Showing posts with label t k unni. Show all posts
Showing posts with label t k unni. Show all posts

11 Mar 2015

മെഴുകുതിരി

ടി.കെ.ഉണ്ണി========
എനിക്കൊരു മെഴുകുതിരിയാവണം
അഗ്നിനാളമായ് ജ്വലിച്ചുരുകിത്തീരാൻ
അന്ധകാരത്തിലെ സൂര്യമണ്ഡലമാകാൻ
അരുതായ്മകളെ ദൃഷ്ടിഗോചരമാക്കാൻ

ഉള്ളിലെ നെരിപ്പോടിനു തീപ്പൊരിയേകാൻ
കൈവെള്ളയിൽ  പന്തമായെരിഞ്ഞമരാൻ
ചിരട്ടയിലൊളിപ്പിച്ചു വെളിച്ചത്തിനു ദിശയേകാൻ
ജ്യോതിസ്സായി ഭക്തർക്ക് ദർശനമേകാൻ

എവിടെയാണ്‌ മെഴുകുതിരികൾ.?
മണ്ണിലും വിണ്ണിലും താരാപഥങ്ങളിലും
നാക്കിലും നോക്കിലും വാക്കിലും
ഉണ്മയിലും ഉന്മത്തതകളിലും
തിരയാത്ത ഇടങ്ങളിനി ബാക്കിയില്ല.!

മാസങ്ങളുടെ കാത്തിരിപ്പുശേഷിപ്പ്
ഒറ്റദിനം കൊണ്ടു വാങ്ങിത്തീർത്തത്
ഉന്മാദത്താൽ ആറാടിത്തിമിർത്ത
ബാലകൗമാരങ്ങളെന്ന് കച്ചവടക്കാർ

സൂര്യനുദിക്കാത്ത നഗരരാത്രികളൊന്നിൽ
കള്ളവിലതന്നു കൊള്ളചെയ്തത്
പെറ്റമ്മയെയും വിറ്റുഭുജിച്ചുല്ലസിക്കുന്ന
കച്ചവടക്കാരെന്നു മുതലാളിമാർ

മെഴുകുതിരി ഒരു മാരകായുധമാണ്‌..
വെടിയുണ്ടയേക്കാൾ ശക്തമാണത്..
തെരുവിൽ പൂത്തുലഞ്ഞ മെഴുകുതിരിക്കൂട്ടം
അരുതാത്തൊരാഘോഷമെന്നു ഏമാന്മാർ 

മെഴുകുതിരി ഒരു സ്വാതന്ത്ര്യവും ധനാർത്തിയുമാണ്‌
ലാഭേച്ഛയാർന്ന വാണിജ്യകാമനകൾ ഭവ്യമാണ്‌
നിന്ദാത്മകമായ സംസ്കാരമാണതെന്നുണർത്തി
തിട്ടൂരമിട്ടു മേലാവെന്നു കമ്പനിത്തമ്പ്രാക്കൾ

ഓരോ നിമിഷവും പിച്ചിച്ചീന്തപ്പെടുന്നുണ്ട്
സ്ത്രീകളും അവരുടെ മാനാഭിമാനങ്ങളും
രാജ്യം ഒന്നാമതാവാൻ നമുക്കാവുന്നുണ്ട്
അതിനുള്ള കുതിപ്പിലും കിതപ്പിലുമാണിപ്പോൾ

എവിടെയാണ്‌ ഇരുട്ടിനെ വെട്ടമാക്കിയ
അഭിമാനത്തിന്റെ തേജസ്സായ മെഴുകുതിരികൾ
ഒട്ടകപ്പക്ഷികളെപ്പോലെ തല മണ്ണിലാഴ്ത്തി
മറ്റെല്ലാം വെളിയിലാക്കി ഒളിച്ചിരിക്കുന്നുവോ..

വിഭ്രാന്തിയുടെ ആസക്തിയാമങ്ങളിൽ
ശീൽക്കാരമാകുന്ന ഉണർച്ചകളാൽ
ഉഴുതുമറിക്കപ്പെടുന്ന പെണ്ണടയാളങ്ങളെ
അന്യമാക്കുന്നുണ്ട് മെഴുകുതിരികൾ.

അന്വർത്ഥമാണവരുടെ സ്വാർത്ഥതകൾ
അവർക്കുണ്ടു നിറച്ചാർത്തുകളനേകം
സവർണ്ണ വരേണ്യതയാണതിന്റെ മേന്മ
മെഴുകുതിരികൾക്കുമുണ്ടൊരു പക്ഷം.!

മറശ്ശീലയാവുന്നുണ്ടതിന്റെ തിരശ്ചീനത
ഉള്ളിൽ ശ്വാസമറ്റണയുന്നുണ്ട് നാളങ്ങൾ
വിണ്ടുകീറിയ ഹൃത്തടത്തിൽ ഉറവയറ്റ
നീർച്ചാലുകൾ പോലെ തരിശാവുന്നുണ്ട്.

ജീവാങ്കുരമറ്റ വിത്തിറക്കി വിളവെടുക്കുന്ന
കന്യാവനങ്ങളിൽ, പൈതൃകത്താരകളിൽ
ആർജ്ജവത്തിന്റെ മെഴുകുതിരിപ്പാടങ്ങളിൽ
കൃഷിയിറക്കുന്നില്ല, വറുതിയാണവിടെ.!
അറുതിയില്ലാത്ത വറുതിമാത്രം..!!
===========

21 Aug 2014

കാലം.!

ടി.കെ.ഉണ്ണി

കാലത്താൽ താളം തെറ്റിയ കാറ്റിന്റെ കളി
കാളകൂടം കളഞ്ഞുപോയ കാർക്കോടകന്റെ വിളി
കാമനകളണഞ്ഞുപോയ കാമിനിയുടെ കുളി
കാഴ്ചകളകന്ന കണ്ണിന്റെകരളിന്റെ കാകളി..

മുകിലായ് മഴയായ് മാർകഴിയായ് വീണ്ടും

മലരായ് മധുവായ് മത്സരമായ് മധുരോത്സവമായി
മദമായ് മതമായ് മദിരകൾ മാത്രയായി
മധുവർണ്ണനും മന്നനും മാനത്ത് മത്തേഭരായി

വരവായ് വരാഹനും വരണമാല്യവുമായി

വനരോദനം വചനമൂല്യമായ് വിവശമായി
വൈശാഖവും വൈധവ്യമാം വൈപരീത്യമായി
വാമനനാം വൈതാളികൻ വൈതരണിയിലായി..

സാന്ത്വന സന്താപ സംവേദനങ്ങൾ

സാശ്വതമോ ശാപമോ സായൂജ്യമോ
സാകൂതമരുവുന്ന സാരമേയങ്ങളോ
സാലഭഞ്ജികകളോസാരാംശമേകുവാൻ
സാഹസമാകാതെസന്മനസ്സാകുവാൻ..
സത്യമിതെന്തൊരു വേതാളകാലം.!!!

19 Jul 2014

ബിപിഎൽ-ദളിതം

27 Jun 2014

അപാകം

ടി.കെ.ഉണ്ണി 

ചിരിയരങ്ങിലെ കൊച്ചരിപ്പല്ലുകൾ
മുല്ലമൊട്ടിന്നസൂയ!
വിരിയാതെ നിറയുന്ന സൗരഭ്യം
വിസ്മയത്തുമ്പത്ത്!

മലരമ്പനറിയാത്ത മന്മഥബാണങ്ങൾ
കാരിരുമ്പാലുള്ള ചൂണ്ടകൾ!
കണമ്പിന്റെ വിളുമ്പ് മണം
ചിറകറ്റ ശലഭങ്ങൾ!

വൈതരണി കടഞ്ഞുള്ള അമൃതേത്ത്
അന്തിപ്പട്ടിണി!
വൈയാകരണനു ഗ്രഹണിബാധ
പെട്ടിമരുന്നുത്സവം!

ബധിരമൂങ്ങകൾ അന്തിക്കോമരങ്ങൾ
അമ്മമാർക്കാധി!
ചാരത്തിൽ പഴുക്കുന്ന പച്ചിരുമ്പ്
മൂവന്തി ചന്തകൾ!

നിഷ്ഠതെറ്റിയ സമയസൂചി
കുക്കുടന്റെ വഷളത്വം!
മർത്യഭോജ്യം വിനയെന്ന്
സൃഗാലചരിതം സരിഗമ!

മുഞ്ഞയേറ്റ മഞ്ഞവെയിൽ
മറവിലെ മുത്തപ്പൻ!
മുറിവേറ്റുറങ്ങുന്ന മന്ദാരം
മതിമറന്ന മാർജ്ജാരൻ!

മരിച്ചടങ്ങിയ തീനാളം
മുറത്തിലെടുത്ത് മാനത്തിട്ടത്
മുതുകിലേറ്റി മിനുങ്ങുന്ന പ്രാണി
മണ്ണിതിൻ വെട്ടം, പൊൻവെട്ടം!
========

24 May 2014

താളപ്പിഴ




ടി.കെ. ഉണ്ണി
======
ഓളപ്പരപ്പിലെ താളമേളങ്ങൾ
ഓർമ്മകളായത് താളപ്പിഴയോ
മേളക്കൊഴുപ്പിന്റെ അപതാളങ്ങളിൽ
പതഞ്ഞുപൊങ്ങിയത് വെൺമുകിലുകളോ

ശമനതാളത്തിന്റെ മൃദുലരാഗങ്ങളിൽ
വിണ്ണേറിയകന്നത് കിന്നര ഹംസങ്ങളോ
മുത്തണിമൊഴിമുത്തിൻ മഞ്ചലേറിപ്പോയത്
കളവാണിയാം മധുകോകിലയോ

ഉഷസ്സിൻ കതിരിൽ മണിമുത്ത് കോർത്തത്
ഹേമന്തരാവിൻ നൊമ്പരങ്ങളോ
നിറവാർന്നൊരുള്ളിന്റെ കടലാഴങ്ങളിൽ
നിനവായ്ത്തെളിഞ്ഞത് ഇന്ദ്രജാലങ്ങളോ

പൂക്കാമരത്തിലെ പഴുത്ത പൂങ്കനികളോ
വായ്പുണ്ണാലുരുകുന്ന കാകപരിദേവനം
മറഞ്ഞ സൂര്യന്റെ തെളിഞ്ഞ വിണ്ണളവോ
മുങ്ങിയെടുത്തണയുന്നതീ തിരമാലകൾ

മത്തേഭനാശയാൽ മാതംഗലീലയും
മർത്ത്യനു വിത്തമായ് ത്തീരുമെന്നോ
മൃത്യുവെതീർത്തവർ ഉൽകൃഷ്ഠരാവുന്നോ
തപ്തരാം ദൈവങ്ങളംബരത്തിൽ.!

അഗ്നിഫണീന്ദ്രന്റെ കുണ്ഠിതമേറ്റല്ലോ
എരിഞ്ഞൊടുങ്ങിയതിന്നീ കാനനപ്പട്ടട.
താളപ്പിഴയല്ലിതോളപ്പരപ്പിലെ
ഓർമ്മകളായുള്ള താളമേളങ്ങൾ.! 
=========
ടി.കെ. ഉണ്ണി

23 Mar 2014

ആർത്തി


 ടി.കെ.ഉണ്ണി
കടലാഴങ്ങളിലെ മോഹമുള്ളുകൾ
കടലാടിയാവുന്ന തിരശ്ചീനങ്ങൾ
ഉള്ളാഴങ്ങളിലെ നീർച്ചുഴികളാൽ
തീരമണയാത്ത കാല്പനികതകൾ

കേൾവിയുടെ അന്ത്യയാമത്തിൽ
മറവിയിലാവുന്ന കുക്കുടഗർജ്ജനം
മോക്ഷാർത്ഥ ഭജനക്കായ് 
പുലമ്പിയെത്തുന്ന പുലരിപ്പൂങ്കനൽ

ഉള്ളുരുക്കിത്തെളിച്ചെടുത്ത
പുകഞ്ഞ മായാമോഹങ്ങൾ
ഉൾപ്പുളകമറിയാത്ത നെരിപ്പോടിന്റെ
സാന്ത്വനാർത്ഥിയായ കാത്തിരിപ്പ്

അന്യാർത്ഥമായ നന്മകളുടെ ഉന്മാദം
ഉണ്മയകന്ന ഉലകിന്റെ ഉടലളവ്
ഉൾവിളിയകന്ന ശരണാർത്ഥികൾ
ഉന്മത്തതയുടെ ജീവസ്തംഭങ്ങൾ

ഉണർച്ചകളിൽ ഊർവരതകളിൽ
വിണ്ടുകീറുന്ന വരൾച്ചയുടെ ദാഹാഗ്നി
കാഴ്ചകളിൽ കാമനകളിൽ
വരിയുടച്ച ഷണ്ഡത്വവീര്യം!

വിയർപ്പുപ്പുകളിൽ വിരിയുന്ന
നനുത്ത മാദകത്തിമിർപ്പ് 
ഉടലേറ്റിയ അദ്ധ്വാനത്തുടിപ്പ്
ഉയിരുറവയായൊരു നീരൊലിപ്പ്

മുന്നിരുത്തങ്ങളാടിയൊടുങ്ങിയ
മുൾമെത്തയും മുൾക്കിരീടവും
മിന്നായമായന്തരംഗത്തിൽ
രുദ്രപ്രളയമായ് ഒഴുകിയെങ്കിൽ.!

25 Feb 2014

രാവും പകലും


ടി. കെ. ഉണ്ണി

രാവും പകലും
പകലും രാവും
രണ്ടും ഒന്നുതന്നെ
ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയെന്നോ
ആരംഭമെന്നോ പറയാം.. 
അല്ലെങ്കിൽ
ഒടുക്കത്തിലെ തുടക്കവും
തുടക്കത്തിലെ ഒടുക്കവും
ഒരുപോലെ എന്നതിനാൽ
തുടക്കവും ഒടുക്കവും എന്നോ
ഒടുക്കവും തുടക്കവും എന്നോ
പറയാം ..! 
രാവിന്റെ വെളിച്ചം പകലിലേക്കും
പകലിന്റെ തെളിച്ചം രാവിലേക്കും
പകരുന്നു ..
പകലിലും വെളിച്ചവും തെളിച്ചവും
ഇല്ലാതെ രാവാകുന്നതും
രാവിലും തെളിച്ചവും വെളിച്ചവും
ഇല്ലാതെ പകലാവുന്നതും
സ്ഥായീഭാവം ഉള്ളതാകുന്നു .. 
അതായത്
വെളിച്ചം മാത്രമേയുള്ളൂ ...
വെളിച്ചത്തിന്റെ തെളിച്ചത്തെ 
പകലെന്നും
തെളിച്ചമില്ലാത്ത വെളിച്ചത്തെ
രാവെന്നും
നാം പറയുന്നു..! 
പക്ഷെ,
എപ്പോഴും എല്ലായ്പോഴും
വെളിച്ചം മാത്രമേയുള്ളൂ ..!
വെളിച്ചം തന്നെ
രാവും പകലും ..! 
അതിനാൽ
പകൽ ഒരു സത്യവും
രാവ് ഒരു മിഥ്യയും
ആകുന്നു..! 
========

21 Jan 2014

നീതി


 ടി. കെ. ഉണ്ണി

നീതി അതെന്റെ പേര്
അച്ഛനമ്മമാർ എനിക്കിട്ട ഓമനപ്പേര്
ഞാന്‍ കുരുടിയാണെന്ന്
എല്ലാരും പറയുന്നു.
പക്ഷെ, എനിക്ക് കാണാമെന്നത്
അവര്‍ക്കറിയില്ലല്ലോ!
കുരുടിക്കണ്ണുള്ള എന്റെ മുഖഭംഗി
അസൂയാവഹമാണത്രേ.!  
അത് നഷ്ടപ്പെടാതിരിക്കാനാണത്രേ
കറുത്ത കണ്ണടകളില്ലാത്ത കാലത്ത് 
കറുത്ത തുണികൊണ്ട് കണ്ണുമൂടിക്കെട്ടി
എന്നെ സുന്ദരിയാക്കിയത് !

കുട്ടിക്കാലത്ത് എല്ലാ മക്കളെയും പോലെ
മണ്ണുവാരി കളിക്കാന്‍ അനുവദിക്കാതെ
അവരെന്റെ കയ്യിലൊരു തുലാസ് തന്നു
അന്ന് തുടങ്ങിയതാണെന്റെ സങ്കടം !
കണ്ണുകളും കൈകളും തടവിലായപ്പോൾ
വിശപ്പും ദാഹവും ഒത്തിരി വര്‍ദ്ധിച്ചു
അച്ഛനമ്മമാർ, ബന്ധുക്കൾ, കൂട്ടുകാർ 
നാട്ടുകാർ എല്ലാവരും അത് തിരിച്ചറിഞ്ഞു
അവർ മത്സരിച്ചു, എന്നെ ഊട്ടിവളര്‍ത്തി
തിന്നാനല്ലാതെ വായകൊണ്ട് മറ്റൊന്നും വയ്യെന്നായി
ഇന്നിപ്പോൾ വായ തുറക്കുന്നത് വിശപ്പകറ്റാൻ മാത്രം.

വിശപ്പ്‌, അത് ചില്ലറക്കാര്യമല്ല !
എല്ലാത്തരം വിശപ്പുകളും അടക്കപ്പെടണം!

കിട്ടിയതൊക്കെ വാരിത്തിന്നു,
പനപോലെ ഞാന്‍ വളര്‍ന്നു
മേനിയിൽ കൊഴുപ്പും മെഴുപ്പും തളിര്‍ത്തു
അതുകണ്ട് മാലോകരിൽ കൌതുകമേറി
അവരെന്നെ പതിവില്ലാത്ത വിധം
ഓമനിക്കാന്‍ തുടങ്ങി....

രക്ഷിതാക്കളും ബന്ധുജനങ്ങളും 
അരുതാത്തിടത്ത് തൊട്ടുതലോടി
ഓമനിച്ചു മാനംഭംഗപ്പെടുത്തി...
കൂട്ടുകാർ മാറിൽ പിടിച്ചുരസിച്ച്
ചുണ്ടുറുഞ്ചിക്കുടിച്ചു ക്ഷതമേല്‍പ്പിച്ചു  
കളിച്ചു കാമുകരായി...
നാട്ടുകാർ പൃഷ്ഠത്തിൽ ഞെക്കിത്തലോടി
പീഡിപ്പിച്ചു സായൂജ്യമടഞ്ഞു ...
രാഷ്ട്രീയക്കാർ കാണുന്നിടത്തുവെച്ച്
വസ്ത്രാക്ഷേപം ചെയ്തു
പുലഭ്യം പറഞ്ഞു..
ഏമാന്മാർ ചതിയിൽ പെടുത്തി
ബലാല്‍സംഗം ചെയ്തു കടിച്ചുകീറി
വഴിയിൽ തള്ളി ...
എന്നിട്ടും ഈ മാലോകപ്പരിഷകള്‍ക്ക്
ഞാനിപ്പോഴും നീതി ദേവതയാണത്രെ!

എനിക്കുമുണ്ടൊരു ആത്മഗതം:
വിളിച്ചുകൂവാന്‍ നാക്ക് പൊങ്ങാത്ത വിധം
എന്റെ വായിലേക്ക് അപ്പക്കഷ്ണങ്ങൾ
തിരുകിക്കയറ്റുന്നവരോട് എനിക്ക്
നന്ദി കാണിക്കാതിരിക്കാനാവുമോ !!
===========

24 Nov 2013

വികാരം - പ്രേമം

ടി.കെ.ഉണ്ണി
---------------------------
സ്നേഹവും പ്രേമവും വ്യത്യസ്തങ്ങളാണ്‌..!
സ്നേഹം സ്ഥായിയായ സത്യമാണ്‌..!
പ്രേമത്തിന്ന് സ്ഥായീഭാവമില്ല..!
സ്നേഹത്തിന്റെ വ്യാപ്തിയും അഭിലഷണീയതയും
പ്രേമത്തിന്ന് സ്വായത്തമല്ല..!
ആർക്ക്‌, ആരോട്‌, എപ്പോൾ, എങ്ങനെ
പ്രേമവും അതിന്റെ സായൂജ്യമായ പ്രണയവും
എന്നതിന്ന് പരിമിതികളും പരിവട്ടങ്ങളും
സദാ അകമ്പടി സേവിക്കുന്നുണ്ട്‌..!!
എല്ലാ പ്രേമങ്ങളും പ്രണയങ്ങളായിത്തീരുന്നില്ല..!
പ്രേമം പ്രണയമാണെന്നും അതാണ്‌ ജീവിത
സായൂജ്യമെന്നും ഉൽഘോഷിക്കുന്നത്‌ പ്രാചീന
കാവ്യമീമാംസകരും അവരുടെ കാവ്യസങ്കൽപ്പങ്ങളുമാണ്‌..!!
പ്രേമം സ്നേഹത്തിന്റെ പ്രച്ഛന്നവേഷധാരിയായി
സഞ്ചരിക്കുന്ന സന്ദർഭങ്ങൾ അനവധിയാണ്‌..!
അനുയോജ്യഘട്ടങ്ങളിൽ തന്റെ വാഹനമായ
സ്നേഹത്തെ ജഢമാക്കി വിശ്വരൂപനാകുന്നു..!
അതുകൊണ്ടാണ്‌ പ്രേമം നിഷ്ക്കളങ്കമല്ലാതാവുന്നത്‌..!!
[ജീവജാലങ്ങളിൽ, വൈകാരിക നിയന്ത്രണങ്ങൾക്ക്‌
അധികരിച്ചുള്ള കഴിവ്‌ നേടിയിട്ടുള്ളത്‌ മനുഷ്യകുലമാണ്‌
എന്നത്‌ നിസ്തർക്കം...അതേസമയം അധിക കാര്യങ്ങളിലും
കാര്യമായ ഗുണമേന്മകളൊന്നും മനുഷ്യമൃഗങ്ങൾക്കില്ലെന്ന്
സ്ഥാപിക്കപ്പെട്ടിട്ടുള്ള ശാസ്ത്രനിരീക്ഷണങ്ങൾ നിലവിലുണ്ട്‌.]
പ്രേമം സംഗീതം പോലെ രാഗതാളനിബദ്ധമാണ്‌..!
പ്രേമം രാഗാനുരാഗങ്ങളായി വർത്തിക്കുന്നു..!
പ്രേമരാഗം ഏകതാനഭാവത്തിലും
പ്രേമാനുരാഗം ഉഭയഭാവത്തിലും പരിലസിക്കുന്നു..!
പ്രേമരാഗത്തിന്റെ തീക്ഷ്ണത കാമത്തിലേക്കും
അതിന്റെ (ചാപല്യത്തിലേക്കും) നയിക്കുന്നു..!
പ്രേമാനുരാഗത്തിന്റെ തീക്ഷ്ണത പ്രണയത്തിലേക്ക്‌
അതിന്റെ (സാഫല്യത്തിലേക്ക്‌) നയിക്കുന്നു..!
കാമം തൃഷ്ണകളാൽ അലംകൃതമാണ്‌..!
തൃഷ്ണകളാവട്ടെ കാമനകളുടെ രതിരൂപങ്ങളാണ്‌..!
രാഗോജ്വല കാമത്തിൽ രതി പ്രോജ്ജ്വലങ്ങളും
അനുരാഗ കാമത്തിൽ രതി അർദ്ധസുഷുപ്തിയിലും ആയിരിക്കും..!
ഇവക്കെല്ലാംതന്നെ അനുഭൂതിയെന്ന കവചം സ്വായത്തമായുണ്ട്‌..!!
അതായത്‌,
പ്രേമത്തിന്റെ ഏതൊരവസ്ഥയിലും
രതി കർമ്മനിരത(നാ/യാ)യി അനുഗമിക്കുന്നു..!
രതിയില്ലാതെ പ്രേമവും പ്രണയവും
കാമവും ഇല്ലെന്നത്‌ സുവ്യക്തമാണ്‌..!!
ആദിമകാലം മുതൽ മനുഷ്യരിൽ ഉണ്ടായിട്ടുള്ള
വിശ്വാസങ്ങളിലധികവും അവരുടെ
സങ്കൽപ്പങ്ങളിൽ നിന്നായിരുന്നു..!
അങ്ങനെയുള്ള ഏറ്റവും പൗരാണികമായ
പല വിശ്വാസധാരകളിലും നമ്മുടെ ഓരോ വൈകാരിക
പ്രത്യയനങ്ങൾക്കും അധിദേവതമാരുള്ളതായി
ഇന്നും വിശ്വസിക്കപ്പെടുന്നുണ്ട്‌..!
ഉദാഹരണത്തിന്ന്:-
സ്നേഹത്തിന്ന് - സ്നേഹദേവത പാർവ്വതി
പ്രേമത്തിന്ന് - കാമദേവനും രതിദേവിയും.
ഇതിൽനിന്നും സ്നേഹത്തിന്നും പ്രേമത്തിന്നും
പ്രത്യേകം പ്രത്യേകമായി ദേവീദേവന്മാർ ഉണ്ടെന്ന് വ്യക്തം..!!
അതുകൊണ്ടുതന്നെ, അനാദികാലം മുതൽക്കെ
സ്നേഹവും പ്രേമവും വ്യത്യസ്തമാണെന്നത്‌
നിസ്തർക്കവും സുവിദിതവുമാണ്‌..!!

23 Oct 2013

ജന്മം

ടി.കെ.ഉണ്ണി


ഉദകപ്പോളക്കുള്ളിലെ നെയ്ത്തിരി
പാതിവെന്ത വെളിച്ചം പോലെ.!
ആരോ പെറ്റിട്ടുപോയ ശാപത്തിന്ന്
കണ്ണോക്ക് പാടാനെത്തിയ മൂങ്ങ
ജന്മമെന്നതൊരു പാഴ്വാക്ക്.! 

ആറടി മണ്ണും അരിയിട്ടുവാഴ്ചയും
അഗതികൾക്കില്ലാത്തൊരാർഭാടം
ഏറ്റുവാങ്ങുകിലതുഭേദമെന്നുരചെയ്‌വോർ..
അരചനാവുന്നതോ, യിന്നെന്റെ മേനി.!
ജന്മമെന്നതൊരു പാഴ്വാക്ക്.!

നെഞ്ചൂറ്റിയെടുത്തകന്നവരൊട്ടനേകം
നഞ്ഞകത്താക്കിത്തന്നവരതിലധികം
ജരാനരകളകറ്റാൻ
തൃഷ്ണകൾ അളക്കാൻ
കാമനകളൊരുക്കാൻ
വാതായനങ്ങളടച്ച്
കോരിയെടുത്തവരെന്റെ ജന്മം..
ജന്മമെന്നതൊരു പാഴ്വാക്ക്.!

തളിർത്തതും പൂത്തതും
വിരിഞ്ഞതും കരിഞ്ഞതും
പൊഴിഞ്ഞതും പറന്നതും
എല്ലാമെല്ലാം പാഴ്വാക്കുകൾ.
ജന്മങ്ങളെല്ലാം പാഴ്വാക്കുകൾ.!!

22 Sept 2013

കുചേലന്റെ സോഷ്യലിസം.!



ടി. കെ. ഉണ്ണി
കഴിഞ്ഞ രാത്രികളെനിക്ക് കാളരാത്രികൾ
ഒരുപോള കണ്ണടക്കുവതെങ്ങനെ തമ്പുരാനേ.
അടുപ്പ് പുകഞ്ഞിട്ടെത്ര ദിവസമെന്നോ..
ആ ചുരുണ്ടിരിക്കുന്നതാണെന്റെ ശ്രീമതി
തളർന്നുറങ്ങുന്നതെന്റെ മക്കൾ മൂവരും
മുറുക്കിയുടുക്കാനിനിയില്ല മുണ്ടുകൾ.!

കള്ളക്കർക്കടകത്തിൻ കേളികൊട്ട്
തോരാതെ പെയ്യുന്ന മഴക്കോള്‌ മാത്രം
വേലയും കൂലിയും ഇല്ല ഞങ്ങൾക്കിന്ന്
തൊഴിലാളികൾക്കെന്നുമിത് പട്ടിണിക്കാലം
പകർച്ചരോഗങ്ങളാൽ പകക്കുന്ന കാലം
വിത്തഭോഗികൾക്കോ സുഖചികിത്സക്കാലം.!

റേഷനേപിയെൽ, വാങ്ങാൻ കയ്യിലില്ലൊരു
ചില്ലിയും, കടംവാങ്ങാൻ ബാക്കിയില്ലൊരിടവും
തെണ്ടിയിട്ടായാലും വേണ്ടില്ല, എന്റെ മക്കൾക്കൊരു
കയിൽ കഞ്ഞി, ഇനിയുമതെനിക്കായില്ലെങ്കിൽ
ഞാനൊരച്ഛനോ, ഭർത്താവോ, തമ്പുരാനേ.?

നാട്ടിലിന്നു നല്ലവൻ മൂക്കൻ മുതലാളി
മറുനാട്ടിലായിരങ്ങളവന്റെ തൊഴിലാളികൾ
ഒരുകൈക്ക് മറുകയ്യറിയാതെ ചെയ്യുന്നവൻ
കേളികളായിരം പെരുകുന്നുണ്ടീനാട്ടിൽ..
അവനെന്റെ സതീർത്ഥ്യൻ, ആത്മമിത്രം
പണ്ട് പത്തുകൊല്ലമൊരുമിച്ച് പഠിച്ചവൻ
കപ്പൽ കയറി മറുനാട്ടിൽ പോയവൻ
മന്നവനായിന്നു വിലസുന്നു നാട്ടിലും.!

ഗമിച്ചു ഞാനരക്കാതമകലേക്കിന്ന്
കണ്ണന്റെ ദ്വാരകക്കവാടത്തിലേക്ക്
കക്ഷത്തിലൊരുപൊതിക്കെട്ടുമേന്തി
സങ്കടക്കടലാം അവിലും മലരുമായി.
കണ്ടു ഞാൻ ദൂരെയാ മാളികമേലാവും
കോട്ട പോലുള്ള കവാടദുർഗ്ഗങ്ങളും
കൂട്ടമായ് നിൽക്കുന്ന നാട്ടുകാരും പിന്നെ
ഭാണ്ഡങ്ങൾ പേറിക്കൊണ്ടഗതിക്കൂട്ടങ്ങളും
ചേർന്നു ഞാനുമായാൾക്കൂട്ടത്തിലൊന്നായി
കാത്തിരുന്നെല്ലാരും കാവലാൾ കനിവിനെ.
ഏറെനേരത്തെ കാത്തിരിപ്പിന്നന്ത്യമായ്
കനിഞ്ഞെത്തി കാവൽ ഭടന്മാരും, തുറന്നു
കോട്ടവാതിലുള്ളിൽ, കടന്നു കൂട്ടമായങ്കണത്തിൽ
നടന്നു കുക്കുടക്കോലങ്ങളിൽ ചന്നം പിന്നമായ്,
അണിചേർന്നെല്ലാരുമാ ദർശന ഭിക്ഷക്കായി...!

ദ്വാരകതന്നങ്കണത്തിൽ ഞാനന്തിച്ചുനിന്നനേരം
കണ്ടീല ഞാനെൻ സതീർത്ഥ്യനെ
വന്നെതിരേറ്റില്ല, വാരിപ്പുണർന്നില്ല,
സപ്രമഞ്ചത്തിലിരുത്തിയില്ല,
കക്ഷത്തിലെന്തെന്ന് ചോദിച്ചില്ല
സങ്കടക്കടലാം അവിലും മലരും ഭുജിച്ചില്ല.!

അത്ഭുതങ്ങളൊന്നും നടന്നില്ലയെന്നാലും
വന്നൊരു വാല്യക്കാരനരുളിയെല്ലാരോടും,
പത്തിന്റെ പുത്തനൊന്നൊളിപ്പിച്ചതാണിത്
വന്നു വാങ്ങുവിൻ നിങ്ങളീ ലക്കോട്ടിനെ
പ്രാർത്ഥനയോടെ പിരിഞ്ഞുപോ വേഗത്തിൽ.
അടുത്തതെന്റെയൂഴം, പകച്ചു ഞാൻ നിൽക്കെ
തൊടുത്തവൻ ചോദ്യം ബധിരനാണോ നീ..
ദ്വാരകക്കണ്ണനെൻ സതീർത്ഥ്യൻ സോദരാ,
ഒരു വട്ടം കാണാൻ കരുണയുണ്ടാകണം,
കാത്തുനിൽക്കുന്നൊരു കുചേലനാം തോഴൻ.!

പ്രത്യക്ഷനായവൻ പൂമുഖപ്പടിയിൽ
ഒട്ടും തിരിച്ചറിഞ്ഞില്ലയവനെന്നാലും
കണ്ടു ഞാനവനെ കൺകുളിർക്കെ
പറഞ്ഞു ഞാനവന്റെ സതീർത്ഥ്യനെന്ന്.!
ചിരിച്ചുകൊണ്ടവനോതി, ഹേ മനുഷ്യാ
ഈ പല്ലവി കേട്ടു മടുത്തു ഞാനെന്നും,
കിട്ടുന്നതും വാങ്ങി സ്ഥലം വിട്ടോളുക,
വന്നുകയറും ദിനമോരോ നശൂലങ്ങൾ.!

വിങ്ങുന്ന ഹൃദയത്താലൊരുവട്ടം കൂടി ഞാൻ
കണ്ടെന്റെ തോഴനാം ദ്വാരകനാഥനെ
വിണ്ണിൽ നിന്നെന്നെ മാടിവിളിക്കുന്നു
കണ്ണുനിറഞ്ഞെന്റെ കരളും തുടിക്കുന്നു
എങ്ങിനെ ഞാനങ്ങരികിലേക്കെത്തും പ്രഭോ
പൈതങ്ങളിൻ പട്ടിണി മാറ്റാനരുതാത്ത
ദേഹിയകന്നൊരു യന്ത്രമാണിന്നു ഞാൻ
ദൈവത്തിൻ നാട്ടിലെ സോഷ്യലിസ്റ്റ്.!!


24 Aug 2013

വിലാപം



ടി. കെ. ഉണ്ണി
ഞാനൊരു പാവം സാരമേയം
ചങ്ങലയിലാണെന്റെ സ്വാതന്ത്ര്യം
കാരാഗൃഹമെന്റെ ഇഷ്ടഗേഹം
വാലാട്ടലെന്റെ കൃത്യനിഷ്ഠ.!
ഘോഷമായനർഗ്ഗള കണ്ഠക്ഷോഭം
മാറ്റൊലികൊള്ളുന്നുമനവരതം..
ഒരുനേരമെങ്കിലുമാഹരിക്കാൻ
പെടുന്ന കഷ്ടങ്ങളാരറിയാൻ.!

ദുരമൂത്ത മർത്യരാം യജമാനരും
കള്ളവും കൊള്ളയും പീഢനവും
അക്രമി പരിക്രമി ഭേദമില്ലാതെ
പരിധി ലംഘിക്കുന്ന മന്നവരും
കല്ലും വടിയും വെടിക്കോപ്പും, പിന്നെ
വിഷച്ചോറും കയ്യിലേന്തുന്നവർ..
എന്നാണിവർക്കൊരു കരളലിവ്
ശ്വാക്കൾ ഞങ്ങളും മൃഗങ്ങളല്ലേ.!

മണിക്കുട്ടി, ചിക്കു, മിക്കു, പക്രു
ഇവരെല്ലാം മാർജ്ജാര മുത്തുകൾ
മുൻകൂറായി മുഖത്ത് തല്ലുന്നവർ
മൃദുലമാണവരുടെ പാണികൾ
അവരോടെനിക്കെന്നും അസൂയമാത്രം
അക്കാണും മാളികയവരുടേത്
അന്തിയും മോന്തിയുമില്ലാതെ
അന്തിയുറക്കവുമങ്ങവിടെത്തന്നെ
എന്നാലും ഇഷ്ടമാണെനിക്കവരെ
അവർക്കില്ലൊരു ചങ്ങലയും.!
. . . . . . . .
മണത്തറിഞ്ഞു ഞാനവളുടെ സുഗന്ധം
മതിലിന്നപ്പുറമവളലയുന്നു വന്നടുക്കാൻ
കൊടിച്ചിയാണത്രെ, അവളെന്നാലും
ചങ്ങലയില്ലല്ലോ, സ്വാതന്ത്ര്യമതല്ലേ.!

അന്നൊരിക്കൽ മതിൽ താണ്ടിയവളെത്തി
കൊഞ്ചിക്കുഴഞ്ഞോതി പരിഭവത്താൽ
നിങ്ങൾ സുന്ദരൻ, സുമുഖൻ, ശൂരൻ
മണിമാളിക കാവൽക്കാരൻ മന്നൻ
താമസമീ മനോഹരമാം കോട്ടയിൽ
കഴുത്തിലോ കനകഹാരം കട്ടിയിൽ
കിലുങ്ങിത്തിളങ്ങുന്ന ചങ്ങലക്കണ്ണികൾ
വെള്ളിത്തളികയിലന്നം പരിപോഷകം
നിന്നെ നീരാട്ടാനെന്നുമൊരു കൊച്ചമ്മ
ചീകിയൊതുക്കി മിനുക്കാനും കൊച്ചമ്മ
പാലൂട്ടി താരാട്ടി ഓമനിക്കാനൊത്തിരിപ്പേർ
മുതുകിൽ തലോടി വാത്സല്യമേകുന്നവർ
കൊച്ചമ്മയും മക്കളും യജമാനനും.!

പ്രിയ സഖീ നീയെന്തറിഞ്ഞെന്റെ മാനസം
വീർപ്പുമുട്ടുന്നു ഞാനീ തടവറയിൽ
തകർക്കുമൊരുനാൾ ഞാനീ കോട്ടയെ
ചേരും വിണ്ണിൻ വിശാലഗേഹത്തിൽ
ശ്വസിക്കും സ്വാതന്ത്ര്യത്തിൻ ശുദ്ധവായു
മറക്കും ഞാനെന്റെ ദുരിതങ്ങളെല്ലാം.!

നാടിന്റെ രാജവീഥികൾ നമുക്കിന്നന്യമായി
അധമരാഷ്ട്രീയക്കാൻ അവയേറ്റെടുത്തു
നമ്മുടെ പേരും പെരുമയും അവർക്കുതന്നെ
തമ്പ്രാക്കളും പ്രജകളും മറ്റാരുമല്ല.!
അവരനുഭവിക്കട്ടെ തെരുവിന്റെ ജീവിതം
കണ്ടുരസിക്കാം നമുക്കെങ്കിലും, ഹാ കഷ്ടം
അരുതരുത് സോദരരെ, നാം തമ്മിലില്ലൊരന്തരം
പരിഹസിക്കും നമ്മെ, പക്ഷിജാലങ്ങളെങ്കിലും.!

കമ്പിനടി വാങ്ങുന്നതും കല്ലേറുകൊള്ളുന്നതും
കാഞ്ഞവെള്ളത്തിൽ പൊള്ളുന്നതും
കമ്പും കവണയും തോട്ടയും പൊട്ടാസും
വളഞ്ഞിട്ട് തല്ലുന്നതും കൊല്ലാക്കൊലചെയ്യുന്നതും
അന്തരമില്ലാതെയേറ്റുവാങ്ങാൻ നമുക്കൊന്നാവാം
ഉയർത്താം മോചന കാഹളങ്ങൾ.!
……….

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...