Showing posts with label ramani gopalakrishnan. Show all posts
Showing posts with label ramani gopalakrishnan. Show all posts

24 Jun 2015

എപിസിസി സമ്മേളനം:


നാളികേര ബോർഡിന്റെ പ്രവർത്തന
മികവിന്‌ ഒരു പൊൻ തൂവൽ

രമണി ഗോപാലകൃഷ്ണൻ
കൺസൾട്ടന്റ്‌, സിഡിബി, കൊച്ചി -11
2014 - 15 ലെ നാളികേര വികസന ബോർഡിന്റെ പദ്ധതികളും പ്രവർത്തനങ്ങളും വിലയിരുത്തുമ്പോൾ നേട്ടങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തെത്തുന്നത്‌ ഏഷ്യൻ പസഫിക്‌ കോക്കനട്ട്‌ കമ്യൂണിറ്റിയുടെ 51-​‍ാമത്‌ സമ്മേളനമാണ്‌. ഇന്ത്യ ആതിത്ഥ്യമരുളി, ബോർഡിന്റെ നേതൃത്വത്തിൽ 2015 ഫെബ്രുവരി 2-5 വരെ കൊച്ചിയിലെ ഹോട്ടൽ ക്രൗൺപ്ലാസയിൽ സംഘടിപ്പിച്ച ഈ രാജ്യാന്തര സമ്മേളനം ബോർഡിന്റെ പ്രവർത്തന, സംഘാടക മികവിന്റെ ഉത്തമോദാഹരണമായി.
രാജ്യാന്തര തലത്തിൽ ഇന്ത്യയുടേയും കേരളത്തിന്റേയും നാളികേര വികസന ബോർഡിന്റേയും പ്രതിഛായ ഉയർത്തിയ സംഘാടക മികവായിരുന്നു നാലു ദിവസം നീണ്ടു നിന്ന സമ്മേളനത്തിലുടനീളം കാണാനായത്‌.
ഏഷ്യാ, പെസഫിക്‌ നാളികേര ഉത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയാണ്‌ എപിസിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഏഷ്യൻ പേശിഫിക്‌ കോക്കനട്ട്‌ കമ്യൂണിറ്റി. കമ്മ്യൂണിറ്റിയുടെ 51-​‍ാമത്‌ വാർഷിക സമ്മേളനത്തിനാണ്‌ അറബിക്കടലിന്റെ റാണിയ്ക്ക്‌ ആതിഥ്യമരുളാൻ അവസരം ലഭിച്ചതു. ഈ അവസരം ഇന്ത്യയിലേക്ക്‌ വന്നതിന്‌ മതിയായ കാരണങ്ങളുമുണ്ടായിരുന്നു. ഒന്ന്‌ ഈ കാലയളവിൽ കമ്യൂണിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്‌ ഇന്ത്യാ ഗവണ്‍മന്റിന്റെ കൃഷി മന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറിയായ ശ്രീ. സഞ്ജീവ്‌ ചോപ്ര ഐഎ.എസ്‌. ആയിരുന്നു. കൂടാതെ ലോക ഭൂപടത്തിൽ കേര മേഖലയിൽ ഇന്ത്യയ്ക്കുള്ള പ്രഥമ സ്ഥാനവും സർവ്വോപരി ഒരു രാജ്യാന്തര സമ്മേളനം നടത്താനുള്ള കൊച്ചിയുടെ വിഭവ ശേഷിയും നറുക്കു വീഴാൻ കാരണമായി.
അടുത്തകാലത്ത്‌ നടന്ന എ.പി.സി.സി സമ്മേളനങ്ങളിൽ വച്ച്‌ ഏറ്റവും മുന്തിയതെന്ന്‌ ഇത്‌ വിലയിരുത്തപ്പെട്ടപ്പോൾ ഇന്ത്യയുടെ കേര മേഖലയിലെ മുന്നേറ്റത്തിന്റെ കാരണം തേടിയുള്ള പുറപ്പാടിലായിരുന്നു മിക്ക രാജ്യങ്ങളുടേയും പ്രതിനിധികൾ. സ്വന്തം രാജ്യങ്ങളിൽ ഇന്ത്യയിലെ സാങ്കേതിക വിദ്യ പ്രയോഗിച്ചു നോക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിനുവേണ്ടി സാങ്കേതിക വിദ്യ കൈമാറ്റത്തിനും പരിശീലനത്തിനും ഇന്ത്യയുമായി വീണ്ടും ബന്ധപ്പെടേണ്ടതുണ്ട്‌ എന്ന കണക്കു കൂട്ടലിലാണ്‌ പ്രതിനിധികൾ പിരിഞ്ഞത്‌.
18 അംഗ രാജ്യങ്ങളിൽ 17 രാജ്യങ്ങളും സമ്മേളനത്തിൽ പങ്കെടുത്തതും ഇന്ത്യയ്ക്ക്‌ അഭിമാനിക്കാൻ വക നൽകി. ബംഗ്ലാദേശും, റിപ്പബ്ലിക്‌ ഓഫ്‌ ഒമാനും, നീരീക്ഷക രാജ്യങ്ങളായി പങ്കെടുത്തപ്പോൾ, സമ്മേളനത്തിലെ ശക്തമായ ആശയ വിനിമയത്തിന്റെ ഗുണഭോക്താക്കളാകാൻ ഈ രാജ്യങ്ങൾക്കെല്ലാം കഴിഞ്ഞു.
?ഞങ്ങൾക്കും വേണം കുറിയ തെങ്ങിനങ്ങൾ. കാലാവസ്ഥ വ്യതിയാനം, പരമ്പരാഗത കൃഷി രീതികളിൽ ഗണ്യമായ മാറ്റം കൊണ്ടു വരാൻ ഞങ്ങളെ പ്രേരിതരായിരിക്കുകയാണ്‌.? ബംഗ്ലാദേശ്‌ പ്രതിനിധികളുടെ ഈ വാക്കുകൾ ഇന്ത്യയിലും വിശിഷ്യ, കേരളത്തിലെ തെങ്ങു കൃഷിയിലും വരുത്തിയ അടിസ്ഥാന മാറ്റങ്ങളിലേക്കുള്ള ഒരു വിരൽ ചൂണ്ടലായി കാണേണ്ടിയിരിക്കുന്നു.
നാലു ദിവസത്തെ സമ്മേളന അജണ്ടാ നാലു വിഭാഗമായി തിരിച്ചിരുന്നു. ആദ്യ ദിവസത്തെ ഉദ്ഘാടനം, അതിനെത്തുടർന്നു മന്ത്രിതല സമ്മേളനം, കേര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ, രണ്ടാം ദിവസത്തെ പ്രതിനിധികളുടെ അതാതു രാജ്യങ്ങളിലെ കേരമേഖലയെ കുറിച്ചുള്ള വിഷയാവതരണം, മൂന്നാം ദിവസത്തെ ഫീൽഡ്‌ വിസിറ്റ്‌, നാലാം ദിവസത്തെ സമാപന സമ്മേളനം എന്നിങ്ങനെ. മന്ത്രിതല യോഗത്തിന്റെ ചർച്ചാ വിഷയങ്ങൾക്ക്‌ രൂപം കൊടുത്തതും അവതരിപ്പിച്ചതും ഇന്ത്യയാണ്‌. സമകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ, അതും ഇന്ത്യയ്ക്ക്‌ ഈ മേഖലയിൽ കൂടുതൽ വ്യക്തിമുദ്ര പതിപ്പിക്കാനുതകുന്ന വിഷയങ്ങൾ. ഒരു അന്താരാഷ്ട്ര നാളികേര സമൂഹം, അന്താരാഷ്ട്ര വാണിജ്യ കേന്ദ്രം, രാജ്യാന്തര സ്വാതന്ത്ര വ്യാപാരം, അന്ത്രാരാഷ്ട്ര മികവിന്റെ കേന്ദ്രം എന്നിങ്ങനെ നാലു വിഷയങ്ങളാണ്‌ ഇന്ത്യ മുന്നോട്ടു വച്ചതു.
നിലവിലുള്ള എപിസിസിയെ ഏഷ്യൻ പസഫിക്‌ മേഖലയ്ക്കതീതമായി ആഗോളതലത്തിൽ അംഗത്വമുള്ള ഒരു സംഘടനയായി വിപുലീകരിക്കണമെന്ന തത്വമാണ്‌ ഇതിൽ ആദ്യത്തേതിൽ ഉൾക്കൊണ്ടിരിക്കുന്നത്‌. ഓരോ രാജ്യത്തേയും കേര മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക്‌ പൊതുവായ സാങ്കേതിക വിദ്യ വികസനത്തിലൂടെയും കൈമാറ്റത്തിലൂടെയും പരിഹാരം കാണാമെന്ന കണക്കു കൂട്ടൽ ഇതിന്‌ പിന്നിലുണ്ട്‌. ഇതിലൂടെ ലോക നാളികേര മേഖലയിലെ ശക്തമായ സംഘടനയായി എപിസിസിയെ വളർത്തിയെടുക്കാമെന്നും പ്രത്യാശിക്കുന്നു.
നാളികേര ഉൽപാദകരുടെ നിയന്ത്രണത്തിലുള്ള ഒരു വാണിജ്യകേന്ദ്രം സ്ഥാപിക്കുകയെന്നതായിരുന്നു രണ്ടാമത്തേത്‌. നാളികേരത്തിന്‌ ഒരു കേന്ദ്രീകൃത വിപണന സംവിധാനം വികസിപ്പിച്ച്‌ സ്ഥാപിക്കുകയെന്നതാണിതിനുപിന്നി

ൽ. ഈ നിർദ്ദേശത്തിന്റെ പശ്ചാത്തലം, ഇന്നു നിലവിലുള്ള സംവിധാനത്തിന്റെ അസാംഗത്യമാണ്‌. നാളികേര ഉൽപാദകരാജ്യമല്ലാത്ത നെതർലാന്റിലെ റോട്ടാർഡാമിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വിപണന കേന്ദ്രത്തേക്കാൾ എന്തുകൊണ്ടും പ്രവർത്തന മികവിൽ മുന്നേറാം, അത്‌ നാളികേര മേഖലയിലാണെങ്കിൽ എന്നതാണ്‌ ഇങ്ങനെയൊരു കേന്ദ്രം കൊച്ചിയിൽ സ്ഥാപിക്കാനുള്ള നിർദ്ദേശം ഇന്ത്യ മുന്നോട്ടു വയ്ക്കാൻ കാരണം. കേരോൽപന്നങ്ങളുടെ ലോക വ്യാപാരത്തിൽ സമഗ്രമായ ഒരു മുന്നേറ്റമായിരിക്കും ഇതിലൂടെ കൈവരിക്കാൻ സാധിക്കുക.
വ്യാപാര നികുതികളിൽ നിന്നും നാളികേരവും നാളികേര ഉത്പന്നങ്ങളും സ്വതന്ത്രമാക്കുക, അംഗരാജ്യങ്ങൾക്കിടയിലെ വിലനിലവാര അസമത്വങ്ങൾ കുറയ്ക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ്‌ മൂന്നാമത്തെ നിർദ്ദേശമായ രാജ്യാന്തര സ്വതന്ത്ര വ്യാപാരം എന്നത്‌.
നാലാമത്തെ നിർദ്ദേശമായ നാളികേരത്തിനൊരു അന്താരാഷ്ട്ര മികവ്‌ കേന്ദ്രത്തിന്‌ ഏറെ കാലിക പ്രാധാന്യമുള്ളതാണ്‌. കേര ഗവേഷണത്തിനും പഠനത്തിനും രാജ്യാന്തര തലത്തിൽ ഒരു കേന്ദ്രം-ഇതിലൂടെ കേര മേഖലയിലെ വിജ്ഞാനശേഖരവും സാങ്കേതിക വിദ്യകളും ക്രോഡീകരിക്കാനും, പുതിയ ഗവേഷണങ്ങൾക്ക്‌ വഴി തെളിക്കാനും, പരിഹരിക്കപ്പെടാതെ കിടക്കുന്ന വ്യക്തിഗത പ്രശ്നങ്ങൾക്ക്‌ കൂട്ടായ പരിഹാരങ്ങൾ നിർദ്ദേശിക്കാനും ഇതിലൂടെ സാധ്യമാക്കാമെന്ന്‌ പ്രത്യാശിക്കുന്നു. കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കാമെന്ന നിർദ്ദേശം ഏവർക്കും സ്വീകാര്യമായിരുന്നുവേന്നത്‌ ഇന്ത്യയ്ക്കിന്ന്‌ കേര മേഖലയിൽ ആഗോള തലത്തിലുള്ള പ്രാമുഖ്യത്തെ തന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. കേന്ദ്രം തുടങ്ങുന്നതിനുള്ള സ്ഥല സൗകര്യങ്ങൾക്കു പുറമേ ഇന്ത്യാ ഗവണ്‍മന്റ്‌ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു. തുടർന്നുള്ള പ്രവർത്തനങ്ങൾ എപിസിസിയും മറ്റു അന്താരാഷ്ട്ര സംഘടനകളും നിർവ്വഹിക്കണമെന്ന നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചിരുന്നു. ഇത്‌ മുന്നിൽകണ്ട്‌ തമിഴ്‌നാട്ടിലെ ഥലിയിൽ ബോർഡ്‌ തുടങ്ങിയിരിക്കുന്ന ഗവേഷണ വികസന കേന്ദ്രം മികവിന്റെ കേന്ദ്രമായി ഉയർത്താമെന്ന കണക്കു കൂട്ടിലിലാണ്‌ ഇന്ത്യ. രാജ്യങ്ങൾതോറും ദേശീയ മികവിന്റെ കേന്ദ്രങ്ങളും അന്താരാഷ്ട്ര തലത്തിൽ ഒരു കേന്ദ്രവുമാണ്‌ അംഗരാജ്യങ്ങളുടെ ഉത്തരവാദിത്വ ബോധത്തോടെയുള്ള പ്രവർത്തന പങ്കാളിത്തം സാധ്യമാക്കുന്നതിനുള്ള പോംവഴി. അതുവഴി ആഗോള കേര മേഖലയെ സുസ്ഥിരവളർച്ചയ്ക്ക്‌ പര്യാപ്തമാക്കാം എന്നും കണക്കു കൂട്ടുന്നു.
ഫിജി കൃഷി മന്ത്രി  ഇനിയെ ബി സെരുയിരാത്തു, സമോവ കൃഷി മന്ത്രി ലെ റൊമേയ മൗലിയ,  മാർഷൽ ദ്വീപ്‌ സമൂഹങ്ങളുടെ  വിഭവ വികസന മന്ത്രി  ഹിരോഷി വി യമ്മാമുറ എന്നിവരായിരുന്നു മന്ത്രിതല സമ്മേളനത്തിലെ പ്രമുഖർ.
51-​‍ാം എപിസിസി ശേഷന്റെ ഉദ്ഘാടനവേളയിൽ നാളികേര മേഖലയ്ക്ക്‌ ശോഭനമായ ഭാവി കൈവരുമെന്ന പ്രതീക്ഷപുലർത്തിയ കേന്ദ്ര കൃഷി വകുപ്പുമന്ത്രി മോഹൻഭായ്‌ കല്യാൺജീ ബായ്‌ കുണ്ടരീയ ഇന്ത്യയിലെ കേര വികസനത്തിന്‌ നാളികേര വികസന ബോർഡ്‌ നൽകുന്ന സംഭാവനകൾ അക്കമിട്ടു പ്രതിപാദിക്കവെ ഇതിന്റെ പ്രതിഫലനമായുണ്ടായ കയറ്റുമതി വർദ്ധനയും സന്തോഷമുളവാക്കുന്നുവേന്ന്​‍്‌ എടുത്തു പറഞ്ഞു. 2013 - 14 ലെ മൊത്ത കയറ്റുമതി മൂല്യം 2632 കോടി രൂപയാണെന്നും ഇത്‌ 2012- 13 നേക്കാൾ 1156 കോടിയുടെ വർദ്ധനയോടെയാണെന്നും മന്ത്രി പറഞ്ഞത്‌ കയറ്റുമതിയിൽ വളരെ പിന്നോക്കം നിന്നിരുന്ന ഇന്ത്യയുടെ കുതിപ്പ്‌ അംഗരാജ്യങ്ങളെ കൂടുതൽ ഉദ്വേഗത്തിലെത്തിച്ചു. വികസ്വര രാജ്യങ്ങളിലെ കർഷകർക്ക്‌ വികസിത രാജ്യങ്ങൾ കൈത്താങ്ങാകണമെന്നു പറയാനും ശ്രീ കുണ്ടരിയ മറന്നില്ല.
ഇന്ത്യയ്ക്ക്‌ അദ്ധ്യക്ഷ പദവി കഴിഞ്ഞ രണ്ടു ദശകത്തിനുള്ളിൽ രണ്ടാമതാണ്‌ ലഭിക്കുന്നത്‌. കേന്ദ്ര കൃഷി ജോയിന്റ്‌ സെക്രട്ടറി സഞ്ജീവ്‌ ചോപ്ര, അതുകൊണ്ട്‌ തന്നെ ഈ സമ്മേളനം നടത്താൻ ഇന്ത്യക്കു ലഭിച്ചതു ഒരു സുവർണ്ണ അവസരമാണെന്നും ഇതൊരു ബഹുമതിയായി കരുതുന്നു എന്നും എടുത്തു പറഞ്ഞു. ഈ എപിസിസി ശേഷനോടനുബന്ധിച്ച്‌ ഒരു മന്ത്രിതല സമ്മേളനം കൂടി നടത്തുന്നുണ്ടെന്നും അംഗരാജ്യങ്ങളിലെ കേര മേഖലയിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടു വരുവാനും നയ തീരുമാനങ്ങൾ സ്വീകരിക്കുന്നതിനുമാണിതെന്നും ശ്രീ. ചോപ്ര അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. അംഗങ്ങളല്ലാത്ത രാജ്യങ്ങളുടെ ഇന്ത്യൻ സ്ഥാനപതികളെയും ഈ യോഗത്തിൽ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നാളികേരം എപിസിസി അംഗരാഷ്ട്രങ്ങളിലെ ജനങ്ങളുടെ ജീവനോപാധിയാണ്‌. ഈ വിളയുടെ ബഹുവിധ ഉപയോഗം ലോകജനത അറിയണം. മാത്രമല്ല 20 ദശലക്ഷം വരുന്ന ചെറുകിട നാമമാത്ര കർഷകരുടെ പ്രതിനിധിയാണ്‌ എപിസിസി എന്നും ലോകം അറിയണമെന്നും ഞാനാഗ്രഹിക്കുന്നു. ഈ അറിവ്‌ പങ്കു വയ്ക്കൽ ആശയ വിനിമയത്തിൽ കൂടി മാത്രമേ സാധ്യമാകൂ. അറിവുകൾ പങ്കു വയ്ക്കണം. വിജയകഥകൾ പങ്കു വയ്ക്കണം എങ്കിൽ മാത്രമേ രാജ്യങ്ങളെ ഒറ്റച്ചരടിൽ കോർത്തിണക്കാൻ സാധ്യമാകൂ. പരീക്ഷണ ഫലങ്ങൾ പരീക്ഷണ ശാലയിൽ നിന്നും പാടത്തേയ്ക്ക്‌ എത്തണം. സാങ്കേതിക കൈമാറ്റവും വിജ്ഞാനവ്യാപനവും ശക്തമാകണം. പുതിയ നേതൃത്വത്തിൻ കീഴിൽ എപിസിസിക്ക്‌ ഇത്‌ അനായാസം സാധ്യമാകുമെന്ന്‌ ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏതുരാജ്യത്തിനും ആവശ്യാനുസരണം സാങ്കേതിക വിദ്യ കൈമാറ്റത്തിനു തയ്യാറാണെന്നും ശ്രീ. ചോപ്ര ഓർമ്മിപ്പിച്ചു. 

എപിസിസിയുടെ എക്സിക്യൂട്ടീവ്‌ ഡയറക്ടർ ശ്രീ ഉറോൺ എൻ സലൂം സദസ്സിനെ അഭിസംബോധന ചെയ്തത്‌ തികഞ്ഞ കൃതജ്ഞതയോടെയാണ്‌. ആഥിത്യമരുളുന്ന ഇന്ത്യയ്ക്കും വേദിയാകുന്ന കൊച്ചിക്കും മന്ത്രിതല സമ്മേളനത്തിൽ ചേർന്ന മന്ത്രിമാർക്കും കൃഷി മന്ത്രാലയത്തിനും നാളികേര വികസന ബോർഡിനും എന്നിങ്ങനെ...  കേരള മത്സ്യ-തുറമുഖ, എക്സൈസ്‌ വകുപ്പു മന്ത്രി ശ്രീ. കെ.ബാബു, എറണാകുളം എംപി പ്രോഫ. കെ.വി. തോമസ്‌ എന്നിവരും ബോർഡിന്റെ പ്രവർത്തനങ്ങളെയും കൈവരിച്ച നേട്ടങ്ങളേയും പ്രകീർത്തിച്ചു. ബോർഡിന്റെ  എല്ലാ തലത്തിലുള്ളവർക്കും നന്ദി രേഖപ്പെടുത്തിയ ഉറോൺ എപിസിസിയുടെ വളർച്ചയുടെ നാൾവഴികളിലേക്ക്‌ സദസ്സിനെ കൊണ്ടു പോകാനും മറന്നില്ല. 2015 സെപ്റ്റംബർ 2 ന്‌ എപിസിസി തുടങ്ങിയിട്ട്‌ 46 വർഷങ്ങൾ പിന്നിടുമെന്നും എപിസിസി സ്ഥാപനരേഖയിൽ 1968 ഡിസംബർ 12 ന്‌ ഒപ്പു വച്ച അംഗരാജ്യങ്ങൾ ഇന്ത്യ, ഇന്ത്യോനേഷ്യ, ഫിലിപ്പീൻസ്‌ എന്നീ ത്രിമൂർത്തികളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 1969 ൽ ശ്രീലങ്കയും തായ്‌ലന്റും മലേഷ്യയും അംഗത്വമെടുത്തു. 1998 ൽ വിയറ്റ്നാമും. സമോവ, പാപ്പുവ ന്യൂഗിനിയ, സോളമൻ ദ്വീപുകൾ, വനവാട്ടു, മൈക്രോനേഷ്യ, ഫിജി, കിരിബിത്തി, മാർഷൽ ദ്വീപുകളും ടോംഗായും അംഗങ്ങളാണ്‌. ഇങ്ങനെ ഏഴ്‌ ഏഷ്യൻ രാജ്യങ്ങളും 9 പസഫിക്‌ രാജ്യങ്ങളും, കെനിയ, ജമൈക്ക എന്നിങ്ങനെ അസോസിയേറ്റ്‌ അംഗങ്ങളുമായി 18 ആണ്‌ എപിസിസി യുടെ നിലവിലുള്ള അംഗബലം.
എപിസിസി പ്രാധാന്യം നൽകുന്നത്‌ നാളികേരത്തിലല്ല. നാളികേര കർഷകരിലാണ്‌. കാലാകാലങ്ങളിലായി തുടർന്നു പോരുന്ന കൃഷി വിസ്തീർണ്ണമോ ഉൽപാദനമോ കയറ്റുമതിയുടെ ഘനമോ അല്ല കേര മേഖലയുടെ പ്രാധാന്യം നിശ്ചയിക്കേണ്ടത്‌. ഇന്ത്യയുടെ കയറ്റുമതി മൂല്യത്തിന്റെ 0.13 ശതമാനം മാത്രമാണ്‌ കേരോൽപ്പന്നങ്ങളിൽ നിന്നും ലഭിക്കുന്നുള്ളൂവേങ്കിലും ജനസംഖ്യയുടെ 5 ശതമാനമാണ്‌ കേര കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്‌. ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌, എന്നിവിടങ്ങളിലും സ്ഥിതി മറ്റൊന്നല്ല. അതുകൊണ്ട്‌ ഈ സ്ഥിതി വിശേഷം മാറണം. എപിസിസി ഇതിനായി മാറി ചിന്തിച്ചു തുടങ്ങി. ഇതിനു പിൻതാങ്ങായി ഒരു പ്രവർത്തക സമിതി കൂടി രൂപപ്പെടുത്തുന്നുണ്ട്‌. അംഗരാജ്യങ്ങൾക്ക്‌ കൂടുതൽ പ്രയോജനപ്രദവും സ്വീകാര്യവുമായ പ്രവർത്തനപഥത്തിലൂടെ.
വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും തമ്മിൽ താരതമ്യം ചെയ്ത്‌ നടത്തിയ പഠനത്തിന്റെ തലവൻ, അമൃത ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവിയായിരുന്ന പരേതനായ ഡോ. കെ. കെ. ഹരിദാസ്‌, ബഹുവിള കൃഷി രീതികൾ തെങ്ങിൻ തോട്ടത്തിൽ സമന്വയിപ്പിച്ച പൊള്ളാച്ചിയിലെ ഒ.വി.ആർ. സോമസുന്ദരം, മികച്ച കർഷകനും കേര വ്യവസായിയുമായ ശ്രീ. സി. ആർ. വിജയകുമാർ എന്നിവർക്ക്‌ എപിസിസി പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചതു ഇന്ത്യയുടെ കേര മേഖലയുടെ ഗവേഷണ വികസന മേൽക്കോയ്മയ്ക്കുള്ള അംഗീകാരം ഊട്ടിയുറപ്പിക്കലായി.
57 അംഗവിദേശ സംഘവും ആലപ്പുഴ കറപ്പുറം കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചകളും ഫീൽഡ്‌ വിസിറ്റുമായിരുന്നു മൂന്നാം ദിവസത്തെ അജൻഡ. സന്ദർശത്തിൽ മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും ശാസ്ത്രജ്ഞരുമെല്ലാം ഉൾപ്പെട്ടിരുന്നു. സന്ദർശനത്തിലുടനീളം നീരയായിരുന്നു താരമെങ്കിൽ വനിതാ ചങ്ങാതിക്കൂട്ടം അക്ഷരാർത്ഥത്തിൽ പ്രതിനിധികളെ അമ്പരിപ്പിച്ചു. അനന്തര ഫലമോ മടക്കയാത്രയിൽ 11 രാജ്യങ്ങളും കരുതി ഓരോ തെങ്ങു കയറ്റ യന്ത്രം - സ്വന്തം രാജ്യത്തിലെ കേര മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ.
എപിസിസി യുടെ ടെക്നിക്കൽ വർക്കിംഗ്‌ ഗ്രൂപ്പിലെ അംഗങ്ങളുൾപ്പെട്ട പ്രതിനിധി സംഘം സമ്മേളനാനന്തരം ഒരാഴ്ച കേര മേഖലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ എടുത്ത തീരുമാനവും ഈ എപി.സി.സി. സമ്മേളനത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. എക്സിക്യൂട്ടീവ്‌ ഡയറക്ടറും ബോർഡുദ്യോഗസ്ഥരും കൂടാതെ മറ്റു പല പ്രമുഖരും ഈ സന്ദർശനത്തിൽ പങ്കെടുത്തിരുന്നു. കാസർകോട്‌ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, മധുരയിലെ ഡി. ജെ. ഫാംസ്‌, പൊള്ളാച്ചിയിലെ തെങ്ങിൻ തോപ്പുകൾ, മൂന്നാറിലെ ലേക്ക്‌ ഹാർട്ട്‌, ടീ ഫാക്ടറി, അമൃത ആശുപത്രി കൊച്ചി എന്നിവിടങ്ങളിലാണ്‌ സംഘം സന്ദർശനം നടത്തിയത്‌. ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ, ഫിജി, പാപ്പുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യ കൈവരിച്ചിരിക്കുന്ന വൻ പുരോഗതിയിൽ അത്ഭുതം കൂറി.
നമ്മുടെ കാർഷിക കൂട്ടായ്മകൾക്ക്‌ ശക്തമായ സന്ദേശം കൂടി ആയിരുന്നു ഈ സമ്മേളനം. കൂട്ടായി പ്രവർത്തിച്ചാൽ തെങ്ങുകൃഷിയുടെ സാധ്യതകൾക്ക്‌ അതിരുകളില്ല; ആഭ്യന്തര വിപണിയിലും വിദേശവിപണിയിലും.
52-​‍ാമത്‌ എപിസിസി ശേഷന്‌ ഇൻഡോനേഷ്യ വേദിയാകുമെന്ന അറിയിപ്പോടെയാണ്‌ 51-​‍ാം എപിസിസി ശേഷനു തിരശ്ശീല വീണത്‌. അദ്ധ്യക്ഷ പദവിയിലെത്തുന്നത്‌ ഇൻഡോനേഷ്യയിലെ ഡയറക്ടർ ഓഫ്‌ പെരേനിയൽ ക്രോപ്സ്‌ ആയ ഡോ. ഹെർദ്രാഡ്ജെത്ത്‌.

19 Jul 2014

സമ്മിശ്ര തെങ്ങുകൃഷി ആദായകരം; ആനന്ദദായകവും


രമണി ഗോപാലകൃഷ്ണൻ*, ശ്രീജിത പി. എസ്‌.**
* ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11
** പ്രോജക്ട്‌ മാനേജർ, സിഐടി വാഴക്കുളം

വ്യത്യസ്തത്തകളും സവിശേഷതകളും കൊണ്ട്‌ വേറിട്ടു നിൽക്കുന്ന വിളയാണ്‌ തെങ്ങ്‌. മറ്റു വിളകളുമായി ഇണങ്ങിച്ചേർന്നു വളരാനുള്ള സന്മനസ്സു തന്നെയാണ്‌ ഈ സവിശേഷതകളിൽ ഏറ്റവും മുൻപന്തിയിൽ. മറ്റു തോട്ടവിളകളായ തേയില, കാപ്പി, ഏലം, റബ്ബർ എന്നിവയ്ക്കില്ലാത്ത ഈ സവിശേഷത തെങ്ങിനെ വിളകളുടെ രാജാവാക്കുന്നു.  വളർച്ചയുടെ ഏതു ഘട്ടത്തിലും ഈ സാഹോദര്യം കാത്തുസൂക്ഷിച്ചുകൊണ്ട്‌ വിളകളുടെ സംഗമത്തിനു വേദിയൊരുക്കുന്ന തെങ്ങിൻ തോപ്പിനെ ഒരു സമത്വസുന്ദര സാമ്രാജ്യത്തിനോടല്ലേ ഉപമിക്കേണ്ടത്‌?  തെങ്ങ്‌ അടിസ്ഥാനമാക്കിയുള്ള വിള സമ്പ്രദായത്തിന്റെ ഗുണഫലങ്ങൾ അറിഞ്ഞും അനുഭവിച്ചും ഗവേഷണഫലങ്ങൾ തെളിയിച്ചും പരിചയ സമ്പന്നരാണ്‌ നമ്മൾ. നാൾക്കുനാൾ കുറഞ്ഞുവരുന്ന ഭൂവിസ്തൃതി സൃഷ്ടിക്കുന്ന ആഘാതത്തോട്‌ മനുഷ്യൻ പകരം വീട്ടുന്നത്‌ ഉത്പാദന ക്ഷമത വർദ്ധനവ്‌ എന്ന തന്ത്രത്തിലൂന്നിയാണ്‌.  വിളകളെ അടിസ്ഥാനപ്പെടുത്തിയും ഭൂമിയെ അടിസ്ഥാനപ്പെടുത്തിയുമെല്ലാം ഉത്പാദന ക്ഷമതയുടെ കണക്കെടുക്കുന്നു. ഒരു വൃക്ഷത്തിൽ നിന്നും പരമാവധി വിളവ്‌ അഥവാ തുണ്ടു ഭൂമിയിൽ നിന്നും പരമാവധി വിളവ്‌. ഈ പശ്ചാത്തലത്തിലാണ്‌ 98 ശതമാനം കൃഷി ഭൂമിയും അരയേക്കറിൽ താഴെയുള്ള കേരളത്തിലെ തെങ്ങിൻതോപ്പുകളും അവയുടെ ഉത്പാദനക്ഷമതയും ചർച്ചാവിഷയമാകുന്നത്‌.
കേരളത്തിൽ ഏകദേശം 42 ലക്ഷം കൃഷിയിടങ്ങളുണ്ടെന്നാണ്‌ കണക്ക്‌. ശരാശരി കൃഷിഭൂമി 50 സെന്റും.  8 ലക്ഷം ഹെക്ടറിൽ വ്യാപിച്ചു കിടക്കുകയാണ്‌ ഇവിടുത്തെ തെങ്ങുകൃഷി.  തെങ്ങും അധിഷ്ഠിത വിളകളുടേയും ആദായം മാത്രം ജീവിതവൃത്തിക്ക്‌ താങ്ങാകുന്ന പരശ്ശതം കുടുംബങ്ങളുണ്ടിവിടെ.  ഇതിന്‌ സുഗമമായ പാത തെളിക്കാൻ തെങ്ങിൻതോപ്പിലെ അനുകൂല സാഹചര്യം വഴിയൊരുക്കുന്നുമുണ്ട്‌.
തെങ്ങിന്റെ വളർച്ചയുടെ പ്രത്യേകതയും ശരീരഘടനയും, മേൽവിതാനവും തമ്മിലുള്ള അകലവും, ജീവിത ദൈർഘ്യവുമെല്ലാം തെങ്ങിനോടൊപ്പം സമ്മിശ്രവിളകളും സ്വീകരിക്കാൻ പ്രാപ്തമാക്കുന്നു.  എന്നാൽ ലക്കും ലഗാനുമില്ലാത്ത കൃഷിരീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ശാസ്ത്ര സത്യവും നമ്മുടെ മുന്നിലുണ്ട്‌. കടയ്ക്കൽ നിന്നും രണ്ടു മീറ്ററിനുള്ളിലുള്ള വേരു പടലങ്ങളുടെ കേന്ദ്രീകരണവും തെങ്ങുകൾ തമ്മിൽ 7.5 മീറ്റർ അകലവുമെല്ലാം തെങ്ങിൻ തോപ്പിൽ മണ്ണ്‌, വെള്ളം, വെളിച്ചം തുടങ്ങി എല്ലാ പ്രകൃതി വിഭവങ്ങളും പൂർണ്ണമായി വിനിയോഗിക്കപ്പെടാതെ പോകുന്ന അവസ്ഥ സംജാതമാകുന്നു. ഈ സാഹചര്യം അനുകൂല ഘടകമാക്കിയാണ്‌ ഇടവിളകൾ തെങ്ങിൻ തോപ്പിൽ സ്ഥാനം പിടിക്കുന്നത്‌. ഇത്തരം വിള മിശ്രിതത്തിന്റെ ഗുണഫലങ്ങൾ നിരവധിയാണ്‌.  മണ്ണിലെ സൂക്ഷ്മജീവികളുടെ അധികവളർച്ച, ഫലഭൂയിഷ്ഠത വർദ്ധനവ്‌, കളനിയന്ത്രണം, മുഖ്യവിളയ്ക്കു ലഭിക്കുന്ന അധിക ശ്രദ്ധ,  പ്രകൃതി വിഭവങ്ങളുടെ സൂക്ഷ്മവിനിയോഗം, വൈവിദ്ധ്യമാർന്ന ഉൽപന്ന ലഭ്യത, സാമ്പത്തിക ഭദ്രത എന്നിങ്ങനെ പോകുന്നു സംയോജിത കൃഷിരീതിയുടെ മാഹാത്മ്യം.
തെങ്ങിന്റെ വളർച്ചയുടെ മൂന്നുഘട്ടങ്ങളിലും അതായത്‌ കായ്ക്കുന്നതിനുമുള്ള അഞ്ചു വർഷക്കാലവും (കുറിയയിനങ്ങൾക്കിത്‌ മൂന്നുവർഷമാണ്‌) 5 വർഷത്തിനും 20 വർഷത്തിനുമിടയിലുള്ള ചെറുപ്രായവും 20 വർഷത്തിനുശേഷമുള്ള പ്രായപൂർത്തിയായ ഘട്ടത്തിലും നാണാത്തരം ഇടവിളകൾ കൃഷി ചെയ്യാം. ഇതിൽ ഓലയുടെ വിതാനം തറനിരപ്പിൽ കൂടുതൽ വ്യാപിച്ചു കിടക്കുന്ന ഇളം പ്രായത്തിൽ മാത്രമാണ്‌ ഇടവിളകൾ തെരഞ്ഞെടുക്കുന്നതിൽ പരിമിതികളുള്ളത്‌. 
കിഴങ്ങുവർഗ്ഗങ്ങൾ, സുഗന്ധ വ്യഞ്ജനവിളകൾ,  പയറുവർഗ്ഗങ്ങൾ എണ്ണക്കുരുവിളകൾ, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ, ദീർഘകാല സുഗന്ധവിളകൾ എന്നിങ്ങനെ എല്ലാ ഇനത്തിലും പെട്ട വിളകൾ തെങ്ങിൻ തോപ്പിന്‌ അനുയോജ്യമാണെന്നാണ്‌ തെങ്ങ്‌ അടിസ്ഥാന കൃഷി രീതികൾക്ക്‌ പ്രാമുഖ്യമേറാൻ കാരണം.


ചെറിയ ഭൂമിയിൽ നിന്ന്‌ വലിയ ആദായം
എറണാകുളം വളയൻചിറങ്ങര കരിഞ്ഞനംകുടത്ത്‌ വീട്ടിൽ അരവിന്ദൻ വെറും 58 സെന്റ്‌ തെങ്ങിൻതോപ്പിലെ ആദായംകൊണ്ട്‌ കാർഷിക വൃത്തിക്ക്‌ പുതിയ മാനം നൽകുകയാണ്‌.  തന്റെ കൃഷിയിടത്തിൽ വിളകളെ എങ്ങനെ സമന്വയിപ്പിക്കാമെന്ന്‌ കാട്ടിക്കൊടുക്കുകയാണ്‌ അരവിന്ദൻ. കുടുംബത്തിന്റെ എല്ലാ ചിലവും കഴിഞ്ഞ്‌ വർഷം തോറും ഒരു ലക്ഷത്തിലധികം മിച്ചം വയ്ക്കുന്ന അരവിന്ദൻ തന്റെ കൃഷിയിടത്തിൽ ദീർഘകാല വിളകളും ഹ്രസ്വകാല വിളകളും പരീക്ഷിച്ചിരിക്കുന്നു. ജാതിയും കുരുമുളകും ആദ്യത്തെ വിഭാഗത്തിലും ഇഞ്ചി, മഞ്ഞൾ, പാവൽ, പയർ, ചേമ്പ്‌, ചേന എന്നിങ്ങനെയുള്ള വിളകൾ രണ്ടാമത്തെ വിഭാഗത്തിലും ഉൾപെടുന്നു.
വളക്കൂറുള്ള ചുവപ്പ്‌ മണൽ കലർന്ന പശിമരാശി മണ്ണ്‌  അരവിന്ദന്റെ തെങ്ങിൻ തോപ്പിലെ അടിസ്ഥാന അനുകൂലഘടകമാണ്‌.  25 തെങ്ങുകളാണ്‌ മേൽപ്പറഞ്ഞ ഇടവിളകൾ ഉൾക്കൊള്ളുന്ന പുരയിടത്തിലെ അടിസ്ഥാന വിള. ശരാശരി 84 നാളികേരമാണ്‌ ഈ തോട്ടത്തിലെ വാർഷിക ഉത്പാദനക്ഷമത.  വർഷത്തിൽ 2100 ലധികം നാളികേരം വിളവെടുക്കുന്ന അരവിന്ദൻ ഇത്‌ ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്‌. തേങ്ങയ്ക്കു ഇന്നു ലഭിക്കുന്ന മുന്തിയ വിലതന്നെ ഈ ഉത്സാഹത്തിനു കാരണം.  "സ്ഥിരമായി അനുഭവങ്ങൾ പങ്കുവയ്ക്കുകയും സെമിനാറിലും ചർച്ചകളിലും പങ്കെടുക്കുകയും ചെയ്യുന്ന ആളാണ്‌ ഞാൻ. തേങ്ങയൊഴിച്ചുള്ള ഭാഗങ്ങളെല്ലാം തെങ്ങിനു തന്നെ തിരികെ നൽകണകമെന്ന തത്വം മലപ്പുറത്തെ ഒരു കർഷകനിൽ നിന്നും ലഭിച്ച അറിവാണ്‌.  ഇതു ഞാൻ അക്ഷരം പ്രതി പാലിക്കുന്നു. തേങ്ങയൊഴികെയുള്ള തൊണ്ട്‌, ഓല, കൊതുമ്പ്‌ ഇവയെല്ലാം തെങ്ങിൻ തടത്തിൽ പുതയിടുകയാണ്‌ പതിവ്‌. എന്നിരുന്നാലും രാസവളപ്രയോഗത്തിനും അമാന്തിക്കാറില്ല. ശരാശരി വളപ്രയോഗത്തിനു ശുപാർശ ചെയ്യുന്ന എൻ.പി.കെ വളങ്ങളും കുമ്മായവുമെല്ലാം യഥാസമയം തടം തുറന്ന്‌ ഇടുകയും കാലവർഷത്തിനുമുൻപ്‌ തടം മൂടുകയും ചെയ്യും." 10-15 കിലോ മണ്ണിര കമ്പോസ്റ്റിനു പുറമെ ഒരു കിലോ കുമ്മായവും ഒന്നര കിലോ ഫാക്ടംഫോസും ഒരു കിലോ പൊട്ടാസും അര കിലോ മഗ്നീഷ്യം സൾഫേറ്റും തെങ്ങോന്നിന്‌ നൽകാറുണ്ട്‌. ജൈവവള നിർമ്മാണത്തിന്‌ ഒരു യൂണിറ്റ്‌ നിർമ്മിച്ചിട്ടുണ്ട്‌. 11500 രൂപ മുടക്കി നിർമ്മിച്ച യൂണിറ്റിന്‌ 3500 രൂപ കൃഷി വകുപ്പിന്റെ സബ്സിഡി ലഭിച്ചതും പ്രോത്സാഹനമായി. നനയും യഥാസമയം നടത്തും.  പരിപാലനത്തിന്റെ മികവ്‌ തോട്ടത്തിന്റെ ആദായത്തിലും പ്രകടമാകുന്നു.
സംയോജിത കൃഷിയ ​‍ിലെ പ്രാവീണ്യം അരവിന്ദനെ ആത്മ (അഠങ്ങഅ) തെരഞ്ഞെടുത്ത 10 മികച്ച കർഷകരിലൊരാളാക്കിയിരുന്നു. വെജിറ്റബിൾ ആന്റ്‌ ഫ്രൂട്ട്‌ പ്രോമോഷൻ കൗൺസിൽ നടത്തിയ പാവലിന്റെയും പയറിന്റെയും ജൈവ കൃഷിയിലെ മികവ്‌ മാതൃഭൂമി ചാനൽ അവരുടെ കൃഷിഭൂമി പരിപാടിയിൽ പ്രക്ഷേപണം ചെയ്തതും അരവിന്ദൻ അഭിമാനത്തോടെ ഓർക്കുന്നു. ദൂരദർശന്റെയും ആകാശവാണിയുടെയും കാർഷിക പരിപാടികളുടെ സ്ഥിരം ക്ഷണിതാവാണ്‌ അരവിന്ദൻ. തന്റെ തെങ്ങുകളുടെ ആരോഗ്യവും രോഗരഹിത അവസ്ഥയും കണ്ട്‌ ഒരിക്കൽ നാളികേര വികസന ബോർഡ്‌ 'എലൈറ്റ്‌' തെങ്ങുകളായി പരിഗണിച്ച്‌ വിത്തു തേങ്ങ ശേഖരണത്തിന്‌ തെരെഞ്ഞെടുത്തിരുന്നു എന്നതും ചാരിതാർത്ഥം തരുന്നു. ആവശ്യം കഴിഞ്ഞുള്ള നാളികേരം വി.എഫ്‌.പി.സി.കെ യുടെ വേങ്ങോലയിലെ സ്വാശ്രയ വിപണിവഴി വിറ്റഴിക്കുന്നു. നാളികേരമൊന്നിന്‌ 22 രൂപ വില ലഭിക്കുന്നുണ്ട്‌. ഈ വിലനിലവാരം പിടിച്ചു നിർത്താൻ സാധിച്ചാൽ എല്ലാവരും തെങ്ങുകൃഷിയിലേക്കു തന്നെ മടങ്ങിവരും - ശുഭാപ്തി വിശ്വാസത്തോടെ അരവിന്ദൻ പറഞ്ഞു.
കുടുംബത്തിലെ എല്ലാവരുടേയും അദ്ധ്വാനമാണ്‌ ഇന്നീകാണുന്ന വിജയത്തിനാധാരമെന്നാണ്‌ അരവിന്ദന്റെ ഭാക്ഷ്യം. "ഞങ്ങൾ വീട്ടാവശ്യത്തിന്‌ പച്ചക്കറി, മുട്ട, പാൽ, പാചകവാതകം, വെളിച്ചെണ്ണ, തേങ്ങ ഇതിനൊന്നിനും പണം മുടക്കുന്നില്ല. എല്ലാം സ്വന്തം കൃഷിയിടത്തിലെ ഉൽപന്നങ്ങൾ തന്നെ". ഇതിനായി രണ്ടു മുന്തിയയിനം പശുക്കൾ, 5 മലബാറി ആടുകൾ, കോഴി എന്നിവയും വളർത്തുന്നു. അമ്മയും എഞ്ചിനീയറിംഗിനു പഠിക്കുന്ന മകനും  ഭാര്യയുമടങ്ങുന്നതാണ്‌ അരവിന്ദന്റെ കുടുംബം.  ഒന്നേകാൽ ഏക്കർ റബ്ബർ തോട്ടമുണ്ടെങ്കിലും തെങ്ങിൻ തോപ്പിനു നൽകുന്ന ശ്രദ്ധയും പരിഗണനയും ഇതിനു ഇപ്പോൾ നൽകുന്നില്ലായെന്നതാണ്‌ വാസ്തവം; കാരണം ഒന്നു മാത്രം. വൈവിദ്ധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങളുടേയും മെച്ചപ്പെട്ട ആദായത്തിന്റെയും  ഉറവിടം തെങ്ങിൻ തോപ്പുതന്നെ. മറ്റു കൃഷിഭൂമികളിൽ സാധിക്കാത്ത വിള സമന്വയവും സംരംഭകത്വവും ഇവിടെ സാധ്യമാകുന്നു.
എനിക്ക്‌ കേരകർഷകരോട്‌ ഒരു അപേക്ഷയുള്ളത്‌ അവരുടെ തെങ്ങുകൾ നല്ലവണ്ണം പരിചരിക്കുകയും പുതിയതു വയ്ക്കാൻ ഇടമുള്ളവർ നല്ലയിനം തൈകൾ വച്ചുപിടിപ്പിക്കുകയും വേണമെന്നാണ്‌.
അരവിന്ദൻ - ഫോൺ : 8547257472
മഹത്തരം; ഈ കർഷക മനസ്സ്‌
എറണാകുളം ആലുവയിലെ സൗത്ത്‌ വാഴക്കുളത്തെ കർഷകനാണ്‌ വർഗ്ഗീസ്‌ പി. ജെ.  വിദ്യാഭ്യാസം കൊണ്ട്‌ മെക്കാനിക്കൽ എൻജിനീയർ 1970-ൽ മണിപ്പാൽ എൻജിനീയറിംഗ്‌ കോളേജിൽ നിന്നാണ്‌ ബിരുദമെടുത്തത്‌. 70-​‍ാം വയസ്സിൽ എത്തി നിൽക്കുന്ന വർഗ്ഗീസിന്‌ അന്നുമിന്നും കൃഷിയോടുള്ള കമ്പമേറെ.  സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുള്ള തോന്നലിൽ കെൽട്രോൺ ടിവിയ്ക്ക്‌ ബോഡിയുണ്ടാക്കി നൽകിയിരുന്ന ഓർമ്മകളും അദ്ദേഹം അയവിറക്കി.
മൂന്ന്‌ ആൺമക്കളുടെ വിദ്യാഭ്യാസ ചിലവിനും കുടുംബം പോറ്റാനും മൂന്നര ഏക്കർ ഫലഭൂയിഷ്ടമായ ഭൂമി കൈവശമുള്ള താനെന്തിന്‌ മറ്റു തൊഴിലന്വേഷിക്കുന്നു എന്ന തിരിച്ചറിവ്‌ പിന്നീട്‌ കുറച്ചൊന്നുമല്ല വർഗ്ഗീസിനെ തുണച്ചതു. മൂന്നര ഏക്കർ കൃഷി ഭൂമി ഇന്ന്‌ തെങ്ങ്‌ അധിഷ്ഠിത വിള സമ്പ്രദായം അനുവർത്തിക്കുന്ന മാതൃക തോട്ടമാണ്‌. 125  തെങ്ങിനോടൊപ്പം ജാതി, കമുക്‌, പച്ചക്കറി വിളകൾ, പൈനാപ്പിൾ ഇവയെല്ലാമുണ്ട്‌.  തെങ്ങുകളെല്ലാം  7-8 വർഷം മാത്രം പ്രായം.  ഓടക്കാലി, നേര്യമംഗലം ഫാമുകളിൽ നിന്നും വാങ്ങിയ നെടിയ ഇനങ്ങളും സ്വന്തമായുത്പാദിപ്പിച്ച സങ്കരയിനങ്ങളും ഇതിലുൾപ്പെടുന്നു.
പയർ, വാഴ, കപ്പ, ചേമ്പ്‌, കാച്ചിൽ, മഞ്ഞൾ ഇവയെല്ലാം വിളശേഖരത്തിലുൾപ്പെടുന്നെങ്കിലു
ം തന്റെ ചെറുപയർ കൃഷിയെപ്പറ്റി പറയുന്നതിലാണ്‌ വർഗ്ഗീസിന്‌ താൽപര്യം കൂടുതൽ.
"അഞ്ചു വർഷം മുൻപ്‌ കടയിൽ നിന്നു വാങ്ങിയ കുറച്ച്‌ ചെറുപയർ വിത്തായി പരീക്ഷിച്ചതു വൻ വിജയമായി. ഒരു കിലോ ചെറുപയർ വിതയ്ക്കാൻ ഒരേക്കർ ഭൂമി വേണം. ഇതിൽ നിന്നും 30 കിലോ പയർ 45 ദിവസം കൊണ്ടു ലഭിയ്ക്കും. എന്റെ കൃഷി കപ്പയുടേയും വാഴയുടേയും ഇടയ്ക്കാണ്‌.  മൂടോടെ പിഴുത്‌ ടെറസ്സിലിട്ടുണങ്ങി കുടഞ്ഞെടുക്കുന്ന പയർ അത്യധികം സ്വാദിഷ്ടമാണ്‌".
എന്തുവില ലഭിക്കും ചെറുപയറിന്‌ വിപണിയിലെന്ന ചോദ്യത്തിനുള്ള ഉത്തരം കേട്ട എനിക്ക്‌ ചെറുപയറിന്റെ സ്വാദ്‌ അനുഭവിച്ച പ്രതീതിയായിരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും  ആലുവ ഗവണ്‍മന്റ്‌ ആശുപത്രിയിലെ 400 ഓളം രോഗികൾക്ക്‌ ഉച്ചഭക്ഷണം നൽകുന്നുണ്ട്‌. ഈ പയറും ഒപ്പം പറമ്പിലെ കപ്പയും പച്ചക്കറികളും നാളികേരവും എല്ലാം ഈ ആവശ്യത്തിനാണ്‌ ഉപയോഗപ്പെടുത്തുന്നത്‌.
തന്റെ ഉദ്ദ്യമങ്ങൾക്കെല്ലാം പിന്നിൽ നെടുംതൂണായി പ്രവർത്തിക്കുന്ന 63 കാരി ജോളിയാണ്‌ വർഗ്ഗീസിന്റെ ഭാര്യ.  മൂന്നു ആൺമക്കൾ വിദ്യാസമ്പന്നരും ഉദ്ദ്യോഗസ്ഥരുമാണെങ്കിലും കൃഷി ഏറെ താൽപര്യമുള്ളവർ തന്നെ.  മൂത്ത മകൻ ലണ്ടനിൽ ഫിസിയോതെറാപ്പിസ്റ്റ്‌, രണ്ടാമത്തെയാൾ ആസ്ത്രേലിയയിൽ എൻജിനീയർ, മൂന്നാമൻ പാലക്കാട്‌ ബി.പി.എൽ ടെലികോം പ്രൈവറ്റ്‌ ലിമിറ്റഡിൽ മെഡിക്കൽ എക്യുപ്‌മന്റ്‌ വിഭാഗത്തിൽ ക്വാളിറ്റി കൺട്രോളറാണ്‌.  പെൺമക്കളില്ലാത്തതിന്റെ അഭാവം സ്നേഹസമ്പന്നരായ മൂന്ന്‌ മരുമക്കളിലൂടെ പരിഹരിച്ചുകിട്ടി.  കുടുംബത്തിന്റെ ഈ സന്തോഷമാണ്‌ രോഗികൾക്കും അശരണർക്കും ആഹാരം നൽകി സൽക്കർമ്മങ്ങൾ ചെയ്യാൻ പ്രേരകമാകുന്നത്‌. അതുകൊണ്ടു തന്നെ വാർഷിക വരുമാനത്തിന്റെ കണക്കെടുക്കാറില്ല.
ഈ ജീവത വിജയത്തിന്‌ നിദാനമാകുന്നത്‌ തന്റെ തെങ്ങിൻ പുരയിടവും അതിൽ നിന്നുള്ള ആദായവുമാണെന്ന്‌ പറയാൻ വർഗ്ഗീസ്‌ അഭിമാനമുണ്ട്‌. മറ്റൊരു കൃഷിയിലും സാധ്യമാകാത്ത സമ്മിശ്രകൃഷി സമ്പ്രദായം തെങ്ങിൻതോപ്പിൽ സാധ്യമാകുന്നുവേന്നതാണ്‌ തെങ്ങിനെ വേറിട്ടതാക്കുന്നത്‌.  രാസവളങ്ങളില്ലാതെയുള്ള കൃഷിയും മനസ്സിനു സംതൃപ്തി യേകുന്നു. പറഞ്ഞു നിർത്തുമ്പോൾ തെങ്ങിൻ തോപ്പിൽ ഏറ്റവും അനുയോജ്യമായ ഇടവിള വാഴയാണെന്ന്‌ തന്റെ പൂവൻ വാഴകൃഷിയിലെ അനുഭവം പങ്കുവെച്ച്‌ പറയാനും മറന്നില്ല, വർഗ്ഗീസ്‌.
വർഗീസ്‌. 0484-2677206

23 Dec 2013

വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുമായി എന്തുകൊണ്ട്‌ സഹകരണം ?


രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

കാർഷിക വിജയത്തിന്നാധാരം സാങ്കേതിക വിദ്യകളുടെ സമന്വയമാണ്‌. സാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്ക്‌ വഴിയൊരുക്കുന്നതോ, ശാസ്ത്രീയ വളർച്ചയുടെ മുന്നേറ്റവും. മണ്ണും വെളളവും കലാവസ്ഥയോടുമൊപ്പം സാങ്കേതികവിദ്യകൾ കൂടി കൂട്ടിയിണക്കുമ്പോഴാണ്‌ കാർഷികോത്പാദനത്തിനു വഴിയൊരുങ്ങുന്നത്‌. എന്നാൽ എല്ലാ അനുകൂലഘടകങ്ങളും ഒരുമിക്കുമ്പോഴും ഉത്പാദനക്ഷമതയ്ക്ക്‌ ഏകതാരൂപം കൈവരുന്നില്ല. ഉത്പാദനക്ഷമത ഏറിയും കുറഞ്ഞുമിരിക്കും. ഇങ്ങനെയുളള ഏറ്റക്കുറിച്ചിലിനു നിദാനമാകുന്നതോ ഒന്നിലധികം കാരണങ്ങളും. കാലാവസ്ഥാ വ്യതിയാനങ്ങൾ, കാർഷികോപാധികളുടെ ഉപയോഗമികവ്‌, വിളകളുടെ ഇനങ്ങളുടെ പ്രത്യേകത എന്നിവയെല്ലാം ഇതിലുൾപ്പെടും.

നാളികേര ഗവേഷണരംഗത്ത്‌ ലോകരാജ്യങ്ങളിൽ മികച്ചുനിൽക്കുന്നത്‌ ഇന്ത്യയാണ്‌. തെങ്ങുകൃഷിയിൽ ഗവേഷണകേന്ദ്രങ്ങൾ  ഉരുത്തിരിച്ചെടുത്ത സാങ്കേതിക വിദ്യകൾ ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാൾ മികവു പുലർത്തുന്നവയാണ്‌. എന്നിരുന്നാലും സാങ്കേതികവിദ്യകൾ ഗവേഷണ ശാലകളിൽ നിന്നും കർഷകരിലേയ്ക്ക്‌ താമസം വിനാ എത്തുന്നില്ല. കേരകാർഷികമേഖലയിൽ കാതലായ നിരവധി വിഷയങ്ങൾ ഇനിയും ഗവേഷണ വിധേയമാക്കേണ്ടതുണ്ട്‌. ഗുരുതര സ്വഭാവമുളള വിൽറ്റു രോഗങ്ങളുടെ നിർമ്മാർജ്ജനം, ഉയർന്ന ഉത്പാദന ക്ഷമതയുടെ മൂല കാരണങ്ങൾ കണ്ടുപിടിക്കൽ,  കോശസംവർദ്ധന രീതിയിലുളള വംശവർദ്ധന, രോഗപ്രതിരോധശേഷിയുളളതും വരൾച്ച അതിജീവനശേഷിയുളളതുമായ ഇനങ്ങളെ കണ്ടെത്തുക, നാളികേരത്തിന്റെ ഇനിയും വെളിച്ചം കാണാനുളള ഔഷധഗുണങ്ങൾ പുറത്തുകൊണ്ടുവരിക ഇതെല്ലാം ഇവയിൽപെടും.

എന്നാൽ കേരമേഖല അഭിമുഖീകരിക്കുന്ന വൈവിദ്ധ്യമാർന്ന ഇത്തരം പ്രശ്നങ്ങളിൽ ഗവേഷണങ്ങൾ കേന്ദ്രീകരിക്കാനും ഏകോപിപ്പിക്കാനുമുളള കേന്ദ്രങ്ങൾ ഗവണ്‍മന്റ്‌ തലത്തിൽ അപര്യാപ്തമാണെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെയാണ്‌ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുളള ഗവേഷണ പഠനങ്ങളെക്കുറിച്ച്‌ ബോർഡ്‌ ചിന്തിച്ചു തുടങ്ങിയത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോർക്കുവാനുളള തീരുമാനത്തിന്‌ മറ്റൊരു ലക്ഷ്യവുമുണ്ട്‌. വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാകേണ്ടതാണ്‌ കൃഷി പാഠങ്ങളുമെന്ന്‌ തിരിച്ചറിയാൻ നാം വൈകിയിരിക്കുന്നു. കാർഷിക ബിരുദധാരികൾ കൃഷിയിടങ്ങളിൽ തങ്ങളുടെ വിദ്യാഭ്യാസത്തിനോട്‌ പൂർണ്ണമായും നീതി പുലർത്തുന്നില്ല. ഏറിയപങ്കും ബാങ്കുകളിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും ഗുമസ്ത പണിയിൽ സംതൃപ്തി കണ്ടെത്തുന്നവരായി ഒതുങ്ങി കൂടുമ്പോൾ തിരിച്ചടിയാകുന്നത്‌ കാർഷികമേഖലയ്ക്കാണ്‌.

തെങ്ങുകൃഷിയുടെ ഗവേഷണത്തിന്റെ ചുമതല ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര തോട്ട വിള ഗവേഷണ സ്ഥാപനത്തിനാണ്‌. എന്നാൽ ഉൽപന്നവൈവിദ്ധ്യവൽക്കരണമേഖലയിലെ സാങ്കേതികവിദ്യ വികസനത്തിനുളള ഗവേഷണം സ്പോൺസേർഡ്‌ ഗവേഷണമായി ബോർഡ്‌ ഏറ്റെടുത്തു നടപ്പിലാക്കി വന്നിരുന്നു. നാളിതുവരെ നടത്തിയ  ഇത്തരം ഗവേഷണഫലങ്ങൾ ഇന്ത്യയിലെ കേരമേഖലക്ക്‌ നൽകിയ സംഭാവനകൾ അതുല്യമാണ്‌. 1990 കൾ വരെ സാങ്കേതിക വിദ്യയിൽ വട്ടപൂജ്യമായിരുന്ന ഇന്ത്യയെ മറ്റു രാജ്യങ്ങളോടൊപ്പം കൈ പിടിച്ചുയർത്തിയതും നാളികേരാധിഷ്ഠിത വ്യവസായങ്ങൾ ഇവിടെ നിലയുറപ്പിക്കാൻ നിമിത്തമായതും ഇത്തരം സ്പോൺസേർഡ്‌ ഗവേഷണ പഠനങ്ങളാണ്‌.

കരിക്കിൻ വെളളം പായ്ക്ക്‌ ചെയ്യാനുളള വിദ്യ തേങ്ങാപ്പാൽ, ക്രീം, മിൽക്ക്‌ പൗഡർ, വിനാഗിരി, വെർജിൻ വെളിച്ചെണ്ണ ഇവയുടെയെല്ലാം സാങ്കേതികവിദ്യയുടെ കുത്തക ഇന്ത്യയ്ക്ക്‌ കൈവന്നതിന്റെ പിന്നിൽ ഇത്തരം പഠനങ്ങളാണ്‌. ഇതിനു വഴിയൊരുക്കിയ ഗവേഷണ കേന്ദ്രങ്ങളോ സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ (CFTRI), ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലബോറട്ടറി (DFRL), കേരള കാർഷിക സർവ്വകലാശാല (KAU),  കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം (CPCRI) തുടങ്ങിയ മികവുറ്റ ഗവേഷണ സ്ഥാപനങ്ങളും.

വെളിച്ചെണ്ണ കേരളീയരുടെ അടുക്കളകളിൽ നിന്നും പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു 1990 കളുടെ തുടക്കം. ഹൃദ്രോഗത്തിനു കാരണമാകുന്ന എണ്ണയെന്ന കളങ്കം ചാർത്തി ഭക്ഷണ ശീലത്തിൽ നിന്നും പാടെ ഒഴിവാക്കണമെന്ന്‌ കേരളത്തിലെ ഡോക്ടർമാർ പോലും വിലയിരുത്തിയ ഒരു കാലം. ഈ രംഗത്തൊരു ശക്തമായ ഇടപെടൽ ബോർഡു നടത്തിയത്‌ ഈ സമയത്താണ്‌. കേരള യൂണിവേഴ്സിറ്റി ബയോകെമിസ്ട്രി വിഭാഗവുമായും, ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസുമായുമെല്ലാം ചേർന്നു. പഠനങ്ങൾ നടത്തി, പുതിയ വെളിപ്പെടുത്തലുകളിലൂടെ ചരിത്രം സൃഷ്ടിക്കുവാൻ ബോർഡിനു കഴിഞ്ഞതും ഇത്തരം സഹകരണ ഗവേഷണങ്ങളിലൂടെയാണ്‌.

സങ്കരയിനം തെങ്ങിൻ തൈകളുടെ ഉത്പാദനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മറ്റൊരു സുപ്രധാന മേഖലയാണെന്നു മനസ്സിലാക്കിയാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ തൈയുത്പാദനത്തിലേർപ്പെട്ടത്‌. ബോർഡ്‌ ഗവേഷണ സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ക്ലിനിക്കൽ പഠനങ്ങൾ, ഉൽപന്ന വികസനം എന്നീ വിഭാഗങ്ങളിൽ സഹകരിച്ചു നടപ്പിലാക്കിയ ഗവേഷണ പഠനങ്ങളിൽ സുപ്രധാനമായ ചില പഠനഫലങ്ങളാണ്‌ ഈ ലേഖനത്തിൽ ഉൾക്കൊളളിച്ചിരിക്കുന്നത്‌.

I ക്ലിനിക്കൽ പഠനങ്ങൾ
1. വെളിച്ചെണ്ണയുടേയും തേങ്ങയുടേയും ഉപയോഗം രക്തത്തിലെ കൊഴുപ്പിന്റെ   തോതിലുണ്ടാക്കുന്ന സ്വാധീനം
കേരള സർവകലാശാലയുടെ ബയോ കെമിസ്ട്രി വിഭാഗത്തിൽ ഡോ.ടി രാജ്മോഹന്റെ നേതൃത്വത്തിൽ വെളിച്ചെണ്ണയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ ഒരു ഗവേഷണം നടത്തുകയുണ്ടായി.

പഠനത്തിലെ കണ്ടെത്തലുകളെ ഇപ്രകാരം ക്രോഡീകരിക്കാം
* വെളിച്ചെണ്ണയുടെ ഉപയോഗം രക്തത്തിലെ മൊത്തം കൊളസ്ട്രോളിന്റെ അളവ്‌  ഉയർത്തുന്നില്ല.
* നാളികേരത്തിന്റെ കാമ്പും വെളിച്ചെണ്ണയും ഉപയോഗിക്കുന്നത്‌ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ കുറയ്ക്കുന്നു.

* നിലക്കടലയെണ്ണയുമായി താരതമ്യപ്പെടുത്തുമ്പോൾ വെളിച്ചെണ്ണയുടെ ഉപയോഗം   രക്തത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ്‌ വർധിപ്പിക്കുന്നു.
* വെളിച്ചെണ്ണയുടെ സ്ഥിരം ഉപയോഗം  ശരീരത്തിലെ മൊത്തം  കൊളസ്ട്രോളിന്റെയോ,  നല്ല  കൊളസ്ട്രോളിന്റെയോ, ചീത്ത കൊളസ്ട്രോളിന്റെയോ അളവുകളുടെ അടിസ്ഥാനമൂല്യങ്ങളിൽ വ്യതിയാനം ഉണ്ടാക്കുന്നില്ല.

* എന്നാൽ വെളിച്ചെണ്ണയുടെ ഉപയോഗം രക്തസിറത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ്‌ ഗണ്യമായി കുറയ്ക്കുന്നു.
2. വെളിച്ചെണ്ണയുടെ ഭക്ഷ്യോപയോഗം ഹൃദ്രോഗികളിലെ കൊഴുപ്പിന്റെ തോതിനെ ബാധിക്കുന്നില്ല

കേരള സർവകലാശാലയുടെ ഗവേഷണ ഫലങ്ങൾ സ്ഥിരീകരിക്കുന്നതിനായി തിരുവനന്തപുരത്തുള്ള ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസ്‌ ആൻഡ്‌ ടെക്നോളജി ഇതേക്കുറിച്ച്‌ വീണ്ടും ക്ലിനിക്കൽ പഠനങ്ങൾ നടത്തി.  
വെളിച്ചെണ്ണയുടെ ഭക്ഷ്യോപയോഗം ഹൃദ്രോഗികളിലെ കൊളസ്ട്രോളിന്റെ അളവിനെ സ്വാധീനിക്കുന്നുണ്ടോ എന്ന അന്വേഷണമായിരുന്നു പഠനത്തിന്റെ മുഖ്യ വിഷയം.
ഇതര രാസപ്രക്രിയ വഴി ശുദ്ധീകരിക്കാത്ത പ്രകൃതിദത്ത വെളിച്ചെണ്ണയുടെ ഉപയോഗം മനുഷ്യശരീരത്തിന്‌ ഒരു തരത്തിലും ഹാനികരമല്ല എന്ന്‌ ശ്രീചിത്തിരയിലെ ഗവേഷണത്തിൽ കണ്ടെത്തി. വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുന്നവരെയും മറ്റു സസ്യ എണ്ണകൾ ഉപയോഗിക്കുന്നവരെയും പ്രത്യേകം വേർതിരിച്ചാണ്‌ പഠനം നടത്തിയത്‌. ഇവർ തമ്മിൽ മൊത്തം കൊളസ്ട്രോളിന്റെയോ ചീത്ത കൊളസ്ട്രോളിന്റെയോ അളവിൽ ഒരു വ്യത്യാസവും കണ്ടെത്താനായില്ല. അതേസമയം വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചവരിൽ  ട്രൈഗ്ലിസറൈഡിന്റെ അളവ്‌ കുറഞ്ഞിരിക്കുന്നതായും പഠനത്തിൽ തെളിഞ്ഞു.

പ്രകൃത്യാ ലഭിക്കുന്ന അസംസ്കൃത വെളിച്ചെണ്ണയിൽ മദ്ധ്യശൃംഖല കൊഴുപ്പമ്ലങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മനുഷ്യർക്ക്‌ ഉപയോഗിക്കാൻ സുരക്ഷിതവും യാതൊരുവിധ ദോഷവും ഉണ്ടാക്കുന്നതുമല്ലെന്ന്‌ പഠനത്തിൽ തെളിഞ്ഞു.
3. വെളിച്ചെണ്ണയുടെ പാചകോപയോഗം ഹൃദ്രോഗികളിൽ അപകട കാരണമാണോ?

സിറം ലിപ്പിഡുകളിലും  ധമനിഭിത്തികളിലും ആഹാരപദാർത്ഥങ്ങൾ പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെളിച്ചെണ്ണയുടെ പ്രവർത്തനം, അതിന്റെ ആന്റി ഓക്സിഡന്റ്‌ പ്രതിരോധം തുടങ്ങിയ താരതമ്യ പഠനങ്ങളും കണ്ടെത്തലുകളുമായിരുന്നു നാളികേര വികസന ബോർഡുമായി ചേർന്ന്‌ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസ്‌ നടത്തിയ ഗവേഷണത്തിന്റെ വിഷയം.

കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധാരണ ചികിത്സ അനുവർത്തിക്കുന്ന, നിർദ്ദിഷ്ട പഥ്യ ഭക്ഷണം കഴിക്കുന്ന  രോഗികളെയാണ്‌  ഈ പഠനത്തിനായി തെരഞ്ഞെടുത്തത്‌. 
വെളിച്ചെണ്ണ ഉപയോഗിക്കുന്നവരിലും സൂര്യകാന്തിയെണ്ണ ഉപയോഗിക്കുന്നവരിലും നടത്തിയ പഠനത്തിന്റെ അവസാനഘട്ട പരിശോധനയിൽ എല്ലാ രോഗികളിലേയും മൊത്തം കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്‌, ആന്റി ഓക്സിഡന്റ്‌ മാർക്കേഴ്സ്‌, ഹൈസേൻസിറ്റിവിറ്റി സിആർപി ( hs CRP)തുടങ്ങിയവയുടെയെല്ലാം അളവ്‌ ഒരുപോലെയായിരുന്നു. 

* പഠനവിധേയമാക്കിയ ഇരു ഗ്രൂപ്പുകളുടെയും (പ്രായം, ലിംഗം, പ്രമേഹനിലവാരം, രക്തസമ്മർദ്ദം, തുടങ്ങിയ  ) അടിസ്ഥാന സ്വഭാവം സമാനമായിരുന്നു.

* പഠനകാലയളവിലുടനീളം രണ്ടു ഗ്രൂപ്പിന്റെയും പ്രമേഹ നിലവാരത്തിൽ മാറ്റമുണ്ടായില്ല.
* സാധാരണയായുള്ള അഥെറോസ്ക്ലീറോട്ടിക്‌ അപകട സാധ്യതാ ഘടകങ്ങൾ,  ലിപ്പിഡ്‌ നിലവാരം എന്നിവയിലും  രണ്ടു വർഷക്കാലയളവിൽ വ്യതിയാനങ്ങൽ കാണാൻ  സാധിച്ചില്ല.

* അഥെറോസ്ക്ലീറോസിസിനു അനുകൂല ഘടകമായ ഹായ്‌ ഡെൻസിറ്റി ലിപ്പോപ്രോട്ടിന്റെ അളവിലും വ്യതിയാനം കണ്ടില്ല.
* ആന്റി ഓക്സിഡന്റുകളുടെ നിലവാരവും ഇരു ഗ്രൂപ്പിലും സമാനമായിരുന്നു.

*      ഹൈസേൻസിറ്റിവിറ്റി സിആർപി ( വ​‍െ ഇഞ്ചജ) നിലവാരം രണ്ടു ഗ്രൂപ്പിലും ഒന്നു തന്നെയായിരുന്നു.
* ട്രെഡ്‌ മിൽ ടെസ്റ്റിലും വലിയ അന്തരം കാണാൻ സാധിച്ചില്ല.
കക. ഉൽപന്ന വികസനം
1. പായ്ക്കറ്റിലാക്കിയ കരിക്കിൻ വെള്ളം
മൈസൂറിലെ ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലാബറട്ടറി (ഡി എഫ്‌ ആർ എൽ) യുടെ കരിക്കിൻവെളളം സംസ്ക്കരിച്ച്‌ പായ്ക്ക്‌ ചെയ്യുന്നതിന്‌ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുളള പഠനം ബോർഡ്‌ സ്പോൺസർ ചെയ്തിരുന്നു. പോഷക സമ്പന്നമായ ലഘുപാനീയമെന്ന നിലയിൽ കരിക്കിൻ വെളളത്തിന്റെ വിപണനം വർദ്ധിപ്പിക്കുകയെന്നതായിരുന്നു പഠനത്തിന്റെ ലക്ഷ്യം. അലൂമിനിയം കാണുകളിലും പൗച്ചുകളിലും കരിക്കിൻവെളളം സംസ്ക്കരിച്ച്‌ പായ്ക്ക്‌ ചെയ്യുന്നതിനുളള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയും നിരവധി സംരംഭകർക്ക്‌ കൈമാറ്റം ചെയ്യുകയും ചെയ്തു.

2. നാളികേര വിനാഗിരി
സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടുമായി ചേർന്ന്‌ തേങ്ങവെളളത്തിൽ നിന്ന്‌ വിനാഗിരി നിർമ്മിക്കുന്നതിനുളള സാങ്കേതികവിദ്യ ബോർഡ്‌ വികസിപ്പിച്ചെടുത്തു. ഇൻസ്റ്റിറ്റിയൂട്ട്‌ വികസിപ്പിച്ച അതിവേഗ ഉത്പാദനപ്രക്രിയ വ്യാവസായികാടിസ്ഥാനത്തിൽ വിനാഗിരി നിർമ്മിക്കുവാൻ അവലംബിച്ചു വരുന്നു.

3. തേങ്ങപ്പാലും പാൽപ്പൊടിയും
തിരുവനന്തപുരത്തെ റീജിയണൽ റിസർച്ച്‌ ലാബറട്ടറി തേങ്ങപ്പാൽ / ക്രീം നിർമ്മിക്കുന്നതിനുളള സാങ്കേതികവിദ്യ ബോർഡ്‌ സ്പോൺസർ ചെയ്ത പദ്ധതിയ്ക്ക്‌ കീഴിൽ വികസിപ്പിച്ചെടുത്തു. സംസ്ക്കരിച്ച്‌ പായ്ക്ക്‌ ചെയ്ത തേങ്ങപ്പാൽ ഏതുതരം ഭക്ഷ്യ വിഭവങ്ങളിലും നേരിട്ടോ വെളളം ചേർത്ത്‌ നേർപ്പിച്ചോ ഉപയോഗിക്കാവുന്നതാണ്‌.

4. സ്പ്രേ ഡ്രൈഡ്‌ തേങ്ങപ്പാൽപ്പൊടി
സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ബോർഡിന്റെ പദ്ധതിയ്ക്ക്‌ കീഴിൽ വികസിപ്പിച്ചെടുത്ത സ്പ്രേ ഡ്രൈഡ്‌ തേങ്ങപ്പാൽപ്പൊടി നിർമ്മിക്കുന്നതിനുളള സാങ്കേതികവിദ്യ തേങ്ങപ്പാൽ സൂക്ഷിച്ച്‌ വയ്ക്കുന്നതിനുളള ഏറ്റവും മികച്ച രീതിയാണ്‌. ഇതിൽ വെളളം ചേർത്ത്‌ നേർപ്പിച്ച്‌ തേങ്ങപ്പാലായി ഉപയോഗിക്കാവുന്നതാണ്‌.

5. സ്നോബോൾ കരിക്ക്‌ നിർമ്മിക്കുന്നതിനുളള യന്ത്ര വികസനം
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ബോർഡിന്റെ ഗവേഷണ പദ്ധതിയിൽ സ്റ്റോബോൾ കരിക്ക്‌ നിർമ്മിക്കുന്നതിനുളള സങ്കേതം വികസിപ്പിച്ചെടുക്കുകയും യന്ത്രസാമഗ്രി രൂപകൽപന ചെയ്യുകയും ചെയ്തു. ചിരട്ടയ്ക്കുളളിൽ നിന്ന്‌ മുഴുവൻ കാമ്പ്‌ പൊട്ടാതെ വെളളത്തോടെ പുറത്തെടുക്കുന്നതാണ്‌ സ്നോബോൾ കരിക്ക്‌.

6. നാളികേരമടങ്ങിയ ഗുണനിലവാരമുള്ള ക്ഷീരോൽപന്നങ്ങളുടെ വികസനം
കേരള കാർഷിക സർവ്വകലാശാല നടത്തിയ പ്രസ്തുത ഗവേഷണ പദ്ധതിയുടെ ഉദ്ദേശ്യം ക്ഷീരോൽപന്നങ്ങളിൽ പാൽ കൊഴുപ്പിനു പകരം നാളികേര കൊഴുപ്പ്‌ ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ അനുപാതം നിർണ്ണയിക്കുക എന്നതായിരുന്നു. ഫിൽഡ്‌ മിൽക്ക്‌, തേങ്ങ ബർഫി, യോഗർട്ട്‌, പനീർ, വേ പാനീയം എന്നീ ക്ഷീരോൽപന്നങ്ങൾ നാളികേരം കൂടി ഉപയോഗിച്ച്‌ വികസിപ്പിച്ചെടുത്തു.

7. ചകിരിച്ചോറിൽ നിന്ന്‌ ബയോഗ്യാസ്‌ ഉത്പാദനം
യന്ത്രങ്ങളിൽ ചകിരിച്ചോറിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ്‌ ഉപയോഗിക്കുന്നതിന്റെ സാദ്ധ്യതയെക്കുറിച്ച്‌ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ പഠനം നടന്നു. 80 ശതമാനം ചാണകത്തിന്റേയും 20 ശതമാനം ചകിരിച്ചോറിന്റേയും മിശ്രിതത്തിൽ ഉയർന്നതോതിൽ മീതേൻ അടങ്ങിയിട്ടുണ്ടെന്നും ഏറ്റവും അനുയോജ്യമായ മിശ്രണമാണിതെന്നും പഠനത്തിൽ തെളിഞ്ഞു. പദ്ധതി വിജയകരമായി പൂർത്തിയായി.

8. കൊഴുപ്പ്‌ കുറഞ്ഞ പോഷക സമൃദ്ധവും സ്വാദിഷ്ടവുമായ ഇളനീർ ക്രീം വികസനം
കൊച്ചിയിലെ എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ റിസർച്ച്‌ ആന്റ്‌ ഡെവലപ്പ്‌മന്റ്‌ കരിക്കിൽ നിന്ന്‌ പോഷക സമൃദ്ധവും സ്വാദിഷ്ടവുമായ കൊഴുപ്പ്‌ കുറഞ്ഞ ക്രീം ഉത്പാദിപ്പിക്കുവാനുളള പഠനം നടത്തി.

കൊഴുപ്പ്‌ കുറഞ്ഞ ഇളനീർ കാമ്പും ഇളനീരും ഉപയോഗിച്ച്‌ പോഷക സമൃദ്ധമായ ക്രീം ഉത്പാദനം, കാമ്പ്‌, കരിക്കിൻവെളളം, ക്രീം എന്നിവയുടെ ഘടനാപരമായ വിശ്ലേഷണം, ഗുണനിലവാര നിർണ്ണയം, ഉത്പാദന പ്രക്രിയയുടെ ഓരോഘട്ടത്തിലും ഏറ്റവും അനുയോജ്യമായ മാനദണ്ഡം നിശ്ചയിക്കൽ, അന്തരീക്ഷ താപനിലയിൽ സൂക്ഷിയ്ക്കുവാനുളള സാദ്ധ്യത തുടങ്ങിയവയാണ്‌ പഠനവിധേയമാക്കിയത്‌. പഠനം വിജയകരമായി പൂർത്തിയാക്കുകയും ഉൽപന്നത്തിന്‌ പേറ്റന്റ്‌ ലഭ്യമാക്കുകയും ചെയ്തു.

9. വെർജിൻ വെളിച്ചെണ്ണ അധിഷ്ഠിതമായ ഔഷധങ്ങളുടെ വികസനം
കോയമ്പത്തൂരിലെ എവിടി ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അഡ്വാൻസ്ഡ്‌ റിസർച്ച്‌ സമർപ്പിച്ച പ്രസ്തുത പദ്ധതിയ്ക്ക്‌ ബോർഡ്‌ ധനസഹായം നൽകി. വിവിധ പ്രക്രിയകളിലൂടെ ഉത്പാദിപ്പിച്ച വെർജിൻ വെളിച്ചെണ്ണയുടെ ഗുണനിലവാരം എപിസിസി മാനദണ്ഡങ്ങളനുസരിച്ച്‌ പരിശോധിച്ച്‌ അനുയോജ്യമായ എണ്ണ കണ്ടെത്തുകയും പലതരം പച്ചമരുന്ന്‌ സത്തുകളുമായി കലർത്തിയ വെർജിൻ വെളിച്ചെണ്ണയിൽ ഏറ്റവും അനുയോജ്യമായത്‌ കണ്ടെത്തുകയും അതിന്റെ ഗുണനിലവാരം വിലയിരുത്തുകയും മൃഗങ്ങളിലെ ഹൈപ്പർലിപ്പിഡിമിയയിൽ പ്രസ്തുത ഔഷധക്കൂട്ടിന്റെ ഫലപ്രാപ്തി പഠിക്കുകയും ചെയ്യുക എന്നതായിരുന്നു ഗവേഷണോദ്ദേശ്യം. പരമ്പരാഗതരീതിയിൽ ഉത്പാദിപ്പിച്ച വെളിച്ചെണ്ണയും തേങ്ങപ്പാലും പച്ചമരുന്നുകളും ചേർത്ത മിശ്രിതം ഏറ്റവും നല്ല ഫലങ്ങൾ പ്രദർശിപ്പിച്ചു. ശരീരഭാരം, ചർമ്മം കട്ടികൂടൽ, ട്രൈഗ്ലിസറൈഡുകൾ, ചീത്ത കൊളസ്ട്രോൾ എന്നിവ കുറയുന്നതായും നല്ല കൊളസ്ട്രോൾ വർദ്ധിക്കുന്നതായും കണ്ടു. പ്രസ്തുത ഉൽപന്നം ഹൈപ്പർലിപിഡെമിയയ്ക്കുളള സോഫ്ട്‌ ജെൽ ക്യാപ്സൂളുകളായി പുറത്തിറക്കാൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഉദ്ദേശിക്കുന്നു.

10. ഇളനീരിന്റെ ഔഷധമൂല്യം: ഗവേഷണവുമായി കീയർ കേരളം
ഇളനീരിന്റെ ഔഷധഗുണം കണക്കിലെടുത്ത്‌ നേരിട്ട്‌ ശരീരത്തിലേയ്ക്ക്​‍്‌  നൽകാവുന്ന ഔഷധങ്ങളുടെ മാധ്യമമായി ഇത്‌ ഉപയോഗിക്കാമോ എന്നത്‌ സംബന്ധിച്ച്‌ കീയർ കേരളം ലിമിറ്റഡ്‌ രണ്ടു ഗവേഷണ പദ്ധതികളാണ്‌ നടത്തുന്നത്‌. കിഡ്നി സ്റ്റോൺ, ഡയേറിയ എന്നീ രോഗങ്ങൾക്കുളള ചില ഔഷധങ്ങളുടെ പ്രധാന ചേരുവയായി ഇളനീരിനെ ഉപയോഗിക്കാമോ എന്നതാണ്‌ ഗവേഷണം. ഇതിനായി ഇളനീരിനെ ഖര (പൗഡർ) രൂപത്തിലാക്കി അതിൽ പച്ചമരുന്നുകളുടെ സത്ത്‌ ചേർക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ ഡയേറിയയ്ക്ക്‌ വളരെ ഫലപ്രദമായി കാണുന്നു. ഒരു പക്ഷെ ഇന്ത്യയിൽ ഏറ്റവുമധികം തോതിൽ സംഭവിക്കുന്ന ശിശുമരണങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്‌ ഭാവിയിൽ ഈ ഗവേഷണ ഫലം ഉപകാരപ്രദമായേക്കാം.ഇതുപോലെത്തന്നെ കിഡ്നി സ്റ്റോണിനുളള ഔഷധത്തിലും കരിക്കിൻ വെളളം പൊടി രൂപത്തിലാക്കി ഉപയോഗിക്കുന്നുണ്ട്‌. 

നാളികേരത്തിൽ നിന്ന്‌ നേരിട്ട്‌ എടുക്കുന്ന വെർജിൻ കോക്കനട്ട്‌ ഓയിലിന്‌ ചില രോഗങ്ങളെ പ്രതിരോധിക്കാനുളള കഴിവുണ്ട്‌ എന്ന്‌ അടുത്ത കാലത്ത്‌ നടത്തിയ ചില ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്‌. നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ ഈ മേഖലയിലും  കീയർ കേരളം ലിമിറ്റഡ്‌ ഗവേഷണം നടത്തി വരികയാണ്‌.

11. തേങ്ങ വെളളത്തിൽ നിന്ന്‌ ന്യൂട്രസ്യൂട്ടിക്കലുകൾ
ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫ്‌ എന്ന കുറിയ ഇനം തെങ്ങിൽ നിന്നുളള  ഇളനീരും മാതളനാരങ്ങ, നെല്ലിക്ക, പേരയ്ക്ക തുടങ്ങിയ പഴങ്ങളുടെ സത്തും ചേർത്ത്‌  പോഷകസമൃദ്ധമായ ന്യൂട്രസ്യൂട്ടിക്കൽ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു നാളികേര വികസന ബോർഡിന്റെ സഹകരണത്തോടെ കൊച്ചിയിലെ അമൃത സ്കൂൾ ഓഫ്‌ ഫാർമസി നടത്തിയ ഗവേഷണം.

മാതളനാരങ്ങ, നെല്ലിക്ക, പേരയ്ക്ക, എന്നിവയുടെ സത്തിനൊപ്പം തേങ്ങാവെളളം പ്രധാന ചേരുവയായി ന്യൂട്രസ്യൂട്ടിക്കൽ ഭക്ഷണം തയാറാക്കാം എന്ന്‌ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസിൽ നടത്തിയ മറ്റൊരു ഗവേഷണത്തിലും കണ്ടെത്താനായി. മാതളനാരങ്ങ അതി വിശിട്ഷമായ പോഷകാഹാരമാണ്‌. മനുഷ്യ ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങളെ അത്‌ സഹായിക്കുന്നു. കാൻസർ, ബാക്ടീരിയ, ഡയേറിയ, ഫംഗസ്‌, അൾസർ, തുടങ്ങിയവയ്ക്കെതിരെ അവ ശരീരത്തെ ബലപ്പെടുത്തുന്നു.  പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഹൃദയം കരൾ തുടങ്ങിയവയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു.  ജീവകം സിയുടെ പ്രകൃതിയിലുളള ഏറ്റവും വലിയ കലവറയാണ്‌ നെല്ലിക്ക. മാത്രവുമല്ല ഇതും ശക്തമായ ആന്റി ഓക്സിഡന്റാണ്‌. 

പേരയ്ക്കയും  ഇതുപോലെ വൻതോതിൽ ആന്റി ഓക്സിഡന്റ്‌ ഘടകങ്ങൾ  അടങ്ങിയിട്ടുളള പഴവർഗ്ഗമാണ്‌.  ജീവകം സി, കരോറ്റിനോയിഡ്‌, കരോട്ടിൻ, ലൈക്കോപിൻ, എലാജിക്‌ ആസിഡ്‌, അന്തോസിയാനിൻ തുടങ്ങിയ ഫിനോലിക്‌ ഘടകങ്ങളും ഇതിലുണ്ട്‌.
പത്തു ശതമാനം മാതളനാരങ്ങ ചേർത്ത്‌ പോഷകഗുണം മെച്ചപ്പെടുത്തിയ തേങ്ങവെളളത്തിൽ 31.52 ശതമാനം വൈറ്റമിൻ സിയും 13.5 ശതമാനം പോളിഫിനോളുകളും കണ്ടെത്തി. ഒരു ശതമാനം പേരയ്ക്ക ചേർത്ത തേങ്ങവെളളം രുചിയിൽ രണ്ടാം സ്ഥാനത്ത്‌ എത്തി. ഇതിൽ 19.7 ശതമാനം അസ്കോർബിക്‌ ആസിഡും 10.22 ശതമാനം പോളിഫിനോളുകളും ഉണ്ടായിരുന്നു. 2.5 ശതമാനം നെല്ലിക്ക ചേർത്ത തേങ്ങ വെളളത്തിൽ അസ്കോർബിക്‌ ആസിഡിന്റെ അളവ്‌ 77.5 ശതമാനമായിരുന്നു; പോളിഫിനോൾ 10.22 ശതമാനവും. 10 ശതമാനം മാതളനാരങ്ങനീര്‌ ചേർത്ത കരിക്കിൻ വെളളത്തിന്‌ ഉയർന്ന പോഷകമൂല്യവും നാലുമാസത്തോളം ഗുണത്തിലും രുചിയിലും മാറ്റമില്ലാതെ ഇരിക്കുന്നതായും ഈ ഗവേഷണത്തിൽ കണ്ടെത്താൻ സാധിച്ചു.

12. തേങ്ങാപാൽ പൊടിയിൽ നിന്ന്‌ സമീകൃത ആഹാരം
തേങ്ങാപാൽ പൊടി ഉപയോഗിച്ച്‌ കുട്ടികൾക്കും, തേങ്ങാപ്പൊടി ഉപയോഗിച്ച്‌ മുതിർന്നവർക്കും സമീകൃത ആഹാരം നിർമ്മിക്കുക എന്ന ഗവേഷണ പദ്ധതിയാണ്‌ നാളികേരവികസന ബോർഡിന്റെ സഹകരണത്തോടെ കോയമ്പത്തൂർ പി.എസ്‌.ജി കോളജിൽ ഡോ.ലളിതാ രാമസ്വാമിയുടെ നേതൃത്വത്തിൽ നടക്കുന്നത്‌. 

സമീകൃത ആഹാര നിർമ്മാണത്തിനായി തേങ്ങാപ്പൊടിയും തേങ്ങാപ്പാൽ പൊടിയും ഉപയോഗിക്കുന്നുണ്ട്‌. ഇവയ്ക്കൊപ്പം പയർ, പരിപ്പ്‌വർഗ്ഗങ്ങൾ, ചാമ, തിന തുടങ്ങിയ ധാന്യങ്ങൾ,  ശർക്കര എന്നിവ ചേർത്താണ്‌ സമീകൃത ആഹാരം തയാറാക്കുന്നത്‌. തേങ്ങാപ്പൊടി, തേങ്ങാ പാൽപ്പൊടി എന്നിവ വിവിധ അനുപാതത്തിൽ ചേർത്ത്‌ പരീക്ഷണം നടക്കുന്നു. ഇവയിൽ ഏതാണ്‌ കൂടുതൽ ആരോഗ്യദായകം  എന്ന്‌ ശാസ്ത്രീയമായി വിലയിരുത്തിയതിനു ശേഷം മാത്രമെ നിർമാണ ഘട്ടത്തിലേയ്ക്കു കടക്കുകയുള്ളു. ഓരോന്നിന്റെയും ഗുണമേന്മ, പോഷകനിലവാരം, സൂക്ഷിപ്പു കാലം എന്നിവയും പ്രത്യേകം നിരീക്ഷിച്ച്‌ വിലയിരുത്തുന്നുണ്ട്‌. ഗവേഷണശാലയിലെ പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം രണ്ട്‌ ഉൽപന്നങ്ങളുടെയും ഗുണമേന്മയും മറ്റും ജീവികളിൽ പരീക്ഷിക്കും. പ്രധാനമായും ശാരീരിക വളർച്ച, പോഷക നിലവാരം തുടങ്ങിയ ഘടകങ്ങളാണ്‌ രണ്ടാം ഘട്ടത്തിൽ പരീക്ഷിക്കപ്പെടുക.

ഇതുകൂടാതെ ഈ സമീകൃത ഭക്ഷണത്തിലെ പോഷക നിലവാരവും, ഇതിന്റെ നിർമാണത്തിന്‌  വേണ്ടിവന്ന ചെലവും  തമ്മിൽ താരതമ്യം ചെയ്തു പഠിക്കും. തുടർന്നായിരിക്കും വ്യാവസായിക ഉത്പ്പാദനത്തിന്‌ ആവശ്യമായ സാങ്കേതികവിദ്യ ക്രമീകരിക്കുക.
13. വെർജിൻ വെളിച്ചെണ്ണയിൽ നിന്ന്‌ ക്ഷീരബല
പാലാ സെന്റ്‌ തോമസ്‌ കോളജിലെ ബയോകെമിസ്ട്രി വിഭാഗം, നാളികേര വികസന ബോർഡിന്റെ സഹകരണത്തോടെ  നടത്തുന്ന ഗവേഷണത്തിൽ വെർജിൻ വെളിച്ചെണ്ണ ഉപയോഗിച്ച്‌  മനുഷ്യ ശരീരത്തിലെ എല്ലുകളെയും കോശങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ ശേഷിയുള്ള ക്ഷീരബല എന്ന ആയുർവേദ ഔഷധം  വികസിപ്പിക്കാനുള്ള ആദ്യ ഘട്ടം പിന്നിട്ടു.

ആന്റി ഓക്സിഡന്റുകളുടെ കലവറയായ വെർജിൻ കോക്കനട്ട്‌ ഓയിൽ അണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ളതും പെപ്റ്റിക്‌ അൾസർ പോലുള്ള രോഗങ്ങൾക്കെതിരെ വളരെ ഫലപ്രദവുമാണെന്ന്‌ തെളിഞ്ഞിട്ടുള്ളതുമാണ്‌. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽന്റെ അളവ്‌ കുറച്ച്‌, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽന്റെ  അളവ്‌ വർധിപ്പിക്കാൻ വെർജിൻ വെളിച്ചെണ്ണയ്ക്ക്‌ കഴിവുണ്ട്‌. 

വെർജിൻ വെളിച്ചെണ്ണ നല്ലെണ്ണയുമായി ചേർത്തും നല്ലെണ്ണയ്ക്ക്‌ പകരം ഉപയോഗിച്ചും ക്ഷീരബല നിർമ്മിക്കുന്നതിനുള്ള ഗവേഷണം പുരോഗമിച്ചുവരുന്നു.
പുതിയ ഗവേഷണം ഫലം കണ്ടാൽ അത്‌ സന്ധിവാതത്തിനു മാത്രമല്ല, അമിതവണ്ണം, കൊളസ്ട്രോൾ, ഹൃദ്‌രോഗം  തുടങ്ങിയ വ്യാധികൾ മൂലം ക്ലേശിക്കുന്ന രോഗികൾക്കു കൂടി ആശ്വാസമാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

14. വെളിച്ചെണ്ണയിൽ നിന്ന്‌ കാൻസർ പ്രതിരോധത്തിനുള്ള പോളിഫിനോൾ
തേങ്ങയിലേയും  വെർജിൻ വെളിച്ചെണ്ണയിലേയും  വിവിധ   പോളിഫിനോളുകളുടെ  ക്യാൻസർ പ്രതിരോധ ശേഷി കണ്ടെത്തുന്നതിന്‌ നാളികേര വികസന ബോർഡിന്റെ സഹകരണത്തോടെ മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ്‌ ബയോ ശയൻസസിലെ ഡോ. കെ.ജി നെവിന്റെ നേതൃത്വത്തിൽ ഗവേഷണം നടന്നു.

 വെർജിൻ വെളിച്ചെണ്ണയിൽ ജീവകങ്ങളായ എ, ഇ, കാൻസറിനെ  പ്രതിരോധിക്കാൻ ശേഷിയുള്ള പോളിഫിനോൾ (ഫ്രൂളിക്‌ ആസിഡ്‌, (+/-) കറ്റേഷിൻ, കഫിക്‌ ആസിഡ്‌), ഫൈറ്റോസ്റ്റീറോളുകൾ (കാമ്പെസ്റ്റീറോളുകൾ, സിഗ്മാസ്റ്റിറോളുകൾ,സിറ്റോസ്റ്റിറോൾ) എന്നിവ കണ്ടെത്തി.  കൂടാതെ വെർജിൻ വെളിച്ചെണ്ണയുടെ പോളിഫിനോളിക്‌ ഘടകത്തിന്‌ അതിന്റെ വർധിച്ച ആന്റിഓക്സീകരണ ശേഷി മൂലം ലിപ്പോപ്രോട്ടിന്റെ ഓക്സീകരണത്തെ തടയുവാനുള്ള കഴിവും ഞങ്ങൾ  കണ്ടെത്തുകയുണ്ടായി. 

വദനാർബുദം, സ്തനാർബുദം, രക്താർബുദം, പ്രോസ്ട്രേറ്റ്‌ തുടങ്ങിയ വിവിധ കാൻസർ കോശങ്ങളിൽ ഇപ്പോൾ ഈ പഠനം നടക്കുകയാണ്‌. പോളിഫിനോളുകൾ ഈ അർബുദ കോശങ്ങളിൽ പ്രയോഗിക്കും. തുടർന്ന്‌ മനുഷ്യ കോശങ്ങളിൽ  കാൻസർ വ്യാപനത്തെ തടയുന്നതിന്‌ പോളിഫിനോളുകൾക്കുള്ള  കഴിവ്‌ നിരീക്ഷണവിധേയമാക്കും. പ്രോട്ടോമിക്‌, ജീനോമിക്‌ തലങ്ങളിലും ഈ നിരീക്ഷണം നടക്കും. വിവിധ നിലവാരങ്ങളിൽ ആന്റി ഓക്സിഡന്റ്‌  പ്രവർത്തനങ്ങൾ വിലയിരുത്തും. ഇതിന്റെ  ഫലങ്ങളും വിശദമായി പഠിക്കും. പരീക്ഷണശാലയിലെ ഈ പഠനങ്ങളുടെ വെളിച്ചത്തിൽ അടുത്ത ഘട്ടമായി ഇത്‌ ജീവികളിൽ പരീക്ഷിക്കും.

മറ്റ്‌ സഹകരണ പ്രവർത്തനങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബോർഡ്‌ സഹകരിച്ച മറ്റൊരു മേഖല കർഷകകൂട്ടായ്മകൾക്ക്‌ ശക്തിപകരുന്ന പരിശീലന പരിപാടികളാണ്‌.
കേരളത്തിലങ്ങോളമിങ്ങോളം ചിന്നിച്ചിതറി കിടക്കുന്ന ലക്ഷോപലക്ഷം തെങ്ങുകൃഷിക്കാർ ചെറുകിട, നാമമാത്ര കർഷകരാണ്‌. സംഘടിത ശക്തി എന്തെന്നറിയാത്ത ഇവർ നഷ്ടത്തിലേക്കു കൂപ്പുകുത്തിയിരുന്ന തെങ്ങുകൃഷിയെ അവഗണിക്കാനും ഉപേക്ഷിക്കാനും മാത്രം അറിയാവുന്ന കൂട്ടരായി മാറിക്കൊണ്ടിരിക്കുകയായിരുന്നു ഈ അടുത്തകാലം വരെ. കർഷക കൂട്ടായ്മകളിലൂടെ മാത്രമേ കാർഷിക ഉന്നമനവും സാമ്പത്തിക വളർച്ചയും സാധ്യമാകൂ എന്ന സന്ദേശം നൽകിക്കൊണ്ടാണ്‌ നാളികേര ഉത്പാദക സംഘങ്ങൾ, ഉത്പാദക ഫെഡറേഷനുകൾ, ഉത്പാദക കമ്പനികൾ എന്നീ തൃത്താല സംവിധാനത്തിനു രൂപം നൽകിയത്‌. രൂപം നൽകിയാൽ മാത്രം പോരാ കൈകോർക്കുവാൻ പരിശീലനം കൂടി വേണമെന്നതിരിച്ചറിവിൽ കൂടിയാണ്‌ കൂട്ടായ്മകളുടെ നേതാക്കൾക്ക്‌ പരിശീലനം നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്‌.

രാജഗിരികോളേജ്‌, കളമശ്ശേരി; എസ്‌. സി.എം.എസ്‌, കൊച്ചി; ഹോളിഗ്രേസ്‌ അക്കാഡമി,തൃശ്ശൂർ; അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആർട്ട്‌ ആന്റ്‌ ശയൻസ്‌, കൊല്ലം; പി. എസ്‌. ജി കോളേജ്‌, കോയമ്പത്തൂർ ഇവയെല്ലാം ഈ നേതൃത്വപരിശീലന പരിപാടിയിൽ ബോർഡിനെ സഹായിക്കാനെത്തിയവരിൽപെടുന്നു.

ബോർഡിന്റെ മേൽനോട്ടത്തിലുളള നിരവധി സർവ്വേകളും പൂർത്തീകരിക്കുന്നതിന്‌ പല കോളേജുകളും മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ഈ പഠനഫലങ്ങളാണ്‌ ബോർഡിന്റെ പദ്ധതി രൂപീകരണത്തിലും നയപരമായ തീരുമാനങ്ങളിലും പിൻതാങ്ങാകുന്നത്‌. രാജ്യത്തെ മികച്ച മാനേജ്‌മന്റ്‌ സ്ഥാപനങ്ങളിൽ നിന്നും എംബിഎ, എംഎസ്ഡബ്ല്യു പൂർത്തിയാക്കിയവർ എന്നിവരെയെല്ലാം ബോർഡിന്റെ പ്രവർത്തനങ്ങളിൽ സഹകരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. 

ഏറ്റവുമൊടുവിൽ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ അധീനതയിലുളള സി-ഡാക്‌ എന്ന സ്ഥാപനം (സെന്റർ ഫോർ ഡെവലപ്പ്‌മന്റ്‌ ഓഫ്‌ അഡ്വാൻസ്ഡ്‌ കമ്പ്യൂട്ടിംഗ്‌) ബോർഡുമായി സഹകരിച്ച്‌ ഗവേഷണം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. ഗവേഷണവും വികസനവും കൈകോർക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇത്തരം സഹകരണം വിരൽ ചൂണ്ടുന്നത്‌. ചെമ്പൻചെല്ലിയെന്ന തെങ്ങിന്റെ അപകടകാരിയായ കീടത്തിന്റെ ആക്രമണം കാലേക്കൂട്ടി അറിയാനുളള ഒരു ഉപകരണത്തിന്റെ (ഏർലി ഡിറ്റക്ടർ) നിർമ്മാണത്തിലാണ്‌ ബോർഡുമായി സഹകരിക്കാൻ സി - ഡാക്‌ താത്പര്യം പ്രകടിപ്പിച്ചതു.

ഒരു കാര്യം വ്യക്തമാണ്‌. ഗവേഷണ പഠനങ്ങൾ സർക്കാർ തല ഗവേഷണ കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാനും ഒതുക്കി നിൽക്കാനുമുളളതല്ല; മറിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാരേതര സംഘടനകൾക്കും കർഷക കൂട്ടായ്മകൾക്കും അനുയോജ്യമായ ഗവേഷണ വിഷയങ്ങളിൽ തങ്ങളുടെ മികവു തെളിയിക്കാനുള്ളതാണ്‌. ലക്ഷ്യമാണ്‌ പരമപ്രധാനമെന്നുളളതുകൊണ്ട്‌ ഈ വിഷയത്തിൽ നാളികേര ബോർഡിനുളളത്‌ എന്നും ഒരു തുറന്ന സമീപനം മാത്രം.

21 Jun 2013

നീര - സമീപനത്തിൽ സമഗ്ര മാറ്റം അനിവാര്യം


രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി

വരദായിനിയാണ്‌ കൽപവൃക്ഷമെന്ന്‌ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. മനുഷ്യരാശിക്കു വേണ്ടുന്നതെന്തും കനിഞ്ഞരുളുന്ന കൽപവൃക്ഷം. എന്നിട്ടും സംരക്ഷിക്കുന്നവർക്ക്‌ പകർന്നു നൽകാൻ ഈ കൽപവൃക്ഷം കരുതി വച്ചിരിക്കുന്ന നീര മാത്രമെന്തേ ഇങ്ങനെ ഊരാക്കുടുക്കിൽപ്പെട്ടുഴലുന്നു? നീരയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളും സന്ദേഹങ്ങളും ഈ ഉൽപന്നത്തെ അടുത്തറിയാവുന്നവരെ ചിന്താക്കുഴപ്പത്തിലാക്കുന്നു. കാരണം മറ്റൊന്നുമല്ല, മദ്യവൽക്കരണം മരണതുല്യമെന്നു കണ്ട മഹാത്മജിപോലും ഗ്രാമീണജനതയുടെ ദുരിതങ്ങൾക്കറുതി വരുത്താൻ കഴിയുന്ന ഒരു മറുമരുന്നെന്ന്‌ വിശേഷിപ്പിച്ച മഹത്തായ ഉൽപന്നമാണ്‌ നീര. അദ്ദേഹത്തിന്റെ വാക്കുകൾ ദാരിദ്രനിർമ്മാർജ്ജനം നീരയിൽക്കൂടി സാധ്യമാകുമെന്നായിരുന്നു. 1939ൽ മഹാത്മജി ഇങ്ങനെ പ്രവചിച്ചിട്ട്‌ 74 വർഷം കഴിഞ്ഞിട്ടും നമ്മുടെ മനസ്സാക്ഷി ഉണർന്നില്ല. കാരണം ലഹരി നുരയുന്ന പാനീയത്തെ ഇതിനകം മനസ്സാ വരിച്ചു കഴിഞ്ഞു ജനങ്ങളിൽ ഏറിയപങ്കും. എന്നാൽ ഇനിയും വൈകിയിട്ടില്ല. ഇത്തരം കീറാമുട്ടി ന്യായവാദങ്ങൾക്കൊരറുതി വരുത്തി കേരളത്തിന്റെ, നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സാക്കി നീര വ്യവസായം എങ്ങനെ വളർത്തിക്കൊണ്ടു വരാമെന്നു ഏവരും ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
നീര - എന്ത്‌, എന്തിന്‌?
വിരിയാത്ത തെങ്ങിന്റെ പൂങ്കുലയിൽ നിന്നാണ്‌ നീര ചെത്തിയെടുക്കുന്നത്‌. വിരിയുമ്പോൾ അത്യാകർഷകമായ, ആൺപൂക്കളും പെൺപൂക്കളും പ്രത്യേകം പ്രത്യേകം ഒരേ കുലയിൽ കാണുന്ന തെങ്ങിന്റെ പൂക്കുല, ഈ വൃക്ഷവിളപോലെ തന്നെ അനേകം നിഗോ‍ൂഢതകൾ ഉൾക്കൊള്ളുന്ന സസ്യഭാഗമാണ്‌.
ആരോഗ്യമുള്ള ഓരോ തെങ്ങിൻ ഓലക്കവിളിലും ഓരോ പൂങ്കുല വിരിയും. ജാനസ്സ്‌, സംരക്ഷണം, സ്ഥലകാല വ്യത്യാസങ്ങൾ എന്നിവയ്ക്കനുസരിച്ച്‌ ഓലകളെപ്പോലെത്തന്നെ പൂക്കുലകളുടെ ഉത്പാദനത്തിലും വ്യത്യാസങ്ങൾ കാണാം. ചില പ്രതികൂല സാഹചര്യങ്ങളിൽ പൂക്കുലകൾ വിടരാതെയുമിരിക്കും. പൂക്കുല പ്രത്യക്ഷപ്പെടുന്നതിന്‌ ഏകദേശം 32 മാസങ്ങൾക്കുമുൻപുതന്നെ അതിന്റെ ആദ്യകുല (primordium) രൂപം കൊണ്ടിരിക്കും. പൂക്കുലയുണ്ടാകുന്നത്‌ ബലമുള്ളതും ഇരട്ട ഉറയുള്ളതുമായ കൊതുമ്പ്‌  എന്ന ആവരണത്തിലുള്ളിലാണ്‌. പൂർണ്ണവളർച്ചയെത്തിയ ഒരു കൊതുമ്പിന്‌ 1-1.2 മീറ്റർ വരെ നീളവും മദ്ധ്യഭാഗത്തിന്‌ 4-16 സെ.മീ. വരെ വ്യാസവും ഉണ്ടായിരിക്കും. പൂക്കുല പ്രത്യക്ഷപ്പെട്ട്‌ 75-90 ദിവസങ്ങൾക്കുശേഷം കൊതുമ്പിന്റെ കീഴ്ഭാഗം പൊട്ടി പൂക്കുല പുറത്തുവരുന്നു.
ഓരോ പൂക്കുലയിലും 30-35വരെ ശാഖോപശാഖകളായി പിരിഞ്ഞ കണ്ണികളും (spikelets) അവയുടെ അഗ്രഭാഗത്തേയ്ക്ക്‌ അടുക്കിയിരിയ്ക്കുന്ന ആൺപൂക്കളും കാണാം. ഓരോ കണ്ണിയിലും 250-300 വരെയും ഓരോ പൂക്കുലയിലും 8000-10,000 വരെയും ആൺപൂക്കൾ ഉണ്ടായിരിക്കും.
ചൊട്ട വിരിയുന്നതിനുമുമ്പ്‌ കെട്ടിപരുവപ്പെടുത്തി അഗ്രം ചെത്തിയാണ്‌ ഊറിവരുന്ന നീര ശേഖരിക്കുന്നത്‌. പൂങ്കുലകൾ തമ്മിലും തെങ്ങുകൾ തമ്മിലും സീസൺ അനുസരിച്ചും നീരയുടെ അളവിൽ ഏറ്റക്കുറച്ചിലുണ്ടായിരിക്കും. ശരാശരി ഒരു തെങ്ങ്‌ 2.1 ലിറ്റർ നീര ഉത്പാദിപ്പിക്കുമെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്‌ 4.5 ലിറ്റർ മുതൽ 5 ലിറ്റർ വരെ ലഭിക്കുന്ന തെങ്ങുകളുമുണ്ട്‌.
ആരോഗ്യരംഗം ഉറ്റുനോക്കുന്ന നാളെയുടെ പാനീയം
മദ്യാംശം തീരെയില്ലാത്ത പ്രകൃതിദത്ത ജ്യൂസ്‌ ആണ്‌ നീര. അമിനോ അമ്ലങ്ങളുടേയും, വിറ്റാമിൻ, കാത്സ്യം, ഇരുമ്പ്‌ തുടങ്ങിയ ധാതുക്കളുടേയും കലവറ. കൂടാതെ കാർബോളിക്‌ അമ്ലമായ ഫിനോളുകളും. ഏറ്റവും കുറഞ്ഞ ഗ്ലൈസെമിക്‌ ഇൻഡക്സും (GI 35) നീരയുടെ പ്രത്യേകതയാണ്‌. ഇത്തരം ഉയർന്ന പോഷകമൂല്യം നീരയെ നല്ല ആരോഗ്യപാനിയമെന്ന ഗണത്തിലുൾപ്പെടുത്തുന്നു. ഒരു സമ്പൂർണ്ണ ശീതള പാനീയമായും- വിറ്റാമിൻ, ഇരുമ്പ്‌ എന്നിവയുടെ അഭാവം പരിഹരിക്കുന്നതിന്‌ ശുപാർശ ചെയ്യുന്ന ഫുഡ്‌ സപ്ലിമന്റ്‌ ആയും, ആസ്ത്മ, ക്ഷയം, ശ്വാസംമുട്ടൽ, അർശ്ശസ്‌ എന്നീ അസുഖങ്ങൾക്ക്‌ ഔഷധമായും നീര ശുപാർശ ചെയ്യപ്പെടുന്നു. മൂത്രതടസ്സത്തിനും മഞ്ഞപ്പിത്തത്തിനും നീര ഔഷധമാണെന്ന്‌ പറയപ്പെടുന്നു. ശരീരത്തിലെ പ്രോട്ടീൻ നിർമ്മാണത്തിന്‌ സഹായിക്കുന്ന ഗ്ലൂട്ടാമിക്‌ ആസിഡ്‌ എന്ന അമിനോ ആസിഡ്‌ ഉയർന്ന അളവിൽ നീരയിൽ അടങ്ങിയിരിക്കുതായി കണ്ടിട്ടുണ്ട്‌.
നൂറു മില്ലിലിറ്റർ നീരയിൽ 0.15മി.ഗ്രാം ഇരുമ്പും 7.50 മി. ഗ്രാം ഫോസ്ഫറസും 16-30 മി.ഗ്രാം അസ്കോർബിക്‌ ആസിഡും, 0.23-0.32 ഗ്രാം പ്രോട്ടീനുമടങ്ങിയിരിക്കും.
പ്രമേഹരോഗികളുടെ എണ്ണം മറ്റെന്തിനേക്കാളും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രമേഹരോഗികൾക്കും കഴിക്കാവുന്ന കുറഞ്ഞ ഗ്ലൈസെമിക്‌ ഇൻഡക്സുള്ള പഞ്ചസാരയെന്നാൽ അതിന്റെ സ്വീകാര്യത പ്രതീക്ഷക്കുമപ്പുറമായിരിക്കും, തീർച്ചയായും ആരോഗ്യരംഗം ഉറ്റുനോക്കുന്ന നാളെയുടെ ഉൽപന്നമാകാം നീര.

ഉണരാൻ വൈകിയ കേരളം
ഇന്ത്യയിൽ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്‌, ആൻഡമാൻ ദ്വീപ്‌ സമൂഹത്തിലും നീര ടാപ്പിംഗ്‌ അനുവദനീയമാണ്‌. കർണ്ണാടകത്തിൽ ഹോർട്ടികൾച്ചർ വകുപ്പ്‌ പരീക്ഷണാടിസ്ഥാനത്തിൽ നീര ഉത്പാദനം തുടങ്ങിയിട്ടുണ്ട്‌. കേരളത്തിൽ യുക്തിരഹിതമായ നിയമങ്ങളും, ഈ രംഗത്തെ നിക്ഷിപ്ത താൽപര്യക്കാർ പ്രകടിപ്പിക്കുന്ന അടിസ്ഥാന രഹിതമായ ആശങ്കകളും പ്രസ്താവനകളും കൃഷിക്കാരെ ഈ രംഗത്തേക്ക്‌ കടന്നുവരാൻ അനുവദിക്കുന്നില്ല.
കേരളത്തിലെ 18 കോടി തെങ്ങുകളിലെ 10 ശതമാനമെങ്കിലും നീര ചെത്താൻ ഉപയോഗിച്ചാൽ പത്ത്‌ ലക്ഷത്തോളം പേർക്ക്‌ നേരിട്ട്‌ പുതിയ തൊഴിലവസരങ്ങളുണ്ടാകും. കർഷകർക്ക്‌ ഒരു തെങ്ങിൽ നിന്ന്‌ പ്രതിമാസം കുറഞ്ഞത്‌ 1200 രൂപ വരുമാനവും. ഒരു വർഷം തെങ്ങിലുണ്ടാകുന്ന പന്ത്രണ്ടു പൂക്കുലകളിൽ മൂന്നു പൂക്കുലകൾ നീര ടാപ്പു ചെയ്യുവാൻ ഉപയോഗിച്ചാൽ പ്രതിവർഷം ഒരു ഹെക്ടറിൽ നിന്നുള്ള അധികവരുമാനം 3.6 ലക്ഷം രൂപയാണ്‌. ഒരു ഹെക്ടറിലെ 175 തെങ്ങുകളിൽ 80 എണ്ണം ചെത്തുകയും പ്രതിദിനം ഒരു ലിറ്റർ നീര ഉത്പാദനം ലഭിക്കുകയും ചെയ്യുമ്പോഴാണ്‌ ഈ വരുമാനം. ദിവസം തെങ്ങോന്നിന്‌ മൂന്ന്‌ ലിറ്റർ ഉത്പാദനം ലഭിച്ചാൽ, ഇത്‌ 10.8 ലക്ഷം രൂപവരെ പോകാം. ഒരു ലിറ്റർ നീര ലഭിക്കുകയും അതു പാം ഷുഗറായി മാറ്റുകയും ചെയ്താൽ ലഭ്യമാകുന്നത്‌ 9 ലക്ഷം രൂപയുടെ അധികവരുമാനമാണ്‌. നല്ല പരിചരണം ലഭിക്കുന്ന തെങ്ങുകൾ 3.00-4.5 ലിറ്റർ വരെ നീര നൽകും. ഐടി പാർക്കുകൾക്കുപോലും നൽകാൻ കഴിയാത്ത സംഭാവനയാണിത്‌. കർഷകന്റെ ഉടമസ്ഥതയിലുള്ള തെങ്ങ്‌  നീര ടെക്നീഷ്യന്മാരുടെ സഹായത്തോടെ ചെത്തിയെടുക്കുമ്പോൾ ഒരു നിശ്ചിത അനുപാതത്തിൽ വരുമാനം കർഷകരും ടെക്നീഷ്യന്മാരും പങ്കിട്ടെടുക്കുന്ന ഒരു ഉത്പാദന മാതൃകയാണ്‌ ഇന്തോനേഷ്യയിൽ പിൻതുടരുന്നത്‌, കേരളത്തിനും ഈ മാതൃക അനുവർത്തിക്കാം.
ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌, തായ്‌ലന്റ്‌, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ നീര ഉത്പാദനത്തിലും വിപണനത്തിലും അതുവഴി വിദേശനാണ്യം നേടിയെടുക്കുന്നതിലും മുൻപന്തിയിലാണ്‌. വൻതോതിൽ നീര ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ അമേരിക്ക, കാനഡ,നോർവേ, ഫ്രാൻസ്‌, ഗൾഫ്‌ രാജ്യങ്ങൾ, തെക്കൻ കൊറിയ, ജപ്പാൻ, ആസ്ത്രേലിയ, ന്യൂസിലാന്റ്‌ എന്നിവയാണ്‌.
ഇന്തോനേഷ്യ 2006ൽ കേവലം 11.5 മെട്രിക്‌ ടൺ പാം ഷുഗർ ഉത്പാദിപ്പിച്ചുകൊണ്ട്‌ തുടങ്ങി, 2011ൽ ആറ്‌ ലക്ഷം മെട്രിക്‌ ടൺ പാം ഷുഗർ ഉത്പാദിപ്പിച്ചു. 2012ൽ ഇത്‌ 10 ലക്ഷം മെട്രിക്‌ ടൺ കടന്നിരിക്കുന്നു എന്നാണ്‌ സൊ‍ാചനകൾ. ഇൻഡോഫുഡ്‌, യൂണിലിവർ തുടങ്ങിയ കമ്പനികൾ അവരുടെ സോയാസോസ്‌ ഉൽപന്നത്തിന്‌ ചേരുവയായി 30,000 മെട്രിക്‌ ടൺ വീതം ഉൽപന്നമാണ്‌ ഇവരിൽ നിന്നും വാങ്ങുന്നത്‌.
അബ്കാരി നിയമത്തിലെ ചില വ്യവസ്ഥകളാണ്‌ ഇന്ന്‌ ഈ രംഗത്ത്‌ നിലനിൽക്കുന്ന തടസ്സം. അബ്കാരി നിയമത്തിൽ, "വൈൻ, ചാരായം, കള്ള്‌, ബിയർ എന്നിങ്ങനെ ആൽക്കഹോൾ അടങ്ങിയിരിക്കുന്ന എല്ലാ ദ്രാവകങ്ങളും" മദ്യത്തിന്റെ നിർവ്വചനത്തിൽപ്പെടുന്നു.
തെങ്ങ്‌, പന, ഈന്തപ്പന എന്നീ ജാനസ്സുകളിൽപ്പെട്ട വൃക്ഷങ്ങളുടെ പൂങ്കുലയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പുളിച്ചതും പുളിയ്ക്കാത്തതുമായ എല്ലാ പാനീയങ്ങളും കള്ളിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതായത്‌ മദ്യാംശം ഇല്ലാത്ത പുളിക്കാത്ത ദ്രാവകവും കള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നീര തെങ്ങിന്റെ പൂങ്കുലയിൽ നിന്നും ടാപ്‌ ചെയ്തെടുക്കുന്ന പുളിക്കാത്ത ജ്യൂസ്‌ ആണ്‌. പുളിക്കാത്ത ജ്യൂസ്‌ ആയ നീരയെ കള്ളിന്റെ ഗ്രൂപ്പിൽപ്പെടുത്തി തെറ്റായ നിർവ്വചനം നൽകിയിരിക്കുകയാണ്‌. ആയതിനാൽ അബ്കാരി നിയമത്തിന്‌ കീഴിൽ ലൈസൻസുള്ള അംഗീകൃത ചെത്തുതൊഴിലാളികൾക്ക്‌ മാത്രമേ ഇന്നത്തെ നിലയിൽ നീര ചെത്തുവാൻ അനുവാദമുള്ളൂ. ഇത്‌ ന്യായീകരിക്കാനാവില്ല.
അബ്കാരി നിയമം ഭേദഗതി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ കേരകർഷകരുടേയും കാർഷിക സമ്പട്‌ വ്യവസ്ഥയുടെയും സുസ്ഥിര വികസനത്തിന്‌ ഈ നിയമതടസ്സങ്ങൾ  മാറ്റിയെഴുതേണ്ടത്‌ ആവശ്യമാണ്‌. ഇന്നു കേവലം അഞ്ചുലക്ഷം തെങ്ങുകൾ മാത്രമേ  കള്ള്‌ ചെത്തിന്‌ ഉപയോഗപ്പെടുത്തുന്നുള്ളൂ. ഇത്‌ ഗണ്യമായുയർത്തണം.
നീര ചെത്ത്‌ അനുവദിച്ചാൽ കള്ള്‌ വ്യവസായം തകരുമെന്ന ധാരണ അസ്ഥാനത്താണെന്ന്‌ തെളിയിക്കണം. ചെത്ത്‌ തൊഴിലാളികൾക്ക്‌ കൂടുതൽ അവസരങ്ങൾക്കുള്ള സാദ്ധ്യതയുണ്ടെന്ന്‌ തിരിച്ചറിയണം.
കർഷക കൂട്ടായ്മ തെളിച്ച വഴിയേ....
ചിന്നിചിതറിക്കിടക്കുന്ന ചെറുകിട, നാമമാത്ര കേരകർഷകരുടെ കൂട്ടായ്മകൾ രുപീകരിച്ചു വരികയാണ്‌ ബോർഡ്‌. 40 മുതൽ 100 വരെ കർഷകരടങ്ങുന്ന നാളികേര ഉത്പാദക സംഘങ്ങളും 15 മുതൽ 25 വരെ സംഘങ്ങൾ ചേർന്ന്‌ ഫെഡറേഷനുകളും 10 ഫെഡറേഷനുകൾ ചേർന്ന്‌ ഉത്പാദക കമ്പനികളുമാണ്‌ നാളികേര ബോർഡ്‌ ലക്ഷ്യമിടുന്നത്‌. നീര ശേഖരണം ഉത്പാദക സംഘങ്ങൾ വഴിയും പ്രാഥമിക സംസ്ക്കരണം ഫെഡറേഷനുകൾ വഴിയും, കൂടുതൽ മൂല്യവർദ്ധനവും മാർക്കറ്റിംഗും ഉത്പാദക കമ്പനികളും ഏറ്റെടുക്കണം.
ഇതിനകം 3013 ഉത്പാദക സംഘങ്ങളും അവയുടെ 103 ഫെഡറേഷനുകളും നിലവിൽ വന്നു (പട്ടിക-1). നീര ഉത്പാദനം ഈ ഫെഡറേഷനുകളെ ഏൽപിക്കാവുന്നതാണ്‌. ഉത്പാദിപ്പിക്കുന്ന നീര സംസ്ക്കരിക്കുന്നതിനും പായ്ക്ക്‌ ചെയ്യുന്നതിനുമെല്ലാം വിവിധ തലങ്ങളിൽ സൗകര്യമൊരുക്കേണ്ടതുണ്ട്‌. ടെക്നീഷ്യൻമാരെ പരിശീലിപ്പിക്കുക; ഉത്പാദനമേഖല കേന്ദ്രീകരിച്ച്‌ സംഭരണ കേന്ദ്രങ്ങൾ തുടങ്ങുക; ജില്ലാ അടിസ്ഥാനത്തിൽ വിപുലമായ സജ്ജീകരണങ്ങൾ സൃഷ്ടിക്കുക. ഇങ്ങനെ തൊഴിലവസരങ്ങൾ നിരവധിയാണ്‌. ഗ്രാമീണ ജനതയുടെ ജീവിതനിലവാരം തന്നെ മാറ്റിയെഴുതാൻ നീരവ്യവസായത്തിനു കഴിയും.
നാളികേര ബോർഡും കേരള കാർഷിക സർവ്വകലാശാലയും നീര ഉത്പാദനത്തിനുള്ള സാങ്കേതിക പരിജ്ഞാനവും പരിശീലനവും നൽകും. നീര ഉത്പാദനം മാത്രമല്ല, അതിന്റെ സംസ്ക്കരണവും, സംഭരണവും, മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണവുമെല്ലാം പ്രായോഗികമാക്കുന്നതിന്‌ ബോർഡ്‌ സാങ്കേതികവിദ്യകൾ ലഭ്യമാക്കും. ബോർഡിന്റെ നാളികേര ടെക്നോളജി മിഷൻ പദ്ധതി പ്രകാരം ഇത്തരം യൂണിറ്റുകൾക്ക്‌ 25 ശതമാനം സാമ്പത്തിക സഹായം നൽകാനും സാധിക്കും.
കേരളത്തിനകത്തും പുറത്തും വിദേശത്തും വിപണന സാദ്ധ്യതയേറെയുള്ള ഉൽപന്നമാണ്‌ നീരയെന്ന്‌ മറ്റ്‌ നീരയുത്പാദക രാജ്യങ്ങളുടെ അനുഭവം വ്യക്തമാക്കുന്നുണ്ട്‌. കരിക്കിൻ വെള്ളത്തിന്‌ ആരോഗ്യപാനീയമെന്ന നിലയ്ക്ക്‌ അടുത്തിടെ ലഭിച്ച അംഗീകാരത്തേക്കാൾ കൂടുതൽ പ്രചാരം നീരക്കും ലഭ്യമാകുമെന്നതിൽ ആശങ്കവേണ്ട. കൂടുതൽ സ്വാദിഷ്ടമായ പോഷക പാനീയമെന്ന നിലയ്ക്ക്‌ നീരയുടെ സ്വീകാര്യത ഏറിയിരിക്കും.
2014 ഏപ്രിൽ ഒന്നു മുതൽ ആസിയാൻ രാജ്യങ്ങളിലെ കാർഷിക ഉൽപന്നങ്ങളും നമ്മുടെ വിപണിയിലേക്ക്‌ എത്തിതുടങ്ങും. നീര മാത്രമല്ല, എല്ലാ കാർഷികോൽപന്നങ്ങളും അവയുടെ മൂല്യവർദ്ധിതോൽപന്നങ്ങളും ഇറക്കുമതിച്ചുങ്കമില്ലാതെയായിരിക്കും നമ്മുടെ വിപണികളിൽ ലഭ്യമാകുക. നീരയുൽപന്നങ്ങളും ഇതേരീതിയിൽ നമ്മുടെ വിപണിയിൽ നിരന്നുകഴിഞ്ഞാൽ നമ്മുടെ സംസ്ഥാനത്തിന്റെ നീരയുത്പാദന സാദ്ധ്യതയ്ക്ക്‌ മങ്ങലേൽക്കുകയാണ്‌ ചെയ്യുന്നത്‌.
നേട്ടങ്ങൾ വേറെയും!
തെങ്ങോന്നിന്‌ ഒരു ലിറ്റർ നീര ലഭിക്കുകയും ഉപഭോക്തൃ വിലയുടെ 50 ശതമാനം കർഷകനും, 25 ശതമാനം നീര ടെക്നീഷ്യൻമാർക്കും, ബാക്കി 25 ശതമാനം സംസ്ക്കരണത്തിനും വിപണനത്തിനുമെന്നു കരുതാം.കേരളത്തിലെ സാമ്പത്തിക നിലയിൽ ആശാവഹമായ ഉയർച്ച ഇതുവഴി ഉണ്ടാകും.
സംസ്ഥാനത്തെ 10 ശതമാനം തെങ്ങുകളിൽ നിന്നും നീര ടാപ്പ്‌ ചെയ്ത്‌ ലിറ്ററിന്‌ നൂറു രൂപ വച്ച്‌ കണക്കാക്കിയാൽ സംസ്ഥാനത്തിന്‌ ലഭ്യമാകുന്ന പ്രതിവർഷ വരുമാനം 54,000 കോടി രൂപയാണെന്നു കണക്കാക്കുന്നു. ഇതിൽ കർഷകന്‌ ലഭിക്കുന്നത്‌ 27,000 കോടിയും ടെക്നീഷ്യൻസിന്‌ 13,500 കോടിയും സംസ്ഥാനത്തിന്‌ അധിക നികുതി വരുമാനമായി 4,050 കോടിയും കണക്കാക്കാം. നീരയുത്പാദനത്തിൽ നിന്നും കർഷകർക്ക്‌ ലഭിക്കുന്ന വരുമാനം സംസ്ഥാനത്തിന്റെ ജി.ഡി.പിയിലേക്കു മുതൽക്കൂട്ടാകുന്നു. കർഷകരുടെ സാമ്പത്തിക നേട്ടത്തിനുപുറമേ ഗ്രാമീണ പുരോഗതിയും സാമൂഹ്യനേട്ടങ്ങളും ഒപ്പമുണ്ടാകും. സുസ്ഥിര കാർഷികാദായവും അതുവഴി ജീവിതനിലവാര ഉയർച്ചയും നമ്മുടെ കൃഷിക്കാരേയും തൊഴിലാളികളേയും തേടിയെത്തും.
കേരളത്തിലാകെയുള്ളത്‌ മുപ്പതിനായിരത്തിൽ താഴെ മാത്രം കള്ള്‌ ചെത്തുതൊഴിലാളികളാണ്‌. ചെത്താൻ പെർമിറ്റുള്ള തെങ്ങുകൾ 5 ലക്ഷം മാത്രവും. ഇവിടുത്തെ ചെത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ആശങ്ക അസ്ഥാനത്താണ്‌. 10 ശതമാനം തെങ്ങുകളിൽ നീര ഉത്പാദനത്തിന്‌ 10 ലക്ഷം തൊഴിലാളികളെ ആവശ്യമുണ്ട്‌. എന്നാൽ ഇന്നുള്ളത്‌ കേവലം 29500 തൊഴിലാളികൾ മാത്രമാണ്‌. മാത്രമല്ല ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങൾ നീരയിലൂടെ പുതിയതായി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
ആരോഗ്യരംഗത്തെ മെച്ചപ്പെട്ടൊരു മുന്നേറ്റത്തിനും നീര വഴിയൊരുക്കും. കൊച്ചുകുട്ടികൾ തുടങ്ങി, ഏതുപ്രായക്കാരിലും ആരോഗ്യപാനീയമെന്ന നിലയിലും, ആരോഗ്യ സംരക്ഷണ വസ്തുക്കളെന്നനിലയിലും പരിഗണിക്കപ്പെടുമ്പോൾ, മാറുന്നത്‌ നമ്മുടെ സാമൂഹ്യരംഗം അപ്പാടെയാണ്‌. സാമൂഹ്യവളർച്ചയ്ക്ക്‌ നാന്ദികുറിക്കാനുതകുന്ന ഭക്ഷ്യസംരക്ഷണവും ആരോഗ്യ സുരക്ഷയുമല്ലേ നമുക്കുവേണ്ടത്‌? ഗ്രാമീണ ജനതയുടെ സാമ്പത്തികസ്ഥിതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ പ്രാപ്തിയുള്ള ഒരു ഭക്ഷ്യ സംസ്ക്കരണ  വ്യവസായമെന്ന നിലയിൽ നീരയെ ഏവരും കാണണം.
വരാനിരിക്കുന്നത്‌ സമൃദ്ധിയുടെ നാളുകൾ എന്ന്‌ തിരിച്ചറിഞ്ഞ്‌, സമീപനത്തിൽ സമഗ്രമാറ്റം വരുത്തി നീര സ്വപ്നം നമുക്ക്‌ സാക്ഷാത്ക്കരിക്കാം.

24 May 2013

കടന്ന്‌ പോയത്‌, ഒരു ചരിത്ര വർഷം



രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌

അതെ, കേരമേഖലയെ സംബന്ധിച്ചിടത്തോളം കടന്ന്‌ പോയത്‌ ഒരു ചരിത്രവർഷമാണ്‌. നിരവധി ഒന്നാംസ്ഥാനങ്ങൾ, പലവിധ ആനുകൂല്യങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാർ പ്രഖ്യാപനങ്ങൾ, നിരവധി നയപരമായ തീരുമാനങ്ങൾ, നൂതന വിപണന തന്ത്രങ്ങൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ,  റെക്കോർഡ്‌ ഫണ്ട്‌ വിനിയോഗം, കർഷക കൂട്ടായ്മകളുടെ ശാക്തീകരണം, ഉയരങ്ങൾ താണ്ടിയ കയറ്റുമതി ....ഇങ്ങനെ സമസ്ത മേഖലകളിലും ചരിത്രം കുറിച്ചുകൊണ്ട്‌ നാളികേര വികസന ചരിത്രത്തിൽ എന്തുകൊണ്ടും വേറിട്ടതായി, 2012-13.
കേരോത്പാദനത്തിലും ഉത്പാദനക്ഷമതയിലും മൂല്യവർദ്ധനവിലും കയറ്റുമതിയിലും ഇന്ത്യയെ ലോകത്തിലെ ഒന്നാം സ്ഥാനത്തെത്തിക്കുക, ഇതായിരുന്നു 2012-13 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നാളികേര വികസന ബോർഡ്‌ ലക്ഷ്യമിട്ടത്‌. ഉത്പാദനം 1694 കോടി നാളികേരമെന്നും ഉത്പാദനക്ഷമത ഹെക്ടറൊന്നിന്‌ 8965 നാളികര മെന്നുമുള്ള ദേശീയ സ്ഥിതിവിവരക്കണക്ക്‌ പുറത്ത്‌ വന്നതോടെ ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യം ഒന്നൊന്നായി കരഗതമാകുകയായിരുന്നു. കൂടെ മത്സരിക്കാൻ രാജ്യങ്ങളേറെയാണ്‌. ഉയർന്ന എക്സ്പോർട്ട്‌ വിഹിതം കൈമുതലായുള്ള ശ്രീലങ്കയും, ഫിലിപ്പീൻസും, ഇന്തോനേഷ്യയുമെല്ലാം മത്സരരംഗത്തുണ്ട്‌. കയറ്റുമതിയിൽ ഒരു ഉയിർത്തെഴുന്നേൽപ്പ്‌ അസാദ്ധ്യമെന്ന്‌ കരുതിയിരുന്നിട്ടുപോലും ഈ രംഗത്തെ ഇന്ത്യയുടെ മികവ്‌ ഒരു മധുരപ്രതികാരമായി. 2000 കോടിരൂപയോളം കയറുൾപ്പെടെയുള്ള നാളികേരോൽപന്നങ്ങളുടെ കയറ്റുമതിയിൽ നിന്ന്‌ നേടിയതോടെ ഇന്ത്യയുടെ ഈ രംഗത്തെ വളർച്ച അരക്കിട്ടുറപ്പിക്കുകയായിരുന്നു. കയറ്റുമതി ഉൽപന്നങ്ങളിൽ ആക്ടിവേറ്റഡ്‌ കാർബൺ മുൻനിരയിലെത്തിയതും, ഈ ഉൽപന്നം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമതായതും മറ്റൊരു ചരിത്രം കുറിക്കലായി.
കേരമേഖല ബോർഡിന്റെ നേതൃത്വത്തിൽ നടന്നുകയറിയ സുപ്രധാന പടവുകളെക്കുറിച്ച്‌ ഒരു എത്തിനോട്ടമാണ്‌ ഈ ലേഖനത്തിൽ. പദ്ധതി തിരിച്ചുള്ള നേട്ടങ്ങൾ മറ്റു ലേഖനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.
കേരകർഷകരിലെ ഒരുമയും പെരുമയും
അശക്തരും അസംഘടിതരുമായിരുന്ന കേരകർഷകരെ "കൈകോർത്ത്‌ ശക്തരാകുവിൻ" എന്ന സന്ദേശം നൽകി ഉത്പാദക സോസൈറ്റികൾ രൂപീകരിക്കാൻ 2011-12 മുതൽക്കേ ബോർഡ്‌ പ്രയത്നം തുടങ്ങിയിരുന്നു. 2012-13 സാക്ഷ്യം വഹിച്ചതു ഉത്പാദക സംഘങ്ങളുടെ രൂപീകരണത്തിൽ കൈവരിച്ച അപ്രതീക്ഷിത നേട്ടത്തിന്‌ തന്നെയായിരുന്നു. 2295 ഉത്പാദക സംഘങ്ങളും സംഘങ്ങളുടെ ഫെഡറേറ്റഡ്‌ രൂപമായ 121 ഫെഡറേഷനുകളും ബോർഡിൽ രജിസ്റ്റർ ചെയ്തത്‌ ചരിത്ര മുഹൂർത്തമായി. ഈ സംവിധാനങ്ങൾക്ക്‌ കീഴിൽ 68 ലക്ഷം തെങ്ങുകളുടെ ഉടമകളായ ഒന്നര ലക്ഷത്തോളം കൃഷിക്കാരെ ഒന്നിപ്പിക്കാൻ സാധിച്ചതു അശ്രാന്ത പ്രയത്നഫലം തന്നെയായിരുന്നു.
അശരണരായി എന്തുചെയ്യണമെന്നറിയാത്ത ചെറുകിട തെങ്ങുകൃഷിക്കാരെ  സംഘടിപ്പിച്ചതുകൊണ്ടുമാത്രമായില്ല, മറിച്ച്‌ സംഘടനയെ നയിക്കാൻ അവയുടെ നേതാക്കളെ പ്രാപ്തരാക്കേണ്ടതുമുണ്ട്‌ എന്നതാണ്‌ ബോർഡിന്റെ കാഴ്ചപ്പാട്‌. അതിനുള്ള പരിശീലന പരിപാടികൾക്കായി, രാജഗിരി കോളേജ്‌ ഓഫ്‌ മാനേജ്‌മന്റ്‌ സ്റ്റഡീസ്‌, കാക്കനാട്‌; സ്കൂൾ ഓഫ്‌ കമ്മ്യൂണിക്കേഷൻസ്‌ ആന്റ്‌ മാനേജ്‌മന്റ്‌ സ്റ്റഡീസ്‌, കളമശ്ശേരി; ലോക്കൽ ഇക്കണോമിക്ക്സ്‌ ഡെവലപ്‌മന്റ്‌ സെന്റർ, ഇടപ്പള്ളി; മൈത്രി പാലക്കാട്‌; ഹോളിഗ്രേസ്‌ കോളേജ്‌ ഓഫ്‌ മാനേജ്‌മന്റ്‌ സ്റ്റഡീസ്‌, മാള, തൃശ്ശൂർ; അമൃത കോളേജ്‌ ഓഫ്‌ മാനേജ്‌മന്റ്‌ സ്റ്റഡീസ്‌, വള്ളിക്കാവ്‌, ഓച്ചിറ എന്നിങ്ങനെ മികവുറ്റ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിക്കൊണ്ട്‌ 83 ബാച്ചിലായി 2457 പേർക്ക്‌ പരിശീലനം കൊടുത്തത്‌ ബോർഡിന്റെ ചരിത്രത്തിൽ നടാടെയാണ്‌. ആരംഭശൂരത്വം മാത്രമാകാതെ, കൂട്ടായ്മകൾ ചിന്നിച്ചിതറരുതെന്ന മൂന്നാര്റിയിപ്പ്‌ കൂടിയായിരുന്നു ഈ നേതൃത്വ പാടവ പരിശീലനത്തിലൂടെ ലക്ഷ്യമിട്ടത്‌.
സംഘടിച്ച്‌ ശക്തരാകുന്നതോടൊപ്പം കർഷകർക്ക്‌ തെങ്ങ്‌ എന്ന വിള അസംസ്കൃത വസ്തുക്കളുടെ അനുസ്യൂതമായ കലവറയാണെന്നും ഇതിൽ നിന്നും ലഭ്യമാക്കാവുന്നതിന്റെ ചെറിയൊരംശം പോലും ഇന്ന്‌ ഉപയോഗപ്പെടുത്തുന്നില്ലെന്നും അവരെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടാണ്‌ മൂല്യവർദ്ധനവിലേക്കുള്ള വാതായനങ്ങൾ തുറന്ന്‌ കാട്ടിയത്‌. ലോകോത്തര ഗുണനിലവാരമുള്ള നൂതന നാളികേരോൽപന്നങ്ങൾ നിർമ്മിക്കുവാൻ സാങ്കേതിക, സാമ്പത്തിക സഹായങ്ങളുടെ ഉറവിടം കാട്ടിക്കൊടുക്കുക കൂടിയായിരുന്നു ഈ യത്നത്തിന്റെ പിന്നിലെ ഉദ്ദേശ്യം. തെങ്ങിന്റെ പരിചരണം മെച്ചപ്പെടുത്താനും കരിക്കിന്‌ പറ്റിയ തെങ്ങിനങ്ങൾ വെച്ച്‌ പിടിപ്പിക്കാനും, കൊപ്രഡ്രയറുകൾ, ഇളനീർ പാർലറുകൾ എന്നിവ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും മൂല്യവർദ്ധനവിനൊപ്പം സോസൈറ്റികളിൽ കൂടി ലക്ഷ്യമിട്ടിരിക്കുന്നു.
ആലപ്പുഴ, കോഴിക്കോട്‌, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിലെ 27 സിപിഎസുകളും 9 ഫെഡറേഷനുകളും ഏകദേശം 53,000 കുറിയയിനം വിത്തുതേങ്ങകൾ സംഭരിച്ച്‌ നഴ്സറികൾ ആരംഭിച്ചതു ലക്ഷ്യസാക്ഷാത്ക്കാരം ഒന്നൊന്നായി നേടാൻ സാധിക്കുന്നുവേന്നതിന്റെ തെളിവാണ്‌. 2 ഫെഡറേഷനുകൾ കൊപ്രഡ്രയർ സ്ഥാപിക്കാൻ കെട്ടിട നിർമ്മാണവും യന്ത്രവത്ക്കരണവും പൂർത്തിയാക്കി. പലയിടങ്ങളിലും ഇതിനായുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. 54 സംഘങ്ങൾ സംഭരണ കേന്ദ്രങ്ങളായി പ്രവർത്തനം തുടങ്ങിയത്‌ വഴിത്തിരിവായി.
ഉത്പാദക കമ്പനികളാണ്‌ ഈ ശൃംഖലയിലെ അവസാന കണ്ണികൾ. കമ്പനികളുടെ രൂപീകരണത്തിന്‌ തുടക്കമിടാൻ  കണ്ണൂർ, പാലക്കാട്‌ ജില്ലകളിൽ കഴിഞ്ഞെങ്കിലും ഇത്‌ കൂടുതൽ ശക്തിപ്പെടുത്തേണ്ടതും മറ്റ്‌ ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കേണ്ടതും വരും വർഷങ്ങളിലെ പ്രധാന ലക്ഷ്യമാണ്‌.
സർക്കാർ പ്രഖ്യാപനങ്ങൾ
സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ തന്നെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഉത്പാദനവും വിപണനവും വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്യാൻ ഏപ്രിൽ 18 ന്‌ മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ ബോർഡ്‌ പങ്കെടുത്തിരുന്നു.  ഈ മേഖലക്ക്‌ വേണ്ട എല്ലാ പ്രോത്സാഹനവും സർക്കാർ നൽകുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പ്‌ നൽകി. ഉത്പാദക സംഘങ്ങൾ ശക്തിപ്രാപിക്കുന്നതിന്‌ സർക്കാരിന്റെ നിരവധി പ്രഖ്യാപനങ്ങൾ വഴിയൊരുക്കി. ഉത്പാദക സംഘങ്ങളെ, നാളികേര സംഭരണ കേന്ദ്രങ്ങളായി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്‌ 2012ൽ സംസ്ഥാന സർക്കാർ ഇറക്കിയിരുന്നു. ഈ പ്രഖ്യാപനത്തിന്റെ യഥാർത്ഥഫലം കൊയ്യാൻ സാധിച്ചതു 2012-13 ലാണ്‌. കിലോഗ്രാമിന്‌ 14 രൂപ നിരക്കിൽ പൊതിച്ച തേങ്ങ ശേഖരിച്ച്‌ ഗുണനിലവാരമുള്ള കൊപ്രയാക്കി താങ്ങുവിലയ്ക്കനുസരിച്ച്‌ അതാത്‌ ജില്ലകളിലെ സംഭരണ ഏജൻസികൾക്ക്‌ നൽകാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു ഇത്‌. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഉത്പാദക സംഘങ്ങൾക്ക്‌ കൊപ്ര നൽകാൻ കൃഷി ആഫീസറുടെ സാക്ഷ്യപത്രം ഒഴിവാക്കി ബോർഡിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്‌ ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ട്‌ ഉത്തരവിറക്കിയതും സർക്കാർ പ്രഖ്യാപനങ്ങളിൽ പ്രാധാന്യമർഹിക്കുന്നതായിരുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന പ്രോജക്ടുകളുടെ നിർവ്വഹണ ഏജൻസിയായി നാളികേരോത്പാദക സംഘങ്ങളെ പരിഗണിക്കാവുന്നതാണെന്ന സർക്കാർ ഉത്തരവും ഈ രംഗത്തെ നാഴികക്കല്ലായി.
മദ്യരഹിത നീരയും നീര ഉൽപന്നങ്ങളും അടുത്തിടെ ഏറെ ജനശ്രദ്ധ യാകർഷിക്കുകയും കേരകർഷകർക്ക്‌ ഭാവിയിൽ ഒരു സുസ്ഥിര വരുമാനമാർഗ്ഗമാകാമെന്നുമുള്ള അഭിപ്രായം ഉയർന്നു വരുന്നുണ്ട്‌. സംസ്ഥാനത്തെ 10 പ്രധാന കേരോത്പാദക ജില്ലകളിൽ നീര സംസ്ക്കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ 15 കോടിയും മറ്റ്‌ കേരവികസന പദ്ധതികൾക്ക്‌ 25 കോടിയും ധനകാര്യമന്ത്രിയുടെ ബജറ്റ്‌ പ്രസംഗത്തിലൂടെ അനുവദിച്ചതും നയപരമായ തീരുമാനങ്ങളിൽ തെങ്ങ്‌ ശ്രദ്ധിക്കപ്പെട്ടുവേന്നതിന്റെ തെളിവാണ്‌.  നീരയെ സംബന്ധിച്ച്‌ ജനങ്ങൾക്കിടയിലുള്ള സന്ദേഹങ്ങൾ ദുരീകരിക്കുന്നതിനും അബ്കാരി നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനും ബോർഡ്‌ കൈക്കൊണ്ട നടപടികൾ ഫലപ്രദമാകുന്നുവേന്നതിന്റെ സൊ‍ാചനയായി ധനകാര്യ മന്ത്രിയുടെ ബജറ്റ്‌ പ്രഖ്യാപനത്തെ കാണാം.
കേന്ദ്ര ധനകാര്യമന്ത്രിയുടെ ബജറ്റ്‌ പ്രസംഗം രണ്ട്‌ കാര്യങ്ങളിൽ ഊന്നൽ നൽകി. ഒന്ന്‌, തെങ്ങ്‌ പുനരുദ്ധാരണ പദ്ധതി മറ്റു ജില്ലകളിൽ കൂടി വ്യാപിപ്പിക്കുവാൻ 75 കോടി രൂപ അനുവദിച്ചു. രണ്ട്‌,  കർഷക ഉത്പാദക സംഘടനകൾക്ക്‌ യൂണിറ്റൊന്നിന്‌ 10 ലക്ഷം രൂപ വീതം നൽകാൻ 50 കോടി രൂപയും നീക്കിവെച്ചു.
വെളിച്ചെണ്ണയുടെ വിലയിടിവും തുടർന്നുള്ള സർക്കാർ പ്രഖ്യാപനങ്ങളും ശ്രദ്ധേയമായി. ക്രൂഡ്‌ പാമോയിലിന്‌ ഇറക്കുമതി തീരുവ 20 ശതമാനം വരെ ഉയർത്താമെന്നിരിക്കേ പൂജ്യം ശതമാനത്തിൽ നിലനിർത്തിയതും ശുദ്ധീകരിച്ച പാം ഓയിലിന്‌ 7.5 ശതമാനത്തിൽ തുടരുന്നതും ബോർഡ്‌ ചോദ്യം ചെയ്തിരുന്നു. ഇറക്കുമതി തീരുവ ഉയർത്താൻ ശക്തമായി വാദിച്ചു. ഈ രംഗത്ത്‌ ഭീമമായ പൊളിച്ചെഴുത്ത്‌ നടന്നില്ലെങ്കിലും ക്രൂഡ്‌ പാം ഓയിലിന്റെ ഇറക്കുമതിച്ചുങ്കം പൂജ്യം ശതമാനമെന്നത്‌ 2.5 ശതമാനമാക്കി ഉയർത്തിയത്‌ നേരിയ ആശ്വാസമായേ കണക്കാക്കാനാകൂ. കേന്ദ്രസർക്കാരിന്റെ പോർട്ട്‌ നിയന്ത്രണവും അളവ്‌ നിയന്ത്രണവും നിലനിന്നിരുന്നതിനെതിരെ ശക്തമായി വാദിച്ചിരുന്നതിന്‌ ഫലമുണ്ടായി. കൊച്ചി തുറമുഖത്ത്‌ നിന്ന്‌ മാത്രമുള്ള കയറ്റുമതി നിയന്ത്രണവും തൂക്കത്തിൽ 20,000 ടൺ മാത്രം എന്ന പരിധിയും വിഘാതം തന്നെയായിരുന്നു. ഈ നിയന്ത്രണം നീക്കം ചെയ്തുകൊണ്ട്‌ എല്ലാ തുറമുഖങ്ങളിൽ നിന്നും അളവ്‌ നിയന്ത്രണമില്ലാതെ കയറ്റുമതി അനുവദിച്ചതു നേട്ടം തന്നെയായി. എങ്കിലും വെളിച്ചെണ്ണ കയറ്റുമതി നിയന്ത്രിതലിസ്റ്റിൽതന്നെ തുടരുകയാണ്‌ ഇപ്പോഴും. ഈ അനിശ്ചിതാവസ്ഥമൂലം വിശേഷ്‌ കൃഷി ഗ്രാമോദ്യോഗ്‌ യോജന പ്രകാരമുള്ള 5 ശതമാനം കയറ്റുമതി പ്രോത്സാഹനം വെളിച്ചെണ്ണ കയറ്റുമതിക്കാർക്ക്‌ നേടിയെടുക്കുവാൻ സാധിക്കുന്നില്ല. സർക്കാരിൽ ഉറങ്ങുന്ന നിവേദനങ്ങളിൽ ഇതും ഉൾപ്പെടുന്നു.

പരിശീലന പരിപാടികൾ
വനിതകൾക്കും സ്വാശ്രയ സംഘങ്ങൾക്കും സംരംഭകർക്കുമെല്ലാം സംരംഭകത്വ പരിശീലനം നൽകുകയെന്നതാണ്‌ ബോർഡിന്റെ വാഴക്കുളത്തുള്ള സാങ്കേതിക വികസന കേന്ദ്രത്തിന്റെ പ്രധാന കർമ്മ മേഖല. തേങ്ങയുപയോഗിച്ചും തേങ്ങവെള്ളമുപയോഗിച്ചും തയ്യാറാക്കാവുന്ന ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിന്‌ ഒന്ന്‌, രണ്ട്‌, നാല്‌ ദിവസങ്ങൾ വീതം ദൈർഘ്യമുള്ള സംരംഭകത്വ കഴിവ്‌ വികസന പരിപാടിയിലൂടെ 880 പേരാണ്‌ പരിശീലനം നേടിയത്‌. അനുയോജ്യമായ സംസ്ക്കരണ രീതി തെരഞ്ഞെടുക്കു വാനും, ചെലവ്‌ കുറഞ്ഞ പായ്ക്കിംഗ്‌ രീതി അവലംബിക്കാനും പഠിപ്പിക്കുന്ന തോടൊപ്പം ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ ഗുണമേന്മ നിലവാരം പാലിക്കുന്നതിന്റെ ആവശ്യകത എന്നിവയും  പാഠ്യപദ്ധതിയിലുണ്ട്‌. ഒപ്പം, വിപണന തന്ത്രങ്ങളും നേതൃത്വഗുണങ്ങളും.
2011-12ൽ തുടങ്ങിവെച്ച തെങ്ങിന്റെ ചങ്ങാതിമാരെ വാർത്തെടുക്കുന്ന പരിശീലന പരിപാടി പുരോഗമിച്ച വർഷമായിരുന്നു കടന്ന്‌ പോയത്‌. കേരളത്തിൽ കേന്ദ്രീകരിച്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനം മറ്റ്‌ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച വർഷമായിരുന്നു കഴിഞ്ഞത്‌. കേരളം കൂടാതെ, ആന്ധ്ര, തമിഴ്‌നാട്‌, കർണ്ണാടകം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലായി 6917 ചങ്ങാതിമാരാണ്‌ 2012-13ന്റെ സംഭാവന. ഇതിൽ 572 സ്ത്രീ ചങ്ങാതിമാരായിരുന്നു. ദിവസം 500 മുതൽ 1000 രൂപ വരേയും പ്രതിമാസം 10,000 മുതൽ 15,000 രൂപ വരേയും വരുമാനം നേടിയ മികവുറ്റ വിദഗ്ദ്ധരെയാണ്‌ ബോർഡിന്റെ ചങ്ങാതി പരിശീലനത്തിലൂടെ വാർത്തെടുക്കാൻ സാധിച്ചതു.  വിളവെടുപ്പിന്‌ തൊഴിലാളികളുടെ ലഭ്യതയും തൊഴിൽരഹിതർക്ക്‌ സ്വയം തൊഴിൽ കണ്ടെത്തലും ഇതിന്റെ മറ്റ്‌ നേട്ടങ്ങളായി.
നൂതന വിപണന തന്ത്രങ്ങൾ
കേരോൽപന്നങ്ങൾക്ക്‌ ആഭ്യന്തര വിപണി കണ്ടുപിടിക്കാനുള്ള ഒരു നൂതന തന്ത്രം മെനഞ്ഞ വർഷം കൂടിയായിരുന്നു കടന്ന്‌ പോയത്‌. അന്താരാഷ്ട്ര വിപണി തേടി കരുനീക്കങ്ങൾ നടത്തുമ്പോഴും ആഭ്യന്തര വിപണിയുടെ ഭീമൻ സാദ്ധ്യത നാമറിയാതെ പോകുന്നു. നമ്മുടെ ഉൽപന്നം വാങ്ങുവാനുള്ള ആഗ്രഹം പേറി, അവയുടെ ഉറവിടം അന്വേഷിച്ച്‌ ബുദ്ധിമുട്ടുന്ന നിരവധി ഉപഭോക്താക്കൾ രാജ്യത്തിന്റെ പല ഭാഗത്തുമുണ്ട്‌, ഉപയോഗ രീതികൾ വ്യത്യസ്തമാണെന്ന്‌ മാത്രം. തേങ്ങയുടെ ഉപയോഗമെന്ന്‌ കേട്ടാൽ കേരളമെന്നല്ല ഓർക്കേണ്ടതെന്ന്‌ നമ്മെ പഠിപ്പിച്ച ധാരാളം പാഠങ്ങളുണ്ട്‌. വടക്കേ ഇന്ത്യയിലും കിഴക്ക്‌,  വടക്കുകിഴക്ക്‌ പ്രദേശങ്ങളിലും കരിക്കിൻ വെള്ളവും ചിപ്സും തൂൾതേങ്ങയും ഉണ്ടകൊപ്രയുമെല്ലാം പ്രിയ ഉൽപന്നങ്ങൾ തന്നെ. ഈ ഉൽപന്നങ്ങൾ ജനകോടികളിലേയ്ക്കെത്തിക്കാൻ ഒരു വിപണന തന്ത്രം ആവിഷ്ക്കരിച്ച  വർഷമായിരുന്നു കഴിഞ്ഞത്‌. തെരഞ്ഞെടുക്കപ്പെട്ട പത്ത്‌ ഉൽപന്നങ്ങളടങ്ങിയ ഉൽപന്ന ബാസ്ക്കറ്റ്‌ അവതരിപ്പിച്ചതും ഇവ 63 ജനറം നഗരങ്ങളിലെത്തിക്കാൻ  തുടക്കമിട്ടതും  വേറിട്ട തന്ത്രമായി. മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്‌, അഹമ്മദാബാദ്‌, പൂന, സൂറത്ത്‌ എന്നീ മഹാനഗരങ്ങളും ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ പട്ടണങ്ങളും ഇതിനായി ലക്ഷ്യമിട്ട നഗരങ്ങളുടെ പരിധിയിൽ വരും.
വളരുന്ന കയറ്റുമതി രംഗം
കയറ്റുമതി രംഗം വളർത്തേണ്ടത്‌ രാജ്യത്തിന്റെ നിലനിൽപ്പിനാധാരമായി വന്നിരിക്കുന്നു. 2011-12 സാമ്പത്തിക വർഷം 835 കോടി രൂപ കയറ്റുമതി മൂല്യം നേടി കേരമേഖല റെക്കോർഡ്‌ സൃഷ്ടിച്ചിരുന്നു. ഇതിൽ 348 കോടി രൂപ ഉത്തേജിത കരിയുടേതായിരുന്നു. കഴിഞ്ഞ വർഷത്തെക്കണക്കുകൾ ക്രോഡീകരിച്ച്‌ വരുന്നതേയുള്ളൂ. ലഭ്യമായ കണക്കനുസരിച്ച്‌ 2012-13ൽ ആയിരം കോടി രൂപയുടെ കയറ്റുമതി മൂല്യം നേടുവാൻ കേരരംഗം സഹായിച്ചുവേന്നത്‌ ദേശീയ സാമ്പത്തിക രംഗത്ത്‌ തെങ്ങിന്‌ വർദ്ധിച്ചു വരുന്ന സ്വാധീനം തന്നെയാണ്‌ പ്രകടമാണ്‌.
വെളിച്ചെണ്ണയുടെ ഉപഭോഗത്തിലുണ്ടായിരിക്കുന്ന അസ്ഥിരതയും, വെളിച്ചെണ്ണ വിലയിലെ ഏറ്റക്കുറച്ചിലും വെളിച്ചെണ്ണ കയറ്റുമതിയെക്കുറിച്ച്‌ ചിന്തിക്കാൻ നമ്മെ പലപ്പോഴും പ്രേരിതരാക്കുന്നു.  7.5 ലക്ഷം ടൺ കൊപ്രയിൽ നിന്നും 4.5 ലക്ഷം ടൺ വെളിച്ചെണ്ണ മാത്രമേ നമ്മൾ ഉത്പാദിപ്പിക്കുന്നുള്ളുവേങ്കിലും കയറ്റുമതിയിൽ മുന്നേറിയാൽ കൂടുതൽ ഉത്പാദിപ്പിക്കുവാൻ അത്‌ പ്രേരകമാകും. കേരളത്തിൽ നിന്നും 1.5 ലക്ഷം ടൺ വെളിച്ചെണ്ണ കയറ്റുമതി ചെയ്യാനും ലക്ഷ്യമിട്ടിട്ടുണ്ട്‌. കയറ്റുമതിയെ നിരീക്ഷിക്കുന്ന ബോർഡിന്റെ നിയന്ത്രണത്തിലുള്ള എക്സ്പോർട്ട്‌ പ്രമോഷൻ കൗൺസിലിൽ 212 പേർ പുതുതായി രജിസ്ട്രേഷനെടുത്ത വർഷമായിരുന്നു 2012-13. മൊത്തം രജിസ്റ്റർ ചെയ്തവരുടെ എണ്ണം 894 ആയി.
നടപ്പ്‌ വികസന പദ്ധതികൾ
89 കോടി രൂപയുടെ പദ്ധതികളായിരുന്നു ബോർഡിന്റെ 2012-13 ലെ ബജറ്റ്‌ വിഹിതത്തിൽ ഉൾപ്പെടുത്തിയിരുന്നത്‌. തെങ്ങു പുനരുദ്ധാരണ പദ്ധതിക്ക്‌ 32 കോടി, മറ്റ്‌ തുടർപദ്ധതികൾക്ക്‌ 55 കോടി, പാം ഇൻഷുറൻസിന്‌ 1 കോടി എന്നിങ്ങനെ. തെങ്ങ്‌ പുനരുദ്ധാരണ പദ്ധതിയുടെ അവസാന വർഷമെന്ന നിലയിൽ ലഭിച്ച 32 കോടി രൂപ സാമ്പത്തിക വർഷത്തിന്റെ പകുതിയായപ്പോഴെ ചെലവഴിച്ചുതീർത്ത്‌ നേട്ടം കൊയ്ത വർഷമായിരുന്നു കടന്ന്‌ പോയത്‌. നിരന്തരമുള്ള ഇടപെടലുകൾ കൊണ്ട്‌ 49.55 കോടി രൂപ വരെ നേടിയെടുത്ത്‌ മുഴുവൻ ചെലവഴിക്കാനായെങ്കിലും 25 കോടി രൂപയുടെ അപര്യാപ്തത്ത വർഷാവസാനം നേരിടേണ്ടി വന്നതും ഒറ്റപ്പെട്ട സംഭവമെന്ന്‌ പറയാം. ഈ ഒരൊറ്റ വർഷം കൊണ്ട്‌ തന്നെ 6.8 ലക്ഷം തെങ്ങുകൾ മുറിച്ച്‌ മാറ്റിയതും 35822 ഹെക്ടർ പ്രദേശത്ത്‌ വളം വിതരണം നടത്തിയതും 3.26 ലക്ഷം തൈകൾ പുനർ നടീൽ നടത്തിയതും നാഴികക്കല്ലായി. 12-12-12ൽ 12-​‍ാമത്‌ സംസ്ഥാനതല മോണിറ്ററിംഗ്‌ കമ്മിറ്റി യോഗം നടന്നത്‌ അവിചാരിതമായിരിക്കാം, പക്ഷേ അതുമൊരു നാഴികക്കല്ലായി.
ഈ നേട്ടത്തിനിടയിലും വളം വിതരണം പൂർത്തിയാക്കാൻ കഴിയാതെ വന്നതും വെട്ടിയ തെങ്ങുകളുടെ സബ്സിഡി കൊടുത്ത്‌ തീർക്കാൻ കഴിയാത്തതും പോരായ്മയായി. ഈ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള കച്ചിത്തുരുമ്പായി, കേന്ദ്ര ധനകാര്യ മന്ത്രിയുടെ 75 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം. ഈ വിഹിതത്തിന്‌ ഒരു നിർദ്ദിഷ്ട ഉദ്ദേശ്യവും മന്ത്രി പ്രഖ്യാപിച്ചിരുന്നു; കേരളത്തിലെ മറ്റ്‌ ജില്ലകളിൽക്കൂടി പദ്ധതി വ്യാപിപ്പിക്കുകയെന്നത്‌. അതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കേണ്ടിയിരിക്കുന്നു.
മറ്റു പദ്ധതികളിൽ മുൻനിരയിൽ നിന്നത്‌ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ഡെമോൺസ്ട്രേഷൻ തോട്ടങ്ങൾ സ്ഥാപിക്കൽ എന്ന പദ്ധതി 10525 ഹെക്ടറിൽ നടപ്പാക്കിയതാണ്‌. ഈ പദ്ധതിക്ക്‌ വേണ്ടി 19 കോടി രൂപയാണ്‌ ചെലവഴിച്ചതു. ഇതിൽ കേരളത്തിലെ ഇടുക്കി, കുട്ടനാട്‌ പായ്ക്കേജുകൾക്ക്‌ നൽകിയ വിഹിതവും ഉൾപ്പെടുന്നു. 2250 ഹെക്ടറിലെ തെങ്ങുകൃഷി വ്യാപനവും 11 ലക്ഷം തെങ്ങിൻ തൈകൾ ബോർഡിന്റെ ഡിഎസ്പി ഫാമുകളിൽകൂടി ഉത്പാദിപ്പിച്ചതുമെല്ലാം നേട്ടങ്ങളുടെ മുൻനിരയിൽപ്പെടുത്താം.  ബോർഡിന്റെ ഫാമുകളിൽ തൈ ഉത്പാദനത്തിലുണ്ടായ അഭൂതപൂർവ്വമായ വളർച്ച, ബോർഡ്‌ ഊന്നൽ നൽകുന്ന മേഖലയാണ്‌ ഗുണമേന്മയുള്ള തൈ ഉത്പാദനമെന്നതിന്റെ നാന്ദിയായി.
പ്രധാന തെങ്ങുകൃഷി സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ മൂന്ന്‌ പുതിയ ഡെമോൺസ്ട്രേഷൻ ഫാമുകൾ കൂടി സ്ഥാപിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷ്യമിട്ടിരുന്നു. ഇതിൽ മഹാരാഷ്ട്ര ജില്ലയിലെ പൽഗാറിൽ പുതി ഫാം തുടങ്ങുന്നതിന്‌ 40 ഹെക്ടർ സ്ഥലം ബോർഡ്‌ ഏറ്റെടുത്തതും നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താം.
നാളികേരാധിഷ്ഠിത വ്യവസായങ്ങൾക്ക്‌ പ്രചോദനമാകുന്ന ടെക്നോളജി മിഷൻ മികച്ച പ്രകടനമാണ്‌ കാഴ്ചവെച്ചതു. 7  കോടി രൂപ ചെലവിട്ട വർഷത്തിൽ 68 പുതിയ പദ്ധതികൾക്ക്‌ ധനസഹായം  നൽകി. ഇതിൽ 29 പദ്ധതികൾ സംസ്ക്കരണ മേഖലയിലായിരുന്നു. സങ്കരയിനം തെങ്ങിൻതൈകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻജിഓ കളുമായി ചേർന്ന്‌ തുടങ്ങിയ കൊളാബറേറ്റീവ്‌ റിസർച്ച്‌ രാജ്യത്തു തന്നെ ആദ്യത്തെ ചുവടുവയ്പായി. അഞ്ചു കോളേജുകളും ഒരു എൻജിഓയും തയ്യാറായി മുന്നോട്ടു വന്നതിൽ നാലു കോളേജുകളും മാതൃവൃക്ഷത്തിന്റെ സർവ്വേ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്‌. പാലക്കാട്‌ ജില്ലയിലെ മൈത്രി എന്ന എൻജിഒ ഹൈബ്രിഡൈസേഷൻ തുടങ്ങുകയും ചെയ്തത്‌ വലിയ നേട്ടമായി.
വ്യക്തിഗത സംരംഭകർക്ക്‌ വ്യവസായങ്ങൾ തുടങ്ങാൻ സ്ഥലപരിമിതിയും ഭീമമായ സാമ്പത്തിക ബാദ്ധ്യതയും ഒരു കടമ്പയാണ്‌. നാളികേരാധിഷ്ഠിത വ്യവസായങ്ങൾ വ്യാപകമാകുന്നതിന്‌ ഈ പരിമിതികൾ വിഘാതമാകുന്നു. ഈ പശ്ചാത്തലത്തിലാണ്‌ കേരള സ്റ്റേറ്റ്‌ ഇൻഡസ്ട്രിയൽ ഡവലപ്പ്‌മന്റ്‌ കോർപ്പറേഷൻ കോഴിക്കോട്‌ ജില്ലയിലെ കുറ്റ്യാടിയിൽ 135 ഏക്കറിൽ കേര പാർക്ക്‌ തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതു. സംസ്ഥാനത്ത്‌ മൂന്ന്‌ കേര പാർക്കുകൾ തുടങ്ങുമെന്നുള്ള ബജറ്റ്‌ പ്രഖ്യാപനത്തിന്റെ സാക്ഷാത്ക്കാരം കൂടിയായിരുന്നു അത്‌.
നാളികേര വികസന ബോർഡും തെങ്ങുകൃഷിയും മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന വർഷമായിരുന്നു 2012-13. വെളിച്ചെണ്ണയുടെ വിലിയിടിവ്‌ നിരവധി വിമർശനങ്ങളും ആക്ഷേപ പ്രത്യാക്ഷേപങ്ങളും മാദ്ധ്യമങ്ങളിൽ നിറയാനിടയാക്കി.  ബോർഡിന്റെ പബ്ലിസിറ്റി വിഭാഗം ഈ സമയത്ത്‌ നടത്തിയ മാദ്ധ്യമ ഇടപെടൽ ശ്ലാഘനീയമായിരുന്നു. പത്രമാദ്ധ്യമങ്ങളിൽ വാർത്ത നിറഞ്ഞതുമൂലം പാർലമന്റിൽ നിരവധി ചോദ്യങ്ങൾ ജനപ്രതിനിധികൾ ഉന്നയിക്കാൻ ഇടയാക്കി. ഇങ്ങനെ തെങ്ങുകൃഷിയെപ്പറ്റി നിരവധി ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടതും വിശദീകരണം നൽകിയതും രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്ന്‌ പറയാം. അക്ഷയ പുസ്തക നിധിയുമായി ചേർന്ന്‌ കുട്ടികൾക്കുവേണ്ടി നടത്തിയ രചനാ മത്സരവും സമ്മാനദാനച്ചടങ്ങും സ്മരണീയമാക്കിത്തീർത്തത്‌ കേരവൃക്ഷത്തെ സ്നേഹിക്കുന്ന ശ്രീ ചെമ്മനം ചാക്കോയെപ്പോലെയുള്ള സാഹിത്യകാരന്മാരുടെ പ്രതിഭാസംഗമത്തിലൂടെയായിരുന്നു.
കേരളത്തിൽ നടത്തിയ രണ്ട്‌ നിക്ഷേപക സംഗമങ്ങളും ആന്ധ്രപ്രദേശിൽ നടന്ന ഒന്നും മഹാരാഷ്ട്രയിൽ നടന്ന ലോകനാളികേര ദിനാഘോഷവും കഴിഞ്ഞ വർഷത്തെ മിന്നുന്ന പ്രകടനം തന്നെയായിരുന്നു.
ബോർഡിന്റെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ മുഖ്യ ഉപാധിയായ ഇന്ത്യൻ നാളികേര ജേണലിന്റെ വരിക്കാരുടെ എണ്ണം മൂവായിരത്തിൽ നിന്ന്‌ 50000 ആയി ഉയർന്നതും റെക്കോർഡ്‌ നേട്ടമായി.
മറ്റ്‌ സ്ഥാപനങ്ങളുമായി പദ്ധതി നടത്തിപ്പിലുണ്ടായ സമന്വയം പ്രതീക്ഷാനിർഭരമായിരുന്നു. വികസന പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കുകയും മുന്നിട്ട്‌ നിൽക്കുകയും ചെയ്ത ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിപോലെയുള്ള പഞ്ചായത്തുകൾ ബോർഡ്‌ പദ്ധതികളുമായി സഹകരിച്ച്‌ പ്രവർത്തിക്കുവാൻ മുന്നോട്ട്‌ വന്നത്‌ പ്രതീക്ഷയേകുന്നു.
ചങ്ങാതിക്കൂട്ടം പരിശീലന പദ്ധതി നടത്തിപ്പിന്‌ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എൻആർഎൽഎം) സഹകരണം തേടിയിരുന്നു. കർണ്ണാടകയിൽ ചങ്ങാതിക്കൂട്ടം പരിശീലനപരിപാടി സംഘടിപ്പിക്കുവാൻ എൻആർഎൽഎം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌.
മാണ്ഡ്യ പ്രദർശന വിത്തുത്പാദന തോട്ടം നാളികേരോൽപന്ന നിർമ്മാണ പരിശീലനത്തിന്‌ വേദിയായതും എടുത്തു പറയേണ്ടതാണ്‌.
തെങ്ങുകളുടെ ഇൻഷൂറൻസിന്‌ ഒരു പ്രത്യേക പദ്ധതി കഴിഞ്ഞ രണ്ട്‌ വർഷമായി നടന്ന്‌ വരുന്നു. 2012-13ൽ കേരളം, കർണ്ണാടകം, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്ക്‌ 82 ലക്ഷം രൂപ  ബോർഡിന്റെ വിഹിതമായി ചെലവിട്ടു.
ആശങ്കാജനകമായിരുന്ന വിലനിലവാരം
കർഷകരുടെ ഉത്സാഹവും കേരമേഖലയുടെ വിജയവും ആത്യന്തികമായി ബന്ധപ്പെട്ടിരിക്കുന്നത്‌ കേരോൽപന്നങ്ങളുടെ വിലയിലാണ്‌. വില ഉയർന്ന്‌ നിന്നാൽ തോട്ടം പരിചരണവും, എന്തിന്‌ തെങ്ങിൻ തൈകൾ വിറ്റഴിക്കുന്നതുപോലും സുഗമമായി നടക്കും. മറ്റു നേട്ടങ്ങളുടെ ഇടയിലും കൊപ്ര വിലയും വെളിച്ചെണ്ണ വിലയും സ്വാഗതാർഹമാംവിധം ഉയർന്നു നിന്നിരുന്നില്ല, കഴിഞ്ഞ വർഷം. 2011 കേരമേഖല കണ്ട ഏറ്റവും ഉയർന്ന വില നിലവാരത്തിലെത്തിയ വർഷമായിരുന്നു. 2011 മേയിൽ വെളിച്ചെണ്ണ വില ക്വിന്റലിന്‌ 10148 രൂപയിലെത്തിയിരുന്നു.  വർഷത്തിലെ ശരാശരി നിരക്ക്‌ ക്വിന്റലിന്‌ 9069 രൂപയും. ഇത്‌ 2012 ആയപ്പോഴേക്കും 6343 രൂപയായി താഴ്‌ന്നിരുന്നു. വില ഏറ്റവും ഉയർന്നു നിൽക്കേണ്ട ഉത്സവ സീസണായ നവംബറിൽ 6014 രൂപയിലേയ്ക്ക്‌ വില തകർന്ന്‌ വീണത്‌ കർഷകരിൽ പ്രതിക്ഷേധവും നിരാശയും ആളിപ്പടർത്തിയിരുന്നു. പക്ഷേ, സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ, അതായത്‌ ഡിസംബർ 2012 മുതൽ വിലയിൽ ഉണർവ്വുണ്ടായിത്തുടങ്ങി. 6014 ൽ നിന്ന്‌ കുത്തനെ വില വർദ്ധിച്ച്‌ 6500 ലെത്തിയിരുന്നു. ജനുവരിയിലെ വില അതിലും മെച്ചപ്പെട്ടു 7062ലെത്തി. ഫെബ്രുവരിയിലും മാർച്ചിലും വിലയിൽ കുറവനുഭവപ്പെട്ടെങ്കിലും വില ഉയരുമെന്ന പ്രത്യാശയിലാണ്‌ കർഷകർ 2013-14 നെ ഉറ്റുനോക്കുന്നത്‌.
വിലത്തകർച്ചയിൽ നിന്നും കർഷകരെ രക്ഷിക്കാൻ കേന്ദ്ര ഗവണ്‍മന്റ്‌ വിപണിയിൽ ഇടപെടൽ നടത്തുന്നത്‌ തറവില നിശ്ചയിച്ചുകൊണ്ടാണ്‌. 2012 സംഭരണ സീസണിലേക്ക്‌ ഗവണ്‍മന്റ്‌ ആട്ടുകൊപ്രയ്ക്കും ഉണ്ടകൊപ്രയ്ക്കും തറവില നിശ്ചയിച്ചിരിക്കുന്നത്‌ യഥാക്രമം 5100 രൂപയും 5350 രൂപയുമായിരുന്നു.  പൊതിച്ച നാളികേരത്തിന്‌ കിലോഗ്രാമിന്‌ 14 രൂപയും. തമിഴ്‌നാട്‌ സർക്കാർ ഉണ്ടകൊപ്ര സംഭരണത്തിന്‌ ക്വിന്റലിന്‌ 700 രൂപ അധികം പ്രഖ്യാപിച്ചതും അതിന്റെ ചുവടുപിടിച്ച്‌ കേരള സർക്കാർ സംഭരണ സോസൈറ്റികൾക്കും സംഘങ്ങൾക്കും ആട്ടുകൊപ്രയ്ക്ക്‌ ക്വിന്റലിന്‌ 500 രൂപ അധികം പ്രഖ്യാപിച്ചതും നേട്ടമായി. 2013 സീസണിലേക്ക്‌ ഉയർന്ന കാർഷികച്ചെലവുകൾ കണക്കിലെടുത്ത്‌ ഉയർന്ന തറവില ശുപാർശ ചെയ്തിരുന്നെങ്കിലും കേവലം 150 രൂപ മാത്രം വർദ്ധിപ്പിച്ച്‌ ആട്ടുകൊപ്രയ്ക്ക്‌ 5250 രൂപയും ഉണ്ടകൊപ്രയ്ക്ക്‌ 5500 രൂപയുമാണ്‌ തറവില നിശ്ചയിച്ച്‌ പ്രഖ്യാപനമുണ്ടായത്‌; പൊതിച്ച നാളികേരത്തിനു 14.25 രൂപയും. ഇതിനിടെ പൊതിച്ച നാളികേരം കിലോയ്ക്ക്‌ 14 രൂപ വെച്ച്‌ സംസ്ഥാന സർക്കാർ കൃഷിഭവനുകൾ വഴി സംഭരിച്ചതു കർഷകർക്ക്‌ ആശ്വാസമായി. ഗുണമേന്മയുള്ള കൊപ്രയുണ്ടാക്കി തറവിലയ്ക്ക്‌ സംഭരണ ഏജൻസികൾക്ക്‌ നൽകാൻ ഉത്പാദകസംഘങ്ങളേയും ഫെഡറേഷനുകളേയും ചുമതലപ്പെടുത്തിക്കൊണ്ട്‌ നേരത്തെ സർക്കാർ ഉത്തരവ്‌ ഇറക്കിയിരുന്നതും കർഷകർക്ക്‌ ആശ്വാസമായി.
അന്താരാഷ്ട്ര സമ്മേളനങ്ങൾ
ഏഷ്യ - പസഫിക്‌ രാജ്യങ്ങളുടെ 45-​‍ാമത്‌ കൊക്കോടെക്‌ സമ്മേളനനഗരിയായി കൊച്ചിയെ മാറ്റിയത്‌ 2012-13 ന്റെ നേട്ടങ്ങളിലൊന്നാണ്‌. കേരവികസനത്തിന്റെ സർവ്വതോമുഖമായ വളർച്ചയും സുസ്ഥിര വികസനവുമെന്ന വിഷയത്തിലൂന്നിയായിരുന്നു സമ്മേളനം. അഞ്ച്‌ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള സാങ്കേതിക സമ്മേളനങ്ങളിലായി തെങ്ങു വളരുന്ന ഇരുപതിലധികം രാജ്യങ്ങളിലെ വിശിഷ്ടാതിഥികൾ, പ്രതിനിധികൾ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ഗവേഷകർ, ഉദ്യോഗസ്ഥർ, വ്യവസായ സംരംഭകർ എന്നിങ്ങനെ രാജ്യത്തിനകത്തും പുറത്തുമുള്ള 250 ലധികം പ്രതിനിധികൾ സമ്മേളിക്കുകയും ഭാവിപ്രവർത്തനങ്ങൾക്ക്‌ ദിശാബോധം നൽകിയും കേരകൃഷി മേഖലയിലെ നേട്ടങ്ങളും പ്രശ്നങ്ങളും പരസ്പര വിനിമയം ചെയ്യപ്പെടുകയുമായിരുന്നു 45-​‍ാമത്‌ കൊക്കോടെക്‌ സമ്മേളനത്തിലൂടെ നടന്നത്‌. ബഹു കേന്ദ്ര പൊതുവിതരണ വകുപ്പ്‌ മന്ത്രി ശ്രീ. കെ. വി. തോമസ്‌ ഉദ്ഘാടനം ചെയ്ത സമ്മേളനം നിരവധി ഉന്നതോദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും കർഷക പ്രമുഖരുടേയും വ്യവസായികളുടേയും മഹനീയ സാന്നിദ്ധ്യം കൊണ്ട്‌ ഒരു ചരിത്രമുഹൂർത്തമായി മാറ്റിയത്‌ ബോർഡിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണ്‌.
ഇന്ത്യാ ഗവണ്‍മന്റും റിപ്പബ്ലിക്‌ ഓഫ്‌ ട്രിനിഡാഡ്‌ ആന്റ്‌ ടുബാഗോയും തമ്മിൽ  ധാരണാപത്രം ഒപ്പുവെച്ചതു മറ്റൊരു നാഴികക്കല്ലായി. ഏതെങ്കിലുമൊരു കോമൺ വെൽത്ത്‌ രാജ്യവുമായി ധാരണാപത്രം ഒപ്പുവെയ്ക്കുന്നത്‌ ബോർഡി ന്റെ ചരിത്രത്തിൽ ആദ്യമായാണ്‌. ട്രിനിഡാഡിലെ കേരകൃഷി നവീകരിച്ച്‌ ഒരു മാർഗ്ഗരേഖ തയ്യാറാക്കുന്നതിന്‌ ഇന്ത്യൻ വിദഗ്ദ്ധരോടൊപ്പം നമ്മുടെ സാങ്കേതികവിദ്യയും ലഭ്യമാക്കുകയെന്നതായിരുന്നു ധാരണാപത്രത്തിലെ മുഖ്യഘടകം.
മോശാംബിക്‌ കൃഷി മന്ത്രി ശ്രീ. ജോസ്‌ പച്ചിക്കോ നയിച്ച  പ്രതിനിധിസംഘം ബോർഡ്‌ ആസ്ഥാനം സന്ദർശിച്ചതും കേരകൃഷിയിലും സംസ്ക്കരണ മേഖലയിലും സാങ്കേതിക വൈദഗ്ദ്ധ്യം ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യതകൾ ആരാഞ്ഞതും വർഷത്തെ സുപ്രധാന സംഭവ വികാസങ്ങളിലൊന്നായി കണക്കാക്കാം.
പദ്ധതി വിലയിരുത്തൽ
പാറ്റ്നയിലെ ചന്ദ്രഗുപ്ത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മന്റ്‌ ബോർഡിന്റെ 11-​‍ാം പഞ്ചവത്സര പദ്ധതികളുടേയും ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്മോൾ എന്റർപ്രൈസസ്‌ ഡെവലപ്‌മന്റ്‌ കേരളത്തിലെ മൂന്ന്‌ ജില്ലകളിൽ നടപ്പിലാക്കിയ തെങ്ങുപുനരുദ്ധാരണ പദ്ധതിയുടേയും മൂല്യനിർണ്ണയം നടത്തി, സുപ്രധാന നിർദ്ദേശങ്ങളും ശുപാർശകളും മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌. ഈ നിർദ്ദേശങ്ങൾ പദ്ധതിയുടെ വരുംകാല നടത്തിപ്പിന്‌ മാർഗ്ഗദർശിയാകും.
നാളികേരോത്പാദനം തിട്ടപ്പെടുത്തുന്നതിന്‌ കേരളം, തമിഴ്‌നാട്‌, കർണ്ണാടകം, ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ സർവ്വേ രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ ചുവടുവെയ്പായി.
നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും, വിലനിർണ്ണയിക്കുന്നതിനും എല്ലാത്തിനുമുപരി കർഷകന്‌ പരമാവധി ഗുണകരമാകുന്നതിനും ഉത്പാദനത്തിന്റെ വർത്തമാനകാല സ്ഥിതി അറിഞ്ഞിരിക്കേണ്ടത്‌ അനിവാര്യമാണ്‌. ഇപ്പോൾ ലഭ്യമായിക്കൊണ്ടിരിക്കുന്നത്‌ രണ്ടുവർഷം പിന്നിലുള്ള കണക്കാണ്‌. ഇതു പരിഹരിക്കുകയാണ്‌ ബോർഡ്‌ സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്‌.  വരും വർഷങ്ങളിലും ഇത്തരം സർവ്വേകൾ തുടരാനും തീരുമാനമെടുത്തിട്ടുണ്ട്‌.
ഉയർന്ന ഫണ്ട്‌ വിനിയോഗം
ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫണ്ട്‌ വിനിയോഗമാണ്‌ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്‌. 105.67 കോടി രൂപ. 2010-11 വർഷം ചെലവഴിച്ച 102 കോടി രൂപയാണ്‌ ഇതിന്‌ മുമ്പുണ്ടായ ഏറ്റവും വലിയ ധനവിനിയോഗം. പദ്ധതികൾക്ക്‌ ചിലവാക്കിയ തുകയിൽ 54.27 ശതമാനവും (49.66 കോടി രൂപ) വിനിയോഗിച്ചതു തെങ്ങുപുനരുദ്ധാരണ പദ്ധതിക്കാണ്‌. രണ്ടാം സ്ഥാനം ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാൻ ലക്ഷ്യമിട്ടുള്ള ഡെമോൺസ്ട്രേഷൻ പദ്ധതിയും, 19 കോടി രൂപ (21%). 9.13 കോടി രൂപ ചെലവഴിച്ച്‌ വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ മൂന്നാംസ്ഥാനത്തുണ്ട്‌ (9.97%). നാലാം സ്ഥാനത്ത്‌ 7.64 കോടി രൂപ വിനിയോഗിച്ച്‌ ടെക്നോളജി മിഷൻ പദ്ധതിയാണുള്ളത്‌ (8.35%). ഒരു കോടിയിലേറെ ഫണ്ട്‌ വിനിയോഗിച്ച രണ്ടു പദ്ധതികൾ കൂടിയുണ്ട്‌. പുതുകൃഷിയും (1.53%) ഡെമോൺസ്ട്രേഷൻ ഫാമുകളും (1.67%). കിട്ടുന്ന മുഴുവൻ ബജറ്റ്‌ വിഹിതവും പൂർണ്ണമായി ഉപയോഗപ്പെടുത്തുന്ന ഒരു ചരിത്രമാണ്‌ ബോർഡിനുള്ളത്‌. അതിനാൽ കൂടുതൽ ഫണ്ട്‌ ലഭ്യമാക്കുന്നതിനുള്ള സംഘടിതമായ ശ്രമം ആവശ്യമാണ്‌.
ഇങ്ങനെ നേട്ടങ്ങളുടെ പട്ടിക ഏറെ കണ്ട, ബോർഡിന്റെയും കേരമേഖലയുടെയും സർവ്വോപരി കേരകർഷകരുടേയും  ഭാവി ഭാഗധേയം നിർണ്ണയിക്കപ്പെടാവുന്ന നിരവധി നിമിഷങ്ങൾ പിറവിയെടുത്ത ഒരു ചരിത്രവർഷമാണ്‌ കടന്ന്‌ പോയ 2012-13. കൂടുതൽ നേട്ടങ്ങൾ വെട്ടിപ്പിടിക്കാനാകുന്ന മറ്റൊരു വർഷത്തിനായി നമുക്ക്‌ ചുവട്‌ വെയ്ക്കാം.

27 Apr 2013

ഊർജ്ജസ്രോതസ്സായി വെളിച്ചെണ്ണ വൈറ്റ്‌ ഹൗസിലും


രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി

ലോകത്തിലെ 93  തെങ്ങു വളരുന്ന രാജ്യങ്ങളിൽ ഏഷ്യൻ പസ്ഫിക്‌ രാജ്യങ്ങളും കരീബിയൻ ദ്വീപ്‌ സമൂഹങ്ങളും, അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളുമെല്ലാമുൾപ്പെടുന്നു. ലോകത്തിലെ വൻകിട ശക്തിയായ അമേരിക്കയിലും അവരുടെ ഭരണസിരാകേന്ദ്രമായ വൈറ്റ്‌ ഹൗസിലും പുതിയ ഊർജ്ജ സാധ്യതകളുടെ വിസ്മയങ്ങൾ തുറന്നു കാട്ടാൻ വിമാനം കയറുന്നു ഒരു മലയാളി - അരുൺ സുബ്രമണി. സിംഗപ്പൂർ ആസ്ഥാനമായ എമ്പീരിയൽ ഇൻഡസ്ട്രിയുടെ സ്ഥാപക ചെയർമാനും സിഇഒയുമാണ്‌ ഈ ചെറുപ്പക്കാരൻ. വൈറ്റ്‌ ഹൗസിലെ ക്ഷണിക്കപ്പെട്ട അതിഥിയായി ടീം അംഗങ്ങളോടൊപ്പം അരുൺ വൈറ്റ്‌ ഹൗസിൽ എത്തുന്നത്‌ തെങ്ങ്‌ എന്ന അത്ഭുത വൃക്ഷത്തിന്റെ, വിശിഷ്യാ വെളിച്ചെണ്ണയുടെ അത്ഭുത സാധ്യതകളുടെ ചെപ്പു തുറക്കാനാണ്‌. സമഗ്ര മേഖലകളിലും ശക്തിയാർജ്ജിക്കാനുള്ള, പോയ പ്രതാപം വീണ്ടെടുക്കാനുള്ള അമേരിക്കൻ പ്രതീക്ഷയുടെ ബ്ലൂ പ്രിന്റ്‌ സേനറ്റിൽ അവതരിപ്പിച്ചതു കഴിഞ്ഞ ജൂലൈയിലായിരുന്നു. അവതരിപ്പിച്ചതോ, പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയും. തന്റെ സാമ്രാജ്യത്തെ ലോകത്തിലെ ഒന്നാം കിട ശക്തിയാക്കാൻ വേണ്ടിയുള്ള ബ്ലൂ പ്രിന്റിലെ നിർദ്ദേശങ്ങൾ, ഈ ലക്ഷ്യ സാക്ഷാത്ക്കാരം ഉന്നമിട്ടുകൊണ്ടുള്ളതും. അമേരിക്ക മറ്റാരേക്കാളും രണ്ടാമതായിക്കൂടാ - രാജ്യത്തിന്റെ ഉത്പാദനരംഗം, ഊർജ്ജരംഗം, തൊഴിലാളികളുടെ വൈദഗ്ദ്ധ്യം, അമേരിക്കൻ മൂല്യങ്ങളുടെ നവീകരണം തുടങ്ങിയ നിർദ്ദേശങ്ങൾ അമേരിക്കൻ സാമ്പത്തികരംഗം കെട്ടിപ്പടുക്കുന്നതിന്റെ വിവിധ തന്ത്രങ്ങളായിരുന്നു.
കേരത്തിന്റെ നാട്ടിൽ ജനിച്ചു വളർന്ന അരുൺ സുബ്രമണിയുടെ ദൗത്യം, അമേരിക്കയുടെ ഊർജ്ജ സ്വപ്നങ്ങൾക്കു ശക്തി പകരാൻ, കൃഷി ചെയ്യാവുന്ന ഒരു ഊർജ്ജസ്രോതസ്സായി വെളിച്ചെണ്ണയെക്കുറിച്ച്‌ പ്രസിഡന്റിന്റെ ഉപദേഷ്ടാവിന്റെ മുൻപിൽ പ്രബന്ധം അവതരിപ്പിക്കുകയെന്നതായിരുന്നു. പ്രതീക്ഷകളുടെ ചിറകിലേറി അരുൺ അന്യ രാജ്യത്തേക്ക്‌ വിമാനം കയറുമ്പോൾ, ഇന്ത്യയുടെ ഊർജ്ജ സ്വപ്നങ്ങൾക്ക്‌ നിറം പകരാൻ, ഒരു അമൂല്യ ഊർജ്ജ സ്രോതസ്സെന്ന നിലയിൽ തെങ്ങിനെയും അതിന്റെ ഉൽപന്നങ്ങളേയും കാണാൻ ഈ രാജ്യത്തുള്ളവർ തയ്യാറാകുമോ? ഒരു വിശകലനത്തിലേക്ക്‌.
ലോകരാജ്യങ്ങളിൽ ഊർജ്ജത്തിന്റെ ആവശ്യം, വാനോളം ഉയരുകയാണ്‌. ക്രൂഡ്‌ ഓയിൽ ശേഖരത്തിന്റെ അളവിലുണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ്‌, ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷ മലിനീകരണം, എല്ലാത്തിനുമുപരിയായി വർദ്ധിച്ചു വരുന്ന ഇന്ധനവിലയും ഊർജ്ജസ്രോതസ്സിന്‌ പകരക്കാരെ കണ്ടെത്തുകയെന്ന ദൗത്യത്തിലാണല്ലോ കൊണ്ടെത്തിക്കുന്നത്‌. വെറും പകരക്കാരല്ല, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന ജൈവോർജ്ജ സ്രോതസ്സുകളെ കണ്ടെത്തുകയാണ്‌ ഉദ്ദേശ്യം. ആഹാരം പാകം ചെയ്തു കഴിക്കാൻ തുടങ്ങിയതു മുതൽ വിറക്‌ ഒരു പ്രധാന ഇന്ധന സ്രോതസ്സായിരുന്നു. പാചകവാതകത്തിന്റെ ആവിർഭാവത്തോടെ ഇന്ധനമെന്ന രീതിയിൽ വിറകിനും മറ്റുമുള്ള ഡിമാന്റിന്‌ കുറവുവന്നു. എന്നാൽ പ്രകൃതി വാതക ഉറവിടത്തിന്റെ ചൂഷണം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ മറ്റു ഊർജ്ജ ഉറവിടങ്ങൾ അന്വേഷിച്ചു മനുഷ്യർ നെട്ടോട്ടമോടാൻ തുടങ്ങിയിട്ട്‌ കാലം കുറെയായി. ഇത്തരം ഉറവിടങ്ങൾക്കെല്ലാം ഡിമാന്റും വർദ്ധിച്ചു തുടങ്ങി. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ര്ട്ട്രഷന്റെ കണക്കുപ്രകാരം 2017 ആകുമ്പോഴേക്കും സസ്യ ബയോമാസ്സ്‌ പ്രകൃതി വാതകത്തിനേക്കാൾ ഇരട്ടി ചിലവേറിയതാകും.
സസ്യങ്ങൾ പ്രകാശസംശ്ലേഷണം വഴി സൗരോർജ്ജം ശേഖരിക്കുന്നതിനാൽ സസ്യഭാഗങ്ങൾ കത്തുമ്പോൾ ഊർജ്ജം ബഹിർഗ്ഗമിക്കപ്പെടുന്നു. സസ്യങ്ങൾ അപ്പാടെ, പൂർണ്ണമായും ഉപയോഗിച്ചോ അഥവാ മറ്റുപയോഗങ്ങൾക്കുശേഷം ശേഷിക്കുന്ന ഭാഗങ്ങൾ ഉപയോഗപ്പെടുത്തിയോ ഊർജ്ജം ഉത്പാദിപ്പിക്കാം.
തടി, കളകൾ, കാർഷിക, വന അവശിഷ്ടങ്ങൾ, ജൈവ വസ്തുക്കൾ ഇവയെല്ലാം ഊർജ്ജ സ്രോതസ്സാണ്‌. വൈദ്യൂതി ഉത്പാദനത്തിനും വാഹനങ്ങൾക്ക്‌ ഇന്ധനമായും ജൈവ വസ്തുക്കൾ ഉപയോഗപ്പെടുത്താം.
തെങ്ങ്‌ ഒരു നവീകരണ ഊർജ്ജസ്രോതസ്സ്‌ 
 സൂര്യപ്രകാശം, കാറ്റ്‌, മഴ, തിരമാലകൾ, ഭൗമോഷ്മതാപം ഇവയെല്ലാം നവീകരണ ഊർജ്ജമാണ്‌. ആഗോള ഊർജ്ജത്തിന്റെ 16 ശതമാനത്തോളം ലഭിക്കുന്നത്‌ നവീകരണ ഊർജ്ജത്തിൽ നിന്നാണ്‌. 10 ശതമാനം പരമ്പരാഗത ജൈവാവശിഷ്ടങ്ങളിൽ നിന്നും. അതുപോലെ തന്നെ വൈദ്യുതി ഉത്പാദന രംഗത്ത്‌ 19% സംഭാവന ചെയ്യുന്നത്‌ നവീകരണ ഊർജ്ജമാണ്‌.
റിന്യൂവബിൾ എനർജി ദരിദ്രരാജ്യങ്ങളെ സമ്പന്നതയുടെ പുതിയ തലങ്ങളിലേക്ക്‌ ഉയർത്തും.
-ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ
തെങ്ങും തെങ്ങിന്റെ ഭാഗങ്ങളും നല്ല ഗാർഹിക ഇന്ധന സ്രോതസ്സാണെന്നതിൽ തർക്കമില്ല. നാലംഗങ്ങളുള്ള ഒരു ചെറിയ കുടുംബത്തിന്‌ ഗാർഹിക ഇന്ധനാവശ്യത്തിന്‌ 30-35 തെങ്ങിൽ നിന്നും ലഭിക്കുന്ന ഉണങ്ങിയ ഓലയും കോഞ്ഞാട്ടയും തൊണ്ടും ചിരട്ടയുമെല്ലാം മതിയാകുമെന്നായിരുന്നു കണക്ക്‌. നല്ല പരിചരണം ലഭിക്കുന്ന ഒരു തെങ്ങിൽ നിന്ന്‌ ഒരു വർഷം 136 കിലോഗ്രാമോളം ജൈവവസ്തുക്കൾ ലഭ്യമാകുമെന്നാണ്‌ ശ്രീ. പി.കെ. തമ്പാന്റെ കോക്കനട്ട്‌ ഫോർ പ്രോസ്പരിറ്റി എന്ന പുസ്തകത്തിൽ (1996) പറഞ്ഞിരിക്കുന്നത്‌. ഈ കണക്കനുസരിച്ച്‌ 35 തെങ്ങിൽ നിന്നും 4749 കിലോഗ്രാമും ഒരു ഹെക്ടറിൽ നിന്നും 24 മെട്രിക്‌ ടൺ ജൈവവസ്തുക്കളും ലഭ്യമാകും (പട്ടിക-1). കാലിക / ദീർഘകാല ഇടവിളകൾ ഇടം പിടിച്ചിരിക്കുന്ന സമ്മിശ്രകൃഷിയിടത്തിൽ നിന്നും ലഭിക്കുന്നത്‌ ഇതിന്റെ പല മടങ്ങായിരിക്കുമല്ലോ.
പട്ടിക-1. ഒരു തെങ്ങിൽ നിന്നും ഒരു വർഷം ലഭ്യമാകുന്ന വസ്തുക്കൾ
    വസ്തുക്കൾ    എണ്ണം     ഭാരം
            (ഉണങ്ങിയത്‌,
            കി.ഗ്രാം)
    ഓല    12    59.976
    കൊതുമ്പും    12    12.036
    കോഞ്ഞാട്ടയും   
    തെങ്ങ്‌    107    46.866
    ചിരട്ട    107    16.799
            135.677
    135.677 ഃ 35    =    4748.695
ചകിരിച്ചോറും കയർ ബ്രിക്കറ്റുമെല്ലാം കത്തുമ്പോൾ ഊർജ്ജവും പുറത്തേക്കു വിടുന്നു. ചിരട്ടക്കരിയും ഒരു സുപ്രധാന ഇന്ധന ഉറവിടമാണ്‌. അതുപോലെ തന്നെ തെങ്ങിൻ തടിയും തടിക്കരിയും. ഇങ്ങനെ തെങ്ങിന്റെ എല്ലാ ഭാഗങ്ങളും അമൂല്യമായ ഊർജ്ജ ഉറവിടമാണ്‌, മറ്റൊരു വൃക്ഷത്തിനും അളവിലും ആവർത്തനത്തിലും - സംഭാവന ചെയ്യാനാവാത്ത ഊർജ്ജ ഉറവിടം. വെളിച്ചെണ്ണ വാഹനങ്ങളിൽ ജൈവ ഇന്ധനമായുപയോഗപ്പെടുത്താവുന്നതി
ന്റെ സാധ്യതകളാണ്‌ അടുത്ത ഖണ്ഡികയിൽ പ്രതിപാദിക്കുന്നത്‌.
വാഹന ഇന്ധനമായി വെളിച്ചെണ്ണ


ഇന്ന്‌ ഏറ്റവും കൂടുതൽ പെട്രോളിയം ഇറക്കുമതി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. 40 മെട്രിക്‌ ടണ്ണാണ്‌ ഇന്നത്തെ ഇന്ത്യയുടെ വാർഷിക ഉപഭോഗം. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ പെട്രോളിയം ഉൽപന്നങ്ങളുടെ അമിതമായ ഉപഭോഗം, ഊർജ്ജത്തിന്‌ പകരം ഉറവിടമന്വേഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. 2010ലെ ഗതാഗത ഇന്ധനാവശ്യത്തിന്റെ 3 ശതമാനം ജൈവ ഇന്ധനമാണ്‌ വഹിച്ചതെന്നാണ്‌ കണക്കുകൾ കാണിക്കുന്നത്‌. 2050 ആകുമ്പോഴേക്കും ഇത്‌ നാലിലൊന്നായി വളരുമെന്നാണ്‌ ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി (കഞ്ഞഋചഅ) റിപ്പോർട്ടു ചെയ്യുന്നത്‌. പെട്രോളിയം - ഡീസൽ എൻജിനുകളിൽ ജൈവഇന്ധനം ഉപയോഗപ്പെടുത്തുന്ന രീതി പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ടെങ്കിലും ഈ ഉപയോഗം വിപുലീകരിക്കുന്നതിനാണ്‌ ഇന്ന്‌ ലോകരാജ്യങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നത്‌.
ഉണങ്ങിയ സസ്യ വസ്തുക്കൾ കത്തിച്ച്‌ താപവും വൈദ്യുതിയും ഉത്പ്പാദിപ്പിക്കാം. ഓക്സിജന്റെ അഭാവത്തിൽ കത്തിച്ച്‌ വിവിധതരം ഖര, ദ്രാവക, വാതക ഇന്ധനങ്ങളും ഇത്തരം വസ്തുക്കളിൽ നിന്നുമുത്പാദിപ്പിക്കുന്നു. ഇത്തരം വാതകരൂപത്തിലുള്ള ഇന്ധനത്തിൽ നിന്നാണ്‌ മെത്തനോൾ ഉത്പാദിപ്പിക്കുന്നത്‌. മെത്തനോൾ ഗതാഗത വാഹനങ്ങൾക്കു പറ്റിയ ഒന്നാംതരം ഇന്ധനമാണ്‌. മലിനീകരണ വാതകം ഏറ്റവും കുറഞ്ഞ അളവിൽ പുറംതള്ളുന്ന ഇന്ധനം.
തെങ്ങിൻ നീരയിൽ നിന്നും മറ്റ്‌ അവശിഷ്ടങ്ങളിൽ നിന്നും ലഭിക്കുന്ന എത്തനോൾ ഗതാഗത ഇന്ധനമായി പല രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്‌. ട്രീറ്റ്‌ ചെയ്ത ബയോമാസ്സ്‌ പുളിപ്പിച്ചാണ്‌ എത്തനോൾ ഉണ്ടാക്കുന്നത്‌. ഇതിൽ നിന്നും ആൽക്കഹോൾ അരിച്ചുമാറ്റുന്നു. പെട്രോളിനോട്‌ കിടപിടിക്കുന്ന ഊർജ്ജമാണ്‌ എത്തനോളിൽ നിന്നും ലഭിക്കുന്നത്‌. ഒരു ലിറ്റർ പെട്രോൾ 25000 കിലോജൂൾ ഊർജ്ജം ബഹിർഗ്ഗമിപ്പിക്കുമ്പോൾ ഒരു ലിറ്റർ എത്തനോൾ 23000 കിലോ ജൂൾ ഊർജ്ജമാണ്‌ പുറത്തു വിടുന്നത്‌. ഈയം കലർന്ന പെട്രോളിനെ അപേക്ഷിച്ച്‌ എത്തനോൾ വിഷവാതകങ്ങൾ പുറത്തുവിടുന്നത്‌ വളരെകുറഞ്ഞ അളവിലാണ്‌.
ഡീസലിൽ എത്തനോൾ കലർത്തിയ ഇന്ധനമിശ്രിതം പല രാജ്യങ്ങളിലും വാഹനങ്ങളിൽ ഉപയോഗിച്ചു വരുന്നുണ്ട്‌. ആസ്ത്രേലിയ, ബ്രസീൽ, ഫിലിപ്പൈൻസ്‌, മൈക്രോനേഷ്യ, പസഫിക്‌ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ രീതി നിലവിലുണ്ട്‌. യുഎസും ബ്രസീലുമാണ്‌ ഏറ്റവും വലിയ എത്തനോൾ ഉത്പാദക രാജ്യങ്ങൾ. ഏറ്റവും വലിയ കയറ്റുമതി രാജ്യം ബ്രസീലും. അവരുടെ എത്തനോൾ ഇന്ധന പദ്ധതിയിൽ ആധുനുക ഉപകരണങ്ങളും വിലകുറഞ്ഞ കരിമ്പിൻ ചണ്ടിയുമാണ്‌ താപവും ശക്തിയും ഉത്പാദിപ്പിക്കുന്നതിനുപയോഗപ്പെടുത്തുന്നത്‌. ബ്രസീലിൽ നാൽപതു ലക്ഷം കാറുകൾ എത്തനോളും 10 ലക്ഷം കാറുകൾ 20 ശതമാനം എത്തനോൾ കലർത്തിയ പെട്രോളുമാണ്‌ ഇന്ധനമായുപയോഗിക്കുന്നതെന്നാണ്‌ വെളിപ്പെടുത്തലുകൾ.
1990കളിലെ "ക്ലീൻ എയർ ആക്ട്‌" ന്റെ ആരോഗ്യസംരക്ഷണ നിയമപരിധിയ്ക്കുള്ളിൽ വരുന്ന പകരക്കാരനായ ഇന്ധനം ജൈവ ഡീസലാണ്‌. കത്തിത്തീരാത്ത ഹൈഡ്രോ കാർബൺ, കാർബൺ മോണോക്സൈഡ്‌, സൾഫർ ഡയോക്സൈഡ്‌ തുടങ്ങിയ വിഷവാതകങ്ങൾ തുലോം തുച്ഛമായി മാത്രം ബഹിർഗ്ഗമിപ്പിക്കുന്ന ഇന്ധനം.
വെളിച്ചെണ്ണ ഡീസലിന്‌ പകരമായും മോട്ടോർ വാഹനങ്ങളിൽ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്‌. വെളിച്ചെണ്ണയിൽ മെത്തനോൾ കലർത്തി കോക്കനട്ട്‌ മീതൈൽ എസ്റ്റർ ഉത്പാദിപ്പിക്കുന്നു. ഇത്തരം മീതൈൽ എസ്റ്റർ, സൾഫർ ഡയോക്സൈഡ്‌ വാതകം ഉയർന്ന തോതിൽ വമിപ്പിക്കുന്നില്ല. പസഫിക്‌ രാജ്യങ്ങളിൽ വാതക ബഹിർഗ്ഗമനം ഒഴിവാക്കാൻ വാഹനങ്ങളിൽ ഉയർന്ന തോതിൽ വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നുണ്ട്‌. ഡീസലുമായി കലർത്തിയോ ഡീസലിനു പകരമായോ വെളിച്ചെണ്ണ ഉപയോഗിക്കാം. പസഫിക്‌ രാജ്യങ്ങൾ വാഹനങ്ങളിലും വൈദ്യുതി ഉത്പാദനത്തിനും വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നു.
ഫിലിപ്പൈൻസിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ഡീസൽ എൻജിൻ ഓടിക്കാൻ വെളിച്ചെണ്ണയാണുപയോഗിച്ചിരുന്നതുപോലും. വെളിച്ചെണ്ണ ഡീസലിനു പകരക്കാരനായതിന്റെ തുടക്കം കുറിച്ചതു ഈ സംഭവത്തെതുടർന്നാണെന്നും ചരിത്രം. പാപ്പുവ ന്യൂ ഗിനിയ, വന്വാട്ടു, സോളമൻ ദ്വീപുകൾ, ഫിജി എന്നീ പസഫിക്‌ ദ്വീപുകളിൽ ഡീസൽ ജനറേറ്ററുകളും ട്രക്കുകളും വെളിച്ചെണ്ണയിൽ ഓടുന്നുണ്ടത്രേ. വന്വാട്ടുവിൽ 20 ഭാഗം വെളിച്ചെണ്ണയും ഒരു ഭാഗം മണ്ണെണ്ണയും കലർത്തിയ മിശ്രിതം 2:1 അനുപാതത്തിൽ ഡീസലുമായി കലർത്തി 64ശതമാനം വെളിച്ചെണ്ണ ജൈവ ഇന്ധനമാക്കിയുപയോഗിക്കുന്നുണ്ട്‌.
ഇങ്ങനെ ഗാർഹിക ഇന്ധനമായും നവീകരണ ഊർജ്ജമായുമെല്ലാം തെങ്ങും വെളിച്ചെണ്ണയും മനുഷ്യരാശിക്ക്‌ ഉപയോഗപ്രദമാകുമ്പോൾ സംരക്ഷിക്കപ്പെടുന്നത്‌, പ്രകൃതിവാതകവും നവീകരണ ഊർജ്ജസ്രോതസ്സുമാണ്‌.
വെളിച്ചെണ്ണ ഒരു നല്ല വാഹന ഇന്ധനമാണെന്ന്‌ കണ്ടിട്ടും എന്തുകൊണ്ട്‌ അതിന്റെ ഉപയോഗം വ്യാപകമായില്ല എന്ന ഒരു ചോദ്യം ഉദിക്കുന്നുണ്ട്‌. ഡീസലിനെ അപേക്ഷിച്ച്‌ ഉയർന്നു നിന്ന വെളിച്ചെണ്ണ വില ഇത്തരത്തിലേക്കുള്ള ചുവടുമാറ്റത്തിന്‌ ആക്കം കൂട്ടിയില്ല. എന്നാലിന്ന്‌ ഡീസൽ വില ഉയർന്നുയർന്ന്‌ ഒരു പക്ഷെ വെളിച്ചെണ്ണ വിലയേയും കടത്തിവെട്ടുന്ന കാലം വിദൂരമല്ല. അപ്പോൾ ഈ ചുവടുമാറ്റം അനിവാര്യമായി വന്നിരിക്കുന്നു. ഒപ്പം അഭികാമ്യവും. ഇന്ത്യയെപ്പോലെ ഒരു വികസിത രാജ്യത്തിന്‌ പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ച്‌ കൊണ്ടുവരുവാൻ ഇതു തന്നെ ബുദ്ധിപൂർവ്വമായ സമീപനം.
തെങ്ങും എണ്ണപ്പനയും
എണ്ണയുത്പാദനത്തിൽ ഏറ്റവും കൂടുതൽ ഉത്പാദനക്ഷമതയുള്ള വൃക്ഷവിളയായിട്ടാണ്‌ എണ്ണപ്പനയെ പരിഗണിച്ചിരുന്നത്‌. കേരളത്തിൽ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ പരിധിയിലുള്ള എണ്ണപ്പനയിലെ ശരാശരി വാർഷിക വിളവ്‌ 2.5 ടൺ എണ്ണയാണ്‌. എന്നാൽ 4.5 മുതൽ 5 ടൺ വരെ ഉത്പാദനക്ഷമതയുള്ള തോട്ടങ്ങളുമുള്ളതായിട്ടാണ്‌ റിപ്പോർട്ട്‌. മലേഷ്യയിൽ വാർഷികോത്പാദനം 2.5 മുതൽ 4 ടൺ വരെയാണ്‌. ഉയർന്ന ഉത്പാദനക്ഷമതയുള്ള സങ്കരയിനം തെങ്ങുകളിൽ നിന്നും രേഖപ്പെടുത്തിയിരിക്കുന്ന വിളവ്‌ 3 മുതൽ 3.5 ടൺ വരെ മാത്രമേയുള്ളൂ എന്നാൽ ഇന്ന്‌ 6 ടൺ വരെ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സങ്കരയിനം തെങ്ങുകൾ തമിഴ്‌നാട്ടിൽ നിന്നും റിപ്പോർട്ടു ചെയ്യുന്നു. എണ്ണപ്പനയേക്കാൾ കുറഞ്ഞ ഉത്പാദനക്ഷമതയേ തെങ്ങിനുള്ളൂ എന്ന സങ്കൽപം മാറ്റിയെഴുതുകയാണ്‌ ഈ വെളിപ്പെടുത്തലുകൾ. പരിസ്ഥിതിയ്ക്കിണങ്ങിയ വിളയെന്ന നിലയിൽ എണ്ണപ്പനയക്ക്‌ തെങ്ങിനോട്‌ കിടപിടിക്കത്തക്ക ഗുണവിശേഷങ്ങളില്ലെന്നുതന്നെ പറയാം. തെങ്ങിന്‌ കടുത്ത തണുപ്പും കൊടും വേനലുമൊഴിച്ച്‌ മിക്കവാറുമെല്ലാ കാലാവസ്ഥയിലും വളരുവാനുള്ള കഴിവുണ്ട്‌.
ഒരു തീരദേശവിളയെന്ന്‌ പരിഗണിക്കപ്പെട്ടിരുന്ന തെങ്ങ്‌ ഇന്ന്‌ വടക്കുകിഴക്കൻ മേഖലകളിലെ പരമ്പരാഗതമല്ലാത്ത പ്രദേശങ്ങളിൽവരെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചുകൊണ്ട്‌ അതിന്റെ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്‌. എണ്ണപ്പനങ്കുരു 24 മണിക്കൂറിനുള്ളിൽ സംസ്ക്കരിക്കേണ്ടി വരുമ്പോൾ തേങ്ങ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാമെന്നതും തെങ്ങിന്റെ പ്രത്യേകതകളിലൊന്നാണ്‌. ഒരു പുരയിടകൃഷിയെന്ന നിലയ്ക്കും ഇടവിളകളും മിശ്ര വിളകളും സമ്മിശ്രകൃഷി രീതികളും ഏറ്റവും ഇണങ്ങുന്ന കൃഷിയെന്ന നിലയ്ക്കും തെങ്ങിന്റെ സ്ഥാനം അഗ്രഗണ്യം തന്നെ. എണ്ണപ്പനയ്ക്ക്‌ 25-30 വർഷത്തിനുള്ളിൽ പുനർനടീലാവശ്യമായി വരുമ്പോൾ അതിന്റെ ഇരട്ടിയിലധികം വർഷക്കാലം ആദായം തരുന്ന വിളയെന്ന നിലയ്ക്ക്‌ തെങ്ങ്‌ വേറിട്ടു നിൽക്കുന്നു.
പല രാജ്യങ്ങളിലും തെങ്ങിന്റേയും എണ്ണപ്പനയുടേയും ബയോമാസ്സും അതുപോലെത്തന്നെ അവയുത്പാദിപ്പിക്കുന്ന വെളച്ചെണ്ണയും പാം ഓയിലും ജൈവ ഇന്ധനങ്ങളായി ഉപയോഗപ്പെടുത്താൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്‌. തായ്‌ലന്റിലും മറ്റും ഈ പരീക്ഷണങ്ങൾ പുരോഗമിച്ച്‌ പ്രായോഗികമായി പ്രയോഗിച്ചു കഴിഞ്ഞിട്ടുണ്ട്‌. തായ്‌ലന്റിലെ ഒരു സർവ്വകലാശാലയിൽ നടന്ന പഠനത്തിൽ നാളികേര മീതൈൽ എസ്റ്ററും പാം ഓയിൽ മീതൈൽ എസ്റ്ററും പെട്രോളുമായുള്ള 20 ശതമാനം ചേരുവയിൽ വിഷവാതകം പുറത്തു വിടുന്നത്‌ വളരെ കുറവാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഈ അനുപാതത്തിലെ കൂട്ട്‌ ഏറ്റവും നല്ല ചേരുവയായും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇങ്ങനെ സസ്യ ഭാഗങ്ങൾ ഊർജ്ജസ്രോതസ്സായി ഉപയോഗപ്പെടുത്തേണ്ട ആവശ്യകത ഇന്ന്‌ എല്ലാ രാഷ്ട്രങ്ങളുടേയും അനിവാര്യതയാണ്‌. വിശിഷ്യാ, പ്രകൃതി വാതക സ്രോതസ്സിന്റെ ഉറവിടം നാൾക്കുനാൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ.
തെങ്ങ്‌ ഒരു നല്ല നവീകരണ ഊർജ്ജ സ്രോതസ്സാണ്‌. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും എല്ലാ ഉൽപന്നങ്ങളും ഉപോൽപന്നങ്ങളും ഇങ്ങനെ ഉപയോഗപ്പെടുത്താം. വെളിച്ചെണ്ണ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന ഒരു നല്ല ജൈവഇന്ധനമായി ലോകമെങ്ങും അംഗീകരിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യത്തിനു പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ചു വിദേശ നാണ്യനഷ്ടം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണ്‌ വെളിച്ചെണ്ണയുടെ ഉത്പാദനം വർദ്ധിപ്പിച്ച്‌ ഇന്ധനാവശ്യങ്ങൾക്കായി കൂടുതൽ എണ്ണ ഉപയോഗിക്കുകയെന്നത്‌. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമെല്ലാം വെളിച്ചെണ്ണ ഈ രീതിയിൽ ഉപയോഗപ്പെടുത്തുന്നത്‌ അഭികാമ്യമായിരിക്കും. മാത്രമല്ല, രാജ്യം സാമ്പത്തിക വളർച്ചയുടെ പടവുകൾ കയറാൻ ഇത്‌ ആക്കം കൂട്ടും. അതുകൊണ്ട്‌ കൃഷി ചെയ്തെടുക്കുന്ന സുസ്ഥിര ഊർജ്ജസ്രോതസ്സെന്ന നിലയ്ക്ക്‌ തെങ്ങും വെളിച്ചെണ്ണയും ലോകത്തിലെ ഊർജ്ജ ഉപഭോക്താക്കൾക്കു മുൻപിൽ നമുക്കും ഉയർത്തിക്കാട്ടാം. തെങ്ങുകൃഷി വ്യാപിപ്പിച്ച്‌, ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ നമുക്ക്‌ പ്രതീക്ഷയർപ്പിക്കാം. കാരണം, ഇന്ത്യാ മഹാരാജ്യത്തിന്റെ സമഗ്ര വളർച്ചയ്ക്കു കാതോർക്കുന്ന ജനകോടികളുടെ ആഗ്രഹ സാഫല്യങ്ങളെ പ്രോജ്വലിപ്പിക്കാൻ വേണം, നമുക്കീ ഊർജ്ജസ്രോതസ്സ്‌.
കടപ്പാട്‌ : ശ്രീ. അരുൺ സുബ്രമണി, സ്ഥാപക ചെയർമാൻ & സി.ഇ.ഒ., എമ്പീരിയിൽ ഇൻഡസ്ട്രി, സിംഗപ്പൂർ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...