Showing posts with label MANU PREM. Show all posts
Showing posts with label MANU PREM. Show all posts

15 Jan 2015

നാളികേര മേഖലയും കാർബൺ ക്രെഡിറ്റും ഭാവിയിൽ


മനു പ്രേം

പ്രോജക്ട്‌ മാനേജർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

ഇവിടെ നാം നമ്മോട്‌ ചോദിക്കേണ്ട ചോദ്യം ഇതാണ്‌. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനും ഈ ഭൂമിയെ രക്ഷിക്കാനുമുള്ള യത്നത്തിൽ എങ്ങനെ നമുക്ക്‌, ഇന്ത്യയിലെ നാളികേര കർഷക സമൂഹത്തിന്‌ പങ്കാളികളാകാൻ സാധിക്കും. യഥാർത്ഥത്തിൽ നമ്മുടെ ഭാഗത്തു നിന്നുള്ള ചെറിയ ചില പ്രവർത്തനങ്ങളിലൂടെ ഈ ദൗത്യവുമായി വലിയ രീതിയിൽ നമുക്ക്‌ സഹകരിക്കാൻ സാധിക്കും.
എന്താണ്‌ കാലാവസ്ഥാ വ്യതിയാനം
ഇന്ന്‌ എവിടെയും വലിയ ചർച്ചാവിഷയമാണ്‌ കാലാവസ്ഥാവ്യതിയാനം. തർക്കമില്ല, അത്‌ അങ്ങനെ ആയിരിക്കണം. 1997 -ഡിസംബർ 11 ന്‌ കാലാവസ്ഥാ വ്യതിയാനത്തെകുറിച്ച്‌ ക്യോട്ടോയിൽ ചേർന്ന യൂണൈറ്റഡ്‌ നേഷൻസ്‌ ഫ്രെയിംവർക്ക്‌ കൺവൻഷനിൽ രൂപീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചതു മുതലാണ്‌ ഈ വിഷയത്തെ കുറിച്ച്‌ ലോക രാഷ്ട്രങ്ങൾ ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്‌. എന്നിട്ടും പരിസ്ഥിതിവാദികളും കാലാവസ്ഥാ വ്യതിയാന പ്രവർത്തകരും ചേർന്ന്‌ നടത്തിവന്ന ശക്തമായ സമ്മർദ്ദങ്ങളെ തുടർന്ന്‌ 2005 ഫെബ്രുവരി 6 ന്‌ മാത്രമാണ്‌ ഈ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിലാക്കാൻ നയരൂപീകരണ വിദഗ്ധർ തീരുമാനിച്ചതു.
ഏകദേശം 150 വർഷങ്ങൾക്കും മുമ്പ്‌ നമ്മുടെ ഗ്രഹത്തിൽ ആരംഭിച്ച ഊർജ്ജിത വ്യാവസായിക പ്രവർത്തനങ്ങളെ തുടർന്നാണ്‌ പ്രധാനമായും വനനശീകരണം മൂലമാണ്‌, അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകത്തിന്റെ അളവ്‌ ഇന്നത്തെ നിലയിൽ ഉയർന്നു തുടങ്ങിയത്‌. അങ്ങനെയാണ്‌ ക്യോട്ടോയിൽ ചേർന്ന ഉച്ചകോടി അംഗരാജ്യങ്ങളെ കൊണ്ട്‌ ഹരിതഗൃഹ വാതക ബഹിർഗമനം നിയന്ത്രിക്കുന്നതിന്‌ ഉടമ്പടിയിൽ ഉപ്പു വയ്പ്പിച്ചതു. ഇത്‌ പക്ഷെ വികസ്വര രാജ്യങ്ങളുടെ മേലാണ്‌ കൂടുതൽ ഭാരം ഏൽപ്പിച്ചതു.
എങ്ങനെ കാർബൺ ഇത്ര പ്രാധാന്യം
കാർബൺ ഡയോക്സൈഡ്‌, മീഥെയിൻ, നൈട്രസ്‌ ഓക്സൈഡ്‌, ഓസോൺ, നീരാവി എന്നിവ ചേർന്നാണ്‌ പ്രാഥമിക ഹരിതഗൃഹ വാതകം രൂപപ്പെടുന്നത്‌. ഈ വാതകം ഭൂഗോളത്തിനു തന്നെ ഭീഷണിയാണ്‌. കാലാവസ്ഥയുടെ വ്യതിയാനങ്ങൾക്കു കാരണമാകുകയും അതു ജൈവ വൈവിധ്യത്തെയും ജീവജാലങ്ങളുടെ നിലനിൽപിനെ തന്നെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ആഗോള കാർബൺ അപകടത്തെ നിയന്ത്രിക്കാനുള്ള പരിഹാരമാർഗ്ഗം നാം കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്‌ കാർബൺ ക്രെഡിറ്റ്‌ എന്ന സംജ്ഞയാണ്‌ ഉപയോഗിക്കുക. ഏതെങ്കിലും തരത്തിൽ അന്തരീക്ഷത്തിലെ ഒരു ടൺ കാർബൺ ഡയോക്സൈഡ്‌ നീക്കം ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ബഹിർഗമന ലഘൂകരണ പദ്ധതിയുടെ സാക്ഷ്യപത്രം അഥവാ അനുമതി പത്രം ആണ്‌ കാർബൺ ക്രഡിറ്റ്‌. കമ്പനികളോ രാഷ്ട്രങ്ങളോ, സ്വകാര്യ വ്യക്തികളോ ഇത്തരത്തിൽ കാർബൺ ബഹിർഗമനം ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ അവർക്ക്‌ ആനുകൂല്യങ്ങളും പ്രോത്സാഹനവും നൽകുന്നുണ്ട്‌. അവർക്ക്‌ അനുവദനീയമായ കാർബൺ ബഹിർഗമന അളവിൽ നിന്ന്‌ അവർ കുറയ്ക്കുന്ന വാതകത്തിന്റെ അളവ്‌ ഒഴിവാക്കുകയും ചെയ്യും. ഇത്തരത്തിൽ കാർബൺ അളവ്‌ കുറയ്ക്കാൻ സാധിക്കാത്ത രാജ്യങ്ങളും കമ്പനികളും മറ്റു രാജ്യങ്ങളിൽ നിന്നോ കമ്പനികളിൽ നിന്നോ കാർബൺ ക്രഡിറ്റ്‌ വില നൽകി വാങ്ങണം. പല രാജ്യങ്ങളുടെയും കമ്പനികളുടെയും പക്കൽ ഇത്തരത്തിൽ കാർബൺ ക്രെഡിറ്റ്‌ അധികമായി ഉണ്ട്‌. കാരണം വിവിധ നടപടികളിലൂടെ വിവിധ രാജ്യങ്ങളും കമ്പനികളും,സ്വകാര്യ വ്യക്തികളും അവർക്ക്‌ നിശ്ചയിക്കപ്പെട്ടതിലും കൂടുതൽ അളവ്‌ കാർബൺ ബഹിർഗമനം ലഘൂകരിച്ച്‌ കൂടുതൽ ക്രെഡിറ്റ്‌ ശേഖരിച്ച്‌ വയ്ക്കാറുണ്ട്‌. അവർ അത്‌ ആവശ്യക്കാർക്ക്‌ വിൽക്കാറുണ്ട്‌. കാർബൺ ഇത്തരത്തിലാണ്‌ വിപണിയിൽ ക്രയവിക്രയ വസ്തുഎന്ന നിലയിൽ എത്തിയത്‌. അധികമുള്ളവർക്ക്‌ അത്‌ വിൽക്കാം, കൈമാറ്റം ചെയ്യാം, ആവശ്യമുള്ളവർക്ക്‌ വാങ്ങാം. അതിന്‌ അന്താരാഷ്ട്രതലത്തിൽ വിലയും വിപണിയും ഉണ്ട്‌.
ഇന്ത്യയിലും മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്‌ വഴി കാർബൺ ക്രെഡിറ്റ്‌ വിൽപന തുടങ്ങിയിട്ടുണ്ട്‌. ഏഷ്യയിൽ ആദ്യമായാണ്‌ കാർബൺ ക്രെഡിറ്റുകൾ ഇപ്രകാരം വിപണിയിൽ എത്തുന്നത്‌.
2008 ൽ ആഗോള വിപണിയിൽ അഞ്ച്‌ ബില്യൺ ഡോളറിന്റെ കാർബൺ വ്യവസായമാണ്‌ നടന്നത്‌. ഇതിൽ അഞ്ചിൽ ഒന്ന്‌ ഇന്ത്യയുടെ വിഹിതമായിരുന്നു. അധിക കാർബൺ ക്രെഡിറ്റ്‌ കൈവശമുള്ള രണ്ടു രാജ്യങ്ങളാണ്‌ ഇന്ത്യയും ചൈനയും. യൂറോപ്യൻ രാജ്യങ്ങളാണ്‌ ഇവ വാങ്ങാനെത്തുന്നത്‌. ഈ വർഷം ആഗോള കാർബൺ ക്രെഡിറ്റ്‌ വിപണി 63 ബില്യൺ ഡോളർ കടക്കുമെന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. ഭാവിയിൽ വളരെ പ്രതീക്ഷയുള്ള ഒരു വിപണിയാണ്‌ കാർബൺ ക്രെഡിറ്റിന്റേത്‌. അതുപോലെ തന്നെ നാം ജീവിക്കുന്ന ഈ ഗ്രഹത്തിന്റെ ഭാവിയ്ക്കും ഇത്‌ വളരെ പ്രതീക്ഷയുണർത്തുന്നു.
നാളികേര ഉത്പാദന കമ്പനികളും
കാർബൺ ക്രെഡിറ്റും
വിദേശരാജ്യങ്ങളിലുള്ള മിക്ക തോട്ടവിളകളും കാർബൺ ക്രെഡിറ്റിനനുസരിച്ച്‌ മികച്ച വരുമാനം നേടുന്നവയാണ്‌. ഷിക്കാഗോ ആസ്ഥാനമായുള്ള എക്കോപ്ലാനെറ്റ്‌ ബാംബു ഇത്തരത്തിലൊരു കമ്പനിയാണ്‌. ലോക ദരിദ്ര രാജ്യങ്ങളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ലക്ഷക്കണക്കിന്‌ ഹെക്ടർ സ്ഥലങ്ങൾ തുഛവിലയ്ക്ക്‌ പാട്ടത്തിനെടുത്ത്‌ അവർ മുളകൾ നട്ടു വളർത്തുകയാണ്‌. ഇത്തരം വലിയ പ്ലാന്റഷനുകളിലൂടെ കാർബൺ ബഹിർഗമനം തടഞ്ഞ്‌ അവർ കാർബൺ ക്രെഡിറ്റ്‌ സമ്പാദിക്കുന്നു.
ഇത്തരത്തിൽ നാളികേര തോട്ടങ്ങൾ
പരിപാലിച്ചുകൊണ്ട്‌ കാർബൺ ബഹിർഗമനം തടയുന്ന ഒരു രാജ്യമാണ്‌ ഫിലിപ്പീൻസ്‌. എങ്ങിനെ നാളികേര തോട്ടങ്ങൾ പരിപാലിച്ചുകൊണ്ട്‌ കാർബൺ ക്രെഡിറ്റ്‌ നേടാം എന്ന്‌ ഫിലിപ്പീൻസ്‌ കോക്കനട്‌
അതോറിറ്റിയിലെ ഡോ.സെവറിനോ മഗാട്ട്‌ ബ്യൂറോ ഓഫ്‌ അഗ്രിക്കൾച്ചർ റിസേർച്ചിൽ വിവിധ സന്ദർഭങ്ങളിൽ നടത്തിയ പ്രോഡക്ടീവ്‌ ആൻഡ്‌ സസ്റ്റെയിനബിൾ കോക്കനട്‌ ഫാമിംങ്ങ്‌ ഇക്കോസിസ്റ്റംസ്‌ ആസ്‌ പൊട്ടെൻഷ്യൽ കാർബൺ സിങ്ക്സ്‌ ഇൻ ക്ലൈമറ്റ്‌ ചെയിഞ്ച്‌ മിനിമൈസേഷൻ എന്ന പ്രഭാഷണ പരമ്പരയിൽ ചൂണ്ടിക്കാണിട്ടുണ്ട്‌. ഒരു ഹെക്ടർ നാളികേര തോട്ടത്തിന്‌ പ്രതിവർഷം 24.1 ടൺ കാർബൺ വാതകം ശേഖരിച്ചു നിർത്താൻ സാധിക്കും. മറ്റ്‌ കാർഷിക വിളകളെ അപേക്ഷിച്ച്‌ നാളികേരം സ്ഥിര വിളയാണ്‌. മാത്രമല്ല, വളരെ സ്ഥായിയായ കാർബൺ ശേഖരണ ശേഷിയും അതിനുണ്ട്‌. അത്‌ അന്തരീക്ഷത്തിൽ നിന്ന കാർബൺ ശേഖരിച്ച്‌ തോട്ടങ്ങളിൽ സൂക്ഷിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമ്മുടെ നാളികേര ഉത്പാദക കമ്പനികളുടെ കൈവശമുള്ള തെങ്ങിൻ തോപ്പുകൾ ഇത്തരത്തിലും വലിയ ഒരു വരുമാന സ്രോതസാകുന്നു. മൾട്ടി കമ്മോഡിറ്റി എക്സചേഞ്ച്‌ വഴി നമുക്ക്‌ രാജ്യത്തിനകത്തും പുറത്തും ഇത്‌ വ്യാപാരം നടത്താം.
ദക്ഷിണ പസഫിക്ക്‌ സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപ്‌ രാഷ്ട്രമാണ്‌ വനാട്ടു. അവർക്ക്‌ നാളികേരം ഊർജ്ജ വനമേഖലകളെ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന
ഒരു കണ്ണിയാണ്‌. ഡീസൽ ഉപയോഗിച്ചാണ്‌ രാജ്യത്ത്‌ വൈദ്യുതി ഉത്പാദിപ്പിക്കുന്നതും വാഹനങ്ങൾ ഓട്ടിക്കുന്നതും.
ഇപ്പോൾ വെളിച്ചെണ്ണയിൽ നിന്ന്‌ അവർ ജൈവഡീസൽ ഉത്പാദിപ്പിക്കുന്നു. ബയോഡീസൽ ഉത്പാദനം ക്യോട്ടോ നിർദ്ദേശങ്ങൾ അനുസരിച്ച്‌ ഭൂവികസന പ്രവർത്തനവും ഒപ്പം കാർബൺ ക്രെഡിറ്റ്‌ സമ്പാദനവുമാണ്‌. അങ്ങനെ വനാഡു വെളിച്ചെണ്ണയിൽ നിന്ന്‌ ഒരേസമയം കാർബൺ ക്രെഡിറ്റും ജൈവ ഡീസലും സമ്പാദിക്കുന്നു. ലോകത്തിൽ വിവിധ രാജ്യങ്ങൾ നാളികേരത്തിൽ നിന്ന്‌ ഇത്തരത്തിലുള്ള നേട്ടങ്ങൾ കൊയ്യുന്നുണ്ട്‌. ഇവരിൽ നിന്ന്‌ നമുക്കും ധാരാളം പാഠങ്ങൾ പഠിക്കാനുണ്ട്‌. ഇന്ന്‌ ഗവണ്‍മന്റും ജനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ വളർന്നു വരുന്ന ഒരു ഭീഷണിയായി ഉൾക്കൊള്ളാൻ ശ്രമിക്കുന്നു.
ഇതു നേരിടാനുള്ള ഏക മാർഗ്ഗം വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കലാണ്‌.
ഉപസംഹാരം
യഥാർത്ഥത്തിൽ നാം നട്ടു പരിപാലിക്കുന്ന നാളികേര തോട്ടങ്ങൾ വെറും നാളികേര തോപ്പുകൾ മാത്രമല്ല. നാം അതിൽ ഇടവിളകളായ കൊക്കോ, ജാതി, വാഴ,
കുരുമുളക്‌, കാപ്പി, പൈനാപ്പിൾ, തുടങ്ങി നിരവധി കൃഷികൾ നടത്തുന്നുണ്ട്‌. ഇത്തരത്തിൽ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന നാളികേര തോപ്പുകൾ കാർബൺ ക്രെഡിറ്റിന്‌ വളരെ സാധ്യതയുള്ള സ്രോതസുകളാണ്‌. ഈ സാധ്യത നമ്മുടെ
കമ്പനികൾ തിരിച്ചറിയണം. ഇവിടെ നിന്ന്‌ കമ്പനികൾക്ക്‌ ആവശ്യമായ പണം
കണ്ടെത്താനും സാധിക്കും വിലിയ മുടക്കുമുതൽ കൂടാതെ. മികച്ച ഇനം നടീൽ വസ്തുക്കൾ ശേഖരിച്ച്‌ കൃഷിയിടങ്ങളിൽ നട്ട്‌ പരിപാലിച്ച്‌ നല്ല തെങ്ങിൻ തോപ്പുകളാക്കി അവയെ മാറ്റുന്നതിലൂടെ, അതിനിടയിൽ പച്ചക്കറികളും വിവിധ ഇടവിള
കളും കൃഷി ചെയ്യുന്നതിലൂടെ കമ്പനികളുടെ കൈവശം ഇത്‌ ഇരുതലമൂർഛയുള്ള വാൾ പോലെയായിരിക്കും. രണ്ടു തരത്തിൽ വരുമാനം നേടാൻ ഇത്‌ ഉപകരിക്കും.
ഇന്ത്യയിലെ കാപ്പിത്തോട്ടങ്ങൾക്ക്‌ കാർബൺ ക്രെഡിറ്റ്‌ നിക്ഷേപം സ്വരൂപിക്കാനുള്ള അനുമതി ആവശ്യപ്പെട്ട്‌ കോഫി ബോർഡു വഴി ഇന്ത്യയിലെ കാപ്പി കർഷകർ ഇന്റർനാഷണൽ കോഫി ഓർഗനൈസേഷന്‌ ഒരു പദ്ധതി സമർപ്പിച്ചിരിക്കുകയാണ്‌. രാജ്യത്തുടനീളമുള്ള നാളികേര കർഷകർക്കും ഉത്പാദക കമ്പനികൾക്കും നാളികേര വികസന ബോർഡും ഏഷ്യൻ പസഫിക്‌ നാളികേര സമൂഹം വഴിയായും ഇത്തരത്തിൽ ഒരു നിർദ്ദേശം വച്ച്‌ കാർബൺ ക്രെഡിറ്റ്‌ നിക്ഷേപത്തിനു ശ്രമിക്കാവുന്നതാണ്‌.

18 Dec 2014

നാളികേര കർഷകർ ഡോട്‌ കോം


മനു പ്രേം
പ്രോജക്ട്‌ മാനേജർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

വൈകിട്ട്‌ ഞങ്ങൾ സുഹൃത്തുക്കളുടെ ഗെറ്റ്‌ ടുഗദറാണ്‌. ആ പാർട്ടിക്കു വേണ്ട വിവിധ നാളികേര വിഭവങ്ങൾ  രാവിലെ തന്നെ ഇന്ത്യയിലെ നാളികേര കർഷകരുടെ വെബ്സൈറ്റായ ഡബ്ല്യു ഡബ്ല്യു ഡബ്ല്യു ഡോട്‌ നാളികേര കർഷകർ ഡോട്‌ കോമിൽ  ലോഗ്‌ ഇൻ ചെയ്ത്‌ ഓർഡർ നൽകി.  ഇനി വിഭവങ്ങൾ കൃത്യസമയത്ത്‌ വീട്ടിലെത്തിക്കൊള്ളും. സമാധാനമായിരിക്കാം.
ലളിതമായ ഭാഷയിൽ പറഞ്ഞാൽ ഇന്റർനെറ്റും മൊബെയിൽ ഫോണും ചേർന്ന്‌ പൊതു സമൂഹത്തിൽ പ്രത്യേകിച്ച്‌ സാധനങ്ങളുടെയും സേവനത്തിന്റെയും മേഖലയിൽ വരുത്തിയ വൻ മാറ്റത്തിന്റെ ഒരു ഉദാഹരണമാണിത്‌. ഓൺലൈനിൽ സാധനങ്ങളുടെ വിലനിലവാരം പരിശോധിക്കാതെയുള്ള ഷോപ്പിങ്ങിനെകുറിച്ച്‌ ആലേചിക്കാനേ ഇന്ന്‌ സാധിക്കില്ല. ഒരു പതിനഞ്ച്‌ വർഷം മുമ്പ്‌ ഇങ്ങനെയായിരുന്നില്ല.  വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വിലവിവരങ്ങൾ ഒരെറ്റ  മൗസ്‌ ക്ലിക്കിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്
ച്‌ ആരും ചിന്തിച്ചിരിക്കാൻ ഇടയില്ല. 1991 ൽ ഇന്റർ നെറ്റ്‌ സൗകര്യങ്ങൾ ഉപയോഗത്തിൽ വന്നതോടെയാണ്‌  ഇ - കോമേഴ്സ്‌ സംവിധാനത്തിനുള്ള വാതായനങ്ങൾ തുറന്നത്‌. 2000-ലാണ്‌  അമേരിക്കയിലേയും യൂറോപ്പിലേയും വൻ കമ്പനികളെല്ലാം വേൾഡ്‌ വൈഡ്‌ വെബിലായി. യുഎസ്‌, ചൈന തുടങ്ങിയ രാജ്യങ്ങളാണ്‌ ഇ - കോമേഴ്സിലേയ്ക്ക്‌ ആദ്യം ഇറങ്ങിത്‌.  2013 ൽ   150 ബില്യൺ ഡോളറിന്റെ വരുമാനമാണ്‌ ഈ രാജ്യങ്ങൾ ഇ - കോമേഴ്സിലൂടെ നേടുന്നത്‌.
ഇന്റർനെറ്റ്‌ എന്ന ഇലക്ട്രോണിക്‌ ശ്രൃംഖല ഉപയോഗിച്ച്‌ സാധനങ്ങളുടെയും  സേവനങ്ങളുടെയും  ക്രയവിക്രയം, പണം, വിവരങ്ങൾ എന്നിവയുടെ  കൈമാറ്റം തുടങ്ങിയവ നടത്തുന്നതിനാണ്‌ ഇ- കോമേഴ്സ്‌ അഥവാ ഇ ബിസിനസ്‌  എന്നു പറയുന്നത്‌. സാധനങ്ങളുടെയും സേവനങ്ങളുടെയും ഇന്റർനെറ്റ്‌ വഴിയുള്ള ക്രയവിക്രയത്തിന്‌ ഇ-റിട്ടെയിലിംങ്ങ്‌ എന്നോ ചുരുക്കപ്പേരായി ഇ-ടെയിലിംങ്ങ്‌ എന്നോ ആണ്‌ ഉപയോഗിക്കുക. ഇടപാടുകൾ ബിസിനസും ബിസിനസും (ബി2ബി) ബിസിനസും കൺസ്യുമറും (ബി2സി) കൺസ്യുമറും കൺസ്യുമറും (സി2സി) കൺസ്യുമറും ബിസിനസും (സി2ബി) തമ്മിൽ ആകാം. ഇ-ടെയിലിങ്‌ എന്നാൽ ബി2സി ഇടപാടുകളാണ്‌.
ഇ - കോമേഴ്സ്‌ ഇന്ത്യയിൽ
ഇന്ത്യയിൽ ഇ - കോമേഴ്സ്‌ ഇപ്പോഴും അതിന്റെ ശൈശവാവസ്ഥയിലാണ്‌. പക്ഷെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ രംഗത്തെ അഭിമാനകരമായ പ്രകടനമാണ്‌ നാം കാഴ്ചവയ്ക്കുന്നത്‌. ഏതാണ്ട്‌ 35 ശതമാനമാണ്‌ വളർച്ച - അതായത്‌, 2009 ലെ  3.8 ബില്യൺ ഡോളറിൽ നിന്ന്‌ 2013 ൽ 12.6 ബില്യൺ ഡോളറിലെത്തിയിരിക്കുന്നു നാം. ഇന്ന്‌ ഇ - കോമേഴ്സ്‌ ഇന്ത്യയിലും ഒരു യാഥാർത്ഥ്യമാണ്‌. ഇതിന്റെ പ്രയോജനം മനസിലായതോടെ ലക്ഷക്കണക്കിന്‌ ഉപഭോക്താക്കളാണ്‌ ഈ പ്ലാറ്റ്ഫോം ഇന്ന്‌ ഷോപ്പിങ്ങിനായി ഉപയോഗിക്കുന്നത്‌. അഞ്ചു ദശലക്ഷം ഇന്റർനെറ്റ്‌ കണക്ഷനുകളാണ്‌ 2013 ൽമാത്രം ഇന്ത്യയിൽ നൽകിയത്‌ എന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. 2013 ൽ തന്നെ 213 ദശലക്ഷം ഇന്റർനെറ്റ്‌ ഉപയോക്താക്കൾ ഇവിടെ ഉണ്ടായിരുന്നു. ഈ പുതിയ അഞ്ചു ദശലക്ഷം ഉപയോക്താക്കളിൽ ഭൂരിപക്ഷവും മൊബെയിൽ ഫോണിലാണ്‌ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നത്‌ എന്നതാണ്‌ മറ്റൊരു സവിശേഷത. ഇന്ത്യയിലെ ഉപഭോക്താക്കളുടെ മനശാസ്ത്രം ശരിക്കു പഠിക്കുകയും  അവരുടെ ആവശ്യങ്ങളോട്‌ ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്താൽ ഇവിടെ ഇ - ടെയ്‌ലിങ്ങിന്‌ അനന്തമായ സാധ്യതകളാണ്‌ ഉള്ളത്‌. ഏറ്റവും ഉത്തമ ഉദാഹരണം പണകൈമാറ്റം തന്നെ. രാജ്യത്ത്‌ എത്രയധികം ആളുകളാണ്‌ ക്രെഡിറ്റ്‌ കാർഡുകൾ വഴി ഈ സംവിധാനം ഇന്ന്‌ ഉപയോഗിക്കുന്നത്‌.
ഗോ‍ാഗിൾ ഇന്ത്യ 2013 ൽ സർവെയിലൂടെ  ചില ഉത്പ്പന്നങ്ങളുടെ ഓൺ ലൈൻ വ്യാപാരക്കണക്ക്‌ ശേഖരിക്കുകയുണ്ടായി.
1.     ഇൽക്ട്രോണിക്സ്‌ ഉത്പ്പന്നങ്ങൾ34%
2.     വസ്ത്രങ്ങൾ 30%
3.     പുസ്തകങ്ങൾ 15%
4.     സൗന്ദര്യ സംവർധകങ്ങൾ 10%
5.     വീട്ടുപകരണങ്ങൾ 6%
6.     മരുന്നുകൾ 3%
7.     കുഞ്ഞുങ്ങൾക്കുള്ള സാധനങ്ങൾ 2%
ഈ വിഭാഗത്തിൽ മുന്നിൽ നിൽക്കുന്നത്‌ ഇലക്ട്രോണിക്‌ ഉത്പ്പന്നങ്ങളാണ്‌. എങ്കിലും വാങ്ങലിന്റെ ഇടവേളകൾ നോക്കിയാൽ മുന്നിൽ വസ്ത്രങ്ങൾ( 34%) സൗന്ദര്യസംവർധകങ്ങൾ(33%) എന്നിവയാണ്‌. ഇൽക്ട്രോണിക്‌ സാധനങ്ങൾ അതിനും താഴെയാണ്‌ (28%). ആളുകൾ സാധനങ്ങൾ അന്വേഷിക്കുന്നത്‌ അവർക്ക്‌ ആവശ്യമുള്ളതുകൊണ്ടാണ്‌.
പുത്തൻ പ്രവണതകൾ
കഴിഞ്ഞ രണ്ടു വർഷമായി പുസ്തകങ്ങൾ വസ്ത്രങ്ങൾ എന്നിവയുടെ പുതുമയാർന്ന ധാരാളം പതിപ്പുകൾ വിപണിയിൽ എത്തുന്നുണ്ട്‌. ഇപ്പോൾ ഫ്ലിപ്കാർട്ട്‌, ആമസോൺ, സ്നാപ്ഡീൽ പോലുള്ള ഇന്ത്യയിലെ ഇ-കോമേഴ്സ്‌ ഭീമന്മാർ  വൻ നഗരങ്ങളിൽ നിന്ന്‌ അവരുടെ പ്രവർത്തന മേഖല ചെറു പട്ടണങ്ങളിലേയ്ക്ക്‌ വ്യാപിപ്പിക്കുകയാണ്‌. ഇക്കാര്യത്തിൽ ചെറു പട്ടണങ്ങളിൽ നിന്ന്‌ വളരെ അനുകൂലമായ പ്രതികരണമാണ്‌ അവർക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നതും. നിത്യോപയോഗ സാധനങ്ങളാണ്‌ ഇ-ലോകത്തിൽ ഏറ്റവും പ്രബലൻ. പുനെയിൽ വീട്ടമ്മമാരുടെ ഷോപ്പിംങ്ങിനെ ഡാൽ.കോമും,  പുനെ എക്സ്പ്രസ്‌.കോമും ചേർന്ന്‌ പുനർ നിർവചിച്ചിരിക്കുകയാണ്‌.    വീട്ടിൽ ടെലിവിഷൻ കാണുന്നതിനിടെ ഒരു മൗസ്‌ ക്ലിക്ക്‌. ആവശ്യമുള്ള സാധനങ്ങൾ  അവ എന്തുമാകട്ടെ, അരി, ഗോതമ്പ്‌, ഉപ്പ്‌, പഞ്ചസാര മുതൽ സേഫ്റ്റി പിൻ വരെ വീട്ടുവാതിൽക്കൽ എത്തും. ഈ സംവിധാനം ഇതാ, കൊച്ചിയിൽ വരെ എത്തിക്കഴിഞ്ഞു. കുറച്ച്‌ ഉപഭോക്താക്കളുടെ മാത്രം ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട്‌ ധാരാളം വെബ്സൈറ്റുകൾ ബാല്യദശയിൽ ഇവിടെ ഇ - ബിസിനസിൽ മുന്നേറുന്നുണ്ട്‌. അനതിവിദൂര ഭാവിയിൽ  ഇവരെല്ലാം വൻ സംരംഭങ്ങളായി മാറും. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെ ഉണ്ട്‌. പുനെയിൽ നടക്കുമെങ്കിൽ പിന്നെ എന്തുകൊണ്ട്‌ കൊച്ചിയിൽ ആയിക്കൂട. ഇന്ത്യയിലെമ്പാടുമുള്ള ഇ - നഗരങ്ങളുടെ പ്രവണതയാണിത്‌.
ഇലക്ട്രോണിക്സ്‌, വസ്ത്രങ്ങൾ, പുസ്തകങ്ങൾ എന്നിവയാണ്‌ ഈ പ്രവണതയുടെ മുമ്പേ നടക്കുന്നത്‌. സൗന്ദര്യ സംവർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, മരുന്ന്‌ , കഞ്ഞുങ്ങൾക്കാവശ്യമുള്ള വസ്തുക്കൾ എല്ലാം കൂടി ഓൺലൈനിൽ അന്വേഷിക്കപ്പെടുന്നത്‌  21 ശതമാനം മാത്രം. നമ്മുടെ നാളികേര ഉത്പ്പന്നങ്ങൾ നെറ്റിലേയ്ക്കു വന്നാൽ ഈ പറഞ്ഞ ഉത്പ്പന്നങ്ങളുടെ എല്ലാം മുകളിൽ വരും ഡിമാന്റ്‌.  അതുകൊണ്ട്‌ നാളികേര ഉത്പാദക കമ്പനികൾ അവരുടെ ഉത്പ്പന്നങ്ങളുമായി ഓൺലൈനിലേയ്ക്ക്‌ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നാളികേര ഉത്പാദക കമ്പനികൾ ഓൺലൈനിൽ
ലോകത്തിലെ ഏറ്റവും വലിയ റിടെയിൽ ശ്രൃംഖല വാൾമാർട്ടിന്റേതാണ്‌. പക്ഷെ ഏറ്റവും രസകരമായ വസ്തുത വാൾമാർട്ട്‌ ഒരൊറ്റ ഉത്പ്പന്നം പോലും സ്വന്തമായി ഉത്പ്പാദിപ്പിക്കുന്നില്ല എന്നതത്രെ. ഒന്നു മാത്രം അവർ ചെയ്തു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ആഗോള സപ്ലൈ ചെയിൻ ഉണ്ടാക്കി. വിതരണക്കാർ, കച്ചവടക്കാർ, ഉപഭോക്താക്കൾ എന്നിവർക്കിടയിൽ തിരശ്ചീനമായി സഹകരിക്കുകയും അതിലൂടെ അവർക്ക്‌ മൂല്യവർധനവ്‌ ലഭ്യമാക്കുകയും മാത്രമാണ്‌ സപ്ലൈ ചെയിൻ ചെയ്യുക. എല്ലാ മേഖലകളിലും എല്ലാ സാങ്കേതിക വിദ്യകളിലും വാൾമാർട്ട്‌ മുന്നിലാണ്‌. അവരുടെ സംഭരണശാലകൾ സ്ഥാപിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളുടെയും സംസ്കാരങ്ങൾ അവർ മനസിലാക്കിയിട്ടുണ്ട്‌.  ലോകത്തിൽ അവരുടെ സപ്ലൈ ചെയിനിനെ വെല്ലാൻ മറ്റൊന്നില്ല. അത്രയ്ക്കും ആധുനികമാണത്‌.
നിങ്ങൾ ആലിബാബ ഡോട്‌ കോമിൽ ഒന്നു ലോഗിൻ ചെയ്തു നോക്കൂ.  ഇന്ത്യയിലെ മുഖ്യ നാളികേര ഉത്പാദക സംസ്ഥാനങ്ങളിൽ നിന്നുള്ള നാളികേരവും അതിന്റെ വിലയും മറ്റു വിശദാംശങ്ങളും അവിടെ നിങ്ങൾക്കു ലഭിക്കും. അപ്പോൾ ഇവിടെ കേരളത്തിലെ നാളികേര ഉത്പാദക കമ്പനികളുടെ കൺസോർഷ്യത്തിന്‌ എന്തൊക്കെ ചെയ്യാനാവും. എന്തുകൊണ്ട്‌ അവർക്ക്‌ ഒരു വെബ്സൈറ്റ്‌ തുടങ്ങിക്കൂടാ.ഒരു ഓൺലൈൻ വിപണി ആരംഭിച്ചുകൂടാ. ഈ ഓൺലൈനിൽ കൂടി ഒരു ഉപഭോക്താവ്‌ ഓർഡർ നൽകിക്കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ അയാളുടെ വീട്ടുപടിക്കൽ നീര എത്തുന്ന കാര്യം ഒന്ന്‌ ആലോചിച്ചു നോക്കൂ. നമുക്ക്‌ വൈവിധ്യമാർന്ന ഉത്പ്പന്നങ്ങളുടെ വൻ ശ്രേണി തന്നെയുണ്ട്‌. അതുകൊണ്ട്‌ വിപണിയുടെ എല്ലാ ആനുകൂല്യങ്ങളും നേടാൻ നാം ഉടൻ പരിശ്രമം ആരംഭിക്കണം. സംസ്ഥാനത്ത്‌ ഇപ്പോൾ സ്ഥാപിതമായിരിക്കുന്ന കർഷകരുടെ കമ്പനികൾ വഴി മികച്ചതും അനുദിനം വളരുന്നതുമായ ഒരു നാളികേരഉത്പാദക വിതരണ ശ്രൃംഖല നമുക്കുണ്ട്‌. നാം ഒന്നേ ചെയ്യേണ്ടതുള്ളു, ഈ കമ്പനികളെ ചങ്ങല പോലെ ഒന്നു കൂട്ടിയോജിപ്പിക്കണം. ഉത്പ്പന്നങ്ങൾ കൃഷിയിടങ്ങളിൽ നിന്ന്‌ സപ്ലൈ ലൈനിലേയ്ക്ക്‌ എത്തിക്കുന്നതിന്‌ വാഹനസൗകര്യത്തോടുകൂടിയ ഗതാഗത സംവിധാനം വേണം .
ഈ മേഖലയിൽ ലോകത്തിലെ തന്നെ അതികായന്മാരായ ആമസോൺ ഡോട്‌ കോം അവരുടെ സേവനം ഉള്ള രാജ്യങ്ങളിലുടനീളം സംഭരണശാലകളും  അതിവേഗ ഗതാഗത സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്‌. ഇവിടെ നിന്നാണ്‌ നാം തുടങ്ങുന്നത്‌. ഇന്ന്‌ നമുക്ക്‌ കേരളത്തിൽ വിവിധ കേന്ദ്രങ്ങളിലായി  കമ്പനികളുടെ രൂപത്തിൽ പതിമൂന്ന്‌ സംഭരണശാലകൾ ഉണ്ട്‌. ഇവയുടെ എണ്ണം ഇനിയും വർധിക്കും. തൃത്താല നാളികേര കൂട്ടായ്മയിലെ ഓരോ ഉത്പാദക സംഘങ്ങളും അവരുടെ മേഖലയിലെ ഉപഭോക്താക്കളുടെ നാളികേര ഉത്പ്പന്ന ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ ശേഷിയുള്ള സ്വതന്ത്ര യൂണിറ്റുകളായി മാറുന്ന കാലത്തിനുവേണ്ടിയാണ്‌ നമ്മൾ പ്രവർത്തിക്കുന്നത്‌. ഈ സംഘങ്ങളുടെയും ഫെഡറേഷനുകളുടെയും വിശാലമായ  ശ്രൃംഖല നമ്മുടെ എല്ലാ ഗ്രാമങ്ങളിലും എത്തണം. അതാണ്‌ സമ്പൂർണമായ  വിതരണ ശ്രൃംഖല. എപ്പോഴും ശക്തമായ പശ്ചാത്തലം നാം ഒരുക്കണം. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും സാങ്കേതിക വിദ്യയ്ക്കും ഒപ്പം നിൽക്കുന്ന ആധുനിക സംവിധാനങ്ങൾ നാം ഒരുക്കന്ന വിതരണ ശ്രൃംഖലയ്ക്കും ഉണ്ടായിരിക്കണം.
ഇന്ന്‌ ഫ്ലിപ്കാർട്ടിന്‌ ഇ - കാർട്ടും, ആമസോണിന്‌ ആമസോൺ ലൊജിസ്റ്റിക്സും ഉണ്ട്‌. എന്നാൽ തുടക്കത്തിൽ ഇതൊന്നും അവർക്ക്‌ ഉണ്ടായിരുന്നില്ല. മറ്റ്‌ ഗതാഗത സംവിധാനങ്ങളെയാണ്‌ ഇവരെല്ലാം ആശ്രയിച്ചിരുന്നത്‌. കാലക്രമത്തിൽ അവർ വാഹനങ്ങളും ഗതാഗത സംവിധാനങ്ങളും സ്വന്തമാക്കി. അപ്പോൾ വിതരണം വേഗത്തിലായി, അതനുസരിച്ച്‌ വരുമാനവും ലാഭവും വർധിച്ചു, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായി, വിപണിയിൽ അവരുടെ മൂല്യം വർധിച്ചു. നമുക്ക്‌  കമ്പനികളും ഫെഡറേഷനുകളും സോസൈറ്റികളും എന്ന പ്രവർത്തന സംവിധാനം  നിലവിലുണ്ട്‌. ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നമുക്ക്‌ സാധിക്കും. നമ്മുടെ ഭൂരിഭാഗം ഉത്പ്പന്നങ്ങളും ദീർഘമായ സൂക്ഷിപ്പുകാലമുള്ളവയാണ്‌.എന്നാൽ വേഗത്തിൽ ഉപയോഗശൂന്യമാകുന്ന  നീര പോലുള്ള ഉത്പ്പന്നങ്ങളുടെ വിപണനത്തിന്‌  കോൾഡ്‌ ചെയിൻ തന്നെ വേണം. ഇതിന്‌ ശരിയായ ഗവേഷണവും പഠനവും ആവശ്യമാണ്‌.
ഭാവി പ്രതീക്ഷകൾ
നമ്മുടെ കമ്പനികൾക്ക്‌ ശക്തമായ സാമ്പത്തിക ഭദ്രത നേടാൻ അധിക കാലമൊന്നും വേണ്ടിവരില്ല. കയറ്റുമതി വിപണിയിലെ മുന്തിയ വിഹിതം ഇവരുടേതായി മാറാൻ അധികനാൾ കാത്തിരിക്കേണ്ടതില്ല. വിതരണ ശ്രൃംഖലയുടെ കാര്യത്തിൽ ലോകത്തിലെ വൻ കമ്പനികളുമായിട്ടായിരിക്കും ഇവ മത്സരിക്കുക. അപ്പോഴേയ്ക്കും ആഭ്യന്തര വിപണി അവർ പിടിച്ചടക്കിയിരിക്കും. നിലവാരമുള്ള ഉത്പ്പന്നങ്ങളുടെ വിൽപനയിലൂടെ കമ്പനികൾ വൻ വരുമാനമുണ്ടാക്കും. പരസ്യം, വിപണനം, പായ്ക്കിംങ്ങ്‌ രൂപകൽപന തുടങ്ങിയ കാര്യങ്ങളിലായിരിക്കും കമ്പനികൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം. അപ്പോൾ ഫ്ലിപ്‌ കാർട്ട്‌, ആമസോൺ തുടങ്ങിയ ഇന്ത്യയിലെ ഇ-ടെയ്‌ലിംങ്ങ്‌ ഭീമന്മാർ അവരുടെ വിപണിയിൽ നമ്മുടെ ഉത്പ്പന്നങ്ങൾ ഉൾപ്പെടുത്താൻ പരസ്പരം മത്സരിക്കും.
ഒരു വാഹനത്തിന്റെ ശബ്ദം. ഇതാ രാവിലെ നൽകിയ ഓർഡർ അനുസരിച്ചുള്ള  വിഭവങ്ങൾ കമ്പനിയുടെ വാഹനത്തിൽ എത്തുന്നു. വാച്ചിൽ നോക്കി. സമയം അഞ്ച്‌ ആയതേയുള്ള. എന്തൊരു കൃത്യനിഷ്ഠ!!

19 Sept 2014

നാളികേരത്തിന്റെ ഉത്പ്പന്ന വൈവിധ്യം


മനു പ്രേം
പ്രോജക്ട്‌ മാനേജർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ഏഷ്യൻ പസഫിക്‌ മേഖലയിൽ സ്ഥിതിചെയ്യുന്ന ചെറിയ രാജ്യങ്ങളിലെ  വലിയ കമ്പനികൾ നാളികേരത്തിന്റെ  ഉത്പ്പന്ന വൈവിധ്യം കൊണ്ടും മൂല്യവർധനവു കൊണ്ടും അന്താരാഷ്ട്ര വിപണിയിൽ നിന്ന്‌ കോടികൾ സമ്പാദിക്കുന്ന കഥകൾ.
ഫിലിപ്പീൻസിലെ സാധാരണ നാളികേര കർഷകനായ ആൻഡി അൽബാനോവിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചെറിയ നാളികേര സംസ്കരണ സംരംഭമാണ്‌ ഇന്ന്‌ ലോകമെമ്പാടും അറിയപ്പെടുന്ന കൊക്കോ വണ്ടർ എന്ന കമ്പനി. കമ്പനി എന്നു പറഞ്ഞാൽ നമുക്ക്‌ ഒരു സങ്കൽപമുണ്ട്‌. ഇത്‌ അതിനെയും  വെല്ലുന്ന കമ്പനിയാണ്‌. നാളികേരം എന്ന ഒറ്റ ഉത്പന്നത്തിൽനിന്ന്‌ 36 - ൽ അധികം മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന അതികായനാണ്‌ കൊക്കോ വണ്ടർ. വെർജിൻ കോക്കനട്‌ ഓയിൽ തന്നെ ക്യാപസൂൾ അടക്കം നാലിനം, നാളികേര പഞ്ചസാര, നാളികേര സിറപ്പ്‌, തേങ്ങാപൊടി, തേങ്ങാ പാൽപൊടി, തേങ്ങാ ഡയറ്ററി ഫൈബർ, കോക്കനട്‌ ചിപ്സ്‌, കോക്കനട്‌ സ്നാക്‌ ബാർ, കോക്കനട്‌ ചോക്കലേറ്റ്‌ ബാർ, കോക്കനട്‌ നിബ്സ്‌, കോക്കനട്‌ ജാം, കോക്കനട്‌ സ്പ്രെഡ്‌, കോക്കനട്‌ ബട്ടർ, കോക്കനട്‌ ജിഞ്ചർ ജൂസ്‌, ചായ, കോക്കനട്‌ കൊക്കോ പൗഡർ, കോക്കനട്‌ മിൽക്ക്‌, കോക്കനട്‌ ഡ്രിങ്ക്‌,  കോക്കനട്‌ ബ്ലൻഡ്‌ കോഫി, കോക്കനട്‌ ക്രീം കോഫി, കോക്കനട്‌ ലിക്വിഡ്‌ അമനോസ്‌, സോസ്‌ അമിനോസ്‌, വിനാഗിരി ( അഞ്ചുതരം) കോക്കനട്‌ ടോസ്റ്റഡ്‌ ചിപ്സ്‌, കോക്കനട്‌ വാട്ടർ കോൺസൺട്രേറ്റ്‌,  കോക്കനട്‌ വാട്ടർ ഡ്രിങ്ക്‌, ഫ്രോസൺ ഫ്രഷ്‌ കോക്കനട്‌ വാട്ടർ....ഉത്പന്ന ശ്രേണി ഇനിയും നീളുകയാണ്‌. ഇതിൽ പകുതി പോലും കേരളത്തിലെ നാളികേര കർഷകരോ കർഷകരുടെ കമ്പനികളോ കേട്ടിട്ടു പോലും ഉണ്ടാവില്ല. ഇതെല്ലാം അന്താരാഷ്ട്രമാർക്കറ്റിൽ ഉയർന്ന വിലയ്ക്ക്‌ വിൽക്കപ്പെടുന്ന ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളാണ്‌.
കൊക്കോ വണ്ടർ പോലുള്ള എത്രയോ വൻ കമ്പനികൾ ഇത്തരത്തിൽ നാളികേരത്തെ മൂല്യവർധനവ്‌ വരുത്തി രാജ്യാന്തര വിപണിയിൽ നിന്ന്‌ കോടികൾ വാരിക്കൂട്ടുന്നു. പക്ഷെ ഇന്ത്യയിൽ നിന്ന്‌ അത്തരത്തിൽ ഒരു കമ്പനിയും ഇല്ല. നമുക്ക്‌ നാളികേരം ഇന്നും പരമ്പരാഗത ഉത്പ്പന്നങ്ങളായ വെളിച്ചെണ്ണ, കൊപ്ര, പിണ്ണാക്ക്‌. അത്ര തന്നെ. അടുത്ത നാളിലാണ്‌ നീര പോലും തെങ്ങിൽ നിന്നുള്ള ആദായമാണ്‌ എന്നു നാം തിരിച്ചറിഞ്ഞതും ഉത്പാദനം തുടങ്ങിയതും. നീരയിൽ നിന്ന്‌ ഇനിയും എത്രയോ മൂല്യവർധിത ഉത്പ്പന്നങ്ങൾക്ക്‌ സാധ്യതുണ്ട്‌ എന്ന്‌ കേരളത്തിലെ നാളികേര കർഷക സമൂഹം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
നാമിപ്പോഴാണ്‌ ഏതാനും നാളികേര ഉത്പാദക കമ്പനികൾക്കും അവയുടെ കീഴിൽ നാമമാത്രമായ നീര സംസ്കരണ യൂണിറ്റുകൾക്കും തറക്കല്ലിട്ടിരിക്കുന്നതു തന്നെ. പക്ഷെ ഏഷ്യൻ പസഫിക്ക്‌ മേഖലയിലുള്ള  ഫിലിപ്പീൻസ്‌ പോലുള്ള ചെറു രാജ്യങ്ങൾ എത്രയോ മുമ്പേ ആ വഴിക്ക്‌ ചിന്തിക്കുകയും ബഹുദൂരം സഞ്ചരിക്കുകയും ചെയ്തിരിക്കുന്നു. നാം എത്രയോ വേഗത്തിൽ സഞ്ചരിച്ചാലേ അവയ്ക്ക്‌ ഒപ്പമെങ്കിലും എത്താൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ കുറെ മാസങ്ങളായി നാളികേര വിപണി വൻ കുതിപ്പിലാണ്‌. അതിന്റെ ചെറിയ ഉത്സാഹം കർഷകരിലുണ്ട്‌. പക്ഷെ, നമുക്ക്‌ മത്സരിക്കേണ്ടത്‌ ഇന്ത്യയുടെ ഒരു സംസ്ഥാനത്തിന്റെ പോലും വലിപ്പമില്ലാത്ത രാജ്യങ്ങൾ ആന്താരാഷ്ട്ര വിപണിയിലേയ്ക്ക്‌ കയറ്റി അയക്കുന്ന ഉത്പ്പന്നങ്ങളോടാണ്‌ എന്ന ഓർമ്മ നമ്മുടെ ഉറക്കം കെടുത്തണം.
നേരത്തെ പറഞ്ഞ കൊക്കോ വണ്ടറിന്റെ ഏതാനും ഉത്പ്പന്നങ്ങൾ കൂടി പരിചയപ്പെടാം.  കൊക്കോനട്‌ ബോബി ആൽക്കഹോൾ, വെർജിൻ കോക്കനട്‌ ബേബി ഓയിൽ, വെർജിൻ കോക്കനട്‌ മസാജ്‌ ഓയിൽ, കോക്കനട്‌ ഷാമ്പു, ഹാൻഡ്‌ വാഷ്‌, കോക്കനട്‌ ഹെയർ കണ്ടീഷണർ, കോക്കനട്‌ ലോഷൻ, കോക്കനട്‌ മോയിശ്ച്വറൈസർ, കോക്കനട്‌ ബോഡി വാഷ്‌, കോക്കനട്‌ ഫേഷ്യൽ വാഷ്‌, കോക്കനട്‌ ബോഡി സ്ക്രബ്‌...അത്ഭുതപ്പെടേണ്ട, അവർ ഇതെല്ലാം നിർമ്മിക്കുന്നത്‌ നമ്മുടെ തേങ്ങയിൽ നിന്നു തന്നെ.
ഇനി മറ്റൊരു കമ്പനിയെ അറിയാം. ഇതും ഫിലിപ്പീൻസ്‌ സംരംഭം തന്നെ. മക്കാത്തി , സാൻ പാബ്ലോ നഗരങ്ങളിൽ ആസ്ഥാനം ഉറപ്പിച്ചിരിക്കുന്ന ഫ്രാങ്ക്ലിൻ ബേക്കർ. ഡസിക്കേറ്റഡ്‌ കോക്കനട്‌, സംസ്കരിച്ച നാളികേരം, മൂല്യവർധിത നാളികേരം എന്നിവയിലാണ്‌ ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. അവയുടെ  ഇനങ്ങളും തരങ്ങളും അമ്പരപ്പിക്കുന്നതാണ്‌. ഡസിക്കേറ്റഡ്‌ കോക്കനട്‌ ഗ്രാന്യൂൾഡ്‌ കട്‌ എന്ന ഇനം തന്നെ  മീഡിയം, മാക്രോൺ, എക്സ്ട്രാ ഫൈൻ, ഫൈൻ, നാച്ചുറൽ ബ്ലൻഡ്‌, മിൽറൺ ബ്ലൻഡ്‌, ഫൈൻ കോറസ്‌. ഇനി സ്പേഷൽ കട്‌ എന്ന മറ്റൊരു ഇനമുണ്ട്‌. ഫാൻസി ചിപ്‌, മിൽ റൺ ചിപ്‌, എസ്‌.എൽ ചിപ്‌, ടെണ്ടർ ഫ്ലേക്ക്‌, ഗ്രൗണ്ട്‌ ഫ്ലേക്ക്‌, സ്പേഷൽ ലോംങ്ങ്‌ ത്രെഡ്‌, എക്സ്ട്രാ ഫാൻസി ഷ്രെഡ്‌, പ്രീമിയം ഷ്രെഡ്‌... നമുക്ക്‌ ചിന്തിക്കാൻ പോലും സാധിക്കാത്ത ഇനങ്ങൾ.
ഫ്രാങ്ക്ലിൻ ബേക്കറിന്റെ ഗോൾഡൻ ടോസ്റ്റഡ്‌ നാളികേരം മീഡിയം, കോക്കനട്‌ ഫ്ലേക്സ്‌,  ഷ്രെഡ്‌, റൈസ്‌ കട്‌, നിബ്ലറ്റ്സ്‌, മാക്രോൺ, ഫൈൻ, തിക്സ്ലൈസ്‌,സ്വീറ്റൻഡ്‌, സ്ലേറ്റഡ്‌ ചിപ്‌ തുടങ്ങിയ വിവിധ തരങ്ങളിൽ വിപണിയിൽ ലഭിക്കുന്നു. മൂല്യ വർധിത നാളികേരം എന്ന ലേബലിൽ  ഫ്രാങ്ക്ലിൻ നിർമ്മിക്കുന്നത്‌, ക്രീംഡ്‌ കോക്കനട്ടും ( റേഗുലർ, സ്പേഷൽ, നാച്ചുറൽ)  കോക്കനട്‌ കോൺസൺട്രേറ്റ്‌ (നാച്ചുറൽ, സ്വീറ്റൻഡ്‌,ബിവറേജ്‌ ബേസ്‌) എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന രുചികളിലും ഇനങ്ങളിലുമാണ്‌.
ഫിലിപ്പീൻസിലെ മെഡിന ആസ്ഥാനമായുള്ള ഫ്രഷ്‌ ഫ്രൂട്ട്‌ ഇൻഗ്രേഡിയൻസ്‌ ഇൻകോർപ്പറേറ്റഡ്‌ ഫിയസ്ത ബ്രാൻഡിൽ നിർമ്മിക്കുന്ന ഉത്പ്പന്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ വൻ ഡിമാന്റുള്ളതാണ്‌. ലോകത്തിലെ തന്നെ ആദ്യത്തെ നാളികേര പാൽപൊടി നിർമ്മാതാക്കൾ ഇവരാണത്രെ. 1986 ൽ ഡസിക്കേറ്റഡ്‌ കോക്കനട്‌, കോക്കനട്‌ മിൽക്ക്‌ പൗഡർ എന്നിവ നിർമ്മിച്ചു കൊണ്ട്‌ നാളികേര മൂല്യ വർധന വിപണിയിലേയ്ക്ക്‌ എത്തിയ ഫ്രഷ്‌ ഫ്രൂട്ട്‌ ഇൻഗ്രേഡിയൻസ്‌, ഇപ്പോൾ ഈ ഉത്പ്പന്നങ്ങൾ വൈവിധ്യവത്ക്കരിച്ചിരിക്കുന്നു. സ്വീറ്റൻഡ്‌ കോക്കനട്‌, ടോസ്റ്റഡ്‌ കോക്കനട്‌ ( രണ്ടു തരം)കോക്കനട്‌ വാട്ടർ, കോക്കനട്‌ ക്രീം, ക്രീംഡ്‌ കോക്കനട്‌, കൊഴുപ്പു കുറഞ്ഞ നാളികേരം, ഡസിക്കേറ്റഡ്‌ കോക്കനട്‌, മിൽക്ക്‌ പൗഡർ എന്നിവയാണ്‌ ഈ കമ്പനിയുടെ പ്രധാന ഉത്പ്പന്നങ്ങൾ.
ഫിലിപ്പീൻസിലെ മറ്റൊരു നാളികേര കമ്പനിയാണ്‌ ടാറ്റുക്കോ. പാചക എണ്ണ, സംസ്കരിക്കാത്ത വെളിച്ചെണ്ണ,  കോക്കനട്‌ ഫാറ്റി ആസിഡ്‌, ഡിസ്റ്റിലൈറ്റ്‌, കൊപ്ര പിണ്ണാക്ക്‌, ബയോഡീസൽ തുടങ്ങിയ ഉത്പ്പന്നങ്ങൾ ഇവർ വിപണിയിൽ എത്തിക്കുന്നു.
ഇത്തരം വൻ കമ്പനികളെ കൂടാതെ ജൈവ വെർജിൻ കോക്കനട്‌ ഓയിൽ നിർമ്മാണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിക്കോർ പോലെ  വൻകുടുംബങ്ങൾ നടത്തുന്ന നാളികേര ബിസിനസും ഫിലിപ്പീൻസിലുണ്ട്‌. അമേരിക്ക, യൂറോപ്പ്‌ തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലാണ്‌ ഇവരുടെയെല്ലാം വിപണി.
നാളികേര ബിസിനസ്‌ ഏറ്റവും വേരൂന്നിയിരിക്കുന്ന രാജ്യങ്ങളിലൊന്ന്‌ മലേഷ്യയാണ്‌.  ഫിലിപ്പീൻസുമായി താരതമ്യം ചെയ്യുമ്പോൾ ഇവർക്കുള്ള മെച്ചം ഉത്പ്പന്നങ്ങളുടെ വൈവിധ്യമാണ്‌.  ഉത്പ്പന്നങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും  അതിന്റെ വൈവിധ്യം സവിശേഷമാണ്‌. വെർജിൻ കോക്കനട്‌ ഓയിൽ നിർമ്മിക്കുന്ന ഇന്റി ഫുഡ്‌ എന്ന കമ്പനി, വെർജിൻ കോക്നട്‌ ഓയിൽ ഉപയോഗിച്ച്‌ വിവിധ തരം ഭക്ഷണങ്ങൾ തയാറാക്കുന്നു. മിൽക്ക്‌ ഷേക്കും മറ്റും വെർജിൻ കോക്കനട്‌ ഓയിൽ ഉപയോഗിച്ചാണ്‌ ഇവർ തയാറാക്കുന്നത്‌. കപാർ കമ്പനി, നാളികേര പാൽ, ഡസിക്കേറ്റഡ്‌ കോക്കനട്‌,  നോൺ ഡയറി ക്രീമർ എന്നിവ വിപണിയിൽ എത്തിക്കുന്നു. കൊഴുപ്പ്‌ കുറഞ്ഞതും കൊഴുപ്പ്‌ കൂടിയതുമായ ഡസിക്കേറ്റഡ്‌ കോക്കനട്‌, കോക്കനട്‌ മിൽക്ക്‌ പൗഡർ എന്നിവയാണ്‌ കിത്ര ഇൻഡസ്ട്രിസിന്റെ ഉത്പ്പന്നങ്ങൾ. വെർജിൻ കോക്കനട്‌ ഓയിൽ കോക്കനട്‌ ഷുഗർ എന്നിവ നിർമ്മിക്കുന്ന കമ്പനിയാണ്‌ റയിൻ ഫോറസ്റ്റ്‌ ഹെർബ്സ്‌. സണ്ണി ഇൻസ്റ്റന്റ്‌ കോക്കനട്‌ മിൽക്ക്‌ പൗഡർ എന്ന പേരിലാണ്‌ ലൈക്കോയുടെ മിൽക്ക്‌ പൗഡർ വിപണി പിടിച്ചടക്കിയത്‌.
ഇന്തോനേഷ്യയിലെ ഏതാനും കമ്പനികളും അന്താരാഷ്ട്ര വിപണിയിൽ മത്സര രംഗത്തുണ്ട്‌. പ്രധാനമായും മിന്തിരി അഗ്രിക്കൾച്ചർ, പിടി ഗ്ലോബൽ, കാര തുടങ്ങിയവയാണ്‌ അവ. ഫ്രഷ്‌ കോക്കനട്‌, കൊപ്ര, കരി, ഷുഗർ, ഡസിക്കേറ്റഡ്‌ കോക്കനട്‌ (ഫൈൻ മീഡിയം ഗ്രേഡുകൾ) എന്നിവയാണ്‌ മിന്തിരിയുടെയും പി.ടിയുടെയും ഉത്പ്പന്നങ്ങൾ. കാരയുടെ ഉത്പ്പന്നങ്ങൾ കോക്കനട്‌ മിൽക്ക്‌, കോക്കനട്‌ ക്രീം, കോക്കനട്‌ ക്രീം പൗഡർ എന്നിവയാണ്‌.  സുമാട്രയിൽ ഉത്പ്പന്നങ്ങൾ നിർമ്മിച്ച്‌ സിങ്കപ്പൂരിലും ഇന്തോനേഷ്യയിലും വിപണനം ചെയ്യുകയാണ്‌ കാരയുടെ തന്ത്രം.
തായ്‌ലൻഡിലെ നാളികേര കമ്പനിയാണ്‌ മെരിറ്റ്‌ ഫുഡ്‌. ജൈവ ഉത്പ്പന്നങ്ങളാണ്‌ ഇവർ നിർമ്മിക്കുന്നത്‌. കോക്കനട്‌ ക്രീം, കോക്കനട്‌ മിൽക്ക്‌, വെർജിൻ കോക്കനട്‌ ഓയിൽ തുടങ്ങിയ ഓർഗാനിക്‌ ഉത്പ്പന്നങ്ങൾ മെരിറ്റോ ബ്രാൻഡിലാണ്‌ വിൽക്കുന്നത്‌. തേങ്ങാ പാൽ, തേങ്ങാ വെള്ളം, ശീതള പാനീയം, ഡസിക്കേറ്റഡ്‌ കോക്കനട്‌ എന്നിവ നിർമ്മിക്കുന്ന  മറ്റൊരു കമ്പനിയാണ്‌  തായ്‌ കോക്കനട്‌. ഇവരാണ്‌ ആദ്യമായി അസെപ്റ്റിക്‌ പായ്ക്കറ്റുകളിൽ നാളികേര പാൽ ലോക വിപണിയിൽ എത്തിച്ചതു.
തായ്‌ലൻഡ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ്‌ കൊക്കോസ്‌ ഗ്രൂപ്പ്‌.  ഇവരുടെ പ്രധാന ഉത്പന്നം  നാളികേര കാമ്പാണ്‌. ഇത്‌ സൂക്ഷ്മമായി ശേഖരിച്ച്‌ അപ്പോൾ തന്നെ വാക്വം പായ്ക്കറ്റുകളിലാക്കുന്നു. പിന്നീടാണ്‌ ഇത്‌ ശീതീകരിക്കുന്നതു പോലും. നാളികേര വെള്ളവും ഇത്തരത്തിൽ നേരിട്ട്‌ പായ്ക്ക്‌ ചെയ്യുന്നു. 100 ശതമാനം പ്രകൃതിദത്തമായ ഉത്പ്പന്നങ്ങളാണ്‌ വിപണിയിലെ ഇവരുടെ മികവ്‌. ഉത്പന്നങ്ങളുടെ സൂക്ഷിപ്പുകാലം ദീർഘിപ്പിക്കുന്നതിനായി സൂക്ഷ്മമായ പായ്ക്കിങ്ങിലാണ്‌ ഇവരുടെ ശ്രദ്ധ. 
നാളികേരം ഉപയോഗിച്ചുള്ള വിവിധ തരം ഭക്ഷണങ്ങളുടെ ഒരു കേന്ദ്രം കൂടിയാണ്‌ തായ്‌ലൻഡ്‌. പ്രത്യേകിച്ച്‌ കോക്കനട്‌ ഐസ്‌ ക്രീമുകൾ.
ലോകോത്തര നാളികേര ഉത്പ്പന്നങ്ങളുടെ നിർമ്മാണം നടക്കുന്നത്‌ നമ്മുടെ തൊട്ട്‌ അയൽ രാജ്യമായ ശ്രീലങ്കയിലാണ്‌. രേണുക ഗ്രൂപ്പ്‌ എന്ന കമ്പനി, രേണുക ആൻഡ്‌ കൊക്കോമി എന്ന പേരിൽ കോക്കനട്‌ മിൽക്ക്‌ ( മൂന്നു തരം) കോക്കനട്‌ മിൽക്ക്‌ പൗഡർ (മൂന്നു തരം) സ്വീറ്റൻഡ്‌ കോക്കനട്‌ ക്രീം എന്നിവ വിപണനം ചെയ്യുന്നു. കൂടാതെ ജൈവ ശ്രേണിയിൽ ഈ ഉത്പ്പന്നങ്ങളും വെർജിൻ കോക്കനട്‌ ഓയിലും ഇവർ ഉത്പാദിപ്പിക്കുന്നു.  റാൻഫർ ആണ്‌ മറ്റൊരു കമ്പനി. ഡസിക്കേറ്റഡ്‌ കോക്കനട്‌ മാത്രമാണ്‌ ഇവരുടെ ഉത്പ്പന്നം. പക്ഷെ, അതു തന്നെ ഏഴ്‌ ഇനങ്ങളിലും ആറ്‌ നിറങ്ങളിലുമുണ്ട്‌. ടിന്നുകളിൽ നിറച്ച കരിക്കിൻ വെള്ളം, കോക്കനട്‌ ക്രീം, കുപ്പിയിലാക്കിയ നാളികേര പൊടി, പായ്ക്കറ്റിലാക്കിയ ക്രീംഡ്‌ കോക്കനട്‌ എന്നിവയും ഇവർ ഉത്പ്പാദിപ്പിക്കുന്നു.
വിയറ്റ്നാമിലെ വൻ നാളികേര ഉത്പന്ന നിർമാതാക്കളാണ്‌ വിയറ്റ്‌ ഡൽറ്റാ. കോക്കനട്‌ കാൻഡി, ഡസിക്കേറ്റഡ്‌ കോക്കനട്‌, ചിരട്ടക്കരി, വെളിച്ചെണ്ണ, കോക്കനട്‌ മിൽക്ക്‌, കോക്കനട്‌ ജെല്ലി തുടങ്ങിയ സാധാരണ ഉത്പന്നങ്ങളാണ്‌ ഇവർ നിർമ്മിക്കുന്നത്‌. വിവിധ ഗ്രേഡിലുള്ള ഡസിക്കേറ്റഡ്‌ കോക്കനട്‌ മാത്രം നിർമ്മിക്കുന്ന വിയറ്റ്നാം കമ്പനികളാണ്‌ ടിൻമയി കോ.ലിമിറ്റഡ്‌, കൊക്കോവിന എന്നിവ.
ഇതൊക്കെ നമ്മുടെ അയൽപക്കത്തുള്ള വിദേശ രാജ്യങ്ങളിലെ കമ്പനികളാണ്‌. ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും വൈവിധ്യമാർന്ന നാളികേര ഉത്പ്പന്നങ്ങൾ നിർമ്മിച്ച്‌ ലോക വിപണിയിലെത്തിച്ച്‌ കോടിക്കണക്കിന്‌ ഡോളർ പ്രതിവർഷം സമ്പാദിക്കുന്ന കമ്പനികൾ ഇനിയും എത്ര. ഈ നല്ല മാതൃകകൾ കേരളത്തിലെ ഉത്പാദക കമ്പനികൾക്കും പൈന്തുടരാവുന്നതാണ്‌. അവർക്ക്‌ സംഭവിച്ച പിഴവുകൾ തിരുത്തി, അവരുടെ ദൗർബല്യങ്ങൾ ചൂഷണം ചെയ്ത്‌ അന്താരാഷ്ട്ര വിപണിയിൽ സ്ഥാനം നേടാൻ കേരളത്തിലെ നാളികേര കർഷകരുടെ കമ്പനികൾക്ക്‌ സാധിക്കും. അന്തമായ സാധ്യതകളാണ്‌ കേരളത്തിലെ പ്രോഡ്യൂസർ കമ്പനികൾക്ക്‌ ഇപ്പോൾ  ഉള്ളത്‌. ഇതിൽ ഏറ്റവും കൂടുതൽ അനുകരിക്കാവുന്നത്‌ ഫിലിപ്പീൻസിനെ തന്നെയാണ്‌. ശ്രമിച്ചാൽ നമുക്കും നാളികേരം എന്ന ഒറ്റ വിളകൊണ്ട്‌ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...