Showing posts with label 26. Show all posts
Showing posts with label 26. Show all posts

24 Jun 2015

മെമ്മറികാര്‍ഡ്‌ തിന്ന അരണ


ജയദേവ്‌ കൃഷ്ണന്‍


ഓര്‍മ്മശക്തി വര്‍ദ്ധിപ്പിയ്ക്കാനണത്രെ
അരണ
മെമ്മറികാര്‍ഡ്‌ തിത്‌,
മനസ്സിലുള്ള അപകര്‍ഷതാബോധമാണ്‌
അതിനെ എട്ട് ജി.ബി. കാര്‍ഡ്‌ തീറ്റയിലെത്തിച്ചത്‌.
ഒന്നോര്‍മ്മിയ്ക്കാന്‍ മാത്രം
സാധിച്ചു -
ചേരയെ തിന്നുന്നിടത്തെത്തിയാല്‍
നടുക്കണ്ടം തിന്നണം.
വംശപാരമ്പര്യം
തന്റെ സമൂഹത്തിനുവരുത്തിയ
നഷ്ടങ്ങളെക്കുറിച്ച്‌
ഏറെ പറയണമെന്നുണ്ട്‌.
പക്ഷേ
എല്ലാം നിമിഷംകൊണ്ട്‌ മറന്നുപോയി.
ചരിത്രപരമായ ഓര്‍മ്മപ്പിശകുകള്‍
കണ്‍മുമ്പില്‍
ദുരന്തങ്ങള്‍ ആവര്‍ത്തിച്ചത്‌,
അതിരുകാത്ത യുവത്വത്തിന്റെ
സംഭൃതശേഷി
ചോര്‍ന്നുപോയത്‌,
അടയാളമോര്‍മ്മിച്ചെടുക്കാനാകാതെ
മാറി മാറി
ഇണചേര്‍ന്നത്‌,
പേരുമറന്ന്
പരിചയപ്പെടുത്താനാകാതെ പോയത്‌,
ചൂരുമറന്ന്
നല്ലകാലം കുപ്പയില്‍ വാണത്‌,
ഒച്ച മറന്ന്
മാപ്പര്‍ഹിയ്ക്കാത്ത മൌനത്തോട്‌
സമരസപ്പെട്ടത്‌,
തലമറ്‌
എണ്ണതേയ്ക്കാന്‍ തുടങ്ങിയത്‌ -
എല്ലാം പറയണമെന്നുണ്ട്‌
പക്ഷേ . . . . . . . .
ഒരരണ ഓര്‍മ്മ വീണ്ടെടുക്കാന്‍
തുടങ്ങുന്ന നിമിഷമാകുമോ
ഈ നൂറ്റാണ്ടിന്റെ ചരിത്രമുഹൂര്‍ത്തം?
മെമ്മറികാര്‍ഡില്‍
ഒരു തലമുറയ്ക്കുവേണ്ട ഓര്‍മ്മകള്‍
പിന്നെ കാടിനുവേണ്ട
ഇലകള്‍
ഒരായുസ്സില്‍ കേട്ടുതീരാത്ത
പാട്ടുകള്‍
മുറിവേറ്റ വസന്തത്തിനുവേണ്ട
പൂവുകള്‍
അമ്പൊടുങ്ങാത്ത
ആവനാഴി
ദഹനക്കേടും
ഉന്മാദവും
ഛര്‍ദ്ദിച്ചുകൂട്ടി‍യ ഓര്‍മ്മകളുമായി
അരണ
കാലത്തിന്റെ
ഐസിയുവിലാണ്‌.

23 May 2015

തനതുനാടകവേദി : പരമ്പരാഗതദൃശ്യകലകളും നാടകവും


മഹേഷ് മംഗലാട്ട്
മലയാളനാടകത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെടുകയും അതിലേറെ അവമതിക്കപ്പെടുകയും ചെയ്ത നാടകപ്രസ്ഥാനമാണ് തനതുനാടകവേദി. 1968ല്‍ കൂത്താട്ടുകുളത്ത് വെച്ച് നടന്ന നാടകക്കളരിയിലാണ് തനതുനാടകവേദി എന്ന ആശയം ആദ്യമായി ചര്‍ച്ചചെയ്യപ്പെടുന്നത്. സി. എന്‍. ശ്രീകണ്ഠന്‍നായര്‍ അവതരിപ്പിച്ച ചര്‍ച്ചാപ്രബന്ധം, കേരളീയനാടകവേദിയുടെ പ്രശ്‌നങ്ങള്‍ പര്യാലോചനാവിധേയമാക്കു കയും പാശ്ചാത്യാശ്രിതമായ നാടകസമ്പ്രദായത്തില്‍ നിന്ന് മാറി, നമ്മുടെ പാരമ്പര്യ ത്തില്‍ അധിഷ്ഠിതമായ രംഗവേദി രൂപം കൊള്ളേണ്ടത് ആവശ്യമാണെന്ന് വാദിക്കുകയും ചെയ്യുന്നു. ഈ ദിശയിലെ ആദ്യത്തെ പരിശ്രമം എന്ന നിലയില്‍ ശ്രീകണ്ഠന്‍നായരുടെ കലി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. ശ്രീകണ്ഠന്‍നായര്‍ അവതരിപ്പിച്ച ആശയങ്ങള്‍ക്ക് അനുരൂപമായ രചനയല്ല കലി എന്നു പറയാമെങ്കിലും, തനതുനാടകവേദി എന്ന ആശയം തന്നെ ആപല്ക്കരമായ ഒന്നാണ് എന്ന നിലയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. അതിനാല്‍ ശ്രീകണ്ഠന്‍നായരുടെ പ്രബന്ധം വെളിവാക്കുന്ന പ്രശ്‌നഭൂമികയെന്തെന്ന് പരിശോധിക്കേണ്ടതുണ്ട്.

കേരളീയമായ ദൃശ്യകലാപാരമ്പര്യത്തിന്റെ ഒരു തുടര്‍ച്ചയല്ല, മറിച്ച് ഒരു വിച്ഛേദമാണ് ആധുനികനാടകവേദിയുടെ ആവിര്‍ഭാവത്തില്‍ കാണുന്നത് എന്ന പൂര്‍വ്വാനുമാന ത്തില്‍ നിന്നുമാണ് പ്രബന്ധം തുടങ്ങുന്നത്. പാശ്ചാത്യാശ്രിതമായ വളര്‍ച്ചയാണ് കേരളീയ നാടകവേദിയുടേത് എന്നു തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നു. അന്ത:സത്തയിലും രൂപഘടന യിലും ഭാരതീയവും പാശ്ചാത്യവുമായ നാടകസമ്പ്രദായങ്ങള്‍ പരസ്പരം എതിരിട്ടുനില്ക്കുന്നതാണെന്നും അതിനാലാണ് പാശ്ചാത്യനാടകവേദിയെ പിന്തുടരുന്ന നമ്മുടെ രംഗകലാപ്രവര്‍ത്തനങ്ങള്‍ നമ്മുടെ ആത്മഭാവമായിത്തീരാത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിനാല്‍ കേരളത്തിലെ ക്ലാസ്സിക്കലും പരമ്പരാഗതവുമായ കലാപൈതൃകത്തില്‍ വേരൂന്നിയുള്ള ഒരു നാടകസമ്പ്രദായം രൂപംകൊള്ളേണ്ടതുണ്ടെന്നും പ്രബന്ധം നിര്‍ദ്ദേശിക്കുന്നു.

ശ്രീകണ്ഠന്‍നായരുടെ പ്രബന്ധത്തില്‍ ഉന്നയിച്ചിട്ടുള്ള ആശയങ്ങള്‍ കേരളത്തിലെ നാടകപ്രവര്‍ത്തനത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഏതൊരു പഠിതാവിനും സ്വീകാര്യമാകുന്നവയാണ്. തനതുനാടകവേദിയുടെ പ്രയോഗരീതിയോടാണ് വിയോജിപ്പ് ഉണ്ടാകുന്നത് എന്ന് അതിനാല്‍ കരുതാവുന്നതാണ്. പരമ്പരാഗതമായ കലാരൂപങ്ങളിലെ വേഷം, താളം, അവതരണസമ്പ്രദായം എന്നിവ നാടകവേദിക്കു ചേരാത്തതാണെന്നും അതിനാലാണ് ജനസാമാന്യം ഇത്തരം നാടകങ്ങളെ തള്ളിക്കളഞ്ഞതെന്നുമുള്ള വിശദീകരണം ഇന്നും വ്യാപകമായി പ്രചാരത്തിലുണ്ട്. ജീവിതയാഥാര്‍ത്ഥ്യങ്ങളോട് സത്യസന്ധത പുലര്‍ത്താത്ത ധൈഷണികനാട്യം എന്ന നിലയില്‍ അവമതിക്കപ്പെടുകയും ചെയ്യുന്നു. സത്യാത്മകങ്ങളായ നാടകങ്ങളായി ജനപ്രീതിനേടിയ കമ്പനി നാടകങ്ങളെ മറുവശത്തു പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഒരു സംവാദതലമാണ് ഇതെന്നു കാണാം.

ആധുനികമലയാളനാടകവേദിയുടെ ചരിത്രത്തില്‍ രണ്ടു സവിശേഷഘട്ടങ്ങളില്‍ നമ്മുടെ നാടകവേദിയുടെ പ്രശ്‌നങ്ങള്‍ പര്യാലോചനാവിധേയമാകുന്നുണ്ട്. സ്വാതന്ത്ര്യപ്രാപ്തിയെത്തുടര്‍ന്ന് ഉണ്ടായ രാഷ്ട്രീയവും സാംസ്കാരികവുമായ സന്ദേഹങ്ങളുടെ ഘട്ടമാണ് ആദ്യത്തേത്. വി.ടി.ഭട്ടതിരിപ്പാട്, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, പി.സി.കുട്ടിക്കൃഷ്ണന്‍ എന്നിവര്‍ പങ്കാളികളായിരുന്ന ഈ ഘട്ടത്തിലെ അന്വേഷണത്തിന്റെ താത്വികമായ അടിത്തറ എം.ഗോവിന്ദനും എന്‍.ദാമോദരനും രൂപപ്പെടുത്തിയതായിരുന്നു. മനുഷ്യന്റെ ആത്മീയമായ ആവിഷ്കാരങ്ങള്‍ സാധ്യമാകുന്ന അവസ്ഥയാണ് സ്വാതന്ത്ര്യം എന്നും അതു സാധ്യമാവുക, മനുഷ്യര്‍ക്കിടയിലെ അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ സമരങ്ങളിലൂടെയാണെന്നുമുള്ള വിശ്വാസമാണ് കലാസമിതിപ്രസ്ഥാനത്തിനു പിറകില്‍ ഉണ്ടായിരുന്നത് .നിശ്ചിതമായ ഒരു കര്‍മ്മപദ്ധതിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാടകപ്രവര്‍ത്തനം വ്യാപകമായി സംഘടിപ്പിക്കുകയും ഏകോപി പ്പിക്കുകയും ചെയ്യുന്ന ആദ്യത്തെ സന്ദര്‍ഭമായി ഇതിനെ തിരിച്ചറിയേണ്ടതുണ്ട്. കമ്പനിനാടകങ്ങളുടെ രീതിയില്‍നിന്നു മാറി പ്രാദേശികമായി നാടകരചനയും അവതരണവും സാധ്യമാകുന്ന ഒരവസ്ഥ ഇതിന്റെ ഫലമായി രൂപപ്പെട്ടു. നിരവധി പുതിയ നാടകകൃത്തുക്കള്‍ തങ്ങളുടെ ചുറ്റുപാടുമുള്ള ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അരങ്ങിലെത്തിച്ചു. സാംസ്കാരികമായ നവോത്ഥാനത്തിന് അരങ്ങൊരുക്കാന്‍ കാലാസമിതിപ്രസ്ഥാനത്തിനു സാധിച്ചു. ഇക്കാലത്തെ നാടകങ്ങള്‍ ആത്മാര്‍ത്ഥതയുടേയും സത്യസന്ധതയുടേയും ആവിഷ്കാരങ്ങളായിരുന്നുവെന്ന് അതിശയോക്തിയില്ലാതെ പറയാം.

ഉത്തരകേരളത്തിലെ രംഗവേദിയിലെ പ്രബുദ്ധത തിരുവിതാംകൂറിലെ നാടകവേദിയിലേതില്‍ നിന്നും വ്യത്യസ്ഥമായിരുന്നു. എന്‍.കൃഷ്ണപിള്ളയെപ്പോലുള്ള നാടകകൃത്തുക്കളുടെ രചനകളെക്കാള്‍ ഭാവചപലമായ നാടകങ്ങള്‍ക്കായിരുന്നു അവിടെ പ്രമുഖ്യം. സംഗീതനാടകകാലത്തിന്റെ തുടര്‍ച്ചയായ കമ്പനിനാടകങ്ങളാണ് അവിടെ അരങ്ങ് കയ്യടക്കിയിരുന്നത്. അതിനാല്‍ അമേച്വര്‍ നാടകരംഗം ദുര്‍ബ്ബലമായിരുന്നു. സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലെ സാമൂഹിക- സാംസ്കാരികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അപര്യാപ്തമായ രംഗമാതൃകകളാണ് നിലനിന്നിരുന്നത്. അതിനാല്‍ അമ്പതുകളിലെ കേരളീയനാടകവേദി ഉത്തരകേരളത്തിലേതും ദക്ഷിണകേരള ത്തിലേതുമായ രംഗമാതൃകകളുടെ സംഘര്‍ഷവേദിയായിരുന്നുവെന്നു നിരീക്ഷിക്കാവുന്നതാണ്. മലബാര്‍ കേന്ദ്രകലാസമിതിയുടെ വാര്‍ഷികനാടകോത്സവത്തില്‍ തിരുവിതാംകൂര്‍, കൊച്ചി പ്രദേശത്തുള്ള നാടകപ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന വസ്തുത ഇവിടെ രേഖപ്പെടുത്തട്ടെ. കലാസമിതി പ്രസ്ഥാനത്തിന്റെ അപചയത്തോടെ ഈ സംവാദമാണ് അവസാനിച്ചത്. ഇത്തരം ഒരു സാഹര്യത്തിലാണ് കൂത്താട്ടുകുളത്തെ ഒത്തുചേരലും പുതിയ ദിശയിലുള്ള അന്വേഷണവും നടക്കുന്നത്.

തനതുനാടകവേദി ദ്വിമുഖമായ അന്വേഷണമാണ്. ദേശത്തിന്റെ തനിമയും നാടകത്തിന്റെ തനിമയും അരങ്ങില്‍ സാക്ഷാത്കരിക്കാനാണ് തനതുനാടകവേദി ശ്രമിക്കുന്നത്. ഒരു ദേശത്തിന്റെ സാംസ്കാരികമുദ്രകള്‍ തലമുറകളിലൂടെ പകര്‍ന്ന് രൂപപ്പെട്ട പുരാവൃത്തങ്ങളുടെ ഘടന അക്കാരണത്താല്‍ തനതുനാടകവേദിയുടെ അടിത്തറയായിത്തീരുന്നു. അരങ്ങിന്റെ പരമ്പര്യം ശൈലീകരണത്തിന്റേതാണ്. പരമ്പരാഗതകലാരൂപങ്ങളും ക്ലാസ്സിക്കല്‍ രംഗകലകളും ശൈലീകരണത്തിന്റെ പാരമ്പര്യമാണ് പിന്തുടരുന്നത്. അനുഷ്ഠാനപരമായ അംശങ്ങള്‍ ഉള്‍ച്ചേര്‍ത്ത പുരാവൃത്തച്ഛായയുള്ള പ്രമേയങ്ങള്‍ ശൈലീകൃതമായ രംഗശില്പങ്ങളായി അവതരിപ്പിക്കുകയാണ് തനതുസങ്കല്പത്തില്‍ അധിഷ്ഠിതമായ നാടകങ്ങളില്‍ ചെയ്യുന്നത്.

ഇന്ത്യയിലെ ഇതരപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ നാടോടിസംസ്കാരം ദുര്‍ബ്ബലമാണ്. പരമ്പരാഗതജീവിതരീതി ജാതിവ്യവസ്ഥയിലും ഫ്യൂഡല്‍ ഉല്പാദനബന്ധത്തിലും അധിഷ്ഠിതമായിരുന്നു. മനുഷ്യസമത്വത്തെ സംബന്ധിച്ച സങ്കല്പങ്ങള്‍ക്ക് ഇടം നല്‍കാത്ത ഒരു അധികാരവ്യവസ്ഥയാണ് അതിനെ നിലനിറുത്തുന്നത്. കേരളത്തില്‍ പത്തൊമ്പതാം ശതകത്തിന്റെ അവസാനത്തില്‍ തുടക്കം കുറിച്ച നവോത്ഥാനപരിശ്രമങ്ങള്‍ ഈ അധികാരവ്യവസ്ഥയെ തകര്‍ക്കുകയും മനുഷ്യര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന ആശയസംഹിതകള്‍ക്കെതിരെ പോരാടുകയും ചെയ്തു. ഇതിന്റെ ഭാഗമായി പഴയ ആചാരാനുഷ്ഠാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും വികലീകരിക്കപ്പെടുകയും ചെയ്തു. ജനാധിപത്യബോധത്തില്‍ വേരൂന്നിയുള്ള പുതിയ ജീവിതരീതി രൂപം കൊള്ളുന്നത് ഇപ്രകാരമാണ്. അതിനാല്‍ നാടോടികലാരൂപങ്ങള്‍ അവയുടെ സ്വാഭാവികപരിസരത്തില്‍ നിന്ന് മാറ്റി പ്രയോഗിക്കുക ഈ കാലഘട്ടത്തില്‍ വ്യാപകമായി നടന്ന പ്രവര്‍ത്തനമാണ്. അക്കാരണത്താല്‍ അവയുടെ പവിത്രത നഷ്ടമാവുകയും ലഘൂകരിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ സ്ഥാനഭ്രംശം സംഭവിച്ച കലകള്‍ക്ക് ഒരു ജനസമൂഹത്തിന്റെ ആത്മവത്തയെ പ്രതിനിധാനം ചെയ്യുവാല്‍ സാധിക്കുകയില്ല.

തനതുനാടകവേദി അഭിമുഖീകരിച്ച താത്വികപ്രശ്നം സ്ഥാനഭ്രംശം സംഭവിച്ച പരമ്പരാഗത-ക്ലാസ്സിക്കല്‍കലകളുമായി ബന്ധപ്പെട്ടതാണ്. ആധുനികീകരണത്തിനുള്ള അതിതീവ്രത്വര പ്രകടിപ്പിച്ച സമൂഹത്തെ പ്രതിനിധാനം ചെയ്യാന്‍ തനതുനാടകവേദിക്കു സാധിക്കാതിരിക്കാന്‍ കാരണമതാണ്. എങ്കിലും തനതുനാടകവേദി,കേരളത്തിലെ നാടകവേദിയുടെ ചരിത്രത്തിലെ മറ്റൊരു വിച്ഛേദത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്നു കാണാവുന്നതാണ്. പ്രൊസീനിയം അരങ്ങിന്റെ പവിത്രതയെ സംബന്ധിച്ച ധാരണകള്‍ തകര്‍ത്ത് തുറസ്സായ കളിസ്ഥലങ്ങള്‍ കണ്ടെത്തുന്നുവെന്നത് തനതുനാടകവേദിയുമായി ബന്ധപ്പെട്ട് സംഭവിച്ച പരിണാമമാണ്. അവതരണസാഹചര്യം(Performing Circumstamce) നാടകത്തെ നിര്‍ണ്ണയിക്കുന്ന ഘടകമായി തിരിച്ചറിയപ്പെടുന്നത് ഈ സന്ദര്‍ഭത്തിലാണ്.

തനതുനാടകവേദിക്കു ശേഷമുള്ള കാലഘട്ടത്തിലെ നാടകപ്രവര്‍ത്തനം അവതരണസാഹചര്യത്തെക്കുറിച്ചുള്ള ബോധത്തെ സര്‍ഗ്ഗാത്മകമായി ഉപയോഗിക്കുന്ന കലാകാരന്മാരുടേതാണ്. കെ.ജെ.ബേബിയുടെ നാടുഗദ്ദിക മുതല്‍ നിരവധിയായ തെരുവുമൂലനാടകങ്ങളെല്ലാം പങ്കിടുന്നത് ഈ ബോധമാണ്.

രാമചന്ദ്രന്‍ മൊകേരി

സമകാലികനാടകാവതരണത്തിന്റെ ഒരു മാതൃക ഉദാഹരിച്ച് നാഗരികഫോക്കിന്റെ ആവിഷ്കാരമായി നാടകം മാറുന്നതെങ്ങനെയെന്ന് വിശദീകരിക്കാം.
ഈയിടെ വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും രാഷ്ട്രീയമായ പ്രതികരണങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത പെണ്‍വാണിഭത്തെ പ്രശ്‌നവല്കരിക്കുന്ന രാമചന്ദ്രന്‍ മൊകേരിയുടെ നാടകങ്ങള്‍ പരിശോധിക്കാം. കോഴിക്കോട് നഗരത്തിലെ കിഡ്‌സണ്‍ കോര്‍ണറില്‍ എസ്.കെ.പൊറ്റെക്കാടിന്റെ പ്രതിമയ്ക്കു മുമ്പില്‍ വൈകുന്നേരം ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ച് മൊകേരിയുടെ നാടകാവതരണം പുരോഗമിക്കുകയാണ്. കാഴ്ചക്കാരുമായുള്ള നിരന്തരസംവാദങ്ങളിലൂടെ പങ്കാളിത്തത്തോടെയുള്ള അവതരണം നടക്കുന്നതിനിടയില്‍ നാടകാവതരണം തടയാന്‍ പോലീസ് കടന്നു വരുന്നു. "നോക്കൂ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കടന്നുവരികയാണ്. അയാള്‍ക്ക് നമ്മളോട് ചിലത് പറയാനുണ്ട്. എന്താണ് അയാള്‍ക്കു പറയാനുള്ളതെന്ന് നമ്മുക്ക് കേള്‍ക്കാം".മൊകേരിയുടെ ഈ സംഭാഷണം അവതരണസ്ഥലത്തിന്റെ പരിധിക്കുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്നും പോലീസുകാരന്‍ സ്വയം പിന്‍വാങ്ങാന്‍ കാരണമാകുന്നു. ഒരു തെരുവുമൂല രംഗവേദിയാവുകയും അവിയെയുള്ള മുഴുവന്‍ മനുഷ്യരും നാടകത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. ചര്‍ച്ച ചെയ്യപ്പെടുന്ന പ്രശ്നത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ വെളിപ്പെടുത്തുന്ന രംഗപ്രവേശമാണ് പോലീസുകാരന്റേത്.

ജീവിതഭിന്നമായ നാടകത്തെക്കുറിച്ചുള്ള കാല്പനികധാരണകള്‍ക്കപ്പുറം കടന്നു ചെല്ലുവാനും നമ്മുടെയൊക്കെ ജീവിതത്തിലെ നാടകത്തെ അനാവരണം ചെയ്യാനും പലപ്പോഴും നാം കോമാളികളോ ട്രാജിനായകന്മാരോ ആയിത്തീരുന്ന ദുരന്തസന്ധിയിലാണെന്നുമുള്ള ബോധമാണ് പുതിയ രെഗാവതരണത്തിലുള്ളത്. അരങ്ങിലെ നാടോടിസ്വാധീനത്തെക്കുറിച്ചുള്ള ധാരണകള്‍ ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ പുന:പരിശോധക്കേണ്ടതാണ്;വിശദീകരിക്കപ്പെടേണ്ടതുമാണ്.

22 Apr 2015

മാലാഖ







ഇന്ദിരാബാലൻ

അനിയതമായി ഒഴുകുന്ന
വെണ്മേഘശകലങ്ങളിൽ നിന്നും
തൂവലിനേക്കാൾ മൃദുത്വമേറിയ
ചിറകുകൾ വീശി ഭൂമിയുടെ
അജ്ഞാത താഴ്‌വാരത്തിലേക്ക്‌
പറന്നിറങ്ങിയ നീ ആരായിരുന്നു?
മുന്നിലെ വെള്ളക്കടലാസിന്റെ
ഘനീഭവിച്ച ശൂന്യതയിൽ
വറ്റിവരണ്ട മനസ്സുമായി
ഞാനിരിക്കുമ്പോൾ, കൊക്കിൽ നിറയെ
അക്ഷര മണികളുമായി നീയെത്തിയില്ലേ?
എന്റെ മുന്നിലെ താളുകളിൽ
ചിന്തയുടെ ഉതിർമണികൾ നീ വിതറി................
വികാരങ്ങളുടേയും, വിചാരങ്ങളുടേയും
പുഴ പതഞ്ഞൊഴുകിയപ്പോൾ
ഭൂമിയുടെ കാണാമറയത്തു നിന്ന്‌
നോക്കിയൂറിച്ചിരിച്ചതും നീയായിരുന്നില്ലേ?
നിന്റെ ചിരി അർത്ഥങ്ങളുടെ കടലായിരുന്നു.......................
ഏതു വിശേഷണമാണ്‌
ഞാനാ ചിരിക്കു നൽകേണ്ടത്‌?
അലങ്കാരങ്ങളും, രൂപകങ്ങളും
കാലത്തിന്റെ ചുഴിക്കുള്ളിൽ
കുടുങ്ങിയിരിക്കുന്നു:
ഇവിടെ വർത്തമാനത്തിന്റെ
വക്രിച്ച മുഖങ്ങൾ മാത്രം
സ്നേഹരാഹിത്യത്തിന്റെ
കയ്‌പ്പേറിയ പൊള്ളുന്ന ഭാവങ്ങൾ മാത്രം......
മഴവില്ലിന്റെ അഴകു വിരിയുന്ന
ദീപ്ത സ്വപ്‌നങ്ങൾ മാഞ്ഞിരിക്കുന്നു..!
മഞ്ഞുപുതപ്പണിഞ്ഞ
പ്രഭാതത്തിന്റെ കൈവരികളിൽ
നീ വന്നിറങ്ങുമ്പോൾ
നിന്റെ നീലക്കണ്ണുകളിൽ
കവിതയിലെ നനാർത്ഥങ്ങളുടെ
താമരയിതളുകൾ വിരിയുന്നത്‌
ഞാൻ കണ്ടു:
നിന്റെ അസ്വസ്ഥതകളെ, അന്തഃസംഘർഷങ്ങളെ
തൂത്തെറിഞ്ഞ്‌ , നീ ആവോളം
സ്വപ്നങ്ങളിൽ മുങ്ങിക്കുളിച്ചാലും...
ഞാനിതാ മഴവില്ലു വിരിയുന്ന
സ്വപ്‌നപൂക്കൂടയുമായെത്തിയിരിക്കുന്നു.
എന്ന്‌ നീയെന്നോടു പറഞ്ഞില്ലേ?
നിന്റെ ശബ്ദത്തിൽ വസന്തങ്ങളുടെ വർണ്ണങ്ങൾ
അലിഞ്ഞുചേർന്നിരിക്കുന്നു
പൊയ്‌പോയ പ്രണയസ്മൃതികളുടെ
ഊഷ്‌മള ലോകം ,ആ ശബ്ദത്തിൽ
ഉയിർത്തെഴുന്നേറ്റു......
അതെന്നെ ഉന്മിഷിത്തമാക്കി...................
ഇലച്ചാർത്തുകളിൽ ഉരുണ്ടുകളിക്കുന്ന
സ്ഫടികമണികളിൽ പ്രതിഫലിച്ചതും
നിന്റെ രൂപം തന്നെയായിരുന്നു.
വാത്സല്യദുഗ്‌ദ്ധം ചുരത്തി

ഈ കലാപമണ്ണിന്നടരുകൾക്ക്‌
സാന്ത്വനത്തിന്റെ കുളിർവ്വലയം
അണിയിപ്പിച്ചതും നീയായിരുന്നു.
അപ്പോഴും നീ ആരെന്ന ചോദ്യം
എന്നുള്ളിൽ ഒരു മണിമുഴക്കമായി
ഒരശരീരി പോലെ ഞാനത്‌ കേട്ടു,
പ്രതിസന്ധികളുടേയും, സാന്ദ്രദുഃഖങ്ങളുടേയും
മതിൽക്കെട്ടുകൾ ഭേദിച്ച്‌
ആകാശക്കോണിൽ നിന്ന്‌ മണ്ണിലേക്ക്‌ ഇറങ്ങിവന്ന ഇവൾ
അനുഭവചൂളയിലൂടെ വിമലീകരിക്കപ്പെട്ടവൾ
രോഗാതുരതകളകറ്റി
സ്നേഹചഷകം നിറയ്ക്കുവാൻ
വന്ന മാലാഖ
അതെ, ഇവൾ മാലാഖയാണ്‌......................!

11 Mar 2015

ന്യായം

എൽ.തോമസ്കുട്ടി

നടന്നത് അന്യായമാണ്
അതിനെതിരേ കൊടുക്കേണ്ടതും
അന്യായമാണ്
അന്യായത്തിനെതിരെ
അന്യായം കൊടുക്കുന്നത്
ന്യായമാത്രെ!
അപ്പോള്‍ ഒരാള്‍
ന്യായം വാദിക്കും
എതിരാള്‍ അപന്യായം പറയും
ന്യായ അന്യായ അപന്യായങ്ങളെ
ആധാരമാക്കിയാത്രേ
വിധിന്യായം?

21 Feb 2015

തെങ്ങിനിടയിൽ കൂവ കൃഷി ചെയ്ത്‌ ഭാവിയിൽ വൻ വരുമാനം നേടാം

15 Jan 2015

ആർക്കറിയാം ?





മുയ്യം രാജൻ

കൊടുങ്കാറ്റെന്ന കള്ളക്കാമുകന്റെ
ചൂളം വിളിയിൽ കരൾ കുരുങ്ങിയാണ്‌
മഴപ്പെണ്ണ്‌ (കള്ളക്കാമുകി) അവനോടൊപ്പം
ഒളിച്ചോടിപ്പോയിരിക്കുന്നത്‌ !
കലിതുള്ളി വരുന്ന അടുത്ത
കാലവർഷത്തിലെങ്ങാനുമവൾ
വഴി പിഴച്ച്‌ കയറി വരുമോ ?
പറക്കമുറ്റാത്ത അവരുടെ
മഴക്കുഞ്ഞുങ്ങളെ
കൂടെ കൊണ്ടു​‍ു പോരുമോ ?
പെരുവഴിയിലുപേക്ഷിക്കുമോ?
കടലിലൊഴുക്കുമോ ?
കൊടുങ്കാട്ടിലെറിയുമോ?

ആർക്കറിയാം ?

ഇടിമിന്നലായഛൻ
മുടിയഴിച്ചിട്ടാടുന്ന അമ്മയോട്‌
ച്ചറൂപറെ മുറുമുറുക്കുന്നതെന്താണ്‌?
കാരാകർക്കടകത്തോട്‌ മകൾ കിടപിടിക്കേൺണ്ട
 മുഴുപ്പട്ടിണിയെക്കുറിച്ചോ?
അതോ, അവരുടെ പുന്നാരപ്പൂമകൾ
വേനലറുതിയിൽ
ഉരുകിയൊലിക്കുമെന്നോ ?

ആർക്കറിയാം ?

അലമുറയിട്ടാർത്തട്ടഹസിച്ച്‌
നാളെ പടികയറുക
മഴയാണോ, പുഴയാണോ ?
നാടിനെ അടിമുടി കടപുഴക്കുന്ന
ഏതെങ്കിലും പുതിയ മഹാമാരിയാണോ  ?
അപമാനപ്പേമാരിയാണോ ?
ആർക്കറിയാം ?
ആർക്കറിയാം ... ?

18 Dec 2014

ഇറാഖിന്റെ ബാക്കിപത്രം




മോഹൻ ചെറായി

ചിതയൊരുക്കേണ്ട കാലം കഴിഞ്ഞൊരു
ചിതലു തിന്ന തലച്ചോറുമായ്‌ ചിലർ
ഒരുമിച്ചുനിന്നു തകർത്തു ഇറാഖിനെ
ഒരു നല്ല കാലത്തിൻ തലയറുത്തു.
    സദ്ദാമില്ലാത്ത പുത്തൻ ഇറാഖിന്‌
    സന്ദേഹമെന്യേ നരകീയ ജീവിതം!
    സ്വാതന്ത്ര്യമേറെ ലഭിച്ചു വിഴുങ്ങിടാൻ:
    സ്വാദിഷ്ടമാം വെടിയുണ്ടകൾ ബോംബുകൾ!!
ഭൂലോക സുന്ദരരായ ജനതക്ക്‌
ഈലോകപോലീസു നൽകിയ സേവനം:
താലത്തിൽ വച്ചു കൊടുത്തിതേ നാടിനെ
കാലന്മാരിവർ ഭീകരർ കൈകളിൽ!
    അർത്ഥമറിയുന്ന അറബിഭാഷയിൽ
    അർത്ഥമറിയാത്ത കിത്താബുമായവർ
    വ്യർത്ഥമാക്കി മുടിക്കുന്നു സംസ്കൃതി
    സ്വാർത്ഥ താൽപര്യാർത്ഥം ഭരിക്കയായ്‌
ഏക ദൈവത്തിൻ നാമധേയത്തിലായ്‌
ഏറെ വിക്രിയ കാട്ടുന്നു ഭീകരർ
ബഹുദൈവ വിശ്വാസമേറെ പുലർത്തുവോർ
ബഹുമുഖ പീഡനമേറ്റു മരിക്കയായ്‌
    നീതിയൊട്ടില്ല ധർമ്മവും നിയമവും.
    ഭീതിദമായുള്ള വാർത്തകൾ നിത്യവും!
    അസീദിപ്പെണ്ണിനെ വിൽക്കുന്നു അടിമയായ്‌;
    ആണാം അസീദിക്ക്‌ ആസന്നമൃത്യുവും!!
സൂര്യനു കീഴിലായ്‌ ആചന്ദ്രതാരവും
സൂക്ഷ്മമായ്‌  ദർശിച്ചു പ്രതികരിക്കുന്നവർ
കണ്ടിട്ടും കാണാതെ, കേൾക്കാതെ മിണ്ടാതെ
മണ്ടുന്നതെന്തിതേ? ഇവരേതു പക്ഷമോ!

22 Nov 2014

പ്രണയശിഷ്ടം


ദീപു ശശി തത്തപ്പിള്ളി


                         
ജാലകപ്പഴുതിലൂടെ അരിച്ചെത്തിയ നിലാവ്‌ അവളുടെ കാതി മന്ത്രിച്ചു"നമുക്ക്‌ ഒളിച്ചോടാം. വിലക്കുകളും എതിപ്പുകളുമില്ലാത്ത ഒരു ലോകത്തേക്ക്‌"

താഓമനിച്ചുകൊണ്ടു നടന്ന സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറച്ചുവെച്ച മണിച്ചെപ്പിനൊപ്പം ,വീട്ടുകാതനിക്കായി സ്വരുക്കൂട്ടിയ രൂപയും സ്വണ്ണാഭരണങ്ങളുമെല്ലാം കൈക്കലാക്കി. നിലാവിനോടൊപ്പം അവവീടിന്റെ പടിയിറങ്ങി.

കാടുകളും, പുഴകളും ,കുന്നുകളും താണ്ടി അവയാത്ര തുടന്നു. ഒടുവിഏതോ മഹാനഗരത്തിന്റെ ഇരുണ്ട്‌ വിജനമായ ഒരു കോണി അവരെത്തിച്ചേന്നു

അപരിചിതമായ സ്ഥലം അവളിലുണത്തിയ വിഭ്രാന്തി കണ്ട്‌ നിലാവ്‌ അവളെ ചുംബിച്ച്‌ ആശ്വസിപിച്ചു.
നിറഞ്ഞ സുരക്ഷിതബോധത്തോടെ അവനിലാവിന്റെ മാറിലേക്ക്‌ ചാഞ്ഞു.
മലക്കം വിട്ടുണന്ന അവക്ക്‌ മുന്നിപകല്‍‌വെളിച്ചത്തിന്റെ ചിരിക്കുന്ന നഗരം.
നിലാവ്‌ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു

നഗ്നമായ കാതുകളും ,കൈത്തണ്ടകളും, കഴുത്തും.
സ്ഥാനം തെറ്റിയ വസ്ത്രങ്ങൾ.
പിന്നീടൊരിക്കലേപ്പോഴോ ,നിലാവ്‌ ഉദിക്കുമ്പോൾ ,ഒരു നേരത്തെ ആഹാരത്തിന്‌ വേണ്ടി പണയം വെച്ച ശരീരത്തിനിന്നും മുഷിഞ്ഞ വസ്ത്രങ്ങളഴിച്ച്‌ മാറ്റുന്ന തിരക്കിലായിരുന്നു അവൾ.......

19 Oct 2014

ഭൂമിവാതുക്കലിന്റെ സൂര്യരശ്മികൾക്ക്‌ പറയുവാനുള്ളത്‌...



അനഘേഷ്‌ രവി
 നശ്വരങ്ങളായ അക്ഷരങ്ങളുടെ പരിമിതികൾക്കകത്തുനിന്നുകൊണ്ട്‌ വിരചിതമായ അനശ്വതയുടെ നേർക്കാഴ്ചകളുടെമുഖമുള്ള സൃഷ്ടിയാണ്‌ ശ്രീജിത്ത്‌ മൂത്തേടത്തിന്റെ ഭൂമിവാതുക്കൽ സൂര്യോദയം  എന്ന ലഘു നോവൽ

നശ്വരങ്ങളായ അക്ഷരങ്ങളുടെ പരിമിതികൾക്കകത്തുനിന്നുകൊണ്ട്‌ വിരചിതമായ അനശ്വതയുടെ നേർക്കാഴ്ചകളുടെമുഖമുള്ള സൃഷ്ടിയാണ്‌ ശ്രീജിത്ത്‌ മൂത്തേടത്തിന്റെ ഭൂമിവാതുക്കൽ സൂര്യോദയം  എന്ന ലഘു നോവൽ.  ഈ നോവലിന്‌ അനശ്വരമായ നേർക്കാഴ്ചകളുടെ ചൂടും, നിറവും, മണവുമാണുള്ളത്‌. അതുകൊണ്ടുതന്നെ ഈയൊരു സൃഷ്ടിയെ വിമർശനാത്മകമായി സമീപിക്കുമ്പോൾ സഹൃദയരായ അനുവാചകരിൽ അലോസരങ്ങളുടെ നേരിയ നിഴൽപ്പാടുകൾപോലും വായനയുടെ ഒരുമേഖലയിലും കടന്നുവരില്ലെന്ന തീർച്ചപ്പെടുത്തലിലൂടെവേണം കഥാബീജത്തിന്റെ ഉത്തുംഗതയിൽ മുങ്ങിനിവരാനെന്നെനിക്കുറപ്പുണ്ട്‌. 
കാരണം, ചടുലമായിമുന്നേറുന്ന വർത്തമാനകാലത്തിന്റെ യാന്ത്രികതയ്ക്കും, വൈശ്യതന്ത്രങ്ങളിലൂടെ ചോർന്നുപോകുന്ന മാനുഷികമൂല്യങ്ങൾക്കും പറയാനുള്ളത്‌ ആത്മനിയന്ത്രണം നഷ്ടപ്പെട്ടുതുടങ്ങിയ സാമൂഹികവ്യവസ്ഥകളുടെ ദുരവസ്ഥയാണ്‌.
അവിടെയാണ്‌ നോവലിന്റെ പ്രസക്തി പ്രകടമാവുന്നത്‌. ഇവിടെ എടുത്തുപറയേണ്ടത്‌ പാത്രസൃഷ്ടിയിലും, പരിതോവസ്ഥയിലും ഗ്രന്ഥകാരൻ കാണിച്ച കൈവഴക്കത്തിന്റെ കൗശലതയാണ്‌. ആലിമാസ്റ്റർ എന്ന കഥാപാത്രത്തിൽ നിറയുന്ന വൈകാരികാനുഭൂതികളുടെ അലകളിൽ ഗ്രാമീണതയുടെ നിഷ്കളങ്കമായ ഫ്രെയിമുകൾ ആസ്വാദകനെ ചൂഴുകതന്നെ ചെയ്യും. പ്രണയത്തിന്റെ അഗാധതയ്ക്കപ്പുറത്ത്‌ കാൽപനികന്റെ ഭ്രമകൽപനകളൊന്നുമില്ലാതെ ചിത്രീകരിച്ച സൈനബയുടെയും ആലിമാസ്റ്ററുടെയും പ്രണയരംഗങ്ങളുടെ മികവ്‌ താളനിബദ്ധമായി ഉരുവിടാൻ സാധിക്കുന്ന രചനാപാടവത്തിന്റെ പുതിയമാനങ്ങളെ വരച്ചുകാണിക്കുന്നു.
ശ്രീജിത്ത് മൂത്തേടത്ത്
വാണിമേൽപ്പുഴയുടെ പുളിനങ്ങൾ പോയകാലത്തിന്റെ സ്മരണകൾക്കുമുന്നിൽ ഒരിക്കൽകൂടി ശിരസ്സുകുനിക്കുമ്പോൾ ചരിത്രത്തിന്റെ പിൻബലത്തോടെ അനുവാചകനിൽ നിറയുന്ന നേർക്കാഴ്ചകളുടെ ദൃശ്യങ്ങളാണ്‌ ഒരു പരിധിവരെ നോവലിന്റെ ആത്മാവിനെ സംരക്ഷിച്ചുപോരുന്നത്‌. വർഗ്ഗീയവിഷംനുണഞ്ഞ ജനതയ്ക്കുമുമ്പിൽ പകച്ചുനിൽക്കുന്ന ഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യർക്കുള്ളിൽ ഉടലെടുക്കുന്ന സന്താപത്തിന്റെയും, അമർഷത്തിന്റെയും വിത്തുകൾ വരാനിരിക്കുന്ന വലിയ കലാപങ്ങൾക്കു നിദാനമായിവർത്തിക്കുമെന്ന ആശങ്ക ക്രാന്തദർശിയായ എഴുത്തുകാരൻ ഇവിടെ കോറിയിടുന്നതോടൊപ്പം ഒരദ്ധ്യാപകന്റെ കർത്തവ്യം അറിവു പകരുന്നതിലൂടെ അവസാനിക്കുന്നില്ലെന്നും മറിച്ച്‌ സാമൂഹികമായ പരിവർത്തനങ്ങൾക്കായി വരും തലമുറയുടെ മനസ്സിൽ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ചാലുകൾ കീറുന്ന ധർമ്മമാണ്‌ അവയിൽ പ്രധാനമെന്നുമുള്ള തിരിച്ചറിവ്‌ ഒരിക്കൽക്കൂടി വായനക്കാരന്‌ സിദ്ധിക്കുന്നു.
അന്ത്രുമാസ്റ്ററുടെയും, സദാനന്ദൻ മാസ്റ്റരുടെയും സൗഹൃദം പ്രളയസമാനമായൊരു കാലഘട്ടത്തിന്റെ ഗതിയെ സ്വാധീനിക്കാൻ കഴിയുന്ന ഒന്നാണ്‌. കലാപകാരികളുടെ ആക്രോശങ്ങൾക്കു മുൻപിൽനിന്ന്‌ അന്ത്രുമാസ്റ്റർ സുഹൃത്തിനെ രക്ഷപ്പെടുത്തുമ്പോൾ സ്വാർത്ഥതാത്പര്യങ്ങൾക്കനുസൃതമായി ഉടലെടുക്കുന്ന പുതിയ സൗഹൃദങ്ങൾക്കന്യമായ ഹൃദയനൈർമ്മല്യത്തിന്റെ ഊഷ്മളതയ്ക്ക്‌ രചയിതാവ്‌ കാണിച്ച ബിംബകൽപനകൾ മാതൃകയായിത്തീരുകയാണിവിടെ.
ഹൃസ്വചിത്രങ്ങളുടെ വരവ്‌ പുതിയതലമുറയെ എങ്ങിനെ സ്വാധീനിക്കുന്നുവേന്നും, അവയുടെ അനന്തസാധ്യതകൾ വിദ്യാർത്ഥികൾക്കുമുമ്പിൽ പ്രതീക്ഷകളുടെ പുതിയവിതാനങ്ങൾ എങ്ങിനെ രൂപപ്പെടുത്തുന്നുവേന്നതും അനുവാചകരിൽ അടക്കാനാവാത്ത ആകാംക്ഷയ്ക്കു വഴിയൊരുക്കുന്ന ഒന്നാണ്‌.
ചരിത്രത്തിന്റെ മണൽത്തിട്ടകളിൽ കാൽപാടുകൾ പതിഞ്ഞ സത്യാന്വേഷികളുടെ കണ്ടെത്തലുകൾ പെരിങ്ങത്തൂർപ്പുഴയിൽനിന്നും മയ്യഴിപ്പുഴയായി പരിണമിക്കുന്ന വാണിമേൽപ്പുഴയുടെ ഗാത്രത്തിൽ ഒഴുക്കിവിടുമ്പോൾ അവ്യക്തമായ പല ചോദ്യങ്ങൾക്കും അവിടെ വ്യക്തത്തയുടെ ഭാഷ്യം വന്നുചേരുന്നു.
വടക്കൻ പാട്ടിലെ ശീലുകളെ ചീന്തിയെറിഞ്ഞ്‌, ചരിത്രം പുതിയ കൈവഴികൾ വെട്ടിയെടുക്കുമ്പോൾ, പെൺകരുത്തിന്റെ പ്രതീകമായ ഉണ്ണിയാർച്ചയെ ടിപ്പുസുൽത്താൻ വേട്ടുവേന്ന വസ്തുത വായനക്കാരന്‌ തെല്ലൊരു അമ്പറപ്പുണ്ടാക്കുമെന്ന്‌ ഞാൻ കരുതുന്നു. ഒരു പുരാതന കഥാപാത്രത്തിന്റെ പുനഃസൃഷ്ടിയല്ല എഴുത്തുകാരൻ ഇവിടെ ചെയ്യുന്നത്‌. മറിച്ച്‌ നേരുചികയുന്ന അനിവാര്യതയുടെ കാരണങ്ങളെ തൂലികയിലാവാഹിക്കുന്നുവേന്നുമാത്രം.
നോവൽസാഹിത്യം പുതിയ പരീക്ഷണങ്ങൾക്കുവിധേയമാവുമ്പോൾ, പലരുടെയും കൃതികൾ പലപ്പോഴും അരോചകമായി തോന്നാറുണ്ട്‌. അതിസങ്കീർണ്ണമായ കാമനകൾക്കു തുറന്നെഴുതുമ്പോൾ ആ വിഷയത്തോട്‌ പരിപൂർണ്ണമായും നീതിപുലർത്താൻ അക്കൂട്ടർക്കു കഴിയാറില്ലെന്നതും മറ്റൊരു പ്രധാനവിഷയമായി ശേഷിക്കേ ഭൂമിവാതുക്കൽ സൂര്യോദയം എന്ന ഈ നോവൽ ഗൃഹാതുരത്വത്തിന്റെ മധുരമിഠായികൾ അനുവാചകന്‌ പകർന്നുനൽകുമ്പോൾ എഴുത്തുകാരനെന്ന്‌ സ്വയം വിശേഷിപ്പിക്കാത്ത, വലിയവയോടകന്നുനിന്നു, വലുതാകാൻശ്രമിക്കാത്ത ഈ എഴുത്തുകാരന്റെ മനസ്സിലെ നന്മ ആസ്വാദകവൃത്തങ്ങൾ രുചിച്ചറിയുകതന്നെ ചെയ്യും.
ഒരു രണ്ടാമൂഴക്കാരന്റെ എളുതുകൾക്കും, സ്വതന്ത്രതയ്ക്കും, കൽപനാസൗകര്യത്തിന്റേതായ മുന്നിൽവിരിച്ചിട്ട വായനാനുഭവത്തിന്റെ വെളുത്തമാന്ത്രികപ്പരവതാനിയിലൂലെ ദിവാപദങ്ങളൂന്നിക്കൊണ്ട്‌ ഭൂമിവാതുക്കൽ സൂര്യോദയ?മെന്ന നോവൽ എനിക്കേകിയ അനുഭവങ്ങളിൽ ചിലതുമാത്രമേ ഇവിടെ രേഖപ്പെടുത്തിയുള്ളൂ.

19 Sept 2014

മഞ്ഞു തൂകും കാറ്റേ ..


 ഷീലാ വർഗ്ഗീസ്

മഞ്ഞു തൂകും കാറ്റേ ..
എന്തിനിപ്പോൾ നീയെന്നെ തലോടുന്നു ..
കാലവും നേരവും അറിയാതെയാണോ ..
അതോ എന്നിലെ മധുരസ്മരണകളെ ...
ഉണര്തീടാനാണോ ..
കുളിര്മഞ്ഞിൻ നനുത്ത തണുപ്പും ..
നിന് സ്നേഹ തലോടലും ...
പ്രണയാർദ്രമാവുന്നു എൻ ഹൃദയം ...
ഉറങ്ങി കിടക്കുമെൻ മോഹങ്ങളെ ...
നീ തൊട്ടുണർത്തുന്നു ...
മഞ്ഞുരുകും രാവുണരും മുൻപേ....
ചേക്കേറിയ പക്ഷികൾ ഉണരും മുൻപു ...
കടലിൽ മുങ്ങിയ സൂര്യനുദിക്കുമ്പൊഴെക്കും ...
എന്നിലെ മധുരസ്മരണകളെ ....
ഒന്നു ഉണര്തീടാമോ .....

21 Aug 2014

പാലക്കാട്‌ കമ്പനിയുടെ 'പാംഡ്യൂ' നീര വിപണിയിൽ



സി.ജെ ന്യൂസ്

കേരളത്തിൽ ആദ്യമായി നീര പൊതുവിപണിയിൽ വിൽപന തുടങ്ങി. പാലക്കാട്‌ നാളികേര ഉത്പാദക കമ്പനി ലിമിറ്റഡ്‌ പാം ഡ്യൂ എന്ന ബ്രാൻഡിൽ പുറത്തിറക്കിയിരിക്കുന്ന നീരയുടെ വിൽപന ഉദ്ഘാടനം ജൂലൈ 9-ന്‌ കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ, വിശാലകൊച്ചി വികസന അതേറിറ്റി ചെയർമാൻ ശ്രീ.എൻ വേണുഗോപാൽ, നാഫെഡ്‌ ഡയറക്ടർ ബോർഡ്‌ അംഗം അഡ്വ. സിബി മോനിപ്പള്ളിയിൽ നിന്ന്‌ സ്വീകരിച്ചുകൊണ്ട്‌ നിർവഹിച്ചു. മൊബിലിറ്റി ഹബ്ബിൽ പ്രവർത്തിക്കുന്ന കോക്കനട്‌ കിയോസ്കിനു സമീപം രാവിലെ 10.30 നു ചേർന്ന ചടങ്ങിൽ പാലക്കാട്‌ കമ്പനി ഡയറക്ടർ ശ്രീ. തോമസ്‌ ജോസഫ്‌ അധ്യക്ഷണായിരുന്നു.
ജിസിഡിഎയുടെ എല്ലാ ഷോപ്പിംങ്ങ്‌ കോംപ്ലക്സുകളിലും നീരവിൽപനയ്ക്കുള്ള സംവിധാനം ചെയ്യുമെന്ന്‌ നീര വിപണിയിലിറക്കിക്കൊണ്ട്‌ ചെയർമാൻ വാഗ്ദാനം ചെയ്തു. സമസ്ത മേഖലകളിലും സർവത്ര മായം കലർന്ന ഇക്കാലത്ത്‌ ഇത്ര ശുദ്ധവും ആരോഗ്യ ദായകവുമായ നീരയെ കുറിച്ച്‌ പൊതുജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തണമെന്നും അദ്ദേഹം തുടർന്നു.
തെങ്ങിൽ നിന്ന്‌ സംഭരിക്കുന്നതു മുതൽ ഉപഭോക്താവിന്റെ ചുണ്ടിലെത്തുവോളം മനുഷ്യസ്പർശമേൽക്കാത്ത നീരയാണ്‌ ഇപ്പോൾ പാലക്കാട്‌ കമ്പനി വിൽപനയ്ക്ക്‌ തയാറാക്കിയിരിക്കുന്ന പാം ഡ്യൂ എന്ന്‌ അധ്യക്ഷ പ്രസംഗത്തിൽ  ശ്രീ. തോമസ്‌ ജോസഫ്‌  വിശദീകരിച്ചു. ശേഖരിക്കുമ്പോൾ മുതൽ പരമാവധി എട്ടു ഡിഗ്രിയിൽ താഴെ ഊഷ്മാവിൽ സൂക്ഷിച്ചാണ്‌ നീര വിൽപന കേന്ദ്രങ്ങളിൽ എത്തിക്കുന്നത്‌. ചടങ്ങിൽ കമ്പനി ഡയറക്ര്മാരായ ശ്രീ.എം കെ രാംദാസ്‌, ശ്രീ. കെ ശശിധരൻ, നീര പ്രോജക്ട്‌ കോ ഓർഡിനേറ്റർ ശ്രീ.സതീഷ്‌, കമ്പനി മാനേജർ ശ്രീ.മഞ്ജു നാഥ്‌ എന്നിവരും പങ്കെടുത്തു.

200 മില്ലിയ്ക്ക്‌ 25 രൂപയാണ്‌ വൈറ്റില ഹബ്ബിലെ സ്റ്റാളിൽ വില. കമ്പനിയുടെ കീഴിലുള്ള മുതലമട നാളികേര ഫെഡറേഷൻ അംഗങ്ങളായ കർഷകരുടെ തെരഞ്ഞുടുക്കപ്പെട്ട തെങ്ങുകളിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന നീര  പ്രിസർവേറ്റീവോ, സംസ്കരണമോ കൂടാതെ, ഓരോ ഘട്ടത്തിലും കർശനമായ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയാണ്‌ നേരിട്ട്‌ വിൽപന സ്റ്റാളിൽ എത്തിക്കുന്നത്‌.  വൈറ്റില ഹബ്ബിലും തൃശൂർ അത്താണിയിലുള്ള ഒരു സൂപ്പർ മാർക്കറ്റിലും പരീക്ഷണാടിസ്ഥാനത്തിൽ രണ്ടാഴ്ച്ച മുമ്പ്‌ മുതൽ നീര വിൽപന നടത്തി ഉപഭോക്താക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ്‌ ഔദ്യോഗികമായി വിൽപന ആരംഭിച്ചിരിക്കുന്നത്‌.  കൂടാതെ കരിക്കിൻ വെള്ളവും ഇളനീർ ഷേയ്ക്കും നീര ഉത്പ്പന്നമായ നീര ഷുഗർ, വിവിധ സംരംഭകരുടെ  വെർജിൻ കോക്കനട്‌ ഓയിൽ, തൂൾതേങ്ങ, നാളികേര പാൽ, നാളികേര ചിപ്സ്‌ ഉൾപ്പെടെയുള്ള  നാളികേര ഉത്പ്പന്നങ്ങളും വൈറ്റില കിയോസ്കിൽ ലഭ്യമാണ്‌. നീരയും  ഇളനീരും റഫ്രിജറേറ്റഡ്‌ ജൂസ്‌ വേൺഡിംങ്ങ്‌ മേഷീനിലൂടെയാണ്‌  ഉപഭോക്താക്കൾക്കു നൽകുന്നത്‌.  ഇളനീരിന്‌ 200 മില്ലിക്ക്‌ 20 രൂപയും ഷേയ്ക്കിന്‌ 300 മില്ലിക്ക്‌ 35 രൂപയുമാണ്‌ വില.

19 Jul 2014

പെഡ്രോ സാലിനാസ് - സ്വപ്നങ്ങളെ തള്ളിക്കളയരുതേ...


പെഡ്രോ സാലിനാസ് : സ്വപ്നങ്ങളെ തള്ളിക്കളയരുതേ...


സ്വപ്നങ്ങളെ, സ്വപ്നങ്ങളാണവയെന്നതിനാൽ മാത്രം,8069147
തള്ളിക്കളയരുതേ.
എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാകാം,
നിലയ്ക്കുന്നില്ല സ്വപ്നം കാണലെങ്കിൽ.
യാഥാർത്ഥ്യം ഒരു സ്വപ്നമാണ്‌.
കല്ലിനെ കല്ലായി നാം സ്വപ്നം കാണുകയാണെങ്കിൽ
അതു കല്ലു തന്നെ.
പുഴയിലൊഴുകുന്നതു ജലമല്ല,
അതു സുതാര്യമായൊരു ജലസ്വപ്നം.
യാഥാർത്ഥ്യം സ്വന്തം സ്വപ്നത്തെ മറച്ചിട്ടു പറയുന്നു:
“ഞാൻ സൂര്യൻ, ആകാശം, പ്രണയം.”
പക്ഷേ അതു വിട്ടുപോകുന്നില്ല,
അതെങ്ങും പോകുന്നില്ല,
സ്വപ്നത്തിലും മേലെയാണതെന്ന ഒരു വിശ്വാസം
നാം കാണിക്കണമെന്നേയുള്ളു.
അതിനെ സ്വപ്നം കണ്ടു നാം ജീവിക്കുന്നു.
സ്വപ്നം-
ഇല്ലാത്തതുണ്ടെന്നു സ്വപ്നം കാണുന്നതു നാം നിർത്തുമ്പോൾ
ആത്മാവിനു നഷ്ടമാകുമായിരുന്നതു നഷ്ടമാകാതിരിക്കാൻ
ആത്മാവിന്റെ വഴിയാണത്.
മരിക്കുന്ന പ്രണയമൊന്നുണ്ടെങ്കിൽ
ഭൂമിയിൽ താൻ ഉടൽരൂപം പൂണ്ടു
എന്ന സ്വപ്നം നിലച്ച പ്രണയമാണത്,
ഭൂമിയിൽ തന്നെത്തന്നെ തേടിനടക്കുന്ന പ്രണയമാണത്.

27 Jun 2014

വീട് വിളിയ്ക്കുന്നു

പീതാംബരൻ കേശവൻ
വീടൊരു കെടാ വിളക്കായ് 
കത്തി നില്ക്കുന്നു ;കരളിൽ 
കാഞ്ചന ദീപ്തികൾ,
കല്പാന്ത സത്യങ്ങൾ 
അമ്മ വിളിയ്ക്കുന്ന നേർത്ത 
വിളിയൊച്ചകള ച്ഛന്റെ വാക്കിൽ 
കനക്കുന്ന ദാർഷ്ട്യങ്ങൾ 
കാറ്റിൽ വിറയ്ക്കുന്ന മുല്ലകൾ 
കാളിപ്പനയിൽ വന്നു ചൊല്ലി-
പിണങ്ങുന്ന കാട്ടു കിളിപ്പറ്റ-
മന്തിയ്ക്കു തേന്മാവിൻ ചില്ലയിൽ 
ചെക്കേരറുമായിരം കാടക-
ളഞ്ചു തിരിയിട്ടു കത്തിയ്ക്കു-
മന്തി വിളക്കിന്നടുത്തു പടിഞ്ഞിരു-
ന്നെന്നും ജപിയ്ക്കുന്ന കീർത്തനം,
കേൾക്കാതെ പോകുന്നിന്നു കേട്ടു 
മറന്നൊരാ കേഴ്വിപ്പഴമകൾ;
കേളി കൊട്ടിൻ ദ്രുത 
താള വിഭ്രാന്തികൾ.
വീട് ശരിയുടെ തെറ്റിന്റെ കൊച്ചു 
വർത്തമാനങ്ങൾ കോർത്തൊരു 
പൂത സ്മരണയായുള്ളിൽ നിറയുന്നു 
നിദ്രയീ രാത്രിയെ വിട്ടു പോകുന്നു,,
നിഴൽ പോലെ മാറാതെ മാറാതെ 
പിന്തുടരുന്നു പിഴവുകൾ.
പേടിപ്പെടുത്തുന്നു പേക്കിനാവി-
ന്നർത്ഥ ശങ്കകൾ,ശരിയെന്നുറ ച്ചവ
തെറ്റായറിവിന്റെ  ദീർഘ
പഥങ്ങളിൽ മായാത്ത കാലടി-
പ്പാടുകളാകുന്നിതിഹാസ രേഖക-
ളക്ഷരം കൊത്തിയ ശിലാ-
ഫലകങ്ങളിൽ കണ്ടു മുട്ടുന്നൂ 
കാലത്രയത്തിന്നഗ്നി വർഷങ്ങളും 
മായ്ക്കാത്ത സ്നേഹം കൊരുത്തതാം 
കൊച്ചു നീഡങ്ങൾ വീടുകൾ!
വീടു വിളിയ്ക്കുന്നു, വൃത്തിയായ്
 ചാണകം മെഴുകിയ മുറ്റത്തു
 കൊത്താരം കല്ല്‌ കളിയ്ക്കുന്ന ചേച്ചിമാർ
ചേലിൽ മുടിയിഴ പിന്നിയിടട്ടേറെ 
ചിരിച്ചാർത്തു കൈ വിരൽ തുമ്പിൽ 
കൊത്തിയെടുക്കുന്ന കല്ലുകൾ,
കാണുവാനെന്തു ചന്തം ചാന്തു പൊട്ടും
 കരിമഷി കണ്ണും,കലപിലയൊച്ചകൾ
 കല്പിച്ചൊ തുക്കീടു മവരുടെ
മൂത്തവരോടി നടക്കുന്നോരോരോ
 ജോലികൾ തീരാതെ തീരാതെ, 
തീർത്ഥത്തിൽ മുങ്ങി നിവരുന്ന കുട്ടികൾ 
കൂട്ടിനു പോയി കുളക്കരെ 
കുത്തിയിരിയ്ക്കുന്ന കൊച്ചുനാൾ 
കൂട്ടുകാർ നീട്ടിയ കുന്നി മണിയുടെ 
ഭംഗിയിലെല്ലാം മറന്നൊരു സ്നേഹ 
സ്മരണകൾ,സ്നിഗ്ദ്ധ സാന്ദ്രം 
ഗൃഹാതുര സാന്ത്വനം!
വീട് പെരുകുന്നോരാശയായുള്ളിൽ
ശിലാ ഖണ്ഡമായ് കട്ടയായ് 
പൊടിയുന്ന ശിലയും മണലുമായ്
കമ്പിയായ് വാർപ്പിന്നുറപ്പാം
സിമന്റായ് മരമായ്‌ പ്രയത്നങ്ങളാ-
യച്ചു തൂണായടിസ്ഥാനമായ് 
ഭിത്തിയായാകാശത്തിനു കീഴെ 
കയറി കിടക്കാനൊരു മേല്ക്കൂരയായ് 
മഴയെ ചെറുക്കുന്നൊരഭയമാ-
യജ്ഞാത ഭീതികൾ കൊട്ടിയടയ്ക്കുന്ന
കതകിൻ പുറത്തു പതിയിരിയ്ക്കുമ്പൊഴും 
സുരക്ഷിതമുറങ്ങുവാനുള്ളോ-
രിടമായിഷ്ടരോടൊത്തു സല്ലപിച്ചും;
സന്തത സഹാചാരിയാം ദേഷ്യം 
കലർന്നോരഭി ശപ്ത നേരങ്ങൾ 
പങ്കു വച്ചും,പ്രാണനിൽ വീട്
 വ്യക്താവ്യക്ത ബന്ധനമാകുന്നു.
വീട് വിചാരമായുള്ളിൽ നടുക്കുന്നൊ 
രോർമ്മയായാൽമര കൊമ്പത്ത് തൂങ്ങും കട-
വാവൽ പറ്റമായന്തിയ്ക്കു ചിറകടിയ്ക്കുന്നു;
ചില നേരമാറ്റു വക്കത്തെ ചേരിനെ 
തൊട്ടു തീണ്ടിയ ഭീതിയായ് താന്നിയെ ചുറ്റി 
പൊറുക്കുവാനോതിയ ബാല്യമായ് 
കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞോടിയ
കുസൃതിയായ്;കൂടെ പറന്നെത്തിയ 
കടന്നൽ കൂട്ടമായ്‌ കരിന്തേളും പാമ്പുമായ് 
തൊടിയിലെ കൈതകാട്ടി ലിഴഞ്ഞേറു
മോർമ്മകളൊട്ടു ദൂരെ പറങ്കി മാന്തോട്ടത്തിൽ
കയറിൽ തൂങ്ങിയ പ്രേതമായാരെയും 
കൂസാത്തൊരന്തോണി ചട്ടമ്പിയാ 
യങ്ങാടിയിൽ ചോപ്പു ചേലകൾ ചുറ്റി-
പുലമ്പുന്ന ഭ്രാന്തിയായങ്ങിങ്ങു ചക്ര-
വാളത്തിൽ പരക്കുന്ന കാർമേഘമായ് 
കാലാവർഷ കെടുതിയായ്,വേനൽ 
വരൾച്ചയായുള്ളിൽ നിറയുന്നു.
വീട് കൊതിയ്ക്കുന്ന കൈവള
 കിലുക്കമായ്; കൈവഴികൾ തോറും
 നിറഞ്ഞ കുണുങ്ങി ചിരികളായ്‌ 
നാട്ടു മാഞ്ചോട്ടിൽ കാറ്റത്തു വീഴും 
മാമ്പഴ പുളിയും മധുരവുമായ് 
മന്ത്രോച്ചാരണങ്ങൾ മുഴങ്ങുന്നൊ-
രമ്പല കോണിലെ കൽവിളക്കിൽ 
കത്തുന്ന തിരികളായന്തിക്കു ദീപം 
തോഴാനെത്തു മംഗനമാർ തൻ ഭക്തി 
നിർഭര സന്ധ്യകളായാരോരും കാണാതെ 
കൈവിരൽ തുമ്പമർത്തി പിടിച്ചു 
വേലിയ്ക്കലോളം ചെന്നു,പടിവാതിലിൽ 
പിരിഞ്ഞൊരു പ്രണയ മായെങ്ങു നിന്നോ 
വീശിയൊരു കാറ്റായതിൽ പൊട്ടി വീണൊരു 
ചില്ലയായുച്ചയ്ക്കു മുമ്പേ മങ്ങിയൊരു 
പകൽ പോൽ മനസ്സിൽ നിറയുന്നു.
വീട് വിളിയ്ക്കുന്നു;മക്കൾ ചിരിയ്ക്കുന്നു 
മാമ്പൂ മണക്കുന്ന മകരത്തിലെ കുളിർ 
രാത്രിയിൽ കൂടെ പ്രിയ സാദ്ധ്വി കരയുന്നു.
വീട് വിനയമായച്ഛ ന്റെ വാർദ്ധക്യമാ-
യമ്മയുടെ രോഗാർത്ത നൊമ്പരമായ് 
പെങ്ങളുടെ തീരാത്ത സ്നേഹ കടങ്ങളായ്,
കാട്ടു വഴിയും കയറ്റിറക്കങ്ങളുമാ-
യേട്ടന്റെ വാക്കിൽ കുഴയുന്ന ജീവിത 
ക്ലേശമായായിരം കാതങ്ങൾ താണ്ടുന്ന 
വണ്ടിയുടെ ചൂളമായെങ്ങുമേ കൂട്ടി മുട്ടാത്ത 
പാളങ്ങളായ് തിരിച്ചെത്തുവാൻ,തീരാ 
വ്യഥകളായ് വീട് വിളിയ്ക്കുന്നു.
ദേശാടങ്ങളിലെങ്ങുമുറയ്ക്കാത്ത ചിന്തക-
ളെത്തുന്നൊടുക്കമിടവഴിയോരത്തെ 
പൂക്കളിൽ തേൻ കുടിയ്ക്കുന്ന ശലഭങ്ങളി-
ലന്തി മൂർച്ചിയ്ക്കെ,കിളികളെ 
കൂടു വിളിയ്ക്കുന്നു;നമ്മളെ 
വീട് വിളിയ്ക്കുന്നു !

24 May 2014

പൊങ്ങിൽ നിന്ന്‌ പോഷകാഹാരം
ആബെ ജേക്കബ്‌
നാളികേര വികസന ബോർഡ്‌, കൊച്ചി-11

തേങ്ങയുടെ പൊങ്ങിൽ നിന്ന്‌ പുതിയ പോഷകാഹാരം  വികസിപ്പിച്ച്‌   കളമശേരിയിലെ എസ്സിഎംഎസ്‌ ബയോടെക്നോളജി ഗവേഷണ വിഭാഗം വീണ്ടും  ശ്രദ്ധാകേന്ദ്രമാകുന്നു. തേങ്ങ കിളിർക്കുന്നതിനു മുമ്പായി  അതിന്റെ വെള്ളം വറ്റി കാമ്പിന്റെ കനം കുറഞ്ഞ്‌  ഉള്ളിൽ  ഗോളാകൃതിയിൽ  ക്രീം നിറത്തിൽ ഒരു ഖര വസ്തു രൂപം പ്രാപിക്കുന്നു. പൊങ്ങ്‌ എന്ന്‌ നാട്ടുഭാഷയിലും ഹോസ്റ്റോറിയം എന്ന്‌ ശാസ്ത്ര നാമത്തിലും ഇത്‌ അറിയപ്പെടുന്നു. തേങ്ങയിൽ നിന്നു പുറത്തു വരുന്ന മുകുളത്തിന്‌  അടുത്ത രണ്ടു മൂന്നു മാസത്തേയ്ക്ക്‌ വളരാൻ  പ്രകൃതി ഒരുക്കുന്ന പോഷകമാണ്‌ ഈ പൊങ്ങ്‌.  ഇന്നോളം ഒരു ഗവേഷകനും ഇതിനെ പഠന വിധേയമാക്കിയിരുന്നില്ല. എന്നാൽ കളമശേരി എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോടെക്നോളജി ഡയറക്ടർ ഡോ.മോഹൻകുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം ഗവേഷകർ നടത്തിയ പഠനം അത്ഭുതകരമായ വിവരങ്ങളാണ്‌ പൊങ്ങിനെ സംബന്ധിച്ച്‌ കണ്ടെത്തിയിരിക്കുന്നത്‌. പ്രകൃതിയിലുള്ള  മറ്റ്‌ ഒരു ആഹാര പദാർത്ഥത്തിലും ഇല്ലാത്ത അത്ര അളവിൽ  പോഷകങ്ങൾ നിറഞ്ഞ ആഹാരപദാർത്ഥമാണ്‌ തേങ്ങയ്ക്കുള്ളിൽ രൂപപ്പെടുന്ന പൊങ്ങ്‌. സുഷുപ്താവസ്ഥയിൽ നിന്ന്‌ ഉണർന്ന തെങ്ങിൻ തയ്യിന്‌ മണ്ണിൽ നിന്നുള്ള വളങ്ങളുടെയും മറ്റു പോഷകങ്ങളുടെയും സഹായം കൂടാതെ പോലും മൂന്നു മാസക്കാലം സുക്ഷിതമായി എന്നാൽ ഊർജ്ജസ്വലമായി വളരാനുള്ള എല്ലാ പോഷകങ്ങളും പൊങ്ങിന്റെ കോശങ്ങളിൽ നിറച്ചു വച്ചിരിക്കുകയാണ്‌ പ്രകൃതി.
ഈ തിരിച്ചറിവിൽ നിന്നാണ്‌ എസ്സിഎംഎസ്‌ ലെ ഗവേഷകർ നാളികേര വികസന ബോർഡിന്റെ സഹകരണത്തോടെ പഠനം ആരംഭിച്ചതു. കൊഴുപ്പ്‌ തീരെ ഇല്ലാത്തതും എന്നാൽ മനുഷ്യ ശരീരത്തിന്റെ വളർച്ചയെ ഏറെ സഹായിക്കുന്നതുമായ ഒരു പോഷകാഹാരമാണ്‌  ഇപ്പോൾ ഗവേഷകർ പൊങ്ങിൽ നിന്നു വികസിപ്പിച്ചിരിക്കുന്നത്‌. പൊങ്ങിന്റെ ജലാംശം പൂർണമായി നീക്കം ചെയ്ത്‌ പെടിച്ച്‌ എടുക്കുന്ന പൗഡർ ഇന്നു വിപണിയിൽ ലഭിക്കുന്ന ഏതു  തരം ടിൻ ഫുഡ്ഡുകളേക്കാളും മികച്ചതാണെന്ന്‌ പരിശോധനാ ഫലങ്ങൾ തെളിയിച്ചിരിക്കുന്നു.  പ്രത്യേകിച്ച്‌ കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും ശരീരകോശങ്ങളുടെ പോഷണത്തിന്‌ ആവശ്യമായ എല്ലാ ധാതുക്കളും ലവണങ്ങളും സൂക്ഷ്മ മൂലകങ്ങളും ഇതിൽ നിറഞ്ഞിരിക്കുന്നു.
കരിക്കിൻവെള്ളം തന്നെ പ്രകൃതിജന്യമായ വലിയ പോഷക കലവറയാണ്‌. തേങ്ങ പാകമാകുന്നതോടു കൂടി ഇത്‌ പിന്നീട്‌  ആഭ്യന്തരമായ ചില മാറ്റങ്ങൾക്കു വിധേയമാകുന്നുണ്ടെങ്കിലും അതിലെ പോഷകാംശത്തിന്‌ ഘടനാപരമായ കുറവ്‌ സംഭവിക്കുന്നില്ല. അതുപോലെ തന്നെയാണ്‌ നാളികേര കാമ്പിന്റെ കാര്യവും. തേങ്ങ വരണ്ട്‌ കിളിർക്കാനുള്ള കാലമാകുന്നതോടെ വെള്ളം വറ്റുന്നു, ക്രമേണ കാമ്പിന്റെ കനവും കുറയുന്നു. വെള്ളത്തിലെ പോഷകാംശങ്ങളും കാമ്പിലെ കൊഴുപ്പും ഗ്ലൈയോക്സിലൈറ്റ്‌ മെറ്റാബോളിസം എന്ന ജൈവരാസ പ്രക്രിയ വഴി പൊങ്ങിലേയ്ക്ക്‌ സുർക്കോസ്‌ ആയി ആവാഹിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.  വിളഞ്ഞ തേങ്ങ 10 ആഴ്ച്ച വെറുതെ കൂട്ടിയിട്ടിരുന്നാൽ മതി അതിനു മുളപൊട്ടും. ഈ മുള പുറത്തേയ്ക്ക്‌ പത്തു സെന്റിമീറ്റർ വളരുമ്പോഴാണ്‌ ഉള്ളിലെ പൊങ്ങ്‌ പൂർണ വളർച്ചയെത്തുന്നത്‌.  കാരണം പ്രത്യുത്പാദന ഘട്ടത്തിലാണ്‌ ഏറ്റവും പോഷകമൂല്യം എല്ലാ ജീവികളും കരുതുക. ഗർഭ പാത്രത്തിൽ മനുഷ്യശിശു വളർച്ചയ്ക്ക്‌ ആവശ്യമുള്ളവ അമ്മയുടെ ശരീരത്തിൽ നിന്നു ശേഖരിക്കുന്നതു പോലെ. ഈ സമയത്താണ്‌ തേങ്ങ പൊതിച്ച്‌ ശ്രദ്ധയോടെ ചിരട്ട മുറിച്ച്‌ പൊങ്ങ്‌ പുറത്തെടുക്കേണ്ടത്‌. പൊങ്ങ്‌ ചിരട്ടയിൽ നിന്ന്‌ പൂർണമായി വേർപെട്ടു കിട്ടാൻ പൊതിച്ച ശേഷം ഈ തേങ്ങ ചൂടുവെള്ളത്തിൽ കുറെ സമയം ഇട്ടുവയ്ക്കും. പിന്നീട്‌  ശ്രദ്ധാപൂർവം ചിരട്ട പൊട്ടിച്ച്‌  പൊങ്ങിനെ അങ്ങനെ തന്നെ അടർത്തി മാറ്റി, ഒഴുകുന്ന വെള്ളത്തിൽ കഴുകി അണുവിമുക്തമാക്കി, അവനിൽ വച്ച്‌ നിർജലീകരിച്ച്‌, പെടിച്ച്‌ എടുക്കുന്നു.  പൊങ്ങിൽ കൂടുതലുമുള്ളത്‌ ജലാംശമാണ്‌. അതുകൊണ്ടാണ്‌ നിർജലീകരിച്ച്‌ പൊടിച്ച്‌ എടുക്കുന്നത്‌. 400 ഗ്രാം പൊങ്ങ്‌ നിർജീകരണം നടത്തി പൊടിച്ച്‌ എടുക്കുമ്പോൾ അതിന്റെ  അളവ്‌ 270 ഗ്രാമായി കുറയും. ടിൻ ഫുഡ്ഡുകൾക്കു പകരം കുട്ടികൾക്കു നൽകാവുന്ന ഏറ്റവും ശുദ്ധവും പോഷകപ്രദവും പ്രകൃതിജന്യവുമായ പ്രഭാത ആഹാരമായി ഇതിനെ ഉപയോഗിക്കാം. ക്രീം രൂപത്തിലും ഈ ഭക്ഷണം വികസിപ്പിച്ചിട്ടുണ്ട്‌. ബ്രഡ്ഡിലും ചപ്പാത്തിയിലും മറ്റും ജാമിനു പകരമായി ഇത്‌ ഉപയോഗിക്കാവുന്നതാണ്‌.
പെങ്ങിനെ സംബന്ധിച്ച്‌ 2013 ജൂലൈയിൽ തുടങ്ങിയ ഗവേഷണ പദ്ധതി കഴിഞ്ഞ മാസമാണ്‌  എസ്സിഎംഎസ്‌ പൂർത്തിയാക്കിയത്‌. ഇതോടെ നാളികേരത്തിന്റെ ഏറ്റവും പുതിയ മൂല്യവർധിത പോഷക ഉത്പ്പന്നമാണ്‌ പൊങ്ങിൽ നിന്ന്‌ വികസിപ്പിച്ചിരിക്കുന്ന കേരന്യൂട്രിവിറ്റ എന്ന്‌ ഗവേഷണവിഭാഗം തലവൻ ഡോ.മോഹൻകുമാർ അവകാശപ്പെട്ടു. ആദ്യം പൂങ്കുലരസായനം, പിന്നീട്‌ നീര, ഇപ്പോൾ ഇതാ ന്യൂട്രിവിറ്റ. പോഷക മൂല്യത്തിന്റെ കാര്യത്തിൽ എല്ലാം ഒന്നിനൊന്ന്‌  മുന്നിലാണ്‌. സുർക്കോസ്‌, പ്രോട്ടീനുകൾ, എൻസൈമുകൾ, വൈറ്റമിനുകൾ, ഹോർമോണുകൾ, അമിനോ ആസിഡുകൾ, മിനറലുകൾ തുടങ്ങി മനുഷ്യ കോശങ്ങളുടെ വളർച്ചയ്ക്ക്‌ ആവശ്യമായ എല്ലാ ഘടകങ്ങളും പൊങ്ങിൽ സമൃദ്ധമായി ഉണ്ട്‌.
ഇത്രയധികം കലോറിയുള്ള ഭക്ഷണം വേറെ നിലവിൽ പ്രകൃതിയിൽ ഇല്ലത്രെ.  3-6 വരെയാണ്‌ ഇതിൽ നാരുകൾ. രണ്ട്‌ ഉത്പ്പന്നങ്ങൾക്കും നിലവിൽ നാലു മാസമാണ്‌ സക്ഷിപ്പു കാലാവധി. ഇത്‌ ഇനിയും ദീർഘിപ്പിക്കാനാവും. പ്രിസർവേറ്റീവുകൾ ഒന്നും ചേർക്കാതെയാണ്‌ ഈ ഷെൽഫ്‌ ലൈഫ്‌.  അഞ്ച്‌ പൊങ്ങിൽ നിന്ന്‌ 400 ഗ്രാം പൗഡർ നിർമ്മിക്കാനാവും. കേരന്യൂട്രിവിറ്റ ഉത്പാദിപ്പിക്കുന്നതിന്‌ തേങ്ങ സൂക്ഷിച്ചാൽ അത്‌ നഷ്ടമാവില്ലേ എന്ന ചോദ്യത്തിനും ഡോ.മോഹൻ കുമാർ ഉത്തരം നൽകുന്നു. പൊങ്ങ്‌ എടുത്തശേഷം ലഭിക്കുന്ന തേങ്ങയിൽനിന്ന്‌ ഗുണമേന്മയുള്ള കൊപ്ര ലഭിക്കുകയില്ല എന്നത്‌ സത്യമാണ്‌. പക്ഷെ ഈ തേങ്ങ കൊപ്രയാക്കി അതിൽ നിന്നു ലഭിക്കുന്ന വെളിച്ചെണ്ണ ജൈവ ഇന്ധന നിർമ്മാണത്തിന്‌ ഉപയോഗിക്കാം. നാളികേരത്തിന്റെ കാലാകാലങ്ങളിൽ മാറിമാറി വരുന്ന വിപണിവിലയെ ആശ്രയിച്ച്‌ ഇത്തരത്തിൽ ഉൽപ്പന്നങ്ങൾ ക്രമീകരിച്ചാൽ ഒന്നല്ലെങ്കിൽ മറ്റൊരു മൂല്യവർധിത ഉത്പ്പന്നം നിർമ്മിച്ച്‌ കേരളത്തിലെ കർഷകന്‌ ഏക്കാളത്തും തെങ്ങിൽ നിന്ന്‌ ന്യായവില ഉറപ്പാക്കാൻ സാധിക്കും.  വിപണിയിൽ  തേങ്ങയുടെ വിലയിൽ സംഭവിക്കുന്ന ചാഞ്ചാട്ടങ്ങളെ ഭാവിയിൽ നാളികേര കർഷകൻ ഭയപ്പെടേണ്ടതില്ല എന്നു ചുരുക്കം.
ഇത്തരത്തിൽ, നാളികേര മൂല്യവർധിത ഉത്പ്പന്നങ്ങളുടെ  ശ്രേണിയിൽ ഒന്നു കൂടിയാവട്ടെ എന്നേ ഈ ഗവേഷണത്തിന്റെ തുടക്കത്തിൽ ഡോ. മോഹൻകുമാറും കരുതിയിരുന്നുള്ളു. എന്നാൽ ഗവേഷണം പുരോഗമിക്കുകയും അതിന്റെ പോഷക ഘടന അപഗ്രഥിച്ച്‌ പഠന വിധേയമാക്കുകയും ചെയ്തപ്പോഴാണ്‌ ഇനിയും ചൂഷണം ചെയ്തിട്ടില്ലാത്ത സാധ്യതകളാണ്‌ പൊങ്ങിൽ ഉള്ളതെന്ന്‌ ഗവേഷണ സംഘം തിരിച്ചറിഞ്ഞത്‌.
ഇപ്പോൾ പൊങ്ങിൽ നിന്നു വികസിപ്പിച്ചിരിക്കുന്ന കേരന്യൂട്രിവിറ്റയിൽ 100 ഗ്രാമിൽ 190 ശതമാനം കലോറിയുണ്ട്‌ എന്ന വസ്തുത ഗവേഷകരെ തന്നെ അമ്പരപ്പിച്ചതായി ഡോ.മോഹൻകുമാർ വിശദീകരിച്ചു. കാരണം, നിലവിൽ ഏറ്റവുമധികം കലോറി കണ്ടെത്തിയത്‌ നീരയിലായിരുന്നു  - 75 ശതമാനം. കരിക്കിൻ വെള്ളത്തിൽ പോലും 35- 40 ശതമാനമേയുള്ളു. ആ സമയത്താണ്‌ പൊങ്ങിൽ 190 ശതമാനം കലോറി കണ്ടെത്തിയിരിക്കുന്നത്‌. പ്രകൃതിയിൽ മറ്റ്‌ ഒരു ഭക്ഷ്യവസ്തുവിലും ഇത്രയധികം ഊർജ്ജം അടങ്ങിയിട്ടില്ല.
വികസ്വര രാജ്യങ്ങളിൽ ശീതളപാനീയ വിപണി അനുദിനം കുതിക്കുകയാണ്‌,  പ്രത്യേകിച്ച്‌ ഉഷ്ണമേഖലാ രാജ്യങ്ങളിൽ. എന്നാൽ കൃത്രിമ പാനീയങ്ങളുടെ എല്ലാ പരസ്യ തന്ത്രങ്ങൾക്കുമപ്പുറം ജൈവപാനീയങ്ങൾക്കായുള്ള ഡിമാന്റ്‌ അനുദിനം വർധിക്കുകയാണ്‌. നിലവിൽ ഈ ശ്രേണിയിൽ നമുക്കുള്ളത്‌ ഇളനീരാണ്‌. പിന്നാലെ ആരോഗ്യപാനീയം എന്ന ലേബലിൽ  അതിലും പോഷകാംശമുള്ള നീരയും രംഗപ്രവേശം ചെയ്തു കഴിഞ്ഞു. പക്ഷെ., ഇവ രണ്ടിനെയും പിന്നിലാക്കാൻ പോന്ന പോഷക, വൈദ്യശാസ്ത്ര, ജീവശാസ്ത്ര സവിശേഷതകളോടു കൂടിയ ഉത്പ്പന്നമാണ്‌ പൊങ്ങിൽ നിന്ന്‌ വികസിപ്പിച്ചിരിക്കുന്ന കേരന്യൂട്രിവിറ്റ.
ആളുകൾ ഇപ്പോൾ ആരോഗ്യത്തെക്കുറിച്ച്‌ വളരെ  ബോധവാന്മാരാണ്‌. അതുകൊണ്ടു തന്നെ കൃത്രിമ ഭക്ഷ്യസാധനങ്ങളെക്കാൾ പ്രാദേശികമായി ലഭിക്കുന്ന ജൈവ ഉത്പ്പന്നങ്ങൾക്കാണ്‌ പ്രിയം. ഈ പശ്ചാത്തലത്തിലാണ്‌ 100 ശതമാനം പ്രകൃതിജന്യമായ പൊങ്ങിൽ നിന്നുള്ള കേരന്യൂട്രിവിറ്റയ്ക്ക്‌ വലിയ സാധ്യത കാണുന്നത്‌. വ്യാവസായികാടിസ്ഥാനത്തിൽ കേരന്യൂട്രിവിറ്റ കൂടി ഉത്പാദനം ആരംഭിച്ചാൽ നാളികേരത്തിന്റെ മൂല്യവർധിത ശ്രേണിയിലേയ്ക്ക്‌ ഒരു ഉത്പ്പന്നം കൂടിയാകും. കൊപ്ര, വെളിച്ചെണ്ണ എന്നീ രണ്ടു പരമ്പരാഗത ഉത്പ്പന്നങ്ങൾ കൂടാതെ ഇപ്പോൾതന്നെ വെർജിൻ കോക്കനട്‌ ഓയിൽ, തേങ്ങാപ്പാൽ, തേങ്ങാപ്പാൽ ക്രീം, തേങ്ങാപാൽ പൊടി, തൂൾ തേങ്ങ, നീര, ചക്കര, സിറപ്പ്‌ തുടങ്ങി നിരവധി ഉൽപന്നങ്ങൾ വിപണിയിലുണ്ട്‌.
എസ്‌.സി.എം.എസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോ ടെക്നോളജിയിലെ ഡോ.ശാലിനി ഭാസ്കർ ആണ്‌ ഈ പ്രോജക്ടിന്റെ കോ ഇൻവെസ്റ്റിഗേറ്റർ. ദിവ്യ ശ്രീകുമാർ റിസേർച്ച്‌ സ്കോളറും. ഉത്പ്പന്നത്തിന്റെ വ്യാവസായിക ഉത്​‍്പാദനം ആരംഭിക്കാനുള്ള പ്രാരംഭ ചർച്ചകൾ നടന്നു വരുന്നു.

22 Mar 2014

നീര സംസ്കരണ പ്ലാന്റ്‌ ഒരുങ്ങുന്നു


ഡോ. സി.മോഹൻകുമാർ 
ഡയറക്ടർ, എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോടെക്നോളജി, കളമശേരി.

ആധുനിക ശയൻസിലെ ഏതു ഗവേഷണവും സാർത്ഥകമാകുന്നത്‌ അത്‌ ജനങ്ങൾ ഏറ്റെടുക്കുമ്പോഴാണ്‌. ജൈവ സാങ്കേതിക ശാസ്ത്രത്തിന്റെ പിതാവ്‌ എന്ന്‌ അറിയപ്പെടുന്ന ഫ്രഞ്ച്‌ ശാസ്ത്രജ്ഞൻ ഡോ. ലൂയി പാസ്റ്ററിന്റെ പഠനം മുഴുവൻ ഊർജ്ജ തന്ത്രത്തിലും, ഗവേഷണം മുഴുവൻ രസ തന്ത്രത്തിലും, പ്രായോഗിക പരീക്ഷണങ്ങൾ മുഴുവൻ മൈക്രോബയോളജിയിലുമായിരുന്നു. ജനങ്ങളുടെ വിളിയാണ്‌ ഏതൊരു ശാസ്ത്രജ്ഞനെയും ഉണർത്തുന്നത്‌. അതാണ്‌ പെൻസിലിൻ, ആന്റി റാബീസ്‌ തുടങ്ങിയ  മഹത്തായ കണ്ടു പിടിത്തങ്ങളിലേയ്ക്ക്‌ അദ്ദേഹത്തെ നയിച്ചതു. 

നീര  ജനങ്ങളുടെ ഭാഗത്തു നിന്ന്‌ വർഷങ്ങളായി ഉയർന്നു കൊണ്ടിരുന്ന വിളിയായിരുന്നു. നാളികേര വികസന ബോർഡു പോലുള്ള ഒരു സ്ഥാപനത്തിന്റെ  പൈന്തുണയോടെ ആ വിളിക്ക്‌ ഉത്തരം നൽകാനുള്ള നിയോഗമായിരുന്നു എസ്സിഎംഏശിന്റേത്‌.  ഏതു ഗവേഷണത്തിനുമെന്ന പോലെ നീരയുടെ ഗവേഷണത്തിലും മൂന്നു തലങ്ങളാണ്‌ ഉള്ളത്‌. ഒന്ന്‌ -  അടിസ്ഥാന ഗവേഷണം, രണ്ട്‌, പ്രായോഗിക പരീക്ഷണം, മൂന്ന്‌ വ്യാവസായിക ഉത്പാദനം. കഴിഞ്ഞ ഒൻപതു മാസങ്ങൾ കൊണ്ട്‌ നീര ഗവേഷണത്തിലെ ആദ്യരണ്ടു ഘട്ടങ്ങൾ വിജയകരമായി പൂർത്തിയായി. ഇപ്പോൾ മൂന്നാം ഘട്ടത്തിലേയ്ക്കു കടക്കുകയാണ്‌. ഇതോടെയാണ്‌ ഈ പദ്ധതി പൂർണമായും  ജനങ്ങളിലേയ്ക്ക്‌ എത്തുക.  ഗവണ്‍മന്റിന്റെ ഉത്തരവ്‌ കൂടി ലഭിച്ചതോടെ നീരയുടെ വ്യാവസായിക ഉത്പ്പാദനമാണ്‌ ഉടൻ ആരംഭിക്കുന്നത്‌. കേരളത്തിന്റെ  കാർഷിക മേഖലയ്ക്ക്‌ ഇത്‌ പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്യും.

ഏതൊരു വികസിത രാജ്യത്ത്ം ശാസ്ത്ര മേഖലയിൽ സംഭവിക്കുന്നതുപോലെ,  ഇന്ത്യയിൽ ഇതാ ആദ്യമായി ഒരു ഗവേഷണ ഫലം ഡമോൺസ്ട്രേഷൻ പ്ലാന്റിലൂടെ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങുന്നു. അത്‌ നീരയിലാണ്‌. ആദ്യം  നീര പുളിക്കാതെ തോട്ടത്തിൽ നിന്നു ശേഖരിക്കുന്നു. തുടർന്ന്‌ അതു മുഴുവൻ അതേ ഗുണനിലവാരം നിലനിർത്തി വ്യാവസായികാടിസ്ഥാനത്തിൽ സംസ്കരിച്ച്‌ ജനങ്ങളിൽ തിരികെ എത്തിക്കുന്നു. പരീക്ഷണശാലയിൽ നീരയുടെ സംസ്കരണം നടത്തിയപ്പോൾ ലഭിച്ചതു 10 സിഎഫ്‌എം(കോളനി ഫോമിങ്‌ യൂണിറ്റ്‌) മാത്രം ബാക്ടീരിയൽ ലോഡുള്ള നീരയാണ്‌. 

വ്യാവസായിക ഉത്പാദനത്തിലും ഈ ഗുണനിലവാരം നില നിർത്തി നീര സംസ്കരിക്കാനാണ്‌ എസ്സിഎംഎസ്‌ ശ്രമിക്കുന്നത്‌. ലഘു പാനീയങ്ങളിൽ 100 സിഎഫ്‌എം വരെ അനുവദനീയമാണ്‌. 

കളമശേരി എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ടിലെ നീര ഗവേഷണവിഭാഗത്തിന്റെ മേൽനോട്ടത്തിൽ നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ   ആദ്യത്തെ നീര പ്ലാന്റ്‌ അടുത്തമാസം മുതൽ പ്രവർത്തനം ആരംഭിക്കും. കൊച്ചിശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സമീപം സ്ഥിതിചെയ്യുന്ന എസ്സിഎംഎസ്‌ ഗസ്റ്റ്‌ ഹൗസ്‌ കാമ്പസിലാണ്‌ ആയിരം  അടി വിസ്തൃതിയുള്ള ഫാക്ടറി പ്രവർത്തന സജ്ജമാകുന്നത്‌. ഏപ്രിൽ ആദ്യവാരം തന്നെ പ്ലാന്റിൽ നിന്ന്‌ നീര ഉത്പാദനം തുടങ്ങാമെന്ന്‌ പ്രതീക്ഷിക്കുന്നു. യന്ത്രസാമഗ്രികൾ സ്ഥാപിച്ചു കഴിഞ്ഞു. ഒരു കോടിയാണ്‌ പ്ലാന്റിന്റെ ചെലവ്‌.

പൂർണമായും യന്ത്രവത്കൃതമാണ്‌ പ്ലാന്റ്‌. ടെക്നിക്കൽ സൂപ്പർവൈസറുടെ നേതൃത്വത്തിലാവും പ്രവർത്തനം. പ്രതിദിനം ചെങ്ങമനാട്‌, തൃപ്പൂണിത്തുറ എന്നീ തോട്ടങ്ങളിലെ 250 തെങ്ങുകളിൽ നിന്ന്‌ ശേഖരിക്കുന്ന  500 ലിറ്റർ നീരയാണ്‌ തുടക്കത്തിൽ ഇവിടെ സംസ്കരിക്കുന്നത്‌.  എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന്‌ ആദ്യബാച്ചിൽ നീര ടാപ്പിങ്ങിൽ പരിശീലനം നേടിയ 15 ടെക്നീഷ്യന്മാരവും നീര ടാപ്പ്‌ ചെയ്യുക. ഇവർ ശേഖരിക്കുന്ന നീര രാവിലെ ഒൻപതിനും, ഉച്ചകഴിഞ്ഞ്‌ നാലിനും സൂപ്പർവൈസറുടെ നേതൃത്വത്തിൽ പ്ലാന്റിൽ കൊണ്ടുവന്ന്‌ അപ്പോൾ തന്നെ സംസ്കരിക്കുന്നു.  മൂന്നു മണിക്കൂർ കൊണ്ട്‌ സംസ്കരണം പൂർത്തിയാക്കി നീര പെറ്റ്‌ ബോട്ടിലുകളിൽ വിപണനത്തിനു തയാറാകും. രണ്ടു ഷിഫ്റ്റായിട്ടാണ്‌ പ്ലാന്റ്‌ പ്രവർത്തിക്കുക കുപ്പികളിലാക്കിയ നീരയോടൊപ്പം സംസ്കരണ പ്രക്രിയയിൽ ഒരിടത്തു പോലും മനുഷ്യസ്പർശമേൽക്കാതെ മൂല്യവർധിത ഉത്പ്പന്നങ്ങളായ നീര ഷുഗർ, നീര സ്ക്വാഷ്‌, എന്നിവയും  ആദ്യ ഘട്ടത്തിൽ വിപണിയിലെത്തും.  

എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ടിലെ  ശാസ്ത്രജ്ഞരായ ഡോ. ബാലചന്ദ്രൻ, ഡോ.ശാലിനി ഭാസ്കർ, എന്നിവർക്കൊപ്പം രാജേഷ്‌, ഹരീഷ്‌, അനീഷ, സോണ, മാളവിക  എന്നിവർ ഉൾപ്പെട്ട സംഘമാണ്‌ നീര ഗവേഷണങ്ങൾ നടത്തുന്നത്‌.

25 Feb 2014

ആകാശപ്രവാസത്തിന് പോയവർ തിരിച്ച് വരുമ്പോൾ


 ഗീത മുന്നൂർക്കോട്
ഒരു ശ്വാസം മുറുകിത്തീരുമ്പോൾ                                                             
ആകാശത്തേക്ക്                                                                                                         
ഒരാത്മാവിനെ പ്രവാസിയാക്കുന്നുണ്ടെന്നും                                                                 
അവർ നിശ്ചിത സമയങ്ങളിൽ                                                                    ഭൂമിയിറങ്ങാറുണ്ടെന്നും.                                                     
എന്തിനായിരിക്കുംആവോ?
                                                                                                                             
 പയറ്റു പഠിച്ച്                                                                                                                
തറവാടിനെ പയറ്റിയൂട്ടിയിരുന്ന                                                                                 
വല്ല്യമ്മാവന്റെ ശാസനോച്ഛ്വാസങ്ങൾ                                                   
തെക്കേത്തൊടിയിൽ നിന്നും                                                                                     
പുലരിയുണരും മുമ്പെ തണുത്ത് വീശുന്നത്                                                        
പകലുറക്കങ്ങളെ                                                                      
നിഷ്ക്കർഷിക്കാനാണത്രേ.!
                                                                                                            
അഷ്ടദിക്കുകകളെ കാഴ്ച്ചയിലൊതുക്കിയിരുന്ന                                                         
മുത്തച്ഛന്റെയുലാത്തൽ                                                                                                           
മുട്ടൻ ഊന്നൽവടികളായി                                                                                  
സായന്തന മുറ്റങ്ങളിലേക്ക്                                                                                
കാതോരങ്ങൾ ചൊറിഞ്ഞ് നടക്കുന്നത്                                                                                        വായ് പൊത്തിയുള്ള  പെണ്ണനക്കങ്ങളെയും                                                                                        പെൺകൊടിച്ചിരികളുടെ                                                                                                              പാദസ്വനമില്ലാത്ത നടത്തകളെയും                                                                                                        ശാസിച്ചുറപ്പു വരുത്താനത്രേ.!
                                                                                                                               ഈയ്യിടെയായി                                                                                                              വൃദ്ധാലയമുറ്റങ്ങളിൽ നിന്നും                                                                                                               ഒളിച്ചോടി ഇടയ്ക്കിടെ വരാറുണ്ട്                                                                                                അച്ഛനമ്മമാരുടെ നെടുവീർപ്പുകൾ                                                                                                   പുത്തൻ പ്രവാസവഴികളിൽ                                                                                                                കളഞ്ഞു പോയ കിനാവുകൾ തേടി                                                                                              ഗതികിട്ടാതലയാൻ മാത്രം.                                                                                                                     

21 Jan 2014

അസൂയ-യവ്തുഷെങ്കോ

പരിഭാഷ: വി രവികുമാർ


എനിക്കസൂയയുണ്ട്.
ഈ രഹസ്യം
ഇതേവരെ ഞാൻ വെളിപ്പെടുത്തിയിട്ടില്ല.
എനിക്കറിയാം
ഞാൻ കണക്കറ്റസൂയപ്പെടുന്ന ഒരു കുട്ടി
എവിടെയോ ഉണ്ടെന്ന്.
അവനെപ്പോലെ
ഇത്ര നിഷ്കളങ്കനും ധൈര്യശാലിയുമാവാൻ
എനിക്കിതേവരെ കഴിഞ്ഞിട്ടില്ല.
അവൻ ചിരിക്കുന്ന രീതി കാണുമ്പോൾ
ഞാൻ അസൂയപ്പെട്ടുപോകുന്നു-
അതുപോലെ ചിരിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല.
ദേഹം മുഴുവൻ മുഴയും മുറിവുമായിട്ടാണവൻ നടക്കുക;
ഞാൻ മുടി ഭംഗിയായി കോതിവച്ചും ഉടവു തട്ടാതെയും.
പുസ്തകങ്ങളിൽ ഞാൻ കാണാതെപോയ ഭാഗങ്ങൾ
അവന്റെ കണ്ണിൽപ്പെടാതെപോയിട്ടില്ല.
ഇവിടെ കൂടുതൽ കരുത്തനും അവനായിരുന്നു.
ആർജ്ജവം കൂടുതൽ അവനായിരുന്നു,
നിശിതമായ സത്യസന്ധതയും.
അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടെന്നു വന്നാല്ക്കൂടി
ഒരു തിന്മയ്ക്കും അവൻ മാപ്പു കൊടുത്തിരുന്നില്ല.
“ഇതു കൊണ്ടെന്തു കാര്യം?”
എന്നു പറഞ്ഞു ഞാൻ പേന താഴെ വച്ചിരുന്നിടത്തു നിന്ന്
“അതുകൊണ്ടു കാര്യമുണ്ട്!”
എന്നുറപ്പിച്ചു പറഞ്ഞുകൊണ്ട്
അവൻ പേനയെടുത്തിരുന്നു.
കുരുക്കഴിക്കാനായില്ലെങ്കിൽ
അവനതു വെട്ടിമുറിക്കുമായിരുന്നു,
എനിക്കാവട്ടെ, അഴിക്കാനുമായില്ല, മുറിക്കാനുമായില്ല.
അവന്റെ പ്രണയം ഉറച്ചതായിരുന്നു,
എനിക്കത് കയറിയിറങ്ങാനുള്ളതായിരുന്നു.
ഞാനെന്റെ അസൂയ മറച്ചുവയ്ക്കുന്നു.
മുഖത്തു ചിരി വരുത്തുന്നു.
ഒരു സാധുജന്മമാണു ഞാനെന്നു നടിക്കുന്നു:
“ചിരിക്കാനുമൊരാൾ വേണ്ടേ;
എല്ലാവരും ഒരേപോലെയല്ലല്ലോ ജീവിക്കേണ്ടതും...“
”ഓരോ ആൾക്കും ഓരോ തലയിലെഴുത്ത്“
എന്നുരുക്കഴിച്ചുകൊണ്ട്
സ്വയം വിശ്വസിപ്പിക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും,
എനിക്കു മറക്കാൻ കഴിയുന്നില്ല,
എവിടെയോ ഒരു കുട്ടിയുണ്ട്,
എന്നെക്കാൾ നേട്ടങ്ങൾ കൈവരിക്കുന്നവനെന്ന്.

(1955)

23 Dec 2013

കവിതകൾ കുറേക്കൂടി

 ഗീതാനന്ദൻ

 1

കണ്ണിന്റെ കാഴ്ച്ചക്കുമപ്പുറം മന
കണ്ണിനു കാഴ്ചയുണ്ടായ് വരേണം
കണ്ണിനു തിമിരം പടരുന്ന കാലത്ത്
മനമതി ലോലമായ് ചികഞ്ഞു നോക്കീടണം
കാണാം നമുക്കവിടെ മുക്കിലും മൂലയിലും
ക്ലാവു വളരുമാ പച്ച രേണുക്കളെ
തുടച്ചു നീക്കിടാം ശ്രദ്ധയോടെന്നും
കാഴ്ചയിൽ തിമിരം പടരാതിരിക്കുവാൻ........


2
പ്രഭാതങ്ങളിലെ കുളിരുകളിൽ
ഒളിഞ്ഞിരിക്കും തെളിമയോലും
ചിന്താ ശകലങ്ങളേ.........
സൂര്യാംശുകിരണങ്ങൾ താപ
മുണർത്തുന്നതിനും മുമ്പ്
നിങ്ങളിലുണരട്ടെ നേരിന്റെ ചിന്തകൾ
അതു നേരായ് നിന്നു ജ്വലിക്കട്ടെ
അന്തിക്കു സുഷുപ്തിയിൽ
വീണലിയും വരേക്കും.........


3ചാന്ദ്രതാരകൾ മിഴിചിമ്മാതെ
നിൽക്കുമീ മധുരിമ രാത്രിയിൽ
വൃശ്ചിക കുളിരു പകർന്നൊഴുകു
കയായ് ശൈത്യ നിനവുകളിൽ
നിൻ മിഴികൾ കൂമ്പുന്നുവോ സഖീ
എങ്കിലീ രാവിന്റെ വേദനകൾ
മറക്കാനൊരു നിലാവിൻ
ചന്തം മെനഞ്ഞുതരൂ..




4
സരസ്സൻ സംഭാഷണപ്രിയൻ
ഭക്ഷണത്തോടു പിണക്കം കാട്ടാതെ
സാകൂതം തീന്മേശയിലിരുന്നു
രുചിയറിഞ്ഞു കഴിച്ചതെൻ സുകൃതം

അന്നമൊരുപാടു ദാനമായ് നൽകിയ
നന്മയുടെ ഭാണ്ഡം ചുമന്ന പിതാമഹന്മാ-
രിത്തിരി താഴേക്കു വിതറിയൊരരി മണികൾ
പെറുക്കി കാലം കഴിക്കുന്നൊ രെൻ
ജീവിത യാത്രയിൽ നൽമുഹൂർത്തങ്ങൾ
താനേ മുളച്ചൊരാ സുദിനം

ശേഷിച്ച ജീവിത സുഖങ്ങളിൽ
മാറ്റേറ്റംകൂടുതലെന്നും
സന്മനസ്സിന്നുടമകൾക്കു വിരുന്നൂട്ടലെ
ന്നെൻ മുത്തശ്ശൻ പറഞ്ഞു പതിഞ്ഞ
വാക്കുകളെൻ കാതിൽ മുഴങ്ങീടവേ
ടിജി ഊണും കഴിഞ്ഞെണീറ്റിരുന്നു.

നേരുകളെയൊരുപാടു ലാളിക്കാൻ
കൊതിച്ചൊരെൻ മനസ്സിനെ കുളിർപ്പിച്ചു
ടിജി യാത്രപറഞ്ഞു കൈവീശിയകലുമ്പോൾ
ബാക്കിശേഷിപ്പതെന്തെന്നറിഞ്ഞീല

എന്റെ ആത്മാവിൻ പടിപ്പുരവാതി
ലെന്നും ഞാൻ ചാരാതിരുന്നിടാം
ഒഴിയും നിമിഷങ്ങളിലിനിയും ഈ വഴി
വന്നു പോയീടാൻ മറക്കാതിരിക്കണം
നന്മകൾ മാത്രം പെറുക്കി കൈവഴികൾ
പിരിയാതെ കാലത്തിനൊപ്പം നടന്നിടാം...... —--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...