Showing posts with label a s haridas. Show all posts
Showing posts with label a s haridas. Show all posts

19 Aug 2012

മലയാളസമീക്ഷ കഴിഞ്ഞ ലക്കം വായന


എ. എസ്‌. ഹരിദാസ്‌

എഴുത്തിലെ ജനാധിപത്യം

സാഹിത്യത്തിന്റെ മലയാള ഭാഷയിലെ സ്വാധീനത്തിന്റെ വളർച്ചയറിയാൻ,
വിശ്വപ്രശസ്തമായ കൃതികൾ ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിച്ചുകൊണ്ടല്ല
വേണ്ടതെന്നാണ്‌ ഇതെഴുതുന്നയാളുടെ അഭിപ്രായം. സമൂഹത്തിൽ എത്രമാത്രം
വ്യാപകമായിട്ടുണ്ട്‌ എന്നതായിരിക്കണം അതിന്റെ അളവുകോൽ. സാധാരണ മനുഷ്യന്റെ
സാധാരണ അനുഭവങ്ങൾ പങ്കുവെയ്ക്കാനായി ഭാഷാസാഹിത്യത്തിന്റെ മാധ്യമം ഇന്ന്‌
വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, മലയാളത്തിൽ ഒരു വശത്ത്‌ സമൂഹം
ചിന്താപരമായി ഛിന്നഭിന്നമാവുകയും, വ്യക്തികളായി വിഘടിക്കപ്പെടുകയും
ചെയ്യുമ്പോൾ, മറുവശത്ത്‌ അവരിൽ ഭാഷയെ വലുതായികാണുന്നവർ അവരുടെ അനുഭവങ്ങൾ
സമൂഹവുമായി പങ്കുവെയ്ക്കുവാൻ എഴുത്തിന്റെ വഴി സ്വീകരിക്കുന്നു.
മറ്റൊന്നും ചിന്തിക്കാതെ, കർമ്മ വ്യഗ്രതയിൽ ഏർപ്പെട്ടിരിക്കുന്ന സമൂഹം
ഒറ്റപ്പെട്ടവന്‌, അവന്റെ അഭിപ്രായങ്ങൾക്ക്‌ ചെവ്‌ കൊടുക്കുന്നില്ല.
പക്ഷേ, അകലങ്ങളിലുള്ള സമാനമനസ്കർ അജ്ഞാതനായ ഏകാന്തപഥികന്‌ പറയാനുള്ളതിന്‌
ചെവിയോർത്തിരിക്കുന്നുണ്ടാവും.

ഇതാണു വാസ്തവത്തിൽ എഴുത്തിലെ ജനാധിപത്യം. ജനാധിപത്യത്തിന്റെ ശക്തി എങ്ങനെ
ജനങ്ങളാകുന്നുവോ, അതേപോലെ, എഴുത്തിന്റെ ജനാധിപത്യത്തിലും അവർ
തന്നെയാകുന്നു താരങ്ങൾ. എഴുത്തിന്റെ ലംബമായ  വളർച്ച
സാഹിത്യത്തിലെ സമുന്നതരായ എഴുത്തുകാരാവുമ്പോൾ, അതിന്റെ തിരശ്ചീന  വികാസം ജനങ്ങളുടെ സാഹിത്യ സ്വാധീനമാവുന്നു. ഓരോ
എഴുത്തുകാരനും തന്റെ തന്നെ ചുറ്റുപാടുകളിൽ നിന്ന്‌ ആശയങ്ങൾ
സംഗ്രഹിക്കുകയും അത്‌ എത്ര ശോഷിച്ച വിസ്തീർണ്ണമായാലും ശരി, അവ
അവിഷ്കരിച്ച്‌ സംവാദങ്ങൾക്ക്‌ വഴിതുറക്കുകയും ചെയ്യുന്നു. ഫലത്തിൽ
വെത്യസ്തങ്ങളായ പതിനായിരക്കണക്കിന്‌ മനോവ്യാപാരമേഖലകൾ തുറക്കപ്പെടുന്നു
എന്നർത്ഥം. ഓരോ വ്യക്തിയും എണ്ണാൻ കഴിയാത്ത അളവിൽ വ്യത്യസ്ത മനോമണ്ഡലങ്ങൾ
കൊണ്ടു നടക്കുന്നുണ്ട്‌. അവ ഓരോന്നും ഭാഷയിലൂടെയോ, മറ്റു
കലാരൂപങ്ങളിലൂടെയോ ആവിഷ്കരിക്കപ്പെടുമ്പോൾ, സമാനമായി ചിന്തിക്കുന്നവർ
ആസ്വാദകരായി എത്തുകയും അവരുടെ അഭിപ്രായങ്ങളുടേയും വികാരങ്ങളുടേയും
ആവിഷ്ക്കാരം അത്തരം കൃതികളിൽ കണ്ടെത്തുന്നു. ഇവിടെയാണ്‌, ഇങ്ങനെയാണ്‌
എഴുത്തുക്കാരനും വായനക്കാരനും ജീവിതം സാർത്ഥകമാക്കുന്നത്‌!
എഴുത്തിലെ ഈ 'സാധാരണത്വം' നിലനിർത്തുന്ന വലിയ എഴുത്തുകാരുമുണ്ട്‌.
ജീവിതത്തിന്റെ നുള്ളുനുറുങ്ങനുഭവങ്ങൾ ഉന്നതമായ സൈദ്ധാന്തികതലത്തിൽ
എത്തിച്ചുകൊണ്ടെഴുതുന്ന ശ്രീ. സി.രാധാകൃഷ്ണൻ 'ജനാധിപത്യപരമായയി എഴുതി
കൊണ്ടിരിക്കുന്നത്‌ ശ്രദ്ധിച്ചാലറിയാം. എന്നാൽ അദ്ദേഹത്തിന്റെ മനസ്സ്‌
എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌ തത്വചിന്തയുടെ ഉയർന്ന
മണ്ഠലങ്ങളിലാണ്‌. 'മലയാള സമീക്ഷ'യിലെ ജൂലൈ ലക്കത്തിലെ 'വാരിക്കെട്ടിയ
ഭാരങ്ങൾ ഇറക്കുകയുമാവാം' എന്ന തലക്കെട്ടിൽ എഴുതിയതു വായിക്കൂ!
അതിസാധാരണമായ അനുഭവങ്ങളെ അദ്ദേഹം തന്റേതായ തത്വചിന്തയോടാണു ഇവിടേയും
ഘടിപ്പിച്ചിരിക്കുന്നത്‌.
പി. രവികുമാറിന്റെ രചന, ഇന്ത്യൻ സംഗീത പാരമ്പര്യത്തിൽ ആകൃഷ്ട്ടനായ ജോൺഡി.
ഹിഗിൻസിനെ വായനക്കാർക്കു പരിചയപ്പെടുത്തുന്നു. അറിവിന്റെ
കടൽത്തീരത്തണയുന്ന ഇത്തരം ചിപ്പികളേയും മുത്തുകളേയും അടുത്തറിയാൻ ഇത്തരം
രചനകൾ വായനക്കാരെ സഹായിക്കുന്നു. മീരാകൃഷ്ണയുടെ പുസ്തകപരിചയക്കുറിപ്പ്‌
"മനുഷ്യൻ ഭാഷയിലാണു ജീവിക്കുന്നത്‌", ശ്രദ്ധേയം. ചിലേടത്ത്‌ മീരാകൃഷ്ണ
കാട്ടുന്ന വിയോജനങ്ങൾ, വായനക്കാരനെ അഭിപ്രായങ്ങൾക്കു
പ്രേരിപ്പിക്കുന്നതാണ്‌. നിരൂപണത്തിന്റെ ആത്മാവ്‌ വിമർശനമാണെന്ന സത്യം
മലയാളികൾ മറന്നുപോയ കാലമാണിന്നത്തേത്‌! എല്ലാറ്റിനേയും "പോസിറ്റീവാ"യി
കാണണമെന്ന നിർദ്ദേശത്തിൽ വിയോജിക്കാനുള്ള അവകാശം ഹനിക്കപ്പെടുന്നു.
വിമർശനം നിഷേധമല്ല, 'നേഗറ്റീവ്‌' ആയ പലതിനോടും സ്വയം പൊരുത്തപെടാൻ ഉള്ള
അധികാരവർഗ്ഗത്തിന്റെ ആജ്ഞാപനത്തിന്റെ തുടർച്ച തന്നെയാണ്‌
'പോസിറ്റീവിസ'ത്തിനു പിന്നിലുള്ളത്‌. ഇത്‌ അറിയാവുന്നതിനാൽ തന്നെയാവാം
മീര വിയോജനം ഉയർത്തുന്നത്‌!
സ്വന്തം ഭാഷയോടുള്ള വികാരോത്തേജകമായ രചനയാണ്‌ പി.സുരേഷിന്റെ "മലയാളം
മരിച്ചാൽ ആർക്കാണ്‌ ചേതം'
ഭാഷയേയും സംസ്കാരത്തേയും സംരക്ഷിക്കേണ്ടത്‌ വികാരത്തിന്റെ പേരിലല്ല.
സാമൂഹ്യസംവിധാനത്തിന്റെ അടിത്തറ സമ്പട്ഘടനയെന്തോ അതാണ്‌.
അപ്പോൾ, ഭാഷയും സംസ്കാരവും ജ്വലിച്ചുനിൽക്കണമെങ്കിൽ, നാടിന്റെ സമ്പട്ഘടന
ശക്തമാവണം. ഇന്ന്‌ കേരളത്തിൽ എന്താണ്‌? സ്വാതന്ത്ര്യാനന്തരം തുടങ്ങി വച്ച
കുറച്ച്‌ വ്യവസായസ്ഥാപനങ്ങളൊഴിച്ചാൽ എന്താണ്‌ കേരളത്തിന്റെ
സാമ്പത്തികാടിത്തറ ഭദ്രമാക്കാൻ നമുക്ക്‌ സ്വന്തമായുള്ളത്‌?
അതതുകാര്യങ്ങളിൽ സ്വയം പര്യാപ്തത്ത നേടാതെ നമ്മുടെ ഭാഷയേയും
സാഹിത്യത്തേയും സംസ്കാരത്തേയും സംരക്ഷിക്കാനും വളർത്താനുമാവില്ല. ആര്‌
നമുക്ക്‌ അന്നം തരുന്നുവോ അവരോടാവും ജനങ്ങൾക്ക്‌ ആഭിമുഖ്യമുണ്ടാവുക.
തൊഴിലില്ലായ്മയുടെ നാടായ കേരളത്തിൽ ശക്തമായ സാമ്പത്തികാടിത്തറ
കെട്ടിപ്പടുക്കാനായില്ലെങ്കിൽ ഭാഷയും തകരും, സംസ്കാരവും നശിക്കും. ഈ
അർത്ഥത്തിലുള്ള രാഷ്ട്രീയമാണ്‌ ഇന്ന്‌ കേരളത്തിനാവശ്യം.
എസ്‌. ഭാസുരചന്ദ്രനുമായുള്ള ഇരവിയുടെ അഭിമുഖം എഴുത്തിന്റെ
ക്രാഫ്ടിനെക്കുറിച്ച്‌ കൂടുതൽ അറിയാൻ സഹായകമാകും. സി.പി. രാജശേഖരന്റെ ഈ
ലക്കം ഡയറിക്കുറിപ്പ്‌ ശ്രദ്ധേയം. എന്നാൽ, ഒരു പാർട്ടിയെന്ന പരാമർശം
ചർച്ചചെയ്യണം. അങ്ങനെയൊരു 'പാർട്ടി' ഇന്നുണ്ടോ? സാങ്കേതികമായി
ഉണ്ടായിരിക്കാം. പൊതുവായ ഒരു ലക്ഷ്യത്തിലേക്ക്‌, നിശ്ചിതമായ ഒരു
പ്രത്യയശാസ്ത്രത്തെ ഉള്ളിൽ വഹിച്ച്‌ ഏകമനസ്സോടെ മുന്നേറുന്ന
രാഷ്ട്രീയപ്രസ്ഥാനമാണല്ലോ, ഒരു 'പാർട്ടി'? ഇന്ന്‌ ഏത്‌ പാർട്ടിയാണ്‌
അങ്ങനെയുള്ളത്‌? എല്ലാ പാർട്ടികളിലും മിതവാദികളും തീവ്രവാദികളുമുണ്ടാവും.
ഇന്ന്‌ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിയും ഏകമനസ്സോടെ ഉള്ളവരുടെ
കൂട്ടായ്മയല്ല. തന്റെ മുൻതലമുറയുടെ രാഷ്ട്രീയമെന്തോ, അത്‌ തുടരുന്നവരാണ്‌
തൊണ്ണൂറു ശതമാനവും പാർട്ടി പ്രവർത്തകരും അനുഭാവികളും. അങ്ങനെയൊരു പോക്ക്‌
എന്നല്ലാതെ, പലതും പഠിച്ചും അറിഞ്ഞും തെരഞ്ഞെടുക്കുന്ന ഒരു സംസ്ക്കാരം
എന്നേ അന്യമായിരിക്കുന്നു!
എസ്.ഭാസുരചന്ദ്രൻ

'പ്രണയ' ത്തെക്കുറിച്ചുള്ള സുധാകരൻ ചന്തവിളയുടെ ലേഖനം ശ്രദ്ധേയം. ഇന്ത്യൻ
സമൂഹത്തിന്റെ കുടുംബസങ്കൽപങ്ങളാൽ ഭരിക്കപ്പെടുന്നവർക്ക്‌ ഇത്‌
സ്വീകാര്യമാവുമോ എന്ന പ്രശ്നമേയുള്ളൂ. അതു കൂടി ഈ ലേഖനത്തിന്‌ ഒരു
തുടർച്ച ചേർക്കാമായിരുന്നു.
ജ്യോതിർമയി ശങ്കരന്റെ സ്ത്രീധനത്തെക്കുറിച്ചുള്ള വേവലാതികൾ സംബന്ധിച്ച
ലേഖനത്തിൽ വിഷയത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചു കൂടി പരാമർശിക്കാൻ
ശ്രമിക്കണമായിരുന്നു. പണത്തിന്‌ ആർത്തി കൂടുന്ന സമൂഹം, ചൂഷണത്തെ
മേന്മയായികാണുന്നതുകൂടിയാണ്‌. മുതലാളിത്തം വളർന്നുവരുന്ന
ഇന്ത്യയാണിന്നത്തേത്‌. അതിന്റെ സ്വാധീനം എല്ലാറ്റിനേയും
ദുഷിപ്പിക്കുമെന്നതുപോലെ കുടുംബബന്ധങ്ങളേയും ഇല്ലാതാക്കുന്ന തരത്തിൽ
വളരുമെന്ന തിരിച്ചറിവുണ്ടാവണം.
പി.രവികുമാർ

ഫൈസൽ ബാവയുടെ പംക്തി (വാടിക്കരിഞ്ഞമുല്ലപ്പൂ)കുറച്ചു കൂടി വിശദമായിപ്രശ്നത്തെ പരിശോധിക്കണം. പ്രത്യേകമായ തത്വചിന്താഭിമുഖ്യമോ, രാഷ്ട്രീയമോ
ഇല്ലാതെയാണ്‌ 'മുല്ലപ്പൂ വിപ്ലവം ' നടന്നത്തെന്നത്‌ വാസ്തവമാണ്‌. എന്നാൽ
ജനങ്ങളുടെ വികാരം ഭരണകൂടത്തെ വിറപ്പിക്കുന്നതു തന്നെ വലിയ കാര്യമാണ്‌.
ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്ന തരത്തിൽ സമഗ്രമായൊരു മാറ്റമുണ്ടാവാൻ
സർവ്വദേശീയതലത്തിലുള്ള ജനകീയ ഐക്യത്തിലൂടെ മുന്നേറ്റമുണ്ടാവണം.
സമയമെടുത്തിട്ടാണെങ്കിലും അതുണ്ടാവുമെന്നത്‌ നിസ്തർക്കമാണ്‌ .
ആർ. ശ്രീലതാവർമ്മയുടെ 'അക്ഷരരേഖയ്ക്കു' പ്രത്യേക വിശകലനം ആവശ്യമില്ല.
ശ്രീപാർവ്വതിയുടെ യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗവും, ആദ്യത്തേതിന്റെ
നിലവാരം പുലർത്തി. എന്നാൽ ഒപ്പിയെടുക്കേണ്ട ഒട്ടേറെ കാഴ്ചകൾ
വിശദീകരിക്കാഞ്ഞത്‌ ഇഛാഭംഗമുണ്ടാക്കിയെന്ന്‌ പറയാതെ വയ്യ. നല്ല ഭാഷ
കൈവശമുള്ള എഴുത്തുകാരിയുടെ പുതിയ യാത്രാവിവരണങ്ങൾക്കായി കാത്തിരിക്കാതെ
വയ്യ.
സുധാകരൻ ചന്തവിള

"ഉത്തര- ഉത്തരാധുനികത"യെക്കുറിച്ചുള്ള അരുൺ കുമാറിന്റെ പരിചയക്കുറിപ്പ്‌,
ആധുനികമായ ഭാഷയുടെ തേജസ്സ്‌ വെളിവാക്കുന്നു. ഇന്നത്തെ ഉത്തരാധുനിക
സാഹിത്യലോകം നേരിടുന്ന നിലനിൽപിന്റെ ഭീഷണിയെക്കുറിച്ച്‌ ശ്രീ. എം.കെ.
ഹരികുമാറിനുള്ള അഭിപ്രായങ്ങളുടെ അന്ത:സത്ത വെളിവാക്കുന്നതാണ്‌,
ഹ്രസ്വമെങ്കിലും അരുൺകുമാറിന്റെ അവലോകനം.  ആനുകാലികകേരളത്തിന്റെ ധൈഷണികത
എത്തിനിൽക്കുന്ന അമ്പരപ്പിക്കുന്ന ശൂന്യതയെക്കുറിച്ച്‌ ശ്രീ.
ഹരികുമാറിന്റെ നിരീക്ഷണങ്ങൾ ആരെയും ചിന്തിപ്പിക്കുമെന്ന പ്രസക്തമായ
  ആശയമാണ്പുസ്തകകുറിപ്പിന്റെ ഉള്ളടക്കമെന്നു പറയാം.
ചെറുകഥ:
തോമസ്‌ പി.കൊടിയന്റെ 'പിൻ പുറക്കാഴ്ചകൾ' ഇനിയും തുടരുന്ന മലയാളചെറുകഥാ
സാഹിത്യത്തിന്റെ പാരമ്പര്യത്തെ ഓർമ്മിപ്പിച്ചു. പള്ളികൾ വീണ്ടും
മണിമേടകളാവുകയും അവിടെ ഗുണ്ടാപ്പിരിവുകാരും ചുങ്കക്കാരും താവളമടിക്കുകയും
ചെയ്യുന്ന ഇക്കാലത്ത്‌ ആ 'പഞ്ചക്ഷതധാരി' ചാട്ടവാറുമായി
ഉയിർക്കൊള്ളുകതന്നെവേണം.
വ്യത്യസ്തമായ പ്രമേയം പ്രതിപാദിക്കുന്ന സണ്ണിതായങ്കരിയുടെ
കഥ'ഗൗളിപുരാണം', ശ്രീജിത്ത്‌ മുത്തേത്തിന്റെ 'അപ്രിയങ്ങളിൽ
മഞ്ഞുറയുമ്പോൾ' എന്നിവ നന്നായി. മറ്റുള്ള കഥകളും 45ഓളം കവിതകളും കഴിഞ്ഞ  ലക്കം
മലയാള സമീക്ഷയിലുണ്ട്‌.

19 Jul 2012

മലയാളസമീക്ഷ കഴിഞ്ഞ ലക്കം വായന


എ.എസ്.ഹരിദാസ്
pho. 9846675146

"പരകായ പ്രവേശനം ശീലിച്ചാൽ പരമസുഖം"
സി. രാധാകൃഷ്ണന്റെ പംക്തിയായ ഈ കുറിപ്പ്‌ തന്റെ  സാഹിത്യസിദ്ധിയുടെ
'രഹസ്യം' പരോഷമായി വെളിച്ചം കാണിക്കുന്നു.
ഈ 'പരകായ പ്രവേശണം' മറ്റൊരു തരത്തിൽ മനുഷ്യനെ വ്യക്തിത്വമില്ലാതാക്കാൻ
ഇടയാക്കുന്നത്‌ ചൂണ്ടിക്കാട്ടട്ടെ (ഒരു സംവാദത്തിനു വേണ്ടി മാത്രം):
സമൂഹത്തിന്റെ തലപ്പത്തുള്ള കുറച്ചാളുകൾ വിചാരിച്ചാൽ ആ സമൂഹത്തെതന്നെ
നിയന്ത്രിക്കാൻ കഴിയും. ജനാധിപത്യസമൂഹത്തിന്റെ നേട്ടവും കോട്ടവും
ഇതുതന്നെയാണെന്നു തോന്നുന്നു. വ്യക്തി, താൻ താനായിരിക്കുന്ന സമൂഹത്തിന്‌,
ധൈഷണികമായ വൈവിധ്യം നിലനിർത്താനാവും. എത്രയായാലും, സാഹചര്യങ്ങളുടെ
സൃഷ്ടിയാണല്ലോ, വ്യക്തി? നമ്മുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമായ
സ്വാതന്ത്ര്യസമരനായകന്മാർ ഗുണസമ്പുഷ്ടരായ വ്യക്തികളായിരുന്നു.
അവരിലേയ്ക്കുള്ള 'പരകായ പ്രവേശനം' നമ്മുടെ സമൂഹത്തെ നന്മയിലേയ്ക്കു
നയിച്ചിട്ടുണ്ട്‌. എന്നാലിന്നോ? (എല്ലാവരേയും അടച്ചാക്ഷേപിക്കാനല്ല
ഇത്‌). എത്ര നേതാക്കന്മാർ യുവസമൂഹത്തിന്‌ അനുകരണീയരായുണ്ട്‌?
അനനുകരണീയരായ ചിലരെങ്കിലും വിമർശനരഹിതമായി ആരാധിക്കുന്നത്‌ ഇന്നത്തെ
കേരളത്തെയും ഇന്ത്യയേയും നാശത്തിലേയ്ക്കു നയിക്കുകയില്ലേ? ഈയൊരു
അപകടകരമായ അനന്തരഫലം നേതൃത്വത്തെ അനുകരിക്കുന്നതിനുണ്ട്‌ എന്നു
സൂചിപ്പിക്കാൻ ഈ എളിയ വായനക്കാരനെ അനുവദിക്കുക.

ശ്രീ അമ്പാട്ടു സുകുമാരൻനായരുടെ കുറിപ്പ്‌ അദ്ദേഹത്തിന്റെ അനുഭവത്തിന്റെ
സാമൂഹ്യവബോധാധിഷ്ഠിതമായ ഒരു വിശകലനമായിരുന്നെങ്കിൽ എത്ര
നന്നായിരുന്നുവേന്നും തോന്നിച്ചു. മലയാളഭാഷയുടെ ദയനീയതയിലേയ്ക്കു
വിരൽചൂണ്ടിയ രാംമോഹൻ പാലിയത്തിന്റെ കുറിപ്പു കൊള്ളാം. എങ്കിലും,
കുറച്ചുകൂടി ഗൗരവമുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കാനും, അത്‌, അന്യരാണു
വായിക്കുന്നത്‌, തന്റെ തന്നെ മനസ്സല്ല എന്നു തിരിച്ചറിഞ്ഞ്‌ മറ്റൊരു
ശൈലിയിൽ എഴുതാനും അദ്ദേഹം ശ്രമിക്കണമെന്നഭ്യർത്ഥിക്കുന്നു
.
ഡോ. എം. എസ്‌. പോളിന്റെ നിരൂപണലേഖനം, ഗഹനമായ ചർച്ച ആവശ്യപ്പെടുന്നതാണ്‌.
ശ്രീ. എം. കെ. ഹരികുമാറിന്റെ അടുത്തകാലത്തെ നാലു പുസ്തകങ്ങൾ
പരിശോധിച്ചുകൊണുള്ള ഈ പഠനം, മലയാളഭാഷയെ സമ്പന്നമാക്കുന്നു.
മലയാള സാഹിത്യചരിത്രപഠനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കിടയാക്കുന്ന
കണ്ടെത്തലുകളാണ്‌ 'മീരാകൃഷ്ണയുടെ' പുല്ലേലി കുഞ്ചു-പുനർവായന' എന്ന
സാഹിത്യ പഠനത്തിലുള്ളത്‌. ഈ ചരിത്രഗവേഷണബുദ്ധി ഇനിയും
പ്രകടിപ്പിക്കപ്പെടുകയും, പുതിയ ചരിത്രപരമായ അറിവുകൾ സൃഷ്ടിക്കുകയും
ഇന്ന്‌ ആവശ്യമായിരിക്കുന്നു.
മലയാളഭാഷ വിന്യാസത്തിൽ ഒരു ആര്യസംസ്കാരവും ദ്രാവിഡസംസ്കാരവും
നിലനിൽക്കുന്നുണ്ട്‌. ഇതിൽ, ദ്രാവിഡപക്ഷത്തിന്റെ വളർച്ചയും വിന്യാസവും,
നമ്മുടെ സാമൂഹ്യചരിത്രത്തെ സംബന്ധിച്ച അടിയുറച്ചുപോയ സങ്കലങ്ങളിൽ
വിള്ളലുകൾ വീഴ്ത്താനും, പുതിയൊരവബോധം തന്നെ സൃഷ്ടിക്കപ്പെടാനും
ഇടയാക്കും. അത്തരമൊരു നിരീക്ഷണശൈലി വളർത്താൻകൂടി മീരാകൃഷ്ണയെപ്പോലുള്ള
ഗവേഷകർക്കു കഴിയും; കഴിയണം.

ജിബിൻ മട്ടന്നൂറിന്റെ "ഭ്രാന്തം" ഒരു നല്ല ഓർമ്മകുറിപ്പായി. സമൂഹത്തിന്റെ
പ്രശ്നങ്ങൾ ചുഴിഞ്ഞെടുക്കുന്നത്‌ മിക്കവാറും സാഹിത്യകാരന്മാരാണെന്നു
പറയാം. ഒരു പ്രശ്നത്തിന്റെ സാന്നിദ്ധ്യം മണത്തറിഞ്ഞാൽ അതിന്റെ
മൂലത്തിലേയ്ക്ക്‌ ചിന്ത പായിക്കുകയും സമൂഹത്തെ ബോധ്യപ്പെടുത്തുകയും
ചെയ്യാൻ. 'ക്രാന്തദർശി'യായ എഴുത്തുകാരൻ തയ്യാറെടുക്കുകയായി. എന്നാൽ അത്‌
അവിടെ അവസാനിക്കുന്നില്ല.
സാമൂഹ്യപ്രശ്നങ്ങൾ പിന്നെ ഏറ്റെടുക്കുന്നത്‌ സമൂഹത്തിന്റെ
രാഷ്ട്രീയനേതൃത്വമാണ്‌. പലപ്പോഴും സാമൂഹ്യ മുന്നേറ്റങ്ങളിലൂടെതന്നെയാവും
അത്തരം പ്രശ്നങ്ങൾ ഭരണകൂടത്തിനെ ബോധ്യപ്പെടുത്തുകയും, അവയ്ക്ക്‌ പരിഹാരം
തേടുകയും ചെയ്യുന്നത്‌. ഈ പ്രക്രിയയ്ക്കിടയിൽ കടന്നു വരുന്ന മറ്റൊരു
ശക്തിയാണ്‌ ശാസ്ത്രം.
ഭ്രാന്ത്‌, ഇന്ന്‌ ശാസ്ത്രം പരിഹാരം കണ്ടെത്തിയ ഒരു രോഗമാണ്‌. അതിന്റെ
സാമൂഹ്യമായ പ്രത്യാഘാതങ്ങൾ നിലനിൽക്കെത്തന്നെ, ശരീരശാസ്ത്രത്തിന്റെ
(ഇവിടെ, മസ്കിഷ്കത്തിന്റെ) കാഴ്ചപ്പാടിലൂടെ രോഗത്തെ നിർവ്വഹിക്കുകയും,
കാരണങ്ങൽ കണ്ടെത്തുകയുമുണ്ടായിട്ടുണ്ട്‌. ചിന്തയുടെ
ക്രമരാഹിത്യത്തിനിടയാക്കുന്ന രാസപദാർത്ഥങ്ങളുടെ ഘടന കണ്ടെത്തി, അവയിൽ ഓരോ
രാസവസ്തുവിന്റേയും സാന്നിദ്ധ്യത്തെ ക്രമീകരിക്കാൻ കഴിയുന്ന
രാസപദാർത്ഥങ്ങൾ പുറമേനിന്നും മരുന്നിന്റെ രൂപത്തിൽ നിക്ഷേപിച്ചാണ്‌
മനോരോഗചികിത്സകർ 'ഭ്രാന്തി'നെ നിയന്ത്രണവിധേയമാക്കുന്നത്‌. മതിയായ
ശാസ്ത്രാവബോധത്തിന്റെ സഹായത്തോടെ രോഗികളെയും അവരുടെ ബന്ധുക്കളെയും
(രോഗിയുമായി സഹവസിക്കുന്നവർ) ബോധവൾക്കരിക്കുകക്കൂടി ചെയ്താൽ, മനോരോഗം
മാറ്റാവുന്നതേയുള്ളൂ.
കഥകൾ
ബാബു കുഴിമറ്റത്തിന്റെ കഥ, 'യൂദാസിന്റെ സുവിശേഷം' എത്രയോ പറഞ്ഞു കഴിഞ്ഞ
പ്രമേയമാണെന്നു തോന്നി. ഒരു കഥയില്ലായ്മയുണ്ടുതാനും! ക്ഷമിക്കുക.
കുഞ്ഞൂസിന്റെ 'കർത്താവും ഭർത്താവും' കുറേ പറഞ്ഞു കഴിഞ്ഞ വിഷയം തന്നെ.
റോസിലിയുടെ 'ഉയിർപ്പുകൾ' പ്രതീക്ഷയിലേയ്ക്കു തന്നെ, എല്ലാ അർത്ഥത്തിലും.
ഒരു സാധാരണ ജീവിതത്തിന്‌ കഥയുടെ ഉണ്മ പകരാൻ കഴിഞ്ഞു, റോസിലിക്ക്‌. സണ്ണി
തായങ്കരിയുടെ 'വിമതർ' ഇന്നത്തെ കേരളത്തിന്റെ ചിത്രം വരച്ചുകാട്ടി.
സമൂഹഗതിയുടെ നാശം കണ്ടു ദുഃഖിതനാവുന്ന ഒരെഴുത്തുകാരനേ ഇതുപോലെ എഴുതാനാവൂ.
അഭിനന്ദനങ്ങൾ.
എം. സുബൈർ എഴുതിയ 'ചെകുത്താന്മാരുടെ കഥ" ചെറുകഥാ ലോകത്ത്‌ പുതിയൊരു
ഭാഷ്യമാണ്‌. ഛ സാമൂഹ്യവിമർശനത്തിന്‌ എടുത്ത മേഖല നവീനവുമാണ്‌. അക്രാഷ്ട
പഞ്ചമി: (എസ്സാർ ശ്രീകുമാർ). ഹ്രസ്വകഥയിലൂടെ ശക്തമായ ആവിഷ്കാരം. അനീഷ്‌
ഗോപാൽ എഴുതിയ 'വേഷങ്ങൾ' കുട്ടിക്കാലത്തു വായിച്ച കഥപോലെ മനസ്സിനെ
പെട്ടെന്നു കീഴടക്കിക്കളഞ്ഞു. അതിലും പെട്ടെന്ന്‌ കഥ അവസാനിക്കുകയും
ചെയ്തു. ശ്രീദേവിയുടെ 'ചിത' (ഹ്രസ്വകഥ) ഒന്നുക്കൂടി
തെളിച്ചെഴുതാമായിരുന്നു.
അനിൽകുമാർ സി. പിയുടെ "ശവമുറിയിലെ വേറിട്ടുനിൽക്കുന്ന കഥയായി. ക്ലാഫ്ട്‌
കയ്യിലുള്ളത്‌ മെച്ചപ്പെടുത്താൻ ശ്രമിക്കണം. ഷാജഹാൻ എഴുതിയ ഹ്രസ്വകഥ
(അന്നയുടെ......) കാവ്യം പോലെ മനോഹരം. സുനിൽ എം. എസ്‌ (കപ്പേള......)
ണല്ലോരു കഥയെഴുതിയിരിക്കുന്നു. നുറുങ്ങനുഭവത്തിനു ഒട്ടേറെ
പറയാനുണ്ടെന്നോർമ്മിപ്പിക്കുന്നു, ഈ കഥ. ലിജീഷ്കുമാർ എന്തിനാണിങ്ങനെയൊരു
കഥയില്ലായ്മ എഴുതിയിതെന്ന്‌ മനസ്സിലായില്ല.

സുഭാഷ്‌ വാസുവിന്റെ "ചുവന്ന നക്ഷത്ര"ത്തെ ഏറ്റവും പുതിയ രചനയെന്നു പേർ
ചൊല്ലി വിളിക്കാം. ചരിത്രത്തിലൂടെ വികാരപരമായ കടന്നു പോയാൽ, പക്ഷേ
കഥയുണ്ടാവില്ല. പ്രമേയത്തെ കഥയാക്കി മാറ്റാവുന്നതാണ്‌ ക്രാഫ്ട്‌.
അനിമേഷ്‌ സേവ്യറിന്റെ "പിങ്ക്‌ സ്കൂട്ടിയിൽ വരുന്ന പെണ്ണ്‌" ലക്ഷണമൊത്ത
കഥയെന്നു പറയണം. എല്ലാ സാങ്കേതിക ഘടങ്ങളും പാലിച്ചുകൊണ്ട്‌, വായന രസകരമായ
ഒരനുഭവമാക്കി  മാറ്റിയ കഥ!  ദീപു കാട്ടൂരിന്റെ 'അതിജീവനം', കഥയുടെ
പുതിയൊരു സ്റ്റൈൽതന്നെ! അഭിനന്ദനങ്ങൾ.  'മഷിയടയാളം' എഴുതിയ അബ്ദുൾ
ഹമീദ്‌, മിക്കവാറും മലയാളസിനിമകൾ പ്രതിപാദിക്കുന്ന വിഷയം എടുത്തതു
ശരിയായില്ല. യാതൊരു പുതുമയുമില്ലാത്ത പ്രമേയം. ആവിഷ്കാരത്തിലും
പുതുമയില്ല. ഹർഷമോഹൻ സജിനിന്റെ ഇറ്റാലിയൻ ദേശത്തെ കഥ ഒരുഭവമായി. മനുഷ്യൻ
ജീവിക്കുന്ന സമൂഹത്തിന്റെ വൈവിധ്യം സംബന്ധിച്ചു ചിന്തിക്കാൻ ഈ കഥ
പ്രേരണയാകുന്നു. അഭിനന്ദനങ്ങൾ!
സി. പി. രാജശേഖരന്റെ പംക്തിയിലെ ഇത്തവണത്തെ കുറിപ്പ്‌ ഏറെ
സങ്കടത്തിനിടയാക്കി. വിലപ്പെട്ട 'മലയാള സമീക്ഷ'യുടെ പേജുകൾ ഉപരിവിപ്ലവമായ
ഇത്തരം അവതരണങ്ങൾക്കായി നീക്കി വയ്ക്കണമോ?  സുധാകരൻ ചന്തവിളയാണെങ്കിൽ,
എടുത്ത വിഷയത്തിന്റെ കാമ്പ്‌ സ്പർശിച്ചില്ലെന്നു മാത്രമല്ല, കേവലം
പാരമ്പര്യവാദികൾ പറയുന്ന നിലപാടിൽനിന്നുകൊണ്ട്‌ സ്ത്രീവിമോചനത്തെ
സംബന്ധിച്ചുള്ള തന്റെ അബദ്ധചിന്തകൾ വാരിയെറിഞ്ഞു. അത്രതന്നെ. ഡോ. എം.
എസ്‌. ജയപ്രകാശിന്റെ 'ചരിത്രരേഖ'യിലെ കുറിപ്പ്‌, പ്രശ്നത്തോട്‌
സമതുലിതമായ നിലപാടെടുക്കുന്നതിന്‌ ഉദാഹരണമായി പറയാം.
'നിലാവിന്റെ വഴി'യിലൂടെയുള്ള ശ്രീ പാർവ്വതിയുടെ വയനാടൻ യാത്ര നല്ല
വായനാസുഖം പകർന്നു. യാത്രക്കാരി അനുഭവിച്ച തണുപ്പിന്റെ കുളിര്‌
വായനക്കാർക്കും പകർന്നു കിട്ടിയത്‌ പോലെ തോന്നി. അടുത്ത ലക്കത്തിനായി
കാത്തിരിക്കുന്നു. ആർ. ശ്രീലതാ വർമ്മ 'അക്ഷരരേഖ'യിലൂടെ പ്രധാനപ്പെട്ട ഒരു
സംവാദത്തിന്‌ തുടക്കം കുറിച്ചിരിക്കുകയാണ്‌. കുറേക്കാലങ്ങളായി മലയാളഭാഷ
ആവശ്യപ്പെടുന്ന ഒരു ചർച്ചയാണിത്‌. ഭംഗിയായി പുരോഗമിക്കുമെന്നു
പ്രതീക്ഷിക്കാം.
"മലയാള സമീക്ഷ"യെ അർത്ഥസമ്പുഷ്ടവും, ഗൗരവതരവും, സർവ്വോപരി
പ്രയോജനയോഗ്യവുമാക്കി മാറ്റുന്ന പംക്തികളിൽ ഒന്നായി സ്വപ്ന ജോർജ്ജിന്റെ
കോളം വിലയിരുത്തപ്പെടണം. വിജ്ഞാനദായിനിയായ മാഗസിനായി ഈ പംക്തികൾ
മലയാളസമീക്ഷയെ മാറ്റിയെടുക്കുമെന്ന ശുഭപ്രതീക്ഷ മുന്നോട്ടുവയ്ക്കട്ടെ.
ഫെസൽബാവയുടെ പംക്തിയും, ഗൗരവതരമായ വിഷയത്തെ ആസ്പദമാക്കിയാണെന്നതും
സന്തോഷകരം തന്നെ. ബെന്യാമിന്റെ പ്രശസ്തമായ "ആടുജീവിതം" പ്രവാസി
മലയാളിയുടെ കഷ്ടസ്ഥിതിയിലേയ്ക്കു വിരൽ ചൂണ്ടുന്നു. ഏറെ വേദനയോടെ മാത്രം
വായിക്കാൻ കഴിയുന്നതാണ്‌ ആ നോവൽ. ശ്രീ. ഫൈസൽബാവ രേഖപ്പെടുത്തുന്ന
പ്രവാസജീവിതത്തിന്റെ ദുഃഖങ്ങൾ ഏറ്റുവാങ്ങാൻ മലയാളികൾക്ക്‌
മനസ്സുണ്ടാവട്ടെ എന്നു പ്രതീക്ഷിക്കാം.
വെള്ളിയോടെന്റേയും എസ്‌, സുജാതന്റേയും പംക്തികളും അർത്ഥസമ്പുഷ്ടം തന്നെ.
കവിതകൾ
ഡോ.എം.എസ്.പോൾ
ദീപു കാട്ടുർ

ശ്രീധരനുണ്ണിയുടെ 'പുറപ്പാട്‌' ശ്രദ്ധേയമായി. മണസൂർ രാജൻബാബു
(അലൗകികം)വിന്റെ കാവ്യം അളക്കാൻ കഴിയാത്ത ആഴങ്ങൾ കാട്ടിത്തരുന്നു.
പവിത്രൻ തീക്കുനി, ജയചന്ദ്രൻ പൂക്കരത്തറ, സൈനുദ്ദേ‍ീൻ ഖുറൈഷി, കെ. വി.
സക്കീർഹുസൈൻ, ഫൈസൽബാവ, യാമിനി ജേക്കബ്‌, ഗോപി മംഗലത്ത്‌, ഡോ. കെ. ജി.
ബാലകൃഷ്ണൻ, ടി. കെ. ഉണ്ണി, സത്താർ ആടൂർ, എം. കെ. ജനാർദ്ദനൻ, സന്തോഷ്‌
പാല, സനൽ ശശിധരൻ, ഗീതാകുമാരിസ ശാന്താദേവി, ശീതൾ, ഷീല, ഇന്ദിരാ ബാലൻ,
ധനലക്ഷ്മി, ശരത്ത്‌ ടി. എസ്‌., ലീല എം. ചന്ദ്രൻ, ഗീതാ, മിനി, ശ്രീദേവി,
രമേശ്‌, ശകുന്തള, രാജ്ജൂ കാഞ്ഞിരങ്ങാട്‌, ഷാജി നായരമ്പലം, സ്മിത പി.
കുമാർ, സുമിത്ര, മനോജ്‌ മേനോൻ, ശയൻസൺ പുന്നശേരി, അഭവ്‌ അഭി, മഹർഷി,
പത്മബാബു, രാജേന്ദ്രൻ, സുലോജ്‌, ഹരീന്ദ്രനാഥ്‌, കണ്ണൻ, ഡിനു, സതീശൻ,
നന്ദാദേവി, മുരളീധരൻ, പവിത്രൻ, സജീവ്‌ കുമാർ, അൻവർ മാഷ്‌,
ശ്രീകൃഷ്ണദാസ്‌, ഗംഗാധരൻ, ശ്രീനാഥ്‌, ബോബൻ ജോസഫ്‌, ഷൈൻ ടി. തങ്കൻ,
ഗോപകുമാർ, ജലീൽ, ആനന്ദവല്ലി, എം. കെ. ഹരികുമാർ എന്നിവരുടെ കവിതകളും ഈ
ലക്കത്തിലുണ്ട്‌.
മറ്റു പംക്തികളും തുടരുന്നു.

15 Jun 2012

വായന


എ. എസ്‌. ഹരിദാസ്‌


മലയാളസമീക്ഷ കഴിഞ്ഞലക്കം വായന

അകത്തെ ഭൂതങ്ങളെ കുടിയിറക്കാം: (സി. രാധാകൃഷ്ണൻ)
"മാനസികമായ അനാരോഗ്യത്തിലും, ആത്മഹത്യയിൽപ്പോലും ഇന്ത്യാ രാജ്യത്ത്‌
ഒന്നാമത്‌ കേരളമായില്ലേ? നാം കൂടുതൽ ഭാവനശേഷി ഉള്ളവരായതുതന്നെ കാരണം"
എന്ന ശ്രീ. രാധാകൃഷ്ണന്റെ അഭിപ്രായം, പല കേരളീയ ഹൃദയങ്ങളിലുമുള്ള
ആശയത്തിന്റെ പ്രകാശനമായി. ഇത്‌ മന:ശ്ശാസ്ത്രപരം മാത്രമല്ല, സാമൂഹ്യം
തന്നെയായ ഒരു നിരീക്ഷണമാണ്‌. അദ്ദേഹം പ്രതിപാദിക്കുന്ന വ്യക്തി
ദു:ഖത്തിന്റെ വളർച്ചാചക്രം, മറ്റൊരു തരത്തിലും നിരീക്ഷിക്കാമെന്നു
തോന്നുന്നു. ലോകത്തിന്റെ തന്നെ ജീവിതവ്യവസ്ഥയിൽ 1990-കളോടെ തന്നെ
വന്നുചേർന്ന വ്യക്തിവൽക്കരണം, നമ്മെയൊക്കെ, നമ്മുടെ മാത്രം ഉള്ളിൽ
ജീവിക്കാൻ പ്രേരിപ്പിക്കുന്നതായിത്തീർന്നു
! അന്യന്റെ ദു:ഖം സ്വന്തം
ദു:ഖമായി കാണുകയും, ഒരു പരക്ലേശ വിവേകം മനസ്സിൽ രൂപപ്പെടുകയും ചെയ്താൽ
ശ്രീ. രാധാകൃഷ്ണൻ പ്രതിപാദിക്കുന്ന 'ഭൂത'ങ്ങൾ താനേ ഒഴിഞ്ഞുപോവും. ഏറ്റവും
ലഘൂകരിച്ചുപറഞ്ഞാൽ, നാം സാമൂഹ്യബോധമുള്ളവരാകുകയാണ്‌ ഏറ്റവും പ്രധാനം!
നകുലൻ തന്ന പുസ്തകങ്ങൾ (പി. രവികുമാർ)
സാഹിത്യലോകത്തിന്റെ വികാസം പ്രശസ്തരിലൂടെയല്ല ഉണ്ടാവുന്നത്‌.
നകുലനെപ്പോലെ അതിപ്രശസ്തരല്ലാത്ത, മുഖ്യധാരാമാധ്യമങ്ങളിൽ
പ്രത്യക്ഷപ്പെടാത്ത എഴുത്തുകാരാണ്‌, വായനക്കാരും ചേർന്നാണ്‌ ഭാഷാസാഹിത്യം
വളരുന്നത്‌ എന്ന്‌ ശ്രീ. പി. രവികുമാറിന്റെ കുറിപ്പ്‌
ഓർമ്മിപ്പിക്കുന്നു.
പി. സുജാതൻ നടത്തുന്ന രാഷ്ട്രീയ നിരീക്ഷണ (കോൺഗ്രസ്‌ എന്ന
കടങ്കഥ)ത്തിന്റെ പ്രസക്തി വ്യക്തമല്ല. രാഷ്ട്രീയ കേരളം ഇളകി മറിയുന്ന
ആനുകാലിക ലോകത്ത്‌, രാഷ്ട്രീയ ചരിത്രത്തെ വ്യക്തികളും, യാദൃച്ഛികതയും
ആസ്പദമാക്കി വിലയിരുത്തുന്നത്‌ സാമൂഹ്യവികാസത്തിന്റെ ശാസ്ത്രീയ
നിരീക്ഷണമാവുന്നില്ല. കോൺഗ്രസിനകത്തെ ഉൾപ്പോരിന്‌ അവരുടെ രാഷ്ട്രീയ
സംസ്കാരത്തിന്റെ പ്രതിനിധികരണമാണുള്ളത്‌. ഇന്ന്‌ കേരളം ആവശ്യപ്പെടുന്നത്‌
നയപരവും പ്രത്യയശാസ്ത്രാധിഷ്ഠിതവുമായ സമീപനമാണ്‌. അത്‌ ശ്രീ. സുജാതന്‌
വികസിപ്പിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
എം.കെ ഖരീമിന്റെ ഒ.വി. വിജയൻ സ്മരണ വായിച്ചപ്പോൾ ശ്രീ. കെ. പി. അപ്പന്റെ
"വിവേകമതിയായ വായനക്കാരാ" എന്ന ഗ്രന്ഥമാണ്‌, ഓർമ്മയിൽ വന്നത്‌.
എഴുത്തുകാർ നായകന്മാരായിരുന്ന കാലം എന്നേ കഴിഞ്ഞുപോയിയെന്ന
അദ്ദേഹത്തിന്റെ നിരീക്ഷണം, ആനുകാലിക കേരളത്തിന്റെ നേർപകർപ്പാണ്‌.
വായനക്കാരുടെ സമൂഹം നിർണ്ണായകമായ പങ്കുവഹിക്കാത്ത രാഷ്ടീയ - സാംസ്കാരിക
കേരളമാണിന്നത്തേത്‌. അതിനുപകരം ഊഹക്കച്ചവടക്കാരും,
അധികാരമോഹികളുമാണുള്ളത്‌. ഈ യാഥാർത്ഥ്യം തിരിച്ചറിയാത്തത്‌ ഏറെ
ഖേദകരമാണെന്നേ പറയാനുള്ളൂ.
5-6 ദശാബ്ദങ്ങൾക്ക്മുമ്പ്‌ മലയാള ഭാഷയിൽ 'വിജ്ഞാന'മെന്നാൽ സാഹിത്യ
വിജ്ഞാനവും, ദാർശനികതയുമൊക്കെയായിരുന്നു. ഈ കാലത്തിന്റെ ഉൽപന്നമാണ്‌
ഒ.വി. വിജയനും മറ്റും. ഇന്നാകട്ടെ, വിജ്ഞാനമെന്നാൽ വിവധ പ്രകൃതി
ശാസ്ത്രങ്ങളായി മാറിയിരിക്കുന്നു! ശാസ്ത്ര- സാങ്കേതികവിദ്യയാണ്‌ ഇന്നത്തെ
വിജ്ഞാനം. ഈ പശ്ചാത്തലത്തിൽ, എഴുത്തുകാർക്ക്‌ ഉണ്ടായിരുന്ന നായകപദവി
നഷ്ട്ടപ്പെട്ടിരിക്കുന്നുവേന്നും കെ.പി. അപ്പൻ സമർത്ഥിക്കുന്നു. ഈ
സ്ഥിതിയിലേക്ക്‌ മാറിയ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ,
എഴുത്തുകാരുടെ 'മാഹാത്മ്യം' വർണ്ണിച്ച്‌ സ്തുതി പാടുന്നത്‌ അകാലികവും
അപ്രസക്തവുമാണ്‌. 'മലയാളകഥയിലെ മഴചിത്രങ്ങൾ'(സി.കെ. ഷീജ) ശ്രദ്ധേയമായി.
എന്നാൽ കവിതയിലെ വരികൾ നിരത്തി വയ്ക്കുന്നതിനപ്പുറം ണല്ലോരു
ആസ്വാദനത്തിന്‌ എഴുത്തുകാരി ശ്രമിക്കണം. അതിനുള്ള ഭാഷാശേഷി
സ്വന്തമായുണ്ടെന്ന്‌ ആദ്യവാചകങ്ങൾ അടിവരയിടുന്നു.
മികച്ച ബ്ലോഗറുമായി അഭിമുഖം
ശ്രീ.മനോജ്‌ രവീന്ദ്രനു (നിരക്ഷരൻ​‍ാമായുള്ള കുഞ്ഞൂസിന്റെ അഭിമുഖം,
ശക്തിപ്പെട്ടുവരുന്ന പുതിയ ബ്ലോഗ്‌ ലോകത്തിന്റെ പ്രസക്തിയിലേയ്ക്കു വിരൽ
ചൂണ്ടുന്നു. വാസ്തവത്തിൽ, കമ്പ്യൂട്ടർ നൽകുന്ന വിവിധങ്ങളായ പുതിയ
സാധ്യതകളിൽ, മലയാളത്തിന്റെ വളർച്ച സാഹിത്യത്തിന്റേയും, തത്വചിന്തയുടേയും,
സാമൂഹ്യശാസ്ത്രത്തിന്റേയും (പൊതുവിൽ അക്ഷരലോകത്തിന്റെ)
മേഖലയിൽത്തന്നെയാണെന്ന്‌ കൂടുതൽ വ്യക്തമാവുകയാണ്‌. എന്നിരുന്നാലും
സാമൂഹ്യനേതൃപദവിയിലേക്ക്‌ എഴുത്തുസമൂഹം എത്തിയിട്ടില്ലെന്ന സ്ഥിതി
തുടങ്ങുകയാണ്‌. കമ്പ്യൂട്ടറുകൾ വികസിപ്പിച്ചെടുത്ത വികസിതരാജ്യങ്ങളിൽ അവർ
വ്യവസായിക-ശാസ്ത്രസാങ്കേതിക വിജ്ഞാന മേഖലയിൽ ശ്രദ്ധ
കേന്ദ്രീകരിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. ഓരോ നാടും അതിന്റെ സാംസ്കാരിക
സവിശേഷതകൾക്കനുസൃതമായി വിജ്ഞാനത്തിന്റെ പുതിയ മേഖലകൾ തുറക്കുന്നതാണ്‌
കണ്ടുവരുന്നത്‌. എന്നാൽ, പുതിയ സംവിധാനങ്ങൾ നമ്മെ ദേശാന്തരമായ
അറിവുകളിലേയ്ക്ക്‌ വളരാൻ സഹായിക്കുമെന്ന വസ്തുത പലരും
തിരിച്ചറിയുന്നില്ല. സാങ്കേതികവിദ്യയുടെ ആനുകാലിക നിലവാരത്തിൽ
നിന്നുകൊണ്ട്‌ പുതിയൊരു ജീവിതസമീപനത്തിന്റെ പാത തുറക്കാൻ നാം
ശ്രമിക്കേണ്ടതുണ്ട്‌. മലയാളിയുടെ സംസ്കാരവും ചിന്തയും സാഹിത്യത്തിൽ
മാത്രം ഒതുങ്ങാതെ, സമ്പട്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന
നിർമ്മാണോന്മുഖമായ തൊഴിൽ സംസ്കാരം വളർത്താനും ഉപകരിക്കണം.
വിദ്യാഭ്യാസം എന്ന കടം (സി. പി. രാജശേഖരൻ):
തലക്കെട്ടുകണ്ടപ്പോൾ, ണല്ലോരു വിഷയത്തെ (വിദ്യാഭ്യാസത്തെ) ക്കുറിച്ചുള്ള
ആഴത്തിലുള്ള അഭിപ്രായപ്രകടനം ഉണ്ടാവുമെന്നു പ്രതീക്ഷിച്ചു. അത്‌
അസ്ഥാനത്തായി. മുഖ്യമായും വ്യവസ്ഥാപിതത്വത്തിന്റെ ഭാഗത്തുനിന്നുള്ള ഒരു
നിരീക്ഷണമായിപ്പോയി, പ്രസ്തുതലേഖനം, വിഷയത്തിന്റെ ഉപരിതലം മാത്രമേ ലേഖകൻ
സ്പർശിച്ചുള്ളു.

ചിന്തകളുടെ ഉറവിടം (ശ്രീ. ശ്രീ രവിശങ്കർ വിവ: എസ്‌. സുജാതൻ)
ചിന്തകൾ സാമൂഹ്യമായിരിക്കേണ്ട ലോകത്ത്‌ അതിനെ നേരിട്ടു വ്യക്തിയിലേക്ക്‌
വിക്ഷേപിക്കുന്നത്‌ സമൂഹത്തിന്റെ നന്മകൾ ഇല്ലാതാക്കാനേ ഉപകരിക്കൂ.
വ്യക്തി ചിന്തകൾക്ക്‌ വിഹരിക്കാൻ നമ്മുടെ മണ്ണിൽ /മനസ്സിൽ ഇടമുണ്ടാവില്ല.
സാഹിത്യപഠനത്തിലെ സർഗ്ഗാത്മകത (ആർ. ശ്രീലതാവർമ്മ)
വിഷയത്തോട്‌ 'സർഗ്ഗാത്മകമായ' സമീപനം പുലർത്തിയത്‌ അഭിനന്ദനാർഹമാണ്‌.
സംസ്കാരത്തിന്റെ വില (സുധാകരൻ ചന്തവിള)
സുധാകരൻ ചന്തവിള

സംക്ഷിപ്തമായ സാംസ്കാരിക വിശകലനം ശ്രദ്ധേയമായി. എന്നാൽ, പുരോഗമനോന്മുഖ
ചിന്തയെ അതേപടി ആവർത്തിക്കാൻ നമുക്കു കഴിയില്ല. ഏതൊരു ജീവിതവ്യവസ്ഥയും
കുറേക്കഴിയുമ്പോൾ മാറ്റത്തിനു വിധേയമാവും. അതു തന്നെയാണ്‌ പുരോഗമന
ചിന്തയ്ക്കും സംഭവിച്ചതു. പകരം വന്ന മതാധിഷ്ഠിത സാമൂഹ്യവ്യവസ്ഥയാവട്ടെ,
മുമ്പുണ്ടായിരുന്നതിന്റെ നേർപകർപ്പല്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കേരളത്തിന്റെ (ലോകത്തിന്റെ തന്നെ) സാമൂഹ്യവ്യവസ്ഥ ഒരു
സ്വാഭാവിക വളർച്ചയായിരുന്നു. എന്നാൽ ഇന്നോ? എല്ലാം കമ്പോളത്തിനു
കീഴ്പ്പെട്ടിരിക്കുന്നു! മറ്റെല്ലാം വെറും മുഖം മൂടികൾമാത്രം. ഇന്നത്തെ
മതാധിഷ്ഠിത സംസ്കാരം മതത്തെയും വിശ്വാസത്തേയും വിൽപനച്ചരക്കാക്കി പണം
കൊയ്യാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗം തന്നെയാണ്‌.
സമൂഹം നേരിടുന്ന പ്രധാനമായ ഒരു പ്രശ്നത്തെക്കുറിച്ച്‌ (ഓണർ കില്ലിംഗ്‌)
ശ്രദ്ധയാകർഷിക്കുന്ന ലേഖനം പോസ്റ്റ്‌ ചെയ്തിരിക്കുന്നു. ജോതിർമയി ശങ്കരൻ
'നിലാവിന്റെ വഴി'യിൽ, ശ്രീ പാർവ്വതി മനോഹരമായൊരു കാവ്യം പോലെ ഓർമ്മകൾ
വരച്ചുകാട്ടുന്നു. അതെ, നമുക്ക്‌ 'ഓർമ്മകളുണ്ടായിരിക്കണം'! ജൂബൈർ
അറയ്ക്കലിന്റെ സിനിമാനിരൂപണവും ഈ ലക്കം "മലയാള സമീക്ഷ" യിലുണ്ട്‌.
മണമ്പൂർ രാജൻ ബാബുവിന്റെ കവിത 'കമലാസുരയ്യ' ഏതാനും വാക്കുകൾ കൊണ്ട്‌ ഒരു
കാവ്യ പ്രതിഭാസത്തെ അവതരിപ്പിച്ച, ശ്രദ്ധേയമായ കൃതിയായി അനുഭവപ്പെട്ടു.
സൈനുദ്ദീൻ ഖുറേഷിയുടെ "ഫസ്ഖ്‌", പവിത്രൻ തീക്കുനിയുടെ "സുഹൃത്ത്‌"
(ഹ്രസ്വകവിത) വി. ദത്തന്റെ "നിലയ്ക്കാത്ത ഗർജ്ജനം," "മഴപ്പെയ്ത്ത്‌"
(യാമിനി ജേക്കബ്‌), "പൂർണ്ണ വിരാമം" (ഡോ: കെ.ജി. ബാലകൃഷ്ണൻ) തുടങ്ങിയ
കവിതകൾ ഈ ലക്കം "മലയാളസമീക്ഷയെ" സമ്പന്നമാക്കുന്നു. കൂടാതെ, ഗീതാരാജൻ,
ശ്രീകൃഷ്ണദാസ്‌ മാത്തൂർ (2 കവിതകൾ), ടി. എ. ശശി, സനൽ ശശിധരൻ, ജയചന്ദ്രൻ
പൂക്കരത്തറ, ഗീത മൂന്നൂര്ർക്കോട്‌, ശാന്താമേനോൻ, കെ.വി. സക്കീർ ഹുസൈൻ,
രമേശ്‌ കുടമാളൂർ, സതീശൻ പയ്യന്നൂർ, സന്തോഷ്‌ പാല, ഷാജി നായരമ്പലം, മഹർഷി,
മാധവധ്വനി, തെരേസ ടോ, രാജേഷ്‌ ചിത്തിര, അരുൺ കൈമൾ, ബെസ്സി കടവിൽ, രജീഷ്‌
പാലവിള, ബി. ഷിഹാബ്‌, എൻ. ബി. സുമേഷ്‌, ഫിറോസ്‌ കണ്ണൂർ, റഹിം, ഷൈൻ ടി.
തങ്കൻ, സി.കെ. ഷീജ, അഷ്രഫനു സാനു, അഭിലാഷ്‌ കൃഷ്ണൻ കെ.എസ്‌, നിയോഗ്രാഫർ,
ഉണ്ണിമായ, സതീശൻ ഒ.പി, സേൻബുദ്ധ സാജ്‌, ചിഞ്ചു റോസ, സോണി ദിത്ത്‌, എം.
കെ. ഹരികുമാർ തുടങ്ങിയവരുടെ കവിതകളും കാണാം.
സൈനുദ്ദീൻ ഖുറേഷി

ഷഫീഖിന്റെ, വിഷാദപശ്ചാത്തലത്തിലൂന്നിയുള്ള നർമ്മം ഹൃദ്യമായി (ഒരു
കത്തുവന്നിട്ടുണ്ട്‌). "കൗമാരത്തിന്റെ മന:ശാസ്ത്ര"ത്തെക്കുറിച്ചുള്ള
'നിഥിൻ താലിബി'ന്റെ സാമാന്യം ദീർഘമായ ലേഖനം, കൊള്ളാം. എന്നാൽ
ആനുകാലികമായി, ലോകത്തിന്റെ ഗതിക്രമത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ,
കൗമാരമനഃശ്ശാസ്ത്രം വിശകലനം ചെയ്തപ്പോൾ അടിസ്ഥാനമാക്കിയിട്ടില്ലെന്നൊരു
ന്യൂനത ലേഖനത്തിനുണ്ട്‌. ഇതുവരെയുള്ള നിർവചനങ്ങളിൽ ഒതുങ്ങാത്ത പുതിയകാലം,
സാമ്പ്രദായികമായ വിശകലനങ്ങളെ അപര്യാപ്തമാക്കുന്നത്‌, ലേഖകൻ പരിഗണിക്കണം.
വി. രവികുമാറിന്റെ പരിഭാഷ (ചൂതാട്ടം- ബോദ്ലെയർ), ഒരു മൗലികകൃതിയുടെ
സവിശേഷതകൾ തന്നെ ഉൾക്കൊള്ളുന്നു! അഭിനന്ദനങ്ങൾ ഗീത എസ്സ്‌. ആറിന്റെ
പരിഭാഷയും നന്നായി.
കഥകൾ!
ജനാർദ്ദനൻ വല്ലത്തേരിയുടെ 'കൊലച്ചിരി', അദ്ദേഹത്തിന്റെ മുൻകൃതികളിൽ
നിന്നും വേറിട്ടു നിൽക്കുന്നു. ഉദ്യോഗം നിലനിർത്തുന്ന കഥ.
'മരുകാറ്റിനൊടുവിൽ' (റോസിലി ജോയ്‌) ഒരു സാധാരണ കഥയായി തോന്നി.
പുതുതായൊന്നും കഥയുടെ പ്രമേയത്തിലോ, രൂപത്തിലോ, ഇല്ല. എന്നാൽ "ഇക്കാമല്ലി
ഇക്കുട്ടാമല്ലി" (ഷീല മോൻസ്‌ മുരിക്കൻ) വ്യക്ത്വമായൊരു കവിതത്തന്നെ.
പേരുപോലെ പ്രമേയവും വിഭിന്നം. ജീവിതത്തിന്റെ
ഉപരിപ്ലവസ്വഭാവത്തിനുകീഴെയുള്ള ചില നിതാന്തസത്യങ്ങളെ കഥ ഓർമ്മയിൽ
കൊണ്ടുവന്നു. കഥാകഥനത്തിന്റെ ചില ബിന്ദുക്കളിൽ കാണുന്ന മൗനത്തിന്റെ
നിറമാണ്‌ ഇതിനിടയാക്കുന്നത്‌, അഭിനന്ദനങ്ങൾ!
സരിജ എൻ. ഏശിന്റെ 'ഇലക്കൂടാരങ്ങൾ' ടി.ബി.ലാളിന്റെ
"ജീവിക്കുകയാണെങ്കിൽ...." (സി.പി. അനിൽ കുമാറിന്റെ "കാലം മായ്ച്ചുകളയുന്ന
ഇഷ്ടങ്ങൾ" തൊട്ടുമുമ്പത്തെ ലക്കത്തിലെ കഥതന്നെയാണല്ലോ ഇത്‌?), സണ്ണി
തായങ്കരിയുടെ "സാംസ്കാരിക മേള", ജാനകിയുടെ "നഗരത്തിലെ മലദൈവങ്ങൾ", അശോകൻ
അഞ്ചത്തിന്റെ "നഷ്ടങ്ങൾ", വക്കച്ചൻ തുണ്ടിയിലിന്റെ "ഇടയലേഖനം" മാത്യു
നെല്ലിക്കുന്നിന്റെ "ഹാസ്യം", ഉണ്ണിമായയുടെ "ഏകാന്തജാലകം", രഞ്ജിത്‌
മോഹന്റെ "ചാവേറുകൾ", മുഹ്സിൻ ആലത്തൂരിന്റേയും കഥകളും, ഈ ലക്കത്തിൽ
വായിക്കാം.
ശ്രീദേവി നായർ തുടങ്ങിവച്ച നോവൽ "ആഭിജാത്യം" മലയാള സമീക്ഷയുടെ
വാഗ്ദാനമായിതീരട്ടെ എന്നാശംസിക്കുന്നു. സോംപണിക്കരുടെ 'ഓർമ്മ' പംക്തി,
പുസ്തകക്കുറിപ്പുകൾ തുടങ്ങിയ പംക്തികളും മലയാള സമീക്ഷയെ
സമ്പന്നമാക്കുന്നു.
എഡിറ്ററുടെ കോളം:
സാമ്പ്രദായികമായ പ്രത്യയശാസ്ത്രങ്ങൾക്കും കാഴ്ച്ചപ്പാടുകൾക്കും അതീതമാണ്‌
ഇന്നത്തെ ലോകമെന്ന്‌ മുകളിൽ പറഞ്ഞിരുന്നുവല്ലോ? ഈ പശ്ചാത്തലത്തിൽ,
പുതിയൊരു ദർശനം കണ്ടെത്താനുള്ള അന്വേഷണമായി 'നവാ​‍െദ്വൈത'ത്തെ
വിലയിരുത്താനാണ്‌ നമുക്ക്‌ കഴിയേണ്ടത്‌. പുതിയ സാങ്കേതികവിദ്യയുടെ ലോകം
മനസ്സിനേയും ചിന്തയേയും ഉലച്ച മറ്റൊരു മലയാള നിരൂപകൻ വേറെയുണ്ടെന്നു
തോന്നുന്നില്ല. കെ.പി. അപ്പൻ ഇതിനെക്കുറിച്ചൊരു സൂചന  നൽകിയാണ്‌ നമ്മെ
വേർപിരിഞ്ഞത്‌ (വിവേകശാലിയായ വായനക്കാരാ!) എഴുത്തുകാരന്‌
ആനുകാലികസംസ്കാരത്തിന്റെ പ്രതീകമാകാൻ പുത്തൻ സാങ്കേതിക വിദ്യ
അനുവദിക്കുന്നില്ലെന്നാണദ്ദേഹം പറഞ്ഞുവച്ചതു.
എന്നാൽ ശ്രീ. ഹരികുമാറാകട്ടെ, ഈ സാഹചര്യത്തെ അതിന്റെ വഴിക്കു വിടുകയല്ല
ചെയ്യുന്നത്‌. പുതിയ ലോകത്തെ സധൈര്യം അവലോകനം ചെയ്യാൻ മുതിരുന്നു.
ഏതൊക്കെ മേഖലകളിൽ എന്തൊക്കെ മാറ്റങ്ങൾ എന്ന്‌ കൃത്യമായി അടയാളപ്പെടുത്താൻ
തുനിയുന്നു, അദ്ദേഹം. കാലം, ചരിത്രം എല്ലാം ഒറ്റക്ക്‌
ഒഴുകിക്കഴിയുന്നതോടെ, എഴുത്തുക്കാരന്റെ ഇന്നത്തെ
ഇതികർത്തവ്യതാമൂഢതയ്ക്ക്‌ അന്ത്യമുണ്ടാവുമെന്നും, ആഴത്തിലുള്ള പഠനങ്ങളും
ചർച്ചകളും ഭൗതീകലോകത്തെ നിർവ്വചനങ്ങളുടെ അതിർവരമ്പുകളിൽ ഒതുക്കാനും,
വീണ്ടും സമൂഹമനുഷ്യന്‌ ഭാവിപ്രവചിക്കാനുള്ള പ്രത്യയശാസ്ത്രപരമായ തെളിച്ചം
കൈവരുമെന്നും നമുക്കാശിക്കാം.

20 May 2012

മലയാളസമീക്ഷ കഴിഞ്ഞ ലക്കം വായന


എ. എസ്‌. ഹരിദാസ്‌

കേരളം ഗ്രാമങ്ങളുടെ കൂട്ടായ്മയായിരുന്ന കാലം എന്നേ കഴിഞ്ഞുപോയി! കേരളം
ഇന്ന്‌ ഒരൊറ്റ നഗരമാണ്‌. കോൺക്രീറ്റ്‌ കാടുകളെ വിട്ട്‌ നഗരം ഗ്രാമങ്ങളിൽ
താവളമടിക്കുന്നു. പതുക്കെ അവ നഗരങ്ങളായി പരിണമിക്കുന്നു. ദൂരമാണ്‌ പണ്ട്‌
നഗരങ്ങളേയും ഗ്രാമങ്ങളേയും വേർതിരിച്ചിരുന്നത്‌. ഇരച്ചുപായുന്ന ചെറിയ
കാറുകളും ഇരുചക്രവാഹനങ്ങളും ചേർന്ന്‌ ആ ദൂരത്തെ ശൂന്യമാക്കുന്നു.
സെൽഫോണുകളുടെ റേഞ്ചില്ലാത്ത പ്രദേശങ്ങൾ ഇന്ന്‌ കേരളത്തിലുണ്ടാവില്ല.
തിരക്ക്‌ ഗ്രാമങ്ങളെ ശല്യപ്പെടുത്തുന്നുവേന്ന ആക്ഷേപം ഇപ്പോൾ ഉയരാറില്ല.
'നാട്യപ്രധാനമായ നഗര' മാണിന്ന്‌ കേരളം മുഴുവൻ. ആ പ്രദേശങ്ങളെ
സാംസ്കാരികമായി നഗരവൽക്കരിക്കുന്നത്‌ ദൗത്യമായി എഴുത്തുകാർ ഏറ്റെടുക്കണം.
പഴയ അയൽക്കൂട്ടങ്ങൾ ഇന്ന്‌ റേശിഡന്റ്‌ അസോസിയഷനുകളുമായി രൂപാന്തരം
പ്രാപിച്ചിരിക്കുന്നു. ഗ്രാമീണ മൗഢ്യങ്ങളോട്‌ വിട പറഞ്ഞ്‌ നഗരത്തിന്റെ
വെല്ലുവിളി ഏറ്റെടുക്കുവാൻ സാംസ്ക്കാരിക പ്രവർത്തകർക്കു കഴിയണം. ഈ
കാഴ്ച്ചപാടിൽ നിന്നുകൊണ്ടാണ്‌ ഇനി സാഹിത്യരചനകൾ ഉണ്ടാവേണ്ടത്‌.
ഈ പ്രാവശ്യം കവിതകളിലൂടെയുള്ള സഞ്ചാരമാവട്ടെ തുടക്കം.
സനൽ ശശിധരൻ
സത്യൻ മാടാക്കര

'ഉത്തരം' (ഒ.വി.ഉഷ) പതിവുപോലെ, അഭിപ്രായങ്ങളുടെ കവിതയത്രെ. ഏതാനും
വരികളിൽ ജീവിതം തുടിക്കുന്നു. 'എനിക്കു' വേണ്ടി അന്യർ എന്നെ
നോക്കരുതെന്നു പറയുമ്പോൾ, 'ഞാൻ' നോട്ടങ്ങളേറ്റു വാങ്ങുന്ന നക്ഷത്രമാകാൻ
കൊതിക്കുന്നു. കഥയിലൂടെ "നീണാൾ വാഴട്ടെ മൗനം" കവിത രചിക്കപ്പെടുന്നു.
മലയാളമെന്ന മൗനം കൊതിക്കുന്ന വാക്കുകളുടെ ദാതാവായി വിടരട്ടെ, സനൽ ശശിധരൻ,
സത്യൻ മാടാക്കരയുടെ "കുടചൂടിയ വീട്‌" (ഹ്രസ്വ കവിത);  പ്രവാസ ദൂരം
(സന്തോഷ്‌ പാല) തുടങ്ങിയവ ആനുകാലിക ലോകത്തിന്റെ മുന്നണിയിലേയ്ക്ക്‌
ഇനിയും വളരാനിരിക്കുന്നതേയുള്ളു. ജിജോ അഗസ്റ്റിന്റെ 'തീവണ്ടി' പഴയ
പ്രമേയമാണ്‌. വി ദത്തിന്റെ 'വിഷാദഗീതവും' മറ്റൊന്നല്ല സംവദിക്കുന്നത്‌.
ഗീതാരാജന്റെ 'ഉദ്യോഗസ്ഥ' പുതിയകാലത്തിന്റെ സൃഷ്ടിയാണ്‌. 'ഉദ്യോഗസ്ഥ'
ജീവിതത്തിന്റെ തിരക്കുകൾ ഹ്രസ്വകവിതയെ ഭംഗിയാക്കി. സി. എം. രാജുവിന്റെ
'വരയും വാക്കും' എന്തോ പറയലായി. വല്ലാത്ത ക്ലിഷ്ടത. ജ്യോതിഭായി
പരിയാടത്ത്‌ ആരെ ഭയന്നാണ്‌ 'അഭയ'മന്വേഷിക്കുന്നത്‌? അഭയം തരാൻ
ഇന്നാരുമില്ല. കാരണം, എല്ലാവരും ഭയമുള്ളവരാണ്‌. അതുകൊണ്ട്‌ ജീവിതം സുധീരം
ജീവിച്ചു തീർക്കുക! 'ഓർത്തെടുക്കുമ്പോൾ' (രാജു കാഞ്ഞിരങ്ങാട്‌) എന്ന
ഹ്രസ്വകവിത വാക്കുകളുടെ പുതിയ സംയോജനം (രീ​‍ായശിമശ്​‍ി) നടത്തി
അർത്ഥകൽപനയ്ക്കു ശ്രമിക്കുന്നു. ലീല എം. ചന്ദ്രന്റെ 'പൂവും മുള്ളും' ഒരു
സാമ്പ്രദായിക കവിതയായി. അനുഭവങ്ങളോടും പ്രതീകങ്ങളോടും പുതിയ
കാഴ്ചപ്പാടുണ്ടാവണം. തെരേസ ടോമിന്റെ 'ഒരമ്മയായതിൽ' സംവദിക്കുന്നതും പഴയ
ഒരേ പ്രമേയം തന്നെ. ഒച്ചയില്ലാത്ത പാട്ട്‌ (ഡോ: കെ. ജി. ബാലകൃഷ്ണൻ)
രാംമോഹൻ പാലിയത്ത്‌ എഴുതിയ 'ആസ്ഥാനഗായകൻ' (പുതിയ പ്രമേയമുണ്ട്‌ കവിതയിൽ)
വേനൽ (യാമിനി ജേക്കബ്‌) തുടങ്ങിയവയും ഈ ലക്കം 'മലയാള സമീക്ഷ'യിലുണ്ട്‌.
സജി സുരേന്ദ്രൻ എഴുതിയ 'നിഴൽ' എന്ന 'സൈദ്ധാന്തിക' കവിതയും കെ. വി.
സുമിത്രയുടെ 'നിനക്കാരല്ല ഞാനും' ദുഃഖോപാസനയുടെ ആളലായി
വേറിട്ടുനിൽക്കുന്നു. 'അഹരിതം' (ടി. എ. ശശി), 'ഭ്രൂണവിചാരം'
(ജാനകി-വേറിട്ടുനിൽക്കുന്ന വിചാരം) 'ആലിപ്പഴം' (ജെയിംസ്‌ ബ്രൈറ്റ്‌),
'ആദ്യസ്വപ്നം' (ഗീത മുന്നൂര്ർക്കോട്‌) എന്നീ രചനകൾ നന്നായി. സത്താർ
അഡൂരിന്റെ ഹ്രസ്വകവിതയും, ജയചന്ദ്രൻ പൂക്കരത്തറയുടെ 'തമ്പുരാന്റെ
തുമ്പിയും' 'മാനവധ്വനി'യും, മഹർഷി (മഴരാഗം), ശാന്താ മേനോൻ , നിദർശ്‌
രാജ്‌, ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ആർ നായർ, ഷാജി നായരമ്പലം, സുജാകൃഷ്ണ, ബി.
ഷിഹാബ്‌, സതീശൻ പയ്യന്നൂർ, രാജേഷ്‌ ചിത്തിര, ശീതൾ പി. കെ., ശ്രീദേവി
നായർ, അജിത്‌ കെ.സി, അഭയ, ഷൈൻ ടി. തങ്കൻ, കെ.ബി വസന്തകുമാർ, അഴീക്കോടൻ,
വി.ആർ രാമകൃഷ്ണൻ, എം.കെ ഹരികുമാർ എന്നിവരുടെ കവിതകളും 'മലയാള സമീക്ഷയിൽ'
ഉൾപ്പെടുത്തിയിട്ടുണ്ട്‌.
കഥാവിഭാഗം
ജനാർദ്ദനൻ വല്ലത്തേരിയുടെ 'സാഹസികമായ' കഥാരചന (മനുഷ്യബോംബ്‌) രസകരമായി
എങ്കിലും കഥയുടെ പഴയരീതിക്കപ്പുറം എഴുതാൻ
ശ്രമിക്കണമെന്നഭ്യർത്ഥിക്കുന്നു
. 'കാലം മായ്ച്ചുകളയുന്ന ഇഷ്ടങ്ങൾ'
(അനിൽകുമാർ സി. പി.) ഏറെ ലാഘവത്തോടെ പറഞ്ഞകഥ. പ്രമേയം ആനുകാലികമെങ്കിലും
(സദാചാര പോലീസ്‌ എന്തുപറയുമെന്നറിയില്ല) നവമായൊരു ശൈലിയിലൂടെ പറയാൻ
കഴിഞ്ഞില്ലെന്ന, പ്രധാനപ്പെട്ടൊരു കുറവുണ്ട്‌. മൂന്നോ നാലോ ദശാബ്ദങ്ങൾ
മുമ്പു വായിച്ച ചെറുകഥയുടെ ശൈലി. ഇതു മാറ്റിയെടുക്കണം, ശ്രീ അനിൽ കുമാർ.
സത്യൻ താണിപുഴയുടെ 'കാളിപൂച്ചയും പിടക്കോഴിയും' എന്ന കുട്ടിക്കഥയും,
സണ്ണി തായങ്കരിയുടെ 'ദയാവധം' എന്ന ലേഖന സമാനമായ കൃതിയും ആകർഷകമായില്ല.
മോഹൻ ചെറായിയിലുള്ള പ്രതിഭയുടെ ഉന്മീലനം 'പേപ്പട്ടികൾ' എന്ന പേരിൽ
'മലയാളസമീക്ഷ'യുടെ താളുകളിൽ നിറഞ്ഞു നിൽക്കുന്നു. അഭിനന്ദനങ്ങൾ
'സ്ത്രീയാണു നല്ല മാനേജർ' (ബി. പ്രദീപ്‌ കുമാർ) പ്രമേയം നന്ന്‌.
അത്രയുള്ളൂ. 'മാഡം' (എസ്സാർ ശ്രീകുമാർ) വിപ്ലവാന്മകമായ കഥയെഴുതാൻ തുനിഞ്ഞ
കഥാകൃത്തിനെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ. വലിയൊരു പ്രമേയം ഹ്രസ്വമായ
വാക്കുകളിൽ അവതരിപ്പിച്ചു.
'ഒന്നിനൊന്ന്‌, ഒന്നിനും കൊള്ളാത്തവർ തുടങ്ങിയ പ്രയോഗങ്ങളിലൂടെ
ശ്രദ്ധേയമാകുമായിരുന്ന റോഷൻ പി. എം. ന്റെ 'റെഡി, വൺ ടു ത്രീ'
വാഴ്ത്തപ്പെടുമായിരുന്നെങ്കിലും, ഏറെ ദുർഗന്ധം വമിക്കുന്ന നീണ്ട കഥ
വേണമായിരുന്നോ? ശ്രീജിത്ത്‌ മുത്തേടത്തിന്റെ കഥ 'ജാലകങ്ങൾ' ശ്രദ്ധേയം...
എന്തുകൊണ്ടും. കാലത്തിന്റെ പ്രശ്നങ്ങൾ പരിമിതമായ വരികളിൽ
വരച്ചുചേർത്തിരിക്കുന്നു! മുല്ലപ്പെരിയാറും......., ദീപു കാട്ടൂരിന്റെ കഥ
ഇങ്ങനെയോ എഴുതേണ്ടത്‌?  ഒരു ദേശീയബോധമൊക്കെ വേണ്ടതല്ലേ? ശ്രദ്ധിക്കുക.
'ദൃഷ്ടാന്തം' (റഷീദ്‌ തൊഴിയൂർ) ഒരു പുരാതന കാലത്തെ കഥ പോലെ തോന്നി.
'ആത്മാവുകളെ വിളിച്ചു വരുത്തുന്നവർ' (സരിജ എൻ. എസ്‌.) 'പ്രഭാത സവാരി'
(പ്രമോദ്‌ കെ.പി), 'എന്റെ യാത്രകൾ' (ഷാജഹാൻ), "വൈഷ്ണ" (ചിമ്പൻ),
'ചെകുത്താന്റെ ചുറ്റിക്കൽ' (കൊച്ചൻ) എന്നീ കഥകളും ഈ ലക്കം "മലയാള
സമീക്ഷ"യിൽ വായിക്കാം.
ലേഖനങ്ങൾ - അഭിപ്രായങ്ങൾ
പി. സുജാതന്റെ  'പട്ടാള മേധാവിയുടെ രാഷ്ട്രീയപ്പോര്‌', കാര്യങ്ങളെ
യുക്തിസഹമായി അതരിപ്പിക്കാൻ ശ്രമിക്കുന്നു. ജനാധിപത്യം സംരക്ഷിക്കുന്നതിൽ
ഒരു പൗരനുള്ള സ്വാതന്ത്ര്യത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും സ്വരം
ഉൾച്ചേർത്തിരിക്കുന്ന ലേഖനം നന്നായി. മീരാകൃഷ്ണയുടെ 'ചാവുതുള്ളൽ' നോവലിനെ
കുറിച്ചുള്ള പഠനം നന്നായി. ഓട്ടോറിക്ഷാ തൊഴിലാളിയുടെ ജീവിത പ്രയാസങ്ങൾ
നിരത്തിവയ്ക്കുന്ന രഘുനാഥ്‌ പലേരിയുടെ കുറിപ്പ്‌ മാനവികതയുടെ
പ്രത്യക്ഷമായ ഇടപെടലായി.

തീർന്നതുപോലെ തോന്നി. ക്ഷമിക്കുക. 'അക്ഷരരേഖ', 'പ്രണയം', 'മനസ്സ്‌',
'അഞ്ചാം ഭാവം', 'നിലാവിന്റെ വഴി', 'ചരിത്ര രേഖ', 'കൃഷി' തുടങ്ങിയ
പംക്തികൾ 'മലയാള സമീക്ഷ'യിൽ തുടരുന്നു.

20 Apr 2012

മലയാളസമീക്ഷ കഴിഞ്ഞ ലക്കം


എ. എസ്‌. ഹരിദാസ്‌

പതിവു ശൈലിയിൽ നിന്ന് മാറണം
പ്രണയം:
ലൈംഗിക പീഡനങ്ങളെക്കുറിച്ചും ക്യാമ്പസ്‌ രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ
എഴുതിയ ശ്രീ സുധാകരൻ ചന്തവിളയ്ക്ക്‌ വിഷയത്തിൽ വ്യക്തമായൊരു
കാഴ്ചപ്പാടില്ലാത്തതുപോലെ തോന്നിക്കുന്നു. കുറച്ചെഴുതിയെന്നേയുള്ളു.
തികഞ്ഞ അവ്യക്തത്ത നിലനിൽക്കുകയും ചെയ്യുന്നു. എങ്കിലും സമൂഹവുമായി
ഇടപഴകിയാലേ പുരുഷന്റെയായാലും സ്ത്രീയുടെയായാലും കഴിവുകൾ വികസിക്കുകയും
വ്യക്തിത്വം വളരുകയും ചെയ്യൂ എന്ന നിരീക്ഷണം ശരിയാണ്‌. നാളത്തെ സമൂഹം
സ്വതന്ത്രമായി ഇടപഴകുന്ന വ്യക്തികളുടെ സംതൃപ്തസമൂഹമാവണമെന്ന ലക്ഷ്യം നാം
ആർജ്ജിക്കണം. അവിടെ സ്ത്രീക്കും, പുരുഷനും ശരീരം മാത്രമല്ല ഉള്ളതെന്നും,
അവർക്കകത്ത്‌ സമൂഹത്തിനായി സംഭാവന ചെയ്യാൻ ഒട്ടേറെ കഴിവുകളുടെ
ഭ്രൂണങ്ങളുണ്ടെന്നും സമൂഹം തിരിച്ചറിയണം. മതം ഒരു വ്യക്തിപരമായ വിഷയം
എന്നപോലെ ലൈംഗികതയും തികച്ചും വ്യക്തിപരമായ ഒന്നായി കരുതണം. സമൂഹത്തിന്റെ
മുന്നിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന്‌ വിശദമായി പഠിക്കാൻ
കഴിയുകയും, അതിൽ ലൈംഗികതയുടെ പ്രശ്നത്തിന്റെ ഡിഗ്രിയെത്രയെന്നും
പഠിക്കണം. എന്നാലേ, ഈ വിഷയത്തിൽ വ്യക്തമായൊരു കാഴ്ചപ്പാട്‌
രൂപപ്പെടുത്താനോക്കു.

എഴുത്തുകാരന്റെ ഡയറി: സി.പി. രാജശേഖരന്റെ പംക്തി ഗംഭീരം.
ആക്ഷേപഹാസ്യത്തിന്റെ കൂമ്പടഞ്ഞിട്ടില്ല മലയാളത്തിൽ എന്ന്‌ ആശ്വസിക്കാം.
പക്ഷേ, സർ, ആക്ഷേപഹാസ്യത്തിന്റെ ഉൾക്കാമ്പറിഞ്ഞ്‌ സ്വയം തിരുത്താനൊന്നും
ഇക്കാലത്ത്‌ ആരെയും കിട്ടില്ലെന്ന്‌ ഒരടിക്കുറിപ്പുക്കൂടി
ചേർക്കാമായിരുന്നു.
അഞ്ചാം ഭാവം: (ജ്യോതിർമയി ശങ്കരൻ)
മുഖ്യമായും സ്ത്രീ സമൂഹം നേരിടുന്ന ആനുകാലികമായ വിവിധ പ്രശ്നങ്ങളെ
അപഗ്രഥിക്കുന്ന പംക്തി വളരെ നന്നായി. പ്രത്യയശാസ്ത്രങ്ങളിലേക്ക്‌
കടന്നില്ലെങ്കിലും, പ്രശ്നങ്ങളുടെ അവതരണത്തിനു പ്രാമുഖ്യം. ഈ
അവതരണത്തിന്‌ ഒരു പ്രതികരണം ആവശ്യമാണെന്ന്‌ തോന്നുന്നു. കാരണം അതിനാണല്ലോ
അവ അവതരിപ്പിക്കുന്നത്‌.
620 കോടിക്കുമേൽ വരുന്ന ലോകജനതയിൽ ബഹുകോടിപേരും നിലനിൽപിനായി പോരാട്ടം
നടത്തുന്ന ലോകമാണിന്നത്തേത്‌. അത്തരം പോരാട്ടങ്ങൾക്കാസ്പദമായ
പ്രശ്നങ്ങളിൽ അധികപങ്കും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്നവതന്നെ.
ഇവയെ വിലയിരുത്താനും, സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക മേഖലകളുടെ
ഉപകരണങ്ങൾ വച്ച്‌ നിർധാരണം ചെയ്യാനും കഴിയാതെ ഇവയ്ക്ക്‌ പ്രതിവിധി
നിർദ്ദേശിക്കാനാവില്ല. എന്നാൽ, അതിനായുള്ള ആശയരൂപീകരണം തുടങ്ങുമ്പോൾ
തന്നെ പ്രശ്നങ്ങളെ 'രാഷ്ട്രീയവൽക്കരിക്കുന്നതിനെ' വിമർശിക്കാൻ ധാരാളം പേർ
കാണും. ഇതിനെ രാഷ്ട്രീയ വൽക്കരണമെന്നല്ല, പ്രത്യയശാസ്ത്രവൽക്കരണമെന്നു
വേണം പറയാൻ. പ്രത്യയശാസ്ത്രവൽക്കരണം, പ്രശ്നങ്ങൽക്ക്‌ ശാസ്ത്രീയ പരിഹാരം
കാണാനുള്ള ശ്രമത്തിന്റെ തുടക്കമാണ്‌.

പ്രശ്നങ്ങളുടെ പ്രത്യയശാസ്ത്രവൽക്കരണം, അതിന്റെ രാഷ്ട്രീയത്തെ
വെളിവാക്കുകതന്നെ ചെയ്യും. ആ രാഷ്ട്രീയം വച്ച്‌ പ്രവർത്തിക്കുകയും വേണം.
അങ്ങനെ ചെയ്യുമ്പോൾ ബഹുജനങ്ങൾ ബോധവൾക്കരിക്കപ്പെടണം. ഈ പ്രക്രിയയുടെ ഒരു
ഘട്ടമായി വേണം ഇവിടെ പ്രതിപാദിക്കുന്ന പംക്തിയുടെ പ്രസക്തിയെ കാണാൻ.
അതായത്‌ ജ്യോതിർമയിയുടെ പ്രബന്ധം, കാഴ്ചപ്പാടുകൾ ഉള്ളതാണ്‌. കാഴ്ചപ്പാടിൽ
ഒളിഞ്ഞിരിക്കുന്ന ചിന്തയുടെ തിളക്കം തിരിച്ചറിയണം.
എം.മുകുന്ദൻ

നിലാവുറങ്ങുന്ന വഴികൾ: പാർവ്വതി
കാവ്യാനുഭൂതിയുണർത്തുന്ന രചന. ജീവിതത്തിന്റെ അനുഭൂതിപകരുന്ന
ഓർമ്മച്ചിത്രങ്ങളും, ജീവിതം തന്നെയും! ഒരു ജന്മം കഴിഞ്ഞുപോയെന്ന്‌
വിശ്വസിക്കാൻ പ്രയാസം എന്തൊക്കെയോ സ്വപ്നങ്ങളും പ്രതീക്ഷകളുമായി
തുടങ്ങുന്ന ജീവിതം കുറെ ജീവിച്ചുകഴിയുമ്പോൾ എത്രനേടിയില്ലെങ്കിലും,
കഴിഞ്ഞുപോയല്ലോയെന്ന ആശ്വാസം ഇനിയും കുറിക്കാനുണ്ടാവും
ശ്രീപാർവ്വതിയ്ക്ക്‌. എഴുതുക, ആശംസകൾ നേരുന്നു.
ചരിത്രരേഖ: ഡോ: എം. എസ്‌. ജയപ്രകാശ്‌
പ്രതികരണങ്ങൾ ഉളവാക്കാൻ കഴിയുന്ന പ്രതിഭയുടെ ഒരു ചെറുലാഞ്ചനപോലുമില്ലാത്ത
രാഷ്ട്രീയവിമർശനത്തിന്‌ എന്തു പ്രസക്തിയെന്ന്‌ മനസ്സിലാവുന്നില്ല.
ക്ഷമിക്കണം.
സാഹിത്യമാധ്യമം എന്ന നിലയിൽ - (ആർ. ശ്രീലതാവർമ്മ)
സാഹിത്യഭാഷയുടെ സവിശേഷതകളെക്കുറിച്ചുള്ള ഒരു അക്കാദമിക്‌ പഠനത്തിന്‌
ആമുഖമായി ഭവിക്കുന്ന രചന. എന്നാൽ ശാസ്ത്രഭാഷ വിരസമാണെന്ന അർത്ഥത്തിൽ,
അത്‌ മൂർത്തമായതിനാൽ ആസ്വാദനത്തിനിടമില്ലെന്ന നിരീക്ഷണം ഒരു
പുനർവിചിന്തനത്തിനു വിധേയമാക്കണം. ശാസ്ത്രം സൃഷ്ടികർമ്മമെന്ന നിലയിൽ,
അതിന്റെ ഭാഷയും സംവേദനക്ഷമമാണെന്നാണ്‌ എളിയ അഭിപ്രായം. ശാസ്ത്രത്തെ
സംബന്ധിച്ച സാമ്പ്രദായികസങ്കൽപത്തെ അട്ടിമറിച്ചുകൊണ്ടാണ്‌
സാങ്കേതികവിദ്യയുടെ വികാസം. ഈ വളർച്ച സമൂഹത്തെയെന്നപോലെ, സംസ്കാരത്തേയും,
അതിന്റെ മുഖ്യ ശക്തിയായ ഭാഷയേയും സ്വാധീനിക്കും. ഈ അർത്ഥത്തിലുള്ള ഒരു
പുനർവിചിന്തനമാണ്‌ സൂചിപ്പിച്ചതു.
ചെമ്മനം ചാക്കോ

ശ്രീ. എസ്‌. സുജാതൻ പരിഭാഷപ്പെടുത്തിയ ശ്രീ ശ്രീ രവിശങ്കറിന്റെ
"ജീവിതരഹസ്യങ്ങൾ", സാങ്കേതികമായി വിലയിരുത്തിയാൽ, അതൊരു
പരിഭാഷയാണെന്നുതോന്നാത്തത്തരത്തിൽ ണല്ലോരു വായനക്കിടയാക്കി. സ്ഫുടമായ
ഭാഷ- അത്‌ അഭിനന്ദനാർഹം തന്നെ. എന്നാൽ അതിന്റെ ഉള്ളടക്കം സ്വീകാര്യമായി
തോന്നിയില്ല. തികച്ചും വ്യക്തിഗതമായ ജീവിതസങ്കൽപ്പങ്ങളാൽ അലംകൃതമായ
ചിന്തകൾ എന്തുധർമ്മം നിർവ്വഹിക്കുന്നു? സമൂഹത്തിൽ ഓരോരുത്തരെയായി
തത്വചിന്തയുടെ ഭാഷയിലൂടെ സ്വാധീനിക്കുമ്പോൾ, അതിന്‌ തനതായൊരു
രാഷ്ട്രീയതലമുണ്ടെന്നു തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടമാണ്‌. വ്യക്തിയുടെ
സുഖം (അത്‌ ആദ്ധ്യാത്മികമായാലും, ഭൗതികമായാലും) എന്തെന്നതുസംബന്ധിച്ചു
ചിന്തിക്കാനുള്ള നേരമല്ല ഇത്‌. സമൂഹം പൊതുവിൽ നേരിടുന്ന നിലനിൽപ്പിന്റെ
പ്രശ്നങ്ങളിലേക്കും അതിന്റെ സാമൂഹികതയിലേയ്ക്കും ശ്രദ്ധിക്കുന്ന
താത്വികവിചിന്തനമാണ്‌ കാലം നമ്മോടാവശ്യപ്പെടുന്നത്‌. അത്‌ അങ്ങനെ നോക്കാൻ
തുനിയാതെ, ജീവിതം പ്രതിജനഭിന്നമാണെന്ന സങ്കൽപം, ചൂഷണത്തിന്റെ കടുത്ത
യാഥാർത്ഥ്യങ്ങൾക്ക്‌ മറയിടുകയെന്ന ദൗത്യം നിറവേറ്റാനാണ്‌
ലക്ഷ്യമിടുന്നത്‌. ഇതു തിരിച്ചറിഞ്ഞില്ലെങ്കിൽ വരാവുന്ന അപകടം
പ്രതീക്ഷിക്കുന്നതിലും അപ്പുറത്തായിരിക്കും.

സമന്വയത്തിന്റെ മറുപ്പച്ചകൾ - സി. രാധാകൃഷ്ണൻ
മലയാളത്തിന്റെ മഹാഭാഗ്യങ്ങളായ ചുരുക്കം പേരിൽ ഒരാളുടെ കാഴ്ചപ്പാടിൽ
മിന്നിത്തിളങ്ങുന്ന സമന്വയ ചിന്തകളായി ഈ വാക്കുകളെ കാണണം. ഈ ദു:ഖാകുലമായ
ലോകത്ത്‌, പരസ്പരം വെട്ടികീറാൻ നിൽക്കുന്ന 'ഗ്രൂപ്പു'കളുടെ കാലത്ത്‌,
സമന്വയത്തിന്റെ മഹാമേരുക്കളെ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്നവർ അതിവിരളം.
എഞ്ചിനീയറിംഗിന്റെ ഭാഷയിൽ '​‍ീയൽ​‍്മശ്​‍ി'(മുന്നിലുള്ളത്‌ കണ്ടാൽ
തിരിച്ചറിയാനുള്ള ശേഷി) ഒരു പ്രധാനഘടകമാണ്‌. തന്റെ ശാസ്ത്രബുദ്ധി
കൊണ്ടായിരിക്കണം ശ്രീ. സി. രാധാകൃഷ്ണന്‌ ഇത്‌ എളുപ്പം കഴിയുന്നത്‌. ഈ
കാഴ്ചയുടെ കണ്ണ്‌ എല്ലാവർക്കും തെളിഞ്ഞുകിട്ടാൻ ഈ പ്രബന്ധം സഹായിക്കും.

മുകുന്ദനും പി.സുജാതനും
വിമർശനത്തിനുപയോഗിക്കുന്ന ഭാഷയുടെ പേരിൽ, പി.സുജാതന്റെ ലേഖനത്തിന്റെ
ആശയപരമായ കുറവുകൾക്ക്‌ മാപ്പുകൊടുക്കാം. എന്നാൽ ചരിത്രത്തിൽ, ആധുനികതയുടെ
വിളയാട്ടം മലയാളനാടിനെ എവിടെ എത്തിച്ചുവേന്ന്‌ സുജാതൻ ഒരു നിമിഷം
ചിന്തിക്കണം. 'ആധുനികത' ഒരു പ്രസ്ഥാനമെന്ന നിലയിൽ മലയാളിയെ
കുഴിമടിയരാക്കിയ വർത്തമാനകാല ദുരന്തം കാണാൻ കൂടി ലേഖകൻ ശ്രദ്ധിക്കണം.
പിന്നെ, വ്യക്തിനിഷ്ഠമായ പരാമർശങ്ങൾ വലിയ വിഷയമല്ല. അത്‌ ചർച്ച
ചെയ്യേണ്ടതുമല്ല.

രഘുനാഥ്‌ പലേരി, ദിലീപ്‌ മാന്തവാടി
ഒരു നുറുങ്ങനുഭവം രഘുനാഥ്‌ ഒരു രചനയ്ക്കിടയാക്കിയത്‌ ആദരണീയം. കുറെയധികം
വാക്കുകളിൽ കുറച്ചുമാത്രം കാര്യം പറയുന്ന ദിലീപ്‌ മാനന്തവാടിയുടെ
സിനിമാലോക പരാമർശം വായിച്ചു തീർക്കാൻ ബുദ്ധിമുട്ടാക്കി.
ഒ.വി. വിജയനെക്കുറിച്ച്‌ ഫൈസൽബാവ
താൻ സ്നേഹിക്കുന്ന വിജയനെ, ആരാധനയോടെ ആവിഷ്കരിച്ച ലേഖകന്‌ അഭിനന്ദനങ്ങൾ.
ഒ.വി.വിജയന്റേയും ആധുനികതയുടെ പിൻതുടർച്ചക്കാരായ മറ്റ്‌ പ്രമുഖ
സാഹിത്യക്കാരന്മാരുടേയും കൃതികളെക്കുറിച്ച്‌ സമഗ്രമായൊരു പഠനം നമ്മുടെ
കാലം ആവശ്യപ്പെടുന്നുണ്ട്‌. അതിനുവേണ്ട ഊർജ്ജവും ആർജ്ജവും ഫൈസൽബാവയ്ക്ക്‌
ആശംസിക്കുന്നു.

മലനാടിന്റെ മാറ്റൊലി (മീരാകൃഷ്ണ)

അയ്യങ്കാളിയെക്കുറിച്ച്‌ ഇനിയും ഒട്ടേറെ പഠിക്കാനിരിക്കെ, അതിനു മുതൽ
കൂട്ടാവുന്ന രണ്ടുകൃതികളെക്കുറിച്ചുള്ള ഹ്രസ്വമായ ഏതാനും ഖണ്ഡികകൾ
മീരാകൃഷ്ണ തയ്യാറാക്കിയിരിക്കുന്നു. എന്നാൽ അയ്യങ്കാളിയെ നാം മറന്നുവോ
എന്നു സംശയിക്കുന്ന തരത്തിലുള്ള ഏതാനും വാചകങ്ങൾ കണ്ടു.
ചരിത്രപുരുഷന്മാരെ സമുദായവൽക്കരിക്കുന്ന ഇന്നത്തെ കാലത്തെ ചില
ശ്രമങ്ങളാണ്‌ കുഴപ്പങ്ങൾക്കിടയാക്കുന്നത്‌.
കഥയുടെ ലവണ തീരങ്ങൾ (അജിത്ത്‌ കെ.ഡി)
മനോഹരമായ ഭാഷയിലൂടെയുള്ള ആസ്വാദനക്കുറിപ്പ്‌.
കൃഷിയെക്കുറിച്ചുള്ള പ്രബന്ധങ്ങൾ ഒരു ലക്ഷ്യബോധം സൃഷ്ടിക്കുന്നു. മൺമറഞ്ഞ
തലമുറയ്ക്ക്‌ കൃഷിക്കപ്പുറം മറ്റൊന്നുമില്ലായിരുന്നു. കൃഷിയിൽ
ജീവിക്കുകയും, അതുകൊണ്ട്‌ ചുമതലകൾ നിറവേറ്റുകയും നാളെ നമുക്കായി കുറേ
വിത്തുകൾ കരുതിവയ്ക്കുകയും ചെയ്തു. അവർ എന്നാൽ വേഗതകൂടിയ ലോകത്ത്‌
മത്സരത്തിന്റെ കാപട്യത്തിൽ പെട്ട്‌ ജീവിതത്തിൽനിന്നും മരണത്തിലേയ്ക്ക്‌
പായുന്ന നമുക്ക്‌, പൂമുഖമുറിയിലെ കാഴ്ചവസ്തുവായി മാറിയോ കൃഷി.
അക്കാലത്തിന്റെ രമണീയതയെവിട്ട്‌ നാം എങ്ങോട്ടാണ്‌ പായുന്നത്‌? നിത്യമായ
ശൂന്യതയിലേക്കോ?

കഥാവിഭാഗം
തൃണാവർത്തനം (ജനാർദ്ദനൻ വല്ലത്തരി) ദാർശനികമാനങ്ങൾ ഉള്ള കൃതിയാണ്‌.
കവിതയുടെ സവിശേഷതയായ, ദർശനത്തെ ഉൾകൊള്ളാനുള്ള ശേഷി ചെറുകഥയിലും
പരീക്ഷിക്കാനുള്ള കഥാകൃത്തിന്റെ ശ്രമം തുടരുന്നുവേങ്കിൽ നന്നായിരിക്കും.
എന്നാൽ വല്ലത്തേരിയുടെ മറ്റു കഥകളിലടക്കം കാണുന്നതും നിത്യജീവിതത്തിന്റെ
ജൈവാനുഭവങ്ങളെ ആവിഷ്ക്കരിക്കാത്തതുമായ പാത്രസൃഷ്ടി മാറണം. ജൈവാനുഭവങ്ങളിൽ
നിന്ന്‌ നമുക്കിടയിൽ തന്നെയുള്ള കഥാപാത്രങ്ങളിലൂടെയാണ്‌ ചെറുകഥ
രചിക്കുന്നതെങ്കിൽ, മലയാള സാഹിത്യത്തിലെ മറ്റൊരു വിസ്തൃതമായ മേഖല
തുറക്കലാവുമത്‌. ആധുനികതയുടെ പതിവുശൈലിയിൽ നിന്നും കഥാകൃത്ത്‌ സ്വയം
കുതറിമാറണം. സുജിത്‌ ബാലകൃഷ്ണൻ (കരിയൻ ഐ.എ.എസ്‌) ആനുകാലിക വിഷയത്തിൽ
നെയ്തെടുത്ത കഥ, കാലോചിതമെന്ന്‌ വിശേഷിക്കപ്പെടും.
ഡോ.(മേജർ) നളിനി ജനാർദ്ദനൻ:- പുതിയ കഥാപാത്രങ്ങളിലൂടെ പുനർജനിച്ച പഴയൊരു
കഥ. മാനവബന്ധങ്ങളിലെ ഇരുൾമൂടലിന്‌ പണ്ടും ചില സംവിധാനങ്ങൾ ഇടയാവാറുണ്ട്‌.
സണ്ണി തായങ്കരി:- സത്യത്തിന്റെ നേർപകർപ്പ്‌ സാഹിത്യമാകുമോ എന്ന ചോദ്യം
'പരിണതി ചക്രം' ഉയർത്തുന്നു. ഓരോ മഹത്തായ കൃതിയിലും അതുപോലെ മഹത്തായ
നുണയായിരിക്കും. പത്രവാർത്തപോലെയൊരു കൃതിയായിപ്പോയി ചെറുകഥ. നാളെ
എന്താവണമെന്ന സ്വപ്നത്തെ ഉള്ളിൽ വഹിക്കുന്നതാവണം ഇന്നിന്റെ ആവിഷ്ക്കാരം.
അല്ലാതെ കേവലം കണ്ടതു പറയലാവരുത്ത്‌.

ഋതുപാപം (തോമസ്‌ പി. കൊടിയൻ):- ണല്ലോരു കഥ കുറഞ്ഞ വാക്കുകൾ -
അഭിനന്ദനങ്ങൾ! അച്ചാമ തോമസിന്റെ "തൊമ്മനും ഞാനും" കഥാസന്ദർഭത്തിന്റെ
അപൂർവ്വതയാൽ ശ്രദ്ധേയമായി.
മോഹൻ ചെറായി: വ്യത്യസ്തമായൊരു കഥാസന്ദർഭം തെരഞ്ഞെടുത്താവിഷ്കരിച്ചു ശ്രീ
മോഹൻ ചെറായി. കുറഞ്ഞ വാക്കുകളിൽ ണല്ലോരു കഥ. മൂന്നാം മുറ (അക്ബർ ചാലിയർ).
കഥയാണോ, അനുഭവ വിവരണമാണോ എന്നു സംശയം. ടി. ബി. ലാൽ എഴുതിയത്‌ ണല്ലോരു
കഥയാണ്‌. ജാനകിയുടെ 'ആവർത്തനകാലം' ശ്രദ്ധേയമായി. ഷാജഹാന്റെ ഹ്രസ്വകഥ,
സരിജ എൻ. ഏശിന്റെ "ആത്മാവുകളെ...", ശീതൾ പി. കെ., കെ. സി. ഗീത, രാജേഷ്‌
ശിവ, ചന്ദ്രകാന്തൻ, ചന്തുനായർ, ആഷർ, ഷാജി കൊല്ലങ്കോട്‌, പുൽക്കൊടി,
ആചാര്യർ എന്നിവരുടെ കഥകൾ എന്നിവയും ഈ ലക്കത്തിലുണ്ട്‌.
യാത്രാനുഭവങ്ങൾ (പ്രഫുള്ളൻ തൃപ്പൂണിത്തുറ), വി. രവികുമാറും, എൻ. ബി.
സുരേഷും തയ്യാറാക്കിയ പരിഭാഷകൾ എന്നിവയും ഈ ലക്കം മലയാള സമീക്ഷയുടെ നല്ല
വായാനുഭവമാക്കി.

കവിത:
ചെമ്മനം ചാക്കോ, സത്യൻ മാടാക്കര, ഡോ. കെ. ജി. ബാലകൃഷ്ണൻ, വി. പി. ജോൺസ്‌,
ജിജോ അഗസ്റ്റിൻ, ഷാജി നായരമ്പലം, കമലാലയം രാജൻ, സുകുമാർ അരിക്കുഴ, എസ്സാർ
ശ്രീകുമാർ, ശാന്താ മേനോൻ, ശ്രീകൃഷ്ണദാസ്‌ മാത്തൂർ, എം. എൻ. പ്രസന്നകുമാർ,
സത്താർ അഡൂർ, നിദർശ്‌ രാജ്‌, ആര്യാട്‌ പി. മോഹനൻ, യാമിനി ജേക്കബ്‌,
മഹർഷി, ശ്രീദേവി നായർ, ചന്തു, ശ്രീകൃഷ്ണദാസ്‌ മാത്തൂർ, വീണാദേവി,
സന്തോഷ്‌ പാല, സോഫിയ കണ്ണേത്ത്‌, ബി ഹാബ്‌, ദേജാവു, രാജേശ്‌ ചിത്തിര,
ഗിരീഷ്‌ വർമ്മ ബാലുശ്ശേരി, നിദർശ്‌ രാജ്‌, ശാന്ത കാവുസായി, കെ. ജി.
സൂരജ്‌, കുസുമം ആർ പുന്നപ്ര, കലാ വല്ലഭൻ, ലിച്ചിസ ബിജെകെ, അന്വേഷി, അഭയ,
എം. കെ. ഹരികുമാർ എന്നിവർ രചിച്ച കവിതകൾ ഈ ലക്കത്തിൽ
ഉൾപ്പെടുത്തിയിരിക്കുന്നു.

ഫൈസൽബാവയുടെ 'ആരോഗ്യം' പംക്തിയും ഷീബാ രാമചന്ദ്രന്റെ പ്രസക്തമായ
ചോദ്യങ്ങളും (സ്ത്രീ-പെണ്ണിന്‌ ഉടലാണോ, തലയാണോ വലുത്‌?), ഇ. എ. സജി
തട്ടാത്തുമം, മൻസൂർ ചെറുവാടി, മനോജ്‌ രാജഗോപാൽ, ബിനോയ്കുമാർ കണ്ടത്തിൽ,
പരപ്പനാടൻ എന്നിവരുടെ അനുഭവകുറിപ്പുകളും ഭംഗിയായിരിക്കുന്നു.
'രാജി'യുടെയും സത്യൻ താന്നിപ്പുഴയുടേയും ഓർമ്മക്കുറിപ്പുകൾ, സനൽ ശശിധരൻ,
രാം മോഹൻ പാലിയത്ത്‌, ഇന്ദിരാ ബാലൻ ഇവരുടെ കാവ്യചിന്തകൾ, ഇംഗ്ലീഷ്‌
വിഭാഗത്തിലെ രചനകൾ (ഗീത മുന്നൂര്ർക്കോട്‌, എ. കെ. ശ്രീനാരായണ ഭട്ടത്തിരി,
വിന്നി പണിക്കർ, രാജനന്ദിനി) എന്നിവയും ശ്രദ്ധേയമായി.

പ്രശസ്തചിത്രകാരനായ ബോസ് കൃഷ്ണമാചാരിയുമായി അഭിമുഖം


എ.എസ്.ഹരിദാസ്

ഏപ്രിൽ ആദ്യവാരത്തിൽ വിശ്രുത ചിത്രകാരന്മാരായ ബോസ്‌ കൃഷ്ണമാചാരിയും,
റിയാസ്‌ കോമുവുമായി, കാലടി സംസ്കൃതസർവ്വകലാശാലയിലെ ലളിതകലാവിദ്യാർത്ഥികൾ
ഒരുക്കിയ മുഖാമുഖത്തിൽ, എന്റെ ബാല്യകാല സുഹൃത്തുകൂടിയായ
ബോസ്കൃഷ്ണമാചാരിയുടെ ക്ഷണം സ്വീകരിച്ച്‌, പങ്കെടുക്കാൻ അവസരമുണ്ടായി.
അവിടെ നടന്ന സംവാദത്തിന്റെ തുടർച്ചയെന്നോണം, ചില സംശയദൂരീകരണത്തിനാണ്‌
ശ്രീ.ബോസിന്റെ മങ്ങാട്ടുകര(അങ്കമാലി)യിലെ വസതിയിൽ ചെന്നത്‌. സംസാരിച്ചു
വന്നപ്പോൾ പല പുതിയ വിവരങ്ങളും ലഭിക്കുകയുണ്ടായി. അത്‌ "മലയാള സമീക്ഷ"
യുടെ വായനക്കാരുമായി പങ്കുവെയ്ക്കട്ടെ.
ബോസ് കൃഷ്ണമാചാരി

? ചിത്രകലയുടെ ഭാഷയുമായി മലയാളികൾക്ക്‌ പരിചയം കുറവാണല്ലോ? കേരളത്തിന്റെ
സാമൂഹ്യാന്തരീക്ഷത്തിൽ മാറ്റം വരുത്താൻ ഏറെ സഹായകമായ മേഖല
സാഹിത്യത്തിന്റേതാണ്‌. അത്രയ്ക്കൊരു പരിചയം ആധുനിക ചിത്രകലയുമായി
മലയാളികൾക്കില്ല. എന്താണഭിപ്രായം?

ബോസ്‌: അപരിചിതത്വം! ഭാഷാപോഷിണിയിൽ ഞാനിതു പറഞ്ഞിട്ടുണ്ട്‌.
സാധാരണക്കാർക്ക്‌ ചിത്രകലയുമായി തീർത്തും അപരിചിതത്വമാണുള്ളത്‌.
കേരളത്തിന്‌ ഒരു മ്യൂസിയം കൾച്ചറില്ല. എന്നാൽ പുറത്തുള്ള (വിദേശങ്ങളിൽ)
സ്ക്കൂളുകളിലും കോളേജുകളിലും ചിത്രകല പഠനവിഷയമാണ്‌. അവിടെ പഠനത്തിന്റെ
ഭാഗമായി വിദ്യാർത്ഥികൾ നിർബന്ധമായും മ്യൂസിയങ്ങളിൽ പോയിരിക്കണം.
അതിനനുയോജ്യമായ ഒരു വിദ്യാഭ്യാസം തന്നെയാണ്‌ അവിടെയുള്ളത്‌. ചിത്രകലയിലെ
പാഠങ്ങൾ ചിത്രകാരൻമാർതന്നെയാണ്‌ വിദ്യാർത്ഥികൾക്കു പറഞ്ഞുകൊടുക്കുന്നത്‌.
ഈ പഠനസമ്പ്രദായമില്ലാത്തത്‌ ഇന്ത്യയ്ക്ക്‌ പൊതുവിലും കേരളത്തിനും വലിയ
പ്രശ്നമാണ്‌. ഇതിനു കാരണം, നമുക്ക്‌, മതിയായ സൗകര്യങ്ങളുള്ള പ്രോഫഷണൽ
സാംസ്കാരിക സ്ഥാപനങ്ങൾ ഇല്ലാത്തത്താണ്‌. കേരളത്തിൽ, തൃപ്പൂണിത്തറയിലെ
ഹിൽപാലസ്‌, ആർകിടെക്ച്ചറിന്റെ കാഴ്ചപ്പാടിൽ സമ്പന്നമായ ഒരു സ്ഥാപനമാണ്‌.
ഇത്തരം സ്ഥാപനങ്ങൾ സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ കൊണ്ടുവരണം.
അതിനെ മ്യൂസിയത്തിന്‌ അനുയോജ്യമായ തരത്തിൽ രൂപപ്പെടുത്തുകയും വേണം. ഒരു
ഡയറക്ടറും ക്യൂറേറ്ററും ഇതിന്‌ ആവശ്യമാണ്‌.നമുക്ക്‌ മ്യൂസിയമെന്നാൽ
മൃഗശാല( കളാണ്‌. സാംസ്കാരിക വകുപ്പിന്റെ സ്വന്തം ചുമതലയിലാവണം
ചിത്രകലാകേന്ദ്രങ്ങൾ. നമുക്ക്‌ സമ്പന്നമായൊരു ചിത്രകലാപാരമ്പര്യമുണ്ട്‌.
ചിത്രങ്ങളുമുണ്ട്‌. എന്നാൽ അവ വേണ്ട മട്ടിൽ സംരക്ഷിക്കാനും
പരിപാലിക്കാനും നമുക്കാവുന്നില്ല. ചിത്രങ്ങൾ മികച്ചരീതിയിൽ അടുക്കി
വയ്ക്കാൻ വേണ്ട സ്പേസിന്റെ കുറവുണ്ട്‌. ഇതു പരിഹരിച്ചാലേ,
ചിത്രകലാപാരമ്പര്യത്തിന്റെ പേരിൽ നമുക്ക്‌ അഭിമാനിക്കാനാവൂ.
പൊതുസമ്പത്ത്‌ ചെലവാക്കി ഒരുക്കുന്ന മ്യൂസിയങ്ങളിൽ ജനങ്ങൾ നിരന്തരം
വരികയും, അതിൽ അഭിമാനിക്കുകയും വേണം. ഉദാഹരണത്തിന്‌, മറ്റ്‌
വിദേശരാജ്യങ്ങളിൽ, ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നതുപോലെ ജനങ്ങൾ കൃത്യമായി
സന്ദർശനം നടത്തും. പണം കൊടുത്തു തന്നെയാണ്‌ ഇതു ചെയ്യുന്നത്‌.
ദേവാലയങ്ങളിൽ മന:സമാധാനത്തിനായി പോകുന്നതുപോലെ, മ്യൂസിയങ്ങളിലെ മികച്ച
ചിത്രങ്ങൾ സന്ദർശകർക്ക്‌ മാനസികാഹ്ലാദം പകരുന്നു. അതിൽ അവർ
അഭിമാനിക്കുകയും ചെയ്യുന്നു. ഇത്‌ ദൈവനിഷേധത്തിന്റെ സ്വരത്തിലല്ല ഞാൻ
പറയുന്നത്‌.
ബോസ് കൃഷ്ണമാചാരിയുടെ  പെയിന്റിംഗ്

? ജനങ്ങളുടെ ചിത്രകലാസ്വാദനശേഷിയിലുള്ള കുറവും, ചിത്രകാരന്മാരുടെ/
ചിത്രകാരികളുടെ ബൗദ്ധികനിലവാരം ഉയർന്നതുമാണ്‌ എന്നതാണോ
ഇതിനിടയാക്കുന്നത്‌? എന്താണഭിപ്രായം?

ബോസ്‌: കലാകാരന്മാരെയാണ്‌ ഞാനിതിന്‌ കുറ്റം പറയുക. ചിത്രകലാരചയിതാക്കൾ
സാധാരണക്കാർ തന്നെയാണ്‌. ഡോക്ടർമാർ, എഞ്ചിനീയർമാർ, സംഗീതജ്ഞർ ഇവരെയൊക്കെ
ബഹുമാനിക്കുന്നതുപോലെ മാത്രമേ കലാകാരന്മാരെയും കാണേണ്ടതുള്ളൂ.
ഒരുദാഹരണം പറഞ്ഞാൽ, ശബ്ദാനുകരണകലയുടെ കാര്യമെടുക്കാം: സിനിമാനടന്മാരേയും
കവികളേയുമൊക്കെ ഇവർ അനുകരിക്കാറുണ്ട്‌. എന്നാൽ എ. രാമചന്ദ്രന്റെ
ശബ്ദാനുകരണം ജനങ്ങളെ ആകർഷിക്കുന്നില്ല. ഇതൊരു പ്രതീകമെന്നോണം
പറയുന്നതാണ്‌. ചിത്രകലയിൽ നിന്ന്‌ ജനങ്ങളിലേയ്ക്കുള്ള ദൂരം കുറയാതെ,
അവരുടെ ബഹുജനസഹകരണം ഉറപ്പാക്കാതെ, കലകൾക്ക്‌ ഇനി തുടരാനാവില്ല.
ചിത്രപ്രദർശനങ്ങളുടെ എലൈറ്റ്‌ സ്വഭാവം മാറ്റി, ജനങ്ങൾക്ക്‌ ആസ്വദിക്കാനും
സംവാദങ്ങൾക്കും ഏറ്റവും യോജിച്ചതു ബിനാലേകളാണ്‌.
? ചിത്രകല വ്യക്തിനിഷ്ഠമായ കളയാണോ? അത്‌ ഒരുകൂട്ടം ആളുകളുടെ ചിന്തകളേയും
കലാബോധത്തേയും പ്രതിനിധീകരിക്കുന്നുണ്ടോ?

ബോസ്‌: എല്ലാം ഉൾക്കൊള്ളുന്നത്‌ സ്വയം മനസ്സിലാക്കുമ്പോൾ മാത്രമാണ്‌.
സമൂഹത്തേയും, സംസ്കാരത്തേയും ചിത്രക്കാരന്മാർ മനസ്സിലാക്കാൻ ശ്രമിക്കണം.
രാജ്യത്തിന്റെ സമ്പട്ഘടനയെന്താണ്‌ എന്ന്‌ അവരറിയണം. ആ അർത്ഥത്തിൽ അവർ
രാഷ്ട്രീയബോധമുള്ളവരുമാവണം. അല്ലാത്തവർക്ക്‌ നല്ല കലാകാരന്മാരാകാൻ
കഴിയില്ല.
സമ്പത്ത്‌ എങ്ങനെ ഉണ്ടാവുന്നുവേന്നോ, അതെങ്ങനെ സമൂഹത്തെ
നിലനിർത്തുന്നുവേന്നോ പലർക്കുമറിയില്ല. പലരും ചിന്തിക്കുന്നത്‌ ജീവിക്കാൻ
വേണ്ടി മാത്രമാണ്‌. ഇത്‌ ജീവിതസമരമല്ല. ജീവിക്കാൻ വേണ്ടി ചിത്രം
രചിക്കുന്നത്‌ കലയല്ല. ചിത്രകാരന്മാർ മാത്രമല്ല, ആരായാലും
സമ്പട്ഘടനയേയും, അതിലൂടെ രാഷ്ട്രീയത്തേയും തിരിച്ചറിയാതെ ആർക്കും സമരം
ചെയ്യാനാവില്ല; ജീവിതസമരമെന്ന അർത്ഥത്തിൽ.
? ബിനാലെയെക്കുറിച്ച്‌ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ?
എന്നാൽ അതുപ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ പത്രാധിപസമിതിപറഞ്ഞത്‌,
വിമർശകരുടേത്‌ അവരുടെ അഭിപ്രായങ്ങൾ, കാഴ്ചപ്പാടുകൾ മാത്രമാണെന്നാണ്‌.
ചിത്രകലയെക്കുറിച്ച്‌ ആരോഗ്യകരമായ ചർച്ച ഉയർത്തുക എന്ന ലക്ഷ്യം മാത്രമേ
ഉദ്ദേശിച്ചുള്ളുവേന്നാണ്‌ പത്രാധിപസമിതി പറയുന്നത്‌. താങ്കളുടെ
പ്രതികരണമെന്താണ്‌?

റിയാസ്കോമുവിനൊപ്പം

ബോസ്‌: ജേർണലിസത്തിന്റെ ഇന്നത്തെ സംസ്കാരം ഒട്ടും ആശാവഹമല്ല.
പത്രപ്രവർത്തകരിൽ പലരും എന്റെ സുഹൃത്തുക്കളാണ്‌. എന്നാൽ അവർ
നുണകൾക്കുമുകളിൽ നുണകൾ കെട്ടിപൊക്കുകയാണ്‌. പത്രപ്രവർത്തനം കലയേക്കാൾ
ഉത്തരവാദിത്വവും, സീരിയശ്നസ്സുമുള്ള ജോലിയാണ്‌. അതവർ മനസ്സിലാക്കണം.
ലണ്ടൻ ആസ്ഥാനമാക്കി "ടേറ്റ്‌ മോഡേൺ" (ഠമലേ ങീറലൃ​‍ി) എന്നൊരു
സ്ഥാപനമുണ്ട്‌. അവർ ടേറ്റ്‌ ബ്രിട്ടൺ, ടേറ്റ്‌ ലിവർ പൂൾ, ടേറ്റ്‌
സ്റ്റീവ്സ്‌ എന്നിങ്ങനെയുള്ള കലാപ്രദർശനങ്ങൾ നിരന്തരം നടത്തുന്നുണ്ട്‌.
ടേറ്റ്‌ ട്രാവൽസ്‌ തുടങ്ങിയവയും അവർ ചെയ്യുന്നുണ്ട്‌.
കലകൾക്കുവേണ്ടിയുള്ള "ടേറ്റ്‌ മോഡേൺ" ചിത്രപ്രദർശനത്തിന്‌ പ്രതിവർഷം  40%
ചെലവ്‌ ഗവണ്‍മന്റാണുവഹിക്കുന്നത്‌. എന്നാൽ അതിന്റെ പേരിൽ, ക്യൂറേറ്റർമാരെ
ഗവണ്‍മന്റ്‌ പ്രതിനിധികൾ നിയന്ത്രണത്തിനുവരാറില്ല. ബിനാലെ
നടത്തിപ്പുസമിതികളിൽ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻമാർ അംഗങ്ങളായി
ഉണ്ടാവും. ഇതു പക്ഷേ, ക്യൂറേറ്റർമാർ ചെയ്യുന്ന ജോലികളിൽ കൈകടത്താനോ
നിയന്ത്രിക്കാനോ അല്ല. ക്യൂറേറ്ററുടെ സ്വാതന്ത്ര്യം ബിനാലേ
നടത്തിപ്പിന്റെ വിജയത്തിന്‌ അനുപേക്ഷണീയമാണ്‌.
ഇത്തരം പ്രദർശനങ്ങൾ കൾച്ചറൽ ടൂറിസത്തിന്റെ വമ്പിച്ച സാധ്യതകളെ
തുറന്നിടുന്നു. അതിലൂടെ ഗവണ്‍മന്റിന്‌ റവന്യൂ തിരികെ കിട്ടുകയും ചെയ്യും.
ബ്രിട്ടണിൽ, അവരുടെ വാർഷിക പ്ലാനിംഗ്‌ തുകയുടെ 32% ലഭിക്കുന്നത്‌ കൾച്ചറൽ
ട്യൂറിസത്തിൽ നിന്നാണ്‌. ഇതൊന്നും മനസ്സിലാക്കാതെ വിമർശനങ്ങൾ
ഉയർത്തുന്നത്‌ ഒട്ടും ആരോഗ്യകരമല്ല.
? കൾച്ചറൽ ടൂറിസത്തെ ഒന്നുകൂടി വിശദീകരിക്കാമോ?
ബോസ്‌:  നമ്മുടെ മികച്ച ചിത്രകലാപാരമ്പര്യത്തിലേയ്ക്ക്‌ ശ്രദ്ധനയിക്കാൻ
നാം മെനക്കെടുന്നില്ല. നമ്മുടെ നാട്ടിലെ ആർക്കിടെക്ച്ചർ
ബഹുനിലമന്ദിരങ്ങളാണ്‌. സൗന്ദര്യാത്മകത തൊട്ടുതീണ്ടാത്ത ഈ മന്ദിരങ്ങൾ
കാണാനല്ല ടൂറിസ്റ്റുകൾ വരുന്നത്‌. മുന്തിയ ഹോട്ടലുകളിൽ താമസിക്കാനോ,
മണിക്കൂറുകളോളം കായലിലൂടെ ബോട്ടുയാത്രനടത്താനോ കണക്കാക്കിയല്ല
ടൂറിസ്റ്റുകൾ വരുന്നത്‌. അവർക്ക്‌ നമ്മുടെ നാട്‌ പ്രകൃത്യാ
എങ്ങനെയെന്നറിയാനാണ്‌. എനിക്കീ കാര്യത്തിൽ വ്യക്തിപരമായ അനുഭവങ്ങളുണ്ട്‌.
കഴിഞ്ഞയാഴ്ചതന്നെ ചിലർ എന്നോട്‌ പരാതിപോലെ പറയുകയുണ്ടായിട്ടുണ്ട്‌.
വളർച്ചയെന്നപേരിൽ യാന്ത്രികമായി മന്ദിരം പണിയുന്നത്‌ എന്തിനാണ്‌?
അതിനുവേണ്ടി നാം നഷ്ടപ്പെടുത്തുന്നത്‌ നമ്മുടെ പ്രകൃതിയെതന്നെയാണ്‌.
നാടിന്റെ തനതായ സ്വഭാവമെന്താണോ, അത്‌ സാധാരണ ചായക്കടയോ, ഇടുങ്ങിയ പാതകളോ
ആവട്ടെ, അതു നിലനിർത്തിയാലേ ടൂറിസം അതിന്റെ ശരിയായ അർത്ഥത്തിൽ
വിജയിക്കുകയുള്ളൂ.
പാതയോരങ്ങളിലെ പടുകൂറ്റൻ ഹോർഡിംഗുകൾ കാഴ്ചയെ മറയ്ക്കുകയാണ്‌. ഫ്ലക്സ്‌
എന്ന മെറ്റീരിയൽ തന്നെ ദോഷമാണ്‌. അവയുടെ വലുപ്പത്തിനും മറ്റും
കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും നിയന്ത്രണമേർപ്പെടുത്തണം.
ഹോർഡിംഗുകളിൽ നിന്നുകിട്ടുന്ന 2000 രൂപയ്ക്കുവേണ്ടി, അതിലും വിലപ്പെട്ട
പ്രകൃതിഭംഗിയെ നാം നശിപ്പിക്കരുത്‌. ഫ്ലക്സ്‌ ഉണ്ടാക്കുന്ന
പരിസ്ഥിതിവിനാശം മറ്റൊരു ചിന്താവിഷയമാക്കേണ്ടതുണ്ട്‌. നിത്യജീവിതത്തിനെ
നല്ല രീതിയിലാക്കാൻ നമുക്ക്‌ താൽപര്യമില്ല. എങ്ങനെയെങ്കിലും ജീവിക്കുക
എന്ന ലക്ഷ്യം മാറണം. ജീവിതവും സൗന്ദര്യാത്മകമാവണം. അതിന്‌, നമുക്ക്‌
അഭിരുചികൾ ഉണ്ടാവണം. ആപ്പിൾ കമ്പ്യൂട്ടേഴ്സിന്റെ സ്റ്റീവ്‌ ജോബ്സ്‌
അന്തരിച്ചപ്പോൾ ബിൽഗേറ്റ്സ്‌ പറഞ്ഞത്‌, അഭിരുചികളുള്ള(ഠമ​‍െലേ) ഒരു
പ്രഗൽഭനെ നഷ്ട്ടപ്പെട്ടുവേന്നാണ്‌. ഈയൊരു മേന്മ തനിക്കില്ലെന്നും, അത്‌
സ്റ്റീവ്‌ ജോബ്സിനു മാത്രം അവകാശപ്പെട്ടതുമാണെന്നുമാണ്‌, അദ്ദേഹം
പറയുന്നത്‌. എന്റെ അഭിപ്രായത്തിൽ ഇപ്പറഞ്ഞ അഭിരുചികൾ സാധാരണക്കാരനും
പ്രകടിപ്പിക്കണം.
? ചിത്രകലയിൽ ഗണിതം, ഫിസിക്സ്‌ തുടങ്ങിയ അടിസ്ഥാന ശാസ്ത്രങ്ങൾക്ക്‌
സ്വാധീനമുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്‌?

ബോസ്‌: നമ്മുടെ പരമ്പരഗതമായ ആർക്കിടെക്ച്ചറിൽ ഗണിതമുണ്ട്‌. 14-​‍ാം
നൂറ്റാണ്ടിലും മറ്റുമുണ്ടായിട്ടുള്ള നിർമ്മിതികളിൽപ്പോലും ശാസ്ത്രീയത
അവലംബിച്ചിട്ടുള്ളതാണ്‌. അന്നാരും എഞ്ചിനീയറിംഗ്‌ പഠിച്ചല്ലല്ലോ
ചെയ്തത്‌? എന്നിട്ടും അവ നിർമ്മിച്ചവരുടെ, ഡിസൈൻ ചെയ്തവരുടെ മനസ്സിൽ
ഗണിതവും, ശാസ്ത്രവുമൊക്കെയുണ്ടായിരുന്നു. ആർക്കിടെക്റ്റുകൾ - കലാകാരൻമാർ,
ഡോക്ടർമാർ - കലാകാരന്മാർ എന്നിങ്ങനെ സംയുക്തമായി കലാപ്രവർത്തനം
നടത്തുന്നുണ്ട്‌. മനോരോഗാശുപത്രികളിലെ അന്തേവാസികളെക്കുറിച്ചെടുക്കുന്ന
വീഡിയോ ഡോക്യുമന്ററികളിൽപ്പോലും കലാപരമായ അഭിരുചി നിലനിർത്തുന്ന
ആളുകളുണ്ട്‌.
നമുക്ക്‌ കലയെന്നാൽ ചിത്രകലമാത്രമാണ്‌. അതു തന്നെ മ്യൂറൽ
പെയിന്റിംഗുകളും, കലണ്ടർ പെയിന്റിംഗുകളും മാത്രം. രവിവർമ്മ കൊട്ടാരത്തിൽ
ജീവിച്ച ദേഹമാണ്‌. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ആ ഒരു
സമൂഹത്തിന്റെ സ്വാധീനമുള്ളത്‌. നമ്മുടെ കാലത്തിനുവന്ന മാറ്റം മൂലം നാം
മറ്റൊരു 'കോലം' കെട്ടുന്നുവേന്നുമാത്രം. കാലാനുസൃതമായി
ചിത്രകലാസങ്കൽപങ്ങൾ മാറുമെന്നു സൂചിപ്പിക്കാനാണിതു പറയുന്നത്‌.
പുതിയ കാലത്ത്‌, ചിത്രകലയുടെ ആസ്വാദനത്തിന്‌ പുതിയ സംവിധാനങ്ങൾ
അനിവാര്യമാണ്‌. വെളിച്ചവും, വിസ്തൃതമായ സ്ഥലവും ശാസ്ത്രീയമായി
ക്രമപ്പെടുത്തിയാലേ ചിത്രങ്ങൾ ആസ്വദിക്കാൻ കഴിയൂ. ഇതിന്‌ പണം
മുടക്കുകതന്നെവേണം. ഇത്‌ കോർപ്പറേറ്റുകൾ ചെയ്യേണ്ടകാര്യമല്ല. സർക്കാർ
മേൽനോട്ടത്തിലാവണം. ജനങ്ങൾ ചെയ്യുന്നതാവണം. അത്‌ സമൂഹത്തിന്റെ
ചുമതലയാണ്‌.
? ഇപ്പോഴത്തെ കേരളത്തിന്റെ ആർക്കിടെക്ചറൽ സംസ്കാരത്തെക്കുറിച്ച്‌ എന്താണഭിപ്രായം?
ബോസ്‌: നമുക്കുള്ളത്‌ ഇമിറ്റേഷനുകൾ മാത്രമാണ്‌. ഗൾഫിൽ പോയി വരുന്നവർ
അവിടെ കാണുന്നരീതിയിൽ ഇവിടേയും കെട്ടിടങ്ങൾ ഉയർത്തുകയാണ്‌ ചെയ്യുന്നത്‌.
നമ്മുടെ നാടിന്റെ തനതു സംസ്കാരത്തിനു യോജിക്കുന്നവിധത്തിൽ വേണം നമ്മുടെ
വളർച്ച.
? കുടുംബാന്തരീക്ഷത്തെക്കുറിച്ച്‌?
ബോസ്‌: കുടുംബത്തിന്റെ നടത്തിപ്പിൽ, സ്ത്രീകളുടെ റോൾ എന്തുകൊണ്ട്‌
പുരുഷന്മാർക്ക്‌ ഏറ്റെടുത്തുകൂടാ? അടുക്കളജോലിയും, ശുചീകരണവും മറ്റും
ഏറ്റെടുക്കാൻ പുരുഷന്മാർ തയ്യാറാവണം. കുട്ടികളെ അവർ പരിശീലിപ്പിക്കുകയും
വേണം.
ബോസ്  കൃഷ്ണമാചാരിയുടെ  പെയിന്റിംഗ്

? ബിനാലെ വിമർശനങ്ങളെക്കുറിച്ച്‌?
ബോസ്‌: ബിനാലെയെക്കുറിച്ചുവിമർശനം ഉന്നയിക്കാൻ, യാതൊരു
ഉത്തരവാദിത്തബോധവുമില്ലാതെ സാമ്പത്തികക്രമക്കേടുകൾ ആരോപിക്കുന്നത്‌
ശരിയല്ല. ഏത്‌ പുതിയ പദ്ധതികളേയും എതിർക്കാനും ജനങ്ങളെ
സ്വാധീനിക്കാനുമായി, എളുപ്പം ചെലവാവുന്ന സാമ്പത്തികാരോപണമാണ്‌
ഉയർത്തിയിട്ടുള്ളത്‌. ഇത്‌ എളുപ്പം ചെയ്യാവുന്നതുമാണ്‌. സാമ്പത്തിക
ക്രമക്കേട്‌ ആരോപിച്ച്‌ ജനങ്ങളെ കയ്യിലെടുത്ത്‌ പദ്ധതിയെ നശിപ്പിക്കാൻ
ശ്രമിക്കുന്നത്‌ ശരിയായ നടപടിയല്ല.
ചില ഘട്ടങ്ങളിലെങ്കിലും, ഈ വകകാര്യങ്ങളിൽ ശക്തവും ചടുലവുമായ നീക്കങ്ങൾ
ഉണ്ടാവണം. അറിവുള്ളവർക്ക്‌ അധികാരം കൊടുക്കണം. അധികാരത്തെ അതിന്റെ
സാമ്പ്രദായികമായ അർത്ഥത്തിലല്ല ഞാൻ കാണുന്നത്‌. ഒരു സംസ്ഥാനത്ത്‌
ചുരുങ്ങിയത്‌ ഓരോ സമകാലീന മ്യൂസിയമെങ്കിലുമുണ്ടാവണം. എങ്കിലേ ചിത്രകലയെ
പരിപോഷിപ്പിക്കാനും വളർത്താനും കഴിയുകയുള്ളൂ. അതു തന്നെ
മത്സരാധിഷ്ഠിതമായാണ്‌ രൂപകൽപ്പന ചെയ്യേണ്ടത്‌. മത്സരത്തിനടിസ്ഥാനം
കലാപരിപോഷണമാവണമെന്നുമാത്രം.
ബിനാലെയെ ഞാൻ കാണുന്നത്‌ അത്‌ കൊച്ചിക്കും സമീപപ്രദേശങ്ങൾക്കും വേണ്ടി
മാത്രമായല്ല. രാജ്യമൊട്ടാകെ അതിന്റെ സ്വാധീനമുണ്ടാവണം എന്നാണ്‌ ഞങ്ങളുടെ
സ്വപ്നം. ഞാൻ ചിത്രം രചിക്കുന്നതും ക്യൂറേറ്റ്‌ ചെയ്യുന്നതും
ഇന്ത്യയ്ക്കുവേണ്ടിയാണ്‌. അതെന്റെ ഉത്തരവാദിത്തമാണ്‌. ഉത്തരവാദിത്തബോധം
എല്ലാവർക്കുമുണ്ടായാലേ നമ്മുടെ നാടിന്‌ കാലാനുസൃതമായി വളരാൻ
കഴിയുകയുള്ളൂ.

18 Mar 2012

വായന



എ. എസ്‌. ഹരിദാസ്‌

കഴിഞ്ഞ ഏതാനും ലക്കങ്ങളിൽ ഈ പംക്തി തയ്യാറാക്കാൻ കഴിയാത്തതിൽ നിർവ്യാജം
ഖേദിക്കുന്നു. തുടരട്ടെ:

അലകടൽ ശാന്തമായി : സി രാധാകൃഷ്ണൻ
മരണപ്പെട്ടുപോയ ഒരു പ്രതിഭാശാലിയെക്കുറിച്ച്‌ മറ്റൊരു പ്രതിഭാശാലി
എഴുതുമ്പോൾ മാത്രമേ മരണപ്പെട്ടയാളുടെ വ്യക്തിപരമായ ഗുണദോഷങ്ങൾ അറിയാൻ
കഴിയൂ; രണ്ടുകാരണങ്ങളാൽ:
1.      അങ്ങനെ രണ്ടുപേർ ധാരാളം അടുത്തിടപഴകാൻ ഇടയാക്കും.
2.      അറിയേണ്ട കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായി അറിയാൻ കഴിയും.
സുകുമാർ അഴീക്കോടിനെക്കുറിച്ചുള്ള സി.രാധാകൃഷ്ണന്റെ സ്മരണ ഇപ്പറഞ്ഞ
ഗുണങ്ങൾ അനുഭവിക്കാൻ ഇടയാക്കി. സാധാരണ നിലയിൽ, അഴീക്കോടിന്റെ
കാഴ്ച്ചപ്പാടുകളെക്കുറിച്ച്‌ എഴുതാൻ മാത്രമേ, ഇതെഴുതുന്നവരെപ്പോലുള്ള
സാഹിത്യവിദ്യാർത്ഥികൾക്കു കഴിയൂ എന്നതിനാൽ, സി. രാധാകൃഷ്ണന്റെ സ്മരണ
വിലപ്പെട്ടതാക്കി.

ദിപിൻ മാന്തവാടിയുടെ അനുസ്മരണം, രണ്ടു പേരുമായുള്ള (അഴീക്കോടും
വിജയൻമാഷും) ഭൗതികമായ അകലത്തിൽ നിന്നുകൊണ്ടുള്ളതും,
കാഴ്ചപ്പാടുകളെക്കുറിച്ചുള്ളതുമായ ഹ്രസ്വമായ വിശകലനത്തിൽ ഊന്നിയതുമാണ്‌.
രണ്ടു സാമൂഹ്യ വിമർശകരുടേയും പ്രത്യയശാസ്ത്രങ്ങളുടെ ആഴത്തിൽ
പോയില്ലെങ്കിലും,( അതുകൊണ്ടു തന്നെ) പൊതുവായ സമീപനാസാജാത്യങ്ങൾ
പരിശോധിക്കാനും, അതിനുവേണ്ടിയുള്ള ഒരു ചർച്ചയ്ക്ക്‌ ആമുഖമാക്കാനും
കെൽപുകാട്ടിയിട്ടുണ്ട്‌. അഴീക്കോടിന്റെ സാഹിത്യ ജീവിതത്തിന്റെ രണ്ടാം
ഘട്ടത്തിൽ അദ്ദേഹം സ്വീകരിച്ച ഇടതുപക്ഷാനകൂല നിലപാടുകൾ തിരിച്ചറിയാൻ
ദിപിൻ ശ്രമിക്കുമെന്ന്‌ വിശ്വസിക്കുന്നു. 'അമലയിൽ' വച്ചാണ്‌ രണ്ടുപേർ
മരിച്ചതെന്നതും മറ്റും കേവലം ആകസ്മികതയെന്നല്ലാതെ, അതിലെന്തു
പരാമർശയോഗ്യതയെന്നു മനസ്സിലാവുന്നില്ല.

ചെമ്മനം ചാക്കോയുടെ ഹാസ്യലേഖനം 'കെട്ടുതാലി' ചെറുകഥയുടെ ഗണത്തിലല്ലേ
പെടുത്തേണ്ടിയിരുന്നത്‌? രമേഷ്‌ അരൂരിന്റെ ബ്ലോഗ്‌ രചനകളെക്കുറിച്ചുള്ള
പരാമർശങ്ങൾ, ഈ പംക്തി എഴുതുന്നയാൾക്ക്‌ പഠനത്തിനുപകരിച്ചു എന്നറിയിക്കാൻ
സന്തോഷം.
ഏതാനും ഖണ്ഡികകൾകൊണ്ട്‌ ഡാർവിനിസത്തെ ചോദ്യം ചെയ്യാനുള്ള ശ്രീ
ബെഞ്ചാലിയുടെ ശ്രമം അത്ഭുതകരമായിരിക്കുന്നു! വിശ്വാസമാകുന്ന ഉത്തരത്തിൽ
മനസ്സുറപ്പിച്ചുകൊണ്ട്‌ റിവേഴ്സ്ഗിയറിൽ ശാസ്ത്രജ്ഞാനത്തെ അളക്കാനുള്ള
അദ്ദേഹത്തിന്റെ ശ്രമം അന്ധവിശ്വാസികളായ കുറേപ്പേരെ ഹരം കൊള്ളിക്കാൻ
മാത്രമേ ഉതകൂ. ഒന്നുപറയട്ടെ, ശാസ്ത്രം അവസാന സത്യം പറയാറില്ല.
'അങ്ങനെയാവാം' എന്നുള്ള ഒരു നിർദ്ദേശമാണ്‌ ശാസ്ത്ര സമീപനത്തിന്റെ രീതി.
ഒരഭിപ്രായം രൂപപ്പെടുത്തുകയും, ആ കാഴ്ചപാടിൽ നിന്നുകൊണ്ട്‌
പ്രവർത്തിക്കുകയുമാണ്‌ വേണ്ടത്‌. ആ അർത്ഥത്തിൽ, ബെഞ്ചാലിയുടെ നിലപാട്‌
മനുഷ്യന്റെ ഭൗതീകവിജ്ഞാനത്തിന്റെ ഭീമമായ ഭണ്ഡാഗാരത്തെ പൂർണ്ണമായും
ഉപേക്ഷിക്കാൻ പ്രേരിപ്പിക്കൂന്നുവേന്നതിനാൽ പ്രതിലോമപരം എന്നേ
സി.രാധാകൃഷ്ണൻ

സുകുമാർ അഴീക്കോട്
പറയാനുള്ളു.
ആശയങ്ങൾക്ക്‌ അഴുക്കുപിടിക്കുന്നത്‌ (വി. പി. ജോൺസ്‌)
ഇദ്ദേഹം എന്താണ്‌ എഴുതിയതെന്ന്‌ ഒട്ടും മനസ്സിലായില്ല. തത്വചിന്തയാണോ,
തത്വചിന്താവിമർശനമാണോ? പ്രിയപ്പെട്ട ഷംഡി, ക്രിക്കറ്റിനെപറ്റി ഒരക്ഷരം
മിണ്ടുനില്ല. സോറി.
ഗോവിന്ദചാമിയും സിനിമയിൽ അഭിനയിക്കണം. അരുൺ കൈമൾ.
       എടുത്തു പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ലേഖനമാണിത്‌.
അതിലുള്ളതും ഒട്ടേറെ പറയപ്പെടാത്തതുമായ വിമർശനങ്ങൾ, മലയാളഭാഷയുടെ
അഭിമാനമാവണം.
പ്രണയം: സുധാകരൻ ചന്തവിള
നേരെ കാര്യങ്ങൾ പറയുന്ന രചനാശൈലി ശ്ലാഖനീയം. എന്താണ്‌ ജീവിതം എന്ന
ചോദ്യത്തിന്‌ കണ്ടെത്താൻ കഴിയുന്ന മറുപടി ഇത്രയേയുള്ളൂ. സമൂഹമനുഷ്യൻ
വളർത്തിയെടുത്ത ഭൗതീക ജീവിതസൗകര്യങ്ങൾ എല്ലാവരും അനുഭവിച്ച്‌
തൃപ്തരാവുന്ന കാലത്തിനായുള്ള സമരം. ഈ ഉത്തരത്തിൽ നിന്നേ
കുടുംബജീവിതത്തെക്കുറിച്ചും അഭിപ്രായരൂപീകരണം നടത്താനാവൂ, കുടുംബം എന്ന
സങ്കൽപ്പത്തിൽ സ്വന്തം വീട്ടിലെ അംഗങ്ങളെ മാത്രം ഉൾപ്പെടുത്താതെ,
അയൽവാസികൾ, സുഹൃത്തുക്കൾ, ഒപ്പം തൊഴിൽ ചെയ്യുന്നവർ എന്നിങ്ങനെ വിസ്തൃതമായ
ഒരു ലോകത്തിലേക്ക്‌ ഓരോ വ്യക്തിയും ചിന്താപരമായി വളരണം. അപ്പോൾ മനുഷ്യനു
നേരിടാൻ കഴിയേണ്ട പ്രശ്നങ്ങൾ ഉയർന്നുവരും. അവയെ സാമൂഹികമായി നേരിടുന്ന
ജീവിതസമരത്തിന്റെ പാതയിൽ അടിയുറച്ച്‌ നിൽക്കുക: അതു തന്നെ ജീവിതം!
മുല്ലപെരിയാർ : ഡോ: എം.എസ്‌. ജയപ്രകാശ്‌
കൃത്യമായ ഈ സാമൂഹ്യ വിമർശനം നടത്തിയത്‌ അഭിനന്ദനാർഹം! കഴിവുകൾ
ജാതിതിരിച്ചല്ല നിയതി വാരിവിതറിയിരിക്കുന്നത്‌. സാമൂഹ്യസാഹചര്യങ്ങൾ
അനുകൂലമാകുമ്പോൾ ഓരോ വ്യക്തിയും അവരവരുടെ വിഷയങ്ങളിൽ പ്രഗത്ഭരായി വളരും.
അത്‌ സമൂഹത്തെ വീണ്ടും മുന്നോട്ട്‌ നയിക്കാൻ ഇടയാക്കും. സമൂഹത്തിലെ
ഭിന്നിപ്പുകൾക്ക്‌ ആക്കം വർദ്ധിപ്പിക്കുന്ന നിലപാടുകൾ അതിനെ
ഛിന്നഭിന്നമാക്കുകയും ചെയ്യും.
എഴുത്തുകാരന്റെ ഡയറി: സി.പി. രാജശേഖരൻ
ഏറെ ചിന്തനീയമായ പംക്തി. ആനുകാലിക സമൂഹത്തിന്റെ പ്രശ്നങ്ങളെ
പ്രത്യയശാസ്ത്രവൽക്കരിച്ചു പറഞ്ഞാൽ, എല്ലാമേഖലയിലും വളർന്നുവരുന്ന
പണവൽക്കരണം (ഇ​‍ീ​‍ാ​‍ാലൃരശമഹശമെശ്​‍ി)ആണു പ്രശ്നത്തിനടയാക്കുന്നത്‌
എന്നേ സമാധാനമുള്ളു; സാമൂഹ്യ വ്യവസ്ഥയുടെ താളപിഴകൾ തന്നെ.
അഞ്ചാംഭാവം: ജ്യോതിർമയി
മനുഷ്യസമൂഹത്തിന്റെ ജീവിതസംസ്ക്കാരം എത്രമാത്രം മാറി മറിഞ്ഞുവേന്ന്‌
മനസ്സിലാക്കാൻ ജ്യോതിർമയി ശങ്കരന്റെ ഈ പംക്തി വായിച്ചാൽ മതി. വൃദ്ധാ
ജനങ്ങളോടുള്ള സമീപനം ഒന്നുകൊണ്ടുമാത്രം സാമൂഹികസംസ്ക്കാരത്തെ അളക്കാൻ
കഴിയുമെന്ന്‌ നമ്മെ ഓർമിപ്പിക്കുന്നു ഈ ലേഖനം. കുടുംബത്തിന്റെ
നിർവചനത്തിൽ ഉൾപ്പെടുത്താത്ത 'സീനിയർ സിറ്റിസൺ' മാരോട്‌ ആനുകാലിക കേരളീയ
മുഖ്യധാര സമൂഹം എത്രക്രൂരമായാണ്‌ പെരുമാറുന്നതെന്നു നോക്കൂ!
നിലാവിന്റെ വഴി: ശ്രീപാർവ്വതി
നമ്മെ ചിന്തിപ്പിക്കുന്നത്‌ നാമറിയാതെ മാറിമറയുന്ന ജീവിതം തന്നെയാണ്‌.
ചുറ്റുപാടിന്റെ യാഥാർത്ഥ്യങ്ങൾ ഓരോന്നും ഓരോരുത്തരെ അവരവർക്കിഷ്ട്ടമുള്ള
ഭാഷയിൽ സംസാരിക്കാൻ പ്രേരിപ്പിക്കുന്നു.
ഒരു പക്ഷേ, എല്ലാം നഷ്ട്ടപ്പെട്ട ആത്മാവായി മാറിക്കഴിഞ്ഞ ഇന്നത്തെ
മനുഷ്യന്‌ സ്വീകാര്യമായ ഒന്നും നിലനിൽക്കുന്നില്ലെന്നു നാം
വ്യാകുലപ്പെടുന്നതു മാത്രമേ നാം കേൾക്കുന്നുള്ളു. അതും ഒരു നേർത്ത
നൊമ്പരം. ഇന്നിനെ സ്നേഹിക്കുന്നവർക്ക്‌ അതു പ്രാപിക്കാൻ ഭാഷ വേണ്ടെന്നു
വന്നിരിക്കുന്നു. അതു കൊണ്ടാവാം നമ്മുടെ ഭാഷയും നമുക്കു
നഷ്ട്ടപ്പെടുന്നതായി ഭയക്കേണ്ടിവരുന്നത്‌. അവർക്ക്‌ 'അടിപൊളി' ജീവിതത്തിൽ
ഭാഷയില്ലാതെ വികാരം പ്രകടിപ്പിക്കാനാവുന്നു. അതു സൃഷ്ടിക്കുന്ന
ദുരന്തങ്ങളുടെ വാർത്തകളുമായി എല്ലാ പ്രഭാതങ്ങളും
മാറിക്കഴിഞ്ഞിരിക്കുന്നു.
അക്ഷര രേഖ: ആർ ശ്രീലതാവർമ്മ
ചിത്ര-ശിൽപ- വാസ്തുകലകൾ നിശ്ചലങ്ങളാണെന്ന അഭിപ്രായം ശരിയല്ല. അവ കൈകാര്യം
ചെയ്യുന്ന പ്രമേയങ്ങൾ സമൂഹത്തിൽ നിന്നെടുക്കുന്നുവേന്നതിനാൽ അവയും
മാറ്റത്തിനും ചലനാത്മതയ്ക്കും വിധേയമാണ്‌. അതിന്റെ ഭാഷഅറിയാമെങ്കിൽ ഈ
ചലനാത്മകത അറിയാൻ വിഷമമുണ്ടാവില്ല.
മനസ്സ്‌ : എസ്‌. സുജാതൻ
മനുഷ്യന്റെ സാമൂഹ്യപരതയെ പാടേ നിഷേധിക്കുന്നതാണ്‌ 'നിങ്ങൾ സന്തോഷവാനാണോ'
എന്ന ചോദ്യം തന്നെ. ഭൗതീകശരീരം എന്ന ഒരർത്ഥത്തിൽ മാത്രമേ മനുഷ്യൻ
'വ്യക്തി'യാവുന്നുള്ളു. നമ്മുടെ ഉള്ളിലെ മനുഷ്യനെ കാണാൻ കഴിഞ്ഞാൽ അതിന്റെ
സാമൂഹ്യപരതയെ നിക്ഷേധിക്കാനാവില്ല. ?ഹൗശോമലേ ‍്ലലറിയ ളൃലലറീ​‍ാ? എന്നൊരു
പരികൾപ്പനയുണ്ട്‌. നാം നിരന്തരം ഇടപെടുന്ന സമൂഹത്തിൽ (അതിന്റെ
അതിരുകൾക്കുള്ളിൽ) ഒതുങ്ങുന്നു, നമ്മുടെ സ്വാതന്ത്ര്യം. ഈ
സ്വാതന്ത്ര്യാവബോധം ഉണ്ടെങ്കിൽ മാത്രമേ നമുക്ക്‌ സന്തോഷിച്ചു ജീവിക്കാൻ
കഴിയൂ. നാം ഇടപെടുന്ന സമൂഹത്തിൽ സന്തോഷം ഉണ്ടാകണമെങ്കിൽ, നമ്മുടെ
സാമൂഹ്യാവബോധം പ്രവർത്തനനിരതമാവണം. ഈ പ്രവർത്തനപരതയിൽ വികാരങ്ങൾക്ക്‌
രണ്ടാം സ്ഥാനമേയുള്ളു. നമ്മെ ചിന്തിച്ചിരിക്കാൻ അനുവദിക്കാത്ത തരത്തിൽ
നാം പ്രവർത്തനനിരതരാണെങ്കിൽ, അതാണ്‌, അതുമാത്രമാണ്‌ സന്തോഷം. അല്ലാതെ
വ്യക്തിയുടെ സ്വാർത്ഥപ്രേരിതമായ വൈകാരികതയല്ലത്‌.
കവിത
തെങ്ങ്‌ : അഴകത്ത്‌ പത്മനാഭക്കുറുപ്പ്‌:- പഴയ കാവ്യലോകത്തേക്കുനയിക്കുന്ന രചന.
രതി: ഒ.വി. ഉഷ
കാവ്യത്തിന്റെ സവിശേഷത അതിൽ തത്വചിന്തയെ സന്നിവേശിപ്പിക്കാമെന്നതാണ്‌.
അനുവാചകരുടെ പരാതി       ഒഴിവാക്കിക്കൊണ്ട്‌, സമൂഹത്തെക്കുറിച്ച്‌
ചിന്താശലകങ്ങൾ ഉൾപ്പെടുത്താൻ സാധ്യതയുള്ളതത്രെ കവിത - ഈ സ്വാതന്ത്രത്തെ
ഓർമ്മപ്പെടുത്തുന്നു, ഒ.വി. ഉഷ.
കാട്ടുമൃഗത്തെ ആരും കാണുന്നില്ല: ചാത്തന്നൂർ മോഹൻ
കടുത്ത സാമൂഹ്യവിമർശനം പക്ഷേ, വിഷയ കേന്ദീകൃതമായില്ല. ഒരു പൊതുഭാഷണം
മാത്രമേ ആയുള്ളു.
കാറ്റ്‌ പുഴയോട്‌: ഇന്ദിരാബാലൻ
മനോഹരമായ കാവ്യം. ഇതുവരെ എഴുതപ്പെടാത്ത കവിത. ചുറ്റുമുള്ള വസ്തുക്കളിൽ
(ഫ്ലാറ്റുകൾക്കിടയിൽ) ഒരു പുൽക്കൊടിയെപ്പോലും തിരിച്ചറിയുന്ന കവയിത്രി
അഭിനന്ദനം അർഹിക്കുന്നു.
രണ്ടു കവിതകൾ: ഫൈസൽ ബാവ
രണ്ടു ഹ്രസ്വകാവ്യങ്ങൾ (സാമൂഹ്യപ്രമേയങ്ങൾ)
കവിതെ, യുറങ്ങുക: ഡോ: ദീപബിജോ അലക്സാണ്ടർ
വായനക്കാരന്റെ ഹൃദയത്തോട്‌ മന്ത്രിക്കുന്ന കാര്യം. വായിച്ചുകഴിഞ്ഞാൽ
മനസ്സിൽനിന്നും ഒഴിയാതെ കിടക്കും അഭിനന്ദനങ്ങൾ
കൃഷി:
പന്ത്രണ്ടാം പദ്ധതി : ടി.കെ. ജോസ്‌ കഅട
ഗവണ്‍മന്റ്‌ തലത്തിൽ കേരകൃഷിയെക്കുറിച്ച്‌ സംവദിക്കാൻ ഒരുദ്യോഗസ്ഥൻ
ശ്രമിക്കുന്നത്‌ ശ്ലാഖനീയമാണ്‌. എന്നാൽ, പദ്ധതി രൂപീകരണത്തിലും
നടത്തിപ്പിലും നിന്ന്‌ കൃഷിക്കാരായ ഗുണഭോക്താക്കളെ ഒഴിവാക്കിക്കൊണ്ടുള്ള
ഭരണനിർവ്വഹണമാണ്‌ നടക്കുന്നതെന്നാണ്‌ അനുഭവം. കേരളത്തിന്റെ
കാർഷികസംസ്ക്കാരം വീണ്ടെടുക്കാൻ, ഇക്കാര്യത്തിൽ
ശ്രദ്ധകേന്ദ്രികരിച്ചുകൊണ്ട്‌ കേരള ശാസ്ത്രസാഹിത്യപരിഷത്ത്‌  ഒരു
വിപുലമായ ജനകീയ ബോധനപരിപാടി സംഘടിപ്പിക്കുന്നുണ്ട്‌. "വേണം മറ്റൊരു
കേരളം" എന്ന ലക്ഷ്യത്തോടെ ഭരണരംഗത്തുള്ള പാർലമന്ററി,
ഉദ്യേഗസ്ഥവൃന്ദത്തേയും ബഹുജനങ്ങളേയും വിശ്വാസത്തിലെടുത്തുകൊണ്ട്‌
ആനുകാലിക കേരളത്തിന്റെ മുഖഛായതന്നെ ആരോഗ്യപരമായ ഒരു തലത്തിലേക്ക്‌
മാറ്റിയെടുക്കാൻ കഴിയുകയെന്നതാണ്‌ ലക്ഷ്യം. ഇതുമായിസഹകരിക്കാൻ
സംസ്ഥാനഗവണ്‍മന്റിന്റെ കാർഷികവകുപ്പിനെ സജ്ജമാക്കുന്നതിൽ ശ്രീ.ടി.കെ
ജോസിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
പി.കെ ഗോപിയുടെ കാവ്യം"കടലും കാരുണ്യവും" മനോഹരമായ ഈ കാവ്യാർച്ചനയ്ക്കു
മുന്നിൽ ശാഷ്ടാംഗ പ്രണാമം! ആശയത്തിന്റെ 'ക്ലിപ്പിംഗു'കൾ വേണമെന്നു
പറയുന്ന ചിലരുണ്ട്‌. പക്ഷേ ഇവിടെ കാവ്യവും  'ക്ലിപ്പിംഗും'
ഒന്നുചേർന്നിരിക്കുന്നു. വിഘടിക്കാൻ സാധിക്കാത്ത വിധം!!
സനൽ ശശിധരന്റെ ഹ്രസ്വകാവ്യവും, ജീവിതം തുടങ്ങുന്ന ഒരാൾക്ക്‌ പ്രതീക്ഷകൾ
ഉണ്ടാവാതെ വയ്യെന്നു ഓർമ്മപ്പെടുത്തുന്ന കമലാലയം രാജൻമാസ്റ്ററുടെ
'നെരിപ്പോടും' ശ്രദ്ധേയമായി. ഡോ. കെ.ജി ബാലകൃഷ്ണന്റെ കവിത മതിയായ
തെളിച്ചം ഇല്ലാത്തതിന്റെ പ്രതിസന്ധിഉളവാക്കി. ത്രേസ്യാമ്മ തോമസ്‌
നാടാവള്ളിൽ, ജിജോ അഗസ്റ്റിൻ, ശകുന്തള എൻ. എം. എന്നിവരുടെ ഹ്രസ്വകാവ്യങ്ങൾ
വായനാ സുഖം പകർന്നു. എം. ആർ. മാടപ്പിള്ളിയുടെ സാമൂഹ്യവിമർശനകവിതയും,
വാക്കുകൾ വിളയാട്ടം നടത്തിയ വിൽസൺ ജോസഫിന്റെ "മുറിവും" വ്യത്യസ്തമായ
കാവ്യനുഭവംപകർന്ന യാമിനി ജേക്കബിന്റെ "ബക്കറ്റിലെ വെള്ള"വും "മലയാള
സമീക്ഷ" യെ സമ്പന്നമാക്കുന്നു.
സുധാ നെടുങ്ങാനൂറിന്റെ "മകളെ ശ്രവിക്കുക" കീർത്തനത്തെ
ഓർമ്മിപ്പിക്കുന്നു. കവിതയെന്നാൽ വിയോജനമാവണം. ഈ ലോകത്തിന്‌ അനുരൂപനവാൻ
ഒരു കവിയ്ക്കും (കവയിത്രിക്കും) കഴിയില്ല. യാഥാർത്ഥ്യത്തിന്റെ
ഉള്ളറിവുകളിലേയ്ക്ക്‌ പടർന്നുകയറിയാലേ അതിനെ മനസ്സിലാക്കാനാവൂ എന്നും
ഓർക്കണം.
ജ്യോതിഭായി പരിയാടത്ത്‌, വി ജയദേവ്‌, കെ.വി. സുമിത്ര, ഷീജ റസാക്ക്‌,
ശാന്താമേനോൻ, ആര്യാട്‌ പി.മോഹനൻ, അരുൺകുമാർ, ബി. ഷിഹാബ്‌, ശ്രീദേവി നായർ,
കോടിക്കുളം സുകുമാരൻ, പാമ്പള്ളി എന്നിവരുടെ ഹ്രസ്വകവിതകൾ വൈവിധ്യമാർന്ന
വിഷയങ്ങൾ അവതരിപ്പിക്കുകമൂലം കാവ്യങ്ങളുടെ പൂവാടിയായി, "മലയാളസമീക്ഷ",
ബിൻസി പൂവത്തുമലയുടെ "ആഗ്രഹം" മരണോപാസനയായോ?
"സമാധാനത്തിന്റെ ദൂതുമായി" എഴുതിയ അമ്പാട്ടുസുകുമാരൻ നായരുടെ "ചിന്ത"
ചർച്ചയ്ക്കിടനൽകുന്നു. സമൂഹത്തെ സംബന്ധിച്ച മുഖ്യവിഷയങ്ങൾ എല്ലാവർക്കും
ഭക്ഷണം, പാർപ്പിടം, വസ്ത്രം, എന്നിവ ലഭ്യമാക്കുകയാണ്‌. ബഹുഭൂരിപക്ഷം
പേർക്കും അവ ലഭിക്കുന്നില്ലെന്നതും, ജനങ്ങൾ തമ്മിൽ
യോജിപ്പില്ലെന്നതുമായിരുന്നു, ലേഖകൻ പറയുംപോലെ ക്രിസ്തുവും, കൃഷ്ണനും,
നബിയും, ബുദ്ധനുമൊക്കെ നേരിട്ട മുഖ്യമായ സാമൂഹ്യപ്രശ്നം. പക്ഷേ, അവരുടെ
കാലത്തിനുശേഷം സമൂഹമാറ്റത്തിനനുസൃതമായി ഈ പ്രശ്നങ്ങൾ മറയ്ക്കു പിന്നിൽ
പോയി (അവ പരിഹരിച്ചതല്ല, വർദ്ധിച്ചതാണ്‌) എന്നാൽ പ്രസ്ഥാനങ്ങൾ എന്ന
നിലയിൽ മതവും സമുദായങ്ങളും നിലനിന്നു. പക്ഷേ അവയുടെ അജണ്ട, ഈ
ഭൗതീകപ്രശ്നങ്ങളായിരുന്നില്ല, മറിച്ച്‌ അതിനകം രൂപപ്പെട്ടുവന്ന
ഉപരിവർഗ്ഗത്തിന്റെ ആത്മീയ വിഷങ്ങളായിരുന്നു.
ഒട്ടേറെ നൂറ്റാണ്ടുകൾ വൈജ്ഞാനികമായി ഇരുൾ മൂടിനിന്ന ശേഷം എ.ഡി. 17-​‍ാം
നൂറ്റാണ്ടോടെ സമൂഹം ശാസ്ത്രബോധത്തിലേയ്ക്ക്‌ വളർന്നു. അതോടൊപ്പം
മതങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടാനും തുടങ്ങി. ഭൗതീകചിന്തയിൽ
അധിഷ്ഠിതമായ ദർശനങ്ങൾ രൂപം കൊണ്ടു. അവയിൽ ആകൃഷ്ടരായ സാമൂഹ്യചിന്തകരുടേയും
പ്രവർത്തകരുടേയും പ്രവർത്തനത്തിന്‌ വലിയ ഫലം കാണാൻ കഴിഞ്ഞു. ഈ പ്രക്രിയ
ലോകത്തെവിടേയും ഇപ്പോഴും തുടരുകയുമാണ്‌.
ഇന്ന്‌ മനുഷ്യൻ തിരിച്ചറിയുന്ന യാഥാർത്ഥ്യം, എല്ലാ മനുഷ്യർക്കും ഈ
ഭൂമിയിൽ ജീവിക്കാനുള്ള അവകാശം എന്ന നിലയിൽ ഭക്ഷണം, പാർപ്പിടം, വസ്ത്രം
എന്നിവ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടതാണ്‌. അതിനാണ്‌ ശാസ്ത്രീയ
ഭൗതീകവാദം പ്രാധാന്യം കൽപ്പിക്കുന്നത്‌. ഇത്‌ ഉറപ്പ്‌ വരത്തുന്നതുവരെയും
ഈ പ്രസ്ഥാനങ്ങൾക്ക്‌ പ്രസക്തിയുണ്ട്‌. ചരിത്രപരമായ ഒരു കാഴ്ചപ്പാടിൽ,
മതങ്ങളും ദൈവങ്ങളും അപ്രസക്തമാവുകയും, സംഘടനകളും, പ്രസ്ഥാനങ്ങളും,
സമരങ്ങളും പ്രസക്തമാവുകയും ചെയ്തു. ഈ മാറ്റത്തിന്റെ യുഗസന്ധിയിലാണ്‌ നാം
ജീവിക്കുന്നത്‌. ലക്ഷ്യം നേടുംവരെ (620 കോടിയ്ക്കപ്പുറം വരുന്ന മനുഷ്യർ
ദാരിദ്രത്തിൽ നിന്നും മോചനം നേടും വരെ) ഈ സമരം തുടരുകയും വേണം.
"ആഡുജീവിതം" എഴുതിയ രാം മോഹൻ പാലിയത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്‌.
ഷൈൻ തങ്കൻ എഴുതിയ കഥ നന്നായി. രസകരമായ വായനയ്ക്കവസമൊരുക്കിയ
അനുഭവവിവരണങ്ങൾ (മനോജ്‌ രാജഗോപാൽ, സുമേഷ്‌ ചുങ്കപ്പാറ, ഫൈസൽ ബാബു)
നന്നായി കവിതകൾ തുടരുന്നു.

ഗിരീഷ്‌ വർമ്മ ബാലുശ്ശേരി, സാജു പുല്ലൻ, സരിജ എൻ. എസ്‌ (ഗദ്യകവിത),
പ്രവീൺ മലമ്പുഴ, സാംജി ചെട്ടിക്കാട്‌, സംഗീത സുമിത്‌, ജയനൻ,
ആനന്ദവല്ലിചന്ദ്രൻ, എം.എൻ. പ്രസന്നകുമാർ എന്നിവരുടെ കവിതകൾ "മലയാള
സമീക്ഷയുടെ" ഈ ലക്കത്തെ സമ്പന്നമാക്കുന്നു.
ബ്ലോഗുകളെക്കുറിച്ചെഴുതിയ ചിത്രകാരൻ, സിബിമോൻ, ഷെരിഫ്‌ കൊട്ടാരക്കര
തുടങ്ങിയവർ സാങ്കേതിക വിദ്യയുടെ ഉയർന്ന വിതാനങ്ങളെ സമർത്ഥമായി
ഉപയോഗപ്പെടുത്തി. കവിതകളുടെ അഞ്ചാംഭാഗത്ത്‌, ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ഷീല
പി.ടി, ജെയിൻ കുമ്പളം, മഹർഷി, എരമല്ലൂർ സനിൽകുമാർ, ആറുമുഖൻ തിരുവില്വാമല,
എം.കെ. ഹരികുമാർ എന്നിവർ പ്രത്യക്ഷപ്പെടുന്നു.
കഥകൾ
ജീവിതത്തിന്റെ നാനാമുഖങ്ങളേയും, അവയിലുള്ള വൈവിധ്യങ്ങളേയും കുറിച്ചു
ചിന്തിക്കാൻ ഇടം നൽകുന്നതും, അങ്ങനെ അനുവാചകന്റെ ഹൃദയത്തിന്‌
വ്യാപരിക്കാൻ വിസ്തൃതമായ ലോകത്തെ ഒരുക്കുകയും ചെയ്യുന്ന കഥകളാണ്‌ ഈ
ലക്കത്തിലുള്ളത്‌. സുരേഷ്‌ കീഴില്ലം, സുരേഷ്‌ വർമ്മ, മോഹൻ ചെറായി, വി.
എച്ച്‌. നൗഷാദ്‌, സണ്ണി തായങ്കരി, ജനാർദ്ദനൻ വല്ലത്തേരി, അച്ചാമ്മ
തോമസ്സ്‌, ഷാജഹാൻ നന്മണ്ട, ജയൻ ഏവൂർ, ശാന്താമേനോൻ പ്രിയാരാജീവ്‌, ചിമ്പൻ,
ബി. പ്രദീപ്‌ കുമാർ, അബ്ദുലത്തീഫ്‌ നീലേശ്വരം, ശ്രീജിത്ത്‌ മൂത്തേടത്ത്‌
എന്നിവരാണ്‌ രചയിതാക്കൾ. കഥാസന്ദർഭത്തെ അതിഭൗതികമായ
തലേത്തിലേയ്ക്കുയർത്തി, ഹൃദയ വികാരം ലംബമാനമാക്കാനും കഴിയുന്നുണ്ട്‌.

എം.കെ ഖരീമിന്റെ (പ്രണയ) ധ്യാനം, എം.കെ ഹരികുമാറിന്റെ "എന്റെ
ജ്ഞാനമുകുളങ്ങൾ" എന്ന കൃതിയെ ക്കുറിച്ചുള്ള വായനാനുഭവക്കുറിപ്പ്‌ (സ്വാമി
സുധി) പഴയസിനിമയെക്കുറിച്ചുള്ള വില്ലേജ്മാന്റെ ആസ്വാദനം, പരപ്പനാടൻ,
ബാവരാമപുരം, എന്നിവരുടെ ഓർമ്മക്കുറിപ്പുകളും ശ്രദ്ധിക്കപ്പെടും.
ഇംഗ്ലീഷ്‌ വിഭാഗം കവിതകളിൽ ഡോ: കെ.ജി. ബാലകൃഷ്ണൻ, എം.കെ. ശ്രീ
നാരായണഭടത്തിരി, ഗീതമുന്നൂര്ർക്കോട്‌, വിന്നി പണിക്കർ, നിഷ. ജി എന്നിവർ
എഴുതിയിരിക്കുന്നു. യാത്രക്കുറിപ്പ്‌ (രശീദ്‌ പുന്നശ്ശേരി), ധനലക്ഷ്മി,
ജെയിംസ്‌ ബ്രൈറ്റ്‌ എന്നിവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും
ശ്രദ്ധേയം. പുസ്തകക്കുറിപ്പിന്റെ  ഭാഗത്ത്‌ പരസ്യം കൊടുക്കുന്ന പ്രവണത
പുന: പരിശോധിക്കണം എന്നൊരു അഭിപ്രായം രേഖപ്പെടുത്തട്ടെ.



15 Nov 2011

നവോത്ഥാനവും സമുദായിക സംഘടനകളും


എ. എസ്‌. ഹരിദാസ്‌
സാമൂഹരംഗത്ത്‌ കേരളം കൈവരിച്ച വളര്‍ച്ചയ്ക്കിടയാക്കിയത്‌ ഇവിടെ പ്രവര്‍ത്തിച്ച നവോത്ഥാനപ്രസ്ഥാനങ്ങളാണെന്നും, അതിനു പ്രചോദനമായിരുന്നത്‌ 20-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ സാമുദായികസംഘടനകളാണെന്നും സ്ഥാപിക്കാന്‍ അടുത്തിടെയായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക മേഖലയില്‍ അരങ്ങേറുന്നുണ്ട്‌. ഈ ആശയം വളര്‍ന്നുവന്ന്‌ ആധുനിക കേരളത്തിന്‌ അടിത്തറയിടുന്നതില്‍ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ യാതൊരു പങ്കുമില്ലെന്നു വാദിക്കുന്നതുവരെ എത്തിക്കഴിഞ്ഞിരിക്കുന്നു! അങ്കമാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വി. ടി. സ്മാരകസമിതിയുടെ ൨൦൧൧-ലെ വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച്‌ ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക വേദിയില്‍, പ്രശസ്തവാഗ്മിയും ചരിത്രകാരനുമായ ശ്രീ. എം. ജി. എസ്‌. നാരായണനാണ്‌ ഈ വാദം മുന്നോട്ടുവച്ചത്‌. ഈ അഭിപ്രായത്തില്‍ എത്രമാത്രം വാസ്തവമുണ്ടെന്നു പരിശോധിക്കാനുള്ള എളിയൊരു ശ്രമമാണിവിടെ നടത്തുന്നത്‌.

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്ക്‌ ഒരു നൂറ്റാണ്ടിനപ്പുറം ചരിത്രം അവകാശപ്പെടാനുണ്ട്‌. ൧൮൫൩ ആഗസ്റ്റ്‌ ൨൫-നു ജനിച്ച ചട്ടമ്പിസ്വാമികളുടെ ഉല്‍പ്പതിഷ്ണുത്വമാണ്‌ ആദ്യത്തെ നവോത്ഥാനശ്രമങ്ങള്‍ക്കു തുടക്കം കുറിക്കുവാന്‍ ഇടയാക്കിയതെന്നു പറയാം. അദ്ദേഹത്തെ പിന്‍തുടര്‍ന്നാണല്ലൊ, ശ്രീനാരായണഗുരു തന്റെ ജീവിതം സമൂഹത്തിനായി ഉഴിഞ്ഞുവച്ചത്‌? ജാതിക്കകത്തെ ഉച്ചനീചത്വങ്ങള്‍ക്കു മാത്രം എതിരല്ല, പൊതുസമൂഹത്തിലെ ആകമാനം അനീതികള്‍ക്കെതിരെയാണദ്ദേഹം പ്രവര്‍ത്തിച്ചത്‌. നവോത്ഥാനപ്രസ്ഥാനം അടിസ്ഥാനപരമായി ഒരു സാംസ്കാരികപ്രസ്ഥാനമാണ്‌. ഉച്ചനീചത്വങ്ങളുടെ അടിത്തറ സംസ്കാരമല്ല, സാമ്പത്തികമാണെന്ന താത്വികസമീപനം ഉള്‍ക്കൊള്ളുന്നവരായിരുന്നില്ല നവോത്ഥാനപ്രസ്ഥാനങ്ങള്‍. രോഗത്തിനല്ല, രോഗലക്ഷണം മാത്രമായ ഉപരിതലത്തിലെ സാംസ്കാരികപ്രശ്നങ്ങള്‍ക്കെതിരെയാണ്‌ അവ പ്രവര്‍ത്തിച്ചത്‌; പ്രവര്‍ത്തിക്കുന്നത്‌. ഈ യഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ആധുനിക കാലത്തുപോലും എം. ജി. എസിനെപോലെ പല ചരിത്രകാരന്‍മാരും തയ്യാറല്ല. ഈ പ്രത്യയശാസ്ത്രപരമായ അവബോധം ഉള്‍ക്കൊള്ളുന്നവരും അല്ലാത്തവരുമായി കേരളത്തിലെ നവോത്ഥാന നായകന്‍മാരെ തരം തിരിക്കാവുന്നതാണ്‌. ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവും, കുമാരനാശാനും, വള്ളത്തോളും ഈ തിരിച്ചറിവ്‌ ആര്‍ജ്ജിച്ചവരാണ്‌. എന്നാല്‍ വി.ടി. ഭട്ടത്തിരിപ്പാട്‌, പ്രേംജി, എം.ആര്‍.ബി. തുടങ്ങിയവര്‍ ഇതു തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ടുകൂടിയാണ്‌ വി.ടി.യ്ക്ക്‌ തണ്റ്റെ അവസാന നാളുകളില്‍ പരാജയബോധം തോന്നിയത്‌.

ഇനി, നവോത്ഥാനപ്രസ്ഥാനങ്ങളും അവയുടെ നേതൃത്വത്തിലുള്ളവരും അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി, അവരുടെ പ്രവര്‍ത്തനങ്ങള്‍ വിജയം നേടുന്നതിനു പിന്നില്‍ രാഷ്ട്രീയ ബോധമാര്‍ജ്ജിച്ച പ്രസ്ഥാനങ്ങള്‍ അണിനിരത്തിട്ടുണ്ടായിരുന്നു. ഇന്ത്യാ ചരിത്രത്തില്‍, ൧൯൫൦ കള്‍ വരെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുട പൊതുവായ ലക്ഷ്യം വിദേശഭരണത്തില്‍നിന്നും മോചനം നേടുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്യ്രത്തിനായുള്ള മുദ്രാവാക്യം പൊതുവില്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിരുന്നില്ല എന്നതാണ്‌ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍നിന്നും അവയെ അകറ്റി നിര്‍ത്തിയിരുന്നത്‌. സ്വാതന്ത്യ്രത്തിനായുള്ള പ്രഖ്യാപിതലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കേരളത്തിണ്റ്റെ ഇന്നത്തെ വളര്‍ച്ചയിലേയ്ക്കു നയിച്ചതില്‍ മുഖ്യമായ പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ശ്രീ. എം.ജി.എസ്‌. അംഗീകരിക്കുമോ?

അതോ, അത്തരം പ്രസ്ഥാനങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണോ അദ്ദേഹം കരുതുന്നത്‌? എങ്കില്‍ ഇന്ത്യാ ചരിത്രം ഒരാവര്‍ത്തിക്കൂടി വായിക്കാന്‍ അദ്ദേഹം തയ്യാറാവണം. ലോകചരിത്രത്തില്‍ എവിടെയും രാഷ്ട്രീയ ജനാധിപത്യപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിനു മുമ്പു രൂപം കൊണ്ട സംഘടനകള്‍ മിക്കവാറും മതാധിഷ്ഠിതവും സാമുദായികവുമായ അടിത്തറിന്‍മേലാണു വളര്‍ന്നുവന്നത്‌.

അന്നത്തെ സാഹചര്യത്തില്‍, സാമൂഹ്യമാറ്റത്തിനായുള്ള ശ്രമങ്ങള്‍ക്ക്‌ മതിയായ തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ ചിന്താപരമായ ഏകീകരണം വരുത്തുന്നതിന്‌ മതപ്രചാരകര്‍ക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. 'തത്വ'മെന്ന നിലയില്‍ അവയ്ക്കൊന്നും പൂര്‍ണ്ണത അവകാശപ്പെടാനുണ്ടായിരുന്നില്ലെങ്കിലും, ഫ്യൂഡല്‍പ്രഭുക്കന്‍മാരില്‍നിന്ന്‌ മോചനം നേടുന്നതിന്‌ ജനങ്ങള്‍ക്കു കഴിഞ്ഞത്‌ മത-ഭക്തിപ്രസ്ഥാനങ്ങളുടെ ശ്രമഫലമായിത്തന്നെയായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഭക്തിപ്രസ്ഥാനങ്ങള്‍ക്കു നിലനില്‍ത്താന്‍ കഴിഞ്ഞ പുരോഗമനോന്‍മുഖതയെ പിന്നീടു രൂപം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ പ്രകീര്‍ത്തിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഏതു സാമൂഹ്യശാസ്ത്രവും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നത്‌ അതതു കാലങ്ങളിലെ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുടെ അടിത്തറയിന്‍മേലായിരിക്കുമെന്ന്‌ മിക്കവാറും സാമൂഹ്യശാസ്ത്രചിന്തകര്‍ അംഗീകരിച്ചിട്ടുള്ളതാണ്‌. ഇക്കാര്യത്തില്‍ ഇ.എം.എസ്‌. കൈക്കൊണ്ടിട്ടുള്ള ശാസ്ത്രീയ നിലപാടുകള്‍ ഏറ്റവും മാതൃകാപരമാണെന്നാണ്‌ ഇതെഴുതുന്നയാളുടെ അഭിപ്രായം.

൧൮൫൭-ലെ ഒന്നാം സ്വാതന്ത്യ്രസമരത്തിലേയ്ക്കു നയിച്ച ബംഗാളിലെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ മിക്കവാറും മതാധിഷ്ഠിതവും സാമുദായികവുമായിരുന്നുവെന്ന്‌ ചരിത്രത്തിന്റെ രേഖകള്‍ വച്ചു സമര്‍ത്ഥിക്കാന്‍ കഴിയും. എന്നാല്‍, ഇത്തരം പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ മാറ്റങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തില്‍, ഈ പ്രസ്ഥാനങ്ങളേയും അവയുടെ ആശയങ്ങളേയും അസാധുവാക്കിക്കൊണ്ട്‌ സമൂഹത്തില്‍ പുത്തന്‍പ്രവണതകള്‍ ഉരുത്തിരിയും. ഈ പ്രവണതകള്‍ എന്തെന്നു വിശദീകരിക്കുന്നതില്‍ മത-സാമുദായികപ്രസ്ഥാനങ്ങള്‍ക്ക്‌ പാകപ്പിഴകള്‍ സംഭവിക്കാറുണ്ട്‌. ഇതിനു കാരണം, എത്ര പുരോഗമനപരമായാലും അവയൊന്നും വിപ്ളവാത്മാകമല്ലെന്ന യാഥാര്‍ത്ഥ്യമാണ്‌.

നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രസക്തിയെ അസാധുവാക്കിക്കൊണ്ടാണ്‌, രാഷ്ട്രീയമായി ജനാധിപത്യത്തെ അംഗീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പ്രാപഞ്ചികപ്രതിഭാസങ്ങളെ സംബന്ധിച്ച സമ്പൂര്‍ണ്ണമായ ഒരു ശാസ്ത്രീയതാത്വിക സമീപനം രൂപപ്പെടുത്തുന്നതിന്‌ നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കു കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക്‌ അനുഭവങ്ങള്‍ വെളിച്ചം വീശുന്നു. ൧൯൪൭-ലെ സ്വാതന്ത്ര്യലബ്ദിക്കുശേഷം കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെ മഹാത്മാഗാന്ധിക്കു നേരിടേണ്ടി വന്ന അവഗണന ഒരു തരത്തില്‍, അദ്ദേഹം രൂപംകൊടുത്ത ദര്‍ശനത്തിന്റെ  തന്നെ അശാസ്ത്രീയതയിലേയ്ക്കു വെളിച്ചം വീശുന്നു. അക്കാലത്ത്‌ ലോകത്തെ വികസിതരാജ്യങ്ങള്‍ ശാസ്ത്രത്തെ ആസ്പദമാക്കി പുതിയ സംസ്കാരത്തിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മാര്‍ഗ്ഗം തേടിയപ്പോള്‍, ഗ്രാമീണതയുടെ ദരര്‍ശനവുമായി നിലകൊണ്ട ഗാന്ധിജിക്ക്‌, ഗാന്ധിയന്‍ തത്വചിന്തയ്ക്ക്‌, കോടിക്കണക്കിനു ദരിദ്രജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനാവാതെ ഇതികര്‍ത്തവ്യതാമൂഢതയ്ക്കു വിധേയമാവേണ്ടി വന്നു. ഇതു വിരല്‍ചൂണ്ടുന്നത്‌ ഗാന്ധിയന്‍ ദര്‍ശനത്തിണ്റ്റെ തന്നെ അപര്യാപ്തതയിലേയ്ക്കാണ്‌.

എന്നാല്‍, സ്വാതന്ത്യ്രലബ്ധിക്കുശേശം കോണ്‍ഗ്രസ്സിനു പ്രസക്തി നഷ്ടപ്പെട്ടുവെന്നും, ആ പ്രസ്ഥാനം പിരിച്ചുവിടണമെന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായം വിലപ്പെട്ടതായിരുന്നു. ഈ സമീപനം കൈക്കൊള്ളാന്‍ കോണ്‍ഗ്രസ്‌ എന്ന പോലെ സാമുദായികപ്രസ്ഥാനങ്ങളും തയ്യാറാവേണ്ടതുണ്ടായിരുന്നു. 'നവോത്ഥാനം' എന്ന ആശയം സമൂഹത്തിണ്റ്റെ പരിവര്‍ത്തനോന്‍മുഖതയെ ദ്യോതിപ്പിക്കുന്നുവെന്നേയുള്ളൂ. പ്രത്യയശാസ്ത്രപരമായ നിരീക്ഷണത്തില്‍ ലോകത്തിണ്റ്റേയും സാമൂഹ്യമായ മനുഷ്യന്റെ നിലനില്‍പിണ്റ്റേയും അടിസ്ഥാനഘടകങ്ങളെ പരിശോധനാ വിധേയമാക്കി, സമ്പൂര്‍ണ്ണമായ ഒരു തത്വചിന്തയിലേയ്ക്കു വളരാന്‍ നവോത്ഥാനം ഒട്ടുമേ സജ്ജമല്ല. അതിനര്‍ത്ഥം, നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്ക്‌ നിശ്ചിതമായ ഒരു രാഷ്ട്രീയ അജണ്ടയില്ല എന്നതാണ്‌.

സമൂഹത്തിന്റെയും ചരിത്രപരമായ വളര്‍ച്ചയ്ക്കും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയവയുടെ ലഭ്യതയ്ക്കും എന്തു ചെയ്യണമെന്നതു സംബന്ധിച്ച അഭിപ്രായം രൂപവല്‍ക്കരിക്കാനും നവോത്ഥാനാശയത്തിനു കെല്‍പില്ല. ഈ ന്യൂനത തിരിച്ചറിയാന്‍ ഗാന്ധിജിക്കെന്നപോലെ വി. ടി. ഭട്ടതിരിപ്പാടിനും കഴിഞ്ഞില്ല എന്നതാണ്‌ വി.ടി.യുടെ ജീവിതത്തിണ്റ്റെ അവസാന വര്‍ഷങ്ങളില്‍ അദ്ദേഹത്തിനു തോന്നിയ പരാജയബോധത്തിന്‌ ഇടയാക്കിയത്‌. ഈ വസ്തുത തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്‌, ഇവിടെ പരാമര്‍ശിച്ച എം.ജി.എസ്‌. നാരായണന്റെയും ചിന്താപരമായ ന്യൂനത. സാമുദായിക സംഘടനകള്‍ എത്രയൊക്കെ പുരോഗമനപരമായാലും, അവയ്ക്ക്‌ വിപ്ളവാധിഷ്ഠിതമായ ഒരാത്മാവില്ല എന്ന യഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ എം.ജി.എസ്‌. തയ്യാറാവണം. ഇനി നമുക്ക്‌ കേരളത്തിണ്റ്റെ സാമൂഹ്യാനുഭവങ്ങളിലേയ്ക്കു കടക്കാം.

ശ്രീനാരായണഗുരുവും, സഹോദരന്‍ അയ്യപ്പനും, അയ്യങ്കാളിയും, വി.ടി. ഭട്ടതിരിപ്പാടുമൊക്കെ സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയ കാലത്ത്‌, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടിരുന്നില്ല. എന്നാലും, അവരുടെ അനുഭവങ്ങളിലൂടെ അവര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍, തൊട്ടുമുന്നില്‍ നടക്കുന്ന തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെ ജനങ്ങളെ ഉണര്‍ത്തേണ്ടതുണ്ടെന്ന ചിന്തയിലേയ്ക്കാണ്‌. ആ നിഗമനത്തെ ആസ്പദമാക്കി അതതു സമുദായങ്ങളില്‍പെട്ടവരെ സംഘടിപ്പിക്കുകയാണവര്‍ ചെയ്തത്‌. അതിനപ്പുറം, ഭൌതികലോകം നേരിടുന്ന നിലനില്‍പിണ്റ്റെ പ്രശ്നങ്ങളിലേയ്ക്കും, കോടിക്കണക്കിന്‌ അധഃസ്ഥിതരായ ജനങ്ങളുടെ ഭൌതികാവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ ആശയങ്ങളുടെ ലോകത്തേയ്ക്കോ കടക്കാനും, അവ നേടുന്നതിന്‌ ജനങ്ങള്‍ ബോധപൂര്‍വ്വം സംഘടിപ്പിച്ച്‌ രാഷ്ട്രീയസമരം നടത്തേണ്ടതിന്റെയും പ്രാധാന്യം മനസ്സിലാക്കാനും അവര്‍ തയ്യാറായില്ല എന്ന വലിയൊരു ന്യൂനതയെ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതു കൊണ്ടായില്ല. ഇതു തിരിച്ചറിയാന്‍ എം.ജി.എസിനും കഴിയുന്നില്ല എന്നതുകൊണ്ടാണദ്ദേഹത്തിന്‌, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസക്തി തിരിച്ചറിയാന്‍ കഴിയാതെ പോയത്‌.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...