Showing posts with label d b ajithkumar. Show all posts
Showing posts with label d b ajithkumar. Show all posts

19 Jul 2013

അമ്മവഴി


ഡി.ബി.അജിത്കുമാർ

കൃത്യം 9.16
എം.ജി.റോഡ്‌ സ്റ്റാച്യുവിൽ
എത്താറുണ്ട്‌ മൂന്നു ബസ്സുകൾ
ക്യൂവും കുസൃതിയും തെറ്റവേ

സെന്റ്മേരീസ്‌ ബസ്‌ നിർത്തിയാൽ
അടുക്കുംചിട്ടയുമത്ഭുതം
എത്തി ഫാത്തിമാസ്കൂൾ ബസ്‌
കൃത്യമായ്ത്തന്നെ കുട്ടികൾ

നഷ്ടംനികത്തിക്കൊണ്ടതിവേഗം
ദേവസ്വംബസ്‌ പറന്നെത്തി
എണ്ണത്തിലേറെയുണ്ടെന്നുൾ മദം
ഡ്രൈവറങ്കിൾ എക്സ്‌-മിലട്ടറി

വണ്ടിയില്ലാത്ത സ്കൂളുണ്ടോ?
അതേ, അപ്പു ഇനി നാലിലാ
പ്രാവുമണ്ണാനുമുറങ്ങുന്ന...?
ഗാന്ധി സ്മാരക വിദ്യാലയം

എത്രദൂരം നടക്കണം?
ഇത്രയേയുള്ളൂ കുന്നിറങ്ങണം
ഉച്ചഭക്ഷണം ഉണ്ടല്ലോ
ഈ പുസ്തകസഞ്ചിഭാരമാ.

പെയ്തുതോരാത്ത ജൂൺമഴ
ഒപ്പമുണ്ടവന്‌ കൂട്ടിന്ന്‌
അത്രമേൽനനഞ്ഞൊട്ടുമ്പോൾ
കാറ്റുമൂളിത്തണുക്കുമ്പോൾ
കെട്ടുപോകാതെകാക്കുമോ
പൊത്തിലേക്കിളിച്ചൊല്ലുകൾ
അറ്റുപോകാതെനീളുമോ
അവന്റക്ഷരം പൂത്ത തായ്‌വഴി.

14 Jan 2012

കാറ്റേറ്റ്‌ വെളിച്ചമാവുന്ന പൂവ്‌


ഡി.ബി.അജിത്കുമാർ

മതിലുകൾക്കെല്ലാംമീതേ
ഒത്തിരി നിറമുള്ളൊരു പൂവ്‌
കാറ്റേറ്റ്‌ വെളിച്ചമാവുന്നുണ്ട്‌

അത്തറും കണ്ണീരുംവീണ്‌
പിഞ്ഞിയ കടലാസ്സിലും
തെളിഞ്ഞുതൂവുന്നുണ്ട്‌
ദൂരെ, ഒറ്റയ്ക്കൊരു നക്ഷത്രമായ
നിന്റെ പ്രണയം

ഉന്മാദത്തിന്റെ വിശുദ്ധരാവുകളിൽ
ദൈവത്തെ കഥപറഞ്ഞുറക്കി
കാണാമറയത്തേക്കുനടക്കുമ്പോൾ
ആരോ ചോദിക്കുന്നുണ്ട്‌
വാക്കുകളിൽ പൊടിഞ്ഞുനിൽക്കുന്നത്‌
ചോരയോ
കണ്ണീരോ
അതോ തൂനിലാവോയെന്ന്‌.

എങ്കിലും നീ
പ്രേമസുരഭിലമായ
സ്വന്തം ചെമ്പരത്തിപ്പൂവ്‌
ഹൃദയത്തിൽ നിന്ന്‌ പറിച്ചെടുത്ത്‌
അതിരുകളില്ലാത്ത മനുഷ്യരുടെ
വേദനയിലേക്ക്‌ വലിച്ചെറിഞ്ഞു

കാറ്റൊഴിഞ്ഞ പായ്ക്കപ്പുമായ്‌
കണ്ണീരോളം ആഴത്തിൽ
ചെകുത്താനും ചെകുത്താനുമൊപ്പം
തുഴയെറിഞ്ഞ്‌ തുഴയെറിഞ്ഞ്‌
നീ തോൽപ്പിച്ചുകളഞ്ഞു
അനന്തമായ കാലത്തെ
ഉള്ളം കയ്യിലെ
പൊരികടലയാക്കി കൊറിച്ചു രസിച്ചു.
പ്രപഞ്ചത്തിലെ സകലജീവജാലങ്ങളേയും
ഒറ്റമുറിയിലിട്ട്‌ പൂട്ടിക്കളിച്ചു.

അണ്ഡകടാഹമായ മാഞ്ചുവട്ടിൽപ്പതിഞ്ഞ
നിഴലുംചാരിയുള്ള
നിന്റെ ഇരുപ്പ്‌
നിന്റെ കിടപ്പ്‌
വരച്ചും മായ്ച്ചും
മതിയാവാതെമറന്നുപോകുന്നു, ഞാൻ

മതിലുകൾക്കെല്ലാം മീതെ
ഒത്തിരി നിറമുള്ളൊരു പൂവ്‌
കാറ്റേറ്റ്‌ വെളിച്ചമാവുന്നുണ്ട്‌
ഇപ്പോഴും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...