Showing posts with label ramesh kutamalur. Show all posts
Showing posts with label ramesh kutamalur. Show all posts

21 Feb 2015

പുഴയാകുവാന്‍ കൊതിച്ച്

രമേശ്‌ കുടമാളൂര്‍
പുഴയാകുവാന്‍ കൊതിച്ചൊരു കുഞ്ഞു മത്സ്യം
പുഴയുടെയാദിയില്‍ നിന്നും
അന്ത്യത്തിലേക്ക്
ആഴങ്ങളില്‍ നീന്തവേ
പുഴയുടെ പ്രവാഹമവള്‍ക്ക് പകര്‍ന്നു
ആത്മപ്രഹര്‍ഷമാം ജീവിതസ്നേഹം.

ഒഴുകുന്ന വഴികളില്‍ തരുശാഖികള്‍ നീട്ടി
അവളുടെ മേലേ തണല്‍സാന്ത്വനം
താഴെ ഹ്രദങ്ങളില്‍ പഞ്ചാര മണലിന്റെ
സ്നേഹത്തലോടലിന്‍ സൌഹൃദവും
നീളെയൊഴുകുന്ന കുളിരുള്ള നീരിന്റെ
ചുംബനപ്പൂക്കളാം പ്രണയവുമേറ്റ്
ആദിയില്‍ നിന്നും
അന്ത്യത്തിലേക്ക്
ആഴങ്ങളില്‍ നീന്തി മത്സ്യം,
ഒരു പുഴയാകുവാന്‍ കൊതിച്ച്.

കര്‍ക്കടഹര്‍ഷം വന്യതാളങ്ങളില്‍
പുഴയിലാവേശം പെയ്തു നിറയുമ്പോഴും
വേനലില്‍ ശോകം തീമണല്‍ക്കവിളില്‍
കണ്ണുനീര്‍ച്ചാലുകള്‍ തീര്‍ത്തൊഴുകുമ്പോഴും
മഞ്ഞുകാലത്തിന്റെ കുളിരില്‍ കുതിര്‍ന്ന്
തരളമൊരു പാട്ടുപോല്‍ തുടിതുടിക്കുമ്പോഴും
പുഴയാകുവാന്‍ കൊതിച്ചൊരു കുഞ്ഞു മത്സ്യം.

മഴയുടെ വെള്ളിച്ചരടുപോല്‍ കൌതുകം
പെയ്തൊരു ബാല്യവും
അന്തരംഗത്തില്‍ നിന്നുയിരിട്ടു ചുറ്റിനും
ഒഴുകിപ്പരക്കുന്ന യൌവനമലരിയും
ജീവിതം പൂക്കുന്ന ചുഴികളും, ജീവിതം
ആര്‍ത്തു വീഴുന്ന തടനിപാതങ്ങളും.

ഒടുവില്‍
ഓരോരോ ചുഴികള്‍, കയങ്ങള്‍,
ഓരോരോ ജീവിതനിമിഷ ജലബിന്ദുക്കള്‍ എല്ലാമറിഞ്ഞ്
പതിയെയാ മത്സ്യം പുഴയെയറിഞ്ഞ്
സ്വയമൊരു പുഴയായിടുന്നു.

22 Nov 2014

പുഴയാകുവാന്‍ കൊതിച്ച്



രമേശ്‌ കുടമാളൂര്‍.


പുഴയാകുവാന്‍ കൊതിച്ചൊരു കുഞ്ഞു മത്സ്യം
പുഴയുടെയാദിയില്‍ നിന്നും
അന്ത്യത്തിലേക്ക്
ആഴങ്ങളില്‍ നീന്തവേ
പുഴയുടെ പ്രവാഹമവള്‍ക്ക് പകര്‍ന്നു
ആത്മപ്രഹര്‍ഷമാം ജീവിതസ്നേഹം.

ഒഴുകുന്ന വഴികളില്‍ തരുശാഖികള്‍ നീട്ടി
അവളുടെ മേലേ തണല്‍സാന്ത്വനം
താഴെ ഹ്രദങ്ങളില്‍ പഞ്ചാര മണലിന്റെ
സ്നേഹത്തലോടലിന്‍ സൌഹൃദവും
നീളെയൊഴുകുന്ന കുളിരുള്ള നീരിന്റെ
ചുംബനപ്പൂക്കളാകും പ്രണയവുമേറ്റ്
ആദിയില്‍ നിന്നും
അന്ത്യത്തിലേക്ക്
ആഴങ്ങളില്‍ നീന്തി മത്സ്യം,
ഒരു പുഴയാകുവാന്‍ കൊതിച്ച്.

കര്‍ക്കടഹര്‍ഷം വന്യതാളങ്ങളില്‍
പുഴയിലാവേശം പെയ്തു നിറയുമ്പോഴും
വേനലില്‍ ശോകം തീമണല്‍ക്കവിളില്‍
കണ്ണുനീര്‍ച്ചാലുകള്‍ തീര്‍ത്തൊഴുകുമ്പോഴും
മഞ്ഞുകാലത്തിന്റെ കുളിരില്‍ കുതിര്‍ന്ന്
തരളമൊരു പാട്ടുപോല്‍ തുടിതുടിക്കുമ്പോഴും
പുഴയാകുവാന്‍ കൊതിച്ചൊരു കുഞ്ഞു മത്സ്യം.

മഴയുടെ വെള്ളിച്ചരടുപോല്‍ കൌതുകം
പെയ്തൊരു ബാല്യവും
അന്തരംഗത്തില്‍ നിന്നുയിരിട്ടു ചുറ്റിനും
ഒഴുകിപ്പരക്കുന്ന യൌവനമലരിയും
ജീവിതം പൂക്കുന്ന ചുഴികളും, ജീവിതം
ആര്‍ത്തു വീഴുന്ന തടനിപാതങ്ങളും...
ഒടുവില്‍
ഓരോരോ ചുഴികള്‍, കയങ്ങള്‍,
ഓരോരോ ജീവിതനിമിഷ ജലബിന്ദുക്കള്‍ എല്ലാമറിഞ്ഞ്
പതിയെയാ മത്സ്യം പുഴയെയറിഞ്ഞ്
സ്വയമൊരു പുഴയായിടുന്നു.

19 Oct 2014

കടത്തുവാക്ക്


രമേശ്‌ കുടമാളൂര്‍.

എന്നെ ക്ഷണിക്കും മുഖത്തെ
എന്തിനോ സംശയിക്കുന്ന കണ്ണുകള്‍ പോലെ
ഞാന്‍ തുറക്കും മുഖപുസ്തകത്തില്‍
എപ്പോഴും സംശയം നീട്ടുന്ന ആദ്യതാളേ,
എന്നെ ഞാനാരെന്നു തെളിയിക്കുവാന്‍ നീ
വച്ചുനീട്ടുന്ന താക്കോല്‍ പഴുതില്‍
എന്റെ പൊരുളിന്റെ താക്കോല്‍
കടത്തിത്തുറന്നു കയറുന്നു ഞാന്‍.

എല്ലാര്‍ക്കുമുണ്ടോരോ രഹസ്യവാക്ക്
മറ്റാരുമറിയില്ലയെന്നു പതുങ്ങിച്ചിരിക്കുന്ന വാക്ക്
ആദ്യതാള്‍പ്പുഴയില്‍ കടത്തുവാക്ക്,
ആരും കാണാത്ത അച്ചുതണ്ട്.


പൂമുഖത്തെ വേതാള പരീക്ഷ പിന്നിട്ട്
എന്റെ താളില്‍ ഞാന്‍ കയറുമ്പോളവിടെ
പലരുടെ വാക്കിന്റെ കുത്തൊഴുക്ക്.
വാക്കുകള്‍, വരികള്‍, വരകള്‍, വര്‍ണ്ണങ്ങള്‍
ഞാനെത്ര സുന്ദരമെന്നു ചിരിക്കുന്ന സെല്‍ഫികള്‍
എന്തോ പറയാതെ പറയുന്ന വാക്കുകള്‍
എന്തെങ്കിലും പറയുവാന്‍ പറയുന്ന വാക്കുകള്‍

ഓരോരോ താക്കോല്‍പ്പഴുതുകള്‍ നൂണ്ടു
കടന്നെത്തി നൃത്തം ചവിട്ടുന്ന വാക്കുകള്‍
ഓരോ കടത്ത് തോണിയില്‍ വന്നിറങ്ങി
കാല്‍ നനയാതെ തുരുത്തിലലയും വാക്കുകള്‍

നഗരത്തിലെ മിനുമിനുപ്പിന്‍ പുറം മോടിക്കു
കീഴെയടഞ്ഞു കിടക്കുന്ന ഓടയുടെ സങ്കടം
ഒരു മഴപോലും താങ്ങുവാനാകാതെ
പ്രളയമായ്‌ കവിയുന്നതു പോലെ
വാക്കുകള്‍ വാക്കുകള്‍ ...

അതിലൊരു പ്ലാസ്റ്റിക്കുപൊതി പോലെ
ഒഴുകുന്നുണ്ടെന്റെയും വാക്കുകള്‍.

22 Sept 2013

കാലത്തിനു മുന്‍പേ നടന്നവന്‍



രമേശ്‌ കുടമാളൂര്‍

ഒന്നാം വയസ്സില്‍ കണ്ടു കൊതിച്ച ബിസ്കറ്റ്
എനിക്ക് അഞ്ചാം വയസ്സില്‍ കിട്ടി...
അഞ്ചാം വയസ്സില്‍ കണ്ടു കൊതിച്ച
മുച്ചക്ര സൈക്കിള്‍
ഇരുപതാം വയസ്സിലാണ് കിട്ടിയത്..
പതിനാലില്‍ കൊതിച്ച
പൂക്കളും പുളകങ്ങളും
മുപ്പതിലും
മുപ്പതില്‍ കൊതിച്ച
കനിവാര്‍ന്ന തലോടല്‍
വയസ്സനായി വീണു കിടക്കുമ്പോഴും കിട്ടി.
കാലം കൃത്യമായി വന്നു..എന്റെ പിറകേ...
ഞാന്‍ കാലത്തിനു മുന്‍പേ നടന്നവന്‍.

23 Nov 2012

പാര്‍വ്വതി ബവുള്‍ പാടുന്നു



രമേശ്‌ കുടമാളൂര്‍


പാര്‍വ്വതി  ബവുള്‍  പാടുന്നു -വംഗനാട്ടിലെ

വന്യതേജസ്സുണര്‍ന്നൊരു സ്വര്‍ണ്ണ നാളമായ്
ഇരുളാണ്ട വാഴ്വിന്നരങ്ങില്‍ ജ്വലിക്കവെ
അതുകേട്ടുണര്‍ന്നെന്റെ മനവുമാടുന്നൊരു
മകുടിയാല്‍ നാഗമെന്നതുപോലെ.

ഒരു കൈയിലേകതാര, മറുകയ്യില്‍ ദുഗ്ഗിയും.

പാര്‍വ്വതി  ബവുള്‍  പാടുന്നു -കാവിയുടുത്ത്
തീവ്രരാഗത്തിന്റെ കനലില്‍ മുഖമെരിച്ച്
ജടയാര്‍ന്ന നീള്‍ മുടിയുലഞ്ഞ് ദുര്‍ഗ്ഗയെപ്പോലെ
ആടുന്നു പാടുന്നു പാര്‍വതി.

ഇരുമുളന്തണ്ടിന്നിടയില്‍ തുടിക്കുന്ന

തന്തിയില്‍ വിരല്‍ തൊട്ടുണര്‍ത്തുമനുസ്യൂത
മായൊരോങ്കാരവും ദുഗ്ഗിയില്‍ തുടികൊട്ടി
യുണരുന്ന ചടുലവേഗ ഹൃദയ താളവും

പാര്‍വ്വതി ബവുള്‍ പാടുന്നു ആറിന്ദ്രിയങ്ങള്‍-

ക്കതീതയായ്‌ ഗുരുവിനെത്തൊട്ട്
അവധൂത സിദ്ധയായ്‌ ഉലകമാകെ നാഗ
തളകളിളകും ചുവടില്‍ തുടിപ്പിച്ച്‌
*ജനന മരണങ്ങളെ അറിഞ്ഞും അളന്നും
രാധയായ്‌ കൃഷ്ണനെ തിരഞ്ഞും ചേര്‍ന്നലിഞ്ഞും

പാര്‍വ്വതി ബവുള്‍ പാടിടുമ്പോള്‍ സ്വരങ്ങള്‍

അര്‍ത്ഥം തുടിക്കുന്ന വാക്കിന്റെ ഭൌതിക
ദേഹത്തില്‍ നിന്നൂര്‍ന്നിറങ്ങി, അത്ഭുത
സ്ഥായിയാമാരോഹണവരോഹണങ്ങളുടെ
പരമാത്മ ഭാവത്തിലലിയുന്നു.
ഗഗനചാരികളായ്‌ പറന്നു പോകുന്നു.

പിന്നെയൊരു ക്ഷണിക ബോധത്തിന്റെ മിന്നല്‍-

പ്പിണരായി മണ്ണിന്നിരുട്ടിലേയ്ക്കൂര്‍ന്നി
റങ്ങുന്നു
എല്ലാം ജ്വലിപ്പിച്ചെരിയും വെളിച്ചമായ്‌
ഉത്തുംഗമുന്മത്തമാമൊരു ലഹരിയായ്‌
ഭക്തിയായ്‌, ശക്തിയായ്‌, പരമമാം സായൂജ്യ
കൈവല്യമായി, കനിവിന്‍ കരുത്തായി
പാര്‍വ്വതി പാട്ടു തുടരുന്നു....


*ജനനൊ മരണൊ
രാധാഭാവ്‌

എന്നിവ പാര്‍വ്വതി ബവുളിന്റെ പ്രശസ്ത ബവുള്‍ ഗാനങ്ങള്‍

24 Oct 2012

സൗഹൃദം



രമേശ്‌ കുടമാളൂര്‍

എത്രയോ നാളായി നമ്മള്‍ പിണങ്ങി-
പ്പിരിഞ്ഞിരിക്കുന്നു പ്രിയ സുഹൃത്തേ
ഇന്നലെ അവിചാരിതം നിന്റെ ഫോണ്‍ വിളി
ഇന്നെന്റെ വസതിയില്‍ നിന്റെ സന്ദര്‍ശനം.

വിരുന്നു വിഭവങ്ങള്‍, വിശേഷങ്ങള്‍ പങ്കുവെ-
ച്ചെത്രയോ നേരം നാമിരുന്നു.
ഒരു പിണക്കത്തിന്റെ മഞ്ഞുരുകി വോഡ്കയില്‍
നുരകളായ്‌, ആ ഹ്ലാദ നുരകളും നാം പകുത്തു.

ഒടുവില്‍ നിന്‍ യാത്രാമൊഴി,
ഒരു തവണ കൂടി മാപ്പപേക്ഷ.
പിരിയുന്നതിന്‍ മുമ്പു സൗഹൃദാലിംഗനം.
നിന്‍ മുഖത്തപ്പോഴും പുഞ്ചിരി,
കണ്ണില്‍ തിളങ്ങുന്ന സ്നേഹം.
എന്നെ വരിയുന്ന നിന്നൂഷ്മളാലിംഗനം
മുറുകവേ എന്റെ ഹൃദയത്തിലേക്കൊരു
സുഖദം തണുപ്പിന്റെ മൂര്‍ച്ച തൊടുന്നു.
കണ്‍കോണില്‍ കണ്ടു ഞാന്‍ നിന്റെ കൈപ്പിടിയിലും
നിന്റെ പുഞ്ചിരി പോലെ ഒരു തിളക്കം.

എന്റെ തുടിക്കും ഹൃദയത്തില്‍ നിന്നെന്തോ
വാര്‍ന്നു പോകുന്നതു പോലെ
ഞാനൊരു മയക്കത്തിലേക്കാണ്ടു പോകു,ന്നെന്റെ
ഉയിരൂര്‍ന്നു പോകുന്ന നിര്‍വൃതി.

നിന്‍ മുഖത്തപ്പോഴും പുഞ്ചിരി,
കണ്ണില്‍ തിളങ്ങുന്ന സ്നേഹമാം ലഹരി
കൈകളിലൂഷ്മളം എന്റെ ഹൃദയം വാര്‍ന്ന
കനിവിന്റെ നനവ്‌.


20 Sept 2012

തമോഗര്‍ത്തം




രമേശ് കുടമാളൂർ

ആയിരം കാതം വടക്ക്
ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍
ഭൂപടത്തില്‍ കുത്തുകളും വരകളുമായി
വരച്ചോരതിര്‍ത്തി രേഖ.
മണ്ണിലത് തിരഞ്ഞു ചെന്നാല്‍ കാണാം
പതിനായിരം വാട്ടിന്റെ വൈദ്യുതക്കമ്പിവേലി-
മുള്ളുപോല്‍
മുറിവുപോല്‍
മുന്നറിയിപ്പ് പോല്‍.

അതിലൂടെ നൂഴ്ന്ന് വടക്ക് കിഴക്കുനിന്നും
തെക്കുപടിഞ്ഞാട്ടേയ്ക്കൊഴുകുന്ന കുളിരരുവി.
ഹിമശൈല നന്ദിനി
സിന്ധുവിന്‍ കൈവഴി, കളിത്തോഴി.

രാത്രി-
അതിരുകള്‍ കാണാതെ അവളൊഴുകുമ്പോള്‍
അവളുടെ അനവരതമാമാത്മ ഹര്‍ഷ
തരംഗങ്ങളില്‍ വീണു തുള്ളിത്തുളുമ്പി
പുഞ്ചിരിക്കണ്ണുമായ് വാനിലൊരു നക്ഷത്രം

പുഴ അവനോടു ചോദിച്ചൂ..
നീ ഏതതിരിന്നു മുകളില്‍?
തെക്കോ? കിഴക്കോ? വടക്കോ? പടിഞ്ഞാറോ?

അവളുടെ കളകളമീണങ്ങളില്‍ അവനോതി നിറയുന്നു...
എവിടെ നിന്നെന്നെ നോക്കിയാലും ഞാന്‍
അവരുടെ നാട്ടുകാരന്‍ അവധൂതന്‍.
എന്നില്‍നിന്നും ഞാന്‍ പുറപ്പെട്ടു നിന്നിലേക്കെത്തുവാന്‍
എത്രയോ കോടി വര്‍ഷങ്ങള്‍.
ഭൂമിയില്‍ ഒരു കോടി കുരുന്നു കുഞ്ഞുങ്ങളുടെ
വിടരും മിഴികളില്‍ തിരമിന്നി നിറയും
വെളിച്ചമായ് മാറാനെനിക്ക് ഭാഗ്യം.

ഞാന്‍ നിന്നിടം ഇന്ന് വന്‍ തമോഗര്‍ത്തം.
അതറിയാതെ എത്രയോ കോടി  വര്‍ഷങ്ങള്‍
കോടി മനുഷ്യര്‍
അതിരുകള്‍ തീര്‍ത്തും തിരിച്ചും
പരസ്പരം പകയുടെ കനലുകള്‍ വിതറിയും
വിദ്വേഷമായെരിഞ്ഞും പുകഞ്ഞും
നീറിപ്പടര്‍ന്നും പൊലിഞ്ഞും
എന്നെ അവരുടെ അതിരുകള്‍ക്കുള്ളില്‍ കുടിവെച്ചു.

എങ്കിലും ഭൂമിയില്‍ അറിവിന്റെ അതിരുകള്‍
അറിയാത്ത കോടി കുഞ്ഞുങ്ങളുടെ മിഴികളില്‍
വിസ്മയമാകാനെനിക്കുമിഷ്ടം- അവര്‍
അതിരുകള്‍ വേര്‍തിരിച്ചറിയും വരെ!

19 Aug 2012

അമ്പത്തൊന്ന്



രമേശ്‌ കുടമാളൂര്‍

അമ്പത്തൊന്നക്ഷര വെട്ടുകള്‍-
കരിങ്കല്ല്ലിരുമ്പിലേറ്റ്
പൊട്ടിയും പൊടിഞ്ഞും  ഉരുവമാകുന്ന  വാക്കുകള്‍
വാക്കുകളിലര്‍ത്ഥങ്ങള്‍ തീപിടിക്കുന്നു
ബാക്കിയാകുന്ന കത്താത്ത വാക്കിന്റെ
വ്യംഗ്യാര്‍ത്ഥം കനലില്‍  പുകയുന്നു.

അമ്പത്തൊന്നക്ഷര മുള്ളുകള്‍-
മുള്ളുകള്‍ കെട്ടിയ വേലിക്കിടയില്‍,
വരികള്‍ക്കിടയില്‍
വായിച്ചെടുക്കാതലയുന്ന വാക്കിഴയുന്നു.
നാനാര്‍ത്ഥം ഫണമായ്പ്പെരുകുന്നു.
ചാടിത്തിരിഞ്ഞു കൊത്തുന്നു.

അമ്പത്തൊന്നക്ഷര മുറിവുകള്‍-
ചില്ലക്ഷരങ്ങള്‍ ഉടഞ്ഞ വെണ്‍ മൂര്‍ച്ചകള്‍
മനസ്സിനെക്കുത്തി നനവില്‍ തൊടുന്നു.
കൂട്ടക്ഷരങ്ങള്‍ കൂടിപ്പിണഞ്ഞു
കഴുത്തില്‍ കുരുങ്ങുന്നു.
കഴുത്തിലെ പാടും
എഴുത്തിലെ പാടും
ഒരൊറ്റ മുറിവിന്റെ തമ്മില്‍ത്തൊടാത്ത
കരകളാകുമ്പോള്‍
അതിലൂറി നിറയുന്നു കണ്ണീരുപോലെ
ഇളം ചൂട്, നനവ്‌,
പക്ഷെ കടും ചുവപ്പ്
ഉപ്പല്ല പുളിയല്ല വല്ലാത്തൊരെരിവ്.

അമ്പത്തൊന്നക്ഷരത്തോറ്റങ്ങള്‍-
വാക്കുകള്‍ കലമ്പിവിഴുങ്ങിയും
കൈമണി കിലുങ്ങിയും
തോറ്റവന്തോറ്റങ്ങള്‍
അക്കം നിരത്തി വരച്ച കളംപാട്ടു കൊലവിളി-
പ്പട്ടിക ചുറ്റി, കളവു പാട്ടിന്റെ പൊടിയും  പറത്തി
അമ്പത്തൊന്നഹങ്കാരത്തെയ്യങ്ങള്‍
-
ചെമ്പട്ടുടുത്ത് കിരീടവും വെച്ചു
മഞ്ഞളു പൂശി വടിയും പിടിച്ച്
മുത്തപ്പനും കതിവനൂര്‍ വീരനും
പൊട്ടനും ഗുളികനും പാലോട് ദൈവവും
രക്ത ചാമുണ്ഡിയും
ചുറ്റും വളഞ്ഞും പിന്നില്‍പ്പതുങ്ങിയും
ഒറ്റിയുമൊളിഞ്ഞും തിരിഞ്ഞുനിന്നും.

അമ്പത്തൊന്നധികാര സങ്കരങ്ങള്‍-
ആമമുയലിനെപ്പോലെ
ആനയുറുമ്പിനെപ്പോലെ
കോഴിക്കുറുക്കന്‍, കീരിപ്പാമ്പ്,
മാന്‍സിംഹം പോലെ
ആടുചെന്നായയെ പോലെ
(ചത്തൊരാടിന്റെ കുപ്പായമിട്ട്
നടുക്കുനിന്നോരോരോ തുള്ളിയും
നക്കിക്കുടിക്കുന്ന പാവം ചെന്നായ)
എലിപ്പൂച്ചയെപ്പോലെ.

അമ്പത്തൊന്നക്ഷരങ്ങള്‍,
അക്കങ്ങള്‍, തെയ്യങ്ങള്‍, സങ്കരങ്ങള്‍
ഒടുവിലെല്ലാം കൂടി മാമാങ്ക വെട്ടും കഴിഞ്ഞ്
പൂരം,
പുലഭ്യം,
പുലകുളിയൊക്കെക്കഴിഞ്ഞ്
കടലാസ്സില്‍ നിന്നും പടിയിറങ്ങുമ്പോള്‍
ബാക്കിയാകുന്നത്-
ഇതൊന്നിലും പെട്ടുപോകാത്ത
നടുവ് വളഞ്ഞൊരു ചോദ്യചിഹ്നം ? കൂടെ
ആശ്ചര്യം പോലെയും വായിച്ചിടാവുന്ന
ശോകചിഹ്നം !

19 Jul 2012

മഴരാമായണം

രമേശ് കുടമാളൂർ



കര്‍ക്കടക രാവില്‍ മഴപ്പാട്ടിലുണ്ടൊരു രാമായണം
ഉമ്മറത്തിണ്ണയില്‍ കാല്‍ നീട്ടി വെച്ചിരു-
ന്നമ്മൂമ്മയീണത്തിലതു പാടിടുമ്പോള്‍
ചാരത്തു കത്തും വിളക്കിന്‍ വെളിച്ചം
ഓട്ടുപാത്തിയിലൂടെ നൂലായി വീഴും
കര്‍ക്കടക മഴയുടെ ഊടിലും പാവിലും
ജാനുവിന്‍ കവിളിലെ കണ്ണുനീര്‍ച്ചാലിലും
കസവുനൂല്‍ നെയ്തു ചേര്‍ക്കുന്നു.

കര്‍ക്കടക രാവില്‍ മഴപ്പാട്ടിലുണ്ടൊരു രാമായണം
ഒരു കര്‍ക്കടക മഴയുടെ സീതായനം

ഉഴവു ചാലില്‍ നിന്നു സൂര്യനാം ജനകന്‍
കാരുണ്യ കിരണ ഹസ്തങ്ങളാലേ എടുത്തുയര്‍ത്തി
ആകാശ മിഥിലയില്‍ വളര്‍ത്തി.
പിന്നെയൊരു നാളിലൊരു വില്ലാളി വീരന്‍
മിന്നലിടി വെട്ടാല്‍ ദിഗന്തം മുഴക്കി
വില്ലൊടിച്ചവളെ ഒരാത്മഹര്‍ഷത്തിന്‍
കുളിര്‍മഴയാക്കി അയോദ്ധ്യയില്‍ കുടിയിരുത്തി.

കര്‍ക്കടക രാവില്‍ അമ്മൂമ്മ പാടും
കിളിപ്പാട്ടിലാത്മാവലിഞ്ഞിരിക്
കെ
ജാനുവിന്നുള്ളിലൊരിടിത്തീ മഴയായി
പെയ്യുന്നതുത്തര രാമായണം!

20 May 2012

കവിതയല്ലിത് ജീവിതം

രമേശ് കുടമാളൂർ

ലൈവായ്‌ നടക്കുമൊരു ടോക് ഷോസ്റ്റുഡിയോയില്‍ ഫ്ലോറില്‍
പ്രതിക്കുള്ള സീറ്റില്‍ ഞാനിരിക്കുന്നു.ഉത്തരം മുട്ടി വിയര്‍ക്കുമ്പോള്‍ ഒരു ബ്രേക്ക്

അപ്പോള്‍ സ്ക്രീനില്‍ കണ്ടതൊരു സൂപ്പര്‍ സ്റ്റാറിന്റെപുത്തന്‍ പടത്തിന്‍ പരസ്യം- ഉശിരന്‍ ഡയലോഗ്
പത്തു വില്ലന്മാരെ ഒറ്റയ്ക്കടിച്ചു വീഴ്ത്തുന്ന സ്റ്റണ്ട്വിയന്നയില്‍ പോയി മരം ചുറ്റി വന്ന പാട്ടിന്റെ തുണ്ട്
അങ്ങനെ അമ്പത്തിയഞ്ച് സെക്കന്‍റ്.

കോള കുടിച്ചു വിയര്‍പ്പാറ്റിയിരിക്കുമെന്‍മുന്നിലേയ്ക്കതാ വീണ്ടും ക്യാമറ
എന്നിട്ടും വാക്കുകളില്ല- പറയുവാന്‍ കൊള്ളുന്ന കാര്യങ്ങളല്ലല്ലോ

പ്രേക്ഷകര്‍ ചാനല്‍ മാറ്റാതിരിക്കുവാന്‍അവതാരിക നിന്റെ നേര്‍ക്ക്‌.
(ലക്ഷങ്ങള്‍ വിലയുള്ള സെക്കന്‍ഡുകള്‍ജനപ്രിയ ചാനലില്‍ റേറ്റിങ്ങു കൂടിയ പ്രൈം ടൈം ഷോ
എത്ര ലക്ഷങ്ങള്‍ നാം തുലച്ചു!)

ഇരയ്ക്കുള്ള സീറ്റില്‍ നീയിരിക്കുന്നുപേടിച്ചരണ്ടു വിളര്‍ത്ത മുഖം തുടയ്ക്കുന്നു.
അവതാരിക നിന്നോട് കൊഞ്ചുന്നു...."മാഡത്തിനുണ്ടായ പീഡനം വിശദമാക്കാമോ?”

പ്രേക്ഷകര്‍ കാത്തിരിക്കുന്നുനീയൊന്നു കരയുന്നുമില്ല
(കണ്ണുനീരിന്റെ ക്ലോസപ്പ് ഷോട്ടിനു പൊന്നും വിലയുള്ള കാലം)
മുഖം താഴ്ത്തി നീയിരിക്കുന്നു
പ്രേക്ഷകര്‍ ചാനല്‍ മാറ്റിയാലോ ?
വീണ്ടുമൊരു ബ്രേക്ക്- മുഖകാന്തി കൂട്ടുവാന്‍
തേയ്ക്കേണ്ട ക്രീമിന്‍ പരസ്യം, പിന്നെയൊരു സോപ്പിന്‍ പരസ്യം
അര്‍ദ്ധ നഗ്നാംഗ ലാവണ്യ മദഭരിത മന്ദാര മലരിന്റെ മകരന്ദ മധുരം (മ യ്ക്കു മരണമില്ല)
പ്രേക്ഷകരങ്ങനെ കണ്‍കുളിര്‍ക്കെ വീണ്ടുംനിന്റെ മുന്നിലേയ്കാണു ക്യാമറ
എന്നിട്ടും വാക്കുകളില്ല- ഓര്‍ക്കുവാന്‍ കൊള്ളുന്ന കാര്യങ്ങളല്ലല്ലോ
(ലക്ഷങ്ങള്‍ …....... നാം തുലച്ചു!)

അന്നത്തെ എപ്പിസോഡ് തീര്‍ന്നു.പിന്നെ നമ്മളിരുപേരും ചാനലുകാര്‍ തന്ന ഐസ്ക്രീം കഴിച്ചു
സ്വച്ഛ ശീതളമായ ഫ്ലോര്‍ വിട്ടിറങ്ങി തീപിടിച്ചതുപോലെ പായുമീ നഗരത്തിന്‍
നടുവിലെ പൊള്ളുന്ന റോഡിലിറങ്ങിതെക്കു വടക്കു നടന്നു...
ഷോയല്ലിത് ജീവിതം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...