Showing posts with label c radhakrishnan. Show all posts
Showing posts with label c radhakrishnan. Show all posts

21 Aug 2015

വെറുതെ അല്ലാത്ത ഒരു മോഹം


സി.രാധാകൃഷ്ണൻ

ഉള്ളതെല്ലാം ഒരുപോലെ പങ്കിട്ടനുഭവിച്ച്‌, കള്ളവും ചതിയും ഇല്ലാതെ, എല്ലാവരും സന്തോഷമായി കഴിയുന്ന അവസ്ഥയാണല്ലോ ഓണം. ഭാവിയെക്കുറിച്ചൊരു സ്വപ്നമായി മാത്രമല്ല, നഷ്ടപ്പെട്ട സ്വർഗ്ഗത്തിന്റെ സ്മരണ കൂടിയായാണ്‌ കേരളീയർ ഓണത്തെ കാണുന്നത്‌.
    വായനയിലൂടെയും നേരിട്ടും എനിക്കു പരിചയമുള്ള എല്ലാ സമൂഹശാസ്ത്രവിദഗ്ധരും ഈ സാമ്പത്തിക സാംസ്കാരിക സ്ഥിതിയെ വിവരിക്കുന്നത്‌ ഏട്ടിലെ പശുവും ആകാശ കുസുമവുമൊക്കെ ആയാണ്‌. ഒരിക്കലും നടപ്പില്ലാത്തത്‌ -ഉട്ടോപ്പിയ-എന്നർത്ഥം.
    ബുദ്ധിയുറയ്ക്കുന്ന കാലത്തേ രണ്ടു ചോദ്യങ്ങൾ ഓണത്തെപ്പറ്റി എന്റെ ഉള്ളിൽ മുളച്ചു. ഒന്ന്‌: ഓണമെന്ന ഉത്സവവും മഹാബലിയുമൊക്കെ ആരുടെയോ ചിന്തയിൽ ഉയിർത്ത വെറും സങ്കൽപങ്ങളാണോ? രണ്ട്‌: സമത്വസുന്ദരമായ ഒരു സമൂഹം മനുഷ്യന്‌ തീർത്തും അപ്രാപ്യമോ?
    അല്ല എന്നാണ്‌ കാലം പോകെ രണ്ടിനും എനിക്കു കണ്ടുകിട്ടിയ മറുപടി. കേരള ചരിത്രത്തിൽ ഏഴാം നൂറ്റാണ്ടുവരെയുള്ള കാലം 'ഇരുണ്ട' യുഗമായാണല്ലോ അറിയപ്പെടുന്നത്‌. പക്ഷെ, മൂന്നു മുതൽ ഏഴുവരെ നൂറ്റാണ്ടുകളിൽ ഒരു മാതൃകാസമൂഹം ഇവിടെ നിലനിന്നു എന്നാണ്‌ നാടോടിവാങ്മയങ്ങളിൽ നിന്നു മനസ്സിലായത്‌. ചക്രവും ഏത്തവും കലപ്പയും കയറ്റുകുടയും തുടുപ്പും കരിയും നുകവും ഉൾപ്പെടെ ഉപകരണങ്ങളും വെള്ളം നിയന്ത്രിച്ചു നിർത്താൻ പാകത്തിൽ പറപ്പും വരമ്പുകളുമുള്ള വയലേലകളുടെ ശയൻസും കൃഷിവിജ്ഞാനവും കന്നുകാലിസംരക്ഷണവും ആയുർവേദവും വാനശാസ്ത്രവും സാർവ്രത്രിക വിദ്യാഭ്യാസവും കൊണ്ടുവരുന്നത്‌ ജൈനമിഷനറിമാരാണ്‌. 'പള്ളി'കളും കാവുകളും വിജ്ഞാനവിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു. ഭരിക്കാൻ ആരും ആവശ്യമില്ലാത്ത അവസ്ഥയാണ്‌ നല്ല സമൂഹവാസ്ഥ എന്ന്‌ തിരിച്ചറിയപ്പെട്ട കാലം. അധികാരി എന്നതിലേറെ മഹാപണ്ഡിതനായിരുന്നു ജൈനഗുരുവായ മഹാബലി. ആക്രമിച്ചു കീഴടക്കാൻ വന്നവർക്ക്‌ അദ്ദേഹം അക്രവും ഹിംസയും ഒഴിവാക്കാൻ, തന്റെ സ്ഥാനവും നാടുമെല്ലാം നിരുപാധികം ഒഴിഞ്ഞുകൊടുത്തിരിക്കണം. പക്ഷെ, ജൈനമഠങ്ങളുടെ നേർക്ക്‌ തുടർന്നുനടന്നത്‌ ഭീകരമായ ആക്രമണങ്ങളായിരുന്നുപോലും. ജൈനഗുരുനാഥരെ പച്ചയ്ക്ക്‌ തൊലിയുരിക്കുകവരെ ഉണ്ടായി. ആ കൂട്ടനരഹത്യകൾക്ക്‌ പരിഹാരമായാണ്‌ ആലുവ, തിരുനാവ എന്നിവിടങ്ങളിലും മറ്റും കൂട്ട പിതൃബലി തുടങ്ങിയതെന്നും പറയപ്പെടുന്നു.
    അധികാരത്തിന്റെ പിൻബലത്തോടെ പുതിയൊരു കലണ്ടറും (കൊല്ലവർഷം) ജാതിവ്യവസ്ഥയും കർശനമായി നിലവിൽ വന്നിട്ടും, പക്ഷെ, ആളുകൾ ഗൃഹാതുരതയോടെ ഓർത്തു. ഇന്നും ഓർക്കുന്നു. തീർച്ചയായും ഏക്കാളവും ഓർക്കും. പകരം വന്നവരും അവരുടെ ആരാധനാമൂർത്തികളും സ്വീകാര്യരായിട്ടും പൂർവകാലം പൂക്കാലമായി ജനമനസ്സിൽ ശേഷിക്കുന്നു!
    തിരുവോണം വെറും കിനാവാണെന്നു കരുതുന്നവരിൽ സ്വദേശികളും വിദേശികളുമുണ്ട്‌. ജാതിയും മതവും നിർണ്ണായകങ്ങളല്ലാതായാൽ തങ്ങൾക്കപകടമാണെന്നറിയാവുന്നവരാ
ണ്‌ ഈ സ്വദേശികൾ. വിദേശികളാവട്ടെ മനുഷ്യന്റെ സ്വാഭാവികസത്ത നന്മയാണെന്ന്‌ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഭാഗ്യഹീനമരായ കാര്യവിചാരക്കാരും.
    ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ അടിത്തറ, മനുഷ്യൻ സ്വാർഥിയാണെന്ന മുൻവിധിയാണ്‌. 'സാമ്പത്തിക മനുഷ്യനെ' പിഗു () നിർവചിക്കുന്നത്‌ 'സ്വാർഥിയായ മൃഗ'മെന്നാണ്‌ () ഈ ജീവി എന്നു മെപ്പോഴും 'ലാഭ'ത്തിനായി മാത്രം ഇടപാടുകൾ നടത്തുന്നു.
    ഇരുകൂട്ടരും കളരിക്കു പുറത്താണ്‌. ആദ്യത്തെ തരക്കാരുടെ ദുഷ്ടലാക്ക്‌ ഒരു രോഗലക്ഷണവും രണ്ടാമത്തേവരുടെ നിലപാട്‌ അറിവില്ലായ്മയുടെ ഫലവുമാണെന്ന വ്യത്യാസമേ ഉള്ളൂ.
    ആയിരത്താണ്ടുകളായി ലോകത്തുണ്ടായ എല്ലാ മതങ്ങളും സംസ്കാരങ്ങളും സ്വാഭാവികമായി ഒഴുകിയെത്തി വഴക്കില്ലാതെ സമന്വയിച്ചു രൂപപ്പെട്ട കേരളീയ സംസ്കൃതിയിൽ ഇന്നുള്ള മുഖ്യ കളങ്കം വിഭാഗീയതയല്ലേ? നാളെ ലോകത്തിനുതന്നെ മാതൃകയാകാനുള്ള സംസ്കാരത്തിന്‌ ഇതിൽ നിന്ന്‌ മോചനം നൽകാൻ നമുക്കല്ലാതെ ആർക്കാവും? ഓണപ്പാട്ടുകൾ പാടി നമുക്കതിനു തുടക്കമിടാം.
    'ഈ ഭൂമിയിലെ വിഭവങ്ങൾ പ്രത്യേകിച്ച്‌ ആരുടെയും അല്ല, ഉള്ളതു പങ്കിട്ടുമാത്രം അനുഭവിക്കുക' എന്ന്‌ ഈശാവശ്യത്തിൽ പറയുന്ന മഹർഷിയാണ്‌ സ്വീകാര്യനായ സാമ്പത്തിക വിദഗ്ധൻ എന്ന കാര്യത്തിൽ സംശയത്തിനെന്തു പ്രസക്തി?
    ഈശ്വരരായി ജനിക്കുന്നവരെ ചെകുത്താന്മാരായി രൂപാന്തരപ്പെടുത്താതിരിക്കുകയേ വേണ്ടൂ. ചുരുക്കം ചിലർക്കു മാത്രമായി സ്ഥിരമായ സംരക്ഷയും സുഖവും സാധ്യമല്ലെന്നറിയാൻ, വെള്ളത്തിൽ ഒരു കുഴിയോ കൂമ്പാരമോ തീർത്ത്‌ നിലനിർത്താൻ കഴിയില്ലെന്ന സരളമായ തിരിച്ചറിവേ വേണ്ടൂ. സ്നേഹം എന്ന വികാരം സാർവത്രികമാകുമ്പോഴുണ്ടാകുന്ന സ്വാതന്ത്ര്യവും സുഖവും എത്ര സുന്ദരമെന്ന്‌ ആലോചിച്ചറിയാൻ വലിയ ബുദ്ധിശക്തിയൊന്നും ആവശ്യവുമില്ല.
    ചുരുക്കത്തിൽ മാവേലി നാടു വാണീടും കാലത്തെ സ്വർഗ്ഗരാജ്യം പുനഃസൃഷ്ടിക്കാൻ തടസ്സമായി നിൽക്കുന്നത്‌ നമ്മുടെയൊക്കെ മരമണ്ടത്തം മാത്രം! ഒരു വലിയ പൊട്ടിച്ചിരിയോടെ ഈ മണ്ടത്തക്കുന്ത്രാണ്ടം വലിച്ചെറിയാൻ നമുക്ക്‌ തീർച്ചയായും കഴിയും. നഷ്ടപ്പെടാൻ മഹാദുരിതങ്ങൾ മാത്രം.
    എന്നെന്നും എപ്പോഴെന്നുമേ അറിയാനുള്ളൂ - ഈ നിലപാടുമാറ്റം ഉണ്ടാകുമെന്ന്‌ എന്റെ ഹൃദയം പറയുന്നു. അത്‌ വേഗമാകട്ടെ എന്നു മോഹിക്കുകയും ചെയ്യുന്നു - ഈ മോഹം വെറുതയല്ല എന്ന തീർത്തറിവോടെത്തന്നെ.

19 Jul 2015

ഇല്ലത്തുനിന്നു പോകാതെ അമ്മാത്തെത്താൻ


സി.രാധാകൃഷ്ണൻ
    നമുക്കെല്ലാം എന്നുമുള്ള പ്രശ്നം ഇല്ലത്തു നിന്നു പോകാൻ വയ്യ അമ്മാത്ത്‌ എത്തുകയും വേണം എന്നതു തന്നെ. വീടു വിടാൻ മടി, പക്ഷെ ഗൾഫിൽ പോയി ജോലി ചെയ്യാതെ പറ്റില്ല! സ്വൽപം ഷുഗറുണ്ടെന്നാലും പായസം കണ്ടാൽ കഴിക്കാതെ വയ്യ. കോടതിയിലെ കേസ്‌ ജയിക്കണം, ഒരു കള്ളം പറയാൻ പക്ഷേ, വലിയ പ്രയാസം, നല്ല വിശപ്പുണ്ട്‌, എങ്കിലും ജാതിയിൽ താണവന്റെ ഭക്ഷണം കഴിക്കാൻ മനസ്സ്‌ അനുവദിക്കുന്നില്ല. ഒരു പുതിയ ഉടുപ്പു വേണം. എന്നാൽ ബാങ്കിൽ കിടക്കുന്ന സ്ഥിരനിക്ഷേപം അതിനായി പിൻവലിക്കാൻ ഒക്കില്ല. ചെറുതായി ഒരു ശസ്ത്രക്രിയ ഡോക്ടർ നിർദ്ദേശിക്കുന്നെങ്കിലും അതോർക്കുമ്പോൾ വലിയ പ്രയാസം ഇങ്ങനെ പോകുന്നു ഊരാക്കുടുക്കുകൾ. എന്നുമുണ്ടാവും എന്തെങ്കിലും ഒരെണ്ണം. ചിലപ്പോൾ ഒരേ സമയം നിരവധി.
    രാവിലെ വീടിനു വെളിയിൽ ഇറങ്ങുമ്പോൾ ഓടി വരുന്നു ഒരു പരിചയക്കാരൻ, 'പണമുണ്ടോ ഒരു അയ്യായിരം കടമായിതരാൻ? അത്യാവശ്യമാണ്‌'
'എന്തു പറ്റി?'
'മകൾക്ക്‌ കോളേജിൽ ചേരാൻ തലവരി കൊടുക്കേണ്ട അവസാന ദിവസമായി, തുക തികയില്ല. ഒരാഴ്ചക്കകം തിരികെ തരാം.'
    കൊടുത്താൽ തിരികെ കിട്ടില്ലെന്നു നല്ല നിശ്ചയം. അതാണ്‌ അനുഭവം. പക്ഷേ ഒരു കുട്ടിയെ പഠിപ്പിക്കുന്ന കാര്യമല്ലേ? കൊടുക്കുകയും കൊടുക്കാതിരിക്കുകയും ഒരുമിച്ചു വേണം എന്നു വരുമ്പോൾ എന്തു ചെയ്യാൻ!
    കൊടുത്താലും കൊടുത്തില്ലെങ്കിലും വിഷമവുമാണ്‌. കൊടുത്താൽ നഷ്ടബോധം ഫലം, കൊടുത്തില്ലെങ്കിൽ കുറ്റബോധം ഉറപ്പും!
    കൊടുക്കാൻ കൈയിൽ ഇല്ലെങ്കിൽ വലിയ കുഴപ്പമല്ല. ഉണ്ടെങ്കിൽ എന്തു ചെയ്യും? എങ്ങനെ തീരുമാനിക്കും?
    ഇത്തരം ചുറ്റുപാടുകളിൽ ഉപയോഗിക്കുന്ന ഒരു ഫോർമുല പഴമക്കാർ പറഞ്ഞിട്ടുണ്ട്‌. ആക്കത്തൂക്കം നോക്കുക എന്നതാണ്‌. രണ്ട്‌ അനിഷ്ടഫലങ്ങളിൽ ഏത്‌ എത്ര കാലത്തേക്കാണ്‌ കൂടുതൽ അസഹ്യമായിരിക്കുക എന്നു കണ്ടെത്തി അത്‌ ഒഴിവാക്കുക. തമ്മിൽ ഭേദമായതിനെ സഹിക്കാൻ തയ്യാറുമാവുക.
    സ്വത്വത്തെ-ഐഡന്റിറ്റിയെ സംബന്ധിക്കുന്നതാണ്‌ ഇവിടെയെല്ലാം പ്രശ്നം എന്നു കാണാൻ ഏറെ അന്വേഷണം വേണ്ട. ഏറ്റവും ചെറിയതു മുതൽ ഏറ്റവും വലിയ വ്യാപ്തിമുള്ളതുവരെയുള്ള ഐഡന്റിറ്റികൾ നമുക്കുണ്ട്‌. ഇവ നമ്മുടെ ജാതി, മതം, ലിംഗം, പ്രായം, ഭാഷ, ദേശം, വംശം, സ്ഥാനം എന്നിങ്ങനെയുള്ളതിനെ സംബന്ധിച്ചവയാണ്‌. ഇവയെല്ലാം ഒന്നിനു ചുറ്റും മറ്റൊന്നായി നിലകൊള്ളുന്നു. ഒന്നിനെയും ഉപേക്ഷിക്കാൻ നമുക്കു മനസ്സില്ല. ഉപേക്ഷണീയമാണ്‌ എന്നു തീർച്ചയായാലും നാം വിടില്ല? അതെല്ലാമില്ലെങ്കിൽ പിന്നെ ഞാനെന്തിന്‌ ജീവിച്ചിരിക്കണം എന്നു അർജ്ജുന വിഷാദയോഗം നമ്മെ വലയ്ക്കുന്നു!
    നമ്മുടെ യഥാർത്ഥസന്തോഷം നാം ഈ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ ഐഡന്റിറ്റിയിൽ നിൽക്കുമ്പോഴാണ്‌. പക്ഷെ ഇതു സാധിക്കാൻ നിരവധി ചെറിയ ഐഡന്റിറ്റികളെ അതിജീവിക്കണം. ഓരോ അതിജീവനത്തിലും ഏറെ വേദന താൽക്കാലികമായി അനുഭവിക്കണം.
    ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്നു കേട്ടിട്ടില്ലേ? മാറ്റാനാവാത്ത ഒരു ഐഡന്റിറ്റി മാറ്റേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ്‌ ഈ പ്രസ്താവം. അഥവാ, മാറ്റാനാവാത്ത ഒരു ഐഡന്റിറ്റിയും ഇല്ല എന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.
    സാധാരാണയായി, ഒരു ഊരാക്കുടുക്കിനിരയായാൽ നമ്മിൽ മിക്കവരും ചെയ്യുക കൂടുതൽ വ്യാപ്തിയുള്ള ഐഡന്റിറ്റിയെ കൈയൊഴികയാണ്‌. ഏറ്റവും സങ്കുചിതമായതാണ്‌ നമ്മുടെ അടിസ്ഥാനപരമായ ഐഡന്റിറ്റി എന്ന തെറ്റായ ധാരണയാണ്‌ കാരണം. ആത്മസംസ്കരണമാണ്‌ ഇതിനാൽ താറുമാറാകുന്നതെന്ന്‌ നാം അറിയുക പതിവുമില്ല. തൽക്കാലത്തേയ്ക്ക്‌ നിൽക്കക്കള്ളി ഇതായതിനാലാണ്‌ ഇതു ചെയ്യുന്നതെന്നാൽ നാം നമ്മോടുതന്നെ പറയുന്ന ന്യായം.
    എന്നാലോ, ഈ പോംവഴി തെരഞ്ഞെടുക്കുമ്പോൾ നാം സത്യത്തിൽ മനഃശാന്തിയിലേക്കുള്ള ജീവപരിണാമത്തിൽ പല പടികൾ കീഴോട്ടിറങ്ങുകയാണ്‌. പരിപൂർണമായ ശാന്തിയും ആനന്ദവും ഏറ്റവും  വിസ്തൃതമായ ഐഡന്റിറ്റിയുമായി താദാത്മ്യം പ്രാപിക്കുന്നതിലാണ്‌. ആ വഴിയിലേക്കാണ്‌ നമ്മുടെ സ്വാഭാവികമായ പരിണതിയും. ആകർഷണശക്തികൂടുതൽ പക്ഷെ സങ്കുചിത വ്യാപ്തമുള്ള ഐഡന്റിറ്റികൾക്കാണ്‌.
    ഓരോതവണതെറ്റായ തീരുമാനം എടുക്കുമ്പോഴും ആ ചെയ്തി നമ്മുടെ ജീവനിൽ ഒരു ശീലം മുദ്രിതമാക്കാൻ ഇട വരുത്തുന്നു. ഇതിനെയാണ്‌ വാസന എന്നു പറയുന്നത്‌. ഈ മുദ്രകളെയാണ്‌ നേരായ ആനന്ദമന്വേഷിക്കുന്നവർ അതിജീവിക്കേണ്ടത്‌. അതിനാലാണ്‌ വരുംവരായ്കകൾ നോക്കാതെ വേണം കർമം ചെയ്യാൻ എന്ന ഉപദേശം. അടുത്ത കാൽവെപ്പ്‌ കുഴിയിലേക്കാണോ അല്ലയോ എന്നു നോക്കേണ്ടതില്ല എന്നല്ല വിവക്ഷ. തീർച്ചയായും നോക്കണം. അതോടൊപ്പം പക്ഷേ നോക്കാനുള്ളത്‌ ഞാൻ പോകുന്നത്‌ എവിടേയ്ക്കാണ്‌ എന്നു കൂടി ആണ്‌.
    തൽക്കാലത്തേക്കുള്ള സന്തോഷം കരുതി ഞാൻ എന്നേയ്ക്കുമുള്ള ആനന്ദത്തെ അവഗണിക്കാനാണോ പുറപ്പാട്‌ എന്നതാണ്‌ ചോദ്യം. ഈ ചോദ്യത്തിന്‌ ശരിയായ ഉത്തരം കിട്ടാൻ രണ്ടു കാര്യങ്ങൾ ഒക്കണം. ഒന്ന്‌, എന്റെ അകത്തെ എല്ലാ ഐഡന്റിറ്റികളെ കുറിച്ചും ഞാൻ അറിഞ്ഞിരിക്കണം. ഇവയുടെ താരതമ്യം വ്യാപ്തിയും നിശ്ചയമുണ്ടാകണം. ഏത്‌ യോഗിയുടെയും ഒരു ഐഡന്റിറ്റിയും നശിക്കുന്നില്ല എന്ന സത്യം നാം മറന്നുകൂടാ. പൂർവാശ്രമത്തിലെ ജാതിയും മതവും കെട്ടുപാടുകളും സങ്കുചിത താത്പര്യങ്ങളും അദ്ദേഹത്തിൽ അതേപടി നിലനിൽക്കുന്നു. അവയെ അല്ല ആശ്രയിക്കേണ്ടത്‌ എന്ന ഉറച്ച അറിവും പരിചയവും അദ്ദേഹത്തിനുണ്ടെന്ന വ്യത്യാസമേഉള്ളൂ. നഷ്ടപ്പെടാൻ ഇഷ്ടമില്ലാത്ത ദുഷ്ടവികാരങ്ങൾ ഉടൽ വീഴുവോളും അകത്തിരിപ്പുണ്ട്‌. ഉണ്ടെന്ന അറിവും അവയെ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ്‌ യോഗിയെ യോഗിയാക്കുന്നത്‌.
    ഇതു യോഗികളുടെ കാര്യമല്ലേ നമുക്കുണ്ടോ സാധിക്കുന്നു എന്നുതോന്നേണ്ടതില്ല. നാമെല്ലാം യോഗികളാണ്‌. ഏത്‌ ഐഡന്റിറ്റിയുടെ തണലിലാണ്‌ നാം നിലയുറപ്പിച്ചിരിക്കുന്നത്‌ എന്നതിനനുസരിച്ച്‌ നമുക്ക്‌ പുരോഗതിയുമുണ്ട്‌. ഒരിക്കൽ ഒരൽപ്പം പുരോഗതി ഉണ്ടായാൽ അത്‌ ഒരിക്കലും നഷ്ടപ്പെടുകയും ഇല്ല. സങ്കുചിതമായ ഒരു ഐഡന്റിറ്റിയുടെ പത്തി അകത്തു പൊങ്ങുമ്പോൾ വിളയാട്ടേ വേണ്ടമ്മാമാ, ആളറിയാം എന്നു പറയാൻ കരുത്തുണ്ടാവുകയേ വേണ്ടൂ.
    നമ്മുടെ ഐഡന്റിറ്റിയുടെ വ്യാപ്തി വളരുന്തോറും നമ്മുടെ ഭയത്തിന്റെ അളവു കുറയും. കാരണം. ആ വ്യാപ്തത്തിനകത്തുള്ളതൊന്നും പിന്നെ നമ്മെ ഭയപ്പെടുത്തുകയില്ല അതിൽ ഒന്നിൽ നിന്നും നാം അന്യമല്ലല്ലോ. സ്വന്തം അവയവത്തെ എന്തിനു പേടിക്കണം? വ്യാപ്തം പരമാവധിയാകുന്നേരം ഭയം പൂർണമായും നീങ്ങും, രണ്ടായാലേ ഇണ്ടലുള്ളുവല്ലോ അവയാണ്‌ ഭയം ദ്വയാത്‌ ഭയം ഭവതി എന്നു ശ്രീശങ്കരൻ സംശയമില്ലാതെ വിധിക്കുന്നത്‌ അടിസ്ഥാനമില്ലാതെയല്ല.
    ധൈര്യമാണ്‌ സന്തോഷത്തിന്റെ അടിത്തറ. പേടിക്കുന്നവന്‌ മറ്റെന്തുണ്ടായാലും മനം മറന്ന ആനന്ദം സാധിക്കില്ല. സന്തോഷം ഉണ്ടാകാനാണല്ലോ മനുഷ്യരായ മനുഷ്യരൊക്കെ ഇക്കണ്ടപാടൊക്കെ പെടുന്നത്‌. ധൈര്യം എന്നത്‌ ഭയത്തിന്റെ അഭാവമല്ലാതെ മറ്റൊന്നുമല്ലതാനും. മറക്കാതിരിക്കേണ്ട കാര്യം ഒരു സ്വത്വത്തിന്റെയും നിഷേധമല്ല അഭികാമ്യം എന്നതാണ്‌ ഏറ്റവും സങ്കുചിതമായി എനിക്കുള്ള സവിശേഷത ഏറ്റവും വിസ്തൃതമായ ഐഡന്റിറ്റിയിൽ എന്നെ എത്തിക്കാനും നിലനിർത്താനും പലപ്പോഴും സഹായിക്കും. ഒരുത്തന്‌ പാട്ടുപാടാനോ നൃത്തം ചെയ്യാനോ എഴുതാനോ അഭിനയിക്കാനോ ഒക്കെ ഉള്ള കഴിവ്‌ ഉദാഹരണം. അതുതന്നെ മറ്റ്‌ സങ്കുചിതത്വങ്ങളെ അതിജീവിക്കാൻ അവനെ സഹായിക്കുന്നു. അതായത്‌, നമ്മളിൽ കളയാൻ ഒന്നുമില്ല. ഉള്ളതെല്ലാം മോചനത്തിനുള്ള മരുന്നാണ്‌. ഏത്‌ എപ്പോൾ ശീലിക്കണമെന്ന വകതിരിവാണ്‌ ആർജിക്കാനുള്ളത്‌. എന്തിനെ എവ്വിധം അടുക്കി ഒതുക്കി നിർത്താമെന്ന മൃഗശിക്ഷണവിദ്യയും പഠിക്കാനുണ്ട്‌. ഇതു സാധിച്ചാൽ ഒരു ഇല്ലത്തുനിന്നും പോകാതെ ഏത്‌ അമ്മാത്തും നമുക്കെത്താം. അല്ലെങ്കിൽ ഇല്ലത്തു നിന്നു പോന്നു അമ്മാത്തൊട്ട്‌ എത്തിയുമില്ല എന്ന വിഷമാവസ്ഥയിൽ നടുവിൽ നട്ടം തിരിഞ്ഞ്‌ ഹലാക്കിലാവുകയേ ഗതിയുള്ളൂ.

24 Jun 2015

വരൂ, കോടാനുകോടീശ്വരനാകാം!




സി.രാധാകൃഷ്ണൻ

    പണ്ട്‌, കളിക്കൂട്ടുകാരായ ഞങ്ങളിൽ ഒരാൾക്ക്‌ അവന്റെ അമ്മാമൻ സിങ്കപ്പൂരിൽനിന്നു വരുമ്പോൾ കണ്ണഞ്ചിപ്പിക്കുന്ന ഒരു കാർ കൊണ്ടുവന്നു കൊടുത്തു. താക്കോൽ തിരിച്ചാൽ അത്‌ കുറെ ദൂരം ഓടും! അതുതൊടാൻപോലും അവൻ ഞങ്ങളെ ആരെയും അനുവദിച്ചില്ല. സങ്കടപ്പെട്ട്‌ പിണങ്ങിപ്പോന്ന്‌ അമ്പലമുറ്റത്തെ ആൽത്തറയിൽ കൂനിക്കൂടി ഇരിക്കുന്ന ഞങ്ങളെ കണ്ട ഓതിക്കൻ തിരുമേനി ചോദിച്ചു - എന്താവാനരപ്പടയ്ക്കൊരു വല്ലാത്ത മൗഢ്യം?
    സിങ്കപ്പൂർക്കളിപ്പാട്ടത്തിന്റെ കഥ അറിഞ്ഞപ്പോൾ അദ്ദേഹം ചെറുതായി പുഞ്ചിരിച്ച്‌ ചോദിച്ചു-പകരം, നിങ്ങൾക്കൊരു വലിയ വിമാനം തന്നെ കിട്ടിയാലോ?
    ആൾ അരക്കിറുക്കനാണെന്നാണ്‌ നാട്ടിൽ സംസാരം. വേദശാസ്ത്രങ്ങളെല്ലാം കമ്പോടുകമ്പ്‌ പഠിച്ച വിദ്വാനാണെന്നാലും അയിത്തവും ശുദ്ധവുമില്ലാതെയാണ്‌ നടപ്പുമിരിപ്പും. ഏതു വീട്ടിലും കയറി അവിടന്നു കിട്ടുന്ന എന്തു ഭക്ഷണവും കഴിക്കും, എവിടെയും അന്തിയുറങ്ങും. വേഷം പ്രാകൃതം.തന്നോടു തന്നെ ചിരിച്ചുകൊണ്ടിരിക്കും. സ്വന്തമായി ഒന്നുമില്ല, ആരുമില്ല.
    നൊസ്സു പറയുകയാണെന്നു കരുതി ഞങ്ങൾ മുഖം തിരിച്ചു മൗനം പാലിച്ചു.
    അദ്ദേഹം തിരിഞ്ഞു നടക്കാൻ പുറപ്പെട്ടു-വേണ്ടെങ്കിൽ വേണ്ട!
    അഥവാ വെറുതെ പറയുകയല്ലെങ്കിലോ എന്ന ശങ്ക കാരണം, ഞങ്ങളുടെ കൂട്ടത്തിലൊരാൾ ആരാഞ്ഞു- എവിടെ ആ വിമാനം? കാണട്ടെ!
    തിരുമേനി മാനത്തേക്കു വിരൽ ചൂണ്ടി-അതാ പൊണു, ഞാൻ താക്കോൽ കൊടുത്തുവിട്ടതാ, ട്ട്വോ! എന്താ വേഗം! എത്രയോ വലുപ്പം!
    വലിയൊരു മഴമേഘം അതിവേഗം കിഴക്കോട്ട്‌ പൊയ്ക്കൊണ്ടിരുന്നു. അത്‌ സൂര്യനെപ്പോലും മൂടി.
    തിരുമേനി തുടർന്നു-ഇതു വേണ്ട എങ്കിൽ അതാ, പിന്നാലെ വേറെയും വരുന്നു! ഓരോരുത്തർകക്കും വേറെവേറെ എടുക്കാം. മത്സരിച്ചോടിച്ചു കളിക്കാം! കണ്ടൊ, ആ പിന്നിലെ കക്ഷി ഇപ്പോൾ മുന്നിലെത്തും. വിടരുതവനെ!
    ആ കളിയിൽ ഞങ്ങളെ ഹരം പിടിപ്പിച്ച്‌ തിരുമേനി പോയി.
    ആ വലിയ പാഠത്തിന്റെ അർഥം അന്നൊന്നും ഞങ്ങൾക്കാർക്കും ശരിയായി മനസ്സിലായില്ല. അന്തി മയങ്ങി മാനത്തെ കാറുകൾ കാണാതായപ്പോൾ ഞങ്ങളുടെ ചിന്ത ആ സിങ്കപ്പൂർ കാറിലേക്കുതന്നെ തിരികെ പോവുകയും ചെയ്തു.
    ഇന്നത്തെ ലോകാവസ്ഥ കാണുമ്പോൾ ആ ഓതിക്കൻ പാഠത്തിന്‌ നല്ല തെളിമയും ചന്തവും കൈവരുന്നുണ്ട്‌. ഓരോ കൊല്ലവും ലോകത്തെ കോടീശ്വരന്മാരിൽ മുൻപന്തിയിലുള്ള പത്തൊ നൂറോ ആളുകളുടെ പേരുകൾ ആരോ പ്രഖ്യാപിക്കുകയും എല്ലാ മാധ്യമങ്ങളും ആ വാർത്ത ഘോഷിക്കുകയും ചെയ്യുന്നത്‌ പതിവാണല്ലോ. ഇതിൽ ഒന്നാമനാകാൻ കടുത്ത മത്സരമുണ്ടെന്നും കേൾക്കുന്നു. ഒരു പരിധി കഴിഞ്ഞുള്ള ധനംകൊണ്ട്‌ ഒരു ധനികനും, ഇങ്ങനെ ഏതെങ്കിലും റാങ്കു നേടുകയല്ലാതെ, മറ്റൊരു പ്രയോജനവും ഇല്ലല്ലോ. എത്ര കാശുണ്ടായാലും ഇടതു കാലിലെ മന്ത്‌ വലതുകാലിലേക്ക്‌ മാറ്റാൻപോലും പറ്റില്ല എന്നു പണ്ടേ ചില ഭ്രാന്തില്ലാത്തവർ നമുക്കു പറഞ്ഞുതന്നിട്ടുണ്ട്‌. എത്ര വില കൊടുത്താലും ഒരു സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രത്തെയോ, എന്തിന്‌ അത്രയും പോകണം, കൂടെ കഴിയുന്ന ആളുടെ സ്നേഹം പോലും, വാങ്ങാൻ പറ്റുമോ?
    ഈ പ്രപഞ്ചത്തിലെ സമ്പത്ത്‌ അനന്തമാണെന്നിരിക്കെ, അതിന്റെ അളവിന്റെ വെളിച്ചത്തിൽ, ഇന്നുള്ള ഏതു മഹാകോടീശ്വരനും വാസ്തവത്തിൽ മഹാദരിദ്രനല്ലേ? ഇനിയും കുഴിച്ചെടുക്കാൻ സ്വർണ്ണവും വൈരക്കല്ലും എത്ര കിടക്കുന്നു ഈ കൊച്ചു ഭൂമിയിൽത്തന്നെ? ഇതര ഗോളങ്ങളിലെ സമ്പത്തിന്റെ കണക്ക്‌ ആലോചിക്കാതിരിക്കയാണ്‌ ഭേദം! എന്നിട്ടും, ഈ മഹാപ്രപഞ്ചം മുഴുവനായുമാണ്‌ എന്റെ എന്ന തോന്നൽ നമുക്ക്‌ മിക്കവർക്കും ഉണ്ടാകുന്നുമില്ല! കൈയെത്താവുന്നിടത്ത്‌ മഹാനിധി ഇരിക്കെ, നാലു ചില്ലിക്കാശിന്‌ കടിപിടി!
    പരമ്പരാഗതമായി ഉള്ളതൊ പകിരിതിരിഞ്ഞു പണിപ്പെട്ടു വാങ്ങിയതോ ആയ ഒരു തുണ്ട്‌ ഭൂമി കരിങ്കൽമതിൽ കെട്ടി ഭാരിച്ച ഇരുമ്പുഗെയ്റ്റ്‌ വച്ച്‌ ഡോബർമാനെ കാവലേൽപ്പിച്ച്‌ യൂറോപ്യൻ പൂട്ടിട്ട്‌ പൂട്ടി ഞാൻ വിചാരിക്കുന്നു, ഇത്‌ എന്റെയാണ്‌ എന്ന്‌. അപ്പോഴാണ്‌ ഒരു ദിവസം അതിനകത്ത്‌ ഒരു മൂർഖൻ എങ്ങുനിന്നെന്നില്ലാതെ പ്രത്യക്ഷപ്പെടുന്നത്‌. ആളെക്കൂട്ടി തെരഞ്ഞിട്ട്‌ കണ്ടുകിട്ടാത്ത അദ്ദേഹം ഇതിനകത്തെവിടെയോ ഉണ്ട്‌ എന്ന ബോധം എന്റെ ഉറക്കം കെടുത്തുന്നു. നാലു കീരികളെക്കൂടി വളർത്താൻ തീരുമാനിക്കുന്നു. അപ്പോൾ ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ ആ ഡോബർമാനും ഈ കീരികളുമായി. സൂക്ഷിച്ചു നോക്കുമ്പോൾ അത്രയുമല്ല, മണ്ണിര മുതൽ കാക്കയും വവ്വാലും ഉറുമ്പും കൃമികീടങ്ങളും വണ്ടും തുമ്പിയും എല്ലാം എന്റെ അനുവാദം വാങ്ങാതെ അകത്തു കയറി ഈ ഭൂസ്വത്ത്‌ താന്താങ്ങളുടെ സ്വന്തമെന്നപോലെ പെരുമാറുന്നു. ഒരു കയ്യേറ്റക്കാരനോടെന്ന മട്ടിൽ എന്നോടു പെരുമാറുന്നു. ഈ തൊടിയിലേക്ക്‌ കടന്നുവരുന്ന വായു ആരൊക്കെ ശ്വസിച്ചു പുറത്തുവിട്ടതാണ്‌ എന്നുപോലും അറിയാൻ വഴിയില്ല. ഇതിനെക്കാളെല്ലാം വിചിത്രം, എന്റെ എന്നു ഞാൻ കരുതുന്ന ഈ ഇടത്തിനു മുകളിലൂടെ പരുന്തുകളും മേഘങ്ങളും വിമാനങ്ങളും ഉപഗ്രഹങ്ങളും ഉൽക്കകളും ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും നിരന്തരം നിർബാധം കടന്നുപോകുന്നു, എന്റെ അനുമതികൂടാതെയും എനിക്കു കരം തരാതെയും! ഇതെന്തൊരു നാമമാത്ര ഉടമസ്ഥത!
    പോരെങ്കിൽ, വിശാലമായ ഈ ഭൂമിയിൽ എനിക്കുള്ളത്‌ ഈ ഒരു ചെറുതുണ്ട്‌ മാത്രം. ഞാൻ എത്ര ദരിദ്രൻ! അതിനാൽ ഞാൻ എന്തെങ്കിലുമൊക്കെ ചെയ്ത്‌ അയൽക്കാരന്റെ സ്ഥലംകൂടി എന്റെ എന്നു കാണിക്കുന്ന പ്രമാണം ഉണ്ടാക്കാൻ കഠിനശ്രമം നടത്തുന്നു. അയാളും ഇതുതന്നെ ചിന്തിക്കുന്നതിനാൽ ഞങ്ങൾ നിതാന്തശത്രുക്കളായും തീരുന്നു. ഞാൻ നാടുനീങ്ങിക്കിട്ടാൻ അയാളും അയാൾ ചത്തുപോകാൻ ഞാനും പ്രാർത്ഥനയും ഭജനയും പൂജയും നടത്തുന്നു. ഞങ്ങളുടെ മക്കളെ ഇതേ ശത്രുതയുടെ അവകാശികളുമാക്കുന്നു.
    ഈ പ്രപഞ്ചം മുഴുക്കെ എന്റെയാണ്‌ എന്ന ചിന്ത അപ്പോഴും കൈവരുന്നില്ല. എല്ലാം എന്റെ ആവുക എന്നത്‌ എനിക്കു മാത്രമായി ഒന്നും ഇല്ലാതാകൽകൂടി അല്ലേ എന്നാണ്‌ വേവലാതി. സത്യത്തിലോ? എല്ലാമെല്ലാം എനിക്കു മാത്രമായി തീരുകയില്ലേ?
    അതെങ്ങനെ എന്നു പിന്നെയും സംശയം. ഇത്രയും അന്യമനുഷ്യരും ജീവികളും ഒക്കെ ഇവിടെ ഇല്ലേ? അവരെയെല്ലാം ഞാൻ എന്തു ചെയ്യും?
    അവരെല്ലാം എന്റേതന്നെ ആണെന്നിരിക്കെ എന്തിനു ബേജാറ്‌? എന്റെ കൈകാലുകളും മറ്റ്‌ അവയവങ്ങളുമെല്ലാം എന്റേതന്നെ ആണെന്നപോലെയല്ലേ ഇതുമുള്ളു? യഥാർത്ഥത്തിൽ, ഇവരെല്ലാം  ഇല്ലാതെ എനിക്കു പുലരാൻ കഴിയുമോ, ഒരു നിമിഷംപോലും?
    ഒരു ചെറിയ മാറ്റമേ ആകെ വേണ്ടൂ. ഞാൻ എന്ന തോന്നലിന്‌ ഞാൻ ഇപ്പോൾ കൽപ്പിക്കുന്ന പരിസരവും അർഥവും ചെറുതായി ഒന്നു ഭേദപ്പെടണം. എല്ലാം ഞാനാണ്‌ എന്നായാൽ രക്ഷയായി. അപ്പോൾ എല്ലാം എന്റെയായി. ഈ മഹാപ്രപഞ്ചത്തിനുടമ ഞാൻ!
    ലോട്ടറി കിട്ടാതെ, ആരെയും കബളിപ്പിക്കയോ ചതിക്കയോ ചൂഷണം ചെയ്കയോ ചെയ്യാതെ, മഹാമഹാകോടീശ്വരനാകാനുള്ള വിദ്യയുടെ സൂത്രവാക്യമാണ്‌ മലയാളഭാഷയുടെ പിതാവായ പരമാചാര്യൻ ഹരിനാമകീർത്തനത്തിലൂടെ നമുക്ക്‌ സൗജന്യമായി നൽകുന്നത്‌.
ഞാനെന്ന ഭാവമതുതോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനെന്ന നല്ല വഴി
തോന്നേണമേ വരദ!
    ടൈം മാസികയിലൊന്നും ലിസ്റ്റിൽ വരാനിടയില്ലാത്തവരായി ഇന്നും അനേകം പരമഹംസന്മാർ ഇത്തരം സൂപ്പർകോടീശ്വരന്മാരായി നമുക്കിടയിൽ പരമാനന്ദത്തോടെ ജീവിക്കുന്നുണ്ട്‌. അവരുടെ മുഖത്തുള്ളത്‌ കരുണാർദ്രമായ ഒരു പുഞ്ചിരിയാണ്‌ പ്രഹസൻ ഇവ!
    മഹാദാരിദ്ര്യനരകത്തിൽ നിന്ന്‌ ഒരു ചുവടേ വയ്ക്കേണ്ടൂ ഏതു സഹസ്രകോടീശ്വരനും പ്രപഞ്ചസർസ്വാധിപത്യത്തിന്റെ സ്വർഗ്ഗത്തിലേക്ക്‌. യഥാർത്ഥ ദാരിദ്ര്യത്തിൽ കഴിയുന്നവർക്കാകട്ടെ, ഇതു വളരെ എളുപ്പവുമാണ്‌. കാരണം, അവരുടെ പാത്രം കാലിയായതിനാൽ അതിൽ അഴുക്കിന്റെ കണികപോലും ഇല്ല!~

24 May 2015

ആണും പെണ്ണും കെട്ട ഒരു ദൈവം!


സി.രാധാകൃഷ്ണൻ
    ഏകദൈവാരാധന എന്ന ഉന്നതവിദ്യാഭ്യാസത്തിനുള്ള കിന്റർഗാർഡൻ സ്കൂളാണ്‌ ബഹുദൈവാരാധന എന്ന കഥയൊക്കെ നാം മിക്കവാറും മറന്ന മട്ടാണ്‌. പ്രതീകാത്മകങ്ങളായ ദൈവസങ്കൽപ്പങ്ങളുടെ സാരവും സൗന്ദര്യവും അതിനാൽ നമുക്ക്‌ അന്യമായും കലാശിച്ചു. ഇങ്ങനെ ഇരിക്കെ, തമാശയായോ കാര്യമായിത്തന്നെയോ ഏളിതം കൂട്ടുന്നവരോട്‌ ശരിയായി പ്രതികരിക്കാൻ കഴിയാതെ പോകുന്നു.
    ഇക്കഴിഞ്ഞ ശിവരാത്രി ദിവസം ഇവിടെ ഒരു ക്ഷേത്രപരിസരത്ത്‌ നടന്ന കശപിശ ഉദാഹരണം. പരമശിവനെയും ശിവരാത്രിയെയും കുറിച്ച്‌ ആരോ വന്ന്‌ പ്രസംഗിച്ചു. ശിവൻ അർദ്ധനാരീശ്വരനാണെന്ന്‌ അദ്ദേഹം പറഞ്ഞതുകേട്ട്‌ മതിൽക്കെട്ടിനു വെളിയിൽ നിന്ന ആരോ പൊട്ടിച്ചിരിച്ചു. ആണും പെണ്ണും കെട്ട ഒരു ദൈവം!
    ശിവഭക്തരിൽ ചിലർ മയമില്ലാതെ പ്രതികരിച്ചു. രംഗം വഷളാകുമെന്ന സ്ഥിതിയായി. ഭാഗ്യത്തിന്‌ അതിനിടെ അവിടെ എത്തിയ വയോവൃദ്ധനായ ഒരു പൂർവകാലാധ്യാപകൻ ഇടപെട്ട്‌ കാര്യം രമ്യതയിലാക്കി. അല്ലെങ്കിൽ അത്‌ മതിയാകുമായിരുന്നു എന്ത്‌ അത്യാഹിതവും നടക്കാൻ.
    പിറ്റേന്നാൾ രണ്ടുമൂന്നു ചെറുപ്പക്കാർ വന്ന്‌ എന്നോടു ചോദിച്ചു. ഈ അർദ്ധനാരീശ്വര സങ്കൽപം എങ്ങനെ വന്നു എന്നും അതിന്റെ അർത്ഥമെന്തെന്നും. അവരോടു പറഞ്ഞതിന്റെ രത്നച്ചുരുക്കമാണ്‌ ഈ കുറിപ്പിലുള്ളത്‌.
    എല്ലാവരിലും നിറഞ്ഞിരിക്കുന്ന ജീവപ്രഭാവമാണ്‌ ഈശ്വരൻ എന്ന നേര്‌ ആദ്യം ഗ്രഹിക്കണം. നാം ഓരോരുത്തരും ഈശ്വരനാണ്‌. ഈ ഈശ്വരപ്രഭാവത്തിന്‌ മൂന്നു തലകളുണ്ട്‌. നാശമുള്ള ലോകം, അതുടലെടുക്കുന്ന നാശമില്ലാത്ത പ്രകൃതി, അതിനും നിദാനമായ അടിസ്ഥാന ചൈതന്യം അല്ലെങ്കിൽ പുരുഷൻ. ആൺ എന്ന അർത്ഥത്തിലല്ല. ശരീരമെന്ന പുരത്തിൽ അഥവാ നഗരത്തിൽ വസിക്കുന്നവൻ എന്ന അർത്ഥത്തിലാണ്‌ ഈ പദം. യാഥാർത്ഥ്യത്തിന്റെ മൂന്നു തലങ്ങളാണ്‌ ഇവ.
    പുരുഷനും പ്രകൃതിയും തമ്മിൽ പ്രതിപ്രവർത്തിച്ചാണ്‌ ഭൗതികലോകത്തിലെ  എല്ലാ ഉരുവങ്ങളും ഉണ്ടാകുന്നത്‌. ഇതിനെ ആണായും പെണ്ണായും-അച്ഛനായും അമ്മയായും-വേണമെങ്കിൽ കാണാം. ഉണ്ടായ ഉരുവങ്ങളിലെല്ലാം ഈ രണ്ട്‌ പ്രതിഭാസങ്ങളും സന്നിഹിതമായി ഇരിക്കുന്നു. അതായത്‌, നമ്മിലും കഥ ഇതുതന്നെ! പാർവതീപരമേശ്വര സങ്കൽപ്പവും ബ്രഹ്മസരസ്വതി സങ്കൽപ്പവും ലക്ഷ്മീനാരായണസങ്കൽപ്പവും ഈ സ്ഥിതിയെയാണ്‌ വ്യഞ്ജിപ്പിക്കുന്നത്‌.
    പ്രസ്താവം, നിഷേധം, സമന്വയം എന്നതാണ്‌ ആശയരൂപീകരണവഴി. ഇതിങ്ങനെ അനുസ്യൂതം തുടരുന്നു. ഒന്നില്ലാതെ മറ്റേതില്ല. ദൃശ്യപ്രപഞ്ചത്തിൽ ഒരു ബലവും അതിന്റെ എതിരാളിയില്ലാതെ നിലനിൽക്കില്ല. ഒരു സമതുലനവും ശാശ്വതവും അല്ല. ഇണങ്ങിയും പിണങ്ങിയും തന്നെ ഒടുങ്ങണം എത്തിന്റെയുമെന്തിന്റെയും എല്ലാ ജന്മങ്ങളും!
    ചുരുക്കത്തിൽ, എല്ലാ ആണിലും ഒരു പെണ്ണിരിക്കുന്നു. എല്ലാ പെണ്ണിലും ഒരു ആണും. വെവ്വേറെ സമതുലിതാവസ്ഥകളുടെ ഫലങ്ങളാണ്‌ എല്ലാ ആണത്തങ്ങളും പെണ്ണത്തങ്ങളും. കരുത്തനായ ആണിൽ കരുത്തിയായ ഒരു പെണ്ണുണ്ട്‌. മറിച്ചും. ഒരു ലിംഗത്തിന്റെ കോലവും എതിർലിംഗത്തിന്റെ സ്വഭാവവും അപൂർവം ചിലരിൽ കാണുന്നതും ഈ സമതുലനത്തിന്റെ സവിശേഷതയാൽത്തന്നെ. ആധുനിക വൈദ്യശാസ്ത്രം ഇത്‌ ഹോർമോണുകളുടെ കളിയാണ്‌ എന്നു പറയും. ഈ ഹോർമോണുകൾ എങ്ങനെ ഇത്തരത്തിലായി എന്നു പറയുകയുമില്ല. അറിഞ്ഞാലല്ലേ പറയാനാവൂ? കാരണം, അർദ്ധനാരീശ്വരസങ്കൽപം വെച്ചേ ഇത്‌ വിശദീകരിക്കാനാവൂ. അതിനിയും ആധുനിക മനഃശാസ്ത്രത്തിന്റെ പാഠപുസ്തകത്തിൽ ഇല്ല.
    പ്രകൃതി-പുരുഷ ശക്തികളുടെ സമന്വയം താറുമാറാകുമ്പോൾ ലഹരിവസ്തുക്കളോടുള്ള പ്രിയം മുതൽ സ്വവർഗരതിവരെയുള്ള വ്യതിയാനങ്ങൾ സ്വാഭാവികമാണ്‌. സ്വവർഗരതിക്കാരെ ലഹരിപ്രിയരോട്‌ തുല്യപ്പെടുത്തി അവഹേളിച്ചു എന്നൊന്നും തോന്നരുത്‌. രണ്ടു കാര്യങ്ങളുടെയും വേരുകൾ ഒരിടത്താണെന്ന്‌ സൂചിപ്പിക്കുക മാത്രമാണ്‌ ഉദ്ദേശ്യം.
    അർദ്ധനാരീശ്വരസങ്കൽപത്തിന്റെ ഏറ്റവും വലിയ പ്രയോജനം ദാമ്പത്യവിജയം ഉറപ്പുവരുത്തുന്നതിലാണ്‌. ജീവിതപങ്കാളിയും ഒരു അർദ്ധനാരീശ്വരനാണ്‌ എന്നു കരുതിയാൽ മിക്ക ദാമ്പത്യകലഹങ്ങളും അവസാനിക്കും. അടിയുറപ്പുള്ള സ്ത്രീ-പുരുഷബന്ധത്തിന്റെ അടിത്തറ വിചിത്രമാണ്‌. ഒരു പുരുഷൻ സ്ത്രീയെയോ ഒരുസ്ത്രീ പുരുഷനെയോ സ്നേഹിക്കുന്നു എന്നതു മാത്രമല്ല അതിലെ വിശേഷം. പുരുഷനിലെ പുരുഷൻ സ്ത്രീയിലെ സ്ത്രീയെയും സ്ത്രീയിലെ സ്ത്രീ പുരുഷനിലെ പുരുഷനെയും മാത്രമല്ല സ്നേഹിക്കുന്നത്‌. പുരുഷനിലെ സ്ത്രീ സ്ത്രീയിലെ പുരുഷനെയും സ്ത്രീയിലെ പുരുഷൻ പുരുഷനിലെ സ്ത്രീയെയും കൂടി സ്നേഹിക്കുന്നുണ്ട്‌. ഈ നാലു ബന്ധങ്ങളും സുദൃഢമായാൽ പിന്നെ ആ ദാമ്പത്യം ആനപിടിച്ചാലും ഇളകില്ല! ഇതിൽ ഏതെങ്കിലുമൊന്ന്‌ ലൂസാണെങ്കിൽ അപരസ്വാധീനങ്ങൾക്ക്‌ അത്രയും ഇടമുണ്ടാകും. അതുമതി കുറ്റാരോപണങ്ങൾക്കും പൊട്ടിത്തെറികൾക്കും വഴിമരുന്നിടാൻ.
    എത്ര നല്ല കണ്ണാടിയിൽ നോക്കിയാലും ഒരു പുരുഷനും തന്നിലെ സ്ത്രീയെയോ ഒരു സ്ത്രീക്കും തന്നിലെ പുരുഷനെയോ അതിൽ കാണാൻ കഴിയില്ല. പക്ഷെ, മനസ്സിന്റെ ഗതിവിഗതികളെ മാറി നിന്നു നോക്കിയാൽ ഇരുകൂട്ടർക്കും തങ്ങൾക്കകത്തെ തിരുമാലികളെ കാണാൻ കഴിയും! അപൂർവാസരങ്ങളിൽ ഈ കുടികിടപ്പുകൾ സടകുടഞ്ഞ്‌ എഴുന്നേറ്റുവരികയും പതിവാണ്‌. ആണിനെക്കാൾ ആണത്തം കാണിച്ച ഭഗവതിമാരും ഉണ്ണിയാർച്ചമാരും നമുക്കുണ്ടല്ലോ. മേൽക്കോയ്മകളുടെ ഏതു കൊള്ളരുതായ്മയ്ക്കും കീഴൊതുങ്ങി നിന്ന്‌ ഏത്‌ അബലയെക്കാളും ബലഹീനവിധേയത്വം കാണിച്ച പടനായകന്മാരുമുണ്ട്‌.
    ഇതേസമയം, പ്രകൃതിയെ പരിപൂർണ്ണമായി തിരസ്കരിക്കാൻ തീർച്ചയാക്കി തപസ്സു ചെയ്ത വിശ്വാമിത്രന്മാരും വിഭാണ്ഡകന്മാരും എവിടെ എത്തി എന്നുകൂടി ഇതിഹാസപുരാണങ്ങൾ പറയുന്നു. വിജയിച്ച എല്ലാ യാജ്ഞവൽക്യന്മാരുടെയും കൂടെ മൈത്രേയിമാർ ഉണ്ടായിരുന്നു. അവർ പുരുഷൻ മായബാധിതനായി അസുരനാകുന്നേരം നോമ്പു നോറ്റ്‌ വധിച്ചുകളയുകവരെ ചെയ്യുന്നു!
    പ്രപഞ്ചസൃഷ്ടിയിൽ ഇന്നോളം പരസ്പരസംയോജനങ്ങളെല്ലാം നടന്നത്‌ പ്രകൃതി-പുരുഷ പാരസ്പരസംയോജനങ്ങളെല്ലാം നടന്നത്‌ പ്രകൃതി-പുരുഷ പാരസ്പര്യത്തിലൂടെയാണ്‌. അണുകേന്ദ്രങ്ങളുടെ രൂപീകരണത്തിലായാലും വ്യത്യസ്ത അണുക്കൾ തമ്മിൽ ചേർന്ന്‌ രാസപദാർത്ഥങ്ങൾ രൂപപ്പെട്ട പ്രക്രിയയിലായാലും ഈ പാരസ്പര്യം കാണാം. അണുകണം മുതൽ അർദ്ധനാരീശ്വരമായാണ്‌ ഇരിക്കുന്നത്‌. യൗഗികങ്ങളുടെ പിറവിക്കു കാരണമായ പ്രകൃതിപ്രതിഭാസത്തെ രാസക്രിയ എന്നാണ്‌ വിളിക്കുന്നത്‌. രാസലീല എന്നായാലും ശരിതന്നെയെ അകൂ. ഒരേ ചൈതന്യം പതിനാറായിരത്തെട്ട്‌-എന്നുവെച്ചാൽ എണ്ണമറ്റ-ബലങ്ങളായി ഭവിച്ചതിൽപ്പിന്നെ അവയുടെ മൂലസ്രോതസ്സിൽ ലയിക്കാൻ ആഞ്ഞുപിടിക്കുന്ന കഥ രാസലീല! അതായത്‌, ഈശ്വരന്റെ ഭാര്യമാരുടെ എണ്ണം പതിനായിരത്തെട്ടുമല്ല, മുപ്പത്തിമുക്കോടിയും അല്ല. അതിലുമെത്രയോ ഏറെയാണ്‌. ഇതിനോക്കെ എന്തു തെളിവുണ്ട്‌ എന്നാണെങ്കിൽ സ്വന്തം മനസ്സിലേയ്ക്ക്‌ മുൻവിധിയില്ലാതെ ഒന്നു നോക്കിയാൽ മതി.
    എന്തു കാണുന്നു? സുന്ദരമായതിനെയെല്ലാം-അതിന്റെ സ്വഭാവം ആണത്തമായാലും പെണ്ണത്തമായാലും- നാം മനസ്സുകൊണ്ടുവരിക്കുന്നു. സൗന്ദര്യം എന്നതിന്‌ നമുക്കുള്ള മാനദണ്ഡം എന്തെന്നുകൂടി നോക്കുക. അത്‌ നാംതന്നെ നിശ്ചയിക്കുന്ന ഒന്നാണ്‌! എന്നിലെ സ്ത്രീയും പുരുഷനും  ഈ മഹാസ്വയംവരങ്ങൾ വെവ്വേറെ നടത്തുന്നുണ്ട്‌.
    ഇത്തരം ആഭിമുഖ്യങ്ങൾക്കെല്ലാം പരസ്പരം പൂരകമാകുന്ന ദാമ്പത്യമാണ്‌ അന്യൂനം. ഇരുകൂട്ടരുടെയും പതിനാറായിരത്തെട്ടു കാമനകളും അപ്പോൾ നിറവേറുന്നു. ഇത്തരമൊരു ഇണ എവിടെയുണ്ട്‌ എന്നാണെങ്കിൽ, പ്രകൃതിയിലെ അനിവാര്യത എന്ന നിലയിൽ തീർച്ചയായും കൈയകലത്തിൽ പിറവിയെടുത്തിട്ടുണ്ട്‌. ജാതിമതങ്ങളും ഉച്ചനീചത്വങ്ങളും അതിരുകളും ഒന്നും തടസ്സമായില്ലെങ്കിൽ കണ്ടെത്താം. ആ മഹാഭാഗ്യത്തിന്‌ അർദ്ധനാരീശ്വരസങ്കൽപ്പമല്ലാത്ത എന്തുണ്ട്‌ ധ്യാനവിഷയം.

22 Apr 2015

കടുംപിടുത്തങ്ങൾ കൈയൊഴിച്ചില്ലെങ്കിൽ...


സി.രാധാകൃഷ്ണൻ
    ഒരിടത്തും സ്ഥിരമായി തങ്ങാത്ത ഒരു നമ്പൂതിരി എന്റെ കുട്ടിക്കാലത്ത്‌ ഞങ്ങളുടെ നാട്ടിൽ വരാറുണ്ടായിരുന്നു. വൈദ്യം മുതൽ ജ്യോതിഷം വരെ എല്ലാ വിഷയങ്ങളിലും മഹാജ്ഞാനി. എപ്പോഴും തന്നോടുതന്നെ എന്നപോലെ ശ്ലോകങ്ങൾ ഉരുവിട്ടുനടക്കുന്നതിനാൽ ആളുകൾ 'നൊസ്സൻ' എന്നുവിളിച്ചിരുന്നു. എന്നുവച്ചാൽ 'കിറുക്കൻ'.
    തനിക്കു സ്വന്തമായി ആകെ ഉണ്ടായിരുന്ന അരയേക്കർ ഭൂമി ഒരാൾക്കു വിൽക്കാൻ കരാറെഴുതി ഇദ്ദേഹം 'അച്ചാരം'വാങ്ങി. അപ്പോഴാണ്‌ മറ്റൊരാൾ ചെന്നുപറഞ്ഞത്‌, തിരുമേനീ, കഷ്ടമായി, ഞാനതിന്‌ ഇരട്ടി വില തരുമായിരുന്നു.
    'അതിനെന്താ വൈഷമ്യം!' എന്ന്‌ തിരുമേനി ഇയാൾക്ക്‌ മുഴുവൻ തുകയും വാങ്ങി ഭൂമി രജിസ്റ്റർ ചെയ്തുകൊടുത്തു. ഈ തുകയും വാങ്ങി ഭൂമി രജിസ്റ്റർ ചെയ്തുകൊടുത്തു. ഈ തുകയും പഴയ അച്ചാരവുമൊക്കെ ഉടനെ ഗുരുവായൂരപ്പന്‌ കാണിക്കയായി കൊണ്ടുക്കൊടുക്കുകയും ചെയ്തു.
    പക്ഷെ, ആദ്യ ഇടപാടുകാരൻ തിരുമേനിക്കെതിരെ വിശ്വാസവഞ്ചനയ്ക്ക്‌ കേസുകൊടുത്തു. 'പ്രതി'യുടെ നിഷ്കളങ്കത അറിയാവുന്ന നാട്ടുകാർ പിരിവെടുത്ത്‌ ഒരു വക്കീലിനെ വച്ചു. ആ വക്കീൽ തിരുമേനിയെ കേസു പഠിപ്പിച്ചു.
    വിചിത്രമായിരുന്നു ആ വിചാരണ. വാദിഭാഗം വക്കീൽ തിരുമേനി എഴുതിക്കൊടുത്ത കരാർ കാണിച്ച്‌, തിരുമേനിയോട്‌ ചോദിച്ചു: 'ഈ ഒപ്പ്‌ നിങ്ങളുടെ അല്ലേ?'
    ' എന്നു ചോദിച്ചാൽ അതെ. പക്ഷെ', അദ്ദേഹം മറുപടി പറഞ്ഞു, ' എന്റെ വക്കീലിന്റെ ഉപദേശപ്രകാരം, ആ ഒപ്പ്‌ എന്റെ അല്ല!'
    ഹൃദയാലുവായ മജിസ്ട്രേറ്റ്‌ ഇരുകക്ഷികളുടെയും അഭിഭാഷകരെ ചേംബറിൽ വിളിച്ച്‌ ചോദിച്ചു: 'ഇത്ര നല്ല ഒരു മനുഷ്യനെതിരെ ഒരു ക്രിമിനൽക്കേസോ! അത്‌ കോടതിക്ക്‌ പുറത്ത്‌ പറഞ്ഞു തീർക്കുന്നതല്ലേ ചിതം?'
    'ഈ തിരുമേനി കോടതിയെ അറിയിച്ചതു നേരോ നുണയോ? അതോ നേരും നുണയും ഒന്നാകുന്ന അപൂർവ്വതയോ?
    നേരുപറയുന്നതാണ്‌ നല്ലത്‌ എന്നത്‌ നേരുതന്നെ. പക്ഷെ കള്ളം ഒരിക്കലും പറയാതിരിക്കാൻ മനുഷ്യനു കഴിയുമോ? ഒരു നല്ല കാര്യം നടക്കാൻ ഒരു കള്ളം പറയണമെങ്കിലോ? നേരു പറയുന്നത്‌ മനസ്സാക്ഷിക്കു നിരക്കാതെ വന്നാലോ?
    ശാഠ്യമല്ല സന്മനസ്സാണ്‌ കാര്യം എന്നു കരുതാനാണ്‌ വ്യാസമഹാമുനി നിർദ്ദേശിക്കുന്നത്‌. 'അശ്വത്ഥാമാവ്‌' എന്ന ആന മരിച്ചു എന്ന്‌ ധർമ്മപുത്രർ പറയുന്നത്‌ സത്യം. എന്നാൽ 'എന്ന ആന' എന്ന്‌ അദ്ദേഹം പറയുന്നത്‌ പുറമെ ആരും കേൾക്കാതെയാണ്‌-പ്രത്യേകിച്ചും ആര്‌ കേൾക്കാനാണോ ഈ വാചകം പറഞ്ഞത്‌ അയാളുടെ ചെവിയിൽ ഒരിക്കലും വീഴാത്തത്ര പതുക്കെ. സത്യമായും അപ്പോൾ തെറ്റുകൾ രണ്ടായി! ഒന്ന്‌, കള്ളം പറഞ്ഞു എന്നത്‌. രണ്ട്‌, കള്ളമാണ്‌ പറയുന്നത്‌ എന്ന നേരു മറച്ചുവയ്ക്കാൻ ബോധപൂർവ്വം ശ്രമിച്ചു.
    പക്ഷെ, ആ കൃത്യനേരത്ത്‌ ആ കള്ളം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഭാരതയുദ്ധത്തിന്റെ പരിണിതി മറിച്ചാകുമായിരുന്നു!
    കർണ്ണന്റെ ശാഠ്യത്തിന്റെ കഥയും ഇതുതന്നെ. താനൊരു മഹാദാനവാൻ എന്ന അഹന്ത അദ്ദേഹത്തിനുണ്ടായിരുന്നു. ആ 'ഇമേജ്‌' പുലർത്താൻ തന്റെ ജീവൻ വരെ പണയപ്പെടുത്താൻ റെഡി! ഇതും അനാവശ്യമായ ഒരു ശാഠ്യം തന്നെ. മറുവശത്ത്‌ ദേവന്മാരുടെ ദേവനായ ദേവേന്ദ്രൻ തന്റെ മകനുവേണ്ടി കപടവേഷധാരിയായി കർണ്ണന്റെ രക്ഷാകുണ്ഡലങ്ങൾ യാചിച്ചു വാങ്ങുന്നു. അതും അസത്യഭാവം അവലംബിച്ച്‌. യശസ്സും മായ തന്നെ എന്ന അറിവ്‌ ഇല്ലാതെ പോകുന്നതാണ്‌ ഇവിടെ പ്രശ്നം.
    ദുശ്ശാഠ്യത്തിന്റെ പരമദയനീയമായ അന്തിമപരിണതിയുടെ ഏറ്റവും നല്ല ദൃഷ്ടാന്തം മഹാവ്രതനെന്നറിയപ്പെട്ട ഭീഷ്മപിതാമഹന്റെ കഥയാണ്‌. രാജാവാകില്ല എന്ന വ്രതം അക്ഷരാർത്ഥത്തിൽ പാലിച്ച അദ്ദേഹത്തിന്‌ പതനത്തിന്‌ മൂകസാക്ഷിയാകേണ്ടിവന്നു. അവസാനം മേഘത്തിൽ നിന്ന്‌ ഇറ്റുവീഴുന്ന വെള്ളത്തുള്ളികളാൽ ദാഹം തീർത്ത്‌ ശരശയ്യയിൽ ഏറെ നാളുകൾ കഴിയുക കൂടി വേണ്ടിവന്നു. തന്റെ മൂക്കിനു താഴെ ദുര്യോധനാദികൾ എല്ലാ അക്രമങ്ങളും കാണിക്കുമ്പോഴും തന്റെ 'വ്രതത്തെ' മുറുകെ പിടിച്ച്‌ അദ്ദേഹം മൗനിയായിരുന്നു. പകരം, ആ അധികപ്രസംഗിയെ ഒരു ചെറുവിരലനക്കി അടക്കിയിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി. ചെയ്തില്ല! 'താന്താൻ നിരന്തരം ചെയ്യാത്ത കർമ്മങ്ങൾ.......'
    'ഞാൻ ഒരിക്കലും കള്ളം പറയില്ല' ഞാൻ ഒരിക്കലും ഒന്നിനെയും ഹിംസിക്കില്ല' 'ഞാൻ ഒരിക്കലും ആരിൽ നിന്നും കാലണ കടം വാങ്ങില്ല', 'ഇന്നയിന്ന ആളുകളോട്‌ ഇനി മരണം വരെ സംസാരിക്കില്ല', 'ഞാനൊരിക്കലും ഇന്നയിന്ന ഭക്ഷണം കഴിക്കില്ല' എന്നിങ്ങനെ അനേകം ശപഥങ്ങൾ പലപ്പോഴും നമ്മിൽ പലരെയും അടിമപ്പെടുത്തുകയും കഷ്ടത്തിലാക്കുകയും ചെയ്യാറുണ്ട്‌. പുലിവാലുകൾ, എല്ലാം!
    ലോകഹിതത്തിനും ചുമതലാനിർവഹണത്തിനും ഏറ്റവും ഹിതമായതെന്തോ അത്‌ ചെയ്യാൻ മടിക്കേണ്ടതില്ല എന്നുതന്നെയാണ്‌ ഗീതാമതം. അന്യഥാ ശരി എന്ന്‌ ബോധ്യമുള്ളതിൽ നിന്ന്‌ നാം വ്യതിചലിക്കുന്നത്‌ നമ്മുടെ സ്വാർത്ഥലാഭത്തിനാകരുതെന്നുമാത്
രം.
    കഥാകൃത്തായ ഞാൻ എന്റെ കർമ്മമണ്ഡലത്തെക്കുറിച്ച്‌ ചിന്തിച്ചപ്പോഴാണ്‌ ഈ വെളിപാട്‌ കിട്ടിയത്‌. ഭൂമിയിൽ ഏതെങ്കിലും ഒരു കഥ പറഞ്ഞ ആരും കള്ളമാണ്‌ പറഞ്ഞത്‌. മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കുപോയി എന്നു പറഞ്ഞ മുത്തശ്ശി മുതൽ വേദേതിഹാസപുരാണകാവ്യാദികൾ രചിച്ച എല്ലാവരും ഉൾപ്പെടെ. ചുരുക്കത്തിൽ, സത്യത്തെ അനുഭവജ്ഞാനമാക്കാൻ അതീവസുന്ദരവും ഹൃദ്യവുമായി കള്ളം പറയുന്ന ഏർപ്പാടിനെയാണ്‌ സാഹിത്യം എന്നു പറയുന്നത്‌. ഹരിച്ഛന്ദ്രന്റെ കഥപോലും പച്ചക്കള്ളം!
    ദുശ്ശാഠ്യങ്ങളും കടുംപിടുത്തങ്ങളും കൈയൊഴിച്ച്‌ നന്നായൊരു ചിരി അനുഭവിച്ചാൽ ജീവിതം ധന്യമായി. ചിരപരിണാമിയായ പ്രകൃതിയിൽ കടുംപിടുത്തങ്ങൾക്ക്‌ നിലനിൽപ്പില്ല. പിടിച്ചാൽ കിട്ടാത്ത പശുവിന്റെ കഴുത്തിലെ കയർ കൈവിടാഞ്ഞാൽ എന്തു സംഭവിക്കുമെന്നോർത്താൽ മതി, ചിരിക്കാൻ! പിന്നെ മൂക്കുംകുത്തി വീഴില്ല.

11 Mar 2015

കടം പെരുകിയാലത്തെ മഹാദുരിതം


സി.രാധാകൃഷ്ണൻ


കടം പെരുകി കിടക്കപ്പൊറുതി ഇല്ലാതായവരാണ്‌ ആധുനികളോകത്ത്‌ കഴിയുന്ന നമ്മിൽ മിക്കപേരും.ഒരു മരുന്നെങ്കിലും സ്ഥിരമായി ഇല്ലാതെ ആരുമില്ല എന്നുപറഞ്ഞപോലെ, ബാങ്കിൽ നിന്നോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനത്തിൽ നിന്നോ ഒരു കടവും എടുക്കാത്തവരും കുറവാണെന്ന കാര്യമല്ല ഈ പറയുന്നത്‌. നാം ജനിച്ചു വീഴുന്ന നിമിഷം മുതൽ ഇന്നോളം കണ്ടവരിൽനിന്നും കാണാത്തവരിൽ നിന്നും വാങ്ങിക്കൂട്ടിയ കടങ്ങളെക്കുറിച്ചാണ്‌. കൊടുത്തു തീർക്കാൻ കഴിഞ്ഞിട്ടില്ലാത്ത കൂലികളും തരികെ കൊടുക്കാനൊത്തിട്ടില്ലാത്ത കടങ്ങളും എത്രയാണെന്ന്‌ ഒരു നിമിഷം ഒന്ന്‌ ആലോചിച്ചാൽ തല കറങ്ങിപ്പോവും!
    കൂലികളുടെ പുസ്തകം നോക്കുക. പത്തുമാസം ചുമന്നതിനും മുലയൂട്ടിയതിനും രാപ്പകൽ കഷ്ടപ്പെട്ടും എല്ലാ അഴുക്കുകളും ഏറ്റുവാങ്ങിയും സംരക്ഷിച്ചു വളർത്തിയതിനും അമ്മയ്ക്കും വീട്ടിലേയും അയലത്തെയും മറ്റുള്ളവർക്കും കുടിശ്ശിക എത്ര? അന്നം തരാൻ വിയർപ്പൊഴുക്കിയ അച്ഛന്‌ എത്ര? അക്ഷരവും വകതിരിവും തന്നതിന്‌ ഗുരുനാഥർക്ക്‌ ദക്ഷിണ എത്ര ബാക്കി? നിരുപാധികം ലഭിച്ച നിസ്വാർത്ഥസ്നേഹത്തിന്‌ ഇനിയെത്ര കൊടുക്കണം?
    മഴയ്ക്കും വെയിലിനും കാറ്റിനും കുളിരിനും പൂവിനും പൂമ്പാറ്റയ്ക്കും കിളിക്കും തുമ്പിക്കും കണക്കുപുസ്തകത്തിൽ എത്രയാണ്‌ ബാക്കി? മണ്ണിനും മരത്തിനും എത്ര? വീടു മുതൽ ചെരിപ്പും കുടയും പേനയും കടലാസ്സും വാഹനവും ഉടുപ്പും പണിയായുധങ്ങളും കളിക്കോപ്പുകളും പുസ്തകങ്ങളും നിർമ്മിച്ചവരുടെ കോളത്തിലോ?
    കാണാവുന്നതും കാണാത്തതുമായ അനേകായിരം ബലങ്ങളും പദാർത്ഥങ്ങളും പ്രകാശങ്ങളും  നമ്മുടെ നിലനിൽപ്പിനും വളർച്ചയ്ക്കും സുസ്ഥിതിക്കും താങ്ങായും തണലായും വർത്തിക്കുന്നു. ഇവയോടുള്ള കടങ്ങൾ വല്ലതും കുറച്ചെങ്കിലും വീടിയോ?
    എല്ലാം നമ്മുടെ അവകാശമാണെന്നൊരു തോന്നലാണ്‌ കുട്ടിക്കാലത്തെ നമുക്ക്‌ ഉണ്ടാകുന്നത്‌. ഒരു കണക്കിന്‌ ഇത്‌ ശരിയുമാണ്‌. കൈയിലും മനസ്സിലും വയറ്റിലും ഒന്നുമില്ലാതെ എന്നു മാത്രമല്ല. ശ്വാസകോശത്തിൽ വായുപോലും ഇല്ലാതെ, ജനിച്ച നമുക്ക്‌ ഇതൊന്നും കൂടാതെ പുലരാനാവില്ല. പക്ഷെ, നമുക്ക്‌ കടങ്ങൾ തന്നവർക്കും ഈ അവകാശം ഇതേതോതിൽ ഉണ്ടാവില്ലേ?
    കടങ്ങൾ വീടാതെ ഒരാളെങ്ങനെ ധനവാനാകാൻ? എല്ലാ കടങ്ങളും വീടുകയും മിച്ചമായി വല്ലതും ദാനം ചെയ്യാൻകൂടി ഉണ്ടാവുകയും ചെയ്താലേ അർഥവാനാകൂ എന്നാണ്‌ നമ്മുടെ നാട്ടിലെ പഴയ മതം. നമുക്ക്‌ കടം തന്നവരെ പലപ്പോഴും പിന്നീട്‌ കാണാനേ ഒത്തില്ലെന്നു വരും. മാതാപിതാക്കളുൾപ്പെടെ അകാലത്ത്‌ ഇല്ലാതാകും. വീണപ്പോൾ കൈത്താങ്ങു തന്ന ആൾ ആൾക്കൂട്ടത്തിൽ അപ്രത്യക്ഷണാവാം. ശ്വസിച്ച വായുവിനെ കാണാനേ ആവില്ലല്ലോ. കഴിച്ച പഴം കാഴ്ച്ച മരത്തെ അപൂർവമായേ ആരും കാണാറുള്ളു. എന്റെ കൈയിലെ ഒരു ഈന്തപ്പഴം ഏതു മരുഭൂമിയിൽ ഏതു മരത്തിൽ ഉണ്ടായെന്ന്‌ ആർക്കറിയാം? അതന്വേഷിക്കേണ്ടെന്നതിന്‌ ന്യായീകരണമായി, അപ്പം തിന്നാൽ മതി കുഴി എണ്ണേണ്ട എന്നൊരു സൂത്രവാക്യവും നാം ഉണ്ടാക്കിയിട്ടുണ്ട്‌. അനേകായിരമാളുകൾ ആയിരത്താണ്ടുകളിലൂടെ ശ്രദ്ധാപൂർവം വികസിപ്പിച്ച വിദ്യകളും അറിവുകളും ഉപയോഗിച്ചാണ്‌ നാം പുലരുന്നത്‌ എന്ന അറിവ്‌ പക്ഷെ, അനിവാര്യം.
    കടം തന്നവരെ കാണാനോക്കില്ലെങ്കിൽ പിന്നെ കടമെങ്ങനെ കടമെങ്ങനെ വീട്ടും എന്ന വിഷമം വേണ്ട. ഇങ്ങോട്ടു കിട്ടാനുള്ളത്‌ വാങ്ങിയെടുക്കാൻ ഉപയോഗിക്കുന്ന പണി തിരികെയും പ്രയോഗിച്ചാൽ മതി. കൊണ്ടുപോയവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെക്കൊണ്ട്‌ തിരികെ തരുവിക്കുക എന്ന സമീപനരീതിതന്നെ മതി ഇവിടെയും. തന്നവനെ കാണാനില്ലെങ്കിൽ കണ്ടവനങ്ങു കൊടുക്കുക. കൊടുക്കുന്നത്‌, ആവശ്യവും അർഹതയും ഉള്ളവർക്കായാൽ നന്നായി. കൊടുത്തുകൊണ്ടേ ഇരിക്കുക, കൊടുക്കാതെ ഒന്നും അനുഭവിക്കാതിരിക്കുക. തേനക്തേന ഭുഞ്ജീഥാ! എന്തുകൊണ്ടെന്നാൽ ഈ ധനം ഇവിടെയുള്ള എല്ലാറ്റിനും കൂടി ഉള്ളതാണ്‌. മാത്രമല്ല, പ്രപഞ്ചം മുഴുക്കെ ഈശ്വരമയമായതിനാൽ ആരും  ആർക്കും ഒന്നിനും അന്യമല്ല.
    കൊടുക്കാനാഗ്രഹിച്ചാലും അതിനു കഴിയണമെങ്കിൽ കൈയിൽ വല്ലതും വേണ്ടേ? വീണുകിട്ടുന്ന മാങ്ങപോലെ യാദൃച്ഛികമായി കൈയിൽ വരുന്നത്‌ മുഴുവൻ ഞാനേ അനുഭവിക്കാതെ പകുക്കാൻ തയ്യാറായാൽ കൊടുക്കാൻ വല്ലതും ഉണ്ടാവും. പക്ഷെ, വല്ലതും വീണുകിട്ടുന്നത്‌ വല്ലപ്പോഴും മാത്രമാണ്‌.  തനിക്കു വേണ്ടതും മറ്റുള്ളവർക്കു കൊടുക്കാനുള്ളതുമെല്ലാം ഏക്കാളത്തും വീണുകിട്ടുമെന്നു കരുതാൻ  വയ്യ. നടക്കില്ല.
    കഴിയുന്നതെല്ലാം ഉണ്ടാക്കിയെടുത്തേ തീരു. ഉൽപ്പന്നങ്ങളൊ സേവനങ്ങളൊ എന്തെങ്കിലും ചിലത്‌ ഉണ്ടാക്കാൻ മതിയായ കഴിവോടെയാണ്‌ മനുഷ്യജന്മം ഉള്ളത്‌. പുതിയതൊന്നും കണ്ടുപിടിച്ചില്ലെന്നാലും പഴയ രീതികളിലെങ്കിലും ഉണ്ടാക്കാം. പണിയുന്തോറും പണി പഠിയും, അഥവാ അനുഭവജ്ഞാനം വളരും. ഇവിടെ പറ്റുന്ന തെറ്റ്‌ ഞാനുണ്ടാക്കുന്നത്‌ മറ്റുള്ളവർക്ക്‌ കൊടുത്ത്‌ അവരിൽ നിന്ന്‌ എനിക്കത്യാവശ്യമുള്ളത്‌ സ്വീകരിക്കുമ്പോൾ ആ ഇടപാടിൽ എനിക്കു മിച്ചമുണ്ടാകണമെന്ന ചിന്തയാണ്‌. കാരണം, ഈ മിച്ചവും ഒരു കടമായിത്തന്നെയാണ്‌ ആന്ത്യന്തിക നാൾവഴിയിൽ നിലനിൽക്കുക. എന്റെ ആവശ്യങ്ങൾ പരമാവധി ചുരുക്കുകയും എടുക്കുന്നതിലേറെ കൊടുത്ത്‌ മറ്റുള്ളവരെ കടക്കാരാക്കുകയുമാണ്‌ നല്ല വഴി. പത്തു മുറം നെയ്ത്‌, ഒമ്പതും സ്വാർഥമതികളായവർക്ക്‌, അവരെ കബളിപ്പിച്ചുപോലും ദാനം ചെയ്ത്‌, അവസാനത്തെ ഒരു മുറത്തിനു കിട്ടുന്ന പ്രതിഫലം കൊണ്ട്‌ നിത്യവൃത്തി കഴിക്കുകയാണല്ലോ പാക്കനാർ ചെയ്തത്‌. അങ്ങനെ നിത്യേന പാക്കനാർ കൂടുതൽകൂടുതൽ ധനവാനും, പാക്കനാർക്ക്‌ കണക്കു പിഴച്ചതാണെന്ന മിത്ഥ്യാധാരണയിൽ മുറം ഒളിപ്പിച്ചുവെച്ചവരെല്ലാം കടക്കാരുമായി മാറിക്കൊണ്ടിരുന്നു. പിന്നെപ്പിന്നെ, പാക്കനാരുടെ പരമ്പര കുറ്റിയറ്റു. മുറം മോഷ്ടാക്കളും അതിലൂടെ കടക്കാരുമായ നമ്മുടെ സംഖ്യ പെരുകി.
    സ്വന്തം ആവശ്യങ്ങൾ കുറയ്ക്കാൻ കഴിയാതെ കടം വീടില്ല. ലാഭമെന്ന മഹാകടം ഇപ്പോൾ ഐഹികസുഖത്തിന്റെ നിദാനമാണ്‌. നാളെ കൂടുതൽ ലാഭമുണ്ടാക്കാനുള്ള മൂലധനം ഇന്നത്തെ ലാഭത്തിന്റെ നീക്കിബാക്കിയുമാണ്‌-അതായത്‌ ഇന്നോളമുള്ള കടത്തിന്റെ ആകെത്തുകയാണ്‌. എപ്പോഴും ലാഭത്തിനായി മാത്രം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന സ്വാർഥിയായ മൃഗമാണ്‌ മനുഷ്യൻ എന്ന നിർവചനം-പിഗൗ എന്ന ഒരു സാമ്പത്തികശാസ്ത്രജ്ഞനാണ്‌ ഈ നിർവചനത്തിന്റെ ഉപജ്ഞാതാവ്‌ എന്നു തോന്നുന്നു- ആവശ്യങ്ങളെ മൂന്നായി തരംതിരിക്കുന്നു-അടിസ്ഥാനപരം, സുഖസൗകര്യപ്രദം, ആർഭാടത്തിനുള്ളത്‌. ജീവിതനിലവാരസൂചി എന്നാൽ രണ്ടും മൂന്നും ഇനങ്ങളുടെ വിതാനത്തിന്റെ അളവാണ്‌. എന്നുവെച്ചാൽ മൊത്തം കടബാധ്യതയുടെ അളവ്‌. എനിക്ക്‌ ഇത്ര മതി എന്നല്ല, എത്രയായാലും പോരാ എന്നാണ്‌ അംഗീകൃതസമീപനം. ആഗ്രഹനിയന്ത്രണമുള്ളവനേ സുഖങ്ങളുള്ളു എന്ന കഥ കൈമോശം വന്നു.
    അമേരിക്കയിലും മറ്റും ഒരാളുടെ ജീവിതനിലവാരം രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നു. ഒന്ന്‌, നിങ്ങളുടെ ടാക്സ്‌ കൺസൾട്ടന്റ്‌- നികുതി വെട്ടിക്കാൻ വരവു ചെലവു കണക്കുകളിൽ മായം ചേർക്കുന്നവൻ-ആരാണ്‌? രണ്ട്‌, നിങ്ങളുടെ ഷ്രിങ്ക്‌-മനസ്സിനു സ്വസ്ഥതയില്ലാത്തതിനു പരിഹാരമായി സേവിക്കേണ്ട മരുന്നിന്റെ അളവു നിശ്ചയിക്കുന്ന സൈക്കയാട്രിസ്റ്റ്‌- തല പെരുക്കുമ്പോൾ ചുങ്ങിക്കിട്ടാൻ സഹായിക്കുന്ന ആൾ-ആരാണ്‌? അതതു രംഗങ്ങളിലെ പ്രഖ്യാതരായ പ്രോഫഷണലുകളാണ്‌ ഇവരെങ്കിൽ മഹാമാന്യത ഉറപ്പ്‌.
    ഇതേ കാഴ്ചപ്പാടാണ്‌ ഈ നാട്ടിലും ഇപ്പോൾ വേരോടി വരുന്നത്‌. ഫലം അശാന്തിയും അരാജകത്വവും രോഗവുമാണെന്നു നാൾക്കു നാൾ കൂടുതൽകൂടുതൽ തീർച്ചപ്പെടുന്നു. കാരണം, സ്വയം നിയന്ത്രിക്കാനാവാത്തവർക്ക്‌ മറ്റ്‌ ആരെയും ഫലപ്രദമായി നിയന്ത്രിക്കാനാവില്ലെന്നു മാത്രമല്ല, അത്തരക്കാരെ നിയന്ത്രിക്കാൻ ആരാലും സാധിക്കയുമില്ല. നിയമവും ശിക്ഷയും എത്ര കടുത്തത്തായാലും അവയെ മറികടക്കാൻ ഉപായങ്ങൾ ഉണ്ടാവുകയും ഇവപോലും വിപണനം ചെയ്യപ്പെടുകയും പതിവാകും. വീടാക്കടങ്ങൾ പെരുകിപ്പെരുകി ഇനിയൊന്നും കിട്ടാനില്ലെന്ന സ്ഥിതി വരുമ്പോൾ ആഗോളവ്യാപകമായി ഭീകരദുരിതം അരങ്ങേറുമെന്നും നിശ്ചയം.
    ശിപാർശ പറയാൻ എന്റെ അച്ഛനെയും കൂട്ടി ഒരാൾ ഒരിക്കൽ, മാറാത്തലവേദനയ്ക്കു മരുന്നിനായി, തിരുനാവാമൂസ്സതിന്റെ അരികിൽ ചെന്നു. ഇരുമ്പിന്റെ മൊത്തക്കച്ചവടമായിരുന്നു അയാളുടെ തൊഴിൽ. എത്ര താണുകേണിട്ടും ഒരു മുക്കുട്ടു കഷായംപോലും വിധിച്ചു കിട്ടിയില്ല. മൂസ്സത്‌, അവസാനം, തുറന്നുപറഞ്ഞു- നന്നേ കനത്ത ഉരുപ്പടിയാണ്‌ ഇരിമ്പേയ്‌, തുരുമ്പും പിടിക്കും! അത്‌ തലേന്ന്‌ ഇറക്കി വെയ്ക്കാതെ ഈ തലവേദനയ്ക്ക്‌ ഒരു മരുന്നും ഫലിക്കില്ല. വെറുതെ എന്തിനാ എനിക്ക്‌ ചീത്തപ്പേരുണ്ടാക്കണത്‌?
    ലോകത്തിന്റെ മഹാതലവേദനയ്ക്ക്‌ മൂന്നു വാക്കുകളുടെ ഒരു കുറുക്കുകഷായമേ പരിഹാരമാകൂ- ഇദം ന മമ! എന്നുവച്ചാൽ, മഹാസമ്പന്നത സമം ഒന്നുമേ സ്വന്തമല്ലായ്മ!

22 Feb 2015

സ്വത്വം, സ്വത്ത്‌, സത്ത്‌


സി.രാധാകൃഷ്ണൻ

സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ഈയാണ്ടത്തെ മലയാള ഭാഷാവാരാഘോഷം സമാപിച്ചതു സാഹിത്യവിമർശനത്തിൽ സ്വത്വപ്രഭാവം എന്ന വിഷയത്തെപ്പറ്റിയുള്ള കാര്യപ്പെട്ട ചർച്ചയോടെയായിരുന്നു. എം.തോമസ്‌ മാത്യു, ബാലചന്ദ്രൻ വടക്കേടത്ത്‌, എം.കെ.ഹരികുമാർ, ഷാജി ജേക്കബ്‌, രഘുനാഥ്‌ പറളി എന്നിവർ പ്രബന്ധം അവതരിപ്പിച്ച വേദിയിൽ വിമർശകനല്ലാത്ത ഒരാൾ മധ്യസ്ഥനായി വേണം എന്നുവെച്ചാകാം ഈയുള്ളവൻ അധ്യക്ഷണായി. ആ ഭാഗ്യംകൊണ്ട്‌ രണ്ടു നേട്ടമുണ്ടായി. ഒന്ന്‌, ലോകത്താകമാനം വിമർശനരംഗത്ത്‌ സ്വത്വം (Identity) എങ്ങനെയൊക്കെയാണ്‌ ചർച്ചാവിഷയമാകുന്നത്‌ എന്നു മനസ്സിലായി. അത്രയേറെ ആഴവും പറപ്പുമുണ്ടായിരുന്നു പ്രബന്ധങ്ങൾക്ക്‌. രണ്ട്‌, ഈ വിഷയത്തെക്കുറിച്ച്‌ ആലോചിക്കാൻ പ്രേരണ കിട്ടി.
    ജന്മംകൊണ്ടും കർമ്മം കൊണ്ടും പഠന മനനങ്ങൾകൊണ്ടും ഞാൻ ആർജ്ജിച്ച വ്യക്തിത്വമാണല്ലോ എന്റെ സ്വത്വം. ഇതെന്റെ ബോധപരമായ സ്വത്താണ്‌. ഭൗതിക സ്വത്തുമായി ഇതിന്‌ ബന്ധം ഉണ്ടാകാമെങ്കിലും അതിൽ നിന്നിത്‌ ഭിന്നമാണ്‌.
    എന്റെ സ്വത്വത്തെക്കുറിച്ച്‌ എനിക്ക്‌ ശരിക്കും പൂർണ്ണവുമായ അറിവുണ്ടാവുക സ്വാഭാവികമാണോ? ഒരു ചെയ്തിയോ വാക്കോ നമ്മിൽനിന്ന്‌ ഉണ്ടായിക്കഴിഞ്ഞതിനു ശേഷമാണ്‌ പലപ്പോഴും നമുക്ക്‌ മനസ്സിലാകുന്നത്‌, അതിനുള്ള പ്രേരണ നമ്മുടെ സ്വത്വത്തിൽ നാം അറിയാതെ കിടപ്പുണ്ടായിരുന്നെന്ന്‌. ഉപബോധ-അബോധതലങ്ങളിലെ സ്വത്വസ്വരൂപം മഞ്ഞുകട്ടയുടെ ജലത്തിലാണ്ടുപോയ മുക്കൻ സ്രാവുപോലെ അപ്രത്യക്ഷമാണ്‌.
    ഞാൻ ആരെന്നും എന്തെന്നും എങ്ങനെയെന്നും അറിയാൻ എന്റെ സ്വത്വത്തെ അറിയണമെന്നു സാരം. ഈ അറിവു നേടാൻ എന്തുവഴി? പാഠപുസ്തകങ്ങൾ ഒന്നും ഇല്ല. ഈ പന്തയത്തിൽ പണ്ടു ജയിച്ചവരുടെ അനുഭവരേഖകളുണ്ട്‌ എങ്കിലും അവരെല്ലാം പറയുന്ന പൊതുവായ കാര്യങ്ങളിൽ ഒന്ന്‌, ഈ ശ്രമത്തിൽ ജയിക്കാനുള്ള വഴിക്ക്‌ മാനകീകരണം (Standardisation)സാധിക്കില്ല എന്നതാണ്‌. കാരണം, ഓരോ ആൾക്കും ഉള്ള സ്വത്വം വേറെയാണ്‌. പ്രപഞ്ചസൃഷ്ടി അത്രയ്ക്ക്‌ ബഹുസ്വരമാണ്‌. വൈവിധ്യങ്ങളുടെ ചേരുവയിൽ നിന്നുയിർക്കുന്ന സൗന്ദര്യം കൊണ്ട്‌ പ്രപഞ്ചത്തെ വിസ്മയകരവും ആകർഷകവുമാക്കുന്നത്‌ ഈ ബഹുസ്വരതയാണ്‌. അവനവന്റെ വഴി അവനവൻതന്നെ കണ്ടെത്തണം.
    അപ്പോൾ, സ്വത്വത്തിന്റെ അടിസ്ഥാനത്തിലെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന വിഭാഗീയതകളും അതിർത്തികളും ഒക്കെ? ശുദ്ധഭോഷ്ക്‌! ഏതാനും പൊതുസ്വഭാവങ്ങൾ പലരിലും കണ്ടേക്കാമെങ്കിലും ഒരാളെപ്പോലെ വേറൊരാൾ സത്യത്തിൽ ഇല്ല. ഉണ്ടായാൽ, ഇവരിൽ ഒരാൾക്ക്‌ പ്രപഞ്ചത്തിൽ സാംഗത്യം ഇല്ലാതാവുന്നു! ആളുകളുടെ കാര്യം പോകട്ടെ, ഒരു മൺതരിപോലും സൂക്ഷ്മപരിശോധനയിൽ മറ്റൊന്നുപോലെ അല്ല എന്ന്‌ മോഡേൺ ശയൻസും പറയുന്നു.
    വർഗ്ഗമായോ, ജാതിയായോ, മതമായോ, ഗോത്രമായോ ക്രമീകരിക്കാവുന്നതല്ല മനുഷ്യസ്വത്വം. ഈ തരംതിരിവുകളൊക്കെ വെറും ഉപരിപ്ലവമാണ്‌. ഇഞ്ചിക്കും മുളകിനും ഗ്രാമ്പുവിനും കുരുമുളകിനും എരിവുള്ളതിനാൽ ഇവയുടെയെല്ലാം അസ്തിത്വമോ സ്വത്വമോ ഒന്നുതന്നെ എന്ന്‌ നാം തീരുമാനിക്കാറില്ല. ഒരുപോലെ പുളിയുള്ള മാങ്ങയുടെയും പുളിങ്ങയുടേയും ഇരിമ്പംപുളിയുടെയുമൊക്കെ സ്വത്വങ്ങളും ഭിന്നതകൾതന്നെ. അത്രയുമല്ല, ഒരേ മാവിലേയെന്നാൽ പോലും എല്ലാ മാങ്ങയ്ക്കും ഒരേ അളവിലും തരത്തിലുമല്ല പുളി! ഒരേ തൊടിയിലെ കുരുമുളകിനെന്നല്ല, ഒരേ ചെടിയിലെ രണ്ടു തിരികളിലെ കുരുമുളകിനെന്നല്ല, ഒരേ തൊടിയിലെ ഒരേ ചെടിയിലെ ഒരേ തിരിയിലെ രണ്ടു മണി കുരുമുളകിനുപോലും എരിവിന്റെ തരവും അളവും സൂക്ഷ്മതലത്തിൽ ഒന്നല്ല.
    പ്രത്യേകതകളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും കടകവിരുദ്ധമായ നിരപ്പാക്കലുകൾ സ്വത്വനാശത്തിലേക്കും അതുവഴി സർഗശേഷിയുടെ ഉന്മൂലനത്തിലേക്കുമാണ്‌ നയിക്കുക.
    എങ്കിൽപ്പിന്നെ സ്വത്വമെന്ന ആശയത്തെ എന്തർത്ഥത്തിലാണ്‌ മനസ്സിലാക്കേണ്ടത്‌? എങ്ങനെ അറിയാം! എവ്വിധം പ്രയോജനപ്പെടുത്താം?
    മനുഷ്യന്റെ സ്വത്വത്തിന്‌ അഥവാ മനുഷ്യത്വത്തിന്‌ മൂന്നു തലങ്ങളുണ്ടെന്ന്‌ ഉപനിഷത്തുകൾ പറയുന്നു. ഒന്ന്‌ ജാഗ്രത്ത്‌, സ്വപ്നം എന്നീ അവസ്ഥകളിൽ വെളിവാകുന്ന പ്രാപഞ്ചിക സ്വത്വം. രണ്ട്‌, സുഷുപ്തിയിൽ ആധിപത്യമുള്ള അക്ഷതസ്വത്വം. മൂന്ന്‌, അക്ഷതത്താൽ, അതായത്‌, പരമാത്മസ്വരൂപത്തിൽ നിലനിൽക്കുന്ന തുരീയസ്വത്വം. ആദ്യത്തേത്‌ രണ്ടാമത്തതിലേക്കും രണ്ടാമത്തേത്‌ മൂന്നാമത്തേതിലേക്കുമുള്ള പടിവാതിലുകളാണ്‌. ഓരോ പടി കടക്കുമ്പോഴും സുഖവും സമാധാനവും വർദ്ധിക്കുന്നു.
    മൂന്നു തലങ്ങളിലും ഒരുമിച്ച്‌ (ഒരേസമയം) നിലനിൽക്കുകയും തുരീയാവസ്ഥയിലെ പരമമായ ആനന്ദം നിതാന്തം അനുഭവിക്കുകയും ചെയ്യാനുള്ള അനുശീലനമാണ്‌ സാഹിത്യം. സാധിക്കേണ്ടതും സാധിക്കുന്നതും ആത്യന്തികമായ ഹിതമായത്‌ എന്തോ അതാണ്‌ സാഹിത്യം (സ ഹിതം). ഇവിടെ 'ഹിതം' 'ഇഷ്ട' മല്ല 'പത്ഥ്യ'മാണ്‌.
    ഇതിനാലാണ്‌ വാല്മീകിയോ വ്യാസനോ കാളിദാസനോ ഒന്നും തങ്ങളുടെ പ്രാപഞ്ചിക സ്വത്വത്തെപ്പറ്റി ഒരു അടയാളവും തരാതിരുന്നതും തങ്ങളെയല്ല, തങ്ങൾ പോയ വഴികൾ മാത്രമാണ്‌ പിന്നാലെ വരുന്നവർ കാണേണ്ടത്‌ എന്ന്‌ നിശ്ചയിച്ചതും. ഞാനെന്ന ഭാവം (പ്രാപഞ്ചികാസ്തിത്വം അഥവാ പ്രാഥമികസ്വത്വം) ഉറച്ചുപോകരുതെന്നും ഏതെങ്കിലും സ്വത്വബോധം ഉറയ്ക്കുന്നെങ്കിലത്‌ അഖിലം ഞാനെന്ന തുരീയസ്വത്വമാകണമെന്നും ഭാഷാപിതാവ്‌ ഹരിനാമകീർത്തനത്തിലൂടെ പ്രാർത്ഥിക്കുന്നതും ഇതിന്റെ ചുവടുപിടിച്ചാണ്‌. ഹിറ്റ്ലറോ സ്റ്റാലിനോ ബിൽഗേയ്റ്റ്സോ അല്ല നല്ല മാതൃക, രമണ മഹർഷിയാണ്‌. സത്തായ സ്വത്വത്തിനേ സത്യമായ ആനന്ദമുള്ളൂ.

15 Jan 2015

കശ്രാണ്ടി കളയാൻ


സി.രാധാകൃഷ്ണൻ

അത്രയൊന്നും പ്രചാരമുള്ള ഒരു വാക്കല്ല കശ്രാണ്ടി. നാനാവിധങ്ങളായ അഴുക്കുകൾ എന്നാണ്‌ പൊതുവായ അർത്ഥം. മുറ്റമോ മുറിയോ തൊടിയോ വൃത്തികേടായി കണ്ടാൽ മുത്തശ്ശി ചോദിക്കുമായിരുന്നു. 'അയ്യയ്യോ, ആരേ ഇവിയൊക്കെ ഇങ്ങനെ കശ്രാണ്ടി നിറച്ചേ?
    അഴുക്കൊക്കെ അടിച്ചുവാരി കളഞ്ഞ്‌ വൃത്തിയാക്കിയ മുറ്റത്തെ ചൂലീർക്കിൽപ്പാടിൽ ഒരു കുഞ്ഞിക്കിളി നടന്നാൽ അതിന്റെ കാൽപ്പാടുകൾ തെളിഞ്ഞു കാണാം. കനകം പോയാലും കണ്ടെടുക്കാൻ പ്രയാസമില്ല എന്നും മുത്തശ്ശി പറയും.
    ആ മുറ്റത്തിന്റെ അവസ്ഥയെക്കുറിച്ച്‌ ഞാൻ ഈയിടെ വെറുതെ ആലോചിച്ചു. രാത്രിയിൽ കൊഴിയുന്ന ഇലകളും ഇരുളിൽ വിരുന്നുവരുന്ന ജീവികളുടെ ഭക്ഷണാവശിഷ്ടങ്ങളും വിസർജ്യങ്ങളും മറ്റും രാവിലെ അടിച്ചുവാരി കളയും. പിന്നെ, കുട്ടികളുടെയും മുതിർന്നവരുടെയും വക അഴുക്കാക്കൽ തുടരുന്നു. മുതിർന്നവർ ജോലികളുടെ ഭാഗമായാണ്‌ അഴുക്കാക്കുന്നതെങ്കിൽ കുട്ടികൾ കളിയുടെ അനിവാര്യ ഫലമായിട്ടാണ്‌. ഏതായാലും, സന്ധ്യയ്ക്കു മുമ്പ്‌ വീണ്ടും അടിച്ചു വാരി വെടിപ്പാക്കും.
    മൂന്നിടങ്ങളുണ്ട്‌ വെടിപ്പാക്കാൻ എന്ന്‌ മുത്തച്ഛൻ പറഞ്ഞുതന്നു. ഒന്ന്‌ പുറം, അതായത്‌ തൊടി, മുറ്റം, വീട്‌ എന്നീ ചുറ്റുമുള്ള ഇടങ്ങൾ. രണ്ട്‌, ദേഹം. മൂന്ന്‌ ഉള്ളം എന്നുവച്ചാൽ മനസ്സ്‌. ഒന്നാമത്തേത്‌ വെടിപ്പായിരുന്നാലെ അടുത്തേത്‌ വെടിപ്പാക്കാനും വെടിപ്പായി നില നിർത്താനും പറ്റൂ. ഒന്നും രണ്ടും വെടിപ്പാക്കുന്നത്‌ മൂന്നാമത്തേത്‌ വെടിപ്പായി കിട്ടാനായാണ്‌.
    എല്ലാമെല്ലാം ദിവസത്തിൽ രണ്ടു നേരമെങ്കിലും വെടിപ്പായാൽ ഒരുവിധം പൊറുതി ആയി. അതിന്റെ സുഖം ഒന്നുവേറേം. ശീലമായാൽ എളുപ്പമാണ്‌. പ്രത്യക്ഷത്തിൽ ഒരു അഴുക്കുമില്ലെങ്കിലും വെറുതെ ഒരു വെടിപ്പാക്കൽ നല്ലതുതന്നെ എന്നാണ്‌ അമ്മ പഠിപ്പിച്ചതു. കുറച്ചിട അമ്മ കൊച്ചിയിൽ ഞങ്ങളുടെ കൂടെ താമസിച്ചിരുന്നു. ചെറിയ കുട്ടികൾ ആരും ഇല്ല, അഴുക്കൊന്നും ഉണ്ടാകാറുമില്ല. എങ്കിലും അമ്മ അന്തിക്ക്‌ ചൂലെടുത്തു 'പെരുമാറും'. 'കാണാതെയും ഉണ്ടാകാം കശ്രാണ്ടി' എന്നായിരുന്നു ന്യായീകരണം.
    സ്ഥിരമായി അഴുക്കു പിടിക്കുന്ന ഇടമാണല്ലോ നമ്മുടെയൊക്കെ മനസ്സും. അതിനാൽ അമ്മയുടെ നിലപാടാവും ശരി എന്നു നിശ്ചയം. കണ്ണിൽപ്പെടാത്തത്താണ്‌ മനസ്സിൽ അടിയുന്ന കശ്രാണ്ടികളിൽ പലതും. അഗാധാവബോധം, ഉപബോധം എന്നൊക്കെ സ്ഥലങ്ങളുണ്ടെല്ലോ അതിൽ.
    നിലം അടിച്ചുവാരാൻ ചൂലും മുറവും വേണം. മനസ്സ്‌ അടിച്ചുവാരാനോ? മനസ്സ്‌ വൃത്തികേടായി കലാശിക്കുന്ന കളികൾ അവിരാമം കളിക്കുന്ന കുസൃതിയെത്തന്നെ ആശ്രയിക്കണം വൃത്തിയാക്കാനും, ഭാവന എന്ന ഈ വിരുതന്റെ കളിക്കോപ്പുകൾ തന്നെയാണ്‌ വൃത്തിയാക്കാനുള്ള ഉപകരണങ്ങളും !
    മുറ്റമടിക്കുമ്പോൾ 'അടിക്കാട്ടം' എന്ന കശ്രാണ്ടി എവിടെകൊണ്ടുപോയി ഇടണമെന്ന്‌ മുൻനിശ്ചയം ഉണ്ട്‌. അതിനായി ഒരു 'കുപ്പക്കുഴി' തൊടിയിൽ തോണ്ടിവച്ചിരിക്കും. അത്‌ നിറഞ്ഞാൽ അൽപ്പം ചാണകപ്പൊടിയോ ചാരമോ കൂട്ടിച്ചേർത്ത്‌ അതിലൊരു വാഴയോ ചേനമൂക്കോ കാച്ചിലോ നടും. നാഴി വെള്ളവും ഒഴിക്കും.
    മനസ്സ്‌ അടിച്ചുവാരിയാൽ എവിടെ കൊണ്ടുപോയി ഇടും? മനസ്സിലെ അഴുക്കിന്റെ സൂക്ഷ്മസ്വഭാവം അറിഞ്ഞാൽ ഈ ചോദ്യമേ വേണ്ടി വരില്ല. കാരണം, മനസ്സിലെ അഴുക്ക്‌ സാങ്കൽപികമാണ്‌. സങ്കടങ്ങൾ, പോറലുകൾ, ദേഷ്യങ്ങൾ, നിരാശകൾ, ഭയങ്ങൾ, ആശങ്കകൾ എന്നിങ്ങനെ ചിന്നിച്ചിതറി കിടക്കുന്നതെല്ലാം ഭാവന കളിച്ച കളികളുടെ ഫലങ്ങളാണ്‌. യഥാർത്ഥത്തിൽ ഇല്ലാത്തത്താണ്‌.
    ഞങ്ങൾ കുത്തിക്കുഴിച്ചും ചപ്പുചവറുകൾ വിതറിയും മുറ്റം വല്ലാതെ വികൃതമായ ദിവസങ്ങളിൽ മുത്തശ്ശി ഞങ്ങളെ 'മേനികയറ്റു'മായിരുന്നു. 'ഇനിയിപ്പൊ കണ്ടോള്യൊണ്ടു. ഈ മിടുക്കന്മാരെല്ലാരുംകൂടി ഈ നാനാവിധമൊക്കെ എടുത്തുകളഞ്ഞ്‌ മുറ്റം ഞൊടിയികൊണ്ട്‌ വെടിപ്പാക്കും!' ഉടനെ ഞങ്ങൾ മത്സരബുദ്ധിയോടെ ഇറങ്ങുകയായി.
    ഭാവനയ്ക്ക്‌ കളിക്കാനുള്ളതു തന്നെയാണ്‌ മനസ്സ്‌. എന്തെങ്കിലും ഉണ്ടാക്കാനും ഉണ്ടാക്കിയത്‌ സ്ഥാപിച്ച്‌ മാറിനിന്ന്‌ സന്തോഷിക്കാനും വേറെ ഇടമില്ല. ഭാവനയ്ക്കോ, നല്ലപോലെ കളിച്ചല്ലാതെ ഒരു കളിയും പഠിക്കില്ല. പക്ഷെ, അന്നന്നത്തെ കളിയുടെ പരിക്കുകൾ അന്നന്നു മായ്ക്കണം. അല്ലെങ്കിൽ രണ്ടു കുഴപ്പങ്ങൾ: ഒന്ന്‌ മുറ്റം കുറച്ചിടകൊണ്ട്‌ ഒരു പുതിയ കളിക്കും കൊള്ളരുതാതെയാവും. രണ്ട്‌, പഴയ കളികളുടെ ബാക്കികൾ പുതിയ കളികളുടെ സ്വച്ഛതയുടെ മാറ്റു കുറയ്ക്കും.
    കുട്ടിയായിരിക്കെ മനസ്സ്‌ ജലോപരിതലം പോലെയാണ്‌. എല്ലാ വരകളും കുഴികളും കൂമ്പാരങ്ങളും അപ്പപ്പോൾ മായും. അഴുക്കു വീണാൽ താഴെപ്പോയി അലിഞ്ഞു ലയിക്കും. കുറച്ചിടകൊണ്ട്‌ ശാന്തത്ത വീണ്ടെടുക്കും. അഴുക്കാക്കലും അടിച്ചുതളിയും ഒരുമിച്ചാണ്‌. മക്കൾ തമ്മിൽ വഴക്കു കൂടിയതിന്‌ അച്ഛനമ്മമാർ ആജീവനാന്തം വലിയ കേസുകെട്ടുകളുമായി നടന്നെന്നിരിക്കും; കുട്ടികളോ ഉടനെ മറന്നുമിരിക്കും!
    ഈ 'മറവി' നമുക്ക്‌ പിറവിയിലുള്ള അനുഗ്രഹമാണ്‌. ഈ വൃത്തിയാക്കൽ വിദ്യ നാം 'വളരുന്ന'തോടെ നമുക്ക്‌, പക്ഷെ, കൈമോശം വരുന്നു. അത്‌ തിരിച്ചുകിട്ടിയാൽ മനസ്സിന്റെ നിഷ്കളങ്കത വീണ്ടെടുക്കാം.
    മനസ്സിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ദിവസം രണ്ടു നേരമെങ്കിലും പിടിച്ചു നിർത്തി വാത്സല്യത്തോടെ ആ മുറ്റത്തിന്റെ അവസ്ഥയൊന്നു കാണാൻ ശീലിപ്പിക്കുക. വൃത്തിയാക്കുന്നതും ഒരു നല്ല കളിയാണെന്ന്‌ അവരെ പഠിപ്പിക്കുകയും വൃത്തിയായാലത്തെ സുഖം അവരെ അനുഭവിപ്പിക്കുകയുംകൂടി ചെയ്യുക.
    പിന്നെ സുഖമായി എന്നേക്കും!
    ഒരു മുൻകരുതലും ആവശ്യം. അടിച്ചുതളി മോശം പണിയോ കളിയോ ആണെന്ന പാഴ്ധാരണ ഭാവന എന്ന ശിശുവിനുണ്ടാകരുത്‌. ഏക്കാളത്തെയും നമ്മുടെ വിചാരം അടിച്ചുവാരുന്നവർ ഏറ്റവും താഴെയുള്ള ആളുകളാണെന്നല്ലേ! തുഞ്ചത്തെഴുത്തച്ഛനെ നന്നെ മോശക്കാരനായി ചിത്രീകരിക്കാൻ ചില മഠയന്മാർ കണ്ട വിദ്യ അദ്ദേഹം ഒരു അടിച്ചുതളിക്കാരിയുടെ മകനായിരുന്നു എന്ന്‌ പ്രചരിപ്പിക്കുകയായിരുന്നല്ലോ. എന്നിട്ടോ കേരളത്തിലെ മനസ്സുകളിലെ എല്ലാ കശ്രാണ്ടിയും ഇത്രയും കാലം അടിച്ചുവാരിക്കളയാൻ അദ്ദേഹത്തിനു സാധിച്ചതിന്റെ കൂടെ ആ അപരാധം പറഞ്ഞ മഠയന്മാർ എന്ന കശ്രാണ്ടികൂടി കേരളത്തിന്റെ മുറ്റത്തുനിന്ന്‌ നീങ്ങിപ്പോവുകയും ചെയ്തു.
    വാളെടുത്തവൻ വാളാൽ മരിക്കും എന്നു പറഞ്ഞതെത്ര സത്യമാണ്‌. ചൂലെടുത്തവൻ ചൂലാൽ ജയിക്കും എന്നതും. പക്ഷെ, ആദ്യം വൃത്തിയാക്കേണ്ടത്‌ സ്വന്തം അകം!
മാറ്റുവിൻ കശ്രാണ്ടി, യല്ലേ
ന്നിരിക്കിലോ
മാറ്റുമതുകളീ നിങ്ങളെത്താൻ!
    അതെ, മാറാത്ത കീറച്ചട്ടങ്ങളും കശ്രാണ്ടികൾ തന്നെ. മാറാക്

18 Dec 2014

വിദ്യാലഹരി വിളമ്പുന്നവർ


സി.രാധാകൃഷ്ണൻ
    കൊച്ചി അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടകർ ഒക്ടോബർ 12ന്‌ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട രണ്ട്‌ മഹാഗുരുത്വങ്ങളെ ആദരിച്ചു. ഡോ.എം.ലീലാവതിയുടെയും പ്രോഫ.എം.അച്യുതന്റെയും അനുഗ്രഹം കിട്ടുകയാൽ ധന്യമായ ആ ദിവസം ഏതാനും പുതിയ ആലോചനകൾ മനസ്സിൽ തുറന്നു.
    ഗുരുത്വദോഷമാണ്‌ ലോകത്തിലെ എല്ലാ ദുരിതങ്ങൾക്കും കാരണമെന്ന തിരിച്ചറിവ്‌ നേരത്തെ ഉണ്ടായിരുന്നു. അതിന്റെ നാൾവഴിയാണ്‌ ഇപ്പോൾ കണ്ടുകിട്ടിയത്‌. ഫലപ്രദമായി യഥാർത്ഥ വിദ്യാദാനം ലഭിച്ച ആരും ലോകഹിതത്തിനെതിരായി ഒന്നും ചെയ്യില്ല എന്നു നിശ്ചയമായെന്നാലും ശിക്ഷണദൂഷ്യത്തിന്റെ നീരാളിക്കൈകൾ നീളുന്ന വഴികൾ കൃത്യമായി കണ്ടുകിട്ടിയിരുന്നില്ല.
    'മൂന്നക്ഷരവും മുറുക്കവും' ഇല്ലാത്തവർ എന്നാണല്ലോ വേണ്ടാതീനക്കാരെ പണ്ടേ വിളിക്കാറുള്ള സഹതാപശകാരം. വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാനും വേണ്ടത്‌ വേണ്ട നേരത്ത്‌ തോന്നാനും രണ്ടിനും ഗുരുത്വം അനിവാര്യം. ഗുരുശിഷ്യബന്ധം പിതൃപുത്ര ബന്ധത്തോളം പവിത്രമായി കരുതപ്പെട്ടു. ജന്മം കിട്ടിയാൽ മാത്രം പോരല്ലോ അത്‌ സാർത്ഥകമാവുകയും വേണ്ട? പിറവിയിൽ വാസനകളുടെ വിത്തുകൾ അറിവുകളില്ലായ്മയുടെ അന്ധകാരത്തിൽ കിടക്കുന്നു. അവയ്ക്ക്‌ മുളച്ചുവളരാൻ കളവും വളവും വെള്ളവും ഊണുമൊരുക്കുന്നത്‌ ഗുരുവാണ്‌. ശിഷ്യനെ വിദ്യകളുടെ പൂന്തോപ്പാക്കി തീർക്കുന്നു ഗുരു-അതും താൻ പഠിച്ച വിദ്യ സ്വാനുഭവംകൊണ്ട്‌ വികസിപ്പിച്ച്‌.
    ധാരാളം നല്ല ഗുരുനാഥരുണ്ടായിരിക്കുക എന്നതാണ്‌ ഏതു സമൂഹത്തിന്റെയും പുണ്യം. കാരണം, അപ്പോൾ ഏവർക്കും സദ്ഗുരു അലഭ്യനല്ലാതെ വരും. ഗുരുലാഭമുണ്ടായാൽ അത്‌ പരമാവധി പ്രയോജനപ്പെടുത്താനുള്ള മനോഭാവം ശിഷ്യരിൽ നിലനിൽക്കുകകൂടി വേണം. (നല്ല ഗുരു, നല്ല ശിഷ്യൻ, നല്ല ശിക്ഷണരീതി എന്നിവ ശാസ്ത്രീയവും ഹൃദ്യവുമായി പ്രതിപാദിക്കുന്ന 'നന്നൂൽ' എന്ന പുരാതനശിക്ഷണഗ്രന്ഥം നമ്മുടെ അധ്യാപകപരിശീലനകേന്ദ്രങ്ങളിലെങ്
കിലും പാഠപുസ്തകമാക്കാവുന്നതാണ്‌).
    കുഴച്ചു പാകപ്പെടുത്തി മെനഞ്ഞ്‌ മിനുക്കി ചുളയ്ക്ക്‌ വച്ച്‌ കുശവൻ മണ്ണുകൊണ്ട്‌ പാത്രമുണ്ടാക്കുപടിയാണ്‌ ഗുരുനാഥൻ ശിഷ്യജന്മം രൂപപ്പെടുത്തുന്നത്‌. ഏതുതരം മണ്ണ്‌ ഏതേതു പാത്രത്തിനാണ്‌ ഉതകുക എന്ന തീരുമാനം നിർണ്ണായകമാണ്‌ ശിഷ്യന്റെ പ്രമുഖവാസനയാണ്‌. ഇതിനടിസ്ഥാനം. സ്വാഭാവികവാസനയ്ക്കനുസരിച്ച്‌ വിദ്യ(കല) ജീവിതവൃത്തിയായി കിട്ടുന്ന മഹാഭാഗ്യവാനായ ശിഷ്യൻ സ്വർഗ്ഗവാസിയായിത്തീരുന്നു. ആധിയോ വ്യാധിയോ ഇല്ലായ്മയോ വല്ലായ്മയോ ഒന്നും പിന്നെ അയാൾക്ക്‌ പ്രശ്നമല്ല. സ്വകർമ്മത്തിൽ അഭിരമിക്കുന്ന അയാൾ എപ്പോഴും കർമ്മത്തിന്റെ ലഹരിയിലാണ്‌. ഉദാഹരണങ്ങൾ ഇഷ്ടംപോലെ കണ്ടെത്താം.
    മുളച്ച വിത്തിന്റെയും കലങ്ങിയ ചേറിന്റെയും വിയർപ്പിന്റെയും മണവും ഇളവെയിലിന്റെ പ്രസരിപ്പും തെളിഞ്ഞ ആകാശവും യഥാർത്ഥ കൃഷിക്കാരനെ മത്തു പിടിപ്പിക്കുന്നു. കൊട്ടുന്നവരും പാടുന്നവരും ആടുന്നവരും വരയ്ക്കുന്നവരുമെല്ലാം കർമ്മലഹരിയുടെ കൊടുമുടികളിലെത്തുന്നു. കർമ്മവും സ്വത്വവും പ്രപഞ്ചവും ഒന്നാവുന്ന ലയംതന്നെ.
    ഇത്‌ ഏതാനും ഭാഗ്യവാന്മാർക്കുമാത്രം വിധിച്ച ഒന്നല്ല. വ്യാധൻ എന്ന ഇറച്ചിവെട്ടുകാരനുപോലും ആ തലത്തിലെത്താം. ഗുരു വിളമ്പിയത്‌ മുറപോലെ കഴിച്ചിരിക്കണമെന്നു മാത്രം. ഇതിന്റെ ലഹരി ഒരു ശീലമായി മാറിയിരിക്കുകയും വേണം.
    എല്ലാ മനുഷ്യർക്കും ആവശ്യമുള്ളതാണ്‌ ഈ ലഹരി. ഇതിലൂടെയാണ്‌ ജന്മം ഫലിക്കുന്നത്‌. പക്ഷെ, ഇന്ന്‌ മഹാഭൂരിപക്ഷത്തിനും കിട്ടാതിരിക്കുന്നതും ഇതുതന്നെ. ഒന്നുകിൽ മതിയായ ഗുരുത്വം ലഭിക്കായ്ക, അല്ലെങ്കിൽ ആ ഗുരുത്വം പകർന്നു നൽകിയത്‌ ഫലിപ്പിക്കാൻ ജീവിതത്തിൽ അവസരമില്ലായ്ക, അതുമല്ലെങ്കിൽ ഇതല്ല ലോകത്ത്‌ പ്രധാനം എന്ന്‌ തെറ്റായി ധരിക്കുക- കാരണമെന്തായാലും കളയാകേണ്ട കർമ്മം തനിക്കും മറ്റുള്ളവർക്കും കൊലയാവുന്ന സ്ഥിതിയാണ്‌ ഇപ്പോൾ. തനിക്കിഷ്ടമുള്ള ജോലി ഇഷ്ടപ്പടി ചെയ്ത്‌ ലഹരിപിടിച്ചു ജീവിക്കുന്നവർ അര ശതമാനം പോലും കാണില്ല. ബാക്കിയുള്ളവർക്ക്‌ ലഹരി വേണമെങ്കിൽ ബിവറേജസിൽ ക്യൂ നിൽക്കുകയോ കഞ്ചാവുപൊതിയുമായി പാളിപ്പതുങ്ങി വരുന്നവനെ കാത്തിരിക്കയോ സൂചിക്കുത്തുകളാൽ സ്വയം അലങ്കരിക്കയോ ഒക്കെ വേണ്ടിവരുന്നു. അസംതൃപ്തലഹരി ഒരുപാട്‌ സംഘർഷങ്ങളും കുറ്റകൃത്യങ്ങളും ജനിപ്പിക്കയും ചെയ്യുന്നു.
    "ആട്ടുന്നവനെപിടിച്ച്‌ നെയ്യാനാക്കിയാൽ..." എന്ന പഴയമൊഴി വർണ്ണാശ്രമധർമ്മപരിപാലനമന്ത്രമെന്നതിലേറെ അർത്ഥമാക്കിയത്‌ ഇതാണ്‌. വ്യാവസായികവിപ്ലവം വന്നതോടെ ജോലിക്കാരനും ഉൽപ്പന്നവും തമ്മിൽ നേർബന്ധം അറ്റു. ജോലി യാന്ത്രികമായി കർമ്മത്തിലെ ലഹരി അതിൽനിന്ന്‌ കിട്ടാതെയായി. ഗുരു വെറും യാന്ത്രികവൃത്തി കൂലിക്കു പഠിപ്പിക്കുന്ന ക്ഷുദ്രനായ ലഘുവായി.
    സംഘടിതങ്ങളായ വൻ വ്യവസായങ്ങളിൽ ഇതാണവസ്ഥയെങ്കിൽ, വ്യക്തിഗതങ്ങളായ പ്രോഫഷനുകളിലെങ്കിലും സ്ഥിതി മെച്ചമാണോ? വലിയ തുക മുടക്കി വാങ്ങുന്ന വിദ്യകൊണ്ട്‌ വലിയ തുകകളുണ്ടാക്കുന്ന ഏർപ്പാടിൽ എവിടെയാണ്‌ കർമ്മലഹരി? വൻതുക മുടക്കി ആത്മഹത്യാലഹരി വാങ്ങുകയല്ലാതെ എന്തുവഴി?
    ഉവ്വ്‌, ധനത്തിനും അധികാരത്തിനും അതതിന്റെ ലഹരികളുണ്ട്‌. രണ്ടും പക്ഷെ ലയങ്ങളല്ല, വീഴ്ചയുടെ ഭാരത്തെ മറികടക്കാൻ കഴിയുന്നതിന്റെ മായാസന്തോഷങ്ങളാണ്‌. ഇവയുടെ പിന്നാലെ പോകാതിരിക്കാനുള്ള മഹാവിദ്യകൂടി സൽഗുരുനാഥൻ, സ്വകർമ്മമെന്ന വിദ്യയോടൊപ്പം പഠിപ്പിക്കുന്നു. പരാവിദ്യവശമായവന്‌ അഥവാ കർമ്മലയം കിട്ടാതെപോയാലും യോഗലയം സാധിക്കുന്നു. അപ്പോൾ, കർമ്മമേതായാലും ലക്ഷ്യം ബിവറേജസിനെ ആശ്രയിച്ച്‌ കരൾ നശിപ്പിക്കാതെതന്നെ ലഭ്യമാവും.
    ചുരുക്കത്തിൽ യാന്ത്രികമായ ഈ കാലയളവിൽ ഇനി നാളെയും കർമ്മങ്ങൾ സ്വാഭാവികവാസനകളുടെ അടിസ്ഥാനത്തിൽ ലയവും ലഹരിയും നൽകുന്നതാകാൻ പ്രയാസമാണ്‌. അതിനാൽ, സൽഗുരുനാഥൻ വിളമ്പിത്തരുന്ന യോഗവിദ്യ ശീലിക്കുകയേ വഴിയുള്ളു. ഇവിടെയും പ്രയാസങ്ങളുണ്ട്‌. കാരണം, നാട്യക്കാർ സുലഭം. ഒരു മുതൽമുടക്കുമില്ലാതെ ധന-അധികാര ലഹരി മോന്താവുന്ന അരങ്ങാണല്ലോ ഇത്‌. 'കണ്ടുവേന്നുരപ്പവർ കണ്ടവരല്ലാ!' കണ്ടവരിൽ 'ഉരയ്ക്കാത്ത'വർ ധാരാളം പേർ ഇപ്പോഴുമുണ്ട്‌. അവരെ കണ്ടെത്തിയാൽ രക്ഷയായി. ശുഭമസ്തു.

22 Nov 2014

മറവിയുടെ കാര്യം മറക്കാതിരിക്കുക!


സി.രാധാകൃഷ്ണൻ
    മറന്നുപോകാതിരിക്കാൻ ഒരു കാര്യം ഒതുക്കിച്ചുരുക്കി ഒരു തുണ്ടുകടലാസ്സിൽ എഴുതി സൂക്ഷിച്ചിട്ട്‌ ആ കടലാസ്സ്‌ എവിടെയാണ്‌ വച്ചതെന്നു മറന്നുപോകുമ്പോഴെല്ലാം നാം വിചാരിക്കുന്നു, ഈ മറവി എന്തൊരു ശാപമാണെന്ന്‌. പക്ഷെ, ഒന്നും മറക്കാൻ പറ്റാതിരുന്നാൽ നമ്മുടെ അവസ്ഥ എന്താകുമെന്ന്‌ ചിന്തിച്ചുനോക്കിയാലോ?
    എന്ത്‌ ഓർക്കണമെന്നും എന്തു മറക്കണമെന്നും നിശ്ചയിക്കുന്ന ഒരാൾ നമുക്കകത്തുണ്ട്‌. അയാൾ നമ്മെ നിയന്ത്രിക്കുന്നു; നമുക്കയാളെ എളുപ്പം നിയന്ത്രിക്കാനാവില്ല. അയാളുടെ നിയന്ത്രണശ്രമം നമ്മുടെ മനസ്സിൽ നടപ്പിലാകാതെ വരുമ്പോഴാണ്‌ മറവി ഒരു രോഗമാകുന്നത്‌. പ്രകൃതിയുമായുള്ള നമ്മുടെ പൊക്കിൾക്കൊടി ബന്ധത്തിന്‌ തേയ്മാനം വരുന്നു എന്നർത്ഥം.
    ഒരിക്കൽ മാത്രം കുറച്ചിട ഓർക്കാനുള്ളത്‌, കൂടെക്കൂടെ ഓർക്കാനുള്ളത്‌, ഏക്കാളവും ഓർക്കേണ്ടത്‌ എന്നിങ്ങനെ ഓർമ്മകൾ പലതരം ഉള്ളപോലെ മറവിയ്ക്ക്‌ തരാതരമുണ്ട്‌-തൽക്കാലം മറക്കേണ്ടത്‌, കുറച്ചു കാലത്തേക്ക്‌ മറക്കേണ്ടത്‌, എന്നേക്കുമായി മറക്കേണ്ടത്‌. ഈ തരംതിരിവു നിശ്ചയിക്കുന്നതും നേരത്തെ പറഞ്ഞ അയാളാണ്‌.
     ഈ തിരുമാലിയെപ്പറ്റി കുറച്ചു കൂടുതൽ അന്വേഷിക്കുന്നത്‌ രസകരമായിരിക്കും. ഒറ്റനോട്ടത്തിൽ നമുക്കു പിടിതരാത്ത കക്ഷിയാണ്‌. എന്ത്‌ ഓർക്കണമെന്നും മറക്കാമെന്നും എപ്പോഴും ഓർത്തിരിക്കുന്ന ആളെ ഇക്കാര്യം എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരാളും ആ കക്ഷിയെ സദാ ഉണർത്തി പരിപാലിക്കുന്ന മൂന്നാമതൊരാളും അങ്ങനെയങ്ങനെ അറ്റമില്ലാത്ത ഒരു നിര! അവസാനമില്ല!
    കമ്പ്യൂട്ടറിലെന്നപോലെ അല്ല കാര്യം. ഡെപ്പോസിറ്റ്‌ ചെയ്തതേ കമ്പ്യൂട്ടറിന്റെ ഓർമ്മയിൽ ഉണ്ടാകൂ. മായ്ച്ചുകളഞ്ഞാൽ പോവുകയും ചെയ്യും. ഓർമ്മയിലുള്ളതിൽ നിന്ന്‌ ആവശ്യമുള്ളതെടുത്ത്‌ നിർദ്ദിഷ്ട രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവാണ്‌ മനുഷ്യമനസ്സുമായി കമ്പ്യൂട്ടറിനുള്ള സമാനത. ഏതോർമ്മ എടുക്കണമെന്ന്‌ സ്വയം നിശ്ചയിക്കാൻ യന്ത്രത്തിന്‌ ആവില്ല. നമ്മുടെ ഉള്ളിലാകട്ടെ, ഓർമ്മപ്പെടുത്തലുകാരുടെ നീണ്ട നിര അനന്തത്തവരെ ഉണ്ട്‌. ഇവരിൽ ആരാണ്‌ ഇടപെടുന്നതെന്ന്‌ നമുക്ക്‌ നിശ്ചയിക്കാനും പറ്റില്ല.
    അപ്പോൾ, അങ്ങേ അറ്റത്തെ ആളെ ആരായാൻ എന്തു ചെയ്യും? ആരായുന്നവനും ആരായലിന്റെ വിഷയവും ഒന്നുതന്നെ ആയിരിക്കുന്നതാണ്‌ ഇവിടെ പ്രശ്നം. സാരമില്ല, കാരണം, ഈ വഴിയിലുണ്ടാകുന്ന ഏറ്റവും ചെറിയ തിരിച്ചറിവുപോലും ഈ ഏകത്വം കാരണം വലിയ അനുഗ്രഹമാവും. എങ്ങനെയെന്ന്‌ നോക്കാം.
    വെള്ളം തെളിഞ്ഞാലേ കുളത്തിന്റെ അടി കാണാനാവൂ. കാണാൻവേണ്ടി ഇറങ്ങിയാൽ കുളം കലങ്ങുകയും ചെയ്യും! കുളത്തിലിറങ്ങാതെ കാര്യം കാണാൻ ഉപായം നേടിയേ തീരു. സംശയം വേണ്ട,വെള്ളം ഉണ്ടെങ്കിലല്ലേ കലക്കും കാഴ്ചയ്ക്കും തടസ്സവും വരൂ? മുഴുവൻ വെള്ളവും നീക്കിക്കളഞ്ഞാലോ? ഉറവെടുക്കുന്ന മുറയ്ക്ക്‌ നിവാരണം സ്ഥിരമാക്കുകകൂടി വേണം-നിരീക്ഷണപഠനം കഴിയുവോളം.
    ഇതു സാധ്യമാണോ എന്നു സംശയം തോന്നാം. സാധ്യമാണ്‌. മാത്രമല്ല, ഇതേ സാധ്യമാകൂ. കുളത്തിലേക്ക്‌ ഉറഞ്ഞുവരാവുന്ന വെള്ളമത്രയും ഒന്നിച്ചു വരില്ല എന്ന പോലെ മനസ്സിലും എല്ലാ ഓർമ്മകളും ഒരുമിച്ചുയിർക്കില്ല, നിൽക്കുകയുമില്ല. സൂക്ഷ്മമായി നോക്കിയാലറിയാം, ഒരു നിമിഷത്തിൽ ഒരേ ഒരു കാര്യമേ ഓർക്കാൻ പറ്റൂ. ഓർമ്മകൾ ചലച്ചിത്രമായി ഓടിയോടി വരുന്നതുകൊണ്ട്‌ നാമിത്‌ അറിയാറില്ല. അതായത്‌, പരിശ്രമംകൊണ്ട്‌ രാവണനെപ്പോലെ ദശാവധാനത-പത്തു കാര്യം ഒരേ സമയം ശ്രദ്ധിക്കാനുള്ള കഴിവ്‌-നേടിയാൽപ്പോലും ഓർക്കാൻ ഓർമ്മിപ്പിക്കുന്നവനെ, ഉണർത്തിയിരുത്തുന്നവനെ, മറക്കാനാനുവദിക്കാതെ സൂക്ഷിക്കുന്നവനെ. മറക്കാനനുവദിക്കാതെ സൂക്ഷിക്കുന്നവനെ. തന്റെ ചുമതലയെപ്പറ്റി ഓർമ്മിപ്പിക്കുന്നവനെ...ശിവ ശിവ! ആയിരം തിര നിറച്ച്‌ ഉള്ളിലിരിക്കുന്ന ഉണ്ണിയെ ഓർമ്മയുടെ നിറവുകൊണ്ട്‌ കണ്ടുകിട്ടില്ല.
    എതിർദിശയിലെ വഴിനോക്കാം. ഒന്നും ഓർമ്മിക്കാതെ ഒരു നിമിഷം ഇരിക്കാമെങ്കിൽ, ഓർമ്മിപ്പിക്കാൻ നിരന്തരം ഉണർന്നിരിക്കുന്ന ആളെ മുഖാമുഖം കാണാം! തുടർന്ന്‌ അയാളെ കർത്തവ്യനിരതനാക്കാൻ ബാധ്യസ്ഥനായ ആളെയും ശ്രമിച്ചാൽ കാണാം. പരിശ്രമം ഊർജ്ജിതമാക്കുന്നതോടെ അകത്തേയ്ക്കകത്തേയ്ക്കു നോട്ടമെത്തും. അവസാനം നോക്കുന്ന ആളും നോക്കപ്പെടുന്ന ആളും ഒന്നു തന്നെയെന്ന്‌ തിരിച്ചറിയും!
    പരിപൂർണ്ണമായ മറവിയാണ്‌ തികഞ്ഞ തിരിച്ചറിവിന്റെ നിബന്ധന. കടന്നുവരുന്ന ഓർമ്മകളെയെല്ലാം തടയുക. നല്ല ഉറപ്പുള്ള കിണർ വറ്റിക്കുന്നത്ര പ്രയാസമാണ്‌ പണി. എങ്കിലും നിത്യത്തൊഴിൽ ആനയെയും എടുക്കുമല്ലോ!
    ~ഒന്നും ഓർമ്മയില്ലായ്മയാണ്‌ തിരിച്ചറിവിന്റെ പാതയെങ്കിൽ മറവിരോഗം പരംകാഷ്ടയിലെത്തിവരല്ലേ എല്ലാം തിരിച്ചറിയുന്നവർ? അല്ല. കാരണം, ഓർമ്മയില്ലായ്മ മാത്രം പോരാ, ഓർമ്മയില്ല എന്ന ഓർമ്മ ഉണ്ടായിരിക്കുകകൂടി വേണം!
    ഓർമ്മകളെയെല്ലാം കൈയൊഴിഞ്ഞാൽ പിന്നെ നിത്യജീവിതമോ എന്നാണെങ്കിൽ, ഓർമ്മകളെ സ്ഥിരമായി തിരസ്കരിക്കാനല്ല, പൂർണ്ണമായും വരുതിയിൽ നിർത്താനുള്ള കഴിവ്‌ ആർജ്ജിക്കലാണ്‌ യോഗവിദ്യയുടെ ലക്ഷ്യം. മറക്കാൻ കഴിയുന്നവന്‌ സങ്കടങ്ങൾ ഇല്ല! കുടിപ്പകയില്ല, അപകർഷതയില്ല, ആത്മഹത്യാ പ്രവണതയില്ല, അത്രയുമല്ല, വേണ്ടത്‌ വേണ്ട സമയത്ത്‌ ഓർമ്മ വരാതിരിക്കയോ അക്കാര്യം അനവസരത്തിൽ ഓർമ്മയിൽ അരങ്ങേറുകയോ ഇല്ല. ഓർമ്മത്തെളിമ അത്യപൂർവമായ കർമ്മശേഷി തരും.
    പഠിച്ചതൊക്കെ മറന്നാലേ പുതുതായി എന്തെങ്കിലും കണ്ടെത്തനാവൂ എന്ന്‌ സർഗവൃത്തിയിൽ ഏർപ്പെടുന്ന എല്ലാവർക്കും അറിയാം. 'UNLEARN' എന്നാണ്‌ ആദ്യപാഠം. ഈ മറവിയാകട്ടെ, ഉപേക്ഷയല്ല; നിർത്തേണ്ടതിനെ നിർത്തേണ്ടിടത്ത്‌ നിർത്തുന്നു, അത്രതന്നെ.
    പഠിക്കണമെങ്കിൽ മറക്കണം. അതിനാൽ ഈ ലോകത്ത്‌ സമ്പാദിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട പഠിത്തം എല്ലാമെല്ലാം മറക്കാനുള്ള പഠിത്തമാണെന്ന്‌ എപ്പോഴും ഓർക്കുക!

19 Oct 2014

'വിടുകൃതി' ആയിക്കിട്ടാൻ...


സി.രാധാകൃഷ്ണൻ

ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത്‌ കുടുംബസുഹൃത്തും കോൺഗ്രസ്‌ നേതാവുമായ ടി.ഗോപാലക്കുറുപ്പിനോട്‌ ഒരു പെണ്ണാരുത്തി കൂടെക്കൂടെ വന്ന്‌ കരഞ്ഞു പറയുമായിരുന്നു. അവർക്ക്‌ ഒരു ആണൊരുത്തനിൽനിന്ന്‌ വിടുകൃതിയാക്കിക്കൊടുക്കാൻ.
    നാടിന്‌ സ്വാതന്ത്രം നേടിയെടുക്കാൻ ശ്രമിക്കുന്ന ആളായതിനാൽ മൂപ്പരോടപേക്ഷിച്ചാൽ ഇയാളിൽനിന്നു സ്വാതന്ത്ര്യം ഏർപ്പാടാക്കിക്കിട്ടുമെന്ന്‌ ആരോ പറഞ്ഞുപിടിപ്പിച്ചതാണുപോൽ. ആ പെണ്ണൊരുത്തിയുടെ മനസ്സിൽ മാത്രമായിരുന്നു വാസ്തവത്തിൽ പ്രശ്നം. അഥവാ, ആ ആണൊരുത്തൻ  യാതൊരുവിധത്തിലും കുറ്റക്കാരനല്ല എന്നതായിരുന്നു ഈ കേസിന്റെ സവിശേഷത. സ്വന്തം മനസ്സിൽ സ്വയം പ്രതിഷ്ഠിച്ച ആളിൽനിന്നുള്ള മോചനമായിരുന്നു ആ സ്ത്രീയുടെ ആവശ്യം! മറന്നുകളഞ്ഞാൽ മതി എന്ന്‌ എല്ലാവരും പറഞ്ഞു. പക്ഷെ, സാധിക്കണ്ടെ!
    സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഓർക്കുമ്പോഴെല്ലാം ഈ പുരാവൃത്തം എന്റെ ഉള്ളിലുദിക്കാറുണ്ട്‌. എന്താണ്‌ യഥാർത്ഥത്തിൽ സ്വാതന്ത്ര്യം എന്ന ചോദ്യത്തിന്‌ തൃപ്തികരമായ ഉത്തരം നൽകാൻ ഇതിനു കഴിയുന്നു. അൽപ്പസ്വൽപം ശയൻസും ഫിലോസഫിയുമൊക്കെ പഠിച്ച്‌ വീണ്ടും വീണ്ടും ആലോചിച്ചപ്പോഴും സ്വാതന്ത്ര്യത്തിന്‌ നിർവചനം തരാൻ ഈ കഥ മതിയാവുന്നുമുണ്ട്‌.
    ഒഴിച്ചുകൂടാനാവാത്ത കുറെ അസ്വാതന്ത്ര്യങ്ങൾ ജീവികൾക്കെല്ലാമുണ്ടല്ലോ. പ്രകൃതിനിയമങ്ങൾ നമുക്കേർപ്പെടുത്തുന്ന ബന്ധനങ്ങൾ ഉദാഹരണം. സമയം, പരിണാമം, സ്ഥലം എന്നിവയുടെ ബന്ധനങ്ങൾ അനിവാര്യങ്ങൾ. സദാസമയവും മാറിക്കൊണ്ടിരിക്കുന്ന അനേകായിരം ഭൗതികബലങ്ങൾക്ക്‌ എല്ലാവരും അടിമപ്പെട്ടിരിക്കുന്നു. ഈ ബലങ്ങളുടെയെല്ലാം എണ്ണമോ വണ്ണമോ പ്രകൃതമോ പൂർണ്ണമായി അറിയാൻ ഒരിക്കലും സാധ്യമല്ലാത്തതിനാൽ എന്നുമെപ്പോഴും ഭാവി, ഇഷ്ടപ്പടി സ്വയം നിശ്ചയിക്കാൻ ഇടതരാതെ, എവർക്കും അനിശ്ചിതമായി ഭവിക്കുന്നു.
    ഒരർത്ഥത്തിൽ എല്ലാമെല്ലാം മുൻനിശ്ചയമാണ്‌ എന്നതുതന്നെയാണ്‌ വാസ്തവം. പ്രപഞ്ചസൃഷ്ടിയുടെ ആരംഭത്തിൽ എല്ലാ ഗതിവിഗതികളും നിശ്ചിതമായിത്തീരുന്നു. ആ നിശ്ചയം തന്നെ അതിനു മുമ്പെ കഴിഞ്ഞ സൃഷ്ടിസ്ഥിതിലയങ്ങളുടെ തുടർച്ചയായതിനാൽ യഥാർത്ഥ ആരംഭം അതിനുമപ്പുറത്തുമാണ്‌. വിധിവിഹിതമാർക്കുമേ ലംഘിച്ചുകൂടെന്ന്‌ ഭാഷാപിതാവ്‌ പറയുന്നത്‌ ഇതിനാലാണ്‌.
    എന്നാലോ, ആരെന്തു ചെയ്താലും വിധിവിഹിതമേ നടക്കൂ എന്ന ധാരണ, ഒന്നിനെപ്പറ്റിയും അധികമൊന്നും പരിഭ്രമിക്കാനില്ല എന്ന ആശ്വാസമെന്നതിലേറെ എന്തു ചെയ്തിട്ടും ഒരു കാര്യവുമില്ല എന്ന ആത്മനാശകരമായ ഉപേക്ഷയിലേക്കാണ്‌ നമ്മെ നയിച്ചതു. അങ്ങനെയാണ്‌ ഈ നാട്‌, കഷ്ടമെന്നു പറയാം. ആയിരത്താണ്ടുകൾ കൂരിരുളിൽ ഉറങ്ങിക്കഴിച്ചതു.
    മനുഷ്യജീവിതത്തിന്റെ സാമാന്യമായ നടപ്പുവശം കുറച്ചൊന്നു പരിശോധിച്ചാൽ ഈ ആലസ്യം അപ്പാടെ നീങ്ങിപ്പോവും. ഉദാഹരണത്തിന്‌, നാമൊരു നാൽക്കൂട്ടപ്പെരുവഴിയിൽ എത്തുന്നു എന്നും ഏതു വഴി പോകണമെന്നറിയില്ലെന്നും കരുതുക. ചോദിക്കാൻ ആരെയും കാണുന്നുമില്ല. ഏറെ ആലോചിച്ചും അവസാനം നാലും കൽപ്പിച്ചും നാം ഒരു വഴി തെരഞ്ഞെടുക്കുന്നു. ആ വഴിയെ മാത്രമെ നാമപ്പോൾ പോകൂ എന്നു മുൻപെതന്നെ വിധിനിശ്ചയം ഉണ്ടായിരുന്നതായി കരുതാവുന്നതേ ഉള്ളൂ. അതേസമയം, ഏതുവഴി തെരഞ്ഞെടുക്കാനും നമുക്ക്‌ സ്വാതന്ത്ര്യമുണ്ടായിരുന്നു. നാം ഏതു വഴി തെരഞ്ഞെടുത്തു എന്നത്‌ നമ്മെയും ഈ മഹാപ്രപഞ്ചത്തെയും ഒരുപോലെ ബാധിക്കുന്ന കാര്യമാണ്‌. ഉള്ള അറിവും മുൻപരിചയവും വച്ച്‌ കഴിയുന്നത്ര ആലോചിച്ച്‌ നാം വിവേകപൂർവം ഒരു തീരുമാനത്തിൽ എത്തുന്നുവേങ്കിൽ ശരി. അല്ല, ഏതെങ്കിലും നൈമിഷകമോ ശീലക്കേടു കൊണ്ടുണ്ടാകുന്നതൊ ആയ കാരണത്താലാണ്‌ നാം ഒരു വഴി തെരഞ്ഞെടുക്കുന്നതെങ്കിലോ? മഹാപ്രപഞ്ചത്തിന്റെ പോക്കിൽ അപ്പോഴും ഒന്നും പിഴയ്ക്കില്ല എങ്കിലും നമ്മുടെ കാര്യം അവതാളത്തിലാവും!
    ഇത്രയും വരുമ്പോൾ രണ്ടു വസ്തുതകൾ നമുക്കു വെളിപ്പെട്ടുകിട്ടുന്നു. ഒന്ന്‌, എനിക്കു സ്വാതന്ത്ര്യമുണ്ട്‌ എന്നു ഞാൻ കരുതുമ്പോഴെ എനിക്കതുള്ളു! ഉറച്ചു കരുതിയാൽ അത്‌ ഏതു പരിതസ്ഥിതിയിലും ഉണ്ടുതാനും! രണ്ട്‌, യഥാർത്ഥമായ സന്തോഷത്തിന്റെ വഴിയിൽ കണ്ണുനട്ടു വേണം സ്വാതന്ത്ര്യം ഉപയോഗിക്കാൻ. അതായത്‌, സ്വാതന്ത്ര്യത്തിന്റെ ശരിയായ ഉപയോഗത്തിലാണ്‌ സ്വാതന്ത്ര്യം നിലനിൽക്കുന്നതിനുള്ള ഗ്യാരണ്ടി വേരുറപ്പിക്കുന്നത്‌.
    അന്തിക്ക്‌ നടുറോഡിൽ നട്ടം തിരിയുന്ന ലഹരിയടിമയെ ശ്രദ്ധിക്കുക. ബാറിലേക്കോ, മയക്കുമരുന്നുകേന്ദ്രത്തിലേക്കോ
, അതിലും മോശമായ മറ്റിടങ്ങളിലേക്കോ, എവിടേക്കും പോകാതിരിക്കാനുള്ള സ്വാതന്ത്ര്യം അയാൾക്കുണ്ട്‌. ലഹരിയുടെ നീരാളിപ്പിടി ആ സ്വാതന്ത്ര്യത്തെ കാര്യമായി കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, അയാൾ അപ്പോഴും ഉള്ളിന്റെ ഉള്ളിൽ ആ കെട്ടുപാടിൽനിന്ന്‌ മോചനം ആഗ്രഹിക്കുന്നുണ്ടാകാം. ഓരോ തവണ ഈ ആഗ്രഹത്തെ ദുശ്ശീലത്തിന്റെ നീരാളിപ്പിടി തോൽപ്പിക്കുമ്പോഴും അയാളുടെ സ്വാതന്ത്ര്യം അത്രകൂടി നഷ്ടമാകുന്നു. ക്രമേണ അടിമത്തം പൂർണ്ണമാവുകയും ചെയ്യുന്നു.
    ശരിയല്ല എന്നു മനസ്സു പറയുന്ന ഏതു പ്രവൃത്തിയും ചെയ്യുന്ന ആരുടെയും യഥാർത്ഥ സന്തോഷം പടിപടിയായി നഷ്ടമായിക്കൊണ്ടിരിക്കും. നൈമിഷികമായ ഇന്ദ്രിയസുഖവും മനോസുഖവും ഉണ്ടായെന്നു വരാം. അത്‌ അടിമത്തത്തിന്‌ വേരു പിടിക്കാൻ മാത്രമെ ഉതകൂ. യഥാർത്ഥ സുഖത്തിന്റെ പേര്‌ യഥാർത്ഥസ്വതന്ത്രത എന്നുതന്നെ!
    ചുരുക്കത്തിൽ, നല്ലതെന്തെന്നു വിവേചിച്ചറിഞ്ഞ്‌ അത്‌ ചെയ്യാനാണ്‌ സ്വാതന്ത്ര്യം ഉപയോഗിക്കേണ്ടത്‌. അല്ലെങ്കിൽ, സ്വാതന്ത്ര്യം ചീഞ്ഞുപോകും! നമ്മുടെ സ്വാതന്ത്ര്യത്തെ പ്രധാനമായും ഹനിക്കുന്ന രണ്ടു രാക്ഷസരെ ഗീത പരിചയപ്പെടുത്തുന്നു- കാമവും ക്രോധവും. രണ്ടാമത്തേത്‌ ആദ്യത്തേതിന്റെ ഉൽപ്പന്നമായതിനാൽ യഥാർത്ഥകക്ഷി കാമം തന്നെ. ഞാൻ വേറെയാണ്‌; എനിക്കുമാത്രം വേണം എന്ന വിചാരമാണ്‌ കാമം. അതിനാൽ ആകൃഷ്ടനാകരുത്‌, ആ കനി തിന്നരുത്‌. എന്നാണ്‌ വിവേകത്തിന്റെ കൽപ്പന. ഒരിക്കൽ വഴങ്ങിക്കൊടുത്താൽ അത്‌ നമ്മെ പായ്ത്തോണിയെ കാറ്റെന്ന പോലെ ബലമായി അതിന്റെ വഴിയെ കൊണ്ടുപോകും.
    മറിച്ചാണെങ്കിൽ, ഓരോ തവണ ഈ പഹയനെവകവയ്ക്കാതെ തീരുമാനമെടുക്കുമ്പോഴും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ആഴവും വർധിക്കും. അങ്ങനെവളർന്ന്‌ അത്‌ എത്രത്തോളം എത്തുന്നുവോ ജീവിതം അത്രത്തോളം കൂടുതൽ സുഖസമൃദ്ധമാവും, പ്രസാദം നിലനിൽക്കും. ചിദാനന്ദത്തിന്റെ അമൃതവർഷമാണ്‌ ഈ ദിശയിലുള്ള യാത്രയുടെ ഫലശ്രുതി.   
    സ്നേഹമാണ്‌ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്ര. കാമം സ്വാർഥമാകയാലും യഥാർഥ സ്നേഹം സ്വാർത്ഥത്തിന്‌ കടകവിരുദ്ധമാകയാലും, കാമിക്കുന്നവന്‌ സ്നേഹിക്കാൻ പറ്റില്ല. കാമവും സ്നേഹവും ഇരുളും വെളിച്ചവുംപോലെയാണ്‌. ഇതേസമയം, പരിപൂർണ്ണസ്നേഹമാണ്‌ പരിപൂർണ്ണസ്വാതന്ത്ര്യത്തിന്റെ അനുഭവളക്ഷണം. പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമാകുന്നത്‌ അത്‌ സ്നേഹശൂന്യതയുടെ പരമകാഷ്ഠയായതിനാൽതന്നെ. ഒട്ടും മടിക്കേണ്ട, നമ്മെ അടിമപ്പെടുത്തുന്ന എല്ലാറ്റിൽനിന്നും വിടുകൃതി നേടുക. ജീവിതത്തെ ഫലപ്രദമായി ഉപയോഗിക്കാൻ കുറുക്കുവഴികളില്ല. ഞാൻ എന്ന ഭാവം ഉപേക്ഷിക്കുകയെന്ന വഴിയേയുള്ളൂ.
    ആരാന്റമ്മയ്ക്ക്‌ ഭ്രാന്തായാൽ കാണാൻ നല്ല രസം എന്നു ചിരിച്ച പൂർവകാലമനീഷി താൻ ഈ പറഞ്ഞതുകൊണ്ടുദ്ദേശിച്ചതു. അവരുടെ കോപ്രായം കണ്ടു രസിച്ചോളുക എന്നല്ല, ആശ്വസിപ്പിക്കാണോ അറുതിവരുത്താണോ കഴിഞ്ഞില്ലെന്നാലും കണ്ടു രസിച്ചു ചിരിക്കരുത്‌ എന്നാണ്‌. കാരണം, പരദുഃഖം കണ്ട്‌ ചിരിക്കാതിരിക്കുന്നതാണ്‌ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി. അന്യദുഃഖം സ്വന്തമായി തോന്നാത്തവന്‌ തന്റെ ദുഃഖങ്ങളിൽനിന്ന്‌ മോചനമില്ല. അന്യത്വം അനുഭവ ലോകത്തിന്റെ വ്യാപ്തി ചുരുക്കി നമ്മെ തടവിലാക്കുന്നു. ചുവരുകളില്ലാതെയുള്ള ഈ തടവിൽനിന്നു പുറത്തു കടക്കാൻ എളുപ്പവുമല്ല.
    ഇന്ദ്രിയനിഗ്രഹമുള്ള പുരുഷന്‌ സൗഖ്യങ്ങളെല്ലാം വന്നുകൂടും എന്നുകൂടി ഭാഷാപിതാവ്‌ പറഞ്ഞുതരുന്നുണ്ട്‌. അതിനാൽ ആത്മനിയന്ത്രണം ശീലിക്കാനുതകുന്ന വിദ്യാഭ്യാസം ഏവരും ആവശ്യം ശീലിക്കണമെന്നും താൽപര്യപ്പെടുന്നു.
    ജീവലോകത്തെ നോക്കുക. മറ്റു ജീവികൾക്കൊന്നും അവയുടെ അസ്വാതന്ത്ര്യങ്ങളിൽ നിന്ന്‌ മോചനം നേടാൻ വഴിയൊന്നുമില്ല. ജീവപരിണാമം, അസ്വാതന്ത്ര്യക്കൂടുതലിലൂടെ പുരോഗമിച്ച്‌, അവസാനം, തലച്ചോറിന്‌ മുൻദളങ്ങളും അതുവഴി ഭാവനയ്ക്കുപായവുമുള്ള, മനുഷ്യനിൽ എത്തുമ്പോൾ തന്റെ അസ്തിത്വം പ്രപഞ്ചത്തോളം വലുതായിക്കണ്ട്‌ എല്ലാ അളവിലും തരത്തിലുമുള്ള അസ്വാതന്ത്ര്യങ്ങളിൽനിന്നും ഒറ്റയടിക്ക്‌ മോചനം സാധ്യമാവുന്നു! ഒന്നേ വേണ്ടു-സ്ഥിതപ്രജ്ഞനാവുക, എന്നുവച്ചാൽ ബുദ്ധിയുറച്ചുകിട്ടുക!

19 Jul 2014

ഏറെച്ചിത്രം...



സി.രാധാകൃഷ്ണൻ

എത്ര കട്ടിയുള്ള കടലാസിലായാലും ഏറെ തവണ വരച്ചും മായ്ച്ചുമാണ്‌ രചനയെങ്കിൽ ചിത്രം മുഴുവനാകുകയല്ല, കടലാസ്‌ ഓട്ടപ്പെടുകയാവും ഫലം. ഏറെച്ചിത്രം ഓട്ടപ്പെടുമെന്ന പഴമൊഴി കൂടുതൽ ബാധകമാവുക ചിന്തയ്ക്കാണ്‌. തിരിച്ചും മറിച്ചും ആലോചിച്ചു തല പുകച്ചാൽ തീരുമാനം ഉണ്ടാകാതിരിക്കയും, ഉണ്ടായാലും പിഴയ്ക്കാൻ ഇടയാവുകയും ചെയ്യും. എന്നാൽ, ഒട്ടും ആലോചിക്കാതെ തീരുമാനമെടുത്താലോ? മിക്കവാറും അവിവേകവുമാവും!
    ആലോചിക്കുന്നത്‌ നമ്മെപ്പറ്റിയായാലും മറ്റുള്ളവരുടെ കാര്യമായാലും ഇതു ശരിയാണ്‌. കൊലക്കുറ്റത്തിന്‌ വിചാരണ ചെയ്യപ്പെടുന്ന ഒരു നിരപരാധി, ആ വിചാരണ അവസാനമില്ലാതെ നീണ്ടുപോയപ്പോൾ, ന്യായാധിപനോടു പറഞ്ഞത്രെ-ഒന്നുല്‌ തൂക്കാൻ വിധിക്ക്‌, തമ്പ്രാ! അല്ലേല്‌ അടിയന്‌ ചെത്താൻ പോണം! മക്കള്‌ പട്ടിണീലാ!
    എപ്പോഴാണ്‌ ആലോചന ആവശ്യത്തിന്റെ പരിധി കടന്ന്‌ നമുക്കോ മറ്റുള്ളവർക്കോ ഇരുകൂട്ടർക്കും  ഒരുമിച്ചോ ഗുണത്തിലേറെ ദോഷം ചെയ്യുക? ആ അതിർത്തി എങ്ങനെ കണ്ടുപിടിക്കാം? നിമിഷാർദ്ധത്തിൽ എടുക്കേണ്ട തീരുമാനങ്ങളുടെ കാര്യത്തിൽ ഇത്തരം ചിന്തയ്ക്ക്‌ സാവകാശം കിട്ടില്ല. വിമാനത്തിന്റെ കോക്പിറ്റിൽ ഇരിക്കുന്ന പെയിലറ്റിന്‌ സന്നിഗ്ദ്ധാവസ്ഥകളിൽ ആലോചിച്ചിരിക്കാൻ അര നിമിഷംപോലും കിട്ടാതെ വരാം. ചില സന്ദർഭങ്ങളിൽ ഒരു ഡോക്ടർ എടുക്കുന്ന തീരുമാനവും പൊടുന്നനെ വേണ്ടിവരാം.
    പക്ഷെ, ഇത്തരത്തിൽ അല്ലാതെയുള്ള സാഹചര്യങ്ങളിൽ ചിന്താകുലത ഒഴിവാക്കാൻ ശീലിച്ചാൽ ഏത്‌ അടിയന്തിരാവസ്ഥയിലും ഉടനടി ശരിയായ തീരുമാനം കൈക്കൊള്ളാൻ ആവശ്യമായ കഴിവ്‌ താനെ വികസിച്ചുവരും. ഒന്നേ ഓർക്കാനുള്ളു- സംശയാത്മാ വിനശൃതി!
    സംശയം എന്തിന്റെ ഫലമാണ്‌? ഒരു സംശയവും വേണ്ട, അറിവില്ലായ്മയുടെ! ഈ അറിവില്ലായ്മയുടെ ഉടവിടം എന്താണ്‌? തെറ്റായ യാഥാർത്ഥ്യബോധം. സ്ഥലജലഭ്രാന്തി, മരീചിക, കയർ പാമ്പാകുന്ന അനുഭവം എന്നിവ ഉദാഹരണം. പ്രത്യക്ഷ യാഥാർത്ഥ്യത്തെ പരമയാഥാർത്ഥ്യമെന്ന്‌ കരുതാനിടവരികയോ അക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഒക്കാതെ വരികയോ ചെയ്താൽ സംശയം ഫലം. തീരുമാനിക്കാൻ വൈകിയാൽ പാമ്പു കടിച്ചെന്നിരിക്കും. മണ്ടത്തരം കണ്ടു പാഞ്ചാലി ചിരിച്ചെന്നും ഒരു ഭാരതയുദ്ധംതന്നെ അനിവാര്യമായെന്നും വരാം!
    എന്നാൽ, പ്രപഞ്ചത്തിന്റെ ആത്യന്തികമായ ഉണ്മ അവിനാശിയും അവ്യയവും ആകയാലും ഈ  ഞാനും സത്യത്തിൽ അതുതന്നെ ആകയാലും എന്നിലെ സത്യവസ്തുവിന്‌ ഒന്നും പ്രശ്നമല്ല എന്ന ഉറപ്പുണ്ടായാൽ പിന്നെ സംശയലേശവും ശേഷിക്കില്ല. അങ്ങനെ ചെയ്താൽ ഇങ്ങനെ ആയാലോ, ഇങ്ങനെ ചെയ്താൽ അങ്ങനെ ആയാലോ എന്ന പേടിയേ പിന്നെ ഉണ്ടാവില്ല. നശ്വരപ്രപഞ്ചത്തിനും അതിനു പിന്നിലെ അനശ്വരമാധ്യമത്തിനും അതിനും നിദാനമായ അക്ഷരാതീതത്തിനും ആ ക്രമത്തിൽ കൂടിക്കൂടി വരുന്ന പ്രാധാന്യം അനുവദിച്ചാൽ എവിടെ പിഴച്ചാലും ആത്യന്തികമായി പിഴയ്ക്കുന്നില്ല എന്ന ഉറപ്പുകിട്ടും. എന്നുവച്ചാൽ സംശയം അവസാനിക്കുന്നു. വിഷാദയോഗം വിഷാദരോഗമാകാതെ ഒഴിഞ്ഞുപോകുന്നു. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ വരും വരായ്കകളെപ്പറ്റി നമുക്കുള്ള ആശങ്കയാണ്‌ സംശയത്തിന്‌ അടിത്തറ. വൈകാരികബന്ധങ്ങളാണ്‌ ഈ ആശങ്കകൾ മുളപ്പിച്ചു പെരുപ്പിക്കുന്നത്‌. ഇവ അകമെ പെരുകുമ്പോൾ എത്ര ആലോചിച്ചാലും എങ്ങുമെത്തില്ല എന്നു മാത്രമല്ല, കൂടുതൽ കുഴപ്പത്തിൽ കലാശിക്കുകയും ചെയ്യും. കമ്പ്യൂട്ടർ വൈറസ്സിന്റെ പൊതുസ്വഭാവം തന്നെയാണ്‌ ഇതിനുമുള്ളത്‌. ഓരോ തവണയും നാം നമ്മുടെ ചിന്താമണ്ഡലം റീ ഓപ്പൺ ചെയ്ത്‌ പ്രശ്നപരിഹാരത്തിനു ശ്രമിക്കുമ്പോഴും വൈറസ്സ്‌ അത്രയ്ക്കത്രയ്ക്ക്‌ പടരുന്നു! ക്രമേണ നമ്മുടെ വിലയേറിയ കമ്പ്യൂട്ടർ പ്രവർത്തനക്ഷമമല്ലാതാവുകയും അതിലെ അറിവും ആലോചനയും കൂടിക്കുഴഞ്ഞ്‌ തകിടംമറിഞ്ഞ്‌ ഭ്രാന്ത്‌ എന്ന അവസ്ഥയിലാവുകയും ചെയ്യുന്നു.
    ഒരു തീരുമാനവും എടുക്കാനാവാതെ മനസ്സിൽ ഇരുവശത്തേക്കുമെന്നല്ല നാനാവശങ്ങളിലേക്കും പിടിവലി നടന്നാൽ ഉള്ളം പിച്ചിക്കീറിപ്പോവും. എടുക്കാവുന്ന ഓരോ തീരുമാനവും അനിഷ്ടകരമായാൽ മഹാകഷ്ടംതന്നെ. വഴക്കിടുന്ന അച്ഛനമ്മമാരുടെ കുട്ടികളുടെ മനസ്സുതന്നെ നോക്കൂ. താൻ സ്നേഹിക്കുന്ന അവർ ഇരുവരെയും കുട്ടിക്ക്‌ ഒപ്പം ഇഷ്ടമാണ്‌. ഏതെങ്കിലുമൊരാളെ കൈയൊഴിയണം. എന്നുവന്നാൽ ആരെ? ഹൃദയഭേദകമാണ്‌ ആ അവസ്ഥ. ഇനി, നിർബന്ധത്തിനോ നിയമത്തിനോ വഴങ്ങി ഒരു വശം ചേർന്നാലോ, അതിന്റെ ദുഃഖവും കുറ്റബോധവും ഒഴിയാബാധകളുമാവും. ഇങ്ങനെയുള്ള കുട്ടികൾക്ക്‌ ജീവിതത്തിലൊരിക്കലും ഒരു ശരിയായ തീരുമാനവും എടുക്കാൻ കഴിവില്ലാതെ വന്നാൽ അത്ഭുതമെന്തിന്‌?
    അപ്രധാനമായതിനെ കൈയൊഴിയാൻ കഴിയാത്തത്താണ്‌ തീരുമാനമെടുക്കാൻ സാധിക്കാതെ വരുന്നതിനു കാരണം. അമ്മാത്തു നിന്ന്‌ പോകാനും വയ്യ. ഇല്ലത്തെത്തുകയും വേണം എന്നായാൽ നടുവഴിയിൽ നട്ടംതിരിയുകതന്നെ ഫലം. സംശയക്കുന്തോറും തെറ്റായ തീരുമാനം എടുക്കാനാണ്‌ സാധ്യത എന്ന വിശേഷവുമുണ്ട്‌. അൽപ്പം മദ്യപിക്കണൊ വേണ്ടയോ എന്ന സംശയമേ ഉണ്ടാകരുതാത്തത്താണെന്നാലും പലർക്കും ഇതുണ്ടായിപ്പോകുന്നു. ഇനി മദ്യപിക്കില്ല എന്നൊരു തീരുമാനം തലേന്നാൾ രാത്രി കൈക്കൊള്ളുകയും മക്കളെപ്പിടിച്ച്‌ ഭാര്യയോട്‌ സത്യം ചെയ്യുകവരെയും ഉണ്ടായിട്ടുമുണ്ട്‌ എന്നുകൂടി ഇരിക്കട്ടെ. അപ്പോഴാണ്‌ ബാറിന്റെ മുന്നിൽ എത്തിപ്പെടുന്നത്‌. അവിടെ നിൽക്കുന്നു, ചിന്തിക്കാൻ തുടങ്ങുന്നു - നല്ലപോലെ ആലോചിച്ച്‌ തീരുമാനിക്കാം, വേണോ വേണ്ടയോ? വേണ്ട എന്നതാണ്‌ ശരി. പക്ഷെ, ഇത്രകാലവും കുടിച്ചിട്ട്‌ ഒരു ചുക്കും സംഭവിച്ചില്ല എന്നിരിക്കെ ഇന്നുകൂടി ആയാൽ ഒരു തകരാറുമില്ല!...എന്നാലും, മക്കൾ!... ഓ, അതൊക്കെ വെറും അന്ധവിശ്വാസം!... എന്തൊക്കെയായാലും, ഞാനൊരു ആണല്ലേ, പറഞ്ഞ വാക്കിന്‌ വില വേണ്ടേ?...
    തീരുമാനമാകാതെ അങ്ങനെ നിൽക്കെ ബാറിലെ കറികളുടെയും ചാരായത്തിന്റെയും പരിചിതഗന്ധവും ഒരു ഗ്ലാസ്മേറ്റിന്റെ വരവും സംശയാലുവിനെ വീണ്ടും ആ പഴയ താവളത്തിലേക്കുതന്നെ കൈപിടിച്ചു കയറ്റുന്നു. ഈ പിഴച്ച തീരുമാനത്തിന്റെ കുറ്റബോധം തലയിൽ കനംതൂങ്ങുന്നതിനു പരിഹാരമായി നാലു പേഗ്ഗ്‌ കൂടുതൽ സേവിക്കുന്നു!
    ചിത്തവൃത്തിയെ നിയന്ത്രിക്കാതെ സംശയം നീങ്ങിക്കിട്ടില്ല. എത്ര വശ്യവും ആകർഷകവുമായ ഒരു കാര്യം മുന്നിൽ വന്നുപെട്ടാലും, വേണ്ട എന്നു നിശ്ചയിക്കാൻ ഒക്കണമെങ്കിൽ മറിച്ചാണ്‌ ശരി എന്നു ശഠിക്കുന്ന വൈകാരികസമ്മർദ്ദങ്ങളെ അതിജീവിക്കാൻ പറ്റണം. ഇതിനു കഴിയാഞ്ഞാണ്‌ ലഹരിയടിമകളും ചൂതുകളിക്കാരും കുതിരപ്പന്തയക്കാരും മുടിയുന്നത്‌. ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ പിച്ചക്കാരും സവാരി പോയേനെ എന്ന്‌ ഷേക്സ്പിയർ പറഞ്ഞത്‌, ധർമ്മപുത്രരായാലും കുതിരപ്പന്തയത്തിനു പോയാൽ ഭാര്യയെവരെ പണയം വച്ചും കളിക്കാൻ തീരുമാനിച്ചേക്കാം എന്നറിഞ്ഞും ചൂണ്ടിക്കാണിച്ചു കൊണ്ടുമാണ്‌.
    ജീവിതം എന്ന മനോഹരമായ ചിത്രം ഓട്ടപ്പെടാതിരിക്കാൻ ഒരു വഴിയേയുള്ളു-ശരിയായ തീരുമാനങ്ങൾ പെട്ടെന്നെടുക്കുക. എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുക, എന്നിട്ട്‌ വരുന്നതെല്ലാം അപേക്ഷിച്ചു വാങ്ങിയതാണെന്നും നഷ്ടമാകുന്നതെല്ലാം ത്യജിച്ചതാണെന്നും കരുതുക. ഈ ധർമ്മം ആർ ആചരിക്കുന്നുവോ അയാൾക്കേ ജയമുള്ളു!

27 Jun 2014

മരമണ്ടന്മാർ നമ്മൾ!


സി.രാധാകൃഷ്ണൻ

വെറുതെ ഇരിക്കെ ഈയിടെ ഒരിക്കൽ ഓർമ്മവന്നത്‌ പണ്ടെന്നോ കണ്ട ഒരു ലോറൽ-ഹാർഡി സിനിമയാണ്‌. വെറുതെ എന്നു പറയാൻ വയ്യ. ഒരു ചെറിയ കാരണം ഇല്ലാതില്ല. അതിന്‌ ഈ സിനിമയുമായുള്ള ബന്ധം കണ്ടുപിടിക്കാൻ അൽപ്പം ആലോചനകൂടി വേണ്ടിവന്നു. ആ വിചാരത്തിന്റെ തുടക്കവും ഒടുക്കവുമാണ്‌ ഈ കുറിപ്പിനാധാരം.
    ആ ഹ്രസ്വചിത്രത്തിന്റെ കഥ ഇങ്ങനെ. ലോറലും ഹാർഡിയും കൂടി ഒരു പിക്നിക്കിനു പോകുന്നു. സുന്ദരമായ ഒരു വനപ്രദേശത്ത്‌ ടെന്റടിച്ച്‌ രാപ്പാർക്കുന്നു. കളിയും ചിരിയുമായി ബഹുരസം. പിറ്റേന്നു രാവിലെ ഇരുവരും ഉത്സാഹവാന്മാരായി ഉണരുന്നു. ലോറൽ പല്ലു തേയ്ക്കുകയും ഹാർഡി ഷേവു ചെയ്യാൻ ഒരുങ്ങുകയും ചെയ്യുമ്പോഴാണ്‌ അടുക്കളയുടെ ഭാഗത്തുനിന്ന്‌ പുക ഉയരുന്നത്‌. പെട്ടെന്നുതന്നെ തീ ആളിക്കത്തി ടെന്റും അതിലെ സ്ഥാവരജംഗമങ്ങളുമെല്ലാം എരിയാൻ തുടങ്ങി.
    തീ കെടുത്താൻ എന്തു ചെയ്യണമെന്നറിയാതെ ഹാർഡി തന്റെ കയ്യിലെ കൊച്ചു ഷേവിങ്ങ്‌ കപ്പുമായി പുറത്തിറങ്ങി ഓടി ഒരു അരുവി ഇറങ്ങിക്കടന്ന്‌ മറുകരയിലെ ടാപ്പിൽനിന്നു നൂൽപോലെ വരുന്ന വെള്ളംകൊണ്ടു കപ്പു നിറച്ച്‌ തിരികെ അരുവി കടന്നുവന്ന്‌ ടെന്റിന്റെ നേർക്കൊഴിച്ച്‌ കൃതക്യത്യനായി. ലോറലാകട്ടെ, തീ കെടുത്താൻ ചെയ്തത്‌ തുടർച്ചയായി ഊതുകയാണ്‌. അങ്ങനെയാണല്ലോ വിളക്കും മറ്റും കെടുത്താറ്‌. ഏതായാലും ടെന്റ്‌, അവരുടെ ഉടുപ്പുകളടക്കം അതിലുണ്ടായിരുന്ന എല്ലാതും ഉൾപ്പെടെ, ചാരമായി മാറിയപ്പോഴേ അവർ ഓർക്കുന്നുള്ളൂ, വെള്ളം വേണ്ടത്ര ആ അരുവിയിൽ ഉണ്ടായിരുന്നുവല്ലോ എന്ന്‌.
    സുഖിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ്‌ ഈ ജീവിതം എന്ന്‌ ഏതോ ഒരു ടെലിവിഷൻ സീരിയലിലെ മദ്യപനായ കഥാപാത്രം, ഈ ദുർഗതി ഓർത്തു കരയുന്ന ഭാര്യയോടു പറയുന്നതു കേട്ടപ്പോഴാണ്‌ എന്റെ ആലോചന തുടങ്ങുന്നത്‌. സുഖം തിരക്കിയുള്ള നമ്മുടെ യാത്രകൾ മനസ്സിൽ തെളിഞ്ഞതോടെ ഹാർഡിയുടെ സിനിമ ഓർമ്മ വന്നു. തൊട്ടരികിൽ സമൃദ്ധമായ കിട്ടാനുള്ളതന്വേഷിച്ചാണ്‌ അപായകരങ്ങളായ പുറപ്പാടുകൾ നടത്തുന്നത്‌.
    എന്നിട്ടോ, കിട്ടാവുന്ന സുഖങ്ങളത്രയും അൽപ്പങ്ങളും അൽപ്പായുസ്സുകളും! അവ ക്ഷയിച്ചവസാനിക്കുമ്പോൾ ദുഃഖസമുദ്രം വീണ്ടും. ഒരിക്കലും അവസാനിക്കാത്ത,അളവില്ലാത്ത ഒരു സുഖമുണ്ട്‌ എന്ന കഥ നാം ഓർക്കാറേ ഇല്ല! സ്വർണ്ണം കൈയിൽ വെച്ചിട്ടെന്തിനാ ഈയത്തിനു കൊതിക്കുന്നത്‌ എന്നു പാട്ടുപാടി യഥാർത്ഥ സുഖം പരസ്യപ്പെടുത്താൻ പലിശയ്ക്ക്‌ സുഖം കടം കൊടുക്കുന്ന ഒരു കമ്പനിയും മുതിരുന്നില്ല.
    സുഖമെന്നാൽ ഒരു രസാനുഭൂതിയാണ്‌. രസമുണ്ടാകുന്നത്‌ നല്ല ചേർച്ചയിൽനിന്നാണ്‌. ചേരുവകൾ പാകമായാൽ ചേർച്ച ശരിയായി. രസകരമായ ഒരു അനുഭവം ബാക്കിയെല്ലാം മറക്കാൻ നമ്മെ സഹായിക്കുന്നു. അതുതന്നെയാണ്‌ അതിലെ സുഖം. മറക്കുക എന്നാൽ അഹം എന്ന ബോധം-അഹങ്കാരം-ഇല്ലാതാവുകതന്നെ.
    അപ്പോൾ, സുഖമുണ്ടാക്കാനുള്ള വഴി തെളിഞ്ഞുകിട്ടി. ഇനി അതിനുള്ള ഉപാധികളെപ്പറ്റി ചിന്തിച്ചാലോ? ജീവനാണ്‌ അഹങ്കാരത്തിന്റെ ആവരണത്തിനകത്ത്‌ ഇരിക്കുന്നത്‌. അതിന്റെ ഭാവമാണ്‌ സുഖം. ആ ഭാവം ജീവന്റെ കാതലായ പരാത്മസ്വരൂപത്തിന്റെ ചിരന്തനസ്വഭാവവുമാണ്‌.
    അതായത്‌, അഹങ്കാരം മറന്ന്‌ ജീവനെ അതിന്റെ ഭാവം പ്രകടിപ്പിക്കാൻ അനുവദിച്ചാൽ സുഖാനുഭൂതിയായി. നൈമിഷികമായാൽ അത്രമാത്രം, സ്ഥിരമായാൽ ഏറ്റവും നന്നായി. ഒരു സംശയവും വേണ്ട. എല്ലാ ഭൗതികസുഖങ്ങളും പരമാത്മ പ്രഭാവപ്രകടനങ്ങൾതന്നെയാണ്‌. അവ അഹങ്കാരത്തിലൂടെ ഉളവാകുന്നതും ക്ഷണികവും ആയിപ്പോകുന്നു എന്നു മാത്രമല്ല ജീവനിലെ വാസനകളെ സംസ്കരിക്കുന്നതിനു പകരം മോശമാക്കുകയും ചെയ്യുന്നു.
    ആർക്കും കൊടുക്കാതെ ഞാൻ തിന്നുന്ന മിഠായി എനിക്കൽപ്പം സുഖം തരുന്നുണ്ട്‌. പക്ഷെ, ആ സുഖവും ആ മിഠായി ഞാൻ എന്റെ കൂട്ടുകാരനു കൊടുത്ത്‌ അവൻ കഴിക്കുമ്പോൾ ആ കാഴ്ച എനിക്കു തരുന്ന സുഖവും വെവ്വേറെ ജാനസുകളാണ്‌. എന്റെ ആർത്തിയെ അടക്കിയാണ്‌ ഞാൻ ആ മിഠായി അവനു കൊടുക്കുന്നത്‌. അതിനാലത്ത്‌, ആത്മഭാവത്തിന്റെ നേരിട്ടുള്ള പ്രകടനമാവുകയും അതിന്റെ സംസ്കാരം എന്റെ ജീവന്റെ ഭാഗമായി അതിന്റെ വാസനാസഞ്ചയത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. അതിനാൽ, അതിന്റെ സുഖം ആജീവനാന്തം നിലനിൽക്കുമ്പോൾ മറ്റേത്‌ അടുത്ത നിമിഷത്തിൽ വിസ്മൃതമായിപ്പോകുന്നു.
    ഒരു ആർത്തി, അതു നാം തന്നെ മനഃപൂർവം തോന്നിച്ചതായാൽപ്പോലും നമുക്കുണ്ടാകയും അതിനെ മറികടന്നതായി നാം സങ്കൽപ്പിക്കുകയും ചെയ്താൽപ്പോലും ഈ സുഖം അൽപ്പം തോന്നും. കൊടൈക്കണാൽ നിരീക്ഷണലായത്തിൽ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ, അവിടത്തെ ടൗൺഷിപ്പിൽനിന്ന്‌ പച്ചക്കറിയും മറ്റും വാങ്ങി ചുമന്ന്‌ മൂന്നു കിലോമീറ്ററും ആയിരം അടി ഉയരവും താണ്ടി കിതച്ച്‌ കയറി വന്നു സന്തോഷവാനായി ചിരിച്ചു-ഞ്ഞാൻ അഞ്ചുറുപ്പിക ലാഭിച്ചാണ്‌ വരുന്നത്‌. നല്ല സുഖം തോന്നുന്നു!
    അതായത്‌, അദ്ദേഹം ടൗണിൽനിന്ന്‌ ഒരു ടാക്സി പിടിച്ച്‌ പോരാൻ തീരുമാനിച്ചു. പിന്നെ, ഓർത്തു, ആ കാശ്‌ എന്തിനു ചെലവാക്കണം! അതിനാൽ നടന്നിങ്ങു പോന്നു. അപ്പോൾ ടാക്സിക്കൂലി അഞ്ചുറുപ്പിക- 1960-കളിൽ അത്‌ ഒരു വലിയ സംഖ്യയായിരുന്നു -ലാഭിച്ചു. ഒരു ലോട്ടറി കിട്ടിയ സുഖം!
    ണല്ലോരു പുസ്തകം വായിക്കുമ്പോൾ മനോഹരമായ ഒരു ചിത്രം കാണുമ്പോൾ, പാട്ടു കേൾക്കുമ്പോൾ, എല്ലാം മറന്ന്‌ ചിരിക്കുമ്പോൾ, ഒന്നും ഓർമ്മയില്ലാതെ സ്വപ്നംപോലും കാണാതെ, ഉറങ്ങുമ്പോൾ എല്ലാം നാം താൽക്കാലിക സുഖം അനുഭവിക്കുന്നു. അഹത്തെ മറികടന്നാണ്‌ അപ്പോഴൊക്കെ നമ്മുടെ നില എന്നതാണ്‌ ഈ സുഖത്തിന്റെ അടിസ്ഥാനം. അങ്ങനെ മറികടക്കുമ്പോൾ നാം നമ്മുടെ അകത്ത്‌ ആയിരം തിര തിരിച്ച്‌ മറഞ്ഞിരിക്കുന്ന സത്തയോട്‌ അൽപ്പം അടുക്കുന്നു. അനുഭവപ്പെടുന്ന സുഖം ആ സത്തയുടെ പ്രഭാവമാണ്‌.
    അങ്ങനെയെങ്കിൽ, ഈ പണ്ടാരംപിടിച്ച അഹം വഴിമാറി ആ അകത്തുള്ള ആളെ ഒരു നോക്കു കാണുകയോ അദ്ദേഹത്തിനരികിലേക്ക്‌ ഒരടികൂടി വയ്ക്കുകയോ ഒരു വിരൽത്തുമ്പുകൊണ്ടെങ്കിലും അദ്ദേഹത്തെ ഒന്നു തൊടുകയോ ഒക്കെ ചെയ്യാൻ സാധിച്ചാലോ? അതാണ്‌ പരമസുഖം! അമൃതായ അക്ഷയ സുഖം!!
    ഈ സുഖം ആർക്കും നേടാവുന്നതാണ്‌ എന്ന സത്യവും അതിനുള്ള ഉപായവുമാണ്‌ ഗീതയിലെ ആറാമധ്യായമായ ധ്യാനയോഗം പറഞ്ഞുതരുന്നത്‌. ഈ പ്രപഞ്ചത്തെ ഉപേക്ഷിക്കാതെ മരണത്തിനിപ്പുറത്തുതന്നെ, അതു നേടാമെന്നുകൂടി ഉറപ്പു തരികയും ചെയ്യുന്നു.
    ഈ സൗഭാഗ്യം കൈവന്നാൽ, പ്രപഞ്ചത്തിന്റെ സത്തയെ നാം തിരിച്ചറിയുന്നു. അത്‌ പൂർണ്ണമായ അറിവുകൂടിയാണ്‌. പിന്നെ സംശയങ്ങളുണ്ടാവില്ല. ആർത്തിയോ അക്രമാസക്തിയോ ഉണ്ടാവില്ല. മാത്രമല്ല, സമസ്ഥലോകത്തിനും ഈ സുഖമുണ്ടാവുകയാണ്‌ എനിക്കത്‌ ഉണ്ടായി നിലനിന്നുകിട്ടാൻ ഏറ്റവും നല്ലത്‌ എന്ന്‌ നിസ്സംശയം ബോധ്യപ്പെടുകകൂടി ചെയ്യുന്നു.

24 May 2014

താളം!മേളം!ലയം


സി.രാധാകൃഷ്ണൻ

വിഷുത്തലേന്നാൾ ഒരു നല്ല കാര്യം ചെയ്യാൻ ഒത്തു-തൊട്ടടുത്ത പോത്തനൂർ എന്ന ഗ്രാമത്തിലെ കുറച്ചു ചെറുപ്പക്കാർ അവിടെ ആരംഭിക്കുന്ന വാദ്യകലാപാഠശാലയുടെ ഉദ്ഘാടനം. അവിടെ സന്നിഹിതരായ, കുട്ടികളും അമ്മമാരും ഉൾപ്പെടെയുള്ള, ചെറിയ സദസ്സിനോട്‌ എന്താണ്‌ പറയേണ്ടതെന്നാലോചിക്കെ, എനിക്കു ചില പുതിയ കാഴ്ചകൾ കിട്ടി. താളം, മേളം, ലയം എന്നിവയെ കുറിച്ചായിരുന്നു ഈ വെളിപാടുകൾ.
    പ്രപഞ്ചം എന്ന വലിയ സ്പണ്ടത്തിന്റെ ബാക്കിപത്രങ്ങളായ പരമാണു വരെയുള്ള സ്പന്ദങ്ങളുടെയും അവയുടെ കൂട്ടായ്മകളുടെയും അരങ്ങാണ്‌ ഈ ലോകം. ഈ സ്പന്ദങ്ങളെല്ലാം കാലംകൊണ്ട്‌ താളഭേദം വരുന്നവയുമാണ്‌. ഇതിനിടെ വേണം താളപ്പൊരുത്തവും മേളവും ലയവുമെല്ലാം. കാലഹരണം എന്തിനും അനിവാര്യമാണല്ലോ.
    വെളിച്ചത്തിന്റെ ഒരു കിരണം, അതിലെ വിവിധ അലകളുടെ തിരതാളം മേളിക്കുമ്പോൾ, കാരിരുമ്പിനെപ്പോലും തുളയ്ക്കാൻ കരുത്തുനേടുന്നു. താളപ്പഴുതിലൂടെ പരമാണുവിലേക്ക്‌ കടക്കുന്ന ന്യൂട്രോൺ എന്ന കണിക അതിനകത്ത്‌ താളഭ്രംശം വരുത്തി വിച്ഛേദനം സൃഷ്ടിച്ച്‌ ആണവോർജ്ജം ജനിപ്പിക്കുന്നു. താളപ്പൊരുത്തത്തിൽ എത്തിക്കപ്പെട്ട ഹീലിയം അണുകേന്ദ്രങ്ങൾ പരസ്പരം ലയിച്ച്‌ തണുത്ത അണുസംയോജനമെന്ന ക്രിയയിലൂടെ അളവറ്റ ശക്തി ജനിപ്പിക്കുന്നു. പ്രപഞ്ചത്തിലെ സകല താളങ്ങളെയും നിയന്ത്രിക്കുന്ന അക്ഷരമെന്ന മാധ്യമം പ്രപഞ്ചജീവനെന്ന വലിയ തുടിയുടെ മിടിപ്പിനെയാണ്‌ പിൻപറ്റുന്നത്‌. മാറ്റം അഥവാ നവീകരണത്തിനായുള്ള, വർത്തമാനകാലത്തിന്റെ അപനിർമ്മാണം ആ തുടിയുടെ താളാനുസാരിയാണ്‌. അതിനെ ശിവതാണ്ഡവമായി നാം പണ്ടേ കാണുന്നു. നീട്ട്‌, ചുരുക്ക്‌, സമം എന്ന മൂന്നു താളഘടകങ്ങൾ സത്വരജസ്തമോഗുണങ്ങൾ തന്നെ. അതിനാൽ ഓങ്കാരം താളസൂത്രമായി ഭവിക്കുന്നു.
    എന്തു കാര്യവും നന്നായി നടന്നില്ലെങ്കിൽ അത്‌ അവതാളത്തിലായി എന്നാണ്‌ ആലങ്കാരികമായി പണ്ടേ പറയാറ്‌. അപതാളം താളപ്പൊരുത്തമില്ലായ്മയല്ലാതെ ഒന്നുമല്ലല്ലോ. അതായത്‌, എന്തുകാര്യവും നേരെചൊവ്വെ നടക്കണമെങ്കിൽ കുറെ ഭിന്നതാളങ്ങൾ പൊരുത്തപ്പെടുത്താൻ കഴിയണം. മേളം കൊഴുത്ത്‌ രസത്തിലും ലയത്തിലുമെത്തണം.
    അതെങ്ങനെ, ചേരാത്ത താളങ്ങളെ എങ്ങനെ ചേർക്കും എന്നാലോചിച്ചപ്പോഴാണ്‌ ഒരു വലിയ അത്ഭുതം പിടികിട്ടിയത്‌. ഒട്ടും ചേരാത്ത താളങ്ങളൊ പൂർണമായും ചേരുന്ന താളങ്ങളൊ ഈ പ്രപഞ്ചത്തിൽ ഇല്ലേ ഇല്ല! ഓരോ താളവും മറ്റൊന്നിൽ നിന്ന്‌ അൽപ്പമെങ്കിലും വ്യത്യസ്തമായിരിക്കും. പക്ഷെ, ഒരളവിൽ അധികമില്ല ഈ പൊരുത്തക്കേടെങ്കിൽ മാത്രമെ അലോസരമായി തോന്നൂ. ഒത്തുപിടിക്കാൻ ശ്രമിച്ചാൽ മിക്ക പൊരുത്തക്കേടുകളും ശ്രമിച്ചാൽ മിക്ക പൊരുത്തക്കേടുകളും പരിഹരിക്കാനുമാവും. അതുപോലെ, എത്ര ഭിന്നമായാലും ആ ഭിന്നത പെരുകിപ്പെരുകി കുറെ ആവൃത്തി കഴിയുമ്പോൾ ഒരിക്കലെങ്കിലും ചേർന്നും വരും. അതുമതി, രസകരമായി തോന്നാൻ. പലപ്പോഴും പിണങ്ങിനിൽക്കുന്നവർ ഒരിക്കൽ യോജിക്കുമ്പോൾ എന്തൊരു രസം!
    ചുരുക്കത്തിൽ എല്ലാമെല്ലാം ചേരും എന്നു സാരം. ചേർക്കാൻ വശമുണ്ടാകണം എന്നേ ഉള്ളൂ. ചേർന്നാൽ മേളമായി. ശ്രുതിയും താളവും ചേരാത്തത്താണ്‌ ആധുനിക ജീവിതത്തിലെ എല്ലാ ആധികൾക്കും വ്യാധികൾക്കും കാരണം എന്ന്‌ നമുക്കറിയാം. അയാളെ എനിക്കിഷ്ടമല്ല, ഞങ്ങൾ തമ്മിൽ ചേരില്ല, എന്ന്‌ വിവാഹപ്രായമായ പെൺകുട്ടികൾ മാത്രമല്ല തൊണ്ണൂറു വയസ്സായവർ വരെ മറ്റുള്ളവരെക്കുറിച്ച്‌ പറയാറില്ലേ? തന്റെ അസ്തിത്വത്തിന്റെ താളത്തിൽ അൽപ്പമൊരു വ്യതിയാനം വരുത്തി ഇണങ്ങാച്ചുവടുകൾ ഇണക്കിയാലുണ്ടാകുന്ന ലയത്തിന്റെ സുഖം അറിയാത്തതിനാലാണ്‌ ഇപ്പറയുന്നത്‌.
    തീർത്തും ഇഷ്ടപ്പെട്ടവരുമായേ ഇടപഴകൂ എന്നു നിശ്ചയിച്ചാൽ ആരുമുണ്ടാവില്ല കിട്ടാൻ. മാത്രമല്ല, നൂറു ശതമാനവും പൊരുത്തമുണ്ടെങ്കിൽ ജീവിതമെന്ന പ്രകടനം ഒരു വൈദഗ്ധ്യവും ആവശ്യമില്ലാത്തത്തായി ബോറാവും. വിവാഹപ്പൊരുത്തം കണക്കാക്കുന്നേരം കാരണവന്മാർ പറയാറുള്ള ഒരു കാര്യമുണ്ട്‌. എല്ലാ പൊരുത്തവും തികഞ്ഞത്‌, അൽപം ചില പൊരുത്തക്കേടുകൾ ഉള്ളതിനേക്കാൾ മോശമാണ്‌! പൂർണ്ണമാണ്‌ പൊരുത്തമെങ്കിൽ ജീവിതം പരമവിരസമാണാവുക. ഒരു കാര്യവും ചർച്ച ചെയ്യാൻ ഉണ്ടാവില്ല. ഒന്നിലും ഒരു വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ ആദരമോ സ്നേഹമോ കാണിക്കാനാവില്ല. എന്തെങ്കിലുമൊന്ന്‌ പരസ്പരം പറയാൻപോലും ബാക്കിയാവില്ല! അതെന്തൊരു വാഴ്‌വ്‌!
    മനുഷ്യലോകത്തിന്‌ പൊതുവായ ഒരു താളമുണ്ട്‌. ഓരോ മനുഷ്യനും സ്വന്തമായ ഒരു താളവും ഉണ്ട്‌. സ്വന്തമായ താളം സമൂഹതാളവുമായി നൂറു ശതമാനം പൊരുത്തപ്പെടുക ഉണ്ടാവില്ല. പൊരുത്തം കണ്ടെത്തി മേളിക്കേണ്ടതുണ്ട്‌. ഇതിനുള്ള പരിശ്രമം ഒരു കളയാണ്‌. സമുദായത്തോടു മാത്രമല്ല, ഋതുക്കളോട്‌, കാലാവസ്ഥയോട്‌, പ്രായത്തോട്‌, അന്തരീക്ഷ മാറ്റങ്ങളോട്‌ എന്നിങ്ങനെ പൊതുവെ പ്രകൃതിയിലെ മാറിമറിയുന്ന എല്ലാ താളങ്ങളോടും നാം നന്നായി മേളിക്കേണ്ടതുണ്ട്‌. സൂക്ഷ്മമായി നോക്കിയാൽ കാണാം. ശരീരത്തിലെ കലകൾക്കു പരസ്പരമുള്ള താളപ്പൊരുത്തമാണ്‌ നമ്മുടെ ആരോഗ്യരഹസ്യം. നമ്മുടെ ജീവന്റെ താളവും പ്രപഞ്ചത്തിന്റെ അടിസ്ഥാനതാളവും തമ്മിലുള്ള ലയമാണ്‌ നിലനിൽപ്പിലെ പരമസുഖം. പ്രപഞ്ചവും നാമും തമ്മിലുള്ള താളപ്പൊരുത്തം ഉരുത്തിരിക്കാൻ അദ്വൈതവേദാന്തവും ഭൗതികപ്രകൃതിയും നാമുമായുള്ള താളപ്പൊരുത്തക്കേടുകൾക്ക്‌ പരിഹാരം കാണാൻ ശയൻസും നമുക്കുണ്ട്‌. രണ്ടാമത്തേതിന്റെ തുടർച്ചയും മൂത്താമുറിയുമാണ്‌ ആദ്യത്തേതെന്നർഥം.
    ഇതി രണ്ടിലും മുന്നേറാൻ ആദ്യം വേണ്ടത്‌ സ്വന്തം അസ്തിത്വത്തിന്റെ സവിശേഷതാളം കണ്ടെത്തുകയാണ്‌. ഇതെങ്ങനെ സാധിക്കാമെന്നാണെങ്കിൽ, കൊട്ടിനോക്കിത്തന്നെ എന്നാണ്‌ ഉത്തരം. എവിടെയെങ്കിലുമൊന്ന്‌ താളം പിടിക്കാത്തവർ ഈ ഭൂമിയിൽ ഉണ്ടാവില്ല. അതിനും പുറമെ നടപ്പിലും ഇരിപ്പിലുമെന്നല്ല ഒരു ചെറുവിരലിന്റെ ചലനത്തിൽപ്പോലും നാം നമ്മുടെ അടിസ്ഥാനജീവതാളം പ്രകടിപ്പിക്കുന്നുണ്ട്‌. കൊട്ടിനോക്കി തിരിച്ചറിയുകയും അന്യരുടെ താളങ്ങൾ കണ്ടെത്തി അവയുമായി ഇണങ്ങിയും പിണങ്ങിയും മേളിച്ച്‌ രസിക്കുകയും ചെയ്യുമ്പോൾ അതൊരു ചില്ലറ സുകൃതമല്ല. അനുഭവിച്ചാലേ അറിയൂ.
    ഏതു കലയും രണ്ടു തരത്തിൽ പ്രയോജനപ്പെടുന്നു-നിത്യ ജീവിതത്തിലെ സൗകര്യത്തിനും പിന്നെ പ്രകടനത്തിലൂടെ രസാനുഭവത്തിനും. കളരിപ്പയറ്റു നോക്കുക. അതഭ്യസിച്ചാൽ നിൽക്കാൻ പഠിക്കും. അതായത്‌, കാൽ വഴുതിയാലോ ആരെങ്കിലും ഓർക്കാപ്പുറത്ത്‌ പിടിച്ചു തള്ളിയാലോ വീഴില്ല. കാലുകൾ അത്ര പെട്ടെന്ന്‌ ചലിച്ച്‌ ഉറച്ച നിലനിൽപ്പിനാവശ്യമായ പുതിയ നിലപാടെടുക്കും. അതേസമയം, പയറ്റിത്തെളിഞ്ഞാൽ അങ്കം അവതരിപ്പിക്കാനും അത്യാവശ്യം ആത്മരക്ഷയ്ക്കുമുതകുകയും ചെയ്യും.
    പഠിക്കുന്ന താളം ചിട്ടപ്പെടുമ്പോൾ സ്വഭാവംകൂടി ചിട്ടപ്പെടും. ആലോചനകൾക്ക്‌ താളക്രമം വരുന്നതിനാലാണിത്‌. താളം തെറ്റിയ ചിന്തയാണല്ലോ പല അനിഷ്ടശീലങ്ങളിലേക്കും നയിക്കുന്നത്‌. മനസ്സിൽ വിരിയുന്ന താളം നിമിഷാർദ്ധത്തിൽ വിരൽത്തുമ്പിലെത്തുമ്പോൾ മസ്തിഷ്കവും ശരീരാവയവങ്ങളും തമ്മിൽ അതിവേഗ ആശയവിനിമയം ശീലമാകും. അവയവങ്ങളുടെ ചലനങ്ങൾ ചന്തമുള്ളതും പരസ്പരപൂരകങ്ങളുമായിക്കിട്ടും.
    ഏറ്റവും പ്രധാനകാര്യം ജീവിതത്തിലെ കാതലായ വാസന കണ്ടെത്താൻ ഏതെങ്കിലുമൊരു കലയുമായുള്ള പരിചയം സഹായിക്കുമെന്നതാണ്‌. നന്നായി കൊട്ടാൻ തുടങ്ങിയാൽ, കൊട്ടാനാണ്‌ വാസന എന്നു തീർച്ചയാവും. നന്നായില്ലെങ്കിൽ, ആ നന്നാകായ്മയിൽ നിന്ന്‌ ചില സൊ‍ാചനകൾ കിട്ടും. അതുപയോഗിച്ച്‌, എന്താണ്‌ നന്നായി ചെയ്യാൻ കഴിയുക എന്നു നമുക്കു കണ്ടെത്താനാവും. ഒരു കാര്യം തീർച്ചയാണ്‌ - ഒരു കലയിലും വാസനയില്ലാതെ ഒരു മനുഷ്യനും ജനിക്കുന്നില്ല. ആ വാസനയാണ്‌ ആ ജീവനെ അനന്യവും പ്രസക്തവുമാക്കുന്നത്‌. അതാണതിന്റെ തിരിച്ചറിയൽ മുദ്ര. ആ കല കണ്ടെത്തി വശമാക്കുന്നതിലാണ്‌ സായൂജ്യത്തിന്റെ കാതൽ. അതാണ്‌ സ്വധർമ്മം. സ്വധർമ്മം മോശമായി ചെയ്താലും അത്‌ നന്നായിത്തന്നെ ചെയ്ത പരധർമ്മത്തെക്കാൾ ശ്രേയസ്കരമാണ്‌ എന്നു പറയുന്നത്‌ ഇതിനാലാണ്‌.
    അനാസക്തരായി അനുഷ്ഠിക്കാനാവുന്ന ഏക കർമ്മം സ്വധർമ്മമാണ്‌. അതിലേർപ്പെടുമ്പോൾ സ്വാഭാവികമായി വിശപ്പും ദാഹവും ലാഭനഷ്ടങ്ങളും കഷ്ടതകളും ഒന്നും പ്രശ്നമാകുന്നില്ല. ചെമ്പൈ പാടുമ്പോൾ, പാടുന്ന ആളുടെയും കേൾക്കുന്നവരുടെയും ദാഹവും വിശപ്പും വേദനയും ആശങ്കകളും അങ്കലാപ്പുകളും അസ്തമിച്ച്‌ പകരം അപൂർവസുന്ദരരൂപമായി ബാലഗോപാലൻ ഉള്ളിൽ നൃത്തമാടുന്നു എന്നത്‌ ഒരു വെറും പ്രസ്താവനമല്ല. സത്യമാണ്‌. അപ്പോൾ അദ്ദേഹം പ്രപഞ്ചത്തിന്റെ ശ്രുതിയും താളവുമായി മേളിച്ച്‌ ആത്യന്തികാസ്തിത്വത്തിന്റെ രാഗപ്രസാദത്തിലാണ്‌ വർത്തിക്കുന്നത്‌. അവിടെ നിലകൊണ്ടാൽ ബാലഗോപാലനൃത്തമല്ലാതെ മറ്റെന്താണ്‌ കാണാനുള്ളത്‌.
    അപ്പംകൊണ്ടു മാത്രമായില്ല എന്നത്‌ മനുഷ്യരുടെ കാര്യത്തിൽ ഒരു വലിയ തിരിച്ചറിയൽ യാത്രയുടെ തുടക്കം മാത്രമാണ്‌. താളമുറച്ചാലേ ഈ വഴിയിൽ ചുവടുമുറയ്ക്കൂ. ആരുടെ മൊട്ടത്തലയും മദ്ദളമാക്കി ആർക്കും തത്തിദ്ധിമിതക കൊട്ടി രസിക്കാവുന്ന കാലം വന്നാൽ പിന്നെങ്ങനെ ലോകമഹായുദ്ധങ്ങൾ ഉണ്ടാകാൻ? അഥവാ, അതുവരെ എങ്ങനെ ഉണ്ടാകാതിരിക്കാൻ!

22 Apr 2014

കണ്ടുവെന്നുരപ്പവർ കണ്ടവരല്ലാ...!



സി.രാധാകൃഷ്ണൻ

ദൈവികതയെ കുറിച്ച്‌ നമുക്ക്‌ ഏറെ സംശയങ്ങളും അതിലിരട്ടി വിശ്വാസങ്ങളുമുണ്ട്‌. ഈ വിശ്വാസങ്ങളിൽ മിക്കതും അന്ധവുമാണ്‌. കരഞ്ഞുപറഞ്ഞാൽ മനസ്സലിയുന്ന, തിരുമുൽക്കാഴ്ച കിട്ടിയാൽ സന്തോഷിക്കുന്ന, തീറ്റപ്പണ്ടങ്ങൾ കണ്ടാൽ വായിൽ വെള്ളവും, ആ ഉരുപ്പടികൾ കൊണ്ടുചെന്നവനോട്‌ മനസ്സിൽ അലിവും ഒപ്പം ഉറവെടുക്കുന്ന, അപ്രീതി തോന്നിയാൽ അതികഠിനമായി ശിക്ഷിക്കുന്ന, അലറിയലറി പറഞ്ഞറിയിച്ചല്ലാത്ത ഒന്നും അറിയാത്ത ഒരു സൂപ്പർ രക്ഷകനാണ്‌ പലർക്കും ദൈവം. തന്റെ ആവാസ സ്ഥാനത്തിന്റെ മേൽപ്പുര സ്വർണ്ണം മേഞ്ഞില്ലെങ്കിലോ അതിനുമുന്നിൽ സ്വർണത്തിന്റെ കൊടിമരം നാട്ടിയില്ലെങ്കിലോ മൂപ്പർക്ക്‌ മുഷിയും! ഇന്നയിന്ന ശബ്ദങ്ങൾ നിത്യേന ഇത്രയിത്ര തവണ ഉരുവിട്ടു കേട്ടില്ലെങ്കിൽ ശുണ്ഠിയെടുക്കും! ദിവസവും തേച്ചു കുളിക്കണം, സുഗന്ധം പൂശണം, പട്ടുടുക്കണം...
    നീതിമാനായ ഒരാൾ ഇങ്ങനെയൊന്നുമല്ല ഇരിക്കുക എന്ന പ്രാഥമികനേരു മതി ഈ സങ്കൽപത്തിന്റെ അടിത്തറ ഇളകാൻ. അതു പക്ഷെ, നമുക്കു തോന്നാറില്ല. ഇങ്ങനെ ഒരാൾ ഉണ്ടാകണമെങ്കിൽ അയാളെ സൃഷ്ടിക്കാൻ കൂടുതൽ ശക്തനായ മറ്റൊരാൾ ഇതേ വടിവിൽ ഉണ്ടാകണമെന്നും അപ്പോൾ ആ പരമ്പര അറ്റമില്ലാത്തതേ ആകൂ എന്നതിനാൽ ഇവരിൽ ആരുടെയും അസ്തിത്വം ആത്യന്തികാവില്ല എന്നു കഥയും ഒട്ടും ഓർമ്മിക്കപ്പെടാറുമില്ല.
    ശരിയായി അറിഞ്ഞവർ നേരായ കാര്യം പണ്ടേ പറഞ്ഞുതന്നിരുന്നു. പ്രപഞ്ചത്തിനു നിദാനമായ അടിസ്ഥാനശക്തിയാണ്‌ ദൈവം. അത്‌ സർവവ്യാപിയാണ്‌. അതിനാൽ എല്ലാവരിലും എല്ലാറ്റിലും ഉണ്ട്‌, നമ്മിലുമുണ്ട്‌. ഇക്കാര്യം അറിയാനാവുന്നവരാണ്‌ നാം എന്നതത്രെ നമുക്കുള്ള സവിശേഷത.
    ഈ ശക്തി സ്പന്ദനസ്വഭാവമോരുമ്പോൾ അത്‌ ദ്വന്ദ്വാത്മകമാവുന്നു. ഈ ദ്വന്ദ്വാത്മകതയാകട്ടെ, വികസ്വര, സമനില, സങ്കോചം എന്ന മൂന്നു ഗുണങ്ങളുള്ളതാകയാൽ, സ്പന്ദപ്രതിസ്പന്ദങ്ങളിലൂടെ ദൃശ്യപ്രപഞ്ചം ഉണ്ടാകുന്നു. അതിനാൽ, പ്രപഞ്ചമെന്ന യാഥാർത്ഥ്യത്തിന്‌, ക്ഷരം അഥവാ നശ്വരം, അക്ഷരം അഥവാ ശാശ്വതം, അക്ഷരാതീതം അഥവാ ശാശ്വതത്തിനുപോലും അടിത്തറ എന്നിങ്ങനെ മൂന്നു തലങ്ങൾ ഉണ്ട്‌. അക്ഷരാതീതത്തെ വിഷ്ണുവായും അക്ഷരത്തിലെ സൃഷ്ടികർത്തൃത്വത്തെ ബ്രഹ്മാവായും, ത്രിഗുണാത്മകവും സ്പണ്ടത്താളനിബന്ധവുമായ സംഹാരക്രിയയെ ശിവനായും ബിംബവൽക്കരിക്കുന്നു. ആശയം മനസ്സിലാവാൻ എളുപ്പമാർഗമായി ഉപയോഗിച്ച ഈ ബിംബങ്ങൾ പിൽക്കാലത്ത്‌ അസ്സൽ ദൈവങ്ങളാവുകയും വിവാഹം കഴിച്ച്‌ അനേകം ദൈവകുമാരൻമാരെ ജനിപ്പിക്കുകയും സാധാരണക്കാരായ മനുഷ്യരെക്കാൾ വികാരവിജ്യംഭിതരായി പെരുമാറുകയും ചെയ്യുന്നു.
    മനുഷ്യരായ നമ്മുടെ അകത്തേയ്ക്കുള്ള ശ്രമകരമായ കാഴ്ചയും അതിന്റെ സകൃതവും ഉദാഹരിക്കുന്നതിനായാണ്‌ ക്ഷേത്രങ്ങൾ സങ്കൽപ്പിക്കപ്പെട്ടത്‌. ദ്വന്ദ്വാത്മകമായ അക്ഷരത്തിലെ എല്ലാ ശക്തിവിശേഷങ്ങളെയും ദേവതകളായി സങ്കൽപ്പിച്ചിരിക്കുന്നു. ഈ ധാരണകളെല്ലാം പോയി ഇന്നുള്ള സ്ഥിതിയിൽ എത്തിയതെങ്ങനെ എന്ന്‌ ഇനിയെങ്കിലും ആലോചിക്കേണ്ടതില്ലേ?
    അനുഷ്ഠാനരൂപത്തിലുള്ള മഹായാഗങ്ങളും യജ്ഞങ്ങളും ആത്യന്തികമായ അറിവിനു നിരക്കുന്നതല്ല എന്ന കാര്യം ഗീതാകാരൻ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത്‌ നിസ്സംശയം പ്രസ്താവിക്കുന്നുവല്ലോ. ഉപനിഷത്തുകളെയും ഗീതയെയും ആശ്രയിക്കണോ അതൊ ഇനിയും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പുറകെ പോകണൊ എന്ന ചോദ്യത്തിന്‌ ഓരോരുത്തരും സ്വയം മറുപടി കാണുകതന്നെ വേണം.
    പക്ഷെ, ഇത്തരം വേണ്ടാതീനങ്ങളെല്ലാം കൈവിട്ടാൽ പിന്നെ നിത്യജീവിതപ്രശ്നങ്ങളെ എന്തുപാധി വച്ച്‌ കൈകാര്യം ചെയ്യും എന്നു തോന്നാം. രണ്ട്‌ ഉപായങ്ങളേ ഉള്ളൂ. സ്വന്തം ചെയ്തികൾകൊണ്ട്‌ നരകം വരാതിരിക്കാൻ വേണ്ടത്ര മനസ്സിരുത്തുകയും എന്നിട്ടും വരുന്ന സങ്കടങ്ങൾ സഹിക്കാൻ കരുത്താർജ്ജിക്കുകയും പ്രപഞ്ചത്തിൽ നടക്കുന്നതെല്ലാം എന്റെകൂടി ഇച്ഛയുടെ ഫലമാണെന്ന നേര്‌ തിരിച്ചറിയുക. അതിൽ മാറ്റം വരുത്താനുള്ള എന്റെ ഇച്ഛയും പ്രപഞ്ചത്തിന്റേതന്നെ ഇച്ഛയാണ്‌. ഇത്‌ രണ്ടിൽ ഏതാണോ കൂടുതൽ ശക്തം അത്‌ പ്രാബല്യത്തിൽ വരും.  അതോർത്ത്‌ സങ്കടപ്പെടുകയോ സന്തോഷിക്കയോ വേണ്ട.
    നമുക്കല്ലാതെ നമ്മുടെ ജീവിതഗതി മാറ്റിത്തീർക്കാൻ ആർക്കും സാധിക്കില്ല. പ്രപഞ്ചത്തിന്റെയും നമ്മുടെയും സൽഗതിക്കായി നമുക്കംഗീകരിക്കാവുന്ന ഗുണങ്ങളുടെ ഉദാഹരണങ്ങൾ നമുക്കു ചുറ്റും വേണ്ടത്രയുണ്ട്‌. ഇവയെയാണ്‌ വിഭൂതികളായി ഗീത ചൂണ്ടിക്കാട്ടുന്നത്‌. ഉദാഹരണത്തിന്‌, ഹിമാലയത്തിന്റെ സ്ഥിരത, അർജുനന്റെ കർമ്മകുശലത, വാസുദേവകൃഷ്ണന്റെ ഗുരുത്വം എന്നിങ്ങനെ അനേകം.
    സമകാലികർക്കിടയിൽ ആരെയാണ്‌ ആചാര്യന്മാരായി സ്വീകരിക്കേണ്ടതെന്ന്‌ എങ്ങനെ അറിയാം? അതായത്‌, താൻതന്നെയാണ്‌ ഈശ്വരൻ എന്ന്‌ അനുഭവം കൊണ്ട്‌ അറിഞ്ഞ ആളുകളെ എങ്ങനെ കണ്ടെത്താം? ബുദ്ധി ഉറച്ചവരുടെ ലക്ഷണങ്ങൾ എന്തെല്ലാമെന്ന്‌ പാർഥൻ ചോദിക്കുമ്പോഴത്തെ മറുപടി ശ്രദ്ധിക്കുക.
    ഐഹികമായ തന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക്‌ അനുസൃതരായി ഇത്തരക്കാർ ഒരിക്കലും പ്രവർത്തിക്കില്ല. എന്റെ ശിഷ്യൻ എന്റെയല്ലാത്ത ശിഷ്യൻ എന്ന ഭേദം പോലും ഉണ്ടാവില്ല. ഞാൻ കണ്ടു എന്നു പറയില്ല. കാരണം, കണ്ടാൽ പിന്നെ ഞാൻ എന്ന സംഗതി ഇല്ല. അതിനാൽ ഒരു കാര്യം തീർച്ചയാണ്‌. കണ്ടു എന്നുപറയുന്ന ആരുമേ കണ്ടവരല്ല!
    അറിഞ്ഞവർ ഐഹികമായി ഒന്നും തന്റെ എന്നു കരുതില്ല. അവർ സ്ഥാപനങ്ങൾ ഉണ്ടാക്കുകയോ സ്വയം മഹത്വവൽക്കരിക്കയോ അഹിതങ്ങളോട്‌ വൈകാരികമായി പ്രതികരിക്കയോ ഇല്ല. അവരെ തിരിച്ചറിയാൻ വളരെ പ്രയാസമാണ്‌. ഹിമാലയത്തിലെ ഗുഹകളിലോ അമ്പലങ്ങളിലെ ജപമണ്ഡപങ്ങളിലോ ശീതികൃതധ്യാനകേന്ദ്രങ്ങളിലോ അവരെ കാണാനാവില്ല.
    സൂക്ഷിച്ചു നോക്കിയാൽ പക്ഷെ, കാണാം. സാധാരണക്കാരിൽ സാധാരണക്കാരായി അവർ നമുക്കിടയിലുണ്ട്‌. മുഖത്തെ വാടാ പ്രസാദവും കണ്ണിലെ അഗാധമായ സ്നേഹവും ലക്ഷണങ്ങളായി കരുതാം. ഒന്നും ആവശ്യമില്ലാത്തവരും ഒരു വാഗ്ദാനവും നൽകാത്തവരുമാണ്‌ അവർ. ആർ എന്ത്‌ ആരോപണം ഉന്നയിച്ചാലും അവർ മറുപടി പറയില്ല. നല്ലതു പറഞ്ഞാൽ പ്രീതരാകയുമില്ല. ചോദിക്കാതെ പറയില്ല, പറഞ്ഞത്‌ ആരെങ്കിലും കേൾക്കണം എന്നോ അനുസരിക്കണം എന്നോ കരുതുകയും ഇല്ല! അവർ നിരന്തരം കർമ്മം ചെയ്തുകൊണ്ടിരിക്കും. അവരെ സങ്കടപ്പെടുത്താൻ ആർക്കുമാവില്ല. രക്ഷിക്കാം എന്നോ, ആശ്രയിച്ചില്ലെങ്കിൽ ശിക്ഷിക്കുമെന്നോ അവർ ഒരിക്കലും ഭാവിക്കപോലും ചെയ്യില്ല.
    ഇത്തരമൊരാളുടെ പരിപക്വമായ ഭക്തി പ്രപഞ്ചാത്മാവുമായി ഏകീഭാവത്തിൽ എത്തിനിൽക്കും. അത്‌ അതിനരികിലേക്കു ചെല്ലുന്നവരെ അദ്ദേഹത്തിലേക്കല്ല, അതിലേയ്ക്ക്‌ നിശ്ശബ്ദം നയിക്കും. അതോടെ, ശിഷ്യന്റെ ഉപാധിഭക്തി നിരുപാധികമാവും.
    അതിനാൽ, രാവിലെ എന്നും ഉരുവിടാവുന്ന രണ്ടുവരി നമുക്കുള്ളത്‌ മറക്കാതിരിക്കുന്നതാണ്‌ ബുദ്ധി. കണ്ടവരില്ലാ പാരിൽ, കണ്ടുവേന്നുരപ്പവർ കണ്ടവരല്ലാ, കാണാൻ ഞാൻ തന്നെ യത്നിക്കണം!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...