Showing posts with label bekkar methala. Show all posts
Showing posts with label bekkar methala. Show all posts

24 May 2013

ദർശനങ്ങളിലെ ജലാത്മകത


ബക്കർ മേത്തല


എം.കെ.ഹരികുമാർ മറ്റു നിരൂപകരിൽ നിന്നും വേറിട്ട്‌ നിൽക്കുന്നത്‌ ചിന്തകളിലെ നവീനതകൊണ്ടാണ്‌. നവീനമായ ആശയങ്ങളിലൂടെ തന്റെ ജീവിതദർശനത്തെ രൂപപ്പെടുത്തുന്നതിൽ സമീപകാല എഴുത്തുകാരിൽ അദ്ദേഹം വളരെ മുമ്പിലാണ്‌. എഴുത്തിൽ നിന്നും ദർശനങ്ങൾ കുടിയൊഴിഞ്ഞുപോകുമ്പോൾ  പൊള്ളയായ ഹൃദയങ്ങളിൽ നിന്നും അർത്ഥരഹിതമായ വാക്കുകളുടെ ചാപിള്ളകളാണ്‌ പിറക്കുക. ഹരികുമാർ മുൻവിധികളില്ലാതെ തന്നെ വാക്കുകളെയും വസ്തുതകളെയും സമീപിക്കുന്നു. പുതിയ ആശയങ്ങൾ ഉൽപാദിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഹരികുമാറിന്റെ എഴുത്തിൽ ദർശനം രൂപപ്പെടുത്തുന്നത്‌ സൂര്യോദയം, മഴ, വിത്തുകളുടെ മുള പൊട്ടൽ, പൂവിരിയൽ തുടങ്ങിയ പ്രകൃതിസത്യം പോലെ സ്വാഭാവികമായിട്ടാണ്‌. ഹരികുമാർ മുന്നോട്ട്‌വെക്കുന്ന ജീവിത വീക്ഷണം നൈസർഗ്ഗികമാവുന്നത്‌ അതുകൊണണ്ടാണ്‌. എം.കെ.ഹരികുമാർ 'എന്റ മാനിഫെസ്റ്റോ' എന്ന പുതിയ കൃതിയിൽ മുന്നോട്ടുവെയ്ക്കുന്നത്‌ ദർശനങ്ങളിലെ ജലാത്മകതയാണ്‌. ഒഴുകുകയാണെന്ന്‌ അറിയാതിരിക്കുമ്പോഴും ഒഴുകികൊണ്ടിരിക്കുന്നു എന്നതാണ്‌ ജലത്തിന്റെ പ്രത്യേകത. ഈ ഒഴുക്ക്‌ തന്നെയാണ്‌ വെള്ളം. ഈ തിരിച്ചറിവ്‌ ഒരു പ്രത്യയശാസ്ത്രമാണ്‌. കെട്ടികിടക്കുന്ന ജലത്തിന്റെ മലിനാവസ്ഥയെ ഒഴുക്കുള്ള ജലം നിരാകരിക്കുന്നതുപോലെ മനുഷ്യൻ ഓരോ നിമിഷവും സ്വയം നിരാകരിച്ചുകൊണ്ടിരിക്കുകയാണ്‌. അതിലൂടെ സ്വയം നവീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അതായത്‌ തന്റെ കർമ്മപരമ്പരയുടെ ചലനാത്മകതയിലൂടെ മാറിക്കൊണ്ടേയിരിക്കുകയാണ്‌. ഇതിനിടയിൽ വ്യക്തി, സമൂഹം എന്നീദ്വന്ദ്വങ്ങൾ ഏകാത്മകമാവുകയും ഭൗതികതയും ആത്മീയതയും രണ്ടല്ലെന്ന ബോധത്തിലെത്തുകയും ചെയ്യുന്നു. ഈ അനുഭൂതിയെയാണ്‌ നവാദ്വൈതം എന്നു വിവക്ഷിക്കുന്നത്‌. എന്റെ മാനിഫെസ്റ്റോ ലോകത്തിനു നൽകുന്ന മൗലികമായ ഒരു ചിന്ത അതാണ്‌. ഒ.വി.വിജയന്റെ നോവലുകളിൽ ഈ ദർശനം പടർന്നു കിടപ്പുണ്ട്‌. വിജയന്റെ നോവലുകളിലൂടെ ആശയലോകത്തെക്കുറിച്ച്‌ ഹരികുമാർ നടത്തിയിട്ടുള്ള അന്വേഷണങ്ങളും ഓർക്കേണ്ടതുണ്ട്‌. നവാദ്വൈതത്തിന്റെ ചിന്താശലഭങ്ങളാണ്‌ വിജയന്റെ ആശയലോകത്ത്‌ പറന്നു നടക്കുന്നുണ്ട്‌ എന്ന കണ്ടെത്തൽ ഹരികുമാർ നടത്തിയിട്ടുണ്ട്‌. തന്റെ സാഹിത്യ മാനിഫെസ്റ്റോ സഹൃദയസമക്ഷം സമർപ്പിക്കുവാൻ 'ഖസാക്കിന്റെ ഇതിഹാസ'ത്തെ പല സന്ദർഭങ്ങളിലും ഹരികുമാർ ആശ്രയിക്കുന്നുണ്ട്‌.

ഗ്രീൻ ബുക്സ് ,തൃശൂർ , വില 8 0 /

നിരസിക്കപ്പെടേണ്ടതാണ്‌ സത്യമെന്നും സ്വയം നിരസിച്ചുകൊണ്ടാണ്‌ തത്വങ്ങൾ വളരേണ്ടതെന്നുള്ള കാഴ്ചപ്പാട്‌ സ്വയം നിരസിക്കുമ്പോഴാണ്‌ എഴുത്തുകാരനുണ്ടാകുന്നതെന്ന ആശയത്തിലേക്ക്‌ വികസിച്ചു പൂർണ്ണത നേടുന്ന ലേഖനമാണ്‌ 'സ്വയം നിരാസം' .ഈ കൃതിയിലെ ബലവത്തായ ഒരേടാണ്‌ ഇത്‌. ആധുനികതക്കും ഉത്തരാധുനികതകൾക്കും ശേഷം രൂപപ്പെട്ടു വന്നിട്ടുള്ള ആശയപരമായ പ്രതിസന്ധികളെ മറികടക്കാനുള്ള വെപ്രാളത്തിൽ ദർശനങ്ങളെ പുതുക്കിപ്പണിയാൻ എഴുത്തുകാരൻ നിർബന്ധിതനായിട്ടുണ്ട്‌. നിർബന്ധിതാവസ്ഥ എടുത്തുപറയുമ്പോൾ തന്നെ, ഇതൊരു വെല്ലുവിളി കൂടിയാണ്‌. ഇത്തരം സന്ദർഭങ്ങളിൽ അയാൾ ഒരാത്മപരിശോധനയ്ക്ക്‌ തന്നെതന്നെ വിധേയനാക്കുമ്പോൾ വായനക്കാരുടെ സമക്ഷം സമർപ്പിക്കാനുതകുന്ന 'മാനിഫെസ്റ്റോ' ഇല്ലാത്തവനാണെന്ന്‌ സ്വയം തിരിച്ചറിയുകയും ചെയ്യുന്നു. ഇതാ, തനിക്കൊരു മാനിഫെസ്റ്റോ, ഉണ്ടെന്നും സാഹിത്യലോകം മുമ്പാകെ സമർപ്പിക്കാൻ കഴിയും വിധം അത്‌ യുക്തിഭദ്രവും സാഹിത്യചിന്തകളിൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ളതുമാണെന്നുള്ള ഒരാത്മവിശ്വാസം ഈ പുസ്തകത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട്‌.
ആലോചന/മനനം/കാഴ്ച എന്നീ മൂന്നു വിഭാഗങ്ങളിലായി ദൈർഘ്യമൊട്ടും തന്നെയില്ലാത്ത 19 ലേഖനങ്ങളാണ്‌ ഈ കൃതിയിലുള്ളത്‌. 'ബദൽ ആത്മീയത' എന്ന ഭാഗത്ത്‌ സാഹിത്യാനുഭവം മനുഷ്യന്റെ വിധിയാണ്‌ എന്ന്‌ പ്രഖ്യാപിക്കുന്നുണ്ട്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവന്‌ മതമോ പ്രത്യയശാസ്ത്രമോ അനിവാര്യഘടകങ്ങളായിക്കൊള്ളണമെന്
നില്ല എന്ന്‌ അതിനോട്‌ ചേർത്ത്‌ വെക്കുന്നുമുണ്ട്‌. സാഹിത്യവും മതവും ആത്മീയതയുമായി മാറുമ്പോൾ വായനക്കാരൻ ജ്ഞാനസ്നാനം ചെയ്യപ്പെട്ടവനായി മാറുന്നു എന്നാണ്‌ ഈ വരികളിലൂടെ ഗ്രന്ഥകർത്താവ്‌ ദൃഡീകരിക്കപ്പെടുന്നത്‌.
'എന്റെ മാനിഫെസ്റ്റോ' ചിന്തകളെ ജ്വലിപ്പിക്കാൻ പോന്ന ആശയങ്ങളുടെ ഓർക്കസ്ട്രേഷനാണ്‌ നിർവഹിക്കുന്നത്‌. ഈ ഓർക്കസ്ട്രേഷനിൽ വാക്കുകൾ സംഗീതമായല്ല, ചിലപ്പോൾ സംഗീതരഹിതമായും നിർദ്ദയമായും പ്രയോഗിക്കുന്നുണ്ട്‌. വാക്കുകൾ തമ്മിലുള്ള ബന്ധം പലപ്പോഴും വ്യാജമാണ്‌ എന്ന കണ്ടെത്തൽ ഇതിനുദാഹരണമാണ്‌. എഴുത്തുകാരൻ ജീവിതത്തെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ എന്തുകൊണ്ടാണ്‌ പരാജയപ്പെട്ടുപോകുന്നതെന്ന വിശകലനം പുതുമയുള്ളതും എഴുത്തുകാരനെ അസ്വസ്ഥമാക്കുന്നതുമാണ്‌. എഴുത്തുകാരൻ ജീവിതത്തെ സമീപിക്കുമ്പോഴും ജീവിതം സമയത്തിന്റെ ശരവേഗങ്ങളിൽ അയാളിൽ നിന്നും തെന്നിമാറിയിട്ടുണ്ടാവും. അനുഭവങ്ങൾ സമയത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു എന്ന സത്യവും അയാൾ അഭിമുഖീകരിക്കേണ്ടിവരുന്നു. അനുഭവങ്ങൾ പഴകുകയോ അപ്രസക്തമാവുകയോ ചെയ്യാതിരിക്കണമെങ്കിൽ എഴുത്തുകാരൻ നിസ്സഹായനാവുന്ന ഒരു സന്ദർഭത്തിന്റെ നിലവിളി ഈ യാഥാർഥ്യത്തിനും വേഗതയേറുന്നു എന്ന അധ്യായത്തിൽ നിന്നും ഉയരുന്നുണ്ട്‌.
ചിന്തകളുടെ ഉഷ്ണഭരിതമായ ഉന്മാദങ്ങളാണ്‌ ഈ കൃതിയിലുടനീളം അലയടിക്കുന്നത്‌. ഭ്രാന്തമായ ആശയങ്ങളെന്നു ആദ്യവായനയിൽ വിലയിരുത്തിയാലും പുനർവായനയിൽ മൗലികമായ ആശയങ്ങളുടെ വെളിപാടുകളായി പുലരുന്ന സാഹിതീയചിന്തകളാണ്‌ അത്‌ മുന്നോട്ടു വെക്കുന്നതെന്നു കാണാം. സാഹിത്യമീമാംസയെ സംബന്ധിച്ചിട്ടുള്ള പഴയ കാഴ്ചപ്പാടുകളെ, അതിങ്ങനെയുമാവാം എന്ന്‌ തിരുത്താൻ ശ്രമിക്കുന്ന ഒരു എഴുത്ത്‌ ഈ നിരൂപകന്‌ സ്വന്തമായുണ്ടെന്ന്‌ 'എന്റെ മാനിഫെസ്റ്റോ' നമ്മെ ബോധ്യപ്പെടുത്തുന്നു.

14 Dec 2011

ഒരു മരം ദൈവത്തോടും പ്രേംനസീറിനോടും സംസാരിച്ചത്

ബക്കർ മേത്തല
ഒരു മരം
ദൈവത്തോടും
പ്രേംനസീറിനോടും
സംസാരിച്ചതു


ബക്കർ മേത്തല


(മലരണിക്കാടുകൾ തിങ്ങിവിങ്ങാത്ത ഒരു പ്രദേശം. അവിടവിടെ ഒറ്റപ്പെട്ട
വാടിയരമങ്ങൾ. മരത്തിന്റെ ചിലകൊമ്പുകളിൽ പൊട്ടിയ ഊഞ്ഞാലുകൾപോലെ
കയർതൂങ്ങിക്കിടക്കുന്നുണ്ട്‌. 'ഭാർഗ്ഗവീനിലയം' എന്ന സിനിമയിലെ
'പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാലകെട്ടീ' എന്ന പാട്ടുംപാടി
ആടിക്കൊണ്ടിരുന്നപ്പോൾ പൊട്ടിപ്പോയ ഊഞ്ഞാലകളുടെ അവശിഷ്ടങ്ങളും
രമണനെപ്പോലുള്ള ദുർബ്ബല മാനസർ കെട്ടിത്തൂങ്ങിയ കയറുകളുടെ ശേഷിപ്പുമാണ്‌
ഞാന്നുകിടക്കുന്നത്‌. കൂട്ടത്തിൽ ഒരു മരം പെട്ടെന്ന്‌ സംസാരിക്കാൻ
തുടങ്ങുന്നു)


       മരം     :       ദൈവമേ....എന്റെ ദൈവമേ...
                       (ഉടൻ ദൈവം പ്രത്യക്ഷണാവുന്നു)
                       എന്നെ വലംവെച്ചും
                       എനിക്കുചുറ്റും ഓടിനടന്നും
                       പ്രണയിക്കാനിപ്പോൾ
                       ആരും വരാത്തതെന്താണ്‌.
                       യുഗ്മഗാനങ്ങൾ കേൾക്കാതായപ്പോൾ
                       എന്റെ ഇലകൾ ഉണങ്ങാൻ
                       തുടങ്ങിയിരിക്കുന്നു.
                       വേരുകൾ, കുഷ്ഠം പിടിച്ചപോലെ
                       മുരടിച്ചിരിക്കുന്നു.
                       പൂക്കൾ വസന്തത്തോട്‌ പിണങ്ങിയിരിക്കുന്നു.
                       ദൈവമേ,
                       ഭൂമിയിൽനിന്നും പ്രണയത്തെ നീ
                       തിരിച്ചെടുത്തോ
       ദൈവം    :       എടീ മരമേ....മരമണ്ടീ
                       നീയറിഞ്ഞില്ലേ....
                       പ്രേംനസീർ മരിച്ചുപോയി
                       ഷീലയെ കെട്ടിച്ചയച്ചു
                       മധുവിനും ജയഭാരതിക്കും വയസ്സായി
                       വാതത്തിന്റെ അസ്ഖ്യതയുമുണ്ട്‌
                       അവരൊന്നും ഇനി
                       മരം ചുറ്റാൻ വരില്ല.
മരം             :       ദൈവമേ
                       ഇപ്പോഴും ചില ആൺകുട്ടികളും
                       പെൺകുട്ടികളും
                       ഇവിടെ വരാറുണ്ട്‌
                       അവർക്ക്‌ യാതൊരു നാണവുമില്ല
                       പ്രണയം അവർക്ക്‌
                       ഉടലുകളുടെ ഉത്സവമാണ്‌
                       എന്റെ വേരുകളിൽ
                       പിണഞ്ഞുകിടക്കാറുള്ള സർപ്പങ്ങളെപ്പോലെ
                       അവർ, ദൈവമേ....
                       ഓർക്കുമ്പോൾത്തന്നെ  നില്ലാണ്ടായ്പ്പോണ്‌
                       ഇലകളെല്ലാം കൊഴിഞ്ഞുപോയതുകൊണ്ട്‌
                       നാണം വരുമ്പോൾ
                       എനിക്ക്‌ കണ്ണുപൊത്താൻ
                       കഴിയുന്നേയില്ല.
ദൈവം    :       മരമേ.....
                       ഞാനവരിൽനിന്നും നാണം തിരിച്ചെടുത്തു
                       നിർലജ്ജതയുടെ ഉടുപ്പണിയിച്ചു
                       നശ്വരതയുടെ മധുരംകൊണ്ട്‌ അലങ്കരിച്ചു.
                       പ്രണയത്തിന്റെ അനശ്വരത തിരിച്ചെടുത്തു
                       ഓർമകളിൽ മഞ്ഞുപെയ്യിച്ചു.
                       വിരഹത്തെ നിർവ്വികാരമാക്കി
                       സ്നേഹത്തിനു വില നിശ്ചയിച്ചു
മരം             : അയ്യേ...ഇതൊക്കെചെകുത്താൻചെയ്യുന്നതല്ലേ
               (ദൈവം കോപാകുലനാകുന്നു. മരം വിറച്ചുപോയി)
ദൈവം    :       അല്ലല്ല... ഞാനവർക്ക്‌ സുഖം കൊടുത്തു.
               മൊബെയിൽഫോണും ഇന്റർനെറ്റും കൊടുത്തു.
               (പെട്ടെന്ന്‌ ദൈവത്തിന്റെ മുമ്പിൽ പ്രേംനസീറിന്റെയും  ഷീലയുടെയും
ആത്മാവുകൾ പ്രത്യക്ഷപ്പെടുന്നു. പ്രേംനസീറും ഷീലയും പരസ്പരം
                       കണ്ടപ്പോൾ തരളിതരാകുന്നു.
                       പ്രേമചേഷ്ടകൾ കാട്ടാൻ തുടങ്ങുന്നു. ദൈവം മരത്തിന്റെ മറവിലേക്ക്‌
                               പിൻവലിഞ്ഞ്‌ പ്രേമചേഷ്ടകൾ ഒളിഞ്ഞുനിന്ന്‌ ആസ്വദിക്കുന്നു.)
മരം             :       ദൈവമേ....നിങ്ങൾ ശരിക്കും ഒരു മലയാളി ആണല്ലേ.
                       (ദൈവം ചമ്മുന്നു. മരത്തിന്റെ മറവിൽനിന്നും അവരുടെ മുമ്പിലേക്കു
                                       കടന്നു നിൽക്കുന്നു. ഷീലയും പ്രേംനസീറും ദൈവത്തിന്റെ മുമ്പിൽ
                       വിനയാന്വിതനാകുന്നു.)
പ്രേംനസീർ        :      മരമേ...ദൈവമേ.....
                       എന്നെ വീണ്ടും ജീവിക്കാൻ അനുവദിച്ചാൽ
                       ഞങ്ങളീമരത്തെ തളിരിലകൾ അണിയിക്കാം
                       ചില്ലകളിൽ പൂക്കൾ വിടർത്താം
മരം             :       പ്രേംനസീറേ.....
                       ഇപ്പോഴും അങ്ങയുടെ മനസ്സിൽ
                       സ്നേഹത്തിന്റെ തിരമാലകൾ
                       ഇളകിമറിയുന്നത്‌ ഞാനറിയുന്നു.
                       ദൈവമേ...ഇദ്ദേഹത്തിന്റെ അപേക്ഷ പരിഗണിക്കൂ
                       പ്രണയ സംഗീതത്തിന്റെ അലകൾകൊണ്ട്‌
                       ഈ ഭൂമിയെ അവർ മുഖരിതമാക്കട്ടെ.
                       പ്രണയമിഥുനങ്ങളുടെ ചൂടുംചൂരുമേറ്റ്‌
                       ഞാനൊന്നു രോമാഞ്ചം കൊള്ളട്ടെ.
ദൈവം    :       സോറി മരമേ.... സോറി
                       സോറി നസീറേ....സോറി
                       ഞാൻ മൊബെയിൽ ഫോൺ സൃഷ്ടിച്ചുപോയി
                       അത്‌ തിരിച്ചെടുക്കാതെ
                       യഥാർത്ഥ സ്നേഹത്തിന്റെ സാദ്ധ്യതകളെ
                       വീണ്ടെടുക്കാൻ കഴിയില്ല.
                       അത്‌ തിരിച്ചെടുത്താൽ
                       അന്ധനും ബധിരനും ഉന്മാദം വന്നാലെന്നപോലെ
                       ഭൂമി അസ്വസ്ഥമാകും.
                       ശിരസ്സു ഛേദിക്കപ്പെട്ട ഉടൽപോലെ പിടയും.
                       പ്രണയത്തിന്റെ ഒറിജിനൽ സിം
                       സ്വർഗ്ഗത്തിലെ ഒരു ഇ.സി.മുറിയിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്‌.
                       നിങ്ങൾക്ക്‌ മൊബെയിലിലൂടെ പ്രണയിക്കാം.
                       അല്ല പ്രണയം ഭാവിക്കാം.
                       ഇത്‌ പ്രണയം ഭാവിക്കുന്നവരുടെ കാലവും
                       പ്രണയത്തെ ഉറയൂരുന്നവരുടെ ലോകവുമാണ്‌.
                       ബെസ്റ്റ്‌ വിഷസ്‌
                       (ദൈവം നടന്നു മറയുന്നു. മരവും പ്രേംനസീറും
                       ദൈവത്തെ ശപിക്കുന്നു)
                       നിന്നെ പണ്ടാറാവട്ടെ.

15 Nov 2011

ആമയാകാന്‍ മോഹിച്ച ഒരു കുട്ടിയുടെ കഥ



ബക്കര്‍ മേത്തല
ബാലസാഹിത്യസമിതിയുടെ പി.ടി.ഭാസ്കരപണിക്കര്‍ അവാര്‍ഡ്‌ നേടിയ 'ഫസ്റ്റ്‌ റാങ്ക്‌' എന്ന പുസ്തകത്തെക്കുറിച്ച്‌.

സമകാലീന മലയാളബാലസാഹിത്യരംഗം സജീവവും ചടുലവുമാണ്‌. ഒരുപാടെഴുത്തുകാര്‍ തങ്ങളുടെ രചനാരംഗമായി ബാലസാഹിത്യത്തിണ്റ്റെ തട്ടകം തിരഞ്ഞെടുത്തു കഴിഞ്ഞു. അതിണ്റ്റെ ഫലസിദ്ധിയെന്നവണ്ണം എണ്ണമറ്റ കൃതികള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. പക്ഷേ ഈ കൃതികളില്‍ ബഹുഭൂരിപക്ഷവും മാറിയലോകത്തിണ്റ്റെ അഭിലാഷങ്ങളോട്‌ നീതി പുലര്‍ത്തുന്നവയല്ല. സൈബര്‍ യുഗത്തില്‍ പിറന്നുവീണ്‌ പിച്ചവെച്ച്‌ കളിച്ചുവളരുന്ന പുതിയതലമുറയ്ക്ക്‌ നല്‍കാന്‍, ഹേ ബാലസാഹിത്യകാരാ നിണ്റ്റെ കയ്യില്‍ എന്തുണ്ട്‌ എന്നൊരു വലിയചോദ്യം ബാലസാഹിത്യത്തിണ്റ്റെ അന്തരീക്ഷത്തില്‍ ഉയരുമ്പോള്‍ പകച്ചുനില്‍ക്കുന്നവരാണ്‌ എഴുത്തുകാരില്‍ ഭൂരിപക്ഷവും.

കുട്ടികളുടെ ചിന്തകളിലും ഭാവനകളിലും വന്ന ഈ കുതിച്ചുചാട്ടത്തിനൊപ്പം ചാടാന്‍ മറന്നവരും ചാടാന്‍ കഴിയാത്തവരും ചാടിനോക്കി പരുക്കുപറ്റിയവരും ഏറെയാണ്‌. പറയാന്‍ പുതുതായൊന്നുമില്ലാതെ പഴയവീഞ്ഞ്‌ പുതിയ കുപ്പിയിലെന്നവണ്ണം ഉണ്ടാക്കുന്ന വ്യാജനിര്‍മ്മിതികളും ഈ ശാഖയെ ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്‌. ഈ സാഹിത്യകാലാവസ്ഥയിലാണ്‌ കെ.കെ.വാസുവിണ്റ്റെ 'ഫസ്റ്റ്‌ റാങ്ക്‌' ബാലസാഹിത്യസമിതിയുടെ അവാര്‍ഡ്‌ നേടുന്നത്‌. ദരിദ്രവും ദുര്‍ബ്ബലവും സഹതാപാര്‍ഹവുമായ സാമൂഹ്യ സാഹചര്യങ്ങളില്‍പ്പെട്ടിട്ടും തളരാതെ പതറാതെ ജീവിതത്തെ നേരിട്ട്‌ വിജയംവരിച്ച രാവുണ്ണിയുടെ കഥയാണ്‌ ഫസ്റ്റ്‌ റാങ്ക്‌ പറയുന്നത്‌.

വിരൂപനും സ്നേഹനിധിയുമായ ഉണ്ണിയേട്ടന്‍ രക്ഷകനെപ്പോലെ രാവുണ്ണിയുടെ സവിധത്തിലണഞ്ഞ കേശുമ്മാമന്‍, അനുകമ്പയും സഹായ മനഃസ്ഥിതിയുമുള്ള ഡോക്ടര്‍ രാജാറാം എന്നിവരുടെ ചിന്തയും മനുഷ്യത്വവുമാണ്‌, തെരുവിലടിഞ്ഞു പോകേണ്ടിയിരുന്ന ഒരു ജന്‍മത്തെ അതിജീവവനശേഷിയുള്ളതാക്കി വളര്‍ത്തിയെടുത്തത്‌. അജ്ഞാതയായ ഒരമ്മക്കു പിറന്ന്‌ മറ്റേതൊക്കെയോ അമ്മമാരുടെ അമ്മിഞ്ഞ നുണഞ്ഞ്‌ വളര്‍ന്ന അവണ്റ്റെ ഒരു സ്വപ്നം അവന്‍ അമ്മാവനോട്‌ പങ്കുവെക്കുന്നുണ്ട്‌.

അത്‌ അവന്‌ ഒരാമയാകണം എന്ന സ്വപ്നമായിരുന്നു. ആമയാല്‍ വെള്ളത്തിണ്റ്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ട്‌ ജലപാളികള്‍ക്കിടയില്‍ ഒളിച്ചിരിക്കാന്‍ കഴിയുമല്ലോ എന്ന ചിന്തയായിരുന്നു രാവുണ്ണിയെ ഇത്തരമൊരു സ്വപ്നത്തിണ്റ്റെ ഉടമയാക്കിയത്‌. അരക്ഷിതമായ ഏതൊരു ബാല്യവും കണ്ടുപോയേക്കാവുന്ന ഒരു സ്വപ്നം. ഒരു ശത്രുവിനും തന്നെ പിടിക്കാന്‍ കഴിയാതിരിക്കുംവിധം ഒരു സുരക്ഷിതത്വം അവന്‍ ആഗ്രഹിച്ചിരുന്നു.

ചുറ്റും ശത്രുക്കള്‍ അണിനിരന്ന ഒരു ജീവിതമാണ്‌ പിന്നീട്‌ അവന്‌ ലഭിക്കുന്നതും. പക്ഷേ, ആമയാവുക എന്നുള്ളത്‌ ഒരു സ്വപ്നം മാത്രമാണെന്നും തന്ത്രപരമായും ധീരതയോടെയും നേരിടേണ്ടിവരുന്ന ജീവിതാവസ്ഥകളാണ്‌. കണ്‍മുമ്പിലുള്ളതെന്നും അവന്‍ തിരിച്ചറിയുമ്പോള്‍ അവസരത്തിനൊത്തുയരാന്‍ കഴിയുന്നുണ്ട്‌. വിരൂപനായ ഉണ്ണി സ്വയംതൊഴില്‍ ചെയ്ത്‌ പണം സമ്പാദിക്കുകയും ഇംഗ്ളീഷ്‌ പഠിക്കുകയും കെ.ഡി.മാധവനെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്നുണ്ട്‌.
ഉണ്ണിയുടെ പണവും ധൈര്യവും സ്നേഹവുമെല്ലാം രാവുണ്ണിയുടെ ജീവിതത്തിനു തണലായും തുണയായും മാറുകയാണ്‌. ഒരു അവധൂതനെപ്പോലെ അലയുകയും ഇടക്ക്‌ പ്രത്യക്ഷനാവുകയും ചെയ്തുകൊണ്ട്‌ കേശുമ്മാന്‍ രാവുണ്ണിയുടെ ജീവിതത്തിലേക്ക്‌ ലക്ഷ്യബോധത്തിണ്റ്റെയും ചിന്തയുടെയും തിരികൊളുത്തുന്നുണ്ട്‌. പ്രായോഗികപാഠങ്ങളുടെയും അറിവിണ്റ്റെയും വെളിച്ചം പ്രസരിപ്പിക്കുന്നുമുണ്ട്‌. കെ.ഡി.മാധവനെ അടിച്ചത്‌ ഉണ്ണിയാണെങ്കിലും അതിണ്റ്റെ ശിക്ഷ അനുഭവിക്കേണ്ടിവന്നത്‌ രാവുണ്ണിയാണ്‌. രാവുണ്ണിക്ക്‌ ടി.സി.കൊടുത്ത്‌ പറഞ്ഞയച്ചില്ലെങ്കില്‍ സ്കൂളില്‍ പ്രശ്നമുണ്ടാക്കുമെന്ന്‌ കെ.ഡി.ഭീഷണിപ്പെടുത്തിയപ്പോള്‍ രാവുണ്ണി സ്കൂളില്‍നിന്ന്‌ പുറത്താവുകയും ചെയ്തു.

എന്നാല്‍ താന്‍കാരണം വിദ്യാഭ്യാസം മുടങ്ങിപ്പോയ രാവുണ്ണിയുടെ പഠനം പൂര്‍ത്തീകരിക്കേണ്ടത്‌ തണ്റ്റെ ഉത്തരവാദിത്വമായി ഉണ്ണി ഏറ്റെടുക്കുകയും മറ്റൊരു സ്കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്തുകയും ചെയ്തു. ഒരു ജീവന്‍ അപകടത്തില്‍നിന്നും രക്ഷിച്ചതിനുകിട്ടിയ പ്രതിഫലവും കടപ്പാടുമുപയോഗിച്ച്‌, തനിക്ക്‌ ലഭിക്കാതെപോയ സ്കൂള്‍ജീവിതം രാവുണ്ണിക്ക്‌ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ ഉണ്ണി പരിശ്രമിച്ചു. അത്‌ നടക്കുകയും ചെയ്തു. പള്ളിക്കാരുടെ ഇംഗ്ളീഷ്‌ മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലില്‍ പ്രവേശനം നേടിക്കൊടുക്കാനും അവന്‌ സാധിച്ചു. വരേണ്യതയുടെ രക്തം സിരകളിലോടുന്ന അധ്യാപകരും രക്ഷകര്‍ത്താക്കളും ഇന്നും നമ്മുടെ സമൂഹത്തില്‍ ഏറെയാണ്‌. അഭിശപ്തമായ ഈ വികാരംവച്ചു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരുംകൂടി രാവുണ്ണിയെ ആ സ്കൂളില്‍നിന്നും പടിയിറക്കുന്നു. കാലമെറെമാറിയാലും അറിവെത്ര ആര്‍ജ്ജിച്ചാലും സാമൂഹ്യബോധം ഇടയ്ക്കിടെ ആത്മപരിശോധനയ്ക്ക്‌ വിധേയമാക്കി പുതുക്കപ്പെടാത്ത ഇത്തരം കഥാപാത്രങ്ങള്‍ അനേകം രാവുണ്ണിമാരുടെ ജീവിതങ്ങള്‍ എറിഞ്ഞുടയ്ക്കുന്നു. പക്ഷേ, ചില ജീവിതങ്ങള്‍ എത്ര ആഞ്ഞെറിഞ്ഞാലും ഉടയാതെ തകരാതെ തറയില്‍നിന്നും പിടഞ്ഞെണീക്കും. രാവുണ്ണിയുടെ ജീവിതവും അങ്ങിനെയായിരുന്നു.

സ്കൂളില്‍നിന്നും പുറത്താക്കിയിട്ടും ഉണ്ണിയേട്ടണ്റ്റെ വീട്ടിലിരുന്ന്‌ പഠിച്ച്‌ പരീക്ഷ എഴുതി ഫസ്റ്റ്‌ റാങ്ക്‌ നേടി അധികാരികളുടെയും സമൂഹത്തിണ്റ്റെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ രാവുണ്ണിക്ക്‌ ഒരുനാള്‍ കഴിഞ്ഞു. അവനെ തിരസ്കരിച്ചവര്‍ ലജ്ജിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തിരസ്കൃതനായ അവന്‍ പുരസ്കൃതനായി. ഈ നോവലിലെ സന്തോഷ്മാഷ്‌ നന്‍മയുള്ള അധ്യാപകരുടെ പ്രതിനിധിയാണ്‌. രാവുണ്ണിയെ അകാരണമായി പുറത്താക്കിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച്‌ ജോലി രാജിവെച്ച സന്തോഷിണ്റ്റെ സഹാനുഭൂതി രാവുണ്ണിയുടെ ജീവിതത്തിലേക്ക്‌ ആര്‍ദ്രതയുടെ നദിയായി ഒഴുകുന്നു.

വ്യക്തിത്വമുള്ള കഥാപാത്രമാണ്‌ ഇതിലെ സന്തോഷ്മാഷ്‌. തങ്ങളെ ആക്രമിച്ച കെ.ഡി.മാധവന്‍ രക്താര്‍ബുദം വന്ന്‌ മരിക്കാന്‍ കിടക്കുമ്പോള്‍ വിരോധഭാവം മാറ്റിവച്ച്‌ സന്ദര്‍ശിച്ച്‌ സാന്ത്വനിപ്പിക്കുന്ന ഉണ്ണിയും രാവുണ്ണിയും മനുഷ്യജീവിതത്തിണ്റ്റെ വിഭിന്നമായ ചിലതലങ്ങളിലേക്ക്‌ വായനക്കാരനെ കൊണ്ടുപോകുന്നത്‌. വിരോധങ്ങളെ സ്നേഹമസൃണതകൊണ്ട്‌ തുടച്ചുനീക്കുന്ന ഒരു മാന്ത്രികതലമാണത്‌. വായനക്കാരായ കുട്ടികളില്‍ സ്നേഹഭാവവും കാരുണ്യസ്പര്‍ശവും ഉണ്ടാക്കാനുതകുന്നതും ജീവിതത്തെ നേരിടാന്‍ ആത്മവിശ്വാസം പകരുന്നതുമായ ഒരു കഥാതന്തുവാണ്‌ ഫസ്റ്റ്‌ റാങ്ക്‌ എന്ന നോവലായി വികസിതമായിട്ടുള്ളത്‌.

പ്രതികൂല സാഹചര്യങ്ങളോട്‌ പടവെട്ടി ജീവിതവിജയത്തിണ്റ്റെ ഉന്നതങ്ങളിലെത്താനുള്ള പ്രേരണകൊടുക്കാന്‍ ഈ കൃതിയുടെ വായന കുട്ടികള്‍ക്ക്‌ ഉപകരിക്കും. ശില്‍പഭദ്രതയുടെ കാര്യത്തില്‍ ശ്രദ്ധകൊടുത്തിരുന്നെങ്കില്‍ ഈ കൃതി കുറേക്കൂടി മനോഹരമായേനേ.

13 Sept 2011

ശേഷിപ്പ്‌ അഥവാ ഒരു പിന്തിരിപ്പൻകവിത




ബക്കർ മേത്തല

മാറാലപിടിച്ചശരറാന്തലുകൾ
എലിയകളുടെ പ്രണയ സല്ലാപങ്ങൾ
നരിച്ചീറുകളുടെ സിംഫണികൾ
വ്യാളീമുഖങ്ങളിൽനിന്നും
ചോരയിറ്റുവീഴുന്ന ചിത്രത്തൂണുകൾ
തുറക്കുമ്പോൾ കരയുന്നവാതിലുകൾ
നിലവറയിലെപൂതലിച്ച ആമാടപ്പെട്ടികൾ
പത്തായത്തിലെ ശേഷിച്ചനെന്മണികൾ
ഈർപ്പംകൊണ്ട്‌ ഗർഭവതികളാവുകയും
പുഴുകുപ്പോവുകയും ചെയ്തതിന്റെ
അപശകുനങ്ങൾ
അടുക്കിവെച്ചതാളിയോലക്കെട്ടുകൾ
ഒരുനാരായം
കഴിഞ്ഞജന്മത്തിൽ
ആരോവെള്ളംകോരിയെടുത്ത
കിണറിന്റെ കപ്പിയിൽ
നിശ്ചലചിത്രമായി ഒരു ദ്രവിച്ച ബക്കറ്റ്‌
പെട്രോളൊഴിച്ച്‌ തീകൊളുത്തുമ്പോൾ
ഒന്നുംശേഷിക്കരുതേ എന്നായിരുന്നു
പ്രാർത്ഥന-പക്ഷേ,
ചാമ്പൽക്കൂമ്പാരത്തിൽ
അഗ്നിസ്പർശമേൽക്കാതെ
ഒരു കെട്ട്‌ താളിയോലയും
ഒരു നാരായവും!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...