Showing posts with label chemmanam chacko. Show all posts
Showing posts with label chemmanam chacko. Show all posts

21 Jun 2013

പുതിയ പടം


ചെമ്മനം ചാക്കോ

പടങ്ങൾ ചില്ലിട്ടേറെ
വിൽക്കുവാൻ വച്ചുള്ളോരു
കടയിൽത്തിരക്കീ ഞാൻ:
'ടാഗോറിൻ പടമുണ്ടോ?'
'ആരു സാർ ടാഗോർ?' ചോദി-
ച്ചാനുടൻ മഹാത്ഭുത-
മേരുവിൻ മുടിത്തുമ്പിൽ
നിൽക്കും പോൽ കടക്കാരൻ.
'ഇല്ലയോ മഹാകവി
ടാഗോറിൻ പടം വിൽക്കാൻ?'
വല്ലതുമൊരു തുമ്പു
നൽകുവാൻ തുനിഞ്ഞു ഞാൻ.
വെറ്റിലക്കറ പറ്റും
പല്ലുകൾ കാണിച്ചും
കൊണ്ടുറ്റൊരു ചിരി ചിരി
ച്ചുത്തരം നൽകീടിനാൻ:
'കവിയും കിവിയുമി-
ല്ലിപ്പൊൾ മാർക്കറ്റിൽ, നല്ല
കളിയായ്‌; വരുന്നു
സാറേതു ദേശത്തിൽ നിന്നും?
ക്രിസ്തുവിൻ വില പോയീ,
കൃഷ്ണനും ഡിമാന്റില്ലാ,
ബുദ്ധനെ വിൽക്കാൻ പാടു
പെട്ടാലും നടപ്പീല.
ഗാന്ധിയും മോശം മോശം
നെഹ്രുവും ചെലവില്ല,
ഞാൻ തീരെപ്പണിഞ്ഞാലും
വിൽക്കില്ല നേതാജിയെ!'
മർത്ത്യസംസ്കാരം രൂപം
കൊടുത്ത-ദൈവങ്ങളും,
ഹൃദ്യസ്വാതന്ത്ര്യം നേടി
യെടുത്ത നേതാക്കളും
പൊടിയും പറ്റി ഭിത്തി
മേലുറങ്ങുമ്പോൾ ചോദി-
ച്ചിടയിൽ:'മാർക്കറ്റിപ്പോ
ളെന്തിനു മാനേജരേ?'
സസ്മിതം പറഞ്ഞയാൾ:
'കഷ്ടമേ, ഭഗവാന്റെ
ഭസ്മമെത്തിടാതുള്ള
നാടേതെന്നറിഞ്ഞീല!
സായിബാബതൻ ചിത്രം
ചില്ലിടും മുമ്പേ തീരും,
മായമില്ലൊട്ടും 'വയ്ക്കു
ന്നിടത്തു ഭസ്മം വീഴും!'
സത്യമേ സത്യം, സായി
ഭഗവാൻ പ്രസാദിച്ചി-
ട്ടിത്തിരി നിലം വാങ്ങീ,
ബിസിനസ്സിരട്ടിച്ചു.
സാറിന്നു വേണോ? പിന്നിൽ
പ്ലൈവുഡ്ഡു തറച്ചോരു
സ്വാമിയെത്തരാം; തുച്ഛം
നൂറു രൂപയേ വേണ്ടൂ!'
ഇന്നലെ സന്ധ്യയ്ക്കാണീ
സംഭവം; മാന്യന്മാരേ,
ചെന്നു നോക്കുവിൻ, ചിത്രം
വാങ്ങുവിൻ തീരും മുമ്പേ.

27 Apr 2013

അക്ഷയതൃതീയ





 ചെമ്മനം ചാക്കോ



അയ്യയ്യോ, പത്രത്തിൽ മുഴുവൻ പരസ്യങ്ങൾ,
മെയ്മാസം പതിന്നൊന്നിൻ ഗുണവിശേഷം!
വൈശാഖമാസത്തിൻ മൂന്നാംനാൾ: അന്നല്ലോ
വസുധയിൽ ജാതനായ്‌ പരശുരാമൻ!
ചൊല്ലുന്നു പരസ്യം:'പുരാണേതിഹാസത്തി-
ലില്ലിതുപോൽ നല്ല നാളു വേറെ.
'അക്ഷയയാകും തൃതീയ'യൊന്നാന്തരം
നിക്ഷേപം സ്വർണ്ണമായി വാങ്ങിവയ്ക്കാൻ.
കണ്ടുകാര്യം മുൻകൂർ ചെയ്യുന്നവർക്കൊക്കെ-
യുണ്ടാകുമൈശ്വര്യമേന്മ മേന്മൽ!'
2.
ഭാര്യയ്ക്കു നിർബന്ധം, നിർബന്ധം; ചൊന്നവൾ:
ബാങ്കിൽ കിടക്കുന്ന പത്തുലക്ഷം
സ്വർണ്ണമാക്കീടുകിൽ വന്നെത്തുമൊട്ടെറെ
വർണ്ണപ്പകിട്ടുകൾ ജീവിതത്തിൽ'
'മണ്ടീ, പരസ്യയുഗമി, തിന്നോളവും
കൊണ്ടുകേറാത്ത പുരാണപുരം
സ്വർണ്ണക്കടകളും പത്രവും ചേർന്നിപ്പോൾ
സ്വർണ്ണക്കൊയ്ത്താക്കുന്നൊരിന്ദ്രജാലം!
അന്ധവിശ്വാസം പെരുപ്പിച്ചു കീശയിൽ
സമ്പത്തു കൂട്ടുന്നു ദുഷ്പ്രഭുത്വം!'
'മൂരാച്ചിതന്നെയീ ചേട്ടൻ, നാടോടുമ്പോൾ
നേരേ നടുവേ നാമോടിടേണം.'
ഭാര്യതൻ സ്വത്താണു ലക്ഷങ്ങൾ പത്തും; ഞാൻ
കാര്യമായ്‌ പിന്നീടെതിർത്തതില്ല.
3.
എന്തെന്തൊരാവേശം തള്ളും കടകളിൽ;
സന്ധ്യയ്ക്കു മുന്നമേ വല്ലപാടും
വേണ്ടതും വേണ്ടാത്തതും വാങ്ങി സ്വർണ്ണത്തിൻ-
ഭാണ്ഡവുമായ്‌ വിടചൊല്ലിടുമ്പോൾ
ലക്ഷ്മിതൻ രൂപമടിച്ച വെള്ളിത്തുണ്ടം
പത്നിക്കു ഫ്രീയായ്‌ ലഭിച്ചുവല്ലോ!
വ്യത്യാസം കണ്ടു ഞാൻ നേരിൽ ഭഗവാനേ,
പത്നിയിൽ സന്തോഷം പൂത്തുലഞ്ഞു!
അലമാരയിൽ സ്വർണ്ണം വയ്ക്കവേ ഹാ, നിന്ന-
നിലയിലാളിംഗനബദ്ധനായ്‌ ഞാൻ!
ഭാഗ്യം പൊലിക്കുവാൻ സമ്പാദ്യം ബാങ്കിലെ
ലോക്കറിൽ വയ്ക്കണോ? വീട്ടിൽ വേണോ?
പിറ്റേന്നു ബാങ്കിലന്നവധിയാ,ണെന്നുടെ
കറ്റക്കുഴലി കനകമെല്ലാം
കോട്ടമറ്റുമ്മ വച്ചോമനി,ച്ചവസാനം
പൂട്ടിവയ്ക്കുന്നലമാര തന്നിൽ!
4.
മൂന്നാം ദിവസം പുലർച്ചയ്ക്കുണർന്നതു
മൂന്നാലു നാഴിക ചെന്നുമാത്രം!
ആരോ മയക്കിക്കിടത്തിയോ? സൗഭാഗ്യ-
പൂരമുറക്കമായ്‌ വന്നെത്തിയോ?
കാണുന്നു ഞങ്ങൾ തുറന്നോരലമാര
കാലമാടന്റെ കണക്കു മുന്നിൽ!
ഇല്ലില്ല സ്വർണ്ണം തരിമ്പും, കുഴഞ്ഞെന്റെ
വല്ലഭവാടിത്തറയിൽ വീണു!
അക്ഷയമാകും തൃതീയേ, ദയാലു നീ;
വീഴ്ചയിൽ തൻ തല പൊട്ടിയില്ല!

22 Feb 2013

സുബോധത്തോടെ


ചെമ്മനം ചാക്കോ

വെടിയും പടക്കവും ബാന്റുമേളവും പാറും
കൊടിയും തിങ്ങിക്കൂടും ജനലക്ഷവും, ഹാഹാ,
സ്വാശ്രയകോളേജിന്നു കല്ലിട്ടു നിവർന്നു തൻ
സ്ലീബായാൽ ജനങ്ങളെ വാഴ്ത്തി രൂപതമെത്രാൻ
അയ്യയ്യോ, തിരുമേനിക്കെന്തുപറ്റിയോ? ബോധം
കൈയൊഴിഞ്ഞി,ഞ്ഞതാ, കുഴഞ്ഞ പ്രതീക്ഷിതം താഴേ
വീഴുന്നു മെത്രാൻ; താങ്ങിപ്പിടിച്ചോരുടൻ കൊണ്ടു-
പോകുന്നു വിര,ഞ്ഞസ്ത്രപ്രജ്ഞനെയാസ്പത്രി

യിൽ!
തുറന്നില്ലതിൽപ്പിന്നെക്കണ്ണുകൾ
, ഒരുവാക്കും
പറഞ്ഞി,ല്ലനുഗ്രഹം ചൊരിഞ്ഞുമില്ലാകൈകൾ!
ബോധമണ്ഡലം തിരിച്ചില്ലപോൽ; തുടർന്നന്ത്യ-ക്രൂദാശക്രമം
സർവ്വമെത്തിച്ചു പുരോഹിതർ.
മണിക്കൂറിനും മുന്നം ഭൂലോകവാസത്തിന്റെ
കണക്കു തീർന്നു; ദിവംഗതനായ്‌ മഹാൻ മെത്രാൻ!

ചീർത്ത ദുഃഖത്തിൻ മണിനാദമോ,ത്തൗദ്യോഗിക-
വാർത്ത വായിച്ചു പള്ളിയായ പള്ളിയിലെങ്ങും:
'വരും നാൾകളിൽ നാട്ടിൽ വിദ്യതൻ പ്രകാശത്തി-
ന്നരുമക്കരം കൊണ്ടു കല്ലിട്ട തിരുമേനി
കുഞ്ഞാട്ടിൻ കൂട്ടങ്ങൾക്കു മുഴുവൻ തൻ സ്ലീബായാൽ
കുന്നിക്കുമനുഗ്രഹപൂരവും വാഴ്‌വും നൽകി
സ്വന്തമാ ദൈവത്തിന്റെ വിളിയാൽ സുബോദത്തോ-
ടന്ത്യമാം കൂദാശയും കൈകൊണ്ടുകാലം ചെയ്താൻ!'
ചിന്തയായ്‌ ചിലർക്കെല്ലാം:- 'എന്തിന്‌? സുബോധത്തോ-
ടന്ത്യമാം കൂദാശയും കൈക്കൊണ്ടുകാലം ചെയ്തോ?
വീണില്ല ബോധം തിരുമേനി വീണതിൽപ്പിന്നെ;
കാണിയും വിശ്വാസ്യത വാണിക്കു നൽകേണ്ടയോ?'
ദൈവശാസ്ത്രത്തിൽ ഡോക്ട്രേറ്റുള്ളൊരാളോതീ:-' തെല്ലും
കൈതവമില്ലാ ചൊല്ലിൽ യുക്തിയായ്‌ ചിന്തിച്ചാകിൽ.
ദേഹം ദേഹിയും രണ്ടും ചേർന്നതാണല്ലോ മർത്ത്യൻ;
ദേഹം നശ്വരം, ദേഹിയെത്രയുമനശ്വരം.
മറയുന്നീലാ ബോധം ദേഹി,ക്കാകയാൽ തീർത്തും
പറയാം 'സുബോധത്താൽ കൂദാശകൈകൊണ്ട'തായ്‌?

'കൂദാശ നൽകും ദേഹി നിത്യമാണെങ്കിൽപ്പിന്നെ-
യോതുമെങ്ങനെ 'അന്ത്യകൂദാശ'യെന്നെൻ, സാറെ?'
'ആയതോ?...' പിടികിട്ടാതുത്തരം തപ്പും ഡോക്ടർ
ഹാ, കിടക്കുന്നു ബോധംകെട്ടു ഭൂതലം തന്നിൽ!
അന്ത്യകൂദാശയ്ക്കൊരുമില്ലയോ മാന്യന്മാരേ,
ചിന്തയിൽ കല്ലും മുള്ളും കടിച്ചു നിൽപോ നിങ്ങൾ!'

24 Jan 2013

യുക്തിഭദ്രൻ


ചെമ്മനം ചാക്കോ

ആകയാലന്ധവിശ്വാസങ്ങളത്രയും
ലോകപുരോഗതിക്കാഘാതഹേതുകം
ഇന്ത്യതൻ ഭാവിനേതാക്കളതിൻ നേർക്കു
സന്ധിയില്ലാത്ത സമരം നടത്തണം
നാട്ടിൽ യുവജനമേളയ്ക്കു വന്നോരു
രാഷ്ട്രീയ നായകൻ, തൻപാർട്ടിതന്നിലെ
കാലുവാരൽ നീണ്ട ചേരിവഴക്കുകൾ
വേലവയ്പും ദുർവ്യയം തത്വലംഘനം
ഒന്നും തൊടാതിരിക്കാൻ തട്ടിമൂളിച്ചു
തന്നിളം പിൻഗാമിമാരോടു വീറോടെ;
'നീതികേടിന്നോടെതിരിട്ടു പൂർവ്വികർ
സ്വാതന്ത്ര്യയുദ്ധമധ്യത്തിലും ധീരമായ്‌!
മാനവനന്മയ്ക്കു കത്തിവയ്ക്കാൻ പോന്ന
നാനാദുരാചാര, മന്ധവിശ്വാസവും
ആയതിന്നൊപ്പം പറിച്ചെറിയാൻ ഗാന്ധി-
യാവതും യത്നിച്ചിരുന്നെൻ സഹജരേ!
ജാതകം വന്നു കല്യാണങ്ങൾ മാറ്റുന്നു,
രാഹുകാലം വന്നു നേരം കെടുത്തുന്നു.
നല്ല കാര്യങ്ങൾ ശകുനം മുടക്കുന്നു
പൊല്ലാപ്പിതേവിധമെത്രയാണെത്രയാം
!
ഹന്ത, നാമെത്തിയെതിർക്കേണ്ട തിന്മകൾ
മന്ത്രവാദങ്ങളു,മാഭിചാരങ്ങളും!
എന്തുവിലയും കൊടുത്തു നാം നാട്ടിൽ നി-
ന്നന്ധവിശ്വാസമകറ്റാൻ ശ്രമിക്കണം
ഇന്ത്യതൻ ഭാവിനേതാക്കളതിൻ നേർക്കു
സന്ധിയില്ലാത്ത സമരം നടത്തണം
അന്ധവിശ്വാസങ്ങൾ നീങ്ങിയാൽ നാടിന്റെ
ബന്ധുരഭാവിയുദിക്കും സുനിശ്ചിതം'
ഇങ്ങനെ നേതാവു ചൊല്ലിനിറുത്തവേ
രംഗവേദിക്കു മുകളിലെ ഭിത്തിയിൽ
ഉറ്റവർക്കുന്നിദ്രസാക്ഷി കണക്കിനേ
പറ്റിയിരുന്നോരു പല്ലി ചിലയ്ക്കയായ്‌!
നേതാവുചൊല്ലുന്നു: 'കേട്ടീലയോ പല്ലി
നേരെന്നു ചൊല്ലിയ,തെത്രയും കൃത്യമായ്‌!
ഉള്ളതേ ചൊല്ലാവൂ; മനസ്സിലായില്ലയോ
കള്ളമില്ലെൻ വാക്കിലെന്നിപ്പോഴെങ്കിലും!'

22 Dec 2012

ആരാണ്‌, എന്താണ്‌ ?


സമ്പാദകൻ: ചെമ്മനം ചാക്കോ

ചോദ്യം
വൃക്ഷത്തിന്റെ മുകളിൽ ഇരിക്കുന്നതായി കാണാം,
പക്ഷേ അതു പക്ഷിയല്ല.
തോലാണ്‌ ചുറ്റിയിരിക്കുന്നത്‌, പക്ഷേ അതു സന്യാസിയല്ല.
മുക്കണ്ണനാണ്‌,  പക്ഷേ പരമശിവൻ അല്ല താനും
ഉള്ളിൽ വെള്ളം ഇരിക്കുന്നു; എന്നാൽ അത്‌ കുടമല്ല,
മേഘവുമല്ല
പിന്നെ ആരാണ്‌ ? എന്താണ്‌?
"വൃക്ഷാഗ്രവാസീ, ന ച പക്ഷിരാജഃ,
ചർമ്മാംഗധാരീ, ന ച സോമയാജി,
ത്രി നേത്രധാരീ, ന ച ശൂലപാണി,
ജലം ധരിത്രീ, ന ഘടോ ന മേഘഃ"
"വൃക്ഷാഗ്രത്തിലിരുന്നാലും പക്ഷിയല്ലെന്നു ചൊല്ലിടാം,
തോലണിഞ്ഞു വസിച്ചാലുമല്ല സന്യാസി നിർണ്ണയം,
മൂന്നു കണ്ണുള്ളവൻ , പക്ഷേ ശിവനല്ലിതു വാസ്തവം
ജലമുണ്ടുള്ളിൽ, എന്നാലോ കുടമ,ല്ലല്ല മേഘവും"
ഉത്തരം :- നാളികേരം
പടമുകൾ, കാക്കനാട്‌, കൊച്ചി -30
ഫോൺ : 0484 2423940, 9446227787

23 Nov 2012

കർമ്മഭക്തി


ചെമ്മനം ചാക്കോ

മകരം പിറക്കുമ്പോൾ
ക്കത്തിടും വിളക്കിന്റെ
മഹിമയ്ക്കടിപ്പെട്ടു
ശബരിക്കുന്നിൻമോളിൽ
ശരണം വിളിച്ചെത്തീ
ലക്ഷമാളുകൾ, ശാസ്താ-
വരുളും വരം വാങ്ങി
പ്പോരുവാ,നയ്യപ്പന്മാർ!
തലമേലിരുമുടി-
ക്കെട്ടിലുണ്ടരി, കൊച്ചു
കലവും കറിക്കോപ്പും
തേങ്ങയും ചമ്മന്തിയും.
തിക്കുകൾ തിരക്കുകൾ,
ഭക്തരത്യാവേശത്താൽ
ദിക്കുകൾ പൊട്ടും മട്ടിൽ
വിളിക്കും വിളികളും!

2
ധർമ്മശാസ്താവിന്നൊരു
ബുദ്ധിതോന്നുന്നു-ജനം
കർമ്മഭക്തരായ്ത്തീർന്നാ-
ലെത്ര നന്നവർക്കെല്ലാം?
പുലിതൻ മോളിൽദ്ദേവൻ
ദർശനം നൽകീ, ഭക്തർ
മലമേൽ കടൽപോലെ-
യിരമ്പി സ്തുതിക്കായ്‌!
അരുളിച്ചെയ്തദ്ദേഹം:
'മക്കളേ, വരുംകൊല്ലം
വരുമ്പോളോരോ തൂമ്പാ-
കൊണ്ടുപോരണം നിങ്ങൾ;
വിള നൽകുവാൻ കൊതി
ച്ചെത്രമേൽക്കിടക്കുന്നു
നിലമെൻ ചുറ്റും; കന്നി-
മണ്ണിനെ ത്യജിക്കാമോ?
ഒരു നാഴിക വീതം
കിളച്ചേ മടങ്ങാവൂ
വരുവോരെല്ലാ, മവർ-
ക്കെന്റെ മംഗളം നിത്യം!'

3
കർമ്മത്തിൻ നവയുഗം
കാണുവാൻ കൊതിച്ചോരു
ധർമ്മശാസ്താവിൻ മോഹ-
മാകവേ തകർന്നുപോയ്‌!
പുലിയെക്കാളും മർത്ത്യൻ
വേലയെപ്പേടിക്കുന്നു;
മലകേറുവാനാരും
വന്നീല പിറ്റേ വർഷം!

20 Sept 2012

ഇന്നു നീ വന്നാൽ ?


ചെമ്മനം ചാക്കോ
(വഞ്ചിപ്പാട്ടു രീതി)

മഹാബലിത്തമ്പുരാനേ, മാറിപ്പോയ്കേരളം; വീണ്ടും
ഗൃഹാതുരത്വമാർന്നുനീവന്നണയൊല്ലേ
!
നദിയാകെവരണ്ടപോൽ ജനമനങ്ങളിൽ നിന്നും
മൃദുലവികാരം വറ്റിവരണ്ടുപോയി.
അഴിമതി,യധികാരദുര, ധനസുഖാസക്തി
വഴിവെട്ടി നീതിബോധം നശിച്ചുപോയി
ചതിയിൽ വാമനൻ നിന്നെകൊന്നതില്ല, പാതാളത്തിൽ
ചവിട്ടിത്താഴ്ത്തി,യതും നിൻ സമ്മതം വാങ്ങി.
തലയിലങ്ങണിഞ്ഞെത്തും നവരത്നകിരീടവും
തവകാൽപൊൻപാദുകവും കൈവശമാക്കാൻ
തിരുവോണനാളിലങ്ങുവരും നേരം കണക്കാക്കി
തൃക്കാക്കരയമ്പലത്തിന്നടുത്ത റോഡിൽ
വരും ഗുണ്ടാപ്പരിഷകളിരച്ചൊരിന്നോവാ കാറിൽ
വടിവാളും കഠാരയും കത്തിയുമായി,
രണ്ടായിരത്തിപ്പന്ത്രണ്ടു വെട്ടുവെട്ടിനുറുക്കി, നിൻ
പണ്ടങ്ങളും കൊണ്ടുപോകു, മിന്നുനീവന്നാൽ!
പാഞ്ഞടുക്കുവോർക്കുനേരെ ബോംബെറിഞ്ഞു കേരളത്തിൻ
കാഞ്ഞക്വൊട്ടേഷനംഗങ്ങൾ രക്ഷപെട്ടോടും!
നീതികളും നിയമവും പഴങ്കഥയിവിടെ; നിൻ
പാതാളം കേരളത്തേക്കാൾ മെച്ചമാം, മെച്ചം!
ആകയാൽമാബലീ, വേണ്ട വീണ്ടും നിൻ കേരളംകാണാൻ
മോഹമുള്ളിൽ; ജീവിതത്തിലാശവച്ചാലും .

* കുറിപ്പ്‌: 2012 മേയ്‌ 4-നു നടന്ന ടി.പി.ചന്ദ്രശേഖരൻ വധം പശ്ചാത്തലം.

19 Aug 2012

പൂച്ചപെറ്റു കിടക്കുന്നു


ചെമ്മനം ചാക്കോ

വികസനം, വികസനം, വികസനം, വിക-വിക-;
പ്രഹസനം ഇരുപത്തിയൊന്നു മാന്യർ
പരികർമ്മിപ്പട, ഗൺമാൻ പലരൊത്തു നാടെങ്ങും
പടയോട്ടം മന്ത്രിമാരെന്ന പേരിൽ!
ഖജനാവിൽ പണമുള്ളതു പോട്രോളായെരിയുന്നു,
ഭജനം മൂത്തുരാണ്മയായിടുന്നു!
നാടമുറിക്കുവാൻ, വാഗ്ദാനം വിതറുവാൻ
കോടികൾ നിത്യം പുകഞ്ഞിടുന്നു
ഭരണം നടത്തേണ്ടുമാസ്ഥാനമന്ദിര-
മുറികളിലാളില്ല, ബോർഡുമാത്രം!
അവിടെയിരുന്നുഭരിക്കുവാനല്ലയോ
ചിലരെ നാം മന്ത്രിമാരാക്കിവച്ചൂ?
അവരല്ലോപരികർമ്മിപ്പടയുമായ്നാടെ
ങ്ങുംപടയോട്ടമാഴ്ചയിലേഴുനാളും !
മന്ത്രിമാരില്ലാത്തതുതരമായുദ്യോ
ഗസ്ഥ-
തന്ത്രജ്ഞർക്ക്‌; അവരുടെനല്ലകാലം!
ഇതുമൂലം കാര്യങ്ങൾ നീങ്ങാതെവലയുന്നതു
പൊതുജനമെന്ന കഴുതമാത്രം!

ഒരു സംഗതി കേട്ടില്ലേ? ഒരു മാസം കൂടിത്തൻ-
മുറിയിൽ ചെന്നെത്തുന്ന മുഖ്യമന്ത്രി
ഇരുകണ്ണാൽക്കണ്ടതുതൻഭരണക്കസേരയി

ഒരുപൂച്ചപെറ്റുകിടപ്പതത്രേ!!
ചീറുന്നതു,മുരളുന്നതു;ജനകീയ ഭരണത്തിൻ
ശീലായ്മകൾ പറയുന്നൊരു കവിയെപ്പോലെ!

18 Mar 2012

കണികാണും നേരം


ചെമ്മനം ചാക്കോ

മുടിയൊക്കെ ജഡകെട്ടി, മുഷിവാർന്നു മേനിയി-
ലിടയ്ക്കിടെക്കീറിയ കാവിവസ്ത്രം;
നെടുനീളൻ ഭസ്മക്കുറികൾ, പലചുറ്റായ്‌
പിടയുന്ന രുദ്രാക്ഷമാല നെഞ്ചിൽ
ഒരു തോളിൽ ഭാണ്ഡവും, മിളകും മയിൽപ്പീലി
തിരുകിയ കാവടി മറുതോളിലും,
പ്രഭുവിന്റെ മുന്നിലെത്തുന്നു ദേശാടന-
പ്രകൃതിയാം വശ്യവചോവിദഗ്ദ്ധൻ!

2
ജീവാത്മപരമാത്മബന്ധസംബന്ധങ്ങൾ,
ഭാവിപ്രകാശമന്ത്രതന്ത്രം,
വിശ്വാസദാർഢ്യം മതാചാരസൂക്തങ്ങൾ
വിഭ്രാജമാനം പറഞ്ഞിണക്കി,
അകതാർ തെളിഞ്ഞാഢ്യ പ്രഭു നൽകും സമ്മാന-
ത്തുകയുമായ്പ്പോകാനിറങ്ങിടുമ്പോ
പലവിധം കാവടിയാടിയാ സഞ്ചാരി
പറയുന്നു പ്രഭുവിനോടീ രഹസ്യം:
'വിഷു വന്നടുക്കുന്നു, സമ്പത്സമൃദ്ധിയും
വിപുലമാം കീർത്തിയുമന്നു രാവിൽ
ഉണരുമ്പോൾ കാണുന്ന കണിയുടെ പിമ്പേ വ-
ന്നണയും; പ്രഭോ, വേണ്ട സംശയങ്ങൾ
ഒരു വാഴക്കൈയിന്മേൽ കാക്കകൾ മൂന്നെണ്ണ-
മൊരുമിച്ചിരിക്കുന്ന കണി ലഭിച്ചാൽ
പൊടിപൊടിച്ചാ വർഷം മിന്നും; മനസ്സിന്റെ-
യടിയിലിരിക്കട്ടെയീ രഹസ്യം!
ഒരു കാക്കയാണെങ്കിൽ വകയല്ല, കാണുന്ന-
തിരുകാക്കയാകിലോ സർവ്വനാശം!'

3
വിഷുവിൻതലേന്നു കിടക്കാൻ തുടങ്ങുമ്പോൾ
പ്രഭു പരിചാരകന്നാജ്ഞ നൽകി:
'അതിരാവിൽത്തന്നേ നീയുണരണം, നോക്കണം-
മധികവിശിഷ്ടം കണി ലഭിക്കാൻ
ഒരു വാഴക്കൈയിന്മേൽ കാക്കകൾ മൂന്നെണ്ണ-
മൊരുമിച്ചിരിക്കുന്ന കാഴ്ച കണ്ടാൽ
ഉടനെ വിളിക്കണമെന്നെ, യാക്കണി കണ്ടാൽ
തടവില്ലാതെത്തിടും മംഗളങ്ങൾ!
പിഴയില്ലാതിതുനോക്കിച്ചെയ്യണ,മല്ലെങ്കിൽ
പിഴയാളിക്കിവിടില്ല തൊഴിലു മേലിൽ!'
4
പരപരാ നേരം വെളുക്കുന്നു, കാക്കകൾ
കരയുന്നു വിഷുവിൻ പൊൻപുലരിയിങ്കൽ!
പരിചാരകൻ പിടഞ്ഞെഴുന്നേറ്റു നോക്കാനും
(പരമസൗഭാഗ്യമേ, സ്വാഗതം തേ!)
ഒരു വാഴക്കൈയിന്മേൽ കാക്കകൾ മൂന്നെണ്ണ
മൊരുമിച്ചിരിക്കുന്ന കാഴ്ച കണ്ടാൽ!
അവനോടിച്ചെന്നു തന്നുടയവനോടോതാനും
ജാവമയാൾ പൊത്തിയ കണ്ണുമായി
ഇറയത്തു വന്നുനൽക്കണി കാണാൻ നോക്കുമ്പോ-
ളിരുകാക്കമാത്രം ഹാ, വാഴതന്നിൽ!
വരുമാഢ്യപ്രഭു തന്നെക്കാണാനെന്നറിയാതെ-
യൊരു കാക്കയെങ്ങോ പറന്നുപോയി!

5
നഷ്ടസൗഭാഗ്യത്തിൽ കുപിതനായ്ക്കലിതുള്ളും
ദുഷ്ടപ്രഭുവിൻ കനത്ത കൈകൾ
പരിചാരകൻതന്റെ കവിളിലാക്രോശത്തി-
ന്നിടയിൽ പതിക്കവേ തീ പറന്നു!
'നെറികെട്ട കഴുതേ, കടക്കൂ പുറ,ത്തിനി
നിമിഷമീ വീട്ടിൽ നീ നിന്നിടേണ്ട.
ഒരു വാഴക്കൈയിന്മേൽ കാക്കകൾ മൂന്നെണ്ണ-
മൊരുമിച്ചിരിക്കുന്ന കണി ലഭിച്ചാൽ
എന്തെന്തു സൗഭാഗ്യമീവർഷം വന്നേനെ;
ഹന്ത, നിൻ മൗഢ്യം കളഞ്ഞതെല്ലാം!'

6.
ഉരുകുന്ന ഹൃദയത്തിലുണരുന്ന ചിന്തകൾ
പരിചാരകൻതൻ മൊഴികളായി:
'കനിയേണമെന്നിൽ പ്രഭോ, തവ ഭാഗ്യത്തിൻ
വിനയാമെനിക്കു നീ മാപ്പു നൽകൂ!
ഒരു വാഴക്കൈയിന്മേൽ കാക്കകൾ മൂന്നെണ്ണ-
മൊരുമിച്ചിരുന്നതു കണ്ടവൻ ഞാൻ!
കണിയുടെ സൽഫലമുടനെ ലഭിച്ചോരെൻ
പരമസൗഭാഗ്യത്തിൽ പങ്കുചേരാൻ
കഴുതയാണെങ്കിലുമുടയതേ, യങ്ങയെ-
ത്തൊഴുകൈയുമായി ക്ഷണിച്ചിടുന്നേൻ!'

18 Feb 2012

കെട്ടുതാലി


ചെമ്മനം ചാക്കോ
ഞാന്‍ ഇലക്ഷനു നില്‍ക്കുകയാണ്‌. എതിരാളി നാട്ടിലെ ഒരു ഇടത്തരം ഗുണ്ടയാണ്‌. വോട്ടര്‍മാരെ ഭയപ്പെടുത്തിയും കാശുകൊടുത്തും വശത്താക്കുന്ന തിരഞ്ഞെടുപ്പുതന്ത്രമാണ്‌ പ്രയോഗിക്കുന്നത്‌. നാട്ടില്‍ ഇതിനകം നേടിയിട്ടുള്ള സല്‍പേരാണ്‌ എന്റെ  കൈമുതല്‍. തിരഞ്ഞെടുപ്പ്‌ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു അഭിമാനപ്രശ്നമായിത്തീര്‍ന്നു. ജയിക്കുമോ തോല്‍ക്കുമോ? തിരഞ്ഞെടുപ്പിന്‌ ഇനി നാലുദിവസം മാത്രം!
 ഇരുപക്ഷവും ആവുന്നത്ര വേലകള്‍ ഇറക്കുകയാണ്‌. എന്റെ  പക്ഷം നഗരമധ്യത്തിലെ പ്രധാന മൈതാനത്തില്‍ ഒരുഗ്രന്‍ സമാപനസമ്മേളനം സംഘടിപ്പിക്കുകയായി. നിയോജകമണ്ഡലത്തിലെ എല്ലാഭംഗങ്ങളില്‍ നിന്നും അനുകൂലികള്‍ ഓടിയെത്തി. എന്റെ  സമാപന പ്രസംഗത്തെപ്പറ്റി അതിരുകടന്ന പ്രതീക്ഷയായിരുന്നു അണികള്‍ക്ക്‌. പ്രതിപക്ഷത്തിണ്റ്റെ സമാപന സമ്മേളനം പിറ്റേദിവസം അതേമൈതാനത്തുവച്ചു നടത്തുവാനാണ്‌ അവരുടെ പദ്ധതി. 
എന്റെ  പ്രസംഗം കേട്ട്‌ എതിര്‍ശസ്ത്രങ്ങളൊരുക്കുവാന്‍ പ്രതിപക്ഷത്തെ സ്ഥാനാര്‍ത്ഥിയും അനുചരന്‍മാരും അവിടെ എത്തിയിരുന്നു. പക്ഷേ തടിച്ചുകൂടിയ എണ്റ്റെ പക്ഷക്കാരുടെ ജനബാഹുല്യം കണ്ടപ്പോള്‍ യോഗം കലക്കാനുള്ള അവരുടെ പദ്ധതി വിജയിക്കുകയില്ല എന്നു ബോധ്യമായി. നോക്കുന്നിടങ്ങളിലെല്ലാം പൊലീസുകാരുമുണ്ട്‌. പ്രസംഗിച്ചു നില്‍ക്കുമ്പോള്‍ എണ്റ്റെ മനോവീര്യം കെടുത്തുക എന്ന പരിപാടി ആവിഷ്കരിച്ചു എതിര്‍ സ്ഥാനാര്‍ത്ഥി. മന്ദഗതിയില്‍ തുടങ്ങി അടിക്കടി ശക്തിനല്‍കി എതിരാളികളുടെ വാദമുഖങ്ങള്‍ ഓരോന്നും വെട്ടിനിരത്തി എണ്റ്റെ പ്രസംഗം കത്തിക്കയറുമ്പോള്‍, എന്റെ  എതിര്‍സ്ഥാനാര്‍ത്ഥി തന്നെ വേദിയിലേയ്ക്കു കയറി എന്റെ  കൈയില്‍ ഒരു കുറിപ്പുതന്നിട്ട്‌ താഴോട്ടിറങ്ങി. ഏറെഗമയില്‍ അത്യധികം വീറിലായിരുന്നു കക്ഷിയുടെ നടപടി. എന്തായിരിക്കും കുറിപ്പിലെന്ന്‌ ബഹുജനസഹസ്രത്തിന്‌ അറിയാന്‍ ഉല്‍ക്കണ്ഠ പെരുത്തുനില്‍ക്കുമ്പോള്‍, ഞാന്‍ ഒരുനിമിഷം പ്രസംഗം നിര്‍ത്തി മൌനമായി കത്തിലെ സാരാംശം നോക്കി:- "തെണ്ടിക്കഴുതേ, നിണ്റ്റെ വായടയ്ക്കടാ, മണ്ടശ്ശിരോമണി!" എന്നായിരുന്നു കുറിപ്പില്‍.
 കത്തിലെ ഉള്ളടക്കം പരസ്യമായി പറയണമോ എന്നു സംശയിക്കുമ്പോള്‍, പെട്ടെന്ന്‌ എനിക്ക്‌ ഒരു യുക്തിതോന്നി. വിഷാദാത്മകസ്വരത്തില്‍ സഹതാപഭാവത്തോടെ പ്രതിപക്ഷ നായകനെ ചൂണ്ടി ഞാന്‍ പറഞ്ഞു:- "മാന്യ ജനങ്ങളെ, തിരഞ്ഞെടുപ്പില്‍ എന്റെ  എതിരാളിയാണെങ്കിലും കത്തുതന്ന സുഹൃത്തിനോടു എനിക്ക്‌ അങ്ങേയറ്റത്തെ സഹതാപമുണ്ട്‌ നിങ്ങളും സഹതാപപൂര്‍വ്വം ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ നോക്കണമെന്ന്‌ ഞാന്‍ ആത്മാര്‍ത്ഥമായി അപേക്ഷിക്കുന്നു. അദ്ദേഹം എന്റെ   കൈവശം തന്നകുറിപ്പ്‌ അതേപടി ഞാന്‍ വായിക്കാം:- "എന്റെ  ഭാര്യയുടെ കെട്ടുതാലി ഈ മൈതാനത്തുവച്ചു നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടുകിട്ടുന്നവര്‍ ദയവുചെയ്ത്‌ താന്തോന്നിയായ എണ്റ്റെ ഭാര്യയെക്കൂടി കൊണ്ടുപോകണം എന്നപേക്ഷ. "കൂക്കും വിളികളും ആകാശം പിളര്‍ന്നു! നേതാവ്‌ മഞ്ഞളിച്ച മുഖവുമായി സ്ഥലംവിട്ടു. തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ എന്നെ ജയിപ്പിച്ചത്‌ ഈ കെട്ടുതാലിയാണ്‌.



--

14 Jan 2012

ഉപക്ഷേപം


ചെമ്മനം ചാക്കോ

"ഉപക്ഷേപം', 'ഉപക്ഷേപം'
എന്നുചൊല്ലുന്നതെന്തെടോ?"
പുത്തൻ എം.എൽ.എ തന്നോടു
മിത്രമാം ഞാൻ തിരക്കിനേൻ.

"അറിയില്ലേ? മഹാമോശം!"
എം.എൽ.എ. തന്ത്രശാലിയാൾ
മീശതൂത്തുതുടച്ചും
ഊശയാക്കിച്ചിരിക്കയായ്‌!

"അറിയി,ല്ലതിനാലല്ലേ
ചോദിച്ചേൻ?"-കാര്യമത്രയും
ചിരിയിൽ താണുപോകാതെ
കരുതിക്കൂട്ടിനിന്നുഞ്ഞാൻ.

"എഴുത്തും കുത്തുമായ്‌ സ്വന്തം
'കാലക്ഷേപം'കഴിപ്പു സാർ;
എം.എൽ.എപ്പണിയിന്നെന്റെ
കാലക്ഷേപം"-തുടർന്നയാൾ:-

"അതിനും മുമ്പു ജീവിക്കാൻ
ഉപായങ്ങൾ നിരത്തിഞ്ഞാൻ
ഊരിൽ ചുറ്റിയകാലം താൻ
'ഉപക്ഷേപം'; തെരിഞ്ചിതാ?

പിടികിട്ടാത്തപക്ഷം സാർ
തന്തപ്പടിയോടു പോയ്‌
ചോദിച്ചാലു, മിവൻപോട്ടേ
ഹോട്ടലുൽഘാടനത്തിനായ്‌!"

നിയമത്തിന്റെ ശ്രീകോവിൽ
നായ്നിരങ്ങി നശിക്കയോ?
നിലവിട്ടുമനംനൊന്തെൻ-
തലകുമ്പിട്ടിരുന്നു ഞാൻ !

14 Dec 2011

അസംബ്ലി രോഗം


ചെമ്മനം ചാക്കോ

ടി.വി.യും കണ്ടിരിക്കുന്നു
നാലാംക്ലാസ്സിൽ പഠിക്കുവോൻ
എന്മകൻ; അവനോ നാളെ
തുടങ്ങുന്നു പരീക്ഷകൾ!

"എന്തുവേലയിതെൻ മോനേ?
വേഗംപോയിപഠിക്കെടാ!'
അസംബ്ലി ടി.വി.യിൽ കണ്ടു-
കഴിച്ചാൽ മാർക്കു കിട്ടുമോ?"

ഞാൻപറഞ്ഞവസാനിക്കും-
മുന്നമാക്രോശഭാഷയിൽ
കൈയും ചൂണ്ടിക്കടുപ്പിച്ച-
നോട്ടവും നോക്കിയോതിനാൻ:-

"നീ പോടാപട്ടി, സർവ്വാണി
പഠിക്കെന്നുശഠിക്കുവാൻ
ഞരമ്പുരോഗമോ, ശുദ്ധ-
കാമഭ്രാന്തോ തനിക്കെടോ?"

ഒന്നും മിണ്ടീല, മിണ്ടീടാൻ
ഒന്നും തോന്നീല; താടിയിൽ
വിരലോടിച്ചു നാടിന്റെ-
വിധിയോർത്തു കരഞ്ഞുഞ്ഞാൻ !

തെങ്ങെവിടെ മക്കളേ?


ചെമ്മനം ചാക്കോ

കേരളത്തിലെ കൽപവൃക്ഷം തെങ്ങ്‌ കേരളത്തിന്റെ കൽപവൃക്ഷമാണ്‌?  എന്നു ഞങ്ങളെ പഠിപ്പിച്ചതു കുറുമഠത്തിലെ നാരായണൻ സാറാണ്‌. പഠിച്ചതു വൈക്കം താലൂക്കിന്റെ കിഴക്കേ
അതിരിൽ കിടക്കുന്ന കാർഷിക പ്രധാനമായ മുളക്കുളം വില്ലേജിൽ അവർമാകരയിൽ
എൻ.എസ്‌.എസ്‌ പ്രൈമറി സ്കൂളിലെ കുട്ടികളും. അവരിൽ ചെമ്മനം വീട്ടിൽ
ചാക്കോച്ചനും ഉണ്ടായിരുന്നു. ഇന്നൊന്നുമല്ല, പത്തെൺപതുകൊല്ലം മുമ്പ്‌.
അവനിപ്പോൾ 85 വയസ്സുകഴിഞ്ഞ്‌ 86ൽ നല്ലനടപ്പാണല്ലോ. കൽപവൃക്ഷം
എന്നുപറഞ്ഞാൽ ആശിക്കുന്നതെന്തും തരുന്ന നാശമില്ലാത്ത ദേവവൃക്ഷമാണെന്നും,
ഒറ്റത്തടിയൻമാരായ തെങ്ങ്‌ കേരളീയർക്ക്‌ കൽപ്പവൃക്ഷം പോലെയാണെന്നും,
തെങ്ങിന്‌ കേരം എന്നുകൂടി പേരുണ്ടെന്നും, കേരളം എന്ന്‌ ഈ നാടിന്‌
പേരുണ്ടായത്‌ തെങ്ങുകളുടെ നാടായതുകൊണ്ടാണെന്നും എല്ലാം നാരായണൻ സാർ
പറഞ്ഞു തന്നു.

ഞങ്ങളുടെ വിശാലമായ പറമ്പിന്റെ മുക്കിലും മൂലയിലുമെല്ലാം തെങ്ങുകൾ
ഉണ്ടായിരുന്നു. നാട്ടുമാവ്‌, കോട്ടമാവ്‌, പ്ലാവ്‌, ആഞ്ഞിലി, വാളൻപുളി,
കുടമ്പുളി, അമ്പഴം, മുരിങ്ങ, ഉതൂണി, എടന, കാളിപ്പന, കുടപ്പന, കൂവളം,
കുമ്പിൾ, നാണാത്തരം സസ്യങ്ങൾ ഇവയ്ക്കെല്ലാമിടയിൽ കൊടിമരംപോലെ തെങ്ങുകൾ
ആകാശത്തേക്കുയർന്ന്‌ മടൽവിരിച്ച്‌ നിന്നിരുന്നു. ഞങ്ങളുടെ വീടിന്‌
മുന്നിൽ കരമാരികൾ (വെള്ളം തിരിച്ചുകൊണ്ടുവന്ന്‌ നെൽകൃഷി ചെയ്യുന്ന
കണ്ടങ്ങൾ) ആയിരുന്നു. അവയുടെ അതിരുകളിൽ ചുറ്റും തെങ്ങുകൾ. മാരിക്കുതാഴെ
ഞങ്ങൾ കുട്ടികൾ മുങ്ങിക്കുളിക്കുന്ന തോട്‌, അതിനപ്പുറം പാടം.  ഈ
പാടത്തിന്‌ നടുക്കും വലിയവരമ്പുകളുണ്ടാക്കി അധികം പൊക്കംവെയ്ക്കാത്തതും,
ധാരാളം കായ്പിടിക്കുന്നതുമായ ഇനം തെങ്ങുകൾ നട്ടിരുന്നു. മരങ്ങളിൽ തെങ്ങ്‌
കേരളീയരൂടെ പ്രിയവൃക്ഷം ആയിരുന്നു.


തേങ്ങയും വെളിച്ചെണ്ണയും കേരളീയരുടെ ഭക്ഷണസാധനങ്ങളിലെ അതിപ്രധാന ചേരുവ
തന്നെ. ഇളനീർ രുചികരമായ പാനീയം. ചകിരികൊണ്ട്‌ കയറും കയറുൽപന്നങ്ങളും;
ചിരട്ടയും ചിരട്ടക്കരിയും തൊണ്ടും ചൂട്ടും തീ കത്തിക്കാനുള്ള വിഭവങ്ങൾ;
ഓലമെടഞ്ഞ്‌ വീടു മേയാൻ ഉപയോഗിക്കുന്നു. മുറ്റമടിക്കാൻ ഈർക്കിൽ
ചൂലില്ലെങ്കിൽ തൊന്തരവ്‌ തന്നെ, നാക്കുവടിക്കാൻ ഈർക്കിലിയാണ്‌ ഒന്നാംതരം,
തെങ്ങിൻതടിയും പലതരത്തിൽ ഉപയോഗമുള്ളതും. ചെന്തെങ്ങിൻകുലയും, കുരുത്തോലയും
കലാമൂല്യമുള്ള അലങ്കാരസാധനങ്ങൾ. കേരളീയ ജീവിതത്തോട്‌ ഇത്രയേറെ
ഇഴുകിച്ചേർന്ന മറ്റൊരു വൃക്ഷം ഇല്ലതന്നെ! ആഹാരസാധ്യതകളും, ഭവനനിർമ്മാണ
സാധ്യതകളും, വ്യവസായ സാധ്യതകളുംകൊണ്ട്‌ തെങ്ങ്‌ കേരളീയരുടെ
കൽപവൃക്ഷംതന്നെ.

ചാക്കോച്ചൻ തെങ്ങ്‌
കുഞ്ഞോന്നൻചേട്ടനാണ്‌ വീട്ടിലെ പ്രധാന തേങ്ങ ഇടീൽകാരൻ. എത്രപൊക്കമുള്ള
തെങ്ങിലും വലിഞ്ഞുകയറും.തേങ്ങയിട്ടുകഴിഞ്
ഞാൽ കോഞ്ഞാട്ടയെല്ലാം പറിച്ച്‌
തെങ്ങോരുക്കും. തേങ്ങയെല്ലാം വല്ലം കൊട്ടയിൽ പെറുക്കി വീട്ടുമുറ്റത്ത്‌
കൊണ്ടിടും. കൂട്ടത്തിൽ, നല്ലവനായ കുഞ്ഞോന്നൻ ചേട്ടൻ എനിക്കും അനുജൻ
ഓനച്ചനുമായി നാലഞ്ച്‌ കരിക്കും ഇട്ടുകൊണ്ടുവന്നിട്ടുണ്ടാകും. കരിക്കിന്റെ
മൂടറ്റം വെട്ടി ചിരട്ട ഇളക്കുമ്പോൾ തെറിക്കുന്ന അഞ്ചെട്ടുതുള്ളി വെള്ളം
കൊടുക്കാൻ ഉദ്ദേശിക്കുന്ന ആളിന്റെ മേലിലേക്കു തെറിപ്പിക്കുന്നത്‌
കുഞ്ഞോന്നേട്ടന്റെ ഇഷ്ടവിനോദമായിരുന്നു. ഇളനീർ കുടിച്ചുകഴിഞ്ഞാൽ കരിക്ക്‌
രണ്ടായി പിളർന്ന്‌ കാമ്പ്‌ തിന്നാൻ തരും. പുറന്തോട്‌ കൊണ്ടുള്ള ഒരു സ്പൂൺ
ഉണ്ടാക്കി കാമ്പുകോരിത്തിന്നാൻ തരികയും ചെയ്യും. ?കുഞ്ഞോന്നൻ ചേട്ടന്‌
സ്തുതിയായിരിക്കട്ടെ!?എന്ന്‌ വാഴ്ത്തിക്കൊണ്ട്‌ ഒടുക്കം ഞാനും ഓന്നച്ചനും
ഓടിപ്പോകും ! കുഞ്ഞോന്നൻ ചേട്ടനും ഓന്നച്ചനും ഇന്നില്ലല്ലോ
എന്നോർക്കുമ്പോൾ എന്റെ മധുരസ്മരണയിൽ ദുഃഖം പടരുന്നു.

ഇടപ്രായത്തിലുള്ള തെങ്ങിന്റെ മൂത്ത്‌ പഴുത്ത കുല കയറിൽ കെട്ടിയിറക്കി,
നടാനുള്ള തെങ്ങിൻതൈകൾക്കുവേണ്ടി മണൽചേർത്തമണ്ണിൽ പാകിവെയ്ക്കും., കാലവർഷം
തുടങ്ങുമ്പോൾ തെങ്ങിൻതൈകൾ ഇടസ്ഥലം നോക്കിനടും. ഞങ്ങളുടെ വീടിന്റെ
മുറ്റത്തുനിന്നും ഇറങ്ങുന്ന നടയുടെ ഇരുവശവും 4 അടിച്ചതുരത്തിൽ 3 അടി
താഴ്ചയിൽ തെങ്ങ്‌ നടുന്നതിന്‌ രണ്ടു കുഴികൾ ഉണ്ടാക്കി. കേളൻ മൂപ്പനാണ്‌
പണിക്കാരൻ. ചാക്കോച്ചൻപിള്ളയും ഓന്നച്ചൻപിള്ളയും (കേളൻമൂപ്പൻ
അങ്ങനെയാണ്‌ ഞങ്ങളെ വിളിച്ചിരുന്നത്‌) ഓരോ കുഴിയിലും തെങ്ങ്‌ നടട്ടെയെന്ന
കേളന്റെ നിർദ്ദേശം ഏവർക്കും സ്വാഗതാർഹമായിരുന്നു. ഞങ്ങൾക്ക്‌
അത്യാഹ്ലാദകരവും. ഇടതുവശത്തെ കുഴിയിൽ ഇറങ്ങിനിന്ന്‌, മണ്ണും മണലും വളവും
കലർത്തിയ ചെറിയകൂനയ്ക്ക്‌ നടുവിൽ തെങ്ങിൻ തൈ വെച്ചു ഞാൻ പിടിച്ചുകൊണ്ടു
നിന്നു. കേളൻമൂപ്പൻ ചുറ്റിലും മണ്ണിട്ടു. തെങ്ങിൻ തൈ നേരെനിൽക്കാറായപ്പോൾ
എന്നെ പിടിച്ചുകയറ്റി. 
ആ തെങ്ങ്‌ ചാക്കോച്ചൻ തെങ്ങ്‌  എന്ന പേരിൽ
അറിയപ്പെട്ടു. വലതുവശത്തെ കുഴിയിൽ  ഓന്നച്ചൻ തെങ്ങും  വളർന്നു. ആഴ്ചതോറും
ചാരവും ആട്ടിൻകാട്ടവുമെല്ലാം കുഴിയിൽ വളമായി ഇട്ടുകൊടുക്കുന്നതിനും
വേനൽക്കാലത്ത്‌ നനയ്ക്കുന്നതിനും കുട്ടികൾ ഞങ്ങൾ മത്സരത്തിലായിരുന്നു.

ചാക്കോച്ചൻ തെങ്ങ്‌  ആദ്യം ചൊട്ടയിട്ട്‌ ജ്യേഷ്ഠാവകാശം
സ്ഥാപിച്ചുതന്നപ്പോൾ എനിക്കുണ്ടായ സന്തോഷം ചില്ലറയല്ല. അത്‌ ഇന്ന്‌
ചാക്കോമൂപ്പൻ? ദുഃഖത്തോടെ ഇരുന്ന്‌ ഓർക്കുന്നു. ഉദ്യോഗം കിട്ടി ഞാൻ
നാടുവിട്ടു. അനുജൻ പഴയവീട്‌ പൊളിച്ച്‌ മാറ്റിപ്പണിതു. റബ്ബറിന്റെ
വിളയാട്ടത്തിൽ ഇപ്പോൾ ചാക്കോച്ചൻ തെങ്ങ്‌? നിന്ന സ്ഥലം കണ്ടുപിടിക്കാൻ
തന്നെ വിഷമം. കരക്കണ്ടം റബ്ബർ തോട്ടമായി മാറിക്കഴിഞ്ഞു. നാണയകേന്ദ്രിതമായ
വ്യവസ്ഥിതിയുടെ അഴിഞ്ഞാട്ടത്തിൽ നാടെത്ര മാറിപ്പോയി!

തെങ്ങ്‌ ചതിക്കുകയില്ല
തേങ്ങ ആട്ടിച്ച്‌ വീട്ടിലേയ്ക്കാവശ്യമായ വെളിച്ചെണ്ണ എടുക്കും. ബാക്കി
വിൽക്കും. തേങ്ങ പൊതിച്ചുടച്ച്‌ വെയിലത്തുവെച്ചുണക്കി കൊപ്രയാക്കി
അരിഞ്ഞതുംകൊണ്ട്‌ ഞാനും കൊച്ചുപെങ്ങളുംകൂടി പെരുവച്ചന്തയ്ക്കടുത്തുള്ള
വാണിയാൻകുടിയിൽ പോകും. ഒറ്റക്കാളവലിക്കുന്ന മരച്ചക്കിലാണ്‌ കൊപ്രയാട്ടി
എണ്ണയെടുക്കുന്നത്‌.  ഇടയ്ക്ക്‌ കാളയ്ക്ക്‌ വിശ്രമം കൊടുക്കുമ്പോൾ
വാണിയാൻകുടിയിലെ ആൾക്കാർ കൂടി ?ഐലസാ?യും പാടി ചക്കുന്തുമ്പോൾ ഞങ്ങളും
കൂടുമായിരുന്നു കൂട്ടത്തിൽ. അതിന്‌ പ്രതിഫലമായി പിണ്ണാക്ക്‌ തിന്നാൻ
തരും.

കൂട്ടിയിട്ടിരിക്കുന്ന തേങ്ങയിൽ ചിലത്‌ ഇടയ്ക്ക്‌ മുളയ്ക്കും അതു ഞങ്ങൾ
പിള്ളേർക്ക്‌ ആഹ്ലാദകരമാണ്‌. കാരണം അത്‌ വിൽക്കാനും കൊള്ളില്ല; ആട്ടാനും
കൊള്ളില്ല.  പൊതിക്കുമ്പോൾ അകത്ത്‌ നിറയെ മധുരമുള്ള ?പൊങ്ങ്‌? കാണും.
അത്‌ ഞങ്ങൾക്ക്‌ അത്യധികം പ്രിയമുള്ള ഭക്ഷണസാധനമായിരുന്നു.  വയസ്സൻ
തെങ്ങു വെട്ടുമ്പോൾ അതിന്റെ ?മണ്ട?യും അതുപോലെ മധുരിക്കുന്ന
ഭക്ഷണമായിരുന്നു. ഇപ്പോൾ ഇതെല്ലാം തികച്ചും അപൂർവ്വ വസ്തുതയായി
മാറിക്കഴിഞ്ഞിരിക്കുന്നു. കേരളം ?റബറളം? ആയി മാറി. ഉള്ള തെങ്ങിന്‌
കാറ്റുവീഴ്ചയും, മണ്ടരോഗവും. കേരളീയരിൽ നിന്നും ദേഹാധ്വാനശീലം
പമ്പകടന്നു.  തെങ്ങിൽ കയറാൻ ആളില്ല. ലക്ഷദ്വീപീൽ ചെന്നപ്പോൾ അറിഞ്ഞ
ഒരുകാര്യം അവിടെ തെങ്ങ്‌ കയറ്റത്തിന്‌ പുറത്തുനിന്നും ആള്‌ വരികയാണ്‌.
ഇടുന്ന തേങ്ങയുടെ നേർപകുതിയാൺപോലും കൂലി! അതേസമയം തമിഴ്‌നാട്ടിലെ
മരുഭൂമികളെല്ലാം ജലസേചനം നടത്തി തെങ്ങിൻതോപ്പുകളും, നെൽപ്പാടങ്ങളുമായി
മാറ്റിയിരിക്കുന്നതാണ്‌ കണുന്നത്‌. അവിടെ ജനങ്ങൾ ദേഹാധ്വാനം
മറന്നിട്ടുമില്ല. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തുമ്പോൾ ?നമ്മുടെ
തെങ്ങെവിടെ മക്കളെ?? എന്ന്‌ ചോദിക്കേണ്ട ദുരവസ്ഥയിലെത്തി നിൽക്കുന്നു
കാര്യങ്ങൾ!

കുരുത്തോലയ്ക്ക്‌ കേരളീയ ചമയങ്ങളിലുള്ള പ്രാധാന്യം ചില്ലറയല്ല. പന്തൽ
അലങ്കരണത്തിൽ മാത്രമല്ല തിറ, തെയ്യം തുടങ്ങിയ വേഷങ്ങളിൽ
അവിഭാജ്യഘടകവുമാണല്ലോ കുരുത്തോല. ഓശാനപ്പെരുന്നാളിനെ കേരളത്തിൽ
ആകർഷകമാക്കുന്നത്‌ കുരുത്തോലകളാണ്‌. കുരുത്തോലപ്പെരുന്നാൾ? എന്നു
പറയാറുമുണ്ട്‌ ക്രിസ്ത്യാനികൾ. ഓശാനപ്പെരുന്നാളിന്‌ ചാക്കോച്ചൻ
തെങ്ങി?ൽനിന്നും കുരുത്തോലവെട്ടി പള്ളിയിൽ കൊണ്ടുപോകുന്നത്‌ അനുഗ്രഹമായി
കരുതിയിരുന്നു ഈ ചാക്കോമൂപ്പൻ ഒരുകാലത്ത്‌.

ആലാത്ത്‌ എന്നുപറഞ്ഞാൽ തെങ്ങിൻചകിരിയിലെ നാരുകൾ കൂട്ടിപ്പിരിച്ച
വലിയവണ്ണമുള്ള കയറാണ്‌.  വടം എന്നുപറയും. സ്കൂളിൽ ഒരിക്കൽ വടംവലി
മത്സരത്തിന്‌ ആലാത്ത്‌ (വടം) കൊണ്ടുവന്നു. മത്സരത്തിന്‌ മുമ്പ്‌
ഹെഡ്മാസ്റ്റർ ചെയ്ത പ്രസംഗത്തിൽ ഒരു ബലവുമില്ലാത്ത ചകിരിനാരുകൾ
ഒന്നിച്ചുനിൽക്കുമ്പോൾ ആനയെപ്പോലും തളയ്ക്കുവാൻ കരുത്തുള്ള വടമാകുന്നു
എന്നും, അതുകൊണ്ട്‌  ഐകമത്യം മഹാബലം എന്ന്‌ ചകിരിനാരുകൾ നമ്മെ
പഠിപ്പിക്കുന്നു എന്നും പറഞ്ഞത്‌ ഇന്നും ഞാൻ ഓർക്കുന്നു, വടംവലിയിൽ
ഐകമത്യം കുറഞ്ഞിട്ടോ എന്തോ, ഞാൻ പിടിച്ച ഭാഗം അന്നു തോറ്റു പോയി !
ഞങ്ങളുടെ വീട്ടിലെ വിശാലമായ മുറ്റത്തിന്റെ തെക്കേയറ്റത്ത്‌ വീടിനേക്കാൾ
പൊക്കമുള്ളൊരു തെങ്ങ്‌ നിന്നിരുന്നു. അൽപം ചെരിഞ്ഞു നിന്ന ആ തെങ്ങിന്റെ
നിഴൽവീണഭാഗം ഉറച്ച തറയായിരുന്നു. തണലത്തിരുന്ന്‌ ഞാനും അനുജൻ ഓന്നച്ചനും
കൂടി നിലത്ത്‌ ചെറിയ കുഴിയുണ്ടാക്കി വട്ട്‌ കളിക്കുകയായിരുന്നു. 
മുകളിൽ നിന്നും ഒരു കരകര ശബ്ദം കേട്ടു പേടിച്ച്‌ ഞങ്ങൾ രണ്ടുപേരും വടക്കോട്ടോടി.
 പഴുത്തുണങ്ങിയ ഒരു മടൽ അടർന്ന്‌ തെങ്ങിൻ തടിയിലൂടെ ഉരസി താഴേക്ക്‌
വീഴുന്നതിന്റെ ശബ്ദമായിരുന്നു കേട്ടത്‌. ഒടുക്കം മടൽ ഞങ്ങൾ
കളിച്ചുകൊണ്ടിരുന്ന  ഭാഗത്തുതന്നെ വന്നുവീണു. അതുകണ്ട്‌ ഇറയത്ത്‌
നിന്നിരുന്ന അമ്മ ഉറക്കെപ്പറഞ്ഞു - എന്റെ പിള്ളേരേ ദൈവം രക്ഷിച്ചു.
തെങ്ങ്‌ ചതിക്കുകയില്ല എന്നുപറയുന്നത്‌ എത്രശരി!?

തെങ്ങ്‌ നമ്മെ ചതിക്കുകയില്ലായിരിക്കാം. എന്നാൽ കേരളീയർ ഇന്ന്‌ തെങ്ങിനെ
ചതിച്ചിരിക്കുന്നു.  ചതിയന്മാരേ, ഇതു സ്വയം ചതിയാണ്‌; അതു തിരുത്തി നാം
കേരളത്തിലെ കൽപവൃക്ഷങ്ങളുടെ രക്ഷകരാവുക.

15 Nov 2011

കരച്ചില്‍



ചെമ്മനം ചാക്കോ
പെറ്റമ്മ പറയുന്നു: "പാലു കുടിച്ചിട്ടു
തെറ്റാതെ ചൊന്നാലും-'അ,ആ,ഇ, ഈ... "
കുട്ടികിണുങ്ങുന്നു, പാല്‍തട്ടിമാറ്റുന്നു,
പറ്റില്ലെന്നര്‍ത്ഥത്തില്‍ തലയാട്ടുന്നു.

പോറ്റമ്മ പറയുന്നു: "കോളകുടിച്ചിട്ടു
പെട്ടെന്നു ചൊല്ലെടാ-'എ,ബി,സി,ഡി... "
കുട്ടിചിരിക്കുന്നു, കോള കുടിക്കുന്നു,
പെട്ടെന്നു ചൊല്ലുന്നു: "എ,ബി,സി,ഡി... "

പെറ്റമ്മ തലയില്‍ തലോടിപ്പറയുന്നു:
"കുട്ടിപ്പാട്ടൊന്നു നീ പാടൂ കുട്ടാ!
-'കാക്കേ, കാക്കേ, കൂടെവിടെ?"
കുട്ടിയോ കൊഞ്ഞനം കുത്തിപ്പറയുന്നു:
"കാക്കയും കീക്കയും വേണ്ട വേണ്ട!

" പോറ്റമ്മ സെണ്റ്റു പുരട്ടിപ്പറയുന്നു:
"ബേബിപ്പാട്ടൊന്നു നീ പാടിയാട്ടെ,
-'ജാക്ക്‌ ആന്‍ജില്‍ വെന്റപ്‌ ദഹില്‍"
ഏറ്റുപിടിച്ചുടന്‍ പാടുന്നുകുട്ടിയും:
"റ്റു ഫെച്ചേ പെയിലോ വാട്ട... "

പെറ്റമ്മ ചോദിച്ചു: "ചൊല്ലിയ പാട്ടിന്റെ
അര്‍ത്ഥമെന്താണെടാ, പൊന്നുമോനേ?"
"അര്‍ത്തവും കിര്‍ത്തവും; പണിയൊന്നുമില്ലെങ്കില്‍
പോറ്റമ്മ തന്റെ തുണിയലക്ക്‌!

" ചെവിയില്‍ പിടിക്കുന്നു പെറ്റമ്മ; പൊന്നുമോന്‍
അലറിക്കരയുന്നു: "അയ്യോ, പാവോ!"
"ഇംഗ്ളീഷില്‍ കരയെടാ, ബാസ്റ്റാര്‍ഡേ!" പോറ്റമ്മ
വടികൊണ്ട്മുച്ചൂടടിച്ചിടുന്നു!

13 Oct 2011

നടുത്തളം (Well of the House)


ചെമ്മനം ചാക്കോ

നിയമസഭയിൽ എമ്മെല്ലേമാർ സീറ്റിൽ നിന്നിറങ്ങിയെത്തി കോലാഹലമുണ്ടാക്കുന്ന നടത്തളത്തിന്‌ ഇംഗ്ലീഷിൽ പറയുന്നത്‌ 'വെൽ (കിണർ) ഓഫ്‌ ദ ഹൗസ്‌' എന്നാണ്‌.
 സഭയ്ക്കകത്ത്‌ അൽപമൊരു കാറുംകോളും കണ്ടാൽമതി, അൽപന്മാരായ മാക്രികൾ ക്രോം ക്രോം ശബ്ദമുണ്ടാക്കി, ആ കിണറ്റിൽ പ്രത്യക്ഷപ്പെടുന്നു.
 കിണറ്റിൽ കിടക്കുന്ന ജീവികളെ 'കൂപമണ്ഡൂകം' എന്നാണ്‌ നാട്ടുകാർ വിളിക്കുന്നതെന്ന്‌ നമ്മുടെ എം.എൽ.എമാർക്ക്‌ അറിയാമോ, എന്തോ?
 ശരിയാണ്‌, അവിടെ അകപ്പെടുന്നവർ ആക്രോശിച്ചും തുടിച്ചും നീർക്കാം കുഴിയിട്ടും കിണർകുളമാക്കുന്നു.
 ടെലിവിഷനിൽ രംഗം കാണുന്ന മാലോകർ കണ്ണും ചെവിയും പൊത്തിത്തന്നെ കഴിക്കേണ്ടിവരും. നടത്തുളം മാനവും മര്യാദയും ഹോമിക്കുന്ന സ്ഥാനമായി തരം താഴുന്നു.
 ജനകീയ പ്രതിനിധികൾ നിലയും വിലയും തോട്ടിലെറിഞ്ഞ്‌, രണ്ടാം വാക്കിന്‌ സ്വസ്ഥാനം വെടിഞ്ഞു 'വെൽ ഓഫ്‌ ദ ഹൗസിൽ' എത്തി കൂപമണ്ഡൂകപ്പണി ചെയ്താലോ?
 ഇവർ കൈപ്പറ്റുന്ന പ്രതിദിനവേതനം വൻതുകയാകയാൽ, ഈ കൂപമണ്ഡൂകങ്ങളെ തവളക്കാലിനായി വിറ്റുതുലയ്ക്കാമെന്നു വിചാരിച്ചാലും മുതലാകുന്ന കാര്യമല്ല.
 അല്ലയോ എം.എൽ.എ. ഭഗവാനേ, നിയമസഭയിലെ വിലപ്പെട്ട സ്വസ്ഥാനം വിട്ട്‌ എഴുന്നേറ്റുപോയി ഭവാൻമേലിൽ 'കിണറ്റിൽചാടി' കേരളത്തിന്റെ സൽപ്പേരു മുടിക്കരുതേ!

14 Aug 2011

ശ്രീപത്മനാഭൻ കിടപ്പിടം മാറ്റുന്നു


 

ചെമ്മനം ചാക്കോ

കുളിച്ചുകുറിയിട്ടു നാമവും ജപിച്ചീറൻ-
ധരിച്ചുവെളുപ്പിന്നുകൈകൂപ്പിയെത്തുന്നേരം
ഇല്ലില്ല ശ്രീകോവിലിൽ ശ്രീപത്മനാഭൻ, ഭക്ത-
വല്ലഭരന്തംവിട്ടുനിന്നുപോയ് കൽത്തൂണുപോൽ!

പോയകാലത്തെല്ലാമേ ഭഗവാൻ ശയിച്ചതാ,
മായിരംതലയുള്ള സർപ്പവുമങ്ങില്ലല്ലോ!
ഭക്തർവന്നവർവന്നോർനോക്കുന്നു വീണ്ടുംവീണ്ടും
ശുദ്ധശൂന്യമായല്ലോ തൃക്കോവിൽ കിടക്കുന്നു!

ചുറ്റുമോടുന്നൂഭക്തർ ദേവനെക്കണ്ടെത്തുവാ,-
നൊറ്റക്കൽത്തറയുടെ താഴെയും തിരയുന്നു.
നിധികുംഭങ്ങൾ കാക്കാനുള്ള സംവിധാനത്തിൽ
വിധികർത്താക്കൾക്കില്ല സുപ്രീംകോടതി തന്നിൽ
തൃപ്തിയെന്നറികയാൽ, തന്റെ കൈമുതൽ കാക്കാൻ
ശക്തി മറ്റാരെക്കാളുമുണ്ടെന്നു സംസ്ഥാപിക്കാൻ
ശ്രീപത്മനാഭൻ സ്വന്തം ശയനം മഹാനിധി-
ശേഖരമുറികൾക്കു മുന്നിലേയ്ക്കാക്കീ പോലും!

അത്രമേൽ ധനേശനായത്തീർന്ന പത്മനാഭന്നി-
ന്നെത്രമേലിരട്ടിയായ്‌ ഭക്തരും പദവിയും!
വാർത്തകേട്ടവർ കേട്ടോർ നിധിശേഖരംകാക്കും
മൂർത്തിയെക്കാണാൻ നൂറുകണക്കിനെത്തുന്നേരം
ആയിരം തലപൊക്കിയനന്തൻചീറ്റു,ന്നോടി-
പ്പോയിടാൻപെടുംപാടിൽകുടുങ്ങുന്നനേകംപേർ!
'ധനമോ വലു,തതോഭക്തിയോ?'പിടികിട്ടാ-
മനസ്സും പേറിക്കൊണ്ടുപായുന്നു ഭക്തൻ ഞാനും!


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...