Showing posts with label arun kaimal. Show all posts
Showing posts with label arun kaimal. Show all posts

19 Aug 2012

തള്ളെ ഇത് നോവലല്ല, പൊളപ്പന്‍ കൊച്ചുപുസ്തകം തന്നെ

അരുൺ കൈമൾ


സാഹിത്യത്തിലെ പുതിയ പ്രതിഭാസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ഫിഫ്ടി ഷേഡ്സ് ഓഫ് ഗ്രേ’ എന്ന ഇംഗ്ലീഷ് പുസ്തകം ഇതുവരെ നാല്പതു ദശ ലക്ഷം കോപ്പികള്‍ ചെലവായിട്ടുണ്ട്. ലോകമാസകലം ഓരോ സെക്കെന്ടിലും ഓരോ കോപ്പി ഡൌണ്‍ ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ലൈംഗികോദ്ദീപനകരമായ റൊമാന്റിക്‌ കഥ, സാഡോ-മസോക്കിസ്റ്റ് [പീഡനം.. പീഡനം എന്ന് കേട്ടിട്ടില്ലേ ?] രതിയുടെ കാവ്യ ഭാവം എന്നൊക്കെ പരസ്യത്തില്‍ എഴുതിക്കാണാം എങ്കിലും വില്‍പ്പനയുടെ രഹസ്യം മറ്റവന്‍ തന്നെ. ഇതുവരെ വായിക്കാത്തവര്‍ കണ്ട്രോള് തരണേ എന്ന പ്രാര്‍ത്ഥനയോടു കൂടി മാത്രം ഡൌണ്‍ ഡൌണ്‍ലോഡ് ചെയ്‌താല്‍ മതി.
ഇന്ത്യയില്‍ ഇരുനൂറ്റി നാല്‍പ്പത്തി അഞ്ചു രൂപാ വിലയാണ്. എന്നിരുന്നാലും മലയാളികളായ നമ്മള്‍ ഈ കാശു കൊടുത്തു ഇത് വാങ്ങി വായിക്കാന്‍ ഒരു മൊതലില്ല കേട്ടോ !! തമ്പാനൂര്‍ ഫുട് പാത്തില്‍ അമ്പതു രൂപ കൊടുത്താല്‍ ഇതിലും പൊളപ്പന്‍ സാധനം നമുക്ക് കിട്ടും. സായിപ്പിനും മദാമ്മക്കും ഫുട് പാത്തില്‍ സംഗതി കിട്ടാത്തത് കൊണ്ട് മാത്രം [അല്ലെങ്കില്‍ മലയാളം വായിക്കാന്‍ അറിയാത്തത് കൊണ്ട്] അവര്‍ കാശു മുടക്കി നോവല്‍ എന്ന പേരില്‍ ഇറങ്ങിയ ഈ സാധനം വായിക്കുന്നു.
ട്രെയിനിലും, ബസിലും ഒക്കെ മദാമ്മ കൊച്ചമ്മമാര്‍ ഈ പുസ്തകം നോക്കിയിരുന്നു ഇക്കിളി കൂടി ചിരിക്കുന്നത് ഇപ്പോള്‍ ഒരു നിത്യകാഴ്ചയാണ്. രണ്ടു കൊച്ചുങ്ങളുടെ തള്ളയും നാല്‍പ്പത്തെട്ടുകാരിയുമായ ഏറിക്ക ലേനാര്‍ദ് എന്നൊരു മദാമ്മ ഈ എല്‍ ജെയിംസ്‌ എന്ന കള്ളപ്പേരില്‍ പടച്ചു വിട്ടതാണ് സംഗതി. ഇത്  ’മമ്മി പോണ്‍’ എന്നൊരു സാഹിത്യശാഖക്ക് തുടക്കമിടുന്നു എന്നൊക്കെയാണ് ബ്രിട്ടനിലും അമേരിക്കയിലും നിരൂപകന്മാര്‍ പാടിനടക്കുന്നത്. പൈങ്കിളി ,ഇക്കിളി തുടങ്ങിയ സാഹിത്യങ്ങളെ കവച്ചു വെച്ചുകൊണ്ട് റൊമാന്റിക്‌ അശ്ലീലം എന്ന പദവിയാണ്‌ ഈ നോവലിന് ലഭിക്കുന്നത്.

ഏറിക്ക ലേനാര്‍ദ് അഥവാ ഈ എല്‍ ജെയിംസ്‌
യുവവ്യവസായിയായ, ശതകോടീശ്വരന്‍ ക്രിസ്ത്യന്‍ ഗ്രേ എന്ന ആളെ ഒരു വിദ്യാര്‍ഥി മാസികക്കുവേണ്ടി ഇന്റര്‍വ്യൂ ചെയ്യാന്‍ ഇരുപതുകാരിയായ സാഹിത്യ വിദ്യാര്‍ഥിനി അനെസ്താസിയ സ്റ്റീല്‍ എത്തുന്നത്‌ മുതലാണ്‌ തുടക്കം. ശാരീരിക പീഡനത്തില്‍ ഊന്നിയ രതിവൈകൃതങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ക്രിസ്ത്യന്‍ ഗ്രേ, ഈ പെണ്‍കുട്ടിയില്‍ ആകൃഷ്ടനാകുന്നതും, കന്യകയായ അനെസ്താസിയ, അതിസുന്ദരനായ ക്രിസ്ത്യന്‍ ഗ്രെയുടെ, മായികമായ ലൈംഗിക പ്രലോഭനങ്ങളില്‍ കുടുങ്ങി അയാളുടെ ഇംഗിതത്തിനു വഴങ്ങുന്നതുമാണ് കഥ. എട്ടാം അദ്ധ്യായത്തില്‍ അന്നയുടെ കന്യകാത്വം നഷ്ടപ്പെടുന്ന രതിക്രീഡയുടെ വര്‍ണനയോടെ തുടങ്ങുന്ന ലൈംഗികവെടിക്കെട്ട്‌ പിന്നീട് ഇരുപത്തി ആറാം അദ്ധ്യായത്തിലെ അവസാന പേജുകള്‍ വരെ തുടരുന്നു. അന്നയെ തന്റെ ലൈംഗിക അടിമയായി രൂപപ്പെടുത്തി എടുക്കാന്‍ ക്രിസ്ത്യന്‍ നടത്തുന്ന ശ്രമങ്ങളും, മാനസികമായും ശാരീരികമായും പൂര്‍ണ കീഴ്വഴക്കത്തിനു അന്ന തയ്യാറാവാത്തതും ആണ് പ്രമേയം. എന്നിരുന്നാലും ക്രിസ്ത്യനില്‍ നിന്നും ലഭിക്കുന്ന ലൈംഗിക അനുഭൂതി അയാളില്‍ നിന്നും വേര്‍പിരിയാന്‍ അന്നയെ അനുവദിക്കുന്നതും ഇല്ല.
പലവിധ രതി വൈകൃതങ്ങളുടെ പച്ചയായ വര്‍ണനകളാല്‍ സമ്പുഷ്ടമായ നോവല്‍ രണ്ടു സംഭോഗങ്ങള്‍ക്ക് ഇടയില്‍ ഉള്ള നായികയുടെ മനോവ്യാപരങ്ങള്‍ക്കും, സാമൂഹ്യജീവിതത്തിനും അല്‍പ സമയം കൊടുക്കുന്നുണ്ട്. നായികയുടെ സുഹൃത്തും അതി സുന്ദരിയുമായ, വിദ്യാര്‍ഥി മാസികയുടെ എഡിറ്റര്‍ കേറ്റ് കാവന്ന നോവലിലെ മറ്റൊരു പ്രഥാനകഥാപാത്രമാണ്.

റയാന്‍ ഗോസ്ലിംഗ്
ഈ പുസ്തകത്തിന്റെ വിജയത്തോടെ, മദാമ്മച്ചി നോവലിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഇറക്കാനുള്ള പണിപ്പുരയില്‍ കയറി ഇരിക്കുകയാണ്. സിനിമയായി ഉടനെ പുറത്തിറങ്ങുന്ന ഈ കഥയില്‍ മുഖ്യ വേഷം കെട്ടാന്‍ ഹോളിവുഡ് താരങ്ങള്‍ മത്സരിക്കുകയാണ്. ചിത്രത്തില്‍ നായികാ -നായകന്മാരായി പരിഗണയില്‍ ഉള്ളവരില്‍ മുന്‍പന്തിയില്‍ കനേഡിയന്‍ നടന്‍ റയാന്‍ ഗോസ്ലിങ്ങും, ബ്രിട്ടീഷ്‌ യുവനടി എമ്മ വാട്ട്സനും ആണത്രേ.

എമ്മ വാട്സണ്‍
എങ്ങിനെ ആയാലും എഴുത്തുകാരി മദാമ്മതള്ള ലോകത്തെ ശതകോടീശ്വരിമാരുടെ പട്ടികയിലേക്ക് രായ്ക്കുരാമാനം ഉയര്‍ത്തപ്പെട്ടു കഴിഞ്ഞു.
ഈ അമ്മച്ചി കുറെ നാള്‍ മുന്‍പ് പരാജയപ്പെട്ട ഒരു ബ്ലോഗ്ഗര്‍ ആയിരുന്നു എന്നത് ബൂലോകത്തിനു ആവേശം പകരുന്ന ഒരു വസ്തുതയാണ്. നമ്മില്‍ പലര്‍ക്കും അവരെ മാതൃക ആക്കിയാല്‍ ഇനിയുള്ള കാലം കഞ്ഞിക്കു മുട്ടില്ലാതെ കഴിഞ്ഞു കൂടാന്‍ പറ്റും എന്നൊരു പ്രതീക്ഷയും ഇല്ലാതില്ല. ബ്ലോഗ്ഗര്‍മാര്‍ക്കും മലയാളത്തിലെ കൂമ്പടഞ്ഞ സാഹിത്യ പ്രതിഭകള്‍ക്കും ‘മമ്മി പോണ്‍’ ഡാഡി പോണ്‍ ‘ എന്ന വിഭാഗങ്ങളില്‍ മാറ്റുരക്കാനുള്ള സാഹചര്യം താമസിക്കാതെ ഒരുങ്ങിവരും എന്ന് പ്രതീക്ഷിക്കുന്നു.

20 May 2012

ശൈത്യകാലത്തെ പ്രണയം

അരുൺ കൈമൾ
ഇവിടെ മഞ്ഞുകട്ടകള്‍ വീഴാറുണ്ട്‌ …
പ്രണയത്തിന്റെ മൂര്ഛയിലെ ശ്വേതകണങ്ങള്‍ ആയി ..
കിതപ്പടക്കി ഉറങ്ങുന്ന മണ്ണിനു
വെള്ള പെണ്ണിന്റെ മിനുപ്പ്‌
ചതഞ്ഞ പുല്‍നാമ്പുകള്‍ക്ക് ആലിപ്പഴത്തിന്റെ മണം
അരക്കെട്ടില്‍ പര്‍പ്പിള്‍ നിറമുള്ള ആമ്പല്‍പൂവില്‍
പ്രണയം ഒളിപ്പിച്ചുവെച്ച എന്‍റെ കറുത്ത സുന്ദരി …
എന്‍റെ ശൈത്യം നിന്റെ ഗ്രീഷ്മമാണ് …..
നിന്റെ ഗ്രീഷ്മത്തില്‍ പെയ്തിറങ്ങുന്ന മഴത്തുള്ളി പോലും
ഈ ശൈത്യത്തില്‍ എന്‍റെ ഹൃദയത്തെ പൊള്ളിക്കുന്നു …
പുല്‍നാമ്പുകള്‍ക്ക്‌ ഉപ്പുമാങ്ങയുടെ ഗന്ധം
സര്‍പ്പങ്ങള്‍ സുഗന്ധമുള്ള വിഷവും പേറി അലയുന്നു
എന്‍റെ ശൈത്യത്തിനു ആമ്പല്‍ പൂവിന്റെ സുഗന്ധം
നിന്റെ ശരീരത്തിന്‍റെ ഗന്ധം ……..
ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്നെ ഞാന്‍ പ്രണയിക്കും ..
ആമ്പല്‍ പൂവിതളുകളില്‍ രതിയുടെ ആലിപ്പഴം ചൂടിക്കും
ശൈത്യമുള്ള നാട്ടിലെ നിലാവിന്റെ ഒരു തുള്ളി തൊട്ടു വീഴ്ത്തും …

20 Apr 2012

മര്‍മ്മം അറിഞ്ഞ നര്‍മ്മം: കാര്‍ട്ടൂണിസ്റ്റ് ജോയി കുളനടയുമായി അഭിമുഖം






കാര്‍ട്ടൂണ്‍ രംഗത്ത് തനതായ ഒരു ശൈലിയിലൂടെ നന്നേ ചെറുപ്പത്തില്‍ തന്നെ കടന്നുവന്നു മലയാളത്തിലും വിദേശത്തും അച്ചടി മാധ്യമ രംഗത്ത് കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി നിറഞ്ഞു നില്‍ക്കുന്ന പ്രശസ്ത കാര്ട്ടൂണിസ്റ്റ് ശ്രീ ജോയി കുളനട, രണ്ടു വര്‍ഷത്തോളം മുന്‍പ് ഇലക്ട്രോണിക് മാധ്യമത്തിലേക്കു ഫേസ് ബൂക്കിലൂടെയും, ഇലക്ട്രോണിക് പത്രങ്ങളിലൂടെയും നടത്തിയ അതിവിജയകരമായ ചുവടു വയ്പ്, അദ്ദേഹത്തിന്റെ കാര്‍ടൂണുകള്‍ സ്വദേശത്തും വിദേശത്തും ഉള്ള ലക്ഷക്കണക്കിന് മലയാളികള്‍ക്ക്  ആസ്വദിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. ബൂലോകം ഡോട്ട് കോമില്‍ അദ്ദേഹം പ്രസിദ്ധീകരിക്കുന്ന കാര്‍ട്ടൂണുകള്‍ ഒരു വന്‍ ആസ്വാദകവൃന്തത്തെ ആകര്‍ഷിക്കുന്നതിനുപരിയായി, അദ്ദേഹത്തിന്റെ കാര്‍ടൂണുകള്‍ നമ്മുടെ ഹിറ്റ് ചാര്‍ട്ടിന്റെ മുകള്‍ നിരയില്‍ എപ്പോഴും ഇടം പിടിക്കുകയും ചെയ്യാറുണ്ട്.
ഒരു പക്ഷെ മനോരാജ്യം വാരികയിലെ എഴുത്തുകാരുടെ ഡയറി, ഗള്‍ഫ് കോര്‍ണര്‍, മാതൃഭൂമി പത്രത്തിലെ സൈലന്‍സ് പ്ലീസ് തുടങ്ങിയ പംക്തികള്‍ മലയാളത്തിലെ ആസ്വാദകരുടെ ഇടയില്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കിയ സ്വാധീനത്തിന് സമമോ ഉപരിയോ ആയ സ്വാധീനം, യുവതലമുറയുടെ ഇടയില്‍ അദ്ദേഹത്തിന്റെ സമകാലീന കാര്‍ടൂണുകള്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ചെലുത്തുന്നു. ഉത്തമമായ കലയ്ക്കു കാലമോ, അത് പ്രസിദ്ധീകരിക്കുന്ന മാധ്യമമോ പരിമിതി കല്‍പ്പിക്കുന്നില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ ഉന്നത കലാകാരനുമായി ബൂലോകം ഡോട്ട് കോമിനുവേണ്ടി ഡോക്ടര്‍ അരുണ്‍ കൈമള്‍ നടത്തിയ അഭിമുഖത്തിലൂടെ അദ്ദേഹത്തിന്റെ നാല് ദശാബ്ദ കാലത്തെ കലാസപര്യയുടെ ‘ഹൈ ലൈറ്റുകള്‍‘ ബൂലോകം വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
Q - ശ്രീ. ജോയി കുളനട, മലയാളത്തിലെ പ്രധാന ദിനപത്രങ്ങളും ആനുകാലികങ്ങളും ഉള്‍പ്പെടെയുള്ള പ്രിന്റ് മാധ്യമങ്ങളിലൂടെ കാര്ട്ടൂണിസ്റ്റ് എന്ന നിലയിലും, കേരള ആനിമേഷന്‍ അക്കാദമി ചെയര്‍മാന്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും കേരളത്തിന് അകത്തും പുറത്തും വളരെ അറിയപ്പെടുന്ന താങ്കള്‍, ഇലക്ട്രോണിക് മാധ്യമ രംഗത്തേക്ക് വളരെ വിജയകരമായ ഒരു കാല്‍ വയ്പു നടത്തിയിരിക്കുക ആണല്ലോ. മലയാളത്തിലെ ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി, പ്രത്യേകിച്ച് ബൂലോകത്തിന്റെ അന്താരാഷ്ട്ര വായനക്കാര്‍ക്കായി സ്വയം ഒന്ന് പരിചയപ്പെടുത്താമോ? അല്പം വിശദമായിതന്നെ?
കുളനടയില്‍ ജനനം. കുളനടയില്‍ തന്നെ സ്‌കൂള്‍ വിദ്യാഭ്യാസം, പന്തളം എന്‍ എസ് എസ് കോളേജില്‍ ഉപരിപഠനം. കേരള യൂണിവെഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. വീക്ഷണം പത്രം ആരംഭിച്ചപ്പോള്‍ ആദ്യ പത്രാധിപസമിതിയില്‍ അംഗം. കാനറ ബാങ്കില്‍ ജോലി, പിന്നീട് എഴുപതുകളുടെ അവസാനം പ്രവാസ ജീവിതത്തിനു ആരംഭം. അബുദാബി കൊമേര്‌സിയല്‍ ബാങ്കില്‍ രണ്ടു ദശാബ്ദത്തോളം ജോലിക്കു ശേഷം ഇപ്പോള്‍ നാട്ടില്‍ ഫ്രീലാന്‍സ് കാര്ട്ടൂണിസ്റ്റ്.
അറുപത്തിഒന്‍പതില്‍ മലയാള നാട് വാരികയില്‍ ആദ്യ കാര്‍ട്ടൂണ്‍, നിരവധി മലയാളം ആനുകാലികങ്ങളില്‍ പിന്നീട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. ഗള്‍ഫില്‍ എത്തിയ ശേഷം എമിരെട്‌സ് ന്യൂസ്, ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ്  ഇവക്കായി വരച്ചു. ഏറ്റവും അധികം നിശബ്ദകാര്‍ട്ടൂണ്‍വരച്ച  മലയാളി കാര്ട്ടൂണിസ്റ്റ് എന്ന റിക്കാര്‍ഡിന് ഉടമ.
മനോരാജ്യം വാരികയിലെ എഴുത്തുകാരുടെ ഡയറി, മാതൃഭൂമിയിലെ സൈലന്‍സ് പ്ലീസ്, മനോരമ ആരോഗ്യത്തിലെ ക്ലിനിക് ട്യൂണ്‍സ് എന്നീ പംക്തികള്‍ എറെ ശ്രദ്ധേയം ആയിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍, ഇപ്പോള്‍ കേരള ആനിമേഷന്‍ അക്കാദമി ചെയര്‍മാന്‍. ഇപ്പോള്‍ കുളനടയില്‍ താമസം. ഭാര്യ രമണി, മക്കള്‍ നിതീഷ്, നീതു. അഞ്ച് പേരക്കുട്ടികള്‍.

ഫാമിലിയോടൊപ്പം
Q - എക്കൊണോമിക്‌സില്‍ മാസ്റ്റര്‍ബിരുദം, സഹ പത്രാധിപര്‍ ആയി ഉള്ള തുടക്കം. പിന്നീട് അനേക വര്‍ഷങ്ങള്‍ സ്വദേശത്തും വിദേശത്തും ബാങ്കിംഗ് മേഖലയില്‍ ജോലി. ജോലി തിരക്കുകള്‍ക്കു ഇടയിലും നാല്പതു വര്‍ഷമായി തുടരുന്ന കലോപാസന; അത്ഭുതം തോന്നുന്നു, എക്കണോമിക്‌സും, പത്രപ്രവര്‍ത്തനവും, ബാങ്കിങ്ങും കലയും, പൊതുപ്രവര്‍ത്തനവും, സന്തുഷ്ടമായ കുടുംബജീവിതവും. ഒരു മമ്മൂട്ടി ചിത്രം പോലെ സംഭവബഹുലമാണല്ലോ ജീവിതം? എങ്ങനെ ഇതെല്ലാം സംയോജിപ്പിച്ച് കൊണ്ടുപോകുന്നു നാല് ദശാബ്ദക്കാലമായി?
പഠന കാലത്ത് തന്നെ കാര്‍ട്ടൂണ്‍ രചനയും ഒപ്പം കൊണ്ടുപോയത്  ഈ രംഗത്ത് മുന്നോട്ടുള്ള പ്രയാണത്തിന് തുണയായി. ജോലി സമയം കഴിഞ്ഞാല്‍ കാര്‍ട്ടൂണ്‍വര ദിനചര്യയുടെ ഭാഗം ആയി മാറ്റി എടുക്കാന്‍ കഴിഞ്ഞു. മുന്‍പ് പറഞ്ഞതുപോലെ മലയാളത്തിലെ ആനുകാലികങ്ങള്‍ക്ക് ഒപ്പം ഗള്‍ഫിലെ ഇംഗ്ലീഷ്  പ്രസിദ്ധീകരണങ്ങള്‍ക്കും വരച്ചിരുന്നു . ബാങ്ക് ജോലി ഉച്ചവരെ ആയതിനാല്‍ ആവശ്യത്തിനു സമയം ലഭിച്ചിരുന്നു. എങ്കിലും എമിരെട്‌സ് ന്യൂസ് എന്ന പത്രത്തില്‍ ‘അങ്കിള്‍ ജുഹ’ എന്ന പരമ്പര ദിവസേന വരക്കേണ്ടി വന്നത് ശ്വാസം മുട്ടിച്ചു കളഞ്ഞു. ഈ കാരണത്താല്‍ പിന്നീട് അത് ഖലീജ് ടൈംസ് വാരികയില്‍ ആഴ്ചയില്‍ ഒന്നുവീതം ‘ഫണ്ണി സാം’ എന്ന പേരില്‍  പ്രസിദ്ധീകരിച്ചു . അങ്ങനെ ഉച്ചവരെ അക്കത്തിന്റെയും, ഉച്ച കഴിഞ്ഞു അക്ഷരത്തിന്റെയും ലോകത്തുള്ള പ്രവര്‍ത്തനം ഒരു ഹരമായി തോന്നി. എറെ കഠിനാധ്വാനം വേണ്ടി വന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇപ്പോഴും പലദിവസങ്ങളിലും വെളുപ്പിന് നാല് മണിക്കുണര്‍ന്നു രചന ആരംഭിക്കാറുണ്ട്.
Q - അതിപ്രഗത്ഭരായ അനേകം കാര്‍ട്ടൂണ്‍ രചയിതാക്കള്‍ക്ക് ജന്മം നല്‍കിയ നാടാണല്ലോ നമ്മുടേത്. നന്നേ ചെറുപ്പത്തില്‍ തന്നെ താങ്കള്‍ മലയാളത്തിലെ മുന്‍പന്തിയിലുള്ള പ്രസിദ്ധീകരണങ്ങളും ആയി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ഉണ്ടായി. കരിയറിന്റെ ആദ്യകാലങ്ങളില്‍ അക്കാലത്തെ പ്രഗത്ഭകലാകാരന്മാരുമായി അടുപ്പം പുലര്ത്തിയിട്ടുണ്ടാവുമല്ലോ? ഒരു മാര്‍ഗദര്ശിയായോ വഴികാട്ടിയായോ ആരെയെങ്കിലും ലഭിച്ചിരുന്നോ? താങ്കളുടെ കലാജീവിതത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനത്തെപ്പറ്റി ഒന്ന് പറയാമോ?

Click here to see bigger image
പത്തൊന്‍പതാം വയസില്‍ ആദ്യ കാര്‍ട്ടൂണ്‍ മലയാളനാടില്‍ അച്ചടിച്ച് വന്നത് പറഞ്ഞുവല്ലോ. എന്റെ നാട്ടുകാരന്‍ കൂടിയായ പ്രശസ്ത കാര്ട്ടൂണിസ്റ്റ് പീ കെ മന്ത്രിയാണ് കാര്‍ട്ടൂണ്‍ രചനയില്‍ എന്റെ മാര്‍ഗദര്‍ശി. അന്നത്തെ കേരള സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ ആണ് മന്ത്രിയുടെ തൂലികയില്‍ നിന്നും പിറവിയെടുത്തിരുന്നത്. ഇത് സര്‍ക്കാര്‍ സര്‍വീസില്‍ ചിത്രകലാ അദ്ധ്യാപകന്‍ ആയിരുന്ന അദ്ദേഹത്തിന്റെ സസ്‌പെന്ഷനുപോലും കാരണമായി. അദ്ദേഹത്തിന് അന്ന് സമൂഹത്തില്‍ ലഭിച്ചുകൊണ്ടിരുന്ന ഗ്ലാമറും പ്രശസ്തിയും ആണ്  എന്നെ ഈ രംഗത്തേക്ക് ആകര്‍ഷിച്ചത്. ഒഴിവു സമയങ്ങളില്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ എത്തി കാര്‍ടൂണ്‍ വരക്കുന്നത് കണ്ടു പഠിച്ചു. പഠനത്തോടൊപ്പം വരയും നിര്‍ബാധം തുടര്‍ന്നു. പഠനത്തെ ബാധിക്കും എന്ന് കരുതി ആദ്യമൊക്കെ പിതാവ് എതിര്‍ത്തെങ്കിലും കോളേജില്‍ ഒന്നാമതായി ബിരുദവും, ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതോടെ അതിന്റെ ശക്തി കുറഞ്ഞു. കലാജീവിതത്തില്‍ പല പ്രഗത്ഭരുമായും അടുത്ത്  പരിചയിച്ചിട്ടുണ്ടെങ്കിലും വഴിത്തിരിവിനു കാരണഭൂതനായത് ശ്രീ പീ കെ മന്ത്രി തന്നെ.
Q - കാര്ട്ടൂണിസ്റ്റ്കള്‍ പൊതുവേ വലിയ തമാശക്കാര്‍ ആണെന്ന് വായനക്കാര്‍ കരുതുന്നു. എന്നാല്‍ ഞാന്‍ അടുത്ത് പരിചയപ്പെട്ടിട്ടുള്ള മലയാള കാര്ട്ടൂണിന്റെ കുലപതികളില്‍ ഒരാള്‍ സ്വകാര്യ ജീവിതത്തില്‍ വളരെ ലാളിത്യവും എന്നാല്‍ അതീവ ഗൌരവും തോന്നിപ്പിക്കുന്ന സ്വഭാവക്കാരന്‍ ആണ്. ശ്രീ ജോയി എന്ന വ്യക്തി ഒരു ഫലിതപ്രിയന്‍ ആണോ?
വീട്ടിലും പുറത്തും കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ ഫലിതപ്രിയന്‍ ആണെങ്കിലും തമാശ പറഞ്ഞു വീട്ടുകാരെയും നാട്ടുകാരെയും കൊല്ലാക്കൊല ചെയ്യുന്ന പരിപാടി ഇഷ്ടപ്പെടുന്നില്ല. അത്തരം തമാശകള്‍ മൊത്തമായി കാര്‍ട്ടൂണ്കളിലേക്ക് ആവാഹിക്കുകയാണ് പതിവ്. ലാളിത്യം ഇഷ്ടമാണ്, എന്നാലും ആരെങ്കിലും കുതിരകയറാന്‍ വന്നാല്‍ ശക്തമായി പ്രതികരിക്കും. ചോദ്യത്തില്‍ പറഞ്ഞതുപോലെ ചില ഗൌരവക്കാരെ എനിക്കും അറിയാം. അവര്‍ ആദ്യം അല്പം വെയിറ്റ് ഇട്ടു നോക്കുന്നതല്ലേ?കുറച്ചു കഴിയുമ്പോള്‍ മസ്സിലൊക്കെ അയച്ചു വിടും.
Q - ഇപ്പോള്‍ കേരള അനിമേഷന്‍ അക്കാദമി ചെയര്‍മാന് എന്ന പദവി വഹിക്കുന്നുണ്ടല്ലോ? അനിമേഷന്‍ അക്കാദമിയുടെ പ്രവര്‍ത്തനത്തെപ്പറ്റി ഒന്ന് വിശദീകരിക്കാമോ?
കേരള ആനിമേഷന്‍ അക്കാദമി പിറവി എടുത്തിട്ട് രണ്ടു വര്ഷം ആകുന്നതേയുള്ളൂ. കേരള കാര്‍ട്ടൂണ്‍ അക്കാദമി കാര്ട്ടൂനിസ്ടുകളുടെ മാത്രം സംഘടന ആണ്. എന്നാല്‍ അനിമേഷന്‍ അക്കാദമി, കാര്ട്ടൂണിസ്റ്റ്കള്‍, ചിത്രകാരമാര്‍, ആനിമേഷന്‍ കലാകാരന്മാര്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണ്. അനിമേഷന്‍ രംഗത്ത് വളരെ വിപുലമായ സാധ്യതകളാണ് ഉള്ളത്. കാര്ട്ടൂണിസ്റ്റ്കള്‍, ചിത്രകാരമാര്‍, എന്നിങ്ങനെയുള്ള കലാകാരന്മാരെ അനിമേഷന്‍ രംഗത്തേക്ക്  കൈപിടിച്ച് നടത്തുക എന്ന ശ്രമകരമായ ദൌത്യം ആണ് അക്കാദമി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
കാര്‍ട്ടൂണ്‍ അക്കാദമി അതിന്റെ കര്‍ത്തവ്യം വേണ്ട രീതിയില്‍ നിറവേറ്റുന്നില്ല എന്ന ചിന്തയും ആനിമേഷന്‍ അക്കാദമിയുടെ സ്ഥാപനത്തിന് കാരണമായി. കാര്‍ട്ടൂണ്‍ അക്കാദമിയുടെ ഇപ്പോഴത്തെ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പരാതിയില്ല. എന്നാല്‍ കുറെ നാള്‍ മുന്‍പുള്ള ഭരണസമിതികള്‍ സ്വജനപക്ഷപാതവും, ധൂര്‍ത്തും നടത്തുന്നത് കണ്ടു വിഷമം തോന്നിയിട്ടുണ്ട്. അക്കാദമി വക അവാര്‍ഡു കൊടുക്കുന്ന രീതിയില്‍ പോലും സ്വജനപക്ഷപാതം പ്രകടമായി. ഫ്രീലാന്‍സ്  കാര്ടൂനിസ്ടുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള അവാര്‍ഡ് തങ്ങളുടെ പാര്‍ശ്വവര്‍ത്തിയായ സ്റ്റാഫ് കാര്ടൂനിസ്ടിനു നല്‍കുന്ന അവിഹിത ഇടപെടലുകള്‍ വരെയുണ്ടായി.
കാര്‍ടൂണ്‍ അക്കാദമിയുടെ പരിപാടികളുടെ പേരില്‍ വന്‍പിരിവും ധൂര്‍ത്തും നടത്തുന്നതില്‍ ആയിരുന്നു ചില  ഭരണസമിതി അംഗങ്ങള്‍ക്ക് താല്പര്യം. എതിര്‍ക്കുന്നവരെ വെട്ടിനിരത്തുന്ന രീതിയായിരുന്നു അവിടെ. കാര്‍ടൂണ്‍ അക്കാദമി സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത സീനിയര്‍ കാര്ട്ടൂണിസ്റ്റ്കളെ പോലും തള്ളിപ്പറയുന്ന യൂദാസുമാരും അവര്‍ക്ക് ഓശാന പാടുന്ന ശിങ്കിടികളും അരങ്ങു തകര്‍ക്കുന്ന കാഴ്ച കണ്ടു മനം മടുത്തു മീറ്റിങ്ങുകളില്‍നിന്നും ഇറങ്ങിപ്പോരേണ്ടിവന്നിട്ടുണ്ട്.
Q - താങ്കളുടെ മാസ്‌റ്റെര്‍പീസുകള്‍, രാഷ്ട്രീയ, സാമൂഹ്യ, വിമര്‍ശനപരമായ കാര്‍ടൂണുകള്‍ ആണെല്ലോ? അന്തരിച്ച മുന്‍ മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരന്‍ ഒരിക്കല്‍ പറയുകയുണ്ടായി, തന്നെപ്പറ്റിയുള്ള കാര്‍ടൂണുകള്‍ എത്ര തന്നെ വിമര്‍ശനപരം ആയാലും താന്‍ ആസ്വദിക്കാരുണ്ടെന്നു. തുളച്ചു കയറുന്ന ആക്ഷേപഹാസ്യം മുഖമുദ്രയാക്കിയ താങ്കളുടെ തൂലികക്ക് വിഷയമായ ഏതെങ്കിലും പ്രശസ്ത വ്യക്തികളില്‍ നിന്നും, നേരിട്ട് ആ കാര്ടൂനിനെപ്പറ്റിയുള്ള അഭിപ്രായം കേള്‍ക്കാന്‍ അവസരം ഉണ്ടായിട്ടുണ്ടോ? അഭിനന്ദനം…. അല്ലെങ്കില്‍ ശകാരം?
വീക്ഷണം പത്രത്തില്‍ ഞാന്‍ സഹപത്രാധിപരും കാര്‍ട്ടൂനിസ്റ്റും ആയിരുന്നല്ലോ. അന്ന് പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ഇന്നത്തെ പ്രധിരോധ മന്ത്രിയായ ശ്രീ എ കെ ആന്റണിയായിരുന്നു. അന്ന് ചൈനയെ വിമര്‍ശിച്ചു ഒരു കാര്‍ട്ടൂണ്‍ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ആന്റണി എന്നെ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചു വരുത്തി അഭിനന്ദിക്കുകയുണ്ടായി. അന്ന് അദ്ദേഹം കെ പീ സീ സീ പ്രസിഡന്റ് ആയിരുന്നു. മനോരാജ്യം വാരികയില്‍ വന്നിരുന്ന എന്റെ ‘എഴുത്തുകാരുടെ ഡയറി ‘ എന്ന കാര്‍ട്ടൂണ്‍ പംക്തിയില്‍ എഴുത്തുകാരെ അതി നിശിതമായി വിമര്‍ശിച്ചിരുന്നു. മലയാളനാട് വാരികയില്‍ ‘സാഹിത്യവാരഫലം’ എന്ന പ്രശസ്തമായ പംക്തി കൈകാര്യം ചെയ്തിരുന്ന പ്രൊഫ: എം. കൃഷ്ണന്‍ നായര്‍ സാറിനെയും ഞാന്‍ വെറുതെ വിട്ടില്ല. പിറ്റേ ആഴ്ചയില്‍ വരുന്നു അദ്ദേഹത്തിന്റെ നിര്‍ദോഷമായ കമന്റ്. ആ വിമര്‍ശനം മുള്ള്കള്‍ക്ക് ഇടയിലെ റോസാപുഷ്പം പോലെ പരിമളം പരത്തുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു അത്രേ! ഒരു അവാര്‍ഡിനെക്കാള്‍ വിലപ്പെട്ട കമന്റ്. ഒപ്പം അദ്ദേഹത്തിന്റെ ഒരു അനുമോദനക്കത്തും പത്രാധിപര്‍ മുഖേന ലഭിച്ചു.

Click here to see bigger image
മന്ത്രിമാരായിരുന്നപ്പോള്‍ പന്തളം സുധാകരനും, ജീ. സുധാകരനും അവരുടെ കാര്‍ട്ടൂണുകള്‍ കണ്ടു എന്നെ ഫോണില്‍ വിളിച്ചു അഭിനന്ദിച്ചിട്ടുണ്ട്. എന്റെ ‘സൈലന്‍സ് പ്ലീസ് ‘ എന്ന പുസ്തകം കൈപ്പറ്റിയ ശേഷം അഡ്വ: ജയശങ്കര്‍ ഇന്ത്യ വിഷനില്‍ അദ്ദേഹത്തിന്റെ ‘വാരാന്ത്യം’ പംക്തിയില്‍ കേരളത്തിലെ മാരിയോ മിരാന്ട ആയി ഉപമിച്ചത് ഒരിക്കലും മറക്കാന്‍ സാധിക്കുകയില്ല. പ്രശസ്ത എഴുത്തുകാരനയായ അന്തരിച്ച ശ്രീ എം പീ നാരായണപിള്ള എന്റെ കാര്‍ട്ടൂനിന്റെ ഒരു മികച്ച ആസ്വാദകനായിരുന്നു. അദ്ദേഹത്തിന്റെ നിരവധി കത്തുകള്‍ അതിനു തെളിവ്. രാജീവ് ഗാന്ധിയുടെ കാരിക്കേച്ചറിനു അദ്ദേഹത്തിന്റെ കയ്യൊപ്പ് ഇട്ടു ലഭിച്ചതും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാരിക്കേച്ചറിനു അദ്ദേഹത്തിന്റെ അഭിനന്ദനകത്ത് ലഭിച്ചതും മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ ആണ്. ഭാഗ്യ വശാല്‍ എന്റെ കാര്‍ട്ടൂണ്‍ വിമര്‍ശനങ്ങള്‍ക്ക്  വിധേയരായവരില്‍ നിന്നും ശകാരമൊന്നും ഏല്‍ക്കേണ്ടി വന്നിട്ടില്ല.
Q - നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ ഉള്ള ഒട്ടുമിക്ക പ്രശസ്തരേയും വരച്ചിട്ടുണ്ടല്ലോ. ഇവരില്‍ വരക്കാന്‍ ഏറ്റവും എളുപ്പമുള്ളതു ആരാണ്? ആരെ വരയ്ക്കുമ്പോള്‍ ആണ് ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത്?

ഏറ്റവും സുഖം മന്മോഹന്‍ സിംഗിനെ വരയ്ക്കാന്‍
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വരയ്ക്കാനാണ് ഏറ്റവും എളുപ്പമായി തോന്നിയിട്ടുള്ളത്. അച്യുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും വരക്കുമ്പോള്‍ ഒരേ സന്തോഷമാണ് ലഭിക്കുക. കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ നല്ല ഇരയെ കിട്ടിയ സന്തോഷം.
Q - നമുക്കെല്ലാം സ്വന്തമായി രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടാകുമല്ലോ? താങ്കള്‍ക്ക് അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി /പാര്‍ട്ടികളോട്  ആഭിമുഖ്യം ഉണ്ടോ? കലാകാരന്  പ്രതേകിച്ചും രാഷ്ട്രീയ വിമര്‍ശനം കൈകാര്യം ചെയ്യുന്ന ഒരു കാര്ടൂനിസ്ടിനു ഏതെങ്കിലും പാര്‍ട്ടിയോട് ആഭിമുഖ്യം ഉണ്ടാവുക എന്നത് ആവിഷ്‌കാരത്തിന് പരിമിതി കല്‍പ്പിക്കുന്നതായി തോന്നിയിട്ടുണ്ടോ?
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യം ഉണ്ടാകുന്നത് ആവിഷ്‌കാരത്തിന് പരിമിതികല്‍പ്പിക്കാന്‍ തീര്‍ച്ചയായും സാദ്ധ്യതയുണ്ട്. അത് ആ പാര്‍ട്ടിയുടെ ഔദാര്യം ഏതെങ്കിലും തരത്തില്‍ ആഗ്രഹിക്കുന്നവര്‍ക്കുന്നവര്‍ക്ക് മാത്രം. പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന പത്രസ്ഥാപനത്തിലെ സ്റ്റാഫ് കലാകാരന്മാര്‍ക്കും ഈ പരിമിതിയുണ്ട്. തീര്‍ച്ചയായും ഒരു രാഷ്ട്രീയപ്പാര്ട്ടിയോട് എനിക്കും ആഭിമുഖ്യമുണ്ട്. വീക്ഷണം പത്രത്തില്‍ ജോലി ചെയ്തിരുന്നു എന്ന് പറയുമ്പോള്‍ അതിനെപ്പറ്റി എടുത്തു പറയേണ്ട കാര്യമില്ലല്ലോ! എന്നാല്‍ തുറന്നു പറയട്ടെ ഈ ആഭിമുഖ്യം സ്വതന്ത്രാവിഷ്‌കാരത്തിന് എനിക്ക് തടസ്സം നില്‍ക്കുന്നില്ല. എന്റെ കാര്‍ട്ടൂണ്‍ ആസ്വാദകര്‍ക്കെല്ലാം അത് മനസ്സിലാകും. ഞാന്‍ ഒരു കാര്ട്ടൂണിസ്റ്റ് ആകുമ്പോള്‍ എനിക്ക് പാര്‍ട്ടിയില്ല! മതമില്ല!. ഞാന്‍ അംഗമായ  ഓര്‍ത്തോഡോക്‌സ് സഭയുടെ രണ്ടു പ്രസിദ്ധീകരണങ്ങളില്‍ ഞാന്‍ കാര്‍ട്ടൂണ്‍ വരക്കാറുണ്ട്. ബിഷപ്പുമാരെയും മറ്റു പുരോഹിതന്മാരെയും വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ അതില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അവിടെയും മതമോ ജാതിയോ മുഖമോ നോക്കാതെയാണ് എന്റെ വര. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇത്രയേറെ പ്രതികരണങ്ങള്‍ ലഭിക്കുന്നതിനു പ്രധാന കാരണം ഈ നിഷ്പക്ഷ നിലപാടാണെന്ന് തോന്നുന്നു.

അച്യുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും വരക്കുമ്പോള്‍ നല്ല ഇരയെ കിട്ടിയ സന്തോഷം
Q - കലുഷിതമായ മത രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലവിലുള്ള നമ്മുടെ നാട്ടില്‍ സ്വതന്ത്രമായ ആവിഷ്‌കാരം, കലാകാരന്റെ സുരക്ഷയ്ക്ക് പോലും ഭീഷണിയാകുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടല്ലോ? എന്തെകിലും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

Click here to see bigger image
മതത്തിലും രാഷ്ട്രീയത്തിലും മാത്രമല്ല ഏതു മേഖലയിലും തീവ്രവാദികള്‍ ഉണ്ട്. സ്വതന്ത്രാവിഷ്‌കാരം അവര്‍ക്ക് രസിച്ചെന്നു വരില്ല. എന്ന് കരുതി അവരെ ഭയക്കുന്നത് ഭീരുത്വം ആണ്. അച്ചടി മാധ്യമത്തില്‍ അത്തരം കാര്‍ട്ടൂണ്കളും മറ്റു സൃഷ്ടികളും പത്രാധിപന്മാര്‍ കഴിവതും ഒഴിവാക്കുന്ന പതിവുണ്ട്. എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ കടന്നു വരവോടെ ഇത്തരം സൃഷ്ടികള്‍ അനായാസം പ്രസിദ്ധപ്പെടുത്താനുള്ള സാധ്യത വര്‍ദ്ധിച്ചു. മത വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ വ്യക്തിപരമായി തേജോവധം ചെയ്യുന്നതോ ആയ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ വിമര്‍ശനം ഒട്ടും സഹിക്കാന്‍ പറ്റാത്ത ചിലര്‍ ഉണ്ട്. തങ്ങളുടെ പാര്‍ട്ടിക്കോ, മതത്തിനോ, സഭക്കോ എതിരായി കാര്‍ട്ടൂണില്‍ എന്തെങ്കിലും കണ്ടാല്‍ ദഹനക്കേടുള്ളവര്‍. അവര്‍ രൂക്ഷമായി പ്രതികരിക്കാറുണ്ട്. പലപ്പോഴും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പൊരിഞ്ഞ സംവാദത്തിനും ഇതു ഇടയാക്കും. സഭ്യതയുടെയും മര്യാദയുടെയും അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നവരെ ഫ്രണ്ട്ഷിപ്പില്‍ നിന്നും ഒഴിവാക്കുകയാണ് എന്റെ പതിവ്. കോളേജു വിദ്യാഭ്യാസ കാലത്ത് കൈക്കൂലിക്കാരനായ ഒരു സര്‍ക്കാര്‍ ഡോക്ടറെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചതിനാല്‍ കള്ളക്കേസില്‍ രണ്ടുവര്‍ഷം കോടതി കയറേണ്ടിവന്ന തിക്തമായ അനുഭവം മുന്നില്‍ ഉണ്ടെങ്കിലും ഇത്തരം ഭയപ്പാടുകള്‍ ഒന്നും ലവലേശം ഇല്ല. നിര്‍ജ്ജീവമായ കാര്‍ട്ടൂണുകള്‍ വരക്കുന്നതിലും ഭേദം വര നിര്‍ത്തുന്നതാണ്.
Q - ഫേസ്ബൂക്കിനെക്കുറിച്ചും ബ്ലോഗ് എഴുത്തിനെക്കുറിച്ചും വിവാദങ്ങള്‍ കത്തിപ്പടരുന്ന സാഹചര്യത്തില്‍, താങ്കളുടെ ഈ- എഴുത്ത്  ലോകത്തേക്കുള്ള രംഗപ്രവേശം എങ്ങനെ സ്വയം വിലയിരുത്തുന്നു? താങ്കളുടെ പ്രിന്റു മീഡിയ രംഗത്തുള്ള വര്‍ഷങ്ങളുടെ അനുഭവ പരിചയത്തിന്റെയും, ഇലക്ട്രോണിക്  മീഡിയ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത ഒരു വന്‍ ആസ്വാദകവൃന്തത്തിന്റെയും വെളിച്ചത്തില്‍, ഈ രണ്ടു മാധ്യമങ്ങളുടെയും വര്‍ത്തമാന കാലവും, ഭാവിയും ഒന്ന് താരതമ്യം ചെയ്യാമോ?

അദ്ധേഹത്തിന്റെ ഫേസ്ബുക്ക് പേജ്
ഞാന്‍ കാര്‍ട്ടൂണ്‍ രചന ആരംഭിച്ചിട്ട് നാല്‍പ്പത്തി രണ്ടു വര്ഷം ആകുന്നു.അതില്‍ നാല്‍പ്പതു വര്‍ഷവും അച്ചടി മാധ്യമങ്ങളിലൂടെ ആയിരുന്നു രചനകള്‍ വായനക്കാരില്‍ എത്തിയിരുന്നത്. ഇലക്ട്രോണിക്ക് മീഡിയയില്‍ എത്തിയിട്ട് രണ്ടു വര്‍ഷമേ ആകുന്നുള്ളൂ. വളരെ പ്രകടമായ വ്യത്യാസം ആണ് എനിക്ക് അനുഭവപ്പെടുന്നത്. അച്ചടി മാധ്യമത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയാല് വായനക്കാരുടെ നാഡിമിടിപ്പ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. എന്നാല്‍ ഫേസ്ബുക്കുപോലുള്ള നെറ്റ് വര്‍ക്കുകളില്‍ ഒരു കാര്‍ട്ടൂണ്‍ പോസ്റ്റുചെയ്താല്‍ സെക്കെന്റുകള്‍ ക്കകം ലോകത്തെമ്പാടും നിന്നുള്ള പ്രതികരണം നമുക്ക് ലഭിക്കുന്നു. ചില കാര്‍ട്ടൂനുകള്‍ക്ക് അതിശയപ്പിക്കുന്ന രീതിയില്‍ അഭൂതപൂര്‍വമായ പ്രതികരണം ആണ് ലഭിക്കുന്നത്. അങ്ങനെ വായനക്കാരുടെ പള്‍സ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു . ഇലക്ട്രോണിക്ക്  മാധ്യമങ്ങള്‍ ഫ്രീലാന്‍സ്  ആയി കാര്‍ട്ടൂണ്‍  വരക്കുന്നവര്‍ക്കാന് കൂടുതല്‍ അനുഗ്രഹമായി അനുഭവപ്പെടുന്നത്. മിക്ക അച്ചടി മാധ്യമങ്ങള്‍ക്കും സ്റ്റാഫ് കാര്ട്ടൂനിസ്ട്ടുകള്‍ ഉള്ളതിനാല്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന അവസരങ്ങള്‍ തിരിച്ചു പിടിക്കാന്‍ ഇലക്ട്രോണിക്ക്  മാധ്യമങ്ങളിലൂടെ സാധിക്കുന്നു. ഇലക്ട്രോണിക്ക്  മാധ്യമങ്ങള്‍ക്ക് വളരെ ശോഭനമായ ഭാവി ഉണ്ട് എന്നാണു ഞാന്‍ കരുതുന്നത്.
Q - ബ്ലോഗിലൂടെയും മറ്റുമായി, മലയാളത്തിന്റെ ഈഎഴുത്ത് ലോകത്തേക്ക് കടന്നുവരുന്ന കഴിവുറ്റ ഒരു യുവ തലമുറ എഴുത്തുകാര്‍ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ പുത്തന്‍ തലമുറയിലെ കലാകാരന്മാര്‍ക്കായി അങ്ങേക്ക് നല്‍കുവാനുള്ള സന്ദേശം എന്താണ്?
സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും ബ്ലോഗുകളിലൂടെയും കടന്നു പോകുമ്പോള്‍ എത്ര കഴിവുറ്റ എഴുത്തുകാര്‍ നമുക്കിടയില്‍ ഉണ്ടെന്നു മനസ്സിലാകും. അച്ചടി മാധ്യമങ്ങളില്‍ അവര്‍ക്ക് വേണ്ടത്ര ഇടം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ ആണ് ഈ- എഴുത്ത് ലോകത്തിലേക്ക് കടന്നു വരുന്നവര്‍ ശ്രദ്ധിക്കപ്പെടുന്നത്. എഴുത്ത് ഒരു സമയംകൊല്ലി പരിപാടിയായി കാണാതെ ഗൌരവമായി സമീപിക്കണം എന്നാണു എഴുത്തുകാരോടും കലാകാരന്മാരോടും എനിക്ക് പറയാനുള്ളത്. ഈ- ലോകത്ത് എഴുത്തുകാരനും, പത്രാധിപരും, പ്രസാധകനും എല്ലാം നിങ്ങള്‍തന്നെ. അതിനാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം എന്ന് മാത്രം. വേണ്ടാത്ത ഭാഗങ്ങള്‍ സ്വയം എഡിറ്റു ചെയ്യാന്‍ ശ്രദ്ധിക്കുക. എന്റെ കലാരചനകള്‍ ആസ്വദിക്കുന്ന എല്ലാ സഹൃദയര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുതാന്‍ കൂടി ഈ അവസരം വിനിയോഗിക്കട്ടെ.
ശ്രീ ജോയ് കുളനട, ബൂലോകം വായനക്കാര്‍ക്കായി ഇത്രസമയം ചെലവഴിച്ചതിലും, കലാനുഭവങ്ങള്‍ പങ്കുവെച്ചതിനും നന്ദി. ഇലക്ട്രോണിക് മാധ്യമ രംഗത്ത് അനുദിനം വര്‍ദ്ധിച്ചുവരുന്ന അങ്ങയുടെ കീര്‍ത്തി ദീര്‍ഘകാലം നിലനില്‍ക്കട്ടെ എന്നും, യുവ തലമുറയിലെ കലാകാരന്മാര്‍ക്ക് പ്രചോദനവും മാര്‍ഗദര്‍ശനവും ഏകി ലക്ഷക്കണക്കിന് മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എല്ലാ വിധ മാധ്യമങ്ങളിലൂടെയും ഇനിയും മുന്നേറാന്‍ അങ്ങേക്ക് കഴിയട്ടെ എന്നും ബൂലോകം വായനക്കാരുടെ പേരില്‍ ആശംസിക്കുന്നു.
ശ്രീ ജോയ് കുളനടയുടെ ഫേസ് ബുക്ക് പേജ് ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു, fb.com/joykulanada

20 Feb 2012

ഗോവിന്ദചാമിയും സിനിമയില്‍ അഭിനയിക്കണം

അരുൺ കൈമൾ

കള്ളനെയും ,കൊലപാതകിയെയും ,കോമാളിയെയും സെലിബ്രിറ്റി ആക്കുന്ന മലയാളിയുടെ സംസ്കാരം മുതെലെടുക്കാന്‍ ഇതാ ഒരുത്തന്‍ കൂടി ഇറങ്ങിത്തിരിച്ചിരിക്കുന്നു . ദീപിക റിപ്പോര്‍ട്ട് അനുസരിച്ച് മുത്തൂറ്റ് പോള്‍ വധക്കേസില്‍ വിചാരണ നേരിടുന്ന ഓം പ്രകാശ് എന്ന കുപ്പ്രസിദ്ധ ഗുണ്ടാത്തലവന്‍ ‘പകരം ‘ എന്ന സിനിമയിലൂടെ താരം ആകാനുള്ള പുറപ്പാടില്‍ ആണ് .ചിത്രത്തില്‍ വളരെ പ്രാധാന്യം ഉള്ള നിരഞ്ജന്‍ എന്ന പേരിലുള്ള ഒരു പത്ര പ്രവര്‍ത്തകന്റെ വേഷം ആണ് അത്രേ ഇയ്യാള്‍ ചെയ്യുന്നത് . കൂടെ അഭിനയിക്കുന്നത് മലയാള ഹാസ്യ സാമ്രാട്ടുക്കള്‍ , മലയാളിയുടെ സ്വകാര്യ അഭിമാനങ്ങള്‍ എന്നൊക്കെ നമ്മള്‍ മുദ്ര ചാര്‍ത്തി കൊടുത്തിരിക്കുന്ന ജഗതി ശ്രീകുമാര്‍ , സുരാജ് വെഞാരംമൂട് എന്നിവരും !!!

മലയാള സിനിമാക്കാരുടെ സാമൂഹ്യ പ്രതിബദ്ധത മുല്ലപെരിയാര്‍ വിഷയത്തില്‍ ജനത്തിന് ശരിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞത് ആണല്ലോ . മുല്ലപ്പെരിയാറിനെപ്പറ്റി ചോദിച്ച ടീവീക്കാരന്റെ മുന്‍പില്‍ കമിഴ്ന്നു വീണു നടനം കാഴ്ചവെച്ച നായകനും , മകന്റെ കല്യാണം ക്ഷണിക്കാന്‍ തലൈവിക്കു മുന്‍പില്‍ റോസാ പുഷ്പാര്‍ച്ചന നടത്തുന്ന സൂപ്പെര്‍ താരവും മലയാളിയുടെ കാലുനക്കിന്റെ ബ്രാന്‍ഡ് അമ്ബാസ്സിഡര്മാരായി നമ്മുടെ മുന്‍പില്‍ അവതരിച്ചല്ലോ . മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് അല്‍പ്പം എങ്കിലും സാമൂഹ്യ പ്രതിബദ്ധത അവശേഷിച്ചിട്ടുണ്ടെങ്കില്‍ , പ്രഗല്‍ഭ നടന്മാര്‍ അറിയപ്പെടുന്ന ഗുണ്ടകളെയും ,കൊലപാതകികളെയും മറ്റും സെലിബ്രിറ്റി ആക്കി മാറ്റാനുള്ള ഉദ്യമങ്ങളില്‍ നിന്നും പിന്മാറേണ്ടതു ആണ് . അമ്മ , മാട്ക തുടങ്ങി പരസ്പരം കടിച്ചു കീറുകയും , പൊതു സമൂഹത്തെ നോക്കി കൊഞ്ഞനം കാട്ടുകയും ചെയ്യുന്ന സംഘടനകള്‍ക്ക് , നാളത്തെ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലും , അവരെ വഴി തെറ്റിക്കുവാനുള്ള പ്രവണതകള്‍ക്ക് തടയിടാന്‍ എങ്കിലും ഉള്ള ഉത്തരവാദിത്വം പുലര്‍ത്തുവാന്‍ സാധിക്കില്ലേ ? സിനിമാ പണ സമ്പാദനത്തിന് ഉള്ള മാര്‍ഗം മാത്രം ആയിക്കാണുന്ന ഒരു സംഘം ആള്‍ക്കാര്‍ക്കും , എന്തു ഹീനകൃത്യം ചെയ്തും സെലിബ്രിറ്റി ആകാന്‍ ഒരുങ്ങി നില്‍ക്കുന്ന യുവാക്കള്‍ക്കും പ്രോത്സാഹനം കൊടുക്കുന്ന അപകട കരമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് നാം അറിഞ്ഞോ അറിയാതെയോ വഴുതി വീണു കൊണ്ടിരിക്കുക അല്ലെ ?

ബലാത്സംഗ വീരന്മാരെ രാഷ്ട്രീയ നേതൃത്വത്തിലും , കൊലപാതകികളെയും കോമാളികളെയും സാംസ്കാരിക നേതൃത്വത്തിലും അവരോധിച്ചു സെലബ്രിറ്റി ആയി കൊണ്ടാടാന്‍ നാം കാണിക്കുന്ന ഉത്സാഹവും നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെട്ട വളര്‍ന്നുവരുന്ന ഒരു തലമുറ മാതൃകയായി സ്വീകരിക്കും എന്ന കാര്യവും ഇത്തരുണത്തില്‍ നാം വിസ്മരിച്ചു കൂടാ .

മനോരമയുടെ ‘വെറുതെ ഒരു ഭാര്യ’ റിയാലിറ്റി ഷോയിലൂടെ ഒരു കാട്ടുകള്ളന്‍ സെലിബ്രിട്ടിയാക്കി മാറ്റിയതും , കോമാളിത്തരങ്ങളുടെയും യു ട്യൂബില്‍ കണ്ട ആഭാസത്തരങ്ങളുടെയും പേരില്‍ സന്തോഷ്‌ പണ്ടിറ്റിനെ സെലിബ്രിറ്റി ആക്കിയതും ശരാശരി മലയാളി ആണെന്ന് ഓര്‍ക്കുമ്പോള്‍ , കൊലപാതകത്തിലൂടെ കൈവന്ന ‘താരമൂല്യം ‘ ഉപയോഗിച്ചു നാം ഓം പ്രകാശിനെയും താരം ആക്കും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല . ഈ അപകടകരമായ പ്രവണതക്ക് തടയിടാന്‍ നാം ഒന്നടങ്കം ശ്രമിച്ചില്ലെങ്കില്‍ ഭാവിയില്‍ ലോകത്തിന്റെ ‘തിരുട്ടു ഗ്രാമം ‘ എന്നൊക്കെ ഉള്ളതുപോലെ ഒരു സ്ഥാനം ആയിരിക്കും നമ്മുടെ കൊച്ചു കേരളത്തിന്‌ കൈവരുന്നത് .
സന്തോഷ്‌ പണ്ഡിറ്റ്‌ , സന്തോഷ്‌ മാധവന്‍ , വെറുതെ ഒരു ഭാര്യ ഫെയിം നാസര്‍ , ടോട്ടല്‍ ഫോര്‍ യു ഫെയിം ശബരീനാഥ് ,പോള്‍ ‍ വധം ഫെയിം ഓം പ്രകാശ്‌ തുടങ്ങിയവരുടെ ഗണത്തിലേക്ക് പേര് ചേര്‍ക്കാന്‍ യുവാക്കള്‍ വെമ്പല്‍ കൊള്ളുമ്പോള്‍ , വിഗ്ഗുവെച്ചു ആടി നമ്മുടെ അഭിമാനം ലോകം മുഴുവന്‍ ഉയര്‍ത്തിക്കാണിക്കുന്ന നമ്മുടെ സൂപ്പെര്‍ താരങ്ങള്‍ ഉള്‍പ്പെടെ ഉള്ള സാംസ്കാരിക നായകന്മാര്‍ ജനകീയ പ്രശ്നങ്ങളില്‍ കാണിക്കുന്ന അര്‍ത്ഥ ഗര്‍ഭം ആയ നിസ്സംഗതയും ഇതോടു ചേര്‍ത്ത് കാണേണ്ടതാണ് .

വിതുര പ്രശ്നത്തില്‍ ജഗതി കുറ്റാരോപിതന്‍ ആയപ്പോള്‍ അങ്ങേരോടൊപ്പം വേദി പങ്കിടാന്‍ വിമുഖത പ്രകടിപ്പിച്ചു അച്ചുതാനന്ദന്‍ കാണിച്ച മാതൃക  ഈ സിനിമയില്‍ നിന്നും പിന്മാറുക വഴി കാണിക്കും എന്നത് നമുക്ക് ജഗതിയില്‍ നിന്നും പ്രതീക്ഷിക്കാവുന്നത് ആണോ ? അതിനു ജഗതി തയ്യാറാകും എങ്കില് ‍ ജഗതിക്ക് ഒരു കലാകാരന്‍ എന്ന നിലയില്‍ ഉള്ള  ബഹുമാനത്തിനു ഉപരിയായി , സമൂഹത്തോട് കടപ്പാടുള്ള ഒരു വ്യക്തി എന്ന നിലയിലുള്ള ആദരവും  ചിന്തിക്കുന്ന മലയാളിയില്‍ നിന്നും സ്ഥിരകാലം ലഭിക്കും എന്നു ഉറപ്പുണ്ട് . ഇനി ഈ സിനമെയും നമ്മുടെ സമീപകാല കലാപരിപാടികള്‍ പോലെ പ്രോത്സാഹിപ്പിച്ചു , പണത്തിനും പ്രശസ്തിക്കുമായി എന്തു വഴിയും തെരഞ്ഞെടുക്കാം എന്ന സന്ദേശം മലയാളി പ്രചരിപ്പിക്ക ആണെങ്കില്‍ , നമുക്ക് സൌമ്യ വധക്കേസില്‍ വധ ശിക്ഷ കാത്തു കിടക്കുന്ന ഗോവിന്ദചാമിയെ നായകന്‍ ആക്കി ഒരു വന്‍ ബെട്ജെറ്റ് ചിത്രം നിര്‍മ്മിക്കുന്ന കാര്യം അടിയന്തരം ആയി പരിഗണിക്കണം .


ഇതിന്റെ വ്യവസായ സാധ്യതകള്‍ ഒന്ന് കണക്കു കൂട്ടി നോക്കൂ . ആ സിനിമാ തമിഴില്‍ എടുത്താല്‍ ,മലയാള സിനിമകളെ ചവുട്ടി പുറത്താക്കി തമിഴ് സിനിമകളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന കേരളത്തിലെ തീയേറ്റര്‍ ഉടമകളും , നമ്മുടെ സമൂഹവും ചേര്‍ന്ന് അത് ‍ ഒരു സൂപ്പെര്‍ ഹിറ്റ്‌ ആക്കി മാറും എന്നത് സംശയിക്കാനുണ്ടോ ?
മുല്ലപ്പെരിയാര്‍ കത്തി നില്‍ക്കുന്ന തമിഴ്നാട്ടില്‍ , ഗോവിന്ദചാമിയുടെ ശിക്ഷപോലും മലയാളി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈക്കോല്‍ ചാമിമാര്‍ , ഈ ചിത്രം ഒരു തമിഴ് വികാരം ആയി കൊണ്ടാടും . അങ്ങനെ ശങ്കരാഭരണം , റോജാ , ജെന്റില്‍മാന്‍ തുടങ്ങിയ തെന്നിണ്ട്യന്‍ ഹിറ്റുകളുടെ ചരിത്രത്തിലേക്ക് ഒരു മുതല്‍കൂട്ട് ആകും ഈ ചിത്രം . ഗോതമ്പുണ്ട തിന്നു തുടുത്ത്‌ സുന്ദരന്‍ ആയ ഗോവിന്ദചാമി ശരാശരി തമിഴ് നായകന്മാരെക്കളും , പെന്‍ഷന്‍ പ്രായം കഴിഞ്ഞു വിഗ്ഗ് വെച്ച് ആടി കാലക്ഷേപം നടത്തുന്ന നമ്മുടെ സൂപ്പെര്‍ നായകന്മാരെക്കാലും ഗ്ലാമറില്‍ ഒരു പടി മുകളില്‍ നില്‍ക്കും എന്നതിനാല്‍ വര്‍ത്തമാന കാല ആസ്വാദന നിലവാരം വെച്ച് ജനത്തിന് ഇത് ഒരു പുതിയ സൂപ്പെര്‍ താരത്തിന്റെ പിറവിയായി കൊണ്ടാടുകയും ആവാം .

ഇനി നിയമ പ്രശ്നങ്ങള്‍ കാരണം ഗോവിന്ദചാമിക്ക് അഭിനയിക്കാന്‍ പറ്റില്ല എങ്കില്‍ ഗോവിന്ദചാമിയുടെ ജീവിതം ഒരു തമിഴ് സിനിമയാക്കി , മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കമിഴ്ന്നു വീണ തമിഴ് നാടിന്‍റെ കണ്ണിലുണ്ണിയായ നടനോ , വാര്‍ധക്യ സഹജം ആയ അസ്ക്യതകള്ക്കിടയിലും നമുക്ക് വേണ്ടി അഭിനയിച്ചു മുന്നേറുകയും ആ തെറ്റിന്റെ പേരില്‍ തമിഴനോട്‌ മാപ്പിരക്കുകയും ചെയ്യുന്ന സൂപ്പെര്‍ താരങ്ങല്‍ക്കോ ഗോവിന്ദ ചാമിയുടെ വേഷം ഏറ്റെടുത്തു വിജയിപ്പിക്കാവുന്നതും ആണ് . നടന്മാരുടെ തമിഴ്നാട്ടില്‍ ഉള്ള സ്വത്തിനും , അവിടെ വെച്ച് നടത്തുന്ന കുടുംബത്തിലെ വിവാഹാദി മംഗള കര്‍മ്മങ്ങള്‍ക്കും പുരയിട്ചി തലൈവികളുടെയും , വൈക്കോല്‍ സ്വാമിമാരുടെയും അനുഗ്രഹവും ഇത് വഴി ലഭിക്കുന്നതും ആയിരിക്കും

14 Jan 2012

വാര്‍ഷികബ്ലോഗുഫലം

അരുൺ കൈമൾ


മലയാള ബ്ലോഗുകള്‍ക്ക്‌ ‘ഗുമ്മു ‘ നഷ്ടപ്പെട്ടോ ? ബ്ലോഗിന് കഷ്ടകാലമോ ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ തന്നെ ഉയരുകയും , അതിനു പരിഹാരമായി മലയാള ബ്ലോഗ്ഗിലെ കറവവറ്റിയ വിശുദ്ധ പശുക്കള്‍ പാല് ചുരത്തിയാലെ ‘ഗുമ്മു’ വരികയുള്ളു എന്നു നിര്‍ദേശം ഉയരുകയും ചെയ്ത വര്ഷം ആണ് രണ്ടായിരത്തി പതിനൊന്ന്. ഈ കഷ്ടകാലം ചിലര്‍ മാത്രം അനുഭവിക്കുന്ന നഷ്ടകാലം ആണോ എന്ന വിഷയവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു .ഈ വർഷം തന്നെ ബൂലോകത്തിനു പുറത്തു അസഹിഷ്ണുക്കള്‍ ആയ ചില മുഖ്യധാര എഴുത്തുകാര്‍ ബ്ലോഗ്ഗിനു ‘ടോയ് ലെറ്റ്‌ സാഹിത്യം’ എന്ന പട്ടം ചാര്‍ത്തി കൊടുക്കുക വഴി ,പ്രസിദ്ധിയിലൂടെയോ കുപ്രസിദ്ധിയിലൂടെയോ , ശ്രദ്ധ പിടിച്ചുപറ്റുകയും ഉണ്ടായി .


അങ്ങനെ അന്തരിച്ച നമ്മുടെ ലീഡറുടെ ഭാഷയില്‍ പറഞ്ഞാല്, ‍ ‘ മുന്നില്‍ നിന്നും കുത്തി , പിന്നില്‍നിന്നും കുത്തി ‘ എന്ന അവസ്ഥയില്‍ മലയാളം ബ്ലോഗ്‌ നിലകൊള്ളുമ്പോള്‍ ആണ് പോയവര്‍ഷത്തെ മികച്ച പത്തു മലയാളം ബ്ലോഗ്ഗുകള്‍ തിരഞ്ഞെടുക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം ബൂലോകം ഓണ്‍ ലയിനിനു വേണ്ടി ഞാന്‍ ഏറ്റെടുക്കുന്നത് .പതിനായിരക്കണക്കിന് ബ്ലോഗുകളും , ലക്ഷക്കണക്കിന്‌ ചെറുതും വലുതും ആയ എഴുത്തുകാരും നിറഞ്ഞു നില്‍ക്കുന്ന ഈ മേഖലയില്‍ , എല്ലാ ബ്ലോഗ്ഗിലും ചുരുങ്ങിയ സമയം കൊണ്ട് എത്തിപ്പെടുക എന്നത് അസംഭാവ്യം ആയതിനാല്‍ , ബൂലോകം ഓണ്‍ലൈനില്‍ എഴുതുന്നവരുടെയും അല്ലാത്തവരുടെയും ആയ ഇരുന്നൂറു ബ്ലോഗുകള്‍ ബൂലോകം ഓണ്‍ ലയിന്റിന്റെ ഒരു സംഘം വായനക്കാര്‍ നിര്‍ദേശിച്ചു തരികയും ,ചുരുങ്ങിയ സമയത്തിനുള്ളില്‍ അവയെല്ലാം അവലോകനം ചെയ്തു മികച്ച പത്തു ബ്ലോഗുകളുടെ ഒരു പട്ടികയും , ചുരുക്കത്തില്‍ ഒരു നിരൂപണവും തയ്യാറാക്കുകയും ആണ് ഉണ്ടായത് .


ഫേസ് ബുക്കിന്റെയും മറ്റു സോഷിയല്‍ മീഡിയയുടെയും കടന്നാക്രമണത്തില്‍ ബ്ലോഗിന്റെ സാമൂഹ്യവും , സാംസ്കാരികവും ആയ പ്രസക്തി നഷ്ടപ്പെട്ടു എന്നുള്ള മുറവിളികള്‍ക്കിടയിലും മലയാള ബ്ലോഗില്‍ ആശാവഹം ആയ പരിവര്‍ത്തനങ്ങളും , ആവേശകരമായ കുത്തൊഴുക്കുകളും നടന്ന വര്ഷം കൂടിയാണ് കടന്നു പോകുന്നത് . മലയാളം സോഷിയല്‍ മീഡിയയില്‍ ഏറെ ഷെയര്‍ ചെയ്യപ്പെടുക്ലയും , ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത വിഷയങ്ങള്‍ ബ്ലോഗിലൂടെ കടന്നുവന്നവ ആയിരുന്നു എന്നത് മലയാളം ബ്ലോഗിന്റെ പ്രഭക്കു മാറ്റ് കൂട്ടുന്നതുന്നതും , ബൂലോകത്തിന്റെ പ്രാധാന്യം വിളിച്ചു അറിയിക്കുന്നതും ആണ് . അതിനുപരിയായി അറിയപ്പെടുന്ന ചില പ്രിന്റ്‌ സാഹിത്യകാരന്മാരും / കാരികളും ബൂലോകത്തിനു നേരെ തൊടുത്ത വാഗ്ശരങ്ങളും , മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും ലഭിച്ച കണക്കറ്റ പുച്ഛവും അതിജീവിച്ചു; ഒരു സമാന്തര മാധ്യമം എന്ന നിലയില്‍ ബൂലോകം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതും പോകുന്ന വര്‍ഷത്തില്‍ ആണ് .


സാമൂഹ്യമായ ഒട്ടേറെ പ്രശ്നങ്ങളില്‍ ജനപക്ഷത്തു നിന്നുകൊണ്ട് അഭിപ്രായങ്ങളുടെ കേന്ദ്ര ബിന്ദു ആകുവാനും , മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ക്കും , സോഷിയല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്കള്‍ക്കും ഇടയില്‍ ഒരു സമാന്തര മാധ്യമം ആയി , നിന്നുകൊണ്ട് ഇരു വശത്തും ആയി നിലകൊള്ളുന്ന മേല്‍ പ്രസ്താവിച്ച മാധ്യമങ്ങള്‍ക്ക് മേല്‍ വളരെ അധികം സ്വാധീനം ചെലുത്താനും മലയാളം ബ്ലോഗിന് കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്തര്‍ക്കം ആയ ഒരു പരമാര്‍ത്ഥം ആണ് .
മുല്ലപ്പെരിയാര്‍ പോലെ സാമൂഹ്യ പ്രാധാന്യം ഉള്ള വിഷയങ്ങള്‍ ആകട്ടെ , സന്തോഷ്‌ പണ്ഡിറ്റ്‌ പോലെ എന്റെര്‍ടയിന്മേന്റ്റ് മേഖലയില്‍ ഉള്ള വ്യക്തികള്‍ ആകട്ടെ , മലയാള ബ്ലോഗ്ഗര്‍ മാര്‍ കൈവെക്കാത്ത രംഗങ്ങള്‍ ഇല്ല എന്നു തന്നെ പറയാം . ആനുകാലിക രംഗങ്ങളില്‍ വൈവിധ്യവും പാണ്ഡിത്യവും തെളിച്ച ഒരു പിടി എഴുത്തുകാരുടെ തേരോട്ടത്തിന് പുറമേ , പ്രതിഭയുടെ മിന്നലാട്ടം തെളിയിച്ച സര്‍ഗധനന്മാരും നമ്മുടെ ബ്ലോഗ്‌ രംഗത്തെ കഴിഞ്ഞ വര്ഷം സമ്പുഷ്ടം ആക്കിയിട്ടുണ്ട് .

എന്നിരുന്നാലും മുന്‍പ് പറഞ്ഞതുപോലെ പ്രതിഭയുടെ ഈ മിന്നല്‍ ആട്ടങ്ങള്‍ക്ക് പുറമേ , മികച്ച സൃഷ്ടികളുടെ കാര്യത്തില്‍ സ്ഥിരത പുലര്‍ത്തിയവര്‍ തുലോം വിരളം ആയി മാത്രമേ കാണപ്പെട്ടുള്ളൂ എന്ന വസ്തുത നിരാശാജനകം ആണ് . മുന് വര്‍ഷങ്ങളിലേക്ക് നോക്കിയാല്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ സ്ഥിരത പുലര്‍ത്തിയ അനേകം പ്രതിഭാധനര് ഉണ്ടായിരുന്നു എന്നുള്ളതും , അവരില്‍ പലരും ഇന്ന് ഈ രംഗത്ത് ഇല്ലാ എന്നതും ചര്‍ച്ച ചെയ്യപ്പെടെന്ട വിഷയം തന്നെ .

വായനക്കാര്‍ തെരഞ്ഞെടുത്തു നല്‍കിയ ഇരുനൂറോളം ബ്ലോഗുകളില്‍ , കണ്ണിനു അല്പം എങ്കിലും ആനന്ദകരം ആയ കെട്ടും മട്ട്ടും ഉള്ളതും , മനസ്സിന് സന്തോഷം നല്‍കുന്ന രചനകള്‍ ഉള്ളതും ആയ എഴുപതോളം ബ്ലോഗുകള്‍ മാത്രമേ കണ്ടെത്താന്‍ ആയുള്ളൂ എന്നതും നിരാശാകരം ആയ അനുഭവം ആണ് . അനാകര്‍ഷകം ആയ ഫോണ്ടുകളെ ക്കൊണ്ടും , വായനക്കാരനും ആയി സൗഹൃദം പുലര്‍ത്താത്ത ചിട്ടപ്പെടുത്തല്‍ കൊണ്ടും ഒരു വികര്‍ഷണ സ്വഭാവം ഉളവാക്കുന്ന ബ്ലോഗുകളില്‍ രചനകള്‍ നല്ലത് എങ്കില്‍ പോലും സമയം ചെലവഴിക്കുക എന്നത് വേദനാജനകം ആയ അനുഭവം ആയി മാറുന്നു . അക്ഷരത്തെറ്റുകളുടെ കൂമ്പാരം ആയി മാറുന്ന ചില ബ്ലോഗ്ഗുകള്‍ , രചയിതാവിന്റെ പ്രതിഭയെ തമസ്കരിക്കുന്ന വിധം അസഹ്യം ആയും അനുഭവപ്പെട്ടു . ടൈപ്പിംഗ്‌ തെറ്റുകളും , പരിചയക്കുറവും, എഡിറ്റിംഗ് നടത്താനുള്ള സമയക്കുറവും ഒക്കെ ഒരു പരിധി വരെ ഇതിനു കാരണം ആയി അന്ഗീകരിക്കപ്പെടാം എങ്കിലും , ഇത് തിരുത്താന്‍ വിമുഖത കാണിക്കുന്ന ബ്ലോഗര്‍മാര്‍ ,നല്ല രചയിതാക്കളുടെ ഗണത്തില്‍ നിന്നും പിന്തള്ളപ്പെടും എന്ന വസ്തുതയും ചില ബ്ലോഗുകളില്‍ ഉണ്ടായ ഇത്തരം അനുഭവം കൊണ്ട് ചൂണ്ടി കാണിക്കപ്പെട്ടു .


മുന്‍പ് പറഞ്ഞ എഴുപതോളം ബ്ലോഗുകളില്‍ നല്ല ഒരുഭാഗവും രണ്ടായിരത്തി പതിനൊന്നിന്റെ ഉത്തരഭാഗത്തില്‍ പ്രവര്‍ത്തനനിരതം ആയിരുന്നില്ല എന്ന വസ്തുതയും പഠനാര്‍ഹം തന്നെ .
ഈ പരിമിതികള്‍ക്ക്‌ ഉള്ളില്‍ നിന്നുകൊണ്ട് അത്യുന്നത നിലവാരം പുലര്‍ത്തുന്ന നാല്പതോളം ബ്ലോഗുകള്‍ കണ്ടെത്താന്‍ ആയപ്പോള്‍ , അവയില്‍ നിന്നും മികച്ച പത്തെണ്ണം കണ്ടെത്തുക എന്ന ദൌത്യം ശ്രമകരം എങ്കിലും വളരെ ആസ്വാദ്യകരം ആയി അനുഭവപ്പെട്ടു . എന്നിരുന്നാലും അവസാന പട്ടികയില്‍ എങ്ങിനെ പത്തിന് പകരം പതിനൊന്നു എണ്ണം കടന്നു കൂടി എന്നു വിശദീകരിക്കാന്‍ വളരെ ശ്രമിച്ചാലും എനിക്ക് സാധിക്കും എന്നു തോന്നുന്നില്ല .


രണ്ടായിരത്തി പതിനൊന്നിലെ മികച്ച ബ്ലോഗുകളുടെ പട്ടികയില്‍ പത്താം സ്ഥാനത്തു നില്‍ക്കുന്ന, ഹൃദ്യം ആയ രചനകളുടെ സമാഹാരം ആണ് കുമാരന്‍ എന്ന ബ്ലോഗരുടെ കുമാര സംഭവങ്ങള്‍ എന്ന ബ്ലോഗ്‌ .പ്രേസേന്റെഷനില്‍ ഒതുക്കവും , ഗ്രാമീണമായ ഒരു മാധുര്യവും തുളുമ്പി നില്‍ക്കുന്ന ഈ ബ്ലോഗ്‌ ,അതിന്റെ മുകളില്‍ കോറിയിട്ട രചയിതാവിന്റെ ചിത്രം പോലെ തന്നെ ലാളിത്യം മുഖ മുദ്രയാക്കിയിരിക്കുന്നു . നര്‍മ്മത്തില്‍ ചാലിച്ച് ലളിത മധുരമായ ഗ്രാമീണ കഥകള്‍ നമ്മുടെ മുന്‍പില്‍ എത്തിച്ചിരുന്ന കഥാകാരന്‍ , കാല്പനികതയിലെക്കും ആനുകാലിക സമൂഹത്തിന്റെ പൊള്ളത്തരങ്ങളിലെക്കും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് സമീപ കാലത്ത് നടത്തിയ ചുവടുമാറ്റം അത്ര വിജയപ്രദം ആയി എന്നു തോന്നുന്നില്ല . കയ്യടി കൂടുതലായി വാങ്ങുക എന്ന ലക്ഷ്യത്തോടെ ആയിരിക്കണം മുന്‍കാല പോസ്റ്റുകളില്‍ കരുതലോടെ ഒളിപ്പിച്ചു വച്ച ലൈന്‍ഗികത സമീപകാല രചനകളില്‍ കൂടുതല്‍ ആയി മറനീക്കി പുറത്തുവരുന്നുണ്ട് . എന്നൊക്കെയോ നമുക്ക് അന്യം ആയ ആ ഗ്രാമങ്ങളുടെ ലാളിത്യം പൂര്‍ണമായും ഉള്‍ക്കൊണ്ടിരുന്ന ബ്ലോഗ്ഗറുടെ പഴയകാല രചനയുടെ ഘടനക്കും , ടെക്നികിനും പലപ്പോഴും ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല എന്നു സമീപകാല രചനകള്‍ സൂചിപ്പിക്കുന്നു .


പോയവര്‍ഷത്തെ മികച്ച രചന : ആദ്യരാത്രി ശിവരാത്രി
ഒന്‍പതാം സ്ഥാനത്തു രണ്ടു ബ്ലോഗുകള്‍ പരിഗണിച്ചിട്ടുണ്ട് .
നജീം കൊച്ചുകലുങ്ക് എന്ന ബ്ലോഗ്ഗറുടെ സ്ലേറ്റ്‌ എന്ന ബ്ലോഗ്‌ അതിലെ പരിസ്ഥിതി സംബന്ധം ആയ ലേഖനങ്ങള്‍ ഒന്നുകൊണ്ടു മാത്രം വേറിട്ട്ടു നില്‍ക്കുന്നതും ഉന്നത നിലവാരം പുലര്‍ത്തുന്നതും ആണ് . മനം മയക്കുന്ന ചിത്രങ്ങളും , അതിനോട് അനുബന്ധിച്ചുള്ള മനോഹരമായ വര്‍ണനകളും കാടിന്റെ വന്യസൌന്ദര്യം നമ്മുടെ സ്വീകരണ മുറിയിലേക്ക് എത്തിക്കുമ്പോള്‍ ,കാടുകളില്‍ ജീവിക്കുന്ന ആദിവാസികളുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ചിന്തോദീപകങ്ങള്‍ ആണ് . ഈ ബ്ലോഗില്‍ കഥ കവിത തുടങ്ങിയ അനേകം വിഭവങ്ങള്‍ ഉണ്ടെങ്കിലും അവ പരിസ്ഥിതി സംബന്ധം ആയി ഉള്ള ലേഖനങ്ങള്‍ക്കുള്ള നിലവാരം പുലര്‍ത്തുന്നതായി കാണുന്നില്ല .

പോയവര്‍ഷത്തെ മികച്ച രചന: അപൂര്‍വതകളുടെ അരിപ്പ
ബൂലോകം ഓണ്‍ലൈനില്‍ ആരംഭിച്ചിട്ടുള്ള മനോജ്‌ രാജഗോപാലിന്റെ അമ്മാവന്റെ ചായക്കട എന്ന പംക്തി ഇന്നൊവേഷന്‍ കൊണ്ടും , ആഖ്യാനശൈലി കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റുന്നത് ആണ് . പാചക സാഹിത്യം എന്ന സാഹിത്യ ശാഖയുടെ ഉപജ്ഞാതാവ് എന്ന രീതിയില്‍ ബ്ലോഗ്ഗര്‍ അഭിനന്ദനം അര്‍ഹിക്കുന്നു എങ്കിലും ,സംഭാഷണത്തില്‍ ഒഴിച്ചുകൂടാത്തതും , ആഖ്യാനത്തില്‍ അനാവശ്യവും ആയ ഗ്രാമീണ ഭാഷയുടെ ഉപയോഗത്തില്‍ ഉള്ള നിയന്ത്രണവും , ടൈപ്പിംഗ് തെറ്റുകളുടെ നിയന്ത്രണവും ഈ പംക്തിയെ കൂടുതല്‍ ആകര്‍ഷകവും ജനപ്രിയവും ആക്കും എന്നതില്‍ സംശയിക്കാന്‍ ഇല്ല . ഗ്രാമീണ അന്തരീക്ഷത്തില്‍ ഉള്ള ചായക്കടയില്‍ , വടക്കെ ഇന്ത്യന്‍ , ചൈനീസ് , യൂറോപ്പിയന്‍ വിഭവങ്ങള്‍ ഒക്കെ പാചകം ചെയ്യാന്‍ പറ്റുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു . എന്നിരുന്നാലും ഇത്തരം ഒരു അമ്മാവനും അമ്മായിയും മലയാളിയുടെ ഗ്രാമീണ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ ആയതിനാല്‍ അവിടെയുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും എനിക്ക് പ്രിയപ്പെട്ടത് തന്നെ .

പോയവര്‍ഷത്തെ മികച്ച രചന: നല്ല തുടുത്ത തൊടയാണല്ലോ അച്ചാമ്മേ
എട്ടാം സ്ഥാനത്തു, കവിത വിരിയിക്കുന്ന ഒരുപിടി കഥകളുമായി നില്‍ക്കുന്നു ഷാജഹാന്‍ നന്മണ്ടന്‍. വിരഹവും വേദനയും ഇടകലര്‍ന്ന പ്രവാസ നൊമ്പരങ്ങളും , കത്തിജ്വലിക്കുന്ന മരുഭൂമിയിലെ ചൂടും; പൊള്ളുന്ന സത്യങ്ങള്‍ ആയി നില്‍ക്കുമ്പോഴും അത്തറിന്റെ പരിമളം ഉള്ള ഒരു അറേബ്യന്‍ കാറ്റുപോലെ ,മാതള മരങ്ങളില്‍ മരുകാറ്റ് പെയ്യിക്കുന്ന സംഗീതം പോലെ നമ്മെ സാന്ത്വനിപ്പിക്കുന്ന എന്തോ ഒരു അനുഭൂതി ഈ കഥകള്‍ നമുക്ക് പകര്‍ന്നു തരുന്നു . വികാരങ്ങളുടെ ഭാവനാ ലോകത്തുനിന്നും വിചാരങ്ങളുടെ യാഥാര്ത്യത്തിലേക്ക് തിരികെ എത്തുന്ന സന്ദര്‍ഭങ്ങളില്‍ കഥാ തന്തുവിനു ഒരു ചെറിയ ഉലച്ചില്‍ അനുഭവപ്പെടുന്നു എന്ന ഒരു ന്യൂനത ഒഴിവാക്കിയാല്‍ ,എണ്ണപ്പെട്ട ചെറുകഥകളുടെ ഗണത്തില്‍ പെടുത്താവുന്നതാണ് ഇദ്ദേഹത്തിന്റെ പലകഥകളും. ബൂലോകം ഓണ്‍ ലയിനിറെ ,ആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലം ഉപയോഗപ്പെടുതുന്നതും , മനോഹരമായ ചിത്രങ്ങളിലൂടെ വായനക്കാരുമായി കൂടുതല്‍ അടുത്ത് സംവേദനം ചെയ്യുന്നതും അദ്ധേഹത്തിന്റെ കഥകള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ ഉപകരിക്കുന്നു .

പോയവര്‍ഷത്തെ മികച്ച രചന: അബൂബദര്‍ പറയാന്‍ ബാക്കി വെച്ചത്
ഏഴാം സ്ഥാനത്തു ഈ വര്ഷം തൊണ്ണൂറ്റി രണ്ടു പോസ്റ്റുകളും ആയി വള്ളിക്കുന്ന് ഡോട്ട് കോമിലൂടെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പെര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ് ജേതാവായ ബഷീര്‍ വള്ളിക്കുന്ന് നിലകൊള്ളുന്നു . ജനപ്രിയന്‍ ആയ ഈ ആനുകാലിക ബ്ലോഗ്ഗര്‍ ഒരു കൂട്ടം നല്ല പോസ്റ്റുകളും ആയി ഈ വര്ഷം ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും , ചില വിശ്വാസപ്രമാണങ്ങളുടെയും , വ്യക്തിസ്നേഹങ്ങളുടെയും ചങ്ങല്‍ക്കെട്ടിനുള്ളില്‍ നിന്നുകൊണ്ട് എഴുതി, എന്നു തോന്നിപ്പിക്കുന്ന വളരെയധികം പോസ്റ്റുകള്‍ക്കും ഇദ്ദേഹം ജന്മം നല്‍കിയിട്ടുണ്ട് . നര്‍മത്തില്‍ നിന്നും , ഗൌരവത്തിലേക്കും തിരിച്ചും കൈകാര്യം ചെയ്യുന്ന വിഷയത്തിനു അനുസരിച്ച് ഭാഷാന്തരം ചെയ്യാന്‍ കഴിവുള്ള ഈ ബ്ലോഗ്ഗര്‍ മേല്‍പ്പറഞ്ഞ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചു പുറത്തുവന്നാല്‍ ഇപ്പോള്‍ പിന്തുണ നല്‍കുന്ന കൂറുള്ള ഒരു വലിയ സംഘത്തിനു പുറമേ , ഒരു വന്‍ ആസ്വാദക വലയത്തിന് ഉടമയാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും .

പോയവര്‍ഷത്തെ മികച്ച രചന: ദാസേട്ടാ രഞ്ജിനി വിളിക്കുന്നു
സമൂഹത്തെ വേട്ടയാടുന്നതും കാര്‍ന്നു തിന്നുന്നതും ആയ അഴിമതി പോലെയുള്ള വിഷയങ്ങളില്‍ അവഗാഹം ആയ പഠനത്തിന്റെ പിന്‍ബലത്തോടെ രചിക്കപ്പെട്ട ആധികാരികമായ ലേഖനങ്ങളുടെ അന്ഗീകരിക്കപ്പെടെണ്ട ഒരു സമാഹാരം ആണ് ആറാം സ്ഥാനത്തുള്ള ആല്‍കെമിസ്റ്റ് എന്ന ബ്ലോഗ്ഗറുടെ കാലിടോസ്കൊപ് ഒരു ടീ ടൈം ബ്ലോഗ്‌ .നീതിനിഷേധിക്കപ്പെട്ട മദനിയും , നീതിന്യായത്തിന്റെ കഴുത്തറക്കുന്ന ചിദംബരവും എന്നിങ്ങനെ സാധാരണ മാധ്യമങ്ങള്‍ തൊടാന്‍ മടിക്കുന്ന വിഷയങ്ങള്‍ ഒരു ഗവേഷകന്റെ ചാരുതയോടും ഔത്സുക്യതോടും അവതരിപ്പിക്കുന്ന ഈ ബ്ലോഗ്ഗര്‍ നിര്‍ഭയം ആയ പ്രതികരണശേഷിയും , നിസ്തുലമായ രചനാപാടവവും പ്രദര്‍ശിപ്പിക്കുന്നു . ഈ ടീ ടൈം ബ്ലോഗ്‌ സാധാരണ മലയാളി ബ്ലോഗ്‌ വായനക്കാരന് ഉള്ള ‘ കപ്പ്‌ ഓഫ് ടീ ‘ വിളമ്പുന്നില്ല എന്ന കാരണത്താല്‍ ആയിരിക്കും പോപ്പുലാരിറ്റിയില് ഇത് വളരെ ഒന്നും മുന്നില്‍ അല്ല . ഗിമ്മിക്കുകളിലൂടെ ജനസമ്മതി കൂട്ടുവാന്‍ ഈ രചയിതാവിന് ഉദ്ദേശം ഇല്ല എന്നു ഉളവാകുന്ന തോന്നലും , ഗൌരവതരങ്ങള് ആയ വിഷയങ്ങള്‍, അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുവാന്‍ തക്ക പാണ്ഡിത്യവും ആശയസമ്പന്നതയും രചയിതാവിന് ഉണ്ട് എന്ന നിരീക്ഷണവും ബ്ലോഗിനെ ഗൌരവം ആയി കാണുന്ന ഒരു വിഭാഗം മലയാളികള്‍ക്ക് ഈ സംരഭത്തെ, തുടര്‍ന്നും വളര്‍ത്തുവാന്‍ ‍ പ്രചോദനം നല്‍കും എന്നു പ്രതീക്ഷിക്കുന്നു .

പോയവര്‍ഷത്തെ മികച്ച രചന:ചിദംബരസ്മരണ
നല്ല ബ്ലോഗുകളില്‍ അഞ്ചാം സ്ഥാനത്തു ഉള്ളത് അരുണ്‍ കായംകുളം എന്ന ബ്ലോഗ്ഗറുടെകായം കുളം സൂപ്പെര്‍ ഫാസ്റ്റ് എന്ന ബ്ലോഗാണ് . പുതിയ രചയിതാക്കളില്‍ അത്യപൂര്‍വ്വം ആയി കാണപ്പെടുന്ന ഭാഷാ ശുദ്ധിയും ; ഒഴുക്കും ഒതുക്കവും ഉള്ള രചനാശൈലിയും സമാനുപാതത്തില്‍ ചാലിച്ച മഷിയില്‍ രചിച്ച; ‍ കായംകുളം സൂപ്പെര്‍ ഫാസ്റ്റ് ,പ്രായഭേദം ഇല്ലാതെ എല്ലാവരെയും ആകര്‍ഷിക്കുന്ന ഒരു ഇന്‍സ്റ്റന്റ് ഹിറ്റ്‌ ആണ് . യുവ ദമ്പതികളുടെ അജ്ഞതയില്‍ നിന്നും ഉടലെടുക്കുന്ന നര്‍മ്മം മുതല്‍ , കുട്ടിക്കാലത്തെ നിഷ്കളങ്കമായ പള്ളിക്കൂടം ഫലിതങ്ങള്‍ വരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഈ ബ്ലോഗില്‍ ഭാഷയുടെ ചടുലതയും നര്‍മ്മത്തിന് വേണ്ടി ട്വിസ്റ്റ്‌ ചെയ്യപ്പെടുന്ന ഭാഷയും ആകര്‍ഷണീയത നല്‍കുന്ന ഘടകങ്ങള്‍ ആണെങ്കിലും , ചിലപ്പോള്‍ എങ്കിലും ആഖ്യാന ശൈലി അല്പം മോണോടോണസ് ആകുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു . എന്നിരുന്നാലും പാരകള്‍ ആയി മാറുന്ന കാരണവര്‍ വൃന്ദവും , പഠനത്തിന്റെ പ്രാധ്യാന്യം എന്തിലും ഉപരിയായി കാണുന്ന അധ്യാപികയായ മാതാവും മറ്റും നര്‍മത്തിലൂടെ മുന്നില്‍ വരുമ്പോള്‍ നമ്മില്‍ പലര്‍ക്കും അത് സ്വന്തം ജീവിതത്തിലേക്ക് ഉള്ള രസാവഹം ആയ ഒരു തിരിഞ്ഞുനോട്ടം ആയും അനുഭവപ്പെട്ടെക്കാം.

പോയവര്‍ഷത്തെ മികച്ച രചന: മോഹന്‍ ജെദാരോ കോളനി
നാലാം സ്ഥാനത്തു നാനൂറ്റി അന്‍പതോളം പോസ്റ്റുകളും ആയി നിറഞ്ഞു നില്‍ക്കുന്നത് ബെര്‍ളിതരങ്ങള്‍ ഡോട്ട് കോമിലൂടെ മലയാളത്തിലെ ഏറ്റവും ജനപ്രിയ ബ്ലോഗ്ഗര്‍ ആയ ബെര്‍ളി തോമസ്‌ ആണ് . പൈങ്കിളി എന്നൊക്കെ വിളിച്ചു ആക്ഷേപിക്കാന്‍ പലര്‍ക്കും പല വകകളും ഈ ബ്ലോഗില്‍ കണ്ടുപിടിക്കാന്‍ ഉണ്ടെങ്കിലും ജനത്തിന് വേണ്ട എല്ലാ ചേരുവകളും ഉള്ള തനതായ ഒരു ഫോര്‍മുലയുടെ ഉപജ്ഞാതാവും ഉടമയും ആണ് ബെര്‍ലി തോമസ്‌ എന്ന സത്യം അന്ഗീകരിക്കേണ്ടത് ഉണ്ട് .

കാലാകാലമായി പുലര്‍ത്തിക്കൊണ്ടിരുന്ന രാഷ്ട്രീയ വീക്ഷണവും , വലതുപക്ഷരാഷ്ട്രീയ വ്യക്തി പൂജകളും വലിച്ചെറിഞ്ഞു ജനപക്ഷത്ത് നിന്നുകൊണ്ട് ബെര്‍ളി തോമസ്‌ അടുത്ത കാലത്ത് ജനകീയപ്രശ്നങ്ങളില്‍ നടത്തിയ പോരാട്ടങ്ങള്‍ അനുപമം എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ . സാധാരണക്കാരന് എളുപ്പം ആസ്വദിക്കാന്‍ കഴിയുന്ന ലളിതമായ ശൈലിയും , വേണ്ട സമയത്ത് ഉപയോഗിക്കുന്ന സൂപ്പെര്‍ഹിറ്റ് സിനിമാ ഡയലോഗുകള്‍ക്ക് സമാനമായ പദപ്രയോഗങ്ങളും , അല്പം അശ്ലീല ചുവയുള്ള പ്രയോഗങ്ങളും ബെര്‍ളിക്ക് ബോക്സ്‌ ഓഫീസ് വിജയം നേടിക്കൊടുക്കുന്ന ഘടകങ്ങള്‍ ആണെങ്കിലും , പഴയ പോസ്റ്റുകളില്‍ നിറഞ്ഞു നിന്നിരുന്ന കുസൃതി ഈയിടെയായി പൂര്‍ണമായും അപ്രത്യക്ഷം ആയി എന്നു നിരീക്ഷിക്കുന്നു .

അടുത്ത കാലത്തായി ഈ ബ്ലോഗിന്റെ പ്രധാനം ആയ ആകര്‍ഷണം, കമ്മന്റ് ബോക്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപറ്റം കുസൃതിക്കാരുടെ സാന്നിധ്യം ആല്ലേ എന്നും ചിലര്‍ ബൂലോകത്ത് സംശയം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട് . ബ്ലോഗിന്റെ ഗുമ്മു കൂട്ടുവാന്‍ വേണ്ട കുസൃതികള്‍ ഒപ്പിക്കുവാന്‍ ബെര്‍ലിയെപ്പോലെ അറിവുള്ളവര്‍ ബൂലോകത്ത് വിരളം ആണെന്ന് ഇരിക്കെ തന്റെ ഫോര്‍മുലയില്‍ അല്പം മാറ്റം വരുത്തി കൂടുതല്‍ ഗുമ്മും ആയി പുതുവര്‍ഷത്തില്‍ എത്താന്‍ ബെര്‍ലിതരങ്ങള്‍ക്ക് കഴിയും എന്നു പ്രതീക്ഷിക്കുന്നു .

പോയവര്‍ഷത്തെ മികച്ച രചന:കുമാരസംഭവം
ഒരിടക്ക് അന്യം നിന്നുപോയി എന്നു കരുതപ്പെട്ടിരുന്ന മലയാള യാത്രാ വിവരണ രംഗത്തെ സമ്പുഷ്ടം ആക്കികൊണ്ട് നമ്മുടെ ലോകത്തെ, മലയാളിക്ക് പരിചയപ്പെടുത്താന്‍ പലവിധ മായ ദൃശ്യ -ശ്രവ്യ മാധ്യമങ്ങളിലൂടെയും ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും , ബൂലോകത്ത് ഇത്തരത്തില്‍ ശ്ലാഘനീയം ആയ പ്രവര്‍ത്തനം കാഴ്ചവെച്ച നിരക്ഷരന്‍ എന്ന ബ്ലോഗ്ഗറുടെ ചില യാത്രകള്‍ എന്ന ബ്ലോഗ്‌  നല്ല ബ്ലോഗുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തു പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു . മനോഹരം ആയ ചിത്രങ്ങളും , തീമുകളെ അടിസ്ഥാനം ആക്കിയുള്ള സ്ഥല വര്‍ണനകളും ഈ ബ്ലോഗിന്റെ സവിശേഷതകള്‍ ആയി കരുതാം . എത്തിപ്പെടുന്ന സ്ഥലത്തെ സംസ്കാരങ്ങളെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുവാനുള്ള രചയിതാവിന്റെ ത്വര വായനക്കാരനെയും ആഴത്തില്‍ സ്വാധീനിക്കും എങ്കിലും , പൊറ്റക്കാടിന്റെയും മറ്റും കൃതികളില്‍ ലഭിച്ചിരുന്ന കാവ്യാനുഭൂതി ഈ രചനകളില്‍ നിന്നും പലപ്പോഴും ലഭിക്കുന്നില്ല .

ഇരുത്തം വന്ന സഞ്ചാരിയുടെ പക്വതയാര്‍ന്ന സമീപനങ്ങള്‍ ലേഖനങ്ങളില്‍ ഉടനീളം ദൃശ്യം ആകുന്നതും , വാക്ക്കൊണ്ട് രചിച്ച മനോഹര ചിത്രങ്ങള്‍ യാഥാര്‍ത്യവും ആയി എത്ര അടുത്ത് നില്‍ക്കുന്നു എന്നു അനുഭവിച്ചു അറിയുന്നതും ഈ ബ്ലോഗിന്റെ സമകാലീന പ്രാധാന്യം വിളിച്ചോതുന്നു . യാത്രക്കിടയിലെ ചെറിയ ചെറിയ സംഭവങ്ങള്‍ വികസിപ്പിച്ചെടുത്തു , അതിലൂടെ ഒരുപ്രദേശ ത്തെയും അതിന്റെ സംസ്കാരത്തെയും പരിചയപ്പെടുത്താന്‍ കൂടുതല്‍ ആയി ശ്രമിച്ചാല്‍ ഈ യാത്രാവിവരണങ്ങള്‍ ഉദാത്തം ആയ ഒരു തലത്തിലേക്ക് ഉയരും എന്നു സംശയം എന്യേ പറയാന്‍ കഴിയും .

പോയവര്‍ഷത്തെ മികച്ച രചന; കൊളംബോ കാഴ്ചകള്‍
ബ്ലോഗിന് സാമൂഹ്യ പ്രശ്നങ്ങളില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിയും എന്നും , ആക്ഷേപ ഹാസ്യത്തിന്റെ ചാട്ടുളികള്‍ ‍ കാര്‍ട്ടൂണ്‌കളിലൂടെ സമൂഹത്തിന്റെ വൈകൃതങ്ങളില്‍ എങ്ങനെ തുളച്ചു കയറും എന്നും ഉള്ളതിന് പ്രകടം ആയ ഉദാഹരണം ആയി മാറിയ നൌഷാദ് അകമ്പാടം എന്ന ബ്ലോഗരുടെ എന്റെ വര എന്ന ബ്ലോഗ്‌ , ഉള്ളടക്കത്തിന്റെ ഗുണമേന്മ കൊണ്ടും , സാമൂഹ്യ പ്രസക്തി കൊണ്ടും സമകാലീന ബൂലോകത്തിന്റെ ഉന്നതങ്ങളില്‍ എത്തുന്നതിനാല്‍ എന്റെ പട്ടികയില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്നു . ഗോള്‍ഡ്‌ സ്റ്റാന്‍ഡര്‍ഡു എന്നു കരുതി മലയാളികള്‍ കരുതി ബഹുമാനിക്കുന്ന പ്രിന്റു മുത്തശികള്‍ പോലും മോഷ്ടിച്ച് എടുക്കുന്ന സൃഷ്ടികള്‍ ഗുണ നിലവാരത്തിന്റെ കാര്യത്തില്‍ എത്ര മുന്നിട്ടു നില്‍ക്കുന്നു എന്നതിന് വേറെ തെളിവുകള്‍ ഒന്നും ആവശ്യം ഉണ്ട് എന്നു തോന്നുന്നില്ല .

മുല്ലപ്പെരിയാര്‍ പ്രശ്നം ‍ കത്തിയെരിഞ്ഞ്‌ നില്‍ക്കുന്ന ഈ അവസരത്തില്‍ ഫേസ്‌ബുക്കിലൂടെയും മറ്റും ഏറ്റവും ഷെയര്‍ ചെയ്യപ്പെട്ട നൌഷാദിന്റെ മുല്ലപെരിയാര്‍ പോസ്റ്റുകള്‍ , അഭിപ്രായ രൂപീകരണത്തില്‍ മലയാളികളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നത് ബൂലോകത്തെ കൊച്ചു കുട്ടികള്‍ക്കുപോലും അറിവുള്ള കാര്യം ആണല്ലോ . കളിയും കാര്യവും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ ബ്ലോഗു വരകള്‍ക്ക് ഈ വര്‍ഷത്തെ നല്ല ബ്ലോഗുകളുടെ നിരയില്‍ രണ്ടാം സ്ഥാനം കൊടുക്കാന്‍ രണ്ടാമത് ഒന്ന് ആലോചിക്കേണ്ട കാര്യം ഇല്ല .

പോയവര്‍ഷത്തെ മികച്ച രചന: അണക്കെട്ട് പൊട്ടിയാല്‍
രണ്ടായിരത്തി പതിനൊന്നില്‍ ബൂലോകത്തിനു ഉണ്ടായ വരദാനം എന്നു ഞാന്‍ വിശേഷിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എന്റെ പ്രിയപ്പെട്ട ബ്ലോഗ്‌ ഏത് എന്നു ചോദിച്ചാല്‍ ഒരു ഉത്തരമേ പറയാനുള്ളൂ . കണ്ണൂരാന്‍ എന്ന ബ്ലോഗ്ഗറുടെ കല്ലിവല്ലി എന്ന ബ്ലോഗ്‌ .ബൂലോകത്ത് എവിടെയോ തടവില്‍ കിടന്നിരുന്ന വാഗ്ദേവതയെ മോചിപ്പിച്ചു ഈ ബ്ലോഗിലേക്ക് ആവാഹിച്ച ഒരു മാന്ത്രികനോ ഇതിന്റെ രചയിതാവ് എന്നു അത്ഭുതം തോന്നുമാറുള്ള ഒരു അനുഭവം ആയിരുന്നു കല്ലിവെല്ലിയില് നിന്നും ലഭിച്ചത് . കണ്ണൂരാന്റെ ആമുഖത്തില്‍ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ് ‍ ‘പലതും ഇങ്ങനെ കാണേണ്ടി വന്നതിനാല്‍ ജീവിതത്തിന്‍റെ ഉള്ളുപൊള്ളി എന്നതാണ് സത്യം! വള്ളിപുള്ളി തെറ്റാതെ ചിലത് ഞാനിവിടെ കുറിക്കുന്നു’ .

ഈ വളളി പുള്ളി വിടാതെയുള്ള കുറിപ്പില്‍ നിറയുന്ന ഉള്ളുപൊട്ടി ഒഴുകുന്ന ഭാവന , അന്യാദൃശ്യമായ ശൈലി, ധാര്‍ഷ്ട്യത്തിനു ഒപ്പമെത്തും വിധം ഉള്ള ആത്മവിശ്വാസം ഇവയൊക്കെയാണ് പ്രഥമ ദൃഷ്ടിയാ കാണാന്‍ കഴിയുന്നത്‌ എങ്കിലും മാന്ത്രികതയെ തൊട്ടുരുമ്മി നില്‍ക്കുന്ന റിയലിസം , ജീവിതത്തിന്റെ തീച്ചൂളയില്‍ ആറ്റി കുറുക്കി എടുത്ത നര്‍മ്മം ഇവയൊക്കെ മറ്റൊരിടത്തും കാണാന്‍ കഴിയാത്ത കഥയുടെ ടെക്നിക്കുകള്‍ ആണെന്നിരിക്കെ ഈ ബ്ലോഗ്‌ പകര്‍ന്നു തരുന്ന ആസ്വാദനത്തിന്റെ മധുവും , ഒന്ന് വേറെ തന്നെ . തന്റെ ജീവിത പുസ്തകത്തില്‍ നിന്നും ചീന്തിയെടുത്ത ഒരു കടലാസ് എന്ന മട്ടില്‍ കഥാകാരന്‍ പറയുന്ന ഓരോ കൊച്ചു സംഭവങ്ങളുംഅനുവാചകന്റെ മനസ്സില്‍ തേന്‍ തുള്ളിയായോ , ഒരു ഗസലിന്റെ ഈണമായോ പെയ്തിറങ്ങുമ്പോള്‍ ഈ വര്‍ഷത്തെ ലക്ഷക്കണക്കിന്‌ മലയാളം ബ്ലോഗുകള്‍ക്ക്‌ മുകളിലായി , ബൂലോകത്തിന്റെ ഉച്ചിയില്‍ കല്ലിവല്ലിയെ ഞാന്‍ പ്രതിഷ്ട്ടിക്കുന്നു.

.പോയവര്‍ഷത്തെ മികച്ച രചന: അങ്ങനെ ഞാനൊരു പണ്ടാരിയായി .
അവസാന പട്ടികയില്‍ ഒരു സബ്ജെക്റ്റിവിറ്റി ; അല്ലങ്കില്‍ തിരഞ്ഞെടുത്ത ആളുടെ വീക്ഷണത്തിന്റെ സ്വാധീനം ഉണ്ടായിരിക്കാം എന്നു ചിന്തിച്ചാല്‍ തന്നെ , സ്ഥാനക്രമ നിര്‍ണ്ണയത്തില്‍ എന്നെ സ്വാധീനിച്ച ഘടകങ്ങള്‍ കൂടി വായനക്കാരായ നിങ്ങളുടെ വിധി നിര്‍ണ്ണയത്തിനു മുന്പായി പരിഗണിക്കണം എന്ന അഭ്യര്‍ത്ഥനയോടെ ഈ പുതുവത്സരത്തില്‍; പോയവര്‍ഷം ബൂലോകത്തിനു ലഭിച്ച ശ്രദ്ധയും ,പ്രാധാന്യവും അധികം ആയി ലഭിക്കട്ടെ എന്നും , നല്ല ‘ ഗുമ്മു ‘ കൊണ്ട് സമൃദ്ധം ആയ അനേകം പോസ്റ്റുകള്‍ നമുക്ക് ലഭിക്കട്ടെ എന്നും , കഴിവുള്ള പുതിയ എഴുത്തുകാരാല്‍ ബൂലോകം നിറയട്ടെ എന്നും ആശംസിക്കുന്നു . ‍

നൂറടിക്കാന്‍ പോയവര്‍ അടികൊണ്ടു വീണു

അരുൺ കൈമൾ

എന്തൊക്കെ വീരവാദം ആയിരുന്നു !!!! ഇന്ഗ്ലെണ്ടില്‍ കിട്ടിയതിനു പകരം ഓസ്ട്രേലിയയില്‍ തീര്‍ക്കും . മലപോലെയുള്ള ബാറ്റിംഗ് ലൈന്‍ അപ്പ്‌ തകര്‍ക്കാന്‍ ഓസ്ട്രേലിയയുടെ ബൌളെര്‍ മാര്‍ ‍ വിയര്‍ക്കും . വെടിക്കട്ടു സെവാഗ് വെടിവെച്ചു മലര്‍ത്തും , ഉമേഷ്‌ യാദവ് ബാറ്റ്സ്മാന്മാരെ ഒലര്തും . ടെണ്ടുല്‍ക്കര്‍ ഓസ്ട്രേലിയക്കാരെ തെണ്ടിക്കും … ഒടുക്കം പവനായി ശവമായി ,…
എട്ടു ദിവസം കൊണ്ട് രണ്ടു ടെസ്റ്റും തോറ്റു നമ്മുടെ ലോകോത്തര ക്രിക്കെറ്റ് ടീം തെണ്ടി കുത്ത്പാളയും എടുത്തു ഒസ്ട്രെലിയയിലൂടെ അലയുന്നു .


പുല്ലുപോലെ തകര്ക്കാമായിരുന്നിട്ടും ബ്രയാന്‍ ലാറയുടെ നാനൂറു റണ്‍സ് എന്ന റെക്കോഡും , മാര്‍ക്ക് ടെയിലറിന്റെ ഒരു ഓസ്ട്രേലിയന്‍ ക്യാപ്ടന്റെ ഉയര്‍ന്ന സ്കോര്‍ ആയ മുന്നൂറ്റി മുപ്പത്തി നാല് റണ്‍സ് എന്ന റെക്കോഡും വേണ്ടെന്നു വെച്ച് ടീമിന്റെ വിജയത്തിനായി സ്വന്തം സ്കോര്‍ മുന്നൂറ്റി ഇരുപത്തി ഒന്‍പതു ‍ നില്‍ക്കെ ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്ത മൈക്കില്‍ ക്ലാര്‍ക്ക് ഒരു വശത്ത് . ടീം തോറ്റാലും റെക്കോഡുകള്‍ക്ക് വേണ്ടി മാത്രം കളിക്കുന്ന നമ്മുടെ മഹാന്മാരായ വൃദ്ധ സൂപ്പെര്‍ താരങ്ങള്‍ മറുവശത്ത് . ഇഞ്ചോട് ഇഞ്ച് പോരാട്ടം പ്രതീക്ഷിച്ചു കാത്തിരുന്നവര്‍ക്ക് ടീം ഇന്ത്യയെ ഒരു ഇഞ്ച് പോലും ഒഴിവാക്കാതെ തല്ലിക്കൊല്ലുന്ന കാഴ്ചയായിരുന്നു പുതുവത്സര സമ്മാനം ആയി കിട്ടിയത് .

ഇംഗ്ലെണ്ടിൽ നമ്മുടെ ഗോപുമോന്റെ നേത്രുത്വത്തില്‍ ഉള്ള ബൌളിംഗ് പുലികള്‍ തല്ലുകൊണ്ട് പുളയുന്ന കാഴ്ച കണ്ടു കരഞ്ഞ നമുക്ക് , ഓസ്ട്രേലിയയിലെ അനുഭവം അതിഭീകരം ആയി ഒന്നും തോന്നുന്നില്ലായിരിക്കാം . എന്നിരുന്നാലും ഇരു ടീമുകള്‍ തമ്മില്‍ ഉള്ള അന്തരം പ്രതീക്ഷിച്ചതില്‍ ഒക്കെ വളരെ കൂടുതല്‍ ആയിരുന്നു . പ്രോഫെഷനലിസം മുതല്‍ ,കഴിവുകള്‍ വരെ ഈ അന്തരം വളരെ വലുതായി കണ്ടു . നമ്മുടെ ടീമില്‍ ക്യാപ്ടന്‍ ധോണിയും വൈസ് ക്യാപ്ടന്‍ സേവാഗും തമ്മില്‍ ഉണ്ടെന്നു പറയപ്പെടുന്ന പടലപ്പിണക്കം , കടലാസുപുലികള്‍ ആയ നമ്മുടെ ബാറ്റ്സ്മാന്‍മാര്‍ക്ക് തിണ്ണമിടുക്കില്‍ കൂടുതല്‍ ഒന്നും ഇല്ല എന്ന തിരിച്ചറിവ് , ഒരു ടെസ്റ്റ്‌ ടീമിനെ ഒരു ഇന്നിങ്ങ്സില്‍ പോലും പുറത്താക്കാന്‍ കഴിവില്ലാത്ത ബലഹീനമായ ബൌളിംഗ് നിര.ക്രിക്കെറ്റ് മതവും ,തെണ്ടുല്‍ക്കര്‍ ദൈവവും എന്നു വീമ്പിളക്കുന്ന രാജ്യത്തെ ലോകോത്തര ടീമിന്റെ അവസ്ഥ !!!!!!

ഇന്ത്യയില്‍ അല്ലാതെ ഒരു പരമ്പര ജയിക്കാന്‍ കഴിവില്ല എന്ന കാലാ കാലങ്ങള്‍ ആയ കണ്ടെത്തലിനു അടിവര ഇടുന്ന പ്രകടനം . നമ്മുടെ ചത്ത പിച്ചുകളിലെ ബൌന്സ് ചെയ്യാത്ത പന്തുകളെ തല്ലിപരത്തി മഹാരാജാക്കന്മാരായി വിലസുന്ന നമ്മുടെ ബാറ്റിംഗ് പുലികള്‍ അല്പം , വേഗമോ , സ്വിന്ഗോ , ബൌന്സോ ഉള്ള ഏതു പിച്ചിലും കാലിടറി വീഴുന്ന ദയനീയമായ കാഴ്ചയാണ് നമുക്ക് അടുത്ത കാലത്ത് കാണേണ്ടി വരുന്നത് .


ഇന്ത്യയിലെ ചത്ത പിച്ചുകളില്‍ ഇരുനൂറും മുന്നൂറും അടിച്ചുകൂട്ടി ബാറ്റിംഗ് സ്ഥാനങ്ങളില്‍ മുകളില്‍ എത്തുകയും ,വ്യക്തിപരം ആയ നേട്ടങ്ങള്‍ മാത്രം ലാക്കാക്കി കളിക്കുകയും ചെയ്യുന്ന നമ്മുടെ താരങ്ങള്‍ മൈക്കില്‍ ക്ലാര്‍ക്കിനെ ഒന്ന് കണ്ടു പഠിക്കട്ടെ . ക്രിക്കറ്റില്‍ എക്കാലവും ഓര്മ നില്‍ക്കുമായിരുന്ന നാനൂറു റണ്‍സ് എന്ന നേട്ടം അദ്ദേഹത്തിന് ടീമിന്റെ വിജയത്തിന് മുന്‍പില്‍ അപ്രധാനം ആയിരുന്നു . ഇന്ത്യയിലെ രാഷ്ട്രീയ , സാമൂഹ്യ , സാംസ്കാരിക രംഗങ്ങളില്‍ ,പ്രസ്ഥാനങ്ങലെക്കാള്‍ വലിയ വ്യക്തികള്‍ എന്ന തത്വം പരക്കെ അന്ഗീകരിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഈ രംഗത്തും നമ്മുടെ താരങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥം ഉണ്ട് എന്നു തോന്നുന്നില്ല .


ഇന്ത്യയുടെ പുറത്തു കളിച്ച ആറാം ടെസ്റ്റും തുടര്‍ച്ചയായി തോറ്റ ഈ ടീമിനെ , കഴിഞ്ഞ വര്ഷം ലോക ഒന്നാം നമ്പര്‍ ആക്കിയത് , ഇന്ത്യന്‍ ക്രിക്കെറ്റ് ബോര്‍ഡിന്റെ പണക്കൊഴുപ്പ് ഒന്ന് മാത്രം ആണ് എന്ന ആക്ഷേപതിലും കഴമ്പു ഉണ്ട് എന്നു തോന്നുതായി നമ്മുടെ പ്രകടനം . ബാറ്റിങ്ങിലും ,ബൌ ളിങ്ങിലും, ഫീല്ടിങ്ങിലും അമ്പേ പരാജയം ആയ ഈ ടീം ,സാധാരണക്കാരുടെ തെരഞ്ഞെടുപ്പില്‍ വളരെ താഴെ നില്‍ക്കുന്നു .ഇന്ത്യയിലെ പിച്ചുകള്‍ കുഴിച്ചു വെച്ചും സ്പിന്നില്‍ കറക്കി  വീഴിച്ചും നമുക്ക് റാങ്ക് എപ്പോള്‍ വേണമെങ്കിലും കൂട്ടാവുന്നത് അല്ലെ ഉള്ളൂ


കോഴിക്ക് മുല വരുന്നത് പോലെ നാം തെണ്ടുല്‍ക്കരുടെ നൂറാം സെഞ്ചുരിക്കായി കാത്തിരിക്കുമ്പോള്‍ , കാണികളുടെ നേരെ അസഭ്യം ആയ അന്ഗവിക്ഷേപം നടത്തിയ വിരാട് കൊഹ്ലിക്കും, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ക്ലീന്‍ ബൌള്‍ ചെയ്യപ്പെട്ടു എന്ന നേട്ടത്തിന് അരികില്‍ എത്തി നില്‍ക്കുന്ന ദ്രാവിഡിനും നമുക്ക് ആശംസകള്‍ നേരാം .ശരാ ശരി പ്രായം മുപ്പത്തിനാലില് നില്‍ക്കുന്ന ധോനിയുടെ വയസ്സന്‍ പട , ഫോമില്‍ അല്ലാത്ത പീട്ടെര്സേനെയും , പോണ്ടിങ്ങിനെയും പോലെ ഉള്ളവരെ ഫോമിലാക്കുക : സ്ടുവാര്റ്റ് ബ്രോടിനെയും ,പട്ടിന്സനെയും ലോകോത്തര ബൌളര്‍മാരാക്കുക തുടങ്ങിയ വീരകൃത്യങ്ങള്‍ ചെയ്തുകൊണ്ട് നീണാള്‍ വാഴട്ടെ എന്നും , ഐ പീ എല്ലില്‍ പുലികള്‍ ആയി പണം വാരട്ടെ എന്നും ആശംസിക്കുന്നു .


പിന്നെ കഴിഞ്ഞ പര്യടനതിലെതുപോലെ ഇനിയും ധാരാളം കോമഡി വിവാദങ്ങളും തരമാകട്ടെ എന്നു പ്രത്യാശിക്കുകയും ചെയ്യുന്നു
സൈമോണ്ട്സിനെ മങ്കി [കുരങ്ങന്‍ ] എന്നു വിളിച്ചു വംശീയ അധിക്ഷേപം നടത്തി എന്നു ആരോപിതന്‍ ആയ ഹര്‍ഭജനും , സാക്ഷി തെണ്ടുള്‍ക്കരും അച്ചടക്ക സമിതിക്ക് മുന്‍പാകെ . എതിര്‍ ചേരിയില്‍ സൈമോണ്ട്സ് , പോണ്ടിംഗ് , മാത്യു ഹെയ്ടെന്‍ ഇവര്‍ . പൊട്ടിക്കരഞ്ഞു കൊണ്ട് ഹര്‍ഭജന്‍ കുറ്റം ഏറ്റു പറയുന്നു ‘ഞാന്‍ അയാളെ മങ്കി എന്നു വിളിച്ചില്ല ..തെരീ മാകീ ********** [ നിന്റെ അമ്മേടെ********] എന്നു ഹിന്ദിയില്‍ പറഞ്ഞത് അയാള്‍ തെറ്റിദ്ധരിച്ചത് ആണ് . ഞെട്ടിപ്പോയ സൈമോണ്ട്സ് കുറ്റബോധത്തോടെ ഹര്ഭാജനോട് – ക്ഷമിക്കു ചങ്ങാതീ , ഞാന്‍ നിന്നെ തെറ്റി ധരിച്ചു ..ഈ നിസ്സാര കാര്യം തെറ്റി ധാരണയുടെ പേരില്‍ ഇവിടം വരെ എത്തിച്ചതിനു എനിക്ക് മാപ്പുതരൂ ..ഇനി മേല്‍ നമ്മള്‍ നല്ല ചങ്ങാതിമാരായി കഴിയാം എന്നു എനിക്ക് വാക്ക് തരൂ …..പ്ലീസ് …‍
ഇനിയും കളി ജയിക്കണം എങ്കില്‍ പൂനം പണ്ടേ പോലെ ആരെങ്കിലും തുണി അഴിച്ചു കാണിക്കാം എന്നു വാഗ്ദാനം ചെയ്യേണ്ടി വരും . പക്ഷെ ഇനിയും അവരെ വഞ്ചിക്കരുത് . പ്ലീസ് .

14 Dec 2011

നോസ്ട്രദാമസ് മുല്ലപെരിയാര്‍ ഭീകര ദുരന്തം പ്രവചിച്ചുവോ ?

അരുൺ കൈമൾ


Nostradamus statue © by farrokhi

നോസ്ട്രദമാസ് എന്ന ദുരന്തങ്ങളുടെ പ്രവാചകന്‍ മുല്ലപെരിയാര്‍ -ഇടുക്കി ഡാമുകള്‍ക്കു സംഭവിക്കാന്‍ പോകുന്ന ദുരന്തം പ്രവചിച്ചിരിക്കുന്നു !!!!!!!!!!!!!!! ബൂലോകംഓണ്‍ലൈനിന്റെ എഡിറ്റെര്മാര്‍ ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്‍മാരും , നോസ്ട്രദമാസ് രചിച്ച ‘ലെ പ്രോഫസിസ് ‘ [പ്രവചനങ്ങള്‍ ] എന്ന ഗ്രന്ഥത്തില്‍ നിപുണന്‍ മാരായ ഫ്രെഞ്ച് ഭാഷാ പണ്ഡിതന്മാരും ആയി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ദുരന്തം അദ്ദേഹത്തിന്റെ  ഗ്രന്ഥത്തില്‍ പ്രവചിച്ചിട്ടുള്ള വസ്തുത നിസ്സംശയം പറയാം എന്നു ഉപദേശം ലഭിച്ചിരിക്കുന്നു .


വേള്‍ഡ് ട്രേഡ് സെന്റെര്‍ ദുരന്തം എന്ന പേരില്‍ പ്രചരിക്കപെടുന്ന ഈ പ്രവചനം രണ്ടായിരത്തി പന്ത്രണ്ടു ജൂലായ്‌ മാസം ആറ്, ഏഴു , എട്ടു എന്നീ തീയതികളില്‍ സംഭവിക്കാന്‍ പോകുന്ന ഇടുക്കി ഡാം തകര്‍ച്ചയുടെ പ്രവചനം ആണ് എന്നു ഈ വിദഗ്തര്‍ തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു.
ഫ്രെഞ്ചിലും  ആംഗലേയത്തിലും ഉള്ള കവിതാ രൂപത്തിലുള്ള പ്രവചനങ്ങള്‍ ചുവടെ ചേര്‍ക്കുന്നതോട് ഒപ്പം ആയിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴില്‍ നടത്തിയ ഈ പ്രവചനം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു ചേര്‍ക്കുകയും , പാശ്ചാത്യ വിശാരദന്മാര്‍ കേരളത്തിന്റെ മാപ്പ്, ചൊവ്വ ഗ്രഹത്തിന്റെ സ്ഥാനം മുതലായവ അപഗ്രഥിച്ചു പറഞ്ഞ കാര്യങ്ങള്‍ താഴെ വിശദീകരിക്കുകയും ചെയ്യുന്നു.
Ennosigée feu du centre de terre
Fera trembler au tour de cité neufve:
Deux grands rochiers long temps feront la guerre
Puis Arethusa rougira nouveau fleuve

Earthshaking fire from the centre of the Earth
Will cause tremors around the New City.
Two great rocks will war for a long time,
Then Arethusa will redden a new river.
ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും
ഉയര്ന്നുവന്നൊരു പുതുനഗരം പ്രകമ്പനം കൊളളും
ഇരു മലകള്‍ അത് തടയാന്‍ വിഫലമായ് പൊരുതും
പിന്നെ ജലദേവി പുതിയൊരു , അരുണ നദി തീര്‍ക്കും  .
Idukki-Dam
പാശ്ചാത്യ ജ്യോതിഷത്തില്‍ ദേവീ സ്ഥാനത്തുള്ള വീനസ് തന്റെ ചലനത്തിനാല്‍ തെക്കേ ഇന്ത്യയില്‍ രണ്ടായിരത്തി പന്ത്രണ്ടു മെയ്‌ -ജൂണ്‍ മാസം വിനാശം വിതക്കുമെന്നും , ഇത് പ്രളയം , ഭൂകമ്പം , മുതലായവയിലൂടെ ആയിരിക്കും എന്നും അവര്‍ ഉറപ്പിച്ചു പറയുന്നു . ഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍ , ജനങ്ങള്‍ തമ്മിലുള്ള കലഹം ഇത്യാദി പ്രതീക്ഷിക്കാം അത്രേ. ഇതിന്റെ കൂടെ നോസ്ട്രദാമാസിന്റെ പ്രവചനം ചേര്‍ത്ത് വായിക്കുമ്പോള്‍ , അതി ശക്തം ആയ ഒരു ഭൂകമ്പം ഉണ്ടാകുകയും , ഇപ്പോള്‍ സാമ്പത്തികം ആയി ഉയര്‍ന്നു വരുന്ന ഒരു തെക്കേ ഇന്ത്യന്‍ നഗരം [ കൊച്ചി ] ജനങ്ങളുടെ ഭീതിയാലും ,ഭൂചലനത്തിന്റെ ഭീകരതയാലും നടുങ്ങി വിറക്കും അത്രേ . രണ്ടു മലകള്‍ വിനാശം തടയാന്‍ കുറെ നേരം വിഫലം ആയ ശ്രമം നടത്തും . ഇടുക്കി ഡാം മധ്യത്തില്‍ആയി കാത്തു രക്ഷിച്ചു കുടികൊള്ളുന്ന കുറവന്‍ , കുറത്തി മലകള്‍ ആണ് അത്രേ നാശം തടയാന്‍ മണിക്കൂറുകളോളം ശ്രമിച്ചു പരാജപ്പെടുന്ന ആ മലകള്‍ .
ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ , ജലദേവത [ജലപിശാചു ] ചുവന്ന ജലത്തില്‍ സംഹാര താണ്ടവം ആടി ഒരു പുതിയ വന്‍ നദി സൃഷ്ട്ടിക്കും എന്നും ആണ് പ്രവചനം . ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴാ ,അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണം ആകുന്ന ജല പ്രവാഹം എന്നു നോസ്ട്രദാമസ് അര്‍ഥം ആക്കുന്നു . ലണ്ടന്‍ അഗ്നിബാധ , ലോക മഹായുദ്ധങ്ങള്‍ ഇവ കൃത്യം ആയി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണെന്നും , ഇതുവരെ നടത്തിയ ഗവേഷണങ്ങളില്‍ മുല്ലപെരിയാര്‍ -ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാന്‍ കഴിയും എന്നും അവര്‍ അവകാശപ്പെടുന്നു . ഇത് ലോകത്തില്‍ അതുവരെ നടന്നിട്ടുള്ള ദുരന്തങ്ങിളില്‍ ഏറ്റവും വലുത് ആയിരിക്കും എന്നും അവര്‍ പ്രവചിക്കുന്നു .
ഈശ്വരന്‍ നമ്മെ രക്ഷിക്കട്ടെ എന്നും ഈ പ്രവചനം തെറ്റ് ആകട്ടെ എന്നും ഞങ്ങള്‍ അകമഴിഞ്ഞ് പ്രാര്‍ഥിക്കുന്നു .
















15 Nov 2011

ശവംതീനി കഴുകന്മാരെ വേട്ടയാടി പിടിക്കൂ

അരുൺ കൈമൾ




സൌമ്യ കൊലപാതകത്തിലെ പ്രതി ഗോവിന്ദചാമി ഒരു അന്താരാഷ്ട്ര ലൈംഗിക ഭീകരനോ ? മലയാളക്കരയെ നടുക്കിയ ട്രെയിന്‍ ബലാത്സംഗ- കൊലപാതക സംഭവത്തിലെ വില്ലനായ ഗോവിന്ദചാമിയുടെ വിചാരണ നടക്കുകയാണ് ഇപ്പോള്‍ . അവിടെ അരങ്ങേറിക്കൊണ്ടിരിന്ന അസാധാരണ സംഭവങ്ങളുടെ അര്‍ഥം എന്താണ് ? . ആരാണ് ഈ ഗോവിന്ദചാമി . കുറ്റാന്വേഷകന്റെ മനസ്സും ,ഇരുമ്പുലക്ക പോലെ പ്രതികരണ ശേഷിയും ഉള്ള മലയാളിക്ക് ഇതൊന്നും അറിയണ്ടേ ?

ലോകം ആകമാനമുള്ള മലയാളികളെ കരയിപ്പിച്ചു കൊണ്ട് ,സൌമ്യ എന്ന പെണ്‍കുട്ടി റെയില്‍വേ ട്രാക്കില്‍ മാരകമായ പരുക്കളോടെ ഒരു കൊടും ക്രൂരനാല്‍ ബലാല്‍സംഗത്തിന് ഇരയായപ്പോളും നാട്ടുകാരുടെ കരുണയാല്‍ എത്തിപ്പെട്ട ആശുപത്രിക്കിടക്കയില്‍ പിടഞ്ഞു മരിച്ചപ്പോഴും മലയാളി കണ്ണീരില്‍ കുതിര്‍ന്ന രോഷം പ്രകടമാക്കി . സൗമ്യയുടെ അമ്മ തുണിയില്‍ പൊടിഞ്ഞ മകളുടെ മൃതദേഹം കെട്ടിപിടിച്ചു കരയുന്നത് നമ്മളും ചാനലില്‍ കണ്ടു കൂടെക്കരഞ്ഞു . ഇനി ഒരു അമ്മയ്ക്കും ഈ ഗതി വരരുതേ എന്ന് പ്രാര്‍ത്ഥിച്ചു . ട്രെയിനില്‍ ഇരകളെ വേട്ടയാടാന്‍ തക്കം പാര്‍ത്തു ചുവന്ന കണ്ണും , നാറുന്ന ദേഹവുമായി പതിയിരിക്കുന്ന ഒറ്റക്കയ്യന്‍ ഗോവിന്ദചാമിയെ ജീവനോടെ ചുടണം എന്ന് ആക്രോശിച്ചു !!! ഇനി ഒരു പെണ്‍കുട്ടിയെയും ആ ഭീകരമായ ഒറ്റകൈ ഞെരിച്ചു കൊല്ലരുതേ എന്ന് പ്രാര്‍ത്ഥിച്ചു . ട്രെയിനില്‍ പ്രതികരിക്കാതെ ഇരുന്ന കുറേപ്പേരെ ശപിച്ചു .ഇവിടെ തീര്‍ന്നോ നമ്മുടെ രോഷം . അതിനുശേഷം അരങ്ങേറിയ അസാധാരണ സംഭവങ്ങള്‍ ഒന്നും നമ്മള്‍ കണ്ടില്ലേ ? .
കേരളത്തിലെ വക്കീലെന്മാര്‍ ഈ നരാധമന് വേണ്ടി വാദിക്കണോ വേണ്ടയോ എന്ന് സംശയം പ്രകടിപ്പിച്ചു നിന്നപ്പോള്‍ , ഇന്ത്യയില്‍ തന്നെ കൊടുംക്രൂരന്മാര്‍, ബലാത്സംഗവീരന്മാര്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട അനേകം പേരെ പുഷ്പം പോലെ അഴിക്കുപുറത്തു കൊണ്ടുവന്നിട്ടുള്ള , ക്രൂരബലാത്സംഗ കേസ്കളുടെ സ്പെഷ്യലിസ്റ്റ് ആയ ഒരു വക്കീല്‍ മുംബെയില്‍ നിന്ന് പറന്നിറങ്ങുന്നു . കേരളത്തിലെ ഒരു സ്പെഷ്യലിസ്റ്റ് വക്കീല്‍ സംഘം അദ്ദേഹത്തെ സഹായിക്കാന്‍ കച്ച കെട്ടിയിറങ്ങുന്നു . ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഇവര്‍ക്ക് ആര് പണം കൊടുക്കുന്നു ? മലയാളിക്ക് ഇത് അറിയേണ്ടേ ?

ഒരു ഹിന്ദു സംഘടന ആരോപിക്കുന്നു ,ഗോവിന്ദചാമിയുടെ ശരിയായ പേര് ചാര്‍ളി തോമസ്‌ എന്നാണെന്നും , ഇയ്യാള്‍ ആകാശപറവകള്‍ എന്ന യാചകരെ മത പരിവര്‍ത്തനം ചെയ്യുന്ന ക്രിസ്ത്യന്‍ മിഷന്‍ സംഘത്തിലെ പ്രവര്‍ത്തകന്‍ ആണെന്നും . സൌമ്യ മത പരിവര്‍ത്തനം ചെയ്യാത്തതിന്റെ വൈരഗ്യത്തിലാണ് കൊലപ്പെടുത്തിയത് എന്ന് ഈ സംഘടനയുടെ വെബ്‌സൈറ്റ് ആരോപിക്കുന്നു . ബീ എ ആളൂര്‍ എന്ന പ്രഗല്‍ഭ വക്കീലിനെ വരുത്തിയതും പണം കൊടുക്കുന്നതും ആകാശപറവകള്‍ ആണെന്നും അവര്‍ പറയുന്നു . ബീ എ ആളൂര്‍ [ബിജു ആന്റണി ആളൂര്‍ ] വക്കീല്‍ ഹിന്ദു സംഘടനകളില്‍ നിന്നും പോലീസുസംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു .

വക്കീല്‍ ഇങ്ങനെ പ്രസ്താവിച്ചു അത്രേ ‘ എന്റെ മനസ്സ് സൌമ്യയുടെ കൂടെയാണ് ,പക്ഷെ ഗോവിന്ദചാമി നിരപരാധി ആണ് . ഗോവിന്ദ ചാമി ,ചാര്‍ളി തോമസ്‌ ആണെങ്കില്‍ തന്നെ , മതപരിവര്‍ത്തനത്തിന്റെ പേരില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു ബലാല്‍സംഗം ചെയ്തു കൊല്ലുക എന്നത് യുക്തിക്ക് നിരക്കാത്തത് ആണ് . മനുഷ്യത്വത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ മത സംഘടന ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്തിയാല്‍ പോലും , അത് ലക്ഷങ്ങള്‍ മുടക്കി ഇന്ത്യയിലെ ഏറ്റവും സ്പെഷ്യലിസ്റ്റ് ടീംനെ ആകുമ്പോള്‍ ,അത് മനുഷ്യത്വതിനേക്കാള്‍ , മറ്റെന്തോ അജെണ്ടയുടെ പേരിലല്ലേ ? ഗോവിന്ദചാമി നിരപരാധി ആണെന്ന് വരേണ്ടതും ,അയാള്‍ പുറത്തു വരേണ്ടതും ആരുടെയോ അധികമായ ആവശ്യമാണ് ? അത് ആരാണെന്നു മലയാളിക്ക് അറിയേണ്ടേ ? എവിടെപ്പോയി നമ്മുടെ മാധ്യമങ്ങളുടെ അന്ന്വേഷണആത്മക പത്ര പ്രവര്‍ത്തനം ?
കോടതിയില്‍ ആദ്യപടി വാദം നടന്നത് എഫ് ഐ ആര്‍ലും പോലീസിന്റെ നടപടി ക്രമങ്ങളിലും ഉള്ള അനേകം പാളിച്ചകളെ ആസ്പദമാക്കിയാണ് . ആരാണ് ഈ പാളിച്ചകള്‍ക്ക് പിന്നില്‍ ? ഗോവിന്ദചാമിക്ക്‌ എതിരെ ഉള്ള ഏറ്റവും വലിയ തെളിവായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്, ഫോറന്‍സിക് മെഡിസിന്‍ പ്രൊഫസര്‍ ഷേര്‍ളി വാസുവിന്റെ സാക്ഷിമൊഴിയാണ് .

ശാസ്ത്രീയമായി ഉള്ള പോസ്റ്റ്‌മോര്ട്ടെം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ മൊഴി ഗോവിന്ദചാമിക്ക്‌ കൊലക്കയര്‍ നേടികൊടുക്കാന്‍ പര്യാപ്തമായിരുന്നു . പോസ്റ്റ്‌മോര്ട്ടെം നടത്തിയ ടീമിന്റെ ഹെഡ് എന്ന നിലയില്‍ ഈ ഡോക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ എഴുതാനും , തിരുത്താനും , സമര്‍പ്പിക്കുവാനും എല്ലാ അധികാരവും ഉണ്ടെന്നിരിക്കെ ഒരു കീഴുദ്യോഗസ്ഥ്ന്‍ ആയ ഡോക്ടര്‍ ഉന്മേഷ് , തന്റെ കരിയര്‍ പോലും ബാധിക്കപെടാവുന്ന, ജീവന് പോലും ഹാനിയുണ്ടാക്കാവുന്ന ഒരു അസ്വോഭാവികമായ വെളിപ്പെടുത്തലും ആയി രംഗത്ത് വന്നിരിക്കുന്നു . സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള ഒരു ഫോറന്‍സിക് ഡോക്ടര്‍ക്ക്‌ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നന്നായി അറിയാവുന്ന നിലക്ക് , ഡിപ്പാര്‍ട്ട്മെന്റിലെ പടലപിണക്കങ്ങള്‍ മാത്രമാണോ , ഗോവിന്ദചാമിക്ക്‌ എതിരെയുള്ള അടിസ്ഥാന പരമായ തെളിവുകള്‍ ദുര്‍ബലപെടുത്താനുള്ള ഈ നീക്കത്തിന്റെ പിന്നില്‍? ആരാണ് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്‌ ? ഈ ആരോപണം ഗോവിന്ദചമിയായാലും ചാര്‍ളി തോമസ്‌ ആയാലും ,ഈ കൊടും ക്രൂരന്റെ ഇരുളിലെ സ്വൈര വിഹാരത്തിന് വഴി വെച്ചാലോ ? അത് ഇന്ത്യയില്‍ എവിടെയായാലും !!!!!!!!!!

മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ കൊടും ക്രൂരകൊലപാതകത്തിന്റെ ഈ ചുരുള്‍ അഴിയാത്ത താളുകള്‍ നിവര്‍ത്തുവാന്‍ ഏതു മാധ്യമം ഉണ്ട് ഇവിടെ ? എവിടെപ്പോയി നമ്മുടെ ചാനല്കാര്‍ ?
നികോളാസ് കേജ് അഭിനയിച്ചു ജോയേല്‍ ഷൂമക്കെര്‍ സംവിധാനം ചെയ്ത എഇറ്റ് എം എം [ 8 MM]എന്ന സിനിമ ചിലര്‍ക്കെങ്കിലും ഓര്മ കാണും . കോടീശ്വരന്‍ മാര്‍ക്ക് വേണ്ടി പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നു ,അതിന്റെ നീല ചിത്രം നിര്‍മിച്ചു നല്‍കുന്ന ഒരു മാഫിയക്കെതിരെ ഒരു പ്രൈവറ്റ് ഡിടെക്ടീവിന്റെ ഒറ്റയാള്‍ പോരാട്ടം . അത്തരം ഒരു മാഫിയയുടെ കണ്ണിയാണോ ഗോവിന്ദചാമി ? ഇനി എത്ര ഗോവിന്ദചാമിമാര്‍, സൌമ്യകളെയും കാത്തു ഇരുളടഞ്ഞ ഇടങ്ങളില്‍ നില്‍ക്കുന്നു ? കുറ്റിക്കാട്ടിലും കൊക്കയിലും ,റയില്‍വേ ട്രാക്കിലും കാണുന്ന എത്ര പെണ്‍കിടാങ്ങളുടെ ശവ ശരീരങ്ങള്‍ കച്ചവട ചരക്കുകള്‍ ആയിട്ടുണ്ട്‌ ? നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും മാംസം ഫിലിമിലാക്കി വിദേശത്തേക്ക് കടത്തുന്നുണ്ടോ ? കോടിക്കണക്കിനു വിദേശ നാണയം ചാരിട്ടിക്കായും മറ്റും കേരളത്തിലേക്ക് പ്രവഹിക്കുന്നതിന്റെ രഹസ്യം എന്താണ് ? തെരുവ് തെണ്ടിയായ ഒരു നരാധമന്റെ സാമൂഹ്യ പ്രാധാന്യം കാണുമ്പോള്‍ ഇതൊക്കെ ചോദിക്കുന്നതില്‍ തെറ്റുണ്ടോ ?


ഈ ഗോവിന്ദചാമിക്ക്‌ പുറകില്‍ സമൂഹത്തിലെ ഉന്നതന്‍മാരുടെയും പരിശുദ്ധന്‍മാരുടെയും ഒരു ലൈംഗിക- കൊലപാതക മാഫിയ ഉണ്ടെങ്കില്‍ അവരുടെ മുഖംമൂടി വലിച്ചുകീറി അവരെ ജനകീയ വിചാരണ ചെയ്യാന്‍ ഒരു പോരാട്ടം നാം തുടങ്ങി വെക്കണം . മുഖ്യധാര മാധ്യമങ്ങള്‍ക്ക് ചെയ്യാന്‍ കഴിവില്ലാത്ത ആ പോരാട്ടം , വിവിധ രംഗത്തെ ജീനിയസുകള്‍ ഉള്‍പെടുന്ന ഓണ്‍ലൈന്‍ സൊസൈറ്റി ഏറ്റെടുക്കണം . നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും മാംസത്തിനു വില പറയുന്ന ആ കഴുകന്മാര്‍ക്ക് എതിരെ ഉള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ സന്മനസുള്ള എല്ലാവരും അവരവരുടെ ബ്ലോഗുകളിലോ ബൂലോകം ഓണ്‍ലൈനിലോ തങ്ങള്‍ക്കു അറിയാവുന്ന കാര്യങ്ങള്‍ ദയവായി പോസ്റ്റ്‌ ചെയ്യൂ . അങ്ങനെ നമുക്ക് ഒളിഞ്ഞിരിക്കുന്ന ഈ ഗോവിന്ദ ചാമികളെ വേട്ടയാടി പിടിക്കാം , അനേകം സൌമ്യ മാരെ രക്ഷിക്കാം


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...