Showing posts with label SREE PARVATHY. Show all posts
Showing posts with label SREE PARVATHY. Show all posts

18 Mar 2012

നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്....



 ശ്രീപാർവ്വതി
ഓരോ പാദങ്ങളും ചുവടുകളും വ്യത്യസ്തങ്ങളത്രേ. ചിലര്‍ ചുവടുകള്‍ വയ്ക്കുന്നത് ശ്രദ്ധിച്ചുവോ, മെല്ലെ, ഭൂമിയ്ക്ക് പോലും ഭാരമുണ്ടാകാതെ, മറ്റു ചിലര്‍ പാദത്തിലെ മണ്‍തരികളെ ഞെക്കി അമര്‍ത്തി, മറ്റു ചിലര്‍ കാല്‍ നിലത്ത് ഉരച്ച് ഒച്ച കേള്‍പ്പിച്ച്.
പലതിനും പല അര്‍ത്ഥങ്ങള്‍.
നടക്കുന്നതിന്, വരെ താളമുണ്ടെന്ന് നമ്മള്‍ എത്ര പേര്‍ അറിഞ്ഞു?
ചിലര്‍ ചെവിയില്‍ ഇയര്‍ ഫോണ്‍ വച്ച് നടക്കുന്നത് നോക്കിയാല്‍ അറിയാം, ആ പാട്ടിന്‍റെ താളം നടപ്പില്‍ വരുന്നുണ്ടെന്ന്. ഒരാളോടുള്ള ദേഷ്യം മനസ്സില്‍ വച്ച് നടക്കുകയാണെങ്കില്‍ വഴിയില്‍ കാണുന്ന ചെറിയ കല്ലുകള്‍ക്ക് വരെ മോക്ഷപ്രാപ്തി നേടാം. അതേ സമയം പ്രിയപ്പെട്ടവനെ കണ്ണുകള്‍ കൊണ്ട് തിരയുകയാണെങ്കില്‍ ആ നടപ്പ് കാറ്റിന്‍റെ താളത്തിലായിരിക്കും. ഒഴുകി പോകുന്നതു പോലെ നടക്കുന്നവര്‍ക്ക് അനുഭവപ്പെടുകയും ചെയ്യും.
"വാക്കിങ്ങ് ഇന്‍ ദ മൂണ്‍ ലൈറ്റ് ഐ ആം തിങ്കിങ് ഓഫ് യൂ..."
നിലാവുള്ള രാത്രിയില്‍ മെല്ലെ നടക്കവേ നിന്‍റെയോര്‍മ്മകള്‍ എന്നിലേയ്ക്ക് ഇരച്ചു കടന്നു വരുന്നു. അത്താഴം കഴിഞ്ഞ് അരക്കാതം നടക്കണം എന്ന് മുത്തശ്ശന്‍ പറഞ്ഞു പഠിപ്പിച്ചത് മറക്കാത്തതു കൊണ്ട്, സന്ധ്യയ്ക്ക് മുറ്റത്ത് നടക്കുന്ന ശീലം ഉണ്ടായിരുന്നു. മതിലു കെട്ടി വേര്‍തിരിച്ചിരുന്നതു കൊണ്ട് വീട് റോഡരികിലെങ്കിലും ആരെങ്കിലും കാണുമെന്ന പേടി വേണ്ട. കണ്ടാലും എന്ത് നാണക്കേട്, ആ നടത്തം ഞാനത്ര ഇഷ്ടപ്പെട്ടിരുന്നു. അമ്പിളിയെ നോക്കി നടക്കുമ്പോഴാകും ഒരു പാട്ടു മനസ്സില്‍ വരിക,
"ചന്ദ്രന്‍ മോഹിച്ച പെണ്ണേ നക്ഷത്രം നിന്നേ വിളിച്ചൂ
നിന്‍ മാളികയ്ക്കുള്ളിലെങ്ങോ മേഘങ്ങള്‍ രാവാട നെയ്തു
... ദൂരെ ദൂരെ ദൂരത്തയി നമ്മള്‍ നില്‍ക്കുന്നെങ്കിലും ഈ ദൂരം പോലും ചാരേ അല്ലേ...
നീ ഞാനല്ലേ...."
നടക്കുന്ന വഴികളില്‍ തണുപ്പ് പെയ്യുന്നുണ്ടാവും, എങ്കിലും ഈ വരികള്‍ എന്നും എന്നെ മോഹിപ്പിച്ചു കൊണ്ടെ ഇരുന്നു. അങ്ങകലെ ആകാശത്തിരുന്ന് ആരോ ഈ ഗാനം എന്നെ നോക്കി പാടുന്ന പോലെ ഞാന്‍ കണ്ടു, അയാളുടെ കയ്യില്‍ ചെറിയ ലയര്‍, തലയില്‍ വെള്ള തൊപ്പി...
നടക്കുന്ന ഓരോ ചുവടിലും ആ താളം എന്നിലുണ്ടാകുന്നത് ഞാനറിഞ്ഞിരുന്നു. അങ്ങകലെ ആ സ്വര്‍ണ ഗോളം തിളങ്ങുന്നത് എന്‍റെ സ്വപ്നങ്ങളിലേയ്ക്ക് പ്രകാശമുതിര്‍ത്തു കൊണ്ടാണെന്ന് എനിക്കറിയാമായിരുന്നു...
ആ നടത്തത്തെ ഗൃഹാതുരത കലര്‍ന്ന ഒരു നിറമുള്ള സ്വപ്നം പോലും ഇന്നും ഞാന്‍ കൊണ്ടു നടക്കും.
ഓരോ ഇടങ്ങളിലും നടപ്പിന്‍റെ രീതികള്‍ വ്യത്യസ്തമാണ്. ഒരു  ബസ് വരാന്‍ സമയമായാല്‍   നാം നടപ്പ് പെട്ടെന്നാക്കും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഓട്ടം തന്നെ. പക്ഷേ ക്ഷേത്രങ്ങളില്‍ പ്രദക്ഷിണം വയ്ക്കുമ്പോള്‍ അടിവച്ചേ ചുവടുകള്‍ വയ്ക്കാവൂ എന്നാണ്, നിയമം. പക്ഷേ എത്ര പേര്‍ ഇങ്ങനെ നടകാറുണ്ട്. പലരും കയ്യൊക്കെ രണ്ടു വശത്തേയ്ക്കും വീശി പെട്ടെന്ന് നടന്ന് തീര്‍ക്കാനാണ്, ധൃതി. വളരെ മെല്ലെ അടി വച്ച്, തൊഴു കയ്യോടെ വേണം ശ്രീലകത്തുള്ള ആളെ തൊഴാന്‍. ക്ഷേത്രം ശരീര തുല്യമായതു കൊണ്ട് അതിനോടുള്ള ബഹുമാനങ്ങളൊക്കെ ക്ഷേത്രത്തിനോടും വേണമെന്ന് ചുരുക്കം.
എന്‍റെ സ്വപ്നങ്ങളില്‍ മഴ പെയ്യുമ്പോള്‍ ഞാന്‍ ഒരു കടല്‍തീരത്തായിരുന്നു. കരയുടെ ഒരറ്റവും മുന്നില്ലാതെ ഒഴുകി പരന്നു കിടക്കുന്ന കടല്‍ . ഞാന്‍ നിന്നത് കരയിലോ ജലത്തിലോ, സ്വപങ്ങള്‍ അങ്ങനെയാണല്ലോ, നമ്മളേ തെറ്റിദ്ധരിപ്പിച്ചു കളയും. ഉണര്‍ന്നപ്പോള്‍ ഒരു കടല്‍ എന്നില്‍ അലയടിച്ചു. ഒരു മോഹം കടല്‍ത്തീരങ്ങള്‍ കാണാന്‍. വെറുതേ പഞ്ചാര മണലില്‍ അടി വച്ച് നടക്കാന്‍.
"കാല്‍പ്പാടുകളൊന്നാക്കിയ തീര്‍ത്ഥാടകരായ്..."
ഓരോ യാത്രയും ഒരു തീര്‍ത്ഥാടനമാണെന്നു പറയും. ചിലപ്പോള്‍ കൂടെ പ്രിയമുള്ളവരുടെ നിഴലുകള്‍ കാണും, ചിലപ്പോള്‍ ഏകാന്ത സഞ്ചാരം. പക്ഷെ കടല്‍ത്തീരങ്ങളിലെ വെള്ള മണല്‍ എന്നെ ആരുടേയോ കാലടിപ്പാടുകളേ അനുകരിക്കാനാണ്, പഠിപ്പിക്കുന്നത്. അകന്നു പോയ ആ പാടുകള്‍ എന്നിലുയര്‍ത്തിയ നെടുവീര്‍പ്പിനെ ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ആ യാത്ര എന്‍റെ സ്വപ്നമാണ്...
പക്ഷേ നടക്കാത്ത സ്വപ്നങ്ങള്‍ക്കാണ്, ഏറെ കുളിര്‍മ. സഫലമായവ മറ്റക്കതപാലില്‍ അയച്ച കത്തുകള്‍ പോലെ, വീണ്ടുമവ നിരാശപ്പെടുത്തും. പക്ഷേ എന്നില്‍ ഊറുന്നത് നിരാശയല്ലല്ലോ.....
അടി വച്ച പാടുകള്‍ കാണുമ്പോള്‍ ഓര്‍ത്തു പോയ മഞ്ഞ മരങ്ങളും നിലാവിലലിഞ്ഞുള്ള നടത്തവും. ഒരു ജന്‍മം കഴിഞ്ഞുപോയെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഇനിയും എത്ര ദൂരം ബാക്കി കിടക്കുന്നു.
"ഈ മരക്കൂട്ടങ്ങള്‍ വളരെ ആഴമേറിയത്, മനോഹരവും
പക്ഷേ പാലിക്കപ്പെടേണ്ട ചിലത് എന്നെ കാത്ത് ദൂരെ...
കാതങ്ങളിനിയും എത്രയകലെ…
വഴികള്‍ ദൂരങ്ങള്‍ എന്നെ ക്ഷണിക്കുന്നു..
ഉറക്കം ഇനി യാത്രയ്ക്കപ്പുറം..”"
റൊബര്‍ട്ട് ഫ്രോസ്റ്റ് ഉണര്‍ത്തുന്നു...
യാത്രകള്‍ മനോഹരങ്ങള്‍, അതും നിലാവുള്ള രാത്രികളെങ്കിലോ.......

15 Nov 2011

നിലാവിന്റെ വഴി


ശ്രീപാര്‍വ്വതി


ഓര്‍മ്മകള്‍ക്ക് സുഗന്ധം വയ്ക്കുമ്പോള്‍

"ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം......." ഓര്‍മ്മകളെ താലോലിയ്ക്കുവാന്‍ എത്ര പാട്ടുകളാണ്, നമുക്ക്. വീട്ടുമുറ്റത്തെ ചെറിയ അരിമുല്ലയിലെ നനുത്ത ഗന്ധം ഇറ്റനാഴികള്‍ കറ്റന്ന് മെല്ലെ ഗൃഹാതുരതയിലേയ്ക്ക് ചേക്കേറുമ്പോള്‍ ഓര്‍മ്മകള്‍ എവിടെയാണ്, നമുക്ക് നഷ്ടപ്പെട്ടത്? പിച്ചിയും അരളിയും മരവിയില്‍ ലയിക്കുമ്പോള്‍ മുകുറ്റിയും തുമ്പയും ഓണത്തിന്‍റെ കൌതുകം മാത്രമാകുമ്പോള്‍ എന്താണ്, നമുക്ക് ഇല്ലാതാകുന്നത്... സുഖകരമായ നമ്മുടെ ഓര്‍മ്മകള്‍ തന്നെയല്ലേ...
ഓര്‍മ്മകള്‍ നഷ്ടപ്പെടുത്തലുകളൂടേതു മാത്രമോ....?
ഒരിക്കലുമല്ല...
കടന്നു വന്ന വഴികളില്‍ നമ്മള്‍ ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത എത്ര കാര്യങ്ങളുണ്ട്. നമ്മുടെ പ്രിയപ്പെട്ട ഒരാളെ ആദ്യമായി കണ്ടത്, മനസ്സിനെ പിടിച്ചുലച്ച ഒരു പാട്ട്, ഒരു സിനിമ, ആദ്യ ചുംബനം, ആദ്യ പ്രണയം അങ്ങനെ എന്തൊക്കെ...
ഓര്‍മ്മകളില്‍ വലരെ വ്യത്യസ്തമായത് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍, ഞാനെടുക്കുക ആ ദിനമാണ്. കഴിഞ്ഞ വര്‍ഷത്തെ വിജയദശമി ദിനം. അന്നാണ്, ആദ്യമായി എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍റെ മണ്ണില്‍ കാലുകുത്തുന്നത്.

വര്‍ഷങ്ങളായി ഉള്ളില്‍ കൊണ്ടു നടന്ന ഒരു മോഹമായിരുന്നു അത്. "ഇന്നലെ"കളുടെ ഗന്ധര്‍വ്വന്‍റെ ഒരു അദൃശ്യസാമിപ്യം ഞാനറിഞ്ഞു. ഓര്‍മ്മകളില്‍ തിരയേണ്ട... അപരനും, ഇന്നലെയുമൊക്കെ ചെയ്ത പദ്മരാജന്‍ മാഷിനെ പറ്റി ത്തന്നെയാണ്, പറഞ്ഞു വരുന്നത്. ഒരു പരിപാടിയില്‍ വച്ച് രാധച്ചേച്ചി(പദ്മരാജന്‍റെ പ്രിയതമ)യെ കണ്ടു അവരോടൊപ്പമാണ്, ആ വീട്ടിലെത്തിയത്. കരിങ്കല്ലു പാകിയ മതിലുകളില്‍ പടര്‍ന്നു കിടക്കുന്ന വരകള്‍ പോലെയുള്ള ചെടികള്‍ നമുക്കു പാര്‍ക്കാം മുന്തിരിത്തോപ്പുകളിലെ മുന്തിരിപ്പാടങ്ങളെ ഓര്‍മ്മിപ്പിച്ചു. സാമ്യത തോന്നിയിട്ടൊന്നുമല്ല വെറുതെ ഒരു തോന്നല്‍. തുറന്ന ഗേറ്റിലൂടെ രാധചേച്ചിയ്ക്കൊപ്പം അകത്തേയ്ക്കു നടക്കുമ്പോള്‍ ഒരു ഭസമത്തിന്‍റെ സുഗന്ധം എന്നെ കടന്നു പോയതു പോലെ തോന്നി. വല്ലാതെ കുളിരു കൊണ്ടു. ഒപ്പം നടക്കുന്നത് അദ്ദേഹത്തിന്‍റെ പ്രിയതമയാണ്. രാധച്ചേച്ചിയോട് വല്ലാത്തൊരിഷ്ടമുണ്ട്, അന്നും ഇന്നും. സുഗന്ധമുള്ള ഒരു ഓര്‍മ്മയായി അത് അവശേഷിക്കേ തന്നെ ആ ദിവസം വേദനിപ്പിച്ച മറ്റൊരു ഓര്‍മ്മ കൂടിയുണ്ട്. വേദനകളെ എന്തിനു പങ്കിറ്റണം? എല്ലാവരേയും ചിരിച്ച മുഖത്തോടു കൂടി കാണാനാണ്, നമുക്കിഷ്ടം അല്ലേ...

സങ്കടങ്ങള്‍ നമ്മള്‍ മനപ്പൂര്‍വ്വം ആ വഴിയരികില്‍ തന്നെ ഉപേക്ഷിച്ചു പോരും. പക്ഷേ ചിലരുണ്ട്, ഒരു ചെറിയ മുറിവു പോലും മനസ്സില്‍ സൂക്ഷിച്ച് പ്രതികാരവും കുറ്റപ്പെടുത്തലുകളുമായി നടക്കുന്നവര്‍. എന്തു പറയേണ്ടൂ, ഈശ്വരന്‍ തന്ന നിറമുള്ള പല സ്വപ്നങ്ങളും ഓര്‍മ്മകള്‍ പോലും കാണാന്‍ അവര്‍ക്കു കഴിയുന്നില്ലല്ലോ.

നഷ്ടങ്ങള്‍ ഉണ്ടാകാത്ത ജീവിതമുണ്ടോ? ചിലപ്പോള്‍ ചില പ്രിയ മനുഷ്യര്‍, ഏറെ താലോലിച്ച  മോഹങ്ങള്‍, പ്രിയ പുസ്തകങ്ങള്‍... എല്ലാം നഷ്ടങ്ങള്‍ തന്നെ. നഷ്ടപ്പെടലുകള്‍ക്ക് പകരം നില്‍ക്കാന്‍ മറ്റുള്ളതിനൊന്നും ആയെന്നും വരില്ല. പക്ഷേ ആശ്വസിക്കാന്‍ കൂട്ടിന്, സുഗന്ധപൂരിതമായ പ്രിയപ്പെട്ടത് ഒന്നിച്ചുള്ള ഓര്‍മ്മകളെങ്കിലും ഉണ്ടല്ലോ.
ഇപ്പോള്‍ ഓര്‍മ്മ വരുന്നത് ബ്ലസ്സിയുടെ "തന്‍മാത്ര" എന്ന ചിത്രമാണ്. ഓര്‍മ്മകളില്‍ ജീവിച്ചിരുന്നൊരു മനുഷ്യന്‍റെ സ്വപ്നങ്ങള്‍ നിഴലുകളായി പോകുമ്പോള്‍ കാഴ്ച്ചക്കാരന്‍റെ ഹൃദയത്തെ തൊട്ടു കടന്നു പോകുന്ന ഒരു നോവുണ്ടല്ലോ, അത് മറവി രോഗം ബാധിച്ച ആയിരക്കണക്കിന്, മനുഷ്യര്‍ക്കു വേണ്ടിയുള്ളതാകുമ്പോള്‍ ആ വിങ്ങല്‍ മധുരമുള്ളതായി മാറും. ഓരോ തരിയായി ഓര്‍മ്മകള്‍ നഷ്ടപ്പെടുമ്പോള്‍ മനസ്സിലെവിടെയോ കിടക്കുന്ന നുറുങ്ങു വെളിച്ചത്തിലേയ്ക്ക് അവര്‍ നോക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന വിഭ്രാന്തികള്‍ ഒക്കെ കൂട്ടിരുപ്പുകാര്‍ക്ക് വേദനകളാണ്. പക്ഷേ ഒന്നാശ്വസിക്കുക, നമുക്ക് ഓര്‍മ്മകള്‍ നഷ്ടപ്പെട്ടിട്ടില്ലല്ലോ. ഓണവും ഊഞ്ഞാലും ഓര്‍ക്കാന്‍ പുസ്തകങ്ങളേയും കുട്ടിക്കാലത്തേയും ഓര്‍ക്കാന്‍ നമുക്ക് കഴിയുന്നുണ്ടല്ലോ. മറവി ബാധിച്ച നമ്മുടെ പ്രിയപ്പെട്ടവരുടെ സ്നേഹ സമ്മാനങ്ങള്‍ നമ്മുടേ ഓര്‍മ്മകളില്‍ നിന്ന് ആരും തുടച്ചു നീക്കിയിട്ടില്ലല്ലോ.
ആ ഓര്‍മ്മകളില്‍ നിന്ന് നമുക്ക് അവരെ സ്നേഹിക്കാം. നമ്മുടെ ഓര്‍മ്മകളുടെ അഗ്നിയില്‍ അവരെ ജ്വലിപ്പിച്ചെടുക്കാം. നമുക്കേ അത് ചെയ്യാനാകൂ, കാരണം നമ്മിലല്ലേ ആ സുഗന്ധമുള്ളത്, ഓര്‍മ്മകളുടെ വാടാത്ത സുഗന്ധം.

15 Oct 2011

നിലാവിന്റെ വഴി


 ശ്രീപാർവ്വതി
 
 
പ്രണയത്തില്‍ മഴ പെയ്യുമ്പോള്‍
മഴയ്ക്ക് വല്ലാത്തൊരു സുഖമുണ്ട്, ഓര്‍ക്കാന്‍ ഒരുപാടൊര്‍മ്മകളുമായേ ഓരോ മഴയ്ക്കും മണ്ണിലേയ്ക്കിറങ്ങാനാകൂ. എനിക്ക് മഴയത്ത് പ്രണയിക്കാനാണ്, ഇഷ്ടം. നീയടുത്ത് ഇല്ലെങ്കിലും ഉണ്ടെങ്കിലും നിന്നെയോര്‍ത്ത്, മഴ നനഞ്ഞ് ,കണ്ണടച്ച് മഴക്കുളിരിലലിഞ്ഞ്, ഒടുവില്‍ നിന്നിലേയ്ക്കു തന്നെ മടങ്ങും. പണ്ടെന്നോ കുറിച്ചതാണ്,പക്ഷേ ഓരോ മഴയിലും ആ കുളിര്, മനസ്സിലേയ്ക്ക് വന്നലയ്ക്കും.മരങ്ങള്‍ക്കിടയില്‍ മഴ പെയ്യുന്നതാണ്, നിനക്കേറ്റവും ഇഷ്ടം എന്ന് എന്നോടു പറഞ്ഞിട്ടില്ലെ, ഞാനും ഇപ്പോള്‍ അത് ഇഷ്ടപ്പെടുന്നു, കാരണം ആ മരക്കൂട്ടങ്ങള്‍ക്കിറ്റയില്‍ നിന്നെ തിരഞ്ഞുകൊണ്ടിരുന്നപ്പോഴാണല്ലോ ചെയ്തു തീര്‍ക്കാനുള്ളതെന്തോ ബാക്കിയുള്ള പോലെ നീ നിന്‍റെ കുതിരപ്പുറത്ത് ആ വഴി വന്നത്, എന്നെ കണ്ട് നിന്‍റെ കുതിര സ്നേഹത്തോടെ എന്‍റടുത്തേയ്ക്കു വന്നത് ഒരുപക്ഷേ അവന്‍ അവന്‍റെ യജമാനത്തിയെ മനസ്സിലാക്കിയതിന്‍റെ ആഹ്ലാദത്തിലാകാം. ആ മഴയില്‍ നീയെനിക്ക് അഭയമായി, നിന്‍റെ യാത്രയില്‍ ഞാനും കൂട്ടായി.

മഴ കുട്ടിക്കാലത്തെ കളിവള്ളമായ്
പണ്ട് ഞങ്ങളുടെ വീടിന്‍റെ മുന്നിലൂടെ ഒരു ചെറിയ തോട് ഉണ്ടായിരുന്നു, ഇപ്പോള്‍ അത് വലുതാക്കി കോണ്‍ക്രീറ്റ് റോഡാക്കി. അന്ന് മഴക്കാലമാകുമ്പോള്‍ തോട്ടിലും, പിന്നെ താഴെയുള്ള വയലിലുമാണ്. വയലില്‍ നിറയെ ചെറിയ നീണ്ട വാലുള്ള തുമ്പികള്‍ ഉണ്ടാവും പതിയെ ചെന്ന് വാലില്‍ ഒറ്റ പിടിത്തം പാവം തല വളഞ്ഞ് വിരലില്‍ വന്നിരിക്കും, പിന്നെ അതിനെ കൊണ്ട് കല്ലെടുപ്പിക്കല്‍, പാവം തുമ്പി എത്ര ക്രൂരമായി ചിന്തിക്കാന്‍ അന്ന് എങ്ങനെ എനിക്ക് മനസ്സു വന്നോ ആവോ...തോട്ടിന്‍റെ വക്കത്തു നിന്ന കൊന്നയുടെ ഇലയും ഞാന്‍ തന്നെ ഉണ്ടാക്കിയ കളിവള്ളവുമായി മഴ ഒന്ന് തോര്‍ന്നാല്‍ ഇറങ്ങുകയായി. വെള്ളത്തില്‍ അത് ഒഴുക്കി വിടുമ്പോള്‍ ഉണ്ടാകുന്ന കുഞ്ഞലകള്‍ അതു കാണാന്‍ എന്തു സന്തോഷമായിരുന്നു, ഒറ്റപ്പെടലിന്‍റെ വേദന പോലും എത്ര നിസ്സാരമായി തോന്നി അന്ന്. മറ്റൊരു രസകരമായ സംഭവം നല്ലൊരു മഴകാലത്ത് അടുത്ത കടയില്‍ പോയി തൈര്‍ വാങ്ങാന്‍ പറഞ്ഞു വിട്ടതാണു അമ്മ. തിരികെ  വെള്ളം തട്ടിത്തെറുപ്പിച്ചും തുമ്പിയെ പിടിച്ചും വരുന്ന വഴിയില്‍ തൈര്, പാത്രം കയ്യില്‍ നിന്ന് താഴെ.... കുറച്ച് താഴെ പോവുകയും ചെയ്തു, എന്തു ചെയ്യും.... ഒറ്റ വഴിയേ കണ്ടുള്ളൂ,  തോട്ടിലെ ഒഴുകുന്ന വെള്ളം ശകലം തൈരില്‍ കോരി ഒഴിച്ചു. വീട്ടില്‍ ചെന്നിട്ട് പറയാതിരിക്കാനും തോന്നിയില്ല, അതൊരു തെറ്റേ അല്ലെന്ന മട്ടില്‍ നിഷ്കളങ്കമായി പറഞ്ഞ എന്നെ അമ്മ അന്ന് എന്തിനാണ്, തല്ലിയതെന്ന് അടി കിട്ടിക്കഴിഞ്ഞും മനസ്സിലായില്ല.

മഴ നിരാസങ്ങളുടേതും.....!!!
ഒരു മഴദിവസമാണ്, പദ്മരാജന്‍ മാഷിന്‍റെ തൂവാനത്തുമ്പികള്‍ ആദ്യം കാണുന്നത്, എന്തോ അതിശയം ക്ലാരയെ ജയകൃഷ്ണന്‍ കാണുന്നതും ഒരു മഴയില്‍, അവരുടെ പ്രണയവും, മോഹവും മോഹഭംഗങ്ങളുമൊക്കെ ഇതള്‍ വിടര്‍ന്നതും പൊഴിഞ്ഞു വീണതും മഴത്തുള്ളികള്‍ക്കൊപ്പം. പ്രണയത്തിന്, വല്ലാത്തൊരു മാസ്മരികതയുണ്ട്, അത് നല്ലവനെ കെട്ടവാനാകും, ക്രൂരനെ നല്ലവനാക്കും, മോഹത്തിനെ ഉന്‍മാദമാക്കും, ഉന്‍മാദത്തെ അനുരാഗമാക്കും. അതു തന്നെയല്ലേ ജയകൃഷ്ണനും സംഭവിച്ചത്. ഓരോ മഴ കാണുമ്പോഴും അയാള്‍ ഇപ്പോഴും ക്ലാരയെ ഓര്‍ക്കുന്നുണ്ടാകാം, ഒരു യാഥാര്‍ത്ഥ്യം പോലെ ഇപ്പോഴും ക്ലാരയും ജയകൃഷ്ണനും ഓരോ മഴയിലും നനഞ്ഞു നില്‍ക്കുന്നതു പോലെ തോന്നും പലപ്പോഴും.

മഴയുടെ മണം...
മഴയ്ക്ക് മണമുണ്ടൊ, ഉണ്ടല്ലോ നല്ല നനഞ്ഞ മണ്ണിന്‍റെ...വരണ്ടു കിടന്ന മണ്‍ തറയില്‍ മാനത്തിന്‍റെ കണ്ണുനീര്‍ ആദ്യമായി ഇറ്റുമ്പോള്‍ ഒരു ഈര്‍പ്പം കലര്‍ന്ന മണം  മൂക്കിലൂടെ കടന്ന് നെറുകയിലെത്തി ഓരോ രോമകൂപത്തെയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തും. ആ മണം ആസ്വദിക്കാനായി മാത്രം ആദ്യ മഴയില്‍ മുറ്റത്തിറങ്ങി നിന്നിട്ടുണ്ട്. ഓരോ മലയാളിയും ഏറെ ഇഷ്ടപ്പെടുന്ന മണങ്ങളില്‍ മഴമണത്തിനു തന്നെ ഒന്നാം സ്ഥാനം.

ഒരു പനിയോര്‍മ്മ
ഒരു ജൂണ്‍മഴ കഴിഞ്ഞ് വെയില്‍ വന്നപ്പോഴായിരുന്നു, ഞാനാദ്യമായി പനികൊണ്ട് വിറച്ചത്, നല്ല ദേഹം വേദനയും, ഉച്ചയ്യായപ്പോഴേക്കും അങ്ങിങ്ങായി ഓരോ കുരുക്കളും. ആശുപത്രിയില്‍ ഡോക്ടര്‍ മരുന്നു തന്നത് അടുപ്പിച്ച് കഴിച്ചതു കാരണം തലകറങ്ങി ഹോസ്പിറ്റലില്‍ കൊണ്ടു പോയി ഡ്രിപ്പ് ഇടേണ്ടി വന്നു, പിറ്റേന്ന് മുഖത്തും ദേഹത്തും നിറയെ കുരുക്കള്‍. ജനറല്‍ വാര്‍ഡില്‍ ഒപ്പം കിടന്ന ആര്‍ക്കൊക്കെ പനി പകര്‍ന്നിട്ടുണ്ടാകുമോ ആവോ...
പിന്നെ രണ്ടാഴ്ച്ച, ഉപ്പില്ലാത്ത കഞ്ഞിയുടേയും വല്ലപ്പോഴും അച്ഛന്‍ വാങ്ങി വരുന്ന ക്രീമുള്ള ബിസ്കറ്റിന്‍റേയും പുറകേ ആയിരുന്നു. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച എന്‍റെ ദിനങ്ങളായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.പഴുത്തു പൊങ്ങിയ കുരുക്കള്‍ ഉണ്ടാക്കിയ അസ്വസ്ഥത ഒരു സുഖമായി.കിടക്കുമ്പോള്‍ കുത്തിക്കയറുന്ന മുള്ളുകള്‍ പോലെ അത് കൊണ്ടു കയറി.കുളിയ്ക്കാതെ മുടി മുഴുവന്‍ ചപ്രശയായി,താരന്‍ കൂട്ടിനെത്തി,തല മാന്തി പൊളിക്കാന്‍ നല്ല രസം.ഒരു പകല്‍ സ്വപ്നത്തില്‍ യേശു ദേവന്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നതായും അനുഗ്രഹിക്കുന്നതായും ഞാന്‍ കണ്ടൂ, കുമിളകള്‍ പഴുത്തു പൊട്ടുന്ന നാള്‍ വരെ ആര്യവേപ്പിലയില്‍ കിടന്നു,ഇലയുടെ ഒരു കയ്പ്പു മണവും കുമിളകളുടേയും ഒക്കെ ഒരു മണം മൂക്കിലേയ്ക്ക് എപ്പോഴും അടിച്ചു കയറി.ആ മണത്തിന്‍റെ ഓര്‍മ്മ എന്നെ വല്ലാത്തൊരു നിര്‍വൃതിയിലാക്കുന്നു.ആ മുറി എന്‍റെ ഗൃഹാതുരതകളില്‍ ഒന്നാണൂ ഇന്നും.രണ്ടാഴ്ച്ച ഞാന്‍ ശരിക്കും ആസ്വദിച്ചു,ഞാനും എന്‍റെ സ്വപ്നങ്ങളും ഡയറികളും മാത്രം.ഭ്രാന്തെഴുത്ത് വല്ലാതെ കൂടി.(ആ എന്നെ ഇപ്പോള്‍ എനിക്ക് അസൂയയോടെയേ കാണാന്‍ പറ്റൂ).അമ്മയുടെ നാളികേരപ്പാലും അതില്‍ നിന്നുണ്ടാക്കിയ വെളിച്ചെണ്ണയും എന്നെ പഴയ ഞാനാക്കി.പക്ഷെ ആ രണ്ടാഴ്ച്ച എനിക്കു തന്ന സ്വപ്നങ്ങള്‍,തെളിച്ചം, മണം,വേദന, സുഖം ഒന്നും മറക്കാന്‍ ഞാന്‍ ശക്തയല്ല.എന്‍റെ മാത്രം ഭ്രാന്തന്‍ ലോകത്ത് ഞാന്‍ നടത്തിയ യാത്രകള്‍ അക്കാലത്തായിരുന്നു. ഒഴു മഴ കഴിഞ്ഞുള്ള പനിയോര്‍മ്മക്ളാണത്, ഒരിക്കലും മറകകന്‍ കഴിയാത്തവ.

ഒരു മഴക്കഥ...
എന്‍റെ ആദ്യകഥ ഒരു മഴക്കാലത്താണ്, എഴുതിയത് മഴ പെയ്യാന്‍ വിങ്ങി നില്‍ക്കുന്നുവെന്ന് ആകാശം കണ്ടാല്‍ അറിയാം,ഒന്ന് പെയ്തിരുന്നെങ്കില്‍.........രാവിലെ പെയ്ത മഴ ബാക്കി വച്ച ചില സ്വപ്നങ്ങള്‍ ചിലര്‍ കാണുന്നുണ്ടായിരുന്നു.എന്‍റെ ആദ്യകഥ ആ സ്വപ്നങ്ങളെപ്പറ്റിയായിരുന്നു,ഭൂമിയുടെ ഉള്ളറകളില്‍ നിന്നും പ്രകാശത്തിന്‍റെ നിറമുള്ള ലോകത്തേയ്ക്ക് ആ ചിതലുകളുടെ സഞ്ചാരം.അതേ ചിതലുകള്‍ തന്നെ,നമ്മുടെ പുസ്തകത്തിലെ പ്രിയ എഴുത്തുകാരന്‍റെ കൃതിയുടെ പേജുകള്‍ മാത്രം തിന്നു തീര്‍ക്കുന്നവര്‍,അലക്കിതേച്ചു അലമാരികള്‍ മാത്രം സ്വപ്നം കണ്ട് ഇരിക്കുന്ന ഉടുപ്പുകള്‍ക്ക് പുതിയ രൂപം നല്‍കുന്നവര്‍,നമ്മുടെ വീടിന്‍റെ മേല്‍ക്കൂരകള്‍ സ്വന്തം അധികാരപരിധിയിലാക്കുന്നവര്‍ അതേ ചിതലുകള്‍ തന്നെ.എന്‍റെ ബാല്യകാല വിനോദമായിരുന്നു, ചിറകു വച്ചു വരുന്ന ആ ചിതലുകള്‍,ഞങ്ങള്‍ അതിനെ "ഈയല്‍" എന്നു വിളിച്ചു.ചിതലും ഞാനും അടിയാണെകിലും ഈയല്‍ ആയി മാറിയാല്‍ ഞാന്‍ അതിനെ ഇഷ്ടപ്പെട്ടു.

വളരെ കുറച്ചു മാത്രം ആയുസ്സുള്ള ജീവികള്‍.ഭൂമിയ്ക്കുള്ളില്‍ ഇരുന്ന് ശ്വാസം മുട്ടി,പിടഞ്ഞുതീരാതെ പിന്നീടു വരുന്ന ഭൂമിയ്ക്കുമുകളില്‍ അനുഭവിക്കാന്‍ പോകുന്ന ആ നിറമുള്ള ലോകത്തെ പറ്റി കിനാവു കണ്ട് ആവാം അവ കൂട്ടം കൂട്ടമായി ഭൂമി തുറന്ന് പുറത്തേയ്ക്കു വരുന്നതെന്ന് തോന്നി.ചിലവ ഉയരങ്ങളിലേയ്ക്ക് പറക്കുന്നു,നക്ഷത്രങ്ങളെ സ്വന്തമാക്കാന്‍ എന്ന പോലെ,എത്ര ദൂരം പറക്കും??? അതു തന്നെയായിരുന്നു എന്‍റെ കഥയും,നക്ഷ്ത്രസൌഹൃദത്തിനായ് അകലേയ്ക്ക് പറന്ന ഒരീയലിന്‍റെ സ്വപ്നം.ഒടുവില്‍ ഇരുട്ടിയ,കറുത്ത ഭൂമിയ്ക്കു മുകളില്‍ ചിറകറ്റ് അവന്‍ കിടന്നപ്പോള്‍ എന്‍റെ മനസ്സില്‍ പെയ്ത മഴയ്ക്ക് കുളിരായിരുന്നില്ല, വേദനയായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയില്ല നഷ്ടപ്പെട്ടു പോയെങ്കിലും ആ സ്വപ്നം(ആ കഥ എന്നില്‍ നിന്നും നഷ്ടപ്പെട്ടു-എങ്കിലും ആ ഈയല്‍ വല്ലാത്തൊരു നോവാണു മഴ പെയ്യുമ്പോള്‍ ഇന്നും).



--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...