്‌ ഉത്പാദക കമ്പനികളാണ്‌. ഇങ്ങനെ ഉത്പാദക കമ്പനികൾ നേതൃത്വം കൊടുക്കുന്ന, മാനേജ്‌മന്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായം തേടുന്ന, ഒരു സംവിധാനത്തിലേയ്ക്ക്‌ നാം  മുമ്പോട്ടു പോകേണ്ടതില്ലേ? ഇതിനാണ്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ പ്രാഥമികവും ആധുനികവുമായ വശങ്ങളെക്കുറിച്ചു പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും. ഇക്കാര്യത്തിലേയ്ക്ക്‌ നിങ്ങളുടെ എല്ലാവരുടേയും ശ്രദ്ധപതിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

19 Oct 2014

കൽപവൃക്ഷത്തിന്റെ യഥാർത്ഥമൂല്യം പ്രയോജനപ്പെടുത്താം


ടി. കെ. ജോസ് .ഐ എ എസ്


ചെയർമാൻ,നാളികേര വികസന ബോർഡ്

കൽപവൃക്ഷ ഫലമായ നാളികേരം മനുഷ്യന്റെ ഭക്ഷ്യാവശ്യങ്ങൾക്കു മാത്രമല്ല ഔഷധ ആവശ്യങ്ങൾക്കും പുരാതന കാലം മുതൽ ഉപയോഗിക്കുന്നുണ്ട്‌. ഭാരതത്തിന്റെ തനത്‌ ചികിത്സാരീതിയായ ആയുർവേദത്തിൽ നാളികേരത്തിന്റേയും നാളികേര ഉൽപന്നങ്ങളുടേയും നിരവധി ഔഷധമൂല്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. നാളികേരത്തിൽ നിന്നു നിർമ്മിക്കുന്ന പല ഔഷധങ്ങളുടേയും  ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്‌. നാളികേര കൃഷിയെ കേവലമൊരു നാണ്യവിളയായിട്ടോ, തോട്ട വിളയായിട്ടോ , എണ്ണക്കുരുവായിട്ടോ മാത്രമാണോ കാണേണ്ടത്‌? അലോപ്പതി, ആയുർവേദം, സിദ്ധ, യുനാനി തുടങ്ങിയ  ചികിത്സാരീതികളിലെല്ലാം നാളികേര ഉൽപന്നങ്ങളോ, നാളികേര ഉൽപന്നങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സംയുക്തങ്ങളോ നിലവിൽ ഉപയോഗിക്കുന്നു. അതിനാൽ നാളികേര കൃഷിയെ വ്യത്യസ്തമായൊരു കാഴ്ച്ചപ്പാടിലൂടെ, ചികിത്സാ രംഗത്ത്‌ ആവശ്യമായ നിരവധി ഉൽപന്നങ്ങളുടെ സ്രോതസ്‌, അസംസ്കൃത വസ്തു എന്നീ നിലകളിൽ കൂടി കാണുന്നതിനുള്ള പരിശ്രമമാണ്‌ ഈ ലക്കം ഇന്ത്യൻ നാളികേര ജേണലിലൂടെ നടത്തുന്നത്‌.
നാളികേര കൃഷിയിൽ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ആളുകൾക്ക്‌ താൽപര്യം കുറഞ്ഞുവരുന്നു. 'കൊപ്രമരം', 'വെളിച്ചെണ്ണ മരം' എന്നൊക്കെ പേരിട്ട്‌ തെങ്ങിനെ മാറ്റിനിറുത്തുകയും നാളികേരത്തേക്കാൾ ആകർഷകമായ വരുമാനം നേടിത്തരുന്ന മറ്റു നാണ്യവിളകളെ ആദരിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ, തെങ്ങുകൃഷിയിൽ ആളുകളുടെ താൽപര്യം കുറഞ്ഞത്‌ സ്വാഭാവികം മാത്രം. ഇടയ്ക്കിടെ ഉണ്ടാകുന്ന വിലത്തകർച്ചയും രോഗ, കീട ബാധകളും, ഉത്പാദനച്ചെലവിലെ വർദ്ധനയുമെല്ലാം നാളികേര കൃഷിയിൽ ആളുകൾക്ക്‌ പ്രതിപത്തി കുറയുന്നതിന്‌ ആക്കം കൂട്ടി. എന്നാൽ ഈയടുത്ത കാലത്ത്‌ കേരളത്തിൽ നാളികേര കൃഷിയോട്‌ താൽപര്യം വർദ്ധിക്കുന്ന കാഴ്ചയാണ്‌ കാണുന്നത്‌. നാളികേരവിലയിലെ ഉയർച്ചയും, റബ്ബർ വിലയിലെ താഴ്ച്ചയും കർഷകരെ നാളികേരത്തിലേക്ക്‌ ആകൃഷ്ടരാക്കുന്നു. അതോടൊപ്പം തന്നെ കേരളത്തിലുടനീളം രൂപീകരിക്കപ്പെട്ട നാളികേര കർഷകരുടെ തൃത്താല ഉത്പാദക കൂട്ടായ്മകൾ - ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും - നാളികേരകൃഷിയോട്‌ കർഷകർക്ക്‌ ആവേശം ഉണർത്തുന്നതിന്‌ നല്ല പങ്ക്‌ വഹിക്കുന്നുണ്ട്‌. കേരകർഷകരുടെ ഉത്പാദക കൂട്ടായ്മകൾ  അവർ ഏറ്റെടുത്തിരിക്കുന്ന ഈ ദൗത്യവുമായി മുന്നോട്ട്‌ പോകുന്നതിന്‌ പാരമ്പര്യേതരങ്ങളായ നാളികേര ഉൽപന്നങ്ങളും അവയുടെ ഉപയോഗരീതികളും വിപണി സാദ്ധ്യതകളും കണ്ടെത്തി അവയുടെ ഉത്പാദന രംഗത്തേക്ക്‌ കടന്നു വരേണ്ടിയിരിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയാണ്‌ ഈ ലക്കം നാളികേര ജേണൽ ഔഷധരംഗവും നാളികേരവുമെന്ന പ്രത്യേക പതിപ്പായി പ്രസിദ്ധീകരിക്കുന്നത്‌.

നാളികേരത്തെ കേരളത്തിൽ എണ്ണക്കുരുവായിട്ടും മലയാളികളുടെ പാചകാവശ്യത്തിലെ ഒഴിവാക്കാനാവാത്ത വിഭവമായിട്ടും പൊതുവേ കരുതുന്നുണ്ട്‌. വെളിച്ചെണ്ണയും അത്‌ ചേർത്തുണ്ടാക്കുന്ന നിരവധി ഔഷധങ്ങളും പുരാതന കാലം മുതലേ നമുക്ക്‌ പരിചിതമാണ്‌. ആരോഗ്യപരിപാലന രംഗത്ത്‌ തെങ്ങിൻ പൂക്കുലാദി രസായനം പോലുള്ള നിരവധി ഔഷധക്കൂട്ടുകളിൽ തെങ്ങിന്റെ വിവിധ ഉൽപന്നങ്ങൾ ഉപയോഗിച്ചിരുന്നു. നാളികേരത്തെ ഭക്ഷ്യഉൽപന്നവും, വ്യാവസായിക ആവശ്യത്തിനുള്ള അസംസ്കൃത വസ്തുവും, ഔഷധനിർമ്മാണത്തിനുള്ള വസ്തുവായും മറ്റുമാണ്‌ ഇന്ന്‌ കാണുന്നത്‌.  തെങ്ങിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽ ഔഷധമൂല്യങ്ങളുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനും ഔഷധ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ ഗവേഷണവും പഠനവും ഉണ്ടാകേണ്ടതുണ്ട്‌.അവയിലൂടെ ലഭിക്കുന്ന അറിവുകൾ ചേർത്ത്‌ പുതിയ ഉൽപന്നങ്ങൾ നിർമ്മിക്കേണ്ടതുമുണ്ട്‌.

നമ്മുടെ നാട്ടറിവുകൾ ശാസ്ത്രീയ പരീക്ഷണ നിരീക്ഷണങ്ങൾക്ക്‌ വിധേയമാക്കി പ്രസിദ്ധപ്പെടുത്തിക്കഴിയുമ്പോഴാണ്‌  ചികിത്സാ രംഗത്തെ അവയുടെ മൂല്യം അംഗീകരിക്കപ്പെടുന്നത്‌. കരിക്കിൻ വെള്ളത്തിന്റേയും, തെങ്ങിൻ പൂക്കുലാദി ലേഹ്യത്തിന്റേയും,  നീരയിൽ നിന്ന്‌ നിർമ്മിക്കുന്ന നിരവധി ഉൽപന്നങ്ങളുടേയുമൊക്കെ ഔഷധസാദ്ധ്യതകൾ ശാസ്ത്രീയമായി തെളിയിച്ചാൽ നാളികേരഉൽപന്നങ്ങളുടെ വിപണി ഇന്നുള്ളതിന്റെ എത്രയോ മടങ്ങ്‌ വിശാലമാക്കാൻ സാധിക്കും. നാട്ടറിവുകളെകുറിച്ച്‌ ആധുനിക ശാസ്ത്രത്തിന്റെ പിൻബലത്തോടെ ഗവേഷണം നടത്തി, ഔഷധാവശ്യങ്ങൾക്കുള്ള പ്രത്യേകസംയുക്തങ്ങൾ വേർതിരിച്ചെടുക്കുന്നതിന്‌ വിദേശരാജ്യങ്ങളിൽ ശ്രമം നടക്കുന്നുണ്ട്‌. വെളിച്ചെണ്ണയിൽ നിന്ന്‌ നിരവധിഉൽപന്നങ്ങൾ വേർതിരിച്ചെടുക്കുന്ന യൂണിറ്റുകൾ പ്രവർത്തിക്കുന്നത്‌, തെങ്ങ്‌ കൃഷി പോലുമില്ലാത്ത രാജ്യങ്ങളിലാണ്‌. ഹോളണ്ടിലും ജർമ്മിനിയിലും ഫ്രാൻസിലും സ്വിറ്റ്സർലണ്ടിലും കാനഡയിലും സിംഗപ്പൂരിലുമൊക്കെ നാളികേരത്തിൽ നിന്ന്‌ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കാഴ്ചയാണ്‌ ഇന്ന്‌ നാം കാണുന്നത്‌. എന്തുകൊണ്ടാണ്‌ ഇന്ത്യയിൽ ഇത്തരം ഗവേഷണങ്ങളും ഉത്പാദനവും നടക്കാത്തത്‌?  മുറ്റത്തെ മുല്ലയ്ക്ക്‌ മണമില്ല എന്ന്‌ പറയുന്നത്‌ പോലെ നമ്മുടെ സന്തസഹചാരിയായ തെങ്ങിനെ നാം ഇതുവരെ ഗൗരവമായി കണ്ടിട്ടില്ല. കാണാൻ ശ്രമിക്കുന്നില്ല എന്നതാണ്‌ സത്യം. ആധുനിക ചികിത്സയിലും ആരോഗ്യ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിലും നാളികേരത്തിന്റെയും നാളികേര ഉൽപന്നങ്ങളുടേയും സാധ്യതകൾ  വികസിത രാജ്യങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്‌. പച്ച തേങ്ങാപ്പാലിൽ നിന്നും ഉത്പാദിപ്പിക്കുന്ന വെർജിൻ കോക്കനട്ട്‌ ഓയിൽ യുഎസ്‌എയിൽ അലോപ്പതി ഡോക്ടർമാർ അൽഷിമേഴ്സ്‌  രോഗത്തിന്‌ പ്രതിവിധിയായി ഉപയോഗിക്കുന്നു.  അമിതവണ്ണത്തിനുള്ള ചികിത്സയിലും, തൈറോയിഡ്‌, ഓട്ടിസം, പ്രമേഹം, ഗോയിറ്റർ തുടങ്ങിയ രോഗങ്ങൾക്കും വെർജിൻ കോക്കനട്ട്‌ ഓയിലിന്റെ ഔഷധ സാധ്യതകൾ അവർ കണ്ടെത്തിക്കഴിഞ്ഞു.

 നാളികേര വെള്ളത്തിൽ നിന്നും നിർമ്മിക്കുന്ന കൊക്കോസീന്‌  ഇന്ന്‌ ലോകവിപണിയിൽ ഒരു ഗ്രാമിന്‌ 600 രൂപയോളം വിലയുണ്ട്‌.  ആധുനിക ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നാളികേരത്തിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങളേയും, തെങ്ങ്‌ എന്ന വിളയുടെ എല്ലാ ഭാഗങ്ങളേയും ഗവേഷണ ബുദ്ധിയോടെ കൂടുതൽ പഠിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇത്‌ വിരൽ ചൂണ്ടുന്നത്‌.  ന്യൂട്രസ്യൂട്ടിക്കൽസ്‌ രംഗത്ത്‌ കേരത്തിന്റേയും കേരോൽപന്നങ്ങളുടേയും സാധ്യത വലുതാണെന്ന്‌ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യലോകം മുഴുവൻ 'ഡയറി ഫ്രീ' ബിവറേജിലേക്കും ഐസ്ക്രീമിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്‌. വെജിറ്റേറിയൻ മിൽക്കിന്റെ കാര്യത്തിൽ നാളികേര കൃഷി ഇല്ലാത്ത അമേരിക്കയും മറ്റും പ്രാമുഖ്യം കൊടുക്കുന്നത്‌ തേങ്ങാപ്പാലിനാണ്‌. യോബാബീൻ കൃഷിയുടെ ഈറ്റില്ലമായ യുഎസ്‌എയിൽ സോയാ, ഗ്രൗണ്ട്നട്ട്‌ തുടങ്ങിയ വസ്തുക്കളിൽ നിന്നും ഉത്പാദിപ്പിക്കുന്ന പാലിനേക്കാൾ, തേങ്ങാപ്പാൽ, പാൽപൊടി, തേങ്ങാ ക്രീം എന്നിവ വ്യാപകമായിരിക്കുന്നത്‌, നാളികേരത്തിന്റെ ഔഷധമൂല്യം കൊണ്ടുതന്നെയാണ്‌. തേങ്ങാപ്പാലിൽ നിന്നുമാത്രം മുപ്പതിലേറെ ഉൽപന്നങ്ങൾ നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന കമ്പനികൾ ഇന്ന്‌ യുഎസ്‌എയിലുണ്ട്‌. ഓസ്ട്രേലിയയിൽ തേങ്ങാപ്പാലിൽ നിന്ന്‌ കോക്കനട്ട്‌ യോഗർട്ടും കോക്കനട്ട്‌ ഐസ്ക്രീമും നിർമ്മിക്കുന്നു.  ഈ രണ്ട്‌ രാജ്യങ്ങളിലും തെങ്ങുകൃഷി ഇല്ല എന്നത്‌ ശ്രദ്ധിക്കുക.   തെങ്ങുകൃഷിയില്ലാത്ത വികസിത രാജ്യങ്ങൾ നാളികേരത്തിന്റെ മൂല്യവും മഹത്വവും തിരിച്ചറിഞ്ഞ്‌ അതിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുമ്പോൾ നാം എന്തുകൊണ്ടാണ്‌ പുറകിൽ നിൽക്കുന്നത്‌? ഇന്ത്യയിലെ കാർഷിക ഭക്ഷ്യ- സംസ്ക്കരണ വ്യവസായ മേഖലയിലെ വമ്പന്മാരും ഭീമന്മാരും ഈ രംഗത്തേക്ക്‌ അശ്ശേഷം ശ്രദ്ധ തിരിച്ചിട്ടില്ല.  വലിയ വില കൊടുത്ത്‌ ഇത്തരം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനാണ്‌ അവർക്ക്‌ താൽപര്യം.  ഈ സാദ്ധ്യതയാണ്‌ നമ്മുടെ നാളികേര കർഷക കൂട്ടായ്മകളുടെ മൂന്നാം തലമായ ഉത്പാദക കമ്പനികൾ പ്രയോജനപ്പെടുത്തേണ്ടത്‌. ശാസ്ത്ര സാങ്കേതിക - ഗവേഷണ - വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോർത്ത്​‍്‌ ലഭ്യമായ മുഴുവൻ അറിവുകളും പ്രയോജനപ്പെടുത്തി, നാളികേരത്തിൽ നിന്ന്‌ ഔഷധമേഖലയ്ക്ക്‌ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ നിർമ്മാണ യൂണിറ്റുകൾ നമുക്കും ആരംഭിക്കാൻ കഴിയും. തേങ്ങാപ്പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഇവിടെ നിർമ്മിച്ച്‌ സ്വദേശ, വിദേശ വിപണികളിൽ എത്തിക്കുന്നതിന്‌ നാം കൂടുതൽ ശ്രദ്ധിക്കണം. ഇതിനെല്ലാം വേണ്ടത്‌ നാളികേരാധിഷ്ഠിത വ്യാവസായിക ഉൽപന്നങ്ങളും, ഔഷധഉൽപന്നങ്ങളും സംബന്ധിച്ച ഗവേഷണ പഠനങ്ങൾ നമ്മുടെ നാട്ടിൽ ആരംഭിക്കുക എന്നതാണ്‌. തേങ്ങാപ്പാലിൽ നിന്നുള്ള  ഉൽപന്നങ്ങളുടെ സാദ്ധ്യത  വിദേശികൾ മനസ്സിലാക്കുകയും നമുക്ക്‌ അതിന്‌ കഴിയാതെ പോവുകയും ചെയ്യുന്നത്‌, ഈ രംഗത്ത്‌ നമുക്ക്‌ പഠനങ്ങളും സാങ്കേതിക വിദഗ്ദ്ധരും ഇല്ലാത്തതുകൊണ്ടാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇത്തരം കോഴ്സുകൾ ഇന്ത്യയിലില്ല എന്നതും നമ്മുടെ പരിമിതിയാണ്‌.

വെർജിൻ കോക്കനട്ട്‌ ഓയിൽ, കോക്കനട്ട്‌ മിൽക്ക്‌, കോക്കനട്ട്‌ ക്രീം, കോക്കനട്ട്‌ മിൽക്ക്‌ പൗഡർ, നാല്‌ ശതമാനത്തിൽ താഴെമാത്രം കൊഴുപ്പുള്ള ഐസ്ക്രീം, തേങ്ങയിൽ നിന്നും ലഭിക്കുന്ന പൊങ്ങ്‌ (വീ​‍െ​‍്​‍ൃശൗ​‍ാ) ഉപയോഗിച്ച്‌ നിർമ്മിക്കാവുന്ന ഹെൽത്ത്‌ ഫുഡ്‌ ഉൽപന്നങ്ങൾ തുടങ്ങിയവയിൽ ചെറിയ തോതിലെങ്കിലും നമ്മുടെ ഗവേഷണ സ്ഥാപനങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്‌. ഇത്തരം ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിന്‌ നമ്മുടെ ഉത്പാദക കമ്പനികളുടെ അടിയന്തിരശ്രദ്ധ പതിയേണ്ടതുണ്ട്‌. ഈ മേഖലയെക്കുറിച്ച്‌ പഠിക്കുന്നതിനും അതിന്‌ പറ്റിയ വിദഗ്ദ്ധരെ കണ്ടെത്തുന്നതിനും നിർമ്മാണ യൂണിറ്റുകൾ തുടങ്ങുന്നതിനും കമ്പനികൾ ലക്ഷ്യംവയ്ക്കണം. വെർജിൻ കോക്കനട്ട്‌ ഓയിലിന്‌ വികസിത രാജ്യങ്ങളിൽ നിന്ന,​‍്‌ ആരോഗ്യപരിപാലന, ന്യൂട്രസ്യൂട്ടിക്കൽസ്‌, കോസ്മസ്യൂട്ടിക്കൽസ്‌ രംഗങ്ങളിൽ നിന്നെല്ലാം ഡിമാന്റ്‌ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌.  പക്ഷെ, ലോകത്തെ ഏറ്റവും വലിയ നാളികേരോത്പാദക രാജ്യമായ ഇന്ത്യയിൽ നിന്നുള്ള ഇത്തരം ഉൽപന്നങ്ങൾ  പരിമിതമാണ്‌. മറിച്ച്‌ ഫിലിപ്പീൻസ്‌, ശ്രീലങ്ക, ഇൻഡോനേഷ്യ, മലേഷ്യ, തായ്‌ലന്റ്‌, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ്‌ ഈ സാധ്യതകൾ ഏറ്റവും പ്രയോജനപ്പെടുത്തുന്നത്‌. ഈ സാദ്ധ്യതകൾ ചൂഷണം ചെയ്യുന്നതിന്‌ നമ്മളും കൂട്ടായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. നാളികേര വികസന ബോർഡ്‌, ?' ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌' എന്ന പദ്ധതിയിൽപ്പെടുത്തി കുറെയേറെ ഗവേഷണ പദ്ധതികളെ സഹായിച്ചിട്ടുണ്ട്‌. നാളികേരത്തിന്റെ ഓരോ ഉൽപന്നത്തിന്റേയും യഥാർത്ഥമൂല്യമെന്താണെന്ന്‌ മനസ്സിലാക്കി  അവയുടെ പ്രയോജനം പൊതുജനാരോഗ്യ രംഗത്തും രോഗപ്രതിരോധ രംഗത്തും, ചികിത്സാ രംഗത്തും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും  കൂടുതൽ ഗവേഷണം ആവശ്യമാണ്‌. ഈ രംഗത്തേയ്ക്ക്‌ ഇന്ത്യയിലെ ശാസ്ത്ര - സാങ്കേതിക - ഗവേഷണ സ്ഥാപനങ്ങളുടെ അടിയന്തിരശ്രദ്ധ  ക്ഷണിക്കുകയാണ്‌. നമ്മുടെ നാട്ടിലെ തന്നെ ഗവേഷകരും  അധ്യാപകരുമൊക്കെ ഈ മേഖലയിലേക്ക്‌ കടന്നുവരുന്നത്‌ നന്നായിരിക്കും. ഭക്ഷണമെന്ന നിലയിലും, ഔഷധമെന്ന നിലയിലും,  നാളികേരത്തിന്റേയും നാളികേര ഉൽപന്നങ്ങളുടേയും സാധ്യതകൾ അനന്തമാണ്‌.  പാചക ആവശ്യത്തിന്‌ നാളികേരം കേരളത്തിലും തമിഴ്‌നാട്ടിലെ ഒന്നോരണ്ടോ ജില്ലകളിലും മാത്രമേ ഉപയോഗിക്കുന്നുവുള്ളുവേങ്കിൽ കൂടി തേങ്ങാപ്പാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കുന്നുണ്ട്‌. തേങ്ങാപ്പാലിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഇന്ത്യൻ വിപണികളിൽ മുഴുവൻ എത്തിക്കുകയും ചെയ്യുന്നതിന്‌ അത്ര വലിയ സാങ്കേതിക വൈദഗ്ദ്ധ്യമൊന്നും ആവശ്യമില്ല. ഇന്ന്‌ ഇന്ത്യയുടെ നഗരവിപണികളിലേക്ക്‌ അന്യ രാജ്യങ്ങളിൽ നിന്നുള്ള തേങ്ങാപ്പാലും തേങ്ങാപ്പാൽ പൊടിയും നിർബാധം എത്തുന്നുണ്ട്‌. നീരയിൽ നിന്നും നിർമ്മിക്കുന്ന കോക്കനട്ട്‌ പാം ഷുഗർ (തെങ്ങിൻ പഞ്ചസാര) വേണ്ടത്ര ഉത്പാദിപ്പിക്കുവാൻ നമുക്ക്‌  ഇതുവരെ കഴിഞ്ഞിട്ടില്ല. തായ്‌ലന്റ്‌, ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കോക്കനട്ട്‌  പാംഷുഗർ ഇന്ത്യൻ വിപണിയിൽ യഥേഷ്ടം ലഭ്യവുമാൺ​‍്‌. ഈ മേഖലകളിലാണ്‌ നമ്മുടെ ഉത്പാദക കമ്പനികളുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടത്‌. അതിനായി എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

നാളികേര കൃഷിയുടെ ഭാവി ഭദ്രമാക്കാൻ നിലവിലുള്ള പരമ്പരാഗത ഉപയോഗരീതിക്കും ഉൽപന്നങ്ങൾക്കും പുറമേ, നൂതന ഉൽപന്നങ്ങൾ  നിർമ്മിച്ചെടുക്കുകയും അവയിൽ നിന്ന്‌ പുതിയ ചികിത്സാ സമ്പ്രദായങ്ങൾക്ക്‌ ആവശ്യമായ അസംസ്കൃത വസ്തുക്കളും മരുന്നുകളും, അവ നിർമ്മിക്കാനാവശ്യമായ ഘടകങ്ങളും വേർതിരിച്ചെടുക്കുന്നതിന്‌ കൂട്ടായ ശ്രമം നാം ആരംഭിക്കേണ്ടിയിരിക്കുന്നു. നാളികേര മേഖലയുടേയും കർഷകരുടേയും ഭാവി സുരക്ഷിതമാക്കുന്നതിനും കൽപവൃക്ഷമായ തെങ്ങിന്റെ യഥാർത്ഥമൂല്യം പ്രയോജനപ്പെടുത്തുന്നതിനും ഈ രംഗത്ത്‌ ഒരു വൻ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. പരമ്പരാഗതമായ ഉപയോഗങ്ങൾക്ക്‌ അപ്പുറത്ത്‌ നൂതനമായ മേഖലകളിൽ മൂല്യവർദ്ധനവിനുള്ള സാധ്യതയും വളരെക്കൂടുതലാണ്‌. മുൻപ്‌ സൂചിപ്പിച്ച പോലെ  പാഴായി പോകുന്ന തേങ്ങവെള്ളത്തിൽ നിന്നുത്പാദിപ്പിക്കുന്ന കൊക്കോസീനിന്റെ വില ഗ്രാമിന്‌ അറുന്നൂറ്‌ രൂപയിലേറെയാണ്‌.   പക്ഷെ, തെങ്ങിന്റേയും നാളികേരത്തിന്റേയും ഉൽപന്നങ്ങളേയും ഉപോൽപന്നങ്ങളേയും നാമിതുവരെ ചിന്തിക്കാത്ത മേഖലകളിലേക്ക്‌ കൈപിടിച്ചുകൊണ്ടുവരുന്നതിനുള്ള ഉപാധിയായി നമ്മുടെ കേരാധിഷ്ഠിത വ്യവസായങ്ങൾ മാറണം. ഇന്ത്യയിൽ കാർഷിക-ഭക്ഷ്യ-സംസ്ക്കരണ രംഗത്ത്‌ പ്രവർത്തിക്കുന്ന വലിയ കമ്പനികൾ ഈ രംഗത്തേക്ക്‌ കടന്നുവരുവാൻ കാലമിനിയും എടുത്തേക്കാം. അതിനാൽ അവർക്ക്‌ മാതൃകയാകാനും മാർഗ്ഗനിർദ്ദേശം നൽകാനുമാണ്‌ നമ്മുടെ ഉത്പാദകകമ്പനികൾ  പരിശ്രമിക്കേണ്ടത്‌. നാളികേര കർഷകരുടെ മാത്രം ഓഹരി പങ്കാളിത്തമുള്ള 12 ഉത്പാദക കമ്പനികൾ കേരളത്തിൽ പ്രവർത്തിച്ചുവരുമ്പോൾ അവയ്ക്കെല്ലാം ഇതൊരു പുതിയ വെല്ലുവിളിയും അവസരവുമാണ്‌. ഈ അവസരങ്ങൾ നാം പരമാവധി പ്രയോജനപ്പെടുത്തുന്നില്ലെങ്കിൽ  നമ്മുടെ നാളികേരത്തിന്റെ യഥാർത്ഥ മൂല്യം പ്രയോജനപ്പെടുത്താൻ നമുക്ക്‌ കഴിയാതെപോകും. യഥാർത്ഥ മൂല്യം കണ്ടെത്തി ഉപയോഗിക്കാൻ വൈകിയാൽ വിലസ്ഥിരതയെന്ന ലക്ഷ്യം നേടാനും വൈകും. അങ്ങിനെ സംഭവിക്കാതിരിക്കാൻ നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം

21 Aug 2014

നാളികേര ഉത്പാദക കമ്പനികൾ ലക്ഷ്യ സാഫല്യത്തിലേക്ക്‌


ടി. കെ. ജോസ്‌ , ഐ എ എസ്
ചെയർമാൻ
നാളികേര വികസന ബോർഡ്
പ്രിയപ്പെട്ട നാളികേര കർഷകരെ,
നമ്മുടെ നാളികേരോത്പാദക കമ്പനികളുടെ ഇതുവരെയുള്ള പ്രവർത്തന പന്ഥാവിലേക്ക്‌ ഒരു എത്തിനോട്ടം നടത്തുകയെന്നതാണ്‌ ഈ ലക്കം മാസികയിലൂടെ ലക്ഷ്യമിടുന്നത്‌. നാളികേര വികസന ബോർഡിന്റെ   കഴിഞ്ഞ മൂന്ന്‌ വർഷത്തെ പരിശ്രമത്തിന്റെ ഫലമായി ഉണ്ടായ  നാളികേരോത്പാദക കമ്പനികൾ ഒരു സാമ്പത്തികവർഷം പൂർത്തിയാക്കിയിരിക്കുകയാണ്‌. രണ്ടാമത്‌ രജിസ്റ്റർ ചെയ്ത കമ്പനിയുടെ ആദ്യവർഷത്തെ കണക്കുകളും പ്രവർത്തന ഫലങ്ങളും വിലയിരുത്തിയതിന്റെയടിസ്ഥാനത്തിൽ,  തങ്ങളുണ്ടാക്കിയ വരുമാനത്തിൽ നിന്ന്‌ ഓഹരിയംഗങ്ങൾക്ക്‌ 4 ശതമാനം ഡിവിഡന്റും  സംഭരണത്തിനായി നൽകിയ ഓരോ കിലോഗ്രാം നാളികേരത്തിനും ഓരോ രൂപയും വീതം അധികവും നൽകുന്നതിനും, ഓഹരി മൂലധനം ഉയർത്തുന്നതിനും വാർഷിക പൊതുയോഗത്തിൽ തീരുമാനമെടുത്ത വിവരവും അറിയിക്കുകയുണ്ടായി. 

കേരളത്തിലെ 12 ഉത്പാദക കമ്പനികളും തങ്ങളുടെ പ്രവർത്തനളുമായി വിവിധ വേഗങ്ങളിൽ മുന്നേറുകയാണ്‌. നീര സംസ്ക്കരണ പ്ലാന്റ്‌ എല്ലാ ഉത്പാദക കമ്പനികളും ഏറ്റെടുക്കുന്നതിന്‌ മുമ്പോട്ട്‌ വന്നിട്ടുണ്ട്‌. കോൾഡ്‌ ചെയിൻ പദ്ധതി പ്രകാരം നഗരങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ശീതികരിച്ച നീരയുടെ ശീതികരിച്ച ഡിസ്പെൻസറുകളിലൂടെയുള്ള വിൽപ്പന ജൂലൈ 9 ന്‌ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. വിവിധ ജില്ലകളിൽ നീര ശേഖരണത്തിന്‌ വേണ്ട നീര ടെക്നീഷ്യൻമാരുടെ പരിശീലനം കമ്പനികളുടെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു. നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിച്ചെടുക്കേണ്ട മാസ്റ്റർ ടെക്നീഷ്യന്മാരെ, ഓരോ ജില്ലയിലേക്കും നൂറുവീതം എന്ന രീതിയിൽ ബോർഡിന്റെ നേതൃത്വത്തിൽ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. വിപണിയിൽ ഇറക്കിയ നീരയുടെ സ്വീകാര്യതയും ജനങ്ങളുടെ ആവേശവും പൊതുരംഗത്ത്‌ വിവിധ മാധ്യമങ്ങളിൽ നിന്നും ലഭിച്ച പൈന്തുണയുമെല്ലാം നീര, അതിവേഗം ഗുണമേന്മയോടെ മിതമായ വിലയ്ക്ക്‌ ഉൽപന്നങ്ങളാക്കി  ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നതിന്‌ കമ്പനികൾക്കെല്ലാം പ്രചോദനമാകും എന്ന്‌ തന്നെ പ്രതീക്ഷിക്കുന്നു. കേരളത്തിലെ പൊതുസമൂഹം, നീരയുത്പാദനത്തിനുവേണ്ടി നാളികേര കർഷകരുടെ  കൂട്ടായ്മകളായ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും ഏറ്റെടുത്ത ഈ ബൃഹദ്‌ ഉദ്യമത്തെ താൽപര്യത്തോടെ വീക്ഷിക്കുകയും നിശബ്ദമായി നിങ്ങളെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്‌. പൊതുസമൂഹത്തിന്റെ പൈന്തുണ ഏറ്റവുമധികം ആർജിക്കാൻ കഴിഞ്ഞ ചുരുക്കം ചില പദ്ധതികളിലൊന്നാണ്‌ നീര. ഇത്തരത്തിലുള്ളൊരു പദ്ധതിയുടെ ഗുണഫലങ്ങൾ കർഷകരിലേക്കും, ഉപഭോക്താക്കളിലേക്കും, കേരളത്തിന്റെ പൊതുസമൂഹത്തിലേയ്ക്കും സംസ്ഥാന ഖജനാവിലേയ്ക്കുമെല്ലാം എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം നമ്മുടേതാണ്‌. ഈ ഉത്തരവാദിത്വവും ദൗത്യവും സ്വയം ഏറ്റെടുത്ത്‌ അതിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്‌ നാം മുന്നോട്ടുപോവുകയാണ്‌ ഇനി വേണ്ടത്‌. നഷ്ടപ്പെടുത്തുവാൻ ഒരു നിമിഷം പോലും ഇനി നമുക്കില്ല എന്ന്‌ കൃത്യമായി ഓർമ്മിക്കേണ്ടതുണ്ട്‌.

ഇതിനർത്ഥം നാളികേരോത്പാദക കമ്പനികളുടെ ദൗത്യങ്ങളിൽ നീര മാത്രമേ ഉള്ളൂ എന്നല്ല. നാളികേരോത്പാദക കമ്പനികൾക്ക്‌ നാളികേരമേഖലയിലെ സമസ്തകാര്യങ്ങളിലും ഇടപെടേണ്ട ഉത്തരവാദിത്വമുണ്ട്‌. നാളികേര മേഖലയിലെ വിവിധ കേന്ദ്രാവൃഷ്കൃത, സംസ്ഥാനാവിഷ്കൃത പദ്ധതികൾ കർഷകരിലേക്ക്‌ എത്രയും വേഗം എത്തിക്കുകയും, അതിന്റെ ഗുണഫലങ്ങൾ കർഷകർക്ക്‌ ലഭിക്കുന്നതിന്‌ സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കി പൂർത്തീകരിക്കുകയും കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിച്ച്‌ നടപ്പാക്കുന്നതിന്‌ കേന്ദ്ര-സംസ്ഥാന-തദ്ദേശ ഗവണ്‍മന്റുകളുടെ സഹായം തേടുകയും കർഷക കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. നല്ല വിത്തുകളും തൈകളും ഉത്പാദിപ്പിക്കുന്നതും നല്ല നഴ്സറികൾ നടത്തുന്നതും, ആവശ്യമുള്ള കർഷകർക്ക്‌ യഥാസമയം വിത്തുകളും തൈകളും എത്തിക്കുന്നതിനുമെല്ലാം പരിശ്രമിക്കണം.

സാധാരണയിലും മികച്ച വിലനിലവാരം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ നാളികേരകൃഷിയിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾ  കൂടി നമ്മുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാവേണ്ടതുണ്ട്‌.  സാധാരണ നാം ആവശ്യപ്പെടുന്ന മാന്യവും മിതവും സ്ഥിരവുമായ വിലയുമുള്ള ഉൽപന്നമായി നാളികേരത്തെ മാറ്റിയെടുക്കാൻ കഴിയണം. അതിനായി കർഷകർക്ക്‌ തങ്ങളുടെ കൈവശമുള്ള തെങ്ങിൽ നിന്നും, നിലവിലുള്ള ഭൂമിയിൽ നിന്നും പരമാവധി വരുമാനം ലഭിക്കുന്നതിനും ശ്രമിക്കുമ്പോൾ ഭേദപ്പെട്ട വിലയും മെച്ചപ്പെട്ട ഭാവിയും നാളികേരത്തിന്‌ മുൻപിലുണ്ട്‌. ഈ സാഹചര്യത്തിൽ നമ്മുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയല്ലാതെ മറ്റ്‌ മാർഗ്ഗമില്ല. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനാകട്ടെ മികച്ച ജനിതക ഗുണങ്ങളുള്ള തൈകൾ നട്ടുപിടിപ്പിക്കുന്നതിനും, പ്രായാധിക്യമുള്ളതും രോഗ,കീട ബാധകൾ ഉള്ളതും, കേടുപാടുകൾ ബാധിച്ചതുമായ തെങ്ങുകൾ വെട്ടിമാറ്റി പകരം തൈകൾ നടുന്നതും, ഉയരം കൂടിയ തെങ്ങുകൾ ഉള്ള തോട്ടങ്ങളിൽ അടിത്തൈകൾ വെച്ചുപിടിപ്പിക്കുന്നതിനുമെല്ലാം നാം പരമാവധി ശ്രമിക്കേണ്ടതുണ്ട്‌.
വില ഉയർന്ന്‌ നിൽക്കുമ്പോൾ തന്നെ എല്ലാ ഫെഡറേഷനുകളിലും തങ്ങളുടേതായ കൊപ്രഡ്രയറും അതിനുവേണ്ട നാളികേര സംഭരണവും അത്‌ കൊണ്ടുപോകുന്നതിനുള്ള വാഹനസൗകര്യവും തയ്യാറാക്കേണ്ടതുണ്ട്‌. ലഭ്യമാവുന്ന എല്ലാ ഉപോൽപന്നങ്ങളും (byproducts) ചകിരി, ചകിരിനാര്‌, കയർപിത്ത്‌, തേങ്ങവെള്ളം, ചിരട്ട എന്നിവയിലെല്ലാം കഴിയാവുന്നത്ര മൂല്യവർദ്ധനവ്‌ വരുത്തുന്നതിനും കമ്പനികളുടെ നേതൃത്വത്തിൽ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. കരിക്കിൻവെള്ളത്തിന്റെ മൂല്യവർദ്ധനവ്‌ പോലെ തന്നെ നാളികേരത്തിൽ നിന്നും ഉണ്ടാക്കാൻ കഴിയുന്ന മറ്റ്‌ ഉൽപന്നങ്ങളുടെ ശ്രേണിയും, അതായത്‌ ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌, വെർജിൻ കോക്കനട്ട്‌ ഓയിൽ, കോക്കനട്ട്‌ മിൽക്ക്‌, മിൽക്ക്‌ ക്രീം, മിൽക്ക്‌ പൗഡർ, കോക്കനട്ട്‌ ചിപ്സ്‌ തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം നമ്മുടെ കമ്പനികളുടെ നേതൃത്വം സ്വീകരിക്കണം. വരുന്ന ഒരു വർഷംകൊണ്ട്‌ എല്ലാ നാളികേരോത്പാദക കമ്പനികളുടേയും സ്വന്തം ബ്രാൻഡിലുള്ള, പായ്ക്ക്‌ ചെയ്ത, ഏറ്റവും പരിശുദ്ധമായ വെളിച്ചെണ്ണ കേരളത്തിലെ 70 ലക്ഷത്തോളം കുടുംബങ്ങളിലേക്ക്‌ എത്തിക്കുവാൻ നമുക്ക്‌ കഴിയണം. ഇതെല്ലാം സൂചിപ്പിച്ചതു നാളികേരോത്പാദക കമ്പനികൾ കേവലം നീര ഉത്പാദനത്തിനും സംസ്ക്കരണത്തിനും വേണ്ടി മാത്രമായി രൂപീകരിച്ചതല്ല മറിച്ച്‌ നാളികേര കൃഷിയുടെ സമസ്തമേഖലയിലും സ്ഥായിയായ വളർച്ചയ്ക്കും വികസനത്തിനും, കർഷകരുടെ സുരക്ഷിതത്വത്തിനും ആത്മാഭിമാനം വളർത്തുന്നതിനും അവർക്ക്‌ സമ്പട്സമൃദ്ധിയുണ്ടാക്കുന്നതിനും വേണ്ടി ചെയ്യേണ്ട എല്ലാകാര്യങ്ങളും ഏറ്റെടുക്കുക എന്നതും അവരുടെ ഉത്തരവാദിത്വമാണ്‌ എന്ന്‌ വിശദമാക്കാനാണ്‌. ഈ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിന്‌ കമ്പനികൾ തങ്ങളുടെ അറിവും കഴിവും കാര്യപ്രാപ്തിയും ആത്മവിശ്വാസവും വികസിപ്പിച്ചെടുക്കേണ്ട ആവശ്യമുണ്ട്‌. ഇതിനാവശ്യമായ പരിശീലനങ്ങൾ ഒരു മാസത്തിനകം നിങ്ങൾക്ക്‌ വേണ്ടി നാളികേര വികസന ബോർഡ്‌ നടപ്പാക്കുന്നതാണ്‌. എല്ലാ കമ്പനികളുടേയും എല്ലാ ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്കും  പരിശീലനം നൽകുന്നതാണ്‌.
ഓരോ നാളികേരോത്പാദക കമ്പനികളും ഒറ്റയ്ക്ക്‌ നിൽക്കേണ്ടവരല്ല. കേരളത്തിലാകമാനമുള്ള എല്ലാ നാളികേരോത്പാദക കമ്പനികളും പരസ്പരം ആശയവിനിമയം നടത്തിയും സഹകരിച്ചും സഹായിച്ചും വലിയൊരു കൂട്ടായ്മയുണ്ടാക്കേണ്ടതാണ്‌. ഈ കൂട്ടായ്മയിലൂടെ ആവശ്യമെങ്കിൽ കേരളത്തിലെ മുഴുവൻ നാളികേരോത്പാദക കമ്പനികളുടേയും ഒരു കൺസോർഷ്യം രൂപീകരിച്ച്‌  കേന്ദ്ര സംസ്ഥാന ഗവണ്‍മന്റുകളും മറ്റ്‌ ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ ചെയ്യാവുന്ന കാര്യങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുവാൻ കഴിയണം. കൂടുതൽ കൂടുതൽ  മൂല്യവർദ്ധിതയുൽപന്നങ്ങൾ  ഉണ്ടാകുമ്പോൾ അതിന്റെ വിപണി കേരളത്തിൽ മാത്രം ഒതുക്കിനിർത്താനാവില്ല. ഇത്തരത്തിലുള്ള ഉത്പാദക കമ്പനികളുടെ കൺസോർഷ്യം ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേയും  പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഈ ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്നതിനും വിപണനം നടത്തുന്നതിനും ശ്രമിക്കേണ്ടതുണ്ട്‌. ഇന്ത്യയിലെ നഗര ജനസംഖ്യതന്നെ 35 കോടി കടന്നിരിക്കുന്നു. ഇത്‌ യു.എസ്‌.എയുടെ ആകെ ജനസംഖ്യയേക്കാൾ കൂടുതലാണ്‌. നഗര ജനസംഖ്യയുടെ 75 ശതമാനവും മികച്ച വാങ്ങൽശേഷിയുള്ളവരാണ്‌. അവരിലേക്ക്‌ നമ്മുടെ ഉൽപന്നങ്ങൾ എത്തിക്കുക എന്ന ദൗത്യമാണ്‌ നമുക്കുള്ളത്‌. ഇത്‌ വേഗത്തിൽ നടപ്പാക്കണമെങ്കിൽ കമ്പനികളുടെ കൺസോർഷ്യം ഉയർന്ന്‌ വരണം.
കമ്പനികൾ രൂപീകരിക്കുകയും രജിസ്റ്റർ ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യുകയെന്നത്‌ ആദ്യപടി മാത്രമാണ്‌. ഇവയെ വളർച്ചയുടെ പടവുകളിലേക്ക്‌ കൈപിടിച്ച്‌ നയിക്കുകയും അവയെ മികച്ച കമ്പനികളാക്കുകയും ഉയർന്ന ലാഭക്ഷമതയോടെ ഇതിനെ നടത്തിക്കൊണ്ടുപോകുകയും ചെയ്യുന്നതിന്‌ നമുക്ക്‌ സാങ്കേതിക വിദഗ്ദ്ധരുടേയും പ്രോഫഷണലുകളുടേയും സേവനം ആവശ്യമുണ്ട്‌. സ്വാഭാവികമായും കമ്പനികൾ ചിന്തിക്കുക തങ്ങൾക്ക്‌ അറിയാവന്ന ഏറ്റവുമടുത്ത്‌ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ ചെലവിൽ കിട്ടുന്ന ഏതാനും ചില ജീവനക്കാരെ നിയമിക്കുക എന്നതാവും; അതുപോര, ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച പ്രോഫഷണലുകളെ, സാങ്കേതിക രംഗത്തും മാനേജ്‌മന്റ്‌ രംഗത്തും കണ്ടെത്തുന്നതിനും അവരെ ആകർഷിച്ച്‌ കമ്പനികളിൽ നിലനിർത്തുന്നതിനും  അവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും എല്ലാ കമ്പനികളും ശ്രമിക്കണം. 'ഇർമ'പോലെ ദേശീയതലത്തിലുള്ള മികച്ച മാനേജ്‌മന്റ്‌ സ്ഥാപനങ്ങളിൽ നിന്നും വിദഗ്ദ്ധരെ ഇതിനോടകം നിയമിച്ച കമ്പനികൾ ഉണ്ട്‌ എന്ന കാര്യം വിസ്മരിക്കുന്നില്ല. മറ്റ്‌ കമ്പനികൾക്കും ഇത്‌ മാതൃകയാവുമെന്ന്‌ പ്രതീക്ഷിക്കുന്നു.
അതുപോലെത്തന്നെയാണ്‌ നാളികേര സംസ്ക്കരണത്തിന്റേയും മൂല്യവർദ്ധനവിന്റേയും രംഗത്ത്‌ പരിശീലനം ലഭിച്ചയാളുകളുടെ അഭാവം ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി വാഴക്കുളത്തെ സിഡിബി ഇൻസ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്നോളജി നിങ്ങളുടെ ആവശ്യങ്ങൾ മുന്നിൽക്കണ്ടുകൊണ്ട്‌ ഒരുമുഴം മുൻപേ നാളികേര സംസ്ക്കരണത്തിലും, നാളികേരാധിഷ്ഠിത മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണത്തിലും പരിശീലനം നൽകുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ്‌ കോഴ്സുകൾ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ആ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

ഓരോ കമ്പനികളും തങ്ങൾ ഇതുവരെ ചെയ്ത കാര്യങ്ങൾ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുകയാണ്‌. ഇത്‌ മറ്റുള്ളവർക്ക്‌ പ്രചോദനമാകട്ടെയെന്ന്‌ ആശംസിക്കുന്നു. കൂടുതൽ കൂടുതൽ കാര്യങ്ങൾ ഏറ്റെടുക്കുന്നതിനും ചെയ്യുന്നതിനും  മികവ്‌ നേടുന്നതിനും ഈ ഒരു ലക്കം നിങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയുമുണ്ട്‌. കഴിഞ്ഞമാസം അവസാനം നടന്ന അന്താരാഷ്ട്ര പ്രശസ്തമായ ന്യൂയോർക്ക്‌ സമ്മർ ഫാൻസി ഫുഡ്‌ ഫെസ്റ്റിവെലിൽ ഏകദേശം 160 ൽ ഏറെ വ്യാപാരാന്വേഷണങ്ങളാണ്‌ നാളികേര വികസനബോർഡിന്റെ സ്റ്റാളിലേക്ക്‌ വന്നത്‌. അവരുടെ വിശദാംശങ്ങളും അഡ്രസ്സുകളും നാളികേര വികസന ബോർഡിന്റെ വെബ്സെറ്റിൽ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.  ഓരോ കമ്പനികൾക്കും നേരിട്ട്‌ അവരോട്‌ ബന്ധപ്പെട്ട്‌ തങ്ങളുടെ ഉൽപന്നങ്ങൾ വിപണനം നടത്തുന്നതിനുമുള്ള നടപടികൾ ആരംഭിക്കാവുന്നതാണ്‌. പ്രധാനമായും നീര, നീരയുടെ ഉൽപന്നങ്ങൾ, വെർജിൻ കോക്കനട്ട്‌ ഓയിൽ, പായ്ക്ക്‌ ചെയ്ത കരിക്കിൻ വെളളം, ഓർഗാനിക്‌ കോക്കനട്ട്‌ ഓയിൽ , ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌, കോക്കനട്ട്‌ മിൽക്ക്‌, കോക്കനട്ട്‌ പൗഡർ, മിൽക്ക്‌ ക്രീം തുടങ്ങിയ ഉൽപന്നങ്ങൾക്കാണ്‌ അന്താരാഷ്ട്ര വാണിജ്യമേളയിൽ കൂടുതൽ അന്വേഷണങ്ങളുണ്ടായത്‌ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

നാൽപത്തിയാറാമത്‌ എപിസിസി കോക്കോടെക്‌ മീറ്റിംഗ്‌  ജൂലൈ 7 മുതൽ 11 വരെ ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുകയുണ്ടായി. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ചീഫ്‌ കോക്കനട്ട്‌ ഡവലപ്‌മന്റ്‌ ആഫീസർ ശ്രീ. സുഗതഘോഷും, എപിസിസി റിസോഴ്സ്‌ പേഴ്സണായി ഡോ. രമണി ഗോപാലകൃഷ്ണനും നാളികേര വികസന ബോർഡിൽ നിന്നും  സമ്മേളനത്തിൽ പങ്കെടുത്തു. ദക്ഷിണപൂർവ്വഷ്യൻ രാജ്യങ്ങളിലെ നാളികേര വികസന  അതോറിറ്റികളും  വ്യവസായികളും കയറ്റുമതിക്കാരുമെല്ലാമടങ്ങിയ ഒരു വലിയ സദസ്സിൽ നാളികേര വികസന ബോർഡിന്റെ പ്രവർത്തനങ്ങൾക്ക്‌, പ്രത്യേകിച്ച്‌ നമ്മുടെ ഉത്പാദക കൂട്ടായ്മകൾക്കും, തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി എന്നിവയ്ക്കെല്ലാം വലിയ അംഗീകാരവും പ്രശംസയും ലഭിക്കുകയുണ്ടായി. അതായത്‌ നിങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ  കേവലം പ്രാദേശികമായി മാത്രമല്ല, ദേശീയ, അന്തർദേശീയ തലങ്ങളിൽ കൂടി ശ്രദ്ധിക്കപ്പെടുന്ന കാര്യങ്ങളാണ്‌ എന്നത്‌ മറക്കാതിരിക്കുക. അന്തർദേശീയ തലത്തിൽ മാതൃകകൾ ആകാവുന്ന പ്രവൃത്തികളാണ്‌ നിങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്‌. നിങ്ങൾ തന്നെ മാതൃകകളാണ്‌. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും  മറ്റുള്ള രാജ്യങ്ങൾകൂടി ഉറ്റുനോക്കുന്നതുമായ മാതൃകപരമായ പരിപാടികളിൽ കൂടുതൽ ഗുണമേന്മയും മികവും പുലർത്തുന്നതിന്‌ പ്രത്യേകം ശ്രദ്ധിക്കുക. 
യുഎസ്‌എയിൽ നടക്കുന്ന അടുത്ത സമ്മർഫാൻസി ഫുഡ്‌ ഫെസ്റ്റിവെലിൽ നമ്മുടെ നിലവിലുള്ള 12 കമ്പനികളുടേയും പ്രതിനിധികൾക്ക്‌ തങ്ങളുടെ ഉൽപന്നങ്ങളുമായി പോകാൻ കഴിയട്ടെയെന്ന്‌ ആശംസിക്കുന്നു. 2015 ജനുവരി അവസാനത്തെ ആഴ്ചയിൽ എപിസിസിയുടെ അടുത്ത മിനിസ്റ്റീരിയൽ സമ്മേളനത്തിന്‌ ആതിഥ്യമരുളുവാനുള്ള ഭാഗ്യം ഇത്തവണ ഇന്ത്യയ്ക്കാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇപ്പോഴത്തെ അറിവനുസരിച്ച്‌ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ചായിരിക്കും ഇരുപത്തിയഞ്ചോളം രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ സമ്മേളനം നടക്കുക.  ഈ അവസരവും നമ്മുടെ നാളികേരോത്പാദക കമ്പനികൾക്കും അതിന്‌ കീഴിലുള്ള കൂട്ടായ്മകൾക്കും കൂടുതൽ അറിവുകൾ നേടുന്നതിനും, നാളികേരോൽപന്നങ്ങളുടെ ആഗോള സാദ്ധ്യതകളും അവസരങ്ങളും

22 Sept 2013

തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ വിജയത്തിന്‌ കർഷക കൂട്ടായ്മകൾ സജീവമാകണം


ടി. കെ. ജോസ്‌  ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്

രണ്ടുവർഷക്കാലം നീണ്ടുനിന്ന നാളികേര വിലയിടിവിന്റെ കാലഘട്ടത്തിന്‌ അറുതി വരുന്ന സൊ‍ാചനകൾ നൽകിക്കൊണ്ടാണ്‌ കഴിഞ്ഞ നാലാഴ്ചക്കാലമായി  നാളികേരത്തിന്റേയും കൊപ്രയുടേയും വെളിച്ചെണ്ണയുടേയും വിലനിലവാരം മുമ്പോട്ട്‌ പോകുന്നത്‌. വരുന്ന ഏതാനും മാസങ്ങളിലേക്ക്‌ വിലയിലുള്ള ഈ ഉണർവ്വ്വ്‌ തുടരുമെന്നാണ്‌ വിപണി വിദഗ്ദ്ധരുടെ വിലയിരുത്തൽ. വില ഉയരുന്ന കാലഘട്ടത്തിൽ അതിന്റെ പരമാവധി പ്രയോജനം നാളികേര കർഷകർ ഉത്പാദക സംഘങ്ങളിലൂടെയും ഫെഡറേഷനുകളിലൂടെയും നേടിയെടുക്കുന്നതിന്‌ കൂട്ടായ ശ്രമം നടത്തണമെന്ന്‌ അഭ്യർത്ഥിക്കുകയാണ്‌. അതോടൊപ്പം മറ്റൊരു സുപ്രധാന  സൂചന  നാളികേരോത്പാദനം ഈ സീസണിൽ ഗണ്യമായി കുറഞ്ഞിരിക്കുന്നുവേന്നതാണ്‌. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളായ കർണ്ണാടകം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളിലും നാളികേരോത്പാദനത്തിൽ ഗണ്യമായ ഇടിവ്‌ ഈ വർഷം സംഭവിക്കുമെന്നാണ്‌ കണക്കാക്കപ്പെട്ടിട്ടുള്ളത്‌. അതിനർത്ഥം വിപണിശക്തികൾക്ക്‌ പ്രവർത്തിക്കുന്നതിനുള്ള അവസരം ലഭിക്കുകയാണെങ്കിൽ അടുത്ത ഒരു വർഷക്കാലം നാളികേരത്തിന്റെ വിലയിടിയാനുള്ള സാദ്ധ്യത കുറവായിരിക്കുമെന്നതാണ്‌. പക്ഷേ, വിപണിയിലെ ഘടകങ്ങൾ മാത്രമല്ല, വർദ്ധിച്ച തോതിലുള്ള പാമോയിൽ ഇറക്കുമതിയും പൊതുവിതരണ സമ്പ്രദായത്തിലൂടെ പാമോയിൽ വിതരണം ചെയ്യുന്നതുമെല്ലാം ഇന്ത്യയിലെ ഭക്ഷ്യ എണ്ണകളുടെ വിപണിയെ കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌.
നാളികേര ബോർഡ്‌, ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും ഉത്പാദക കമ്പനികളും രൂപീകരിക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഇതിനോടകം ഏഴ്‌ ഉത്പാദക കമ്പനികൾ കേരളത്തിൽ രജിസ്ട്രേഷൻ നേടിക്കഴിഞ്ഞു. അടുത്ത മൂന്ന്‌ ഉത്പാദക കമ്പനികളും കേരളത്തിൽ ഒരുമാസത്തിനകം നിയമപരമായ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 


കർഷകകൂട്ടായ്മകളുടെ ആത്യന്തികമായ ലക്ഷ്യം, നാളികേരകർഷകർ മാത്രം ഓഹരി ഉടമകളായ ഉത്പാദക കമ്പനികളുടെ രൂപീകരണവും അവ നാളികേര  സംഭരണ, സംസ്ക്കരണ, വിപണന മേഖലകളിൽ കുറേക്കൂടി ഗൗരവകരമായി ഇടപെടുന്നതിനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുക എന്നുള്ളതാണ്‌. ഉത്പാദക കമ്പനികൾ വിപുലമായ രീതിയിൽ ഉത്പാദനത്തിലും സംഭരണത്തിലും വിപണനത്തിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലുമെല്ലാം ഇടപെടുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്‌. ഈ സാഹചര്യത്തിൽ ഉത്സവസീസണുകൾക്ക്‌ ശേഷവും നാളികേരത്തിന്‌ ന്യായമായ വിലയെങ്കിലും ഉറപ്പ്‌ വരുത്തുന്നതിന്‌ ഈ കൂട്ടായ്മകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ളതായി
രിക്കണം നമ്മുടെ ചിന്താവിഷയം.
ഈ സന്ദർഭത്തിലാണ്‌ 2013ലെ ലോകനാളികേര ദിനാഘോഷം ദേശീയതലത്തിൽ കോയമ്പത്തൂരിൽ വെച്ച്‌ നടത്തുമ്പോൾ ഇന്ത്യയൊട്ടാകെ 'നാളികേര കർഷകകൂട്ടായ്മകളിലൂടെ ഉൽപന്നവൈവിദ്ധ്യവത്ക്കരണത്തിലേ
ക്കും മൂല്യവർദ്ധനവിലേക്കും' എന്ന സന്ദേശം ഉയർത്തിക്കാട്ടുന്നത്‌. നാളികേര മേഖലയിൽ സ്വകാര്യ സംരംഭകരുടെ വരവ്‌ വളരെ സാവധാനം ആയിരുന്നു. ഇപ്പോഴും ഇന്ത്യയിലെ നാളികേരകൃഷിയുടെ ഭൂവിസ്തൃതിയ്ക്കും ഉത്പാദനത്തിനും ഉത്പാദനക്ഷമതയ്ക്കും ആനുപാതികമായ വ്യവസായ സംരംഭങ്ങൾ ഉയർന്ന്‌ വന്നിട്ടില്ല എന്നുള്ളതാണ്‌ വാസ്തവം. ഈ സാഹചര്യത്തിലാണ്‌ ഉത്പാദക കമ്പനികൾക്ക്‌ നാളികേര സംസ്ക്കരണത്തിനും വിപണനത്തിനും കയറ്റുമതിക്കുമുള്ള സാഹചര്യം ഉണ്ടാക്കുവാൻ കഴിയുന്നത്‌. അതിനാലാണ്‌ ലോകനാളികേര ദിനം ആചരിക്കുമ്പോൾ ഇന്ത്യയിലെ മുഴുവൻ കർഷകരിലേക്കും ഈ സന്ദേശം എത്തിക്കാൻ ശ്രമിക്കുന്നത്‌.
നാളികേരത്തിൽ നിന്ന്‌ പരമാവധി മൂല്യവർദ്ധിതോൽപന്നങ്ങൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ വെളിച്ചെണ്ണ വിലയും കൊപ്രവിലയും താഴുമ്പോഴും കർഷകർക്ക്‌ ആശങ്കപ്പെടേണ്ടതില്ല. ഉദാഹരണമായി, ഇന്ത്യയുടെ ആറിലൊന്ന്‌ മാത്രം നാളികേരം ഉത്പാദിപ്പിക്കുന്ന ശ്രീലങ്കയുടെ നാളികേരോൽപന്നങ്ങളുടെ കയറ്റുമതിമൂല്യം ഇന്ത്യയിൽ നിന്ന്‌ ആകെ കയറ്റുമതി ചെയ്യുന്ന നാളികേരോൽപന്നങ്ങളുടെ വിലയുടെ നാല്‌ മടങ്ങാണ്‌. വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും കേരളത്തിലേതുപോലുള്ള വില മാത്രം ലഭിക്കുമ്പോഴും ഒരു നാളികേരത്തിന്‌ കർഷകർക്ക്‌ 20-25 രൂപ നിലവാരത്തിലാണ്‌ കൃഷിയിടത്തിൽ തന്നെ ശ്രീലങ്കയിൽ വില ലഭിക്കുന്നത്‌. കാരണം നാളികേരത്തിൽ നിന്നും ഉത്പാദിപ്പിക്കാൻ സാധിക്കുന്ന ഉൽപന്നങ്ങൾ മുഴുവനും ശ്രീലങ്കയിലെ വ്യവസായികളും കർഷകരും ചേർന്ന്‌ ഉത്പാദിപ്പിക്കുകയും സ്വന്തം രാജ്യത്ത്‌ മാത്രമല്ല മുഴുവൻ ഏഷ്യൻ രാജ്യങ്ങളിലേക്കും മറ്റ്‌ രാജ്യങ്ങളിലേക്കും കയറ്റിയയയ്ക്കുകയും ചെയ്യുന്നു. ഈ മാതൃക നമ്മുടെ ഉത്പാദക കമ്പനികൾക്കും പൈന്തുടരാൻ സാധിക്കില്ലേ?
കർഷകർക്ക്‌ തങ്ങളുടെ കൃഷിഭൂമിയിലെ തെങ്ങിൽ നിന്ന്‌ പരമാവധി ഉത്പാദനം നേടുന്നതിനു പര്യാപ്തമായ തോതിൽ തെങ്ങുകൾ നടുന്നതിനും പ്രായാധിക്യം മൂലവും രോഗ, കീടബാധയാലും ഉത്പാദനം തീർത്തും കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി സങ്കരയിനങ്ങളും കരിക്കിന്‌ പറ്റിയ കുറിയയിനങ്ങളുമൊക്കെ വെച്ച്‌ പിടിപ്പിക്കുന്നതിനും ഒരു സുവർണ്ണാവസരം കൈവന്നിരിക്കുകയാണ്‌. നാല്‌ വർഷം മുമ്പ്‌ പെയിലറ്റടിസ്ഥാനത്തിൽ തിരുവനന്തപുരം,  കൊല്ലം, തൃശൂർ ജില്ലകളിൽ നടപ്പിലാക്കിയ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി പൂർത്തിയാവുമ്പോൾ കേരളത്തിലെ മറ്റ്‌ പതിനൊന്ന്‌ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള  പ്രാരംഭപ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുകയാണ്‌. ഈ രംഗത്ത്‌ സിപിഎസുകൾക്കും ഫെഡറേഷനുകൾക്കും ഉത്പാദക കമ്പനികൾക്കും മുഴുവൻ കേരകർഷകരിലേക്കും ഈ പദ്ധതിയുടെ ഗുണവശങ്ങളെത്തിക്കുന്നതിനും അവ പൂർണ്ണമായി  പ്രയോജനപ്പെടുത്തുന്നതിന്‌ അവരെ പ്രാപ്തരാക്കുന്നതിനും അതിനായുള്ള പശ്ചാത്തലമൊരുക്കുന്നതിനും കഴിയും; അവർക്ക്‌ മാത്രമേ അതിനു കഴിയൂ. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നാളികേര വികസന ബോർഡും കർഷക കൂട്ടായ്മകളും ചേർന്ന്‌ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയെ വിജയിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഉടനടി ആരംഭിക്കേണ്ടതുണ്ട്‌. ഈ പദ്ധതി വ്യാപിപ്പിക്കുന്ന ജില്ലകളിലൊന്നും തന്നെ പദ്ധതി പൂർത്തീകരിക്കുമ്പോൾ രോഗം മൂർച്ഛിച്ചതോ, പ്രായാധിക്യമുള്ളതോ ഉത്പാദനം തീരെക്കുറഞ്ഞതോ ആയ തെങ്ങുകളൊന്നും അവശേഷിക്കാത്ത രീതിയിൽ സമഗ്രമായി എല്ലാ കർഷകരേയും ഉൾക്കൊള്ളിച്ചുകൊണ്ട്‌ പദ്ധതി നടപ്പിലാക്കുന്നതിന്‌ എല്ലാ ഉത്പാദക സംഘങ്ങളും ശ്രദ്ധിക്കണമെന്നും പരിശ്രമിക്കണമെന്നും അഭ്യർത്ഥിക്കുകയാണ്‌. തങ്ങളുടെ പ്രദേശങ്ങളിൽ ഇനിയും ഉത്പാദക സംഘങ്ങളിൽ ചേരാത്ത കർഷകരുണ്ടെങ്കിൽ അവരെക്കൂടി ഈ കൂട്ടായ്മയിലേക്ക്‌ കൈപിടിച്ചുകൊണ്ടുവരുന്നതിനും ഉത്പാദക സംഘങ്ങൾ രൂപീകരിക്കാത്ത പ്രദേശങ്ങളിൽ അവ രൂപീകരിക്കുന്നതിനും നമ്മുടെ ഫെഡറേഷനുകളും ഉത്പാദക കമ്പനികളും മുൻകൈ എടുക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
കാർഷിക കേരളത്തിന്റെ ചരിത്രത്തിൽ ഏതെങ്കിലുമൊരു വിളയിൽ ഇത്രയേറെ നിക്ഷേപം നടത്താൻ സാധിക്കുന്ന മറ്റൊരു പദ്ധതിയും ഇതിന്‌ മുമ്പ്‌ ഉണ്ടായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കിയ ജില്ലകളിലെ പല ഗ്രാമപഞ്ചായത്തുകളിലേയും പദ്ധതി വിഹിതത്തേക്കാൾ കൂടുതൽ തുക തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതിക്കായി ചെലവഴിക്കപ്പെട്ടുവേന്ന്‌ അഖിലേന്ത്യാ തലത്തിൽ ആസൂത്രണ കമ്മീഷൻ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്‌. 2009ൽ പരീക്ഷണഘട്ടം ആരംഭിക്കുമ്പോഴത്തേതിൽ നിന്ന്‌ വ്യത്യസ്തമായി 3,000ത്തിലേറെ നാളികേരോത്പാദക സംഘങ്ങളും 120 ഓളം നാളികേരോത്പാദക ഫെഡറേഷനുകളും 10 ഉത്പാദക കമ്പനികളും രൂപമെടുത്ത്‌ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന്‌ പദ്ധതി പൂർണ്ണഫലപ്രാപ്തിയിലെത്തിക്കാൻ കർഷകകൂട്ടായ്മകൾക്ക്‌ കഴിയുമെന്ന പൂർണ്ണവിശ്വാസമുള്ളത്‌.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ്‌ തുടങ്ങിയ പ്രദേശങ്ങളിലെ കേരകർഷകരിൽ നിന്ന്‌ നിരവധി ശുഭോദർക്കമായ ആവശ്യങ്ങൾ ഉയർന്ന്‌ വന്നിട്ടുണ്ട്‌. മഹാരാഷ്ട്രയിലെ സിന്ധുടുർഗ്ഗ്‌ ജില്ലയിലുള്ള ശ്രീ.സഞ്ജയ്‌ ഹാണ്ടെ എന്ന അഭ്യസ്തവിദ്യനായ കർഷകൻ 500 ഏക്കറോളം വരുന്ന തോട്ടത്തിൽ കരിക്കിനും നീരയ്ക്കും അനുയോജ്യമായ തെങ്ങിനങ്ങൾ വളർത്തുന്നതിനുള്ള ആശയങ്ങളുമായി ബോർഡിനെ സമീപിക്കുകയുണ്ടായി. ശ്രീ. മോറിസ്‌ ഫെലിക്സ്‌ എന്ന ഗോവയിലെ കർഷകൻ 20-25 വർഷങ്ങൾക്ക്‌ മുമ്പ്‌ ഇരുമ്പയിർ ഖാനനം നടത്തി പാഴ്ഭൂമിയായി കിടക്കുന്ന 200 ഏക്കറോളം വരുന്ന കൃഷിഭൂമിയിൽ ഭൂവികസന പ്രവർത്തനങ്ങൾ നടത്തി നീരയ്ക്കു വേണ്ടിയുള്ള തോട്ടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി അറിയിക്കുകയുണ്ടായി. ലക്ഷദ്വീപിലെ ആന്ത്രോത്ത്‌ ദ്വീപിലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌, നീരയിൽ നിന്നുള്ള വിവിധ ഉൽപന്നങ്ങൾ സംസ്ക്കരിച്ചെടുക്കുന്നതിനും ആരോഗ്യപാനീയങ്ങൾ നിർമ്മിക്കുന്നതിനുമുള്ള പ്രോജക്ട്‌ റിപ്പോർട്ടുമായി നാളികേര വികസന ബോർഡിൽ എത്തിക്കഴിഞ്ഞു. മഹാരാഷ്ട്രയിലും ഗോവയിലും ലക്ഷദ്വീപിലും കർഷകർക്ക്‌ നിർബാധം നീരയുത്പാദിപ്പിക്കുന്നതിന്‌ യാതൊരു നിയമതടസ്സങ്ങളും ഇന്നില്ല. അധികം വൈകാതെ കേരളവും കർണ്ണാടകവും തമിഴ്‌നാടും അന്ധ്രാപ്രദേശും ഒഡീഷയുമൊക്കെ ഈ വഴി പൈന്തുടരും എന്ന കാര്യത്തിൽ എനിക്ക്‌ സംശയമില്ല.

കേരളത്തിന്റെ ബഹുമാനപ്പെട്ട എക്സൈസ്‌, ഫിഷറീസ്‌, തുറമുഖ വകുപ്പ്‌ മന്ത്രി ജൂലൈ 16 ന്‌ വിവിധ കർഷക പ്രതിനിധികളുടേയും തൊഴിലാളി സംഘടനകളുടേയും നീര കമ്മിറ്റിയംഗങ്ങളുടേയുമെല്ലാം സാന്നിദ്ധ്യത്തിൽ ചർച്ചകൾക്ക്ശേഷം അസന്നിഗ്ദ്ധമായി ഗവണ്‍മന്റിന്റെ തീരുമാനം പ്രഖ്യാപിക്കുകയുണ്ടായി. പരീക്ഷണാടിസ്ഥാനത്തിൽ  കേരളത്തിലെ എല്ലാ ജില്ലകളിലും ഉത്പാദക സംഘങ്ങളുടെ ഫെഡറേഷനുകൾ വഴി 1500 തെങ്ങുകൾ വീതമുള്ള  നീര യൂണിറ്റിന്‌ അനുമതി നൽകുന്നുവേന്നായിരുന്നു ആ പ്രഖ്യാപനം. കള്ള്‌ ഷാപ്പുകൾ കാര്യമായി ലേലത്തിൽ പോകാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഇത്തരം രണ്ട്‌ യൂണിറ്റുകൾ വീതം അനുവദിക്കുമെന്നും അറിയിക്കുകയുണ്ടായി. ആവശ്യമായ നിയമഭേദഗതികൾ വരുത്തിക്കൊണ്ട്‌ ഗവണ്‍മന്റ്‌ ഉത്തരവിറങ്ങാൻ അധികകാലതാമസം ഉണ്ടാകില്ലായെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം. പക്ഷേ, ഉത്തരവ്‌ ഇറങ്ങാൻ കാത്തിരിക്കാതെ എല്ലാ ഫെഡറേഷനുകൾക്കും നീരയ്ക്ക്‌ ലൈസൻസ്‌ ലഭിച്ചുകഴിഞ്ഞാൽ തങ്ങൾ ചെയ്യേണ്ട പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിവെയ്ക്കാൻ കഴിയുമോ? ഓരോ ജില്ലയിലും 1500 തെങ്ങുകൾ വീതം നീരയ്ക്കായി മാറ്റിവെയ്ക്കുമ്പോൾ ആവശ്യമായ നീര ടെക്നീഷ്യൻമാരെ കണ്ടെത്തുന്നതിൽ നിലവിലുള്ള പരമ്പരാഗത ചെത്തുതൊഴിലാളികളിൽ തന്നെ താൽപര്യമുള്ളവർക്കായിരിക്കണം മുൻഗണന.  ഫെഡറേഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലുള്ള പരമ്പരാഗത ചെത്തുതൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും നീര ഉത്പാദനത്തിന്‌ വരാൻ സന്നദ്ധരായവരുടെ പേരും മേൽവിലാസവും ടെലഫോൺ നമ്പറുകളും ശേഖരിച്ച്‌ വയ്ക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. 1500 തെങ്ങുകൾ ടാപ്പ്‌ ചെയ്യണമെങ്കിൽ 80 മുതൽ 100 വരെ നീര ടെക്നീഷ്യന്മാരുടെ ആവശ്യകതയുണ്ട്‌. ആവശ്യത്തിന്‌ തൊഴിലാളികളെ ലഭ്യമല്ലാത്തയിടങ്ങളിൽ പുതുതായി നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിന്‌ ആവശ്യമായ നടപടികൾ കമ്പനികളുടെ നേതൃത്വത്തിലും ഫെഡറേഷനുകളുടെ കീഴിലും ആരംഭിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
നീര സംസ്ക്കരിച്ച്‌ ഉൽപന്നങ്ങളാക്കുന്നതിന്‌ കേരള കാർഷിക സർവ്വകലാശാലയും, മൈസൂരിലെ ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലബോറട്ടറിയും നാളികേര വികസന ബോർഡ്‌ നടത്തിയ രണ്ട്‌ ഗവേഷണ പദ്ധതികളിലൂടെയും ഉരുത്തിരിച്ചെടുത്ത സാങ്കേതികവിദ്യകൾ നിലവിൽ ലഭ്യമാണ്‌. നീര ഒരു ആരോഗ്യദായക പോഷകപാനീയമായി വിപണിയിലെത്തിക്കാം, നീരയിൽ നിന്നും സിറപ്പ്‌, തെങ്ങിൻ ശർക്കര, പാംഷുഗർ എന്നീ ഉൽപന്നങ്ങളും ഉത്പാദിപ്പിക്കാൻ കഴിയും. ഇതു സംബന്ധിച്ച ചർച്ചകൾ, ആലോചനകൾ, ആശയ രൂപീകരണം തുടങ്ങിയവ അടിയന്തിരമായി എല്ലാ ഫെഡറേഷനുകളും ഏറ്റെടുക്കണമെന്ന്‌ അഭ്യർത്ഥിക്കുകയാണ്‌.
കേവലം 1500 തെങ്ങുകൾ മാത്രം ഒരു ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നീര ടാപ്പ്‌ ചെയ്യുവാൻ അനുവാദം നൽകുമ്പോൾ എല്ലാ ഫെഡറേഷനുകളിൽ നിന്നും തുല്യമായി എടുക്കേണ്ടതുണ്ടോ, അതല്ല ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒന്നു രണ്ട്‌ ഫെഡറേഷനുകളെ തെരഞ്ഞെടുത്ത്‌ നടപ്പിലാക്കണോയെന്ന കാര്യം ഗൗരവകരമായി ചിന്തിക്കേണ്ടതുണ്ട്‌. അത്തരത്തിൽ ഫെഡറേഷനുകളെ തെരഞ്ഞെടുക്കുമ്പോൾ എന്തായിരിക്കണം മാനദണ്ഡം. അവരുടെ പ്രവർത്തന മികവ്‌, ബോർഡിൽ രജിസ്റ്റർ ചെയ്ത കാലയളവ്‌, നടപ്പിലാക്കിയ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ, കമ്പനി രൂപീകരണത്തിനുള്ള പ്രാരംഭപ്രവർത്തനങ്ങളിൽ പ്രകടിപ്പിച്ച നേതൃത്വവാസന, ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്തുകൊണ്ട്‌ പ്രവർത്തിക്കുവാനുള്ള ധൈര്യവും മനോഭാവവും, ആവശ്യമെങ്കിൽ ബാങ്ക്‌ വായ്പയെ ആശ്രയിക്കാതെ കർഷകരിൽ നിന്ന്‌ നീരയുടെ ആദ്യസംസ്ക്കരണ പ്രവർത്തനങ്ങൾക്കുള്ള ഓഹരി സമാഹരിക്കുവാൻ സാധിക്കുമോ ഇങ്ങനെ നിരവധി ചോദ്യങ്ങൾ നമുക്ക്‌ പരിഗണിക്കേണ്ടതായിട്ടുണ്ട്‌. ഈ രീതിയിൽ ഒരു മുൻഗണനാക്രമം ഓരോ ജില്ലയിലും ഫെഡറേഷനുകൾ തയ്യാറാക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. അതിനായി അവരെ പ്രാപ്തരാക്കുന്നതിന്‌ എല്ലാ ചാർജ്ജ്‌ ഓഫീസർമാരും ശ്രദ്ധിക്കുകയും വേണം.
രണ്ടുമാസത്തിലേറെ നീണ്ടു നിന്ന തുടർച്ചയായ ശക്തമായ കാലവർഷവും വിലയിടിവ്‌ മൂലം തെങ്ങുകൃഷിയോട്‌ കാണിച്ചിരുന്ന അശ്രദ്ധയും അവഗണനയുമൊക്കെ ചില സ്ഥലങ്ങളിലെങ്കിലും വ്യാപകമായ കൂമ്പ്ചീയൽ രോഗത്തിലേക്ക്‌ എത്തിയിട്ടുണ്ട്‌.   കൂമ്പ്ചീയൽ പ്രതിരോധിക്കാവുന്നതും യഥാസമയം കണ്ടെത്തി ചികിത്സിച്ചാൽ രോഗം പൂർണ്ണമായി ഭേദമാക്കാവുന്നതുമാണ്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും  കൃഷിവകുപ്പും ബോർഡും ചേർന്ന്‌ കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ  ഈ ഭീഷണി  വളരെ വേഗത്തിൽ തരണം ചെയ്യാം. നാളികേരത്തിന്‌ വില ഉയരുന്ന അവസരത്തിൽ തെങ്ങിന്‌ കൂടുതൽ ശ്രദ്ധ നൽകുന്നതിനും പരിചരിക്കുന്നതിനും നാം കൂടുതൽ ശ്രദ്ധിക്കണം. 
പലപ്പോഴും കേരകർഷകർ നേരിട്ടിരുന്ന ഒരു ചാക്രികമായ അനുഭവമാണ്‌ നാളികേരത്തിന്റെ വിലയുയരുമ്പോൾ ലഭ്യതകുറയുകയും ലഭ്യത കൂടുമ്പോൾ വിലയിടിയുകയും ചെയ്യുകയെന്നത്‌. അനുഭവങ്ങളിൽ നിന്നും പഠിച്ച ഈ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌ നമ്മുടെ നാളികേര ഉത്പാദക കൂട്ടായ്മകൾ പ്രവർത്തിക്കുകയും പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു. മികച്ച  ഒരു ഭാവി നാളികേര വിളയ്ക്കും കർഷകർക്കും പ്രതീക്ഷിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...