Showing posts with label bijoy kailas. Show all posts
Showing posts with label bijoy kailas. Show all posts

22 Dec 2012

ലിംഗമാറ്റം


ബിജോയ്കൈലാസ്


പത്മദളാക്ഷന്‍ നൈസര്‍ഗിക സാഹിത്യവാസനയുള്ള ഒരു ശുദ്ധാത്മാവായിരുന്നു. സാമാന്യം തെറ്റില്ലാതെ എഴുതിയിരുന്ന അയാള്‍ തന്റെ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചു കാണാന്‍ അതിയായി ആശിച്ചിരുന്നു. അങ്ങനെയാണ് അയാള്‍ ബ്ലോഗെഴുത്തിനെക്കുറിച്ച് അറിഞ്ഞതും അതാരംഭിച്ചതും.
ഓരോ സൃഷ്ടിയും പോസ്റ്റ്‌ ചെയ്യുമ്പോള്‍, പാവം, ഒരുപാട് ലൈക്‌ പ്രതീക്ഷിച്ചിരുന്നു.പക്ഷെ അയാളുടെ കൃതികള്‍ക്ക് യാതൊരു പരിഗണനയും കിട്ടിയിരുന്നില്ല.
ഒടുവില്‍ പത്മദളാക്ഷന്‍ ഒരു തൂലികാനാമം സ്വീകരിച്ചു…പത്മം. പ്രൊഫൈലിലും ചില്ലറ മാറ്റങ്ങള്‍ വരുത്തി.
തുടര്‍ന്ന് ബ്ലോഗന്മാരുടെ ഇടയില്‍ ഒരു തരംഗമായി പത്മം മാറി.
പത്മത്തിന്റെ കൃതികള്‍ക്ക് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും ആരാധകന്മാര്‍ ബഹുമതികള്‍ വാരിക്കോരി ചൊരിഞ്ഞു.
എല്ലാ എഴുത്തുകാരെയും തെറിയഭിഷേകം നടത്തി നിശിതമായി വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്ന മലയാള പണ്ഡിതനായ മധ്യതിരുവിതാംകൂറുകാരന്‍ അച്ചായന്‍ പത്മത്തിന്‍റെ രചനകളെ വാനോളം പുകഴ്ത്തി. പുതു തലമുറ എഴുത്തുകാരും വിദേശ മലയാളികളികളും കൂടാതെ നവസാഹിത്യ സങ്കേതങ്ങളില്‍ പ്രതിഭകളും ആസ്വാദകരും ആയി വിലസുന്നവരായ എല്ലാ പുലികളും പത്മത്തിന്‍റെ ആരാധകരായി മാറി. പത്മത്തെ പ്രണയിക്കാന്‍ തുടങ്ങിയ ദുര്‍ബല മനസ്കരും എണ്ണത്തില്‍ കുറവല്ലായിരുന്നു.
പ്രണയത്തെക്കുറിച്ച് പത്മം എഴുതിയതുപോലെ മറ്റാര്‍ക്കും എഴുതാന്‍ കഴിയില്ലെന്നും, സ്ത്രീകളുടെ സൃഷ്ടികളെ പെണ്ണെഴുത്തെന്ന് പറഞ്ഞു കളിയാക്കുന്നവര്‍ക്ക് പത്മമാണ് തങ്ങളുടെ മറുപടിയെന്നും സ്ത്രീവിമോചനപ്രസ്ഥാനക്കരായ പെണ്‍ ശിങ്കങ്ങള്‍ പൊതുയോഗങ്ങളില്‍ പറഞ്ഞും, ആനുകാലികങ്ങളില്‍ എഴുതിയും അഭിമാനം കൊണ്ടു.
അങ്ങനെ ഒടുവില്‍ ലോകമാസകലമുള്ള ആരാധകര്‍ ചേര്‍ന്ന് പത്മത്തെ അവാര്‍ഡ്‌ നല്‍കി ആദരിക്കാന്‍ തീരുമാനിച്ചു.
പ്രൊഫൈലില്‍ നിന്ന് ലഭിച്ച ഇ മെയില്‍ അഡ്രസ്‌ മുഖേന ഇക്കാര്യം അവര്‍ തങ്ങളുടെ പ്രിയപത്മത്തെ അറിയിച്ചു. ക്ഷണം സ്വീകരിക്കപ്പെട്ടു.
ആരാധകര്‍ക്ക്‌ മുഖം നല്‍കാത്ത പത്മം ഇതാ ആദ്യമായി അരങ്ങത്തേക്ക്. മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു.
പത്മത്തിന്‍റെ പ്രൊഫൈലില്‍ സിംഗിള്‍ എന്ന് കണ്ടതുകൊണ്ടാകാം ആരാധകരായ ആണ്‍പുലികള്‍ മുഖം മിനുക്കിയും ഗള്‍ഫ്‌ ഗേറ്റും ഇന്‍ ഷേപും ധരിച്ചു സുന്ദരന്മാരായും സ്വീകരണ സ്ഥലത്ത് നിറഞ്ഞു തുടങ്ങി.
പുരസ്കാരം നല്‍കുവാന്‍ എത്തിയ ഒരിക്കലും ചിരിക്കാത്ത മഹാ സാഹിത്യകാരന്‍റെ മുഖത്തും ഒരു മന്ദസ്മിതത്തിന്‍റെ ഇത്തിരിവെട്ടം തെളിഞ്ഞുവോ എന്ന് ദോഷൈകദൃക്കുകള്‍ സംശയിച്ചു.
ചടങ്ങുകള്‍ ആരംഭിക്കുവാന്‍ സമയമായി. എല്ലാവരും ആകാംക്ഷയോടെ പത്മത്തെ പ്രതീക്ഷിച്ചു നിന്നു.
പത്മത്തെ സ്വീകരിക്കുവാന്‍ ഉത്സുകരായി നിന്നിരുന്ന പത്മവ്യൂഹത്തിലേക്ക് ഒരു ഓട്ടോറിക്ഷ വന്നു നിന്നു. മാലയും പൂച്ചെണ്ടുകളും നീട്ടി ഓടിയെത്തിയ ആരാധക വൃന്ദത്തെ ഇവന്‍റ് മാനേജ്മെന്റ് ഗുണ്ടകള്‍ തടഞ്ഞു. റിക്ഷയില്‍ നിന്നു പുറത്തിറങ്ങിയ മെലിഞ്ഞു ചടച്ച മധ്യവയസ്കനെ ഒരു ഇവന്‍റ് മാനേജ്മെന്റ് ഗുണ്ട കഴുത്തിനു പിടിച്ച് പുറത്ത് വഴിയിലേക്ക്‌ തള്ളി.
പത്മം എത്തിച്ചേരാത്തതിനാല്‍ പുരസ്കാര ദാനച്ചടങ്ങ് മുടങ്ങി.
വേദനിക്കുന്ന കഴുത്തില്‍ ബാമിട്ട് ഉഴിഞ്ഞതിനു ശേഷം പത്മദളാക്ഷന്‍ തന്‍റെ തൂലികാനാമത്തില്‍ അവസാനമായി ഒരു സാഹിത്യസൃഷ്ടിക്കുകൂടി തുടക്കം കുറിച്ചു….”പത്മം പുരുഷനായ കഥ”.

23 Oct 2012

അഭിഭാഷകന്‍റെ വ്യഥകള്‍

ബിജോയ് കൈലാസ്


വിചാരണക്കോടതികളില്‍ പ്രാക്ടിസ് ചെയ്യുന്ന അഭിഭാഷകര്‍ അനുഭവിക്കുന്ന മനോവ്യഥകള്‍ അനവധിയാണ്. പ്രത്യേകിച്ചും കക്ഷികളുടെ വിഷമങ്ങള്‍ നേരിട്ട് കേള്‍ക്കുക എന്നത്.പല അവസരങ്ങളിലും കാലഹരണം വന്ന ചില നിയമങ്ങളും സംവിധാനങ്ങളും പോലെ മരവിച്ച്, യാതൊന്നും ചെയ്യാന്‍ കഴിയാതെ, നിസഹായരായി ഇരുന്നു പോകുകയാണ് ഞങ്ങള്‍
മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടെ മാതാപിതാക്കളുടെ എണ്ണം കൂടിവരുകയാണ് കേരളത്തില്‍. ഇന്നൊരു ഗള്‍ഫുകാരന്റെ അച്ഛനും അമ്മയും വന്നിരുന്നു. മകനെ ഗള്‍ഫിലയക്കുവാന്‍ സമ്പാദ്യമായി ഉണ്ടായിരുന്ന വസ്തു വിറ്റ് ചെറിയ ഒരു കിടപ്പാടത്തിലേക്ക് മാതാപിതാക്കള്‍ ഒതുങ്ങി. മകനോടുള്ള സ്‌നേഹം നിമിത്തം പുതിയ വീടും സ്ഥലവും അച്ഛന്റെയും അമ്മയുടെയും മകന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തു.
ഗള്‍ഫിലെത്തിയ മകന്‍ ഫോണില്‍ വിളിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. ഗള്‍ഫില്‍ നിന്നുള്ള വരുമാനം വന്നു തുടങ്ങിയപ്പോള്‍ മകന്റെ ഭാര്യയും മക്കളും ഒരു വാടക വീട്ടിലേക്ക് മാറിത്താമസിച്ചു.
വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ തനിച്ചായി.
മകന്‍ ജീവിതച്ചെലവിനു ഒന്നും നല്‍കുന്നില്ല. കിടപ്പാടം കൂട്ട് സ്വത്തായതിനാല്‍ ചികില്‌സക്കോ ജീവിക്കാനുള്ള തുക കണ്ടെത്താന്‍ വേണ്ടിയോ വില്‍പ്പന നടത്തുവാനും സാധിക്കുന്നില്ല. വസ്തു ഭാഗം ചെയ്‌തോ മറ്റോ വീട് വിറ്റാല്‍ തങ്ങളുടെ മരണശേഷം മകന് വീടില്ലതാകുമെന്ന് അമ്മ ആശങ്കപ്പെടുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്‍പില്‍ മകന് നാണക്കേട് ഉണ്ടാകുമെന്നതിനാല്‍ വൃദ്ധ സദനങ്ങളെ ആശ്രയിക്കാന്‍ മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ല. മകനെതിരെ ജീവിതച്ചെലവിനു വേണ്ടി കേസുകള്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണ് എന്നാണ് അമ്മയുടെ വാദം.
അവഗണനയുടെ പാതയില്‍ കൂടി മരണത്തിന്റെ തണുപ്പിലേക്ക് നടന്നടുക്കുമ്പോഴും പുത്രവാത്സല്യം ഒരു സ്‌നേഹച്ചൂടായി നെഞ്ചിന്റെ നെരിപ്പോടില്‍ സൂക്ഷിക്കുന്ന മാതാപിതാക്കള്‍ക്ക് മുന്‍പില്‍ നീതിദേവത എരിഞ്ഞില്ലാതാകുന്നത് ഞാന്‍ കണ്ടു.
അവര്‍ ഇറങ്ങിയ പുറകെ ജയന്‍ കയറി വന്നു. അയാള്‍ പത്ത് വര്‍ഷം ഗള്‍ഫിലായിരുന്നു. ഒരു സാധാരണ തൊഴിലാളി ആയിരുന്ന അയാള്‍ തുച്ഛമായ ശമ്പളത്തിന്റെ ഭൂരിഭാഗവും ഭാര്യയുടെ പേര്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഭാര്യയെ വിശ്വാ സമായിരുന്നതിനാല്‍ അയച്ച പണത്തിനു രേഖകള്‍ സൂക്ഷിച്ചിരുന്നില്ല. തിരികെ വന്നപ്പോള്‍ ഭാര്യ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. പത്ത് വര്‍ഷം വിദേശത്തു ജോലി ചെയ്തിട്ടും ഒന്നും സമ്പാദിക്കാന്‍ കഴിയാത്ത, ഭാര്യക്കും മക്കള്‍ക്കും ചെലവിനു നല്‍കാത്ത, കഴിവുകെട്ട ക്രൂരനായ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ് ഭാര്യ. ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്‍ കീഴില്‍ ഉള്ള നിരോധന ഉത്തരവ് നിലവിലുള്ളതിനാല്‍ മക്കളെപ്പോലും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ് ജയന്‍. ജയന്‍ ധൂര്‍ത്തടിച്ചു നശിപ്പിച്ചു എന്ന് ഭാര്യ ആരോപിക്കുന്ന ഭാര്യയുടെ അമ്പതു പവന്‍ സ്വര്‍ണാഭരണങ്ങളും മാസം തോറും പതിനായിരം രൂപ ചെലവിലെക്കും ഉള്ള കേസിലെ ആവശ്യങ്ങളോട് അയാളുടെ പ്രതികരണം അയാളുടെ ഭാഷയില്‍ ഇങ്ങനെയാണ്….ഞാനൊരു സാധാരണക്കാരനാ സാറേ…എനിക്കൊന്നും അറിയില്ല…അവര് പറഞ്ഞതൊക്കെ കള്ളമാണ്…എന്റെ മക്കളാണ് സത്യം…ഞാന്‍ അധ്വാനിച്ചു നേടിയതെല്ലാം അവള്‍ക്കും മക്കള്‍ക്കും കൊടുത്തിട്ടുണ്ട്. ഇത് പറഞ്ഞാല്‍ കോടതി വിശ്വസിക്കില്ലേ?.
മതി ഇന്നത്തെ ഉറക്കം പോകാന്‍ ഇത്ര മാത്രം മതി..ആരുടെയൊക്കെയോ വിഷമങ്ങള്‍ ഞങ്ങളുടെതായി മാറുകയാണ്‌

19 Jul 2012

ഉസ്താദ്‌ ഹോട്ടല്‍

ബിജോയ് കൈലാസ്


സിനിമയുടെ സാങ്കേതികമോ ശാസ്ത്രീയമോ ആയ ഒരു അവലോകനം നടത്താന്‍ ഞാന്‍ പ്രാപ്തനല്ല.എന്റെ അഭിപ്രായങ്ങള്‍ക്ക് യാതൊരു വിലയും ഇല്ല എന്നും അറിയാം.എന്നാലും വളരെക്കാലം കൂടി ഒരിക്കല്‍ കണ്ടതിനു ശേഷം വീണ്ടും കാണണമെന്ന് തോന്നിപ്പിക്കുന്ന ഒരു സിനിമ കണ്ടപ്പോള്‍ മലയാള സിനിമ മരിച്ചിട്ടില്ല എന്നും ഇവിടെ യാതൊരു പ്രതിസന്ധിയും നല്ല സിനിമക്കില്ല എന്നും ലോകത്തോട് വിളിച്ച്ചു പറയണമെന്നു തോന്നി.
ഉസ്താദ് ഹോട്ടല്‍ നല്‍കുന്ന കാഴ്ചയുടെ അനുഭവം വളരെ ആസ്വാദ്യകരമാണ്. ഇപ്പോഴും നിറഞ്ഞു കവിയുന്ന തീയേറ്ററുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നല്ല സിനിമയുടെ ശാന്തവും ഉജ്വലവുമായ വിജയത്തെയാണ്.
ഈ വിജയത്തിന്റെ ചേരുവകള്‍ വലിയ പേരുകളോ താരമഹിമകളോ ഒന്നുമല്ല.
ഈ വിജയത്തിന്റെ അടിസ്ഥാനം താഴെ പറയുന്നവയാണ്.
  1. അതിശക്തവും സമ്പൂര്‍ണ്ണവും കാമ്പുള്ളതും പ്രതിഭാധനവുമായ ഒരു നല്ല തിരക്കഥ.
  2. ഓരോ ഫ്രെയിമിലും പ്രത്യേകിച്ചും ക്ലൈമാക്‌സില്‍ പോലും ഡയലോഗുകള്‍ ഇല്ലാതെ വിഷ്വലുകള്‍ ഒരുപാട് കഥകള്‍ പറയുന്ന സംവിധാന മഹിമ.
  3. അനുയോജ്യരായ നടീ നടന്മാര്‍.
  4. അതിഭാവുകത്വമോ വീഴ്ചകളോ ഇല്ലാതെ അച്ചടക്കത്തോടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കള്‍.
  5. വൃത്തികേടുകളോ അശ്ലീലമോ ഇല്ലാത്തതും നല്ല നിലവാരം പുലര്‍ത്തുന്നതുമായ നര്‍മ്മം.
അങ്ങനെ ഉസ്താദ് ഹോട്ടല്‍ ശ്രേഷ്ഠമായ രുചിഭേദങ്ങള്‍ കൊണ്ട് വ്യത്യസ്തമായ ഒരു അനുഭവം ആയി മാറുകയാണ്.
സിനിമയിലെ ഒരു ഡയലോഗ് കടമെടുത്തുകൊണ്ട് പറഞ്ഞാല്‍ ..കാണുന്നവരുടെ കണ്ണും കാതും മാത്രമല്ല മനസ്സും നിറയുന്ന സംതൃപ്തിയാണ് ഉസ്താദ് ഹോട്ടല്‍ പകര്‍ന്നു നല്‍കുന്നത്.
ധൈര്യത്തോടെ കുടുംബസമേതം കാണാവുന്ന ഒരു നല്ല സിനിമ ഇതാ എന്ന് പറഞ്ഞ് ഉസ്താദ് ഹോട്ടലിനെ ചൂണ്ടിക്കാണിക്കാം.
ന്യൂ ജെനറേഷന്‍ സിനിമ എന്ന് മുദ്ര കുത്താതെ മലയാളത്തിലെ നല്ല സിനിമകളില്‍ ഒന്നിതാ എന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള ധൈര്യം എനിക്കുണ്ടായത് ഈ സിനിമ പകര്‍ന്നു നല്‍കിയ പോസിറ്റിവ് എനര്‍ജി ഒന്നുകൊണ്ട് മാത്രമാണ്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...