അമ്പാട്ട് സുകുമാരൻനായർ നാൽപത്തിനാല് നദികളും ശുദ്ധജലതടാകങ്ങളും കിണറുകളും കുളങ്ങളും കാലവർഷവും തുലാവർഷവുമെല്ലാമുള്ള ഈ കൊച്ചുകേരളത്തിൽ കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം! കുടിക്കാൻ വെള്ളമില്ലാതെ ആളുകളുടെ തൊണ്ട വരളുന്നു. ശുദ്ധജലം കിട്ടാതെ പുഴകളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. വയലുകൾ വെള്ളമില്ലാതെ വരണ്ടുണങ്ങി വിണ്ടുകീറുന്നു. വയലുകളിലും നാട്ടിൻപുറങ്ങളിലും കണ്ടുവന്നിരുന്ന പക്ഷികളെല്ലാം എവിടേക്കോ പറന്നകന്നു. ഇതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. ഏഴുപതിറ്റാണ്ടുകൾക്കപ്പുറമുള്ള കുട്ടിക്കാലത്തിലെ ഓർമ്മകളിലേക്കെന്റെ ചിന്തകൾ പറന്നുപോകുന്നു. ഹായ്! അന്നത്തെ കേരളം എത്രമനോഹരമായിരുന്നു. ഞാനിന്ന് മറ്റേതോ നാട്ടിലാണ് ജീവിക്കുന്നതെന്നു തോന്നിപ്പോകുന്നു. ഹരിതാഭയമായ നെൽവയലുകൾ. എന്നും കുളിർജലമൊഴുക്കിക്കൊണ്ടിരിക്കു മീനച്ചിലാറിന്റെ തീരത്താണ് ഞാൻ ജനിച്ചുവളർന്നത്. ആ പുഴയോരത്തെ ജീവിതം ആഹ്ലാദഭരിതമായിരുന്നു. വൈകുന്നേരം സ്കൂൾ വിട്ടു വന്നാൽ ആറ്റുതീരത്തെ മണൽപ്പുറത്താണ് കുട്ടികൾ ഓടികളിച്ചിരുന്നത്. ദാഹം തോന്നിയാൽ പുഴയിലിറങ്ങി കൈക്കുമ്പിളിൽ വെള്ളംകോരികുടിക്കും. പുഴയിലെ വെള്ളം കുടിച്ചതുകൊണ്ട് അന്നൊന്നും ആർക്കും ഒരസുഖവുമുണ്ടായതായി കേട്ടിട്ടില്ല. കുമരകം ഭാഗത്തേക്കു പോയാൽ ഉപ്പുകലർന്ന വെള്ളമാണ് ലഭിക്കുക. അതുകൊണ്ട് അവിടെയുള്ളവർ വലിയ വള്ളങ്ങളുമായി മുകൾ ഭാഗത്തേക്കുവന്ന് ഉപ്പുരസമില്ലാത്ത വെള്ളം വള്ളം നിറയെ കൊണ്ടുപോകും. ആ വെള്ളമാണ് അവിടെയുള്ളവർ വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുക. അന്ന് പുഴകളെ പവിത്രമായിട്ടാണ് ആളുകൾ കരുതിയിരുന്നത്. ആറ്റിലേക്ക് മലിനവസ്തുക്കൾ വലിച്ചെറിയുകയോ മലിനജലം ഒഴുക്കിവിടുകയോ ചെയ്തിരുന്നില്ല. ഏതു കടുത്ത വേനൽക്കാലത്തും ആറ്റിൽനല്ല ഒഴുക്കുണ്ടായിരുന്നു. 'ഒഴുക്കുനീറ്റിൽ അഴുക്കില്ല' എന്ന ചൊല്ല് അന്വർത്ഥമായിരുന്നു. ഇന്ന് ആറ്റിൽ വേനൽക്കാലത്ത് ഒഴുക്കില്ല. ഒഴുക്കില്ലാത്തതുകൊണ്ട് വെള്ളം കെട്ടിക്കിടന്നു ദുഷിക്കുന്നു. കൊതുകും മറ്റു കീടങ്ങളും പെരുകുന്നു. ദുഷിച്ച വെള്ളത്തിൽ മീൻ വളരുകയില്ല. അവയുടെ മുട്ട വിരിയുകയില്ല. അങ്ങനെ ഒട്ടേറെ ചെറുമീനുകളുടെ വംശനാശം തന്നെ സംഭവിച്ചു. എന്തേ പുഴകളിലെ ഈ ഒഴുക്കു നിലയ്ക്കാൻ കാരണം? മലകൾ വെള്ളം ചുരത്തി തരാത്തതുകൊണ്ടുതന്നെ. എന്തേ മലകൾ വെള്ളം ചുരത്താത്തത്? മഴ ഇല്ലാത്തതുകൊണ്ടല്ല. വനമില്ലാത്തതുകൊണ്ട് വനമെല്ലാം കാട്ടുകള്ളന്മാർ വെട്ടിക്കടത്തി. കാട്ടുകള്ളന്മാർ മാത്രമല്ല, സർക്കാരും ഉയർന്ന വനംവകുപ്പുദ്യോഗസ്ഥന്മാരും അതിനുകൂട്ടുനിന്നു. വനം നശിച്ചതോടെ ഊറ്റുറവയും വറ്റി. അരുവികൾ വറ്റി. നദികളിലെ ഒഴുക്കും നിലച്ചു. വനഭൂമിയിലേറിയ പങ്കും കൃഷി ഭൂമിയായി മാറി. അതിന്റെ ഫലമായി കാലാവസ്ഥയും മാറിമറിഞ്ഞു. എന്റെ ചെറുപ്പകാലത്ത് എല്ലാപുരയിടങ്ങളിലും തെങ്ങും കമുകും മാവും പ്ലാവും ആഞ്ഞിലിയുമൊക്കെയുണ്ടായിരുന്നു. അവയ്ക്കിടയിൽ ചേമ്പും ചേനയും കാച്ചിലും വാഴയും പച്ചക്കറികളുമെല്ലാം കൃഷിചെയ്തിരുന്നു. ഒന്നിനുമൊരു പഞ്ഞവുമില്ല. താളും തകരയും തഴുതാമയും മറ്റനേകം ഇലക്കറികളും പറമ്പിൽ താനേകിളിർത്തുവരുമായിരുന്നു. എല്ലാ തറവാടുകളോടും ചേർന്ന് കാവും കുളവുമുണ്ടായിരുന്നു. ആ കുളങ്ങളിൽ മത്സ്യങ്ങളുമുണ്ടായിരുന്നു. അവയും കീടങ്ങളെ വളരാൻ അനുവദിച്ചിരുന്നില്ല. വെള്ളത്തിലും കരയിലുമുള്ള കീടങ്ങളെ നശിപ്പിക്കാൻ തവളകളുണ്ടായിരുന്നു. ആ തവളകളെ മുഴുവൻ പിടിച്ച് കാലുകൾ വെട്ടിയെടുത്ത് കപ്പലിൽ കയറ്റി അയച്ചു. ഇവിടെയുള്ളവർക്കും അത് ഇഷ്ടഭോജ്യമായി. ഇപ്പോൾ തവളയുടെ ശബ്ദം പോലും കേൾക്കാനില്ല. രോഗങ്ങളെ അകറ്റി നിർത്താനും ഈ തവളകൾ വഹിച്ച പങ്ക് നിസ്സാരമായിരുന്നില്ല. നമുക്കു പണം മതിയെല്ലാം തവളകളുടെ ഇറച്ചി കയറ്റി അയച്ച് ചിലർ ഡോളറുകൾ സമ്പാദിച്ചു. ഇപ്പോൾ കാലവർഷം വരുമ്പോൾ തവളകളുടെ ശബ്ദം നമ്മെ അലോസരപ്പെടുത്തുന്നില്ല. കാവും കുളങ്ങളും അന്ധവിശ്വാസത്തിന്റെ പ്രതീകങ്ങളാണെന്നു പറഞ്ഞ് കാവുകൾ പിഴുതെറിഞ്ഞു. കുളങ്ങൾ നികത്തി. ഭക്ഷ്യവിളകൾ വേണ്ടെന്നു വച്ചു. നാണ്യവിളകൾക്ക് അവവഴിമാറിക്കൊടുത്തു. അരിയും പച്ചക്കറിയും നാണ്യവിളകളുമൊക്കെ നമുക്കുവേണ്ടി അയൽസംസ്ഥാനക്കാർ കൃഷി ചെയ്യുന്നു. അവരോടിരന്നു വാങ്ങാം. അതിന്റെ ദുരന്തമൊന്നു വേറെ. ഇങ്ങനെ പറഞ്ഞു പോയാൽ ഒന്നിനുമൊരന്തവുമില്ല. കേരളത്തിന്റെ കാലാവസ്ഥപോലും എത്രപെട്ടെന്നാണ് തകിടം മറിഞ്ഞത്! ഋതുഭേദം നാമിന്നുതിരിച്ചറിയുന്നില്ല. കാലവർഷത്തിന്റെയും തുലാവർഷത്തിന്റെയുമൊക്കെ കലണ്ടർ തെറ്റി. 1955-ലാണ് ആദ്യമായി ഞാൻ വയനാട് കാണുന്നത്. അഞ്ച് പതിറ്റാണ്ട് മുമ്പ്. അന്നത്തെ ആ ഓർമ്മകൾ ഇന്നു പച്ചപിടിച്ചു നിൽക്കുന്നു. താമരശ്ശേരിച്ചുരം കയറിയാണ് വയനാട്ടിലേക്കു പോയത്. നല്ല വേനൽക്കാലം. അടിവാരത്തെത്തിയപ്പോൾ കാലാവസ്ഥയുടെ മാറ്റം തിരിച്ചറിഞ്ഞു. നല്ലതണുപ്പ്. ബസ്സിലെ യാത്രക്കാരെല്ലാം ചുരം കയറാനുള്ള ഒരുക്കങ്ങൾ നടത്തി. കമ്പിളിവസ്ത്രങ്ങൾ ധരിച്ചു. ഷാളുകൊണ്ട് ദേഹം മൂടിപ്പുതച്ചു. മഫ്ലർ കഴുത്തിൽ ചുറ്റിക്കെട്ടി. വളരെസാവകാശമാണ് ബസ്സ് ചുരം കയറിക്കൊണ്ടിരുന്നത്. വഴിയുടെ ഇരുവശവും പടർന്നു പന്തലിച്ചു നിൽക്കുന്ന വന്മരങ്ങൾ. മരങ്ങളിൽ ചുറ്റിക്കയറി പൂത്തുലഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകൾ. നാണാത്തരം പക്ഷികളുടെ കൂജനങ്ങൾ. ചില സ്ഥലത്തെത്തുമ്പോൾ വഴികാണാനാവാത്തവിധം മൂടൽ മഞ്ഞ്. മഞ്ഞൊഴിഞ്ഞു പോകുന്നതുവരെ ബസ്സ് അവിടെ നിർത്തിയിടേണ്ടിവരും. പല ദിക്കുകളിലും ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ. തികച്ചും വിജനമായ വഴി. ഒരു സ്ഥലത്തു മാത്രമേ ഏതാനും ആളുകളെയും ഒന്നുരണ്ടു കുടിലുകളും കാണാൻ കഴിഞ്ഞുള്ളൂ. ഒരു കാപ്പിക്കട. കള്ളും ചാരായവുമാണ് പ്രധാനവ്യാപാരമെന്നറിഞ്ഞു. ലോറി ഡ്രൈവർമാരാണ് അധികവും അവിടെ തങ്ങുന്നത്. ചുരം കയറി വയനാടിന്റെ നിറുകയിലെത്തി. കൊച്ചുകൊച്ചു കുന്നുകളും മലകളും നിറഞ്ഞനാട്. കുന്നുകൾക്കും മലകൾക്കുമിടയിൽ വ്യാപരിച്ചു കിടക്കുന്ന നെൽവയലുകൾ. കുന്നുകളെ ചുറ്റി വളഞ്ഞ് നീണ്ടു നീണ്ടു കിടക്കുന്ന പാതയിലൂടെയുള്ള യാത്ര വളരെ രസകരമായി തോന്നി. അങ്ങ് ദൂരേക്കു നോക്കിയാൽ മഞ്ഞു മൂടിക്കിടക്കുന്ന മലനിരകൾ. നിരത്തിനിരുവശവും കാണുന്ന കുന്നിൻചരുവുകളിൽ കുറ്റിച്ചു നിൽക്കുന്ന കാപ്പിച്ചെടികൾ. ഇത്രയും മനോഹരമായ ഒരു കാഴ്ച ആദ്യമായിട്ടാണ് കാണുന്നത്. എല്ലാമലകളിൽ നിന്നും പാലരുവികൾ ചുരന്നൊഴുകുന്നു. വെള്ളത്തിനൊരു പഞ്ഞവുമില്ല. വയനാട്ടിലെ ഒരു പ്രത്യേകതയാണ് നാൽപതാം നമ്പർ മഴ. നാൽപതാം നമ്പർ നൂലിന്റെ വലിപ്പത്തിൽ പെയ്യുന്ന ചാറ്റൽ മഴ. മഴക്കാലം കഴിഞ്ഞാലും ആറു മാസക്കാലം ഈ നാൽപതാം നമ്പർ മഴ തുടരും. നല്ല വേനൽക്കാലത്തുപോലും കുട്ടികൾ സ്വെറ്ററുമിട്ട് കഴുത്തിൽ മഫ്ലറും ചുറ്റിയാണ് സ്കൂളിൽ പോകുന്നത്. അതൊരുകാഴ്ചയായിരുന്നു. ആ വയനാടിന്റെ ചിത്രം ഇന്നും എന്റെ മനസ്സിൽ വർണ്ണപ്പൊലിമയോടെ നിൽക്കുന്നു. മൂന്നു പതിറ്റാണ്ടിനുശേഷം ഞാൻ വീണ്ടും വയനാട് സന്ദർശിക്കാനെത്തി. ഒരു പത്രപ്രവർത്തകനായിട്ട്. അന്ന് വയനാടിന്റെ ആ കോലം കണ്ട് ഞാൻ ഞെട്ടിപ്പോയി. വയനാട് വനമില്ലാത്ത നാടായി. അരുവികളില്ല, വെള്ളച്ചാട്ടമില്ല. നാൽപതാം നമ്പർ മഴയില്ല. തണുപ്പ് ലവലേശമില്ല. കൊടുംചൂടാണ്!തൊണ്ട നനയ്ക്കാൻ തുള്ളിവെള്ളമില്ല. അന്നത്തെ ചെറിയ ഗ്രാമങ്ങൾ വൻ നഗരങ്ങളായി മാറി! ഒരു രാത്രി കഴിഞ്ഞാൽ പുൽപ്പള്ളിയിലെ വിശ്രമമന്ദിരത്തിലെത്തി. അതിന്റെ മാനേജർ പറഞ്ഞു: "മുറിതരാം. പക്ഷെ കുടിക്കാൻ വെള്ളം ചോദിക്കരുത്." "അപ്പോൾ വി.ഐ.പികൾ വന്നാൽ ഇവിടെ എങ്ങനെ താമസിക്കും?" "ഒരു കുഴപ്പവുമില്ല. അവർ വരുന്നവിവരം നേരത്തെ അറിയിക്കും. ടാങ്കർ ലോറിയിൽ വെള്ളം കൊണ്ടുവന്ന് ടാങ്കുകളിൽ നിറയ്ക്കും." ഇതാണു സ്ഥിതി. അന്ന് ആ വിശ്രമമന്ദിരത്തിൽ താമസിക്കാതെ മറ്റ് അഭയസ്ഥാനം നോക്കേണ്ടി വന്നു. വയനാട് എത്രമാത്രം വികസിച്ചു! കൊടും കാടുകളിൽ ബഹുനിലമന്ദിരങ്ങളുയർന്നു. കാട് നഗരത്തിനു വഴിമാറി. സ്കൂൾ കുട്ടികൾ പോലും കമ്പിളിയുടുപ്പിട്ട് സ്കൂളിൽ പോയിരുന്നിടത്ത് ഇന്ന് ഫാനും ഇ.സിയുമില്ലാതെ ജീവിക്കാൻ വയ്യെന്ന അവസ്ഥയായി. വയനാട്ടിൽ വെള്ളമില്ലാത്ത അവസ്ഥയുണ്ടായതിന് പ്രകൃതിയെ കുറ്റപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. വയനാട് വികസിച്ചു. മറ്റൊരനുഭവം. നിലമ്പൂർകാടുകളിൽ ചോലനായ്ക്കന്മാരെ തേടിപ്പോയി. കാടുകളിൽ നഗ്നരായി കഴിയുന്ന ഗുഹാമനുഷ്യരാണവർ. നിലമ്പൂർ ടൗണിൽ നിന്ന് വളരെയകലെ ചാലിയാർപ്പുഴയ്ക്കക്കരെ ഒരു കൊടുങ്കാട്ടിലാണ് ഗുഹാമനുഷ്യർ താമസിക്കുന്നത്. ടൗണിൽ നിന്ന് ചാലിയാർപ്പുഴവരെ കാട്ടിലൂടെ ജീപ്പ്പ് റോഡുണ്ട്. ജീപ്പ്പിൽ കയറി വളരെ ദൂരം സഞ്ചരിച്ചു. യാത്ര കാട്ടിലൂടെയാണെന്നാണ് സങ്കൽപം. ചാലിയാർപ്പുഴ വരെ സഞ്ചരിച്ചിട്ടും സത്യത്തിൽ കാടുകാണാൻ കഴിഞ്ഞില്ല. ഒരു പക്ഷിയുടെ സംഗീതം പോലും കാതിൽ മുഴങ്ങിയില്ല. കാടിനൊരു സംഗീതമുണ്ട്. അതും കേട്ടില്ല. ഒരു കുരങ്ങിനെപ്പോലും ആ വഴിക്കെങ്ങും കണ്ടില്ല. വരിവരിയായി നിൽക്കുന്ന തേക്കു മരങ്ങൾ കണ്ടു. ചിട്ടയായി വച്ചു പിടിപ്പിച്ച തേക്കുമരങ്ങൾ വനമാകുമോ? എങ്കിൽ കേരളം ഒരു ഘോരാരണ്യമാണ്. വിസ്തൃതമായ റബ്ബർത്തോട്ടങ്ങൾ എവിടെയും കാണാം. പത്തുസെന്റ് സ്ഥലമേയുള്ളുവേങ്കിലും അവിടെയും റബർ നട്ടുപിടിപ്പിക്കും! ജീപ്പ്പ് റോഡവസാനിച്ച ചാലിയാർപ്പുഴയുടെ തീരത്ത് ഒരാദിവാസികോളനിയുണ്ട്. എട്ടു പത്തു കുടിലുകളുള്ള ഒരു കോളനി. കോളനിയിലൊരു മൂപ്പനുണ്ട്. അദ്ദേഹത്തെ കണ്ടു സംസാരിച്ചു. അദ്ദേഹം ഞങ്ങളോട് ആ കാടിന്റെ കഥ പറഞ്ഞു. ഏതാനും വർഷംമുമ്പ് ഇതൊരു കൊടുകാടായിരുന്നു. നട്ടുച്ചയ്ക്കുപോലും വെളിച്ചം കടക്കാത്ത കാട്. ആനയും കടുവയും പുലിയും കാട്ടുപോത്തും മാനും മ്ലാവും മുയലും പന്നിയുമെല്ലാമുള്ള ഘോരവനം. ഞങ്ങളെ കൂടാതെ വേറെയും ഒരുപാടാദിവാസികൾ ഈ കാട്ടിലുണ്ടായിരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം ഒത്തുകൂടിയുള്ള ഒരു ജീവിതമായിരുന്നു അന്ന്. "ആനയും കടവയുമൊന്നും ഞങ്ങളുടെ കുടികളിൽ വന്നാക്രമിച്ചിട്ടില്ല. ഒറ്റപ്പെട്ട ചില അപകടങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അതൊക്കെ അറിയാതെ സംഭവിച്ചുപോകുന്നതാ. ഞങ്ങൾ ഭക്ഷണത്തിനോക്കെ ചെറുമൃഗങ്ങളെയൊക്കെ വേട്ടയാടിപിടക്കും. അതാണ് കാട്ടുനീതി. കാട്ടിൽ ഭക്ഷണത്തിനൊരു പഞ്ഞവുമുണ്ടായിരുന്നില്ല. കായ്കനികളും കിഴങ്ങുകളുമൊക്കെ വേണ്ടുവോളമുണ്ടായിരുന്നു. കുടികളുടെ അടുത്ത് ഞങ്ങൾ കുറുമ്പുല്ലും കൃഷി ചെയ്യും. " ഏതു വേനൽക്കാലത്തും ഈ ചാലിയാർ നിറഞ്ഞു കവിഞ്ഞാണൊഴുകുന്നത്. ഈ കാട്ടിൽത്തന്നെ എത്ര അരുവികളും വെള്ളച്ചാട്ടങ്ങളുമുണ്ടായിരുന് " ഒരു ദിവസം നാലഞ്ച് ഫോറസ്റ്ററന്മാർ ഞങ്ങളുടെ കുടിയിൽ വന്നു. ഈകാടെല്ലാം വെട്ടി ഇവിടെ തേക്കുനടാൻ തീരുമാനിച്ചിരിക്കുകയാണ്. കാട്ടിൽ കുറെ പാഴ്മരങ്ങളും വള്ളിപ്പടർപ്പുകളുമല്ലാതെ മറ്റെന്താണുള്ളത്? ഞങ്ങൾ എതിർത്തെങ്കിലും ഒരു വിശേഷവുമുണ്ടായില്ല. ഞങ്ങൾക്കിഷ്ടം പോലെ പണികിട്ടും. ജീവിക്കാനൊരു ബുദ്ധിമുട്ടുണ്ടാവില്ല. നല്ല വീടുവച്ചു തരാം എന്നൊക്കെ പറഞ്ഞു. അവസാനം അവർ പറഞ്ഞതു തന്നെ നടപ്പാക്കി. കാടുവെട്ടാൻ തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളെയും കൊണ്ടുവന്നു. തടികളെല്ലാം ലോറിയിൽ കടത്തിക്കൊണ്ടുപോയി. പാഴ്മരങ്ങൾ മാത്രമല്ല. വലിയ വിലകൂടിയ മരങ്ങളുമുണ്ടായിരുന്നു. തേക്കും ഈട്ടിയും ആഞ്ഞിലിയും ചന്ദനവുമൊക്കെയുണ്ടായിരുന്നു അതെല്ലാം വെട്ടിക്കടത്തിയപ്പോൾ ഞങ്ങടെ ചങ്കു തകർന്നു. മൃഗങ്ങളെല്ലാം എവിടേക്കോ ഓടിയൊളിച്ചു. "കാടുപോയതോടെ കാലാവസ്ഥയ്ക്കു മാറ്റം വന്നു. തണുപ്പോടിയകന്നു. സഹിക്കാനാവാത്ത ചൂട്. അരുവികൾ വറ്റി. വെള്ളച്ചാട്ടം നിലച്ചു. തേക്കു നടാൻ കുഴിയെടുത്തവർക്ക് കുടിക്കാൻ വെള്ളമില്ലായിരുന്നു. ടാങ്കർ ലോറികളിൽ കുടിവെള്ളം കൊണ്ടുവരേണ്ടിവന്നു. തൈ നട്ടപ്പോൾ അതു നനയ്ക്കാനും ലോറിയിൽ വെള്ളം കൊണ്ടു വന്നു. ഞങ്ങളുടെ ജീവിതമാകെ തുലഞ്ഞു. വിശപ്പടക്കാൻ കായ്കനികളും കിഴങ്ങുകളുമൊന്നുമില്ല. ഒരു ചെറുജീവിയെപോലും ഈ പ്രദേശത്തെങ്ങും കാണാനില്ല. ഞങ്ങൾ പട്ടിണിയിലായി. മറ്റുള്ളവരെല്ലാം കൂട്ടത്തോടെ നാട്ടിലേക്കെവിടെയോപോയി. അവരുടെ ജീവിതമാകെ തുലഞ്ഞു. ഞങ്ങൾ മാത്രം ഇവിടെ ഇങ്ങനെ കഴിയുന്നു. "ഇപ്പോൾ തേക്കു വളർന്നു. തണുപ്പശേഷമില്ല. വേനൽക്കാലത്ത് തേക്കിന്റെ ഇലകളെല്ലാം കൊഴിയും. ഒരു തണൽമരം പോലുമില്ല. മൃഗങ്ങൾ മാത്രമല്ല, പക്ഷികളും മറ്റു ചെറുജീവികളുമൊക്കെ സ്ഥലം വിട്ടു. തേക്കിന്റെ ഇലവീണ് ഉണങ്ങിക്കിടക്കുന്നതു കൊണ്ട് ഒരു പുൽനാമ്പുപോലും മുളക്കില്ല. ഇതാണിവിടത്തെ അവസ്ഥ. ഈ ഫോറസ്റ്ററന്മാർ എന്തുദ്രോഹമാണ് ചെയ്തത്!" ഒരു രാത്രിമുഴുവനിരുന്ന് മൂപ്പൻ കാടിന്റെ കഥ പറഞ്ഞു. ഇപ്പോൾ ചാലിയാർ പുഴയിലെ വെള്ളവും വറ്റി. പുഴയിലൊഴുക്കില്ല. വെള്ളമില്ലാതായതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? നാട്ടുകാരെയോ സർക്കാരിനെയോ അതോ വനപാലകരെയോ? മറ്റൊരിക്കൽ ഇടുക്കിയിൽ ഒരു വനപ്രദേശത്തുകൂടി യാത്ര ചെയ്യുകയായിരുന്നു. മേമാരി എന്ന സ്ഥലത്തേക്കാണു പോയത്. സാധാരണ ആൾക്കാർക്ക് അവിടെ കയറിച്ചെല്ലാനാവില്ല. ഊരാളികൾ എന്ന ഒരു ഗോത്രവർഗ്ഗമാണവിടെ താമസിക്കുന്നത്. ഒരു വലിയ പാറമല കയറി വേണം അവിടെത്താൻ. മഴക്കാലമായാൽ പാറവഴുക്കൽ പിടിച്ച് തെന്നും. നിരവധി ആദിവാസികൾ അവിടെ അപകടത്തിൽപെട്ടു മരിച്ചിട്ടുണ്ട്. ഒരു ഘോരവനത്തിലേക്കാണ് പോകുന്നതെന്ന സങ്കൽപത്തിലാണ് കയറി ചെന്നത്. അവിടെ കാര്യമായി വനമൊന്നും കണ്ടില്ല. കുറെ തൊഴിലാളികൾ അവിടെ നിന്നു കുഴിവെട്ടുന്നതുകണ്ടു. യൂക്കാലി വച്ചു പിടിപ്പിക്കാനുള്ള ശ്രമമാണത്രെ. മണ്ണിലെ ജലം മുഴുവൻ വലിച്ചെടുത്തു വറ്റിക്കുന്ന ഒരു സസ്യമാണ് യൂക്കാലി. അതാണീ വനപ്രദേശത്തുകൊണ്ടു വച്ചുപിടിപ്പിക്കുന്നത്! ഏതാനും വർഷം കഴിയുമ്പോൾ അതൊക്കെ വെട്ടിയെടുത്തു കാശാക്കാം. അതാണിതിന്റെ മെച്ചം. ഊരാളികോളനിയിൽ ഒരു ദിവസം ഞങ്ങൾ താമസിച്ചു. അവർ ഞങ്ങളോട് സങ്കടം പറഞ്ഞു. ഫോറസ്റ്റുദ്യോഗസ്ഥന്മാർ വന്ന് നിരന്തരമായി ശല്യപ്പെടുന്നത്രെ. ഒരു ദിവസം ഫോറസ്റ്റുദ്യോഗസ്ഥന്മാർ വന്ന് കുടിലുകളിൽ കയറി പരിശോധിച്ചു. അവിടെ കണ്ട അമ്പും വില്ലും മറ്റായുധങ്ങളുമെല്ലാം അവർ നശിപ്പിച്ചു കളഞ്ഞു. മേലിൽ അമ്പും വില്ലും ഉപയോഗിക്കാൻ പാടില്ലെന്ന് താക്കീതും നൽകി. ആദിവാസികൾക്ക് കാട്ടിൽ കഴിയണമെങ്കിൽ അമ്പും വില്ലും കൂടിയേ കഴിയൂ. കള്ളത്തടി വെട്ടുകാർ അവിടെ കാട്ടിൽ വന്ന് മരം മുറിക്കുമ്പോൾ ആദിവാസികൾ പ്രശ്നങ്ങൾ സൃഷ്ടിക്കും. അവർ ഫോറസ്റ്റാഫീസിൽ ചെന്ന് പരാതി പറയും. അതിന് ഇവരെ ഇവിടെ നിന്നു പറപ്പിക്കാൻ വേണ്ടി ചെയ്ത ഒരു സൂത്രപ്പണിയാണ്. എന്തായാലും യൂക്കാലികൃഷി നടപ്പിലാക്കിയതോടെ അവിടത്തെ ജലസ്രോതസുകൾ മുഴുവൻ വറ്റി. ഏറെ വിവാദമുണ്ടാക്കിയ ഒരു വനമേഖലയാണ് മാങ്കുളം. അന്ന് മാങ്കുളം കണ്ണൻ തേവൻ കമ്പനി യുടെ അധീനതയിലായിരുന്നു. ഏതാണ്ട് അമ്പതിനായിരം ഏക്കറോളം വരുന്ന വിസ്തൃതമായ ഒരു വനപ്രദേശം. കമ്പനി ഉടമകളായ സായപ്പന്മാർ തന്നിഷ്ടംപോലെ ആ വനം കൈകാര്യം ചെയ്തിരുന്നു. സെയിലന്റ് വാലിക്കു തുല്യമായ ഒരു വനമായിരുന്നു അത്. അടിമാലിയിൽ നിന്ന് കല്ലാർ-വട്ടയാറിൽ ചെന്നിട്ട് അവിടെ നിന്ന് നടന്നുവേണം മാങ്കുളം എന്ന സ്ഥലത്തേക്കു പോകാൻ. അങ്ങു മുകളിൽ നിന്ന് ഒരരുവി ഒഴുകിവരുന്നത് കാണികളെ വളരെയേറെ ആകർഷിക്കും. ഈറ്റക്കാടിനു നടുവിൽ ആനത്താരിയിലൂടെ ഏറെദൂരം നടന്നു. ഈറ്റക്കാട് കഴിഞ്ഞാൽ ഇരുണ്ടവനം. ചൂടാറാത്ത ആനപ്പിണ്ടി പലദിക്കിലും കണ്ടു. ആ വനം സായിപ്പിന്റെ കൈയിൽ നിന്ന് മോചിപ്പിക്കണമെന്നു പറഞ്ഞ് സമരം നയിച്ച് ഞാൻ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. പക്ഷേ, ഒരു സത്യം പറയാം. ഏറെക്കാലം സായിപ്പിന്റെ കൈയിലിരുന്നിട്ടും ആ വനത്തിന് ഒരാഘാതവുമേൽക്കാൻ അവർ സമ്മതിച്ചിട്ടില്ല. വനം നന്നായി സംരക്ഷിക്കപ്പെട്ടിരുന്നു. ഏതാനും വർഷത്തിനകം വനം സായിപ്പിന്റെ കൈയിൽ നിന്നും സർക്കാർ ഏറ്റെടുത്തു. അധികം വൈകിയില്ല കുടിയേറ്റക്കാർ അത് കൈയടക്കി. വനം പൂർണ്ണമായും നശിച്ചു. കൈയേറ്റക്കാരും കുടിയേറ്റക്കാരും ചേർന്ന് വാശിക്കാണ് വനം നശിപ്പിച്ചതു. അതിന്റെ പിന്നിൽ വേറെയും ഒട്ടേറെ കഥകളുണ്ട്. അതൊന്നും ഇവിടെ വിവരിക്കേണ്ട കാര്യമില്ലല്ലോ. ആ വനം ഇന്ന് ജനത്തിരക്കുള്ള ഒരു പട്ടണമായി രൂപാന്തരപ്പെട്ടുവേന്നറിഞ്ഞു. ഇങ്ങനെ കേരളത്തിന്റെ വനം മുഴുവൻ പല രീതിയിലും നശിപ്പിക്കപ്പെട്ടു. എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടു നിൽക്കാൻ മാറിമാറി വന്ന സർക്കാരുണ്ടായിരുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോൾ മുപ്പത്തി മൂന്നു ശതമാനത്തിലധികം വനമുണ്ടായിരുന്ന കേരളത്തിൽ ഇന്ന് ആറ് ശതമാനത്തിലും താഴയേ ഉള്ളൂ എന്നു പറഞ്ഞു കേൾക്കുന്നു. മതവും രാഷ്ട്രീയവുമൊക്കെ ഈ വന നശീകരണത്തിനു പിന്നിൽ പ്രവർത്തിക്കുന്നു എന്നത് പകൽ പോലെ സത്യമാണ്. ഇന്ന് മണലൂറ്റലിനു പിന്നിൽ പ്രവർത്തിക്കുന്ന ലോബികളെ സംരക്ഷിക്കുന്നതാരൊക്കെയാണെന്ന് പണ്ടൊക്കെ നദീതടങ്ങളെ പ്രകൃതി തന്നെയാണ് സംരക്ഷിച്ചുകൊണ്ടിരുന്നത്. ആറ്റുവഞ്ചി, ഇഴിഞ്ഞിൽ, പരുത്തി, കണ്ടൽച്ചെടികൾ, ഇല്ലിക്കൂട്ടങ്ങൾ, നായിങ്കണ, കൈത എന്നിങ്ങനെ എത്രയോ സസ്യജാലങ്ങൾ പുഴയോരങ്ങളെ കുത്തൊഴുക്കിൽ നിന്നു സംരക്ഷിച്ചിരുന്നു. അന്ന് ആരും തന്നെ ഈ സസ്യങ്ങൾ നശിപ്പിക്കുമായിരുന്നില്ല. ആ സസ്യങ്ങൾ നശിപ്പിക്കാൻ കൂട്ടുനിന്നതും സർക്കാർ തന്നെയാണ്. തീരത്ത് മണ്ണടിയാതിരിക്കാൻ കരിങ്കല്ലുകൊണ്ട് ഭിത്തി കെട്ടിക്കൊടുക്കാൻ തീരുമാനിച്ചു. ഖജനാവിലെ പണം മുടക്കി സൗജന്യമായിട്ടാണ് ഈ ഭിത്തികെട്ടിക്കൊടുക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കൾ പണക്കാരായ ഭൂവുടമകളും എഞ്ചിനീയർമാരുമായിരുന്നു. എഞ്ചിനിയറെ കണ്ട് നല്ല തുക കൈക്കൂലി കൊടുത്താൽ ഭിത്തികെട്ടിക്കൊടുക്കും. അടുത്തുകിടക്കുന്ന പാവപ്പെട്ടവന്റെ വസ്തുവിലേക്കു തിരിഞ്ഞുനോക്കുക പോലുമില്ല. ഇങ്ങനെ ആറിന്റെ ഇരുകരകളിലും പലയിടത്തും കരിങ്കൽ ഭിത്തികളുയർന്നു. അതോടെ ആറിന്റെ വീതി കുറഞ്ഞു. വർഷക്കാലത്ത് ഒഴുക്കിനു ശക്തിയേറി. പഴയ ആറുകളെല്ലാം ഇപ്പോൾ കനാലുകളായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. വേനൽക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് മാലിന്യങ്ങൾ ചീഞ്ഞഴുകുകയും ചെയ്യും. ആളുകൾക്കിപ്പോൾ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ആറ് സൗകര്യപ്രദമായി. ദുർഗ്ഗന്ധം നിമിത്തം ഇന്ന് ആറ്റുതീരത്തെ താമസം ദുഃസ്സഹമായി. കൊതുകും കീടങ്ങളും കണക്കറ്റു പെരുകി. ആറ്റിലെ വെള്ളത്തിൽ കുളിച്ചാൽ ത്വക് രോഗങ്ങളും മറ്റ് മഹാരോഗങ്ങളും പിടിപെടും. ഇനിയിപ്പോൾ കുടിവെള്ളത്തിനും റേഷൻ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ജലക്ഷാമം പരിഹരിക്കണമെങ്കിൽ ആദ്യം വനം സംരക്ഷിക്കപ്പെടണം. എങ്കിൽ മാത്രമേ മഴവെള്ളവും സംരക്ഷിക്കപ്പെടുകയുള്ളു. നമുക്കു വെള്ളമില്ലെങ്കിലെന്താ? അയൽ സംസ്ഥാനങ്ങളിൽ നിന്ന് ശുദ്ധജലം കുപ്പികളിലാക്കി കൊണ്ടുവരാമല്ലോ. നമുക്കിപ്പോൾ അരിയും പച്ചക്കറികളും നാളികേരം പോലും തരുന്നനവരാണല്ലോ. എല്ലാം വിലയ്ക്കു വാങ്ങാൻ കിട്ടും. കുടിവെള്ളവും. ![]() |
Showing posts with label ambattu sukumarannair. Show all posts
Showing posts with label ambattu sukumarannair. Show all posts
24 Jan 2013
കുടിവെള്ളത്തിനും റേഷൻ !
22 Dec 2012
ഗുരുവന്ദനം
അമ്പാട്ട് സുകുമാരൻനായർ
മൂന്നുവയസ്സു തികഞ്ഞപ്പോൾത്തന്നെ അച്ഛനെന്നെ ആശാൻകളരിയിൽ കൊണ്ടുപോയി എഴുത്തിനിരുത്തി. ഇന്നിതെഴുതുമ്പോൾ എനിക്കു വയസ്സെഴുപത്തേഴ്. എങ്കിലും ആശാൻ കളരിയിലെ ആ പഠനത്തെക്കുറിച്ച് ഇന്നെന്നപോലെ ഞാനോർക്കുന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ എന്തെല്ലാം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അവയിൽ പലതും ഓർമ്മയിൽ തങ്ങി നിൽക്കുന്നില്ല. എങ്കിലും ആശാൻ കളരിയിലെ പഠിത്തം മരണം വരെ മറക്കില്ല.
മുണ്ടയ്ക്കൽ തറവാട്ടിലെ രാമനാശാനാണ് എന്റെ ആദ്യഗുരു. അന്ന് മഹാനവമി നാളിൽ ആശാന്റെ മടിയിലിരുത്തിയാണ് എന്റെ നാവിൽ ഹരിശ്രീ കുറിച്ചതു. എന്നോടൊപ്പം വെറെയും കുട്ടികളുണ്ടായിരുന്നു. എല്ലാവരുടെയും നാവിൽ അക്ഷരം കുറിച്ചതിനുശേഷം അവലും മലരും ശർക്കരയും കൽക്കണ്ടവും ഉണക്കമുന്തിരിങ്ങയും എല്ലാം ചേർത്ത് വയറുനിറയെ കഴിക്കാൻ തന്നു.
ആദ്യദിവസം തന്നെ ഹരിശ്രീ കുറിച്ച ഒരോല ആശാൻ എനിക്കു തന്നു. അതുവാങ്ങിക്കൊണ്ട് ആശാണ് ദക്ഷിണ കൊടുത്തത് നന്നായി ഓർക്കുന്നു. ദക്ഷിണ വാങ്ങിക്കൊണ്ട് ആശാൻ നിറുകയിൽ കൈവച്ച് അനുഗ്രഹം ചൊരിഞ്ഞു. പിറ്റേദിവസം മുതൽ ഒരു കുടുക്ക പൊടിമണലും തലക്കെട്ടോടുകൂടിയ എഴുത്തോലയും ഇരിക്കാനുള്ള തടക്കുമായാണ് കളരിയിൽ പോയത്.
ഉള്ളിലുള്ള സ്നേഹം പുറത്തുകാണിക്കാത്ത ആളാണ് ആശാൻ. ചിലപ്പോൾ ആശാനു ദേഷ്യം വന്നാൽ വിരൽ പിടിച്ച് മണലിൽ അമർത്തി എഴുതിക്കും. ചൂരൽ പ്രയോഗവുമുണ്ട്. കളരിയോട് ചേർന്ന് ഒരുമൂട് ചൂരൽ നട്ടു പിടിപ്പിച്ചിരുന്നു. ഞങ്ങൾ കുട്ടികൾ എന്നും അതിനു ചുവട്ടിൽ ആശാൻ കാണാതെ മൂത്രമൊഴിച്ചു വയ്ക്കും. മൂത്രമൊഴിച്ചാൽ ചൂരൽ ഉണങ്ങിപ്പോകുമെന്ന് ആരോ ഞങ്ങൾക്കു പറഞ്ഞു തന്നിരുന്നു.
രണ്ടു വർഷക്കാലം ആശാൻ കളരിയിൽ പഠിച്ചു. പക്ഷേ, ആ ചൂരൽ ഉണങ്ങിയില്ല. അത് പൂർവ്വാധികം ശക്തിയായി വളർന്നു വന്നു. സത്യത്തിൽ കളരിയിൽ പോകുന്നത് ഒരു പേടി സ്വപ്നമായിരുന്നു. ആശാന്റെ അടി കൊള്ളാത്ത ദിവസങ്ങളുണ്ടാവില്ല. അതൊരു പീഡനകാലമായിരുന്നുവേന്നു പറയാതെവയ്യ. കളരിയിലേക്കു പോകണമെന്നു പറയുമ്പോഴേ കുട്ടികൾ കരയാൻ തുടങ്ങും. കളരിയിൽ നിന്നു തിരിച്ചു വരുമ്പോൾ പിഞ്ചുതുടയിൽ ചൂരലിന്റെ പാട് തിണർത്തു കിടക്കും. പഠിച്ചില്ലെങ്കിൽ നല്ല അടികൊടുത്തുകൊള്ളണമെന്നാണ് രക്ഷാകർത്താക്കൾ ആശാനോടു പറയുന്നത്. എവിടെ നിന്നുമില്ല ഒരിറ്റു കാരുണ്യം. സഹിക്കുക തന്നെ. ചില ആശാന്മാർ നാരായം (എഴുത്താണി) കൊണ്ട് നല്ല കിഴുക്കുതരുമത്രെ! എന്തായാലും ആ പീഡനം എനിക്ക് സഹിക്കേണ്ടി വന്നിട്ടില്ല.
'ചിന്തം കയറ്റം' കിട്ടുന്നതോടെ മണലിലുള്ള അഭ്യാസം കഴിയും. മണൽക്കുടുക്കയോടും തലക്കെട്ടുള്ള ഓലയോടും വിട പറയും. ചിന്തം കയറുക എന്നു പറഞ്ഞാൽ ക്ലാസ് കയറ്റം കിട്ടുക എന്നാണർത്ഥം. അക്ഷരം മുഴുവൻ പഠിച്ചു കഴിഞ്ഞാലാണ് ചിന്തം കയറുന്നത്. ഓരോ കുട്ടിയും അവൻ പഠിച്ചു തീരുന്ന ക്രമത്തിലാണ് ചിന്തം കയറ്റം. അതൊരാഘോഷമാണ്. കളരിയിൽ നിലവിളക്കു കൊളുത്തി വയ്ക്കും. വിളക്കിനുമുമ്പിൽ ഒരു തൂശനിലയിൽ അവലും മലരും പഴവും ശർക്കരയും മുന്തിരിങ്ങയും കൽക്കണ്ടവുമൊക്കെ കൂട്ടിക്കലർത്തിവൈക്കും.
ചിന്തം കയറുന്ന കുട്ടിയെ ആശാൻ മടിയിലിരുത്തി അക്ഷരം മുഴുവൻ ഉച്ചാരണശുദ്ധിയോടെ ചൊല്ലിക്കും. പിന്നെ ദക്ഷിണവാങ്ങി അനുഗ്രഹിക്കും. അനുഗ്രഹം നൽകിക്കഴിഞ്ഞ് എല്ലാ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പ്രസാദം നൽകും. ഇനി ഒരുവർഷക്കാലം കൂട്ടി എഴുതാനും കൂട്ടി വായിക്കാനും പഠിപ്പിക്കും. കണക്കുപട്ടികയും പഠിപ്പിക്കും. അവിടെയും കിട്ടും നല്ല പ്രഹരം. ഉച്ചാരണം അൽപമൊന്നുപിഴച്ചാൽ അടി ഉറപ്പാണ്.
ഇന്ന് നല്ല പഠിപ്പുള്ളവർപോലും അക്ഷരശുദ്ധിയില്ലാതെ മലയാളം പറയുന്നത് കേൾക്കുമ്പോൾ ചൂരലുമോങ്ങി നിൽക്കുന്ന ആശാന്റെ രൂപം മനസ്സിൽ തെളിഞ്ഞുവരും. ഇന്ന് കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നത് കളി തമാശകളിൽക്കൂടിയാണ്. പീഡനമശേഷമില്ല. പഠനം ലഘൂകരിക്കാൻ പുതിയ സമ്പ്രദായങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. ഇത് വളരെ നല്ലകാര്യമാണ്. കുട്ടികളെ തല്ലിപഠിപ്പിക്കണമെന്നൊരു ചൊല്ലുണ്ടായിരുന്നു. ആ കാലമൊക്കെ പോയി. ഇന്ന് പഠിക്കാനെന്തെന്ത് സൗകര്യങ്ങൾ. പഠിത്തം രസകരമാണിന്ന്. പക്ഷേ, ഒരുകാര്യം പറയാതെവയ്യ. ഇന്നത്തെ തലമുറയ്ക്ക് അക്ഷരശുദ്ധി അശേഷമില്ല. പഠിപ്പിക്കുന്നവർക്കുമില്ല അക്ഷരശുദ്ധിയും ഭാഷാശുദ്ധിയും. പഠിപ്പിക്കുന്ന എല്ലാവരെക്കുറിച്ചുമല്ല പറഞ്ഞത്. ഏറിയപങ്കും അത്തരക്കാരാണ്.
അക്ഷരം പഠിപ്പിക്കാൻ ബാല്യത്തിൽ ആശാൻ തന്നെ എത്തണം. എന്തൊക്കെ പീഡനങ്ങൾ അന്ന് സഹിക്കേണ്ടിവന്നുവേങ്കിലും ഗുരുനാഥനെന്നു പറയുമ്പോൾ മനസ്സിൽ തെളിയുന്നത് ആശാന്റെ ഭവ്യരൂപമാണ്.
സ്നേഹപൂർവ്വം മടിയിലിരുത്തി നാവിലക്ഷരംകുറിച്ചു തന്ന, ചെവിയിൽ അക്ഷരമന്ത്രമോതിത്തന്ന ആ ഗുരുനാഥൻ ഈശ്വരതുല്യനാണ്. അദ്ദേഹത്തിന് പ്രണാമം.
19 Aug 2012
എല്ലാം ഒരു സ്വപ്നം പോലെ
അമ്പാട്ട് സുകുമാരൻനായർ
pho.9495395312
ഈരണ്ടു മാസം കൂടുമ്പോൾ പ്രകൃതിയിൽ ഋതുക്കൾ മാറിമാറി വരും. ഓരോ
ഋതുവിന്റെയും മാറ്റം നമുക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു. ഓണം, വിഷു,
തിരുവാതിര, നവരാത്രി, ശിവരാത്രി തുടങ്ങിയ ആഘോഷങ്ങൾ വരവാകുമ്പോൾ പ്രകൃതി
തന്നെ നമ്മെ വിളിച്ചറിയിക്കും. പ്രകൃതിയുടെ ഓരോ ഭാവമാറ്റവും കാണുമ്പോൾ
ഏതൊക്കെ ആഘോഷങ്ങളാണ് വരുന്നതെന്ന് കുട്ടികൾക്കുപോലും തിരിച്ചറിയാൻ
കഴിയുമായിരുന്നു. പ്രകൃതിയുടെ ആ കലണ്ടർ കിറുകൃത്യമായിരുന്നു. ഇന്ന്
പ്രകൃതിയിലേക്കു നോക്കിയാൽ ഒന്നും തിരിച്ചറിയാനാവില്ല. വല്ലാത്തൊരു
നിസ്സംഗഭാവം! ആറോ ഏഴോ പതിറ്റാണ്ടുകൾക്കുള്ളിൽ വന്ന മാറ്റമാണിത്. സത്യം
പറയട്ടെ ഈ വർഷത്തെ കാലവർഷക്കാലം പോലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
ചിങ്ങം പിറക്കുമ്പോൾ പ്രകൃതിയുടെ മുഖം പ്രസന്നമാകുമായിരുന്നു. എന്തൊരു
ശോഭയായിരുന്നു ആ മുഖത്തിന്! കർക്കിടത്തിന്റെ കെടുതിയിൽ നിന്ന് വിടുതൽ
നേടി സമൃദ്ധിയിലേക്കു കടന്നുവന്നതിന്റെ ആഹ്ലാദം. വിളവെടുപ്പിന്റെ
കാലമാണ് ചിങ്ങമാസം.
പണ്ടുപണ്ട് അസുരചക്രവർത്തിയായ മഹാബലി കേരളം ഭരിച്ചിരുന്ന കാലം.
സമ്പൽസമൃദ്ധമായിരുന്നു അന്ന് കേരളം. എ.പി.എൽ-ബി.പി.എൽ ഭേദമില്ലാതെ
എല്ലാവരും സുഭിക്ഷതയോടെ ജീവിച്ചിരുന്ന കാലം. സ്വർഗ്ഗത്തേക്കാൾ
സുന്ദരമാണ് കേരളമെന്നറിഞ്ഞപ്പോൾ ദേവന്മാർക്കസൂയസഹിച്ചില്ല. മഹാവിഷ്ണു
വാമനന്റെ രൂപത്തിൽ മഹാബലിയുടെ മുമ്പിൽ വന്ന് അദ്ദേഹത്തെ ചതിവിൽ കുടുക്കി
പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. ആണ്ടിലൊരിക്കൽ പ്രജകളെ വന്നുകാണാൻ
അനുവാദം കൊടുക്കുകയും ചെയ്തു. അങ്ങനെ ആണ്ടിലൊരിക്കൽ ചിങ്ങമാസത്തിൽ
തിരുവോണനാളിൽ മഹാബലി തന്റെ പ്രജകളെ കാണാനെത്തും. പ്രജകൾ വളരെ
ആഹ്ലാദത്തോടെ അദ്ദേഹത്തെ വരവേൽക്കാൻ വേണ്ടി എല്ലാ ഒരുക്കങ്ങളും നടത്തും.
വീടും പരിസരങ്ങളുമൊക്കെ വൃത്തിയാക്കി പുതുവസ്ത്രങ്ങളുമണിഞ്ഞ് മുറ്റത്ത്
പൂക്കളവുമൊരുക്കി ആളുകൾ കാത്തിരിക്കും.
പൂക്കളമൊരുക്കാൻ കുട്ടികളാണ് കൂട്ടംകൂടി പൂക്കൂടകളുമായി
പുറപ്പെടുന്നത്. പൂക്കൾ തേടിയുള്ള ആ അലച്ചിൽ ആഹ്ലാദകരമായിരുന്നു.
നേരംപുലരും മുമ്പേ സ്ത്രീകൾ മുറ്റം മെഴുകി വളരെ ഭംഗിയാക്കി പൂവിടും.
ഇന്ന് പൂക്കളമൊരുക്കാൻ മിക്ക വീടുകളിലും മുറ്റമില്ല. പൂപറിക്കാൻ
കുട്ടികളുമില്ല. അവർക്ക് ധാരാളം പഠിക്കാനുണ്ടാകും. ഓണക്കാലത്ത് കളിച്ചു
നടന്നാൽ പരീക്ഷയിൽ ഒന്നാമനാകാൻ പറ്റില്ല. പൂപറിക്കാനാണെങ്കിൽ
നാട്ടിലെങ്ങും പൂക്കളില്ല. എന്നാലും പൂക്കൾക്കു പഞ്ഞമില്ല.
കൈനിറയെപണവുമായി മാർക്കറ്റിൽ ചെന്നാൽ എത്ര വേണമെങ്കിലും പൂക്കൾ കിട്ടും.
തമിഴ്‌നാട്ടിലെ പൂകൃഷിക്കാർ എത്രവേണമെങ്കിലും പൂക്കൾ ഇവിടെയെത്തിക്കും.
പൂക്കൾ മാത്രമല്ല, ഓണസദ്യയൊരുക്കാനുള്ള അരിയും പച്ചക്കറികളും
കറിക്കൂട്ടുകളും പാലുംമോരും തൈരും നെയ്യുമെല്ലാം കാലേക്കൂട്ടി
അവരെത്തിക്കും. തമിഴ്‌നാട്ടുകാർ നമുക്കുവേണ്ടി ഇത്രയധികം
കഷ്ടപ്പെട്ടില്ലെങ്കിൽ ഇന്നിപ്പോൾ നമുക്കെങ്ങനെ ഓണമാഘോഷിക്കാൻ പറ്റും ?
പണ്ടൊക്കെ നാം കൃഷി ചെയ്തുണ്ടാക്കുന്ന അരിയും
പച്ചക്കറികളുമൊക്കെക്കൊണ്ടാണ് ഓണസദ്യയൊരുക്കിയിരുന്നത് ഇന്ന് തമിഴർ
കനിയണം. അല്ലെങ്കിൽ നമുക്കൊണവുമില്ല വിഷുവുമില്ല, തിരുവാതിരയുമില്ല. ഇനി
നമുക്കു കുടിക്കാനും ആഹാരം പാകം ചെയ്യാനുള്ള വെള്ളംപോലും തമിഴർ വലിയ
കുപ്പികളിലാക്കി കൊണ്ടുവന്നു തരേണ്ടിവരും. നാമിവിടെ കുന്നുകളിടിച്ച്
വയൽനികത്തി കാട്ടുകൾ വെട്ടിമാറ്റി നദികളിലെ മണലൂറ്റി കേരളത്തിന്റെ മുഖഛായ
മാറ്റിക്കൊണ്ടിരിക്കുകയാണ്. നാളെ നമുക്കീ കേരളത്തെ മലകളില്ലാത്ത
പുഴകളില്ലാത്ത തടാകങ്ങളില്ലാത്ത ഒരു സമതലഭൂമിയാക്കിമാറ്റാൻ കഴിയും. വരും
തലമുറയ്ക്കു വേണ്ടി ഫ്ലാറ്റുകൾ പണിയാൻ നിലം നിരപ്പാക്കി കൊടുക്കുന്ന
യത്നത്തിലാണ് നാമിപ്പോൾ.
ഇന്നത്തെ സുഖസൗകര്യങ്ങളൊന്നുമില്ലാത്ത അന്നത്തെ ഓണത്തെക്കുറിച്ചുള്ള
ഓർമ്മകൾ മനസ്സിൽ മങ്ങാതെ നിൽക്കുന്നു. ഓണമടുക്കുമ്പോൾ ഓണക്കോടി കിട്ടാൻ
എന്തൊരാവേശമായിരുന്നു! ബാലികാ ബാലന്മാർ ഓണക്കോടിയുമുടുത്തുകൊണ്ട്
വർണ്ണച്ചിറകുള്ള ചിത്രശലഭങ്ങളെപ്പോലെ എങ്ങും പാറിക്കളിച്ചു നടക്കും.
അയലത്തെ കൂട്ടുകാരെല്ലാം ഒന്നിച്ചൊരിടത്തൊത്തുകൂടും. ഓരോരുത്തരും ഓരോ തരം
കളികളിലേർപ്പെടും. പെമ്പിള്ളേരുടെ ഇഷ്ടവിനോദമാണ് ഊഞ്ഞാലാട്ടം.
മുടിയാട്ടം, തിരുവാതിരകളി, കുടുകുടുകളി, തുമ്പിതുള്ളൽ തുടങ്ങിയ കളികളിലും
അവർ വ്യാപ്രതരാകും.
ആമ്പിള്ളേർക്കും ഊഞ്ഞാലാട്ടം ഇഷ്ടമുള്ള വിനോദമാണ്. ഉയരമുള്ള
മരക്കൊമ്പിൽ ഞാത്തി കെട്ടിയിട്ടുള്ള ഊഞ്ഞാലിൽകയറി ആടുന്നതുകണ്ടാൽ
ഭയംതോന്നും. ഊഞ്ഞാലിൽ പിടിച്ചുനിന്നുകൊണ്ട് ആകാശത്തോളം ഉയരത്തിൽ
കുതിച്ചുയരും. തലപ്പന്തുകളി, കുട്ടിയും കോലുംകളി, കിളിത്തട്ടുകളി,
പകിടകളി എന്നിവയൊക്കെ ഹരം പകരുന്ന വിനോദങ്ങളാണ്. മുതിർന്നവരുടെ പകിടകളി
നാടുണർത്തും. പുലികളിയും കരടികളിയും രസകരമായ വിനോദങ്ങളാണ്. ഒരു
നായാട്ടുകാരൻ തോക്കുമായി പുലിവേട്ടയാടാൻ ഇറങ്ങിയിരിക്കുകയാണ്. ഒരാൾ
ലങ്കോട്ടിമാത്രം ധരിച്ചുകൊണ്ട് ദേഹം മുഴുവൻ പുള്ളി കുത്തി നീണ്ട വാലും
വച്ചുപിടിപ്പിച്ച് പുലിയുടെ വേഷം കെട്ടും, വേട്ടക്കാരന്റെ
തോക്കിനുമുമ്പിൽ നിന്ന് രക്ഷപ്പെടാൻ പുലികാട്ടുന്ന പരാക്രമങ്ങൾ!
ചെണ്ടയും മറ്റ് വാദ്യോപകരണങ്ങളുമായി വേറെയും നാലഞ്ചുപേർ ഒപ്പമുണ്ട്.
ഇവർ വീടുകളിലൊക്കെ വന്ന് പുലികളിക്കും. ഗൃഹനാഥന്മാർ അവർക്ക്
സന്തോഷത്തോടെ സംഭാവന നൽകും. ഇന്ന് ഇത്തരം വിനോദങ്ങളൊന്നുമില്ല.
ഓണാവധിക്ക് കുട്ടികൾക്ക് കളിയും വിനോദവുമൊന്നുമില്ല. അവർക്ക് കളിച്ചു
നടക്കാൻ നേരമില്ല. കിട്ടുന്ന സമയമത്രയും പഠിക്കണം. ട്യൂഷനു പോകണം,
അത്യാവശ്യം വിനോദത്തിന് കമ്പ്യൂട്ടറും മൊബെയിൽ ഫോണും കൂട്ടിനുണ്ട്.
അന്ന് ഓണമിങ്ങെത്തുമ്പോൾ എല്ലാവീടുകളിലും വറക്കലും പൊടിക്കലും തുടങ്ങി
ഓണത്തിന് സദ്യവട്ടങ്ങളൊരുക്കുന്നതിന്റെ തന്ത്രപ്പാടിലാണ് വീട്ടിലെ
പെണ്ണുങ്ങൾ. തിരുവോണത്തലേന്നു മുതൽ ഉത്രട്ടാതിവരെ വീടുകളിൽ
ആഹ്ലാദത്തിമിർപ്പാണ്. അന്നത്തെ ആ സന്തോഷം പറഞ്ഞറിയിക്കവയ്യ.
പുറത്തുപോയിട്ടുള്ളവരെല്ലാവരും ഓണത്തിന് തറവാട്ടിലൊത്തുചേരും.
ഊണുകഴിക്കുന്നത് എല്ലാവരും ഒരുമിച്ചിരുന്നാണ്; നിലത്ത് പാവിരിച്ച്
അതിനുമുമ്പിൽ തൂശനിലയിട്ട് അമ്മ സ്നേഹത്തോടെ ചോറുവിളമ്പിത്തരും.
എല്ലാവരും ചേർന്നിരുന്ന് അത് കഴിക്കുമ്പോഴുള്ള നിർവൃതി ഒന്നുവേറെ
തന്നെ. അടുക്കളയിൽ സദ്യയൊരുക്കുന്നത് പെണ്ണുങ്ങൾക്കൊരു ഹരമായിരുന്നു,
അവർക്കതധ്വാനമേയല്ല, ആനന്ദമാണ്.
ഇന്നോ? ഇന്ന് ഓണത്തിന്റന്ന് അടുക്കളയും വീടും അടച്ചു പൂട്ടും.
ഭാര്യയും ഭർത്താവും മക്കളുമൊന്നിച്ച് അണിഞ്ഞൊരുങ്ങി ആഘോഷത്തോടെ
ഹോട്ടലിലേക്കു പോകും. അവിടെ വിപുലമായ രീതിയിൽ ഓണസദ്യയൊരുക്കിയിട്ടുണ്ട്.
ആറുമാസം മുമ്പേ അവിടെ പണമടച്ച് രസീത് വാങ്ങിയിട്ടുണ്ട്.
തുകയെന്തായാലും വിരോധമില്ല. തിരുവോണത്തിന് കഷ്ടപ്പെട്ട്
സദ്യയൊരുക്കുന്ന തന്ത്രപ്പാടൊന്നുമില്ലല്ലോ. സംഗീതസാന്ദ്രമായ
അന്തരീക്ഷത്തിൽ നിറപറയുടെയും നിലവിളക്കിന്റെയും മുമ്പിൽ കേരളീയ മട്ടിൽ
അണിഞ്ഞൊരുങ്ങിയ സുന്ദരികളായ തരുണീമണികൾ സ്നേഹത്തോടെ തളിരലയിൽ
വിളമ്പിത്തരുന്ന സദ്യയുണ്ണാം. വീട്ടിലെല്ലാവർക്കും സദ്യയൊരുക്കുന്ന
പൊല്ലാപ്പിൽനിന്ന് വീട്ടമ്മമാർക്ക് രക്ഷപ്പെടുകയും ചെയ്യാം.
അടഞ്ഞുകിടക്കുന്ന വീടിനു മുന്നിൽ വന്നു നിന്നിട്ട് മാവേലി മന്നൻ വെറും
വയറോടെ തടി തപ്പിക്കൊള്ളും.
ഒരു വീട്ടമ്മ മക്കൾക്ക് അമ്മയാണ്. ഭർത്താവിന് സ്നേഹമയിയായ
ഭാര്യയാണ്. പ്രായംചെന്ന അച്ഛനമ്മമാർ കൂടെയുണ്ടെങ്കിൽ അവർക്ക്
പ്രിയപ്പെട്ട മകളാണ്. അവൾ ആ കുടുംബത്തിന്റെ സർവ്വസ്വവുമാണ്.
വിഭവങ്ങളെത്ര കുറഞ്ഞാലും ആ വീട്ടമ്മ പാകം ചെയ്ത് നിറഞ്ഞ സന്തോഷത്തോടെയും
സ്നേഹത്തോടെയും വിളമ്പുന്ന ആഹാരത്തിന്റെ രുചിയും സംതൃപ്തിയും സന്തോഷവും
ഏത് ഹോട്ടലിൽ നിന്ന് കഴിച്ചാലും ലഭിക്കുമെന്നു തോന്നുന്നില്ല. ഇന്ന്
കുടുംബം എന്ന സങ്കൽപത്തിന് അർത്ഥമില്ലാതായി. എല്ലാം ഒരുതരം കടമ
നിർവ്വഹിക്കാൽ മാത്രം. മാതാപിതാക്കൾ മക്കളോട് സ്നേഹം പ്രകടിപ്പിക്കുക
മാത്രമേ ചെയ്യുന്നുള്ളു. മാതൃവാത്സല്യം മക്കളുടെ ഹൃദയത്തിലേക്ക്
അമൃതധാരപോലെ പകർന്നുകൊടുക്കാൻ ഒരമ്മയ്ക്കുമിന്നറിയില്ല. 'അമ്മേ' എന്ന
വിളിപോലും ഇപ്പോഴത്തെ മമ്മിമാർക്കരോചകമാണ്. എവിടെയുമില്ല സ്നേഹത്തിന്റെ
ഒരു മൃദുസ്പർശം!
എന്റെ തറവാട് പുഴയുടെ തീരത്താണ്. ആ പുഴ എന്റെ തറവാടിനു സമീപത്തുവന്ന്
രണ്ടായിപിരിഞ്ഞ് ഒരു ശാഖ കുമാരണല്ലോൂർ ക്ഷേത്രത്തിനു സമീപത്തുകൂടിയും
ഒരുശാഖ നാഗമ്പടം ശിവക്ഷേത്രത്തിനു സമീപത്തുകൂടിയും ഒഴുകി കുമാരണല്ലോൂർ,
നട്ടാശ്ശേരി, അയ്മനം, കുടമാളൂർ എന്നീ പ്രദേശങ്ങളുടെ ഏതാനും ഭാഗങ്ങളെ
വാരിപ്പുണർന്ന് വീണ്ടും ഒന്നായിത്തീരുന്നു. ആ കരവലയത്തിലകപ്പെട്ട ഈ
പ്രദേശങ്ങളെ ഒരു ദ്വീപെന്നു വിശേഷിപ്പിക്കാം.
ഇടഗ്രാമങ്ങളുടെ ഭരദേവതയായ കുമാരണല്ലോൂരമ്മ ചിങ്ങമാസത്തിൽ ഉത്രട്ടാതി
നാളിൽ പുഴയിലൂടെ ഒരു ഊരുചുറ്റു നടത്തും. പുഴയുടെ ഇരുകരകളിലുമുള്ളവർക്ക്
ഏറ്റവും വലിയൊരാഘോഷമാണിത്. ദേവിയുടെ എഴുന്നള്ളത്തിന് അമ്പലം വക
ചുണ്ടൻവള്ളമുണ്ട്. രാവിലെ ആറാട്ടുകടവിൽ
നിന്നാണെഴുന്നള്ളത്താരംഭിക്കുന്
സേവിക്കാൻ എല്ലാ കരകളിലും നിന്ന് കളിവള്ളങ്ങളെത്തിച്ചേരും. ഗംഭീരമായ ഒരു
ഘോഷയാത്രയാണ് ആറാട്ടുകടവിൽ നിന്നാരംഭിക്കുന്നത്.
അമ്പലം വക വള്ളത്തിൽ തകിലും നാദസ്വരവും ഇലത്താളവും പ്രസിദ്ധരായ
വഞ്ചിപ്പാട്ടുകാരുമുണ്ടായിരിക്
കും. എല്ലാവള്ളങ്ങളും പൂമാലകൾ
ചാർത്തികൊടിയും വച്ചലങ്കരിച്ചിരിക്കും. പ്രധാനപ്പെട്ട കളി
വള്ളങ്ങളിലെല്ലാം രണ്ടും മൂന്നും മുത്തുക്കുടകൾ കാണും. എല്ലാ
വള്ളങ്ങളിലും നിലയാളുകളുണ്ടാകും.
തകിലിന്റെയും നാദസ്വരത്തിന്റെയും പശ്ചാത്തലത്തിൽ കുചേലവൃത്തം
വഞ്ചിപ്പാട്ടും പാടി ഈ വള്ളങ്ങളെല്ലാം ഒത്തുചേരുന്നുവരുന്ന കാഴ്ച
അത്യപൂർവ്വമായ ഒരു കാഴ്ചതന്നെയാണ്. അസുലഭമായ ഒരു കലാവിരുന്ന്. ഈ കാഴ്ച
കാണാൻ ഇരുകരകളിലും നൂറുകണക്കിനാളുകൾ തിങ്ങിക്കൂടാറുണ്ട്.
വഞ്ചിപ്പാട്ടുപാടുമ്പോൾ എല്ലാവള്ളങ്ങളിലേയും തുഴക്കാർ ഒരേതാളത്തിലാണ്
തുഴയിടുന്നത്. അവിടെ മത്സരമില്ല. വാശിയില്ല. നൂറുകണക്കിനാളുകളുടെ
കണ്ഠങ്ങളിൽ നിന്ന് ഒരേസമയം പാട്ടിന്റെ ശീലുകൾ ഉയരുമ്പോൾ നാടിന്റെ
ഉള്ളറകളിലേക്ക് ആ ശബ്ദം അലയടിച്ചെത്തും.
ആറ്റുതീരത്തുള്ള ചില പ്രമുഖകുടുംബക്കാർ ദേവിയെ സ്വീകരിക്കാൻ വേണ്ടി
പറവയ്ക്കും. എല്ലാവള്ളങ്ങളിലേയും ആൾക്കാർ വള്ളത്തിൽ നിന്നിറങ്ങി
വഞ്ചിപ്പാട്ടും പാടി ആ വീട്ടിൽ ചെന്ന് പറയെടുക്കും. ഇതിൽ പങ്കെടുത്ത
എല്ലാ വള്ളങ്ങൾക്കും വെറ്റിലയും പുകയിലയും കൊടുക്കുന്ന ഒരു ചടങ്ങുണ്ട്.
ചിലർ പഴക്കുലകൾ സമ്മാനിക്കും. മറ്റുചിലർ കാപ്പിയും പലഹാരങ്ങളും
തുഴച്ചിൽക്കാർക്കെല്ലാം കൊടുക്കും. ചില വീട്ടുകാർ പായസം കൊടുക്കും. ഈ
സ്വീകരണങ്ങളെല്ലാം ഏറ്റുവാങ്ങി വള്ളങ്ങൾ ആറാട്ടുകടവിൽ തിരിച്ചെത്തുമ്പോൾ
നേരം നന്നേ ഇരുട്ടിയിരിക്കും. എല്ലാവരും വള്ളത്തിൽ നിന്നിറങ്ങി കരവഞ്ചി
നടത്തി അമ്പലത്തിൽ ചെന്ന് ദേവിയുടെ അനുഗ്രഹം വാങ്ങിയിട്ട് തിരികെപോകും.
അതോടെ ഞങ്ങളുടെ ഓണാഘോഷം അവസാനിക്കും.
ഇന്നിപ്പോൾ ആ ജലഘോഷയാത്രയും ആഘോഷങ്ങളുമൊക്കെ ഏതാണ്ട് നിലച്ചമട്ടാണ്.
ശവാസനത്തിൽ കിടന്ന് ദുർഗ്ഗന്ധം വമിക്കുന്ന പുഴയിലൂടെ എന്തുഘോഷയാത്ര?
അല്ലെങ്കിലും ആർക്കുണ്ടിപ്പോൾ ഇതിനോക്കെ നേരം.
എല്ലാം ഒരു സ്വപ്നം പോലെ!
14 Dec 2011
എല്ലാം ഒരു സ്വപ്നം പോലെ
അമ്പാട്ട് സുകുമാരൻനായർ
ഒരു സോപ്പുകുമിളപോലെ ക്ഷണഭംഗുരമാണ് ജീവിതമെന്നു പറയാറുണ്ട്.
ഇക്കാണുന്നതെല്ലാം മായയാണെന്ന് ചിലർ പറയുന്നു. എല്ലാം ഒരു സ്വപ്നംപോലെ
എന്ന് മറ്റൊരുകൂട്ടർ. ഇതെല്ലാം ശരിയാണ്. ഇക്കാണുന്നതൊന്നും ശാശ്വതമല്ല.
എല്ലാം നശിക്കും. എന്നെങ്കിലുമൊരിക്കൽ എപ്പോഴാണെന്ന് മുൻകൂട്ടി
പ്രവചിക്കാനാവില്ലെന്നുമാത്രം.
സ്വപ്നദർശനം അതൊരനുഭവം തന്നെയാണ്. ചിലർ ഉറക്കത്തിൽ ദുഃസ്വപ്നംകണ്ട്
പേടിച്ചലറിക്കരയലും. ഉറക്കമുണർന്ന്, താൻ കണ്ടത്
സ്വപ്നമായിരുന്നുവേന്ന് ബോധ്യമായാൽപോലും ആ ഭയപ്പാട് ഏറെസമയം
നിലനിൽക്കും. ചിലപ്പോൾ അതിമനോഹരമായ സ്വപ്നമായിരിക്കും കാണുക. അനേകം
പരിചാരകന്മാരും വസ്തുവകകളും മണിമേടകളും വാഹനങ്ങളുമൊക്കെ തനിക്കു
സ്വന്തമാക്കിക്കൊണ്ട് അനുഭവിക്കുന്ന സ്വപ്നം. പട്ടിണികിടന്ന്
ഒരുനേരത്തെ അന്നത്തിനുവേണ്ടി കൊതിക്കുന്ന ചിലർ കാണുന്ന സ്വപ്നം
വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നതായിരിക്കും.
ഇക്കാണുന്ന സ്വപ്നങ്ങളെല്ലാം തന്നെ ക്ഷണനേരത്തേക്കെ
നിലനിൽക്കുകയുള്ളൂവേങ്കിലും അതും ജീവിതാനുഭവം തന്നെയാണ്. അതനുഭവിക്കുന്ന
വേളയിൽ ഇതു സ്വപ്നമാണെന്നാർക്കും തോന്നാറില്ല.
അതുപോലെത്തന്നെയാണ് നാമിപ്പോൾ ജാഗരത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇട
ജീവിതവും. ആലോചിച്ചുനോക്കിയാൽ ഇതുമൊരു സ്വപ്നമല്ലെന്നാർക്കെങ്കിലും പറയാൻ
കഴിയുമോ? സുഖമായാലും ദുഃഖമായാലും ഇക്കാണുന്നതൊക്കെ ഒരുനിമിഷം കൊണ്ട്
ഉപേക്ഷിച്ച് നമുക്ക് പോകേണ്ടിവരില്ലേ? നിശ്ചയമായും. ഒരു പാട്
കഷ്ടപ്പെട്ട് നേടിയ ഈ സമ്പത്തും സുഖസമൃദ്ധിയുമെല്ലാം കൈവെടിഞ്ഞ്
നമുക്കജ്ഞാതമായ മറ്റൊരുലോകത്തേക്ക് യാത്രയാകേണ്ടിവരും. നേടിയതൊക്കെ
ഉപേക്ഷിച്ചു പോകേണ്ടിവരുന്ന ആ മരണത്തെക്കുറിച്ചോർത്ത് നിഷ്ക്രിയരായി
കഴിഞ്ഞുകൂടണമെന്നാരും പറയില്ല. എങ്കിലും വല്ലപ്പോഴും ഇതൊക്കെ
ഒന്നോർക്കുന്നത് നല്ലതാണ്. മനുഷ്യന്റെ അഹങ്കാരം നശിപ്പിക്കാൻ,
അളവില്ലാത്ത ആർത്തിയും വ്യാമോഹങ്ങളുമില്ലാതാക്കാൻ, എന്തുക്രൂരത
ചെയ്താണെങ്കിലും വേണ്ടില്ല എല്ലാം വെട്ടിപ്പിടിച്ച്
സ്വന്തമാക്കണമെന്നുള്ള ദുർമ്മോഹം കെടുത്താൻ ഇങ്ങനെയൊക്കെ
ചിന്തിക്കുന്നത് ഏറെ നന്നായിരിക്കും.
ഗാഢമായ നിദ്രയിൽ നാം വല്ലതുമറിയുന്നുണ്ടോ? ആ നിദ്രാവേള എത്ര ധന്യമായ
മുഹൂർത്തമാണ്. സുഖവും ദുഃഖവുമൊന്നും അറിയുന്നതേയില്ല. മരണവും അതുപോലെ
ആനന്ദകരമായ ഒരുറക്കം മാത്രമാണ്. നാമൊക്കെ നിദ്രയെ കൊതിക്കുന്നതുപോലെ ആ
ശാശ്വത നിദ്രയെകൊതിക്കാത്തവരാരുണ്ട്? മരണമില്ലാത്ത ജീവിതം ഉറക്കം
നഷ്ടപ്പെട്ട ജീവിതംപോലെ ഭയാനകമാണ്.
ഞാനീലേഖനമെഴുതുന്നത് മരണത്തെയും ജീവിതത്തെയുംകുറിച്ചു പറയാനല്ല. ഏറെ
കഷ്ടപ്പെട്ട് എന്തൊക്കെ നേടിയാലും ഒന്നുമിവിടെ സ്വന്തമല്ലെന്ന സത്യം ചില
അനുഭവങ്ങളിലൂടെ ബോധ്യപ്പെടുത്താൻ മാത്രമാണ്.
ഏതാനും വർഷം മുമ്പ് ഇടുക്കിയിൽ ഒരു ഉരുൾപൊട്ടൽ നടന്നു. വാർത്തയറിഞ്ഞ്
ഞാനവിടെയെത്തി. മനോഹരമായ ഒരു കുടിയേറ്റ ഗ്രാമം. അധ്വാനശീലരായ
കൃഷിക്കാരുടെ കഠിനാധ്വാനം കൊണ്ട് സമ്പൽസമൃദ്ധമാണിവിടം.
പാലായിലുള്ള എബ്രഹാം അന്നമ്മ ദമ്പതികൾ ആ മലയോരഗ്രാമത്തിൽ എട്ടു
പത്തേക്കർ ഭൂമി സ്വന്തമാക്കി. അവരുടെ ചില ബന്ധുക്കൾക്കും അവിടെ
ഭൂമിയുണ്ടായിരുന്നു. എല്ലാവരുമായി സഹകരിച്ചുള്ള ജീവിതമായതുകൊണ്ട്
അധ്വാനിക്കാനും കഷ്ടപ്പെടാനുമൊക്കെ ഒരു സുഖമുണ്ടായിരുന്നു. റബ്ബറും
കുരുമുളകും വാഴയും കപ്പയും നെല്ലുമൊക്കെ അവരവിടെ കൃഷി ചെയ്തു. ഏറെ
പണിപ്പെട്ടെങ്കിലും പട്ടിണികൂടാതെ ജീവിക്കാനുള്ള സാഹചര്യമുണ്ടായി.
പിന്നീട് ജീവിതം ഒന്നിനൊന്നു മെച്ചപ്പെട്ടു. ഈ മലയോരഗ്രാമത്തിലേക്കു
വരുമ്പോൾ ഒരാൺകുട്ടി മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. പിന്നീട്
രണ്ടു പെൺകുട്ടികൾ കൂടി ജനിച്ചു. റബറിൽ നിന്നു കുരുമുളകിൽ നിന്നുമൊക്കെ
ആദായം കിട്ടിത്തുടങ്ങി. ജീവിതം മെച്ചപ്പെട്ടു. ഒരു ചെറിയ വീടുപണിതു.
ആടുമാടുകളെ വളർത്തി അതിൽ നിന്നും ആദായം കിട്ടിത്തുടങ്ങി. അങ്ങനെ
കുടുംബവും ബന്ധുക്കളുമൊക്കെ ചേർന്ന് സന്തോഷകരമായ ഒരു ജീവിതം
നയിച്ചുവരികയായിരുന്നു.
അന്നമ്മയാണ് എന്നോട് ആ കഥകളെല്ലാം പറഞ്ഞു കേൾപ്പിച്ചതു. ആ കഴിഞ്ഞകാല
കഥകളൊക്കെ പറയുമ്പോൾ അവരുടെ കവിളുകളിൽ കൂടി കണ്ണുനീർ
ചാലിട്ടൊഴുകിക്കൊണ്ടിരുന്നു. വിതുമ്പലടക്കിക്കൊണ്ടവർ പറഞ്ഞു.
"നേരം സന്ധ്യയാകാറായി. എന്റെ കെട്ടിയോൻ അരുവിക്കക്കരെ
കടയിൽപോയിരിക്കുകയായിരുന്നു. ഞാൻ പറമ്പിൽ നിന്ന് പശുവിനെ
അഴിച്ചുകൊണ്ടുവരികയായിരുന്നു. എന്റെ മൂത്തകുട്ടികൾ രണ്ടുപേരും മുറ്റത്ത്
കളിച്ചുകൊണ്ടു നിൽക്കുന്നു. പെട്ടെന്ന് ഒരു വലിയ ഇരമ്പൽ എന്റെ കാതിൽ
മുഴങ്ങി. ബോംബുപൊട്ടുന്നതുപോലെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദവും
കേട്ടു. ഞാൻ നോക്കിയപ്പോഴുണ്ട് മലവെള്ളം അകലെ നിന്നാർത്തലച്ചുവരുന്നു.
പശുവിനെവിട്ടിട്ട് ഞാൻ ഓടി വീട്ടിലേക്കുവന്നു. മുറ്റത്തു നിന്നു
കളിക്കുന്ന കുഞ്ഞുങ്ങളോട് വേഗം മുകളിലത്തെ വീട്ടിലേക്കോടിക്കൊള്ളാൻ ഞാൻ
പറഞ്ഞു. മുറിക്കുള്ളിൽ എന്റെ ഇളയകുഞ്ഞു കിടന്നുറങ്ങുന്നുണ്ട്. ഞാൻ വേഗം
ചെന്ന് കുഞ്ഞിനെയും വലിച്ചെടുത്തുകൊണ്ട് മുകളിലേക്ക് മലകയറി ഓടി.
അവിടെച്ചെന്ന് തിരിഞ്ഞു നോക്കുമ്പോഴാണ് ആ മലവെള്ളം ഞങ്ങളുടെ
തോട്ടത്തിലൂടെ കയറി ഒഴുകുകയാണ്. ഞാൻ അലറി കരഞ്ഞു. എന്റെ കുഞ്ഞുങ്ങൾ
ഭാഗ്യത്തിന് മുകളിലത്തെ വീട്ടിൽ എത്തിക്കഴിഞ്ഞിരുന്നു.
മഴയും ആരംഭിച്ചു. നേരം ഇരുട്ടിത്തുടങ്ങി. കടയിൽ പോയിരുന്ന എന്റ
കെട്ടിയോൻ തിരിച്ചു വരുമ്പോഴേക്കും എല്ലാം കഴിഞ്ഞു. അങ്ങേർക്കിക്കരെ
കടക്കാൻ ഒരു നിവർത്തിയുമില്ല. അവിടെ നിന്നു നോക്കിയാൽ ഞങ്ങടെ വീടും
തോട്ടവുമൊക്കെ കാണാം. പക്ഷേ അങ്ങേരുനോക്കുമ്പോൾ ഒന്നും കാണുന്നില്ല.
എല്ലാം മലവെള്ളത്തിൽ ഒഴുകിപ്പോയി! ഞങ്ങളും ഒഴുകിപ്പോയി കാണുമെന്നു
വിചാരിച്ച് ബോധം കെട്ടു വീണു. അവിടെയുണ്ടായിരുന്നവർ പെട്ടെന്നെടുത്ത്
ആശുപത്രിയിൽ കൊണ്ടുപോയി. പിറ്റേദിവസമാണ് ആശുപത്രിയിൽ നിന്ന് വീട്ടിൽ
വന്നത്.
സന്ധ്യയ്ക്ക് ഉരുൾപൊട്ടിയതോടെ മഴയും ആരംഭിച്ചു. രാത്രി മുഴുവൻ തോരാത്ത
മഴയായിരുന്നു. അന്നു രാത്രി നാത്തൂന്റെ ഈ വീട്ടിൽ ഞങ്ങൾ ഉറക്കമൊഴിച്ച്
കഴിച്ചുകൂട്ടി. പിറ്റേന്ന് നേരം പുലർന്നപ്പോൾ ഞങ്ങൾ മലയിറങ്ങിച്ചെന്നു.
ഞങ്ങളുടെ സ്ഥലം എവിടെയായിരുന്നെന്നുപോലും ഞങ്ങൾക്ക് തിരിച്ചറിയാൻ
കഴിഞ്ഞില്ല. തോട്ടത്തിൽ ഒരൊറ്റമരംപോലുമില്ല. എല്ലാം ആകാട്ടാറ്
നക്കിത്തുടച്ചു. വീടിരുന്ന സ്ഥലത്ത് കുറെ ഉരുളൻ പാറക്കല്ലുകളും ചെളിയും
വന്നടിഞ്ഞിട്ടുണ്ട്. ഞങ്ങൾക്കുണ്ടായിരുന്നതെല്ലാം
ഒരുനിമിഷംകൊണ്ടില്ലാതായി. എന്തു കഷ്ടപ്പെട്ടാണ് ഇത്രയുമൊക്കെ
ആക്കിയെടുത്തത്! ഒരു സ്വപ്നം കണ്ടുണർന്നതുപോലെയായിരുന്നു ഒക്കെ.
" എല്ലാം പൊയ്ക്കോട്ടെ. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞുങ്ങളെ കിട്ടിയല്ലോ.
അതുമതി. ദൈവം കരുണാമയനാണ്. എല്ലാം കവർന്നെടുത്തെങ്കിലും ഞങ്ങളുടെ
കുഞ്ഞുങ്ങളെ ഒരുപോറലുപോലുമേൽപ്പിക്കാതെ ഞങ്ങളെ ഏൽപിച്ചു. ഇനിയും
അധ്വാനിക്കാൻ ഞങ്ങൾക്കു ശേഷിയുണ്ട്. കൂലിപ്പണിചെയ്താണെങ്കിലും ഞങ്ങളിവരെ
പോറ്റിക്കൊള്ളാം.
ജീവനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടെങ്കിലും മുകളിലേക്കു നോക്കി
കൈകൂപ്പിക്കൊണ്ട് ദൈവം കരണാമയനാണെന്നു പറയാനുള്ള അവരുടെ അകളങ്കമായ ആ
ഭക്തിയുടെ മുമ്പിലും കൂലിപ്പണിചെയ്താണെങ്കിലും ഞങ്ങൾ ഞങ്ങളുടെ
കുഞ്ഞുങ്ങളെ പോറ്റിക്കൊള്ളാം എന്ന കർമ്മശേഷിയുടെ മുമ്പിലും ഞാൻ
മനസ്സുകൊണ്ടു നമസ്കരിച്ചു.

13 Oct 2011
അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും
അമ്പാട്ട് സുകുമാരൻനായർ
മുപ്പതു മുപ്പത്തഞ്ച് വർഷങ്ങൾക്കു മുമ്പ് വയനാട്ടിൽവച്ച് ഒരു സ്വാതന്ത്ര്യസമരസേനാനിയെ ഞാൻ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ പേരിപ്പോൾ എന്റെ ഓർമ്മയിലില്ല. കാഴ്ചയിൽ അദ്ദേഹത്തിന് 70വയസ്സിനുമേൽ പ്രായംതോന്നിക്കും. വിദ്യാർത്ഥിയായിരിക്കുമ്പോൾ ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട് സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടതാണ്. ഭാരതത്തെ അടിമത്തിൽ നിന്നു മോചിപ്പിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അതിനു വേണ്ടി ജീവിതം സമർപ്പിച്ചു.
വയനാട്ടിലെ ഒരു സാധാരണ കർഷക കുടംബത്തിലാണ് ജനിച്ചതു. സ്വാതന്ത്ര്യസമരഭടൻ എന്നു പറഞ്ഞാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന കാലം. അതുകൊണ്ട് ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുത്തിയത്. ആ പോരാട്ടം സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ തുടർന്നു. ഒളിവിൽ കഴിഞ്ഞുകൊണ്ടുള്ള പോരാട്ടം. അത് വളരെ ദുഷ്കരമമാണ്. ആവഴിത്താര ഒട്ടും സുഗമമായിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞതായിരുന്നു. സ്വാതന്ത്ര്യം നേടിയെടുക്കണം. അതുമാത്രമായിരുന്നു ലക്ഷ്യം. അതിനുവേണ്ടി ജീവൻ സമർപ്പിക്കാൻപോലും തയ്യാർ.
ഒരു സായന്തന വേളയിലാണ് ഞങ്ങൾ അദ്ദേഹത്തെ കാണാൻ വീട്ടിലെത്തിയത്. മുറ്റത്തു നിൽക്കുന്ന അപരിചിതരായ ഞങ്ങളെ കണ്ടപ്പോൾ "ജയ് ഹിണ്ട്" എന്നു വിളിച്ചുകൊണ്ടാണ് ആ ദേശസ്നേഹി ഞങ്ങളെ സ്വാഗതം ചെയ്തത്.
പൂമുഖത്ത് ഒരു പീഠത്തിൽ ഗാന്ധിജിയുടെ ഒരു വലിയഫോട്ടോ ഫ്രയിം ചെയ്തു വച്ചിട്ടുണ്ട്. ആ ചിത്രത്തെ വണങ്ങിയിട്ട് അദ്ദേഹം ഞങ്ങളോടിരിക്കാൻ പറഞ്ഞു.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അങ്ങയുടെ പോരാട്ടത്തെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം ഊർജ്ജസ്വലനായി.
ഒരു നിമിഷത്തെ ധ്യാനത്തിനുശേഷം അദ്ദേഹം പറഞ്ഞു:
"ഞാൻ വിദ്യാർത്ഥിയായിരിക്കുന്ന കാലത്താണ് മഹാത്മാഗാന്ധിയുടെ ആഹ്വാനം ചെവിക്കൊണ്ട് വിദ്യാഭ്യാസം ഉപേക്ഷിച്ച് സമരരംഗത്തേക്കിറങ്ങിത്തിരിച്ചതു
"ഗ്രാമങ്ങളിൽ ചെന്ന് കുറച്ചാളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് അവരിൽ ദേശീയബോധവും സ്വാതന്ത്ര്യാഭിവാഞ്ഛയും വളർത്തിയെടുക്കുക എന്നതായിരുന്നു എന്റെ പ്രവർത്തനശൈലി. വലിയ പ്രചരണമൊന്നും കൊടുക്കാതെ ഏതെങ്കിലും വീട്ടിൽവച്ച് സന്ധ്യ കഴിഞ്ഞതിനുശേഷം യോഗങ്ങൾ സംഘടിപ്പിക്കുകയായിരുന്നു പതിവ്. വിദേശ വസ്ത്ര ബഹിഷ്കരണം ഖാദി ധരിക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കി. അത്തരം കാര്യങ്ങൾ അവർ കൗതുകത്തോടെ കേട്ടിരിക്കുമായിരുന്നു.
"ഒരു സ്ഥലത്ത് ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ തങ്ങില്ല. ആരെങ്കിലും ഒറ്റിക്കൊടുത്താൽ പോലീസ് പാഞ്ഞെത്തും. ഇത്തരം രഹസ്യയോഗങ്ങളിൽ പങ്കെടുക്കുന്നല്ലാവരെയും വിശ്വസിക്കാനാവില്ല. ചിലർ പോലീസിനൊറ്റിക്കൊടുത്തെന്നുവരും
"ഒന്നിലധികം തവണ പോലീസിനു പിടികൊടുക്കാതെ കാട്ടിലലഞ്ഞു നടന്നിട്ടുണ്ട്. ഒറ്റയ്ക്ക്. ഭക്ഷണമൊന്നും കിട്ടാതെ വരുമ്പോൾ അരുവിയിലെ വെള്ളവും കുടിച്ച് പച്ചിലകളും കായ് കനികളും പറിച്ചുതിന്ന് വിശപ്പടക്കിയിട്ടുണ്ട്. ഒരിക്കൽ പൊലിസീനെ ഭയന്ന് ഒരുമുളങ്കാട്ടിൽ ഒരു പകളും ഒരു രാത്രിയും ഒറ്റയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഏതു നിമിഷവും കാട്ടുമൃഗങ്ങൾ കടന്നുവന്നാക്രമിക്കാം. പാമ്പുകളും ധാരാളമുണ്ട്. ദൈവകൃപയാൽ അവയുടെയൊന്നിന്റെയും ആക്രമണമുണ്ടായില്ല.
കാട്ടിലുടെ പോലീസിനെ ഭയന്ന് ഒളിച്ചു നടക്കുമ്പോൾ ചില ആദിവാസി ഊരുകളിൽ പോയി താമസിച്ചിട്ടുണ്ട്. നാട്ടിൽ നിന്നു ചെല്ലുന്നവരെ ആദിവാസികൾ പെട്ടെന്നൊന്നും വിശ്വസിക്കുകയില്ല. അവർ അഭയം നൽകിയാൽ ഒരിക്കലും വഞ്ചിക്കുകയില്ല. അവരുടെ കൂടെ താമസിച്ചുകൊണ്ട് അവരെയും നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. നല്ല സമരഗീതങ്ങൾ അവരെ പാടിപ്പഠിപ്പിക്കും. അവരെക്കൊണ്ട് ഭാരതമാതാ കീജയ്, മഹാത്മാ ഗാന്ധികീജയ് എന്ന മുദ്രവാക്യം വിളിപ്പിക്കും. കാടിനുള്ളിൽ ഈ മുദ്രവാക്യം മുഴങ്ങുമ്പോൾ എന്തൊരാവേശമാണനുഭവപ്പെടുന്നത്!
പോലീസിനു പിടികൊടുത്ത് ജയിലിൽ പോയാൽ ഇത്തരം പ്രവർത്തനങ്ങളൊന്നും നടക്കില്ലല്ലോ. ഗാന്ധിജി പിന്നെന്തിനാ പോലീസിനു പിടികൊടുത്തത് ജയിലിൽപോയതെന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അതിനുള്ള മറുപടി ഒന്നേയുള്ളു. അദ്ദേഹം ജയിലിനു വെളിയിൽ എത്രമാത്രം കരുത്തനാണോ അത്രതന്നെകരുത്തനാണ് ജയിലിനുള്ളിലും. ജയിലിൽ കിടന്നുകൊണ്ടും അദ്ദേഹത്തിന് ബഹുജനസമരങ്ങൾ നിയന്ത്രിക്കാൻ കഴിയുമായിരുന്നു. ഞാൻ ജയിലിൽ പോയാൽ എന്റെ പ്രവർത്തനം അതോടെ നിലയ്ക്കും. അതുകൊണ്ടാണ് ജയിലിൽ പോകാൻ ആഗ്രഹിക്കാത്തത്. ആദിവാസിക്കുട്ടികളെക്കൊണ്ടു പോലും ആവേശം കൊള്ളിക്കുന്ന സ്വാതന്ത്ര്യസമരഗീതങ്ങൾ ഞാൻ ചൊല്ലിച്ചു. മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു. അതൊക്കെ എന്നെ ഇപ്പോഴും ആവേശം കൊള്ളിക്കുന്നുണ്ട്."
സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയ്ക്ക് അങ്ങേയ്ക്ക് പെൻഷൻ കിട്ടുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിൽ ഉറങ്ങിക്കിടക്കുന്ന സിംഹം സടവിടർത്തി.
"സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനു പെൻഷനോ? അമ്മയെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചതിനു കൂലി വാങ്ങുകയോ? ഇങ്ങനെ ഒരു പ്രതിഫലം മോഹിച്ചല്ല ഞാൻ എന്റെ പഠിപ്പുമുടക്കി സമര രംഗത്തിറങ്ങിയത്. എന്റെ അമ്മയെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കുക എന്നത് എന്റെ കടമയാണ്. എന്നാലാവുംവിധം ഞാനാകടമ നിറവേറ്റി. സ്വാതന്ത്ര്യസമരവുമായി ഒരു ബന്ധവുമില്ലാത്ത ചില ആളുകൾ പെൻഷനുള്ള രേഖകളുണ്ടാക്കാൻ വേണ്ടി ഓടി നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് മറ്റെന്തിങ്കിലും കാരണത്തിന് ജയിലിൽ പോയവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു എന്നു പറഞ്ഞ് പെൻഷൻ വാങ്ങുന്നതായി എനിക്കറിയാം.
എന്തായാലും 1947 ആഗസ്റ്റ് 15-ാം തീയതി അടിമത്തത്തിന്റെ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞു. പിന്നീടുണ്ടായ സംഭവങ്ങൾ വേദനാജനകമാണ്. ഒന്നിച്ചു നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുത്തിയവർ മതത്തിന്റെ പേരിൽ രണ്ടായി പിളർന്നു. അവർ ബദ്ധവൈരികളായി.
പരസ്പരം ആയുധമെടുത്തു. ചോറപ്പുഴ ഒഴുകി. ആ വാളുകൊണ്ട് അവർ ഭാരതാംബയുടെ മാറ് പിളർന്നു. സ്വാതന്ത്ര്യത്തിന്റെ തലേനാൾ വരെ ഒന്നായി കഴിഞ്ഞിരുന്നവർ സ്വാതനന്ത്ര്യലബ്ധിയോടെ രണ്ടു ദേശക്കാരായി മാറി. അതാണെന്റെ ദുഃഖം. ആ ദുഃഖത്തിൽ നിന്നിനി മോചനമില്ല. ഇതിലും വലിയൊരു ദുഃഖമുണ്ട്. അധികാരം കൈയ്യിൽ കിട്ടിയപ്പോൾ ഭരണരംഗത്തുള്ളവർ അഴിമതിക്കോമരങ്ങളായി മാറി. സർക്കാരുദ്യോഗസ്ഥന്മാർ ജനങ്ങളുടെ യജമാനന്മാരായി മാറി. കൈക്കൂലി കിട്ടാതെ സാധാരണക്കാരുടെ ഒരാവശ്യവും നിറവേറ്റിക്കൊടുക്കില്ല എന്ന സ്ഥിതിവിശേഷമുണ്ടായി. ഇതും അടിമത്തത്തിന്റെ മറ്റൊരു മുഖമാണ്.
ജനങ്ങളുടെ ശ്വാസം മുട്ടിക്കുകയാണിവർ. നീതി നിഷേധിക്കുകയാണ്. ഇതിനുവേണ്ടിയാണോ നാം സ്വാതന്ത്ര്യം നേടിയത്? ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നിടത്ത് സ്വാതന്ത്ര്യം നിരർത്ഥകമാവ്വയാണ്. അത് പുനഃസ്ഥാപിക്കാൻ ഒരു സ്വാതന്ത്ര്യസമരവും കൂടി വേണ്ടി വരുമെന്നു തോന്നുന്നു. അനിവാര്യമായഘട്ടത്തിൽ അത് സംഭവിക്കുക തന്നെ ചെയ്യും.
35 വർഷങ്ങൾക്കു മുമ്പ് അദ്ദേഹം പറഞ്ഞത് എത്രശരിയായിരുന്നു. ഒരു പ്രവചനം പോലെ അതിന്ന് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കു
Subscribe to:
Posts (Atom)
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...




