Showing posts with label sunny thayankari. Show all posts
Showing posts with label sunny thayankari. Show all posts

23 May 2015

വാസ്തുപുരുഷൻ


സണ്ണി തായങ്കരി

    നഗരത്തിൽ സ്വന്തമായി ഒരു വീട്‌ എന്നത്‌ സുധീറിനെ സംബന്ധിച്ച്‌ അത്ര വലിയ മോഹമൊന്നു മായിരുന്നില്ല. എന്നാൽ ഇന്ദുവിന്‌ അങ്ങനെയായിരുന്നില്ല. സത്യത്തിൽ അയാളെയും ആ ചിന്തയിലേ ക്ക്‌ വലിച്ചടുപ്പിച്ചതു അവളാണ്‌. അതും വിവാഹത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ.
    സ്ത്രീയുടെ പ്രലോഭനങ്ങൾ പുരുഷനെന്നും കെണിയാണെന്ന്‌ അതിബുദ്ധിമാന്മാർപോലും ചില ദുർബല നിമിഷങ്ങളിൽ വിസ്മരിക്കുന്ന വസ്തുതയാണ്‌.
    സ്ത്രീകൾക്ക്‌ തങ്ങളുടെ മോഹങ്ങൾ ഭർത്താവിലൂടെ സാധിച്ചെടുക്കാൻ മുഖ്യമായി രണ്ടു മുഹൂർ ത്തങ്ങളുണ്ട്‌.
    ഇന്ദുവിന്‌ ആ രണ്ടു മുഹൂർത്തങ്ങളും ഒത്തുവന്ന അസുലഭ ദിനമായിരുന്നു അന്ന്‌. കിടക്കയിൽ ശരീരങ്ങൾ ഒന്നായി മാറുന്ന ഒന്നാം മുഹൂർത്തത്തിൽ അതവൾ ഭംഗിയായി അവതരിപ്പിച്ചു. ഏതൊരു പുരുഷനും പ്രായോഗികതയെപ്പറ്റി അത്രയൊന്നും ചിന്തിക്കാൻ മെനക്കെടാത്ത നിമിഷങ്ങളാണല്ലോ അത്‌. സുധീർ അർധസമ്മതം മൂളി. പക്ഷേ, അവൾക്ക്‌ ആവശ്യം പൂർണ സമ്മതമായിരുന്നു. ആവനാഴിയിൽ അതിലും വലിയ ആയുധം കാത്തുവച്ചിരുന്ന അവൾ വൈകാതെ അതും പുറത്തെടുത്തു. കിതപ്പൊതുങ്ങി, നിദ്രയുടെ കാണാക്കയങ്ങളിലേക്ക്‌ അയാൾ മുഖം പൂഴ്ത്തവെ, അയാളുടെ കരമെടുത്ത്‌ നഗ്നമായ തന്റെ അടിവറിന്‌ മുകളിൽവച്ചുകൊണ്ട്‌ അവൾ രണ്ടാം മുഹൂർത്തത്തിലേക്ക്‌ കടന്നു.
   "സുധീർ, എന്തെങ്കിലും പ്രത്യേക ചലനം കേൾക്കുന്നുണ്ടോ?"
   "എന്തുചലനം?" അയാൾ നിദ്രയുടെ പാളികളെ വകഞ്ഞുമാറ്റാൻ ഒരു ശ്രമം നടത്തി.
   "ഒരു പ്രത്യേക ചലനം... ജീവന്റെ ഒരു തുടുപ്പ്‌..."
   "ഞാനൊന്നും കേൾക്കുന്നില്ല. നിനക്ക്‌ വട്ടാണ്‌. കിടന്നുറങ്ങാൻ നോക്ക്‌."
   പാതി മയക്കത്തിന്റെ ആലസ്യതയിൽ അയാൾക്ക്‌ വാക്കുകളെപ്പോലും വിവേചിച്ചറിയാനായില്ല.
   "സുധീറിന്റെ ജീവിതത്തിലെ ഏറ്റവും അനർഘമായ വാർത്ത ഞാൻ ഇപ്പോൾതന്നെ നൽകാം. പക്ഷേ..."
   "എന്തു വാർത്ത...?"
   "പറയാം. എന്റെ ആഗ്രഹം സാധിച്ചുതരാമെന്ന്‌ വാക്കുതരണം."
   "എന്താഗ്രഹം...? ഒന്നുതെളിച്ചു പറയു ഇന്ദു, എനിക്ക്‌ ഉറക്കം വരുന്നു."
   "എനിക്ക്‌ പറയാനുള്ളതുകേട്ടാൽ സുധീറിന്‌ ഇന്ന്‌ ഉറങ്ങാൻ കഴിയില്ല."
   "അങ്ങനെയോ? എങ്കിൽ പറയൂ... എനിക്ക്‌ ഉറക്കമിളയ്ക്കാൻ ധൃതിയായി." അയാൾ ഇപ്പോൾ ശരിക്കും നിദ്രയുടെ ആവരണത്തിന്‌ പുറത്തായി.
   ആ തമാശ ആസ്വദിച്ച മട്ടിൽ അവൾ ചിരിച്ചു.
   "നമുക്ക്‌ ജനിക്കാൻപോകുന്ന പിഞ്ചോമനയ്ക്ക്‌ ഓടിനടക്കാൻ ഈ നഗരത്തിൽ നമുക്കൊരു സ്വന്തം വീട്‌..." വാർത്തയും ആഗ്രഹവും അവൾ ഒരേ സമയം വിസർജിച്ചു.
   ഭാര്യ ഗർഭിണിയാണെന്ന സത്യം അവളിൽനിന്നുതന്നെ കേൾക്കുന്ന പുരുഷന്‌ അവളുടെ ആഗ്രഹത്തിനെതിരായി തന്റെ ന്യായങ്ങളിലും പ്രായോഗികതയിലും പിന്നെ ഏറെ നേരം പിടിച്ചുനിൽക്കാനാവില്ലല്ലോ. ഇന്ദുവിനെ കോരിയെടുത്ത്‌ വായുവിലേക്ക്‌ ഉയർത്തി രോമരാജികളുള്ള മനോഹരമായ അടിവയറിൽ ചുണ്ടുകൾ ചേർത്ത്‌ അയാൾ പറഞ്ഞു-
    "ഇന്ദുവിനുവേണ്ടി, ജനിക്കാനിരിക്കുന്ന നമ്മുടെ കുഞ്ഞിനുവേണ്ടി ഞാൻ ഈ നഗരത്തിൽ ഒരു വീട്‌ നിർമിക്കും. സത്യം."
    അവൾക്കത്‌ ധാരാളമായിരുന്നു. കാരണം ഗ്രാമത്തിന്റെ പച്ചപ്പിനെ ഉപേക്ഷിച്ച്‌, കോൺക്രീറ്റ്‌ വന ത്തിൽ സ്വന്തമായ ഒരു വീട്‌ നിർമിക്കുകയെന്നത്‌ അയാൾക്ക്‌ അചിന്തനീയമായിരുന്നു.പക്ഷേ, ഇപ്പോൾ സ്വന്തം താത്പര്യങ്ങൾക്കുനേരെ അയാൾ ഒരമ്പ്‌ തൊടുത്തുവിട്ടിരിക്കുന്നു.
    സ്നേഹിക്കുന്നവർക്കുവേണ്ടി സ്വന്തം ആഗ്രഹങ്ങൾ ഉപേക്ഷിക്കുമ്പോഴാണല്ലോ ജീവിതം ജീവിതമാകുന്നത്‌. പക്ഷേ, നഗരത്തിൽ അൽപം സ്ഥലം വാങ്ങി വീടുവയ്ക്കുകയെന്നത്‌ സാധാരണക്കാരന്‌ ഇക്കാലത്ത്‌ ചിന്തിക്കാനാവുമോയെന്ന സങ്കീർണമായ പ്രശ്നം അയാളെ പിന്നീട്‌ നിരന്തരം വേട്ടയാടി ക്കൊണ്ടിരുന്നു.
    ജോലി ചെയ്യുന്ന നഗരത്തിൽനിന്ന്‌ ഏതാണ്ട്‌ മുന്നൂറോളം കിലോമീറ്റർ അകലെയാണ്‌ സുധീറിന്റെ ഗ്രാമം. നീണ്ടുപരന്ന്‌ കിടക്കുന്ന പച്ചപ്പിന്റെ മേൽക്കൂരയ്ക്ക്‌ കീഴെ ഒരു വലിയ പുരാതന തറവാട്‌. ഫലസമൃദ്ധിയുള്ള എണ്ണമറ്റ വൃക്ഷങ്ങളും അതിൽ സ്ഥിരവാസമാക്കിയ കിളികളും വർഷത്തിലൊരിക്കൽ സ്ഥിരമായി സന്ദർശനം നടത്തി തിരിച്ചുപോകുന്ന ദേശാടനക്കിളികളും സംഗീതമാലപിക്കും. കുയിലിന്റെ മണിനാദം കേൾക്കാൻ അവിടെത്തന്നെ എത്തണമെന്ന്‌ അവധിക്കാലം ചിലവഴിക്കാനെത്തുന്ന കോളേജിലെ തന്റെ സഹൃത്തുക്കൾ പറയുമായിരുന്നു. ഔഷധസസ്യങ്ങളും വിഷമയമില്ലാത്ത പച്ചക്കറി തോട്ടങ്ങളും ശുദ്ധജലമൊഴുക്കുന്ന അരുവികളും കലർപ്പില്ലാത്ത വായുവും ഗ്രാമവിശുദ്ധിയുടെ അടയാളമാണ്‌. കോർപ്പറേറ്റുകളുടെയും ഭൂമാഫിയകളുടെയും കടന്നുകയറ്റത്തെ ഈ ഗ്രാമം ചെറുത്ത്‌ തോൽപ്പിച്ചിരിക്കുന്നു.
    ഒറ്റ മകനായതിനാൽ നഗരത്തിലേക്ക്‌ പറിച്ചുനടാൻ അച്ഛനും അമ്മയും മുത്തശ്ശിയും ഒരിക്കലും അനുവദിക്കില്ല. അയാൾക്കും നന്മകൾ നിറഞ്ഞ ആ നാടിനപ്പുറം മറ്റൊരു ലോകമില്ലായിരുന്നു.
   എന്നാൽ ഇന്ദുവിന്റെ പശ്ചാത്തലം വിഭിന്നമാണ്‌. അവൾ ജനിച്ചതു നഗരത്തിലാണ്‌. ഫ്ലാറ്റുകളിൽ നിന്ന്‌ ഫ്ലാറ്റുകളിലേക്ക്‌ ചുറ്റിത്തിരിയുന്ന ഒരു യാന്ത്രിക ജീവിതമായിരുന്നു അവളുടേത്‌. കേന്ദ്രസർ ക്കാർ ഉദ്യോഗസ്ഥനായിരുന്നു അവളുടെ അച്ഛൻ. അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിനനുസരിച്ച്‌ അവർ സഞ്ചരിച്ചുകൊണ്ടിരുന്നു. പ്രകൃതിയോട്‌ ഇണങ്ങിയല്ല, നാഗരികതയുടെ പൊയ്മുഖങ്ങളോട്‌ സമരസ പ്പെട്ടാണ്‌ അവർ ജീവിച്ചതു. അതുകൊണ്ടുതന്നെ, ശാലീനതയ്ക്കുപകരം നാഗരികത വളർത്തിയെടുത്ത സംസ്കാരമാണ്‌ ഇന്ദുവിന്റേത്‌. ഗ്രാമവും അതിന്റെ വിശുദ്ധിയുമെല്ലാം വളർച്ച നിലച്ച ചെറിയ മനുഷ്യ രുടെ ഇഷ്ടസങ്കൽപ്പങ്ങളായാണ്‌ അയാൾ കരുത്തിയത്‌.
    ഭൂമിയും അതിലുള്ള സകലവും മനുഷ്യനുവേണ്ടി നിർമിക്കപ്പെട്ടവയാണെന്നും അതിന്‌ മനുഷ്യരൊഴികെ അവകാശികൾ ഇല്ലെന്നുമുള്ള വികളമായ കാഴ്ചപ്പാട്‌ പൈതൃകമായി കിട്ടിയ സമ്പത്തുപോലെ ഇന്ദുവും കാത്തുസൂക്ഷിച്ചു. അങ്ങനെയാണ്‌ തന്റെ അച്ഛനും അമ്മയും മുത്തശ്ശിയും ഉൾപ്പെടെയുള്ള ഗ്രാമീണർ വളർച്ച നിലച്ച മനുഷ്യരായി മാറിയത്‌.
   പ്രേമത്തിന്‌ കണ്ണില്ലെന്നല്ലേ പറയുന്നത്‌? കണ്ണില്ലെന്ന്‌ മാത്രമല്ല, പ്രേമം മനുഷ്യനിലെ സകല തിരിച്ചറിവുകളേയും നിർജീവമാക്കിക്കളയുന്ന മഹാപ്രഹരശേഷിയുള്ള ആയുധമാണ്‌. നന്നായി നൃത്തം ചെയ്യുമായിരുന്ന ഇന്ദു കോളേജ്‌ യൂണിയൻ സെക്രട്ടറിയായിരുന്നു. താൻ ചെയർമാനും. സെക്രട്ടറി യുമായി അടുത്തിടപഴകേണ്ടിവരുന്ന അവസരങ്ങൾ ധാരാളം. അതിനിടയിൽ എപ്പോഴോ യുവത്വത്തിന്റെ രാസപ്രവർത്തനം നടന്നു. പരസ്പരം ഇഷ്ടപ്പെട്ടാൽ പിന്നെ കുറവുകളെപ്പറ്റി ചിന്തിക്കാനെവിടെ നേരം.
   വിവാഹശേഷം ആദ്യമായി ഗ്രാമത്തിലെത്തിയ ദിവസം. ഇന്ദു വീർപ്പുമുട്ടലിന്റെ പാരമ്യതയിലായി രുന്നു. ഗ്രാമീണ അന്തരീക്ഷത്തോടുള്ള വിരക്തിയും വെറുപ്പും അവളെ പൂർണമായും നാഗരികതയുടെ അടിമയാക്കിയിരിക്കുന്നുവേന്ന സത്യം തിരിച്ചറിഞ്ഞു. അച്ഛന്റെയും അമ്മയുടെയും കണ്ണുകളെ ഈറനാക്കി, വിലപ്പെട്ടതിനെ പലതിനെയും ഉപേക്ഷിച്ച്‌, പിറ്റേന്നുതന്നെ നഗരത്തിലേക്ക്‌ മടങ്ങിപ്പോന്നു. മുത്തശ്ശിക്ക്‌ അത്‌ താങ്ങാനായില്ല. അവരുടെ മരണം തന്നെ തളർത്തിയെങ്കിലും ഇന്ദുവിൽ അത്‌ കാര്യമായ യാതൊരു ചലനവും ഉണ്ടാക്കിയില്ല.
   ഗ്രാമീണതയെ ജീവിതത്തിൽനിന്ന്‌ പടിയിറക്കി അവിശുദ്ധമായ നാഗരികതയുടെ കാണാച്ചരടുകളാൽ തന്നെ ബന്ധിതനാക്കാനാണ്‌ പിന്നെ അവൾ ബോധപൂർവം ശ്രമിച്ചതു.
    വാടക വീടുകൾ തെരഞ്ഞെടുക്കുമ്പോഴും ഇന്ദുവിന്റെ ആഗ്രഹങ്ങൾക്കും താത്പര്യങ്ങൾക്കുമായിരുന്നു പ്രാമുഖ്യം. അപ്പോഴൊക്കെ കരുതി, വരട്ടെ, നഗരത്തിൽ എന്നെങ്കിലും താൻ നിർമിക്കുന്ന ഭവന ത്തിൽ തന്റെ സങ്കൽപ്പങ്ങൾക്ക്‌ അൽപം ഇടം നൽകാം.
    മോൾ ജനിച്ചതിനുശേഷം സ്വന്തമായ ഒരു വീടെന്ന സ്വപ്നത്തിൽനിന്ന്‌ യാഥാർഥ്യത്തിലേക്ക്‌ ഉള്ള പ്രയാണത്തിന്‌ ശക്തിയേറി. അഭിരുചികളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണെങ്കിലും ഇന്ദുവിനെപ്പോലെത്തന്നെ താനും ഇപ്പോഴത്‌ ആഗ്രഹിക്കുന്നു.
    ശിൽപയ്ക്ക്‌ നാലുവയസ്സുള്ളപ്പോഴാണ്‌ നഗരപ്രാന്തത്തിൽ തന്റെ സ്വപ്നങ്ങൾക്ക്‌ വർണ്ണച്ചിറകേകുമെന്ന്‌ പ്രതീക്ഷിച്ച ആ പ്ലോട്ട്‌ കണ്ടുപിടിച്ചതു. ഏതോ പാരിസ്ഥിതി പ്രവർത്തകന്റെ സ്ഥലമാണത്‌. പച്ചപ്പിന്റെ ഒരു തുരുത്ത്‌. മണൽ മാഫിയകൾക്കെതിരെ സമരം ചെയ്ത അയാളെ അവർ പോലീസിന്റെ സഹായത്തോടെ വകവരുത്തി. കുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ മാർഗമില്ലാതെ അയാളുടെ ഭാര്യ ഭൂമി വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
    നിറയെ വൃക്ഷങ്ങളുണ്ടായിരുന്നു അതിൽ. ആഞ്ഞിലി, മഹാഗണി, പ്ലാവ്‌, മാവ്‌, പുളി, ഇലഞ്ഞി തുടങ്ങിയവയെല്ലാം ശീതളഛായയേകി പടർന്നു പന്തലിച്ച്‌ നിൽക്കുന്നു. വൃക്ഷശിഖരങ്ങളിൽ അനേകതരം കിളികൾ കൂടുവച്ചിട്ടുണ്ട്‌. സുഹൃത്തുക്കൾ വാഴ്ത്തുന്ന കുയിലിന്റെ മണിനാദം അവിടെയും മുഴങ്ങിക്കേട്ടു. തന്റെ പച്ചപ്പ്‌ നിറഞ്ഞ ഗ്രാമത്തിന്റെ ഒരുകീറ്‌ ഇവിടേയ്ക്ക്‌ പറിച്ചുനടപ്പെട്ടതു പോലെ...
    ശിൽപയ്ക്ക്‌ ഇവിടം നൂറുവട്ടം ഇഷ്ടപ്പെടും. അവൾ ഇന്ദുവിനെപ്പോലെയല്ല. ഗ്രാമത്തിലെ തന്റെ വീട്ടിലെത്തിയാൽ അവൾക്ക്‌ തിരിച്ചുവരാൻ മടിയാണ്‌. അവിടെ അവൾക്ക്‌ കളിക്കൂട്ടുകാരായി അയലത്തെ കുട്ടികളെല്ലാം എത്തും. പാടത്തും പറമ്പിലും പണിയെടുക്കുന്ന ഗ്രാമീണർ, കന്നുകാലികൾ, കോഴി, താറാവ്‌, കിളികൾ, ചിത്രശലഭങ്ങൾ എന്നുവേണ്ട, എല്ലാം അവൾക്ക്‌ കൂട്ടുകാരാണ്‌.
   ഇടപാട്‌ ഉറപ്പിക്കുംമുമ്പ്‌ ഇന്ദുവിനെയും ശിൽപയേയും അവിടേയ്ക്ക്‌ കൊണ്ടുവന്നു. ശിൽപയ്ക്ക്‌ മുത്തശ്ശന്റെ ഗ്രാമത്തിൽ എത്തിയ പ്രതീതിയായിരുന്നു. അവൾ തുള്ളിച്ചാടി, ഓരോ മരത്തിനുചിറ്റിലും ഓടിനടന്നു. മരങ്ങളോടും ചെടികളോടും രഹസ്യം പറഞ്ഞു. കുയിലിന്റെ നീട്ടിയുള്ള കൂവലിന്‌ അവൾ അതേ ഈണത്തിൽ മറുമൊഴിയേകി.
    "മോൾക്ക്‌ എന്ത്‌ സന്തോഷമാണ്‌. അവൾക്കിവിടം വല്യ ഇഷ്ടമായെന്ന്‌ തോന്നുന്നു."
    പക്ഷേ, ഇന്ദുവിന്റെ മുഖം പ്രസാദിച്ചില്ല.
    "എന്തേ... ഇന്ദുവിന്‌ ഇഷ്ടമായില്ല?"
    "നിങ്ങൾ ഇങ്ങനെയൊന്നേ കണ്ടുപിടിക്കുവേന്ന്‌ എനിക്കറിയാമായിരുന്നു."
    "ഇന്നത്തെക്കാലത്ത്‌ ഈ വിലയ്ക്ക്‌ ഇങ്ങനത്തെ ഒരു തുണ്ടുഭൂമി സ്വപ്നം കാണാനേ കഴിയൂ..."
    "അന്വേഷിച്ചാൽ ഇതിലും ണല്ലോരു സ്ഥലം നമുക്ക്‌ കിട്ടും..."
    "എന്റെ ഇന്ദു, എത്ര കാലമായി നമ്മൾ അന്വേഷിക്കുന്നു? പട്ടണാതിർത്തിയിൽനിന്ന്‌ രണ്ട്‌ കിലോമീറ്റർ അകലത്തിൽ ഇത്രയും നല്ല സ്ഥലം കൈയിലൊതുങ്ങുന്ന വിലയ്ക്ക്‌ കിട്ടിയതുതന്നെ ഭാഗ്യം. നഗരം വളരുകയാണ്‌. നാളെ ഇവിടവും മുനിസിപ്പാലിറ്റിയുടെയോ കോർപ്പറേഷന്റെയോ ഭാഗമാകും. അപ്പോൾ ഇതിന്റെ വില പത്തിരട്ടിയായി വർധിക്കും."
    ഇന്ദു എന്തോ ആലോചിക്കുന്നതുപോലെ നിന്നു.
    "ശരി. സമ്മതിച്ചു. പക്ഷേ, ഈ മരങ്ങളൊക്കെ മുറിക്കേണ്ടിവരും. തടി പ്രശ്നം പരിഹരിക്കാം. വീടുപണിക്കുള്ള ഒരു വലിയ തുക അങ്ങനെ ഒഴിവായി കിട്ടും."ഇന്ദു യാഥാർഥ്യത്തോട്‌ അൽപംകൂടി അടുത്തെന്നു തോന്നി.
    "അതിനോട്‌ എനിക്ക്‌ യോജിപ്പില്ല ഇന്ദു... മരം മുറിക്കുകയല്ല, സംരക്ഷിക്കുകയാണ്‌ മനുഷ്യന്റെ കടമ."
    പറഞ്ഞുതീരുംമുമ്പ്‌ ഇന്ദുവിന്റെ സ്വരമുയർന്നു.
    "അപ്പോൾ ഈ മരങ്ങൾക്കിടയിൽ ഏറുമാടം കെട്ടാനാണോ സുധീർ ഉദ്ദേശിക്കുന്നത്‌?"
    നിശബ്ദനാകാനേ അയാൾക്ക്‌ കഴിഞ്ഞുള്ളു.
    "മരം വെട്ടാതെ വീട്‌ എങ്ങനെ പണിയും? സുധീർ അത്‌ പറയ്‌..."
    അതും ശരിയാണ്‌. അൽപം വിട്ടുവീഴ്ച ചെയ്തേ മതിയാകു. അല്ലെങ്കിൽ ഈ സ്ഥലംതന്നെ വേണ്ടെന്ന്‌ അവൾ കട്ടായം പറയും. പിടിവാശികളുടെ കാഴ്ചബംഗ്ലാവ്‌ ഉള്ളിൽ പേറുന്നവളാണ്‌.
    "അത്യാവശ്യമുള്ളത്‌ നമുക്ക്‌ വെട്ടാം."
    "വാസ്തുശാസ്ത്ര പ്രകാരം ഓരോ മരത്തിനും ഓരോ സ്ഥാനമുണ്ട്‌. തെറ്റായ സ്ഥാനത്ത്‌ നിൽക്കുന്നതെല്ലാം വെട്ടേണ്ടിവരും." ഇന്ദുവിന്‌ ഒട്ടും അയയാൻ ഉദ്ദേശമില്ല.
    "ഇന്ദു, ഇതൊരു പാരിസ്ഥിതി പ്രവർത്തകന്റെ ഭൂമിയാണ്‌. അതുകൊണ്ട്‌..."
    "വൃക്ഷങ്ങളൊന്നും വെട്ടാൻ സമ്മതിക്കില്ലെന്ന്‌... അതല്ലേ പറഞ്ഞുവരുന്നത്‌? നമ്മൾ പണംകൊടു ത്ത്‌ വാങ്ങുന്ന ഭൂമിയിൽ എന്തുചെയ്യണമെന്ന്‌ നമ്മളല്ലേ തീരുമാനിക്കുന്നത്‌? അല്ലെങ്കിൽ വേണ്ടെന്ന്‌ വയ്ക്കണം."
    തർക്കിക്കാതിരിക്കുകയാണ്‌ നന്ന്‌.
    "പിന്നൊരു കാര്യം. വാസ്തുശാസ്ത്രം അനുസരിച്ചുവേണം ഭൂമി ഒരുക്കാൻ. വീടിന്റെ സ്കെച്ചും പ്ലാനും വാസ്തുകാരൻതന്നെ തയ്യാറാക്കി തരും. അച്ഛന്റെ പരിചയത്തിൽ കൈപ്പുണ്യമുള്ള ഒന്നിലേറെ വാസ്തുകാരന്മാരുണ്ട്‌."
    "എന്റെ ഇന്ദു... ഇന്നത്തെക്കാലത്ത്‌..."
    "ഇന്നത്തെക്കാലത്താ സുധീറേ അതൊക്കെ വേണ്ടത്‌. സുധീർ ഏതു ലോകത്താ ജീവിക്കുന്നേ?"
    "അതുശരിയാ. അന്ധവിശ്വാസവും ജാതിമതവർഗീയതയും കഴിഞ്ഞകാലങ്ങളെക്കാൾ പതിന്മടങ്ങ്‌ വർധിച്ചിരിക്കുന്നു."
    "വാസ്തുനോക്കാതെ വീട്‌ പണിതവരൊക്കെ അനുഭവിച്ചിട്ടുണ്ട്‌. എത്രയെണ്ണമാ പുതിയ വീടുകളിൽ കിടന്ന്‌ ചത്തുംകെട്ടും പോയത്‌?"
    "വാസ്തുശാസ്ത്രമനുസരിച്ച്‌ വീട്‌ നിർമിച്ചവർക്കും ഇതൊക്കെ സംഭവിക്കുന്നില്ലേ?"
    "സുധീറിനോട്‌ തർക്കിക്കാൻ ഞാനാളല്ല. ഏതായാലും നമുക്ക്‌ വാസ്തുകാരൻ പറയുംപോലെ വീട്‌ പണിതാൽ മതി."
    അതിനോട്‌ യോജിക്കുകയല്ലാതെ സുധീറിന്‌ മറ്റ്‌ മാർഗമൊന്നുമില്ലായിരുന്നു. ശിൽപയെ സ്കൂളിൽ ചേർക്കുമ്പോൾ വീടുപണി ആരംഭിക്കാൻ തീരുമാനിച്ചു.
    ശിൽപയെ ഒന്നാം ക്ലാസിൽ ചേർത്തു. അവൾക്ക്‌ ഇന്ദുവിനേക്കാൾ നിറമായിരുന്നു. പ്രായത്തെ വെല്ലുന്ന വളർച്ചയായിരുന്നു അവൾക്ക്‌. അതുകൊണ്ടുതന്നെ കുട്ടിയുടെ കാര്യത്തിൽ എപ്പോഴും ഒരു ശ്രദ്ധ വേണമെന്ന്‌ സുധീർ എപ്പോഴും പറയുമായിരുന്നു. എന്നാൽ ഇന്ദു അതിനെ നിസ്സാരമായാണ്‌ കണ്ടത്‌.
    വീടിന്റെ പ്ലാൻ തയ്യാറാക്കാൻ നഗരത്തിലുള്ള ഒരു ആർക്കിടെക്കിനെ ഏൽപ്പിക്കാമെന്ന്‌ പറഞ്ഞപ്പോൾ ഇന്ദു പറഞ്ഞു.
    "വേണ്ട സുധീറേ. ഞാനന്ന്‌ പറഞ്ഞില്ലേ ഒരു വാസ്തുകാരന്റെ കാര്യം? അച്ഛന്‌ വലിയ വിശ്വാസമുള്ള ആളാ. പറയുന്ന കാര്യങ്ങളെല്ലാം അച്ചട്ടാ..."
    ആരംഭത്തിലേ ഒരു അപശബ്ദം വേണ്ടായെന്ന്‌ കരുതി എതിർത്തില്ല.
    പിറ്റേന്ന്‌ വൈകുന്നേരം കാവിമുണ്ടും കശവ്‌ നേര്യതും ധരിച്ച്‌, നെറ്റിയിൽ ഭസ്മവും ചന്ദനക്കുറി യും തൊട്ട്‌, നെഞ്ചുമൂടിക്കിടക്കുന്ന സ്വർണം കെട്ടിയതും അല്ലാതെയുമുള്ള രുദ്രാക്ഷമാലകളും ഇരുകൈകളിലും ഏലസും ചരടും കെട്ടി ആജാനബാഹുവായ മധ്യവയസ്കൻ ഒരു ഇന്നോവയിൽ വന്നിറങ്ങി. കൂടെ സഹായികളായി രണ്ടു മല്ലന്മാരും. ഇന്ദു അയാളെ ആദരപൂർവം അകത്തേക്ക്‌ ആനയിച്ചു. പാതി നരച്ച സമൃദ്ധമായ താടി തടവി, ചുവന്ന ഉണ്ടക്കണ്ണുകളാൽ അന്തരീക്ഷം ഉഴിഞ്ഞ്‌ ചെറുചിരിയോടെ അയാൾ ഇരുന്നു. ശിൽപ അയാളെ കണ്ട്‌ ഭയന്ന്‌ കർട്ടന്‌ പിന്നിൽ ഒളിച്ചു.അവിടെനിന്ന്‌ അവൾ ഇടയ്ക്കിടയ്ക്ക്‌ തല പുറത്തേക്കിട്ട്‌ അയാളെ നോക്കിക്കൊണ്ടിരുന്നു. അതയാൾ കണ്ടു. അയാൾ അവളെ മാടിവിളിച്ചു. അവൾ കൂടുതൽ ഭയന്ന്‌ ഉള്ളിലേക്ക്‌ വലിഞ്ഞു.
    "ശിൽപാ..." ഇന്ദു മയമില്ലാത്ത സ്വരത്തിൽ വിളിച്ചു.
    അവൾ ഭയപ്പാടോടെ മന്ദം അയാൾക്കരികിലേക്ക്‌ നടന്നു.
    അയാൾ ഒരു മജീഷ്യന്റെ ആവേഗ ചലനചടുലതയോടെ വായുവിൽനിന്നെന്നപോലെ വിലയേറിയ ഒരു ഫോറിൻ ചോക്ലേറ്റ്‌ കൈയെത്തിപ്പിടിച്ച്‌ അവൾക്ക്‌ നീട്ടി. അവൾ അടുത്തേക്ക്‌ ചെല്ലാതെ, ഭയപ്പെട്ട്‌ അൽപം അകലെ നിന്നതേയുള്ളു.
    "വാ... വാ... മോടെ പേരെന്താ?"
    അവൾ മറുപടി പറഞ്ഞില്ല.
    "ശിൽപാ, അത്‌ വാങ്ങു. ചോദിച്ചതിന്‌ മറുപടി പറയൂ." ഇന്ദുവിന്റെ സ്വരം കൂടുതൽ കനത്തു.
    ശിൽപ്പ കൈനീട്ടി. അയാൾ അവളുടെ നീട്ടിയ കൈയിൽപ്പിടിച്ച്‌, ബലമായി മടിയിൽ ഇരുത്തി.
    "മോള്‌ പേടിച്ചുപോയോ...?" അയാൾ അവളുടെ കവിളിൽ ചുംബിച്ചു. കട്ടിയേറിയ രോമം കവളിൽ ഉരസിയപ്പോൾ അവൾ അസഹ്യതയോടെ പിടഞ്ഞു.
    അപ്പോഴേയ്ക്കും സുധീർ എത്തി. അച്ഛനെ കണ്ടതും അവൾ അയാളുടെ അരികിലേക്ക്‌ ഓടി.
    സുധീർ ഇരുന്നു.
    "ഇന്ദുവിന്റെ അച്ഛൻ പറഞ്ഞതനുസരിച്ച്‌ തിരക്കായിട്ടും ഞാൻ നിങ്ങളുടെ ഭൂമി പോയി കണ്ടു ."
    ഭൂമി എങ്ങനെയുണ്ട്‌? വല്ല ദോഷവും... അങ്ങനെയായിരിക്കും പ്രതികരണമെന്നായിരുന്നു അയാളുടെ പ്രതീക്ഷ. എന്നാൽ അയാളിൽനിന്ന്‌ അതുണ്ടായില്ല.
    "നിങ്ങൾ പ്രകൃതി സ്നേഹിയും പാരിസ്ഥിതിവാദിയുമാണെന്നറിയാം.
രണ്ടും നല്ലതുതന്നെ. പക്ഷേ, സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ, സ്വന്തം കാര്യം വരുമ്പോൾ അതൊക്കെ മാറ്റിവച്ചേ പറ്റു."
    സുധീർ മറുപടി പറഞ്ഞില്ല.
    "നിങ്ങൾ വാങ്ങിയ ഭൂമി അത്രമോശമാണെന്ന്‌ ഞാൻ പറയില്ല. പക്ഷേ,ഭവനനിർമാണം ആരംഭിക്കുംമുമ്പ്‌ വാസ്തുശാസ്ത്രപ്രകാരം ഭൂമിയൊരുക്കണം. അപ്പോൾ ചിലതെല്ലാം നഷ്ടപ്പെട്ടെന്നിരിക്കും. ചില പരിഹാരക്രിയകൾ ചെയ്യണം. പാരിസ്ഥിതിയെക്കാളും വനസംരക്ഷണത്തെക്കാളും പ്രധാനം നാം നിർമിക്കുന്ന ഭവനത്തിന്റെ ഐശ്വര്യവും സുരക്ഷയുമാണ്‌."
    "എത്ര മരങ്ങൾ വെട്ടേണ്ടി വരും?" സുധീർ കാര്യത്തിലേക്ക്‌ കടന്നു.
    "നോക്കു സുധീർ. ഭവനം ബ്രഹ്മസ്ഥാനത്തായിരിക്കരുത്‌ എന്നതുപോലെത്തന്നെ പ്രധാനമാണ്‌  വൃക്ഷങ്ങളുടെ സ്ഥാനവും. തെങ്ങ്‌, കവുങ്ങ്‌ എന്നിവ ഉത്തരദിക്കിലും, പ്ലാവ്‌, മാവ്‌ എന്നിവ ഭവനത്തിന്റെ പൂർവദിക്കിലും നിൽക്കുന്നതിൽ വിരോധമില്ല. മാവ്‌ യതൊരു കാരണവശാലും ഭവനത്തിന്റെ മുൻവശം പാടില്ല. അത്‌ ഗൃഹനാഥന്‌ കൊള്ളിവയ്ക്കാൻ ഇടയാകും. വൃക്ഷങ്ങളുടെ കൊമ്പുകൾ കെട്ടിടത്തിൽ സ്പർശിക്കാൻ പാടുള്ളതല്ല. അവിടെയുള്ള കായ്ച്ച രണ്ട്‌ മാവുകളും പ്ലാവുകളും നിലനിർത്തിക്കൊണ്ട്‌ ഭവനം പണിതാൽ പെടുമരണം ഉറപ്പാണ്‌. പടിഞ്ഞാറുഭാഗം ഇലഞ്ഞിയും പേരാലും കിഴക്കുഭാഗം തുലാത്തിലോ വൃശ്ചികത്തിലോ അരയാലും പാലയും ഇടത്തുഭാഗം,അതായത്‌ വടക്ക്‌ പുളിയും അത്തിയും അന്യം അതായത്‌ തെക്ക്‌ നാഗമരവും ഇത്തിയും വരുന്നത്‌ ഭവനത്തിനും അതിലുള്ള വർക്കും ശ്രേയസ്ക്കരമല്ല."
    "ചുരുക്കത്തിൽ അതിലുള്ള സകല വൃക്ഷങ്ങളും ചെടികൾവരെയും വെട്ടിനശിപ്പിച്ച്‌ അതൊരു ശ്മ ശാനഭൂമിയാക്കിയിട്ടുവേണം വീട്‌ പണിയാൻ എന്നല്ലേ?" സുധീർ രോഷത്തോടെ ചോദിച്ചു.
    "സുധീർ..." ഇന്ദു ഇടയ്ക്കുകയറി.
    "നമുക്ക്‌ ദോഷം സംഭവിക്കാത്ത ഭവനം പണിയാനാണ്‌ അദ്ദേഹം നിർദേശങ്ങൾ വയ്ക്കുന്നത.​‍്‌ അത്‌ മനസ്സിലാക്ക്‌."
    "സുധീർ നിങ്ങൾ വിചാരിക്കുംപോലെ ഞാനൊരു വൃക്ഷവിരോധിയോ പ്രകൃതി വിരോധിയോ
അല്ല. പക്ഷേ, ഒരു കാര്യം പറയാതെ വയ്യ. വൃക്ഷത്തെക്കാൾ മനുഷ്യന്റെ നിലനിൽപിനും ജീവനും ഞാൻ പ്രാധാന്യം കൊടുക്കുന്നു. എന്നു കരുതി എല്ലാം വെട്ടിക്കളയണമെന്നല്ല. എല്ലാത്തിനും ചില പരിഹാരക്രിയകളൊക്കെയുണ്ട്‌. അത്‌ ചെയ്താൽ നമുക്ക്‌ ചിലതെല്ലാം നിലനിർത്താൻ പറ്റും."
     അയാൾ എഴുന്നേറ്റു. അയ്യായിരം രൂപയടങ്ങിയ കവർ ഇന്ദു ആദരവോടെ അയാളുടെ കൈയിൽ കൊടുക്കുമ്പോൾ ആ മുഖം പ്രസാദിച്ചു. വണ്ടിയിൽ കയറുംമുമ്പ്‌ സുധീറിന്റെ കൈയിൽ പിടിച്ചുനിന്ന ശിൽപയുടെ തുടുത്ത കവളിൽ ശക്തിയായി നുള്ളാൻ അയാൾ മറന്നില്ല. അവൾ ഒന്നുപിടഞ്ഞു. ആ പിടച്ചിൽ സുധീറിന്റെ ചങ്കിലാണേറ്റത്‌.
     അയാൾ പോയിക്കഴിഞ്ഞ്‌ ശിൽപ പരാതി പറഞ്ഞു.
     "അച്ഛാ, അയാൾ മടിയിൽ പിടിച്ചിരുത്തിയപ്പഴും കവിളിൽ പിച്ചിയപ്പഴും ശിൽപമോൾക്ക്‌ നൊന്തു."
     "ഇന്ദു, ഞാൻ പറഞ്ഞിട്ടില്ലേ അന്യപുരുഷന്മാരുടെ അടുക്കൽ മോളെ വിടരുതെന്ന്‌..."
     "ഇതെന്തു കൂത്ത്‌ സുധീറേ... അദ്ദേഹം ദിവ്യനായ മനുഷ്യനാ. ആ മുഖത്തെ പ്രകാശം കണ്ടോ."
     "കണ്ടു... കണ്ടു... പണം കിട്ടിയപ്പോൾ."
     "ഇങ്ങനെ വലിയ മനുഷ്യരെ പണത്തിന്റെ പേരുപറഞ്ഞ്‌ അപമാനിക്കരുത്‌. കുട്ടികളോട്‌ സ്നേഹമുള്ളവർ അവരെ മടിയിലിരുത്തുകയും ലാളിക്കുകയുമൊക്കെ ചെയ്യും.വന്നുവന്ന്‌ ഇനി എന്റെ അച്ഛന്റെ അടുത്തും അവളെ വിടരുതെന്ന്‌ സുധീർ പറയുമല്ലോ."
    പ്രതികരണം അർഹിക്കാത്ത ചോദ്യങ്ങൾക്ക്‌ മൗനം പാലിക്കുകയാണ്‌ നേഗറ്റീവ്‌ എനർജിയെ നിരാകരിക്കാനുള്ള എളുപ്പവഴിയെന്ന്‌ എവിടെയോ വായിച്ചതായി ഓർക്കുന്നു.
    ഭവനനിർമാണം ആരംഭിക്കുന്നതിനുമുമ്പ്‌ മരങ്ങൾ ഒന്നൊന്നായി നിലംപതിച്ചു. ഓരോ മരത്തിന്റെ കടയ്ക്കൽ മഴുവീഴുമ്പോഴും വാസ്തുകാരൻ വിശ്വസനീയമായ കാരണങ്ങൾ നിരത്തി. എതിർത്തപ്പോഴെല്ലാം ഇന്ദു വാസ്തുശാസ്ത്ര മഹത്വവും അത്‌ ഖണ്ഡിച്ചാലുണ്ടായേക്കാവുന്ന ദുരന്തങ്ങളെ പൊടി പ്പും തൊങ്ങലും സമാസമം ചേർത്ത്‌ വിളിമ്പിയും അയാളെ നിശബ്ദനാക്കി. ഭൂമിയുടെ കിഴക്കേ അതിരിൽ തണലേകി പടർന്നുപന്തലിച്ചുനിന്ന ഇലഞ്ഞിമാത്രം അവശേഷിച്ചു. അതിലായിരുന്നു ദേശാടനക്കിളികൾ കൂടുതലും കൂടുവച്ചിരുന്നത്‌. കുയിലിന്റെ സംഗീതം ഉയരുന്നതും അതിൽനിന്നുതന്നെ. മറ്റ്‌ മരങ്ങൾ മുറിച്ചതോടെ അതിലെല്ലാം കൂടുകൂട്ടിയിരുന്ന കിളികളും ഇലഞ്ഞിയിലേക്ക്‌ ചേക്കേറി. ഇപ്പോൾ നാണാത്തരം കിളികളുടെ ഗാനനിർഝരി ഇലഞ്ഞിയിൽനിന്നാണ്‌ ഉത്ഭവിക്കുന്നത്‌.
    തറക്കല്ലിടുന്നതിന്‌ തലേന്ന്‌ ഇലഞ്ഞി വെട്ടാൻ വാസ്തുകാരൻ മരംവെട്ടുകാരനെ ഏർപ്പാട്‌ ചെയ്തിരുന്നു. രാവിലെത്തന്നെ അയാൾ മരംവെട്ട്‌ യന്ത്രവുമായി എത്തി. യന്ത്രവാൾ മരത്തിൽ സ്പർശിക്കുന്ന തിനുമുമ്പ്‌ സുധീർ എത്തിയതിനാൽ ഇലഞ്ഞിക്ക്‌ രണ്ടാം ജന്മം ലഭിച്ചു. അൽപം പച്ചപ്പും ശീതളതയും ലഭിക്കുന്ന, ആയിരക്കണക്കിന്‌ പക്ഷികളുടെ ആവാസകേന്ദ്രമായ ആ മരംവെട്ടിയിട്ട്‌ താൻ ഇവിടെ വീട്‌ പണിയുന്നില്ലെന്ന്‌ അയാൾ തീർത്തു പറഞ്ഞു. ഇലഞ്ഞിച്ചില്ലകൾ കാറ്റിലാടി നന്ദി പറഞ്ഞു. കിളികൾ നന്ദി സൊ‍ാചകമായി കുറുകി. കുയിലുകൾ മണിനാദം പുറപ്പെടുവിച്ചു. ഏതാനും അണ്ണാറക്കണ്ണന്മാർ ഇലഞ്ഞിഗാത്രത്തെ തഴുകി സംഘനൃത്തം ചെയ്ത്‌ ആരോഹണാവരോഹണം നടത്തി.
     വാസ്തുകാരനും ഇന്ദുവും അയാളോട്‌ അനുരഞ്ജനപ്പെട്ടു. ഇലഞ്ഞി നിലനിർത്തി ഭവനം നിർമി ക്കാമെന്ന ധാരണയിലെത്തി.
    കാലവർഷം തകർത്താടിയ ദിനങ്ങളായിരുന്നു പിന്നീട്‌. ആകാശം ഇരുൾമൂടിക്കിടന്നു. ഭൂമിയും അതിന്റെ അണുരണനങ്ങളേറ്റുവാങ്ങി. ദിവസങ്ങളായി ഇടതടവില്ലാതെ പെയ്യുന്ന മഴ. ചീറിയടിക്കുന്ന തെക്കൻകാറ്റ്‌. അത്‌ ഒരാഴ്ചകൂടി നീണ്ടുനിൽക്കുമെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്‌ വന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണത്രേ കാരണം. മോശം കാലാവസ്ഥ ഭവന നിർമാണത്തെ പ്രതികൂലമായി ബാധിച്ചുവേന്ന്‌ കഴിഞ്ഞ ദിവസം ഇന്ദു പറഞ്ഞിരുന്നു. ഓഫീസിലെ തിരക്കുമൂലം കുറെ ദിവസമായി സൈറ്റിലേയ്ക്ക്‌ പോയിട്ട്‌. നിർമാണക്കരാർ വാസ്തുകാരൻതന്നെ ഏറ്റെടുത്തിരിക്കുകയാണല്ലോ.
     സുധീർ ഓഫീസിൽനിന്ന്‌ അൽപം നേരത്തെ ഇറങ്ങി. ഏതായാലും നിർമാണ പുരോഗതി പരിശോധിക്കണം. ഇതിനോടകം കുറെയേറെ പണം വാസ്തുകാരന്റെ കൈയിലെത്തിക്കഴിഞ്ഞു. സമ്പാദ്യവും കടമെടുത്തതുമെല്ലാം തീർന്നു.
     അകലെവച്ചേ ഒരു ഞെട്ടലോടെ അയാൾ ആ സത്യമറിഞ്ഞു. ഭവനം നിർമിച്ചില്ലെങ്കിലും മഴുവേൽ ക്കാൻ അനുവദിക്കില്ലെന്ന്‌ താൻ പറഞ്ഞ ഇലഞ്ഞി അപ്രത്യക്ഷമായിരിക്കുന്നു. ഒരിത്തിരി പച്ചപ്പുമായി നിന്ന തന്റെ തുണ്ടുഭൂമിയും ചുറ്റുപാടുമെന്നപോലെ കോൺക്രീറ്റ്‌ വനമായി മാറാൻ പോകുന്നു... ഇന്ദുവും അയാളും ചേർന്ന്‌ വിശ്വാസവഞ്ചന ചെയ്തിരിക്കുന്നു.
     റോഡിൽ ഒരു ഇന്നോവാ കാർ കിടക്കുന്നുണ്ട്‌. അത്‌ അയാളാവണം. ഇത്‌ ക്ഷമിക്കാനാവില്ല. ഇന്നത്തോടെ അയാളുടെ പണി അവസാനിപ്പിക്കുകതന്നെ.
     രോഷത്തോടെ അയാൾ റോഡിൽനിന്ന്‌ അകത്തേക്ക്‌ കുതിച്ചു. ചീറിയടിക്കുന്ന കാറ്റിനെയും അതിനെ ക്ഷാളനം ചെയ്ത്‌ ആകാശം പൊഴിക്കുന്ന തീരാക്കണ്ണീരിനെയും വകവയ്ക്കാതെ ഭൂമിയിൽ പതിച്ചുകിടക്കുന്ന ഇലഞ്ഞിയുടെ അടുത്തേക്ക്‌ അയാൾ ഒരു ഉത്മാദിയെപ്പോലെ പാഞ്ഞു. അപ്പോൾ പുറത്ത്‌ കാർ സ്റ്റാർട്ടുചെയ്യുന്ന ശബ്ദം കേട്ടു.
    മണ്ണിനും മനുഷ്യനും ചരമഗീതം ആലപിച്ച്‌, മുടിയഴിച്ചിട്ട്‌ നിർജീവാവസ്ഥയിൽ മണ്ണിൽ ചേർന്നു കിടക്കുന്നു താൻ ശത്രുക്കളിൽനിന്ന്‌ ഇത്രനാൾ കാത്ത ഇലഞ്ഞിമരം. ചില്ലകൾ നഷ്ടപ്പെട്ട പക്ഷികൾ സങ്കേതമുപേക്ഷിച്ച്‌ വിജനതയിലേക്ക്‌ പറന്നുപോയിരിക്കുന്നു.
    ശിഖരങ്ങൾക്കടിയിൽ മുറിവേറ്റു പിടയുന്ന കിളിയെ അയാൾ കൈകളിലെടുത്തു. ചോരയൊലിക്കുന്ന മുറിവിൽ തലോടുമ്പോൾ അത്‌ വേദനയോടെ കരഞ്ഞു. തൊട്ടടുത്തായി ചതഞ്ഞരഞ്ഞ്‌ ഒരു കിളിക്കൂട്‌. അതിൽനിന്ന്‌ പുറത്തേക്ക്‌ തെറിച്ച്‌ പൊട്ടിയൊലിക്കുന്ന ഏതാനും മുട്ടകൾ... അടുത്തെവിടെയോ ഇരുന്ന്‌ ദീനമായി കേഴുന്ന ആൺകിളി. വിദൂരതയിൽനിന്ന്‌ ഒഴുകിയെത്തിയ കുയിൽനാദം പ്രകൃതിക്കുള്ള മരണമണിപോലെ മുഴങ്ങി. ഹൃദയഭേദകമായ ആ രംഗത്തെ മറികടക്കാനാവാതെ അയാൾ നിന്നു.
    പെട്ടെന്ന്‌ എവിടെനിന്നോ ഒരു നിലവിളി...
    അയാൾ കാതോർത്തു.
    ഒരു പെൺകുട്ടിയുടേതാണ്‌...
    അയാളുടെ ഉള്ളം പിടച്ചു. പാതി നിർമാണത്തിലെത്തിയ ഭവനത്തിലേക്ക്‌ അയാൾ കുതിച്ചു. ചെളിയിൽ കുതിർന്ന തറയിലൂടെ അയാൾ അകത്തേക്ക്‌...
    ഒന്നേ നോക്കിയുള്ളു. ഭൂമി പൊട്ടിപ്പിളരുന്നതുപോലെ...
    കൈയിലിരുന്ന മുറിവേറ്റ കിളി താഴെവീണ്‌ പിടഞ്ഞു.

22 Apr 2015

മാറാടൽ


സണ്ണി തായങ്കരി
     സുദേവനെ ഞാൻ ആദ്യമായും അവസാനമായും കണ്ടത്‌ ഇന്നലെയാണ്‌. 
    എന്നത്തേയുംപോലെ അതിരാവിലെ ഉണർന്ന്‌, ദിനചര്യകൾ പൂർത്തിയാക്കി, ഏതാനും പത്രങ്ങൾ നിവർത്തി പോസിറ്റീവ്‌ ന്യൂസുകൾക്കായി ഒരു ഓട്ടപ്രദക്ഷിണം നടത്തി. ഇക്കാലത്ത്‌ നേഗറ്റീവ്‌ ന്യൂസുകളിൽനിന്ന്‌ പോസിറ്റീവ്‌ ന്യൂസുകൾ വേർതിരിക്കുകയെന്നത്‌ ഒരു ഭഗീരഥ പ്രയത്നംതന്നെയാണ്‌. ന്യൂ ജനറേഷൻ ജേർണലിസ്റ്റുകളുടെ ലാംഗുവേജ്‌ മാജിക്കിൽ പോസിറ്റീവ്‌-നേഗറ്റീവ്‌ അതിരുകൾ അവ്യക്തമാകുന്നു. അറിയാതെങ്ങാനും ഒരു നേഗറ്റീവ്‌ ന്യൂസ്‌ വായിച്ചുപോയാൽ അന്നത്തെ ദിവസം മുഴുവൻ മനസ്സ്‌ മൂടിക്കെട്ടിയ ആകാശംപോലെയാകും.
    ഡയറിയിൽ രേഖപ്പെടുത്തിയ, അന്ന്‌ പരിഗണിക്കേണ്ട കേസുകളിലേക്ക്‌ ഒരുവട്ടം കണ്ണോടിച്ചതേയുള്ളു. അപ്പോഴാണ്‌ കോളിംഗ്‌ ബെൽ ശബ്ദിച്ചതു. ഭാര്യയാണ്‌ വന്നുപറഞ്ഞത്‌ ആരോ കാണാൻ വന്നിരിക്കുന്നുവേന്ന്‌. ആരാണെന്ന്‌ ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. 
    വിസിറ്റേഴ്സ്‌ ആരാണെന്ന്‌ വ്യക്തമായി അറിഞ്ഞിട്ടേ സ്വീകരിക്കാവുവേന്ന്‌ പലവട്ടം പറഞ്ഞിട്ടുള്ളതാണ്‌. വിധി പ്രസ്താവിക്കാനുള്ള ദിവസങ്ങളിൽ പ്രത്യേകിച്ചും. ഒരു ന്യായാധിപന്റെ നിസ്സഹായവസ്ഥ ആരറിയാൻ? സാധാരണ സഹായം അഭ്യർഥിച്ചെത്തുന്നവർ രണ്ടുതരക്കാരണ്‌.ഒരു കൂട്ടർക്ക്‌ പണമാണ്‌ ആവശ്യം. അർഹിക്കുന്നവർക്ക്‌ അത്‌ കൊടുക്കുകയേ വേണ്ടു. അവർ സ്ഥലം വിട്ടുകൊള്ളും. പക്ഷേ... രണ്ടാമത്തെ കൂട്ടർ കേസുമായി ബന്ധപ്പെട്ടവരാകും. വാദിയോ പ്രതിയോ. അത്തരക്കാരെ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല. 
    ആരാവും? ഇന്ന്‌ വിധി പ്രസ്താവിക്കേണ്ട കേസിലെ കക്ഷികളാരെങ്കിലുമാകുമോ... നിരപരാധികളുടെ കണ്ണുനീർ കാണുമ്പോൾ ഇടനെഞ്ചിൽ ഒരു പിടുത്തം അനുഭവപ്പെടും. പക്ഷേ, തെളിവുകൾ അവർക്ക്‌ അനുകൂലമാകണമെന്നില്ല. കോടതിക്ക്‌ ആവശ്യം തെളിവുകളാണ്‌. അവിടെ നിരപരാധിത്വത്തിനോ മനുഷ്യത്വത്തിനോ ഒന്നും സ്ഥാനമില്ല. അപ്പോൾ സ്വഭാവികമായും വിധി അവർക്കെതിരാകും. 
    പൂമുഖത്തെത്തിയപ്പോൾ കൃശഗാത്രനായ ഒരാൾ. അയാൾ കൈകൾ കൂപ്പി. ഒരു മുപ്പത്‌ മുപ്പത്തഞ്ചിനപ്പുറം പോകില്ല. അകാലനര മുഖം കാണിച്ചുതുടങ്ങിയിട്ടുണ്ട്‌. മുഖത്ത്‌ പരന്നുകിടക്കുന്ന കറുത്ത കുറ്റിത്താടിയിലും വെള്ളിനൂൽ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
   നിസംഗതയാണ്‌ ആ മുഖത്തിന്റെ മുഖമുദ്രയെന്ന്‌ തോന്നി. ഉത്ക്കണ്ഠയോടെ ഞാൻ ഒരു സ്വയം പരിശോധന നടത്തി. എന്നെങ്കിലും, എവിടെവച്ചെങ്കിലും പരിചയപ്പെട്ട, ഒരു വാക്കെങ്കിലും സംസാരിച്ചിട്ടുള്ള ഒരാൾ... ഇല്ല, ഓർമയുടെ ഫ്ലാഷ്ബാക്കിലൊന്നും ഇതുപോലെ ഒരാളില്ല.
   എങ്കിലും ആ മുഖത്തേക്ക്‌ നോക്കിയപ്പോൾ ഔപചാരികതയുടെ വാക്കുകൾ ഗർഭസ്ഥാവസ്ഥയിൽ പ്പോലുമെത്തിയില്ല. ഒരു ന്യായാധിപൻ അത്തരം ഹൃദയവിശാലത കാണിക്കാൻ പാടില്ലാത്തത്താണ്‌. ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയുടെ പരമ്പരാഗത രീതിയനുസരിച്ച്‌ ന്യായാധിപൻ സാധാരണക്കാരിൽനിന്ന്‌ ഭാവംകൊണ്ടും മനോഭാവംകൊണ്ടും അകലം സൂക്ഷിക്കേണ്ടവനാണ്‌. കയ്യെത്താദൂരത്ത്‌ ചില്ലുമേടയിൽ വസിക്കേണ്ട, ദൈവത്തിന്‌ തൊട്ടുതാഴെയുള്ളവനെങ്കിലും 'മീ ലോർഡ്‌' എന്ന സംബോധനയിലൂടെ ജനം ദൈവമായിതന്നെ കരുതുന്നവൻ. രാജാവിനെയും വിധികർത്താവിനെയും നിശ്ചയിക്കുന്നത്‌ ഈശ്വരനാണെന്നാണ്‌ സങ്കൽപം.
   "ഇരിക്കു." 
   പക്ഷേ, അയാൾ ഭവ്യതയോടെ നിന്നതേയുള്ളു. മേശയിൽ നിരന്നുകിടക്കുന്ന ആനുകാലികങ്ങളിലേക്ക്‌ അയാളുടെ കണ്ണുകൾ പാളിവീഴുന്നത്‌ കണ്ടു. പിന്നെ അതിൽ എന്തോ തിരയുകയായി. അക്ഷരസ്നേഹിയായ ഒരുവനാണ്‌ കക്ഷിയെന്ന്‌ തോന്നി. അത്രയും ആശ്വാസം. ഏതൊരു അക്ഷരസ്നേഹിയുടെ ഉള്ളിലും അൽപം നന്മ ചെറിയൊരു തീനാളംപോലെ ജ്വലിക്കുന്നുണ്ടാവുമല്ലോ. 
   വാരികകൾക്കിടയിൽനിന്ന്‌ അയാൾ ഒരെണ്ണം വലിച്ചെടുത്തു.
   "സാർ, ഇതിൽ എന്റെ ഒരു കഥയുണ്ട്‌."
   അത്ഭുതത്തോടെ അയാളെ നോക്കി.
   "നിങ്ങൾ എഴുത്തുകാരനാണോ?"
   ആണെന്നോ അല്ലെന്നോ അയാൾ പറഞ്ഞില്ല. പകരം കനം കുറഞ്ഞ കാർമേഘപാളികൾക്കിടയി ലൂടെ കടന്നുവന്ന ദുർബലമായ പ്രകാശരേണുപോലെ ഒരു അർധമന്ദഹാസം ആ മുഖത്ത്‌ പ്രകടമായി.
   ഞാൻ വാരിക വാങ്ങി. ഒരു കഥയേ ആ മുഖ്യധാരാ പ്രസിദ്ധീകരണത്തിലുള്ളു. 'മൃത്യുധാരി' യെ ന്നാണ്‌ കഥയുടെ ശീർഷകം. രണ്ടുവട്ടം വായിച്ച കഥയാണ്‌. അടുത്ത കാലത്തൊന്നും അത്രയും ഹൃദയസ്പർശിയായ ഒരു കഥ വായിച്ചിട്ടില്ല. വായനാതത്പരരായ ചില സുഹൃത്തുക്കളെ വിളിച്ച്‌ ആ കഥ വായിക്കാൻ ആവശ്യപ്പെട്ടിരുന്നുവേന്ന്‌ ഓർക്കുന്നു.
   ആഗതനോട്‌ ആദരവ്‌ തോന്നി.
   "സുദേവൻ സ്ഥിരമായി എഴുതാറുണ്ടോ?" 
   "എഴുതിയിരുന്നു. പത്രത്തിൽ ജോലി കിട്ടിയതിനുശേഷം സമയവും സ്വാതന്ത്ര്യവും കുറഞ്ഞു. പിന്നീട്‌ കുഞ്ഞിനെ സംരക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ..." 
   "എന്തു കാരണത്താലായാലും സുദേവനെപ്പോലെയുള്ള ഒരാൾ എഴുതാതിരിക്കുന്നത്‌ ഭാഷയ്ക്ക്‌ 
നഷ്ടംതന്നെയാണ്‌."
   അയാൾ അതിന്‌ മറുപടി പറഞ്ഞില്ല.
   "സത്യം പറയട്ടെ, ഈ കഥ എന്നെ അഗാധമായി സ്പർശിച്ചു. മനസ്സിൽ എവിടെയൊക്കെയോ മുറിവേൽപ്പിച്ചു. ഇതിൽ ജീവൻ തുടിക്കുന്നതായി എനിക്കുതോന്നി."
   "ഒരാൾ സ്വന്തം ജീവിതംകൊണ്ടെഴുതിയാൽ അതിൽ ജീവിതമല്ലേ കാണൂ സാർ. ചോര തുടിക്കുന്ന ജീവിതം..."
   "സമ്മതിക്കുന്നു. ആ അർഥത്തിൽ ഇത്‌..."
   "സംശയിക്കണ്ട. എന്റെ ജീവിതംതന്നെയാണ്‌ ഇത്‌. അല്ലെങ്കിൽ ജീവിതത്തിന്റെ ഒരു പരിച്ഛേദം." 
   പിന്നെ ഒന്നും പറയാതെ, മിതത്വമാർന്ന ഒരു ചിരി സമ്മാനിച്ച്‌, വാചാലമായ വാക്കുകളെ മഹാമൗനത്തിന്റെ ചെപ്പിലടച്ച്‌ അയാൾ കടന്നുപോയി. ഭാര്യ ചായയുമായി വരുമ്പോൾ അയാൾ റോഡിലെത്തിയിരുന്നു.
   ഒരു സബ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റായ എന്നോട്‌ അയാൾ ഒരു പരാതിയും പറഞ്ഞില്ല. ഒരു സഹാ
യവും ആവശ്യപ്പെട്ടില്ല. അയാൾ വാദിയായോ പ്രതിയായോ ഒരു കേസും തന്റെ മുമ്പിൽ എത്തിയതായി ഓർമിക്കുന്നില്ല. പിന്നെ അയാൾ... 
   ദുരൂഹത നിറഞ്ഞ ആ സന്ദർശനത്തിന്റെ പൊരുൾ വിവേചിച്ചറിയാൻ എത്ര ശ്രമിച്ചിട്ടും സാധ്യമായില്ല. അയാൾ സംസാരിച്ച പരിമിതമായ വാക്കുകളിൽ ഒന്നുമാത്രം മുദ്രിതമായ മൗനങ്ങൾക്കുമേൽ താഡനമേൽപ്പിച്ചു - ജീവിതംകൊണ്ടെഴുതിയാൽ, അതിൽ ജീവിതമേ കാണു...
   ആ കഥ ഒന്നുകൂടി വായിക്കണമെന്ന്‌ തോന്നിയെങ്കിലും സമയപരിമിതി അനുവദിച്ചില്ല. വാരിക ബാഗിൽ എടുത്തുവച്ചു. കോടതിയിലേക്കുള്ള യാത്രയിലുടനീളം എന്തുകൊണ്ടോ ആ മുനുഷ്യന്റെ മുഖം ഒരു വിങ്ങലായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. 
   വിധി പറയാൻ ഏതാനും കേസുകൾ ഉണ്ടായിരുന്നു. അതിലൊന്ന്‌ മറ്റൊരു ബഞ്ചിൽ വാദം പൂർത്തിയായ അഞ്ചുവയസ്സുകാരൻ മകന്റെ പിതൃത്വം നിഷേധിക്കാൻ കുട്ടിയുടെ അമ്മ ഹാജരാക്കിയ ഡി.എൻ.എ. ടെസ്റ്റിന്മേലുള്ള വിധിയായിരുന്നു. കേസിന്റെ ഒരു ഘട്ടത്തിലും കോടതിയിൽ ഹാജരായി അവകാശവാദം ഉന്നയിക്കാനോ സ്വയം ന്യായീകരിക്കാനോ പിതാവ്‌ ശ്രമിച്ചിരുന്നില്ല എന്നതുകൊണ്ടുതന്നെ വിധി കുട്ടിയുടെ അമ്മയ്ക്ക്‌ അനുകൂലമാകുന്നതിന്‌ തടസ്സങ്ങളൊന്നുമുണ്ടായില്ല. പിതാവിനെ വിളിച്ച്‌ വിലപിക്കുന്ന മകനെ എന്നെന്നേക്കുമായി വിധി പ്രസ്താവത്തിലൂടെ പിതാവിൽനിന്ന്‌ വേർപെടുത്തുമ്പോൾ എന്തുകൊണ്ടോ മനസ്സ്‌ അകാരണമായി കരഞ്ഞു. അവശേഷിച്ച മൂന്ന്‌ കേസുകളുടെ വിധി മറ്റൊരു ദിവസത്തേക്ക്‌ മാറ്റിവച്ച്‌ ക്ഷീണിതനായി ഓഫീസ്‌ മുറിയിലെ കസേരയിലേക്ക്‌ ചായുമ്പോൾ വീണ്ടും രാവിലെ തന്റെ കൺമുമ്പിൽ വന്നുനിന്ന, ജീവിതംകൊണ്ട്‌ കഥയെഴുതിയവൻ ഒരു വ്യഥയായി തലച്ചോറിലേക്കും അവിടെനിന്ന്‌ സന്ധിബന്ധങ്ങളിലേക്കും നുഴഞ്ഞുകയറി പ്രകമ്പനം സൃഷ്ടിച്ചു.
   മൃത്യുധാരിയിലെ അച്ഛനും അമ്മയും മകനും മുമ്പിലേക്ക്‌ ഓടിയെത്തിയതുപോലെ... 
   ധൃതിയിൽ വാരിക പുറത്തെടുത്തു.
   വിവാഹം കഴിഞ്ഞ്‌ കൃത്യം ഒമ്പതാം മാസം ഭാര്യ പ്രസവിച്ചു. പൂർണ വളർച്ചയെത്തിയിരുന്നെങ്കിലും അങ്ങനെയല്ലായെന്ന്‌ ബോധ്യപ്പെടുത്തി ഡോക്ടർ കുഞ്ഞിനെ ഒരു മാസത്തോളം ഇൻകുബേറ്ററിൽ സൂക്ഷിച്ചു.
   ചോരക്കുഞ്ഞിനെ അച്ഛന്റെ കൈയിൽ ഏൽപ്പിച്ച്‌ അവധി വെട്ടിച്ചുരുക്കി ബാങ്ക്‌ ഉദ്യോഗസ്ഥയായ ഭാര്യ ജോലിയിൽ പ്രവേശിക്കുമ്പോഴും അത്‌ ജീവിതത്തിന്റെ ഗതിമാറ്റിയൊഴുക്കായി കരുതാൻ അയാൾക്കായില്ല.
   ഭാര്യയുടെ സമീപനത്തിൽ വന്ന മാറ്റം അയാൾ ശ്രദ്ധിക്കാതെയിരുന്നില്ല. ഒരിക്കൽപോലും ഒരമ്മയുടെ സ്നേഹം ആ കുരുന്നിന്‌ പകർന്നുകൊടുക്കാൻ അവൾക്കായില്ല. വിശന്ന്‌ കരഞ്ഞ അവന്‌ അമ്മയുടെ മുലപ്പാൽ ഒരിക്കലും ലഭിച്ചില്ല. സ്തനസൗന്ദര്യം നഷ്ടപ്പെടുത്തി തന്റെ മാദകത്വത്തിന്‌ പോറലേൽപ്പിക്കാൻ ഒരിക്കലും അവൾ ഒരുക്കമായിരുന്നില്ല. കോർപ്പറേറ്റുകളുടെ സ്തനഫാക്ടറികളിൽനിന്ന്‌ ചുരത്തിയ പാൽപ്പൊടിവെള്ളം മാതാവിന്റെ മുലപ്പാലായി.വീടും ഭർത്താവും കുഞ്ഞും നിമിഷംതോറും അവളിൽനിന്ന്‌ അനേകം കിലോമീറ്റർ പിറകോട്ട്‌ പായുന്ന മെയിൽക്കുറ്റികളായി മാറി. മകന്റെ സംരക്ഷണത്തിനായി അയാൾക്ക്‌ ജോലി രാജിവയ്ക്കേണ്ടിവന്നു.
   ബാങ്ക്‌ വർക്കിംഗ്‌ മണിക്കൂറുകൾ അവൾക്കുമാത്രം അധികാരികൾ നിജപ്പെടുത്തിയിരുന്നില്ലത്രേ. 
എഫിഷ്യന്റായ, യുവതിയായ ഒരു ഉദ്യോസ്ഥയ്ക്ക്‌ പ്രോമോഷൻ കൈയെത്തും ദൂരത്താണല്ലോ.     
   പിന്നീട്‌ അവൾതന്നെ ക്രമപ്പെടുത്തിയ ജീവിതചര്യകൾ. ജീവതാളത്തിന്‌ ക്രമാതീതമായ അവതാളം അവൾ സൃഷ്ടിച്ചു. നിത്യവും രാത്രി ഏറെ വൈകിയെത്തുന്ന അവളെ ഗേറ്റോളം അനുഗമിക്കുന്ന അന്യനായ പുരുഷനെപ്പറ്റിപോലും അയാൾ ഒരു പോസ്റ്റുമാർട്ടത്തിന്‌ തയ്യാറായില്ല.
   പക്ഷേ, കാര്യങ്ങൾ മാറി മറിഞ്ഞത്‌ വളരെ പെട്ടെന്നാണ്‌.
   നാലു വയസ്സുകാരന്‌ പ്ലേ സ്കൂളിൽനിന്ന്‌ എത്തുമ്പോൾതന്നെ നല്ല പനിയുണ്ടായിരുന്നു. രാത്രി യോടെ പനി നൂറ്റിനാല്‌ ഡിഗ്രിയിലെത്തിയപ്പോൾ അന്തിച്ചുപോയി. അവന്റെ ചുണ്ടിൽനിന്ന്‌ രക്തം ഒപ്പിയെടുക്കാമെന്നായി. ശനിയാഴ്ച ഹാഫ്ഡേ ആയിരുന്നിട്ടും രാത്രി എട്ടായിട്ടും അവൾ മടങ്ങിയെത്തി യില്ല. ഭാര്യയെപ്പറ്റി വേവലാതിപ്പെടേണ്ട കാര്യമില്ലെങ്കിലും കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചല്ലേ മതിയാകു. വാടിത്തളർന്ന മകനെ വാരി തോളിലിട്ട്‌ ഓട്ടോയിൽ നഗരത്തിലുള്ള ആശുപത്രിയിലേക്ക്‌.
   ന്യൂമോണിയയെന്ന്‌ സ്ഥിരീകരിച്ച്‌ മകനെ അത്യാഹിതത്തിൽ അഡ്മിറ്റ്‌ ചെയ്തു. നേഴ്സിന്റെ ദയാദാക്ഷിണ്യത്തിന്‌ അവനെ വിട്ടുകൊടുത്ത്‌ ഭാര്യയെ തേടി ബാങ്കിലേക്ക്‌...
   രാത്രി പത്ത്‌ പത്ത്‌. ബാങ്കിന്റെ മുകൾ നിലയിൽ വെളിച്ചമുണ്ട്‌. അവൾ ഇപ്പോഴും ജോലിതിരക്കിലാണോയെന്ന്‌ അയാൾ സംശയിച്ചു. മകന്റെ രോഗവിവരം വിളിച്ച്‌ അറിയിച്ചപ്പോൾ അങ്ങനെയാണ്‌ പറഞ്ഞത്‌. പതിനൊന്ന്‌ മണിയെങ്കിലുമാകുമത്രേ. പക്ഷേ, മകന്‌ ന്യൂമോണിയ ആണെന്നും അത്യാഹിതത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അവൾക്ക്‌ അറിയില്ലല്ലോ. വിവരം അറിയുമ്പോൾ അവൾ കൂടെ വരാതിരിക്കില്ല.
   സെക്യൂരിറ്റിയുടെ മുഖത്ത്‌ കണ്ട വികാരത്തിന്‌ മനുഷ്യസംസ്ക്കാരത്തിന്റെ നിഘണ്ടുവിൽ അർഥമുണ്ടോയെന്ന്‌ അയാൾ സംശയിച്ചു. മകന്റെ ഗുരുതരാവസ്ഥയെ വിവരിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകി. അതോടെ സെക്യൂരിറ്റിയുടെ വിലക്കുകൾ ദുർബലമായി.
   രണ്ടാം നിലയിൽ, അരണ്ട വെളിച്ചം കണ്ട മുറിയുടെ വാതിൽ തള്ളിത്തുറന്ന അയാൾ കണ്ടത്‌... 
   പൂർണ നഗ്നരായ സ്ത്രീയും പുരുഷനും... 
   സ്ത്രീപുരുഷ യുദ്ധത്തിലെ അവസാനത്തെ അങ്കം...
   വിശ്വാസനിറവിന്റെ മർമ്മത്തേറ്റ സർപ്പദംശനത്തിൽ അയാൾ ഒന്നു പിടഞ്ഞു. ആ പിടച്ചിലിൽ അയാൾ നിലത്ത്‌ തളർന്നിരുന്നുപോയി. മനസ്സാന്നിധ്യം വീണ്ടെടുക്കുമ്പോൾ വാടിത്തളർന്ന്‌ പിച്ചുംപേയും പറയുന്ന മകന്റെ മുഖം കൺമുമ്പിൽ തെളിഞ്ഞു. ഇരുട്ട്‌ അയാളുടെ ചേതനയെ എന്നപോലെ ആ കെട്ടിടത്തെയും വിഴുങ്ങിയിരുന്നു.
   എല്ലാം മറനീക്കി പുറത്തുവന്നത്‌ എളുപ്പമായി. ആ ഒരു നിമിഷത്തിനായി പ്രതീക്ഷിച്ചതുപോലെ യായിരുന്നു അവൾ. അയാളുടെ ഹൃദയത്തിനേറ്റ പിടച്ചിൽ മായുംമുമ്പ്‌, വിവാഹമോചനത്തോടൊപ്പം ഭർത്താവിന്റേതല്ലാത്ത കുട്ടിയെ മാതാവിന്‌ തിരികെ ലഭിക്കാനും കോടതിയിലേക്ക്‌... പിന്നീട്‌ ഡി.എൻ.എ.ടെസ്റ്റ്‌. എല്ലാറ്റിനും അയാൾ നിസംഗനായി നിന്നുകൊടുത്തു. 
   ആ കേസിനാണ്‌ അൽപം മുമ്പ്‌ വിധി പറഞ്ഞത്‌. 
   വിധി പ്രസ്താവിക്കുംമുമ്പ്‌ താൻ അയാളെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ... 
   എങ്കിൽ ആ വിധി മറ്റൊന്നാകുമായിരുന്നോ...? 
   ഇല്ല, ഒരു നീതി പാലകനും അങ്ങനെയാവില്ല.
   ഭവനത്തിലേക്കുള്ള യാത്രയിലും സുദേവനും മൃത്യുധാരിയും മുഖത്തോടുമുഖം നിൽക്കുകയായിരുന്നു. റെയിൽ ക്രോസ്‌ അടച്ചിരുന്നു. ഗേറ്റിന്‌ കുറെ അകലെയായി റെയിൽപ്പാളത്തിൽ ഒരു ആൾക്കൂട്ടം... മനസ്സൺന്‌ പിടഞ്ഞു. 
   അപ്പോൾ മനസ്സ്‌ പറഞ്ഞു- ഇല്ല. സുദേവനല്ലേ മൃത്യുധാരിയിൽ എഴുതിയത്‌ -
   ജീവിതം അനേകം മലമടക്കുകളുള്ള ഒരു കയറ്റിറക്കു ഭൂമിയാണെന്ന്‌.
   ഡ്രൈവർ ഗേറ്റ്‌ കീപ്പറോട്‌ ചോദിക്കുന്നതു കേട്ടു-
   "എന്താ... അവിടെ ഒരാൾക്കൂട്ടം?"
   "എന്തു പറയാനാ... ഓരോരുത്തന്മാർക്ക്‌ കഴുവേറാൻ നീണ്ടുനിവർന്ന്‌ കിടക്കുവല്ലേ റയിൽപ്പാളം."
   മന്ദം ഡോർ തുറന്നു. ആൾക്കൂട്ടത്തിനടുത്തേക്ക്‌ നടക്കുമ്പോൾ ഉള്ളിൽ ഒരു തേങ്ങൽ ഉയർന്നു.
   അപ്പോഴും ഒരു ആശ്വാസവചനം... 
   ജീവിതം അനേകം മലമടക്കുകളുള്ള ഒരു കയറ്റിറക്ക്‌ ഭൂമിയാണ്‌.

15 Jan 2015

വെറും ശരീരം



സണ്ണി തായങ്കരി
   
    ഞങ്ങളുടേത്‌ കഴിഞ്ഞ ദശകംവരെ പരിഷ്കാരത്തിന്റെ വെള്ളിവെളിച്ചം തീരെ കടന്നുവന്നിട്ടില്ലാത്ത കാടും മേടും സമതലങ്ങളും നിറഞ്ഞ ഒരു അപരിഷ്കൃതനാടായിരുന്നു.ശുദ്ധവാ

യുവും കലർപ്പില്ലാത്ത വെള്ളവും മരുന്നടിക്കാത്ത പച്ചക്കറിയും ഭക്ഷ്യവസ്തുക്കളും ഞങ്ങൾക്ക്‌ വേണ്ടുവോളം ലഭിച്ചിരുന്നു.
   റോഡുകളും വാഹനങ്ങളും പേരിനുപോലുമുണ്ടായിരുന്നില്ല.ഗ്
രാമീണരുടെ പുറത്തേയ്ക്കുള്ള യാത്ര വിരളമായിരുന്നു. ഗ്രാമീണരുടെ ജീവിതം ഗ്രാമത്തിന്റെ നാല്‌ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ഏതാണ്ടൊരു ആദിവാസി സമാനമായ ജീവിതം.
   ഇഷ്ടികയോ കല്ലോ കെട്ടിയ ഉറച്ച വീടുകൾ ഇല്ലായിരുന്നുവേന്നുതന്നെ പറയാം. പനയോലയിൽ തീർത്തത്താണ്‌ കുടിലുകൾ. വെളിച്ചത്തിന്റെ കാര്യത്തിലാണെങ്കിൽ ഏക സങ്കേതം സൂര്യനാണ്‌. പിന്നെ ചന്ദ്രനും. ഇവയുടെ അഭാവം മണ്ണെണ്ണ വിളക്കുനികത്തും.
   പിന്നെ വളരെനാൾ കഴിഞ്ഞ്‌ സർക്കാരിന്റെ കറന്റ്‌ കമ്പനി നാട്ടുവഴിയിൽ ചിലയിടത്തൊക്കെ കഴനാട്ടി, കമ്പി വലിച്ച്‌ അരണ്ട വെട്ടംകൊണ്ടുവന്നു. അതും വളരെ ചുരുക്കം ഇടങ്ങളിൽമാത്രം. കുടിലുകളി ലെ മണ്ണെണ്ണഗന്ധം അപ്പോഴും തുടർന്നു.
   ഒരു അമ്പലവും ക്രിസ്ത്യൻ പള്ളിയും തലമുറകളായി അവിടെ ഉണ്ടായിരുന്നുവേന്ന്‌ പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. മതേതര ബാലൻസിങ്ങിനെന്നപോലെ ഒരു മോസ്ക്കും വൈകാതെ സ്ഥാപിതമായി.  കാലക്രമേണ പള്ളിയോട്‌ ചേർന്ന്‌ സ്ഥാപിച്ച നാലാം ക്ലാസ്സുവരെയുള്ള പള്ളിക്കൂടമാണ്‌ ആദ്യ ത്തെ വിദ്യാഭ്യാസ സ്ഥാപനം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയിലോ മറ്റോ ആണ്‌ അതുണ്ടായതെന്ന്‌ ചിലർ. വീണ്ടും ഏറെ വർഷങ്ങൾ കഴിഞ്ഞാണ്‌ സർക്കാർ വക സ്കൂൾ വന്നത്‌. ഈ ഓണം  കേറാഗ്രാമത്തിൽ കഴിഞ്ഞ തലമുറവരെ വിദ്യാഭ്യാസം പത്തിനപ്പുറം പോയിട്ടില്ല. കോളേജിന്റെ പടികണ്ടവർ വളരെ ചുരുക്കം. അക്കൂട്ടർ ആധുനിക സൗകര്യങ്ങളുടെ മാസ്മരികതകണ്ട്‌ കണ്ണ്‌ മഞ്ഞളിച്ച്‌ നഗരങ്ങളിൽ ചേക്കേറി.
   നാഗരങ്ങളിൽനിന്ന്‌ പച്ചപ്പരിഷ്ക്കാരികളുടെ പാപവിത്തുകളും വിഷം വിളയിച്ച ഭക്ഷ്യവസ്തുക്കളും സ്വായത്തമാക്കാൻ അടുത്ത കാലംവരെ മടിച്ചുനിന്ന അപരികൃതനാടാണ്‌ ഞങ്ങളുടേത്‌. പക്ഷേ, ആ ചെറുത്തുനിൽപ്പിന്‌ ക്രമേണ ശക്തി കുറഞ്ഞുവന്നു. തടയിടാനാവത്ത നഗരപ്രലോഭനം മെയിലുകൾ താണ്ടി ഇവിടെയുമെത്തി. ഉമിക്കരിയിൽനിന്ന്‌ ടൂത്തുപേസ്റ്റിലേക്കും കാപ്പിക്കുരുവും ഉലുവയും വറുത്തുപൊടിച്ച തനിനാടൻ കാപ്പിയിൽനിന്ന്‌ ചിക്കോരി കലർന്ന ഇൻസ്റ്റന്റ്‌ കാപ്പിപ്പൊടിയിലേക്കും ജനം മാറിയത്‌ അതിന്റെ തുടക്കംമാത്രമായിരുന്നു.
   പിന്നീട്‌ ജനം വിഷമയമേൽക്കാത്ത കാർഷികോത്പന്നങ്ങൾ നഗരത്തിലേക്ക്‌ കയറ്റിയയച്ച്‌ നഗരത്തിൽനിന്ന്‌ ന്യൂജനറേഷന്‌ പ്രിയങ്കരമായ കൃത്രിമ ഇൻസ്റ്റന്റ്‌ ഉത്പന്നങ്ങൾ മടക്കിവാങ്ങി. മഷിയിട്ടുനോക്കിയാൽ രോഗികളെ കാണാതിരുന്ന ഗ്രാമത്തിൽ രോഗികൾ വർധിക്കുകയും മരുന്നുകമ്പനികളുടെ ഏജന്റുമാരായ ഡോക്ടറന്മാരുടെ പരിശോധനാ കേന്ദ്രങ്ങൾ വരികയും ചെയ്തു. സ്വാഭാവിക പരിണാമമെന്ന നിലയിൽ പരിശോധനാ കേന്ദ്രങ്ങളോട്‌ ചേർന്ന്‌  മെഡിക്കൽ സ്റ്റോറുകൾ സ്ഥാപിക്കുകയും ചെയ്തു.
   അങ്ങനെ ഞങ്ങൾ നഗരവാസികളെ വെല്ലുംവിധം നാഗരികസുഖത്തിന്റെ സുഷുപ്തിയിൽ മതിമറന്ന്‌ മയങ്ങുന്ന കാലത്താണ്‌ സർക്കാർ പുതിയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസലോൺ എന്ന സാധാരണക്കാരന്റെ കഴുത്തിന്‌ പാകമായ കൊലക്കയർ നീട്ടിയെറിഞ്ഞത്‌. അത്‌ വീഴേണ്ട കഴുത്തുകളിൽതന്നെ കൃത്യമായി വന്നുവീണു. ബാങ്കുകൾ ലാഭംവാരാനുള്ള വലിയ പ്രലോഭനപ്പെട്ടിയുമായി ഗ്രാമത്തിലെ പുതുതലമുറയെ വശീകരിച്ചുകളഞ്ഞു. അഗ്നിയെ പുണരുന്ന പ്രാണികളെപ്പോലെ ഗ്രാമീണർ ഓടിയടുത്തു. നിയമത്തെപ്പറ്റി അജ്ഞരായ അവർ ബാങ്കുകൾക്ക്‌ കിടപ്പാടം പണയം നൽകി ലോൺ വാങ്ങി. വിഷനഗരങ്ങളിലേക്ക്‌ പുതിയ തലമുറ കൊട്ടിഘോഷത്തോടെ യാത്രയായി.
   കോഴ്സ്‌ പൂർത്തിയാക്കിയപ്പോഴാണ്‌ പലരും സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള അന്തരം തിരിച്ചറിയുന്നത്‌. ഗ്രാമത്തിന്റെ തനത്‌ നന്മകളെ വെറുത്ത ചിലർ തുച്ഛവരുമാനമുള്ള ജോലിയുമായി നഗരങ്ങളിൽ പറ്റിക്കൂടി. അവസരം ലഭിക്കാത്തവർ ഗത്യന്തരമില്ലാതെ ഏതാനും സർട്ടിഫിക്കറ്റുമായി ഗ്രാമങ്ങളിലേക്ക്‌ നിരാശയുടെ പ്രതീകങ്ങളായി മടങ്ങി. ബാങ്ക്‌ തിരിച്ചടവിന്റെ കാലാവധി കഴിഞ്ഞതിനാൽ ഉദ്യോഗസ്ഥർ കിടപ്പാടം കണ്ടുകെട്ടൽ ഭീഷണിയുമായി ഗ്രാമവാസികളുടെ ഉറക്കംകെടുത്തൽ പരിപാടി ആർ ഭാടമായിത്തന്നെ ആരംഭിച്ചു.
   അങ്ങനെയിരിക്കെ, ഒരുനാൾ ഗ്രാമത്തിന്റെ പടിഞ്ഞാറെ അതിരിലെ വിശാലമായ മൈതാനത്ത്‌
ഹുങ്കാരത്തോടെ ഒരു ഹെലികോപ്ടർ താഴ്‌ന്ന്‌ പറന്നു. പിന്നെയത്‌ മൈതാനമധ്യത്തിൽ ഇറങ്ങി. ഗ്രാമീണർ അത്ഭുതത്തോടെ നോക്കിനിന്നു. ഉയരെ, മേഘങ്ങൾക്കിടയിലൂടെ വിമാനം പറന്നുപോകുന്നതേ അവർ കണ്ടിട്ടുള്ളു. നഗരങ്ങളിൽനിന്ന്‌ തിരികെയെത്തിയ പുതിയ തലമുറ ഹെലികോപ്ടർ പാഠം മുതിർന്നവർക്ക്‌ പറഞ്ഞുകൊടുത്തു.
     ഹെലികോപ്ടറിൽനിന്ന്‌ കോട്ടും സ്യൂട്ടും ടൈയും ധരിച്ച കൂളിംഗ്‌ ഗ്ലാസ്‌ ധാരികളായ ഏതാനും
പേർ ഇറങ്ങി. അവർ ചുറ്റുപാടും കണ്ണോടിച്ചു. വിശാലമായി കിടക്കുന്ന പച്ചപ്പട്ടുവിരിച്ച നെൽഭൂമി ഒരുവശത്ത്‌. പച്ചപ്പ്‌ നിറഞ്ഞ ഭീമൻ മലകൾ മറുവശത്ത്‌. അവരുടെ മനസ്സ്‌ നിറഞ്ഞു. വ്യഭിചരിക്കാൻ ലോകസുന്ദരിയെത്തന്നെ കിട്ടിയ ഉന്മാദത്തിലെന്നപോലെ അവർ ആരവമുയർത്തി ആഹ്ലാദത്തോടെ പരസ്‌ പരം ആലിംഗനം ചെയ്തു.
     കാത്തുനിന്ന ഇടനിലക്കാർ ഓടിയെത്തി. യജമാന്മാർക്കു മുമ്പിൽ അവർ ഓച്ഛാനിച്ചു.  ആഗതർ അവർക്ക്‌ നിർദേശങ്ങൾ കൊടുത്തു.
     പിന്നെ മൈതാനത്തേക്ക്‌ ഗ്രാമവാസികളുടെ ഒഴുക്കായിരുന്നു. മൈതാനം നിറഞ്ഞു തുടങ്ങി. ഗ്രാമവാസികൾ മുഴുവൻ എത്തിച്ചേർന്നപ്പോൾ അതിഥികൾക്കുവേണ്ടി ഇടനിലവർഗത്തിന്റെ പ്രതിനിധി സംസാരിച്ചുതുടങ്ങി.
    "സഹോദരങ്ങളേ, നമ്മുടെ രാജ്യത്തും വിദേശരാജ്യങ്ങളിലുമുള്ള വലിയ വ്യവസായ ശൃംഖലയുടെ
അധിപരാണ്‌ ഇവർ. കോർപ്പറേറ്റുകൾ അഥവാ ലോകമുതലാളിമാർ എന്നാണ്‌ ഇവർ അറിയപ്പെടുന്നത്‌. ലക്ഷങ്ങളാണ്‌ ഇവരുടെ സ്ഥാപനങ്ങളിൽ വലിയ ശമ്പളത്തിൽ ജോലി ചെയ്യുന്നത്‌."
     ജനം കണ്ണുമിഴിച്ചു. പ്രത്യാശകളുടെ ആയിരം തിരിയിട്ട വിളക്കുകൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞു. തേൻകിനിയുന്ന അവരുടെ വാക്കുകൾക്കായി ആരാധനയോടെ,ഗ്രാമവാസികൾ കാത്‌ കൂർപ്പിച്ചു.
     പിന്നെ സംസാരിച്ചതു ആഗതരിൽ ഒരാളാണ്‌. സ്ഫുടതയില്ലാത്ത മലയാളത്തിൽ തുടങ്ങിയ ഏതാ നും വാക്കകൾക്കുശേഷം സ്ഫുടതയുള്ള ഹിന്ദിയിൽ അയാൾ പറഞ്ഞു-
    "ഇസ്‌ ഗാവുക്കാ പൂരാ നവ്ജവാൻകോ അച്ചിഡംഗുകാ ശിക്ഷൺ പ്രാപ്ത്‌ ഹായ്‌. മഗർ ദുഃഖുകിബാത്‌ യഹ്‌ ഹേ കി കിസിക്കോ ഭി ചോട്ടിസി കാം ഭി നഹി. ആപ്‌ ലോക്‌ ബഹുത്‌ കഷ്ടമേം ഹായ്‌.  ബാങ്കുവോലോംകി കിസാ നഹി ജമാകരാണേകെ വാസ്തേ വോ ആപലോക്‌ കോ ബഹുത്‌ തങ്ക്‌ കർരേ... ആം ഐ കറക്ട്‌?"
    ഇടനിലപ്രതിനിധി അയാൾക്ക്‌ മനസ്സിലായ മുറിഹിന്ദി മലയാളീകരിച്ചു. കാര്യം മനസ്സിലായപ്പോൾ ജനം ഒന്നടങ്കം സമ്മതിച്ചു.
    "അതേ. നൂറുവട്ടം ശരിയാണ്‌."
    "ഇനിയും താമസിച്ചാൽ ഒരു പക്ഷേ, നിങ്ങളുടെ കിടപ്പാടംപോലും ബാങ്കുകാർകൊണ്ടുപോകും."
    ജനം മുഖത്തോടുമുഖം നോക്കി.
    "അതിന്‌ എന്താണ്‌ പരിഹാരം? ഇവിടുത്തെ തൊഴിൽരഹിതരായ യുവാക്കൾക്ക്‌ ജോലി കിട്ടുമോ?" ജനമധ്യത്തിൽനിന്ന്‌ ആരോ ചോദിച്ചു.
    "അതേ. അതുതന്നെയാണ്‌ പറഞ്ഞുവരുന്നത്‌. ഈ കുഗ്രാമത്തിൽ പതിനായിരം കോടി മുടക്കി മാളുകളും വ്യവസായ സ്ഥാപനങ്ങളും ഫ്ലാറ്റുകളും നിർമിക്കാൻ ഇവർ ആഗ്രഹിക്കുന്നു. അതിന്‌ ആയിരക്കണക്കിന്‌ ഭൂമി ആവശ്യമുണ്ട്‌. ഭൂമി നൽകുന്നവർക്ക്‌ ജോലി ലഭിക്കും. നിങ്ങളുടെ പട്ടിണിയും പരിവട്ടവും മാറും. നാടിന്റെ മുഖച്ഛായ മാറും. വീതിയേറിയ റോഡുകൾ വരും. മെട്രോ ട്രെയിൻ വരും. ഈ കുഗ്രാമം നാളെ കേരളത്തിന്റെ വ്യവസായ തലസ്ഥാനമായി മാറും. കണേണ്ടവിധത്തിൽ കണ്ടപ്പോൾ മുഖ്യമന്ത്രിക്കും തൊഴിൽവകുപ്പ്‌ മന്ത്രിക്കും നൂറുവട്ടം സമ്മതമായി."
    "ഭൂമി വിട്ടുതന്നാൽ ഞങ്ങൾ എവിടെ ജീവിക്കും?"
    "ഭൂമി ഏറ്റെടുത്താലുടെനെ ഫ്ലാറ്റുകളാണ്‌ കമ്പനി ആദ്യം പണിയുക. കുടിലുകളിലെ നരകജീവതത്തിൽനിന്ന്‌ ആധുനിക സൗകര്യങ്ങളുള്ള ഫ്ലാറ്റുകളിലേക്ക്‌ നിങ്ങൾക്ക്‌ താമസം മാറാൻ സാധിക്കും."
    "അപ്പോൾ ബാങ്കിന്റെ കടമോ?"
    "ഭൂമിയുടെ വിലയായി നിങ്ങൾക്ക്‌ വലിയ തുകയല്ലേ കിട്ടാൻ പോകുന്നത്‌?"
    "ഫ്ലാറ്റ്‌ ഞങ്ങൾക്ക്‌ സ്വന്തമായി കിട്ടുമോ?"
    "ഭൂമിയുടെ വിലയായി കിട്ടുന്ന തുകകൊണ്ട്‌ നിങ്ങൾക്ക്‌ മറ്റെവിടെയെങ്കിലും ഭൂമി വാങ്ങാമല്ലോ. വേണമെങ്കിൽ കുറഞ്ഞ വിലയ്ക്ക്‌ കമ്പനിതന്നെ ഭൂമി വാങ്ങി തരും. പുതിയ ഭൂമിയും വീടും ലഭിക്കുംവരെ തുച്ഛമായ വാടകയിൽ നിങ്ങൾക്ക്‌ ഫ്ലാറ്റുകളിൽ താമസിക്കാം."
    "സ്വന്തം വീട്‌ വിട്ട്‌ ഞങ്ങൾ വാടക കൊടുത്ത്‌ താമസിക്കാനോ?" ആൾക്കൂട്ടത്തിൽനിന്ന്‌ ഒരു യുവാവ്‌ രോഷത്തോടെ ചോദിച്ചു.
    "ശാന്തനാകു സഹോദരാ. യോഗ്യതയ്ക്കനുസരിച്ച്‌ അഞ്ചക്കശമ്പളമാണ്‌ യുവാക്കൾക്ക്‌ കിട്ടുക."
    "ഫ്ലാറ്റ്‌ പണിയുന്നതുവരെ ഞങ്ങൾ എവിടെ താമസിക്കും?" മറ്റൊരാളുടെ സംശയം.
    "അതിനുള്ള സൗകര്യം കമ്പനി ഏർപ്പെടുത്തും"
    "ഞങ്ങൾ ഭൂമിവിട്ടുതന്നില്ലെങ്കിലോ?"
    "ഉത്തരം വ്യക്തമല്ലേ? ബാങ്കുകാർ കൊണ്ടുപോകും. കമ്പനിക്ക്‌ സ്ഥലം കൊടുത്താൽ ഒരുവെടിക്ക്‌ രണ്ടു പക്ഷിയാണ്‌."
    ജനം ചിന്താക്കുഴപ്പത്തിലായി.
    ഗ്രാമവാസികൾ അനിശ്ചിതത്വത്തിന്റെ ഇരുട്ടിലേക്ക്‌ ചുവടുകൾവച്ചു. യുവാക്കൾ ജോലിയെന്ന വെള്ളിവെളിച്ചത്തിലേക്ക്‌ സ്വപ്നവഞ്ചി തുഴഞ്ഞു.
    ജനത്തിന്‌ പിന്നാലെ പ്രലോഭനങ്ങളുടെ മാന്ത്രികച്ചരടുമായി ഇടനിലക്കാർ കുടിലുകളിലെത്തി. എതിർത്തുനിന്നവർക്ക്‌ അവർ മാന്ത്രികച്ചരട്‌ കെട്ടി.
    പിറ്റേന്നുതന്നെ ബാങ്കുപ്രതിനിധികൾ കുടിലുകളിൽ കയറിയിറങ്ങി കടുത്ത ഭീഷണി മുഴക്കി.
    വൈകാതെ നൂറുകണക്കിന്‌ ജെ.സി.ബി.കൾ കതിർചൂടിനിന്ന നെൽവയലുകളുടെ നെഞ്ചിലേക്ക്‌ മലയിടിച്ചിട്ടു. കുടിലുകൾ പിഴുത്‌ മാറ്റപ്പെട്ടു. ഗ്രാമീണർ കൈയിൽ കിട്ടിയ ചില്ലിക്കാശും കുടിലുകളിൽ അവശേഷിച്ച ഗൃഹോപകരണങ്ങളുമായി പുതിയ മേച്ചിൽപ്പുറംതേടി പലായനം ചെയ്തു.
    നോക്കി നിൽക്കെ ടൗൺഷിപ്പ്‌ ഉയർന്നു.മാളുകളും വ്യവസായസ്ഥാപനങ്ങളും പഞ്ചനക്ഷത്ര ഹോട്ട ലുകളും മൾട്ടി സ്പേഷ്യാലിറ്റി ആശുപത്രികളും നൂറുകണക്കിന്‌ ഫ്ലാറ്റുകളും ആകാശത്തിലേക്ക്‌ തലയുയർത്തി. രാജപാതകളെ വെല്ലുന്ന പുതിയ റോഡുകൾ വന്നു. മെട്രോ റെയിൽപ്പാതയുടെ പണിയും ആരംഭിച്ചു.
    കമ്പനി വാക്ക്‌ പാലിച്ചു. ഉദ്യോഗാർഥികൾക്ക്‌ യോഗ്യതയ്ക്കനുസരിച്ച്‌ നിയമനപത്രികയെത്തി. വാഗ്ദാനം ചെയ്യപ്പെട്ടപോലെ വലിയ ശമ്പളം അതിൽ രേഖപ്പെടുത്തിയിരുന്നു. ജോലി ലഭിച്ചവർക്ക്‌ ടൗൺഷിപ്പിലെ കമ്പനി ഫ്ലാറ്റുകൾ അനുവദിച്ചു.
    ജോലിയിൽ പ്രവേശിക്കുംമുമ്പ്‌ കമ്പനി അധികൃതർ വിളിച്ചുചേർത്ത യോഗത്തിൽവച്ച്‌ ഉദ്യോഗാർ ഥികൾക്ക്‌ ഒരു സമ്മതപത്രം വിതരണം ചെയ്തു. അതിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.
    1. നിയമന ഉത്തരവ്‌ ലഭിച്ചവർ മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ള ഫ്ലാറ്റുകളിൽ താമസിക്കാൻ പാടുള്ളു.
    2. ഫ്ലാറ്റുകളുടെ വാടക ശമ്പളത്തിന്റെ ഇരുപത്തിയഞ്ച്‌ ശതമാനമായിരിക്കും.
    3. ജോലിയുമായി ബന്ധപ്പെട്ടുമാത്രമാണ്‌ ഫ്ലാറ്റ്‌ അനുവദിക്കുക.
    4. കമ്പനി നിശ്ചയിക്കുന്നതായിരിക്കും ജോലി സമയം.
    5. നിലവിൽ വിവാഹതരും ഭാവിയിൽ വിവാഹിതരാകുന്നവരും അവരുടെ പൂർണമായ കായിക-മാനസികശേഷി കമ്പനിക്ക്‌ നൽകാൻ ബാധ്യസ്ഥരാണ്‌. 40 വയസ്സുവരെ അവർ കുട്ടികൾക്ക്‌ ജന്മം നൽ കാൻ പാടുള്ളതല്ല.
    6. ഗർഭധാരണശേഷി പുന:സ്ഥാപിക്കാൻ സാധിക്കുന്ന താൽക്കാലിക വന്ധ്യംകരണത്തിന്‌ ഉദ്യോഗാർഥികൾ വിധേയരാകേണ്ടതാണ്‌.
    7. 40 വയസ്സിനുശേഷം കുട്ടികൾക്ക്‌ ജന്മം നൽകുന്നതിനായി സ്ത്രീകളുടെ അണ്ഡം ശീതീകരിച്ച്‌ സൂക്ഷിക്കാൻ കമ്പനി സൗകര്യം ഏർപ്പെടുത്തുന്നതാണ്‌.
    8. അണ്ഡം ലബോറട്ടറിയിൽ സൂക്ഷിക്കുന്നവർക്ക്‌ പ്രത്യേകം ഇൻസന്റീവ്‌ നൽകുന്നതാണ്‌.
    9. അണ്ഡം സൂക്ഷിക്കുന്നതിനുള്ള ചിലവ്‌ കമ്പനി വഹിക്കുന്നതിനാൽ അണ്ഡത്തിലൂടെ ഭാവിയിൽ സൃഷ്ടിക്കപ്പെടുന്നവരുടെ യൗവനം കമ്പനിക്ക്‌ അവകാശപ്പെട്ടതായിരിക്കും.
   10. അപകടത്താലോ രോഗത്താലോ ആസന്നമരണാവസ്ഥയിലെത്തിയ ജീവനക്കാരുടെ ആന്തരികാവയവങ്ങൾ കമ്പനിക്ക്‌ അവകാശപ്പെട്ടതായിരിക്കും.
   11. കമ്പനി നിയമങ്ങൾ ചോദ്യം ചെയ്യുവാൻ പാടുള്ളതല്ല.
    സമ്മതപത്രത്തിൽ ഒപ്പിടാത്തവർക്ക്‌ പുറത്തേക്കുള്ള വാതിൽ ചൂണ്ടിക്കാണിക്കാൻ സെക്യൂരിറ്റി എ.കെ.47നുമായി കവാടത്തിൽ നിലയുറപ്പിച്ചു.
    കമ്പനിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫ്ലാറ്റുകളിലേക്ക്‌ താമസം മാറ്റാൻ തയ്യാറായി വയോധികർ മേൽക്കൂരയില്ലാതെ വഴിയോരങ്ങളിൽ തിരകെയെത്തുന്ന മക്കൾക്കായി കാത്തു നിന്നു.
    പക്ഷേ, ആരും കമ്പനി കവാടത്തിലൂടെ പുറത്ത്‌ കടന്നില്ല.

18 Dec 2014

കൊടിയിറക്കം


സണ്ണി തായങ്കരി
  
    ദിവസങ്ങളായി ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന്‌ ഇപ്പോൾ പഴയ പ്രസരിപ്പില്ല. ഉത്സാഹമില്ല. സഹപ്രവർത്തകരോടുപോലും വാദപ്രതിവാദങ്ങളില്ല. എന്തിനോടും ഒരു വിരക്തി. എപ്പോഴും ഏകാന്തത്തയുടെ തുരുത്തിൽ ചിന്തയുടെ വിഭ്രാത്മലോകത്തിലാണ്‌ അയാൾ.
   ഭർത്താവിന്‌ കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. ഇപ്പോൾ ചെയ്യുന്നതെല്ലാം യാന്ത്രികമാണ്‌. ആ മനസ്സ്‌ മറ്റെവിടെയോ ആണ്‌.
   പത്രത്തിൽ വാർത്ത കണ്ടിട്ടാണ്‌ തലേന്ന്‌ രാത്രി വൈകി കിടക്കയിലെത്തുമ്പോൾ ചോദിച്ചതു.
   "കുടിയിറക്ക്‌ നാളെത്തന്നെ ഉണ്ടാകുമോ?"
   "ഉം."
   "ആയിരത്തോളം കുടുംബങ്ങൾ എവിടെപ്പോകും?"
   "അറിയില്ല."
   "പാർട്ടിക്കെന്തെങ്കിലും ചെയ്യാൻ..."
   "ഭരണകൂടത്തിന്റെ അതിക്രമത്തിനെതിരെ പൊരുതാനേ പാർട്ടിക്ക്‌ കഴിയൂ."
   "സായുധപോലീസിനെതിരെ ചെറുത്തുനിൽക്കാൻ അങ്ങയുടെ കൂടെ എത്രപേർ കാണും?"
   "അറിയില്ല. പക്ഷേ, ഞാൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ്‌ എനിക്ക്‌ വലുത്‌. അത്‌ ബലഹീനനൊപ്പം ചേർന്നുനിൽക്കുക എന്നതാണ്‌."
   സ്വന്തം മകനും ഭാര്യയും അതിനേക്കാൾ ചെറുതാണോ എന്ന ചോദ്യത്തിന്‌ കൂർക്കംവലിയായിരുന്നു മറുപടി. അത്ഭുതം തോന്നിയില്ല. ഇഷ്ടപ്പെടാത്ത ചോദ്യങ്ങൾക്ക്‌ എന്നും ലഭിച്ചിരുന്ന ഉത്തരം ഇതുതന്നെ.
   പ്രഭാതത്തിനുമുമ്പ്‌ മൂലമ്പള്ളിയിലെത്തേണ്ടിയിരുന്
നതിനാൽ കിഴക്ക്‌ വെള്ളകീറുംമുമ്പ്‌ തിളപ്പിച്ച്‌ കൊടുത്ത കടുംചായ കുടിച്ച്‌ യാത്രപോലും പറയാതെ ഇറങ്ങുമ്പോൾ എന്തോ ഒരു ഉൾക്കിടിലം അനുഭവപ്പെട്ടു.
   "ശശാങ്കേട്ടാ..."
   അയാൾ തിരിഞ്ഞുനിന്നു.
   "ഒരു കാര്യം ചോദിച്ചോട്ടെ?"
   നിർവികാരതയ്ക്ക്‌ മകുടം ചാർത്തിയതുപോലയോയിരുന്നു പ്രതികരണം.
   "എന്താ...?"
   വികാരങ്ങൾ ചത്തുകിടന്ന ആ കണ്ണുകളിലേക്ക്‌ നോക്കിയപ്പോൾ അവൾക്ക്‌ പിന്നീടൊന്നും ചോദിക്കാൻ തോന്നിയില്ല. അല്ലെങ്കിൽതന്നെ ചോദ്യങ്ങളൊന്നും ബാക്കിയില്ലല്ലോ.
   അയാളുടെ കണ്ണുകൾ ഭാര്യയുടെ മുഖത്തുനിന്നും വഴുതി വീണത്‌ ഭിത്തിയിൽ തൂങ്ങുന്ന വിപ്ലവാചാര്യന്മാരുടെ ചില്ലിട്ട നിറംമങ്ങിയ ചിത്രങ്ങളിൽ. ആദ്യമായി കാണുന്നതുപോലെ അയാൾ ആ ചിത്രങ്ങളിലേക്ക്‌ നോക്കി.
   ഏത്‌ പ്രതിസന്ധിയാണ്‌ അദ്ദേഹത്തിന്റെ ചടുലവും വികാരോഷ്മളവുമായ വാചാലതയെ മഹാമൗനങ്ങളുടെ നിശബ്ദതയിലേക്ക്‌ പലായനം ചെയ്യിച്ചതു?
   ഏതോ അജ്ഞാതലോകത്തിൽനിന്ന്‌ നിയന്ത്രിക്കപ്പെടുന്നവനെപ്പോലെ അകന്നകന്ന്‌ പോകുന്ന ഭർത്താവിനെ നോക്കി അവൾ നിന്നു.
   ഇത്‌ യാത്ര പറയാനാവാത്ത പലായനങ്ങളുടെ കാലം.
   ഉച്ചയായി, സന്ധ്യയായി.
   പാതിരാക്കോഴി കൂവിയപ്പോഴാണ്‌ ഒന്നു മയങ്ങിയത്‌.              
   "മകളേ..." വാത്സല്യം ഊറിക്കൂടിയ സ്വരം... വാത്സല്യത്തിന്റെ തേൻതുള്ളി നാവിലേക്ക്‌ ഇറ്റിച്ചതുപോലെ...
   കൺമുമ്പിൽ പാതി നരച്ചസമൃദ്ധമായ താടിയോടുകൂടിയ ആജാനബാഹു... ഇത്‌...
   അത്ഭുതത്താൽ വിടർന്ന മിഴികളോടെ ഭിത്തിയിലേക്ക്‌ നോക്കി. മാർക്ക്സിന്റെ ചിത്രം ശൂന്യം...
   "സംശയിക്കേണ്ട മകളേ... ഇത്‌ ഞാൻതന്നെയാണ്‌."
   "മഹാനായ മാർക്ക്സ്‌... അങ്ങ്‌..." വിഹ്വലതയുടെ ആ നിമിഷങ്ങളിൽ എന്തുചെയ്യണമെന്ന്‌ അവൾക്ക്‌

അറിയില്ലായിരുന്നു.
   "പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ നിന്റെ ഭർത്താവിന്‌ കഴിയുന്നില്ല അല്ലേ? അയാളിപ്പോൾ പ്രത്യയശാസ്ത്രപരമായ ഒരു പ്രതിസന്ധിയെ നേരിടുകയാണ്‌. കാലങ്ങളായി പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ച അയാൾ അതിനുവേണ്ടി മരിക്കാനും തയ്യാറാണ്‌. സഹപ്രവർത്തകരും നേതാക്കന്മാരും കാലത്തോടൊപ്പം മാറി. അണികളും മാറി. എന്നാൽ ശശാങ്കൻമാത്രം മാറിയില്ല. കാൽക്കീഴിലെ മണ്ണ്‌ നഷ്ടപ്പെടുന്നത്‌ കാണുമ്പോഴും അയാൾ നിസംഗനാണ്‌."
   "അങ്ങയുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടുവേന്നാണോ?    "
   "ഒരിക്കലുമല്ല. ഭൂമിയിൽ നിസ്വനും അടിച്ചമർത്തപ്പെട്ടവനുമായി ഒരാളെങ്കിലും അവശേഷിക്കുന്നതുവരെ ആ പ്രത്യയശാസ്ത്രത്തിന്‌ പ്രസക്തിയുണ്ട്‌. സ്വാർഥതയുടെ അടിസ്ഥാനശിലയിൽ മനുഷ്യന്റെ ജനിതകഘടന നിലനിൽക്കുവോളം ദരിദ്രന്റെയും നീതി നിഷേധിക്കപ്പെടുന്നവന്റെയും പരമ്പര ഭൂമിയിൽ തുടരുകതന്നെ ചെയ്യും."
   "ഇനി ഒരു തിരിച്ചുപോക്ക്‌ സാധ്യമല്ലെന്നുണ്ടോ?"
   "തിരിച്ചുപോക്ക്‌ വ്യക്തികൾക്കാവും. എന്തിനെയും സ്വന്തം നേട്ടത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നവർക്ക്‌. അങ്ങനെ അനേകർ പോയിട്ടുണ്ട്‌. അവർ ഭക്ഷിക്കുന്നത്‌ ബൂർഷ്വായുടെ ഉച്ഛിഷ്ഠമാണ്‌. ഏത്‌ പ്രത്യയശാസ്ത്രവും നിലനിൽക്കുക, അതിന്റെ പതാകവാഹകരുടെ കൈകളിലാണ്‌. പക്ഷേ, ഇവിടെ ആ പതാകയെ ചിലർ സ്വാർഥതയ്ക്കുവേണ്ടി തലതിരിച്ച്‌ കെട്ടുന്നു. ഏത്‌ വസ്തുവും ആവശ്യപ്പെടുന്നവരുടെ കൈകളിലേക്ക്‌ വർഷിക്കപ്പെടണം. എന്നാലിന്ന്‌ അടിച്ചമർത്തപ്പെട്ടവന്‌ മോചനം അനുഭവവേദ്യമാകുന്നില്ല. തന്മൂലം, അവർ വഴിതെറ്റി നയിക്കപ്പെടുന്നു. ഒരുപക്ഷേ, ഇനിയൊരു പ്രഭാതത്തിൽ പ്രത്യയശാസ്ത്രത്തെ തലതിരിച്ച്‌ കെട്ടുന്നവരുടെ കൈകളിൽനിന്ന്‌ അതിനെ മോചിപ്പിക്കാൻ ഒരു യുഗപ്രഭാവൻ ഉയിർത്തെഴുന്നേൽക്കാം..."
   "എന്റെ ഭർത്താവ്‌ പ്രസ്ഥാനത്തിനുവേണ്ടി എല്ലാം... എന്നിട്ടും..."
   "മനുഷ്യസ്നേഹമെന്നത്‌ നഷ്ടപ്പെടലുകളുടെ വീരചരിതമാണ്‌ മകളേ. ഈ ഭിത്തിയിൽ തൂങ്ങുന്ന മഹാന്മാരും ചരിത്രം വിസ്മരിച്ച അനേകായിരങ്ങളും സഹജീവികളുടെ ഉയർത്തെഴുന്നേൽപ്പിനുവേണ്ടി ജീവത്യാഗം ചെയ്തവരാണ്‌. അതുകൊണ്ടുതന്നെയല്ലേ അനേകം ഭവനങ്ങളിൽനിന്ന്‌ കാലം ഈ ചിത്രങ്ങളെ പിഴുത്‌ മാറ്റിയപ്പോഴും ഇവിടെ അത്‌ സമുചിതമായി ആദരിക്കപ്പെടുന്നത്‌."
   "എന്റെ ഭർത്താവിന്റെ ഈ അവസ്ഥ..."
   "ഓരോരുത്തരും സ്വന്തം വഴികളിലെ പ്രതിസന്ധികളെ സ്വയം തരണം ചെയ്യേണ്ടതാണ്‌. പക്ഷേ, മാവിൽനിന്ന്‌ മാങ്ങയല്ലാതെ നാമെന്താണ്‌ പ്രതീക്ഷിക്കേണ്ടത്‌? ഒരു രക്തസാക്ഷിത്വത്തിൽ കുറഞ്ഞതൊന്നും..."
   "അപ്പോൾ എന്റെ ഭർത്താവ്‌..."     
    ഒരു ഞെട്ടലോടെ അവൾ അർധമയക്കത്തിൽനിന്ന്‌ ഉണർന്നു.
    ഭിത്തിയിലെ ഘടികാരത്തിൽ രണ്ട്‌ മുപ്പത്‌. അദ്ദേഹം ഇനിയും മടങ്ങിയെത്തിയിട്ടില്ല. ഈശ്വരാ... അദ്ദേഹത്തിന്‌ ഒരാപത്തും വരുത്തരുതെ...
   അടുത്ത്‌ കിടക്കുന്ന ഏഴുവയസ്സുകാരന്റെ നെറ്റിയിൽ അവൾ വാത്സല്യത്തോടെ തലോടി. സ്കൂളിൽ നിന്നെത്തിയശേഷം പലവട്ടം അവൻ അച്ഛനെ അന്വേഷിച്ചു. പതിവില്ലാത്തത്താണത്‌.
   സ്വപ്നത്തിന്റെ ബാക്കിപത്രം അവളിൽ അസ്വസ്ഥതയുടെ ഒരു കൊടിമരം പടുത്തുയർത്തി. പിന്നെ വളരെ മന്ദം കൊടിമരത്തിൽനിന്ന്‌ ഒരു രക്തപതാക അവരോഹണം ചെയ്തു.
   പെട്ടെന്ന്‌ ഫോൺ ശബ്ദിച്ചു.
   അവളുടെ വലതുകൈ വിറയലോടെ റിസീവറിൽ സ്പർശിച്ചു.

22 Nov 2014

ചെകുത്താൻ സുവിശേഷം വായിക്കുന്നു


സണ്ണി തായങ്കരി

     സമയം സ്വയം നവീകരിക്കുന്ന നിമിഷങ്ങളുടെ ഹൃദയസ്പന്ദനം സമയമാപിനി രേഖപ്പെടുത്തുന്നു. ഏറെ നേരമായി കഥയുടെ പേറ്റുനോവ്‌ പേറുന്ന എനിക്ക്‌ അതിനെ ശമിപ്പിക്കാനായില്ല. എന്റെ സർഗബോധവും തൂലികയും നിർജീവമാണ്‌. എത്ര ശ്രമിച്ചിട്ടും സചേതനമായ ഒരക്ഷരംപോലും കടലാസിലേക്ക്‌ ഒഴുകി വീഴുന്നില്ല. ഏറെ പണിപ്പെട്ടിട്ടും ഫലമില്ലെന്ന്‌ കണ്ടപ്പോൾ ഒന്ന്‌ മയങ്ങിയാലോ എന്ന ചിന്ത എന്നെ പ്രലോഭിപ്പിച്ചു. അർധമയക്കം ചിലപ്പോഴെങ്കിലും ചേതനയിൽ കനൽകോരിയിട്ടിട്ടുണ്ട്‌.
   കതകിൽ ആരോ മുട്ടിയതുപോലെ. തോന്നലാവുമോ? കാത്‌ കൂർപ്പിച്ചു. വീണ്ടുംകേട്ടു അതേ സ്വരം. ഒരുൾക്കിടിലത്തിലേക്ക്‌ മനസ്സ്‌ വഴുതിപ്പോകുന്നത്‌ അറിഞ്ഞു.വിഹ്വലതയോടെ കതക്‌ തുറന്നു. അരണ്ട വെളിച്ചത്തിൽ ഒരുനിഴൽ... ഭയം പൂർണ വളർച്ചയെത്തിയ ഒരാൾരൂപമായി എന്നിലേക്ക്‌ പരകായപ്രവേശം ചെയ്തു.
   "ആ... ആരാ..." അപൂർണതയ്ക്ക്‌ അപൂർവാർഥം നൽകി എന്നിൽനിന്ന്‌ വിറയാർന്ന വികളസ്വരം പുറത്തുചാടി. ആഗതരൂപത്തിൽനിന്ന്‌ മറുവാക്കുണ്ടായില്ല. ഭയം ഒരു നെരിപ്പോടുപോലെ ജ്വലിച്ചു. കനംവച്ച നിമിഷങ്ങൾക്കൊടുവിൽ ഒരു മറുചോദ്യം അവിശ്വസനീയതയുടെ ഗതിവേഗമായി എന്നിലേക്ക്‌ ആഗിരണം ചെയ്തു.
   "എന്നെപ്പറ്റിയല്ലേ നിങ്ങൾ കഥയെഴുതാൻ ശ്രമിക്കുന്നത്‌?" വല്ലാത്തൊരു മുഴക്കം ആ സ്വരത്തിനുണ്ടെന്ന്‌ തോന്നി.
   "നിങ്ങളാരാണ്‌...?"
   "ഞാനാണ്‌ നിങ്ങൾ എഴുതാൻ ഉദ്ദേശിക്കുന്ന കഥയിലെ നായകൻ മജീഗോപ്‌ തോമസ്‌."
   വിലാപത്തിന്റെ വൈരൂപ്യം വെളിപ്പെടുത്തുന്ന ഒരുസ്വരം എന്റെ കണ്ഠനാളത്തിൽനിന്ന്‌ നിർഗമിച്ചു.
   "എന്റെ കഥയെഴുതാൻ നിങ്ങളാഗ്രഹിക്കുന്നു. പക്ഷേ, കഴിയുന്നില്ല." നിഷേധിച്ചില്ല. അതാണല്ലോ സത്യം.
   "നിങ്ങൾ മരിച്ചവനല്ലേ?"
   "ആത്മാവിന്‌ മരണമില്ല."  ആ വാക്കുകൾക്കുമുമ്പിൽ ഞാൻ ചെറുതായി, ഒരു കൃമിയായി.
   "ഞാൻ നിങ്ങളെ സഹായിക്കാം."
   "എന്തിന്‌? മൃതനായ ഒരുവന്‌ അതുകൊണ്ടെന്തുനേട്ടം?"
   "മൃത്യു ഒന്നിന്റെയും അവസാനമല്ല."
   വീണ്ടും മൃതൻ എന്നെ അതിസൂക്ഷ്മമായ തന്മാത്രയിലേക്ക്‌ ലോപിപ്പിക്കുകയാണ്‌.   
   "എന്റെ കഥ ലോകത്തോട്‌ പറയാൻ ശ്രമിക്കുന്ന ഏകയാൾ നിങ്ങളാണ്‌. ഒരു പക്ഷേ ഭാവനകൾ ചേർത്ത്‌ നിങ്ങൾ ഈ കഥയെ മനോഹരമാക്കിയേക്കാം. എന്നാൽ ഹൃദയാവർജകമായി, ചോരപൊടിക്കുന്ന എന്റെ കഥ ലോകത്തോട്‌ നിങ്ങൾ പറയണം."
   ഇത്തരം ഒരനുഭവം ഒരെഴുത്തുകാരന്‌ ആദ്യമായിരിക്കാം. എഴുതാൻ ഉദ്ദേശിക്കുന്ന കഥയിലെ മൃതനായ നായകൻ കൺമുമ്പിൽ പ്രത്യക്ഷപ്പെടുക. പരാജയപ്പെട്ട എഴുത്തുകാരന്റെ ഹൃദയഭാരം ആ കഥാപാത്രം ഏറ്റെടുക്കുക...
   "വരു, അകത്തേക്ക്‌, വെളിച്ചത്തിലേക്ക്‌..."
   "വെളിച്ചം മൃതന്‌ വെളിപാടാകുന്നില്ല. അവന്റേത്‌ ഇരുട്ടിന്റെ ലോകമാണ്‌. ഇരുട്ടാണ്‌ അവന്റെ സാന്ത്വനകവചം. ഈ കഥയെഴുതാനായി വാക്കുകളുടെ വൻകരയിലൂടെ മാത്രമല്ല, സംഭവങ്ങളുടെ മഹാസാഗരത്തിലൂടെയും നിങ്ങൾക്ക്‌ സഞ്ചരിക്കേണ്ടതുണ്ട്‌. എന്നോടൊപ്പം വരിക."
   ഞാൻ ഒരു നിമിഷം ശങ്കിച്ചു.
   "വരു..." നിഷേധിക്കാനുള്ള അവസരംപോലും നൽകാതെ മൃതൻ നടന്നുകഴിഞ്ഞു. എന്റെ പാദങ്ങൾ യാന്ത്രികമായി ചലിച്ചു. ഇരുട്ട്‌ ആവരണം ചാർത്തിയ ജലാർദ്രമായ തണുത്ത പാതയ്ക്ക്‌ കരിനാഗത്തിന്റെ നിറവും വന്യതയുടെ ഗന്ധവുമായിരുന്നു. അൽപമേ നടന്നുള്ളു. മുമ്പിൽ പ്രകാശത്തിന്റെ ഒരു തുരുത്ത്‌. ~
   "ദാ, കണ്ടോളു... കഥയുടെ ആദ്യഫ്രെയിം."
   ചെറിയൊരു വീട്‌. ഖുറാൻ വചനങ്ങൾ അറബിയിൽ ആലേഖനം ചെയ്ത കലണ്ടർ, കരിച്ചിത്രങ്ങളാൽ കോലംകെട്ട ഭിത്തിയിൽ തൂങ്ങുന്നുണ്ട്‌. വരാന്തയിലെ പഴയ ചാരുകസേരയിൽ ചാരിക്കിടന്ന്‌ ഒരു വൃദ്ധൻ ഭൂതക്കണ്ണാടിയുടെ സഹായത്താൽ വിശുദ്ധ ഖുറാനിൽനിന്ന്‌ അക്ഷരങ്ങൾ പെറുക്കിയെടുക്കുന്നു. തലയിൽ ഒരൊറ്റ രോമമില്ല. വെള്ളികെട്ടിയ നീണ്ട ദീക്ഷ ഒരു ഫക്കീറിന്റെ രൂപം അടയാളപ്പെടുത്തുന്നുണ്ട്‌. വൃദ്ധയായ സ്ത്രീ എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ അയാളുടെ കാൽതിരുമ്മി പൊട്ടിപ്പൊളിഞ്ഞ തറയിൽ ഇരിക്കുന്നു. യുവതികളായ രണ്ട്‌ സ്ത്രീകൾ തലയിലെ പേൻകൊല്ലുന്ന തിരക്കിലാണ്‌. മധ്യവയസ്സ്‌ പിന്നിട്ട സ്ത്രീ മുറ്റത്തെ മാവിൻ ചുവട്ടിൽ കെട്ടിയിട്ടിരിക്കുന്ന ആടിന്‌ പ്ലാവിലയിട്ടുകൊടുക്കുന്നു. എല്ലാവർക്കും പരമ്പരാഗത മുസ്ലീം സ്ത്രീകളുടെ വേഷം. ഉരിയയും ഊപ്പയുംപോലെ എല്ലും തോലുമായ ഏതാനും കുട്ടികൾ ആ സ്ത്രീയുടെ മുഷിഞ്ഞ വസ്ത്രത്തിൽ പിടിച്ചുവലിച്ച്‌ ചിണുങ്ങുകയും പദംപെറുക്കി കരയുകയും ചെയ്തുകൊണ്ടിരുന്നു. വിശപ്പാണ്‌ അവരുടെ പ്രശ്ന മെന്ന്‌ വ്യക്തം. രണ്ടുകുട്ടികൾ മുഷിഞ്ഞ തോർത്തുകൊണ്ട്‌ നഗ്നത മറച്ചിരുന്നു. ഒരാൾ വള്ളിനിക്കറിലാണ്‌. ബാക്കിയുള്ളവർക്ക്‌ നൂൽ ബന്ധമില്ല. മൂത്തുമ്മയുടെ പിരാക്കിനിടെ മറ്റൊരു ചെറിയുമ്മ അകത്തുനിന്ന്‌ വക്കുപൊട്ടിയ അലൂമിനിയച്ചെരുവത്തിൽ ഭക്ഷണവുമായി ഇറങ്ങിവന്നു. കുട്ടികൾ അതിൽ നിന്ന്‌ കൈയിട്ടുവാരി ആർത്തിയോടെ തിന്നാൻതുടങ്ങി. അവർക്കിടയിലേക്ക്‌ തോളിൽ തൂക്കിയ പുസ്തകസഞ്ചിയുമായി കണ്ണുകൾ കുഴിഞ്ഞ്‌ കോലംകെട്ട പതിനഞ്ച്‌ വയസ്സുതോന്നിക്കുന്ന വള്ളിനിക്കറും കളസ്സവുമിട്ട ഒരു ബാലൻ വന്നു.
   "മോനെ മജീദേ, ഇയ്യ്‌ ഇസ്കൂളിന്നുവബരുമ്പം കാദറിക്കാന്റെ കടേന്ന്‌ ലേശം അരീം മൊളകും കടം ബാങ്ങണേടാ... ഇതുങ്ങടെ ബെശപ്പടക്കാനെന്തുട്ടാ പൊരേലിരിക്കണെ... അന്റെ ബാപ്പാ ഇബടങ്ങനെ വയ്യാണ്ട്‌ കുത്തിറിക്കല്ലേ... ആ ബല്യശോറ്റുപാത്രോടുത്തോ. ഇസ്കൂളിലെ ഉച്ചക്കഞ്ഞീന്റെ ബാക്കിയൊണ്ടെങ്കി... ഐശുമ്മാനോടുപയഞ്ഞ്‌..."
   "ഇതാണ്‌ എന്റെ വീട്‌. ഖുറാൻ വായിക്കുന്നത്‌ ബാപ്പ. കാലുതിരുമ്മുന്നത്‌ മൂത്തുമ്മ. ആടിനെ തീറ്റുന്നതാണ്‌ എന്റുമ്മ. ബാക്കിയുള്ളതു ബാപ്പായുടെ മൊഞ്ചുള്ള ഭാര്യമാര്‌. എന്റെ അവസാനസ്കൂൾ ദിവസമായിരുന്നു അന്ന്‌. പുസ്തകസഞ്ചി വലിച്ചെറിഞ്ഞ്‌ പത്തുപതിനഞ്ച്‌ വയറിന്‌ അന്നത്തിനായി പണി അന്വേഷിച്ചിറങ്ങിയ ദെവസം."
   "ബാപ്പായ്ക്ക്‌ പണിയൊന്നും..." കഥയിലേക്ക്‌ ആദ്യമായി ഞാനൊരു ചോദ്യമെറിഞ്ഞു.
   "മലബാറിലായിരുന്നു ബാപ്പയുടെ കുടുംബം. മക്കളിൽ ഞാനും മൂത്തുമ്മയും എന്റുമ്മയുമൊഴികെ എല്ലാരും നടപ്പുദീനംവന്ന്‌ മയ്യത്തായി. പുറംപോക്കിലായിരുന്നു ബാപ്പാന്റെ പേര. ഏതോ മുതലാളിക്ക്‌ ഫ്ലാറ്റ്‌ നിർമിക്കാൻ സർക്കാർ സ്ഥലം പതിച്ചുകൊടുത്തപ്പോൾ അതുംപോയി. പിന്നെ എന്റെ കൈ യിമ്മേപ്പിടിച്ച്‌ ബാപ്പ മലബാറുവിട്ടു. ഇവിടെ ചേക്കേറി. ഏതോ കയറുകമ്പനി മുതലാളീടെ പറമ്പില്‌ കൂരകെട്ടി. ആക്രികച്ചോടം ചെയ്തു. ആയകാലത്ത്‌ മൊഞ്ചുള്ള പെണ്ണുങ്ങളെ കണ്ടാൽ ബാപ്പാ വിടത്തില്ലാരുന്നു. ഇവിടെയും മൂന്ന്‌ മൊഞ്ചത്തികളെ നിക്കാഹുചെയ്തു. അവരിലെല്ലാം മക്കളും ഉണ്ടായി. കുറേനാൾ കഴിഞ്ഞപ്പോൾ ശ്വാസംമുട്ടലും ചുമയും കിതപ്പും തുടങ്ങി. ഒരടി നടക്കാൻ പറ്റാണ്ടുവന്നു. എന്നാലും കുറേനാൾ ഏങ്ങിവലിഞ്ഞ്‌ സൈക്കിളുചവിട്ടി. ഒരു ദിവസം ആക്രിയുമായി സൈക്കളേന്നു വീണ്‌ കാലൊടിഞ്ഞു. ശ്വാസംമുട്ടലും ജാസ്തിയായി. അതോടെ പണിക്ക്‌ പോകാൻ വയ്യാണ്ടായി."
   "കയറു കമ്പനീലൊന്നും ഉമ്മമാർ പണിക്ക്‌ പോയില്ലേ?"
   "മുതലാളി പറഞ്ഞതാ. ബാപ്പ വിട്ടില്ല. മൊഞ്ചുള്ള എളേഉമ്മമാരെ ബാപ്പായ്ക്ക്‌ സംശയമായിരുന്നു. ആരേലും തട്ടിക്കൊണ്ട്‌ പോകുമോന്ന്‌..."
   "മജീദിന്‌ എന്തെങ്കിലും പണി തരപ്പെട്ടോ?"
   "ദാ, കണ്ടോളു..."
   ഒരു വലിയ ബംഗ്ലാവ്‌. മുന്തിയതരം കാറുകൾ പുറത്തും അകത്തുമായി കിടപ്പുണ്ട്‌. ഏറെ നേരത്തെ കാത്തുനിൽപ്പിനുശേഷം തുറന്ന വലിയ ഗേറ്റിലൂടെ മജീദ്‌ അകത്ത്‌ കടന്നു. പുറത്തെത്തിയ ആജാനബാഹുവിനോട്‌ കൈകൂപ്പി ദൈന്യഭാവത്തിൽ അപേക്ഷിച്ചു-
   "ഒരു പണി തരണം മൊതലാളി. പെരയിൽ കാഞ്ഞവയറ്‌ കൊറെയൊണ്ട്‌."
   "നിനക്ക്‌ അധികം പ്രായമില്ലല്ലോടാ ചെക്കാ. നീയെന്ത്‌ പണി ചെയ്യാനാ?"
   "എന്തും ചെയ്തോളാം മുതലാളി..."
   "ചെമ്മീൻ കൊന്ത്‌ നുള്ളാമോ?"
   "നൊള്ളാം മൊതലാളി."
   "എന്നാ ആ പെണ്ണുങ്ങടെകൂടെ കൂടിക്കോ. പെണ്ണിന്റെ കൂലിയേ കിട്ടൂ. നിന്റെ പേരെന്താ?"
   "മജീടെന്നാ..."
   "നീ മേത്തക്കുഞ്ഞാ... അതുനേരത്തെ പറയണ്ടേടാ കഴുവേറി ? ശിവ ശിവ... നിന്റെ വർഗത്തെ എന്റെ ഫാക്ടറിയിൽ ഞാൻ കയറ്റൂല. വെക്കം സ്ഥലംവിട്ടോ...." മജീദ്‌ നിരാശനായി പുറത്തുകടന്നു.
   "പ്രതികരിക്കാമായിരുന്നില്ലേ?"
   "എന്ത്‌ പ്രതികരിക്കാൻ? പുറമെ നടിക്കുന്നതൊന്നുമല്ല മനുഷ്യമ്മാരെന്ന്‌ എനിക്ക്‌ മനസ്സിലായി. എല്ലാത്തിന്റെ ഉള്ളിലും ജാതിയും മതവുമാ. പിന്നീട്‌ കയറി ചെന്നിടത്തെല്ലാം മുതലാളിയുടെ മതവും ജാതിയുമേതെന്ന്‌ മുൻകൂട്ടി മനസ്സിലാക്കി അതനുസരിച്ച്‌ ഞാൻ പേരുമാറ്റിക്കൊണ്ടിരുന്നു."
   "അത്‌ ഫലിച്ചോ?"
   "കുറെ കയറിയിറങ്ങേണ്ടിവന്നു. അവസാനം... ദാ, കണ്ടോളു..."
   ഒരു ഇഷ്ടിക ഫാക്ടറിയാണ്‌. പുകക്കുഴലുകൾ ആകാശത്തേക്ക്‌ പുകതുപ്പുന്നു. കുറെ തൊഴിലാളികൾ വിയർത്തൊലിച്ച്‌ പണിയെടുക്കുന്നത്‌ കാണാം. ഇഷ്ടിക കയറ്റിയ ലോറികൾ നിരനിരയായി കിടക്കുന്നു. കഴുത്തിൽ രൂദ്രാക്ഷമാലയും കൈകളിൽ പൂജിച്ച ഏലസ്സുകളും കെട്ടിയ തടിയനായ ഒരാളുടെ ഇഷ്ടി കകെട്ടി, തേക്കാത്ത മുറിയിലേക്ക്‌ മജീദ്‌ ഭവ്യതയോടെ കയറിച്ചെന്നു. മുറിയിലെ ഭിത്തിനിറയെ മാലയിട്ട ഹിന്ദുദൈവങ്ങളുടെ വലിയ ചിത്രങ്ങൾ.
  "എന്താ പുള്ളെ... വേല വേണമാ?" തലയാട്ടി.
  "ഉങ്കളുക്ക്‌ പേറെന്താ പുള്ളെ..."
  "ഗോപി..."
  "ചെളി കുളക്കുന്ന വേലയിറിക്ക്‌. പോതുമാ..." മതിയെന്നവൻ പറഞ്ഞു.
  "ശറി...ശറി... മുരുകാ, കാപ്പാക്കണെ..."
  "അവിടെ പണിയായി. വർഷങ്ങൾ ഇഷ്ടിക കമ്പനിയിൽ ജോലിചെയ്തു. കുടുംബം പുലർത്താൻ രാപ്പകളില്ലാതെ കഷ്ടപ്പെട്ടു. മുതലാളിക്ക്‌ ഒരു മകളേ ഉണ്ടായിരുന്നുള്ളു. പപ്പും പൂടയുംവച്ചപ്പോൾ അതിന്‌ എന്നോട്‌ കലശലായ പ്രേമം. ഞാനെതിർത്തു. ഒഴിഞ്ഞുമാറാൻ പലവട്ടം ശ്രമിച്ചു. ഓളുണ്ടോ വിടുന്നു. കാലം കുറെ കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ തലേന്ന്‌ അവള്‌ ട്രെയിന്‌ തലവെച്ചു. കാലൊഴിച്ച്‌ മറ്റൊരവയവത്തിനും പോറലുപോലുമുണ്ടായില്ല. വലതുകാൽ മുട്ടിന്‌ മുകളിൽവച്ച്‌ മുറിച്ചുകളഞ്ഞു. മകളുടെ മോഹം മനസ്സിലാക്കിയ അയാൾ അവളെ എനിക്ക്‌ വിവാഹം ചെയ്തുതന്നു."
   "മജീദിന്റെ വീട്ടുകാർ..."
   "ബാപ്പയും മൂത്തുമ്മായും ഉമ്മയും മയ്യത്തായി. ബാപ്പാ മയ്യത്തായതോടെ എളേഉമ്മമാര്‌ ഓരോരുത്തരുടെ കൂടെ സ്ഥലംവിട്ടു. സ്വന്തം കാലിൽ നിൽക്കാറായപ്പോൾ അനുജന്മാർക്ക്‌ ഇക്കാ മാർഗംകൂടിയ ഹറാമായി."
   "ചുളുവിൽ മുതലാളിയായല്ലോ?"പരിഹാസത്തിൽ കുതിർന്ന ഒരുചിരി ഇരുട്ടിലുംവ്യക്തമായി കണ്ടു.
   "ഒറ്റക്കാലുള്ള പെണ്ണിനെ ആര്‌ കല്യാണം കഴിക്കാൻ? അയാൾ യാചിച്ചപ്പോൾ നിഷേധിക്കാനായില്ല എന്നതാണ്‌ സത്യം. വൈകാതെ മുതലാളിയും ഭാര്യയും ഒരു കാറപടകടത്തിൽ കൊല്ലപ്പെട്ടു. മുതലാളിയുടെ അനുജന്മാർ സൃഷ്ടിച്ച ഒരപകടമായിരുന്നു അത്‌. കമ്പിനിയിലെ കാര്യങ്ങൾ നോക്കി നടത്തുമ്പോഴും അവിടുത്തെ തൊഴിലാളികളിൽ ഒരുവനായിരുന്നു ഞാൻ. പിന്നീട്‌ ക്യാൻസർ രോഗിയായ എന്റെ ഭാര്യയും വേർപിരിഞ്ഞു. അതോടെ ഞാൻ അവിടെ അധികപ്പറ്റായി."
   "അവിടം ഉപേക്ഷിച്ച്‌ പോന്നോ?"
   "ഭാര്യാപിതാവിന്റെ സഹോദരങ്ങൾ കമ്പനി ഭരണം ഏറ്റെടുത്തു. എന്നെ അവിടുത്തെ ഒരു തൊഴിലാളിയായി തുടരാൻപോലും അവർ അനുവദിച്ചില്ല. ഏതൊക്കെയോ പേപ്പറുകളിൽ എന്നെക്കൊണ്ട്‌ ബലമായി ഒപ്പിടുവിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിൽ ഞാൻ ആ ഭവനത്തോട്‌ വിടപറഞ്ഞു."
   "പിന്നീട്‌...?"
   "ദാ, കണ്ടോളു..."
  ഗോപി ഇപ്പോൾ ഒരു ഉൾഗ്രാമത്തിലാണ്‌. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന്‌ തോന്നുന്നു. വെട്ടിയൊരുക്കാത്ത ദീക്ഷയും മുഷിഞ്ഞ വേഷവും. തോളിൽ മുഷിഞ്ഞ ഒരു സഞ്ചിയുമുണ്ട്‌. രാത്രി വളരുകയാണ്‌. ഗ്രാമകേന്ദ്രമായ കവലയിൽ ഇപ്പോഴും ഏതാനും കടകൾ സജീവമായിട്ടുണ്ട്‌. സ്ട്രീറ്റ്‌ ലൈറ്റിന്റെ അരണ്ട വെളിച്ചം ഗ്രാമത്തെ വിഴുങ്ങിയ കട്ടിയേറിയ ഇരുട്ടിനുമേൽ നീഴൽ വീഴ്ത്തിക്കൊണ്ടിരുന്നു.
   "രാത്രി തങ്ങാൻ ഇവിടെ വല്ല ഇടവും കിട്ടുമോ?" മജീദ്‌ ഒരു അപരിചിതനോട്‌ തിരക്കി.
   "ആറിനക്കരെ ഒരു പഴയ സത്രമുണ്ട്‌. കടത്തുകടക്കണം. ഒൻപതുമണിവരേ കടത്തുള്ളു."
   അയാൾ കടവിലേക്ക്‌ നടന്നു. വള്ളം പുറപ്പെടാൻ തയ്യാറായി കിടക്കുന്നു. സ്ത്രീകൾ ഉൾപ്പെടെ നിറ യെ യാത്രക്കാർ. അവസാനത്തെ കടത്തായതിനാലാവും ഇത്ര തിരക്ക്‌.ജനനിരപ്പ്‌ ക്രമാതീതമായി ഉയർ ന്നിരിക്കുന്നു. കുത്തിയൊഴുകുന്ന ജലത്തിനുമേൽ ഇരുട്ട്‌ കരിമ്പടമിട്ടപോലെ.
   വള്ളം നീങ്ങി. പലരിലും ഭയം ദുർമുഖം കാണിച്ചു തുടങ്ങി. ശക്തമായ ഒഴുക്കിനെ മുറിച്ചുകടക്കാൻ കഠിനപരിശ്രമം വേണ്ടിവന്നു. നദിയുടെ മധ്യത്തിലെത്തിയപ്പോൾ വള്ളമൊന്ന്‌ ഉലഞ്ഞു. കടത്തുകാരന്‌ നിയന്ത്രണം നഷ്ടപ്പെട്ടെന്ന്‌ തോന്നി. സ്ത്രീകളുടെ വിലാപസ്വരമുയർന്നു. യാത്രക്കാർ വെപ്രാളത്തോ ടെ എഴുന്നേറ്റതോടെ വള്ളം ചെരിഞ്ഞു. ജലം ഇരച്ചുകയറി. വള്ളം മറിഞ്ഞു. വിലാപവും ആർത്തനാദവും ഇരുട്ടിൽ അലിഞ്ഞുപോയി. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഗോപി മറുകരയിലേക്ക്‌ നീന്തി. തൊട്ടരുകിൽ ഒരാൾ മുങ്ങിത്താഴുന്നു... സ്വന്തം ജീവനെ അവഗണിച്ച്‌ ജലത്തിനടിയിലേക്ക്‌ താഴ്‌ന്നുപോയ ആളെ കടന്നുപിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഊളിയിട്ടുചെന്ന്‌ മുടിയിൽപിടിച്ച്‌ ജലനിരപ്പിനുമുകളിലേക്ക്‌ ഉയർത്തി.അതൊരു സ്ത്രീയായിരുന്നു. ആ ജീവൻ രക്ഷിക്കുക എന്നതാണ്‌ ഈ യാത്രയുടെ ലക്ഷ്യമെന്ന്‌ വിഹ്വലതയുടെ നിമിഷങ്ങളിൽ മനസ്സ്‌ മന്ത്രിച്ചു. ഇരുട്ടും പ്രളയജലവും ശക്തിയായ ഒഴുക്കും ഒരുക്കിയ കെണിയിൽ ജീവനും മരണവും മുഖാമുഖം ദർശിച്ചു. പാതി ജീവനുമായി മറുകരയെത്തുമ്പോൾ ജനം തടിച്ചുകൂടിയിരുന്നു.
   "അവർ ആരായിരുന്നു...?"
   "ഒരു യുവതി."
   "വിവാഹിതയാണോ?"
   "അല്ല. അന്ന്‌ പ്രളയജലം വിഴുങ്ങിയത്‌ അഞ്ചു സ്ത്രീകളെ. സ്ത്രീകളിൽ ഞാൻ കരയിലെത്തിച്ച യുവതിമാത്രമേ രക്ഷപ്പെട്ടുള്ളു. അതോടെ അപരിചിതനായ ഞാൻ ഗ്രാമവാസികളുടെ ഹീറോയായി. എന്നെ അവിടെനിന്ന്‌ തിരികെപ്പോകാൻ അവർ അനുവദിച്ചില്ല. എനിക്ക്‌ പ്രത്യേകിച്ച്‌ ഒരു ലക്ഷ്യവുമു ണ്ടായിരുന്നില്ലല്ലോ. ജീവൻ രക്ഷിച്ച എന്നെമാത്രമേ വിവാഹം ചെയ്യുവേന്ന്‌ യുവതി പരസ്യമായി പ്രഖ്യാപിച്ചു. ഗ്രാമവാസികൾക്കും അതായിരുന്നു താത്പര്യം. മതം മാറണമെന്ന ഒരു നിബന്ധനമാത്രമേ യുവതിയുടെ പിതാവിന്‌ ഉണ്ടായിരുന്നുള്ളു."
   "വീണ്ടുമൊരു മതം മാറ്റം...?"
   "വേണ്ടിവന്നു. പുരോഹിതൻ എന്റെ തലയിൽ മാമ്മോദിസാ ജലമൊഴിച്ചു. ഞാൻ തോമസായി."
   "വിവാഹം...?"
   "നടന്നു. എന്നാൽ വിവാഹത്തിന്റെ മുപ്പതാംനാൾ ബോധരഹിതനായ ഞാൻ പിന്നീട്‌ ജീവിതത്തിലേക്ക്‌ മടങ്ങി വന്നില്ല."
   "ബന്ധുക്കൾ...?"
   "ദാ, കണ്ടോളു..."
   നഗരത്തിലെ ഇടത്തരം ആശുപത്രിയിലെ മെഡിക്കൽ ഇന്റൻസീവ്‌ കീയർ യൂണിറ്റ്‌. പുറത്തെ വരാന്തയിൽ മൂന്നിടത്തായി മൂന്ന്‌ സംഘങ്ങൾ. തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുകയാണ്‌ അവർ. മരണം കൈപ്പിടിയിലാക്കിയ രോഗിയുടെ ഭാര്യ കരഞ്ഞ്‌ തളർന്ന്‌ ബന്ധുവായ സ്ത്രീയുടെ തോളിൽ ചാരിയി രിക്കുന്നു. മറ്റ്‌ രണ്ട്‌ സംഘങ്ങൾ പരസ്പരം കടിച്ചുകീറാനുള്ള ഭാവത്തിലാണ്‌. തിടുക്കത്തിൽ ഒരു ഡോക്ടർ അവിടേയ്ക്ക്‌ ചെന്നു.
   "ആരാണ്‌ തോമസിന്റെ ഉറ്റ ബന്ധുക്കൾ?" മൂന്ന്‌ സംഘവും ഡോക്ടറെ പൊതിഞ്ഞു.
   "ഉറ്റ ബന്ധുക്കളാരാണെന്നാണ്‌ ചോദിച്ചതു." ഡോക്ടർ സ്വരമുയർത്തി.
   "ഇതാണാ സാർ രോഗിയുടെ ഭാര്യ." സ്ത്രീ പറഞ്ഞു.
   "ഞങ്ങ അതിലും ഉറ്റോരാ. ഓൻ ങ്ങടെ ഇക്കയാ... ഞങ്ങളെ വളർത്തി പഠിപ്പിച്ച ങ്ങടെ ഉമ്മാന്റെ
വയറ്റിപ്പെറന്ന കൂടപ്പെറപ്പാ ഐസുമ്മേ കെടക്കണ്‌... ചോരേന്റെ ബന്താ." മജീദിന്റെ സഹോദരൻ മുതലക്കണ്ണീർ പൊഴിച്ചു.
   "ഇതുനല്ല കൂത്ത്‌. ഞങ്ങൾ പിന്നെ വഴിപോക്കരാ... ഞങ്ങടെ അണ്ണന്റെ മകടെ കെട്ടിയോനാ. ഞങ്ങക്കും അവകാശമൊണ്ട്‌."
   "ശരി ശരി. ഇനി ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ച്‌ കേൾക്കണം. തോമസ്‌..."
   "തോമസല്ല ഡോക്ടറേ, ഞങ്ങ ഇക്കാന്റെ പേര്‌ മജീടെന്നാ..."
   "ങാ... അതിനുകൊറെ പുളിക്കും. ഞങ്ങളുടെ മരിച്ചുപോയ മോളുടെ ഭർത്താവിന്റെ പേര്‌ ഗോപീന്നാ... ഇവരെല്ലാംകൂടി മതം മാറ്റീതാ."
   "ഇക്കാര്യത്തിൽ തർക്കം വേണ്ട. ഞങ്ങളുടെ റിക്കാർഡിൽ ഇയാളുടെ പേര്‌ തോമേസ്നാ..."
   അതോടെ ആ തർക്കം തീർന്നു.
   "തോമസിന്‌ മസ്തിഷ്ക്കമരണം സംഭവിച്ചുകഴിഞ്ഞു. വെന്റിലേറ്ററിന്റെ സഹായത്താലാണ്‌ ജീവൻ നിലനിർത്തുന്നത്‌. അത്‌ പണച്ചെലവുമുള്ള കാര്യമാ. മനുഷ്യാവയവങ്ങൾ കിട്ടാത്തതുമൂലം നിർധനരായ അനേകം രോഗികൾ അകാലത്തിൽ മരിക്കുന്നുണ്ട്‌. അവരിൽ കുറെപ്പേരെയെങ്കിലും രക്ഷിക്കാൻ ജീവിതത്തിലേക്ക്‌ മടങ്ങിവരില്ലെന്ന്‌ ഉറപ്പായ രോഗികളുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ സാധിക്കും. അത്‌ വലിയ പുണ്യമാണ്‌. നിങ്ങൾ ബന്ധുക്കൾ, പ്രത്യേകിച്ചും രോഗിയുടെ ഭാര്യ സമ്മതിച്ചാൽ തോമസിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ മരണം കാത്തുകിടക്കുന്ന മൂന്നോ നാലോ പേർ രക്ഷപ്പെടും."
   "ങേ...ഇ... ഇങ്ങക്ക്‌ പിരാന്ത്‌ പുടിച്ചോ ഡോക്കിട്ടറേ? ഞങ്ങ ഇക്കാന്റെ ചങ്കും കരളും ശെയ്ത്താമ്മാർക്ക്‌ കൊടുക്കാനോ... അതും ഫ്രീയായിട്ട്‌... ഞങ്ങക്കയ്‌ ഹറാമാ. വേണ്ട വേണ്ട." 
   "ചങ്കിനും കരളിനും കണ്ണിനുമൊക്കെ ഇപ്പോൾ സ്വർണത്തിന്റെ പത്തിരട്ടി വെലയാ. ഹറാമികൾക്കുവേണ്ടെങ്കിൽ വേണ്ട. ഞങ്ങൾക്ക്‌ വേണം." ഗോപിയുടെ ബന്ധുക്കൾ നയം വ്യക്തമാക്കി.
   "എന്തായിരുന്നു അവരുടെയൊക്കെ ഉദ്ദേശ്യം?"
   "ഉദ്ദേശം വ്യക്തമല്ലേ? എന്റെ അവയവങ്ങൾ വിറ്റ്‌ കാശാക്കുകയായിരുന്നു ലക്ഷ്യം. അതിനായി കടിച്ചുകീറാൻനിന്ന ശത്രുക്കൾ ഒരുമിച്ചു. ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവ മുന്തിയ വില യ്ക്ക്‌ വാങ്ങാൻ ധനികരായ രോഗികൾ ഉണ്ടായിരുന്നു. വിലപേശി ഭീമമായ തുകയ്ക്ക്‌ കരാർ ഉറപ്പിച്ചു. ഇരുപത്തിയഞ്ച്‌ ശതമാനമായിരുന്നു ഡോക്ടറുടെ കമ്മീഷൻ. മജീദിന്റെ സഹോദരങ്ങൾക്ക്‌ ഹൃദയം, ഗോപിയുടെ ബന്ധുക്കൾക്ക്‌ കരൾ, തോമസിന്റെ വിധവയ്ക്ക്‌ വൃക്കകൾ ഇതായിരുന്നു കരാർ. ആശുപത്രി ചെലവിനായി എന്റെ കണ്ണുകൾ മാറ്റി."
   "അതോടെ പ്രശ്നങ്ങൾ തീർന്നോ?"
   "ഇല്ല. എന്റെ ശരീരത്തിൽനിന്ന്‌ അവയവങ്ങൾ നീക്കം ചെയ്തു. കീറിമുറിക്കപ്പെട്ട്‌, ഉള്ളിലുണ്ടായിരുന്ന വിലപിടിപ്പുള്ളതെല്ലാം നഷ്ടപ്പെട്ട ഞാൻ പൊള്ളയായ ഒരു പൊങ്ങുതടിപോലെ ശസ്ത്രക്രിയ ബഢിൽ ഇനിയെന്തെന്നറിയാതെ കിടന്നു."
   "ശവം അവിടെ ഉപേക്ഷിച്ച്‌ ബന്ധുക്കൾ മുങ്ങിക്കാണും."
   "കീറിമുറിച്ച്‌ തുന്നിക്കെട്ടിയ അൽപം മാംസവും അതിനെ പൊതിഞ്ഞ തൊലിയുംമാത്രമായ എന്റെ ശവം വിട്ടുകിട്ടാനായി പിന്നെ തർക്കം..."
   "മതങ്ങൾ തമ്മിൽ...?"
   "അപ്രമാദിത്വം ഏക്കാളത്തെയും അവരുടെ ലക്ഷ്യമാണല്ലോ. മാത്രമല്ല, ചിലർക്ക്‌ എന്റെ ഭൗതിക ശരീരം വിട്ടുകിട്ടേണ്ടതും നിയമപ്രകാരം ആവശ്യമായിരുന്നു. അതിന്‌ അവർ മതങ്ങളെ കൂട്ടുപിടിച്ചു. മൂന്ന്‌ മതങ്ങളാണ്‌ എന്റെ ജീവനെ പങ്കുവച്ചതു. ജന്മംകൊണ്ട്‌ മുസ്ലീമായ എന്നെ മുസ്ലീം മതാചാരപ്രകാരം ഖബറിസ്ഥാനിൽ അടക്കണമെന്ന്‌ സഹോദരങ്ങൾ. ഹിന്ദുമതം സ്വീകരിച്ച്‌ ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ച്‌ അവളുമായി ജീവിച്ചതിനാൽ ഹിന്ദുമതകർമങ്ങൾ നടത്തി ശവം ദഹിപ്പിക്കണമെന്ന്‌ ആദ്യഭാര്യയുടെ ബന്ധുക്കൾ. മാമ്മോദിസാമുങ്ങി ക്രിസ്ത്യാനിയായി ക്രിസ്തീയ ആചാരപ്രകാരം വിവാഹം കഴിച്ച ഭാര്യ ജീവിച്ചിരിക്കുന്നതിനാൽ ശവം പള്ളി സിമിത്തേരിയിൽ അടക്കണമെന്ന്‌ വിധവയുടെ ബന്ധുക്കൾ. മൂന്ന്‌ സംഘങ്ങളും പോർവിളികളുമായി ആശുപത്രിയും പരിസരവും സംഘർഷഭരിതമാക്കി. പിന്നെ മതനേതാക്കളും സാമുദായിക നേതാക്കളും എത്തി. അവർ വാദപ്രതിവാദങ്ങളി ലൂടെ പ്രശ്നം  സജീവമാക്കി. രാഷ്ട്രീയ നേതാക്കളുടെ രംഗപ്രവേശനമായിരുന്നു പിന്നീട്‌. സായുധ പോലീസ്‌ ആശുപത്രിയുടെ അകത്തും പുറത്തും കാവൽനിന്നു. അവർക്കിടയിലൂടെ മൂന്ന്‌ മതങ്ങളി ലെയും പുരോഹിതർ എത്തി മതകർമങ്ങൾക്ക്‌ തുടക്കം കുറിച്ച്‌ അവകാശവാദത്തിനുള്ള സാധ്യത നിലനിർത്തി. മണിക്കൂറുകളുടെ അനുരഞ്ജന ചർച്ചകൾക്കൊടുവിൽ പരേതന്റെ വിധവയെ യുദ്ധമുന്നണിയിലേക്ക്‌ ആനയിച്ചു. വിധവ കണ്ണീരോടെ വാക്കുകൾ പെറുക്കിയെടുത്തു.
   "എന്റെ ജീവൻ രക്ഷിച്ച മനുഷ്യൻ മരിച്ചു. ആ കുഴിമാടത്തിൽ മെഴുകുതിരി കത്തിച്ച്‌ എന്നും ഒരുതുള്ളി കണ്ണീർ പൊഴിക്കണമെനിക്ക്‌. ശവം പള്ളി സിമിത്തേരിയിൽ അടക്കണം." അവൾ ഗദ്ഗദത്തോ ടെ കൈകൾ കൂപ്പി. മജീദിന്റെയും ഗോപിയുടെയും ബന്ധുക്കൾ മുറുമുറുപ്പോടെ കൈയിൽ കിട്ടിയ പണപ്പൊതിയുമായി സ്ഥലംവിട്ടു."
   "ഇപ്പോഴും കഥയ്ക്ക്‌ അനുയോജ്യമായ ഒരന്ത്യമായില്ലല്ലോ..."
   "ഇല്ല. എന്റെ ജീവിതം സാധ്യതകളുടെ ഒരു കളയാണ്‌."
   "പിന്നെന്താണ്‌ സംഭവിച്ചതു?    "
   "ശവം ഭാര്യാഗൃഹത്തിലേക്ക്‌ കൊണ്ടുപോയി. പുരോഹിതനും കുരിശും മുത്തുക്കുടയും ധൂപക്കുറ്റിയും ശവമഞ്ചവുമെത്തി. ഗ്രാമവാസികൾ മുഴുവനും മരണവീട്ടിൽ ഒത്തുകൂടിയിരുന്നു. അവർ എന്റെ ധീരതയെയും നന്മയെയും വാനോളം പുകഴ്ത്തി. അവയവദാനത്തിനുള്ള സമ്മതപത്രം ഞാൻ നേര ത്തെ കൊടുത്തിരുന്നെന്നും എന്റെ ദയാവായ്പുകൊണ്ട്‌ നാലുപേർ ജീവനിലേക്ക്‌ തിരിച്ചുവന്നുവെ ന്നും ഭാവിയിൽ ഞാനൊരു വിശുദ്ധനാകുമെന്നുംവരെ അവർ പറഞ്ഞു. ഭവനത്തിലെ ശവസംസ്കാര ശുശ്രൂഷകൾക്കും എന്നെ സ്വർഗത്തിലേക്ക്‌ ഉയർത്തിക്കൊണ്ടുള്ള ചരമപ്രസംഗത്തിനും ചുംബന-രോദന പ്രക്രിയകൾക്കുംശേഷം ശവമെടുത്തു. അലങ്കരിച്ച ശവപ്പെട്ടി ചുമന്ന നാട്ടുകാർക്ക്‌ ഒട്ടും വിയർ ക്കേണ്ടിവന്നില്ല. എന്റെ അകം പൊള്ളയായിരുന്നല്ലോ. ശവം പള്ളി സിമിത്തേരിയിൽ അടക്കി. ജനം പതിവുപോലെ ചായയും ബിസ്ക്കറ്റും കഴിച്ച്‌ പിരിഞ്ഞുപോയി."
   "മജീദിന്റെയും ഗോപിയുടെയും ബന്ധുക്കൾ..."
   "ആരും പങ്കെടുത്തിയില്ല. അവകാശവാദങ്ങൾ അവർക്ക്‌ ബാക്കിയായിരുന്നല്ലോ."
   "എന്നുവച്ചാൽ... മരിച്ചവൻ മണ്ണടിഞ്ഞാലും അവന്റെമേലുള്ള അവകാശം തീരുന്നില്ലെന്നോ?"
   "ഞാൻ പറഞ്ഞല്ലോ. കഥാകാരന്മാർക്ക്‌ സാധ്യതകൾ തുറന്നിടുന്ന ഒരു അക്ഷയഖനിയാണ്‌ എന്റെ ജീവിതമെന്ന്‌..."
   എത്രയോ കഥകളെ ഭാവനയുടെ ചിറകിലേറ്റി സർഗനൃത്തം ചെയ്യിച്ചിട്ടുള്ള ഞാനിവിടെ ഈ പരേതനുമുമ്പിൽ,അയാളുടെ ജീവിതസമസ്യകൾക്കുമുമ്പിൽ പരാജിതനാകുന്നോ? എന്റെ ഭാവനയ്ക്ക്‌ എത്തി പ്പിടിക്കാനാവാത്തവിധം അയാൾ ഈ കഥയെ ഭാവനയുടെ ഏതു വിഹായസ്സിലേക്കാണ്‌ പറത്തിക്കൊ ണ്ടുപോകുന്നത്‌?
   "പിന്നെ...?"
   "ദാ, കണ്ടോളൂ...'
   അർധരാത്രി കഴിഞ്ഞുകാണും. ഇരുൾരൂപമാർന്ന കിടക്കയിൽ അർധമരണം ജീവനെ താരാട്ടുപാടു ന്ന വേള. തകർത്തുപെയ്ത മഴ തുള്ളി തോരുന്നതേയുള്ളു. മരപ്പെയ്ത്ത്‌ നിലച്ചിട്ടില്ല. സിമിത്തേരിക്ക്‌ കുടചൂടിനിന്ന വാകമരത്തിൽനിന്ന്‌ പൂക്കളും വെള്ളത്തുള്ളികളും നിപതിച്ചുകൊണ്ടിരുന്നു.
   സിമിത്തേരിയുടെ ഗേറ്റ്‌ തുറന്ന്‌ ഏതാനും കറുത്തരൂപങ്ങൾ ഉള്ളിൽ പ്രവേശിച്ചു. റീത്തുകളും ബൊക്കെകളുംകൊണ്ട്‌ അലങ്കരിച്ച കുഴിമാടത്തിന്‌ സമീപം അവരെത്തി. കൂന്താലിയും മൺവെട്ടിയുമുപയോഗിച്ച്‌ കുഴിമാന്തി ശവപ്പെട്ടി പുറത്തെടുത്തു. പിന്നെ കുഴിമൂടി, റീത്തും ബൊക്കയുംകൊണ്ട്‌ കുഴിമാടം അലങ്കരിച്ചു. ശവപ്പെട്ടിയുമായി അവർ പുറത്തുകടന്നു. വാകമരം ശവക്കൂനയെ വീണ്ടും മോടിപിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അപ്പോൾ.
   "പിറ്റേന്ന്‌ ദേവാലയത്തിലെ തിരുക്കർമങ്ങൾക്കുശേഷം എന്റെ ഭാര്യ സിമിത്തേരിയിലെത്തി കുഴിമാടത്തിനുചുറ്റും മെഴുകുതിരകളും ചന്ദനത്തിരികളും കത്തിച്ച്‌ വിലപിക്കുകയും എന്റെ ആത്മാവിന്റെ ശാന്തിക്കായി പ്രാർഥിക്കുകയും ചെയ്തു."
   "ആ ശവക്കൂന ശൂന്യമാണെന്ന്‌ അറിയിക്കാമായിരുന്നില്ലേ?"
   "അതിന്റെ പരിണിതഫലം എന്താകുമെന്ന്‌ അറിയില്ലേ?"
   "ഏശവം എങ്ങോട്ടാണ്‌ കൊണ്ടുപോയത്‌?"
   "ദാറുസ്ലാം പള്ളിയുടെ കബറിസ്ഥാനിലേക്ക്‌. അവർ ശവപ്പെട്ടിയിൽനിന്ന്‌ എന്നെ പുറത്തെടുത്തു. ശവം പൊതിഞ്ഞിരുന്ന വസ്ത്രവും കൊന്തയും കുരിശുമെടുത്ത്‌ മാറ്റി. മുസ്ലീം ആചാരപ്രകാരമുള്ള കർമങ്ങൾ പൂർത്തിയാക്കി നേരത്തെ തയ്യാറാക്കിയിരുന്ന കബറിൽ എന്റെ മുസ്ലീം മയ്യത്ത്‌ അടക്കി. തലയ്ക്കൽ ഒരു മീസാൻകല്ലും നാട്ടി."
   "പിന്നീട്‌...?"
   "ദാ, കണ്ടോളു..."
   -മരണത്തിന്റെ മൂന്നാം രാത്രി.
   കറുപ്പിനുമേൽ കയ്യൊപ്പുചാർത്തി ഇരുട്ട്‌ വിജയക്കുതിപ്പിലാണ്‌. ഏതാനും പേർ കബറിസ്ഥാനിൽ പ്രവേശിച്ചു. വിശാലമായ കബറിസ്ഥാനിൽ കരിയിലകൾ മൂടിക്കിടന്ന മീസാൻ കല്ലുകളിൽ തട്ടി ചിലർ വീണു. കബറിസ്ഥാന്റെ മുകളിൽ മേലാപ്പ്‌ തീർത്ത ഇടതൂർന്ന ചെറുതും വലുതുമായ മരങ്ങൾ കബറിസ്ഥാനിലെ രാത്രിയുടെ ഭീകരതയ്ക്ക്‌ മാറ്റുകൂട്ടി. കബറുകളിൽനിന്ന്‌ ഇറങ്ങിവന്ന ദുഷ്ടാത്മാക്കളുടെ രൂപമായിരുന്നു അവയ്ക്ക്‌ അപ്പോൾ.
    ഏറെനേരത്തെ തെരച്ചിലിനൊടുവിൽ അവർ കബർ കണ്ടുപിടിച്ചു. മയ്യത്ത്‌ മാന്തി പുറത്തിട്ടു. ഒരു വല്ലാത്ത ഒരു ദുർഗന്ധം അപ്പോൾ അവിടെ വ്യാപിച്ചു. ചീഞ്ഞുതുടങ്ങിയ മയ്യത്ത്‌ കൈവശം കരുത്തിയ പായിൽ പൊതിഞ്ഞുകെട്ടി. കബർ മൂടി. മീസാൻകല്ല്‌ പൂർവസ്ഥിതിയിൽ കുത്തിനിർത്തി. പിന്നെ പുറത്തേക്ക്‌. അപ്പോൾ ആഞ്ഞുവീശിയ കാറ്റിൽ വൃക്ഷത്തലപ്പുകൾ ശക്തിയായി തലയാട്ടി. ആയുസ്സൊടുങ്ങിയ ഇലകൾ ഭൂമിയിലേക്ക്‌, കബറിന്റെ മുകളിലേക്ക്‌ ഒരു ആവരണംപോലെ വന്നുപതിച്ചു.
    ഹിന്ദു ആചാരപ്രകാരമുള്ള കർമങ്ങൾ പൂർത്തിയാക്കി എന്റെ ചീഞ്ഞ ഹിന്ദുശവം പൊതുശ്മശാനത്തിൽ ഇലക്ട്രിക്ക്‌ ക്രിമിറ്റോറിയത്തിൽ ദഹിപ്പിച്ചു. അങ്ങനെ ഞാൻ കനലായി, ഒരുപിടി ചാരമായി, മതങ്ങളുടെയും മനുഷ്യരുടെയും വേലിക്കെട്ടുകൾ പൊട്ടിച്ച്‌ ഭൂമിയിൽനിന്ന്‌ വിടപറഞ്ഞു."
   ദുരിതപർവങ്ങൾ നീന്തിക്കടന്ന എന്റെ കഥാപാത്രത്തെ ഞാൻ അത്ഭുതത്തോടെ നോക്കി.
   പക്ഷേ അയാൾ... ക്രിമിറ്റോറിയം...? ഒന്നും എന്റെ മുമ്പിൽ ഇല്ല.
   ഞാനപ്പോഴും എന്റെ എഴുത്തുമേശയ്ക്ക്‌ സമീപംതന്നെയാണ്‌! തൂലികയിൽനിന്ന്‌ പിറന്നുവീണ അക്ഷരങ്ങൾ നിറഞ്ഞ പേപ്പറുകൾകൊണ്ട്‌ മേശ നിറഞ്ഞിരുന്നു.

23 Apr 2014

കുലപതികൾ-20


സണ്ണി തായങ്കരി 
            
     ആ വർഷം ഗരാറിൽനിന്ന്‌ ലഭിച്ചതിന്റെ ഇരട്ടി വിളവ്‌ അയാൾക്ക്‌ താഴ്‌വാരഭൂമിയിൽനിന്ന്‌ കിട്ടി. ഇസഹാക്കിന്റെ സമ്പത്ത്‌ നാൾക്കുനാൾ വർധിച്ചുകൊണ്ടിരുന്നു.
     വർഷങ്ങൾ കടന്നുപോയി. ഫിലിസ്ത്യദേശത്ത്‌ ഇസഹാക്കിന്റെ ഖ്യാതിവർധിച്ചു. അവിടുത്തെ ചില കുബുദ്ധികൾ ഗരാറിന്റെ താഴ്‌വാരത്തെ ശക്തരായ ആട്ടിടയന്മാരെ സ്വാധീനിച്ച്‌ ഇസഹാക്കിനെതിരായി കുതന്ത്രങ്ങൾ മെനഞ്ഞു. ഇസഹാക്കിന്റെ ഭൃത്യന്മാർ കുഴിച്ച ഏതാനും കിണറുകൾ അവർ കൗശലപൂർവം കൈവശപ്പെടുത്തി. കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തി. കൊയ്ത്തിന്‌ പാകമായ ഗോതമ്പുവയലുകളിൽ തീയിട്ടു.
     ഏസാവ്‌ നിലാവില്ലാത്ത ഇരുണ്ട രാത്രികളിൽ പതിയിരുന്ന്‌ അക്രമികളുമായി മൽപിടുത്തം നടത്തി. അക്രമികളെ കൈയിൽ കിട്ടിയാൽ കഴുത്തൊടിക്കുകയായിരുന്നു അവന്റെ ആക്രമണ രീതി. തന്മൂലം
ഫിലിസ്ത്യദേശത്ത്‌ ആരുടെ കഴുത്തൊടിഞ്ഞാലും ഏസാവിന്റെ ചുമലിലാണ്‌ അതിന്റെ ഉത്തരവാദി ത്വം വന്നുവീഴുക എന്ന നിലവന്നു.
     ഇസഹാക്കിനെയും മക്കളെയും ഗരാറിന്റെ താഴ്‌വാരത്തിൽനിന്നും കെട്ടുകെട്ടിക്കാൻ അബിമലെ
ക്കിനുമേൽ സമ്മർദമേറുന്നതായും തനിക്കെതിരായി രഹസ്യത്തിൽ പടയൊരുക്കം നടക്കുന്നതായും
ഇസഹാക്ക്‌ അറിഞ്ഞു. മറ്റൊരു പലായനം വേദനാജനകമായിരുന്നു. സമ്പത്ത്‌ വർധിച്ചെങ്കിലും നാൾ  ക്കുനാൾ വേണ്ടിവരുന്ന ഈ കൂടുമാറ്റം... ഒരു സ്ത്രീയെന്നനിലയിൽ റെബേക്കയ്ക്കാണ്‌ ഏറെ വേദന.
അറുതിയില്ലാത്ത യാത്രകളുടെ കൂടാരം പേറുന്ന കടങ്കഥയിലെ നായകനായി അയാൾ സ്വയം കരുതി. എവിടെയെങ്കിലും ഒന്നുറയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന ചിന്ത മനസ്സിനെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നു. അസ്വസ്ഥനായി ഇരിക്കുന്ന പിതാവിനെക്കണ്ട്‌ ഏസാവ്‌ അടുത്തെത്തി.
   "പിതാവേ, അങ്ങെന്താണ്‌ വിഷാദിച്ചിരിക്കുന്നത്‌?"
    "മകനെ, ഫിലിസ്ത്യർ നമുക്കെതിരായി പല ഗോ‍ൂഢാലോചനകളും നടത്തുന്നുണ്ട്‌. നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ കൈക്കലാക്കാനുള്ള തന്ത്രമാണ്‌. ഹാരാറിൽനിന്ന്‌ പോരുംമുമ്പ്‌ അവരതിന്‌ ശ്രമിച്ചതാണ്‌. അന്ന്‌ കർത്താവ്‌ കാത്തു."
    "ഇല്ല പിതാവേ, നമ്മോടൊന്നും ചെയ്യാൻ അവറ്റകൾക്ക്‌ ധൈര്യമുണ്ടാവില്ല. ഓരോന്നിന്റെയും കഴുത്ത്‌ ഞാനൊടിക്കും." ഏസാവ്‌ കോപംകൊണ്ട്‌ ജ്വലിച്ചു. അവൻ രോമം നിറഞ്ഞ ബലിഷ്ഠമായ കൈകൾ കൂട്ടിത്തിരുമ്മി.
   "വേണ്ട മകനെ, ഒന്നും വേണ്ടാ. ഇപ്പോൾതന്നെ നിനക്കെതിരായി അനേകം പരാതികൾ രാജാവിന്റെ പക്കലുണ്ട്‌. നീ അവരുടെ കണ്ണിലെ കരടാണ്‌. അവസരം കിട്ടിയാൽ അവർ നിന്നെ കൊല്ലും. അല്ലെങ്കിൽ അബിമലേക്ക്‌ കഴുമരത്തിൽ കയറ്റും. വേണ്ട... ഒന്നും വേണ്ട. നമുക്കിവിടെനിന്നും പോകാം..."
    "എവിടേയ്ക്ക്‌ പിതാവേ...?"
    ആ ചോദ്യം സ്വയം ചോദിക്കാൻ തുടങ്ങിയിട്ട്‌ നാളുകളായി. ഉറക്കമില്ലാത്ത രാത്രികളിലെ അന്വേഷണം പുതിയ ലാവണത്തെപ്പറ്റിതന്നെയായിരുന്നു

.
    ഗരാറിന്റെ താഴ്‌വാരം ഉപേക്ഷിച്ച്‌ ഇസഹാക്ക്‌ വീണ്ടും യാത്രയായി. സ്വർണവും വെള്ളിയും ധാന്യവും എണ്ണമറ്റ കാലികളുമായി ഭൃത്യന്മാർ അനുഗമിച്ചു. യാത്രാമധ്യേ, കർത്താവിന്റെ സാന്നിധ്യം പ്രകാശമായി അവന്റെമേൽ ചൊരിഞ്ഞു. അവിടുത്തെ നിർദേശപ്രകാരം ബേർഷബായിൽ അവർ യാത്ര അവസാനിപ്പിച്ചു. ഭൃത്യന്മാർ അവിടെ കൂടാരനിർമാണം ആരംഭിച്ചു. സമ്പത്ത്‌ വളരെയധികം വർധിച്ചിരുന്നതിനാൽ ഗരാറിനെ അപേക്ഷിച്ച്‌ വിസ്തൃതമായ കൂടാരങ്ങൾ അനേകം വേണ്ടിയിരുന്നു. ഏസാവ്‌ നിർദ്ദേശങ്ങളുമായി ഓടിനടന്നു.
  ഗരാറിന്റെ ആകാശം വർഷിച്ചതിനേക്കാൾ ഇരട്ടി ചൂടാണ്‌ ബേർഷബായിലെന്ന്‌ ഇസഹാക്കിന്‌
തോന്നി. പച്ചപ്പിന്റേതായ ഒന്നും അവിടെ ദൃശ്യമായിരുന്നില്ല. വൃക്ഷങ്ങൾ ഇലപൊഴിഞ്ഞ്‌ അസ്ഥിപഞ്ജരങ്ങൾപോലെ കാണപ്പെട്ടു. വരണ്ടുണങ്ങിയതായിരുന്നു ബേർഷബായിലെ മണ്ണ്‌. ജലദൗർലഭ്യമുള്ള ഭൂപ്രദേശം! മനുഷ്യരും മൃഗങ്ങളും നീറിപ്പുകഞ്ഞു. ഒരുതുള്ളി വെള്ളമില്ലാതെ വലഞ്ഞു. 
    ഇസഹാക്കിന്റെ ഭൃത്യന്മാർ പ്രാർഥനയോടെ കിണർകുത്തി. ആദ്യത്തെ കിണറ്റിൽനിന്ന്‌ നീരുറവ ഒഴുകി... ആ ജലം തണുപ്പുള്ളതായിരുന്നു. അത്‌ മണ്ണിനും മനുഷ്യനും മൃഗങ്ങൾക്കും പുതുജീവൻ പകർന്നു. പിന്നീട്‌ കുഴിച്ച കിണറുകളിൽനിന്നെല്ലാം കർത്താവിന്റെ അനുഗ്രഹംപോലെ ജലമൊഴുകി.
  ഇസഹാക്കിന്റെ പുതിയ കൃഷിയിടങ്ങൾ വിളവിന്റെ അക്ഷയഖനിയായി. കാലികളൊന്നുംതന്നെ ഒറ്റപ്രസവത്തിൽ രണ്ടിൽ കുറഞ്ഞ കിടാവുകളെ കൊടുത്തില്ല. പാലും ചെമ്മരിയാടിന്റെ രോമവും അവന്റെ സമ്പത്തിനുമേൽ ഉയരങ്ങൾ തീർത്തു.
   ഏറെ നാളുകൾക്കുശേഷം ഫിലിസ്ത്യരാജാവ്‌ അബിമലേക്ക്‌ തന്റെ സൈന്യാധിപനോടൊപ്പം ഇസഹാക്കിനെ തേടിയെത്തി. ഇസഹാക്കിന്‌ സമ്മാനമായി മുന്തിയ ഫലങ്ങൾ നിറച്ച കൂടകളും കരുതിയിരുന്നു. അബിമലേക്കിന്റെ സന്ദർശനോദ്ദേശ്യം മനസ്സിലാക്കാൻ കഴിയാതിരുന്ന ഇസഹാക്ക്‌ അവരെ ആദരവോടെ സ്വീകരിച്ചിരുത്തിയെങ്കിലും തന്റെ അനിഷ്ടം മറച്ചുവച്ചില്ല. ഏസാവ്‌ കോപത്താൽ ജ്വലിച്ച്‌ കൂടാരത്തിന്റെ അറയിൽ ഏതു നിമിഷവും ആക്രമിക്കാനുള്ള തയ്യാറെടുപ്പോടെനിന്നു. ഇവിടെവച്ച്‌ രാജാവിന്റെയും സേനാനായകന്റെയും കഴുത്തൊടിച്ചേ വിടുകയുള്ളുവേന്ന്‌ അയാൾ മനസ്സിലുറപ്പിച്ചു.
   "യാതൊരു കാരണവുമില്ലാതെ എന്നെ ദ്രോഹിച്ചവരല്ലേ ഫിലിസ്ത്യർ? പാഴ്ച്ചെടിപോലും കിളിർ ക്കാത്ത മണ്ണിൽ ഞാനും എന്റെ ഭൃത്യന്മാരും കഠിനാദ്ധ്വാനംചെയ്ത്‌ പൊന്നുവിളയിച്ചു. രാജഭണ്ഡാരം ഞാൻ നൽകിയ ചുങ്കംകൊണ്ട്‌ നിറച്ചു. അതിന്‌ പ്രത്യുപകാരമായി എന്നെ നിങ്ങളുടെ നാട്ടിൽനിന്ന്‌ പുറത്താക്കി. ഇപ്പോൾ എന്തിനാണീ പുറപ്പാട്‌?" ഇസഹാക്ക്‌ തന്റെ അനിഷ്ടം മറച്ചുവച്ചില്ല.
   "ഫിലിസ്ത്യരുടെ രാജാവേന്നനിലയിൽ അവരുടെ വാക്കുകൾ നാം കേട്ടിട്ടുണ്ടാവണം. അത്‌ ന്യായവുമാണ്‌. എന്നുകരുതി നിന്നെ നാം മനഃപൂർവം ദ്രോഹിച്ചിട്ടില്ല. നിന്നോട്‌ അവർക്ക്‌ അസൂയയുണ്ടായിരുന്നുവേന്ന്‌ സമ്മതിക്കുന്നു. എന്നാലും ഗരാറിൽ നീ നേടിയ സമ്പത്തിൽനിന്ന്‌ ഒന്നും നാമോ നമ്മുടെ പ്രജകളോ കൈവശപ്പെടുത്തിയില്ല."
   അത്‌ ശരിയാണെന്ന്‌ ഇസഹാക്ക്‌ സമ്മതിച്ചു. ഏസാവ്‌ വില്ലിൽനിന്ന്‌ കൈയെടുത്തു. ദ്രോഹിക്കാനല്ല ഫിലിസ്ത്യരാജാവിന്റെ വരവേന്ന്‌ തോന്നുന്നു. 
   "കർത്താവ്‌ നിന്നോടൊപ്പമുണ്ടെന്ന്‌ നമുക്കറിയാം. നീയിപ്പോൾ നമ്മെക്കാൾ ശക്തനാണ്‌. അതുകൊണ്ട്‌ നാം തമ്മിലൊരു ഉടമ്പടി ഉണ്ടാക്കണം."
   "ഉടമ്പടിയോ? എന്ത്‌ ഉടമ്പടി...?"
   "നമ്മൾ പരസ്പരം ആക്രമിക്കില്ലെന്ന്‌."
   "ഞാൻ നിങ്ങളെ ആക്രമിക്കുകയോ...?" ഇസഹാക്ക്‌ തമാശ കേട്ടമട്ടിൽ ചിരിച്ചു.
   "ഫിലിസ്ത്യദേശത്ത്‌ അങ്ങനെയൊരു ശ്രുതി പരന്നിട്ടുണ്ട്‌. ഞങ്ങളെക്കാൾ ശക്തനായതുകൊണ്ട്‌ പഴയ വൈരാഗ്യം തീർക്കാൻ നീ നമ്മെ ആക്രമിക്കാൻ തീരുമാനിച്ചെന്ന്‌."
   ഇസഹാക്ക്‌ പൊട്ടിച്ചിരിച്ചു. അബിമലേക്ക്‌ അമ്പരന്നു.
   "വിഡ്ഢിത്വം പറയാതിരിക്കു. അകാരണമായി ആരേയും ആക്രമിക്കാനോ ദ്രോഹിക്കാനോ എന്റെ ദൈവം എന്നോട്‌ പറഞ്ഞിട്ടില്ല."
   അബിമലേക്കിന്‌ വിശ്വാസമായി.
   ഇസഹാക്ക്‌ അവർക്കൊരു വിരുന്നൊരുക്കി. വീഞ്ഞുകുടിച്ച്‌ ലഹരിയിലായ അബിമലേക്ക്‌ ചോദിച്ചു-
   "എവിടെ ഫിലിസ്ത്യരുടെ പേടിസ്വപ്നമായ നിന്റെ മൂത്തപുത്രൻ?"
   ഇസഹാക്ക്‌ ഏസാവിനെ അബിമലേക്കിന്റെ മുമ്പിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നു. അവൻ അവരെ തുറി ച്ചുനോക്കി. കൂടാരം നിറഞ്ഞുനിൽക്കുന്ന ഏസാവിനെക്കണ്ട്‌ അബിമലേക്കും സേനാധിപനും അമ്പരന്നു. ഗരാറിൽനിന്ന്‌ പോരുമ്പോൾ ഇയാളിത്രയും ഭീകരരൂപിയായിരുന്നില്ലെന്ന്‌ അബിമലേക്കിനുതോന്നി. കണ്ണുകളിലെ ചുവപ്പും അതിൽനിന്ന്‌ ഏതു നിമിഷവും ഉത്ഭവിച്ചേക്കാവുന്ന അഗ്നിയും അവരിൽ ഭീതിയുണർത്തി. ഗരാറിൽനിന്ന്‌ ഇവരെ കെട്ടുകെട്ടിച്ചതു നന്നായെന്ന്‌ മനസ്സിൽ വിചാരിക്കുകയും ചെയ്തു. എത്ര ഫിലിസ്ത്യ യുവാക്കളുടെ കഴുത്താണ്‌ ഇവൻ ഒടിച്ചതെന്ന്‌ ഓർത്ത നിമിഷം സേനാധിപൻ വലതുകൈകൊണ്ട്‌ സ്വന്തം കഴുത്ത്‌ തടവി.
   ഏസാവിന്റെ പ്രീതി നേടാനായാൽ നന്നായിരിക്കുമെന്ന്‌ കുശാഗ്രബുദ്ധിയായ അബിമലേക്കിന്‌ തോ
ന്നി. അപ്പോൾതന്നെ മറ്റൊരു ചിന്തയുടെ വെളിച്ചവും അയാളുടെ ബുദ്ധിയിൽമിന്നി. ഒരു വെടിക്ക്‌ രണ്ടു പക്ഷിയെന്ന നിലയിലേക്ക്‌ അതിനെ വളർത്താനുള്ള മാർഗം തലച്ചോറിൽ തൽക്ഷണം രൂപപ്പെട്ടു.
   "ഏസാവിന്‌ നല്ല തണ്ടും തടിയുമൊക്കെയായല്ലോ. ഇനിയൊരു വിവാഹമാകാമല്ലേ?"
   അബിമെലക്കിന്റെ ചോദ്യം ഇസഹാക്കിൽ താത്പര്യം ജനിപ്പിച്ചു. ഏസാവിനും അത്‌ ഇഷ്ടപ്പെട്ടു.  വലിഞ്ഞുമുറുകിയിരുന്ന അവന്റെ മുഖത്തെ മാംസപേശികൾ അയഞ്ഞ്‌ പൂർവസ്ഥിതിയിലായി.
   പിറ്റേന്ന്‌ പ്രഭാതത്തിൽ ഏസാവിന്റെ വിവാഹത്തെപ്പറ്റി ചർച്ച ചെയ്ത്‌ അബിമലേക്കും സൈന്യാധിപനും മടങ്ങിപ്പോയി. അതൊരു കെണിയാണെന്ന കാര്യം ഇസഹാക്ക്‌ അറിഞ്ഞില്ല.
    അബിമലേക്ക്‌ ഏസാവിനുവേണ്ടി ആലോചിച്ചതു കാനാന്യക്കാരികളെയാണെന്നറിഞ്ഞപ്
പോൾ ഇസഹാക്കിനത്‌ ഇഷ്ടമായില്ല. പിതാവായ അബ്രാഹം തനിക്കായി റെബേക്കയെ കണ്ടെത്തിയതുപോലെ തന്റെ മക്കൾക്കും ഹാരാനിൽനിന്നും വധുക്കളെ തെരഞ്ഞെടുക്കണമെന്നായിരുന്നു മോഹം. എന്നാൽ പിതാവിന്റെ അനിഷ്ടം ഏസാവിനെ പൈന്തിരിപ്പിച്ചില്ല.
    താമസിയാതെ ഹിത്യനായ ബേരിയുടെ പുത്രി യൂടിത്തിനെയും പിന്നീട്‌ ഏലോണിന്റെ പുത്രി ബാസ്മത്തിനെയും ഏസാവ്‌ വിവാഹംചെയ്തു.
      റെബേക്കയ്ക്ക്‌ ഏസാവിനെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ കുറവ്‌ പരിഹരിക്കാൻ യൂടിത്തിനെയും ബാസ്മത്തിനെയും സ്വന്തം മക്കളെപ്പോലെ സ്നേഹിക്കാൻ അവൾ ശ്രമിച്ചു. ഏസാവിനോടുള്ള സ്നേഹവും സഹതാപവും മരുമക്കളോടുള്ള ഇസഹാക്കിന്റെ പെരുമാറ്റത്തിലും പ്രതിഫലിച്ചു.
    എന്നാൽ യൂടിത്തും ബാസ്മത്തും അവരെ അകാരണമായി വെറുക്കുകയാണ്‌ ഉണ്ടായത്‌. ഭാര്യമാരുടെ കുതന്ത്രങ്ങൾമൂലം ഏസാവ്‌ ഭവനത്തിൽ അശാന്തിയുടെ വിത്തുവിതയ്ക്കാൻ കോപ്പുകൂട്ടി തുടങ്ങി. യാക്കോബ്‌ അക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ അലസനായി കൂടാരത്തിൽ കഴിഞ്ഞുകൂടി.
    യാക്കോബിനുവേണ്ടി നിത്യവും നായാട്ടിനുപോകുമായിരുന്ന ഏസാവ്‌ ഭാര്യമാരുടെ കുതന്ത്രംമൂലം
അത്‌ വല്ലപ്പോഴുമാക്കി. യാക്കോബിന്റെ ഇഷ്ടമാംസമായ മ്ലാവിറച്ചികൊണ്ടുവന്നാൽപോലും അത്‌
അവന്‌ കൊടുത്തില്ല. മ്ലാവിനെ കിട്ടിയില്ലേയെന്ന്‌ ചോദിച്ചാൽ 'കാട്ടിലെ മ്ലാവുകളെല്ലാം ചത്തുപോയെ'ന്നുപറഞ്ഞ്‌ അവനെ പരിഹസിക്കും. നിശബ്ദനായി യാക്കോബ്‌ നടന്നുപോകുമ്പോൾ റെബേക്കാ കോപംകൊണ്ട്‌ ജ്വലിക്കും. കർത്താവ്‌ തെരഞ്ഞെടുത്തവനെ പരിഹസിക്കുന്ന സ്ത്രീകളെ അവൾ വെറുത്തു. യാക്കോബിന്റെ നിസ്സഹായവസ്ഥ പലപ്പോഴും അവളുടെ നിയന്ത്രണങ്ങളുടെ ചരടുപൊട്ടിച്ചു.
   ഒരുനാൾ മ്ലാവിറച്ചി പാചകം ചെയ്ത്‌ ഏസാവും ഭാര്യമാരും കഴിക്കുന്നത്‌ റെബേക്കാ കണ്ടുപിടിച്ചു. അവൾ കയറിച്ചെന്നത്‌ അവർ കണ്ടതായി നടിച്ചില്ല. കോപം കണ്ണുകളെ മറച്ചപ്പോൾ അവർ ഭക്ഷിച്ചുകൊണ്ടിരുന്നപാത്രം അവൾ തട്ടിത്തെറിപ്പിച്ചു. ഏസാവ്‌ നിഷ്ക്രിയനായി ഇരിക്കെ, യൂടിത്ത്‌ ആക്രോശത്തോടെ റെബേക്കയുടെ കൈയിൽ കടന്നുപിടിച്ചു. അത്‌ കാണാത്തമട്ടിൽ ഏസാവ്‌ പുറത്തേയ്ക്ക്‌ നടന്നു. അവന്റെ ചുണ്ടിൽ അർഥഗർഭമായ ഒരുമന്ദഹാസം പൂത്തുലയുന്നത്‌ റെബേക്കാ തിരിച്ചറിഞ്ഞു.

22 Mar 2014

കുലപതികൾ (നോവൽ) -19


സണ്ണി തായങ്കരി  

    ഗരാറിന്റെ പ്രാന്തപ്രദേശങ്ങളിലെ വയലുകളിൽ ധാന്യങ്ങൾ വിളഞ്ഞുകിടന്നു. ഭാരത്താൽ കുനി ഞ്ഞ ഗോതമ്പുകതിരുകൾ ഇളംകാറ്റിൽ ചാഞ്ചാടുന്ന കാഴ്ച ഇസഹാക്കിന്റെ മനം കുളിർപ്പിച്ചു. ഏസാവും സമൃദ്ധിയുടെ ആ കാഴ്ചയിൽ ഉന്മേഷവാനായി കാണപ്പെട്ടു. അകലെ വിശാലമായി പരന്നുകിടക്കുന്ന തരിശുഭൂമിയിൽ യാത്ര അവസാനിപ്പിച്ച്‌ ഇസഹാക്ക്‌ അറിയിച്ചു-

   "നമുക്കായി എന്റെ പിതാവിന്റെ ദൈവം കാണിച്ചുതന്ന ഭൂമിയാണിത്‌. സമ്പൽസമൃദ്ധിയുള്ള ഇവിടെ പാർത്ത്‌ നമുക്ക്‌ കൃഷിചെയ്യാം."
   യാക്കോബും ഏസാവും ഒട്ടകപ്പുറത്തുനിന്നിറങ്ങി വിശാലമായി കിടക്കുന്ന തരിശുഭൂമി നോക്കിക്കണ്ടു. കൃഷിയിറക്കിയിട്ട്‌ ഏറെക്കാലമായെങ്കിലും ഭൂമി വിണ്ടുകീറിയിട്ടില്ല. പാഴ്ചെടികൾ വളർന്നിട്ടില്ല. വിളസമൃദ്ധിയുടെ അടയാളമായി മണ്ണിന്‌ ഇരുണ്ട നിറമായിരുന്നു. ഈ മണ്ണിൽ നൂറുമേനി വിളയിച്ചെടുക്കാമെന്ന്‌ ഏസാവ്‌ ഭൃത്യന്മാരോട്‌ പറയുന്നത്‌ യാക്കോബ്‌ കേട്ടു. നിശ്ശബ്ദനായിനിന്ന യാക്കോബിനോട്‌ ഏസാവ്‌ പറഞ്ഞു-

   "വനഭൂമിയും അടുത്തുതന്നെയുണ്ട്‌. ദാ... നോക്കു..."
   ഏസാവ്‌ വിരൽ ചൂണ്ടിയ ഇടത്തേക്ക്‌ യാക്കോബ്‌ നോക്കി. അങ്ങകലെ വനമേഖല കാണാം. അവിടെ  മ്ലാവ്‌ നിശ്ചയമായും ഉണ്ടാവും. യാക്കോബ്‌ മനസ്സിൽ ഉറപ്പിച്ചു.

    ഭൃത്യന്മാർ ഇസഹാക്കിനെ സമീപിച്ച്‌ ചോദിച്ചു- 
   "പ്രഭോ, ഞങ്ങൾ ഇവിടെ കൂടാരം കെട്ടട്ടെയോ? നമുക്ക്‌ പാർക്കാൻ പറ്റിയ സ്ഥലംതന്നെയാണിത്‌. ജലം സുലഭമായ കിണറും അടുത്തുണ്ടല്ലോ."
   "ആദ്യം ഫിലിസ്ത്യരാജാവായ അബിമലേക്കിന്റെ അനുവാദം തേടേണം. ഇത്‌ അവന്റെ രാജ്യമാണല്ലോ."

    ഇസഹാക്കിന്റെ ആവശ്യപ്രകാരം അവർ യാത്ര അവസാനിപ്പിച്ചിടത്ത്‌ കൂടാരം പണിയാനും കൃഷിയിറക്കാനും അബിമലേക്ക്‌ അനുവദിച്ചു. റെബേക്കാ തന്റെ സഹോദരിയാണെന്നാണ്‌ അയാൾ രാജാവിനോട്‌ പറഞ്ഞത്‌. കാരണം സുന്ദരിയായ റെബേക്കയെ സ്വന്തമാക്കാൻ പരദേശിയായ തന്നെ ഫിലിസ്ത്യർ കൊന്നുകളയുമെന്ന്‌ ഇസഹാക്ക്‌ ഭയപ്പെട്ടു. 

    തന്റെ അമ്മയായ സാറായെപ്പറ്റി ഫറവോ രാജാവിനോട്‌ പിതാവായ അബ്രാഹം പറഞ്ഞതും ഇതു തന്നെയാണല്ലോയെന്ന്‌ ഇസഹാക്ക്‌ ഓർമിച്ചു. ചരിത്രം പുനർജനിക്കുന്നു...! ജീവിതം നിരന്തരം യാത്രയാക്കിയവർക്ക്‌ സ്വജീവനെ രക്ഷിക്കാൻ ഇതേ മാർഗമുള്ളുവേന്ന്‌ ഇസഹാക്ക്‌ ആശ്വസിച്ചു. 

    അങ്ങനെ ഫിലിസ്ത്യർക്ക്‌ ഇസഹാക്ക്‌ റെബേക്കയുടെ സഹോദരനായി. 
   ഫിലിസ്ത്യരിൽ പലരും റെബേക്കയിൽ കണ്ണുവച്ചു. യൗവനം പടികടക്കാൻ തുടങ്ങിയെങ്കിലും റെബേക്കാ ഏത്‌ ഫിലിസ്ത്യൻ സ്ത്രീയേക്കാളും സുന്ദരിയാണെന്ന്‌ അവർ പറഞ്ഞു. വിവാഹപ്രായം കഴിഞ്ഞിട്ടും സഹോദരിയെ വിവാഹം കഴിച്ചുകൊടുക്കാത്തതെന്താണെന്ന്‌ ഫിലിസ്ത്യയുവാക്കൾക്ക്‌ ഇസഹാക്കിനോട്‌ ചോദിക്കാൻ ധൈര്യമുണ്ടായില്ല. എന്നാൽ അവർ അയാളുടെ ഭൃത്യന്മാരോട്‌ സൂത്രത്തിൽ അന്വേഷിച്ചു. അവർ ഉള്ളിലെ ചിരിയുമായി കാരണങ്ങൾ പലതും നിരത്തി. റെബേക്കയുടെ ഒരു കടാക്ഷത്തിനായി പലരും ദാഹിക്കുന്നതായി ഇസഹാക്ക്‌ മനസ്സിലാക്കി. റെബേക്കയാകട്ടെ, ഭീതിയിലായിരുന്നു.

   ഏസാവിനെ ഫിലിസ്ത്യദേശക്കാർ ഭയപ്പെട്ടു. അരോഗദൃഢഗാത്രനായ, ശരീരം മുഴുവൻ രോമമുള്ള അയാളുടെ ഒരു തട്ടുകൊണ്ടാൽ ജീവൻപോകുമെന്ന്‌ അവർ രഹസ്യമായി പറഞ്ഞു. അവന്റെ രൂപം അവരിൽ വെറുപ്പുളവാക്കി. മനുഷ്യനും മൃഗവും കൂടിച്ചേർന്ന നികൃഷ്ട ജന്മമായിട്ടാണ്‌ അവർ അവനെ കണ്ടത്‌. അക്കാരണത്താൽ അവിടെയും ഏസാവ്‌ ഒറ്റപ്പെട്ടു.                 

    റെബേക്കായുടെ ദർശനത്തിനായി യുവാക്കൾ ഇസഹാക്കിന്റെ കൂടാരത്തിന്‌ സമീപമെത്തുക ഏസാവ്‌ നായാട്ടിന്‌ പോകുമ്പോഴാണ്‌. സുമുഖനും ഗോതമ്പിന്റെ നിറമുള്ളവനുമായ യാക്കോബിനെ അവർ ഇഷ്ടപ്പെട്ടു. റെബേക്കയിലെത്താൻ അവന്റെ ചങ്ങാത്തം ആവശ്യമാണെന്ന്‌ അവർ കരുതി.

    ഒരു സായംസന്ധ്യയിൽ ഏസാവ്‌ നായാട്ടിനായി വനത്തിലേക്ക്‌ യാത്രയായി. യാക്കോബും ഭൃത്യന്മാരും മെതിക്കളത്തിലായിരുന്നു. ഇസഹാക്കും ആ സമയം മെതിക്കളത്തിലായിരിക്കുകയാണ്‌ പതിവ്‌. സൈന്യാധിപനിൽനിന്ന്‌ അക്കാര്യം മനസ്സിലാക്കിയ അബിമലേക്ക്‌ തലയെടുപ്പുള്ള, വെള്ളനിറമുള്ള തന്റെ കഴുതപ്പുറത്ത്‌ സായാഹ്നസവാരിക്കെന്ന വ്യാജേന ഇസഹാക്കിന്റെ കൂടാരവാതിക്കലെത്തി. 'ഇസഹാക്കിന്റെ സഹോദരി' റെബേക്കയുടെ സൗന്ദര്യമാണ്‌ അയാളെ അവിടേയ്ക്ക്‌ ആകർഷിച്ചതു. 

    തുറന്നിട്ട കൂടാരജാലകത്തിലൂടെ കണ്ട കാഴ്ച അയാളെ സ്തബ്ധനാക്കി. സഹോദരിയെന്ന്‌ പരിചയപ്പെടുത്തിയ റെബേക്കയെ അയാൾ കിടപ്പറയിൽ ആലിംഗനം ചെയ്തുനിൽക്കുന്നു! അബിമലേക്ക്‌ കോപംകൊണ്ടുജ്വലിച്ചു. നിരാശയും പകയും അയാളിൽ ഫണംവിടർത്തി. അതിവേഗം അയാൾ കൊട്ടാരത്തിലേക്ക്‌ തിരിച്ചുപോയി. 

   പിറ്റേന്ന്‌ രാജസേവകൻ ഇസഹാക്കിനെ തേടിയെത്തി. യാക്കോബിനെയാണ്‌ അയാൾ ആദ്യം കണ്ടത്‌. അയാളോട്‌ രാജസേവകൻ കയർത്തുസംസാരിക്കവേ, ഏസാവ്‌ അടുത്തേയ്ക്ക്‌ ചെന്നു. ഏസാവിനെ കണ്ടതോടെ രാജസേവകന്റെ ഭാവം മാറി. വിനീതവിധേയനെപ്പോലെ അയാൾ ഇസഹാക്കിനെപ്പറ്റി അന്വേഷിച്ചു. അപ്പോഴേയ്ക്കും ഇസഹാക്ക്‌ കൂടാരവാതിക്കലെത്തി.

   "നിങ്ങളെ അബിമലേക്ക്‌ കാണാൻ ആഗ്രഹിക്കുന്നു. ഉടനടി മുഖം കാണിക്കണം."
    രാജസേവകന്റെ സ്വരത്തിലെ നീരസം എന്തോ കുഴപ്പമുണ്ടെന്നതിന്റെ സൊ‍ാചനയാണെന്ന്‌ ഇസഹാക്കിന്‌ തോന്നി. എന്നാൽ കാരണമൊന്നും കാണുന്നുമില്ല. കൊട്ടാരത്തിലേക്കുള്ള ചുങ്കം കൊടുക്കാറായിട്ടില്ല. മെതിക്കളത്തിൽ ധാന്യം തയ്യാറാകുന്നതേയുള്ളു. ഫിലിസ്ത്യരാജ്യത്തെ ഒരു നിയമവും തെറ്റിച്ചിട്ടില്ല. മറ്റെന്തെങ്കിലും അവിവേകം... ആരിൽനിന്നെങ്കിലും... 

   ഇസഹാക്ക്‌ കൊട്ടാരത്തിലെത്തി അബിമലേക്കിനെ മുഖം കാണിച്ചു. 
   "ഹേയ്‌... പരദേശി. നിങ്ങൾ ഒരു നുണയനാണ്‌, ചതിയനും..."
   ആ സംബോധനയും തുറന്നടിച്ചുള്ള പ്രഖ്യാപനവും കേട്ട്‌ ഇസഹാക്ക്‌ അമ്പരന്നു. എന്താണതിന്റെ അർഥമെന്ന്‌ ചിന്തിക്കവേ, അബിമലേക്കിന്റെ സ്വരമുയർന്നു- 

   "ബേർലഹായ്‌റോയിലെ ആളുകൾ ഭാര്യയെ സഹോദരിയെന്നാണോ പറയാറ്‌. അല്ലെങ്കിൽ സഹോദരിയെ ഭാര്യയാക്കാറുണ്ടോ?"
    അപ്പോൾ അതാണ്‌ കാര്യം. റെബേക്കാ തന്റെ ഭാര്യയാണെന്ന സത്യം എങ്ങനെയോ രാജാവ്‌ അറിഞ്ഞിരിക്കുന്നു! ഇസഹാക്ക്‌ മറുപടി പറയാതെ മുഖം കുനിച്ച്‌ നിന്നതേയുള്ളു. മറച്ചുവച്ച സത്യം കണ്ടു പിടിക്കപ്പെട്ടതിന്റെ ജാള്യത മുഴുവൻ ആ മുഖത്ത്‌ പ്രതിഫലിച്ചു.  

   "റെബേക്കാ നിന്റെ ഭാര്യയാണെന്ന കാര്യം എന്തിന്‌ മറച്ചുവെച്ചു?"
   "പ്രഭോ... അത്‌... റെബേക്കാ സുന്ദരിയായതിനാൽ ഇന്നാട്ടുകാർ പരദേശിയായ എന്നെ കൊന്ന്‌ അവളെ സ്വന്തമാക്കുമെന്ന്‌ ഞാൻ ഭയപ്പെട്ടു." 

   "നിങ്ങളെന്ത്‌ അവിവേകമാണ്‌ ഹേ കാണിച്ചതു? റെബേക്കയുടെ സൗന്ദര്യത്തെപ്പറ്റി ഫിലിസ്ത്യദേശം മുഴുവൻ അറിഞ്ഞുകഴിഞ്ഞു. ഫിലിസ്ത്യയുവാക്കളിൽ പലരും അവളെ ഭാര്യയാക്കാൻ അവസരം നോക്കി നടക്കുകയാണ്‌. ഞാനും അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. അതാണ്‌ എന്നെ നിന്റെ കൂടാരത്തിലേക്ക്‌ നയിച്ചതു. എന്നാൽ കൂടാരജാലകത്തിലൂടെ ഞാൻ കണ്ടത്‌...ച്ഛേ..." അബിമലേക്കിന്റെ മുഖത്ത്‌ അപ്പോൾ കോപത്തിനുപകരം നേരിയ ലജ്ജയാണ്‌ കാണപ്പെട്ടത്‌. ഇസഹാക്ക്‌ ഉള്ളിലുയർന്ന ചിരിയടക്കാൻ പാടുപെട്ടു. രാജാവിന്റെപൂതി ഇതാണെങ്കിൽ പ്രജകളുടേത്‌ എന്തായിരിക്കുമെന്ന്‌ ചിന്തിക്കുകയും ചെയ്തു.

  "നിങ്ങളുടെ സഹോദരിയെന്നുകരുതി അവളോടൊപ്പം ആരെങ്കിലും ശയിച്ചിരുന്നെങ്കിൽ എത്ര വലിയ അപരാധം ഫിലിസ്ത്യജനത്തിനുണ്ടാകുമായിരുന്നു..."
   ഫിലിസ്ത്യദേശാധിപതിയുടെ സദാചാരബോധത്തിൽ ഇസഹാക്കിന്‌ മതിപ്പുതോന്നി. അന്യന്റെ ഭാര്യയെ കാമാവേശത്തോടെ നോക്കുന്നതുപോലും പാപമാണെന്ന്‌ ഇവർ കരുതുന്നു! 

   "ഇനി നിങ്ങൾക്ക്‌ ഭയമില്ലാതെ കഴിയാം. ഫിലിസ്ത്യദേശത്തെ ഒരാളും നിങ്ങളുടെ ഭാര്യയെ തെറ്റാ യചിന്തയോടെ നോക്കില്ല." 
    ഇസഹാക്കിന്റെ സാന്നിധ്യത്തിൽതന്നെ പ്രജകളെ അക്കാര്യം ചെണ്ട കൊട്ടി അറിയിക്കാൻ അബിമലേക്ക്‌ ഉത്തരവുനൽകി. 

   ഇസഹാക്കിന്റെ വിളകൾക്കെല്ലാം അക്കൊല്ലം കിട്ടിയത്‌ പ്രതീക്ഷകൾക്കുപരിയായ വിളവായിരുന്നു. ഓരോ വിളവെടുപ്പുകഴിയുംതോറും വയലുകളുടെ വിസ്തൃതി കൂടിവന്നു. കന്നുകാലികൾ പെറ്റുപെരുകി. അടിമകളുടെ എണ്ണം ഇരട്ടിയിലധികമായി. വർഷങ്ങൾക്കുള്ളിൽ ഇസഹാക്ക്‌ ഫിലിസ്ത്യരെ വെല്ലുന്ന വലിയ സമ്പത്തിന്റെ ഉടമയായി. 

   അതോടെ ഇസഹാക്ക്‌ ഫിലിസ്ത്യരുടെ കണ്ണിലെ കരടായി. അയാളുടെ വയലുകളിൽ വിളയുന്ന ധാന്യത്തിന്റെ പകുതിപോലും ഗരാറുകാർക്ക്‌ കിട്ടിയില്ല. ഇസഹാക്ക്‌ തൊടുന്നതെല്ലാം പൊന്നായപ്പോൾ തദ്ദേശിയരുടെ അസൂയ വർധിച്ചു. പരദേശിയായ ഇയാൾക്ക്‌ അടിക്കടി ഉയർച്ചയുണ്ടാകുന്നത്‌ ഏതോ ദുഷ്ടദേവന്മാരെ പ്രസാദിപ്പിക്കുന്നതുകൊണ്ടാണെന്ന്‌ അവർ പറഞ്ഞുപരത്തി. റെബേക്കയുടെ കാര്യത്തിൽ നിരാശരായ യുവാക്കളായിരുന്നു ഈ കുപ്രചാരണത്തിന്റെ പിന്നിൽ. എങ്ങിനെയും ഇസഹാക്കിന്റെ സമ്പത്ത്‌ തട്ടിയെടുത്ത്‌ അയാളെ നാടുകടത്തുകയായിരുന്നു അവരുടെ ലക്ഷ്യം.

    അബ്രാഹത്തിന്റെ കാലത്ത്‌ ഭൃത്യന്മാർകുഴിച്ച അനേകം കിണറുകൾ ആ പ്രദേശത്തുണ്ടായിരുന്നു. കൂടാരങ്ങളിൽനിന്ന്‌ കൂടാരങ്ങളിലേക്കുള്ള യാത്രകൾക്കിടെ കിണറുകൾ കുഴിക്കുകയും മറ്റൊരു ദേശത്തേക്ക്‌ പുറപ്പെടുമ്പോൾ ജലസമൃദ്ധമായ കിണറുകൾ അതാത്‌ നാട്ടുകാർക്കായി നൽകുകയുമായിരുന്നു അദ്ദേഹത്തിന്റെ പതിവ്‌. ആ കിണറുകളിൽനിന്നാണ്‌ ഇസഹാക്കിന്‌ ആവശ്യമായ ജലം കിട്ടിക്കൊണ്ടിരുന്നത്‌. ഇസഹാക്കിനോട്‌ അസൂയയും പ്രതികാരവുംമൂത്ത്‌ ഫിലിസ്ത്യർ ഗോ‍ൂഢാലോചന നടത്തി അതിൽ പലതും അർധരാത്രയിൽ മൂടിക്കളഞ്ഞു. 

   ഒരുനാൾ നായാട്ടുകഴിഞ്ഞുള്ള മടക്കയാത്രയിലാണ്‌ ഏസാവ്‌ അത്‌ കാണുന്നത്‌. അയാൾക്ക്‌ കോപംഅടക്കാനായില്ല അയാൾ ഒരു ഫിലിസ്ത്യയുവാവിന്റെ കഴുത്തൊടിച്ചു. ഭയവിഹ്വലരായ മറ്റ്‌ ഫിലിസ്ത്യയുവാക്കൾ ഓടി രക്ഷപ്പെട്ടു.
    ഫിലിസ്ത്യർ അബിമലേക്കിന്റെ അടുക്കൽ പരാതിയുമായി എത്തി. രാജാവിനുമുമ്പിൽ അവർ ഇസഹാക്കിനെതിരെ തയ്യാറാക്കികൊണ്ടുവന്നകുറ്റപത്രം സമർപ്പിച്ചു. പരദേശത്തുനിന്ന്‌ തങ്ങളുടെ രാജ്യത്ത്‌ വന്ന്‌ വസിക്കുന്ന ഒരാളുടെ പുത്രൻ കാരണമേതുമില്ലാതെ ഒരു ഫിലിസ്ത്യയുവാവിന്റെ കഴുത്തൊടിച്ചെന്നും ഫിലിസ്ത്യജനതയെ ദുർമന്ത്രവാദത്തിലൂടെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രവാദശക്തിയാലാണ്‌ വളരെ കുറഞ്ഞസമയംകൊണ്ട്‌ ഇത്രയധികം സമ്പത്ത്‌ അയാൾക്ക്‌ ഉണ്ടായതെന്നും അവർ ബോധിപ്പിച്ചു. ഭാര്യയെ സഹോദരിയാണെന്ന്‌ പറഞ്ഞ്‌ രാജാവിനെപ്പോലും വഞ്ചിച്ചവനാണ്‌ ഇയാൾ. അവരുടെ പരാതി അങ്ങനെനീണ്ടു.

    നിശ്ചയിച്ചിട്ടുള്ള ചുങ്കം യാതൊരു മടിയുമില്ലാതെ അയാൾ അടയ്ക്കുന്നുണ്ടെന്നും അതുകൊണ്ട്‌ ഖജനാവ്‌ നിറഞ്ഞിട്ടുണ്ടെന്നുമുള്ള വസ്തുത രാജാവിന്‌ അറിയാമായിരുന്നു. മടിയന്മാരായ ഫിലിസ്ത്യർക്ക്‌ വർഷങ്ങൾകൊണ്ട്‌ അടയ്ക്കാനാവാത്ത തുകയാണ്‌ ഇയാൾ വർഷത്തിൽ രണ്ടുപ്രാവശ്യം അടയ്ക്കുന്നത്‌. എങ്കിലും പ്രജകളുടെ അസംതൃപ്തി അബിമലേക്ക്‌ ആഗ്രഹിച്ചില്ല. പരാതി സ്വീകരിച്ച്‌ അവർക്ക്‌ നീതി നടപ്പാക്കി കൊടുക്കുമെന്ന്‌ രാജാവ്‌ അറിയിച്ചു.

   വീണ്ടും ഇസഹാക്ക്‌ രാജസന്നിധിയിലെത്തി. അന്നാട്ടിൽ ലഭ്യമായതിൽവെച്ച്‌ ഏറ്റവും മികച്ച പഴങ്ങൾ അയാൾ അബിമലേക്കിന്‌ സമ്മാനിച്ചു.
   "നിങ്ങൾക്കെതിരെ ഫിലിസ്ത്യർ തിരിഞ്ഞിരിക്കുന്നു പരദേശി..."
   'എനിക്കെതിരെ അബ്രാഹത്തിന്റെ ദൈവം തിരിഞ്ഞിട്ടില്ലല്ലോ'യെന്ന്‌ ഉള്ളിൽ പറഞ്ഞ്‌ ഇസഹാക്ക്‌ ചിരിച്ചു. അത്‌ അബിമലേക്കിന്‌ ഇഷ്ടപ്പെട്ടില്ല. 

   "പരദേശിയായ നിങ്ങൾക്ക്‌ വസിക്കാനും കൃഷി ചെയ്യുവാനുമാണ്‌ നാം ഭൂമി അനുവദിച്ചതു. അല്ലാ ദി ഇവിടെവസിച്ച്‌ ഫിലിസ്ത്യരെ ദ്രോഹിക്കാനല്ല." 
    ഇസഹാക്ക്‌ മിണ്ടിയില്ല.
   "നിങ്ങളുടെ മകൻ ഒരു ഫിലിസ്ത്യയുവാവിന്റെ കഴുത്തൊടിച്ചില്ലേ?" 

   "എന്റെ പിതാവായ അബ്രാഹം കുഴിച്ച കിണറുകളിൽനിന്നാണ്‌ അങ്ങയുടെ പ്രജകൾ ഇക്കാലമത്ര 
യും വെള്ളം കുടിച്ചിരുന്നത്‌. എന്നോടുള്ള അസൂയമൂത്ത്‌ ആ കിണറുകൾ രാത്രിയിൽ മൂടുന്നത്‌ എന്റെ മകൻ കണ്ടു. അങ്ങാണ്‌ അത്‌ കണ്ടതെങ്കിൽ എന്തുചെയ്യുമായിരുന്നു?" 

   അബിമലേക്കിന്‌ ഉത്തരമുണ്ടായില്ല. ചെറിയൊരു ആലോചനക്കുശേഷം അയാൾ ചോദിച്ചു-
  "കുറഞ്ഞൊരു കാലംകൊണ്ട്‌ ഫിലിസ്ത്യർക്ക്‌ ഉണ്ടാക്കാനാവാത്ത നേട്ടം നിങ്ങൾക്ക്‌ ഈ ഭൂമിയിൽനിന്ന്‌ എങ്ങനെയുണ്ടായി?"
  "പ്രഭോ, ഞാനും കൂട്ടരും പരിശ്രമം വിതയ്ക്കുന്നു. അങ്ങയുടെ ജനത അസൂയയും. പരിശ്രമം നൂറുമേനിയായി വിളയും. അസൂയ വിതയ്ക്കുമ്പോൾതന്നെ ഉണങ്ങിപ്പോകും."

   ഇസഹാക്കിന്റെ മറുപടി കേട്ട്‌ അബിമലേക്ക്‌ മിഴിച്ചിരുന്നു. 
  "എന്റെ ഭാര്യ റെബേക്കയെ സംബന്ധിച്ചുള്ള കാര്യം അങ്ങേയ്ക്ക്‌ അറിവുള്ളതാണല്ലോ. അവളെ മോഹിച്ചിരുന്ന ചിലർ പ്രതികാരദാഹത്തോടെ എന്റെ പിന്നാലെയുണ്ട്‌. അവരാണ്‌ അസൂയമൂലം പരാതിയുമായി എത്തിയിട്ടുള്ളത്‌."

     ഇസഹാക്ക്‌ തുടർന്നു-    
    "അങ്ങ്‌ അനുവദിച്ചുതന്ന ഭൂമിയിലാണ്‌ ഞാൻ കൃഷിയിറക്കിയത്‌. ഞാനും എന്റെ ഭൃത്യന്മാരും അത്യദ്ധ്വാനം ചെയ്കമൂലം സമ്പത്ത്‌ വർധിച്ചു. ഞാൻ കൃത്യമായി ചുങ്കം തരുന്നതുകൊണ്ട്‌ അങ്ങയുടെ ഖജനാവ്‌ നിറഞ്ഞു. എന്റെ കർത്താവ്‌ കൂടെയുള്ളതിനാൽ ഒന്നിലുമെനിക്ക്‌ പരാജയം ഉണ്ടാവുകയില്ല."

   "പരദേശിയായ നിന്റെ ദൈവം അത്ര കേമനോ? എന്താണ്‌ നിന്റെ ദൈവത്തിന്റെ പേര്‌?" 
   "എന്റെ പിതാവായ അബ്രാഹത്തെ വിളിക്കുകയും നയിക്കുകയും ചെയ്ത ദൈവത്തിന്റെ പേര്‌ യഹോവയെന്നാണ്‌. അവിടുന്നാണ്‌ എന്നെ ഗരാറിലേക്ക്‌ നയിച്ചതു."

   "ദുഷ്ടദേവന്മാരെ പ്രസാദിപ്പിക്കാൻ നിങ്ങൾ ദുർമന്ത്രവാദം നടത്താറുണ്ടെന്ന്‌ ഫിലിസ്ത്യർ പറയു ന്നുണ്ടല്ലോ."
   "എനിക്ക്‌ പ്രസാദിപ്പിക്കാൻ എന്റെ ദൈവമായ കർത്താവ്‌ മാത്രമേയുള്ളു. മറ്റൊരു ദേവനെയും ഞാൻ ആരാധിക്കില്ല, പ്രസാദിപ്പിക്കില്ല."

   "നിന്റെ ദൈവം അത്ര ശക്തനോ?"
   "അതേ. അവിടുന്നാണ്‌ ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്‌. അവിടുന്ന്‌ ദുഷ്ടർക്കും ശിഷ്ടർക്കും ഒന്നുപോലെ മഞ്ഞും മഴയും വർഷിക്കുന്നു. എന്റെ കൃഷിഭൂമിയിൽ മഴ പെയ്യുമ്പോഴൊക്കെ ഫിലിസ്ത്യരുടെ ഭൂമിയിലും പെയ്യാറുണ്ടല്ലോ."

   "നിന്റെ സമ്പത്ത്‌ വർധിച്ചതു ഈ പറയുന്ന ദൈവത്തിന്റെ ശക്തിയാലാണെന്നോ? എന്താണ്‌ അതിനുള്ള തെളിവ്‌? നീ പറഞ്ഞാൽ നിന്റെ ദൈവം ഒരടയാളം കാണിക്കുമോ?" 
   അതൊരു വെല്ലുവിളിയായിരുന്നു. ഇസഹാക്ക്‌ ഒരുനിമിഷം മൂകനായി. 

   "ഒരടയാളം തരാൻ നിന്റെ ദൈവത്തിന്‌ സാധിച്ചാൽ നിനക്ക്‌ നിന്റെ മുഴുവൻ സമ്പത്തുമായി മടങ്ങാം. ഇല്ലെങ്കിൽ സമ്പത്തുമുഴുവൻ രാജഭണ്ഡാരത്തിലേക്ക്‌ കണ്ടുകെട്ടും." 
    അബിമലേക്കിന്റെ അന്തിമ തീർപ്പ്‌. 
    കഷ്ടപ്പെട്ട്‌ നേടിയതൊക്കെയും തട്ടിയെടുക്കാനുള്ള സൂത്രമാണത്‌. ഇതൊരു കെണിതന്നെ! 
    പെട്ടെന്ന്‌ ഇസഹാക്ക്‌ അബ്രാഹത്തിന്റെ ദൈവത്തെ നിനച്ചു. വാഗ്ദാനം ചെയ്തവൻ വിശ്വസ്തനാണെന്നും പരീക്ഷണഘട്ടങ്ങളിൽ കൈവിടില്ലെന്നും അയാളെ ആരോ ഓർമിപ്പിക്കുംപോലെ! പറയേണ്ട വാക്കുകളും നാവിൻതുമ്പിലെത്തി.

  "പ്രഭോ, അങ്ങിപ്പോൾ ഇരിക്കുന്നത്‌ പൂർവദിക്കിനെ നോക്കിയാണല്ലോ." 
  അതേയെന്ന്‌ അബിമലേക്ക്‌ സമ്മതിച്ചു. 
  "കണ്ണടച്ചു തുറക്കുമ്പോഴേയ്ക്കും അങ്ങ്‌ പശ്ചിമദിക്കിന്‌ അഭിമുഖമായി ഇരിക്കും."

  "അസംബന്ധം. നീ മാജിക്കുകാരനാണോ?"
  "അല്ല. അടിയനൊരു ദൈവദാസനാണ്‌."
  "എങ്കിൽ കാണട്ടെ, നിന്റെ ദൈവത്തിന്റെ ശക്തി..."
  "അങ്ങ്‌ കണ്ണടച്ചുകൊള്ളു. അല്ലെങ്കിൽ തലകറങ്ങി പീഠത്തിൽനിന്ന്‌ താഴെ വീഴും."

   അബിമലേക്ക്‌ കണ്ണുകൾ അടച്ചു. പെട്ടെന്ന്‌ അയാൾ ഇരുന്ന ഭാഗം ശക്തമായി കുലുങ്ങി. അബിമലേക്ക്‌ ഭയന്ന്‌ കണ്ണുകൾ തുറക്കുമ്പോൾ പശ്ചിമദിക്കിന്‌ അഭിമുഖമായി ഇരിക്കുന്നു!! അയാൾ അമ്പരപ്പോടെ ചാടിയെഴുന്നേറ്റു. ഇസഹാക്കിനെ ഭയപാരവശ്യത്തോടെ നോക്കി. ഏതോ അമാനുഷികശക്തിക്ക്‌ ഉടമയാണ്‌ അയാളെന്ന്‌ വിശ്വസിക്കുകയും ചെയ്തു. ഇസഹാക്ക്‌ കണ്ണുകൾപൂട്ടി സർവശക്തനായ ദൈവത്തിന്‌ നന്ദിപറഞ്ഞു. പിന്നീടയാൾ കുനിഞ്ഞ്‌ മണ്ണിൽ ചുംബിച്ചു.

   "നീയെന്താണ്‌ ഈ കാണിക്കുന്ന്‌? വെറും മണ്ണിനെ ചുംബിക്കുകയോ?" 
   "ഇത്‌ വെറും മണ്ണല്ല. എന്റെ ദൈവത്തിന്റെ ശക്തി പ്രസരിച്ച മണ്ണാണ്‌."
   അബിമലേക്കിന്‌ പിന്നെയൊന്നും പറയാനില്ലായിരുന്നു. ഇസഹാക്കിന്റെ ദൈവം ശക്തനാണെന്നും അയാളുടെ വിളിപ്പുറത്ത്‌ ഉണ്ടാകുമെന്നും തോന്നുന്നു. ഇയാളിൽനിന്ന്‌ അകലം പാലിക്കുന്നതാണ്‌ 

നല്ലത്‌. അതിന്‌ അയാൾ ഒരു ഉപായം കണ്ടെത്തി.
   "ഇസഹാക്ക്‌, ഫിലിസ്ത്യർ നിങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നതിനാൽ ഇവിടം വിട്ടുപോകണം. 
ഗരാറിന്റെ താഴ്‌വാരത്തിലേക്ക്‌ നിങ്ങൾക്കുള്ള മുഴുവൻ സമ്പത്തും ശേഖരിച്ച്‌ പൊയ്ക്കൊള്ളുക. നിങ്ങളെ ദ്രോഹിക്കാൻ ആരും അവിടേക്ക്‌ വരില്ല."

    ആ നിർദേശം നല്ലതാണെന്ന്‌ ഇസഹാക്കിനുതോന്നി. ഗരാറിന്റെ താഴ്‌വാരം ഫലപുഷ്ടിയുള്ള മണ്ണാണ്‌. മാത്രമല്ല, ഫിലിസ്ത്യരുടെ അസൂയയിൽനിന്ന്‌ രക്ഷപ്പെടുകയും ചെയ്യാം.
   വൈകാതെ ഗരാറിന്റെ താഴ്‌വാരത്തിൽ ഇസഹാക്ക്‌ വാസമുറപ്പിച്ചു.

    അബ്രാഹം കുഴിപ്പിച്ചതും അവന്റെ മരണശേഷം ഫിലിസ്ത്യർ മൂടിക്കളഞ്ഞതുമായ അനേകം കിണറുകൾ അവിടെ ഉണ്ടായിരുന്നു. ഇസാഹാക്കിന്റെ ഭൃത്യന്മാർ അതെല്ലാം തെളിച്ചെടുത്തു. ഉണങ്ങിവരണ്ട താഴ്‌വാരഭൂമിയെ ഉർവരയാക്കാൻ അതിലെ ജലം ധാരാളമായിരുന്നു. അനേകം പുതിയ കിണറുകളും അവർ കുഴിച്ചു.
തുടരും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...