Showing posts with label p ravikumar. Show all posts
Showing posts with label p ravikumar. Show all posts

24 May 2013

പി രവികുമാറിന്റെ പുസ്തകങ്ങൾ

പി രവികുമാറിന്റെ നചികേതസ്സ് സമീപകാലത്ത് സ്രദ്ധിക്കപ്പെട്ട ഒരു രചനയാണ്.
പുരാണത്തെയും വേദാന്തത്തെയും ചേർത്തുവച്ച് ജീവിതത്തെപ്പറ്റി അഗാധമായൊരാലോചനയ്ക്ക് ഈ കൃതി അവസരമൊരുക്കുന്നു.
ഇതിന്റെ ഹിന്ദി പരിഭാഷ പുറത്തു വന്നു കഴിഞ്ഞു.ഉടനെതന്നെ  പോളിഷ് ഭാഷയിലേക്കും നചികേതസ്സ് എത്തും.






22 Dec 2012

രാഗസ്മൃതി




പി.രവികുമാർ
എപ്പടി പാടിനാരോ

ഡി.കെ.പട്ടമ്മാളുടെ നിര്യാണത്തോടെ കർണാടക സംഗീതത്തിലെ ഗായികാത്രയമായ എം.എസ്‌.സുബലക്ഷ്മി, ഡി.കെ.പട്ടമ്മാൾ, എം.എൽ.വസന്തകുമാരി എന്നിവർ നിറഞ്ഞുനിന്ന വിശുദ്ധമായ ഒരു കാലം അസ്തമിച്ചു. മണികൃഷ്ണസ്വാമി മുതൽ അരുണാസായീറാംവരെയുള്ള നിരവധി ഗായികമാർ പിന്നീട്‌ വന്നുവേങ്കിലും അവരിൽ ആർക്കും തന്നെ ഗായികാത്രയത്തിന്റെ ഉയരങ്ങളിലേക്കെത്താൻ കഴിഞ്ഞില്ല. പുതിയ തലമുറയിലെ ഗായികമാരിൽ ആരും തന്നെ വലിയ പ്രതീക്ഷ ഉണർത്തുന്നുമില്ല.
    കർണാടക സംഗീതത്തിൽ വ്യത്യസ്തമായ മൂന്നു ശൈലികൾക്ക്‌ രൂപം നൽകിയവരാണ്‌ സുബലക്ഷ്മിയും വസന്തകുമാരിയും പട്ടമ്മാളും. സുബലക്ഷ്മിയുടെ സംഗീതം ഭക്തിയിൽ അധിഷ്ഠിതമാണ്‌. വസന്തകുമാരിയുടെ സംഗീതം ബുദ്ധിപരമാണ്‌. പട്ടമ്മാളുടെ സംഗീതം ആചാരനിബദ്ധമാണ്‌.
    പ്രതിഭാശാലികളെന്ന്‌ വാഴ്ത്തപ്പെടാറുള്ള പലരുടെയും സംഗീതം ആചാരങ്ങളുടെ യാന്ത്രികതയിൽ സംഗീതം ആചാരങ്ങളുടെ യാന്ത്രികതയിൽ അമർന്ന്‌ ചൈതന്യരഹിതമായിത്തീരുകയാണ്‌ പതിവ്‌. സംഗീത ശാസ്ത്രത്തിന്റെ നിയതമായ അതിരുകൾ കടന്നുപോകുവാനുള്ള ഉൾക്കരുത്തോ, സമഗ്രമായ ജീവിതാവബോധമോ ഇല്ലാത്തതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഇവിടെയാണ്‌ പട്ടമ്മാൾ ഇത്തരം ഗായകരിൽ നിന്ന്‌ വ്യത്യസ്തയായി നിൽക്കുന്നത്‌. കർണാടക സംഗീതത്തിന്റെ കർക്കശമായ നിയമങ്ങൾ അതേപടി അനുസരിച്ചുകൊണ്ട്‌ തന്നെ, മനോധർമ്മത്തിന്റെ അനന്തസാധ്യതകളിലേക്കും ആത്മാനുഭൂതിയുടെ അതീതത്തലങ്ങളിലേക്കും പ്രവഹിക്കുന്നതാണ്‌ പട്ടമ്മാളിന്റെ സംഗീതം.
    പട്ടമ്മാൾ പാരമ്പര്യത്തിൽ നിന്ന്‌ അണുവിടപോലും വ്യതിചലച്ചില്ല; എന്നാൽ പാരമ്പര്യത്തിന്റെ ജീർണതകളെ ചോദ്യം ചെയ്യുന്നതിൽ തെല്ലും അലംഭാവം കാട്ടിയതുമില്ല.


    സുബലക്ഷ്മി ത്യാഗരാജകൃതികളിലും വസന്തകുമാരി പുരന്ദരദാസകൃതികളിലും ടി.ബൃന്ദ ശ്യാമശാസ്ത്രിയുടെ കൃതികളിലുമെന്ന പോലെ, പട്ടമ്മാൾ ദീക്ഷിതർ കൃതികളിൽ ആലാപനത്തിന്റെ അനന്തസാധ്യതകൾ കണ്ടെത്തുകയായിരുന്നു. ദീക്ഷിതർ കൃതികളുടെ ഉൾക്കരുത്ത്‌ പൂർണ്ണമായും പുറത്തുകൊണ്ടുവരാനുള്ള സൂക്ഷ്മമായ കാലപ്രമാണം പട്ടമ്മാൾ അനുസ്യൂതമായ സാധനയിലൂടെ സ്വായത്തമാക്കി. ദീക്ഷിതരുടെ 'രംഗപുരവിഹാര' സാരംഗയുടെ അപൂർവ ലാവണ്യം നാം അനുഭവിക്കുന്നു. കർണാടക സംഗീതത്തിന്റെ ചരിത്രത്തിൽ ഈ കൃതി അതിന്റെ സമസ്ത ഭാവഗാംഭീര്യത്തോടെയും പട്ടമ്മാളെപ്പോലെ മറ്റാർക്കും പാടാൻ കഴിഞ്ഞിട്ടില്ല.

    ദീക്ഷിതരുടെ 'ശ്രീസത്യനാരായണം' എന്ന ശുഭപന്തുവരാളി രാഗകൃതി പട്ടമ്മാൾ പാടുന്നതു കേൾക്കുക. ഈ കൃതിയിൽ പട്ടമ്മാൾ രാഗഭാവത്തിന്റെ മുഴുവൻ സാധ്യതകളും കണ്ടെത്തുന്നു. പിന്നെ, ഭക്തിയുടെ പരകോടിയിലെത്തുന്നു. ഒടുവിൽ, രാഗഭാവവും ഭക്തിയും കടന്ന്‌ നിർവേദത്തിലെത്തുന്നു. ത്യാഗരാജസ്വാമിയുടെ 'മുന്നു രാവണ' (തോഡി), ദീക്ഷിതരുടെ 'മാനസ ഗുരുഗുഹ' (ആനന്ദഭൈരവി), അരുണാചല കവിരായരുടെ 'യാരോ ഇവർ യാരോ' (ഭൈരവി), പാപനാശം ശിവന്റെ 'ശിവകാമസുന്ദരി' (മുഖാരി), ദേശിക വിനായകം പിള്ളെയുടെ 'വേലൻ വരുവാരെടി' (രാഗമാലിക), ശുദ്ധാനന്ദ ഭാരതിയുടെ 'തൂക്കിയ തിരുവടി' (ശങ്കരാഭരണം) തുടങ്ങി പട്ടമ്മാൾ പാടിയ എല്ലാകൃതികളും നമ്മുടെ സംഗീത സംസ്കാരത്തിന്റെ തീവ്രാനുഭവങ്ങളാണ്‌.
    പട്ടമ്മാൾ പാടിയ എല്ലാ കൃതികളും ശുദ്ധസംഗീതത്തിന്റെ നിദർശനങ്ങളായി വിളങ്ങുന്നു. എന്നാൽ എന്നെ ഏറെ ആകർഷിച്ച അവരുടെ ആലാപനം ഇതൊന്നുമല്ല. ശുദ്ധാനന്ദ ഭാരതിയുടെ 'എപ്പടി പാടിനാരോ' എന്ന കർണാടക ദേവഗാന്ധാരി കൃതിയാണ്‌ ഞാൻ എണ്ണമറ്റ തവണ കേട്ടാനന്ദിച്ചിട്ടുള്ളത്‌. ഇപ്പോഴും അതു കേൾക്കുന്നു. ഓരോ തവണ കേൾക്കുമ്പോഴും അതിന്റെ തീവ്രത കൂടിക്കൂടിവരുന്നു.

ഡി.കെ.പട്ടമ്മാൾ

    ഹ്രസ്വമായ രാഗാലാപനത്തോടെയാണ്‌ പട്ടമ്മാൾ 'എപ്പടി പാടിനാരോ' ആരംഭിക്കുന്നത്‌. രാഗാലാപനത്തിന്റെ ആദ്യ സ്പർശത്തിൽതന്നെ രാഗസ്വരൂപം സുവ്യക്തമായി വെളിപ്പെടുന്നു. അക്ലിഷ്ടവും അകൃത്രിമവുമാണ്‌ പട്ടമ്മാളിന്റെ ശൈലി. അപ്പരും സുന്ദരരും മാണിക്യവാചകരും ഗുരുമണി ശങ്കരരും തായുമാനവരും അരുണഗിരിനാഥരും അരുൾജ്യോതി വള്ളലും പട്ടമ്മാളുടെ സ്വരവിശുദ്ധിയിലൂടെ തെളിഞ്ഞുയരുന്നു. കരുണൈക്കടൽ പെരുകുന്നു. കാതലിനാൽ ഉരുകുന്നു. ഗുരുസ്മൃതിയുടെ സമൃദ്ധിയിൽ ഘനശാന്തി നിറയുന്നു. കാലാതീതരായ ഈ മഹാജ്ഞാനികളുടെ നാമശ്രവണമാത്രയിൽ തന്നെ നാം സനാഥരായിത്തീരുന്നു; അവർ നമുക്ക്‌ അഭയമായിത്തീരുന്നു.

19 Aug 2012

രാഗസ്മൃതി ഭവഭയം മറയുന്നു


പി.രവികുമാർ

        ഒരു വിശേഷണ പദത്തിനും പൂർണ്ണമായി വെളിപ്പെടുത്താനാവാത്ത മഹാപ്രതിഭയാണ്‌
ടി.ആർ.മഹാലിംഗം എന്ന സംഗീതജ്ഞൻ.
        പല്ലടം സഞ്ജീവറാവുവിനെപ്പോലുള്ള ഒരു വലിയ കലാകാരനുപോലും
ഉൾക്കൊള്ളാനാവാത്ത വിധം മൗലികവും മാന്ത്രികവും ഉന്മാദപൂർണ്ണവും
ദിവ്യവുമാണ്‌ മഹാലിംഗത്തിന്റെ ഓടക്കുഴൽ വാദനം. ബാലനായ മഹാലിംഗം
ഓടക്കുഴലിൽ 'വിരിബോണി' എന്ന ഭൈരവി അടതാളവർണം വായിച്ചു കേൾപ്പിച്ചപ്പോൾ,
പല്ലടം സഞ്ജീവറാവു തികഞ്ഞ അവഗണനയോടെ ഇടയ്ക്കുവച്ച്‌ എഴുന്നേറ്റു പോവുകയും
മഹാലിഗം വായിച്ചതു ഒരിക്കലും ഓടക്കുഴലല്ലെന്നു പറയുകയും ചെയ്തു. ഇന്നിതാ
പല്ലടം സഞ്ജീവറാവുവിനെ ഓർക്കാൻ മഹാലിംഗം ഓടക്കുഴൽ
വായിക്കേണ്ടിയിരിക്കുന്നു. മഹാലിംഗത്തിന്റെ ഓടക്കുഴൽ വെറുമൊരു മുളന്തണ്ടു
മാത്രമല്ലെന്നും അഹം ചോർന്നു പോയ അതിന്റെ നവദ്വാരങ്ങളിലൂടെ സമസ്ത
ജീവപ്രകൃതിയുടെയും ആത്മരാഗം അനന്തമായി പ്രവഹിക്കുന്നു എന്നും നാം
അറിയുന്നു.
ടി.ആർ.മഹാലിംഗം

        മഹാലിംഗത്തിനു മുൻപോ പിൻപോ അദ്ദേഹത്തെപ്പോലെ ഒരു ഓടക്കുഴൽ വാദകൻ
അവതരിച്ചിട്ടില്ല. 1937 ൽ, അതായത്‌ മഹാലിംഗത്തിനു 10 വയസ്സുള്ളപ്പോൾ,
മഹാലിംഗത്തിന്റെ ഓടക്കുഴൽ വാദനം കേട്ട അനശ്വര സംഗീത പ്രതിഭയായ മൈസൂർ
വാസുദേവാചാർ പറഞ്ഞു: "നാമെല്ലാം താളത്തെ തേടിപ്പോകുന്നു. എന്നാൽ
മഹാലിംഗമാകട്ടെ ഭഗവാൻ ശ്രീകൃഷ്ണനെപ്പോലെയാണ്‌. താളം മഹാലിംഗത്തെ
തേടിപ്പോകുന്നു. "
        മാധ്യമത്തിന്റെ മേൽ നേടിയ അദ്ഭുതകരമായ നിയന്ത്രണം, നൈസർഗ്ഗികമായ
ശ്രുതിശുദ്ധി, അസാധാരണമായ താളബോധം, സങ്കീർണവും സൂക്ഷ്മവുമായ
ഗണിതത്തിലുള്ള ആഴമാർന്ന അറിവ്‌, ദാർശനികമായ ഉൾക്കാഴ്ച ഇതെല്ലാം ഒത്തു
ചേർന്നതാണ്‌ മഹാലിംഗത്തിന്റെ സംഗീതം. അതിന്റെ അന്തർദ്ധാര അനന്തമായ
സൃഷ്ടിപരത (creativity)യാണ്‌.
        കർണാടക സംഗീതത്തിലെ ആധുനികകാല സംഗീതജ്ഞരിൽ മഹാലിംഗം ഉൾപ്പെടെ
മൂന്നുപേരിൽ മാത്രമാണ്‌ ഈ സൃഷ്ടിപരത വലിയ അളവിൽ കാണപ്പെടുന്നത്‌.
എം.ഡി.രാമനാഥനും, ടി.എൻ.രാജരത്തിനം പിള്ളെയുമാണ്‌ മറ്റു രണ്ടുപേർ. ഈ
അപാരമായ സൃഷ്ടിപരത നമ്മെ അദ്ധ്യാത്മികാനുഭവത്തിലേക്കു നയിക്കുന്നു.
        മഹാലിംഗം വായിച്ച ഓരോ കൃതിയിലും ഈ സൃഷ്ടിപരത നിറഞ്ഞു കവിയുന്നു.
        വർണങ്ങളും കൃതികളും ഉൾപ്പെടെ വ്യത്യസ്ത രാഗങ്ങളിൽ നൂറ്റിയെട്ടോളം
ആലാപനങ്ങൾ മഹാലിംഗത്തിന്റേതായുണ്ട്‌. ഇവയിൽ ഒരൊറ്റ ആലാപനം പോലും
സാധാരണമായതല്ല. എല്ലാം അസാധാരണമാണ്‌. എല്ലാ ആലാപനങ്ങളിലും അനന്തമായ
സൃഷ്ടിപരത നാം അനുഭവിച്ചറിയുന്നു; നാം ആദ്ധ്യാത്മികമായ
അതീതത്തലങ്ങളിലെത്തുന്നു.
        ഈ ആലാപനങ്ങളിൽ ഞാൻ ആവർത്തിച്ചാവർത്തിച്ചു കേൾക്കുന്ന ഒന്നാണ്‌ സഹാന രാഗം
താനം പല്ലവി. ഈ പല്ലവി രാഗമാലികയായിട്ടാണ്‌ മഹാലിംഗം
അവതരിപ്പിക്കുന്നത്‌. സഹാനയിൽ നിന്ന്‌ നാം സാവേരി, ആഹരി, സാരംഗ, നീലാംബരി
എന്നീ രാഗങ്ങളിലൂടെ കടന്നുപോകുന്നു. സഹാനയുടെ അമേയമായ സാന്ത്വനത്തിൽ,
അപാരമായ കരുണയിൽ നാം വിശ്രാന്തിയിലാഴുന്നു; മായാജന്യമായ ദ്വന്ദ്വങ്ങൾ
സൃഷ്ടിക്കുന്ന ഭവഭയം മറഞ്ഞുപോകുന്നു.

19 Jul 2012

കൃഷ്ണാ നീ ബേഗനേ ബാരോ


പി.രവികുമാർ
pho.04712532048

ഗായകരുടെ ഗായകനായ എം.ഡി.രാമനാഥൻ ഒരു അഭിമുഖത്തിൽ പറഞ്ഞു: "എന്റെ മാതാമഹൻ
ഒരു ഭാഗവതരായിരുന്നു. അദ്ദേഹം ഒരിക്കൽ എന്നോടു പറഞ്ഞു- ഏതു
വഴിക്കുപോയാലും ഭാഗവതർ എന്ന സ്ഥാനം വിടരുത്‌. ഭാഗവതർ എന്നാൽ ഭഗവദ്‌ ഭക്തൻ
എന്ന അർത്ഥമാണിവിടെ."

ഒരു ഭാഗവതരായിത്തീരാൻ തീവ്രവായി മോഹിച്ച കർണ്ണാടക സംഗീതജ്ഞനാണ്‌ ജോൺ
ബി.ഹിഗിൻസ്‌ (1939-1984) എന്ന അമേരിക്കക്കാരൻ.
1962-ൽ അമേരിക്കയിൽ നടന്ന ഒരു നൃത്തസംഗീതോത്സവത്തിൽ ബാലസരസ്വതി
അവതരിപ്പിച്ച ഭരതനാട്യം ഹിഗിൻസിനെ ആഴത്തിൽ സ്പർശിക്കുകയും
സ്വാധീനിക്കുകയും ചെയ്തു. ആ നൃത്തത്തിൽ ബാലസരസ്വതി തന്നെയാണ്‌
പാടിയിരുന്നത്‌. ഹിഗിൻസ്‌ ഈ നൃത്താനുഭവത്തെക്കുറിച്ച്‌ ഓർക്കുന്നതു
ശ്രദ്ധിക്കുക: "സംഗീതം നർത്തകിക്ക്‌ വെറുമൊരു അകമ്പടി
മാത്രമായിരുന്നില്ല; അത്‌ നൃത്തത്തിന്റെ ഉറവിടം തന്നെയായിരുന്നു."
ആ ഉറവിടത്തിലേക്ക്‌ അത്യന്തം ആകൃഷ്ടനായിപ്പോയ ഹിഗിൻസിന്‌ ബാലസരസ്വതിയും
പുല്ലാങ്കുഴൽ വിദഗ്ദ്ധൻ ടി.വിശ്വനാഥനും മൃദംഗ വിദ്വാൻ ടി.രംഗനാഥനും
ഗായകനായ രാമനാട്‌ കൃഷ്ണനും വഴികാട്ടികളായി. തുടർച്ചയായി മൂന്നുവർഷക്കാലം
തമിഴ്‌നാട്ടിൽ താമസിച്ച്‌ ഹിഗിൻസ്‌ കർണാടക സംഗീതം അഭ്യസിച്ചു.
പാശ്ചാത്യസംഗീതത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ താത്ത്വികമായും
പ്രായോഗികമായും കിടയറ്റ വൈദഗ്ദ്ധ്യം നേടിയിരുന്ന ഹിഗിൻസിന്‌ കർണാടക
സംഗീതം വെറും സംഗീതം മാത്രമായിരുന്നില്ല; സ്വയം കണ്ടെത്തൽ
കൂടിയായിരുന്നു.

ജോൺ ബി ഹിഗ്ഗിൻസ്

1971-ൽ നടത്തിയ ഒരു അഭിമുഖത്തിൽ ഹിഗിൻസ്‌ പറഞ്ഞു: "കർണാടക സംഗീത രചനകളിലെ
വാക്കുകൾ എന്നെ സംബന്ധിച്ച്‌ തികച്ചും പുതിയതുംവ്യത്യസ്തവുമായിരുന്നുവെങ്കിലും, സ്ഥിരോത്സാഹവും ആത്മസമർപ്പണവുംകൊണ്ട്‌,എനിക്ക്‌ അതിന്റെ ഭാഷ മനസ്സിലാക്കാൻ കഴിയുമെന്നു തോന്നി."
അനസ്യൂതവും അതിതീവ്രവുമായ സംഗീത സപര്യയിലൂടെ ഹിഗിൻസ്‌ ഒരു
ഭാഗവതരായിത്തീർന്നു. ഹിഗിൻസിന്റെ ആലാപനങ്ങൾക്ക്‌ എക്കാലത്തെയും  വലിയ
കലാകാരന്മാരായ പാലക്കാട്‌ മണിഅയ്യരും ഉമയാൾപുരം ശിവരാമനും കാരൈക്കുടി
മണിയും മൃദംഗം വായിച്ചു.
പച്ചിമിരിയം ആദിയപ്പയ്യയുടെ 'വിരിബോണി' എന്ന ഭൈരവി അടതാള വർണത്തിൽ,
സാധാരണമായി ഏതൊരു സംഗീതജ്ഞനും തന്റെ സാങ്കേതികത്തികവിലാണ്‌ ശ്രദ്ധിക്കുക.
ഹിഗിൻസ്‌ 'വിരിബോണി' ആലപിക്കുമ്പോൾ സാങ്കേതികത്തികവിനുമപ്പുറം
കടന്നുചെന്ന്‌, ഭൈരവിയുടെ ഉദാത്തഭക്തിയിൽ ലയിക്കുന്നു.
ഗോപാലകൃഷ്ണ ഭാരതിയുടെ 'എന്നേരയും ഉന്തൻ സന്നിധിയിലിലേ
നാനിരുക്കവേണുമയ്യാ' വിൽ നിന്ന്‌ ഹിഗിൻസ്‌ ഭക്തിയുടെ സാലോക്യഭാവം
അറിയുന്നു.
മുത്തുസ്വാമി ദീക്ഷിതരുടെ 'ത്യാഗരാജയോഗ വൈഭവ'ത്തിൽ ഹിഗിൻസ്‌
ആനന്ദഭൈരവിയുടെ വിശ്രാന്തിയിലാഴുന്നു. ത്യാഗരാജസ്വാമിയുടെ 'ബ്രോചേ
വാരെവരേ രഘുപതി നിനുവിനാ'യിൽ ശ്രീരഞ്ജനിയുടെ പ്രസാദ ഭാവത്തിലെത്തുന്നു.
'കൃഷ്ണാ നീ ബേഗനേ ബാരോ'യിൽ (യമുനാ കല്യാണി) വ്യാസരായരുടെ ഹൃദയത്തിലാണ്‌
ഹിഗിൻസ്‌ സ്പർശിക്കുന്നത്‌.
ഒരിക്കൽ ഹിഗിൻസ്‌ സംഗീതജ്ഞരായ കുറെ സുഹൃത്തുക്കളോടൊപ്പം ദർശനത്തിനായി
ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രത്തിൽ പോയിരുന്നു. ഹിഗിൻസ്‌
തികച്ചും ഭാരതീയ വേഷത്തിലായിരുന്നു. നെറ്റിയിൽ കുങ്കമവും വിഭൂതിയും
ധരിച്ചിരുന്നു. എന്നിട്ടും വിദേശിയായിത്തോന്നിയതിനാൽ പുരോഹിതന്മാർ
ഹിഗിൻസിനെ ക്ഷേത്രത്തിനകത്തേയ്ക്ക്‌ കടത്തിവിട്ടില്ല. ദർശനം
നിഷേധിക്കപ്പെട്ട ഹിഗിൻസ്‌ ക്ഷേത്രത്തിനു വെളിയിൽ നിന്നുകൊണ്ട്‌
വിഷാദചിത്തനായ്‌ 'കൃഷ്ണാ നീ ബേഗനേ ബാരോ' എന്ന കീർത്തനം ആലപിക്കാൻ
തുടങ്ങി. മധുരവും ആർദ്രവുമായ ആ നാദപ്രവാഹത്തിൽ ആകൃഷ്ടരായി ഭക്തജനങ്ങൾ
ഹിഗിൻസിനു ചുറ്റും ഓടിക്കൂടി. വിസ്മയഭരിതരായ പുരോഹിതന്മാർ ഹിഗിൻസിന്റെ
അടുത്തെത്തുകയും ദർശനത്തിനായി അദ്ദേഹത്തെ ആദരപൂർവം അകത്തേക്ക്‌
ആനയിക്കുകയും ചെയ്തു.
1965-ൽ തിരുവൈയാറിലെ ത്യാഗരാജ ആരാധനോത്സവത്തിൽ പാടിയ ഹിഗിൻസിനെ
അനുഗ്രഹിച്ചുകൊണ്ട്‌ വന്ദ്യവയോധികനായ ഒരു സംഗീതജ്ഞൻ ഇങ്ങനെ പറഞ്ഞു.
"കഴിഞ്ഞുപോയ ഏതോ ജന്മത്തിൽ താങ്കൾ ഇവിടെ തഞ്ചാവൂരിൽ കാവേരിയുടെ
തീരത്തെവിടെയോ ജീവിച്ചിരുന്നിട്ടുണ്ടാവണം."








20 May 2012

നകുലൻ തന്ന പുസ്തകങ്ങൾ


പി.രവികുമാർ

ആധുനിക തമിഴ്‌ കവിതയിലും നോവലിലും വലിയ മാറ്റങ്ങൾ വരുത്തിയ
എഴുത്തുകാരനാണ്‌ നകുലൻ എന്ന പ്രോഫ. ടി.കെ. ദുരൈസ്വാമി (1921 ആഗസ്റ്റ്‌
2007 മേയ്‌).
       തമിഴിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ ഒന്നും തന്നെ നകുലന്റെ ഒരു രചനയും
പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ജനപ്രിയ സാഹിത്യത്തിലാണ്‌ തമിഴിലെ
മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ പ്രാധാന്യം നൽകുന്നത്‌. നകുലൻ തന്റെ
രചനകളെല്ലാം തന്നെ ചെറിയ മാസികകളിലാണ്‌ പ്രസിദ്ധപ്പെടുത്തിയത്‌.
പുസ്തകങ്ങളിൽ ഏറെയും സ്വന്തമായി പുറത്തിറക്കുകയായിരുന്നു. കാലത്തിനു
മുമ്പേ നടന്ന നകുലന്റെ രചനകളെ ഒന്നാംകിട വായനക്കാർ മാത്രമാണ്‌ ആദ്യം
ശ്രദ്ധിച്ചതു.
       നകുലൻ ഇന്ന്‌ തമിഴിൽ 'എഴുത്തുകാരുടെ എഴുത്തുകാരൻ' എന്ന്‌
അറിയപ്പെടുന്നു. തമിഴിലെ പുതിയ എഴുത്തുകാരുടെയും നല്ല വായനക്കാരുടെയും
പ്രിയപ്പെട്ട എഴുത്തുകാരനാണ്‌ നകുലൻ. നകുലന്റെ 'നിന്നെവുപ്പാതെ' (1972)
എന്ന നോവൽ ക്ലാസിക്‌ കൃതിയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതിനെപ്പറ്റി
ചർച്ചകളും പഠനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. 'നിനൈവുപ്പാതൈ' പോലൊരു നോവൽ
മലയാളത്തിലോ മറ്റ്‌ ഇന്ത്യൻ ഭാഷകളിലോ എഴുതപ്പെട്ടിട്ടുണ്ടെന്നു
തോന്നുന്നില്ല. കഫ്കയുടെയോ ബക്കറ്റിന്റെയോ നോവലുകളുമായി മാത്രമേ
'നിനൈവുപ്പാതൈ'യെ താരതമ്യം ചെയ്യാനാവൂ.
നകുലൻ

       തമിഴ്‌ - മലയാളം എഴുത്തുകാരൻ മാ. ദക്ഷിണാമൂർത്തിയാണ്‌ ആദ്യമായി
നകുലനെപ്പറ്റി വളരെ വിശദമായി എന്നോടു സംസാരിക്കുന്നത്‌. തിരുവനന്തപുരത്തെ
കവടിയാറിലുള്ള നകുലന്റെ വീട്ടിലേക്ക്‌ എന്നെ ആദ്യമായി കൊണ്ടുപോകുന്നതും
ദക്ഷിണാമൂർത്തിയാണ്‌.
       ആദ്യകാഴ്ചയിൽതന്നെ ആ വലിയ എഴുത്തുകാരൻ എന്നെ ആഴത്തിൽ സ്വാധീനിച്ചു കഴിഞ്ഞിരുന്നു.
       നകുലന്റെ വീട്‌ പുരാതനമായ ഒന്നായിരുന്നു. ലോകത്തിന്റെ മായക്കാഴ്ചകളിൽ
നിന്ന്‌ അകന്നുമാറി ആ വീട്‌ ഏകാന്തമായി നിലകൊണ്ടു. ആ വീട്ടിൽ ഫോൺ,
റേഡിയോ, ടേപ്പ്‌ റെക്കോഡർ, ടിവി, കമ്പ്യൂട്ടർ അങ്ങനെയുള്ള ഒന്നും തന്നെ
ഉണ്ടായിരുന്നില്ല.
       ഞാൻ അദ്ദേഹത്തെ പതിവായി സന്ദർശിച്ചുകൊണ്ടിരുന്നു.
       രാവിലെ പോയാൽ ഉച്ചകഴിഞ്ഞാവും എന്റെ മടക്കം. അങ്ങനെ എത്രയോ നാളുകൾ.
എത്രയോ ഓർമ്മകൾ...
       ഒടുവിലൊടുവിൽ നകുലന്റെ ഓർമ്മ മെല്ലെമെല്ലെ മായാൻ തുടങ്ങി.
ആയിടെ ഒരുനാൾ പതിവുപോലെ ഉച്ചകഴിഞ്ഞ്‌ തിരിച്ചുപോരാൻ തുടങ്ങുമ്പോൾ,
അദ്ദേഹം പൊടുന്നനെ എന്റെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ച്‌ നിറഞ്ഞ
സ്നേഹത്തോടെ എന്റെ മുഖത്തേക്ക്‌ അൽപനേരം ഉറ്റുനോക്കിക്കൊണ്ടു നിന്നു.
പിന്നെ താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു:
"വാഴ്‌വ്‌ ഒരു പെരിയ വേദനൈ" എന്നിട്ട്‌ അകത്തേയ്ക്കു പോയി രണ്ടു
പുസ്തകങ്ങളുമായി തിരിച്ചുവന്നു- 'പെരിയ ജ്ഞാനക്കോവൈ'യും പട്ടിനത്താർ
പാടലും'. പുസ്തകങ്ങൾ എന്റെ കൈകളിൽ വച്ചുകൊണ്ട്‌ പറഞ്ഞു: "ഇവ എന്നെ ഒരു
പാട്‌ സ്വാധീനിച്ച പുസ്തകങ്ങളാണ്‌. ഇതുരണ്ടും എനിക്കു പ്രിയപ്പെട്ടതാണ്‌.
ഇത്‌ ഇനി നിങ്ങളുടെ കൈയിലിരിക്കട്ടെ."
ഞാൻ തൊഴുത്‌ യാത്ര പറഞ്ഞിറങ്ങി.
വീടിന്റെ വിശാലമായ മുറ്റം പിന്നിട്ട്‌, കാട്ടരളിച്ചെടികൾ പൂത്തു
നിൽക്കുന്ന അതിർത്തിയിൽ എത്തി, തിരിഞ്ഞു നോക്കി.
       നകുലൻ തൊഴുകൈയുമായി നിൽക്കുന്നു.

15 Nov 2011

ആത്മവിലാസം


പി. രവികുമാര്‍
വര്‍ക്കല ഗുരുകുലത്തില്‍ വച്ചാണ്‌ ഞാന്‍ ആദ്യമായി ശ്രീനാരായണഗുരുവിണ്റ്റെ 'ആത്മവിലാസം' എന്ന ഗദ്യരചന വായിക്കുന്നത്‌. ഏതാണ്ട്‌ ൩൫കൊല്ലം മുമ്പായിരുന്നു അത്‌. 'ഗുരുകുലം'മാസിക മറിച്ചുനോക്കവേ 'ആത്മവിലാസം' കണ്ണില്‍പെടുകയായിരുന്നു. അപ്പോഴാണ്‌ ശ്രീനാരായണഗുരു ഗദ്യത്തിലും എഴുതിയിട്ടുണ്ടെന്ന്‌ അറിയുന്നത്‌. 'ആത്മവിലാസ'ത്തിലെ ആദ്യവാക്യം തന്നെ എന്നെ സ്തംഭിപ്പിച്ചു കളഞ്ഞു- ഓംഇതൊക്കെയും നമ്മുടെ മുമ്പില്‍ കണ്ണാടിയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. താഴെ ഇരുന്ന ഇരുപ്പില്‍ 'ആത്മവിലാസം' മുഴുവന്‍ വായിച്ചു.

നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്കു വ്യവഹരിക്കുന്നതിനു പാടില്ല. ഓ! ഇതാ നാം ദൈവത്തിനോട്‌ ഒന്നായിപ്പോകുന്നു. ഇങ്ങനെ 'ആത്മവിലാസം' അവസാനിക്കുമ്പോള്‍, അത്‌ എന്നെ അടിമുടി തകര്‍ത്തുകളയുകയായിരുന്നു. അതിലെ അത്യന്തം നിഗൂഡമായ അര്‍ത്ഥമല്ല എന്നെ കീഴ്മേല്‍ മറിച്ചത്‌. 'ആത്മവിലാസ'ത്തിണ്റ്റെ ഭാഷയാണ്‌ എന്നെ എരിച്ചുകളഞ്ഞത്‌. അഗ്നിപര്‍വ്വതം പൊട്ടിയൊഴുകുന്നതുപോലെയായിരുന്നു അത്‌. ഞാന്‍ അതില്‍ ഒഴുകിപ്പോവുകയായിരുന്നു.

ഞാന്‍ അതില്‍ എരിഞ്ഞു ചാരമാവുകയായിരുന്നു. അതിനുമുമ്പ്‌ ഇത്തരമൊരു തീപിടിച്ച ഭാഷ ഞാന്‍ അറിഞ്ഞിട്ടുള്ളത്‌ സത്യവേദപുസ്തകത്തിലാണ്‌. പഴയ നിയമത്തിലെ ഉല്‍പ്പത്തിയും ഇയ്യോബും സദാപ്രസംഗിയും പുതിയനിയമത്തിലെ വെളിപാടും എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചവയാണ്‌. സത്യവേദപുസ്തകത്തിണ്റ്റെ ഭാഷയുടെ ലാളിത്യവും ആഴവും മുഴക്കവും മലയാളത്തിലെ മറ്റു ഗദ്യരചനകളില്‍ ഞാന്‍ അനുഭവിച്ചിട്ടില്ല. സി.വി.രാമന്‍പിള്ളയുടെ ഭാഷ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്‌. എന്നെ തകിടം മറിച്ചത്‌ സത്യവേദപുസ്തകമാണ്‌. എന്നാല്‍ 'ആത്മവിലാസം' എന്നെ എരിച്ചു കളയുകയായിരുന്നു. ശ്രീനാരായണഗുരു 'ആത്മവിലാസ'ത്തിനു പുറമേ ചിജ്ജഡചിന്തനം, ദൈവചിന്തനം (രണ്ടു ഭാഗങ്ങള്‍), ഗദ്യപ്രാര്‍ത്ഥന എന്നീ ഗദ്യരചനകളും നടത്തിയിട്ടുണ്ടെന്ന്‌ പിന്നീടറിഞ്ഞു. 'ആത്മവിലാസം' ഗുരുകുലം മാസികയില്‍ നിന്ന്‌ ഞാന്‍ ഒരുനോട്ടുബുക്കില്‍ പകര്‍ത്തിയെടുത്തു.

പിന്നീടത്‌ എത്രയോ ആവര്‍ത്തി വായിച്ചു. ഓരോ വായനയിലും 'ആത്മവിലാസ'ത്തിന്റെലാളിത്യവും ശക്തിയും ചൈതന്യവും സൌന്ദര്യവും ആഴവും മുഴക്കവും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഓരോ വായനയിലും 'ആത്മവിലാസം' പുതിയതായിക്കൊണ്ടിരുന്നു. അതിണ്റ്റെ ആന്തരികഘടന കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരുന്നു. "ഓ! ഇതാ ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയില്‍ ഒരു പുതിയ മലയെ കാണുന്നു. അപ്പുറം ഇതാ ഒരു പടം കാണുന്നു. ഇതു നാം പണ്ടു കണ്ടിട്ടുള്ളതാണെന്നു തന്നെ തോന്നുന്നു. ഓ! ഇതാ മരുന്നുമാമലയും കന്യാകുമാരിയും മധുരയും കാശിയും ചിദംബരവും നമ്മുടെ ഉള്ളില്‍ അടുത്തടുത്തു കാണുന്നു."- എന്നു വായിച്ച്‌ അടുത്ത വാക്യത്തിലെത്തുമ്പോള്‍, ഗുരു നമ്മെ തികച്ചും ഭ്രമാത്മകമായ ഒരു കല്‍പനയിലേയ്ക്ക്‌ എടുത്തെറിയുന്നു. "ഓ! ഇതെത്രയോ ദൂരത്തിലിരിക്കുന്നു. നാം ഇവിടെ നില്‍ക്കുന്നു.

ഓ! ഇതാ ഒരാനയോടിക്കുന്നു. നാം പേടിച്ചു മുകളിലേറുന്നു. ഇവിടെയിരിക്കുന്ന യോഗീശ്വരനോട്‌ നാം ഉപദേശം കേട്ട്‌ യോഗാഗ്നിയില്‍ ദഹിക്കുന്നു. "വേദനകളുടേയും സംഘര്‍ഷങ്ങളുടേയും ഉത്കണ്ഠകളുടെയും അശാന്തിയുടെയും ഇരുണ്ടലോകത്തില്‍ നിന്ന്‌, ഭ്രമാത്മകമായ കല്‍പനകളിലൂടെ, മരുഭൂമികളും കൊടുംകാടുകളും പിന്നിട്ട്‌, ഭയരഹിതവും പ്രശാന്തവുമായ ഒരുലോകത്തിലേക്കുള്ള യാത്രയായിരുന്നു എനിക്ക്‌ 'ആത്മവിലാസം'. അത്‌ അഭയമായിമാറുകയായിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...